എന്താണ് മൂത്രാശയക്കല്ല്?

എന്താണ് മൂത്രാശയക്കല്ല്?

മൂത്രാശയക്കല്ല് ഇന്ന് ഒരു സാധാരണ രോഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. വൃക്കയിലോ മൂത്രവാഹിനിയിലോ മൂത്രസഞ്ചിയിലോ കാണപ്പെടുന്ന ഖരരൂപത്തിലുള്ള വസ്തുക്കളാണ് മൂത്രാശയക്കല്ല്. ശരീരകോശങ്ങളിലെ ഉപാപചയ പ്രവര്‍ത്തനങ്ങളിലൂടെ ധാരാളം ധാതുലവണങ്ങള്‍ രക്തത്തില്‍ എത്തിച്ചേരുന്നു. അപ്പോള്‍ വൃക്കയില്‍ രക്തം ശുദ്ധീകരിക്കുന്ന അറയില്‍ ചില കണികകള്‍ തങ്ങിനില്‍ക്കും. ഈ കണികകള്‍ക്കു മുകളില്‍ വീണ്ടും ധാതുക്കള്‍ പറ്റിപ്പിടിച്ച് കല്ലായി രൂപാന്തരപ്പെടുന്നു. മൂത്രാശയക്കല്ലുകള്‍ അധികവും ഉണ്ടാകുന്നത് വൃക്കയിലാണ്. അവിടെനിന്ന് അടര്‍ന്ന് മാറി മൂത്രനാളിയിലോ മൂത്രസഞ്ചിയിലോ തടയുമ്പോഴാണ് കടുത്ത വേദന അനുഭവപ്പെടുന്നത്. വയറ്റില്‍ നട്ടെല്ലിന്റെ ഇരുവശങ്ങളിലുമായാണ് വൃക്കകള്‍ സ്ഥിതി ചെയ്യുന്നത്. രക്തത്തിലെ മാലിന്യങ്ങളെ അരിച്ചു നീക്കുകയാണ് ഇവയുടെ ധര്‍മം. ശരീരത്തിലെ ജലാംശത്തിന്റെ അളവ്, ലവണങ്ങളുടെ അളവ്, ഹോര്‍മോണ്‍ ഉദ്പാദനം എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതും വൃക്കകളാണ്. വൃക്കയില്‍നിന്നും മൂത്രം മൂത്രസഞ്ചിയില്‍ എത്തിക്കുന്നത് മൂത്രവാഹിനികളാണ്. മിക്കവാറും മൂത്രാശയക്കല്ലുകള്‍ക്ക് കൂര്‍ത്ത മുനകളോ മൂര്‍ച്ചയുള്ള വശങ്ങളോ ഉണ്ടായിരിക്കും. ഇവ മൂത്രനാളിയിലോ സഞ്ചിയിലോ തട്ടുമ്പോള്‍ കഠിനമായ വേദന ഉണ്ടാകുന്നു. പ്രധാനമായും നാലുതരം കല്ലുകളാണ് മനുഷ്യ ശരീരത്തില്‍ കണ്ടുവരുന്നത്.

കാത്സ്യം കല്ലുകള്‍

മൂത്രാശയത്തിലുണ്ടാകുന്ന കല്ലുകളില്‍ 75 ശതമാനവും കാത്സ്യം കല്ലുകളാണ്. കാത്സ്യം ഫോസ്‌ഫേറ്റ്, കാത്സ്യം ഓക്‌സലേറ്റ് കല്ലുകളാണ് പ്രധാനമായും കാണപ്പെടുന്നത്. ശരീരത്തില്‍ കാത്സ്യം അമിതമായി എത്തിച്ചേരുകയോ ശരീരത്തിന് കാത്സ്യം ഉപയോഗപ്പെടുത്താന്‍ കഴിയാതെ വരികയോ ചെയ്യുമ്പോഴാണ് ഇത് സാധാരണയായി കാണപ്പെടുന്നത്.

