മൂസാ നബി (അ) – 10​

മൂസാ നബി (അ) - 10

ധീരമായ ഇടപെടല്‍

അല്ലാഹുവിന്റെ മതം സത്യസന്ധമായി പ്രബോധനം ചെയ്തു എന്നതല്ലാത്ത ഒരു തെറ്റും മൂസാനബി(അ)യും സഹോദരന്‍ ഹാറൂന്‍നബി(അ)യും ചെയ്തിട്ടില്ല. അത് സ്വീകരിച്ചു എന്നത് മാത്രമാണ് ജാലവിദ്യക്കാര്‍ക്കെതിരിലും ഫിര്‍ഔന്‍ കടുത്ത സമീപനം സ്വീകരിക്കാനുള്ള കാരണം.

മൂസാനബി(അ)യെ നശിപ്പിക്കലല്ലാതെ ഈ ആദര്‍ശ വളര്‍ച്ചയെ തടയാന്‍ വേറെ വഴിയില്ലെന്ന് ഫിര്‍ഔന്‍ മനസ്സിലാക്കി. ഈജിപ്തില്‍ മൂസാ(അ) ആദര്‍ശ വിപ്ലവം സൃഷ്ടിക്കുമെന്ന ഭയം അവനെ പിടികൂടി. ആ ഭീതി വെളിച്ചത്ത് വരുന്ന അവന്റെ വാക്കുകള്‍ ക്വുര്‍ആന്‍ നമുക്ക് ഇപ്രകാരം പറഞ്ഞു തരുന്നു:

”ഫിര്‍ഔന്‍ പറഞ്ഞു: നിങ്ങള്‍ എന്നെ വിടൂ; മൂസായെ ഞാന്‍ കൊല്ലും. അവന്‍ അവന്റെ രക്ഷിതാവിനെ വിളിച്ചു പ്രാര്‍ഥിച്ചുകൊള്ളട്ടെ. അവന്‍ നിങ്ങളുടെ മതം മാറ്റിമറിക്കുകയോ ഭൂമിയില്‍ കുഴപ്പം കുത്തിപ്പൊക്കുകയോ ചെയ്യുമെന്ന് തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു” (ക്വുര്‍ആന്‍ 40:26).

ഭീകരനും ധിക്കാരിയുമായ ഫിര്‍ഔന്‍ മൂസാനബി(അ)യെ കുഴപ്പക്കാരനായിട്ടാണ് ചിത്രീകരിക്കുന്നത്. വാസ്തവത്തില്‍ എല്ലാ കുഴപ്പത്തിന്റെയും തലയാണ് ഫിര്‍ഔന്‍. നീചന്മാര്‍ സമാധാനത്തിന്റെ വെള്ളരി പ്രാവുകളായും നല്ലവര്‍ കുഴപ്പക്കാരുമായി ചിത്രീകരിക്കപ്പെടുന്നത് ചരിത്രത്തില്‍ ആദ്യമായിട്ടല്ല. വര്‍ത്തമാനകാലത്തും ഇത് സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്.

മൂസാനബി(അ)യെയും വിശ്വാസികളെയും അവരുടെ ആദര്‍ശത്തെയും നശിപ്പിക്കുമെന്ന് പറഞ്ഞ് ഉറഞ്ഞുതുള്ളിക്കൊണ്ടിരിക്കുന്ന ഫിര്‍ഔനിന്റെ നിലപാട് ശക്തിപ്പെടുന്നു. പരിസരം ഭീതിജനകമായ അവസ്ഥയില്‍ ആയി. മൂസാ(അ) അല്ലാഹുവിനോട് തേടാന്‍ തുടങ്ങി:

”മൂസാ പറഞ്ഞു: എന്റെ രക്ഷിതാവും നിങ്ങളുടെ രക്ഷിതാവുമായിട്ടുള്ളവനോട്, വിചാരണയുടെ ദിവസത്തില്‍ വിശ്വസിക്കാത്ത എല്ലാ അഹങ്കാരികളില്‍ നിന്നും ഞാന്‍ ശരണം തേടുന്നു” (ക്വുര്‍ആന്‍ 40:27).

സ്രഷ്ടാവായ അല്ലാഹുവിനെ യഥാവിധി മനസ്സിലാക്കാതെ, സ്വേച്ഛകള്‍ക്ക് അടിമപ്പെട്ട് അഹങ്കാരത്തോടെയും ധിക്കാരത്തോടെയും ചെയ്ത് കൂട്ടുന്ന ക്രൂരതകള്‍ക്ക് വിചാരണ നാളില്‍ കണക്ക് ബോധിപ്പിക്കേണ്ടിവരുമെന്ന ബോധ്യമില്ലാതെ നടക്കുന്ന ആധുനിക ഫിര്‍ഔന്‍മാരുടെ ചെയ്തികളില്‍ നിന്ന് നമുക്കും അഭയം തേടാനുള്ളത് മൂസാ(അ) അഭയം തേടിയ അല്ലാഹുവിനോട് മാത്രമാണ്.

ഒരു ജനതയെതൊട്ട് പേടിയുണ്ടായാല്‍ അല്ലാഹുവിനോട് നാം കാവല്‍ തേടണം. അതിനുള്ള പ്രാര്‍ഥന പ്രവാചകന്‍ ﷺ നമുക്ക് പഠിപ്പിച്ചു തന്നിട്ടുമുണ്ട്.

നബി ﷺ ഒരു സമൂഹത്തെതൊട്ട് പേടിച്ചാല്‍ (ഇപ്രകാരം) പറയും: ”അല്ലാഹുവേ, അവരുടെ (ശത്രുക്കളുടെ) മുന്നില്‍ ഞങ്ങള്‍ നിന്നെ വെക്കുന്നു. അവരുടെ (ശത്രുക്കളുടെ) ഉപദ്രവത്തില്‍ നിന്നും നിന്നില്‍ ഞങ്ങള്‍ അഭയം തേടുന്നു” (അബൂദാവൂദ്).

മൂസാ(അ) അല്ലാഹുവിനോട് ഫിര്‍ഔനിന്റെയും അവന്റെ ആളുകളുടെയും അക്രമങ്ങളില്‍ നിന്നും രക്ഷ ലഭിക്കുന്നതിന് വേണ്ടി ദുആ ചെയ്തു. മൂസാ(അ) തന്നില്‍ വിശ്വസിച്ചവരോടും അല്ലാഹുവിനോട് സഹായത്തിനായി തേടാന്‍ ആവശ്യപ്പെട്ടു:

”മൂസാ തന്റെ ജനങ്ങളോട് പറഞ്ഞു: നിങ്ങള്‍ അല്ലാഹുവോട് സഹായം തേടുകയും ക്ഷമിക്കുകയും ചെയ്യുക. തീര്‍ച്ചയായും ഭൂമി അല്ലാഹുവിന്റെതാകുന്നു. അവന്റെ ദാസന്മാരില്‍ നിന്ന് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ അത് അവകാശപ്പെടുത്തിക്കൊടുക്കുന്നു. പര്യവസാനം ധര്‍മനിഷ്ഠ പാലിക്കുന്നവര്‍ക്ക് അനുകൂലമായിരിക്കും” (ക്വുര്‍ആന്‍ 7:128).

ഫിര്‍ഔനും സംഘവും അക്രമിക്കുവാന്‍ ഒരുമ്പെട്ടിരിക്കുകയാണല്ലോ. ഏത് വലിയ ശക്തിയുള്ളവരെയും നിലംപതിപ്പിക്കുവാന്‍ എല്ലാ ശക്തിയുടെയും ഉടമയായ അല്ലാഹുവിനാണല്ലോ സാധിക്കുക. അതിനാല്‍ എല്ലാം കാണുകയും കേള്‍ക്കുകയും അറിയുകയും ചെയ്യുന്ന അല്ലാഹുവിനോട് സഹായം ചോദിക്കുക. എന്ത് പ്രതികൂല സാഹചര്യത്തെ അഭിമുഖീകരിക്കേണ്ടി വന്നാലും നന്നായി ക്ഷമിക്കുകയും ചെയ്യുക; അല്ലാഹു നമ്മെ സഹായിക്കുന്നതാണ്. ഭൂമിയില്‍ ആര്‍ക്കും കാലാകാലം അടക്കിവാഴാന്‍ കഴിയില്ല. അതിന്റെ പരിപൂര്‍ണ അവകാശി അല്ലാഹുവാണ്. അതിന്റെ അനന്തരാവകാശം അവന്റെ അടിമകളില്‍ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ നല്‍കുന്നതാണ്. ഏറ്റവും നല്ല പര്യവസാനം സൂക്ഷ്മത പാലിക്കുന്നവര്‍ക്കായിരിക്കും എന്നെല്ലാം മൂസാ(അ) അവരെ പറഞ്ഞ് ആശ്വസിപ്പിച്ചു.

പ്രബോധനത്തിന് പ്രതികൂലമായ സാഹചര്യം നമ്മെയും വരിഞ്ഞുമുറുക്കാന്‍ തുടങ്ങിയതായി മനസ്സിലാക്കുക. അന്യായമായ നിയമ നടപടികളും ഇടപെടലുകളും വര്‍ധിച്ച് വരുമ്പോള്‍ പ്രാര്‍ഥനയെന്ന വലിയ ആയുധം ഉപയോഗപ്പെടുത്താന്‍ നാം മടിക്കാതിരിക്കുക.

ഫിര്‍ഔനിന്റെയും അവന്റെ ആളുകളുടെയും പ്രവര്‍ത്തനങ്ങള്‍ക്കെതിരില്‍ എന്ത് സമീപനമായിരിക്കണം സ്വീകരിക്കേണ്ടത് എന്ന് മൂസാ(അ) കൂടെയുള്ളവരോട് പറഞ്ഞുകൊടുത്തത് നാം കണ്ടല്ലോ. ഈ സമയത്ത് അവര്‍ മൂസാനബി(അ)യോട് ഒരു സങ്കടം പറയുന്നുണ്ട്.

”അവര്‍ പറഞ്ഞു: താങ്കള്‍ ഞങ്ങളുടെ അടുത്ത് (ദൂതനായി) വരുന്നതിന്റെ മുമ്പും, താങ്കള്‍ ഞങ്ങളുടെ അടുത്ത് വന്നതിന് ശേഷവും ഞങ്ങള്‍ മര്‍ദിക്കപ്പെട്ടിരിക്കുകയാണ്. അദ്ദേഹം (മൂസാ) പറഞ്ഞു: നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ ശത്രുവിനെ നശിപ്പിക്കുകയും ഭൂമിയില്‍ നിങ്ങളെ അവന്‍ അനന്തരാവകാശികളാക്കുകയും ചെയ്‌തേക്കാം. എന്നിട്ട് നിങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് അവന്‍ നോക്കുന്നതാണ്” (ക്വുര്‍ആന്‍ 7:129).

വിശ്വസിച്ചു എന്ന് കരുതി അല്ലാഹു നിശ്ചയിച്ചിട്ടുള്ള ബാധ്യതകളില്‍ നിന്നും ഒളിച്ചോടുവാന്‍ ആര്‍ക്കും സാധ്യമല്ല. അല്ലാഹുവിന്റെ ദീന്‍ മുറുകെപിടിച്ച് ജീവിക്കുക തന്നെ വേണം. പ്രതികൂലമായി എന്ത് സംഭവിച്ചാലും പതറിപ്പോകാന്‍ പാടില്ല. ഫിര്‍ഔനിന്റെ ഭീഷണി സ്വരത്തിന് മുന്നില്‍ അല്‍പം പതര്‍ച്ച വന്നപ്പോള്‍ മൂസാ(അ) അവരെ കൂടുതല്‍ ഉപദേശിച്ച് ഈമാനികമായ കരുത്ത് പകര്‍ന്നുകൊടുത്തു.

”മൂസാ പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിട്ടുണ്ടെങ്കില്‍ അവന്റെമേല്‍ നിങ്ങള്‍ ഭരമേല്‍പിക്കുക, നിങ്ങള്‍ അവന്ന് കീഴ്‌പെട്ടവരാണെങ്കില്‍. അപ്പോള്‍ അവര്‍ പറഞ്ഞു: അല്ലാഹുവിന്റെ മേല്‍ ഞങ്ങള്‍ ഭരമേല്‍പിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ നീ അക്രമികളായ ഈ ജനവിഭാഗത്തിന്റെ മര്‍ദനത്തിന് ഇരയാക്കരുതേ. നിന്റെ കാരുണ്യംകൊണ്ട് സത്യനിഷേധികളായ ഈ ജനതയില്‍ നിന്ന് ഞങ്ങളെ നീ രക്ഷപ്പെടുത്തേണമേ” (ക്വുര്‍ആന്‍ 10:84-86).

മൂസാനബി(അ)യുടെ കൂടെയുള്ള വിശ്വാസികള്‍ ക്രൂരനായ ഫിര്‍ഔനിന്റെ ഭീഷണിക്ക് മുന്നില്‍ അല്‍പം പതറിയപ്പോള്‍ മൂസാ(അ) അവര്‍ക്ക് നല്‍കിയ നിര്‍ദേശമാണ് ഏത് കാലത്തെ വിശ്വാസികളും സ്വീകരിക്കേണ്ടത്. മൂസാ(അ) അവരോട് പറഞ്ഞ കാര്യങ്ങളും അവരുടെ മറുപടിയും നാം ശ്രദ്ധിച്ച് വായിക്കേണ്ടതാണ്. അല്ലാഹുവിന് സര്‍വസ്വവും സമര്‍പിച്ചവനാണല്ലോ മുസ്‌ലിം. പിന്നെ എന്തിന് പേടിക്കണം?

മൂസാ(അ) നല്‍കിയ ഉപദേശം അവരുടെ മനസ്സിന് കുളിര് പകര്‍ന്നു. അവര്‍ക്ക് ആവേശം കൂടി. ‘അല്ലാഹുവേ, എല്ലാം ഞങ്ങള്‍ നിന്നില്‍ ഭരമേല്‍പിക്കുന്നു’ എന്ന് അവര്‍ തുറന്ന് പ്രഖ്യാപിച്ചു. ‘അല്ലാഹുവേ, അക്രമികള്‍ക്ക് ഞങ്ങളെ എന്തും ചെയ്യാവുന്ന വിധത്തില്‍ ഞങ്ങളെ ഒരു പരീക്ഷണ വസ്തു ആക്കരുതേ. സത്യനിഷേധികളായ ജനതയില്‍ നിന്ന് നിന്റെ കാരുണ്യത്താല്‍ ഞങ്ങളെ നീ രക്ഷപ്പെടുത്തുകയും ചെയ്യേണമേ’ എന്ന് അവര്‍  അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയും ചെയ്തു.

അല്ലാഹുവിന്റെ കാരുണ്യം നമുക്ക് വിധിച്ചിട്ടുണ്ടെങ്കില്‍ ആര്‍ക്കും നമ്മെ പരാജയപ്പെടുത്താന്‍ കഴിയില്ല. അതിനാല്‍ അല്ലാഹുവിന്റെ കാരുണ്യത്തെ നാം എപ്പോഴും ചോദിക്കേണ്ടതുണ്ട്. എല്ലാവരെയും അടക്കിഭരിച്ചുകൊണ്ടിരിക്കുന്ന അല്ലാഹുവാണ് നമ്മുടെ അത്താണി.

ഇസ്‌റാഈല്യരില്‍ നിന്ന് വലിയ ഒരു സംഘം മൂസാ(അ)യില്‍ വിശ്വസിച്ചു എങ്കിലും ക്വിബ്ത്വികളില്‍ നിന്ന് വിശ്വസിച്ചവരുടെ എണ്ണം വളരെ വിരളമായിരുന്നു. ചില റിപ്പോര്‍ട്ടുകളില്‍ മൂന്ന് പേരാണെന്നാണ് വന്നിട്ടുള്ളത്. അതില്‍ ഒന്ന് കുടുംബത്തില്‍ പെട്ട, വിശ്വാസം പുറത്ത് പ്രകടിപ്പിക്കാതെ നേരത്തെ തന്നെ വിശ്വാസം ഉള്ളില്‍ ഒളിപ്പിച്ച ആളായിരുന്നു. (അദ്ദേഹത്തെ കുറിച്ച് ശേഷം വരുന്നുണ്ട്). മൂസാനബി(അ)യോട് നാടുവിടാന്‍ വേണ്ടി ഉപദേശിച്ച ആളായിരുന്നു അതില്‍ ഒരാള്‍. ഫിര്‍ഔനിന്റെ ഭാര്യയായ ആസ്യ(റ) ആയിരുന്നു അതില്‍ പെട്ട മറ്റൊരാള്‍ എന്നാണ് അഭിപ്രായം. വേറെ ആരും തന്നെ മൂസാ(അ)യില്‍ ക്വിബ്ത്വികളില്‍ നിന്ന് വിശ്വസിച്ചിരുന്നില്ല. വിശ്വസിച്ചവര്‍ തന്നെയും ഫിര്‍ഔനിന്റെ അക്രമത്തെ ഭയന്നുകൊണ്ടായിരുന്നു വിശ്വാസികളായി ജീവിച്ചിരുന്നത്.

”എന്നാല്‍ മൂസായെ തന്റെ ജനതയില്‍ നിന്നുള്ള ചില ചെറുപ്പക്കാരല്ലാതെ മറ്റാരും വിശ്വസിച്ചില്ല. (അത് തന്നെ) ഫിര്‍ഔനും അവരിലുള്ള പ്രധാനികളും അവരെ മര്‍ദിച്ചേക്കുമോ എന്ന ഭയപ്പാടോടുകൂടിയായിരുന്നു. തീര്‍ച്ചയായും ഫിര്‍ഔന്‍ ഭൂമിയില്‍ ഔന്നത്യം നടിക്കുന്നവന്‍ തന്നെയാകുന്നു. തീര്‍ച്ചയായും അവന്‍ അതിരുകവിഞ്ഞവരുടെ കൂട്ടത്തില്‍തന്നെയാകുന്നു” (ക്വുര്‍ആന്‍ 10:83).

അവസാനം മൂസാനബി(അ)യെയും കൂട്ടരെയും പെട്ടെന്ന് നശിപ്പിച്ചില്ലെങ്കില്‍ ആപത്താണെന്ന് ഫിര്‍ഔനിന് മനസ്സിലായി. കൊല്ലാനുള്ള ഒരുക്കം നടത്തി. ഈ സന്ദര്‍ഭത്തില്‍ വിശ്വാസം ഉള്ളില്‍ ഒതുക്കി നടക്കുന്ന ഒരാളുടെ വിശ്വാസം അതിനെതിരില്‍ പ്രതികരിപ്പിച്ചു. അദ്ദേഹമാകട്ടെ, ഫിര്‍ഔനിന്റെ ബന്ധത്തില്‍ പെട്ടവനായിരുന്നു. അയാള്‍ ഫിര്‍ഔനിന്റെ പിതൃവ്യപുത്രനാണെന്ന് പറയപ്പെടുന്നു. അപ്പോഴും അദ്ദേഹം തന്റെ വിശ്വാസം പ്രകടിപ്പിക്കാതെയാണ് പ്രതികരിക്കുന്നത്, ഒരു മധ്യസ്ഥനെ പോലെ.

സുറതുല്‍ ഗാഫിറില്‍ അദ്ദേഹത്തിന്റെ ആ ധീരമായ ഇടപെടല്‍ വിശദമായി അല്ലാഹു നമുക്ക് പറഞ്ഞു തരുന്നുണ്ട്. (ഈ അധ്യായത്തിന് സൂറതുല്‍ മുഅ്മിന്‍ -വിശ്വാസി-എന്ന പേരും ഉണ്ട്). ഈ പേര് (മുഅ്മിന്‍) ഫിര്‍ഔനിനോട് സധൈര്യം മൂസാനബി(അ)യുടെ ആദര്‍ശത്തെ പിന്‍താങ്ങിക്കൊണ്ട് സംസാരിച്ച നല്ല മനുഷ്യനെ ഉദ്ദേശിച്ചാണെന്നത് പ്രത്യേകം നാം മനസ്സിലാക്കേണ്ടതുണ്ട്.

”ഫിര്‍ഔനിന്റെ ആള്‍ക്കാരില്‍ പെട്ട, തന്റെ വിശ്വാസം മറച്ചുവെച്ചുകൊണ്ടിരുന്ന ഒരു വിശ്വാസിയായ മനുഷ്യന്‍ പറഞ്ഞു: എന്റെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിനാല്‍ നിങ്ങള്‍ ഒരു മനുഷ്യനെ കൊല്ലുകയോ? അദ്ദേഹം നിങ്ങള്‍ക്ക് നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവുകള്‍ കൊണ്ടുവന്നിട്ടുണ്ട്. അദ്ദേഹം കള്ളം പറയുന്നവനാണെങ്കില്‍ കള്ളം പറയുന്നതിന്റെ ദോഷം അദ്ദേഹത്തിന് തന്നെയാണ്. അദ്ദേഹം സത്യം പറയുന്നവനാണെങ്കിലോ അദ്ദേഹം നിങ്ങള്‍ക്ക് താക്കീത് നല്‍കുന്ന ചില കാര്യങ്ങള്‍ (ശിക്ഷകള്‍) നിങ്ങളെ ബാധിക്കുകയും ചെയ്യും. അതിക്രമകാരിയും വ്യാജവാദിയുമായിട്ടുള്ള ഒരാളെയും അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച. എന്റെ ജനങ്ങളേ, ഭൂമിയില്‍ മികച്ചുനില്‍ക്കുന്നവര്‍ എന്ന നിലയില്‍ ഇന്ന് ആധിപത്യം നിങ്ങള്‍ക്ക് തന്നെ. എന്നാല്‍ അല്ലാഹുവിന്റെ ശിക്ഷ നമുക്ക് വന്നാല്‍ അതില്‍ നിന്ന് നമ്മെ രക്ഷിച്ചു സഹായിക്കാന്‍ ആരുണ്ട്? ഫിര്‍ഔന്‍ പറഞ്ഞു: ഞാന്‍ (ശരിയായി) കാണുന്ന മാര്‍ഗം മാത്രമാണ് ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചുതരുന്നത്. ശരിയായ മാര്‍ഗത്തിലേക്കല്ലാതെ ഞാന്‍ നിങ്ങളെ നയിക്കുകയില്ല” (ക്വുര്‍ആന്‍ 40:28,29).

വിശ്വാസം പുറത്തേക്ക് പ്രഖ്യാപിക്കാതെ, ഉള്ളില്‍ മറച്ചുവെച്ച ഈ വ്യക്തി ഫിര്‍ഔനിന്റെ സഭയിലേക്ക് കയറിച്ചെന്ന് ഇങ്ങനെ സംസാരിക്കുന്നത്! ‘എന്റെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിനാല്‍ നിങ്ങള്‍ ഒരു മനുഷ്യനെ കൊല്ലുകയോ?’എന്ന ചോദ്യവും ‘അദ്ദേഹം കേവലം ഒരു വാദം ഉന്നയിക്കുക മാത്രമല്ലല്ലോ ചെയ്യുന്നത്, അതിനുള്ള വ്യക്തമായ പ്രമാണവും നിങ്ങളുടെ മുന്നില്‍ കാണിച്ചുവല്ലോ’ എന്ന് തുടങ്ങുന്ന വിശദീകരണവും ബുദ്ധിയുള്ളവരെ ഇരുത്തിച്ചിന്തിപ്പിക്കുന്നതാണ്.

മുഹമ്മദ് നബി ﷺ യുടെ ചരിത്രത്തിലും ഇതിന് സമാനമായ ഒരു സംഭവം കാണാം:

ഉര്‍വതുബ്‌നു സുബയ്ര്‍(റ)വില്‍ നിന്ന്: അദ്ദേഹം പറഞ്ഞു: ”ഞാന്‍ അബ്ദുല്ലാഹിബ്‌നുഅംറ്(റ)വിനോട് റസൂല്‍ ﷺ യെ മുശ്‌രിക്കുകള്‍ കഠിനമായി ചെയ്തതിനെ പറ്റി എനിക്ക് പറഞ്ഞു തന്നാലും” എന്ന് പറഞ്ഞു. അദ്ദേഹം പറഞ്ഞു: ”നബി ﷺ കഅ്ബയുടെ മുറ്റത്ത് നമസ്‌കാരത്തിലായിരിക്കെ ഉക്വ് ബതുബ്‌നു അബീമുഅയ്ത്വ് (നബി ﷺ യുടെ അടുത്തേക്ക്) മുന്നിട്ടു. എന്നിട്ട് അദ്ദേഹത്തിന്റെ ചുമലില്‍(ശക്തിയായി) പിടിച്ചു. (എന്നിട്ട്) നബി ﷺ യുടെ കഴുത്തില്‍ മുണ്ടിട്ട് ശക്തിയായി പിടിച്ച് കുരുക്കി (ശ്വാസം മുട്ടിച്ച് കൊന്നുകളയാന്‍ ശ്രമിച്ചു). അപ്പോള്‍ അബൂബക്ര്‍(റ) അവിടേക്ക് വന്നു. എന്നിട്ട് നബി ﷺ യുടെ ചുമലില്‍ പിടിച്ചു. നബി ﷺ യില്‍ നിന്ന് (അയാളെ) തള്ളി. എന്നിട്ട് അദ്ദേഹം ചോദിച്ചു: ”എന്റെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിനാല്‍ നിങ്ങള്‍ ഒരു മനുഷ്യനെ കൊല്ലുകയോ? അദ്ദേഹം നിങ്ങള്‍ക്ക്‌നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവുകള്‍ കൊണ്ടു വന്നിട്ടുണ്ട്.”

മാനവചരിത്രത്തില്‍ ഈ ചോദ്യം ചോദിക്കേണ്ട അവസരങ്ങള്‍ ധാരാളം ഉണ്ടാകും. തന്നെ സൃഷ്ടിച്ച് പരിപാലിക്കുന്ന അല്ലാഹുവിനെ മനസ്സിലാക്കി, അവനെ മാത്രമെ ആരാധിക്കാവൂ, അവന്‍ മാത്രമെ ആരാധനക്ക് അര്‍ഹനായിട്ടുള്ളൂ എന്ന് മനസ്സിലാക്കി ആരാധനയുടെ ഭാഗമായുള്ള ഏതെല്ലാം വികാരങ്ങളുണ്ടോ അതെല്ലാം അല്ലാഹുവിന് മാത്രം നല്‍കുമ്പോള്‍ അന്യായമായ ആരോപണങ്ങള്‍ക്ക് വിധേയനായേക്കാം. വിശ്വാസികളായതിന്റെ പേരില്‍ മാത്രം മാനസികമായും ശരീരികമായും പീഡിപ്പിക്കപ്പെടുന്ന എത്രയോ മനുഷ്യര്‍ ഇന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്നുണ്ടല്ലോ.

തന്റെ മുന്നില്‍ നിസ്സങ്കോചം മൂസാനബി(അ)ക്കു വേണ്ടി സംസാരിച്ച വ്യക്തിയോട് ഫിര്‍ഔന്‍ പറഞ്ഞത് ‘ഞാന്‍ (ശരിയായി) കാണുന്ന മാര്‍ഗം മാത്രമാണ് ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചുതരുന്നത്. ശരിയായ മാര്‍ഗത്തിലേക്കല്ലാതെ ഞാന്‍ നിങ്ങളെ നയിക്കുകയില്ല’ എന്നാണല്ലോ. എന്നാല്‍ താനാണ് റബ്ബ് എന്ന് അവകാശപ്പെടുന്ന ഫിര്‍ഔനിന് അതിനുള്ള പ്രമാണം നിരത്തുവാനില്ലായിരുന്നു. മൂസാനബി(അ)യാകട്ടെ അല്ലാഹുവാണ് റബ്ബ് എന്നതിനുള്ള പ്രമാണം നിരത്തുകയും ചെയ്തു. അഹങ്കാരം ഫിര്‍ഔനിനെ അവന്റെ വ്യാജവാദത്തില്‍ ഉറപ്പിച്ചു നിറുത്തി. അവന്‍ മനസ്സിലാക്കിയതാണ് സത്യം എന്നും അതിലേക്ക് അവന്‍ വഴി നടത്തുമെന്നും പറഞ്ഞത് അവന്റെ മനഃസാക്ഷിയെ വഞ്ചിച്ചു കൊണ്ടായിരുന്നു. മൂസാനബി(അ) കാണിച്ച ദൃഷ്ടാന്തങ്ങള്‍ അവനും കൂടെയുള്ളവര്‍ക്കും ബോധ്യമായിരുന്നു. 

”അവയെപ്പറ്റി അവരുടെ മനസ്സുകള്‍ക്ക് ദൃഢമായ ബോധ്യം വന്നിട്ടും അക്രമവും അഹങ്കാരവും മൂലം അവരതിനെ നിഷേധിച്ചുകളഞ്ഞു” (ക്വുര്‍ആന്‍ 27:14).

മൂസാനബി(അ)യെ വകവരുത്തുന്നതിനായി തയ്യാറെടുത്ത് നില്‍ക്കുന്ന ഫിര്‍ഔനിനെ, അവന്റെ കുടുംബത്തില്‍ പെട്ട ഒരാള്‍ ഉപദേശിക്കുന്നതാണല്ലോ നാം പറഞ്ഞു വന്നത്. അദ്ദേഹത്തിന്റെ ഉപദേശത്തിന്റെ ബാക്കി ഭാഗം കാണുക:

”ആ വിശ്വസിച്ച ആള്‍ പറഞ്ഞു: എന്റെ ജനങ്ങളേ, ആ കക്ഷികളുടെ ദിവസം പോലെയുള്ള ഒന്ന് തീര്‍ച്ചയായും നിങ്ങളുടെ കാര്യത്തിലും ഞാന്‍ ഭയപ്പെടുന്നു. അതായത് നൂഹിന്റെ ജനതയുടെയും ആദിന്റെയും ഥമൂദിന്റെയും അവര്‍ക്ക് ശേഷമുള്ളവരുടെയും അനുഭവത്തിന് തുല്യമായത്. ദാസന്മാരോട് യാതൊരു അക്രമവും ചെയ്യാന്‍ അല്ലാഹു ഉദ്ദേശിക്കുന്നില്ല” (ക്വുര്‍ആന്‍ 40:30,31).

ഓരോ ജനതയിലേക്കും പ്രവാചകന്മാര്‍ വന്നപ്പോള്‍ ആ ജനത അവരെ നിഷേധിച്ചിട്ടുണ്ട്. അതിന് അവര്‍ അനുഭവിക്കേണ്ടി വന്ന ശിക്ഷ കടുത്തതുമായിരുന്നു. നൂഹ്‌നബി(അ)യുടെ ജനതക്കും ആദ്, ഥമൂദ് സമുദായത്തിനും ശേഷക്കാര്‍ക്കും ലഭിച്ച ശിക്ഷ കടുപ്പമുള്ളതായിരുന്നു. അതെല്ലാം അദ്ദേഹം ഫിര്‍ഔനിനെ ഓര്‍മിപ്പിച്ചു.

അല്ലാഹു അവന്റെ അടിമകളോട് ഒട്ടും അനീതി കാണിക്കുന്നവനല്ല. അവരെയെല്ലാം അല്ലാഹു നശിപ്പിക്കാന്‍ കാരണം അവരുടെ അക്രമമായിരുന്നു. അവര്‍ അനീതി കാണിച്ചതിന് അല്ലാഹു നല്‍കിയ ശിക്ഷയാണത്.

”എന്റെ ജനങ്ങളേ, (നിങ്ങള്‍) പരസ്പരം വിളിച്ചുകേഴുന്ന ദിവസത്തെ നിങ്ങളുടെ കാര്യത്തില്‍ തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു. അതായത് നിങ്ങള്‍ പിന്നോക്കം തിരിഞ്ഞോടുന്ന ദിവസം. അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്നും രക്ഷനല്‍കുന്ന ഒരാളും നിങ്ങള്‍ക്കില്ല…” (ക്വുര്‍ആന്‍ 40:32,33).

പരലോകത്ത് വരാനിരിക്കുന്ന ശിക്ഷയെ കുറിച്ചും അവിടത്തെ നിസ്സഹായതയെ കുറിച്ചും ഫിര്‍ഔനിനെ അയാള്‍ ഓര്‍മപ്പെടുത്തി.

”വ്യക്തമായ തെളിവുകളും കൊണ്ട് മുമ്പ് യൂസുഫ് നിങ്ങളുടെ അടുത്ത് വരികയുണ്ടായിട്ടുണ്ട്. അപ്പോള്‍ അദ്ദേഹം നിങ്ങള്‍ക്ക് കൊണ്ടുവന്നതിനെ പറ്റി നിങ്ങള്‍ സംശയത്തിലായിക്കൊണ്ടേയിരുന്നു. എന്നിട്ട് അദ്ദേഹം മരണപ്പെട്ടപ്പോള്‍ ഇദ്ദേഹത്തിനു ശേഷം അല്ലാഹു ഇനി ഒരു ദൂതനെയും നിയോഗിക്കുകയേ ഇല്ല എന്ന് നിങ്ങള്‍ പറഞ്ഞു. അപ്രകാരം അതിക്രമകാരിയും സംശയാലുവുമായിട്ടുള്ളതാരോ അവരെ അല്ലാഹു വഴിതെറ്റിക്കുന്നു” (ക്വുര്‍ആന്‍ 40:34).

മൂസാ(അ) ഈജിപ്തില്‍ വരുന്നതിന് മുമ്പുണ്ടായിരുന്ന പ്രവാചകന്‍ യൂസുഫ്(അ) ആയിരുന്നല്ലോ. ആ സംഭവം നാം വിവരിച്ചു കഴിഞ്ഞു. യൂസൂഫ്(അ) ഈജിപ്തുകാര്‍ക്ക് ശരിയായവഴി കാണിച്ചു കൊടുത്തിരുന്നു. എന്നാല്‍ അവര്‍ അതില്‍ സംശയാലുക്കളായി. അദ്ദേഹത്തിന്റെ മരണത്തോടെ ഇനിയൊരു പ്രവാചകനെ അല്ലാഹു അയക്കില്ലെന്ന് അവര്‍ പറഞ്ഞു നടന്നു. അങ്ങനെ അവര്‍ അതിരു കടന്നവരായി മാറുകയാണ് ചെയ്തത്. അവര്‍ പിന്നീട് സംശയങ്ങളില്‍ അകപ്പെട്ടു. ആരായിരുന്നു ആ സംശയാലുക്കള്‍? എന്തുകൊണ്ടാണ് അവര്‍ക്ക് സംശയം ഉണ്ടായത്?

”അതായത് തങ്ങള്‍ക്ക് യാതൊരു ആധികാരിക പ്രമാണവും വന്നുകിട്ടാതെ അല്ലാഹുവിന്റെ  ദൃഷ്ടാന്തങ്ങളില്‍ തര്‍ക്കം നടത്തുന്നവരെ. അത് അല്ലാഹുവിന്റെ അടുക്കലും സത്യവിശ്വാസികളുടെ അടുക്കലും വലിയ കോപഹേതുവായിരിക്കുന്നു. അപ്രകാരം അഹങ്കാരികളും ഗര്‍വിഷ്ഠരും ആയിട്ടുള്ളവരുടെ ഹൃദയങ്ങളിലെല്ലാം അല്ലാഹു മുദ്രവെക്കുന്നു” (ക്വുര്‍ആന്‍ 40:35).

ഈ ഉപദേശമെല്ലാം കേട്ടിട്ടും ഫിര്‍ഔന്‍ ഒന്ന് മാറിച്ചിന്തിക്കുവാന്‍ തയ്യാറായില്ല. അവന്‍ ഇതെല്ലാം ഒരു പരിഹാസമാക്കി എടുക്കുകയാണ് ചെയ്തത്. അവന്‍ അവന്റെ മന്ത്രി ഹാമാനെ വിളിച്ചു:

”ഫിര്‍ഔന്‍ പറഞ്ഞു. ഹാമാനേ, എനിക്ക് ആ മാര്‍ഗങ്ങളില്‍ എത്താവുന്ന വിധം എനിക്കു വേണ്ടി നീ ഒരു ഉന്നത സൗധം പണിതുതരൂ! അഥവാ ആകാശമാര്‍ഗങ്ങളില്‍. എന്നിട്ട് മൂസായുടെ ദൈവത്തിന്റെ അടുത്തേക്ക് എത്തിനോക്കുവാന്‍. തീര്‍ച്ചയായും അവന്‍ (മൂസാ) കളവു പറയുകയാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്. അപ്രകാരം ഫിര്‍ഔനിന് തന്റെ ദുഷ്പ്രവൃത്തി അലംകൃതമായി തോന്നിക്കപ്പെട്ടു. നേരായ മാര്‍ഗത്തില്‍ നിന്ന് അവന്‍ തടയപ്പെടുകയും ചെയ്തു. ഫിര്‍ഔനിന്റെ തന്ത്രം നഷ്ടത്തില്‍ തന്നെയായിരുന്നു” (ക്വുര്‍ആന്‍ 40:36,36).

