ഹൂദ് (അ) – 03

ഹൂദ് (അ) - 03

ആദ് സമുദായത്തിന്റെ പതനം: 2

ഇസ്‌ലാമിക പ്രബോധനം നടത്തുന്നവരെ ഒറ്റപ്പെടുത്താനും ഇല്ലായ്മ ചെയ്യാനും എതിരാളികള്‍ ശ്രമിക്കുന്ന ഘട്ടത്തില്‍ ദൃഢവിശ്വാസത്തോടെ മുഴുവന്‍ എതിര്‍പ്പുകളെയും നേരിടേണ്ടവരാണ് സത്യവിശ്വാസികള്‍.

ഹൂദ്(അ) തന്നോട് ശത്രുത കാണിച്ച പ്രബോധിത സമൂഹത്തിന് നല്‍കിയ മറുപടി നാം മനസ്സിലാക്കി. ഇതേ പ്രകാരത്തിലുള്ള മറുപടി നൂഹ്(അ)യും അദ്ദേഹത്തിന്റെ ജനതക്ക് നല്‍കിയത് ക്വൂര്‍ആന്‍ നമുക്ക് പറഞ്ഞുതരുന്നുണ്ട്.

”(നബിയേ,) നീ അവര്‍ക്ക് നൂഹിനെപ്പറ്റിയുള്ള വിവരം ഓതിക്കേള്‍പിക്കുക. അദ്ദേഹം തന്റെ ജനതയോട് പറഞ്ഞ സന്ദര്‍ഭം: എന്റെ ജനങ്ങളേ, എന്റെ സാന്നിധ്യവും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെപ്പറ്റിയുള്ള എന്റെ ഉദ്‌ബോധനവും നിങ്ങള്‍ക്ക് ഒരു വലിയ ഭാരമായിത്തീര്‍ന്നിട്ടുണ്ടെങ്കില്‍ അല്ലാഹുവിന്റെ മേല്‍ ഞാനിതാ ഭരമേല്‍പിച്ചിരിക്കുന്നു. എന്നാല്‍ നിങ്ങളുടെ കാര്യം നിങ്ങളും നിങ്ങള്‍ പങ്കാളികളാക്കിയവരും കൂടി തീരുമാനിച്ചുറപ്പിച്ചുകൊള്ളൂ. പിന്നെ നിങ്ങളുടെ കാര്യത്തില്‍ (തീരുമാനത്തില്‍) നിങ്ങള്‍ക്ക് ഒരു അവ്യക്തതയും ഉണ്ടായിരിക്കരുത്. എന്നിട്ട് എന്റെ നേരെ നിങ്ങള്‍ (ആ തീരുമാനം) നടപ്പില്‍ വരുത്തൂ. എനിക്ക് നിങ്ങള്‍ ഇടതരികയേ വേണ്ട” (10:71). 

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജീവിക്കുന്ന ഒരു വിശ്വാസിക്ക് എന്ത് പ്രതികൂല സാഹചര്യം നേരിടേണ്ടി വന്നാലും യാതൊരു പതര്‍ച്ചയും ഇല്ലാതെ സത്യം തുറന്ന് പറയാനുള്ള നിശ്ചയദാര്‍ഢ്യത്തിന് ഈ മഹാന്മാരുടെ ചരിത്രം പ്രേരണയാകണം. അതിനു ബലം നല്‍കുന്ന ഒരു പ്രവാചക വചനം കൂടെ ഇവിടെ കുറിക്കുന്നത് ഉചിതമായിരിക്കും. നബി(സ്വ) പറയുന്നു:

”നീ അറിയണം. ഒരു സമൂഹം മുഴുവനും നിനക്ക് ഒരു ഉപകാരം ചെയ്യാനായി ഒരുമിച്ചുകൂടുകയാണെങ്കിലും അല്ലാഹു നിനക്കായി അത് എഴുതിവെച്ചാലല്ലാതെ നിനക്ക് ഒരു ഉപകാരവും ചെയ്യാന്‍ അവര്‍ക്ക് കഴിയില്ല. ഇനി ഒരു സമൂഹം മുഴുവനും നിനക്ക് ഒരു ഉപദ്രവം ചെയ്യാനായി ഒരുമിച്ചുകൂടുകയാണെങ്കിലും അല്ലാഹു നിനക്കെതിരായി അത് എഴുതിവെച്ചാലല്ലാതെ നിനക്ക് എതിരായി ഒരു ഉപദ്രവവും ചെയ്യാന്‍ അവര്‍ക്ക് കഴിയില്ല” (തിര്‍മിദി).

വീട്ടുകാരില്‍ നിന്നോ, കൂടുംബാംഗങ്ങളില്‍ നിന്നോ, നാട്ടുകാരില്‍ നിന്നോ, അധികാരികളില്‍ നിന്നോ വല്ല വിധേനയുമുള്ള ബഹിഷ്‌കരണമോ മര്‍ദനമോ എന്തുതന്നെ നേരിട്ടാലും നമുക്ക് മുമ്പേ കഴിഞ്ഞുപോയ വെള്ളി നക്ഷത്രങ്ങളായ, അല്ലാഹുവിന്റെ ദൂതന്മാരുടെയും അവരെ പിന്തുടര്‍ന്ന സച്ചരിതരുടെയും മാര്‍ഗത്തെ നാം പിന്തുടരണം. പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലമായ മണ്ണ് ചുറ്റുപാടില്‍ ഉണ്ടായിട്ടും നിസ്സാരമായ കാരണം പറഞ്ഞ് സത്യം വീട്ടിലും കുടുംബത്തിലും സമൂഹത്തിലും അറിയിക്കാതെ മൂടിവെക്കുന്നവര്‍ക്ക്; ന്യൂനപക്ഷത്തെ മാത്രം അനുയായികളായി കിട്ടിയിട്ടും (അതുതന്നെ ദുര്‍ബലന്മാരും) തളര്‍ച്ചയോ പതര്‍ച്ചയോ ഇല്ലാതെ സത്യം വെട്ടിത്തുറന്ന് പ്രഖ്യാപിച്ച മുന്‍ഗാമികളായ പ്രവാചകന്മാരെയാണ് മുസ്‌ലിംകള്‍ പിന്തുടരേണ്ടത്. അവര്‍ക്ക് അതിനെല്ലാം സാധിച്ചത് അല്ലാഹുവിലുള്ള അവരുടെ അര്‍പ്പണ ബോധവും പ്രതീക്ഷയുമായിരുന്നു.

അല്ലാഹുവിന്റെ ദീന്‍ പ്രബോധനം ചെയ്യുമ്പോള്‍ പ്രബോധിത സമൂഹത്തില്‍ നിന്ന് അനുകൂലമായോ പ്രതികൂലമായോ പ്രതികരണങ്ങള്‍ ഉണ്ടാകുമെന്ന് പ്രബോധകന്‍ തന്റെ മനസ്സിനെ ആദ്യം പഠിപ്പിക്കണം. പ്രതികരണം എന്തുതന്നെയായാലും എല്ലാം അല്ലാഹുവിന്റെ തീരുമാനപ്രകാരമാണെന്ന തിരിച്ചറിവിലൂടെ അവനില്‍ എല്ലാം അര്‍പ്പിച്ച് സ്വന്തം വിശ്വാസത്തെ വര്‍ധിപ്പിക്കാന്‍ സാധിക്കുന്നിടത്താണ് ഓരോ പ്രബോധകനും വിജയിക്കുന്നത്. പ്രതികൂലമായ പ്രതികരണമാണ് നമുക്ക് നേരിടേണ്ടി വരുന്നതെങ്കില്‍ തന്നെ നാം എന്തിന് ദുഃഖിക്കണം? അല്ലാഹു പറയുന്നത് നോക്കൂ:

”പറയുക: അല്ലാഹു ഞങ്ങള്‍ക്ക് രേഖപ്പെടുത്തിയതല്ലാതെ ഞങ്ങള്‍ക്കൊരിക്കലും ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ യജമാനന്‍. അല്ലാഹുവിന്റെ മേലാണ് സത്യവിശ്വാസികള്‍ ഭരമേല്‍പിക്കേണ്ടത്” (ക്വുര്‍ആന്‍ 9:51).

‘അവനെ കൂടാതെ ഒരു പടപ്പിനെയും ഞാന്‍ പരിഗണിക്കുന്നതല്ല. അവനിലല്ലാതെ ഞാന്‍ ഭരമേല്‍പിക്കുകയുമില്ല. അവനെ മാത്രമല്ലാതെ ഞാന്‍ ആരാധിക്കുന്നതുമല്ല’ (ക്വസ്വസ്വുല്‍ അമ്പിയാഅ്, ഇബ്‌നു കഥീര്‍(റഹി). 

ഹൂദ്(അ) അല്ലാഹുവില്‍ ഭരമേല്‍പിച്ചുകൊണ്ടു ജനങ്ങളെ നേരിട്ടപ്പോള്‍ പറഞ്ഞ വചനത്തെ വിശദീകരിച്ചുകൊണ്ട് ഇബ്‌നു കഥീര്‍(റ) പറഞ്ഞ വാക്കാണിത്.

അല്ലാഹു പരമകാരുണികനാണ്. അഥവാ അല്ലാഹുവിന് വഴിപ്പെടുന്നവര്‍ക്കും വഴിപ്പെടാത്തവര്‍ക്കും അനുഗ്രഹം ചെയ്യുന്നവനാണ്. അല്ലാഹുവിനെ അനുസരിച്ചു എന്നത് കൊണ്ട് ഒരാള്‍ ഭൗതിക സൗകര്യങ്ങളാല്‍ അനുഗ്രഹിക്കപ്പെടുമെന്നോ അല്ലാഹുവിനോട് അനുസരണക്കേടു കാണിക്കുന്നത് കൊണ്ട് ഒരാള്‍ക്ക് ഭൗതിക സൗകര്യങ്ങള്‍ തടയപ്പെടുമെന്നോ ഒരാളും തെറ്റുധരിക്കരുത്. കാരണം ഏതൊരാള്‍ക്കും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പരിപൂര്‍ണമായ പ്രതിഫലം നല്‍കപ്പെടുന്നത് ഉയര്‍ത്തെഴുന്നേല്‍പിന്റെ നാളിലാണ്. അവിടെ ആദരിക്കപ്പെടുന്നവനാണ് മാന്യനും അവിടെ നിന്ദിക്കപ്പെടുന്നവനാണ് നഷ്ടത്തില്‍ പെടുന്നവനുമായിത്തീരുന്നത്. 

ദൈവദൂതന്മാരുടെ വാക്കുകളെ ജനങ്ങള്‍ പരിഹസിക്കുവാനും കളവാക്കുവാനുമുള്ള ഒരു കാരണം അവരുടെ ഉപദേശങ്ങളെ തങ്ങളുടെ പരിമിതമായ ബുദ്ധികൊണ്ട് അളന്നതാണ്. ‘ഹൂദിനെന്താ നമ്മില്‍ നിന്ന് പ്രത്യേകമായിട്ടുള്ളത്? നാം ഭക്ഷിക്കുന്നതു പോലെ ഭക്ഷിക്കുന്നു, നാം കുടിക്കുന്നത് പോലെ കുടിക്കുന്നു. ഒരു പ്രത്യേകതയും നാം കാണുന്നില്ലല്ലോ’ എന്നൊക്കെ അദ്ദേഹത്തിന്റെ ജനങ്ങള്‍ പറഞ്ഞത്  ഓര്‍ക്കുക. 

‘ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദുന്‍ റസൂലുല്ലാഹി’ എന്ന് ചൊല്ലിയ പലരും ഇന്ന് പ്രവാചകന്മാരുടെ പ്രത്യേകതകളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിനാല്‍ അതിനെല്ലാം നവ വ്യാഖ്യാനങ്ങള്‍ നല്‍കി തങ്ങള്‍ ആധുനികരും ബുദ്ധിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങളെ തള്ളുന്നവരുമാണെന്ന് പൊതുസമൂഹത്തിനു മുമ്പില്‍ തെളിയിക്കാനുള്ള ശ്രമത്തിലാണ്. പ്രവാചകന്മാരിലൂടെ അല്ലാഹു വെളിവാക്കിയിട്ടുള്ള അത്ഭുത സംഭവങ്ങളെ അങ്ങനെ തന്നെ അംഗീകരിക്കുന്നവരെ ഇവര്‍ പിന്തിരിപ്പന്മാരും കാലഘട്ടത്തിന് യോജിക്കാത്തവരുമായി മുദ്രകുത്തുകയും ചെയ്യുന്നു! 

ഹൂദ്(അ)യുടെ ജനതയിലെ പരലോക നിഷേധികളായവര്‍ അദ്ദേഹത്തോട് ഇപ്രകാരം ചോദിച്ചു:

”നിങ്ങള്‍ മരിക്കുകയും മണ്ണും അസ്ഥിശകലങ്ങളുമായിത്തീരുകയും ചെയ്താല്‍ നിങ്ങള്‍ (വീണ്ടും ജീവനോടെ) പുറത്ത് കൊണ്ടുവരപ്പെടും എന്നാണോ അവന്‍ നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കുന്നത്? നിങ്ങള്‍ക്ക് നല്‍കപ്പെടുന്ന ആ വാഗ്ദാനം എത്രയെത്ര വിദൂരം! ജീവിതമെന്നത് നമ്മുടെ ഈ ഐഹികജീവിതം മാത്രമാകുന്നു. നാം മരിക്കുന്നു. നാം ജനിക്കുന്നു. നാം ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരല്ല തന്നെ. ഇവന്‍ അല്ലാഹുവിന്റെ മേല്‍ കള്ളം കെട്ടിച്ചമച്ച ഒരു പുരുഷന്‍ മാത്രമാകുന്നു. ഞങ്ങള്‍ അവനെ വിശ്വസിക്കുന്നവരേയല്ല” (23:3538).

മരണാന്തര ജീവിതത്തെ കളവാക്കിക്കൊണ്ട്, ഞങ്ങളെ പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമായ നിന്റെ ഈ വാക്കുകളൊന്നും കേട്ട് നിന്നെ വിശ്വസിക്കാന്‍ ഞങ്ങള്‍ ഒരുക്കമല്ലെന്ന് അവര്‍ അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ അദ്ദേഹം അവര്‍ക്ക് അല്ലാഹുവിന്റെ ശിക്ഷയെ കുറിച്ച് മുന്നറിയിപ്പ് നല്‍കി. അവര്‍ അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു:

”എന്നാല്‍ നീ സത്യവാന്‍മാരുടെ കൂട്ടത്തിലാണെങ്കില്‍ ഞങ്ങള്‍ക്കു നീ താക്കീത് നല്‍കുന്നത് (ശിക്ഷ) ഞങ്ങള്‍ക്കു കൊണ്ടു വന്നു തരൂ” (46:22). 

ഗുണകാംക്ഷയോടെ ഉപദേശിച്ചിട്ടും കളവാക്കുകയും പരിഹസിക്കുകയും ചെയ്യുക മാത്രമല്ല, ‘നീ വാഗ്ദാനം ചെയ്യുന്ന ശിക്ഷ ഞങ്ങള്‍ക്ക് കൊണ്ടുവാ’ എന്ന് വെല്ലുവിളിക്കുക കൂടി ചെയ്തു ആ ജനങ്ങള്‍! അവസാനം അല്ലാഹുവിനോട് ഹൂദ്(അ) ഇപ്രകാരം പ്രാര്‍ഥിച്ചു:

”അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, ഇവരെന്നെ നിഷേധിച്ചു തള്ളിയിരിക്കയാല്‍ നീ എന്നെ സഹായിക്കേണമേ” (23:39). 

അല്ലാഹു ഹൂദ്(അ)നോട് ഇപ്രകാരം പറഞ്ഞു: ”അവന്‍ (അല്ലാഹു) പറഞ്ഞു: അടുത്തു തന്നെ അവര്‍ ഖേദിക്കുന്നവരായിത്തീരും” (23:40). 

ആ ശിക്ഷ ഇപ്രകാരമായിരുന്നു അവരില്‍ ഇറങ്ങിയത്: ദീര്‍ഘ കാലം അവര്‍ക്ക് മഴ ഇല്ലാതെയായി. മൂന്ന് വര്‍ഷത്തോളം അവര്‍ക്ക് ഒരു തുള്ളി വെള്ളം പോലും ലഭിച്ചില്ലെന്ന് പറയപ്പെടുന്നു. പിന്നീട് അവരുടെ താഴ്‌വരകളെ അഭിമുഖീകരിച്ച് അവര്‍ മേഘം കണ്ടു. അങ്ങനെ അതിനെ (ശിക്ഷയെ) തങ്ങളുടെ താഴ്‌വരകള്‍ക്ക് അഭിമുഖമായിക്കൊണ്ട് വെളിപ്പെട്ട ഒരു മേഘമായി അവര്‍ കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: ഇതാ നമുക്ക് മഴ നല്‍കുന്ന ഒരു മേഘം!

വര്‍ഷങ്ങള്‍ മഴ ലഭിക്കാതെ കൊടുംവരള്‍ച്ചയിലായ ആ ജനത പിന്നീട് മഴയുടെ മുന്നോടിയെന്നോണം കാര്‍മേഘം ഇരുണ്ടു കൂടിയത് കണ്ടപ്പോള്‍ വിചാരിച്ചു, മഴക്കുള്ള ഒരുക്കമാണെന്ന്. അവര്‍ അതില്‍ സന്തോഷിക്കുകയും ചെയ്തു. എന്നാല്‍ അത് അവര്‍ക്ക് സന്തോഷം നല്‍കുവാനായിരുന്നില്ല. മറിച്ച്, അവര്‍ എന്തൊന്നാണോ അല്ലാഹുവിന്റെ ദൂതനായ ഹൂദ്(അ)നെ പരിഹസിച്ചും കളവാക്കിയും ആവശ്യപ്പെട്ടത് അതിന്റെ മുന്നൊരുക്കമായിരുന്നു അത്. ക്വുര്‍ആന്‍ അത് ഇപ്രകാരം തുടര്‍ന്ന് വിവരിക്കുന്നു:

”അല്ല, നിങ്ങള്‍ എന്തൊന്നിന് ധൃതികൂട്ടിയോ അതു തന്നെയാണിത്. അതെ വേദനയേറിയ ശിക്ഷ ഉള്‍ക്കൊള്ളുന്ന ഒരു കാറ്റ്. അതിന്റെ രക്ഷിതാവിന്റെ കല്‍പന പ്രകാരം സകല വസ്തുക്കളെയും അത് നശിപ്പിച്ചുകളയുന്നു. അങ്ങനെ അവര്‍ താമസിച്ചിരുന്ന സ്ഥലങ്ങളല്ലാതെ മറ്റൊന്നും കാണപ്പെടാത്ത അവസ്ഥയില്‍ അവര്‍ ആയിത്തീര്‍ന്നു. അപ്രകാരമാണ് കുറ്റവാളികളായ ജനങ്ങള്‍ക്ക് നാം പ്രതിഫലം നല്‍കുന്നത്” (46:24,25).

ശക്തിയായ കാറ്റിലൂടെ പിന്നീട് അവര്‍ നശിപ്പിക്കപ്പെടുകയാണ് ചെയ്തത്. വലിയ മല്ലന്മാരും എല്ലാറ്റിനും കഴിയുന്നവരെന്നും മേനി നടിച്ച ആ ജനതയെ അല്ലാഹു നിലം പൊത്തിച്ചു. ആ കാറ്റിന്റെ ശക്തിയെക്കുറിച്ച് അല്ലാഹു ക്വുര്‍ആനിലൂടെ ഇപ്രകാരം നമ്മെ അറിയിക്കുന്നു:

”എന്നാല്‍ ആദ് സമുദായം, ആഞ്ഞു വീശുന്ന അത്യുഗ്രമായ കാറ്റ് കൊണ്ട് നശിപ്പിക്കപ്പെട്ടു. തുടര്‍ച്ചയായ ഏഴു രാത്രിയും എട്ടു പകലും അത് (കാറ്റ്) അവരുടെ നേര്‍ക്ക് അവന്‍ തിരിച്ചുവിട്ടു. അപ്പോള്‍ കടപുഴകി വീണ ഈന്തപ്പനത്തടികള്‍ പോലെ ആ കാറ്റില്‍ ജനങ്ങള്‍ വീണുകിടക്കുന്നതായി നിനക്ക് കാണാം. ഇനി അവരുടെതായി അവശേഷിക്കുന്ന വല്ലതും നീ കാണുന്നുണ്ടോ?” (69:68).

”നമ്മുടെ കല്‍പന വന്നപ്പോള്‍ ഹൂദിനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നമ്മുടെ കാരുണ്യം കൊണ്ട് നാം രക്ഷിച്ചു. കഠിനമായ ശിക്ഷയില്‍ നിന്ന് നാം അവരെ രക്ഷപ്പെടുത്തി” (11:58).

”അങ്ങനെ ദുരിതം പിടിച്ച ഏതാനും ദിവസങ്ങളില്‍ അവരുടെ നേര്‍ക്ക് ഉഗ്രമായ ഒരു ശീതക്കാറ്റ് നാം അയച്ചു. ഐഹികജീവിതത്തില്‍ അവര്‍ക്ക് അപമാനകരമായ ശിക്ഷ നാം ആസ്വദിപ്പിക്കാന്‍ വേണ്ടിയത്രെ അത്. എന്നാല്‍ പരലോകത്തിലെ ശിക്ഷയാണ് കൂടുതല്‍ അപമാനകരം. അവര്‍ക്ക് സഹായമൊന്നും നല്‍കപ്പെടുകയുമില്ല” (41:16).

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

നമസ്‌കാരത്തില്‍ കൈ കെട്ടല്‍

നമസ്‌കാരത്തില്‍ കൈ കെട്ടല്‍

ഖബീസത്തുബ്‌നു ഹുല്‍ബ് (റ) തന്റെ പിതാവില്‍ നിന്നു ഉദ്ധരിക്കുന്നു അദ്ദേഹം (ഹുല്‍ബ്) പറയുന്നു നബി (സ) നിസ്‌കാരം കഴിഞ്ഞാല്‍ തന്റെ വലതു ഭാഗത്തേക്കും ഇടതു ഭാഗത്തേക്കും എഴുന്നേറ്റു പോകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതുപോലെ ഇടതു കൈ നെഞ്ചിന്‍മേല്‍ വെച്ചതായും ഞാന്‍ കണ്ടിട്ടുണ്ട്. വലതുകൈ ഇടതുകയ്യുടെ മണിബന്ധത്തിന്റെ മീതെ വെച്ച്‌കൊണ്ട്. അതിന്റെ റിപ്പോര്‍ട്ടര്‍മാരില്‍ ഒരാളായ യഹ്’യ അത് കാണിച്ചു തരികയും ചെയ്തു (മുസ്’നദ് അഹ്മദ് ഹദീസ് നമ്പര്‍: 22026)

ത്വാഊസ് (റ) നിവേദനം; നബി (സ) നമസ്‌കാരത്തില്‍ തന്റെ വലതു കൈ ഇടതു കയ്യിന്മേല്‍ വെച്ച് മുറുക്കിപ്പിടിച്ചുകൊണ്ടു തന്റെ നെഞ്ചിന്മേല്‍ വെക്കാറുണ്ടായിരുന്നു (അബൂദാവൂദ്: ഹദീസ് നമ്പര്‍: 759,അല്‍ബാനിയുടെ ഇര്‍വാഉല്‍ ഗലീല്‍ 2/71)

വാഇലുബ്‌നു ഹുജ്ര്‍ (റ) നിവേദനം: അദ്ദേഹം പറഞ്ഞു ‘ഞാന്‍ നബി (സ)യുടെ കൂടെ നമസ്‌കരിച്ചിട്ടുണ്ട്. അപ്പോള്‍ നബി (സ) തന്റെ വലതുകൈ ഇടതുകയ്യിന്മേലായിക്കൊണ്ട് തന്റെ നെഞ്ചിന്മേല്‍ വെച്ചു (ഇബ്‌നു ഖുസൈമ ഹദീസ് നമ്പര്‍: 479)

أَخْبَرَنَا أَبُو سَعْدٍ أَحْمَدُ بْنُ مُحَمَّدٍ الصُّوفِيُّ، أنبأ أَبُو أَحْمَدَ بْنُ عَدِيٍّ الْحَافِظُ، ثنا ابْنُ صَاعِدٍ، ثنا إِبْرَاهِيمُ بْنُ سَعِيدٍ، ثنا مُحَمَّدُ بْنُ حُجْرٍ الْحَضْرَمِيُّ، حَدَّثَنَا سَعِيدُ بْنُ عَبْدِ الْجَبَّارِ بْنِ وَائِلٍ، عَنْ أَبِيهِ، عَنْ أُمِّهِ، عَنْ وَائِلِ بْنِ حُجْرٍ قَالَ: حَضَرْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا أَوْ حِينَ نَهَضَ إِلَى الْمَسْجِدِ فَدَخَلَ الْمِحْرَابَ، ثُمَّ رَفَعَ يَدَيْهِ بِالتَّكْبِيرِ، ثُمَّ وَضَعَ يَمِينَهُ عَلَى يُسْرَاهُ عَلَى صَدْرِهِ

الكتاب: السنن الكبرى
(البيهقي (384 – 458 هـ = 994 – 1066 م

വാഇലുബ്‌നു ഹുജ്ര്‍ (റ) നിവേദനം: ‘നബി (സ) തക്ബീര്‍ ചൊല്ലിക്കൊണ്ടു കൈകളുയര്‍ത്തുകയും എന്നിട്ട് വലതുകൈ ഇടതുകയ്യിന്മേലായിക്കൊണ്ട് തന്റെ നെഞ്ചിന്മേല്‍ വെക്കുകയും ചെയ്തു’. അദ്ദേഹം തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നു: ‘തീര്‍ച്ചയായും നബി (സ) അവിടുത്തെ വലതുകൈ ഇടതുകയ്യിന്മേലായി വെച്ചു എന്നിട്ട് ഇരു കൈകളും തന്റെ നെഞ്ചിന്മേല്‍ വെച്ചു.’ (ബൈഹഖിയുടെ സുനനുല്‍കുബ്‌റ: ഹദീസ് നമ്പര്‍ 2335)
അലി (റ) നിന്ന് : ‘തന്റെ വലതുകൈ ഇടതു കയ്യിന്റെ മധ്യത്തിലായി നെഞ്ചില്‍ വെക്കുക’ (ബുഖാരി താരീഖുല്‍കബീര്‍, ബൈഹഖി അല്‍ ഖുബുറാ 2/29. ഹദീസ് 2163)
അലി (റ) നിവേദനം: ‘ഫസ്വല്ലി ലിറബ്ബിക വന്‍ഹര്‍’ എന്ന ആയത്തു കൊണ്ട് വിവക്ഷ തന്റെ വലതുകൈ ഇടതുകയ്യിന്റെ മധ്യത്തില്‍ വെച്ചുകൊണ്ട് നെഞ്ചിന്മേല്‍ വെക്കുക എന്നതാണ്.’ (ബൈഹഖിയുടെ സുനനുല്‍ കുബ്‌റ: 2385)
ഉക്വബ(റ) നിവേദനം: അപ്പോള്‍ فصل لربك وانحر എന്ന ആയത്തില്‍ അലി(റ) ‘തന്റെ വലതു ഇടതുകയ്യുടെ മധ്യത്തില്‍ വെച്ച് തന്റെ നെഞ്ഞിന്മേല്‍ വെക്കുക എന്നര്‍ത്ഥം ‘വന്ഹര്‍’ എന്ന പത്തിനു നല്‍കുന്നു’ (ബുഖാരി തന്റെ തരീഖുല്‍ കബീറില്‍ No. 2911 ,Vol 6 ,Pg 437 )

പത്ത്കിത്താബ് പരിഭാഷ

പിന്നീട് കൈകള്‍ രണ്ടും (നെഞ്ചിലേക്ക്) താഴ്‌ത്തേണ്ടതാണ് ..
(പത്ത്കിത്താബ് പരിഭാഷ: അബ്ദുല്‍അസീസ് മുസ്ലിയാര്‍ പൊന്നാനി )

മഹല്ലി പരിഭാഷ​

കൈകള്‍ രണ്ടും ഉയര്‍ത്തി മറ്റു നമസ്ക്കാരങ്ങളില്‍ വെക്കുന്നത് പോലെ മയ്യത്തു നമസ്ക്കാരത്തിലും നെഞ്ചിന്മേല്‍ വെക്കേണ്ടതാണ്. (മഹല്ലി പരിഭാഷ)

ഫത്ഹുല്‍മുഈന്‍ പരിഭാഷ​

അപ്രകാരം നെഞ്ചത്തു നിന്ന് കൈ എടുക്കലും ചൊറിച്ചില്‍ ഉള്ള സ്ഥലത്ത് വെക്കലും ഒരു പ്രാവശ്യം ആണ്. (ഫത്ഹുല്‍മുഈന്‍ പരിഭാഷ)
കൈ രണ്ടും നെഞ്ചിനു താഴെ വെക്കുന്നതിലുള്ള തത്വം അവ ശരീരത്തിലെ ഏറ്റവും ശ്രേഷ്ടമായ അവയവത്തിന് മുകളില്‍ ആയിരിക്കുക എന്നതാണ്. അത് ഹൃദയമാണ്
(നിഹായ:,ജമല്‍)
റസൂല്‍(സ) പറഞ്ഞു: ‘അറിയുക, നിശ്ചയമായും ശരീരത്തില്‍ ഒരു മാംസപിണ്ഡമുണ്ട്. അത് നന്നായാല്‍ ശരീരം മുഴുവന്‍ നന്നായി. അത് ദുഷിച്ചാല്‍ ശരീരം മുഴുവന്‍ ദുഷിച്ചു. അറിയുക, അതാണ് ഹൃദയം.” (ബുഖാരി, മുസ്ലിം)

 وَحِكْمَةُ جَعْلِهِمَا تَحْتَ صَدْرِهِ أَنْ يَكُونَ فَوْقَ أَشْرَفِ الْأَعْضَاءِ وَهُوَ الْقَلْبُ
(الكتاب: نهاية المحتاج إلى شرح المنهاج (1/548
(شمس الدين الرملي (919 – 1004 هـ = 1513 – 1596 م 

ഹൃദയത്തിന്റെ മേലെ കൈ വെക്കാന്‍ വേണ്ടി ആണ് കൈ നെഞ്ചിന്റെ താഴെ വെക്കണം എന്ന് പറഞ്ഞത്.