കാത്സ്യം മൂത്രത്തിലൂടെ പുറത്തുപോകേണ്ടതുണ്ട്. ഇങ്ങനെ വൃക്കയിലെത്തി അരിച്ചുമാറ്റുന്ന കാത്സ്യംകണികകള്‍ വൃക്കയിലോ മൂത്രാശയ ഭാഗങ്ങളിലോ തങ്ങിനിന്ന് വീണ്ടും കൂടുതല്‍ കണങ്ങള്‍ പറ്റിച്ചേര്‍ന്ന് കല്ലുകളായിത്തീരുന്നു. വൃക്കയിലൂടെ കൂടുതലായി ഫോസ്ഫറസ് കടന്നുപോകുക, പാരാതൈറോയിഡ് ഗ്രന്ഥിയുടെ അധിക പ്രവര്‍ത്തനം എന്നിവയും കാത്സ്യം കല്ലുകള്‍ രൂപപ്പെടുന്നതിനു കാരണമാവാം.

സ്ട്രുവൈറ്റ് കല്ലുകള്‍

വൃക്കയില്‍നിന്ന് വേര്‍തിരിക്കപ്പെടുന്ന 15 ശതമാനം കല്ലുകള്‍ക്ക് കാരണം മഗ്‌നീഷ്യം, അമോണിയ എന്നിവയാണ്. മൂത്രാശയ അണുബാധയെ തുടര്‍ന്നാണ് മിക്കവരിലും ഇത്തരം കല്ലുകള്‍ കാണപ്പെടുന്നത്. ഇവരില്‍ കല്ല് നീക്കം ചെയ്യാതെ രോഗാണുബാധ പൂര്‍ണമായും മാറ്റാന്‍ കഴിയില്ല.

യൂറിക് ആസിഡ് കല്ലുകള്‍

മനുഷ്യശരീരത്തില്‍ കാണപ്പെടുന്ന കല്ലുകളില്‍ ആറ് ശതമാനമാണ്് യൂറിക് ആസിഡ് കല്ലുകള്‍ക്കുള്ള സാധ്യത. രക്തത്തില്‍ അമിതമായി യൂറിക് ആസിഡ് ഉണ്ടാകുന്നതിന്റെ ഫലമായാണ് ഇത് ഉണ്ടാകുന്നത്. അനേകം കാരണങ്ങളാല്‍ യൂറിക് ആസിഡ് കല്ലുകള്‍ ഉണ്ടാകാമെങ്കിലും അമിതമായി മാംസം ഭക്ഷിക്കുന്നവരിലാണ് ഇത്തരം കല്ലുകള്‍ കൂടുതലായി കാണുന്നത്.

രക്തത്തില്‍ അമിതമായി ഉണ്ടാകുന്ന യൂറിക് ആസിഡ് വൃക്കളില്‍വച്ച് നീക്കം ചെയ്യപ്പെടണം. ഇങ്ങനെ അരിച്ചുമാറ്റുന്ന യൂറിക് ആസിഡ് മൂത്രത്തിലൂടെ പുറത്തുപോകാതെ വൃക്കകളില്‍ ചെറിയ കണികകളായി തങ്ങിനിന്ന് വീണ്ടും കണികകള്‍ പറ്റിപ്പിടിച്ച് കല്ലുകളാകുന്നു. ഈ കല്ലുകളുള്ള 25 ശതമാനം പേരില്‍ യൂറിക് ആസിഡ് മൂലം സന്ധിവീക്കവും വേദനയും കണ്ടുവരുന്നു.

സിസ്റ്റീന്‍ കല്ലുകള്‍

രണ്ട് ശതമാനം സാധ്യത മാത്രമാണ് സിസ്റ്റീന്‍ കല്ലുകള്‍ക്കുള്ളത്. നാഡികള്‍, പേശികള്‍ ഇവ നിര്‍മിക്കാനുള്ള ഘടകങ്ങളിലൊന്നാണ് സിസ്റ്റീന്‍. ശരീരത്തിലുണ്ടാകുന്ന ഉപാപചയത്തകരാറുകള്‍കൊണ്ട് സിസ്റ്റീന്‍ രക്തത്തില്‍ കലര്‍ന്ന് വൃക്കകളില്‍ എത്തുന്നു. ഇവിടെവച്ച് ഇത് വേര്‍തിരിക്കപ്പെടുന്നു. എന്നാല്‍ ഇവ ശരീരത്തില്‍ നിന്ന് പുറത്തുപോകാതെ അവിടെ തങ്ങിനിന്ന് കല്ലുകളായി മാറുന്നു. മുകളില്‍ പറഞ്ഞ കാരണങ്ങള്‍ കൂടാതെ ചില മരുന്നുകളുടെ ഉപയോഗവും കല്ലുകള്‍ക്ക് കാരണമാകാം.

