മൂസാ നബി (അ) – 02

മൂസാ നബി (അ) - 02

നദിയില്‍ നിന്ന് കൊട്ടാരത്തിലേക്ക്

”എന്നിട്ട് ഫിര്‍ഔനിന്റെ ആളുകള്‍ അവനെ (നദിയില്‍ നിന്ന്) കണ്ടെടുത്തു. അവന്‍ അവരുടെ ശത്രുവും ദുഃഖഹേതുവും ആയിരിക്കാന്‍ വേണ്ടി. തീര്‍ച്ചയായും ഫിര്‍ഔനും ഹാമാനും അവരുടെ സൈന്യങ്ങളും അബദ്ധം പറ്റിയവരായിരുന്നു” (ക്വുര്‍ആന്‍ 28:8).

തങ്ങളുടെ അധികാരം നഷ്ടപ്പെടുമെന്ന ഭയംകൊണ്ടാണല്ലോ ഫിര്‍ഔനും ഹാമാനും അവരുടെ പട്ടാളവും ബനൂഇസ്‌റാഈല്യര്‍ക്ക് ജനിക്കുന്ന മുഴുവന്‍ ആണ്‍കുട്ടികളെയും കൊന്നൊടുക്കാന്‍ തീരുമാനിച്ചത്. അങ്ങനെ അനേകം കുഞ്ഞുമക്കളെ അറുകൊല നടത്തി. അനേകം മാതാപിതാക്കളെ കണ്ണുനീര്‍ കുടിപ്പിച്ചു. ഇങ്ങനെയെല്ലാം ക്രൂരനായ ആ രാജാവ് ചെയ്തുവെങ്കിലും രാജാക്കന്മാരെ ഭരിക്കുന്ന രാജാവിന്റെ തീരുമാനം എന്തോ അതാണല്ലോ നടപ്പില്‍ വരിക. മൂസാ എന്ന ബനൂഇസ്‌റാഈല്യരില്‍ ജനിച്ച ആണ്‍കുഞ്ഞ് ക്രൂരനായ ഭരണാധികാരിയായ ഫിര്‍ഔനിന്റെ കൊട്ടാരത്തില്‍ അവന്റെ ചെലവില്‍, അവന്റെ കൊട്ടാരത്തിലെ സുഖം അനുഭവിച്ച് വളര്‍ന്നുവന്നു. അവര്‍ ഏതൊരു കാര്യത്തെ തൊട്ടാണോ പേടിച്ചിരുന്നത് അത് ഈ കുട്ടിയിലൂടെ സംഭവിക്കാന്‍ പോകുകയാണ്. അതിന് വേണ്ടിയാണ് അവര്‍ ആ കുഞ്ഞിനെ കൊട്ടാരത്തില്‍ നോക്കി വളര്‍ത്തുന്നതും. അവരാകട്ടെ, അതിനെ സംബന്ധിച്ച് അറിവില്ലാത്തവരുമാണ്. 

അല്ലാഹു തോന്നിപ്പിച്ചതിനനുസരിച്ച് ഉമ്മ കുഞ്ഞിനെ ഒരു പെട്ടിയിലാക്കി നദിയില്‍ ഒഴുക്കി. പെട്ടി ഒഴുകി ഫിര്‍ഔനിന്റെ കൊട്ടാരത്തിന്റെ മുന്നിലെത്തി. രാജ്ഞിയുടെ ശ്രദ്ധയില്‍ അത് പെടുകയും അവര്‍ അതെടുത്ത് കൊട്ടാരത്തില്‍ എത്തിക്കുകയും ചെയ്തു. പെട്ടി തുറന്ന് നോക്കിയപ്പോള്‍ സുമുഖനായ ഒരു ആണ്‍കുട്ടി! രാജ്ഞിക്ക് ആ കുഞ്ഞില്‍ കൗതുകം തോന്നി. എന്നാല്‍ രാജാവായ ഫിര്‍ഔനിനാകട്ടെ, ആ കുഞ്ഞിനെയും കൊന്നുകളയുകയാണ് നല്ലതെന്നാണ് തോന്നിയത്. ബനൂഇസ്‌റാഈല്യരില്‍ പെട്ട കുഞ്ഞാകാം ഇതെന്നും നമ്മുടെ വിഭാഗത്തില്‍ പെട്ട, അഥവാ ക്വിബ്ത്വി വര്‍ഗത്തില്‍ പെട്ടവനാകില്ലെന്നും ഇവനെ കൊല്ലലാണ് നല്ലതെന്നും അത് നടപ്പിലാക്കുകയാണെന്നും ഫിര്‍ഔനിന്റെ സംസാരത്തില്‍ നിന്നും ഭാര്യക്ക് മനസ്സിലായി. ഉടനെ ഫിര്‍ഔനിന്റെ ഭാര്യ ഇപ്രകാരം പറഞ്ഞു:

”…എനിക്കും അങ്ങേക്കും കണ്ണിന് കുളിര്‍മയത്രെ (ഈ കുട്ടി). അതിനാല്‍ ഇവനെ നിങ്ങള്‍ കൊല്ലരുത്. ഇവന്‍ നമുക്ക് ഉപകരിച്ചേക്കാം. അല്ലെങ്കില്‍ ഇവനെ നമുക്ക് ഒരു മകനായി സ്വീകരിക്കാം. അവര്‍ യാഥാര്‍ഥ്യം  ഗ്രഹിച്ചിരുന്നില്ല” (ക്വുര്‍ആന്‍ 28:9).

അങ്ങനെ ഇസ്‌റാഈല്യരില്‍ പിറന്ന് വീഴുന്ന ആണ്‍കുട്ടികളെ കൊല്ലുന്ന രാജാവിന്റെ തന്നെ കൊട്ടാരത്തില്‍ മൂസാ(അ) വളരുകയാണ്. എത്ര ആളുകള്‍ എന്ത് അജണ്ട നടപ്പിലാക്കാന്‍ പദ്ധതി രൂപപ്പെടുത്തിയാലും അല്ലാഹുവിന്റെ തീരുമാനമേ നടപ്പിലാവുകയുള്ളൂ എന്നതിന്റെ വ്യക്തമായ ഉദാഹരണങ്ങളില്‍ ഒന്ന് മാത്രമാണിത്.

കൊന്നുകളയാന്‍ ഫിഔന്‍ തീരുമാനിച്ചപ്പോഴും ഭാര്യ എതിര്‍ത്തു. അതിനെ മാനിച്ച് കൊല്ലാതിരിക്കുവാനും കൊട്ടാരത്തില്‍ വളര്‍ത്തുവാനും ഫിര്‍ഔന്‍ അനുവാദം നല്‍കി. ഇനി എന്തെല്ലാമാണ് മൂസാ(അ)യിലൂടെ സംഭവിക്കാന്‍ പോകുന്നത് എന്ന വിവരം ഇവര്‍ക്കുണ്ടോ അറിയുന്നു! 

മൂസാ(അ)യുടെ ശൈശവത്തിലെ സുപ്രധാന ഘട്ടമാണ് സൂറതുല്‍ ക്വസ്വസ്വില്‍ ഇതുവരെ വിവരിക്കപ്പെട്ടത്. ഉമ്മയാണല്ലോ കുഞ്ഞിനെ പുഴയില്‍ ഒഴുക്കിയത്. ആ ഉമ്മാക്ക് അതിനുശേഷം വല്ല സമാധാനവും ഉണ്ടാകുമോ? 

”മൂസായുടെ മാതാവിന്റെ മനസ്സ് (അന്യചിന്തകളില്‍ നിന്ന്) ഒഴിവായതായിത്തീര്‍ന്നു. അവളുടെ മനസ്സിനെ നാം ഉറപ്പിച്ചു നിര്‍ത്തിയില്ലായിരുന്നുവെങ്കില്‍ അവന്റെ കാര്യം അവള്‍ വെളിപ്പെടുത്തിയേക്കുമായിരുന്നു. അവള്‍ സത്യവിശ്വാസികളുടെ കൂട്ടത്തിലായിരിക്കാന്‍ വേണ്ടിയത്രെ (നാം അങ്ങനെ ചെയ്തത്)” (ക്വുര്‍ആന്‍ 28:10).

തന്റെ ചോരപ്പൈതലിനെ രാജാവ് കൊന്നുകളയും എന്ന ഭയത്താല്‍ അല്ലാഹു മനസ്സില്‍ തോന്നിപ്പിച്ചതിനനുസരിച്ച് ഒരു പെട്ടിയിലാക്കി നദിയില്‍ ഒഴുക്കിയിരിക്കുകയാണല്ലോ. കൂഞ്ഞിന്റെ സ്ഥിതിഗതികളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടുമില്ല. ഇപ്പോള്‍ എവിടെയാകും തന്റെ പൊന്നുമോന്‍ ഉള്ളതെന്ന് അറിയില്ല. വ്യാകുലതയോടെ ആ മാതാവ് തന്റെ കുഞ്ഞിന്റെ കാര്യം മാത്രം ഓര്‍ത്തിരിക്കുകയാണ്.

അല്ലാഹു ആ മാതാവിന്റെ മനസ്സിന് നല്ല സ്ഥൈര്യം നല്‍കി. അക്ഷമ കാണിച്ച് അല്ലാഹുവിന്റെ അതൃപ്തി നേടുവാന്‍ കാരണമാകുന്ന യാതൊന്നും അവര്‍ ചെയ്തില്ല. 

അല്ലാഹു ആ ഉമ്മയുടെ മനസ്സിന് ഇപ്രകാരം ഒരു ഉറപ്പ് നല്‍കിയിട്ടില്ലായിരുന്നുവെങ്കില്‍ എന്തായിരിക്കും സംഭവിക്കുക? അവര്‍ പരിഭ്രാന്തയായി വീട്ടില്‍നിന്നും പുറത്തിറങ്ങും. കുഞ്ഞിനെ അന്വേഷിക്കും. ബനൂഇസ്‌റാഈല്യര്‍ക്ക് പിറന്ന ഒരു കുഞ്ഞ് പുഴയില്‍ ഒഴുക്കപ്പെട്ടിട്ടുണ്ടെന്ന് നാടാകെ അറിയും. കുട്ടിയെ കിട്ടിയാല്‍ കൊന്ന് കളയുകയും ചെയ്യും. 

തൗഹീദുള്ള ഏതൊരാളും ഏത് സന്ദര്‍ഭത്തിലും അല്ലാഹുവിന്റെ തീരുമാനത്തില്‍ നിരാശരാവില്ല. അല്ലാഹുവിന്റെ തീരുമാനത്തല്‍ ക്ഷമിച്ചും അവനില്‍ ഭരമേല്‍പിച്ചും അവനോട് മാത്രം തേടിക്കൊണ്ടിരിക്കുകയും ചെയ്യും. മൂസാ(അ)യുടെ മാതാവിന് അല്ലാഹുവില്‍ അചഞ്ചലമായ  വിശ്വാസം ഉള്ളതിനാല്‍ അല്ലാഹുവിന്റെ തീരുമാനത്തില്‍ ക്ഷമിച്ച് കഴിയുവാന്‍ സാധിച്ചു. ഇത് തൗഹീദുള്ളവര്‍ക്കേ കഴിയൂ. അല്ലാഹു അല്ലാത്തവരില്‍ നിന്ന് അഭൗതിക മാര്‍ഗത്തിലൂടെ ഗുണവും ദോഷവും പ്രതീക്ഷിക്കുന്നവര്‍ക്ക് ഈ നിര്‍ഭയത്വം ലഭിക്കില്ല.

മൂസാ(അ)ന് ഒരു മുതിര്‍ന്ന സഹോദരിയുണ്ടായിരുന്നു. അവളോട് ഉമ്മ ഇപ്രകാരം പറഞ്ഞു:

”…നീ അവന്റെ പിന്നാലെ പോയി അന്വേഷിച്ചു നോക്കൂ. അങ്ങനെ ദൂരെ നിന്ന് അവള്‍ അവനെ നിരീക്ഷിച്ചു. അവര്‍ അതറിഞ്ഞിരുന്നില്ല” (ക്വുര്‍ആന്‍ 28:11).

ഉമ്മയുടെ കല്‍പനയനുസരിച്ച് കുഞ്ഞിനെയും അന്വേഷിച്ച് അവള്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങി. അങ്ങനെ ദൂരെ ഒരു കുട്ടിയുടെ ചുറ്റും ആളുകള്‍ കൂടി നില്‍ക്കുന്നതും കുട്ടിയെ പറ്റി സംസാരിക്കുന്നതും അവള്‍ കണ്ടു. കുട്ടിയുടെ ചുറ്റിനും നില്‍ക്കുന്നവര്‍ക്ക് ഇത് കുട്ടിയുടെ സഹോദരിയാണെന്ന് മനസ്സിലായതുമില്ല. മൂസാ(അ)യുടെ സഹോദരി കുട്ടിയുടെ അടുത്തേക്ക് ചെന്നു. ആ സമയം ദാഹവും വിശപ്പും കാരണം കുഞ്ഞ് വാവിട്ട് കരയുന്നുമുണ്ട്. കൈക്കുഞ്ഞാണല്ലോ. മുലപ്പാലാണ് നല്‍കേണ്ടത്. മുലയൂട്ടാനായി അവരുടെ പരിചയത്തിലുള്ള പല സ്ത്രീകളെയും അവിടേക്ക് കൊണ്ടുവന്നു. അവരെല്ലാം കുഞ്ഞിന് മുലയൂട്ടാന്‍ ശ്രമിക്കുകയും ചെയ്തു. കൊട്ടാരത്തിലുള്ളവരും നാട്ടിലുള്ളവരുമൊക്കെ ശ്രമിക്കുന്നുണ്ടെങ്കിലും കുഞ്ഞ് പാല്‍ കുടിക്കാന്‍ കൂട്ടാക്കുന്നില്ല.

”അതിനു മുമ്പ് മുലയൂട്ടുന്ന സ്ത്രീകള്‍ അവന്ന് മുലകൊടുക്കുന്നതിന് നാം തടസ്സമുണ്ടാക്കിയിരുന്നു. അപ്പോള്‍ അവള്‍ (സഹോദരി) പറഞ്ഞു: നിങ്ങള്‍ക്ക് വേണ്ടി ഇവനെ സംരക്ഷിക്കുന്ന ഒരു വീട്ടുകാരെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് അറിവ് തരട്ടെയോ? അവര്‍ ഇവന്റെ ഗുണകാംക്ഷികളായിരിക്കുകയും ചെയ്യും” (ക്വുര്‍ആന്‍ 28:12).

വിശപ്പും ദാഹവും ഉണ്ടായിട്ടും മുലയൂട്ടാന്‍ വന്ന സ്ത്രീകളില്‍ ഒരാളുടെയും പാല്‍ കുഞ്ഞ് കുടിക്കുന്നില്ല. അല്ലാഹു അദ്ദേഹത്തില്‍ നിശ്ചയിച്ച ഒരു അത്ഭുതമായിരുന്നു അത്. പെറ്റുമ്മയല്ലാത്ത മറ്റു സ്ത്രീകളുടെ പാല്‍ കുടിക്കുന്നതില്‍ നിന്നും അല്ലാഹു ആ കുഞ്ഞിനെ തടഞ്ഞു എന്നര്‍ഥം.

മൂസാ(അ)യുടെ സഹോദരിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ അവിടെയുള്ളവര്‍ക്കെല്ലാം വലിയ സന്തോഷം നല്‍കി. അവര്‍ അത് അംഗീകരിച്ചു.

അല്ലാഹുവിന്റെ അതിമഹത്തായ തീരുമാനത്തിന്റെയും യുക്തിയുടെയും അടിസ്ഥാനത്തില്‍ മൂസാ(അ) സ്വന്തം മാതാവിന്റെ മടിത്തട്ടിലേക്ക് മടങ്ങുകയാണ്. അല്ലാഹു അക്ബര്‍. സൃഷ്ടികള്‍ എന്ത് നടപ്പിലാക്കാന്‍ തീരുമാനിച്ചാലും അല്ലാഹുവിന്റെ തീരുമാനത്തെ മറികടക്കുവാന്‍ സാധ്യമല്ല എന്ന് വ്യക്തം.

കുട്ടിയെ പെട്ടിയിലാക്കി നദിയില്‍ ഒഴുക്കാന്‍ അല്ലാഹു മൂസാ(അ)യുടെ ഉമ്മയുടെ മനസ്സില്‍ തോന്നിച്ചപ്പോള്‍ തന്നെ ‘തീര്‍ച്ചയായും അവനെ നാം നിന്റെ അടുത്തേക്ക് തിരിച്ച് കൊണ്ട് വരുന്നതാണ്’ എന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടായിരുന്നല്ലോ. അത് അല്ലാഹു പൂര്‍ത്തിയാക്കുകയാണ്.

”അങ്ങനെ അവന്റെ  മാതാവിന്റെ കണ്ണ് കുളിര്‍ക്കുവാനും അവള്‍ ദുഃഖിക്കാതിരിക്കുവാനും അല്ലാഹുവിന്റെ  വാഗ്ദാനം സത്യമാണെന്ന് അവള്‍ മനസ്സിലാക്കുവാനും വേണ്ടി അവനെ നാം അവള്‍ ക്ക്  തിരിച്ചേല്‍പിച്ചു. പക്ഷേ, അവരില്‍ അധികപേരും (കാര്യം) മനസ്സിലാക്കുന്നില്ല” (ക്വുര്‍ആന്‍ 28:13).

തെറ്റോ പിഴവോ തെല്ലും ഏല്‍ക്കാത്ത അല്ലാഹുവിന്റെ അതിമഹത്തായ തീരുമാനത്തിനൊടുവില്‍ ഉമ്മാക്ക് കുഞ്ഞിനെ തിരികെ ലഭിക്കുകയാണ്. 

കുഞ്ഞിനെ ഉമ്മയിലേക്ക് തന്നെ തിരിച്ച് ഏല്‍പിച്ചതില്‍ ചില കാര്യങ്ങളുണ്ട്. ഉമ്മയുടെ കണ്ണിന് കുളിര്‍മ ലഭിക്കുക, ദുഃഖം ഇല്ലാതാകുക, അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണെന്ന് അറിയിക്കുക എന്നിവയാണവ.

അല്ലാഹുവിന്റെ തീരുമാനം നമുക്ക് അനുമാനിക്കുവാനോ ചിന്തിക്കുവാനോ കഴിയാത്ത  മാര്‍ഗത്തിലൂടെ അവന്‍ നടപ്പിലാക്കുന്നു. മൂസാ(അ) എന്ന കൈക്കുഞ്ഞിനെ പെട്ടിയിലാക്കി നദിയില്‍ ഒഴുക്കുമ്പോള്‍ ഉമ്മാക്ക് ഒരിക്കലും ഇപ്രകാരം ആയിരിക്കും ഇതിന്റെ പര്യവസാനം എന്ന് അറിയുമായിരുന്നില്ല.

അല്ലാഹുവിനോട് നാം പല കാര്യങ്ങളിലും സഹായം തേടാറുണ്ടല്ലോ. ആവശ്യപ്പെട്ട കാര്യം എങ്ങനെയാണ് സഫലമാകുക എന്ന് ചോദിക്കുന്ന വേളയില്‍ ഒരു അടിമക്കും അറിയില്ല. കാര്യം സഫലമാകുമ്പോഴാണ് നിസ്സാരനായ അടിമ ആ കാര്യം അറിയുന്നത്. ഇപ്രകാരമാണ് അല്ലാഹുവിന്റെ ഇടപെടലുകള്‍. മറഞ്ഞ വഴിക്ക് അഥവാ അഭൗതികമായി ഏതെങ്കിലും സൃഷ്ടിയില്‍ ഏതെങ്കിലും സൃഷ്ടിക്ക് ഇടപെടാന്‍ കഴിയും എന്ന വിശ്വാസം ശിര്‍ക്കാണ്. കാരണം, സ്രഷ്ടാവിനേ മറഞ്ഞ വഴിക്ക് ഇടപെടാന്‍ കഴിയൂ. ഒരു സൃഷ്ടിക്കും അതിന് കഴിയില്ല. 

പല കാര്യങ്ങളും നാം തീരുമാനിക്കാറുണ്ട്. ചില കാര്യങ്ങളെല്ലാം നാം പ്രയാസമോ വിഷമമോ കാരണം ഒഴിവാക്കുകയും ചെയ്യാറുണ്ട്. നമ്മള്‍ വിചാരിക്കും, നാം തിരഞ്ഞെടുത്തതാണ് നല്ലതെന്ന്. എന്നാല്‍ നാം ചിലപ്പോള്‍ നല്ലതല്ലാത്തതായി കാണുന്നത് നമുക്ക് ഗുണകരവും നല്ലതായി കാണുന്നത് നമുക്ക് ദോഷകരവും ആകാറുണ്ട്. എന്നാല്‍ ഏതൊരു കാര്യത്തിന്റെയും ഗുണദോഷങ്ങള്‍ നന്നായി അറിയുന്നവന്‍ അല്ലാഹു മാത്രമാണ്. 

ഫിര്‍ഔനിന്റെ കൊട്ടാരത്തില്‍ മൂസാ(അ) കുറെ കാലം താമസിച്ചു. എത്ര കാലം താമസിച്ചുവെന്നത് ഉറപ്പിച്ചു പറയാന്‍ പറ്റുന്ന രൂപത്തില്‍ ക്വുര്‍ആനിലോ ഹദീഥിലോ അതു സംബന്ധിച്ചു യാതൊന്നും നാം കാണുന്നില്ല. എന്നിരുന്നാലും കുറെ വര്‍ഷം അവിടെ കഴിച്ചുകൂട്ടിയിട്ടുണ്ടെന്നത് പില്‍ക്കാലത്ത് മൂസാ(അ)നോട് ഫിര്‍ഔന്‍ പറയുന്നതില്‍ നിന്നും നമുക്ക് മനസ്സിലാക്കാം.

മൂസാ(അ)ന് മുലയൂട്ടുന്ന ഈ സ്ത്രീയെ പറ്റി കൊട്ടാരത്തിലുള്ളവര്‍ക്ക് യാതൊരു പിടിപാടുമില്ല. അവിടെയുള്ളവര്‍ക്കിടയില്‍ മൂസായുടെ ഉമ്മ എന്ന പേരിലാണ് അവര്‍ അറിയപ്പെടുന്നത്. അവര്‍ പോറ്റുമ്മ എന്ന അര്‍ഥത്തിലാണ് അപ്രകാരം വിളിച്ചിരുന്നതെങ്കിലും അവര്‍ കേവലം ഒരു പോറ്റുമ്മ മാത്രമായിരുന്നില്ലല്ലോ. 

കൊട്ടാരത്തില്‍ വളരുന്ന കുഞ്ഞിനെ മുലയൂട്ടി വളര്‍ത്തുക എന്ന വലിയ ഒരു സ്ഥാനം അവര്‍ക്കുണ്ടല്ലോ. അതിന് ഭൗതികമായ പല നേട്ടങ്ങളും രാജകൊട്ടാരത്തില്‍ നിന്ന് അവര്‍ക്ക് ലഭിച്ചിട്ടുണ്ടാവുകയും ചെയ്യും.

മൂസാ(അ) കൊട്ടാരത്തില്‍ വളര്‍ന്ന് വലുതായി. അങ്ങനെ അല്ലാഹു അദ്ദേഹത്തിന് കാര്യങ്ങള്‍ തീരുമാനിക്കുവാനുള്ള വിവേകവും അറിവും എല്ലാം നല്‍കി.

”അങ്ങനെ അദ്ദേഹം (മൂസാ) ശക്തി പ്രാപിക്കുകയും, പാകത എത്തുകയും ചെയ്തപ്പോള്‍ അദ്ദേഹത്തിന് നാം വിവേകവും വിജ്ഞാനവും നല്‍കി. അപ്രകാരമാണ് സദ്‌വൃത്തര്‍ക്ക് നാം പ്രതിഫലം നല്‍കുന്നത്” (ക്വുര്‍ആന്‍ 28:14).

ഈ സമയത്തൊന്നും മൂസാ(അ) നബിയായിട്ടില്ലെന്നത് നാം പ്രത്യേകം മനസ്സിലാക്കേണ്ടതുണ്ട്. അപ്പോള്‍ ഇവിടെ അല്ലാഹു അദ്ദേഹത്തിന് വിവേകവും അറിവും നല്‍കി എന്ന് പറഞ്ഞത് എന്താണെന്ന് സംശയം ഉണ്ടാകും. ഇമാം മുജാഹിദ്(റ) പറയുന്നു: ”അത് പ്രവാചകത്വത്തിന് മുമ്പുള്ള അറിവും ബുദ്ധി ശക്തിയും പ്രവൃത്തിയുമാണ്.” ഇബ്‌നു ഇസ്ഹാക്വ്(റ) പറയുന്നു: ”അദ്ദേഹത്തിന്റെയും അദ്ദേഹത്തിന്റെ പൂര്‍വ പിതാക്കളുടെയും മതത്തിലുള്ള അറിവും, അദ്ദേഹത്തിന്റെ മത കാര്യത്തിലുള്ള അറിവും അതിലെ നിയമങ്ങളും അതിന്റെ ശിക്ഷാമുറകളിലുള്ള അറിവും.” (ത്വബരി).

അദ്ദേഹത്തിന് നാം വിവേകവും വിജ്ഞാനവും നല്‍കി എന്ന് പറഞ്ഞത് പ്രവാചകത്വത്തിന് മുമ്പുള്ള കാര്യത്തെ പറ്റിയാണെന്ന് മഹാന്മാരുടെ വിശദീകരണത്തില്‍ നിന്നും നമുക്ക് മനസ്സിലാക്കാം. എന്നാല്‍ അത് പ്രവാചകത്വത്തെ കുറിച്ച് തന്നെയാണ് സൂചിപ്പിക്കുന്നത് എന്ന് അഭിപ്രായം പറഞ്ഞ പണ്ഡിതന്മാരും ഉണ്ട്. (തുടരും)

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

മൂസാ നബി (അ) – 01

മൂസാ നബി (അ) - 01

ക്വുര്‍ആനില്‍ 136ഓളം സ്ഥലങ്ങളില്‍ മൂസാനബി(അ)യുടെ പേര് അല്ലാഹു പരാമര്‍ശിച്ചിട്ടുണ്ട്. സൂറതുല്‍ ബക്വറഃ, സൂറതുല്‍ അഅ്‌റാഫ്, സൂറതു ത്വാഹാ, സൂറതുല്‍ ക്വസ്വസ്വ് തുടങ്ങിയ അധ്യായങ്ങളില്‍ അദ്ദേഹത്തിന്റെ ചരിത്രം വിശദമായി അല്ലാഹു വിവരിച്ചിട്ടുണ്ട്. മറ്റു ചില അധ്യായങ്ങളില്‍ സംക്ഷിപ്തമായും വിവരിക്കുകയോ സ്മരിക്കുകയോ ചെയ്തിട്ടുണ്ട്.

യഅ്ക്വൂബ്‌നബി(അ)യുടെ സന്താന പരമ്പരകളില്‍ ഇംറാന്റെ പുത്രനായിട്ടാണ് മൂസാ(അ) ജനിക്കുന്നത്. അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ള ധാരാളം അനുഗ്രഹം ലഭിച്ചിട്ടുള്ള ഒരു ജനതയിലേക്കാണ് മൂസാ(അ)യെ അല്ലാഹു തിരഞ്ഞെടുക്കുന്നത്. ‘ഇസ്‌റാഈല്‍ സന്തതികള്‍’ എന്നാണ് ഇവര്‍ അറിയപ്പെടുന്നത്.

ബനൂ ഇസ്‌റാഈല്യര്‍ക്ക് അല്ലാഹു ചെയ്തുകൊടുത്തിട്ടുള്ള അനുഗ്രഹങ്ങളെ പല തവണ അവരെ ഓര്‍മിപ്പിക്കുന്നത് ക്വുര്‍ആനില്‍ നമുക്ക് കാണാം. 

”ഇസ്‌റാഈല്‍ സന്തതികളേ, നിങ്ങള്‍ക്ക് ഞാന്‍ ചെയ്തു തന്നിട്ടുള്ള അനുഗ്രഹവും മറ്റു ജനവിഭാഗങ്ങളെക്കാള്‍ നിങ്ങള്‍ക്ക് ഞാന്‍ ശ്രേഷ്ഠത നല്‍കിയതും നിങ്ങള്‍ ഓര്‍ക്കുക” (ക്വുര്‍ആന്‍ 2:47).

‘മറ്റു ജനവിഭാഗങ്ങളെക്കാള്‍ നിങ്ങള്‍ക്ക് ഞാന്‍ ശ്രേഷ്ഠത നല്‍ലകി’ എന്നു പറഞ്ഞതിനര്‍ഥം അവരാണ് മനുഷ്യരില്‍ ഏറ്റവും ശ്രേഷ്ഠര്‍ എന്നല്ല, ആ കാലത്ത് ഉണ്ടായിരുന്ന ജനവിഭാഗങ്ങളില്‍ ഏറ്റവും ശ്രേഷ്ഠര്‍ അവരായിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. കാരണം, മുഹമ്മദ് നബി ﷺ യുടെ സമുദായത്തെസംബന്ധിച്ച് നിങ്ങളാണ് മനുഷ്യര്‍ക്കായി പുറത്ത് കൊണ്ടുവരപ്പെട്ട ഉത്തമ സമുദായം എന്ന് പ്രത്യേകം അല്ലാഹു പറഞ്ഞിട്ടുണ്ട്. 

ധാരാളം പീഡനങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും മൂസാ(അ) ഇരയായിട്ടുണ്ട്. സൂറഃ ത്വാഹയില്‍ അല്ലാഹു മൂസാ നബി(അ)യോട് തന്നെ ഈ കാര്യം പ്രത്യേകം എടുത്ത് പറയുന്നത് കാണാം: 

”…പല പരീക്ഷണങ്ങളിലൂടെയും നിന്നെ നാം പരീക്ഷിക്കുകയുണ്ടായി…” (20:40).

ബനൂഇസ്‌റാഈല്യരുടെ രാജാക്കന്മാരാണ് ഫറോവമാര്‍ അഥവാ ഫിര്‍ഔനുമാര്‍. ഫിര്‍ഔന്‍ എന്നത് സ്ഥാനപ്പേരാണ്. സേച്ഛാധിപതികളും അഹങ്കാരികളും ആയിരുന്നു ആ രാജാക്കന്മാര്‍. റംസീസ് രണ്ടാമന്‍ എന്നായിരുന്നു മൂസാ നബി(അ)യുടെ കാലത്തെ രാജാവിന്റെ പേര്‍ എന്ന് ചരിത്ര പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. അഹങ്കാരത്തിന്റെ മൂര്‍ധന്യത്തിലെത്തിയ അന്നത്തെ ഫിര്‍ഔന്‍ ഞാനാണ് റബ്ബെന്ന് വാദിച്ചു. ഇത്തരം ഒരു ധിക്കാരിയായ ഭരണാധികാരിയിലേക്കാണ് അല്ലാഹു മൂസാ നബി(അ)യെ അയക്കുന്നത്.

ജനാധിപത്യത്തിന്റെയും പുരോഗതിയുടെയും കാലമെന്ന് ഘോഷിക്കപ്പെടുന്ന വര്‍ത്തമാന കാലത്ത് പോലും പല നാടുകളിലും ഭരണാധികാരികളുടെ സ്വജന പക്ഷപാതവും പാവപ്പെട്ടവരെ മര്‍ദിച്ചൊതുക്കലും നടമാടുന്നത് നാം അറിയുന്നു. എങ്കില്‍ പിന്നെ, സ്വേഛാധിപതിയായ ഫിര്‍ഔനിന്റെ ഏകാധിപത്യ ഭരണത്തെപ്പറ്റി പറയാനുണ്ടോ?!

ഈജിപ്തിലെ പൂര്‍വനിവാസികള്‍ ക്വിബ്ത്വികള്‍ (കോപ്റ്റിക് വംശജര്‍) ആയിരുന്നു. അവര്‍ ഭരണ കക്ഷിയില്‍ പെട്ടവരും ഉന്നതന്മാരുമായി ഗണിക്കപ്പെട്ടു പോന്നു.

യഅ്ക്വൂബ് നബി(അ)യുടെ മറ്റൊരു പേരാണല്ലോ ഇസ്‌റാഈല്‍ എന്നത്. യൂസുഫ്(അ) ഈജിപ്തിലെ മന്ത്രിയായതിന് ശേഷം കന്‍ആനില്‍ നിന്നും യഅ്ക്വൂബ്(അ)ഉം മക്കളും ഈജിപ്തില്‍ സ്ഥിര താമസമാക്കിയിരുന്നു. ബനൂഇസ്‌റാഈല്യര്‍ ഈജിപ്തിലേക്ക് കുടിയേറി പാര്‍ത്തവരാണെന്ന് ചുരുക്കം. അക്കാലത്ത് ഈജിപ്തില്‍ സ്വദേശികളായ ക്വിബ്ത്വികളും കുടിയേറി പാര്‍ത്തവരായ ബനൂ ഇസ്‌റാഈല്യരുമായിരുന്നു ഉണ്ടായിരുന്നത്. അവര്‍ യഅ്ക്വൂബ്(അ)ന്റെയും യൂസുഫ്(അ)ന്റെയും ചര്യ പിന്‍പറ്റി ജീവിച്ച നല്ലവരായിരുന്നു.

യഅ്ക്വൂബ്(അ)ന്റെയും യൂസുഫ്(അ)ന്റെയും മാര്‍ഗത്തില്‍ നിന്നും പില്‍കാലക്കാര്‍ (ഇസ്‌റാഈല്‍ മക്കള്‍) വഴിമാറി. അവരില്‍ ആദര്‍ശ വ്യതിയാനവും അധര്‍മവും ഉടലെടുത്തു. തൗഹീദില്‍ നിന്നും അവര്‍ വ്യതിചലിച്ചപ്പോള്‍, അവര്‍ക്കുള്ള ശിക്ഷയെന്നോണം പിന്നീട് അവരുടെ ഭരണാധികാരം ക്വിബ്ത്വികളുടെ സ്വേഛാധികാരത്തില്‍ വന്നു ഭവിച്ചു. അങ്ങനെ അവര്‍ അങ്ങേയറ്റം മര്‍ദിക്കപ്പെട്ടു. അവര്‍ അടിമകളെ പോലെ അടിച്ചമര്‍ത്തപ്പെട്ടു. മൃഗങ്ങള്‍ക്കുള്ള സ്ഥാനം പോലും അവര്‍ക്ക് ലഭിക്കാതെയായി. 

യഥാര്‍ഥ വിശ്വാസത്തില്‍ നിന്നും പിന്തിരിയുന്ന പക്ഷം സ്വേഛാധിപതികളായ ഭരണാധികരികളെ കൊണ്ട് പരീക്ഷിക്കുമെന്നത് നബി ﷺ  മുന്നറിയിപ്പ് നല്‍കിയതും നാം മനസ്സിലാക്കേണ്ടതുണ്ട്.

ഈജിപ്തില്‍ ഇന്നും വലിയ പിരമിഡുകള്‍ നമുക്ക് കാണാം. അതിന്റെ കല്ലുകളുടെ വലിപ്പം നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്. ആധുനിക ഉപകരണങ്ങള്‍ കൊണ്ടു പോലും അവ പൊക്കിയെടുക്കാന്‍ സാധിച്ചേക്കുമോ എന്ന് നാം സംശയിച്ചു പോകും. അത്രയും വലിയ കല്ലുകളാലാണ് ആ പിരമിഡുകള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നത്. ഈ കല്ലുകള്‍ അത്രയും ഉയരത്തിലേക്ക് എത്തിച്ച് പടുത്തുയര്‍ത്താന്‍ ബനൂഇസ്‌റാഈലുകാരെയാണ് അവര്‍ ഉപയോഗപ്പെടുത്തിയത്. ഫറോവമാര്‍ ശരിക്കും അവരുടെ അധികാരത്തിന്റെ ഹുങ്ക് കാണിപ്പിച്ചു. നിഷ്ഠൂരമായ പീഡനമായിരുന്നു ബനൂഇസ്രാഈല്യര്‍ക്ക് ഈജിപ്തിലെ ഭരണപക്ഷത്തു നിന്നും അനുഭവിക്കേണ്ടി വന്നത്. ഭാരം വഹിക്കുന്ന കഴുതകളോട് കാണിക്കുന്ന കാരുണ്യം പോലും ബനൂഇസ്‌റാഈല്യരോട് ക്വിബ്ത്വികള്‍ കാണിച്ചില്ല. ഈ കാലത്താണ് മഹാനായ മൂസാ നബി(അ)യുടെ ജനനം.

ഇസ്‌റാഈല്‍ മക്കള്‍ ഈജിപ്തില്‍ വര്‍ധിച്ചു വന്നു. ഈ വര്‍ധനവ് ക്വിബ്ത്വികളില്‍ ഭയപ്പാട് സൃഷ്ടിച്ചു. അവരുടെ എണ്ണം വര്‍ധിക്കുന്നതില്‍ അവര്‍ക്ക് അസൂയയും ഉണ്ടാകാന്‍ തുടങ്ങി. ഇസ്‌റാഈല്യരുടെ എണ്ണം കൂടിയാല്‍ തങ്ങളുടെ അധികാര പീഠത്തിന്റെ അടിത്തറയിളകും എന്നതായിരുന്നു അവരുടെ പേടിയുടെ കാതല്‍. അങ്ങനെ സംഭവിച്ചാല്‍ ക്വിബ്ത്വികളുടെ ഭരണം നഷ്ട്പ്പെടുകയും ഇസ്‌റാഈല്യര്‍ തന്നെ ഈജിപ്ത് ഭരിക്കുന്ന അവസ്ഥ സംജാതമാകുകയും ചെയ്യും എന്നെല്ലാം അവര്‍ കണക്കുകൂട്ടി.

ഫിര്‍ഔന്‍ പ്രധാനികളെ തന്റെ സഭയില്‍ വിളിച്ചു വരുത്തി. തങ്ങള്‍ അഭിമുഖീകരിക്കുവാന്‍ പോകുന്ന വലിയ ഒരു പ്രശ്‌നത്തെ അവിടെയുള്ളവരെ അറിയിച്ചു. അതിനുള്ള പരിഹാരം നിര്‍ദേശിക്കുകയും അത് നടപ്പിലാക്കുവാന്‍ ആജ്ഞ പുറപ്പെടുവിക്കുകയും ചെയ്തു. ബനൂഇസാഈല്യരില്‍ ഇനി ജനിക്കുന്ന മുഴുവന്‍ ആണ്‍കുട്ടികളെയും കൊന്നുകളയുക, ഇതായിരുന്നു സ്വേഛാധിപതിയായ ഫിര്‍ഔന്‍ പുറപ്പെടുവിച്ച കല്‍പന. ഫിര്‍ഔനില്‍ നിന്നും ബനൂഇസ്‌റാഈല്യര്‍ നേരിട്ട കടുത്ത പീഡനങ്ങളെ അല്ലാഹു നമുക്ക് വിവരിച്ചു തരുന്നുണ്ട്.