ഫിര്‍ഔനിന്റെ പരിഹാസം നിറഞ്ഞ വാക്കുകളാണിത്. മൂസാ(അ) പറയുന്നത് സത്യമാണെന്ന് ബോധ്യമായിട്ടും ഫിര്‍ഔന്‍ അഹങ്കാരത്താല്‍ അതിനെയെല്ലാം കളവാക്കി. എന്നാലും ഈ ഉപദേശിക്കുന്ന വ്യക്തി അദ്ദേഹത്തിന്റെ ഗുണകാംക്ഷയോടെയുള്ള ഉപദേശം തുടര്‍ന്ന് കൊണ്ടേയിരുന്നു:

”ആ വിശ്വസിച്ച വ്യക്തി പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങള്‍ എന്നെ പിന്തുടരൂ. ഞാന്‍ നിങ്ങള്‍ക്ക് വിവേകത്തിന്റെ മാര്‍ഗം കാട്ടിത്തരാം” (ക്വുര്‍ആന്‍ 40:38).

‘എനിക്ക് സത്യമെന്ന് തോന്നുന്നതിലേക്ക് ഞാന്‍ നിങ്ങളെ വഴിനടത്താം’ എന്ന് പറഞ്ഞ ഫിര്‍ഔനിന്റെ മാര്‍ഗം ശരിയല്ലെന്ന് അദ്ദേഹം ഇതിലൂടെ വ്യക്തമാക്കുകയാണ്.

ഫിര്‍ഔനിന്റെ കൂടെക്കൂടികള്‍ക്ക് അവന്‍ ഭൗതികമായ എല്ലാവിധ സൗകര്യങ്ങളും നല്‍കിയിരുന്നു. അതിനാല്‍ അവനെ ഒഴിവാക്കുക എന്നത് ഭൗതികപ്രിയരായവര്‍ക്ക് വിഷമകരവുമായിരുന്നു. അതിനാല്‍ ഭൗതികലോകത്തിന്റെ നശ്വരതയെ പറ്റി അദ്ദേഹം ആ ജനതയെ ഉപദേശിച്ചു:

”എന്റെ ജനങ്ങളേ, ഈ ഐഹികജീവിതം ഒരു താല്‍ക്കാലിക വിഭവം മാത്രമാണ്. തീര്‍ച്ചയായും പരലോകം തന്നെയാണ് സ്ഥിരവാസത്തിനുള്ള ഭവനം. ആരെങ്കിലും ഒരു തിന്മ പ്രവര്‍ത്തിച്ചാല്‍ തത്തുല്യമായ പ്രതിഫലമേ അവന്നു നല്‍കപ്പെടുകയുള്ളൂ. സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മംപ്രവര്‍ത്തിക്കുന്നതാരോ -പുരുഷനോ സ്ത്രീയോ ആകട്ടെ-അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്. കണക്കുനോക്കാതെ അവര്‍ക്ക് അവിടെ ഉപജീവനം നല്‍കപ്പെട്ടുകൊണ്ടിരിക്കും” (ക്വുര്‍ആന്‍ 40:39,40).

ഐഹിക ജീവിതം ശ്വാസോച്ഛ്വാസം നിലയ്ക്കുന്നത് വരെ അനുഭവിക്കാവുന്ന നിസ്സാരമായ വിഭവം മാത്രമാണ്. എന്നാല്‍ ഒരിക്കലും നശിക്കാത്ത, എന്നെന്നും നിലനില്‍ക്കുന്നതാണ് പരലോക ജീവിതം. അവിടെ വിജയിക്കാന്‍ കഴിയുന്നവനാണ് യഥാര്‍ഥ വിജയി. അവിടെ പരാജയപ്പെടുന്നതാണ് ഏറ്റവും വലിയ പരാജയം. (തുടരും)

ഹുസൈന്‍ സലഫി
നേർപഥം വാരിക

മൂസാ നബി (അ) – 09​

മൂസാ നബി (അ) - 09

പരാജയപ്പെട്ട ജാലവിദ്യ

അങ്ങനെ പതിനായിരങ്ങളുടെ സാന്നിധ്യത്തില്‍ സത്യം ആരുടെ ഭാഗത്താണ് എന്നത് തെളിയിക്കാന്‍ പോകുകയാണ്. അതിന് മുമ്പ് ഒന്നുകൂടെ ജാലവിദ്യക്കാര്‍ ഫിര്‍ഔനോട് തങ്ങള്‍ക്ക് വാഗ്ദാനം ചെയ്തിട്ടുള്ള പ്രതിഫലത്തെ കുറിച്ച് ചോദിച്ച് ഉറപ്പ് വരുത്തി:

”അങ്ങനെ ജാലവിദ്യക്കാര്‍ വന്നെത്തിയപ്പോള്‍ ഫിര്‍ഔനോട് അവര്‍ ചോദിച്ചു: ഞങ്ങളാണ് വിജയികളാകുന്നതെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ക്ക് പ്രതിഫലമുണ്ടായിരിക്കുമോ? അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: അതെ, തീര്‍ച്ചയായും നിങ്ങള്‍ സാമീപ്യം നല്‍കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും” (ക്വുര്‍ആന്‍ 26:41,42).

വിജയം ഉറപ്പിച്ച മട്ടില്‍ ജാലവിദ്യക്കാര്‍ ഫിര്‍ഔനോട്, ഞങ്ങള്‍ ജയിച്ചാല്‍ വാഗ്ദാനം നിറവേറ്റുമല്ലോ എന്ന് ചോദിച്ചു. അതെ, എന്നു മറുപടി നല്‍കി. കൊട്ടാരത്തില്‍ എന്റെ ഏറ്റവും വലിയ അടുപ്പം സിദ്ധിക്കുന്നവരില്‍ നിങ്ങള്‍ ആയിരിക്കുകയും ചെയ്യും. ഒരു രാജാവില്‍ നിന്ന് ലഭിക്കുന്ന മുന്തിയ വാഗ്ദാനമാണല്ലോ ഇത്.  ഈ സ്ഥാനത്ത് എത്തിപ്പെട്ടാല്‍ പിന്നെ ഏത് ആവശ്യവും നേടുകയും ചെയ്യാം. ഫിര്‍ഔനില്‍ നിന്നുള്ള മോഹിപ്പിക്കുന്ന വാഗ്ദാനം കേട്ട് നില്‍ക്കുന്ന ആ ജാലവിദ്യക്കാരോട് മൂസാ(അ) പറഞ്ഞു:

”…നിങ്ങള്‍ക്ക് നാശം! നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കരുത്. ഏതെങ്കിലും ഒരു ശിക്ഷ മുഖേന അവന്‍ നിങ്ങളെ ഉന്മൂലനം ചെയ്‌തേക്കും. കള്ളം കെട്ടിച്ചമച്ചവനാരോ അവന്‍ തീര്‍ച്ചയായും പരാജയപ്പെട്ടിരിക്കുന്നു” (ക്വുര്‍ആന്‍ 20:61).

അല്ലാഹുവിന്റെ ദൂതനാണെന്ന് ബോധ്യപ്പെടുത്തുന്നതിനായി അല്ലാഹു നല്‍കിയ തെളിവുകളെ മൂസാ(അ) അവര്‍ക്ക് മുന്നില്‍ കാണിച്ചപ്പോള്‍ അവയെ നിഷേധിക്കുന്നതിനായി സ്വയം നിര്‍മിതമായ സിഹ്‌റ് ചെയ്യുവാനാണ് അവര്‍ മുതിരുന്നത്. അത് അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടി ചമക്കലാണല്ലോ. അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമക്കുന്നവരെ അല്ലാഹു ഉന്മൂലനം ചെയ്യുമെന്ന മൂസാ(അ)യുടെ ഈ താക്കീതിന്റെ സ്വരം അവരില്‍ വലിയ അങ്കലാപ്പും ഭീതിയും ഉണ്ടാക്കി.

”(ഇത് കേട്ടപ്പോള്‍) അവര്‍ (ആളുകള്‍) തമ്മില്‍ അവരുടെ കാര്യത്തില്‍ ഭിന്നതയിലായി. അവര്‍ രഹസ്യസംഭാഷണത്തില്‍ ഏര്‍പെടുകയും ചെയ്തു” (ക്വുര്‍ആന്‍ 20:62).

അവര്‍ക്കിടയില്‍ പരസ്പരം സംസാരം നടന്നു. മത്സരം വേണോ? പിന്മാറണോ? പ്രതിസന്ധികളുടെ വേളയില്‍ തങ്ങളുടെ ഭീതിയും ധൈര്യമില്ലായ്മയും ഭിന്നതയും എല്ലാം മറച്ചുവെച്ച് ധൈര്യം പ്രകടിപ്പിക്കുകയും തങ്ങള്‍ ഐക്യത്തിലാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുകയും ചെയ്യല്‍  സത്യത്തിന്റെ വൈരികളുടെ സ്ഥിരം അടവാണല്ലോ. അവരും അത് പുറത്തെടുത്തു:

”(ചര്‍ച്ചയ്ക്ക് ശേഷം) അവര്‍ പറഞ്ഞു: തീര്‍ച്ചയായും ഇവര്‍ രണ്ടുപേരും ജാലവിദ്യക്കാര്‍ തന്നെയാണ്. അവരുടെ ജാലവിദ്യകൊണ്ട് നിങ്ങളുടെ നാട്ടില്‍ നിന്ന് നിങ്ങളെ പുറന്തള്ളാനും നിങ്ങളുടെ മാതൃകാപരമായ മാര്‍ഗത്തെ നശിപ്പിച്ചുകളയാനും അവര്‍ ഉദ്ദേശിക്കുന്നു. അതിനാല്‍ നിങ്ങളുടെ തന്ത്രം നിങ്ങള്‍ ഏകകണ്ഠമായി തീരുമാനിക്കുകയും എന്നിട്ട് നിങ്ങള്‍ ഒരൊറ്റ അണിയായി (രംഗത്ത്) വരുകയും ചെയ്യുക. മികവ് നേടിയവരാരോ അവരാണ് ഇന്ന് വിജയികളായിരിക്കുക” (ക്വുര്‍ആന്‍ 20:63,64).

നിങ്ങള്‍ ഭിന്നിക്കരുത്. നിങ്ങള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായം ഉണ്ടായിക്കൂടാ. നിങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുക. മൂസായുടെ മുന്നില്‍ പതറരുത്. മികവ് തെളിയിക്കുക. വിജയിക്കും… ഇത്തരത്തിലുള്ള വാക്കുകള്‍ അവരില്‍ ആവേശം പകര്‍ന്നു. അതില്‍ വഞ്ചിതരായ ആ ജാലവിദ്യക്കാര്‍ മൂസാനബി(അ)നോട് പറയുന്നത് നോക്കൂ:

”…ഹേ; മൂസാ, ഒന്നുകില്‍ നീ ഇടുക. അല്ലെങ്കില്‍ ഞങ്ങളാകാം ആദ്യമായി ഇടുന്നവര്‍. അദ്ദേഹം പറഞ്ഞു: അല്ല, നിങ്ങളിട്ട്‌കൊള്ളുക” (ക്വുര്‍ആന്‍ 20:65,66).

പേടി ഉള്ളിലൊതുക്കി ധൈര്യം പുറത്തേക്ക് പ്രകടമാക്കിയായിരുന്നു ജാലവിദ്യക്കാരുടെ വാക്കുകള്‍. എന്നാല്‍ മൂസാ(അ) ഒട്ടും കൂസലില്ലാതെ, ഉള്ളിലും പുറത്തും നിറഞ്ഞ ധൈര്യത്തോടെയാണ് സംസാരിക്കുന്നത്. കാരണം, അല്ലാഹുവിങ്കല്‍ നിന്നുള്ള ബോധനത്തിന്റെ കരുത്തു തന്നെ.

”അങ്ങനെ ജാലവിദ്യക്കാര്‍ വന്നപ്പോള്‍ മൂസാ അവരോട് പറഞ്ഞു: നിങ്ങള്‍ക്ക് ഇടാനുള്ളതല്ലാം ഇട്ടേക്കൂ. അങ്ങനെ അവര്‍ ഇട്ടപ്പോള്‍ മൂസാ പറഞ്ഞു: നിങ്ങള്‍ ഈ അവതരിപ്പിച്ചത് ജാലവിദ്യയാകുന്നു. തീര്‍ച്ചയായും അല്ലാഹു അതിനെ പൊളിച്ചു കളയുന്നതാണ്. കുഴപ്പമുണ്ടാക്കുന്നവരുടെ പ്രവര്‍ത്തനം അല്ലാഹു ഫലവത്താക്കിത്തീര്‍ക്കുകയില്ല; തീര്‍ച്ച. സത്യത്തെ അവന്റെ വചനങ്ങളിലൂടെ അവന്‍ യാഥാര്‍ഥമാക്കിത്തീര്‍ക്കുന്നതാണ്. കുറ്റവാളികള്‍ക്ക് അത് അനിഷ്ടകരമായാലും ശരി” (ക്വുര്‍ആന്‍ 10:80-82).

”മൂസാ പറഞ്ഞു: നിങ്ങള്‍ ഇട്ടുകൊള്ളുക. അങ്ങനെ ഇട്ടപ്പോള്‍ അവര്‍ ആളുകളുടെ കണ്ണുകെട്ടുകയും അവര്‍ക്ക്  ഭയമുണ്ടാക്കുകയും ചെയ്തു. വമ്പിച്ച ഒരു ജാലവിദ്യയാണ് അവര്‍ കൊണ്ടുവന്നത്” (ക്വുര്‍ആന്‍ 7:116).

ജാലവിദ്യക്കാര്‍ ഇടാനുള്ളവയെല്ലാം ഇട്ടു. അവ കാണികള്‍ക്ക് ചലിക്കുന്നതായി അനുഭവപ്പെട്ടു. ഇത്തരം ചെപ്പടി വിദ്യകള്‍ക്കൊന്നും സ്ഥായീഭാവമില്ലെന്നും അത് നശിക്കുന്നതാണെന്നും അല്ലാഹു അവയെ തകര്‍ത്ത് സത്യത്തെ വിജയിപ്പിക്കുന്നതാണെന്നും മൂസാ(അ) പറഞ്ഞു.അദ്ദേഹത്തിന് പോലും അവരുടെ കയറുകളും വടികളും ചലിക്കുന്നതായി തോന്നി എന്നാണ് ക്വുര്‍ആന്‍ പറയുന്നത്.

”അദ്ദേഹം പറഞ്ഞു: അല്ല, നിങ്ങളിട്ട് കൊള്ളുക. അപ്പോഴതാ അവരുടെ ജാലവിദ്യ നിമിത്തം അവരുടെ കയറുകളും വടികളുമെല്ലാം ഓടുകയാണെന്ന് അദ്ദേഹത്തിന് തോന്നുന്നു. അപ്പോള്‍ മൂസായ്ക്ക് തന്റെ  മനസ്സില്‍ ഒരു പേടി തോന്നി” (ക്വുര്‍ആന്‍ 20:66,67).

ജാലവിദ്യക്കാരുടെ വടിയും കയറുമെല്ലാം ഇഴയുന്നതായി കണ്ടപ്പോള്‍ മാനുഷികമായ ഒരു പേടിമൂസാ(അ)ന് ഉണ്ടായി. തനിക്ക് തന്നെയായിരിക്കും വിജയം ലഭിക്കുക എന്നത് മൂസാ(അ)ന് ശരിക്കും അറിയാമായിരുന്നു.  ജനങ്ങളില്‍ ഈ ജാലവിദ്യക്കാരുടെ ചെപ്പടിവിദ്യ സ്വാധീനം ചെലുത്തുമോ, അല്ലെങ്കില്‍ ശേഷം തന്നിലൂടെ പ്രകടമാകാന്‍ പോകുന്ന കാര്യത്തിന് കാത്തുനില്‍ക്കാതെ ജനം തെറ്റുധരിച്ചേക്കുമോ എന്നൊക്കെയാണ് മൂസാ(അ) പേടിച്ചത്. അതല്ലാതെ തന്റെ കാര്യത്തില്‍ യാതൊരു ഭീതിയും ഉണ്ടായിരുന്നില്ല. അല്ലാഹുവിന്റെ സഹായം തന്നില്‍ ഉണ്ടാകും എന്ന് ഉറച്ച് വിശ്വസിച്ച ആളായിരുന്നു മൂസാ(അ).

അല്ലാഹു മൂസാ(അ)നെ സാന്ത്വനപ്പെടുത്തിക്കൊണ്ട് ഇപ്രകാരം പറഞ്ഞു: ”…പേടിക്കേണ്ട. തീര്‍ച്ചയായും നീ തന്നെയാണ് കൂടുതല്‍ ഔന്നത്യം നേടുന്നവന്‍. നിന്റെ വലതുകയ്യിലുള്ളത് (വടി) നീ ഇട്ടേക്കുക. അവര്‍ ഉണ്ടാക്കിയതെല്ലാം അത് വിഴുങ്ങിക്കൊള്ളും. അവരുണ്ടാക്കിയത് ജാലവിദ്യക്കാരന്റെ തന്ത്രം മാത്രമാണ്. ജാലവിദ്യക്കാരന്‍ എവിടെച്ചെന്നാലും വിജയിയാവുകയില്ല” (ക്വര്‍ആന്‍ 20:68,69).

ജാലവിദ്യക്കാര്‍ അവരുടെ വടിയും കയറുമെല്ലാം ഇട്ടു കഴിഞ്ഞു. ഇനി മൂസാനബി(അ)ന്റെ ഊഴമാണല്ലോ. അതിനായി അദ്ദേഹത്തിന് അല്ലാഹുവിന്റെ കല്‍പന ലഭിക്കുകയാണ്:

”മൂസായ്ക്ക് നാം ബോധനം നല്‍കി; നീ നിന്റെ വടി ഇട്ടേക്കുക എന്ന്. അപ്പോള്‍ ആ വടിയതാ അവര്‍ കൃത്രിമമായി ഉണ്ടാക്കിയതിനെ വിഴുങ്ങുന്നു” (ക്വുര്‍ആന്‍ 7:117).

ഫിര്‍ഔനിന്റെ ജാലവിദ്യക്കാര്‍ കൃത്രിമമായി നിര്‍മിച്ചവയെയെല്ലാം നിമിഷനേരം കൊണ്ട് മൂസാനബി(അ)ന്റെ പാമ്പ് വിഴുങ്ങി. അല്ലാഹു നല്‍കിയ വാഗ്ദാനം അത് അവന്‍ ലംഘിക്കില്ലല്ലോ.

”അങ്ങനെ സത്യം സ്ഥിരപ്പെടുകയും അവര്‍ പ്രവര്‍ത്തിച്ചിരുന്നതെല്ലാം നിഷ്ഫലമാകുകയും ചെയ്തു. അങ്ങനെ അവിടെ വെച്ച് അവര്‍ പരാജയപ്പെടുകയും അവര്‍ നിസ്സാരന്മാരായി മാറുകയും ചെയ്തു” (ക്വുര്‍ആന്‍ 7:118,119).

സത്യം വിജയിച്ചു. പരാജിതരായ ജാലവിദ്യക്കാര്‍ വലിയ ജനക്കൂട്ടത്തിനു മുന്നില്‍ അപമാനിതരാവുകയും ചെയ്തു. ജാലവിദ്യ നന്നായി പഠിച്ച അവര്‍ക്ക് മൂസാ(അ)ലൂടെ സംഭവിച്ചത് ജാലവിദ്യയല്ലെന്ന് ബോധ്യമാകുകയും ചെയ്തു.

സത്യം വെളിപ്പെട്ടു കഴിഞ്ഞാല്‍ അത് സ്വീകരിക്കുകയാണല്ലോ വേണ്ടത്. സത്യം മനസ്സിലാക്കിയതിന് ശേഷം അവയോട് പുറംതിരിയുന്നവര്‍ അപമാനിതരില്‍ അപമാനിതരാണ്. ജാലവിദ്യക്കാര്‍ക്ക് സത്യം മനസ്സിലായി. ആ സമയം അവിടെ വലിയ ഒരു തിരുത്ത് കുറിക്കപ്പെടുകയാണ്.

അടുത്ത നിമിഷം വരെ ഫിര്‍ഔനിന് വേണ്ടി സംസാരിച്ചവര്‍, മൂസാനബി(അ)നെ കളവാക്കിയവര്‍, വെല്ലുവിളിച്ചവര്‍… സത്യം മനസ്സിലായപ്പോള്‍ ഒന്നും ആലോചിച്ചില്ല. അവര്‍ ഭാവിയില്‍ എന്തെല്ലാം സംഭവിക്കുമെന്നൊന്നും ചിന്തിച്ചില്ല. സത്യത്തെ പുല്‍കുവാന്‍ അവര്‍ തയ്യാറായി. ക്വുര്‍ആന്‍ ആ രംഗം വിവരിക്കുന്നത് കാണുക:

”ഉടനെ ആ ജാലവിദ്യക്കാര്‍ പ്രണമിച്ചുകൊണ്ട് താഴെ വീണു. അവര്‍ പറഞ്ഞു: ഞങ്ങള്‍ ഹാറൂനിന്റെയയും മൂസായുടെയും രക്ഷിതാവില്‍ വിശ്വസിച്ചിരിക്കുന്നു” (ക്വുര്‍ആന്‍ 20:70).

അപ്പോള്‍ ജാലവിദ്യക്കാര്‍ സാഷ്ടാംഗത്തിലായി വീണു. അവര്‍ പറഞ്ഞു: ലോകരക്ഷിതാവില്‍ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അതായത് മൂസായുടെയും ഹാറൂന്റെയും രക്ഷിതാവില്‍” (ക്വുര്‍ആന്‍ 26:4648).

”അവര്‍ (ആ ജാലവിദ്യക്കാര്‍) സാഷ്ടാംഗം ചെയ്യുന്നവരായി വീഴുകയും ചെയ്തു. അവര്‍ പറഞ്ഞു: ലോകരക്ഷിതാവില്‍ ഞങ്ങളിതാ വിശ്വസിച്ചിരിക്കുന്നു. മൂസായുടെയും ഹാറൂന്റെയും രക്ഷിതാവില്‍” (ക്വുര്‍ആന്‍ 7:120-122).

ഒരാളുടെ വിശ്വാസത്തെ മറ്റൊരാള്‍ക്കും നിയന്ത്രിക്കുവാന്‍ കഴിയുന്നതല്ലല്ലോ. ആ വിശ്വാസത്തിന് എതിരായ സമീപനം സ്വീകരിക്കുന്നവര്‍ സ്വാര്‍ഥരും ദേഹേച്ഛകള്‍ക്ക് സ്ഥാനം നല്‍കുന്നവരുമായിരിക്കും.

മൂസാനബി(അ)യിലൂടെ അല്ലാഹു പ്രകടിപ്പിക്കുന്ന ദൃഷ്ടാന്തങ്ങളെ വേര്‍തിരിച്ച് മനസ്സിലാക്കിയ ജാലവിദ്യക്കാര്‍ സുജൂദില്‍ വീണു. ഫിര്‍ഔന്‍ അടക്കമുള്ള പ്രമാണിമാരും നേതാക്കന്മാരും നോക്കി നില്‍ക്കെ അവരുടെ വിശ്വാസം പ്രഖ്യാപിക്കുകയും ചെയ്തു. അക്ഷരാര്‍ഥത്തില്‍ ഫിര്‍ഔന്‍ ഞെട്ടി. തന്റെ ചെലവില്‍ ഒരുമിച്ചു കൂടിയ ജാലവിദ്യക്കാര്‍, തൊട്ടു മുമ്പുള്ള നിമിഷം വരെ തന്റെ റാന്‍ മൂളികളായിരുന്നവര്‍,  തന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് നീങ്ങിയിരുന്നവര്‍, ഇപ്പോള്‍ ഇതാ തന്റെ ഒരു നിര്‍ദേശവും കിട്ടാതെ നിലപാട് മാറ്റിയിരിക്കുന്നു. തന്നെ തള്ളിപ്പറയുകയും ലോകരക്ഷിതാവായ അല്ലാഹുവില്‍ വിശ്വസിക്കുന്നതായി അവര്‍ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. കോപാകുലനായ ഫിര്‍ഔന്‍ അവരോട് ഇപ്രകാരം ചോദിച്ചു:

”…ഞാന്‍ നിങ്ങള്‍ക്ക് സമ്മതം തരുന്നതിന് മുമ്പ് നിങ്ങള്‍ അവനെ വിശ്വസിച്ച് കഴിഞ്ഞെന്നോ? തീര്‍ച്ചയായും നിങ്ങള്‍ക്ക് ജാലവിദ്യ പഠിപ്പിച്ചുതന്ന നിങ്ങളുടെ നേതാവ് തന്നെയാണവന്‍. ആകയാല്‍ തീര്‍ ച്ചയായും ഞാന്‍ നിങ്ങളുടെ കൈകളും കാലുകളും എതിര്‍ വശങ്ങളില്‍ നിന്നായി മുറിച്ചുകളയുകയും ഈന്തപ്പനത്തടികളില്‍ നിങ്ങളെ ക്രൂശിക്കുകയും ചെയ്യുന്നതാണ്. ഞങ്ങളില്‍ ആരാണ് ഏറ്റവും കഠിനമായതും നീണ്ടുനില്‍ക്കുന്നതുമായ ശിക്ഷ നല്‍കുന്നവന്‍ എന്ന് തീര്‍ച്ചയായും നിങ്ങള്‍ക്ക്  മനസ്സിലാകുകയും ചെയ്യും” (ക്വുര്‍ആന്‍ 20:71).

”അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്ക് അനുവാദം തരുന്നതിന് മുമ്പായി നിങ്ങള്‍ അവനില്‍ വിശ്വസിച്ചുവെന്നോ? തീര്‍ച്ചയായും ഇവന്‍ നിങ്ങള്‍ക്ക് ജാലവിദ്യ പഠിപ്പിച്ച നിങ്ങളുടെ തലവന്‍ തന്നെയാണ്. വഴിയെ നിങ്ങള്‍ അറിഞ്ഞു കൊള്ളും. തീര്‍ച്ചയായും നിങ്ങളുടെ കൈകളും നിങ്ങളുടെ കാലുകളും എതിര്‍ വശങ്ങളില്‍നിന്നായിക്കൊണ്ട് ഞാന്‍ മുറിച്ചു കളയുകയും നിങ്ങളെ മുഴുവന്‍ ഞാന്‍ ക്രൂശിക്കുകയും ചെയ്യുന്നതാണ്” (ക്വുര്‍ആന്‍ 26:49).

”ഫിര്‍ഔന്‍ പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്ക് അനുവാദം നല്‍കുന്നതിന് മുമ്പ് നിങ്ങള്‍ വിശ്വസിച്ചിരിക്കുകയാണോ? ഈ നഗരത്തിലുള്ളവരെ ഇവിടെ നിന്ന് പുറത്താക്കാന്‍ വേണ്ടി നിങ്ങളെല്ലാം കൂടി ഇവിടെ വെച്ച് നടത്തിയ ഒരു ഗൂഢതന്ത്രം തന്നെയാണിത്. അതിനാല്‍ വഴിയെ നിങ്ങള്‍ മനസ്സിലാക്കിക്കൊള്ളും. നിങ്ങളുടെ കൈകളും കാലുകളും എതിര്‍ശങ്ങളില്‍ നിന്നായി ഞാന്‍ മുറിച്ചുകളയുക തന്നെ ചെയ്യും. പിന്നെ നിങ്ങളെ മുഴുവന്‍ ഞാന്‍ ക്രൂശിക്കുകയും ചെയ്യും; തീര്‍ച്ച” (ക്വുര്‍ആന്‍ 7:123,124).

ഫിര്‍ഔന്‍ കോപിഷ്ടനായി നില്‍ക്കുകയാണ്. എന്റെ ചെലവില്‍, എന്റെ കൊട്ടാരത്തില്‍ വന്ന് എന്റെ കല്‍പനക്ക് അനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതിന് പകരം സ്വന്തമായ തീരുമാനം എടുത്ത് മൂസായില്‍ നിങ്ങള്‍ വിശ്വസിക്കുകയാണോ. സമ്മതിക്കില്ല.

വിശ്വാസം ആത്മാര്‍ഥമാണെങ്കില്‍ അതില്‍നിന്ന് ഒരാളെയും പിന്തിരിപ്പിക്കുക സാധ്യമല്ല. അതാണ് ഇവിടെ നാം കാണുന്നത്. ഫിര്‍ഔനിന്റെ അധികാര സ്വരത്തിനോ, അവന്‍ നല്‍കുന്ന വലിയ സൗകര്യങ്ങള്‍ക്കോ ഒന്നും അവര്‍ യാതൊരു വിലയും കല്‍പിച്ചില്ല. ഒരു സ്വേച്ഛാധിപതിക്ക് എങ്ങനെ ഇത് സഹിക്കാനാവും?

പ്രമാണങ്ങള്‍ക്ക് മാത്രമെ നിഷ്‌കളങ്ക ഹൃദയത്തിന്റെ ഉടമകള്‍ സ്ഥാനം നല്‍കുകയുള്ളൂ. ആ പ്രമാണം സത്യമാണെന്ന് മനസ്സിലായപ്പോള്‍ ജാലവിദ്യക്കാര്‍ ഒന്നടങ്കം മൂസാ(അ)യിലും ഹാറൂന്‍(അ)ലും വിശ്വസിച്ചു. ഫിര്‍ഔനിന് പ്രാമാണികമായി ഒന്നും പറയാനില്ലാതെയായി. അവസാനം ‘ജാലവിദ്യക്കാര്‍ക്കെല്ലാം ജാലവിദ്യ പഠിപ്പിച്ചുതന്ന വലിയ ഗുരുവാണ് മൂസാ. എല്ലാവരും ഒത്തു കളിച്ചതാണ്’ എന്നു പറഞ്ഞ് സ്വയം ആശ്വസിക്കാന്‍ ശ്രമിച്ചു. മൂസാ(അ) ആ ജാലവിദ്യക്കാര്‍ക്ക് ജാലവിദ്യ പഠിപ്പിച്ച് കൊടുത്തിട്ടില്ല എന്ന് ഫിര്‍ഔനിന് അറിയാം. കാരണം, എത്രയോ കൊല്ലം മുമ്പ് ഒരു കൊലപാതകത്തിന്റെ പേരില്‍ പേടിച്ച് ഈജിപ്തില്‍ നിന്നും മദ്‌യനിലേക്ക് പോയ ആളാണ് മൂസാ(അ). പിന്നീട് ഈജിപ്തിലേക്ക് വന്നത് ഭാഷ പോലും നന്നായി വശമല്ലാത്തവനായിട്ടാണ്. മാത്രവുമല്ല, ഈ ജാലവിദ്യക്കാരെ അതിന് മുമ്പ് പരിചയപ്പെടുവാനുള്ള സാധ്യതയും ഇല്ല. എന്നാലും ഫിര്‍ഔന്‍ കളവ് പറഞ്ഞു.

പിന്നെ അധികാര സ്വരം മുഴക്കി. മൂസായുടെ കൂടെ നിങ്ങള്‍ നില്‍ക്കുകയാണെങ്കില്‍ നിങ്ങളുടെ കൈകാലുകള്‍ എതിര്‍ ദിശകളില്‍ നിന്നായി മുറിച്ച് മാറ്റി, ഈത്തപ്പനയില്‍ നിങ്ങളെ ഞാന്‍ ആണി അടിച്ച് ക്രൂശിച്ച് കൊന്നുകളയും. വിശ്വാസം രൂഢമൂലമല്ലെങ്കില്‍ ആരും പതറിപ്പോകുന്ന ഭീഷണി. എന്നാല്‍ ആ ഭീഷണിക്കൊന്നും യാതൊരു മാറ്റവും അവരില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. മാത്രമല്ല, അവര്‍ സധീരം ഇങ്ങനെ പ്രഖ്യാപിക്കുകയും ചെയ്തു:

”അവര്‍ പറഞ്ഞു: ഞങ്ങള്‍ക്ക് വന്നുകിട്ടിയ പ്രത്യക്ഷമായ തെളിവുകളെക്കാളും ഞങ്ങളെ സൃഷ്ടിച്ചവനെക്കാളും നിനക്ക് ഞങ്ങള്‍ മുന്‍ഗണന നല്‍കുകയില്ല തന്നെ. അതിനാല്‍ നീ വിധിക്കുന്നതെന്തോ അത് വിധിച്ച്‌കൊള്ളുക. ഈ ഐഹികജീവിതത്തില്‍ മാത്രമെ നീ വിധിക്കുകയുള്ളൂ. ഞങ്ങള്‍ ചെയ്ത പാപങ്ങളും നീ ഞങ്ങളെ നിര്‍ബന്ധിച്ച് ചെയ്യിച്ച ജാലവിദ്യയും അവന്‍ ഞങ്ങള്‍ക്ക് പൊറുത്തുതരേണ്ടതിനായി ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവില്‍ വിശ്വസിച്ചിരിക്കുന്നു. അല്ലാഹുവാണ് ഏറ്റവും ഉത്തമനും എന്നും നിലനില്‍ക്കുന്നവനും. തീര്‍ച്ചയായും വല്ലവനും കുറ്റവാളിയായിക്കൊണ്ട് തന്റെ രക്ഷിതാവിന്റെ അടുത്ത് ചെല്ലുന്ന പക്ഷം അവന്നുള്ളത് നരകമത്രെ. അതിലവന്‍ മരിക്കുകയില്ല. ജീവിക്കുകയുമില്ല. സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചിട്ടാണ് വല്ലവനും അവന്റെയടുത്ത് ചെല്ലുന്നതെങ്കില്‍ അത്തരക്കാര്‍ക്കുള്ളതാകുന്നു ഉന്നതമായ പദവികള്‍. അതായത് താഴ്ഭാഗത്ത് കൂടി നദികള്‍ ഒഴുകുന്ന, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകള്‍. അവരതില്‍ നിത്യവാസികളായിരിക്കും. അതാണ് പരിശുദ്ധി നേടിയവര്‍ക്കുള്ള പ്രതിഫലം” (ക്വുര്‍ആന്‍ 20:72-76).

”അവര്‍ പറഞ്ഞു: കുഴപ്പമില്ല. തീര്‍ച്ചയായും ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിങ്കലേക്ക് മടങ്ങിപ്പോകുന്നവരാകുന്നു. ഞങ്ങള്‍ ആദ്യമായി വിശ്വസിച്ചവരായതിനാല്‍ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളുടെ രക്ഷിതാവ് ഞങ്ങള്‍ക്ക് പൊറുത്തുതരുമെന്ന് ഞങ്ങള്‍ ആശിക്കുന്നു” (ക്വുര്‍ആന്‍ 26:50,51).

”അവര്‍ പറഞ്ഞു: തീര്‍ച്ചയായും ഞങ്ങളുടെ രക്ഷിതാവിങ്കലേക്കാണല്ലോ ഞങ്ങള്‍ തിരിച്ചെത്തുന്നത്. ഞങ്ങളുടെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങള്‍ ഞങ്ങള്‍ക്ക് വന്നപ്പോള്‍ ഞങ്ങള്‍ അത് വിശ്വസിച്ചു എന്നത് മാത്രമാണല്ലോ നീ ഞങ്ങളുടെ മേല്‍ കുറ്റം ചുമത്തുന്നത്. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ മേല്‍ നീ ക്ഷമ ചൊരിഞ്ഞുതരികയും ഞങ്ങളെ നീ മുസ്‌ലിംകളായിക്കൊണ്ട് മരിപ്പിക്കുകയും ചെയ്യേണമേ” (ക്വുര്‍ആന്‍ 7:125.126).