 

മൂത്രാശയക്കല്ല്: കാരണങ്ങളും ലക്ഷണങ്ങളും

ശാരീരിക പ്രവര്‍ത്തനങ്ങളിലെ വൈകല്യം, ജനിതകഘടകങ്ങള്‍, ആഹാരരീതി, വെള്ളം കുടിക്കുന്നതിലെ കുറവ് എന്നിവയൊക്കെ കല്ലുകള്‍ക്ക് കാരണമായിത്തീരാം. സാധാരണയായി കല്ലുകള്‍ കുട്ടികളില്‍ കാണപ്പെടുന്നില്ല. അഥവാ ഉണ്ടാകുകയാണെങ്കിലും എന്‍സൈം ഹോര്‍മോണുകളുടെ അഭാവത്താല്‍ ഉണ്ടാകുന്ന മെറ്റബോളിക് സ്‌റ്റോണ്‍ ഡിസീസ് മൂലമാകാനാണ് സാധ്യത. 20-50 വയസ്സിനിടയിലുള്ളവരെയാണ് കല്ലിന്റെ പ്രശ്‌നങ്ങള്‍ കൂടുതലായി ബാധിച്ചുകാണുന്നത്. സ്ത്രീകളിലും പുരുഷന്മാരിലും വൃക്കയിലെ കല്ല് ഉണ്ടാകാറുണ്ട്. എന്നാല്‍ പുരുഷന്മാരില്‍ കല്ല് ഉണ്ടാകാനുള്ള സാധ്യത താരതമ്യേന കൂടുതലാണ്. ചില കല്ലുകള്‍ പാരമ്പര്യ സ്വഭാവമുള്ളവയാണ്. കുടുംബത്തില്‍ അടുത്ത ബന്ധുക്കള്‍ക്ക് ആര്‍ക്കെങ്കിലും കല്ലുണ്ടെങ്കില്‍ അടുത്ത തലമുറയിലും അത് ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണ്. ചൂടു കൂടുതലുള്ളതും വരണ്ടതുമായ സ്ഥലങ്ങളില്‍ താമസിക്കുന്നവരില്‍ വൃക്കയിലെ കല്ല് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പൊണ്ണത്തടിയന്മാരുടെ എണ്ണം കൂടിവരുകയാണല്ലോ ഇന്ന്്. ഇതും യൂറിക് ആസിഡ് കല്ലുള്ളവരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്്.

ലക്ഷണങ്ങള്‍

കല്ലിന്റെ വലിപ്പം, സ്ഥാനം, അനക്കം എന്നിവയനുസരിച്ച് ലക്ഷണങ്ങളും വ്യത്യസ്തമായിരിക്കും. കല്ലുകള്‍ വൃക്കയില്‍തന്നെ ഇരിക്കുമ്പോള്‍ ലക്ഷണങ്ങളൊന്നും കാണിച്ചെന്നുവരില്ല. ഇറങ്ങിവരുമ്പോഴാണ് ലക്ഷണങ്ങള്‍ പ്രകടമാകുന്നത്.

