ഇബ്‌റാഹീം നബി (അ) – 07

ഇബ്‌റാഹീം നബി (അ) - 07

മഹാത്യാഗത്തിന്റെ ചരിത്രം

”എന്നിട്ട് ആ ബാലന്‍ അദ്ദേഹത്തോടൊപ്പം പ്രയത്‌നിക്കാനുള്ള പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ കുഞ്ഞുമകനേ! ഞാന്‍ നിന്നെ അറുക്കണമെന്ന് ഞാന്‍ സ്വപ്‌നത്തില്‍ കാണുന്നു.  അതുകൊണ്ട് നോക്കൂ: നീ എന്താണ് അഭിപ്രായപ്പെടുന്നത്? അവന്‍ പറഞ്ഞു: എന്റെ പിതാവേ, കല്‍പിക്കപ്പെടുന്നതെന്തോ അത് താങ്കള്‍ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമാശീലരുടെ കൂട്ടത്തില്‍ താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്. അങ്ങനെ അവര്‍ ഇരുവരും (കല്‍പനക്ക്  കീഴ്‌പെടുകയും, അവനെ നെറ്റി (ചെന്നി) മേല്‍ ചെരിച്ചു കിടത്തുകയും ചെയ്ത സന്ദര്‍ഭം! നാം അദ്ദേഹത്തെ വിളിച്ചുപറഞ്ഞു: ഹേ! ഇബ്‌റാഹീം, തീര്‍ച്ചയായും നീ സ്വപ്‌നം സാക്ഷാത്കരിച്ചിരിക്കുന്നു. തീര്‍ച്ചയായും അപ്രകാരമാണ് നാം സദ്‌വൃത്തര്‍ക്ക് പ്രതിഫലം നല്‍കുന്നത്. തീര്‍ച്ചയായും ഇത് സ്പഷ്ടമായ പരീക്ഷണം തന്നെയാണ്. അവന്ന് പകരം ബലിയര്‍പ്പിക്കാനായി മഹത്തായ ഒരു ബലിമൃഗത്തെ നാം നല്‍കുകയും ചെയ്തു. പില്‍ക്കാലക്കാരില്‍ അദ്ദേഹത്തിന്റെ (ഇബ്‌റാഹീമിന്റെ) സല്‍കീര്‍ത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു” (ക്വുര്‍ആന്‍ 37:102-108).

ഇസ്മാഈല്‍ വളര്‍ന്ന് ഓടിച്ചാടി നടക്കുന്ന പ്രായത്തിലെത്തി. മാതാപിതാക്കള്‍ക്ക് കണ്‍കുളിര്‍മ നല്‍കി ആ മകന്‍ വളരുമ്പോഴാണ് അവനെ ബലിയറുക്കുവാന്‍ അല്ലാഹുവിന്റെ കല്‍പന വരുന്നത്. പരീക്ഷണങ്ങള്‍ പലതും നേരിട്ട ഇബ്‌റാഹീം നബി(അ)ക്ക് അല്ലാഹുവില്‍നിന്നുള്ള പുതിയ പരീക്ഷണത്തില്‍ തെല്ലും വിഷമം തോന്നിയില്ല. മകനെ വിളിച്ച് കാര്യം ബോധിപ്പിക്കുന്നു. ദൈവ ബോധത്തില്‍ ഊട്ടിയുറപ്പിക്കപ്പെട്ടു വളര്‍ന്ന മകന്‍ അല്ലാഹുവിന്റെ കല്‍പന എന്താണോ അത് നിറവേറ്റണമെന്ന് മറുപടി നല്‍കുന്നു! 

കല്‍പന നിര്‍വഹിക്കുവാനായി പിതാവ് മകനെ മിനയിലേക്ക് കൊണ്ടുപോയി. മണ്ണില്‍ കിടത്തി. ബലികര്‍മത്തിനു മുമ്പ് മകന്റെ നിര്‍ദേശം; ഉപ്പാ… ഉപ്പാക്ക് മുഖത്ത് നോക്കി കൃത്യം ചെയ്യാന്‍ ആവില്ലെങ്കില്‍ എന്നെ കമഴ്ത്തിക്കിടത്തുക! ആ ദൃഢവിശ്വാസിയായ മകന്റെ പതറാത്ത ശബ്ദം.   

കഴുത്തില്‍ കത്തിവെക്കാനൊരുങ്ങുന്ന വേളയില്‍ അതാ ഒരു വിളിയാളം വരുന്നു; ഇബ്‌റാഹീം…! താങ്കള്‍ സ്വപ്‌നം സാക്ഷാത്കരിച്ചിരിക്കുന്നു. പരീക്ഷണത്തില്‍ വിജയിച്ചിരിക്കുന്നു. 

മകനെ അറുക്കേണ്ടെന്നും പകരം ഒരു മൃഗത്തെ നല്‍കി, അതിനെ അറുക്കുക എന്നും കല്‍പനയുണ്ടായി. അങ്ങനെ ആ പരീക്ഷണത്തിലും ഇബ്‌റാഹീം(അ) വിജയിച്ചു. ഈ സംഭത്തെ അനുസ്മരിച്ച് നിര്‍വഹിക്കല്‍ സുന്നത്താക്കപ്പെട്ടതാണ് ബലിപെരുന്നാള്‍ ദിവസത്തിലെ ബലിയറുക്കല്‍.

പ്രവാചകന്മാരുടെ സ്വപ്‌നം യാഥാര്‍ഥ്യമാണ്. അത് സത്യമായി പലരേണ്ടവയാണ്. എന്നാല്‍ മറ്റുള്ളവരുടെ സ്വപ്‌നം അങ്ങനെയല്ല. പ്രവാചകന്മാരിലുള്ള വിശ്വാസവുമായി ബന്ധപ്പെട്ട് മുമ്പ് നാം അത് വിവരിച്ചത് ഓര്‍ക്കുമല്ലോ.

ഇബ്‌റാഹീം നബി(അ)യും മകനും ഏറ്റവും വലിയ ഒരു ത്യാഗത്തിനാണ് ഒരുങ്ങിപ്പുറപ്പെട്ടത് എന്നതില്‍ യാതൊരു സംശയവുമില്ല. അത് ഈ രൂപത്തില്‍ പര്യവസാനിക്കുമെന്ന മുന്നറിവ് അവര്‍ക്കുണ്ടായിരുന്നുമില്ല. ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് അവര്‍ക്ക് അറിയാമായിരുന്നെങ്കില്‍ അതിനെ ത്യാഗമെന്നോ  പരീക്ഷണമെന്നോ വിശേഷിപ്പിക്കുന്നതില്‍ അര്‍ഥമില്ലല്ലോ.

പ്രവാചകന്മാരും വലിയ്യുകളും മറഞ്ഞ കാര്യങ്ങള്‍ അറിയുന്നവരാണെന്ന് വാദിക്കുന്നവരുണ്ട്. ആ വിശ്വാസം ഇസ്‌ലാം പഠിപ്പിക്കുന്ന ഏക ദൈവവിശ്വാസത്തിന് എതിരാണ്. പ്രവാചകന്മാര്‍ക്ക് പോലും അല്ലാഹു അറിയിക്കുമ്പോഴല്ലാതെ അദൃശ്യമറിയില്ലെന്ന് നാം പറയുമ്പോള്‍ അതിനെ ഖണ്ഡിച്ച് ചിലര്‍ ഇബ്‌റാഹീം(അ)ന് മകനെ അറുക്കേണ്ടി വരില്ല എന്ന് നേരത്തെ അറിയാമായിരുന്നു എന്ന് പറഞ്ഞ് ക്വുര്‍ആന്‍ സൂക്തം ഓതാറുണ്ട്. ഇതാണ് ആ സൂക്തം:

”അപ്രകാരം ഇബ്‌റാഹീമിന് നാം ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യവഹസ്യങ്ങള്‍ കാണിച്ചുകൊടുക്കുന്നു. അദ്ദേഹം ദൃഢബോധ്യമുള്ളവരുടെ കൂട്ടത്തില്‍ ആയിരിക്കാന്‍ വേണ്ടിയും കൂടിയാണത്” (6:75).             

ഇതിലെ ‘ആധിപത്യ രഹസ്യങ്ങള്‍’ എന്നതിന് പകരം ‘മറഞ്ഞ കാര്യങ്ങള്‍’ എന്ന് അര്‍ഥം നല്‍കിയാണ് തല്‍പരകക്ഷികള്‍ ഇബ്‌റാഹീം നബി(അ)ക്ക് മറഞ്ഞ കാര്യങ്ങള്‍ അറിയുമായിരുന്നു, മകനെ അറുക്കേണ്ടിവരില്ല എന്ന് അറിയുമായിരുന്നു എന്നെല്ലാം സമര്‍ഥിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. ‘തൗഹീദ് ഒരു സമഗ്ര പഠനം’ എന്ന പുസ്തകത്തില്‍ ഇത് കാണാം. എന്നാല്‍ ഇവര്‍ തന്നെ ഇറക്കിയ ‘ഫത്ഹുര്‍ റഹ്മാന്‍’ എന്ന ക്വുര്‍ആന്‍ പരിഭാഷയില്‍ ശരിയായ അര്‍ഥം നല്‍കിയിട്ടുണ്ട് താനും. 

ഇന്നത്തെ ബൈബിളിലുള്ളത് ഇബ്‌റാഹീം(അ) അറുക്കുവാന്‍ കൊണ്ടുപോയത് ഇസ്മാഈല്‍(അ)നെയല്ല ഇസ്ഹാക്വ്(അ)നെയാണ് എന്നാണ്. ഇത് ക്വുര്‍ആന്‍ പഠിപ്പിക്കുന്നതിന് വിരുദ്ധമാണ്. തീ കുണ്ഠാരത്തില്‍ നിന്ന് രക്ഷപ്പെട്ട് പോകുമ്പോള്‍ അദ്ദേഹം പറയുന്നത് കാണുക:

”അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ എന്റെ രക്ഷിതാവിങ്കലേക്ക് പോകുകയാണ്. അവന്‍ എനിക്ക് വഴി കാണിക്കുന്നതാണ്. എന്റെ രക്ഷിതാവേ, സദ്‌വൃത്തരില്‍ ഒരാളെ നീ എനിക്ക് (പുത്രനായി) പ്രദാനം ചെയ്യേണമേ. അപ്പോള്‍ സഹനശീലനായ ഒരു ബാലനെപ്പറ്റി നാം അദ്ദേഹത്തിന് സന്തോഷവാര്‍ത്ത അറിയിച്ചു. എന്നിട്ട് ആ ബാലന്‍ അദ്ദേഹത്തോടൊപ്പം പ്രയത്‌നിക്കാനുള്ള പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ കുഞ്ഞുമകനേ! ഞാന്‍ നിന്നെ അറുക്കണമെന്ന് ഞാന്‍ സ്വപ്‌നത്തില്‍ കാണുന്നു. അതുകൊണ്ട് നോക്കൂ: നീ എന്താണ് അഭിപ്രായപ്പെടുന്നത്  അവന്‍ പറഞ്ഞു: എന്റെ പിതാവേ, കല്‍പിക്കപ്പെടുന്നതെന്തോ അത് താങ്കള്‍ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമാശീലരുടെ കൂട്ടത്തില്‍ താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്. അങ്ങനെ അവര്‍ ഇരുവരും (കല്‍പനക്ക്) കീഴ്‌പെടുകയും, അവനെ നെറ്റി (ചെന്നി) മേല്‍ ചെരിച്ചു കിടത്തുകയും ചെയ്ത സന്ദര്‍ഭം! നാം അദ്ദേഹത്തെ വിളിച്ചുപറഞ്ഞു: ഹേ! ഇബ്‌റാഹീം, തീര്‍ച്ചയായും നീ സ്വപ്‌നം സാക്ഷാത്കരിച്ചിരിക്കുന്നു. തീര്‍ച്ചയായും അപ്രകാരമാണ് നാം സദ്‌വൃത്തര്‍ക്ക് പ്രതിഫലം നല്‍കുന്നത്. തീര്‍ച്ചയായും ഇത് സ്പഷ്ടമായ പരീക്ഷണം തന്നെയാണ്. അവന്ന് പകരം ബലിയര്‍പ്പിക്കാനായി മഹത്തായ ഒരു ബലിമൃഗത്തെ നാം നല്‍കുകയും ചെയ്തു. പില്‍ക്കാലക്കാരില്‍ അദ്ദേഹത്തിന്റെ (ഇബ്‌റാഹീമിന്റെ) സല്‍കീര്‍ത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു. ഇബ്‌റാഹീമിന് സമാധാനം! അപ്രകാരമാണ് നാം സദ്‌വൃത്തര്‍ക്ക് പ്രതിഫലം നല്‍കുന്നത്. തീര്‍ച്ചയയും അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസന്‍മാരില്‍ പെട്ടവനാകുന്നു. ഇസ്ഹാക്വ് എന്ന മകന്റെ ജനനത്തെപ്പറ്റിയും അദ്ദേഹത്തിന് നാം സന്തോഷവാര്‍ത്ത അറിയിച്ചു. സദ്‌വൃത്തരില്‍ പെട്ട ഒരു പ്രവാചകന്‍ എന്ന നിലയില്‍” (ക്വുര്‍ആന്‍ 37:99-119).

ആദ്യം ബലിയുമായി ബന്ധപ്പെട്ട കാര്യം അല്ലാഹു പേര് പറയാതെ വിവരിച്ചു. അതിന് ശേഷം ഇബ്‌റാഹീം(അ)ന് ഇസ്ഹാക്വിനെ നല്‍കി എന്നും പറഞ്ഞു. അതില്‍നിന്ന് വ്യക്തമാണ്; ഇസ്മാഈലി(അ)നെ ബലിനല്‍കുവാനാണ് ഇബ്‌റാഹീം നബി(അ)യോട് അല്ലാഹു കല്‍പിച്ചത് എന്ന്. 

ബലി നല്‍കുവാനായി കൊണ്ടുപോയ ഇസ്മാഈലി(അ)നെ പറ്റി ക്ഷമാലുക്കളില്‍ പെട്ടവന്‍ എന്ന് ക്വുര്‍ആനില്‍ വിശേഷിപ്പിച്ചത് നാം കണ്ടു. അതേ വിശേഷണം മറ്റൊരു ഭാഗത്തും കാണാം:                                    

”ഇസ്മാഈലും ഇദ്‌രീസും ദുല്‍കിഫ്‌ലിയും എല്ലാവരും ക്ഷമാലുക്കളില്‍ പെട്ടവരായിരുന്നു”(21:85). ഈ രണ്ട് സൂക്തങ്ങളിലും ഇസ്മാഈല്‍(അ)നെ ക്ഷമാലുവെന്ന് പേരെടുത്തു പറഞ്ഞ് വിശേഷിപ്പിച്ചു. ഇസ്ഹാക്വ്(അ)നെ ക്വുര്‍ആന്‍ വിശേഷിപ്പിച്ചത് സദ്‌വൃത്തന്‍ എന്നുമാണ്. 

”ഇസ്ഹാക്വ് എന്ന മകന്റെ ജനനത്തെപ്പറ്റിയും അദ്ദേഹത്തിന് നാം സന്തോഷവാര്‍ത്ത അറിയിച്ചു. സദ്‌വൃത്തരില്‍ പെട്ട ഒരു പ്രവാചകന്‍ എന്ന നിലയില്‍” എന്ന വചനം ശ്രദ്ധിക്കുക. ബലിയറുക്കുവാന്‍ കൊണ്ടുപോകുന്നത് ബാല്യ പ്രായത്തിലാണ്. അന്ന് നബി ആയിട്ടുമില്ല. അപ്പോള്‍ നബിയാകാന്‍ പോകുന്ന മകനെക്കുറിച്ച് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട സ്ഥിതിക്ക് ഒരു കുട്ടിയെ അതിന് മുമ്പ് ബലിയറുക്കാന്‍ കല്‍പിക്കുന്നത് ഒരു പ്രഹസനമാകില്ലേ? അത് പിതാവിനും പുത്രനും കടുത്ത പരീക്ഷണമാകാനും വഴിയില്ലല്ലോ. അപ്പോള്‍ കാര്യം വ്യക്തം; ഇബ്‌റാഹീം(അ) ബലി നല്‍കുവാനായി കൊണ്ടുപോയത് ഇസ്ഹാക്വിനെയല്ല ഇസ്മാഈലിനെ തന്നെയാണ്. 

വേദക്കാരായ ആളുകള്‍ ഈ സംഭവം ഇസ്ഹാക്വിലേക്ക് ചേര്‍ത്തു പറഞ്ഞത് അദ്ദേഹത്തിന്റെ പരമ്പരയില്‍ പെട്ടവരാണ് ഇസ്‌റാഈല്യര്‍ എന്നതിനാലാണ്. എന്നാല്‍ മുഹമ്മദ് നബി ﷺ  വരുന്നത് അറബി വംശാവലിയിലാണ്. അറബികളാകട്ടെ ഇസ്മാഈലി(അ)ന്റെ പരമ്പരയില്‍ പെട്ടവരുമാണ്. മുഹമ്മദ് നബി ﷺ യോട് അവര്‍ക്കുള്ള വെറുപ്പിനും അസൂയക്കും കാരണം അദ്ദേഹം അറബികള്‍ക്കിടയില്‍നിന്ന് വന്നു എന്നതുമാണല്ലോ. അവര്‍ക്ക് അപരിചിതനൊന്നുമല്ലായിരുന്നു മുഹമ്മദ് നബി ﷺ .

ഇസ്മാഈല്‍(അ) ഉമ്മയായ ഹാജറ്യയുടെ കൂടെ ജനവാസമില്ലാത്ത മക്കയില്‍ താമസിപ്പിക്കപ്പെട്ടതിന് ശേഷം ഇതര നാടുകളില്‍ നിന്ന് ആളുകള്‍ എത്താന്‍ തുടങ്ങിയല്ലോ. ഹദീഥില്‍ ഇപ്രകാരം കാണാം:

”കുഞ്ഞ് വളര്‍ന്ന് വലുതായി, അവരില്‍ (ജുര്‍ഹൂം ഗോത്രം) നിന്ന് അറബി ഭാഷ പഠിക്കുകയും ചെയ്തു. കുഞ്ഞിന്റെ വളര്‍ച്ച അവരെ അത്ഭുതപ്പെടുത്തി. 

 ഇസ്മാഈല്‍(അ) വളര്‍ന്ന് വിവാഹ പ്രായത്തിലെത്തി. അവിടെയുള്ള ജുര്‍ഹൂം ഗോത്രത്തില്‍ നിന്നു വിവാഹം ചെയ്തു. അതിന് ശേഷം മാതാവ് ഹാജറയുടെ വഫാത്തും സംഭവിച്ചു. 

ഇസ്മാഈല്‍(അ) തന്റെ ഇണയുമൊത്ത് മക്കയില്‍ താമസിക്കുന്നതിനിടയില്‍ ഒരു ദിവസം, ഇബ്‌റാഹീം(അ) അവിടെ വന്നു. 

 അപ്പോള്‍ അവിടെ ഇസ്മാഈലിനെ കണ്ടില്ല. ഇസ്മാഈല്‍(അ)ന്റെ ഇണയോട് അദ്ദേഹത്തെ കുറിച്ച് ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു: ‘ഞങ്ങള്‍ക്ക് വേണ്ടി അന്നം തേടി പുറത്ത് പോയതാണ്.’ ഇബ്‌റാഹീം(അ) അവരോട് അവരുടെ ജീവതത്തെ കുറിച്ചും അവരുടെ അവസ്ഥയെ കുറിച്ചും പിന്നീട് ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു: ‘പ്രയാസത്തിലാണ്.’ (അങ്ങനെ) അവരുടെ അവസ്ഥകളെല്ലാം അദ്ദേഹത്തെ ബോധിപ്പിച്ചു. ‘ഞങ്ങള്‍ വലിയ കഷ്ടതയിലും കുടുസ്സതയിലും തന്നെയാണെന്ന് പറഞ്ഞ് അദ്ദേഹത്തോട് (പിന്നെയും) കുറെ ആവലാതിപ്പെട്ടു. 

ഇബ്‌റാഹീം(അ) അവരോട് പറഞ്ഞു: ‘നിന്റെ ഭര്‍ത്താവ് വന്നാല്‍ ഞാന്‍ സലാം പറഞ്ഞതായും വാതിലിന്റെ ഉമ്മറപ്പടിയൊന്ന് മാറ്റിവെക്കുവാനും പറയണം.’ ഇസ്മാഈല്‍(അ) തിരിച്ചു വന്നപ്പോള്‍ ആരോ വീട്ടില്‍ വന്ന് പോയത് പോലെയുള്ള ഒരു ശങ്ക അദ്ദേഹത്തിനുണ്ടായി. അങ്ങനെ ഇസ്മാഈല്‍(അ) ചോദിച്ചു: ‘ആരെങ്കിലും ഇവിടെ വന്നിരുന്നോ?’  അവര്‍ പറഞ്ഞു: ‘അതെ, ഇങ്ങനെയും ഇങ്ങനെയുമൊക്കെയുള്ള ഒരു പ്രായംചെന്ന ഒരാള്‍ വന്നിരുന്നു. എന്നിട്ട് അങ്ങയെ അന്വേഷിച്ചു. അപ്പോള്‍ ഞാന്‍ അങ്ങയെക്കുറിച്ച് പറഞ്ഞു. നമ്മുടെ ജീവിതം എങ്ങനെയാണെന്ന് ചോദിച്ചു. ഞാന്‍ അദ്ദേഹത്തോട് കഷ്ടതയിലും പ്രയാസത്തിലുമാണെന്ന് പറഞ്ഞു.’ ഇസ്മാഈല്‍(അ) ചോദിച്ചു: ‘അദ്ദേഹം നിന്നെ വല്ലതും ഉപദേശിച്ചുവോ?’ അവര്‍ പറഞ്ഞു: ‘അതെ, നിങ്ങളോട് സലാം പറയുവാനും വാതിലിന്റെ ഉമ്മറപ്പടി മാറ്റിവെക്കുവാന്‍ നിങ്ങളോട് പറയുവാനും.” ഇസ്മാഈല്‍(അ) പറഞ്ഞു: ‘അത് എന്റെ പിതാവാണ്. നിന്നെ വേര്‍പെടുത്തുവാനും നീ നിന്റെ കുടുംബത്തോടൊപ്പം ചേരണമെന്നുമാണ് എന്നോട് കല്‍പിച്ചിരിക്കുന്നത്.’ അങ്ങനെ ഇസ്മാഈല്‍(അ) അവരെ വിവാഹ മോചനം ചെയ്തു. ആ ഗോത്രത്തില്‍ നിന്ന് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തു. അല്ലാഹു ഉദ്ദേശിച്ചത്ര പിന്നെയും ഇസ്മാഈല്‍(അ) താമസിക്കുന്നു.

സ്വന്തം ഭര്‍ത്താവിന്റെ കഷ്ടതയും പ്രാരാബ്ധങ്ങളും ആരാണെന്ന് പോലും അറിയാത്തവരുടെ മുന്നില്‍ ആ സ്ത്രീ അവതരിപ്പിക്കുകയാണ് ചെയ്തത്. പിതാവിനെ പോലെ തെളിഞ്ഞ ബുദ്ധിയുള്ള മകനാണ് ഇസ്മാഈല്‍(അ). പിതാവ് കൊടുത്ത സൂചന ആ സ്ത്രീക്ക് മനസ്സിലായില്ല; മകന്‍ ഇസ്മാഈലിന് മനസ്സിലാവുകയും ചെയ്തു. ബുദ്ധിയുള്ളവര്‍ക്ക് സൂചന മതിയാകുമല്ലോ. 

പിന്നീടും ഇബ്‌റാഹീം(അ) അവിടെ ചെന്നു. ഇസ്മാഈല്‍(അ)നെ വീട്ടില്‍ കണ്ടില്ല. അദ്ദേഹത്തിന്റെ ഇണയോട് അദ്ദേഹത്തെക്കുറിച്ച് ആരാഞ്ഞു. അപ്പോള്‍ അവര്‍ പറഞ്ഞു: ‘ഞങ്ങളുടെ അന്നം തേടി (പുറത്ത്) പോയതാണ്.’ അദ്ദേഹം അവരുടെ ജീവിതത്തെ കുറിച്ചും അവരുടെ അവസ്ഥയെ കുറിച്ചുമെല്ലാം ചോദിച്ചറഞ്ഞു. അപ്പോള്‍ അവര്‍ പറഞ്ഞു: ‘നല്ല സുഖത്തിലും വിശാലതയിലുമാണ്.’ അവര്‍ അല്ലാഹുവിനെ വാഴ്ത്തുകയും ചെയ്തു. അദ്ദേഹം ചോദിച്ചു: ‘എന്താണ് നിങ്ങളുടെ ആഹാരം?’  അവര്‍ പറഞ്ഞു:  ‘മാംസം.’  അദ്ദേഹം ചോദിച്ചു: ‘എന്താണ് നിങ്ങളുടെ പാനീയം?’ അവര്‍ പറഞ്ഞു: ‘വെള്ളം.’ അദ്ദേഹം പറഞ്ഞു: ‘അല്ലാഹു നിങ്ങളുടെ മാംസത്തിലും വെള്ളത്തിലും അനുഗ്രഹം ചൊരിയട്ടെ.’

മകന്‍ രണ്ടാമത് വിവാഹം ചെയ്ത സ്ത്രീ കഷ്ടതകള്‍ മറച്ചു വെച്ച്, തന്റെ ഭര്‍ത്താവിന്റെ അഭിമാനം കാത്തു. ഇബ്‌റാഹീം(അ)ന് സന്തോഷമായി. അവര്‍ക്കായി പ്രാര്‍ഥിച്ചു. ആ പ്രാര്‍ഥനയുടെ ഫലമെന്നോണം ഇന്നും ലോകത്ത് ഏറ്റവും കൂടുതല്‍ ബലി അറുക്കപ്പെടുന്ന സ്ഥലമായി മക്ക നിലകൊള്ളുന്നു. നിലയ്ക്കാത്ത വെള്ളം നല്‍കി സംസം ജനലക്ഷങ്ങളുടെ ദാഹമകറ്റുന്നു. അറഫയിലും മിനയിലും മുസ്ദലിഫയിലും മദീനയിലും ലക്ഷങ്ങള്‍ ഇടതടവില്ലാതെ കുടിച്ചു കൊണ്ടിരിക്കുന്നു സംസം വെള്ളം. ചിലരെല്ലാം ബുദ്ധികൊണ്ട് പ്രമാണങ്ങളെ അളന്ന് ബറകത്തുള്ള സംസം വെള്ളത്തെ നിസ്സാര വല്‍ക്കരിക്കുന്നുണ്ടെങ്കിലും മുഹമ്മദ് നബി ﷺ യുടെ വാക്കുകളില്‍ ഉറച്ച വിശ്വാസമുള്ളവര്‍ അത് ഉപയോഗിക്കുന്നു. സ്വഹാബിമാര്‍ സംസം കൊണ്ടുപോയതിനെ അടിസ്ഥാനപ്പെടുത്തി ഇന്നും തീര്‍ഥാടകര്‍ അവരുടെ ദേശങ്ങളിലേക്ക് അത് കൊണ്ടുപോകുന്നു. എന്തൊരു അത്ഭുതമാണ് ഈ വെള്ളം! എന്തൊരു അനുഗ്രഹമാണീ സംസം! 

അവരുടെ അന്നത്തെ അവസ്ഥ നബി ﷺ  നമുക്ക് വിവരിച്ചു തരുന്നത് ഇപ്രകാരമാണ്: ‘അന്നേ ദിവസം അവിടെ ഒരു ധാന്യം പോലും ഉണ്ടായിരുന്നില്ല. അവര്‍ക്ക് (അവിടെ വല്ലതും) ഉണ്ടായിരുന്നുവെങ്കില്‍ അവര്‍ക്ക് വേണ്ടി അതിലും (അനുഗ്രഹത്തിനായി) അദ്ദേഹം പ്രാര്‍ഥിക്കുമായിരുന്നു.’ അവിടുന്ന് (ഇത്രയും കൂടി) പറഞ്ഞു: ‘മക്കക്കാരല്ലാത്തവര്‍ അത് രണ്ടും മാത്രം കഴിച്ച് ജീവിക്കുകയാണെങ്കില്‍ അത് അവര്‍ക്ക് യോജിക്കുന്നതല്ല.’

ഇബ്‌റാഹീം നബി(അ) മകന്റെ ഭാര്യയോട് പറഞ്ഞു: ‘നിന്റെ ഭര്‍ത്താവ് വന്നാല്‍ അദ്ദേഹത്തിന് എന്റെ സലാം അറിയിക്കണം. വാതിലിന്റെ ഉമ്മറപ്പടി ഉറപ്പിക്കുവാന്‍ അദ്ദേഹത്തോട് പറയുകയും ചെയ്യുക.’ ഇസ്മാഈല്‍(അ) വന്നപ്പോള്‍ അദ്ദേഹം (ഭാര്യയോട്) ചോദിച്ചു:  ‘ആരെങ്കിലും ഇവിടെ വന്നിരുന്നോ?’  അവര്‍ പറഞ്ഞു: ‘അതെ, ഒരു പ്രായം ചെന്ന നല്ല ഒരാള്‍ വന്നിരുന്നു. (അങ്ങനെ അവര്‍ അദ്ദേഹത്തെ പുകഴ്ത്തി). എന്നിട്ട് അങ്ങയെ അന്വേഷിച്ചു. അപ്പോള്‍ ഞാന്‍ അങ്ങയെക്കുറിച്ച് പറഞ്ഞു. നമ്മുടെ ജീവിതം എങ്ങനെയാണെന്ന് ചോദിച്ചു. ഞാന്‍ അദ്ദേഹത്തോട് നല്ല സുഖത്തിലാണെന്ന് പറഞ്ഞു.’ ഇസ്മാഈല്‍(അ) ചോദിച്ചു: ‘അദ്ദേഹം നിന്നെ വല്ലതും ഉപദേശിച്ചുവോ?’ അവര്‍ പറഞ്ഞു: ‘അതെ, നിങ്ങളോട് സലാം പറയുവാനും വാതിലിന്റെ ഉമ്മറപടി മാറ്റിവെക്കുവാന്‍ പറയാനും എന്നോട് കല്‍പിച്ചു.’ ഇസ്മാഈല്‍(അ) പറഞ്ഞു: ‘അത് എന്റെ പിതാവാണ്. നീയാണ് ആ ഉമ്മറപ്പടി. എന്നോട് നിന്നെ കൂടെ നിര്‍ത്തുവാനാണ് കല്‍പിച്ചിരിക്കുന്നത്.’ 

അല്ലാഹു ഉദ്ദേശിച്ച അത്ര പിന്നെയും പുറത്ത് ഇസ്മാഈല്‍(അ) താമസിക്കുന്നു.

ഇബ്‌റാഹീം(അ) മകനോട് രണ്ടാമത്തെ ഇണയെ നിലനിര്‍ത്തുവാന്‍ കല്‍പിച്ചല്ലോ. ആദ്യഭാര്യയില്‍ നിന്ന് വ്യത്യസ്തമായി എന്ത് ഗുണമാണ് രണ്ടാമത്തെ ഇണയില്‍ നിന്ന് ഇസ്മാഈല്‍(അ)ന് ലഭിച്ചത്? തന്റെ അഭാവത്തിലും അഭിമാനം കാത്തു. ഉള്ളതില്‍ പൂര്‍ണ സംതൃപ്തയായി. പ്രിയതമന്റെ വരുമാനത്തിനനുസരിച്ച് മാത്രം ചെലവഴിച്ചു. ഒരാളുടെ ജീവിതത്തില്‍ മനസ്സിന് സന്തോഷവും സമാധാനവും ലഭിക്കുന്നതിനുള്ള അടിസ്ഥാന കാരണങ്ങളില്‍ പെട്ടവയാണല്ലോ ഇവ. ദാമ്പത്യ ജീവിതത്തില്‍ ഈ സല്‍ഗുണത്തിന്റെ പ്രസക്തി എത്രയുണ്ടെന്നത് ഊഹിക്കാവുന്നതേയുള്ളൂ. 

മറ്റുള്ളവരുടെ സുഖ സൗകര്യങ്ങള്‍ നോക്കി തന്റെ ഭര്‍ത്താവ് തനിക്ക് ചെയ്ത് തരുന്ന സൗകര്യങ്ങളില്‍ തൃപ്തയാവാതെ നന്ദികേട് കാണിക്കുന്ന പെണ്ണിനെക്കുറിച്ച് നബി ﷺ  പറഞ്ഞു: 

”തന്റെ ഭര്‍ത്താവിനെ തൊട്ട് ഐശ്വര്യവതിയാവാത്ത, തന്റെ ഇണയോട് നന്ദിയുള്ളവളാകാത്ത പെണ്ണിലേക്ക് തീര്‍ച്ചയായും അല്ലാഹു കാരുണ്യത്തിന്റെ നോട്ടം നോക്കുന്നതല്ല.” 

അല്ലാഹുവിന്റെ കാരുണ്യം ലഭിച്ചില്ലെങ്കില്‍ നരകം ഉറപ്പാണെന്നതില്‍ സംശയമില്ലല്ലോ. അത് അവിടുന്ന് അരുള്‍ ചെയ്തിട്ടുമുണ്ട്. പൂര്‍വികര്‍ പറഞ്ഞ ഒരു വാചകം ഇവിടെ കുറിക്കുകയാണ്. 

”ഓ, മനുഷ്യാ! ഉള്ളതില്‍ സംതൃപ്തിയടയുന്ന മാര്‍ഗത്തില്‍ നീ പ്രവേശിച്ചാല്‍ എത്ര കുറച്ചാണെങ്കിലും അത് മതിയാകും നിനക്ക്; അല്ലെങ്കില്‍ ദുന്‍യാവും അതിലുള്ളതും നിനക്ക് മതിവരുത്തില്ല.” 

നബി ﷺ  അരുളി: ”ഐശ്വര്യം എന്നത് വിഭവങ്ങളുടെ ആധിക്യമല്ല; മറിച്ച് ഐശ്വര്യം എന്നത് മനസ്സിന്റെ ഐശ്വര്യമാണ്” (ബുഖാരി, മുസ്‌ലിം). 

മനസ്സിന് ഐശ്വര്യം ലഭിക്കണമെങ്കില്‍ താന്‍ അനുഭവിക്കുന്നതെല്ലാം അല്ലാഹുവിന്റെ തീരുമാനമനുസരിച്ചാണെന്നുള്ള തിരിച്ചറിവ് ഉണ്ടാവണം. അപ്പോള്‍ റബ്ബിലേക്ക് വിനീതനാകുവാനും സഹജീവികളോട് കാരുണ്യം കാണിക്കുവാനും ഉള്ളതില്‍ തൃപ്തരാകുവാനും കഴിയും. 

ഇബ്‌റാഹീം(അ) മകന്‍ ഇസ്മാഈല്‍(അ)നോട് ആദ്യ ഭാര്യയെ വിവാഹ മോചനം നടത്താന്‍ കല്‍പിച്ചപ്പോള്‍ മകന്‍ അപ്രകാരം ചെയ്തല്ലോ. പിതാവ് മകനോട് ഇപ്രകാരം ആവശ്യപ്പെട്ടാല്‍ അത് നടപ്പില്‍ വരുത്തേണ്ടതുണ്ടോ എന്ന് ചിലപ്പോള്‍ സംശയം വന്നേക്കാം. സമാനമായ സംഭവം ഹദീഥുകളില്‍ വന്നിട്ടുണ്ട്. അത് ഇപ്രാകാരമാണ്:

ഇബ്‌നു ഉമര്‍്യവില്‍ നിന്ന്: അദ്ദേഹം പറഞ്ഞു: ”എനിക്ക് ഒരു ഭാര്യയുണ്ടായിരുന്നു. ഞാന്‍ അവളെ നന്നായി ഇഷ്ടപ്പെട്ടിരുന്നു. എന്റെ പിതാവിന് അവളോട് അനിഷ്ടമായിരുന്നു. അതിനാല്‍ പിതാവ് എന്നോട് അവളെ ത്വലാക്വ് ചെയ്യാന്‍ കല്‍പിച്ചു. അപ്പോള്‍ ഞാന്‍ അത് വിസമ്മതിച്ചു. ഞാന്‍ അത് നബി ﷺ യോട് പറഞ്ഞു. അപ്പോള്‍ നബി ﷺ  പറഞ്ഞു: അബ്ദുല്ലാ, നീ നിന്റെ ഭാര്യയെ മോചിപ്പിക്കൂ” (തിര്‍മിദി). മറ്റൊരു റിപ്പോര്‍ട്ടിലുള്ളത് ഇപ്രകാരമാണ്: നബി ﷺ  പറഞ്ഞു: നീ നിന്റെ പിതാവിനെ അനുസരിക്കൂ” (അബൂദാവൂദ്).

മാതാപിതാക്കള്‍ മക്കളോട് ഇണയെ ഒഴിവാക്കുവാന്‍ കല്‍പിച്ചാല്‍ അവരെ നിരുപാധികം അനുസരിക്കേണ്ടതുണ്ടോ എന്ന വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ചര്‍ച്ച നടന്നിട്ടുണ്ട്. ഈ രണ്ട് സംഭവത്തെ അടിസ്ഥാനപ്പെടുത്തി അത്തരം ഒരു നയം സ്വീകരിക്കാവതല്ല. ഒരു സംഭവം കാണുക:

ഒരാള്‍ ഇമാം അഹ്മദ്(റഹി)യുടെ അടുത്തു വന്നു പറഞ്ഞു: ‘എന്റെ പിതാവ് എന്റെ ഭാര്യയെ മോചിപ്പിക്കുവാനായി കല്‍പിക്കുന്നു.’ ഇമാം അഹ്മദ്(റ) പറഞ്ഞു: ‘നീ അവളെ മോചിപ്പിക്കരുത്’. വന്നയാള്‍ ചോദിച്ചു: ‘ഉമര്‍(റ) മകന്‍ അബ്ദുല്ല(റ)യോട് തന്റെ ഭാര്യയെ മോചിപ്പിക്കുവാന്‍ കല്‍പിച്ചിട്ടില്ലേ?’ അദ്ദേഹം (ഇമാം അഹ്മദ്) പറഞ്ഞു: ‘നിന്റെ പിതാവ് ഉമര്‍(റ)വിനെ പോലെ ആകുന്നത് വരെ (നീ കാത്തിരിക്കുക).’ മറ്റൊരു റിപ്പോര്‍ട്ടിലുള്ളത് ‘നിന്റെ പിതാവ് ഉമര്‍(റ) അല്ലല്ലോ’ എന്നാണുള്ളത്.

മാതാപിതാക്കള്‍ അന്യായം ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ അതില്‍ അവരെ അനുസരിക്കരുത്. ഇസ്മാഈല്‍(അ) പിതാവ് ഇബ്‌റാഹീം(അ)നെയും, അബ്ദുല്ല(റ) പിതാവ് ഉമര്‍(റ)വിനെയും അനുസരിച്ചുവെങ്കില്‍; ആ പിതാക്കള്‍ ഉന്നത പദവിയിലുള്ള മഹാന്മാരാെണന്ന് നാം മനസ്സിലാക്കുക. അവര്‍ നിസ്സാര കാര്യങ്ങള്‍ക്കൊന്നും മക്കളെ ത്വലാഖിന് പ്രേരിപ്പിക്കില്ലെന്ന് ഉറപ്പാണ്. ഗുരുതരമായ കാരണം അതിനുപിന്നില്‍ ഉണ്ടായിരിക്കും. അല്ലാഹുവിനെ അങ്ങേയറ്റം സൂക്ഷിക്കുന്ന, ഭയപ്പെട്ട് ജീവിക്കുന്ന നല്ലവരായ മാതാപിതാക്കള്‍ ഇപ്രകാരം ആവശ്യപ്പെടുകയും, അവര്‍ നിരത്തുന്ന കാരണം തികച്ചും ന്യായവുമാണെങ്കില്‍ അവരെ അനുസരിക്കണം എന്നതാണ് ഈ രണ്ട് സംഭവങ്ങളില്‍ നിന്ന് നാം ഗ്രഹിക്കേണ്ടത്.

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

ഇബ്‌റാഹീം നബി (അ) – 06

ഇബ്‌റാഹീം നബി (അ) - 06

നംറൂദിന്റെ നാവടക്കിയ ചോദ്യം

തീയിലേക്ക് എറിയപ്പെട്ട ഇബ്‌റാഹീം നബി(അ)യെ അല്ലാഹു രക്ഷപ്പെടുത്തി. അതോടെ പൂര്‍വാധികം ശക്തിയോടെ പ്രബോധനരംഗത്തിറങ്ങുകയാണ് അദ്ദേഹം ചെയ്തത്; ഭയന്ന്പിന്‍മാറുകയല്ല. ആ നാട്ടില്‍ രാജപദവി അലങ്കരിച്ചിരുന്നവരുടെ പേരാണ് നംറൂദ് എന്നത്. നംറൂദുമാരില്‍ പെട്ടയാളാണ് ഇബ്‌റാഹീം നബി(അ)യുടെ കാലത്തും നാട്ടിലെ രാജാവ്. അധികാരത്തിന്റെ ഹുങ്ക് അയാളില്‍ പ്രകടമായിരുന്നു. സുഖ സൗകര്യങ്ങള്‍ മുന്നില്‍ യഥേഷ്ടം ലഭ്യമായതിനാല്‍ തന്റെ കഴിവുകൊണ്ടാണിതെല്ലാം എന്ന് അയാള്‍ക്ക് തോന്നി. സ്രഷ്ടാവിനെ തള്ളിപ്പറയാന്‍ അവനെ അത് പ്രേരിപ്പിച്ചു. അല്ലാഹു അവന്റെ ഈ സ്വഭാവത്തിലേക്ക് സൂചന നല്‍കുന്നത് കാണുക:

”ഇബ്‌റാഹീമിനോട് അദ്ദേഹത്തിന്റെ നാഥന്റെ കാര്യത്തില്‍ തര്‍ക്കിച്ചവനെപ്പറ്റി നീയറിഞ്ഞില്ലേ? അല്ലാഹു അവന്ന് ആധിപത്യം നല്‍കിയതിനാലാണ് (അവനതിന് മുതിര്‍ന്നത്)” (ക്വുര്‍ആന്‍ 2:258). 

സമ്പന്നത കൈവന്നാല്‍ ആരും തന്റെ മീതെ ഉയരുന്നത് അധികമാളുകള്‍ക്കും ഇഷ്ടമല്ല. ഇത് മനുഷ്യമനസ്സുകളെ ബാധിക്കുന്ന ഒരു രോഗമാണ്. ഈ രോഗം ആരെ ബാധിച്ചുവോ അവന്‍ ധിക്കാരിയും അഹങ്കാരിയുമായി മാറുന്നതുമാണ്. ക്വുര്‍ആന്‍ തന്നെ പറയുന്നത് കാണുക:

”നിസ്സംശയം, മനുഷ്യന്‍ ധിക്കാരിയായി തീരുന്നു. തന്നെ സ്വയം പര്യാപ്തനായി കണ്ടതിനാല്‍” (ക്വുര്‍ആന്‍ 96:6,7).

”സത്യത്തെ നിഷേധിക്കുക എന്നത് നിങ്ങള്‍ നിങ്ങളുടെ വിഹിതമാക്കുകയാണോ” (ക്വുര്‍ആന്‍ 56:82).

ഈ അഹന്ത നംറൂദിനെയും കടുത്ത നിഷേധിയാക്കി. ഫിര്‍ഔനിനെ പോലെ ദിവ്യത്വം വാദിച്ചവനായിരുന്നു ആ രാജാവ്. ദൈവികമായ അധികാരവും കഴിവും തനിക്കുമുണ്ടെന്ന് അയാള്‍ വാദിച്ചു. ഇത്തരം ധാര്‍ഷ്ഠ്യമുള്ള രാജാവിനെയാണ് ഇബ്‌റാഹീം നബി(അ)ക്ക് യഥാര്‍ഥ ദൈവ വിശ്വാസത്തിലേക്ക് ക്ഷണിക്കാനുള്ളത്. അതിനായി അവിടുന്ന് രാജാവിനെ സമീപിച്ചു. രാജകൊട്ടാരത്തില്‍ നടന്ന ആ സംഭവം ക്വുര്‍ആന്‍ വിവരിക്കുന്നത് കാണുക.

”ഇബ്‌റാഹീമിനോട് അദ്ദേഹത്തിന്റെനാഥന്റെ കാര്യത്തില്‍ തര്‍ക്കിച്ചവനെപ്പറ്റി നീയറിഞ്ഞില്ലേ? അല്ലാഹു അവന്ന് ആധിപത്യം നല്‍കിയതിനാലാണ് (അവനതിന് മുതിര്‍ന്നത്). എന്റെ നാഥന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവനാകുന്നു എന്ന് ഇബ്‌റാഹീം പറഞ്ഞപ്പോള്‍ ഞാനും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നുവല്ലോ എന്നാണവന്‍ പറഞ്ഞത്. ഇബ്‌റാഹീം പറഞ്ഞു: എന്നാല്‍ അല്ലാഹു സൂര്യനെ കിഴക്കു നിന്ന് കൊണ്ടുവരുന്നു. നീയതിനെ പടിഞ്ഞാറ് നിന്ന് കൊണ്ടു വരിക. അപ്പോള്‍ ആ സത്യനിഷേധിക്ക് ഉത്തരം മുട്ടിപ്പോയി. അക്രമികളായ ജനതയെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല” (2:258).