അല്ലാഹുവിലുള്ള ശരിയായ വിശ്വാസമണല്ലോ ജീവിതത്തില്‍ നിര്‍ഭയത്വം നല്‍കുന്നത്. ആ നിര്‍ഭയത്വം അവര്‍ ഫിര്‍ഔനിന് നല്‍കിയ മറുപടിയില്‍ മുഴച്ച് കാണാം. അല്ലാഹുവിനെക്കാളും അവന്‍ ഇറക്കിയ തെളിവുകളെക്കാളും വലിയ സ്ഥാനം നിനക്ക് ഞങ്ങള്‍ കാണുന്നില്ല. നീ ഭീഷണി മുഴക്കി പറഞ്ഞ ശിക്ഷയൊക്കെ നിനക്ക് ഇഹലോകത്ത് വെച്ചല്ലേ നല്‍കാന്‍ കഴിയൂ. അതിനാല്‍ ഞങ്ങള്‍ക്ക് അതില്‍ പേടിയില്ല. നിനക്ക് വിധിക്കാം. നിനക്ക് വധിക്കാം. ഞങ്ങള്‍ പിന്‍മാറുവാന്‍ തയ്യാറല്ല തന്നെ. ഞങ്ങള്‍ ഞങ്ങളുടെ റബ്ബില്‍ വിശ്വസിക്കുന്നു. ഞങ്ങള്‍ അവനിലേക്കാണ് മടക്കപ്പെടുന്നത്. അവന്‍ ഞങ്ങള്‍ക്ക് എല്ലാം പൊറുത്തു തരണം എന്ന് ഞങ്ങള്‍ ആശിക്കുന്നു. ഞങ്ങളുടെ റബ്ബിന്റെ ദൃഷ്ടാന്തങ്ങളില്‍ ഞങ്ങള്‍ വിശ്വസിച്ചു എന്നതല്ലാത്ത വേറൊരു പാതകവും നിനക്ക് ഞങ്ങളില്‍ പറയുവാനും ഇല്ല. അതിന്റെ കാരണത്താല്‍ നീ ഞങ്ങളെ ശിക്ഷിക്കുന്നുവെങ്കില്‍ നിനക്ക് ശിക്ഷിക്കാം. ഞങ്ങള്‍ പിന്മാറുന്ന പ്രശ്‌നമില്ല…എന്നെല്ലാം അവര്‍ ധൈര്യസമേതം തുറന്നു പറഞ്ഞു. 

ഭീഷണി മുഴക്കിയത് രാജാവായ ഫിര്‍ഔനാണ്. തൂന്റ തീരുമാനം നടപ്പില്‍ വരുത്തന്നതിന് യാതൊരു മടിയും വിഷമവും ഇല്ലാത്തവന്‍. ഫിര്‍ഔന്‍ എന്താണ് അവരെ ചെയ്തതെന്ന് ക്വുര്‍ആന്‍ വിശദമാക്കുന്നില്ല. എന്നാല്‍ ഇബ്‌നു അബ്ബാസ്(റ) പറയുന്ന ഒരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം: ”പകലിന്റെ തുടക്കത്തില്‍ അവര്‍ ജാലവിദ്യക്കാരും അതിന്റെ അവസാനത്തില്‍ അവര്‍ പുണ്യവാളന്മാരായ രക്തസാക്ഷികളും ആയി.” ഫിര്‍ഔന്‍ അവരെ ഒന്നും ചെയ്യാതെ ഒഴിവാക്കി എന്ന് പറയുന്ന റിപ്പോര്‍ട്ടും കാണാവുന്നതാണ്. അല്ലാഹുവാണ് നന്നായി അറിയുന്നവന്‍.

മൂസാ(അ) പ്രവാചകനാണെന്ന് മനസ്സിലാക്കിയ ജാലവിദ്യക്കാര്‍ ഒന്നടങ്കം അല്ലാഹുവില്‍ വിശ്വസിച്ചു. എന്നാല്‍ ഫിര്‍ഔനും അവന്റെ പ്രമാണിമാരും മറ്റും അവരുടെ അവിശ്വാസത്തിലും അഹങ്കാരത്തിലും നിലയുറപ്പിച്ചുകൊണ്ടേയിരുന്നു.

ജാലവിദ്യക്കാരുടെ വിശ്വാസ മാറ്റം ഫിര്‍ഔനിലും അവന്റെ അനുയായികളിലും വരുത്തിയ ജാള്യത ചില്ലറയായിരുന്നില്ല. ഈ മാനക്കേട് മറച്ച് വെക്കുന്നതിനായി ഫിര്‍ഔന്‍ അധികാരത്തിന്റെ ഹുങ്ക് പ്രകടിപ്പിച്ചു. അവന്റെ സില്‍ബന്ദികള്‍ അതിന് പ്രോത്സാഹനവും നല്‍കി.

”ഫിര്‍ഔനിന്റെ  ജനതയിലെ പ്രമാണിമാര്‍ പറഞ്ഞു: ഭൂമിയില്‍ കുഴപ്പമുണ്ടാക്കുവാനും താങ്കളെയും താങ്കളുടെ ദൈവങ്ങളെയും വിട്ടുകളയുവാനും താങ്കള്‍ മൂസായെയും അവന്റെ ആള്‍ക്കാരെയും (അനുവദിച്ച്) വിടുകയാണോ? അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: നാം അവരുടെ (ഇസ്‌റാഈല്യരുടെ) ആണ്‍മക്കളെ കൊന്നൊടുക്കുകയും അവരുടെ സ്ത്രീകളെ ജീവിക്കാന്‍ വിടുകയും ചെയ്യുന്നതാണ്. തീര്‍ച്ചയായും നാം അവരുടെ മേല്‍ സര്‍വാധിപത്യമുള്ളവരായിരിക്കും” (ക്വുര്‍ആന്‍ 7:127).

ഫിര്‍ഔനിന്റെ പല ഔദാര്യങ്ങളും പറ്റി ജീവിക്കുന്ന അവന്റെ സില്‍ബന്ദികള്‍ ഫിര്‍ഔനിനെ അതിക്രമത്തിന് പ്രേരിപ്പിക്കുന്ന രൂപത്തില്‍ സംസാരിക്കാന്‍ തുടങ്ങി. മൂസായെയും അവന്റെ ആളുകളെയും വെറുതെ വിടുകയാണോ? അവര്‍ നമ്മുടെ നാട്ടില്‍ കുഴപ്പം ഉണ്ടാക്കും. അവര്‍ അവരുടെ മതം ഇവിടെ പ്രചരിപ്പിക്കും. അവര്‍ക്ക് അതിലൂടെ ജനങ്ങളില്‍ സ്വീകാര്യത ലഭിക്കുന്നതായി തീരും. അങ്ങനെ ഈജിപ്തിന്റെ മുക്കുമൂലകളില്‍ വലിയ ജനസംഖ്യ അവര്‍ സൃഷ്ടിച്ചെടുക്കും. അങ്ങയുടെ നാട്ടില്‍ താങ്കളെയും താങ്കളുടെ ആരാധ്യരെയും (ഈജിപ്തുകാര്‍ ഫിര്‍ഔനിന് പുറമെ, അവന്‍ തന്നെ അവര്‍ക്ക് നിശ്ചിയച്ചു കൊടുത്ത ചില ആരാധ്യരെ ആരാധിച്ചിരുന്നു. സൂര്യന്‍ അതില്‍ ഉള്‍പെടും. സൂര്യനെ അവര്‍ ആരാധിക്കുകയും ചെയ്തിരുന്നു. പശുക്കളെയും അവര്‍ ആരാധ്യവസ്തുവായി സ്വികരിച്ചിരുന്നു. ഇതാണ് ‘താങ്കളുടെ ആരാധ്യര്‍’ എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം. അതല്ല താങ്കളെയും താങ്കളെ ആരാധിക്കുന്ന സ്വഭാവത്തെയും ഒഴിവാക്കുവാന്‍ പറയുന്ന മൂസായെയും അവന്റെ കൂടെയുള്ളവരെയും ഇവിടെ കുഴപ്പം ഉണ്ടാക്കുന്നതിന് വെറുതെ വിടുകയാണോ എന്നുമാകാം അര്‍ഥം എന്നും വിവരിക്കപ്പെട്ടിരിക്കുന്നു). അവര്‍ ഒഴിവാക്കിയിരിക്കയാണല്ലോ. അവരെ നാം വെറുതെ വിട്ടുകൂടാ… എന്നിങ്ങനെ പറഞ്ഞ് അവര്‍ ഫിര്‍ഔനിന്റെ വികാരത്തെ ആളിക്കത്തിച്ചു.

എല്ലാം കേട്ട ഫിര്‍ഔന്‍ അവരോട് താന്‍ എടുത്ത തീരുമാനം അറിയിച്ചു സമാധാനിപ്പിച്ചു. പണ്ടേ എടുത്ത തീരുമാനം ഉണ്ടായിരുന്നു. ആണ്‍കുഞ്ഞുങ്ങളാണ് പിറക്കുന്നത് എങ്കില്‍ അവരെ കൊന്നുകളയുകയും പെണ്‍കുഞ്ഞുങ്ങളാണ് പിറക്കുന്നത് എങ്കില്‍ അവരെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യുക എന്നതായിരുന്നല്ലോ ആ തീരുമാനം. അത് പുനഃപ്രഖ്യാപനം നടത്തി നടപ്പിലാക്കുവാന്‍ അവന്‍ ഉത്തരവിറക്കി.

ഹുസൈന്‍ സലഫി
നേർപഥം വാരിക

മൂസാ നബി (അ) – 08​

മൂസാ നബി (അ) - 08

വെല്ലുവിളി ഏറ്റെടുക്കുന്നു

അല്ലാഹുവാണ് ഭൂമിയില്‍ നമ്മെ സൃഷ്ടിച്ചത്. ഒരുനാള്‍ മണ്ണിലേക്ക് നാം മടക്കപ്പെടും. അതില്‍ നിന്ന് വീണ്ടും അവന്‍ നമ്മെ പുറത്ത് കൊണ്ടുവരും. ഓരോരുത്തരെ സംബന്ധിച്ചും ശരിയായി അറിയുന്ന അല്ലാഹു അവന്റെ അടിമകള്‍ക്കിടയില്‍ അന്ന് ഒട്ടും അനീതി കാണിക്കാതെ തീര്‍പ്പ് കല്‍പിക്കുകയും ചെയ്യും. പൂര്‍വികരുടെ സ്ഥിതി എന്താകും എന്ന് ആലോചിച്ച് സത്യത്തോട് വിമുഖത കാണിക്കുകയല്ല;  നമ്മുടെ സ്ഥിതി എന്താകും എന്ന് ആലോചിച്ച് സത്യത്തിലേക്ക് വരികയാണ് ബുദ്ധിയുള്ളവര്‍ ചെയ്യേണ്ടത്.

മൂസാനബി(അ)ന്റെ പ്രതികരണം ഫിര്‍ഔനിനെ വല്ലാതെ വിഷമിപ്പിച്ചു. അവന്‍ ശരിക്കും ഇളിഭ്യനായി. എന്താണ് ഇതിനൊരു ഖണ്ഡനം നല്‍കുക? ഒന്നും നല്‍കുവാനില്ല! അവസാനം ജാള്യത മറച്ചുവെക്കാന്‍ ചുറ്റും കൂടിയവരോട് അവന്‍ ചോദിച്ചു: 

”അവന്‍ (ഫിര്‍ഔന്‍) തന്റെ  ചുറ്റുമുള്ളവരോട് പറഞ്ഞു: എന്താ നിങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുന്നില്ലേ?” (ക്വുര്‍ആന്‍ 26:25).

തുടക്കത്തില്‍ ഫിര്‍ഔന്‍ മൂസാ(അ)നോട് മാത്രമാണല്ലോ സംസാരിച്ചത്. ഇപ്പോള്‍ സദസ്സിലുള്ളവരെയെല്ലാം തന്റെ കൂടെ ഉറപ്പിച്ച് നിര്‍ത്തുന്നതിന് വേണ്ടിയായിരുന്നു ഈ ചോദ്യം. ഉടനെ മൂസാ(അ) സദസ്സ്യരോട് കൂടി എന്ന നിലയില്‍ മറ്റൊരു മറുപടി നല്‍കി: 

”അദ്ദേഹം (മൂസാ) പറഞ്ഞു: നിങ്ങളുടെ രക്ഷിതാവും നിങ്ങളുടെ പൂര്‍വ പിതാക്കളുടെ രക്ഷിതാവുമത്രെ (അവന്‍) (26:26).

ഫിര്‍ഔനിന് ആ കാലത്തും ആ നാട്ടിലും ഉള്ളവരെ മാത്രമാണല്ലോ ഭരിക്കുവാനും തന്റെ വരുതിയില്‍ കൊണ്ടുവരാനും സാധിച്ചിട്ടുള്ളത്. അവരെയോ അവരുടെ പൂര്‍വികരെയോ സൃഷ്ടിക്കുകയോ അവര്‍ക്ക് ഭൂമിയില്‍ നിന്ന് ധാന്യം മുളപ്പിച്ച് അന്നം നല്‍കി പോറ്റി വളര്‍ത്തുകയോ ചെയ്തവനല്ലല്ലോ ഫിര്‍ഔന്‍. താനാണ് ഉന്നതനായ രക്ഷിതാവ് എന്നു പറഞ്ഞ് അഹങ്കരിക്കുന്നതിന്റെ നിരര്‍ഥകത ലളിതമായ ചോദ്യത്തിലൂടെ വ്യക്തമാക്കിക്കൊടുക്കുവാന്‍ മൂസാനബി(അ)ന് സാധിച്ചു. അതിനൊന്നും വ്യക്തമായ മറുപടി പറയാന്‍ കഴിയാതെ ഫിര്‍ഔന്‍ വിഷയം മാറ്റാന്‍ ശ്രമിച്ചു:  

”അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: നിങ്ങളുടെ അടുത്തേക്ക് നിയോഗിക്കപ്പെട്ട നിങ്ങളുടെ ഈ ദൂതനുണ്ടല്ലോ തീര്‍ച്ചയായും അവന്‍ ഒരു ഭ്രാന്തന്‍ തന്നെയാണ്” (ക്വുര്‍ആന്‍ 26:27).

ഈ ആക്ഷേപം വകവെക്കാതെ മൂസാനബി(അ) വീണ്ടും അല്ലാഹുവിന്റെ കഴിവും ഫിര്‍ഔനിന്റെ കഴിവുകേടും വ്യക്തമാക്കിക്കൊണ്ട് പറഞ്ഞു: ”…ഉദയസ്ഥാനത്തിന്റെയും അസ്തമയസ്ഥാനത്തിന്റെയും അവയ്ക്കിടയിലുള്ളതിന്റെയും രക്ഷിതാവത്രെ (അവന്‍). നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നവരാണെങ്കില്‍.” (ക്വുര്‍ആന്‍ 26:28).

അല്ലാഹുവിന്റെ വിപുലമായ കഴിവിനെക്കുറിച്ചുള്ള ഈ വിശദീകരണം താന്‍ ഒരു ചെറിയ രാജ്യത്തിന്റെ ഭരണാധികാരി മാത്രമാണെന്ന് അറിവുള്ള  ഫിര്‍ഔനിനെ കോപിഷ്ഠനാക്കി. ആദര്‍ശം പറഞ്ഞ് പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നായപ്പോള്‍ ഭീഷണി പുറത്തെടുത്തു:

”അവന്‍ (ഫിഔന്‍) പറഞ്ഞു: ഞാനല്ലാത്ത വല്ല ദൈവത്തേയും നീ സ്വീകരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും നിന്നെ ഞാന്‍ തടവുകാരുടെ കൂട്ടത്തിലാക്കുന്നതാണ്” (ക്വുര്‍ആന്‍ 26:29).

ഭീഷണിക്കു മുമ്പില്‍ പതറാതെ മൂസാ(അ) പറഞ്ഞു:

”…സ്പഷ്ടമായ എന്തെങ്കിലും തെളിവ് ഞാന്‍ നിനക്ക് കൊണ്ടുവന്നു കാണിച്ചാലും (നീ സമ്മതിക്കുകയില്ലേ?). അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: എന്നാല്‍ നീ അത് കൊണ്ട് വരിക; നീ സത്യവാന്മാരില്‍ പെട്ടവനാണെങ്കില്‍. അപ്പോള്‍ അദ്ദേഹം (മൂസാ) തന്റെ വടി താഴെയിട്ടു. അപ്പോഴതാ അത് പ്രത്യക്ഷമായ ഒരു സര്‍പ്പമായി മാറുന്നു. അദ്ദേഹം തന്റെ  കൈ പുറത്തേക്കെടുക്കുകയും ചെയ്തു. അപ്പോഴതാ അത് കാണികള്‍ക്ക് വെള്ളനിറമാകുന്നു” (ക്വുര്‍ആന്‍ 26:30-33).

തെളിവുകള്‍ അവന്‍ കണ്ടു. പക്ഷേ, മുഖം തിരിച്ചുകളഞ്ഞു. ആ സന്ദര്‍ഭത്തില്‍നിന്ന് രക്ഷപ്പെടുന്നതിനായി കുത്തു വാക്കുകള്‍ പറഞ്ഞ് ആളുകള്‍ക്കിടയില്‍ മൂസാനബി(അ)യെ കൊച്ചാക്കുവാനായി പിന്നീടുള്ള ശ്രമം: 

”അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: കുട്ടിയായിരുന്നപ്പോള്‍ ഞങ്ങളുടെ കൂട്ടത്തില്‍ നിന്നെ ഞങ്ങള്‍ വളര്‍ത്തിയില്ലേ? നിന്റെ ആയുസ്സില്‍ കുറെ കൊല്ലങ്ങള്‍ ഞങ്ങളുടെ ഇടയില്‍ നീ കഴിച്ചുകൂട്ടിയിട്ടുമുണ്ട്. നീ ചെയ്ത നിന്റെ ആ (ദുഷ്) പ്രവൃത്തി നീ ചെയ്യുകയുമുണ്ടായി. നീ നന്ദികെട്ടവരുടെ കൂട്ടത്തില്‍ തന്നെയാകുന്നു. അദ്ദേഹം (മൂസാ) പറഞ്ഞു: ഞാന്‍ അന്ന് അത് ചെയ്യുകയുണ്ടായി. എന്നാല്‍ ഞാന്‍ പിഴവ് പറ്റിയവരുടെ കൂട്ടത്തിലായിരുന്നു. അങ്ങനെ നിങ്ങളെപ്പറ്റി ഭയം തോന്നിയപ്പോള്‍ ഞാന്‍ നിങ്ങളില്‍ നിന്ന് ഓടിപ്പോയി. അനന്തരം എന്റെ രക്ഷിതാവ് എനിക്ക് തത്ത്വജ്ഞാനം നല്‍കുകയും, അവന്‍ എന്നെ ദൂതന്മാരില്‍ ഒരാളാക്കുകയും ചെയ്തു. എനിക്ക് നീ ചെയ്തു തന്നതായി നീ എടുത്തുപറയുന്ന ആ അനുഗ്രഹം ഇസ്‌റാഈല്‍ സന്തതികളെ നീ അടിമകളാക്കി വെച്ചതിനാല്‍ ഉണ്ടായതത്രെ” (ക്വുര്‍ആന്‍26:1822).

താന്‍ റബ്ബാണെന്നുള്ള വാദം സ്ഥാപിക്കുവാനും യഥാര്‍ഥ റബ്ബ് അല്ലാഹുവാണെന്ന് മൂസാനബി(അ) പറഞ്ഞതിനെ ഖണ്ഡിക്കുവാനും കഴിയാത്തതിനാല്‍ ആളുകള്‍ക്കിടയില്‍ താന്‍ ചെറുതായിപ്പോയി എന്ന് മനസ്സിലാക്കിയ ഫിര്‍ഔന്‍ കഴിഞ്ഞ കാല സംഭവങ്ങള്‍ എടുത്തുപറയാന്‍ തുടങ്ങി. മൂസാനബി(അ) അതിനെ എതിര്‍ത്ത് ഒന്നും പറഞ്ഞതുമില്ല. ‘ഞാന്‍ അന്ന് അത് ചെയ്യുകയുണ്ടായി. എന്നാല്‍ ഞാന്‍ പിഴവ് പറ്റിയവരുടെ കൂട്ടത്തിലായിരുന്നു’ എന്ന് ക്വിബ്തിയുടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അദ്ദേഹം തുറന്ന് പറയും ചെയ്തു. 

‘ഞാന്‍ പിഴവ് പറ്റിയവരുടെ കൂട്ടത്തിലായിരുന്നു’ എന്ന് പറഞ്ഞതിന്റെ ഉദ്ദേശം തന്റെ പക്കല്‍ കൈപ്പിഴ സംഭവിച്ചു എന്നാണ്. അല്ലാതെ വഴിപിഴച്ചവനായിരുന്നു എന്നല്ല. മൂസാ(അ) മനഃപൂര്‍വ്വം ചെയ്തതല്ലല്ലോ. എന്നിടും അദ്ദേഹം നാടുവിട്ടത് തന്റെ ജീവന്‍ രക്ഷിക്കുവാനാണ്. 

കൊട്ടാരത്തില്‍ വളരേണ്ടിവന്നത് നിന്റെ കിരാതമായ നടപടികള്‍ മൂലമാണ്. അല്ലാഹു എന്നെ നബിയായി നിയോഗിച്ചിരിക്കുന്നു. ഇപ്പോള്‍ ഞാന്‍ നിങ്ങളുടെ മുമ്പില്‍ നില്‍ക്കുന്നത് ആ നിലയിലാണ് എന്നെല്ലാം മൂസാ(അ) തുറന്നു പറയുകയാണ്. 

മൂസാ(അ)ന് ഫിര്‍ഔന്‍ ചെറുപ്പത്തില്‍ ചെയ്തുകൊടുത്ത സഹായങ്ങളെ അയാള്‍ എടുത്ത് പറഞ്ഞതിനെ മൂസാ(അ) അംഗീകരിച്ചു കൊണ്ടാണ് സംസാരിച്ചതെന്ന് അഭിപ്രായപ്പെട്ട പണ്ഡിതന്മാര്‍ ഉണ്ട്. ‘ചെറുപ്പത്തില്‍ എന്നെ നീ ഈ സൗകര്യങ്ങളെല്ലാം നല്‍കി വളര്‍ത്തിയല്ലോ. മേലിലും അത് ചെയ്യണം. ഇസ്‌റാഈല്‍ മക്കളെ നീ കഷ്ടപ്പെടുത്തരുത്. അവരെ എന്റെ കൂടെ  നീ വിടുക’ എന്നാകും അപ്പോള്‍ അതിന്റെ അര്‍ഥം. 

മൂസാ(അ) വീണ്ടും തുടര്‍ന്നു: ”…ഫിര്‍ഔനേ, തീര്‍ച്ചയായും ഞാന്‍ ലോകരക്ഷിതാവിങ്കല്‍ നിന്നുള്ള ദൂതനാകുന്നു. അല്ലാഹുവിന്റെ പേരില്‍ സത്യമല്ലാതൊന്നും പറയാതിരിക്കാന്‍ കടപ്പെട്ടവനാണ് ഞാന്‍. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവും കൊണ്ടാണ് ഞാന്‍ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്. അതിനാല്‍ ഇസ്‌റഈല്‍ സന്തതികളെ എന്റെ കൂടെ അയക്കൂ. ഫിര്‍ഔന്‍ പറഞ്ഞു: നീ തെളിവും കൊണ്ട് തന്നെയാണ് വന്നിട്ടുള്ളതെങ്കില്‍ അതിങ്ങ് കൊണ്ടുവാ; നീ സത്യവാന്മാരില്‍ പെട്ടവനാണെങ്കില്‍. അപ്പോള്‍ മൂസാ തന്റെ വടി താഴെയിട്ടു. അപ്പോഴതാ അത് ഒരു പ്രത്യക്ഷമായ സര്‍പ്പമാകുന്നു! അദ്ദേഹം തന്റെ കൈ പുറത്തെടുത്ത് കാണിച്ചു. അപ്പോഴതാ നിരീക്ഷിക്കുന്നവര്‍ക്കെല്ലാം അത് വെള്ളയായി കാണുന്നു. ഫിര്‍ഔനിന്റെ ജനതയിലെ പ്രമാണിമാര്‍ പറഞ്ഞു: ഇവന്‍ നല്ല വിവരമുള്ള ജാലവിദ്യക്കാരന്‍ തന്നെ. നിങ്ങളെ നിങ്ങളുടെ നാട്ടില്‍ നിന്ന് പുറത്താക്കാനാണ് അവന്‍ ഉദ്ദേശിക്കുന്നത്. അതിനാല്‍ നിങ്ങള്‍ക്കെന്താണ് നിര്‍ദേശിക്കാനുള്ളത്?” (ക്വുര്‍ആന്‍ 7:104-110).

ഞാന്‍ അല്ലാഹുവിന്റെ ദൂതനാണെന്നും അല്ലാഹുവിന്റെ പേരില്‍ സത്യമല്ലാത്ത യാതൊന്നും ഞാന്‍ പറയില്ലെന്നും എന്റെ പക്കല്‍ വ്യക്തമായ പ്രമാണമുണ്ടെന്നും മൂസാ(അ) ഫിര്‍ഔനിനോട് പറഞ്ഞു. 

അല്ലാഹുവിലേക്ക് ക്ഷണിക്കുന്നതോടൊപ്പം അദ്ദേഹം പീഡിതരായ ബനൂഇസ്‌റാഈല്യരെ എന്റെ കൂടെ വിടൂ എന്ന് പറഞ്ഞ് കഷ്ടപ്പെടുന്ന ആ ജനതക്ക് വേണ്ടിയും ശബ്ദമുയര്‍ത്തി. 

സത്യന്ധനാണെങ്കില്‍ നീ പറയുന്ന കാര്യങ്ങള്‍ക്കുള്ള തെളിവ് ഹാജരാക്കുക എന്ന് വെല്ലുവിളിച്ച ഫിര്‍ഔനിന്റെ മുമ്പില്‍ അല്ലാഹുവിന്റെ അനുമതി പ്രകാരം വലിയ രണ്ട് അത്ഭുതങ്ങള്‍ പ്രകടമാക്കി. ഈ സംഭവത്തിന് സാക്ഷികളായ പ്രമാണിമാര്‍ പരിഹസിച്ചു തള്ളുകയാണുണ്ടായത്. ‘ഇവന്‍ പഠിച്ച ജാലവിദ്യക്കാരനാണ്, നാട്ടില്‍ നിന്ന് നിങ്ങളെ പുറത്താക്കി അവന് അധികാരം കൈയാളാനുള്ള തന്ത്രമാണിത്’ എന്നായിരുന്നു അവരുടെ വിലയിരുത്തല്‍. 

അതിനാല്‍ ഇതിന് ഒരു പരിഹാരം കാണേണ്ടതുണ്ട്. അതിനായി അവര്‍ കൂടിയാലോചന നടത്തി. കൊട്ടാരത്തിലെ പരിവാരങ്ങള്‍ ഫിര്‍ഔനോട് ഇപ്രകാരം പറഞ്ഞു:

”…അവന്നും അവന്റെ സഹോദരന്നും താങ്കള്‍ സാവകാശം നല്‍കുക. ആളുകളെ വിളിച്ചുകൂട്ടാന്‍ നഗരങ്ങളിലേക്ക് താങ്കള്‍ ദൂതന്മാരെ നിയോഗിക്കുകയും ചെയ്യുക. എല്ലാ വിവരമുള്ള ജാലവിദ്യക്കാരെയും അവര്‍ താങ്കളുടെ അടുത്ത് കൊണ്ടു വരട്ടെ” (ക്വുര്‍ആന്‍ 26:36,37).

മൂസാ(അ) നന്നായി ജാലവിദ്യ പഠിച്ചവനാണ്. അതിനാല്‍ അദ്ദേഹത്തെ ജാലവിദ്യക്കാരെ കൊണ്ടുതന്നെ പരാജയപ്പെടുത്തണം എന്ന തീരുമാനത്തില്‍ അവരെത്തി. അല്ലാഹുവിങ്കല്‍ നിന്നുള്ള സത്യസന്ധമായ തെളിവാണെന്ന് മനസ്സിലാക്കേണ്ടുന്നതിന് പകരം അവര്‍ അതിനെ ജാലവിദ്യയായി കളവാക്കി. അപ്പോള്‍ മൂസാ(അ) അവരോട് ചോദിച്ചു:

”…സത്യം നിങ്ങള്‍ക്ക് വന്നെത്തിയപ്പോള്‍ അതിനെപ്പറ്റി (ജാലവിദ്യയെന്ന്) നിങ്ങള്‍ പറയുകയോ? ജാലവിദ്യയാണോ ഇത്? (യഥാര്‍ഥത്തില്‍) ജാലവിദ്യക്കാര്‍ വിജയം പ്രാപിക്കുകയില്ല” (ക്വുര്‍ആന്‍ 10:77).

മൂസാ(അ) കാണിച്ചു കൊടുത്ത തെളിവുകളെ ബുദ്ധികൊണ്ട് വിലയിരുത്തി, തങ്ങള്‍ ഉണ്ടാക്കിയ ആദര്‍ശത്തെ സംരക്ഷിക്കുവാനാണ് അവര്‍ തുനിഞ്ഞത്. ജാലവിദ്യക്കാര്‍ക്ക് അതിനെ സംബന്ധിച്ച് പിടിപാടില്ലാത്തവരുടെ അടുത്തേ പിടിച്ചുനില്‍ക്കാന്‍ സാധിക്കൂ. അതിനാല്‍ അത്തരക്കാര്‍ക്ക് തല്‍ക്കാലം എന്തെങ്കിലും നേട്ടം കിട്ടിയാല്‍ തന്നെ ആത്യന്തികമായ വിജയം പ്രാപിക്കാന്‍ അവര്‍ക്ക് സാധിക്കില്ല. മൂസാ(അ) ജാലവിദ്യക്കാരനാണെങ്കില്‍ അദ്ദേഹത്തിനും വിജയിക്കാന്‍ കഴിയില്ല. അതിനെക്കാളും വലിയ സമര്‍ഥന്‍ വന്നാല്‍ പരാജിതനാകുമല്ലോ. മൂസാ(അ) അവരെ കാണിച്ചത് ജാലവിദ്യ ആണെന്നാരോപിച്ച് എതിരാളികള്‍ പ്രകടിപ്പിക്കാന്‍ പോകുന്നത് സൃഷ്ടികളുടെ കരങ്ങളാല്‍ സംഭവിപ്പിക്കുന്നതാണ്. അതൊന്നും അല്ലാഹുവിന്റെ തെളിവിനെ വെല്ലാന്‍ മാത്രം പോന്നതല്ലല്ലോ. 

തങ്ങളുടെ പൂര്‍വപിതാക്കളുടെ മാര്‍ഗത്തില്‍നിന്ന് ഞങ്ങള്‍ വ്യതിചലിക്കില്ലെന്നും നിങ്ങളെ ഞങ്ങള്‍ വിശ്വസിക്കില്ലെന്നും അവര്‍ തറപ്പിച്ചു പറഞ്ഞു:

”അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാക്കന്മാര്‍ എന്തൊന്നില്‍ നിലകൊള്ളുന്നവരായി ഞങ്ങള്‍ കണ്ടുവോ അതില്‍ നിന്ന് ഞങ്ങളെ തിരിച്ചുകളയാന്‍ വേണ്ടിയും ഭൂമിയില്‍ മേധാവിത്വം നിങ്ങള്‍ക്ക് രണ്ടു പേര്‍ക്കുമാകാന്‍ വേണ്ടിയുമാണോ നീ ഞങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്? നിങ്ങള്‍ ഇരുവരെയും ഞങ്ങള്‍ വിശ്വസിക്കുന്നതേ അല്ല”(ക്വുര്‍ആന്‍ 10:78).

സത്യത്തിന്റെ വൈരികളുടെ ഏത് കാലത്തുമുള്ള ഒരു വാദമാണിത്. മക്കയിലെ മുശ്‌രിക്കുകള്‍ മുഹമ്മദ് നബി ﷺ യോടും ഞങ്ങളുടെ പൂര്‍വികരെല്ലാം പിഴച്ചവരാണോ എന്ന ചോദ്യം ചോദിച്ചിട്ടുണ്ട്.  

ഞാനല്ലാത്ത ഒരു ഇലാഹിനെ സ്വീകരിക്കുന്ന പക്ഷം കല്‍ത്തുറുങ്കിലടക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഫിര്‍ഔന്‍ അവസാനം വെല്ലുവിളി നടത്തി.

”എന്നാല്‍ ഇത് പോലെയുള്ള ജാലവിദ്യ തീര്‍ച്ചയായും ഞങ്ങള്‍ നിന്റെ അടുത്ത് കൊണ്ട് വന്ന് കാണിക്കാം. അത് കൊണ്ട് ഞങ്ങള്‍ക്കും നിനക്കുമിടയില്‍ നീ ഒരു അവധി നിശ്ചയിക്കുക. ഞങ്ങളോ നീയോ അത് ലംഘിക്കാവുന്നതല്ല. മധ്യസ്ഥമായ ഒരു സ്ഥലത്തായിരിക്കട്ടെ അത്”(ക്വുര്‍ആന്‍ 20:58).

‘ജനങ്ങള്‍ക്കെല്ലാം കാണാവുന്ന ഒരിടത്ത് വെച്ച് നമുക്ക് പരസ്പരം ഏറ്റുമുട്ടാം. നീ പ്രവാചകനാണെന്ന് പറയുന്നതിന് കാണിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ക്കും ചെയ്യാന്‍ സാധിക്കുന്നതാണ്. അതൊന്നും കാണിച്ച് ഞങ്ങളെ തെറ്റിക്കാന്‍ കഴിയും എന്ന് വിചാരിക്കേണ്ടതില്ല. അതിനാല്‍ മൂസാ, നീ പരസ്യമായ ഒരു മാറ്റുരക്കലിന് തയ്യാറാകണം. സമയം നിശ്ചയിക്കാം. അത് ഞങ്ങളോ നീയോ തെറ്റിക്കുവാനും പാടില്ല’ എന്നായി ഫിര്‍ഔന്‍.

ചില ആളുകള്‍ അങ്ങനെയാണ്. പ്രമാണങ്ങള്‍ക്കു മുന്നില്‍ പതറുമ്പോള്‍ ജനങ്ങളെ കബളിപ്പിക്കുന്നതിനായി വാദപ്രതിവാദത്തിന് വെല്ലുവിളിക്കും. അത് രക്ഷപ്പെടാനുള്ള കുതന്ത്രം മാത്രമായിരിക്കും. 

മൂസാ(അ)യെ വെല്ലുവിളിച്ച ജാലവിദ്യക്കാര്‍ക്ക് മുന്നില്‍ അദ്ദേഹം തെല്ലും പതറിയില്ല. വെല്ലുവിളി തന്റേടത്തോടെ അദ്ദേഹം ഏറ്റടുത്തു.

”അദ്ദേഹം (മൂസാ) പറഞ്ഞു: നിങ്ങള്‍ക്കുള്ള അവധി ഉത്സവ ദിവസമാകുന്നു. പൂര്‍വാഹ്നത്തില്‍ ജനങ്ങളെ ഒരുമിച്ചുകൂട്ടേണ്ടതാണ്” (ക്വുര്‍ആന്‍ 20:59).

സത്യവും അസത്യവും തമ്മില്‍ മാറ്റുരക്കുവാനുള്ള വേദി ഒരുങ്ങുകയാണ്. പൊതുജനങ്ങളുടെ മുമ്പില്‍ വെച്ച് മൂസായുടെ വിദ്യകളെ പരാജയപ്പെടുത്തിക്കളയാം എന്നാണവരുടെ ആഗ്രഹം. 

മൂസാ(അ) ഒരുമുഴം നീട്ടിയെറിഞ്ഞു. അവരുടെ ആവശ്യ പ്രകാരം സമയം അറിയിച്ചു. നിങ്ങളുടെ ഉത്സവ ദിവസം തന്നെ അതിനായി തെരഞ്ഞെടുക്കാം. കാരണം, അന്ന് എല്ലാവരും ഒഴിവായി പുറത്തിറങ്ങുന്ന ദിനമാണല്ലോ. എല്ലാവരും കാണ്‍കെ ഫിര്‍ഔനെയും അവന്റെ ജാലവിദ്യക്കാരെയും പരാജയപ്പെടുത്താന്‍ പറ്റിയ അവസരമാണിത്. അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ള ദിവ്യബോധനത്തിന്റെ അടിസ്ഥാനത്തിലാണല്ലോ മൂസാ(അ) സംസാരിക്കുന്നത്. അതിനാല്‍ പേടിക്കേണ്ട ആവശ്യമില്ല. 