وَالْحِكْمَةُ فِي جَعْلِهِمَا تَحْتَ الصَّدْرِ أَنْ يَكُونَا فَوْقَ أَشْرَفِ الْأَعْضَاءِ وَهُوَ الْقَلْبُ فَإِنَّهُ تَحْتَ الصَّدْرِ وَقِيلَ الْحِكْمَةُ فِيهِ أَنَّ الْقَلْبَ مَحَلُّ النِّيَّةِ، وَالْعَادَةُ جَارِيَةٌ بِأَنَّ مَنْ احْتَفَظَ عَلَى شَيْءٍ جَعَلَ يَدَيْهِ عَلَيْهِ
(الكتاب: أسنى المطالب في شرح روض الطالب (1/145
(زَكَرِيَّا الأَنْصَاري (823 – 926 هـ = 1420 – 1520 م

നെഞ്ചിന്റെ താഴെ രണ്ടു കയ്യും വെക്കണം എന്ന് പറയാനുള്ള യുക്തി പ്രധാനപെട്ട അവയവമായ ഹൃദയത്തിന്റെ മേല്‍ കൈ വരാന്‍ വേണ്ടി ആണ്, ഹൃദയം നെഞ്ചിന്റെ താഴ്ഭാഗത്ത് ആണ്‌

وَحِكْمَةُ ذَلِكَ إرْشَادُ الْمُصَلِّي إلَى حِفْظِ قَلْبِهِ عَنْ الْخَوَاطِرِ لِأَنَّ وَضْعَ الْيَدِ كَذَلِكَ يُحَاذِيهِ، وَالْعَادَةُ أَنَّ مَنْ احْتَفَظَ بِشَيْءٍ أَمْسَكَهُ بِيَدِهِ فَأُمِرَ الْمُصَلِّي بِوَضْعِ يَدَيْهِ كَذَلِكَ عَلَى مَا يُحَاذِي قَلْبَهُ لِيَتَذَكَّرَ بِهِ مَا قُلْنَاهُ.
(الكتاب: تحفة المحتاج في شرح المنهاج (2/103
(ابن حجر الهيتمي (909 – 974 هـ = 1504 – 1567 م

 تَحْتَ صَدْرِهِ) أَيْ بِحِذَاءِ قَلْبِهِ)
(الكتاب: حاشيتا قليوبي وعميرة  (1/197
(القليوبي (000 – 1069 هـ = 000 – 1659 م 

وقال السيوطى في الدر المنثور: واخرج ابن أبى شيبة في المصنف، والبخارى في تاريخه، وابن جرير، وابن المنذر، وابن أبى حاتم، والدارقطنى في الأفراد، وأبو الشيخ، والحاكم، وابن مردويه، والبيهقى في سننه، عن على في قوله تعالى
(فَصَلّ لِرَبّكَ وَأنحَر)
قال: وضع يده اليمنى على وسط ساعده اليسرى ثم وضعهما على صدره فى الصلاة 

ഇമാം സുയൂത്തി(റ) ഉദ്ധരിക്കുന്നു: ഇബ്ന്‍ അബീശൈബ തന്റെ മുസന്നഫിലും ബുഖാരി തന്റെ താരീഖിലും, ഇബ്ന്‍ ജരീരും ഇബ്ന്‍ മുന്ദിറും ഇബ്ന്‍ അബീ ഹതിമും ദാറുഖുത്‌നി തന്റെ ഇര്ഫാദിലും അബു ശൈഖു, ഹാകിം, ഇബ്ന്‍ മര്ദ, വയ്ഹി മുതലായവരും ബൈഹഖി തന്റെ സുനനിലും അലി(റ) നിന്ന്
فصل لربك وانحر എന്ന ആയത്തിന് ഒരാള്‍ തന്റെ വലതു കൈ ഇടതുകയ്യുടെ മധ്യത്തില്‍ വെച്ച് അവ രണ്ടും നമസ്‌കാരത്തില്‍ നെഞ്ഞിന്മേല്‍ വെക്കുക എന്നര്‍ത്ഥം ഉദ്ധരിക്കുന്നു. (ദുറുല്‍ മന്‍സൂര്‍ 8/650)

 حدثنا ابن حميد ، قال : ثنا مهران ، عن حماد بن سلمة ، عن عاصم الجحدري ، عن عقبة بن ظهير ، عن أبيه ، عن علي رضي الله عنه ( فصل لربك وانحر ) قال : وضع يده اليمنى على وسط ساعده اليسرى ، ثم وضعهما على صدره
( تفسير الطبري » تفسير القرطبي )

അലി(റ) നിന്ന് (فصل لربك وانحر ) എന്ന ആയത്തിന് ഒരാള്‍ തന്റെ വലതു കൈ ഇടതുകയ്യുടെ മധ്യത്തില്‍ വെച്ച് അവ രണ്ടും നമസ്‌കാരത്തില്‍ നെഞ്ഞിന്മേല്‍ വെക്കുക എന്നര്‍ത്ഥം ഉദ്ധരിക്കുന്നു. ( തഫ്‌സീര്‍ ത്വബരീ ,തഫ്‌സീര്‍ ഖുര്‍തുബീ )

 وائل بن حجر قال : صليت مع رسول الله – صلى الله عليه وسلم – ووضع يده اليمنى على يده اليسرى على صدره . رواه ابن خزيمة في صحيحه

വാഇലുബ്‌നു ഹുജര്‍(റ) നിവേദനം: ‘ഞാന്‍ നബി(സ)യോടൊപ്പം നമസ്‌കരിച്ചു. അപ്പോള്‍ തന്റെ വലതു കൈ ഇടത്തേ കയ്യിന്മേലായി നെഞ്ചിന്മേല്‍ വെച്ചിട്ടുണ്ടായിരുന്നു’. ഇബ്ന്‍ കുസയ്മ

حَدَّثَنَا يَحْيَى بْنُ سَعِيدٍ , عَنْ سُفْيَانَ , حَدَّثَنِي سِمَاكٌ , عَنْ قَبِيصَةَ بْنِ هُلْبٍ , عَنْ أَبِيهِ , قَالَ : ” رَأَيْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَيَنْصَرِفُ عَنْ يَمِينِهِ وَعَنْ يَسَارِهِ , وَرَأَيْتُهُ قَالَ يَضَعُ هَذِهِ عَلَى صَدْرِهِ ” , وَصَفَّ يَحْيَى : الْيُمْنَى عَلَى الْيُسْرَى فَوْقَ الْمِفْصَلِ  

 (مسند أحمد )

ഖബീസത് ഇബ്‌നു ഹുല്‍ബ് നിവേദനം : ‘നബി (സ) നമസ്‌കാരാനന്തരം ഇടത്തോട്ടും വലത്തോട്ടും പോകുന്നതായി ഞാന്‍ കണ്ടിട്ടുണ്ട്.ഇവ (രണ്ട് കയ്യും) നെഞ്ചില്‍ മേല്‍ വെച്ചതായും ഞാന്‍ കണ്ടു റിപ്പോര്‍ട്ടറായ യഹ്യ വലതുകൈ ഇടതുകയ്യിന്മേല്‍ കെണ്പ്പിന്മേല്‍ വെച്ച കാണിച്ചു തരികയും ചെയ്തു ‘(അഹമദ് 5/226)

കമാലുബ്നുഹമാം പറയുന്നു : ഹനഫികള്‍ ചെയ്തുവരുന്നത് പോലെ പൊക്കിളിന് താഴെ കേട്ടുവാനോ ,ശാഫികള്‍ ചെയ്യുന്നത് പോലെ നെഞ്ചിനു താഴെ കെട്ടുവാനോ നിര്‍ബന്ധിക്കുന്ന തരത്തില്‍ സഹീഹായ ഹദീസുകള്‍ ഒന്നും സ്ഥിരപെട്ടിട്ടില്ലാ (ഫിഖ്ഹുസ്സുന്ന)

ഹൂദ് (അ) – 02​

ആദ് സമുദായത്തിന്റെ പതനം

”എന്റെ ജനങ്ങളേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. എന്നിട്ട് അവങ്കലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. എങ്കില്‍ അവന്‍ നിങ്ങള്‍ക്ക് സമൃദ്ധമായി മഴ അയച്ചുതരികയും, നിങ്ങളുടെ ശക്തിയിലേക്ക് അവന്‍ കൂടുതല്‍ ശക്തി ചേര്‍ത്തുതരികയും ചെയ്യുന്നതാണ്. നിങ്ങള്‍ കുറ്റവാളികളായിക്കൊണ്ട് പിന്തിരിഞ്ഞ് പോകരുത്.”(11:52).

അല്ലാഹുവിലേക്കുള്ള പാപമോചനത്തിനും പശ്ചാത്താപത്തിനും വലിയ മഹത്ത്വമുണ്ടെന്ന് പ്രവാചകന്മാര്‍ അവരവരുടെ ജനതയോട് പറയുന്നതില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം. ഏതൊരടിമ തന്റെ യജമാനനിലേക്ക് പാപമോചനത്തിലൂടെയും പശ്ചാത്താപത്തിലൂടെയും അടുക്കുന്നുവോ, അവന്‍ റബ്ബിങ്കല്‍ ഇഷ്ടദാസനാകും- ഇന്‍ശാ അല്ലാഹ്. പാപമോചനം തേടുന്നതിനെ സംബന്ധിച്ച് പ്രവാചകന്‍ ﷺ പറഞ്ഞത് കാണുക:

”ആരെങ്കിലും പാപമോചന പ്രാര്‍ഥന നടപ്പിലാക്കിയാല്‍ അവന് അല്ലാഹു എല്ലാ കഷ്ടപ്പാടില്‍ നിന്നും ഒരു പോംവഴിയും എല്ലാ വ്യസനത്തില്‍ നിന്നും ഒരു വിടവും അവന്‍ വിചാരിക്കാത്ത മാര്‍ഗത്തിലൂടെ അവന് ഉപജീവനവും നല്‍കുന്നതാണ്” (അബൂദാവൂദ്). 

നബി ﷺ ദിവസവും അല്ലാഹുവിനോട് പാപമോചന പ്രാര്‍ഥനയും പശ്ചാത്താപവും നൂറിലധികം തവണ ചെയ്തിരുന്നു. പാപമോചനത്തിന്റെയും പശ്ചാത്താപത്തിന്റെയും എത്രയോ പ്രാര്‍ഥനകള്‍ ക്വുര്‍ആനിലും സുന്നത്തിലും കാണാന്‍ സാധിക്കും. മനസ്സറിഞ്ഞ് പാപമോചനത്തിനായി നാം പ്രാര്‍ഥിക്കുക.

”ഹൂദ് പറഞ്ഞു: തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ശിക്ഷയും കോപവും (ഇതാ) നിങ്ങള്‍ക്ക് വന്നുഭവിക്കുകയായി. നിങ്ങളും നിങ്ങളുടെ പിതാക്കന്‍മാരും പേരിട്ടുവെച്ചിട്ടുള്ളതും അല്ലാഹു യാതൊരു പ്രമാണവും അവതരിപ്പിച്ചിട്ടില്ലാത്തതുമായ ചില (ദൈവ) നാമങ്ങളുടെ പേരിലാണോ നിങ്ങളെന്നോട് തര്‍ക്കിക്കുന്നത്?  എന്നാല്‍ നിങ്ങള്‍ കാത്തിരുന്ന് കൊള്ളുക. തീര്‍ച്ചയായും ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുകയാണ്”(ക്വുര്‍ആന്‍ 7:71).

സ്വദാ, സ്വമൂദ്, ഹബാഅ് തുടങ്ങിയ വിഗ്രഹങ്ങളെയാണ് അവര്‍ ആരാധിച്ചിരുന്നത്. ഇവയെയൊന്നും ആരാധിക്കരുതെന്നും അതിനൊന്നും യാതൊരു പ്രമാണവുമില്ലെന്നും അദ്ദേഹം അവരെ കാര്യകാരണ സഹിതം ബോധ്യപ്പെടുത്തിയെങ്കിലും അവര്‍ പിന്മാറിയില്ല. അവര്‍ അവരുടെ ശക്തിയും കഴിവും വലിയ വലിയ സൗധങ്ങളും കൂറ്റന്‍തൂണുകളുടെ സഹായത്തോടെ ഭീമന്‍ കെട്ടിടങ്ങളും നിര്‍മിച്ച് പുറത്തെടുത്തു. അത് അവരുടെ അഹങ്കാരത്തിന്റെയും ഹുങ്കിന്റെയും അടയാളമായിരുന്നു. ഹൂദ്(അ) അവരോട് ചോദിച്ചു.

”വൃഥാ പൊങ്ങച്ചം കാണിക്കുവാനായി എല്ലാ കുന്നിന്‍ പ്രദേശങ്ങളിലും നിങ്ങള്‍ പ്രതാപചിഹ്നങ്ങള്‍ (ഗോപുരങ്ങള്‍) കെട്ടിപ്പൊക്കുകയാണോ? നിങ്ങള്‍ക്ക് എന്നെന്നും താമസിക്കാമെന്ന ഭാവേന നിങ്ങള്‍ മഹാസൗധങ്ങള്‍ ഉണ്ടാക്കുകയുമാണോ?” (ക്വുര്‍ആന്‍ 26:128,129).

”നിങ്ങള്‍ ബലം പ്രയോഗിക്കുകയാണെങ്കില്‍! നിഷ്ഠൂരന്‍മാരായിക്കൊണ്ട് നിങ്ങള്‍ ബലം പ്രയോഗിക്കുന്നു. ആകയാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുക” (ക്വുര്‍ആന്‍ 26:130,131).

അഹങ്കാരവും പൊങ്ങച്ചവും ഒഴിവാക്കി നിങ്ങള്‍ക്ക് ആരോഗ്യവും കഴിവും നല്‍കിയ അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുകയും അല്ലാഹുവിന്റെ ദൂതനായ എന്നെ നിങ്ങള്‍ അനുസരിക്കുകയും ചെയ്യൂ എന്ന് അദ്ദേഹം അവരോട് പറഞ്ഞുനോക്കി. അവര്‍ അതിന് ചെവി കൊടുത്തില്ല. അവര്‍ എങ്ങനെയാണ് അദ്ദേഹത്തോട് പ്രതികരിച്ചതെന്ന് ക്വുര്‍ആന്‍ പറയുന്നത് കാണുക:

”അവര്‍ പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവെ മാത്രം ആരാധിക്കുവാനും ഞങ്ങളുടെ പിതാക്കള്‍ ആരാധിച്ചിരുന്നതിനെ ഞങ്ങള്‍ വിട്ടുകളയുവാനും വേണ്ടിയാണോ നീ ഞങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്?  എങ്കില്‍ ഞങ്ങളോട് നീ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നത് (ശിക്ഷ) നീ ഞങ്ങള്‍ക്കു കൊണ്ടുവാ; നീ സത്യവാന്‍മാരില്‍ പെട്ടവനാണെങ്കില്‍” (ക്വുര്‍ആന്‍ 7:70).

”അവര്‍ പറഞ്ഞു: ഹൂദേ, നീ ഞങ്ങള്‍ക്ക് വ്യക്തമായ ഒരു തെളിവും കൊണ്ടുവന്നിട്ടില്ല. നീ പറഞ്ഞതിനാല്‍ മാത്രം ഞങ്ങള്‍ ഞങ്ങളുടെ ദൈവങ്ങളെ വിട്ടുകളയുന്നതല്ല. ഞങ്ങള്‍ നിന്നെ വിശ്വസിക്കുന്നതുമല്ല” (ക്വുര്‍ആന്‍ 11:53).

”അദ്ദേഹത്തിന്റെ ജനതയില്‍ നിന്ന് അവിശ്വസിച്ചവരും പരലോകത്തെ കണ്ടുമുട്ടുന്നതിനെ നിഷേധിച്ചു കളഞ്ഞവരും, ഐഹികജീവിതത്തില്‍ നാം സുഖാഡംബരങ്ങള്‍ നല്‍കിയവരുമായ പ്രമാണിമാര്‍ പറഞ്ഞു: ഇവന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങള്‍ തിന്നുന്ന തരത്തിലുള്ളത് തന്നെയാണ് അവന്‍ തിന്നുന്നത്. നിങ്ങള്‍ കുടിക്കുന്ന തരത്തിലുള്ളത് തന്നെയാണ് അവനും കുടിക്കുന്നത്. നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യനെ നിങ്ങള്‍ അനുസരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും നിങ്ങളപ്പോള്‍ നഷ്ടക്കാര്‍ തന്നെയാകുന്നു”(ക്വുര്‍ആന്‍ 23:33,34).

‘ഞങ്ങളുടെ പൂര്‍വപിതാക്കളെല്ലാം ആരാധിച്ച ഈ ആരാധ്യരെ ഒഴിവാക്കാന്‍ മാത്രം വലിയ തെളിവൊന്നും നീ ഞങ്ങള്‍ക്ക് നല്‍കിയിട്ടില്ലല്ലോ. ഞങ്ങള്‍ ഭക്ഷിക്കുന്നത് പോലെ ഭക്ഷിക്കുന്ന, ഞങ്ങള്‍ കുടിക്കുന്നത് പോലെ കുടിക്കുന്ന, ഞങ്ങളില്‍ നിന്ന് യാതൊരു വ്യത്യാസവും ഇല്ലാത്ത നിന്റെ ഒരു വാക്ക് കേട്ട് ഞങ്ങളുടെ വിശ്വാസത്തെ ഒഴിവാക്കാന്‍ വിഡ്ഢികളൊന്നുമല്ല ഞങ്ങളെന്നും അപ്രകാരം ഞങ്ങള്‍ ചെയ്താല്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടക്കാരായി മാറുമെന്നും, അതിനാല്‍ ഞങ്ങള്‍ അതിന് തയ്യാറല്ല’ എന്നെുമെല്ലാം അവര്‍ തുറന്ന് പറഞ്ഞു!

”അവര്‍ പറഞ്ഞു: നീ ഉപദേശം നല്‍കിയാലും ഉപദേശിക്കുന്നവരുടെ കൂട്ടത്തില്‍ ആയില്ലെങ്കിലും ഞങ്ങളെ സംബന്ധിച്ചിടത്തോളം സമമാകുന്നു. ഇത് പൂര്‍വികന്‍മാരുടെ സമ്പ്രദായം തന്നെയാകുന്നു. ഞങ്ങള്‍ ശിക്ഷിക്കപ്പെടുന്നവരല്ല” (ക്വുര്‍ആന്‍ 26:136,136).

ഇന്നും ആളുകള്‍ തെളിവുകള്‍ കേട്ടാലും ‘നിങ്ങള്‍ ഞങ്ങളോട് വേദം ഓേതണ്ട. ഞങ്ങള്‍ക്ക് ഒരു ക്വൂര്‍ആനും കേള്‍ക്കേണ്ട, ഒരു ഹദീസും കേള്‍ക്കേണ്ട. ഞങ്ങള്‍ ഞങ്ങളുടെ ഉസ്താദുമാര്‍ പറഞ്ഞുതന്നതിനെയും ഞങ്ങളുടെ കാക്കകാരണവന്മാരുടെയും നടപടികളെയും മാത്രമെ പിന്തുടരൂ’ എന്നൊക്കെ പറയുന്നവരുണ്ടല്ലോ! ഇത് പ്രവാചകന്മാരുടെ പിന്‍ഗാമികളുടെ സമീപനമായിട്ടല്ല മറിച്ച്, പ്രവാചകന്മാരുടെ ശത്രുക്കളുടെ രീതിയായിട്ടാണ് നാം മനസ്സിലാക്കേണ്ടത്.

ആദ് സമുദായം ഹൂദ്(അ)നെ ശക്തിയുടെയും ആരോഗ്യത്തിന്റെയും പേരില്‍ അഹങ്കാരത്തിന്റെ വാക്കുകള്‍ പറഞ്ഞ് എതിര്‍ത്തപ്പോള്‍ ഹൂദ്(അ) അവര്‍ക്ക് ഇപ്രകാരം മറുപടി നല്‍കി:

”എന്നാല്‍ ആദ് സമുദായം ന്യായം കൂടാതെ ഭൂമിയില്‍ അഹംഭാവം നടിക്കുകയും ഞങ്ങളെക്കാള്‍ ശക്തിയില്‍ മികച്ചവര്‍ ആരുണ്ട് എന്ന് പറയുകയുമാണ് ചെയ്തത്. അവര്‍ക്ക് കണ്ടുകൂടേ? അവരെ സൃഷ്ടിച്ച അല്ലാഹു തന്നെയാണ് അവരെക്കാള്‍ ശക്തിയില്‍ മികച്ചവനെന്ന്! നമ്മുടെ ദൃഷ്ടാന്തങ്ങളെ അവര്‍ നിഷേധിച്ച് കളയുകയായിരുന്നു.” (41:15)

അവര്‍ അദ്ദേഹത്തെ ഭീഷണിപ്പെടുത്തി പ്രബോധന വീഥിയില്‍ നിന്ന് തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ധീരമായി അതിനെയെല്ലാം നേരിട്ടു. ക്വുര്‍ആന്‍ പറയുന്നത് കാണുക:

”ഞങ്ങളുടെ ദൈവങ്ങളില്‍ ഒരാള്‍ നിനക്ക് എന്തോ ദോഷബാധ ഉളവാക്കിയിരിക്കുന്നു എന്ന് മാത്രമാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. ഹൂദ് പറഞ്ഞു: നിങ്ങള്‍ പങ്കാളികളായി ചേര്‍ക്കുന്ന യാതൊന്നുമായും എനിക്ക് ബന്ധമില്ല എന്നതിന് ഞാന്‍ അല്ലാഹുവെ സാക്ഷി നിര്‍ത്തുന്നു. (നിങ്ങളും) അതിന്ന് സാക്ഷികളായിരിക്കുക. അല്ലാഹുവിന് പുറമെ അതുകൊണ്ട് നിങ്ങളെല്ലാവരും കൂടി എനിക്കെതിരില്‍ തന്ത്രം പ്രയോഗിച്ച് കൊള്ളുക. എന്നിട്ട് നിങ്ങള്‍ എനിക്ക് ഇടതരികയും വേണ്ട. എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവിന്റെ മേല്‍ ഞാനിതാ ഭരമേല്‍പിച്ചിരിക്കുന്നു. യാതൊരു ജന്തുവും അവന്‍ അതിന്റെ നെറുകയില്‍ പിടിക്കുന്ന(നിയന്ത്രിക്കുന്ന)തായിട്ടില്ലാതെയില്ല. തീര്‍ച്ചയായും എന്റെ രക്ഷിതാവ് നേരായ പാതയിലാകുന്നു. ഇനി നിങ്ങള്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കില്‍, ഞാന്‍ നിങ്ങളുടെ അടുത്തേക്ക് അയക്കപ്പെട്ടത് ഏതൊരു കാര്യവുമായിട്ടാണോ അത് ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചുതന്നിട്ടുണ്ട്. നിങ്ങളല്ലാത്ത ഒരു ജനതയെ എന്റെ രക്ഷിതാവ് പകരം കൊണ്ടുവരുന്നതുമാണ്. അവന്ന് യാതൊരു ഉപദ്രവവും വരുത്താന്‍ നിങ്ങള്‍ക്കാവില്ല. തീര്‍ച്ചയായും എന്റെ രക്ഷിതാവ് എല്ലാ കാര്യവും സംരക്ഷിച്ച് പോരുന്നവനാകുന്നു” (11:54-57).

