യൂസുഫ് നബി (അ) – 01

യൂസുഫ് നബി (അ) - 01

യഅ്ക്വൂബ് നബി(അ)യുടെ 12 മക്കളില്‍ ഒരാളും പ്രവാചകനുമായ വ്യക്തിയാണ് യൂസുഫ് നബി(അ). ഇളയ മകന്‍ ബിന്‍യാമീന്‍ ആയിരുന്നു. ബിന്‍യാമീനിന്റെ തൊട്ടു മുകളിലുള്ള പുത്രനാണ് യൂസുഫ് നബി(അ). ബാക്കി പത്തു പേരും യൂസുഫ്(അ)ന് മുകളിലുള്ളവരാണ്.

യൂസുഫ് നബി(അ)യെ സംബന്ധിച്ച് നബി ﷺ വിവരിച്ചു തന്നത് ഹദീഥുകളില്‍ കാണാം.

അബ്ദുല്ലാഹിബ്‌നു ഉമര്‍(റ)വില്‍ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു: ”മാന്യന്റെ പുത്രനായ, മാന്യന്റെ പുത്രനായ, മാന്യന്റെ പുത്രനായ മാന്യന്‍.” (അഥവാ) ഇബ്‌റാഹീമിന്റെ പുത്രന്‍ ഇസ്ഹാക്വിന്റെ പുത്രന്‍ യഅ്ക്വൂബിന്റെ പുത്രന്‍ യൂസുഫ്.

അദ്ദേഹത്തിന്റെ സൗന്ദര്യത്തെ പറ്റി നബി ﷺ നമുക്ക് അറിയിച്ചുതന്നത് ഇപ്രകാരമാണ്: ”സൗന്ദര്യത്തിന്റെ പകുതി അല്ലാഹു അദ്ദേഹത്തിന് നല്‍കി.” 

യുസുഫ്(അ)ന്റെ ചരിത്രം വിവരിക്കുവാന്‍ തുടങ്ങുമ്പോള്‍ അതിനെ സംബന്ധിച്ച് അല്ലാഹു പറഞ്ഞത് ഏറ്റവും നല്ല വിവരണം എന്നാണ്: 

”നിനക്ക് ഈ ക്വുര്‍ആന്‍ ബോധനം നല്‍കിയത് വഴി ഏറ്റവും നല്ല ചരിത്രവിവരണമാണ് നാം നിനക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്. തീര്‍ച്ചയായും ഇതിനുമുമ്പ് നീ അതിനെപ്പറ്റി ബോധമില്ലാത്തവനായിരുന്നു” (ക്വുര്‍ആന്‍ 12:3).

ക്വുര്‍ആന്‍ പറഞ്ഞിട്ടുള്ള മുഴവന്‍ ചരിത്രവും നല്ല വിവരണമാണെന്നതില്‍ നമുക്കാര്‍ക്കും സംശയമില്ല. ക്വുര്‍ആനിന്റെ ഏത് വിവരണവും തെല്ലും സംശയത്തിന് ഇടം നല്‍കാത്തതും കൃത്യവുമാണ്. ഓരോ പ്രവാചകനും നേരിടേണ്ടി വന്നിട്ടുള്ള പരീക്ഷണങ്ങള്‍ വ്യത്യസ്തമായിരുന്നുവല്ലോ. ആ ചരിത്രങ്ങളെല്ലാം അല്ലാഹു നമുക്ക് വിവരിച്ച് തരുമ്പോള്‍ ഏറ്റവും നല്ല വിവരണമാണ് നല്‍കിയിട്ടുള്ളതെന്ന് സാരം. യൂസുഫ് നബി(അ)ന് നേരിടേണ്ടി വന്നിട്ടുള്ള പരീക്ഷണങ്ങളെ സംബന്ധിച്ചുള്ള വിവരണങ്ങളില്‍ ഏറ്റവും സത്യസമ്പൂര്‍ണവും ഗുണപാഠങ്ങള്‍ നിറഞ്ഞ് നില്‍ക്കുന്നതുമായ അവസ്ഥയില്‍ വിവരിച്ചിട്ടുള്ളതും ക്വുര്‍ആന്‍ മാത്രമാണെന്നാണ് ഈ പറഞ്ഞതിന്റെ സാരം.

പല പ്രവാചകന്മാരുടെയും ചരി്രതം ക്വുര്‍ആന്‍ പല സ്ഥലത്തും വിവരിച്ചിട്ടുണ്ട്. എന്നാല്‍ യൂസുഫ് നബി(അ)ന്റെ ചരിത്രം സൂറഃ യൂസുഫില്‍ മാത്രമാണ് നമുക്ക് കാണാന്‍ കഴിയുന്നത്. ഈ അധ്യായത്തിലാകട്ടെ, സവിസ്തരം അത് പ്രതിപാദിച്ചിട്ടുമുണ്ട്.

യൂസുഫ്(അ) കണ്ട ഒരു സ്വപ്‌ന വിവരണത്തിലൂടെയാണ് അദ്ദേഹത്തിന്റെ ചരിത്രം വിവരിക്കുന്നതിന് തുടക്കം കുറിക്കുന്നത്.

”യൂസുഫ് തന്റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം: എന്റെ പിതാവേ, പതിനൊന്നു നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും എനിക്ക് സാഷ്ടാംഗം ചെയ്യുന്നതായി ഞാന്‍ സ്വപ്‌നം കണ്ടിരിക്കുന്നു” (12:4).

മാതാപിതാക്കളും മക്കളും തമ്മിലുള്ള ഒരുമയും ഇണക്കവും സ്‌നേഹവും ബഹുമാനവും ഈ വചനം നമ്മോട് വിളിച്ച് പറയുന്നുണ്ട്. മാതാപിതാക്കളും മക്കളും എന്നത് ഭൂമിയിലെ ഏറ്റവും വലിയ ബന്ധമാണല്ലോ. ആ ബന്ധത്തോളം വരില്ല മറ്റൊന്നും. ആ ബന്ധം സുദൃഢമാകുന്നത് പരസ്പരം സ്‌നേഹവും ബഹുമാനവും നല്‍കുന്നതിലൂടെയും തിരിച്ചറിയുന്നതിലൂടെയുമാണ്. ഇതു പ്രകാരമുള്ള മാതാപിതാക്കളും മക്കളും ഏത് കാലത്തും തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരാകും. സന്തോഷവും സന്താപവും പരസ്പരം പങ്കുവെച്ച് പ്രശ്‌നങ്ങള്‍ക്ക് പരിഹാര മാര്‍ഗം ആരായുകയും കണ്ടെത്തുകയും ചെയ്യും. ഞെരുക്കവും പ്രയാസവും മാതാപിതാക്കളോട് പങ്കുവെക്കുക വഴി അവരില്‍ നിന്ന് അവരാല്‍ കഴിയുന്ന സഹായം ലഭ്യമാകും. കാരണം, അവര്‍ എന്നും മക്കളുടെ ഗുണകാംക്ഷികളായിരിക്കും. കൂട്ടുകാരിലും നാട്ടുകാരിലുമൊക്കെ നമുക്ക് ഗുണം വരാതിരിക്കാന്‍ ആശിക്കുന്നവരുണ്ടായേക്കാം. പുറമെ ചിരിക്കുന്നവരും തോളില്‍ കൈയിടുന്നവരുമെല്ലാം ഒരുപോലെയാകില്ല. എന്നാല്‍ മാതാപിതാക്കള്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തരാണ്. ആയതിനാല്‍ നമ്മുടെ പ്രശ്‌നങ്ങള്‍ മനസ്സ് തുറന്ന് അവതരിപ്പിക്കുവാനുള്ള ദുന്‍യാവിലെ ഒരു കേന്ദ്രമാണ് മാതാപിതാക്കള്‍. 

ഇവിടെ യൂസുഫ്(അ) പിതാവിനോട് താന്‍ കണ്ട ഒരു സ്വപ്‌നം പങ്കുവെക്കുകയാണ്; അതിന്റെ ഉദ്ദേശം എന്തെന്ന് അറിയുവാനായി. ‘പതിനൊന്ന് നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും തനിക്ക് സാഷ്ടാംഗം ചെയ്യുന്നത് ഞാന്‍ സ്വപ്‌നം കണ്ടിരിക്കുന്നു.’ അന്നേരം പിതാവ് മകനോട് ഇപ്രകാരം നിര്‍ദേശിച്ചു:

”അദ്ദേഹം (പിതാവ്) പറഞ്ഞു: എന്റെ കുഞ്ഞുമകനേ, നിന്റെ സ്വപ്‌നം നീ നിന്റെ സഹോദരന്‍മാര്‍ക്ക് വിവരിച്ചുകൊടുക്കരുത്. അവര്‍ നിനക്കെതിരെ വല്ല തന്ത്രവും പ്രയോഗിച്ചേക്കും. തീര്‍ച്ചയായും പിശാച് മനുഷ്യന്റെ പ്രത്യക്ഷ ശത്രുവാകുന്നു” (ക്വുര്‍ആന്‍ 12:5).

പിതാവ് യഅ്ക്വൂബ്(അ) പ്രവാചകനാണല്ലോ. അല്ലാഹുവിങ്കല്‍ നിന്നുള്ള ബോധനത്താല്‍ സംസാരിക്കുന്നവരാണ് നബിമാര്‍. യുസുഫി(അ)ന്റെ സ്വപ്‌ന വാര്‍ത്ത കേട്ടപ്പോള്‍ അദ്ദേഹത്തിന് അതില്‍ ഒരു സന്തോഷ സൂചനയെണ്ടെന്ന് മനസ്സിലായി. അതിനാല്‍ ഈ സ്വപ്‌നം നീ ആരുമായും പങ്കുവെക്കരുതെന്നും പിശാച് മനുഷ്യന്റെ പ്രത്യക്ഷ ശത്രുവാണെന്നും യൂസുഫ്(അ)നെ പിതാവ് ഓര്‍മപ്പെടുത്തി.

സഹോദരങ്ങളോട് നീ കണ്ട സ്വപ്‌നം പറയരുതെന്ന് പിതാവ് യൂസുഫിനോട് നിര്‍ദേശിക്കുവാനുള്ള കാരണം അവര്‍ മോശക്കാരായതിനാലൊന്നുമല്ല. പിശാചുണ്ടല്ലോ എല്ലാവരുടെയും കൂടെ വഴിപിഴപ്പിക്കുന്നതിനായി. അവന്‍ പരസ്പരം അസൂയയുടെ വിത്തിടും. അത് ആരില്‍ മുളച്ച് പൊന്തിയോ അസൂയയെന്ന മാരക രോഗത്താലായിരിക്കും പിന്നീടുള്ള അവന്റെ നീക്കങ്ങള്‍. അസൂയ ഒന്നും ചെയ്യുന്നതിന് തടസ്സമാകില്ല. എത്ര വലിയ നെറികേടിലേക്കും അത് എത്തിക്കുമെന്നതാണ് ചരിത്രം നമുക്ക് നല്‍കുന്ന പാഠം. ആദം നബി(അ)യുടെ മക്കളുടെ ചരിത്രം തന്നെ അതിന് വ്യക്തമായ ഉദാഹരണമാണ്. അതിനാല്‍ അസൂയാലുവിന്റെ കെടുതിയില്‍ നിന്ന് അല്ലാഹുവിനോട് അഭയം ചോദിക്കുവാന്‍ മുസ്‌ലിമിനോട് അല്ലാഹു അറിയിച്ചിട്ടുമുണ്ട്. ഒരേ ഗര്‍ഭപാത്രത്തില്‍ വളര്‍ന്ന്, ഒരേ ചോറ്റു പാത്രത്തില്‍ നിന്ന് കഴിച്ച് വളര്‍ന്ന സഹോദരങ്ങളില്‍ വരെ അസൂയ പടരും എന്നതും അത് കാരണമായി വലിയ അക്രമം തന്നെ ഉണ്ടായേക്കാമെന്നും നാം അറിയണം. 

അസൂയ ആരിലും വരാവുന്ന രോഗമാണ്. അല്ലാഹു നമുക്ക് നല്‍കുന്ന അനുഗ്രഹങ്ങള്‍ എല്ലാം എല്ലാവരോടും പങ്കുവെക്കാന്‍ പറ്റില്ല. ഒരു റിപ്പോര്‍ട്ടില്‍ ഇപ്രകാരം കാണാം:

‘ചില ആവശ്യങ്ങളില്‍ വിജയിക്കുന്നതിനായി (അത് മറ്റുള്ളവരില്‍ നിന്ന്) മറച്ചുവെച്ച് സഹായം ചോദിക്കുവിന്‍. തീര്‍ച്ചയായും അനുഗ്രഹമുള്ളതായ എല്ലാവര്‍ക്കും അസൂയപ്പെടുന്നവരുമുണ്ട്.’ അതുപോലെ പ്രഭാത-പ്രദോഷ പ്രാര്‍ഥനകളിലൂടെയും ഉറങ്ങുവാന്‍ കിടക്കുന്ന വേളയിലും എല്ലാം പിശാചില്‍ നിന്ന് അഭയം ചോദിക്കുവാന്‍ നാം മറക്കാതിരിക്കുക.

അനുഗ്രഹം പങ്കുവെക്കുമ്പോള്‍ കേള്‍ക്കുന്നവരില്‍ അസൂയപ്പെടുന്നവരും ഉണ്ടാകാം. അതിനാല്‍ എല്ലാം മറ്റുള്ളവരുമായി തുറന്ന് പങ്കുവെക്കുന്നതും ശ്രദ്ധിക്കണമെന്നതാണ് നാം മനസ്സിലാക്കേണ്ടത്. പിശാചിന്റെ കുതന്ത്രങ്ങളെ പറ്റി നാം സദാ ബോധവാന്മാരായിരിക്കണം. 

യൂസുഫ്(അ)നോട് പിതാവ് സ്വപ്‌ന വിവരം സഹോദരങ്ങളോട് പങ്കുവെക്കരുതെന്ന് പറഞ്ഞതിന് ശേഷം ഇപ്രകാരം പറയുകയുണ്ടായി:

”അപ്രകാരം നിന്റെ രക്ഷിതാവ് നിന്നെ തെരഞ്ഞെടുക്കുകയും സ്വപ്‌ന വാര്‍ത്തകളുടെ വ്യാഖ്യാനത്തില്‍ നിന്ന് നിനക്കവന്‍ പഠിപ്പിച്ചുതരികയും നിന്റെമേലും യഅ്ക്വൂബ് കുടുംബത്തിന്റെ മേലും അവന്റെ അനുഗ്രഹങ്ങള്‍ അവന്‍ നിറവേറ്റുകയും ചെയ്യുന്നതാണ്. മുമ്പ് നിന്റെ രണ്ട് പിതാക്കളായ ഇബ്‌റാഹീമിന്റെയും ഇസ്ഹാക്വിന്റെയും കാര്യത്തില്‍ അതവന്‍ നിറവേറ്റിയത് പോലെത്തന്നെ. തീര്‍ച്ചയായും നിന്റെ രക്ഷിതാവ് സര്‍വജ്ഞനും യുക്തിമാനുമാകുന്നു” (12:6).

യുസുഫ്(അ)ന്റെ ജീവതത്തിലെ പല പരീക്ഷണങ്ങളിലേക്കും പ്രവേശിക്കുന്നതിന് മുന്നോടിയായി അല്ലാഹു നമ്മെ അറിയിക്കുന്ന കാര്യം നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതാകുന്നു.

”തീര്‍ച്ചയായും യൂസുഫിലും അദ്ദേഹത്തിന്റെ സഹോദരന്‍മാരിലും ചോദിച്ച് മനസ്സിലാക്കുന്നവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്” (12:7).

യൂസുഫ്(അ)ന്റെ സഹോദരങ്ങളുടെ മനസ്സില്‍, ഒരിക്കലും ഉണ്ടാകുവാന്‍ പാടില്ലാത്ത ചില ചിന്തകള്‍ കടന്നുവന്നു. അത് കാരണണം അവര്‍ യൂസുഫിനെതില്‍ ചില തന്ത്രങ്ങള്‍ പ്രയോഗിക്കുവാന്‍ ശ്രമം നടത്തി നോക്കി. അവര്‍ക്ക് അതില്‍ വിജയം കണ്ടുവെന്ന് തല്‍ക്കാലം തോന്നിയെങ്കിലും വലിയ പരാജയമാണ് അത് അവരില്‍ ഉണ്ടാക്കിയത്.

യൂസുഫ്(അ)നെതിരില്‍ അരുതാത്ത ചിന്ത വരുവാനുണ്ടായ കാരണം എന്തായിരുന്നുവെന്നത് അവരുടെ വാക്കുകളില്‍ നിന്ന് തന്നെ നമുക്ക് മനസ്സിലാക്കാം.

”യൂസുഫും അവന്റെ സഹോദരനുമാണ് നമ്മുടെ പിതാവിന് നമ്മളെക്കാള്‍ ഇഷ്ടപ്പെട്ടവര്‍. നമ്മളാകട്ടെ ഒരു (പ്രബലമായ) സംഘമാണ് താനും. തീര്‍ച്ചയായും നമ്മുടെ പിതാവ് വ്യക്തമായ വഴിപിഴവില്‍ തന്നെയാണ്. നിങ്ങള്‍ യൂസുഫിനെ കൊന്നുകളയുക. അല്ലെങ്കില്‍ വല്ല ഭൂപ്രദേശത്തും അവനെ (കൊണ്ടുപോയി) ഇട്ടേക്കുക. എങ്കില്‍ നിങ്ങളുടെ പിതാവിന്റെ മുഖം നിങ്ങള്‍ക്ക് ഒഴിഞ്ഞ് കിട്ടും. അതിന് ശേഷം നിങ്ങള്‍ക്ക് നല്ല ആളുകളായികഴിയുകയും ചെയ്യാം. എന്ന് അവര്‍ പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമത്രെ)” (12:8,9).

ഉപ്പാക്ക് ആദ്യം ഉണ്ടായ നമ്മളെ അത്ര ഇഷ്ടമല്ല; ഇളയ മക്കളോടാണ് പിരിശം. അവരോടാണ് സ്‌നേഹം. കരുത്തരായ, ഉപ്പാക്ക് എല്ലാവിധ സഹായം ചെയ്യുന്നതിനും കരുത്തരായ നമ്മളെ വേണം. എന്നാലോ, യൂസുഫിനെയും ബിന്‍യാമീനെയുമാണ് നമ്മളെക്കാള്‍ ഏറെ പ്രിയവും. മാത്രവുമല്ല, അവര്‍ അവരുടെ പിതാവിനെ കുറിച്ച് ഇപ്രകാരം കൂടി പറഞ്ഞു: ‘തീര്‍ച്ചയായും നമ്മുടെ പിതാവ് വ്യക്തമായ വഴിപിഴവില്‍ തന്നെയാണ്.’ 

ഉപ്പ നമുക്കിടയില്‍ ഉച്ഛനീചത്തവും അനീതിയും കാണിക്കുന്നുവെന്ന ചിന്ത അവരുടെ മനസ്സില്‍ പിശാച് ഇട്ടു കൊടുത്തു. ഉപ്പ ഇവരുടെ ജനനത്തിന് മുമ്പ് നമുക്ക് നല്‍കിയ സ്‌നേഹവും ലാളനയും തിരികെ ലഭിക്കണമെങ്കില്‍ നമുക്ക് മുന്നില്‍ ഒരു പോംവഴിയേ കാണുന്നുള്ളൂ. ചെറിയ പുത്രന്‍ യൂസുഫിനെ കൊന്നുകളയുക. അല്ലെങ്കല്‍ എവിടെയെങ്കിലും കൊണ്ടു പോയി തള്ളുക. ഉപ്പാക്ക് മക്കളായി നാം മാത്രമാകുമ്പോള്‍ ഉപ്പാന്റെ സ്‌നേഹവും പരിഗണനയും നമുക്ക് ഉണ്ടാകും എന്നെല്ലാം അവര്‍ ഗൂഢാലോചന ചെയ്തു.

യഅ്ക്വൂബ്(അ) മക്കള്‍ക്കിടയില്‍ പക്ഷപാതിത്തമോ അനീതിയോ കാണിച്ചിട്ടില്ല. ഒരു പ്രാവാചകന്‍ കൂടിയായ അദ്ദേഹം ഒരിക്കലും അപ്രകാരം ചെയ്യുമെന്ന് നമുക്ക് വിശ്വസിക്കുവാനും പാടില്ല. പിന്നെ വലിയ മക്കളില്‍ എങ്ങനെ ഈ ചിന്ത കടന്നുവന്നു?  ഇന്നും മുതിര്‍ന്ന മക്കളില്‍ ചെറിയ മക്കളാല്‍ പിതാവിനെ കുറിച്ച് ഇത്തരം ചിന്തകള്‍ ഉണ്ടാകാറുണ്ട്. മുതിര്‍ന്ന മക്കള്‍ മാതാപിതാക്കളോട് പല സന്ദര്‍ഭത്തിലും ഇതൊരു പരാതിയായി അവതരിപ്പിക്കുകയും ചെയ്യുന്നത് നാം കേള്‍ക്കാറുണ്ടല്ലോ. വാസ്തവത്തില്‍ ഉപ്പാക്കും ഉമ്മാക്കും അങ്ങനെ ഒരു വേര്‍തിരിവ് ഉണ്ടാകുമോ? ഉണ്ടാകാന്‍ പാടില്ലല്ലോ. നാം ഒന്ന് ചിന്തിച്ചു നോക്കൂ… നാം ചെറുതായിരുന്നപ്പോഴും മാതാപിതാക്കളുടെ കഴിവിനും ആരോഗ്യത്തിനും അനുസരിച്ച് ഒത്തിരി നമ്മെ ലാളിക്കുകയും കളിപ്പിക്കുയും സ്‌നേഹിച്ചവരുമാണ്. പ്രത്യേകിച്ച് മാതാപിതാക്കള്‍ക്കുണ്ടാകുന്ന ആദ്യ കുട്ടി. ആദ്യ കുട്ടിയെ നിലത്ത് വെക്കാതെ കൊഞ്ചിച്ചും തോളിലേറ്റിയും സ്‌നേഹിച്ച് വളര്‍ത്തും. ആ സ്‌നേഹം പിന്നീടുള്ളവര്‍ക്ക് കിട്ടുമോ? എന്നാല്‍ മാതാപിതാക്കള്‍ മക്കള്‍ക്കിടയില്‍ പക്ഷപാതിത്തം കാണിക്കുന്നുവെന്ന ആദ്യ പരാതിയുടെ വെടി പൊട്ടിക്കല്‍ ആദ്യത്തെ സന്താനവുമാകും! ഇത് പിശാച് കുടുംബത്തില്‍ കലഹം സൃഷ്ടിക്കുന്നതിനായി ഉണ്ടാക്കുന്ന അസൂയ എന്ന രോഗമാണ്. 

മാതാപിതാക്കള്‍ക്ക് മക്കളോടുള്ള സ്‌നേഹത്തിന്റെ ആഴം അറിയാന്‍ താഴെയുള്ള ചെറു വിവരണം വായിക്കുക:

ഒരു സ്ത്രീ ചോദിക്കപ്പെട്ടു: ‘മക്കളില്‍ നിനക്ക് ഏറ്റവും പ്രിയം ആരോടാണ്?’ അവള്‍ പറഞ്ഞു: ‘രോഗി(യായ കുട്ടിയെ) അവന്‍ സുഖം പ്രാപിക്കുന്നത് വരെയും യാത്ര പോയ(കുട്ടിയെ)വനെ അവന്‍ തിരിച്ചുവരുന്നത് വരെയും ചെറിയ കുട്ടിയെ അവന്‍ വലുതാകുന്നത് വരെയും.’ 

അഥവാ മാതാപിതാക്കള്‍ക്ക് എത്ര മക്കളുണ്ടെങ്കിലും ശരി, അവരില്‍ ആര്‍ക്കാണോ അസുഖം പിടിപെട്ടത്; അവന്റെ രോഗം സുഖമാകുന്നത് വരെ അവനോടായിരിക്കും മാതാപിതാക്കള്‍ക്ക് സ്‌നേഹവും ശ്രദ്ധയും. മക്കളില്‍ ആരെങ്കിലും സ്ഥലത്തില്ല; എവിടെയോ പോയതാണെന്ന് സങ്കല്‍പിക്കുക. ആ കുട്ടി തിരികെ വരുന്നത് വരെ മാതാപിതാക്കളുടെ ചെവിയില്‍ ആ കുട്ടി വന്ന് വിളിക്കുന്ന ശബ്ദം തിരയടിക്കുകയാകും. ചെറിയ കുട്ടി വലുതാകുന്നത് വരെ അവനിലായിരിക്കും ശ്രദ്ധ. കാരണം, ആ പ്രായത്തില്‍ അവന് ലാളനയും ലഭിക്കല്‍ അനിവാര്യമാണ്. 

(തുടരും)

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

യഅ്ക്വൂബ് നബി (അ)

യഅ്ക്വൂബ് നബി (അ)

ഇബ്‌റാഹീം നബി(അ)യുടെ രണ്ടാമത്തെ പുത്രനായ ഇസ്ഹാക്വ്(അ)ന്റെ പുത്രനാണ് യഅ്ക്വൂബ്(അ). വന്ധ്യയായ സാറ്യക്ക് ഇസ്ഹാക്വ് പിറക്കുമെന്നും ഇസ്ഹാക്വിന്റെ പിന്‍ഗാമിയായി യഅ്ക്വൂബ് പിറക്കുമെന്നും ഇബ്‌റാഹീം നബി(അ)ക്ക് മലക്കുകള്‍ സന്തോഷ വാര്‍ത്ത നല്‍കിയിരുന്നു.

”അദ്ദേഹത്തിന്റെ (ഇബ്‌റാഹീം നബി(അ)യുടെ) ഭാര്യ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ ചിരിച്ചു. അപ്പോള്‍ അവര്‍ക്ക് ഇസ്ഹാക്വിനെപ്പറ്റിയും ഇസ്ഹാക്വിന്റെ പിന്നാലെ യഅ്ക്വൂബിനെപ്പറ്റിയും സന്തോഷവാര്‍ത്ത അറിയിച്ചു” (ക്വുര്‍ആന്‍ 11:71).

യഅ്ക്വൂബ് നബി(അ) ജീവിച്ചിരുന്നത് ഫലസ്ത്വീനിലായിരുന്നു. ഇസ്‌റാഈല്‍ എന്ന മറ്റൊരു നാമം കൂടി അദ്ദേഹത്തിനുണ്ടായിരുന്നു എന്നത് ക്വുര്‍ആന്‍ മുഖേന സ്ഥിരപ്പെട്ടതാണ്. 

യഅ്ക്വൂബ് നബി(അ)ക്ക് പന്ത്രണ്ട് സന്താനങ്ങളാണ് ഉണ്ടായിരുന്നത്. ഈ പന്ത്രണ്ട് പേരും പിന്നീട് വന്ന സന്താന പരമ്പരകളും അടക്കം ഉള്ള സമൂഹത്തെയാണ്  ‘ഇസ്‌റാഈല്‍ സന്തതികള്‍’ എന്ന് വിളിക്കുന്നത്. 

ക്വുര്‍ആനില്‍ ധാരാളം സ്ഥലങ്ങളില്‍ ‘ബനീ ഇസ്‌റാഈല്‍’ (ഇസ്‌റാഈല്‍ സന്തതികള്‍) എന്ന് പ്രയോഗിക്കപ്പെട്ടതായി കാണാം. സഹസ്രാബ്ദങ്ങളിലൂടെ കടന്നുവന്ന ഈ ജനവിഭാഗത്തില്‍ ധാരാളം പ്രവാചകന്മാരെ അല്ലാഹു നിയോഗിച്ചിരുന്നു. 

യഅ്ക്വൂബ്(അ)ന്റെ പ്രബോധന ചരിത്രത്തെയോ പ്രബോധിത സമൂഹങ്ങളുടെ സ്വഭാവത്തെയോ ക്വുര്‍ആന്‍ വിവരിച്ച് കാണുന്നില്ല. കുറെ കാലം ജീവിച്ച, ധാരാളം പ്രവാചകന്മാരുടെ പ്രപിതാവായ യഅ്ക്വൂബ്(അ) തന്റെ കുടുംബത്തിലും സമൂഹത്തിലും തൗഹീദ് ഭദ്രമാക്കുന്നതില്‍ ഏറെ ശ്രദ്ധ പതിപ്പിച്ചിരുന്നുവെന്ന് നമുക്ക് വ്യക്താമാക്കിത്തരുന്ന ക്വുര്‍ആന്‍ സൂക്തങ്ങള്‍ കാണാവുന്നതാണ്.

കുടുംബത്തെ തൗഹീദിന്റെ മാര്‍ഗത്തില്‍ ഉറപ്പിച്ചു നിര്‍ത്തുന്ന കാര്യത്തില്‍ അദ്ദേഹം എത്രമാത്രം ശ്രദ്ധ ചെലുത്തിയിരുന്നു എന്നത് അദ്ദേഹത്തിന്റെ വഫാത്തിന്റെ സമയത്ത് മക്കള്‍ക്ക് നല്‍കിയ ഉപദേശനമുക്ക് വ്യക്തമാക്കി തരുന്നുണ്ട്.

”ഇബ്‌റാഹീമും യഅ്ക്വൂബും അവരുടെ സന്തതികളോട് ഇത് (കീഴ്‌വണക്കം) ഉപദേശിക്കുക കൂടി ചെയ്തു. എന്റെ മക്കളേ, അല്ലാഹു നിങ്ങള്‍ക്ക് ഈ മതത്തെ വിശിഷ്ടമായി തെരഞ്ഞെടുത്തിരിക്കുന്നു. അതിനാല്‍ അല്ലാഹുവിന്ന് കീഴ്‌പെടുന്നവരായി(മുസ്‌ലിംകളായി)ക്കൊണ്ടല്ലാതെ നിങ്ങള്‍ മരിക്കാനിടയാകരുത്. (ഇങ്ങനെയാണ് അവര്‍ ഓരോരുത്തരും ഉപദേശിച്ചത്)” (ക്വുര്‍ആന്‍ 2:132).

”എനിക്ക് ശേഷം ഏതൊരു ദൈവത്തെയാണ് നിങ്ങള്‍ ആരാധിക്കുക എന്ന് യഅ്ക്വൂബ് മരണം ആസന്നമായ സന്ദര്‍ഭത്തില്‍ തന്റെ സന്തതികളോട് ചോദിച്ചപ്പോള്‍ നിങ്ങളവിടെ സന്നിഹിതരായിരുന്നോ?   അവര്‍ പറഞ്ഞു: താങ്കളുടെ ആരാധ്യനായ, താങ്കളുടെ പിതാക്കളായ ഇബ്‌റാഹീമിന്റെയും ഇസ്മാഈലിന്റെയും ഇസ്ഹാക്വിന്റെയും ആരാധ്യനായ ഏകദൈവത്തെ മാത്രം ഞങ്ങള്‍ ആരാധിക്കും. ഞങ്ങള്‍ അവന്ന് കീഴ്‌പെട്ട് ജീവിക്കുന്നവരുമായിരിക്കും” (ക്വുര്‍ആന്‍ 2:133).

യഅ്ക്വൂബ്(അ) മക്കളോട് അല്ലാഹുവിന്റെ ദീന്‍ മുറുകെ പിടിച്ച് ജീവിക്കേണ്ടുന്നതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിക്കൊടുക്കുകയാണ്. ജീവിതം ഇസ്‌ലാമികമായാലാണല്ലോ മരണവും ഇസ്‌ലാമികമാവുക. മുസ്‌ലിമായി മരിക്കുവാന്‍ മക്കളെ അദ്ദേഹം പ്രത്യേകം അനുശാസിക്കുന്നത് ശ്രദ്ധിക്കുക.

ശുദ്ധമായ തൗഹീദിന്റെ മാര്‍ഗത്തില്‍ ജീവിതം നയിക്കുന്നവര്‍ക്കേ തങ്ങളുടെ മരണവേളയിലും മക്കള്‍ക്ക് പരലോകത്തിന്റെ കാര്യത്തില്‍ വസ്വിയ്യത്ത് നല്‍കാന്‍ സാധിക്കുകയുള്ളൂ. ‘എനിക്ക് ശേഷം ഏതൊരു ദൈവത്തെയാണ് നിങ്ങള്‍ ആരാധിക്കുക’ എന്ന ചോദ്യം അതാണ് നമ്മെ അറിയിക്കുന്നത്. അതിന് മക്കള്‍ നല്‍കിയ മറുപടിയാകട്ടെ ആ പിതാവിന്റെ മനം കുളിര്‍ക്കുന്നതും! 

യഅ്ക്വൂബ്(അ)ന്റെ മക്കള്‍ അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നവരൊന്നും അല്ലായിരുന്നു. എന്നിരുന്നാലും മനസ്സിന് സമാധാനവും ഉറപ്പും ലഭിക്കുന്നതിനും മക്കളുടെ മുന്നോട്ടുള്ള ജീവിതം ഇതുവരെ പുലര്‍ത്തിപ്പോന്ന ആദര്‍ശത്തില്‍ തന്നെയായിരിക്കാനുള്ള ഓര്‍മപ്പെടുത്തലുമാണ് യഅ്ക്വൂബ് നബി(അ)യുടെ വാക്കുകളില്‍ നിഴലിക്കുന്നത്. 

യഅ്ക്വൂബ്(അ)ന്റെ ചരിത്രത്തിലെ പല ഭാഗങ്ങളും പുത്രന്‍ യൂസുഫ്(അ)ന്റെ ചരിത്ര വിവരണത്തില്‍ വരുന്നതിനാല്‍ ബാക്കി കാര്യങ്ങള്‍ അതില്‍ വിവരിക്കാം. (ഇന്‍ശാ അല്ലാഹ്).

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

അയ്യൂബ് നബി (അ)

അയ്യൂബ് നബി (അ)

ക്ഷമയുടെയും സഹനത്തിന്റെയും പര്യായമായി അറിയപ്പെടുന്ന മഹാനായ പ്രവാചകനാണ് അയ്യൂബ്(അ). ഇബ്‌റാഹീം നബി(അ)യുടെ സന്താന പരമ്പരയിലാണ് അയ്യൂബ്(അ) വരുന്നത്. ഇബ്‌റാഹീം നബി(അ)യുടെ മകന്‍ ഇസ്ഹാക്വ്(അ)യുടെ മകന്‍ ഈസ്വ് എന്ന ആളുടെ മകനായാണ് അയ്യൂബ്(അ) ചരിത്രത്തില്‍ അറിയപ്പെടുന്നത്. ഇബ്‌റാഹീം നബി(അ)യുടെ സന്താന പരമ്പരയിലാണ് അയ്യൂബ്(അ) വരുന്നതെന്നതിന് താഴെ വരുന്ന സൂക്തം തെളിവാകുന്നു:

”അദ്ദേഹത്തിന്റെ സന്താനങ്ങളില്‍ നിന്ന് ദാവൂദിനെയും സുലൈമാനെയും അയ്യൂബിനെയും യൂസുഫിനെയും മൂസായെയും ഹാറൂനെയും (നാം നേര്‍വഴിയിലാക്കി). അപ്രകാരം സദ്‌വൃത്തര്‍ക്ക് നാം പ്രതിഫലം നല്‍കുന്നു” (ക്വുര്‍ആന്‍ 6:84).

അയ്യൂബ് നബി(അ)യുടെ പേര് വിശുദ്ധ ക്വുര്‍ആനില്‍ നാല് സ്ഥലങ്ങളില്‍ പരാമര്‍ശിക്കുന്നത് നമുക്ക് കാണാം. അയ്യൂബ്(അ) ഏത് ജനതയിലായിരുന്നുവെന്നോ, അദ്ദേഹം നടത്തിയ പ്രബോധന പ്രവര്‍ത്തനങ്ങളെ പറ്റിയോ വിശുദ്ധ ക്വുര്‍ആനിലോ സ്വഹീഹായ നബി വചനങ്ങളിലോ വന്നതായി കാണുന്നില്ല.

അന്ത്യനാള്‍ വരെയുള്ള മുഴുവന്‍ മനുഷ്യര്‍ക്കും ജീവിതത്തില്‍ അനുഭവിക്കുന്ന വ്യത്യസ്തങ്ങളായ പരീക്ഷണങ്ങളില്‍ എങ്ങനെ സഹനം കൈകൊള്ളണം എന്നതിനുള്ള മഹനീയ ഉദാഹരണമാണ് അയ്യൂബ്(അ)ന്റെ ചരിത്രത്തിലുള്ളത്.

കാലി സമ്പത്തടക്കമുള്ള വ്യത്യസ്ത രീതിയിലുള്ള വലിയ സമ്പത്തിന്റെ ഉടമയായിരുന്നു അയ്യൂബ്(അ). ആരോഗ്യവും സൗന്ദര്യവുമുള്ള ധാരാളം മക്കള്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നു; ധാരാളം ബന്ധുക്കളും കുടുംബങ്ങളും ഉണ്ടായിരുന്നു.

അല്ലാഹു ഏറ്റവും കൂടുതല്‍ ഒരാളെ ഇഷ്ടപ്പെട്ടാല്‍ അവരെ നന്നായി പരീക്ഷിക്കും. അയ്യൂബ് നബി(അ)യെ അല്ലാഹു നന്നായി പരീക്ഷിച്ചു. സമ്പത്ത് പതിയെ പതിയെ ഇല്ലാതെയായി. അങ്ങനെ സാമ്പത്തിക മേഖലയില്‍ കടുത്ത പരീക്ഷണത്തിന് അല്ലാഹു അദ്ദേഹത്തെ വിധേയനാക്കി. തുടര്‍ന്ന് പരമ ദരിദ്രനായി അദ്ദേഹം മാറി.