വയറുവേദന

വയറുവേദനയാണ് വൃക്കയിലെ കല്ലിന്റെ ആദ്യ ലക്ഷണം. കല്ല് വൃക്കയില്‍നിന്ന് ഇറങ്ങി വരുമ്പോഴാണ് വയറിന്റെ വശങ്ങളില്‍നിന്നും പുറകില്‍നിന്നും കടുത്ത വേദന അനുഭവപ്പെടുന്നത്. തുടര്‍ന്ന് അടിവയറ്റിലും തുടയിലേക്കും വ്യാപിക്കുന്നു. ജനനേന്ദ്രിയത്തില്‍വരെ വേദന അനുഭവപ്പെടാം. ഒരിടത്ത് ഇരിക്കാനോ കിടക്കാനോ കഴിയാതെ വേദനകൊണ്ട് രോഗി പിടയും. വൃക്കയിലുണ്ടാകുന്ന കല്ലുകള്‍ അവിടുത്തെ അറകളില്‍ തങ്ങിനില്‍ക്കുന്നതിനെക്കാള്‍ വലിപ്പമാകുമ്പോള്‍ തെന്നി മൂത്രവാഹിനിയില്‍ എത്തുന്നു. അപ്പോള്‍ കഠിനമായ വേദനയുണ്ടാകാം.

മൂത്രവാഹിനിക്കകത്തുകൂടി എളുപ്പത്തില്‍ പോകാവുന്ന വലിപ്പമെ കല്ലുകള്‍ക്ക് ഉള്ളൂവെങ്കില്‍ ഒഴുകി മൂത്രസഞ്ചിയിലെത്തും. എന്നാല്‍ കല്ലിന് വലിപ്പക്കൂടുതലുണ്ടെങ്കില്‍ മൂത്രവാഹിനിയില്‍ എവിടെയെങ്കിലും തങ്ങിനില്‍ക്കാം. അല്ലെങ്കില്‍ പോകുന്ന വഴിയില്‍ ഉരഞ്ഞ് വേദനയുണ്ടാക്കാം. ചിലപ്പോള്‍ കല്ലുകള്‍ മൂത്രത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തുന്ന രീതിയില്‍ തടഞ്ഞുനില്‍ക്കാം. ഇത് വളരെ ഗുരുതരമായ അവസ്ഥയാണ്. അപൂര്‍വമായി മാത്രമെ ഇത് കണ്ടുവരുന്നുള്ളൂ. വൃക്കയില്‍നിന്ന് കല്ല് മൂത്രസഞ്ചിയിെലത്തിയാല്‍ അതിനെ പുറത്തുകളയാനായിരിക്കും ശരീരം ശ്രമിക്കുന്നത്്. എന്നാല്‍ വലിയ കല്ലുകളാണെങ്കില്‍ അത് പുറത്തുപോകാതെ അവിടെ തങ്ങിനില്‍ക്കാം. ചെറിയ കല്ലുകളാണെങ്കില്‍ അത് പുറത്തു പോകുന്നതാണ്. സാധാരണയായി 48 മണിക്കൂര്‍ മുതല്‍ ഒരാഴ്ചവരെ നീണ്ടുനില്‍ക്കുന്ന വേദനയാണിത്.

മൂത്രത്തിന്റെ നിറവ്യത്യാസം

കൂര്‍ത്തവശങ്ങളോ മുനകളോ ഉള്ള കല്ലുകള്‍ മൂത്രവാഹിനിയിലെ നേരിയ പാളിയില്‍ വിള്ളലുകളുണ്ടാക്കാം. ഇതുവഴി രക്തം വന്ന് മൂത്രത്തില്‍ കലരുന്നു. അതിനാല്‍ മൂത്രം ഒഴിക്കുമ്പോള്‍ രക്തം കലര്‍ന്നു പോകുന്നതായി കാണാന്‍ സാധിക്കും.

മൂത്രതടസ്സം

രണ്ടുവൃക്കകളിലും കല്ലുണ്ടെങ്കില്‍ ഇത് മൂത്രവാഹിനിയെ പൂര്‍ണമായും തടസ്സപ്പെടുത്താം. ഇത് മൂത്രതടസ്സത്തിനും വൃക്ക പരാജയത്തിനും കാരണമായിത്തീരുന്നു. മൂത്രത്തിലെ കല്ലുകള്‍ ആരംഭത്തിലേ കണ്ടെത്തി ശരിയായ ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ഭാവിയില്‍ വൃക്കപരാജയത്തിന് കാരണമാകാം. 80-85 ശതമാനം കല്ലുകള്‍ തനിയെ മൂത്രത്തിലൂടെ ശരീരത്തുനിന്നു പുറത്തു പോകാറുണ്ട്. കുഴപ്പങ്ങളൊന്നും ഉണ്ടാകുന്നില്ല. ചെറിയ കല്ലുകള്‍ ഇങ്ങനെയാണ് പുറത്തു പോകുന്നത്. എന്നാല്‍ 20-25 ശതമാനം കല്ലുകള്‍ക്ക് വിദഗ്ധ ചികിത്സ ആവശ്യമായി വരുന്നു.