ഇരുകൂട്ടരും ദിവസവും നേരവും തീരുമാനിച്ച് ഉറപ്പിച്ചു. ഫിര്‍ഔന്‍ അവിടെ നിന്നും പോയി. പരമാവധി ആളുകളിലേക്ക് ഇതിനെ സംബന്ധിച്ചുള്ള വിവരം എത്തിച്ചു. തീരുമാനിച്ച ദിവസം അവന്റെ എല്ലാ തന്ത്രവുമായി അവന്‍ തല്‍സ്ഥാനത്ത് വന്നു.

”എന്നിട്ട് ഫിര്‍ഔന്‍ പിരിഞ്ഞ് പോയി. തന്റെ തന്ത്രങ്ങള്‍ സംഘടിപ്പിച്ചു. എന്നിട്ടവന്‍ (നിശ്ചിത സമയത്ത്) വന്നു” (ക്വുര്‍ആന്‍ 20:60).

അതിന് മുമ്പ് ഫിര്‍ഔന്‍ അവന്റെ എല്ലാ ജാലവിദ്യക്കാരെയും ഒരുമിച്ചു കൂട്ടി.

”അങ്ങനെ അറിയപ്പെട്ട ഒരു ദിവസം നിശ്ചിതമായ ഒരു സമയത്ത് ജാലവിദ്യക്കാര്‍ ഒരുമിച്ചുകൂട്ടപ്പെട്ടു” (ക്വുര്‍ആന്‍ 26:38).

ഫിര്‍ഔനിന്റെ വിളിയാളം കേട്ട് രാജ്യത്തിന്റെ മുക്കുമൂലകളില്‍ നിന്നുള്ള എല്ലാ ജാലവിദ്യക്കാരും ഒരുമിച്ചുകൂടി. കാരണം, വലിയ പ്രതിഫലമാണ് രാജാവ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജാവിന്റെ അടുത്ത ആളാകുവാന്‍ കിട്ടിയ അസുലഭ അവസരം മുതലാക്കുവാന്‍ അവര്‍ തീരുമാനിച്ചു. അവര്‍ എണ്‍പതിനായിരം പേരായിരുന്നുവെന്നും, പന്ത്രണ്ടായിരം പേരായിരുന്നു എന്നും, അതില്‍ തന്നെ എഴുന്നൂറോളം വരുന്ന ജാലവിദ്യയിലെ തഴക്കവും പഴക്കവും ചെന്ന അറിയപ്പെട്ടവരായിരുന്നുവെന്നും അഭിപ്രായപ്പെട്ടവര്‍ ഉണ്ട്. ഏതായിരുന്നാലും വലിയ ഒരു ടീം അവിടെ ഒരുമിച്ചുകൂടി.

ഒരു ഭാഗത്ത് മൂസാ(അ)യും സഹോദരന്‍ ഹാറൂന്‍ നബി(അ)യും. മറുഭാഗത്ത് പേരു കേട്ട ജാലവിദ്യക്കാര്‍. ജാലവിദ്യക്കാര്‍ക്ക് പുറമെ നാട്ടുകാരുടെ പങ്കാളിത്തവും ഫിര്‍ഔന്‍ ഉറപ്പ് വരുത്തി. 

”ജനങ്ങളോട് ചോദിക്കപ്പെട്ടു: നിങ്ങള്‍ സമ്മേളിക്കുന്നുണ്ടല്ലോ?” (ക്വുര്‍ആന്‍ 26:39). 

”ജാലവിദ്യക്കാരാണ് വിജയികളാകുന്നതെങ്കില്‍ നമുക്കവരെ പിന്തുടരാമല്ലോ” (ക്വുര്‍ആന്‍ 26:40) എന്നായിരുന്നു ജനങ്ങളുടെ ചിന്ത. (തുടരും)

ഹുസൈന്‍ സലഫി
നേർപഥം വാരിക

ഹദീസ് – 12

ഹദീസ് – 12

“അല്ലാഹു പാപങ്ങൾ പൊറുത്ത് തരുന്നതും പദവികൾ ഉയർത്തിത്തരുന്നതുമായ ഒരു കാര്യം ഞാൻ നിങ്ങളെ അറിയിക്കട്ടെയോ? അവർ (സ്വഹാബികൾ) പറഞ്ഞു: അതെ.. അല്ലാഹുവിന്റെ റസൂലേ.., റസൂൽ (സ) പറഞ്ഞു: വെറുപ്പുള്ള സന്ദർഭങ്ങളിൽ വദൂഅ് പരിപൂർണ്ണമാക്കൽ, പള്ളികളിലേക്ക് കാലടികൾ വർ ധിപ്പിക്കൽ, ഒരു നമസ്കാരത്തിന് ശേഷം മറ്റൊരു നമസ്കാരം പ്രതീക്ഷിച്ചിരിക്കൽ എന്നിവയാണത്. അതിൽ നിങ്ങൾ ജാഗരൂകരാവുക.” (മുസ്ലിം:508)

അബൂ ഹുറൈറ (റ) നിവേദനം, റസൂൽ (സ) പറഞ്ഞു:

– ഹദീസ് റിപ്പോർട്ട് ചെയ്തത്: അബ്ദുറഹ്മാനു ബ്നു സ്വഖർ അദ്ദൗസി അൽ യമാനി, മരണം ഹിജ്:57
– മനുഷ്യ ജീവിതത്തിൽ പാപങ്ങൾ വരാൻ ഇടയുണ്ട്, എന്നാൽ ആ പാപങ്ങൾ മായ്ക്കപ്പെടാനുള്ള വഴികൾ അവൻ കണ്ടെത്തണം. അതിന് സഹായകമാകുന്ന ചില കാര്യങ്ങ ളാണ് ഈ ഹദീസിലുള്ളത്.
– നബിക്ക് (സ) അനുയായികളെ ഇടക്കിടക്ക് ഉപദേശിക്കുകയും അവർക്ക് കാര്യങ്ങൾ പഠിപ്പിച്ച് കൊടുക്കുകയും ചെയ്യുമായിരുന്നു.
– നല്ല ശൈലിയിൽ അവർക്ക് താൽപര്യം ഉണ്ടാവുന്ന വിധ ത്തിലായിരുന്നു നബി അവരെ അഭിസംബോധന ചെയ്തിരുന്നത്.
– ചില കാര്യങ്ങൾ ചെയ്താൽ മനുഷ്യൻ ചെയ്ത് കൂട്ടിയ പാപങ്ങൾ അല്ലാഹു മായ്ച്ച്തരികയും അവന്റെ പദവികൾ ഉയർത്തുകയും ചെയ്യും എന്നുമാണ് നബി പഠിപ്പിക്കുന്നത്. ആ കാര്യങ്ങൾ അനവധിയാണ്. ഈ ഹദീസിൽ പറയപ്പെട്ട കാര്യങ്ങൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

1. മടുപ്പും വെറുപ്പുമുള്ള സന്ദർഭങ്ങളിൽ വുദൂഅ് പരിപൂർണ്ണമാക്കി ചെയ്യൽ.

വുദൂഇന് വളരെയേറെ മഹത്വം ഇസ്ലാം പഠിപ്പിച്ച് തന്നിട്ടുണ്ട്. വുദൂഅ് ചെയ്യുമ്പോൾ ഓരോ തുള്ളി വെള്ളത്തിലൂടെയും പാപ ങ്ങൾ കൊഴിഞ്ഞ് പോകും എന്ന് നബി (സ)  പഠിപ്പിച്ചിട്ടുണ്ട്. തിൻമകളെ കഴുകിക്കളയാനുള്ള പ്രധാനപ്പെട്ട മാർഗമാണിത്. തണുപ്പ്, തിരക്ക് പോലെയുള്ള സന്ദർഭങ്ങളിൽ വുദൂഅ് ചെയ്യുന്നതിൽ അശ്രദ്ധ വരാനിടയുണ്ട്. എല്ലായ്പ്പോഴും വുദൂഅ് നാക്കി ചെയ്യണം, പ്രത്യേകിച്ച് വെറുപ്പുള്ള ഇത്തരം സന്ദർഭങ്ങളിൽ. അപ്പോൾ അത് കൂടുതൽ പുണ്യമുള്ളതായി മാറും.

2. പള്ളികളിലേക്ക് കാലടികൾ വർധിപ്പിക്കൽ.

വീട്ടിൽ നിന്ന് വുദൂഅ് ചെയ്ത് പള്ളികളിലേക്ക് നടക്കൽ വലിയ പുണ്യമായ കാര്യമാണ്. അങ്ങനെ ചെയ്യുമ്പോൾ ഓരോ കാലടി വെക്കുമ്പോഴും അത് നൻമയായി മാറുകയാണ്. ഒരു കാലടി വെക്കുമ്പോൾ പാപങ്ങൾ കൊഴിയുകയും, അടുത്ത കാൽ വെക്കുമ്പോൾ പദവികൾ ഉയരുകയും ചെയ്യും എന്ന് റസൂൽ (സ) പഠിപ്പിച്ചിട്ടുണ്ട്.

3. ഒരു നമസ്കാരത്തിന് ശേഷം അടുത്ത നമസ്കാരം പ്രതീക്ഷിക്കൽ

നമസ്കാരം ഇസ്ലാമിലെ പ്രധാനപ്പെട്ട ആരാധനയാണ്, അത് സമയബന്ധിതമായി തന്നെ നിർവ്വഹിക്കപ്പെടണം. ഒരാൾ ഒരു നമസ്കാരത്തിന് ശേഷം അടുത്ത നമസ്കാരം പ്രതീക്ഷിച്ചിരിക്കു മ്പോൾ അവന്റെ പാപങ്ങൾ അതിലൂടെ കൊഴിഞ്ഞ് പോവുകയും അവന്റെ പദവികൾ വർധിക്കുകയും ചെയ്യുന്നുണ്ട്. പ്രതിഫലം ആഗ്രഹിച്ച് അല്ലാഹുവിന്റെ ഭവനങ്ങളിലേക്ക് കാലുകളെ ചലിപ്പിക്കാൻ നമുക്ക് കഴിഞ്ഞാൽ നമ്മൾ ഭാഗ്യവാൻമാരാണ്. فذلكم الرباط. എന്നാൽ അല്ലാഹുവിന് ഇബാദത്തെടുക്കുന്ന കാര്യങ്ങളിൽ മനസ്സിനെ തടഞ്ഞ് വെക്കുക, അഥവാ മറ്റു കാര്യ ങ്ങളിലേക്ക് വഴി മാറിപ്പോകാത്തിരിക്കാനും, കർമങ്ങൾ പാഴായി പ്പോകാതിരിക്കാനുമുള്ള ജാഗ്രത കൈക്കൊള്ളുക എന്നാണ്. എപ്പോഴെങ്കിലും ചെയ്യുക എന്ന രീതിയല്ല വേണ്ടത്, എല്ലായപ്പോഴും ചെയ്യുക എന്നതാണ്.

മൂസാ നബി (അ) – 07

മൂസാ നബി (അ) - 07

ഫിര്‍ഔനിന്റെ കൊട്ടാരത്തില്‍

സഹോദരന്‍ ഹാറൂനിനെ സഹായിയായി നിയോഗിക്കുവാന്‍ മൂസാനബി(അ) അല്ലാഹുവിനോട് വേണ്ടി പ്രാര്‍ഥിച്ചതായി നാം മനസ്സിലാക്കി. സൂറത്തുല്‍ ക്വസ്വസ്വിലും ശുഅറാഇലും അത് ഇങ്ങനെ നമുക്ക് കാണാം:

”എന്റെ സഹോദരന്‍ ഹാറൂന്‍ എന്നെക്കാള്‍ വ്യക്തമായി സംസാരിക്കാന്‍ കഴിവുള്ളവനാകുന്നു. അതു കൊണ്ട് എന്നോടൊപ്പം എന്റെ സത്യത സ്ഥാപിക്കുന്ന ഒരു സഹായിയായിക്കൊണ്ട് അവനെ നീ നിയോഗിക്കേണമേ. അവര്‍ എന്നെ നിഷേധിച്ച് കളയുമെന്ന് തീര്‍ച്ചായായും ഞാന്‍ ഭയപ്പെടുന്നു” (ക്വുര്‍ആന്‍ 28:34).

”എന്റെ ഹൃദയം ഞെരുങ്ങിപ്പോകും. എന്റെ നാവിന് ഒഴുക്കുണ്ടാവുകയില്ല. അതിനാല്‍ ഹാറൂന്ന് കൂടി നീ സന്ദേശം അയക്കേണമേ” (ക്വുര്‍ആന്‍ 26:13).

ആ പ്രാര്‍ഥന അല്ലാഹു സ്വീകരിച്ചു. അങ്ങനെ ഇരുവരും അവരിലേക്ക് ചെന്നു. എന്നാല്‍ ഫിര്‍ഔന്‍ അടക്കമുള്ളവരോട് സംസാരിച്ചത് മുഴുവനും മൂസാ(അ) ആയിരുന്നു. അത് ക്വുര്‍ആന്‍ നമുക്ക് വ്യക്തമാക്കി തരുന്നുമുണ്ട്.

പ്രബോധന പ്രവര്‍ത്തനത്തിന് ഇറങ്ങുമ്പോള്‍ നമുക്ക് പ്രതികൂലമായി തോന്നുന്ന എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ മുന്നില്‍ നാം അവതരിപ്പിക്കണം. അതില്‍ നിന്നെല്ലാം അല്ലാഹുവിന്റെ കാവലുണ്ടാകുവാന്‍ ചോദിക്കുകയും ചെയ്യുക. അല്ലാഹു സഹായിക്കുന്നതാണ്. മൂസാനബി(അ)ക്ക് സംസാരത്തിന് പ്രയാസമുണ്ടാകുമെന്ന് തോന്നിയത് അല്ലാഹുവിനോട് അദ്ദേഹം ഏറ്റു പറഞ്ഞു. അല്ലാഹു അത് സ്വീകരിച്ചു. എല്ലാ കെട്ടുകുടുക്കുകളും നീക്കി. ഏത് നല്ല കാര്യത്തിന് നാം പദ്ധതി രൂപപ്പെടുത്തുമ്പോഴും അതിന് പ്രതികൂലമായ കാര്യങ്ങളില്‍ നിന്ന് രക്ഷ ലഭിക്കുന്നതിനായി അല്ലാഹുവിനോട് നാം ചോദിക്കണം. 

”അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, അവര്‍ എന്നെ നിഷേധിച്ചുതള്ളുമെന്ന് തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു. എന്റെ ഹൃദയം ഞെരുങ്ങിപ്പോകും. എന്റെ നാവിന് ഒഴുക്കുണ്ടാവുകയില്ല. അതിനാല്‍ ഹാറൂന്ന് കൂടി നീ സന്ദേശം അയക്കേണമേ. അവര്‍ക്ക്  എന്റെ പേരില്‍ ഒരു കുറ്റം ആരോപിക്കാനുമുണ്ട.് അതിനാല്‍ അവര്‍ എന്നെ കൊന്നേക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു” (ക്വുര്‍ആന്‍ 26:12-14).

മൂസാ(അ) അല്ലാഹുവിനോട് തന്റെ വിഷമങ്ങളെല്ലാം പറഞ്ഞു. ഞാന്‍ അവരെ ക്ഷണിച്ചാല്‍ അവര്‍ എന്നെ കളവാക്കും. ഞാന്‍ പറയുന്നതിലേക്ക് അവര്‍ ചെവിതരാത്ത പക്ഷം എന്റെ ഹൃദയം കുടുസ്സാകും. അപ്പോള്‍ സ്ഫുടമായി സംസാരിക്കാന്‍ കഴിയാതെ വരും. അതിനാല്‍ എന്റെ കൂടെ സംസാരിക്കുവാനും മറ്റും ഒരു സഹായി എന്ന നിലക്ക് എന്റെ സഹോദരന്‍ ഹാറൂനിനെ കൂടെ അയക്കണം. മാത്രവുമല്ല, ഞാന്‍ അവരുടെ അടുത്ത് ചെന്ന്, അവരുടെ വിശ്വാസത്തിന് എതിരായ ഒരു കാര്യം പറയുമ്പോള്‍ അവര്‍ക്ക് എന്നെക്കുറിച്ച് പറയാന്‍ ഒരു കുറ്റവുമുണ്ട്:  

”അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, അവരുടെ കൂട്ടത്തില്‍ ഒരാളെ ഞാന്‍ കൊന്നുപോയിട്ടുണ്ട്. അതിനാല്‍ അവര്‍ എന്നെ കൊല്ലുമെന്ന് ഞാന്‍ ഭയപ്പെടുന്നു” (28:33).

ഇസ്‌റാഈല്യരില്‍ പെട്ട ഒരാളും ക്വിബ്ത്വിക്കാരനും ശണ്ഠ കൂടുന്നത് കണ്ടപ്പോള്‍ ക്വിബ്ത്വിക്കാരനെതിരില്‍ ഇസ്‌റാഈല്യന്‍ സഹായം ചോദിക്കുകയും മൂസാ(അ) അതില്‍ ഇടപെടുകയും ക്വിബ്ത്വിക്കാരന്‍ മരിക്കുകയും ചെയ്ത കാര്യമാണിവിടെ മൂസാ(അ) എടുത്തു പറയുന്നത്. 

മനസ്സിലുള്ള എല്ലാ പ്രയാസങ്ങളും അല്ലാഹുവിന്റെ മുന്നില്‍ തുറന്നുപറഞ്ഞത് ഉത്തരവാദിത്തത്തില്‍ നിന്നും പിന്മാറുവാനല്ല; മുന്നോട്ട് പോകുവാനാണ്. ഈ വിഷമത്തില്‍ നിന്നെല്ലാം രക്ഷ കിട്ടേണ്ടത് അല്ലാഹുവില്‍ നിന്നാണല്ലോ. 

അല്ലാഹു മൂസാ(അ) ചോദിച്ചതെല്ലാം നല്‍കി. ഇരുവരോടും ഫിര്‍ഔനിന്റെയും ബനൂഇസ്‌റാഈല്യരുടെയും അടുത്തേക്ക് പോകുവാന്‍ കല്‍പിച്ചു.

”എന്റെ ദൃഷ്ടാന്തങ്ങളുമായി നീയും നിന്റെ സഹോദരനും പോയിക്കൊള്ളുക. എന്നെ സ്മരിക്കുന്നതില്‍ നിങ്ങള്‍ അമാന്തിക്കരുത്. നിങ്ങള്‍ രണ്ടുപേരും ഫിര്‍ഔനിന്റെ അടുത്തേക്ക് പോകുക. തീര്‍ച്ചയായും അവന്‍ അതിക്രമകാരിയായിരിക്കുന്നു”(ക്വുര്‍ആന്‍ 20:42,43).

ആദ്യം അല്ലാഹു കല്‍പിച്ചത് മൂസാ(അ)നോട് തനിച്ച് പോകാനായിരുന്നല്ലോ. ഹാറൂന്‍ നബി(അ)യെകൂടി നിയോഗിച്ചതോടെ നിങ്ങള്‍ രണ്ടു പേരും പോകുക എന്നായി കല്‍പന. അല്ലാഹുവിനെ ഓര്‍ക്കുന്നതില്‍ യാതൊരു കമ്മിയും വരരുത്. ഈ കാര്യം പറയുന്നതിന് മുമ്പ് മൂസാനബി(അ)ക്ക് അല്ലാഹു ചെറുപ്പം മുതലേ നല്‍കിയ കാവല്‍ ഓര്‍മപ്പെടുത്തുന്നുമുണ്ട്. 

മറ്റൊരിക്കലും നിനക്ക് നാം അനുഗ്രഹം ചെയ്ത് തന്നിട്ടുണ്ട്. അതായത് നിന്റെ മാതാവിന് ബോധനം നല്‍കപ്പെടേണ്ട കാര്യം നാം ബോധനം നല്‍കിയ സന്ദര്‍ഭത്തില്‍. നീ അവനെ (കുട്ടിയെ) പെട്ടിയിലാക്കിയിട്ട് നദിയിലിട്ടേക്കുക. നദി ആ പെട്ടി കരയില്‍ തള്ളിക്കൊള്ളും. എനിക്കും അവന്നും ശത്രുവായിട്ടുള്ള ഒരാള്‍ അവനെ എടുത്ത് കൊള്ളും. (ഹേ; മൂസാ,) എന്റെ പക്കല്‍ നിന്നുള്ള സ്‌നേഹം നിന്റെമേല്‍ ഞാന്‍ ഇട്ടുതരികയും ചെയ്തു. എന്റെ നോട്ടത്തിലായിക്കൊണ്ട് നീ വളര്‍ത്തിയടുക്കപ്പെടാന്‍ വേണ്ടിയും കൂടിയാണത്” (ക്വുര്‍ആന്‍ 20:37-39).

ഇതിന്റെ വിവരണം മുമ്പ് കഴിഞ്ഞു പോയിട്ടുള്ളതിനാല്‍ ഇനിയും അതിനിവിടെ മുതിരുന്നില്ല. മൂസാനബി(അ)ക്ക് ഇതോടെ കൂടുതല്‍ പ്രതീക്ഷയും ധൈര്യവും ലഭിച്ചിട്ടുണ്ടാകുമെങ്കിലും ഒരു ആശങ്ക ബാക്കിയുണ്ട്:

”അവര്‍ രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, അവന്‍ (ഫിര്‍ഔന്‍) ഞങ്ങളുടെ നേര്‍ക്ക്  എടുത്തുചാടുകയോ, അതിക്രമം കാണിക്കുകയോ ചെയ്യുമെന്ന് ഞങ്ങള്‍ ഭയപ്പെടുന്നു. അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ ഭയപ്പെടേണ്ട. തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്. ഞാന്‍ കേള്‍ക്കുകയും കാണുകയും ചെയ്യുന്നുണ്ട്” (ക്വുര്‍ആന്‍ 20:45,46).

”അല്ലാഹു പറഞ്ഞു: ഒരിക്കലുമില്ല, നമ്മുടെ ദൃഷ്ടാന്തങ്ങളും കൊണ്ട് നിങ്ങള്‍ ഇരുവരും പോയിക്കൊള്ളുക. തീര്‍ച്ചയായും നിങ്ങളോടൊപ്പം നാം ശ്രദ്ധിച്ചു കേള്‍ക്കുന്നുണ്ട്” (ക്വുര്‍ആന്‍ 26:15).

നേരത്തെ അല്ലാഹു മൂസാനബി(അ)ക്ക് ചില ദൃഷ്ടാന്തങ്ങള്‍ കാണിച്ചു കൊടുത്തത് നാം മനസ്സിലാക്കി. ഇനിയും പല ദൃഷ്ടാന്തങ്ങളും അല്ലാഹു പ്രകടമാക്കുകയും ചെയ്യും. ആ ദൃഷ്ടാന്തങ്ങളുമായെല്ലാം ഇരുവരും ഫിര്‍ഔനിന്റെ അടുത്തേക്ക് പോകണം എന്ന് അല്ലാഹു കല്‍പിക്കുകയാണ്. അതോടൊപ്പം അല്ലാഹുവിനെ സ്മരിക്കുന്നതില്‍ തളര്‍ച്ചയോ അമാന്തമോ സംഭവിച്ചു കൂടാ എന്നും കല്‍പിച്ചു. കാരണം, അല്ലാഹുവിനോട് ഹാറൂനിനെ സഹായിയായി ചോദിച്ചപ്പോള്‍ നിന്നെ ധാരാളം ഓര്‍ക്കുന്നതിന് വേണ്ടിയാണെന്ന് പറഞ്ഞിട്ടുണ്ട്. അതൊന്നും മറന്നു പോകരുത്. പ്രബോധന രംഗത്ത് ശക്തമായി പിടിച്ചു നില്‍ക്കുവാനുള്ള വീര്യമാണ് അല്ലാഹുവിനെ കുറിച്ചുള്ള സ്മരണ. 

അല്ലാഹുവിനെ കുറിച്ചുള്ള ഓര്‍മ എല്ലാ സമയത്തും നമുക്ക് കിട്ടുന്ന ഒരു ശക്തിയാണ്. അത് നഷ്ടപ്പെട്ടാല്‍ പതര്‍ച്ചയും പുറകോട്ട് വലിയലും നിരാശയും നമ്മെ പിടികൂടും. 

ഫിര്‍ഔനിന്റെ ചെയ്തികളെ ഭയക്കുന്ന മൂസാനബി(അ)യെയും ഹാറൂന്‍(അ)നെയും അല്ലാഹു ആശ്വസിപ്പിക്കുകയും ധൈര്യം പകരുകയും ചെയ്തു. 

”നിങ്ങള്‍ രണ്ടുപേരും ഫിര്‍ഔനിന്റെ അടുത്തേക്ക് പോകുക. തീര്‍ച്ചയായും അവന്‍ അതിക്രമകാരിയായിരിക്കുന്നു. എന്നിട്ട് നിങ്ങള്‍ അവനോട് സൗമ്യമായ വാക്ക് പറയുക. അവന്‍ ഒരു വേള ചിന്തിച്ച് മനസ്സിലാക്കിയേക്കാം. അല്ലെങ്കില്‍ ഭയപ്പെട്ടുവെന്ന് വരാം” (ക്വുര്‍ആന്‍ 20:43,44).

”നീ ഫിര്‍ഔന്റെ അടുത്തേക്കു പോകുക. തീര്‍ച്ചയായും അവന്‍ അതിരുകവിഞ്ഞിരിക്കുന്നു. എന്നിട്ട് ചോദിക്കുക: നീ പരിശുദ്ധി പ്രാപിക്കാന്‍ തയ്യാറുണ്ടോ? നിന്റെ രക്ഷിതാവിങ്കലേക്ക് നിനക്ക് ഞാന്‍ വഴി കാണിച്ചുതരാം. എന്നിട്ട് നീ ഭയപ്പെടാനും (തയ്യാറുണ്ടോ?)” (ക്വുര്‍ആന്‍ 79:17-19).

ധിക്കാരിയായ ഫിര്‍ഔനിന്റെ അടുത്ത് ചെന്ന് സൗമ്യതയോടെ, മൃദുവായ ശൈലിയില്‍ സംസാരിക്കുവാനാണ് കല്‍പന. ഇപ്രകാരമുള്ള സംസാരം അവനെ ചിന്തിപ്പിക്കുവാനും അവനില്‍ ഭയപ്പാട് സൃഷ്ടിക്കാനും കാരണമായേക്കാം. 

ഫിര്‍ഔനിന്റെ അടുത്തേക്ക് പോകുമ്പോള്‍ രണ്ടു പേരോടും നിങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്നും തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ കൂടെയുണ്ട് എന്നും അല്ലാഹു പറഞ്ഞല്ലോ. അല്ലാഹു കൂടെയുണ്ടെന്ന് ക്വുര്‍ആനില്‍ ചില സ്ഥലങ്ങളില്‍ പറയുന്നതായി നമുക്ക് കാണാം. അങ്ങനെ അല്ലാഹു കൂടെയുണ്ടെന്ന് പറയുന്ന സന്ദര്‍ഭങ്ങളെ എടുത്ത് പരിശോധിച്ചാല്‍ അതിനെ മൂന്നായി തിരിക്കാന്‍ സാധിക്കുന്നതാണ്.

1. വിശ്വാസി, അവിശ്വാസി, നല്ലവന്‍, തെമ്മാടി, മനുഷ്യന്‍, ജിന്ന്, മൃഗം… എന്നിങ്ങനെയുള്ള  വേര്‍തിരിവില്ലാതെ എല്ലാവരുടെയും കൂടെ പൊതുവായ നിലക്ക് അല്ലാഹു കൂടെ ഉണ്ട് എന്ന് പറയുന്നത് കാണാം. ഉദാഹരണം: 

”നിങ്ങള്‍ എവിടെ ആയിരുന്നാലും അവന്‍ നിങ്ങളുടെ കൂടെയുണ്ട്” (ക്വുര്‍ആന്‍ 57:4).

”ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അല്ലാഹു അറിയുന്നുണ്ടെന്ന് നീ കാണുന്നില്ലേ? മൂന്നു പേര്‍ തമ്മിലുള്ള യാതൊരു രഹസ്യസംഭാഷണവും അവന്‍ (അല്ലാഹു) അവര്‍ക്കു നാലാമനായിക്കൊണ്ടല്ലാതെ ഉണ്ടാവുകയില്ല. അഞ്ചുപേരുടെ സംഭാഷണമാണെങ്കില്‍ അവന്‍ അവര്‍ക്കു ആറാമനായിക്കൊണ്ടുമല്ലാതെ. അതിനെക്കാള്‍ കുറഞ്ഞവരുടെയോ, കൂടിയവരുടെയോ (സംഭാഷണം) ആണെങ്കില്‍ അവര്‍ എവിടെയായിരുന്നാലും അവന്‍ അവരോടൊപ്പമുണ്ടായിട്ടല്ലാതെ. പിന്നീട് ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍, അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി അവരെ അവന്‍ വിവരമറിയിക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തെ പറ്റിയും അറിവുള്ളവനാകുന്നു” (ക്വുര്‍ആന്‍ 58:7).

ഈ രണ്ട് സൂക്തങ്ങളിലും അല്ലാഹു എല്ലാവരുടെയും കൂടെ ഉണ്ടെന്നാണല്ലോ പറയുന്നത്. എന്താണ് എല്ലാവരുടെയും കൂടെ ഉണ്ട് എന്ന് പറഞ്ഞാലുള്ള ഉദ്ദേശ്യം? അല്ലാഹുവിന്റെ കാഴ്ചയില്‍ നിന്നോ കേള്‍വിയില്‍ നിന്നോ അറിവില്‍ നിന്നോ മാറിനിന്ന് ഒരു നിമിഷം പോലും അല്ലാഹുവിന്റെ പടപ്പുകളില്‍ ഒന്നിനും കഴിയില്ല എന്നാണ് ഇതിനര്‍ഥം. മുഴുവന്‍ സമയവും അല്ലാഹുവിന്റെ വലയത്തില്‍ തന്നെയാണ് എല്ലാം ഉള്ളത്. 

പ്രത്യേക ഗുണങ്ങളുള്ളവരുടെ കൂടെ അല്ലാഹു ഉണ്ട് എന്ന് പ്രത്യേകം എടുത്ത് പറഞ്ഞതും നമുക്ക് ക്വുര്‍ആനില്‍ കാണാന്‍ കഴിയുന്നതാണ്. ഉദാഹരണം:

”തീര്‍ച്ചയായും അല്ലാഹു സൂക്ഷ്മത പാലിച്ചവരോടൊപ്പമാകുന്നു. സദ്‌വൃത്തരായിട്ടുള്ളവരോടൊപ്പവും” (ക്വുര്‍ആന്‍ 16:128).

”സത്യവിശ്വാസികളേ, നിങ്ങള്‍ സഹനവും നമസ്‌കാരവും മുഖേന (അല്ലാഹുവിനോട്) സഹായം തേടുക. തീര്‍ച്ചയായും ക്ഷമിക്കുന്നവരോടൊപ്പമാകുന്നു അല്ലാഹു” (ക്വുര്‍ആന്‍ 2:153).

അല്ലാഹു കല്‍പിച്ചതെല്ലാം കഴിയും വിധം ചെയ്യുകയും അല്ലാഹു വിരോധിച്ചതില്‍ നിന്നെല്ലാം മാറി നില്‍ക്കുകയും ചെയ്യുന്ന സൂക്ഷ്മതയുള്ളവരുടെയും സുകൃതവാന്മാരുടെയും ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും ക്ഷമയോടെ ജീവിക്കുന്നവരുടെയും കൂടെ അല്ലാഹു ഉണ്ട് എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം, അല്ലാഹുവിന്റെ പ്രത്യേകമായ കാവലും സഹായവും അവര്‍ക്കുണ്ടാകുമെന്നും അവന് അവരോട് പ്രത്യേകമായ സ്‌നേഹം ഉണ്ടായിരിക്കുമെന്നാണ്.

ചില സന്ദര്‍ഭങ്ങളില്‍ ചില വ്യക്തികളോട് അല്ലാഹു, ഞാന്‍ നിങ്ങളുടെ കൂടെ ഉണ്ട് എന്ന് പറയും. അതില്‍ പെട്ടതാണ് മൂസാനബി(അ)യോടും ഹാറൂന്‍നബി(അ)യോടും ഫിര്‍ഔനിന്റെ അടുത്തേക്ക് പോകുമ്പോള്‍ ഞാന്‍ നിങ്ങളുടെ കൂടെ ഉണ്ട് എന്ന് പറഞ്ഞത്. നബി ﷺ യും അബൂബക്കര്‍(റ)വും മക്കയില്‍ നിന്നും മദീനയിലേക്ക് ഹിജ്‌റ പോകുന്ന വേളയില്‍ സൗര്‍ ഗുഹയില്‍ അഭയം തേടിയ സന്ദര്‍ഭത്തില്‍ അബൂബക്കര്‍(റ) നബി ﷺ യോട് ശത്രുക്കള്‍ പിടികൂടുമെന്ന ആശങ്കയറിയിച്ചപ്പോള്‍ നബി ﷺ പറഞ്ഞ മറുപടി ക്വുര്‍ആനില്‍ കാണാം: 

”…അദ്ദേഹം തന്റെ കൂട്ടുകാരനോട്, ദുഃഖിക്കേണ്ട, തീര്‍ച്ചയായും അല്ലാഹു നമ്മുടെ കൂടെയുണ്ട് എന്ന് പറയുന്ന സന്ദര്‍ഭം…” (9:40).

ഇവിടെയും അല്ലാഹു അവര്‍ക്ക് പ്രത്യേകമായ സഹായമായിട്ടുണ്ടെന്നതാണ് ഉദ്ദേശ്യം. 

ചില നല്ല ഗുണങ്ങളുള്ളവരുടെ കൂടെയും അല്ലാഹു ഉണ്ട് എന്ന് പറഞ്ഞല്ലോ. ആ ഗണത്തില്‍ പെടുന്നവരാകുവാനാണ് നാം പരിശ്രമിക്കേണ്ടത്. 

അല്ലാഹു കൂടെയുണ്ടെന്ന ആശ്വാസ വാക്കില്‍ ഫിര്‍ഔനിന്റെ അടുത്തേക്ക് മൂസാനബി(അ)യും ഹാറൂന്‍ നബി(അ)യും പോകുകയാണ്. അവര്‍ക്ക് ധൈര്യം ലഭിക്കുന്ന മറ്റൊരു കാര്യം കൂടി അല്ലാഹു അവരെ അറിയിച്ചിട്ടുണ്ട്.

”അവന്‍ (അല്ലാഹു) പറഞ്ഞു: നിന്റെ സഹോദരന്‍ മുഖേന നിന്റെ കൈക്ക് നാം ബലം നല്‍കുകയും നിങ്ങള്‍ക്ക് ഇരുവര്‍ക്കും നാം ഒരു ആധികാരിക ശക്തി നല്‍കുകയും ചെയ്യുന്നതാണ്. അതിനാല്‍ അവര്‍ നിങ്ങളുടെ അടുത്ത് എത്തുകയില്ല. നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിമിത്തം നിങ്ങളും നിങ്ങളെ പിന്തുടരുന്നവരും തന്നെയായിരിക്കും വിജയികള്‍” (ക്വുര്‍ആന്‍ 28:35).

ആള്‍ബലവും അധികാരത്തിന്റെ സ്വാധീനവും ഫിര്‍ഔനിന് ഉണ്ടായേക്കാം. എന്നാല്‍ നിങ്ങള്‍ക്ക് ഒരു പ്രത്യേക അധികാര ശക്തി നാം നല്‍കുന്നുണ്ട്. അവര്‍ നിങ്ങള്‍ക്ക് എതിരില്‍ എന്ത് തിന്മ തീരുമാനിച്ചാലും അതൊന്നും നിങ്ങളെ ബാധിക്കുന്നതല്ല എന്ന് അല്ലാഹു അവര്‍ക്ക് വാഗ്ദാനം നല്‍കി. അതോടൊപ്പം വിജയം നിങ്ങള്‍ക്കും നിങ്ങളെ പിന്‍പറ്റിയവര്‍ക്കും ആയിരിക്കുമെന്നും അല്ലാഹു അവര്‍ക്ക് ഉറപ്പ് നല്‍കി. അല്ലാഹുവിങ്കല്‍ നിന്ന് കിട്ടിയ ഈ വാഗ്ദാനത്തില്‍ ഉറച്ച വിശ്വാസമുള്ളവരായതിനാല്‍ പതറാതെ ഫിര്‍ഔനിന്റെ അടുത്തേക്ക് അല്ലാഹുവിനെ പരിചയപ്പെടുത്തുവാന്‍ പോകുകയാണ് മൂസാനബി(അ)യും ഹാറൂന്‍ നബി(അ)യും.

