മസ്തിഷ്‌കം എന്ന വിസ്മയം

മസ്തിഷ്‌കം എന്ന വിസ്മയം

490 കിലോമീറ്റര്‍ നീളമുള്ള രക്തക്കുഴലുകള്‍....!

ഒരു മസ്തിഷ്‌ക സെല്ലില്‍ എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ 5 ഇരട്ടി വിവരങ്ങള്‍ ശേഖരിക്കുന്ന നാഡീകോശങ്ങളിലൂടെ കുതിക്കുന്നു...!

എക്‌സ്പ്രസ് ഹൈവേയിലെ വാഹന സഞ്ചാരത്തെക്കാള്‍ അതിവേഗം...!

ഒരു സെക്കന്റില്‍ 1 ലക്ഷം സന്ദേശങ്ങള്‍...!

ശ്വാസം, രക്ത പ്രവാഹം, വിശപ്പ്, ദാഹം, അംഗചലനങ്ങള്‍ മുതല്‍ കണ്‍പോളകളുടെ അനക്കം പോലും തലച്ചോര്‍ നിയന്ത്രിക്കുന്നു...!

സ്തിഷ്‌കം 25 വാട്‌സ് വൈദ്യുതി ഉത്പാദിപ്പിക്കുന്നു...!

ഒരു ബള്‍ബിന് പ്രകാശിപ്പിക്കാനുള്ള പവര്‍.

ഭാരം: 1.5 കിലോഗ്രാം...!

വ്യാപ്തി: 14 CM x 16 CM മാത്രം!

വിവിധയിനം ഘടനകളും ധര്‍മങ്ങളുമുള്ള നിരവധി ശരീരകലകളും അവയവങ്ങളും ഉള്‍പ്പെട്ട ഒരു കൂട്ടായ്മയാണ് മനുഷ്യശരീരം. ശരീത്തിന്റെ പൊതുവായ ക്ഷേമത്തിന് വേണ്ടി ഇവയെല്ലാം ഒരുമിച്ച് സുഗമമായ പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്നു. ഇതിന് വേണ്ട സകല മാര്‍ഗനിര്‍ദേശങ്ങളും നിയന്ത്രണവും നല്‍കുന്നത് നാഡീവ്യൂഹമാണ്. കേന്ദ്ര നാഡീവ്യൂഹത്തിലെ പ്രധാന അംഗമാണ് മസ്തിഷ്‌കം അഥവാ തലച്ചോര്‍. കട്ടിയുള്ള തയലോട്ടിക്കകത്ത് വളരെ ഭദ്രമായി സൂക്ഷിച്ചിരിക്കുന്ന ഏതാണ്ട് ഒന്നര കിലോഗ്രാം തൂക്കം വരുന്ന വളരെ ലോലവും മൃദുലവുമായ അവയവമാണ് മസ്തിഷ്‌കം. ശരീരത്തിന്റെ ഇന്‍ഫര്‍മേഷന്‍ കേന്ദ്രം, കണ്‍ട്രോള്‍ റൂം, കോ ഓര്‍ഡിനേഷന്‍ കേന്ദ്രം, ഡാറ്റാ സെന്റര്‍, ആജ്ഞാ കേന്ദ്രം… ഇതെല്ലാമാണ് തലച്ചോര്‍! സദാ സജ്ജവും സന്നദ്ധവും ജാഗരൂഗവുമായി പ്രവര്‍ത്തിക്കുന്ന ബൃഹത്ത് കേന്ദ്രം; ഒരു സൂപ്പര്‍ കമ്പ്യൂട്ടര്‍!