ചുറുചുറുക്കുള്ള, ആരോഗ്യമുള്ള മക്കള്‍ ഓരോന്നായി മരണപ്പെട്ട് പോയി. അങ്ങനെ മക്കളുടെയും വേണ്ടപ്പെട്ടവരുടെയും മരണം മുഖേനയും അയ്യൂബ്(അ) പരീക്ഷിക്കപ്പെട്ടു. അതിലും അവസാനിച്ചില്ല. ആരോഗ്യമുള്ള അയ്യൂബ്(അ) തന്നെ രോഗങ്ങളുടെ പിടിയിലായി. കഠിനമായ രോഗം മുഖേനയും ദാരിദ്ര്യം മുഖേനയും വേണ്ടപ്പെട്ടവരുടെ മരണം മുഖേനയും അല്ലാഹുവിന്റെ കടുത്ത പരീക്ഷണത്തിന് വിധേയനായപ്പോഴും അല്ലാഹുവിനോട് അവിടുന്ന് ഒരു പരാതിയും ബോധിപ്പിച്ചില്ലെന്ന അതിശ്രേഷ്ഠമായ സ്വഭാവ ഗുണത്തെയാണ് ക്വുര്‍ആന്‍ മനുഷ്യരുടെ മുന്നില്‍ അനാവരണം ചെയ്യുന്നത്.

പരീക്ഷണം മനുഷ്യന്റെ കൂടെപിറപ്പാണല്ലോ. ഒരാളും പരീക്ഷണങ്ങളില്‍ നിന്ന് മുക്തരാവില്ല. എല്ലാവരെയും വിവിധങ്ങളായ രീതിയില്‍ പരീക്ഷിച്ചു കൊണ്ടേയിരിക്കുമെന്നും അത്തരം സന്ദര്‍ഭങ്ങളില്‍ അല്ലാഹുവിന്റെ യഥാര്‍ഥ അടിമ എന്ത് സമീപനമാണ് ആ പരീക്ഷണങ്ങളോട് സ്വീകരിക്കേണ്ടതെന്നെല്ലാം ക്വുര്‍ആന്‍ തന്നെ വ്യക്തമാക്കിയതാണ്:

”കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക. തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ (ആ ക്ഷമാശീലര്‍) പറയുന്നത്; ഞങ്ങള്‍ അല്ലാഹുവിന്റെഅധീനത്തിലാണ്. അവങ്കലേക്ക് തന്നെ മടങ്ങേണ്ടവരുമാണ് എന്നായിരിക്കും. അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്. അവരത്രെ സന്‍മാര്‍ഗം പ്രാപിച്ചവര്‍” (ക്വുര്‍ആന്‍ 2:155-157).

ആയത്തില്‍ പറഞ്ഞ പ്രകാരം എല്ലാ വിധത്തിലുള്ള പരീക്ഷത്തിനും അദ്ദേഹം വിധേയനായപ്പോഴും അദ്ദേഹം അല്ലാഹുവിനോട് നിരാശ ബോധിപ്പിച്ചില്ല. മറിച്ച് അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിച്ച്, ക്ഷമിച്ചും പ്രാര്‍ഥിച്ചും മുന്നോട്ടു പോയി. ക്വുര്‍ആന്‍ ആ കാര്യം പറയുന്നത് നോക്കൂ:

”അയ്യൂബിനെയും (ഓര്‍ക്കുക). തന്റെ രക്ഷിതാവിനെ വിളിച്ച് കൊണ്ട് അദ്ദേഹം ഇപ്രകാരം പ്രാര്‍ഥിച്ച സന്ദര്‍ഭം: എനിക്കിതാ കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു. നീ കാരുണികരില്‍ വെച്ച് ഏറ്റവും കരുണയുള്ളവനാണല്ലോ. അപ്പോള്‍ അദ്ദേഹത്തിന് നാം ഉത്തരം നല്‍കുകയും, അദ്ദേഹത്തിന് നേരിട്ട കഷ്ടപ്പാട് നാം അകറ്റിക്കളയുകയും ചെയ്തു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും അവരോടൊപ്പം അവരുടെ അത്രയും പേരെ വേറെയും നാം അദ്ദേഹത്തിന് നല്‍കുകയും ചെയ്തു. നമ്മുടെ പക്കല്‍ നിന്നുള്ള ഒരു കാരുണ്യവും ആരാധനാനിരതരായിട്ടുള്ളവര്‍ക്ക് ഒരു സ്മരണയുമാണത്” (ക്വുര്‍ആന്‍ 21:83,84).

”നമ്മുടെ ദാസനായ അയ്യൂബിനെ ഓര്‍മിക്കുക. പിശാച് എനിക്ക് അവശതയും പീഡനവും ഏല്‍പിച്ചിരിക്കുന്നു എന്ന് തന്റെ രക്ഷിതാവിനെ വിളിച്ച് അദ്ദേഹം പറഞ്ഞ സന്ദര്‍ഭം…” (ക്വുര്‍ആന്‍ 38:414-4).

പരീക്ഷണങ്ങളുടെ ചങ്ങലകള്‍ അദ്ദേഹത്തിന്റെ ജീവിതത്തെ വരിഞ്ഞു മുറുക്കിയിട്ടും അദ്ദേഹത്തെ പതര്‍ച്ചയോ നിരാശയോ പിടികൂടിയില്ല; അല്ലാഹുവിനോട് പ്രാര്‍ഥിക്കുക മാത്രമാണ് ചെയ്തത്. പരീക്ഷണങ്ങളില്‍ അക്ഷമരായി ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് അയ്യൂബ് നബി(അ)യുടെ ജീവിതം വലിയ പാഠമാണ്.

കുറെ കാലം പരീക്ഷിക്കപ്പെട്ട അയ്യൂബ്(അ) അല്ലാഹുവിനോട് നിരന്തരം പ്രാര്‍ഥിച്ചതിന്റെ ഫലമായി അല്ലാഹു ഉത്തരം ചെയ്തു. അദ്ദേഹത്തെ ബാധിച്ച പ്രയാസം അല്ലാഹു നീക്കി. പകരം ധാരാളം അനുഗ്രഹങ്ങള്‍ നല്‍കുകയും ചെയ്തു.

അയ്യൂബ്(അ)ന് ബാധിച്ച രോഗത്തെ സംബന്ധിച്ച് പലരും പലതും എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഒരു പ്രവാചകനിലേക്ക് ചേര്‍ത്തിപ്പറയുവാന്‍ പാടില്ലാത്തത് വരെ അതിലുണ്ടെന്നതും ഗൗരവത്തില്‍ നാം അറിയേണ്ടതുണ്ട്.

അയ്യൂബ്(അ)ന്റെ ശരീരത്തില്‍ മുറിവ് വന്ന് പഴുത്ത് അതിലൂടെ പുഴുക്കള്‍ അരിച്ചിറങ്ങി. അല്ലാഹുവിനെ സ്മരിക്കുന്ന നാവിനും ഹൃദയത്തിനും മസ്തിഷ്‌കത്തിനും ഒഴികെ മാരകമായ രോഗം പിടിപെട്ട് അടുപ്പമുള്ളവരെല്ലാം അദ്ദേഹത്തില്‍ നിന്നും ഒഴിഞ്ഞു മാറി എന്നെല്ലാം വിവരിച്ചവരുണ്ട്. ശരീരത്തിലെ മുറിവിലൂടെ പുറത്തേക്ക് പുഴുക്കള്‍ ചാടിയെന്നും, അവയെ അവിടുന്ന് എടുത്ത് ആ മുറിവിലേക്ക് തന്നെ വെച്ചുവെന്നും നിറം പിടിപ്പിച്ച കഥകള്‍ പറഞ്ഞവരുണ്ട്. മുറിവ് ബാധിച്ച് ശരീരം ചീഞ്ഞളിഞ്ഞ്, പൊട്ടിയൊലിച്ച് ദുര്‍ഗന്ധം വന്നതിനാല്‍, ആ മണം സഹിക്കാന്‍ സാധിക്കാത്തതിനാല്‍ ആളുകള്‍ അദ്ദേഹത്തെ മാലിന്യ കൂമ്പാരമുള്ള സ്ഥലത്ത് കൊണ്ടു പോയി ഇട്ടുവെന്നും ചിലര്‍ പറഞ്ഞിട്ടുണ്ട്. എല്ലുകളും ഞരമ്പുകളും ഒഴികെ മാംസമെല്ലാം കൊഴിഞ്ഞു വീണു എന്ന് വരെ പറഞ്ഞവരും ഉണ്ട്!

ഇതെല്ലാം അടിസ്ഥാന രഹിതങ്ങളായ വ്യാഖ്യാനങ്ങളാണ്. പ്രാമാണികമായി തെളിയിക്കപ്പെടാത്ത ജല്‍പനങ്ങളാണ്. ജനങ്ങള്‍ തന്നില്‍ നിന്ന് അകലാന്‍ കാരണമാകുന്ന ദുര്‍ഗന്ധം വമിക്കുന്ന അസുഖം ഒരു പ്രവാചകന് അല്ലാഹു നല്‍കില്ല.

അദ്ദേഹത്തിന് അല്ലാഹു നല്‍കിയ രോഗം കഠിനമായിരുന്നുവെന്നും കുറെ കാലം അത് നിലനിന്നിരുന്നുവെന്നതും സത്യമാണ്. എന്നാല്‍ ഇസ്‌റാഈലീ കഥകളിലെല്ലാം കാണുന്നത് പോലെയുള്ള ഇത്തരം അതിരുവിട്ട, പ്രമാണത്തിന്റെ പിന്‍ബലമില്ലാത്ത വ്യാജ കഥകളുടെ പുറകെ പോകാന്‍ നാം കല്‍പിക്കപ്പെട്ടിട്ടില്ല. ക്വുര്‍ആനിനും സുന്നത്തിനും എതിരായിട്ടുള്ള വ്യാഖ്യാനങ്ങള്‍ എവിടെ കണ്ടാലും സ്വീകരിക്കുവാന്‍ നമുക്ക് യാതൊരു ന്യായവും കാണുന്നില്ല.

ഈ വിഷയത്തില്‍ ഏറ്റവും നല്ല ഒരു അഭിപ്രായം പറഞ്ഞിട്ടുള്ള മഹാനായ പണ്ഡിതനാണ് ക്വാദ്വീ അബൂബക്ര്‍(റഹി). അദ്ദേഹം പറയുന്നു:

”അയ്യൂബ്(അ)ന്റെ കാര്യത്തില്‍ അല്ലാഹു അവന്റെ കിതാബിലെ രണ്ട് ആയത്തുകൡലൂടെ നമ്മെ അറിയിച്ചതല്ലാതെ (മറ്റൊന്നും) ശരിയായി വന്നിട്ടില്ല. (മുകളില്‍ നാം പറഞ്ഞിട്ടുള്ള ആ രണ്ട് വചനങ്ങളാണ് ഇവിടെ ഉദ്ദേശിച്ചിട്ടുള്ളത്). തുടര്‍ന്ന് അദ്ദേഹം പറയുന്നു: ഇതാകുന്നു അയ്യൂബ്(അ)നെ തൊട്ട് വന്നിട്ടുള്ളതില്‍ സ്വീകാര്യമായിട്ടുള്ളത്. ‘അയ്യൂബ്(അ) കുളിച്ചുകൊണ്ടിരിക്കവെ വെട്ടുകിളികളില്‍ ഒരു കൂട്ടം കുറെ സ്വര്‍ണം കൊണ്ടു വന്ന് ഇട്ടപ്പോള്‍ അദ്ദേഹം അത് ശേഖരിക്കുവാന്‍ ഒരുങ്ങി. അല്ലാഹു ചോദിച്ചു: അയ്യൂബേ, നിനക്ക് നാം കുറെ സമ്പത്ത് തന്നിട്ടില്ലയോ. അദ്ദേഹം പറഞ്ഞു: അതെ, എന്നാലും ഹലാലായ മാര്‍ഗത്തിലൂടെ നീ എനിക്ക് നല്‍കിയപ്പോള്‍ ആ അനുഗ്രഹം നേടാനാണ് ഞാന്‍ കൊതിച്ചത്’ എന്ന് ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്തതൊഴികെ വേറെ ഒരു അക്ഷരവും അയ്യൂബ്(അ)നെ സംബന്ധിച്ച് നബി(സ്വ)യില്‍ നിന്നും സ്വഹീഹായി ഉദ്ധരിക്കപ്പെട്ടിട്ടില്ല. ക്വുര്‍ആനിലും സുന്നത്തിലും പറഞ്ഞതൊഴികെ യാതൊന്നും സ്വഹീഹായി അയ്യൂബ്(അ)യെ സംബന്ധിച്ച് വന്നിട്ടില്ല…”

മുന്‍ വേദഗ്രന്ഥങ്ങളില്‍ വന്നത് ക്വുര്‍ആനിനോടും സുന്നത്തിനോടും യോജിക്കുന്ന വിധത്തിലാണെങ്കില്‍ നമുക്ക് അത് ശരിയാണെന്ന് അംഗീകരിക്കാം. മുന്‍ വേദഗ്രന്ഥങ്ങളില്‍ വന്നത് ക്വുര്‍ആനിനോടും സുന്നത്തിനോടും യോജിക്കാത്ത വിധത്തിലാണെങ്കില്‍ നമുക്ക് അത് അംഗീകരിക്കാവതല്ല. മുന്‍ വേദഗ്രന്ഥങ്ങളില്‍ വന്നത് ക്വുര്‍ആനിലും സുന്നത്തിലും വരാത്തതും എന്നാല്‍ അത് ക്വുര്‍ആനിന്റെയും സുന്നത്തിന്റെയും പരാമര്‍ശങ്ങളോട് എതിരാകാതിരിക്കുകയും ചെയ്താല്‍ അത് കൊള്ളാനും തള്ളാനും മുതിരാതിരിക്കുകയാണ് വേണ്ടത്.

അയ്യൂബ്(അ)നെ കുറിച്ച് വന്ന മുന്‍ പരാമര്‍ശങ്ങള്‍ ഒരു പ്രവാചകന് യോജിക്കാത്തതാണ്.  രോഗം പിടിപെടുകയെന്നത് സ്വാഭാവികമാണ്. അത് മൂര്‍ച്ഛിച്ചത് കാരണത്താല്‍ എല്ലാവരും ഒഴിവാക്കി ഒരു കുപ്പതൊട്ടിയില്‍ അദ്ദേഹത്തെ മാറ്റി നിര്‍ത്തിയെന്നെല്ലാം പറയുന്നത് ഒരു പ്രവാചകന് യോജിച്ചതല്ല.

മാരകമായ രോഗത്താലുള്ള അല്ലാഹുവിന്റെ പരീക്ഷണത്തില്‍ വിജയിക്കാന്‍ കഴിയുന്നവന്‍ മഹാ ഭാഗ്യവാനാണ്. പലപ്പോഴും മാരകമായ ഒരു രോഗം ഒരാള്‍ക്ക് പിടിപെട്ടു എന്ന വാര്‍ത്ത പെട്ടെന്ന് കേള്‍ക്കുമ്പോള്‍ സന്ദര്‍ശകരുടെയും ആശ്വസിപ്പിക്കുന്നവരുടെയും ശുശ്രൂഷിക്കുന്നവരുടെയും എണ്ണം ആദ്യ നാളുകളില്‍ ധാരാളമുണ്ടാകും. പതുക്കെ പതുക്കെ അത് കുറഞ്ഞു വരും. നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും വരവിനും പോക്കിനും എല്ലാം ഒരു അയവ് വരും. വല്ലപ്പോഴും വന്നെങ്കിലായി. പിന്നീട് കുടുംബക്കാരും ഏറ്റവും അടുത്ത അയല്‍വാസികളും വീട്ടുകാരും മാത്രമായി. പിന്നെ അതും കുറയും. അവസാനം ഇണയോ മക്കളോ മാതാപിതാക്കളോ മാത്രമാകും. ചിലപ്പോള്‍ അവരില്‍നിന്നും മുഷിപ്പിന്റെയും വെറുപ്പിന്റെയും നിവൃത്തികേടിന്റെയും സംസാരം കേള്‍ക്കാനിടയാകും. അതോടെ രോഗിക്ക് ജീവതത്തോട് മടുപ്പ് തോന്നും. ഇതൊക്കെ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്ന കാര്യമാണ്.

നബി(സ്വ) പ്രാര്‍ഥിക്കാറുണ്ടായിരുന്ന ഒരു പ്രാര്‍ഥന കാണുക: ”അല്ലാഹുവേ, ആയുസ്സിന്റെ അങ്ങേ അറ്റത്തിലേക്ക് ഞാന്‍ തള്ളപ്പെടുന്നതില്‍ നിന്നും ഞാന്‍ നിന്നോട് കാവല്‍ തേടുന്നു.”

അയ്യൂബ് നബി(അ)യുട ക്ഷമയെ സംബന്ധിച്ച് അല്ലാഹു പറയുന്നത് കാണുക: ”തീര്‍ച്ചയായും അദ്ദേഹത്തെ നാം ക്ഷമാശീലനായി കണ്ടു. വളരെ നല്ല ദാസന്‍! തീര്‍ച്ചയായും അദ്ദേഹം ഏറെ ഖേദിച്ചുമടങ്ങുന്നവനാകുന്നു” (ക്വുര്‍ആന്‍ 38:44).

അദ്ദേഹം ക്ഷമ കൈക്കൊള്ളുക മാത്രമല്ല ചെയ്തത്; രോഗത്താലുള്ള കടുത്ത പരീക്ഷണത്തില്‍ അല്ലാഹുവിന് ഇഷ്ടപ്പെടാത്ത വല്ലതും തന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ടാകുമോ എന്നോര്‍ത്ത് അല്ലാഹുവിലേക്ക് നിരന്തരം ഖേദിച്ചു മടങ്ങുകയും ചെയ്തു!

ബൈബിളില്‍ അയ്യൂബ്(അ)നെ പരിചയപ്പെടുത്തുന്നത് ഇയ്യോബ് എന്ന പേരിലാണ്. ഇയ്യോബിന്റെ പുസ്തകത്തില്‍ അയ്യൂബ്(അ)നെ കുറിച്ചുള്ള വിവരണത്തില്‍ ചിലതെല്ലാം ക്വുര്‍ആനിന്റെ വിവരണത്തോട് യോജിക്കുന്നവയാണ്. എന്നാല്‍ ക്വുര്‍ആന്‍ വിവരിച്ചതിനോട് തികച്ചും എതിരായിട്ടുള്ള വിവരണം നല്‍കിയതും അതില്‍ കാണാം.

ദൈവത്തിനെതിരെയുള്ള ആവലാതികളുടെയും സ്വന്തം ദുരിതത്തെ ചൊല്ലിയുള്ള നിരന്തര വിലാപത്തിന്റെയും ആളായി അതില്‍ അദ്ദേഹത്തെ പരിചയപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം പല പ്രാവശ്യം  ‘ഞാന്‍ ജനിച്ച ദിവസം നശിക്കട്ടെ; ഞാന്‍ ഗര്‍ഭ പാത്രത്തില്‍ വെച്ച് മരിക്കാത്തതെന്ത്? ഉദരത്തില്‍ നിന്ന് പുറപ്പെട്ടപ്പോള്‍ തന്നെ പ്രാണന്‍ പോകാതിരുന്നതെന്ത്’ എന്നെല്ലാം വിലപിച്ചതായും ബൈബിൡ പറയുന്നുണ്ട്.

‘സര്‍വ ശക്തന്റെ അസ്ത്രങ്ങള്‍ എന്നില്‍ തറച്ചിരിക്കുന്നു. അവയുടെ വിഷം എന്റെ ആത്മാവ് കുടിക്കുന്നു. ദൈവത്തിന്റെ ഘോരത്വങ്ങള്‍ എന്റെ നേരെ അണി നിരന്നിരിക്കുന്നു… ഞാന്‍ പാപം ചെയ്തുവെങ്കില്‍, മനുഷ്യ പാലകനേ, ഞാന്‍ നിനക്കെന്തു ചെയ്യുന്നു? ഞാന്‍ എനിക്കു തന്നെ ഭാരമായിരിക്കത്തക്കവണ്ണം നീ എന്നെ നിനക്ക് ലക്ഷ്യമായി വെച്ചിരിക്കുന്നതെന്ത്? എന്റെ അതിക്രമം നീ ക്ഷമിക്കാതെയും അകൃത്യം മോചിപ്പിക്കാതെയും ഇരിക്കുന്നതെന്ത്?’ എന്നും അദ്ദേഹം ദൈവത്തോട് ചോദിച്ചെന്ന് ബൈബിള്‍ പറയുന്നു.

അദ്ദേഹത്തിന്റെ മൂന്ന് സ്‌നേഹിതന്മാര്‍ വന്ന് അദ്ദേഹത്തെ സമാശ്വസിപ്പിക്കുവാന്‍ കിണഞ്ഞു ശ്രമിക്കുന്നു. പക്ഷേ, അതൊന്നും അദ്ദേഹം തെല്ലും കൂട്ടാക്കുന്നില്ല. അവരുടെ ആശ്വാസ വചനത്തിന് മറുപടി നല്‍കുമ്പോള്‍ അദ്ദേഹം ഇടക്കിടെ ദൈവത്തില്‍ കുറ്റം ആരോപിക്കുകയും അല്ലാഹുവിന്റെ ഈ പ്രവൃത്തിയില്‍ യാതൊരു യുക്തിയും നന്മയുമില്ലെന്നും തന്നെപ്പോലുള്ള ഒരു ഭക്തനോട് കാണിക്കുന്ന അക്രമം മാത്രമാണിതെന്നും അവരെ മനസ്സിലാക്കിക്കൊടുക്കുവാന്‍ തീവ്രമായി ശ്രമിക്കുകയും ചെയ്യുന്നു!

‘ദുഷ്ടന്മാരെ അനുഗ്രഹിക്കുകയും ശിഷ്ടന്മാരെ ശപിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ നിലപാടിനെ’ അദ്ദേഹം നിശിതമായി വിമര്‍ശിക്കുന്നു. താന്‍ ചെയ്ത സുകൃതങ്ങള്‍ ഓരോന്നായി എടുത്തു പറയുന്നു. പിന്നെ അവയ്ക്ക് പകരമായി ദൈവം തനിക്ക് നല്‍കിയിട്ടുള്ള ദുരിതങ്ങള്‍ വിവരിക്കുന്നു.

അനന്തരം, ദൈവത്തിന് വല്ല മറുപടിയുമുണ്ടെങ്കില്‍ ഏതൊരു കുറ്റത്തിന് പ്രതികാരമായിട്ടാണ് എന്നോടിപ്രകാരം ചെയ്യുന്നതെന്ന് പറഞ്ഞു തരട്ടെ എന്നാവശ്യപ്പെടുന്നു. സ്‌നേഹിതന്മാര്‍ അവസാനം അദ്ദേഹത്തോട് മറുപടി പറഞ്ഞിട്ട് കാര്യമില്ലെന്ന് തീരുമാനിക്കുന്നിടത്തോളം ദൈവത്തിനെതിരിലുള്ള അദ്ദേഹത്തിന്റെ വാചാലത അതിരു കടന്നു പോകുന്നു!

അപ്പോള്‍ അവര്‍ക്കു പിന്നില്‍ അതുവരെ മൗനം ദീക്ഷിച്ചിരുന്ന ഒരു നാലാമന്‍ ഇടപെടുന്നു. ഇയ്യോബ് ദൈവത്തെക്കാള്‍ തന്നെത്തന്നെ നീതീകരിച്ചതില്‍ കോപിഷ്ടനായിരുന്നു അയാള്‍. അയാളുടെ പ്രഭാഷണം അവസാനിക്കുന്നതിനു മുമ്പായി ദൈവം തന്നെ ഒരു ചുഴലിക്കാറ്റിലൂടെ അവര്‍ക്കിടയില്‍ സ്വയം സംസാരിച്ച് തന്റെ ചെയ്തികള്‍ നീതീകരിക്കുന്നു.

ഇയ്യോബ് പുസ്തകത്തിലെ ഒന്നും രണ്ടും അധ്യായങ്ങളുടെ സംഗ്രഹം പരിശോധിച്ചാല്‍ മൂന്നാം അധ്യായത്തില്‍ പറഞ്ഞതുമായി യോജിപ്പില്ല.

അവസാനം ദൈവകോപം ഭയന്നിട്ട് (ക്ഷമ കൊണ്ടോ നന്ദികൊണ്ടോ തവക്കുല്‍ കൊണ്ടോ അല്ല) ഇയ്യോബ് ക്ഷമായാചനം ചെയ്യുന്നു. ദൈവം അത് സ്വീകരിച്ച് അദ്ദേഹത്തിന്റെ ദുരിതങ്ങളകറ്റുകയും മുമ്പുണ്ടായിരുന്നതെല്ലാം അദ്ദേഹത്തിന് തിരികെ കൊടുക്കുകയും ചെയ്യുന്നു.

ഈ വിവരണത്തില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്. ഇതിലുള്ള മുഴുവന്‍ വരികളും ദൈവികമല്ല. അഥവാ മനുഷ്യനാല്‍ വിരചിതമായ വരികള്‍ ഇതിലുണ്ട്. അതിലെ പല വരികളും അത് ദൈവത്തിങ്കല്‍ നിന്ന് അവതീര്‍ണമായതല്ലെന്നും അയ്യൂബ്(അ)ന്റെ വാക്കുകളല്ല അതിലുള്ളതെന്നും ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാകും. കാരണം ഒരു പ്രവാചകന്‍ അല്ലാഹുവിനെക്കുറിച്ച് ഇപ്രകാരം പറയില്ലല്ലോ.

അതിനാല്‍ ഏറ്റവും ചൊവ്വായ വിവരണവും മാര്‍ഗദര്‍ശനവും മനുഷ്യര്‍ക്ക് പകര്‍ന്ന് നല്‍കുന്ന ഒരേയൊരു വേദഗ്രന്ഥം ഇന്ന് ലോകത്തുള്ളൂ. അത് ക്വുര്‍ആണ്. ഇതാണ് മുസ്‌ലിംകള്‍ വിശ്വസിക്കുന്നതും വിശ്വസിക്കേണ്ടതും. അതു തന്നെയാണ് സത്യവും.

അയ്യൂബ്(അ)ന് ബാധിച്ച കഷ്ടതയും അത് സുഖപ്പെടുന്നതിന് വേണ്ടി അല്ലാഹുവിനോട് അദ്ദേഹം തേടിയതും നാം മനസ്സിലാക്കി. ഇനി അല്ലാഹു അദ്ദേഹത്തിന്റെ പ്രാര്‍ഥനക്ക് ഉത്തരം നല്‍കിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നമുക്ക് മനസ്സിലാക്കാം. അല്ലാഹു പറയുന്നു:

”നമ്മുടെ ദാസനായ അയ്യൂബിനെ ഓര്‍മിക്കുക. പിശാച് എനിക്ക് അവശതയും പീഡനവും ഏല്‍പിച്ചിരിക്കുന്നു എന്ന് തന്റെ രക്ഷിതാവിനെ വിളിച്ച് അദ്ദേഹം പറഞ്ഞ സന്ദര്‍ഭം. (നാം നിര്‍ദേശിച്ചു:) നിന്റെ കാലുകൊണ്ട് നീ ചവിട്ടുക. ഇതാ, തണുത്ത സ്‌നാനജലവും കുടിനീരും! അദ്ദേഹത്തിന് അദ്ദേഹത്തിന്റെ സ്വന്തക്കാരെയും അവരോടൊപ്പം അവരുടെ അത്ര ആളുകളെയും നാം പ്രദാനം ചെയ്യുകയും ചെയ്തു. നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യവും ബുദ്ധിമാന്മാര്‍ക്ക് ഒരു ഉല്‍ബോധനവുമെന്ന നിലയില്‍. നീ ഒരു പിടി പുല്ല് നിന്റെ കൈയില്‍ എടുക്കുക. എന്നിട്ട് അതുകൊണ്ട് നീ അടിക്കുകയും ശപഥം ലംഘിക്കാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അദ്ദേഹത്തെ നാം ക്ഷമാശീലനായി കണ്ടു. വളരെ നല്ല ദാസന്‍! തീര്‍ച്ചയായും അദ്ദേഹം ഏറെ ഖേദിച്ചുമടങ്ങുന്നവനാകുന്നു” (ക്വുര്‍ആന്‍ 38:414-4).

രോഗിയായിരുന്ന സന്ദര്‍ഭത്തില്‍ ആവശ്യനിര്‍വഹണത്തിനായി ഭാര്യയുടെ കൂടെയാണ് വീട്ടില്‍ നിന്ന് പുറത്തിറങ്ങിയിരുന്നത്. ആവശ്യ നിര്‍വഹണം കഴിഞ്ഞ് ഭാര്യയുടെ കൂടെയാണ് തിരിച്ചു നടക്കാറ്. ഒരു ദിവസം ഭാര്യ അദ്ദേഹത്തിന്റെ അടുത്ത് എത്താന്‍ വൈകി എന്ന് പറയപ്പെടുന്നു. അപ്പോള്‍ അല്ലാഹു അയ്യൂബ്(അ)ന് ദിവ്യസന്ദേശം നല്‍കി: ‘അയ്യൂബേ, നീ നിന്റെ കാല് കൊണ്ട് നിലത്തൊന്ന് ചവിട്ടുക.’ അങ്ങനെ അവിടെ നിന്നും നല്ല തണുത്ത, ശുദ്ധ ജലം നിര്‍ഗളിക്കുവാന്‍ തുടങ്ങി. അല്ലാഹുവിന്റെ കല്‍പന പ്രകാരം അതില്‍ നിന്ന് കുളിക്കുവാനും കുടിക്കുവാനും അദ്ദേഹം അത് ഉപയോഗിച്ചു. തന്മൂലം രോഗം പരിപൂര്‍ണമായി ശമിക്കപ്പെടുകയും ചെയ്തു. വെള്ളം കുടിക്കലും കുളിയും കഴിഞ്ഞപ്പോഴേക്കും അദ്ദേഹത്തിന്റെ രോഗം മാറി എന്ന് മാത്രമല്ല, നല്ല സുന്ദരമായ തൊലിയും ആരോഗ്യവും അദ്ദേഹത്തിന് തിരികെ ലഭിക്കുകയും ചെയ്തു.

മുമ്പ് മക്കളുടെയെല്ലാം മരണത്തിലൂടെ അല്ലാഹു അദ്ദേഹത്തിന് വലിയ പരീക്ഷണം നല്‍കിയിരുന്നുവല്ലോ. രോഗം മാറിയതിന് ശേഷം അല്ലാഹു അതെല്ലാം തിരികെ നല്‍കി എന്നാണ് ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്.

അയ്യൂബ്(അ) ഞാന്‍ ഒരാളെ നൂറ് അടി അടിക്കുക തന്നെ ചെയ്യുമെന്ന് ഒരു സത്യം ചെയ്തിരുന്നു. ആരെയെന്നോ എന്തിനാണെന്നോ ക്വൂര്‍ആനിലോ ഹദീഥിലോ വ്യക്തമാക്കപ്പെട്ടിട്ടില്ല. ഭാര്യയെയാണെണ് ഉറപ്പിക്കാവതല്ലാത്ത റിപ്പോര്‍ട്ടുണ്ട്. ഏതായിരുന്നാലും ആരെയെന്നോ എന്തിനെന്നോ എന്നത് നാം അറിയല്‍ പ്രധാനമല്ല. പ്രധാനമായിരുന്നുവെങ്കില്‍ അല്ലാഹു പ്രവാചകനിലൂടെ അത് നമ്മെ അറിയിക്കുമായിരുന്നല്ലോ.

ഒരാള്‍ സത്യം ചെയ്ത് കഴിഞ്ഞാല്‍ അത് പാലിക്കല്‍ നിര്‍ബന്ധമാണല്ലോ. പാലിച്ചില്ലെങ്കില്‍ അതിന് പ്രായശ്ചിത്തം നല്‍കേണ്ടതുണ്ട്.  ഈ നിയമം അയ്യൂബ്(അ)ന്റെ കാലത്ത് ഇല്ലായിരുന്നു. അയ്യൂബ്(അ)ന്റെ കാലത്ത് ആ നിയമം ഉണ്ടായിരുന്നുവെങ്കില്‍ അത് അദ്ദേഹം ചെയ്യുമായിരുന്നു. എന്നാല്‍ അയ്യൂബ് നബി(അ)യോട് അല്ലാഹു താന്‍ ചെയ്ത സത്യം നിറവേറ്റുന്നതിനുള്ള മാര്‍ഗം പറഞ്ഞു കൊടുക്കുന്നത് ഇങ്ങനെയാണ്:

‘നീ ഒരു പിടി പുല്ല് നിന്റെ കൈയില്‍ എടുക്കുക. എന്നിട്ട് അതു കൊണ്ട് നീ അടിക്കുകയും ശപഥം ലംഘിക്കാതിരിക്കുകയും ചെയ്യുക…’

ശപഥം ചെയ്തത് നിറവേറ്റുന്നതിനായി 100 ചുള്ളി(കതിര് ആണോ) ഉള്‍കൊള്ളിച്ച് ഒരു അടി അടിക്കുവാന്‍ നിര്‍ദേശിച്ചു. ശപഥം പാലിക്കപ്പെട്ടു.

ആരെയാണ് അടിച്ചത് എന്നോ, എന്തിനാണ് അടിക്കുമെന്ന് ശപഥം ചെയ്തതെന്നോ ക്വുര്‍ആനും ഹദീഥും വെളിപ്പെടുത്താത്തതിനാല്‍ അതിനെ കുറിച്ച് നാം തലപുകഞ്ഞ് ചിന്തിക്കേണ്ടതില്ല.

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

ശുഐബ് നബി (അ) – 02

ശുഐബ് നബി (അ) - 02

അവരുടെ പരിഹാസവും എതിര്‍പ്പും അവസാനിപ്പിച്ചില്ല. കള്ളനെന്നും മാരണം ബാധിച്ചവനെന്നും പറഞ്ഞ് അവഹേളിച്ചു. നീ പറയുന്നതാണ് സത്യമെങ്കില്‍ ഞങ്ങളോട് നീ വാഗ്ദാനം ചെയ്യുന്ന ശിക്ഷ കൊണ്ടു വരിക എന്ന് വെല്ലുവിളിക്കുവാനും അവര്‍ തയ്യാറായി.

”അതുകൊണ്ട് നീ സത്യവാന്‍മാരില്‍പെട്ടവനാണെങ്കില്‍ ആകാശത്ത് നിന്നുള്ള കഷ്ണങ്ങള്‍ ഞങ്ങളുടെ മേല്‍ നീ വീഴ്ത്തുക” (ക്വുര്‍ആന്‍ 26:187).

”അവര്‍ പറഞ്ഞു: നീ മാരണം ബാധിച്ചവരില്‍പെട്ട ഒരാള്‍ മാത്രമാകുന്നു” (ക്വുര്‍ആന്‍ 26:153).

”നീ ഞങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. തീര്‍ച്ചയായും നീ വ്യാജവാദികളില്‍പെട്ടവനാണെന്നാണ് ഞങ്ങള്‍ വിചാരിക്കുന്നത്” (ക്വുര്‍ആന്‍ 26:186).

സത്യത്തെ തെളിവിനാല്‍ നേരിടാന്‍ കഴിയാതെ വരുമ്പോള്‍ ശത്രുക്കള്‍ സ്വീകരിക്കുന്ന മാര്‍ഗം അക്രമമായിരിക്കും. ശത്രുക്കള്‍ എന്നും ഏത് കാലത്തും ഈ രീതി അവലംബിച്ചതായി കാണാം. ശുഐബ് നബി(അ)യെ പ്രമാണിമാര്‍ ഭീഷണിപ്പെടുത്തുന്നത് കാണുക: 

”അദ്ദേഹത്തിന്റെ ജനതയിലെ അഹങ്കാരികളായ പ്രമാണിമാര്‍ പറഞ്ഞു: ശുഐബേ, തീര്‍ച്ചയായും നിന്നെയും നിന്റെ കൂടെയുള്ള വിശ്വാസികളെയും ഞങ്ങളുടെ നാട്ടില്‍ നിന്ന് പുറത്താക്കുക തന്നെ ചെയ്യും. അല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ മാര്‍ഗത്തില്‍ മടങ്ങി വരിക തന്നെ വേണം. അദ്ദേഹം പറഞ്ഞു: ഞങ്ങള്‍ അതിനെ (ആ മാര്‍ഗത്തെ) വെറുക്കുന്നവരാണെങ്കില്‍ പോലും (ഞങ്ങള്‍ മടങ്ങണമെന്നോ)” (ക്വുര്‍ആന്‍ 7:88).

ഇവിടെ ചില കാര്യങ്ങള്‍ നാം മനസ്സിലാക്കേണ്ടതുണ്ട്.

1) വിശ്വാസം ഹൃദയ ബന്ധിതമാണ്. സമ്മര്‍ദത്താലോ, പ്രകോപനത്താലോ, പ്രലോഭനത്താലോ മതം മാറ്റം സംഭവിപ്പിക്കല്‍ തികഞ്ഞ വിഡ്ഢിത്തമാണ്. മനസ്സ് മാറാതെ എങ്ങനെ മതം മാറും? വിശ്വാസം മാറണമെങ്കില്‍ പ്രമാണം കൊണ്ടു ബോധ്യപ്പെടുത്താന്‍ കഴിയണം. ഏകദൈവ വിശ്വാസത്തില്‍ നിന്ന് ബഹുദൈവ വിശ്വാസത്തിലേക്ക് മാറ്റാന്‍ ഒരു പ്രമാണവും യുക്തിയും ഇല്ല തന്നെ. വിശ്വാസം മാറാതെ കൂടെ നിര്‍ത്തിയാല്‍ ഏത് കൂട്ടര്‍ക്കും പരാജയമായിരിക്കും സംഭവിക്കുക.