രാജാവ് ദിവ്യത്വം വാദിക്കുന്നവനാണല്ലോ. ഇബ്‌റാഹീം(അ) രാജാവിനെ സമീപിക്കുന്നതോ, സാക്ഷാല്‍ ദൈവം അല്ലാഹുവാണെന്നും അവനെ മാത്രമെ ആരാധിക്കാവൂ എന്നും പറയുവാനും. രാജാവ് ചോദിച്ചു: ആരാണ് നീ പരിചയപ്പെടുത്തുന്ന റബ്ബ്?  ഇബ്‌റാഹീം(അ) പറഞ്ഞു: ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവനാണ്. ലളിതമായ; ആര്‍ക്കും എതിര്‍ത്തൊന്നും പറയുവാന്‍ സാധിക്കാത്ത മറുപടി. 

സ്വയം ദിവ്യത്വം അവകാശപ്പെടുന്ന ധിക്കാരിയായ രാജാവിന് തനിക്കും അതിനെല്ലാം കഴിയും എന്നത് തെളിയിക്കേണ്ടത് ആവശ്യമായി വന്നു. തെളിയിക്കുവാന്‍ ഒരുങ്ങുകയാണ്. രണ്ട് പേരെ മുന്നില്‍ ഹാജരാക്കി. ഒരാളെ കൊന്നു. രണ്ടാമനെ വെറുതെ വിട്ടു. എന്നിട്ട് പറഞ്ഞു: ഇതാ, ഞാനും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്തിരിക്കുന്നു! (വ്യാജവാദികളുടെ കാര്യം ഇങ്ങനെയാണ്. ബുദ്ധിക്ക് നിരക്കാത്തതും പ്രമാണങ്ങളുടെ പിന്‍ബലമില്ലാത്തതുമാകും അവര്‍ പറയുന്നതെല്ലാം). അപക്വവും തത്ത്വദീക്ഷയില്ലാത്തതുമായ ഒരു പ്രവര്‍ത്തനമാണ് രാജാവ് കാണിച്ചത്. ജീവിപ്പിക്കുക, മരിപ്പിക്കുക എന്നീ കാര്യങ്ങള്‍ അയാളല്ലല്ലോ നടത്തിയത്. 

ഇബ്‌റാഹീം നബി(അ)യുടെ അടുത്ത വെല്ലുവിളി അതിഗംഭീരമായിരുന്നു. അല്ലാഹു കിഴക്കുനിന്ന് സൂര്യനെ കൊണ്ടു വരുന്നു. നീ റബ്ബാണെങ്കില്‍ അതിനെ പടിഞ്ഞാറു നിന്ന് കൊണ്ടു വാ! എന്ത് ചെയ്യും?  ഉത്തരം മുട്ടിപ്പോയി ആ ധിക്കാരിക്ക്. തനിക്കിതിന് ഉത്തരമില്ലെന്നും ഇബ്‌റാഹീം(അ) പറയുന്നതാണ് ശരിയെന്നും മനസ്സിലായിട്ടും അയാള്‍ വിശ്വസിക്കാന്‍ തയ്യാറായില്ല.

ഇസ്മാഈലിന്റെ ജനനം

ഇബ്‌റാഹീം(അ) സന്താനങ്ങളില്ലാതെ കുറെ കാലം പരീക്ഷിക്കപ്പെട്ടു. എന്നാലും നിരന്തരം അല്ലാഹുവിനോട് തേടിക്കൊണ്ടിരുന്നു; രക്ഷിതാവേ, സല്‍കര്‍മിയായ ഒരു സന്താനത്തെ നീ എനിക്ക് പ്രദാനം ചെയ്യേണമേ എന്ന്. കൂറെ കാലത്തെ കാത്തിരിപ്പിന് ശേഷം ഹാജറ(റ)യില്‍ ഒരു ആണ്‍ കുഞ്ഞ് പിറന്നു. അതാണ് ഇസ്മാഈല്‍(അ). സാറ(റ)യില്‍ കുഞ്ഞുങ്ങളൊന്നും അദ്ദേഹത്തിന് പിറന്നിട്ടില്ല; അവര്‍ വന്ധ്യയായിരുന്നു. സ്വാഭാവികമായും സ്ത്രീകള്‍ക്കിടയില്‍ ഉണ്ടാകുന്ന ചില അസ്വാരസ്യങ്ങള്‍ അവര്‍ക്കിടയിലുമുണ്ടായി. രണ്ടു പേരും ഒരുമിച്ച് കഴിയുന്നതില്‍ പ്രയാസം ഉണ്ടാക്കുന്ന സാഹചര്യം വന്നപ്പോള്‍ ഹാജറ(റ)യെയും കുഞ്ഞിനെയും അല്ലാഹുവിന്റെ നിര്‍ദേശ പ്രകാരം മക്കയില്‍ താമസിപ്പിക്കുവാന്‍ ഇബ്‌റാഹീം(അ) തീരുമാനിച്ചു. ഈ സംഭവം നബി ﷺ നമുക്ക് വിവരിച്ച് തന്നതിന്റെ ചുരുക്കം കാണുക:

അന്ന് മക്കയില്‍ ഒരാളും ഉണ്ടായിരുന്നില്ല. വെള്ളവും (അവിടെ) ഉണ്ടായിരുന്നില്ല. അങ്ങനെ അദ്ദേഹം ഇരുവരെയും (ഹാജറയെ(റ)യും ഇസ്മാഈല്‍(അ)നെയും) അവിടെ താമസിപ്പിച്ചു. അവരുടെ രണ്ടു പേരുടെയും അടുക്കല്‍ ഈത്തപ്പഴമുള്ള ഒരു തോല്‍പാത്രവും വെള്ളമുള്ള ഒരു തോല്‍പാത്രവും വെച്ചു. ഇരുവരെയും അവിടെ ആക്കി അദ്ദേഹം തിരിച്ച് നടക്കുമ്പോള്‍ ഇസ്മാഈലിന്റെ ഉമ്മ അദ്ദേഹത്തെ പിന്തുടര്‍ന്നു. എന്നിട്ട് അവര്‍ ചോദിച്ചു: ‘ഓ, ഇബ്‌റാഹീം! ഒരു മനുഷ്യനോ മറ്റു വല്ലതോ ഇല്ലാത്ത ഈ താഴ്‌വരയില്‍ ഞങ്ങളെയും വിട്ട് എവിടേക്കാണ് താങ്കള്‍ പോകുന്നത്?’ അവര്‍ അദ്ദേഹത്തോട് അതങ്ങനെ ചോദിച്ചു കൊണ്ടിരുന്നു. അദ്ദേഹം അവരിലേക്ക് തിരിഞ്ഞു നോക്കുന്നുമില്ല. അപ്പോള്‍ അവര്‍ അദ്ദേഹത്തോട് ചോദിച്ചു: ‘അല്ലാഹുവാണോ അങ്ങയോട് ഇങ്ങനെ കല്‍പിച്ചത്?’ അദ്ദേഹം പറഞ്ഞു: ‘അതെ.’ അവര്‍ പറഞ്ഞു: ‘എങ്കില്‍ അവന്‍ ഞങ്ങളെ നഷ്ടപ്പെടുത്തുകയില്ല.’ പിന്നീട് അവര്‍ അവിടെ നിന്നും മടങ്ങി.

ആരാരും ഇല്ലാത്ത മണല്‍ക്കാട്ടില്‍ അല്ലാഹുവിന്റെ കല്‍പന പ്രകാരം സ്വന്തം ഇണയെയും അവരെ ഒരു കൈക്കുഞ്ഞിനെയും ഏല്‍പിച്ച് ഇബ്‌റാഹീം(അ) അവിടെ നിന്നും മടങ്ങുകയാണ്. ‘എവിടേക്കാണ് അങ്ങ് ഞങ്ങളെ ആരുമില്ലാത്ത, അന്ന പാനീയങ്ങള്‍ ലഭ്യമാകാത്ത ഈ മരുഭൂമിയില്‍ തനിച്ചാക്കി പോകുന്നത്?’ എന്ന ചോദ്യം ഇബ്‌റാഹീം(അ) കേള്‍ക്കാത്തതുകൊണ്ടല്ല; അദ്ദേഹത്തിന്റെ അന്നേരത്തെ മാനസികാവസ്ഥയെക്കുറിച്ചൊന്ന് ചിന്തിച്ചുനോക്കുക. ‘അല്ലാഹുവിന്റെ കല്‍പനയുള്ളതിനാലാണോ അങ്ങ് ഇപ്രകാരം ചെയ്യുന്നത്’ എന്ന ഭാര്യയുടെ ചോദ്യത്തിന് ‘അതെ’ എന്ന മറുപടി നല്‍കി. ‘എങ്കില്‍ പോകുക. ആരാണോ അങ്ങയോട് ഇപ്രകാരം കല്‍പിച്ചത് ആ അല്ലാഹു ഞങ്ങളെ കൈവെടിയുകയില്ല’ എന്ന ആത്മവിശ്വാസത്തിന്റെ മറുപടിയാണ് ഹാജറ ബീവി നല്‍കിയത്.   

ജനവാസമില്ലാത്ത മരുഭൂമിയില്‍ തന്റെ ഇണയെയും കുഞ്ഞിനെയും തനിച്ചാക്കി പോകണമെങ്കില്‍ ഇബ്‌റാഹീം നബി(അ)യില്‍ അല്ലാഹുവിലുള്ള വിശ്വാസവും അവനില്‍ ഭരമേല്‍പിക്കുന്നതിലുള്ള ആത്മാര്‍ഥതയും എത്ര ശക്തമാവണം എന്ന് നാം ചിന്തിക്കുക. അപ്രകാരം തന്നെ അല്ലാഹു കല്‍പിച്ചതാണെങ്കില്‍ പൊയ്‌ക്കോളൂ എന്ന് ഭര്‍ത്താവിനോട് പറയാന്‍ ഹാജറ ബീവി ധൈര്യം കാണിച്ചുവെങ്കില്‍ അവരുടെ വിശ്വാസദാര്‍ഢ്യവും അല്ലാഹുവിലുള്ള തവക്കുലും (ഭരമേല്‍പിക്കല്‍) എത്ര കടുത്തതായിരുന്നുവെന്ന് ആലോചിക്കുക. ക്വുര്‍ആന്‍ പറഞ്ഞത് എത്ര ശരി:

”ആര് അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നുവോ അവന് അല്ലാഹു മതി” (ക്വുര്‍ആന്‍…). 

ഇബ്‌റാഹീം(അ), അവര്‍ അദ്ദേഹത്തെ കാണാത്തത്ര കുറച്ച് അകലേക്ക് പോയി. എന്നിട്ട് തന്റെ മുഖം കഅ്ബയുടെ നേരെ തിരിച്ചു. ശേഷം തന്റെ ഇരു കരങ്ങളും ഉയര്‍ത്തി ഈ വചനങ്ങള്‍ കൊണ്ട് ദുആ ചെയ്തു: ”ഞങ്ങളുടെ രക്ഷിതാവേ, എന്റെ സന്തതികളില്‍ നിന്ന് (ചിലരെ) കൃഷിയൊന്നും ഇല്ലാത്ത ഒരു താഴ്‌വരയില്‍, നിന്റെ പവിത്രമായ ഭവനത്തിന്റെ (കഅ്ബയുടെ) അടുത്ത് ഞാനിതാ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അവര്‍ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കാന്‍ വേണ്ടിയാണ് (അങ്ങനെ ചെയ്തത്). അതിനാല്‍, മനുഷ്യരില്‍ ചിലരുടെ മനസ്സുകളെ നീ അവരോട് ചായ് വുള്ളതാക്കുകയും, അവര്‍ക്ക് കായ്കനികളില്‍ നിന്ന് നീ ഉപജീവനം നല്‍കുകയും ചെയ്യേണമേ. അവര്‍ നന്ദി കാണിച്ചെന്ന് വരാം” (14:37).

ഹാജറ ബീവി മകനെ മുലയൂട്ടുകയും വെള്ളപ്പാത്രത്തില്‍ നിന്നും വെള്ളം കുടിക്കുകയും ചെയ്തു. ഒടുവില്‍ അതിലെ വെള്ളം തീര്‍ന്നു. അവര്‍ക്കും മകനും ദാഹിക്കുവാന്‍ തുടങ്ങി. വിശന്ന് കരയുന്ന കുഞ്ഞിനെയും നോക്കി അവര്‍ (ദയനീയമായി) നോക്കി നിന്നു.

വെള്ളവും കാരക്കയുമായിരുന്നു ഹാജറാബീവിയുടെ ഭക്ഷണം. മുലയൂട്ടുന്ന ഒരു സ്ത്രീയാണ്. പോഷകാഹാരം അത്യാവശ്യം. കുടിവെള്ളം തീര്‍ന്നു. മുലപ്പാലിന്റെ കുറവ് സ്വാഭാവികമായും ഉണ്ടായി. വെള്ളമില്ലാത്തതിനാല്‍ അവര്‍ വിഷമിക്കുന്നു. പാല്‍ കിട്ടാത്തതിനാല്‍ കുഞ്ഞ് കരയുന്നു. ഹാജറ വിശന്ന് കരയുന്ന കുഞ്ഞിനെയും നോക്കി നിസ്സഹായയായി നില്‍ക്കുകയാണ്.

 അവര്‍ അടുത്തുള്ള സ്വഫാ മലയില്‍ കയറി നിന്ന് താഴ്‌വരയിലേക്ക് മുന്നിട്ട് ആരെയെങ്കിലും കാണുമോ എന്ന് നോക്കുന്നു; ആരെയും കാണുന്നില്ല. അങ്ങനെ സ്വഫായില്‍ നിന്ന് അവര്‍ ഇറങ്ങി. താഴ്‌വരയില്‍ എത്തിയപ്പോള്‍ വസ്ത്രം പൊക്കിപ്പിടിച്ച് പരമാവധി ഓടാന്‍ കഴിയുന്നത്ര വേഗത്തില്‍ അവര്‍ ഓടി. താഴ്‌വര വിട്ടുകടന്ന് മര്‍വയില്‍ എത്തി. എന്നിട്ട് അതില്‍ കയറി നിന്ന് ആരെയെങ്കിലും കാണുമോ എന്ന് നോക്കുന്നു; ആരെയും കാണുന്നില്ല. അപ്രകാരം ഏഴ് തവണ അവര്‍ ചെയ്തു (സ്വഫായിലും മര്‍വായിലും മാറി മാറി ഓടി എന്നര്‍ഥം).

കുഞ്ഞിന്റെ കരച്ചില്‍ കേട്ട് സഹിക്കുവാന്‍ അവര്‍ക്ക് കഴിയുന്നില്ല. അവര്‍ക്കും ദാഹിക്കുന്നു. ഒരു തുള്ളി വെള്ളം കൈയിലില്ല. ആരെയെങ്കിലും കണ്ടാല്‍ സഹായം ആവശ്യപ്പെടാമല്ലോ എന്ന് കരുതിയാണ് ഇരു മലകളിലും മാറിമാറി കയറിയത്. 

ഇബ്‌നു അബ്ബാസ്(റ) പറയുന്നു: നബി ﷺ പറഞ്ഞു: ”അവയ്ക്ക് രണ്ടിനും (സ്വഫാ, മര്‍വാ) ജനങ്ങള്‍ നടത്തുന്ന സഅ്‌യാണത്.”

അങ്ങനെ അവസാനം അവര്‍ മര്‍വയില്‍ എത്തിയപ്പോള്‍ ഒരു ശബ്ദം കേട്ടു. അവര്‍ സ്വന്തത്തോട് നിശ്ശബ്ദമാവാന്‍ പറഞ്ഞുപോയി! പിന്നീട് ഒന്നുകൂടി ശ്രദ്ധിച്ച് കേട്ടു. വീണ്ടും ശബ്ദം കേട്ടു.  (ആ ശബ്ദമുണ്ടാക്കിയ ആളോടായി) അവര്‍ പറഞ്ഞു: ”നിന്റെ അടുക്കല്‍ സഹായത്തിന് വല്ലതും ഉണ്ടെങ്കില്‍ സഹായിക്കൂ!”

അപ്പോഴതാ (സംസമിന്റെ സ്ഥാനത്ത്) ഒരു മലക്ക്. മലക്ക് തന്റെ ചിറക് കൊണ്ട് (കുഞ്ഞ് കിടക്കുന്ന ഭാഗത്ത്) മണ്ണ് തട്ടി മാറ്റി; അങ്ങനെ വെള്ളം പുറത്ത് വന്നു.”

ഇസ്മാഈല്‍(അ) കാലിട്ടടിച്ചാണ് സംസം ഉണ്ടായത് എന്ന് പറയുന്നത് ശരിയല്ലെന്ന് നബി ﷺ യുടെ ഈ വിവരണത്തില്‍ നിന്നു നാം മനസ്സിലാക്കേണ്ടതുണ്ട്. 

ദൂരെ നിന്ന് വെള്ളം ഒഴുകുന്നത് കണ്ട മഹതി അവിടേക്ക് ഓടി വരികയാണ്. അവര്‍ അതിന് ഒരു ഹൗള്വ് (തടാകം) കെട്ടി. വെള്ളം കൈയിലാക്കി അടങ്ങൂ എന്ന് അവര്‍ പറയുന്നു. അവരുടെ അടുത്തുള്ള തോല്‍ പാത്രത്തില്‍ വെള്ളം കോരി നിറക്കുന്നുമുണ്ട്. വെള്ളം മുക്കിയെടുക്കുന്നതിന് അനുസരിച്ച് ഉറവ പൊട്ടി വരുന്നു! 

ഇബ്‌നു അബ്ബാസ്(റ) പറയുന്നു: നബി ﷺ പറഞ്ഞു: ”ഇസ്മാഈലിന്റെ മാതാവിന് അല്ലാഹു കരുണ ചൊരിയട്ടെ. അവരെങ്ങാനും സംസം ഒഴിവാക്കിയിരുന്നുവെങ്കില്‍ -അല്ലെങ്കില്‍ നബി ﷺ പറഞ്ഞത്: ആ വെള്ളത്തില്‍ നിന്ന് കോരിയെടുത്തില്ലായിരുന്നുവെങ്കില്‍-സംസം വലിയ ഒരു അരുവി തന്നെ ആകുമായിരുന്നു.” നബി ﷺ പറയുന്നു: ”അങ്ങനെ അവര്‍ കുടിച്ചു; കുഞ്ഞിനെ മുലയൂട്ടുകയും ചെയ്തു.” 

അവരോട് മലക്ക് പറഞ്ഞു: ”അത് നഷ്ടപ്പെടുമെന്ന് നിങ്ങള്‍ പേടിക്കേണ്ടതില്ല. നിശ്ചയമായും ഇവിടെയാണ് ഈ കുഞ്ഞും അവന്റെ പിതാവും പണിയാന്‍ പോകുന്ന അല്ലാഹുവിന്റെ ഭവനം. തീര്‍ച്ചയായും അല്ലാഹു അതിന്റെ ആളുകളെ നഷ്ടത്തിലാക്കില്ല.”

ഭൂമില്‍ നിന്ന് അല്‍പം ഉയര്‍ന്ന ഒരു ചെറിയ കുന്നിലായിരുന്നു ആ ഭവനം. 

ജുര്‍ഹും ഗോത്രത്തില്‍ പെട്ട ഒരു യാത്രാ സംഘം അവരുടെ അടുത്തുകൂടെ നടന്നു പോയി. അവര്‍ കദാഅ് എന്ന് പ്രദേശത്തു നിന്നുമാണ് വരുന്നത്. അങ്ങനെ മക്കയുടെ ഈ താഴ്ന്ന ഭാഗത്ത് ഇറങ്ങി താമസമാക്കി. അങ്ങനെ അവര്‍ (താമസിക്കുന്ന ഭാഗത്ത് നിന്ന് അല്‍പം ദൂരെ) ഒരു പറവ വട്ടമിട്ട് പറക്കുന്നത് കണ്ടു. അവര്‍ പറഞ്ഞു: ‘ഒരു പറവ വട്ടമിട്ട് പറക്കണമെങ്കില്‍ അവിടെ വെള്ളം വേണം. ഈ താഴ്‌വരയെ സംബന്ധിച്ച് നന്നായി പരിചയമുള്ളവരാണല്ലോ നാം. അവിടെ വെള്ളം ഉള്ളത് നമുക്ക് അറിയില്ലല്ലോ.’ അങ്ങനെ അവര്‍ ഒന്നോ രണ്ടോ ആളുകളെ അവിടേക്ക് അയച്ചു. അപ്പോള്‍ അവിടെയതാ വെള്ളം! അവര്‍ മടങ്ങിച്ചെന്ന് മറ്റുള്ളവരോട് വെള്ളമുള്ള കാര്യം അറിയിച്ചു. അവര്‍ എല്ലാവരും അവിടേക്ക് ചെന്നു. നബി ﷺ പറയുന്നു: ”ആ വെള്ളത്തിനടുത്ത് ഇസ്മാഈലിന്റെ ഉമ്മയും ഉണ്ട്. അവര്‍ അവരോട് ചോദിച്ചു: ‘നിങ്ങളുടെ അടുക്കല്‍ താമസിക്കുവാന്‍ ഞങ്ങള്‍ക്ക് നിങ്ങള്‍ അനുവാദം തരുമോ?’  ഹാജറ പറഞ്ഞു: ‘അതെ. പക്ഷേ, നിങ്ങള്‍ക്ക് വെള്ളത്തില്‍ അവകാശം ഉണ്ടാകില്ല (ഉപയോഗിക്കാം).’ അവര്‍ പറഞ്ഞു: ‘ശരി.’ ഇബ്‌നു അബ്ബാസ്(റ) പറയുന്നു: നബി ﷺ പറഞ്ഞു: ”അങ്ങനെ അവര്‍ എല്ലാവരും അവിടെ താമസിച്ചു. അവര്‍ അവരുടെ ജനതയിലേക്ക് ആളെ അയച്ചു. അങ്ങനെ അവരുടെ കൂടെ അവരുടെ ആളുകളും വന്ന് അവടെ താമസിച്ചു. അങ്ങനെ അവിടെ കുറെ വീടുകളായി…” (ഹദീഥ് തുടരുന്നുണ്ട്. ശേഷം വിവരിക്കാം).

അവര്‍ക്കിടയില്‍ ആ മാതാവും മകനും വളര്‍ന്നു. ജുര്‍ഹൂം ഗോത്രക്കാര്‍ അറബി ഭാഷയുടെ തുടക്കക്കാരാണ്. മാതാവിനും മകനും ജുര്‍ഹൂം ഗോത്രം അവിടെ താമസിക്കുന്നതിന് മുമ്പ് അറബി അറിയില്ലായിരുന്നു. അവരോട് ഇടപഴകിയതോടെ അവര്‍ അറബി ഭാഷ പഠിച്ചു. കുട്ടി വളര്‍ന്ന് വലുതായി.

ഇബ്‌റാഹീം(അ) അവിടെയില്ലല്ലോ. പിന്നീട് ഇബ്‌റാഹീം(അ) തിരിച്ച് വന്നപ്പോഴേക്കും കുട്ടി ഓടിച്ചാടി നടക്കുന്ന പ്രായമായിട്ടുണ്ട്.  ആ സമയത്താണ് ഇബ്‌റാഹീം നബി(അ)യെ അല്ലാഹു മറ്റൊരു കടുത്ത പരീക്ഷണത്തിന് വിധേയനാക്കിയത്. (തുടരും)

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

ഇബ്‌റാഹീം നബി (അ) – 05

ഇബ്‌റാഹീം നബി (അ) - 05

അഗ്‌നിപരീക്ഷണത്തില്‍ അടിപതറാതെ…

ഇബ്‌റാഹീം നബി(അ)യോടുള്ള അവരുടെ അമര്‍ഷം കടുത്തതായിരുന്നു. അതിനാല്‍ തന്നെ അദ്ദേഹത്തെ കരിച്ച് കളയുന്നതിലെ സന്തോഷം അവരുടെ മുഖത്ത് പ്രകടമായിരുന്നു. അദ്ദേഹത്തെ എന്നെന്നേക്കുമായി ഉന്മൂലനം ചെയ്യലാണ് സ്വന്തം പിതാവ് അടങ്ങുന്ന ആ സമൂഹത്തിന്റെ ലക്ഷ്യം! അവര്‍ അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തി. പലരും ആ തീയിലേക്ക് വിറക് നേര്‍ച്ച നേര്‍ന്നു. ദിവസങ്ങളോളം കത്തുന്നതിന് വേണ്ടി അതിനു വേണ്ട തയ്യാറെടുപ്പുകള്‍ അവര്‍ നടത്തി. പണ്ഡിതന്മാര്‍ വിവരിക്കുന്നത് കാണുക:

”നിശ്ചയമായും (അവരില്‍) ഒരു സ്ത്രീ രോഗിയായാല്‍ (ഇപ്രകാരം പറയും:) ‘ഞാന്‍ സുഖം പ്രാപിച്ചാല്‍ ഇബ്‌റാഹീമിനെ കരിക്കുന്നതിന് തീര്‍ച്ചയായും ഞാന്‍ വിറക് ശേഖരിക്കുക തന്നെ ചെയ്യും എന്ന് ഞാന്‍ നേര്‍ച്ച നേര്‍ന്നിരിക്കുന്നു.”

ഇബ്‌റാഹീം(അ)നെ തീയിലേക്കെറിയുന്ന സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന് അല്ലാഹുവിലുണ്ടായിരുന്ന അര്‍പ്പണ ബോധത്തിന്റ ആഴം മനസ്സിലാക്കുവാന്‍ താഴെ കൊടുത്തിട്ടുള്ള ഹദീഥ് കാണുക: 

ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന് നിവേദനം: ”ഭരമേല്‍പിക്കുവാന്‍ ഏറ്റവും നല്ലവനായ അല്ലാഹു മതി എനിക്ക് എന്ന വചനം ഇബ്‌റാഹീം(അ) തീയിലെറിയപ്പെട്ടപ്പോള്‍ പറഞ്ഞതാണ്. മുഹമ്മദ് ﷺ യും ഈ വാക്ക് പറഞ്ഞിട്ടുണ്ട്. ‘ആ ജനങ്ങള്‍ നിങ്ങളെ നേരിടാന്‍ (സൈന്യത്തെ) ശേഖരിക്കുന്നു. അവരെ ഭയപ്പെടണം എന്ന് ആളുകള്‍ അവരോട് പറഞ്ഞപ്പോള്‍ അതവരുടെ വിശ്വാസം വര്‍ധിക്കുകയാണ് ചെയ്തത്. അവര്‍ പറഞ്ഞു ഞങ്ങള്‍ക്ക് അല്ലാഹു മതി. ഭരമേല്‍പിക്കുവാന്‍ ഏറ്റവും നല്ലത് അവനത്രെ” (ബുഖാരി).

അല്ലാഹുവിന്റെ ഏകത്വം ഉദ്‌ഘോഷിച്ചതിനാല്‍ കടുത്ത ഒരു പരീക്ഷണം ഇബ്‌റാഹീം(അ) നേരിടേണ്ടി വരികയാണ്. എന്നാല്‍ രക്ഷപ്പെടാനായി പോലും തന്റെ വിശ്വാസം അടിയറ വെക്കുവാന്‍ അദ്ദേഹംതയ്യാറായില്ല. ഇബ്‌റാഹീം(അ) എല്ലാം അല്ലാഹുവില്‍ അര്‍പിച്ച്, അവനില്‍ ഉറച്ചു വിശ്വസിച്ച് പരീക്ഷണത്തെ നേരിടുകയാണ് ചെയ്തത്. മഹാനായ പ്രവാചകന്‍ മുഹുമ്മദ് ﷺ യും ഇതേ വാക്ക് പറഞ്ഞിട്ടുണ്ട്. ഉഹ്ദ് യുദ്ധത്തില്‍ എഴുപതോളം സ്വഹാബികള്‍ രക്ത സാക്ഷികളാവുകയും മൊത്തത്തില്‍ മുസ്‌ലിംകള്‍ വലിയ പ്രതിസന്ധി അഭിമുഖീകരിക്കുകയും ചെയ്തുവല്ലോ. ഈ സന്ദര്‍ഭത്തില്‍ ഇനിയും ഒരു സംഘം നിങ്ങളെ നേരിടാന്‍ വരുന്നുവെന്ന വിളിയാളം കേട്ടപ്പോള്‍ പേടിച്ച് പിന്മാറുകയല്ല ചെയ്തത്. അവര്‍ക്ക് വിശ്വാസം വര്‍ധിക്കുകയും അല്ലാഹുവില്‍ എല്ലാം അര്‍പിച്ച് പരീക്ഷണത്തെ നേരിടുകയുമാണവര്‍ ചെയ്തത്. സൈനിക ബലമോ ആയുധ ബലമോ വേണ്ടത് പോലെ ഇല്ലാതിരുന്നിട്ടും നബി ﷺ യും അനുയായികളും നിശ്ചയ ദാര്‍ഢ്യത്തോടെ ‘ഞങ്ങള്‍ക്ക് അല്ലാഹു മതി’ എന്ന് പറഞ്ഞു; അല്ലാഹുവിന്റെ സഹായം അവര്‍ക്ക് ലഭിച്ചു. അല്ലാഹുവിലുള്ള അടിയുറച്ച വിശ്വാസമുണ്ടെങ്കില്‍ ഒരാള്‍ക്കും ഒരു സമയത്തും പരിഭ്രാന്തരാവേണ്ടതില്ല.

ഇബ്‌റാഹീം നബി(അ)യെ അവര്‍ തീയിലേക്ക് എറിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ഒരു രോമകൂപത്തിന് പോലും പോറലേല്‍ക്കാതെ അല്ലാഹു രക്ഷപ്പെടുത്തി. ഈ അത്ഭുത സംഭവം പലര്‍ക്കും ഉള്‍കൊള്ളാന്‍ കഴിയുന്നില്ല. തീയിലിട്ട ശേഷം പൊള്ളലേല്‍ക്കാതെ രക്ഷപ്പെടുകയോ എന്നതാണ് അവരുടെ സംശയം. അതിനാല്‍ തന്നെ അവര്‍ ഈ സംഭവത്തെ ബുദ്ധിക്ക് നിരക്കാത്ത സംഭവമായി കാണുകയും നിഷേധിച്ചു കളയുകയും ചെയ്യുന്നു. അല്ലാഹുവാണല്ലോ തീയിന് ചൂട് നല്‍കിയത്. ചൂട് നല്‍കിയ അല്ലാഹുവിന് അതില്‍ മാറ്റം വരുത്തുവാന്‍ കഴില്ലെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. ആ അല്ലാഹു തന്നെയാണ് തീയിനെ തണുപ്പുള്ളതാക്കിയത്. ഇത് ക്വുര്‍ആനില്‍ സ്പഷ്ടമായി വന്നതുമാണ്. 

അല്ലാഹു ഇബ്‌റാഹീം നബി(അ)യെ രക്ഷപ്പെടുത്തിയത് എങ്ങനെയായിരുന്നുവെന്ന് കാണുക:

”നാം പറഞ്ഞു: തീയേ, നീ ഇബ്‌റാഹീമിന് തണുപ്പും സമാധാനവുമായിരിക്കുക. അദ്ദേഹത്തിന്റെ കാര്യത്തില്‍ ഒരു തന്ത്രം പ്രയോഗിക്കുവാന്‍ അവര്‍ ഉദ്ദേശിച്ചു. എന്നാല്‍ അവരെ ഏറ്റവും നഷ്ടം പറ്റിയവരാക്കുകയാണ് നാം ചെയ്തത്” (ക്വുര്‍ആന്‍ 21:69,70).

എങ്ങനെയാണ് തീയിന് തണുപ്പുണ്ടാകുക എന്ന്‌ചോദിക്കുന്ന മതയുക്തിവാദികള്‍ ഈ ക്വുര്‍ആന്‍ വചനത്തെയും വെറുതെ വിടുന്നില്ല; ഇത് ആലങ്കാരിക പ്രയോഗമാണ് എന്നാണ് അവരുടെ വ്യാഖ്യാനം. ഈ വചനത്തില്‍ വന്നിട്ടുള്ള ‘തീ’ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ‘കോപം കത്തിനില്‍ക്കുന്ന ജനങ്ങളാണ്’ എന്നാണ് ഇവരുടെ വാദം. അപ്പോള്‍ ഇത് പ്രകാരം ഈ സൂക്തത്തിന്റെ അര്‍ഥം ഇപ്രകാരമാകും: ‘നാം പറഞ്ഞു: കോപാകുലരായ മനുഷ്യരേ, ഇബ്‌റാഹീമിന് നിങ്ങള്‍ തണുപ്പും സമാധാനവും ആയിത്തീരുക!’ എങ്ങനെയുണ്ട് വ്യാഖ്യാനം?! ‘കോപം കത്തി നില്‍ക്കുന്ന മനുഷ്യരേ, ഒന്ന് ഇബ്‌റാഹീമിനോട് തണുക്കൂ. ഇബ്‌റാഹീമിന്റെ കാര്യത്തില്‍ ഒന്ന് സമാധാനിക്കൂ’ എന്നാണ് പോലും ഈ വചനത്തിന്റെ അര്‍ഥം. അല്ലാഹു  ആ അക്രമികളോട് നേരിട്ട് സംസാരിച്ചുവോ എന്നൊന്നും ചോദിക്കുവാന്‍ പാടില്ല. മതയുക്തിവാദികളുടെ ഗതികേട് എന്നല്ലാതെ എന്തു പറയാന്‍!

ഇബ്‌റാഹീം(അ)നെ തീയിലിട്ട സമയത്തുണ്ടായത് എന്നു പറഞ്ഞ് ചില വ്യാജ കഥകളെല്ലാം പ്രചരിക്കപ്പെട്ടിട്ടുണ്ട് സമൂഹത്തില്‍. അതില്‍ പെട്ട ഒന്ന് കാണുക: 

ഇബ്‌റാഹീം(അ)നെ തീയിലേക്ക് എറിയുന്ന വേളയില്‍ ജിബ്‌രീല്‍ അദ്ദേഹത്തിന്റെ അടുത്ത് വന്ന് ഇപ്രകാരം ചോദിച്ചു: അല്ലാഹുവിനോട് താങ്കള്‍ക്ക് തേടാനുള്ള വല്ല ആവശ്യവുമുണ്ടോ? അപ്പോള്‍ ഇബ്‌റാഹീം(അ) പറഞ്ഞു: താങ്കളോട് പറയാനായി എനിക്ക് ഒന്നുമില്ല. അപ്പോള്‍ ജിബ്‌രീല്‍ ചോദിച്ചു: എന്നാല്‍ നിങ്ങള്‍ക്ക് അല്ലാഹുവിനോട് ചോദിച്ചുകൂടേ? അപ്പോള്‍ ഇബ്‌റാഹീം(അ) പറഞ്ഞു: എന്റെ അവസ്ഥയെ പറ്റിയുള്ള അറിവ് അവന്റെ അടുത്തുണ്ട്. അവനോട് ഞാന്‍ ചോദിക്കുന്നതിനെ തൊട്ട് ഞാന്‍ ഐശ്വര്യവാനാണ്.  

ഈ കഥക്ക് യാതൊരു അടിസ്ഥാനവുമില്ല. ഈ സംഭവം എടുത്ത് കാണിച്ച് ചിലരെല്ലാം ‘നാം അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നത് അവനില്‍ കാര്യങ്ങള്‍ ഭരമേല്‍പിക്കുന്നതിന് എതിരാണെന്നും നമ്മുടെ ആവശ്യം അല്ലാഹുവിന് നന്നായി അറിയാമല്ലോ, അതിനാല്‍ പ്രാര്‍ഥിക്കേണ്ടതില്ല’ എന്നും പറയാറുണ്ട്. ഈ സംഭവം പരമ്പരയില്ലാത്തതും കെട്ടിയുണ്ടാക്കിയതുമാണ്. മാത്രവുമല്ല, ഇബ്‌റാഹീം(അ) എത്രയോ ആവശ്യങ്ങള്‍ക്കായി അല്ലാഹുവിനോട് പ്രാര്‍ഥിച്ചതിന് ക്വുര്‍ആനിലും ഹദീഥുകളിലും ധാരാളം തെളിവുകളുമുണ്ട്.  

ശത്രുക്കള്‍ അദ്ദേഹത്തെ അഗ്‌നിക്കിരയാക്കാന്‍ ശ്രമിച്ചതും അതില്‍ നിന്ന് അല്ലാഹു അദ്ദേഹത്തെ രക്ഷിച്ചതും ക്വുര്‍ആനിന്റെ വെളിച്ചത്തില്‍ നാം ഗ്രഹിച്ചുവല്ലോ. എന്നാല്‍ ചിലര്‍ വിശ്വസിക്കുന്നത് ആ സമയത്ത് മുഹമ്മദ് നബി ﷺ യുടെ ഒളി (പ്രകാശം) ഇബ്‌റാഹീം നബി(അ)യില്‍ ഉണ്ടായതിനാലാണ് അദ്ദേഹം തീയില്‍നിന്ന് രക്ഷപ്പെട്ടതെന്നാണ്. ശര്‍റഫല്‍ അനാം മൗലിദ് എന്ന മൗലിദ് കിതാബിലും മങ്കൂസ് മൗലിദിലും ഇപ്രകാരം പഠിപ്പിക്കുന്നുണ്ട്.

”ഇബ്‌റാഹീം(അ) തീയില്‍ എറിയപ്പെട്ട സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന്റെ മുതുകില്‍ എന്നെ (അവന്‍) ആക്കി” (ശര്‍റഫല്‍ അനാം മൗലിദ്).

”ഇബ്‌റാഹീം(അ) തീയില്‍ എറിയപ്പെട്ട സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന്റെ മുതുകില്‍ ഞാന്‍ ഉണ്ടായിരുന്നു. അങ്ങനെ ആ തീ കെട്ടടങ്ങിപ്പോയി” (മങ്കൂസ് മൗലിദ്).

നബി ﷺ യുടെ ഒളി ഇബ്‌റാഹീം നബി(അ)യില്‍ ഉണ്ടായതിനാലാണ് അദ്ദേഹം ആ തീയില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് ഈ മൗലിദ് വരികള്‍ പറയുമ്പോള്‍ മുഹ്‌യുദ്ദീന്‍ മാലയില്‍ മറ്റൊരു കാരണമാണ് പറയുന്നത്. മുഹ്‌യുദ്ദീന്‍ ശൈഖ്(റഹി) പറഞ്ഞുവെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്ന വരികളില്‍ പറയുന്നത് കാണുക:

”ഇബ്‌റാഹീം തീയെ അഭിമുഖീകരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ തീയില്‍ ഞാനും കൂടെയുണ്ടായിരുന്നു. എന്റെ പ്രാര്‍ഥന കൊണ്ടല്ലാതെ ആ തീ തണുത്തിട്ടില്ല.”

നോക്കൂ..! ഹിജ്‌റ 400ന് ശേഷം ജനിച്ച മുഹ്‌യുദ്ദീന്‍ ശൈഖ് ഇബ്‌റാഹീം നബിയുടെ കാലത്ത് ഉണ്ടെന്നാണ് ഈ പറയുന്നത്! ശുദ്ധ വിഡ്ഢിത്തമല്ലേ ഇത്? ഇത്തരം കാര്യങ്ങളില്‍ വിശ്വസിക്കുന്നതും വിഡ്ഢിത്തമല്ലേ? പുരോഹിതന്മാര്‍ കെട്ടിയുണ്ടാക്കിയ അടിസ്ഥാനരഹിതമായ ഇത്തരം വികലമായ ആശയങ്ങളെ പവിത്രമായി കരുതുന്നവര്‍ ക്വുര്‍ആനും സുന്നത്തും ആ സംഭവം വ്യക്തമായി വിവരിച്ചു തരുന്നുതിലേക്ക് തിരിയേണ്ടതുണ്ട്. 

ഇബ്‌റാഹീം(അ) സ്വന്തം ജനതക്ക് നിരന്തരം നേര്‍മാര്‍ഗം അറിയിച്ചു കൊടുത്തിട്ടും അവരത് സ്വീകരിക്കുവാന്‍ തയ്യാറായില്ല. എന്നാല്‍ അതിന്റെ സ്വാധീനഫലമായി അവരുടെ ബഹുദൈവാരാധന അബദ്ധമാണെന്ന് ചില ഘട്ടങ്ങളിലെങ്കിലും അവര്‍ സമ്മതിച്ചതുമായിരുന്നു. അഹങ്കാരം കാരണം നിമിഷങ്ങളുടെ ആയുസ്സേ അതിനുണ്ടായിരുന്നുള്ളൂ എന്ന് മാത്രം. വ്യക്തമായും പ്രമാണബദ്ധമായും യുക്തിപൂര്‍ണമായും പിതാവിനും സമൂഹത്തിനും നേര്‍വഴി കാണിച്ചുകൊടുത്തിട്ടും അദ്ദേഹത്തെ തീയിലെറിയുവാനാണ് അവര്‍ തീരുമാനിച്ചത്. അല്ലാഹുവിന്റെ വലിയ സഹായം അന്നേരം അദ്ദേഹത്തിന് ലഭിച്ചു. ചിലരെല്ലാം വിശ്വസിച്ചിരുന്നെങ്കിലും ഇബ്‌റാഹീം നബി(അ)യുടെ കൂടെ നിന്ന് സത്യത്തിന് വേണ്ടി പൊരുതുവാന്‍ തയ്യാറായതുമില്ല. ജനതയില്‍ മാറ്റം കാണാത്തതിനാല്‍, പിന്നീട് ഇബ്‌റാഹീം(അ) നാട്ടില്‍നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിക്കുകയാണ്:

”നിങ്ങളെയും അല്ലാഹുവിന് പുറമെ നിങ്ങള്‍ പ്രാര്‍ഥിച്ചുവരുന്നവയെയും ഞാന്‍ വെടിയുന്നു. എന്റെ രക്ഷിതാവിനോട് ഞാന്‍ പ്രാര്‍ഥിക്കുന്നു. എന്റെ രക്ഷിതാവിനോട് പ്രാര്‍ഥിക്കുന്നത് മൂലം ഞാന്‍ ഭാഗ്യം കെട്ടവനാകാതിരുന്നേക്കാം” (ക്വുര്‍ആന്‍ 19:48). 

”അപ്പോള്‍ ലൂത്വ് അദ്ദേഹത്തില്‍ വിശ്വസിച്ചു. അദ്ദേഹം (ഇബ്‌റാഹീം) പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ സ്വദേശം വെടിഞ്ഞ് എന്റെ രക്ഷിതാവിങ്കലേക്ക് പോകുകയാണ്. തീര്‍ച്ചയായും അവനാകുന്നു പ്രതാപിയും യുക്തിമാനും” (ക്വുര്‍ആന്‍ 29:26).

”ലോകര്‍ക്ക് വേണ്ടി നാം അനുഗൃഹീതമാക്കിവെച്ചിട്ടുള്ള ഒരു ഭൂപ്രദേശത്തേക്ക് അദ്ദേഹത്തേയും (ഇബ്‌റാഹീമിനെയും) ലൂത്വിനെയും നാം രക്ഷപ്പെടുത്തിക്കൊണ്ട് പോകുകയും ചെയ്തു” (ക്വുര്‍ആന്‍ 21:71).

അദ്ദേഹം നാട് വിടുന്ന സന്ദര്‍ഭത്തില്‍ ഇണയായ സാറയും സമകാലികനായി മറ്റൊരു നാട്ടിലേക്ക് നിയോഗിക്കപ്പെട്ട ലൂത്വ്(അ)യും ആണ് കൂടെയുണ്ടായിരുന്നത്. ലൂത്വ്(അ) അദ്ദേഹത്തില്‍ വിശ്വസിച്ചവരില്‍ ഒരാളായിരുന്നു. 

ഇബ്‌റാഹീം നബി(അ)യുടെ ഹിജ്‌റക്ക് ശേഷമുള്ള ജീവിതത്തിന്റെ തുടക്കം ശാമിലായിരുന്നു. പിന്നീടായിരുന്നു അല്ലാഹുവിന്റെ നിര്‍ദേശപ്രകാരം ഇബ്‌റാഹീം(അ) ഇണ ഹാജറിനെയും കൈക്കുഞ്ഞായ ഇസ്മാഈലിനെയും കൂട്ടി മക്കയിലേക്ക് പോകുന്നത്.

അല്ലാഹുവിങ്കല്‍ ഏറെ സ്ഥാനമാനങ്ങളുള്ള, അല്ലാഹു ‘ഖലീലുല്ലാഹി’ (അല്ലാഹുവിന്റെ ഉറ്റ മിത്രം) എന്ന് വിശേഷിപ്പിച്ച ഇബ്രാഹീം(അ) പോലും അല്ലാഹുവിലേക്ക് ജനങ്ങളെ ക്ഷണിച്ചിട്ട് കൂടെ വിശ്വാസികളായി ലഭിച്ചത് വളരെ തുച്ഛം പേരെയാണ്. വിശ്വസിച്ചവര്‍ തന്നെ കൂടെ നില്‍ക്കാന്‍ ധൈര്യം ഇല്ലാത്തവരും. 

