ഖയ്ബര്‍ യുദ്ധം

ഖയ്ബര്‍ യുദ്ധം(മുഹമ്മദ് നബി ﷺ : 55)

നബി ﷺ യുടെ മഹത്ത്വവും പ്രത്യേകതകളും നമുക്ക് മനസ്സിലാക്കിത്തരുന്ന ഒരു സന്ദര്‍ഭമായിരുന്നു ഖയ്ബര്‍ യുദ്ധം. ധാരാളം കോട്ടകളും കൃഷിസ്ഥലങ്ങളും ഉൾക്കൊള്ളുന്ന ഫലഭൂയിഷ്ടമായ ഒരു പ്രദേശമായിരുന്നു ഖയ്ബര്‍. ജൂതന്മാരുടെ ആവാസകേന്ദ്രം കൂടിയായിരുന്നു അത്.

ഹുദയ്ബിയ സന്ധിക്ക് ശേഷം ക്വുറയ്ശികളില്‍നിന്ന് ഉണ്ടായിരുന്ന ഉപദ്രവങ്ങള്‍ ഇല്ലാതായത് നാം മനസ്സിലാക്കി. എന്നാല്‍ മുസ്‌ലിംകള്‍ക്ക് ഭീഷണിയായി പിന്നീട് ഉണ്ടായിരുന്നത് ഖയ്ബറില്‍ ഉണ്ടായിരുന്ന ജൂതന്മാരായിരുന്നു. മുസ്‌ലിംകളോട് കടുത്ത വഞ്ചനയും കുതന്ത്രങ്ങളും നടത്തിയിരുന്ന ഇക്കൂട്ടര്‍ മുസ്‌ലിംകള്‍ക്കെതിരില്‍ നിരന്തരം അക്രമങ്ങള്‍ അഴിച്ചുവിടല്‍ പതിവായിരുന്നു. അങ്ങനെ ഒരിക്കല്‍ മുസ്‌ലിംകള്‍െക്കതിരില്‍ അവര്‍ യുദ്ധത്തിന് സംഘടിക്കുന്നത് നബി ﷺ അറിഞ്ഞു. മദീനയിലേക്ക് അവര്‍ പ്രവേശിക്കുന്നതിന് മുമ്പ് അവര്‍ വസിക്കുന്ന ഖയ്ബറിലേക്ക് പോയി അവരുടെ കുതന്ത്രങ്ങളുടെ മുനയൊടിക്കാനായി നബി ﷺ തീരുമാനിച്ചു.

സ്വഹാബിമാരെയും കൂട്ടി ഖയ്ബറിലേക്ക് പോകുന്നതിന് വേണ്ടി നബി ﷺ മദീനയില്‍ ആഹ്വാനം നടത്തി. ഹുദയ്ബിയ സന്ധി കഴിഞ്ഞ് ഏതാണ്ട് ആഴ്ചകള്‍ പിന്നിടുമ്പോഴാണ് ഖയ്ബറിലേക്കുള്ള ഈ പടപ്പുറപ്പാട്.

നബി ﷺ യും അനുചരന്മാരും മക്കയിലേക്ക് ഉംറ നിര്‍വഹിക്കാന്‍ വേണ്ടി പോയതാണല്ലോ ഹുദയ്ബിയയില്‍ വെച്ച് മുശ്‌രിക്കുകളുമായി സന്ധിയില്‍ കലാശിച്ചത്. എന്നാല്‍ നബി ﷺ അന്ന് ഉംറക്കായി പുറപ്പെടാന്‍ മദീനയില്‍ വിളംബരം നടത്തിയപ്പോള്‍ പല ആളുകളും പല കാരണങ്ങളും ചൂണ്ടിക്കാണിച്ച് അതിനോട് വിസമ്മതം കാണിച്ചു. മക്കയിലേക്കാണല്ലോ ഉംറക്കായി പോകേണ്ടത്. അവിടെയാണെങ്കില്‍ കേമന്മാരും അക്രമികളുമായ ആളുകളാണ് ഉള്ളത്. അവരുമായി പോരാടേണ്ടി വരുമോ, അങ്ങനെ വന്നാല്‍ ജീവന്‍ അപകടത്തിലാകുമോ എന്ന പേടിയായിരുന്നു അവരുടെ മനസ്സില്‍ ഉണ്ടായിരുന്നതെങ്കിലും മറ്റു പല കാരണങ്ങളായിരുന്നു അവര്‍ പറഞ്ഞിരുന്നത്. മദീനയുടെ പ്രാന്തപ്രദേശങ്ങളില്‍ വസിക്കുന്ന ഗ്രാമീണ അറബികളായിരുന്നു അവര്‍. അവരുടെ ഹൃദയത്തിലേക്ക് വേണ്ട വിധത്തില്‍ വിശ്വാസം പ്രവേശിച്ചിട്ടില്ലായിരുന്നു.

ഹുദയ്ബിയയിൽ നിന്നും മദീനയിലേക്ക് മടങ്ങി വരുന്ന നബി ﷺ ക്ക് ഉംറ നിര്‍വഹിക്കാതെ മദീനയില്‍ത്തന്നെ ഇരുന്നിരുന്ന ഈ ആളുകളെ സംബന്ധിച്ച് അല്ലാഹു വിവരം നല്‍കിയിരുന്നു.

‘‘ഗ്രാമീണ അറബികളില്‍നിന്ന് പിന്നോക്കം മാറിനിന്നവര്‍ നിന്നോട് പറഞ്ഞേക്കും: ഞങ്ങളുടെ സ്വത്തുക്കളുടെയും കുടുംബങ്ങളുടെയും കാര്യം ഞങ്ങളെ (നിങ്ങളോടൊപ്പം വരാന്‍ പറ്റാത്തവിധം) വ്യാപൃതരാക്കിക്കളഞ്ഞു. അതുകൊണ്ട് താങ്കള്‍ ഞങ്ങള്‍ക്കു പാപമോചനത്തിനായി പ്രാര്‍ഥിക്കണം. അവരുടെ നാവുകള്‍ കൊണ്ട് അവര്‍ പറയുന്നത് അവരുടെ ഹൃദയങ്ങളിലുള്ളതല്ലാത്ത കാര്യമാണ്. നീ പറയുക: അപ്പോള്‍ അല്ലാഹു നിങ്ങള്‍ക്കു വല്ല ഉപദ്രവവും ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ അല്ലെങ്കില്‍ അവന്‍ നിങ്ങള്‍ക്ക് വല്ല ഉപകാരവും ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ അവന്റെ പക്കല്‍നിന്ന് നിങ്ങള്‍ക്കു വല്ലതും അധീനപ്പെടുത്തിത്തരാന്‍ ആരുണ്ട്? അല്ല, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു. അല്ല, റസൂലും സത്യവിശ്വാസികളും ഒരിക്കലും അവരുടെ കുടുംബങ്ങളിലേക്ക് തിരിച്ചെത്തുകയേ ഇല്ല എന്ന് നിങ്ങള്‍ വിചാരിച്ചു. നിങ്ങളുടെ ഹൃദയങ്ങളില്‍ അത് അലംകൃതമായി തോന്നുകയും ചെയ്തു. ദുര്‍വിചാരമാണ് നിങ്ങള്‍ വിചാരിച്ചത്. നിങ്ങള്‍ തുലഞ്ഞ ഒരു ജനവിഭാഗമാകുന്നു” (ക്വുര്‍ആന്‍  48:11,12).

അവര്‍ ഉംറ നിര്‍വഹിക്കുന്നതിനായി പുറപ്പെടാന്‍ തയ്യാറാകാതിരുന്നതിന്റെ യഥാര്‍ഥ കാരണം നബി ﷺ യെ അല്ലാഹു ഈ സൂക്തങ്ങളിലൂടെ അറിയിച്ചതോടുകൂടി അവരുടെ എല്ലാ ഉള്ളുകള്ളികളും പുറത്തായി.

അന്ന് ഉംറക്ക് പുറപ്പെടാതെ മാറിനിന്ന പലരും ഖയ്ബറിലേക്കുള്ള   യാത്രക്ക് താല്‍പര്യം കാണിച്ചു. മക്കയിലെ ക്വുറയ്ശികള്‍ അടങ്ങിയല്ലോ. അവരില്‍നിന്നുള്ള യുദ്ധമോ മറ്റു പ്രയാസങ്ങളോ ഇനി ഉണ്ടാകില്ലെന്ന് ഉറപ്പാണ്. ഇപ്പോള്‍ പോകുന്നത് യഹൂദികളിലേക്കാണ്. മുസ്‌ലിംകള്‍ക്കാണെങ്കില്‍ നല്ല ശക്തി കൈവന്ന സമയവുമാണ്. അതിനാല്‍ ഈ യുദ്ധം വിജയിക്കുകതന്നെ ചെയ്യും എന്ന് അവര്‍ കണക്കുകൂട്ടി. ഖയ്ബര്‍ ഫലഭൂയിഷ്ടമായ മണ്ണുള്ള സ്ഥലമാണ്. സമ്പത്ത് കുമിഞ്ഞുകൂടിക്കിടക്കുന്ന ധാരാളം കൊട്ടാരങ്ങളും കോട്ടകളുമുണ്ട് അവിടെ. യുദ്ധത്തില്‍ വിജയിച്ചാല്‍ ധാരാളം യുദ്ധാര്‍ജിത സ്വത്ത് ലഭിക്കുവാന്‍ സാധ്യതയുണ്ട്. അത് മനസ്സിലാക്കി ഇക്കൂട്ടര്‍ നബി ﷺ യോട് ഖയ്ബറിലേക്കുള്ള പുറപ്പാടിന് താല്‍പര്യം കാണിക്കുകയും തിടുക്കം കൂട്ടുകയും ചെയ്തുകൊണ്ടിരുന്നു. അവരെ സംബന്ധിച്ച് അല്ലാഹു പറയുന്നത് നോക്കൂ:

‘‘സ്വത്തുക്കള്‍ കൈവശപ്പെടുത്താന്‍ ഉള്ളേടത്തേക്ക് നിങ്ങള്‍ (യുദ്ധത്തിന്) പോകുകയാണെങ്കില്‍ ആ പിന്നോക്കം മാറിനിന്നവര്‍ പറയും: ഞങ്ങളെ നിങ്ങള്‍ (തടയാതെ) വിട്ടേക്കണം. ഞങ്ങളും നിങ്ങളെ അനുഗമിക്കാം. അല്ലാഹുവിന്റെ വാക്കിന് മാറ്റം വരുത്താനാണ് അവര്‍ ഉദ്ദേശിക്കുന്നത്. നീ പറയുക: നിങ്ങള്‍ ഒരിക്കലും ഞങ്ങളെ അനുഗമിക്കുകയില്ല, അപ്രകാരമാണ് അല്ലാഹു മുമ്പേ പറഞ്ഞിട്ടുള്ളത്. അപ്പോള്‍ അവര്‍ പറഞ്ഞേക്കും; അല്ല, നിങ്ങള്‍ ഞങ്ങളോട് അസൂയ കാണിക്കുകയാണ് എന്ന്. അങ്ങനെയല്ല. അവര്‍ (കാര്യം) ഗ്രഹിക്കാതിരിക്കുകയാകുന്നു; അല്‍പം മാത്രമല്ലാതെ” (ക്വുര്‍ആന്‍ 48:15).

മുമ്പ് ഉംറക്ക് പോകാന്‍ മനസ്സ് കാണിക്കാത്ത ഈ ആളുകള്‍ ഖയ്ബറിലേക്ക് പോകാന്‍ അത്യുത്സാഹം കാണിക്കുകയാണ്. എന്നാല്‍ ഹുദയ്ബിയ കരാറില്‍ പങ്കെടുത്തവര്‍ മാത്രമേ ഖയ്ബറിലേക്ക് പുറപ്പെടേണ്ടതുള്ളൂ എന്ന് അല്ലാഹു നബി ﷺ യെ അറിയിച്ചു. ഇത് അല്ലാഹുവിന്റെ തീരുമാനമാണ്. ആ തീരുമാനം മാറ്റി നബി ﷺ യുടെ കൂടെ പുറപ്പെടാനാണ് ഇക്കൂട്ടര്‍ മോഹിക്കുന്നത്. അല്ലാഹുവിന്റെ കല്‍പന പ്രകാരം നബി ﷺ അവരോട് പറഞ്ഞു; നിങ്ങള്‍ ഞങ്ങളെ പിന്തുടരേണ്ടതില്ല. അല്ലാഹു അപ്രകാരം തീരുമാനിച്ചിരിക്കുന്നു.

ഇനി യുദ്ധത്തില്‍ പങ്കെടുത്തതിന്റെ പ്രതിഫലം മോഹിച്ചാണ് അവര്‍ യുദ്ധത്തിന് വരുന്നതെങ്കിലോ, അവരോട് ഇപ്രകാരം പറഞ്ഞു:  ‘‘ഗ്രാമീണ അറബികളില്‍നിന്നും പിന്നോക്കം മാറിനിന്നവരോട് നീ പറയുക: കനത്ത ആക്രമണശേഷിയുള്ള ഒരു ജനവിഭാഗത്തെ നേരിടാനായി നിങ്ങള്‍ വഴിയെ വിളിക്കപ്പെടും. അവര്‍ കീഴടങ്ങുന്നതുവരെ നിങ്ങള്‍ അവരുമായി യുദ്ധം ചെയ്യേണ്ടിവരും. അപ്പോള്‍ നിങ്ങള്‍ അനുസരിക്കുന്നപക്ഷം അല്ലാഹു നിങ്ങള്‍ക്ക് ഉത്തമമായ പ്രതിഫലം നല്‍കുന്നതാണ്. മുമ്പ് നിങ്ങള്‍ പിന്തിരിഞ്ഞുകളഞ്ഞതുപോലെ (ഇനിയും) പിന്തിരിഞ്ഞുകളയുന്നപക്ഷം വേദനയേറിയ ശിക്ഷ അവന്‍ നിങ്ങള്‍ക്കു നല്‍കുന്നതുമാണ്” (ക്വുര്‍ആന്‍ 48:16).

അല്ലാഹുവിന്റെ റസൂലിന്റെ കൂടെ അനുസരണയോടെ നിന്നവരായിരുന്നല്ലോ ഹുദയ്ബിയ സന്ധിയില്‍ പങ്കെടുത്തിരുന്ന സ്വഹാബിമാര്‍. അതിനാല്‍ അവര്‍ മാത്രമെ ഖയ്ബറിലേക്കുള്ള ഈ പുറപ്പാടില്‍ ഉണ്ടാകാവൂ എന്നതാണ് അല്ലാഹുവിന്റെ നിശ്ചയം. അതോടൊപ്പം ഇത്രകൂടി അറിയിച്ചു; ഖയ്ബറിലേക്ക് പുറപ്പെടാം. പക്ഷേ, സമരാര്‍ജിത സമ്പത്ത് ഹുദയ്ബിയയില്‍ പങ്കെടുത്തവര്‍ക്ക് മാത്രമാണ്.

മദീനയില്‍നിന്നും നബി ﷺ യുടെ നേതൃത്വത്തില്‍ മുസ്‌ലിം സൈന്യം ഖയ്ബറിലേക്ക് പുറപ്പെടാന്‍ തയ്യാറായി. ഈ വിവരം ഖയ്ബറിലെ ജൂതന്മാര്‍ക്ക് മദീനയിലെ ഒരു കൂട്ടര്‍ തന്ത്രപരമായി എത്തിച്ചു. ആരായിരിക്കും അവര്‍? അബ്ദുല്ലാഹിബ്‌നു സബഇന്റെ ആളുകള്‍ അഥവാ കപടവിശ്വാസികള്‍ !  ജൂതന്മാരുടെ സഖ്യകക്ഷിയായിരുന്നു അറബി ഗോത്രക്കാരായ ഗ്വത്ഫാന്‍ ഗോത്രം. അവരോട് യഹൂദികള്‍ സഹായം അഭ്യര്‍ഥിച്ചു. അത് ഗ്വത്ഫാന്‍ ഗോത്രം സ്വീകരിച്ചു.

നബി ﷺ യുടെ നേതൃത്വത്തില്‍ വന്‍സൈന്യം ഖയ്ബറിലേക്ക് എത്തി. മുസ്‌ലിം സൈന്യത്തെ കണ്ട ഗ്വത്ഫാന്‍ ഗോത്രം പേടിച്ച് അന്ധാളിച്ച് പിന്മാറുകയായിരുന്നു. ഗ്വത്ഫാന്‍ ഗോത്രം യഹൂദികള്‍ക്ക് സഹായം നല്‍കുവാനോ നബി ﷺ ക്ക് എതിരെ പോരാടുവാനോ കൂട്ടാക്കിയതേയില്ല. ഹുദയ്ബിയയില്‍ വെച്ച് ഉണ്ടായിട്ടുള്ള കരാറിനെപ്പറ്റി ശരിക്കും മനസ്സിലാക്കിയവരായിരുന്നല്ലോ ഗ്വത്ഫാന്‍ ഗോത്രം. അതിനാല്‍ അവര്‍ക്ക് മുസ്‌ലിംകളുടെ ശക്തിയും സ്വാധീനവും നന്നായി അറിയാമായിരുന്നു.

നബി ﷺ യും സ്വഹാബിമാരും ഖയ്ബറിനെ ലക്ഷ്യമാക്കി നീങ്ങി. നബി ﷺ ഒരു പ്രദേശത്തേക്ക് യാത്ര പുറപ്പെടുമ്പോള്‍ അതിന് തൊട്ടു സമീപത്തുള്ള പ്രദേശത്തായിരുന്നു രാത്രി താമസിച്ചിരുന്നത്. ഈ യാത്രയിലും അപ്രകാരം തന്നെ ചെയ്തു. ഖയ്ബറിന്റെ സമീപത്ത് മുസ്‌ലിം സൈന്യം രാത്രി താമസിച്ചു. പിറ്റേന്ന് ഫ്ജ്‌റ് നമസ്‌കാരത്തിന് ശേഷം സൈന്യം ഖയ്ബറിലേക്ക് യാത്ര പുറപ്പെട്ടു. തുടര്‍ന്ന് യഹൂദികള്‍ താമസിക്കുന്നിടത്തേക്ക് സൈന്യം ഇരച്ചുകയറി. മുസ്‌ലിം സൈന്യത്തിന്റെ ഇപ്രകാരമുള്ള വരവ് യഹൂദികള്‍ വിചാരിച്ചിരുന്നില്ല. പതിവുപോലെ യഹൂദികള്‍ രാവിലെ അവരുടെ തോട്ടങ്ങളിലേക്ക് കൈക്കോട്ടും പിക്കാസുമെല്ലാമായി കൃഷിപ്പണിക്കായി ഇറങ്ങിയിരുന്നു. ആ സമയത്താണ് അവര്‍ നബി ﷺ യെയും അനുചരന്മാരെയും കാണുന്നത്. അക്ഷരാര്‍ഥത്തില്‍ അവര്‍ ഞെട്ടി. അവര്‍ പറഞ്ഞു: ‘മുഹമ്മദ്! അല്ലാഹുവാണെ സത്യം… മുഹമ്മദും മഹാസൈന്യവും!’ പേടിച്ചരണ്ട യഹൂദികള്‍ അവരുടെ കോട്ടകളിലേക്ക് ഓടിയൊളിച്ചു. അവയിലായിരുന്നു അവരുടെ സ്വര്‍ണവും വെള്ളിയും കാര്‍ഷികോല്‍പന്നങ്ങളും ആയുധങ്ങളുമെല്ലാം. എല്ലാവിധത്തിലും സുശക്തമായ കോട്ടകളായിരുന്നു അവ. അവരുടെ കോട്ടകളില്‍ പ്രധാനപ്പെട്ടവ നാഇമ്, നത്വാത്, സ്വഅ്ബ്, ക്വമൂസ്വ് എന്നിവയായിരുന്നു. ഈ കോട്ടകളിലേക്ക് മുസ്‌ലിം സൈന്യം ഇരച്ചുകയറി. ഓരോ കോട്ടയും മുസ്‌ലിം സൈന്യം കീഴടക്കി. കോട്ടകളില്‍ ഉണ്ടായിരുന്ന യഹൂദികളെ സൈന്യം ബന്ദികളാക്കി. ശക്തമായി ചെറുത്തുനിന്ന ആളുകളോട് പോരാടേണ്ടി വന്നു.

ഒരു പാറക്കുന്നിന്റെ മുകളില്‍ നിലകൊള്ളുന്ന ഒരു സുശക്തമായ കോട്ടക്കു ചുറ്റും കല്ലുകള്‍ കൊണ്ടുണ്ടാക്കിയ ഉയര്‍ന്ന മതിലുകള്‍ ഉണ്ടായിരുന്നു. അത് കീഴടക്കുക മുസ്‌ലിംകള്‍ക്ക് പ്രയാസമായിരുന്നു. അത് കീഴടക്കുവാന്‍ അവര്‍ക്ക് വലിയ ത്യാഗം സഹിക്കേണ്ടി വന്നു. അവസാനം അലി(റ)യുടെ നേതൃത്വത്തില്‍ ആ കോട്ടയും സൈന്യം കീഴടക്കി. തലേദിവസം ഇപ്രകാരം ഒരു സംഭവം നടന്നിരുന്നു:

സലമത് ഇബ്‌നുല്‍ അക്‌വഇ(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ‘‘ഖയ്ബറില്‍ നബി ﷺ യില്‍ നിന്നും അലി(റ) അധികാരം സ്വീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ കൈയിലായിരുന്നു പതാക. അങ്ങനെ അദ്ദേഹം പറഞ്ഞു: ‘ഞാന്‍ അല്ലാഹുവിന്റെ റസൂലി ﷺ ല്‍നിന്ന് അധികാരം ഏറ്റടുത്തു.’ അങ്ങനെ അലി(റ) പുറപ്പെടുകയും നബി ﷺ യുമായി ചേരുകയും ചെയ്തു. അങ്ങനെ അത് വിജയിച്ചടക്കിയ രാത്രിയുടെ വൈകുന്നേരം (വിജയം പ്രഭാതത്തിലായിരുന്നു) ആയപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: ‘‘നാളെ ഞാന്‍ (ഈ) പതാക ഒരാള്‍ക്ക് നല്‍കുക-അല്ലെങ്കില്‍ നബി ﷺ പറഞ്ഞത്: അദ്ദേഹം സ്വീകരിക്കുക- തന്നെ ചെയ്യുന്നതാണ്. അദ്ദേഹത്തെ അല്ലാഹുവും റസൂലും ഇഷ്ടപ്പെടുകയും ചെയ്യുന്നതാണ്.” അല്ലെങ്കില്‍ നബി ﷺ പറഞ്ഞത് (ഇപ്രകാരമാണ്): ‘അദ്ദേഹം അല്ലാഹുവിനെയും അവന്റെ റസൂലിനെയും ഇഷ്ടപ്പെടുന്നതാണ്, അല്ലാഹു അദ്ദേഹത്തിലൂടെ വിജയം നല്‍കുകയും ചെയ്യുന്നതാണ്.’ അങ്ങനെ ഞങ്ങള്‍ അലിയുടെ അടുക്കലാണ്. ഞങ്ങള്‍ അത് പ്രതീക്ഷിക്കുന്നവരുമായിരുന്നു. അങ്ങനെയിരിക്കവെ അവര്‍ പറഞ്ഞു: ‘ഇതാ, അലി’ എന്നിട്ട് അല്ലാഹുവിന്റെ റസൂല്‍ ﷺ അദ്ദേഹത്തിന് അത് നല്‍കി. അങ്ങനെ അല്ലാഹു അദ്ദേഹത്തിലൂടെ വിജയം നല്‍കി.” (ബുഖാരി)

‘‘അങ്ങനെ ജനങ്ങള്‍ അവരില്‍ ആര്‍ക്കാണ് അത് നല്‍കുക എന്ന് രാത്രി ചര്‍ച്ച ചെയ്യാന്‍ തുടങ്ങി. നേരം പുലര്‍ന്നപ്പോള്‍ അവര്‍ എല്ലാവരും അല്ലാഹുവിന്റെ റസൂലി ﷺ ന്റെ അടുത്തേക്ക് എത്തി. അവര്‍ എല്ലാവരും അത് തനിക്ക് നല്‍കപ്പെടുമെന്ന് പ്രതീക്ഷിച്ചു. അങ്ങനെ (അവിടുന്ന്) ചോദിച്ചു: ‘അലിയ്യ് ഇബ്‌നു അബീത്വാലിബ് എവിടെ?’ അപ്പോള്‍ അവര്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, അദ്ദേഹത്തിന്റെ കണ്ണുകള്‍ക്ക് വേദനയാണ്.’ നബി ﷺ പറഞ്ഞു: ‘എങ്കില്‍ അദ്ദേഹത്തിലേക്ക് ആളെ അയക്കുകയും അദ്ദേഹത്തെയും കൂട്ടി എന്റെ അടുത്ത് വരികയും ചെയ്യൂ.’ അദ്ദേഹം വന്നപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകളില്‍ അവിടുന്ന് ഉമിനീര്‍ പുരട്ടുകയും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹത്തിന് ഒട്ടും വേദനയില്ലാത്ത വിധം സുഖപ്പെട്ടു. എന്നിട്ട് നബി ﷺ അദ്ദേഹത്തിന് പതാക നല്‍കുകയും ചെയ്തു. അപ്പോള്‍ അലി(റ) പറഞ്ഞു: ‘‘അല്ലാഹുവിന്റെ റസൂലേ, അവര്‍ നമ്മളെപ്പോലെ ആകുന്നതുവരെ ഞാന്‍ അവരോട് പോരാടണമോ?” അപ്പോള്‍ നബി ﷺ പറഞ്ഞു: ‘‘താങ്കള്‍ അവരുടെ മുറ്റത്ത് ഇറങ്ങുന്നതുവരെ അവരിലേക്ക് സാവധാനത്തില്‍ ചെല്ലുക. പിന്നീട് അവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയും അവരുടെമേല്‍ നിര്‍ബന്ധമായിട്ടുള്ള അല്ലാഹുവിന്റെ അവകാശത്തെപ്പറ്റി അറിയിക്കുകയും ചെയ്യുക. അല്ലാഹുവാണെ സത്യം, നിന്നെക്കൊണ്ട് ഒരാളെ അല്ലാഹു സന്മാര്‍ഗത്തിലാക്കുന്നത് നിനക്ക് ചുവന്ന ഒട്ടകം ഉണ്ടാകുന്നതിനെക്കാളും ഉത്തമമാകുന്നു” (ബുഖാരി).