2) ഞങ്ങളുടെ മാര്‍ഗത്തിലേക്ക് നിങ്ങള്‍ മടങ്ങണം എന്നാണ് ശുഐബ്(അ)നോട് അവര്‍ ആവശ്യപ്പെട്ടത്. അപ്പോള്‍ ശുഐബ്(അ) മുമ്പ് ബഹുദൈവാരാധകനായിരുന്നുവോ? അല്ല! ഒരു പ്രവാചകനും പ്രവാചകത്വം ലഭിക്കുന്നതിനു മുമ്പ് ശിര്‍ക്ക് ചെയ്ത് ജീവിച്ചിട്ടില്ല. പിന്നെ എന്ത് കൊണ്ടാണ് അവര്‍ അങ്ങനെ പറഞ്ഞത്? നുബുവ്വത്തിന് മുമ്പ് അദ്ദേഹം ബഹുദൈവാരാധനക്കെതിരില്‍ ശബ്ദിച്ചിട്ടില്ല. അതിനാല്‍ അദ്ദേഹം ബഹുദൈവത്വം അംഗീകരിച്ചിരുന്നു എന്ന് അവര്‍ ധരിച്ചിട്ടുണ്ടാകും. ആ ധാരണ വാസ്തവ വിരുദ്ധമത്രെ.

ശുഐബ്(അ)യില്‍ വിശ്വസിക്കുന്നവരെ പിന്തിരിപ്പിക്കുന്നതിനായി താഴെ പറയും പ്രകാരവും അവര്‍ പറഞ്ഞു നോക്കി:

”അദ്ദേഹത്തിന്റെ ജനതയിലെ സത്യനിഷേധികളായ പ്രമാണിമാര്‍ പറഞ്ഞു: നിങ്ങള്‍ ശുഐബിനെ പിന്‍പറ്റുന്ന പക്ഷം തീര്‍ച്ചയായും അത് മൂലം നിങ്ങള്‍ നഷ്ടക്കാരായിരിക്കും” (ക്വുര്‍ആന്‍ 7:90).

ശുഐബ്(അ)ന്റെ എതിരാളികളായിട്ടുള്ളവരെല്ലാം സമ്പന്നരും മുതലാളിമാരും നാട്ടില്‍ വേണ്ടപ്പെട്ടവരുമാണ്. അദ്ദേഹത്തിന്റെ കൂടെ കൂടിയാല്‍ വരാന്‍ പോകുന്ന ഭൗതിക നഷ്ടം ചൂണ്ടിക്കാണിച്ച് ജനങ്ങളെ അദ്ദേഹത്തില്‍ നിന്നും അകറ്റാനായി പ്രമാണിമാര്‍ ശ്രമിക്കുകയാണ്.

”അവര്‍ പറഞ്ഞു: ശുഐബേ, നീ പറയുന്നതില്‍ നിന്ന് അധികഭാഗവും ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. തീര്‍ച്ചയായും ഞങ്ങളില്‍ ബലഹീനനായിട്ടാണ് നിന്നെ ഞങ്ങള്‍ കാണുന്നത്. നിന്റെ കുടുംബങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ നിന്നെ ഞങ്ങള്‍ എറിഞ്ഞ് കൊല്ലുക തന്നെ ചെയ്യുമായിരുന്നു. ഞങ്ങളെ സംബന്ധിച്ചേടത്തോളം നീയൊരു പ്രതാപവാനൊന്നുമല്ല. അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, എന്റെ കുടുംബങ്ങളാണോ നിങ്ങളെ സംബന്ധിച്ചിടത്തോളം അല്ലാഹുവെക്കാള്‍ കൂടുതല്‍ പ്രതാപമുള്ളവര്‍? എന്നിട്ട് അവനെ നിങ്ങള്‍ നിങ്ങളുടെ പിന്നിലേക്ക് പുറംതള്ളിക്കളഞ്ഞിരിക്കുകയാണോ? തീര്‍ച്ചയായും എന്റെ രക്ഷിതാവ് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു” (ക്വുര്‍ആന്‍ 11:91,92).

രക്തബന്ധം എന്നത് അറുത്തു മാറ്റാന്‍ കഴിയാത്തതാണല്ലോ. രക്ത ബന്ധത്തിലുളളവരെ ആരെങ്കിലും പ്രയാസപ്പെടത്തുമ്പോള്‍ വിശ്വാസമോ ആദര്‍ശമോ നോക്കാതെ അവര്‍ക്കു വേണ്ടി പ്രതിരോധം തീര്‍ക്കല്‍ മനുഷ്യസഹജമായ ഒന്നാണല്ലോ. ശുഐബ്(അ)ന്റെ കുടുംബത്തില്‍പെട്ടവരാരെങ്കിലും ഇപ്രകാരം ചെയ്തത് കൊണ്ടാകാം ഇങ്ങനെ ശത്രുക്കള്‍ക്ക് പറയേണ്ടിവന്നത്. 

മുഹമ്മദ് നബി ﷺ യുടെ ചരിത്രത്തിലും സമാനമായ സംഭവം കാണാം. അബൂത്വാലിബിന്റെ സംരക്ഷണം അതിന് വ്യക്തമായ ഉദാഹരണമാണ്. അബൂത്വാലിബ് വിശ്വാസി അല്ലാതിരുന്നിട്ടും അബൂത്വാലിബ് സംരക്ഷണം നല്‍കിയത് രക്ത ബന്ധത്തിന്റെ കരുത്തിലായിരുന്നു. ശത്രുക്കള്‍ മുഹമ്മദിനെ വിട്ടുതരണമെന്ന് അബൂത്വാലിബിനോട് ആവശ്യപ്പെട്ടപ്പോഴും അതിന് സമ്മതം കൊടുത്തില്ല. ശിഅ്ബ് അബീത്വാലിബില്‍ ശത്രുക്കളുടെ ഉപരോധത്തില്‍ കഴിയുന്ന കാലത്ത് പ്രവാചകന്‍ ﷺ ന് ഹാഷിം കുടുംബത്തിലുള്ളവരും അബ്ദുല്‍ മുത്ത്വലിബിന്റെ മക്കളും പേരമക്കളും മൂന്ന് കൊല്ലത്തോളം തുണയായി കൂടെ നിന്നിരുന്നുവെന്നത് ചരിത്രമാണ്. അവരാരും അന്ന് വിശ്വാസികളായിരുന്നില്ല. എന്നിട്ടും അവര്‍ പ്രവാചകനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അതാണ് ‘കുടുംബ വികാര’ത്തിന്റെ പ്രത്യേകത!

വിശ്വാസിയല്ലാതിരുന്നിട്ടും അബൂത്വാലിബ് നബി ﷺ ക്ക് നിര്‍ഭയത്വം നല്‍കി. ചിലപ്പോള്‍ അങ്ങനെയുള്ള സഹായം വിശ്വാസികള്‍ക്ക് ലഭിക്കും. അബൂത്വാലിബിന്റെ കാല ശേഷമാണല്ലോ ക്വുറൈശികള്‍ നബി ﷺ ക്കെതിരില്‍ അക്രമം വര്‍ധിപ്പിച്ചത്.

എല്ലാവരെക്കാളും മുന്‍ഗണനയും പ്രാധാന്യവും നല്‍കേണ്ടത് സ്രഷ്ടാവായ അല്ലാഹുവിനാണല്ലോ. ശുഐബ്(അ) അവരോട് ഉപദേശിക്കുന്നതൊന്നും സ്വീകരിക്കുവാന്‍ അവര്‍ തയ്യാറാകുന്നില്ല. അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ള ശിക്ഷയെക്കാളും കോപത്തെക്കാളും കുടുംബാംഗങ്ങളുടെ സ്ഥാനമാണ് അവര്‍ പരിഗണിക്കുന്നത്. അതിനാലാണ് ‘എന്റെ ജനങ്ങളേ, എന്റെ കുടുംബങ്ങളാണോ നിങ്ങളെ സംബന്ധിച്ചിടത്തോളം അല്ലാഹുവെക്കാള്‍ കൂടുതല്‍ പ്രതാപമുള്ളവര്‍’ എന്ന് അവരോട് അദ്ദേഹം ചോദിച്ചത്. മാത്രവുമല്ല, ‘എന്നിട്ട് അവനെ നിങ്ങള്‍ നിങ്ങളുടെ പിന്നിലേക്ക് പുറം തള്ളിക്കളഞ്ഞിരിക്കുകയാണോ’ എന്ന് കൂടി അദ്ദേഹം ചോദിച്ചു. 

ശുഐബ് നബി(അ)യുടെ ‘നിങ്ങളെ ഞാന്‍ ഒരു കാര്യത്തില്‍ നിന്ന് വിലക്കുകയും എന്നിട്ട് നിങ്ങളില്‍ നിന്ന് വ്യത്യസ്തനായിക്കൊണ്ട് ഞാന്‍ തന്നെ അത് പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് ഉദ്ദേശിക്കുന്നുമില്ല’ എന്ന വാക്കുകള്‍ പ്രത്യേകം ശ്രദ്ധിക്കുക.

പ്രവാചകന്മാര്‍ കല്‍പിക്കുന്നതിനോടും വിരോധിക്കുന്നതിേനാടും വിപരീതം ചെയ്യുന്നവരല്ലല്ലോ. അവര്‍ ജനങ്ങളോട് കല്‍പിക്കുന്ന നന്മകള്‍ ചെയ്യുന്നവരും ഏതൊരു തിന്മയില്‍ നിന്നാണോ വിലക്കുന്നത് അതില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരുമാണ്. നന്മകള്‍ക്ക് നേതൃത്വം കൊടുക്കുന്നവര്‍ക്ക് ഉണ്ടായിരിക്കേണ്ടതും ഇന്ന് ചോര്‍ന്നുപോയിക്കൊണ്ടിരിക്കുന്നതുമായ മഹത്തായ ഒരു മൂല്യമാണ് ശുഐബ്(അ) അവരുടെ മുന്നില്‍ അടിവരയിട്ട് ഓര്‍മിപ്പിക്കുന്നത്. അത് അവര്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. പ്രവാചകന്മാര്‍ക്കെതിരില്‍ ഇതിന്റെ പേരില്‍ യാതൊരു എതിര്‍പ്പും നേരിടേണ്ടി വന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്. വേദക്കാരോടായി ക്വുര്‍ആന്‍ സംസാരിക്കുമ്പോള്‍ ഇപ്രകാരം ഉണര്‍ത്തിയിട്ടുണ്ട്:

”നിങ്ങള്‍ ജനങ്ങളോട് നന്‍മ കല്‍പിക്കുകയും നിങ്ങളുടെ സ്വന്തം കാര്യത്തില്‍ (അത്) മറന്നുകളയുകയുമാണോ? നിങ്ങള്‍ വേദഗ്രന്ഥം പാരായണം ചെയ്തുകൊണ്ടിരിക്കുന്നുവല്ലോ. നിങ്ങളെന്താണ് ചിന്തിക്കാത്തത്? (ക്വുര്‍ആന്‍ 2:44).

പ്രബോധകന്മാര്‍ നല്ലവണ്ണം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണിത്. വിശ്വാസികളോട് അല്ലാഹു അതിന്റെ ഗൗരവം ഓര്‍മപ്പെടുത്തുന്നത് കാണുക.

”സത്യവിശ്വാസികളേ, നിങ്ങള്‍ ചെയ്യാത്തതെന്തിന് നിങ്ങള്‍ പറയുന്നു? നിങ്ങള്‍ ചെയ്യാത്തത് നിങ്ങള്‍ പറയുക എന്നുള്ളത് അല്ലാഹുവിങ്കല്‍ വലിയ ക്രോധത്തിന് കാരണമായിരിക്കുന്നു” (ക്വുര്‍ആന്‍ 61:2,3).

ജനങ്ങളോട് ഉപദേശിക്കുന്നതിനോട് വിപരീത ജീവിതം കൊണ്ടു നടക്കുന്നവരോട് നബി ﷺ  നല്‍കിയ മുന്നറിയിപ്പ് കാണുക.

ഉസാമ(റ) നിവേദനം ചെയ്യുന്നു: ”റസൂല്‍  ﷺ  പറയുന്നത് ഞാന്‍ കേട്ടു: അന്ത്യദിനത്തില്‍ ഒരാളെ കൊണ്ട്‌വന്ന് നരകത്തിലെറിയും. അനന്തരം അയാളൂെട കുടലുകള്‍ പുറത്ത് വരികയും കഴുതകള്‍ ആസുകല്ല് ചുറ്റുന്നത് പോലെ, കുടലും കൊണ്ട് അവന്‍ ചുറ്റിത്തിരിയുകയും ചെയ്യും. തദവസരത്തില്‍ നരകവാസികള്‍ അടുത്തുകൂടി ചോദിക്കും: നിനക്കെന്ത് സംഭവിച്ചു? നീ നല്ലത് കല്‍പിക്കുകയും ചീത്ത നിരോധിക്കുകയും ചെയ്തിരുന്നുവല്ലോ? അവന്‍ പറയും. അതെ! ഞാന്‍ നന്മ കല്‍പിച്ചിരുന്നു. പക്ഷെ, ഞാനത് പ്രവൃത്തിയില്‍ കൊണ്ടുവന്നില്ല. തിന്മ നിരോധിച്ചു. പക്ഷെ ഞാനത് പ്രവര്‍ത്തിച്ചു. (ബുഖാരി, മുസ്‌ലിം)

ശുഐബ്(അ)നെ അവരുടെ മാര്‍ഗത്തിലേക്ക് ഭീഷണിപ്പെടുത്തി ചേര്‍ക്കുവാനാണല്ലോ എറിഞ്ഞു കൊല്ലും എന്നെല്ലാം പറഞ്ഞത്. അവരുടെ ഈ ഭീഷണിക്ക് അദ്ദേഹം നല്‍കിയ മറുപടികള്‍ കാണുക: 

”നിങ്ങളുടെ മാര്‍ഗത്തില്‍ നിന്ന് അല്ലാഹു ഞങ്ങളെ രക്ഷപ്പെടുത്തിയതിന് ശേഷം അതില്‍ തന്നെ ഞങ്ങള്‍ മടങ്ങിവരുന്ന പക്ഷം തീര്‍ച്ചയായും ഞങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയായിരിക്കും ചെയ്യുന്നത്. അതില്‍ മടങ്ങിവരാന്‍ ഞങ്ങള്‍ക്കു പാടില്ലാത്തതാണ്; ഞങ്ങളുടെ രക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ. ഞങ്ങളുടെ രക്ഷിതാവിന്റെ അറിവ് എല്ലാകാര്യത്തെയും ഉള്‍കൊള്ളുന്നതായിരിക്കുന്നു. അല്ലാഹുവിന്റെ മേലാണ് ഞങ്ങള്‍ ഭരമേല്‍പിച്ചിരിക്കുന്നത്. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും ഞങ്ങളുടെ ജനങ്ങള്‍ക്കുമിടയില്‍ നീ സത്യപ്രകാരം തീര്‍പ്പുണ്ടാക്കണമേ. നീയാണ് തീര്‍പ്പുണ്ടാക്കുന്നവരില്‍ ഉത്തമന്‍” (ക്വുര്‍ആന്‍ 7:89).

”എന്റെ ജനങ്ങളേ, നിങ്ങളുടെ നിലപാടനുസരിച്ച് നിങ്ങള്‍ പ്രവര്‍ത്തിച്ച് കൊള്ളുക. തീര്‍ച്ചയായും ഞാനും പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്. ആര്‍ക്കാണ് അപമാനകരമായ ശിക്ഷ വരുന്നതെന്നും ആരാണ് കള്ളം പറയുന്നവരെന്നും പുറകെ നിങ്ങള്‍ക്കറിയാം. നിങ്ങള്‍ കാത്തിരിക്കുക. തീര്‍ച്ചയായും ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുകയാണ്” (ക്വുര്‍ആന്‍ 11:93).

എതിര്‍പ്പില്‍ ഉറച്ചുനില്‍ക്കുന്നവരോട് അവസാനമായി പറയാനുള്ളത് ‘നിങ്ങള്‍ ഞങ്ങള്‍ക്കെതിരില്‍ പറയാനുള്ളതും ചെയ്യാനുള്ളതും ചെയ്തുകൊള്ളുക. ഞങ്ങള്‍ക്ക് ചെയ്യാനുള്ളത് ഞങ്ങളും ചെയ്യാം’ എന്നായിരുന്നു. ആര്‍ക്കാണ് നിന്ദ്യമായ ശിക്ഷ വരാന്‍ പോകുന്നതെന്നും ആരാണ് വ്യാജവാദികളെന്നും നമുക്ക് അറിയാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അങ്ങനെയാണ് ‘ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും ഞങ്ങളുടെ ജനങ്ങള്‍ക്കുമിടയില്‍ നീ സത്യപ്രകാരം തീര്‍പ്പുണ്ടാക്കണമേ. നീയാണ് തീര്‍പ്പുണ്ടാക്കുന്നവരില്‍ ഉത്തമന്‍’ എന്ന് ആ പ്രവാചകന്‍ ആ സമൂഹത്തിനെതിരില്‍ മനസ്സ് നൊന്ത് അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നത്. അവസാനം എന്ത് സംഭവിച്ചു?

”അങ്ങനെ അവര്‍ അദ്ദേഹത്തെ നിഷേധിച്ചുതള്ളി. അതിനാല്‍ മേഘത്തണല്‍മൂടിയ ദിവസത്തെ ശിക്ഷ അവരെ പിടികൂടി. തീര്‍ച്ചയായും അത് ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ തന്നെയായിരുന്നു”(ക്വുര്‍ആന്‍ 26:189).

”നമ്മുടെ കല്‍പന വന്നപ്പോള്‍ ശുഐബിനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നമ്മുടെ കാരുണ്യം കൊണ്ട് നാം രക്ഷപ്പെടുത്തി. അക്രമം ചെയ്തവരെ ഘോരശബ്ദം പിടികൂടുകയും ചെയ്തു. അങ്ങനെ നേരം പുലര്‍ന്നപ്പോള്‍ അവര്‍ തങ്ങളുടെ പാര്‍പ്പിടങ്ങളില്‍ കമിഴ്ന്നു വീണുകിടക്കുകയായിരുന്നു” (ക്വുര്‍ആന്‍ 11:94).

ശക്തമായ ഭൂമി കുലുക്കവും വന്‍ ഘോരശബ്ദവും മുഖേന അവരെ ശിക്ഷിക്കുകയാണ് അല്ലാഹു. മേഘം കൊണ്ട് തണല്‍ മൂടിയ ദിവസം എന്നത് പണ്ഡിതന്മാര്‍ വിവരിച്ചിട്ടുണ്ട്. അല്ലാഹു അവരെ നശിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ വിശ്വാസികളെയും കൊണ്ട് രക്ഷപ്പെടാനായി ശുഐബ്(അ)ന് കല്‍പന നല്‍കി. പിന്നീട് ആ നാട്ടുകാര്‍ക്ക് കഠിനമായ ചൂട് ബാധിപ്പിച്ചു. ഏഴ് ദിവസത്തോളം ഒരു ഇല പോലും അനങ്ങാത്ത രൂപത്തില്‍ കാറ്റടിക്കാതെ അന്തരീക്ഷത്തെ അല്ലാഹു നിര്‍ത്തി. അതോടൊപ്പം വെള്ളം കൊണ്ടുള്ള ഉപകാരം നടക്കുന്നില്ല. (കുളിരേകുന്ന) തണുപ്പില്ല, വീട്ടില്‍ പ്രവേശിച്ചാലും അത്യുഷ്ണം!  അങ്ങനെ അവര്‍ എല്ലാവരും മരുഭൂമിയിലെ ഒരു സ്ഥലത്ത് ഒരുമിക്കാന്‍ തീരുമാനിക്കുകയും ഒരുമിച്ച് കൂടുകയും ചെയ്തു. അങ്ങനെ അവര്‍ക്ക് മേഘം മുഖേന തണലിട്ടു. അതിന്റെ തണല്‍ അനുഭവിക്കാന്‍ മേഘത്തിന് താഴെ അവര്‍ ഒരുമിച്ച് ചേര്‍ന്നു. അവര്‍ എല്ലാവരും ഒരു കേന്ദ്രത്തില്‍ ഒരുമിച്ചപ്പോള്‍ അല്ലാഹു തീ പൊരികള്‍ കൊണ്ടും തീജ്വാലകൊണ്ടും അവരെ എറിഞ്ഞ് (അവരിലേക്ക് ശിക്ഷ) അയച്ചു. ഭൂമി അവരെയും കൊണ്ട് കുലുങ്ങി. ആകാശത്ത് നിന്ന് ഘോരശബ്ദം അവര്‍ക്ക് വന്നു… അങ്ങനെ ആ ഭയങ്കരമായ ശിക്ഷക്ക് ഇരയായി ഒന്നടങ്കം അവര്‍ നശിച്ചു.

അല്ലാഹു അവരെ ശിക്ഷിച്ചതിന് ശേഷം, തങ്ങളെ ഭീഷണിപ്പെടുത്തിയ, പല രൂപത്തിലും സത്യത്തില്‍ നിന്ന് മുടക്കാന്‍ ശ്രമിച്ച ആ ജനതയെ കാണുന്ന ശുഐബ്(അ) പറയുന്നത് കാണുക: 

”അനന്തരം അദ്ദേഹം അവരില്‍ നിന്ന് പിന്തിരിഞ്ഞ് പോയി. അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, തീര്‍ച്ചയായും എന്റെ രക്ഷിതാവിന്റെ സന്ദേശങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചുതരികയും ഞാന്‍ നിങ്ങളോട് ആത്മാര്‍ഥമായി ഉപദേശിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെയിരിക്കെ സത്യനിഷേധികളായ ജനതയുടെ പേരില്‍ ഞാന്‍ എന്തിനു ദുഃഖിക്കണം” (ക്വുര്‍ആന്‍ 7:93).

ശുഐബ്(അ) അവരോട് നടത്തിയ ഈ സംസാരത്തിന്റെ ഉദ്ദേശ്യം എന്താണെന്ന് മുമ്പ് നാം വിവരിച്ചിട്ടുണ്ടല്ലോ. സാമ്പത്തിക ക്രയവിക്രയ രംഗത്ത് അഴിമതിയും പൂഴ്ത്തിവെപ്പും കൊള്ളയും തട്ടിപ്പും വെട്ടിപ്പും പലിശയും നടത്തി നിഷിദ്ധമായ മാര്‍ഗത്തിലൂടെ സമ്പാദിക്കുന്നവര്‍ക്ക് ശുഐബ്(അ)ന്റെ ജനത ഒരു പാഠമാണ്.

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

ശുഐബ് നബി (അ) – 01

ശുഐബ് നബി (അ) - 01

ലൂത്വ് നബി(അ)യുടെ ജനതയായ സദൂം നിവാസികളെ നശിപ്പിച്ചതിന് ശേഷം അടുത്തുള്ള പ്രദേശമായ മദ്‌യനിലേക്ക് അല്ലാഹു അയച്ച പ്രവാചകനായിരുന്നു ശുഐബ് നബി(അ). ക്വുര്‍ആനില്‍ 11 സ്ഥലത്ത് അദ്ദേഹത്തെ പരാമര്‍ശിച്ചിട്ടുണ്ട്.

ഇബ്‌റാഹീം നബി(അ)യുടെ മക്കളായ ഇസ്മാഈല്‍(അ), ഇസ്ഹാക്വ്(അ) എന്നിവര്‍ക്ക് പുറമെ വേറെയും മക്കളുണ്ടായിരുന്നുവെന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായം പറഞ്ഞിട്ടുണ്ടെന്ന് നാം പറഞ്ഞിരുന്നുവല്ലോ. അതില്‍ ‘മദ്‌യന്‍’ എന്ന് പേരുള്ള മകനും ഉണ്ടായിരുന്നുവെന്ന് ചരിത്രം പറയുന്നു. 

അറബികളുടെ പരമ്പരയില്‍ വരുന്ന നാല് പ്രവാചകന്മാരാണുള്ളത്. ഒരിക്കല്‍ നബി ﷺ  പറഞ്ഞു: ‘അബൂദര്‍റേ, നാല് പ്രവാചകന്മാര്‍ അറബികളില്‍ നിന്നാണ്. ഹൂദ്, സ്വാലിഹ്, ശുഐബ്, നിന്റെ പ്രവാചകനും’ (ഇബ്‌നു ഹിബ്ബാന്‍). ഈ പ്രവാചകന്മാര്‍ ഇസ്മാഈല്‍ നബി(അ)ന്റെ സന്താന പരമ്പരയിലാണ് വരുന്നത്. 

ജനങ്ങളോട് ഏറ്റവും നല്ല ശൈലിയില്‍ സംസാരിച്ചിരുന്ന പ്രവാചകനായിരുന്നു അദ്ദേഹം. ശത്രുക്കളോട് ഭംഗിയായി സംവദിക്കുവാന്‍ അദ്ദേഹത്തിന് അല്ലാഹു പ്രത്യേക കഴിവ് നല്‍കിയിരുന്നു. ഈ കാരണങ്ങളെല്ലാം കൊണ്ടു തന്നെ ‘പ്രവാചകന്മാരിലെ പ്രഭാഷകന്‍’ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്.

സദൂം നിവാസികള്‍ വസിച്ചിരുന്ന ജോര്‍ദാനിന് അടുത്തുള്ള മുആന്‍ എന്ന് പറയുന്ന പ്രദേശം, അവിടെ മദ്‌യന്‍ എന്ന് അറിയപ്പെട്ടിരുന്ന നല്ല ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു. പിന്നീട് ആ നാടിനെ ആ നല്ല ആളിലേക്ക് ചേര്‍ത്ത് വിളിക്കുകയാണ് ഉണ്ടായത്. അങ്ങനെയാണ് മദ്‌യന്‍കാര്‍ എന്ന് അവര്‍ വിളിക്കപ്പെട്ടത്. 

വൃക്ഷങ്ങളെയും മറ്റും ആരാധിക്കുന്നവരായിരുന്നു അവര്‍. ബഹുദൈവാരാധനക്ക് പുറമെ മറ്റു സാമൂഹ്യദൂഷ്യങ്ങള്‍ അവരിലും ഉണ്ടായിരുന്നു. അവരിലേക്കാണ് ശുഐബ്(അ) നിയോഗിക്കപ്പെടുന്നത്. അവരെ സംബന്ധിച്ച് ക്വുര്‍ആന്‍ പറയുന്നത് കാണുക:

”ഐകത്തില്‍ (മരക്കൂട്ടങ്ങള്‍ക്കിടയില്‍) താമസിച്ചിരുന്നവരും ദൈവദൂതന്മാരെ നിഷേധിച്ചുതള്ളി. അവരോട് ശുഐബ് പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?”(ക്വുര്‍ആന്‍ 26:176,177).

അല്ലാഹുവിന്റെ ദൂതന്മാരില്‍ ഒരാളെ കളവാക്കിയാല്‍ തന്നെ മുഴുവന്‍ പ്രവാചകന്മാരെയും കളവാക്കിയതിന് സമാനമാണ്. ശുഐബ്(അ)ന്റെ ജനതയെപ്പറ്റി അല്ലാഹു പറയുന്നതും അവര്‍ ദൈവദൂതന്മാരെ കളവാക്കി എന്നാണ്.

‘ഐകത്ത്’കാര്‍ എന്ന് അവരെക്കുറിച്ച് പറയുവാന്‍ കാരണം, ആ പേരിലുള്ള ഒരു വൃക്ഷത്തെ അവര്‍ ആരാധിച്ചതാണ്.  

അല്ലാഹുവിന് മാത്രം നല്‍കേണ്ടുന്ന ആരാധനയുടെ ഏതെല്ലാം പ്രകടനങ്ങളുണ്ടോ അതെല്ലാം ഈ വൃക്ഷത്തിനും അവര്‍ സമര്‍പിച്ചിരുന്നു. അല്ലാഹുവിന് നല്‍കേണ്ട ഇബാദത്തിന്റെ ഏതെങ്കിലും ഒരു അംശം, ഏതെങ്കിലും ഒരു സന്ദര്‍ഭത്തില്‍ ആരാധനാ മനോഭാവത്തോടെ അല്ലാഹുവല്ലാത്തവര്‍ക്ക് സമര്‍പിച്ചാല്‍ അത് അല്ലാഹുവില്‍ പങ്കുചേര്‍ക്കലാണ്. മദ്‌യനുകാര്‍ ഈ ‘ഐകത്ത്’ എന്ന് പേരുള്ള വൃക്ഷത്തെ ആരാധിക്കുക വഴി അല്ലാഹുവില്‍ പങ്ക് ചേര്‍ത്തു.

വഴിയരികില്‍ ഇരുന്ന്, അതുവഴി പോകുന്ന യാത്രക്കാരെയും കച്ചവടക്കാരെയും കൊള്ളയടിച്ചും തട്ടിപ്പറിച്ചും ജീവിച്ചിരുന്ന ദുഷിച്ച സ്വഭാവത്തിന്റെ ആളുകളായിരുന്നു അവര്‍. അപ്രകാരം തന്നെ അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കുന്നതില്‍ കുപ്രസിദ്ധി നേടിയവരായിരുന്നു അവര്‍. കച്ചവടത്തില്‍ വന്‍ അഴിമതിയും വഞ്ചനയും നടത്തി കൊള്ളലാഭം നേടുന്നവരായിരുന്നു അവര്‍. അളവിലും തൂക്കത്തിലും കൃത്രിമം കാണിച്ച അവരെ ക്വുര്‍ആന്‍ പല സ്ഥലത്തും വിവരിച്ചിട്ടുണ്ട്. അവരോട് ശുഐബ്(അ) നടത്തിയ ഉപദേശം കാണുക:

”മദ്‌യന്‍കാരിലേക്ക് അവരുടെ സഹോദരനായ ശുഐബിനെയും (അയച്ചു). അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുക. നിങ്ങള്‍ക്ക് അവനല്ലാതെ യാതൊരു ദൈവവുമില്ല. നിങ്ങള്‍ക്ക് നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് വ്യക്തമായ തെളിവ് വന്നിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ അളവും തൂക്കവും തികച്ചുകൊടുക്കണം. ജനങ്ങള്‍ക്ക് അവരുടെ സാധനങ്ങളില്‍ നിങ്ങള്‍ കമ്മി വരുത്തരുത്. ഭൂമിയില്‍ നന്മവരുത്തിയതിന് ശേഷം നിങ്ങള്‍ അവിടെ നാശമുണ്ടാക്കരുത്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അതാണ് നിങ്ങള്‍ക്ക് ഉത്തമം. ഭീഷണിയുണ്ടാക്കിക്കൊണ്ടും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് അതില്‍ വിശ്വസിച്ചവരെ തടഞ്ഞുകൊണ്ടും അത് (ആ മാര്‍ഗം) വക്രമായിരിക്കാന്‍ ആഗ്രഹിച്ചുകൊണ്ടും നിങ്ങള്‍ പാതകളിലെല്ലാം ഇരിക്കുകയും അരുത്. നിങ്ങള്‍ എണ്ണത്തില്‍ കുറവായിരുന്നിട്ടും നിങ്ങള്‍ക്ക് അവന്‍ വര്‍ധനവ് നല്‍കിയത് ഓര്‍ക്കുകയും നാശകാരികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കുകയും ചെയ്യുക” (ക്വുര്‍ആന്‍ 7:85,86).

കച്ചവടത്തില്‍ ചതിയിലൂടെ കൊള്ളലാഭമെടുത്ത ആദ്യ സമൂഹമായിരുന്നു മദ്‌യന്‍കാര്‍. അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കുന്നവരോട് ലോകവസാനം വരേക്കുമുള്ള അല്ലാഹുവിന്റെ താക്കീത് കാണുക:

”അളവില്‍ കുറക്കുന്നവര്‍ക്ക് മഹാനാശം. അതായത് ജനങ്ങളോട് അളന്നുവാങ്ങുകയാണെങ്കില്‍ തികച്ചെടുക്കുകയും ജനങ്ങള്‍ക്ക് അളന്നുകൊടുക്കുകയോ തൂക്കിക്കൊടുക്കുകയോ ആണെങ്കില്‍ നഷ്ടം വരുത്തുകയും ചെയ്യുന്നവര്‍ക്ക്” (ക്വുര്‍ആന്‍ 83:13).

ജനങ്ങളെ വഞ്ചിച്ച് കൊള്ളലാഭം എടുത്തിരുന്ന മദ്‌യന്‍കാരോട് ശുഐബ്(അ) നല്‍കിയ ഉപദേശം നോക്കൂ:

”അല്ലാഹു ബാക്കിയാക്കിത്തരുന്നതാണ് നിങ്ങള്‍ക്ക് ഗുണകരമായിട്ടുള്ളത്; നിങ്ങള്‍ വിശ്വാസികളാണെങ്കില്‍. ഞാന്‍ നിങ്ങളുടെ മേല്‍ കാവല്‍ക്കാരനൊന്നുമല്ല” (ക്വുര്‍ആന്‍ 11:86).

‘അല്ലാഹു ബാക്കിയാക്കിത്തരുന്നതാണ് നിങ്ങള്‍ക്ക് ഗുണകരമായിട്ടുള്ളത്’ എന്നതിന്റെ ഉദ്ദേശ്യം പണ്ഡിതന്മാര്‍ വിവരിക്കുന്നത് ഇപ്രകാരമാണ്.

‘നിഷിദ്ധമായ മാര്‍ഗത്തിലൂടെ ലഭിച്ച കൂടുതല്‍ ലാഭത്തെക്കാള്‍ നിങ്ങള്‍ക്ക് നല്ലത്, നിങ്ങള്‍ക്ക് ലഭിക്കുന്ന (കുറഞ്ഞ) ലാഭമാണ്; അത് എത്ര കുറച്ചായിരുന്നാലും.’ അല്ലാഹു പറയുന്നു: ”(നബിയേ,) പറയുക: ദുഷിച്ചതും നല്ലതും സമമാകുകയില്ല. ദുഷിച്ചതിന്റെ വര്‍ധനവ് നിന്നെ അത്ഭുതപ്പെടുത്തിയാലും ശരി. അതിനാല്‍ ബുദ്ധിമാന്‍മാരേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം” (ക്വുര്‍ആന്‍ 5:100).

അല്ലാഹു അനുവദിച്ചിട്ടുള്ള മാര്‍ഗത്തിലൂടെ സമ്പാദിച്ച് ലഭിക്കുന്നത് തിന്നുമ്പോള്‍ വല്ലാത്ത ആത്മസംതൃപ്തിയുണ്ടാകും. എന്നാല്‍ അല്ലാഹു ഹറാമാക്കിയ മാര്‍ഗങ്ങളിലൂടെ സമ്പാദിച്ചതാണെങ്കില്‍ അത് തിന്നുമ്പോഴും തീറ്റിക്കുമ്പോഴും മനസ്സാക്ഷിക്കുത്തുണ്ടാകും. കാരണം, അപരന്റെ വിയര്‍പ്പിന്റെ ഫലമാണല്ലോ തിന്നുന്നത്. 

അല്ലാഹുവിന്റെ പൊരുത്തം ലഭിക്കുന്ന മാര്‍ഗത്തില്‍ സമ്പാദിക്കുമ്പോഴാണ് അതില്‍ അല്ലാഹുവിന്റെ അനുഗ്രഹം ലഭ്യമാവുക. കൊള്ളലാഭത്തിലൂടെ നേടിയ പണംകൊണ്ട് കൊട്ടാരം പണിയുന്നത് കാണുമ്പോള്‍ അതില്‍ കണ്ണഞ്ചിപ്പോകാതിരിക്കാന്‍ വിശ്വാസികള്‍ക്കേ കഴിയൂ. ഒരിക്കലും നല്ലതും ചീത്തയും സമമാകില്ല. നല്ലത് എന്നും എപ്പോഴും എങ്ങനെയും നല്ലത് തന്നെയായിരിക്കും. ചീത്ത എന്നും എപ്പോഴും എങ്ങനെയും ചീത്തയുമായിരിക്കും. നല്ല മനസ്സുള്ളവര്‍ക്കേ അത് ഉള്‍ക്കൊള്ളാന്‍ കഴിയൂ.

കൊള്ളലാഭം കൊയ്യുന്ന മേഖലയാണല്ലോ പലിശ. കൊടുക്കുന്നതിനെക്കാള്‍ കൂടുതല്‍ ആവശ്യപ്പെട്ട് മറ്റുള്ളവരെ കഷ്ടപ്പെടുത്തി ചൂഷണത്തിലൂടെ സമ്പാദിക്കുന്നതാണ് പലിശ. നഷ്ടം വരുത്താതെ സമ്പത്ത് വര്‍ധിപ്പിക്കാം എന്നാണ് ഇതിലൂടെ ഇത്തരക്കാര്‍ ലക്ഷ്യമാക്കുന്നത്. എന്നാല്‍ അല്ലാഹു പറയുന്നത് കാണുക:

”അല്ലാഹു പലിശയെ ക്ഷയിപ്പിക്കുകയും ദാനധര്‍മങ്ങളെ പോഷിപ്പിക്കുകയും ചെയ്യും. യാതൊരു നന്ദികെട്ട ദുര്‍വൃത്തനെയും അല്ലാഹു ഇഷ്ടപ്പെടുന്നതല്ല”(ക്വുര്‍ആന്‍ 2:276).

മദ്‌യന്‍കാര്‍ ക്ഷേമത്തിലും ഐശ്വര്യത്തിലുമായിരുന്നു. പട്ടിണിയോ, ദാരിദ്ര്യമോ അവര്‍ക്കില്ലായിരുന്നു. എന്നിട്ടും അവര്‍ യാത്രക്കാരെയും കച്ചവടക്കാരെയുമെല്ലാം കൊള്ളചെയ്തും പിടിച്ചുപറിച്ചും അളവിലും തൂക്കത്തിലും കൃത്രിമം കാണിച്ചും ജീവിച്ചു. ശുഐബ് നബി(അ) അവരെ അതിനെപ്പറ്റി ഓര്‍മിപ്പിച്ചിട്ടുമുണ്ട്:

”നിങ്ങള്‍ എണ്ണത്തില്‍ കുറവായിരുന്നിട്ടും നിങ്ങള്‍ക്ക് അവന്‍ വര്‍ധനവ് നല്‍കിയത് നോക്കുകയും ചെയ്യുക” (ക്വുര്‍ആന്‍ 7:86).