അല്ലാഹുവിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നതില്‍ നിന്ന് പലരെയും പിന്തിരിപ്പിക്കുന്ന ഒരു കാര്യമാണ് ആരും അത് ചെവിക്കൊള്ളുന്നില്ലല്ലോ എന്ന ചിന്ത. ‘എത്ര കാലമായി ക്ഷണിക്കുന്നു, എത്ര പ്രാവശ്യംസംസാരിച്ചതാണ്, ആരും പരിഗണിക്കുന്നില്ല, ഒരു മാറ്റവും ഇല്ല, പിന്നെ എന്തിന് ഇതുമായി നടക്കണം’ ഇതാണ് പലരും ചോദിക്കുന്നത്. ഇബ്‌റാഹീം(അ) എന്ന മഹാനായ പ്രവാചകന്‍ ഇത്രയെല്ലാം ജനങ്ങളെ ക്ഷണിച്ചിട്ടും കൂടെ എത്ര പേരാണ് ഉണ്ടായത് എന്ന് നാം മനസ്സിലാക്കി. ആളുകള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും നാം എത്ര ക്ഷണിക്കുന്നുവോ നമുക്ക് അതിന്റെ ഗുണം അല്ലാഹുവിങ്കല്‍ അതിരറ്റതാണ്. ഇബ്‌റാഹീം നബി(അ)യെ മിഅ്‌റാജിന്റെ അവസരത്തില്‍ നബി ﷺ കണ്ടത് നാം മുമ്പ് വിവരിച്ചതാണ്.  കഅ്ബയുടെ നേരെ മുകളില്‍ ഏഴാം ആകാശത്തുള്ള ബൈതുല്‍ മഅ്മൂര്‍ എന്ന, എണ്ണം എത്രയെന്ന്  ക്ലിപ്തപ്പെടുത്തുവാന്‍ സാധിക്കാത്ത അത്രയും മലക്കുകള്‍ വന്ന് ഇബാദത്തെടുക്കുന്ന പരിശുദ്ധ ഗേഹത്തില്‍ ചാരിയിരിക്കുന്നത് നബി ﷺ കണ്ടത് അവിടുന്ന് നമ്മെ പഠിപ്പിച്ചതാണ്. തന്നില്‍ വിശ്വസിച്ചവരുടെ എണ്ണം കുറഞ്ഞുവെന്ന കാരണം ഇബ്‌റാഹീം(അ)ന്റെ മഹത്ത്വത്തിന് യാതൊരു പോരായ്മയും ഉണ്ടാക്കിയിട്ടില്ല. ആളുകള്‍ വിശ്വസിക്കാത്തത് പ്രബോധനം നിര്‍ത്തിവെക്കുവാന്‍ കാരണമാക്കരുതെന്ന് അര്‍ഥം. കാരണം ആരെയും നേര്‍വഴിയിലാക്കുന്നത് അല്ലാഹുവാണ്. നാം എത്ര കൊതിച്ചിട്ടും കാര്യമില്ല. അല്ലാഹുവാണ് ഹിദായത്ത് നല്‍കുന്നവന്‍.

”അവരെ നേര്‍വഴിയിലാക്കുവാന്‍ നീ ബാധ്യസ്ഥനല്ല. എന്നാല്‍ അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു” (ക്വുര്‍ആന്‍ 2:272). 

”തീര്‍ച്ചയായും നിനക്ക് ഇഷ്ടപ്പെട്ടവരെ നിനക്ക് നേര്‍വഴിയിലാക്കാനാവില്ല. പക്ഷേ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. സന്‍മാര്‍ഗം പ്രാപിക്കുന്നവരെപ്പറ്റി അവന്‍ (അല്ലാഹു) നല്ലവണ്ണം അറിയുന്നവനാകുന്നു” (ക്വുര്‍ആന്‍ 28:56). 

നാം ബാധ്യത നിര്‍വഹിക്കുക. അതാണ് നമ്മില്‍ അര്‍പിക്കപ്പെട്ടിട്ടുള്ളത്. 

ബനൂ ഇസ്‌റാഈല്യരോട് അല്ലാഹു ശനിയാഴ്ച ദിവസം മീന്‍ പിടിക്കുന്നതിനെ വിലക്കിയിരുന്നു. ശനിയാഴ്ചയാണെങ്കിലോ മത്സ്യം വെള്ളത്തില്‍ അധികവും. പിടിക്കാനാണെങ്കില്‍ പാടില്ല താനും. അവര്‍ക്കത് വലിയ ഒരു പരീക്ഷണമായിരുന്നു. എന്നാല്‍ അവര്‍ ഒരു തന്ത്രം പ്രയോഗിച്ചു. ശനിയാഴ്ച വന്ന മത്സ്യങ്ങളൊന്നും പോകാതിരിക്കാന്‍ ഒരു കെട്ട് കെട്ടി; അടുത്ത ദിവസം പിടിക്കാന്‍. അപ്പോള്‍ ശനിയാഴ്ച പിടിച്ചത് പോലെ തന്നെയായല്ലോ. അല്ലാഹുവിന്റെ കല്‍പനയെ അവര്‍ ധിക്കരിച്ചു എന്നര്‍ഥം. ഇത് കണ്ട അവരിലെ നല്ലവരായ വിശ്വാസികള്‍ ഉപദേശിച്ചു. അപ്പോള്‍ അവിടെ ഒരു മൂന്നാം കക്ഷി വന്നിട്ട് ഉപദേശകരോട് ‘എന്തിനാ നിങ്ങളിങ്ങനെ ഉപദേശിച്ച് നടക്കുന്നത്, നിങ്ങള്‍ പറഞ്ഞാല്‍ അവര്‍ നന്നാവുമോ, അല്ലാഹു അവരെ ശിക്ഷിക്കുകയോ ശിക്ഷിക്കാതിരിക്കുകയോ ചെയ്‌തോട്ടെ, നിങ്ങള്‍ ഉപദേശിക്കേണ്ട’ എന്നെല്ലാം പറഞ്ഞു. അപ്പോള്‍ ആ ഉപദേശകര്‍ അവര്‍ക്ക് നല്‍കിയ മറുപടിയാണ് പ്രബോധകര്‍ക്ക് പ്രചോദനം നല്‍കേണ്ടത്.

”അല്ലാഹു നശിപ്പിക്കുകയോ കഠിനമായി ശിക്ഷിക്കുകയോ ചെയ്യാന്‍ പോകുന്ന ഒരു ജനവിഭാഗത്തെ നിങ്ങളെന്തിനാണ് ഉപദേശിക്കുന്നത് എന്ന് അവരില്‍ പെട്ട ഒരു സമൂഹം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക). അവര്‍ മറുപടി പറഞ്ഞു: നിങ്ങളുടെ രക്ഷിതാവിങ്കല്‍ (ഞങ്ങള്‍) അപരാധത്തില്‍ നിന്ന് ഒഴിവാകുന്നതിന് വേണ്ടിയാണ്. ഒരു വേള അവര്‍ സൂക്ഷ്മത പാലിച്ചെന്നും വരാമല്ലോ. എന്നാല്‍ അവരെ ഓര്‍മപ്പെടുത്തിയിരുന്നത് അവര്‍ മറന്നുകളഞ്ഞപ്പോള്‍ ദുഷ്പ്രവൃത്തിയില്‍ നിന്ന് വിലക്കിയിരുന്നവരെ നാം രക്ഷപ്പെടുത്തുകയും അക്രമികളായ ആളുകളെ അവര്‍ ധിക്കാരം കാണിച്ചിരുന്നതിന്റെ ഫലമായി നാം കഠിനമായ ശിക്ഷ മുഖേന പിടികൂടുകയും ചെയ്തു”(ക്വുര്‍ആന്‍ 6:164,165). 

നാം അറിഞ്ഞതും മനസ്സിലാക്കിയതുമായ അറിവ് അത് എത്തിയിട്ടില്ലാത്തവരിലേക്ക് എത്തിച്ചുവോ എന്ന് പരലോകത്ത് ചോദിക്കുന്ന സന്ദര്‍ഭത്തില്‍ എത്തിച്ചിട്ടുണ്ടെന്ന് നമുക്ക് പറയുവാന്‍ നമുക്ക് കഴിയണം. നമ്മുടെ പ്രബോധനത്തിന്റെ കാരണത്താല്‍ നരകശിക്ഷയില്‍ നിന്ന് വല്ലവരും രക്ഷപ്പെടുകയാണെങ്കില്‍ അത് നമുക്കും അവര്‍ക്കും വലിയ നേട്ടവുമാണല്ലോ. അവര്‍ രക്ഷപ്പെടണം എന്ന ആഗ്രഹവും അവരോടുള്ള ഗുണകാംക്ഷയും നമ്മില്‍ വേണം.

സന്മാര്‍ഗം എന്നത് അല്ലാഹു നല്‍കുന്ന ഒരു പ്രകാശമാണല്ലോ. ആ പ്രകാശം അവനുദ്ദേശിക്കുന്നവര്‍ക്കേ അവന്‍ നല്‍കൂ. നാം മനസ്സിലാക്കേണ്ട മറ്റൊരു വസ്തുതയുണ്ട്. നമുക്ക് ലഭിച്ച പ്രകാശം അത് എന്നും നിലനില്‍ക്കണമെന്നില്ല. ചരിത്രത്തില്‍ എത്രയോ ഉദാഹരണങ്ങള്‍ അതിനുണ്ട്. പലരും അല്ലാഹുവിന്റെ ദീനില്‍ വരികയും പിന്നീട് എന്തെല്ലാമോ കാരണത്താല്‍ വെളിച്ചം ഹൃദയത്തില്‍ നിന്ന് അണഞ്ഞു പോകുകയും പഴയ ഇരുട്ടിലേക്ക് മടങ്ങുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ തന്നെ വിശ്വാസികളായ നാം ഏത് സമയത്തും ആ പ്രകാശം നമ്മില്‍ നിലനില്‍ക്കുവാന്‍ അല്ലാഹുവിനോട് തേടിക്കൊണ്ടിരിക്കണം. നമസ്‌കാരവേളയില്‍ നാം അത് നിര്‍വഹിക്കാറുണ്ട്. പള്ളിയിലേക്ക് പോകുന്ന വേളയിലും ആ പ്രകാശത്തെ നാം അല്ലാഹുവിനോട് ചോദിക്കാറുണ്ടല്ലോ. അതെല്ലാം നാം മനസ്സറിഞ്ഞ് നിര്‍വഹിക്കണം.

ഇബ്‌റാഹീം(അ) ജനിച്ചുവളര്‍ന്ന നാടും വീടും ഒഴിവാക്കി ഹിജ്‌റ പോകുകയാണ്. ഹിജ്‌റ എന്നത് ഏത് കാലത്തും ഉള്ളത് തന്നെയാണ്. ഹിജ്‌റ ഏത് സമയം വരെ ഉണ്ടെന്നത് കാണുക:

”പശ്ചാത്താപം മുറിയുന്നത് വരെ ഹിജ്‌റയും മുറിയുന്നതല്ല. സൂര്യന്‍ പടിഞ്ഞാറ് നിന്ന് ഉദിക്കുന്നത് വരെ തൗബയും മുറിയുന്നതല്ല” (അബൂദാവൂദ്). 

താന്‍ ജീവിക്കുന്ന നാട്ടില്‍ തന്റെ വിശ്വാസം അനുസരിച്ച് ജീവിക്കുവാന്‍ യാതൊരു വഴിയുമില്ലെങ്കില്‍ തന്റെ വിശ്വാസം ബലി നല്‍കി ആ നാട്ടില്‍ തന്നെ കഴിയുകയാണെങ്കില്‍ അത്തരക്കാരുടെ മരണം സമാധന പൂര്‍ണമാകില്ലെന്നാണ് ക്വുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നത്.

”(അവിശ്വാസികളുടെ ഇടയില്‍ തന്നെ ജീവിച്ചുകൊണ്ട്) സ്വന്തത്തോട് അന്യായം ചെയ്തവരെ മരിപ്പിക്കുമ്പോള്‍ മലക്കുകള്‍ അവരോട് ചോദിക്കും: നിങ്ങളെന്തൊരു നിലപാടിലായിരുന്നു? അവര്‍ പറയും: ഞങ്ങള്‍ നാട്ടില്‍ അടിച്ചൊതുക്കപ്പെട്ടവരായിരുന്നു. അവര്‍ (മലക്കുകള്‍) ചോദിക്കും: അല്ലാഹുവിന്റെ ഭൂമി വിശാലമായിരുന്നില്ലേ? നിങ്ങള്‍ക്ക് സ്വദേശം വിട്ട് അതില്‍ എവിടെയെങ്കിലും പോകാമായിരുന്നല്ലോ. എന്നാല്‍ അത്തരക്കാരുടെ വാസസ്ഥലം നരകമത്രെ. അതെത്ര ചീത്ത സങ്കേതം! എന്നാല്‍ യാതൊരു ഉപായവും സ്വീകരിക്കാന്‍ കഴിവില്ലാതെ, ഒരു രക്ഷാമാര്‍ഗവും കണ്ടെത്താനാകാതെ അടിച്ചൊതുക്കപ്പെട്ടവരായിക്കഴിയുന്ന പുരുഷന്‍മാരും സ്ത്രീകളും കുട്ടികളും ഇതില്‍ നിന്നൊഴിവാകുന്നു. അത്തരക്കാര്‍ക്ക് അല്ലാഹു മാപ്പുനല്‍കിയേക്കാം. അല്ലാഹു അത്യധികം മാപ്പ് നല്‍കുന്നവനും ഏറെ പൊറുക്കുന്നവനുമാകുന്നു” (ക്വുര്‍ആന്‍ 4:97-99).

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഹിജ്‌റ പോകുന്നതിനാല്‍ ഒരാള്‍ക്കും ഒരു നഷ്ടവും വരാനില്ല. അല്ലാഹു അവര്‍ക്ക് വാഗ്ദാനം നല്‍കുന്നത് കാണുക:

”അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വല്ലവനും സ്വദേശം വെടിഞ്ഞ് പോകുന്ന പക്ഷം ഭൂമിയില്‍ ധാരാളം അഭയസ്ഥാനങ്ങളും ജീവിതവിശാലതയും അവന്‍ കണ്ടെത്തുന്നതാണ്. വല്ലവനും തന്റെ വീട്ടില്‍ നിന്ന്  സ്വദേശം വെടിഞ്ഞ് കൊണ്ട്  അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും ഇറങ്ങി പുറപ്പെടുകയും അനന്തരം (വഴിമധേ്യ) മരണം അവനെ പിടികൂടുകയും ചെയ്യുന്ന പക്ഷം അവന്നുള്ള പ്രതിഫലം അല്ലാഹുവിങ്കല്‍ സ്ഥിരപ്പെട്ടു കഴിഞ്ഞു. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു”(ക്വുര്‍ആന്‍ 4:100).

ഇസ്‌ലാമികമല്ലാത്ത സന്ദേശം പടച്ചുണ്ടാക്കി അതിനനുസരിച്ച് ജീവിക്കുവാന്‍ തന്റെ നാട് പ്രാപ്തമല്ലെന്ന് പറഞ്ഞ് ഹിജ്‌റക്ക് ക്ഷണിക്കുകയും ഹിജ്‌റ ചെയ്യുകയും ചെയ്യുന്ന അപൂര്‍വം ചിലരെങ്കിലുമുണ്ട്. അവരുടെ ഹിജ്‌റ യഥാര്‍ഥ ഹിജ്‌റയല്ല. അതെല്ലാം ചില ഗൂഢ ലക്ഷ്യത്തിനുള്ളതാണെന്ന് നാം തിരിച്ചറിയുകയും വേണം.

ഇബ്‌റാഹീം നബി(അ)യുടെ നാട്ടുകാരും വീട്ടുകാരും ഭരണാധികാരികളും തന്റെ വിശ്വാസം സംരക്ഷിച്ച് ജീവിക്കുന്നതിന് എതിരായി മാറിയ സാഹചര്യത്തിലാണ് അദ്ദേഹം നാട് വിടാന്‍ തീരുമാനിക്കുന്നത്. പിതാവിനോടും നാട്ടുകാരോടും അദ്ദേഹം നടത്തിയ ഉപദേശങ്ങള്‍ നാം ഗ്രഹിച്ചുവല്ലോ. രാജാവിനോടുള്ള അദ്ദേഹത്തിന്റെ സംവദിക്കലാണ് ഇനി നാം മനസ്സിലാക്കേണ്ടത്. 

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

ഇബ്‌റാഹീം നബി(അ) – 04​

ഇബ്‌റാഹീം നബി(അ) - 04

സൂക്ഷ്മാലുവായ ദൈവദൂതന്‍

 

‘എനിക്ക് സുഖമില്ല’ എന്ന് ഇബ്‌റാഹീം നബി(അ) പറഞ്ഞതിനെക്കുറിച്ചും ചിലത് മനസ്സിലാക്കേണ്ടതുണ്ട്. ക്വിയാമത്ത് നാളില്‍ മഹ്ശറില്‍ വെച്ച് വിചാരണക്കെടുക്കുവാനായി ശുപാര്‍ശ ചെയ്യുവാന്‍ മനുഷ്യരെല്ലാം പ്രവാചകന്മാരെ സമീപിക്കും. ഇബ്‌റാഹീം നബി(അ)യെ സമീപിക്കുന്ന വേളയില്‍ അവിടുന്ന് പറയും: എനിക്ക് അല്ലാഹുവിനോട് സംസാരിക്കാന്‍ പേടിയാണ്. കാരണം, ദുന്‍യാവില്‍ വെച്ച് ഞാന്‍ മൂന്ന് കളവുകള്‍ പറഞ്ഞിട്ടുണ്ട്. മൂന്ന് കളവ് പോയിട്ട് ഒരു കളവുപോലും പറയില്ലെന്ന് പ്രവാചകന്മാരെ കുറിച്ച് വിശ്വസിക്കുന്നവരാണല്ലോ നാം. കാരണം, അവര്‍ക്ക് അല്ലാഹുവിന്റെ പ്രത്യേക പാപ സുരക്ഷിതത്വം നല്‍കപ്പെട്ടിട്ടുണ്ട്. അപ്പോള്‍ ഈ പറഞ്ഞതോ? അല്ലാഹുവിനെ കുറിച്ചുള്ള ഭയവും സൂക്ഷ്മതയും! ഇബ്‌റാഹീം(അ) പറഞ്ഞുവെന്ന് സ്വയം പറയുന്ന ഈ ‘കളവുകള്‍’ എന്താണ്? ഏതായിരുന്നാലും അദ്ദേഹം എണ്ണിപ്പറയുന്ന മൂന്ന് സംഭവം ഏതെന്ന് കാണുക. അപ്പോള്‍  നമുക്ക് മനസ്സിലാകും, അത് കളവല്ലെന്ന്. ഒന്ന്, ഉത്സവത്തിന് ക്ഷണിച്ചപ്പോള്‍ അദ്ദേഹം അതിന് വിസമ്മതിച്ചു. കാരണം പറഞ്ഞത് ‘എനിക്ക് രോഗമാണ്’ എന്നാണ്.

‘എനിക്ക് രോഗമാണ്’ എന്ന പ്രയോഗം ദ്വയാര്‍ഥമുള്ളതാണ്. അക്ഷരാര്‍ഥത്തില്‍ പറഞ്ഞതല്ല. പണ്ഡിതന്മാര്‍ പറയുന്നത് കാണുക:

‘നിങ്ങളുടെ വഴികേട് കാണുമ്പോള്‍ ഞാന്‍ രോഗിയാണ് (എനിക്ക് സുഖമില്ല). നിങ്ങളിലെ അര്‍ഥശൂന്യതയും അല്ലാഹുവിലുള്ള അവിശ്വാസവും യാതൊരു ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത ഈ വിഗ്രഹങ്ങളെ ആരാധിക്കുന്നത് കാണുന്നതിലും എനിക്ക് രോഗമാണ്. അല്ല ഈ വിഗ്രഹങ്ങള്‍ ഉപദ്രവം ചെയ്യും ഉപകാരം ചെയ്യില്ല… ഇത് തൗരിയത്തില്‍(ദ്വയാര്‍ഥപ്രയോഗം) പെട്ടതാണ്; കളവില്‍ പെട്ടതല്ല. (ഉപദ്രവം ചെയ്യുമെന്ന് പറഞ്ഞത് ഇവ കാരണം നരകം നല്‍കപ്പെടുമെന്നതാണ് വിവക്ഷ). അപ്പോള്‍ അദ്ദേഹം നടത്തിയ ഈ ഒരു പരാമര്‍ശം വാസ്തവത്തില്‍ കളവല്ല. 

ഇബ്‌റാഹീം(അ) പറഞ്ഞുവെന്ന് സ്വയം പറയുന്ന രണ്ടാമത്തെ കളവ്: അദ്ദേഹം വിഗ്രഹങ്ങളെയെല്ലാം തച്ചുടച്ചു. ഉത്സവം കഴിഞ്ഞ് ജനങ്ങള്‍ തിരിച്ച് വന്നപ്പോള്‍ ആരാധനാലയത്തില്‍ വലിയ വിഗ്രഹമൊഴിച്ച് ബാക്കിയുള്ളതെല്ലാം നിലം പൊത്തിയതായിട്ടാണ് അവര്‍ കാണുന്നത്. വലിയ വിഗ്രഹത്തിന്റെ തോളില്‍ ഒരു കോടാലിയും. അവര്‍ അന്വേഷിച്ചു; ആരാണിത് ചെയ്തത്? ചിലര്‍ പറഞ്ഞു: ഇബ്‌റാഹീം എന്ന് പറയുന്ന ചെറുപ്പക്കാരന്‍ അതിനെക്കുറിച്ച് സംസാരിച്ചിരുന്നു… അങ്ങനെ അവര്‍ ഇബ്‌റാഹീം(അ)നോട് ചോദിച്ചു; നീയാണോ ഇബ്‌റാഹീമേ, ഇത് ചെയ്തത് എന്ന്. അദ്ദേഹം പറഞ്ഞു: ആ വലിയവനാകും. നിങ്ങള്‍ ഈ ചെറിയവയെ ആരാധിക്കുന്നത് കണ്ടിട്ട് അതിന്റെ ഈര്‍ഷ്യത കൊണ്ട് അവന്‍ ചെയ്തതാകും. അതില്‍ അവര്‍ക്കൊരു സന്ദേശം അദ്ദേഹം കൈമാറി. അല്ലാഹുവാകുന്ന ലോകരക്ഷിതാവിനെ വിട്ട് സൃഷ്ടികളിലേക്ക് തിരിയുന്നത് അല്ലാഹുവിന് കോപമുണ്ടാക്കുന്നതാണെന്ന സന്ദേശം. ശരി, ഈ മറുപടി അവരുടെ അന്ധവിശ്വാസത്തെ പരിഹസിക്കുന്നതായിരുന്നു. തീര്‍ന്നില്ല, ഇത്രകൂടി പറഞ്ഞു: ‘അവ സംസാരിക്കുമെങ്കില്‍ ഒന്ന് ചോദിച്ചു നോക്കൂ…’ ആരെയും ചിന്തിപ്പിക്കുന്ന വല്ലാത്തൊരു ചോദ്യം. അതെ, അത് അവരെ ചിന്തിപ്പിച്ചു. വാസ്തവത്തില്‍ ഇതൊരു കളവല്ല. അവരുടെ വിശ്വാസത്തിലെ നിരര്‍ഥകത തെളിയിക്കാന്‍ ഉപയോഗിച്ച ഒരു യുക്തിയായിരുന്നു അത്.

മൂന്നാമത്തെത് അദ്ദേഹത്തിന്റെ പത്‌നി സാറ(റ)യുടെ വിഷയത്തിലായിരുന്നു. അവിടുത്തെ ആദ്യ ഇണയാണല്ലോ സാറ(റ). അവരെയും കൂട്ടി അദ്ദേഹം ഒരു നാട്ടിലേക്ക് യാത്ര പോവുകയാണ്. ആ നാട്ടില്‍ ധിക്കാരിയായ, സ്വേച്ഛാധിപതിയായ, തെമ്മാടിയായ ഒരു ഭരണാധികാരിയാണ് ഭരിച്ചിരുന്നത്. ആ രാജാവിന് ഒരു നിയമമുണ്ട്. ആ നാട്ടില്‍ ഒരു സുന്ദരി വന്നാല്‍ അയാളുടെ പട്ടാളത്തെ വിട്ട് രാജാവിന്റെ അടുത്തേക്ക് വരുത്തിക്കുകയും അവളെ പ്രാപിക്കുകയും അവളെ സ്വന്തമാക്കുകയും ചെയ്യും. ഈ രാജാവ് ഭരിക്കുന്ന നാട്ടിലേക്കാണ് തന്റെ സുന്ദരിയായ ഇണ സാറ(റ)യെയുമായി ഇബ്‌റാഹീം(അ) പോകുന്നത്. അവിടെ എത്തുന്നതിന് മുമ്പായിത്തന്നെ സാറ(റ)യോട് ഇബ്‌റാഹീം(അ) പറഞ്ഞു: ‘ആ ദുഷ്ടനായ ഭരണാധികാരി നീ എന്റെ ഇണയാണെന്ന് അറിഞ്ഞാല്‍ നിന്റെ കാര്യത്തില്‍ എന്നെ അതിജയിച്ച് നിന്നെ നശിപ്പിക്കും. നിന്നോട് അയാള്‍ ചോദിച്ചാല്‍ (ഇണയാണെന്ന് പറയരുത്) നീ എന്റെ സഹോദരിയാണെന്ന് പറയണം. സത്യം തന്നെയാണത്. കാരണം ഇസ്‌ലാമില്‍ തീര്‍ച്ചയായും നീ എന്റെ സഹോദരിയാണല്ലോ. ഈ നാട്ടില്‍ ഞാനും നീയുമല്ലാതെ ഒരു മുസ്‌ലിമുള്ളത് എനിക്കറിയില്ല.’ (വിശ്വാസികള്‍ പരസ്പരം സഹോദരങ്ങളാണല്ലോ). ഇങ്ങനെയെല്ലാം പറയണം എന്ന് അദ്ദേഹം അവരെ ഉപദേശിച്ചു.

ഇബ്‌റാഹീം(അ) തന്റെ സാറയെയുമായി ആ നാട്ടില്‍ എത്തിയപ്പോള്‍ രാജാവിന് വിവരം കിട്ടി. പട്ടാളക്കാര്‍ രാജാവിനോട് ചെന്ന് പറഞ്ഞു: ‘താങ്കളുടെ നാട്ടില്‍ ഒരു പെണ്ണ് വന്നിട്ടുണ്ട്. അവളെ താങ്കള്‍ക്കല്ലാതെ യോജിക്കില്ല (അവളെ ഞങ്ങള്‍ ഇങ്ങോട്ട് എത്തിക്കട്ടെയോ).’ 

രാജാവ് തന്റെ കിങ്കരന്മാെര ഉടനെ പറഞ്ഞയച്ചു. സാറ(റ)യെ അവിടേക്ക് വരുത്തി. സാറയെ കൊണ്ടു പോയപ്പോള്‍ മഹാനായ ഇബ്‌റാഹീം(അ)ന്റെ മനസ്സ് വല്ലാതെ വിഷമിച്ചു. (മനസ്സ് വിഷമിക്കുമ്പോള്‍ എന്ത് ചെയ്യണം എന്നതിന് മാതൃക നമുക്കിതിലുണ്ട്). ഇബ്‌റാഹീം(അ) നമസ്‌കരിക്കുവാനായി നിന്നു. അല്ലാഹുവിനോട് തന്റെ വിഷമം ബോധിപ്പിക്കുകയാണ്. തന്റെ പ്രിയതമയെ ആ ദുഷ്ടന്മാര്‍ കൊണ്ടു പോയിട്ടുണ്ട്. അവള്‍ക്ക് യാതൊന്നും സംഭവിക്കാതിരിക്കാന്‍ അല്ലാഹുവിനോട് ദുആ ചെയ്യുകയാണ്. രാജാവിന്റെ കൊട്ടാരത്തിലേക്ക് സുന്ദരിയായ സാറ ബീവി പ്രവേശിച്ചപ്പോള്‍ ആ ദുഷ്ടന്റെ നിയന്ത്രണം നഷ്ടപ്പെടുകയും അവരിലേക്ക് അവന്റെ കൈ നീളുകയും ചെയ്തു. അപ്പോള്‍ അയാളുടെ കൈ ശക്തമായി ഒട്ടിച്ചേര്‍ന്നു. അവരെ പ്രാപിക്കാനായി നീട്ടിയ കൈക്ക് ചലനമില്ലാതെയായി. അവസാനം അയാള്‍ സാറ ബീവിയോട് അപേക്ഷിക്കുകയാണ് ഒന്ന് അല്ലാഹുവിനോട് നീ പ്രാര്‍ഥിക്കണം; എന്റെ കൈ ഒന്ന് മോചിക്കപ്പെടാന്‍. നിനക്ക് ഞാന്‍ ഒരു ഉപദ്രവവും വരുത്തുന്നതല്ല എന്ന്. അന്നേരം സാറ(റ) വുദൂഅ് ചെയ്ത് നമസ്‌കരിച്ചു. എന്നിട്ട് ഇപ്രകാരം ദുആ ചെയ്തു: ‘അല്ലാഹുവേ, ഞാന്‍ നിന്നിലും നിന്റെ റസൂലിലും വിശ്വസിച്ചവാളാണെങ്കില്‍ എന്റെ ഗുഹ്യസ്ഥാനത്തെ എന്റെ ഇണയ്ക്കല്ലാതെ ഞാന്‍ സമര്‍പിച്ചിട്ടില്ല. (എന്റെ ഈമാനിനെ മുന്‍ നിറുത്തിക്കൊണ്ട് ഞാന്‍ ചോദിക്കുകയാണ്) ഈ കാഫിറിന് എന്റെ മേല്‍ അധികാരം നല്‍കല്ലേ.’ പ്രാര്‍ഥനയുടെ ഫലമായി കൈകള്‍ ഒന്ന് അയഞ്ഞു. അപ്പോള്‍ അവന്‍ വീണ്ടും അവരെ പ്രാപിക്കാന്‍ തിരിഞ്ഞു. നേരത്തെ അനുഭവപ്പെട്ട അതേ അവസ്ഥ വീണ്ടും അനുഭവപ്പെട്ടു. വീണ്ടും അല്ലാഹുവിനോട് ഇതില്‍ നിന്നുള്ള മോചനത്തിനായി പ്രാര്‍ഥിക്കാനായി സാറ ബീവിയോട് അയാള്‍ ആവശ്യപ്പെട്ടു. അവര്‍ പ്രാര്‍ഥിച്ചു. കൈക്ക് മോചനം കിട്ടി. മൂന്നാമതും അയാള്‍ അവരെ പ്രാപിക്കുവാനായി ഒരുങ്ങിയപ്പോള്‍ നേരത്തെ രണ്ട് തവണ ഉണ്ടായതിനെക്കാളും കടുത്ത അവസ്ഥയുണ്ടായി. ‘അല്ലാഹുവിനോട് ഒന്നുകൂടി പ്രാര്‍ഥിക്കണം. ഇനി ഞാന്‍ നിന്നെ ഉപദ്രവിക്കില്ല’ എന്ന് ആവര്‍ത്തിച്ചു. അങ്ങനെ അവര്‍ അത് ചെയ്തു. അയാളുടെ കൈക്ക് മോചനം കിട്ടി. എന്നിട്ട് അവരെ കൊണ്ടുവന്നവനോട് അയാള്‍ പറഞ്ഞു: ‘തീര്‍ച്ചയായും നീ എന്റെടുത്ത് കൊണ്ടുവന്നത് ഒരു മനുഷ്യനെയൊന്നുമല്ല, ഒരു പിശാചിനെയാണ്.’ അയാള്‍ നാട്ടില്‍ നിന്ന് സാറ(റ)യെ പുറത്താക്കുവാന്‍ കല്‍പിക്കുകയും അവര്‍ക്ക് ഹാജറിനെ സമ്മാനമായി നല്‍കുകയും ചെയ്തു. (ഇബ്‌റാഹീം(അ)ന് ലഭിച്ച രണ്ടാമത്തെ ഇണ (ഹാജറ ബീവി) ഈ രാജാവ് സാറക്ക് കൊടുത്ത സമ്മാനമായിരുന്നു). ഹാജറിനെയും കൂട്ടി സാറ ഇബ്‌റാഹീം(അ)ന്റെ അടുത്ത് ചെന്നപ്പോഴും അവിടുന്ന് നമസ്‌കാരത്തിലായിരുന്നു. അദ്ദേഹം അവരോട് ചോദിച്ചു: ‘എന്താണ് സംഭവിച്ചത്?’ അവര്‍ പറഞ്ഞു: ‘നല്ലത് മാത്രം. ആ തെമ്മാടിയുടെ കൈ അല്ലാഹു ഒതുക്കി. ഒരു ഭൃത്യയെ തരികയും ചെയ്തു.’ 

ഈ സംഭവം നമുക്ക് വിവരിച്ച് തന്നത് നബി ﷺ യാണ്. (സ്വഹീഹുല്‍ ബുഖാരിയിലും സ്വഹീഹ് മുസ്‌ലിമിലും ഇത് വന്നിട്ടുണ്ട്). അബൂഹുറയ്‌റ(റ)യാണ് ഇത് ഉദ്ധരിക്കുന്നത്. 

ഇബ്‌റാഹീം നബി(അ)യില്‍ നിന്ന് വന്നു എന്ന് പറയുന്ന മൂന്ന് കളവുകള്‍ ഏതെല്ലാമാണെന്നാണ് നാം വിവരിച്ചത്. ഇതില്‍ ഓരോന്നും വിലയിരുത്തുമ്പോള്‍ അതില്‍ ഒരു കളവ് കണ്ടെത്തുക സാധ്യമല്ല. ഈ മൂന്നാമത്തെ സംഭവം ഒന്ന് നോക്കൂ. സാറയെക്കുറിച്ച് സഹോദരി എന്ന് പറയാന്‍ പറഞ്ഞത് ഒരു കളവാണോ? അല്ല! നാം അത് വിവരിച്ചു. ഒരു സ്ത്രീയെ ഉപദ്രവിക്കുക എന്നത് വലിയ ദ്രോഹമാണല്ലോ. വലിയ ഒരു ദ്രോഹത്തെ ചെറിയ ഒരു കാര്യം കൊണ്ട് തടുക്കുകയാണ് ഇബ്‌റാഹീം(അ) ഇവിടെ ചെയ്തത് എന്നും നമുക്ക് അതിനെക്കുറിച്ച് പറയാം. 

ഈ മൂന്ന് കാര്യത്തിലാണ് ക്വിയാമത്ത് നാളില്‍ അല്ലാഹുവിനെ ഓര്‍ത്ത് പേടിക്കുന്നതെന്ന് പറയുമ്പോള്‍ അദ്ദേഹത്തിന് അല്ലാഹുവിലുള്ള വിശ്വാസവും സൂക്ഷ്മതയും ഭയവും എത്ര ഉണ്ടായിരുന്നെന്ന് നാം മനസ്സിലാക്കണം.

ഇനി നാം പറഞ്ഞു വന്നിരുന്ന ഭാഗത്തേക്ക് മടങ്ങാം. നാട്ടുകാരെല്ലാം ഉത്സവത്തിന് പോയ സന്ദര്‍ഭത്തില്‍ അവിടെയുണ്ടായിരുന്ന വിഗ്രഹങ്ങളെ തകര്‍ത്ത കാര്യം നാം മനസ്സിലാക്കി. അവര്‍ ഉത്സവം കഴിഞ്ഞു തിരിച്ചെത്തി. തങ്ങളുടെ ആരാധ്യരെല്ലാം നിലംപൊത്തി കിടക്കുന്നതാണ് അവര്‍ കാണുന്നത്. ഇബ്‌റാഹീം(അ) ആണ് ഇത് ചെയ്തതെന്ന് അവിടെയുള്ള ചിലര്‍ പറഞ്ഞു. അദ്ദേഹത്തെ പിടികൂടുവാനായി അവര്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് ധൃതിപ്പെട്ടു ചെന്നു. 

”’എന്നിട്ട് അവര്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് കുതിച്ച് ചെന്നു. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ തന്നെ കൊത്തിയുണ്ടാക്കുന്നവയെയാണോ നിങ്ങള്‍ ആരാധിക്കുന്നത്? അല്ലാഹുവാണല്ലോ നിങ്ങളെയും നിങ്ങള്‍ നിര്‍മിക്കുന്നവയെയും സൃഷ്ടിച്ചത്” (37:94-96). 

അവര്‍ ഉത്സവം കഴിഞ്ഞ് തിരിച്ചെത്തിയ രംഗം ക്വുര്‍ആന്‍ മറ്റൊരു സ്ഥലത്ത് വിവരിക്കുന്നത് ഇപ്രകാരമാണ്: ”അവര്‍ പറഞ്ഞു: നമ്മുടെ ദൈവങ്ങളെക്കൊണ്ട് ഇത് ചെയ്തവന്‍ ആരാണ്? തീര്‍ച്ചയായും അവന്‍ അക്രമികളില്‍ പെട്ടവന്‍ തന്നെയാണ്. ചിലര്‍ പറഞ്ഞു: ഇ്ബറാഹീം എന്ന് വിളിക്കപ്പെടുന്ന ഒരു ചെറുപ്പക്കാരന്‍ ആ ദൈവങ്ങളെപ്പറ്റി പരാമര്‍ശിക്കുന്നത് ഞങ്ങള്‍ കേട്ടിട്ടുണ്ട്. അവര്‍ പറഞ്ഞു: എന്നാല്‍ നിങ്ങള്‍ അവനെ ജനങ്ങളുടെ കണ്‍മുമ്പില്‍ കൊണ്ട് വരൂ. അവര്‍ സാക്ഷ്യം വഹിച്ചേക്കാം. അവര്‍ ചോദിച്ചു: ഇബ്‌റാഹീമേ, നീയാണോ ഞങ്ങളുടെ ദൈവങ്ങളെക്കൊണ്ട് ഇതു ചെയ്തത്?  അദ്ദേഹം പറഞ്ഞു: എന്നാല്‍ അവരുടെ കൂട്ടത്തിലെ ഈ വലിയവനാണ് അത് ചെയ്തത്. അവര്‍ സംസാരിക്കുമെങ്കില്‍ നിങ്ങള്‍ അവരോട് ചോദിച്ച് നോക്കൂ! അപ്പോള്‍ അവര്‍ സ്വമനസ്സുകളിലേക്ക് തന്നെ മടങ്ങി. എന്നിട്ടവര്‍ (അനേ്യാന്യം) പറഞ്ഞു: തീര്‍ച്ചയായും നിങ്ങള്‍ തന്നെയാണ് അക്രമകാരികള്‍. പിന്നെ അവര്‍ തലകുത്തനെ മറിഞ്ഞു. (അവര്‍ പറഞ്ഞു:) ഇവര്‍ സംസാരിക്കുകയില്ലെന്ന് നിനക്കറിയാമല്ലോ. അദ്ദേഹം പറഞ്ഞു: അപ്പോള്‍ നിങ്ങള്‍ക്ക് യാതൊരു ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത വസ്തുക്കളെ അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുകയാണോ? നിങ്ങളുടെയും അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നവരുടെയും കാര്യം അപഹാസ്യം തന്നെ. നിങ്ങള്‍ ചിന്തിക്കുന്നില്ലേ? അവര്‍ പറഞ്ഞു: നിങ്ങള്‍ക്ക് (വല്ലതും) ചെയ്യാനാകുമെങ്കില്‍ നിങ്ങള്‍ ഇവനെ ചുട്ടെരിച്ച് കളയുകയും നിങ്ങളുടെ ദൈവങ്ങളെ സഹായിക്കുകയും ചെയ്യുക” (21:59-68). 

ആരാണ് വിഗ്രഹങ്ങളെ ഇപ്രകാരം ചെയ്തതെന്ന് ചോദ്യം ചെയ്യുവാനാണല്ലോ ഇബ്‌റാഹീം നബി(അ)യെ ജന മധ്യത്തില്‍ ഹാജരാക്കിയത്. എന്നാല്‍ അദ്ദേഹം അവരോട് പറഞ്ഞത്, തകര്‍ന്ന് കിടക്കുന്ന ഈ ആരാധ്യരോടും കോടാലി തോളില്‍ തൂക്കിയിട്ട് നില്‍ക്കുന്ന വലിയ വിഗ്രഹത്തോടും ചോദിക്കൂ എന്നാണ്. അത് അവരില്‍ വലിയ ചിന്തക്ക് കാരണമാക്കി. എന്നാല്‍ വീണ്ടും അവര്‍ അവരുടെ അന്ധവിശ്വാസത്തെ ന്യായീകരിച്ചുകൊണ്ട് അവര്‍ സംസാരിക്കില്ലെന്ന് നിനക്കറിയില്ലേ, പിന്നെ എന്തിനാ നീ ഇങ്ങനെയെല്ലാം ചോദിക്കുന്നത് എന്നായി അവര്‍. 

ഇബ്‌റാഹീം നബി(അ)യുടെ ചോദ്യത്തിനു മുന്നില്‍ നിസ്സഹായരായ ജനങ്ങള്‍ മറുപടിയില്ലാതെ ഉഴലുകയാണ്. പക്ഷേ, തിരിച്ചടിക്കണമല്ലോ. അത് ഇപ്രകാരം പറഞ്ഞുകൊണ്ടായിരുന്നു:

”അവര്‍ (അന്യോന്യം) പറഞ്ഞു: നിങ്ങള്‍ അവന്ന് (ഇബ്‌റാഹീമിന്) വേണ്ടി ഒരു ചൂള പണിയുക. എന്നിട്ടവനെ ജ്വലിക്കുന്ന അഗ്‌നിയില്‍ ഇട്ടേക്കുക” (ക്വുര്‍ആന്‍ 37:97).

പ്രമാണങ്ങള്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കുവാന്‍ കഴിയാതെ വരുമ്പോള്‍ സത്യത്തിന്റെ ശബ്ദം കേള്‍ക്കാതിരിക്കുവാന്‍ പിന്നെയുള്ളതാണ് കയ്യൂക്ക് കാണിക്കല്‍. അത് അദ്ദേഹത്തിനെതിരിലും നടന്നു. ഇത് എല്ലാ കാലത്തും നടന്നതും ഇന്നും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതുമായ കാര്യമാണ്.

സ്വന്തം ആരാധ്യരെ സഹായിക്കുവാന്‍ വിധിക്കപ്പെട്ടവരാണല്ലോ ബഹുദൈവാരാധകര്‍! അല്ലാഹു അല്ലാത്ത ആരാധിക്കപ്പെടുന്ന എന്തും അവയുടെ പ്രകൃതത്തില്‍ ഒതുങ്ങാത്ത ഒരു കഴിവും ഉള്ളവരല്ല. പിന്നെ എങ്ങനെയാണ് അല്ലാഹുവിനെ കൂടാതെ മറ്റൊരു ആരാധ്യനുണ്ടാവുക? അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്നവയായി എന്തെല്ലാമുണ്ടോ അവര്‍ മറ്റുള്ളവരുടെ സഹായം ആവശ്യമുള്ളവരാണ്. ബഹുദൈവാരാധകനായ ഒരു അറബി തന്റെ ബഹൂദൈവ വിശ്വാസം ഒഴിവാക്കിയത് ഒരു ഈരടിയിലൂടെ പറഞ്ഞത് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ഇയാള്‍ നടന്നു പോകുമ്പോള്‍ താന്‍ ആരാധിക്കുന്ന വിഗ്രഹത്തിന് മുകളില്‍ മൂത്രിക്കുന്ന ഒരു കുറുക്കനെ കാണുന്നു. തന്റെ ആരാധ്യന്റെ നിസ്സഹായതയും അതിന്റെ ദൗര്‍ബല്യവും മനസ്സിലാക്കി അയാള്‍ ഏകദൈവാരാധകനായി. ആ വരികളുടെ ആശയം ഇതാണ്:

”തന്റെ തലയില്‍ കുറുക്കന്‍ മൂത്രിച്ചവന്‍ റബ്ബാകുമോ? ഏതൊരുത്തന്റെ മേല്‍ കുറുക്കന്‍ മൂത്രിച്ചുവോ അവന്‍ നിന്ദിക്കപ്പെട്ടിരിക്കുന്നു. അത് റബ്ബായിരുന്നുവെങ്കില്‍ (അതില്‍ നിന്ന്) സ്വന്തത്തെ തടയുമായിരുന്നു. (മറ്റുള്ളവരുടെ) ആവശ്യങ്ങളില്‍ കരയുന്ന റബ്ബില്‍ നന്മയില്ല. (അതിനാല്‍) ഭൂമിയിലുള്ള മുഴുവന്‍ വിഗ്രഹങ്ങളില്‍ നിന്നും ഞാന്‍ ഒഴിഞ്ഞു മാറുകയാണ്. എല്ലാത്തിനെയും അതിജയിക്കുന്ന അല്ലാഹുവില്‍ ഞാന്‍ വിശ്വസിക്കുകയും ചെയ്യുന്നു.” അല്ലാഹുവിന് പുറമെ പ്രാര്‍ഥിക്കപ്പെടുന്നവരുടെയെല്ലാം അവസ്ഥ ഈ ഈരടിയിലുണ്ട്.

അവര്‍ ഇബ്‌റാഹീം നബി(അ)യെ കരിച്ചുകളയുവാന്‍ മെനഞ്ഞ കുതന്ത്രത്തെക്കുറിച്ച് അല്ലാഹു പറയുന്നത് കാണുക: ”അവരാല്‍ കഴിയുന്ന തന്ത്രം അവര്‍ പ്രയോഗിച്ചിട്ടുണ്ട്. അല്ലാഹുവിങ്കലുണ്ട് അവര്‍ക്കായുള്ള തന്ത്രം” (ക്വുര്‍ആന്‍ 14:46).

”അങ്ങനെ അദ്ദേഹത്തിന്റെ കാര്യത്തില്‍ അവര്‍ ഒരു തന്ത്രം ഉദ്ദേശിച്ചു. എന്നാല്‍ നാം അവരെ ഏറ്റവും അധമന്‍മാരാക്കുകയാണ് ചെയ്തത്” (ക്വുര്‍ആന്‍ 37:98). 