അന്യായമായി യുദ്ധം ചെയ്തും പോരാടിയും കൊന്നൊടുക്കിയുമാണ് ഇസ്‌ലാം ലോകത്ത് പ്രചരിച്ചത് എന്ന് ഇസ്‌ലാമിന്റെ ചരിത്രം അറിയാതെയും വസ്തുതകള്‍ മൂടിവെച്ചും ജനങ്ങള്‍ക്കിടയില്‍ തെറ്റുധാരണ പരത്തുന്ന കുബുദ്ധികള്‍ ധാരാളമുണ്ട്. അവര്‍ക്കുള്ള മറുപടി കൂടിയാണ് ഈ ചരിത്രം. അലി(റ)യോട് നബി ﷺ കല്‍പിച്ചത് അവര്‍ക്ക് ഇസ്‌ലാമിനെക്കുറിച്ച് പറഞ്ഞുകൊടുക്കുവാനും അല്ലാഹുവിനോടുള്ള അവരുടെ ഉത്തരവാദിത്തം അറിയിക്കുവാനുമാണ്. ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നത് പോലെയായിയിരുന്നെങ്കില്‍ നബി ﷺ അലി(റ)യോട് ശത്രുക്കളെ ആദ്യംതന്നെ വകവരുത്താന്‍ കല്‍പിക്കുമായിരുന്നു ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ നബി ﷺ അതിന് അനുവാദം നല്‍കുകയല്ല ചെയ്തത്.

അങ്ങനെ അലി(റ) നബി ﷺ യുടെ ഉപദേശ പ്രകാരം ഖയ്ബര്‍ കോട്ടയിലേക്ക് പ്രവേശിച്ചു. പിന്നീട് ശക്തമായ പോരാട്ടം നടന്നു. അവസാനം, അവരിലെ ഏറ്റവും വലിയ ആരോഗ്യവാനും ധീരനുമായ മിര്‍ഹബിനെ അലി(റ) വധിച്ചു. അവനായിരുന്നു യഹൂദികളുടെ നേതാവും. നേതാവ് വധിക്കപ്പെട്ടതോടെ യഹൂദികള്‍ പതറി. വീണ്ടും അവര്‍ അവരുടെ കോട്ടകളിലേക്ക് കയറി. മുസ്‌ലിംകള്‍ അലി(റ)യുടെ നേതൃത്വത്തില്‍ ഓരോ കോട്ടയിലേക്കും ഇരച്ചു കയറുകയും ഓരോന്നായി കീഴടക്കുകയും ചെയ്തു. അങ്ങനെ എല്ലാ കോട്ടകളും മുസ്‌ലിംകള്‍ക്ക് അധീനപ്പെട്ടു. ഖയ്ബര്‍ പരിപൂര്‍ണമായി മുസ്‌ലിംകള്‍ ജയിച്ചടക്കുകയും ചെയ്തു. ഖയ്ബറുകാരായ തൊണ്ണൂറ്റി മൂന്ന് പേര്‍ വധിക്കകപ്പെട്ടു. മുസ്‌ലിംകളില്‍നിന്ന് പതിനഞ്ച് പേര്‍ രക്തസാക്ഷികളായി.

ഖയ്ബറില്‍ മുസ്‌ലിംകള്‍ വിജയിച്ചു. ഖയ്ബറി ലെ യഹൂദികള്‍ കീഴടങ്ങി. ഖയ്ബറില്‍നിന്ന് പുറത്ത് പോകാന്‍ നബി ﷺ അവരോട് ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ അതിന് തയ്യാറായില്ല. അങ്ങനെ അവര്‍ നബി ﷺ യോട് ഒരു വ്യവസ്ഥ വെച്ച് ഖയ്ബര്‍ തങ്ങള്‍ക്ക് വിട്ടുനല്‍കണം എന്ന് ആവശ്യപ്പെട്ടു.

‘‘മുഹമ്മദേ, ഞങ്ങള്‍ ഈ നാട്ടില്‍ ജനിച്ചു വളര്‍ന്നവരാണ്. ഈ മണ്ണില്‍ കൃഷി ചെയ്ത് ഇവിടെ തന്നെ ജീവിക്കുന്നവരുമാണ്. ഇതല്ലാത്ത ഒരു ജോലി ഞങ്ങള്‍ക്ക് അറിയുകയുമില്ല. അതിനാല്‍ ഞങ്ങളെ ഇവിടെനിന്നും നീ പുറത്താക്കരുത്. ഈ ഭൂമിയില്‍ കൃഷി ചെയ്ത് നന്നാക്കി ഇവിടെത്തന്നെ ഞങ്ങള്‍ കഴിഞ്ഞു കൊള്ളാം. അതിന് നീ ഞങ്ങളെ സമ്മതിക്കണം. ഈ ഭൂമി ഏെറ്റടുത്ത് ഞങ്ങളെ പോലെ കൃഷി ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കുകയില്ല. നിങ്ങള്‍ക്ക് അത് വശമില്ലാത്ത ജോലിയുമാണ്. ഖയ്ബറിലെ മണ്ണിനെക്കുറിച്ചും അതിലെ കൃഷിരീതിയെക്കുറിച്ചും നിങ്ങളെക്കാള്‍ അറിവ് ഞങ്ങള്‍ക്കാണല്ലോ. ഇപ്പോള്‍ ഈ ഭൂമി നിങ്ങളുടേതാണ്. അതിനാല്‍ നിങ്ങള്‍ സമ്മതിക്കുകയാണെങ്കില്‍ ഞങ്ങള്‍ ഇവിടെ കൃഷി ചെയ്തു ജീവിച്ചുകൊള്ളാം. അതില്‍നിന്നും ലഭിക്കുന്ന ഉല്‍പന്നത്തില്‍നിന്ന് പകുതി നിങ്ങള്‍ക്ക് ഞങ്ങള്‍ നല്‍കുന്നതുമാണ്.” ഇതായിരുന്നു അവര്‍ നബി ﷺ യുടെ മുമ്പില്‍ വെച്ച വ്യവസ്ഥ. ഈ വ്യവസ്ഥ നബി ﷺ അംഗീകരിച്ചുകൊടുക്കുകയാണ് ചെയ്തത്.

അബ്ദുല്ലാഹ് ഇബ്‌നു റവാഹ(റ)ക്ക് അവിടത്തെ ഉത്തരവാദിത്തം നബി ﷺ നല്‍കി. ഓരോ വര്‍ഷവും അവിടെ ചെന്ന് യഹൂദികള്‍ കരാര്‍ ചെയ്ത തുപോലെ മുസ്‌ലിംകള്‍ക്കുള്ള വിഹിതവും അവര്‍ക്കുള്ള വിഹിതവും        വെവ്വേറെയാക്കുക എന്നതായിരുന്നു അദ്ദേഹത്തിന് നബി ﷺ നല്‍കിയ നിര്‍ദേശം.എന്നാല്‍ ഉല്‍പന്നത്തില്‍നിന്നും മുസ്‌ലിംകള്‍ക്ക് നല്‍കേണ്ടുന്ന വിഹിതം പൂര്‍ണമായി വിട്ടുകൊടുക്കാന്‍ യഹൂദികള്‍ വൈമനസ്യം കാണിച്ചു. അതിന് അവര്‍ ഒരു കുതന്ത്രം കണ്ടു. അബ്ദുല്ലാഹ് ഇബ്‌നു റവാഹ(റ)യെ സ്വാധീനിക്കുക. അങ്ങനെ അബ്ദുല്ലാഹ് ഇബ്‌നു റവാഹ(റ)യെ  സ്വാധീനിക്കാന്‍ യഹൂദികള്‍ ശ്രമം നടത്തി. ധാരാളം കൈക്കൂലി നല്‍കിയിട്ടായിരുന്നു അവര്‍ അദ്ദേഹത്തെ തങ്ങളുടെ വരുതിയിലാക്കാന്‍ ശ്രമിച്ചത്. മദീനയില്‍ പ്രവാചകന് തങ്ങളുടെ കാര്‍ഷികോല്‍പന്നങ്ങളെ സംബന്ധിച്ച് നല്‍കുന്ന വിവരത്തില്‍ അല്‍പം കുറവ് വരുത്താന്‍ അവര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. മഹാനായ സ്വഹാബി പ്രവാചകന് കൈമാറുന്ന വിവരമാണല്ലോ അറിയുക. അതിനാല്‍ ആ കണക്കില്‍ കുറവ് കാണിച്ചാല്‍ യഹൂദികള്‍ക്ക് അത്രയും ലഭിക്കുമല്ലോ. അതിന് എന്താണോ താങ്കള്‍ക്ക് വേണ്ടത് അത് ഞങ്ങള്‍ നല്‍കാം എന്ന് അവര്‍ അദ്ദേഹത്തോട് പറഞ്ഞു. വിശ്വസ്തതയും നീതിയും പ്രവാചകനില്‍നിന്നും പഠിച്ചിട്ടുള്ള അബ്ദുല്ലാഹ് ഇബ്‌നു റവാഹ(റ) അവര്‍ക്ക് ഇപ്രകാരം മറുപടി നല്‍കി:

‘‘അല്ലാഹുവിന്റെ ശത്രുക്കളേ, നിങ്ങള്‍ എന്നെ അധര്‍മം തീറ്റിക്കുകയാണോ? അല്ലാഹുവാണെ സത്യം, തീര്‍ച്ചയായും ജനങ്ങളില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ളയാളുടെ അടുക്കല്‍നിന്നാണ് ഞാന്‍ നിങ്ങളുടെ അടുത്തേക്ക് വന്നിട്ടുള്ളത്. (നിങ്ങളുടെ ഈ പ്രവര്‍ത്തനത്താല്‍) കുരങ്ങുകളെക്കാളും പന്നികളെക്കാളും എനിക്ക് ഏറ്റവും കൂടുതല്‍ വെറുപ്പുള്ളവരാണ് നിങ്ങള്‍. നിങ്ങളോടുള്ള എന്റെ കോപമോ അവിടുത്തോടുള്ള എന്റെ ഇഷ്ടമോ നിങ്ങളോട് നീതി കാണിക്കാതിരിക്കുന്നതിന് എന്നെ പ്രേരിപ്പിക്കാതിരിക്കട്ടെ.” അപ്പോള്‍ അവര്‍ പറഞ്ഞു: ‘‘ഇതുകൊണ്ടാണ് ആകാശഭൂമികള്‍ നിലനില്‍ക്കുന്നത്.” (താരീഖുല്‍ ഇസ്‌ലാം).

ഈ സ്വഹാബിവര്യന്റെ വാക്കുകളില്‍നിന്ന് ഇസ്‌ലാമിന്റെ നീതിനിഷ്ഠയെക്കുറിച്ച് മനസ്സിലാക്കിയ യഹൂദികള്‍ അത് അംഗീകരിക്കുകയും ആകാശഭൂമികളുടെ നിലനില്‍പ്പ് പോലും ഈ നീതിയുടെ അടിസ്ഥാനത്തിലാണെന്ന് പറയാന്‍ അത് കാരണമാവുകയും ചെയ്തു.                           

ഹുസൈന്‍ സലഫി

നേർപഥം 

 (തുടരും)

 

ആ മോഹം സഫലമായി!

ആ മോഹം സഫലമായി!(മുഹമ്മദ് നബി ﷺ : 54)

സത്യവിശ്വാസികളുടെ മനസ്സുകളില്‍ അല്ലാഹു സമാധാനവും ശാന്തിയും ഇട്ടുകൊടുത്തു. അതുമുഖേന അവരുടെ വിശ്വാസം വര്‍ധിക്കുകയും ചെയ്തു. എല്ലാറ്റിനും പുറമെ, അല്ലാഹു അവരെ സ്വര്‍ഗ പ്രവേശനത്തിന് അര്‍ഹരാക്കുകയും അവരുടെ പാപങ്ങള്‍ മാപ്പാക്കുകയും ചെയ്തു. ഹുദയ്ബിയ സന്ധി മുഖേന നബി ﷺ ക്ക് അല്ലാഹു നല്‍കിയ നാല് അനുഗ്രഹങ്ങളെ പറ്റി സൂറതുല്‍ ഫത്ഹിലെ രണ്ട്, മൂന്ന് സൂക്തങ്ങളിലും വിശ്വാസികള്‍ക്ക് അല്ലാഹു നല്‍കിയ നാല് അനുഗ്രഹങ്ങളെ സംബന്ധിച്ച് നാല്, അഞ്ച് സൂക്തങ്ങളിലും വിവരിക്കുകയുണ്ടായി. ശേഷം ആറാം വചനത്തില്‍ വേറൊരു വിഭാഗത്തിന് അല്ലാഹു നല്‍കിയ നാല് കാര്യങ്ങളും വിവരിക്കുന്നുണ്ട്. അത് കാണുക:

‘‘ അല്ലാഹുവെപ്പറ്റി തെറ്റായ ധാരണ വെച്ചുപുലര്‍ത്തുന്ന കപടവിശ്വാസികളെയും കപടവിശ്വാസിനികളെയും ബഹുദൈവവിശ്വാസികളെയും ബഹുദൈവവിശ്വാസിനികളെയും ശിക്ഷിക്കുവാന്‍ വേണ്ടിയുമാണത്. അവരുടെ മേല്‍ തിന്മയുടെ വലയമുണ്ട്. അല്ലാഹു അവരുടെ നേരെ കോപിക്കുകയും അവരെ ശപിക്കുകയും അവര്‍ക്കു വേണ്ടി നരകം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. ചെന്നുചേരാനുള്ള ആ സ്ഥലം എത്രമോശം” (ക്വുര്‍ആന്‍ 48:6).

നബി ﷺ യും അനുചരന്മാരും ഉംറ നിര്‍വഹിക്കുവാന്‍ മക്കയിലേക്ക് പോകാന്‍ തയ്യാറായപ്പോള്‍ ചിലയാളുകള്‍ അതില്‍നിന്നും മാറിനിന്നു. വിശ്വാസികളുടെ നീക്കത്തെ പരിഹസിക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്ത് പിന്മാറിയ ഇക്കൂട്ടര്‍ കപടവിശ്വാസികളായിരുന്നു. മക്കയിലേക്ക് മുഹമ്മദിനെയും കൂട്ടരെയും പ്രവേശിപ്പിക്കാന്‍ ഞങ്ങള്‍ സമ്മതിച്ചില്ലെന്നും അവരെ നിന്ദ്യരാക്കി മദീനയിലേക്കുതന്നെ തിരിച്ചയച്ചു എന്നും പ്രചരിപ്പിച്ചിരുന്ന മുശ്‌രിക്കുകളും ഉണ്ടായിരുന്നു. ഇപ്രകാരം ദുഷ്‌പ്രരണങ്ങള്‍ നടത്തിയ കപടന്മാര്‍ക്കും മുശ്‌രിക്കുകള്‍ക്കും അല്ലാഹു ശിക്ഷയൊരുക്കി. ശിര്‍ക്കിന്റെയും കുഫ്‌റിന്റെയും അടിവേരറുത്തതായിരുന്നു ഹുദയ്ബിയ സന്ധി. അവര്‍ക്ക് അല്ലാഹുവിങ്കല്‍നിന്നുള്ള കോപവും ശാപവും ലഭിച്ചു; കൂടാതെ കത്തിയാളുന്ന നരകവും.

ഈ കാലയളവില്‍ മക്കയില്‍നിന്ന് വിശ്വാസികളായി മദീനയിലേക്ക് എത്തിയവരില്‍ പുരുഷന്മാര്‍ മാത്രമല്ല ഉണ്ടായിരുന്നത്; സ്ത്രീകളും ഉണ്ടായിരുന്നു. മുശ്‌രിക്കുകളായ ഭര്‍ത്താക്കന്മാരുടെ പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി മദീനയിലേക്ക് അഭയാര്‍ഥികളായി വന്ന പല വിശ്വാസിനികളും ഉണ്ടായിരുന്നു. അപ്രകാരം മദീനയില്‍ എത്തിയ സ്ത്രീകളെ മക്കയിലേക്ക് തിരിച്ചയക്കാന്‍ നബി ﷺ കൂട്ടാക്കിയില്ല.

ആദ്യം വന്നത് ഉമ്മുകുത്സൂം(റ) ആയിരുന്നു. ക്വുറയ്ശികള്‍ അവരെ മക്കയിലേക്ക് തിരിച്ചയക്കാന്‍ ആവശ്യപ്പെട്ടു. നബി ﷺ കരാര്‍ വായിക്കാന്‍ അവരോട് കല്‍പിച്ചു. കരാറില്‍ ‘പുരുഷന്‍’ എന്നാണ് എഴുതിയിരുന്നത്. അതിനാല്‍ കരാര്‍ സ്ത്രീകള്‍ക്ക് ബാധകമല്ല എന്നതായിരുന്നു നബി ﷺ യുടെ പക്ഷം. അങ്ങനെ നബി ﷺ വിശ്വാസിനികളായ അവരെ മക്കയിലേക്ക് തിരിച്ചയച്ചില്ല. അതിനെതിരില്‍ ശത്രുക്കള്‍ക്ക് ഒന്നും പറയാനും കഴിഞ്ഞില്ല.

സ്ത്രീകള്‍ പലരും മദീനയിലേക്ക് അഭയം തേടി വരാന്‍ തുടങ്ങി. ആ സന്ദര്‍ഭത്തില്‍ അല്ലാഹു വിശ്വാസികളോട് ഇപ്രകാരം കല്‍പിച്ചു:

‘‘സത്യവിശ്വാസികളേ, വിശ്വാസിനികളായ സ്ത്രീകള്‍ അഭയാര്‍ഥികളായിക്കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങള്‍ അവരെ പരീക്ഷിച്ച് നോക്കണം. അവരുടെ വിശ്വാസത്തെ പറ്റി അല്ലാഹു ഏറ്റവും അറിയുന്നവനാണ്. എന്നിട്ട് അവര്‍ വിശ്വാസിനികളാണെന്ന് അറിഞ്ഞുകഴിഞ്ഞാല്‍ അവരെ നിങ്ങള്‍ സത്യനിഷേധികളുടെ അടുത്തേക്ക് മടക്കി അയക്കരുത്. ആ സ്ത്രീകള്‍ അവര്‍ക്ക് അനുവദനീയമല്ല. അവര്‍ക്ക് അവര്‍ ചെലവഴിച്ചത് നിങ്ങള്‍ നല്‍കുകയും വേണം. ആ സ്ത്രീകള്‍ക്ക് അവരുടെ പ്രതിഫലങ്ങള്‍ നിങ്ങള്‍ കൊടുത്താല്‍ അവരെ നിങ്ങള്‍ വിവാഹം കഴിക്കുന്നതിന് നിങ്ങള്‍ക്ക് വിരോധമില്ല. അവിശ്വാസിനികളുമായുള്ള ബന്ധം നിങ്ങള്‍ മുറുകെപ്പിടിച്ചുകൊണ്ടിരിക്കുകയും ചെയ്യരുത്. നിങ്ങള്‍ ചെലവഴിച്ചതെന്തോ, അത് നിങ്ങള്‍ ചോദിച്ചുകൊള്ളുക. അവര്‍ ചെലവഴിച്ചതെന്തോ അത് അവരും ചോദിച്ചുകൊള്ളട്ടെ. അതാണ് അല്ലാഹുവിന്റെ വിധി. അവന്‍ നിങ്ങള്‍ക്കിടയില്‍ വിധി കല്‍പിക്കുന്നു. അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമാകുന്നു” (ക്വുര്‍ആന്‍ 48:10).

ഇസ്‌ലാമിലെ നീതി ഇവിടെ ദര്‍ശിക്കാന്‍ സാധിക്കും. മക്കയില്‍നിന്നും വരുന്ന എല്ലാവരെയും സ്വീകരിക്കുവാന്‍ നബി ﷺ യോ സ്വഹാബിമാരോ തയ്യാറല്ലായിരുന്നു. അവരെ പരീക്ഷിക്കുകയും അവര്‍ ഈമാന്‍ ഉള്‍ക്കൊണ്ടിട്ടുണ്ട് എന്ന് ബോധ്യപ്പെട്ടാല്‍ മാത്രം അവര്‍ക്ക് അഭയം നല്‍കുകയും ചെയ്യുക; ഇതായിരുന്നു നയം. അല്ലാഹുവിന് എല്ലാവരുടെയും ഈമാന്‍ നന്നായി അറിയാം. എങ്കിലും ബാഹ്യമായ രൂപത്തില്‍ വിശ്വാസികള്‍ക്കും ഈ വരുന്ന സ്ത്രീകളുടെ ഈമാന്‍ അറിയണമല്ലോ. അങ്ങനെ പരീക്ഷിച്ചതിന് ശേഷം അവര്‍ വിശ്വാസിനികള്‍ തന്നെയാണ് എന്ന് അറിഞ്ഞാല്‍ പിന്നീട് അവരെ മക്കയിലേക്ക് അയക്കാന്‍ പാടില്ല.