ഉപദേശം കൊണ്ട് അവരില്‍ ഒരു മാറ്റവും വരുന്നില്ല. അവര്‍ അവരുടെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ചെയ്തത്. അവരോട് ശുഐബ്(അ) തന്റെ നിലപാട് വ്യക്തമാക്കിക്കൊടുക്കുന്നത് കാണുക: 

”അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ; ഞാന്‍ എന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവിനെ അവലംബിക്കുന്നവനായിരിക്കുകയും അവന്‍ എനിക്ക് അവന്റെ വകയായി ഉത്തമമായ ഉപജീവനം നല്‍കിയിരിക്കുകയുമാണെങ്കില്‍ (എനിക്കെങ്ങനെ സത്യം മറച്ചു വെക്കാന്‍ കഴിയും?). നിങ്ങളെ ഞാന്‍ ഒരു കാര്യത്തില്‍ നിന്ന് വിലക്കുകയും എന്നിട്ട് നിങ്ങളില്‍ നിന്ന് വ്യത്യസ്തനായിക്കൊണ്ട് ഞാന്‍ തന്നെ അത് പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് ഉദ്ദേശിക്കുന്നുമില്ല. എനിക്ക് സാധ്യമായത്ര നന്‍മവരുത്താനല്ലാതെ മറ്റൊന്നും ഞാന്‍ ഉദ്ദേശിക്കുന്നില്ല. അല്ലാഹു മുഖേന മാത്രമാണ് എനിക്ക് (അതിന്) അനുഗ്രഹം ലഭിക്കുന്നത്. അവന്റെ മേലാണ് ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നത്. അവനിലേക്ക് ഞാന്‍ താഴ്മയോടെ മടങ്ങുകയും ചെയ്യുന്നു” (ക്വര്‍ആന്‍ 11:88).

‘അല്ലാഹുവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവിന്റെ വെളിച്ചത്തിലാണ് ഞാനിതെല്ലാം പറയുന്നത്,ആ രക്ഷിതാവ് തന്നെയാണ് എനിക്ക് ഉപജീവനം നല്‍കുന്നത്, അനുവദനീയമായ വഴിയിലൂടെയാണ് ഞാന്‍ സമ്പാദിക്കുന്നത്, നിങ്ങളോട് വിലക്കുന്ന കാര്യം ഞാന്‍ ഒരിക്കലും ചെയ്യില്ല, നിങ്ങളോട് ഉപദേശിക്കുന്നതിന് ഭൗതികമായ യാതൊന്നും ഞാന്‍ കൊതിക്കുന്നില്ല, നന്മ മാത്രമാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്…’ ശുഐബ് നബി(അ) അല്ലാഹുവില്‍ ഭരമേല്‍പിച്ച് ജനങ്ങളെ ഓര്‍മിപ്പിച്ചു.

ഉപദേശം മാത്രമല്ല, താക്കീതും അവര്‍ക്ക് അദ്ദേഹം നല്‍കി:

”എന്റെ ജനങ്ങളേ, നൂഹിന്റെ ജനതയ്‌ക്കോ, ഹൂദിന്റെ ജനതയ്‌ക്കോ, സ്വാലിഹിന്റെ ജനതയ്‌ക്കോ ബാധിച്ചത് പോലെയുള്ള ശിക്ഷ നിങ്ങള്‍ക്കും ബാധിക്കുവാന്‍ എന്നോടുള്ള മാത്സര്യം നിങ്ങള്‍ക്ക് ഇടവരുത്താതിരിക്കട്ടെ. ലൂത്വിന്റെ ജനത നിങ്ങളില്‍ നിന്ന് അകലെയല്ല താനും. നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുകയും എന്നിട്ട് അവനിലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. തീര്‍ച്ചയായും എന്റെ രക്ഷിതാവ് ഏറെ കരുണയുള്ളവനും ഏറെ സ്‌നേഹമുള്ളവനുമത്രെ” (ക്വുര്‍ആന്‍ 11:89,90).

അല്ലാഹുവിങ്കല്‍ നിന്നുള്ള തെളിവാണല്ലോ പ്രവാചകന്മാര്‍ ജനങ്ങളെ അറിയിക്കുന്നത്. മുഹമ്മദ് നബി ﷺ യുടെ മുമ്പ് പല ജനതകളെയും അല്ലാഹു അവരുടെ ധിക്കാരത്തിന്റെ കാരണത്താല്‍ നശിപ്പിച്ച് കളഞ്ഞിട്ടുണ്ട്. ശുഐബ്(അ)ന്റെ ജനതക്ക് പരിചയമുള്ളവരായിരുന്നു ലൂത്വ് നബി(അ)യുടെ ജനത. അവര്‍ നശിപ്പിക്കപ്പെട്ടത് അവര്‍ക്ക് അറിയുന്നതുമാണ്. സദൂമുകാരെ പറ്റി നന്നായി അറിയുന്നവരായിരുന്നു മദ്‌യന്‍കാര്‍; അവരുടെ അടുത്ത നാട്ടുകാരാണവര്‍. അവര്‍ നശിപ്പിക്കപ്പെട്ടിട്ട് കൂടുതല്‍ കാലമായിട്ടുമില്ല. 

താക്കീത് നല്‍കല്‍ മാത്രമല്ലല്ലോ പ്രവാചകന്മാരുടെ കര്‍ത്തവ്യം. അവര്‍ സന്തോഷ വാര്‍ത്തയും നല്‍കേണ്ടവരാണ്. പ്രതീക്ഷ നട്ടുപിടിപ്പിക്കേണ്ടവരാണ്. അതിനാല്‍ അവരോട് അദ്ദേഹം അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുവാനും ചെയ്തുപോയ പാപങ്ങള്‍ക്ക് അല്ലാഹുവിനോട് പൊറുക്കലിനെ തേടുവാനും അതുവഴി അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കുവാനും ആവശ്യപ്പെട്ടുവെങ്കിലും അവര്‍ അദ്ദേഹത്തോട് തര്‍ക്കിക്കുവാനും കിടമത്സരം നടത്തുവാനുമാണ് ശ്രമിച്ചത്. ചിലരെല്ലാം അത് ചെവിക്കൊള്ളാന്‍ തയ്യാറായെങ്കിലും വലിയ ഒരു വിഭാഗം അതിന് ഒരുക്കമായിരുന്നില്ല. അവര്‍ അദ്ദേഹത്തോട് പറഞ്ഞത് ഇപ്രകാരമായിരുന്നു:

”അവര്‍ പറഞ്ഞു: ശുഐബേ, നീ പറയുന്നതില്‍ നിന്ന് അധികഭാഗവും ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. തീര്‍ച്ചയായും ഞങ്ങളില്‍ ബലഹീനനായിട്ടാണ് നിന്നെ ഞങ്ങള്‍ കാണുന്നത്. നിന്റെ കുടുംബങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ നിന്നെ ഞങ്ങള്‍ എറിഞ്ഞ് കൊല്ലുക തന്നെ ചെയ്യുമായിരുന്നു. ഞങ്ങളെ സംബന്ധിച്ചേടത്തോളം നീയൊരു പ്രതാപവാനൊന്നുമല്ല” (ക്വുര്‍ആന്‍ 11:91).

ആര്‍ക്കും സുഗ്രാഹ്യമായ, അവ്യക്തതയില്ലാത്ത ഭാഷയിലും ശൈലിയിലും സംസാരിച്ച പ്രവാചകനോട് അവര്‍ പറഞ്ഞത് ‘ശുഐബേ, നീ പറയുന്നതൊന്നും ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല’ എന്നാണ്. അവര്‍ക്ക് മനസ്സിലാകില്ലല്ലോ അദ്ദേഹം പറയുന്നത്. കാരണം, അവരുടെ എല്ലാ തിന്മകള്‍ക്കും കൂച്ച്‌വിലങ്ങിടുന്ന കാര്യമാണ് അദ്ദേഹം പറയുന്നത്. വക്രമനസ്സുള്ളപ്പോള്‍ എങ്ങനെയാണ് ഋജു മാര്‍ഗം സ്വീകരിക്കാന്‍ കഴിയുക. അതിനാലാണ് അവര്‍ അദ്ദേഹത്തോട് നീ പറയുന്നതൊന്നും ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ലെന്ന് പറഞ്ഞത്. 

മുഹമ്മദ് നബി ﷺ യോട് ക്വുറൈശികളും ‘മുഹമ്മദേ, നീ പറയുന്നതൊന്നും ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. നീ ഞങ്ങളോട് ഉപദേശിക്കുവാനും വരേണ്ടതില്ല’ എന്നെല്ലാം  പറഞ്ഞിരുന്നുവല്ലോ.

‘അവര്‍ പറഞ്ഞു: നീ ഞങ്ങളെ എന്തൊന്നിലേക്ക് വിളിക്കുന്നുവോ അത് മനസ്സിലാക്കാനാവാത്ത വിധം ഞങ്ങളുടെ ഹൃദയങ്ങള്‍ മൂടികള്‍ക്കുള്ളിലാകുന്നു. ഞങ്ങളുടെ കാതുകള്‍ക്ക് ബധിരതയുമാകുന്നു. ഞങ്ങള്‍ക്കും നിനക്കുമിടയില്‍ ഒരു മറയുണ്ട്. അതിനാല്‍ നീ പ്രവര്‍ത്തിച്ച് കൊള്ളുക. തീര്‍ച്ചയായും ഞങ്ങളും പ്രവര്‍ത്തിക്കുന്നവരാകുന്നു” (ക്വുര്‍ആന്‍ 41:5).

ശുഐബ്(അ) അവരോട് പറഞ്ഞു: ”ഞാന്‍ എന്തൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതില്‍ നിങ്ങളില്‍ ഒരു വിഭാഗം വിശ്വസിച്ചിരിക്കുകയും മറ്റൊരു വിഭാഗം വിശ്വസിക്കാതിരിക്കുകയുമാണെങ്കില്‍ നമുക്കിടയില്‍ അല്ലാഹു തീര്‍പുകല്‍പിക്കുന്നത് വരെ നിങ്ങള്‍ ക്ഷമിച്ചിരിക്കുക. അവനത്രെ തീര്‍പുകല്‍പിക്കുന്നവരില്‍ ഉത്തമന്‍” (ക്വുര്‍ആന്‍ 7:87).

ചിലരെല്ലാം അദ്ദേഹത്തില്‍ വിശ്വസിച്ചു. വലിയ ഒരു വിഭാഗം അവരുടെ അവിശ്വാസത്തില്‍ തന്നെ ഉറച്ചു നിന്നു, പരിഹസിച്ചു. അവരോട് അദ്ദേഹം പറഞ്ഞു: നിങ്ങേളാട് അറിയിക്കേണ്ടതെല്ലാം ഞാന്‍ അറിയിച്ചു കഴിഞ്ഞു. നിര്‍ബന്ധിച്ച് കൂടെ കൂട്ടാന്‍ ഞാന്‍ ആളല്ല. നിങ്ങള്‍ പരിഹസിച്ച് കൊണ്ടിരിക്കുന്ന അല്ലാഹുവിന്റെ ശിക്ഷയെ ക്ഷമിച്ച് കാത്തിരിക്കുക. നമുക്കിടയില്‍ തീര്‍പ് കല്‍പിക്കുവാന്‍ അല്ലാഹുവിനേ സാധിക്കൂ. 

ശുഐബ്(അ) കേവലം അവരിലെ സാമൂഹ്യ തിന്മകളെ മാത്രമായിരുന്നില്ല ചോദ്യം ചെയ്തിരുന്നത്. അവരിലെ ബഹുദൈവാരാധനയെയും അദ്ദേഹം എതിര്‍ത്തിരുന്നു. അതിനാല്‍ അവര്‍ അദ്ദേഹത്തോട് ഇപ്രകാരം ചോദിച്ചു: 

”അവര്‍ പറഞ്ഞു: ശുഐബേ, ഞങ്ങളുടെ പിതാക്കന്‍മാര്‍ ആരാധിച്ച് വരുന്നതിനെ ഞങ്ങള്‍ ഉപേക്ഷിക്കണമെന്നോ, ഞങ്ങളുടെ സ്വത്തുക്കളില്‍ ഞങ്ങള്‍ക്ക് ഇഷ്ടമുള്ള പ്രകാരം പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നോ നിനക്ക് കല്‍പന നല്‍കുന്നത് നിന്റെ ഈ നമസ്‌കാരമാണോ? തീര്‍ച്ചയായും നീ സഹനശീലനും വിവേകശാലിയുമാണല്ലോ”(ക്വുര്‍ആന്‍ 11:87).

ശുഐബ്(അ)നോട് അവര്‍ പരിഹാസത്തോടെ ചോദിക്കുന്ന ചില കാര്യങ്ങളാണ് ഈ വചനത്തിലുള്ളത്.

1) ഞങ്ങളുടെ പിതാക്കള്‍ ആരാധിച്ചുപോരുന്നതിനെയാണല്ലോ ഞങ്ങളും ആരാധിക്കുന്നത്. അതില്‍ നിന്ന് നിന്നെ തടഞ്ഞു നിര്‍ത്തുന്നത് നിന്റെ നമസ്‌കാരമാണോ? 

2) ഞങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ പണം ഞങ്ങളുടെ ഇഷ്ടാനുസരണം ചെലവഴിക്കുന്നത് പോലെ, നിന്റെ പണം നിന്റെ ഇഷ്ടത്തിന് ചെലവഴിക്കുന്നതിന് നിന്നെ തടയിടുന്നത് നിന്റെ നമസ്‌കാരമാണോ? 

3) നീ ഒരു സഹനശീലനും വിവേകിയും തന്നെയാണ് (ഇത് അവര്‍ പരിഹസിച്ച് പറഞ്ഞതായിരുന്നുവെങ്കിലും അതൊരു വസ്തുതയാണ്).

നമസ്‌കാരം ഒരു ശ്രേഷ്ഠമായ ആരാധനയാണ്. അത് മ്ലേഛതകളില്‍ നിന്ന് നമ്മെ തടയുന്നതാണല്ലോ. നമസ്‌കാരം അല്ലാഹുവിനോടുള്ള അനുസരണത്തെയും കീഴൊതുക്കത്തെയും പഠിപ്പിക്കുന്നു. ഒരു മനുഷ്യന്റെ ജീവിതത്തിലാകമാനം അത് സ്വാധീനം ചെലുത്തുന്നതാണ്. കൃത്യനിഷ്ഠത, അടക്കവും ഒതുക്കവും, അച്ചടക്കം, സ്‌നേഹം, സാഹോദര്യം, സഹകരണം തുടങ്ങിയവയെല്ലാം പള്ളിയില്‍ നടക്കുന്ന ജമാഅത്ത് നമസ്‌കാരത്തില്‍ നമുക്ക് കാണാം. ക്വുര്‍ആന്‍ തന്നെ നമസ്‌കാരത്തെ കുറിച്ച് പറയുന്നത് ഇപ്രകാരമാണ്.

”(നബിയേ,) വേദഗ്രന്ഥത്തില്‍ നിന്നും നിനക്ക് ബോധനം നല്‍കപ്പെട്ടത് ഓതിക്കേള്‍പിക്കുകയും നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക. തീര്‍ച്ചയായും നമസ്‌കാരം നീചവൃത്തിയില്‍ നിന്നും നിഷിദ്ധകര്‍മത്തില്‍ നിന്നും തടയുന്നു. അല്ലാഹുവെ ഓര്‍മിക്കുക എന്നത് ഏറ്റവും മഹത്തായ കാര്യം തന്നെയാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്തോ അത് അല്ലാഹു അറിയുന്നു” (ക്വുര്‍ആന്‍ 29:45).

നമസ്‌കാരം ബഹുദൈവാരാധനയില്‍നിന്ന് തടയുന്നതിനും ക്രയവിക്രയത്തില്‍ മാന്യത കാണിക്കുന്നതിനും കാരണമാണെന്നതില്‍ സംശയമില്ല; അത് ആത്മാര്‍ഥമായി ചെയ്യുകയാണെങ്കില്‍. 

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

ലൂത്വ് നബി (അ) – 02

ലൂത്വ് നബി (അ) - 02

സദൂമുകാരുടെ ദുരന്തപര്യവസാനം

മലക്കുകള്‍ ലൂത്വ്  നബി(അ)യോട് പറഞ്ഞതെന്താണെന്ന് കാണുക: ”നമ്മുടെ ദൂതന്‍മാര്‍ ലൂത്വിന്റെ അടുത്ത് ചെന്നപ്പോള്‍ അവരുടെ കാര്യത്തില്‍ അദ്ദേഹം ദുഃഖിതനാകുകയും അവരുടെ കാര്യത്തില്‍ അദ്ദേഹത്തിന് മനഃപ്രയാസമുണ്ടാകുകയും ചെയ്തു. അവര്‍ പറഞ്ഞു: താങ്കള്‍ ഭയപ്പെടുകയോ ദുഃഖിക്കുകയോ വേണ്ട. താങ്കളെയും കുടുംബത്തെയും തീര്‍ച്ചയായും ഞങ്ങള്‍ രക്ഷപ്പെടുത്തുന്നതാണ്. താങ്കളുടെ ഭാര്യ ഒഴികെ. അവള്‍ ശിക്ഷയില്‍ അകപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കുന്നു” (ക്വുര്‍ആന്‍ 29:33). 

”അവര്‍ പറഞ്ഞു: ലൂത്വേ, തീര്‍ച്ചയായും ഞങ്ങള്‍ നിന്റെ രക്ഷിതാവിന്റെ ദൂതന്‍മാരാണ്. അവര്‍ക്ക് (ജനങ്ങള്‍ക്ക്) നിന്റെ അടുത്തേക്കെത്താനാവില്ല. ആകയാല്‍ നീ രാത്രിയില്‍ നിന്നുള്ള ഒരു യാമത്തില്‍ നിന്റെ കുടുംബത്തെയും കൊണ്ട് യാത്ര പുറപ്പെട്ട് കൊള്ളുക. നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് ഒരാളും തിരിഞ്ഞ് നോക്കരുത്. നിന്റെ ഭാര്യയൊഴികെ. തീര്‍ച്ചയായും അവര്‍ക്ക് (ജനങ്ങള്‍ക്ക്) വന്നുഭവിച്ച ശിക്ഷ അവള്‍ക്കും വന്നുഭവിക്കുന്നതാണ്. തീര്‍ച്ചയായും അവര്‍ക്ക് നിശ്ചയിച്ച അവധി പ്രഭാതമാകുന്നു. പ്രഭാതം അടുത്ത് തന്നെയല്ലേ” (ക്വുര്‍ആന്‍ 11:81). 

അവര്‍ക്ക് വലിയ ശിക്ഷ വരുന്നതിന് മുന്നോടിയായി അതിഥികളെ ഉപയോഗപ്പെടുത്തുന്നതിനായി ലൂത്വ്(അ)ന്റെ വീട്ടില്‍ വന്നവരുടെ കാഴ്ച മലക്കുകളുടെ ഒരു ചെറിയ ഇടപെടല്‍ നിമിത്തം ഇല്ലാെതയായി. അവര്‍ അന്ധന്മാരായിത്തീര്‍ന്നു. എന്നിട്ടും പാഠം ഉള്‍ക്കൊള്ളാതെ ലൂത്വ്(അ)നോട് അവര്‍ ഭീഷണി മുഴക്കി സംസാരിച്ചു.

”അദ്ദേഹത്തോട് (ലൂത്വിനോട്) അദ്ദേഹത്തിന്റെ അതിഥികളെ (ദുര്‍വൃത്തിക്കായി) വിട്ടുകൊടുക്കുവാനും അവര്‍ ആവശ്യപ്പെടുകയുണ്ടായി. അപ്പോള്‍ അവരുടെ കണ്ണുകളെ നാം തുടച്ചുനീക്കി. എന്റെ ശിക്ഷയും എന്റെ താക്കീതുകളും നിങ്ങള്‍ അനുഭവിച്ച് കൊള്ളുക (എന്ന് നാം അവരോട് പറഞ്ഞു)” (ക്വുര്‍ആന്‍ 54:37). 

അവര്‍ക്ക് അല്ലാഹു നല്‍കിയ ഈ ശിക്ഷ അനുഭവിച്ചിട്ടു പോലും  അവര്‍ അവരുടെ ദുഷ്‌ചെയ്തികളില്‍ നിന്ന് പിന്മാറാന്‍ ഒരുക്കമായില്ല. നേരം പുലര്‍ന്നിട്ട് വീണ്ടും വരുമെന്ന് ഭീഷണിപ്പെടുത്തി പോകുകയാണ് അവര്‍ ചെയ്തത്. 

ശത്രുക്കള്‍ ഭീഷണി മുഴക്കി നാളെ വരാം എന്നു പറഞ്ഞാണല്ലോ പോയത്. എന്നാല്‍ അന്നു രാത്രിതന്നെ സ്ഥലം വിടുവാനായിരുന്നു അല്ലാഹുവിന്റെ കല്‍പന. ക്വുര്‍ആനിലെ ‘നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് ഒരാളും തിരിഞ്ഞ് നോക്കരുത്. നിന്റെ ഭാര്യയൊഴികെ’ എന്ന വാക്ക് ശ്രദ്ധിക്കുക. കുടുംബത്തെയും കൊണ്ട് പോകാനാണല്ലോ ആജ്ഞ. അപ്പോള്‍ ഭാര്യയും അതിലുണ്ടാകുമല്ലോ. ഒന്നുകില്‍ ഭാര്യ തിരിഞ്ഞു നോക്കും എന്നാവാം പറഞ്ഞത്. അല്ലെങ്കില്‍ ഭാര്യ ഒഴികെയുള്ളവരെ കൊണ്ടു പോകാനാകാം കല്‍പിച്ചത്. എന്നാല്‍ അധിക ക്വുര്‍ആന്‍ വ്യഖ്യാതക്കളും അഭിപ്രായപ്പെട്ടിട്ടുള്ളത് അവളെ അദ്ദേഹം കൂടെ കൊണ്ടു പോയിട്ടില്ലെന്നും അവരുടെ കൂടെ പോകാന്‍ അവള്‍ തയ്യാറായിട്ടില്ലെന്നുമാണ്. ഭാര്യയെ മാറ്റി നിര്‍ത്തിയാല്‍ കുടുംബത്തില്‍ ബാക്കിയുള്ളവര്‍ ലൂത്വ് നബി(അ)യും രണ്ട് പെണ്‍മക്കളും മാത്രമാണ്.ആ നാട്ടില്‍ ആകെയുള്ള വിശ്വാസികള്‍ ഇവരാണ്. അവരെ അല്ലാഹു രക്ഷപ്പെടുത്തുകയും ചെയ്തു. അത് താഴെയുള്ള സൂക്തത്തില്‍ നിന്ന് ഗ്രഹിക്കാവുന്നതുമാണ്. 

”അപ്പോള്‍ സത്യവിശ്വാസികളില്‍ പെട്ടവരായി അവിടെ ഉണ്ടായിരുന്നവരെ നാം പുറത്ത് കൊണ്ടു വന്നു. (രക്ഷപെടുത്തി). എന്നാല്‍ മുസ്‌ലിംകളുടെതായ ഒരു വീടല്ലാതെ നാം അവിടെ കണ്ടെത്തിയില്ല” (ക്വുര്‍ആന്‍ 51:35,36). 

ലൂത്വ്(അ) മലക്കുകളോട് ഈ രാത്രി തന്നെ പുറപ്പെടേണ്ടതുണ്ടോ,  എപ്പോഴാണ് അവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള ശിക്ഷ എന്നെല്ലാം ചോദിച്ചു. അവര്‍ക്ക് വാഗ്ദാനം ചെയ്തിട്ടുള്ള ശിക്ഷ പ്രഭാതത്തിലാണെന്നും നിങ്ങള്‍ പേകുമ്പോള്‍ തിരിഞ്ഞ് നോക്കരുതെന്നും അറിയിച്ചു. തിരിഞ്ഞു നോക്കിയാല്‍ തിരിഞ്ഞു നോക്കുന്നവരെയും അത് ബാധിക്കും. അങ്ങനെ അവര്‍ക്ക് വാഗ്ദത്തം ചെയ്യപ്പെട്ടത് അവര്‍ക്ക് വരികയായി.

”അങ്ങനെ സൂരേ്യാദയത്തോടെ ആ ഘോരശബ്ദം അവരെ പിടികൂടി” (ക്വുര്‍ആന്‍ 15:73).

”അങ്ങനെ നമ്മുടെ കല്‍പന വന്നപ്പോള്‍ ആ രാജ്യത്തെ നാം കീഴ്‌മേല്‍ മറിക്കുകയും അട്ടിയട്ടിയായി ചൂളവെച്ച ഇഷ്ടികക്കല്ലുകള്‍ നാം അവരുടെ മേല്‍ വര്‍ഷിക്കുകയും ചെയ്തു. നിന്റെ രക്ഷിതാവിന്റെ അടുക്കല്‍ അടയാളം വെക്കപ്പെട്ടവയത്രെ (ആ കല്ലുകള്‍). അത് ഈ അക്രമികളില്‍ നിന്ന് അകലെയല്ല”(ക്വുര്‍ആന്‍ 11:82,83).

ക്വുര്‍ആന്‍ വ്യാഖ്യാതാക്കളായ മുജാഹിദ്, ക്വതാദഃ, സുദ്ദീ(റ) എന്നിവരും അവരല്ലാത്തവരും ഇ്രപകാരം പറഞ്ഞിട്ടുണ്ട്: ‘ജിബ്‌രീല്‍(അ) അവരുടെ നാടിനെയും വീടിനെയും പിഴുതെടുത്തു. പിന്നീട് അവയെ അവരുടെ നായകളുടെ കുര ആകാശത്തുള്ളവര്‍ കേള്‍ക്കുന്നത് വരെ ആകാശത്തേക്ക് ഉയര്‍ത്തി. പിന്നീട് അവരെ ചെരിച്ചു. അങ്ങനെ അവയുടെ മുകള്‍ ഭാഗം താഴ്ഭാഗത്തേക്ക് ആക്കി (കീഴ്‌മേല്‍ മറിച്ചുവെന്ന് സാരം). പിന്നീട് ചുട്ടെടുത്ത കല്ലുകള്‍ അവരെ പിന്തുടര്‍ത്തുകയും ചെയ്തു’ (ഇബ്‌നു കഥീര്‍).

ചുരുക്കത്തില്‍, അതിശക്തമായിരുന്നു അവര്‍ക്ക് ഏല്‍ക്കേണ്ടി വന്ന ശിക്ഷ. അവരിലേക്ക് അല്ലാഹു വര്‍ഷിച്ചത്, തീച്ചൂളയില്‍ നിന്ന് എടുത്തത് പോലെയുള്ള അടയാളം വെച്ച, അഥവാ ഏത് കല്ല് ആരുടെ തലയില്‍ വീഴണം എന്ന് വരെ എഴുതി അടയാളപ്പെടുത്തിയ കല്ലുകൊണ്ടുള്ളതായിരുന്നു. ആ പ്രദേശമാണ് ഇന്ന് ചാവുകടല്‍ എന്ന് അറിയപ്പെടുന്നത് എന്നാണ് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത്. 

അവര്‍ക്ക് വന്ന ശിക്ഷയെ പറ്റി ക്വുര്‍ആന്‍ മറ്റൊരു സ്ഥലത്തും ഇപ്രകാരം ആവര്‍ത്തിച്ചിട്ടുണ്ട്. 

”നിന്റെ ജീവിതം തന്നെയാണ സത്യം! തീര്‍ച്ചയായും അവര്‍ അവരുടെ ലഹരിയില്‍ വിഹരിക്കുകയായിരുന്നു. അങ്ങനെ സൂരേ്യാദയത്തോടെ ആ ഘോരശബ്ദം അവരെ പിടികൂടി. അങ്ങനെ ആ രാജ്യത്തെ നാം തലകീഴായി മറിക്കുകയും, ചുട്ടുപഴുത്ത ഇഷ്ടികക്കല്ലുകള്‍ അവരുടെ മേല്‍ നാം വര്‍ഷിക്കുകയും ചെയ്തു. നിരീക്ഷിച്ച് മനസ്സിലാക്കുന്നവര്‍ക്ക് തീര്‍ച്ചയായും അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്. തീര്‍ച്ചയായും അത് (ആ രാജ്യം) (ഇന്നും) നിലനിന്ന് വരുന്ന ഒരു പാതയിലാണ് സ്ഥിതി ചെയ്യുന്നത്. തീര്‍ച്ചയായും അതില്‍ വിശ്വാസികള്‍ക്ക് ഒരു ദൃഷ്ടാന്തമുണ്ട്” (ക്വുര്‍ആന്‍ 15:7277).

കീഴ്‌മേല്‍ മറിച്ചു എന്നും കല്‍മഴ വര്‍ഷിച്ചുവെന്നും ക്വുര്‍ആന്‍ പറഞ്ഞ ആ പ്രദേശം സമുദ്ര നിരപ്പില്‍ നിന്നും ഏതാണ്ട് 1300 അടി താഴ്ചയില്‍ സ്ഥിതി ചെയ്യുന്നു. കൂടിയ സാന്ദ്രത കാരണം ആ തടാകത്തില്‍ ഒരാള്‍ കിടന്നാല്‍ താണു പോവുകില്ല. ജീവ ജാലങ്ങളോ ബാക്ടീരിയ പോലുമോ അതിലില്ല. ചിന്തിക്കുന്നവര്‍ക്ക് പാഠമായി അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങിയ ആ ചരിത്രസ്ഥലം മനുഷ്യന് മുന്നില്‍ ഇന്നും നില നില്‍ക്കുകയാണ്. മറ്റൊരു സ്ഥലത്ത് ക്വുര്‍ആന്‍ പറയുന്നത് നോക്കൂ.

സ്വവര്‍ഗലൈംഗികബന്ധത്തെ ഇസ്‌ലാം വളരെ ഗുരുതരമായ തിന്മയായിട്ടാണ് കാണുന്നത് എന്നത് വ്യക്തമാക്കുന്ന നബിവചനങ്ങളും കാണുവാന്‍ സാധിക്കും. 

ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന്: നബി ﷺ പറഞ്ഞു: ”ലൂത്വ്(അ)ന്റെ ജനതയുടെ പ്രവൃത്തി പ്രവര്‍ത്തിച്ചവനെ അല്ലാഹു ശപിച്ചിരിക്കുന്നു. ലൂത്വ്(അ)ന്റെ ജനതയുടെ പ്രവൃത്തി പ്രവര്‍ത്തിച്ചവനെ അല്ലാഹു ശപിച്ചിരിക്കുന്നു.” മൂന്ന് തവണ (അവിടുന്ന് ഇപ്രകാരം പറഞ്ഞു). (നസാഈ).

അനസ്(റ)വില്‍ നിന്ന്: റസൂല്‍ ﷺ പറഞ്ഞു: ”എന്റെ സമുദായത്തില്‍ നിന്ന് ആരെങ്കിലും ലൂത്വ് നബി(അ)യുടെ ജനത ചെയ്ത പ്രവൃത്തി ചെയ്ത് മരിച്ചാല്‍ അവരെ ഒരുമിച്ചു കൂട്ടുന്ന സ്ഥലത്തേക്ക് ഇവരെയും എത്തിക്കുന്നതാണ്.”

ഇബ്‌നുല്‍ ക്വയ്യിം(റ) പറയുന്നു: ”ഏറ്റവും വമ്പിച്ച അധര്‍മത്തില്‍ പെട്ടത് സ്വവര്‍ഗരതി മൂലമുള്ള അധര്‍മമായിരിക്കുന്നു. അതിനാല്‍ ഇഹലോകത്തിലും പരലോകത്തിലും അവര്‍ക്ക് ഏറ്റവും വലിയ ശിക്ഷ നല്‍കുകയും വേണം.”

ഖാലിദ്ബ്‌നുല്‍ വലീദ്(റ)വില്‍ നിന്ന് (ഇപ്രകാരം) സ്ഥിരപ്പെട്ടു വന്നിരിക്കുന്നു: അറബികളില്‍ ചിലര്‍ സ്ത്രീകളെ വിവാഹം കഴിക്കുന്നത് പോലെ പുരുഷന്മാരെ വിവാഹം കഴിക്കുന്നത് കാണുകയുണ്ടായി. അപ്പോള്‍ (ഖലീഫയായ) അബൂബക്കര്‍(റ)വിന് അദ്ദേഹം (ഇത് അറിയിച്ചുകൊണ്ടുള്ള) ഒരു കത്ത് എഴുതി. അങ്ങനെ അബൂബക്കര്‍(റ) മറ്റു സ്വഹാബിമാരോട് ഈ കാര്യത്തില്‍ കൂടിയാലോചന നടത്തി. ആ കാര്യത്തില്‍ ഏറ്റവും ശക്തമായ സംസാരം നടത്തിയത് അലി(റ) ആയിരുന്നു. അദ്ദേഹം പറഞ്ഞു: മുന്‍ കഴിഞ്ഞ സമുദായങ്ങളില്‍ ഒരു വിഭാഗമല്ലാതെ ഈ പണി ചെയ്തിട്ടില്ല. അവരെ എന്താണ് അല്ലാഹു ചെയ്തതെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. തീയില്‍ കരിച്ച് കളയണം എന്നാണ് ഞാന്‍ അഭിപ്രായപ്പെടുന്നത്. അങ്ങനെ അബൂബക്കര്‍(റ) ഖാലിദ്(റ)വിന് കത്ത് എഴുതി. അങ്ങനെ അവരെ കരിച്ചു കളഞ്ഞു.

ആധുനിക പഠന രംഗത്ത് ഹോസ്റ്റലുകളിലും ലോഡ്ജുകളിലുമെല്ലാമായി താമസിച്ച് പഠിക്കുന്ന മക്കളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ കണ്ണും ചെവിയും ഹൃദയവും നല്‍കി ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. പത്ത് വയസ്സായാല്‍ ഒരേ ഗര്‍ഭ പാത്രത്തില്‍ വളര്‍ന്ന സഹോദരങ്ങളാണെങ്കില്‍ പോലും അവരെ ഒരു പുതപ്പിലായി കിടത്തിക്കൂടായെന്നും മാറ്റിക്കിടത്തണമെന്നും ഇസ്‌ലാം നിഷ്‌കര്‍ശിക്കുമ്പോള്‍, (മനുഷ്യനെ സൃഷ്ടിച്ച രക്ഷിതാവിന്നറിയാമല്ലോ മനുഷ്യ വികാര വിചാരങ്ങള്‍) അതില്‍ അടങ്ങിയിട്ടുള്ള രഹസ്യങ്ങള്‍ എന്തെല്ലാമുണ്ടെന്നത് ബുദ്ധി കൊടുത്ത് ചിന്തിക്കുന്നവര്‍ക്ക് ലഭിക്കുന്നതാണ്.

ലോകത്ത് മുമ്പൊന്നും കേള്‍ക്കാത്ത പല രോഗങ്ങളും ഭീതിയോടെ കേള്‍ക്കുകയും അറിയുകയും ചെയ്യുന്നവാരാണ് നാം. അതില്‍ ഏറ്റവും ഗുരുതരമാണല്ലോ എയ്ഡ്‌സ്. ഇത്തരം മ്ലേച്ഛതകള്‍ സമൂഹത്തില്‍ വ്യാപിക്കുമ്പോള്‍ മാരകമായ രോഗങ്ങള്‍ പ്രത്യക്ഷപ്പെടുമെന്ന് നബി ﷺ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് മനസ്സിലാക്കുക. 

 മനുഷ്യന്‍ എന്ന നിലയ്ക്ക് തെറ്റുകള്‍ സംഭവിക്കാം. ആത്മാര്‍ഥമായി പശ്ചാത്തപിക്കുന്നവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുമെന്നതില്‍ സംശയമില്ല.  

അല്ലാഹുവിന് വേണ്ടി ആത്മാര്‍ഥമായി ജീവിക്കുവാന്‍ ഒരുക്കമുള്ളവരെ അല്ലാഹു മ്ലേച്ഛതകളില്‍ നിന്ന് വഴി തിരിച്ചുവിടും. യൂസുഫ് നബി(അ)യെ കൊട്ടാരത്തിലെ സ്ത്രീ വശീകരിക്കുവാന്‍ ശ്രമിച്ചപ്പോഴും, അദ്ദേഹം അതില്‍ അകപ്പെടാതെ രക്ഷപ്പെടാനുണ്ടായ കാരണം അല്ലാഹു വിവരിക്കവെ അദ്ദേഹം നിഷ്‌കളങ്കനായിരുന്നുവെന്ന് പറയുന്ന് ശ്രദ്ധേയമാണ്. നിഷ്‌കളങ്ക ഹൃദയത്തിന്റെ ഉടമകളായി അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടി സമയവും ആരോഗ്യവും സമ്പാദ്യവും ചെലവഴിച്ച് ജീവിക്കുമ്പോള്‍ ഇത്തരം മ്ലേച്ഛതകളില്‍ നിന്ന് അല്ലാഹുവിന്റെ കാവല്‍ ലഭിക്കുന്നതാണ്.