‘ഹൂദേ, നിനക്ക് ഞങ്ങളുടെ ഏതോ ചില ആരാധ്യരുടെ ദോഷമേ ഇപ്പോള്‍ ബാധിച്ചിട്ടുള്ളൂ. ഞങ്ങളുടെ മുഴുവന്‍ ദൈവങ്ങളുടെയും ദോഷം ബാധിച്ചാല്‍ നിന്റെ അവസ്ഥയെന്താകും?’ എന്നെല്ലാം പറഞ്ഞ് അദ്ദേഹത്തെ അവര്‍ പേടിപ്പിക്കാന്‍ നോക്കിയെങ്കിലും അവരുടെ പേടിപ്പെടുത്തലിന് മുന്നില്‍ അദ്ദേഹം വിറച്ചു നിന്നില്ല. നിങ്ങള്‍ അല്ലാഹുവിനു പുറമെ ആരാധിക്കുന്ന മുഴുവന്‍ ആരാധ്യരെയും ഞാന്‍ ഒഴിവാക്കുകയാണ്. ഞാന്‍ ആരാധനകളര്‍പ്പിക്കുന്നതും കീഴ്‌വണങ്ങുന്നതും എല്ലാം അല്ലാഹുവിന് മാത്രമാണ്. അവന് പുറമെ നിങ്ങള്‍ ആരാധിക്കുന്നവര്‍ക്കൊന്നും എനിക്ക് ഗുണമായോ ദോഷമായോ യാതൊന്നും ചെയ്യാന്‍ കഴിയില്ല. നിങ്ങളും നിങ്ങള്‍ ആരാധിക്കുന്നവരും ചേര്‍ന്ന് എനിക്കെതിരില്‍ വല്ലതും ചെയ്യാന്‍ ഒരുങ്ങുന്നുവെങ്കില്‍ സമയം പാഴാക്കാതെ ചെയ്തുകൊള്ളുക. എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവില്‍ ഭരമേല്‍പിച്ച് കൊണ്ടാണ് ഞാന്‍ ജീവിക്കുന്നത്. അതിനാല്‍ ആ രക്ഷിതാവ് തീരുമാനിച്ചതേ എനിക്കെതിരില്‍ നിങ്ങള്‍ക്ക് വല്ലതും ചെയ്യാന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുകയുള്ളൂ.അവന്‍ തീരുമാനിക്കാത്ത യാതൊന്നും എനിക്ക് വരുത്തുവാന്‍ നിങ്ങള്‍ക്കല്ല; നിങ്ങളുടെ ആരാധ്യര്‍ക്കും സാധ്യമല്ല. അവനില്‍ ഉറച്ച് വിശ്വസിക്കുന്നവരെ അവന്‍ പരാജയപ്പെടുത്തില്ല. അവന്‍ എന്നെ സഹായിക്കും. അവന്‍ നീതിമാനാണ്. അടിമകളോട് അനീതി പ്രവര്‍ത്തിക്കുന്നവനല്ല. അവനോട് ധിക്കാരം കാണിക്കുന്നവര്‍ക്ക് ആത്യന്തികമായി സഹായം നല്‍കി, അവനെ അനുസരിക്കുന്നവരോട് അനീതി കാണിക്കുന്നവനല്ല അല്ലാഹു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിനു പുറമെ ആരാധിക്കുന്നവയെ ഞാന്‍ ഒഴിവാക്കുന്നു. നിങ്ങള്‍ ചെയ്യുന്ന ശിര്‍ക്കില്‍ നിന്ന് ഞാന്‍ ഒഴിവായവനുമാകുന്നു. അല്ലാഹു നിങ്ങള്‍ക്ക് എത്തിച്ചു തരേണ്ടതായി അവന്‍ എന്നെ ഏല്‍പിച്ചത് ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചിട്ടുണ്ട്. നിങ്ങള്‍ അത് സ്വീകരിക്കാതെ പിന്‍മാറുകയാണെങ്കില്‍ നിങ്ങള്‍ക്ക് പകരം അല്ലാഹു വേറെ ഒരു ജനതയെ കൊണ്ടുവരുന്നതാണ്… എന്നെല്ലാം അവരോട് അദ്ദേഹം ധീരമായി പ്രഖ്യാപിച്ചു.

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

ഹൂദ് (അ) – 01

ഹൂദ് (അ) - 01

ആദ് സമുദായത്തിന്റെ കഥ

നൂഹ്(അ)ന്റെ ജനതയിലെ അവിശ്വാസികളെ ശക്തമായ പ്രളയത്തിലൂടെ അല്ലാഹു നശിപ്പിക്കുകയും വിശ്വാസികളെ രക്ഷപ്പെടുത്തുകയും ചെയ്തതിനു ശേഷം ഭൂമിയില്‍ അവശേഷിച്ചത് നൂഹ് നബി(അ)യില്‍ വിശ്വസിച്ചവര്‍ മാത്രമായിരുന്നു. 

കാലം കുറെ കഴിഞ്ഞു. നൂഹ്(അ)ന്റെ വഫാതിനു ശേഷം, അദ്ദേഹത്തില്‍ വിശ്വസിച്ച ഏകദൈവ വിശ്വാസികളായ പിന്‍തലമുറ ഭൂമിയുടെ വിവിധ ഭാഗങ്ങളില്‍ പരന്നു. ഒരു പ്രവാചകനില്ലാതെ കുറെ കാലം ജീവിക്കേണ്ടി വന്നപ്പോള്‍ അല്ലാഹുവിനെ കുറിച്ചുള്ള സ്മരണ പതുക്കെ അവരുടെ ഹൃദയങ്ങളില്‍ നിന്ന് ഇല്ലാതെയായി. പതുക്കെ പതുക്കെ അവരും ഏകദൈവാരാധനയില്‍ നിന്ന് വഴി മാറി ബഹുദൈവാരാധകരായി. നൂഹ്(അ)ക്ക് ശേഷം വീണ്ടും ഭൂമിയില്‍ ശിര്‍ക്ക് സംഭവിച്ചു തുടങ്ങി. 

ഏതൊരു സമൂഹത്തില്‍ ബഹുദൈവാരാധന വ്യാപകമാകുമ്പോഴും അല്ലാഹു അവരെ ഭൂമിയില്‍ നിന്ന് തുടച്ചുനീക്കാതിരുന്നിട്ടില്ല. എന്നാല്‍ അല്ലാഹു ഇപ്രകാരം ഒരു നടപടി സ്വീകരിക്കുന്നതിന് മുമ്പ് അവന്റെ കാരുണ്യമെന്നോണം അവര്‍ക്ക് താക്കീത് നല്‍കാനായി അവരില്‍ നിന്ന് തന്നെ അവരിലേക്ക് ദൂതന്മാരെ അയച്ചിരുന്നു. അഥവാ ഏതൊരു സമൂഹത്തെ അല്ലാഹു ഭൂമിയില്‍ നിന്ന് ഉന്മൂലനം ചെയ്യാനുദ്ദേശിക്കുന്നുവോ അവരിലേക്ക് അവന്‍ ദൂതന്മാരെ അയക്കുമായിരുന്നു.

നൂഹ് നബി(അ)ന്റെ ജനതയുടെ നാശത്തിന് ശേഷം ഭൂമിയില്‍ ബഹുദൈവാരാധന ഒരു മതമായി സ്വീകരിച്ചത് ആദ് സമുദായമായിരുന്നു. ഇന്നത്തെ ഒമാനിലെ സലാലയില്‍ നിന്നും 150 കിലോ മീറ്റര്‍ അകലെ അഹ്ക്വാഫ് എന്ന പ്രദേശത്തായിരുന്നു ആദ് സമുദായം ജീവിച്ചിരുന്നത്. ഇന്ന് ആ പ്രദേശത്തിന്റെ പേര് ഉബാര്‍ എന്നാണ്. 

ആദ് സമുദായത്തെപ്പറ്റി അറബികള്‍ക്ക് നന്നായി അറിയാമായിരുന്നു. ഈ സമുദായത്തിലേക്ക് അവരില്‍ നിന്ന് തന്നെയുള്ള ഒരു പ്രവാചകനെ അല്ലാഹു അയച്ചു. ആ പ്രവാചകനാണ് മഹാനായ ഹൂദ്(അ). വിശുദ്ധ ക്വുര്‍ആനില്‍ ഹൂദ് എന്ന നാമം എഴ് സ്ഥലങ്ങളിലും അദ്ദേഹത്തിന്റെ ജനതയായ ആദിനെ സംബന്ധിച്ച് 27 സ്ഥലങ്ങളിലും പറഞ്ഞിട്ടുണ്ട്. 

ഹൂദ്(അ)ന്റെ ജനതയായ ആദ് സമുദായം ശാരീരികമായി ഭയങ്കര ശക്തന്മാരും വലിയ ആകാരമുള്ളവരുമായിരുന്നു. ഈ വലിയ മനുഷ്യരിലേക്കാണ് അല്ലാഹു ഹൂദ്(അ)നെ അയച്ചത്. ആ ജനതയുടെ പ്രത്യേകതകള്‍ അല്ലാഹു വിവരിക്കുന്നത് ഇപ്രകാരമാണ്:

”നൂഹിന്റെ ജനതയ്ക്കു ശേഷം നിങ്ങളെ അവന്‍ പിന്‍ഗാമികളാക്കുകയും സൃഷ്ടിയില്‍ അവന്‍ നിങ്ങള്‍ക്കു (ശാരീരിക) വികാസം വര്‍ധിപ്പിക്കുകയും ചെയ്തത് നിങ്ങള്‍ ഓര്‍ത്ത് നോക്കുക” (ക്വുര്‍ആന്‍ 7:69). 

”ആദ് സമുദായത്തെ കൊണ്ട് നിന്റെ രക്ഷിതാവ് എന്തു ചെയ്തുവെന്ന് നീ കണ്ടില്ലേ? അതായത് തൂണുകളുടെ ഉടമകളായ ഇറം ഗോത്രത്തെ കൊണ്ട്. തത്തുല്യമായിട്ടൊന്ന് രാജ്യങ്ങളില്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്ത ഗോത്രം” (89:68).

”എന്നാല്‍ ആദ് സമുദായം ന്യായം കൂടാതെ ഭൂമിയില്‍ അഹംഭാവം നടിക്കുകയും ഞങ്ങളെക്കാള്‍ ശക്തിയില്‍ മികച്ചവര്‍ ആരുണ്ട് എന്ന് പറയുകയുമാണ് ചെയ്തത്” (41:15).

ശാരീരികമായ ശക്തിയും വെടിപ്പും ഉള്ളവരായി അല്ലാഹുവാണ് അവരെ സൃഷ്ടിച്ചത്. അതിന് അവനോട് അവര്‍ നന്ദി കാണിക്കേണ്ടതിന് പകരം ശക്തിയും കഴിവും എടുത്ത് പറഞ്ഞ് അല്ലാഹുവിനോട് നന്ദികേട് കാണിക്കുകയും അവനെ മാത്രം ആരാധിക്കേണ്ടതിന് പകരം അവര്‍ തന്നെ സ്വയം നിര്‍മിച്ച രൂപങ്ങളെ ആരാധിച്ച് അല്ലാഹുവിനോട് അഹങ്കാരം കാണിക്കുകയും ചെയ്തു.

ഏതൊരു സമുദായത്തിലും ശിര്‍ക്ക് വ്യാപകമാകുമ്പോഴാണല്ലോ അല്ലാഹു റസൂലിനെ (ദൂതനെ) അയക്കുകയെന്ന് നാം പറഞ്ഞല്ലോ. ആദ് സമുദായം ശിര്‍ക്കിന്റെ വക്താക്കളായി മാറിയപ്പോള്‍ അവരെ ഏകദൈവാരാധനയിലേക്ക് തിരിച്ചു കൊണ്ടു വരാനായി അവരിലേക്ക് അവരില്‍ നിന്ന് തന്നെയുള്ള ഒരു ദൂതനായി ഹൂദ്(അ)നെ അല്ലാഹു അയച്ചു.

”ആദ് സമുദായത്തിലേക്ക് അവരുടെ സഹോദരനായ ഹൂദിനെയും (അയച്ചു). അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുവിന്‍. നിങ്ങള്‍ക്ക് അവനല്ലാതെ യാതൊരു ദൈവവുമില്ല. നിങ്ങളെന്താണ് സൂക്ഷ്മത പുലര്‍ത്താത്തത്?” (ക്വുര്‍ആന്‍ 7:65).

അല്ലാഹുവിന്റെ ദൂതന്മാര്‍ എല്ലാവരും അവരവരുടെ ജനതയോട് ആദ്യം ഉപദേശിച്ചത് അല്ലാഹുവിനെ മാത്രം ആരാധിക്കുവാനും അവനില്‍ യാതൊന്നിനെയും പങ്ക് ചേര്‍ക്കാതിരിക്കുവാനുമായിരുന്നു. തൗഹീദിന്റെ പ്രാധാന്യവും ശിര്‍ക്കിന്റെ അപകടവും മനസ്സിലാക്കിക്കൊടുക്കലാണ് ഏറ്റവും പ്രധാനം എന്നര്‍ഥം. 

”ഞാനല്ലാതെ യാതൊരു ദൈവവുമില്ല; അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല”(ക്വുര്‍ആന്‍ 21:25).

”തീര്‍ച്ചയായും നിനക്കും നിന്റെ മുമ്പുള്ളവര്‍ക്കും സന്ദേശം നല്‍കപ്പെട്ടിട്ടുള്ളത് ഇതത്രെ: (അല്ലാഹുവിന്) നീ പങ്കാളിയെ ചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും നിന്റെ കര്‍മം നിഷ്ഫലമായിപ്പോകുകയും തീര്‍ച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തില്‍ ആകുകയും ചെയ്യും” (ക്വുര്‍ആന്‍ 39:65).

നബി(സ്വ) മറുനാടുകളിലേക്ക് ഇസ്‌ലാമിക പ്രബോധനത്തിനായി സ്വഹാബിമാരെ അയക്കുമ്പോഴും ഈ കാര്യം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മുആദ്(റ)വിനെ അയക്കുന്ന വേളയില്‍ കൊടുത്ത ഉപദേശം കാണുക:

ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന് നിവേദനം. മുആദ്(റ) പറഞ്ഞു: ”അല്ലാഹുവിന്റെ റസൂല്‍(സ്വ) എന്നെ അയച്ചു. അദ്ദേഹം പറഞ്ഞു: ‘തീര്‍ച്ചയായും നീ പോകുന്നത് വേദക്കാരായ ജനതയുടെ അടുത്തേക്കാണ്. (അവിടെ എത്തിക്കഴിഞ്ഞാല്‍) അവരെ അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നതിലേക്കും ഞാന്‍ അല്ലാഹുവിന്റെ റസൂലാണ് എന്ന സാക്ഷ്യ വചനത്തിലേക്കും ക്ഷണിക്കുക. അത് അവര്‍ അനുസരിച്ച് കഴിഞ്ഞാല്‍ എല്ലാ രാവും പകലിലുമായി അഞ്ചു നേരത്തെ നമസ്‌കാരം അവരുടെ മേല്‍ അല്ലാഹു നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും അവരെ അറിയിക്കുക. അതും അവര്‍ അനുസരിച്ചു കഴിഞ്ഞാല്‍ അല്ലാഹു അവര്‍ക്ക് സ്വദക്വ (സകാത്ത്) നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും, അത് അവരിലെ ധനികരില്‍ നിന്നും സ്വീകരിച്ച് അവരിലെ ദരിദ്രരിലേക്ക് തിരിച്ച് നല്‍കാനും നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും അവരെ അറിയിക്കുക. (അവരുടെ ധനം സ്വീകരിക്കുമ്പോള്‍) അവരുടെ ധനത്തിലെ വിലപിടിപ്പുള്ളത് നീ ശ്രദ്ധിക്കണം. അക്രമിക്കപ്പെടുന്നവന്റെ പ്രാര്‍ഥനയെ നീ സൂക്ഷിക്കുക. തീര്‍ച്ചയായും ആ പ്രാര്‍ഥനക്കും അല്ലാഹുവിനുമിടയില്‍ യാതൊരു മറയുമില്ല” (മുസ്‌ലിം).

ഹൂദ്(അ) അവരില്‍ പല ദുഃസ്വഭാവങ്ങള്‍ കണ്ടെങ്കിലും അവരിലെ ഏറ്റവും പ്രധാനപ്പെട്ട തിന്മയായ ശിര്‍ക്കിനെതിരെയാണ് ആദ്യം ശബ്ദിച്ചത്. 

അല്ലാഹുവിനെ മാത്രമെ ആരാധിക്കാവൂ എന്ന് അവരെ അദ്ദേഹം അറിയിച്ചപ്പോള്‍ അവരുടെ പ്രതികരണം ഇങ്ങനെയായിരുന്നു: 

”അദ്ദേഹത്തിന്റെ ജനതയിലെ സത്യനിഷേധികളായ പ്രമാണിമാര്‍ പറഞ്ഞു: തീര്‍ച്ചയായും നീ എന്തോ മൗഢ്യത്തില്‍ പെട്ടിരിക്കുകയാണെന്ന് ഞങ്ങള്‍ കാണുന്നു. തീര്‍ച്ചയായും നീ കള്ളം പറയുന്നവരുടെ കൂട്ടത്തിലാണെന്ന് ഞങ്ങള്‍ വിചാരിക്കുന്നു” (ക്വുര്‍ആന്‍ 7:66). 

സ്വന്തം കൈകളാല്‍ നിര്‍മിക്കപ്പെട്ട വിഗ്രഹങ്ങളെ ആരാധിക്കുന്നത് ഒഴിവാക്കി സ്രഷ്ടാവായ അല്ലാഹുവിനെ മാത്രമെ ആരാധിക്കാവൂ എന്ന് പറഞ്ഞതിനെ വിഡ്ഢിത്തമായും ബുദ്ധിയില്ലായ്മയായും കളവ് പറയലായും പ്രമാണികള്‍ ചിത്രീകരിച്ചു. മാത്രവുമല്ല, ഇതെല്ലാം ഹൂദ് അല്ലാഹുവിന്റെ പേരില്‍ കെട്ടിച്ചമച്ചതാണെന്നും അദ്ദേഹത്തെ കുറിച്ച് അവര്‍ പറഞ്ഞു.

ഇങ്ങനെയൊക്കെ ഹൂദ്(അ) പറയാനുള്ള കാരണം തങ്ങളുടെ ആരാധ്യരെ ഒഴിവാക്കണമെന്ന് പറഞ്ഞതിനാല്‍ ഇദ്ദേഹത്തിന് ദോഷബാധയേറ്റിരിക്കുകയാണെന്ന് അവര്‍ അദ്ദേഹത്തെ ആക്ഷേപിച്ചു.

”ഞങ്ങളുടെ ദൈവങ്ങളില്‍ ഒരാള്‍ നിനക്ക് എന്തോ ദോഷബാധ ഉളവാക്കിയിരിക്കുന്നു എന്ന് മാത്രമാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്”(ക്വുര്‍ആന്‍ 11:54). 

ഇവിടെ നാം പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. എല്ലാ പ്രവാചകന്മാരുടെയും എതിരാളികള്‍ പ്രാവാചകന്മാരെ എതിര്‍ത്ത് സംസാരിക്കുമ്പോള്‍ ഒരേ ആരോപണങ്ങളാണ് പറഞ്ഞിരുന്നത്! കളവ് പറയുന്നവന്‍, ഭ്രാന്തന്‍, സമൂഹത്തില്‍ ഒരു സ്വാധീനവും ഇല്ലാത്തവരെ കൂടെക്കൂടികളായി ലഭിച്ചവന്‍… തുടങ്ങിയ മാന്യതയില്ലവാത്ത ആരോപണങ്ങളും ആക്ഷേപങ്ങളും. 

നീ എന്ത് തന്നെ പറയുകയാണെങ്കിലും ശരി; ഞങ്ങള്‍ക്കിതൊന്നും കേള്‍ക്കേണ്ട, ഞങ്ങള്‍ ഞങ്ങളുടെ പൂര്‍വികര്‍ ചെയ്തതെല്ലാം ചെയ്യും. അവര്‍ പിഴച്ചവരാണെങ്കില്‍ ഞങ്ങളും പിഴച്ചോട്ടെ… എന്നിങ്ങനെയെല്ലാം പറഞ്ഞ് തങ്ങള്‍ മാറാന്‍ തയ്യാറല്ലെന്ന് അവര്‍ ശാഠ്യം പിടിച്ചു. 

വിശുദ്ധ ക്വുര്‍ആന്‍ ഇക്കാര്യം സൂചിപ്പിക്കുന്നത് കാണുക:

”അപ്രകാരം തന്നെ ഇവരുടെ പൂര്‍വികന്‍മാരുടെ അടുത്ത് ഏതൊരു റസൂല്‍ വന്നപ്പോഴും ജാലവിദ്യക്കാരനെന്നോ, ഭ്രാന്തനെന്നോ അവര്‍ പറയാതിരുന്നിട്ടില്ല. അതിന് (അങ്ങനെ പറയണമെന്ന്) അവര്‍ അനേ്യാന്യം വസ്വിയ്യത്ത് ചെയ്തിരിക്കുകയാണോ? അല്ല, അവര്‍ അതിക്രമകാരികളായ ഒരു ജനതയാകുന്നു” (51:52,53). 

ഓരോ തലമുറ കഴിയുമ്പോഴും ശേഷക്കാരിലേക്ക് വസ്വിയ്യത്ത് കൈമാറിയത് പോലെയുണ്ട് ഇവരുടെ എതിര്‍പ്പിന്റെ രൂപം. 

ഇവരുടെ എതിര്‍പ്പുകള്‍ക്ക് ഹൂദ്(അ) നല്‍കുന്ന മറുപടി കാണുക:

”അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, എന്നില്‍ യാതൊരു മൗഢ്യവുമില്ല. പക്ഷേ, ഞാന്‍ ലോകരക്ഷിതാവിങ്കല്‍ നിന്നുള്ള ദൂതനാണ്. എന്റെ രക്ഷിതാവിന്റെ സന്ദേശങ്ങള്‍ ഞാന്‍ നിങ്ങള്‍ക്കു എത്തിച്ചുതരുന്നു. ഞാന്‍ നിങ്ങളുടെ വിശ്വസ്തനായ ഗുണകാംക്ഷിയുമാകുന്നു. നിങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കാന്‍ വേണ്ടി നിങ്ങളില്‍ പെട്ട ഒരു പുരുഷനിലൂടെ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു ഉല്‍ബോധനം നിങ്ങള്‍ക്കു വന്നുകിട്ടിയതിനാല്‍ നിങ്ങള്‍ അത്ഭുതപ്പെടുകയാണോ? നൂഹിന്റെ ജനതയ്ക്കു ശേഷം നിങ്ങളെ അവന്‍ പിന്‍ഗാമികളാക്കുകയും സൃഷ്ടിയില്‍ അവന്‍ നിങ്ങള്‍ക്കു (ശാരീരിക) വികാസം വര്‍ധിപ്പിക്കുകയും ചെയ്തത് നിങ്ങള്‍ ഓര്‍ത്ത് നോക്കുക. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ നിങ്ങള്‍ ഓര്‍മിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം” (ക്വുര്‍ആന്‍ 7:6769).

”നിങ്ങള്‍ക്ക് തന്നെ അറിയാവുന്നവ (സുഖസൗകര്യങ്ങള്‍) മുഖേന നിങ്ങളെ സഹായിച്ചവനെ നിങ്ങള്‍ സൂക്ഷിക്കുക കന്നുകാലികളും സന്താനങ്ങളും മുഖേന അവന്‍ നിങ്ങളെ സഹായിച്ചിരിക്കുന്നു; തോട്ടങ്ങളും അരുവികളും മുഖേനയും” (ക്വുര്‍ആന്‍ 26:132-134).

ഞാന്‍ നിങ്ങളോട് പറയുന്നതില്‍ അവിവേകമായിട്ടൊന്നുമില്ലെന്നും കാലികള്‍, സന്താനങ്ങള്‍, തോട്ടങ്ങള്‍, അരുവികള്‍ മുതലായവ കൊണ്ട് നിങ്ങളെ സഹായിച്ചവനായ അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കണമെന്നും ലോകരക്ഷിതാവായ, എല്ലാ കാര്യത്തെ കുറിച്ചും സൂക്ഷ്മമായി അറിയുന്നവനായ അല്ലാഹു എന്നോട് പറയുന്നത് നിങ്ങളിലേക്ക് എത്തിക്കുക മാത്രമാണ് ഞാന്‍ ചെയ്യുന്നതെന്നും നിങ്ങള്‍ അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടണമെന്ന ഗുണകാംക്ഷ മാത്രമാണ് എനിക്കുള്ളതെന്നും ഭൗതികമായ യാതൊന്നും ഇതിലൂടെ ഞാന്‍ ആശിക്കുന്നില്ലെന്നും അദ്ദേഹം അവരെ അറിയിച്ചു.

”എന്റെ ജനങ്ങളേ, ഞാന്‍ നിങ്ങളോട് ഇതിന്റെ പേരില്‍ യാതൊരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല. എനിക്കുള്ള പ്രതിഫലം എന്നെ സൃഷ്ടിച്ചവന്‍ തരേണ്ടത് മാത്രമാണ്. നിങ്ങള്‍ ചിന്തിച്ച് ഗ്രഹിക്കുന്നില്ലേ?” (ക്വുര്‍ആന്‍ 11:51).

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

നൂഹ് നബി (അ) – 06

നൂഹ് നബി (അ) - 06

പ്രളയത്തിനു ശേഷം…

അല്ലാഹു നൂഹ്(അ)നോട് കുടുംബത്തെയും വിശ്വാസികളെയും കപ്പലില്‍ കയറ്റാന്‍ നിര്‍ദേശിച്ചിരുന്നുവല്ലോ. അഥവാ അവരെ രക്ഷപ്പെടുത്തുമെന്ന് അല്ലാഹു അറിയിച്ചതാണ്. സ്വന്തം രക്തത്തില്‍ പിറന്ന മകന്‍ മലപോലെ വന്ന തിരമാലകളില്‍ അകപ്പെട്ട് മുങ്ങിമരിച്ചപ്പോള്‍ അദ്ദേഹം അല്ലാഹുവിനെ വിളിച്ചുകൊണ്ട് പറഞ്ഞു:

”…എന്റെ രക്ഷിതാവേ, എന്റെ മകന്‍ എന്റെ കുടുംബാംഗങ്ങളില്‍ പെട്ടവന്‍ തന്നെയാണല്ലോ. തീര്‍ച്ചയായും നിന്റെ വാഗ്ദാനം സത്യമാണുതാനും. നീ വിധികര്‍ത്താക്കളില്‍ വെച്ച് ഏറ്റവും നല്ല വിധികര്‍ത്താവുമാണ്” (ക്വുര്‍ആന്‍ 11:45).

അതിന് അല്ലാഹുവിന്റെ മറുപടി ഇപ്രകാരമായിരുന്നു: ”അവന്‍ (അല്ലാഹു) പറഞ്ഞു: നൂഹേ, തീര്‍ച്ചയായും അവന്‍ നിന്റെ കുടുംബത്തില്‍ പെട്ടവനല്ല. തീര്‍ച്ചയായും അവന്‍ ശരിയല്ലാത്തത് ചെയ്തവനാണ്. അതിനാല്‍ നിനക്ക് അറിവില്ലാത്ത കാര്യം എന്നോട് ആവശ്യപ്പെടരുത്. നീ വിവരമില്ലാത്തവരുടെ കൂട്ടത്തിലായിപ്പോകരുതെന്ന് ഞാന്‍ നിന്നോട് ഉപദേശിക്കുകയാണ്” (11:46).

നൂഹ്(അ)ന്റെ മകന്‍ അദ്ദേഹത്തിന്റെ മകനല്ലെന്ന് അല്ലാഹു പറയുന്നു. യഥാര്‍ഥത്തില്‍ നൂഹ്(അ)ന് പിറന്നവന്‍ തന്നെയായിരുന്നല്ലോ ആ മകന്‍. എന്നിട്ടും എന്തേ അല്ലാഹു അവനെക്കുറിച്ച് അവന്റെ പിതാവിനോട് അവന്‍ നിന്റെ മകനല്ലെന്ന് പറഞ്ഞത്? ബന്ധങ്ങള്‍ ആദര്‍ശാധിഷ്ഠിതമാകുമ്പോഴാണ് അത് സമ്പൂര്‍ണമായ കുടുംബബന്ധമായി മാറുന്നത്. മാതാപിതാക്കള്‍ അവിശ്വാസികളും മക്കള്‍ വിശ്വാസികളുമാണെങ്കില്‍ മാതാപിതാക്കളുടെ സ്വത്തില്‍ മക്കള്‍ക്ക് അനന്തര സ്വത്തില്ലെന്നതും, മക്കള്‍ അവിശ്വാസികളും മാതാപിതാക്കള്‍ വിശ്വാസികളുമാണെങ്കില്‍ മക്കളുടെ സ്വത്തില്‍ മാതാപിതാക്കള്‍ക്ക് അനന്തര സ്വത്തില്ലെന്നതും ഇസ്‌ലാമിക നിയമമാണ്. ബന്ധം ഇസ്‌ലാമികമാകണം എന്നര്‍ഥം. അതിനാലാണ് നൂഹ്(അ)നോട് അല്ലാഹു അപ്രകാരം പറഞ്ഞത്. തുടര്‍ന്ന് അല്ലാഹു അദ്ദേഹത്തോട് ‘നിനക്ക് അറിവില്ലാത്ത കാര്യം എന്നോട് ആവശ്യപ്പെടരുത്. നീ വിവരമില്ലാത്തവരുടെ കൂട്ടത്തിലായിപ്പോകരുതെന്ന് ഞാന്‍ നിന്നോട് ഉപദേശിക്കുകയാണ്’ എന്നും പറഞ്ഞു.