 

മൂത്രാശയക്കല്ല്: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കല്ലിന്റെ സ്ഥാനം നിര്‍ണയിക്കാന്‍ അള്‍ട്രാസൗണ്ട് സ്‌കാന്‍ ചെയ്യുന്നതാണ് ഏറ്റവും നല്ലത്. ഇതിലൂടെ കല്ലിനെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ കഴിയുന്നു. എന്നാല്‍ തീരെ ചെറിയ കല്ലുകള്‍ കണ്ടെത്താന്‍ അള്‍ട്രാസൗണ്ടിലൂടെ കഴിഞ്ഞെന്നു വരില്ല. സി.ടി സ്‌കാന്‍, എം. ആര്‍ യൂറോഗ്രാം ഇവയിലൂടെ ഏതുതരം കല്ലിനെക്കുറിച്ചും വ്യക്തമായ വിവരം ലഭ്യമാകും. എന്നാല്‍ ഈ പരിശോധനയ്ക്ക് ചെലവു കൂടുതലായതിനാല്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമെ ചെയ്യാറുള്ളൂ. സാധാരണ എക്‌സ്‌റേയില്‍ ഒരുവിധം കല്ലുകള്‍ കണ്ടെത്താന്‍ കഴിയുമെങ്കിലും എല്ലാ കല്ലുകളും എക്‌സറേയില്‍ തെളിഞ്ഞു കാണണമെന്നില്ല. മൂത്രപരിശോധനയിലൂടെ കല്ലുണ്ടാകാനുള്ള ഘടകങ്ങള്‍ ഉണ്ടോയെന്ന് മനസ്സിലാക്കാന്‍ കഴിയുന്നതാണ്. അണുബാധ ഉണ്ടെങ്കിലും മൂത്ര പരിശോധനയിലൂടെ അറിയാന്‍ കഴിയും.ഒരു ദിവസത്തെ മൂത്രം ശേഖരിച്ച് 24 മണിക്കൂര്‍ നിരീക്ഷിച്ച് അതില്‍ കാത്സ്യം ഓക്‌സലേറ്റ്, യൂറിക് ആസിഡ് എന്നിവയുടെ അമിത സാന്നിധ്യം ഉണ്ടോയെന്ന് മനസിലാക്കാവുന്നതാണ്. മൂത്രത്തിലൂടെ കല്ല് പുറത്തേക്കു വരികയാണെങ്കില്‍ ആ കല്ല് വിശകലനം ചെയ്ത് എന്തുകൊണ്ടാണ് കല്ല് ഉണ്ടായതെന്ന് കണ്ടെത്തണം.

ശസ്ത്രക്രിയ

എല്ലാ കല്ലുകളും ശസ്ത്രക്രിയ ചെയ്തു നീക്കേണ്ടതില്ല. വലിയ കല്ലുകള്‍ മൂത്രത്തിലൂടെ പോകുകയില്ല. അത് വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാം. ഇതുമൂലം വേദന, മൂത്രതടസം, അണുബാധ, രക്തസ്രാവം എന്നിവ ഉണ്ടാകാം. അത്തരം സാഹചര്യത്തില്‍ കല്ലുകള്‍ വേഗത്തില്‍ നീക്കം ചെയ്യേണ്ടിവരുന്നു. കല്ല് പൊടിച്ചു കളയാനുള്ള എക്ട്രാകോര്‍പോറിയല്‍ ഷോര്‍ട്ട് വേവ് ലിതോട്രിപ്‌സി അല്ലെങ്കില്‍ ലേസര്‍ ഉപയോഗിച്ച് കല്ലുകള്‍ പൊടിക്കുകയോ എന്‍ഡോസ്‌കോപ്പിയുടെ സഹായത്തോടെ കല്ലു നീക്കം ചെയ്യുകയോ ചെയ്യുന്നു.