ഒരു സമൂഹത്തെ അല്ലാഹു കീഴ്‌മേല്‍ മറിക്കുവാന്‍ മാത്രം കാരണമായ കൊടും പാതകമായ ഈ തിന്മക്ക് അടിമപ്പെടുന്നവര്‍ അല്ലാഹു അത്തരക്കാര്‍ക്ക് ഇഹലോകത്ത് തന്നെ നല്‍കിയ ശിക്ഷയെ കുറിച്ച് പഠിച്ചറിയേണ്ടതുണ്ട്. ജീവിതം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിയന്ത്രണ വിധേയമാക്കി ക്ഷമയോടെ മുന്നോട്ടു പോകുവാനും ശ്രമിക്കേണ്ടതുണ്ട്. മ്ലേഛതകളില്‍ നിന്നും നീചവൃത്തികളില്‍ നിന്നും മനുഷ്യന് ഒരു കവചമായിട്ടുള്ള അഞ്ചു നേരത്തെ നിര്‍ബന്ധ നമസ്‌കാരങ്ങള്‍ ജമാഅത്തായി നിര്‍വഹിച്ചും കൂടെ ഐച്ഛിക നമസ്‌കാരങ്ങള്‍ അധികരിപ്പിച്ചും സുന്നത്തു നോമ്പുകള്‍, ക്വുര്‍ആന്‍ പാരായണം, അല്ലാഹുവിനെ കുറിച്ചുള്ള സ്മരണ മുതലായവ വര്‍ധിപ്പിച്ചും ജീവിച്ചാല്‍ തെറ്റുകളില്‍നിന്നും അകന്ന് ജീവിക്കുവാന്‍ സാധിക്കും. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിയമപരമായി ഈ നീചവൃത്തിക്ക് പരിരക്ഷ ലഭിക്കുമ്പോള്‍ ഇത്തരം സ്വഭാവത്തിന് അടിമപ്പെട്ടവരെ ഇസ്‌ലാമിക അധ്യാപനങ്ങള്‍ കൊണ്ടല്ലാതെ രക്ഷപ്പെടുത്തുവാന്‍ സാധ്യമല്ല. സ്വവര്‍ഗ വിവാഹത്തിന് വേണ്ടി നിയമം കൊണ്ടുവരുവാനും, ഇതെല്ലാം വ്യക്തി സ്വാതന്ത്ര്യമായി കണ്ട്, അതിന് നിയമ സാധുത ഉണ്ടാക്കുവാനായി മുദ്രാവാക്യം വിളിച്ച് തെരുവിലിറങ്ങുവാന്‍ പോലും മനുഷ്യര്‍ ഇക്കാലത്ത് തയ്യാറാകുന്നു എന്നത് ധാര്‍മികമായ അധഃപതനത്തിന്റെ അടയാളമാണ്. 

ഇത്തരം ദുഃസ്വഭാവക്കാര്‍ക്കായി ലോകത്ത് സംഘടനകളും അതിന്റെ പ്രചാരണത്തിനായി മാസികകളും, അവയ്ക്ക് ലക്ഷക്കണക്കിന് വരിക്കാരും ഉണ്ടെന്ന് കണക്കുകള്‍ പറയുമ്പോള്‍ ഇവര്‍ക്കുള്ള സ്വാധീനം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാം.

അല്ലാഹുവിന്റെ ദൂതന്‍ നല്‍കിയ ഉപദേശങ്ങളോടും താക്കീതുകളോടും ആ ജനത മുഖം തിരിഞ്ഞ് അഹങ്കാരികളും ധിക്കാരികളുമായി മാറിയപ്പോള്‍ അല്ലാഹു അവരെ ലോകത്തിന് ഒരു ദൃഷ്ടാന്തമായി നശിപ്പിച്ചു കളഞ്ഞു എന്നത് ചരിത്ര യാഥാര്‍ഥ്യമാണ്. 

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

ലൂത്വ് നബി (അ) – 01

ലൂത്വ് നബി (അ) - 01

ലൂത്വ് നബിയുടെ ജനത

കഴിഞ്ഞ ലക്കത്തില്‍ ഇബ്‌റാഹീം നബി(അ)യുടെ പുത്രനായ ഇസ്മാഈല്‍ നബി(അ)യുടെ ചരിത്രം നാം മനസ്സിലാക്കി. ഇബ്‌റാഹീം നബി(അ)യുടെ മറ്റൊരു പുത്രനായ ഇസ്ഹാക്വ് നബി(അ)യെക്കുറിച്ചും ലൂത്വ് നബിയെയും അദ്ദേഹത്തിന്റെ ജനതയെയും പറ്റിയാണ് ഈ ലക്കത്തില്‍ പറയാന്‍ പോകുന്നത്.

ഇസ്ഹാക്വ് നബി(അ)

ഇബ്‌റാഹീം നബി(അ)ന് ഇസ്മാഈല്‍(അ) പിറന്നതിന് ശേഷം ഉണ്ടായ പുത്രനാണ് ഇസ്ഹാക്വ്(അ). ഇസ്ഹാക്വ്(അ) ജനിക്കുന്ന സമയത്ത് പിതാവ് ഇബ്‌റാഹീം നബി(അ)ക്ക് 100ഉം മാതാവ് സാറക്ക് 90ഉം വയസ്സായിരുന്നു പ്രായം. ഇസ്ഹാക്വ് എന്ന പുത്രനെ കുറിച്ചുള്ള സന്തോഷ വാര്‍ത്ത ഇബ്‌റാഹീം(അ)നെ അറിയിക്കുന്ന ഭാഗം ക്വുര്‍ആന്‍ വിവരിക്കുന്നത് നോക്കൂ:

”അദ്ദേഹത്തിന്റെ അടുത്ത് കടന്നുവന്ന് അവര്‍ സലാം എന്ന് പറഞ്ഞ സന്ദര്‍ഭം. അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെപ്പറ്റി ഭയമുള്ളവരാകുന്നു. അവര്‍ പറഞ്ഞു: താങ്കള്‍ ഭയപ്പെടേണ്ട. ജ്ഞാനിയായ ഒരു ആണ്‍കുട്ടിയെപ്പറ്റി ഞങ്ങളിതാ താങ്കള്‍ക്കു സന്തോഷവാര്‍ത്ത അറിയിക്കുന്നു. അദ്ദേഹം പറഞ്ഞു: എനിക്ക് വാര്‍ധക്യം ബാധിച്ചു കഴിഞ്ഞിട്ടാണോ എനിക്ക് നിങ്ങള്‍ (സന്താനത്തെപ്പറ്റി) സന്തോഷവാര്‍ത്ത അറിയിക്കുന്നത് അപ്പോള്‍ എന്തൊന്നിനെപ്പറ്റിയാണ് നിങ്ങളീ സന്തോഷവാര്‍ത്ത അറിയിക്കുന്നത്?  അവര്‍ പറഞ്ഞു: ഞങ്ങള്‍ താങ്കള്‍ക്ക് സന്തോഷവാര്‍ത്ത നല്‍കിയിട്ടുള്ളത് ഒരു യാഥാര്‍ഥ്യത്തെപ്പറ്റിതന്നെയാണ്. അതിനാല്‍ താങ്കള്‍ നിരാശരുടെ കൂട്ടത്തിലായിരിക്കരുത്. അദ്ദേഹം (ഇബ്‌റാഹീം) പറഞ്ഞു: തന്റെ രക്ഷിതാവിന്റെ കാരുണ്യത്തെപ്പറ്റി ആരാണ് നിരാശപ്പെടുക; വഴിപിഴച്ചവരല്ലാതെ” (ക്വുര്‍ആന്‍ 15:51-56).

”അപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ ഉച്ചത്തില്‍ ഒരു ശബ്ദമുണ്ടാക്കിക്കൊണ്ട് മുന്നോട്ട് വന്നു. എന്നിട്ട് തന്റെ മുഖത്തടിച്ചുകൊണ്ട് പറഞ്ഞു: വന്ധ്യയായ ഒരു കിഴവിയാണോ (പ്രസവിക്കാന്‍ പോകുന്നത്)”(ക്വുര്‍ആന്‍ 51:29).

”അദ്ദേഹത്തിന്റെ (ഇബ്‌റാഹീം നബി(അ)യുടെ) ഭാര്യ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ ചിരിച്ചു. അപ്പോള്‍ അവര്‍ക്ക് ഇസ്ഹാക്വിനെപ്പറ്റിയും, ഇസ്ഹാക്വിന്റെ പിന്നാലെ യഅ്ക്വൂബിനെപ്പറ്റിയും സന്തോഷവാര്‍ത്ത അറിയിച്ചു. അവര്‍ പറഞ്ഞു: കഷ്ടം! ഞാനൊരു കിഴവിയായിട്ടും പ്രസവിക്കുകയോ?  എന്റെ ഭര്‍ത്താവ് ഇതാ ഒരു വൃദ്ധന്‍! തീര്‍ച്ചയായും ഇതൊരു അത്ഭുതകരമായ കാര്യം തന്നെ. അവര്‍ (ദൂതന്‍മാര്‍) പറഞ്ഞു: അല്ലാഹുവിന്റെ കല്‍പനയെപ്പറ്റി നീ അത്ഭുതപ്പെടുകയോ? ഹേ, വീട്ടുകാരേ, നിങ്ങളില്‍ അല്ലാഹുവിന്റെ കാരുണ്യവും അനുഗ്രഹങ്ങളുമുണ്ടായിരിക്കട്ടെ. തീര്‍ച്ചയായും അവന്‍ സ്തുത്യര്‍ഹനും മഹത്ത്വമേറിയവനും ആകുന്നു” (ക്വുര്‍ആന്‍ 11:71-73).

പിതാവ് ഇബ്‌റാഹീം(അ) പ്രബോധനം ചെയ്ത ശരീഅത്തിലായിട്ടാണ് ഇസ്ഹാക്വ്(അ) നിയുക്തനായത്. ഇസ്ഹാക്വ്(അ)ന്റെ ചരിത്രം ഇതിലുപരി ക്വുര്‍ആനിലും സ്വഹീഹായ ഹദീഥുകളിലും വേറെ വിവരിക്കുവാനില്ല.

ലൂത്വ്(അ)

ഇബ്‌റാഹീം നബി(അ)യുടെ സമകാലികനും ബന്ധുവുമായിരുന്നു ലൂത്വ്(അ). ലൂത്വ്(അ)ന്റെ പേര് ക്വുര്‍ആനില്‍ 27 തവണ പരാമര്‍ശിച്ചിട്ടുണ്ട്. ഇബ്‌റാഹീം(അ)യില്‍ വിശ്വസിച്ച ഏക വ്യക്തി കൂടി ആയിരുന്നു ലൂത്വ്(അ).

ഇബ്‌റാഹീം നബി(അ)യില്‍ വിശ്വസിച്ച ലൂത്വ്(അ) ഇബ്‌റാഹീം നബി(അ)യുടെ കൂടെ ഹിജ്‌റ പോകുവാനും തയ്യാറായി എന്നാണ് ചരിത്രം നമുക്ക് പഠിപ്പിച്ചു തരുന്നത്. എന്നാല്‍ പിന്നീട് ലൂത്വ്(അ) സദൂം എന്ന സ്ഥലത്താണ് താമസമാക്കിയത്. അവിടത്തുകാരിലേക്കാണ് അവിടുന്ന് പ്രവാചകനായി നിയുക്തനായത്. ഫലസ്തീനിന്റെ കിഴക്ക് ജോര്‍ദാനിലും ഇസ്‌റാഈലിലും ഉള്‍പെടുന്ന ആ കാലത്തെ വലിയ പട്ടണമായിരുന്നു സദൂം. സദൂമുകാര്‍ ദൈവധിക്കാരികളായിരുന്നു. അല്ലാഹു ഏതൊരു ജീവിയിലും നിശ്ചയിച്ചിട്ടുള്ള പ്രകൃതി ആണും പെണ്ണും തമ്മിലുള്ള ലൈംഗികബന്ധമാണ്. എന്നാല്‍ ലൂത്വ്(അ) നിയോഗിതനായ സമൂഹം ശിര്‍ക്കിലും കുഫ്‌റിലും ആയിരുന്നു എന്ന് മാത്രമല്ല സ്വവര്‍ഗ ലൈംഗികബന്ധത്തില്‍ ഏര്‍പെടുന്നവരുമായിരുന്നു. മനുഷ്യ കുലത്തില്‍ ഈ വൃത്തികേടിന് നാന്ദി കുറിച്ചത് അവരായിരുന്നു. അവരോട് ലൂത്വ്(അ) നടത്തിയ ഉപദേശങ്ങള്‍ ശ്രദ്ധിക്കുക:

”ലൂത്വിന്റെ ജനത ദൈവദൂതന്‍മാരെ നിഷേധിച്ചു തള്ളി. അവരുടെ സഹോദരന്‍ ലൂത്വ് അവരോട് പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ  തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ ഒരു ദൂതനാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍. ഇതിന്റെ പേരില്‍ നിങ്ങളോട് ഞാന്‍ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവിങ്കല്‍ നിന്ന് മാത്രമാകുന്നു. നിങ്ങള്‍ ലോകരില്‍ നിന്ന് ആണുങ്ങളുടെ അടുക്കല്‍ ചെല്ലുകയാണോ? നിങ്ങളുടെ രക്ഷിതാവ് നിങ്ങള്‍ക്ക് വേണ്ടി സൃഷ്ടിച്ചു തന്നിട്ടുള്ള നിങ്ങളുടെ ഇണകളെ വിട്ടുകളയുകയുമാണോ? അല്ല, നിങ്ങള്‍ അതിക്രമകാരികളായ ഒരു ജനത തന്നെ. അവര്‍ പറഞ്ഞു: ലൂത്വേ, നീ (ഇതില്‍നിന്ന്) വിരമിച്ചില്ലെങ്കില്‍ തീര്‍ച്ചയായും നീ (നാട്ടില്‍നിന്ന്) പുറത്താക്കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും. അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ പ്രവൃത്തിയെ വെറുക്കുന്നവരുടെ കൂട്ടത്തിലാകുന്നു” (ക്വുര്‍ആന്‍ 26:160-168).

ലൂത്വ് നബി(അ)യുടെ ജനത ലൂത്വ്(അ)നെ മാത്രമെ വാസ്തവത്തില്‍ കളവാക്കിയിട്ടുള്ളൂ. എന്നാല്‍ ക്വുര്‍ആന്‍ പ്രയോഗിച്ചത് മുഴുവന്‍ ദൂതന്മാരെയും കളവാക്കിയവരെന്നാണ്. എന്താണ് അങ്ങനെ പറയാന്‍ കാരണം? അല്ലാഹു അയച്ച മുഴുവന്‍ പ്രവാചകരിലും വിശ്വസിക്കുമ്പോഴേ ഒരാള്‍ വിശ്വാസിയാകുന്നുള്ളൂ. ഒരു പ്രവാചകനെ അവിശ്വസിക്കുന്നത് മുഴുവന്‍ പ്രവാചകരെയും അവിശ്വസിക്കുന്നതിന് സമമാണ്.

അദ്ദേഹം അവരോട് പറഞ്ഞു: ഞാന്‍ അല്ലാഹുവിങ്കല്‍ നിന്നും നിങ്ങള്‍ക്കുള്ള വിശ്വസ്തനായ ദൈവ ദൂതനാണ്. അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുകയും അവന്റെ ദൂതനായ എന്നെ നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക. ഇതിന്റെ പേരില്‍ നിങ്ങളില്‍ നിന്ന് യാതൊന്നും ഞാന്‍ പ്രതീക്ഷിക്കുന്നുമില്ല. എനിക്കുള്ള പ്രതിഫലം അല്ലാഹു നല്‍കും. അതിനാല്‍ എന്നെ നിങ്ങള്‍ അനുസരിക്കുവീന്‍. ആ നാട്ടിലെ ഏറ്റവും വലിയ സാമൂഹ്യ തിന്മയായ സ്വവര്‍ഗ രതിയെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. വിവാഹം ചെയ്ത് ഭാര്യയും മക്കളും എല്ലാം അവര്‍ കാമ നിവൃത്തിക്കായി ആണുങ്ങളെ തന്നെ സമീപിക്കും. അതിനായി സമീപിക്കുന്നവരും സമീപിക്കപ്പെടുന്നവരും അതില്‍ സംതൃപ്തരായിരുന്നു. ലൂത്വ്(അ) അവരോട് ചോദിച്ചു: ജനങ്ങളേ, നിങ്ങള്‍ കാമ നിവൃത്തിക്കായി പുരുഷന്മാരെ സമീക്കുകയാണോ? കാമ നിവൃത്തിക്കായി നിങ്ങള്‍ക്ക് ഭാര്യമാരില്ലേ. ലൈംഗിക ബന്ധം തന്റെ എതിര്‍ ലിംഗത്തില്‍ പെട്ടവരുമായി, വിവാഹത്തിലൂടെ മാത്രമെ മനുഷ്യന് അല്ലാഹു അനുവദിച്ചിട്ടുള്ളൂ. അങ്ങനെയെങ്കില്‍ അതൊരു പുണ്യകര്‍മമാണെന്ന് വരെ ഇസ്‌ലാം പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. 

ലൂത്വ്(അ) അവരെ ധാര്‍മികതയിലേക്ക് വിളിച്ചെങ്കിലും അതിന് ആ ജനത അദ്ദേഹത്തിന് നല്‍കിയ മറുപടി ‘ലൂത്വേ, നീ ഇത് അവസാനിപ്പിക്കണം. ഇല്ലെങ്കില്‍ നിന്നെ ഞങ്ങള്‍ ഈ നാട്ടില്‍ നിന്നും ആട്ടി പ്പുറത്താക്കുന്നതാണ്’ എന്നായിരുന്നു. 

അല്ലാഹു പറയുന്നു: ”ലൂത്വിനെയും (ദൂതനായി അയച്ചു). തന്റെ ജനതയോട് അദ്ദേഹം ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) തീര്‍ച്ചയായും നിങ്ങള്‍ നീചകൃത്യമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. നിങ്ങള്‍ക്കു മുമ്പ് ലോകരില്‍ ഒരാളും അതുചെയ്യുകയുണ്ടായിട്ടില്ല. നിങ്ങള്‍ കാമനിവൃത്തിക്കായി പുരുഷന്‍മാരുടെ അടുത്ത് ചെല്ലുകയും (പ്രകൃതിപരമായ) മാര്‍ഗം ലംഘിക്കുകയും നിങ്ങളുടെ സദസ്സില്‍ വെച്ച് നിഷിദ്ധവൃത്തി ചെയ്യുകയുമാണോ? അപ്പോള്‍ അദ്ദേഹത്തിന്റെ ജനത മറുപടിയൊന്നും നല്‍കുകയുണ്ടായില്ല; നീ സത്യവാന്‍മാരുടെ കൂട്ടത്തിലാണെങ്കില്‍ ഞങ്ങള്‍ക്ക് അല്ലാഹുവിന്റെ ശിക്ഷ നീ കൊണ്ടുവാ എന്ന് അവര്‍ പറഞ്ഞതല്ലാതെ. അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, കുഴപ്പക്കാരായ ഈ ജനതക്കെതിരില്‍ എന്നെ നീ സഹായിക്കണമേ” (ക്വുര്‍ആന്‍ 29:2830).

ആരെങ്കിലും ഒരു തിന്മയുടെ തുറവിക്ക് കാരണക്കാരനായാല്‍, പിന്നീട് ആ തുറവിയിലൂടെ പ്രവേശിക്കുന്നവര്‍ക്ക് ലഭിക്കുന്ന കുറ്റത്തില്‍ ഒരിത്തിരി കമ്മി വരാതെ തുറവിക്ക് കാരണമായവനും ശിക്ഷ ലഭിക്കും; നന്മയും അപ്രകാരം തന്നെയാണ്. സദൂമുകാര്‍ തുടക്കം കുറിച്ച സ്വവര്‍ഗരതി എന്ന തിന്മ ആരെല്ലാം അന്ത്യനാള്‍ വരെ ചെയ്യുന്നുവോ അവര്‍ക്ക് ലഭിക്കുന്ന ശിക്ഷയുടെ അളവില്‍ യാതൊരു കുറവും വരാതെ സദൂമുകാര്‍ക്കും ലഭിക്കുമെന്നതാണ് ഇസ്‌ലാമിന്റെ അധ്യാപനം.

പരസ്യമായി പോലും ഈ മ്ലേഛവൃത്തി ചെയ്യുവാന്‍ അവര്‍ക്ക് മടിയുണ്ടായിരുന്നില്ല. അത്രയും ദുഷിച്ച ഒരു വിഭാഗമായിരുന്നു ലൂത്വ്(അ)ന്റെ ജനത അഥവാ സദൂമുകാര്‍. ലൂത്വ്(അ) അവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കുവാന്‍ ആവുന്നത്ര ശ്രമിച്ചു. പക്ഷേ, അവരുടെ മറുപടി ‘നീ സത്യവാന്‍മാരുടെ കൂട്ടത്തിലാണെങ്കില്‍ ഞങ്ങള്‍ക്ക് അല്ലാഹുവിന്റെ ശിക്ഷ കൊണ്ടുവാ’ എന്നായിരുന്നു. 

”ലൂത്വിനെയും (നാം അയച്ചു.) അദ്ദേഹം തന്റെ ജനതയോട്, നിങ്ങള്‍ക്ക് മുമ്പ് ലോകരില്‍ ഒരാളും തന്നെ ചെയ്തിട്ടില്ലാത്ത ഈ നീചവൃത്തിക്ക് നിങ്ങള്‍ ചെല്ലുകയോ  എന്ന് പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക.) സ്ത്രീകളെ വിട്ട് പുരുഷന്‍മാരുടെ അടുത്ത് തന്നെ നിങ്ങള്‍ കാമവികാരത്തോടെ ചെല്ലുന്നു. അല്ല, നിങ്ങള്‍ അതിരുവിട്ട് പ്രവര്‍ത്തിക്കുന്ന ഒരു ജനതയാകുന്നു. ഇവരെ നിങ്ങളുടെ നാട്ടില്‍ നിന്നു പുറത്താക്കുക, ഇവര്‍ പരിശുദ്ധിപാലിക്കുന്ന ആളുകളാകുന്നു എന്നു പറഞ്ഞത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ജനതയുടെ മറുപടി” (ക്വുര്‍ആന്‍ 7:8082). 

”ലൂത്വിനെയും (ഓര്‍ക്കുക). അദ്ദേഹം തന്റെ ജനതയോട് പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ കണ്ടറിഞ്ഞു കൊണ്ട് നീചവൃത്തി ചെയ്യുകയാണോ?” (27:54). 

ലൂത്വ്(അ) യഥാര്‍ഥത്തില്‍ സദൂമുകാരനല്ല; ഇബ്‌റാഹീം നബി(അ)യുടെ നാട്ടുകാരനാണ്. പിന്നീട് ഈ നാട്ടില്‍ താമസമാക്കിയതാണ്. അതുകൊണ്ടു കൂടിയാകാം അവരുടെ ഇഷ്ടത്തിനെതിരായി സംസാരിച്ച ലൂത്വ്(അ)നെ അവര്‍ നാട്ടില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. അദ്ദേഹത്തിന് ഒരു പേടിയും വന്നില്ല; ഉറച്ച് നിന്നു, തിന്മകള്‍ക്കെതിരില്‍ പോരാടി. സ്വന്തം നാടല്ലാതിരുന്നിട്ടും വിവാഹ ബന്ധത്തിലല്ലാത്ത മറ്റൊരു കുടുംബവുമില്ലാതിരുന്നിട്ടും തന്റെ ഉത്തരവാദിത്ത നിര്‍വഹണത്തില്‍ നിന്ന് അദ്ദേഹം പിന്മാറിയില്ല. ഭാര്യയും സത്യനിഷേധി. എങ്കിലും അദ്ദേഹം തിന്മക്കെതിരില്‍ സദൂമുകാരോട് പോരാടി; എല്ലാം പ്രതികൂലമായിരുന്നിട്ടു പോലും. ചിലരെല്ലാം പിന്മാറി. രണ്ട് പെണ്‍മക്കള്‍ പിതാവില്‍ വിശ്വസിച്ചു.

ലൂത്വും അവന്റെ കൂടെയുള്ളവരും വൃത്തിയുള്ളവരാണ്. വൃത്തിയുള്ളവര്‍ക്ക് ഈ നാട്ടില്‍ നിന്നുകൂടല്ലോ. അതിനാല്‍ അവരെ പുറത്താക്കാം എന്നെല്ലാം പറഞ്ഞ് ശത്രുക്കള്‍ കളിയാക്കുവാന്‍ തുടങ്ങി. അവസാനം ലൂത്വ്(അ) ആ ജനതക്കെതിരില്‍ ഇപ്രകാരം അല്ലാഹുവിനോട് ദുആ ചെയ്തു:                                                     ”എന്റെ രക്ഷിതാവേ, കുഴപ്പക്കാരായ ഈ ജനതക്കെതിരില്‍ എന്നെ നീ സഹായിക്കണമേ.”

അല്ലാഹു അദ്ദേഹത്തിന്റെ പ്രാര്‍ഥന സ്വീകരിച്ചു. അവരെ നശിപ്പിക്കുവാനായി അല്ലാഹു മലക്കുകളെ മനുഷ്യ രൂപത്തില്‍ പറഞ്ഞു വിട്ടു. അവര്‍ ആദ്യം ചെന്നത് ഇബ്‌റാഹീം നബി(അ)യുടെ അടുത്തേക്കായിരുന്നു. അതിഥികളായി ചെന്ന അവരെ ഭംഗിയായി സല്‍ക്കരിച്ചു. അവര്‍ക്കായി തയ്യാര്‍ ചെയ്ത ഭക്ഷണം അവരിലേക്ക് നീട്ടിയപ്പോള്‍ അവര്‍ കഴിക്കാതെ പിന്‍മാറിയതും ഇബ്‌റാഹീം(അ) അതു നിമിത്തം പേടിച്ചതും നാം മുമ്പ് പറഞ്ഞിട്ടുണ്ട്. ആ സമയത്ത് ഇബ്‌റാഹീം(അ) അവരോട് ചോദിച്ച ചോദ്യം ഇപ്രകാരമായിരുന്നു:

”അദ്ദേഹം ചോദിച്ചു: ഹേ; ദൂതന്‍മാരേ, അപ്പോള്‍ നിങ്ങളുടെ കാര്യമെന്താണ്?  അവര്‍ പറഞ്ഞു: ഞങ്ങള്‍ കുറ്റവാളികളായ ഒരു ജനതയിലേക്ക് അയക്കപ്പെട്ടതാകുന്നു. കളിമണ്ണുകൊണ്ടുള്ള കല്ലുകള്‍ ഞങ്ങള്‍ അവരുടെ നേരെ അയക്കുവാന്‍ വേണ്ടി. അതിക്രമകാരികള്‍ക്ക് വേണ്ടി തങ്ങളുടെ രക്ഷിതാവിന്റെ അടുക്കല്‍ അടയാളപ്പെടുത്തിയ (കല്ലുകള്‍). അപ്പോള്‍ സത്യവിശ്വാസികളില്‍ പെട്ടവരായി അവിടെ ഉണ്ടായിരുന്നവരെ നാം പുറത്ത് കൊണ്ടു വന്നു (രക്ഷപ്പെടുത്തി). എന്നാല്‍ മുസ്‌ലിംകളുടെതായ ഒരു വീടല്ലാതെ നാം അവിടെ കണ്ടെത്തിയില്ല. വേദനയേറിയ ശിക്ഷ ഭയപ്പെടുന്നവര്‍ക്ക് ഒരു ദൃഷ്ടാന്തം നാം അവിടെ അവശേഷിപ്പിക്കുകയും ചെയ്തു” (ക്വുര്‍ആന്‍ 51:31-37).

ആ മലക്കുകള്‍ അദ്ദേഹത്തിനടുത്ത് വന്നതിന്റെ ലക്ഷ്യങ്ങള്‍ പറഞ്ഞു: ‘ഞങ്ങള്‍ കുറ്റവാളികളായ ഒരു ജനതയിലേക്ക് അയക്കപ്പെട്ടതാകുന്നു.’ ഇതേ കാര്യം മറ്റൊരു സ്ഥലത്ത് ക്വുര്‍ആന്‍ ഇപ്രകാരം പറയുന്നു:

”നമ്മുടെ ദൂതന്‍മാര്‍ ഇബ്‌റാഹീമിന്റെ അടുത്ത് സന്തോഷവാര്‍ത്തയും കൊണ്ട് ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: തീര്‍ച്ചയായും ഞങ്ങള്‍ ഈ നാട്ടുകാരെ നശിപ്പിക്കാന്‍ പോകുന്നവരാകുന്നു. തീര്‍ച്ചയായും ഈ നാട്ടുകാര്‍ അക്രമികളായിരിക്കുന്നു. ഇബ്‌റാഹീം പറഞ്ഞു: ലൂത്വ് അവിടെ ഉണ്ടല്ലോ. അവര്‍ (ദൂതന്‍മാര്‍) പറഞ്ഞു: അവിടെയുള്ളവരെപ്പറ്റി നമുക്ക് നല്ലവണ്ണം അറിയാം. അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കുടുംബത്തെയും നാം രക്ഷപ്പെടുത്തുക തന്നെ ചെയ്യും. അദ്ദേഹത്തിന്റെ ഭാര്യയൊഴികെ. അവള്‍ ശിക്ഷയില്‍ അകപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കുന്നു” (ക്വുര്‍ആന്‍ 29:31,32).

ലൂത്വ് നബി(അ)യുടെ ജനതയെ നശിപ്പിക്കലാണ് അവരുടെ ഒരു ലക്ഷ്യമെന്ന് മനസ്സിലാക്കിയ ഇബ്‌റാഹീം(അ) അതിഥികളായി വന്ന മലക്കുകളോട് ചോദിച്ചു: അവിടെ ലൂത്വ് ഇല്ലേ, ലൂത്വില്‍ വിശ്വസിച്ചവരായ അദ്ദേഹത്തിന്റെ വീട്ടുകാരെയും നശിപ്പിക്കുമോ എന്നെല്ലാം. ഇബ്‌റാഹീം നബി(അ)ക്ക് മറ്റൊരു നാട്ടില്‍ താമസിക്കുന്ന മുസ്‌ലിംകളുടെ കാര്യത്തില്‍ ആകുലത ഉണ്ടായി എന്നര്‍ഥം. 

ലൂത്വ്(അ)ന്റെ നാട്ടിലേക്ക് അവര്‍ ചെല്ലുന്നതും മനുഷ്യരൂപത്തില്‍ നല്ല സുന്ദരന്മാരായിട്ടായിരുന്നു. ക്വുര്‍ആന്‍ അത് വിവരിക്കുന്നത് കാണുക: 

”നമ്മുടെ ദൂതന്‍മാര്‍ (മലക്കുകള്‍) ലൂത്വിന്റെ അടുക്കല്‍ ചെന്നപ്പോള്‍ അവരുടെ കാര്യത്തില്‍ അദ്ദേഹത്തിന് ദുഃഖം തോന്നുകയും അവരെ പറ്റി ചിന്തിച്ചിട്ട് അദ്ദേഹത്തിന് മനഃപ്രയാസമുണ്ടാവുകയും ചെയ്തു. ഇതൊരു വിഷമകരമായ ദിവസം തന്നെ എന്ന് അദ്ദേഹം പറയുകയും ചെയ്തു” (ക്വുര്‍ആന്‍ 11:77).

ലൂത്വ്(അ)ന്റെ വീട്ടിലേക്ക് നേരിട്ട് അവര്‍ ചെന്നു. ആദ്യം കണ്ടത് മക്കളായിരുന്നു. അവര്‍ പിതാവിനോട് വീട്ടിലേക്ക് വരുന്ന അതിഥികളെ കുറിച്ചുള്ള വിവരം നല്‍കി. അതിഥികളെ കണ്ടപാടെ അദ്ദേഹത്തിന് വല്ലാത്ത ബേജാറായി. അവരുടെ കാര്യത്തില്‍ പ്രയാസം തോന്നി. എന്ത് ചെയ്യും എന്നായി അദ്ദേഹത്തിന്റെ ചിന്ത. അതിഥികളാണല്ലോ. അവര്‍ക്കുള്ള എല്ലാ സംരക്ഷണവും നല്‍കേണ്ടത് ആതിഥേയനാണല്ലോ. നാട്ടുകാരുടെ സ്വഭാവം നന്നായി അറിയാവുന്ന ലൂത്വ്(അ) അവരുടെ കാര്യത്തില്‍ വിഷമത്തിലായി. അദ്ദേഹം പറയുകയും ചെയ്തു, ഇതൊരു വിഷമകരമായ ദിവസം തന്നെ എന്ന്. 

വീട്ടില്‍ ലൂത്വ് നബി(അ)യുടെ ഉപദേശങ്ങള്‍ക്ക് ചെവി കൊടുക്കാത്ത ഒരുവളുണ്ടല്ലോ; ഭാര്യ. അവള്‍ നാട്ടുകാര്‍ക്ക് തന്റെ വീട്ടില്‍ എത്തിയ അതിഥികളെ പറ്റിയുള്ള വിവരം ചോര്‍ത്തിക്കൊടുത്തു. ലൂത്വ്(അ) അറിയാതെ നാട്ടിലെ പ്രമുഖരെ വിവരം അറിയിച്ചു. ഇന്ന് വരെ കാണാത്ത സുന്ദരന്മാരായ ചിലര്‍ വീട്ടില്‍ അതിഥികളായി എത്തിയിട്ടുണ്ടെന്നും അവരെ ഉപയോഗപ്പെടുത്താനും അവള്‍ വിവരം നല്‍കി. സ്വന്തം ഭര്‍ത്താവിനെ ചതിക്കുകയായിരുന്നു ആ സ്ത്രീ ചെയ്തത്. നരകാവകാശിയായ അവളെ പറ്റി പറയുമ്പോള്‍ ലൂത്വ്(അ)നെ ചതിച്ച ഈ കാര്യം അല്ലാഹു എടുത്തു പറയുകയും ചെയ്തിട്ടുണ്ട്.

”സത്യനിഷേധികള്‍ക്ക് ഉദാഹരണമായി നൂഹിന്റെ ഭാര്യയെയും ലൂത്വിന്റെ ഭാര്യയെയും അല്ലാഹു ഇതാ എടുത്തുകാണിച്ചിരിക്കുന്നു. അവര്‍ രണ്ടുപേരും നമ്മുടെ ദാസന്‍മാരില്‍ പെട്ട സദ്‌വൃത്തരായ രണ്ട് ദാസന്‍മാരുടെ കീഴിലായിരുന്നു. എന്നിട്ട് അവരെ രണ്ടുപേരെയും ഇവര്‍ വഞ്ചിച്ചു കളഞ്ഞു. അപ്പോള്‍ അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് യാതൊന്നും അവര്‍ രണ്ടുപേരും ഇവര്‍ക്ക് ഒഴിവാക്കിക്കൊടുത്തില്ല. നിങ്ങള്‍ രണ്ടുപേരും നരകത്തില്‍ കടക്കുന്നവരോടൊപ്പം കടന്നുകൊള്ളുക എന്ന് പറയപ്പെടുകയും ചെയ്തു” (ക്വുര്‍ആന്‍ 66:10).

വിവരം അറിഞ്ഞ നാട്ടുകാര്‍ ലൂത്വ്(അ)യുടെ വീട്ടിലേക്ക് വന്ന രംഗം അല്ലാഹു വിവരിക്കുന്നത് നോക്കൂ: 

”ലൂത്വിന്റെ ജനങ്ങള്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടിവന്നു. മുമ്പു തന്നെ അവര്‍ ദുര്‍നടപ്പുകാരായിരുന്നു. അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, ഇതാ എന്റെ പെണ്‍മക്കള്‍. അവരാണ് നിങ്ങള്‍ക്ക് കൂടുതല്‍ പരിശുദ്ധിയുള്ളവര്‍. (അവരെ നിങ്ങള്‍ക്ക് വിവാഹം കഴിക്കാമല്ലോ). അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്റെ അതിഥികളുടെ കാര്യത്തില്‍ എന്നെ അപമാനിക്കാതിരിക്കുകയും ചെയ്യുക. നിങ്ങളുടെ കൂട്ടത്തില്‍ വിവേകമുള്ള ഒരു പുരുഷനുമില്ലേ? അവര്‍ പറഞ്ഞു: നിന്റെ പെണ്‍മക്കളെ ഞങ്ങള്‍ക്ക് ആവശ്യമില്ലെന്ന് നിനക്ക് അറിവുണ്ടല്ലോ. തീര്‍ച്ചയായും നിനക്കറിയാം; ഞങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന്. അദ്ദേഹം പറഞ്ഞു: എനിക്ക് നിങ്ങളെ തടയുവാന്‍ ശക്തിയുണ്ടായിരുന്നുവെങ്കില്‍! അല്ലെങ്കില്‍ ശക്തനായ ഒരു സഹായിയെ എനിക്ക് ആശ്രയിക്കാനുണ്ടായിരുന്നുവെങ്കില്‍” (ക്വുര്‍ആന്‍ 11:7880).

”രാജ്യക്കാര്‍ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് വന്നു. അദ്ദേഹം (ലൂത്വ്) പറഞ്ഞു: തീര്‍ച്ചയായും ഇവര്‍ എന്റെ അതിഥികളാണ്. അതിനാല്‍ നിങ്ങളെന്നെ വഷളാക്കരുത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്നെ അപമാനിക്കാതിരിക്കുകയും ചെയ്യുക. അവര്‍ പറഞ്ഞു: ലോകരുടെ കാര്യത്തില്‍ (ഇടപെടുന്നതില്‍) നിന്നു നിന്നെ ഞങ്ങള്‍ വിലക്കിയിട്ടില്ലേ?” (15:67-70).

അവര്‍ അവസരം മുതലെടുക്കാനായി ലൂത്വ്(അ)ന്റെ വീട്ടിലേക്ക് ഓടി വന്നു. അദ്ദേഹം വല്ലാത്ത വിഷമത്തിലായി. അല്ലാഹുവിനെ പേടിക്കുവാനും അതിഥികളുടെ കാര്യത്തില്‍ വിഷമിപ്പിക്കാതിരിക്കുവാനും ഓര്‍മപ്പെടുത്തി. അവരെ തടുക്കുവാന്‍ മനുഷ്യരില്‍ ആരും തനിക്കൊപ്പമില്ലെന്ന നിസ്സഹായാവസ്ഥ ലൂത്വ് നബി(അ)യുടെ വാക്കിലൂടെ പ്രകടമാണ്. മുഹമ്മദ് നബി ﷺ  ഇപ്രകാരം പറഞ്ഞതായി കാണുവാന്‍ സാധിക്കും. 