ഈ വചനത്തെ വിശദീകരിക്കുമ്പോള്‍ പണ്ഡിതന്മാര്‍ രണ്ട് കാര്യങ്ങള്‍ ഉണര്‍ത്തിയതായി കാണാം. എന്താണ് അദ്ദേഹം ചെയ്ത വിവരമില്ലാത്ത പ്രവര്‍ത്തനം? മകന്‍ അവിശ്വാസിയായിരിക്കെ അവന് വേണ്ടി അല്ലാഹുവിനോട് ചോദിച്ചതായിരിക്കാം. അല്ലാഹു നൂഹ്(അ)നോട് വിശ്വാസികളെ കപ്പലില്‍ കയറ്റാനായിരുന്നല്ലോ പറഞ്ഞിരുന്നത്. എന്നാല്‍ നൂഹ്(അ) കാഫിറായ മകനോട് കപ്പലില്‍ കയറാന്‍ പറഞ്ഞു. ഒന്നുകില്‍ ഇതായിരിക്കാം.

അല്ലാഹു നൂഹ്(അ)നോട് മകന്റെ കാര്യത്തില്‍ എന്നോട് ഒന്നും ചോദിക്കരുതെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം അല്ലാഹുവിനോട് ഉടനെത്തന്നെ പൊറുത്തു തരാന്‍ അപേക്ഷിച്ചു.

”അദ്ദേഹം (നൂഹ്) പറഞ്ഞു: എന്റെ രക്ഷിതാവേ, എനിക്ക് അറിവില്ലാത്ത കാര്യം നിന്നോട് ആവശ്യപ്പെടുന്നതില്‍ നിന്ന് ഞാന്‍ നിന്നോട് ശരണം തേടുന്നു. നീ എനിക്ക് പൊറുത്തുതരികയും നീ എന്നോട് കരുണ കാണിക്കുകയും ചെയ്യാത്ത പക്ഷം ഞാന്‍ നഷ്ടക്കാരുടെ കൂട്ടത്തിലായിരിക്കും” (11:47,48).

നൂഹ്‌നബി(അ)യില്‍ വിശ്വസിക്കാത്ത മകന്‍ മാത്രമല്ല ശിക്ഷിക്കപ്പെട്ടത്, അവിശ്വാസിയായ ഭാര്യയും ശിക്ഷിക്കപ്പെട്ടു. അവള്‍ നരകാവകാശിയാണെന്ന് അല്ലാഹു വ്യക്തമാക്കുന്നത് കാണുക:

”സത്യനിഷേധികള്‍ക്ക് ഉദാഹരണമായി നൂഹിന്റെ ഭാര്യയെയും ലൂത്വിന്റെ ഭാര്യയെയും അല്ലാഹു ഇതാ എടുത്തുകാണിച്ചിരിക്കുന്നു. അവര്‍ രണ്ടുപേരും നമ്മുടെ ദാസന്‍മാരില്‍ പെട്ട സദ്‌വൃത്തരായ രണ്ട് ദാസന്‍മാരുടെ കീഴിലായിരുന്നു. എന്നിട്ട് അവരെ രണ്ടുപേരെയും ഇവര്‍ വഞ്ചിച്ചു കളഞ്ഞു. അപ്പോള്‍ അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് യാതൊന്നും അവര്‍ രണ്ടുപേരും ഇവര്‍ക്ക് ഒഴിവാക്കികൊടുത്തില്ല. നിങ്ങള്‍ രണ്ടുപേരും നരകത്തില്‍ കടക്കുന്നവരോടൊപ്പം കടന്നുകൊള്ളുക എന്ന് പറയപ്പെടുകയും ചെയ്തു” (66:10).

ആദര്‍ശമില്ലെങ്കില്‍ അല്ലാഹുവിങ്കല്‍ കുടുംബ ബന്ധം കൊണ്ട് യാതൊരു പ്രയോജനവുമില്ല. അത് പ്രവാചകന്മാരുടെ ചരിത്രം നമുക്ക് നല്‍കുന്ന പ്രധാനപ്പെട്ട ഒരു ഗുണപാഠമാണ്. അന്ത്യനാളില്‍ എന്റെ ഭര്‍ത്താവ് നബിയായിരുന്നെന്ന് പറഞ്ഞ് നരക ശിക്ഷയില്‍ രക്ഷപ്പെടാന്‍ സാധ്യമല്ലെന്ന് മാത്രമല്ല, അവരോടും നരകക്കാരുടെ കൂടെ പ്രവേശിക്കുവാന്‍ അല്ലാഹു കല്‍പിക്കും. ഭാര്യ സത്യവിശ്വാസിനിയായതിനാല്‍ ഭര്‍ത്താവായ ഫിര്‍ഔനിനോ, മകന്‍ സത്യവിശ്വാസിയായതിനാല്‍ പിതാവായ ആസറിനോ പരലോകത്ത് രക്ഷപ്പെടാന്‍ കഴിയില്ല. ഓരോരുത്തരും അവനവനു വേണ്ടി അധ്വാനിക്കണം.

”ഉയര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ നിങ്ങളുടെ രക്തബന്ധങ്ങളോ നിങ്ങളുടെ സന്താനങ്ങളോ നിങ്ങള്‍ക്ക് പ്രയോജനപ്പെടുകയില്ല തന്നെ. അല്ലാഹു നിങ്ങളെ തമ്മില്‍ വേര്‍പിരിക്കും. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കണ്ടറിയുന്നവനാകുന്നു” (ക്വുര്‍ആന്‍ 60:3).

അക്രമികളെല്ലാം നശിപ്പിക്കപ്പെട്ടു. പിന്നീട് എന്താണ് സംഭവിച്ചത്? അല്ലാഹു തന്നെ വിശദീകരിക്കുന്നു: ”ഭൂമീ! നിന്റെ വെള്ളം നീ വിഴുങ്ങൂ. ആകാശമേ, മഴ നിര്‍ത്തൂ എന്ന് കല്‍പന നല്‍കപ്പെട്ടു. വെള്ളം വറ്റുകയും ഉത്തരവ് നിറവേറ്റപ്പെടുകയും ചെയ്തു. അത് (കപ്പല്‍) ജൂദി പര്‍വതത്തിന് മേല്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. അക്രമികളായ ജനതയ്ക്ക് നാശം എന്ന് പറയപ്പെടുകയും ചെയ്തു” (11:44).

മഴ നില്‍ക്കുകയും വെള്ളം വറ്റുകയും അല്ലാഹു ശിക്ഷിക്കേണ്ടവരെ ശിക്ഷിക്കുകയും രക്ഷപ്പെടുത്തേണ്ടവരെ രക്ഷപ്പെടുത്തുകയും ചെയ്തു. കപ്പല്‍ ജൂദി പര്‍വതത്തില്‍ നങ്കൂരമിടുകയും ചെയ്തു. അര്‍മീനിയായിലെ അറാറത്ത് മലനിരകളിലെ ഒരു മലയാണ് ജൂദി എന്നാണ് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നത്. ആ കപ്പലിന്റെ അവശിഷ്ടങ്ങളില്‍ പലതും കണ്ടെത്തിയതായി പറയപ്പെടുന്നു. അത് ഇന്നും നിലനില്‍ക്കുന്നുണ്ടാവാം എന്നതിലേക്കുള്ള ഒരു സൂചനയാണോ താഴെയുള്ള സൂക്തം എന്നും നമുക്ക് സംശയിക്കാം.

”എന്നിട്ട് നാം അദ്ദേഹത്തെയും കപ്പലിലുള്ളവരെയും രക്ഷപ്പെടുത്തുകയും അതിനെ ലോകര്‍ക്ക് ഒരു ദൃഷ്ടാന്തമാക്കുകയും ചെയ്തു” (29:15).

അല്ലാഹു അവരെ രക്ഷപ്പെടുത്തിയതിന് ശേഷം നൂഹ്(അ)നോട് ഇപ്രകാരം കല്‍പിച്ചു: ”(അദ്ദേഹത്തോട്) പറയപ്പെട്ടു: നൂഹേ, നമ്മുടെ പക്കല്‍ നിന്നുള്ള ശാന്തിയോടുകൂടിയും, നിനക്കും നിന്റെ കൂടെയുള്ളവരില്‍ നിന്നുള്ള സമൂഹങ്ങള്‍ക്കും അനുഗ്രഹങ്ങളോടുകൂടിയും നീ ഇറങ്ങിക്കൊള്ളുക. എന്നാല്‍ (വേറെ) ചില സമൂഹങ്ങളുണ്ട്. അവര്‍ക്ക് നാം സൗഖ്യം നല്‍കുന്നതാണ്. പിന്നീട് നമ്മുടെ പക്കല്‍ നിന്നുള്ള വേദനയേറിയ ശിക്ഷയും അവര്‍ക്ക് ബാധിക്കുന്നതാണ്” (11:48).

സമാധാനത്തോടും അനുഗ്രഹത്തോടും കൂടി കപ്പലില്‍ നിന്ന് ഇറങ്ങാനും നിനക്കും നിന്റെ കൂടെ വിശ്വസിച്ചവര്‍ക്കും സമാധാനവും അനുഗ്രഹവും ഉണ്ടായിരിക്കുന്നതാണ് എന്നും അറിയിക്കുന്നതോടൊപ്പം, ഇനി ശേഷക്കാരില്‍ നിന്നെ അവിശ്വസിക്കുന്നവര്‍ക്ക് താല്‍ക്കാലിക സുഖം നല്‍കുകയും പിന്നീട് നരക ശിക്ഷ അവര്‍ അനുഭവിക്കേണ്ടി വരികയും ചെയ്യേണ്ടി വരുമെന്നും, പിന്‍തലമുറകളില്‍ നിന്ന് വിശ്വാസികളായി ആരെല്ലാം ഉണ്ടാകുമോ അവര്‍ക്കെല്ലാം സമാധാനവും അനുഗ്രഹവും നല്‍കപ്പെടുന്നതാണെന്നും അല്ലാഹു അദ്ദേഹത്തെ അറിയിച്ചതായി ഉപരിസൂചിത വചനം വ്യക്തമാക്കുന്നു.

ഈ സംഭവം മുഹമ്മദ് നബി(സ്വ)ക്ക് വഹ്‌യ് ലഭിക്കുന്നതിന് മുമ്പ് അറിയില്ലായിരുന്നു: ”(നബിയേ,) അവയൊക്കെ അദൃശ്യവാര്‍ത്തകളില്‍ പെട്ടതാകുന്നു. നിനക്ക് നാം അത് സന്ദേശമായി നല്‍കുന്നു. നീയോ, നിന്റെ ജനതയോ ഇതിനു മുമ്പ് അതറിയുമായിരുന്നില്ല. അതുകൊണ്ട് ക്ഷമിക്കുക. തീര്‍ച്ചയായും അനന്തരഫലം സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് അനുകൂലമായിരിക്കും” (11:49).

അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ച ദിവ്യസന്ദേശത്തിലൂടെയാണ് നബിയേ, നിങ്ങള്‍ ഇത് അറിഞ്ഞതെന്നും ശത്രുക്കളുടെ മുന്നില്‍ ഏകദൈവാരാധന വ്യക്തമാക്കുന്ന സന്ദര്‍ഭങ്ങളില്‍ അവരില്‍ നിന്ന് വിവിധ രൂപത്തിലുള്ള എതിര്‍പ്പുകള്‍ ഏല്‍ക്കേണ്ടി വരുമെന്നും അത്തരം ഘട്ടങ്ങളില്‍ ക്ഷമയോടെ മുന്നേറണമെന്നും ഏറ്റവും നല്ല പര്യവസാനം ഉണ്ടാകുക സൂക്ഷ്മശാലികള്‍ക്കായിരിക്കുമാണ് എന്നും നബി(സ്വ)യെ അറിയിച്ചുകൊണ്ടുമാണ് നൂഹ്(അ)ന്റെ ചരിത്ര വിവരണം സൂറത്തു ഹൂദില്‍ അല്ലാഹു അവസാനിപ്പിക്കുന്നത്.

നൂഹ്(അ)ന്റെ ചരിത്രം നബി(സ്വ)ക്ക് വഹ്‌യ് ലഭിക്കുന്നതിന് മുമ്പ് അറിയില്ലായിരുന്നുവെന്ന് ഈ സൂക്തം നമുക്ക് വ്യക്തമാക്കിത്തരുന്നു എന്ന് സൂചിപ്പിച്ചുവല്ലോ. നബി(സ്വ) എല്ലാ കാലത്തും ഈ ലോകത്ത് ജീവിച്ചിരുന്നുവെന്ന ചിലരുടെ വാദം മുകളില്‍ കൊടുത്ത ക്വുര്‍ആന്‍ സൂക്തത്തിന് വിരുദ്ധമല്ലേ? വായനക്കാര്‍ ചിന്തിക്കുക. നബി(സ്വ) എല്ലാ കാലത്തും ജീവിച്ചിരുന്ന ആളായിരുന്നുവെങ്കില്‍ ‘ഈ വാര്‍ത്ത നിനക്ക് ഇതിനു മുമ്പ് അറിവില്ലായിരുന്നു’വെന്ന് അല്ലാഹു നബിയോട് പറയുമായിരുന്നോ?

നൂഹ്(അ) കപ്പലില്‍ ഉണ്ടായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ കൂടെ ശൈഖ് ജീലാനി ഉണ്ടായിരുന്നുവെന്നും വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ കപ്പല്‍ അദ്ദേഹത്തിന്റെ കയ്യിലായിരുന്നുവെന്നുമൊക്കെയുള്ള കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നവര്‍ നമ്മുടെ സമൂഹത്തിലുണ്ട്. ഇതെല്ലാം കെട്ടുകഥകള്‍ മാത്രമാണ്.

നൂഹ്(അ)ന്റെ ചരിത്രം ഉള്‍ക്കൊണ്ട് ഗുണകാംക്ഷയോടെയും സ്‌നേഹത്തോടെയും ജനങ്ങള്‍ക്ക് തൗഹീദിന്റെ മാര്‍ഗം കാണിച്ചുകൊടുക്കുവാന്‍ വിശ്വാസികള്‍ തയ്യാറാവണം.

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

നൂഹ് നബി (അ) – 05

നൂഹ് നബി (അ) - 05

ധിക്കാരികളെ നശിപ്പിച്ച പ്രളയം

പ്രബോധനം കൊണ്ട് ആളുകള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ വര്‍ധിക്കുകയല്ലാതെ എന്ത് നേട്ടമാണുണ്ടാകുന്നത് എന്ന് ചോദിച്ച് പ്രബോധന പ്രവര്‍ത്തനത്തില്‍ നിന്ന് പിന്മാറുന്നവര്‍ അറിയുക; അല്ലാഹുവിങ്കല്‍ നിന്നും ദിവ്യബോധനം (വഹ്‌യ്) ലഭിക്കുന്ന, പാപ സുരക്ഷിതത്വമുള്ള, യുക്തി ദീക്ഷയുള്ള, ദൃഢവിശ്വാസമുള്ള, സത്യസന്ധതയും ആത്മാര്‍ഥതയും സൂക്ഷ്മതയുമുള്ള, നന്ദിയുള്ള അടിമയെന്ന് അല്ലാഹു വിശേഷിപ്പിച്ച ആദ്യ റസൂലായ നൂഹ്(അ) 950 വര്‍ഷം ജനങ്ങളെ സന്മാര്‍ഗത്തിലേക്ക് ക്ഷണിച്ചിട്ട് എത്ര പേര്‍ക്കാണ് മാറ്റം ഉണ്ടായത്? മാറ്റങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ടോ ഇല്ലേ എന്നതല്ല ഒരു പ്രബോധകന്‍ നോക്കേണ്ടത്. അതിന് ആശിക്കണം, ആഗ്രഹിക്കണം, പ്രാര്‍ഥിക്കണം. അത്ര മാത്രം!

മാറ്റം കാണുന്നില്ലെന്ന് കണ്ട് പ്രബോധനം നിറുത്തലല്ല പ്രവാചകനായ നൂഹ്(അ)ന്റെ മാര്‍ഗം. മറിച്ച്, അതില്‍ ഉറച്ചുനിന്ന് അത് തുടരുകയാണ് വേണ്ടത്. പ്രവാചകന്മാരില്‍ വിശ്വാസിയായി ഒരാളെ പോലും ലഭിക്കാത്തവരുണ്ടെന്ന് പറയുമ്പോള്‍ എന്തിന് നാം ആളുകളുുടെ എതിര്‍പ്പില്‍ സങ്കടപ്പെടണം? അല്ലാഹുവാണല്ലോ സന്മാര്‍ഗം നല്‍കുന്നവന്‍. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കേ അത് നല്‍കൂ. പക്ഷേ, അത് ജനങ്ങളുടെ കാതുകളില്‍ എത്തിക്കുക എന്ന ഉത്തരവാദിത്തം അത് ലഭിച്ചവര്‍ക്കുണ്ട്. എത്ര പേര്‍ നമ്മുടെ പ്രവര്‍ത്തനം കാരണം ഹിദായത്തിലായി എന്ന് നാം ചോദിക്കപ്പെടുകയില്ല. എത്ര പേര്‍ക്ക് ഈ സന്ദേശം എത്തിച്ചു എന്ന് നാം ചോദിക്കപ്പെടും. ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് നമ്മില്‍ ഏല്‍പിക്കപ്പെട്ടിട്ടുള്ളത്. നബി(സ്വ) പിതൃവ്യന്‍ അബൂത്വാലിബിനോട് അദ്ദേഹം മരണാസന്നനായ സമയത്ത് സത്യസരണയിലേക്ക് കടന്നുവരാന്‍ അപേക്ഷിച്ചതും അദേഹം അത് നിരസിച്ചതും ചരിത്ര സത്യമാണ്. നബി(സ്വ)യെ ഏറെ വേദനിപ്പിച്ചതാണ് ആ സംഭവം. ഈ വിഷയത്തില്‍ അല്ലാഹു പറയുന്നത് കാണുക:

”തീര്‍ച്ചയായും നിനക്ക് ഇഷ്ടപ്പെട്ടവരെ നിനക്ക് നേര്‍വഴിയിലാക്കാനാവില്ല. പക്ഷേ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. സന്‍മാര്‍ഗം പ്രാപിക്കുന്നവരെപ്പറ്റി അവന്‍ (അല്ലാഹു) നല്ലവണ്ണം അറിയുന്നവനാകുന്നു”(28:56). 

നബിമാര്‍ക്ക് പോലും അവര്‍ ആഗ്രഹിക്കുന്നവരെയെല്ലാം സന്മാര്‍ഗത്തിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് ചരിത്രം വ്യക്തമാക്കുന്നത്. എത്തിച്ചു കൊടുക്കലാണ് പ്രബോധകരുടെ ദൗത്യം. ജനങ്ങളില്‍ ആദര്‍ശം അടിച്ചേല്‍പിക്കുവാന്‍ ഇസ്‌ലാം അനുമതി നല്‍കുന്നില്ല.

”അതിനാല്‍ (നബിയേ,) നീ ഉല്‍ബോധിപ്പിക്കുക. നീ ഒരു ഉല്‍ബോധകന്‍ മാത്രമാകുന്നു. നീ അവരുടെ മേല്‍ അധികാരം ചെലുത്തേണ്ടവനല്ല. പക്ഷേ, വല്ലവനും തിരിഞ്ഞുകളയുകയും അവിശ്വസിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹു അവനെ ഏറ്റവും വലിയ ശിക്ഷ ശിക്ഷിക്കുന്നതാണ്. തീര്‍ച്ചയായും നമ്മുടെ അടുത്തേക്കാണ് അവരുടെ മടക്കം. പിന്നീട്, തീര്‍ച്ചയായും നമ്മുടെ ബാധ്യതയാണ് അവരുടെ വിചാരണ” (ക്വുര്‍ആന്‍ 88:21-26). 

നൂഹ്(അ) നൂറ്റാണ്ടുകളോളം ജനങ്ങളെ ഉദ്‌ബോധിപ്പിക്കുവാന്‍ പരിശ്രമിച്ചു. എന്നാല്‍ അദ്ദേഹത്തോട് അവര്‍ക്ക് നിഷേധം വര്‍ധിക്കുക മാത്രമാണുണ്ടായത്. ഇബനു കഥീര്‍(റ) പറയുന്നത് കാണുക:

”കാലത്തിന് ദൈര്‍ഘ്യം ഏറി. അദ്ദേഹത്തിനും അവര്‍ക്കുമിടയിലുള്ള തര്‍ക്കവും (കൂടി). അല്ലാഹു പറഞ്ഞത് പോലെ (അമ്പതുകൊല്ലം ഒഴിച്ചാല്‍ ആയിരം വര്‍ഷം തന്നെ അദ്ദേഹം അവര്‍ക്കിടയില്‍ കഴിച്ചുകൂട്ടി. അങ്ങനെ അവര്‍ അക്രമികളായിരിക്കെ പ്രളയം അവരെ പിടികൂടി). അതായത്; കാലം ദീര്‍ഘിച്ചു. എന്നാല്‍ അല്‍പം പേര്‍ മാത്രമാണ് അവരില്‍ നിന്ന് അദ്ദേഹത്തില്‍ വിശ്വസിച്ചത്. ഒാരോ തലമുറ കഴിഞ്ഞു പോകുമ്പോഴും അവര്‍ ശേഷക്കാരിലേക്ക് നൂഹില്‍ വിശ്വസിക്കരുതെന്നും, അവനോട് എതിര്‍പ്പും സമരവും ഉണ്ടാവണമെന്ന് വസ്വിയ്യത്ത് നല്‍കുകയും ചെയ്യുമായിരുന്നു. പിതാവ് തന്റെ മകന് പ്രായപൂര്‍ത്തിയും അദ്ദേഹത്തിന്റെ സംസാരത്തെ കുറിച്ച് ചിന്തിക്കാനുള്ള പ്രായവുമായാല്‍ നൂഹില്‍ ഒരിക്കലും വിശ്വസിക്കരുതെന്ന് അദ്ദേഹത്തിനും സന്താനത്തിനുമിടയില്‍ ജീവിച്ചിരിക്കുന്ന കാലമത്രയും വസ്വിയ്യത്ത് നല്‍കുമായിരുന്നു. അവരുടെ സ്വഭാവം സത്യത്തെ പിന്തുടരുന്നതിനോടും വിശ്വാസത്തോട് വിസമ്മതമുള്ളതായിത്തീര്‍ന്നു. ഇതുകൊണ്ടാണ് അദ്ദേഹം (ഇപ്രകാരം) പറഞ്ഞത്: ‘ദുര്‍വൃത്തന്നും സത്യനിഷേധിക്കുമല്ലാതെ അവര്‍ ജന്‍മം നല്‍കുകയുമില്ല.’

തന്റെ ജനതയില്‍ നിന്ന് ഒരാളും ഇനി വിശ്വസിക്കില്ലെന്ന് അല്ലാഹുവിങ്കല്‍ നിന്ന് അറിയിപ്പ് കിട്ടുകയും, വളരെ കാലത്തെ പ്രബോധനം ജനങ്ങളില്‍ പരിഹാസവും അഹങ്കാരവും അവിശ്വാസവും വര്‍ധിപ്പിക്കുകയല്ലാതെ ചെയ്യുന്നില്ലെന്ന് അദ്ദേഹത്തിന് മനസ്സിലാകുകയും ചെയ്ത ഘട്ടത്തില്‍ അദ്ദേഹം അവര്‍ക്കെതിരില്‍ പ്രാര്‍ഥിച്ചത് നാം കാണുകയുണ്ടായി. തുടര്‍ന്ന് അദ്ദേഹത്തോട് അല്ലാഹു കപ്പല്‍ നിര്‍മിച്ചു. ആണികളും പലകകളും ഉപയോഗിച്ച് ലോകത്ത് ആദ്യമായി അല്ലാഹുവിങ്കല്‍ നിന്നും ലഭിക്കുന്ന നിര്‍ദേശപ്രകാരം അത് നിര്‍മിച്ചു. നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ അല്ലാഹു അദ്ദേഹത്തെ ഇപ്രകാരം അറിയിച്ചു:

”അങ്ങനെ നമ്മുടെ കല്‍പന വരുകയും അടുപ്പില്‍ നിന്ന് ഉറവ് പൊട്ടുകയും ചെയ്താല്‍ എല്ലാ വസ്തുക്കളില്‍ നിന്നും രണ്ട് ഇണകളെയും നിന്റെ കുടുംബത്തെയും നീ അതില്‍ കയറ്റിക്കൊള്ളുക. അവരുടെ കൂട്ടത്തില്‍ ആര്‍ക്കെതിരില്‍ (ശിക്ഷയുടെ) വചനം മുന്‍കൂട്ടി ഉണ്ടായിട്ടുണ്ടോ അവരൊഴികെ. അക്രമം ചെയ്തവരുടെ കാര്യത്തില്‍ നീ എന്നോട് സംസാരിച്ചു പോകരുത്. തീര്‍ച്ചയായും അവര്‍ മുക്കി നശിപ്പിക്കപ്പെടുന്നതാണ്. അങ്ങനെ നീയും നിന്റെ കൂടെയുള്ളവരും കപ്പലില്‍ കയറിക്കഴിഞ്ഞാല്‍ നീ പറയുക: അക്രമകാരികളില്‍ നിന്ന് ഞങ്ങളെ രക്ഷിച്ച അല്ലാഹുവിന് സ്തുതി. എന്റെ രക്ഷിതാവേ, അനുഗൃഹീതമായ ഒരു താവളത്തില്‍ നീ എന്നെ ഇറക്കിത്തരേണമേ. നീയാണല്ലോ ഇറക്കിത്തരുന്നവരില്‍ ഏറ്റവും ഉത്തമന്‍ എന്നും പറയുക” (ക്വുര്‍ആന്‍ 23:27-29).

”അങ്ങനെ നമ്മുടെ കല്‍പന വരികയും അടുപ്പ് ഉറവപൊട്ടി ഒഴുകുകയും ചെയ്തപ്പോള്‍ നാം പറഞ്ഞു: എല്ലാ വര്‍ഗത്തില്‍ നിന്നും രണ്ട് ഇണകളെ വീതവും നിന്റെ കുടുംബാംഗങ്ങളെയും അതില്‍ കയറ്റികൊള്ളുക. (അവരുടെ കൂട്ടത്തില്‍ നിന്ന്) ആര്‍ക്കെതിരില്‍ (ശിക്ഷയുടെ) വചനം മുന്‍കൂട്ടി ഉണ്ടായിട്ടുണ്ടോ അവരൊഴികെ. വിശ്വസിച്ചവരെയും (കയറ്റികൊള്ളുക). അദ്ദേഹത്തോടൊപ്പം കുറച്ച് പേരല്ലാതെ വിശ്വസിച്ചിട്ടുണ്ടായിരുന്നില്ല”(11:40).