ഹുസൈന്‍ സലഫി
നേർപഥം വാരിക

നമസ്‌ക്കാരം നബിചര്യയിലൂടെ

നമസ്‌ക്കാരം നബിചര്യയിലൂടെ

ജറീർ(റ) നിവേദനം: “നമസ്കാരം നിലനിർത്തുവാനും, സകാത്ത്‌ നൽകുവാനും, എല്ലാമുസ്ലീംകൾക്കും ഗുണം കാംക്ഷിക്കുവാനും നബി(സ)ക്ക്‌ ഞാൻ ബൈഅത്ത്‌ (പ്രതിഞ്ജാ ഉടമ്പടി) ചെയ്യുകയുണ്ടായി”. (ബുഖാരി)

അനസ്(റ) നിവേദനം: “അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു: ‘നാം നമസ്കരിക്കുന്നതുപോലെ നമസ്കരിക്കുകയും നമ്മുടെ ഖിബലയെ ഖിബലയാക്കുകയും നാം അറുത്തത് ഭക്ഷിക്കുകയും ചെയ്യുന്നവനാരോ അവനത്രേ മുസ്ലീം. അവന്ന് അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും സംരക്ഷണ ബാധ്യതയുണ്ട്. അതുകൊണ്ട് അല്ലാഹുവിന്റെ സംരക്ഷണ ബാധ്യതയില്‍ നിങ്ങള്‍ ലംഘനം പ്രവര്‍ത്തിക്കരുത്”. (ബുഖാരി)

അബ്ദുല്ല(റ) നിവേദനം: “പ്രവർത്തനങ്ങളിൽ അല്ലാഹുവിന്‌ ഏറ്റവും ഇഷ്ടപ്പെട്ടത്‌ ഏതെന്ന് തിരുമേനി (സ)യോട്‌ ഞാൻ ചോദിച്ചു. തിരുമേനി (സ) അരുളി: “സമയത്ത്‌ നമസ്കരിക്കുന്നത്‌ തന്നെ. പിന്നീട്‌ ഏതെന്ന്‌ ഞാൻ ചോദിച്ചു. തിരുമേനി(സ) അരുളി: “മാതാപിതാക്കൾക്ക്‌ നന്മ ചെയ്യൽ. പിന്നീട്‌ ഏതെന്ന്‌ ഞാൻ ചോദിച്ചു. തിരുമേനി(സ) അരുളി: “അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ജിഹാദ്ചെയ്യൽ”. അബ്ദുല്ല(റ) പറയുന്നു: “ഇക്കാര്യങ്ങളെല്ലാം തിരുമേനി(സ) എന്നോട്‌ അരുളിയതാണ്‌.തിരുമേനി(സ)യോട്‌ ഞാൻ കൂടുതൽ ചോദിച്ചിരുന്നെങ്കിൽ തിരുമേനി(സ) എനിക്ക്‌ വർദ്ധനവ് നൽകുമായിരുന്നു”. (ബുഖാരി)

ഒരു വിശ്വാസിയുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ആരാധനയാണ് അഞ്ച് നേരത്തെ നമസ്‌ക്കാരം. മുസ്‌ലിമിന്റെ തിരിച്ചറിയൽ രേഖ കൂടിയാണ് നമസ്‌ക്കാരം. ഒരു പള്ളിയിലെ തന്നെ ആളുകളുടെ നമസ്‌ക്കാരം വീക്ഷിച്ചാൽ മിക്കവാറും ഭിന്നമായ രീതിയിൽ തന്നെയായിരിക്കും അവരുടെ ഓരോരുത്തരുടെയും നമസ്‌ക്കാരം. പ്രവാചക ചര്യയിലൂടെ നമസ്‌ക്കാരത്തിലേക്ക് ഒരു സൂക്ഷ്‌മമായ കാൽവെപ്പാണ് ഈ ലേഖനം കൊണ്ടുദ്ദേശിക്കുന്നത്. ഏതൊരു ആരാധന കർമ്മങ്ങൾ ചെയ്യുമ്പോളും നേരായ ഉദ്ദേശശുദ്ധി ഉണ്ടെങ്കിലേ അത് അല്ലാഹു സ്വീകരിക്കൂ. ആരെങ്കിലും താൻ വലിയ നമസ്‌ക്കാരക്കാരനാണെന്നോ നോമ്പുകാരനാണെന്നോ ദാന ധർമ്മിയാണെന്നോ ജനത്തെ ധരിപ്പിക്കാൻ ഉദ്ദേശിച്ചാൽ അത് അല്ലാഹുവിന്റെ അടുക്കൽ സ്വീകാര്യമായ ഒരു കർമ്മമാകില്ല. അതിനാലാണ് റസൂൽ [സ] പറഞ്ഞത് “ഉദ്ദേശങ്ങളനസരിച്ചു മാത്രമാണ് കർമ്മങ്ങളുടെ മൂല്യം. ഓരോ മനുഷ്യനും അവൻ ഉദ്ദേശിച്ചത് ലഭിക്കുന്നു”. [ബുഖാരി 1]

അപ്പോൾ, ഉദ്ദേശ്യ ശുദ്ധി ഇല്ലെങ്കിൽ അല്ലാഹു അമലുകൾ സ്വീകരിക്കില്ല. അതിനാൽ നമസ്‌ക്കരിക്കുമ്പോൾ നേരായ ഉദ്ദേശശുദ്ധി [നിയ്യത് ] വേണം. നാവുകൊണ്ട് ഒന്ന് ഒരുവിടുകയും ഹൃദയത്തിൽ മറ്റൊന്ന് വിചാരിക്കുകയും ചെയ്‌താൽ അല്ലാഹു സ്വീകരിക്കില്ല. നിയ്യത്തായി നബി [സ ] പ്രത്യേകിച്ചു ഒന്നും തന്നെ പഠിപ്പിച്ചിട്ടില്ല. അതിനാൽ അല്ലാഹുവിന്റെ വജ്ഹ് ഉദ്ദേശിച്ചു നമസ്‌കരിക്കുക .

നിയ്യത്ത്

قَوْلُهُ وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى قَالَ الْقُرْطُبِيُّ فِيهِ تَحْقِيقٌ لِاشْتِرَاطِ النِّيَّةِ وَالْإِخْلَاصِ فِي الْأَعْمَالِ فَجَنَحَ إِلَى أَنَّهَا مُؤَكَّدَةٌ.

ഇമാം ഖുർതുബി പറയുന്നു: നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം ” വ ഇന്നമാ ലി കുല്ലി ഇമ്രിഇൻ മാ നവാ -എല്ലാ ഓരോരുത്തർക്കും അവർ കരുതിയത്‌ ഉണ്ടാകും /ലഭിക്കും എന്ന് പറയുന്നതിനാൽ നിയ്യത്ത്/ഉദ്ദേശ്യം കർമ്മത്തിന്റെ ഒരു ഉപാധിയാണെന്നും കർമ്മങ്ങളിൽ ഇഖ്ലാസ്വ് അത്യാവശ്യമാണെന്നും മനസ്സിലാക്കാം.

وَقَالَ غَيْرُهُ بَلْ تُفِيدُ غَيْرَ مَا أَفَادَتْهُ الْأُولَى لِأَنَّ الْأُولَى نَبَّهَتْ عَلَى أَنَّ الْعَمَلَ يَتْبَعُ النِّيَّةَ وَيُصَاحِبُهَا فَيَتَرَتَّبُ الْحُكْمُ عَلَى ذَلِكَ وَالثَّانِيَةُ أَفَادَتْ أَنَّ الْعَامِلَ لَا يحصل لَهُ الا مَا نَوَاه.

നിയ്യത്ത്/ഉദ്ദേശ്യ ശുദ്ധി ഇല്ലാതെ ചെയ്യുന്ന കർമ്മത്തിന് അതിന്റെ പ്രതിഫലം ലഭിക്കില്ല.

وَقَالَ بن دَقِيقِ الْعِيدِ الْجُمْلَةُ الثَّانِيَةُ تَقْتَضِي أَنَّ مَنْ نَوَى شَيْئًا يَحْصُلُ لَهُ يَعْنِي إِذَا عَمِلَهُ بِشَرَائِطِهِ أَوْ حَالَ دُونَ عَمَلِهِ لَهُ مَا يُعْذَرُ شَرْعًا بِعَدَمِ عَمَلِهِ وَكُلُّ مَا لَمْ يَنْوِهِ لَمْ يَحْصُلْ لَهُ وَمُرَادُهُ بِقَوْلِهِ مَا لَمْ يَنْوِهِ أَيْ لَا خُصُوصًا وَلَا عُمُومًا

ഇബ്നു ദഖീഖ് അൽ ഈദ് പറയുന്നു: “ഒരാള്‍ ഒരു കർമ്മം ഉദ്ദേശ്യ ശുദ്ധിയോടെ ചെയ്യുക എന്നാൽ അത് അതിന്റെ എല്ലാ ശർതുകളും പാലിച്ചു ചെയ്യുക എന്നാണ്. ഉദ്ദേശ്യം /നിയ്യത്ത് ഇല്ലാതെ കർമ്മം പ്രവർത്തിക്കുമ്പോൾ അയാൾ ആ കർമ്മം ചെയ്തു എന്ന് പറയാമെങ്കിലും അത് പ്രതിഫലാർഹമാവില്ല. ഇവിടെ ഇബ്നു ദഖീഖ് ഉദ്ദേശ്യം/നിയ്യത് എന്ന് പറഞ്ഞത് പൊതുവായ ഒരു നിയ്യത്തോ പ്രത്യേകമായ നിയ്യത്തോ ആണ്.

أَمَّا إِذَا لَمْ يَنْوِ شَيْئًا مَخْصُوصًا لَكِنْ كَانَتْ هُنَاكَ نِيَّةٌ عَامَّةٌ تَشْمَلُهُ فَهَذَا مِمَّا اخْتَلَفَتْ فِيهِ أَنْظَارُ الْعُلَمَاءِ وَيَتَخَرَّجُ عَلَيْهِ مِنَ الْمَسَائِلِ مَا لَا يُحْصَى وَقَدْ يَحْصُلُ غَيْرُ الْمَنْوِيِّ لِمُدْرَكٍ آخَرَ كَمَنْ دَخَلَ الْمَسْجِدَ فَصَلَّى الْفَرْضَ أَوِ الرَّاتِبَةَ قَبْلَ أَنْ يَقْعُدَ فَإِنَّهُ يَحْصُلُ لَهُ تَحِيَّةُ الْمَسْجِدِ نَوَاهَا أَوْ لَمْ يَنْوِهَا لِأَنَّ الْقَصْدَ بِالتَّحِيَّةِ شَغْلُ الْبُقْعَةِ وَقَدْ حَصَلَ وَهَذَا بِخِلَافِ مَنِ اغْتَسَلَ يَوْمَ الْجُمُعَةِ عَنِ الْجَنَابَةِ فَإِنَّهُ لَا يَحْصُلُ لَهُ غُسْلُ الْجُمُعَةِ عَلَى الرَّاجِحِ لِأَنَّ غُسْلَ الْجُمُعَةِ يُنْظَرُ فِيهِ إِلَى التَّعَبُّدِ لَا إِلَى مَحْضِ التَّنْظِيفِ فَلَا بُدَّ فِيهِ مِنَ الْقَصْدِ إِلَيْهِ بِخِلَافِ تَحِيَّةِ الْمَسْجِدِ وَاللَّهُ أَعْلَمُ.

ഇനി ഒരാൾ ഒരു കർമ്മത്തിന് പ്രത്യേകമായി നിയ്യത്ത് ചെയ്തില്ല; എന്നാൽ പൊതുവായ/മൊത്തത്തിലുള്ള ഒരു നിയ്യത്ത് ഉണ്ട് എങ്കിൽ അത് സംബന്ധിച്ച് ഉലമാക്കൾ വ്യത്യസ്ത മസ്അലകൾ പറയുന്നുണ്ട്. ചില ഘട്ടങ്ങളിൽ പ്രത്യേക നിയ്യത്ത് ഇല്ലാതെയും കർമ്മത്തിനു പ്രതിഫലം ലഭിക്കും. ഉദാഹരണമായി, ഒരാൾ പള്ളിയിൽ/മസ്ജിദിൽ പ്രവേശിക്കുകയും ഇരിക്കുന്നതിനു മുമ്പ് ഫർദോ റവാതിബു സുന്നത്തോ നിസ്ക്കരിക്കുകയും ചെയ്‌താൽ അയാൾ തഹിയ്യതിന്റെ നിയ്യത്ത് വച്ചാലും ഇല്ലെങ്കിലും തഹിയ്യത് നിസ്ക്കാരം അയാൾക്ക്‌ ലഭിക്കും. എന്നാൽ ഒരാൾ വെള്ളിയാഴ്ച ദിവസം ജനാബതു കുളി കുളിച്ചാൽ -ജുമുഅയുടെ സുന്നത് കുളിയുടെ നിയ്യത് കരുതാതെ- ജുമുഅയുടെ സുന്നത് കുളി അയാൾക്ക്‌ ലഭിക്കില്ല എന്നതാണ് പ്രബലമായ/റാജിഹായ അഭിപ്രായം. അല്ലാഹു ഏറ്റവും അറിയുന്നവൻ.

وَقَالَ بن السَّمْعَانِيِّ فِي أَمَالِيهِ أَفَادَتْ أَنَّ الْأَعْمَالَ الْخَارِجَةَ عَنِ الْعِبَادَةِ لَا تُفِيدُ الثَّوَابَ إِلَّا إِذَا نَوَى بِهَا فَاعِلُهَا الْقُرْبَةَ كَالْأَكْلِ إِذَا نَوَى بِهِ الْقُوَّةَ عَلَى الطَّاعَةِ.

ഇബ്നു സ്സംആനി പറയുന്നു: “അടിസ്ഥാനപരമായി ഇബാദതു/ആരാധന അല്ലാത്ത പ്രവർത്തികൾ നല്ല നിയ്യത്തോടെ ചെയ്തില്ലെങ്കിൽ പ്രതിഫലാർഹമാവില്ല .ഉദാഹരണമായി, ഭക്ഷണം കഴിക്കുന്നത്‌ കൊണ്ട് ആരാധന /ഇബാദതു ചെയ്യാനുള്ള കഴിവ് /ഖുവ്വത് ഉണ്ടാവുക എന്ന നല്ല നിയ്യത്ത് ഇല്ലെങ്കിൽ ഭക്ഷണം കഴിക്കുന്നതിനു പ്രതിഫലം ലഭിക്കില്ല.

നമസ്ക്കാരാരംഭം

തക്ബീറത്തുൽ ഇഹ്റാം

തക്ബീർ ചൊല്ലി കൈകൾ ഇരു ഷോൾഡറുകൾക് ഒപ്പം ഉയർത്തി രണ്ടു ചെവികൾക്കും നേരെ കൈപ്പടം ഉയർത്തി തക്ബീർ ചൊല്ലിയശേഷം കൈകൾ തന്റെ ഇടതു കൈപ്പത്തിയുടെ മീതെ വലതു കൈപത്തിയായികൊണ്ട് പിടിക്കുക. എന്നിട്ട് നെഞ്ചിൽ വെക്കുക.

حَدَّثَنِي مُحَمَّدُ بْنُ رَافِعٍ، حَدَّثَنَا عَبْدُ الرَّزَّاقِ، أَخْبَرَنَا ابْنُ جُرَيْجٍ، حَدَّثَنِي ابْنُ شِهَابٍ، عَنْ سَالِمِ بْنِ عَبْدِ اللَّهِ، أَنَّ ابْنَ عُمَرَ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم إِذَا قَامَ لِلصَّلاَةِ رَفَعَ يَدَيْهِ حَتَّى تَكُونَا حَذْوَ مَنْكِبَيْهِ ثُمَّ كَبَّرَ فَإِذَا أَرَادَ أَنْ يَرْكَعَ فَعَلَ مِثْلَ ذَلِكَ وَإِذَا رَفَعَ مِنَ الرُّكُوعِ فَعَلَ مِثْلَ ذَلِكَ وَلاَ يَفْعَلُهُ حِينَ يَرْفَعُ رَأْسَهُ مِنَ السُّجُودِ ‏.‏

നബി(സ) നമസ്ക്കരത്തിന്നു നിന്നാല്‍ കൈകള്‍ ഉയര്‍ത്തി തക്ബീര്‍ ചൊല്ലുമായിരുന്നു, റുകൂഇലും ഉയരുമ്പോഴും ഇത് ചെയ്യുമായിരുന്നു (കൈകള്‍ ഉയര്‍ത്തല്‍). പക്ഷെ സുജൂദില്‍ നിന്നു തല ഉയര്‍ത്തുമ്പോള്‍ ഇത് ചെയ്തില്ല.

عَنْ عَبْدِ اللَّهِ بْنِ عُمَرَ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم إِذَا قَامَ إِلَى الصَّلاَةِ رَفَعَ يَدَيْهِ حَتَّى تَكُونَا حَذْوَ مَنْكِبَيْهِ ثُمَّ كَبَّرَ

عَنْ وَائِلِ بْنِ حُجْرٍ، قَالَ قُلْتُ لأَنْظُرَنَّ إِلَى صَلاَةِ رَسُولِ اللَّهِ صلى الله عليه وسلم كَيْفَ يُصَلِّي قَالَ فَقَامَ رَسُولُ اللَّهِ صلى الله عليه وسلم فَاسْتَقْبَلَ الْقِبْلَةَ فَكَبَّرَ فَرَفَعَ يَدَيْهِ حَتَّى حَاذَتَا أُذُنَيْهِ

വാഇൽ ഇബ്ൻ ഹുജർ [റ] നിന്ന്: “ഞാൻ നബിയുടെ നമസ്കാരം നോക്കി നിന്നു. നബി [സ] ഖിബലക്ക് അഭിമുഖമായി നിന്നു. എന്നിട്ട് തക്ബീർ ചൊല്ലി തന്റെ കൈകൾ ചെവികൾക്ക് മുന്നിലായി ഉയർത്തി …” [അബൂദാവൂദ് 726]

കൈ കെട്ടേണ്ടത്

عَنْ سَهْلِ بْنِ سَعْدٍ، قَالَ كَانَ النَّاسُ يُؤْمَرُونَ أَنْ يَضَعَ الرَّجُلُ الْيَدَ الْيُمْنَى عَلَى ذِرَاعِهِ الْيُسْرَى فِي الصَّلاَةِ‏

സഹൽ ഇബ്ൻ സഅദ് [റ] നിന്നു നിവേദനം: “നമസ്കാരത്തിൽ വലതു കൈ ഇടതു കൈയുടെ മുകളിൽ വെക്കാൻ നബി [സ] കൽപ്പിക്കാറുണ്ടായിരുന്നു.” [ ബുഖാരി 740]

عن موسى ابن اسماعيل عن حماد بن سلمة عن عاصم الجحدري عن أبيه عن عقبة ابن ظبيان عن علي وضع اليد اليمنى على الساعد الأيسر ثم وضعه على صدره ” . تاريخ الكبير 3061

2332 بيهكي

“തന്റെ വലതു കൈ ഇടതു കൈയ്യുടെ മധ്യത്തിൽ വെച്ച് അവ രണ്ടും നമസ്കാരത്തിൽ നെഞ്ഞിന്മേൽ വെക്കുക” [താരീഖ് ബുഖാരി 3061, സുനനുൽ കുബ്‌റാ ബെഹക്കി 2332, അഹ്‌കാമുൽ ഖുർആൻ ജസ്സാസ് 5/376]

സ്വഹീഹായ സനദോടു കൂടെ വന്നതാണീ നിവേദനം . കൂടാതെ ഇതിനു ഷാഹിദായി മറ്റു പല റിപ്പോർട്ടുകളും

أخبرنا أبو طاهر ، نا أبو بكر ، نا أبو موسى ، نا مؤمل ، نا سفيان ، عن عاصم بن كليب ، عن أبيه ، عن وائل بن حجر قال : ” صليت مع رسول الله – صلى الله عليه وسلم – ، ووضع يده اليمنى على يده اليسرى على صدره .

വാഇൽ ഇബ്ൻ ഹുജർ [റ] നിന്നു: “നബി [സ്വ] തന്റെ ഇടതു കൈത്തണ്ടയുടെ മീതെ വലത് കൈ നെഞ്ചിന്മേൽ വെച്ചു
[ ഇബ്ൻ ഖുസൈമ 479]

حدثنا يحيى بن سعيد عن سفيان حدثني سماك عن قبيصة بن هلب عن أبيه قال رأيت النبي صلى الله عليه وسلم ينصرف عن يمينه وعن يساره ورأيته قال يضع هذه على صدره وصف يحيى اليمنى على اليسرى فوق المفصل

ഹുൽബുത്താഈ [റ] നിന്നും നിവേദനം: “നബി [സ] തന്റെ ഇടംകയ്യിന്റെ മണികണ്ഡത്തിനു മീതെയായി വലതുകൈ നെഞ്ചിൻമേൽ വെച്ചത് ഞാൻ കണ്ടിട്ടുണ്ട്”
[അഹമ്മദ് 21460]

وأخرج ابن أبي شيبة في المصنف والبخاري في تاريخه، وابن جرير، وابن المنذر، وابن أبي حاتم والدارقطني في الأفراد وأبو الشيخ والحاكم،وابن مردويه والبيهقي في “سننه” عن علي بن أبي طالب في قوله : فصل لربك وانحر قال : وضع يده اليمنى على وسط ساعده اليسرى ثم وضعهما على صدره في الصلاة

ഇമാം സുയൂത്തി(റ) ഉദ്ധരിക്കുന്നു: “ഇബ്ന് അബീശൈബ തന്റെ മുസന്നഫിലും ബുഖാരി തന്റെ താരീഖിലും, ഇബ്ന് ജരീറും ഇബ്നു മുൻദിറും ഇബ്നു അബീ ഹതിമും ദാറുഖുത്നി തന്റെ ഇർഫാദിലും അബു ശൈഖു, ഹാകിം, ഇബ്നു മർദവയ്ഹി മുതലായവരും ബൈഹഖി തന്റെ സുനനിലും അലി(റ) നിന്ന് فصل لربك وانحر എന്ന ആയത്തിന് ഒരാൾ തന്റെ വലതു കൈ ഇടതുകയ്യുടെ മധ്യത്തിൽ വെച്ച് അവ രണ്ടും നമസ്കാരത്തിൽ നെഞ്ഞിന്മേൽ വെക്കുക എന്നർഥം ഉദ്ധരിക്കുന്നു. (ദാറുല് മൻസൂർ 8 /650)

أن علي بن أبي طالبرضي الله عنه قال في قول الله : ( فصل لربك وانحر ) قال : وضع يده اليمنى على وسط ساعده الأيسر ، ثم وضعهما على صدره .

അലി(റ) നിന്ന് [فصل لربك وانحر എന്ന ആയത്തിന്] ഒരാൾ തന്റെ വലതു കൈ ഇടതുകയ്യുടെ മധ്യത്തിൽ വെച്ച് അവ രണ്ടും നമസ്കാരത്തിൽ നെഞ്ഞിന്മേൽ വെക്കുക എന്നാണ് [തഫ്‌സീർ ത്വബരി]

കൈ കെട്ടേണ്ടത് പൊക്കിളിനു താഴെയാണ് എന്ന് അലി [റ]വിൽ നിന്നും ഇമാം അബുദാവൂദും ബെഹഖിയും ദാറുഖുത്‌നിയുമെല്ലാം ഉദ്ധരിക്കുന്നുണ്ട്. പ്രസ്‌തുത ഹദീസിന്റെ സനദ് ദുർബലമാണ്.

حدثنا محمد بن محبوب حدثنا حفص بن غياث عن عبد الرحمن بن إسحق عن زياد بن زيد عن أبي جحيفة أن عليا رضي الله عنه قال من السنة وضع الكف على الكف في الصلاة تحت السرة

അലി [റ] നിന്നു നിവേദനം: “കൈപ്പടം പൊക്കിളിനു താഴെ വെക്കലാണ് സുന്നത്ത്” [അബുദാവൂദും ബെഹഖി, ദാറുഖുത്‌നി, അഹമ്മദ്]

എന്നാൽ പ്രസ്‌തുത ഹദീസ് ദുർബലമാണ്. അതിലെ അബ്ദുറഹ്മാൻ ഇബ്ൻ ഇസഹാക് വാസിഥ്വി ദുർബലനാണ് .

يحيى ابن معين أنه قال: عبد الرحمن بن إسحاق الكوفي ضعيف ليس بشئ.

الجرح والتعديل لابن أبي حاتم5/ 213

ഇബ്ൻ മുഈൻ പറഞ്ഞു ; ദുർബലനാണ്

[ജർഹ് വ തഅദീൽ അബീ ഹാത്തിം 5/213]

أبو زرعة الرازي ليس بقوي، أحمد بن حنبل ليس بشيء منكر الحديث،
يحيى بن معين ضعيف ليس بشيء

ഇമാം അബൂ സർഅത്തു റാസി : “ഇദ്ദേഹം പ്രബലനല്ല”

ഇമാം അഹമ്മദ്: “ഇദ്ദേഹം ഒരു പരിഗണനയും അർഹിക്കുന്നില്ല നിഷിദ്ധമാണിദ്ദേഹത്തിന്റെ ഹദീസുകൾ”

യഹ്‌യ ഇബ്ൻ മുഈൻ : “ദുർബലനാണ്. ഇദ്ദേഹം ഒരു പരിഗണനയും അർഹിക്കുന്നില്ല”

[തഹ്ദീബ് കമാൽ 3754]

അതുപോലെ തന്നെ പൊക്കിളിനു മുകളിലാണ് കൈ വെക്കേണ്ടത് എന്ന ഹദീസം ഇമാം അബൂദാവൂദ് ഉദ്ധരിക്കുന്നുണ്ട് .

حَدَّثَنَا مُحَمَّدُ بْنُ قُدَامَةَ، – يَعْنِي ابْنَ أَعْيَنَ – عَنْ أَبِي بَدْرٍ، عَنْ أَبِي طَالُوتَ عَبْدِ السَّلاَمِ، عَنِ ابْنِ جَرِيرٍ الضَّبِّيِّ، عَنْ أَبِيهِ، قَالَ رَأَيْتُ عَلِيًّا – رضى الله عنه – يُمْسِكُ شِمَالَهُ بِيَمِينِهِ عَلَى الرُّسْغِ فَوْقَ السُّرَّةِ

ജരീർ അദാബി പറയുന്നു : “അലി [റ] നമസ്കാരത്തിൽ ഇടതു കൈയുടെ മുകളിൽ വലതു കൈയായി പൊക്കിളിനു മുകളിൽ വെക്കുന്നത് ഞാൻ കണ്ടു.” [ അബൂദാവൂദ് 757]

എന്നാൽ പ്രസ്‌തുത സംഭവവും തെളിവിന് കൊള്ളില്ല. കാരണം അതിൽ അറിയപ്പെടാത്തവരുണ്ട്.

انّ جريراً والد غزوان مجهول

ബെഹക്കി പറയുന്നു ഒസ്വാന്റെ പിതാവ് ജരീർ മജ്‌ഹുലാണ്
[ബൈഹക്കി 2/ 29]

قال الذهبي: جرير الضبي عن علي وعنه ابنه غزوان لا يعرف

ഇമാം ദഹബി പറയുന്നു : “അലി [റ] നിന്നു ഉദ്ദരിക്കുന്ന ജരീർ ആരെന്നറിയില്ല, മജ്‌ഹൂലാണ്.” [മീസാൻ 1/ 365 , തഹ്ദീബ് അൽ കമാൽ 4/ 552]

ചുരുക്കി പറഞ്ഞാൽ നമസ്കാരത്തിൽ കൈകെട്ടൽ വാജിബാണ്‌. അതിനു ബുഖാരിയുടെ ഹദീസ് സാക്ഷിയാണ്. അതിൽ കൈകെട്ടാൻ കല്പിക്കാറുണ്ടായിരുന്നു എന്നാണുള്ളത്. എവിടെ കൈ വെക്കണം എന്നതിൽ സ്വഹീഹായി വന്നത് നെഞ്ചിൽ എന്നാണ്. പൊക്കിളിനു മുകളിലാണെന്നോ പൊക്കിളിനു താഴെയാണെന്നോ നബിയിൽ നിന്ന് സ്വഹീഹായി വന്നിട്ടില്ല.

ദുആഉല്‍ ഇഫ്‌ത്തിതാഹ്

നബി(സ) തക്ബീറിന്നും ഖുര്‍ആന്‍ ഓതുന്നതിനും ഇടയില്‍ നിശബ്ദമായി ഈ ദുആകള്‍ ചൊല്ലാറുണ്ടായിരുന്നു

أَنَّ النَّبِيَّ صلى الله عليه وسلم كَانَ إِذَا افْتَتَحَ الصَّلاَةَ قَالَ ‏ “‏ سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ تَبَارَكَ اسْمُكَ وَتَعَالَى جَدُّكَ وَلاَ إِلَهَ غَيْرُكَ ‏”‏ ‏.‏

അർത്ഥം : “അല്ലാഹുവേ… നീ പരിശുദ്ധനാണ്. നിനക്കാണ് സകല സ്തുതിയും. (നിന്നെ സ്തുതിക്കുന്നതോടൊപ്പം നിന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു). നിന്റെ നാമം അനുഗൃഹീതമാണ്. നിന്റെ മഹത്വം അത്യുന്നതമാണ്. നീയല്ലാതെ ഒരു ഇലാഹ്/ആരാധ്യനും ഇല്ല”. (സുനനു നസാഇ)

إِسْكَاتُكَ بَيْنَ التَّكْبِيرِ وَالْقِرَاءَةِ مَا تَقُولُ قَالَ ‏ “‏ أَقُولُ اللَّهُمَّ بَاعِدْ بَيْنِي وَبَيْنَ خَطَايَاىَ كَمَا بَاعَدْتَ بَيْنَ الْمَشْرِقِ وَالْمَغْرِبِ، اللَّهُمَّ نَقِّنِي مِنَ الْخَطَايَا كَمَا يُنَقَّى الثَّوْبُ الأَبْيَضُ مِنَ الدَّنَسِ، اللَّهُمَّ اغْسِلْ خَطَايَاىَ بِالْمَاءِ وَالثَّلْجِ وَالْبَرَدِ ‏”‏‏.

അല്ലാഹുവേ…. കിഴക്കിനെയും പടിഞ്ഞാറിനെയും നീ അകലത്തിലാക്കിയത് പോലെ എന്നെയും എന്റെ പാപങ്ങളെയും നീ അകലത്തിൽ ആക്കണേ… അഴുക്കിൽ നിന്ന് വെള്ള വസ്ത്രത്തെ ശുദ്ധിയാക്കുന്നതു പോലെ എന്നെ നീ പാപങ്ങളിൽ നിന്ന് ശുദ്ധീകരിക്കണേ… അല്ലാഹുവേ…. എന്റെ പാപങ്ങളെ വെള്ളം കൊണ്ടും മഞ്ഞു കൊണ്ടും ആലിപ്പഴം കൊണ്ടും കഴുകിക്കളയേണമേ. (ബുഖാരി)

وَجَّهْتُ وَجْهِيَ لِلَّذِي فَطَرَ السَّمَوَاتِ وَالأَرْضَ حَنِيفاً مُسْلِمًا وَمَا أَنَا مِنَ الْمُشْرِكِينَ

ആകാശങ്ങളെയും ഭൂമിയേയും സൃഷ്ടിച്ചവനിലേക്ക്‌ (അല്ലാഹുവിലേക്ക്‌) ഞാനെന്റെ മുഖത്തെ നിഷ്കളങ്കമായും അര്‍പ്പണത്തോടെയും തിരിച്ചിരിക്കുന്നു. ഞാന്‍ മുശ്‌രിക്കുകളില്‍ പെട്ടവനുമല്ല.

إِنَّ صَلاَتِي ، وَنُسُكِي ، وَمَحْيَايَ ، وَمَمَاتِي للهِ رَبِّ الْعَالَمِينَ ، لاَ شَرِيكَ لَهُ وَبِذَلِكَ أُمِرْتُ وَأَنَا أَوَّلُ الْمُسْلِمِينَ

നിശ്ചയം, എന്റെ നിസ്കാരവും ആരാധനകളും എന്റെ ജീവിതവും മരണവും സര്‍വ്വലോക രക്ഷിതാവായ അല്ലാഹുവിനാണ്. അവന് പങ്കുകാരേ ഇല്ല. അതാണ്‌ എന്നോട് കല്‍പിക്കപ്പെട്ടിരിക്കുന്നത്. ഞാന്‍ മുസ്‌ലിംകളില്‍ ഒന്നാമനുമാണ്.

اَللّهُمَّ أَنْتَ الْمَلِكُ لاَ إِلَـٰهَ إِلَّا أَنْتَ، أَنْتَ رَبِّي وَأَنَا عَبْدُكَ

അല്ലാഹുവേ! പരമാധികാരമുള്ളവന്‍ നീയാണ്. യഥാര്‍ത്ഥത്തില്‍ നീയല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. നീ എന്റെ റബ്ബും ഞാന്‍ നിന്റെ അടിമയുമാണ്.

ظَلَمْتُ نَفْسِي وَاعْتَرَفْتُ بِذَنْبِي فَاغْفِرْلِي ذُنُوبِي جَمِيعاً إِنَّهُ لاَ يَغْفِرُ الذُّنُوبُ إِلَّا أَنْتَ

ഞാന്‍ (പാപം ചെയ്ത്) എന്നോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. ഞാനെന്റെ പാപങ്ങള്‍ സമ്മതിക്കുന്നു. അതിനാല്‍ എന്റെ മുഴുവന്‍ പാപങ്ങളും നീ പൊറുത്ത് തരേണമേ! നിശ്ചയം, നീ (അല്ലാഹു) അല്ലാതെ പാപങ്ങള്‍ പൊറുക്കുന്നില്ല.

وَاهْدِنِي لِأَحْسَنِ الْأَخْلاَقِ لاَ يَهْدِي لِأَحْسَنِهَا إِلَّا أَنْتَ ، وَاصْرِفْ عَنِّي سَيِّئَهَا ، لاَ يَصْرِفُ عَنِّي سَيِّئَهَا إِلَّا أَنْتَ

(അല്ലാഹുവേ!) നീ ഉത്തമ സ്വഭാവഗുണങ്ങളിലേക്ക് എന്നെ നയിക്കേണമേ, അതിലേക്ക് നയിക്കുവാന്‍ കഴിവുള്ളവന്‍ നീ അല്ലാതെ മറ്റാരുമില്ല. നീ എന്നില്‍ നിന്ന് ദുഷിച്ച സ്വഭാവങ്ങളെ തടയേണമേ, അതിനെ എന്നില്‍ നിന്ന് തടയാന്‍ കഴിവുള്ളവന്‍ നീ അല്ലാതെ മറ്റാരുമില്ല.

لَبَّيْكَ وَسَعْدَيْكَ ، وَالْخَيْرُ كُلُّهُ بِيَدَيْكَ ، وَالشَّرُّ لَيْسَ إِلَيْكَ

(അല്ലാഹുവേ!) നിന്റെ വിളിക്ക് ഞാനുത്തരം ചെയ്യുകയും, ഞാന്‍  നിന്നെ സഹായിക്കാന്‍ സന്നദ്ധനായിരിക്കുന്നു. നന്മ മുഴുവനും നിന്റെ കൈകളിലാണ്. തിന്മ യാതൊന്നും നിന്നിലേക്ക് (അല്ലാഹുവിലേക്ക്) ചേര്‍ക്കാന്‍ പാടില്ല.

أَنَا بِكَ وَإِلَيْكَ تَبَارَكْتَ وَتَعَالَيْتَ أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ

(അല്ലാഹുവേ!) ഞാന്‍ (ജീവിക്കുന്നത്) നിന്നെക്കൊണ്ടും, (എന്റെ പരലോക മടക്കം) നിന്നിലേക്കുമാണ്. നീ അനുഗ്രഹപൂര്‍ണ്ണനും പരമോന്നതനുമാകുന്നു! (അല്ലാഹുവേ!) ഞാന്‍ നിന്നോട് പാപമോചനം ചോദിക്കുകയും, നിന്റെ മാര്‍ഗ‍ത്തിലേക്ക് ഞാന്‍ തൗബ ചെയ്ത് മടങ്ങുകയും ചെയ്യുന്നു. – (മുസ്‌ലിം, അബുദാവൂദ്)

താഴെ പറയുന്ന ദുആ ചൊല്ലാവുന്നതാണ്‌:-

حَدَّثَنَا مُحَمَّدُ بْنُ مِهْرَانَ الرَّازِيُّ، حَدَّثَنَا الْوَلِيدُ بْنُ مُسْلِمٍ، حَدَّثَنَا الأَوْزَاعِيُّ، عَنْ عَبْدَةَ، أَنَّ عُمَرَ بْنَ الْخَطَّابِ، كَانَ يَجْهَرُ بِهَؤُلاَءِ الْكَلِمَاتِ يَقُولُ سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ تَبَارَكَ اسْمُكَ وَتَعَالَى جَدُّكَ وَلاَ إِلَهَ غَيْرُكَ ‏.‏ وَعَنْ قَتَادَةَ أَنَّهُ كَتَبَ إِلَيْهِ يُخْبِرُهُ عَنْ أَنَسِ بْنِ مَالِكٍ أَنَّهُ حَدَّثَهُ قَالَ صَلَّيْتُ خَلْفَ النَّبِيِّ صلى الله عليه وسلم وَأَبِي بَكْرٍ وَعُمَرَ وَعُثْمَانَ فَكَانُوا يَسْتَفْتِحُونَ بِـ ‏{‏ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ‏}‏ لاَ يَذْكُرُونَ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ فِي أَوَّلِ قِرَاءَةٍ وَلاَ فِي آخِرِهَا ‏.‏(مسلم)

سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ وتَبَارَكَ اسْمُكَ وَتَعَالَى جَدُّكَ, وَلااله غَيْرُكَ

ഉച്ചാരണം: സുബ്‌ഹാനകല്ലാഹുമ്മ വബിഹംദിക വതബാറകസ്മുക വതആലാ ജദ്ദുക, വലാഇലാഹ ഗയ്റുക.
അ‌ര്‍ത്ഥം: അല്ലാഹുവേ നീയാണ് പരിശുദ്ധന്‍. സര്‍വ്വസ്തുതിയും മഹിമയും നിനക്കാകുന്നു. നിന്റെ നാമം ഏറ്റവും അനുഗൃഹീതം. നിന്റെ മഹത്വവും മേന്മയും സര്‍വ്വത്തെയും കവച്ചുവെക്കുന്നു. നീ അല്ലാതെ വേറെ ആരാധ്യനുമില്ല.

ഫത്തിഹയും സൂറത്തും

ദുആഉല്‍ ഇഫ്‌ത്തിതാഹിനു ശേഷം സൂറത്തുല്‍ ഫാത്തിഹ ഓതുക. (ഫാതിഹ ഓതാത്തവന്‌ നിസ്കാരമില്ല) എന്ന് ബുഖാരിയും മുസ്ലിമും റിപ്പോര്‍ട്ട് ചെയ്ത ഹദീസിലുണ്ട്. എല്ലാ റക്‌അത്തിലും ഫാതിഹ ഓതല്‍ നിര്‍ബന്ധമാണ്‌

يَبْلُغُ بِهِ النَّبِيَّ صلى الله عليه وسلم ‏ “‏ لاَ صَلاَةَ لِمَنْ لَمْ يَقْرَأْ بِفَاتِحَةِ الْكِتَابِ ‏”

ഫാതിഹ ഇല്ലാതെ നമസ്‌കാരമില്ല. (മുസ്ലിം)

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ مَنْ صَلَّى صَلاَةً لَمْ يَقْرَأْ فِيهَا بِفَاتِحَةِ الْكِتَابِ فَهْىَ خِدَاجٌ ‏”‏

ഫാത്തിഹ ഓതാത്തവന്റെ നമസ്ക്കാരം പൂര്‍ണ്ണമല്ല.

عَنْ أَبِيهِ، أَنَّ النَّبِيَّ صلى الله عليه وسلم كَانَ يَقْرَأُ فِي الظُّهْرِ فِي الأُولَيَيْنِ بِأُمِّ الْكِتَابِ وَسُورَتَيْنِ، وَفِي الرَّكْعَتَيْنِ الأُخْرَيَيْنِ بِأُمِّ الْكِتَابِ، وَيُسْمِعُنَا الآيَةَ، وَيُطَوِّلُ فِي الرَّكْعَةِ الأُولَى مَا لاَ يُطَوِّلُ فِي الرَّكْعَةِ الثَّانِيَةِ، وَهَكَذَا فِي الْعَصْرِ وَهَكَذَا فِي الصُّبْحِ‏.‏

പ്രവാചകന്‍ (സ) നമസ്ക്കാരത്തിലെ ആദ്യ രണ്ടു റക്അത്തില്‍ ഫാത്തിഹയും തുടര്‍ന്നു സുറത്തും ഓതാറുണ്ട്. കൂടാതെ, അവസാന രണ്ടു റക്അത്തില്‍ ഫാത്തിഹ മാത്രമാണ് ഓതാറുള്ളത്‌ ളുഹര്‍ നമസ്ക്കാരത്തില്‍.

പക്ഷെ ഇമാമിന്റെ നിര്‍ത്തത്തില്‍ നിന്ന് ഫാതിഹക്ക് ആവശ്യമായ സമയം കിട്ടാത്തവന്‌ ഫാതിഹ നിര്‍ബന്ധമില്ല. ബിസ്മി ഉള്‍പ്പെടെയാണ്‌ ഫാതിഹ ഓതേണ്ടത്.

ബിസ്മി പതുക്കെ ചൊല്ലല്‍

ഉറക്കെ ഖുര്‍ആന്‍ പാരായണം ചെയ്യുന്ന നമസ്കാരങ്ങളില്‍ ‘ബിസ്മി…’ പതുക്കെ ചൊല്ലുന്നവരും ശബ്ദത്തില്‍ ചൊല്ലുന്നവരുമുണ്ട്. ഈ വിഷയത്തില്‍ ഏതാണ് സുന്നത്ത് എന്ന് നമുക്ക് പരിശോധിക്കാം. നബി (സ) യുടെയും പ്രഗത്ഭരായ സ്വഹാബിമാരുടെയും ചര്യ ഹദീസുകളില്‍ നിന്ന് തന്നെ കാണുക:-

عن أنس قال: صليت مع رسول الله (ص) ،وأبي بكر،وعمر، وعثمان، فلم أسمع أحد منهم يقرأ بسم الله الرحمن الرحيم.

(صحيح مسلم:399)

“അനസ് (റ) നിവേദനം: “ഞാന്‍ അല്ലാഹുവിന്‍റെ റസൂല്‍ (സ), അബൂബക്കര്‍ (റ), ഉമര്‍ (റ), ഉസ്മാന്‍ (റ) എന്നിവരുടെ കൂടെ നമസ്കരിച്ചിട്ടുണ്ട്. അവരില്‍ ആരും തന്നെ ബിസ്മി ഓതുന്നത് ഞാന്‍ കേട്ടിട്ടില്ല.” (മുസ്‌ലിം. ഹദീസ് നമ്പര്‍: 399)

ഇനി ബുഖാരി ഉദ്ധരിച്ച മറ്റൊരു ഹദീസ് കാണുക:-

عن أنس (ر): أن النبيّ (ص) وأبا بكر وعمر رضي الله عنهما، كانوا يفتتحون الصلاة: بألحمدلله رب العالمين.

(صحيح البخاري:743)

“അനസ്ബ്നു മാലിക് (റ) നിവേദനം: അബൂബക്കര്‍ (റ)വും ഉമര്‍ (റ) വും (നമസ്കാരത്തില്‍) ഖുര്‍ആന്‍ പാരായണം ‘അല്‍ ഹംദുലില്ലാഹി റബ്ബില്‍ ആലമീന്‍’ കൊണ്ടാണ് ആരംഭിച്ചിരുന്നത്.”
(ബുഖാരി. ഹദീസ് നമ്പര്‍: 743)

മുസ്‌ലിമിന്‍റെ മറ്റൊരു റിപ്പോര്‍ട്ടില്‍ ഇത്ര കൂടിയുണ്ട്:-

لا يذكرون بسم الله الرحمن الرحيم في أول قراءة، ولا في آخرها

“അവര്‍ ആരും തന്നെ ഖുര്‍ആന്‍ പാരായണത്തിന്‍റെ മുമ്പോ ശേഷമോ ബിസ്മി ഓതിയിരുന്നില്ല.” (മുസ്‌ലിം. ഹദീസ് നമ്പര്‍: 399)

നോക്കൂ, എത്ര വ്യക്തമാണ് മേല്‍ ഹദീസുകള്‍! ഇവിടെ നബി (സ) യും അബൂബക്കര്‍ (റ) വും ഉമര്‍ (റ) വും ഉസ്മാന്‍ (റ)വും നമസ്കാരത്തില്‍ ‘ബിസ്മില്ലാഹി റഹ്മാനി റഹീം’ ഓതിയിരുന്നില്ല എന്ന് വ്യക്തമായി തന്നെ പറയുന്നു. അതിനര്‍ത്ഥം അവര്‍ നമസ്കാരത്തില്‍ ‘ബിസ്മി’ തീരെ ഓതിയിരുന്നില്ല എന്നല്ല. മറിച്ച്, അത് പതുക്കെയാണ് ചൊല്ലിയിരുന്നത്. ഇക്കാര്യം ഹദീസുകളില്‍ തന്നെ വ്യക്തമായി പ്രതിപാദിച്ചിട്ടുമുണ്ട്. മാത്രമല്ല, ബിസ്മി ഖുര്‍ആനില്‍ പെട്ടതാണ്. ഖുര്‍ആന്‍ ഓതുമ്പോള്‍ അത് ഓതേണ്ടതാണ്. അതിനാല്‍ നമസ്കാരത്തിലും അത് ഓതേണ്ടതുണ്ട്. പക്ഷേ പതുക്കെയായിരിക്കണം എന്ന് മാത്രം.