ചെന്നാല്‍ എന്തെല്ലാം പറയണം എന്നും അല്ലാഹു അവരെ അറിയിച്ചു:

”അതിനാല്‍ നിങ്ങള്‍ ഇരുവരും അവന്റെ അടുത്ത് ചെന്നിട്ട് പറയുക: തീര്‍ച്ചയായും ഞങ്ങള്‍ നിന്റെ രക്ഷിതാവിന്റെ ദൂതന്മാരാകുന്നു. അതിനാല്‍ ഇസ്‌റാഈല്‍ സന്തതികളെ ഞങ്ങളുടെ കുടെ വിട്ടുതരണം. അവരെ മര്‍ദിക്കരുത്. നിന്റെയടുത്ത് ഞങ്ങള്‍ വന്നിട്ടുള്ളത് നിന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും കൊണ്ടാകുന്നു. സന്മാര്‍ഗം പിന്തുടര്‍ന്നവര്‍ക്കായിരിക്കും സമാധാനം. നിഷേധിച്ച് തള്ളുകയും പിന്മാറിക്കളയുകയും ചെയ്തവര്‍ക്കാണ് ശിക്ഷയുള്ളതെന്ന് തീര്‍ച്ചയായും ഞങ്ങള്‍ക്ക് ബോധനം നല്‍കപ്പെട്ടിരിക്കുന്നു” (ക്വുര്‍ആന്‍ 20:47,48).

സൗമ്യമായ വാക്കുകളായിരിക്കണം പറയേണ്ടത് എന്ന് ഇരുവര്‍ക്കും നല്‍കിയ നിര്‍ദേശത്തിന്റെ അര്‍ഥം സത്യം തുറന്ന് പറയാതെ, അഴകുഴമ്പന്‍ ശൈലി ഉപയോഗിക്കണമെന്നല്ല. മറിച്ച് സത്യം തുറന്ന് പറയണം; അത് തന്മയത്വത്തോടെയും നല്ല സമീപനത്തോടെയും ആകണം എന്നതാണ്. പ്രബോധിതര്‍ക്ക് ഇഷ്ടമുള്ള കാര്യം മാത്രം പറഞ്ഞ് അവരെ സുഖിപ്പിച്ച് കൈയിലെടുത്തതിന് ശേഷം മാത്രം സന്ദേശം എത്തിക്കുക എന്നത് ഇസ്‌ലാം പഠിപ്പിച്ച ശൈലിയല്ല. എതിര്‍പ്പുകള്‍ മറികടക്കുവാന്‍ അതാണ് നല്ല മാര്‍ഗം എന്നാണ്ചിലരുടെ ധാരണ. പ്രവാചകന്മാരോളം സല്‍സ്വഭാവികളും പ്രബോധിതരോട് സ്‌നേഹവും ഗുണകാംക്ഷയും കാണിച്ചവര്‍ ഇല്ലല്ലോ. അവര്‍ ഏറ്റവും നല്ല നിലയില്‍ പറഞ്ഞിട്ടും അവര്‍ക്ക് എന്തെല്ലാം സഹിക്കേണ്ടി വന്നു! എത്ര നല്ല രീതിയില്‍ പറഞ്ഞാലും അവരവരുടെ വിശ്വാസത്തെയും ആദര്‍ശത്തെയും ചോദ്യം ചെയ്യുമ്പോള്‍ എതിര്‍പ്പുകള്‍ സ്വാഭാവികം. എന്നാല്‍ പ്രകോപനമുണ്ടാക്കുന്ന ശൈലി ഒരിക്കലും സ്വീകരിച്ചുകൂടാ.

”എന്നിട്ട് നിങ്ങള്‍ ഫിര്‍ഔനിന്റെ അടുക്കല്‍ ചെന്ന് ഇപ്രകാരം പറയുക: തീര്‍ച്ചയായും ഞങ്ങള്‍ ലോകരക്ഷിതാവിങ്കല്‍നിന്ന് നിയോഗിക്കപ്പെട്ട ദൂതന്മാരാകുന്നു. ഇസ്‌റാഈല്‍ സന്തതികളെ ഞങ്ങളോടൊപ്പം അയച്ചുതരണം എന്ന നിര്‍ദേശവുമായിട്ട് (നിങ്ങള്‍ ഇരുവരും പോകുക)” (ക്വുര്‍ആന്‍ 26:16,17).

അല്ലാഹു അവരോട് കല്‍പിച്ചത് പോലെ ഫിര്‍ഔനിന്റെ അടുത്തേക്ക് പോയി ഇതെല്ലാം പറഞ്ഞു. ഞാനാണ് അത്യുന്നതനായ നിങ്ങളുടെ രക്ഷിതാവ് എന്ന് വാദിക്കുന്ന ഫിര്‍ഔനിന്റെ അടുത്ത് ചെന്ന് പറയുന്നത് ‘തീര്‍ച്ചയായും ഞങ്ങള്‍ ലോകരക്ഷിതാവിങ്കല്‍നിന്ന് നിയോഗിക്കപ്പെട്ട ദൂതന്മാരാകുന്നു’ എന്നാണ്. അവന്റെ വാദത്തിനെതിരില്‍ ആദ്യമായി ഈജിപ്തില്‍ മുഴങ്ങുന്ന ശബ്ദം. ഫിര്‍ഔന്‍ ഒരിക്കലും ഇഷ്ടപ്പെടാത്ത വാക്കുകള്‍.

മൂസാനബി(അ)യുടെ സംസാരം കേട്ട ഫിര്‍ഔന്‍ അത് സ്വീകരിക്കുവാന്‍ മനസ്സ് കാട്ടിയില്ല. അതിനു പകരം ചില ന്യായങ്ങള്‍ പറഞ്ഞ് അദ്ദേഹത്തെ ചെറുതാക്കുവാനാണ് ശ്രമിച്ചത്. ‘മൂസാ, നീ ചെറിയ കുട്ടി ആയിരുന്നപ്പോള്‍ നിന്നെ ഞങ്ങള്‍ നോക്കി വളര്‍ത്തി. ഞങ്ങളില്‍ (ക്വിബ്ത്വികളില്‍) പെട്ട ഒരാളെ നീ കൊന്നു കളയുകയും ചെയ്തു. നീ വലിയ നന്ദികേടാണ് കാണിക്കുന്നത്’ എന്നെല്ലാം ആദ്യം പറഞ്ഞതിന് ശേഷം അവന്‍ ചോദിച്ചു:

”…എന്താണ് ഈ ലോകരക്ഷിതാവ് എന്ന് പറയുന്നത്?” (ക്വുര്‍ആന്‍ 26:23).

”അവന്‍ (ഫിര്‍ഔന്‍) ചോദിച്ചു: ഹേ; മൂസാ, അപ്പോള്‍ ആരാണ് നിങ്ങളുടെ രണ്ട് പേരുടെയും രക്ഷിതാവ്?” (ക്വുര്‍ആന്‍ 20:49).

മൂസാ(അ) ആരാണ് റബ്ബ് എന്ന് പരിചയപ്പെടുത്തി കൊടുത്തു: ”…ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്റെയും രക്ഷിതാവാകുന്നു; നിങ്ങള്‍ ദൃഢ വിശ്വാസമുള്ളവരാണെങ്കില്‍” (ക്വുര്‍ആന്‍ 26:24).

”അദ്ദേഹം (മൂസാ) പറഞ്ഞു: ഓരോ വസ്തുവിനും അതിന്റെ പ്രകൃതം നല്‍കുകയും, എന്നിട്ട് (അതിന്) വഴി കാണിക്കുകയും ചെയ്തവനാരോ അവനത്രെ ഞങ്ങളുടെ രക്ഷിതാവ്” (ക്വുര്‍ആന്‍ 20:50).

ഏഴ് ആകാശങ്ങളുടെയും മനുഷ്യരും മൃഗങ്ങളും പറവകളും ഉറുമ്പുകളും വൃക്ഷങ്ങളും മറ്റു പ്രാണികളും ഇഴജീവികളും സമുദ്രവും അതിലെ ജീവികളുമടക്കം അനന്തകോടി ജീവികളുടെയും അജൈവ വസ്തുക്കളുടെയുമെല്ലാം രക്ഷിതാവാണ് അല്ലാഹു. അവനാണ് റബ്ബ്. അവനാണ് എല്ലാറ്റിനും അവയുടെതായ പ്രകൃതം നല്‍കിയ രക്ഷിതാവ് എന്ന് മൂസാ(അ) മറുപടി നല്‍കി. കൃത്യവും വ്യക്തവുമായ ഈ മറുപടി കേട്ടപ്പോള്‍ ഇപ്രകാരമൊരു ചോദ്യമാണ് ഫിര്‍ഔനില്‍ നിന്നുണ്ടായത്: 

”അവന്‍ പറഞ്ഞു: അപ്പോള്‍ മുന്‍ തലമുറകളുടെ അവസ്ഥയെന്താണ്?” (ക്വുര്‍ആന്‍ 20:51).

ഫിര്‍ഔന്‍ ചോദിച്ച ഈ ചോദ്യം ഇന്നും പലരും ചോദിക്കാറുണ്ട്! സത്യം പറയുമ്പോള്‍ സത്യത്തിന്റെ എതിരാളികള്‍ വലിയ ചോദ്യമായി ചോദിക്കുന്ന ഒന്നാണ്; നിങ്ങള്‍ പറയുന്നത് മാത്രം ശരിയും ഞങ്ങളുടെത് തെറ്റും ആണെങ്കില്‍, മരണപ്പെട്ട് ക്വബ്‌റില്‍ കിടക്കുന്ന ഞങ്ങളുടെ പൂര്‍വികരുടെ സ്ഥിതി എന്താണ്, അവര്‍ നരകത്തിലോ സ്വര്‍ഗത്തിലോ എന്നത്.

ഫിര്‍ഔനിന്റെ ചോദ്യത്തിന് മൂസാനബി(അ) നല്‍കിയ ഉത്തരമാണ് വിശ്വാസികള്‍ക്ക് അസത്യത്തിന്റെ വക്താക്കള്‍ക്ക് നല്‍കാനുള്ളത്:

”അദ്ദേഹം പറഞ്ഞു: അവരെ സംബന്ധിച്ചുള്ള അറിവ് എന്റെ രക്ഷിതാവിങ്കല്‍ ഒരു രേഖയിലുണ്ട്. എന്റെ രക്ഷിതാവ് പിഴച്ച് പോകുകയില്ല. അവന്‍ മറന്നുപോകുകയുമില്ല. നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ തൊട്ടിലാക്കുകയും നിങ്ങള്‍ക്ക് അതില്‍ വഴികള്‍ ഏര്‍പെടുത്തിത്തരികയും ആകാശത്ത് നിന്ന് വെള്ളം ഇറക്കിത്തരികയും ചെയ്തവനത്രെ അവന്‍…” (ക്വുര്‍ആന്‍ 20:52,53).

അല്ലാഹു മനുഷ്യന് ഭൂമിയില്‍ ജീവിക്കുവാന്‍ വേണ്ടി ഒരുക്കിയ വിവിധ സംവിധാനങ്ങളെ മൂസാ(അ) ഫിര്‍ഔനിന് മുന്നില്‍ എടുത്തു പറഞ്ഞു. ഇതൊക്കെ താനാണ് ചെയ്തതെന്ന് പറയുവാനോ അവകാശപ്പെടുവാനോ ഫിര്‍ഔനിന് കഴിയില്ലല്ലോ. 

(തുടരും)

ഹുസൈന്‍ സലഫി
നേർപഥം വാരിക

മൂസാ നബി (അ) – 06

മൂസാ നബി (അ) - 06

മൂസാനബി(അ) ദൗത്യം ഏറ്റെടുക്കുന്നു

മൂസാനബി(അ)യോട് അല്ലാഹു നേരിട്ട് സംസാരിച്ച ചില കാര്യങ്ങള്‍ നാം മനസ്സിലാക്കിയല്ലോ. ഇനി, അദ്ദേഹത്തിലൂടെ അല്ലാഹു ഒരു സൃഷ്ടിക്കും ചെയ്യാന്‍ കഴിയാത്തതും അല്ലാഹുവിന് മാത്രം ചെയ്യാന്‍ കഴിയുന്നതുമായ ചില അസാധാരണ സംഭവങ്ങള്‍ വെളിപ്പെടുത്തുവാന്‍ പോകുകയാണ്. 

അല്ലാഹു പറഞ്ഞു: ”ഹേ; മൂസാ, നിന്റെ വലതുകയ്യിലുള്ള ആ വസ്തു എന്താകുന്നു? അദ്ദേഹം പറഞ്ഞു: ഇത് എന്റെ  വടിയാകുന്നു. ഞാനതിന്മേല്‍ ഊന്നി നില്‍ക്കുകയും അത് കൊണ്ട് എന്റെ ആടുകള്‍ക്ക് (ഇല) അടിച്ചുവീഴ്ത്തി കൊടുക്കുകയും ചെയ്യുന്നു. അതുകൊണ്ട് എനിക്ക് വേറെയും ഉപയോഗങ്ങളുണ്ട്” (ക്വുര്‍ആന്‍ 20:17,18).

‘എന്താണ് നിന്റെ വലതുകയ്യിലുള്ളത്’ എന്ന് അല്ലാഹു ചോദിച്ചത് എന്താണെന്ന്  അറിയാത്തതിനാലല്ല, മറിച്ച് ശ്രദ്ധ തിരിക്കാനുള്ള ഒരു ചോദ്യം മാത്രം. ആടുകള്‍ക്ക് ഉയരത്തിലുള്ള ഇലകള്‍ അടിച്ചുവീഴ്ത്തിക്കൊടുക്കുന്നു എന്ന മറുപടിയില്‍നിന്ന് മദ്‌യനില്‍ പത്ത് കൊല്ലം ആ പിതാവിനോട് ചെയ്ത കരാറില്‍ അവരുടെ ആടുകളെ മേയ്ക്കുന്നതും ഉണ്ടായിരുന്നുവെന്ന്  മനസ്സിലാക്കാന്‍ കഴിയുന്നു. ഇനി കരാറില്‍ പെട്ടതല്ലെങ്കില്‍ പോലും ആ ജോലി ചെയ്തിരുന്നു എന്ന് വ്യക്തമാണ്. 

മൂസാ(അ)യുടെ കയ്യിലുള്ള ആ വടിയിലൂടെ അത്‌വരെയും അസാധാരണമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും ഈ വചനം വ്യക്തമാക്കുന്നു. ഇവിടെ മൂസാ(അ) ആ വടിയുടെ പ്രത്യേകതകളായി പറഞ്ഞതെല്ലാം ഏതൊരാള്‍ക്കും ചെയ്യാവുന്നതാണ്. അത് സൃഷ്ടികളുടെ കരങ്ങളാല്‍ സാധിക്കുന്നതാണ്. അസാധാരണമായ യാതൊന്നും ഈ പറഞ്ഞതില്‍ ഇല്ല. എന്നാല്‍ ഇനിയാണ് ആ വടിയിലൂടെ ചില അസാധാരണ സംഭവങ്ങള്‍ പ്രകടമാകാന്‍ പോകുന്നത്. 

”അവന്‍ (അല്ലാഹു) പറഞ്ഞു: ഹേ; മൂസാ, നീ ആ വടി താഴെയിടൂ. അദ്ദേഹം അത് താഴെയിട്ടു. അപ്പോഴതാ അത് ഒരു പാമ്പായി ഓടുന്നു. അവന്‍ പറഞ്ഞു: അതിനെ പിടിച്ച് കൊള്ളുക. പേടിക്കേണ്ട. നാം അതിനെ അതിന്റെ ആദ്യസ്ഥിതിയിലേക്ക് തന്നെ മടക്കുന്നതാണ്” (ക്വുര്‍ആന്‍ 20:1921).

തന്റെ കയ്യിലുള്ള വടി നിലത്തിടുവാന്‍ അല്ലാഹു അദ്ദേഹത്തോട് പറഞ്ഞു. മൂസാ(അ) അക്ഷരം പ്രതി അനുസരിച്ചു. അപ്പോഴതാ അത് വലിയ ഒരു പാമ്പായി ഓടുന്നു. ഇതുവരെയും ഊന്നി നില്‍ക്കുവാനും ആടുകള്‍ക്ക് ഇല പൊഴിക്കുവാനുമെല്ലാം ആണ് ആ വടി ഉപയോഗിച്ചിരുന്നത്. എന്തായിരുന്നാലും അദ്ദേഹം അതിന് മുമ്പ് പല തവണ ആ വടി നിലത്ത് ഇട്ടിട്ടുണ്ടാകുമല്ലോ. അന്നൊന്നും ആ വടിയില്‍ യാതൊരു അത്ഭുതവും അദ്ദേഹം കണ്ടിട്ടില്ല. ഇപ്പോഴിതാ, നിലത്തിട്ടപ്പോള്‍ വലിയ പാമ്പായി ഓടുന്നു. ഇതു കണ്ട മൂസാ(അ) നന്നായി പേടിച്ചു. ആ ഭാഗം സൂറത്തുല്‍ ക്വസ്വസ്വില്‍ അല്ലാഹു ഇപ്രകാരം വിവരിക്കുന്നു:

”നീ നിന്റെ വടി താഴെയിടൂ! എന്നിട്ടത് ഒരു സര്‍പ്പമെന്നോണം പിടയുന്നത് കണ്ടപ്പോള്‍ അദ്ദേഹം പിന്നാക്കം തിരിഞ്ഞോടി. അദ്ദേഹം തിരിഞ്ഞ് നോക്കിയത് പോലുമില്ല. അല്ലാഹു പറഞ്ഞു: മൂസാ! നീ മുന്നോട്ട് വരിക. പേടിക്കേണ്ട. തീര്‍ച്ചയായും നീ സുരക്ഷിതരുടെ കൂട്ടത്തിലാകുന്നു” (ക്വുര്‍ആന്‍ 28:31).

വടി നിലത്തിട്ടപ്പോള്‍ പാമ്പായി മാറി. ഇത് കണ്ട മൂസാ(അ) നന്നായി പേടിച്ചു. കാരണം ഇത് അപ്രതീക്ഷിതവും അസാധാരണവുമാണ്. പേടിക്കേണ്ടതില്ലെന്നും അതിനെ നീ പിടിക്കണമെന്നും നാം അതിനെ പൂര്‍വ സ്ഥിതിയിലേക്ക് തന്നെ മാറ്റുന്നതാണെന്നും പറഞ്ഞ് അല്ലാഹു അദ്ദേഹത്തെ സമാധാനിപ്പിച്ചു.

പ്രവാചകന്മാരും ഔലിയാക്കളും സദാസമയം മറഞ്ഞ കാര്യങ്ങള്‍ അറിയുന്നവരാണെന്ന് വിശ്വസിക്കുന്നവരുണ്ട്. മറഞ്ഞ കാര്യങ്ങള്‍ അല്ലാഹുവിന് മാത്രമെ അറിയൂ എന്ന വിശ്വാസത്തില്‍ സൃഷ്ടികളെ പങ്കു ചേര്‍ക്കലാണിത്. മൂസാ നബി(അ)യുടെ ഈ സംഭവം ഒന്ന് ശ്രദ്ധിക്കൂ. അദ്ദേഹത്തിന്  മറഞ്ഞ കാര്യം അറിയുമായിരുന്നുവെങ്കില്‍ പേടിക്കേണ്ട വല്ല കാര്യവും ഉണ്ടോ. അദ്ദേഹത്തിന് അടുത്ത നിമിഷം എന്താണ് സംഭവിക്കുക എന്ന് അറിയാത്തതിനാലാണല്ലോ ഇങ്ങനെ അദ്ദേഹം പേടിച്ചത്. മറഞ്ഞകാര്യം അല്ലാഹുവിനല്ലാതെ അറിയില്ലെന്ന വിശ്വാസത്തിനാണ് ഇതെല്ലാം തെളിവ്. 

ഫിര്‍ഔന്‍ അടക്കമുള്ളവരിലേക്കാണല്ലോ മൂസാ(അ) പ്രവാചകനായി അയക്കപ്പെടുന്നത്. ധിക്കാരിയും അഹങ്കാരിയും ആയ ഫിര്‍ഔനിന്റെ മുന്നിലേക്കാണ് അദ്ദേഹത്തിന് പോകാനുള്ളത്. മൂസാ(അ) അങ്ങോട്ട് പോകുന്നതിന് മുമ്പായി അദ്ദേഹത്തിലൂടെ അല്ലാഹു പ്രകടിപ്പിക്കുന്ന മുഅ്ജിസതുകളില്‍ ഒന്നായ, അദ്ദേഹത്തിന്റെ കയ്യിലുള്ള വടി നിലത്തിട്ടാല്‍ പാമ്പാകുക എന്നത് ആദ്യം കാണിച്ചു കൊടുത്തു. പിന്നെയും അല്ലാഹു അദ്ദേഹത്തിന് ചില മുഅ്ജിസതുകള്‍ കാണിച്ചു കൊടുത്തു.

”നീ നിന്റെ കൈ കുപ്പായമാറിലേക്ക് പ്രവേശിപ്പിക്കുക. യാതൊരു കെടുതിയും കൂടാതെ വെളുത്തതായി അതുപുറത്ത് വരുന്നതാണ്. ഭയത്തില്‍ നിന്ന് മോചനത്തിനായ് നിന്റെ  പാര്‍ശ്വഭാഗം നീ ശരീരത്തിലേക്ക് ചേര്‍ത്ത്  പിടിക്കുകയും ചെയ്യുക. അങ്ങനെ അത് രണ്ടും ഫിര്‍ഔനിന്റെയും അവന്റെ പ്രമുഖന്മാരുടെയും അടുത്തേക്ക് നിന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള രണ്ടു തെളിവുകളാകുന്നു. തീര്‍ച്ചയായും അവര്‍ ധിക്കാരികളായ ഒരു ജനതയായിരിക്കുന്നു” (ക്വുര്‍ആന്‍ 28:32).

മൂസാ(അ)നോട് തന്റെ വലതുകൈ ഇടത് കൈയുടെ കക്ഷത്തേക്ക് പ്രവേശിക്കുവാന്‍ പറഞ്ഞു. എന്നിട്ട് കൈ അവിടെ നിന്നും എടുത്താല്‍ നല്ല വെള്ള നിറത്തില്‍ ശോഭ പരത്തുന്നതാണ്. നേരത്തെ മൂസാ(അ) നന്നായി പേടിച്ചിരുന്നല്ലോ. അതിനാല്‍ കൈകള്‍ ശരീരത്തിലേക്ക് ചേര്‍ത്ത് പിടിക്കുവാന്‍ പറഞ്ഞു. അപ്പോള്‍ പേടി നീങ്ങുന്നതാണ്. മൂസാ(അ) അപ്രകാരം ചെയ്തു. ഭയം നീങ്ങുകയും ചെയ്തു. (ഇത് വിവരിക്കുന്നിടത്ത് മഹാന്മാരായ പണ്ഡിതന്മാര്‍ പേടിയുള്ള സന്ദര്‍ഭത്തില്‍ കൈകള്‍ ശരീരത്തിലേക്ക് ചേര്‍ത്ത് വെച്ച് പ്രാര്‍ഥിച്ചാല്‍ അല്‍പം ആശ്വാസം ലഭിക്കുമെന്ന് പറഞ്ഞതായി കാണാന്‍ കഴിയും). വടിയിലൂടെയുള്ള ദൃഷ്ടാന്തവും കയ്യിലൂടെയുള്ള ദൃഷ്ടാന്തവും ഫിര്‍ഔനിന്റെയും അവന്റെ പ്രമാണിമാരുടെയും അടുത്തേക്ക് പോകുന്നതിന് മുമ്പായി അല്ലാഹു മൂസാനബി(അ)ക്ക് കാണിച്ചു കൊടുത്തു. ശേഷം അല്ലാഹു ഇപ്രകാരം കല്‍പിച്ചു:

”നീ ഫിര്‍ഔനിന്റെ അടുത്തേക്ക് പോകുക. തീര്‍ച്ചയായും അവന്‍ അതിക്രമകാരിയായിരിക്കുന്നു ” (ക്വുര്‍ആന്‍ 20:24).

വലിയ ഒരു ഉത്തരവാദിത്തമാണ് അല്ലാഹു മൂസാനബി(അ)യെ ഏല്‍പിക്കുന്നത്. ഫിര്‍ഔനിന്റെ അടുത്തേക്ക് പോകണം; അവന്‍ കടുത്ത ധിക്കാരിയാണെന്ന് അല്ലാഹു തന്നെ മൂസാനബി(അ)യെ അറിയിക്കുകയും ചെയ്തു.

ധിക്കാരിയായ ഫിര്‍ഔനിന്റെ ചെയ്തികള്‍ ക്വുര്‍ആന്‍ തന്നെ പലയിടങ്ങളിലും വിവരിച്ചിട്ടുണ്ട്. അഹങ്കാരിയായ അവന്‍ തന്റെ അധികാരത്തിന്റെ ശക്തി പ്രയോഗിച്ച് കടുത്ത സ്വേഛാധിപത്യം വ്യാപിപ്പിച്ചു. കിരാതമായ പല നിയമങ്ങളും നാട്ടില്‍ നടപ്പില്‍ വരുത്തി. പാവങ്ങളായ ഇസ്‌റാഈല്യരെ അടിമകളാക്കി വെച്ച് പീഡിപ്പിച്ചു. അവസാനം നിങ്ങള്‍ക്കുള്ള ആരാധ്യനും ഞാന്‍ തന്നെയെന്ന് വരെ പ്രഖ്യാപിച്ചു. ഫിര്‍ഔന്‍ താന്‍ ആരാധ്യനാണെന്ന് സ്വയം പ്രഖ്യാപിച്ച് ജനങ്ങളോട് പറഞ്ഞത് അല്ലാഹു ഇപ്രകാരം നമ്മെ അറിയിക്കുന്നു:

”അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: ഞാനല്ലാത്ത വല്ല ദൈവത്തേയും നീ സ്വീകരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും നിന്നെ ഞാന്‍ തടവുകാരുടെ കൂട്ടത്തിലാക്കുന്നതാണ്” (ക്വുര്‍ആന്‍ 26:29).

”ഫിര്‍ഔന്‍ പറഞ്ഞു: പ്രമുഖന്‍മാരേ, ഞാനല്ലാതെ യാതൊരു ദൈവവും നിങ്ങള്‍ക്കുള്ളതായി ഞാന്‍ അറിഞ്ഞിട്ടില്ല” (ക്വുര്‍ആന്‍ 28:38)

”ഞാന്‍ നിങ്ങളുടെ അത്യുന്നതനായ രക്ഷിതാവാകുന്നു എന്ന് അവന്‍ പറഞ്ഞു” (ക്വുര്‍ആന്‍ 79:24).

താന്‍ റബ്ബാണെന്നും ആരാധ്യനാണെന്നുമാണ് ഫിര്‍ഔന്‍ വാദിക്കുന്നത്. തന്റെ സ്വേഛാധിപത്യത്തിലൂടെ അവന്‍ ജനങ്ങളെ അവനെ ആരാധിക്കുന്നവരാക്കി മാറ്റുകയും ചെയ്തു.

ഇബാദത്ത്, റബ്ബ് എന്നീ പദങ്ങള്‍ ചേര്‍ന്നുവന്നത് ക്വുര്‍ആനിലെ പല വചനങ്ങളിലും നമുക്ക് കാണാം. ഉദാഹരണം സുറതുല്‍ ബക്വറഃ ഇരുപത്തി ഒന്നാമത്തെ സൂക്തം. അതില്‍ ‘നിങ്ങള്‍ നിങ്ങളുടെ റബ്ബിനെ ആരാധിക്കുക’ എന്നാണ് പറയുന്നത്. മുഅവ്വിദതയ്‌നി (അഭയം തേടുന്ന രണ്ട് സൂറത്തുകള്‍) എന്ന് അറിയപ്പെടുന്ന സൂറതുല്‍ ഫലക്വ്, സൂറതുന്നാസ് എന്നിവയുടെ ആരംഭം ‘റബ്ബിനോട് ഞാന്‍ അഭയം തേടുന്നു’ എന്നാണ്. 

മറ്റുള്ളവര്‍ പറയുന്നതെല്ലാം കേള്‍ക്കുവാന്‍ സന്നദ്ധത കാണിക്കുന്നവനല്ല ഫിര്‍ഔന്‍; നിഷ്പക്ഷ മനോഭാവമുള്ളവനുമല്ല. ഒരു സാധാരണക്കാരന്റെ അടുത്തേക്ക് സംസാരിക്കാന്‍ ചെല്ലുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥയല്ല അഹങ്കാരിയും സ്വേഛാധിപതിയുമായ ഒരാളുടെ അടുത്തേക്ക് പോകുമ്പോള്‍ ഉണ്ടാകുക. ചെല്ലുന്നവരുടെ മനസ്സില്‍ പേടിയും ആധിയും ഉണ്ടാകുക സ്വാഭാവികം. 

അല്ലാഹുവിന്റെ കല്‍പന പ്രകാരം മൂസാ(അ) ഫിര്‍ഔനിന്റെ അടുത്തേക്ക് പോകുകയാണ്. അല്ലാഹു തന്നില്‍ ഏല്‍പിച്ച ദൗത്യം ഭാരിച്ചതാണെന്ന് മൂസാ(അ)ന് നല്ല ബോധ്യമുണ്ടായിരുന്നു. താന്‍ പോകാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത് എന്ത് നെറികേടും ചെയ്യാന്‍ മുതിരുന്ന ഒരു ധിക്കാരിയുടെ അടുക്കലേക്കാണ്. തനിക്ക് ഇഷ്ടമില്ലാത്തത് പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നവരെ വെച്ചുപൊറുപ്പിക്കാത്തവനാണവന്‍. അവന്റെ അടുത്തേക്ക് അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്ന സന്ദേശവുമായി ചെന്നാല്‍ അവന്‍ എതിര്‍ക്കുമെന്നത് തീര്‍ച്ചയാണല്ലോ. ആയതിനാല്‍ മാനസികമായ ധൈര്യവും ശാരീരികമായ ആരോഗ്യവും അത്യാവശ്യമാണ്. അത് ലഭിക്കേണ്ടത് അല്ലാഹുവില്‍ നിന്നാണല്ലോ. അതിനായി മൂസാ(അ) അല്ലാഹുവിനോട് പ്രാര്‍ഥിച്ചു: 

”അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, നീ എനിക്ക് ഹൃദയവിശാലത നല്‍കേണമേ.എനിക്ക് എന്റെ കാര്യം നീ എളുപ്പമാക്കിത്തരേണമേ. എന്റെ നാവില്‍ നിന്ന് നീ കെട്ടഴിച്ച് തരേണമേ. ജനങ്ങള്‍ എന്റെ സംസാരം മനസ്സിലാക്കേണ്ടതിന്. എന്റെ കുടുംബത്തില്‍ നിന്ന് എനിക്ക് ഒരു സഹായിയെ നീ ഏര്‍പെടുത്തുകയും ചെയ്യേണമേ. അതായത് എന്റെ സഹോദരന്‍ ഹാറൂനെ. അവന്‍ മുഖേന എന്റെ ശക്തി നീ ദൃഢമാക്കുകയും എന്റെ കാര്യത്തില്‍ അവനെ നീ പങ്കാളിയാക്കുകയും ചെയ്യേണമേ. ഞങ്ങള്‍ ധാരാളമായി നിന്റെ പരിശുദ്ധിയെ വാഴ്ത്തുവാനും ധാരാളമായി നിന്നെ ഞങ്ങള്‍ സ്മരിക്കുവാനും വേണ്ടി” (ക്വുര്‍ആന്‍ 20:2534).

ഫിര്‍ഔനിന്റെയും അവന്റെ ആളുകളുടെയും ചെയ്തികള്‍ ശരിക്കും അറിയുന്ന ആളാണല്ലോ മൂസാ(അ). അവന്റെ അടുത്ത് പോയി പറയാനുള്ളതാകട്ടെ, അവന്‍ സ്വയം വാദിക്കുന്നതിനെ തകര്‍ത്ത് കളയുന്ന സൃഷ്ടിപൂജക്കെതിരെയുള്ള കാര്യങ്ങളും. സ്രഷ്ടാവായ റബ്ബിലേക്ക് ക്ഷണിക്കുമ്പോള്‍ അവനില്‍ നിന്ന് എന്ത് പ്രതികരണവും പ്രതീക്ഷിക്കേണ്ടി വരുമല്ലോ. അതിനാല്‍ മൂസാ(അ) അല്ലാഹുവിനോട് പ്രാര്‍ഥിക്കുമ്പോള്‍ ആദ്യം ചോദിക്കുന്നത് ഹൃദയ വിശാലതയാണ്. പ്രബോധിതരുടെ ഭാഗത്ത് നിന്നും പ്രബോധകന് ഇഷ്ടമില്ലാത്തതോ വിഷമം ഉണ്ടാക്കുന്നതോ ആയ വാക്കുകളോ പ്രവര്‍ത്തികളോ നേരിട്ടേക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍ അക്ഷമ കാണിക്കുന്നത് ശരിയല്ലല്ലോ. നല്ല ക്ഷമ ആവശ്യമായി വരുന്ന സന്ദര്‍ഭമാണത്. ക്ഷമയും സ്ഥൈര്യവും കിട്ടുവാന്‍ അല്ലാഹുവിനോട് ചോദിക്കുകയും വേണം. അതാണ് മൂസാ(അ) ചോദിച്ചത്.

പ്രബോധിത സമൂഹത്തില്‍ നിന്നും പരിഹാസമോ ഒറ്റപ്പെടുത്തലുകളോ ബഹിഷ്‌കരണങ്ങളോ പീഡനങ്ങളോ ഭീഷണികളോ ഉണ്ടാകുമ്പോഴേക്കും പുറകോട്ട് പോകുന്ന മനസ്സായിരുന്നില്ല പ്രവാചകന്മാരുടെത്. അവര്‍ എല്ലാം സഹിച്ചു. സമൂഹം രക്ഷപ്പെടണം എന്ന് അതിയായി കൊതിച്ചു. അതിന് പരിഹാസമോ ഒറ്റപ്പെടുത്തലുകളോ ബഹിഷ്‌കരണങ്ങളോ പീഡനങ്ങളോ ഭീഷണികളോ അവര്‍ക്ക് തടസ്സമായിട്ടില്ല. മൂഹമ്മദ് നബി ﷺ ക്ക് അല്ലാഹു നല്‍കിയ ചില അനുഗ്രഹങ്ങളെ എടുത്ത് പറയുന്ന കൂട്ടത്തില്‍ അല്ലാഹു ആദ്യം തന്നെ പറയുന്നത് കാണുക:

”നിനക്ക് നിന്റെ ഹൃദയം നാം വിശാലതയുള്ളതാക്കി തന്നില്ലേ?” (ക്വുര്‍ആന്‍ 94:1).

മൂസാ(അ) ധിക്കാരിയായ ഫിര്‍ഔനിന്റെ അടുത്തേക്ക് പോകുമ്പോള്‍ ഹൃദയ വിശാലതക്ക് വേണ്ടി പ്രാര്‍ഥിക്കുന്നതിന്റെ പൊരുള്‍ മനസ്സിലായല്ലോ. 