അല്ലാഹുവിന്റെ ശിക്ഷയായി അടുപ്പുകളില്‍ നിന്ന് വെള്ളം പൊട്ടി ഒഴുകുന്നത് കണ്ടാല്‍ നീ കപ്പലില്‍ കയറണമെന്ന് അല്ലാഹു നൂഹ്(അ)നോട് കല്‍പിച്ചു. കപ്പലില്‍ കയറുമ്പോള്‍ ഈ അഹങ്കാരികളും ധിക്കാരികളും ദുര്‍മാര്‍ഗികളുമായ ജനതയില്‍ നിന്ന് രക്ഷപ്പെടുത്തിയതിന് അല്ലാഹുവിനെ സ്തുതിക്കാനും അവനോട് പ്രാര്‍ഥിക്കാനുമായി നൂഹ്(അ)നോട് ഇപ്രകാരം കല്‍പിക്കുകയും ചെയ്തു.

”അക്രമകാരികളില്‍ നിന്ന് ഞങ്ങളെ രക്ഷിച്ച അല്ലാഹുവിന് സ്തുതി. എന്റെ രക്ഷിതാവേ, അനുഗൃഹീതമായ ഒരു താവളത്തില്‍ നീ എന്നെ ഇറക്കിത്തരേണമേ. നീയാണല്ലോ ഇറക്കിത്തരുന്നവരില്‍ ഏറ്റവും ഉത്തമന്‍.”

വാഹനത്തില്‍ യാത്രക്കായി കയറിയാല്‍ പ്രാര്‍ഥിക്കാന്‍ അല്ലാഹു നമ്മോടും ആജ്ഞാപിച്ചിട്ടുണ്ട്. പലരും ഈ കല്‍പനയെതൊട്ട് അശ്രദ്ധരാണെന്ന് മാത്രം. അല്ലാഹു പറയുന്നത് കാണുക:

”എല്ലാ ഇണകളെയും സൃഷ്ടിക്കുകയും നിങ്ങള്‍ക്ക് സവാരി ചെയ്യാനുള്ള കപ്പലുകളും കാലികളെയും നിങ്ങള്‍ക്ക് ഏര്‍പെടുത്തിത്തരികയും ചെയ്തവന്‍. അവയുടെ പുറത്ത് നിങ്ങള്‍ ഇരിപ്പുറപ്പിക്കാനും എന്നിട്ട് നിങ്ങള്‍ അവിടെ ഇരിപ്പുറപ്പിച്ചു കഴിയുമ്പോള്‍ നിങ്ങളുടെ രക്ഷിതാവിന്റെ അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുവാനും, നിങ്ങള്‍ ഇപ്രകാരം പറയുവാനും വേണ്ടി: ഞങ്ങള്‍ക്ക് വേണ്ടി ഇതിനെ വിധേയമാക്കിത്തന്നവന്‍ എത്ര പരിശുദ്ധന്‍! ഞങ്ങള്‍ക്കതിനെ ഇണക്കുവാന്‍ കഴിയുമായിരുന്നില്ല. തീര്‍ച്ചയായും ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിങ്കലേക്ക് തിരിച്ചെത്തുന്നവര്‍ തന്നെയാകുന്നു” (43:12-14). 

നബി(സ്വ)യോട് മദീനയിലേക്കുള്ള ഹിജ്‌റയുടെ വേളയില്‍ ഇപ്രകാരം അല്ലാഹു പ്രാര്‍ഥിക്കുവാന്‍ കല്‍പിച്ചിരുന്നു: ”എന്റെ രക്ഷിതാവേ, സത്യത്തിന്റെ പ്രവേശനമാര്‍ഗത്തിലൂടെ നീ എന്നെ പ്രവേശിപ്പിക്കുകയും സത്യത്തിന്റെ ബഹിര്‍ഗമനമാര്‍ഗത്തിലൂടെ നീ എന്നെ പുറപ്പെടുവിക്കുകയും ചെയ്യേണമേ. നിന്റെ പക്കല്‍ നിന്ന് എനിക്ക് സഹായകമായ ഒരു ആധികാരിക ശക്തി നീ ഏര്‍പെടുത്തിത്തരികയും ചെയ്യേണമേ എന്ന് നീ പറയുകയും ചെയ്യുക” (17:80).

നൂഹ്(അ) അല്ലാഹുവിന്റെ കല്‍പന പ്രകാരം പ്രാര്‍ഥിച്ചുവെന്ന് മാത്രമല്ല, കൂടെയുള്ളവരോട് പ്രാര്‍ഥിക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. 

”അദ്ദേഹം (അവരോട്) പറഞ്ഞു: നിങ്ങളതില്‍ കയറിക്കൊള്ളുക. അതിന്റെ ഓട്ടവും നിറുത്തവും അല്ലാഹുവിന്റെ പേരിലാകുന്നു. തീര്‍ച്ചയായും എന്റെ രക്ഷിതാവ് ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്” (11:41).

കപ്പല്‍ സഞ്ചരിക്കുവാന്‍ തുടങ്ങുന്നതിന് മുമ്പും അത് നങ്കൂരമിടുമ്പോഴുമെല്ലാം അല്ലാഹുവിന്റെ നാമത്തിലായിരിക്കണം ആകേണ്ടതെന്ന് അദ്ദേഹം അവരെ ഉദ്‌ബോധിപ്പിച്ചു.

അല്ലാഹു ആ ജനതയ്ക്ക് എങ്ങനെയാണ് ശിക്ഷ ഒരുക്കിയതെന്ന് കാണുക: ”അപ്പോള്‍ കുത്തിച്ചൊരിയുന്ന വെള്ളവും കൊണ്ട് ആകാശത്തിന്റെ കവാടങ്ങള്‍ നാം തുറന്നു. ഭൂമിയില്‍ നാം ഉറവുകള്‍ പൊട്ടിക്കുകയും ചെയ്തു. അങ്ങനെ നിര്‍ണയിക്കപ്പെട്ടു കഴിഞ്ഞ ഒരു കാര്യത്തിന്നായി വെള്ളം സന്ധിച്ചു” (54:11,12). 

ശക്തമായ മഴ പെയ്യാന്‍ തുടങ്ങി. അങ്ങനെ അടുപ്പുകളില്‍ നിന്ന് വരെ വെള്ളം ഉറവായി വരാന്‍ തുടങ്ങി. ചുരുക്കത്തില്‍, വിണ്ണില്‍ നിന്നും മണ്ണില്‍നിന്നും വെള്ളം വന്നുതുടങ്ങി. അത് വലിയ പ്രളയമായി മാറി. പര്‍വത തുല്യമായ തിരമാലകള്‍ ഉണ്ടായിത്തുടങ്ങി. അങ്ങനെ ആ വെള്ളത്തിലൂടെ നൂഹ്(അ)യും കൂടെയുള്ളവരും കപ്പലില്‍ കയറി രക്ഷപ്പെട്ടു.

”പര്‍വത തുല്യമായ തിരമാലകള്‍ക്കിടയിലൂടെ അത് (കപ്പല്‍) അവരെയും കൊണ്ട് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. നൂഹ് തന്റെ മകനെ വിളിച്ചു. അവന്‍ അകലെ ഒരു സ്ഥലത്തായിരുന്നു. എന്റെ കുഞ്ഞുമകനേ, നീ ഞങ്ങളോടൊപ്പം കയറിക്കൊള്ളുക. നീ സത്യനിഷേധികളുടെ കൂടെ ആയിപ്പോകരുത് അവന്‍ പറഞ്ഞു: വെള്ളത്തില്‍ നിന്ന് എനിക്ക് രക്ഷനല്‍കുന്ന വല്ല മലയിലും ഞാന്‍ അഭയം പ്രാപിച്ചുകൊള്ളാം. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ കല്‍പനയില്‍ നിന്ന് ഇന്ന് രക്ഷ നല്‍കാന്‍ ആരുമില്ല; അവന്‍ കരുണ ചെയ്തവര്‍ക്കൊഴികെ. (അപ്പോഴേക്കും) അവര്‍ രണ്ട് പേര്‍ക്കുമിടയില്‍ തിരമാല മറയിട്ടു. അങ്ങനെ അവന്‍ മുക്കി നശിപ്പിക്കപ്പെട്ടവരുടെ കൂട്ടത്തിലായി”(11:42,43).

അവിശ്വാസിയായ മകനെ രക്ഷിക്കാന്‍ നൂഹ്‌നബി(അ)ക്ക് സാധിച്ചില്ല. പിന്നീട് ആ പിതാവും മകനും തമ്മില്‍ കണ്ടിട്ടില്ല. മാതാപിതാക്കള്‍ക്ക് നന്മചെയ്യണമെന്ന് ക്വുര്‍ആന്‍ നമ്മോട് കല്‍പിക്കുന്നു. അവരെ സ്‌നേഹിക്കണം, ആദരിക്കണം. എന്നാല്‍ ക്വുര്‍ആന്‍ മാതാപിതാക്കളോട് നിങ്ങള്‍ മക്കള്‍ക്ക് നന്മചെയ്യണമെന്ന് കടുത്ത സ്വരത്തില്‍ പറഞ്ഞിട്ടില്ല. കാരണം അത് മാതാപിതാക്കളില്‍ നിന്ന് സ്വമേധയാ ഉണ്ടാകും. മക്കള്‍ എത്ര വലുതായാലും അവരോട് നന്മ ചെയ്യാന്‍ അവര്‍ തയ്യാറാകും. 

മാതാപിതാക്കള്‍ക്ക് പ്രായമാവുകയോ അല്ലെങ്കില്‍ എനിക്ക് ഇനി എന്റെ ഉമ്മയുടെയോ ഉപ്പയുടെയോ ആവശ്യമില്ലെന്ന് തോന്നുകയോ ചെയ്യുമ്പോള്‍ മാതാപിതാക്കളോട് മക്കള്‍ ശബ്ദമുയര്‍ത്തിത്തുടങ്ങും. കര്‍ക്കശമായി സംസാരിക്കുക മാത്രമല്ല ചിലപ്പോള്‍ കൈ ഓങ്ങുകയും ചെയ്യും.

പിതാവിനും മകനുമിടയില്‍ തിരമാല മറയിട്ടു എന്ന് പറഞ്ഞുവല്ലോ. പരസ്പരം കാണാതായി. അന്നേരം ഒരു പിതാവ് എന്ന നിലയില്‍ നൂഹ്(അ)ന് എത്രമാത്രം വിഷമം വന്നിട്ടുണ്ടാകും. ആ വിഷമം മനസ്സിലാക്കാന്‍ അദ്ദേഹം അല്ലാഹുവിനോട് നടത്തിയ പ്രാര്‍ഥന തന്നെ ധാരാളം:

”നൂഹ് തന്റെ രക്ഷിതാവിനെ വിളിച്ചുകൊണ്ട് പറഞ്ഞു: എന്റെ രക്ഷിതാവേ, എന്റെ മകന്‍ എന്റെ കുടുംബാംഗങ്ങളില്‍ പെട്ടവന്‍ തന്നെയാണല്ലോ. തീര്‍ച്ചയായും നിന്റെ വാഗ്ദാനം സത്യമാണുതാനും. നീ വിധികര്‍ത്താക്കളില്‍ വെച്ച് ഏറ്റവും നല്ല വിധികര്‍ത്താവുമാണ്” (11:45). 

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

നൂഹ് നബി (അ) – 04

നൂഹ് നബി (അ) - 04

പ്രബോധന വീഥിയില്‍ പതറാതെ

നൂഹ് നബി(അ)യെ ഇനി ഒരാളും ഈ ജനതയില്‍ നിന്ന് വിശ്വസിക്കില്ലെന്ന് അല്ലാഹു അറിയിക്കുന്നത് വരെ അദ്ദേഹത്തിന് സമൂഹത്തെപ്പറ്റി പ്രതീക്ഷയുണ്ടായിരുന്നു. അതിനാല്‍ രാവും പകലും, രഹസ്യമായും പരസ്യമായും അവരെ തൗഹീദിലേക്ക് ക്ഷണിച്ചു. എന്നാല്‍ അല്ലാഹു നൂഹ്(അ)യെ അറിയിച്ചു. ‘നൂഹേ, ഇനിയാരും വിശ്വസിക്കില്ല. അവരുടെ പ്രവര്‍ത്തനത്തില്‍ നീ നിരാശപ്പെടേണ്ടതില്ല.’ ഇത് അല്ലാഹുവില്‍ നിന്നുള്ള അറിയിപ്പാണ്. അല്ലാഹുവിനാണല്ലോ ആരെല്ലാം വിശ്വസിക്കും ആരെല്ലാം അവിശ്വസിക്കും എന്നെല്ലാം അറിയുക. അതിനാല്‍ അല്ലാഹുവില്‍ നിന്നുള്ള ഈ വിവരം ലഭിച്ച നൂഹ്(അ) അവസാനം അല്ലാഹുവിനോട് ദൂആ ചെയ്തു:

”നൂഹ് പറഞ്ഞു: എന്റെ രക്ഷിതാവേ, ഭൂമുഖത്ത് സത്യനിഷേധികളില്‍ പെട്ട ഒരു പൗരനെയും നീ വിട്ടേക്കരുതേ. തീര്‍ച്ചയായും നീ അവരെ വിട്ടേക്കുകയാണെങ്കില്‍ നിന്റെ ദാസന്‍മാരെ അവര്‍ പിഴപ്പിച്ചു കളയും. ദുര്‍വൃത്തന്നും സത്യനിഷേധിക്കുമല്ലാതെ അവര്‍ ജന്‍മം നല്‍കുകയുമില്ല” (71:26,27).

തന്റെ ജനതക്കെതിരില്‍ നടത്തിയ ഈ പ്രാര്‍ഥന കൊണ്ട് അദ്ദേഹത്തിന് അല്ലാഹു തന്നെ പിടികൂടുമോയെന്ന പേടിയുണ്ടായിരുന്നു. മഹ്ശറില്‍ ജനകോടികള്‍ ശുപാര്‍ശക്കായി ആദമി(അ)നെ സമീപിക്കുമ്പോള്‍ അദ്ദേഹം നൂഹ്(അ)യുടെ അടുത്തേക്ക് പറഞ്ഞയക്കും. അങ്ങനെ ജനങ്ങള്‍ അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് പറയും:

‘ഓ, നൂഹ്! ഭൂമിയിലേക്ക് അയക്കപ്പെട്ട ആദ്യത്തെ ദൂതനാണല്ലോ താങ്കള്‍. നന്ദിയുള്ള അടിമയെന്ന് അങ്ങയെ കുറിച്ച് അല്ലാഹു പേര് വിളിക്കുകയും ചെയ്തിട്ടുണ്ട്. (അതിനാല്‍) താങ്കളുടെ റബ്ബിനോട് ഞങ്ങള്‍ക്ക് വേണ്ടി ശുപാര്‍ശ നടത്തണം. ഞങ്ങള്‍ ഏതൊരു അവസ്ഥയിലാണ് ഉള്ളതെന്ന് താങ്കള്‍ കാണുന്നില്ലേ.?’ അപ്പോള്‍ അദ്ദേഹം പറയും: ‘ഇന്ന് എന്റെ രക്ഷിതാവ് ഇതിന് മുമ്പൊരിക്കലും കോപിക്കാത്ത വിധം കോപിച്ചിട്ടുണ്ട്. ഇതിന് ശേഷവും ഇതുപോലെ കോപിക്കുകയില്ല. നിശ്ചയമായും എനിക്ക് (ഉത്തരം ലഭിക്കുന്ന) ഒരു പ്രാര്‍ഥനയുണ്ടായിരുന്നു. അത് ഞാന്‍ എന്റെ ജനതക്കെതിരില്‍ പ്രാര്‍ഥിച്ചു. എന്റെ കാര്യം എന്റെ കാര്യം… നിങ്ങള്‍ ഞാനല്ലാത്ത ഒരാളിലേക്ക് പോകുക. നിങ്ങള്‍ ഇബ്‌റാഹീമിന്റെ അടുക്കലേക്ക് പോകുക…’ (ബുഖാരി, മുസ്‌ലിം). 

തന്റെ ജനതക്കെതിരില്‍ നടത്തിയ പ്രാര്‍ഥന മുഖേന രക്ഷിതാവ് എന്നെ പിടികൂടുമോ എന്ന ഭയപ്പാടിലാണ് നൂഹ്(അ)!

നൂഹ്(അ) അവര്‍ക്കെതിരില്‍ പ്രാര്‍ഥിക്കാനുള്ള കാരണം, അവര്‍ക്ക് എത്ര സത്യം ബോധ്യപ്പെടുത്തിയിട്ടും അവര്‍ അവരുടെ ശിര്‍ക്കിന്റെ വാദത്തില്‍ തന്നെ ഉറച്ചുനിന്ന് അദ്ദേഹത്തിനെതിരില്‍ തന്ത്രം മെനഞ്ഞതാണ്. അന്നേരമാണ് അല്ലാഹു നൂഹ്(അ)നോട് ഇനി ഇവരില്‍ ആരും വിശ്വസിക്കില്ലെന്ന് അറിയിക്കുന്നത്. ഇക്കാര്യം അദ്ദേഹത്തിന്റെ പ്രാര്‍ഥനയില്‍ കാണാം: 

”നൂഹ് പറഞ്ഞു: എന്റെ രക്ഷിതാവേ, തീര്‍ച്ചയായും ഇവര്‍ എന്നോട് അനുസരണക്കേട് കാണിക്കുകയും ഒരു വിഭാഗത്തെ പിന്തുടരുകയും ചെയ്തിരിക്കുന്നു; അവര്‍ക്ക് (പിന്തുടരപ്പെട്ട നേതൃവിഭാഗത്തിന്) സ്വത്തും സന്താനവും മൂലം (ആത്മീയവും പാരത്രികവുമായ) നഷ്ടം കൂടുക മാത്രമാണുണ്ടായത്. (പുറമെ) അവര്‍ (നേതാക്കള്‍) വലിയ കുതന്ത്രം പ്രയോഗിക്കുകയും ചെയ്തിരിക്കുന്നു” (71:21,22). നൂഹ്(അ) അവര്‍ക്കെതിരില്‍ നടത്തിയ പ്രാര്‍ഥനയുടെ മറ്റു രൂപങ്ങള്‍ കാണുക:

”അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ! തീര്‍ച്ചയായും എന്റെ ജനത എന്നെ നിഷേധിച്ചു തള്ളിയിരിക്കുന്നു. അതിനാല്‍ എനിക്കും അവര്‍ക്കുമിടയില്‍ നീ ഒരു തുറന്ന തീരുമാനമെടുക്കുകയും എന്നെയും എന്റെ കൂടെയുള്ള വിശ്വാസികളെയും നീ രക്ഷപ്പെടുത്തുകയും ചെയ്യേണമേ” (26:117,118). 

”അപ്പോള്‍ അദ്ദേഹം തന്റെ രക്ഷിതാവിനെ വിളിച്ചു പ്രാര്‍ഥിച്ചു: ഞാന്‍ പരാജിതനാകുന്നു. അതിനാല്‍ (എന്റെ) രക്ഷയ്ക്കായി നീ നടപടി സ്വീകരിക്കണമേ” (54:10). 

”നൂഹ് നമ്മെ വിളിക്കുകയുണ്ടായി. അപ്പോള്‍ ഉത്തരം നല്‍കിയവന്‍ എത്ര നല്ലവന്‍!” (37:75). 

എങ്ങനെയായിരുന്നു അല്ലാഹു നൂഹ്(അ)ന് പ്രാര്‍ഥനക്ക് ഉത്തരം നല്‍കിയത് എന്നും ക്വുര്‍ആന്‍ നമുക്ക് വ്യക്തമാക്കിത്തരുന്നുണ്ട്:

”നമ്മുടെ മേല്‍നോട്ടത്തിലും നമ്മുടെ നിര്‍ദേശപ്രകാരവും നീ കപ്പല്‍ നിര്‍മിക്കുക. അക്രമം ചെയ്തവരുടെ കാര്യത്തില്‍ നീ എന്നോട് സംസാരിക്കരുത്. തീര്‍ച്ചയായും അവര്‍ മുക്കി നശിപ്പിക്കപ്പെടാന്‍ പോകുകയാണ്. അദ്ദേഹം കപ്പല്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ ജനതയിലെ ഓരോ പ്രമാണിക്കൂട്ടവും അദ്ദേഹത്തിന്റെ അടുത്ത് കൂടി കടന്ന് പോയപ്പോഴെല്ലാം അദ്ദേഹത്തെ പരിഹസിച്ചു. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ ഞങ്ങളെ പരിഹസിക്കുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍ പരിഹസിക്കുന്നത് പോലെത്തന്നെ ഞങ്ങള്‍ നിങ്ങളെയും പരിഹസിക്കുന്നതാണ്. അപമാനകരമായ ശിക്ഷ ആര്‍ക്കാണ് വന്നെത്തുന്നതെന്നും, സ്ഥിരമായ ശിക്ഷ ആരുടെ മേലാണ് വന്നുഭവിക്കുന്നതെന്നും നിങ്ങള്‍ക്ക് വഴിയെ അറിയാം” (11:37-39).

അല്ലാഹു നൂഹ്(അ)നോട് ഒരു കപ്പല്‍ നിര്‍മിക്കാന്‍ വേണ്ടി കല്‍പിക്കുന്നു. കപ്പല്‍ എങ്ങനെ നിര്‍മിക്കണമെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. അതിനാല്‍ അല്ലാഹു അദ്ദേഹത്തോട് നാം നല്‍കുന്ന ബോധനത്തിന്നടിസ്ഥാനത്തില്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. അദ്ദേഹം ആ കല്‍പനക്ക് കീഴൊതുങ്ങി. എന്താണ് അല്ലാഹു കല്‍പിക്കുന്നത്, ഈ മരുഭൂമിയില്‍ കപ്പല്‍ ഉണ്ടാക്കിയിട്ട് എന്ത് ഉപകാരമാണ് ഉള്ളത് എന്നൊന്നും അദ്ദേഹം ആലോചിച്ചില്ല. അല്ലാഹുവിന്റെ വഹ്‌യ് ചിലപ്പോള്‍ മനുഷ്യന്റെ പരിമിതമായ ബുദ്ധിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ല. എന്നിരുന്നാലും ആ ബോധനത്തിന് കീഴ്‌പെടുക വഴി വന്‍ വിജയമാണ് അവര്‍ക്ക് വന്നുഭവിക്കുക എന്ന കാര്യം നാം മനസ്സിലാക്കേണ്ടതുണ്ട്.  

നൂഹ്(അ) കപ്പല്‍ നിര്‍മാണം തുടങ്ങി. അതും ശത്രുക്കള്‍ക്ക് അദ്ദേഹത്തിനെതിരില്‍ തിരിയാനുള്ള ഒരു അവസരമായി. അതവര്‍ മുതലെടുക്കുകയും ചെയ്തു. അദ്ദേഹം നിര്‍മിക്കുന്നത് കണ്ട് അവര്‍ പരിഹാസത്തോടെ ചോദിച്ചു; അല്ല നൂഹേ, ഇപ്പോള്‍ നബിയാണെന്ന് പറഞ്ഞ് അതൊക്കെ അവസാനിപ്പിച്ച് ആശാരിപ്പണി തുടങ്ങിയോ? ഈ മരുഭൂമിയില്‍ എന്തിനാണ് കപ്പല്‍? അത് സഞ്ചരിക്കാന്‍ എവിടെയാണ് വെള്ളം? അല്ലാഹുവിന്റെ ബോധനം സത്യമാണെന്ന് ഉറച്ച അറിവുള്ളവരാണല്ലോ പ്രവാചകന്മാര്‍. അതിനാല്‍ നൂഹ്(അ) അവരുടെ പരിഹാസത്തോട് ഇപ്രകാരം പ്രതികരിച്ചു; നിങ്ങള്‍ പരിഹസിച്ചോളൂ. നിങ്ങള്‍ പരിഹസിക്കുന്നതിന് പകരം ഞങ്ങള്‍ നിങ്ങളെയും പരിഹസിക്കും, അധികം താമസിയാതെ. 

ഇസ്‌ലാമിക പ്രബോധന വീഥിയില്‍ നിലകൊള്ളുന്ന ആര്‍ക്കും എതിരാളികളില്‍ നിന്നുള്ള പരിഹാസം നേരിടേണ്ടി വരും. അതില്‍ പതറാതെ, ദൃഢ നിശ്ചയത്തോടെ, സഹനത്തോടെ അതിനെ നേരിടാന്‍ തയ്യാറാകണം. പരിഹാസം വിശ്വാസികള്‍ക്ക് നേരിടേണ്ടി വരുമെന്ന് ക്വുര്‍ആന്‍ നമ്മെ അറിയിച്ചിട്ടുമുണ്ട്.

”തീര്‍ച്ചയായും കുറ്റകൃത്യത്തില്‍ ഏര്‍പെട്ടവര്‍ സത്യവിശ്വാസികളെ കളിയാക്കി ചിരിക്കുമായിരുന്നു. അവരുടെ (സത്യവിശ്വാസികളുടെ) മുമ്പിലൂടെ കടന്നുപോകുമ്പോള്‍ അവര്‍ പരസ്പരം കണ്ണിട്ടു കാണിക്കുമായിരുന്നു. അവരുടെ സ്വന്തക്കാരുടെ അടുക്കലേക്ക് തിരിച്ചുചെല്ലുമ്പോള്‍ രസിച്ചുകൊണ്ട് അവര്‍ തിരിച്ചുചെല്ലുമായിരുന്നു. അവരെ (സത്യവിശ്വാസികളെ) അവര്‍ കാണുമ്പോള്‍, തീര്‍ച്ചയായും ഇക്കൂട്ടര്‍ വഴിപിഴച്ചവര്‍ തന്നെയാണ് എന്ന് അവര്‍ പറയുകയും ചെയ്യുമായിരുന്നു. അവരുടെ (സത്യവിശ്വാസികളുടെ)മേല്‍ മേല്‍നോട്ടക്കാരായിട്ട് അവര്‍ നിയോഗിക്കപ്പെട്ടിട്ടൊന്നുമില്ല. എന്നാല്‍ അന്ന് (അന്ത്യനാളില്‍) ആ സത്യവിശ്വാസികള്‍ സത്യനിഷേധികളെ കളിയാക്കി ചിരിക്കുന്നതാണ്” (83:29-34). 

താടിവെച്ച കാരണത്താലും വസ്ത്രം നെരിയാണിക്ക് താഴെ ഇറങ്ങാത്തതിനാലും പരിഹസിക്കപ്പെടുന്ന പുരുഷന്മാരുണ്ട്. നഗ്‌നത മറക്കാനായി സ്ത്രീകള്‍ അയവുള്ളതും കട്ടിയുള്ളതുമായ, പുരുഷന്റെ ആകര്‍ഷണത്തിന് കാരണമാകാതിരിക്കാന്‍ പര്‍ദ പോലെയുള്ള വസ്ത്രം ധരിച്ചാലും സൂക്ഷ്മതക്കായി മുഖം മറച്ചാലും പരിഹസിക്കുന്നവരുണ്ട്. ഈ പരിഹാസത്തില്‍ വ്യസനമോ ദുഃഖമോ ഉണ്ടാകേണ്ടതില്ല. അല്ലാഹുവിന്റെ പൊരുത്തം ലഭിക്കാനായി സഹനത്തോടെ വിശ്വാസികള്‍ മുന്നേറുക. അല്ലാഹുവിന്റെ മതം സ്വീകരിച്ചതിന്റെ പേരില്‍ പരിഹസിക്കുന്നവര്‍ക്ക് താക്കീതായും പരിഹസിക്കപ്പെട്ടവര്‍ക്ക് സന്തോഷ വാര്‍ത്തയായും ക്വുര്‍ആന്‍ മറ്റൊരു സ്ഥലത്ത് പറയുന്നത് കാണുക:

”തീര്‍ച്ചയായും എന്റെ ദാസന്‍മാരില്‍ ഒരു വിഭാഗം ഇപ്രകാരം പറയാറുണ്ടായിരുന്നു. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ ഞങ്ങള്‍ക്ക് നീ പൊറുത്തുതരികയും ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ. നീ കാരുണികരില്‍ ഉത്തമനാണല്ലോ. അപ്പോള്‍ നിങ്ങള്‍ അവരെ പരിഹാസപാത്രമാക്കുകയാണ് ചെയ്തത്. അങ്ങനെ നിങ്ങള്‍ക്ക് എന്നെപ്പറ്റിയുള്ള ഓര്‍മ മറന്നുപോകാന്‍ അവര്‍ ഒരു കാരണമായിത്തീര്‍ന്നു. നിങ്ങള്‍ അവരെ പുച്ഛിച്ചു ചിരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവര്‍ ക്ഷമിച്ചതു കൊണ്ട് ഇന്നിതാ ഞാനവര്‍ക്ക് പ്രതിഫലം നല്‍കിയിരിക്കുന്നു. അതെന്തെന്നാല്‍ അവര്‍ തന്നെയാകുന്നു ഭാഗ്യവാന്‍മാര്‍” (23:109-111).