റുകൂഇലും ഇഅ്‌ത്തിദാലിലും സുജൂദിലും ചൊല്ലേണ്ടത്:-

ഫസബ്ബിഹ്‌ ബിസ്‌മി റബ്ബികല്‍ അദ്വീം (വി.ഖു. 56:96) എന്ന വചനം അവതരിച്ചപ്പോള്‍ അതനുസരിച്ചുള്ള കീര്‍ത്തനം (സുബ്‌ഹാന റബ്ബിയല്‍ അദ്വീം) നിങ്ങള്‍ റുകൂഇല്‍ ചൊല്ലണമെന്ന്‌ റസൂല്‍ (സ) ഞങ്ങളോട്‌ പറഞ്ഞുവെന്നും, സബ്ബിഹിസ്‌മ റബ്ബികല്‍ അഅ്‌ലാ (വി.ഖു. 87:1) എന്ന വചനം അവതരിച്ചപ്പോള്‍ അത്‌ പ്രകാരമുള്ള കീര്‍ത്തനം (സുബ്‌ഹാന റബ്ബിയല്‍ അഅ്‌ലാ) സുജൂദില്‍ ചൊല്ലാന്‍ അവിടുന്ന്‌ ഞങ്ങളോട്‌ നിര്‍ദേശിച്ചുവെന്നും ഉഖ്‌ബത്തുബ്‌നു ആമിര്‍(റ) പറഞ്ഞതായി അഹ്‌മദ്‌, അബൂദാവൂദ്‌, ഇബ്‌നുമാജ എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.

നമസ്കാരത്തില്‍ ‘റുകൂഇ’ല്‍ മൂന്നു പ്രാവശ്യം

سبحان ربى العضيم

(എന്റെ മഹാനായ റബ്ബിനു സ്തോത്ര കീര്‍ത്തനം ചെയ്യുന്നു)

റുകൂഇലും സുജൂദിലും ചൊല്ലാവുന്ന ദിക്റുകൾ

سُبْحَانَكَ اللَّهُمَّ رَبَّنَا وَبِحَمْدِكَ اللَّهُمَّ اغْفِرْ لِي

 സുജൂദി’ല്‍ മൂന്നു പ്രാവശ്യം

سبحان ربى الاعلى

(അത്യുന്നതനായ റബ്ബിനു സ്തോത്രകീര്‍ത്തനം ചെയ്യുന്നു) എന്നും ചൊല്ലുക

قَالَ صَلَّيْتُ مَعَ رَسُولِ اللَّهِ صلى الله عليه وسلم ذَاتَ لَيْلَةٍ فَاسْتَفْتَحَ بِسُورَةِ الْبَقَرَةِ فَقَرَأَ بِمِائَةِ آيَةٍ لَمْ يَرْكَعْ فَمَضَى قُلْتُ يَخْتِمُهَا فِي الرَّكْعَتَيْنِ فَمَضَى قُلْتُ يَخْتِمُهَا ثُمَّ يَرْكَعُ فَمَضَى حَتَّى قَرَأَ سُورَةَ النِّسَاءِ ثُمَّ قَرَأَ سُورَةَ آلِ عِمْرَانَ ثُمَّ رَكَعَ نَحْوًا مِنْ قِيَامِهِ يَقُولُ فِي رُكُوعِهِ ‏”‏ سُبْحَانَ رَبِّيَ الْعَظِيمِ سُبْحَانَ رَبِّيَ الْعَظِيمِ سُبْحَانَ رَبِّيَ الْعَظِيمِ ‏”‏ ‏.‏ ثُمَّ رَفَعَ رَأْسَهُ فَقَالَ ‏”‏ سَمِعَ اللَّهُ لِمَنْ حَمِدَهُ رَبَّنَا لَكَ الْحَمْدُ ‏”‏ ‏.‏ وَأَطَالَ الْقِيَامَ ثُمَّ سَجَدَ فَأَطَالَ السُّجُودَ يَقُولُ فِي سُجُودِهِ ‏”‏ سُبْحَانَ رَبِّيَ الأَعْلَى سُبْحَانَ رَبِّيَ الأَعْلَى سُبْحَانَ رَبِّيَ الأَعْلَى ‏”‏ ‏.‏ لاَ يَمُرُّ بِآيَةِ تَخْوِيفٍ أَوْ تَعْظِيمٍ لِلَّهِ عَزَّ وَجَلَّ إِلاَّ ذَكَرَهُ ‏.

റുകൂഇല്‍ ‘സുബ്ഹാന റബ്ബിയല്‍ അളീം’ എന്നു മൂന്നു പ്രാവശ്യം,  റുകൂഇല്‍ നിന്നും തല ഉയര്‍ത്തിയാല്‍ “സമി അല്ലാഹു ലിമന് ഹമിദ റബ്ബനാ ലക്കല്‍ ഹംദ്”  സുജൂദില്‍ ‘സുബ്ഹാന റബ്ബിയല്‍ അഅല’ എന്ന് മൂന്ന് പ്രാവശ്യം. (സുനന് നസാഇ)

عَنْ سَعْدِ بْنِ عُبَيْدَةَ، عَنِ الْمُسْتَوْرِدِ بْنِ الأَحْنَفِ، عَنْ صِلَةَ بْنِ زُفَرَ، عَنْ حُذَيْفَةَ، قَالَ صَلَّيْتُ مَعَ رَسُولِ اللَّهِ صلى الله عليه وسلم فَرَكَعَ فَقَالَ فِي رُكُوعِهِ ‏”‏ سُبْحَانَ رَبِّيَ الْعَظِيمِ ‏”‏ ‏.‏ وَفِي سُجُودِهِ ‏”‏ سُبْحَانَ رَبِّيَ الأَعْلَى ‏”‏ ‏.‏

ഹുദൈഫ(റ) നിവേദനം: “നബി(സ)യോടൊന്നിച്ചു ഞാന്‍ നമസ്കരിച്ചു അപ്പോള്‍ റുകൂഇല്‍ ‘സുബ്ഹാന റബ്ബിയല്‍ അളീം’ എന്നും സുജൂദില്‍ ‘സുബ്ഹാന റബ്ബിയല്‍ അഅ’ല’ എന്നും  നബി(സ) ചൊല്ലി” (അഹ്മദ്, അബു ദാവൂദ്, തിർമിദി, നസാഈ)

രണ്ടാം ശാഫീ എന്ന് അറിയപ്പെടുന്ന ഇമാം നവവി(റ) എഴുതുന്നു: “സുന്നത് ‘സുബ്ഹാന റബ്ബിയല്‍ അളീം’ എന്ന് 3 പ്രാവശ്യം ചൊല്ലുന്നതാണ്. (ശരഹുല്‍ മുഹദ്ദബ് 3/411)

قَالَ كَانَ النَّبِيُّ صلى الله عليه وسلم إِذَا قَالَ ‏”‏ سَمِعَ اللَّهُ لِمَنْ حَمِدَهُ ‏”‏‏.‏ قَالَ ‏”‏ اللَّهُمَّ رَبَّنَا وَلَكَ الْحَمْدُ ‏”‏‏.‏ وَكَانَ النَّبِيُّ صلى الله عليه وسلم إِذَا رَكَعَ وَإِذَا رَفَعَ رَأْسَهُ يُكَبِّرُ، وَإِذَا قَامَ مِنَ السَّجْدَتَيْنِ قَالَ ‏”‏ اللَّهُ أَكْبَرُ ‏”‏‏.‏

റുകൂഇല്‍  നിന്ന് തല ഉയർത്തുമ്പോൾ ‘സമിഅല്ലാഹു ലിമൻ ഹമിദഹു’ എന്നും ‘റബ്ബനാ വലക്കല്‍ ഹംദ്’ പറയുകയും ചെയ്തിരുന്നു.  രണ്ടു സുജൂദില്‍ നിന്നും ഉയരുമ്പോള്‍ ‘അള്ളാഹു അക്ബര്‍’ എന്ന് തക്ബീര്‍ ചൊല്ലുമായിരുന്നു.

ഇതും പ്രവാചകന്‍ ചൊല്ലാറുണ്ട്

سَمِعَ اللَّهُ لِمَنْ حَمِدَهُ اللَّهُمَّ رَبَّنَا لَكَ الْحَمْدُ مِلْءَ السَّمَوَاتِ وَمِلْءَ الأَرْضِ وَمِلْءَ مَا شِئْتَ مِنْ شَىْءٍ بَعْدُ ‏”

അർത്ഥം: “ഞങ്ങളുടെ രക്ഷിതാവേ, ആകാശവും ഭൂമിയും അവയ്ക്ക് പുറമെ നീ ഉദ്ദേശിക്കുന്ന എല്ലാ വസ്തുക്കളും നിറയെ സ്തുതി നിനക്കുണ്ട്” (മുസ്ലിം)

സുജൂദ്

സുജൂദിലെ ദുആകള്‍:

ചുവടെ വരുന്ന ദുആകളില്‍ ഇഷ്ടമുള്ളതെല്ലാം മാറി മാറി ചൊല്ലാവുന്നതാണ്:

سُبْحَانَ رَبِّيَ الْأَعْلَى –  ثَلَاثُ مَرَّاتٍ

അത്യുന്നതനായ എന്റെ റബ്ബ് എത്രയധികം പരിശുദ്ധന്‍!    – മൂന്ന് തവണ പറയുക. – മുസ്‌ലിം

سُبُّوحٌ قُدُّوسٌ رَبُّ الْمَلاَئِكَةِ وَالرُّوحِ

ഞങ്ങളുടെ റബ്ബേ! അല്ലാഹുവേ! നീ എത്രയധികം പരിശുദ്ധന്‍! നിനക്ക് സര്‍വ്വ സ്തുതികളും അര്‍പ്പിക്കുന്നു; അല്ലാഹുവേ! എനിക്ക് നീ പൊറുത്തുതരേണമേ. (ബുഖാരി, മുസ്‌ലിം)

سُبْحَانَكَ اللّهُمَّ رَبَّنَا وَبِحَمْدِكَ اللّهُمَّ اغْفِرْليِ

പരിശുദ്ധി വാഴ്ത്തപ്പെടുന്നവനും മലക്കുകളുടെയും റൂഹി (ജിബ്‌രീല്‍) ന്റെയും റബ്ബുമാകുന്നു (അല്ലാഹു). – മുസ്‌ലിം

അബ്ദുല്ലാഹിബ്നു മാലിക്(റ) നിവേദനം: “തിരുമേനി(സ) നമസ്കരിക്കുമ്പോള്‍ (സുജൂദില്‍) തന്റെ രണ്ടു കയ്യും (പാര്‍ശ്വങ്ങളില്‍ നിന്ന്) വിടുത്തി വെക്കാറുണ്ടായിരുന്നു. അവിടുത്തെ കക്ഷത്തിലെ വെളുപ്പ് വ്യക്തമാകുന്നതുവരെ. (ബുഖാരി)

സുജൂദുകൾക്കിടയിലെ ഇരുത്തത്തിലെ പ്രാർത്ഥന .

رَبِّ اغْفِرْلِي رَبِّ اغْفِرْلِي

എന്റെ റബ്ബേ! എനിക്ക് പൊറുത്തു തരേണമേ, എന്റെ റബ്ബേ! എനിക്ക് പൊറുത്ത് തരേണമേ. – (അബൂ ദാവൂദ്‌, നസാഈ)

اَللّهُـمَّ اغْفِـرْ لِي ، وَارْحَمْـنِي ، وَاجْبُرْنـِي ، وَارْفَعْـنِي ، وَاهْدِنِـي ، وَعافِنِـي ، وَارْزُقْنِـي

അല്ലാഹുവേ! എനിക്ക് പൊറുത്ത് തരികയും, എന്നോട് കരുണ കാണിക്കുകയും, എന്റെ ന്യൂനതകള്‍ പരിഹരിച്ച് തരികയും, എന്നെ ഉയര്‍ത്തുകയും, എന്നെ നേര്‍വഴിയിലാക്കുകയും, എനിക്ക് ആരോഗ്യം നല്‍കുകയും, എനിക്ക് ഉപജീവനം നല്‍കുകയും ചെയ്യേണമേ! (അബൂ ദാവൂദ്‌, തിര്‍മിദി, ഇബ്നു മാജ)

حَدَّثَنَا سَلَمَةُ بْنُ شَبِيبٍ، حَدَّثَنَا زَيْدُ بْنُ حُبَابٍ، عَنْ كَامِلٍ أَبِي الْعَلاَءِ، عَنْ حَبِيبِ بْنِ أَبِي ثَابِتٍ، عَنْ سَعِيدِ بْنِ جُبَيْرٍ، عَنِ ابْنِ عَبَّاسٍ، أَنَّ النَّبِيَّ صلى الله عليه وسلم كَانَ يَقُولُ بَيْنَ السَّجْدَتَيْنِ ‏ “‏ اللَّهُمَّ اغْفِرْ لِي وَارْحَمْنِي وَاجْبُرْنِي وَاهْدِنِي وَارْزُقْنِي

രണ്ടു സുജൂദുകൾക്കിടയിൽ നബി [സ] اللَّهُمَّ اغْفِرْ لِي وَارْحَمْنِي وَاجْبُرْنِي وَاهْدِنِي وَارْزُقْنِي എന്ന് പറയുമായിരുന്നു”. [തിർമിദി 284 ]

അബൂദാവൂദ് ഉദ്ധരിക്കുന്ന ഒരു നിവേദനത്തിൽ وَاجْبُرْنِي ഇല്ലാതാവുകയും പകരം وعافني കയറി വരുകയും ചെയ്യുന്നു .

عن ابن عباس أن النبي صلى الله عليه وسلم كان يقول بين السجدتين اللهم اغفر لي وارحمني وعافني واهدني وارزقني

[അബൂദാവൂദ്  850 ]

ഇബ്ൻ മാജയുടെ ഒരു റിപ്പോർട്ടിൽ  ഖിയാമുലൈൽ നമസ്കരിക്കുമ്പോൾ രണ്ട്  സുജൂദിനിടയിൽ എന്നാണുള്ളത്  . അതിൽ اللَّهُمَّ  പകരം  رَبِّ എന്ന് വരുന്നു . അതിൽ  وَارْزُقْنِي കയറുകയും  وَاهْدِنِي പോവുകയും ചെയ്യുന്നു .

عَنِ ابْنِ عَبَّاسٍ، قَالَ كَانَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ يَقُولُ بَيْنَ السَّجْدَتَيْنِ فِي صَلاَةِ اللَّيْلِ ‏ “‏ رَبِّ اغْفِرْ لِي وَارْحَمْنِي وَاجْبُرْنِي وَارْزُقْنِي وَارْفَعْنِي ‏

[ ഇബ്ൻ മാജ 898 ]

തശഹ്ഹുദ‍് ‘അത്തഹിയാത്ത്’ പ്രാര്‍ത്ഥന

التَّحِيَّاتُ الْمُبَارَكَاتُ، الصَّلَوَاتُ الطَّيِّبَاتُ لِلَّهِ، السَّلَامُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللهِ وَبَرَكَاتُهُ، السَّلَامُ عَلَيْنَا وَعَلَى عِبَادِ اللهِ الصَّالِحِينَ، أَشْهَدُ أَنْ لَا إِلَهَ إِلَّا اللهُ، وَأَشْهَدُ أَنَّ مُحَمَّدًا رَسُولُ اللهِ

അർത്ഥം : “എല്ലാ ഉപചാരങ്ങളും ബർക്കത്തുള്ള കാര്യങ്ങളും നിസ്കാരങ്ങളും മറ്റ് സൽകർമ്മങ്ങളും അല്ലാഹുവിനാകുന്നു. നബിയേ, അങ്ങേക്ക് അല്ലാഹുവിന്റെ രക്ഷയുണ്ടാവട്ടെ. അല്ലാഹുവിന്റെ കരുണയും ഗുണസമൃദ്ധിയും ഞങ്ങൾക്കും അല്ലാഹുവിന്റെ രക്ഷ ഉണ്ടാവട്ടെ. അല്ലാഹുവിന്റെ സജ്ജനങ്ങളായ അടിമകൾക്കും. അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് നബി (സ) അവന്റെ പ്രവാചകനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു” (മുസ്ലിം, അബു ദാവൂദ്,  നസാഈ)

‘അത്തഹിയാത്ത്’നെ തുടര്‍ന്ന് നബി صلى الله عليه وسلم ക്ക് വേണ്ടി സ്വലാത്ത്‌ ചൊല്ലുക:

اَللّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ ،

അല്ലാഹുവേ! ഇബ്രാഹീം عليه السلام ക്കും കുടുംബത്തിനും മേല്‍ നീ സ്വലാത്ത് (രക്ഷയും സമാധാനവും) ചൊരിഞ്ഞതുപോലെ മുഹമ്മദ്‌ നബി صلى الله عليه وسلم ക്കും കുടുംബത്തിനും മേലും നീ രക്ഷയും സമാധാനവും ചൊരിയേണമേ! തീര്‍ച്ചയായും നീ വളരെയധികം സ്തുതിക്കപ്പെടുന്നവനും അതിമഹത്വമുള്ളവനുമാണ്!

اَللّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ

അല്ലാഹുവേ! ഇബ്രാഹീം عليه السلام നേയും കുടുംബത്തേയും നീ അനുഗ്രഹിച്ചതുപോലെ മുഹമ്മദ്‌ നബി صلى الله عليه وسلم യേയും കുടുംബത്തേയും നീ അനുഗ്രഹിക്കേണമേ. തീര്‍ച്ചയായും അല്ലാഹുവേ!) നീ വളരെ അധികം സ്തുതിക്കപ്പെടുന്നവനും അതിമഹത്വമുള്ളവനുമാണ്!” -(ബുഖാരി)

അത്തഹിയാത്തില്‍ സലാം വീട്ടുന്നതിന് മുമ്പുള്ള നബി(സ) യുടെ പ്രാര്‍ത്ഥന

اللّهُـمَّ اغْـفِرْ لي ما قَدَّمْـتُ وَما أَخَّرْت ، وَما أَسْـرَرْتُ وَما أَعْلَـنْت ، وَما أَسْـرَفْت ، وَما أَنْتَ أَعْـلَمُ بِهِ مِنِّي . أَنْتَ المُقَـدِّمُ، وَأَنْتَ المُـؤَخِّـرُ لا إِلهَ إِلاّ أَنْـت (مسلم:٧٧١)

അല്ലാഹുവേ! നീ എനിക്ക് പൊറുത്തു തരേണമേ! ഞാന്‍ ചെയ്തു കഴിഞ്ഞ പാപവും, ഇനി ചെയ്യാന്‍ പോകുന്ന പാപവും, രഹസ്യമായും പരസ്യമായും അതിരുകവിഞ്ഞും ചെയ്ത പാപവും, അവ എന്നേക്കാള്‍ കൂടുതല്‍ അറിയുന്നവന്‍ നീയാണ്. ‘അല്‍-മുഖദ്ദിം’ഉം, ‘അല്‍-മുഅഖ്ഖിര്‍’ഉം (നിന്‍റെ ഔദാര്യമോ ശിക്ഷയോ നല്‍കുന്നതില്‍ മുന്തിപ്പിക്കുന്നവനും പിന്തിപ്പിക്കുന്നവനും) നീയാണ്. യഥാര്‍ത്ഥത്തില്‍ നീയല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല
അല്ലാഹുമ്മ-ഗ്ഫിര്‍ലീ മാ ഖദ്ദംതു വ മാ അഹ്ഹര്‍ത്തു വ മാ അസ്റര്‍തു വമാ അഅ്’ലന്‍തു വമാ അസ്റഫ്തു വമാ അന്‍ത അഅ് ലമു ബിഹി മിന്നീ. അന്‍തല്‍ മുഖദ്ദിമു വഅന്‍തല്‍ മുഅഹ്ഹിറു ലാ ഇല്ലാഹ ഇല്ലാ അന്‍ത.

 

ഇബ്‌റാഹീം നബി (അ) – 03

ഇബ്‌റാഹീം നബി (അ) - 03

യുക്തിഭദ്രമായ ഇടപെടൽ

പിതാവ് ആസര്‍ ഇബ്‌റാഹീം നബി(അ)യെ വീട്ടില്‍ നിന്ന് പുറത്താക്കുന്ന രംഗമാണ് നാം വിവരിച്ച് വരുന്നത്. പിതാവിനോട് അദ്ദേഹം പുലര്‍ത്തിപ്പോരുന്ന വിശ്വാസം അബദ്ധജടിലമാണെന്നും നിരര്‍ഥകമാണെന്നും ബോധ്യപ്പെടുത്തുവാന്‍ ഇബ്‌റാഹീം(അ) ആകുന്നത്ര ശ്രമിച്ചു. അല്ലാഹു പറയുന്നു:

”ഇബ്‌റാഹീം തന്റെ പിതാവായ ആസറിനോട് പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക). ചില ബിംബങ്ങളെയാണോ താങ്കള്‍ ദൈവങ്ങളായി സ്വീകരിക്കുന്നത്? തീര്‍ച്ചയായും താങ്കളും താങ്കളുടെ ജനതയും വ്യക്തമായ വഴികേടിലാണെന്ന് ഞാന്‍ കാണുന്നു”(6:74). 

”ഇബ്‌റാഹീമിന്റെ വൃത്താന്തവും അവര്‍ക്ക് നീ വായിച്ചുകേള്‍പിക്കുക. അതായത് നിങ്ങള്‍ എന്തൊന്നിനെയാണ് ആരാധിച്ചു കൊണ്ടിരിക്കുന്നത് എന്ന് തന്റെ പിതാവിനോടും തന്റെ ജനങ്ങളോടും അദ്ദേഹം ചോദിച്ച സന്ദര്‍ഭം. അവര്‍ പറഞ്ഞു: ഞങ്ങള്‍ ചില വിഗ്രഹങ്ങളെ ആരാധിക്കുകയും അവയുടെ മുമ്പില്‍ ഭജനമിരിക്കുകയും ചെയ്യുന്നു. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ അവരത് കേള്‍ക്കുമോ? അഥവാ, അവര്‍ നിങ്ങള്‍ക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യുമോ? അവര്‍ പറഞ്ഞു: അല്ല, ഞങ്ങളുടെ പിതാക്കള്‍ അപ്രകാരം ചെയ്യുന്നതായി ഞങ്ങള്‍ കണ്ടിരിക്കുന്നു (എന്ന് മാത്രം). അദ്ദേഹം പറഞ്ഞു: അപ്പോള്‍ നിങ്ങള്‍ ആരാധിച്ചുകൊണ്ടിരിക്കുന്നത് എന്തിനെയാണെന്ന് നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?  നിങ്ങളും നിങ്ങളുടെ പൂര്‍വപിതാക്കളും. എന്നാല്‍ അവര്‍ (ദൈവങ്ങള്‍) എന്റെ ശത്രുക്കളാകുന്നു ലോകരക്ഷിതാവ് ഒഴികെ” (ക്വുര്‍ആന്‍ 26:69-77).

ഇബ്‌റാഹീം(അ) ചോദിച്ച ഈ ചോദ്യങ്ങള്‍ തന്നെയാണ് ഇന്നും ഏത് ബഹുദൈവാരാധകരോടും ചോദിക്കുവാനുള്ളത്. ബിംബങ്ങള്‍ പ്രാര്‍ഥന കേള്‍ക്കുമോ? അവ ഉപകാരമോ ഉപദ്രവമോ ചെയ്യുമോ?  ഈ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ പാരമ്പര്യം പറഞ്ഞ് പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചു എന്നതല്ലാതെ തെളിവ് സമര്‍പ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

അല്ലാഹുവിനെ പോലെ പരിധിയും പരിമിതിയും ഇല്ലാതെ കാണാനോ കേള്‍ക്കാനോ അറിയാനോ സാധിക്കുന്നവരും സൃഷ്ടികൡലുണ്ട് എന്ന വിശ്വാസമാണ് അല്ലാഹുവേതര സൃഷ്ടികളിലേക്ക് കൈകള്‍ ഉയരാന്‍ കാരണമാകുന്നത്. അല്ലാഹു എല്ലാം കാണുന്നവനും എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമാണെന്ന് വിശ്വസിക്കുന്നതോടൊപ്പം അല്ലാഹുവല്ലാത്ത യാതൊന്നിനും അതിന് കഴിയില്ല എന്നും ഉറച്ച് വിശ്വസിക്കുമ്പോഴേ ഒരാളുടെ തൗഹീദ് ശരിയാകുന്നുള്ളൂ എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.

അല്ലാഹുവിനെ മാത്രമെ ആരാധിക്കാവൂ എന്ന് തെളിവ് സഹിതം ഇബ്‌റാഹീം(അ) പല സന്ദര്‍ഭങ്ങളിലായി പഠിപ്പിക്കാന്‍ ശ്രമിച്ചു. മറ്റൊരു രംഗം കാണുക:

”നിങ്ങള്‍ അല്ലാഹുവിന് പുറമെ ചില വിഗ്രഹങ്ങളെ ആരാധിക്കുകയും കള്ളം കെട്ടിയുണ്ടാക്കുകയുമാണ് ചെയ്യുന്നത്. അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നത് ആരെയാണോ അവര്‍ നിങ്ങള്‍ക്കുള്ള ഉപജീവനം അധീനമാക്കുന്നില്ല. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിങ്കല്‍ ഉപജീവനം തേടുകയും അവനെ ആരാധിക്കുകയും അവനോട് നന്ദികാണിക്കുകയും ചെയ്യുക. അവങ്കലേക്കാണ് നിങ്ങള്‍ മടക്കപ്പെടുന്നത്” (ക്വുര്‍ആന്‍ 29:17).

നിങ്ങള്‍ ആരാധിക്കുന്ന ഈ വസ്തുക്കളെല്ലാം നിങ്ങള്‍ തന്നെ കൊത്തിയുണ്ടാക്കിയതല്ലേ? അല്ലാഹുവാണല്ലോ നിങ്ങള്‍ക്ക് ഉപജീവനം നല്‍കുന്നത്! നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്ന ഇവരൊന്നും അത് ചെയ്യുന്നില്ലല്ലോ. എന്നിട്ടും നിങ്ങള്‍ അവനെ വിട്ട് അവരെ ആരാധിക്കുന്നുവോ? ഇത്തരം ചോദ്യങ്ങളിലൂടെ ഇബ്‌റാഹീം നബി(അ) അവരുടെ ബുദ്ധിയെ തൊട്ടുണര്‍ത്തി തൗഹീദിലേക്ക് ക്ഷണിച്ച് നോക്കി. പിതാവ് ശിര്‍ക്കില്‍ തന്നെ ഉറച്ചുനിന്ന് വീട്ടില്‍ നിന്ന് മകനെ പുറത്താക്കുവാന്‍ തുനിയുകതന്നെയാണ്. ഇബ്‌റാഹീം നബി(അ) എല്ലാം അല്ലാഹുവില്‍ അര്‍പിച്ച് അവന്റെ പ്രീതി മാത്രം കാംക്ഷിച്ച് ആദര്‍ശം കൈമുതലാക്കി വീട് വിട്ടിറങ്ങാന്‍ തീരുമാനിച്ചു. ആരാരും സ്വീകരിക്കുവാനില്ല, അഭയം നല്‍കുവാന്‍ ആരുമില്ല, സൗകര്യങ്ങള്‍ ഒന്നുമില്ല… എന്നിട്ടും ധീരനായി, പിതാവിന് മുന്നില്‍ ആദര്‍ശം അടിയറ വെക്കാതെ പ്രതികൂല സാഹചര്യത്തെ എതിരിടുവാന്‍ തീരുമാനിച്ചു. 

വീട് വിട്ടിറങ്ങേണ്ടി വന്നപ്പോള്‍ അദ്ദേഹത്തിന് ഒരു പതര്‍ച്ചയും വന്നില്ല. പിതാവ് വീട്ടില്‍ നിന്ന് പുറത്താക്കി. നാട്ടുകാരോട് തൗഹീദ് പറഞ്ഞ് അവരുടെ കൂടി വെറുപ്പ് സമ്പാദിക്കേണ്ട. അവര്‍ തോന്നിയത് പോലെ ജീവിച്ചുകൊള്ളട്ടെ എന്നൊന്നും ഇബ്‌റാഹീം(അ) ചിന്തിച്ചില്ല. നാട്ടുകാരോടും ഉപദേശിച്ചു; ബഹുദൈവാരാധനയില്‍ നിന്ന് പിന്മാറാന്‍. ബഹുദൈവാരാധനയുടെ നിരര്‍ഥകത അദ്ദേഹം മനസ്സിലാകുന്ന ശൈലിയില്‍ അവര്‍ക്ക് വ്യക്തമാക്കിക്കൊടുത്തു. 

”…അങ്ങനെ രാത്രി അദ്ദേഹത്തെ (ഇരുട്ട് കൊണ്ട്) മൂടിയപ്പോള്‍ അദ്ദേഹം ഒരു നക്ഷത്രം കണ്ടു. അദ്ദേഹം പറഞ്ഞു: ഇതാ, എന്റെ രക്ഷിതാവ്! എന്നിട്ട് അത് അസ്തമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: അസ്തമിച്ച് പോകുന്നവരെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അനന്തരം ചന്ദ്രന്‍ ഉദിച്ചുയരുന്നത് കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇതാ എന്റെ രക്ഷിതാവ്! എന്നിട്ട് അതും അസ്തമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവ് എനിക്ക് നേര്‍വഴി കാണിച്ചുതന്നില്ലെങ്കില്‍ തീര്‍ച്ചയായും ഞാന്‍ വഴിപിഴച്ച ജനവിഭാഗത്തില്‍ പെട്ടവനായിത്തീരും. അനന്തരം സൂര്യന്‍ ഉദിച്ചുയരുന്നതായി കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇതാ എന്റെ രക്ഷിതാവ്! ഇതാണ് ഏറ്റവും വലുത്! അങ്ങനെ അതും അസ്തമിച്ചു പോയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ സമുദായമേ, നിങ്ങള്‍ (ദൈവത്തോട്) പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം തീര്‍ച്ചയായും ഞാന്‍ ഒഴിവാകുന്നു. തീര്‍ച്ചയായും ഞാന്‍ നേര്‍മാര്‍ഗത്തില്‍ ഉറച്ചുനിന്നു കൊണ്ട് എന്റെ മുഖം ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനിലേക്ക് തിരിച്ചിരിക്കുന്നു. ഞാന്‍ ബഹുദൈവവാദികളില്‍ പെട്ടവനേ അല്ല” (ക്വുര്‍ആന്‍6:75-79).

സൂര്യചന്ദ്രനക്ഷത്രാദികളെയും ആരാധിക്കുന്നവരായിരുന്നു ആ ജനത. അതിലെ ബുദ്ധിശൂന്യത അതിവിദഗ്ധമായി അദ്ദേഹം അവരെ ബോധ്യപ്പെടുത്തുകയാണ്. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമെല്ലാം അസ്തമിക്കുന്നവയും ഉദിക്കുന്നവയുമാണ്. അവയ്ക്ക് കേള്‍ക്കുവാനോ കാണുവാനോ കഴിയില്ല.  കഴിയുമെന്ന് സങ്കല്‍പിച്ചാല്‍ തന്നെ എപ്പോള്‍ ഏത് നാട്ടില്‍ ഉദിക്കുന്നുവോ അപ്പോഴേ അവ അവിടെയുള്ളവരെ കാണൂ. അസ്തമിച്ചാലോ കാണുകയുമില്ല. ചില സമയത്ത് കാണാന്‍ കഴിയുകയും ചില സമയത്ത് കാണാന്‍ കഴിയാതിരിക്കുകയും ചെയ്യുന്നവയെ ആരാധിച്ചിട്ടെന്ത് കാര്യം? എപ്പോഴും കാണുന്ന, എപ്പോഴും കേള്‍ക്കുന്ന, എപ്പോഴും അറിയുന്നവനെ മാത്രമായിരിക്കണം ആരാധിക്കേണ്ടത്. അങ്ങനെയുള്ളവന്‍ ആകാശ ഭൂമികളെയും അവയ്ക്കിടയിലുള്ളവയെയും സൃഷ്ടിച്ച് പരിപാലിക്കുന്നവനായ അല്ലാഹുവാണ്. ഈ യാഥാര്‍ഥ്യം അവരെ ഇബ്‌റാഹീം(അ) പഠിപ്പിച്ചു. അദ്ദേഹം നക്ഷത്രത്തെയും ചന്ദ്രനെയും സൂര്യനെയും ഒരു നിമിഷത്തേക്കെങ്കിലും തന്റെ റബ്ബായി വിശ്വസിച്ചുവെന്ന് കരുതിക്കൂടാ. കാരണം വീട് വിട്ട് ഇറങ്ങുന്ന വേളയില്‍ പിതാവിനോട് ‘നിങ്ങളെയും നിങ്ങള്‍ ആരാധിക്കുന്നവയെയും ഞാനിതാ ഒഴിവാക്കുന്നു’വെന്നാണല്ലോ പറഞ്ഞത്. അപ്പോള്‍ ‘ഇതാ എന്റെ റബ്ബ്’ എന്ന് നക്ഷത്രത്തെ കണ്ടപ്പോള്‍ പറഞ്ഞതും ‘ഇതാ എന്റെ റബ്ബ്’ എന്ന് ചന്ദ്രനെ കണ്ട സന്ദര്‍ഭത്തില്‍ പറഞ്ഞതും സൂര്യനെ കണ്ട സന്ദര്‍ഭത്തില്‍ ‘ഇതാ എന്റെ റബ്ബ് എന്ന്’ പറഞ്ഞതും അവ റബ്ബാണെന്ന് വിശ്വസിച്ചു കൊണ്ടല്ല. പിന്നെയോ, അവരുടെ വിശ്വാസ വൈകല്യം അവരെ ബോധ്യപ്പെടുത്തുവാന്‍ പറഞ്ഞതാണ്. ഈ രൂപത്തില്‍ ചിന്തോദ്ദീപകമായി സംവദിക്കുവാനുള്ള കഴിവ് അല്ലാഹു അദ്ദേഹത്തിന് നല്‍കിയിരുന്നു.

”ഇബ്‌റാഹീമിന് തന്റെ ജനതയ്‌ക്കെതിരായി നാം നല്‍കിയ ന്യായപ്രമാണമത്രെ അത്. നാം ഉദ്ദേശിക്കുന്നവര്‍ക്ക് നാം പദവികള്‍ ഉയര്‍ത്തികൊടുക്കുന്നു. തീര്‍ച്ചയായും നിന്റെ രക്ഷിതാവ് യുക്തിമാനും സര്‍വജ്ഞനുമത്രെ” (ക്വുര്‍ആന്‍ 6:83).

സ്വന്തം കൈകളാല്‍ കൊത്തിയുണ്ടാക്കിയ വിഗ്രഹങ്ങള്‍ക്ക് മുന്നില്‍ ഭജനമിരിക്കുകയും അവയെ പൂജിക്കുകയും അവയ്ക്ക് വഴിപാടുകള്‍ അര്‍പ്പിച്ച് ആരാധിക്കുകയും ചെയ്യുന്ന ആ ജനതയോടുള്ള ഇബ്‌റാഹീം നബി(അ)യുടെ ചോദ്യവും അവര്‍ നല്‍കുന്ന മറുപടിയും കാണുക: 

”മുമ്പ് ഇബ്‌റാഹീമിന് തന്റെതായ വിവേകം നാം നല്‍കുകയുണ്ടായി. അദ്ദേഹത്തെ പറ്റി നമുക്കറിയാമായിരുന്നു. തന്റെ പിതാവിനോടും തന്റെ ജനങ്ങളോടും അദ്ദേഹം ഇപ്രകാരം ചോദിച്ച സന്ദര്‍ഭം (ശ്രദ്ധേയമത്രെ:) നിങ്ങള്‍ പൂജിച്ചുകൊണ്ടേയിരിക്കുന്ന ഈ പ്രതിമകള്‍ എന്താകുന്നു? അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാക്കള്‍ ഇവയെ ആരാധിച്ച് വരുന്നതായിട്ടാണ് ഞങ്ങള്‍ കണ്ടത്. അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും നിങ്ങളും നിങ്ങളുടെ പിതാക്കളും വ്യക്തമായ വഴികേടിലായിരിക്കുന്നു. അവര്‍ പറഞ്ഞു: നീ ഞങ്ങളുടെ അടുത്ത് സത്യവും കൊണ്ട് വന്നിരിക്കുകയാണോ അതല്ല, നീ കളി പറയുന്നവരുടെ കൂട്ടത്തിലാണോ?”(ക്വുര്‍ആന്‍ 21:51-55).

‘ഞങ്ങള്‍ ഞങ്ങളുടെ പൂര്‍വ പിതാക്കള്‍ ഇങ്ങനെയെല്ലാം ചെയ്യുന്നതാണ് കണ്ടിട്ടുള്ളത്. ഞങ്ങള്‍ അവരെ പിന്തുടരുകയാണ് ചെയ്യുന്നത്’ എന്ന മറുപടിയല്ലാതെ മറ്റൊന്നും അവര്‍ക്ക് പറയുവാനില്ല. നിങ്ങളുടെയും നിങ്ങളുടെ പൂര്‍വികരുടെയും നടപടി തെറ്റാണെന്നും നിങ്ങള്‍ വഴികേടിലാണെന്നും ഇബ്‌റാഹീം(അ) തുറന്നു പറയുന്നു. ‘ഇബ്‌റാഹീം, ഞങ്ങളുടെ പൂര്‍വപിതാക്കള്‍ക്കൊന്നും അറിയാത്ത ഒരു സത്യമായിട്ടാണോ നീ വന്നിരിക്കുന്നത്, അതല്ല നീ ഞങ്ങളെ കളിയാക്കുകയാണോ?’ എന്നുള്ള അവരുടെ മറുചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി ഇരുത്തിച്ചിന്തിപ്പിക്കുന്നതായിരുന്നു. അത് കാണുക:

”അദ്ദേഹം പറഞ്ഞു: അല്ല, നിങ്ങളുടെ രക്ഷിതാവ് ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവാകുന്നു. അവയെ സൃഷ്ടിച്ചുണ്ടാക്കിയവന്‍. ഞാന്‍ അതിന് സാക്ഷ്യം വഹിക്കുന്നവരുടെ കൂട്ടത്തിലാകുന്നു. അല്ലാഹുവെ തന്നെയാണ, തീര്‍ച്ചയായും നിങ്ങള്‍ പിന്നിട്ട് പോയതിന് ശേഷം ഞാന്‍ നിങ്ങളുടെ വിഗ്രഹങ്ങളുടെ കാര്യത്തില്‍ ഒരു തന്ത്രം പ്രയോഗിക്കുന്നതാണ്…” (ക്വുര്‍ആന്‍ 21:56,57).

വിഗ്രഹങ്ങളുടെ കാര്യത്തില്‍ തന്ത്രം പ്രയോഗിക്കുമെന്ന് പറഞ്ഞത് ചിലപ്പോള്‍ മനസ്സില്‍ പറഞ്ഞതാകാം. യൂസുഫ്(അ)  മോഷണം നടത്തിയെന്ന് സഹോദരങ്ങള്‍  പറഞ്ഞപ്പോള്‍ യൂസുഫ്(അ) പറഞ്ഞത് ക്വുര്‍ആന്‍ ഇപ്രകാരം പ്രസ്താവിച്ചിട്ടുണ്ട്

”അവര്‍ (സഹോദരന്‍മാര്‍) പറഞ്ഞു: അവന്‍ മോഷ്ടിക്കുന്നുവെങ്കില്‍ (അതില്‍ അത്ഭുതമില്ല.) മുമ്പ് അവന്റെ സഹോദരനും മോഷ്ടിക്കുകയുണ്ടായിട്ടുണ്ട്. എന്നാല്‍ യൂസുഫ് അത് തന്റെ മനസ്സില്‍ ഗോപ്യമാക്കിവെച്ചു. അവരോട് അദ്ദേഹം അത് (പ്രതികരണം) പ്രകടിപ്പിച്ചില്ല. അദ്ദേഹം (മനസ്സില്‍) പറഞ്ഞു: നിങ്ങളാണ് മോശമായ നിലപാടുകാര്‍. നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതിനെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാണ്” (ക്വുര്‍ആന്‍ 12:77).

ഇവിടെ യൂസുഫ്(അ) പറഞ്ഞത് മനസ്സിലാണ്. ഇത് പോലെയാകാം ചിലപ്പോള്‍ ഇബ്‌റാഹീം(അ) പറഞ്ഞത്. അതല്ല, ചിലരെല്ലാം കേള്‍ക്കുന്ന തരത്തിലുമാകാം ആ സംസാരം. കാരണം, താഴെയുള്ള വചനം കാണുക:

”ചിലര്‍ പറഞ്ഞു: ഇബ്‌റാഹീം എന്ന് വിളിക്കപ്പെടുന്ന ഒരു ചെറുപ്പക്കാരന്‍ ആ ദൈവങ്ങളെപ്പറ്റി പരാമര്‍ശിക്കുന്നത് ഞങ്ങള്‍ കേട്ടിണ്ട്” (ക്വുര്‍ആന്‍ 21:60).

ഇബ്‌റാഹീം(അ) പ്രയോഗിച്ച തന്ത്രം ഇതാണ്:  

”അങ്ങനെ അദ്ദേഹം അവരെ (ദൈവങ്ങളെ) തുണ്ടം തുണ്ടമാക്കിക്കളഞ്ഞു. അവരില്‍ ഒരാളെ ഒഴികെ. അവര്‍ക്ക് (വിവരമറിയാനായി) അയാളുടെ അടുത്തേക്ക് തിരിച്ചുചെല്ലാമല്ലോ” (ക്വുര്‍ആന്‍ 21:58).

വിഗ്രഹങ്ങളില്‍ തന്ത്രം പ്രയോഗിക്കുന്നതിന് മുമ്പായി അദ്ദേഹം പിതാവിനോടും തന്റെ ജനതയോടും പറയുന്നത് കാണുക.

”തന്റെ പിതാവിനോടും ജനതയോടും അദ്ദേഹം ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: എന്തൊന്നിനെയാണ് നിങ്ങള്‍ ആരാധിക്കുന്നത്?  അല്ലാഹുവിന്നു പുറമെ വ്യാജമായി നിങ്ങള്‍ മറ്റു ദൈവങ്ങളെ ആഗ്രഹിക്കുകയാണോ?  അപ്പോള്‍ ലോകരക്ഷിതാവിനെപ്പറ്റി നിങ്ങളുടെ വിചാരമെന്താണ്? എന്നിട്ട് അദ്ദേഹം നക്ഷത്രങ്ങളുടെ നേരെ ഒരു നോട്ടം നോക്കി. തുടര്‍ന്ന് അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും എനിക്ക് അസുഖമാകുന്നു. അപ്പോള്‍ അവര്‍ അദ്ദേഹത്തെ വിട്ട് പിന്തിരിഞ്ഞു പോയി. എന്നിട്ട് അദ്ദേഹം അവരുടെ ദൈവങ്ങളുടെ നേര്‍ക്ക് തിരിഞ്ഞിട്ടു പറഞ്ഞു: നിങ്ങള്‍ തിന്നുന്നില്ലേ? നിങ്ങള്‍ക്കെന്തുപറ്റി?  നിങ്ങള്‍ മിണ്ടുന്നില്ലല്ലോ! തുടര്‍ന്ന് അദ്ദേഹം അവയുടെ നേരെ തിരിഞ്ഞു വലതുകൈകൊണ്ട് ഊക്കോടെ അവയെ വെട്ടിക്കളഞ്ഞു. എന്നിട്ട് അവര്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് കുതിച്ച് ചെന്നു”(ക്വുര്‍ആന്‍ 37:85-93).

ലോക പരിപാലകനായ അല്ലാഹുവിനെ വെടിഞ്ഞ് സാങ്കല്‍പിക ദൈവങ്ങളെ സ്വീകരിച്ച് ആരാധിക്കുന്നതിലെ യുക്തിഹീനത മനസ്സിലാക്കിക്കൊടുത്തിട്ടും അവരത് ചെവിക്കൊണ്ടില്ല. അവര്‍ അവരുടെ പാരമ്പര്യ അന്ധവിശ്വാസത്തില്‍ നിലയുറപ്പിച്ചു. അവര്‍ ഒരു ഉത്സവത്തിന് പോകാനുള്ള തയ്യാറെടുപ്പിലാണ്. അദ്ദേഹത്തെയും അവര്‍ അതിന് ക്ഷണിച്ചു. അദ്ദേഹം അതില്‍ നിന്ന് പിന്മാറി. അവരെല്ലാവരും ഉത്സവത്തിന് പോയി. ഈ അവസരത്തിലാണ് അദ്ദേഹം അത് ചെയ്തത്.

അവരുടെ ആരാധ്യ വസ്തുക്കളുടെ നിസ്സഹായത അദ്ദേഹം സ്വയം ഒന്ന് മനസ്സിലാക്കി. മുമ്പിലുള്ള ഭക്ഷണം കഴിക്കുന്നില്ല. അനക്കമില്ല. സംസാരിച്ചു നോക്കി. പ്രതികരണമില്ല. അങ്ങനെ അവരെ ചിന്തിപ്പിക്കുവാനായി ആ തന്ത്രം പുറത്തെടുത്തു.

”അങ്ങനെ അദ്ദേഹം അവരെ (ദൈവങ്ങളെ) തുണ്ടം തുണ്ടമാക്കിക്കളഞ്ഞു. അവരില്‍ ഒരാളെ ഒഴികെ. അവര്‍ക്ക് (വിവരമറിയാനായി) അയാളുടെ അടുത്തേക്ക് തിരിച്ചുചെല്ലാമല്ലോ” (ക്വുര്‍ആന്‍ 21:58).