”അല്ലാഹു ലൂത്വിന് കാരുണ്യം ചൊരിയട്ടെ. അദ്ദേഹം (എപ്പോഴും) കരുത്തനായ ഒരു ശക്തിയില്‍ അഭയം തേടിയിരുന്നു” (ബുഖാരി). അല്ലാഹുവിനെയാണ് ഇവിടെ ഉദ്ദേശിക്കുന്നത്.  ലൂത്വ്(അ) അവരോട് പറയുന്ന വാക്കുകള്‍ അതിഥികളായി വീട്ടിലുള്ള മലക്കുകള്‍ കേള്‍ക്കുന്നുണ്ട്. 

നാട്ടുകാര്‍ വീടിന് മുന്നില്‍ തടിച്ച് കൂടി ലൂത്വ്(അ)നോട് അവരുടെ ആവശ്യം പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. അങ്ങനെ വിഷമിച്ച് നില്‍ക്കുന്ന ലൂത്വ്(അ)നോട് അതിഥികള്‍ വന്ന കാര്യം പറയാന്‍ തുടങ്ങി. 

ചിന്തിക്കുക! പ്രവാചകനായ ലൂത്വ്(അ)ന് ഇതുവരെയും വീട്ടില്‍ ഇരിക്കുന്ന അതിഥികള്‍ മലക്കുകളാണെന്ന് മനസ്സിലായിട്ടില്ല. കാരണം മറഞ്ഞ കാര്യം അല്ലാഹുവിനേ അറിയൂ. അല്ലാഹു അറിയിച്ചാലേ നബിമാര്‍ക്കുമറിയൂ.

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

ഇബ്‌റാഹീം നബി (അ) – 10

ഇബ്‌റാഹീം നബി (അ) - 10

ഇബ്‌റാഹീം നബിയുടെ പ്രാര്‍ഥനകള്‍

ഇബ്‌റാഹീം നബി(അ) ജീവിതത്തില്‍ നടത്തിയ പ്രാര്‍ഥനകള്‍ പലതും ക്വുര്‍ആനിലും ഹദീഥുകളിലും നമുക്ക് കാണാന്‍ കഴിയും. അവയിലൂടെ ഒന്ന് കണ്ണോടിക്കാം:

”എന്റെ രക്ഷിതാവേ, നീ ഇതൊരു നിര്‍ഭയമായ നാടാക്കുകയും ഇവിടത്തെ താമസക്കാരില്‍ നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ക്ക് കായ്കനികള്‍ ആഹാരമായി നല്‍കുകയും ചെയ്യേണമേ എന്ന് ഇബ്‌റാഹീം പ്രാര്‍ഥിച്ച സന്ദര്‍ഭവും (ഓര്‍ക്കുക)…” (ക്വുര്‍ആന്‍ 2:126).

”ഇബ്‌റാഹീമും ഇസ്മാഈലും കൂടി ആ ഭവനത്തിന്റെ (കഅ്ബയുടെ) അടിത്തറ കെട്ടി ഉയര്‍ത്തിക്കൊണ്ടിരുന്ന സന്ദര്‍ഭവും (അനുസ്മരിക്കുക). (അവര്‍ ഇപ്രകാരം പ്രാര്‍ഥിച്ചിരുന്നു:) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന് നീയിത് സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഇരുവരെയും നിനക്ക് കീഴ്‌പെടുന്നവരാക്കുകയും ഞങ്ങളുടെ സന്തതികളില്‍ നിന്ന് നിനക്ക് കീഴ്‌പെടുന്ന ഒരു സമുദായത്തെ ഉണ്ടാക്കുകയും ഞങ്ങളുടെ ആരാധനാ ക്രമങ്ങള്‍ ഞങ്ങള്‍ക്ക് കാണിച്ചുതരികയും ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ അത്യധികം പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു. ഞങ്ങളുടെ രക്ഷിതാവേ, അവര്‍ക്ക് (ഞങ്ങളുടെ സന്താനങ്ങള്‍ക്ക്) നിന്റെ ദൃഷ്ടാന്തങ്ങള്‍ ഓതിക്കേള്‍പിച്ചു കൊടുക്കുകയും വേദവും വിജ്ഞാനവും അഭ്യസിപ്പിക്കുകയും അവരെ സംസ്‌കരിക്കുകയും ചെയ്യുന്ന ഒരു ദൂതനെ അവരില്‍ നിന്നു തന്നെ നീ നിയോഗിക്കുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ പ്രതാപവാനും അഗാധജ്ഞാനിയുമാകുന്നു” (2:127-129).

ഏതൊരു നാടിന്റെയും ഐശ്വര്യവും സന്തോഷവും നിലനില്‍ക്കുന്നത് അവിടെയുള്ള സമാധാന പൂര്‍ണമായ ജീവിതത്തിലാണ്. വിശപ്പടക്കുവാനും ദാഹം മാറ്റുവാനും ഭക്ഷണവും വെള്ളവും യഥേഷ്ടം ഉണ്ടായിരുന്നാലും, യാത്രക്കുള്ള വാഹനങ്ങള്‍ സുലഭമായിരുന്നാലും, പഠനത്തിനും ചികിത്സക്കുമുള്ള  കേന്ദ്രങ്ങള്‍ ധാരാളം ഉണ്ടായിരുന്നാലും സാമാധാനവും നിര്‍ഭയത്വവും അവിടെ ഇല്ലെങ്കില്‍ ജീവിതത്തില്‍ എന്ത് സന്തോഷമാണ് ഉണ്ടാവുക?  എന്നാല്‍ ഒരു നാട്ടില്‍ നടേ സൂചിപ്പിച്ച സൗകര്യങ്ങള്‍ക്കെല്ലാം കമ്മിയുണ്ടെന്ന് സങ്കല്‍പിക്കുക. എന്നാല്‍ ആ നാട്ടുകാര്‍ക്ക് മറ്റെല്ലാം കൊണ്ടും സമാധാനവും നിര്‍ഭയത്വവും ഉണ്ട് എങ്കിലോ? ആ നാട്ടുകാരെ പോലെ സന്തോഷിക്കാന്‍ മറ്റാര്‍ക്കും കഴിയില്ല. ഇബ്‌റാഹീം നബി(അ)യുടെ പ്രാര്‍ഥനയുടെ ഫലമെന്നോണം ഇന്നും പുണ്യ ഭൂമി നിര്‍ഭയത്വത്തിന്റെ കേന്ദമാണ്. അദ്ദേഹത്തിന്റെ കാലം മുതലെ അത് തുടര്‍ന്ന് പോന്നിട്ടുമുണ്ട്. 

ആധുനിക ലോകം ഏറ്റവും കൂടുതല്‍ ഭീതിയോടെ കാണുന്നത്, നാട്ടിലെ സ്വസ്ഥതയും സമാധാനവും കെടുത്തുന്ന ഭീകരവാദത്തെയും തീവ്രവാദത്തെയുമാണ്. ഭീകരവാദികളും തീവ്രവാദികളും നാട്ടിലെ നിര്‍ഭയത്വം ഇല്ലായ്മ ചെയ്യുകയാണല്ലോ ചെയ്യുന്നത്. ഒരു യഥാര്‍ഥ മുസ്‌ലിമിന് ഭീകരവാദിയോ തീവ്രവാദിയോ ആകുവാന്‍ സാധ്യമല്ല. സ്വന്തം നാടിന്റെ നിര്‍ഭയത്വത്തിന് വേണ്ടി പ്രാര്‍ഥിക്കുവാന്‍ ഇബ്‌റാഹീം നബി(അ)യെ മാതൃകയാക്കുന്ന ഒരു മുസ്‌ലിമിന് ഒരിക്കലും നാട്ടിലെ സമാധാനത്തിനും നിര്‍ഭയത്വത്തിനും വിലങ്ങുതടിയാകാനാവുകയില്ല. 

ഇബ്‌റാഹീം നബി(അ) ആ നാട്ടുകാര്‍ക്ക് ആഹാരം നല്‍കണമെന്ന് പ്രാര്‍ഥിച്ചതും നാം കണ്ടു. പ്രാര്‍ഥനയില്‍ വിശ്വാസികളുടെ കാര്യം മാത്രമാണ് അദ്ദേഹം എടുത്ത് പറഞ്ഞത്. അല്ലാഹു പരമകാരുണികനാണ്. അഥവാ ഇഹലോകത്ത് വിശ്വാസിയെന്നോ അവിശ്വാസിയെന്നോ വേര്‍തിരിവില്ലാതെ എല്ലാവര്‍ക്കും ഭൗതിക സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുന്നവനാണ്. ഇബ്‌റാഹീം(അ) വിശ്വാസികള്‍ക്ക് മാത്രമായി പ്രാര്‍ഥന ചുരുക്കിയപ്പോള്‍ അല്ലാഹു പറഞ്ഞു: ‘അവിശ്വസിച്ചവര്‍ക്കും നാം ഈ ലോകത്ത് സുഖ സൗകര്യങ്ങള്‍ നല്‍കും…’ 

പരലോക വിജയത്തിനായി നാം ധാരാളം ആരാധനകള്‍ നിര്‍വഹിക്കാറുണ്ട്; സല്‍കര്‍മങ്ങള്‍ ചെയ്യാറുണ്ട്. എന്നാല്‍ നമ്മുടെ കര്‍മങ്ങള്‍ അല്ലാഹു സ്വീകരിക്കുമോ ഇല്ലയോ എന്നത് നമുക്ക് ഉറപ്പില്ല. പലരും താന്‍ ചെയ്തതിലും ചെയ്തു കൊണ്ടിരിക്കുന്നതിലും അമിതമായ ആത്മവിശ്വാസത്തിലാണ്. ഞാന്‍ എല്ലാം തികഞ്ഞവനാണെന്ന രൂപത്തിലാണ് പലരുടെയും ജീവിതം. സ്വര്‍ഗം ഉറപ്പിച്ച മനസ്സോടെയാണ് പലരും നടക്കുന്നത്. അങ്ങനെയാവരുത്. മഹാന്മാരായ മുന്‍ഗാമികള്‍ സല്‍കര്‍മങ്ങള്‍ കഴിയുന്നത്ര അധികരിപ്പിക്കുന്നവരും അത് സ്വീകരിക്കുന്നതിനായി അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നവരുമായിരുന്നു.

ഇബ്‌റാഹീം നബി(അ)യും ഇസ്മാഈല്‍ ന    ബി(അ)യും കഅ്ബ പടുത്തുയര്‍ത്തുന്ന വേളയില്‍ നടത്തിയ പ്രാര്‍ഥന മുമ്പ് നാം വിവരിച്ചിട്ടുണ്ട്. അതിനാല്‍ അതിനെക്കുറിച്ച് ഇവിടെ വിവിരിക്കുവാന്‍ ഉദ്ദേശിക്കുന്നില്ല.

അല്ലാഹുവിന് കീഴ്‌പെടുന്നതില്‍ വ്യക്തമായ മാതൃകയാണല്ലോ ഇബ്‌റാഹീം നബി(അ)യും ഇസ്മാഈല്‍ നബി(അ)യും. അല്ലാഹു എന്ത് കല്‍പിച്ചാലും യാതൊരു വിഷമവും ഇല്ലാതെ, കല്‍പിച്ചത് പ്രകാരം ചെയ്യുവാന്‍ തയ്യാറായ രണ്ട് മഹാന്മാര്‍. വാര്‍ധക്യവേളയില്‍ അല്ലാഹു നല്‍കിയ സന്താനത്തെ ബലിനല്‍കുവാന്‍ പറഞ്ഞപ്പോള്‍ അതിനു പോലും വൈമനസ്യം കൂടാതെ തയ്യാറായ, അല്ലാഹു എന്ത് കല്‍പിച്ചാലും അല്ലാഹുവിന് കീഴ്‌പെടുന്നവനായി (മുസ്‌ലിം) ജീവിച്ച മഹാനാണ് ഇബ്‌റാഹീം(അ). അദ്ദേഹം നടത്തുന്ന പ്രാര്‍ഥനയുടെ അടുത്ത ഭാഗം നമ്മെ ചിന്തിപ്പിക്കേണ്ടതാണ്: ‘ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഇരുവരെയും നിനക്ക് കീഴ്‌പെടുന്നവരാക്കുകയും ഞങ്ങളുടെ സന്തതികളില്‍ നിന്ന് നിനക്ക് കീഴ്‌പെടുന്ന ഒരു സമുദായത്തെ ഉണ്ടാക്കുകയും (ചെയ്യേണമേ).’

അല്ലാഹുവിന്റെ കല്‍പനയെ തന്റെ ഇഷ്ടവും അനിഷ്ടവും പരിഗണിച്ച്, തന്റെ ഇഷ്ടത്തിനനുസരിച്ചുള്ള കല്‍പനയാണെങ്കല്‍ സ്വീകരിക്കുകയും അല്ലെങ്കില്‍ അവഗണിക്കുകയും ചെയ്യുന്നവരാണ് ഇന്ന് മുസ്‌ലിംകളായി അറിയപ്പെടുന്നവരില്‍ നല്ലൊരു ശതമാനവും എന്ന വസ്തുത നാം ഓര്‍ക്കുക. എന്നാല്‍ ഈ രണ്ട് മഹാന്മാരോ? ചിന്തിക്കുക നാം!

നാം അല്ലാഹുവിനോട് തേടുന്ന അവസരങ്ങളില്‍ നമ്മുടെ കാര്യം മാത്രമെ ഉള്‍പെടുത്താറുള്ളൂ; മിക്കപ്പോഴൂം. എന്നാല്‍ മറ്റുള്ളവരുടെ നന്മക്ക് വേണ്ടിയും നാം പ്രാര്‍ഥിക്കണം. അതിനും ഇബ്‌റാഹീം നബി(അ)യുടെ പ്രാര്‍ഥന നമുക്ക് മാതൃകയാണ്. അദ്ദേഹം തനിക്കും തന്റെ നാടിന് വേണ്ടിയും നാട്ടുകാര്‍ക്ക് വേണ്ടിയും പ്രാര്‍ഥിച്ചത് നാം കണ്ടു. മകന് വേണ്ടിയും ഇനി ഉണ്ടാകുവാന്‍ പോകുന്ന സന്തതികള്‍ക്ക് വേണ്ടിയും പ്രാര്‍ഥിച്ചു.

‘ഞങ്ങളുടെ ആരാധനാ ക്രമങ്ങള്‍ ഞങ്ങള്‍ക്ക് കാണിച്ചുതരികയും (ചെയ്യേണമേ)’ എന്ന പ്രാര്‍ഥനയും ശ്രദ്ധിക്കുക. നാം നിര്‍വഹിക്കുന്ന ആരാധനകള്‍ അല്ലാഹു സ്വീകരിക്കണമെങ്കില്‍ അവന്‍ പഠിപ്പിക്കുന്ന മുറപ്രാകാരം തന്നെ നിര്‍വഹിക്കണമല്ലോ. നമ്മുടെ ഇഷ്ടപ്രകാരം ചെയ്താല്‍ അല്ലാഹു സ്വീകരിക്കില്ല. അതിനാല്‍ അറിവ് നേടുകയേ നിര്‍വാഹമുള്ളൂ. നബി ﷺ പഠിപ്പിച്ച രൂപത്തില്‍ അവ നിര്‍വഹിക്കണം. അതിന് കഴിയുവാന്‍ അല്ലാഹുവിനോട് തേടുകയും വേണം. പലരും ഞാന്‍ എല്ലാം തികഞ്ഞവനാണെന്ന ഭാവത്തില്‍ കഴിയുന്നവരാണ്. ചിലര്‍ ഞാന്‍ എങ്ങനെ ഇതെല്ലാം ചോദിച്ചറിയും, മോശമല്ലേ എന്നെല്ലാം ചിന്തിക്കുന്നവരാണ്. ഞങ്ങളുടെ ആരാധനാ ക്രമങ്ങള്‍ ഞങ്ങള്‍ക്ക് കാണിച്ചുതരികയും ചെയ്യേണമേ എന്ന് തേടിയത് മഹാന്മാരായ നബിമാരാണ്. അഹങ്കാരവും മടിയും നമ്മെ കാര്യങ്ങള്‍ മനസ്സിലാക്കുന്നതില്‍നിന്ന് തടയുവാന്‍ പാടില്ല. 

റബ്ബിന്റെ കല്‍പനകളെല്ലാം പൂര്‍ണമായും അനുസരിച്ച് മാത്രം ശീലമുള്ള, അറിഞ്ഞ് കൊണ്ട് ഒരു ചെറിയ തെറ്റുപോലും ചെയ്തിട്ടില്ലാത്ത രണ്ട് മഹാന്മാര്‍; എന്നിട്ടും അവര്‍ അവരുടെ ജീവിതത്തില്‍ വല്ല വീഴ്ചയും വന്നുപോയിട്ടുണ്ടോ എന്ന് ഭയപ്പെട്ട് അല്ലാഹുവിനോട് ഇപ്രകാരം തേടി: ‘ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും (ചെയ്യേണമേ). തീര്‍ച്ചയായും നീ അത്യധികം പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു.’

അടുത്ത പ്രാര്‍ഥന കാണുക: ”രക്ഷിതാവേ, അവര്‍ക്ക് (ഞങ്ങളുടെ സന്താനങ്ങള്‍ക്ക്) നിന്റെ ദൃഷ്ടാന്തങ്ങള്‍ ഓതിക്കേള്‍പിച്ചു കൊടുക്കുകയും, വേദവും വിജ്ഞാനവും അഭ്യസിപ്പിക്കുകയും, അവരെ സംസ്‌കരിക്കുകയും ചെയ്യുന്ന ഒരു ദൂതനെ അവരില്‍ നിന്നു തന്നെ നീ നിയോഗിക്കുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ പ്രതാപവാനും അഗാധജ്ഞാനിയുമാകുന്നു.”

എല്ലാ പ്രാര്‍ഥനക്കും അല്ലാഹു ഉടനെ ഉത്തരം നല്‍കില്ലല്ലോ. പ്രാര്‍ഥന കേള്‍ക്കുന്ന അല്ലാഹു എല്ലാം നന്നായി അറിയുന്നവനാണ്. പ്രാര്‍ഥനക്ക് ഉത്തരം നല്‍കേണ്ടത് എപ്പോള്‍ എന്നതും നന്നായി അറിയുന്നവനാണ് അല്ലാഹു. ഇബ്‌റാഹീം നബി(അ)യും മകന്‍ ഇസ്മാഈല്‍ നബി(അ)യും നടത്തിയ ഈ പ്രാര്‍ഥനക്ക് ആയിരം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഉത്തരം നല്‍കപ്പെട്ടത്. പ്രാര്‍ഥിക്കുന്നവന്‍ നിരാശനാവാതിരിക്കാന്‍ ഈ പ്രാര്‍ഥനകളെല്ലാം നമുക്ക് പ്രചോദനം ആകേണ്ടതുണ്ട്.

ഇബ്‌റാഹീം നബി(അ)യുടെ പ്രാര്‍ഥനകള്‍ ക്വുര്‍ആന്‍ മറ്റൊരു സ്ഥലത്ത് വിവരിക്കുന്നത് കാണുക:

”ഇബ്‌റാഹീം ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) എന്റെ രക്ഷിതാവേ, നീ ഈ നാടിനെ (മക്കയെ) നിര്‍ഭയത്വമുള്ളതാക്കുകയും എന്നെയും എന്റെ മക്കളെയും ഞങ്ങള്‍ വിഗ്രഹങ്ങള്‍ക്ക് ആരാധന നടത്തുന്നതില്‍ നിന്ന് അകറ്റി നിര്‍ത്തുകയും ചെയ്യേണമേ. എന്റെ രക്ഷിതാവേ! തീര്‍ച്ചയായും അവ (വിഗ്രഹങ്ങള്‍) മനുഷ്യരില്‍ നിന്ന് വളരെപ്പേരെ പിഴപ്പിച്ച് കളഞ്ഞിരിക്കുന്നു. അതിനാല്‍ എന്നെ ആര്‍ പിന്തുടര്‍ന്നുവോ അവന്‍ എന്റെ കൂട്ടത്തില്‍ പെട്ടവനാകുന്നു. ആരെങ്കിലും എന്നോട് അനുസരണക്കേട് കാണിക്കുന്ന പക്ഷം തീര്‍ച്ചയായും നീ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണല്ലോ. ഞങ്ങളുടെ രക്ഷിതാവേ, എന്റെ സന്തതികളില്‍ നിന്ന് (ചിലരെ) കൃഷിയൊന്നും ഇല്ലാത്ത ഒരു താഴ്‌വരയില്‍, നിന്റെ പവിത്രമായ ഭവനത്തിന്റെ (കഅ്ബയുടെ) അടുത്ത് ഞാനിതാ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അവര്‍ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുവാന്‍ വേണ്ടിയാണ് (അങ്ങനെ ചെയ്തത്) അതിനാല്‍ മനുഷ്യരില്‍ ചിലരുടെ മനസ്സുകളെ നീ അവരോട് ചായ്‌വുള്ളതാക്കുകയും അവര്‍ക്ക് കായ്കനികളില്‍ നിന്ന് നീ ഉപജീവനം നല്‍കുകയും ചെയ്യേണമേ. അവര്‍ നന്ദികാണിച്ചെന്ന് വരാം. ഞങ്ങളുടെ രക്ഷിതാവേ, തീര്‍ച്ചയായും ഞങ്ങള്‍ മറച്ചുവെക്കുന്നതും പരസ്യമാക്കുന്നതും എല്ലാം നീ അറിയും. ഭൂമിയിലുള്ളതോ ആകാശത്തുള്ളതോ ആയ യാതൊരു വസ്തുവും അല്ലാഹുവിന് അവ്യക്തമാകുകയില്ല. വാര്‍ധക്യകാലത്ത് എനിക്ക് ഇസ്മാഈലിനെയും ഇസ്ഹാക്വിനെയും പ്രദാനം ചെയ്ത അല്ലാഹുവിന് സ്തുതി. തീര്‍ച്ചയായും എന്റെ രക്ഷിതാവ് പ്രാര്‍ഥന കേള്‍ക്കുന്നവനാണ്. എന്റെ രക്ഷിതാവേ, എന്നെ നീ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുന്നവനാക്കേണമേ. എന്റെ സന്തതികളില്‍ പെട്ടവരെയും (അപ്രകാരം ആക്കേണമേ). ഞങ്ങളുടെ രക്ഷിതാവേ, എന്റെ പ്രാര്‍ഥന നീ സ്വീകരിക്കുകയും ചെയ്യേണമേ. ഞങ്ങളുടെ രക്ഷിതാവേ, വിചാരണ നിലവില്‍ വരുന്ന ദിവസം എനിക്കും എന്റെ മാതാപിതാക്കള്‍ക്കും സത്യവിശ്വാസികള്‍ക്കും നീ പൊറുത്തുതരേണമേ” (ക്വുര്‍ആന്‍ 14:35-41). 

ബഹുദൈവാരാധനക്കെതിരില്‍ പോരാടിയ, അക്കാരണത്താല്‍ അഗ്‌നിയില്‍ എറിയപ്പെടുകയും  വീട്ടില്‍ നിന്നും പുറത്താക്കപ്പെടുകയും ചെയ്ത ഇബ്‌റാഹീം നബി(അ) പ്രാര്‍ഥിക്കുന്നത് ‘അല്ലാഹുവേ, എന്നെയും എന്റെ മക്കളെയും ബഹുദൈവാരാധനയില്‍ നിന്നും അകറ്റേണമേ’ എന്നാണ്. ഇബ്‌ലീസിന് ഏറ്റവും വലിയ വെറുപ്പ് ഏകദൈവ വിശ്വാസത്തോടും ഏകദൈവ വിശ്വാസികളോടുമാണല്ലോ. അവരെ എങ്ങനെയെങ്കിലും ബഹുദൈവാരാധകനാക്കി മാറ്റുന്നതിന് അവനാല്‍ കഴിയുന്നത് അവന്‍ ചെയ്യും. ഏകദൈവ വിശ്വാസത്തില്‍ നിന്ന് ആരും വഴിമാറി പോകുവാന്‍ സാധ്യതയുണ്ടെന്ന് ഇബ്‌റാഹീം നബി(അ)യുടെ ഈ പ്രാര്‍ഥന നമ്മെ പഠിപ്പിക്കുന്നുണ്ട്. അതിനാല്‍ തന്നെ എന്നും എപ്പോഴും, അല്ലാഹു ഈ പ്രപഞ്ചം സൃഷ്ടിച്ചത് മുതല്‍ നിലനില്‍ക്കുന്ന ഏകദൈവ വിശ്വാസത്തില്‍ ഉറച്ച് നില്‍ക്കുന്നതിനായി സ്വന്തത്തിന് വേണ്ടിയും കുടുംബത്തിന് വേണ്ടിയും നാം നിരന്തരം തേടേണ്ടതുണ്ട്.

മക്കള്‍ പിഴച്ച് പോകാതിരിക്കുവാന്‍ മക്കള്‍ക്കായി ദുആ ചെയ്യുന്നതോടൊപ്പം അവര്‍ക്ക് അല്ലാഹുവിന്റെ ദീന്‍ അനുസരിച്ച് ജീവിക്കുവാനുള്ള സാഹചര്യം ഒരുക്കുവാനും രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എന്തെല്ലാം ഗുണപാഠങ്ങളാണ് ഇബ്‌റാഹീം നബി(അ)യുടെ പ്രാര്‍ഥനകളിലുള്ളത്! 

ആകാശഭൂമികളില്‍ ഒന്നും തന്നെ അല്ലാഹുവിന് രഹസ്യമല്ലല്ലോ. അവന്‍ എല്ലാം അറിയുന്നവനാണ്. നാം എത്ര പരസ്യമാക്കിയാലും എത്ര ഗോപ്യമാക്കിയാലും അവന്‍ അതെല്ലാം നന്നായി അറിയുന്നവനാണ്. നമ്മുടെ രഹസ്യ പരസ്യങ്ങളെല്ലാം ഒരുപോലെ അറിയുന്നവനായ അല്ലാഹുവിലേക്ക് നാം ഖേദിച്ച് മടങ്ങേണ്ടതുണ്ട്. 

അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നതില്‍ ഒരിക്കലും നിരാശ പാടില്ല. അവന്‍ പ്രാര്‍ഥന കേള്‍ക്കുന്നവനും ഉത്തരം ചെയ്യുന്നവനുമാണ്. ഇബ്‌റാഹീം നബി(അ)ക്ക് വാര്‍ധക്യം വരെയും സന്താനങ്ങളുണ്ടായില്ല. എന്നിട്ടും പ്രാര്‍ഥിക്കുന്നതില്‍ അദ്ദേഹത്തിന് നാരാശയുണ്ടായിരുന്നില്ല.

നാം നമുക്കായി പ്രാര്‍ഥിക്കുന്നതോടൊപ്പം നമ്മെ കഷ്ടപ്പെട്ട് പോറ്റി വളര്‍ത്തിയ നമ്മുടെ മാതാപിതാക്കള്‍ക്കും വിശ്വാസികളായ എല്ലാവര്‍ക്കും വേണ്ടിയും പ്രാര്‍ഥിക്കണം. ഇബ്‌റാഹീം(അ) പിതാവിന് വേണ്ടി നടത്തിയ പാപമോചന തേട്ടത്തിന്റെ വിശദീകരണം മുമ്പ് കഴിഞ്ഞു പോയിട്ടുള്ളതിനാല്‍ ഇനിയും അത് ഇവിടെ വിവരിക്കുന്നില്ല. 

ഇബ്‌റാഹീം നബി(അ)യുടെ പ്രാര്‍ഥന വിവരിക്കുന്ന മറ്റൊരു ഭാഗം കാണുക:

”എന്റെ രക്ഷിതാവേ, എനിക്ക് നീ തത്ത്വജ്ഞാനം നല്‍കുകയും എന്നെ നീ സജ്ജനങ്ങളോടൊപ്പം ചേര്‍ക്കുകയും ചെയ്യേണമേ. പില്‍ക്കാലക്കാര്‍ക്കിടയില്‍ എനിക്ക് നീ സല്‍കീര്‍ത്തി ഉണ്ടാക്കേണമേ. എന്നെ നീ സുഖസമ്പൂര്‍ണമായ സ്വര്‍ഗത്തിന്റെ അവകാശികളില്‍ പെട്ടവനാക്കേണമേ. എന്റെ പിതാവിന് നീ പൊറുത്തുകൊടുക്കേണമേ തീര്‍ച്ചയായും അദ്ദേഹം വഴിപിഴച്ചവരുടെ കൂട്ടത്തിലായിരിക്കുന്നു. അവര്‍ (മനുഷ്യര്‍) ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം എന്നെ നീ അപമാനത്തിലാക്കരുതേ. അതായത് സ്വത്തോ സന്താനങ്ങളോ പ്രയോജനപ്പെടാത്ത ദിവസം. കുറ്റമറ്റ ഹൃദയവുമായി അല്ലാഹുവിങ്കല്‍ ചെന്നവര്‍ക്കൊഴികെ” (ക്വുര്‍ആന്‍ 26:83-89).

അല്ലാഹു ഏറെ അനുഗ്രഹിച്ച, അറിവ് നല്‍കിയ ഇബ്‌റാഹീം നബി(അ) അതിന്റെ പേരില്‍ അഹങ്കരിച്ചില്ല. ഏറെ വിനയാന്വിതനായിരുന്ന അദ്ദേഹം നിരന്തരം തേടി; അറിവ് ലഭിക്കുവാനായി. നാട്ടിലുള്ള മോശപ്പെട്ടവരോടൊപ്പം ആയിരുന്നില്ല അദ്ദേഹം കൂട്ടുകൂടിയിരുന്നത്. ഇഹലോകത്തും പരലോകത്തും നല്ലവരോടൊപ്പമായ അദ്ദേഹം അതിനായി അല്ലാഹുവിനോട് പ്രാര്‍ഥിച്ചു കൊണ്ടിരുന്നു.

തന്റെ കാല ശേഷം വരുന്നവര്‍ക്ക് തന്നില്‍ നിന്ന് യാതൊരു മോശത്തരവും ഇല്ലാതിരിക്കുവാനും തന്നെ സ്മരിക്കുന്നവര്‍ക്ക് തന്നെക്കുറിച്ച് നല്ലത് മാത്രം പറയാനുമുള്ള സല്‍കീര്‍ത്തിക്കായും അദ്ദേഹം അല്ലാഹുവിനോട് തേടി. ഇന്നും ലോകത്ത് അദ്ദേഹത്തിന്റെ പേര് കോടികണക്കിനാളുകള്‍ ദിനേന പലതവണ സ്മരിച്ചുകൊണ്ടിരിക്കുന്നു, ഉച്ചരിക്കുന്നു. സ്വര്‍ഗത്തിന് വേണ്ടിയും അദ്ദേഹം തേടി. തൗഹീദില്‍ നിന്ന് പിഴച്ച് പോയ പിതാവിന് വേണ്ടിയും അദ്ദേഹം പാപമോചനം നടത്തി; ഇത് മുശ്‌രിക്കുകള്‍ക്കു വേണ്ടി പാപമോചനം തേടരുത് എന്ന് വിലക്കുന്നതിന് മുമ്പായിരുന്നു. സമ്പത്തും സന്താനങ്ങളും ഉപകാരപ്പെടാത്ത, കുറ്റമറ്റ ഹൃദയവുമായി ക്വിയാമത്ത് നാളില്‍ വരുന്നവര്‍ മാത്രം രക്ഷപ്പെടുന്ന ദിവസത്തില്‍ അപമാനിക്കപ്പെടാതിരിക്കുവാനും അദ്ദേഹം അല്ലാഹുവിനോട് തേടി.

”എന്റെ രക്ഷിതാവേ, സദ്‌വൃത്തരില്‍ ഒരാളെ നീ എനിക്ക് (പുത്രനായി) പ്രദാനം ചെയ്യേണമേ” (37:100) എന്ന അദ്ദേഹത്തിന്റെ പ്രാര്‍ഥനക്ക് രണ്ട് മഹാന്മാരായ മക്കളെ നല്‍കി അല്ലാഹു ഉത്തരം നല്‍കി.

”ഞങ്ങളുടെ രക്ഷിതാവേ, നിന്റെ മേല്‍ ഞങ്ങള്‍ ഭരമേല്‍പിക്കുകയും, നിങ്ങലേക്ക് ഞങ്ങള്‍ മടങ്ങുകയും ചെയ്തിരിക്കുന്നു. നിങ്കലേക്ക് തന്നെയാണ് തിരിച്ചുവരവ്. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ സത്യനിഷേധികളുടെ പരീക്ഷണത്തിന് ഇരയാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്ക് നീ പൊറുത്തുതരികയും ചെയ്യേണമേ. തീര്‍ച്ചയായും നീ തന്നെയാണ് പ്രതാപിയും യുക്തിമാനും” (ക്വുര്‍ആന്‍ 61:4,5).

ഈ പ്രാര്‍ഥനയുടെ സാരം പണ്ഡിതന്മാര്‍ വിവരിക്കുന്നത് കാണുക.

മുജാഹിദ്(റ) പറയുന്നു: ‘അതിന്റെ അര്‍ഥം; അവരുടെ കൈകളാല്‍ ഞങ്ങളെ നീ ശിക്ഷിക്കരുതേ, നിന്റെ പക്കല്‍ നിന്നുള്ള ശിക്ഷയാലും (ഞങ്ങളെ നീ ശിക്ഷിക്കരുതേ). (അപ്രകാരം സംഭവിച്ചാല്‍) അവര്‍ പറയും: ഇവര്‍ സത്യത്തിലായിരുന്നുവെങ്കില്‍ അവര്‍ക്ക് ഇപ്രകാരം ബാധിക്കില്ലായിരുന്നു (എന്ന്).’ അഥവാ ശത്രുക്കള്‍ക്ക് സന്തോഷിക്കാവുന്ന യാതൊന്നും ഞങ്ങളില്‍ ഉണ്ടാവരുതേ എന്നതാണ് ആ പ്രാര്‍ഥനയുടെ സാരം. മറ്റൊരു വിശദീകരണം കാണുക:

ക്വതാദ(റ) പറയുന്നു: ‘അവര്‍ക്ക് ഞങ്ങളുടെ മേല്‍ വിജയം നല്‍കരുതേ. അങ്ങനെ (സംഭവിച്ചാല്‍) അതു മുഖേന അവര്‍ ഞങ്ങളെ കുഴപ്പത്തിലാക്കും…’

ശത്രുക്കള്‍ക്ക് വിശ്വാസികളാല്‍ സന്തോഷമുണ്ടാകുന്ന ഒരു കാരണവും ഉണ്ടായിക്കൂടാ. നബി ﷺ പ്രാര്‍ഥിച്ചിരുന്ന ഒരു പ്രാര്‍ഥന ഇപ്രകാരമായിരുന്നു.

അല്ലാഹുവേ കഠിനമായ പരീക്ഷണങ്ങളില്‍ നിന്നും, ദൗര്‍ഭാഗ്യങ്ങളില്‍ എത്തി പെടുന്നതില്‍ നിന്നും, നിന്റെ വിധിയില്‍ നല്ലതല്ലാത്തത് എന്നില്‍ ഉണ്ടാകുന്നതില്‍ നിന്നും, ശത്രുക്കള്‍ സന്തോഷിക്കുന്നതില്‍ നിന്നും ഞാന്‍ നിന്നോട് കാവല്‍ ചോദിക്കുന്നു.

ഇബ്‌റാഹീം(അ) നടത്തിയ പ്രാര്‍ഥനകള്‍ ക്വുര്‍ആനില്‍ വന്നതാണ് ഇത്രയും നാം വിവരിച്ചത്. ഹദീസുകളില്‍ വന്നതില്‍ നിന്ന് ഒന്ന് ഇവിടെ കുറിക്കാം. ഇബ്‌റാഹീം(അ) മക്കളായ ഇസ്മാഈലിനും ഇസ്ഹാക്വിനും എപ്പോഴും നടത്തിയിരുന്ന പ്രാര്‍ഥനയാണ്. ആ പ്രാര്‍ഥന പേരമക്കളായ ഹസന്‍, ഹുസൈന്‍ എന്നിവര്‍ക്ക് വേണ്ടി ഇബ്‌റാഹീം നബി(അ)യെ മാതൃകയാക്കി അല്ലാഹുവിനോട് ഇപ്രകാരം പ്രാര്‍ഥിക്കാറുണ്ടായിരുന്നു:

ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ”നബി ﷺ ഹസന്‍, ഹുസൈന്‍ എന്നിവര്‍ക്കായി അല്ലാഹുവിനോട് അഭയം തേടി ഇപ്രകാരം പറയാറുണ്ടായിരുന്നു: ‘തീര്‍ച്ചയായും നിങ്ങളുടെ പിതാവ് (ഇബ്‌റാഹീം) ഇസ്മാഈലിനും ഇസ്ഹാക്വിനും ഇത് കൊണ്ട് (ഈ പ്രാര്‍ഥന കൊണ്ട്) അല്ലാഹുവിനോട് അഭയം തേടിയിരുന്നു: എല്ലാ പിശാചുക്കളില്‍ നിന്നും, വിഷജന്തുക്കളില്‍ നിന്നും, ആക്ഷേപകാരിയായ എല്ലാ കണ്ണില്‍ നിന്നും അല്ലാഹുവിന്റെ മുഴുവന്‍ വചനങ്ങള്‍ കൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും അല്ലാഹുവിനോട് കാവല്‍ ചോദിക്കുന്നു” (ബുഖാരി).

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

ഇബ്‌റാഹീം നബി (അ) – 09

ഇബ്‌റാഹീം നബി (അ) - 09

മക്വാമു ഇബ്‌റാഹീം

‘മക്വാം’ എന്ന പദത്തിന്റെ അര്‍ഥം ‘നിന്ന സ്ഥലം’ എന്നാണ്. കഅ്ബയുടെ നിര്‍മാണം നടക്കുമ്പോള്‍ ഇബ്‌റാഹീം നബി(അ) ഒരു കല്ലില്‍ കയറി നിന്ന് പടവ് പൂര്‍ത്തിയാക്കിയത് കഴിഞ്ഞ ലക്കത്തില്‍ നാം മനസ്സിലാക്കി. അങ്ങനെ പടവ് പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ ആ കല്ല് ഇബ്‌റാഹീം(അ) കഅ്ബയുടെ വാതിലിനടുത്ത് ഉപേക്ഷിക്കുകയും ചെയ്തു. ആ  കല്ലില്‍ അദ്ദേഹത്തിന്റെ കാല്‍പാദത്തിന്റെ അടയാളം പതിഞ്ഞിരുന്നു. കാലക്രമേണ ആ പാടുകള്‍ ഇല്ലാതെയാവുകയാണ് ചെയ്തത്.