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഏറ്റവും കൂടുതല്‍ പരിഹസിക്കപ്പെട്ടവര്‍ പ്രവാചകന്മാരാണ്. അല്ലാഹു ഏതൊരു ജനതയിലേക്ക് പ്രവാചകനെ അയച്ചാലും അവര്‍ ആ പ്രവാചകനെ പരിഹസിക്കാതിരുന്നിട്ടില്ല. അല്ലാഹു പറയുന്നത് കാണുക: ”ഏതൊരു പ്രവാചകന്‍ അവരുടെ അടുത്ത് ചെല്ലുകയാണെങ്കിലും അവര്‍ അദ്ദേഹത്തെ പരിഹസിക്കുന്നവരാകാതിരുന്നിട്ടില്ല” (43:7). 

സത്യവിശ്വാസികളുടെ വിശ്വാസത്തെയും സ്വഭാവത്തെയും ഇടപാടുകളെയും മര്യാദകളെയും സംസ്‌കാരത്തെയും പരിഹസിക്കുകയെന്നത് സത്യനിഷേധികള്‍ക്ക് ഒരുതരം സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍ ഈ പരിഹസിക്കപ്പെടുന്നവര്‍ നാളെ ഉന്നത പദവികളിലായിരിക്കും: 

”സത്യനിഷേധികള്‍ക്ക് ഐഹികജീവിതം അലംകൃതമായി തോന്നിയിരിക്കുന്നു. സത്യവിശ്വാസികളെ അവര്‍ പരിഹസിക്കുകയും ചെയ്യുന്നു. എന്നാല്‍ സൂക്ഷ്മത പാലിച്ചവരായിരിക്കും ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അവരെക്കാള്‍ ഉന്നതന്‍മാര്‍. അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കണക്ക് നോക്കാതെ തന്നെ കൊടുക്കുന്നതാണ്” (2:212). 

കപട വിശ്വാസികളിലും ഇത്തരം സ്വഭാവം കാണാം. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കുന്നവരെ അതില്‍ നിന്ന് പലതും പറഞ്ഞ് അവര്‍ പിന്തിരിപ്പിക്കും. അവരാകട്ടെ ആര്‍ക്കും ഒന്നും നല്‍കുകയുമില്ല. 

”സത്യവിശ്വാസികളില്‍ നിന്ന് ദാനധര്‍മങ്ങള്‍ ചെയ്യാന്‍ സ്വയം സന്നദ്ധരായി വരുന്നവരെയും, സ്വന്തം അധ്വാനമല്ലാതെ മറ്റൊന്നും (ദാനം ചെയ്യാന്‍) കണ്ടെത്താത്തവരെയും അധിക്ഷേപിക്കുന്നവരത്രെ അവര്‍. അങ്ങനെ ആ വിശ്വാസികളെ അവര്‍ പരിഹസിക്കുന്നു. അല്ലാഹു അവരെയും പരിഹസിച്ചിരിക്കുകയാണ്. അവര്‍ക്ക് വേദനയേറിയ ശിക്ഷയാണുള്ളത്” (9:79). 

ഈ വചനത്തിന്റെ വിശദീകരണത്തില്‍ ഇബ്‌നു കസീര്‍(റ) പറയുന്നത് കാണുക: ”ഇതും കപട വിശ്വാസികളുടെ വിശേഷണങ്ങളില്‍ പെട്ടതാണ്. അവരുടെ കുറ്റത്തില്‍ നിന്ന് ഒരാളും സുരക്ഷിതരാവില്ല. ഏത് സാഹചര്യത്തിലും (അവരുടെ കുറ്റത്തില്‍ നിന്ന് ഒരാളും സുരക്ഷിതരാവില്ല). അവരില്‍ ഒരാള്‍ ധനം ധാരാളം (ചെലവഴിക്കാനായി) കൊണ്ടുവന്നാല്‍ അവര്‍ പറയും; ഇത് ആളുകളെ കാണിക്കാനാണെന്ന്. എന്നാല്‍ ഒരാള്‍ കുറച്ച് എന്തെങ്കിലും കൊണ്ടുവന്നാലോ അവര്‍ പറയും; ഈ ദാനത്തില്‍ നിന്ന് അല്ലാഹു തീര്‍ച്ചയായും ഐശ്വര്യവാനാകുന്നു എന്ന്. ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്തത് പോലെ: അബൂ മസ്ഊദ്(റ)വില്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ‘സ്വദക്വയുടെ (ദാനത്തിന്റെ) സൂക്തം ഇറങ്ങിയപ്പോള്‍ ഞങ്ങള്‍ ഞങ്ങളുടെ മുതുകുകളില്‍ വഹിക്കുമായിരുന്നു. അങ്ങനെ ഒരാള്‍ വന്നു. അദ്ദേഹം ധാരാളം വസ്തുക്കള്‍ സ്വദക്വ ചെയ്തു. അപ്പോള്‍ അവര്‍ പറഞ്ഞു: അത് ആളുകളെ കാണിക്കുവാനായിട്ടാണ്. വേറെ ഒരാള്‍ വന്നു. എന്നിട്ട് ഒരു സ്വാഅ് ധര്‍മം ചെയ്തു. അപ്പോള്‍ അവര്‍ പറഞ്ഞു: തീര്‍ച്ചയായും അല്ലാഹു ഈ ദാനധര്‍മത്തില്‍ നിന്ന് ധന്യവാനാണ്. അപ്പോള്‍ ഈ സൂക്തം ആയത്ത് അവതരിച്ചു.”

ഏതൊരു മനുഷ്യന്‍ നന്മ ചെയ്യാന്‍ തീരുമാനിച്ചാലും അവനെ ആക്ഷേപിച്ചും പരിഹസിച്ചും അതില്‍ നിന്ന് പിന്തിരിപ്പിക്കുന്ന ധാരാളം ആളുകളെ നമുക്ക് കാണാം. ഒരു പള്ളി നിര്‍മാണത്തിനായി സമ്പത്ത് സ്വരൂപിക്കുമ്പോള്‍ ഓരോരുത്തരും അവരാല്‍ കഴിയുന്നത് ചെലവഴിക്കും. ധാരാളം ചെലവഴിക്കുമ്പോള്‍ അവരെക്കുറിച്ച് ‘ഇതെല്ലാം ആളുകളുടെ കയ്യടി കിട്ടാനും ജനങ്ങളെ കാണിക്കാനും വേണ്ടിയാണെ’ന്ന് ചിലര്‍ പറയും. കുറച്ച് ചെലവഴിക്കുകയാണെങ്കില്‍ ‘ഹും! ഇത്രയെല്ലാം ഉണ്ടായിട്ടും ഇത്ര കുറച്ചാണോ ഇയാള്‍ ദാനം ചെയ്യുന്നത്’ എന്നായിരിക്കും പറയുക. ഇത്തരക്കാര്‍ അഭിപ്രായം പറയാനേ ഉണ്ടാകൂ. ചെയ്യാനോ ചെയ്യിപ്പിക്കാനോ ഇവരെ കിട്ടില്ല.

നൂഹ്(അ) അല്ലാഹുവിങ്കല്‍ നിന്നും ലഭിക്കുന്ന വെളിച്ചം ജനങ്ങളിലേക്ക് എത്തിക്കാനായി രാപകലുകള്‍ വിനിയോഗിച്ചത് നാം മനസ്സിലാക്കി. പരിഹാസവും ഒറ്റപ്പെടുത്തലും ആക്ഷേപങ്ങളുമാണ് പ്രബോധിതരില്‍ നിന്നും അദ്ദേഹത്തിന് കിട്ടിയത്. എല്ലാ ദൂതന്മാരുടെയും അവസ്ഥ ഇതു തന്നെയായിരുന്നു. അവരാരും അക്കാരണത്താല്‍ ദൗത്യത്തില്‍ നിന്ന് പിന്മാറിയിട്ടുമില്ല. അല്ലാഹു പറയുന്നു:

”അവര്‍ പറയും: നമുക്കെന്തു പറ്റി! ദുര്‍ജനങ്ങളില്‍ പെട്ടവരായി നാം ഗണിച്ചിരുന്ന പല ആളുകളെയും നാം കാണുന്നില്ലല്ലോ. നാം അവരെ (അബദ്ധത്തില്‍) പരിഹാസപാത്രമാക്കിയതാണോ  അതല്ല, അവരെയും വിട്ട് കണ്ണുകള്‍ തെന്നിപ്പോയതാണോ? നരകവാസികള്‍ തമ്മിലുള്ള വഴക്ക്, തീര്‍ച്ചയായും അതൊരു യാഥാര്‍ഥ്യം തന്നെയാണ്” (38:6264).

രാവും പകലും വ്യത്യാസമില്ലാതെ 950 വര്‍ഷം ജനങ്ങളെ അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് ക്ഷണിച്ചിട്ടും അല്‍പം ആളുകള്‍ മാത്രമെ അദ്ദേഹത്തില്‍ വിശ്വസിച്ചുള്ളൂ. എണ്‍പത് പേര്‍ എന്നും എണ്‍പത്തി മൂന്ന് എന്നും നാല്‍പത് എന്നുമൊക്കെ വിവിധ അഭിപ്രായങ്ങള്‍ പറയപ്പെട്ടതായി കാണാം. 

”അദ്ദേഹത്തോടൊപ്പം കുറച്ച് പേരല്ലാതെ വിശ്വസിച്ചിട്ടുണ്ടായിരുന്നില്ല” (11:40).

950 വര്‍ഷം അവരെ നേരിന്റെ മാര്‍ഗത്തിലേക്ക് ക്ഷണിച്ചിട്ടും അദ്ദേഹത്തില്‍ ആളുകള്‍ വിശ്വസിക്കാത്ത കാരണത്താല്‍ പ്രബോധന മാര്‍ഗത്തില്‍ നിന്ന് അദ്ദേഹം മാറി നിന്നില്ല. അല്ലാഹുവിലേക്ക് ക്ഷണിക്കുന്നവര്‍ ഒരിക്കലും നിരാശരാകാതെ നൂഹ്(അ) കാണിച്ച സഹനവും അല്ലാഹുവിലുള്ള അര്‍പ്പണ ബോധവും മാതൃകയാക്കി കഴിയും വിധം ജനങ്ങളെ ക്ഷണിക്കുക. പരിഹാസത്തിന്റെയും ഒറ്റപ്പെടുത്തലിന്റെയും ഭീഷണിയുടെയും കാരണം പറഞ്ഞ് മാറി നില്‍ക്കാവതല്ല. അന്ത്യനാളില്‍ നാം നേടിയ അറിവും അത് അനുസരിച്ച് പ്രവര്‍ത്തിച്ചതിനെ കുറിച്ചും ചോദ്യം ചെയ്യപ്പെടുന്നതാണ്. നേടിയ അറിവില്‍ ഏറ്റക്കുറച്ചില്‍ സ്വാഭാവികമാണ്. എല്ലാം തികഞ്ഞിട്ടേ ദഅ്‌വത്ത് പാടുള്ളൂ എന്ന വാദം പൊള്ളയാണ്. പ്രബോധനം ചെയ്യുന്ന വിഷയം ഏതാണോ അതിനെ സംബന്ധിച്ച് കൃത്യമായ അറിവ് നിര്‍ബന്ധവുമാണ്. അറിവില്ലാത്തത് പറയല്‍ അതീവ ഗുരുതരമാണെന്ന് ഇസ്‌ലാം നമ്മെ പഠിപ്പിക്കുന്നു. ഇസ്‌ലാമിക പ്രബോധനം ഏതൊരാളുടെയും ബാധ്യതയാണ്. വയലില്‍ പണിയെടുക്കുന്ന കര്‍ഷകനാണെങ്കിലും ശരി കിട്ടിയ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. 

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

നൂഹ് നബി (അ) – 03

നൂഹ് നബി (അ) - 03

പ്രബോധന വീഥിയില്‍ തളരാതെ…

അല്ലാഹുവിങ്കല്‍ നിന്നുള്ള സന്ദേശം തങ്ങള്‍ പുലര്‍ത്തിപ്പോരുന്ന വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും എതിരാണെങ്കില്‍ ചിലര്‍ക്കത് പിഴച്ച വാദമായി തോന്നും. ‘ഞങ്ങള്‍ക്കിതൊന്നും കാണുകയോ കേള്‍ക്കുകയോ വേണ്ട’ എന്ന് അവര്‍ ഉറപ്പിച്ചു പറയും. ‘ഇതൊന്നും ഇക്കാലത്ത് ജനങ്ങളോട് പറയാന്‍ പറ്റുന്നതല്ല’ എന്നായിരിക്കും മറ്റു ചിലരുടെ ചിന്ത. ചിലരാകട്ടെ തങ്ങള്‍ക്ക് ഇഷ്ടമുള്ള വ്യാഖ്യാനങ്ങള്‍ അതിന് നല്‍കും. അതിന് സാധിക്കില്ലെങ്കില്‍ അതിനെ നിഷേധിക്കുകയും അത് അംഗീകരിക്കുന്നവരെ പിഴച്ചവരായി മുദ്ര കുത്തുകയും ചെയ്യും.

തന്നെ ജനങ്ങള്‍ പിഴച്ചവനായി മുദ്രകുത്തിയപ്പോഴും ഗുണകാംക്ഷയോടെ അവരെ നൂഹ്(അ) ഉപദേശിച്ചു. പക്ഷേ, കുറ്റപ്പെടുത്തലുകളും പരിഹാസവും തുടര്‍ന്നു:                                                                              

”അപ്പോള്‍ അദ്ദേഹത്തിന്റെ ജനതയില്‍ നിന്ന് അവിശ്വസിച്ചവരായ പ്രമാണിമാര്‍ പറഞ്ഞു: ഞങ്ങളെപോലെയുള്ള മനുഷ്യനായിട്ട് മാത്രമെ നിന്നെ ഞങ്ങള്‍ കാണുന്നുള്ളൂ. ഞങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും നിസ്സാരന്‍മാരായിട്ടുള്ളവര്‍ പ്രഥമവീക്ഷണത്തില്‍ (ശരിയായി ചിന്തിക്കാതെ) നിന്നെ പിന്തുടര്‍ന്നതായിട്ട് മാത്രമാണ് ഞങ്ങള്‍ കാണുന്നത്. നിങ്ങള്‍ക്ക് ഞങ്ങളെക്കാള്‍ യാതൊരു ശ്രേഷ്ഠതയും ഞങ്ങള്‍ കാണുന്നുമില്ല. പ്രത്യുത, നിങ്ങള്‍ വ്യാജവാദികളാണെന്ന് ഞങ്ങള്‍ കരുതുന്നു. അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ?  ഞാന്‍ എന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവിനെ അവലംബിക്കുന്നവനായിരിക്കുകയും അവന്റെ അടുക്കല്‍ നിന്നുള്ള കാരുണ്യം അവന്‍ എനിക്ക് തന്നിരിക്കുകയും, എന്നിട്ട് നിങ്ങള്‍ക്ക് (അത് കണ്ടറിയാനാവാത്ത വിധം) അന്ധത വരുത്തപ്പെടുകയുമാണ് ഉണ്ടായിട്ടുള്ളതെങ്കില്‍ (ഞാന്‍ എന്ത് ചെയ്യും). നിങ്ങള്‍ അത് ഇഷ്ടപ്പെടാത്തവരായിരിക്കെ നിങ്ങളുടെ മേല്‍ നാം അതിന് നിര്‍ബന്ധം ചെലുത്തുകയോ?” (11:27,28).

“നീ ഞങ്ങളെ പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാണ്, നിന്നെ പിന്‍പറ്റുന്നവരാകട്ടെ ഞങ്ങളുടെ കൂട്ടത്തിലെ ദുര്‍ബലന്മാരും. മാത്രമല്ല നീ കളവ് പറയുന്നവനാണ്…’ ഇതൊക്കെയാണ് ജനങ്ങളുടെ പ്രതികരണം! അദ്ദേഹം പ്രകോപിതനാകാതെ സംസാരിച്ചു. ‘ഇല്ല, ഞാന്‍ എന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവോടെയാണ് സംസാരിക്കുന്നത്. നിങ്ങള്‍ അന്ധത നടിക്കുകയാണ്. നിങ്ങളോട് ഞാന്‍ പറയുന്നത് അടിച്ചേല്‍പിക്കുന്നില്ല.’

സത്യം എന്തെന്നും ആരാണ് സത്യത്തിന്റെ കക്ഷിയെന്നും ആളുകളുടെ എണ്ണം നോക്കിയല്ല നാം തീരുമാനിക്കേണ്ടത്. ജനങ്ങളില്‍ ഭൂരിപക്ഷവും നരകത്തിലായിരിക്കും എന്നാണല്ലോ. പിന്നെ എങ്ങനെ നാം ആളുകളുടെ എണ്ണം നോക്കി സത്യം തീരുമാനിക്കും?  ഈ സമുദായം 73 കക്ഷികളാകുമെന്നും അതില്‍ ഒന്നാണ് സ്വര്‍ഗത്തില്‍ പോകുക എന്നും നബി(സ്വ) പറഞ്ഞിരിക്കെ, എങ്ങനെ നാം ആളുകളുടെ എണ്ണം നോക്കി സത്യം തീരുമാനിക്കും? ചിലര്‍ താന്‍ ഏത് വിഭാഗത്തില്‍ നില്‍ക്കണം എന്ന് തീരുമാനിക്കാറുള്ളത് ആരെല്ലാമാണ് ആ വിഭാഗത്തിലുള്ളതെന്ന് നോക്കിയാണ്. നല്ല അറിവുള്ളവരുണ്ടോ, നല്ല പ്രഭാഷകരുണ്ടോ, നല്ല എഴുത്തുകാരുണ്ടോ, പ്രശസ്തരുണ്ടോ, അവര്‍ക്ക് സമുദായത്തില്‍ എത്ര സ്വീകാര്യതയുണ്ട്… എന്നെല്ലാം നോക്കിയാണ്. ഇതൊന്നും സത്യവും അസത്യവും വേര്‍തിരിക്കുന്നതിന്റെ മാനദണ്ഡമല്ല. അതുകൊണ്ടാണ് നൂഹ്(അ) അവരോട് ‘ഞാന്‍ പറയുന്നത് എന്റെ റബ്ബില്‍ നിന്നുള്ള തെളിവിന്നടിസ്ഥാനത്തിലാണ്’ എന്ന് പറഞ്ഞത്. നിലപാട് സ്വീകരിക്കേണ്ടത് അല്ലാഹുവിങ്കല്‍ നിന്നും ഉള്ളതാണോ പറയുന്നത് എന്ന് നോക്കിയാണ്. ഇതെല്ലാം നൂഹ്(അ) ജനങ്ങളോട് പറഞ്ഞതില്‍ നിന്നും നമുക്ക് മനസ്സിലാക്കാം.

വ്യക്തമായ തെളിവുകള്‍ സഹിതം ‘അല്ലാഹുവിനെ മാത്രമെ ആരാധിക്കാവൂ’ എന്നും ‘അല്ലാഹുവിന് പുറമെ യാതൊരു വസ്തുവിനെയും ആരാധിക്കരുത്’ എന്നും നുഹ്(അ) ജനങ്ങളോട് പറഞ്ഞപ്പോള്‍ അവര്‍ തങ്ങളുടെ ശിര്‍ക്കിനെ ന്യായീകരിച്ചു. ‘നൂഹേ, ഞങ്ങളുടെ പൂര്‍വികരെല്ലാം ഈ മഹാന്മാരോട് പ്രാര്‍ഥിക്കുന്നവരായിരുന്നു. നിന്റെ പുതിയ വാദം അവര്‍ക്കാര്‍ക്കും പരിചയമില്ലാത്തതായിരുന്നു. അതിനാല്‍ ഞങ്ങള്‍ ഞങ്ങളുടെ പൂര്‍വ പിതാക്കളുടെ മാര്‍ഗത്തില്‍ തന്നെയാണ് നില്‍ക്കുന്നത്. നീ പറയുന്നതാണ് ശരിയെങ്കില്‍ അല്ലാഹു ഞങ്ങളിലേക്ക് മലക്കുകളെ അയക്കുമായിരുന്നു. നിനക്ക് ഭ്രാന്താണ്’ എന്നെല്ലാം പറഞ്ഞ് പരിഹസിക്കുകയും അദ്ദേഹത്തിന്റെ പ്രവാചകത്വത്തെ നിഷേധിക്കുകയും ചെയ്തു.

”അപ്പോള്‍ അദ്ദേഹത്തിന്റെ ജനതയിലെ സത്യനിഷേധികളായ പ്രമാണിമാര്‍ പറഞ്ഞു: ഇവന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളെക്കാളുപരിയായി അവന്‍ മഹത്ത്വം നേടിയെടുക്കാന്‍ ആഗ്രഹിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവന്‍ (ദൂതന്‍മാരായി) മലക്കുകളെ തന്നെ ഇറക്കുമായിരുന്നു. ഞങ്ങളുടെ പൂര്‍വപിതാക്കള്‍ക്കിടയില്‍ ഇങ്ങനെയൊന്ന് ഞങ്ങള്‍ കേട്ടിട്ടില്ല. ഇവന്‍ ഭ്രാന്ത് ബാധിച്ച ഒരു മനുഷ്യന്‍ മാത്രമാകുന്നു. അതിനാല്‍ കുറച്ചുകാലം വരെ ഇവന്റെ കാര്യത്തില്‍ നിങ്ങള്‍ കാത്തിരിക്കുവിന്‍” (23:24,25). 

”അവര്‍ക്ക് മുമ്പ് നൂഹിന്റെ ജനതയും നിഷേധിച്ചു കളഞ്ഞിട്ടുണ്ട്. അങ്ങനെ നമ്മുടെ ദാസനെ അവര്‍ നിഷേധിച്ച് തള്ളുകയും ഭ്രാന്തന്‍ എന്നു പറയുകയും ചെയ്തു. അദ്ദേഹം വിരട്ടി ഓടിക്കപ്പെടുകയും ചെയ്തു”(54:9).

ഇങ്ങനെയെല്ലാം അദ്ദേഹത്തോട് അവര്‍ പറഞ്ഞിട്ടും കൂടെയുള്ളവരെ മാറ്റി നിര്‍ത്താനോ തൗഹീദിന്റെ മാര്‍ഗത്തില്‍ നിന്ന് ഒരു ഇഞ്ച് പിന്നോട്ട് നില്‍ക്കാനോ അദ്ദേഹം തയ്യാറായില്ല. അദ്ദേഹം അവരോട് പറഞ്ഞു: 

”എന്റെ ജനങ്ങളേ, ഇതിന്റെ പേരില്‍ നിങ്ങളോട് ഞാന്‍ ധനം ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം അല്ലാഹു തരേണ്ടത് മാത്രമാകുന്നു. വിശ്വസിച്ചവരെ ഞാന്‍ ആട്ടിയോടിക്കുന്നതല്ല. തീര്‍ച്ചയായും അവര്‍ അവരുടെ രക്ഷിതാവിനെ കണ്ടുമുട്ടാന്‍ പോകുന്നവരാണ്. എന്നാല്‍ ഞാന്‍ നിങ്ങളെ കാണുന്നത് വിവരമില്ലാത്ത ഒരു ജനവിഭാഗമായിട്ടാണ്. എന്റെ ജനങ്ങളേ, ഞാനവരെ ആട്ടിയോടിക്കുന്ന പക്ഷം അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് എന്നെ രക്ഷിക്കുവാനാരാണുള്ളത്? നിങ്ങള്‍ ആലോചിച്ച് നോക്കുന്നില്ലേ? അല്ലാഹുവിന്റെ ഖജനാവുകള്‍ എന്റെ പക്കലുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറയുന്നുമില്ല. ഞാന്‍ അദൃശ്യകാര്യം അറിയുകയുമില്ല. നിങ്ങളുടെ കണ്ണുകള്‍ നിസ്സാരമായി കാണുന്നവരെപറ്റി, അവര്‍ക്ക് അല്ലാഹു യാതൊരു ഗുണവും നല്‍കുന്നതേയല്ല എന്നും ഞാന്‍ പറയുകയില്ല. അല്ലാഹുവാണ് അവരുടെ മനസ്സുകളിലുള്ളതിനെപ്പറ്റി നല്ലവണ്ണം അറിയുന്നവന്‍. അപ്പോള്‍ (അവരെ ദുഷിച്ച് പറയുന്ന പക്ഷം) തീര്‍ച്ചയായും ഞാന്‍ അക്രമികളില്‍ പെട്ടവനായിരിക്കും” (11:29-31).

നൂഹ്(അ)നോട് അവര്‍ ‘നൂഹേ, നിന്റെ കൂടെയുള്ളവരെല്ലാം ദുര്‍ബലരും യാതൊരു പ്രശസ്തിയുമില്ലാത്തവരാണ്’ എന്ന് പറഞ്ഞല്ലോ. ഒരു പക്ഷേ, അവര്‍ അങ്ങനെ പറഞ്ഞതിന്റെ താല്‍പര്യം അവരെയൊക്കെ മാറ്റി നിര്‍ത്തിയാല്‍ നിന്റെ വാക്കുകളെ ഞങ്ങള്‍ കേള്‍ക്കാം എന്നാവാം. അതുകൊണ്ടാണ് അദ്ദേഹം  ‘ഞാന്‍ അവരെ എന്നില്‍ നിന്ന് ആട്ടിയോടിക്കില്ല. ഞാന്‍ അപ്രകാരം ചെയ്യുന്ന പക്ഷം എനിക്ക് അല്ലാഹുവിങ്കല്‍ നിന്നുള്ള ശിക്ഷ ബാധിക്കും’ എന്ന് പറഞ്ഞത്. കൂടെയുള്ളവര്‍ വിശ്വാസികളാണെങ്കില്‍ അവരെ മാറ്റി നര്‍ത്തി അല്ലാഹുവിന്റെ ദീനിന്റെ ശത്രുക്കളുടെ ഇഷ്ടത്തിനനുസരിച്ച് ചലിക്കേണ്ടവരല്ലല്ലോ വിശ്വാസികള്‍. വിശ്വാസികള്‍ സാധുക്കളായി എന്നതിനാല്‍ അല്ലാഹു അവര്‍ക്ക് പദവിയില്‍ കുറവ് വരുത്തുകയില്ല. അതിനാല്‍ അവരെ വേദനിപ്പിച്ച് പ്രമാണിമാരെ സന്തോഷിപ്പിക്കലല്ല ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്വീകരിക്കേണ്ട നിലപാട്. 