മക്കയില്‍നിന്നും മദീനയിലേക്ക് വരുന്ന സ്ത്രീകളില്‍ പലരും ഒരുപക്ഷേ, ഭര്‍ത്താവിനോടുള്ള അനിഷ്ടമോ ദേഷ്യമോ കൊണ്ടാകാം വരുന്നത്. സ്വന്തം നാടു വിട്ട് മറ്റൊരു നാട്ടില്‍ താമസിക്കാനുള്ള ആഗ്രഹം കൊണ്ടുമാകാം. ഇപ്രകാരമൊന്നുമല്ല ഈ സ്ത്രീകള്‍ മദീനയിലേക്ക് വന്നതെന്നും, ഐഹികനേട്ടം ആഗ്രഹിച്ചല്ലെന്നും, അല്ലാഹുവിനോടും അവന്റെ റസൂലി ﷺ നോടുമുള്ള സ്‌നേഹം മാത്രമാണ് ഇതിനുപിന്നിലെന്നും വ്യക്തമായ ശേഷം മാത്രമെ അവരെ നബി ﷺ സ്വീകരിച്ചുള്ളൂ.

അവിശ്വാസിനികള്‍ക്ക് വിശ്വാസിയായ ഭര്‍ത്താവും വിശ്വാസിക്ക് അവിശ്വാസിനിയായ ഭാര്യയും ഉണ്ടാകാവതല്ല. വിവാഹ സമയത്ത് പരസ്പരം നല്‍കിയ വിവാഹ മൂല്യങ്ങള്‍ വാങ്ങുകയും തിരിച്ചു നല്‍കുകയും ചെയ്യാവുന്നതാണെന്നും, വിശ്വാസം സ്വീകരിച്ച് അഭയാര്‍ഥിനികളായി വരുന്നവരെ വിശ്വാസികള്‍ക്ക് മഹ്ര്‍ നല്‍കി വിവാഹം ചെയ്യാവുന്നതാണെന്നും അല്ലാഹു അറിയിച്ചു.

കരാര്‍ പ്രകാരം പിറ്റേവര്‍ഷം (ഹിജ്‌റ ഏഴില്‍) ദുല്‍ക്വഅ്ദ മാസത്തില്‍ രണ്ടായിരം അനുചരന്മാരെയും കൂട്ടി നബി ﷺ മക്കയിലേക്ക് പുറപ്പെട്ടു. ആരെയും പേടിക്കാനില്ലാത്തതിനാല്‍ സ്ത്രീകളും കുട്ടികളുമെല്ലാം ആ സംഘത്തില്‍ ഉണ്ടായിരുന്നു. കരാറില്‍ ഉള്ളത് മക്കയില്‍ പ്രവേശിക്കുന്ന സമയത്ത് യുദ്ധത്തിനുള്ള ആയുധങ്ങള്‍ കൈവശം വെക്കാന്‍ പാടില്ല എന്നായിരുന്നു. എന്നാല്‍ ശത്രുക്കള്‍ കരാര്‍ ലംഘിച്ചേക്കുമോ എന്ന പേടി വിശ്വാസികള്‍ക്കുള്ളതിനാല്‍ ചെറിയ രൂപത്തില്‍ അവര്‍ ജാഗ്രത കാണിച്ചിരുന്നു. ചുരുക്കത്തില്‍ അന്ന് എഴുതിയ കരാര്‍ മുഴുവനും പ്രവാചകന്‍ ﷺ പാലിച്ചു. അതിനാല്‍ തന്നെ വ്യക്തമായ വിജയം വിശ്വാസികള്‍ക്ക് കൈവരിക്കുവാനും സാധിച്ചു.

കരാര്‍ പ്രകാരം നബി ﷺ അനുചരന്മാരെയും കൂട്ടി മക്കയിലേക്ക് പ്രവേശിച്ചു. ശത്രുക്കള്‍ക്ക് അവരെ തടയാന്‍ യാതൊരു മാര്‍ഗവുമില്ലല്ലോ. വിശ്വാസികളുടെ വരവ് കാണുന്നതിലുള്ള മനഃപ്രയാസം കാരണത്താല്‍ ക്വുറയ്ശി നേതാക്കള്‍ പരിസരത്തുള്ള മലമുകളില്‍ കയറുകയാണ് ചെയ്തത് എന്ന് ചരിത്രത്തില്‍ കാണാം. എന്നാല്‍ അതേസമയത്ത് മറ്റുള്ളവര്‍ വളരെ കൗതുകത്തോടെ നബി ﷺ യുടെയും അനുചരന്മാരുടെയും വരവിനെ നോക്കിക്കാണുകയായിരുന്നു.

വിശ്വാസികള്‍ ഉംറ കര്‍മം നിര്‍വഹിക്കാന്‍ തുടങ്ങി. ത്വവാഫിന്റെ സമയത്ത് ആദ്യ മൂന്ന് ചുറ്റല്‍ കുറച്ച് ശക്തിയില്‍ നടക്കാന്‍ നബി ﷺ സ്വഹാബിമാരോട് നിര്‍ദേശിച്ചു. പുരുഷന്മാരോട് വലതുകൈ പുറത്ത് കാണും വിധത്തില്‍ ഇഹ്‌റാം വസ്ത്രം ധരിക്കാനായിരുന്നു അവിടുന്ന് പറഞ്ഞിരുന്നത്. വിശ്വാസികളുടെ ശക്തിയും ആരോഗ്യവും വീര്യവും ക്ഷയിച്ചിട്ടില്ലെന്ന് മക്കക്കാര്‍ അറിയാനായിരുന്നു അത്. മദീനയില്‍ എത്തിയ അവരില്‍ പലരും പനിയും ജലദോഷവും ബാധിച്ച് അവശരായിട്ടുണ്ട് എന്ന് മക്കയില്‍ വിശ്വാസികളെ കുറിച്ച് പ്രചരിപ്പിച്ചതെല്ലാം ഇതോടെ തകരുകയും ചെയ്തു. കരാര്‍ പ്രകാരം ഉംറ നിര്‍വഹിച്ചതിന് ശേഷം മൂന്ന് ദിവസം മക്കയില്‍ താമസിച്ചു.

മൂന്ന് ദിവസം കഴിഞ്ഞപ്പോഴേക്കും നേതാക്കള്‍ മലമുകളില്‍ നിന്നും ഇറങ്ങി. എന്നിട്ട് അലി(റ)യെ കണ്ട് പറഞ്ഞു: ‘‘താങ്കളുടെ കൂട്ടുകാരനോട് പറയുക; പുറപ്പെട്ടേക്കുക. അവധി കഴിഞ്ഞിരിക്കുന്നു.” അങ്ങനെ നബി ﷺ അവിടെനിന്നും മടങ്ങി. നബി ﷺ കരാര്‍ പാലിച്ചു. നിര്‍ഭയരായും സന്തോഷവാന്മാരായും ഉംറ നിര്‍വഹിച്ച് എല്ലാവരും മടങ്ങി. ക്വുര്‍ആന്‍ പറയുന്നത് കാണുക:

‘‘അല്ലാഹു അവന്റെ ദൂതന് സ്വപ്‌നം സത്യപ്രകാരം സാക്ഷാല്‍ക്കരിച്ചിരിക്കുന്നു. അതായത് അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം സമാധാനചിത്തരായിക്കൊണ്ട് തല മുണ്ഡനം ചെയ്തവരും മുടി വെട്ടിയവരും ആയിക്കൊണ്ട് നിങ്ങള്‍ ഒന്നും ഭയപ്പെടാതെ പവിത്രമായ ദേവാലയത്തില്‍ പ്രവേശിക്കുക തന്നെ ചെയ്യുന്നതാണ് എന്ന സ്വപ്‌നം. എന്നാല്‍ നിങ്ങളറിയാത്തത് അവന്‍ അറിഞ്ഞിട്ടുണ്ട്. അതിനാല്‍ അതിന്ന് പുറമെ സമീപസ്ഥമായ ഒരു വിജയം അവന്‍ ഉണ്ടാക്കിത്തന്നു. സന്മാര്‍ഗവും സത്യമതവുമായി തന്റെ റസൂലിനെ നിയോഗിച്ചത് അവനാകുന്നു; അതിനെ എല്ലാ മതത്തിനും മീതെ തെളിയിച്ചുകാണിക്കാന്‍ വേണ്ടി. സാക്ഷിയായിട്ട് അല്ലാഹു തന്നെ മതി” (48:28).

(തുടരും)

ഹുസൈന്‍ സലഫി

നേർപഥം 

 

ഹുദയ്ബിയ സന്ധിയുടെ നേട്ടങ്ങള്‍

ഹുദയ്ബിയ സന്ധിയുടെ നേട്ടങ്ങള്‍

മുസ്‌ലിംകളുടെ അസ്തിത്വം ക്വുറയ്ശികള്‍ അംഗീകരിച്ച ആദ്യത്തെ കരാറായിരുന്നു ഇത്. മുസ്‌ലിംകളെ ഇതുവരെ അവര്‍ പരിഗണിച്ചിട്ടില്ലായിരുന്നു. എന്നാല്‍ ഈ കരാര്‍മുഖേന മുസ്‌ലിംകളുടെ അസ്തിത്വം അംഗീരിക്കുവാന്‍ അവര്‍ നിര്‍ബന്ധിതരായി. ഈ കരാറിന് ശേഷം പത്തു കൊല്ലത്തോളം സമാധാനാന്തരീക്ഷം നിലനിന്നു.

എവിടെയും മുസ്‌ലിംകള്‍ക്ക് സഞ്ചരിക്കാം. ഇസ്‌ലാമിക പ്രബോധനം നടത്താം. ആരും എതിര്‍ക്കാനോ തടയാനോ പാടില്ല. ആര്‍ക്കും ആരുമായും സഖ്യത്തിലാകാം. എല്ലാറ്റിനും സ്വാതന്ത്ര്യം പ്രഖ്യാപിക്കപ്പെട്ടു. അങ്ങനെ മുസ്‌ലിംകള്‍ക്ക് ശാന്തമായി ഇസ്‌ലാമിക പ്രബോധനം നടത്തുന്നതിനുള്ള സ്വാതന്ത്ര്യം ലഭിച്ചു. ഈ കരാര്‍ എഴുതി രണ്ട് വര്‍ഷം ആയപ്പോഴേക്കും മക്ക മുസ്‌ലിംകള്‍ക്ക് കീഴ്‌പെടുകയുണ്ടായി. ഈ രണ്ട് വര്‍ഷം ഇസ്‌ലാമിക പ്രബോധനത്താല്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇസ്‌ലാമിലേക്ക് വരാന്‍ കാരണമായി. ഇക്കാലയളവില്‍ ഉണ്ടായ വളര്‍ച്ച അതിനു മുമ്പ് നബി ﷺ ക്ക് ലഭിച്ചിട്ടില്ല എന്നാണ് ചരിത്രം പറയുന്നത്. അനുവദിക്കപ്പെട്ട സ്വാതന്ത്ര്യം ഉപയോഗിച്ച് നബി ﷺ അയല്‍നാടുകളിലേക്ക് കത്തുകള്‍ അയച്ചു. കത്തുകള്‍ കൊണ്ടുപോയി കൊടുക്കുവാനുള്ള ദൂതന്മാരെ നബി ﷺ നിയോഗിച്ചു. രാജാക്കന്മാരെ അവിടുന്ന് ഇസ്‌ലാമിനെക്കുറിച്ച് അറിയിച്ചു. കിസ്‌റാ, ക്വയ്‌സര്‍, മുക്വൗക്വിസ് ചക്രവര്‍ത്തിമാര്‍, ബഹ്റൈന്‍ ഗവര്‍ണര്‍, അബിസീനിയായിലെ രാജാവ് തുടങ്ങിയവര്‍ക്കെല്ലാം കത്തയച്ചു. അവിടുത്തെ സ്വതസിദ്ധമായ ശൈലിയില്‍ തന്നെയായിരുന്നു കത്ത്. ബിസ്മി കൊണ്ട് തുടങ്ങി. അല്ലാഹുവിന്റെ റസൂലായ മുഹമ്മദില്‍ നിന്നുള്ളതാണ് ഇത് എന്ന് അറിയിച്ചു. മുസ്‌ലിമായാല്‍ നിങ്ങള്‍ക്ക് അല്ലാഹുവിങ്കല്‍ രക്ഷയുണ്ട്, അതല്ലെങ്കില്‍ നിങ്ങള്‍ നിമിത്തം വഴിപിഴച്ചുപോകുന്നവരുടെ കൂടി പാപഭാരം നിങ്ങള്‍ വഹിക്കേണ്ടി വരും എന്നതായിരുന്നു കത്തിലെ പ്രധാന സന്ദേശം. അക്കാലത്ത് രാജാക്കന്മാര്‍ക്ക് കത്തുകള്‍ അയക്കുമ്പോള്‍ എഴുതുന്ന ആളുടെ മുദ്ര വേണ്ടിയിരുന്നു. അതിനാല്‍ നബി ﷺ വെള്ളി കൊണ്ട് ഒരു മോതിരം ഉണ്ടാക്കി. ആ മോതിരത്തില്‍ ‘മുഹമ്മദുര്‍റസൂലുല്ലാഹ്’ എന്ന് ആലേഖനം ചെയ്തിട്ടുണ്ടായിരുന്നു.

അയല്‍നാടുകളിലേക്ക് അടുക്കാന്‍ പോലും ഹുദയ്ബിയ സന്ധിക്ക് മുമ്പ് സാധിച്ചിരുന്നില്ല. സിറിയയിലേക്കും റോമിലേക്കും പോകുമ്പോള്‍ ശത്രുക്കള്‍ തടയുമായിരുന്നു. ഏത് രാജ്യത്തിലേക്കും പോകുവാന്‍ മുസ്‌ലിംകള്‍ക്ക് യാതൊരു വഴിയും ഇല്ലായിരുന്നു. ഈ കരാര്‍ മുഖേന ആ തടസ്സങ്ങള്‍ മുഴുവനും നീങ്ങി.

നബി ﷺ അയച്ച കത്തുകള്‍ ദൂതന്മാരില്‍നിന്നും രാജാക്കന്മാര്‍ കൈപ്പറ്റി. വളരെ ബഹുമാനത്തോടെയും ആദരവോടെയും അവര്‍ കത്തുകള്‍ വായിച്ചു. അനുകൂലമായ പ്രതികരണങ്ങള്‍ പല രാജാക്കന്മാരില്‍നിന്നും ലഭിച്ചു. പലരും ദൂതന്മാരുടെ കൈകളില്‍ നബി ﷺ ക്കുള്ള സമ്മാനങ്ങള്‍ കൊടുത്തയച്ചു. എന്നാല്‍ കത്ത് പരിഗണിക്കാതെ പിച്ചിച്ചീന്തി വലിച്ചെറിഞ്ഞ രാജാക്കന്മാരും ഉണ്ടായിരുന്നു. കിസ്‌റാ ചക്രവര്‍ത്തി നബി ﷺ യുടെ പേര് കണ്ടപാടെ ആ കത്ത് പിച്ചിച്ചീന്തി കുപ്പത്തൊട്ടിയിലേക്ക് എറിഞ്ഞു. നബി ﷺ ഈ വിവരം അറിഞ്ഞു. നബി ﷺ പറഞ്ഞു: ‘അവനും പിച്ചിച്ചീന്തപ്പെടുന്നതാണ്.’ നബി ﷺ വ്യക്തിപരമായ ദേഷ്യം തീര്‍ക്കുകയായിരുന്നില്ല ചെയ്തത്. അവിടുന്ന് വ്യക്തിപരമായ യാതൊന്നും രാജാവിനോട് ആവശ്യപ്പെട്ടിട്ടില്ലല്ലോ. അധികാരം ചോദിച്ചായിരുന്നില്ല നബി ﷺ കത്തയച്ചിരുന്നത്. ഏതെങ്കിലും രൂപത്തിലുള്ള സാമ്പത്തിക സഹായം നല്‍കണം എന്ന് അഭ്യര്‍ഥിച്ചുകൊണ്ടുള്ള കത്തുമല്ല നബി ﷺ അയച്ചത്. മറിച്ച്, മുസ്‌ലിമാകുന്നതിന്റെ പ്രാധാന്യം അറിയിക്കുന്ന ആദര്‍ശാധിഷ്ഠിതമായ കത്തായിരുന്നു അത്. ആ കത്ത് കീറിക്കളഞ്ഞ് അവഗണിച്ചത് അല്ലാഹുവിന്റെ റസൂലി ﷺ നോടുള്ള വെല്ലുവിളിയായിരുന്നു. അതിനാലാണ് പ്രവാചകന്‍ ﷺ അയാള്‍ക്കെതിരില്‍ പ്രാര്‍ഥിച്ചത്. ആ പ്രാര്‍ഥനക്ക് ശേഷം അധികകാലം അധികാരത്തിന്റെ ഭ്രാന്ത് തലക്ക് പിടിച്ച അഹങ്കാരിയായ ആ ചക്രവര്‍ത്തി ജീവിച്ചില്ല. സ്വന്തം മകന്റെ കൈകളാല്‍ അയാള്‍ കൊല്ലപ്പെടുകയുണ്ടായി. മകന്‍ വയറ്റില്‍ കത്തി കുത്തിയിറക്കിക്കൊന്ന് പിതാവില്‍നിന്നും അധികാരം കൈയടക്കുകയാണുണ്ടായത്.

ഇസ്‌ലാമക പ്രബോധനം നാള്‍ക്കുനാള്‍ മക്കയിലും മദീനയിലും പരിസര പ്രദേശങ്ങളിലും വ്യാപിക്കാന്‍ തുടങ്ങി. ശത്രുക്കള്‍ക്ക് ശാന്തമായ അന്തരീക്ഷത്തില്‍ ഇസ്‌ലാമിനെപ്പറ്റി പഠിക്കുവാനുള്ള സാഹചര്യം തരപ്പെട്ടു. ഈ കാലയളവിലാണ് ഇസ്‌ലാമിന് എതിരില്‍ ശക്തിയായി നിലകൊണ്ടിരുന്ന ഖാലിദ് ഇബ്‌നുല്‍ വലീദ്(റ), അംറ് ഇബ്‌നുല്‍ ആസ്വ്(റ), ഉഥ്മാന്‍ ഇബ്‌നു ത്വല്‍ഹ(റ) മുതലായവര്‍ ഇസ്‌ലാം സ്വീകരിച്ചത്. മാത്രവുമല്ല, ഹുദയ്ബിയ സന്ധിയില്‍ ശത്രുപക്ഷത്തുനിന്ന് കരാര്‍ എഴുതിയ സുഹയ് ല്‍ പോലും ഇസ്‌ലാം സ്വീകരിച്ചു.

ഹുദയ്ബിയ സന്ധിയുടെ കാലത്ത് നബി ﷺ യുടെ കൂടെ ആയിരത്തി നാനൂറ് പേരാണ് ഉംറ നിര്‍വഹിക്കാന്‍ പുറപ്പെട്ടതെങ്കില്‍ രണ്ട് വര്‍ഷം കഴിഞ്ഞ് മക്കാവിജയ സമയത്ത് നബി ﷺ യുടെ കൂടെ ഉംറ നിര്‍വഹിക്കാന്‍ പുറപ്പെടുമ്പോള്‍ അവരുടെ എണ്ണം പതിനായിരമായി. അഥവാ, രണ്ട് കൊല്ലം കൊണ്ട് അത്രയും വലിയ മാറ്റം ഇസ്‌ലാം കൈവരിച്ചു.

ഇതോടെ മക്കയിലെ മുശ്‌രിക്കുകളുടെ ശല്യം ഒഴിവായി. കരാറില്‍ ഏര്‍പ്പെട്ടതിനാല്‍ അവര്‍ ഇനി ഉപദ്രവിക്കുവാന്‍ വരില്ലല്ലോ. ജൂതന്മാരുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കുവാന്‍ ഈ അവസരം മുസ്‌ലിംകള്‍ നന്നായി ഉപയോഗിച്ചു. അവരില്‍ നിന്നുണ്ടാകുന്ന എതിര്‍പ്പുകളെ പ്രതിരോധിക്കുവാനും അവരിലേക്ക് ഇസ്‌ലാമിന്റെ സന്ദേശം എത്തിക്കുവാനും ഈ കാലയളവ് മുസ്‌ലിംകള്‍ക്ക് ഒരു തുറന്ന അവസരമായി.

മുസ്‌ലിംകളായി മക്കയില്‍നിന്ന് ആരെങ്കിലും മദീനയിലേക്ക് വന്നാല്‍ അവരെ തിരിച്ചയക്കണം എന്നതായിരുന്നല്ലോ ഹുദയ്ബിയ സന്ധിയിലെ ഒരു കരാര്‍. അതും അവര്‍ക്ക് വിനയാകുകയാണ് ഉണ്ടായത്. ഇപ്രകാരം മക്കയില്‍നിന്ന് മദീനയില്‍ എത്തിയവരെ കരാര്‍ പ്രകാരം നബി ﷺ തിരിച്ചയച്ചു. എന്നാല്‍ അവര്‍ മക്കയിലേക്ക് പോകാതെ മറ്റൊരിടത്ത് താവളമടിച്ചു. അവരുടെ എണ്ണവും കൂടി. മക്കക്കാര്‍ കച്ചവടത്തിനായി പോകുന്ന വഴികളിലായിരുന്നു അവര്‍ താവളമടിച്ചിരുന്നത്. അതിനാല്‍ മക്കക്കാര്‍ അതുവഴി കച്ചവടത്തിന് പോകുമ്പോള്‍ കച്ചവടക്കാര്‍ തടയപ്പെട്ടു. അങ്ങനെ അത് അവര്‍ക്ക് വലിയ പ്രയാസം ഉണ്ടായി. അവസാനം ഈ കരാര്‍ മാറ്റാന്‍ വേണ്ടി നബി ﷺ യോട് അവര്‍ ആവശ്യപ്പെടുകയും ചെയ്തു.