”ത്വാസീമീം. സ്പഷ്ടമായ വേദഗ്രന്ഥത്തിലെ വചനങ്ങളത്രെ അവ. വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി മൂസായുടെയും ഫിര്‍ഔനിന്റെയും വൃത്താന്തത്തില്‍ നിന്നും സത്യപ്രകാരം നിനക്ക് നാം ഓതിക്കേള്‍പിക്കുന്നു. തീര്‍ച്ചയായും ഫിര്‍ഔന്‍ നാട്ടില്‍ ഔന്നത്യം നടിച്ചു. അവിടത്തുകാരെ അവന്‍ വ്യത്യസ്ത കക്ഷികളാക്കിത്തീര്‍ക്കുകയും ചെയ്തു. അവരില്‍ ഒരു വിഭാഗത്തെ ദുര്‍ബലരാക്കിയിട്ട് അവരുടെ ആണ്‍മക്കളെ അറുകൊല നടത്തുകയും അവരുടെ പെണ്‍മക്കളെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്തുകൊണ്ട്. തീര്‍ച്ചയായും അവന്‍ നാശകാരികളില്‍ പെട്ടവനായിരുന്നു” (ക്വുര്‍ആന്‍ 28:14).

ഫിര്‍ഔന്‍ ഇസ്‌റാഈല്‍ മക്കളില്‍ കാണിച്ച കൊടും ക്രൂരത എന്തുമാത്രമാണെന്നത് വിശദീകരണം ആവശ്യമില്ലാതെ തന്നെ നമുക്ക് മനസ്സിലാകുന്നതാണ്.

പെണ്‍കുട്ടികളെ ജീവിക്കാന്‍ അനുവദിക്കുകയും ആണ്‍കുട്ടികളെ അറുകൊല നടത്തുകയും ചെയ്യുന്ന ഈ ക്രൂരത തുടര്‍ന്നപ്പോള്‍ ക്വിബ്ത്വികളില്‍ ചില സംസാരമെല്ലാം ഉണ്ടായി എന്ന് ചരിത്രം പറയുന്നു. ജനിക്കുന്ന ആണ്‍കുഞ്ഞുങ്ങളെയെല്ലാം കൊന്നുകളയുകയാണല്ലോ. മുതിര്‍ന്നവര്‍ ഓരോരുത്തരായി മരണപ്പെടുകയും ചെയ്യുന്നു. സ്വാഭാവികമായും അവര്‍ക്ക് അടിമ വേല ചെയ്യാന്‍ ആളില്ലാതായിത്തുടങ്ങി. അതിന് ഒരു പരിഹാരം ഉണ്ടാക്കുന്നതിനായി അവര്‍ ചര്‍ച്ച ചെയ്തു. ഒരു വര്‍ഷം ജനിക്കുന്ന ആണ്‍കുട്ടികളെ കൊന്നാല്‍ അടുത്ത വര്‍ഷം ജനിക്കുന്ന ആണ്‍കുട്ടികളെ കൊല്ലാതെ ജീവിക്കാന്‍ വിടുക എന്ന ഒരു തീരുമാനത്തില്‍ അവസാനം അവര്‍ എത്തി. കൊല്ലേണ്ടതില്ല എന്ന് അവര്‍ നിശ്ചയിച്ച വര്‍ഷത്തില്‍ ഹാറൂന്‍(അ) ജനിച്ചു. അതിനാല്‍ ഹാറൂന്‍ നബി(അ)യുടെ കാര്യത്തില്‍ പ്രശ്‌നമൊന്നും ഉണ്ടായില്ല. കൊന്നുകളയണം എന്ന് തീരുമാനിച്ച വര്‍ഷത്തിലാണ് മൂസാ(അ) ജനിക്കുന്നത്.

സ്വേച്ഛാധിപതികളായ ഭരണാധികാരികള്‍ക്ക് എന്നും അത് തുടരുവാന്‍ കഴിയില്ല. പീഡിതരുടെ വേദനകളും വേദനിക്കുന്ന ഹൃദയവും സഹായം കൊതിക്കുന്ന മനസ്സും അല്ലാഹു കാണുകയും കേള്‍ക്കുകയും അറിയുകയും ചെയ്യുമല്ലോ. അല്ലാഹുവിന്റെ നിശ്ചിത സമയം വരെ മാത്രമെ ഈ മേല്‍കോയ്മയും അന്യായം പ്രവര്‍ത്തിക്കലുമെല്ലാം നടക്കുകയുള്ളൂ. പിന്നീട് അല്ലാഹു ഉചിതമായ നടപടി സ്വീകരിക്കും.

ബനൂഇസ്‌റാഈല്യരെ ഫിര്‍ഔനിന്റെയും അവന്റെ ആളുകളുടെയും അക്രമങ്ങളില്‍ നിന്നും മോചിപ്പിക്കണമെന്ന് അല്ലാഹു നേരത്തെ തീരുമാനിച്ചിട്ടുണ്ട്,

”നാമാകട്ടെ ഭൂമിയില്‍ അടിച്ചമര്‍ത്തപ്പെട്ട ദുര്‍ബലരോട് ഔദാര്യം കാണിക്കുവാനും അവരെ നേതാക്കളാക്കുവാനും അവരെ (നാടിന്റെ) അനന്തരാവകാശികളാക്കാനുമാണ് ഉദ്ദേശിക്കുന്നത്” (ക്വുര്‍ആന്‍ 28:5).

പീഡിതരോട് കരുണയും ദയയും കാണിക്കുവാനും അവരുടെ മേലുള്ള ക്വിബ്ത്വികളുടെ സ്വേഛാധിപത്യം അവസാനിപ്പിക്കുവാനും ബനൂഇസ്‌റാഈല്യരെ അവരുടെ നാടിന്റെ അനന്തരാവകാശികള്‍ ആക്കുവാനും അല്ലാഹു തീരുമാനിച്ചു.

”അവര്‍ക്ക്  (ആ മര്‍ദിതര്‍ക്ക്) ഭൂമിയില്‍ സ്വാധീനം നല്‍കുവാനും ഫിര്‍ഔന്നും ഹാമാന്നും അവരുടെ സൈന്യങ്ങള്‍ക്കും  അവരില്‍ നിന്ന് തങ്ങള്‍ ആശങ്കിച്ചിരുന്നതെന്തോ അത് കാണിച്ചുകൊടുക്കുവാനും (നാം ഉദ്ദേശിക്കുന്നു)” (ക്വുര്‍ആന്‍ 28:6).

ഫിര്‍ഔന്‍ പിറന്നുവീഴുന്ന ആണ്‍കുട്ടികളെയെല്ലാം അറുകൊല നടത്താന്‍ തീരുമാനിച്ചത് അവരുടെ അധികാരവും സ്വാധീനവും ഇസ്രാഈല്യര്‍ തട്ടിയെടുക്കുമെന്ന് ഭയന്നതിനാലാണല്ലോ. എന്നാല്‍ അല്ലാഹുവിന്റെ ഉദ്ദേശം അവര്‍ ഏതൊന്നിനെ തൊട്ട് ഭയപ്പെട്ടുവോ അത് അവരില്‍ നടപ്പിലാക്കുന്നതിന് വേണ്ടിയാണ്. അഹങ്കാരിയായ ഫിര്‍ഔനും, അവന്റെ അഹങ്കാരിയായ മന്ത്രിയായ ഹാമാനും അവരുടെ സൈന്യവും അത് അനുഭവിക്കുകയും ചെയ്യുമെന്ന് അല്ലാഹു തീരുമാനിച്ചു.

ഫിര്‍ഔനും കൂട്ടരും എടുത്ത തീരുമാനം നാം മനസ്സിലാക്കിയല്ലോ. ആ കാലത്തെ ഗര്‍ഭിണികളുടെ മനസ്സ് എന്തായിരിക്കും? തനിക്ക് ജനിക്കുവാന്‍ പോകുന്ന കുഞ്ഞ് ആണ്‍കുഞ്ഞാണെങ്കില്‍ തനിക്ക് അതിനെ നഷ്ടപ്പെടുമെന്ന് ഭയക്കാത്ത ബനൂഇസ്‌റാഈല്യരിലെ പെണ്ണുങ്ങള്‍ ഉണ്ടാകുമോ? ഒരിക്കലുമുണ്ടാകില്ല!

മൂസാ(അ)യുടെ മാതാവ് ഗര്‍ഭിണിയായി. മനസ്സില്‍ വലിയ പേടിയും ബേജാറും. കുഞ്ഞിന്റെ ഭാവിയോര്‍ക്കുമ്പോള്‍ സ്വാഭാവികമായും ഒരു ഉമ്മാക്ക് ഉണ്ടാകുന്ന പേടി.

”മറ്റൊരിക്കലും നിനക്ക് നാം അനുഗ്രഹം ചെയ്ത് തന്നിട്ടുണ്ട്. അതായത് നിന്റെ മാതാവിന് ബോധനം നല്‍കപ്പെടേണ്ട കാര്യം നാം ബോധനം നല്‍കിയ സന്ദര്‍ഭത്തില്‍. നീ അവനെ (കുട്ടിയെ) പെട്ടിയിലാക്കിയിട്ട് നദിയിലിട്ടേക്കുക. നദി ആ പെട്ടി കരയില്‍ തള്ളിക്കൊള്ളും. എനിക്കും അവന്നും ശത്രുവായിട്ടുള്ള ഒരാള്‍ അവനെ എടുത്ത് കൊള്ളും. (ഹേ; മൂസാ,) എന്റെ പക്കല്‍ നിന്നുള്ള സ്‌നേഹം നിന്റെമേല്‍ ഞാന്‍ ഇട്ടുതരികയും ചെയ്തു. എന്റെ നോട്ടത്തിലായിക്കൊണ്ട് നീ വളര്‍ത്തിയെടുക്കപ്പെടാന്‍ വേണ്ടിയും കൂടിയാണത്” (20:3739).

മൂസാ(അ)ന് അല്ലാഹു ചെയ്ത ഒരു വലിയ അനുഗ്രഹത്തെ ഓര്‍മിപ്പിക്കുകയാണ് ഈ സൂക്തത്തില്‍. കൂഞ്ഞായിരിക്കുമ്പോള്‍ തന്നെ അല്ലാഹുവിന്റെ പ്രത്യേക കാവലും സഹായവും ലഭിച്ചിട്ടുണ്ട് അദ്ദേഹത്തിന്. അത് എങ്ങനെയാണെന്നതാണ് അല്ലാഹു ഇവിടെ വിവരിക്കുന്നത്.

ജനിച്ച ഉടനെ ഒരു പെട്ടിയില്‍ കുഞ്ഞിനെ ആക്കുവാനും തുടര്‍ന്ന് ആ പെട്ടി നദിയില്‍ ഒഴുക്കുവാനും അല്ലാഹു മൂസാ(അ)യുടെ ഉമ്മയുടെ മനസ്സില്‍ തോന്നിപ്പിച്ചു. ചോരപ്പൈതലിനെ പെട്ടിയില്‍ ആക്കി നദിയില്‍ ഇടുക എന്നത് ഒരു മാതാവിന് ധൈര്യത്തോടെ ചെയ്യാന്‍ കഴിയുന്നതല്ലല്ലോ. എന്നാല്‍ അല്ലാഹു അതിനുള്ള ധൈര്യവും കുഞ്ഞിനെ രക്ഷിക്കുമെന്ന ആശ്വാസവും നല്‍കി. 

ഞാനാണ് അത്യുന്നതനായ റബ്ബെന്ന് പറഞ്ഞ് അഹങ്കരിക്കുന്ന ഫിര്‍ഔന്‍ എന്ന രാജാവ് തനിച്ച മുശ്‌രിക്കും സത്യനിഷേധിയുമാണെന്നതില്‍ സംശയമില്ലല്ലോ. അതിനാല്‍ അവന്‍ അല്ലാഹുവിന്റെയും മൂസാ(അ)യുടെയും ശത്രുവാണ്. ആ ശത്രു തന്നെ കുഞ്ഞിനെ ഏറ്റെടുക്കുമെന്നും നമ്മുടെ മേല്‍നോട്ടത്തില്‍ നീ തന്നെ കുഞ്ഞിനെ വളര്‍ത്തുമെന്നും നാം പ്രത്യേകമായി സ്‌നേഹം നിന്നില്‍ ഇട്ടുതന്നിരിക്കുന്നു എന്നും മൂസാ(അ)യുടെ മാതാവിന്റെ മനസ്സില്‍ അല്ലാഹു തോന്നിപ്പിച്ചു.

ഉമ്മാക്ക് ബോധനം നല്‍കി എന്ന് പറഞ്ഞത് പ്രവാചകന്മാര്‍ക്ക് അല്ലാഹു ബോധനം നല്‍കിയത് പോലെയല്ല. പ്രവാചകന്മാര്‍ക്ക് അല്ലാഹു നല്‍കുന്നത് വേറെ തന്നെയാണെന്നത് പ്രവാചകന്മാരില്‍ വിശ്വസിക്കേണ്ടതായ കാര്യങ്ങള്‍ വിവരിച്ചപ്പോള്‍ നാം വ്യക്തമാക്കിയത് ഓര്‍ക്കുമല്ലോ.

സൂറത്തുല്‍ ക്വസ്വസ്വില്‍ മൂസാ(അ)യുടെ മാതാവിന് അല്ലാഹു ബോധനം നല്‍കിയതിനെ സംബന്ധിച്ച് വിവരിച്ചത് ഇപ്രകാരമാണ്.

”മൂസായുടെ മാതാവിന് നാം ബോധനം നല്‍കി; അവന്ന് നീ മുല കൊടുത്തു കൊള്ളുക. ഇനി അവന്റെ കാര്യത്തില്‍ നിനക്ക് ഭയം തോന്നുകയാണെങ്കില്‍ അവനെ നീ നദിയില്‍ ഇട്ടേക്കുക. നീ ഭയപ്പെടുകയും ദുഃഖിക്കുകയും വേണ്ട. തീര്‍ച്ചയായും അവനെ നാം നിന്റെ അടുത്തേക്ക് തിരിച്ച് കൊണ്ട് വരുന്നതും അവനെ ദൈവദൂതന്മാരില്‍ ഒരാളാക്കുന്നതുമാണ്” (ക്വുര്‍ആന്‍ 28:7).

വിശുദ്ധ ക്വുര്‍ആന്‍ ഒരു സ്ഥലത്ത് ചുരുക്കിപ്പറഞ്ഞത് മറ്റൊരു സ്ഥലത്ത് വിവരിച്ച് പറയും. ഒരു സ്ഥലത്ത് നിരുപാധികം പറഞ്ഞത് മറ്റൊരു സ്ഥലത്ത് സോപാധികമായി പറയും. ക്വര്‍ആനിലെ ഒരു വചനത്തില്‍ പറഞ്ഞിട്ടുള്ള കാര്യം വിശദമായി മറ്റൊരു സ്ഥലത്ത് വിവരിക്കും. ഇതെല്ലാം ക്വുര്‍ആനിന്റെ പ്രത്യേകതയാണ്.

ഈ വചനത്തില്‍ പറഞ്ഞത് സൂറഃ ത്വാഹയില്‍ വന്നതിനെക്കാളും അല്‍പം വിവരിച്ചു കൊണ്ടാണ്. കുഞ്ഞിനെ പ്രസവിച്ചാല്‍ കൂഞ്ഞിന് മുലയൂട്ടണമെന്നും ഫിര്‍ഔന്‍ അവനെ കൊന്നുകളയുമെന്ന് ഭയപ്പെടുന്നുവെങ്കില്‍ അവനെ പെട്ടിയില്‍ ആക്കി നദിയില്‍ ഒഴുക്കുക എന്നുമാണ് മൂസാ(അ)യുടെ മാതാവിന് അല്ലാഹു തോന്നിപ്പിച്ചത്. യാതൊരു പേടിയും വ്യസനവും അവന്റെ കാര്യത്തില്‍ ഉണ്ടാകേണ്ടതില്ലെന്നും നിന്റെ കരങ്ങളാല്‍ തന്നെ അവനെ വളര്‍ത്തുവാനായി നിന്നിലേക്ക് അവനെ മടക്കിത്തരുന്നതാണെന്നും പിന്നീട് അവനെ പ്രവാചകന്മാരില്‍ ഒരുവനാക്കുന്നതാണെന്നുമെല്ലാം ഉമ്മയുടെ മനസ്സില്‍ അല്ലാഹു തോന്നിപ്പിച്ചു.

ഈ വചനത്തില്‍ അല്ലാഹു രണ്ട് കല്‍പനയും (അവന്ന് നീ മുലകൊടുത്തു കൊള്ളുക, ഇനി അവന്റെ കാര്യത്തില്‍ നിനക്ക് ഭയം തോന്നുകയാണെങ്കില്‍ അവനെ നീ നദിയില്‍ ഇട്ടേക്കുക), രണ്ട് വിരോധവും (നീ ഭയപ്പെടുകയും ദുഃഖിക്കുകയും വേണ്ട), രണ്ട് സന്തോഷ വാര്‍ത്തയും (തീര്‍ച്ചയായും അവനെ നാം നിന്റെ അടുത്തേക്ക് തിരിച്ച് കൊണ്ടുവരുന്നതും അവനെ ദൈവദൂതന്മാരില്‍ ഒരാളാക്കുന്നതുമാണ്) നല്‍കുന്നത് ശ്രദ്ധേയമാണ്. 

ക്വുര്‍ആനിന്റെ സാഹിത്യഭംഗിയും വാചക ഘടനയുമെല്ലാം അത്ഭുതങ്ങളുടെ കലവറയാണ്. ക്വുര്‍ആനിന് തുല്യമായത് കൊണ്ടു വരിക എന്ന വെല്ലുവിളി ഏറ്റടുക്കാന്‍ ഇന്നുവരെ ലോകത്ത് ഒരാള്‍ക്കും സാധിച്ചിട്ടില്ല, സാധിക്കുകയുമില്ല. അത്രയും വലിയ ദൈവികദൃഷ്ടാന്തമാണ് ഈ ക്വുര്‍ആന്‍.

മുന്‍കഴിഞ്ഞ പ്രവാചകന്മാര്‍ക്ക് അല്ലാഹു നല്‍കിയ മുഅ്ജിസത് അഥവാ ദൈവിക ദൃഷ്ടാന്തം അവരുടെ കാലത്തോടെ ഇല്ലാതെയായി. കാരണം, മുഹമ്മദ് നബി ﷺ ക്ക് മുമ്പുള്ള നബിമാരെല്ലാം പ്രത്യക സമൂഹത്തിലേക്കോ രാജ്യത്തിലേക്കോ മാത്രമായി അയക്കപ്പെട്ടവരായിരുന്നു. എന്നാല്‍ മുഹമ്മദ് നബി ﷺ യെ ലോകാവസാനം വരെയുള്ള മുഴുവന്‍ ആളുകളിലേക്കുമാണ് അല്ലാഹു അയച്ചിട്ടുള്ളത്. അതിനാല്‍ മുഹമ്മദ് നബി ﷺ ക്ക് അല്ലാഹു നല്‍കിയ മുഅ്ജിസത് ലോകാവസാനം വരെ നിലനില്‍ക്കേണ്ടതുണ്ട്. അതാണ് വിശുദ്ധ ക്വുര്‍ആന്‍. മുഹമ്മദ് നബി ﷺ  അല്ലാഹുവിന്റെ ദൂതനാണെന്നും അവസാനത്തെ പ്രവാചകനാണെന്നും ലോകത്തുള്ള മുഴുവന്‍ ആളുകള്‍ക്കും തിരിച്ചറിയുവാനായി ക്വുര്‍ആന്‍ അതിന്റെ മുഅ്ജിസത് ലോകത്തിനു മുന്നില്‍ അനാവരണം ചെയ്തുകൊണ്ടേയിരിക്കും. (തുടരും)

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

യൂനുസ് നബി (അ)

യൂനുസ് നബി (അ)

ബനൂ ഇസ്‌റാഈല്യരിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനാണ് യൂനുസ്(അ). യൂനുസ് ബ്‌നു മത്താ എന്നതാണ് പേര്. പിതാവിലേക്ക് ചേര്‍ത്തിക്കൊണ്ട് ഇപ്രകാരം നബി ﷺ പറഞ്ഞതായി ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്ത ഹദീഥുകളില്‍ വന്നിട്ടുണ്ട്.

യഅ്ക്വൂബ് നബി(അ)യുടെ സന്താന പരമ്പരകളില്‍ വന്ന പ്രവാചകനാണ് യൂനുസ്(അ). യൂനുസ്(അ)യുടെ പേരില്‍ ഒരു അധ്യായം തന്നെ ക്വുര്‍ആനില്‍ ഉണ്ട്. പരിശുദ്ധ ക്വുര്‍ആനില്‍ നാല് സ്ഥലങ്ങളില്‍ ഈ പേര് പരാമര്‍ശിച്ചിട്ടുണ്ട്. ക്വുര്‍ആനില്‍ തന്നെ മറ്റു രണ്ട് സ്ഥലങ്ങളില്‍  ‘സ്വാഹിബുല്‍ ഹൂത്,’ ‘ദുന്നൂന്‍’ എന്നിങ്ങനെയും പരാമര്‍ശിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ചരിത്രത്തില്‍ ഒരു മത്സ്യവുമായി ബന്ധപ്പെട്ട സംഭവം ഉള്ളതിനാലാണ് ‘മത്സ്യത്തിന്റെ ആള്‍’ എന്ന അര്‍ഥത്തില്‍ ഈ പേരുകളില്‍ യൂനുസ്(അ)നെ പരാമര്‍ശിക്കുന്നത്.

ഇറാക്വിലെ മൗസ്വില്‍ എന്ന പ്രദേശത്തിന്റെ തലസ്ഥാനമായ നീനുവാ എന്ന ഭാഗത്തേക്കാണ് അല്ലാഹു യൂനുസ്(അ)നെ പ്രവാചകനായി നിയോഗിക്കുന്നത്.

നീനുവാ ദേശത്തുള്ളവര്‍ ബഹുദൈവാരാധകരും അന്ധവിശ്വാസികളും ആയിരുന്നു. ഏതൊരു പ്രവാചകന്‍ അവരുടെ  സമൂഹത്തോട് പ്രബോധനം ചെയ്തപ്പോഴും പ്രഥമവും പ്രധാനവുമായി കല്‍പിച്ചത് ഏകദൈവ വിശ്വാസമായിരുന്നുവല്ലോ. തൗഹീദിന്റെ മഹത്ത്വം അത്രത്തോളം ഉണ്ടെന്നതാണ് അതിലൂടെ നാം മനസ്സിലാക്കേണ്ടത്. യൂനുസ്(അ)ഉം തന്റെ ജനതയെ ‘ലാ ഇലാഹ ഇല്ലല്ലാഹു’ എന്ന തൗഹീദിന്റെ അടിത്തറയിലേക്ക് ക്ഷണിച്ചു. എന്നാല്‍ ആ ക്ഷണം അവര്‍ സ്വീകരിക്കാന്‍ തയ്യാറായില്ല. അവരുടെ അന്ധവിശ്വാസത്തിലും ശിര്‍ക്കിലും ഉറച്ച് നില്‍ക്കുവാന്‍ അവര്‍ തീരുമാനിച്ചു.

ശിര്‍ക്കില്‍ നിന്നും അന്ധവിശ്വാസങ്ങളില്‍ നിന്നും പിന്തിരിയാന്‍ തയ്യാറല്ലെങ്കില്‍ അല്ലാഹുവില്‍ നിന്നും വരാനിരിക്കുന്ന കടുത്ത ശിക്ഷയെ കുറിച്ച് യൂനുസ്(അ) അവര്‍ക്ക് ശക്തമായ താക്കീതും നല്‍കി. എന്നാല്‍ ഈ താക്കീതുകളൊന്നും തന്നെ അവരുടെ അന്ധവിശ്വാസത്തില്‍ നിന്നും ശിര്‍ക്കില്‍ നിന്നും അവരെ പിന്തിരിപ്പിച്ചില്ല. 

യൂനുസ്(അ) തന്നാല്‍ കഴിയുന്നത് പോലെ അവരോട് ഉപദേശിച്ച് നോക്കിയിട്ടും അവരില്‍ അത് ഫലം കാണാതെ വന്നപ്പോള്‍ അദ്ദേഹത്തില്‍ അത് വലിയ ദുഃഖം ഉണ്ടാക്കി. ആ ദുഃഖവും സങ്കടവും അല്‍പം കോപത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചു. അവസാനം യൂനുസ്(അ) ആ നാട് വിടാന്‍ തീരുമാനിച്ചു.

യൂനുസ്(അ) ആ നാടുവിട്ട് പോയപ്പോള്‍ നാട്ടുകാര്‍ക്ക് മാറ്റം വന്നു. യൂനുസ്(അ) പറഞ്ഞ കാര്യങ്ങളെ കുറിച്ച് ആലോചിക്കുകയും മനസ്സിന് മാറ്റം വരികയും ചെയ്തു. യൂനുസ്(അ) മുന്നറിയിപ്പ് നല്‍കിയ ശിക്ഷയുടെ ചില പ്രാഥമിക ഘട്ടങ്ങള്‍ അവര്‍ കാണാന്‍ തുടങ്ങി. അവര്‍ പേടിച്ചു. അവര്‍ക്ക് മനസ്സിലായി, പ്രവാചകന്മാര്‍ കളവ് പറയില്ലെന്ന്. യൂനുസാകട്ടെ നാട് വിടുകയും ചെയ്തിരിക്കുന്നു. എന്തൊക്കെയോ സംഭവിക്കുവാന്‍ പോകുന്നു എന്ന് അവര്‍ക്ക് മനസ്സിലാകാന്‍ തുടങ്ങി. അവരില്‍ മാറ്റം പ്രത്യക്ഷപ്പെടുവാനും തുടങ്ങി. മുന്‍ കഴിഞ്ഞ ഒരു സമൂഹത്തിലും കാണാത്ത ഒരു പ്രത്യേകതയായിരുന്നു അത്. മറ്റുള്ളവരെല്ലാം ശിക്ഷ അനുഭവിച്ചപ്പോള്‍ പാഠം പഠിച്ചവരായിരുന്നുവെങ്കില്‍ ഇവര്‍ ശിക്ഷ വരും മുമ്പെ കാര്യം ഗ്രഹിച്ച് നിലപാട് മാറ്റിയവരായിരുന്നു.

പുരുഷന്മാരും സ്ത്രീകളും കുട്ടികളും എല്ലാവരും അവരുടെ ആടുമാടുകളെയും ആയി ഒരു മരുഭൂമിയിലേക്ക് മാറിനിന്നു. അവര്‍ അല്ലാഹുവിനോട് പാപമോചനം നടത്തുകയും അല്ലാഹുവിലേക്ക് പശ്ചാത്തപിക്കുകയും ചെയ്തു. അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിക്കുകയും അവരെ കടുത്ത ശിക്ഷയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.

”ഏതെങ്കിലുമൊരു രാജ്യം വിശ്വാസം സ്വീകരിക്കുകയും വിശ്വാസം അതിന് പ്രയോജനപ്പെടുകയും ചെയ്യാത്തതെന്ത്? യൂനുസിന്റെ ജനത ഒഴികെ! അവര്‍ വിശ്വസിച്ചപ്പോള്‍ ഇഹലോകജീവിതത്തിലെ അപമാനകരമായ ശിക്ഷ അവരില്‍ നിന്ന് നാം നീക്കം ചെയ്യുകയും, ഒരു നിശ്ചിതകാലം വരെ നാം അവര്‍ക്ക്  സൗഖ്യം നല്‍കുകയും ചെയ്തു” (ക്വുര്‍ആന്‍ 10:98).

പ്രവാചകന്മാര്‍ അവരുടെ സമൂഹത്തോട് നേര്‍വഴി വിവരിക്കുമ്പോള്‍ അവര്‍ അതിനെ പുറകോട്ട് വലിച്ചെറിയുകയായിരുന്നല്ലോ പതിവ്. അവര്‍ പ്രവാചകന്മാരെ പിന്തുടര്‍ന്ന്, പ്രവാചകന്മാര്‍ പറയുന്നതില്‍ വിശ്വസിച്ചിരുന്നുവെങ്കില്‍ അവരുടെ വിശ്വാസം അവര്‍ക്ക് ഗുണം ചെയ്യുമായിരുന്നു. എന്നാല്‍ അവര്‍ ആരും അപ്രകാരം ചെയ്തില്ല. എന്നാല്‍ യൂനുസ്(അ)ന്റെ ജനത മാത്രം അതില്‍ നിന്നും വ്യത്യസ്തമായിരുന്നു. അതു കാരണം ഐഹിക ലോകത്തുവെച്ച് അവര്‍ക്ക് ഒരുക്കിവെച്ചിരുന്ന നിന്ദ്യതയുടെയും അപമാനത്തിന്റെയും ശിക്ഷയില്‍ നിന്നും അല്ലാഹു അവരെ ഒഴിവാക്കി.

ഒരു ലക്ഷത്തിലധികം ജനങ്ങളുണ്ടായിരുന്ന പ്രദേശമായിരുന്നു നീനുവാ. ക്വുര്‍ആന്‍ അവരുടെ എണ്ണം എടുത്ത് പറഞ്ഞിട്ടുണ്ട്.

”അദ്ദേഹത്തെ നാം ഒരു ലക്ഷമോ അതിലധികമോ വരുന്ന ജനവിഭാഗത്തിലേക്ക് നിയോഗിച്ചു. അങ്ങനെ അവര്‍ വിശ്വസിക്കുകയും തല്‍ഫലമായി കുറെ കാലത്തേക്ക് അവര്‍ക്ക് നാം സുഖജീവിതം നല്‍കുകയും ചെയ്തു”  (ക്വുര്‍ആന്‍ 37:147,148).

യൂനുസ്(അ)ന്റെ പ്രബോധനത്താല്‍ ഒരു ലക്ഷത്തിലധികം വരുന്ന നീനുവക്കാര്‍ അവരുടെ ശിര്‍ക്കും അന്ധവിശ്വാസങ്ങളും ഒഴിവാക്കി തൗഹീദും യഥാര്‍ഥ വിശ്വാസവും സ്വീകരിച്ചു. പക്ഷേ, അതിന് മുമ്പേ അവര്‍ വിശ്വസിക്കാത്തതിനാല്‍, അവരുടെ പ്രവാചകന്‍ അവരോട് ദേഷ്യം കാണിച്ച് അവിടെ നിന്നും ഒരു കപ്പല്‍വഴി നാട് വിടാന്‍ തീരുമാനിച്ചു. 

”യൂനുസും ദൂതന്മാരിലൊരാള്‍ തന്നെ. അദ്ദേഹം ഭാരം നിറച്ച കപ്പലിലേക്ക് ഒളിച്ചോടിയ സന്ദര്‍ഭം” (37:139,140).

നാട്ടുകാര്‍ വിശ്വസിക്കാന്‍ തയ്യാറാകാതിരുന്നപ്പോഴും യൂനുസ്(അ) അവര്‍ക്കിടയില്‍ ക്ഷമിച്ച് പ്രബോധനം തുടരുകയായിരുന്നു വേണ്ടത്. എന്നാല്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള അറിയിപ്പ് ലഭിക്കും മുമ്പെ യൂനുസ്(അ), അവര്‍ തന്നില്‍ വിശ്വസിക്കാത്തതിലുള്ള വ്യസനം കാരണം നാടുവിട്ടു. അങ്ങനെ ധാരാളം ഭാരം നിറക്കപ്പെട്ട കപ്പലില്‍ അദ്ദേഹം കയറി. അദ്ദേഹത്തിന്റെ ആ പോക്കിനെ സംബന്ധിച്ച് ക്വുര്‍ആന്‍ മറ്റൊരിടത്ത് ഇപ്രകാരം പറയുന്നു:

”ദുന്നൂനിനെയും (ഓര്‍ക്കുക). അദ്ദേഹം കുപിതനായി പോയിക്കളഞ്ഞ സന്ദര്‍ഭം” (21:87).

തന്റെ ജനത വിശ്വസിക്കാത്തതിലുള്ള സങ്കടം ദേഷ്യമായി മാറി. പ്രവാചകന്മാര്‍ മുഴുവനും അവരുടെ സമൂഹത്തെ അളവറ്റ് സ്‌നേഹിച്ചവരും അവരോട് അങ്ങേയറ്റത്തെ ഗുണകാംക്ഷയുള്ളവരുമായിരുന്നുവല്ലോ. എല്ലാ പ്രവാചകന്മാരും അവരുടെ നാട്ടുകാര്‍ അവരില്‍ വിശ്വസിക്കാത്തതില്‍ അങ്ങേയറ്റം ദുഃഖിച്ചവരുമാണ്.

താന്‍ ക്ഷണിക്കുന്ന ആദര്‍ശം സ്വീകരിക്കുവാന്‍ തയ്യാറാകാത്ത പക്ഷം നരകമായിരിക്കുമല്ലോ മരണാനന്തരം ഇവര്‍ക്ക് അഭിമുഖീകരിക്കേണ്ടത് എന്ന യാഥാര്‍ഥ്യം മനസ്സിലാക്കിയ പ്രവാചകനായിരുന്നു യൂനുസ്(അ). അതിനാലാണ് അവരോട് ദേഷ്യപ്പെട്ട് അവിടെ നിന്നും പോകാന്‍ യൂനുസ്(അ) തീരുമാനിച്ചത്.

അല്ലാഹുവിലേക്ക് ക്ഷണിക്കുന്ന ഏതൊരു പ്രബോധകനും ജനങ്ങളെ അല്ലാഹുവിലേക്ക് ക്ഷണിക്കുമ്പോള്‍ അവരോട് വെറുപ്പോ അനിഷ്ടമോ മനസ്സില്‍ വെച്ചുകൊണ്ടല്ല ക്ഷണിക്കേണ്ടത്. അവര്‍ നന്നാകണം, നരകത്തിന്റെ ഇന്ധനമാകരുത്, അല്ലാഹുവിന്റെ ഇഷ്ട ദാസന്മാര്‍ക്കായി തയ്യാര്‍ ചെയ്തിട്ടുള്ള സ്വര്‍ഗത്തിന്റെ അവകാശികളാകണം എന്ന ഗുണകാംക്ഷാനിര്‍ഭരമായ മനസ്സോടെയാകണം ജനങ്ങളില്‍ പ്രബോധനം ചെയ്യേണ്ടത്.

യൂനുസ്(അ) കപ്പലില്‍ കയറി. കപ്പല്‍ വലിയ ഭാരം വഹിച്ചുള്ളതായിരുന്നുവെന്ന് നാം പറഞ്ഞുവല്ലോ. കപ്പല്‍ യാത്ര ആരംഭിച്ചു. കാറ്റും കോളും വന്ന് കപ്പല്‍ മറിയാനുള്ള ഭാവത്തിലായി. ഭാരം കുറച്ചില്ലെങ്കില്‍ കപ്പല്‍ മുങ്ങി പോകും എന്ന സ്ഥിതി എത്തിയപ്പോള്‍ അവര്‍ ഒരു തീരുമാനത്തിലെത്തി. കപ്പലില്‍ നിന്നും  ചിലരെ എടുത്ത് പുറത്ത് തള്ളുവാനായിരുന്നു തീരുമാനം. അധികഭാരം വഹിച്ച് കപ്പല്‍ മുന്നോട്ട് പോകില്ലെന്ന് അവര്‍ക്ക് മനസ്സിലായതിനാലാണ് ഇപ്രകാരം ഒരു തീരുമാനത്തലേക്ക് അവര്‍ എത്തിയത്. ഇത്തരം സന്ദര്‍ഭത്തില്‍ വിവേചനം കാണിച്ച് തീരുമാനത്തിലെത്തുന്നത് ശരിയല്ലല്ലോ. ആരെ പുറത്തിടും എന്നത് ചര്‍ച്ചയിലൂടെ തീരുമാനിക്കുവാന്‍ കഴിയില്ല. എല്ലാവരും ജീവനുള്ള മനുഷ്യരാണല്ലോ. അവസാനം അവര്‍ നറുക്കെടുപ്പ് പരിഹാരമായി കണ്ടു. നറുക്കെടുപ്പ് നടത്തി. യൂനുസ് നബി(അ)ന്റെ പേരാണ് അതില്‍ വന്നത്. തീരുമാന പ്രകാരം അദ്ദേഹം കപ്പലില്‍ നിന്നും പുറത്താക്കപ്പെട്ടു.

യൂനുസ്(അ)ന്റെ മുഖപ്രസന്നതയും നിഷ്‌കളങ്ക മനോഭാവവും കണ്ട കപ്പല്‍ യാത്രക്കാര്‍ക്കെല്ലാം അദ്ദേഹത്തെ കപ്പലില്‍ നിന്നും പുറംതള്ളുന്നതില്‍ വലിയ വിഷമം ഉണ്ടായി. ആയതിനാല്‍, പല പ്രാവശ്യം നറുക്കെടുപ്പ് നടന്നു. എല്ലാത്തിലും പേര് യൂനുസ്(അ)ന്റെത് തന്നെ! (അല്ലാഹുവിന്റെ തീരുമാനത്തിന് മുകളില്‍ ആര് എന്ത് ചെയ്താലും നടപ്പില്‍ വരില്ലല്ലോ). അവസാനം യൂനുസ്(അ) സ്വയം കപ്പലില്‍ നിന്നും കടലിലേക്ക് എടുത്തു ചാടി എന്ന് ചരിത്രത്തില്‍ കാണാം.

യൂനുസ്(അ) കപ്പലില്‍ നിന്നും പുറത്താക്കപ്പെട്ടു. ഉടനെ ഒരു വലിയ മത്സ്യം (തിമിംഗലം) അദ്ദേഹത്തെ വിഴുങ്ങി. അപ്പോഴും അദ്ദേഹം ആക്ഷേപിക്കപ്പെട്ടവനായിരുന്നു. കാരണം, അല്ലാഹുവിന്റെ അനുവാദം ലഭിക്കാതെയാണ് അദ്ദേഹം നാടുവിട്ടിരിക്കുന്നത്. 

”ദുന്നൂനിനെയും (ഓര്‍ക്കുക). അദ്ദേഹം കുപിതനായി പോയിക്കളഞ്ഞ സന്ദര്‍ഭം! നാം ഒരിക്കലും അദ്ദേഹത്തിന് ഞെരുക്കമുണ്ടാക്കുകയില്ലെന്ന് അദ്ദേഹം ധരിച്ചു. അനന്തരം ഇരുട്ടുകള്‍ക്കുള്ളില്‍ നിന്ന് അദ്ദേഹം വിളിച്ചുപറഞ്ഞു: നീയല്ലാതെ യാതൊരു ദൈവവുമില്ല. നീ എത്ര പരിശുദ്ധന്‍! തീര്‍ച്ചയായും ഞാന്‍ അക്രമികളുടെ കൂട്ടത്തില്‍ പെട്ടവനായിരിക്കുന്നു” (21:87).

യൂനുസ്(അ) നാട്ടുകാരെ വിട്ട് പോകുമ്പോള്‍ അല്ലാഹു അദ്ദേഹത്തെ ഒരു കാര്യത്തിലും കുടുസ്സത നല്‍കില്ലെന്നാണ് വിചാരിച്ചത്. 