തലയോട്ടിക്കകത്ത് മസ്തിഷ്‌കത്തെ പൊതിഞ്ഞ് മറ്റൊരു സുതാര്യമായ ആവരണം കൂടിയുണ്ട്. മെനിഞ്ചസ്. ഇതിനെ ബാധിക്കുന്ന അണുബാധയെയാണ് മെനിഞ്ചൈറ്റിസ് എന്ന് പറയുന്നത്. തലച്ചോറിന് ഇടതും വലതും എന്നു രണ്ടു ഭാഗങ്ങളുണ്ട്. ഇടതുഭാഗം ശരീരത്തിന്റെ വലതുഭാഗത്തെയും വലതുഭാഗം ശരീരത്തിന്റെ ഇടതു ഭാഗത്തെയുമാണ് നിയന്ത്രിക്കുന്നത്. അതുകൊണ്ടാണ്, പക്ഷാഘാതം സംഭവിച്ച രോഗിയുടെ വലതുവശം തളരുമ്പോള്‍ ഇടതു തലച്ചോറിന് ക്ഷതം സംഭവിച്ചിരിക്കുന്നു എന്ന് നമ്മള്‍ മനസ്സിലാക്കുന്നത്. സാധാരണ ഗതിയില്‍ വലത്തെ കയ്യന്‍മാരുടെ സംസാരം നിയന്ത്രിക്കുന്ന കേന്ദ്രം ഇടതുതലച്ചോറിലാണ് സ്ഥിതി ചെയ്യുന്നത്. അതുമൂലം ഇത്തരം രോഗികളുടെ സംസാരശേഷി നഷ്ടപ്പെടുകയും ചെയ്യുന്നു എന്നോര്‍ക്കണം. തലച്ചോറിന്റെ ഇടതുഭാഗം വിശകലനം, അപഗ്രഥനം, കാര്യകാരണ വ്യവഛേദം തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാകുമ്പോള്‍ വലതുഭാഗമാകട്ടെ യുക്തിക്കതീതമായ ചിന്തകള്‍, സൗന്ദര്യ സങ്കല്‍പങ്ങള്‍, കലാപരമായ മേന്‍മകള്‍ ഇവയുടെയെല്ലാം ഇരിപ്പിടമാകുന്നു. ഈ രണ്ടു ഭാഗങ്ങളെയും (ഇടതിനെയും വലതിനെയും) തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു പാലം കൂടിയുണ്ട്; ‘കോര്‍പസ് കലോസം.’ തലച്ചോറിന്റെ ഉപരിതല ഭാഗങ്ങള്‍ക്ക് ഇളംചുവപ്പ് കലര്‍ന്ന ചാരനിറവും അന്തര്‍ഭാഗങ്ങള്‍ക്ക് വെളുപ്പ് നിറവുമാണ്. ഇവയെ ഗ്രേമേറ്റര്‍, വൈറ്റ്‌മേറ്റര്‍ എന്നിങ്ങനെ യഥാക്രമം വിളിക്കുന്നു. മാത്രമല്ല, തലച്ചോറിന്റെ ഉപരിതലം ഏറെ മടക്കുകളും ചുളിവുകളുമുള്ള രീതിയിലാണ് സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്. ഉപരിതല വിസ്തീര്‍ണം കൂടുന്നതിനുള്ള ഒരു ഉപാധിയായി നമുക്കിതിനെ കാണാം. കുറഞ്ഞ സ്ഥലത്തിനകത്ത് കൂടുതല്‍ ഇന്‍ഫര്‍മേഷന്‍ ഉള്‍ക്കൊള്ളിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ.    

തലച്ചോറിനെ കുറച്ച്കൂടി സുരക്ഷിതമാക്കുവാനും അതിന്റെ ഭാരം ലഘൂകരിക്കുവാനുമായി മറ്റൊരു സംവിധാനം കൂടിയുണ്ട്. അതാണ് സലിബ്രോസ് സ്‌പൈനല്‍ ഫഌയിഡ് എന്ന നേര്‍ത്ത ദ്രാവകം. അതില്‍പൊങ്ങിക്കിടക്കുന്ന രീതിയിലാണ് തലച്ചോറിനെ സംവിധാനിച്ചിരിക്കുന്നത്.

നോക്കണേ, എന്തെല്ലാം മുന്‍കരുതലുകളാണ് നമ്മുടെ രക്ഷിതാവ് ഇതിന്റെ സുരക്ഷക്ക് വേണ്ടി സ്വകരിച്ചിരിക്കുന്നത്! എന്നിട്ടു പോലും നമ്മുടെ അശ്രദ്ധ കൊണ്ട് എന്തെല്ലാം അപകടങ്ങളാണ് നാം വരുത്തിവെക്കുന്നത്. (ഹെല്‍മെറ്റ് ഇടാതെ അപകടങ്ങള്‍ സംഭവിച്ച് തലച്ചോറിന് ക്ഷതം സംഭവിക്കുന്നത് ഉദാഹരണം). 

പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ തലച്ചോറിനെ പല ഭാഗങ്ങളായി വിഭജിച്ചിട്ടുണ്ട്; മുന്‍ഭാഗത്തുള്ള ഫ്രോണ്ടല്‍, പിന്‍ഭാഗത്തുള്ള ഓക്‌സിപ്പിറ്റല്‍, വശങ്ങളില്‍ മുകളിലുള്ള പറൈറ്റില്‍, താഴെയുള്ള ടെമ്പാറല്‍ എന്നിങ്ങനെ. ഇടതും വലതും അര്‍ധഗോളങ്ങള്‍ ചേര്‍ന്ന സെറിബ്രത്തിന്റെ ഘടനയാണിത്. അതിന് താഴെ മിഡ്‌ബ്രൈന്‍, ബോണ്‍സ്, മിഡുല്ല എന്നിവ ചേര്‍ന്ന ഭാഗത്തിനാണ് ബ്രൈന്‍സ്റ്റം എന്ന് പറയുന്നത്. ശരീരത്തിന്റെ സന്തുലിതാവസ്ഥ അഥവാ, ബാലന്‍സ് കാക്കുന്ന സെറിബല്ലം ഇതിനോട് ചേര്‍ന്ന് പിറകിലാണ് കിടക്കുന്നത്. ബ്രൈന്‍ സ്റ്റമ്മിനകത്ത് ശ്വസന നിയന്ത്രണ കേന്ദ്രം ഉള്‍പ്പെടെ പ്രധാന ശരീര പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന വിവിധ കേന്ദ്രങ്ങള്‍ ഉണ്ട്. ബ്രൈന്‍ സ്റ്റമ്മിന്റെ താഴോട്ടുള്ള തുടര്‍ച്ചയാണ് സുഷുംന കാണ്ഡം.