ഏതുതരം മൂത്രക്കല്ലായാലും കൃത്യമായ ചികിത്സയും പരിശോധനകളും ആവശ്യമാണ്. ലക്ഷണങ്ങള്‍ ഉണ്ടായാലും ഇല്ലെങ്കിലും വൃക്കയെ ബാധിക്കുന്ന ഏതുതരം കല്ലും നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണ്.

മൂത്രത്തിലെ സിട്രേറ്റ് കാല്‍സ്യം കല്ലുകള്‍ ഉണ്ടാകുന്നത് തടയുന്നു. വയറിളക്കം റീനല്‍ ട്യൂബുലാര്‍ അസിഡോസിസ്, ചില പ്രത്യേക മരുന്നുകള്‍ മുതലായവ മൂത്രത്തില്‍ സിട്രേറ്റിന്റെ അളവ് കുറയ്ക്കുന്നു. ഇത്തരത്തിലുള്ള രോഗികള്‍ ഭക്ഷണത്തില്‍ കൂടുതലായി പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തണം. അതുപോലെ ശരീരത്തിലെ അമ്‌ളാംശം കൂട്ടുന്ന മാംസാഹാരം കുറയ്ക്കണം. മൂത്രത്തിലെ സിട്രേറ്റിന്റെ അളവ് കൂട്ടാന്‍ ധാരാളം ഓറഞ്ച് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതി.

ഭക്ഷണത്തിലെ പ്യൂറിന്റെ അളവ് കൂട്ടുന്ന മാംസാഹാരം രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് കൂട്ടുന്നു. ഇത്തരത്തിലുള്ള രോഗികള്‍ മാംസാഹാരം പൂര്‍ണമായി ഉപേക്ഷിക്കുകയും സിട്രേറ്റ് അടങ്ങിയ പഴവര്‍ഗങ്ങള്‍ കൂടുതലായി കഴിക്കുകയും വേണം.

സിസ്റ്റില്‍ കല്ലുകള്‍ ഉള്ള രോഗികള്‍ ഭക്ഷണത്തിലെ സോഡിയത്തിന്റെ അളവ് കുറക്കണം. മൂത്രത്തിലെ സിസ്റ്റിന്റെ അളവ് 250ാഴ/ര ആയി കുറയ്ക്കുവാന്‍ 4 ലിറ്ററോളം വെള്ളം കുടിക്കുവാന്‍ ശ്രദ്ധിക്കണം. അതുപോലെ മാംസാഹാരത്തില്‍ നിന്നാണ് പ്രധാനമായും സിസ്റ്റില്‍ കല്ലുകള്‍ ഉണ്ടാകുന്നത്.  ഇത്തരം ഭക്ഷണത്തില്‍ രോഗികള്‍ മാംസം ഉപേക്ഷിക്കുക.

ഇടവിട്ട് കാല്‍സ്യം കല്ലുകള്‍ ഉണ്ടാക്കുന്ന രോഗികളും മൂത്രത്തില്‍ കാല്‍സ്യം കൂടുതലുള്ള രോഗികളും തയാസൈഡ് മരുന്നുകള്‍ ഡോക്ടറുടെ മേല്‍നോട്ടത്തില്‍ ഉപയോഗിക്കുന്നത് ഫലപ്രദമാണ്. കാല്‍സ്യം ഓക്‌സലേറ്റ്, കാല്‍സ്യംഫോസ്‌ഫേറ്റ് കല്ലുകള്‍ക്ക് തയാസൈഡ് മരുന്നുകള്‍ ഫലപ്രദമാണ്. ഇടവിട്ട് കല്ലുകള്‍ ഉണ്ടാകുന്നവര്‍, ഒരു വൃക്ക മാത്രമുള്ള രോഗികള്‍, വളരെ വലിപ്പമുള്ളകല്ലുകള്‍ ഉള്ള രോഗികള്‍ മുതലായവര്‍ക്ക് ഇത്തരം മരുന്നുകള്‍ കൊടുക്കണം. പൊട്ടാസ്യം സിട്രേറ്റ് മരുന്നുകള്‍ ഇടവിട്ട് കല്ലുകള്‍ ഉണ്ടാകുന്ന രോഗികള്‍ക്ക് കൊടുക്കുന്നത് നല്ലതാണ്. അതുപോലെ അലോപ്യൂരിനോള്‍ അടങ്ങിയ മരുന്നുകള്‍ കാല്‍സ്യം ഓക്‌സലേറ്റ് യൂറിക് ആസിഡ് കല്ലുകളുള്ള രോഗികള്‍ക്ക് പ്രയോജനം ചെയ്യും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