കപ്പലില്‍ നിന്നും പുറത്താക്കപ്പെട്ട ഉടനെ ഒരു വലിയ മത്സ്യം യൂനുസ്(അ)നെ വിഴുങ്ങി എന്ന് നാം പറഞ്ഞുവല്ലോ. ആ സന്ദര്‍ഭത്തില്‍ അദ്ദേഹത്തിലൂടെ അല്ലാഹു ഒരു അസാധാരണ സംഭവം വെളിപ്പെടുത്തി. സാധാരണ ഒരു മത്സ്യം മനുഷ്യനെ വിഴുങ്ങുമ്പോള്‍ ആ മനുഷ്യന്റെ എല്ലുകള്‍ പൊട്ടും. ശ്വാസം കിട്ടില്ല. ഉള്ളിലെത്തിയാല്‍ ദഹിക്കപ്പെടുകയും ചെയ്യും. എന്നാല്‍ ഇവിടെ അതൊന്നും സംഭവിച്ചില്ല. യൂനുസ്(അ) മത്സ്യത്തിന്റെ വയറ്റിനകത്ത് ഇരുട്ടിലായി എന്ന് മാത്രം. സമുദ്രത്തിന്റെ അടിത്തട്ടിലെ ഇരുട്ട്, മത്സ്യത്തിന്റെ വയറിനകത്തെ ഇരുട്ട്, രാത്രിയുടെ ഇരുട്ട്, യൂനുസ്(അ)ന്റെ മനസ്സില്‍ അലയടിക്കുന്ന വിഷമത്താലുള്ള ഇരുട്ട്… എന്നാലും പതര്‍ച്ചയുണ്ടായില്ല. താന്‍ വിശ്വസിക്കുന്ന, ആരാധിക്കുന്ന, ഭരമേല്‍പിച്ചിട്ടുള്ള, തന്റെ സ്രഷ്ടാവിനോട് അദ്ദേഹം മനമുരുകി പ്രാര്‍ഥിച്ചു.

അല്ലാഹുവേ, നീയല്ലാതെ ആരാധ്യനില്ല. നീ പരിശുദ്ധനാണ്. തീര്‍ച്ചയായും ഞാന്‍ അക്രമികളില്‍ പെട്ടവനായിരിക്കുന്നു എന്ന് അദ്ദേഹം അല്ലാഹുവിനോട് ദുആ ചെയ്തു. ഏത് പ്രതിസന്ധിയിലും അല്ലാത്തപ്പോഴും നാം പ്രാര്‍ഥിക്കേണ്ടത് അല്ലാഹുവിനോട് മാത്രമാണല്ലോ. ചിലര്‍ വിചാരിക്കുന്നത് പ്രതിസന്ധിയില്‍ വിളിക്കുന്ന വിളി മാത്രമെ ദുആ (പ്രാര്‍ഥന) ആകുകയുള്ളൂ എന്നാണ്. അത് ഒരിക്കലും ശരിയല്ല. സന്തോഷത്താലും അല്ലാഹുവിനെ വിളിക്കാറില്ലേ, അതും പ്രാര്‍ഥനയാണല്ലോ.

അല്ലാഹു യൂനുസ്(അ)ന്റെ പ്രാര്‍ഥനക്ക് ഉത്തരം നല്‍കി: ”അപ്പോള്‍ നാം അദ്ദേഹത്തിന് ഉത്തരം നല്‍കുകയും ദുഃഖത്തില്‍ നിന്ന് അദ്ദേഹത്തെ നാം രക്ഷപ്പെടുത്തുകയും ചെയ്തു. സത്യവിശ്വാസികളെ അപ്രകാരം നാം രക്ഷിക്കുന്നു” (21:88).

യൂനുസ് നബി(അ)ന്റെ പ്രാര്‍ഥന അല്ലാഹു കേട്ടു. അദ്ദേഹം അനുഭവിച്ച വിഷമത്തില്‍ നിന്നും അല്ലാഹു അദ്ദേഹത്തെ രക്ഷപ്പെടുത്തി.

എത്ര കാലം ആ മത്സ്യത്തിന്റെ വയറ്റില്‍ അദ്ദേഹം കഴിച്ചു കൂട്ടി എന്ന വിഷയത്തില്‍ പല അഭിപ്രായങ്ങളും പണ്ഡിതന്മാര്‍ പറഞ്ഞത് നമുക്ക് കാണുവാന്‍ സാധിക്കും. പ്രബലമായ രണ്ട് അഭിപ്രായമായി വന്നിട്ടുള്ളത് ഒരു ദിവസം എന്നും മൂന്ന് ദിവസം എന്നുമാണ്.

യൂനുസ്(അ) എപ്പോഴും അല്ലാഹുവിനെ പ്രകീര്‍ത്തിക്കുന്ന ആളായിരുന്നു. അതിനെ പറ്റി ക്വുര്‍ആന്‍ ഇപ്രകാരം നമുക്ക് സൂചന നല്‍കുന്നു: 

”എന്നാല്‍ അദ്ദേഹം അല്ലാഹുവിന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നവരുടെ കൂട്ടത്തിലായിരുന്നില്ലെങ്കില്‍ ജനങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ അതിന്റെ വയറ്റില്‍ തന്നെ അദ്ദേഹത്തിന് കഴിഞ്ഞ് കൂടേണ്ടി വരുമായിരുന്നു” (37:143,144).

പ്രയാസം നേരുടന്ന വേളയില്‍ മാത്രം അല്ലാഹുവിനെ വിളിക്കുന്ന ആളായിരുന്നില്ല യൂനുസ്(അ). പ്രയാസത്തിന്റെ സമയത്ത് മാത്രം അല്ലാഹുവിനെ വിളിച്ചാല്‍ ആ വിളിക്ക് ഉത്തരം ലഭിച്ചു കൊള്ളണമെന്നില്ല. 

പ്രയാസ വേളയില്‍ മാത്രം അല്ലാഹുവിനെ ഓര്‍ക്കുകയും അവനിലേക്ക് താഴ്മയോടെ മടങ്ങുകയും സന്തോഷ വേളയില്‍ അല്ലാഹു നല്‍കിയിട്ടുള്ള അനുഗ്രങ്ങളെ മുഴുവനും വിസ്മരിച്ച് തള്ളി ധിക്കാരത്തോടെ ജീവിക്കുന്നത് അല്ലാഹുവിനോട് കാണിക്കുന്നത് നന്ദികേടാണെന്നത് പറയേണ്ടതില്ലല്ലോ. 

സമ്പത്തും അധികാരവും ആള്‍ബലവും ഉണ്ടാകുമ്പോള്‍ അല്ലാഹുവിനോട് ധിക്കാരം കാണിച്ച് ജീവിക്കുകയും മരണ സമയം ആകുമ്പോള്‍ അല്ലാഹുവിലേക്ക് മടങ്ങാനുള്ള മനസ്സ് കാണിക്കുകയും ചെയ്താല്‍, അല്ലാഹു അത്തരക്കാരുടെ മടക്കത്തെ പരിഗണിക്കുന്നതല്ല. യൂനുസ്(അ) അത്തരക്കാരില്‍ ആകാത്തതിനാല്‍ അല്ലാഹു അവിടുത്തെ വിളി കേട്ടു, സഹായിച്ചു. എന്നാല്‍ ഫിര്‍ഔന്‍ അത്തരക്കാരില്‍ പെട്ടവനായിരുന്നു. അവന്റെ വിളി അല്ലാഹു പരിഗണിച്ചില്ല. അധികാരത്തിന്റെ അഹങ്കാരത്തില്‍ താന്‍ റബ്ബാണെന്ന് വാദിച്ചും നാട്ടുകാരെ മുഴുവന്‍ അപ്രകാരം വിശ്വസിപ്പിച്ചും ജീവിച്ച ഫിര്‍ഔന്‍ മൂസാ നബി(അ)യും ഹാറൂന്‍ നബി(അ)യും പരിചയപ്പെടുത്തിയ റബ്ബിനെ അംഗീകരിക്കുവാന്‍ തയ്യാറായില്ല. അവസാനം അല്ലാഹു എന്നെന്നേക്കുമായി പിടിച്ചപ്പോള്‍ ഫിര്‍ഔന്‍ പറഞ്ഞത് ക്വുര്‍ആന്‍ നമ്മെ ഇപ്രകാരം ഉണര്‍ത്തുന്നു:

”അവന്‍ പറഞ്ഞു: ഇസ്‌റാഈല്‍ സന്തതികള്‍ ഏതൊരു ദൈവത്തില്‍ വിശ്വസിച്ചിരിക്കുന്നുവോ അവനല്ലാതെ യാതൊരു ദൈവവുമില്ല എന്ന് ഞാന്‍ വിശ്വസിച്ചിരിക്കുന്നു. ഞാന്‍ (അവന്ന്) കീഴ്‌പെട്ടവരുടെ കൂട്ടത്തിലാകുന്നു” (10:90).

യൂനുസ്(അ) മത്സ്യത്തിന്റെ വയറ്റില്‍ വെച്ച് അല്ലാഹുവിനോട് നടത്തിയ പ്രാര്‍ഥന നാം ഓരോരുത്തരും മനഃപാഠമാക്കേണ്ടതുണ്ട്. കാരണം, നമുക്ക് വല്ല ആവശ്യവും നേരിടുന്ന വേളയില്‍ അല്ലാഹുവിനോട് ആ പ്രാര്‍ഥന നടത്തിയാല്‍ അതിന് ഉത്തരം നല്‍കപ്പെടുന്നതാണ് എന്ന് നബി ﷺ അരുളിയിട്ടുണ്ട്.

സഅദ്(റ)വില്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: റസൂല്‍ ﷺ പറഞ്ഞു:”യൂനുസ്(അ) മത്സ്യത്തിന്റെ വയറ്റില്‍ ആയിരിക്കെ പ്രാര്‍ഥിച്ച പ്രാര്‍ഥന- ‘(അല്ലാഹുവേ,) നീ അല്ലാതെ ആരാധ്യനില്ല. നീ പരിശുദ്ധനാകുന്നു. തീര്‍ച്ചയായും ഞാന്‍ അക്രമികളില്‍ പെട്ടവനായിരിക്കുന്നു’- നിശ്ചയമായും ഒരു മുസ്‌ലിമായ ആള്‍ ഏതൊരു കാര്യത്തില്‍ ഇത് കൊണ്ട് പ്രാര്‍ഥിക്കുന്നുവോ അല്ലാഹു അവന് ഉത്തരം നല്‍കാതിരിക്കില്ല” (തിര്‍മിദി).

ആവശ്യം പൂര്‍ത്തീകരിച്ചുതരാന്‍ അല്ലാഹുവിനേ സാധിക്കൂ. അതിനാണ് ഈ പ്രാര്‍ഥനയില്‍ അല്ലാഹുവിന്റെ ഏകത്വം ആദ്യം നമ്മെക്കൊണ്ട് അംഗീകരിപ്പിക്കുന്നത്. ആഗ്രഹ സഫലീകരണത്തിനും ഉദ്ദേശ്യ ലബ്ധിക്കുമായി ജാറങ്ങളിലും മക്വ്ബറകളിലും പോയി, അവിടെ മറമാടപ്പെട്ടിരിക്കുന്ന ആളോട് പ്രാര്‍ഥിക്കുന്ന ധാരാളം ആളുകളുണ്ട്. എന്നാല്‍ ഏത് വിഷമ ഘട്ടത്തിലും, ആവശ്യ പൂര്‍ത്തീകരണത്തിനും നാം തേടേണ്ടത് ഏകനും സര്‍വലോക പരിപാലകനുമായ, എല്ലാം കേള്‍ക്കുന്ന, എല്ലാം അറിയുന്ന, ഭാഷ പ്രശ്‌നമല്ലാത്ത, ദേശം പ്രശ്‌നമല്ലാത്ത, സമയം പ്രശ്‌നമല്ലാത്ത, ഉറക്കമില്ലാത്ത, തളര്‍ച്ചയില്ലാത്ത, എല്ലാവരെയും കാണുന്ന, എല്ലാവരെയും കേള്‍ക്കുന്ന അല്ലാഹുവിനോടായിരിക്കണം. 

യൂനുസ്(അ)നെ അല്ലാഹു രക്ഷപ്പെടുത്തിയ ഘട്ടത്തെ സംബന്ധിച്ച് അല്ലാഹു പറയുന്നത് കാണുക:

”എന്നിട്ട് അദ്ദേഹത്തെ അനാരോഗ്യവാനായ നിലയില്‍ തുറന്ന സ്ഥലത്തേക്ക് നാം തള്ളി. അദ്ദേഹത്തിന്റെ മേല്‍ നാം യക്വ്ത്വീന്‍ വൃക്ഷം മുളപ്പിക്കുകയും ചെയ്തു” (10:145,146).

ജനവാസമില്ലാത്ത ഒരു സ്ഥലത്തേക്ക് ആ മത്സ്യം അദ്ദേഹത്തെ തുപ്പിക്കളഞ്ഞു. മത്സ്യത്തിന്റെ വയറ്റിലായിരുന്നുവല്ലോ അതുവരെയും അദ്ദേഹം ഉണ്ടായിരുന്നത്. എല്ലുകള്‍ പൊട്ടുകയോ മാംസം ദ്രവിക്കുകയോ ഒന്നും ചെയ്തിട്ടില്ലെങ്കിലും അദ്ദേഹം അവശനായിരുന്നു.

മത പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ടിട്ടുള്ള പല സംഭവങ്ങളും ബുദ്ധികൊണ്ട് അളന്ന് തള്ളുകയും കൊള്ളുകയും ചെയ്യുന്ന മതയുക്തിവാദികള്‍ ഉണ്ട്. ഹദീഥുകളില്‍ വന്നിട്ടുള്ള ചില കാര്യങ്ങളെ ‘അത് ഹദീഥല്ലേ’ എന്നും പറഞ്ഞ് തള്ളുന്നവര്‍ ക്വുര്‍ആനില്‍ വന്നിട്ടുള്ള ഇത്തരം സംഭവങ്ങളെ എന്ത് ചെയ്യും? എങ്ങനെ ഇതെല്ലാം ബുദ്ധിക്കനുസരിച്ച് വ്യാഖ്യാനിക്കും? പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ട സംഭവങ്ങളെ സംശയം തെല്ലുമില്ലാതെ സ്വീകരിക്കുവാനും സത്യമാണെന്ന് അംഗീകരിക്കുവാനും സാധിക്കുന്ന മഹത്തായ ഒരു മനസ്സ് തന്ന അല്ലാഹുവിനെ സദാസമയവും നാം സ്തുതിക്കുകയും മഹത്ത്വപ്പടുത്തുകയും വേണം. 

അവശനായി കരയിലെത്തിയ യൂനുസ്(അ)ന് അല്ലാഹു ആരോഗ്യം നല്‍കി. അതിനായി യൂനുസ്(അ)യെ പുറംതള്ളിയ ആ സ്ഥലത്ത് ചുരങ്ങ വര്‍ഗത്തില്‍ പെട്ട ഒരു ചെടി അല്ലാഹു മുളപ്പിച്ചു.

‘ശജറത്’ എന്നത് മരത്തിനും ചെടികള്‍ക്കും പ്രയോഗിക്കുന്ന പദമാണ്. ‘യക്വ്ത്വീന്‍’ എന്ന് പന്തലുകളില്‍ വളരുന്ന; കുമ്പളം, മത്തന്‍ പോലെയുള്ള ചെടികള്‍ക്കാണ് പ്രയോഗിക്കുക.

ആ ചെടി വാഴയായിരുന്നുവെന്നും അഭിപ്രായപ്പെട്ട പണ്ഡിതന്മാരുണ്ട്. അത് എന്തായിരുന്നാലും ശരി, അദ്ദേഹത്തിന് ആരോഗ്യവും സൗഖ്യവും ലഭിക്കുവാന്‍ ഉതകുന്ന രൂപത്തില്‍ അവിടെ അല്ലാഹു ഒരു ചെടി സൗകര്യപ്പെടുത്തി എന്ന് മനസ്സിലാക്കാം.

പിന്നീട്, യൂനുസ്(അ)നെ അല്ലാഹു തന്റെ നാട്ടിലേക്ക് തന്നെ പറഞ്ഞയച്ചു.

യൂനുസ് നബി(അ)ക്ക് തന്റെ ജനത വിശ്വസിക്കാത്തതിനാല്‍ വലിയ സങ്കടം വന്നു. അത് അവരോട് ദേഷ്യം ആയി മാറുകയും ചെയ്തു. ഈ ഒരു അവസ്ഥ ഉണ്ടാകാതിരിക്കുവാന്‍ മുഹമ്മദ് നബി ﷺ യെ അല്ലാഹു ഓര്‍മപ്പെടുത്തി:

”അതുകൊണ്ട് നിന്റെ രക്ഷിതാവിന്റെ വിധി കാത്ത് നീ ക്ഷമിച്ചുകൊള്ളുക. നീ മത്സ്യത്തിന്റെ ആളെപ്പോലെ (യൂനുസ് നബിയെപ്പോലെ) ആകരുത്. അദ്ദേഹം ദുഃഖനിമഗ്‌നനായിക്കൊണ്ട് വിളിച്ചു പ്രാര്‍ഥിച്ച സന്ദര്‍ഭം. അദ്ദേഹത്തിന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള അനുഗ്രഹം അദ്ദേഹത്തെ വീണ്ടെടുത്തിട്ടില്ലായിരുന്നെങ്കില്‍ അദ്ദേഹം ആ പാഴ്ഭൂമിയില്‍ ആക്ഷേപാര്‍ഹനായിക്കൊണ്ട് പുറന്തള്ളപ്പെടുമായിരുന്നു. അപ്പോള്‍ അദ്ദേഹത്തിന്റെ രക്ഷിതാവ് അദ്ദേഹത്തെ തെരഞ്ഞെടുക്കുകയും എന്നിട്ട് അദ്ദേഹത്തെ സജ്ജനങ്ങളുടെ കൂട്ടത്തിലാക്കുകയും ചെയ്തു” (68:48-50).

മുഹമ്മദ് നബി ﷺ ഇരുപത്തിമൂന്ന് കൊല്ലത്തെ പ്രവാചക ജീവിതത്തില്‍ എത്രമാത്രം പീഡനങ്ങള്‍ക്കും മര്‍ദനങ്ങള്‍ക്കും ഒറ്റപ്പെടുത്തലിനും ബഹിഷ്‌കരണങ്ങള്‍ക്കും ഇരയായി എന്നത് ചരിത്രമാണല്ലോ. വേണ്ടപ്പെട്ടവര്‍ മരണപ്പെടാന്‍ കിടക്കുന്ന സമയത്ത് പോലും ഇസ്‌ലാം സ്വീകരിക്കുവാന്‍ ഉപദേശിച്ചു നോക്കി. നിരാശയായിരുന്നുവല്ലോ ഫലം. പ്രവാചകന്‍ യൂനുസ്(അ)ന്റെ ചരിത്രം നബി ﷺ യെ അല്ലാഹു ഓര്‍മപ്പെടുത്തി. യൂനുസ്(അ) നീനുവക്കാര്‍ വിശ്വസിക്കാത്തതില്‍ മനസ്സ് വേദനിച്ച് നാടുവിട്ട് പോയതു പോലെ താങ്കള്‍ ആകരുത്. ക്ഷമിച്ച് നാട്ടുകാരെ അല്ലാഹുവിലേക്ക് ക്ഷണിച്ചുകൊള്ളുക എന്ന ഒരു പാഠവും ഇതിലൂടെ നല്‍കി.

യൂനുസ്(അ)നെ സംബന്ധിച്ചോ മറ്റു പ്രവാചകന്മാരെ സംബന്ധിച്ചോ മോശമായ യാതൊരു വിചാരവും നമുക്ക് ഉണ്ടായിക്കൂടാ. എന്തിനാണ് യൂനുസ്(അ) ജനങ്ങളോട് ദേഷ്യപ്പെട്ടതെന്നോ, അവരില്‍ നിന്നും ഓടിപ്പോയതെന്നോ, അദ്ദേഹം ആക്ഷേപിക്കപ്പെട്ടവനല്ലേ എന്നോ നാം ചിന്തിച്ചുകൂടാ. കാരണം, യൂനുസ്(അ) അവര്‍ നന്നാകുവാന്‍ തയ്യാറല്ലാത്തതിനാലുള്ള വിഷമം കാരണമാണ് ആ നാടുവിടുന്നത്. യൂനുസ്(അ)നെ കുറിച്ച് അല്ലാഹു തന്നെ പറഞ്ഞത്, അദ്ദേഹത്തെ അല്ലാഹു തിരഞ്ഞെടുത്തിട്ടുണ്ടെന്നും സ്വാലിഹുകളില്‍ പെട്ട ആളാണെന്നുമാണ്. യൂനുസ്(അ)ന്റെ ചരിത്രം ഓതിത്തന്ന മുഹമ്മദ് നബി ﷺ തന്നെ യൂനുസ്(അ)നെ കുറിച്ച് പറയുന്നത് എത്ര മാത്രം ശ്രദ്ധേയമാണ്.

ക്വുദ്‌സിയായ ഹദീഥില്‍ പ്രവാചകനില്‍നിന്ന് ഇബ്‌നു അബ്ബാസ്(റ) ഉദ്ധരിക്കുന്നു: അല്ലാഹു പറഞ്ഞു: ”നിശ്ചയമായും താന്‍ യൂനുസ്ബ്‌നു മത്തയെക്കാളും നല്ലവനായ ഒരാളാണെന്ന് പറയുക എന്നത് ഒരു അടിമക്ക് ചേര്‍ന്നതല്ല” (ബുഖാരി).

യൂനുസ്(അ) മഹാനായ പ്രവാചകനാണ്. യുനുസ്(അ) ചെയ്ത ആ കാര്യം നാം നമ്മുടെ വീക്ഷണ പ്രകാരം നോക്കുമ്പോള്‍ അദ്ദേഹം ഒരു ശരിയല്ലാത്തതും ചെയ്തിട്ടില്ല. കാരണം, ഭൗതികമായ സൗകര്യങ്ങള്‍ നാട്ടുകാരില്‍ നിന്ന് കിട്ടാത്തതിനാലോ, തന്റെതായ ഭൗതികമായ ഒരു ആവശ്യം നാട്ടുകാര്‍ നിവൃത്തിച്ച് തരാത്തതിലോ മനംനൊന്ത് നാട് വിട്ടതല്ല. നരകത്തിലേക്കുള്ള വഴിയില്‍ സഞ്ചരിക്കുന്ന തന്റെ നാട്ടുകാര്‍ക്ക് സ്വര്‍ഗത്തിലേക്കുള്ള വഴി കാണിച്ചു കൊടുത്തിട്ടും അതിലൂടെ അവര്‍ ചലിക്കാന്‍ തയ്യാറാകുന്നില്ല എന്ന അവരോടുള്ള അളവറ്റ  സ്‌നേഹം കൊണ്ടായിരുന്നു. എന്നിരുന്നാലും അവരില്‍ ക്ഷമിച്ച് നില്‍ക്കേണ്ടതിന് പകരം പെട്ടെന്ന് അവിടെ നിന്നും മാറിപ്പോയ യൂനുസ് നബി(അ)യുടെ നിലപാട് അത്ര ശരിയായില്ല. പക്ഷേ, അല്ലാഹുവിനെ സുഖദുഃഖങ്ങളിലെല്ലാം ഓര്‍ക്കുന്ന ആ മഹാനായ പ്രവാചകനെ അല്ലാഹു കൈവിട്ടില്ല. അവന്റെ അടിമകളില്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട മഹാനായിരുന്നു യൂനുസ്(അ).

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

യൂസുഫ് നബി (അ) – 08

യൂസുഫ് നബി (അ) - 08

യാഥാര്‍ഥ്യമായ സ്വപ്‌നം

തങ്ങളുടെ ചില മുന്‍കാല ചെയ്തികള്‍ വെളിച്ചത്തായെന്ന് ബോധ്യമായ മക്കള്‍ പിതാവിന്റെ മുന്നില്‍ കുറ്റം ഏറ്റു പറയുകയും അല്ലാഹുവിനോട് തങ്ങളുടെ തെറ്റുകള്‍ പൊറുത്തു തരുന്നതിനായി പ്രാര്‍ഥിക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. 

”അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാവേ, ഞങ്ങള്‍ക്കു  വേണ്ടി ഞങ്ങളുടെ പാപങ്ങള്‍ പൊറുത്തുകിട്ടാന്‍ താങ്കള്‍ പ്രാര്‍ഥിക്കണേ. തീര്‍ച്ചയായും ഞങ്ങള്‍ തെറ്റുകാരായിരിക്കുന്നു” (ക്വുര്‍ആന്‍ 12:97).

”അദ്ദേഹം പറഞ്ഞു: നിങ്ങള്‍ക്ക്  വേണ്ടി എന്റെ രക്ഷിതാവിനോട് ഞാന്‍ പാപമോചനം തേടാം. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു” (12:98).

മക്കളുടെ എല്ലാ ചെയ്തികളും പൊറുത്തു കിട്ടാനായി അല്ലാഹുവിനോട് തേടാം എന്ന് മക്കള്‍ക്ക് യഅ്ക്വൂബ്(അ) വാക്ക് കൊടുക്കുകയും ചെയ്തു. തേടുന്നു എന്നല്ല തേടാം എന്നാണല്ലോ പിതാവ് അവരോട് പറഞ്ഞത്. അതിനെ സംബന്ധിച്ച് പണ്ഡിതന്മാര്‍ ചില അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്.

തേട്ടം രാവിന്റെ അന്ത്യയാമത്തിലേക്ക് നീട്ടിവെച്ചു എന്നതാണ് അതിലൊന്ന്. ഈ സമയത്തെ പ്രാര്‍ഥനക്ക് ഉത്തരം കിട്ടാന്‍ കൂടുതല്‍ സാധ്യതയുള്ളതാണല്ലോ. (അത്താഴത്തിന് എഴുന്നേല്‍ക്കുന്ന വേളയിലെല്ലാം നമുക്ക് ഈ സമയം ഉപയോഗപ്പെടുത്താന്‍ സാധിക്കേണ്ടതുണ്ട്. പലരും അത്താഴം കഴിച്ച് ഫജ്‌റിന്റെ ബാങ്കിന് അല്‍പം സമയം ഉണ്ടെങ്കില്‍ ആ സമയം ഉറങ്ങാന്‍ കിടക്കുകയാണ് ചെയ്യാറുള്ളത്. വിലപ്പെട്ട സമയം പാഴാക്കലാണത്.)

അല്ലാഹു നമ്മോട് അടുത്തുള്ള ആകാശത്തിലേക്ക് ഇറങ്ങി വരുന്ന സമയമാണ് അതെന്നും, എന്നിട്ട് പശ്ചാത്തപിക്കുന്നവരായി ആരെങ്കിലുമുണ്ടോ, ഞാന്‍ അവന്റെ പശ്ചാത്താപം സ്വീകരിക്കുന്നതാണ് എന്നും ചോദിക്കുന്നവര്‍ക്ക് നല്‍കാമെന്നും, പാപമോചനം നടത്തുന്നവര്‍ക്ക് പൊറുത്തുകൊടുക്കാമെന്നും പറയുമെന്ന് നബി ﷺ അറിയിച്ചതായി സ്വഹീഹായ ഹദീഥുകളില്‍ വന്നിട്ടുണ്ട്.

ഹദീഥുകളില്‍ സ്ഥിരപ്പെട്ടിട്ടുള്ള അല്ലാഹുവിന്റെ ഇറക്കത്തെ സംബന്ധിച്ച് മറ്റൊന്നിനോട് ഉപമിക്കാതെ, നിഷേധിക്കാതെ, വ്യഖ്യാനിക്കാതെ, പഠിപ്പിക്കപ്പെട്ടത് പോലെ വിശ്വസിക്കുക എന്ന അഹ്‌ലുസ്സുന്നയുടെ മാര്‍ഗമാണ് നാം സ്വീകരിക്കേണ്ടത്. 

മക്കള്‍ക്കായുള്ള പാപമോചന തേട്ടം യഅ്ക്വൂബ്(അ) ശ്രേഷ്ഠമായ സമയത്തേക്ക് നീട്ടി വെച്ചു. ഇപ്രകാരം ഒരു വ്യാഖ്യാനം നമുക്ക് കാണാന്‍ കഴിയും. അല്ലാഹുവാണ്  നന്നായി അറിയുന്നവന്‍.

യൂസുഫ്(അ) പിതാവിന്റെ മുഖത്തിടാനായി കൊടുത്തയച്ച കുപ്പായം, ഇബ്‌റാഹീം(അ)നെ അഗ്‌നിയിലേക്ക് എറിഞ്ഞത് നഗ്‌നനാക്കിയിട്ടാണെന്നും അഗ്‌നിയില്‍ കിടക്കുന്ന ഇബ്‌റാഹീം(അ)നെ സ്വര്‍ഗത്തില്‍ നിന്നുള്ള പട്ടിനാലുള്ള ഒരു വസ്ത്രം കൊണ്ടു വന്ന് ജിബ്‌രീല്‍(അ) ധരിപ്പിച്ചുവെന്നും, അഗ്‌നിയില്‍ നിന്ന് രക്ഷപ്പെട്ടതിന് ശേഷം ആ കുപ്പായം പുത്രന്‍ ഇസ്ഹാക്വിന് കൈമാറി എന്നും, ഇസ്ഹാക്വ്(അ) തന്റെമകനായ യഅ്ക്വൂബ്(അ)ന് അത് കൈമാറി എന്നും, ആ കുപ്പായം ഒരും ഐക്കല്ല് പോലെ യൂസുഫ്(അ)ന്റെ കഴുത്തില്‍ കെട്ടി വെച്ചിരുന്നുവെന്നും, പിന്നീട് കിണറ്റില്‍ എറിയപ്പെട്ട വേളയില്‍ ജിബ്‌രീല്‍(അ) വന്ന് യൂസുഫ്(അ)നെ ധരിപ്പിച്ച കുപ്പായമാണ് ഇത് എന്നുമൊക്കെയുള്ള ഒരു കെട്ടു കഥ സമൂഹത്തില്‍ പ്രചാരത്തിലുണ്ട്. യാതൊരു അടിസ്ഥാനവുമില്ലാത്ത കഥയാണിത്. ഐക്കല്ലും ഉറുക്കും മറ്റും കെട്ടിത്തൂക്കുന്നതിനുള്ള തെളിവായി ഈ കെട്ടുകഥയെ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ക്വുര്‍ആനിലോ സ്വഹീഹായ ഹദീഥുകളിലോ ഇതു സംബന്ധമായി യാതൊരു തെളിവും ഇല്ല.

യൂസുഫ്(അ) സഹോദരങ്ങളോട് പറഞ്ഞത് പോലെ ഉപ്പയും ഉമ്മയും സഹോദരങ്ങളും ഒന്നടങ്കം ഈജിപ്തിലേക്ക് പുറപ്പെട്ടു.

”അനന്തരം അവര്‍ യൂസുഫിന്റെ മുമ്പാകെ പ്രവേശിച്ചപ്പോള്‍ അദ്ദേഹം (യൂസുഫ്) തന്റെ മാതാപിതാക്കളെ തന്നിലേക്ക് അണച്ചു കൂട്ടി. അദ്ദേഹം പറഞ്ഞു: അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം നിങ്ങള്‍ നിര്‍ഭയരായിക്കൊണ്ട് ഈജിപ്തില്‍ പ്രവേശിച്ചു കൊള്ളുക” (12:99).

എത്രയോ കാലമായി കാണാന്‍ കഴിയാതെ പോയ ഉപ്പയെയും ഉമ്മയെയും ഈജിപ്തിന്റെ മന്ത്രിക്ക് കാണാന്‍ അവസരം വന്ന ദിവസം! സ്വാഭാവികമായും അന്ന് ഈജിപ്തില്‍ ഏറെ ആഹഌദം ഉണ്ടായിട്ടുണ്ടാകാം. കാരണം, ദൂര ദേശത്തു നിന്നും പ്രിയപ്പെട്ട മന്ത്രിയുടെ മാതാപിതാക്കള്‍ വരുന്ന ദിവസമാണല്ലോ അത്.

മാതാപിതാക്കളെ കണ്ടപാടെ സ്‌നേഹത്തോടെ യൂസുഫ്(അ) തന്നിലേക്ക് ഇരുവരെയും അണച്ചു പിടിച്ചു. എല്ലാവര്‍ക്കും അവിടെ നിര്‍ഭയത്തമുണ്ടെന്ന് അറിയിക്കുകയും ചെയ്തു.

അദ്ദേഹം തന്റെ മാതാപിതാക്കളെ രാജപീഠത്തിന്മേല്‍ കയറ്റിയിരുത്തി. അവര്‍ അദ്ദേഹത്തിന്റെ മുമ്പില്‍ പ്രണാമം ചെയ്യുന്നവരായിക്കൊണ്ട് വീണു. അദ്ദേഹം പറഞ്ഞു: എന്റെ പിതാവേ, മുമ്പ് ഞാന്‍ കണ്ട സ്വപ്‌നം പുലര്‍ന്നതാണിത്. എന്റെ  രക്ഷിതാവ് അതൊരു യാഥാര്‍ഥ്യമാക്കിത്തീര്‍ത്തിരിക്കുന്നു. എന്നെ അവന്‍ ജയിലില്‍ നിന്ന് പുറത്തുകൊണ്ട് വന്ന സന്ദര്‍ഭത്തിലും എന്റെയും എന്റെ സഹോദരങ്ങളുടെയും ഇടയില്‍ പിശാച് കുഴപ്പം ഇളക്കിവിട്ടതിന് ശേഷം മരുഭൂമിയില്‍ നിന്ന് അവന്‍ നിങ്ങളെയെല്ലാവരെയും (എന്റെ അടുത്തേക്ക്) കൊണ്ടുവന്ന സന്ദര്‍ഭത്തിലും അവന്‍ എനിക്ക് ഉപകാരം ചെയ്തിരിക്കുന്നു. തീര്‍ച്ചയായും എന്റെ രക്ഷിതാവ് താന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സൂക്ഷ്മമായി നിയന്ത്രിക്കുന്നവനത്രെ. തീര്‍ച്ചയായും അവന്‍ എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു” (12:100).

ഇവിടെ യൂസുഫിന്റെ മുമ്പില്‍ അവര്‍ നടത്തിയ സുജൂദ് ആരാധനയുടെ സുജൂദല്ല. സുജൂദ് രണ്ട് വിധത്തിലുണ്ട്.

ഒന്ന്, ആരാധനയുടെ സുജൂദ്. ഇത് അല്ലാഹുവിന്റെ മുന്നിലേ പാടുള്ളൂ. അല്ലാഹു അല്ലാത്തവര്‍ക്ക് വേണ്ടി ഇത് ചെയ്യുന്നത് ഹറാമാണ്, ശിര്‍ക്കാണ്.

രണ്ട്, ബഹുമാനത്തിന്റെയും അഭിവാദ്യത്തിന്റെയും സുജൂദ്. ഉപചാരത്തിന്റെ ഭാഗമായി നടത്തുന്ന ഇത്തരം സൂജൂദ് ഇബാദത്തിന്റെ പരിധിയില്‍ വരാത്തതാണ്. ഈ സുജൂദ് ചെയ്യുന്നവന്റെ മനസ്സില്‍ അങ്ങേയറ്റത്തെ വിനയമോ താഴ്മയോ പ്രകടമാകാത്തതിനാല്‍ അത് ഇബാദത്തിന്റെ ഗണത്തില്‍ പെടുത്തിക്കൂടാ. ഇന്നാല്‍ ഇത് പോലും മുഹമ്മദ് നബി ﷺ യുടെ ഉമ്മത്തിന് നിഷിദ്ധമാക്കിയിട്ടുണ്ട്.

യമനില്‍ ഗവര്‍ണറായി നിശ്ചയിക്കപ്പെട്ട മുആദ്(റ) നബി ﷺ യുടെ സന്നിധിയില്‍ എത്തി. നബി ﷺ യെ കണ്ടപ്പോള്‍ അദ്ദേഹം സുജൂദ് ചെയ്തു. ഇത് എന്താണെന്ന് മുആദ്(റ)നോട് നബി ﷺ ചോദിച്ചു. അദ്ദേഹം പറഞ്ഞു: ‘നബിയേ, അവിടത്തുകാര്‍ അവരുടെ രാജാക്കന്മാര്‍ക്ക് അവരെ ബഹുമാനിച്ച് സാഷ്ടാംഗ പ്രണാമം ചെയ്യാറുണ്ട്. എനിക്ക് അപ്രകാരം സുജൂദ് ചെയ്യാന്‍ അര്‍ഹന്‍ അവിടുന്നാണ്.’ നബി ﷺ അത് വിലക്കി. എന്നിട്ട് പറഞ്ഞു: ‘അല്ലാഹു അല്ലാത്ത ആര്‍ക്കെങ്കിലും സുജൂദ് ചെയ്യുവാന്‍ ഞാന്‍ കല്‍പിക്കുമായിരുന്നുവെങ്കില്‍ ഭര്‍ത്താവിന് മുന്നില്‍ ഭാര്യയോട് സുജൂദ് ചെയ്യുവാന്‍ ഞാന്‍ കല്‍പിക്കുക തന്നെ ചെയ്യുമായിരുന്നു.’ ഇത് സ്വഹീഹായി വന്നിട്ടുള്ള ഒരു നബിവചനമാണ്. ഭാര്യ ഭര്‍ത്താവിന് മുന്നില്‍ ബഹുമാനത്തിന്റെ ഭാഗമായി സുജൂദ് ചെയ്യുന്നത് പോലും വിലക്കിയിട്ടുണ്ട് എന്നര്‍ഥം.

എല്ലാവരും യൂസുഫ്(അ)ന് മുന്നില്‍ സുജൂദ് ചെയ്തപ്പോള്‍ അദ്ദേഹം മുമ്പ് കണ്ട സ്വപ്‌നത്തെ പിതാവിനോട് ഓര്‍മിപ്പിക്കുകയും അല്ലാഹു അദ്ദേഹത്തിന് ചെയ്ത അനുഗ്രഹങ്ങളെ എടുത്തു പറയുകയും ചെയ്തു:

”(യൂസുഫ് പ്രാര്‍ഥിച്ചു:) എന്റെ രക്ഷിതാവേ, നീ എനിക്ക് ഭരണാധികാരത്തില്‍ നിന്ന് (ഒരംശം) നല്‍കുകയും സ്വപ്‌നവാര്‍ത്തകളുടെ വ്യാഖ്യാനത്തില്‍ നിന്നും (ചിലത്) നീ എനിക്ക് പഠിപ്പിച്ചുതരികയും ചെയ്തിരിക്കുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവേ, നീ ഇഹത്തിലും പരത്തിലും എന്റെ രക്ഷാധികാരിയാകുന്നു. നീ എന്നെ മുസ്‌ലിമായി മരിപ്പിക്കുകയും സജ്ജനങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കു കയും ചെയ്യേണമേ” (12:101).

ഏറ്റവും വലിയ വിജയം മുസ്‌ലിമായി മരിക്കലും നരകത്തില്‍ നിന്ന് രക്ഷപ്പെട്ട് സ്വര്‍ഗത്തില്‍ പ്രവേശിക്കലുമാണല്ലോ. അതിന് വേണ്ടിയാണ് പ്രവാചകനായ യൂസുഫ്(അ) പ്രാര്‍ഥിച്ചത്. അപ്രകാരം നാം ഓരോരുത്തരും പ്രാര്‍ഥിക്കുകയും വേണം. 

(യൂസുഫ് നബി(അ)യുടെ ചരിത്രം അവസാനിച്ചു)

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

യൂസുഫ് നബി (അ) – 07

യൂസുഫ് നബി (അ) - 07

യൂസുഫ് നബി(അ): സത്യം വെളിപ്പെടുന്നു

യഅ്ക്വൂബ് നബി(അ) പറഞ്ഞു: ”എന്റെ മക്കളേ, നിങ്ങള്‍ പോയി യൂസുഫിനെയും അവന്റെ  സഹോദരനെയും സംബന്ധിച്ച് അന്വേഷിച്ച് നോക്കുക. അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. അവിശ്വാസികളായ ജനങ്ങളല്ലാതെ അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിരാശപ്പെടുകയില്ല, തീര്‍ച്ച” (ക്വുര്‍ആന്‍ 12:87).