ഏതാണ്ട് പതിനാല് ബില്യണ്‍ വിശേഷ ധര്‍മികളായ ന്യൂറല്‍ കോശങ്ങളും അവയ്ക്ക് തുണയേകുന്ന മറ്റു ശരീര കലകളും അസംഖ്യം ന്യൂറല്‍ ചാനലുകളും ചേര്‍ന്നതാണ് തലച്ചോറിന്റെ ഘടന. ഈ കോശങ്ങളുടെ വളര്‍ച്ചയും വികാസവും നടക്കുന്നത് നാം ജനിച്ചതിന് ശേഷമുള്ള ആദ്യത്തെ രണ്ട് വര്‍ഷത്തിലാണ്. ആ കാലഘട്ടത്തില്‍ കിട്ടുന്ന ക്രിയാത്മകമായ ചോദനകളാണ് കുഞ്ഞിന്റെ മാനസിക വളര്‍ച്ചയെയും വ്യക്തിത്വ വികസനത്തെയും വികാസത്തെയും സ്വാധീനിക്കുന്നത്. കൂട്ടുകുടുംബത്തില്‍ വളരുന്ന കുട്ടികള്‍ക്ക് വളരെ പെട്ടെന്ന് നിരവധി ആളുകളുമായുള്ള സമ്പര്‍ക്കം മൂലം സംസാര ശേഷി വര്‍ധിക്കുവാനും അതുമൂലം കൂടുതല്‍ വ്യക്തിവികാസം ഉണ്ടാകുവാനും സാധ്യതയുണ്ട്. കമ്പ്യൂട്ടറുകളെ പോലെ തന്നെ തലച്ചോറിന് അങ്ങോട്ട് എന്ത് കിട്ടുന്നവോ അതാണ് തിരിച്ച് വരുന്നത്. ബധിരതയുള്ള കുഞ്ഞുങ്ങള്‍ക്ക് കേള്‍വിയിലൂടെയുള്ള ചോദനകള്‍ ലഭ്യമല്ലാത്തതു കൊണ്ടാണ് അവര്‍ മൂകരായിത്തീരുന്നത്. ഇതൊരു ഉദാഹരണം മാത്രം. 

ഫ്രോണ്ടല്‍ ലോബി എന്ന സെറിബ്രത്തിന്റെ മുന്‍ഭാഗം വ്യക്തിത്വ വിശേഷങ്ങളുമായി ബന്ധപ്പെട്ടതാണ്. വശങ്ങളിലെ ടമ്പറല്‍ ലോബ് കേള്‍വിയുമായും പിറകിലെ ഓക്‌സിപിറ്റല്‍ ലോബ് കാഴ്ചയുമായും ബന്ധപ്പെട്ടിരിക്കുന്നു. ഇതിനു പുറമെ തലച്ചോറുമായി നേരിട്ട് ബന്ധമുള്ള പന്ത്രണ്ട് കേന്ദ്ര നാഡികളുണ്ട്. പഞ്ചേന്ദ്രിയങ്ങളിലൂടെ (കാഴ്ച, കേള്‍വി, രുചി, ഗന്ധം, സ്പര്‍ശം) ലഭിക്കുന്ന ചോദനകളെ  സ്വാംശീകരിച്ച് വേണ്ടപ്രതി പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുക എന്നത് തലച്ചോറിന്റെ പ്രധാന ധര്‍മമാണ്. ഉദാ: വലിയ ഒച്ച കേള്‍ക്കുമ്പോള്‍ ഞെട്ടുക, തീയില്‍ തൊടുമ്പോള്‍ കൈ വലിക്കുക, ഉജ്വലമായ വെളിച്ചത്തിനു മുന്നില്‍ കണ്ണ് അടഞ്ഞുപോകുക. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തലച്ചോറിന്റെ ആജ്ഞയിലൂടെയാണ് നടക്കുന്നത്.

 

ഡോ. മുഹമ്മദ് കുട്ടി കണ്ണിയന്‍
നേർപഥം വാരിക

1 thought on “മസ്തിഷ്‌കം എന്ന വിസ്മയം”

Leave a Comment