ഇവിടെ ചില കാര്യങ്ങള്‍ നാം മനസ്സിലാക്കേണ്ടതുണ്ട്. അദ്ദേഹത്തെ അവര്‍ ഉത്സവത്തിന് ക്ഷണിച്ചപ്പോള്‍ അദ്ദേഹം നക്ഷത്രങ്ങളിലേക്ക് നോക്കിയെന്ന് പറഞ്ഞതിന്റെ അര്‍ഥമെന്ത്? അദ്ദേഹം നക്ഷത്രത്തെ നോക്കി നാള് തീരുമാനിക്കന്ന ആളായിരുന്നില്ല. പിന്നെ എന്തിനാണ് അവയെ നോക്കിയത്? അവയെ നോക്കിയെന്ന് പറയുന്നതിന്റെ ഉദ്ദേശം ആകാശത്തിലേക്ക് നോക്കി എന്നാണ്; ഈ ജനങ്ങളോട് എന്താണ് പറയേണ്ടതെന്ന് ആലോചിച്ചുകൊണ്ടുള്ള നോട്ടം. (തുടരും)

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

ഇബ്‌റാഹീം നബി(അ) – 02​

ഇബ്‌റാഹീം നബി(അ) - 02

മകന്റെ സൗമ്യതയും പിതാവിന്റെ പരുഷതയും

”തീര്‍ച്ചയായും ഇബ്‌റാഹീം സഹനശീലനും ഏറെ അനുകമ്പയുള്ളവനും പശ്ചാത്താപമുള്ളവനും തന്നെയാണ്” (ക്വുര്‍ആന്‍ 11:75).

”നിഷ്‌കളങ്കമായ ഹൃദയത്തോടു കൂടി അദ്ദേഹം തന്റെ രക്ഷിതാവിങ്കല്‍ വന്ന സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു)” (37:84).

”അല്ലാഹു ഇബ്‌റാഹീമിനെ സുഹൃത്തായി സ്വീകരിച്ചിരിക്കുന്നു” (ക്വുര്‍ആന്‍ 4:125).

അല്ലാഹുവിന്റെ ഖലീല്‍ എന്ന സ്ഥാനം ഇബ്‌റാഹീം നബി(അ) ക്കും മുഹമ്മദ് നബി ﷺ ക്കുമാണ് നല്‍കപ്പെട്ടിട്ടുള്ളത്.

”(കടമകള്‍) നിറവേറ്റിയ ഇബ്‌റാഹീമിന്റെയും (53:37). അല്ലാഹുവുമായി ഏറ്റടുത്ത മുഴുവന്‍ കരാറും പൂര്‍ത്തിയാക്കിയെന്ന് അല്ലാഹുവാണ് അംഗീകരിക്കുന്നത്. ഹദീസുകളിലും ചില വിശേഷണങ്ങള്‍ കാണാം

അനസ്(റ)വില്‍ നിന്ന് നിവേദനം: ”ഒരാള്‍ അല്ലാഹുവിന്റെ ദൂതരുടെ അടുക്കലേക്ക് വന്നുകൊണ്ട് പറഞ്ഞു: ‘ഓ, മനുഷ്യരിലെ ഏറ്റവും ഉത്തമരേ.’ അപ്പോള്‍ റസൂല്‍ ﷺ  പറഞ്ഞു: ‘അത് ഇബ്‌റാഹീം(അ)യാണ്.’

മനുഷ്യരില്‍ ഏറ്റവും ഉത്തമന്‍ മുഹമ്മദ് നബി ﷺ  തന്നെ ആയിരുന്നിട്ടും എന്തുകൊണ്ട് ഇബ്‌റാഹീം(അ)നെ കുറിച്ച് അവിടുന്ന് ഇപ്രകാരം പറഞ്ഞുവെന്ന് പണ്ഡിതന്മാര്‍ വിവരിച്ചിട്ടുണ്ട്.

ഇബ്‌നു കഥീര്‍(റഹി) പറഞ്ഞു: ”നബി ﷺ  പിതാവായ ഇബ്‌റാഹീം നബി(അ)യുടെ കൂടെ തന്റെ എളിമയും വിനയവും കാണിച്ചതാണിത്. നബി ﷺ  പറഞ്ഞത് പോലെ; ‘നിങ്ങള്‍ മറ്റു പ്രവാചകന്മാരെക്കാള്‍ എന്നെ ശ്രേഷ്ഠനാക്കരുത്.’ അവിടുന്ന് പറഞ്ഞു: ‘മൂസയെക്കാള്‍ എന്നെ നിങ്ങള്‍ ശ്രേഷ്ഠനാക്കരുത്. കാരണം തീര്‍ച്ചയായും മനുഷ്യരെല്ലാം ക്വിയാമത്ത് നാളില്‍ ബോധരഹിതരായി വീഴും. അപ്പോള്‍ ഞാനായിരിക്കും ആദ്യം എഴുന്നേല്‍ക്കുന്നവന്‍. അപ്പോള്‍ ഞാന്‍ നോക്കുമ്പോള്‍ അര്‍ശ് പിടിച്ച് നില്‍ക്കുന്നതായി മൂസായെ കാണും. എനിക്ക് മുമ്പ് എണീറ്റതാണോ അതോ ത്വൂറില്‍ വെച്ച് ബോധരഹിതനായത് ഇതിന് പകരമാണോ എന്ന് എനിക്ക് അറിയില്ല.’ (ഇബ്‌നു കഥീര്‍ തുടരുന്നു:) ‘ഇതൊന്നും ക്വിയാമത്ത് നാളില്‍ മനുഷ്യരുടെ നേതാവാണ് ഞാന്‍ എന്ന് മുതവാതിര്‍ കൊണ്ട് (ധാരാളം പരമ്പരകളിലൂട ഉദ്ധരിക്കപ്പെട്ടത്) സ്ഥിരപ്പെട്ടു വന്നതിന് എതിരാകുന്നില്ല.’

മുഹമ്മദ് നബി ﷺ ക്ക് മുമ്പ് നിയുക്തരായ എത്രയോ പ്രവാചകന്മാരുണ്ടായിട്ടും പല പ്രാര്‍ഥനകളിലൂടെയും നാം ഏറ്റവും കൂടുതല്‍ സ്മരിക്കുന്നത് ഇബ്‌റാഹീം(അ)നെയാണ്. പ്രാഭാതത്തിലെ പ്രാര്‍ഥനയില്‍ നാം ആ പേര് സ്മരിക്കുന്നു. നമസ്‌കാരത്തിലെ തശഹ്ഹുദിലും നാം ആ പേര് സ്മരിക്കുന്നുണ്ട്. എന്താണ് മറ്റു പ്രവാചകന്മാരുടെ പേരുകളൊന്നും സ്മരിക്കാതെ ഇബ്‌റാഹീം(അ)ന്റെ പേര് പരാമര്‍ശിക്കാനുള്ള കാരണം എന്ന് പണ്ഡിതന്മാര്‍ ചര്‍ച്ചചെയ്തിട്ടുണ്ട്.

ക്വിയാമത്ത് നാളില്‍ അല്ലാഹു മനുഷ്യരെയെല്ലാം നഗ്‌നരായിട്ടാണല്ലോ ഉയര്‍ത്തെഴുന്നേല്‍പിക്കുന്നത്. അന്ന് ആദ്യം വസ്ത്രം ധരിക്കുന്നത് ഇബ്‌റാഹീം(അ) ആയിരിക്കുമെന്നതും അദ്ദേഹത്തിന്റെ ഒരു പ്രത്യേകതയാണ്. ‘ക്വിയാമത്ത് നാളില്‍ സൃഷ്ടികളില്‍ ആദ്യമായി വസ്ത്രം ധരിപ്പിക്കപ്പെടുന്നത് ഇബ്‌റാഹീം(അ)നായിരിക്കും’ (മുസ്‌ലിം).

ഇബ്‌നു മസ്ഊദ്(റ)വില്‍ നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ”അല്ലാഹുവിന്റെ ദൂതന്‍ ﷺ പറഞ്ഞു: ഇസ്‌റാഇന്റെ രാത്രിയില്‍ ഞാന്‍ ഇബ്‌റാഹീം നബി(അ)നെ കണ്ടു. അപ്പോള്‍ എന്നോട് പറഞ്ഞു: ‘മുഹമ്മദ്! നിന്റെ സമുദായത്തിനോട് എന്റെ സലാം പറയണം. തീര്‍ച്ചയായും സ്വര്‍ഗത്തിലെ മണ്ണ് പരിശുദ്ധവും അതിലെ വെള്ളം രുചിയുള്ളതും ആണെന്ന് അവരെ അറിയിക്കുകയും ചെയ്യുക. തീര്‍ച്ചയായും അതിന്റെ മണ്ണില്‍ വെച്ചു പിടിപ്പിക്കാവുന്ന ചെടിയുണ്ട് എന്നും അറിയിക്കുക’ (തിര്‍മിദി).

കഅ്ബയുടെ നേരെ മുകളില്‍ ഏഴാം ആകാശത്തുള്ള ബൈതുല്‍ മഅ്മൂര്‍ എന്ന വിശുദ്ധ ഗേഹം, അതിന്റെ അടുത്ത് വെച്ച് നബി ﷺ  ഇബ്‌റാഹീം(അ)നെ കണ്ടിട്ടുണ്ട്. നബി ﷺ  പറയുന്നു:

”…പിന്നെ എന്നെ ഏഴാം ആകാശത്തേക്ക് കൊണ്ടുപോയി. ജിബ്‌രീല്‍ (വാതില്‍) തുറക്കാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ പറയപ്പെട്ടു: ‘ആരാണിത്.’ (ജിബ്‌രീല്‍) പറഞ്ഞു: ‘ജിബ്‌രീല്‍.’ ചോദിക്കപ്പെട്ടു: ‘താങ്കളുടെ കൂടെ ആരാണ്.’ (ജിബ്‌രീല്‍) പറഞ്ഞു: ‘മുഹമ്മദ്.’ ‘ഇവിടേക്ക് നിയോഗിക്കപ്പെട്ടതാണോ’ എന്ന് ചോദിക്കപ്പെട്ടു. (ജിബ്‌രീല്‍) പറഞ്ഞു: ‘ഇവിടേക്ക് നിയോഗിക്കപ്പെട്ടതാണ്.’അങ്ങനെ കവാടം തുറന്നു. അപ്പോള്‍ ഇബ്‌റാഹീം(അ) ബൈതുല്‍ മഅ്മൂറിലേക്ക് ചാരിയിരിക്കുന്നതായി ഞാന്‍ കണ്ടു” (മുസ്‌ലിം).

ചെറിയ പ്രായത്തില്‍ മരണപ്പെട്ട മക്കളെ സ്വര്‍ഗത്തില്‍ ഏെറ്റടുത്തിരിക്കുന്നത് ഇബ്‌റാഹീം നബി(അ)യും, സാറ(റ)യുമാണെന്നും അവിടുന്ന് നമ്മെ പഠിപ്പിച്ചിട്ടുണ്ട്: അബൂഹുറയ്‌റ(റ)വില്‍ നിന്ന്; അദ്ദേഹം പറഞ്ഞു: ”അല്ലാഹുവിന്റെ റസൂല്‍ ﷺ  പറഞ്ഞു: ‘മുസ്‌ലിംകളുടെ കുട്ടികള്‍ സ്വര്‍ഗത്തിലെ ഒരു പര്‍വതത്തില്‍ ആണ്. അവരെ ഇബ്‌റാഹീം(അ) യും സാറ(റ)യും ഏറ്റടുത്തിരിക്കുന്നു. ക്വിയാമത്ത് നാളില്‍ അവരുടെ പിതാക്കള്‍ക്ക് നല്‍കപ്പെടുന്നത് വരെ (അവര്‍ അവരെ ഏറ്റടുത്തിരിക്കുന്നു).”

ഇബ്‌റാഹീം നബി(അ)യുടെ പ്രബോധനം

ഇസ്‌ലാമിക പ്രബോധനം മുസ്‌ലിംകളുടെ ബാധ്യതയാണല്ലോ. പ്രബോധനം ആരില്‍ നിന്ന്, എന്തില്‍ നിന്ന് തുടങ്ങണം എന്നെല്ലാം പ്രമാണങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ലാ ഇലാഹ ഇല്ലല്ലാഹു എന്ന സന്ദേശം കൊണ്ടാണ് തുടങ്ങേണ്ടത്. സ്വന്തം കുടുംബത്തില്‍ നിന്ന്; ഏറ്റവും അടുത്തവരില്‍ നിന്ന് തുടങ്ങണം. ഇബ്‌റാഹീം(അ)ന്റെ ചരിത്രം ഇതു നമുക്ക് വ്യക്തമാക്കിത്തരുന്നുണ്ട്. മുഹമ്മദ് നബി ﷺ യോട് അല്ലാഹു കല്‍പിച്ചതും ഇപ്രകാരം തന്നെയാണ്.

ഇബ്‌റാഹീം(അ) പിതാവിനെ സത്യമാര്‍ഗത്തിലേക്ക് ക്ഷണിക്കുന്നത് അല്ലാഹു ഇപ്രകാരം വിവരിക്കുന്നു:

”വേദഗ്രന്ഥത്തില്‍ ഇബ്‌റാഹീമിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം സത്യവാനും പ്രവാചകനുമായിരുന്നു. അദ്ദേഹം തന്റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) എന്റെ പിതാവേ, കേള്‍ക്കുകയോ കാണുകയോ ചെയ്യാത്ത, താങ്കള്‍ക്ക് യാതൊരു ഉപകാരവും ചെയ്യാത്ത വസ്തുവെ താങ്കള്‍ എന്തിന് ആരാധിക്കുന്നു? എന്റെ പിതാവേ, തീര്‍ച്ചയായും താങ്കള്‍ക്ക് വന്നുകിട്ടിയിട്ടില്ലാത്ത അറിവ് എനിക്ക് വന്നുകിട്ടിയിട്ടുണ്ട്. ആകയാല്‍ താങ്കള്‍ എന്നെ പിന്തടരൂ; ഞാന്‍ താങ്കള്‍ക്ക് ശരിയായ മാര്‍ഗം കാണിച്ചുതരാം. എന്റെ പിതാവേ, താങ്കള്‍ പിശാചിനെ ആരാധിക്കരുത്. തീര്‍ച്ചയായും പിശാച് പരമകാരുണികനോട് അനുസരണമില്ലാത്തവനാകുന്നു. എന്റെ പിതാവേ, തീര്‍ച്ചയായും പരമകാരുണികനില്‍ നിന്നുള്ള വല്ല ശിക്ഷയും താങ്കളെ ബാധിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു. അപ്പോള്‍ താങ്കള്‍ പിശാചിന്റെ മിത്രമായിരിക്കുന്നതാണ്” (ക്വുര്‍ആന്‍ 19:41-45).

ഗുണകാംക്ഷയും സൗമ്യതയും ഒത്തിണങ്ങിയ ശൈലിയില്‍ ‘എന്റെ പിതാവേ’ എന്ന് ആവര്‍ത്തിച്ച് വിളിച്ചുകൊണ്ട് ഇബ്‌റാഹീം (അ) പിതാവായ ആസറിനെ സത്യത്തിലേക്ക് ക്ഷണിക്കുകയാണ്.

‘ഒന്നും കേള്‍ക്കാത്ത, ഒന്നും കാണാത്ത, യാതൊരു ഉപകാരവും ഉപദ്രവവും ചെയ്യാത്തതിനെ എന്തിനാണ് നിങ്ങള്‍ ആരാധിക്കുന്നത്? നമ്മുടെ ആവശ്യങ്ങള്‍ പറയുമ്പോള്‍ കേള്‍ക്കാനും നാം ചെയ്യുന്ന ആരാധനകള്‍ കാണാനും സാധിക്കുന്നവനെയാണല്ലോ ആരാധിക്കേണ്ടത്. നിങ്ങള്‍ ആരാധിക്കുന്ന ഈ ബിംബങ്ങള്‍ക്ക് അതിനൊന്നും സാധ്യമല്ലല്ലോ. പിന്നെ എന്തിന് അവയെ ആരാധിക്കണം? ഞാന്‍ നിങ്ങള്‍ക്ക് ശരിയായ അറിവ് നല്‍കാം. ആ അറിവ് എനിക്ക് ലഭിച്ചത് എല്ലാം കേള്‍ക്കുന്ന, എല്ലാം അറിയുന്ന, എല്ലാം കാണുന്ന, നമുക്ക് ഉപകാരം ചെയ്യുന്നവനില്‍ നിന്നാണ്. ആ അറിവിനെ പിന്തുടര്‍ന്നാല്‍ അങ്ങേക്ക് നേര്‍വഴിയിലാകാം. ഈ അചേതന വസ്തുക്കളെ ആരാധിക്കുവാനായി നിങ്ങള്‍ക്ക് പല ന്യായങ്ങളും തോന്നിപ്പിച്ച് ഈ ദുര്‍മാര്‍ഗത്തില്‍ നിങ്ങളെ ഉറപ്പിച്ച് നിര്‍ത്തുന്നത് പിശാചാണ്. അവനെയാണ് നിങ്ങള്‍ ആരാധിക്കുന്നത്. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കരുത്. അവന്‍ പരമ കാരുണികനായ അല്ലാഹുവിനോട് അനുസരണകേട് കാണിച്ചവനാണ്. ഇനിയും നിങ്ങള്‍ അതില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറില്ലെങ്കില്‍ എന്റെ പിതാവിനോട് എനിക്ക് പറയാനുള്ളത്, ‘നിങ്ങളുടെ ഈ പ്രവര്‍ത്തനത്തിന്റെ അനന്തരഫലം അല്ലാഹുവിങ്കല്‍ നിന്നുള്ള നരകമാണ്. അതിനാല്‍ നിങ്ങള്‍ ഇതില്‍നിന്ന് പിന്‍മാറണം, എന്നെ പിന്തുടരണം’ എന്നാണ്.

‘എന്റെ പിതാവേ’ എന്ന് സ്‌നേഹത്തോടെ, വിനയത്തോടെ വിളിച്ച് തൗഹീദിന്റെ വെളിച്ചം തെളിവ് കൊണ്ടും യുക്തികൊണ്ടും തെളിയിച്ചു സംസാരിച്ചപ്പോഴും പിതാവ് അതില്‍ തന്നെ ഉറച്ചുനിന്ന് ഗൗരവത്തില്‍ മകനോട് പറയുന്ന വാക്കുകള്‍ കാണുക: ”അയാള്‍ പറഞ്ഞു: ഹേ; ഇബ്‌റാഹീം, നീ എന്റെ ദൈവങ്ങളെ വേണ്ടെന്ന് വെക്കുകയാണോ? നീ (ഇതില്‍ നിന്ന്) വിരമിക്കുന്നില്ലെങ്കില്‍ ഞാന്‍ നിന്നെ കല്ലെറിഞ്ഞോടിക്കുക തന്നെ ചെയ്യും. കുറെ കാലത്തേക്ക് നീ എന്നില്‍ നിന്ന് വിട്ടുമാറിക്കൊള്ളണം” (ക്വുര്‍ആന്‍ 19:46).

വിശ്വാസികള്‍ എത്ര മൃദുല ശൈലിയില്‍ സംസാരിച്ചാലും അവിശ്വാസികളുടെ പ്രതികരണം രൂക്ഷമായിട്ടായിരിക്കും. കാരണം ഹൃദയത്തിന്റെ കാഠിന്യം അവരെ സൗമ്യതക്ക് വിലങ്ങിടുകയാണ് ചെയ്യുന്നത്. ബനൂഇസ്‌റാഈല്യരെ സംബന്ധിച്ച് അല്ലാഹു പറഞ്ഞത് ഇപ്രകാരമാണ്: ”പിന്നീട് അതിന് ശേഷവും നിങ്ങളുടെ മനസ്സുകള്‍ കടുത്തുപോയി. അവ പാറപോലെയോ അതിനെക്കാള്‍ കടുത്തതോ ആയി ഭവിച്ചു” (2:74).

തൗഹീദിന്റെ പ്രഭ ഉള്‍ക്കൊള്ളാന്‍ കഴിയാതെ അതിന്റെ വാഹകരെ എതിര്‍ക്കുന്നവര്‍ പരുക്കന്‍ പ്രകൃതക്കാരായിരിക്കും. അവരെ സ്‌നേഹിക്കുവാനോ അവരോട് ദയ കാണിക്കുവാനോ അവര്‍ക്ക് കഴിയില്ല. ഇബ്‌റാഹീം(അ) മകന്‍ ഇസ്മാഈല്‍(അ)നെ വിളിച്ചിരുന്നത് ‘പൊന്നു മോനേ’ എന്നായിരുന്നല്ലോ. ആ സ്‌നേഹത്തിന്റെ വിളി ഇബ്‌റാഹീം(അ) എന്ന മകന് പിതാവായ ആസറില്‍ നിന്ന് കേള്‍ക്കുവാന്‍ പറ്റിയിട്ടില്ല; പരുക്കന്‍ പെരുമാറ്റമല്ലാതെ. എന്നാലും പിതാവിനോട് മകന്‍ പറയുന്നത് നോക്കൂ:

”അദ്ദേഹം (ഇബ്‌റാഹീം) പറഞ്ഞു: താങ്കള്‍ക്ക് സലാം. താങ്കള്‍ക്ക് വേണ്ടി ഞാന്‍ എന്റെ രക്ഷിതാവിനോട് പാപമോചനം തേടാം. തീര്‍ച്ചയായും അവനെന്നോട് ദയയുള്ളവനാകുന്നു” (ക്വുര്‍ആന്‍ 19:47).

‘താങ്കള്‍ക്ക് സലാം’ എന്നത് വിശദീകരിച്ചുകൊണ്ട് ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറഞ്ഞു: ”വെറുക്കപ്പെടുന്ന യാതൊന്നും നിങ്ങള്‍ക്ക് എന്നില്‍ നിന്നുണ്ടാകില്ല, യാതൊരു ഉപദ്രവവും എന്നില്‍ നിന്ന് ഉണ്ടാകില്ല. നിങ്ങള്‍ എന്റെ ഭാഗത്തുനിന്ന് സുരക്ഷിതനായിരിക്കും’ (എന്നിട്ട്) അദ്ദേഹത്തിന് നന്മകള്‍ വര്‍ധിപ്പിക്കുകയും ചെയ്തു.”

ശേഷം പിതാവിനോട് പറയുന്നത് ‘താങ്കള്‍ക്ക് വേണ്ടി ഞാന്‍ എന്റെ രക്ഷിതാവിനോട് പാപമോചനം തേടാം. തീര്‍ച്ചയായും അവനെന്നോട് ദയയുള്ളവനാകുന്നു’ എന്നാണ്! വ്യക്തിപരമായ ആക്ഷേപങ്ങളോ പകയോ ഒന്നും ആ മകന് ഉണ്ടായിരുന്നില്ല. ആദര്‍ശപരമായ വിയോജിപ്പ് മാത്രം. ഇങ്ങനെയെല്ലാം പറയുമ്പോഴും ഇടക്കിടക്ക് ആദര്‍ശം ഓര്‍മപ്പെടുത്തും!

”നിങ്ങളെയും അല്ലാഹുവിന് പുറമെ നിങ്ങള്‍ പ്രാര്‍ഥിച്ചുവരുന്നവയെയും ഞാന്‍ വെടിയുന്നു. എന്റെ രക്ഷിതാവിനോട് ഞാന്‍ പ്രാര്‍ഥിക്കുന്നു. എന്റെ രക്ഷിതാവിനോട് പ്രാര്‍ഥിക്കുന്നത് മൂലം ഞാന്‍ ഭാഗ്യം കെട്ടവനാകാതിരുന്നേക്കാം” (ക്വുര്‍ആന്‍ 19:48).

പിതാവിനോട് യാത്ര പറയുന്ന നേരത്ത് അദ്ദേഹത്തിന് വേണ്ടി പ്രാര്‍ഥിച്ചതും ക്വുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നു: ”എന്റെ പിതാവിന് നീ പൊറുത്തുകൊടുക്കേണമേ. തീര്‍ച്ചയായും അദ്ദേഹം വഴിപിഴച്ചവരുടെ കൂട്ടത്തിലായിരിക്കുന്നു” (ക്വുര്‍ആന്‍ 26:86).

ദീനിന്റെ കടുത്ത വിരോധികള്‍ക്ക് പാപമോചനത്തിന് വേണ്ടി അല്ലാഹുവിനോട് ചോദിക്കാവതല്ലല്ലോ. തന്റെ പിതാവ് ഇനി ഒരിക്കലും മടങ്ങില്ലെന്നും അല്ലാഹുവിന്റെ ദീനിന്റെ ബദ്ധവൈരിയാണെന്നും ബോധ്യമായപ്പോള്‍ ആ തേട്ടത്തില്‍ നിന്ന് പിന്മാറുകയും ചെയ്തു.

”ഇബ്‌റാഹീം അദ്ദേഹത്തിന്റെ പിതാവിന് വേണ്ടി പാപമോചനം തേടിയത് അദ്ദേഹം പിതാവിനോട് അങ്ങനെ വാഗ്ദാനം ചെയ്തത് കൊണ്ട് മാത്രമായിരുന്നു. എന്നാല്‍ അയാള്‍ (പിതാവ്) അല്ലാഹുവിന്റെ ശത്രുവാണെന്ന് അദ്ദേഹത്തിന് വ്യക്തമായപ്പോള്‍ അദ്ദേഹം അയാളെ (പിതാവിനെ) വിട്ടൊഴിഞ്ഞു. തീര്‍ച്ചയായും ഇബ്‌റാഹീം ഏറെ താഴ്മയുള്ളവനും സഹനശീലനുമാകുന്നു” (ക്വുര്‍ആന്‍ 9:114).

ബഹുദൈവാരാധകര്‍ക്കായി പാപമോചനം തേടല്‍ അനുവദനീയമല്ലെന്നത് ഇസ്‌ലാമിക തത്ത്വമാണ്: ”ബഹുദൈവവിശ്വാസികള്‍ ജ്വലിക്കുന്ന നരകാഗ്‌നിയുടെ അവകാശികളാണെന്ന് തങ്ങള്‍ക്കു വ്യക്തമായിക്കഴിഞ്ഞതിന് ശേഷം അവര്‍ക്കുവേണ്ടി പാപമോചനം തേടുവാന്‍-അവര്‍ അടുത്ത ബന്ധമുള്ളവരായാല്‍ പോലും-പ്രവാചകന്നും സത്യവിശ്വാസികള്‍ക്കും പാടുള്ളതല്ല” (ക്വുര്‍ആന്‍ 9:113).

അപ്പോള്‍ ഇബ്‌റാഹീം(അ) പിതാവിന് വേണ്ടി നടത്തിയ പാപമോചനപ്രാര്‍ഥനയോ? അതിനെക്കുറിച്ച് അല്ലാഹു പറയുന്നത് ഇപ്രകാരമാണ്: ”ഇബ്‌റാഹീം അദ്ദേഹത്തിന്റെ പിതാവിന് വേണ്ടി പാപമോചനം തേടിയത് അദ്ദേഹം പിതാവിനോട് അങ്ങനെ വാഗ്ദാനം ചെയ്തത് കൊണ്ട് മാത്രമായിരുന്നു…” (ക്വുര്‍ആന്‍ 9:114).

ഇബ്‌റാഹീം(അ) പിതാവിനോട് വീട് വിട്ടിറങ്ങുന്ന വേളയില്‍ പറഞ്ഞിരുന്നല്ലോ; ഞാന്‍ താങ്കള്‍ക്ക് വേണ്ടി തേടാം എന്ന്. ആ വാഗ്ദാനം പാലിക്കുക മാത്രമാണ് ചെയ്തത്. പിതാവ് അല്ലാഹുവിന്റെ ശത്രുവാണെന്ന് ബോധ്യമായപ്പോള്‍ അതില്‍ നിന്ന് പിന്‍മാറുകയും ചെയ്തു. വിശുദ്ധ ക്വുര്‍ആന്‍ മറ്റൊരു സ്ഥലത്ത് ഇബ്‌റാഹീം(അ) പിതാവിന് വേണ്ടി നടത്തിയ പാപമോചന പ്രാര്‍ഥനയെ സംബന്ധിച്ച് പറയുന്നത് ഇങ്ങനെയാണ്:

”നിങ്ങള്‍ക്ക് ഇബ്‌റാഹീമിലും അദ്ദേഹത്തിന്റെ കൂടെയുള്ളവരിലും ഉത്തമമായ ഒരു മാതൃക ഉണ്ടായിട്ടുണ്ട്. അവര്‍ തങ്ങളുടെ ജനതയോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: നിങ്ങളുമായും അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നവയുമായുള്ള ബന്ധത്തില്‍ നിന്നു തീര്‍ച്ചയായും ഞങ്ങള്‍ ഒഴിവായവരാകുന്നു. നിങ്ങളില്‍ ഞങ്ങള്‍ അവിശ്വസിച്ചിരിക്കുന്നു. നിങ്ങള്‍ അല്ലാഹുവില്‍ മാത്രം വിശ്വസിക്കുന്നത് വരെ എന്നെന്നേക്കുമായി ഞങ്ങളും നിങ്ങളും തമ്മില്‍ ശത്രുതയും വിദ്വേഷവും പ്രകടമാവുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും ഞാന്‍ താങ്കള്‍ക്ക് വേണ്ടി പാപമോചനം തേടാം, താങ്കള്‍ക്ക് വേണ്ടി അല്ലാഹുവിങ്കല്‍ നിന്ന് യാതൊന്നും എനിക്ക് അധീനപ്പെടുത്താനാവില്ല എന്ന് ഇബ്‌റാഹീം തന്റെ പിതാവിനോട് പറഞ്ഞ വാക്കൊഴികെ. (അവര്‍ ഇപ്രകാരം പ്രാര്‍ഥിച്ചിരുന്നു:) ഞങ്ങളുടെ രക്ഷിതാവേ, നിന്റെമേല്‍ ഞങ്ങള്‍ ഭരമേല്‍പിക്കുകയും, നിങ്കലേക്ക് ഞങ്ങള്‍ മടങ്ങുകയും ചെയ്തിരിക്കുന്നു. നിങ്കലേക്ക് തന്നെയാണ് തിരിച്ചുവരവ്” (ക്വുര്‍ആന്‍ 60:4).

ഇബ്‌റാഹീം(അ)യുടെ ജീവിതത്തില്‍ നമുക്ക് പൂര്‍ണ മാതൃകയുണ്ടെന്ന് അറിയിക്കുന്നതോടൊപ്പം പിതാവിന് വേണ്ടി അദ്ദേഹം നടത്തിയ പാപമോചന തേട്ടത്തില്‍ മാതൃകയില്ലെന്നും ബഹുദൈവ വിശ്വാസികള്‍ക്ക് വേണ്ടി പാപമോചനം തേടാന്‍ പാടില്ലെന്നും ഈ സൂക്തത്തിലൂടെ അല്ലാഹു വ്യക്തമാക്കുന്നു. ഇങ്ങനെയെല്ലാമായിരുന്നിട്ടും പിതാവിനോട് പിതാവെന്ന നിലയില്‍ അദ്ദേഹം സ്‌നേഹം നിലനിര്‍ത്തി.

ക്വിയാമത്ത് നാളില്‍ ഈ പിതാവും മകനും കണ്ടുമുട്ടുന്ന രംഗം നബി ﷺ  നമുക്ക് വിവരിച്ചുതന്നിട്ടുണ്ട്. നബി ﷺ  പറയുന്നു:

”ഇബ്‌റാഹീം(അ) തന്റെ പിതാവ് ആസറിനെ ക്വിയാമത്ത് നാളില്‍ കണ്ടുമുട്ടും. (ആ സന്ദര്‍ഭത്തില്‍) പിതാവായ ആസറിന്റെ മുഖം പൊടിപുരണ്ട് ഇരുണ്ടതായിരിക്കും. അപ്പോള്‍ ഇബ്‌റാഹീം(അ) പിതാവിനോട് ചോദിക്കും: ‘എന്നോട് അനുസരണക്കേട് കാണിക്കരുതെന്ന് ഞാന്‍ ഉപ്പയോട് പറഞ്ഞിരുന്നില്ലയോ?’ അപ്പോള്‍ പിതാവ് പറയും: ‘ഇന്ന് ഞാന്‍ നിന്നോട് അനുസരണക്കേട് കാണിക്കുന്നതല്ല.’ അപ്പോള്‍ ഇബ്‌റാഹീം(അ) (അല്ലാഹുവിനോട്) പറയും: ‘എന്റെ റബ്ബേ, മനുഷ്യര്‍ ഉയര്‍ത്തഴുന്നേല്‍പിക്കപ്പെടുന്ന ദിവസം നീ എന്നെ അപമാനിക്കില്ലെന്ന് നീ എനിക്ക് വാഗ്ദത്തം നല്‍കിയതാണല്ലോ. എന്റെ പിതാവിന്റെ കാര്യത്തിലുള്ളതിനെക്കാളും വലിയ അപമാനം വേറെ എന്താണ് എനിക്കുള്ളത്!’ അപ്പോള്‍ അല്ലാഹു പറയും: ‘തീര്‍ച്ചയായും ഞാന്‍ അവിശ്വാസികള്‍ക്ക് സ്വര്‍ഗം നിഷിദ്ധമാക്കിയിട്ടുണ്ട്.’ പിന്നീട് ചോദിക്കപ്പെടും: ‘ഓ, ഇബ്‌റാഹീം! നിന്റെ കാലിനടിയില്‍ എന്താണ്?’ അപ്പോള്‍ ഇബ്‌റാഹീം(അ) (കാലിനടിയിലേക്ക്) നോക്കും. അപ്പോഴതാ ചെളിപുരണ്ട കഴുതപ്പുലിയുടെ രൂപത്തില്‍ (പിതാവ്). അപ്പോള്‍ അതിന്റെ ഇരു കാലുകളും പിടിച്ച് നരകത്തിലേക്ക് എറിയപ്പെടും” (ബുഖാരി).

കൂടുതല്‍ വിവരിക്കാതെ തന്നെ മനസ്സിരുത്തി വായിക്കുന്നവര്‍ക്ക് ഇബ്‌റാഹീം(അ)ന് പിതാവിനോടുള്ള സ്‌നേഹം എത്രയുണ്ടെന്ന് മനസ്സിലാകും.

പ്രതിഫല നാളിന്റെ ഉടമസ്ഥനായ അല്ലാഹുവിന്റെ കോടതിയാണ് പരലോകം. അവിടെ ഇഹലോകത്തെ പോലെ സ്വാധീനം കൊണ്ട് രക്ഷപ്പെടാനാവില്ല. രക്തബന്ധത്തിനോ കുടംബബന്ധത്തിനോ സുഹൃദ് ബന്ധത്തിനോ വിവാഹബന്ധത്തിനോ ഒന്നും രക്ഷപ്പെടുത്താന്‍ കഴിയാത്ത ലോകം. ആര് ശരിയായ വിശ്വാസവും സല്‍കര്‍മങ്ങളുമായി റബ്ബിലേക്ക് എത്തിയോ അവന്‍ സുരക്ഷിതനാകുന്ന ലോകം. അന്യായമായ ശുപാര്‍ശകളില്ലാത്ത ലോകം. ശുപാര്‍ശ നടക്കണമെങ്കില്‍ തന്നെ അല്ലാഹുവിന്റെ അനുവാദം വേണ്ട ലോകം…

മുഹമ്മദ് നബി ﷺ  മകള്‍ ഫത്വിമയെ വിളിച്ച് പറയുന്നത് കാണുക: ”മുഹമ്മദിന്റെ മകള്‍ ഫാത്വിമാ, എന്റെ സ്വത്തില്‍ നിന്ന് നീ ഉദ്ദേശിക്കുന്നത് ചോദിച്ചോളൂ (ഞാന്‍ നല്‍കാം). എന്നാല്‍ അല്ലാഹുവില്‍ നിന്ന് യാതൊന്നും നിനക്ക് നേടിത്തരാന്‍ എനിക്ക് ആവില്ല” (ബുഖാരി).

അത്‌കൊണ്ട് തന്നെ ഇബ്‌റാഹീം(അ)ന് പിതാവിനെ രക്ഷപ്പെടുത്താനും കഴിയില്ല. (തുടരും)

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

ഇബ്‌റാഹീം നബി(അ) – 01

ഇബ്‌റാഹീം നബി(അ) - 01

ഒരു മുസ്‌ലിം പല സന്ദര്‍ഭങ്ങളിലായി പേര് പരാമര്‍ശിക്കുന്ന പ്രവാചകനാണ് ഇബ്‌റാഹീം നബി(അ). ക്വുര്‍ആനില്‍ 69 സ്ഥലങ്ങളില്‍ ഇബ്‌റാഹീം നബി(അ)ന്റെ പേര് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ മാര്‍ഗം പിന്തുടരുവാന്‍ മുഹമ്മദ് നബി ﷺ യോട് അല്ലാഹു കല്‍പിച്ചിട്ടുമുണ്ട്. അല്ലാഹു കല്‍പിക്കുന്നതെന്തും ജീവിതത്തില്‍ പ്രകടമാക്കിയ വിനീതനും ത്യാഗിയുമായ മഹാനാണ് ഇബ്‌റാഹീം(അ). ഇറാക്വിലായിരുന്നു ജനനം എന്നാണ് അറിയപ്പെട്ടിടത്തോളം നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കുന്നത്. ഇങ്ങനെ പറയുവാന്‍ കാരണം അദ്ദേഹത്തിന്റെ ജനന സ്ഥലം ഏതെന്ന് പരിശുദ്ധ ക്വുര്‍ആനിലോ സ്വഹീഹായ ഹദീഥുകളിലോ പരാമര്‍ശിക്കപ്പെട്ടിട്ടില്ല എന്നതാണ്. പിതാവിന്റെ പേര് ആസര്‍ എന്നാണെന്ന് ക്വുര്‍ആനില്‍ നിന്നും ഹദീഥില്‍ നിന്നും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.  

”ഇബ്‌റാഹീം തന്റെ പിതാവായ ആസറിനോട് പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക)” (ക്വുര്‍ആന്‍ 6:74).

”അന്ത്യനാളില്‍ ഇബ്‌റാഹീം തന്റെ പിതാവ് ആസറിനെ കാണും…” (ബുഖാരി).

ആസര്‍ എന്നത് അദ്ദേഹത്തിന്റെ പിതാവിന്റെ പേരല്ലെന്നും പിതാവിന്റെ പേര് താരിഹ് അല്ലെങ്കില്‍ താറഹ് എന്നായിരുന്നുവെന്നും ആസര്‍ എന്നത് അദ്ദേഹത്തിന്റെ പിതൃവ്യനാണെന്നും ചിലരെല്ലാം അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ ക്വുര്‍ആനിലും ഹദീഥിലും പിതാവ് ആസര്‍ എന്ന് വ്യക്തമായി വന്നിരിക്കെ അത്തരം അഭിപ്രയാങ്ങളെ ഒരു നിലയ്ക്കും പരിഗണിക്കേണ്ടതില്ല. 

സൂര്യചന്ദ്രനക്ഷത്രാദികളെയും കല്ലുകൊണ്ടും മരംകൊണ്ടും കൊത്തിയുണ്ടാക്കിയ വിഗ്രഹങ്ങളെയും വണങ്ങിയും അവയോട് പ്രാര്‍ഥിച്ചുംകൊണ്ടിരിക്കുന്ന ബഹുദൈവ വിശ്വാസികള്‍ക്കിടയിലാണ് അദ്ദേഹത്തിശന്റ ജനനം. വിഗ്രഹങ്ങളെ കൊത്തിയുണ്ടാക്കി വില്‍പന നടത്തുന്ന പിതാവ്! നാട്ടുകാരും വീട്ടുകാരും സമുഹവും ഭരണാധികാരികളുമെല്ലാം ബഹുദൈവാരാധകര്‍…! 

ഇബ്‌റാഹീം(അ) ചെറുപ്പം മുതലേ (പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പ്തന്നെ) ബഹുദൈവാരാധനയോട് വിയോജിപ്പ് പ്രകടിപ്പിക്കുമായിരുന്നുവെന്ന് ചരിത്രങ്ങളില്‍ കാണാം. പിതാവ് ആസര്‍ വിഗ്രഹങ്ങളെയുണ്ടാക്കി വില്‍ക്കാനായി മകനെ ചന്തയിലേക്ക് പറഞ്ഞു വിടും. മനസ്സില്ലാ മനസ്സോടെ, ആ ഭാരവും പേറി ചന്തയില്‍ പോയി ‘ഉപകാരവും ഉപദ്രവവും ചെയ്യാത്ത ഇവയെ ആരാണ് വാങ്ങാനുള്ളതെ’ന്ന് ചോദിക്കുമായിരുന്നു! അതുപോലെ വലിയ ജലാശയത്തില്‍ മുക്കി അവയോട് വെള്ളം കുടിക്കുവാനും ആവശ്യപ്പെടും. സൃഷ്ടിപൂജയുടെ നിരര്‍ഥകത അദ്ദേഹത്തിന് ചെറുപ്പത്തില്‍ തന്നെ മനസ്സിലായിരുന്നു എന്ന് വ്യക്തം.

ഏകദൈവ വിശ്വാസത്തിന്റെ മാര്‍ഗത്തില്‍ അദ്ദേഹം നടത്തിയ ത്യാഗോജ്വലമായ പ്രവര്‍ത്തനം ഭുവനപ്രസിദ്ധമാണ്. ജൂതന്മാര്‍ക്കിടയിലും െ്രെകസ്തവര്‍ക്കിടയിലും മക്കയിലെ മുശ്‌രിക്കുകള്‍ക്കിടയിലും മുസ്‌ലിംകള്‍ക്കിടയിലും അദ്ദേഹത്തിന്റെ ചരിത്രം പ്രശസ്തമാണെന്ന് മാത്രമല്ല, എല്ലാവരും തങ്ങള്‍ അദ്ദേഹത്തിന്റെ പിന്‍തലമുറക്കാരാണെന്ന് അവകാശപ്പെടുന്നവരുമാണ്. യഥാര്‍ഥത്തില്‍ ആരാണ് ഇബ്‌റാഹീം നബി(അ)യുടെ ആദര്‍ശ പിന്‍ഗാമികള്‍?

അല്ലാഹു പറയുന്നു: ”അതല്ല, ഇബ്‌റാഹീമും ഇസ്മാഈലും ഇസ്ഹാക്വും യഅ്ക്വൂബും യഅ്ക്വൂബ് സന്തതികളുമെല്ലാം തന്നെ യഹൂദരോ െ്രെകസ്തവരോ ആയിരുന്നു എന്നാണോ നിങ്ങള്‍ പറയുന്നത്” (ക്വുര്‍ആന്‍ 2:140).

ജൂതെ്രെകസ്തവര്‍ തങ്ങളുടെ പാരമ്പര്യം ഇബ്‌റാഹീം നബി(അ)യിലേക്ക് ചേര്‍ത്ത് പറയുന്നു. അല്ലാഹുവിനെ മാത്രമെ ആരാധിക്കാവൂ എന്ന ഏകദൈവാദര്‍ശത്തിന്റെ ഉന്നമനത്തിന് വേണ്ടി പടപൊരുതിയ മഹാനാണ് ഇബ്‌റാഹീം(അ). അതിന് വിരുദ്ധമായ ആദര്‍ശവുമായി നടക്കുന്ന ജൂതെ്രെകസ്തവര്‍ എങ്ങനെ ഇബ്‌റാഹീം നബി(അ)യുടെ പിന്‍ഗാമികളാകും? അവരോട് അല്ലാഹു ചോദിക്കുന്നു:

”വേദക്കാരേ, ഇബ്‌റാഹീമിന്റെ കാര്യത്തില്‍ നിങ്ങളെന്തിനാണ് തര്‍ക്കിക്കുന്നത്? തൗറാത്തും ഇന്‍ജീലും അവതരിപ്പിക്കപ്പെട്ടത് അദ്ദേഹത്തിനു ശേഷം മാത്രമാണല്ലോ. നിങ്ങളെന്താണ് ചിന്തിക്കാത്തത്?”(ക്വുര്‍ആന്‍ 3:65)

ഇബ്‌റാഹീം നബി(അ)ക്ക് ശേഷം അവതരിക്കപ്പെട്ട വേദഗ്രന്ഥങ്ങളാണല്ലോ തൗറാത്തും ഇന്‍ജീലും. അതില്‍ എവിടെയും ഇബ്‌റാഹീം(അ) സ്രഷ്ടാവായ അല്ലാഹുവിന് പുറമെ മറ്റു വല്ല സൃഷ്ടികളോടും പ്രാര്‍ഥിക്കുവാനോ അവയുടെ മുമ്പില്‍ വണങ്ങുവാനോ ആഹ്വാനം ചെയ്തതായി കാണുകയില്ല. അതിനാല്‍ നിങ്ങള്‍ കൂടുതല്‍ തര്‍ക്കിച്ച് അവകാശപ്പെട്ടിട്ട് കാര്യമില്ല. നിങ്ങളുടെ വിശ്വാസവും ഇബ്‌റാഹീം(അ)ന്റെ വിശ്വാസവും പൊരുത്തപ്പെട്ട് പോകുന്ന വിശ്വാസമല്ല. ഇതെല്ലാമാണ് ഈ സൂക്തത്തിലൂടെ അല്ലാഹു അറിയിക്കുന്നത്. മക്കാമുശ്‌രിക്കുകള്‍ ഇബ്‌റാഹീം(അ)ന്റെ ആളുകളാണെന്ന് അവകാശപ്പെടുന്നവരും അദ്ദേഹത്തിന്റെയും മറ്റു പല നബിമാരുടെയും വിഗ്രഹങ്ങള്‍ കഅ്ബയില്‍ പ്രതിഷ്ഠിച്ചവരും അവയോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നവരായിരുന്നു. ഈ മൂന്ന് വിഭാഗങ്ങളുടെയും അവകാശവാദത്തെ അല്ലാഹു തള്ളിപ്പറയുകയും ഇബ്‌റാഹീം(അ)ന്റെ മാര്‍ഗത്തിലുള്ളത് ആരെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നത് കാണുക:           

”ഇബ്‌റാഹീം യഹൂദനോ ക്രിസ്ത്യനോ ആയിരുന്നില്ല. എന്നാല്‍ അദ്ദേഹം ശുദ്ധമനസ്ഥിതിക്കാരനും (അല്ലാഹുവിന്ന്) കീഴ്‌പെട്ടവനും ആയിരുന്നു. അദ്ദേഹം ബഹുദൈവാരാധകരില്‍ പെട്ടവനായിരുന്നിട്ടുമില്ല” (ക്വുര്‍ആന്‍ 3:67). 