പ്രതിസന്ധികളില്‍ ആശയറ്റവരായി ജീവിക്കുവാനല്ല അടിമകളോട് അല്ലാഹു നിര്‍ദേശിക്കുന്നത്. അല്ലാഹുവിനെ കുറിച്ചുള്ള നല്ല വിചാരവും അല്ലാഹുവില്‍ നിന്നുള്ള സഹായവും പ്രതീക്ഷിച്ച് അവനില്‍ ഭരമേല്‍പിച്ച് ജീവിക്കേണ്ടവരാണ് അല്ലാഹുവിന്റെ നല്ല അടിമകള്‍. അല്ലാഹുവിനെക്കുറിച്ച് നാം നല്ല വിചാരത്തിലൂടെ കഴിയുമ്പോള്‍ അല്ലാഹു നമ്മില്‍ അനുഗ്രഹം ചൊരിഞ്ഞും പ്രതിസന്ധികളില്‍ സഹായിച്ചും നമ്മുടെ കൂടെയുണ്ടാകും. അല്ലാഹു പറയുന്നു:

”പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ച് പോയ എന്റെ  ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും” (ക്വുര്‍ആന്‍ 39:53).

”അവര്‍ പറഞ്ഞു: ഞങ്ങള്‍ താങ്കള്‍ക്ക് സന്തോഷവാര്‍ത്ത നല്‍കിയിട്ടുള്ളത് ഒരു യാഥാര്‍ഥ്യത്തെ പറ്റി തന്നെയാണ്. അതിനാല്‍ താങ്കള്‍ നിരാശരുടെ കൂട്ടത്തിലായിരിക്കരുത്. അദ്ദേഹം (ഇബ്‌റാഹീം) പറഞ്ഞു: തന്റെ രക്ഷിതാവിന്റെ കാരുണ്യത്തെപ്പറ്റി ആരാണ് നിരാശപ്പെടുക? വഴിപിഴച്ചവരല്ലാതെ!” (ക്വുര്‍ആന്‍ 15:55,56).

ഈ രണ്ട് സൂക്തങ്ങള്‍ അല്ലാഹുവിന്റെ കാരുണ്യത്തെ തൊട്ട് നിരാശപ്പെടാന്‍ പാടില്ലെന്ന് വ്യക്തമായും നമ്മെ പഠിപ്പിക്കുന്നുണ്ട്.

പിതാവിന്റെ നിര്‍ദേശ പ്രകാരം മക്കളില്‍ ചിലര്‍ യുസുഫിനെയും ബിന്‍യാമീനെയും അന്വേഷിച്ച് പുറപ്പെട്ടു. കുറച്ച് പേര്‍ പിതാവിന്റെ അടുത്ത് തന്നെ നിന്നു. 

”അങ്ങനെ യൂസുഫിന്റെ  അടുക്കല്‍ കടന്നു ചെന്നിട്ട് അവര്‍ പറഞ്ഞു: പ്രഭോ, ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും ദുരിതം ബാധിച്ചിരിക്കുന്നു. മോശമായ ചരക്കുകളേ ഞങ്ങള്‍ കൊണ്ടുവന്നിട്ടുള്ളൂ. അതിനാല്‍ താങ്കള്‍ ഞങ്ങള്‍ക്ക് അളവ് തികച്ചുതരികയും ഞങ്ങളോട് ഔദാര്യം കാണിക്കുകയും ചെയ്യണം. തീര്‍ച്ചയായും അല്ലാഹു ഉദാരമതികള്‍ക്ക് പ്രതിഫലം നല്‍കുന്നതാണ്” (ക്വുര്‍ആന്‍ 12:88).

യൂസുഫ്(അ)ന്റെ അടുക്കല്‍ എത്തി ‘ഞങ്ങള്‍ക്ക് വലിയ ദുരിതം ബാധിച്ചിട്ടുണ്ട്. വലിയ ക്ഷാമത്തിലാണ്. ഞങ്ങളെ അങ്ങ് സഹായിക്കണം. വറുതിയും ക്ഷാമവും കാരണം നിങ്ങള്‍ നല്‍കുന്ന ഭക്ഷ്യ വസ്തുക്കള്‍ക്ക് പകരം നല്‍കുവാന്‍ മാത്രമുള്ള ചരക്കുകളൊന്നും ഇല്ലാതെയാണ് ഞങ്ങള്‍ വന്നിരിക്കുന്നത്. എന്നിരുന്നാലും അങ്ങ് ഞങ്ങള്‍ക്കുള്ള അളവ് പൂര്‍ത്തിയാക്കിത്തരണം’ എന്നും അതിന് പുറമെ ധര്‍മമായിട്ടും നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ‘ഞങ്ങളോട് ഔദാര്യം കാണിക്കുകയും ചെയ്യണം’ എന്ന് പറഞ്ഞതിനെ പിടിച്ചുവെച്ച ഞങ്ങളുടെ സഹോദരനെ തിരികെ നല്‍കി ഔദാര്യം കാണിക്കണം എന്നും ചിലര്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. ഇതെല്ലാം പറയുന്നത് കേട്ട യൂസുഫ്(അ)ന്റെ മനസ്സിന് അലിവ് തോന്നി. അവര്‍ക്ക് ഇതു വരെ തിരിച്ചറിയാന്‍ കഴിയാതെ പോയ ആ രഹസ്യം അദ്ദേഹം അവരുടെ മുന്നില്‍ പ്രകടമാക്കി.

”അദ്ദേഹം പറഞ്ഞു: നിങ്ങള്‍ അറിവില്ലാത്തവരായിരുന്നപ്പോള്‍ യൂസുഫിന്റെയും അവന്റെ സഹോദരന്റെയും കാര്യത്തില്‍ നിങ്ങള്‍ ചെയ്തതെന്താണെന്ന് നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടോ? അവര്‍ ചോദിച്ചു: നീ തന്നെയാണോ യൂസുഫ്? അദ്ദേഹം പറഞ്ഞു: ഞാന്‍ തന്നെയാണ് യൂസുഫ്. ഇതെന്റെ സഹോദരനും! അല്ലാഹു ഞങ്ങളോട് ഔദാര്യം കാണിച്ചിരിക്കുന്നു. തീര്‍ച്ചയായും ആര്‍ സൂക്ഷ്മത പാലിക്കുകയും ക്ഷമിക്കുകയും ചെയ്യുന്നുവോ ആ സദ്‌വൃത്തര്‍ക്കുള്ള പ്രതിഫലം അല്ലാഹു നഷ്ടപ്പെടുത്തിക്കളയുകയില്ല; തീര്‍ച്ച!” (ക്വുര്‍ആന്‍ 12:89,90).

വിവരവും വിവേകവും ഇല്ലാത്ത കാലത്ത് യൂസുഫിനെയും അവന്റെ സഹോദരനെയും ചെയ്തതിനെ കുറിച്ച് നിങ്ങള്‍ക്ക് വല്ല അറിവും ഉണ്ടോ (ബിന്‍യാമീനെയും അവര്‍ പല പരീക്ഷണങ്ങള്‍ക്കും വിധേയമാക്കിയിട്ടുണ്ടെന്നാണ് യൂസുഫ്(അ)ന്റെ സംസാരത്തില്‍ നിന്നും നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്) എന്ന് യൂസുഫ്(അ) അവരോട് ചോദിച്ചു. ഇത് കേട്ടപ്പോള്‍ അവര്‍ക്ക് അത്ഭുതമായി. അവര്‍ ചോദിച്ചു: നീ തന്നെയാണോ യൂസുഫ്? ഉടനെ അദ്ദേഹം ആ സത്യം വെളിപ്പെടുത്തി.

യൂസുഫ്(അ)ന്റെ ജീവിതം ഇപ്രകാരം ഒരു വലിയ സ്ഥാനത്തിലേക്ക് എത്തുന്നതിന് പിന്നില്‍ സഹിക്കേണ്ടി വന്ന വിഷമങ്ങള്‍ നാം മനസ്സിലാക്കിയല്ലോ. സഹോദരങ്ങള്‍ കിണറ്റില്‍ എറിഞ്ഞത് യാത്രാ സംഘത്തിന് ലഭിക്കുവാന്‍ കാരണമായി. രാജാവിന്റെ കൊട്ടാരത്തില്‍ എത്തുവാന്‍ അടിമച്ചന്തയില്‍ തന്നെ വില്‍ക്കുവാന്‍ വെച്ചത് കാരണമായി. രാജാവിന്റെ ഭാര്യ തന്നെ വശീകരിക്കാന്‍ ശ്രമിച്ചതും അതില്‍ നിന്ന് അല്ലാഹുവിനെ പേടിച്ച് പിന്‍മാറിയതും അദ്ദേഹം ജയിലിലടക്കപ്പെടുവാനും കാരണമായി. ജയിലില്‍ രാജ കൊട്ടാരത്തിലുണ്ടായിരുന്ന ചിലരോടൊപ്പം കഴിച്ചു കൂട്ടിയത് കൊട്ടാരത്തില്‍ അദ്ദേഹത്തിന്റെ സല്‍കീര്‍ത്തി ഉയരാനുള്ള തുടക്കത്തിന് കാരണമായി. രാജാവ് കണ്ട സ്വപ്‌നത്തിനുള്ള വ്യാഖ്യാനം നല്‍കിയത് രാജ്യത്തിന്റെ നന്മക്ക് യൂസുഫ് വേണ്ടപ്പെട്ടവനാണെന്ന് രാജാവിന് തോന്നുവാനും മന്ത്രി പദം ഏല്‍പിക്കപ്പെടുവാനും കാരണമായി. എല്ലാം വലിയ സ്ഥാനത്തേക്കുള്ള പ്രയാണത്തിലെ ചവിട്ടു പടികളായിരുന്നു. അവസാനം, സഹോദരങ്ങള്‍ ഭക്ഷ്യ വസ്തുക്കള്‍ക്കായി വന്നത് അവരെയും ചെറിയ സഹോദരനായ ബിന്‍യാമീനെയും കാണുവാന്‍ കാരണമായി. ഭക്ഷ്യവസ്തുക്കള്‍ വാങ്ങി തിരിച്ചു പോകുമ്പോള്‍ ബിന്‍യാമീന്റെ  ഭാണ്ഡത്തില്‍ അളവുപാത്രം വെച്ചത് അവനെ കൂടെ പാര്‍പ്പിക്കുവാനും കാരണമായി. രണ്ടാമതും സഹോദരങ്ങള്‍ വന്ന് വീട്ടിലെ പ്രയാസവും കഷ്ടപ്പാടും പറഞ്ഞത് എല്ലാവരെയും പരസ്പരം തിരിച്ചറിയുന്നതിലേക്കും എത്തിച്ചു. ഇതെല്ലാം അല്ലാഹു തങ്ങളോട് ചെയ്ത അനുഗ്രഹങ്ങളാണെന്ന് യൂസുഫ്(അ) അവരെ അറിയിച്ചു.

അല്ലാഹുവിന് ഇഷ്ടമല്ലാത്ത കാര്യങ്ങള്‍ വരുന്നതിനെ തൊട്ട് സൂക്ഷിക്കുകയും അല്ലാഹുവിന്റെ വിധികളിലും തീരുമാനങ്ങളിലും ക്ഷമിച്ച് ജീവിക്കുകയും ചെയ്താല്‍ അവരെ അല്ലാഹു കൈവെടിയുകയില്ല എന്ന ഒരു തത്ത്വം അദ്ദേഹം അവരെ പഠിപ്പിക്കുകയും ചെയ്തു.

സഹോദരങ്ങള്‍ ചെയ്തതെല്ലാം വെളിച്ചത്തായി എന്ന് അവര്‍ക്ക് ബോധ്യമായി. അവര്‍ പറഞ്ഞു: 

”…അല്ലാഹുവെതന്നെയാണ, തീര്‍ച്ചയായും അല്ലാഹു നിനക്ക് ഞങ്ങളെക്കാള്‍ മുന്‍ഗണന നല്‍കിയിരിക്കുന്നു. തീര്‍ച്ചയായും ഞങ്ങള്‍ തെറ്റുകാരായിരിക്കുന്നു” (12:91).

അല്ലാഹുവിന്റെ അടുക്കല്‍ യൂസുഫ് ശ്രേഷ്ഠനാണെന്നും തങ്ങളെക്കാളും സ്ഥാനമുള്ളവനാണെന്നും അവര്‍ സമ്മതിച്ചു. ചെയ്ത് പോയ അപരാധങ്ങള്‍ ഏറ്റുപറഞ്ഞു. അതിനുള്ള എന്ത് ശിക്ഷ സ്വീകരിക്കുവാനും അവര്‍ തയ്യാറാകുകയും ചെയ്തു.

”അദ്ദേഹം പറഞ്ഞു: ഇന്ന് നിങ്ങളുടെ മേല്‍ ഒരു ആക്ഷേപവുമില്ല. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരട്ടെ. അവന്‍ കരുണയുള്ളവരില്‍ വെച്ച് ഏറ്റവും കാരുണികനാകുന്നു” (12:92).

പ്രതികാര നടപടിക്കോ, ശിക്ഷ നടപ്പിലാക്കാനോ യൂസുഫ്(അ) തയ്യാറായില്ല. തന്നോട് ചെയ്ത അരുതായ്മകള്‍ക്ക് സഹോദരങ്ങള്‍ക്ക് പൊറുത്തു കൊടുക്കുകയും അവര്‍ക്കായി അല്ലാഹുവിനോട് പാപമോചനം നടത്തുകയുമാണ് അദ്ദേഹം ചെയ്തത്.

ചെറിയ പ്രശ്‌നങ്ങളുടെ പേരില്‍ പോലും പകയും വിദ്വേഷവും ഉള്ളില്‍ വെച്ച് നടക്കുകയും ഒറ്റക്ക് കിട്ടിയാല്‍ തട്ടിക്കളയാന്‍ പോലും മടി കാട്ടാതിരിക്കുകയും ചെയ്യുന്ന ആധുനിക മനുഷ്യര്‍ക്ക് യൂസുഫ്(അ) അടക്കമുള്ള പ്രവാചകന്മാരുടെ ജീവിതം മാതൃകയാണ്. എന്ത് പ്രതികാര നടപടി സ്വീകരിക്കുവാനും പറ്റിയ അവസരം. അധികാരവും സാഹചര്യവും നൂറു ശതമാനം തനിക്ക് അനുകൂലം. ഇങ്ങനെയുള്ള അവസരത്തില്‍ മാപ്പ് നല്‍കലാണ് ഏറ്റവും വലിയ നടപടി എന്ന മഹത്തായ സന്ദേശം ലോകത്തെ പഠിപ്പിക്കുന്നു പ്രവാചകന്മാര്‍. മക്കാവിജയ ദിവസം നബി(സ്വ) കാണിച്ച സമീപനവും ഇതിന് മറ്റൊരു തെളിവാണ്. പിറന്ന നാട്ടില്‍ നിന്നും ആട്ടിയോടിച്ചവര്‍, കണ്‍മുന്നില്‍ വെച്ച് വേണ്ടപ്പെട്ടവരെ അറുകൊല നടത്തിയവര്‍, കൂക്കി വിളിച്ചും പരിഹസിച്ചും നടന്നവര്‍, കല്ലെറിഞ്ഞും തുപ്പിയും ദ്രോഹിച്ചവര്‍, ഇങ്ങനെ സാധ്യമാകും വിധത്തിലെല്ലാം ദ്രോഹിച്ചവര്‍ പരാജിതരായി തനിക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ അവിടുന്ന് മക്കക്കാരോട് ചോദിക്കുന്നു:

‘ക്വുറയ്ശ് സമൂഹമേ, ഞാന്‍ നിങ്ങളില്‍ എന്ത് ചെയ്യുമെന്നാണ് വിചാരിക്കുന്നത്?’ അവര്‍ പറഞ്ഞു: ‘നല്ലത്. (നീ) മാന്യനായ സഹോദരനാണ്, മാന്യനായ സഹോദരന്റെ പുത്രനുമാണ്.’ അപ്പോള്‍ നബി(സ്വ) പറഞ്ഞു: ‘യൂസുഫ് അദ്ദേഹത്തിന്റെ സഹോദരങ്ങളോട് പറഞ്ഞതാണ് ഞാന്‍ നിങ്ങളോട് പറയുന്നത്. ഇന്ന് നിങ്ങളുടെമേല്‍ ഒരു ആക്ഷേപവുമില്ല. നിങ്ങള്‍ എല്ലാവരും പോയിക്കൊള്ളുക. നിങ്ങള്‍ സ്വതന്ത്രരാണ്.’

യാതൊരു പ്രതികാര നടപടിയും സ്വീകരിക്കാതെ യൂസുഫ്(അ) തന്റെ സഹോദരങ്ങള്‍ക്ക് മാപ്പുനല്‍കി. അദ്ദേഹത്തിന് അവരോട് ആവശ്യപ്പെടാനുണ്ടായിരുന്നത് ഇതാണ്:

”നിങ്ങള്‍ എന്റെ ഇൗ കുപ്പായം കൊണ്ടുപോയി എന്റെ പിതാവിന്റെ  മുഖത്ത് ഇട്ടുകൊടുക്കുക. എങ്കില്‍ അദ്ദേഹം കാഴ്ചയുള്ളവനായിത്തീരും. നിങ്ങളുടെ മുഴുവന്‍ കുടുംബാംഗങ്ങളെയും കൊണ്ട് നിങ്ങള്‍ എന്റെ അടുത്ത് വരുകയും ചെയ്യുക” (12:93).

പിതാവ് യഅ്ക്വൂബ്(അ) വീട്ടിലാണല്ലോ. കൂടെ മക്കളില്‍ ചിലരും ഉണ്ട്. മറ്റു ചിലര്‍ യൂസുഫ്(അ)ന്റെഅടുത്തുമാണ്. വലിയ ഒരു മുഅ്ജിസത്താണ് ഇനി സംഭവിക്കാന്‍ പോകുന്നത്. ഈ സംഘം പിതാവിന്റെഅടുത്ത് എത്തുമ്പോള്‍ തന്നെ അത്ഭുതം പ്രകടമാകാന്‍ തുടങ്ങി!

രണ്ട് പ്രവാചകന്മാരിലൂടെ മുഅ്ജിസത്ത് പ്രകടമാവുകയാണ്. മുഅ്ജിസത്ത് എന്നാല്‍ സൃഷ്ടികള്‍ക്കാര്‍ക്കും ചെയ്യാന്‍ കഴിയാത്തതും പ്രവാചകന്മാരിലൂടെ അല്ലാഹു ഉദ്ദേശിക്കുമ്പോള്‍  പ്രകടമാക്കുന്നതുമായ കാര്യമാണല്ലോ. 

തന്നെ കാണാത്തതില്‍ ദുഃഖിക്കുകയും കരയുകയും ചെയ്തതിനാല്‍ തന്റെ പിതാവിന്റെ കാഴ്ച വരെ നഷ്ടമായിട്ടുണ്ടെന്ന് യൂസുഫ്(അ) വഹ്‌യിലൂടെ അറിഞ്ഞിട്ടുണ്ട്. അതിനാലാണ് തന്റെ കുപ്പായം സഹോദരങ്ങളെ ഏല്‍പിക്കുന്നത്. ആ കുപ്പായം സാധാരണ കുപ്പായം തന്നെയാണ്. മറ്റു പ്രത്യേകതകളൊന്നും ഇല്ല. അല്ലാഹുവിന്റെ കല്‍പന പ്രകാരം യൂസുഫ്(അ) ചെയ്യുന്നു എന്ന് മാത്രം. 

എത്രയോ ദിവസങ്ങള്‍ സഞ്ചരിച്ചാല്‍ എത്താവുന്ന ദൂരമാണ് ഈജിപ്തില്‍ നിന്നും കന്‍ആനിലേക്കുള്ളത്. എന്നാല്‍ ഈജിപ്തില്‍ നിന്നും പുറപ്പെടുന്നതിന് മുമ്പേ യൂസുഫിന്റെ മണം പിതാവ് അനുഭവിച്ച് തുടങ്ങി. അത് യഅ്ക്വൂബ്(അ)ന് അല്ലാഹു നല്‍കിയ മുഅ്ജിസത്താണ്. അത് അവിടെയുള്ള മറ്റുള്ള ആരും അനുഭവിക്കുന്നുമില്ല താനും. 

”യാത്രാസംഘം (ഈജിപ്തില്‍ നിന്ന്) പുറപ്പെട്ടപ്പോള്‍ അവരുടെ പിതാവ് (അടുത്തുള്ളവരോട്) പറഞ്ഞു: തീര്‍ച്ചയായും എനിക്ക് യൂസുഫിന്റെ വാസന അനുഭവപ്പെടുന്നുണ്ട്. നിങ്ങളെന്നെ ബുദ്ധിഭ്രമം പറ്റിയവനായി കരുതുന്നില്ലെങ്കില്‍ (നിങ്ങള്‍ക്കിത് വിശ്വസിക്കാവുന്നതാണ്)” (ക്വുര്‍ആന്‍ 12:94).

പ്രായം അങ്ങേയറ്റത്ത് എത്തിയതിനാലാണ് ഉപ്പ ഇങ്ങനെ പറയുന്നതെന്ന് മക്കള്‍ വിചാരിക്കരുത് എന്നു കരുതിയാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. എന്നാല്‍ മക്കള്‍ മനസ്സിലാക്കിയത് പ്രായം കാരണം പിതാവ് എന്തൊക്കെയോ വിളിച്ചു പറയുന്നു എന്നാണ്. അവര്‍ പിതാവിനോട് അത് പറയുകയും ചെയ്തു:

”അവര്‍ പറഞ്ഞു: അല്ലാഹുവെ തന്നെയാണ, തീര്‍ച്ചയായും താങ്കള്‍ താങ്കളുടെ പഴയ വഴികേടില്‍ തന്നെയാണ്” (12:95).

ഈജിപ്തില്‍ നിന്നും മടങ്ങിയവരില്‍ ഒരാള്‍ നേരത്തെ പുറപ്പെട്ടിട്ടുണ്ട്. അവന്‍ വന്ന് പിതാവിന്റെ മുഖത്ത് യൂസുഫിന്റെ കുപ്പായം ഇട്ടു; കാഴ്ച തിരിച്ചു കിട്ടുകയും ചെയ്തു. ഇതാണ് ഇവിടെ സംഭവിച്ച മുഅ്ജിസത്ത്.

”അനന്തരം സന്തോഷവാര്‍ത്ത അറിയിക്കുന്ന ആള്‍ വന്നപ്പോള്‍ അയാള്‍ ആ കുപ്പായം അദ്ദേഹത്തിന്റെ മുഖത്ത് വെച്ച് കൊടുത്തു. അപ്പോള്‍ അദ്ദേഹം കാഴ്ചയുള്ളവനായി മാറി. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ക്കറിഞ്ഞുകൂടാത്ത ചിലത് അല്ലാഹുവിങ്കല്‍ നിന്ന് ഞാന്‍ അറിയുന്നുണ്ട് എന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടില്ലേ?” (12:96).

നഷ്ടപ്പെട്ട കാഴ്ച തിരിച്ചുകിട്ടിയതിന് ശേഷം അദ്ദേഹം താന്‍ വഴികേടിലാണെന്നെല്ലാം പറഞ്ഞ മക്കളോട് ഇപ്രകാരം പറഞ്ഞു: ‘നിങ്ങള്‍ക്കറിഞ്ഞുകൂടാത്ത ചിലത് അല്ലാഹുവിങ്കല്‍ നിന്ന് ഞാന്‍ അറിയുന്നുണ്ട് എന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടില്ലേ?’ യൂസുഫിന്റെയും ബിന്‍യാമീന്റെയും കാര്യത്തില്‍ എന്തോ ചില കാര്യങ്ങള്‍ ഇവര്‍ മുഖേന നടന്നിട്ടുണ്ടെന്ന് യഅ്ക്വൂബ്(അ)ന് മനസ്സിലായിക്കാണണം. കാരണം യൂസുഫിനെ നഷ്ടമായപ്പോഴും ബിന്‍യാമീന്‍ പിടിക്കപ്പെട്ടപ്പോഴും എല്ലാം അദ്ദേഹം പറഞ്ഞത് നിങ്ങളുടെ മനസ്സുകള്‍ക്ക് ചില കാര്യങ്ങള്‍ നല്ലതായി തോന്നിയിരിക്കുന്നു എന്നാണ്. അതുപോലെ അവരെ അന്വേഷിച്ച് കണ്ടെത്തുവാനായി മക്കളോട് പറയുകയും ചെയ്തിരുന്നല്ലോ. 

യഅ്ക്വൂബ്(അ) യൂസുഫിനെയും ബിന്‍യാമീനെയും കന്‍ആനില്‍ ഇരുന്ന് കാണുന്നില്ല. യഅ്ക്വൂബ്(അ) അല്ലാഹുവില്‍ നിന്നും ചില കാര്യങ്ങള്‍ ഞാന്‍ അറിയുന്നുണ്ട് എന്ന് പറഞ്ഞത് യൂസുഫ്(അ)ന്റെ ജീവിതത്തിലുണ്ടായ വേദനപ്പിക്കുന്ന കാര്യങ്ങളല്ലായിരുന്നു. അങ്ങനെ അറിഞ്ഞിരുന്നുവെങ്കില്‍ അദ്ദേഹം കാഴ്ച നഷ്ടപ്പെടുമാറ് കരയുകയും ദുഃഖിക്കുകയും ചെയ്യുമായിരുന്നില്ലല്ലോ.

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

യൂസുഫ് നബി (അ) – 06

യൂസുഫ് നബി (അ) - 06

മൂന്നു മക്കളുടെ നഷ്ട ദുഃഖം

യൂസുഫ് നബി(അ) ഒരു സൂത്രം പ്രയോഗിച്ചു. ഭക്ഷ്യവസ്തുക്കള്‍ അളന്നു നല്‍കിയിരുന്ന പാനപാത്രം ആരും അറിയാതെ ബിന്‍യാമീന്റെ ഭാണ്ഡത്തില്‍ ഒളിപ്പിച്ചു വെച്ചു.

”അങ്ങനെ അവര്‍ക്കുള്ള സാധനങ്ങള്‍ അവര്‍ക്ക്  ഒരുക്കിക്കൊടുത്തപ്പോള്‍ അദ്ദേഹം (യൂസുഫ്) പാനപാത്രം തന്റെ സഹോദരന്റെ ഭാണ്ഡത്തില്‍ വെച്ചു. പിന്നെ ഒരാള്‍ വിളിച്ചുപറഞ്ഞു: ഹേ; യാത്രാസംഘമേ, തീര്‍ച്ചയായും നിങ്ങള്‍ മോഷ്ടാക്കള്‍ തന്നെയാണ്” (ക്വുര്‍ആന്‍ 12:70).

അവര്‍ അവരുടെ ചരക്കുകളുമായി അവിടെ നിന്നും പുറപ്പെടുകയായി. അപ്പോഴാണ് ‘ഹേ യാത്രാസംഘമേ, തീര്‍ച്ചയായും നിങ്ങള്‍ മോഷ്ടാക്കള്‍ തന്നെയാണ്’ എന്ന് വിളിച്ചു പറയുന്നതായി കേട്ടത്.

”അവരുടെ നേരെ തിരിഞ്ഞ് കൊണ്ട് (യാത്രാസംഘം) പറഞ്ഞു: എന്താണ് നിങ്ങള്‍ക്ക് നഷ്ടപ്പെട്ടിട്ടുള്ളത്? അവര്‍ പറഞ്ഞു: ഞങ്ങള്‍ക്ക് രാജാവിന്റെ അളവുപാത്രം നഷ്ടപ്പെട്ടിരിക്കുന്നു. അത് കൊണ്ടുവന്ന് തരുന്നവന് ഒരു ഒട്ടകത്തിന് വഹിക്കാവുന്നത് (ധാന്യം) നല്‍കുന്നതാണ്. ഞാനത് ഏറ്റിരിക്കുന്നു” (12:71,72).

ആ അളവു പാത്രം സ്വര്‍ണം കൊണ്ടുള്ളതായിരുന്നുവെന്നും വെള്ളികൊണ്ടുള്ളതായിരുന്നുവെന്നും പണ്ഡിതന്മാര്‍ അഭിപ്രായം പറഞ്ഞിട്ടുണ്ട്. അത് എന്തുകൊണ്ടുള്ളതാണെന്ന് നാം അറിയുന്നതില്‍ നമുക്ക് നന്മ ഉണ്ടായിരുന്നുവെങ്കില്‍ അല്ലാഹു നമുക്ക് അത് അറിയിച്ചു തരുമായിരുന്നു. അത് അറിയിച്ചു തരാത്തതിനാല്‍ അതിന്റെ പുറകെ നാം പോകുന്നില്ല. എന്തായിരുന്നാലും അത് മുന്തിയതും വിലപിടിപ്പുള്ളതുമാകാനേ വഴിയുള്ളൂ എന്ന് നമുക്ക് അനുമാനിക്കാം.

അളവ് പാത്രം നഷ്ടപ്പെട്ടിട്ടുണ്ടെന്നും അത് കണ്ടെത്തുന്നവര്‍ക്ക് ഒരു ഒട്ടകത്തിന് വഹിക്കുവാനുള്ള ധാന്യം ലഭിക്കുന്നതാണെന്നും എന്നെ അത് നല്‍കുവാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നുമുള്ള അറിയിപ്പിനോട് അവര്‍ ഇപ്രകാരം പ്രതികരിച്ചു:

”അവര്‍ പറഞ്ഞു: അല്ലാഹുവെ തന്നെയാണ! ഞങ്ങള്‍ നാട്ടില്‍ കുഴപ്പമുണ്ടാക്കാന്‍ വേണ്ടി വന്നതല്ലെന്ന് നിങ്ങള്‍ക്കറിയാമല്ലോ. ഞങ്ങള്‍ മോഷ്ടാക്കളായിരുന്നിട്ടുമില്ല” (12:73).

അപ്പോള്‍ അവരോട് ദര്‍ബാറിലുള്ളവര്‍ ചോദിച്ചു: ”…എന്നാല്‍ നിങ്ങള്‍ കള്ളം പറയുന്നവരാണെങ്കില്‍ അതിനു എന്ത് ശിക്ഷയാണ് നല്‍കേണ്ടത്?” (12:74).

”അവര്‍ പറഞ്ഞു: അതിനുള്ള ശിക്ഷ ഇപ്രകാരമത്രെ. ഏതൊരുവന്റെ യാത്രാ ഭാണ്ഡത്തിലാണോ അതു കാണപ്പെടുന്നത് അവനെ പിടിച്ച് വെക്കുകയാണ് അതിനുള്ള ശിക്ഷ. അപ്രകാരമാണ് ഞങ്ങള്‍ അക്രമികള്‍ക്ക്  പ്രതിഫലം നല്‍കുന്നത്” (12:75).

മോഷ്ടിച്ചത് ആരാണോ, ആ മോഷ്ടാവിനെ ഏല്‍പിക്കലാണ് ഇബ്‌റാഹീം നബി(അ)യുടെ ശരീഅത്തില്‍ ഉണ്ടായിരുന്ന ഒരു നിയമം. ഇത് അറിയുന്നതിനാലാകാം അവര്‍ അപ്രകാരം അവരോട് പറഞ്ഞത്. ഇതാണ് കൂടുതല്‍ ശരി എന്നതാണ് അവരുടെ സംസാരത്തിലെ പ്രയോഗത്തില്‍ നിന്നും നമുക്ക് മനസ്സിലാകുന്നത്. അല്ലെങ്കില്‍, ഇവര്‍ എടുത്തിട്ടില്ല എന്ന ഉറച്ച വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാകാം അങ്ങനെ അവരോട് പറഞ്ഞത്. ഏതായിരുന്നാലും അവര്‍ പറഞ്ഞ പ്രകാരം തന്നെ ദര്‍ബാറുകാര്‍ അത് സ്വീകരിച്ചു. തദടിസ്ഥാനത്തില്‍ അവരുടെ ഭാണ്ഡക്കെട്ടുകള്‍ പരിശോധനക്ക് വിധേയമാക്കി.

”എന്നിട്ട് അദ്ദേഹം (യൂസുഫ്) തന്റെ സഹോദരന്റെ ഭാണ്ഡത്തെക്കാള്‍ മുമ്പായി അവരുടെ ഭാണ്ഡങ്ങള്‍ പരിശോധിക്കുവാന്‍ തുടങ്ങി. പിന്നീട് തന്റെ സഹോദരന്റെ ഭാണ്ഡത്തില്‍ നിന്ന് അദ്ദേഹമത് പുറത്തെടുത്തു. അപ്രകാരം യൂസുഫിന് വേണ്ടി നാം തന്ത്രം പ്രയോഗിച്ചു. അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ രാജാവിന്റെ നിയമമനുസരിച്ച് അദ്ദേഹത്തിന് തന്റെ സഹോദരനെ പിടിച്ചുവെക്കാന്‍ പറ്റുമായിരുന്നില്ല. നാം ഉദ്ദേശിക്കുന്നവരെ നാം പല പദവികള്‍ ഉയര്‍ത്തുന്നു. അറിവുള്ളവരുടെയെല്ലാം മീതെ എല്ലാം അറിയുന്നവനുണ്ട്” (12:76).

ബിന്‍യാമീന്റെ ഭാണ്ഡക്കെട്ടുകള്‍ പരിശോധിക്കുന്നതിന് മുമ്പായി മറ്റുള്ളവരുടെതെല്ലാം പരിശോധിച്ചു. അവസാനം ബിന്‍യാമീന്റെത് പരിശോധിച്ചു. അതില്‍ നിന്നും കാണാതായത് കണ്ടെടുക്കുകയും ചെയ്തു.

അല്ലാഹു യൂസുഫ്(അ)ന് വേണ്ടി പ്രയോഗിച്ച ഒരു തന്ത്രമാണിത്. ബിന്‍യാമീനെ പിടിച്ചുവെക്കുവാനായി ഒരു കാരണം ഇവിടെ സൃഷ്ടിക്കുകയാണ് ചെയ്തത്. 

അവര്‍ തന്നെ നിശ്ചയിച്ചുറപ്പിച്ച ശിക്ഷ വിധിക്കുകയും ചെയ്തു. അങ്ങനെ ബിന്‍യാമീനെ യൂസുഫ്(അ)ന്റെ അടുക്കല്‍ നിര്‍ത്തി. അല്ലാഹു ഇപ്രകാരം ഒരു തന്ത്രം യൂസുഫ്(അ)ന് നല്‍കിയിട്ടില്ലായിരുന്നുവെങ്കില്‍ ബിന്‍യാമീനെ തന്റെ വസതിയില്‍ തടഞ്ഞു നിര്‍ത്താന്‍ യൂസുഫ്(അ)ന് സാധിക്കില്ലായിരുന്നു.

പിതാവ് ഏറെ സ്‌നേഹിക്കുന്ന എളിയ മകന്‍ മോഷണക്കേസില്‍ പിടിയിലായിരിക്കുന്നു! അവരുടെ മനസ്സില്‍ യുസുഫിന്റെ കാര്യത്തില്‍ മുമ്പുണ്ടായിരുന്ന പകയും അസൂയയും പുറത്തുവന്നു. നീയും നിന്റെ സഹോദരന്‍ യൂസുഫും മോഷ്ടാക്കളാണെന്ന് ആരോപിച്ചു. അവര്‍ യൂസുഫ്(അ)നും ബിന്‍യാമീനും എതിരെ നടത്തിയ പ്രസ്താവന കാണുക:

”അവര്‍ (സഹോദരന്മാര്‍) പറഞ്ഞു: അവന്‍ മോഷ്ടിക്കുന്നുവെങ്കില്‍ (അതില്‍ അത്ഭുതമില്ല.) മുമ്പ് അവന്റെ സഹോദരനും മോഷ്ടിക്കുകയുണ്ടായിട്ടുണ്ട്. എന്നാല്‍ യൂസുഫ് അത് തന്റെ  മനസ്സില്‍ ഗോപ്യമാക്കിവെച്ചു. അവരോട് അദ്ദേഹം അത് (പ്രതികരണം) പ്രകടിപ്പിച്ചില്ല. അദ്ദേഹം (മനസ്സില്‍) പറഞ്ഞു: നിങ്ങളാണ് മോശമായ നിലപാടുകാര്‍. നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതിനെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാണ്” (12:77).

യൂസുഫ്(അ)യും ബിന്‍യാമീനും ഒരു ഉമ്മാക്കും മറ്റു പത്ത് പേര്‍ വേറെ ഉമ്മാക്കും പിറന്നവരാണ്. ‘അവന്‍ മോഷ്ടിക്കുന്നുവെങ്കില്‍ (അതില്‍ അത്ഭുതമില്ല) മുമ്പ് അവന്റെ സഹോദരനും മോഷ്ടിക്കുകയുണ്ടായിട്ടുണ്ട്’ എന്ന് പറഞ്ഞത് അവരുടെ പാരമ്പര്യം മോശമാണെന്ന് സൂചിപ്പിക്കുവാനാനാണ് എന്ന് മനസ്സിലാക്കാം. യഥാര്‍ഥത്തില്‍ ഇവര്‍ എല്ലാവരും സഹോദരങ്ങളാണ്. എന്നിട്ടും യൂസുഫ്(അ)നെ മാത്രം അതിലേക്ക് ചേര്‍ത്താന്‍ കാരണം മാതാവ് വേറെ ആയതിനാലാകാം.

അസൂയ ഒരാളില്‍ ഉണ്ടായാല്‍ അത് മനസ്സില്‍ നിന്നും മാറിപ്പോകണമെങ്കില്‍ അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം തന്നെ വേണം. ഒരു കവി പറയുന്നത് കാണുക.

”ഒരു അസൂയാലുവിന്റെ കണ്ണ് എന്നും നിന്റെ നേരെ (നിന്റെ ഓരോ കാര്യവും) നിരീക്ഷിച്ച് ഉണ്ടാകുന്നതാണ്. മോശപ്പെട്ടവയെല്ലാം അത് പുറത്തെടുത്തു കാണിക്കുകയും നന്മകളെയെല്ലാം മറപ്പിച്ചു വെക്കുന്നതുമാണ്. മുഖപ്രസന്നതയോടെ നിന്നെ അവന്‍ അഭിമുഖീകരിക്കുകയും അവന്റെ മുന്‍പല്ലുകള്‍ വരെ അവര്‍ക്ക് അവന്‍ വെളിവാക്കുകയും ചെയ്യും. അപ്പോഴും അവന്റെ ഹൃദയത്തില്‍ എന്തിനോടാണോ അസൂയ ഉള്ളത് അത് ഉള്ളില്‍ വെച്ചു നടക്കുന്നവനായിരിക്കും അവന്‍.” 

അസൂയാലുവിന്റെ ചിരിക്കുന്ന മുഖം നാം കണ്ടേക്കാം, തോളില്‍ കയ്യിട്ട് നമ്മോട് ഒത്തു ചേരുന്നുണ്ടായേക്കാം. പക്ഷേ, അവന്റെ മനസ്സ് അസൂയ കാരണം അസ്വസ്ഥതയിലായിരിക്കും. അവസരം കിട്ടിയാല്‍ അത് പ്രകടമാക്കും. നന്മകളെ അത് കാണില്ല. തിന്മകളെ എത്ര ചെറുതാണെങ്കിലും ഭീകരമാക്കി കാണിക്കാന്‍ ശ്രമിക്കും. 