ഒരിക്കല്‍ നബി ﷺ മദീനയില്‍ ആയിരിക്കെ അബൂ ബസ്വീര്‍(റ) മദീനയില്‍ മുസ്‌ലിമായി എത്തി. അദ്ദേഹം മദീനയിലേക്ക് പോകുമ്പോള്‍ പിന്നില്‍ രണ്ടുപേരെ ക്വുറയ്ശികള്‍ വിട്ടിരുന്നു. അബൂ ബസ്വീറി(റ)നെ മക്കയിലേക്ക് തിരിച്ചുകൊണ്ടുവരാനായിരുന്നു ഇവരെ ക്വുറയ്ശികള്‍ അയച്ചത്. നബി ﷺ അദ്ദേഹത്തോട് മടങ്ങിപ്പോകാന്‍ നിര്‍ദേശിച്ചു. കാരണം, ക്വുറയ്ശികളും മുസ്‌ലിംകളും പരസ്പരം കരാറിലാണല്ലോ ഉള്ളത്. അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്റെ പ്രവാചകരേ, മുസ്‌ലിമായി ഞാന്‍ നിങ്ങളുടെ അടുത്ത് അഭയംതേടി വന്നിട്ടും അവരിലേക്കുതന്നെ എന്നെ തിരിച്ചയക്കുകയാണോ?’ നബി ﷺ അദ്ദേഹത്തെ സമാധാനിപ്പിച്ചു. തിരിച്ചു പോകാന്‍ ആവശ്യപ്പെട്ടു. അങ്ങനെ അദ്ദേഹത്തെ തിരിച്ചു കൊണ്ടുപോകാന്‍ ക്വുറയ്ശികള്‍ അയച്ച രണ്ടാളുകളുടെ കൂടെ നബി ﷺ തിരിച്ചയച്ചു. അങ്ങനെ മൂന്നു പേരും മക്കയിലേക്ക് മടങ്ങി. വഴി മധ്യേ അബൂ ബസ്വീര്‍ കൂടെയുള്ള മുശ്‌രിക്കുകളില്‍ ഒരാളെ വാളിനിരയാക്കി.  സ്വന്തം ജീവന് വേണ്ടിയുള്ള പ്രതിരോധാവശ്യാര്‍ഥമായിരുന്നു അദ്ദേഹം അങ്ങനെ ചെയ്തത്. പന്നീട് ഒരാള്‍ മാത്രമായി. അയാള്‍ മദീനയിലേക്ക് ഓടി. മദീനയില്‍ എത്തിയാല്‍ അഭയം ലഭിക്കുമെന്ന പ്രതീക്ഷയായിരുന്നു അയാള്‍ക്ക്. അങ്ങനെ അദ്ദേഹം നബി ﷺ യുടെ അടുക്കല്‍ എത്തി. എന്നിട്ട് അയാള്‍ പറഞ്ഞു: ‘എന്റെ കൂട്ടുകാരന്‍ വധിക്കപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും ഞാനും വധിക്കപ്പെടുന്നതാണ് (രക്ഷിക്കണം).’ തൊട്ടു പിന്നില്‍ അബൂ ബസ്വീര്‍(റ) എത്തി. അദ്ദേഹം അല്ലാഹുവിന്റെ റസൂലി ﷺ നെ വിളിച്ചു പറഞ്ഞു:

 “അല്ലാഹുവിന്റെ പ്രവാചകരേ, അല്ലാഹുവാണെ സത്യം. അല്ലാഹു അങ്ങയുടെ ഉത്തരവാദിത്തം പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്നെ അവരിലേക്ക് അയക്കുകയും അവരില്‍നിന്ന് അല്ലാഹു എന്നെ മോചിപ്പിക്കുകയും ചെയ്തിരിക്കുന്നു.’’ നബി ﷺ പറഞ്ഞു: “യുദ്ധം പൊട്ടിപ്പുറപ്പെടുവിക്കുന്നവന്റെ ഉമ്മാക്ക് നാശം. അത് ഇനി ഒരാളായാല്‍ പോലും  (ശരി).’’ അത് കേട്ടപ്പോള്‍ അദ്ദേഹത്തിന് നബി ﷺ തന്നെ അവരിലേക്കുതന്നെ മടക്കിയയച്ചേക്കുമെന്ന് മനസ്സിലായി. അങ്ങനെ അദ്ദേഹം (മദീനയില്‍ നിന്നും) പറപ്പെട്ടു. (ഒരു) കടല്‍ക്കരയില്‍ എത്തി. അദ്ദേഹം പറയുന്നു: ‘അവരില്‍ നിന്ന് രക്ഷപ്പെട്ടിരുന്ന അബൂ ജന്ദല്‍ (അവിടെയുണ്ട്). അങ്ങനെ അദ്ദേഹം അബൂബസ്വീറിന്റെ കൂടെ ചേര്‍ന്നു. ക്വുറയ്ശികളില്‍നിന്നും മുസ്‌ലിമായവര്‍ അബൂ ബസ്വീറിന്റെ കൂടെ ചേരുകയല്ലാതെ (അവിടേക്ക്) മടങ്ങാതായി. അങ്ങനെ അവരില്‍നിന്ന് ഒരു ചെറുസംഘം സംഘടിച്ചു. അല്ലാഹുവാെണ സത്യം, ക്വുറയ്ശികളില്‍നിന്ന് ശാമിലേക്ക് പുറപ്പെട്ട കച്ചവട സംഘങ്ങളെ കുറിച്ച് അവര്‍ കേട്ടിരുന്നില്ല; അവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടല്ലാതെ. അങ്ങനെ അവരെ അവര്‍ വധിക്കുകയും അവരുടെ സമ്പത്ത് അവര്‍ എടുക്കുകയും ചെയ്യും. അപ്പോള്‍ ക്വുറയ്ശികള്‍ നബി ﷺ യിലേക്ക് ദൂതനെ അയച്ചു. അയാള്‍ അല്ലാഹുവിനെ കൊണ്ടും കുടുംബബന്ധത്തെകൊണ്ടും സംസാരിച്ചു. അങ്ങനെ ആരെങ്കിലും താങ്കളുടെ (നബിയുടെ) അടുത്ത് എത്തിയാല്‍ അവന്‍ നിര്‍ഭയനാണ്. അങ്ങനെ നബി ﷺ അവരിലേക്ക് ഒരു ദൂതനെ അയച്ചു. അപ്പോള്‍ അല്ലാഹു (ഈ സൂക്തംങ്ങള്‍) ഇറക്കി:

“അവര്‍ക്ക് (ശത്രുക്കള്‍ക്ക്) എതിരില്‍ നിങ്ങള്‍ക്ക് വിജയം നല്‍കിയതിന് ശേഷം അവനാകുന്നു മക്കയുടെ ഉള്ളില്‍വെച്ച് അവരുടെ കൈകള്‍ നിങ്ങളില്‍നിന്നും നിങ്ങളുടെ കൈകള്‍ അവരില്‍നിന്നും തടഞ്ഞുനിര്‍ത്തിയത്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു. സത്യത്തെ നിഷേധിക്കുകയും, പവിത്രമായ ദേവാലയത്തില്‍ നിന്ന് നിങ്ങളെ തടയുകയും, ബലിമൃഗങ്ങളെ അവയുടെ നിശ്ചിത സ്ഥാനത്തെത്താന്‍ അനുവദിക്കാത്ത നിലയില്‍ തടഞ്ഞുനിര്‍ത്തുകയും ചെയ്തവരാകുന്നു അവര്‍. നിങ്ങള്‍ക്ക് അറിഞ്ഞുകൂടാത്ത സത്യവിശ്വാസികളായ ചില പുരുഷന്‍മാരെയും സത്യവിശ്വാസിനികളായ ചില സ്ത്രീകളെയും നിങ്ങള്‍ ചവിട്ടിത്തേക്കുകയും, എന്നിട്ട് (നിങ്ങള്‍) അറിയാതെ തന്നെ അവര്‍ നിമിത്തം നിങ്ങള്‍ക്ക് പാപം വന്നുഭവിക്കാന്‍ ഇടയാവുകയും ചെയ്യില്ലായിരുന്നെങ്കില്‍ (അല്ലാഹു നിങ്ങളെ ഇരുവിഭാഗത്തെയും യുദ്ധത്തില്‍നിന്ന് തടയുമായിരുന്നില്ല). അല്ലാഹു തന്റെ കാരുണ്യത്തില്‍ താന്‍ ഉദ്ദേശിക്കുന്നവരെ ഉള്‍പെടുത്തേണ്ടതിനായിട്ടാകുന്നു അത്. അവര്‍ (മക്കയിലെ വിശ്വാസികളും സത്യനിഷേധികളും) വേറിട്ടായിരുന്നു താമസിച്ചിരുന്നതെങ്കില്‍ അവരിലെ സത്യനിഷേധികള്‍ക്ക് വേദനയേറിയ ശിക്ഷ നാം നല്‍കുകതന്നെ ചെയ്യുമായിരുന്നു. സത്യനിഷേധികള്‍ തങ്ങളുടെ ഹൃദയങ്ങളില്‍ ദുരഭിമാനം- ആ അജ്ഞാനയുഗത്തിന്റെ ദുരഭിമാനം-വെച്ചുപുലര്‍ത്തിയ സന്ദര്‍ഭം! അപ്പോള്‍ അല്ലാഹു അവന്റെ റസൂലിന്റെ മേലും സത്യവിശ്വാസികളുടെ മേലും അവന്റെ പക്കല്‍നിന്നുള്ള മനസ്സമാധാനം ഇറക്കിക്കൊടുത്തു. സൂക്ഷ്മത പാലിക്കാനുള്ള കല്‍പന സ്വീകരിക്കാന്‍ അവരെ നിര്‍ബന്ധിക്കുകയും ചെയ്തു. (അത് സ്വീകരിക്കാന്‍) കൂടുതല്‍ അര്‍ഹതയുള്ളവരും അതിന് അവകാശപ്പെട്ടവരുമായിരുന്നു അവര്‍. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയുംഅറിവുള്ളവനായിരിക്കുന്നു’’ (ദുല്‍ഫതഹ്‌ 24-26).

 നബി  ﷺ ഹുദയ്ബിയയില്‍ വെച്ച് എഴുതിയ കരാറുകള്‍ തെറ്റിക്കാതെ നടപ്പില്‍ വരുത്തി. നബി ﷺ മദീനയിലേക്ക് വരുന്നവരെയെല്ലാം മക്കയിലേക്കുതന്നെ തിരിച്ചുപോകാന്‍ കല്‍പിക്കുകയായിരുന്നല്ലോ ചെയ്തിരുന്നത്. അങ്ങനെ തിരിച്ചയക്കുന്ന വിശ്വാസികള്‍ മക്കക്കാരുടെ പീഡനത്തെ പേടിച്ച് അവിടേക്ക് പോയില്ല. അവര്‍ ഓരോരുത്തരായി ഒരു സ്ഥലത്ത് താവളമടിച്ചു. അവര്‍ ഒരു ചെറു സംഘമായി രൂപപ്പെട്ടു. ഇവര്‍ മക്കയില്‍നിന്ന് ശാമിലേക്ക് കച്ചവടത്തിന് വേണ്ടി പോകുന്ന ക്വുറയ്ശികള്‍ക്ക് വലിയ ഭീഷണിയായിപമാറി. മക്കയില്‍നിന്ന് മദീനത്തെത്തുന്ന മുസ്‌ലിംകളെ മക്കയിലേക്കുതന്നെ തിരിച്ചയക്കണമെന്ന് കരാര്‍ റദാക്കിയേ തീരൂ എന്ന് മക്കക്കാര്‍ക്ക് തോന്നി. ഇതിനെക്കുറിച്ച് നബി ﷺ യോട് ചര്‍ച്ച ചെയ്യാന്‍ അവര്‍ തീരുമാനിച്ചു. അങ്ങനെ ഹുദയ്ബിയയില്‍ വെച്ച് ഉണ്ടാക്കിയ ആ കരാര്‍ നീക്കം ചെയ്യപ്പെടുകയുണ്ടായി.

താല്‍ക്കാലികമായ ഒരു പരാജയം ഒരിക്കലും നിരാശക്ക് കാരണമാകരുത് എന്ന വലിയ ഒരു സന്ദേശം ഇതിലൂടെ ലഭിക്കുന്നുണ്ട്. അല്ലാഹു വിജയം തരാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ ആരെല്ലാം എന്തെല്ലാം നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കിയാലും അല്ലാഹുവിനോടുള്ള ബാധ്യത നാം നിര്‍വഹിക്കുന്നുണ്ടെങ്കില്‍ അത് നമുക്ക് ലഭിക്കുകതന്നെ ചെയ്യുന്നതാണ്; കാത്തിരിക്കേണ്ടിവന്നാലും.

ഹുദയ്ബിയഃ സന്ധി മുഖേന വലിയ വിജയം അല്ലാഹു നബി ﷺ ക്ക് സമ്മാനിച്ചു. ആ വിജയം നല്‍കിയതിന് പറഞ്ഞ ഒരു കാരണം നബി ﷺ യുടെ പാപങ്ങള്‍ പൊറുത്തു കൊടുക്കാന്‍ വേണ്ടിയാണ് എന്നാണല്ലോ ഉള്ളത്. ഈ സംഭവത്തിന് മുമ്പോ ശേഷമോ അവിടുന്ന് ഏതെങ്കിലും രൂപത്തിലുള്ള ശിക്ഷക്ക് കാരണമാകുന്ന പാപങ്ങള്‍ ചെയ്തിട്ടുണ്ട് എന്നതല്ല ഈ പറഞ്ഞതിന്റെ വിവക്ഷ. അങ്ങനെ തെറ്റുധരിക്കുവാന്‍ പാടില്ല. കാരണം, മുഹമ്മദ് നബി ﷺ അടക്കമുള്ള എല്ലാ നബിമാരും ആ വിധത്തിലുള്ള പാപങ്ങളില്‍നിന്ന് വിശുദ്ധരാകുന്നു. പ്രവാചകന്മാര്‍ മറ്റുള്ളവരെ അപേക്ഷിച്ച് അത്യുന്നത പദവിയിലാണല്ലോ ഉള്ളത്. ആ സ്ഥാനം കണക്കിലെടുത്ത് നോക്കുമ്പോള്‍ അവരുടെ ആ പദവിക്ക് യോജിക്കാത്ത നിലക്കുള്ള ചെറിയ രൂപത്തിലുള്ള നിസ്സാരമായ അബദ്ധങ്ങള്‍ അവരില്‍നിന്നും സംഭവിക്കുമ്പോഴേക്ക് തന്നെ അല്ലാഹു ഉടനെത്തന്നെ തിരുത്തിക്കൊടുക്കും. അത്തരം ഒരു സംഭവത്തിന് ഉദാഹരണമാണ് സൂറഃ അബസയുടെ തുടക്കത്തില്‍ കാണുന്നത്.

ഉപരിസൂചിത വചനങ്ങള്‍ നബി ﷺ ക്ക് അല്ലാഹു നല്‍കിയ സന്തോഷവാര്‍ത്തയായിരുന്നു എന്നതില്‍ സംശയമില്ല. എന്നാല്‍ അതിന്റെ പേരില്‍ അവിടുന്ന് മതിമറന്ന് ആനന്ദിച്ചില്ല, അഹങ്കരിച്ചില്ല. കൂടുതല്‍ കൂടുതല്‍ അല്ലാഹുവിന് കീഴ്‌പെടുകയാണ് ചെയ്തത്.

ഈ വിജയം നബി ﷺ ക്ക് ഇഹത്തിലും പരത്തിലും അല്ലാഹുവില്‍നിന്നുള്ള അനുഗ്രഹങ്ങള്‍ പരിപൂര്‍ണമായി നല്‍കപ്പെടുന്നതിന് വേണ്ടിയായിരുന്നു. അല്ലാഹുവിന്റെ കല്‍പനക്ക് എതിരായി യാതൊന്നും ചെയ്യാതെ, അവന്റെ കല്‍പനകള്‍ക്കനുസൃതമായി നീങ്ങിയപ്പോള്‍ അല്ലാഹു വലിയ സഹായവും അവിടുത്തേക്ക് നല്‍കുകയായിരുന്നു.

നാം ആര്‍ക്കെങ്കിലും താഴ്ന്ന് കൊടുത്തു എന്ന കാരണത്താല്‍ നമുക്ക് യാതൊന്നും നഷ്ടപ്പെടാനില്ല. അത് മുഖേന അല്ലാഹു അന്തസ്സ് വര്‍ധിപ്പിക്കുകയേ ഉള്ളൂ. അതും ഈ സംഭവത്തില്‍നിന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. പ്രവാചക ചരിത്രത്തില്‍ ഇതിന് എത്രയോ ഉദാഹരണങ്ങള്‍ നമുക്ക് കാണാനും സാധിക്കും. അതുപോലെ നാം വിനയം കാണിച്ചാല്‍ അതു മുഖേന അല്ലാഹു നമ്മെ ഉയര്‍ത്തുകയും ചെയ്യുന്നതാണ്. അതാണ് നബി ﷺ യുടെ ജീവിതം നമുക്ക് അറിയിച്ചു തരുന്നത്.

അല്ലാഹു ഈ വചനങ്ങള്‍ ഇറക്കിയപ്പോള്‍ മുസ്‌ലിംകള്‍ക്ക് ഉണ്ടായിരുന്ന വിഷമങ്ങള്‍ എല്ലാം നീങ്ങി. അവര്‍ക്ക് സമാധാനം കൈവന്നു. ക്വുര്‍ആന്‍ വചനം കേട്ടപ്പോഴേക്ക് അവരുടെ മനസ്സ് മാറുകയാണ്. വിഷമം മാറുന്നു…സന്തോഷം കൈവരുന്നു. അവര്‍ക്ക് ലഭിച്ച ആ സമാധാനത്തെ ഓര്‍മിപ്പിച്ചുകൊണ്ട് അല്ലാഹു പറയുന്നത് കാണുക:

“അവനാകുന്നു സത്യവിശ്വാസികളുടെ ഹൃദയങ്ങളില്‍ ശാന്തി ഇറക്കിക്കൊടുത്തത്. അവരുടെ വിശ്വാസത്തോടൊപ്പം കൂടുതല്‍ വിശ്വാസം ഉണ്ടായിത്തീരുന്നതിന് വേണ്ടി. അല്ലാഹുവിന്നുള്ളതാകുന്നു ആകാശങ്ങളിലെയും ഭൂമിയിലെയും സൈന്യങ്ങള്‍. അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമായിരിക്കുന്നു. സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും താഴ്ഭാഗത്തുകൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ നിത്യവാസികളെന്ന നിലയില്‍ പ്രവേശിപ്പിക്കാന്‍ വേണ്ടിയത്രെ അത്. അവരില്‍നിന്ന് അവരുടെ തിന്മകള്‍ മായ്ച്ചുകളയുവാന്‍ വേണ്ടിയും. അല്ലാഹുവിന്റെ അടുക്കല്‍ അത് ഒരു മഹാഭാഗ്യമാകുന്നു’’ (അല്‍ഫത്ഹ് 4-5).

ഹുസൈന്‍ സലഫി

നേർപഥം 

കരുതിവെക്കാം;കൈനീട്ടാതിരിക്കാന്‍

കരുതിവെക്കാം;കൈനീട്ടാതിരിക്കാന്‍

വാഹനാപകടത്തില്‍ മരിച്ച പ്രവാസി സുഹൃത്തിന് നാട്ടില്‍ വീടില്ലെന്ന കാര്യം അദ്ദേഹം മരണപ്പെട്ടപ്പോഴാണ് മറ്റുള്ളവര്‍ അറിഞ്ഞത്. ഉള്ളതുകൊണ്ട് കുടുംബത്തോടൊപ്പം ഗള്‍ഫില്‍ ജീവിച്ച ആ സഹോദരന്‍ ചെറുപ്രായത്തില്‍ ഈ ലോകത്തുനിന്നും മടങ്ങി. രണ്ട് കുട്ടികളുമായി മുപ്പത് വയസ്സ് മാത്രം പ്രായമുള്ള ആ സഹോദരി വൈധവ്യത്തിന്റെ കൈപ്പറിഞ്ഞു.

അവധിയാത്രക്ക് എല്ലാം ഒരുക്കിനില്‍ക്കവെയാണ് സുഹൃത്തായ മറ്റൊരു ചെറുപ്പക്കാരന്‍ അപകടത്തില്‍ മരണമടഞ്ഞത്. വീടുപണി ഏകദേശം പൂര്‍ത്തിയായി താമസം മാറാനുള്ള തയ്യാറെടുപ്പിലായിരുന്നു അവന്‍.

ജോലിയില്‍ സ്ഥലം മാറ്റം ലഭിച്ചതിനാല്‍ കുടുംബത്തോടൊപ്പം പുതിയ സ്ഥലത്തേക്ക് യാത്രചെയ്യുമ്പോഴാണ് ബേപ്പൂര്‍ സ്വദേശിയും കുടുംബവും അപകടത്തില്‍ മരിച്ചത്. വീടുപണി പൂര്‍ത്തിയാകുന്നതിനുമുമ്പ് ആ അഞ്ചംഗ കുടുംബം ഒന്നിച്ച് ഈ ലോകത്തോട് യാത്രപറഞ്ഞു. ഇന്ന് വീടിനടുത്തുള്ള പള്ളിവളപ്പിലെ ക്വബ്‌റ്സ്ഥാനില്‍     അവര്‍ അന്തിയുറങ്ങുന്നു.

ഇങ്ങനെ പലരൂപത്തില്‍ പ്രതീക്ഷകള്‍ക്കപ്പുറം അല്ലാഹുവിന്റെ വിധി നമ്മെ എപ്പോഴും തേടിയെത്തിയേക്കാം. അതിനെ തടുക്കാന്‍ ആര്‍ക്കും സാധ്യമല്ല. ഭൗതികതയുടെ പളപളപ്പില്‍ ലിബറലിസവും പുരോഗമനവാദവും ആധുനികതയും ഒക്കെ പറഞ്ഞു ജീവിതലക്ഷ്യം മറക്കുന്നവര്‍ക്ക് മരണമെന്ന യാഥാര്‍ഥ്യത്തിന് മുന്നില്‍ നിസ്സഹായരായി നില്‍ക്കാന്‍ മാത്രമെ സാധിക്കുകയുള്ളൂ. കുടുംബത്തെയും അടുത്ത ബന്ധുക്കളെയും ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാതെ ഇത്തരം സന്ദര്‍ഭത്തില്‍ നാം പ്രയാസപ്പെടും. നിസ്സഹായനായി നില്‍ക്കുന്നവര്‍ക്ക് പ്രതീക്ഷയുടെ കിരണങ്ങള്‍ സമ്മാനിക്കാന്‍ പരലോക വിശ്വാസവും ഇസ്‌ലാമിക അധ്യാപനങ്ങളും സാധിക്കുന്നു എന്നതാണ് വിശ്വാസി സമൂഹത്തിന് ഏതൊരു പ്രതിസന്ധിഘട്ടങ്ങളിലും സധൈര്യം നിലകൊള്ളാന്‍ ആത്മവിശ്വാസം നല്‍കുന്നത്.

നാട്ടില്‍നിന്നും ജോലിതേടി വന്ന ഏതാനും മലയാളികളെ കണ്ടപ്പോള്‍ ‘എന്തേ ഈ സന്ദര്‍ഭത്തില്‍ ഇങ്ങോട്ടു വന്നത്’ എന്ന ചോദ്യത്തിന് അവര്‍ നല്‍കിയ മറുപടി ‘നാട്ടില്‍ കോവിഡ് മൂലം ജോലിയൊന്നും ഇല്ലാതിരിക്കുമ്പോള്‍ ഒരവസം കിട്ടി, അങ്ങനെ വന്നു’ എന്നായിരുന്നു. ദീര്‍ഘകാലമായി പ്രവാസജീവിതം നയിക്കുന്ന ഒരാളോട് ‘വര്‍ഷം കുറെയായില്ലേ ഇവിടെ, എന്തെങ്കിലും നീക്കിയിരിപ്പുണ്ടോ’ എന്ന് ചോദിച്ചപ്പോള്‍ ചിരിച്ചുകൊണ്ട് അയാള്‍ പറഞ്ഞത് ‘പ്രത്യേകിച്ച് സമ്പാദ്യമൊന്നും ഇല്ല’ എന്നാണ്. അസുഖമായി അല്‍പം പ്രയാസത്തില്‍ മാസങ്ങളോളം ആശുപത്രിയില്‍ കിടക്കേണ്ടി വന്ന ഒരാളോട് ‘നാട്ടില്‍ പോകുന്നില്ലേ, ഇവിടെത്തന്നെ നില്‍ക്കുകയാണോ, എന്തെങ്കിലും വരുമാനമാര്‍ഗം നാട്ടില്‍ ഉണ്ടോ’ എന്ന് ചോദിച്ചപ്പോള്‍ ‘ഇതുവരെ നന്നായി ജീവിച്ചു. ആളുകള്‍ കാണുമ്പോള്‍ അത്യാവശ്യം ഉള്ള പ്രവാസിയാണ് എന്ന് തോന്നും, അത് മാത്രമാണ് സമ്പാദ്യം’ എന്ന മറുപടിയാണ് ലഭിച്ചത്.

എല്ലാവരുടെയും ജീവിതം അല്ലാഹു നിശ്ചയിച്ച സമയത്ത് അവസാനിക്കും, തീര്‍ച്ച. അപ്രതീക്ഷിത മരണങ്ങള്‍ എന്ന് നാം വിളിക്കുന്ന, അല്ലാഹു നിശ്ചയിച്ച സമയത്തുതന്നെയുള്ള മരണങ്ങളില്‍ പലപ്പോഴും കുടുംബം പ്രതിസന്ധിയില്‍ അകപ്പെടുന്ന കാഴ്ച നാം കാണാറുണ്ട്. പെട്ടെന്നൊരുദിനം ഗൃഹനാഥന്‍ ഇല്ലതാകുന്നത് കുടുംബിനിയെ വല്ലാതെ തളര്‍ത്തിക്കളയും. കുടുംബത്തിന്റെ എല്ലാ കാര്യങ്ങളും തന്റെ ചുമലിലേക്ക് വരുന്ന സാഹചര്യം, പിഞ്ചുമക്കളുമായി എങ്ങനെ ജീവിതം മുന്നോട്ടുപോകും എന്ന ആശങ്ക, സാമ്പത്തികമായി ഒന്നുമില്ലാത്ത അവസ്ഥ…ഇവയെല്ലാം ഇരുട്ടായി പടര്‍ന്നുകയറും.