പിന്നീട് അദ്ദേഹം തേടുന്നത് ‘എനിക്ക് എന്റെ കാര്യം നീ എളുപ്പമാക്കിത്തരേണമേ’ എന്നാണ്. പ്രബോധന പ്രവര്‍ത്തനത്തില്‍ വിജയം കൈവരിക്കുവാന്‍ ആവശ്യമായ എന്തെല്ലാം ഉണ്ടോ അതെല്ലാം എളുപ്പമാകണം. അതുപോലെ താന്‍ പറയുന്നത് കേള്‍ക്കുന്നവര്‍ക്ക് ഗ്രഹിക്കാന്‍ കഴിയണമെങ്കില്‍ സംസാര വൈഭവം വേണം. തപ്പിപ്പിഴ ഉണ്ടാകുവാന്‍ പാടില്ല. അതിനാല്‍ മൂസാ(അ) അല്ലാഹുവിനോട് അതിനായി പ്രാര്‍ഥിച്ചു. മൂസാ(അ) മദ്‌യനിലേക്ക് വരുന്നതിന് മുമ്പ് ജീവിച്ചിരുന്നത് ഈജിപ്തിലായിരുന്നുവല്ലോ. പിന്നീട് മദ്‌യനിലെത്തി. അവിടെ കുറെ കാലം താമസിച്ചു. സ്വദേശത്ത് നിന്ന് വിദേശത്തേക്ക് മാറിയപ്പോള്‍ സ്വദേശത്തെ സംസാരഭാഷ കൈകാര്യം ചെയ്യേണ്ട ഒരു സാഹചര്യം മൂസാനബി(അ)ക്ക് ഉണ്ടായതുമില്ല.ഇന്നത്തെ പോലെ അന്ന് മീഡിയകളൊന്നും ഇല്ലല്ലോ പരസ്പരം ബന്ധപ്പെടുവാന്‍. കുറെ കൊല്ലം മദ് യനില്‍ താമസിച്ചതിനാല്‍ പഴയ ഭാഷ സംസാരിക്കുമ്പോള്‍ വിഷമം അനുഭവപ്പെടുക സ്വാഭാവികമാണല്ലോ. അങ്ങനെയുള്ള ഒരവസ്ഥയിലാണ് ഫിര്‍ഔനിന്റെ അടുത്തേക്ക് മൂസാ(അ) പോകുന്നത്. അപ്പോള്‍ ഫിര്‍ഔനടക്കം ഉള്ളവരോട് സംസാരിക്കുമ്പോള്‍ ഇതൊരു തടസ്സമാകുമോ എന്നൊരു മാനസിക പ്രയാസം മൂസാനബി(അ)ക്ക് ഉണ്ട്. അതിനാല്‍ ആ പ്രയാസം നീങ്ങിക്കിട്ടുവാനാണ് ഇപ്രകാരം പ്രാര്‍ഥിച്ചത്.  

മൂസാനബി(അ)ക്ക് സംസാരത്തിന്റെ വൈഭവത്തില്‍ അല്‍പം കുറവുണ്ടായിരുന്നതായി ചില റിപ്പോര്‍ട്ടുകളിലെല്ലാം വന്നിട്ടുണ്ട്. അതിനുള്ള കാരണം പല രൂപത്തില്‍ പറയുന്നതും കാണാം. മൂസാ(അ) കുഞ്ഞായിരിക്കെ ഫിര്‍ഔനിന്റെ കൊട്ടാരത്തിലാണല്ലോ വളര്‍ന്നിരുന്നത്. അങ്ങനെ ഫിര്‍ഔനിന്റെ മടിത്തട്ടില്‍ കളിച്ച് വളരുമ്പോള്‍ ഫിര്‍ഔനിന്റെ മുഖത്ത് ഒരു അടി കൊടുത്തു പോലും. അപ്പോള്‍ ഫിര്‍ഔനിന് ദേഷ്യം വന്നു. അങ്ങനെ കുഞ്ഞിനെ കൊന്നു കളയാന്‍ ഫിര്‍ഔന്‍ ഒരുങ്ങി. അപ്പോള്‍ ഫിര്‍ഔനിന്റെ ഭാര്യ ഇടപെട്ടു. കുഞ്ഞല്ലേ, വിവരം ഇല്ലല്ലോ. ക്ഷമിക്കണം എന്നെല്ലാം പറഞ്ഞു. അപ്പോള്‍ ഫിര്‍ഔന്‍ അതിനെ എതിര്‍ത്തു. കുഞ്ഞിന് വിവരം ഉണ്ടോ ഇല്ലേ എന്ന് പരീക്ഷിക്കുന്നതിനായി ഭാര്യ ഒരു കാര്യം ഫിര്‍ഔനിന്റെ മുന്നില്‍ വെച്ചു. അങ്ങനെ കുഞ്ഞിന് വിവരമുണ്ടോ എന്ന് തിരിച്ചറിയുവാന്‍ ഒരു പാത്രത്തില്‍ തീക്കട്ടയും വേറൊരു പാത്രത്തില്‍ കാരക്കയും വെച്ചു. കുട്ടി ഏതാണ് എടുക്കുക എന്ന് നോക്കി. കുഞ്ഞ് ആ തീക്കട്ട എടുത്തു വായിലിട്ടു. അങ്ങനെ നാവ് പൊള്ളി. അതുകാരണം, മൂസാ(അ)യുടെ നാവിന് ഒരു കൊഞ്ഞം വന്നു എന്നെല്ലാം പറയുന്ന ചില റിപ്പോര്‍ട്ടുകള്‍ കാണാം. എന്നാല്‍ ഇതൊന്നും കൃത്യമായ പരമ്പരയോടെ രേഖപ്പെടുത്താത്ത റിപ്പോര്‍ട്ടുകളാണെന്ന് നാം മനസ്സിലാക്കണം. ഇങ്ങനെ ചിലരെല്ലാം അഭിപ്രായം പറഞ്ഞിട്ടുണ്ട് എന്നതല്ലാതെ അതിനൊന്നും വ്യക്തമായ രേഖ ഇല്ല എന്നര്‍ഥം.

അഹങ്കാരിയും ധിക്കാരിയും ക്രൂരനുമായ ഫിര്‍ഔനിന്റെ അടുത്തേക്ക് പോകുമ്പോള്‍ ഭയം തോന്നുന്നത് സ്വാഭാവികം. പേടി വരുമ്പോള്‍ തന്നെ സംസാരിക്കുന്നതിന് ഒഴുക്ക് നഷ്ടപ്പെടുമല്ലോ. 

കൂടെ ഒരാള്‍ പിന്തുണക്കുവാനും സഹായിക്കുവാനും ഉണ്ടെങ്കില്‍ ദഅ്‌വത്തിന് ഒരു സൗകര്യമാകുമല്ലോ. അതിനാല്‍ സഹോദരനെ സഹായിയാക്കിത്തരുവാന്‍ അദ്ദേഹം അല്ലാഹുവിനോട് സഹായം തേടി. 

പ്രബോധന മാര്‍ഗത്തില്‍ വിയര്‍ക്കുന്നവര്‍ക്ക് അവരുടെ ജീവിതത്തില്‍ ലഭിക്കുന്ന നിര്‍വൃതി ചെറുതൊന്നുമല്ലല്ലോ. ഒരാള്‍ക്ക് നാം സത്യം എത്തിക്കുന്നു. അത് അദ്ദേഹം  സ്വീകരിക്കുകയും ചെയ്യുന്നു. എങ്കില്‍ നാം മനസ്സ് അറിഞ്ഞ് അല്ലാഹുവിനെ സ്തുതിക്കും. അയാള്‍ അത് സ്വീകരിക്കുവാന്‍ കൂട്ടാക്കാതെ പോയാലോ, നാം അല്ലാഹുവിനോട് അയാളുടെ ഹിദായത്തിന് വേണ്ടി ചോദിക്കും. അതോടൊപ്പം സത്യം എത്തിച്ച് കൊടുത്തല്ലോ എന്ന് ആശ്വസിക്കുകയും ചെയ്യും. അഥവാ പ്രാര്‍ഥനാനിര്‍ഭരമായ മനസ്സായിരിക്കും ഒരു പ്രബോധകന് എപ്പോഴും ഉണ്ടാകുക.

ഒരു വിശ്വാസി എപ്പോഴും അല്ലാഹുവിനെ ഓര്‍ക്കുന്നവനാകണം. അല്ലാഹു വിശ്വാസികളോട് അപ്രകാരം കല്‍പിക്കുകയും ചെയ്തിട്ടുണ്ട്.  അല്ലാഹുവിനെ ധാരാളം ഓര്‍ക്കുകയും അവനോട് പ്രാര്‍ഥിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു മനസ്സ് നമുക്ക് വേണം. അത് നമുക്ക് പ്രതിസന്ധികളില്‍  മുതല്‍ക്കൂട്ടാണ്. യൂനുസ്‌നബി(അ) എപ്പോഴും അല്ലാഹുവിനെ പ്രകീര്‍ത്തിച്ചിരുന്നു എന്ന് പ്രത്യേകം ക്വുര്‍ആന്‍ എടുത്ത് പറഞ്ഞിട്ടുള്ളതായി കാണാം. അത് അദ്ദേഹത്തിന്റെ പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുവാന്‍ ഒരു കാരണവുമായിട്ടുണ്ട്. അല്ലാഹുവിനെ ഓര്‍ക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്യുന്നവരെ അല്ലാഹു വിസ്മരിക്കുകയില്ല. 

അല്ലാഹുവിന്റെ ഇഷ്ടദാസന്മാരെ അല്ലാഹു കൈവിടില്ലല്ലോ. മൂസാ(അ) ആരുടെ അടുത്തേക്കാണ് പോകുന്നതെന്നും അതില്‍ അദ്ദേഹത്തിനുള്ള പ്രയാസവും എല്ലാം അല്ലാഹു നല്ല വണ്ണം കണ്ടറിയുന്നവനാണല്ലോ. അതും മൂസാ(അ) അല്ലാഹുവിനോട് പ്രാര്‍ഥിക്കുമ്പോള്‍ എടുത്തു പറയുന്നുണ്ട്.

”തീര്‍ച്ചയായും നീ ഞങ്ങളെപ്പറ്റി കണ്ടറിയുന്നവനാകുന്നു” (ക്വുര്‍ആന്‍ 20:35).

മൂസാനബി(അ)യുടെ പ്രാര്‍ഥന അല്ലാഹു കേട്ടു; ഉത്തരം നല്‍കി:

”അവന്‍ (അല്ലാഹു) പറഞ്ഞു: ഹേ; മൂസാ, നീ ചോദിച്ചത് നിനക്ക് നല്‍കപ്പെട്ടിരിക്കുന്നു” (ക്വുര്‍ആന്‍20:36).

പ്രവാചകന്മാര്‍ അല്ലാഹുവുമായി വിശ്വാസം കൊണ്ടും സല്‍കര്‍മങ്ങള്‍ കൊണ്ടും അടുത്തവരായിരുന്നു. അല്ലാഹു കല്‍പിച്ചതെല്ലാം ചെയ്യുന്നവരും വിരോധിച്ചതെല്ലാം വെടിയുന്നവരുമായിരുന്നു അവര്‍. അതിനാല്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ചപ്പോള്‍ അവര്‍ക്ക് ഉടനെ ഉത്തരം നല്‍കപ്പെട്ടു. പ്രബോധനമാര്‍ഗത്തില്‍ മുന്നേറുവാന്‍ ഉത്തരം ലഭിക്കല്‍ അവര്‍ക്ക് ആവശ്യവുമായിരുന്നു. 

അല്ലാഹു നിര്‍ബന്ധമാക്കിയിട്ടുള്ള കാര്യങ്ങള്‍ എല്ലാം നാം ശരിയാം വിധം അനുഷ്ഠിക്കുകവഴി അല്ലാഹുവിലേക്ക് നമുക്ക് അടുക്കുവാന്‍ സാധിക്കുന്നതാണ്. അല്ലാഹു വിരോധിച്ചിട്ടുള്ള കാര്യങ്ങളില്‍ നിന്ന് പരിപൂര്‍ണമായും വിട്ടുനിന്ന്, അഥവാ വല്ല ഹറാമും ചെയ്താല്‍ ഉടനെ അതില്‍ നിന്ന് മാറി, അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുക. നിര്‍ബന്ധ കാര്യങ്ങള്‍ അനുഷ്ഠിക്കുന്നതിന് പുറമെ, ഐച്ഛികമായ (സുന്നത്തായ) കര്‍മങ്ങളും നാം  ചെയ്യണം. അതിലൂടെ അടിമക്ക് അല്ലാഹുവിലേക്ക് കൂടുതല്‍ കൂടുതല്‍ അടുക്കുവാന്‍ സാധിക്കുന്നതാണ്. അങ്ങനെ അടുത്താല്‍ ‘അവന്റെ കണ്ണും കാതും കൈയും കാലും ഞാനായിത്തീരുമെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ടല്ലോ. അഥവാ ആ കണ്ണ് അല്ലാഹുവിന് ഇഷ്ടമുള്ളതേ കാണൂ. അല്ലാഹുവിന് ഇഷ്ടമുള്ള മാര്‍ഗത്തിലേ ആ കണ്ണ് പിന്നെ അടിമ ഉപയോഗപ്പെടുത്തൂ. ആ കാത് അല്ലാഹുവിന് ഇഷ്ടമുള്ളതേ കേള്‍ക്കൂ, അല്ലാഹുവിന് ഇഷ്ടമുള്ള മാര്‍ഗത്തിലേ ആ കാത് ഉപയോഗപ്പെടുത്തൂ. ആ കൈകൊണ്ട് അല്ലാഹുവിന് ഇഷ്ടമുള്ളതേ ചെയ്യൂ, അല്ലാഹുവിന് ഇഷ്ടമുള്ള മാര്‍ഗത്തിലേ ആ കൈ ഉപയോഗപ്പെടുത്തൂ. ആ കാല് അല്ലാഹുവിന് ഇഷ്ടമുള്ളിടത്തേക്കേ നടക്കൂ, അല്ലാഹുവിന് ഇഷ്ടമുള്ള മാര്‍ഗത്തിലേക്കേ ആ കാല് ഉപയോഗപ്പെടുത്തൂ. അങ്ങനെ അല്ലാഹുവിലേക്ക് അടുക്കുന്ന ഒരു അടിമ അല്ലാഹുവിനോട് വല്ലതും ചോദിച്ചാല്‍ അല്ലാഹു അത് നല്‍കുന്നതാണ്. ആ അടിമ  അല്ലാഹുവിനോട് കാവല്‍ തേടിയാല്‍ കാവല്‍ നല്‍കുന്നതാണ്. ഇത് അല്ലാഹു നമ്മെ അറിയിച്ചിട്ടുള്ള സുവിശേഷമാണ്. ഈ കാര്യം നാം ഗൗരവത്തില്‍ ചിന്തിക്കേണ്ടതുണ്ട്. അഥവാ ഞാനും എന്റെ റബ്ബും തമ്മിലുള്ള ബന്ധം എത്രയുണ്ടെന്ന് നാം സ്വയം വിലയിരുത്തേണ്ടതുണ്ട്.

ഏത് കാര്യത്തിന് നാം ഇറങ്ങുമ്പോഴും അല്ലാഹുവിനോട് പ്രാര്‍ഥിച്ച് ഇറങ്ങണം എന്ന ഒരു പാഠവും ഈ ചരിത്രം നമുക്ക് നല്‍കുന്നുണ്ട്. അല്ലെങ്കിലും ഏത് കാര്യത്തിനാണ് നമുക്ക് പ്രാര്‍ഥനയും ദിക്‌റും പഠിപ്പിക്കപ്പെടാതെ പോയിട്ടുള്ളത്! ഏതൊരു കാര്യം അല്ലാഹുവിന്റെ നാമത്താല്‍ നാം തുടങ്ങുന്നില്ലയോ, അതില്‍ അല്ലാഹുവിന്റെ ബറകത്ത് ഉണ്ടാകില്ലെന്ന് നബി ﷺ നമ്മെ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

മൂസാ നബി (അ) – 05​

മൂസാ നബി (അ) - 05

മൂസാ നബി (അ) ത്വുവാ താഴ്‌വരയില്‍

മകളുടെ അഭിപ്രായം കേട്ട പിതാവ് മൂസാ(അ)യോട് പറഞ്ഞു: ”…നീ എട്ടു വര്‍ഷം എനിക്ക് കൂലിവേല ചെയ്യണം എന്ന വ്യവസ്ഥയില്‍ എന്റെ ഈ രണ്ടു പെണ്‍മക്കളില്‍ ഒരാളെ നിനക്ക് വിവാഹം ചെയ്തു തരാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു. ഇനി പത്തുവര്‍ഷം നീ പൂര്‍ത്തിയാക്കുകയാണെങ്കില്‍ അത് നിന്റെ ഇഷ്ടം. നിനക്ക് പ്രയാസമുണ്ടാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം നല്ല നിലയില്‍ വര്‍ത്തിക്കുന്നവരില്‍ ഒരാളായി നിനക്ക് എന്നെ കാണാം. അദ്ദേഹം (മൂസാ) പറഞ്ഞു; ഞാനും താങ്കളും തമ്മിലുള്ള നിശ്ചയം അതു തന്നെ. ഈ രണ്ട് അവധികളില്‍ ഏത് ഞാന്‍ നിറവേറ്റിയാലും എന്നോട് വിരോധമുണ്ടാകരുത്. നാം പറയുന്നതിന് അല്ലാഹു സാക്ഷിയാകുന്നു” (ക്വുര്‍ആന്‍ 28:27,28).

ഇങ്ങനെയൊരു കരാര്‍ നല്ലവനായ ആ പിതാവും മൂസാ(അ)യും തമ്മില്‍ നടന്നു. പറഞ്ഞതുപോലെ എട്ടു വര്‍ഷമോ പത്തുവര്‍ഷമോ പൂര്‍ത്തിയാക്കുമെന്ന് മൂസാ(അ) സമ്മതിച്ചു. എട്ടുവര്‍ഷമാണെങ്കില്‍ വിരോധമുണ്ടാകരുതെന്ന് അദ്ദേഹം അപേക്ഷിക്കുകയും ചെയ്തു. 

നബി ﷺ ക്ക് പത്ത് വര്‍ഷത്തോളം സേവനം ചെയ്ത അനസ്(റ), നബി ﷺ യെക്കുറിച്ച് പറയുന്നത് കാണുക: ”ഞാന്‍ അല്ലാഹുവിന്റെ റസൂലിന് പത്ത് വര്‍ഷം സേവനം ചെയ്തു. അല്ലാഹുവാണെ സത്യം, ഛെ! എന്നൊരു വാക്കുപോലും എന്നോട് അവിടുന്ന് പറഞ്ഞിട്ടില്ല. ഒരു കാര്യത്തെക്കുറിച്ചും എന്തിന് അപ്രകാരം ചെയ്തു എന്നോ, നിനക്ക് ഇങ്ങനെ ചെയ്തുകൂടായിരുന്നോ എന്നോ എന്നോട് അവിടുന്ന് പറഞ്ഞിട്ടില്ല” (മുസ്‌ലിം).

തൊഴിലാളിയെ ബുദ്ധിമുട്ടിക്കുവാന്‍ പാടില്ല. വാക്ക് കൊടുത്താല്‍ പാലിക്കണം. കൂലി തൊഴിലാളിയുടെ അവകാശമാണ്. ജോലി കഴിഞ്ഞാല്‍ തൊഴിലാളിയുടെ അവകാശം നല്‍കണം. 

ഞാന്‍ നിന്നെ നിനക്ക് കഴിയാത്ത ഒരു പണി ഏല്‍പിച്ച് പ്രയാസപ്പെടുത്തില്ലെന്നും, നല്ല നിലയ്‌ക്കേ നിന്നോട് ഞാന്‍ വര്‍ത്തിക്കുകയുള്ളൂവെന്നും, കരാര്‍ പാലിക്കുന്നതിലൂടെയും സത്യസന്ധത പുലര്‍ത്തുന്നതിലൂടെയും അല്ലാഹു ഉദ്ദേശിച്ചാല്‍ എന്നെ സദ്‌വൃത്തനായി നിനക്ക് കാണാം എന്നും ആ പിതാവ് മൂസാ(അ)യോട് പറഞ്ഞു. അല്ലാഹുവിനെ സാക്ഷിയാക്കി മൂസാ(അ) ആ കരാര്‍ സമ്മതിച്ചു.

ഒരു പിതാവിന് ഒരാളോട് എന്റെ മകളെ വിവാഹം ചെയ്യുമോ എന്ന് ചോദിക്കുന്നതില്‍ വിരോധമില്ല. ഇവിടെ പിതാവ് മൂസാ(അ)യോട് അദ്ദേഹത്തിന്റെ മകളെ വിവാഹം കഴിക്കുന്ന കാര്യം അങ്ങോട്ട് പറഞ്ഞതാണല്ലോ. മൂസാ(അ) പിതാവിനോട് ആവശ്യപ്പെട്ടതല്ല. 

വിവാഹം സാധുവാകണമെങ്കില്‍ മഹ്ര്‍ നിര്‍ബന്ധമാണ്. മഹ്‌റായി ആഭരണം തന്നെ ആകണം എന്ന് വിചാരിക്കുന്നവരും ഉണ്ട്. അതും ശരിയല്ല. മൂല്യമുള്ള എന്തും മഹ്‌റായി നിശ്ചയിക്കാം. ഇവിടെ പിതാവ് മൂസാ(അ)യോട് മഹ്‌റായി ആവശ്യപ്പെട്ടത് കൂലി വേലയാണ്. വേറെ ഒന്നും നല്‍കാന്‍  അദ്ദേഹത്തിന് കഴിയില്ലെന്ന് ആ പിതാവിനും അറിയാം. എന്നാല്‍ മൂസാ(അ) നല്ല ആരോഗ്യമുള്ള വ്യക്തിയാണെന്ന് അദ്ദേഹത്തിന് മനസ്സിലായിട്ടുമുണ്ട്. ആയതിനാല്‍ കൂലിവേലയാണ് മഹ്‌റായി നിശ്ചയിക്കപ്പെട്ടത്. ആഭരണം തന്നെ മഹ്‌റായാലേ ആ വിവാഹം സാധുവാകുകയുള്ളൂവെന്ന് ആരും മനസ്സിലാക്കരുത്. ഒരു ദിവസം നബി ﷺ യുടെ മുന്നില്‍ ഒരു സ്വഹാബി ഇരിക്കുകയാണ്. ആ സമയം ഒരു സ്ത്രീ വന്ന് നബി ﷺ യോട് അവളെ വിവാഹം ചെയ്യാന്‍ ആവശ്യപ്പെട്ടു. നബി ﷺ  അല്‍പ സമയം ആലോചിച്ചു. എന്നിട്ട് നബി ﷺ  പറഞ്ഞു: ‘ഇപ്പോള്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.’ ഇത് കേട്ട് നില്‍ക്കുന്ന ഒരു സ്വഹാബി നബി ﷺ യോട് ‘എനിക്ക് വിവാഹം ചെയ്തു തരുമോ?’ എന്ന് ചോദിച്ചു. നബി ﷺ  ചോദിച്ചു: ‘നിന്റെ കയ്യില്‍ (മഹ്‌റായി) എന്താണ് ഉള്ളത്?’ അദ്ദേഹം പറഞ്ഞു: ‘എന്റെ കയ്യില്‍ ഒന്നുമില്ല.’ നബി ﷺ  പറഞ്ഞു: ‘വീട്ടില്‍ പോയി വല്ലതും കിട്ടുമോ എന്ന് ഒന്ന് പരതി നോക്കൂ.’ അദ്ദേഹം വീട്ടില്‍ പോയി നോക്കി. ഒന്നും കിട്ടിയില്ല. അപ്പോള്‍ നബി ﷺ  ചോദിച്ചു: ‘നിന്റെ പക്കല്‍ ഒരു ഇരുമ്പിന്റെ മോതിരമുണ്ടോ?’ അദ്ദേഹം പറഞ്ഞു:  ‘അതും ഇല്ല.’ നബി ﷺ  ചോദിച്ചു: ‘നിനക്ക് ക്വുര്‍ആനില്‍ എത്ര മനഃപാഠമുണ്ട്?’ അദ്ദേഹം പറഞ്ഞു:  ‘എനിക്ക് ഇന്നയിന്ന സൂറത്തൊക്കെ മനഃപാഠമുണ്ട്.’ നബി ﷺ  പറഞ്ഞു: ‘എങ്കില്‍ അത് അവളെ പഠിപ്പിക്കുക എന്നത് മഹ്‌റായി നിശ്ചയിച്ച് ഞാന്‍ നിനക്ക് അവളെ വിവാഹം ചെയ്തു തരാം.’ 

എത്ര കൊല്ലമാണ് മൂസാ(അ) അവിടെ കഴിച്ചുകൂട്ടിയത്? താബിഉകളില്‍ പെട്ട സഈദ്ബ്‌നു ജുബയ്ര്‍(റ) പറയുകയാണ്: ”ഞങ്ങളില്‍ ക്വുര്‍ആനിനെ പറ്റി ഏറ്റവും കൂടുതല്‍ അവഗാഹത്തോടെ മനസ്സിലാക്കിയ ആളായിരുന്നു അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ). ഞാന്‍ ഇബ്‌നു അബ്ബാസ്(റ)വിനോട് മൂസാ(അ) അവിടെ എത്ര വര്‍ഷം ജോലി ചെയ്തു എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലായ മൂസാ(അ) പത്ത് വര്‍ഷം പൂര്‍ണമായും അവിടെ കഴിച്ചു കൂട്ടി.”

മഹ്‌റായി നിശ്ചയിച്ച അത്രയും കൊല്ലം അവിടെ കഴിച്ചു കൂട്ടിയതിന് ശേഷം അദ്ദേഹം തന്റെ കുടുംബത്തെയും കൂട്ടി സ്വദേശമായ ഈജിപ്തിലേക്ക് തന്നെ മടങ്ങാന്‍ തീരുമാനിച്ചു.

”അങ്ങനെ മൂസാ ആ അവധി നിറവേറ്റുകയും, തന്റെ കുടുംബവും കൊണ്ട് യാത്രപോകുകയും ചെയ്തപ്പോള്‍ പര്‍വതത്തിന്റെ ഭാഗത്ത് നിന്ന് അദ്ദേഹം ഒരു തീ കണ്ടു. അദ്ദേഹം തന്റെ  കുടുംബത്തോട് പറഞ്ഞു: നിങ്ങള്‍ നില്‍ക്കൂ. ഞാനൊരു തീ കണ്ടിരിക്കുന്നു. അവിടെ നിന്ന് വല്ല വിവരമോ, അല്ലെങ്കില്‍ ഒരു തീക്കൊള്ളിയോ ഞാന്‍ നിങ്ങള്‍ക്ക് കൊണ്ടുവന്ന് തന്നേക്കാം. നിങ്ങള്‍ക്ക് തീക്കായാമല്ലോ” (ക്വുര്‍ആന്‍ 28:29).

ഈ സംഭവം സൂറഃ ത്വാഹയില്‍ നമുക്ക് ഇപ്രകാരം വായിക്കാം: ”മൂസായുടെ വര്‍ത്തമാനം നിനക്ക് വന്നുകിട്ടിയോ? അതായത് അദ്ദേഹം ഒരു തീ കണ്ട സന്ദര്‍ഭം. അപ്പോള്‍ തന്റെ കുടുംബത്തോട് അദ്ദേഹം പറഞ്ഞു: നിങ്ങള്‍ നില്‍ക്കൂ; ഞാന്‍ ഒരു തീ കണ്ടിരിക്കുന്നു. ഞാന്‍ അതില്‍ നിന്ന് കത്തിച്ചെടുത്തുകൊണ്ട് നിങ്ങളുടെ അടുത്ത് വന്നേക്കാം. അല്ലെങ്കില്‍ തീയുടെ അടുത്ത് വല്ല വഴികാട്ടിയെയും ഞാന്‍ കണ്ടേക്കും” (ക്വുര്‍ആന്‍ 20:9,10).

വാസ്തവത്തില്‍ മൂസാ(അ) കണ്ടത് തീ ആയിരുന്നില്ല. അദ്ദേഹത്തിന് അങ്ങനെ തോന്നിയതിനാലാണ് അല്ലാഹു അതിനെ തീ എന്ന് പറഞ്ഞത്. 

മദ്‌യനില്‍ നിന്നും ഈജിപ്തിലേക്ക പോകുമ്പോള്‍ വഴിതെറ്റിയിരുന്നുവെന്ന് വിശദീകരണങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു. നല്ല തണുപ്പുള്ള കാലാവസ്ഥയിലായിരുന്നു ആ യാത്ര എന്നും ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

അതിശൈത്യ സമയത്തുള്ള ഈ യാത്ര തുടരുമ്പോഴാണ് അങ്ങകലെ മൂസാ(അ) ആ തീ കാണുന്നത്. ‘ഞാന്‍ ഒരു തീ കണ്ടിരിക്കുന്നു’ എന്ന് പറഞ്ഞതില്‍ നിന്നും ആ തീ കൂടെയുള്ളവര്‍ കണ്ടിട്ടില്ല എന്ന്  നമുക്ക് മനസ്സിലാക്കാം. 

‘അവിടെ ചെന്നാല്‍ ആ തീയുടെ അടുത്ത് ആരെയെങ്കിലും കാണാന്‍ കഴിഞ്ഞേക്കും. അവരോട് വഴി ചോദിച്ചറിയാം. അല്ലെങ്കില്‍ അവിടെ നിന്നും ഒരു തീക്കൊള്ളിയെങ്കിലും കിട്ടിയേക്കും. അതുകൊണ്ട്   ഈ തണുപ്പില്‍ നിന്ന് ആശ്വാസം ലഭിക്കുവാനായി തീക്കായാം’ എന്നെല്ലാം കുടുംബത്തോട് പറഞ്ഞ് അവരെ അവിടെ നിര്‍ത്തി മൂസാ(അ) ആ തീ കാണുന്ന ഭാഗത്തേക്ക് നടന്നു.

”അങ്ങനെ അദ്ദേഹം അതിന്നടുത്ത് ചെന്നപ്പോള്‍ അനുഗൃഹീതമായ പ്രദേശത്തുള്ള താഴ്‌വരയുടെ വലതുഭാഗത്ത് നിന്ന്, ഒരു വൃക്ഷത്തില്‍ നിന്ന് അദ്ദേഹത്തോട് വിളിച്ചുപറയപ്പെട്ടു: ഹേ; മൂസാ, തീര്‍ച്ച യായും ഞാനാകുന്നു ലോകരക്ഷിതാവായ അല്ലാഹു” (ക്വുര്‍ആന്‍ 28:30).

മുഹമ്മദ് നബി ﷺ  ഈ സംഭവത്തിന് സാക്ഷിയായിട്ടില്ലല്ലോ. പിന്നെ എങ്ങനെ കഴിഞ്ഞുപോയ ഈ ചരിത്രം അദ്ദേഹം അറിഞ്ഞു? അല്ലാഹു പറയുന്നു: 

”(നബിയേ,) മൂസായ്ക്ക് നാം കല്‍പന ഏല്‍പിച്ച് കൊടുത്ത സമയത്ത് ആ പടിഞ്ഞാറെ മലയുടെ പാര്‍ശ്വത്തില്‍ നീ ഉണ്ടായിരുന്നില്ല. (ആ സംഭവത്തിന്) സാക്ഷ്യംവഹിച്ചവരുടെ കൂട്ടത്തില്‍ നീ ഉണ്ടായിരുന്നതുമില്ല. പക്ഷേ, നാം (പിന്നീട്) പല തലമുറകളെയും വളര്‍ത്തിയെടുത്തു. അങ്ങനെ അവരിലൂടെ യുഗങ്ങള്‍ ദീര്‍ഘിച്ചു. മദ്‌യന്‍കാര്‍ക്ക്  നമ്മുടെ ദൃഷ്ടാന്തങ്ങള്‍ ഓതിക്കേള്‍പിച്ചു കൊടുത്തു കൊണ്ട് നീ അവര്‍ക്കിടയില്‍ താമസിച്ചിരുന്നില്ല. പക്ഷേ, നാം ദൂതന്മാരെ നിയോഗിക്കുന്നവനായിരിക്കുന്നു. നാം (മൂസായെ) വിളിച്ച സമയത്ത് ആ പര്‍വതത്തിന്റെ പാര്‍ശ്വത്തില്‍ നീ ഉണ്ടായിരുന്നുമില്ല. പക്ഷേ, നിന്റെ  രക്ഷിതാവിങ്കല്‍ നിന്നുള്ള കാരുണ്യത്താല്‍ (ഇതെല്ലാം അറിയിച്ച് തരികയാകുന്നു.) നിനക്ക് മുമ്പ് ഒരു താക്കീതുകാരനും വന്നിട്ടില്ലാത്ത ഒരു ജനതയ്ക്ക് നീ താക്കീത് നല്‍കുവാന്‍ വേണ്ടിയത്രെ ഇത്. അവര്‍ ആലോചിച്ച് മനസ്സിലാക്കിയേക്കാം” (ക്വുര്‍ആന്‍ 28:44-46).

ചില പിഴച്ച സ്വൂഫീ ചിന്താഗതിക്കാര്‍ക്ക് ഈ കാര്യങ്ങള്‍ ക്വുര്‍ആന്‍ പറഞ്ഞ പ്രകാരം ഉള്‍ക്കൊള്ളുവാന്‍ സാധിച്ചിട്ടില്ല. അവര്‍ വിശ്വസിക്കുന്നത് നബി ﷺ  മുന്‍ പ്രവാചകന്മാരുടെ കൂടെ ഉണ്ടായതിനാലാണ് അദ്ദേഹത്തിന് അവരുടെ ജീവിതത്തെക്കുറിച്ച് അറിയാന്‍ കഴിഞ്ഞത് എന്നാണ്. അല്ലാഹുവില്‍ അഭയം!

നബി ﷺ ക്ക് ശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞ് ജനിച്ച ശൈഖ് ജീലാനിയെക്കുറിച്ച് നമ്മുടെ നാട്ടില്‍ പലരും വിശ്വസിക്കുന്നത് അദ്ദേഹം നൂഹ്‌നബി(അ)യുടെ കൂടെ കപ്പലിലും, ഇബ്‌റാഹീം നബി(അ)യെ തീയിലിട്ടപ്പോള്‍ അവിടെയും കൂടെ ഉണ്ടായിരുന്നുവെന്നാണ്! അത്തരം വികല വിശ്വാസങ്ങള്‍ സമൂഹത്തില്‍ പടര്‍ത്താന്‍ കെട്ടിയുണ്ടാക്കിയ ക്ഷുദ്ര കൃതികള്‍ മലയാളമണ്ണിലുണ്ട്. 

അല്ലാഹു തുടരുന്നു: ”അങ്ങനെ അദ്ദേഹം അതിനടുത്ത് ചെന്നപ്പോള്‍ (ഇപ്രകാരം) വിളിച്ചുപറയപ്പെട്ടു: ഹേ; മൂസാ! തീര്‍ച്ചയായും ഞാനാണ് നിന്റെ രക്ഷിതാവ്. അതിനാല്‍ നീ നിന്റെ ചെരിപ്പുകള്‍ അഴിച്ച് വെക്കുക. നീ ത്വുവാ എന്ന പരിശുദ്ധ താഴ്‌വരയിലാകുന്നു. ഞാന്‍ നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു. അതിനാല്‍ ബോധനം നല്‍കപ്പെടുന്നത് നീ ശ്രദ്ധിച്ച് കേട്ടുകൊള്ളുക. തീര്‍ച്ചയയായും ഞാനാകുന്നു അല്ലാഹു. ഞാനല്ലാതെ ഒരു ദൈവവുമില്ല. അതിനാല്‍ എന്നെ നീ ആരാധിക്കുകയും എന്നെ ഓര്‍മിക്കുന്നതിനായി നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക. തീര്‍ച്ചയായും അന്ത്യസമയം വരിക തന്നെ ചെയ്യും. ഓരോ വ്യക്തിക്കും താന്‍ പ്രയത്‌നിക്കുന്നതിനനുസൃതമായി പ്രതിഫലം നല്‍കപ്പെടാന്‍ വേണ്ടി ഞാനത് ഗോപ്യമാക്കി വെച്ചേക്കാം.ആകയാല്‍ അതില്‍ (അന്ത്യസമയത്തില്‍) വിശ്വസിക്കാതിരിക്കുകയും തന്നിഷ്ടത്തെ പിന്‍പറ്റുകയും ചെയ്തവര്‍ അതില്‍ (വിശ്വസിക്കുന്നതില്‍) നിന്ന് നിന്നെ തടയാതിരിക്കട്ടെ. അങ്ങനെ സംഭവിക്കുന്ന പക്ഷം നീയും നാശമടയുന്നതാണ്” (ക്വുര്‍ആന്‍ 20:11-16).