യൂസുഫ്(അ)ലേക്കും അവര്‍ മോഷണം ചേര്‍ത്തി പറഞ്ഞു. യൂസുഫ്(അ) അതെല്ലാം മനസ്സില്‍ ഒളിപ്പിച്ചു വെച്ചു. അറിയാത്തത് പോലെ നടിച്ചു. മനസ്സില്‍ അദ്ദേഹം അവരുടെ ഈ മോശപ്പെട്ട സമീപനത്തെ പറ്റി പറയുകയും ചെയ്തു. അവരോട് കയര്‍ക്കുവാനോ പക്വത വിട്ട് സംസാരിക്കുവാനോ തുനിഞ്ഞില്ല. ശക്തമായ ക്ഷമ കൈകൊള്ളുകയാണ് ചെയ്തത്. ഈ കടുത്ത സഹനമാണല്ലോ യൂസുഫ്(അ)ന് ഇത്തരം ഒരു സ്ഥാനത്തേക്ക് എത്താന്‍ കാരണമായതും.

നഷ്ടപ്പെട്ട വസ്തു ആരില്‍ നിന്നാണോ കണ്ടെടുക്കുന്നത്, അവരെ പിടിച്ചു വെക്കുക എന്നതാണ് ശിക്ഷ എന്നത് ഇരു പക്ഷവും സമ്മതിച്ചു. ബിന്‍യാമീന്റെ ഭാണ്ഡത്തില്‍ നിന്ന് അത് കണ്ടെടുക്കുകയും ചെയ്തു. തീരുമാനിക്കപ്പെട്ടത് പോലെ ബിന്‍യാമീന്‍ പിടിക്കപ്പെടുമെന്ന് അവര്‍ക്ക് മനസ്സിലായി. അതാകട്ടെ, അവര്‍ക്ക് ചിന്തിക്കാന്‍ കഴിയാത്തതുമാണ്. കാരണം, അത്രയും നിര്‍ബന്ധിച്ച് പറഞ്ഞിട്ടാണല്ലോ അവരോടൊപ്പം അദ്ദേഹം പറഞ്ഞുവിട്ടത്. ബിന്‍യാമീന്‍ കൂടെയില്ലാതെ പിതാവിന്റെ അടുത്തേക്ക് മടങ്ങി ച്ചെല്ലുക എന്നത് അവര്‍ക്ക് ചിന്തിക്കാന്‍ കഴിയാത്തതാണ്. അതിനാല്‍ അവര്‍ യൂസുഫ്(അ)നോട് ഇപ്രകാരം അപേക്ഷിച്ചു:

”അവര്‍ പറഞ്ഞു: പ്രഭോ! ഇവന് വലിയ വൃദ്ധനായ പിതാവുണ്ട്. അതിനാല്‍ ഇവന്റെ സ്ഥാനത്ത് ഞങ്ങളില്‍ ഒരാളെ പിടിച്ച് വെക്കുക. തീര്‍ച്ചയായും താങ്കളെ ഞങ്ങള്‍ കാണുന്നത് സദ്‌വൃത്തരില്‍ പെട്ട ഒരാളായിട്ടാണ്. അദ്ദേഹം പറഞ്ഞു: അല്ലാഹുവില്‍ ശരണം. നമ്മുടെ സാധനം ആരുടെ കയ്യില്‍ കണ്ടെത്തിയോ അവനെയല്ലാതെ നാം പിടിച്ച് വെക്കുകയോ? എങ്കില്‍ തീര്‍ച്ചയയായും നാം അക്രമകാരികള്‍ തന്നെയായിരിക്കും” (12:78,79).

‘അയ്യുഹല്‍ അസീസ്’ എന്നത് മന്ത്രിയെ ബഹുമാനിച്ചും ആദരിച്ചുമുള്ള വിളിയാണ്. ഇപ്രകാരം അവര്‍ യൂസുഫിനെ അഭിസംബോധന ചെയ്തു. എന്നിട്ട് അവര്‍ ഒരു കാര്യം ആവശ്യപ്പെടുകയാണ്: ‘ഇവന് പ്രായം ചെന്ന ഒരു പിതാവുണ്ട്. അതിനാല്‍ ഇവന് പകരം ഞങ്ങളില്‍ നിന്ന് ആരെയെങ്കിലും പകരം സ്വീകരിച്ചാലും. അവനില്ലാതെ ഞങ്ങള്‍ പിതാവിന്റെ അടുത്തേക്ക് തിരിച്ച് ചെന്നാല്‍ പിതാവിന് അത് വലിയ പ്രയാസം ഉണ്ടാക്കും. അങ്ങയെ നല്ല ഒരാളായിട്ടാണ് ഞങ്ങള്‍ കാണുന്നത്.’

‘തെറ്റ് ചെയ്തവന് പകരം വേറെ ഒരാളെ പിടിച്ചു വെക്കാന്‍ കഴിയില്ല. ആരാണോ കുറ്റക്കാരന്‍ അവനാണ് ശിക്ഷക്ക് അര്‍ഹന്‍. തെറ്റുകാരനെ വെറുതെ വിടുകയും നിരപരാധിയെ ശിക്ഷിക്കുകയും ചെയ്താല്‍ തീര്‍ച്ചയായും ഞങ്ങള്‍ വലിയ അക്രമികളായി മാറും’ എന്നായിരുന്നു യൂസുഫി(അ)ന്റെ മറുപടി.

ബിന്‍യാമീനെ വിട്ടുകിട്ടില്ലെന്ന് അവര്‍ക്ക് ഉറപ്പായി. ബിന്‍യാമീനെ കൂടാതെ പിതാവിനെ എങ്ങനെ അഭിമുഖീകരിക്കും? എല്ലാവരും വലിയ ധര്‍മ സങ്കടത്തിലായി. അവര്‍ പരസ്പരം കൂടിയാലോചന നടത്തി.

”അങ്ങനെ അവനെ(സഹോദരനെ)പ്പറ്റി അവര്‍ നിരാശരായി കഴിഞ്ഞപ്പോള്‍ അവര്‍ തനിച്ച് മാറിയിരുന്ന് കൂടിയാലോചന നടത്തി. അവരില്‍ വലിയ ആള്‍ പറഞ്ഞു: നിങ്ങളുടെ പിതാവ് അല്ലാഹുവിന്റെ പേരില്‍ നിങ്ങളോട് ഉറപ്പ് വാങ്ങിയിട്ടുണ്ടെന്നും, യൂസുഫിന്റെ കാര്യത്തില്‍ മുമ്പ് നിങ്ങള്‍ വീഴ്ചവരുത്തിയിട്ടുണ്ടെന്നും നിങ്ങള്‍ക്കറിഞ്ഞ് കൂടേ? അതിനാല്‍ എന്റെ പിതാവ് എനിക്ക് അനുവാദം തരികയോ, അല്ലാഹു എനിക്ക് വിധി തരികയോ ചെയ്യുന്നത് വരെ ഞാന്‍ ഈ ഭൂപ്രദേശം വിട്ടുപോരുകയേ ഇല്ല. വിധികര്‍ത്താക്കളില്‍ ഏറ്റവും ഉത്തമനത്രെ അവന്‍. നിങ്ങള്‍ നിങ്ങളുടെ പിതാവിന്റെ അടുത്തേക്ക് മടങ്ങിച്ചെന്നിട്ട് പറയൂ: ഞങ്ങളുടെ പിതാവേ, താങ്കളുടെ മകന്‍ മോഷണം നടത്തിയിരിക്കുന്നു. ഞങ്ങള്‍ അറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ഞങ്ങള്‍ സാക്ഷ്യം വഹിച്ചിട്ടുള്ളത്. അദൃശ്യകാര്യം ഞങ്ങള്‍ക്ക് അറിയുമായിരുന്നില്ലല്ലോ” (12:80,81).

അങ്ങനെ അവര്‍ മടങ്ങിച്ചെന്ന് പിതാവിനെ കാര്യം ധരിപ്പിച്ചു. വിശ്വാസം വരാന്‍ ഇങ്ങനെയും പറഞ്ഞു:

”ഞങ്ങള്‍ പോയിരുന്ന രാജ്യക്കാരോടും, ഞങ്ങള്‍ (ഇങ്ങോട്ട്) ഒന്നിച്ച് യാത്രചെയ്ത യാത്രാസംഘത്തോടും താങ്കള്‍ ചോദിച്ച് നോക്കുക. തീര്‍ച്ചയായും ഞങ്ങള്‍ സത്യം പറയുന്നവരാകുന്നു” (12:82).

കന്‍ആന്‍ ദേശത്തു നിന്നും വന്ന ഒരു സംഘത്തില്‍ നിന്നും ഒരാള്‍ മന്ത്രിയുടെ അളവുപാത്രം മോഷ്ടിച്ചെടുത്തിട്ടുണ്ടെന്നത് പരസ്യമായ സത്യമാണ്. ഉപ്പാക്ക് വേണമെങ്കില്‍ അവിടെ വന്ന് ആ നാട്ടുകാരോട് ചോദിക്കാം. അല്ലെങ്കില്‍, ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന മറ്റു യാത്രാ സംഘങ്ങളോടും ഉപ്പാക്ക് ചോദിക്കാം. പിതാവേ, തീര്‍ച്ചയായും ഞങ്ങള്‍ സത്യം പറയുന്നവര്‍ തന്നെയാണ്.

”അദ്ദേഹം (പിതാവ്) പറഞ്ഞു: അല്ല, നിങ്ങളുടെ മനസ്സുകള്‍ നിങ്ങള്‍ക്ക് എന്തോ കാര്യം ഭംഗിയായി തോന്നിച്ചിരിക്കുന്നു. അതിനാല്‍ നന്നായി ക്ഷമിക്കുക തന്നെ. അവരെല്ലാവരെയും അല്ലാഹു എന്റെ അടുത്ത് കൊണ്ടുവന്നു തന്നേക്കാവുന്നതാണ്. തീര്‍ച്ചയായും അവന്‍ എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു. അവരില്‍ നിന്നു തിരിഞ്ഞുകളഞ്ഞിട്ട് അദ്ദേഹം പറഞ്ഞു: യൂസുഫിന്റെ കാര്യം എത്ര സങ്കടകരം! ദുഃഖം നിമിത്തം അദ്ദേഹത്തിന്റെ ഇരുകണ്ണുകളും വെളുത്ത് പോയി. അങ്ങനെ അദ്ദേഹം (ദുഃഖം) ഉള്ളിലൊതുക്കി കഴിയുകയാണ്” (12:83,84).

എന്തൊക്കെയോ സംഭവിച്ചിട്ടുണ്ടെന്ന് യഅ്ക്വൂബ്(അ)ന് മനസ്സിലായിട്ടുണ്ട്. പക്ഷേ, എന്താണെന്ന് കൃത്യമായി അറിയുന്നുമില്ല. അതിനാല്‍ കടുത്ത ക്ഷമ സ്വീകരിച്ചു.

ആദ്യം യുസുഫിനെ നഷ്ടമായി. ഇപ്പോള്‍ ബിന്‍യാമീനെയും. യൂസുഫിന്റെയും ബിന്‍യാമീന്റെയുംനഷ്ടത്തില്‍ മാത്രമായിരുന്നില്ല അദ്ദേഹത്തിന് വ്യസനം. അത് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് തന്നെ വ്യക്തമാണ്. യഅ്ക്വൂബ്(അ) പറഞ്ഞത് ഇപ്രകാരമാണ്. 

”അവരെല്ലാവരെയും അല്ലാഹു എന്റെ അടുത്ത് കൊണ്ടുവന്നു തന്നേക്കാവുന്നതാണ്” ‘ബിഹിം’ (അവരെയെല്ലാവരയും) എന്ന സര്‍വനാമം മൂന്നോ അതില്‍ കൂടുതലോ ഉള്ളപ്പോഴാണ് പ്രയോഗിക്കുക. ഇത് മൂന്ന് മക്കളുടെയും (യൂസുഫ്,  ബിന്‍യാമീന്‍, നാട്ടിലേക്ക് മടങ്ങാതിരുന്ന മകന്‍) നഷ്ടത്തില്‍ അദ്ദേഹം ദുഃഖിതാനാണെന്ന് മനസ്സിലാക്കിത്തരുന്നു.

യൂസുഫ്(അ) ചെറിയ കുട്ടിയായിരിക്കവെ കണ്ട സ്വപ്‌നം യഅ്ക്വൂബ്(അ)ന് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. സ്വന്തം മക്കളെ കാണാത്തതില്‍ വ്യസനമുണ്ടെങ്കിലും എല്ലാം അറിയുന്ന അല്ലാഹുവില്‍ ഭരമേല്‍പിച്ച് ക്ഷമയോടെ കഴിയുകയാണ് പിതാവ് യഅ്ക്വൂബ്(അ).

ദുഃഖമുണ്ടാകുമ്പോള്‍ കരയലും കണ്ണുനീര് വരലും മനുഷ്യ പ്രകൃതമാണ്. പ്രവാചകന്മാര്‍ മനുഷ്യരാണല്ലോ. അവര്‍ക്കും ഇതെല്ലാം ഉണ്ടാകും. ഇതൊന്നും അക്ഷമയുടെ അടയാളമായി കാണാന്‍ പാടില്ല. കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും പ്രകടനമായേ ഇതിനെ നാം കാണാവൂ. ക്ഷമകേട് കാണിക്കലും വേവലാതിപ്പെട്ടുകൊണ്ടിരിക്കലും നിരാശപ്പെടലും അല്ലാഹുവല്ലാത്തവരോട് സങ്കടം ബോധിപ്പിക്കലുമെല്ലാമാണ് ആക്ഷേപാര്‍ഹമായത്. ഈ ആക്ഷേപ പ്രകടനങ്ങള്‍ പ്രവാചകന്മാരില്‍ കാണില്ല.

നബി ﷺ  പുത്രന്‍ ഇബ്‌റാഹീം(അ) മരണപ്പെട്ട വേളയില്‍ കരഞ്ഞത് ഹദീഥുകളില്‍ വന്നിട്ടുണ്ട്. നബി ﷺ യോട് സ്വഹാബികള്‍ ‘അങ്ങും കരയുന്നോ പ്രവാചകരേ’ എന്ന് ചോദിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞത് ‘തീര്‍ച്ചയായും കണ്ണ് കരയും, ഹൃദയം ദുഃഖിക്കും, എന്നാല്‍ നമ്മുടെ റബ്ബിന് തൃപ്തിയില്ലാത്ത യാതൊന്നും നാം പറയില്ല. ഇബ്‌റാഹീം, നിന്റെ വേര്‍പാടില്‍ ഞങ്ങള്‍ ദുഃഖിതരാണ്’ എന്നായിരുന്നു. (ബുഖാരി).

പിതാവിന്റെ ദുഃഖവും വ്യസനവും കണ്ട മക്കള്‍ക്ക് പിതാവിനോട് വലിയ അനുകമ്പ തോന്നി. അവര്‍ പറഞ്ഞു

”അവര്‍ പറഞ്ഞു: അല്ലാഹുവിനെ തന്നെയാണ, താങ്കള്‍ തീര്‍ത്തും  അവശനാകുകയോ, അല്ലെങ്കില്‍ മരണമടയുകയോ ചെയ്യുന്നതു വരെ താങ്കള്‍ യൂസുഫിനെ ഓര്‍ത്തു കൊണ്ടേയിരിക്കും” (12:85).

അവര്‍ പിതാവിനെ ആശ്വസിപ്പിക്കുവാനും ഉപദേശിക്കുവാനും തുടങ്ങി. അതിന് പിതാവ് അവരോട് ഇപ്രകാരം പ്രതികരിച്ചു:

”അദ്ദേഹം പറഞ്ഞു: എന്റെ വേവലാതിയും വ്യസനവും ഞാന്‍ അല്ലാഹുവോട് മാത്രമാണ് ബോധിപ്പിക്കുന്നത്. അല്ലാഹുവിങ്കല്‍ നിന്നും നിങ്ങള്‍ അറിയാത്ത ചിലത് ഞാനറിയുന്നുമുണ്ട്” (12:86).

യഅ്ക്വൂബ്(അ)ന് അല്ലാഹുവില്‍ നിന്നും വലിയ പ്രതീക്ഷയുണ്ടായിരുന്നു. കാരണം, യൂസുഫ് കണ്ട സ്വപ്‌നം അദ്ദേഹത്തിന്റെ മനസ്സിലുണ്ട്. അതിനാല്‍ കാണാതായ മക്കളെ മുഴുവനും തിരിച്ച് ലഭിക്കും എന്ന ശുഭ പ്രതീക്ഷ അദ്ദേഹത്തിലുണ്ട്. വഹ്‌യ് ലഭിക്കുന്ന പ്രവാചകനാണല്ലോ. അതുപോലെ ബിന്‍യാമീന്‍ എന്ന പുത്രന്‍ മോഷ്ടിക്കാനുള്ള സാധ്യത വളരെ കുറവുമാണ്. ഇതെല്ലാം അദ്ദേഹത്തില്‍ മക്കളെ തിരിച്ചു ലഭിക്കും എന്ന ശുഭപ്രതീക്ഷക്ക് ശക്തി പകരുന്നതാണ്. എന്നാലും ഇപ്പോള്‍ അവര്‍ എവിടെയാണെന്നും അവര്‍ക്ക് എന്താണ് സംഭവിച്ചതെന്നും യഅ്ക്വൂബ്(അ)ന് അറിയുന്നില്ല. മറ്റു മക്കളോട് അദ്ദേഹം അവരെ സംബന്ധിച്ച് അന്വേഷിക്കുവാന്‍ ആവശ്യപ്പെട്ടു.

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

യൂസുഫ് നബി (അ) – 05

യൂസുഫ് നബി (അ) - 05

ജയിലില്‍നിന്നും അധികാരത്തിലേക്ക്

രാജാവിന് യൂസുഫ് നബി(അ)യെ സംബന്ധിച്ചുള്ള മതിപ്പ് വര്‍ധിച്ചു. നേരത്തെ തന്നെ യൂസുഫ്(അ) തെറ്റുകാരനല്ലെന്ന് കുപ്പായം കീറിയതിന്റെ അടയാളത്തില്‍ നിന്നും അദ്ദേഹം മനസ്സിലാക്കിയതാണ്. പിന്നെ അര്‍ഥവത്തായ സ്വപ്‌ന വ്യാഖ്യാനവും താന്‍ നിരപരാധിയാണെന്ന് തെളിഞ്ഞാലല്ലാതെ ഈ ജയിലറയില്‍ നിന്ന് പുറത്തേക്കില്ലെന്ന അദ്ദേഹത്തിന്റെ വാക്കുകളും രാജാവിനെ കൂടുതല്‍ സ്വാധീനിച്ചു. രാജാവ് പറഞ്ഞു:

”…നിങ്ങള്‍ അദ്ദേഹത്തെ എന്റെ അടുത്ത് കൊണ്ടുവരൂ. ഞാന്‍ അദ്ദേഹത്തെ എന്റെ  ഒരു പ്രത്യേകക്കാരനായി സ്വീകരിക്കുന്നതാണ്. അങ്ങനെ അദ്ദേഹത്തോട് സംസാരിച്ചപ്പോള്‍ രാജാവ് പറഞ്ഞു: തീര്‍ച്ചയായും താങ്കള്‍ ഇന്ന് നമ്മുടെ അടുക്കല്‍ സ്ഥാനമുള്ളവനും വിശ്വസ്തനുമാകുന്നു. അദ്ദേഹം (യൂസുഫ്) പറഞ്ഞു: താങ്കള്‍ എന്നെ ഭൂമിയിലെ ഖജനാവുകളുടെ അധികാരമേല്‍പിക്കൂ. തീര്‍ച്ചയായും ഞാന്‍ വിവരമുള്ള ഒരു സൂക്ഷിപ്പുകാരനായിരിക്കും” (ക്വുര്‍ആന്‍ 12: 54,55).

രാജാവ് യൂസുഫ്(അ)ന് പ്രത്യേക സ്ഥാനം നല്‍കി. ഖജനാവുകളുടെ അധികാരം നല്‍കാന്‍ ആവശ്യപ്പെട്ടു. യഥാര്‍ഥത്തില്‍ അധികാരം ചോദിക്കുന്നവന് അത് നല്‍കരുതെന്നതാണ് ഇസ്‌ലാമിന്റെ പൊതുനിയമം. എന്നാല്‍ ഒരാള്‍ സ്വാര്‍ഥതയില്ലാതെ, തന്നെക്കാള്‍ പ്രാപ്തനായ ഒരാളെ ആ സ്ഥാനത്തേക്ക് കാണാതെ വരുമ്പോള്‍ നാടിന്റെ നന്മക്കായി ആവശ്യപ്പെടുന്നത് തെറ്റല്ല. 

അനിസ്‌ലാമിക ഭരണധികാരിയുടെ കീഴില്‍ ജോലി ചെയ്യുന്നതും ശമ്പളം പറ്റുന്നതും ശിര്‍ക്കും കുഫ്‌റുമാണെന്ന് ചിലരൊക്കെ വാദിച്ചിട്ടുണ്ട്. വ്യതിയാന ചിന്തകളുടെ വിവിധ രൂപങ്ങള്‍ മാറി മാറി വന്നിട്ടുണ്ട്. എന്നാല്‍ യൂസുഫ്(അ)ന്റെ ചരിത്രം ഈ വാദത്തിന് മറുപടിയാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.

രാജാവ് യൂസുഫ്(അ)ന് സാമ്പത്തിക ഭക്ഷ്യ വകുപ്പുകള്‍ ഏല്‍പിച്ചു കൊടുത്തു. 

”അപ്രകാരം യൂസുഫിന് ആ ഭൂപ്രദേശത്ത്, അദ്ദേഹം ഉദ്ദേശിക്കുന്നിടത്ത് താമസമുറപ്പിക്കാവുന്ന വിധം നാം സ്വാധീനം നല്‍കി. നമ്മുടെ കാരുണ്യം നാം ഉദ്ദേശിക്കുന്നവര്‍ക്ക് നാം അനുഭവിപ്പിക്കുന്നു. സദ്‌വൃത്തര്‍ക്കുള്ള പ്രതിഫലം നാം നഷ്ടപ്പെടുത്തിക്കളയുകയില്ല. വിശ്വസിക്കുകയും സൂക്ഷ്മത പാലിക്കുന്നവരായിരിക്കുകയും ചെയ്തവര്‍ക്ക്  പരലോകത്തെ പ്രതിഫലമാകുന്നു കൂടുതല്‍ ഉത്തമം” (12:56,57).

ജീവിതത്തില്‍ എന്ത് കഷ്ടപ്പാടുകള്‍ നാം അഭിമുഖീകരിക്കുമ്പോഴും അല്ലാഹുവിന്റെ വിധിയാണെന്നും അതില്‍ നന്മയേ ഉണ്ടാകൂ എന്നും നാം നമ്മുടെ മനസ്സിനെ നന്നായി പഠിപ്പിക്കണം. യൂസുഫ്(അ)ന്റെജീവിതത്തില്‍ ഇത്രയും നാം വിവരിച്ചതില്‍ എത്ര പരീക്ഷണത്തിന് വിധേയമായത് നാം കണ്ടു. അവസാനം അല്ലാഹു വലിയ നന്മയിലേക്ക് എത്തിച്ചു. പരീക്ഷണത്തില്‍ വിജയിക്കുന്നവര്‍ക്കാണ് നന്മയുടെ പര്യവസാനം.

ഈജിപ്തിലെ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്നത് യൂസുഫ്(അ) ആയി. ബുദ്ധിമാനും കഴിവുള്ളവനും അതിലുപരി സത്യസന്ധനും വിശ്വസ്തനുമാണ് മഹാനായ യൂസുഫ്(അ). രാജാവ് കണ്ട സ്വപ്‌നത്തിന്റെ വ്യഖ്യാനം നല്‍കിയ പ്രകാരം തന്നെ യൂസുഫ്(അ) അവയെല്ലാം നിയന്ത്രിച്ചു. ഏഴ് കൊല്ലം സുഭിക്ഷവും ഐശ്വര്യവുമുള്ളതായി തീര്‍ന്നു. ഈ ഏഴ് കൊല്ലം ധൂര്‍ത്തില്ലാതെ എല്ലാം നിയന്ത്രണ വിധേയമാക്കി. പിന്നീട് ഏഴ് കൊല്ലത്തെ കടുത്ത ക്ഷാമത്തില്‍ വലിയ പ്രയാസങ്ങളൊന്നും നേരിടാതെ സൂക്ഷിച്ചു വെച്ചതെല്ലാം വിതരണം ചെയ്ത് പ്രയാസങ്ങള്‍ നികത്തുവാന്‍ യൂസുഫ്(അ)ന് ഒരു പരിധി വരെ സാധിച്ചു.

ഈജിപ്തിന്റെ പരിസരത്തെല്ലാം ഈജിപ്തിലെ ഈ നല്ല ഭരണാധികാരിയെ കുറിച്ചുള്ള സംസാരമായി. അദ്ദേഹത്തിന്റെ അടുത്ത് പോയാല്‍ ഭക്ഷ്യ ധാന്യങ്ങള്‍ ലഭിക്കും എന്ന് അവിടത്തുകാരെല്ലാം പറയാന്‍ തുടങ്ങി. അങ്ങനെ ‘കന്‍ആന്‍’ എന്ന തന്റെ ജന്മദേശത്തും ഈജിപ്ത് ചര്‍ച്ചയായി. ഭക്ഷണ പദാര്‍ഥങ്ങള്‍ക്ക് അവര്‍ക്കും അവലംബിക്കാവുന്ന ഒരു പ്രദേശമായി ഈജിപ്ത്. ദൂരെ നിന്നും വരുന്ന ദുരിത ബാധിതര്‍ക്കും ധാന്യങ്ങള്‍ വിതരണം ചെയ്യുന്നതിന് യൂസുഫ്(അ) തീരുമാനിച്ചിരുന്നു. ഇങ്ങനെ വരുന്നവര്‍ക്ക് ആളുകളുടെ എണ്ണം നോക്കി ഒരു ഒട്ടകത്തിന് വഹിക്കാവുന്ന ചരക്ക് നല്‍കുവാനും യൂസുഫ്(അ) തീരുമാനിച്ചിരുന്നു.

ഈജിപ്തിലെ ഈ പുതിയ മന്ത്രിയുടെ പ്രവര്‍ത്തനത്തെ കുറിച്ചുള്ള വിവരം യഅ്ക്വൂബ്(അ)യുടെ കാതിലുമെത്തി. തന്റെ പത്ത് മക്കളെയും അവിടേക്ക് പറഞ്ഞു വിടാം; എന്നാല്‍ അത്രയും വിഭവം ലഭിക്കുമല്ലോ എന്ന് അദ്ദേഹം ചിന്തിച്ചു. ബിന്‍യാമീനെ അവരോടൊപ്പം വിട്ടില്ല. കാരണം മുമ്പ് യൂസുഫ്(അ)ന്റെ കാര്യത്തിലെ ഭീതി ബിന്‍യാമീനെ സംബന്ധിച്ചും യഅ്ക്വൂബ്(അ)ന് ഉണ്ടായി. യഅ്ക്വൂബ്(അ)ന് പത്ത് മക്കള്‍ ഒരു ഭാര്യയിലും രണ്ട് മക്കള്‍ മറ്റൊരു ഭാര്യയിലുമാണ് ഉണ്ടായത്. 

യൂസുഫ്(അ)ന്റെ പത്ത് സഹോദരങ്ങള്‍ കന്‍ആനില്‍ നിന്നും ഈജിപ്തിലേക്ക് ചരക്കുകള്‍ക്കായി എത്തി. 

”യൂസുഫിന്റെ സഹോദരന്‍മാര്‍ വന്നു, അദ്ദേഹത്തിന്റെ അടുത്ത് പ്രവേശിച്ചു. അപ്പോള്‍ അദ്ദേഹം അവരെ തിരിച്ചറിഞ്ഞു. അവര്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞിരുന്നില്ല. അങ്ങനെ അവര്‍ക്ക് വേണ്ട സാധനങ്ങള്‍ അവര്‍ക്ക് ഒരുക്കിക്കൊടുത്തപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങളുടെ ബാപ്പയൊത്ത ഒരു സഹോദരന്‍ നിങ്ങള്‍ക്കുണ്ടല്ലോ. അവനെ നിങ്ങള്‍ എന്റെ അടുത്ത്‌കൊണ്ട് വരണം. ഞാന്‍ അളവ് തികച്ചുതരുന്നുവെന്നും, ഏറ്റവും നല്ല ആതിഥ്യമാണ് ഞാന്‍ നല്‍കുന്നത് എന്നും നിങ്ങള്‍ കാണുന്നില്ലേ? എന്നാല്‍ അവനെ നിങ്ങള്‍ എന്റെ അടുത്ത് കൊണ്ട് വരുന്നില്ലെങ്കില്‍ നിങ്ങള്‍ക്കിനി എന്റെ അടുക്കല്‍നിന്ന് അളന്നുതരുന്നതല്ല. നിങ്ങള്‍ എന്നെ സമീപിക്കേണ്ടതുമില്ല. അവര്‍ പറഞ്ഞു: ഞങ്ങള്‍ അവന്റെ കാര്യത്തില്‍ അവന്റെ പിതാവിനോട് ഒരു ശ്രമം നടത്തിനോക്കാം.തീര്‍ച്ചയായും ഞങ്ങളത് ചെയ്യും” (12:58-61).

യൂസുഫ്(അ)ന്റെ സഹോദരങ്ങള്‍ അദ്ദേഹത്തിന്റെ അടുത്ത് എത്തി. യൂസുഫ്(അ) അവരെ തിരിച്ചറിഞ്ഞു. അവര്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞതുമില്ല. ചെറുപ്പത്തില്‍ കണ്ടതാണല്ലോ. സ്വാഭാവികമായ ശാരീരിക മാറ്റങ്ങള്‍കൊണ്ടാവണം തിരിച്ചറിയാതെ പോയത്. യൂസുഫ്(അ) വീട്ടിലുള്ള അംഗങ്ങളെ കുറിച്ചെല്ലാം ചോദിച്ചു. അവര്‍ എല്ലാം വിസ്തരിച്ചു പറഞ്ഞു. യൂസുഫിനെ വരെ അതില്‍ പരാമര്‍ശിച്ചു. വീട്ടില്‍ ബിന്‍യാമീന്‍ എന്ന ഒരു സഹോദരനുമുണ്ട്. അവനെ പിതാവ് ഞങ്ങളുടെ കൂടെയൊന്നും പുറത്തേക്ക് വിടില്ല എന്നെല്ലാം അവര്‍ പറഞ്ഞു.

യൂസുഫ്(അ) അവര്‍ക്ക് ആവശ്യമുള്ള ചരക്കുകള്‍ തയ്യാറാക്കി നല്‍കി. അവര്‍ വീട്ടിലേക്ക് തിരിക്കുമ്പോള്‍ അടുത്ത പ്രാവശ്യം  വരുമ്പോള്‍ ബിന്‍യാമീനെ കൊണ്ടുവരാനും അവരോട് അദ്ദേഹം ആവശ്യപ്പെട്ടു. അവര്‍ അപ്രകാരം ചെയ്യാമെന്നും പിതാവിനോട് അതിനായി ശ്രമിക്കാമെന്നും യൂസുഫ്(അ)ന് വാക്ക് നല്‍കി. അവര്‍ മടങ്ങുമ്പോള്‍ യൂസുഫ്(അ) വേറൊരു സൂത്രവും പ്രയോഗിച്ചു.

”അദ്ദേഹം (യൂസുഫ്) തന്റെ ഭൃത്യന്മാരോട് പറഞ്ഞു: അവര്‍ കൊണ്ട് വന്ന ചരക്കുകള്‍ അവരുടെ ഭാണ്ഡങ്ങളില്‍ തന്നെ നിങ്ങള്‍ വെച്ചേക്കുക. അവര്‍ അവരുടെ കുടുംബത്തില്‍ തിരിച്ചെത്തുമ്പോള്‍ അവരത് മനസ്സിലാക്കിക്കൊള്ളും. അവര്‍ ഒരുവേള മടങ്ങി വന്നേക്കാം” (12:62).

അവര്‍ വീട്ടിലെത്തി ഭാണ്ഡം തുറക്കുമ്പോള്‍ രാജാവിന് തങ്ങള്‍ കൊടുത്തത് തിരിച്ച് തങ്ങള്‍ക്ക് തന്നെ തന്നത് കാണും, അവരില്‍ അത് അദ്ദേഹത്തെപ്പറ്റി കൂടുതല്‍ മതിപ്പുളവാക്കുകയും വീട്ടിലുള്ള എളിയ സഹോദരനെയും കൊണ്ട് വീണ്ടും ഈജിപ്തിലേക്ക് മടങ്ങുവാന്‍ അത്  പ്രേരണയാകുകയും ചെയ്യും.

അങ്ങനെ അവര്‍ അവരുടെ ഭാണ്ഡവുമായി കന്‍ആനിലേക്ക് മടങ്ങി. പിതാവിനോട് മന്ത്രി പറഞ്ഞ കാര്യങ്ങളെല്ലാം വിവരിച്ചു.

”അങ്ങനെ അവര്‍ തങ്ങളുടെ പിതാവിന്റെ അടുത്ത് തിരിച്ചെത്തിയപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാവേ, ഞങ്ങള്‍ക്ക് അളന്നുതരുന്നത് മുടക്കപ്പെട്ടിരിക്കുന്നു. അത് കൊണ്ട് ഞങ്ങളോടൊപ്പം ഞങ്ങളുടെ സഹോദരനെയും കൂടി താങ്കള്‍ അയച്ചുതരണം. എങ്കില്‍ ഞങ്ങള്‍ക്ക് അളന്നുകിട്ടുന്നതാണ്. തീര്‍ച്ചയായും ഞങ്ങള്‍ അവനെ കാത്തുസൂക്ഷിക്കുക തന്നെ ചെയ്യും. അദ്ദേഹം (പിതാവ്) പറഞ്ഞു: അവന്റെ സഹോദരന്റെ കാര്യത്തില്‍ മുമ്പ് ഞാന്‍ നിങ്ങളെ വിശ്വസിച്ചത് പോലെയല്ലാതെ അവന്റെ കാര്യത്തില്‍ നിങ്ങളെ എനിക്ക് വിശ്വസിക്കാനാകുമോ? എന്നാല്‍ അല്ലാഹുവാണ് നല്ലവണ്ണം കാത്തുസൂക്ഷിക്കുന്നവന്‍. അവന്‍ കരുണയുള്ളവരില്‍ ഏറ്റവും കാരുണികനാകുന്നു” (12:63,64).

യഅ്ക്വൂബ്(അ) മക്കള്‍ മുമ്പ് യൂസുഫിനെ കൊണ്ടുപോയതെല്ലാം ഓര്‍ത്തു. പിന്നീട് അല്ലാഹു സൂക്ഷിച്ചുകൊള്ളും എന്ന ദൃഢനിശ്ചയത്തില്‍ അവരോടൊപ്പം ബിന്‍യാമീനെ പറഞ്ഞുവിടാന്‍ സമ്മതം നല്‍കി. പിതാവിന്റെ സമ്മതം ലഭിച്ചതിന് ശേഷം അവര്‍ക്ക് ഈജിപ്തില്‍ നിന്നും കിട്ടിയ ചരക്ക് തുറക്കാന്‍ തുടങ്ങി.

”അവര്‍ അവരുടെ സാധനങ്ങള്‍ തുറന്നുനോക്കിയപ്പോള്‍ തങ്ങളുടെ ചരക്കുകള്‍ തങ്ങള്‍ക്ക്  തിരിച്ചുനല്‍കപ്പെട്ടതായി അവര്‍ കണ്ടെത്തി. അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാവേ, നമുക്കിനി എന്തുവേണം? നമ്മുടെ ചരക്കുകള്‍ ഇതാ നമുക്ക് തന്നെ തിരിച്ചു നല്‍കപ്പെട്ടിരിക്കുന്നു. (മേലിലും) ഞങ്ങള്‍ ഞങ്ങളുടെ കുടുംബത്തിന് ആഹാരം കൊണ്ട് വരാം. ഞങ്ങളുടെ സഹോദരനെ ഞങ്ങള്‍ കാത്തുകൊള്ളുകയും ചെയ്യാം. ഒരു ഒട്ടകത്തിന് വഹിക്കാവുന്ന അളവ് ഞങ്ങള്‍ക്ക് കൂടുതല്‍ കിട്ടുകയും ചെയ്യും. കുറഞ്ഞ ഒരു അളവാകുന്നു അത്” (ക്വുര്‍ആന്‍ 12:65).

ചരക്കുകള്‍ തുറന്ന് നോക്കിയപ്പോള്‍ അവര്‍ അങ്ങോട്ട് കൊടുത്തതെല്ലാം തിരിച്ചു തന്നതായി കാണുകയാണ്. തികച്ചും സൗജന്യമായിട്ടാണ് ഭക്ഷ്യവസ്തുക്കള്‍ ലഭിച്ചിരിക്കുന്നത്. അടുത്ത തവണ പോകുമ്പോള്‍ ബിന്‍യാമീനെ കൂടി ഞങ്ങളോടൊപ്പം വിട്ടാല്‍ ഒരു ഒട്ടകത്തിന് കൂടി വഹിക്കുവാനുള്ള ചരക്ക് നമുക്ക് ലഭിക്കുമെന്നും ഇവന്‍ ഞങ്ങളോടൊപ്പം ഉണ്ടെങ്കിലേ അത് ഞങ്ങള്‍ക്ക് ലഭിക്കുകയുമുള്ളൂ എന്നും അവര്‍ പിതാവിനെ ധരിപ്പിച്ചു. പറഞ്ഞു.

പിതാവ് അവരോട് പറഞ്ഞു: ”…തീര്‍ച്ചയായും നിങ്ങള്‍ അവനെ എന്റെ അടുക്കല്‍ കൊണ്ട് വന്നു തരുമെന്ന് അല്ലാഹുവിന്റെ പേരില്‍ എനിക്ക് ഉറപ്പ് നല്‍കുന്നത് വരെ ഞാനവനെ നിങ്ങളുടെ കുടെ അയക്കുകയില്ല തന്നെ. നിങ്ങള്‍ (ആപത്തുകളാല്‍) വലയം ചെയ്യപ്പെടുന്നുവെങ്കില്‍ ഒഴികെ. അങ്ങനെ അവരുടെ ഉറപ്പ് അദ്ദേഹത്തിന് അവര്‍ നല്‍കിയപ്പോള്‍ അദ്ദേഹം പറഞ്ഞു: അല്ലാഹു നാം പറയുന്നതിന് മേല്‍നോട്ടം വഹിക്കുന്നവനാകുന്നു” (12:66).

നിങ്ങള്‍ വിചാരിക്കാത്ത മാര്‍ഗത്തിലൂടെ വല്ല ആപത്തും പിണഞ്ഞാലല്ലാതെ അവന് ഒന്നും സംഭവിക്കരുത്. അവനെ എനിക്ക് തന്നെ തിരികെ ഏല്‍പിക്കും എന്ന് അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ എനിക്ക് ഒരു ഉറപ്പ് തന്നാലല്ലാതെ ഞാന്‍ അവനെ നിങ്ങളുടെ കൂടെ അയക്കുന്നതല്ല എന്ന് യഅ്ക്വൂബ്(അ) മക്കളോട് പറഞ്ഞു. അങ്ങനെ അല്ലാഹുവിന്റെ പേരില്‍ അവര്‍ പിതാവിന് അപ്രകാരം ഉറപ്പ് നല്‍കി. പരസ്പരം എടുത്ത കരാറുകള്‍ക്കും സംസാരത്തിനും എല്ലാം അല്ലാഹു മേല്‍നോട്ടം വഹിക്കുന്നുണ്ടെന്ന് അദ്ദേഹം അവരെ ഉണര്‍ത്തുകയും ചെയ്തു.