ജീവിതാവസ്ഥയെ കുറിച്ച് ചോദിക്കുമ്പോള്‍ ‘ഉള്ളതുകൊണ്ട് ജീവിച്ച് പോകുന്നു, അല്‍ഹംദുലില്ലാഹ്,’  ‘ബാധ്യതകള്‍ ധാരാളമുണ്ട്, എന്തുചെയ്യും എന്നറിയില്ല,’ ‘അടിച്ചുപൊളി ജീവിതം’ എന്നിങ്ങനെ പലര്‍ക്കും പലവിധ മറുപടികളാണ് പറയാനുണ്ടാവുക.

സമ്പാദ്യത്തില്‍നിന്നും നാളേക്കായി ഒന്നും നീക്കിവയ്ക്കാതെ കിട്ടുന്നതെല്ലാം ഉടനടി ചെലവഴിച്ചു തീര്‍ക്കുന്നത് നല്ല കീഴ്‌വഴക്കമല്ല. എത്ര സമ്പാദിക്കാനും ഇസ്‌ലാം നമുക്ക് അനുവാദം നല്‍കുന്നുണ്ട്; അത് ഹലാലാവണം എന്ന് മാത്രം.

രോഗാവസ്ഥയിലായിരിക്കെ തന്റെ സ്വത്ത് മുഴുവനും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ദാനം ചെയ്യട്ടെ എന്ന് അന്വേഷിച്ച സഅ്ദി(റ)നോട് നബി ﷺ ‘വേണ്ട’ എന്നാണ് മറുപടി നല്‍കിയത്. എങ്കില്‍ പകുതി ദാനം ചെയ്യട്ടയോ എന്നന്വേഷിച്ചപ്പോഴും അവിടുന്ന് വിലക്കി. അവസാനം മൂന്നിലൊരുഭാഗം ദാനം ചെയ്യാനനുവദിച്ച നബി ﷺ ശേഷം പറഞ്ഞു: ‘തീര്‍ച്ചയായും നീ നിന്റെ അനന്തരവകാശികളെ ആളുകള്‍ക്ക് മുമ്പില്‍ കൈനീട്ടുന്നവരായി വിട്ടേച്ചു പോകുന്നതിനെക്കാള്‍ അവരെ ധന്യരാക്കി വിട്ടുപോകുന്നതാണ് നിനക്കുത്തമം’’ (ബുഖാരി, മുസ്‌ലിം).

കുടുംബത്തിന് ചെലവഴിക്കുന്നത് ഏറ്റവും ഉല്‍കൃഷ്ടമായതാണെന്നും ചെലവിന് കൊടുക്കാതിരിക്കുക എന്നത് കുറ്റമാണെന്നുമാണ് ഇസ്‌ലാമിക അധ്യാപനങ്ങള്‍ നമ്മെ ഉണര്‍ത്തുന്നത്.

നബി ﷺ പറയുന്നു: “തന്റെ ആശ്രിതര്‍ക്ക് ചെലവിനു കൊടുക്കാതിരിക്കുക എന്നതുതന്നെ ഒരാള്‍ക്ക് മതിയായ കുറ്റമാണ്’’ (മുസ്‌ലിം, അബൂദാവൂദ്).

മറ്റൊരിക്കല്‍ അവിടുന്ന് പറഞ്ഞു: “ഒരാള്‍ ചെലവഴിക്കുന്നതില്‍ വെച്ച് ഏറ്റവും ഉല്‍കൃഷ്ടമായ ധനം തന്റെ മക്കളടക്കമുള്ള ആശ്രിതര്‍ക്ക് ചെലവഴിക്കുന്ന ധനമാണ്’’ (മുസ്‌ലിം).

നീക്കിവെക്കല്‍ സാധ്യമാണോ?

നീക്കി വെക്കലിനെ കുറിച്ച് പറയുമ്പോള്‍ എല്ലാവരും പ്രതികരിക്കാറുള്ളത് ‘എനിക്ക് അതിന് സാധിക്കുകയില്ല’ എന്നാണ്. ജീവിതത്തില്‍ ഏതൊരു കാര്യത്തിലും സ്വന്തമായി ഒരു പ്ലാന്‍ ഉണ്ടായിരിക്കുക എന്നത് അനിവാര്യമാണ്. ബാക്കി അല്ലാഹുവില്‍ ഭരമേല്‍പിക്കുക. അല്ലാഹുവിന്റെ വിധിക്കയനുസരിച്ച് കാര്യങ്ങള്‍ നടക്കും. അത് ഏതുവിധത്തിലായാലും അതിനോട് സമരസപ്പെടാന്‍ നമുക്ക് സാധിക്കണം.

കോവിഡ് വരുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഒരു സുഹൃത്ത് അല്‍പം സംസാരിക്കാനുണ്ടെന്നു പറഞ്ഞ് വന്നു. സാമ്പത്തിക പ്രതിസന്ധിയാണ് ഇടറുന്ന ശബ്ദത്തില്‍ അദ്ദേഹം പങ്കുവെച്ചത്. കിട്ടുന്നത് തികയുന്നില്ല, ഭാര്യയ്ക്കും ചെറിയ ജോലിയുണ്ടെങ്കിലും ഒന്നും തികയുന്നില്ല. കുടുംബത്തോടൊപ്പം പ്രവാസലോകത്ത് ജീവിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷമേറെയായി. എന്നാല്‍ കരുതിയിരിപ്പായി ഒന്നുമില്ല…ഇതായിരുന്നു അദ്ദേഹത്തിന്റെ പരിഭവം.

വഴിയുണ്ട്, വിഷമിക്കേണ്ട എന്ന് പറഞ്ഞു സമാധാനിപ്പിച്ചു. ചെലവുകള്‍ കൃത്യമായി എഴുതിവെക്കുന്ന ശീലം ഉള്ളയാളായിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെ കാര്യം എളുപ്പമായി. എവിടെയൊക്കെ ചെലവ് കുറക്കാന്‍ സാധിക്കും എന്ന് ആലോചിക്കുക, ഭാര്യയുടെയും അഭിപ്രായവും സഹകരണവും തേടുക, എന്നിട്ട് വൈദ്യുതിബില്‍, വീട്ടുവാടക, വെള്ളത്തിന്റെ പണം എന്നിങ്ങനെ നീക്കിവെക്കുന്ന അനിവാര്യമായ ചെലവിലേക്ക് നീക്കിയിരിപ്പ് എന്ന ഒരു ഇനം കൂടി ചേര്‍ക്കുക. അത് ശമ്പളം കിട്ടിയ ഉടനെ ഏതെങ്കിലും ഇടത്തേയ്ക്ക് മാറ്റുക, ചെലവായതായി സ്വന്തത്തെ ബോധ്യപ്പെടുത്തുക. ബാക്കിയുള്ളതുകൊണ്ട് ചെലവുകള്‍ പ്ലാന്‍ ചെയ്യുകയും നടത്തുകയും ചെയ്യുക.

ഈ ആഴ്ചയില്‍ അവധിക്ക് നാട്ടിലേക്ക് പോകുമ്പോള്‍ അയാള്‍ സന്തോഷവാനാണ്. കയ്യില്‍ എല്ലാം ചെലവും കഴിഞ്ഞ് അല്‍പം തുക നീക്കിയിരിപ്പുണ്ട്. ‘എനിക്കും സമ്പാദിക്കാന്‍ കഴിയും എന്ന് ബോധ്യമായി’ എന്ന് മനസ്സ് നിറഞ്ഞ് അദ്ദേഹം പറഞ്ഞു. ഇത് വായനക്കാരുമായി പങ്കുവയ്ക്കുന്നത് ശ്രമിച്ചാല്‍ ഇതൊക്കെ സാധ്യമാണ് എന്ന് ബോധ്യപ്പെടുത്താന്‍ കൂടിയാണ്.

മനുഷ്യനെ വ്യത്യസ്തമായ അവസ്ഥകളിലാണ് അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത്. അതുകൊണ്ട്തന്നെ പാവങ്ങളും പണക്കാരും ഉണ്ടാവുക സ്വാഭാവികം. ‘ഞാന്‍ ഇങ്ങനെയായിപ്പോയി’ എന്ന് വിലപിക്കാന്‍ നമുക്ക് അവകാശമില്ല; അത് അവിവേകമാണ്. ഓരോരുത്തരുടെയും സാമ്പത്തിക സ്ഥിതി അനുസരിച്ച് ജീവിക്കുന്നതില്‍ തെറ്റില്ല. വരവിനനുസരിച്ച് ചെലവുണ്ടാവുക എന്നത് സ്വാഭാവികം. എന്നാല്‍ അമിതവ്യയം അരുത്. ഏതൊരു മനുഷ്യനും തന്റെ പക്കലുള്ള പണം ചെലവഴിക്കാനുള്ള മാനസികാവസ്ഥ വെച്ച് പുലര്‍ത്തുന്നവരാണ്; പിശുക്കന്‍മാര്‍ ഒഴികെ. അതിനാല്‍ സമ്പാദിക്കാന്‍ അല്ലെങ്കില്‍ നീക്കിവെക്കാന്‍ ഉദ്ദേശിക്കുന്ന വിഹിതം മറ്റൊരിടത്തേക്ക് മാറ്റുക എന്നതാണ് പ്രായോഗികം. ഇരുപത് വയസ്സ് മുതല്‍ 35 വയസ്സ് വരെയുള്ളവരിലാണ് പലപ്പോഴും സാമ്പത്തിക അച്ചടക്കമില്ലായ്മ പ്രകടമായി കാണാറുള്ളത്. വലിയ ബാധ്യതകള്‍ ഇല്ലാത്തതുകൊണ്ട് തന്നെ ‘അടിച്ചുപൊളിച്ചു ജീവിക്കുക’ എന്നതായിരിക്കും അവരുടെ രീതി. പണം കരുതിവയ്ക്കാനോ നാളെയെക്കുറിച്ച് പ്ലാന്‍ ചെയ്യാനോ അവര്‍ ശ്രമിക്കാറില്ല. മുപ്പത്തിയഞ്ച് കഴിയുമ്പോള്‍ ബാധ്യതകള്‍ പലതും ഇത്തരക്കാരെ വല്ലാതെ നിരാശരാക്കും. ധാരാളം പണം കൈയില്‍ വന്നുപോയിട്ടുണ്ട്, എന്നിട്ടും ഒന്നും ബാക്കിയായില്ലല്ലോ എന്ന ഖേദം അവരില്‍ നിറയും. പിന്നീടങ്ങോട്ട് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തിലായിരിക്കും അവര്‍.

കൃത്യമായ പ്ലാനിങ്ങിന്റെ അഭാവം നമ്മെ വല്ലാതെ പ്രയാസപ്പെടുത്തും. അവിവേകവും അതിക്രമങ്ങളും ജീവിതത്തിലുടനീളം കരിനിഴല്‍ വീഴ്ത്തിയേക്കാം. അതുകൊണ്ട് പരമാവധി നേരത്തെതന്നെ പുതു തലമുറക്ക് സാമ്പത്തിക അച്ചടക്കത്തിന്റെയും കരുതിവെക്കലിന്റെയും പ്രാധാന്യത്തെയും ബോധ്യപ്പെടുത്താന്‍ കുടുംബത്തിനും സമൂഹത്തിനും സാധിക്കേണ്ടതുണ്ട്. ജീവിതം കേവലം കളി തമാശയല്ലെന്നും അത് ബാധ്യതാ നിര്‍വഹണത്തിന്റെത് കൂടിയാണെന്നും അവര്‍ തിരിച്ചറിയണം.

അതിവേഗം കുതിച്ചുകൊണ്ടിരുന്ന ലോകത്തെ പിടിച്ചുകെട്ടിയാണ് കോവിഡ് വന്നത്. എന്ത് സംഭവിച്ചാലും എന്റെ ജോലിയോ വരുമാനമോ നിലയ്ക്കുകയില്ലെന്ന അമിത ആത്മവിശ്വാസത്തിനേറ്റ അടികൂടിയാണ് കോവിഡ്, ആ പ്രതിസന്ധിയില്‍ അകപ്പെടാത്ത ഒരാളും ലോകത്തുണ്ടെന്ന് കരുതുക വയ്യ. അതുകൊണ്ട് തന്നെ ലോകം മുഴുവന്‍ കരുതിവയ്പിന്റെ പ്രാധാന്യത്തെ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇന്ന് ഉള്ളതുകൊണ്ട് ജീവിക്കുക, നാളെയെക്കുറിച്ച് ആലോചിക്കാതിരിക്കുക എന്നതല്ല; നാളേക്കുവേണ്ടി എന്തെങ്കിലും നീക്കിവെക്കുക എന്നതാണ് വിവേകം എന്ന് മനസ്സിലാക്കി.

ഈയിടെ എറണാകുളത്തെ ടൗണ്‍ പ്ലാനിങ് ഓഫീസറും പ്രമുഖ വ്യവസായിയും മറ്റുമുള്ള ഒരു ചര്‍ച്ച കാണാനിടയായി. അതില്‍ ടൗണ്‍ പ്ലാനിങ് എഞ്ചിനിയര്‍ പറഞ്ഞ കാര്യങ്ങള്‍ ചിന്തനീയമാണ്. സ്വന്തമായി ഒരു വീട് എന്നത് മുന്‍പ് അനിവാര്യവും അഭിമാനവുമായിരുന്നുവെങ്കില്‍ ഇന്ന് വാടക വീടാണ് മിക്കവാറും പ്രിഫര്‍ ചെയ്യുന്നത്. വസ്തുക്കളെ ഉടമപ്പെടുത്തുക എന്നതില്‍നിന്ന് സേവനങ്ങളെ ഉപയോഗിക്കുക എന്ന രീതിയിലേക്കാണ് ലോകം മാറിക്കൊണ്ടിരിക്കുന്നത്. എന്തും നമുക്ക് ലഭിക്കും. ബിഎംഡബ്യു കാര്‍വരെ വാടകയ്ക്ക് ലഭിക്കാം. അങ്ങനെ നമ്മള്‍ ആഗ്രഹിക്കുന്ന എന്തും ഉപയോഗപ്പെടുത്താനുള്ള സര്‍വീസ് ഓറിയന്റഡായി ലോകമിന്ന് മാറിക്കഴിഞ്ഞു. ലക്ഷക്കണക്കിന് രൂപ നിക്ഷേപിക്കേണ്ട അവസ്ഥയില്‍നിന്ന് കയ്യിലുള്ള പണമനുസരിച്ച് ആവശ്യമനുസരിച്ച് സേവനങ്ങളെ ഉപയോഗപ്പെടുത്താം എന്ന മാനസികാവസ്ഥയിലേക്കാണ് പുതുതലമുറ മാറിക്കൊണ്ടിരിക്കുന്നത്.

സ്വന്തമായി വീട് നിര്‍മിക്കാന്‍ നാല്‍പതോ അമ്പതോ ലക്ഷം രൂപ വേണം; സ്ഥലം വാങ്ങാന്‍ അതിലധികവും. ഇത്ര വലിയ തുക എന്തിന് ഒരുമിച്ച് നിക്ഷേപിക്കണം? അതുകൊണ്ട് മറ്റെന്തെങ്കിലും വരുമാന മാര്‍ഗം ഉണ്ടാക്കി അതില്‍നിന്ന് ലഭിക്കുന്ന വരുമാനത്തില്‍ വാടകവീട്ടില്‍ താമസയ്ക്കാം എന്ന ചിന്തയാണ് പുതുതലമുറയുടേത്. കേരളം പോലുള്ള ജനസാന്ദ്രത കൂടിയ സംസ്ഥാനത്ത് വീടുവയ്ക്കാന്‍ സ്ഥലം കിട്ടുക എന്നത് വലിയ ബാധ്യതയാണ്. വില്ലകളോ അപ്പാര്‍ട്‌മെന്റുകളോ ആണ് അഭികാമ്യം എന്ന ചിന്തയിലേക്കാണ് പോക്ക്. എന്തായാലും ഓരോരുത്തരുടെയും സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്ലാന്‍ ചെയ്യുക. മോഹനവാഗ്ദാനങ്ങള്‍ നല്‍കി നമ്മെ കുരുക്കാന്‍ കാത്തിരിക്കുന്ന പലിശ സ്ഥാപനങ്ങളുടെ ചതിയില്‍ വീഴാതെ സൂക്ഷിക്കണം. കടം വാങ്ങല്‍ എളുപ്പമാണ്. എന്നാല്‍ അത് തിരിച്ചടക്കല്‍ വലിയ ബാധ്യതയാണ്. അവനവന്റെ വരുമാനത്തിന് താങ്ങാനാവാത്ത സ്വപ്‌നങ്ങള്‍ നെയ്യുന്നതും അത് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നതും വലിയ അപകടത്തിലേക്കാണ് കൊണ്ടെത്തിക്കുക.

സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങളും വിവിധ ജനക്ഷേമ പദ്ധതികളും ഉപയോഗപ്പെടുത്താന്‍ മടി കാണിക്കേണ്ടതില്ല. അതൊന്നും ആരുടെയും ഔദാര്യമല്ല; രാജ്യത്തെ പൗരന് ലഭിക്കേണ്ട അവകാശമാണ്. നമ്മള്‍ അടങ്ങുന്ന സമൂഹം സര്‍ക്കാരിലേക്ക് അടച്ച നികുതിയില്‍ നിന്നുമാണ് അത്തരം പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. അതുകൊണ്ട് അറച്ചുനില്‍ക്കേണ്ടതില്ല. ദുരഭിമാനത്താല്‍ മാറിനില്‍ക്കേണ്ടതില്ല. പഠനത്തിന് സര്‍ക്കാര്‍ വിദ്യാലയങ്ങെളയും ചികില്‍സക്ക് സര്‍ക്കാര്‍ ആശുപത്രികളെയും നമ്മള്‍ ഉപയോഗപ്പെടുത്തിയാല്‍ ചെലവ് ഏറെ കുറയ്ക്കാന്‍ സാധിക്കും.

വരുമാനത്തിനനുസരിച്ച് ചെലവഴിച്ച് ജീവിക്കുവാനും ചെറിയൊരുഭാഗം നാളേക്ക് കരുതിവക്കുവാനും ശീലിക്കണം. അത് കുടുംബത്തോട് നാം ചെയ്യുന്ന ഒരു കാരുണ്യം കൂടിയാണ്. പിശുക്കിനും ധൂര്‍ത്തിനും ഇടയ്ക്ക് മധ്യമ നിലപാടില്‍ ജീവിക്കുന്നതാണ് വിവേകം; അതാണ് മതം പഠിപ്പിക്കുന്നതും.  ‘‘സമ്പത്ത് കാലത്ത് തൈ പത്ത് വെച്ചാൽ ആപത്ത് കാലത്ത് കാ പത്ത് തിന്നാം”

നബീല്‍ പയ്യോളി

നേർപഥം 

പഠനം, ജോലി, കരിയര്‍; പരിഹരിക്കപ്പെടേണ്ട ചില സാമൂഹ്യ പ്രശ്‌നങ്ങള്‍

പഠനം, ജോലി, കരിയര്‍; പരിഹരിക്കപ്പെടേണ്ട ചില സാമൂഹ്യ പ്രശ്‌നങ്ങള്‍

കൂട്ടിലടച്ച പഞ്ചവര്‍ണക്കിളി; അതിന് പാലും പഴവും പരിഗണനയും മനുഷ്യന്‍ നല്‍കുന്നു. ഒരു കുഞ്ഞിനെപ്പോലെ അതിനെ ലാളിക്കും. കിളിക്ക് സ്വതന്ത്രമായി പറന്നുനടക്കാനോ ഇരതേടാനോ ഇണചേരാനോ കൂട്ടംകൂടാനോ സാധ്യമല്ല, സ്വാതന്ത്ര്യമില്ല. എന്നാല്‍ ഈ അടിമത്തവും കൂട്ടിലടക്കപ്പെട്ട അവസ്ഥയും തിരിച്ചറിയാനുള്ള കഴിവ് കിളിക്ക് ഇല്ല. കൂട്ടിനു പുറത്തുള്ള സ്വാതന്ത്ര്യത്തിന്റെ ലോകത്തെക്കുറിച്ച് അതിന് യാതൊരു ധാരണയുമുണ്ടാകില്ല.

എനിക്ക് പരിചയമുള്ള ഒരു പെണ്‍കുട്ടി; അവള്‍ നന്നായി പഠിക്കും. ഡിഗ്രി രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി. ഈ സമയത്താണ് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കോപ്പികള്‍ വിറ്റഴിക്കുന്ന ഒരു പത്രം ടിവി ചാനല്‍ തുടങ്ങുന്നത്. സുന്ദരിയായ അവള്‍ക്ക് ചാനലില്‍ അവതാരികയായി ജോലി കിട്ടി. കുട്ടി അതോടെ പഠനം ഉപേക്ഷിച്ചു, ജോലിയില്‍ പ്രവേശിച്ചു. ഒന്നൊന്നര വര്‍ഷത്തോളം നല്ല അവതാരികയായി ജോലി ചെയ്തു. അപ്പോഴേക്കും പുതിയ ആളെ നിയമിച്ചു. ആ കുട്ടിയുടെ ജോലിയും പോയി.

ഈ കുറിപ്പ് എഴുതുന്നതിനു തൊട്ടുമുമ്പ് ലോകത്തിലെ വ്യത്യസ്ത ഭാഗങ്ങളിലെ വിമാന കമ്പനികളിലെ ക്യാബിന്‍ ക്രൂകളുടെ യൂണിഫോമിനെക്കുറിച്ചറിയാന്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തു. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലെ എയര്‍ ഹോസ്റ്റസുകള്‍ക്ക് മുട്ടിനു താഴെ മറയുന്ന സാരി, ചുരിദാര്‍ തുടങ്ങിയ വേഷങ്ങളാണുള്ളത്. എന്നാല്‍ മിഡില്‍ ഈസ്റ്റ് മുതല്‍ അമേരിക്ക, യൂറോപ്പ്, കാനഡ, ജപ്പാന്‍, സൗത്ത് ആഫ്രിക്ക, തുര്‍ക്കി, എതേ്യാപ്യ തുടങ്ങി ഒട്ടുമിക്ക രാജ്യങ്ങളിലും എയര്‍ഹോസ്റ്റസുകള്‍ക്ക്  മിനി സ്‌കര്‍ട്ടും ടോപ്പും ആണ് വേഷം. അപൂര്‍വം  ചിലയിടങ്ങളില്‍ പാന്റ്‌സ് ധരിക്കാന്‍ അനുവാദമുണ്ട്. ഈജിപ്ത് എയറില്‍ അടുത്തകാലത്താണ് അവര്‍ക്ക് തല മറയ്ക്കാന്‍ അനുവാദം ലഭിച്ചത്. ലോകത്ത് ഒന്നാകെ സ്റ്റീവാര്‍ഡിന് മുന്‍കൈയും മുഖവും ഒഴികെയുള്ള പൂര്‍ണ ഹിജാബും! (ഇവരുടെ പണിയോ? യാത്രക്കാര്‍ക്ക് ഭക്ഷണവും മദ്യവും വിളമ്പലും!) കസ്റ്റമര്‍ ഡീല്‍ മേഖലയില്‍ ജോലി ചെയ്യുന്ന മഹാഭൂരിപക്ഷം സ്ത്രീപുരുഷന്മാരുടെ ഡ്രസ്സ്‌കോഡ് ഇങ്ങനെ തന്നെ.