കഅ്ബയുടെ വാതിലിനടുത്തുണ്ടായിരുന്ന ആ കല്ല് ഉമര്‍(റ)വിന്റെ ഖിലാഫത്ത് കാലത്ത് അവിടെ നിന്നും അല്‍പം നീക്കി. ത്വവാഫ് ചെയ്യുന്നവരുടെ പ്രയാസം കാരണം അവിടെ നിന്ന് പിന്നീട് ഇന്ന് നാം കാണുന്ന ആ സ്ഥലത്തേക്ക് മാറ്റി ഒരു ക്വുബ്ബക്കകത്താക്കുകയാണ് ചെയ്തത്. പിന്നീട് ഫൈസ്വല്‍ രാജാവ് അത് ഒരു പളുങ്ക് കൂടാരത്തിലാക്കി, ഗ്രില്‍സിലാക്കി അത് പൂട്ടിവെക്കുകയും ചെയ്തു. അതില്‍ തൊടലോ മുത്തലോ ഒന്നും പുണ്യമുള്ളതാക്കിയിട്ടില്ലെന്ന് പ്രത്യേകം മനസ്സിലാക്കേണ്ടതാണ്. എന്നാല്‍ അതിനെ ഇടയിലാക്കി  കഅ്ബഃയുടെ നേരെ തിരിഞ്ഞ് രണ്ട് റക്അത്ത് നമസ്‌കരിക്കലാണ് ഇസ്‌ലാം പുണ്യ കര്‍മമാക്കിയിട്ടുള്ളത്.

”ഇബ്‌റാഹീം നിന്ന് പ്രാര്‍ഥിച്ച സ്ഥാനത്തെ നിങ്ങളും നമസ്‌കാര (പ്രാര്‍ഥന) വേദിയായി സ്വീകരിക്കുക” (ക്വുര്‍ആന്‍ 2:125).

ഈ സ്ഥാനത്ത് നമസ്‌കാരം പുണ്യകര്‍മമായി നിശ്ചയിച്ചതില്‍ ഉമറുബ്‌നുല്‍ ഖത്വാബ്(റ)വിന് ഒരു പങ്കുണ്ട്. അദ്ദേഹം ഇടയ്ക്കിടെ ഇപ്രകാരം സ്മരിച്ച് പറയാറുണ്ടായിരുന്നു: ‘എന്റെ ആഗ്രഹത്തിനനുസരിച്ച് രണ്ട് മൂന്ന് വഹ്‌യ് ഇറങ്ങിയിട്ടുണ്ട്. അതില്‍ ഒന്ന് ഇതായിരുന്നു.’ അതിന്റെ പിന്നില്‍ നിന്ന് നമസ്‌കരിക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് അദ്ദേഹം ഇടയ്ക്കിടെ ആഗ്രഹം പ്രകടിപ്പിക്കാറുണ്ടായിരുന്നു. അദ്ദേഹം നബി ﷺ യോട് ഈ ആഗ്രഹം പറഞ്ഞയുടനെ അദ്ദേഹത്തോട് അങ്ങനെ നമസ്‌കരിക്കാന്‍ നിര്‍ദേശം നല്‍കിയോ? ഇല്ല. കാരണം, ദീനില്‍ സ്വന്തം ഇഷ്ടപ്രകാരം ഒന്നും കൂട്ടിച്ചേര്‍ക്കുവാനോ എന്തെങ്കിലും ഒഴിവാക്കുവാനോ അവിടുത്തേക്ക് അധികാരമില്ല. അല്ലാഹുവിന്റെ അടുക്കല്‍ നിന്നും ലഭിക്കുന്ന സന്ദേശത്തിനനുസരിച്ചേ അദ്ദേഹത്തിന് എന്തും നടപ്പില്‍ വരുത്തുവാന്‍ അവകാശമുള്ളൂ. അവസാനം നാം തൊട്ടു മുകളില്‍ പറഞ്ഞ ആയത്ത് അവതരിച്ചു. അങ്ങനെ അതിന്റെ പിന്നില്‍ നിന്ന് നമസ്‌കരിക്കല്‍ പുണ്യകര്‍മമാക്കി. അതിന്റെ തൊട്ടു പുറകില്‍ തന്നെ നമസ്‌കരിക്കണമെന്നില്ല. അതിന്റെ പിന്നില്‍, കഅ്ബഃയുടെയും നമ്മുടെയും ഇടയില്‍ അത് ഉണ്ടാകത്തക്ക വിധത്തില്‍ കുറച്ച് പുറകിലും നമസ്‌കരിക്കാവുന്നതാണ്.

ഇബ്‌റാഹീം നബി(അ)യുടെ അതിഥികള്‍

”ഇബ്‌റാഹീമിന്റെ മാന്യരായ അതിഥികളെ പറ്റിയുള്ള വാര്‍ത്ത നിനക്ക് വന്നുകിട്ടിയിട്ടുണ്ടോ? അവര്‍ അദ്ദേഹത്തിന്റെ അടുത്തു കടന്നുവന്നിട്ട് സലാം പറഞ്ഞ സമയത്ത് അദ്ദേഹം പറഞ്ഞു: സലാം (നിങ്ങള്‍) അപരിചിതരായ ആളുകളാണല്ലോ. അനന്തരം അദ്ദേഹം ധൃതിയില്‍ തന്റെ ഭാര്യയുടെ അടുത്തേക്ക് ചെന്നു. എന്നിട്ട് ഒരു തടിച്ച കാളക്കുട്ടിയെ (വേവിച്ചു) കൊണ്ടുവന്നു. എന്നിട്ട് അത് അവരുടെ അടുത്തേക്ക് വെച്ചു. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ തിന്നുന്നില്ലേ? അപ്പോള്‍ അവരെപ്പറ്റി അദ്ദേഹത്തിന്റെ മനസ്സില്‍ ഭയം കടന്നുകൂടി. അവര്‍ പറഞ്ഞു: താങ്കള്‍ ഭയപ്പെടേണ്ട. അദ്ദേഹത്തിന് ജ്ഞാനിയായ ഒരു ആണ്‍കുട്ടിയെ പറ്റി അവര്‍ സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്തു. അപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ ഉച്ചത്തില്‍ ഒരു ശബ്ദമുണ്ടാക്കിക്കൊണ്ട് മുന്നോട്ട് വന്നു. എന്നിട്ട് തന്റെ മുഖത്തടിച്ചുകൊണ്ട് പറഞ്ഞു: വന്ധ്യയായ ഒരു കിഴവിയാണോ? (പ്രസവിക്കാന്‍ പോകുന്നത്). അവര്‍ (ദൂതന്‍മാര്‍) പറഞ്ഞു: അപ്രകാരം തന്നെയാകുന്നു നിന്റെ രക്ഷിതാവ് പറഞ്ഞിരിക്കുന്നത്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു യുക്തിമാനും ജ്ഞാനിയും ആയിട്ടുള്ളവന്‍” (ക്വുര്‍ആന്‍ 51:24-30).

മനുഷ്യരെ അല്ലാഹു മണ്ണില്‍ നിന്നും, ജിന്നുകളെ തീ ജ്വാലയില്‍ നിന്നും, മലക്കുകളെ പ്രകാശത്തില്‍ നിന്നുമാണ് സൃഷ്ടിച്ചിട്ടുള്ളത്. ഓരോ സൃഷ്ടിക്കും അതിന്റെ പ്രകൃതം അല്ലാഹു നല്‍കിയിട്ടുണ്ട്. അഥവാ പ്രകൃതിപരമായ അതിന്റെ പ്രവര്‍ത്തനങ്ങള്‍ ചെയ്യാനുള്ള കഴിവ് അല്ലാഹു നല്‍കിയിട്ടുണ്ട്. ആ പ്രകൃതം ഓരോ സൃഷ്ടിയിലും വ്യത്യസ്തമാണ്. ആ വ്യത്യസ്തത എല്ലാവര്‍ക്കും ഒരു പോലെ ഉള്‍കൊള്ളുവാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. എങ്കിലും മൊത്തത്തില്‍ ആ പ്രകൃതത്തെ നമുക്ക് അംഗീകരിച്ചു കൊടുക്കാതെ നിര്‍വാഹവുമില്ല. പറവകള്‍ അന്തരീക്ഷത്തില്‍ പറക്കുന്നു, നാം സംസാരിക്കുന്നത് പോലെ അവ സംസാരിക്കില്ല. എന്നാല്‍ നാം കൗതുകത്തോടെ കാണുന്ന പക്ഷിയാണല്ലോ തത്ത. വീട്ടില്‍ വളര്‍ത്തുന്ന ചില തത്തകള്‍ ചില വാക്കുകളെങ്കിലും നാം ഉച്ചരിക്കുന്നത് പോലെ ഉച്ചരിക്കാറുണ്ട്. അത് നാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നത് കൊണ്ട് അക്കാര്യം അംഗീകരിക്കുവാന്‍ നമുക്ക് പ്രയാസവുമില്ല. മനുഷ്യരും മൃഗങ്ങളും മത്സ്യങ്ങളുമെല്ലാം തന്നെ വ്യത്യസ്ത പ്രകൃതിയുമുള്ള സൃഷ്ടിയാണ്. ജിന്നുകളും മലക്കുകളും അങ്ങനെത്തന്നെ.

അവയുടെ പ്രകൃതം എങ്ങനെയെന്നത് അല്ലാഹു നമുക്ക് അറിയിച്ച് തന്നതില്‍ നിന്നേ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കൂ. മലക്കുകള്‍ പ്രകാശത്താലാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെങ്കിലും അവര്‍ക്ക് മനുഷ്യരെ പോലെയുള്ള രൂപം സ്വീകരിക്കുവാനുള്ള കഴിവ് അല്ലാഹു നല്‍കിയിട്ടുണ്ട്. മലക്കുകള്‍ മനുഷ്യ രൂപത്തില്‍ വന്നതിന് ക്വുര്‍ആനിലും സുന്നത്തിലും ധാരാളം തെളിവുകള്‍ നമുക്ക് കാണുവാന്‍ കഴിയും. അതെല്ലാം അതാത് സന്ദര്‍ഭത്തില്‍ വിവരിക്കുന്നതാണ്. ഇവിടെ അത് വിവരിക്കുവാന്‍ ഉദ്ദേശിക്കുന്നില്ല.

ഇബ്‌റാഹീം നബി(അ)യുടെ അടുത്തേക്ക് മാന്യരായ കുറച്ച് അതിഥികള്‍ വന്നതായാണ് ഉപരിസൂചിത വചനത്തില്‍ പറയുന്നത്. അവര്‍ വീട്ടുകാരോട് അനുവാദം ചോദിച്ചതായി പറയുന്നില്ല. പണ്ഡിതന്മാര്‍ പറയുന്നത് അവരുടെ വീടിന് അതിഥികള്‍ക്ക് പ്രവേശിക്കുവാനായി ഒരു വാതിലുണ്ടായിരുന്നുവെന്നും അതിലൂടെ വിരുന്നുകാര്‍ക്ക് എപ്പോഴും കയറി വരാന്‍ പറ്റുന്ന തരത്തില്‍ അത് എപ്പോഴും തുറന്ന് വെക്കലായിരുന്നു പതിവ് എന്നുമാണ്. അതിലൂടെയാണ് ഈ അതിഥികള്‍ വരുന്നത്. അവര്‍ വന്ന് സലാം പറയുന്നു. അദ്ദേഹം അവരോടും സലാം മടക്കി. സലാം ചൊല്ലുക എന്നത് ആദം(അ) മുതലേ ഉണ്ട് എന്നത് നാം മുമ്പ് വിവരിച്ചിട്ടുണ്ട്. ആരാരും തന്നില്‍ വിശ്വസിക്കാതെ ഒറ്റയാനായി തന്റെ ആദര്‍ശം കൈമുതലാക്കി ജീവിക്കുന്ന വേളയിലാണ് സലാം പറഞ്ഞ് ചിലര്‍ വരുന്നത്. അതിരില്ലാത്ത സന്തോഷം സ്വാഭാവികം. അദ്ദേഹം അവരെ വളരെ സന്തോഷത്തോടെ സ്വീകരിക്കുന്നു. അപരിചിതരാണല്ലോ വന്നിട്ടുള്ളത്. ആ അപരിചിതത്വം അദ്ദേഹം മനസ്സില്‍ പറയുകയും ചെയ്തു. എന്നിട്ട്  നല്ല മാംസമുള്ള ഒരു കാളക്കുട്ടനെ അവര്‍ക്കായി വേവിച്ച് കൊണ്ടു വന്നു. മറ്റൊരു സ്ഥലത്ത് ക്വുര്‍ആന്‍ ഇപ്രകാരമാണ് പറഞ്ഞിട്ടുള്ളത്.

”നമ്മുടെ ദൂതന്‍മാര്‍ ഇബ്‌റാഹീമിന്റെ അടുത്ത് സന്തോഷവാര്‍ത്തയും കൊണ്ട് വരികയുണ്ടായി. അവര്‍ പറഞ്ഞു: സലാം. അദ്ദേഹം പ്രതിവചിച്ചു. സലാം. വൈകിയില്ല. അദ്ദേഹം ഒരു പൊരിച്ച മൂരിക്കുട്ടിയെ കൊണ്ട് വന്നു. എന്നിട്ട് അവരുടെ കൈകള്‍ അതിലേക്ക് നീളുന്നില്ലെന്ന് കണ്ടപ്പോള്‍ അദ്ദേഹത്തിന് അവരുടെ കാര്യത്തില്‍ പന്തികേട് തോന്നുകയും അവരെ പറ്റി ഭയം അനുഭവപ്പെടുകയും ചെയ്തു. അവര്‍ പറഞ്ഞു: ഭയപ്പെടേണ്ട. ഞങ്ങള്‍ ലൂത്വിന്റെ ജനതയിലേക്ക് നിയോഗിക്കപ്പെട്ടിരിക്കുകയാണ്” (ക്വുര്‍ആന്‍ 11:69,70).

ഭക്ഷണമുള്ളേടത്തേക്ക് ക്ഷണിക്കാതെ അതിഥികളുടെ അടുത്തേക്ക് കൊണ്ടു അങ്ങോട്ട് കൊണ്ടുപോയിക്കൊടുത്തു. അതാണ് ആതിഥ്യ മര്യാദയുടെ ഏറ്റവും ഉചിതമായ രൂപം. ആളുകളെ വിളിച്ചു വരുത്തി വരി നിര്‍ത്തി വിളമ്പിക്കൊടുക്കുന്നത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല. ഇബ്‌റാഹീം(അ) അവരിലേക്ക് ഭക്ഷണവുമായി ചെല്ലുന്നു, കഴിക്കാന്‍ ആവശ്യപ്പെടുന്നു. അവര്‍ കഴിക്കുന്നില്ല. അദ്ദേഹത്തിന് ഒരു ആശങ്കയുണ്ടായി. എന്താണ് ഇവര്‍ ഭക്ഷണം കഴിക്കാത്തത്? പേടിയായി അവരുടെ കാര്യത്തില്‍ ഇബ്‌റാഹീം നബി(അ)ക്ക്. അദ്ദേഹത്തിന്റെ ഭയം മനസ്സിലാക്കിയ അവര്‍ പറഞ്ഞു: പേടിക്കേണ്ടതില്ല, ഞങ്ങള്‍ ലൂത്വ്(അ)ന്റെ ജനതയിലേക്ക് അയക്കപ്പെട്ട അല്ലാഹുവിന്റെ ദൂതന്മാരാണ്. അപ്പോഴാണ് ഇബ്‌റാഹീം നബി(അ)ക്ക് കാര്യം മനസ്സിലായത്. തന്റെ വീട്ടില്‍ വന്ന അതിഥികള്‍ മനുഷ്യരല്ലെന്നും മലക്കുകളാണെന്നും അതിനാലാണ് മനുഷ്യര്‍ കഴിക്കുന്നത് പോലെ അവര്‍ ഭക്ഷണം കഴിക്കാത്തത് എന്നും അപ്പോള്‍ മാത്രമാണ് അദ്ദേഹം അറിയുന്നത്.

ഇബ്‌റാഹീം നബി(അ)ക്ക് പോലും അല്ലാഹു അറിയിച്ചു കൊടുത്താലല്ലാതെ മറഞ്ഞ കാര്യങ്ങള്‍ ഒന്നും അറിയാന്‍ കഴിയില്ല എന്ന കാര്യം ഇതില്‍നിന്നും നമുക്ക്മനസ്സിലാക്കാന്‍ സാധിക്കുന്നു. തന്റെ മുന്നില്‍ വന്നവര്‍ ആരാണെന്ന് പോലും അദ്ദേഹത്തിന് മനസ്സിലായില്ലല്ലോ. അവര്‍ അവരെ പരിചയപ്പെടുത്തിയപ്പോള്‍ മാത്രമാണ് അവരെക്കുറിച്ച് അദ്ദേഹത്തിന് മനസ്സിലായത്. ചിലര്‍ പറയാറുണ്ട് ഇബ്‌റാഹീം നബിക്ക് അറിയാമായിരുന്നു അവര്‍ മലക്കുകളാണെന്ന്; മനുഷ്യ രൂപത്തില്‍ വന്നതിനാലാണ് അദ്ദേഹം അവര്‍ക്ക് ഭക്ഷണം വിളമ്പിയത് എന്ന്. ഇത് തനിച്ച വിഡ്ഢിത്തമാണ്. അറിയാമായിരുന്നെങ്കില്‍ അദ്ദേഹത്തിന് അവര്‍ ഭക്ഷണം കഴിക്കാത്തതില്‍ പേടിതോന്നുമായിരുന്നോ? മാത്രവുമല്ല, മലക്കുകളുടെ മറുപടിയില്‍ നിന്ന് തന്നെ ഇബ്‌റാഹീം(അ)ന് അവരെ മനസ്സിലായിട്ടില്ല എന്നത് വളരെ വ്യക്തമാണ്.

ഇബ്‌റാഹീംനബി(അ)യും മരിച്ചവരെ ജീവിപ്പിക്കലും

”എന്റെ നാഥാ! മരണപ്പെട്ടവരെ നീ എങ്ങനെ ജീവിപ്പിക്കുന്നുവെന്ന് എനിക്ക് നീ കാണിച്ചുതരേണമേ എന്ന് ഇബ്‌റാഹീം പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു). അല്ലാഹു ചോദിച്ചു: നീ വിശ്വസിച്ചിട്ടില്ലേ?  ഇബ്‌റാഹീം പറഞ്ഞു: അതെ, പക്ഷേ, എന്റെ മനസ്സിന് സമാധാനം ലഭിക്കാന്‍ വേണ്ടിയാകുന്നു. അല്ലാഹു പറഞ്ഞു: എന്നാല്‍ നീ നാലു പക്ഷികളെ പിടിക്കുകയും അവയെ നിന്നിലേക്ക് അടുപ്പിക്കുകയും (അവയെ കഷ്ണിച്ചിട്ട്) അവയുടെ ഓരോ അംശം ഓരോ മലയിലും വെക്കുകയും ചെയ്യുക. എന്നിട്ടവയെ നീ വിളിക്കുക. അവ നിന്റെ അടുക്കല്‍ ഓടിവരുന്നതാണ്. അല്ലാഹു പ്രതാപവാനും യുക്തിമാനുമാണ് എന്ന് നീ മനസ്സിലാക്കുകയും ചെയ്യുക” (ക്വുര്‍ആന്‍ 2:260).

മരണപ്പെട്ടവരെ ജീവിപ്പിക്കുവാന്‍ കഴിയുന്നവനാണ് അല്ലാഹുവെന്നതില്‍ ഇബ്‌റാഹീം നബി(അ)ക്ക്‌വിശ്വാസക്കുറവൊന്നുമില്ലായിരുന്നു. എങ്ങനെ എന്ന ചോദ്യം രണ്ട് രൂപത്തിലുണ്ട്. ഒന്ന്, സംശയിക്കുന്നവന്റെ ചോദ്യം. രണ്ട്, ഉറപ്പുള്ളത് തന്നെയാണ്. എങ്കിലും ഒന്ന് കണ്ട് മനസ്സിന് ഒരു ഉറപ്പ് ലഭിക്കുന്നതിനും. ഇവിടെ ഇബ്‌റാഹീം(അ) ചോദിച്ചത് ഉറപ്പായ അറിവ് ഒന്നു കാണുന്നതിന് വേണ്ടി മാത്രമാണ്. അല്ലാഹു അദ്ദേഹത്തോട് നാല് പക്ഷികളെ പിടിക്കുവാന്‍ കല്‍പിച്ചു. ആ പക്ഷികള്‍ എങ്ങനെയുള്ളവയായിരുന്നുവെന്ന് ഒന്നും നാം പഠിപ്പിക്കപ്പെട്ടിട്ടില്ല. അവ ഏതായിരുന്നുവെന്നെല്ലാം പലരും ചര്‍ച്ച നടത്തിയിട്ടുണ്ട്. എന്നാല്‍ അവ ഏത് തരം പക്ഷിയാണെന്ന് നാം അറിയുന്നതില്‍ വല്ല ഉപകാരവും നമുക്ക് ഉണ്ടായിരുന്നുവെങ്കില്‍ അല്ലാഹുവും റസൂലും നമ്മെ അത് അറിയിക്കുമായിരുന്നു. ആയതിനാല്‍ അത്തരം ചര്‍ച്ചകളുടെ പിന്നില്‍ നാം പോകുന്നില്ല.

ഇബ്‌റാഹീം(അ)നോട് അല്ലാഹു ആ നാല് പക്ഷികളെയും തന്നിലേക്ക് കൂട്ടിപ്പിടിക്കുവാന്‍ കല്‍പിച്ചു. അവയെ ഇണക്കി, അദ്ദേഹത്തിന് അവയില്‍ നല്ല പരിചയം ലഭിക്കുന്നതിന് വേണ്ടിയായിരുന്നു അത്. കാരണം, ആ പക്ഷികളെ തുണ്ടം തുണ്ടമാക്കി മാറ്റാന്‍ പോവുകയാണ്. രണ്ടാമത് ജീവന്‍ നല്‍കിയ ശേഷം തന്നിലേക്ക് അവ തിരികെ വരുമ്പോള്‍ ഇവ ആ പക്ഷികള്‍ തന്നെയാണെന്ന് അദ്ദേഹത്തിന് യാതൊരു ശങ്കയുമില്ലാതെ അറിയുകയും വേണമല്ലോ. ഇബ്‌റാഹീം(അ) കല്‍പന പ്രകാരം അവയെ ഇണക്കി. അവയോട് നല്ല പരിചയം നേടി. എന്നിട്ട് അവയെ അറുത്ത് കഷ്ണങ്ങളാക്കിയതിന് ശേഷം പരിസരത്തുള്ള ഓരോ മലയിലും അവയുടെ ഓരോ ഭാഗവും കൊണ്ട് പോയി വെക്കാന്‍ കല്‍പനയുണ്ടായി, അദ്ദേഹം അപ്രകാരം ചെയ്തു. പിന്നീട് അവയെ അല്ലാഹുവിന്റെ കല്‍പന പ്രകാരം വിളിച്ചപ്പോള്‍ അവ അദ്ദേഹത്തിനടുത്തേക്ക് വേഗത്തില്‍ വരുന്നതായി അദ്ദേഹം കണ്ടു.

അല്ലാഹുവിന്റെ കൂട്ടുകാരന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട പ്രാവാചകന്‍ ഇബ്‌റാഹീം(അ)ന് പോലും മരണപ്പെട്ടവര്‍ക്ക് ജീവന്‍ നല്‍കാന്‍ സാധിച്ചില്ല. എന്നാല്‍ മുഹമ്മദ് നബി ﷺ ക്ക് ശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞ് വന്ന ശൈഖ് ജീലാനി(റ)യെ കുറിച്ച് ആളുകള്‍ വിശ്വസിക്കുന്നത് ‘ചത്ത ചകത്തിന് ജീവന്‍ ഇടീച്ചോവര്‍, ചാകും കിലേശത്തെ നന്നാക്കി വിട്ടോവര്‍’ എന്നാണ്. ഇസ്‌ലാമിന്റെ പ്രമാണങ്ങളിലുള്ള അജ്ഞതയാണ് ഇത്തരം കാര്യങ്ങളില്‍ വിശ്വസിക്കുന്നതിന് കാരണം. അല്ലാഹു അല്ലാത്ത, ഒരു സൃഷ്ടിക്ക് ജീവന്‍ നല്‍കുവാനും മരിപ്പിക്കുവാനും കഴിയും എന്ന് വിശ്വസിക്കുന്നത് കുഫ്‌റാണ്. അപ്പോള്‍ ചിലര്‍ക്ക് സംശയം ഉണ്ടാകും; ഈസാ(അ) ജീവിപ്പിച്ചില്ലേ എന്ന്. ഇല്ല എന്നതാണ് അതിനുള്ള മറുപടി. കാരണം അതൊരു മുഅ്ജിസത്താണ്. മുഅ്ജിസത്ത് പ്രവാചകന്മാര്‍ ചെയ്യുന്നതല്ല. അല്ലാഹു അവരിലൂടെ പ്രകടിപ്പിക്കുന്നതാണെന്നാണ് നാം തുടക്കത്തില്‍ വിവരിച്ചിട്ടുണ്ട്. ഇന്‍ശാ അല്ലാഹ്, നമുക്ക് ഈസാനബിയ(അ)ന്റെ ചരിത്രം വിവരിക്കുമ്പോള്‍ അവിടെ ഈ കാര്യങ്ങള്‍ വിവരിക്കാം.

ഇബ്രാഹീം(അ) അല്ലാഹുവിനോട് ആവശ്യപ്പെട്ടത് കാണിച്ച് കൊടുത്തു. മരണപ്പെട്ടവരെ രണ്ടാമത് ഉയിര്‍ത്തെഴുന്നേല്‍പിക്കുക എന്നത് അല്ലാഹുവിന് നിഷ്പ്രയാസം സാധിക്കുമെന്ന് ഇബ്രാഹീം(അ)ന് അല്ലാഹു ഇതിലൂടെ കാണിച്ചുകൊടുത്തു.

ഇബ്‌റാഹീം നബി(അ)യും കിതാബും

അല്ലാഹു നാല് പ്രവാചകന്മാര്‍ക്ക് നല്‍കിയ കിതാബുകളെ നമുക്ക് പരിചയപ്പെടുത്തി തന്നിട്ടുണ്ട്. മൂസാനബി(അ)ക്ക് നല്‍കിയ തൗറാത്ത്, ദാവൂദ് നബി(അ)ക്ക് നല്‍കിയ സബൂര്‍, ഇാസാനബി(അ)ക്ക് നല്‍കിയ ഇഞ്ചീല്‍, മുഹമ്മദ് നബി ﷺ ക്ക് നല്‍കിയ ക്വുര്‍ആന്‍; ഇവയാണ് ക്വുര്‍ആന്‍ പേരെടുത്ത് പരിചയപ്പെടുത്തിയ നാല് വേദഗ്രന്ഥങ്ങള്‍. ഈ പറയപ്പെട്ടവരല്ലാത്ത പ്രവാചകന്മാര്‍ക്കും അല്ലാഹു ഗ്രന്ഥങ്ങള്‍ നല്‍കിയിട്ടുണ്ട്. അവയെക്കുറിച്ച് അല്ലാഹു ‘സ്വുഹുഫ്’ (ഏടുകള്‍) എന്നാണ് പറഞ്ഞിരിക്കുന്നത്.ഇബ്‌റാഹീം നബി(അ)ക്ക് അല്ലാഹു നല്‍കിയ സ്വുഹ്ഫിനെ സംബന്ധിച്ച് ക്വുര്‍ആനില്‍ പ്രതിപാദിക്കുന്നത് കാണുക:

”അതല്ല, മൂസായുടെ പത്രികകളില്‍ ഉള്ളതിനെ പറ്റി അവന് വിവരം അറിയിക്കപ്പെട്ടിട്ടില്ലേ? (കടമകള്‍) നിറവേറ്റിയ ഇബ്‌റാഹീമിന്റെയും (പത്രികകളില്‍). അതായത് പാപഭാരം വഹിക്കുന്ന ഒരാളും മറ്റൊരാളുടെ പാപഭാരം വഹിക്കുകയില്ലെന്നും, മനുഷ്യന്ന് താന്‍ പ്രയത്‌നിച്ചതല്ലാതെ മറ്റൊന്നുമില്ല എന്നും അവന്റെ പ്രയത്‌നഫലം വഴിയെ കാണിച്ചുകൊടുക്കപ്പെടും എന്നുമുള്ള കാര്യം” (ക്വുര്‍ആന്‍ 53:3640).

”തീര്‍ച്ചയായും പരിശുദ്ധി നേടിയവര്‍ വിജയം പ്രാപിച്ചു. തന്റെ രക്ഷിതാവിന്റെ നാമം സ്മരിക്കുകയും എന്നിട്ട് നമസ്‌കരിക്കുകയും (ചെയ്തവന്‍). പക്ഷേ, നിങ്ങള്‍ ഐഹികജീവിതത്തിന്ന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. പരലോകമാകുന്നു ഏറ്റവും ഉത്തമവും നിലനില്‍ക്കുന്നതും. തീര്‍ച്ചയായും ഇത് ആദ്യത്തെ ഏടുകളില്‍ തന്നെയുണ്ട്. അതായത് ഇബ്‌റാഹീമിന്റെയും മൂസായുടെയും ഏടുകളില്‍” (ക്വുര്‍ആന്‍ 87:14-19).

ഇവിടെ മൂസാ നബി(അ)ക്കും ഇബ്‌റാഹീം നബി(അ)ക്കും സ്വുഹ്ഫ് നല്‍കപ്പെട്ടിരുന്നുവെന്ന് നമുക്ക് മനസ്സിലാക്കാം. എല്ലാത്തിലും അല്ലാഹു നല്‍കിയിട്ടുള്ള അടിസ്ഥാന നിര്‍ദേശങ്ങള്‍ ഒന്ന് തന്നെയായിരുന്നുവെന്ന് ഈ വചനങ്ങളില്‍ നിന്ന് നമുക്ക് ഗ്രഹിക്കാവുന്നതാണ്. ആ സ്വുഹ്ഫിന്റെ മറ്റു പ്രത്യേകതകളൊന്നും നമുക്ക് വിവരിക്കപ്പെട്ടിട്ടില്ല.

ഇബ്‌റാഹീം നബി(അ)യും ചേലാകര്‍മവും

ഒരു പുരുഷന് ലിംഗ ശുദ്ധിക്കും ലൈംഗിക ശുദ്ധിക്കും ചേലാ കര്‍മം മഹത്തരമാണെന്ന് ഇന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. അത് നജസില്‍ നിന്ന് പൂര്‍ണമായും പുരുഷന് മോചനം നല്‍കുന്നതാണ്. മനുഷ്യ പ്രകൃതത്തെ നന്നായി അറിയുന്ന അല്ലാഹുവിന്റെ മതം ഇത് ഒരു പുണ്യ കര്‍മമായിട്ടാണ് പഠിപ്പിക്കുന്നത്. 80 വയസ്സുള്ളപ്പോള്‍ അദ്ദേഹം ചേലാകര്‍മം ചെയ്യുവാനായി കല്‍പിക്കപ്പെട്ടു. യാതൊരു മടിയും വിഷമവും കൂടാതെ അദ്ദേഹം അത് പാലിക്കുകയും ചെയ്തു.

അബൂഹുറയ്‌റ(റ)വില്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ”അല്ലാഹുവിന്റെ ദൂതന്‍ ﷺ പറഞ്ഞു: ഇബ്‌റാഹീം നബി(അ) തന്റെ എണ്‍പതാമത്തെ വയസ്സില്‍ ചേലാകര്‍മം ചെയ്തു” (മുസ്‌ലിം).

ഇബ്‌റാഹീം നബി(അ)യുടെ രൂപം

നബി ﷺ പറയുന്നു: ”രണ്ടാളുകള്‍ ഒരു രാത്രിയില്‍ ഒരാളെയുമായി എന്റെയടുത്ത് വന്നു. അദ്ദേഹം നല്ല ഉയരമുള്ളയാളായിരുന്നു. അദ്ദേഹത്തിന്റെ ഉയരം കാരണം എനിക്ക് അദ്ദേഹത്തിന്റെ തല കാണുവാന്‍ എനിക്ക് കഴിയുന്നില്ല. നിശ്ചയമായും അത് ഇബ്‌റാഹീം(അ) ആയിരുന്നു”(ബുഖാരി).

നബി ﷺ ഇബ്‌റാഹീം(അ)നെ ഈ അവസരത്തിലും മിഅ്‌റാജിന്റെ അവസരത്തില്‍ ബൈതുല്‍ മഅ്മൂറിനടുത്ത് വെച്ചും കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ആകൃതി ആരുടെ പോലെയാണെന്നും അവിടുന്ന് നമുക്ക് പറഞ്ഞു തന്നിട്ടുണ്ട്:

”…ഞാന്‍ ഇബ്‌റാഹീം(അ)നെ കണ്ടു. അപ്പോള്‍ അദ്ദേഹം നിങ്ങളുടെ കൂട്ടുകാരനോട് (അവിടുന്ന് തന്നെത്തന്നെയാണ് ഉദ്ദേശിച്ചത്)  ഏറ്റവും അടുത്ത് സാദൃശ്യമുള്ളവനായിരുന്നു” (മുസ്‌ലിം).

ഇബ്‌റാഹീം(അ) നല്ല ഉയരമുള്ളയാളും നബി ﷺ യുടെ രുപത്തോട് സാദൃശ്യമുള്ള ആളുമായിരുന്നു എന്ന് വ്യക്തം.

(തുടരും)

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

ഇബ്‌റാഹീം നബി (അ) – 08

ഇബ്‌റാഹീം നബി (അ) - 08

കഅ്ബയുടെ നിര്‍മാണം

ഇബ്‌റാഹീം നബി(അ) മകന്‍ ഇസ്മാഈലി(അ)ന്റെ അടുത്ത് വന്ന് പോയ കാര്യമാണ് നാം വിശദീകരിച്ചത്. വീണ്ടും ഒരിക്കല്‍ പിതാവ് മകന്റെ അടുക്കല്‍ ചെന്നു. അന്നേരം ഇസ്മാഈല്‍(അ) സംസമിന്റെ അടുത്തുള്ള ഒരു വൃക്ഷത്തിനു താഴെ അമ്പ് ശരിയാക്കിക്കൊണ്ടിരിക്കുകയാണ്. പിതാവിനെ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് എഴുന്നേറ്റ് ചെന്നു. (പരസ്പരം കണ്ടുമുട്ടുമ്പോള്‍) പിതാവും പുത്രനും െചയ്യുന്നതെല്ലാം അവര്‍ ചെയ്തു. പിന്നീട് ഇബ്‌റാഹീം(അ) പറഞ്ഞു: ‘ഇസ്മാഈല്‍, അല്ലാഹു എന്നോട് ഒരു കാര്യം (ചെയ്യുവാന്‍) കല്‍പിച്ചിരിക്കുന്നു.’ ഇസ്മാഈല്‍(അ) പറഞ്ഞു: ‘താങ്കളുടെ റബ്ബ് താങ്കളോട് പറഞ്ഞത് ചെയ്തുകൊള്ളുക.’ ഇബ്‌റാഹീം(അ) ചോദിച്ചു: ‘നീ എന്നെ സഹായിക്കുമോ?’ ഇസ്മാഈല്‍(അ) പറഞ്ഞു: ‘ഞാന്‍ താങ്കളെ സഹായിക്കുന്നതാണ്.’ അവര്‍ താമസിച്ചിരുന്ന സ്ഥലത്തിനടുത്ത് ഉയര്‍ന്നുനില്‍ക്കുന്ന ചെറിയ മണ്‍കൂനകളുടെചുറ്റും ചൂണ്ടിക്കാണിച്ചകൊണ്ട് ഇബ്‌റാഹീം(അ) പറഞ്ഞു: ‘അല്ലാഹു എന്നോട് ഇവിടെ ഒരു ഭവനം നിര്‍മിക്കുവാന്‍ കല്‍പിച്ചിരിക്കുന്നു.’ അങ്ങനെ ഇരുവരും അതിനടുത്ത് ഭവനത്തിനുള്ള തൂണുകള്‍ ഉയര്‍ത്തി. ഇസ്മാഈല്‍(അ) കല്ല് കൊണ്ടുവരുന്നു. ഇബ്‌റാഹീം(അ) നിര്‍മിക്കുന്നു. അങ്ങനെ കെട്ടിടം ഉയരത്തിലായി. ഇസ്മാഈല്‍(അ) ഒരു കല്ല് കൊണ്ടുവന്ന് (പിതാവിന്) വെച്ചുകൊടുത്തു. അദ്ദേഹം (പിതാവ്) അതില്‍ കയറിനിന്ന് നിര്‍മാണം തുടരുന്നു. ഇസ്മാഈല്‍(അ) അദ്ദേഹത്തിന് കല്ലുകള്‍ കൈമാറുന്നു. അവര്‍ ഇരുവരും ഇപ്രകാരം പറയുന്നുമുണ്ട്: ‘ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍നിന്നും നീ സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ എല്ലാം കാണുന്നവനും കേള്‍ക്കുന്നവനുമാണല്ലോ.’ നബി ﷺ പറയുകയാണ്: ”അങ്ങനെ അവര്‍ ഇരുവരും (അത്) നിര്‍മിക്കുകയാണ്. ആ ഭവനത്തിന് ചുറ്റും നടന്നുകൊണ്ട് അവര്‍ ഇരുവരും പറയുന്നുണ്ട്: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍നിന്നും നീ സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ എല്ലാം കാണുന്നവനും കേള്‍ക്കുന്നവനുമാണല്ലോ” (ബുഖാരി).