ഞങ്ങള്‍ അവനെ സൂക്ഷിച്ചു കൊള്ളാം എന്ന് പിതാവിനോട് മക്കള്‍ ആദ്യം പറഞ്ഞപ്പോള്‍ നിങ്ങളുടെ മേല്‍നോട്ടത്തിലല്ല എന്റെ വിശാലമായ പ്രതീക്ഷയെന്നും അല്ലാഹു ആകുന്നു ഏറ്റവും നന്നായി അവനെ സംരക്ഷിക്കുന്നവനെന്നും അവരോട് പറയുന്നത് യഅ്ക്വൂബ് നബി(അ)യുടെ അല്ലാഹുവിലുള്ള ദൃഢവിശ്വാസത്തെയാണ് നമുക്ക് ബോധ്യപ്പെടുത്തിത്തരുന്നത്. പിന്നീട് പിതാവിന് അവര്‍ കരാര്‍ നല്‍കിയ വേളയിലും അല്ലാഹുവിന്റെ മേല്‍നോട്ടത്തെ കുറിച്ച് അവരെ ഒന്ന് അറിയിക്കുന്നതോടൊപ്പം സ്വയം ഒരു ആശ്വാസം കണ്ടെത്തലും അതിലുള്ളതായി നമുക്ക് മനസ്സിലാക്കാം.

അങ്ങനെ മക്കള്‍ പതിനൊന്ന് പേരും ഈജിപ്തിലേക്ക് പേകുമ്പോള്‍ അവര്‍ക്ക് അദ്ദേഹം മറ്റൊരു നിര്‍ദേശം നല്‍കി:

”അദ്ദേഹം പറഞ്ഞു: എന്റെ മക്കളേ, നിങ്ങള്‍ ഒരേ വാതിലിലൂടെ പ്രവേശിക്കാതെ വ്യത്യസ്ത വാതിലുകളിലൂടെ പ്രവേശിക്കുക. അല്ലാഹുവിങ്കല്‍ നിന്നുണ്ടാകുന്ന യാതൊന്നും നിങ്ങളില്‍ നിന്ന് തടുക്കുവാന്‍ എനിക്കാവില്ല. വിധികര്‍തൃത്വം അല്ലാഹുവിന് മാത്രമാകുന്നു. അവന്റെമേല്‍ ഞാന്‍ ഭരമേല്‍പിക്കുന്നു. അവന്റെ മേല്‍ തന്നെയാണ് ഭരമേല്‍പിക്കുന്നവര്‍ ഭരമേല്‍പിക്കേണ്ടത്” (12:67).

ഈജിപ്തിലേക്ക് പ്രവേശിക്കുന്നതിനെ കുറിച്ചോ, അല്ലെങ്കില്‍ രാജ ദര്‍ബാറിലേക്ക് പ്രവേശിക്കുന്നതിനെ കുറിച്ചോ ആകാം പിതാവ് അവരോട് സംസാരിച്ചത്.

അവിടേക്ക് പ്രവേശിക്കുമ്പോള്‍ നിങ്ങള്‍ പതിനൊന്ന് പേരും ഒരേ വാതിലിലൂടേ  പ്രവേശിക്കരുതെന്നും വ്യത്യസ്ത കവാടത്തിലൂടെ പ്രവേശിക്കണമെന്നും അവരോട് അദ്ദേഹം നിര്‍ദേശിച്ചു. പിതാവ് അവരോട് ഇപ്രകാരം ഒരു നിര്‍ദേശം നല്‍കുവാനുള്ള കാരണം പണ്ഡിതന്മാര്‍ വിവരിച്ചിട്ടുണ്ട്.

ഒന്ന്, യഅ്ക്വൂബ്(അ)ന്റെ മനസ്സില്‍ തോന്നിയ എന്തോ ഒരു ആവശ്യം അവരുമായി അദ്ദേഹം പങ്കുവെച്ചു എന്നാണ് അതിന്റെ ഉദ്ദേശ്യം. കാരണം ശേഷം വരുന്ന വചനത്തില്‍ (യഅ്ക്വൂബിന്റെ മനസ്സിലുണ്ടായിരുന്ന ഒരു ആവശ്യം അദ്ദേഹം നിറവേറ്റി എന്ന് മാത്രം) എന്ന് വന്നിട്ടുണ്ട്.ആ ആവശ്യം എന്തായിരുന്നുവെന്ന് അല്ലാഹുവോ പ്രവാചകന്‍ ﷺ യോ നമുക്ക് വ്യക്തമാക്കിത്തരാത്തതിനാല്‍ അത് എന്താണെന്ന് ചൂഴ്ന്ന് അറിയേണ്ട ആവശ്യവും നമുക്കില്ല. ഈ അഭിപ്രായമാണ് കൂടുതല്‍ ശരിയെന്ന് ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറയുന്നു.

രണ്ട്, കാഴ്ചയില്‍ ഈ മക്കള്‍ എല്ലാം ഏതാണ്ട് ഒരുപോലെയാണ്. അതോടൊപ്പം എല്ലാവരും നല്ല സുന്ദരന്മാരും. ആ സൗന്ദര്യവും അവരുടെ പ്രഭാവവും കണ്ടാല്‍ ആരും ഒന്ന് നോക്കിപ്പോകും. ഒരേ പിതാവിന്റെ പതിനൊന്ന് പേരടങ്ങുന്ന മക്കള്‍ എല്ലാവരും കൂടി ഒരേ വാതിലിലൂടെ പ്രവേശിക്കുമ്പോള്‍ അസൂയാലുക്കളുടെ കണ്ണേറ് തട്ടാതിരിക്കാനാണ് പിതാവ് അങ്ങനെ നിര്‍ദേശിച്ചതെന്ന് പറഞ്ഞ മുഫസ്സിറുകളും ധാരാളം ഉണ്ട്. അതില്‍ പ്രധാനിയാണ് അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ).  അദ്ദേഹത്തിന് പുറമെ മുഹമ്മദ്ബ്‌നു കഅ്ബ്, മുജാഹിദ്, ള്വഹ്ഹാക്, ക്വതാദഃ, സുദ്ദി മുതലായവരും ഈ വിവരണം നല്‍കിയിട്ടുണ്ട്. ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഏതാണ്ട് എല്ലാവരും ഈ അഭിപ്രായത്തെ പ്രത്യകം പരിഗണന നല്‍കി സ്വീകരിച്ചിട്ടുമുണ്ട്. 

കണ്ണേറിനെ ഭയന്നിട്ടാണ് യഅ്ക്വൂബ്(അ) അപ്രകാരം മക്കളോട് പറഞ്ഞതെന്ന് അല്ലാഹുവോ, റസൂലോ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ കണ്ണേറിന് യാഥാര്‍ഥ്യം ഉണ്ടെന്ന് തെളിയിക്കുന്ന ബലപ്പെട്ട ഹദീഥുകള്‍  ഉണ്ടെന്ന് കാണുവാന്‍ സാധിക്കും. മുഹമ്മദ് അമാനി മൗലവിയുടെ തഫ്‌സീറിലും ഇതിന് എതിരായി യാതൊന്നും വന്നിട്ടില്ല. 

ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉറുക്കും ഏലസ്സും കെട്ടലോ, കുപ്പി കെട്ടിത്തൂക്കലോ മറ്റോ അല്ല പരിഹാരം; മറിച്ച് അല്ലാഹുവില്‍ ഭരമേല്‍പിച്ച് അവനോട് പ്രാര്‍ഥിക്കലും ഇസ്‌ലാം പഠിപ്പിച്ച മന്ത്രവുമാണ്.

മൂന്ന്, ഒരു കൂട്ടം ആളുകളെ പെട്ടെന്ന് കാണുമ്പോള്‍, അവരെ പറ്റി പല സംശയങ്ങളും ജനങ്ങള്‍ക്ക് തോന്നുവാന്‍ ഇടയുള്ളതുകൊണ്ടാണ് യഅ്ക്വൂബ്(അ) അപ്രകാരം പറഞ്ഞത്. 

”അവരുടെ പിതാവ് അവരോട് കല്‍പിച്ച വിധത്തില്‍ അവര്‍ പ്രവേശിച്ചപ്പോള്‍ അല്ലാഹുവിങ്കല്‍ നിന്നുണ്ടാകുന്ന യാതൊന്നും അവരില്‍ നിന്ന് തടുക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. യഅ്ക്വൂബിന്റെ മനസ്സിലുണ്ടായിരുന്ന ഒരു ആവശ്യം അദ്ദേഹം നിറവേറ്റി എന്ന് മാത്രം. നാം അദ്ദേഹത്തിന് പഠിപ്പിച്ചുകൊടുത്തിട്ടുള്ളതിനാല്‍ തീര്‍ച്ചയായും അദ്ദേഹം അറിവുള്ളവന്‍ തന്നെയാണ്. പക്ഷേ, മനുഷ്യരില്‍ അധികപേരും അറിയുന്നില്ല” (12:68).

അവര്‍ എല്ലാവരും യൂസുഫ്(അ)ന്റെ സന്നിധിയില്‍ എത്തി. 

”അവര്‍ യൂസുഫിന്റെ അടുത്ത് കടന്ന് ചെന്നപ്പോള്‍ അദ്ദേഹം തന്റെ സഹോദരനെ തന്നിലേക്ക് അടുപ്പിച്ചു. എന്നിട്ട് അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ തന്നെയാണ് നിന്റെ  സഹോദരന്‍. ആകയാല്‍ അവര്‍ (മൂത്ത സഹോദരന്മാര്‍) ചെയ്ത് വരുന്നതിനെപ്പറ്റി നീ ദുഃഖിക്കേണ്ടതില്ല” (12:69).

യൂസുഫ്(അ) സഹോദരന്‍ ബിന്‍യാമിനെ ആശ്ലേഷിക്കുകയും ബിന്‍യാമിനോട് ഞാന്‍ നിന്റെ സഹോദരനാണെന്നും അവരുടെ ചെയ്തികളിലൊന്നും നീ ദുഃഖിക്കേണ്ടതില്ലെന്നും സ്വകാര്യത്തില്‍ അറിയിക്കുകയും ചെയ്തു.

ഒരു പക്ഷേ, ഇബ്‌നു കഥീര്‍(റ) സൂചിപ്പിച്ചത് പോലെ, നിന്നെ ഇവിടെ എന്റെ അടുക്കല്‍ തന്നെ നിറുത്തുവാനും അവരുടെ കൂടെ ഒന്നിച്ച് തിരിച്ചയക്കാതിരിക്കുന്നതിനും വല്ല മാര്‍ഗവും ഞാന്‍ വഴിയെ സ്വീകരിക്കുമെന്നുള്ള രഹസ്യം യൂസുഫ്(അ) ബിന്‍യാമീനെ അറിയിച്ചിരിക്കാം. അത് സ്വാഭാവികമാണല്ലോ. അല്ലെങ്കില്‍ ബിന്‍യാമീന്‍ പിടിപ്പിക്കപ്പെടുമ്പോള്‍ ഭയപ്പെടുവാനും വിഷമിക്കുവാനും കാരണം ആകുമല്ലോ.

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

യൂസുഫ് നബി (അ) – 04

യൂസുഫ് നബി (അ) - 04

സത്യസന്ധത തെളിയിക്കപ്പെടുന്നു

യൂസുഫ് നബി(അ) ജയിലിലടക്കപ്പെട്ടതിന് ശേഷമുള്ള കാര്യങ്ങള്‍ ക്വുര്‍ആന്‍ വിവരിക്കുന്നത് കാണുക:

”അവനോടൊപ്പം രണ്ട് യുവാക്കളും ജയിലില്‍ പ്രവേശിച്ചു. അവരില്‍ ഒരാള്‍ പറഞ്ഞു: ഞാന്‍ വീഞ്ഞ് പിഴിഞ്ഞെടുക്കുന്നതായി സ്വപ്‌നം കാണുന്നു. മറ്റൊരാള്‍ പറഞ്ഞു: ഞാന്‍ എന്റെ തലയില്‍ റൊട്ടി ചുമക്കുകയും എന്നിട്ട് അതില്‍ നിന്ന് പറവകള്‍ തിന്നുകയും ചെയ്യുന്നതായി ഞാന്‍ സ്വപ്‌നം കാണുന്നു. ഞങ്ങള്‍ക്ക് താങ്കള്‍ അതിന്റെ വ്യാഖ്യാനം വിവരിച്ചുതരൂ. തീര്‍ച്ചയായും ഞങ്ങള്‍ താങ്കളെ കാണുന്നത് സദ്‌വൃത്തരില്‍ ഒരാളായിട്ടാണ്” (ക്വുര്‍ആന്‍ 12:36).

യുസുഫ്(അ)ന്റെ വശ്യതയാര്‍ന്ന സ്വഭാവവും പെരുമാറ്റവും അറിഞ്ഞവരെല്ലാം അദ്ദേഹവുമായി നല്ല ബന്ധത്തിലായി.

യുസുഫ്(അ)ന്റെ കൂടെ രണ്ട് ചെറുപ്പക്കാരെയും തടവിലാക്കിയിരുന്നു. ആ ചെറുപ്പക്കാര്‍ക്ക് യൂസുഫ്(അ)നെ കുറിച്ച് നല്ല അഭിപ്രായമായിരുന്നു ഉണ്ടായിരുന്നത്. അതിനാല്‍ അവരുടെ പല കാര്യങ്ങളും അദ്ദേഹവുമായി അവര്‍ പങ്കുവെച്ചു.

അങ്ങനെയിരിക്കവെ അവരിലൊരാള്‍ കണ്ട ഒരു സ്വപ്‌നം അവര്‍ യൂസുഫ്(അ)യുമായി പങ്കുവെച്ചു. ഒരാള്‍ പറഞ്ഞു: ‘ഞാന്‍ മദ്യം പിഴിഞ്ഞ് മറ്റുള്ളവര്‍ക്ക് വിതരണം ചെയ്യുന്നത് സ്വപ്‌നത്തില്‍ കണ്ടിരിക്കുന്നു.’ രണ്ടാമന്‍ പറഞ്ഞു: ‘ഞാന്‍ എന്റെ തലയില്‍ റൊട്ടി ചുമക്കുകയും എന്നിട്ട് അതില്‍ നിന്ന് പറവകള്‍ തിന്നുകയും ചെയ്യുന്നതായി ഞാന്‍ സ്വപ്‌നം കാണുന്നു.’ ഈ സ്വപ്‌നങ്ങളുടെ വ്യാഖ്യാനം പറഞ്ഞു തരുവാന്‍ അവര്‍ യൂസുഫ് നബി(അ)യോട് ആവശ്യപ്പെടുന്നു.

യൂസുഫ്(അ)യുമൊന്നിച്ചുള്ള അല്‍പ കാലത്തെ ജീവിതത്തില്‍ അദ്ദേഹത്തിന്റെ സ്വഭാവ, പെരുമാറ്റ ഗുണങ്ങള്‍ അവര്‍ക്ക് മനസ്സിലായി. അദ്ദേഹത്തിന്റെ മഹത്ത്വം മനസ്സിലാക്കിയ അവര്‍ അദ്ദേഹത്തിന് സ്വപ്‌ന വ്യാഖ്യാനം നടത്തുവാനുള്ള കഴിവുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടാകും. അതിനാലാണ് അവര്‍ അദ്ദേഹത്തോട് സ്വപ്‌ന വ്യഖ്യാനം അറിയുന്നതിനായി ചോദിച്ചത്. 

സ്വപ്‌നവ്യാഖ്യാനം ചോദിച്ചപ്പോഴേക്കും അദ്ദേഹം പറഞ്ഞുകൊടുത്തില്ല. അവര്‍ക്ക് തന്നോടുള്ള മതിപ്പും സ്വപ്‌ന വ്യാഖ്യാനം അറിയാനുള്ള താല്‍പര്യവും മനസ്സിലാക്കിയ യൂസുഫ് നബി(അ) അവരോട് അല്ലാഹുവിന്റെ ഏകത്വത്തെ സംബന്ധിച്ച് വിവരിച്ചു കൊടുക്കുവാനുള്ള ഒരു സുവര്‍ണാവസരമായി അതിനെ കണ്ടു. അവരുടെ ആവശ്യം നിറവേറ്റിക്കൊടുക്കുന്നതിന് മുമ്പ് യൂസുഫ്(അ) തന്റെ കടമ നിറവേറ്റുകയാണ്. അദ്ദേഹം അവരോട് ഇപ്രകാരം പറഞ്ഞു:

”…നിങ്ങള്‍ക്ക് (കൊണ്ടുവന്ന്) നല്‍കപ്പെടാറുള്ള ഭക്ഷണം നിങ്ങള്‍ക്ക് വന്നെത്തുന്നതിന്റെ മുമ്പായി അതിന്റെ വ്യാഖ്യാനം ഞാന്‍ നിങ്ങള്‍ക്ക് വിവരിച്ചുതരാതിരിക്കുകയില്ല. എന്റെ രക്ഷിതാവ് എനിക്ക് പഠിപ്പിച്ചുതന്നതില്‍ പെട്ടതത്രെ അത്. അല്ലാഹുവില്‍ വിശ്വസിക്കാത്തവരും പരലോകത്തെ നിഷേധിക്കുന്നവരുമായിട്ടുള്ളവരുടെ മാര്‍ഗം തീര്‍ച്ചയായും ഞാന്‍ ഉപേക്ഷിച്ചിരിക്കുന്നു” (ക്വുര്‍ആന്‍ 12:37).

”എന്റെ പിതാക്കളായ ഇബ്‌റാഹീം, ഇസ്ഹാക്വ്, യഅ്ക്വൂബ് എന്നിവരുടെ മാര്‍ഗം ഞാന്‍ പിന്തുടര്‍ന്നിരിക്കുന്നു. അല്ലാഹുവിനോട് യാതൊന്നിനെയും പങ്കുചേര്‍ക്കുവാന്‍ ഞങ്ങള്‍ക്ക് പാടുള്ളതല്ല. ഞങ്ങള്‍ക്കും (ഇതര) മനുഷ്യര്‍ക്കും അല്ലാഹു നല്‍കിയ അനുഗ്രഹത്തില്‍ പെട്ടതത്രെ അത് (സന്‍മാര്‍ഗദര്‍ശനം.) പക്ഷേ, മനുഷ്യരില്‍ അധികപേരും നന്ദികാണിക്കുന്നില്ല” (12:38).

 ഈ സമയം മുതല്‍ അദ്ദേഹത്തിന് പ്രവാചകത്വം ലഭിച്ചിട്ടുണ്ടെന്നാണ് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്. നിങ്ങളുടെ ചോദ്യത്തിനുള്ള മറുപടി ഞാന്‍ നിങ്ങള്‍ക്ക് നല്‍കുന്നത് അല്ലാഹു എന്നെ പഠിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. നാം ഒരു കാര്യം അല്ലാഹുവിങ്കല്‍ നിന്നുള്ളതാണെന്ന് വ്യക്തമാക്കി പറയുമ്പോള്‍ അതിന് ജനങ്ങള്‍ പ്രത്യേകം കാതോര്‍ക്കും. 

അവരുടെ സ്വപ്‌നത്തിന്റെ വ്യാഖ്യാനം നല്‍കുന്നതിന് മുമ്പായി താന്‍ ആരാണെന്നും തന്റെ ആദര്‍ശം എന്താണെന്നും അവരെ ബോധ്യപ്പെടുത്തിക്കൊടുക്കുകയാണ് യൂസുഫ്(അ). അല്ലാഹുവില്‍ വിശ്വസിക്കാത്തവരും പരലോകത്തെ നിഷേധിക്കുന്നവരുമായിട്ടുള്ളവരുടെ മാര്‍ഗം തീര്‍ച്ചയായും ഞാന്‍ ഉപേക്ഷിച്ചിരിക്കുന്നു. എന്റെ പിതാക്കളായ ഇബ്‌റാഹീം, ഇസ്ഹാക്വ്, യഅ്ക്വൂബ് എന്നിവരുടെ മാര്‍ഗം ഞാന്‍ പിന്തുടര്‍ന്നിരിക്കുന്നു. അല്ലാഹുവിനോട് യാതൊന്നിനെയും പങ്കുചേര്‍ക്കുവാന്‍ ഞങ്ങള്‍ക്ക് പാടുള്ളതല്ല… ഇങ്ങനെ തൗഹീദിന്റെ മഹത്ത്വം അദ്ദേഹം അവരെ പഠിപ്പിച്ചു. 

യൂസുഫ്(അ) തന്റെ വിശ്വാസത്തെ മുന്‍ഗാമികളായ നല്ലവരിലേക്ക് ചേര്‍ത്തി പറയുകയാണ്. ആദര്‍ശത്തില്‍ പാരമ്പര്യം അവകാശപ്പെടാന്‍ കഴിയാന്‍ സാധിക്കണം. നമ്മുടെ വിശ്വാസ ആദര്‍ശ നിലപാടുകളെ പൂര്‍വികരായ സച്ചരിതരിലേക്ക് ചേര്‍ക്കാന്‍ കഴിയുന്ന പാരമ്പര്യമുള്ളവരാണ് വിജയിക്കുന്നവരുടെ സംഘം.

അല്ലാഹുവിനെ മാത്രം ആരാധിക്കുവാനും അവനല്ലാത്തവരെ ആരാധിക്കുന്നതില്‍ നിന്നും മാറി നില്‍ക്കുവാനും കഴിയുക എന്നത് അല്ലാഹുവിങ്കല്‍ നിന്നും ലഭിക്കുന്ന ഔദാര്യമാണ്. ബഹുദൈവ വിശ്വാസം എന്നത് ചൂഷണാധിഷ്ഠിതമാണല്ലോ. ചൂഷണം ചെയ്യപ്പെടാത്ത തെളിമയാര്‍ന്ന വിശ്വാസം ഏകദൈവ വിശ്വാസമാണ്. എന്നാല്‍ ഈ സത്യം അറിയുന്നവര്‍ വളരെ കുറച്ചു പേരാണ്. 

യൂസുഫ്(അ) തുടരുന്നു: 

”ജയിലിലെ രണ്ട് സുഹൃത്തുക്കളേ, വ്യത്യസ്ത രക്ഷാധികാരികളാണോ ഉത്തമം; അതല്ല, ഏകനും സര്‍വാധികാരിയുമായ അല്ലാഹുവാണോ?”(12:39)

”അവന്നുപുറമെ നിങ്ങള്‍ ആരാധിക്കുന്നവ നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്തിട്ടുള്ള ചില നാമങ്ങളല്ലാതെ മറ്റൊന്നുമല്ല. അവയെപ്പറ്റി അല്ലാഹു യാതൊരു പ്രമാണവും അവതരിപ്പിച്ചിട്ടില്ല. വിധികര്‍തൃത്വം അല്ലാഹുവിന് മാത്രമാകുന്നു. അവനെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്ന് അവന്‍ കല്‍പിച്ചിരിക്കുന്നു. വക്രതയില്ലാത്ത മതം അതത്രെ. പക്ഷേ, മനുഷ്യരില്‍ അധികപേരും മനസ്സിലാക്കുന്നില്ല”(12:40).

അല്ലാഹുവിന് പുറമെ സൂര്യനെയും വിഗ്രഹങ്ങളെയും പശുക്കളെയും രാജാക്കന്മാരെയും വരെ പൂജിച്ചും വണങ്ങിയും ആരാധിക്കുന്നവരായിരുന്നു ഈജിപ്തുകാര്‍. ഓരോ ആവശ്യത്തിനും ഓരോ ദൈവം എന്നായിരുന്നു അവരുടെ വിശ്വാസം. അതിനാല്‍ യൂസുഫ് നബി(അ) അവരോട് ചോദിച്ചു; വ്യത്യസ്ത രക്ഷാധികാരികളാണോ ഉത്തമം; അതല്ല, ഏകനും സര്‍വാധികാരിയുമായ അല്ലാഹുവാണോ എന്ന്.  അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നവ നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്തിട്ടുള്ള ചില നാമങ്ങളല്ലാതെ മറ്റൊന്നുമല്ല. ഇതിനൊന്നും യാതൊരു തെളിവുമില്ല. ആരെയാണ് ആരാധിക്കേണ്ടതെന്ന് വിധിക്കുവാനുള്ള അധികാരം അല്ലാഹുവിനേ ഉള്ളൂ. അല്ലാഹു കല്‍പിച്ചതാകട്ടെ, അവനെ മാത്രമെ ആരാധിക്കാവൂ എന്നുമാണ്. ഇതാണ് ശരിയായ മതം. ഇങ്ങനെയെല്ലാം, കിട്ടിയ അവസരം കൃത്യമായി ഉപയോഗപ്പെടുത്തി യൂസുഫ്(അ) അവരെ അറിയിച്ചു. അല്ലാഹുവിന്റെ ദീന്‍ മറ്റുള്ളവരിലേക്ക് എത്തിക്കണമെന്ന് ആഗ്രഹിച്ച് നടക്കുന്നവര്‍ അവസരം കിട്ടിയാല്‍ ഉപയോഗിക്കും.

ജയില്‍ വാസികളായ രണ്ടുപേരെയും അറിയിക്കേണ്ട പ്രധാന കാര്യം അറിയിച്ചതിനു ശേഷം അവരുടെ ചോദ്യത്തിന് അദ്ദേഹം ഉത്തരം നല്‍കി.

”ജയിലിലെ രണ്ട് സുഹൃത്തുക്കളേ, എന്നാല്‍ നിങ്ങളിലൊരുവന്‍ തന്റെ യജമാനന്ന് വീഞ്ഞ് കുടിപ്പിച്ച് കൊണ്ടിരിക്കും. എന്നാല്‍ മറ്റേ ആള്‍ ക്രൂശിക്കപ്പെടും. എന്നിട്ട് അയാളുടെ തലയില്‍ നിന്ന് പറവകള്‍ കൊത്തിത്തിന്നും. ഏതൊരു കാര്യത്തെപ്പറ്റി നിങ്ങള്‍ ഇരുവരും വിധി ആരായുന്നുവോ ആ കാര്യം തീരുമാനിക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു. അവര്‍ രണ്ട് പേരില്‍ നിന്ന് രക്ഷപ്പെടുന്നവനാണ് എന്ന് വിചാരിച്ച ആളോട് അദ്ദേഹം (യൂസുഫ്) പറഞ്ഞു: നിന്റെ യജമാനന്റെ അടുക്കല്‍ നീ എന്നെ പറ്റി പ്രസ്താവിക്കുക. എന്നാല്‍ തന്റെ യജമാനനോട് അത് പ്രസ്താവിക്കുന്ന കാര്യം പിശാച് അവനെ മറപ്പിച്ച് കളഞ്ഞു. അങ്ങനെ ഏതാനും കൊല്ലങ്ങള്‍ അദ്ദേഹം (യൂസുഫ്) ജയിലില്‍ താമസിച്ചു” (ക്വുര്‍ആന്‍ 12:41,42).

ജയിലറകളില്‍ നിന്നും പുറത്ത് കടന്നാല്‍ നിങ്ങളില്‍ ഒരുവന്‍ രാജാവിന് മദ്യം കുടിപ്പിക്കുന്നവനും മറ്റേ ആള്‍ ക്രൂശിക്കപ്പെടുന്നവനുമായിരിക്കുമെന്നും അത് തീര്‍പ്പാക്കപ്പെട്ട കാര്യമാണെന്നും പ്രവാചകനായ യൂസുഫ്(അ) ദിവ്യ സന്ദേശത്തിന്റെ വെളിച്ചത്തില്‍ അവരുടെ സ്വപ്‌നത്തിന് വ്യാഖ്യാനം നല്‍കി.

ശിക്ഷയില്‍ നിന്നും രക്ഷപ്പെടുമെന്ന് കരുതിയവനോട് യൂസുഫ്(അ), നീ നിന്റെ യജമാനന്റെ അടുത്ത് എത്തിയാല്‍ ഈ ജലിലറയില്‍ കഴിയുന്ന നിരപരാധിയായ, യാതൊരു തെറ്റും ചെയ്യാത്ത എന്നെക്കുറിച്ച് പറയണമെന്നും അറിയിച്ചു. എന്നാല്‍ ഈ കാര്യം അയാള്‍ യജമാനന്റെ അടുത്ത് എത്തിയപ്പോള്‍ പറയാന്‍ മറന്നു; പിശാച് അത് മറപ്പിച്ചു കളഞ്ഞു. തല്‍ഫലമായി യൂസുഫ്(അ) പിന്നെയും വര്‍ഷങ്ങള്‍ ജയിലില്‍ കഴിഞ്ഞു. 

യൂസുഫ്(അ) ജയിലില്‍ കഴിഞ്ഞ വര്‍ഷം എത്ര എന്ന് കൃത്യമായി ഇവിടെ പറഞ്ഞിട്ടില്ല.  ‘ബിള്അ സിനീന്‍’ എന്നാണ് അതിനെ സംബന്ധിച്ച് പ്രയോഗിച്ചത്. ‘ബിള്അ്’ എന്നത് അറബിയില്‍ 3 മുതല്‍ 7 വരെയുള്ള അക്കങ്ങള്‍ക്കും ചിലപ്പോള്‍ 2 മുതല്‍ 9 വരെയുള്ള അക്കങ്ങള്‍ക്കുമാണ് പ്രയോഗിക്കാറ്. അത്രയും കൊല്ലം യൂസുഫ്(അ) ആ ജയിലില്‍ കഴിഞ്ഞു. ഏഴ് വര്‍ഷമായിരുന്നു അദ്ദേഹം ജയിലില്‍ കഴിച്ചു കൂട്ടിയതെന്നതാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം (അല്ലാഹുവാകുന്നു നന്നായി അറിയുന്നവന്‍).

വര്‍ഷങ്ങളോളം നിരപരാധിയായി ജലിലില്‍ കഴിഞ്ഞ യൂസുഫ്(അ)ന് മോചിക്കപ്പെടാനുള്ള വഴി ഒരുങ്ങുകയാണ്. ഈജിപ്തിലെ രാജാവ് ഒരു സ്വപ്‌നം കണ്ടു. ആ സ്വപ്‌നത്തിന്റെ വ്യാഖ്യാനം അവിടെയുള്ളവരോട് അദ്ദേഹം ആരാഞ്ഞു. ആ ഭാഗം ക്വുര്‍ആന്‍ ഇപ്രകാരം പ്രതിപാദിക്കുന്നു:

”(ഒരിക്കല്‍) രാജാവ് പറഞ്ഞു: തടിച്ചുകൊഴുത്ത ഏഴ് പശുക്കളെ ഏഴ് മെലിഞ്ഞ പശുക്കള്‍ തിന്നുന്നതായി ഞാന്‍ സ്വപ്‌നം കാണുന്നു. ഏഴ് പച്ചക്കതിരുകളും ഏഴ് ഉണങ്ങിയ കതിരുകളും ഞാന്‍ കാണുന്നു. ഹേ, പ്രധാനികളേ, നിങ്ങള്‍ സ്വപ്‌നത്തിന് വ്യാഖ്യാനം നല്‍കുന്നവരാണെങ്കില്‍ എന്റെ ഈ സ്വപ്‌നത്തിന്റെ കാര്യത്തില്‍ നിങ്ങളെനിക്ക് വിധി പറഞ്ഞുതരൂ” (12:43).

താന്‍ കണ്ട ഈ സ്വപ്‌നം കേവലം ഒരു സ്വപ്‌നമല്ലെന്നും അതില്‍ എന്തോ ചില കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും രാജാവിന് തോന്നാന്‍ തുടങ്ങി. അങ്ങനെ രാജ ദര്‍ബാറിലെ ജ്യോത്സ്യന്മാരെയും കണക്കു നോട്ടക്കാരെയും എല്ലാം വിളിച്ച് വരുത്തി താന്‍ കണ്ട സ്വപനം പങ്കുവെച്ചു.

”അവര്‍ പറഞ്ഞു: പലതരം പേക്കിനാവുകള്‍! ഞങ്ങള്‍ അത്തരം പേക്കിനാവുകളുടെ വ്യാഖ്യാനത്തെപ്പറ്റി അറിവുള്ളവരല്ല” (ക്വുര്‍ആന്‍ 12:44).

സ്വപ്‌ന വ്യാഖ്യാനങ്ങള്‍ നല്‍കുന്നവരെന്ന കീര്‍ത്തി ലഭിച്ചവരോടാണ് രാജാവ് സ്വപ്‌നം പങ്കുവെച്ചത്. പക്ഷേ, അവര്‍ക്ക് അതിന് വ്യാഖ്യാനം നല്‍കുവാന്‍ കഴിഞ്ഞില്ല. ഇതെല്ലാം പേക്കിനാവുകളാണെന്നും പേക്കിനാവുകളെക്കുറിച്ചുള്ള വ്യാഖ്യാനം തങ്ങള്‍ക്ക് അറിയില്ലെന്നും പറഞ്ഞ് അവര്‍ ഒഴിഞ്ഞുമാറി. 

യജമാനന് മദ്യം വിളമ്പി നില്‍കുന്ന, ജയിലില്‍ യൂസുഫ്(അ)ന്റെ കൂടെ വസിച്ചിരുന്ന ആള്‍ ഇവര്‍ തമ്മിലുള്ള സംസാരത്തിന് സാക്ഷിയായിരുന്നു. മുമ്പ് അയാളോട് യൂസുഫ്(അ) തന്നെക്കുറിച്ച് നിന്റെ രാജാവിന്റെ അടുത്ത് സ്മരിക്കണം എന്ന് പറഞ്ഞിരുന്നുവല്ലോ. എന്നാല്‍ അത് പിശാച് അദ്ദേഹത്തെ മറപ്പിച്ചു കളയുകയാണ് ചെയ്തത്. രാജാവ് കണ്ട സ്വപ്‌നത്തിന് ശരിയായ വ്യഖ്യാനം നല്‍കുന്നതില്‍ അവിടെയുണ്ടായിരുന്നവരെല്ലാം പരാജയപ്പെട്ടു. ഈ അവസരത്തിലാണ് അയാള്‍ക്ക് യൂസുഫ്(അ)നെ ഓര്‍മ വരുന്നത്. ഉടനെ അയാള്‍ രാജാവിനോട് പറഞ്ഞു:

”…അതിന്റെ വ്യാഖ്യാനത്തെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് വിവരമറിയിച്ചു തരാം. നിങ്ങള്‍ (അതിന്) എന്നെ നിയോഗിച്ചേക്കൂ” (12:45).

സ്വപ്‌നത്തിന് ശരിയായ വ്യാഖ്യാനം നല്‍കുന്ന ഒരു നല്ല മനുഷ്യനുണ്ടെന്നും അദ്ദേഹം അതിന് പ്രാപ്തനാണെന്നും രാജാവിനോട് ഇയാള്‍ പറഞ്ഞു. തന്നെ ജയിലിലേക്ക് പറഞ്ഞു വിടുകയാണെങ്കില്‍ താന്‍ അദ്ദേഹത്തോട് ഇതിന്റെ വ്യാഖ്യാനം ചോദിച്ച് വരാം എന്നും അയാള്‍ പറഞ്ഞു. രാജാവ് അതിന് സമ്മതം നല്‍കി. അയാള്‍ ജയിലിലേക്ക് പോയി. യൂസുഫ്(അ)നെ കണ്ടു. രാജാവ് കണ്ട സ്വപ്‌നം യൂസുഫ്(അ)നെ അദ്ദേഹം ധരിപ്പിച്ചു:

 ”(അവന്‍ യൂസുഫിന്റെ  അടുത്ത് ചെന്ന് പറഞ്ഞു:) ഹേ, സത്യസന്ധനായ യൂസുഫ്, തടിച്ച് കൊഴുത്ത ഏഴ് പശുക്കളെ ഏഴ് മെലിഞ്ഞ പശുക്കള്‍ തിന്നുന്ന കാര്യത്തിലും ഏഴ് പച്ചക്കതിരുകളുടെയും വേറെ ഏഴ് ഉണങ്ങിയ കതിരുകളുടെയും കാര്യത്തിലും താങ്കള്‍ ഞങ്ങള്‍ക്കു വിധി പറഞ്ഞുതരണം. ജനങ്ങള്‍ അറിയുവാനായി ആ വിവരവും കൊണ്ട് എനിക്ക് അവരുടെ അടുത്തേക്ക് മടങ്ങാമല്ലോ” (12:46).

യൂസുഫ്(അ)ന്റെ മുന്നില്‍ ചെന്ന് അയാള്‍ തന്റെ വരവിന്റെ ഉദ്ദേശം അറിയിച്ചപ്പോള്‍ ഇത്രയും കാലം തന്നെപ്പറ്റി രാജാവിനോട് പറയാത്തതിന്റെ പേരില്‍ അദ്ദേഹം അനിഷ്ടം കാണിച്ചില്ല. സ്വപ്‌നത്തിന്റെവ്യഖ്യാനം യൂസുഫ്(അ) വിവരിച്ചു നല്‍കി:

”അദ്ദേഹം (യൂസുഫ്) പറഞ്ഞു: നിങ്ങള്‍ ഏഴുകൊല്ലം തുടര്‍ച്ചയായി കൃഷി ചെയ്യുന്നതാണ്. എന്നിട്ട് നിങ്ങള്‍ കൊയ്‌തെടുത്തതില്‍ നിന്ന് നിങ്ങള്‍ക്ക് ഭക്ഷിക്കുവാന്‍ അല്‍പം ഒഴിച്ച് ബാക്കി അതിന്റെ കതിരില്‍ തന്നെ വിട്ടേക്കുക. പിന്നീടതിന് ശേഷം പ്രയാസകരമായ ഏഴ് വര്‍ഷം വരും. ആ വര്‍ഷങ്ങള്‍, അന്നേക്കായി നിങ്ങള്‍ മുന്‍കൂട്ടി സൂക്ഷിച്ച് വെച്ചിട്ടുള്ളതിനെയെല്ലാം തിന്നുതീര്‍ക്കുന്നതാണ്. നിങ്ങള്‍ കാത്തുവെക്കുന്നതില്‍ നിന്ന് അല്‍പം ഒഴികെ. പിന്നീട് അതിന് ശേഷം ഒരു വര്‍ഷം വരും. അന്ന് ജനങ്ങള്‍ക്ക് സമൃദ്ധി നല്‍കപ്പെടുകയും, അന്ന് അവര്‍ (വീഞ്ഞും മറ്റും) പിഴിഞ്ഞെടുക്കുകയും ചെയ്യും” (12:47-49).

യൂസുഫ്(അ)ന്റെ സ്വപ്‌ന വ്യഖ്യാനം കേട്ട മാത്രയില്‍ തന്നെ രാജാവ് അത്ഭുതപ്പെട്ടു. (യൂസുഫ്(അ) അല്ലാഹുവിന്റെ വഹ്‌യ് മുഖേനയാണ് സ്വപ്‌ന വ്യഖ്യാനം നല്‍കുന്നതെന്ന് മറക്കരുത്). തന്റെ ഭരണ കാലത്ത് നാട് നേരിടാനിരിക്കുന്ന വലിയ ഒരു പ്രതിസന്ധിയാണ് ഈ സ്വപ്‌നത്തിലടങ്ങിയതെന്ന  വ്യഖ്യാനം രാജാവിനെ വല്ലാതെ ആകൃഷ്ടനാക്കി. താന്‍ ജയിലിലടച്ചിട്ടുള്ള ആ ‘ജയില്‍പുള്ളി’ സാധാരണക്കാരനല്ലെന്നും അദ്ദേഹത്തിന് ബോധ്യമായി. അദ്ദേഹത്തെ തനിക്ക് എത്രയും പെട്ടെന്ന് കാണേണ്ടതുണ്ടെന്ന് ദര്‍ബാറിലുള്ളവരെ രാജാവ് അറിയിക്കുകയും ചെയ്തു.