നൂഹ് നബി(അ)യുടെ ജനത അദ്ദേഹത്തോട് പല രൂപത്തിലും തര്‍ക്കിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അതിനെല്ലാം മറുപടി യുക്തി യുക്തം നല്‍കിയപ്പോള്‍ മറിച്ചൊന്നും പറയാന്‍ സാധിക്കാതെ വന്നപ്പോള്‍ ‘നൂഹേ, നിന്നോട് തര്‍ക്കിക്കാന്‍ ഞങ്ങളില്ല. നീ നന്നായി തര്‍ക്കിക്കുകയാണ്’ എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് അവര്‍ ചെയ്തത്. ഇത് എല്ലാ കാലത്തും ഇസ്‌ലാമിന്റെ എതിരാളികള്‍ പ്രയോഗിക്കുന്ന ഒരു തന്ത്രമാണ്. തങ്ങളുടെ വാദങ്ങള്‍ക്ക് ഇസ്‌ലാമിക പ്രബോധകരുടെ മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ സാധിക്കാതെ വരുമ്പോള്‍ എതിരാളികള്‍ അവസാനം മുട്ടുമടക്കി തര്‍ക്കമാണെന്ന് പറഞ്ഞ് ഒഴിവാവുകയാണ് ചെയ്യാറുള്ളത്. അവരും അപ്രകാരം ചെയ്തു. ഈ തന്ത്രത്തിന് നൂഹ് നബി(അ)യുടെ കാലത്തോളം പഴക്കമുണ്ടെന്നര്‍ഥം.  

നൂഹ്(അ) അവരോട് അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്നും അവന്റെ ദൂതനായ എന്നെ നിങ്ങള്‍ അനുസരിക്കണമെന്നും അല്ലാത്ത പക്ഷം അല്ലാഹുവിങ്കല്‍ നിന്നുള്ള വേദനയേറിയ ശിക്ഷ നിങ്ങളെ ബാധിക്കുമെന്നും പറഞ്ഞിരുന്നല്ലോ. അവസാനം ആ ശിക്ഷ കൊണ്ടുവരാനായി അദ്ദേഹത്തോട് അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഞാന്‍ അല്ലാഹുവിന്റെ ഒരു ദൂതന്‍ മാത്രമാണെന്നും, അല്ലാഹുവിന്റെ ശിക്ഷ കൊണ്ടുവരാന്‍ ഞാന്‍ ഉദ്ദേശിച്ചാല്‍ എനിക്ക് സാധിക്കില്ലെന്നും അവന്റെ ശിക്ഷ ഇറങ്ങിയാലോ അതില്‍ നിന്ന് രക്ഷപ്പെടാന്‍ നിങ്ങള്‍ക്ക് സാധ്യമല്ലെന്നും ഞാന്‍ നിങ്ങള്‍ക്ക് ഉപദേശം തരുമ്പോള്‍ നിങ്ങള്‍ക്കത് ഉപകാരപ്പെടുന്നില്ലെന്നും അതും ഞാന്‍ ഉദ്ദേശിച്ചാല്‍ നടക്കുന്ന കാര്യമല്ലെന്നും അദ്ദേഹം അവരോട് സ്‌നേഹത്തേടെ പറഞ്ഞു നോക്കി. പ്രതികരണം അപ്രതീക്ഷിത രൂപത്തിലുള്ളതായിരുന്നു: ‘നൂഹേ, നീ ഇത് അവസാനിപ്പിക്കണം. അല്ലെങ്കില്‍ നിന്നെ ഞങ്ങള്‍ എറിഞ്ഞു കൊല്ലും!’

”അവര്‍ പറഞ്ഞു: നൂഹേ, നീ ഞങ്ങളോട് തര്‍ക്കിച്ചു. വളരെയേറെ തര്‍ക്കിച്ചു. എന്നാല്‍ നീ സത്യവാന്‍മാരുടെ കൂട്ടത്തിലാണെങ്കില്‍ നീ ഞങ്ങള്‍ക്ക് താക്കീത് നല്‍കിക്കൊണ്ടിരിക്കുന്നത് (ശിക്ഷ) ഞങ്ങള്‍ക്ക് നീ ഇങ്ങു കൊണ്ട് വരൂ. അദ്ദേഹം  പറഞ്ഞു: അല്ലാഹു മാത്രമാണ് നിങ്ങള്‍ക്കത് കൊണ്ട് വരുക; അവന്‍ ഉദ്ദേശിച്ചെങ്കില്‍, നിങ്ങള്‍ക്ക് (അവനെ) തോല്‍പിച്ച് കളയാനാവില്ല. അല്ലാഹു നിങ്ങളെ വഴിതെറ്റിച്ചുവിടാന്‍ ഉദ്ദേശിക്കുന്ന പക്ഷം ഞാന്‍ നിങ്ങള്‍ക്ക് ഉപദേശം നല്‍കാന്‍ ഉദ്ദേശിച്ചാലും എന്റെ ഉപദേശം നിങ്ങള്‍ക്ക് പ്രയോജനപ്പെടുകയില്ല. അവനാണ് നിങ്ങളുടെ രക്ഷിതാവ്. അവങ്കലേക്കാണ് നിങ്ങള്‍ മടക്കപ്പെടുന്നത്” (11:32,34).

”അവര്‍ പറഞ്ഞു: നൂഹേ, നീ (ഇതില്‍നിന്നു) വിരമിക്കുന്നില്ലെങ്കില്‍തീര്‍ച്ചയായും നീ എറിഞ്ഞു കൊല്ലപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും” (26:116). 

പ്രബോധന വീഥിയില്‍ നില്‍ക്കുമ്പോള്‍ കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും ഭീഷണിയും ഒറ്റപ്പെടുത്തലുകളും പരിഹാസവും എല്ലാം നേരിടേണ്ടി വരും. അപ്പോള്‍ എന്ത് ചെയ്യണം? എല്ലാം നിറുത്തി വീട്ടില്‍ ചടഞ്ഞിരിക്കാനാണോ മുതിരേണ്ടത്? അല്ല! നൂഹ്(അ)ന്റെ ചരിത്രം നമ്മോട് പറയുന്നത് അല്ലാഹുവില്‍ ഭരമേല്‍പിച്ച് മുന്നേറുകയാണ് വേണ്ടത് എന്നാണ്. നൂഹ്(അ) അവരോട് അവരുടെ ഭീഷണിക്ക് മറുപടി പറയുന്നത് കാണുക.

”(നബിയേ,) നീ അവര്‍ക്ക് നൂഹിനെപ്പറ്റിയുള്ള വിവരം ഓതികേള്‍പിക്കുക. അദ്ദേഹം തന്റെ ജനതയോട് പറഞ്ഞ സന്ദര്‍ഭം: എന്റെ ജനങ്ങളേ, എന്റെ സാന്നിധ്യവും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെപ്പറ്റിയുള്ള എന്റെ ഉല്‍ബോധനവും നിങ്ങള്‍ക്ക് ഒരു വലിയ ഭാരമായിത്തീര്‍ന്നിട്ടുണ്ടെങ്കില്‍ അല്ലാഹുവിന്റെ മേല്‍ ഞാനിതാ ഭരമേല്‍പിച്ചിരിക്കുന്നു. എന്നാല്‍ നിങ്ങളുടെ കാര്യം നിങ്ങളും നിങ്ങള്‍ പങ്കാളികളാക്കിയവരും കൂടി തീരുമാനിച്ചുറപ്പിച്ചു കൊള്ളൂ. പിന്നെ നിങ്ങളുടെ കാര്യത്തില്‍ (തീരുമാനത്തില്‍) നിങ്ങള്‍ക്ക് ഒരു അവ്യക്തതയും ഉണ്ടായിരിക്കരുത്. എന്നിട്ട് എന്റെ നേരെ നിങ്ങള്‍ (ആ തീരുമാനം) നടപ്പില്‍ വരുത്തൂ. എനിക്ക് നിങ്ങള്‍ ഇടതരികയേ വേണ്ട” (10:71).

ഞാന്‍ പറയുന്നതെല്ലാം നിങ്ങള്‍ക്ക് അംഗീകരിക്കാന്‍ പറ്റാത്തതും നിങ്ങള്‍ക്ക് ഭാരമുണ്ടാക്കുന്നവയുമാണെങ്കില്‍ നിങ്ങള്‍ എനിക്കെതിരില്‍ എന്താണോ നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്നത് അത് ചെയ്തുകൊള്ളുക എന്ന് ആ ജനതയോട് എല്ലാം അല്ലാഹുവില്‍ ഭരമേല്‍പിച്ച് നൂഹ്(അ) പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ അല്ലാഹുവിലുള്ള അര്‍പ്പണ ബോധത്തിന്റെയും ജനങ്ങളോടുള്ള ഗുണകാംക്ഷയുടെയും  പൂര്‍ണതയാണ് നമുക്കിതില്‍ കാണാന്‍ കഴിയുന്നത്. ഏറെ പ്രതിസന്ധികളുണ്ടായിട്ടും എല്ലാം അല്ലാഹുവില്‍ അര്‍പ്പിച്ച് സഹനത്തോടെ മുന്നേറി. എന്നാല്‍ ആ ജനത അവരുടെ അഹങ്കാരത്തില്‍ തന്നെ ഉറച്ചു നിന്നു. 

”അവര്‍ പറഞ്ഞു: (ജനങ്ങളേ,) നിങ്ങള്‍ നിങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിക്കരുത്. വദ്ദ്, സുവാഅ്, യഗൂഥ്, യഊക്വ്, നസ്വ്ര്‍  എന്നിവരെ നിങ്ങള്‍ ഉപേക്ഷിക്കരുത്” (71:23). 

‘നൂഹിന്റെ ഈ പുത്തന്‍ വാദങ്ങളൊന്നും നമുക്ക് വേണ്ട. നമുക്ക് നമ്മുടെ പൂര്‍വ പിതാക്കളെ പിന്തുടരാം’ എന്നായിരുന്നു അവരുടെ ഉറച്ച നിലപാട്. പൂര്‍വികര്‍ ഇൗ വിഗ്രഹങ്ങളോട് സങ്കടം ബോധിപ്പിക്കുന്നവരും അവയുടെ മുന്നില്‍ ഭജനമിരിക്കുന്നവരുമായിരുന്നല്ലോ. അവരാരും നൂഹ്(അ) പറയുന്ന വിശ്വാസക്കാരായിരുന്നില്ല. അതിനാല്‍ നൂഹിന്റെ വാദം ‘തോട്ടിലെറിയാം.’ പൂര്‍വ പിതാക്കളും കാരണവന്മാരും ആരാധിച്ച വദ്ദ്, സുവാഅ്, യഗൂഥ്, യഊക്വ്, നസ്വ്ര്‍ എന്നിവരെ ഒഴിവാക്കേണ്ട!

നൂഹ്(അ)നെ അവരുടെ ഈ തീരുമാനങ്ങളെല്ലാം വ്യസനപ്പിച്ചെങ്കിലും 950 കൊല്ലം സഹനത്തോടെ അവരെ ശിര്‍ക്കില്‍ നിന്ന് രക്ഷപ്പെടുത്താന്‍ പരിശ്രമിച്ചു. അവരാകട്ടെ അവരുടെ ശാഠ്യം ഒഴിവാക്കാതെ ശിര്‍ക്കില്‍ തന്നെ ഉറച്ചുനിന്നു. അവസാനം അല്ലാഹു നൂഹ്(അ)നോട് പറഞ്ഞു:

”നിന്റെ ജനതയില്‍ നിന്ന് വിശ്വസിച്ചുകഴിഞ്ഞിട്ടുള്ളവരല്ലാതെ ഇനിയാരും വിശ്വസിക്കുകയേയില്ല. അതിനാല്‍ അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെപ്പറ്റി നീ സങ്കടപ്പെടരുത് എന്ന് നൂഹിന് സന്ദേശം നല്‍കപ്പെട്ടു” (11:36).

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

നൂഹ് നബി (അ) – 02

നൂഹ് നബി (അ) - 02

ബഹുദൈവാരാധനയുടെ രംഗപ്രവേശനം

ഏതൊരു സമൂഹത്തിലും ശിര്‍ക്കിന്റെ രംഗപ്രവേശനം പടിപടിയായിട്ടാണ് ഉണ്ടാകാറുള്ളത്. ഒരാള്‍ മരണപ്പെട്ടാല്‍ ആദ്യം അവരെ മഹാന്മാരായി ജനങ്ങളില്‍ പരിചയപ്പെടുത്തും. അതിനായി ഉള്ളതും ഇല്ലാത്തതുമായ നൂലാമാലകള്‍ എഴുതിയുണ്ടാക്കും. പിന്നീട് മറ്റു ക്വബ്‌റുകളില്‍ നിന്ന് പ്രകടമായി കാണുന്ന രൂപത്തില്‍ മഹാത്മാവെന്ന് പറയപ്പെടുന്നവരുടെ ക്വബ്‌റിനെ മാറ്റം വരുത്തും. ശേഷം അതിനെ കെട്ടിപ്പൊക്കുകയും അതിന്മേല്‍ പൂവ് വിതറിയും മാല ചാര്‍ത്തിയും ചന്ദനത്തിരി കത്തിച്ചും സാമ്പ്രാണി പുകച്ചും വിളക്ക് കത്തിച്ചും മറ്റും ഒരു നിഗൂഢ പരിവേഷം നല്‍കി ആ ക്വബ്‌റാളിയോട് പ്രാര്‍ഥിക്കുകയും ചെയ്യും. ശിര്‍ക്കിലേക്ക് ജനങ്ങളെ ഇപ്രകാരമാണ് പിശാച് എത്തിക്കുന്നത്.

നൂഹ് നബി(അ)ന്റെ ജനതയെ പിശാച് പിഴപ്പിച്ചതിന്റെ പടവുകള്‍ നോക്കൂ. ആദ്യം അവരോട് വദ്ദ്, സുവാഅ്, യഗൂഥ്, യഊഖ്വ്, നസ്വ്ര്‍ തുടങ്ങിയവരുടെ പ്രതിമകള്‍ ഉണ്ടാക്കുവനായി നിര്‍ദേശിക്കുന്നു. ആ സമയം അവരെ ആരാധിക്കുവാന്‍ അവരോട് അവന്‍ കല്‍പിച്ചില്ല. മറിച്ച് അവരെക്കുറിച്ചുള്ള ഓര്‍മകളും മറ്റും നിലനില്‍ക്കാനും അതിലൂടെ നിങ്ങളുടെ ജീവിതം നന്നാക്കാനും ഇത് നല്ലതാണ് എന്ന് തോന്നിപ്പിച്ചു. അടുത്ത തലമുറയോട് അവയെ ആരാധിക്കുവാനുള്ള ദുര്‍ബോധനമാണ് നടത്തിയത്. ഇവിടെ എത്രയോ ആളുകള്‍ മരണപ്പെട്ടല്ലോ. എന്നാല്‍ അവരുടെയെല്ലാം രൂപം നിര്‍മിച്ചതായി നാം കാണുന്നില്ല. പക്ഷേ, അഞ്ചുപേരുടെ മാത്രം രൂപങ്ങള്‍ കാണപ്പെടുന്നു. അതിന് ചില കാരണങ്ങളുണ്ട്. ഇവര്‍ നല്ലവരായ ആളുകളായിരുന്നു. അതിനാല്‍ അവരുടെ അടുത്തേക്ക് ജനങ്ങള്‍ പാപങ്ങള്‍ പൊറുത്തു കിട്ടാനും തങ്ങളുടെ കാര്യങ്ങള്‍ സാധിപ്പിച്ചു കിട്ടാനും അല്ലോഹുവിനോട് തേടാനായി ചെന്നിരുന്നു. അവര്‍ അല്ലാഹുവിനോട് ദുആ ചെയ്യും; പ്രാര്‍ഥനക്ക് ഉത്തരം നല്‍കപ്പെടുകയും ചെയ്യും. എന്നാല്‍ അവര്‍ മരണപ്പെട്ടിരിക്കുന്നു. പക്ഷേ, അവരുടെ കഴിവുകള്‍ നിലനില്‍ക്കുന്നു. നമ്മളാകട്ടെ പാപികളാണ്. അതിനാല്‍ ഇവരെ സമീപിച്ച് ഇവരോട് നമ്മുടെ കാര്യങ്ങള്‍ പറഞ്ഞാല്‍ ഇവര്‍ അല്ലാഹുവിനോട് നമ്മുടെ കാര്യങ്ങള്‍ പറഞ്ഞ് സാധിപ്പിച്ചുതരും. ഇത്തരം ദുര്‍ബോധനങ്ങള്‍ ജനങ്ങള്‍ ഉള്‍ക്കൊണ്ടു. അവര്‍ അപ്രകാരം ചെയ്ത് ശിര്‍ക്കില്‍ പതിച്ചു. അല്ലാഹുവിന് മാത്രം അര്‍പ്പിക്കേണ്ട പ്രാര്‍ഥനയും നേര്‍ച്ചയും ബലിയും സത്യം ചെയ്യലും ഭജനമിരിക്കലും എല്ലാം മഹാന്മാരിലേക്ക് തിരിക്കപ്പെട്ടു. ആ ദുര്‍നടപടി അങ്ങനെ തുടര്‍ന്നുവന്നു. 

പ്രതിമകളുടെ മുന്നിലാണ് അവരുടെ ആരാധന നടപടികളെല്ലാം അവര്‍ നിര്‍വഹിക്കുന്നതെങ്കിലും അവരുടെ മനസ്സില്‍ കേവലം ആ കല്ലുകളല്ല ഉണ്ടായിരുന്നത്. ആ കല്ലുകള്‍ ആരെയാണോ പ്രതിനിധീകരിക്കുന്നത് അവരുടെ പ്രീതിയും പൊരുത്തവും പ്രതീക്ഷിച്ചും അവരില്‍ നിന്നുള്ള പൊരുത്തക്കേടുകളെ ഭയപ്പെട്ടുമായിരുന്നു അവര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ അഭൗതിക മാര്‍ഗത്തിലൂടെയുള്ള ഗുണവും ദോഷവും സൃഷ്ടികളില്‍ നിന്ന് പ്രതീക്ഷിക്കുകയാണ് ചെയ്യുന്നത്. അഭൗതിക മാര്‍ഗത്തിലൂടെ സ്രഷ്ടാവായ അല്ലാഹുവില്‍ നിന്നല്ലാതെ യാതൊരു ഗുണത്തെയോ ദോഷത്തെയോ പ്രതീക്ഷിക്കാവതല്ല. 

ആ ജനതയില്‍ ശിര്‍ക്ക് തുടങ്ങിയപ്പോള്‍ അല്ലാഹു അവരിലേക്ക് നൂഹിനെ നിയോഗിച്ചു. അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും നൂഹിനെ അദ്ദേഹത്തിന്റെ ജനതയിലേക്ക് നാം അയച്ചു. നിന്റെ ജനതയ്ക്ക് വേദനയേറിയ ശിക്ഷ വരുന്നതിന്റെ മുമ്പ് അവര്‍ക്ക് താക്കീത് നല്‍കുക എന്ന് നിര്‍ദേശിച്ചു കൊണ്ട.് അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളെ, തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്കു വ്യക്തമായ താക്കീതുകാരനാകുന്നു. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും അവനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍. എങ്കില്‍ അവന്‍ നിങ്ങള്‍ക്കു നിങ്ങളുടെ പാപങ്ങളില്‍ ചിലത് പൊറുത്തുതരികയും, നിര്‍ണയിക്കപ്പെട്ട ഒരു അവധി വരെ നിങ്ങളെ നീട്ടിയിടുകയും ചെയ്യുന്നതാണ്. തീര്‍ച്ചയായും അല്ലാഹുവിന്റെ അവധി വന്നാല്‍ അത് നീട്ടി കൊടുക്കപ്പെടുകയില്ല. നിങ്ങള്‍ അറിഞ്ഞിരുന്നെങ്കില്‍” (ക്വര്‍ആന്‍ 71:1-4).

”നൂഹിനെ നാം അദ്ദേഹത്തിന്റെ ജനതയിലേക്ക് അയക്കുകയുണ്ടായി. അമ്പത് കൊല്ലം ഒഴിച്ചാല്‍ ആയിരം വര്‍ഷം തന്നെ അദ്ദേഹം അവര്‍ക്കിടയില്‍ കഴിച്ചുകൂട്ടി…”(29:14). 

പ്രവാചകന്മാരുടെ ചരിത്രം നാം പഠിക്കുന്നത് അവരുടെ മാര്‍ഗം പിന്തുടരുന്നതിന് ആവശ്യമായ കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് അറിയാനാണ്. നൂഹ്(അ) 950 കൊല്ലം ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി നടന്ന് ‘ലാ ഇലാഹ ഇല്ലല്ലാഹു’ പഠിപ്പിക്കുകയാണ്, അതിലേക്ക് ക്ഷണിക്കുകയാണ്. 

പ്രവാചകന്മാരാണ് അല്ലാഹുവിന്റെ ദീനിനെ കുറിച്ച് അഗാധ ജ്ഞാനം നേടിയവര്‍. കാരണം അവര്‍ക്കാണ് അല്ലാഹുവിങ്കല്‍ നിന്നുള്ള അറിവ് നേരിട്ട് എത്തുന്നത്. അവര്‍ ഒരു മുറിയിലോ മറ്റോ ഇരുന്ന് അവിടെ വരുന്നവര്‍ക്ക് മാത്രം തൗഹീദ് പഠിപ്പിക്കുകയല്ല ചെയ്തത്. മറിച്ച് അവര്‍ അല്ലാഹുവിങ്കല്‍ നിന്നും ലഭിച്ചിട്ടുള്ള അറിവുമായി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു ചെയ്തത്. ഇസ്‌ലാമിന് ലോകത്ത് പ്രചാരം സിദ്ധിച്ചത് തന്നെ ഈ പ്രബോധന മാര്‍ഗത്തിലൂടെയായിരുന്നു. നബി(സ്വ) പല സ്വഹാബികളെയും മറുനാടുകളിലേക്ക് പ്രബോധനത്തിനായി നിയോഗിച്ചിട്ടുണ്ട്. ഇസ്‌ലാമിക പ്രബോധനം ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നുള്ളതായിരുന്നുവെന്നാണ് പ്രവാചകന്മാരുടെയും അവരെ പിന്തുടര്‍ന്നവരുടെയും ചരിത്രം നമ്മെ പഠിപ്പിക്കുന്നത്.

നൂഹ്(അ) ‘ലാ ഇലാഹ ഇല്ലല്ലാഹു’ എന്ന ആശയം ജനങ്ങളിലേക്ക് എത്തിക്കുവാനായി കഴിയുന്ന മാര്‍ഗങ്ങളെല്ലാം സ്വീകരിച്ചുനോക്കി. അദ്ദേഹം അല്ലാഹുവിനോട് പറയുന്നത് കാണുക:

”അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, തീര്‍ച്ചയായും എന്റെ ജനതയെ രാവും പകലും ഞാന്‍ വിളിച്ചു. എന്നിട്ട് എന്റെ വിളി അവരുടെ ഓടിപ്പോക്ക് വര്‍ധിപ്പിക്കുക മാത്രമെ ചെയ്തുള്ളു. തീര്‍ച്ചയായും, നീ അവര്‍ക്ക് പൊറുത്തുകൊടുക്കുവാന്‍ വേണ്ടി ഞാന്‍ അവരെ വിളിച്ചപ്പോഴൊക്കെയും അവര്‍ അവരുടെ വിരലുകള്‍ കാതുകളില്‍ വെക്കുകയും, അവരുടെ വസ്ത്രങ്ങള്‍ മൂടിപ്പുതക്കുകയും, അവര്‍ ശഠിച്ചു നില്‍ക്കുകയും, കടുത്ത അഹങ്കാരം നടിക്കുകയുമാണ് ചെയ്തത്. പിന്നീട് അവരെ ഞാന്‍ ഉറക്കെ വിളിച്ചു. പിന്നീട് ഞാന്‍ അവരോട് പരസ്യമായും വളരെ രഹസ്യമായും പ്രബോധനം നടത്തി” (71:59). 

ജനങ്ങള്‍ക്ക് തൗഹീദിന്റെ സന്ദേശം എത്തിക്കുന്നതിനായി ആവതും പരിശ്രമിച്ചു. പകലില്‍ കാണുന്നവരോട് പകല്‍ സമയത്ത് പറയും. രാത്രി കാണാന്‍ കഴിയുന്നവരെ രാത്രിയില്‍ ചെന്ന് കാണും. രഹസ്യമായി കണ്ടാല്‍ സംസാരത്തിന് കാത് നല്‍കുന്നവരുണ്ടാകും; അവരെ അങ്ങനെ കാണും. ചിലര്‍ അതിനും സമ്മതിക്കാത്തവരാകും; അപ്പോള്‍ അവരും കൂടി കേള്‍ക്കുന്ന ശബ്ദത്തില്‍ പരസ്യമായും ഉറക്കെയും വിളിച്ചു പറയും. എങ്ങനെയായിരുന്നാലും ഈ ജനത ഈ സത്യം മനസ്സിലാക്കി ശിര്‍ക്കില്‍ നിന്ന് രക്ഷപ്പെട്ടങ്കില്‍ എന്ന അതിയായ മോഹമായിരുന്നു അദ്ദേഹത്തിന്. പക്ഷേ, എത്ര പറഞ്ഞു കൊടുത്തിട്ടും ഫലമുണ്ടായില്ല. അവര്‍ ചെവി മൂടിക്കെട്ടി കേള്‍ക്കാന്‍ വിസമ്മതിക്കുകയും അദ്ദേഹത്തില്‍ നിന്ന് ഓടിയകലുകയും ചെയ്തു. 

പ്രബോധനത്തിന്റെ ലക്ഷ്യം പ്രബോധകരുടെയും പ്രബോധിതരുടെയും പരലോക മോക്ഷമായിരിക്കണം. അതിനാല്‍ ഇസ്‌ലാമിന് എതിരാകുന്ന മാര്‍ഗങ്ങള്‍ സ്വീകരിക്കാതെയായിരിക്കണം അതിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നത്. ഭൗതിക നേട്ടങ്ങള്‍ കാണിച്ച് കൊതിപ്പിച്ചു കൊണ്ടുള്ള, ആദര്‍ശം തുടക്കത്തില്‍ വ്യക്തമാക്കാതെയുള്ള മിഷണറി രീതി ഇസ്‌ലാം അംഗീകരിക്കുന്നില്ല. 

നൂഹ് നബി(അ) അവരെ ഏകദൈവ വിശ്വാസത്തിലേക്ക് മടങ്ങാന്‍ ആകുന്നത്ര ഉദ്‌ബോധിപ്പിച്ചുവെങ്കിലും അവര്‍ അത് ചെവിക്കൊള്ളാന്‍ മനസ്സുവെച്ചില്ല. അന്നേരം അവരോട് അല്ലാഹുവിലേക്ക് മടങ്ങുന്നതിന്റെ ഭൗതിക നേട്ടവും വിവരിക്കുന്നത് കാണുക:

”അങ്ങനെ ഞാന്‍ പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനാകുന്നു. അവന്‍ നിങ്ങള്‍ക്ക് മഴ സമൃദ്ധമായി അയച്ചുതരും. സ്വത്തുക്കളും സന്താനങ്ങളും കൊണ്ട് നിങ്ങളെ അവന്‍ പോഷിപ്പിക്കുകയും നിങ്ങള്‍ക്കവന്‍ തോട്ടങ്ങള്‍ ഉണ്ടാക്കിത്തരികയും നിങ്ങള്‍ക്കവന്‍ അരുവികള്‍ ഉണ്ടാക്കിത്തരികയും ചെയ്യും”(71:10-12). 