മിക്ക കമ്പനികളിലും ഓഫീസുകളിലും -പ്രത്യേകിച്ച് യൂറോപ്പ് യുഎസ്, മിഡിലീസ്റ്റ് തുടങ്ങിയ രാജ്യങ്ങളില്‍- ഫ്രണ്ട് ഓഫീസില്‍, റിസപ്ഷനില്‍ സ്ത്രീകള്‍ മാത്രമായിരിക്കും ഡ്യൂട്ടിയില്‍ ഉണ്ടാവുക. സെക്രട്ടറി, റിസപ്ഷനിസ്റ്റ്, ടെലഫോണ്‍ അറ്റന്‍ഡര്‍, സ്‌റ്റെനോ, ടെലിമാര്‍ക്കറ്റിംഗ് തുടങ്ങി വ്യത്യസ്ത ഓമനപ്പേരുകളില്‍ സ്ത്രീകള്‍ ജോലി ചെയ്യുന്നു. നമ്മുടെ ഗ്രാമങ്ങളില്‍ പോലും പ്രധാന സൂപ്പര്‍മാര്‍ക്കറ്റുകളിലും ടെക്‌സ്‌റ്റൈല്‍സുകളിലും സ്വര്‍ണക്കടകളിലും മറ്റും കസ്റ്റമറെ സ്വീകരിക്കാന്‍ ഉടുത്തൊരുങ്ങി നില്‍ക്കുന്ന സുന്ദരികെള കാണാം. എന്തുകൊണ്ട് ഇവിടെയൊന്നും ഒരു പുരുഷനെ നിയമിക്കുന്നില്ല? ചെറിയ കടകളില്‍ പോലും, അതും പുരുഷ കസ്റ്റമേഴ്‌സ് മാത്രമുള്ള കടകളില്‍, റിസപ്ഷനില്‍ എന്തുകൊണ്ട് സ്ത്രീകളെ നിയമിക്കുന്നു? ഇപ്പോള്‍ കല്യാണങ്ങള്‍ക്കും മറ്റു ഫംഗ്ഷനുകള്‍ക്കും ഇവന്റ് മാനേജ്‌മെന്റ് കമ്പനികളാണ് നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ പോലും സൗകര്യങ്ങള്‍ ചെയ്യുന്നത്. ഇത്തരം പരിപാടികളില്‍ വീട്ടുകാരോ ഉത്തരവാദപ്പെട്ടവരോ വിരുന്നുകാരെ സ്വീകരിക്കാന്‍ നില്‍ക്കാതെ, അതിനായി സുന്ദരികളായ സ്ത്രീകളെ ‘പുട്ടിയിട്ട്, പെയിന്റുമടിച്ച്’ വേഷംകെട്ടിച്ച് സ്വീകരിക്കാന്‍ നിര്‍ത്തുന്നു. ഒരൊറ്റ പുരുഷ ശിരോമണിയെയും റിസപ്ഷനില്‍ കാണാന്‍ കിട്ടില്ല. എന്തിനധികം പല പൊതുപരിപാടികളിലും പിന്നണിയിലും മുന്നണിയിലും ജോക്കികളായി സ്ത്രീയെ വേഷം കെട്ടിച്ച് എഴുന്നള്ളിക്കുന്നു. സര്‍ക്കാര്‍ പരിപാടികളില്‍ പോലും ഗസ്റ്റുകളെ സ്വീകരിക്കാന്‍ സ്ത്രീത്വം ചൂഷണം ചെയ്യപ്പെടുന്നു.

ചാനലുകളില്‍ ആങ്കര്‍മാരായി, അവതാരികകളായി വരുന്ന സ്ത്രീകളുടെ ജോലിയുടെ ആയുസ്സ് മിക്കവാറും ഒന്നോ രണ്ടോ വര്‍ഷം മാത്രമാണ്. എന്തുകൊണ്ട് ഇവര്‍ പെട്ടെന്ന് പിന്തള്ളപ്പെടുന്നു? പുതുമുഖങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു? എന്താണ് ഒന്നോ ഒന്നരയോ വര്‍ഷം കഴിയുമ്പോള്‍ ഈ പെണ്‍കുട്ടികളില്‍ ഉണ്ടാകുന്ന ഡിസ്‌കോളിഫിക്കേഷന്‍? എന്തുകൊണ്ട് അവള്‍ പുറത്താക്കപ്പെടുന്നു? ഇക്കാര്യം ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പുതുമുഖങ്ങളാണ് കാഴ്ചക്കാര്‍ക്ക്് ദര്‍ശനസുഖം നല്‍കുക; അല്ലാതെ വേറെ ഒന്നുകൊണ്ടുമല്ല. ഇവിടെ പെണ്‍സൗന്ദര്യത്തെ, പെണ്‍ശരീരത്തെ വില്‍പനച്ചരക്കാക്കുകയാണ്. കസ്റ്റമേഴ്‌സിനെ ആനന്ദിപ്പിക്കാന്‍ സ്ത്രീ സൗന്ദര്യത്തെ ഉപയോഗപ്പെടുത്തുകയാണ്; മറ്റൊന്നുമല്ല ലക്ഷ്യം.

ഈ കുറിപ്പെഴുതാന്‍ ഉണ്ടായ പ്രചോദനം അടുത്ത ദിവസങ്ങളിലായി വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളും കുറച്ചുകാലമായി നമ്മുടെ നാടുകളില്‍ നടമാടിക്കൊണ്ടിരിക്കുന്ന സംഭവങ്ങളും സാമൂഹ്യമാറ്റങ്ങളുമാണ്. ഇപ്പോള്‍ ജെന്‍ഡര്‍ ന്യൂട്രല്‍ ഡ്രസ്സ് കോഡ് ആണ് ഒരു ചര്‍ച്ചാ വിഷയം. ബാലുശ്ശേരി സ്‌കൂളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പാന്റ്‌സും ഷര്‍ട്ടും യൂണിഫോം ആയി തീരുമാനിച്ചു. അതിനോട് സമ്മിശ്ര പ്രതികരണങ്ങളും ഉണ്ടായി. ഈ ചര്‍ച്ചയ്ക്കിടെ ഒരു മലയാളം വാര്‍ത്താ ചാനല്‍ ഒരു ആണ്‍കുട്ടിയെ ഇന്റര്‍വ്യൂ ചെയ്തു. അവനോട് ഈ ഡ്രസ്സ് കോഡിനെക്കുറിച്ച് അവതാരിക ചോദിച്ചു. അവന്‍ ജെന്‍ഡര്‍ ന്യൂട്രല്‍ ഡ്രസ്സ് കോഡിനെ വാനോളം പുകഴ്ത്തി. അവതാരകയുടെ അടുത്ത ചോദ്യം; ‘ഇതിപ്പോള്‍ പെണ്‍കുട്ടികള്‍ പാന്റ്‌സും ഷര്‍ട്ടും ധരിക്കുന്ന ജെന്‍ഡര്‍ ന്യൂട്രല്‍ ആണല്ലോ. താങ്കള്‍ ചുരിദാര്‍ ധരിക്കുമോ, അല്ലെങ്കില്‍ സ്‌കേര്‍ട്ടും ടോപ്പും ധരിക്കുമോ?’ ആദ്യം അവനാകെ ചൂളിപ്പോയി. ഉടനെ അവനിലെ ‘പുരുഷ സ്വത്വം’ ഉണര്‍ന്നെണീറ്റു. ‘ഇല്ല, ഇല്ലില്ല, പറ്റില്ല,.. അതെങ്ങനെ പറ്റും?’ അവന്‍ ആ ചോദ്യം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.

ഈ ചോദ്യം സ്ത്രീയുടെ ഉടുക്കാനുള്ള സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്ന, അതിനെ ന്യായീകരിക്കുന്ന ‘അവന്‍മാരോടും’ നമുക്ക് ചോദിക്കാം. അവള്‍ എന്താകണമെന്ന്, അവള്‍ എന്ത് ധരിക്കണമെന്ന്, അവള്‍ എവിടെ പോകണം, എന്ത് പറയണം, എന്ത് ജോലി ചെയ്യണം എന്നെല്ലാം ‘അവന്‍മാര്‍‘ തീരുമാനിക്കും. അവളുമാര്‍ അടിമകളെപ്പോലെ അനുസരിക്കും. ആ അടിമത്തം സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനമായി അവള്‍ ആഘോഷിക്കും; കൂട്ടിലടക്കപ്പെട്ട പഞ്ചവര്‍ണക്കിളിയെ പോലെ. എന്നിരുന്നാലും ഇസ്‌ലാം സ്ത്രീക്ക് നിര്‍ബന്ധമാക്കിയ ഡ്രസ്സ് കോഡിനെ അടിമത്തത്തിന്റെ അടയാളമായി ചിത്രീകരിക്കാന്‍ ഇവര്‍ മുന്നിലുണ്ടാവുകയും ചെയ്യും.

സ്ത്രീക്ക് യോജിക്കാത്ത വേഷം അവളെ കെട്ടിക്കുന്ന, അവളെ ഭാവിയില്‍ മാര്‍ക്കറ്റിംഗില്‍ ഉപയോഗപ്പെടുത്താന്‍ പറ്റുന്ന രീതിയില്‍ സ്‌കൂളില്‍ നിന്നുതന്നെ പാകപ്പെടുത്തിയെടുക്കുന്ന, അവളെ അവള്‍െക്കതിരാക്കി മസ്തിഷ്‌ക പ്രക്ഷാളനം നടത്തിയെടുക്കാനുള്ള ഗൂഢതന്ത്രം മാത്രമാണ് ജെന്‍ഡര്‍ ന്യൂട്രല്‍ ഡ്രസ്സ് കോഡിന്റെന ലക്ഷ്യവും ഒളിയജണ്ടയും. സ്ത്രീ ‘പെണ്ണാ’കാന്‍ എന്തുടുക്കണമെന്ന് പുരുഷന് നന്നായറിയാം…!

ഇതിനെക്കുറിച്ച് ആരും ചര്‍ച്ചചെയ്യുന്നത് കേള്‍ക്കുന്നില്ല. എന്തുകൊണ്ട്? നാം ജീവിക്കുന്നതും ഈയൊരു ബ്രെയിന്‍വാഷ് ചെയ്യപ്പെട്ട സമൂഹത്തില്‍ തന്നെയാണല്ലോ. നമ്മള്‍ എന്ത് ചിന്തിക്കണം, എന്ത് പറയണം, എങ്ങനെ പ്രതികരിക്കണം എന്നും അവര്‍ പഠിപ്പിച്ചുതരും. അതിനപ്പുറത്തേക്ക് ചിന്തിക്കാനോ പ്രതികരിക്കാനോ പറയാനോ നമുക്കറിയില്ല, അതാണ് യാഥാര്‍ഥ്യം. ‘നമുക്കെതിരായ എല്ലാ വിപ്ലവങ്ങളും നാം തന്നെ നയിക്കും’-തിയോഡര്‍ ഹെര്‍സനലിന്റെ ഈ വചനം ഇതിനോട് ചേര്ത്ത് വായിക്കുക.

ഇത്തരം മസ്തിഷ്‌ക പ്രക്ഷാളന പരിപാടികളുടെ പ്രചാരകരായി നമ്മില്‍ പലരും അറിഞ്ഞോ അറിയാതെയോ മാറുന്നുണ്ട്. കേരളത്തിലെ ഒരു പ്രമുഖ വിദ്യാര്‍ഥി സംഘടനയുടെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന, ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാനുള്ള സെമിനാറില്‍ ആശംസകള്‍ അര്‍പ്പിക്കാനായി പങ്കെടുത്ത, മലപ്പുറം ജില്ലയിലെ ഒരു വനിതാ കോളേജിന്റെ പ്രിന്‍സിപ്പല്‍, ആ സെമിനാറില്‍ അദ്ദേഹത്തിന്റെ ആശംസാപ്രസംഗത്തില്‍ പെണ്‍കുട്ടികളെ പ്രത്യേകം അഡ്രസ്സ് ചെയ്യവെ, ‘കുട്ടികളേ, നിങ്ങള്‍ ഡിഗ്രിയും പിജിയും പിഎച്ച്ഡിയും കഴിഞ്ഞ് എന്തെങ്കിലും ജോലി കിട്ടാതെ വിവാഹത്തിന് സമ്മതിക്കരുത്’ എന്ന നിരുത്തരവാദപരമായ, നെഗറ്റീവായ ഒരു നിര്‍ദേശം നല്‍കുകയുണ്ടായി. ആ പരിപാടിയില്‍ മലയാളത്തിലെ പ്രമുഖ എഴുത്തുകാരനും ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് സ്റ്റഡി മെറ്റീരിയല്‍സും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്ന വളരെ പ്രമുഖനുമായ, അത്തരം വിഷയങ്ങളില്‍ അന്താരാഷ്ട്ര തലത്തില്‍ സെമിനാറുകളും ചര്‍ച്ചകളും പഠനങ്ങളും നയിക്കുന്ന എന്റെ സുഹൃത്തായ അക്കാഡമിക്കല്‍ പ്രൊഫഷണലിസ്റ്റിന് ഒരു പ്രസന്റ്റേഷന്‍ അവതരിപ്പിക്കാന്‍ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തെ കാണാന്‍ ഞാനും അതില്‍ പങ്കെടുത്തിരുന്നു. അദ്ദേഹത്തിനായിരുന്നു ആദ്യ പ്രസന്റേഷന്‍ അവതരിപ്പിക്കാനുള്ള അവസരം. അദ്ദേഹത്തിന്റെ പ്രസന്റേഷന്‍ അവതരിപ്പിക്കുന്നതിനു മുമ്പേ അദ്ദേഹം പറഞ്ഞത് ‘നിങ്ങള്‍ സാറിന്റെ നിര്‍ദേശം ജീവിതത്തില്‍ പാലിച്ചു നിങ്ങളുടെ ജീവിതം തുലക്കരുത്’ എന്നായിരുന്നു. ‘വിവാഹവും കുടുംബജീവിതവും പഠനവും ജോലിയും ഒരുമിച്ചു കൊണ്ടുപോകണം’ എന്നായിരുന്നു.

കുടുംബമാണ് പ്രധാനം. അത് കഴിഞ്ഞേ ഉപരി പഠനവും ജോലിയും കരിയറുമുള്ളൂ. ജീവിതത്തില്‍ തീര്‍ച്ചയായും മുന്‍ഗണനാക്രമം പാലിക്കണം. ഈ പ്രിന്‍സിപ്പളിനെ പോലെയുള്ള അധ്യാപകരില്‍നിന്നും വിദ്യാഭ്യാസ, പൊതു പ്രവര്‍ത്തകരില്‍നിന്നും കിട്ടുന്ന നിര്‍ദേശങ്ങള്‍ കുട്ടികളെ വല്ലാതെ സ്വാധീനിക്കുന്നുണ്ട്. അത്തരം ആളുകള്‍ അറിഞ്ഞോ അറിയാതെയോ മറ്റാരുടെയോ നാവായി, വക്താക്കളായി, പ്രചാരകരായി പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. ഇതൊരു വലിയ ദുരന്തമാണ്. മറ്റൊരു അനുഭവം കൂടി പറയാം

ഒരു പെണ്‍കുട്ടി; എസ്എസ്എല്‍സി കഴിഞ്ഞു പ്ലസ് ടു സയന്‍സ് കോഴ്‌സിനു ചേര്‍ന്നു. ഒരുകൊല്ലം എന്‍ട്രന്‍സ് കോച്ചിംഗിനു പോയി. എന്‍ട്രന്‍സ് കിട്ടിയില്ല. അവളോട് അവളുടെ പിതാവ് ഡിഗ്രിക്ക് പോകാന്‍ നിര്‍ദേശിച്ചു. ഇംഗ്ലീഷ് ലിറ്ററേച്ചര്‍ പഠിക്കാന്‍ പറഞ്ഞു. കുട്ടി സമ്മതിച്ചില്ല. അവള്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ മൂന്നു കൊല്ലത്തെ പോളി ഡിപ്ലോമ ചെയ്തു. കോഴ്‌സ് കഴിഞ്ഞശേഷം അവളുടെ കല്യാണവും കഴിഞ്ഞു. ആ കോഴ്‌സ് ചെയ്തു എന്നല്ലാതെ അവള്‍ക്ക് ജോലി ചെയ്യേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. പ്രൊഫഷണല്‍ കോഴ്‌സിന് പകരം അവളുടെ പിതാവ് പറഞ്ഞപോലെ അവള്‍ ഇംഗ്ലീഷ് ഡിഗ്രി എടുത്തിരുന്നെങ്കില്‍ അവള്‍ക്ക് അതില്‍ പ്രാവീണ്യം നേടാനും തുടര്‍പഠനം നടത്താനും സാധ്യമാകുമായിരുന്നു. ആ അറിവ് തന്റെ മക്കള്‍ക്ക് പകര്‍ന്നുകൊടുക്കാനും കഴിയുമായിരുന്നു. അവള്‍ പിതാവിനോട് പറഞ്ഞു: ‘എന്റെ അധ്യാപകര്‍ പറഞ്ഞു വഴിതെറ്റിച്ചത് കൊണ്ടാണ് ഞാന്‍ പ്രൊഫഷണല്‍ കോഴ്‌സിന് മുതിര്‍ന്നത്. അന്ന് അങ്ങ് പറഞ്ഞതുപാലെ ഇംഗ്ലീഷ് പഠിച്ചിരുന്നെങ്കില്‍, അല്ലെങ്കില്‍ മറ്റേതെങ്കിലും സയന്‍സ് ഡിഗ്രി പഠിച്ചിരുന്നെങ്കില്‍, ഹിസ്റ്ററി പഠിച്ചിരുന്നെങ്കില്‍ എനിക്കൊരുപാട് അറിവുനേടാന്‍ സൗകര്യമുണ്ടാകുമായിരുന്നു. ഇന്ന് ഞാനതില്‍ ഖേദിക്കുന്നു,..’

ഇത് നമ്മുടെയെല്ലാം കുടുംബങ്ങളിലും സമൂഹത്തിലും കാണുന്നതാണ്. എസ്എസ്എല്‍സി കഴിഞ്ഞ ഒരു കുട്ടിയുടെ ലക്ഷ്യം പ്ലസ് ടു സയന്‍സ് ഗ്രൂപ്പ് മാത്രമാണ്; പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക്. എന്തുകൊണ്ട്? അറിവു നേടുന്നതിന് പകരം ട്രേഡ് സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കി പണം സമ്പാദിക്കുന്നതിലാണ് വ്യഗ്രത.

രണ്ട് യുവാക്കളുടെ വിവാഹാലോചനയുമായി ബന്ധപ്പെട്ട അനുഭവം പറയട്ടെ. അത്യാവശ്യം സാമ്പത്തികശേഷിയുള്ള കുടുംബം. സ്വന്തം വീടും സ്ഥലവുമുണ്ട്. പയ്യന്‍മാര്‍ക്ക് നല്ല വിദ്യാഭ്യാസവും ജോലിയും. ഇന്നത്തെ ചെറുപ്പക്കാരെ പോലെ ന്യൂജെന്‍ ഫ്രീക്കന്മാര്‍ അല്ല. പക്വതയുള്ള കുട്ടികള്‍. ഒരാള്‍ എനിക്കറിയാവുന്ന ഒരു കുടുംബത്തില്‍ നിന്ന് തന്നെ ബീ-ഫാം പഠിക്കുന്ന പെണ്‍കുട്ടിയെ കല്യാണ അന്വേഷണം നടത്തി. പെണ്‍കുട്ടിയുടെ ഡിമാന്‍ഡ് അവള്‍ക്ക് ജോലിക്ക് പോകണം എന്നതാണ്. മെഡിക്കല്‍ ഷോപ്പിലെ ജോലി! തന്റെ ഭാര്യയെ ഷോപ്പില്‍ ജോലിക്കയക്കാന്‍ താല്‍പര്യമില്ലാത്ത ചെറുപ്പക്കാരന്‍ കല്യാണത്തില്‍നിന്ന് പിന്മാറി. മറ്റൊരുത്തന്‍ എന്‍ജിനീയറാണ്. അവന് പല കല്യാണാലോചനകളും വന്നു. പെണ്‍കുട്ടികള്‍ക്ക് ജോലിക്കു പോണം. മിക്കവാറും കുട്ടികള്‍ ഡിഫാം, ബിഫാം, ഓഫ്താല്‍മോളജി, ലാബ് ടെക്‌നീഷ്യന്‍ തുടങ്ങിയ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരാണ്. ഒരാള്‍ക്കും  ബേസിക് വിദ്യാഭ്യാസം പോലുമില്ല. കേവലം ഒരു ഡിഗ്രി പോലുമില്ലാത്ത പെണ്‍കുട്ടികള്‍; അവര്‍ക്കു വേണ്ടത് ജോലിക്ക് പോവുകയാണ്. എന്തുകൊണ്ടാണ് കുട്ടികള്‍ ഇങ്ങനെ പറയുന്നത്? ആരാണ് ഇവരെ ഇങ്ങനെ ഡ്രൈവ്‌ ചെയ്യുന്നത്? തീര്‍ച്ചയായും നാം അന്വേഷിക്കേണ്ട, ഉത്തരം കണ്ടെത്തേണ്ട ഒരു ചോദ്യം തന്നെയാണിത്.

വിവാഹമോചനങ്ങളും കുടുംബ പ്രശ്‌നങ്ങളും വിദ്യാഭ്യാസത്തിന്റെ പേരില്‍, തൊഴിലിന്റെ പേരില്‍ നടക്കുന്നത് നിത്യസംഭവമായിരിക്കുന്നു. അഭ്യസ്തവിദ്യരുടെ ഇടയിലെ വിവാഹമോചന തോത് കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് പ്രൊഫഷണല്‍ ലോകത്ത്. അവര്‍ക്ക് കുട്ടികള്‍  ഉണ്ടെങ്കിലും ഇല്ലെങ്കിലും പ്രശ്‌നമല്ല.

ഈയിടെ സാമൂഹ്യബോധവും ഗുണകാംക്ഷയുമുള്ള ഏതാനും ഡോക്ടര്‍മാര്‍ നയിച്ച അബോര്ഷനെ കുറിച്ചുള്ള ഒരു ഓണ്‍ലൈദന്‍ ചര്‍ച്ച  കണ്ടു. അതില്‍ പറഞ്ഞ ചില കാര്യങ്ങള്‍ കേട്ട് ഞെട്ടിപ്പോയി. കേരളത്തില്‍ പഠനം, ജോലി, കരിയര്‍ തുടങ്ങിയവയെ ബാധിക്കുമെന്ന് ഭയപ്പെട്ടു സ്വന്തം കുഞ്ഞുങ്ങളെ കൊല്ലാന്‍ (അബോര്‍ഷന്‍ ചെയ്യാന്‍) വരുന്ന മാതാപിതാക്കള്‍ ധാരാളമുണ്ടത്രെ! സ്വന്തം ജീനില്‍ പിറക്കാന്‍ പോകുന്ന കുഞ്ഞുങ്ങളെ കൊല്ലാന്‍ യാതൊരു മടിയും സങ്കോചവും ഇല്ലാത്ത അച്ഛനമ്മമാര്‍! 6-7 ആഴ്ച കഴിയുന്നതോടെ ഭ്രൂണം ഒരു മനുഷ്യനായി വളരാന്‍ തുടങ്ങും. ഈ മനുഷ്യനെയാണ് നിഷ്ഠൂരം അറുകൊല ചെയ്ത് തള്ളുന്നത്.