”രാജാവ് പറഞ്ഞു: നിങ്ങള്‍ യൂസുഫിനെ എന്റെ  അടുത്ത് കൊണ്ട് വരൂ. അങ്ങനെ തന്റെ അടുത്ത് ദൂതന്‍ വന്നപ്പോള്‍ അദ്ദേഹം (യൂസുഫ്) പറഞ്ഞു: നീ നിന്റെ യജമാനന്റെ  അടുത്തേക്ക് തിരിച്ചുപോയിട്ട് സ്വന്തം കൈകള്‍ മുറിപ്പെടുത്തിയ ആ സ്ത്രീകളുടെ നിലപാടെന്താണെന്ന് അദ്ദേഹത്തോട് ചോദിച്ച് നോക്കുക. തീര്‍ച്ചയായും എന്റെ രക്ഷിതാവ് അവരുടെ തന്ത്രത്തെപ്പറ്റി നന്നായി അറിയുന്നവനാകുന്നു” (12:50).

യൂസുഫ്(അ)നെ വിളിക്കാനായി രാജാവിന്റെ ദൂതന്‍ യൂസുഫ്(അ)ന്റെ അടുത്ത് എത്തി; രാജാവ് വിളിക്കുന്നുണ്ടെന്ന വിവരം അറിയിച്ചു. സ്വാഭാവികമായും ജയിലറയില്‍ വസിക്കുമ്പോള്‍ അതില്‍ നിന്ന് പുറത്ത് കടക്കണമെന്ന ചിന്തയായിരിക്കും ആര്‍ക്കുമുണ്ടാവുക. എന്നാല്‍ രാജാവിന്റെ ഉത്തരവ് പ്രകാരം യൂസുഫ്(അ)ന്റെ അടുത്തെത്തിയ ദൂതനോട് യൂസുഫ്(അ) ഇപ്രകാരം പറഞ്ഞു: ”നീ നിന്റെ യജമാനന്റെ അടുത്തേക്ക് തിരിച്ചുപോയിട്ട് സ്വന്തം കൈകള്‍ മുറിപ്പെടുത്തിയ ആ സ്ത്രീകളുടെ നിലപാടെന്താണെന്ന് അദ്ദേഹത്തോട് ചോദിച്ച് നോക്കുക.” താന്‍ നിരപരാധിയാണെന്ന് ബോധ്യപ്പെടാതെ രാജാവിന്റെ ഒരു ആവശ്യം തന്നാല്‍ സാക്ഷാല്‍കരിക്കപ്പെട്ടതിന് പുറത്തിറങ്ങുകയോ? അങ്ങനെ ഞാന്‍ ചെയ്താല്‍ ആളുകള്‍ക്കിടയില്‍ തന്നെക്കുറിച്ച് പല സംസാരങ്ങളും ഉണ്ടാകും. അതിനാല്‍ തനിക്ക് വലുത് രാജാവിന്റെ അംഗീകാരമല്ലെന്നും തന്റെ സത്യസന്ധത മറ്റുള്ളവര്‍ക്ക് ബോധ്യപ്പെടലാണ് തനിക്ക് വലുതെന്നും അദ്ദേഹം തീരുമാനിച്ചു. അങ്ങനെ അദ്ദേഹം രാജാവിന്റെ ദൂതനെ തിരിച്ചയച്ചു. രാജാവ് വിളിക്കുന്നുണ്ടെന്ന വിവരം കിട്ടിയപ്പോഴേക്ക് അദ്ദേഹം ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ തയ്യാറാകാതിരുന്ന യൂസുഫ്(അ)ന്റെ നിലപാടിനെ പ്രശംസിച്ച് നബി ﷺ  ഇപ്രകാരം പറയുകയുണ്ടായി:

”യൂസുഫ്(അ) (ജയിലില്‍) താമസിച്ച അത്ര കാലം ഞാന്‍ ജയിലില്‍ താമസിച്ചിരുന്നുവെങ്കില്‍ ആ ക്ഷണിതാവിന് ഞാന്‍ ഉത്തരം നല്‍കുമായിരുന്നു” (മുസ്‌ലിം). 

ഇമാം അഹ്മദിന്റെ റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം: ”ഞാനായിരുന്നുവെങ്കില്‍ മറുപടി പെട്ടെന്ന് ആക്കുമായിരുന്നു. (അതിന്) യാതൊരു ഒഴികഴിവും പ്രതീക്ഷിക്കുമായിരുന്നില്ല.”

യൂസുഫ്(അ) തന്റെ നിരപരാധിത്വം തെളിയിക്കപ്പെടുന്നത് വരെ ജയിലില്‍ നിന്നും പുറത്തിറങ്ങാതെ ക്ഷമയോടെ കാത്തിരുന്നു. 

ദര്‍ബാറിലെ എല്ലാ സ്ത്രീകളെയും മറ്റു ആളുകളെയും വിളിച്ചു വരുത്തി. യൂസുഫ്(അ) അന്വേഷിക്കാനായി പറഞ്ഞ കാര്യത്തിന് തുടക്കം കുറിച്ചു:

”(ആ സ്ത്രീകളെ വിളിച്ചുവരുത്തിയിട്ട്) അദ്ദേഹം (രാജാവ്) ചോദിച്ചു: യൂസുഫിനെ വശീകരിക്കുവാന്‍ നിങ്ങള്‍ ശ്രമം നടത്തിയപ്പോള്‍ നിങ്ങളുടെ സ്ഥിതി എന്തായിരുന്നു? അവര്‍ പറഞ്ഞു: അല്ലാഹു എത്ര പരിശുദ്ധന്‍! ഞങ്ങള്‍ യൂസുഫിനെപ്പറ്റി ദോഷകരമായ ഒന്നും മനസ്സിലാക്കിയിട്ടില്ല. പ്രഭുവിന്റെ ഭാര്യ പറഞ്ഞു: ഇപ്പോള്‍ സത്യം വെളിപ്പെട്ടിരിക്കുന്നു. ഞാന്‍ അദ്ദേഹത്തെ വശീകരിക്കാന്‍ ശ്രമിക്കുകയാണുണ്ടായത്. തീര്‍ച്ചയായും അദ്ദേഹം സത്യവാന്മാരുടെ കൂട്ടത്തില്‍ തന്നെയാകുന്നു. അത് (ഞാനങ്ങനെ പറയുന്നത്, അദ്ദേഹത്തിന്റെ) അസാന്നിധ്യത്തില്‍ ഞാന്‍ അദ്ദേഹത്തെ വഞ്ചിച്ചിട്ടില്ലെന്ന് അദ്ദേഹം അറിയുന്നതിന് വേണ്ടിയാകുന്നു. വഞ്ചകന്‍മാരുടെ തന്ത്രത്തെ അല്ലാഹു ലക്ഷ്യത്തിലെത്തിക്കുകയില്ല എന്നതിനാലുമാകുന്നു. ഞാന്‍ എന്റെ മനസ്സിനെ കുറ്റത്തില്‍ നിന്ന് ഒഴിവാക്കുന്നില്ല. തീര്‍ച്ചയായും മനസ്സ് ദുഷ്പ്രവൃത്തിക്ക് പ്രേരിപ്പിക്കുന്നത് തന്നെയാകുന്നു. എന്റെ രക്ഷിതാവിന്റെ കരുണ ലഭിച്ച മനസ്സൊഴികെ. തീര്‍ച്ചയായും എന്റെ  രക്ഷിതാവ് ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു”(12:51-53).

യൂസുഫ്(അ)നെ വശീകരിക്കുവാന്‍ ശ്രമിച്ച മുഴുവന്‍ സ്ത്രീകളും യൂസുഫ്(അ) നിരപരാധിയാണെന്ന് രാജാവിന്റെ മുന്നില്‍ തുറന്ന് പറഞ്ഞു. രാജാവിന്റെ ഭാര്യയും ആ സന്ദര്‍ഭത്തില്‍ അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. അവളും ഖേദത്തോടെ തന്റെ ദുര്‍വൃത്തിയെ സമ്മതിക്കുകയും യൂസുഫ്(അ)നെ നിരപരാധിയായി എല്ലാവരുടെയും മുന്നില്‍ തുറന്ന് പറയുകയും ചെയ്തു.

‘അത് (ഞാനങ്ങനെ പറയുന്നത്, അദ്ദേഹത്തിന്റെ) അസാന്നിധ്യത്തില്‍ ഞാന്‍ അദ്ദേഹത്തെ വഞ്ചിച്ചിട്ടില്ലെന്ന് അദ്ദേഹം അറിയുന്നതിന് വേണ്ടിയാകുന്നു. വഞ്ചകന്മാരുടെ തന്ത്രത്തെ അല്ലാഹു ലക്ഷ്യത്തിലെത്തിക്കുകയില്ല എന്നതിനാലുമാകുന്നു’എന്നതിന് പണ്ഡിതന്മാര്‍ രണ്ട് വിവരണങ്ങള്‍ നല്‍കിയത് കാണാം. ഒന്ന്, യൂസുഫിന്റെ അഭാവത്തില്‍ യൂസുഫിനെ ഞാന്‍ ചതിക്കില്ലെന്ന് യൂസുഫ് അറിയുന്നതിന് വേണ്ടി. രണ്ട്, ഭര്‍ത്താവിന്റെ അഭാവത്തില്‍ ഭര്‍ത്താവിനെ ഞാന്‍ ചതിക്കില്ലെന്ന് ഭര്‍ത്താവ് അറിയുന്നതിന് വേണ്ടി. ഒന്നാമത്തെതാണ് കൂടുതല്‍ ശരിയായി കാണുന്നത്. അല്ലാഹുവാണ് നന്നായി അറിയുന്നവന്‍.

താന്‍ ചെയ്ത തെറ്റ് അവള്‍ സമ്മതിച്ചു. ‘തീര്‍ച്ചായായും മനസ്സ് ദുഷ്പ്രവൃത്തിക്ക് പ്രേരിപ്പിക്കുന്നത് തന്നെയാകുന്നു’ എന്ന അവരുടെ പ്രസ്താവന ശ്രദ്ധേയമാണ്. 

മനുഷ്യന്റെ മനസ്സ് മൂന്ന് തരത്തിലാണെന്ന് ക്വുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നതായി കാണാം. 

1. ചീത്ത കൊണ്ട് കല്‍പിക്കുന്ന മനസ്സ്. ഈ മനസ്സിന്റെ ഉടമക്ക് മനസ്സ് എപ്പോഴും തിന്മക്ക് പ്രേരണ നല്‍കും.

2. ആക്ഷേപിക്കുന്ന മനസ്സ്. ചെയ്തു പോയ വീഴ്ചകളും തിന്മകളും വേട്ടയാടുന്ന മനസ്സാണിത്. തിന്മ പ്രവര്‍ത്തിച്ചതിന് ശേഷം കുറ്റബോധവും മടങ്ങാനുള്ള തേട്ടവും ഉള്ള മനസ്സാണിത്. ഈ മനസ്സുള്ളവര്‍ക്കേ തൗബ ചെയ്യുന്നതിനും കൂടുതല്‍ അല്ലാഹുവിലേക്ക് അടുക്കുന്നതിനും സാധിക്കുകയുള്ളു..

3. ശാന്തിയടഞ്ഞ മനസ്സ്: പാപങ്ങളൊന്നും സ്പര്‍ശിച്ചിട്ടില്ലാത്ത, കളങ്കമില്ലാത്ത മനസ്സ്. അഥവാ പ്രവാചകന്മാരുടെ മനസ്സ്. യുസുഫ്(അ)ന്റെ മനസ്സ് ഇത്തരത്തിലുള്ളതായിരുന്നു.

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

യൂസുഫ് നബി (അ) – 03

യൂസുഫ് നബി (അ) - 03

കൊട്ടാരത്തിലെ അഗ്‌നിപരീക്ഷണം

കൊട്ടാര ജീവിതത്തിനിടയില്‍ യൂസുഫ്(അ) വലിയ ഒരു പരീക്ഷണത്തിന് വിധേയനായി. അതിലേക്കാണ് ഇനി ക്വുര്‍ആന്‍ വെളിച്ചം വീശുന്നത്: 

”അവന്‍ (യൂസുഫ്) ഏതൊരുവളുടെ വീട്ടിലാണോ അവള്‍ അവനെ വശീകരിക്കുവാന്‍ ശ്രമം നടത്തി. വാതിലുകള്‍ അടച്ച് പൂട്ടിയിട്ട് അവള്‍ പറഞ്ഞു: ഇങ്ങോട്ട് വാ. അവന്‍ പറഞ്ഞു: അല്ലാഹുവില്‍ ശരണം! നിശ്ചയമായും അവനാണ് എന്റെ രക്ഷിതാവ്. അവന്‍ എന്റെ താമസം ക്ഷേമകരമാക്കിയിരിക്കുന്നു. തീര്‍ച്ചയായും അക്രമം പ്രവര്‍ത്തിക്കുന്നവര്‍ വിജയിക്കുകയില്ല” (ക്വുര്‍ആന്‍ 12:23).

ധാരാളം തോഴിമാരും പരിചാരകരുമുള്ള, സുന്ദരിയായ, കൊട്ടാരത്തിലെ മുഴുവന്‍ സൗകര്യവും യഥേഷ്ടം ഉപയോഗിക്കുവാന്‍ അധികാരമുള്ള രാജ്ഞി; അവളില്‍ യൂസുഫ്(അ)നെ പ്രാപിക്കുവാനുള്ള ആഗ്രഹം മുളപൊട്ടി. അതിനായി യൂസുഫ്(അ)നെ വശീകരിക്കുവാനുള്ള ശ്രമം തുടങ്ങി.

യൂസുഫ്(അ) തന്നില്‍ ആകൃഷ്ടനാകുവാന്‍ വേണ്ടി ഭംഗിയാര്‍ന്ന വസ്ത്രവും ആഭരണങ്ങളും അണിഞ്ഞ്, സുഗന്ധദ്രവ്യങ്ങള്‍ പൂശി, രാജ്ഞി തന്റെ റൂമിലേക്ക് യൂസുഫി(അ)നെ വിളിച്ചു വരുത്തി. കതകടച്ചു. അവിഹിത ബന്ധത്തിന് ക്ഷണിക്കുന്നത് രാജ്ഞിയാണ്, അനുസരിച്ചില്ലെങ്കില്‍ പ്രശ്‌നമാകും എന്നൊക്കെ കരുതി യൂസുഫ് നബി(അ) അവള്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ നിന്നില്ല. അല്ലാഹുവിനെ ഭയന്ന്  ജീവിച്ചിരുന്ന മഹാനായിരുന്നു അദ്ദേഹം. ഒരു നിമിഷത്തേക്കെങ്കിലും മനസ്സ് പതറിയില്ല. അല്ലാഹുവിനോട് കാവല്‍ തേടുകയാണ് അദ്ദേഹം ചെയ്തത്. അവളുടെ വശീകരണത്തില്‍ വീഴാതെ അല്ലാഹു അദ്ദേഹത്തെ കാത്തു.

അല്ലാഹുവിനോട് അഭയം തേടിയതിന് ശേഷം യൂസുഫ്(അ) ‘നിശ്ചയമായും അവനാണ് എന്റെ രക്ഷിതാവ്’ പറഞ്ഞുവല്ലോ. അല്ലാഹുവാണ് എന്റെ റബ്ബ് എന്നും അവനാണ് എനിക്ക് ഈ കൊട്ടാരത്തില്‍ ജീവിക്കുവാനുള്ള മാര്‍ഗം ഒരുക്കിത്തന്നതെന്നും, ആ റബ്ബ് വിലക്കിയിട്ടുള്ള വ്യഭിചാരം ഞാന്‍ ചെയ്താല്‍, ഞാന്‍ നന്ദികേട് കാണിക്കുന്ന അക്രമിയായിത്തീരുമെന്നും, അക്രമി ഒരിക്കലും വിജയിക്കില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. 

‘നിശ്ചയമായും അവനാണ് എന്റെ രക്ഷിതാവ്’ എന്ന് പറഞ്ഞത് രാജാവിനെ ഉദ്ദേശിച്ചാണെന്നും വിശദീകരിക്കപ്പെട്ടിട്ടുണ്ട്. അപ്പോള്‍ അതിന്റെ ആശയം ഇപ്രകാരമാകും: ഈ കൊട്ടാരത്തില്‍ എനിക്ക് ജീവിക്കുവാന്‍ ആവശ്യമായ സൗകര്യം തന്ന രാജാവിന്റെ രാജ്ഞിയാണല്ലോ നീ. നിന്റെ ഇംഗിതത്തിന് ഞാന്‍ വഴങ്ങിയാല്‍ അത് എന്റെ യജമാനനോട് ഞാന്‍ ചെയ്യുന്ന കടുത്ത അക്രമമായിരിക്കും.

ഒന്നാമത്തെ അഭിപ്രായമാണ് കൂടുതല്‍ ശരി എന്നാണ് സന്ദര്‍ഭത്തില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്. കാരണം അല്ലാഹുവിനോട് അഭയം തേടിയതിന് ശേഷമാണല്ലോ ‘നിശ്ചയമായും അവനാണ് എന്റെ രക്ഷിതാവ്’ എന്ന് പറഞ്ഞിരിക്കുന്നത്. 

അന്ത്യനാളില്‍ കത്തിജ്ജ്വലിക്കുന്ന സൂര്യന് താഴെ ജനങ്ങള്‍ വിയര്‍പ്പില്‍ മുങ്ങിനില്‍ക്കുന്ന വേളയില്‍ അല്ലാഹു ചിലര്‍ക്ക് അവന്റെ സിംഹാസനത്തിന്റെ തണലിട്ട് കൊടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. തറവാടും സൗന്ദര്യവും ഉള്ള ഒരു പെണ്ണ് (ലൈംഗിക വേഴ്ചക്കായി) ഒരാളെ ക്ഷണിക്കുന്നു. അപ്പോള്‍ അവന്‍ ‘ഞാന്‍ അല്ലാഹുവിനെ ഭയപ്പെടുന്നു’ എന്ന് പറഞ്ഞ് അതിന് വിസമ്മതിക്കുന്നു. ഈ ഉന്നത സ്വഭാവക്കാരാണ് ആ തണല്‍ ലഭിക്കുന്നവരില്‍ ഒരു വിഭാഗം. കാരണം അത് ദേഹേച്ഛയോടുള്ള വലിയ ജിഹാദാണ്. ഒരു സ്ത്രീയുടെ പ്രലോഭനത്തില്‍ അകപ്പെടാതിരിക്കാന്‍ നല്ല മനക്കരുത്തും അടിയുറച്ച ദൈവചിന്തയും ആവശ്യമാണ്. അല്ലാഹു തുടര്‍ന്ന് പറയുന്നു:

”അവള്‍ക്ക് അവനില്‍ ആഗ്രഹം ജനിച്ചു. തന്റെ രക്ഷിതാവിന്റെ പ്രമാണം കണ്ടറിഞ്ഞില്ലായിരുന്നെങ്കില്‍ അവന്ന് അവളിലും ആഗ്രഹം ജനിച്ചേനെ. അപ്രകാരം (സംഭവിച്ചത്) തിന്മയും നീചവൃത്തിയും അവനില്‍ നിന്ന് നാം തിരിച്ചുവിടുന്നതിന് വേണ്ടിയത്രെ. തീര്‍ച്ചയായും അവന്‍ നമ്മുടെ നിഷ്‌കളങ്കരായ ദാസന്മാരില്‍ പെട്ടവനാകുന്നു” (ക്വുര്‍ആന്‍ 12:24).

യൂസുഫ്(അ)യില്‍ ആ സ്ത്രീക്ക് ആഗ്രഹം ജനിച്ചു; ദുഷിച്ച ചിന്തകള്‍ വളര്‍ന്നു. യൂസുഫ്(അ) അങ്ങേയറ്റം ഭയഭക്തിയോടെ ജീവിക്കുന്ന മഹാനായിരുന്നതിനാല്‍ അവളുടെ വശീകരണത്തില്‍ വീണില്ല. അല്ലാഹു കാണിച്ചുകൊടുത്ത പ്രമാണമനുസരിച്ച് അവളുടെ ക്ഷണത്തില്‍നിന്ന് അദ്ദേഹം വഴുതിമാറി. അല്ലാഹു അദ്ദേഹത്തിന് കാണിച്ചു കൊടുത്ത പ്രമാണം എന്തായിരുന്നുവെന്ന് ക്വുര്‍ആനിലോ ഹദീഥിലോ വ്യക്താമക്കപ്പെട്ടിട്ടില്ല.

രാജ്ഞി എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയതിന് ശേഷമാണ് യൂസുഫ്(അ)നെ ക്ഷണിക്കുന്നത്. അപകടം മനസ്സിലാക്കിയ യൂസുഫ്(അ) അവളില്‍ നിന്നും രക്ഷപ്പെടുന്നതിനായി അവിടം വിടാന്‍ ഒരുങ്ങി.

യൂസുഫ്(അ)ന് പല കാരണങ്ങളാലും അവളോടൊത്ത് ശയിക്കാമായിരുന്നു. താഴെ പറയുന്ന കാരണങ്ങളെല്ലാം അദ്ദേഹത്തിന് ഉണ്ടായിരുന്നിട്ടും അല്ലാഹുവിലുള്ള പേടി മാത്രമാണ് ആ തിന്മയില്‍ നിന്നും അദ്ദേഹത്തെ അകറ്റിയത്. ആ കാരണങ്ങള്‍ താഴെ കൊടുക്കുന്നു:

1) ഒരു പുരുഷന്‍ എന്ന നിലയ്ക്ക് സ്ത്രീയിലേക്കുണ്ടാകുന്ന ചായ്‌വ്. 

2) ആരോഗ്യവും സൗന്ദര്യവും ഒത്തിണങ്ങിയ ചെറുപ്പക്കാരന്‍.

3) അവിവാഹിതന്‍.

4) വിദേശി. ആരെയും ഭയപ്പെടേണ്ടതില്ല. (നാട്ടുകാരും വീട്ടുകാരും കുടുംബക്കാരും എല്ലാം മറു നാട്ടില്‍. താന്‍ ജീവിച്ചിരിപ്പുണ്ടോ എന്നു പോലും അവര്‍ക്കറിയില്ല).

5) സ്ത്രീയാവട്ടെ, സുന്ദരിയും പദവിയുമുള്ളവര്‍.

6) അവളാണ് എല്ലാ സൗകര്യങ്ങളും ഒരുക്കിയത്.

7) അവരുടെ അധികാരത്തിലുള്ള സ്ഥലത്തേക്കാണ് ക്ഷണം.

8) ആരെയും പേടിക്കാനില്ല. എല്ലാം ഭദ്രം. കതകുകള്‍ അടക്കപ്പെട്ടിരിക്കുന്നു. പാറാവുകാരും ഇല്ല.

9) അവള്‍ വിസമ്മതിക്കില്ല; തടസ്സം നില്‍ക്കുകയുമില്ല.

10) വീട്ടിലെ അടിമയുമാണ്; യജമാനന്‍ പറയുന്നത് അനുസരിക്കേണ്ടവന്‍.

11) ആ നാട്ടിലെ എല്ലാ തരുണികളും അവര്‍ക്ക് പിന്തുണയുമാണ്.

12) അവളുടെ ഭീഷണിയും ഉണ്ട്. തയ്യാറല്ലെങ്കില്‍ ജയിലില്‍ കിടക്കേണ്ടി വരും, നിന്ദ്യനാകും എന്നെല്ലാം.

13) ഭര്‍ത്താവ് ലോല നയമുള്ളവന്‍. വിഷയങ്ങളെ ഗൗരവത്തില്‍ കാണാത്തവന്‍.

യൂസുഫ്(അ) അല്ലാഹുവിന്റെ നിഷ്‌കളങ്കനായ ദാസനായിരുന്നു. നിഷ്‌കളങ്കന്മാരെ അല്ലാഹു കൈവിടില്ല. യൂസുഫ്(അ)യെ അല്ലാഹു അവളില്‍ നിന്ന് രക്ഷപ്പെടുത്തി. അവളുടെ അടുക്കല്‍ നിന്നും ഓടി രക്ഷപ്പെടാന്‍ വേണ്ടി ശ്രമിക്കുമ്പോള്‍ അവളും അദ്ദേഹത്തിന്റെ പുറകെ ഓടി. ആ സന്ദര്‍ഭം ക്വുര്‍ആന്‍ വിവരിക്കുന്നത് കാണുക:

”അവര്‍ രണ്ടുപേരും വാതില്‍ക്കലേക്ക് മത്സരിച്ചോടി. അവള്‍ പിന്നില്‍ നിന്ന് അവന്റെ കുപ്പായം (പിടിച്ചു. അത്) കീറി. അവര്‍ ഇരുവരും വാതില്‍ക്കല്‍ വെച്ച് അവളുടെ നാഥനെ (ഭര്‍ത്താവിനെ) കണ്ടുമുട്ടി. അവള്‍ പറഞ്ഞു: താങ്കളുടെ ഭാര്യയുടെ കാര്യത്തില്‍ ദുരുദ്ദേശം പുലര്‍ത്തിയവനുള്ള പ്രതിഫലം അവന്‍ തടവിലാക്കപ്പെടുക എന്നതോ, വേദനയേറിയ മറ്റെന്തെങ്കിലും ശിക്ഷയോ തന്നെ ആയിരിക്കണം” (ക്വുര്‍ആന്‍ 12:25).

യൂസുഫ്(അ) അവളില്‍ നിന്നും ഓടിരക്ഷപ്പെടുന്നു; പുറകെ അവളും ഓടുന്നു! യൂസുഫ്(അ)ന്റെ അടുത്ത് എത്തിയ അവള്‍, പുറകില്‍നിന്നും അദ്ദേഹത്തിന്റെ കുപ്പായത്തില്‍ പിടിച്ചു; അത് കീറി. യൂസുഫ്(അ) കുതറിയോടി. വാതില്‍ക്കല്‍ എത്തിയപ്പോള്‍ യജമാനനെ കണ്ടു. ഭര്‍ത്താവിനെ കണ്ടപ്പോള്‍ ആ സ്ത്രീ സ്വന്തം തെറ്റുകള്‍ നിരപരാധിയായ യൂസുഫി(അ)ന്റെ ചുമലില്‍ വെച്ചുകെട്ടുന്നു. മാത്രമല്ല അദ്ദേഹത്തിന് നല്‍കേണ്ട ശിക്ഷ എന്തായിരിക്കണമെന്നും അവള്‍ പ്രഖ്യാപിക്കുന്നു.

നിരപരാധിയായ യൂസുഫ്(അ) തന്റെ നിരപരാധിത്വം യജമാനന്റെ മുന്നില്‍ കാര്യകാരണ സഹിതം തെളിയിക്കാന്‍ ശ്രമിച്ചു. എന്നാള്‍ യൂസുഫാണ് തെറ്റുകാരന്‍ എന്നതില്‍ ഉറച്ചുനിന്നു. ഈ തര്‍ക്കത്തിനിടയില്‍ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ അവളുടെ കുടുംബത്തില്‍ നിന്നും ഒരാള്‍ കടന്നുവന്നു. അയാള്‍ അതില്‍ ഇടപെട്ട് ഒരു തീരുമാനത്തിലെത്തുകയാണ്:

”യൂസുഫ് പറഞ്ഞു: അവളാണ് എന്നെ വശീകരിക്കുവാന്‍ ശ്രമം നടത്തിയത്. അവളുടെ കുടുംബത്തില്‍ പെട്ട ഒരു സാക്ഷി ഇപ്രകാരം സാക്ഷ്യപ്പെടുത്തി: അവന്റെ കുപ്പായം മുന്നില്‍ നിന്നാണ് കീറിയിട്ടുള്ളതെങ്കില്‍ അവള്‍ സത്യമാണ് പറഞ്ഞത്. അവനാകട്ടെ കളവ് പറയുന്നവരുടെ കൂട്ടത്തിലാണ്. എന്നാല്‍ അവന്റെ കുപ്പായം പിന്നില്‍ നിന്നാണ് കീറിയിട്ടുള്ളതെങ്കില്‍ അവള്‍ കളവാണ് പറഞ്ഞത്. അവനാകട്ടെ സത്യം പറഞ്ഞവരുടെ കൂട്ടത്തിലാണ്” (12:26,27).

നല്ല ഒരു അഭിപ്രായമാണ് അദ്ദേഹം മുന്നോട്ടു വെച്ചത്. ആ അഭിപ്രായം പരിഗണിച്ച് പരിശോധന നടന്നു:

”അങ്ങനെ അവന്റെ (യൂസുഫിന്റെ) കുപ്പായം പിന്നില്‍ നിന്നാണ് കീറിയിട്ടുള്ളത് എന്ന് കണ്ടപ്പോള്‍ അയാള്‍ (ഗൃഹനാഥന്‍ തന്റെ ഭാര്യയോട്) പറഞ്ഞു: തീര്‍ച്ചയായും ഇത് നിങ്ങളുടെ (സ്ത്രീകളുടെ) തന്ത്രത്തില്‍ പെട്ടതാണ്. നിങ്ങളുടെ തന്ത്രം ഭയങ്കരം തന്നെ” (12:28).

സത്യം യജമാനനും മനസ്സിലായി. അദ്ദേഹം യുസുഫ്(അ)നോട് പറഞ്ഞു:

”യൂസുഫേ, നീ ഇത് അവഗണിച്ചേക്കുക. (പെണ്ണേ,) നീ നിന്റെ പാപത്തിന് മാപ്പുതേടുക. തീര്‍ച്ചയായും നീ പിഴച്ചവരുടെ കൂട്ടത്തിലാകുന്നു” (12:29).

യൂസുഫേ, നീ നിരപരാധിയാണ്. അവള്‍ തന്നെയാണ് തെറ്റുകാരി. നീ അത് ഒഴിവാക്കുവാനും, അവളോട് നിന്റെ തെറ്റില്‍ നിന്ന് പാപമോചനം തേടുവാനും രാജാവ് അറിയിച്ചു. രാജ്ഞിയാണല്ലോ അവള്‍. അവള്‍ക്കെതിരില്‍ ശിക്ഷ നടപ്പിലാക്കുന്നത് രാജാവിനും മോശത്തരമല്ലേ.

കൊട്ടാരത്തില്‍ നടന്ന ഈ സംഭവം പിന്നീട് പുറത്ത് ഒരു സംസാര വിഷയമായി മാറി. കൊട്ടാരത്തിലെ റാണിയായ സുലൈഖ, തന്റെ കൊട്ടാരത്തിലെ അടിമയായ, കൊട്ടാരത്തില്‍ വളരുന്ന ചെറുപ്പാക്കരനുമായി പ്രണയത്തിലാണെന്നും ആ പ്രണയത്തില്‍ അവള്‍ അടിമപ്പെട്ടിരിക്കുന്നുവെന്നും അവള്‍ വലിയ പിഴവിലാണ് ഉള്ളതെന്നുമെല്ലാം സ്ത്രീകള്‍ക്കിടയില്‍ സംസാര വിഷയമായി.

ആ സമയത്ത,് ഞാന്‍ അപമാനിതയായി എന്ന് മനസ്സിലാക്കിയ ആ സ്ത്രീ താന്‍ ചെയ്തത് അത്ര വലിയ തെറ്റൊന്നുമല്ലെന്നും തന്റെ സ്ഥാനത്ത് നിങ്ങളായിരുന്നുവെങ്കില്‍ അതിലും വലുത് സംഭവിക്കുമായിരുന്നുവെന്നും അവരെ ബോധ്യപ്പെടുത്തുവാനായി ഒരു സൂത്രം കണ്ടെത്തുകയും ആ സൂത്രത്തില്‍ അവള്‍ വിജയിക്കുകയും ചെയ്തു. ക്വുര്‍ആനില്‍ നമുക്കത് ഇങ്ങനെ കാണാം: 

”നഗരത്തിലെ ചില സ്ത്രീകള്‍ പറഞ്ഞു: പ്രഭുവിന്റെ ഭാര്യ തന്റെ വേലക്കാരനെ വശീകരിക്കാന്‍ ശ്രമിക്കുന്നു. അവള്‍ അവനോട് പ്രേമബദ്ധയായിക്കഴിഞ്ഞിരിക്കുന്നു. തീര്‍ച്ചയായും അവള്‍ വ്യക്തമായ പിഴവില്‍ അകപ്പെട്ടതായി ഞങ്ങള്‍ കാണുന്നു” (12:30).

”അങ്ങനെ ആ സ്ത്രീകളുടെ കുസൃതിയെപ്പറ്റി അവള്‍ കേട്ടറിഞ്ഞപ്പോള്‍ അവരുടെ അടുത്തേക്ക് അവള്‍ ആളെ അയക്കുകയും അവര്‍ക്ക് ചാരിയിരിക്കാവുന്ന ഇരിപ്പിടങ്ങളൊരുക്കുകയും ചെയ്തു. അവരില്‍ ഓരോരുത്തര്‍ക്കും (പഴങ്ങള്‍ മുറിക്കാന്‍) അവള്‍ ഓരോ കത്തി കൊടുത്തു. (യൂസുഫിനോട്) അവള്‍ പറഞ്ഞു: നീ അവരുടെ മുമ്പിലേക്ക് പുറപ്പെടുക. അങ്ങനെ അവനെ അവര്‍ കണ്ടപ്പോള്‍ അവര്‍ക്ക് അവനെപ്പറ്റി വിസ്മയം തോന്നുകയും, അവരുടെ സ്വന്തം കൈകള്‍ അവര്‍ തന്നെ അറുത്ത് പോകുകയും ചെയ്തു. അവര്‍ പറഞ്ഞു: അല്ലാഹു എത്ര പരിശുദ്ധന്‍! ഇതൊരു മനുഷ്യനല്ല. ആദരണീയനായ ഒരു മലക്ക് തന്നെയാണ്” (12:31).

”അവള്‍ പറഞ്ഞു: എന്നാല്‍ ഏതൊരുവന്റെ കാര്യത്തില്‍ നിങ്ങളെന്നെ ആക്ഷേപിച്ചുവോ അവനാണിത്. തീര്‍ച്ചയായും ഞാന്‍ അവനെ വശീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അപ്പോള്‍ അവന്‍ (സ്വയം കളങ്കപ്പെടുത്താതെ) കാത്തുസൂക്ഷിക്കുകയാണ് ചെയ്തത്. ഞാനവനോട് കല്‍പിക്കുന്ന പ്രകാരം അവന്‍ ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും അവന്‍ തടവിലാക്കപ്പെടുകയും നിന്ദ്യരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യും” (12:32).

”അവന്‍ (യൂസുഫ്) പറഞ്ഞു: എന്റെ രക്ഷിതാവേ, ഇവര്‍ എന്നെ ഏതൊന്നിലേക്ക് ക്ഷണിക്കുന്നുവോ അതിനെക്കാളും എനിക്ക് കൂടുതല്‍ പ്രിയപ്പെട്ടത് ജയിലാകുന്നു. ഇവരുടെ കുതന്ത്രം എന്നെ വിട്ട് നീ തിരിച്ചുകളയാത്ത പക്ഷം ഞാന്‍ അവരിലേക്ക് ചാഞ്ഞുപോയേക്കും. അങ്ങനെ ഞാന്‍ അവിവേകികളുടെ കൂട്ടത്തില്‍ ആയിപോകുകയും ചെയ്യും” (12:33).

”അപ്പോള്‍ അവന്റെ പ്രാര്‍ഥന തന്റെ രക്ഷിതാവ് സ്വീകരിക്കുകയും അവരുടെ കുതന്ത്രം അവനില്‍ നിന്ന് അവന്‍ തട്ടിത്തിരിച്ചുകളയുകയും ചെയ്തു. തീര്‍ച്ചയായും അവന്‍ എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമത്രെ” (12:34).

ആ നാട്ടിലെ പെണ്ണുങ്ങളെല്ലാം രാജാവിന്റെ ഭാര്യയുടെ ഈ പ്രണയത്തെ കുറിച്ചും, അവള്‍ യൂസുഫ്(അ)നെ വശീകരിക്കുവാന്‍ ഒപ്പിച്ച വേലയെപ്പറ്റിയും പറയാന്‍ തുടങ്ങി. പട്ടണത്തിലൂടെ തന്നെ കുറിച്ച് പറഞ്ഞു നടക്കുന്ന സ്ത്രീകെള കൊട്ടാരത്തിലേക്ക് വിളിച്ചു വരുത്തുന്നതിനായി ദൂതനെ പറഞ്ഞു വിട്ടു. അങ്ങനെ അവര്‍ വന്നെത്തി. അവര്‍ക്കായി സുലൈഖ നല്ല ഒരു വിരുന്ന് ഒരുക്കുകയും ചെയ്തു. ആ കാലത്ത് ഒരുക്കുവാന്‍ പറ്റുന്ന നല്ല സജ്ജീകരണങ്ങള്‍ ഒരുക്കി. എല്ലാവരെയും അവരുടെ ഇരിപ്പിടത്തില്‍ ഇരുത്തിയതിന് ശേഷം അവര്‍ക്കെല്ലാം സുലൈഖ ഓരോ കത്തി നല്‍കി. എല്ലാവര്‍ക്കും കൂടി ഒരു കത്തിയല്ല; ഓരോരുത്തര്‍ക്കും വേറെ വേറെ കത്തിയാണ്. അവള്‍ ഒരുക്കിയ വിരുന്നില്‍ ആ കത്തി കൊണ്ട് മുറിച്ചെടുക്കുവാന്‍ പറ്റുന്ന പഴങ്ങളും ഉണ്ടെന്നാണ് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്.

സുലൈഖ യൂസുഫ്(അ)നോട് നേരത്തെ തന്നെ ഞാന്‍ പറയുന്ന സമയത്ത് ഈ സ്ത്രീകള്‍ക്കിടയിലേക്ക് ഇറങ്ങി വരണം എന്ന് പറഞ്ഞു വെച്ചിട്ടുണ്ടായിരുന്നു. സുലൈഖ അവിടെയുള്ള ആ സ്ത്രീകള്‍ക്കെല്ലാം കഴിക്കാനുള്ള പഴവും അത് മുറിക്കുവാനുള്ള കത്തിയും നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞുവല്ലോ. അവരെല്ലാം അതിനുള്ള ഒരുക്കത്തിലുമാണ്. ആ സന്ദര്‍ഭത്തില്‍ സുലൈഖ യൂസുഫ്(അ)നോട് പുറത്ത് വരാന്‍ കല്‍പിക്കുന്നു. യൂസുഫ്(അ)നെ കണ്ട മാത്രയില്‍ അവര്‍ വലിയ ആശ്ചര്യത്തിലാവുകയും അറിയാതെ പഴം മുറിക്കേണ്ടുന്നതിന് പകരം അവരുടെ കൈവിരലുകള്‍ മുറിക്കുകയും ചെയ്തു. ഒരു യന്ത്രത്തെ പോലെയായി അവരുടെ പ്രവര്‍ത്തനം. കാരണം അവരുടെ മനസ്സും ശ്രദ്ധയും സുന്ദരനായ യൂസുഫില്‍ മാത്രമാണ്. യൂസുഫ്(അ)ന്റെ സൗന്ദര്യത്തില്‍ ആകൃഷ്ടരായ അവര്‍ ചെയ്യുന്നത് എന്തെന്ന് പോലും അവര്‍ക്ക് അറിയുന്നില്ല. കൈ മുറിഞ്ഞതിന്റെ വേദന പോലും അവര്‍ അറിയുന്നില്ല. 