ഇത് ഒന്നുകൂടി ഇപ്രകാരം വ്യക്തമാക്കുകയും ചെയ്തു:

”തീര്‍ച്ചയായും ജനങ്ങളില്‍ ഇബ്‌റാഹീമിനോട് കൂടുതല്‍ അടുപ്പമുള്ളവര്‍ അദ്ദേഹത്തെ പിന്തുടര്‍ന്നവരും ഈ പ്രവാചകനും (അദ്ദേഹത്തില്‍) വിശ്വസിച്ചവരുമാകുന്നു. അല്ലാഹു സത്യവിശ്വാസികളുടെ രക്ഷാധികാരിയാകുന്നു” (ക്വുര്‍ആന്‍ 3:68).

ഉസൈര്‍(അ) അല്ലാഹുവിന്റെ പുത്രനാണെന്ന് പറയുന്ന യഹൂദികള്‍ അല്ലാഹുവിന് പുറമെ മഹാനായ ഉസൈര്‍(അ)നോട് പ്രാര്‍ഥിക്കുന്നവരാണ്. ഈസാ(അ) അല്ലാഹുവിന്റെ പുത്രനാണെന്ന് വാദിച്ച് അദ്ദേഹത്തോടും മാതാവ് മര്‍യമിനോടും മറ്റും പ്രാര്‍ഥിക്കുന്നവരാണ് െ്രെകസ്തവര്‍. തൗഹീദിന്റെ മാര്‍ഗത്തില്‍ തീയില്‍ എറിയപ്പെട്ടപ്പോഴും ‘എനിക്ക് അല്ലാഹു മതി’യെന്ന് ഉറച്ചു പ്രഖ്യാപിച്ച ഇബ്‌റാഹീം(അ)നെ തന്നെ ആരാധിക്കുന്നവരാണ് മക്കയിലെ ബഹുദൈവാരാധകള്‍. ഇവരുടെയെല്ലാം അവകാശ വാദത്തെ അല്ലാഹു തള്ളിക്കളയുകയും മുഹമ്മദ് നബി ﷺ യും അദ്ദേഹത്തില്‍ വിശ്വസിച്ചവരുമാണ് ഇബ്‌റാഹീം നബി(അ)യോട് അടുത്തവര്‍ എന്ന് അല്ലാഹു സന്തോഷവാര്‍ത്ത അറിയിക്കുകയാണ് ഉപര്യുക്ത വചനത്തിലൂടെ. 

മക്കയിലെ ബഹുദൈവവിശ്വാസികള്‍ കഅ്ബയില്‍ ഇബ്‌റാഹീം(അ)ന്റെയും ഇസ്മാഈല്‍(അ)ന്റെയും വിഗ്രഹങ്ങള്‍ നാട്ടിയിരുന്നു. മക്കാവിജയത്തിനു മുമ്പ് ഇത് കാണുമ്പോള്‍ നബി ﷺ ക്ക് വലിയ വിഷമം ഉണ്ടായിരുന്നു. എന്തു ചെയ്യാന്‍? അത് എടുത്തു മാറ്റുവാന്‍ അല്ലാഹുവിന്റെ അനുവാദം ലഭിച്ചിട്ടില്ലല്ലോ! നബി ﷺ  ഒന്നും ചെയ്തില്ല. 

ഇബ്‌റാഹീം(അ)ന്റെ വിഗ്രഹത്തിന്റെ കൈയില്‍ കുറെ അമ്പുകള്‍ അവര്‍ വെച്ചിരുന്നു; ഭാഗ്യ പരീക്ഷണത്തിനായി. അതില്‍ ഒന്നില്‍ ‘ചെയ്‌തോളൂ’ എന്നും ഒന്നില്‍ ‘ചെയ്യരുത്’ എന്നും മറ്റൊന്നില്‍ ‘പൂജ്യം’ എന്നും അര്‍ഥമുള്ള പദങ്ങള്‍ എഴുതിയിരുന്നു. ജാഹിലിയ്യ കാലത്തെ ബഹുദൈവാരാധകര്‍ യാത്രക്കോ, വിവാഹത്തിനോ മറ്റു വല്ലതിനോ ഉദ്ദേശിച്ചാല്‍ കഅ്ബയില്‍ വരും. കണ്ണടച്ച് ഇബ്‌റാഹീം(അ)ന്റെ പേരില്‍ നാട്ടിയ വിഗ്രഹത്തിന്റെ കൈയിലുള്ള അമ്പുകളില്‍ ഒന്നെടുക്കും. ആദ്യം പറഞ്ഞതാണ് കിട്ടിയതങ്കില്‍ അവര്‍ അപ്രകാരം ചെയ്യും. രണ്ടാമത് പറഞ്ഞതാണ് ലഭിച്ചതെങ്കിലോ അവര്‍ ഉദ്ദേശിച്ച പ്രവര്‍ത്തനം ചെയ്യില്ല. മൂന്നാമത് പറഞ്ഞതാണ് കിട്ടിയതെങ്കില്‍ ഭാഗ്യ പരീക്ഷണം ഒന്നു കൂടി നടത്തും. ഇത് അവര്‍ പുലര്‍ത്തിപ്പോരുന്ന അന്ധവിശ്വാസമായിരുന്നു. നബി ﷺ  മക്കാവിജയ ദിവസം കഅ്ബയില്‍ പ്രവേശിച്ചു. ഈ കാഴ്ച കണ്ട പ്രവാചകന്റെ മനസ്സ് വല്ലാതെ വേദനിച്ചു. അവിടുത്തെ കൈയ്യിലുണ്ടായിരുന്ന വടികൊണ്ട് അവയെല്ലാം പുറത്തെടുത്ത് കളഞ്ഞു. എന്നിട്ട് ഇപ്രകാരം പറഞ്ഞു: ‘സത്യം വന്നു, അസത്യം തകര്‍ന്നു. അസത്യം തകരേണ്ടതു തന്നെയാണ്.’ ‘അല്ലാഹുവാണ സത്യം, ഈ രണ്ട് മഹാന്മാരും ഒരിക്കലും ഭാഗ്യപരീക്ഷണത്തെ അനുകൂലിച്ചവരല്ല’ എന്ന് വിഗ്രഹങ്ങളെ പുറത്ത് കളയുമ്പോള്‍ അദ്ദേഹം പറഞ്ഞിരുന്നു.   

അവകാശവാദങ്ങള്‍ കൊണ്ടൊന്നും കാര്യമില്ല. സത്യത്തോട് പൊരുത്തപ്പെടലാണ് പ്രധാനം. ഇന്നും പല ആളുകളും ഞങ്ങളാണ് സത്യത്തിന്റെ വക്താക്കളെന്ന് അവകാശപ്പെട്ട് സത്യത്തിന് നിരക്കാത്ത പല വിശ്വാസ, ആചാര, അനുഷ്ഠാന മുറകളുമായി നടക്കുന്നുണ്ട്. എല്ലാവര്‍ക്കും ഗുണപാഠമുണ്ട് മേല്‍ വിവരിച്ച സംഭവത്തില്‍. 

നബി ﷺ യുടെയും സ്വഹാബികളുടെയും പൂര്‍വികരായ സച്ചരിതരുടെയും മാര്‍ഗവുമായി ആരുടെ മാര്‍ഗം യോജിക്കുന്നുവോ അവരാണ് സത്യത്തിന്റെ കക്ഷിയെന്ന് നാം മനസ്സിലാക്കണം. നബി ﷺ  തന്നെ അത് നമ്മെ അറിയിച്ചിട്ടുണ്ട്.

മുആവിയ(റ)വില്‍ നിന്ന്: അദ്ദേഹം പറഞ്ഞു: ”അറിയുക, തീര്‍ച്ചയായും നബി ﷺ  ഞങ്ങളില്‍ നിന്ന് എഴുന്നേറ്റുകൊണ്ട് പറഞ്ഞു: ‘അറിയുക, തീര്‍ച്ചയായും നിങ്ങളുടെ പൂര്‍വികരായ വേദക്കാര്‍ എഴുപത്തിരണ്ട് വിഭാഗമായി പിരിഞ്ഞു. തീര്‍ച്ചയായും എന്റെ മില്ലത്ത് (മാര്‍ഗം) എഴുപത്തി മൂന്നായും പിരിയും. (അതില്‍) എഴുപത്തി രണ്ട് വിഭാഗം നരകത്തിലാണ്, അതില്‍ ഒന്ന് സ്വര്‍ഗത്തിലുമായിരിക്കും. (ആ ഒന്ന്) അല്‍ ജമാഅയാണ്” (അബൂദാവൂദ്).

മറ്റൊരു റിപ്പോര്‍ട്ട് കാണുക: ”എന്റെ സമുദായം എഴുപത്തി മൂന്ന് മില്ലത്തായി കക്ഷികളാകും. അവരില്‍ ഒന്നൊഴികെ മറ്റുള്ളവരെല്ലാം നരകത്തിലാണ്.’ അവര്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, അത് ആരാണ്?’  നബി ﷺ  അരുളി: ‘ഞാനും എന്റെ സ്വഹാബികളും ഏതില്‍ നിലകൊള്ളുന്നുവോ (അതില്‍ നില്‍ക്കുന്നവര്‍)”(തുര്‍മുദി).

സത്യത്തിന്റെ കക്ഷി ഏതെന്ന് വേര്‍തിരിച്ചറിയാനുള്ള മാര്‍ഗം ഒന്നേയുള്ളൂ. നബി ﷺ യും സ്വഹാബത്തും സ്വീകരിച്ച വിശ്വാസമാണോ, ആചാരമാണോ നമ്മുടെ കൈയിലുള്ളതെന്ന് പരിശോധിക്കുക. അതില്‍ പെടാത്തത് വല്ലതും നമ്മുടെ അടുത്തുണ്ടെങ്കില്‍ ഒഴിവാക്കുക. അതെ, ഇതു തന്നെയാണ് സലഫി മന്‍ഹജ്. അഥവാ പൂര്‍വികരുടെ മാര്‍ഗം.

ഇബ്‌റാഹീം(അ)യുടെ മഹത്ത്വങ്ങള്‍

അല്ലാഹു ഇബ്‌റാഹീം നബി(അ)നെയും കുടുംബത്തെയും പ്രത്യേകം ശ്രേഷ്ഠമാക്കി. നാം ദിനേന പലതവണ ചൊല്ലിക്കൊണ്ടിരിക്കുന്ന സ്വലാത്ത് അതിനു തെളിവാണ്:

”അല്ലാഹുവേ, ഇബ്‌റാഹീം നബിക്കും ഇബ്‌റാഹീം നബിയുടെ കുടുംബത്തിനും നീ ഗുണം ചെയ്തത് പോലെ മുഹമ്മദ് നബിക്കും മുഹമ്മദ് നബിയുടെ കുടുംബത്തിനും നീ ഗുണം ചൊരിയേണമേ. തീര്‍ച്ചയായും നീ സ്തുത്യര്‍ഹനും മഹത്ത്വമുള്ളവനുമാകുന്നു. അല്ലാഹുവേ, ഇബ്‌റാഹീം നബിക്കും ഇബ്‌റാഹീം നബിയുടെ കുടുംബത്തിനും നീ അനുഗ്രഹം ചെയ്തത് പോലെ മുഹമ്മദ് നബിക്കും മുഹമ്മദ് നബിയുടെ കുടുംബത്തിനും നീ അനുഗ്രഹം ചൊരിയേണമേ. തീര്‍ച്ചയായും നീ സ്തുത്യര്‍ഹനും മഹത്ത്വമുള്ളവനുമാണ്.”

അല്ലാഹു പറയുന്നത് കാണുക: ”തീര്‍ച്ചയായും ആദമിനെയും നൂഹിനെയും ഇബ്‌റാഹീം കുടുംബത്തേയും ഇംറാന്‍ കുടുംബത്തെയും ലോകരില്‍ ഉല്‍കൃഷ്ടരായി അല്ലാഹു തെരഞ്ഞെടുത്തിരിക്കുന്നു” (ക്വുര്‍ആന്‍ 3:33).

അല്ലാഹുവിന്റെ അനുഗ്രഹം പൂര്‍ത്തിയായി നല്‍കപ്പെട്ട പ്രവാചകന്മാരില്‍ ഒരാളാണ് ഇബ്‌റാഹീം (അ).

”നിന്റെ മേലും യഅ്ക്വൂബ് കുടുംബത്തിന്റെ മേലും അവന്റെ അനുഗ്രഹങ്ങള്‍ അവന്‍ നിറവേറ്റുകയും ചെയ്യുന്നതാണ്; മുമ്പ് നിന്റെ രണ്ട് പിതാക്കളായ ഇബ്‌റാഹീമിന്റെയും ഇസ്ഹാക്വിന്റെയും കാര്യത്തില്‍ അതവന്‍ നിറവേറ്റിയത് പോലെത്തന്നെ” (ക്വുര്‍ആന്‍ 12:6).

ചെറുപ്പത്തില്‍ തന്നെ വീട്ടിലും നാട്ടിലും നടക്കുന്ന ബഹുദൈവാരാധന ശരിയല്ലെന്നും അതില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കേണ്ടതുണ്ടെന്നുമുള്ള സത്യത്തോടുള്ള ഒരു ഉള്‍വിളി അല്ലാഹു നല്‍കി:

”മുമ്പ് ഇബ്‌റാഹീമിന് തന്റെതായ വിവേകം നാം നല്‍കുകയുണ്ടായി. അദ്ദേഹത്തെ പറ്റി നമുക്കറിയാമായിരുന്നു” (21:51). 

വിവേകം എന്നത് എന്താണെന്ന് ഇബ്‌നു കസീര്‍(റ) വിവരിക്കുന്നത് ഇപ്രകാരമാണ്:

”അതായത്, അദ്ദേഹത്തിന് ചെറുപ്പത്തിലേ സത്യത്തെ കുറിച്ചുള്ള ഒരു ബോധം (ഇല്‍ഹാം), തന്റെ സമൂഹത്തിനെതിരില്‍ നിരത്താനുള്ള തെളിവുകളും (നാം നല്‍കി). അല്ലാഹു പറഞ്ഞത് പോലെ: ‘ഇബ്‌റാഹീമിന് തന്റെ ജനതയ്‌ക്കെതിരായി നാം നല്‍കിയ ന്യായപ്രമാണമത്രെ അത് (ക്വുര്‍ആന്‍ 6:83)” (തഫ്‌സീര്‍ ഇബ്‌നു കഥീര്‍).

ഇബ്‌റാഹീം നബി(അ)യുടെ വിശേഷണങ്ങള്‍

സത്യസന്ധന്‍: ”വേദഗ്രന്ഥത്തില്‍ ഇബ്‌റാഹീമിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം സത്യവാനും പ്രവാചകനുമായിരുന്നു” (ക്വുര്‍ആന്‍ 19:41).

”തീര്‍ച്ചയായും ഇബ്‌റാഹീം അല്ലാഹുവിന്ന് കീഴ്‌പെട്ട് ജീവിക്കുന്ന, നേര്‍വഴിയില്‍ (വ്യതിചലിക്കാതെ) നിലകൊള്ളുന്ന ഒരു സമുദായം തന്നെയായിരുന്നു. അദ്ദേഹം ബഹുദൈവവാദികളില്‍ പെട്ടവനായിരുന്നില്ല. അവന്റെ (അല്ലാഹുവിന്റെ) അനുഗ്രഹങ്ങള്‍ക്ക് നന്ദികാണിക്കുന്നവനായിരുന്നു അദ്ദേഹം. അദ്ദേഹത്തെ അവന്‍ തെരഞ്ഞെടുക്കുകയും നേരായ പാതയിലേക്ക് നയിക്കുകയും ചെയ്തു. ഇഹലോകത്ത് അദ്ദേഹത്തിന് നാം നന്മ നല്‍കുകയും ചെയ്തിരിക്കുന്നു. പരലോകത്താകട്ടെ തീര്‍ച്ചയായും അദ്ദേഹം സദ്‌വൃത്തരുടെ കൂട്ടത്തിലായിരിക്കും” (ക്വുര്‍ആന്‍ 16:120-122).

ഈ ആയത്തില്‍ 9 വിശേഷണമാണ് ഇബ്‌റാഹീം നബി(അ)ക്ക് അല്ലാഹു നല്‍കുന്നത്. 

1) അദ്ദേഹം ഒരു സമുദായമായിരുന്നു.

ഒരു സമുദായത്തിന് ഏതൊരു വിഷയത്തിലും മാതൃകയാകത്തക്കവിധത്തിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം; ഏത് വിഷയത്തിലും പിന്തുടരപ്പെടാന്‍ അര്‍ഹതയുള്ള ഇമാം.  

2) അല്ലാഹുവിന് കീഴ്‌പെട്ട് ജീവിക്കുന്നയാളായിരുന്നു.

അല്ലാഹുവിനെ ഭയക്കുന്നതിലും അവന്റെ നിയമ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിലും അദ്ദേഹം അങ്ങേയറ്റം ശ്രദ്ധ നല്‍കിയിരുന്നു. തെറ്റല്ലാത്ത ഒരു കാര്യം പോലും തെറ്റാകുമോയെന്ന് ഭയപ്പെട്ട, അല്ലാഹുവിന്റെ എളിമയുള്ള അടിമയായിരുന്നു അദ്ദേഹം. ശഫാഅത്തിന്റെ ഹദീഥ് വിവരിക്കുന്ന സമയത്ത് അത് നമുക്ക് മനസ്സിലാക്കാം. ഇന്‍ ശാ അല്ലാഹ്.

3) നേര്‍വഴിയില്‍ (വ്യതിചലിക്കാതെ) നിലകൊണ്ടയാളായിരുന്നു.

അല്ലാഹുവിന്റെ കല്‍പനകള്‍ നിറവേറ്റുന്നതില്‍ അദ്ദേഹത്തിന് ഒന്നും തടസ്സമായിരുന്നില്ല. പ്രതിസന്ധികളെ മുഴുവനും തരണം ചെയ്ത് സത്യസരണിയില്‍ ഉറച്ചു നിന്നു.

4) അദ്ദേഹം ബഹുദൈവവാദികളില്‍ പെട്ടവനായിരുന്നില്ല.

ഇബ്‌റാഹീം(അ)നെക്കുറിച്ച് ക്വുര്‍ആന്‍ പരാമര്‍ശിക്കുന്ന മിക്ക സ്ഥലങ്ങളിലും കാണാന്‍ കഴിയുന്ന ഒരു വിശേഷണമാണിത്. എന്തിനാണിത് ആവര്‍ത്തിച്ചു പറഞ്ഞത്? എല്ലാ പ്രവാചകന്മാരും അങ്ങനെ തന്നെയാണല്ലോ! ഇബ്‌റാഹീം(അ) ജീവിച്ച ചുറ്റുപാടിന്റെ അവസ്ഥ നാം മനസ്സിലാക്കി. വീട്ടുകാരും നാട്ടുകാരും കുടുംബവും ഭരണാധികാരികളുമെല്ലാം ബഹുദൈവാരാധകര്‍. അതിനിടയിലാണ് മാഹാനായ ഇബ്‌റാഹീം(അ) ഒറ്റക്ക് ഏകദൈവാരാധകനായി നിലകൊള്ളുന്നത്; ബഹുദൈവാരാധനയുടെ ഒരു കണിക പോലും അദ്ദേഹത്തെ സ്പര്‍ശിച്ചില്ല. 

നമ്മുടെ നാട് ബഹുസ്വരതയുടെ നാടാണല്ലോ. ഏത് മതക്കാരനും തന്റെ മതം അനുസരിച്ച് ജീവിക്കുവാനും അത് മറ്റുള്ളവരില്‍ പ്രബോധനം ചെയ്യുവാനും സ്വാതന്ത്ര്യമുള്ള നാട്. ബഹുദൈവാരാധനയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍നിന്ന് മാറിനില്‍ക്കാന്‍ ഇവിടെ സ്വാതന്ത്ര്യമുണ്ട്. എന്നിട്ടും പല മുസ്‌ലിം നാമധാരികളും അത്തരം കാര്യങ്ങളില്‍ പങ്കുചേരുന്ന കാഴ്ച നാം കാണാറുണ്ട്. എന്നാല്‍ യാതൊരു അനുകൂല സാഹചര്യവുമില്ലാത്ത; എതിര്‍ക്കുന്നവര്‍ മാത്രമുള്ള ഒരു ജനതയില്‍ വളര്‍ന്ന ഇബ്‌റാഹീം(അ)നെ അതൊന്നും സ്പര്‍ശിച്ചില്ല. 

മത സൗഹാര്‍ദം എന്ന പേരില്‍ വിശ്വാസങ്ങളും ആചാരങ്ങളും കൈമാറി കൊണ്ടാടുന്നവരാണ് ചിലരെല്ലാം. അവര്‍ ധരിക്കുന്നത് സ്‌നേഹവും സൗഹൃദവും നിലനില്‍ക്കണമെങ്കില്‍ ഇങ്ങനെയെല്ലാം ആവണമെന്നാണ്. മനുഷ്യര്‍ പരസ്പരം സ്‌നേഹത്തില്‍ കഴിയേണ്ടവര്‍ തന്നെയാണ്. ശത്രുവാണെങ്കിലും അവന്‍ അപകടത്തില്‍ പെട്ടാല്‍ മുസല്‍മാന്‍ അവിടെ ഓടിയെത്തണം, സഹായിക്കണം. വിശക്കുന്നതും വേദനിക്കുന്നതും ഏത് മതവിശ്വാസിയാണെങ്കിലും നാം സഹായഹസ്തം നീട്ടണം. ഇതെല്ലാം തന്റെ ആദര്‍ശം നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് ചെയ്യേണ്ടത്. 

5) അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദികാണിക്കുന്നവനായിരുന്നു.

അദ്ദേഹത്തിന് അല്ലാഹു എന്തെല്ലാം അനുഗ്രഹം നല്‍കിയോ അതൊന്നും അദ്ദഹത്തിന് അല്ലാഹുവിനെ ഓര്‍ക്കുന്നതിനോ അല്ലാഹുവിനോടുള്ള കടമകള്‍ നിറവേറ്റുന്നതിനോ തടസ്സമായില്ല. 

6,7) അദ്ദേഹത്തെ അവന്‍ തെരഞ്ഞെടുക്കുകയും നേരായ പാതയിലേക്ക് നയിക്കുകയും ചെയ്തു.

അല്ലാഹുവിന് വഴിപ്പെടുന്ന കാര്യത്തില്‍ ഏറെ മുന്നിലായിരുന്ന അദ്ദേഹത്തെ അല്ലാഹു പ്രത്യേകം തെരഞ്ഞടുക്കുകയും ഏത് പ്രതിസന്ധിയിലും കൃത്യമായ വഴി കാണിച്ച് അദ്ദേഹത്തെ നേര്‍വഴിയിലാക്കുകയും ചെയ്തു.

8) ഇഹലോകത്ത് അദ്ദേഹത്തിന് അല്ലാഹു നന്മ നല്‍കുകയും ചെയ്തിരിക്കുന്നു. 

9) പരലോകത്ത് തീര്‍ച്ചയായും അദ്ദേഹം സദ്‌വൃത്തരുടെ കൂട്ടത്തിലായിരിക്കും.

ഹുസൈന്‍ സലഫി
നേർപഥം വാരിക

സ്വാലിഹ് നബി(അ) – 02​

സ്വാലിഹ് നബി (അ) - 02

ധിക്കാരികളുടെ പതനം

സ്വാലിഹ്(അ)നോട് അവര്‍ ആവശ്യപ്പെട്ട ഒട്ടകം അവര്‍ക്ക് ലഭിച്ചു. ആ ഒട്ടകം അവര്‍ക്കുള്ള ഒരു ദൃഷ്ടാന്തം കൂടിയായിരുന്നു. അതിനാല്‍ ആ ഒട്ടകത്തോടുള്ള സമീപനം എങ്ങനെയായിരിക്കണം എന്ന് കൂടി സ്വാലിഹ്(അ) അവരെ അറിയിച്ചു. ആ ഒട്ടകത്തെ കുറിച്ച് ക്വുര്‍ആന്‍ വിവരിക്കുന്നത് കാണുക.

”അദ്ദേഹം പറഞ്ഞു: ഇതാ ഒരു ഒട്ടകം അതിന്ന് വെള്ളം കുടിക്കാന്‍ ഒരു ഊഴമുണ്ട് നിങ്ങള്‍ക്കും ഒരു ഊഴമുണ്ട്; ഒരു നിശ്ചിത ദിവസത്തില്‍ നിങ്ങള്‍ അതിന് യാതൊരു ദ്രോഹവും ഏല്‍പിക്കരുത് (അങ്ങനെ ചെയ്യുന്ന പക്ഷം) ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ നിങ്ങളെ പിടികൂടും” (ക്വുര്‍ആന്‍ 26:155,156).

”നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് വ്യക്തമായ ഒരു തെളിവ് നിങ്ങള്‍ക്കു വന്നിട്ടുണ്ട്. നിങ്ങള്‍ക്കൊരു ദൃഷ്ടാന്തമായിട്ട് അല്ലാഹുവിന്റെ ഒട്ടകമാണിത്. ആകയാല്‍ അല്ലാഹുവിന്റെ ഭൂമിയില്‍ (നടന്നു) തിന്നുവാന്‍ നിങ്ങള്‍ അതിനെ വിട്ടേക്കുക. നിങ്ങളതിന് ഒരു ഉപദ്രവവും ചെയ്യരുത്. എങ്കില്‍ വേദനയേറിയ ശിക്ഷ നിങ്ങളെ പിടികൂടും” (ക്വുര്‍ആന്‍ 7:73).

‘അല്ലാഹുവിന്റെ ഒട്ടകം’ എന്ന് അല്ലാഹുവിലേക്ക് ചേര്‍ത്തിക്കൊണ്ടാണ് ഇവിടെ ഈ ഒട്ടകത്തെ കുറിച്ച് പറഞ്ഞിട്ടുള്ളത്. എല്ലാം അല്ലാഹുവിന്റെത് തന്നെയാണ്. പക്ഷേ, ഈ ഒട്ടകത്തെ മാത്രം എന്തുകൊണ്ട് അല്ലാഹു അവനിലേക്ക് ചേര്‍ത്തിപ്പറഞ്ഞു? ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറയുന്നത് ഇത് അതിന്റെ മഹത്ത്വവും ശ്രേഷ്ഠതയുമാണ് വ്യക്തമാക്കുന്നത് എന്നാണ്. ആ ഒട്ടകം പ്രസവിക്കപ്പെട്ടതല്ല. അത് ഇന്ന ആളുടേതാണെന്ന് അവകാശപ്പെടാനും കഴിയില്ല. കാരണം അത് അല്ലാഹു അവര്‍ ആവശ്യപ്പെട്ട ആ പാറക്കെട്ടുകളില്‍ നിന്നും പുറത്ത് കൊണ്ടുവന്നതാണ്. അത് അല്ലാഹു അവര്‍ക്ക് നല്‍കിയ ഒരു ദൃഷ്ടാന്തമായിരുന്നു. 

അതിനെ ഉപദ്രവിക്കരുത്. അതിനെ ഭൂമിയില്‍ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും വിടണം, യാതൊരു പ്രയാസവും അതിന് വരുത്തരുത്, അപ്രകാരം ചെയ്യുന്ന പക്ഷം അല്ലാഹുവിങ്കല്‍ നിന്ന് കഠിനമായ ശിക്ഷ ലഭിക്കുന്നതാണ് എന്നെല്ലാം അവര്‍ അറിയിക്കപ്പെട്ടു. അവര്‍ ആവശ്യപ്പെട്ടത് പ്രകാരം അവര്‍ക്ക് ലഭിച്ച ആ ദൃഷ്ടാന്തം അവര്‍ക്ക് വലിയ ഒരു പരീക്ഷണം കൂടിയായിരുന്നു.

എന്നാല്‍ അവരുടെ ധിക്കാരം അവര്‍ക്ക് വിനയായി. അവസാനം എന്താണ് അവര്‍ ചെയ്തതെന്ന് ക്വുര്‍ആന്‍ വിവരിക്കുന്നു:

”അങ്ങനെ അവര്‍ ആ ഒട്ടകത്തെ അറുകൊലചെയ്യുകയും തങ്ങളുടെ രക്ഷിതാവിന്റെ കല്‍പനയെ ധിക്കരിക്കുകയും ചെയ്തു. അവര്‍ പറഞ്ഞു: സ്വാലിഹേ, നീ ദൈവദൂതന്‍മാരില്‍ പെട്ട ആളാണെങ്കില്‍ ഞങ്ങളോട് നീ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നത് (ശിക്ഷ) ഞങ്ങള്‍ക്ക് നീ കൊണ്ടുവാ” (ക്വുര്‍ആന്‍ 7:77).

അവരുടെ ധിക്കാരത്തിന്റെ കാഠിന്യമാണിത് വ്യക്തമാക്കുന്നത്. സ്വാലിഹ്(അ)നോട് നീയൊരു പ്രവാചകനാണെങ്കില്‍ ഈ പാറക്കെട്ടില്‍ നിന്നൊരു ഒട്ടകത്തെ കൊണ്ടുവാ എന്ന് ആവശ്യപ്പെട്ടു. അത് ലഭിച്ചപ്പോള്‍ വേറെ പലതും പറഞ്ഞ് അദ്ദേഹത്തിന്റെ പ്രവാചകത്വത്തെ കളവാക്കി. അല്ലാഹുവിന്റെ ഒട്ടകത്തെ അവര്‍ കൊന്നു കളഞ്ഞു. ഇപ്പോള്‍ അവര്‍ ആവശ്യപ്പെടുന്നത് നീ അല്ലാഹുവിന്റെ ദൂതനാണെങ്കില്‍ നീ ഞങ്ങളെ പറഞ്ഞു പേടിപ്പിക്കുന്ന ആ ശിക്ഷ കൊണ്ടുവാ എന്നും! 

അവര്‍ ആ ഒട്ടകത്തെ എന്താണ് ചെയ്തതെന്ന് ക്വുര്‍ആന്‍ മറ്റൊരിടത്തും ഇങ്ങനെ വിവരിച്ചിട്ടുണ്ട്: 

”ഥമൂദ് ഗോത്രം അതിന്റെ ധിക്കാരം മൂലം (സത്യത്തെ) നിഷേധിച്ചു തള്ളുകയുണ്ടായി. അവരുടെ കൂട്ടത്തിലെ ഏറ്റവും ദുഷ്ടതയുള്ളവന്‍ ഒരുങ്ങി പുറപ്പെട്ട സന്ദര്‍ഭം. അപ്പോള്‍ അല്ലാഹുവിന്റെ ദൂതന്‍ അവരോട് പറഞ്ഞു: അല്ലാഹുവിന്റെ ഒട്ടകത്തെയും അതിന്റെ വെള്ളം കുടിയും നിങ്ങള്‍ സൂക്ഷിക്കുക. അപ്പോള്‍ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു തള്ളുകയും അതിനെ (ഒട്ടകത്തെ) അറുകൊല നടത്തുകയും ചെയ്തു. അപ്പോള്‍ അവരുടെ പാപം നിമിത്തം അവരുടെ രക്ഷിതാവ് അവര്‍ക്ക് സമൂല നാശം വരുത്തുകയും (അവര്‍ക്കെല്ലാം) അത് സമമാക്കുകയും ചെയ്തു. അതിന്റെ അനന്തരഫലം അവന്‍ ഭയപ്പെട്ടിരുന്നുമില്ല” (ക്വുര്‍ആന്‍ 91:11-15).

ഥമൂദ് സമുദായം സ്വാലിഹ്(അ)ന്റെ ഉപദേശങ്ങളെയും താക്കീതുകളെയും അവഗണിച്ച് ആ കൊടുംകൈ ചെയ്തുകളഞ്ഞു. അവര്‍ ആ കൃത്യം ചെയ്യാനായി അവരുടെ കൂട്ടത്തിലെ ഒരാളെ തെരഞ്ഞെടുക്കുകയാണുണ്ടായത്. അതിനാലാണ് കൃത്യം ചെയ്തത് ഒരാളാണെങ്കിലും അവര്‍ അതിനെ കൊന്നു കളഞ്ഞുവെന്ന് പറഞ്ഞത്. അവര്‍ എല്ലാവരും ആ കൊടും കൃത്യത്തില്‍ സന്തുഷ്ടരും സംതൃപ്തരുമായിരുന്നു. ക്വതാദ(റ) പറയുന്നു:

”ഒട്ടകത്തെ അറുത്തു കൊന്നയാള്‍ പറഞ്ഞു: നിങ്ങള്‍ക്കെല്ലാവര്‍ക്കും തൃപ്തിയുണ്ടാകുന്നത് വരെ ഞാന്‍ അതിനെ കൊല്ലില്ല. അങ്ങനെ അവര്‍ ജനങ്ങളുടെ അടുത്തേക്ക് പോകുകയും ചോദിക്കുകയും ചെയ്തു. വീട്ടിന്റെ ഉള്ളറകളില്‍ കഴിയുന്ന സ്ത്രീകളുടെ അടുത്ത് വരെ അവര്‍ പ്രവേശിച്ചു. എന്നിട്ട് അവര്‍ ചോദിച്ചു: നിങ്ങള്‍ (എല്ലാവരും) ഒട്ടകത്തെ അറുത്ത് കൊന്നു കളയുന്നതില്‍ തൃപ്തരാണോ? അവര്‍ എല്ലാവരും പറഞ്ഞു: അതെ (ഞങ്ങള്‍ തൃപ്തരാണ്). കുട്ടികളും സമ്മതം നല്‍കി. ഥമൂദുകാര്‍ എല്ലാവരും (ആ ഒട്ടകത്തെ കൊല്ലുന്നതില്‍) തൃപ്തി കാണിച്ചു. അങ്ങനെ അയാള്‍ അതിനെ അറുത്തു കൊന്നു (ത്വബ്‌രി). 

ഒട്ടകത്തെ അവര്‍ നശിപ്പിച്ചുവല്ലോ. ഇനി അവരുടെ അടുത്ത ലക്ഷ്യം സ്വാലിഹ്(അ)നെ നശിപ്പിക്കലാണ്. ആ നാട്ടില്‍ ഒരു ഒമ്പത് പേരുണ്ടായിരുന്നു. യാതൊരു നന്മയും ജീവിതത്തിലില്ലാത്ത, വല്ലതും ചെയ്യുന്നുവെങ്കില്‍ കുഴപ്പം മാത്രം ചെയ്യുന്നവര്‍. ആര്‍ക്കും ഒരു നന്മയും ചെയ്യാത്തവര്‍. അവര്‍ അല്ലാഹുവിന്റെ  പേരില്‍ ആണയിട്ടുകൊണ്ട് സ്വാലിഹ്(അ)നെയും സ്വാലിഹ്(അ)ന്റെ കുടുംബത്തെയും വകവരുത്തുവാന്‍ തീരുമാനിച്ചു. ഇനി കുടുംബത്തിലെ ആരെങ്കിലും ഈ കൊലപാതകത്തെ കുറിച്ച് ചോദിച്ചാല്‍ നമുക്കത് അറിയില്ലെന്നും പറയാം എന്നൊക്കെ പറഞ്ഞുറപ്പിച്ച് അവര്‍ അതിന് ഒരുങ്ങി. അതു സംബന്ധമായി ക്വൂര്‍ആന്‍ പറയുന്നത് ഇപ്രകാരമാണ്: 

”ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവരും ഒരു നന്മയുമുണ്ടാക്കാത്തവരുമായ ഒമ്പതു പേര്‍ ആ പട്ടണത്തിലുണ്ടായിരുന്നു. അവനെ(സ്വാലിഹിനെ)യും അവന്റെ ആളുകളെയും നമുക്ക് രാത്രിയില്‍ കൊന്നുകളയണമെന്നും പിന്നീട് അവന്റെ അവകാശിയോട്, തന്റെ ആളുകളുടെ നാശത്തിന് ഞങ്ങള്‍ സാക്ഷ്യം വഹിച്ചിട്ടില്ല, തീര്‍ച്ചയായും ഞങ്ങള്‍ സത്യം പറയുന്നവരാകുന്നു എന്ന് നാം പറയണമെന്നും നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ സത്യം ചെയ്യണം എന്ന് അവര്‍ തമ്മില്‍ പറഞ്ഞുറച്ചു. അവര്‍ ഒരു തന്ത്രം പ്രയോഗിച്ചു. അവര്‍ ഓര്‍ക്കാതിരിക്കെ നാമും ഒരു തന്ത്രം പ്രയോഗിച്ചു. എന്നിട്ട് അവരുടെ തന്ത്രത്തിന്റെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് നോക്കുക. അതെ, അവരെയും അവരുടെ ജനങ്ങളെയും മുഴുവന്‍ നാം തകര്‍ത്തു കളഞ്ഞു” (ക്വുര്‍ആന്‍ 27:48-51).

അല്ലാഹുവിനെ സഹായിക്കുന്നവരെ അവനും സഹായിക്കുമെന്നത് അല്ലാഹുവിന്റെ വാഗ്ദാനമാണല്ലോ. അവര്‍ സ്വാലിഹ്(അ)നെയും കുടുംബത്തെയും നശിപ്പിക്കാനുള്ള കുതന്ത്രം മെനഞ്ഞപ്പോള്‍ അവരുടെ കുതന്ത്രത്തെ അല്ലാഹു വിജയിപ്പിച്ചില്ലെന്ന് മാത്രമല്ല. അവരെ മുഴുവനും അല്ലാഹു നശിപ്പിച്ചു കളഞ്ഞു. 

അവരെ നശിപ്പിക്കുന്നതിന് മുമ്പേ അല്ലാഹു അവരെ ക്ഷാമം, വരള്‍ച്ച മുതലായവകൊണ്ടെല്ലാം കടുത്ത പരീക്ഷണത്തിന് വിധേയമാക്കി. എന്നാല്‍ അതും സ്വാലിഹ്(അ)ന്റെ പേരില്‍ അവര്‍ ചാര്‍ത്തി. നീ കാരണമാണ് ഈ നാട്ടില്‍ വറുതിയും ക്ഷാമവും എല്ലാം ഉണ്ടായിട്ടുള്ളത്. ഇതുവരെ ഈ നാട്ടുകാര്‍ക്ക് ഇങ്ങനെ അനുഭവിക്കേണ്ടി വന്നിട്ടില്ലല്ലോ. ഈ നാടിന് നീ ശകുനമാണ് എന്നെല്ലാം പറഞ്ഞ് ആക്ഷേപിച്ചു. അവര്‍ ആക്ഷേപിച്ചതും അതിന് മഹാനായ സ്വാലിഹ്(അ) നല്‍കിയ മറുപടിയും ഇപ്രകാരമായിരുന്നു.

”അവര്‍ പറഞ്ഞു: നീ മൂലവും, നിന്റെ കൂടെയുള്ളവര്‍ മൂലവും ഞങ്ങള്‍ ശകുനപ്പിഴയിലായിരിക്കുന്നു. അദ്ദേഹം പറഞ്ഞു: നിങ്ങളുടെ ശകുനം അല്ലാഹുവിങ്കല്‍ രേഖപ്പെട്ടതത്രെ. അല്ല, നിങ്ങള്‍ (ദൈവികമായ) പരീക്ഷണത്തിന് വിധേയരാകുന്ന ഒരു ജനതയാകുന്നു” (ക്വുര്‍ആന്‍ 27:47).

സത്യപ്രബോധകരെ സത്യവീഥിയില്‍ നിന്നും മാറ്റി നിര്‍ത്തുവാനും ദൗത്യനിര്‍വഹണത്തില്‍നിന്ന് പിന്തിരിപ്പിക്കുവാനുമായി ശത്രുക്കള്‍ അവര്‍ക്കെതിരില്‍ വ്യാജമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യാത്ത അപരാധങ്ങള്‍ അവരുടെ മേല്‍ കെട്ടിവെക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനം ഏത് കാലത്തും നടത്തിയിട്ടുണ്ട്. സ്വാലിഹ്(അ)നെതിരിലും അവര്‍ ഇതെല്ലാം പ്രയോഗിച്ചുവെങ്കിലും അദ്ദേഹം തന്റെ ദൗത്യവുമായി മുന്നോട്ട് പോയി.

സ്വാലിഹ്(അ)നോട് അവര്‍ ഒട്ടകത്തെ ചോദിച്ചുവല്ലോ. അത് അവര്‍ക്ക് അല്ലാഹു നല്‍കി. അവര്‍ അതിനെ വക വരുത്തുകയും ചെയ്തു. ശേഷം അവര്‍ അദ്ദേഹത്തോട് ശിക്ഷക്ക് മുറവിളി കൂട്ടിയത് നാം വിവരിച്ചു. അങ്ങനെ അവരെ നശിപ്പിക്കുവാനായി ശിക്ഷയിറക്കുവാനും സ്വാലിഹ്(അ)നെയും കൂടെയുള്ളവരെയും രക്ഷപ്പെടുത്തുവാനും അല്ലാഹു തീരുമാനിച്ചു. സ്വാലിഹ്(അ) നിങ്ങള്‍ക്ക് ശിക്ഷ ഇറങ്ങാറായിട്ടുണ്ടെന്നും മൂന്ന് ദിവസത്തിലധികം ഇനി നിങ്ങള്‍ക്ക് ആയുസ്സില്ലെന്നും ഇത് ഉറച്ച ഒരു വാഗ്ദാനമാണെന്നും അവരോട് മുന്നറിയിപ്പ് നല്‍കി. ക്വുര്‍ആന്‍ പറയുന്നത് കാണുക:

”അങ്ങനെ നമ്മുടെ കല്‍പന വന്നപ്പോള്‍ സ്വാലിഹിനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നമ്മുടെ കാരുണ്യം കൊണ്ട് നാം രക്ഷപ്പെടുത്തി. ആ ദിവസത്തെ അപമാനത്തില്‍ നിന്നും (അവരെ നാം മോചിപ്പിച്ചു). തീര്‍ച്ചയായും നിന്റെ രക്ഷിതാവ് തന്നെയാണ് ശക്തനും പ്രതാപവാനും” (ക്വുര്‍ആന്‍ 11:66).

”എന്നിട്ട് അവരതിനെ വെട്ടിക്കൊന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങള്‍ മൂന്ന് ദിവസം നിങ്ങളുടെ വീടുകളില്‍ സൗഖ്യമനുഭവിച്ചു കൊള്ളുക. (അതോടെ ശിക്ഷ വന്നെത്തും). തെറ്റാകാനിടയില്ലാത്ത ഒരു വാഗ്ദാനമാണിത്” (ക്വുര്‍ആന്‍ 11:65).

സ്വാലിഹ്(അ) അവരോടിത് പറഞ്ഞത് ഒരു വ്യാഴാഴ്ചയായിരുന്നു. വ്യാഴം കഴിയുന്നതിന് മുമ്പേ അവരുടെ മുഖം ഒരുതരം മഞ്ഞ നിറമായി. വെള്ളിയാഴ്ചയായപ്പോള്‍ മുഖം ചുവപ്പുനിറമായി. ശനിയാഴ്ച ആയപ്പോള്‍ മുഖം നന്നായി കറുത്തിരുണ്ടതായി. ഞായറാഴ്ച പ്രഭാതം പൊട്ടിവിടരുന്നതിന് മുമ്പേ അവര്‍ ആവശ്യപ്പെട്ട ശിക്ഷ അവരില്‍ ഇറങ്ങി. ഇബ്‌നു കഥീര്‍(റ) ഇതു സംബന്ധമായി പറയുന്നത് കാണുക:

”സ്വാലിഹ്(അ) അവരുടെ മുകള്‍ ഭാഗത്ത് ആകാശത്തുനിന്നും ഇടിത്തീയും  താഴെ നിന്ന് ശക്തമായ (ഭൂമി)കുലുക്കവും ഉണ്ടാകുമെന്ന് അവര്‍ക്ക് വാഗ്ദാനം നല്‍കി. അങ്ങനെ ആത്മാക്കള്‍ (ശരീരത്തില്‍ നിന്ന്) മാറി, ശരീരം തകര്‍ന്നടിഞ്ഞു. സത്യം വെളിപ്പെട്ടു (അങ്ങനെ നേരം പുലര്‍ന്നപ്പോള്‍ അവര്‍ തങ്ങളുടെ വീടുകളില്‍ കമിഴ്ന്നുവീണ് കിടക്കുന്നവരായിരുന്നു). അവരില്‍ ആത്മാവില്ലാതെയായി, നിശ്ചലരായി.”