പ്രവാചകന്മാര്‍ ജനങ്ങളോട് പറയുന്നതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരല്ല; അവര്‍ ജനങ്ങളോട് കല്‍പിക്കുന്ന നന്മകള്‍ ചെയ്യുന്നവരും വിരോധിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരുമാണ്. പ്രബോധകന്‍ എപ്പോഴും അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുന്നവനായിരിക്കണം. നമ്മള്‍ പാപികളാണ്. അത്യുന്നതനായ അല്ലാഹുവിലേക്ക് നാം എങ്ങനെ നേരിട്ട് അടുക്കും? അതിനാല്‍ അവനിലേക്ക് അടുത്തവര്‍ മുഖേന നമുക്ക് അവനിലേക്ക് അടുക്കാം എന്നാണ് പലരും സൃഷ്ടിപൂജക്ക് ന്യായീകരണം നടത്താറുള്ളത്.  നൂഹ്(അ) ‘ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനോട് പാപമോചനം തേടുവിന്‍. അവന്‍ പാപങ്ങള്‍ അങ്ങേയറ്റം പൊറുത്തു മാപ്പ് നല്‍കുന്നവനാണ്’ എന്നാണ് പറഞ്ഞത്. ഇതായിരിക്കണം പ്രബോധകരുടെ ശൈലി. ജനങ്ങളെ നിരാശപ്പെടുത്തുകയല്ല വേണ്ടത്. മറിച്ച്, അല്ലാഹു ആരാണെന്ന് വ്യക്തമാക്കി കൊടുക്കണം. അവന്‍ പാപങ്ങളേതും പൊറുത്തു തരുന്നവനാണെന്നും അവനോട് പശ്ചാത്തപിക്കുകയാണ് ചെയ്യേണ്ടതന്നും അവരെ അറിയിക്കുന്നതോടൊപ്പം അവന്റെ ശിക്ഷ ഭയങ്കരമാണെന്നും അറിയിക്കണം.

പാപങ്ങളില്‍ മുഴുകുകയും അല്ലാഹുവോട് പാപമോചനം തേടുകയും പശ്ചാത്തപിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ മനുഷ്യര്‍ക്ക് തടയപ്പെടും എന്ന മുന്നറിയിപ്പും ഈ വചനത്തില്‍ കാണാം. 

മഹാന്മാരായ മുന്‍ഗാമികള്‍ വല്ല വിപത്തും നേരിടുമ്പോള്‍ പാപങ്ങള്‍ കാരണമാണോ ഇത് ബാധിച്ചിരിക്കുന്നതെന്ന് സംശയിക്കുകയും ജനങ്ങളോട് ജാഗ്രത കൈക്കൊള്ളാന്‍ ആഹ്വാനം ചെയ്യുകയും ചെയ്യാറുണ്ടായിരുന്നു. 

സഈദ് ബ്‌നു മുസ്വയ്യിബി(റ)നോട് ചിലര്‍ വരള്‍ച്ചയെ കുറിച്ചും സന്താനമില്ലാത്തതിനെ കുറിച്ചും കാര്‍ഷിക അഭിവൃദ്ധിയില്ലായ്മയെ കുറിച്ചും പറഞ്ഞപ്പോള്‍ നൂഹ്(അ) ജനങ്ങളോട് പറഞ്ഞ അതേ കാര്യം തന്നെയാണ് നിര്‍ദേശിച്ചത്. 

പ്രപഞ്ചത്തില്‍ അല്ലാഹു സംവിധാനിച്ചിട്ടുള്ള അത്ഭുതങ്ങളിലേക്ക് അവരുടെ ശ്രദ്ധ ക്ഷണിച്ചും തൗഹീദ് മനസ്സിലാക്കിക്കൊടുക്കാന്‍ അദ്ദേഹം ശ്രമിച്ചു:

”നിങ്ങള്‍ക്കെന്തു പറ്റി? അല്ലാഹുവിന് ഒരു ഗാംഭീര്യവും നിങ്ങള്‍ പ്രതീക്ഷിക്കുന്നില്ല! നിങ്ങളെ അവന്‍ പല ഘട്ടങ്ങളിലായി സൃഷ്ടിച്ചിരിക്കുകയാണല്ലോ. നിങ്ങള്‍ കണ്ടില്ലേ; എങ്ങനെയാണ് അല്ലാഹു അടുക്കുകളായിട്ട് ഏഴ് ആകാശങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത് എന്ന്. ചന്ദ്രനെ അവിടെ ഒരു പ്രകാശമാക്കിയിരിക്കുന്നു. സൂര്യനെ ഒരു വിളക്കുമാക്കിയിരിക്കുന്നു. അല്ലാഹു നിങ്ങളെ ഭൂമിയില്‍ നിന്ന് ഒരു മുളപ്പിക്കല്‍ മുളപ്പിച്ചിരിക്കുന്നു. പിന്നെ അതില്‍ തന്നെ നിങ്ങളെ അവന്‍ മടക്കുകയും നിങ്ങളെ ഒരിക്കല്‍ അവന്‍ പുറത്തു കൊണ്ട് വരികയും ചെയ്യുന്നതാണ്. അല്ലാഹു നിങ്ങള്‍ക്കു വേണ്ടി ഭൂമിയെ ഒരു വിരിപ്പാക്കുകയും ചെയ്തിരിക്കുന്നു. അതിലെ വിസ്താരമുള്ള പാതകളില്‍ നിങ്ങള്‍ പ്രവേശിക്കുവാന്‍ വേണ്ടി.” (71:13-20).

ഇക്കാര്യങ്ങളെല്ലാം വിവരിച്ച് അല്ലാഹുവിനെ മാത്രമെ ആരാധിക്കാവൂ എന്ന് വ്യക്തമാക്കിയിട്ടും ആ ജനതയില്‍ മാറ്റമുണ്ടായില്ല.  

ബുദ്ധിയുടെയും തെളിവിന്റെയും അടിസ്ഥാനത്തില്‍, അല്ലാഹു മാത്രമെ ആരാധ്യനായുള്ളൂവെന്നും പ്രാര്‍ഥനകളും നേര്‍ച്ച വഴിപാടുകളും അടക്കം ആരാധനയുടെ ഭാഗമായി വരുന്ന ഭയവും സ്‌നേഹവും അടക്കമുള്ള വികാരങ്ങളും, അനുസരണയും വിധേയത്വവും താഴ്മയുമെല്ലാം സര്‍വലോക രക്ഷിതാവായ അവനു മാത്രമെ അര്‍പ്പിക്കാവൂ എന്നും അവരോട് പറഞ്ഞപ്പോള്‍ അവര്‍ അദ്ദേഹത്തെ ആക്ഷേപിച്ചും പരിഹസിച്ചും ഒറ്റപ്പെടുത്തി. പ്രമാണിമാര്‍ അദ്ദേഹത്തെ എതിര്‍ത്ത് സംസാരിച്ചതും അദ്ദേഹം നല്‍കിയ മറുപടിയും ഇപ്രകാരമായിരുന്നു:

”…തീര്‍ച്ചയായും നീ പ്രത്യക്ഷമായ ദുര്‍മാര്‍ഗത്തിലാണെന്ന് ഞങ്ങള്‍ കാണുന്നു. അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, എന്നില്‍ ദുര്‍മാര്‍ഗമൊന്നുമില്ല. പക്ഷേ, ഞാന്‍ ലോകരക്ഷിതാവിങ്കല്‍ നിന്നുള്ള ദൂതനാകുന്നു. എന്റെ രക്ഷിതാവിന്റെ സന്ദേശങ്ങള്‍ ഞാന്‍ നിങ്ങള്‍ക്കു എത്തിച്ചുതരികയും, നിങ്ങളോട് ആത്മാര്‍ഥമായി ഉപദേശിക്കുകയുമാകുന്നു. നിങ്ങള്‍ക്കറിഞ്ഞ് കൂടാത്ത പലതും അല്ലാഹുവിങ്കല്‍ നിന്ന് ഞാന്‍ അറിയുന്നുമുണ്ട്” (7:60-62). 

വ്യക്തമായ തെളിവുകളെ ഖണ്ഡിക്കാന്‍ സാധിക്കാതെ വരികയും അത് സ്വീകരിക്കുന്നതിന് അഹങ്കാരം തടസ്സമാവുകയും ചെയ്തപ്പോള്‍ അവര്‍ അദ്ദേഹത്തോട് ‘നൂഹേ, നീ പിഴച്ചവനാണ്’ എന്ന് പറയുകയാണ് ചെയ്തത്. ഏതൊരു തൗഹീദീ പ്രബോധകനും എക്കാലത്തും നേരിടേണ്ടി വരുന്ന ഒരു വാക്കാകയാണ് ചെയ്തത്. തൗഹീദ് പറയാന്‍ തുടങ്ങിയാല്‍ ശത്രുക്കള്‍ ആദ്യം പറയുക ‘അയാളുടെ വാക്കുകള്‍ക്ക് ചെവി കൊടുക്കരുത്, അയാള്‍ പിഴച്ചവനാണ്, പിഴപ്പിക്കുന്നവനാണ്’ എന്നൊക്കെയായിരിക്കും. നൂഹി(അ)നോടും ഇതേ വാക്ക് പറഞ്ഞപ്പോള്‍ അദ്ദേഹം തനിക്ക് യാതൊരു പിഴവും സംഭവിച്ചിട്ടില്ലെന്നും ലോകരക്ഷിതാവായ അല്ലാഹുവിങ്കല്‍ നിന്ന് ലഭിക്കുന്ന സന്ദേശത്തെ ഞാന്‍ നിങ്ങളിലേക്ക് എത്തിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അറിയിച്ചു.

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

നൂഹ് നബി(അ) – 01

നൂഹ് നബി (അ) - 01

പ്രവാചകന്മാരുടെ എണ്ണം കൃത്യമായി നമുക്കറിയില്ലെന്നും, 25 പ്രവാചകന്മാരുടെ പേരുകളാണ് ക്വുര്‍ആനില്‍ വന്നിട്ടുള്ളതെന്നും അവരില്‍ ‘ഉലുല്‍ അസ്മ്’ എന്ന പേരിലറിയപ്പെടുന്ന അഞ്ച് നബിമാര്‍ക്ക് പ്രത്യക സ്ഥാനമുണ്ടെന്നും നാം മുമ്പ് മനസ്സിലാക്കിയതാണ്. ഈ അഞ്ച് നബിമാരില്‍ ആദ്യമായി എണ്ണപ്പെടുന്നത് നൂഹ്(അ) ആണ്. അല്ലാഹു റസൂലായി അയച്ചിട്ടുള്ളവരില്‍ ആദിമനാണ് അദ്ദേഹം. മഹ്ശറില്‍ ജനകോടികള്‍ ശുപാര്‍ശക്കായി ആദ്യപിതാവ് ആദമിന്റെ അടുക്കല്‍ ചെല്ലുമ്പോള്‍ അദ്ദേഹം ഇപ്രകാരം പറയുന്നതായി ഹദീസില്‍ കാണാം.

”ആദം(അ) പറയും: നിങ്ങള്‍ നൂഹിന്റെ അടുത്തേക്ക് പോകുക.” അങ്ങനെ അവര്‍ നൂഹ് നബി(അ)യുടെ അടുക്കല്‍ ചെല്ലും. എന്നിട്ട് അവര്‍ പറയും: ”ഓ, നൂഹ്. താങ്കള്‍ ഭൂമിയിലേക്ക് അയക്കപ്പെട്ട ആദ്യത്തെ റസൂലാണല്ലോ” (ബുഖാരി, മുസ്‌ലിം). 

ആദം(അ)ന് ശേഷം പത്ത് തലമുറകള്‍ പിന്നിട്ടതിന് ശേഷമാണ് നൂഹ്(അ) വരുന്നത്. ആദം നബി(അ)ന്റെയും നൂഹ്(അ)ന്റെയും ഇടയിലുള്ള കാലയളവ് എത്രയായിരുന്നുവെന്ന് നബി(സ്വ)യോട് ചോദിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞത് ഇപ്രകാരമായിരുന്നു:

”…പത്ത് നൂറ്റാണ്ട്”(ഇബ്‌നു ഹിബ്ബാന്‍). (പത്ത് തലമുറകള്‍ എന്നും അര്‍ഥം പറയാവുന്നതാണ്).  ഈ കാലയളവില്‍ ജീവിച്ചിരുന്നവരൊന്നും ശിര്‍ക്ക് ചെയ്യുന്നവരായിരുന്നില്ല. എന്നാല്‍ മറ്റു പാപങ്ങള്‍ ചെയ്യാത്തവരായിരുന്നുവെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കിക്കൂടാത്തതുമാകുന്നു. ആദം നബിയുടെ മക്കളില്‍ സംഭവിച്ചത് നാം മുമ്പ് വിവരിച്ചിട്ടുണ്ട്. അഥവാ ശുദ്ധ പ്രകൃതിയിലായിരുന്നു അവരുണ്ടായിരുന്നത്. ഇബ്‌നു അബ്ബാസ്(റ) പറയുന്നത് കാണുക:

”ആദമിനും നൂഹിനും ഇടയില്‍ പത്ത് നൂറ്റാണ്ടുകളുണ്ടായിരുന്നു. അവരെല്ലാവരും ശരിയായ ശരീഅത്തിലായിരുന്നു” (ഹാകിം). കളങ്കരഹിതമായ വിശ്വാസത്തിലായിട്ടാണ് അല്ലാഹു ഏതൊരുത്തനെയും സൃഷ്ടിക്കുന്നത്:

ആകയാല്‍ (സത്യത്തില്‍) നേരെ നിലകൊള്ളുന്നവനായിട്ട് നിന്റെ മുഖത്തെ നീ മതത്തിലേക്ക് തിരിച്ചു നിര്‍ത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്”(ക്വുര്‍ആന്‍ 30:30). ഏതൊരു കുഞ്ഞും ജനിക്കുന്നത് ശുദ്ധ പ്രകൃതിയിലാണ്. അഥവാ അല്ലാഹുവിനെ മാത്രം ആരാധിക്കുക, അവനില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുക എന്ന വക്രതയില്ലാത്ത അല്ലാഹുവിന്റെ മാര്‍ഗത്തിലണ്. അതില്‍ നിന്ന് വ്യതിചലിപ്പിക്കുന്നത് അവന്റെ മാതാപിതാക്കളാണ്. 

ആദം(അ)ന്റെയും ഹവ്വാ(റ)യുടെയും ചരിത്രം പറയുമ്പോള്‍ അവരുടെ മേല്‍ ചിലര്‍ ശിര്‍ക്കിന്റെ ഒരു ആരോപണം ചാര്‍ത്തിക്കൊടുത്തത് നാം എടുത്ത് പറഞ്ഞിട്ടുണ്ട്. ഇത് തികച്ചും പ്രമാണ വിരുദ്ധമാണ്. നബി(സ്വ)യും അനുചരന്മാരും മനസ്സിലാക്കിയതും വിശ്വസിച്ചതും ആദം(അ)നും ഹവ്വാ(റ)ക്കും ശേഷം നൂഹ്(അ) വരെയുള്ളവരെല്ലാം ശരിയായ ശരീഅത്തിലായിരുന്നുവെന്നാണ്. 

കേരളത്തില്‍, ക്വുര്‍ആന്‍ പരിഭാഷപ്പെടുത്തല്‍ ഹറാമാണെന്ന് ഫത്‌വ നല്‍കിയവരില്‍ നിന്ന് തന്നെ ഒരു ക്വുര്‍ആന്‍ പരിഭാഷ പുറത്തിറങ്ങി. ആ പരിഭാഷക്ക് പി.എം.എസ്.എ പൂക്കോയ തങ്ങള്‍ അവതാരിക എഴുതിയപ്പോള്‍ സുന്നത്ത് ജമാഅത്തിന്റെ തഫ്‌സീറാണെന്ന് അവകാശപ്പെടുകയും ചെയ്തിട്ടുണ്ട്. പരിഭാഷകനായ ടി.കെ അബ്ദുല്ല മൗലവി പറയുന്നത് കാണുക: ”അങ്ങനെ അല്ലാഹു അവര്‍ക്ക് നല്ല(കുട്ടിയെ) പ്രദാനം ചെയ്തപ്പോള്‍ അവര്‍ക്കു നല്‍കിയതില്‍ അവന്ന് അവര്‍ പങ്കാളികളെ (ദേ്യാതിപ്പിക്കുന്ന നാമം) ആക്കി. അബ്ദുല്‍ ഹാരിസ് -കര്‍ഷകദാസന്‍- എന്നു നാമകരണം ചെയ്തു. അബ്ദുല്ല -അല്ലാഹുവിന്റെ ദാസന്‍- അല്ലാതെ പാടില്ലായിരുന്നു. ആദം നബി മഅ്‌സ്വൂമാകയാല്‍ ഇത് ആരാധനയില്‍ പങ്കുചേര്‍ക്കലല്ല. നബി(സ്വ)യില്‍ നിന്ന് സംറത്ത് നിവേദനം ചെയ്യുന്നു: ഹവ്വാ ബീവി പ്രസവിച്ചപ്പോള്‍ ഇബ് ലീസ് അവരെ ചുറ്റിപ്പറ്റിക്കൂടി. അവള്‍ക്ക് കുട്ടികള്‍ ജീവിക്കയില്ലായിരുന്നു. നിങ്ങള്‍ കുട്ടിക്ക് അബ്ദുല്‍ഹാരിസ് എന്ന് നാമകരണം ചെയ്യുകയാണെങ്കില്‍ ജീവിക്കുമെന്ന് മന്ത്രിച്ചു. അങ്ങനെ അവര്‍ ആ പേര്‍ നല്‍കി. അപ്പോള്‍ അത് പൈശാചിക മന്ത്രത്താലുണ്ടായതാണ്. ഹാകിമും തുര്‍മുദിയും ഇതു നിവേദനം ചെയ്തിരിക്കുന്നു. എന്നാല്‍ അവര്‍ (മക്കാ നിവാസികള്‍) പങ്കുചേര്‍ക്കുന്നതില്‍ നിന്ന് അല്ലാഹു ഉന്നതനായിരിക്കുന്നു.”

ശിര്‍ക്ക് പോലെയുള്ള മഹാപാപങ്ങളോ, ചതി, കൊലപാതകം, മോഷണം, വ്യഭിചാരം, കള്ളംപറയല്‍ തുടങ്ങിയ യാതൊരു തെറ്റും പ്രവാചകന്മാരില്‍ നിന്നും സംഭവിക്കില്ല. കാരണം അവര്‍ പാപസുരക്ഷിതരാണ്. അതിനാല്‍ ഈ വ്യാഖ്യാനത്തില്‍ കാണുന്നത് പോലെയുള്ള ശിര്‍ക്കിന്റെ വശങ്ങള്‍ ഒരിക്കലും ഒരു പ്രവാചകനിലേക്ക് ചേര്‍ത്തിപ്പറയാവുന്നതല്ല. 

പിശാചിന്റെ ദുര്‍ബോധനത്താല്‍ സംഭവിച്ച ഒരു പിഴവിന് അങ്ങേയറ്റത്തെ കുറ്റബോധത്താല്‍ ആദമും ഹവ്വായും അല്ലാഹുവിനോട് പശ്ചാത്തപിക്കുകയും ആ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുകയും ചെയ്തുവെന്ന് ക്വുര്‍ആന്‍ വ്യക്തമാക്കിയത് നാം വിവരിച്ചു കഴിഞ്ഞു. എന്നാല്‍ അതിലേറെ വലിയ മഹാപാപമായ ശിര്‍ക്ക് അദ്ദേഹത്തില്‍ നിന്ന് വന്നുവെങ്കില്‍ അല്ലാഹുവിനോട് അദ്ദേഹം അത് പൊറുത്തുകിട്ടാനായി നടത്തിയ പാപമോചനവും പശ്ചാത്താപവും അല്ലാഹു വിശുദ്ധ ക്വുര്‍ആനിലൂടെയോ അല്ലെങ്കില്‍ നബി(സ്വ) പഠിപ്പിച്ചതായി സ്വീകാര്യയോഗ്യമായ ഹദീഥിലൂടെയോ നമുക്ക് ലഭിക്കുമായിരുന്നു.  അങ്ങനെയൊന്ന് ഇല്ലെന്ന് നമുക്ക് തീര്‍ത്ത് പറയാന്‍ സാധിക്കുന്ന സാഹചര്യത്തില്‍ ഇത് ആദം(അ)ന്റെ പേരില്‍ നിര്‍മിക്കപ്പെട്ട ഒരു റിപ്പോര്‍ട്ടായി നമുക്ക് മനസ്സിലാക്കാം. 

ആദം(അ)ന്റെ മക്കളായ ക്വാബീലിന്റെ സന്തതികള്‍ അഗ്‌നിയെ ആരാധിക്കുന്നവരായിരുന്നുവെന്ന് ചില ചരിത്രകാരന്മാരുടെ പരാമര്‍ശങ്ങളില്‍ വന്നതും അടിസ്ഥാനരഹിതമാണ്. ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: ”ആദമിനും നൂഹിനും ഇടയില്‍ പത്ത് തലമുറകള്‍ ഉണ്ടായിരുന്നു. അവരെല്ലാവരും യഥാര്‍ഥ ശരീഅത്തിലായിരുന്നു. പിന്നീട് അവര്‍ ഭിന്നിച്ചു. അപ്പോള്‍ സന്തോഷവാര്‍ത്ത അറിയിക്കുന്നവരായും താക്കീത് നല്‍കുന്നവരായും അല്ലാഹു പ്രവാചകന്മാരെ അയച്ചു.”

ആദം(അ) മുതല്‍ നൂഹ്(അ) വരെയുള്ള ജനങ്ങളെല്ലാം തൗഹീദിലായിരുന്നു. എന്നാല്‍ പിന്നീട് അവരില്‍ (നൂഹ്(അ)ന്റെ ജനതയില്‍) ശിര്‍ക്ക് സംഭവിച്ചു. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ(റ) ഇതു സംബന്ധമായി പറയുന്നത് കാണുക:

”ആദം സന്തതികളില്‍ സംഭവിച്ച ആദ്യത്തെ ശിര്‍ക്ക് ഇതായിരുന്നു. അത് നൂഹ്(അ)ന്റെ ജനതയിലുമായിരുന്നു.”

മനുഷ്യ സമൂഹത്തില്‍ ശിര്‍ക്കിന്റെ തുടക്കം എങ്ങനെയായിരുന്നു? രണ്ട് അല്ലാഹു ഉണ്ടെന്ന് വാദിച്ചുകൊണ്ടായിരുന്നില്ല ശിര്‍ക്കിന്റെ രംഗപ്രവേശനം. നൂഹ് നബി(അ)ന്റെ ജനതയിലുള്ളവര്‍ അഞ്ച് പ്രധാനപ്പെട്ട ആളുകളെ ആരാധിച്ചിരുന്നു. അവരുടെ പേരുകള്‍ ക്വുര്‍ആന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 

”അവര്‍ പറഞ്ഞു: (ജനങ്ങളേ,) നിങ്ങള്‍ നിങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിക്കരുത്. വദ്ദ്, സുവാഉ്, യഗൂഥ്, യഊക്വ്, നസ്വര്‍ എന്നിവരെ നിങ്ങള്‍ ഉപേക്ഷിക്കരുത്” (ക്വുര്‍ആന്‍ 71:23). 

ആരായിരുന്നു ഈ പേര് പറയപ്പെട്ടവര്‍? ഇബ്‌നു അബ്ബാസ്(റ) ഇവരെക്കുറിച്ച് പറയുന്നത് കാണുക: ”നൂഹ് നബിയുടെ ജനതയിലുണ്ടായിരുന്ന ചില സജ്ജനങ്ങളുടെ പേരുകളാണവ. അങ്ങനെ അവര്‍ മരിച്ചു പോയപ്പോള്‍, അവര്‍ ഇരിക്കാറുണ്ടായിരുന്ന ഇരിപ്പിടങ്ങളില്‍ അവരുടെ പേരു നല്‍കിക്കൊണ്ട് ചില പ്രതിഷ്ഠകള്‍ സ്ഥാപിക്കണമെന്ന് പിശാച് ജനങ്ങള്‍ക്ക് ദുര്‍ബോധനം നല്‍കി. അവരതു ചെയ്യുകയും ചെയ്തു. എന്നാലവ ആരാധിക്കപ്പെട്ടിരുന്നില്ല. അങ്ങനെ, അക്കൂട്ടര്‍ നശിച്ചുപോകുകയും ചെയ്തു. (അങ്ങനെ അവരെക്കുറിച്ചുള്ള) അറിവ് (പിശാച്) മറപ്പിക്കുകയും (അവ) ആരാധിക്കപ്പെടുകയും ചെയ്തു” (ബുഖാരി). 

ഇബ്‌നുല്‍ ക്വയ്യിം(റ) പറയുന്നു: ”പൂര്‍വികരില്‍ ചിലര്‍ പറഞ്ഞു: അവര്‍ മരിച്ചപ്പോള്‍ അവരുടെ ക്വബറിങ്കല്‍ അവര്‍ ഭജനമിരിക്കുകയും പിന്നീട് അവരുടെ രൂപങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. കാലം കുറെ ദീര്‍ഘിച്ചപ്പോള്‍ അവര്‍ അവരെ ആരാധിച്ചു.”

മഹാന്മാരായിരുന്ന അഞ്ചാളുകളോടാണ് നൂഹ്(അ)ന്റെ ജനത പ്രാര്‍ഥിച്ചിരുന്നത്. ഇവര്‍ അല്ലാഹുവിനോട് ദുആ ചെയ്താല്‍ ഉത്തരം നല്‍കപ്പെടുന്നവരായിരുന്നു. ആളുകള്‍ക്ക് സംശയങ്ങള്‍ ദൂരീകരിച്ചു കൊടുക്കുന്നവരായിരുന്നു, എല്ലാവരാലും ആദരണീയരും ബഹുമാന്യരുമായിരുന്നു. അവര്‍ മരണപ്പെട്ടതിന് ശേഷം അവരെ ഉപയോഗപ്പെടുത്തി പിശാച് ആ ജനങ്ങളെ ശിര്‍ക്കിലേക്ക് എത്തിക്കുകയായിരുന്നു. തുടക്കത്തില്‍ പിശാച് അവരോട് കല്‍പിച്ചത് അവരെ ആരാധിക്കുവാന്‍ വേണ്ടിയായിരുന്നില്ല. കേവലം അവരുടെ ഒരു പ്രതിമ നിര്‍മിക്കുവാനാണ് പ്രേരിപ്പിച്ചത്. എന്നാല്‍ ഈ പ്രതിമ ഉണ്ടാക്കിയവര്‍ മരണപ്പെട്ടതിന് ശേഷം പില്‍കാലക്കാെര പിശാച് അവയോട് പ്രാര്‍ഥക്കാന്‍ പ്രേരിപ്പിച്ചു. അങ്ങനെ അവര്‍ പ്രാര്‍ഥനകളും വഴിപാടുകളും നേര്‍ച്ചകളും അര്‍പ്പിക്കാന്‍ തുടങ്ങി. അങ്ങനെ അവര്‍ ശിര്‍ക്കില്‍ കൂപ്പുകുത്തി. അവരോടാണ് നൂഹ്(അ)ന് അല്ലാഹുവിനോട് മാത്രമെ പ്രാര്‍ഥിക്കാവൂ എന്ന് പറയേണ്ടി വന്നത്. 

 

ഹുസൈന്‍ സലഫി
നേർപഥം വാരിക