ആധുനികതയുടെ വക്താക്കള്‍ എന്ന ലേബലൊട്ടിച്ചു നടക്കുന്നവര്‍ ചൊല്ലിപ്പഠിപ്പിച്ചുകൊണ്ടിരിക്കുന്നത് ഒരു സ്ത്രീയും പുരുഷനും തമ്മില്‍ മൂന്നുനാലു വര്‍ഷം മാത്രമെ സ്‌നേഹം നിലനില്‍ക്കൂ എന്നാണ്. ഇത് പഠിപ്പിക്കപ്പെടുന്ന ഒരു സമൂഹത്തില്‍ ഇത്തരം വിവാഹമോചനങ്ങള്‍ നടക്കുക സ്വാഭാവികമാണ്. എവല്യൂഷനറി ബയോളജി എന്ന് പേരിട്ട്; ശാസ്ത്രം അതാണെന്ന് പറഞ്ഞ് ഇത്തരം കുടുംബകലഹങ്ങള്‍ ഉണ്ടാക്കുന്ന എഴുത്തുകളും പ്രസംഗങ്ങളും സര്‍വസാധാരണം. ഇതിനോടൊന്നും പ്രതികരിക്കാന്‍ ഒരാളും തയ്യാറുമല്ല. ലിബറലിസം, ജനാധിപത്യം, വ്യക്തിസ്വാതന്ത്ര്യം, സ്വതന്ത്രചിന്ത എന്നീ പല പേരുകളില്‍ കുടുംബം കലക്കികള്‍, അധാര്‍മികതാ പ്രസ്ഥാനങ്ങള്‍ ശക്തി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സമൂഹത്തിന് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ മത, സാംസ്‌കാരിക, രാഷ്ട്രീയ നേതാക്കള്‍ തയ്യാറുമല്ല. അല്ലെങ്കില്‍ പ്രാപ്തരല്ല, അതുമല്ലെങ്കില്‍ അത് സമൂഹ പോതുബോധത്തിനെതിരാകുമെന്ന ഭയം. അഥവാ ആരെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അത് വളരെ പരിമിതം. ചെയ്താല്‍ ക്രൂശിക്കപ്പെടുകയും ചെയ്യും. കുറെ ഉദാഹരണങ്ങള്‍ പറഞ്ഞത് നമ്മുടെ സമൂഹത്തിന്റെ നേര്‍ചിത്രം മനസ്സിലാക്കാന്‍ വേണ്ടിയാണത്. ഇത് ഏതെങ്കിലും മതവിഭാഗങ്ങളിലോ പ്രത്യേക മതത്തിലോ സമൂഹത്തിലോ മാത്രം അനുഭവപ്പെടുന്ന വിഷയങ്ങളല്ല.

ഇന്ന് ഫാമിലി കൗണ്‍സിലിംഗ് ആധുനിക വ്യവസായമാണ്. അധികം മൂലധനം ആവശ്യമില്ലാത്ത വ്യവസായം! അത് ഇന്നേറെ ആവശ്യമായി മാറിയിട്ടുണ്ട്. കാരണം അത്രയ്ക്ക് പ്രശ്‌നസങ്കീര്‍ണമാണ് കുടുംബ ജീവിതങ്ങള്‍. മദ്യവും മയക്കുമരുന്നും ആധുനികതയോടുള്ള ഭ്രമവും യുവതയെ പ്രശ്‌നവത്കരിച്ചുകൊണ്ടിരിക്കുകയാണ്. ഇത് അവരെ അധോഗതിയിലേക്കാണ് തള്ളിവിടുന്നത്.

നമ്മുടെ കേരളവും കുറച്ചു കാലം കഴിഞ്ഞാല്‍ യൂറോപ്പിലെയും അമേരിക്കയിലെയും പോലെ കെട്ടുറപ്പില്ലാത്ത, സിംഗിള്‍ പാരന്റിംഗ് ഉള്ള, പിതാവാരെന്ന് അറിയാത്ത മക്കള്‍ ജീവിക്കുന്ന  നരകമായി മാറാന്‍ സാധ്യതയുണ്ട്. വളരെ അപകടകരമായ ഭാവിയിലേക്കാണ് കാര്യങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നത്. കല്യാണം കഴിച്ച ഭര്‍ത്താവ് ഫ്രീക്കന്‍ അല്ല എന്ന പേരില്‍ വിവാഹമോചനം നേടുന്ന പെണ്‍കുട്ടികള്‍ ഉള്ള നാട്! അവള്‍ കമ്പനിക്ക് പറ്റില്ല, സുഹൃത്തുക്കളോട് കമ്പനിക്ക് കൊള്ളില്ല, ഗ്ലാമര്‍ ഇല്ല, ലിബറല്‍ അല്ല എന്നൊക്കെ പറഞ്ഞു വിവാഹമോചനം നേടുന്ന യുവാക്കളുള്ള നാട്. ഈ സമൂഹം എങ്ങോട്ട് പോകുന്നു? സഗൗരം ചിന്തിക്കുക. നമ്മുടെ സമൂഹം ഒത്തൊരുമയോടെ പ്രവര്‍ത്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

സ്ത്രീ ശാക്തീകരണം എന്ന പേരില്‍ സ്ത്രീവിരുദ്ധതയാണ് സര്‍ക്കാറുകളും ഫെമിനിസ്റ്റുകളും എന്‍ജിഒകളും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത് എന്നതല്ലേ വസ്തുത? ചാരിയാല്‍ ചാരിയത് മണക്കും എന്ന പഴഞ്ചൊല്ല് ശരിയാണ്. ജീര്‍ണിച്ച സമൂഹത്തില്‍ ജീവിക്കുമ്പോള്‍ ആ സമൂഹത്തിന്റെ ജീര്‍ണതകള്‍ എല്ലാവരെയും ബാധിക്കും. അതുതന്നെയാണ് ഇവിടെ സംഭവിക്കുന്നത്. കൂട്ടായ ഇടപെടലുകള്‍ ഉണ്ടായാല്‍ ഒരുപാട് പ്രശ്‌നങ്ങള്‍  ഇല്ലാതാക്കാന്‍ കഴിയും.

പെണ്‍കുട്ടികളുടെ പഠനം, ജോലി തുടങ്ങിയ കാര്യങ്ങളോടുള്ള എതിര്‍പ്പല്ല ഈ ലേഖനത്തിന്റെ പ്രതിപാദ്യം. അവര്‍ പഠിക്കട്ടെ, ജോലി ചെയ്യട്ടെ. എന്നാല്‍ പഠനവും ജോലിയും കുടുംബ ജീവിതത്തിന് വിഘാതമായിക്കൂടാ. പണമുണ്ടായാല്‍ എല്ലാമായി എന്നത് മൂഢധാരണയാണ്.

അലി ചെമ്മാട്‌

നേർപഥം 

 

സാമൂഹ്യമാധ്യമങ്ങള്‍: ഇരുതലമൂര്‍ച്ചയുള്ള ആയുധം

സാമൂഹ്യമാധ്യമങ്ങള്‍: ഇരുതലമൂര്‍ച്ചയുള്ള ആയുധം

സോഷ്യല്‍ മീഡിയ വിപ്ലവ’ത്തിന്റെ കാലത്താണ് നാം ജീവിക്കുന്നത്. അതില്‍ ഗുണവും ദോഷവും ഏറെയുണ്ട്. ഒരു മുസ്‌ലിം സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ വളരെ ജാഗ്രത പാലിക്കേണ്ടതുണ്ട്. സോഷ്യല്‍ മീഡിയമൂലം നിരവധി പ്രശ്‌നങ്ങളിലാണ് പലപ്പോഴും നാം ചെന്നുചാടാറുള്ളത്.

മതകാര്യങ്ങളുടെ പേരിലുള്ള തര്‍ക്കവും കലഹവും ശകാരവുമൊക്കെ നാം കാണാറുണ്ട്. ചീത്ത പറയരുത് എന്ന് പഠിപ്പിച്ച മതത്തിന്റെ അനുയായികള്‍ മതത്തിന്റെ പേരില്‍ പരസ്പരം ചീത്ത പറയുന്നത് വിരോധാഭാസമല്ലേ?

ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്‌സാപ് തുടങ്ങിയ വ്യത്യസ്ത മാധ്യമങ്ങളിലൂടെ വ്യത്യസ്ത തരത്തിലാണ് വാഗ്വാദങ്ങള്‍ അരങ്ങേറുന്നത്. അതേസമയം നല്ല നിലയിലുള്ള പ്രബോധനപ്രവര്‍ത്തനങ്ങളും സന്ദേശകൈമാറ്റവും ഇവയിലൂടെ നടക്കുന്നുണ്ട്.

വ്യാവസായിക വിപ്ലവത്തിനു ശേഷമുള്ള വലിയ ഒരു വിപ്ലവം തന്നെയാണ് സോഷ്യല്‍ മീഡിയ വിപ്ലവം എന്നു പറയാം. വ്യാവസായിക വിപ്ലവം വന്നതിനു ശേഷം മുമ്പ് അപ്രധാനമായിരുന്ന ശക്തികള്‍ പലതും ലോകശക്തികളായി മാറി. അത് മറ്റു രാജ്യങ്ങളെ കോളനികളാക്കുന്നതിലേക്കുമെത്തിച്ചു. ഇതു തന്നെയാണ് ഇന്ന് സോഷ്യല്‍ മീഡിയയുടെ ആവിര്‍ഭാവത്തോടെയും സംഭവിച്ചിരിക്കുന്നത്.

ഒരു ദശാബ്ദം മുമ്പ് വിവരങ്ങള്‍ അറിയുന്നതിനും കൈമാറുന്നതിനു ചില പരിമിത മാര്‍ഗങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത്തരം സംവിധാനങ്ങള്‍ ബിസിനസുകാരുടെയും സമ്പന്നരുടെയും കൈകളിലായിരുന്നു. പത്രമാധ്യമങ്ങള്‍ കൈകാര്യം ചെയ്തിരുന്ന മുതലാളിമാരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചായിരുന്നു അന്ന് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അതിനാല്‍തന്നെ അവരുടെ സ്ഥാപിത താല്‍പര്യങ്ങളായിരുന്നു ഇതുവഴി കൂടുതലും പുറത്തുവന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയുടെ കടന്നുവരവോടെ ഇതിനെല്ലാം അന്ത്യം കുറിക്കുകയാണുണ്ടായത്.

നേരത്തെ പറഞ്ഞതുപോലെ സോഷ്യല്‍ മീഡിയകള്‍കൊണ്ട് പലവിധ ഗുണങ്ങളും നേട്ടങ്ങളുമുണ്ട്. ആനുകാലിക വിഷയങ്ങളില്‍ നമ്മുടെ അഭിപ്രായങ്ങളള്‍ തുറന്നടിച്ച് പറയാനും പ്രോത്സാഹിപ്പിക്കാനും യോജിക്കാനും വിയോജിക്കാനുമെല്ലാം സോഷ്യല്‍ മീഡിയ ഇന്ന് വളരെ ഉപകാരപ്രദമാണ്. വിവരങ്ങള്‍ എത്രയും പെട്ടെന്ന് അറിയാനും കൈമാറാനും ഇവ ഉപയോഗിക്കപ്പെടുന്നു.

സ്വാഭാവികമായും എല്ലാത്തിനുമുണ്ടാകുന്ന ദോഷങ്ങള്‍ പോലെ ഇവകൊണ്ടും ദോഷങ്ങളുണ്ട്. ഇവയെ ഇരുതല മൂര്‍ച്ചയുള്ള വാളിനെ പോലെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്

മറ്റൊരാളുടെ സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞുനോട്ടമായിവരെ അതു പരിണമിച്ചിട്ടുണ്ട്. മാത്രമല്ല, നിരവധി വര്‍ഗീയ കലാപങ്ങള്‍ക്കും സംഘട്ടനങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കുമെല്ലാം സോഷ്യല്‍ മീഡിയകളിലെ ചില പോസ്റ്റുകള്‍ കാരണമായിട്ടുണ്ട്. പരസ്പര വിദ്വേഷം പടര്‍ത്തുന്നതിനും ശത്രുത വെച്ചു പുലര്‍ത്തുന്നതിനും വ്യക്തികളെ മോശമായി ചിത്രീകരിക്കാനും അപമാനിക്കാനുമെല്ലാം സോഷ്യല്‍ മീഡിയകളെ ഉപയോഗിക്കുന്നവരുണ്ട്. സോഷ്യല്‍ മീഡിയവഴി രാജ്യദ്രോഹക്കുറ്റം ചെയ്ത് ജയിലിലടക്കപ്പെട്ടവരും ഏറെയുണ്ട്.  

അതിനാല്‍തന്നെ മുസ്‌ലിംകളെന്ന നിലയില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ ഇസ്‌ലാമിക മൂല്യങ്ങളനുസരിച്ച് അവയെ കൈകാര്യം ചെയ്യാന്‍ നാം ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്

സോഷ്യല്‍ മീഡിയയും ഇന്റര്‍നെറ്റും ഇന്ന് പ്രബോധനരംഗത്തും ഒഴിച്ചുകൂടാനാകാത്ത ഘടകമാണ്. ഇസ്‌ലാമിക പ്രചാരണത്തിന്റെ വേഗത കൂട്ടുന്നതിന് സോഷ്യല്‍ മീഡിയകള്‍ വലിയ പങ്കാണ് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. ഇസ്‌ലാമികാധ്യാപനങ്ങളുടെ ഏത് ഭാഗവും പഠനത്തിനും മനനത്തിനും സാധ്യമാകത്തക്കവിധം ഇന്റര്‍നെറ്റില്‍ ഇന്ന് ലഭ്യമാണ്. പുസ്തകങ്ങളുടെയും റഫറന്‍സ് ലൈബ്രറികളുടെയും സ്ഥാനത്ത് ഇന്ന് സൈറ്റുകളും ബ്ലോഗുകളും സ്ഥാനമുറപ്പിച്ച് കഴിഞ്ഞിട്ടുണ്ട്.

ഈ വലയുടെ വരുതിയിലകപ്പെടാത്ത ഒന്നുമില്ലെന്ന് പറയാം. ഭാഷാവൈവിധ്യമോ വിഷയദാരിദ്ര്യമോ ഒന്നും ഇന്റര്‍നെറ്റിന് മുമ്പില്‍ വിലപ്പോവില്ല. വായന അറിയില്ലെന്ന് പറയാനവസരമില്ല ഇവിടെ. അക്ഷരം മുതല്‍ക്കങ്ങോട്ട് ഉയര്‍ന്ന ഡിഗ്രി എടുക്കുന്നതിന് വരെ സംവിധാനം നെറ്റില്‍ കാണാം. സമയക്കുറവും ഒരു ഒഴിവുകഴിവായി ബോധിപ്പിക്കാനാകില്ല. നടത്തത്തിലും ഇരുത്തത്തിലും കിടത്തത്തിലും എന്തിനേറെ ജോലിക്കിടയില്‍പോലും കേള്‍ക്കാനും പഠിക്കാനുമുള്ള സംവിധാനം സൈറ്റുകളിലുണ്ട്. നെറ്റ് സംവിധാനം സാധാരണക്കാര്‍ക്കും സമ്പന്നര്‍ക്കുമെല്ലാം ഇന്നുണ്ട്. മോബൈലുകളിലെ നെറ്റ് ഉപയോഗം ഇന്ന് സാര്‍വത്രികമാണ്.  സോഷ്യല്‍ മീഡിയകളോട് പുറംതിരിഞ്ഞ് നില്‍ക്കുന്നത് അജ്ഞതയിലേക്കുള്ള തിരിച്ചുപോക്കാവും.

സൈറ്റുകളും ബ്ലോഗുകളും മാത്രമല്ല ഫേ സ്ബുക്കും യൂറ്റ്യൂബുമെല്ലാം ഇസ്‌ലാമിക പ്രബോനത്തിന് ഉപയോഗപ്പെടുത്തപ്പെടുന്നുണ്ട്.

ഇക്കാരണത്താല്‍ തന്നെ പാശ്ചാത്യലോകം ഇസ്‌ലാമിന്റെ ഈ ജാഗരണത്തെ ഭയപ്പാടോടുകൂടിയാണ് നോക്കിക്കാണുന്നത്. സത്യത്തിന്റെ പിറവി അസത്യങ്ങളുടെയും അധര്‍മങ്ങളുടെയും തിളക്കം കെടുത്തുമല്ലോ.

സോഷ്യല്‍ മീഡിയകളിലൂടെ പ്രബോധനം നടത്തുന്നതും വിശുദ്ധ ക്വുര്‍ആനും തിരുസുന്നത്തും പ്രഖ്യാപിച്ച അതേ രീതിശാസ്ത്രം ഉപയോഗിച്ചുകൊണ്ടാകണം. നന്മയും സദുപദേശവുമായിരിക്കണം ഇവിടെയും മുഖമുദ്ര. സോഷ്യല്‍ മീഡിയകളില്‍ പറ്റുന്ന അബദ്ധം തിരുത്തുക വളരെ പ്രയാസകരമാണ്. കാരണം നിമിഷ നേരംകൊണ്ട് പ്രസിദ്ധപ്പെടുത്തിയ ലേഖനമോ ദൃശ്യ-ശ്രാവ്യ ക്ലിപ്പിംഗുകളോ മറ്റുള്ളവര്‍ അവരുടെ ഡിവൈസുകളിലേക്ക് മാറ്റിയിട്ടുണ്ടാകാം.

പ്രതികരണത്തിന് വേദിയുണ്ടെന്നത് (കമന്റ് കോളം) ഇതിന്റെ ഒരു ഉപകാരമാണ്. നന്മ കല്‍പിക്കാനും തിന്മ വിരോധിക്കാനുമുള്ള നമ്മുടെ ബാധ്യതാനിര്‍വഹണത്തിനും ഇത് അവസരം നല്‍കുന്നു. ഗ്രുപ്പ് മെയിലുകളിലോ ഫേസ്ബുക്ക് പോലെയുള്ള കൂട്ടായ്മകളിലോ ഷെയര്‍ ചെയ്താലാകട്ടെ ഏതൊരു സന്ദേശവും അതിവേഗം പ്രചരിപ്പിക്കപ്പെടുന്നു

മുഫീദ് പാലക്കാഴി

നേർപഥം 

 

മനസ്സ് നന്നാവാൻ പത്തു കാര്യങ്ങൾ

മനസ്സ് നന്നാവാൻ പത്തു കാര്യങ്ങൾ

സമാധാനവും സന്തോഷവും നിറഞ്ഞ ഒരു ജീവിതത്തിന് എന്തെല്ലാം ആവശ്യമാണോ അതിലെല്ലാം നമ്മൾ അതീവ താൽപര്യത്തോടുകൂടി പരിശ്രമിക്കാറുണ്ട്.

പണം നമ്മുടെ ജീവിതത്തിന് അനുകൂലമായ പല കാര്യങ്ങളും നേടിത്തരുന്നതാണ്.

അത്കൊണ്ട് പണത്തിന് വേണ്ടി എന്തെല്ലാം വഴികളുണ്ടോ അതെല്ലാം നേടുന്നവരും , ശരീരവും മനസ്സും മറന്ന് അതിന് വേണ്ടി അദ്ധ്വാനിക്കുന്നവരുമാണ് നമ്മളിൽ ഏവരും.

ജീവിതത്തിലെ അനുകൂല സാഹചര്യം ഉണ്ടാക്കാൻ വേണ്ടി നമ്മൾ പരിശ്രമിക്കാറുണ്ട്.

പക്ഷെ,

എല്ലാം നമുക്ക് അനുഭവിക്കുവാനും ആസ്വദിക്കുവാനുമുള്ള ഒരു മനസ്സാണ് ആവശ്യം.

ഒരു നല്ല മാനസീകാവസ്ഥയെ വിശുദ്ധ ഖുർആൻ വിശേഷിപ്പിക്കുന്നത് إنْشِرَاحُ الصَدر ആണ്.

അതിന്റെ മലയാളത്തിലുള്ള അർത്ഥം വിശാലവുമാണ്.

സന്തോഷം നിറഞ്ഞ, സംതൃപ്തി നിറഞ്ഞ, വലിയ ധൈര്യം ലഭിക്കുന്ന, അതേ പോലെത്തന്നെ വെളിച്ചം നിറഞ്ഞ ഒരു മാനസികാവസ്ഥക്കാണ് إنْشِرَاحُ الصَدر എന്ന് പറയുന്നത്.

ജീവിതത്തിന്റെ ഏത് സന്ദർഭങ്ങളിലും അത്തരം ഒരു മാനസീകാവസ്ഥ കെടാതെ നിലനിർത്തിക്കൊണ്ടുപോകാൻ പരിശ്രമിച്ചാൽ നമ്മുടെ എല്ലാ രാപ്പകലുകളും ഏത് പ്രായത്തിലും, ഏത് സമയത്തിലും, രോഗം ഉണ്ടാകുമ്പോഴും , രോഗം ഇല്ലാത്തപ്പോഴും ജീവിത്തിലെ ഏത് സാഹചര്യത്തിലും നമുക്ക് സന്തോഷകരമായ ഒരു അവസ്ഥ മുന്നോട്ട് കൊണ്ട് പോകാൻ കഴിയുമെന്നതാണ് ആ ഒരു മാനസീകാവസ്ഥയുടെ പ്രത്യേകത.

 ജീവിതത്തിൽ എപ്പോഴും പ്രതിസന്ധി നിറഞ്ഞ ഒരു യാത്രക്ക് ഒരുങ്ങുമ്പോൾ മൂസ നബി (അ) അല്ലാഹുവിനോട് ചോദിച്ചത്

 رَبِّ ٱشۡرَحۡ لِی صَدۡرِی

എന്നാണ്.

എന്റെ മനസ്സിന് ഒരു إنشراح ഒരു വിശാലത, ഒരു സന്തോഷം, ഒരു ആത്മധൈര്യം, അതൊക്കെ എനിക്ക് നൽകണേ എന്നാണ്.

ഫിർഔനുമായി നേരിടാൻ പോകുമ്പോഴും ആ പ്രതികൂലാവസ്ഥ മനസ്സിനെ ഒരിക്കലും സ്വാധീനിക്കാതെ, മനസ്സിന്റെ സമനില തെറ്റിക്കാതെ, മനസ്സിനെ അധൈര്യപ്പെടുത്താതെ, അസ്വസ്ഥതപ്പെടുത്താതെ മനസ്സ് നിലനിർത്തി മൂസാ നബി (അ).

അങ്ങനെ നിലനിന്നാൽ ജീവിതത്തിൽ എപ്പോഴും നമ്മൾ സന്തോഷവാന്മാരായിരിക്കും.

ജീവിതത്തിൽ ഏറ്റവും കൂടുതൽ വേദനകളും പ്രയാസങ്ങളും അനുഭവിക്കുന്ന വ്യക്തി എപ്പോഴും സന്തോഷവാനായി കാണുന്നു!!!

പ്രത്യേകിച്ച് ഒരു പ്രശ്നവുമില്ലാത്ത, ആരോഗ്യപരമായിട്ടോ, സാമ്പത്തികപരമായിട്ടോ, ഒരു പ്രശനവുമില്ലാത്ത ഒരാൾ ഒരു മാരകരോഗം ബാധിച്ചവനെപ്പോലെ അസ്വസ്ഥനായിക്കാണുന്നു.

അപ്പോൾ ഇതൊന്നും രോഗങ്ങളെന്നോ ഭൗതീക കാരണങ്ങളുമായോ ബന്ധപ്പെട്ടതല്ല.

മനസ്സുമായി മാത്രം ബന്ധപ്പെട്ട ഒന്നാണ്.

നബി (സ) ക്ക് പ്രതികൂലമായ സാഹചര്യങ്ങളെ അതിജീവിക്കുവാൻ വേണ്ടി അല്ലാഹു പ്രവാചകന് നൽകിയ ഏറ്റവും വലിയ അനുഗ്രഹമായിട്ട് ഖുർആനിൽ എടുത്ത് പറയുന്നത് കാണാൻ സാധിക്കും.