ഭൂമിയിലെ ഏറ്റവും പരിശുദ്ധമായ സ്ഥലത്ത് പരിശുദ്ധമായ ഭവനമാണുണ്ടാക്കുന്നത്. അതും അല്ലാഹുവിന്റെ കല്‍പന പ്രകാരം. എന്നിട്ടും ഇത് സ്വീകരിക്കണേ എന്ന് ഇരുവരും പ്രാര്‍ഥിക്കുന്നു. അത്രയും ആത്മാര്‍ഥതയും പ്രതിഫലേഛയും അവര്‍ക്കുണ്ടായിരിന്നു എന്നര്‍ഥം.

ഈ രണ്ട് മഹാന്മാരും കഅ്ബ നിര്‍മിക്കുന്നതിനു മുമ്പ് അവിടെ കഅ്ബ ഉണ്ടായിരുന്നോ ഇല്ലേ എന്ന എന്ന ഒരു ചര്‍ച്ച പണ്ഡിതന്മാര്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്. പരിശുദ്ധ ക്വുര്‍ആനിലോ സ്വഹീഹായ ഹദീഥുകളിലോ ഇബ്‌റാഹീം നബി(അ)യും ഇസ്മാഈല്‍ നബി(അ)യും നിര്‍മിക്കുന്നതിനുമുമ്പേ അവിടെ കഅ്ബ  ഉണ്ടായിരുന്നു എന്ന് വ്യക്തമായി പ്രതിപാദിച്ചിട്ടില്ല. മലക്കുകള്‍ മുമ്പേ അവിടെ കഅ്ബ നിര്‍മിച്ചിരുന്നെന്നും പിന്നീട് ആദം(അ) നിര്‍മിച്ചുവെന്നും അതിനു ശേഷം പലരുടെയും കൈകളാല്‍ നിര്‍മിക്കപ്പെടുകയും പിന്നീട് അതിന് നാശം സംഭവിക്കുകയും ചെയ്തുവെന്നും ആ സ്ഥലത്ത് തന്നെ പിന്നീട് ഇബ്‌റാഹീം നബി(അ)യും ഇസ്മാഈല്‍ നബി(അ)യും  കഅ്ബ നിര്‍മിക്കുകയാണുണ്ടായതെന്നും അഭിപ്രായപ്പെട്ട പണ്ഡിതന്മാര്‍ ഉണ്ട്. ഈ അഭിപ്രായം പൂര്‍ണമായും ശരിയെന്നോ ശരിയല്ലെന്നോ പറയുവാന്‍ കഴിയില്ല.

മുഹമ്മദ് നബി ﷺ യുടെ കാലത്ത് കഅ്ബയുടെ പുനര്‍ നിര്‍മാണം നടന്നിട്ടുണ്ട്. അവിടുന്ന് നബിയാകുന്നതിന് അഞ്ചുവര്‍ഷം മുമ്പാണത്. ശക്തമായ വെള്ളപ്പൊക്കത്തില്‍ കഅ്ബയുടെ ഭിത്തികള്‍ക്ക് ബലക്ഷയം സംഭവിച്ചു. ആ സന്ദര്‍ഭത്തില്‍ പൊളിച്ചു പണിയണോ കേടുപാടുകള്‍ തീര്‍ക്കണോ എന്ന ചര്‍ച്ച നടന്നു. കഅ്ബ പൊളിക്കുവാന്‍ വന്ന അബ്‌റഹത്തിനും ൈസന്യത്തിനും ലഭിച്ച ശിക്ഷയെക്കുറിച്ച് മക്കക്കാര്‍ക്ക് അറിയാമല്ലോ. ആയതിനാല്‍ പൊളിക്കുവാന്‍ അവര്‍ ഭയന്നു. കേടുപാടുകള്‍ തീര്‍ത്താല്‍ മതി എന്ന അഭിപ്രായമുയര്‍ന്നു. അപ്പോള്‍ അവരില്‍ ഒരാള്‍ പറഞ്ഞു: ‘നമ്മുടെ വീടിന് ബലക്ഷയം സംഭവിച്ചാല്‍ കേടുപാടുകള്‍ നികത്തുകയാണോ ചെയ്യുക , അതോ പൊളിച്ച് പുതിക്കിപ്പണിയുകയോ?’ അവര്‍ പറഞ്ഞു: ‘പൊളിച്ച് പുതുക്കിപ്പണിയും.’ അപ്പോള്‍ അയാള്‍ പറഞ്ഞു: ‘എങ്കില്‍ അതിനെക്കാള്‍ വലുതാണ് അല്ലാഹുവിന്റെ ഭവനം. അബ്‌റഹത്ത് വന്നത് കഅ്ബ പൊളിച്ച് നശിപ്പിക്കുവാനാണല്ലോ. നമ്മള്‍ പൊളിക്കുന്നത് നശിപ്പിക്കുവാനല്ല, പുതുക്കി കെട്ടുറുപ്പുള്ളതാക്കുവാനല്ലേ? അതിനാല്‍ നമുക്ക് അല്ലാഹുവിന്റെ ശിക്ഷയാന്നും ലഭിക്കില്ല.’ 

നമുക്ക് കഅ്ബ പൊളിച്ച് പുതിയത് പണിയാം എന്ന് വലീദ്ബ്‌നു മുഗീറ തീരുമാനമാക്കി. പൊളിച്ച് പുനര്‍നിര്‍മിക്കാം എന്ന് അഭിപ്രായം പറഞ്ഞ ആളോട് തന്നെ പൊളിക്കുന്നതിന് തുടക്കം കുറിക്കുവാന്‍ ജനങ്ങള്‍ ആവശ്യപ്പെട്ടു. പൊളിക്കാന്‍ തുടങ്ങുമ്പോള്‍ വല്ല വിപത്തും സംഭവിക്കുന്നുണ്ടോ ഇല്ലേ എന്ന് അറിയാനായിരുന്നു ഇത്. മുശ്‌രിക്കുകളായിരുന്നെങ്കിലും കഅ്ബയെ അവര്‍ എന്നും ആദരിച്ചും ബഹുമാനിച്ചും അതിന്റെ പവിത്രത കാത്തുസൂക്ഷിച്ചുമാണ് പോന്നിരുന്നത്. അവിടെവെച്ച് യാതൊരു അക്രമവും നടത്താന്‍ അവര്‍ ധൈര്യം കാണിച്ചിരുന്നില്ല. കാരണം ഇബ്‌റാഹീം നബി(അ)യുടെ കാലം മുതലേ അത് ഹറമാ(പവിത്രമാ)ണ്. 

കഅ്ബ പുതുക്കിപ്പണിയുവാനായി പൊളിക്കുവാന്‍ തുടങ്ങി. ആ അവസരത്തില്‍ മുഗീറ പറയുന്നുണ്ട,് ‘അല്ലാഹുവേ, നല്ലതേ ഞങ്ങള്‍ ഉദ്ദേശിക്കുന്നുള്ളൂ’ എന്ന്. പൊളിക്കുന്നത് കൊണ്ട് കുഴപ്പമൊന്നും സംഭവിക്കുന്നില്ലെന്ന് അറിഞ്ഞപ്പോള്‍ അദ്ദേഹം എല്ലാവരോടും അതില്‍ പങ്കുകൊള്ളുവാന്‍ ആവശ്യപ്പെട്ടു. അവര്‍ക്ക് പേടി നീങ്ങിയിട്ടില്ല. അവര്‍ പറഞ്ഞു: ‘ഞങ്ങള്‍ പങ്കെടുക്കാന്‍ ആയിട്ടില്ല. നീ രാത്രി പോയിട്ട് ഒന്ന് ഉറങ്ങൂ. എന്നിട്ട് വല്ലതും സംഭവിക്കുന്നുണ്ടോ എന്ന് ഞങ്ങളൊന്ന് നോക്കട്ടെ. നേരം വെളുത്ത ശേഷം നിന്നെ നല്ല ആരോഗ്യത്തിലും നല്ല അവസ്ഥയിലുമെല്ലാം ഞങ്ങള്‍ കണ്ടാല്‍ ഞങ്ങള്‍ കഅ്ബ പൊളിക്കുവാന്‍ തയ്യാറാകാം.’ അവര്‍ അതിന് കാത്തിരുന്നു. അദ്ദേഹത്തിന് ഒന്നും സംഭവിച്ചില്ല. അങ്ങനെ എല്ലാവരും ചേര്‍ന്ന് പൊളിക്കുവാന്‍ തുടങ്ങി. തറയുടെ ഭാഗം വരെ പൊളിച്ചു. പിന്നീട് നിര്‍മാണം തുടങ്ങി. 

നിര്‍മാണത്തിന് സാമ്പത്തികമായ ചെലവുണ്ട്. അത് എവിടെ നിന്ന് കിട്ടും?  അവര്‍ അത് എല്ലാവരില്‍ നിന്നും സംഭരിക്കുവാന്‍ തീരുമാനിച്ചു. പക്ഷേ, അവര്‍ ഒരു നിബന്ധന കര്‍ശനമാക്കി; ഹലാലല്ലാത്ത ഒരു തുട്ടുപോലും ഇതിലേക്ക് ആരും സംഭാവന നല്‍കരുത്! എന്നിട്ട് അവര്‍ പറഞ്ഞു: ‘ഒരു വേശ്യയുടെ മഹ്‌റോ, പലിശയുമായുള്ള മുതലോ, ചൂതാട്ടം നടത്തുന്നവരുടെ മുതലോ, മോഷണം നടത്തിയവന്റെ മുതലോ വേണ്ട.’ കാരണം പരിശുദ്ധ ഗേഹത്തിന്റെ പുനര്‍നിര്‍മാണമാണ് നടക്കുന്നത്. അതിന് പരിശുദ്ധമായ സമ്പാദ്യം തന്നെ വേണം എന്നതായുരുന്നു അവരുടെ നിലപാട്. ഈ കണിശതയിലൂടെ പണം സ്വരൂപിച്ചപ്പോള്‍ ഇബ്‌റാഹീം ﷺ പണിതിരുന്ന അത്ര വലുപ്പത്തില്‍ പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞില്ല. അങ്ങനെ ഇന്നും നാം കാണുന്ന വലുപ്പത്തില്‍ അത് അവര്‍ പൂര്‍ത്തിയാക്കി. ബാക്കി ഭാഗം, കഅ്ബയുടെ ഭാഗം തന്നെയാണെന്ന് അറിയാനായി ഒരു ആര്‍ച്ചിന്റെ രൂപം അവിടെ അവര്‍ ഉണ്ടാക്കി വെച്ചു. അതിനുള്ളിലൂടെ ത്വവാഫ് പാടില്ല. കാരണം, കഅ്ബഃയുടെ ഉള്ളിലൂടെ ത്വവാഫ് പാടില്ല. 

ഒരിക്കല്‍ നബി ﷺ യോട് ആഇശ(റ) പറഞ്ഞു: ‘നബിയേ, എനിക്ക് കഅ്ബയുടെ അകത്ത് കയറി നമസ്‌കരിക്കണം.’ അവിടുന്ന് അരുളി: ‘ഹിജ്‌റില്‍ നമസ്‌കരിച്ചുകൊള്ളുക. നിശ്ചയമായും അത് കഅ്ബയാണ്’ (അബൂദാവൂദ്, തിര്‍മിദി).

ആ ആര്‍ച്ച് രൂപത്തിലുള്ള ഭാഗത്തിന് ആളുകള്‍ ഹിജ്‌റ് ഇസ്മാഈല്‍ എന്ന് വിശേഷിപ്പിക്കാറുണ്ട്. അത് ശരിയല്ല. ഹിജ്‌റ് എന്നേ നാം പഠിപ്പിക്കപ്പെട്ടിട്ടുള്ളൂ. ഹജ്‌റ് ഇസ്മാഈല്‍ എന്നത് ആരോ ഉണ്ടാക്കിയതാണ്. ചിലര്‍ അതിനെ പറ്റി വിശ്വസിക്കുന്നത് അവിടെയാണ് ഇസ്മാഈല്‍(അ)ന്റെ ക്വബ്‌റ് എന്നാണ്. മറ്റു ചിലര്‍ എഴുപത് നബിമാരുടെ ക്വബ്‌റ് അവിടെയുണ്ടെന്നാക്കി. ഇതെല്ലാം അടിസ്ഥാന രഹിതമായ വിശ്വാസങ്ങളാണ്.  

മക്കക്കാരുടെ കഅ്ബ പുതുക്കിപ്പണിയല്‍ തുടരുകയാണ്. അന്നേരം ഹജറുല്‍ അസ്‌വദ് ആര് അതിന്റെ സ്ഥാനത്ത് വെക്കും എന്നതില്‍ അവര്‍ക്കിടയില്‍ തര്‍ക്കമായി. ഓരോ ഗോത്രത്തലവന്മാരും അവരവരുടെ നാമം  നിര്‍ദേശിച്ചു. തര്‍ക്കമായി. ഇനി ആരാണോ ഇവിടേക്ക് ആദ്യം വരുന്നത്, അവരുടെ നിര്‍ദ്ദേശം നമുക്ക് അംഗീകരിക്കാം എന്ന തീരുമാനത്തില്‍ അവര്‍ എത്തി. അല്ലാഹുവിന്റെ വിധി പ്രകാരം 35 വയസ്സ് പ്രായമുള്ള അല്‍അമീന്‍ (വിശ്വസ്തന്‍) എന്ന് ജനങ്ങള്‍ വിളിക്കുന്ന മുഹമ്മദ് ﷺ ആണ് അവിടേക്ക് അന്നേരം കടന്നുവന്നത്. അന്ന് അവിടുന്ന് നബി ആയിട്ടില്ല. അവര്‍ അദ്ദേഹത്തോട് ആവശ്യം അറിയിച്ചു. അവിടുന്ന് ഒരു തുണി കൊണ്ടുവരാന്‍ അവരോട് പറഞ്ഞു. എന്നിട്ട് ആ തുണിയുടെ മധ്യത്തില്‍ ഹജറുല്‍ അസ്‌വദ് വെക്കുകയും, ഗോത്രത്തലവന്മാരോട് തുണിയുടെ അറ്റം പിടിച്ച് പൊക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇനി ആര് വെക്കും ഹജറുല്‍ അസ്‌വദ് അതിന്റെ സ്ഥാനത്ത്? എല്ലാം അല്ലാഹുവിന്റെ തീരുമാനമായിരുന്നു. അവിടുന്ന് തന്നെ ആ കല്ല് തുണിയില്‍ നിന്നും എടുത്ത് അതിന്റെ സ്ഥാനത്ത് സ്ഥാപിച്ചു. 

മക്കാവിജത്തിന് ശേഷം നബി ﷺ ക്ക് ഒരു ആഗ്രഹം. കഅ്ബ പുനര്‍നിര്‍മാണത്തില്‍ ക്വുറൈശികള്‍ ഇബ്‌റാഹീം നബി(അ)യും ഇസ്മാഈല്‍ നബി(അ)യും പണിത രൂപത്തിന് ഒന്ന് രണ്ട് മാറ്റങ്ങള്‍ വരുത്തിയിരുന്നു. അവര്‍ ഇരുവരും കഅ്ബ പണിതപ്പോള്‍ നിലത്തുനിന്ന് തന്നെ അതിലേക്ക് പ്രവേശിക്കാവുന്ന രൂപത്തിലുള്ള ഒരു വാതിലായിരുന്നു അതിനുണ്ടായിരുന്നത്. പുറത്ത് കടക്കാനും അപ്രകാരം ഒരു വാതില്‍ ഉണ്ടായിരുന്നു. ക്വുറൈശികള്‍ അത് ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് നന്നായി ഉയര്‍ത്തിയാണ് സ്ഥാപിച്ചത്. മറ്റൊരു മാറ്റം, കഅ്ബയുടെ നാല് ചുമരുകളുടെ വലുപ്പക്കുറവായിരുന്നു.  സമ്പത്തിന്റെ കുറവു കാരണം, കഅ്ബ പുനര്‍നിര്‍മാണത്തിന് ഇബ്‌റാഹീം(അ) പണിത അതേ അടിത്തറയില്‍ പണിയാന്‍ ക്വുറൈശികള്‍ക്കായില്ലല്ലോ. അതിനാല്‍ അവര്‍ മാറ്റി നിര്‍ത്തിയ ഭാഗം ഉള്‍പെടുത്തിക്കൊണ്ടും അവര്‍ അതിന് വരുത്തിയ മാറ്റങ്ങള്‍ ഇല്ലാതാക്കിയും ഇബ്‌റാഹീം നബി(അ)യും ഇസ്മാഈല്‍ നബി(അ)യും പണിതത് പോലെത്തന്നെ അതൊന്ന് പൂര്‍ണമായി പണിതാലോ എന്നതായിരുന്നു അദ്ദേഹത്തിന്റെ  ആഗ്രഹം. കഅ്ബയുടെ നാല് മൂലകള്‍ക്കും വ്യത്യസ്ത പേരുകളാണല്ലോ ഉള്ളത്. ഒന്ന്, ഹജറുല്‍ അസ്‌വദ് നില്‍ക്കുന്ന മൂല. രണ്ട,് റുക്‌നുല്‍ യമാനി. മൂന്ന്, റുക്‌നുല്‍ ഇറാക്വി. നാല് റുക്‌നുശ്ശാമി. അവസാനം പറഞ്ഞ രണ്ട് മൂലകളുടെ ഭിത്തിയുടെ മുകള്‍ ഭാഗത്താണ് മഴയോ മറ്റോ കാരണത്താല്‍ കഅ്ബയുടെ മുകളിലുള്ള വെള്ളം താഴെക്ക് ഒഴുക്കാനായി പാത്തിയുള്ളത്. അവിടുന്ന് ആഗ്രഹിക്കുന്നത് പോലുള്ള ഒരു പ്രവര്‍ത്തനം ഇനി കഅ്ബയുടെ കാര്യത്തില്‍ ചെയ്യണമെങ്കില്‍ ഈ ഭാഗങ്ങളെല്ലാം പൊളിക്കുകയും വേണം. പൊളിച്ചാല്‍ ജനങ്ങള്‍ക്കിടയില്‍ അതൊരു സംസാര വിഷയമാകുകയും ചെയ്യും. അതോടൊപ്പം സാമ്പത്തികമായ ഞെരുക്കവും അതിന് തടസ്സമായിരുന്നു.

ആഇശ(റ)യോട് അവിടുന്ന് ഈ ആഗ്രഹം ഇടയ്ക്കിടക്ക് പങ്കുവെക്കാറുണ്ട്. അവിടുന്ന് പറഞ്ഞു: ‘ആഇശാ, നിന്റെ ജനത ജാഹിലിയ്യത്തില്‍ നിന്നും വന്ന പുതിയ കാലമാണിത്. കഅ്ബയുടെ ആ ചുമരുകള്‍ അതില്‍ ഞാന്‍ പ്രവേശിപ്പിക്കുവാനും (അവര്‍ ഉയര്‍ത്തിയ) വാതില്‍ ഭൂമിയോട് ഒട്ടുന്ന രൂപത്തില്‍ ആക്കുവാനും അവരുടെ ഹൃദയത്തില്‍ വല്ല വെറുപ്പും ഉണ്ടാകുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു’ (ബുഖാരി).

മക്കാ വിജയത്തിന് ശേഷം ഇങ്ങനെ ഒരു പണിക്ക് അവിടുന്ന് തയ്യാറാകുന്ന പക്ഷം പുതിയതായി ഇസ്‌ലാമിലേക്ക് വന്നവരില്‍ അത് വിഷമവും സംശയവും ഉളവാക്കിയേക്കും. ‘കഅ്ബയെ ബഹുമാനിക്കുന്നുവെന്ന് വാദിക്കുന്ന ഈ മുഹമ്മദ് മക്ക വിജയിച്ചടക്കിയപ്പോള്‍ ആദ്യം ചെയ്തത് കഅ്ബഃ പൊളിക്കലാണ്’ എന്ന് അവര്‍ പറഞ്ഞേക്കും.

നബി ﷺ അങ്ങനെ ഒരു പുതുക്കിപ്പണിയലിന് തയ്യാറാകുന്നത് തെറ്റാണോ?  അല്ല! പക്ഷേ, ഒരു നന്മ പിന്നീട് വലിയ കുഴപ്പത്തിന് നിമിത്തമാകുമെന്ന് ഭയപ്പെട്ട് പ്രവാചകന്‍ ﷺ അതില്‍ നിന്നും പിന്മാറുകയാണ് ചെയ്തത്. ഈ സംഭവത്തില്‍ നിന്ന് പണ്ഡിതന്മാര്‍ ‘ഒരു നന്മ നടപ്പാക്കുന്നതിലൂടെ അതിനെക്കാള്‍ വലിയ കുഴപ്പം വരുന്നുവെങ്കില്‍ ആ നന്മയെ മാറ്റി നിര്‍ത്താം’ എന്ന ഒരു കാര്യം നിര്‍ധാരണം ചെയ്‌തെടുത്തിട്ടുണ്ട്.  ഇതിനര്‍ഥം എല്ലാ സത്യവും മൂടിവെക്കണമെന്നോ, ജനങ്ങളുടെ ഇഷ്ടത്തിനൊപ്പിച്ച് ദീനിനെ വളച്ചൊടിക്കണമെന്നോ നല്ല കാര്യം ചെയ്യരുതെന്നോ അല്ല. കഅ്ബ അങ്ങനെ തന്നെ (ക്വുറൈശികള്‍ നിര്‍മിച്ചത് പോലെ) നിലനില്‍ക്കുന്നതു കൊണ്ട് പ്രത്യേകിച്ച് ഒരു നഷ്ടവും മതത്തിനില്ല. എന്നാല്‍ ആ മഹാന്മാരായ പ്രവാചകന്മാര്‍ കെട്ടിപ്പടുത്തുയര്‍ത്തിയത് പോലെ ഒന്ന് കാണുക എന്ന ആഗ്രഹം അവിടുന്ന് പ്രകടിപ്പിച്ചുവെന്ന് മാത്രം. 

കാലം കുറെ പിന്നിട്ടു. റസൂല്‍ ﷺ വഫാതായി. ശേഷം ഖുലഫാഉര്‍റാശിദുകളായ അബൂബക്ര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ),അലി(റ) തുടങ്ങിയവരുടെ ഖിലാഫത്തും കഴിഞ്ഞു. പിന്നീട് ഹസന്‍(റ), മുആവിയ(റ) എന്നിവരുടെ ഭരണവും കഴിഞ്ഞു. ശേഷം യസീദിന്റെ കാലത്ത് മക്കയിലെ അമീറായിരുന്ന അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ) കഅ്ബ പുതുക്കിപ്പണിയുവാന്‍ ആഗ്രഹിച്ചു. അത് ഹിജ്‌റ 64ല്‍ ആയിരുന്നു. അങ്ങനെ അദ്ദേഹം അതിനായി കൂടിയാലോചന നടത്തി. അദ്ദേഹം പറഞ്ഞു:

‘ജനങ്ങളേ, കഅ്ബയുടെ കാര്യത്തില്‍ (ഞാന്‍ നിങ്ങളോട് അഭിപ്രായം ചോദിക്കുന്നു) എനിക്ക് നിങ്ങള്‍ നിര്‍ദേശം നല്‍കണം. ഞാന്‍ അത് പൊളിച്ച് പുതുക്കിപ്പണിയുകയാണ് (അതാണ് എന്റെ അഭിപ്രായം). അല്ലെങ്കില്‍ അതിന് ബലക്ഷയം വന്നിടം നന്നാക്കുകയാണ്.’ ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: ‘എനിക്ക് അതില്‍ വ്യത്യസ്തമായ ഒരു അഭിപ്രായമുണ്ട്. ജനങ്ങളെല്ലാം മുസ്‌ലിമായപ്പോഴും ആ ഭവനം അങ്ങനെ തന്നെയല്ലേ? ജനങ്ങളെല്ലാം മുസ്‌ലിമായപ്പോഴും ആ കല്ലുകളെല്ലാം അങ്ങനെ തന്നെയല്ലേ? നബി ﷺ നിയോഗിക്കപ്പെടുമ്പോഴും അവയെല്ലാം അങ്ങനെ തന്നെയല്ലേ? അത് അങ്ങനെ തന്നെ വിട്ട്, കേട് പാടുകള്‍ വന്ന ഭാഗം നന്നാക്കുവാനാണ്  ഞാന്‍ അഭിപ്രായപ്പെടുന്നത്.’ അപ്പോള്‍ അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ) പറഞ്ഞു: ‘നിങ്ങളില്‍ ഒരാളുടെ ഭവനം കത്തിയമര്‍ന്നാല്‍ അത് പുതുക്കുന്നത് നിങ്ങള്‍  ഇഷ്ടപ്പെടില്ലേ? അപ്പോള്‍ അല്ലാഹുവിന്റെ ഭവനമോ?’ (അതല്ലേ അതിനെക്കാള്‍ പ്രധാനം എന്നര്‍ഥം). 

അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ)വിന് പ്രവാചകന്‍ ﷺ ക്ക് ഉണ്ടായത് പോലെയുള്ള ഒരു ആഗ്രഹം ഉണ്ടായി. അഥവാ, ഇബ്‌റാഹീം നബി(അ)യും ഇസ്മാഈല്‍ നബി(അ)യും പണിത അതേ വലുപ്പത്തിലും, രണ്ട് വാതിലുകളുള്ളതും, വാതിലുകള്‍ ഭൂമിയോട് സമനിരപ്പായതുമായി നിര്‍മിക്കുവാനാണ് അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ) ആഗ്രഹം പ്രകടിപ്പിച്ചത്. അതിനായി അദ്ദേഹം പ്രമുഖരുമായി ചര്‍ച്ച ചെയ്തു. കൂട്ടത്തില്‍ പ്രമുഖനായ അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ)വും ഉണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായം പൊളിച്ച് പണിയേണ്ട, കേടുപാടുകള്‍ തീര്‍ത്താല്‍ മതി എന്നതായിരുന്നു.  

പിന്നീട് അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ) ഇപ്രകാരം അറിയിച്ചു: ‘ഞാന്‍ എന്റെ റബ്ബിന്റെ മുന്നില്‍ മൂന്ന് തവണ ഇസ്തിഖാറത്തിന്റെ നമസ്‌കാരം നിര്‍വഹിച്ചു. എന്നിട്ട് ഞാന്‍ തീരുമാനമെടുത്തിരിക്കുന്നത്, അത് ഇപ്പോഴുള്ള അവസ്ഥയില്‍ നിന്നും മാറ്റി ഇബ്‌റാഹീം നബി(അ)യും ഇസ്മാഈല്‍ നബി(അ)യും പണിതത് പോലെ നിര്‍മിക്കുവാനാണ്.’ 

അങ്ങനെ അദ്ദേഹം അപ്രകാരം ചെയ്യുവാന്‍ തീരുമാനിച്ചു. വല്ലതും സംഭവിക്കുമോ എന്ന് ജനങ്ങള്‍ക്ക് പേടിയായി. അങ്ങനെ ഒരാള്‍ ഒരു കല്ല് മാറ്റി.  ഒന്നും സംഭവിക്കുന്നില്ലെന്ന് അറിഞ്ഞപ്പോള്‍ എല്ലാവരും അതില്‍ പങ്കെടുത്തു. നിര്‍മാണം തുടങ്ങിയപ്പോള്‍ കഅ്ബഃയുടെ നാല് ഭാഗവും തുണികൊണ്ട് മറച്ചു. നിര്‍മാണം പൂര്‍ത്തിയാകുന്നത് വരെ അത് അവിടെ നിന്നും എടുത്തില്ല. അങ്ങനെ അദ്ദേഹം ഇബ്‌റാഹീം നബി(അ)യും ഇസ്മാഈല്‍ നബി(അ)യും പണിതത് പോലെ പുനര്‍നിര്‍മിച്ചു. അദ്ദേഹം പറഞ്ഞു: ”നബി ﷺ (ഇപ്രകാരം) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ടെന്ന് ആഇശ(റ) പറഞ്ഞിട്ടുണ്ട്: ‘നിന്റെ ജനത അടുത്ത കാലത്താണ് കുഫ്‌റില്‍ നിന്നും ഇസ്‌ലാമിലേക്ക് വന്നത്. അതിനാലാണ് ഞാന്‍ കഅ്ബയെ ഇബ്‌റാഹീമും(അ) ഇസ്മാഈലും(അ) പണിതത് പോലെ പണിയാന്‍ മുതിരാത്തത്. അത് പോലെ എന്റെ അടുത്ത് അത് പൂര്‍ത്തിയാക്കുവാനുള്ള സാമ്പത്തിക ശേഷിയുമില്ല, അതിനാലാണ് ഇബ്‌റാഹീമും(അ) ഇസ്മാഈലും(അ) പണിതത് പോലെ അത് നിര്‍മിക്കാന്‍ ഞാന്‍ തുനിയാത്തത്.’ എന്നാല്‍ ഇന്ന് അതിന് ചെലവഴിക്കാനുള്ള സാമ്പത്തിക ശേഷി എനിക്കുണ്ട്, ജനങ്ങളെ പേടിക്കേണ്ടുന്ന സാഹചര്യവും ഇല്ലാതെയായി. ഇസ്‌ലാം അവരുടെ ഹൃദയത്തില്‍ രുഢമൂലമായിട്ടുണ്ട്. അതിനാല്‍ ഞാന്‍ ഇത് അപ്രകാരം പണിയുകയാണ്.” 

അങ്ങനെ അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ)വിന്റെ കാലത്ത് ഇബ്‌റാഹീം നബി(അ)യും ഇസ്മാഈല്‍ നബി(അ)യും ഉണ്ടാക്കിയ പോലെ കഅ്ബ പുനര്‍ നിര്‍മിച്ചു. അത് ഹിജ്‌റ 64ല്‍ ആയിരുന്നുവെന്ന് നാം പറഞ്ഞുവല്ലോ. എന്നാല്‍ ഇതിന്റെ പേരില്‍ പ്രശ്‌നം ഉടലെടുത്തു. കുഴപ്പം അദ്ദേഹത്തിന്റെ വധത്തില്‍ വരെ എത്തിച്ചേര്‍ന്നു. ഹജ്ജാജ്ബ്‌നു യൂസുഫിന്റെ കൈകളാല്‍ ഹിജ്‌റ 73ല്‍ അദ്ദേഹം വധിക്കപ്പെടുകയും ചെയ്തു.

പിന്നീട് ഹജ്ജാജായിരുന്നു അവിടത്തെ ഭരണാധികാരി. അദ്ദേഹം അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ) പണിതതെല്ലാം പൊളിച്ചു മാറ്റി. നബി ﷺ യുടെ കാലത്തുണ്ടായിരുന്നത് പോലെ അത് പണിയുകയും ചെയ്തു.

ഹജ്ജാജിന്റെ കാലശേഷം അബ്ബാസീ ഭരണ കാലം എത്തിയപ്പോള്‍ മഹ്ദി എന്ന് പറയുന്ന ഭരണാധികാരിയുടെ കാലത്ത് അന്ന് ജീവിച്ചിരിപ്പുള്ള മഹാപണ്ഡിതനായ ഇമാം മാലിക്ബ്‌നു അനസ്(റ)വിനോട് ഗവര്‍ണര്‍, എന്ത് ചെയ്യണം, ഇത് മാറ്റി പഴയ രൂപത്തിലേക്ക് തന്നെ ആക്കിയാലോ എന്ന് കൂടിയാലോചന നടത്തി. ഇമാം മാലിക്(റ) പറഞ്ഞു:

‘അതിനെ (അങ്ങനെ തന്നെ) വിടാനാണ് ഞാന്‍ അഭിപ്രായപ്പെടുന്നത്.’ അദ്ദേഹം ചോദിച്ചു: ‘എന്ത് കൊണ്ട്?’  അദ്ദേഹം പറഞ്ഞു: ‘ഭരണാധികാരികള്‍ ഒരാള്‍ പൊളിക്കുന്നു, മറ്റൊരാള്‍ പണിയുന്നു. ഇങ്ങനെ അതിനെ ഒരു കളിപ്പാട്ടമായി സ്വീകരിച്ചാല്‍ ആളുകളുടെ ഹൃദയത്തില്‍ നിന്ന് ആ ഭവനത്തെ തൊട്ടുള്ള ആ ഭയം നീങ്ങും എന്ന് ഞാന്‍ പേടിക്കുന്നു…’ അങ്ങനെ ഇന്ന് നാം കാണുന്നത് പോലെ അത് ഒഴിവാക്കപ്പെട്ടു.

ഇന്ന് നിലവിലുള്ളത് കഅ്ബഃയുടെ രൂപം നബി ﷺ യുടെ കാലത്ത് ക്വുറൈശികള്‍ പണിത രൂപമാണ്. അതാവട്ടെ, ഹജ്ജാജ് പണിതതുമാണ്.

ഇനി ഒരു കാലത്ത് കഅ്ബ തകര്‍ക്കപ്പെടുമെന്ന് പ്രവാചകന്‍ ﷺ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. അഥവാ ആ കാലത്ത് കഅ്ബയുടെ ആവശ്യം ജനങ്ങള്‍ക്കില്ലാതെയാകും. അന്ന് അത് തകര്‍ക്കപ്പെടും. 

‘എതേ്യാപ്യയില്‍ നിന്നുള്ള, രണ്ട് കണങ്കാലുകളും ചെറുതായുള്ള ഒരാള്‍ കഅ്ബഃ പൊളിക്കും’ (ബുഖാരി, മുസ്‌ലിം). 

വീണ്ടും അവിടുന്ന് അരുളി: ‘ഞാന്‍ അവനെ നോക്കിക്കാണുന്നവനെ പോലെയാണിപ്പോള്‍. കറുത്ത, തുടകള്‍ക്കിടയില്‍ അകല്‍ച്ചയുള്ളവനാണവന്‍. അവന്‍ ഓരോ കല്ലുകളും നീക്കി നീക്കി അത് പൊളിച്ചു മാറ്റും’ (ബുഖാരി). ഇത് ഈസാ നബി(അ)യുടെ ആഗമനത്തിന് ശേഷമായിരിക്കും സംഭവിക്കുക എന്നതാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. അന്ന് ഏറ്റവും മോശപ്പെട്ടവരുള്ള, അല്ലാഹു എന്ന് പറയാന്‍ പോലും ആളില്ലാത്ത കാലമാകും. ‘ഏറ്റവും വലിയ നികൃഷ്ടന്മാരിലല്ലാതെ അന്ത്യദിനം സംഭവിക്കില്ല’ എന്ന് അവിടുന്ന് നമ്മെ പഠിപ്പിച്ചിട്ടുണ്ടല്ലോ. 

ഇബ്‌റാഹീം(അ) ജനങ്ങള്‍ക്കിടയില്‍ അല്ലാഹുവിനെ മാത്രമെ ആരാധിക്കാവൂ എന്ന് എത്ര വ്യക്തവും സരളവുമായ ശൈലിയിലാണ് പ്രബോധനം നടത്തിയതെന്ന് നമ്മള്‍ മനസ്സിലാക്കി. എന്നാല്‍ മക്കാ മുശ്‌രിക്കുകള്‍ അദ്ദേഹത്തോടും ഇസ്മാഈ ല്‍(അ)നോടുമുള്ള സ്‌നേഹം, ബഹുമാനം, ആദരവ് എന്നെല്ലാം പറഞ്ഞ് അവരോട് സഹായം തേടുകയും കഅ്ബയില്‍ തന്നെ അവരുടെതടക്കം പലരുടെയും വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കുകയും ചെയ്തു. 

മക്കാ മുശ്‌രിക്കുകള്‍ ഇബ്‌റാഹീം നബി(അ)യോട് പ്രാര്‍ഥിക്കുക മാത്രമല്ല ചെയ്തിരുന്നത്, അദ്ദേഹത്തെ കൊണ്ട് ഭാഗ്യ പരീക്ഷണങ്ങളും നടത്തിയിരുന്നു. ഈ ജാഹിലിയ്യത്തെല്ലാം നബി ﷺ കഅ്ബയില്‍ നിന്നും പിഴുതെറിഞ്ഞു. നബി ﷺ ഈ സമുദായത്തില്‍ നിന്ന് ഇത്തരം അന്ധവിശ്വാസങ്ങള്‍ പിഴുതെറിഞ്ഞിട്ടുണ്ടെങ്കിലും ഇന്നും നമ്മുടെ സമൂഹത്തില്‍ ഈ ജാഹിലീ വിശ്വാസം കൊണ്ടുനടക്കുന്നവരുണ്ട്. ശകുനവും ദുശ്ശകുനവും അല്ലാഹു നിശ്ചയിച്ചിട്ടില്ല. ഇത്തരം വിശ്വാസങ്ങളെല്ലാം അല്ലാഹുവിലുള്ള വിശ്വാസത്തിലെ പോരായ്മയെയാണ് സൂചിപ്പിക്കുന്നത്.

ഭാഗ്യ പരീക്ഷണങ്ങള്‍ ഇന്ന് വ്യത്യസ്തമായ രൂപത്തില്‍ നാടുകളില്‍ വ്യാപകമാണ്. ലോട്ടറിയും, ചൂതാട്ടവുമെല്ലാം ഇതിന്റെ ഭാഗമാണ്. ഇതെല്ലാം തന്നെ ഇസ്‌ലാം വിലക്കിയതുമാണ്. ക്വുര്‍ആന്‍ പറയുന്നത് കാണുക: 

”സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്‌നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം. പിശാച് ഉദ്ദേശിക്കുന്നത് മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനും അല്ലാഹുവെ ഓര്‍മിക്കുന്നതില്‍ നിന്നും നമസ്‌കാരത്തില്‍ നിന്നും നിങ്ങളെ തടയുവാനും മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ (അവയില്‍ നിന്ന്) വിരമിക്കുവാനൊരുക്കമുണ്ടോ?” (ക്വുര്‍ആന്‍ 5:90,91).

 

ഹുസൈന്‍ സലഫി
നേർപഥം വാരിക