അവരെ പിടികൂടിയ ശിക്ഷയെ കുറിച്ച് ക്വുര്‍ആന്‍ പല സ്ഥലങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

”അപ്പോള്‍ ഭൂകമ്പം അവരെ പിടികൂടി. അങ്ങനെ നേരം പുലര്‍ന്നപ്പോള്‍ അവര്‍ തങ്ങളുടെ വീടുകളില്‍ കമിഴ്ന്ന് വീണ് കിടക്കുന്നവരായിരുന്നു” (7:78).

”അക്രമം പ്രവര്‍ത്തിച്ചവരെ ഘോരശബ്ദം പിടികൂടി. അങ്ങനെ പ്രഭാതമായപ്പോള്‍ അവര്‍ അവരുടെ വീടുകളില്‍ കമിഴ്ന്ന് വീണ അവസ്ഥയിലായിരുന്നു” (11:67).

”എന്നിട്ട് അവരുടെ തന്ത്രത്തിന്റെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് നോക്കുക. അതെ, അവരെയും അവരുടെ ജനങ്ങളെയും മുഴുവന്‍ നാം തകര്‍ത്തു കളഞ്ഞു” (27:51).

”എന്നാല്‍ ഥമൂദ് ഗോത്രമോ, അവര്‍ക്ക് നാം നേര്‍വഴി കാണിച്ചുകൊടുത്തു. അപ്പോള്‍ സന്‍മാര്‍ഗത്തേക്കാളുപരി അന്ധതയെ അവര്‍ പ്രിയങ്കരമായി കരുതുകയാണ് ചെയ്തത്. അങ്ങനെ അവര്‍ ചെയ്തുകൊണ്ടിരുന്നതിന്റെ ഫലമായി അപമാനകരമായ ഒരു ഭയങ്കര ശിക്ഷ അവരെ പിടികൂടി” (41:17).

”നാം അവരുടെ നേരെ ഒരു ഘോരശബ്ദം അയക്കുക തന്നെ ചെയ്തു. അപ്പോള്‍ അവര്‍ ആല വളച്ച് കെട്ടുന്നവര്‍ വിട്ടേച്ചുപോയ ചുള്ളിത്തുരുമ്പുകള്‍ പോലെ ആയിത്തീര്‍ന്നു” (54:31).

”എന്നിട്ട് അവരുടെ തന്ത്രത്തിന്റെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് നോക്കുക. അതെ, അവരെയും അവരുടെ ജനങ്ങളെയും മുഴുവന്‍ നാം തകര്‍ത്തു കളഞ്ഞു. അങ്ങനെ അവര്‍ അക്രമം പ്രവര്‍ത്തിച്ചതിന്റെ ഫലമായി അവരുടെ വീടുകളതാ (ശൂന്യമായി) വീണടിഞ്ഞ് കിടക്കുന്നു. തീര്‍ച്ചയായും മനസ്സിലാക്കുന്ന ജനങ്ങള്‍ക്കു അതില്‍ ദൃഷ്ടാന്തമുണ്ട്” (27:51,52).

ശിക്ഷക്ക് ശേഷം ആ ജനതയുടെ അവസ്ഥ ക്വുര്‍ആന്‍ പറയുന്നത് ശ്രദ്ധിച്ചുവല്ലോ. അവര്‍ അന്നാട്ടില്‍ ഒരിക്കലും താമസിച്ചിട്ടില്ലാത്തത് പോലെയായി എന്നാണ് മുഫസ്സിറുകള്‍ പറയുന്നത്.

ഐഹിക സുഖങ്ങളില്‍ അഭിരമിച്ച് ദേഹേച്ഛക്ക് മുന്‍തൂക്കം നല്‍കി അല്ലാഹുവിന്റെ കല്‍പനകളെ അവഗണിക്കുന്നവര്‍ അറിയുക; ജീവിതത്തില്‍ അനുഭവിക്കുന്ന ഏതേത് സൗകര്യങ്ങളാണെങ്കലും കടല്‍ത്തീരത്ത് വരക്കുന്ന ചിത്രങ്ങളെ പോലെയാണ്. ഒരു തിര വന്നാല്‍ അത് ഇല്ലാതാകും. തിരയടിക്കുന്നത് വരെ മാത്രമെ ആഹ്ലാദിക്കാന്‍ അവസരമുള്ളൂ. നാം അനുഭവിക്കുന്ന ഏത് സുഖവും ഇന്നത്തെ സമ്പന്നനെ നാളത്തെ ദരിദ്രനും ഇന്നത്തെ ദരിദ്രനെ നാളത്തെ സമ്പന്നനുമാക്കി മാറ്റാന്‍ കഴിവുള്ള; സര്‍വശക്തനായ അല്ലാഹുവാണ് നല്‍കിയതെന്ന ഓര്‍മ നിലനിര്‍ത്തി അവന് വഴിപ്പെട്ട് ജീവിക്കണം. അല്ലാത്തവരെല്ലാം അല്ലാഹുവിന്റെ ശിക്ഷക്ക് അര്‍ഹരാകും. കയ്യില്‍ കിട്ടിയ അനുഗ്രഹങ്ങളുടെ പേരില്‍ അഹങ്കരിക്കരുത്. സ്വാലിഹ്(അ)ന്റെ സമുദായത്തിന് വന്ന അവസ്ഥ നമുക്ക് വന്നു കൂടാ. അല്ലാഹു നമ്മെ അവന് വഴിപ്പെട്ട് ജീവിക്കുന്നവരില്‍ ഉള്‍പ്പെടുത്തുമാറാകട്ടെ, ആമീന്‍.

ആരായിരുന്നു ഥമൂദുകാര്‍? പാറ തുരന്ന് വീടുണ്ടാക്കിയ മല്ലന്മാരായിരുന്നില്ലേ അവര്‍?! പക്ഷേ, അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങിയപ്പോള്‍ അവരുടെ ആരോഗ്യം അവരെ തുണച്ചില്ല. ഉറപ്പേറിയ താമസ സഥലവും തുണയേകിയില്ല. 

നശിപ്പിക്കപ്പെട്ട നാട്ടുകാരെ കണ്ട് സ്വാലിഹ്(അ) പറയുന്ന വാക്കുകള്‍ കാണുക:

”അനന്തരം സ്വാലിഹ് അവരില്‍ നിന്ന് പിന്തിരിഞ്ഞു പോയി. അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്കു എന്റെ രക്ഷിതാവിന്റെ സന്ദേശം എത്തിച്ചുതരികയും ആത്മാര്‍ഥമായി ഞാന്‍ നിങ്ങളോട് ഉപദേശിക്കുകയുമുണ്ടായി. പക്ഷേ, സദുപദേശികളെ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ല” (7:79).

ബദ്ര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട എഴുപതോളം ശത്രുക്കള്‍ കിടക്കുന്ന സ്ഥലത്തേക്ക് നോക്കി നബി ﷺ   പറഞ്ഞത് ഈ സന്ദര്‍ഭത്തില്‍ നാം ഓര്‍ക്കണം. നബി ﷺ പറഞ്ഞു:

”നിങ്ങളോട് നിങ്ങളുടെ റബ്ബ് വാഗ്ദാനം ചെയ്തത് നിങ്ങള്‍ കണ്ടുവോ? ഞങ്ങളുടെ റബ്ബ് ഞങ്ങള്‍ക്ക് വാഗ്ദാനം ചെയ്തത് ഞങ്ങള്‍ കണ്ടു.” അപ്പോള്‍ ഉമര്‍(റ) നബി ﷺ യിലേക്ക് തിരിഞ്ഞു കൊണ്ട് ചോദിച്ചു: ”അല്ലാഹുവിന്റെ ദൂതരേ, അവര്‍ മരിച്ചവരല്ലേ?” നബി ﷺ പറഞ്ഞു: ”അല്ലാഹുവാണെ സത്യം! ഉമറേ, നിങ്ങളെക്കാളും കൂടുതല്‍ അവര്‍ എന്നില്‍ നിന്ന് കേള്‍ക്കുന്നണ്ട്.” ക്വതാദ(റ) പറയുന്നു: ”നബി ﷺ അവരെ ചെറുതാക്കുവാനും നിന്ദിക്കുവാനുമായി പറഞ്ഞത് കേള്‍പിക്കുവാനായി അപ്പോള്‍ അല്ലാഹു അവരെ ജീവിപ്പിച്ചു. (ആ സംസാരം) അവര്‍ക്കുള്ള ഒരു ശിക്ഷയും ഖേദവുമായിരുന്നു”(ബുഖാരി, മുസ്‌ലിം).

ഒരാള്‍ ഒരു കാര്യം പറഞ്ഞിട്ട് കേട്ടില്ലെങ്കില്‍ അതിന്റെ പ്രത്യാഘാതം പിന്നീട് അനുഭവിക്കുമ്പോള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയവര്‍ ചോദിക്കുമല്ലോ; ഇപ്പോള്‍ എങ്ങനെയുണ്ടെന്ന്. അത് കേള്‍ക്കുമ്പോള്‍ ഒന്നുകൂടെ വിഷമം കൂടും. അത് അവരെ നിന്ദ്യരുമാക്കും. ഇതൊക്കെയാണ് ഈ സംസാരത്തിന്റെ താല്‍പര്യം.

ഥമൂദുകാരുടെ വാസസ്ഥലം ഇന്ന് സുഊദി അറേബ്യയില്‍ മദാഇനു സ്വാലിഹ് എന്ന പേരില്‍ കാണാം എന്ന് നാം നേരത്തെ മനസ്സിലാക്കിയതാണല്ലോ.

അല്ലാഹു നശിപ്പിച്ചു കളഞ്ഞ പല ജനതയുടെയും അവശിഷ്ടങ്ങള്‍ (താമസസ്ഥലം, അവര്‍ ഉപയോഗിച്ച വസ്തുക്കള്‍ മുതലായവ) ശേഷക്കാര്‍ക്ക് കണ്ട് മനസ്സിലാക്കുവാനായി ദൃഷ്ടാന്തമെന്നോണം ഇന്നും നമുക്ക് കാണാം. ഇത്തരം സ്ഥലങ്ങളിലേക്ക് ഉല്ലാസ യാത്ര നടത്തി അവിടെ നിന്ന് ഫോട്ടോക്ക് പോസ് ചെയ്ത് നിന്ന് കൊടുത്തും ചിരിച്ചും കളിച്ചും രസിച്ച് നടക്കുന്ന ചിലരുണ്ട്. അതൊരിക്കലും പാടില്ലാത്തതാണ്. അത്തരം സ്ഥലങ്ങളിലേക്ക് പോകുമ്പോള്‍ ശ്രദ്ധിക്കേണ്ടത് പണ്ഡിതന്മാര്‍ നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്. കേവലം ഉല്ലാസ യാത്രയാണെങ്കില്‍ അത് നിഷിദ്ധമാണെന്നും, അവിടെ കാണുന്ന അവശിഷ്ടങ്ങളില്‍ നിന്ന് അവിടെ നശിപ്പിക്കപ്പെട്ട ജനത എന്ത് കാരണത്താലാണ് നശിപ്പിക്കപ്പെട്ടതെന്നു പഠിച്ച് മനസ്സിലാക്കി ദൈവ ഭക്തരായി ജീവിക്കുവാനുള്ള  ഗുണപാഠം സ്വീകരിക്കുവാനാണെങ്കില്‍ സന്ദര്‍ശിക്കുന്നത് അനുവദനീയമാണെന്നും പണ്ഡിതന്മാര്‍ നമ്മെ ഉണര്‍ത്തിയിട്ടുണ്ട്. നബി ﷺ സ്വഹാബിമാര്‍ക്ക് നല്‍കിയ ഉപദേശം അതായിരുന്നു.

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

സ്വാലിഹ് (അ) – 01

സ്വാലിഹ് (അ) - 01

വിശുദ്ധ ക്വുര്‍ആനില്‍ സ്വാലിഹ് നബി(അ)ന്റെ പേര് ഒമ്പത് തവണയും അദ്ദേഹത്തിന്റെ ഗോത്രത്തിന്റെ പേരായ ‘ഥമൂദ്’ എന്നത് 24 തവണയും വന്നിട്ടുണ്ട്. സുഊദി അറേബ്യയിലെ ഹിജാസിന്റെയും തബൂക്കിന്റെയും ഇടയിലെ ‘ഹിജ്ര്‍’ ആയിരുന്നു അവരുടെ താമസ സ്ഥലം. മദീനയുടെ വടക്ക് ഭാഗത്ത് 400 കിലോ മീറ്റര്‍ അകലെയുള്ള ഈ സ്ഥലം ‘മദാഇനു സ്വാലിഹ്’ എന്ന പേരില്‍ ഇന്ന് അറിയപ്പെടുന്നു.

ആദ് സമൂഹത്തിന് ശേഷം വന്ന ഥമൂദുകാര്‍ നാഗരികതയില്‍ മുന്നിട്ടവരായിരുന്നു. ജീവിത സൗകര്യം യഥേഷ്ടം നല്‍കപ്പെട്ടവരായിന്നു അവര്‍. കൃഷിക്ക് ആവശ്യമായ ജലസേചന സൗകര്യങ്ങളാല്‍ അനുഗൃഹീതരായിരുന്നു അവര്‍. നദികളാലും നീരുറവുകളാലും സമ്പന്നമായ നാട്ടില്‍ പര്‍വതങ്ങള്‍ തുരന്ന് വലിയ ഭവനങ്ങള്‍ ഉണ്ടാക്കുവാന്‍ കഴിവ് നല്‍കപ്പെട്ട അവര്‍ നല്ല ആരോഗ്യവാന്മാരായിരുന്നു.

ഈ അനുഗ്രഹങ്ങളെല്ലാം നല്‍കപ്പെട്ടിട്ടും ചിന്തിക്കുവാന്‍ അവര്‍ തയ്യാറായില്ല. അനുഗ്രഹദാതാവായ അല്ലാഹുവിനോട് നന്ദി കാണിക്കേണ്ടതിന് പകരം അവരുടെ പരമമായ താഴ്മയും വണക്കവും സൃഷ്ടികളിലേക്ക് തിരിച്ചുവിട്ട് വിഗ്രഹാരാധകരും ധിക്കാരികളുമായി അവര്‍ മാറുകയായിരുന്നു. അവരുടെ മുമ്പ് കഴിഞ്ഞുപോയ ആദ് സമൂഹത്തിന്റെ പതനത്തെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിട്ടും ബഹുദൈവാരാധകരും ധിക്കാരികളുമായി അവര്‍ മാറി! അത്രയധികം ധിക്കാരികളായിരുന്നു അവരെന്നര്‍ഥം. ഇൗ ധിക്കാരികളിലേക്കാണ് അല്ലാഹു സ്വാലിഹ്(അ)നെ നിയോഗിക്കുന്നത്. 

”ഥമൂദ് സമുദായത്തിലേക്ക് അവരുടെ സഹോദരന്‍ സ്വാലിഹിനെയും (നാം അയച്ചു). അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍. അവനല്ലാതെ നിങ്ങള്‍ക്കു ഒരു ദൈവവുമില്ല”(ക്വുര്‍ആന്‍ 7:73). 

ഏതൊരു പ്രവാചകനെയും ഏതൊരു സമൂഹത്തിലേക്ക് അല്ലാഹു അയച്ചപ്പോഴും ആ പ്രവാചകന്‍തന്റെ ജനതയിലെ മറ്റെല്ലാ ജീര്‍ണതകളെക്കാളും ആദ്യം എതിര്‍ത്തത് സ്രഷ്ടാവില്‍ പങ്കു ചേര്‍ക്കുന്നതിനെയായിരുന്നു. വിശ്വാസ വിശുദ്ധിയിലേക്കുള്ള പ്രബോധനമാണ് പ്രവാചകന്മാര്‍ തുടങ്ങിയത്. സ്വാലിഹ്(അ)യും അവരെ ഏകദൈവാരാധനയിലേക്ക് ആദ്യം ക്ഷണിച്ചു. എന്തുകൊണ്ട് അല്ലാഹുവിനെ മാത്രം ആരാധിക്കണം എന്ന് അവരെ ബോധ്യപ്പെടുത്തുവാന്‍ പരിശ്രമിച്ചു: 

”ആദ് സമുദായത്തിനു ശേഷം അവന്‍ നിങ്ങളെ പിന്‍ഗാമികളാക്കുകയും, നിങ്ങള്‍ക്കവന്‍ ഭൂമിയില്‍ വാസസ്ഥലം ഒരുക്കിത്തരികയും ചെയ്ത സന്ദര്‍ഭം നിങ്ങള്‍ ഓര്‍ക്കുകയും ചെയ്യുക. അതിലെ സമതലങ്ങളില്‍ നിങ്ങള്‍ സൗധങ്ങളുണ്ടാക്കുന്നു. മലകള്‍ വെട്ടിയെടുത്ത് നിങ്ങള്‍ വീടുകളുണ്ടാക്കുകയും ചെയ്യുന്നു. അങ്ങനെ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ നിങ്ങള്‍ ഓര്‍ത്ത് നോക്കുക. നിങ്ങള്‍ നാശകാരികളായിക്കൊണ്ട് ഭൂമിയില്‍ കുഴപ്പം സൃഷ്ടിക്കരുത്” (ക്വുര്‍ആന്‍ 7:74).

”അവന്‍ നിങ്ങളെ ഭൂമിയില്‍ നിന്ന് സൃഷ്ടിച്ച് വളര്‍ത്തുകയും നിങ്ങളെ അവിടെ അധിവസിപ്പിക്കുകയും ചെയ്തിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ അവനോട് പാപമോചനം തേടുകയും എന്നിട്ട് അവനിലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. തീര്‍ച്ചയായും എന്റെ രക്ഷിതാവ് അടുത്തു തന്നെയുള്ളവനും (പ്രാര്‍ഥനക്ക്) ഉത്തരം നല്‍കുന്നവനുമാകുന്നു” (ക്വുര്‍ആന്‍ 11:61).

അല്ലാഹു അവര്‍ക്ക് നല്‍കിയ ഓരോ അനുഗ്രഹവും അവരോട് എടുത്തു പറഞ്ഞ് അല്ലാഹുവിലേക്ക് മടങ്ങുവാനും അവനെ മാത്രം ആരാധിക്കുവാനും അദ്ദേഹം ഉപദേശിച്ചു. ഈ അനുഗ്രഹങ്ങളെല്ലാം എന്നും നിങ്ങളില്‍ നിലനില്‍ക്കും എന്ന് നിങ്ങള്‍ വിചാരിക്കുന്നുവെങ്കില്‍ അത് വ്യാമോഹമാണെന്ന് അവരെ അദ്ദേഹം ഓര്‍മിപ്പിക്കുകയും ചെയ്തു: 

”ഥമൂദ് സമുദായം ദൈവദൂതന്‍മാരെ നിഷേധിച്ചുതള്ളി. അവരുടെ സഹോദരന്‍ സ്വാലിഹ് അവരോട് പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ ഒരു ദൂതനാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍. നിങ്ങളോട് ഞാന്‍ ഇതിന്റെ പേരില്‍ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവിങ്കല്‍ നിന്ന് മാത്രമാകുന്നു. ഇവിടെയുള്ളതില്‍ (സമൃദ്ധിയില്‍) നിര്‍ഭയരായിക്കഴിയാന്‍ നിങ്ങള്‍ വിട്ടേക്കപ്പെടുമോ, അതായത് തോട്ടങ്ങളിലും അരുവികളിലും വയലുകളിലും കുല ഭാരംതൂങ്ങുന്ന ഈന്തപ്പനകളിലും. നിങ്ങള്‍ സന്തോഷപ്രമത്തരായിക്കൊണ്ട് പര്‍വതങ്ങളില്‍ വീടുകള്‍ തുരന്നുണ്ടാക്കുകയും ചെയ്യുന്നു. ആകയാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍. അതിക്രമകാരികളുടെ കല്‍പന നിങ്ങള്‍ അനുസരിച്ചു പോകരുത്; ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും നന്‍മവരുത്താതിരിക്കുകയും ചെയ്യുന്നവരുടെ” (ക്വുര്‍ആന്‍ 26:141-152).

ഇങ്ങനെയെല്ലാം ഉപദേശിച്ചിട്ടും താക്കീത് നല്‍കിയിട്ടും അവര്‍ക്കൊരു കുലുക്കവും വന്നില്ല. അംഗീകരിക്കാതെ കളവാക്കുകയാണ് അവര്‍ ചെയ്തത്.

”ഥമൂദ് സമുദായം താക്കീതുകളെ നിഷേധിച്ചു കളഞ്ഞു. അങ്ങനെ അവര്‍ പറഞ്ഞു: നമ്മളില്‍ പെട്ട ഒരു മനുഷ്യനെ, ഒറ്റപ്പെട്ട ഒരുത്തനെ നാം പിന്തുടരുകയോ? എങ്കില്‍ തീര്‍ച്ചയായും നാം വഴിപിഴവിലും ബുദ്ധിശൂന്യതയിലും തന്നെയായിരിക്കും. നമ്മുടെ കൂട്ടത്തില്‍ നിന്ന് അവന്നു പ്രത്യേകമായി ഉല്‍ബോധനം നല്‍കപ്പെട്ടു എന്നോ?  അല്ല! അവന്‍ അഹങ്കാരിയായ ഒരു വ്യാജവാദിയാകുന്നു” (ക്വുര്‍ആന്‍ 54:2325).

സ്വാലിഹ്(അ) അവരോട് നടത്തിയ ഉപദേശം അവരുടെ ആഗ്രഹങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും അതിലുപരി അവരുടെ വിശ്വാസത്തിനും എതിരായിരുന്നു. അവര്‍ക്ക് ഈ ഉപദേശങ്ങളൊന്നും ദഹിക്കാതെയായി. അവര്‍ അദ്ദേഹത്തോട് ഇപ്രകാരവും പ്രതികരിച്ചു:

”അവര്‍ പറഞ്ഞു: സ്വാലിഹേ, ഇതിനു മുമ്പ് നീ ഞങ്ങള്‍ക്കിടയില്‍ അഭിലഷണീയനായിരുന്നു. ഞങ്ങളുടെ പിതാക്കന്‍മാര്‍ ആരാധിച്ചുവരുന്നതിനെ ഞങ്ങള്‍ ആരാധിക്കുന്നതില്‍ നിന്ന് നീ ഞങ്ങളെ വിലക്കുകയാണോ? നീ ഞങ്ങളെ ക്ഷണിച്ച് കൊണ്ടിരിക്കുന്ന കാര്യത്തെപ്പറ്റി ഞങ്ങള്‍ അവിശ്വാസജനകമായ സംശയത്തിലാണ്” (ക്വുര്‍ആന്‍ 11:62).

സ്വാലിഹ്(അ) അവരുടെത് വല്ലതും കവര്‍ച്ച നടത്തിയോ? ഇല്ല! അവരെ ചതിച്ചിട്ടുണ്ടോ? ഇല്ല! അവരെ ചീത്ത വിളിക്കുകയോ അവരോട് അപമര്യാദയോടെ പെരുമാറുകയോ ചെയ്തിട്ടുണ്ടോ? അതുമില്ല! ഇതെല്ലാം അവര്‍ക്കും അറിയാം. അദ്ദേഹത്തിന്റെ തറവാടിത്തം, വ്യക്തിത്വം, ബുദ്ധി വൈഭവം, സ്വഭാവ ശുദ്ധി എന്നിവയെല്ലാം അവര്‍ക്കിടയില്‍ അറിയപ്പെട്ടതാണ്. അവര്‍ക്ക് അദ്ദേഹത്തില്‍ സല്‍പ്രതീക്ഷയുമുണ്ടായിരുന്നു. പിന്നെ എന്ത് അപരാധമാണ് സ്വാലിഹ്(അ) അവരോട് ചെയ്തത്? ‘അല്ലാഹുവിനെ മാത്രമെ ആരാധിക്കാവൂ, അവനല്ലാതെ മറ്റൊരു ആരാധ്യനില്ല. നിങ്ങളും നിങ്ങളുടെ പൂര്‍വ പിതാക്കളും അല്ലാഹുവിനു പുറമെയുള്ളവരെ ആരാധിക്കുന്നുവല്ലോ; അത് വഴികേടാണ്.’ ഇത് പറഞ്ഞതിനാലാണ് സ്വാലിഹ് നബി(അ)നെ ജനങ്ങള്‍ കളവ് പറയുന്നവനായി മുദ്രകുത്തിയത്.

ഇത് എല്ലാ പ്രവാചകന്മാരുടെയും അനുഭവമാണ്.  മുഹമ്മദ് നബി ﷺ നാല്‍പത് വയസ്സ് വരെ എല്ലാവര്‍ക്കും സുസമ്മതനും ആദരിക്കപ്പെട്ടവനും ആയിരുന്നു; ഏത് പ്രശ്‌നത്തിനും പരിഹാരം കാണാന്‍ ആളുകള്‍ മധ്യസ്ഥനായി കണ്ടിരുന്ന സത്യസന്ധനും വിശ്വസ്തനുമായിരുന്നു. മക്കക്കാര്‍ അദ്ദേഹത്തെ ‘അല്‍അമീന്‍’ (വിശ്വസ്തന്‍) എന്ന് ആദരപൂര്‍വം വിളിച്ചുവെന്ന് ചരിത്രം പഠിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സത്യസന്ധതയും വിശ്വസ്തതയും സുതരാം വ്യക്തമാകുന്നു. എന്നാല്‍ സ്രഷ്ടാവായ അല്ലാഹു മാത്രമെ ആരാധ്യനായുള്ളൂവെന്നും സൃഷ്ടികള്‍ ഒന്നും അതിന് പര്യാപ്തരല്ലെന്നും പ്രഖ്യാപിച്ചതിനാല്‍ വിശ്വസ്തനെന്നു വിളിച്ച അതേ ആളുകള്‍ അദ്ദേഹത്തെ  മാരണം ബാധിച്ചവനെന്നും ഭ്രാന്തനെന്നും കവിയെന്നും വിളിച്ച് ആക്ഷേപിക്കുവാനും പരിഹസിക്കുവാനും തുടങ്ങി!

സ്വാലിഹ് നബി(അ)നെ അവര്‍ കള്ളനായി വിളിച്ചപ്പോള്‍ അദ്ദേഹം അവരോട് നല്‍കുന്ന മറുപടി നോക്കുക. 

”അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ,  ഞാന്‍ എന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവിനെ അവലംബിക്കുന്നവനായിരിക്കുകയും അവന്റെ പക്കല്‍നിന്നുള്ള കാരുണ്യം അവനെനിക്ക് നല്‍കിയിരിക്കുകയുമാണെങ്കില്‍; അല്ലാഹുവോട് ഞാന്‍ അനുസരണക്കേട് കാണിക്കുന്ന പക്ഷം അവന്റെ ശിക്ഷയില്‍ നിന്ന് (രക്ഷിച്ചുകൊണ്ട്) എന്നെ സഹായിക്കാനാരുണ്ട്? അപ്പോള്‍ (കാര്യം ഇങ്ങനെയാണെങ്കില്‍) നിങ്ങള്‍ എനിക്ക് കൂടുതല്‍ നഷ്ടം വരുത്തിവെക്കുക മാത്രമെ ചെയ്യൂ”(ക്വുര്‍ആന്‍ 11:63).

‘എന്റെ ജനങ്ങളേ, നിങ്ങള്‍ക്കെന്ത് പറ്റി? ഞാന്‍ എന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവിനെ അടിസ്ഥാനമാക്കിയല്ലേ നിങ്ങളോട് സംസാരിക്കുന്നത്?! അവനാകട്ടെ എനിക്ക് ആവശ്യമായ ജീവിത സൗകര്യങ്ങളെല്ലാം ഒരുക്കിത്തന്നവനുമാണ്. അതിലൊന്നും മറ്റാര്‍ക്കും യാതൊരു പങ്കുമില്ല. ഇനി നിങ്ങളുടെ വാക്കുകള്‍ കേട്ട് അതിനനുസരിച്ച് ഞാന്‍ ഈ മാര്‍ഗത്തില്‍ നിന്ന് മാറിയാല്‍ ആ റബ്ബില്‍ നിന്ന് എനിക്ക് വരുന്ന പരീക്ഷണങ്ങളില്‍ നിന്നും ശിക്ഷകളില്‍ നിന്നും എന്നെ സഹായിക്കാന്‍ ആരുണ്ട്?’ എന്നെല്ലാം സ്വാലിഹ്(അ) ആ ജനതയോട് ചോദിച്ചു.

അല്ലാഹുവിന്റെ ദീനിന് പ്രാധാന്യം നല്‍കി ജീവിക്കുന്നവരെ ഐഹിക ജീവിതത്തിലെ സുഖസൗകര്യങ്ങള്‍ കാണിച്ച് പ്രലോഭിപ്പിക്കുമ്പോള്‍ ധീരതയോടെ സത്യത്തിന്റെ കൂടെ നില്‍ക്കാന്‍ സാധിക്കണം. അതാണ് പ്രവാചകന്‍ സ്വാലിഹ്(അ)ന്റെ ചരിത്രം നമ്മെ പഠിപ്പിക്കുന്നത്.  

സ്വാലിഹ്(അ) തൗഹീദിന്റെ സന്ദേശവുമായി മുന്നോട്ട് ഗമിക്കുകയാണ്. സമൂഹത്തില്‍ രണ്ട് ചേരികള്‍ രൂപപ്പെട്ടു.

”നിങ്ങള്‍ അല്ലാഹുവെ (മാത്രം) ആരാധിക്കുക എന്ന ദൗത്യവുമായി ഥമൂദ് സമുദായത്തിലേക്ക് അവരുടെ സഹോദരനായ സ്വാലിഹിനെയും നാം അയക്കുകയുണ്ടായി. അപ്പോഴതാ അവര്‍ അനേ്യാന്യം വഴക്കടിക്കുന്ന രണ്ട് കക്ഷികളായിത്തീരുന്നു” (ക്വുര്‍ആന്‍ 27:45).

ഏത് കാലഘട്ടത്തിലും സത്യത്തിന്റെ ശബ്ദം ഒരു നാട്ടില്‍ ഉദ്‌ഘോഷിക്കുമ്പോള്‍ സത്യത്തിന്റെ കൂടെ നില്‍ക്കുന്ന ഒരു വിഭാഗവും സത്യത്തിന്റെ എതിരാളികളായ ഒരു വിഭാഗവും ഉരുത്തിരിയും. 

സ്വാലിഹ്(അ)ന്റെ കൂടെയുള്ള വിശ്വാസികള്‍ ദുര്‍ബലരായിരുന്നു. ഇതും സത്യത്തിന്റെ ഒരു പ്രത്യേകതയാണ്. അല്ലാഹുവിന്റെ ദീനിനെ ആദ്യം പുല്‍കാന്‍ തയ്യാറാവുക സാധാരണക്കാരാകും. സമ്പന്നര്‍ക്ക് പലതും ആലോചിക്കുവാനുണ്ടാകും. അഭിമാനവും തറവാടിത്തവും ജനസ്വാധീനവും നഷ്ടപ്പെടുമോ എന്നവര്‍ ഭയക്കും. പാവങ്ങളായ സാധാരണ ജനങ്ങള്‍ക്ക് അതൊന്നും ചിന്തിക്കേണ്ടതില്ലല്ലോ. സമ്പന്നരില്‍ ഭയലേശമന്യെ സത്യം സ്വീകരിക്കുന്നവര്‍ ഇല്ല എന്നല്ല ഇപ്പറഞ്ഞതിനര്‍ഥം. 

സ്വാലിഹ്(അ)ന്റെ കൂടെയുള്ള അണികളെ പ്രമാണിമാര്‍ പിന്തിരിപ്പിക്കാന്‍ ശക്തമായ ശ്രമം നടത്തി. 

”അദ്ദേഹത്തിന്റെ ജനതയില്‍ പെട്ട അഹങ്കാരികളായ പ്രമാണിമാര്‍ ബലഹീനരായി കരുതപ്പെട്ടവരോട് (അതായത്) അവരില്‍ നിന്ന് വിശ്വസിച്ചവരോട് പറഞ്ഞു: സ്വാലിഹ് തന്റെ രക്ഷിതാവിങ്കല്‍ നിന്ന് അയക്കപ്പെട്ട ആള്‍ തന്നെയാണെന്ന് നിങ്ങള്‍ക്കറിയുമോ? അവര്‍ പറഞ്ഞു: അദ്ദേഹം ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതില്‍ ഞങ്ങള്‍ തീര്‍ച്ചയായും വിശ്വസിക്കുന്നവരാണ്” (ക്വുര്‍ആന്‍ 7:75).

പ്രമാണിമാരായ ആ ശത്രുക്കള്‍ പാവങ്ങളും ബലഹീനരുമായ വിശ്വാസികളോട് ചോദിക്കുന്നത് സ്വാലിഹ് റബ്ബില്‍ നിന്നും നിയുക്തനായവന്‍ തന്നെയാണെന്ന് നിങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നുവോ എന്നാണ്. അതിന് വിശ്വാസികള്‍ നല്‍കിയ മറുപടി അവരുടെ വിശ്വാസ ദാര്‍ഢ്യതയും ധീരതയും നമുക്ക് അറിയിച്ച് തരുന്നുണ്ട്. വിശ്വസിക്കുന്നുവോ എന്ന ചോദ്യത്തിന് ‘അതെ’ എന്ന ഒറ്റ വാചകത്തില്‍ മറുപടി നല്‍കി അവസാനിപ്പിക്കാതെ ഇനിയൊരു ചോദ്യം വരാതിരിക്കത്തക്ക വിധത്തില്‍ ‘അദ്ദേഹം ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതില്‍ ഞങ്ങള്‍ തീര്‍ച്ചയായും വിശ്വസിക്കുന്നവരാണ്’ എന്ന മറുപടി നല്‍കി. അന്നേരം ഇതായിരുന്നു ആ ജനതയുടെ മറുപടി. 

”അഹങ്കാരം കൈക്കൊണ്ടവര്‍ പറഞ്ഞു: നിങ്ങള്‍ ഏതൊന്നില്‍ വിശ്വസിക്കുന്നുവോ അതിനെ ഞങ്ങള്‍ തീര്‍ത്തും നിഷേധിക്കുന്നവരാണ്” (7:76).

സ്വാലിഹ്(അ)യില്‍ വിശ്വസിച്ചവരെ അദ്ദേഹത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കഴിയില്ലെന്ന് മനസ്സിലായപ്പോള്‍ അദ്ദേഹത്തെ ശകാരിക്കുവാനും ആക്ഷേപ വാക്കുകള്‍ കൊണ്ടും കുത്തുവാക്കുകള്‍ കൊണ്ടും പ്രഹരിക്കുവാനുമായി അവരുടെ ശ്രമം. ‘സ്വാലിഹേ, നിന്റെ ഈ പുതിയ വര്‍ത്തമാനം കുടുംബത്തിലും സമൂഹത്തിലും ഉണ്ടായിരുന്ന ഐക്യം ഇല്ലാതാക്കി. നിലവില്‍ അനുഭവിക്കുന്ന ക്ഷാമവും വരള്‍ച്ചയും എല്ലാം നീ കാരണം ഉണ്ടായതാണ്. നിനക്കും നിന്റെ കൂടെയുള്ളവര്‍ക്കും എന്തോ ദുഃശകുനം പിടിപെട്ടിട്ടുണ്ട്…’ എന്നെല്ലാം അവര്‍ പറഞ്ഞു. 

”അവര്‍ പറഞ്ഞു: നീ മൂലവും നിന്റെ കൂടെയുള്ളവര്‍ മൂലവും ഞങ്ങള്‍ ശകുനപ്പിഴവിലായിരിക്കുന്നു. അദ്ദേഹം പറഞ്ഞു: നിങ്ങളുടെ ശകുനം അല്ലാഹുവിങ്കല്‍ രേഖപ്പെട്ടതത്രെ. അല്ല, നിങ്ങള്‍ (ദൈവികമായ) പരീക്ഷണത്തിന് വിധേയരാകുന്ന ഒരു ജനതയാകുന്നു” (ക്വുര്‍ആന്‍ 27:47).

നാട്ടിലെ ക്ഷാമത്തിനും വരള്‍ച്ചക്കും കാരണക്കാര്‍ ഞാനോ എന്നില്‍ വിശ്വസിച്ചവരോ അല്ല. മറിച്ച്, നിങ്ങളുടെ അവിശ്വാസവും അഹങ്കാരവും ധിക്കാരവുമാണെന്നും അല്ലാഹു നിങ്ങളെ പരീക്ഷിക്കുകയാണെന്നും സ്വാലിഹ്(അ) അവര്‍ക്ക് മറുപടി നല്‍കി.

സ്വാലിഹ്(അ)നോട് അവര്‍ പറഞ്ഞു: ”നീ ഞങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാണ്. അതിനാല്‍ നീ സത്യവാന്‍മാരില്‍പെട്ടവനാണെങ്കില്‍ വല്ല ദൃഷ്ടാന്തവും കൊണ്ട് വരൂ” (ക്വുര്‍ആന്‍ 26:54)

മുഫസ്സിറുകള്‍ പറഞ്ഞു: ‘ഥമൂദുകാര്‍ എല്ലാവരും ഒരുമിച്ചു കൂടി. അപ്പോള്‍ അല്ലാഹുവിന്റെ ദൂതന്‍ സ്വാലിഹ്(അ) അവരുടെ അടുക്കല്‍ ചെന്നു. എന്നിട്ട് അവരെ അല്ലാഹുവിലേക്ക് ക്ഷണിക്കുകയും അവരെ താക്കീത് നല്‍കുകയും അവരെ ഉപദേശിക്കുകയും അവരോട് കല്‍പിക്കുകയും ചെയ്തു. അപ്പോള്‍ അവര്‍ അദ്ദേഹത്തോട് പറഞ്ഞു: ഈ പാറയില്‍ നിന്ന് -അവര്‍ അവിടെയുള്ള പാറയിലേക്ക് ചൂണ്ടി- ഇന്നയിന്ന ഗുണങ്ങളുള്ള ഒരു ഒട്ടകത്തെ പുറത്ത് കൊണ്ടു വന്നാല്‍ (ഞങ്ങള്‍ വിശ്വസിക്കാം). അവര്‍ ആ ഒട്ടകത്തിന്റെ വിശേഷണങ്ങളും പേരുകളുമൊക്കെ പറഞ്ഞു. അപ്പോള്‍ അവരോട് പ്രവാചകന്‍ സ്വാലിഹ്(അ) പറഞ്ഞു: നിങ്ങള്‍ ആവശ്യപ്പെട്ട പ്രകാരം നിങ്ങള്‍ ചോദിച്ചത് ഞാന്‍ നിങ്ങള്‍ക്ക് നല്‍കി ഉത്തരം ചെയ്താല്‍ ഞാന്‍ നിങ്ങള്‍ക്ക് കൊണ്ടു വന്നതില്‍ വിശ്വസിക്കുകയും ഞാന്‍ അയക്കപ്പെട്ടതില്‍ നിങ്ങള്‍ എന്നെ സത്യപ്പെടുത്തുകയും ചെയ്യുമോ? അവര്‍ പറഞ്ഞു: അതെ. അങ്ങനെ അദ്ദേഹം അവരില്‍ നിന്ന് അതിന്ന് കരാര്‍ വാങ്ങി.  പിന്നീട് അദ്ദേഹം അദ്ദേഹത്തിന്റെ നമസ്‌കാര സ്ഥലത്തേക്ക് പോയി. അല്ലാഹു അദ്ദേഹത്തിന് തോന്നിച്ച അത്ര സമയം അദ്ദേഹം നമസ്‌കരിച്ചു. പിന്നീട് അവര്‍ ആവശ്യപ്പെട്ടതിന് അവര്‍ക്ക് ഉത്തരം നല്‍കാനായി അല്ലാഹുവിനോട് അദ്ദേഹം പ്രാര്‍ഥിച്ചു. അപ്പോള്‍ അല്ലാഹു ആ കല്ലിനോട് വലിയ ഒരു ഒട്ടകത്തെ പുറത്ത് കൊണ്ടുവരാന്‍ കല്‍പിച്ചു… അങ്ങനെ അവരില്‍നിന്ന് ധാരാളം പേര്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും ധാരാളം പേര്‍ അവരുടെ അവിശ്വാസത്തിലും അവരുടെ വഴികേടിലും അവരുടെ ധിക്കാരത്തിലും നിലനിന്നു.’

എന്താണ് ഇവിടെ സംഭവിച്ചത്? അവര്‍ ദൃഷ്ടാന്തം ആവശ്യപ്പെട്ടു. ആവശ്യപ്പെട്ടത് നല്‍കിയാല്‍ വിശ്വസിക്കുമോ എന്ന് ചോദിച്ചു. അതെ എന്ന് അവര്‍ ഉത്തരം നല്‍കി. പക്ഷേ, ആവശ്യം യാഥാര്‍ഥ്യമായപ്പോള്‍ മറ്റു പലതും പറഞ്ഞ് അവര്‍ ഒഴിഞ്ഞു മാറി. ചിലരെല്ലാം വിശ്വസിച്ചെങ്കിലും മഹാഭൂരിഭാഗവും അതില്‍ അവിശ്വസിക്കുകയാണ് ചെയ്തത്. 

മുഹമ്മദ് നബി ﷺ യുടെ കാലത്തും സമാനമായ സംഭവം നടന്നിട്ടുണ്ട്. അദ്ദേഹത്തോട് ശത്രുക്കള്‍ പറഞ്ഞു: ‘മുഹമ്മദേ.. നീ സത്യസന്ധനാണെങ്കില്‍ ചന്ദ്രനെ ഞങ്ങള്‍ക്കൊന്ന് രണ്ടായി പിളര്‍ത്തി കാണിച്ച് തരണം.’ അപ്പോള്‍ നബി ﷺ അവരോട് ചോദിച്ചു: ‘ഈ ചന്ദ്രനെ ഞാന്‍ രണ്ട് പകുതികളാക്കി കാണിച്ചു തന്നാല്‍ നിങ്ങള്‍ എന്നെ വിശ്വസിക്കുമോ?’ അവര്‍ പറഞ്ഞു: ‘അതെ, ഞങ്ങള്‍ക്ക് വിശ്വസിക്കാതിരിക്കാന്‍ എന്താണ് തടസ്സം?’ അപ്പോള്‍ നബി ﷺ അല്ലാഹുവിനോട് പ്രാര്‍ഥിച്ചു. ചന്ദ്രന്റെ രണ്ട് പകുതിയുടെ ഇടയിലൂടെ അബൂക്വുബൈസ് എന്ന പര്‍വതം അവര്‍ കാണുന്നത് വരെ അല്ലാഹു ചന്ദ്രനെ രണ്ട് പകുതികളാക്കി പിളര്‍ത്തി. അപ്പോള്‍ അവര്‍ പറഞ്ഞു: ‘നീ വലിയ സിഹ്ര്‍ തന്നെയാണ് കൊണ്ടുവന്നിട്ടുള്ളത്.’ ക്വുര്‍ആന്‍ ഇത് സംബന്ധമായി പറഞ്ഞത് ഇപ്രകാരമാണ്: ”ആ (അന്ത്യ)സമയം അടുത്തു. ചന്ദ്രന്‍ പിളരുകയും ചെയ്തു. ഏതൊരു ദൃഷ്ടാന്തം അവര്‍ കാണുകയാണെങ്കിലും അവര്‍ പിന്തിരിഞ്ഞുകളയുകയും ഇത് നിലനിന്നു വരുന്ന ജാലവിദ്യയാകുന്നു എന്ന് അവര്‍ പറയുകയും ചെയ്യും” (ക്വുര്‍ആന്‍ 54:1,2).

അല്ലാഹു മുഹമ്മദ് നബി ﷺ ക്ക് നല്‍കിയ മുഅ്ജിസത്തില്‍ (ദൈവിക ദൃഷ്ടാന്തം) പ്രധാനപ്പെട്ട ഒന്നായിരുന്നു പ്രസ്തുത സംഭവം. സ്വഹീഹുല്‍ ബുഖാരി അടക്കമുള്ള പ്രസിദ്ധ ഹദീഥ് ഗ്രന്ഥങ്ങളില്‍ നമുക്ക് ഈ സംഭവം കാണാവുന്നതാണ്. എന്നാല്‍ മതത്തിന്റെ പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ട പലതിനെയും തങ്ങളുടെ പരിമിത ബുദ്ധികൊണ്ട് അളന്ന് സ്വീകരിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നവര്‍ക്ക് ഈ സംഭവം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. ‘ചന്ദ്രന്‍ രണ്ടായി പിളരുകയോ? അതൊന്നും സംഭവ്യമല്ല’ എന്നാണ് അവരുടെ നിലപാട്! 

അപ്പോള്‍ ക്വുര്‍ആനില്‍ ഇതിനെക്കുറിച്ച് പരാമര്‍ശിക്കുന്നതിനക്കുറിച്ച് എന്ത് പറയും? അതിനുള്ള മറുപടി ‘അത് ആലങ്കാരികം’ ആണ് എന്നത്രെ! എങ്ങനെ ഇവര്‍ക്ക് ഇങ്ങനെ പച്ചയായ സത്യത്തെ നിഷേധിക്കാനും പരിഹസിക്കാനും സാധിക്കുന്നു! ശഹാദത്ത് കലിമ അഥവാ സാക്ഷ്യവാക്യം നിഷ്‌കളങ്കമായി ചൊല്ലിയ ഒരു മുസ്‌ലിമിന് തൗഹീദിനെതിരിലും സുന്നത്തിനെതിരിലും സംസാരിക്കുവാനോ ചിന്തിക്കുവാനോ എങ്ങനെയാണ് കഴിയുക? ഇതാണ് മതപ്രമാണങ്ങളെ തങ്ങളുടെ പരിമിതമായ ബുദ്ധികൊണ്ട് അളക്കുന്നത് കൊണ്ടുള്ള അപകടം. (തുടരും)

 

ഹുസൈന്‍ സലഫി
നേർപഥം വാരിക