ഭൂമിയില്‍ വെച്ച് അല്ലാഹു നേരിട്ട് സംസാരിച്ച ഒരു വ്യക്തിയാണ് മൂസാനബി(അ). ആ പവിത്രമായ  താഴ്‌വരയില്‍ വെച്ച് അല്ലാഹു അദ്ദേഹത്തെ പ്രവാചകനായി നിശ്ചയിക്കുകയാണ്. അക്കാര്യം അല്ലാഹു അദ്ദേഹത്തെ നേരിട്ട് അറിയിക്കുകയും ചെയ്തു. വഹ്‌യ് അഥവാ ദിവ്യബോധനം നല്‍കപ്പെടുമ്പോള്‍ ആദ്യമായി മൂസാനബി(അ)ക്ക്അല്ലാഹു നല്‍കിയ വഹ്‌യ് എന്തായിരുന്നു? ‘തീര്‍ച്ചയായും ഞാനാകുന്നു അല്ലാഹു. ഞാനല്ലാതെ ഒരു ദൈവവുമില്ല’ എന്നത് തന്നെ. അഥവാ തൗഹീദ് തന്നെ. എല്ലാ നബിമാര്‍ക്കും നല്‍കിയ അടിസ്ഥാന വിഷയമായ തൗഹീദില്‍ മൂസാനബി(അ)ക്ക് ദിവ്യസന്ദേശം ലഭിച്ചുതുടങ്ങി എന്ന് സാരം.  

ഇസ്‌ലാം കാര്യങ്ങള്‍ അഞ്ചാണല്ലോ. ഒന്നാമത്തേത് സാക്ഷ്യവചനവും രണ്ടാമത്തേത് നമസ്‌കാരവും. ഇബാദത്തുകളുടെ കൂട്ടത്തില്‍ അതിപ്രാധാന്യമുള്ള ഒരു അനുഷ്ഠാനമാണ് നമസ്‌കാരം.

മൂസാനബി(അ)യോടും അല്ലാഹുവിന്റെ ഏകത്വത്തെ ഊന്നിപ്പറഞ്ഞ ശേഷം പറയുന്നത് നമസ്‌കാരത്തെക്കുറിച്ചാണ്. നമസ്‌കാരം എന്ന മഹത്തായ കര്‍മത്തിന്റെ പ്രാധാന്യം ഈ സന്ദര്‍ഭവും നമ്മെ അറിയിക്കുന്നുണ്ട്. അല്ലാഹു മൂസാനബി(അ)യോട് നേരിട്ടു പറഞ്ഞ അടിസ്ഥാന കാര്യങ്ങളില്‍ നമസ്‌കാരവും ഉള്‍പെട്ടിട്ടുണ്ട് എന്നത് നമ്മെ ചിന്തിപ്പിക്കേണ്ടുണ്ട്. ഇത്ര പ്രാധാന്യമുള്ള കര്‍മം അനുഷ്ഠിക്കുന്നതില്‍ നാം എത്ര ശ്രദ്ധയും സൂക്ഷ്മതയും കാണിക്കാറുണ്ടെന്നത് നാം ആലോചിക്കേണ്ടതുണ്ട്. 

നമസ്‌കാരം മുഹമ്മദ് നബി ﷺ യുടെ സമുദായത്തിന് മാത്രം അല്ലാഹു നിശ്ചയിച്ചിട്ടുള്ള ഒരു അനുഷ്ഠാനമല്ല. മുന്‍ സമുദായങ്ങളിലും അത് ഉണ്ടായിരുന്നു എന്ന് വ്യക്തം. ഇബ്‌റാഹീം നബി(അ)യുടെ ചരിത്രം വിവരിച്ചപ്പോള്‍ അദ്ദേഹം നടത്തിയ പ്രാര്‍ഥന നാം കണ്ടതാണല്ലോ. എന്നാല്‍ മുന്‍പ്രവാചകന്മാരിലൂടെ നിര്‍ബന്ധമാക്കപ്പെട്ട നമസ്‌കാരവും ഇന്നത്തെ നമസ്‌കാരവും ഒരുപോലെയായിരുന്നില്ല. അന്നത്തെ നമസ്‌കാരത്തിന്റെ രീതിയിലും ഭാവത്തിലും സമയത്തിലുമെല്ലാം വ്യത്യാസമുണ്ടായിരുന്നു. അല്ലാഹുവിന് വേണ്ടി സമയ ബന്ധിതമായി ആരാധന നിര്‍വഹിക്കുവാന്‍ നമുക്ക് മുമ്പുള്ള സമുദായക്കാരും കല്‍പിക്കപ്പെട്ടിട്ടുണ്ടാകും. അല്ലാഹുവാണ് ഏറ്റവും കൂടുതല്‍ അറിയുന്നവന്‍.

നമസ്‌കാരം അല്ലാഹുവിനെ ഓര്‍ക്കുന്നതിന് വേണ്ടിയാകണം എന്നാണല്ലോ മൂസാ(അ)യോട് അല്ലാഹു പറയുന്നത്. നമസ്‌കാരം അല്ലാഹു നിശ്ചയിച്ച സമയങ്ങളില്‍ കൃത്യമായ നിലക്ക് നിര്‍വഹിക്കുന്നുവെങ്കില്‍ ജീവിതം മുഴുക്കെ അല്ലാഹുവിനെ സംബന്ധിച്ചുള്ള ഓര്‍മ നിലനിര്‍ത്താന്‍ അത് സഹായകമാകും. നീചപ്രവര്‍ത്തനങ്ങളില്‍ നിന്ന് അത് നമ്മെ തടയുകയും ചെയ്യും. 

അന്ത്യദിനത്തെ സംബന്ധിച്ചും അല്ലാഹു മൂസാ(അ)യോട് ആ പരിശുദ്ധമായ താഴ്‌വരയില്‍ വെച്ച് സംസാരിച്ചു. അന്ത്യസമയം എപ്പോഴാണ് സംഭവിക്കുക എന്നത് അല്ലാഹു ഒരാളെയും അറിയിച്ചിട്ടില്ല. അല്ലാഹുവിന്റെ അടുക്കലാണ് അന്ത്യസമയത്തെ കുറിച്ചുള്ള അറിവ്. മുഹമ്മദ് നബി ﷺ ക്ക് പോലും അത് അറിയില്ല. ഓരോരുത്തരുടെയും മരണം അവന്റെ അന്ത്യ സമയമാണ്. അതും ആര്‍ക്കും അല്ലാഹു അറിയിച്ച് തന്നിട്ടില്ല. 

മരണത്തിന് മുമ്പായി അധ്വാനിച്ചാല്‍ അതിന്റെ ഗുണം നമുക്ക് തന്നെയാണ്. ഇങ്ങനെ ഒരു ജീവിതവും മരണവും അല്ലാഹു നമ്മില്‍ നിശ്ചയിച്ചത് തന്നെ ആരാണ് നമ്മില്‍ നന്നായി കര്‍മം ചെയ്യുന്നതെന്ന് പരീക്ഷിക്കുവാനാണല്ലോ.

അല്ലാഹുവില്‍ വിശ്വാസമില്ലാത്തവര്‍ തന്നിഷ്ടങ്ങളെ പിന്‍പറ്റി ജീവിക്കുന്നത് കണ്ട്, അതില്‍ വിശ്വാസി വഞ്ചിതനാകരുത്. അല്ലാഹുവില്‍ വിശ്വാസമുള്ളവരുടെ ജീവിതരീതി അല്ലാഹു നല്‍കിയ മാര്‍ഗ ദര്‍ശനമനുസരിച്ചുള്ളതാണെങ്കില്‍ അല്ലാഹുവില്‍ വിശ്വാസമില്ലാത്തവരുടെ ജീവിതരീതി ദേഹേച്ഛക്കനുസൃതമായിരിക്കും. (തുടരും)

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

മൂസാ നബി (അ) – 04

മൂസാ നബി (അ) - 04

മദ്‌യനില്‍ എത്തുന്നു

”മദ്‌യനിലെ ജലാശയത്തിങ്കല്‍ അദ്ദേഹം ചെന്നെത്തിയപ്പോള്‍ ആടുകള്‍ക്ക് വെള്ളം കൊടുത്ത് കൊണ്ടിരിക്കുന്ന ഒരു കൂട്ടം ആളുകളെ അതിന്നടുത്ത് അദ്ദേഹം കണ്ടെത്തി. അവരുടെ ഇപ്പുറത്തായി (തങ്ങളുടെ ആട്ടിന്‍ പറ്റത്തെ) തടഞ്ഞു നിര്‍ത്തിക്കൊണ്ടിരിക്കുന്ന രണ്ട് സ്ത്രീകളെയും അദ്ദേഹം കണ്ടു. അദ്ദേഹം ചോദിച്ചു: എന്താണ് നിങ്ങളുടെ പ്രശ്‌നം? അവര്‍ പറഞ്ഞു: ഇടയന്‍മാര്‍ (ആടുകള്‍ക്ക് വെള്ളം കൊടുത്ത്) തിരിച്ചു കൊണ്ടു പോകുന്നത് വരെ ഞങ്ങള്‍ക്ക് വെള്ളം കൊടുക്കാനാവില്ല. ഞങ്ങളുടെ പിതാവാകട്ടെ വലിയൊരു വൃദ്ധനുമാണ്. അങ്ങനെ അവര്‍ക്കു വേണ്ടി അദ്ദേഹം (അവരുടെ കാലികള്‍ക്ക്) വെള്ളം കൊടുത്തു. പിന്നീടദ്ദേഹം തണലിലേക്ക് മാറിയിരുന്നിട്ട് ഇപ്രകാരം പ്രാര്‍ഥിച്ചു: എന്റെ രക്ഷിതാവേ, നീ എനിക്ക് ഇറക്കിത്തരുന്ന ഏതൊരു നന്മയ്ക്കും ഞാന്‍ ആവശ്യക്കാരനാകുന്നു” (ക്വുര്‍ആന്‍ 28:23,24).

യാത്രയിലെ പ്രയാസങ്ങളെല്ലാം അനുഭവിച്ച് വളരെ സാഹസപ്പെട്ട് മൂസാ(അ) മദ്‌യനില്‍ എത്തി. അദ്ദേഹം അവിടെ കണ്ട ഒരു കാഴ്ചയിലൂടെയാണ് മൂസാ(അ)യുടെ മദ്‌യനിലെ ജീവിതത്തിന്റെ പ്രാരംഭത്തെ കുറിച്ച് ക്വുര്‍ആന്‍ നമുക്ക് പറഞ്ഞു തരുന്നത്.
ഒരു കിണറിന് സമീപം കുറെ പേര്‍ ആടുകളെ വെള്ളം കുടിപ്പിക്കുന്നതിനായി കൂട്ടം കൂടി നില്‍ക്കുന്നു. അവരുടെ തിക്കും തിരക്കിനുമിടയില്‍ തങ്ങളുടെ ആടുകളെ തടഞ്ഞുനിര്‍ത്തിക്കൊണ്ട് രണ്ടു സ്ത്രീകള്‍ അല്‍പം അകലെ മാറി നില്‍ക്കുന്നു. മല്ലന്മാരായ ആണുങ്ങള്‍ അവരുടെ സാമര്‍ഥ്യം കൊണ്ട് അവരുടെ ആടുകള്‍ക്ക് വെള്ളം കൊടുക്കുന്നു. 

മൂസാ(അ) അവരുടെ രണ്ട് പേരുടെയും അടുക്കല്‍ ചെന്ന്, ആടുകളെ വെള്ളം കൂടിപ്പിക്കാതെ മാറി നില്‍ക്കുവാനുള്ള കാരണം അന്വേഷിച്ചു. ഈ പുരുഷന്മാരായ ഇടയന്മാര്‍ അവരുടെ ആടുകളെ കുടിപ്പിച്ച് കഴിയാതെ ഞങ്ങള്‍ക്ക് ഞങ്ങളുടെ ആടുകളെ വെള്ളം കുടിപ്പിക്കാന്‍ കഴിയില്ല. ഈ മല്ലന്മാരായ ഇടയന്മാര്‍ക്കിടയില്‍ തിക്കും തിരക്കും കൂട്ടി ഞങ്ങളുടെ ആടുകളെ വെള്ളം കുടിപ്പിക്കാന്‍ ഞങ്ങള്‍ക്ക് തുണയായി ഒരു ആണും ഇല്ല. ഉള്ളത് വൃദ്ധനായ ഞങ്ങളുടെ പിതാവ് മാത്രമാണ്. അദ്ദേഹത്തിന് അതിന് കഴിയുകയുമില്ലല്ലോ. അതിനാലാണ് ഇവയെ തെളിച്ച് ഇങ്ങോട്ട് ഞങ്ങള്‍ വരുന്നത്.

മൂസാ(അ)ന് അവരുടെ സാഹചര്യം പിടികിട്ടി. പുരുഷന്മാര്‍ക്കിടയില്‍ കൂടിക്കലരാതെ അവര്‍ മാറി നില്‍ക്കുന്നതില്‍നിന്ന് നല്ല സംസ്‌കാരമുള്ള കുടുംബത്തിലെ പതിവ്രതകളാണ് അവരെന്നും അദ്ദേഹം മനസ്സിലാക്കി.

മൂസാ(അ) അവരെ സഹായിക്കാന്‍ തീരുമാനിച്ചു. അവിടെയുള്ള പുരുഷന്മാര്‍ക്കിടയില്‍ നിന്നും അവരുടെ ആടുകളെ വെള്ളം കുടിപ്പിച്ചു. മൂസാ(അ) അവരില്‍ നിന്ന് എന്തെങ്കിലും പ്രത്യുപകാരം കിട്ടും എന്ന് പ്രതീക്ഷിച്ചിട്ടല്ല അവരെ സഹായിക്കാന്‍ മുതിര്‍ന്നത്. 
നല്ല ചൂടുള്ള സമയമാണത്. മൂസാ(അ) അവരുടെ ആടുകളെ വെള്ളം കുടിപ്പിച്ചിട്ട് അവിടെ നിന്നും അല്‍പം മാറി ഒരു തണലില്‍ വിശ്രമിച്ചു. എന്നിട്ട് ഇപ്രകാരം അല്ലാഹുവിനോട് പ്രാര്‍ഥിച്ചു: ‘എന്റെ രക്ഷിതാവേ, നീ എനിക്ക് ഇറക്കിത്തരുന്ന ഏതൊരു നന്മയ്ക്കും ഞാന്‍ ആവശ്യക്കാരനാകുന്നു.’ 

മദ്‌യനില്‍ എല്ലാവരും തനിക്ക് അപരിചിതരാണ്. കൂട്ടു കുടുംബങ്ങളോ, പരിചയക്കാരോ അവിടെ ഇല്ല. അല്ലാഹു മാത്രമാണ് കാവല്‍. 
സഹായത്തിന് ആവശ്യക്കാരായിട്ടുള്ളവരെ  സഹായിക്കുന്നതില്‍ നാം അമാന്തം കാണിച്ചുകൂടാ. കണ്ടില്ലെന്ന് നടിക്കാന്‍ പാടില്ല. പരോപകാരം ചെയ്യുന്നവരെ അല്ലാഹുവിന് ഏറെ ഇഷ്ടമാണെന്ന കാര്യം നാം മറക്കരുത്.

ഇബ്‌നു ഉമര്‍(റ)വില്‍ നിന്ന് നിവേദനം: ഒരാള്‍ റസൂല്‍ﷺയുടെ അടുത്ത് വന്നു. എന്നിട്ട് അദ്ദേഹം ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, മനുഷ്യരില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടം ആരോടാണ്? അല്ലാഹുവിന്ഏറ്റവും ഇഷ്ടമുള്ള കര്‍മങ്ങള്‍ ഏതാണ്?’ അപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ﷺ പറഞ്ഞു: ‘മനുഷ്യര്‍ക്ക് നന്നായി ഉപകാരം ചെയ്യുന്നവനാണ് മനുഷ്യരില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടവന്‍. ഒരു മുസ്‌ലിമിനെ സന്തോഷത്തില്‍ പ്രവേശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് അല്ലാഹുവിലേക്ക് ഏറ്റവും ഇഷ്ടപ്പെട്ട കര്‍മങ്ങള്‍. അല്ലെങ്കില്‍ ഒരു മുസ്‌ലിമിന്റെ വിഷമങ്ങള്‍ നീക്കാന്‍ നീ ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് (അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട കര്‍മങ്ങള്‍). അല്ലെങ്കില്‍ അവന്റെ കടത്തില്‍ നിന്ന് (അവന് ആശ്വാസം നല്‍കുന്ന വല്ല) പ്രവര്‍ത്തനങ്ങളും ചെയ്യുന്നതാണ് (അല്ലാഹുവിലേക്ക് ഏറ്റവും ഇഷ്ടപ്പെട്ട കര്‍മങ്ങള്‍). അല്ലെങ്കില്‍ അവന്റെ വിശപ്പ് അകറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതാണ് (അല്ലാഹുവിലേക്ക് ഏറ്റവും ഇഷ്ടപ്പെട്ട കര്‍മങ്ങള്‍).’ (എന്നിട്ട് നബിﷺ ഇപ്രകാരം പറഞ്ഞു:) ‘ഒരു സഹോദരന്റെ ആവശ്യത്തിനായി, ഈ മസ്ജിദുന്നബവിയില്‍ ഒരു മാസം ഞാന്‍ ഭജനമിരിക്കുന്നതിനെക്കാളും അവന്റെ കൂടെ ഞാന്‍ നടക്കലാണ് എനിക്ക് ഏറ്റവും ഇഷ്ടം. ആരെങ്കിലും അവനോടുള്ള ദേഷ്യം അടക്കിപ്പിടിച്ചാല്‍ അല്ലാഹു അവന്റെ സ്വകാര്യതകളും മറച്ചു വെക്കുന്നതാണ്.

‘ആരെങ്കിലും തന്റെ സഹോദരന്റെ കൂടെ അവന്റെ ഒരു ആവശ്യം സുസ്ഥിരപ്പെടുത്തുന്നതിന് നടന്നാല്‍ സ്വിറാത്തില്‍ കാലിടറുന്ന ദിവസം അല്ലാഹു അവന്റെ പാദങ്ങളെ ഉറപ്പിച്ചു നിര്‍ത്തുന്നതാണ്”(ത്വബ്‌റാനി). മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെയാണ്: ‘ആരെങ്കിലും തന്റെ സഹോദരന്റെ കൂടെ അവന്റെ ഒരു ആവശ്യം സുസ്ഥിരപ്പെടുത്തുന്നത് വരെ നടന്നാല്‍ കാലുകള്‍ക്ക് ഇടര്‍ച്ച സംഭവിക്കുന്ന ദിവസം അല്ലാഹു അവന്റെ പാദങ്ങളെ ഉറപ്പിച്ചു നിര്‍ത്തുന്നതാണ്” (ത്വബ്‌റാനി).

അപരനെ സഹായിക്കുന്നതിന്റെ മഹത്ത്വം എത്ര വലുതാണെന്ന് ഈ നബി വചനങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. അപരനെ സഹായിക്കാത്തവനെ മത നിഷേധിയായിട്ടാണ് സൂറത്തുല്‍ മാഊനിലൂടെ അല്ലാഹു പരിചയപ്പെടുത്തുന്നത്.
അപരനെ സഹായിക്കണം. സഹായിക്കുന്നതാകട്ടെ, സഹായിക്കപ്പെടുന്നവരില്‍ നിന്നും യാതൊന്നും മോഹിച്ച് കൊണ്ട് ആകുകയും ചെയ്യരുത്. അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ള പ്രതിഫലം മാത്രം മോഹിച്ചിട്ടായിരിക്കണം അതിന് നാം തുനിയേണ്ടത്. 
അക്ഷമയുടെയോ, നിരാശയുടെയോ കണിക പോലുമില്ലാതെ ആത്മാര്‍ഥമായുള്ള മൂസാ(അ)യുടെ പ്രാര്‍ഥനക്ക് അല്ലാഹു ഉത്തരം നല്‍കി. അല്ലാഹു പറയുന്നു:

”അപ്പോള്‍ ആ രണ്ട് സ്ത്രീകളില്‍ ഒരാള്‍ നാണിച്ചു കൊണ്ട് അദ്ദേഹത്തിന്റെ അടുത്ത് നടന്നു ചെന്നിട്ട് പറഞ്ഞു: താങ്കള്‍ ഞങ്ങള്‍ക്കു വേണ്ടി (ആടുകള്‍ക്ക്) വെള്ളം കൊടുത്തതിനുള്ള പ്രതിഫലം താങ്കള്‍ക്ക്  നല്‍കുവാനായി എന്റെ പിതാവ് താങ്കളെ വിളിക്കുന്നു. അങ്ങനെ മൂസാ അദ്ദേഹത്തിന്റെ അടുത്ത് ചെന്നിട്ട് തന്റെ കഥ അദ്ദേഹത്തിന് വിവരിച്ചുകൊടുത്തപ്പോള്‍ അദ്ദേഹം പറഞ്ഞു: ഭയപ്പെടേണ്ട. അക്രമികളായ ആ ജനതയില്‍ നിന്ന് നീ രക്ഷപ്പെട്ടിരിക്കുന്നു” (ക്വുര്‍ആന്‍ 28:25). 

ആ സ്ത്രീയുടെ ലജ്ജ ക്വുര്‍ആന്‍ ഇവിടെ പ്രത്യേകം എടുത്തു പറഞ്ഞത് ശ്രദ്ധിക്കേണ്ടതുണ്ട്. ലജ്ജ ഈമാനിന്റെ ഭാഗമാണല്ലോ. നന്മകള്‍ ചെയ്യുന്നതില്‍ ലജ്ജ പാടില്ല. തിന്മകളില്‍ നിന്നും അകറ്റുന്നതുമാകണം അത്. അപ്പോഴേ അത് വിശ്വാസത്തിന്റെ ഭാഗമാകൂ. മതകാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കുന്നതിലോ, മതകാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിലോ ലജ്ജ ഉണ്ടാകുവാന്‍ പാടില്ല.

സ്വന്തം മക്കള്‍ ആടുകളെ വെള്ളം കുടിപ്പിക്കാന്‍ പ്രയാസപ്പെട്ട് നില്‍ക്കുമ്പോള്‍ ആത്മാര്‍ഥമായി സഹായിച്ച ആ ചെറുപ്പക്കാരന്‍ നല്ല വ്യക്തിയാണെന്ന് ആ പിതാവിനും മനസ്സിലായി. അങ്ങനെ മകളെ മൂസാ(അ)യുടെ അടുത്തേക്ക് വീട്ടിലേക്ക് ക്ഷണിക്കാനായി പറഞ്ഞു വിട്ടു.
ക്ഷണം സ്വീകരിച്ച് മൂസാ(അ) അവളുടെ കൂടെ അവളുടെ പിതാവിന്റെ അടുത്തേക്ക് പോകുകയാണ്. മൂസാ(അ) ആ സമയം അവളോട് പിന്നില്‍ നടക്കുവാനും തനിക്ക് വഴി നിര്‍ദേശിച്ച് തരുവാനും ആവശ്യപ്പെട്ടു. സ്ത്രീയുടെ പിന്നില്‍ പുരുഷന്‍ നടക്കുമ്പോള്‍ കാറ്റോ മറ്റോ ഉണ്ടാകുമ്പോള്‍ അവരുടെ നഗ്‌നത കാണുവാനോ സൗന്ദര്യത്തില്‍ ആകൃഷ്ടനാകുവനോ സാധ്യത കൂടുതലാണല്ലോ. ഈ സൂക്ഷ്മതയാകാം ഇത്തരം ഒരു നിര്‍ദേശം നല്‍കാന്‍ മൂസാ(അ)നെ പ്രേരിപ്പിച്ചത്.

മൂസാ(അ) ആ സ്ത്രീകളുടെ പിതാവിന്റെ അടുത്തെത്തി. ഈജിപ്തില്‍ നിന്നും മദ്‌യനില്‍ എത്തുവാനുള്ള കാരണങ്ങളെല്ലാം മൂസാ(അ) അദ്ദേഹത്തിന് പറഞ്ഞു കൊടുത്തു. മൂസാ(അ)യുടെ വിവരണമെല്ലാം ആ പിതാവ് കേട്ടു. നല്ല വാക്ക് പറഞ്ഞ് ആശ്വാസം പകര്‍ന്നു. 
ആ മനുഷ്യന്‍ ആരായിരുന്നു എന്നതില്‍ ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍ ഉണ്ട്. ഒരു വിഭാഗം പറയുന്നത്, അത് മദ്‌യനിലേക്ക് അയക്കപ്പെട്ട ശുഐബ് നബി(അ) ആണെന്നാണ്. ഒരു വിഭാഗം അത് ശരിയല്ലെന്നാണ് പറയുന്നത്. ശുഐബ് നബി(അ)യും മൂസാ(അ)യും തമ്മില്‍ കുറെ തലമുറകളുടെ കാലവ്യത്യാസം ഉണ്ടെന്നതാണ് അവര്‍ ചൂണ്ടിക്കാണിക്കുന്ന കാരണം, ഇബ്‌റാഹീം നബി(അ)യുടെ കാലത്ത് ലൂത്വ്(അ)യും ഉണ്ട്. അദ്ദേഹത്തിന്റെ ജനത നശിപ്പിക്കപ്പെട്ടതിന് ശേഷം അതിന്റെ തൊട്ടടുത്ത പ്രദേശമായ മദ്‌യനിലേക്കാണ് ശുഐബ്(അ) നിയോഗിക്കപ്പെടുന്നത്. ശുഐബ്(അ)യില്‍ അവിശ്വസിച്ച ജനതയോട് ശുഐബ്(അ) സംസാരിക്കുമ്പോള്‍ അവരുടെ അടുത്ത നാട്ടുകാരും അവര്‍ക്ക് പരിചയക്കാരുമായ ലൂത്വ് നബി(അ)യുടെ ജനതയുടെ പര്യവസാനത്തെ കുറിച്ച് പറയുന്നുണ്ടല്ലോ. അപ്പോള്‍ ശുഐബ്(അ) ഇബ്‌റാഹീം നബി(അ)യുടെയും ലൂത്വ് നബി(അ)യുടെയും ഒക്കെ കാലത്തിനോട് അടുത്താണ് ജീവിച്ചിരുന്നത്. അതിനാല്‍ ഈ പിതാവ് ശൂഐബ്(അ) ആകുവാനുള്ള സാധ്യത ഇല്ല എന്നാണ് ഒരു വിഭാഗം പണ്ഡിതന്മാര്‍ പറയുന്നത്. വ്യക്തമായ പ്രമാണങ്ങള്‍ ഈ കാര്യത്തില്‍ വരാത്തതിനാല്‍ അത് ശുഐബ് നബി(അ) ആണെന്നോ അല്ലെന്നോ പറയേണ്ടതില്ല. ഈ അഭിപ്രായമാണ് ഇബ്‌നുജരീറിനുള്ളത്. മാത്രമല്ല, ശുഐബ് നബി(അ)യുടെ ജനത നശിപ്പിക്കപ്പെട്ടതിന് ശേഷം അവിടെ ഉണ്ടായിരുന്നത് അദ്ദേഹത്തില്‍ വിശ്വസിച്ചവര്‍ മാത്രമായിരുന്നുവല്ലോ. അങ്ങനെയുള്ള ആ വിശ്വാസികള്‍ അവരുടെ പ്രവാചകന്റെ മക്കളെ കഷ്ട്ടപ്പെടുത്തുമോ? ഇതെല്ലാം അത് ശുഐബ്(അ) അല്ല എന്നതിലേക്കാണ് ഊന്നല്‍ നല്‍കുന്നത്. അങ്ങനെയാണെങ്കില്‍ ശുഐബ് നബി(അ) പില്‍ക്കാലക്കാരില്‍ ഒരാള്‍ ആയിരുന്നു എന്നാണ് വരിക.

മൂസാ(അ)യും ആ രണ്ട് സ്ത്രീകളുടെ പിതാവും സംസാരിക്കുന്നതിനിടയില്‍ ഒരു സ്ത്രീ ഇപ്രകാരം പറഞ്ഞു:
”…എന്റെ പിതാവേ, ഇദ്ദേഹത്തെ താങ്കള്‍ കൂലിക്കാരനായി നിര്‍ത്തുക. തീര്‍ച്ചയായും താങ്കള്‍ കൂലിക്കാരായി എടുക്കുന്നവരില്‍ ഏറ്റവും ഉത്തമന്‍ ശക്തനും വിശ്വസ്തനുമായിട്ടുള്ളവനത്രെ” (ക്വുര്‍ആന്‍ 28:26).

മൂസാ(അ)ന് പ്രതിഫലം നല്‍കുന്നതിന് വേണ്ടിയാണല്ലോ അവരുടെ വീട്ടിലേക്ക് ക്ഷണിച്ചത്. മൂസാ(അ)യാണെങ്കില്‍ ആരാരും ഇല്ലാതെ ഒരു വിദേശിയുമാണ്. ജീവിത മാര്‍ഗത്തിന് ഒരു ജോലി കിട്ടിയാല്‍ തന്നെ ഒരു ആശ്വാസമാകുന്ന സമയമാണല്ലോ.
വലിയ മല്ലന്മാരുടെ ഇടയില്‍ നിന്ന് തങ്ങളുടെ ആടുകള്‍ക്ക് വെള്ളം നല്‍കിയതിലൂടെ അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയും വിവരങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴും വീട്ടിലേക്ക് നടന്ന് പോകുമ്പോഴും അദ്ദേഹം കാണിച്ച സൂക്ഷ്മതയും അവരില്‍ അദ്ദേഹത്തെ സംബന്ധിച്ച് മതിപ്പുളവാക്കി. പിതാവിനോട് ഇദ്ദേഹം എന്തുകൊണ്ടും നമുക്ക് അനുയോജ്യനാണെന്ന് അറിയിക്കുകയും ചെയ്തു.

തൊഴിലാളിയെ സ്വീകരിക്കുന്നവര്‍ തൊഴിലാളിയില്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ട രണ്ട് ഗുണങ്ങളാണ് തൊഴിലാളിയുടെ കഴിവും വിശ്വാസ്യതയും. കഴിവില്ലാത്ത തൊഴിലാളിയാണെങ്കില്‍ ഇരുവരുടെയും മനസ്സില്‍ വെറുപ്പുണ്ടാകും. മുതലാളിക്ക് താന്‍ കല്‍പിക്കുന്നത് ചെയ്യാത്തതിനാലുണ്ടാകുന്ന അമര്‍ഷവും തൊഴിലാളിക്ക് തനിക്ക് കഴിയാത്തത് ചെയ്യിപ്പിക്കുന്നതിലുള്ള അമര്‍ഷവും. ഇത് വലിയ അപകടം സൃഷ്ടിക്കുമെന്നത് പറയേണ്ടതില്ലല്ലോ. അതുപോലെ തന്നെയാണ് വിശ്വാസ്യത. പരസ്പര വിശ്വാസം ഉണ്ടെങ്കില്‍ സന്തോഷത്തോടെ അത് മുന്നോട്ട് പോകും.
 
 
ഹുസൈന്‍ സലഫി
നേർപഥം വാരിക

ഹദീസ് – 11

ഹദീസ് – 11

“ഒരാൾ മറ്റൊരാളുടെ ക്വബ്റിന്നരികിലൂടെ നടക്കുകയും, അപ്പോൾ അവന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ എന്ന് അയാൾ പറയുകയും ചെയ്യുന്നത് വരെ അന്ത്യദിനം സംഭവിക്കുകയില്ല.”(ബുഖാരി, മുസ്ലിം)

അബൂഹുറൈറഃ, (റ) നിവേദനം, നബി (സ) പറഞ്ഞു:

– ഹദീസ് റിപ്പോർട്ട് ചെയ്തത്: അബ്ദുറഹ്മാനു ബ്നു സ്വഖ്ർ അദ്ദൗസി അൽ യമാനി, മരണം ഹിജ്:57,
– അന്ത്യദിനത്തിന്റെ അടയാളങ്ങളിൽ പെട്ട ഒരു കാര്യമാണ് ഈ ഹദീസിൽ പഠിപ്പിക്കുന്നത്.
– അവസാന കാലഘട്ടങ്ങളിൽ നിരന്തര ഫിത്നകളും, പ്രയാസങ്ങളും കാണേണ്ടി വരും.
– ഒരു വിശ്വാസി എപ്പോഴും തന്റെ റബ്ബിനെ കണ്ടുമുട്ടാൻ തയ്യാറായിരിക്കണം, ഐഹിക ജീവിതത്തിൽ നിർഭയനായിരുന്നു കൂടാ, സഹിക്കാവുന്നതിലും അപ്പുറം പ്രതിസന്ധികൾ വരുമ്പോൾ ഉറച്ച് നിൽക്കാൻ അത് സഹായകമാകും.
– ഭൂരിഭാഗം ആളുകളും ക്വബ്ർ കാണുമ്പോൾ ഈ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ എന്ന് പറയുന്നത് മതകാര്യങ്ങളിൽ ഉള്ള ആശങ്ക കൊണ്ടായിരിക്കില്ല, മറിച്ച് പലരും അതാഗ്രഹിക്കുന്നത് പരീക്ഷണങ്ങളുടെ കടുപ്പം കൊണ്ടാണ്.
– ഫിത്നയുടെ കാലത്ത് ദീൻ നഷ്ടപ്പെടുമോ എന്ന് വിചാരിച്ച് മരണം ആഗ്രഹിക്കുന്ന കാര്യത്തെ കറിച്ചാണ് ഈ ഹദീസ് സൂചിപ്പിക്കുന്നത് എന്നും എല്ലാ ആളുകൾക്കും ഇത് ബാധകമല്ല എന്നും, നൻമയുടെ ആളുകൾക്ക് പ്രത്യേകമാണിതെന്നും മുഹദ്ദിസ് ആയ ഇബ്നു ബത്വാൽ (റ) പറഞ്ഞിട്ടുണ്ട്.
– മരണം കൊതിക്കാൻ പാടില്ല എന്ന ഹദീസിനോട് എതിരാകുന്നതല്ലേ ഈ ഹദീസ് എന്ന് ചോദിക്കപ്പെടാം. ഇബ്അബ്ദുൽ ബർറ് പറയുന്നു: “മരണം കൊതിക്കുന്നതിന്റെ വിലക്കിനോട് എതിരാകുന്നതല്ലെ (ഇത്) എന്ന് ചിലർ വിചാരിക്കും, അതങ്ങനെയല്ല, ശരീരത്തിന് ബാധിക്കു കുഴപ്പങ്ങൾക്കല്ല, മറിച്ച് മത കാര്യങ്ങളിൽ കുഴപ്പങ്ങളും, ദൗർബല്യങ്ങളും, അത് (മതം) നഷ്ടപ്പെടും എന്ന ഭയവും കൊണ്ട് ജനങ്ങൾക്ക് ഇറങ്ങുന്ന പരീക്ഷണത്തിന്റെ കാഠിന്യം നിമിത്തം കൊണ്ട് മാത്രമാണിത്.”
– മതത്തിൽ അത്രമാത്രം പ്രയാസമുണ്ടായാൽ മരണമാണ് നല്ലതെങ്കിൽ മരിപ്പിക്കണേ എന്ന് പറയാം എന്നും ഹദീസിൽ വന്നിട്ടുണ്ട്.

മൂസാ നബി (അ) – 03

മൂസാ നബി (അ) - 03

ഈജിപ്ത് വിടുന്നു

മൂസാ(അ) ഫിര്‍ഔനിന്റെ കൊട്ടാരത്തില്‍ വളര്‍ന്ന് വലുതായി. അങ്ങനെയിരിക്കെ ഈജിപ്ത് വിട്ട് മദ്‌യനിലേക്ക് അദ്ദേഹത്തിന് പലായനം ചെയ്യേണ്ടി വന്നു. അതിന്റെ സാഹചര്യമാണ് ഇനി  വിവരിക്കുന്നത്. ഒരു ദിവസം അദ്ദേഹം ഈജിപ്തിലെ ഒരു പട്ടണത്തിലേക്ക് ചെന്നു.  