എല്ലാ കല്ലുകളും ശസ്ത്രക്രിയ ചെയ്തു പുറത്തു കളയേണ്ട ആവശ്യമില്ല. ചിലത് മരുന്നുകള്‍ നല്‍കി അലിയിച്ചു കളയാവുന്നതാണ്്. കല്ലുവരാതിരിക്കാനുള്ള കരുതലുകളാണ് ഏറ്റവും പ്രധാനം. ഒരിക്കല്‍ കല്ലു വന്നിട്ടുള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കണം.

ദിവസവും ധാരാളം വെള്ളം കുടിക്കുക. 22.5 ലിറ്റര്‍ മൂത്രം പുറത്തുപോകാനുള്ള അളവിന് വെള്ളം കുടിക്കുന്നതാണ് എത്ര ഗ്ലാസ് വെള്ളം കുടിക്കണം എന്നതിനേക്കാള്‍ മുഖ്യം. ഇത് കല്ല് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും.

വൃക്കയിലെ കല്ലിന്റെ ഭാഗമായി വേദന ഉണ്ടാകുമ്പോള്‍ വേദന സംഹാരികള്‍ ഉപയോഗിക്കാവുന്നതാണ്. അതിനൊപ്പം നന്നായി വെള്ളം കുടിക്കുകയും വേണം. വേദനസംഹാരികള്‍ ഉപയോഗിക്കുന്നതിനുമുമ്പ് വൃക്കയുടെ പ്രവര്‍ത്തനം സാധാരണ ഗതിയിലാണെന്ന് ഉറപ്പുവരുത്തണം.

കഠിന വേദനയുമായി ആശുപത്രിയിലെത്തുന്ന രോഗിക്ക് വേദനസംഹാരികള്‍ നല്‍കിയശേഷം ഏതു തരത്തിലുള്ള കല്ലാണെന്ന് കണ്ടെത്തി അതിനായുള്ള ചികിത്സ നല്‍കുന്നു. അതിനാല്‍ ശരിയായ ചികിത്സതന്നെ ലഭ്യമാക്കാന്‍ രോഗികള്‍ ശ്രദ്ധിക്കണം. വ്യാജ ചികിത്സകള്‍ക്കു പുറകെ പോകരുത്.

ഭക്ഷണശൈലി ക്രമീകരിക്കുക. ബീഫ്, മട്ടണ്‍, എന്നിവയുടെ ഉപയോഗം കുറയ്ക്കുക. ഓക്‌സലേറ്റ് കൂടുതലുള്ള ഭക്ഷണങ്ങളായ കാബേജ്, ചീര, കോളിഫ്‌ളവര്‍, നിലക്കടല, കോള, തക്കാളി എന്നിവ ഒഴിവാക്കുക. കാത്സ്യം അടങ്ങിയ വിഭവങ്ങള്‍ ശരീരത്തിന് ആവശ്യമുള്ള അളവില്‍ മാത്രം കഴിക്കുക. ഉപ്പിന്റെ അളവ് കൂടാതെ സൂക്ഷിക്കണം.

ഒരു പ്രാവശ്യം കല്ല് ചികിത്സിച്ചു മാറ്റിയശേഷം വീണ്ടും കല്ലുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നുവെങ്കില്‍ ഹൈപ്പര്‍ പാരാതൈറോയിഡിസം, ഹൈപ്പര്‍ ഓക്‌സലേറിയ എന്നിവയ്ക്കുള്ള പരിശോധന നടത്തേണ്ടതാണ്.

 

നിസാം
നേർപഥം വാരിക

 

Leave a Comment