യൂസുഫ്(അ)ന്റെ സൗന്ദര്യത്തെ സംബന്ധിച്ച് വന്ന ഒരു നബി വചനം കാണുക: തീര്‍ച്ചയായും റസൂല്‍ ﷺ  (മിഅ്‌റാജിന്റെ വേളയില്‍) മൂന്നാം ആകാശത്ത് വെച്ച് യൂസുഫ്(അ)ന്റെ അരികിലൂടെ നടന്നു. നബി ﷺ  പറയുന്നു: അപ്പോള്‍ അതാ യൂസുഫിന് ‘സൗന്ദര്യത്തിന്റെ പകുതി’ നല്‍കപ്പെട്ടിരിക്കുന്നു’ (മുസ്‌ലിം).

‘സൗന്ദര്യത്തിന്റെ പകുതി’യായ യൂസുഫ്(അ)നെ ആ സ്ത്രീകള്‍ കണ്ടപ്പോള്‍ സ്വയം മറന്നതില്‍ ആശ്ചര്യപ്പെടേണ്ടതില്ലല്ലോ. അല്ലാഹു എത്ര പരിശുദ്ധന്‍! ഇത് ഒരു മനുഷ്യനല്ല; മാന്യനായ മലക്കാണ് എന്ന് പോലും അവര്‍ പറഞ്ഞുപോയി! 

സുലൈഖയുടെ തന്ത്രം വിജയിച്ചു. അവരോട് അവള്‍ പറഞ്ഞു: ‘എന്നാല്‍ ഏതൊരുവന്റെ കാര്യത്തില്‍ നിങ്ങളെന്നെ ആക്ഷേപിച്ചുവോ അവനാണിത്. തീര്‍ച്ചയായും ഞാന്‍ അവനെ വശീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.’ 

നിങ്ങള്‍ ഒരിക്കല്‍ കണ്ടപ്പോഴേക്കും ഈ ചെറുപ്പക്കാരന്റെ സൗന്ദര്യത്തില്‍ മതിമറന്ന് ഇങ്ങനെയെല്ലാം ചെയ്തുവല്ലോ. കൊല്ലങ്ങളോളം ഈ കൊട്ടാരത്തില്‍ എനിക്ക് മുന്നില്‍ കഴിയുന്ന ഈ ചെറുപ്പക്കാരനില്‍ ഞാന്‍ ആകൃഷ്ടനായെങ്കില്‍ ഞാന്‍ എങ്ങനെ കുറ്റക്കാരിയാകും? ഇതാണ് അവളുടെ ചോദ്യം.

സുലൈഖ അവളുടെ ചെയ്തിയെ വീണ്ടും ന്യായീകരിക്കുകയാണ്. മറ്റുള്ളവരോ ഉത്തരം കിട്ടാതെയും! ‘യൂസുഫ് എന്റെ കല്‍പനക്ക് വഴങ്ങുന്നില്ലെങ്കില്‍ ഞാന്‍ അവനെ ജയിലില്‍ അടക്കുക തന്നെ ചെയ്യും. അങ്ങനെ അവന്‍ ആളുകള്‍ക്കിടയില്‍ നിന്ദ്യനായി മാറുകയും ചെയ്യും’ എന്ന് അദ്ദേഹം കേള്‍ക്കെ അവള്‍ പ്രഖ്യാപിക്കുകയും ചെയ്തു. യൂസുഫുമൊത്ത് ശയിച്ചേ തീരൂ എന്ന വാശിയിലാണവള്‍!

രാജ്ഞിയുടെ സംസാരം കേട്ട യൂസുഫ്(അ)ന് അപകടം കൂടുതല്‍ ബോധ്യമാകാന്‍ തുടങ്ങി. ഇതുവരെ രാജ്ഞി ഒറ്റക്കായിരുന്നു. അവളുടെ ചോദ്യം വന്നപ്പോള്‍ ഉത്തരം മുട്ടിയ ആ പെണ്ണുങ്ങളും അവളോട് ഒപ്പം കൂടി. അവരും തന്നിലേക്ക് കണ്ണ് വെക്കാന്‍ തുടങ്ങി. എല്ലാവരും തന്നെ വീഴ്ത്തുവാനായി കുതന്ത്രങ്ങള്‍ മെനയും. ഇവരുടെയെല്ലാം ഫിത്‌നയില്‍ താന്‍ കുടുങ്ങാന്‍ സാധ്യതയുണ്ട് എന്ന് ഭയന്ന മഹാനായ യൂസുഫ്(അ) അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നു: ‘എന്റെ രക്ഷിതാവേ, ഇവര്‍ എന്നെ ഏതൊന്നിലേക്ക് ക്ഷണിക്കുന്നുവോ അതിനെക്കാളും എനിക്ക് കൂടുതല്‍ പ്രിയപ്പെട്ടത് ജയിലാകുന്നു. ഇവരുടെ കുതന്ത്രം എന്നെവിട്ട് നീ തിരിച്ചുകളയാത്ത പക്ഷം ഞാന്‍ അവരിലേക്ക് ചാഞ്ഞുപോയേക്കും. അങ്ങനെ ഞാന്‍ അവിവേകികളുടെ കൂട്ടത്തില്‍ ആയിപ്പോകുകയും ചെയ്യും.’

യൂസുഫ്(അ) ഒരു മനുഷ്യനാണല്ലോ. പാപങ്ങള്‍ ചെയ്യാത്തവരാണ് പ്രവാചകന്മാര്‍. എന്നാലും മനുഷ്യനെന്ന നിലയ്ക്ക് വല്ല ദുഷ്ചിന്തയും വന്നാലോ എന്ന പേടിയാണ് അദ്ദേഹത്തിന്. ജയില്‍വാസം എന്നത് ആരും കൊതിക്കാത്തതാണല്ലോ. എന്നാല്‍ ഒരു ഹറാം ചെയ്യാനുള്ള സാഹചര്യം ഉള്ളതിനെക്കാളും നല്ലത് വല്ല ജയിലിലും കഴിയല്‍ തന്നെയാണ് എന്നാണ് അദ്ദേഹം ആശിക്കുന്നത്. അല്ലാഹുവിനെ ക്കുറിച്ചുള്ള ഭയമാണ് ഇതിന് പ്രേരകം. 

അല്ലാഹുവിനോട് ആത്മാര്‍ഥമായി ദുആ ചെയ്യുന്നവര്‍ക്ക് അല്ലാഹു ഉത്തരം ചെയ്യുമല്ലോ. യൂസുഫ്(അ)ന്റെ പ്രാര്‍ഥന അല്ലാഹു കേട്ടു, ഉത്തരം ചെയ്തു. അല്ലാഹുവാണല്ലോ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനും. 

യൂസുഫ്(അ) തെറ്റുകാരനല്ലെന്ന് എല്ലാവര്‍ക്കും ബോധ്യമായി. അല്ലാഹുവില്‍ അഭയം തേടി തന്റെ കുതന്ത്രത്തില്‍ നിന്നും യൂസുഫ്(അ) പിന്മാറുകയാണ് ചെയ്തതെന്ന് സുലൈഖ തന്നെ സമ്മതിച്ചു. കുപ്പായം കീറിയതിന്റെ തെളിവ് വെച്ച് അവളുടെ കുടംബത്തില്‍ പെട്ടവര്‍ക്കും അവളുടെ ഭര്‍ത്താവിന് തന്നെയും നിജസ്ഥിതി ബോധ്യമായി. സുലൈഖ ക്ഷണിച്ചുവരുത്തിയ സ്ത്രീകള്‍ക്കും യൂസുഫ്(അ) നിരപരാധിയാണെന്ന് വ്യക്തമായി. എന്നാല്‍ അദ്ദേഹത്തിന്റെ പ്രാര്‍ഥന പോലെ തന്നെ നിശ്ചിത കാലം വരെ അദ്ദേഹത്തെ ജയിലിലടക്കാന്‍ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു. 

”പിന്നീട് തെളിവുകള്‍ കണ്ടറിഞ്ഞതിന് ശേഷവും അവര്‍ക്ക് തോന്നി; അവനെ ഒരു അവധിവരെ തടവിലാക്കുക തന്നെ വേണമെന്ന്” (ക്വുര്‍ആന്‍ 12:35).

രാജാവിന് രാജ്ഞിയെ മറികടന്ന് ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ലെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത് (അല്ലാഹുവാണ് നന്നായി അറിയുന്നവന്‍). 

രാജ്ഞി നാണക്കേടുണ്ടാക്കുന്നതില്‍ നിന്ന് രക്ഷ കിട്ടാനുള്ള വഴി എന്ന നിലയിലോ, യൂസുഫിനെ രക്ഷപ്പെടുത്തുക എന്ന ലക്ഷ്യത്താലോ ആയിരിക്കാം യൂസുഫ്(അ)നെ രാജാവ് ജയിലിലടച്ചു. അതെല്ലാം അല്ലാഹുവിന്റെ വ്യക്തമായ ഹിക്മത്തിന്റെ അടിസ്ഥാനത്തില്‍ അവനെടുത്ത ഓരോ തീരുമാനങ്ങളായിരുന്നു.

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

യൂസുഫ് നബി (അ) – 02

യൂസുഫ് നബി (അ) - 02

പൊട്ടക്കണറ്റില്‍ നിന്ന് കൊട്ടാരത്തിലേക്ക്

യഅ്ക്വൂബ് നബി(അ)യുടെ മക്കള്‍ക്കിടയില്‍ പിശാച് അസൂയയുടെ വിത്തിട്ടു. അത് ദ്രുതഗതിയില്‍ ഭീകരരൂപം പ്രാപിച്ചു. സഹോദരനെ കൊല്ലാം എന്ന് വരെ അഭിപ്രായം ഉയര്‍ന്നു. 

യൂസുഫ്(അ)ന്റെ സഹോദരങ്ങള്‍ പരസ്പരം പറയുന്നതില്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ‘ഇപ്പോള്‍ യുസുഫിന്റെ കഥ തീര്‍ക്കാം. എന്നിട്ട് നമുക്ക് പശ്ചാത്തപിച്ച് മടങ്ങാം’ എന്ന കാര്യം! പിന്നീട് പശ്ചാത്തപിച്ച് പാപമുക്തി നേടാം എന്ന ഉദ്ദേശത്തോടെ ഒരു കാര്യം തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് അത് ചെയ്യാന്‍ പാടില്ല. ആ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുമെന്ന് ആര്‍ക്കാണ് ഉറപ്പിക്കാന്‍ സാധിക്കുക? പശ്ചാത്തപിക്കാന്‍ ആയുസ്സും അവസരവും കിട്ടും എന്നതിന് എന്താണ് ഉറപ്പ്? 

യൂസുഫിനെ കൊല്ലാന്‍ വേണ്ടി ആലോചനയുയര്‍ന്നപ്പോള്‍ അവരില്‍ ഒരാള്‍ അതിനെ എതിര്‍ത്തു. എന്നിട്ട് വേറെ ഒരു പരിഹാരം നിര്‍ദേശിച്ചു:

”…യൂസുഫിനെ നിങ്ങള്‍ കൊല്ലരുത്. നിങ്ങള്‍ക്ക് വല്ലതും ചെയ്യണമെന്നുണ്ടെങ്കില്‍ അവനെ നിങ്ങള്‍ (ഒരു) കിണറ്റിന്റെ അടിയിലേക്ക് ഇട്ടേക്കുക. ഏതെങ്കിലും യാത്രാസംഘം അവനെ കണ്ടെടുത്ത്‌കൊള്ളും” (ക്വുര്‍ആന്‍ 12:10).

ആ അഭിപ്രായം എല്ലാവരും സ്വീകരിച്ചു. അങ്ങനെ തീരുമാനിച്ചുറപ്പിച്ചതിന് ശേഷം അവര്‍ പിതാവിനെ സമീപിക്കുന്നു: 

”(തുടര്‍ന്ന് പിതാവിന്റെ അടുത്ത് ചെന്ന്) അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാവേ; താങ്കള്‍ക്കെന്തുപറ്റി? യൂസുഫിന്റെ കാര്യത്തില്‍ താങ്കള്‍ ഞങ്ങളെ വിശ്വസിക്കുന്നില്ല! ഞങ്ങളാകട്ടെ തീര്‍ച്ചയായും അവന്റെ ഗുണകാംക്ഷികളാണ് താനും” (ക്വുര്‍ആന്‍ 12:11).

”നാളെ അവനെ ഞങ്ങളോടൊപ്പം അയച്ചുതരിക. അവന്‍ ഉല്ലസിച്ച് നടന്നുകളിക്കട്ടെ. തീര്‍ച്ചയായും ഞങ്ങള്‍ അവനെ കാത്തുരക്ഷിച്ച് കൊള്ളാം” (ക്വുര്‍ആന്‍ 12:12).

മക്കളുടെ നന്മ മാത്രം കൊതിക്കുന്ന രക്ഷിതാക്കളോട് ചില മക്കള്‍ കളവു പറഞ്ഞ് കാര്യം നേടിയെടുക്കാറുണ്ടല്ലോ. പഠനാവശ്യങ്ങള്‍ക്കെന്നു പറഞ്ഞ് കാശ് വാങ്ങുകയും ആ കാശ് തീരുംവരെ കൂട്ടുകാരുമൊത്ത് കറങ്ങിനടക്കുകയും ചെയ്യുന്ന മക്കളുണ്ട്.  ഒരു സംഭവം ഉണര്‍ത്തുകയാണ്: മാതാപിതാക്കള്‍ നല്ലവരാണ്. മകന്‍ മതപരമായി അത്ര താല്‍പര്യമില്ലാത്തവനും. ഒരു ദിവസം അവന്‍ ഉമ്മയോട് പറയുന്നു: ‘ഉമ്മാ, നാളെ മുതല്‍ എന്നെ സ്വുബ്ഹിക്ക് വിളിക്കണം. എനിക്ക് പള്ളിയില്‍ ജമാഅത്ത് നമസ്‌കാരത്തില്‍ പങ്കെടുക്കണം.’ ഉമ്മ ആശ്ചര്യപ്പെട്ടു. അവര്‍ വിദേശത്തുള്ള അവന്റെ ഉപ്പയോട് ഈ സന്തോഷം പങ്കുവെച്ചു. അവന്‍ സ്വുബ്ഹിക്ക് വിളിച്ചയുടന്‍ എഴുന്നേറ്റു.  ‘ഉമ്മാ, ടോര്‍ച്ച് വേണം’ അവന്‍ ആവശ്യപ്പെട്ടു. ടോര്‍ച്ച് കേടുവന്ന് കിടക്കുകയാണെന്ന് അവനറിയാം. അവന്‍ പ്രതീക്ഷിച്ച പോലെ ഉമ്മ ടോര്‍ച്ചിന്റെ ഉപയോഗത്തിനായി അവരുടെ മൊബൈല്‍ഫോണ്‍ കൊടുത്തു. എന്നാല്‍ അവന്‍ രാവിലെ എഴുന്നേറ്റ് പോയിരുന്നത് പള്ളിയിലേക്കായിരുന്നില്ല. ഒരു കടവരാന്തയിലേക്കായിരുന്നു. അവിടെ കൂട്ടുകാരും ഒത്തുകൂടും. ഇന്റര്‍നെറ്റില്‍നിന്ന് അശ്ലീല രംഗങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് കൂട്ടുകാരോടൊപ്പം അത് കണ്ട് ആസ്വദിക്കും. പാവം ഉമ്മയും ഉപ്പയും മകന്‍ നന്നായെന്ന് കരുതി സന്തോഷിക്കുകയായിരുന്നു അന്നേരം! നുണ പറഞ്ഞ് മാതാപിതാക്കളെ പറ്റിക്കുന്ന ഈ ഏര്‍പ്പാട് തന്നെയാണ് യഅ്ക്വൂബ് നബി(അ)യുടെ മക്കളും ചെയ്തത്.  

‘ഉപ്പാ, അവനെ എവിടേക്കും വിടാതെ വീട്ടില്‍ തന്നെ പിടിച്ചിരുത്തുകയാണോ? അവന്‍ കുട്ടിയല്ലേ, കളിച്ചു രസിക്കട്ടെ. ഞങ്ങളുടെ കൂടെ ആടുകളെ മേയ്ക്കാന്‍ പറഞ്ഞു വിടൂ. പ്രകൃതിസൗന്ദര്യം കണ്ട് അവന്‍ ആനന്ദിക്കട്ടെ. അവനെ ഞങ്ങള്‍ നന്നായി നോക്കും. ആപത്തൊന്നും വരാതെ സൂക്ഷിക്കും…’ ഇങ്ങനെയൊക്കെ പറഞ്ഞ് അവര്‍ പിതാവിനെ തെറ്റുധരിപ്പിച്ചു.

യഅ്ക്വൂബ്(അ) നബിയാണെങ്കിലും മുന്നില്‍ വന്ന് നില്‍ക്കുന്ന മക്കളുടെ മനസ്സിലിരുപ്പ് എന്താണെന്ന് അദ്ദേഹത്തിന് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല! കാരണം മറഞ്ഞ കാര്യങ്ങള്‍ അല്ലാഹുവിന് മാത്രമെ അറിയൂ. അല്ലാഹു അറിയിച്ചാലേ നബിമാര്‍ക്കു പോലും അതറിയൂ. 

‘കുപ്പിയകത്തുള്ള വസ്തുവിനെ പോലെ

കാണ്‍മാന്‍ ഞാന്‍ നിങ്ങടെ ക്വല്‍ബകം എന്നോവര്‍’

‘കണ്ണില്‍ കാണാത്തതും ക്വല്‍ബകത്തുള്ളതും

കണ്‍കൊണ്ട് കണ്ട പോല്‍ കാട്ടിപ്പറഞ്ഞോവര്‍’ 

എന്നെല്ലാം ശൈഖ് ജീലാനി പറഞ്ഞതായും അദ്ദേഹം അത്ഭുതങ്ങള്‍ കാണിച്ചതായും വിവരിക്കുന്ന മാലപ്പാട്ടുകള്‍ ഭക്തിയോടെ പാടുന്നവര്‍ മുസ്‌ലിം സമുദായത്തില്‍ ഇന്ന് അനവധിയുണ്ട്. തന്റെ മുമ്പില്‍ നില്‍ക്കുന്ന മക്കളുടെ മനസ്സിലുള്ളത് എന്തെന്ന് യഅ്ക്വൂബ്(അ) എന്ന മഹാനായ പ്രവാചകന് അറിയാന്‍ കഴിഞ്ഞില്ല എന്നിരിക്കെ മുഹ്‌യിദ്ദീന്‍ ൈശഖിന് ആരുടെയും മനസ്സിലുള്ളത് അറിയും എന്ന് വിശ്വസിക്കുന്നതിനെക്കാള്‍ വലിയ വിഡ്ഢിത്തം എന്തുണ്ട്? ഇങ്ങനെ ഒരു വിശ്വാസം ക്വുര്‍ആനോ സുന്നത്തോ പഠിപ്പിക്കുന്നതായി നമുക്ക് കാണുക സാധ്യമല്ല.

യൂസുഫിന്റെ കാര്യത്തില്‍ ഗുണകാംക്ഷയോടെ സംസാരിക്കുന്ന മക്കളുടെ മനസ്സിലുള്ള രഹസ്യം എന്താണെന്ന് പിതാവായ യഅ്ക്വൂബ് നബി(അ)ന് അറിയാന്‍ സാധിച്ചില്ല. അവര്‍ അദ്ദേഹത്തോട് ഇത് പറഞ്ഞ വേളയില്‍ അദ്ദേഹത്തിനുണ്ടായ ഒരു ആശങ്ക അവരുമായി പങ്കുവെക്കുക മാത്രമാണ് ചെയ്യുന്നത്. അദ്ദേഹം അവരോട് പറഞ്ഞു:

”…നിങ്ങള്‍ അവനെ കൊണ്ടുപോകുക എന്നത് തീര്‍ച്ചയായും എനിക്ക് സങ്കടമുണ്ടാക്കുന്നതാണ്. നിങ്ങള്‍ അവനെപ്പറ്റി അശ്രദ്ധരായിരിക്കെ അവനെ ചെന്നായ തിന്നേക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു” (ക്വുര്‍ആന്‍ 12:13).

പിതാവിന്‍െര്‍ ഈ ആശങ്ക അവര്‍ക്ക് അവരുടെ അജണ്ട നടപ്പിലാക്കുന്നതിന് വീണു കിട്ടിയ ഒരു പിടിവള്ളിയുമായി. അവര്‍ അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു:

”…ഞങ്ങള്‍ ഒരു (പ്രബലമായ) സംഘമുണ്ടായിട്ടും അവനെ ചെന്നായ തിന്നുകയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ മഹാനഷ്ടക്കാര്‍ തന്നെയായിരിക്കും” (ക്വുര്‍ആന്‍ 12:14).

പിതാവിന് അവരുടെ കളവ് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. അവരുടെ ആവശ്യത്തിന് അദ്ദേഹം അവസാനം സമ്മതം മൂളി. 

”അങ്ങനെ അവര്‍ അവനെ(യൂസുഫിനെ)യും കൊണ്ടുപോകുകയും അവനെ കിണറ്റിന്റെ അടിയിലേക്ക് ഇടുവാന്‍ അവര്‍ ഒന്നിച്ച് തീരുമാനിക്കുകയും ചെയ്തപ്പോള്‍ (അവര്‍ ആ കടും കൈ പ്രവര്‍ത്തിക്കുക തന്നെ ചെയ്തു.) തീര്‍ച്ചയായും നീ അവര്‍ക്ക് അവരുടെ ഈ ചെയ്തിയെപ്പറ്റി (ഒരിക്കല്‍) വിവരിച്ചുകൊടുക്കുമെന്ന് അവന്ന് (യൂസുഫിന്) നാം ബോധനം നല്‍കുകയും ചെയ്തു. (അന്ന്) അവര്‍ അതിനെ പറ്റി ബോധവാന്‍മാരായിരിക്കുകയില്ല” (ക്വുര്‍ആന്‍ 12:15).

അവര്‍ അവരുടെ അജണ്ട നടപ്പില്‍ വരുത്തി. കൊച്ചനുജനായ യൂസുഫിനെ കിണറ്റില്‍ തള്ളി. ആ സന്ദര്‍ഭത്തില്‍ യൂസുഫ്(അ)ന് അല്ലാഹു ബോധനം നല്‍കി; നിന്റെ സഹോദരങ്ങള്‍ ചെയ്ത ഈ കൃത്യത്തെ പറ്റി ഒരു കാലത്ത് നീ അവര്‍ക്ക് പറഞ്ഞുകൊടുക്കുമെന്ന്.

യൂസുഫ്(അ)ന്റെ സഹോദരങ്ങള്‍ അവരുടെ ആഗ്രഹം പൂര്‍ത്തിയാക്കിയതിന് ശേഷം വിട്ടിലേക്ക് മടങ്ങുകയാണ്. പിതാവിനോട് എന്ത് പറയും? ‘നിങ്ങള്‍ അശ്രദ്ധരായി കളിച്ചിരിക്കുമ്പോള്‍ അവനെ ചെന്നായ പിടിക്കുമോ എന്ന പേടി എനിക്കുണ്ടെന്ന്’ പിതാവ് പറഞ്ഞിരുന്നല്ലോ. ചെന്നായ പിടിച്ചു എന്നു തന്നെ പറയാം എന്ന് അവര്‍ തീരുമാനിച്ചു. 

”അവര്‍ സന്ധ്യാസമയത്ത് അവരുടെ പിതാവിന്റെ അടുക്കല്‍ കരഞ്ഞുകൊണ്ട് ചെന്നു. അവര്‍ പറഞ്ഞു: ‘ഞങ്ങളുടെ പിതാവേ, ഞങ്ങള്‍ മത്സരിച്ച് ഓടിപ്പോകുകയും യൂസുഫിനെ ഞങ്ങളുടെ സാധനങ്ങളുടെ അടുത്ത് വിട്ടുപോകുകയും ചെയ്തു. അപ്പോള്‍ അവനെ ചെന്നായ തിന്നുകളഞ്ഞു. ഞങ്ങള്‍ സത്യം പറയുന്നവരാണെങ്കില്‍ പോലും താങ്കള്‍ വിശ്വസിക്കുകയില്ലല്ലോ.’ യൂസുഫിന്റെ കുപ്പായത്തില്‍ കള്ളച്ചോരയുമായാണ് അവര്‍ വന്നത്. പിതാവ് പറഞ്ഞു: അങ്ങനെയല്ല, നിങ്ങളുടെ മനസ്സ് നിങ്ങള്‍ക്ക് ഒരു കാര്യം ഭംഗിയായി തോന്നിച്ചിരിക്കുകയാണ്. അതിനാല്‍ നല്ല ക്ഷമ കൈക്കൊള്ളുക തന്നെ. നിങ്ങളീ പറഞ്ഞുണ്ടാക്കുന്ന കാര്യത്തില്‍ (എനിക്ക്) സഹായം തേടാനുള്ളത് അല്ലാഹുവോടത്രെ” (ക്വുര്‍ആന്‍ 12:16-18).

സന്ധ്യാ സമയത്ത് അവര്‍ പിതാവിന്റെ അടുത്തേക്ക് കള്ളക്കണ്ണീരുമായി ചെന്നു. തങ്ങള്‍ ഓട്ട മത്സരത്തിലും മറ്റും മുഴുകിയ നേരം യൂസുഫിനെ ഞങ്ങളുടെ ചരക്കുകളുടെ അടുത്തിരുത്തി. കളിയില്‍ അവന്റെ കാര്യം ഞങ്ങള്‍ മറന്നു. അങ്ങനെ അവനെ ഒരു ചെന്നായ പിടിച്ചു. ഞങ്ങള്‍ എത്ര സത്യം പറഞ്ഞാലും ഉപ്പ ഞങ്ങളെ വിശ്വസിക്കില്ലെന്ന് ഞങ്ങള്‍ക്ക് അറിയാം (അവരുടെ കള്ളത്തരത്തെ സത്യമാണെന്ന് ഒന്നുകൂടെ പിതാവിനെ ഉറപ്പിക്കാനാണ് ഇപ്രകാരം അവര്‍ പറയുന്നത്). ഉപ്പാക്ക് വിശ്വാസമാകുന്നതിനായി ഞങ്ങളിതാ അവന്റെ രക്തം കലര്‍ന്ന കുപ്പായവും കൊണ്ടുവന്നിരിക്കുന്നു. എന്നിങ്ങനെ അവര്‍ വിശദീകരിച്ചു. 

യൂസുഫിന്റെ ശരീരത്തില്‍ ഒരു പോറല്‍ പോലും ഏറ്റിട്ടില്ല. അവര്‍ യൂസുഫിന് ഒന്നും സംഭവിക്കാത്ത രൂപത്തിലാണ് ആ കിണറ്റില്‍ താഴ്ത്തിയത്. പിന്നെ എങ്ങനെയാണ് യൂസുഫിന്റെ കുപ്പായത്തില്‍ രക്തം വന്നത്? അവര്‍ ആട്ടിന്‍ കുട്ടിയെയോ മറ്റോ അറുത്ത് അതിന്റെ രക്തം യൂസുഫിന്റെ വസ്ത്രത്തില്‍ പുരട്ടിയതാകാം. അതാകാം ‘കള്ളച്ചോര’ എന്ന് ക്വുര്‍ആന്‍ അതിനെ വിശേഷിപ്പിക്കാന്‍ കാരണം. ഏതായിരുന്നാലും യൂസുഫ്(അ)ന്റെ സഹോദരങ്ങള്‍ പിതാവായ യഅ്ക്വൂബ്(അ)ന്റെ മുന്നില്‍ ഇപ്രകാരമെല്ലാം വിവരിച്ചു.

ഏത് കളവ് നടത്തുന്നവരും ഒരു തെളിവ് അവിടെ വിട്ടേച്ച് പോകും. യൂസുഫ്(അ)ന്റെ സഹോദരങ്ങളുടെ വാക്കുകളിലും അവരുടെ തെളിവ് സമര്‍പ്പണത്തിലുമെല്ലാം പന്തികേടുള്ളത് പിതാവ് യഅ്ക്വൂബ്(അ)ന് മനസ്സിലായി. ഒരു ചെന്നായ പിടിച്ചാല്‍ എന്തായിരുന്നാലും അതിന്റെ നഖവും പല്ലും കൊണ്ട് കുപ്പായത്തിന്റെ പലഭാഗത്തും ചെറിയ രൂപത്തിലെങ്കിലും കീറലുണ്ടാകുമല്ലോ. അതൊന്നും സംഭവിച്ചിട്ടില്ല താനും. അപ്പോള്‍ ഇവര്‍ എന്തോ കുതന്ത്രം യൂസുഫിന്റെ കാര്യത്തില്‍ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹത്തിന് തോന്നി. എന്താണെന്ന് മനസ്സിലാകുന്നുമില്ല. ഏതെങ്കിലും കാലത്ത് യൂസുഫിനെ കാണാം എന്ന ഒരു പ്രത്യാശ അദ്ദേഹത്തിനുണ്ടായിരുന്നു. അതിനാല്‍ അദ്ദേഹം പറഞ്ഞു: ‘മക്കളേ, നിങ്ങള്‍ക്ക് എന്തൊക്കെയോ ചിലത് ഭംഗിയായി തോന്നിക്കപ്പെട്ടിരിക്കുന്നു. ഞാന്‍ നന്നായി ക്ഷമിക്കുക തന്നെ ചെയ്യും. (യൂസുഫിന്റെ കാര്യത്തില്‍ അദ്ദേഹത്തിന് ചില പ്രത്യാശകളുണ്ട്. ആദ്യത്തെ സ്വപ്‌ന വിവരമെല്ലാം പിതാവിനോട് യൂസുഫ്(അ) പങ്കുവെച്ചിരുന്നുവല്ലോ). അല്ലാഹുവില്‍ ഭരമേല്‍പിച്ച് അവനോട് ഞാന്‍ സദാസമയം സഹായം തേടുകയും ചെയ്യും.’ 

യൂസുഫ്(അ) എത്ര നാള്‍ ആ കിണറ്റില്‍ കഴിച്ചു കൂട്ടി എന്ന് ക്വുര്‍ആനിലോ സുന്നത്തിലോ അറിയിക്കാത്തതിനാല്‍ നമുക്ക് അതിനെ പറ്റി അറിയില്ല.

പ്രയാസപ്പെടുന്നവന്റെ പ്രാര്‍ഥന കേള്‍ക്കുന്നവനും പ്രയാസത്തെ തരണം ചെയ്യാന്‍ കഴിവുള്ളവനും ഏകനായ അല്ലാഹുവാണല്ലോ. യഅ്ക്വൂബ്(അ) അല്ലാഹുവിനോട് സഹായം തേടുന്നു. അവസാനം യൂസുഫിന് അല്ലാഹു രക്ഷ നല്‍കുന്നു. അത് അല്ലാഹു രൂപം വിവരിക്കുന്നത് കാണുക:

”ഒരു യാത്രാസംഘം വന്നു. അവര്‍ അവര്‍ക്ക് വെള്ളം കൊണ്ട് വരുന്ന ജോലിക്കാരനെ അയച്ചു. അവന്‍ തന്റെ തൊട്ടിയിറക്കി. അവന്‍ പറഞ്ഞു: ഹാ, സന്തോഷം! ഇതാ ഒരു ബാലന്‍! അവര്‍ ബാലനെ ഒരു കച്ചവടച്ചരക്കായി ഒളിച്ചുവെച്ചു. അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെ പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു. അവര്‍ അവനെ തുച്ഛമായ ഒരു വിലയ്ക്ക് -ഏതാനും വെള്ളിക്കാശിന്- വില്‍ക്കുകയും ചെയ്തു. അവര്‍ അവന്റെ കാര്യത്തില്‍ താല്‍പര്യമില്ലാത്തവരുടെ കൂട്ടത്തിലായിരുന്നു” (ക്വുര്‍ആന്‍ 12:19,20).

അധികനാള്‍ യൂസുഫ് ആ കിണറ്റില്‍ കഴിഞ്ഞിട്ടുണ്ടാകില്ല. ചെറിയ കുട്ടിയാണല്ലോ. വിശപ്പ്, ദാഹം, കിണറ്റില്‍ എറിയപ്പെട്ടതിന്റെയും രാത്രിയിലെ ഇരുട്ടിന്റെയുമെല്ലാം പേടിയും ഉണ്ടാകുമല്ലോ. ഒരു പ്രവാചകനാകുവാനുള്ള വ്യക്തി എന്ന നിലയ്ക്ക് പ്രത്യേകമായ എന്തെല്ലാം സഹായം ഏതെല്ലാം രൂപത്തില്‍ കിട്ടിക്കാണും എന്നൊന്നും നമുക്ക് അറിയില്ല. 

യുസുഫ്(അ) ആ കിണറ്റില്‍ കഴിയുന്ന വേളയില്‍ അതുവഴി ഒരു യാത്രാസംഘം വന്നു. ആ യാത്രാ സംഘത്തിലെ വെള്ളം ശേഖരിക്കുന്നതിന്റെ ചുമതലയുള്ളയാള്‍ വെള്ളം കോരുന്നതിനായി ആ കിണറിന്നടുത്തേക്ക് ചെന്നതിനാല്‍ യൂസുഫിനെ കണ്ടെത്തുകയായിരുന്നു. അവരുടെ ചരക്കുകളുടെ കൂട്ടത്തിലെ ഒന്നായി യൂസുഫിനെയും അവര്‍ കണ്ടു. യൂസുഫിനെ വില്‍ക്കുന്നതിനായി അവരുടെ ചരക്കുകള്‍ക്കിടയില്‍ അവര്‍ മറച്ചുവെച്ചു.(വീണു കിട്ടിയതോ, കൊള്ളയിലൂടെയോ, പിടിച്ചുപറിയിലൂടെയോ, മോഷണത്തിലൂടെയോ കിട്ടിയ വസ്തു എത്ര തുച്ഛ വിലയ്ക്കാണെങ്കിലും വേഗം വിറ്റു പണമാക്കലാണല്ലോ പതിവ്. മുതല്‍ മുടക്കില്ലാതെയാകുമ്പോള്‍ കിട്ടുന്നത് ലാഭം). യാത്രാസംഘം യൂസുഫിനെ തുച്ഛമായ വെള്ളി നാണയങ്ങള്‍ക്ക് വിറ്റ് ഒഴിവാക്കി. 

ഈജിപ്തില്‍ അടിമക്കച്ചവടം ശക്തമായിരുന്ന കാലമായിരുന്നു അത്. വില്‍പനയ്ക്കുള്ള ചരക്ക് ഉയര്‍ന്ന സ്ഥലത്ത് വെച്ച് അതിന്റെ ഗുണഗണങ്ങളെക്കുറിച്ച് വര്‍ണിച്ച് വില ഏറ്റിപ്പറയും. ചന്തയില്‍ അടിമകളെ വില്‍ക്കുന്ന ഭാഗത്ത് ഇവര്‍ യൂസുഫിനെ വില്‍ക്കാനായി നിര്‍ത്തി. യൂസുഫ്(അ)ന്റെ കാര്യത്തില്‍ അല്ലാഹു തീരുമാനിച്ചിട്ടുള്ള വിധി നടപ്പിലാകാന്‍ ഇതെല്ലാം സംഭവിക്കണമല്ലോ. 

ഈജിപ്ത് ഭരിക്കുന്ന രാജകുടുംബത്തിലെ അസീസ് എന്ന് പറയുന്ന ഒരാളാണ് സുന്ദരനായ യൂസുഫ് എന്ന കുട്ടിയെ വാങ്ങുന്നത്. യൂസുഫ്(അ) ഇങ്ങനെയാണ് ഈജിപ്തില്‍ എത്തുന്നത്. കുട്ടിയെയുമായി അയാള്‍ കൊട്ടാരത്തിലെത്തി. കൊട്ടാരത്തിലെ തന്റെ റാണിയോട് പറഞ്ഞു: 

”ഈജിപ്തില്‍ നിന്ന് അവനെ (യൂസുഫിനെ) വിലക്കെടുത്ത ആള്‍ തന്റെ ഭാര്യയോട് പറഞ്ഞു: ഇവന്ന് മാന്യമായ താമസസൗകര്യം നല്‍കുക. അവന്‍ നമുക്ക് പ്രയോജനപ്പെട്ടേക്കാം. അല്ലെങ്കില്‍ നമുക്കവനെ മകനായി സ്വീകരിക്കാം. അപ്രകാരം യൂസുഫിന് നാം ആ ഭൂപ്രദേശത്ത് സൗകര്യമുണ്ടാക്കികൊടുത്തു. സ്വപ്‌നവാര്‍ത്തകളുടെ വ്യാഖ്യാനത്തില്‍ നിന്ന് അദ്ദേഹത്തിന് നാം അറിയിച്ച് കൊടുക്കാന്‍ വേണ്ടിയും കൂടിയാണത്. അല്ലാഹു തന്റെ കാര്യം ജയിച്ചടക്കുന്നവനത്രെ. പക്ഷേ, മനുഷ്യരില്‍ അധികപേരും അത് മനസ്സിലാക്കുന്നില്ല”(ക്വുര്‍ആന്‍ 12:21).

സന്താനങ്ങളില്ലാത്ത ഒരാളായിരുന്നു അസീസ് എന്നാണ് ചരിത്രത്തില്‍ കാണാന്‍ കഴിയുന്നത്. അങ്ങനെ അല്ലാഹുവിന്റെ കൃത്യമായ തീരുമാനപ്രകാരം യൂസുഫ്(അ) രാജകൊട്ടാരത്തില്‍ ജീവിതം തുടങ്ങുകയാണ്. കൊട്ടാരജീവിതം അദ്ദേഹത്തിന് സ്വപ്‌ന വ്യാഖ്യാനം പഠിക്കുന്നതിന് ഒരു കാരണവുമാക്കി അല്ലാഹു. അല്ലാഹുവിന്റെ ഓരോ നടപടിയുടെയും കലാശം എങ്ങനെയായിരിക്കും എന്ന് ഒരാള്‍ക്കും പറയുവാന്‍ സാധ്യമല്ലല്ലോ. 

”അങ്ങനെ അദ്ദേഹം പൂര്‍ണവളര്‍ച്ചയെത്തിയപ്പോള്‍ അദ്ദേഹത്തിന് നാം യുക്തിബോധവും അറിവും നല്‍കി. സുകൃതം ചെയ്യുന്നവര്‍ക്ക് അപ്രകാരം നാം പ്രതിഫലം നല്‍കുന്നു” (ക്വുര്‍ആന്‍ 12:22).

അല്ലാഹു അദ്ദേഹത്തിന് പ്രവാചകത്വവും കാര്യങ്ങള്‍ ഗ്രഹിക്കുവാനും വിവേകത്തോടെ വിധിപറയുവാനുമുള്ള ശേഷിയും നല്‍കി.

അടിമക്കമ്പോളത്തില്‍ നിന്ന് അസീസ് യൂസുഫ്(അ)നെ വിലയ്ക്ക് വാങ്ങിയത് കുട്ടിയുടെ സൗന്ദര്യത്തില്‍ ആകൃഷ്ടനായിട്ടായിരുന്നു. യൂസുഫ് വളര്‍ന്ന് വലുതായി. യൗവനയുക്തനായ അദ്ദേഹം അസാമാന്യ സൗന്ദര്യത്താല്‍ തിളങ്ങി. 

 

ഹുസൈന്‍ സലഫി
നേർപഥം വാരിക