”പട്ടണവാസികള്‍ അശ്രദ്ധരായിരുന്ന സമയത്ത് മൂസാ അവിടെ കടന്നുചെന്നു. അപ്പോള്‍ അവിടെ രണ്ടുപുരുഷന്മാര്‍ പരസ്പരം പൊരുതുന്നതായി അദ്ദേഹം കണ്ടു. ഒരാള്‍ തന്റെ കക്ഷിയില്‍ പെട്ടവന്‍. മറ്റൊരാള്‍ തന്റെ ശത്രുവിഭാഗത്തില്‍ പെട്ടവനും. അപ്പോള്‍ തന്റെ കക്ഷിയില്‍ പെട്ടവന്‍ തന്റെ ശത്രുവിഭാഗത്തില്‍ പെട്ടവന്നെതിരില്‍ അദ്ദേഹത്തോട് സഹായം തേടി. അപ്പോള്‍ മൂസാ അവനെ മുഷ്ടിചുരുട്ടി ഇടിച്ചു. അതവന്റെ കഥകഴിച്ചു. മൂസാ പറഞ്ഞു: ഇത് പിശാചിന്റെ പ്രവര്‍ത്തനത്തില്‍ പെട്ടതാകുന്നു. അവന്‍ വ്യക്തമായും വഴിപിഴപ്പിക്കുന്ന ശത്രു തന്നെയാകുന്നു” (ക്വുര്‍ആന്‍ 28:15).

മൂസാ(അ) കൊട്ടാരത്തില്‍ നിന്നും പുറത്തിറങ്ങി പട്ടണത്തില്‍ എത്തി. അപ്പോള്‍ അവിടെ രണ്ട് ആളുകള്‍ പരസ്പരം ശണ്ഠ കൂടുന്നത് അദ്ദേഹം കാണുകയുണ്ടായി. അതില്‍ ഒരാള്‍ മൂസാ(അ)യുടെ കക്ഷിയില്‍ പെട്ടവനും (ഇസ്‌റാഈല്യരില്‍ പെട്ടവന്‍), ഒരാള്‍ ശത്രുക്കളുടെ കൂട്ടത്തില്‍ (ക്വിബ്ത്വികളില്‍) പെട്ടവനുമായിരുന്നു.

ബനൂഇസ്‌റാഈല്യരെ ക്വിബ്ത്വികള്‍ കഠിനമായി ദ്രോഹിക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്ന കാലമായിരുന്നുവല്ലോ അത്. മൂസാ(അ)യുടെ കക്ഷിയില്‍ പെട്ടവന്‍ ശത്രുവിനെതിരില്‍ മൂസാ(അ)യോട് സഹായം (ഇസ്തിഗാസ) ചോദിച്ചു.

ക്വുര്‍ആന്‍ ഈ സംഭവം വിവരിക്കുന്നിടത്ത് മൂസാ(അ)യോട് അദ്ദേഹത്തിന്റെ കക്ഷിയില്‍ പെട്ടവന്‍ സഹായം ചോദിച്ചു എന്ന് പറയുന്നതിന് പ്രയോഗിച്ചത് ‘ഇസ്തിഗാസ’ എന്ന പദമാണ്.

അല്ലാഹുവിന് പുറമെ മരണപ്പെട്ട മഹാത്മാക്കളോടു പ്രാര്‍ഥിക്കുന്നവര്‍ അവരുടെ പ്രാര്‍ഥനയെ ഇസ്തിഗാസ എന്ന് പേരു നല്‍കി ന്യായീകരണം നല്‍കുന്നത് കാണാറുണ്ടല്ലോ. ക്വുര്‍ആനും സുന്നത്തും പരിശോധിച്ചാല്‍ ഇസ്തിഗാസയുടെ രണ്ട് വിധം നമുക്ക് കാണാം. ഒന്ന് പ്രാര്‍ഥനയായതും മറ്റൊന്ന് പ്രാര്‍ഥനയല്ലാത്തതും.

ബദ്ര്‍ യുദ്ധത്തില്‍ നബിﷺയും വിശ്വാസികളും അല്ലാഹുവിനോട് നടത്തിയ പ്രാര്‍ഥനയെ കുറിച്ച് ക്വുര്‍ആന്‍ പ്രയോഗിച്ചത് ‘ഇസ്തിഗാസ’ എന്നാണ്. ഈ ഇസ്തിഗാസ പ്രാര്‍ഥനയാണ് അഥവാ ഇബാദത്താണ്. ഇവിടെ മൂസാ(അ)നോട് തന്റെ കക്ഷിയില്‍ പെട്ട ആള്‍ നടത്തിയ സഹായചോദ്യത്തെയും ഇസ്തിഗാസ എന്നാണ് ക്വുര്‍ആന്‍ പ്രയോഗിച്ചത്. ഈ ഇസ്തിഗാസ ഇബാദത്തായ സഹായതേട്ടമല്ല. കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി അങ്ങേയറ്റത്തെ വിനയത്തോടെയും താഴ്മയോടെയും ഉള്ള സഹായ ചോദ്യം ഇബാദത്താണ്. ആ പ്രാര്‍ഥന അല്ലാഹുവിനോടേ പാടുള്ളൂ. ആ ചോദ്യം അല്ലാഹു അല്ലാത്തവരോട് ചോദിച്ചാല്‍ അത് അവര്‍ക്കുള്ള ഇബാദത്തുമായി. അത് ശിര്‍ക്കുമാണല്ലോ. അല്ലാഹുവിന് മാത്രം അവകാശപ്പെട്ടത് അല്ലാഹു അല്ലാത്തവര്‍ക്ക് നല്‍കല്‍ അല്ലാഹുവില്‍ പങ്കുചേര്‍ക്കലാണെന്നതില്‍ സംശയമില്ല.

മൂസാ(അ)നോട് അദ്ദേഹത്തിന്റെ കക്ഷിയില്‍ പെട്ട ആള്‍ നടത്തിയ സഹായചോദ്യത്തെ അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കുവാനായി വളച്ചൊടിക്കുന്നത് അല്ലാഹുവിന്റെ ഗ്രന്ഥത്തോട് കാണിക്കുന്ന എത്ര വലിയ അക്രമമാണ്!

ചുരുക്കത്തില്‍, സൃഷ്ടികളോട് അങ്ങേയറ്റത്തെ വിനയവും താഴ്മയും ഇല്ലാതെ, കാര്യകാരണബന്ധങ്ങള്‍ക്ക് അധീനമായ ഒരു കാര്യം ആവശ്യപ്പെടുന്നുവെങ്കില്‍ അത് ഇബാദത്തിന്റെ പരിധിയില്‍ വരില്ല. ശാരീരികമോ സാമ്പത്തികമോ ആയ സഹായം ചെയ്യാന്‍ കഴിവുള്ള ഒരാളെ സമീപിച്ച് ആ സഹായം ചോദിക്കുന്നതിനെ ഭാഷാപരമായി ഇസ്തിഗാസ എന്ന് പറയുെമങ്കിലും അത് ശിര്‍ക്കല്ല എന്നര്‍ഥം. എന്നാല്‍ സൃഷ്ടികളോട് അങ്ങേയറ്റത്തെ വിനയവും താഴ്മയും ഇല്ലാതെ, കാര്യകാരണബന്ധങ്ങള്‍ക്ക് അധീനമായ എന്തും ചോദിക്കാന്‍ പറ്റുമോ? അതിലും അനുവദിക്കപ്പെട്ടതും അനുവദിക്കപ്പെടാത്തതും ഉണ്ട്. ജീവിച്ചിരിക്കുന്ന ഒരു മനുഷ്യനോട് കുടിക്കാന്‍ അല്‍പം കള്ള് തരുമോ എന്ന് ചോദിക്കാന്‍ പാടുണ്ടോ? ഇല്ല! ഇത്തരം വ്യത്യാസങ്ങള്‍ നാം മനസ്സിലാക്കണം.

മൂസാ(അ)യുടെ  കക്ഷിയില്‍ പെട്ടവന്‍ ക്വിബ്ത്വിക്കാരനെതിരില്‍ മൂസാ(അ)യോട് സഹായം ചോദിച്ചു. മൂസാ(അ) അവരില്‍ ഇടപെട്ടു. കടുത്ത അക്രമം അഴിച്ചുവിട്ട ക്വിബ്ത്വിക്കാരന് മൂസാ(അ) ഒരു ഇടി കൊടുത്തു. ആ ഇടിക്ക് അദ്ദേഹം വിചാരിച്ചതിനെക്കാള്‍ ഊക്ക് കൂടി. അത് ക്വിബ്ത്വിയുടെ മരണത്തിന് ഹേതുവാകുകയും ചെയ്തു. അവിചാരിതമായ ഈ സംഭവം അദ്ദേഹത്തില്‍ വല്ലാത്ത പ്രയാസം ഉണ്ടാക്കി. ഉടനെ അദ്ദേഹം ഇപ്രകാരം പറഞ്ഞു: ‘ഇത് പിശാചിന്റെ പ്രവര്‍ത്തനത്തില്‍ പെട്ടതാകുന്നു. അവന്‍ വ്യക്തമായും വഴിപിഴപ്പിക്കുന്ന ശത്രു തന്നെയാകുന്നു’.

ഉച്ചസമയത്ത് കഠിനമായ ചൂട് കാരണം ജനങ്ങള്‍ വീടുകളില്‍ വിശ്രമിക്കുന്ന അവസരത്തിലാകാം ഇത് സംഭവിച്ചത്. അല്ലെങ്കില്‍ രാത്രി ആളുകളെല്ലാം പട്ടണത്തില്‍ നിന്നും ഒഴിവായതിന് ശേഷമാകാനും സാധ്യതയുണ്ട്. രണ്ട് പ്രകാരവും വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. ഏതായിരുന്നാലും, മൂസാ(അ) പട്ടണത്തിലേക്ക് ചെന്നപ്പോള്‍ ആളുകളൊന്നും ഉണ്ടായിരുന്നില്ല.

ഏതൊരാളും രണ്ട് പേര്‍ക്കിടയിലുള്ള കലഹത്തില്‍ ഇടപെടുന്നത് പോലെ മൂസാ(അ) അവരിലും ഇടപെട്ടു. ഇടപെടുന്നവര്‍ ചിലപ്പോള്‍ കക്ഷികളോട് ദേഷ്യപ്പെടുകയോ ബലംപ്രയോഗിക്കുകയോ ഒക്കെ ചെയ്യാറുണ്ടല്ലോ. അപ്രകാരം ചെയ്യുക മാത്രമാണ് മൂസാ(അ) ചെയ്തത്. അദ്ദേഹം വിചാരിച്ചതിലും അപ്പുറം അദ്ദേഹത്തിന്റെ ഇടിക്ക് ശക്തി കൂടിപ്പോയി. അത് ക്വിബ്ത്വിയുടെ  മരണത്തിന് കാരണമാവുകയും ചെയ്തു. ഇതില്‍ അദ്ദേഹത്തിന് വലിയ പ്രയാസം ഉണ്ടായി. കാരണം തന്റെ കരങ്ങളാലാണല്ലോ ഒരു ജീവന്‍ പൊലിഞ്ഞത്. മനഃപൂര്‍വം ചെയ്തതുമായിരുന്നില്ല. അവിചാരിതമായി സംഭവിച്ചതാണ്. അല്ലാഹുവിനോട് തന്നില്‍ വന്ന ഈ പിഴവ് അദ്ദേഹം ഏറ്റു പറഞ്ഞു.

”അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, തീര്‍ച്ചയായും ഞാന്‍ എന്നോട് തന്നെ അന്യായം ചെയ്തിരിക്കുന്നു. അതിനാല്‍ നീ എനിക്ക് പൊറുത്തുതരേണമേ. അപ്പോള്‍ അദ്ദേഹത്തിന് അവന്‍ പൊറുത്തുകൊടുത്തു. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു” (ക്വുര്‍ആന്‍ 28:16).

ക്വുര്‍ആനിലും ഹദീഥുകളിലും അല്ലാഹുവിനോട് പാപമോചനം തേടുന്ന പല പ്രാര്‍ഥനകളും നമുക്ക് കാണാം. പല ഇടങ്ങളിലും ‘ഞാന്‍ എന്നോട് തന്നെ അന്യായം ചെയ്തിരിക്കുന്നു. അതിനാല്‍ നീ എനിക്ക് പൊറുത്തുതരേണമേ’ എന്ന ഒരു ശൈലി നമുക്ക് കാണാന്‍ കഴിയും. 

പരലോകത്ത് അല്ലാഹു അടിമകളെ വിചാരണ നടത്തി ഐഹിക ജീവിതത്തിലെ കര്‍മങ്ങള്‍ക്ക് അനുസരിച്ച് സ്വര്‍ഗമോ നരകമോ നല്‍കി തീര്‍പ്പ് കല്‍പിക്കുമല്ലോ. സ്വര്‍ഗത്തില്‍ നിന്ന് ഏതൊരാള്‍ അകറ്റപ്പെടുന്നതും അവന്റെ പാപം കാരണത്താലായിരിക്കും. അഥവാ സ്വന്തം ദേഹത്തെ നരകത്തിന്റെ വിറകാക്കുന്നത് അവനവന്‍ ചെയ്ത പാപമാണ്. അപ്പോള്‍, ഒരാള്‍ പാപം ചെയ്താല്‍ അയാള്‍ നരക ശിക്ഷക്ക് അര്‍ഹനാകുമെങ്കില്‍, അത് സ്വദേഹത്തോടുള്ള വലിയ അക്രമം തന്നെയാണ്. അതിനാലാകാം, പാപിയാണെന്ന് പറയാതെ ‘ഞാന്‍ എന്നോട് തന്നെ അന്യായം ചെയ്തിരിക്കുന്നു, അതിനാല്‍ നീ എനിക്ക് പൊറുത്തുതരേണമേ’ എന്ന് പറയുന്നത്. 

കൊലപാതകം വന്‍പാപമാണ്. മൂസാ(അ) മനഃപൂര്‍വം കൊല നടത്തിയിട്ടില്ല. ഈ സംഭവം നടക്കുന്നത് മൂസാ(അ) നബിയാകുന്നതിന് മുമ്പാണ്. പ്രവാചകന്മാര്‍ പാപ സുരക്ഷിതരാണല്ലോ. അവരില്‍ നിന്നും ഇത്തരം വന്‍പാപങ്ങള്‍ സംഭവിക്കുന്നതല്ല.

മൂസാ(അ) നബിയാകുന്നതിന് മുമ്പ് പൂര്‍വപിതാക്കളായ യൂസുഫ്(അ), യഅ്ക്വൂബ്(അ), ഇസ്ഹാക്വ്(അ), ഇബ്‌റാഹീം(അ) മുതലായവര്‍ സ്വീകരിച്ച ശരീഅത്തിലായിരുന്നു. അതിനാല്‍ അബദ്ധം സംഭവിച്ചാല്‍ ഉടനെ അല്ലാഹുവിനോട് പൊറുക്കലിനെ തേടണമെന്നും അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങണമെന്നും അദ്ദേഹത്തിന് ശരിക്കും അറിയാമായിരുന്നു. അപ്രകാരം അദ്ദേഹം അല്ലാഹുവിനോട് പൊറുക്കലിനെ ചോദിച്ചു. അല്ലാഹു പൊറുത്തു കൊടുക്കുകയും ചെയ്തു.

ക്വുര്‍ആനിലെ ചില ആയത്തുകളെ, സലഫുസ്സ്വാലിഹുകള്‍ വ്യാഖ്യാനിക്കുകയും മനസ്സിലാക്കുകയും ചെയ്തതിന് വിരുദ്ധമായി സ്വന്തം ഇഷ്ടപ്രകാരം വ്യഖ്യാനിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ചിലര്‍, പാപികള്‍ പാപം പൊറുത്തുകിട്ടുന്നതിനായി ആദ്യം അല്ലാഹുവിന്റെ റസൂലിനോടാണ് ആവശ്യപ്പെടേണ്ടതെന്ന് പറയാറുണ്ട്. എന്നാല്‍ പരിശുദ്ധ പ്രമാണങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത് പാപം പൊറുത്തുകിട്ടാനായി പ്രാര്‍ഥിക്കേണ്ടത് അല്ലാഹുവിനോടാണ് എന്നാണ്. മൂസാ നബി(അ)യുടെ മുകളില്‍ ഉദ്ധരിച്ച പ്രാര്‍ഥന നോക്കൂ. ഈ വിശ്വാസം അദ്ദേഹത്തിന് നബിയാകുന്നതിന് മുമ്പേ ലഭിച്ചത് എവിടെ നിന്നാണ്? പൂര്‍വപിതാക്കളായ യൂസുഫ്(അ), യഅ്ക്വൂബ്(അ), ഇസ്ഹാക്വ്(അ), ഇബ്‌റാഹീം(അ) മുതലായവരില്‍ നിന്ന്!

തെറ്റുകള്‍ ചെയ്‌തെന്ന് കരുതി അല്ലാഹു അടിമയെ അവഗണിക്കുകയോ പരിഗണിക്കാതിരിക്കുകയോ ചെയ്യില്ല. അതിനാല്‍ ആരും ഞാന്‍ ഒരു പാപിയാണ്, അല്ലാഹു ഇനി ഞാന്‍ എത്ര പൊറുക്കലിനെ തേടിയാലും പൊറുത്തുതരില്ല എന്നൊന്നും അടിമകളെ ഏറെ സ്‌നേഹിക്കുന്ന അല്ലാഹുവിനെക്കുറിച്ച് വിചാരിച്ചു കൂടാ. ഏത് പാപവും പൊറുക്കാന്‍ തേടിയാല്‍ പൊറുക്കുന്നവനാണ് നമ്മുടെ രക്ഷിതാവ്. പിഴവുകള്‍ വന്നാല്‍ അതില്‍ നിന്നും മടങ്ങുന്നതിന് പകരം അതില്‍ തന്നെ ഉറച്ച് നില്‍ക്കുകയല്ല നാം ചെയ്യേണ്ടത്.

മൂസാ(അ) തന്നില്‍ വന്ന അപരാധം അല്ലാഹുവിനോട് ഏറ്റു പറഞ്ഞു. (ഈ സംഭവം നബിയാകുന്നതിന് മുമ്പുള്ളതാണെന്നത് നാം മറന്ന് പോകരുത്. കാരണം, നബിമാര്‍ പാപ സുരക്ഷിതരാണ്. അവരില്‍ നിന്നും ഇത്തരം ചെയ്തികള്‍ സംഭവിക്കാതെ അല്ലാഹു അവരെ സംരക്ഷിച്ചിട്ടുണ്ട്). അല്ലാഹു അദ്ദേഹത്തിന് മാപ്പ് നല്‍കി. 

അദ്ദേഹത്തിന്റെ പ്രാര്‍ഥനയില്‍ ഇങ്ങനെയും കാണാം:

”…എന്റെ രക്ഷിതാവേ, നീ എനിക്ക് അനുഗ്രഹം നല്‍കിയിട്ടുള്ളതു കൊണ്ട് ഇനി ഒരിക്കലും ഞാന്‍ കുറ്റവാളികള്‍ക്കു  സഹായം നല്‍കുന്നവനാവുകയില്ല” (കുര്‍ആന്‍ 28:17).

മൂസാ(അ) താന്‍ ജനിച്ചത് മുതല്‍ അല്ലാഹുവില്‍നിന്ന് ലഭിച്ച സഹായങ്ങളും അനുഗ്രഹങ്ങളും ഓര്‍ത്തുകൊണ്ട് കുറ്റവാളികള്‍ക്ക് യാതൊരു കാരണവശാലും പിന്തുണ നല്‍കില്ലെന്ന് ദൃഢനിശ്ചയം ചെയ്തു.

കുറ്റം ആര് ചെയ്താലും അതിനെ ന്യായീകരിക്കുവാനോ, തെറ്റുകാരന് പിന്തുണ നല്‍കുവാനോ പാടില്ലെന്നത് ഇവിടെ നാം പ്രത്യകം മനസ്സിലാക്കുക. മഹാന്മാരായ പ്രവാചകന്മാര്‍ ആരും തന്നെ കുറ്റവാളികള്‍ക്ക് (അവര്‍ക്ക് തിന്മ ചെയ്യാന്‍ കൂടുതല്‍ പ്രോത്സാഹനം കിട്ടുന്ന തരത്തില്‍) പിന്തുണ നല്‍കുന്നവരായിരുന്നില്ല.

ക്വിബ്ത്വി വംശക്കാരന്‍ കൊല്ലപ്പെട്ട സംഭവം പുറത്തറിഞ്ഞാല്‍ എന്താകും സംഭവിക്കുക എന്ന് ഓര്‍ത്തുനോക്കൂ! നടന്ന സംഭവത്തിന് മൂന്ന് പേരേ സാക്ഷിയായിട്ടുള്ളൂ. അതില്‍ ഒരാള്‍ മരണപ്പെടുകയും ചെയ്തു. വരാനിരിക്കുന്ന പ്രത്യാഘാതങ്ങളെ ഓര്‍ത്ത് മൂസാ(അ) വിഷമിച്ചു.

”അങ്ങനെ അദ്ദേഹം പട്ടണത്തില്‍ ഭയപ്പാടോടും കരുതലോടും കൂടി വര്‍ത്തിച്ചു. അപ്പോഴതാ തലേദിവസം തന്നോട് സഹായം തേടിയവന്‍ വീണ്ടും തന്നോട് സഹായത്തിനു മുറവിളികൂട്ടുന്നു. മൂസാ അവനോട് പറഞ്ഞു: നീ വ്യക്തമായും ഒരു ദുര്‍മാര്‍ഗി തന്നെയാകുന്നു” (ക്വുര്‍ആന്‍ 28:18).

ഇന്നലെ നടന്ന സംഭവം ആരെങ്കിലും അറിഞ്ഞിരിക്കുമോ എന്ന പേടിയോടെയാണ് മൂസാ(അ)പട്ടണത്തില്‍ എത്തുന്നത്. അപ്പോഴതാ, ഇന്നലെ തന്നോട് സഹായം ചോദിച്ചവന്‍ ഇന്നും അതുപോലെ സഹായം ആവശ്യപ്പെടുന്നു! ഒരു ക്വിബ്ത്വിക്കാരന്‍ അയാളെ വല്ലാതെ മര്‍ദിച്ച് അവശനാക്കുന്നത് കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ മനസ്സലിഞ്ഞു. ആദ്യം ഇടപെടാന്‍ വിസമ്മതം കാണിച്ചെങ്കിലും, സ്ഥിരം വഴക്കാളിയാണെന്ന് കണ്ടതിനാല്‍ ‘നീ വ്യക്തമായും ഒരു ദുര്‍മാര്‍ഗി തന്നെയാകുന്നു’ എന്ന് പറഞ്ഞെങ്കിലും ആ അലിവുള്ള മനസ്സിന്റെ ഉടമക്ക് അതില്‍ ഇടപെടാതെ മാറി നില്‍ക്കാന്‍ സാധിച്ചില്ല. അങ്ങനെ ഈ പ്രശ്‌നത്തിലും അദ്ദേഹം ഇടപെട്ടു.

”എന്നിട്ട് അവര്‍ ഇരുവര്‍ക്കും ശത്രുവായിട്ടുള്ളവനെ പിടികൂടാന്‍ അദ്ദേഹം ഉദ്ദേശിച്ചപ്പോള്‍ അവന്‍ പറഞ്ഞു: ഹേ മൂസാ, ഇന്നലെ നീ ഒരാളെ കൊന്നത് പോലെ നീ എന്നെയും കൊല്ലാന്‍ ഉദ്ദേശിക്കുകയാണോ? നാട്ടില്‍ ഒരു പോക്കിരിയാകാന്‍ മാത്രമാണ് നീ ഉദ്ദേശിക്കുന്നത്. നന്മയുണ്ടാക്കുന്നവരുടെ കൂട്ടത്തിലാകാന്‍ നീ ഉദ്ദേശിക്കുന്നില്ല” (28:19).

ഈ വാക്കുകള്‍ ആരുടേതാണെന്ന കാര്യത്തില്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്്. ആ ക്വിബ്ത്വിയുടെ വാക്കുകളാണ് എന്നതാണ് ഒരു വ്യാഖ്യാനം. അപ്പോള്‍ ഒരും സംശയം ഉണ്ടാകും; അയാള്‍ എങ്ങനെയാണ് ഇന്നലെ മറ്റേ ക്വിബ്ത്വി മൂസാ(അ)യുടെ കരങ്ങളാല്‍ കൊല്ലപ്പെട്ടത് അറിഞ്ഞത്? അതിന് ഈ വ്യാഖാതാക്കള്‍ പറയുന്നത്, അത് മൂസാ തന്നെ ആയേക്കുമെന്ന് ഊഹിച്ച് പറഞ്ഞതാകാം എന്നാണ്. അങ്ങനെ വരുമ്പോള്‍ സന്ദര്‍ഭവുമായി കൂടുതല്‍ യോജിക്കുന്നത് ഈ വ്യഖ്യാനത്തിനാണ്. അഥവാ ഈ സംസാരം ഈ ക്വിബ്ത്വിക്കാരന്റെത് തന്നെയാണ് എന്നതിന്. ഈ പറഞ്ഞത് ആ ഇസാഈല്യന്‍ തന്നെയാണെന്നും അഭിപ്രായപ്പെട്ടവരുണ്ട്. ‘നീ വ്യക്തമായും ഒരു ദുര്‍മാര്‍ഗി തന്നെയാകുന്നു’ എന്ന് പറഞ്ഞശേഷം ക്വിബ്ത്വിയുടെ നേരെ ചെന്നപ്പോള്‍ തന്റെ നേര്‍ക്കാണ് വരുന്നതെന്ന് ഇസ്‌റാഈല്‍ വംശജന്‍ തെറ്റിദ്ധരിച്ചിട്ടുണ്ടാകും. ഇന്നലെ നടന്ന കാര്യങ്ങളെല്ലാം ഫിര്‍ഔനിന്റെ കൊട്ടാരത്തിലേക്ക് ഇയാള്‍ എത്തിച്ചിട്ടുണ്ടാകാം. അതിനാല്‍ ഈ ക്വിബ്ത്വിയും ഇന്നലെ നടന്ന സംഭവം അറിഞ്ഞുകാണും. ഏതായിരുന്നാലും വിവരം പുറത്തായല്ലോ. മൂസാ(അ)ന്റെ മനസ്സില്‍ ഭീതി കൂടി. 

വിവരം നാട്ടില്‍ പരന്നതോടെ രാജകൊട്ടാരത്തില്‍ മൂസാ(അ)ക്കെതിരില്‍ ഗൂഢാലോചന നടന്നു. ഫിര്‍്യഔന്‍ തന്റെ ഭരണ കര്‍ത്താക്കളെയെല്ലാം വിളിച്ചു വരുത്തി. മൂസായെ കാണുന്നിടത്ത് വെച്ച് കൊന്നു കളയണം എന്ന കല്‍പന പുറപ്പെടുവിച്ചു.

ഫിര്‍ഔനിന്റെ കൊട്ടാരത്തില്‍ അവരുടെ അക്രമത്തിനും അനീതിക്കും കൂട്ടുനില്‍ക്കാത്ത ഒരു നല്ല മനുഷ്യന്‍ ഉണ്ടായിരുന്നു. അയാള്‍ ഫിര്‍ഔനിന്റെ കുടുംബത്തില്‍ പെട്ടവനും  ആദരണീയനുമായിരുന്നു. മൂസാ(അ)ക്കെതിരില്‍ പുറപ്പെടുവിച്ച വിധി അദ്ദേഹം അറിഞ്ഞു. മൂസാ(അ)യെ കൊന്നുകളയണമെന്ന വാര്‍ത്ത അദ്ദേഹത്തെ വളരെയധികം വേദനിപ്പിച്ചു. ഫിര്‍ഔനും സംഘവും എടുത്ത തീരുമാനം മൂസാ(അ) അറിയുന്നില്ലല്ലോ. അതിനാല്‍ കിട്ടിയ വിവരം മൂസാ(അ)യെ അറിയിക്കുവാനായി അദ്ദേഹം മൂസാ(അ)യെ തേടി അവിടെ നിന്നും അതിവേഗം പുറപ്പെട്ടു.

”പട്ടണത്തിന്റെ അങ്ങേ അറ്റത്തു നിന്ന് ഒരു പുരുഷന്‍ ഓടിവന്നു. അയാള്‍ പറഞ്ഞു: ഹേ; മൂസാ, താങ്കളെ കൊല്ലാന്‍ വേണ്ടി പ്രമുഖവ്യക്തികള്‍ ആലോചന നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. അതിനാല്‍ താങ്കള്‍ (ഈജിപ്തില്‍ നിന്ന്) പുറത്ത് പോയിക്കൊള്ളുക. തീര്‍ച്ചയായും ഞാന്‍ താങ്കളുടെ ഗുണകാംക്ഷികളുടെ കൂട്ടത്തിലാകുന്നു” (28:20).

അന്ന് പ്രവാചകനായിട്ടില്ലെങ്കിലും അല്ലാഹുവില്‍ വിശ്വാസമുള്ളതിനാല്‍ മനസ്സിന് സമാധാനിക്കുവാനും നിര്‍ഭയത്തം ലഭിക്കുവാനും ഇത് കാരണമായി. കാരണം ഏത് സമയത്തും എവിടെ വെച്ചും വിളിച്ചാല്‍ വിളികേള്‍ക്കുന്നവനും ഉത്തരം ചെയ്യുന്നവനുമാണല്ലോ അല്ലാഹു. മൂസാ(അ) പതറിയില്ല. 

വിവരം ലഭിച്ച ഉടനെ അദ്ദേഹം ഈജിപ്ത് വിടുകയായി. 

”അങ്ങനെ ഭയപ്പാടോടും കരുതലോടും കൂടി അദ്ദേഹം അവിടെ നിന്ന് പുറപ്പെട്ടു. അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, അക്രമികളായ ജനതയില്‍ നിന്ന് എന്നെ നീ രക്ഷപ്പെടുത്തേണമേ” (28:21).

ഫിര്‍ഔനിന്റെ ആളുകളുടെ കയ്യില്‍ അകപ്പെട്ടാല്‍ കൊന്നുകളയുമെന്നത് തീര്‍ച്ചയാണ്. ഈ

പേടിയോടെയും കരുതലോടെയും അദ്ദേഹം ഈജിപ്ത് വിടുകയാണ്. എങ്ങോട്ട് പോകും? എങ്ങനെ പോകും? അത്താണിയായ അല്ലാഹുവിനോട് സഹായം തേടിക്കൊണ്ട് മദ്‌യന് നേരെ മൂസാ(അ) യാത്ര തിരിച്ചു. യാത്രയില്‍ അദ്ദേഹം ‘എന്റെ രക്ഷിതാവേ, അക്രമികളായ ജനതയില്‍ നിന്ന് എന്നെ നീ രക്ഷപ്പെടുത്തേണമേ’ എന്ന് പ്രാര്‍ഥിക്കുന്നുണ്ട്.

ഭീതിയുള്ള സമയങ്ങളില്‍ അല്ലാഹുവിനോട് കാവല്‍ ചോദിക്കണം. ആരെങ്കിലും നമ്മെ കടന്നാക്രമിക്കുമെന്നോ മറ്റോ നമുക്ക് തോന്നുകയും നമുക്ക് പേടി പിടിപെടുകയും ചെയ്താല്‍ ആ ശത്രുവിനെതിരില്‍ അല്ലാഹുവിനോട് കാവല്‍ തേടാന്‍ നബിﷺ നമ്മെ പഠിപ്പിച്ചിട്ടുണ്ട്.

നബിﷺ ഒരു സമൂഹത്തെ സംബന്ധിച്ച് ഭയം തോന്നിയാല്‍ ഇപ്രകാരം പറയും: ”അല്ലാഹുവേ, അവരുടെ (ശത്രുക്കളുടെ) മുന്നില്‍ ഞങ്ങള്‍ നിന്നെ വെക്കുന്നു. അവരുടെ (ശത്രുക്കളുടെ) ഉപദ്രവത്തില്‍ നിന്നും നിന്നില്‍ ഞങ്ങള്‍ അഭയം തേടുന്നു” (അബൂദാവൂദ്).

വിജയവും പരാജയവും തീരുമാനിക്കുന്നതും ആരുടെ തീരുമാനവും നടപ്പില്‍ വരുത്തുന്നതും അല്ലാഹുവാണല്ലോ. അതിനാല്‍ കാവല്‍ ചോദിക്കേണ്ടതും അല്ലാഹുവിനോടായിരിക്കണം. ഇതാണ് നമ്മുടെ പ്രതിരോധ മാര്‍ഗം. അല്ലാഹുവിനെക്കാളും വലിയ സഹായി മറ്റാരുമില്ല. ഭീതിയോടെ ജീവിക്കുന്നതിന് പകരം അല്ലാഹുവിനോട് കാവല്‍ തേടി ജീവിക്കുകയാണ് വിശ്വാസികള്‍ ഇത്തരം ഘട്ടങ്ങളില്‍ ചെയ്യേണ്ടത്. 

അല്ലാഹു അദ്ദേഹത്തിന്റെ മനസ്സില്‍ മദ്‌യന്‍ പ്രദേശത്തേക്ക് നീങ്ങുവാന്‍ തോന്നിപ്പിച്ചു. ഈജിപ്തില്‍ നിന്നും 800 മൈല്‍ ദൂരെയുള്ള പ്രദേശം. ഇരുട്ടില്‍ വഴികാട്ടാന്‍ വെളിച്ചമില്ല. വിശപ്പകറ്റാന്‍ ഭക്ഷണമില്ല. ദാഹം മാറ്റാന്‍ വെള്ളമില്ല. മിണ്ടിപ്പറയാന്‍ ഒരു കൂട്ടില്ല. അങ്ങനെ പ്രയാസങ്ങള്‍ ഏറെ സഹിച്ച് അദ്ദേഹം ഈജിപ്തില്‍ നിന്നും മദ്‌യന്‍ ലക്ഷ്യമാക്കി നീങ്ങി.

”മദ്‌യന്റെ നേര്‍ക്ക് യാത്ര തിരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവ് ശരിയായ മാര്‍ഗത്തിലേക്ക് എന്നെ നയിച്ചേക്കാം” (28:22).

അല്ലാഹു മൂസാ(അ)യുടെ മനസ്സില്‍ മദ്‌യനിലേക്ക് പോകാന്‍ തോന്നിപ്പിച്ചത് എന്തിനാണ്? മദ്‌യനും മൂസാ(അ)യും തമ്മില്‍ ഒരു ബന്ധമുണ്ട്. മൂസാ(അ) ഇബ്‌റാഹീം നബി(അ)യുടെ സന്താന പരമ്പരയില്‍ പെട്ട ആളാണല്ലോ. ഈ കുടുംബ പരമ്പര മദ്‌യനില്‍ താമസിക്കുന്നുണ്ട്. അത് കൊണ്ടാവാം അല്ലാഹു മദ്‌യന്‍ തിരഞ്ഞെടുത്തത്. ഇപ്രകാരം അഭിപ്രായം രേഖപ്പെടുത്തിയ പണ്ഡിതന്മാരുണ്ട്.

നാട് വിടുമ്പോള്‍ ശത്രുവിന്റെ അധികാരം കയ്യാളുന്നിടത്തേക്ക് തന്നെ പോയിട്ട് കാര്യമില്ലല്ലോ. വേറെ നാട്ടിലേക്ക് പോകണം. ഫറോവയുടെ നിയമ വാഴ്ചയുള്ള പ്രദേശത്തേക്ക് പോയാല്‍ തന്റെ കാര്യത്തില്‍ അവരെടുത്ത തീരുമാനം നടപ്പിലാക്കുവാന്‍ നിഷ്പ്രയാസം കഴിയുമല്ലോ. അതിനാല്‍ ഫറോവയുടെ അധികാര പരിധിയില്‍ പെടാത്ത, ഏറെ ദൂരം സ്ഥിതിചെയ്യുന്ന രാജ്യം തിരഞ്ഞെടുക്കണം. അതിനാല്‍ റബ്ബ് അദ്ദേഹത്തിന്റെ മനസ്സില്‍ അതിന് പറ്റിയ പ്രദേശമായി മദ്‌യനെ തോന്നിപ്പിച്ചു കൊടുത്തു. 

ഈജിപ്തില്‍ നിന്നും മദ്‌യനില്‍ എത്തുന്നത് വരെയുണ്ടായ കാര്യങ്ങള്‍ ക്വുര്‍ആന്‍ നമുക്ക് പറഞ്ഞു തന്നിട്ടില്ല. നാം അറിയേണ്ടതെല്ലാം നമ്മെ അല്ലാഹു അറിയിച്ചു. അറിയേണ്ടതില്ലാത്തതൊന്നും നമ്മെ അറിയിച്ചിട്ടുമില്ല. (തുടരും)

 

ഹുസൈന്‍ സലഫി
നേർപഥം വാരിക