أَلَمۡ نَشۡرَحۡ لَكَ صَدۡرَكَ

നിനക്ക് നിന്റെ മനസ്സിനെ നാം വിശാലമാക്കിത്തന്നില്ലെയൊ?

എന്നാണ് അല്ലാഹു ചോദിക്കുന്നൊരു ചോദ്യം.

പ്രിയപ്പെട്ടവരെ,

എന്ത്കൊണ്ട് അങ്ങനെത്തൊരു മാനസീകാവസ്ഥക്ക് വേണ്ടി പരിശ്രമിച്ച് കൂട.

ഈയൊരു മനസ്സിനെ നിലനിർത്താൻ 10 കാര്യങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കിയാൽ സന്തോഷകരമായ ജീവിതം നയിക്കാം.

ഖുർആനും ഹദീസും ചേർത്ത് കൊണ്ടുള്ള 10 കാര്യങ്ങളായത് കൊണ്ട് തന്നെ ജീവിത സന്തോഷം ഇരട്ടിയാക്കാൻ സാധിക്കും.

ഈ പത്ത് കാര്യങ്ങൾ വിശാലമാണെങ്കിലും പലതും നമ്മുടെ മനസ്സിനെ ഓർമ്മപ്പെടുത്തിപ്പോകുന്നതാണ്.

ഒരുപക്ഷെ ഒരു പരിശ്രമം നമ്മളേവരും നടത്തിയാൽ ഇന്നത്തെ പകലിനേക്കാളും സന്തോഷകരമായ ഒരു പകലായി നാളെത്തെ പകലുകൾ മാറിയേക്കാം..

പ്രതികൂലവും അതുപോലെത്തന്നെ വിഷമരവുമായ എന്തൊക്കെ അവസ്ഥകൾ ഉണ്ടെങ്കിലും ഒരുപക്ഷെ നമുക്കത് മാറ്റാൻ കഴിഞ്ഞേക്കാം.

ഒന്നാമത് അല്ലാഹുവിന് വേണ്ടി ജീവിക്കുക.

تَوْحِيدُ الله وإخْلَاصُ الدِّينِ لهُ

എല്ലാ നന്മകളും പടച്ചവന്റെ കൂലിക്ക് വേണ്ടി മാത്രം ചെയ്യുക.

മഹാനായ ഒരു പണ്ഡിതൻ പറഞ്ഞു: നീ നല്ല നമസ്ക്കാരവും നോമ്പുമൊക്കെ എടുക്കുമ്പോൾ നീ നല്ല പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ടല്ലോ, നീ നല്ലൊരു മനുഷ്യനാണല്ലോ എന്ന് പറഞ്ഞാൽ പിന്നെ നിന്റെ പ്രവർത്തനങ്ങൾ അവർക്ക് വേണ്ടിയായിരിക്കാം.

അപ്പോൾ നീ ആരാധിക്കുന്നത് അവരെയാണെങ്കിൽ

നല്ല സ്വദഖ ചെയ്യുന്ന ഒരാളോട് നീ നല്ല പ്രവർത്തനങ്ങളൊക്കെ ചെയ്യുന്നുണ്ടല്ലോ. നീ നല്ല മനുഷ്യനാണല്ലോ.

എന്ന് പറയുന്നതോടുകൂടി അയാളുടെ മനസ്സ് മാറി എന്നാണ്.

അത് വരെ സ്വദഖ ചെയ്തത് അല്ലാഹുവിന്റെ പ്രതിഫലം കിട്ടാനാണെങ്കിൽ അത് പറഞ്ഞതോടുകൂടി സ്വദഖ ചെയ്യുന്നത് ജനങ്ങളുടെ നല്ല സംസാരങ്ങൾക്ക് വേണ്ടിയാണെങ്കിൽ,

നിന്റെ ആരാധന ജനങ്ങൾക്കായി എന്നാണ്.

അത്ര ഗൗരവമുള്ളതാണ്.

ജീവിതത്തിന്റെ എല്ലാ ലക്ഷ്യങ്ങളും അല്ലാഹുവിന്റെ തൃപ്തിക്ക് വേണ്ടിയാകേണ്ടതുണ്ട്.

ഇനി ഒരാൾ കുറ്റപ്പെടുത്തിയെങ്കിൽ നമ്മളെന്താ ചിന്തിക്കേണ്ടത്?

ഞാനൊരു തെറ്റും ചെയ്തിട്ടില്ല.

ഞാൻ അല്ലാഹുവിന്റെ നിയമത്തിന് എതിര് ചെയ്തിട്ടില്ല..

പിന്നെ എന്തിന് ഞാൻ ടെൻഷനടിക്കണം.

അങ്ങനെ ചിന്തിക്കുമ്പോഴെ إخلاص ആവുകയൊള്ളൂ.

എല്ലാം അല്ലാഹുവിൽ നിന്ന് പ്രതീക്ഷിക്കുക.

എന്ത് ബുദ്ധിമുട്ടും പ്രതിസന്ധിയും വന്നാലും …..

അത് എന്റെ റബ്ബിന് എന്റെ കാര്യത്തിൽ അങ്ങനൊരു തീരുമാനം ഉണ്ടാകും.

അതിലൊരു നന്മയുണ്ട്.

അങ്ങനെ ചിന്തിച്ചാൽ അതിനൊരു പരിഹാരമായി.

ഒരു തൗഹീദ് ഉള്ള ഒരാളാണെങ്കിൽ, അല്ലാഹുവിന് വേണ്ടി ജീവിക്കുന്ന ഒരാളാണെങ്കിൽ …..

പിന്നെ അവന്റെ മനസ്സ് അസ്വസ്ഥമാകില്ല.

وَمَا خَلَقۡتُ ٱلۡجِنَّ وَٱلۡإِنسَ إِلَّا لِیَعۡبُدُونِ

അല്ലാഹു അതിനാണ് നമ്മെ സൃഷ്ടിച്ചിട്ടുള്ളത്.

അല്ലാഹുവിനെ മാത്രം ആരാധിക്കുക.

അല്ലാഹുവിലേക്ക് മടങ്ങുക.

അല്ലാഹുവിലേക്ക് മാത്രം ലക്ഷ്യമാക്കുക.

അവന്റെ പ്രീതിക്ക് വേണ്ടി മാത്രം ജീവിക്കുക.

അവന്റെ മനസ്സിന് إنشراح ഉണ്ടാകുമെന്നാണ്.

അല്ലാഹു മനസ്സിന് വെളിച്ചം തരും

വെളിച്ചം കെട്ടാൽ ഇരുട്ടാണ് ഉണ്ടാകുക.

അപ്പോൾ അല്ലാഹു മനസ്സിലേക്ക് ഒരു വെളിച്ചം ഇട്ടു തരാമെന്നാണ്.

فإنّهُ يَشْرَبُ الصَّدر

وَهَذَا النُّورُ ونُورُ الإيمَان

ഈമാനിന്റെ ഒരു വെളിച്ചം ഉണ്ടാകുമെന്നാണ്.

വെളിച്ചം എന്ന് പറഞ്ഞാൽ അത് നമ്മളിൽ ഉണ്ടാക്കുന്ന സ്വാധീനം ചെറുതല്ല.

ഹാഫിള് ഇബ്നു റജബ് റഹ്മത്തുള്ള പറഞ്ഞു:

فالقَلْبُ الَّذِي دَخَلَهُ نُورُ الإيمان

വിശ്വാസത്തിന്റെയൊരു വെളിച്ചം മനസ്സിലേക്ക് കടന്നാൽ

وانْشَرَحَ بِهِ وانْفَسَح

മനസ്സ് വിശാലമാകുമെന്നാണ്.

സന്തോഷമാകുമെന്നാണ്.

يَسْكُن لِلْحَقّ

എപ്പോഴാണ് ആ വെളിച്ചം നമുക്കകത്ത് ഉണ്ട് എന്ന് മനസ്സിലാകാ എന്നറിയോ?

എന്തെങ്കിലും നന്മകൾ ചെയ്യുമ്പോൾ

ويَطْمَئِنَّ بِه

അവന്റെ ഹൃദയത്തിന് ഭയങ്കരമായ സന്തോഷം ലഭിക്കും

എന്തെങ്കിലും ഒരു തെറ്റ്.

വെളിച്ചമുള്ള മാനസീകാവസ്ഥയ്ക്ക് അങ്ങനെയൊരു തെറ്റ് ചെയ്യാൻ കഴിയില്ല എന്നാണ്.

തെറ്റ് ചെയ്താൽ അത്കൊണ്ട് അയാൾ വല്ലാതെ മന:പ്രയാസപ്പെടും.

ഇങ്ങനെത്തൊരു വെളിച്ചം അല്ലാഹു നമ്മുടെ മനസ്സിലേക്ക് തരുമെന്നാണ്.

ആ വെളിച്ചം കിട്ടിക്കഴിഞ്ഞാൽ അയാൾക്ക് പിന്നെ ഒന്നും പേടിക്കാനില്ല.

ഏത് പ്രതികൂല സാഹചര്യവും ഏത് വിഷമരകരമായ സാഹചര്യവും അയാൾ നിലനിന്ന് പോകുമെന്നാണ്.

تَحْسِيلُ عِلمُ النَّافِع .3

നല്ല വിവരങ്ങൾ ശേഖരിക്കുക എന്നുള്ളതാണ്.

ലോകത്തെ പ്രഗത്ഭരായ പണ്ഡിതന്മാർ അവർ എഴുതിയ പുസ്തകങ്ങൾക്ക് പേര് കൊടുത്തത് എന്താന്നറിയോ?

رَوض

رِيَاض

എന്നൊക്കെയാണ്.

തോട്ടം.

رِيَاضُ الصّالحين

എന്താണത്?

സതവൃത്തരുടെ പൂങ്കാവനം എന്നാണ്.

അതായത്, ഇസ്ലാമികമായ അറിവ് എന്ന് പറഞ്ഞാൽ നമ്മളൊരു തോട്ടത്തിൽ ചെന്നത് പോലെയാണ്.

തോട്ടത്തിൽ ചെന്നാൽ,

നല്ല മനോഹര പുഷ്പങ്ങൾ

നല്ല സുഗന്ധം

നല്ല തെളിഞ്ഞ കാറ്റ്.

അത് പോലൊരു മനസ്സായിരിക്കും അറിവ് കിട്ടുമ്പോൾ. ഉപകാരപ്രദമായ അറിവുകൾ ആർജിച്ചു കൊണ്ടിരിക്കുക.

ഇന്ന് എന്ത് പഠിച്ചു?

ഇന്ന് എന്താണ് എനിക്ക് കിട്ടിയത്?

ഒരു ദിവത്തേക്കൊരു ഹഥീസ്

ഒരു ദിവസത്തേക്കൊരു ആയത്ത്

ഒരു ദിവസത്തേക്കൊരു അറിവ്

ഇങ്ങനെ അറിവ് ആർജിക്കേണ്ടതുണ്ട്.

അറിവ് കിട്ടുമ്പോൾ മനസ്സ് ഭയങ്കരമായി സന്തോഷിക്കും.

വിഷക്കുന്ന സമയത്ത് ഭക്ഷണം കഴിക്കുമ്പോൾ

ഒരു ഗ്ലാസ് വെള്ളം കുടിക്കുമ്പോൾ

ഒരു ഗ്ലാസ് ജ്യൂസ് കുടിക്കുമ്പോൾ കിട്ടുന്ന ഉന്മേഷമില്ലേ?

അതേപോലൊരു ഉന്മേഷം പകർന്ന് കൊണ്ടിരിക്കുന്നതാണ് നല്ല അറിവ്.

നല്ല അറിവുകൾ

يَرْفَعِ الله الّذِينَ آمَنُوا مِنْكُم والَّذِينَ أُوتُوا العِلْمَ دَرَجَات

അറിവ് കിട്ടുന്തോറും പദവികൾ ഉയരുന്നു.

മനസ്സിന്റെ അവസ്ഥകൾ മറികൊണ്ടിരിക്കും എന്നാണ്.

ഒരു ക്ലാസും, ഒരു പരിപാടിയും കേൾക്കാതിരിക്കുമ്പോഴാണ് സത്യത്തിൽ പ്രയാസങ്ങൾ കടന്ന് വരുന്നത്.

മനസ്സെപ്പോഴും പ്രത്യേകമായ ഒരു മാനസികാവസ്ഥ സൃഷ്ടിക്കപ്പെടുമെന്നാണ്.

ആരാധനകൾ വല്ലാതെ മനസ്സിനെ മാറ്റുമെന്നാണ്.

പ്രത്യേകിച്ച് നമസ്ക്കാരം എന്നൊക്കെ പറഞ്ഞാൽ, ആ നിസ്ക്കാരം

الصَّلاةُ كَم فِيها ابْتِغَاء

എത്ര വലിയ ആസ്വാദനമാണ് നമസ്ക്കാരം കൊണ്ട് കിട്ടുക.

നമ്മൾ സുന്നത്ത് നമസ്ക്കാരങ്ങൾ, ഫർള് നമസ്ക്കാരങ്ങൾ ജീവിതത്തിൽ നിലനിർത്തുമ്പോൾ മാനസീകാവസ്ഥ മാറുമെന്നാണ്.

കാരണം, മനസ്സിനെ അത്രമാത്രം സ്വാധീനിക്കുന്ന ഒന്നാണ് നമസ്കാരം എന്ന് പറയുന്നത്.

അത് കൊണ്ടാ നബി (സ) ക്ഷീണിച്ച സന്ദർഭത്തിൽ പറഞ്ഞത് :

قُمْ يَا بِلَالُ

ഓ ബിലാലെ നീ എഴുന്നേൽക്കുക എന്നാണ്.

എന്നിട്ടൊന്ന് ബാങ്ക് കൊടുക്കുക, നമുക്ക് അല്പ സമയം ആശ്വാസം കൊളളാം, സമാധാനം കൊള്ളാം എന്ന് പറയുവാനുള്ള കാരണം ആരാനകൾ മനസ്സിനെ അത്രമാത്രം സ്വാധീനിക്കുമെന്നതിനാലാണ്.

5.പണ്ഡിതന്മാർ പറഞ്ഞത് ذكر കൾ വർദ്ധിപ്പിക്കുക.

പ്രിയപ്പെട്ടവരെ,

ഇന്ന് ആരെങ്കിലും രാവിലെ سبحان الله  എന്ന് നൂറ് തവണ ചൊല്ലിയോ?

لاإله إلا الله وحده لا شريك له……..

എന്നത് ഒരു പത്ത് പ്രാവശ്യം.

ഇതൊക്കെയൊന്ന് ചൊല്ലി നോക്കേണ്ടതുണ്ട്.

ചൊല്ലണ ദിവസവും ചൊല്ലാത്ത ദിവസവും അത്രമേൽ വ്യത്യാസമുണ്ട്.

നമ്മൾ ഏറ്റവും അധികം പരിഗണിക്കുക നമ്മുടെ മനസ്സിനെയാണ്.

നമ്മൾ മനസ്സിനെ പരിഗണിക്കുന്നില്ല.

ഈ മനസ്സ് കൊണ്ടുള്ള ഗുണം അതേത് സന്ദർഭങ്ങളിലും നമ്മുടെ കൂടെയുണ്ടാകും.

നിങ്ങകളൊരു ദു:ഖരമായ വാർത്ത കേൾക്കുമ്പോൾ മനസ്സിന് അതിലൊരു പങ്കുണ്ട്.

നിങ്ങളൊരു രോഗിയാകുമ്പോൾ മനസ്സിന് അതിലൊരു പങ്കുണ്ട്.

ഒരു സന്തോഷം ഉണ്ടാകുമ്പോൾ മനസ്സിന് അതിലൊരു പങ്കുണ്ട്.

ആ പങ്കിനെ വിസ്മരിക്കരുത്.

അത് കൊണ്ട് കെടാതെ കൊണ്ട് നടക്കക്കേണ്ടത് ഈ മനസ്സാണ്.

ഭൗതീകമായ പല കാര്യങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ നമ്മൾ മനസ്സിനെ ശ്രദ്ധിക്കേണ്ടതുണ്ട്.

ഈ ദിക്റിന്റെ ഓപ്പോസിറ്റാണ് غفلة ആണ്.

അശ്രദ്ധയാണ്.

അശ്രദ്ധമായ ഒരു ജീവിതം എന്ന് പറഞ്ഞാൽ അത് വല്ലാത്തൊരു അവസ്ഥയാണ്.

അവർക്ക് ജീവിതത്തിൽ ഒരു സമാധാനവും ഉണ്ടാകില്ല.

ഒരു കാര്യത്തിലും ശ്രദ്ധിക്കാതെ, ഒരു ലക്ഷ്യവും ഇല്ലാതെ, എന്തിനാണ് ജീവിക്കുന്നു എന്നറിയാതെ, എവിടെക്കാണ് പോകുന്നു എന്നറിയാതെ, എന്താണ് എന്റെ ജീവിതത്തിന്റെ ലക്ഷ്യം എന്നറിയാതെ ജീവിക്കുന്ന ആളുകൾക്ക് ഉണ്ടാകുന്ന അവസ്ഥ എന്തായിരിക്കും?

مَثَلُ الَّذِي يَذْكُرُ رَبَّهُ وَالَّذِي لا يَذْكُرُ رَبَّهُ مَثَلُ الحَيِّ وَالمَيِّتِ

അല്ലാഹുവിനെ സ്മരിക്കുകയും സ്മരിക്കാതിരിക്കുകയും ചെയ്യുന്നവന്റെ ഉദാഹരണം, ജീവനുള്ളവനുള്ളവനും ജീവനില്ലാത്തവനും തമ്മിലുള്ള വ്യത്യാസം പോലെയാണ്.

ദിക്റുകൾ ബോധപൂർവ്വം നമ്മുടെ ജീവിതത്തിൽ കൊണ്ട് വരണം എന്നുള്ളതാണ്.

الإحْسَانُ إِلَّا عِبَادك .6

ഇതൊക്കെ വളരെ ലളിതമായി നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യമാണ്.

ആർകെങ്കിലും ഒരു ഉപകാരം.

ഒരു ഉപകാരം ചെയ്ത് കഴിയുമ്പോഴേക്കും നമ്മുടെ മനസ്സിന് വല്ലാത്തൊരു സന്തോഷം ഉണ്ടാകും.

 വലിയ വലിയ കാര്യങ്ങൾ ഓരോ ദിവസവും ചെയ്യുന്ന ആളുകൾക്ക് എത്ര സന്തോഷമുണ്ടാകും!!!

നമ്മളൊക്കെ ഉപകാരം ചെയ്യുന്നുണ്ടാകാം.

ആ ഉപകാരം ഭൗതികമായ ലാഭത്തിന് വേണ്ടിയാണെങ്കിലോ?

അത് നഷ്ടമാകും.

അത് കൊണ്ട് ഒരു ലാഭവും ലഭിക്കില്ല.

അല്ലാഹു മനസ്സിന് തരുന്ന സന്തോഷം അതാകണം എറ്റവും വലുത്.

مَن نَفَّسَ عن مؤمنٍ كُرْبَةً من كُرَبِ الدُّنيا

എന്തെങ്കിലും ഒരു വിഷമം ഒരാൾക്ക് നിങ്ങൾ നീക്കി കൊടുത്താൽ ….

അല്ലാഹു എന്ത് ചെയ്യും?

نَفَّسَ الله عَن كُربَةً مِنه من يَومِ القِيَامَةِ

ഖിയാമത്ത് നാളിലുള്ള ഒരു പ്രയാസത്തെ അല്ലാഹു നീക്കി കൊടുക്കുമെന്നാണ്.

من يَسَّرَ على مُعْسِرٍ يَسَّرَ اللهُ عليه في الدُّنيا والآخرةِ

ഒരു പ്രയാസപ്പെടുന്നവർക്ക് ആശ്വാസം നൽകിയാൽ ഇഹലോകത്തും പരലോകത്തും ആശ്വാസം നൽകും.

എന്തെങ്കിലും ഒരു ഉപകാരം പ്രിയപ്പെട്ടവരെ,

നമ്മൾ നടക്കുമ്പോൾ, ഇരിക്കുമ്പോൾ, നിങ്ങൾ ചെയ്യുന്ന ജോലിയുടെ രംഗത്ത്, വീട്ടിലിരിക്കുമ്പോൾ അയൽവാസിക്ക്, യാത്ര ചെയ്യുമ്പോൾ കൂടെ യാത്ര ചെയ്യുന്ന ഒരാൾക്ക്,

ഇങ്ങനെ എന്തൊക്കെ നന്മകൾ നമുക്ക് ചെയ്യാൻ പറ്റും…..

ഓരോ നന്മകളും മനസ്സിന്റെ സന്തോഷത്തേയും, വിശാലതയേയും, ശക്തിയേയും പരിപോഷിപ്പിക്കും.

  الشَّجَاعة .7

ധൈര്യം

നമ്മൾ ഭീരുക്കളായി, പേടിച്ച് ജീവിക്കരുത്.

ഭയമുള്ള ഏത് അവസ്ഥകളും മനസ്സിന് ഏറ്റവും കൂടുതൽ പരിക്ക് ഉണ്ടാകുന്ന അവസ്ഥയാണ്.

നമ്മൾ എന്തിന് പേടിക്കണം പ്രിയപ്പെട്ടവരെ,

എന്തിനാണ് പേടി?!

ഒരു മനുഷ്യന് പരമാവധി പേടിക്കാനുള്ളത് മരണമാണ്.

ആകെ പേടിക്കാനുള്ളതും മരിക്കും എന്നല്ലേ ?!

മരണം പേടിക്കാനുള്ള കാരണം നാം ഓരോ ദിവസവും അപ്രതീക്ഷിതമായ മരണം കാണുകയാണ്.

ഒന്നും പേടിക്കേണ്ടതില്ല.

മരിക്കാതിരിക്കാൻ പറ്റില്ല എന്ന് നമുക്കെല്ലാവർക്കും അറിയാം.

മരക്കാതിരിക്കുക എന്നൊരവസ്ഥ ഉണ്ടാകാതിരിക്കാതിരിക്കുക എന്നത് ഉണ്ടാകില്ല എന്നതും നമുക്കറിയാം.

പിന്നെ എന്തിനാണ് മരിക്കുന്നത്?

നമ്മൾ ഇത്രക്കാലം ജീവിച്ചതിനുള്ളതിന്റെ ഫലം വാങ്ങാനാണ് പോകുന്നത്….

അതിനാണ് മരിക്കുന്നത്.

ഇബ്നു കയ്മ (റ) പറയുന്നുണ്ട്:

ഖബറിൽ സന്തോഷത്തിന്റെയും ഇരുട്ടിന്റെയും വെളിച്ചത്തിന്റെയും അവസ്ഥകളുണ്ടല്ലോ അതേ പോലെയാണ് മനസ്സും എന്നാണ് പറയുന്നത്.

മനസ്സിനുമുണ്ട് അതേ അവസ്ഥകൾ.

നമ്മുടെ മനസ്സിന്റെയുളളിൽ ഭയമുണ്ടാകും, ദുഃഖമുണ്ടാകും, വിഷമം ഉണ്ടാകും …..

ഇതേ പോലെയാ ഖബറിന്റെയുളളിലും!!!

നമ്മുടെ ജീവിതത്തിൽ സമാധനത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ പറ്റുന്നുണ്ടെങ്കിൽ ഖബറിലും അങ്ങനെത്തന്നെ ജിവിക്കാൻ പറ്റുമെന്നാണ്.

മനസ്സ് എപ്പോഴും അങ്ങനെത്തെ അവസ്ഥയിലായിരിക്കണം.

ധൈര്യത്തിൽ ജീവിക്കുക.

നമുക്കെന്താ പേടിക്കാൻ?!

പടച്ചോൻ തീരുമാനിച്ചതേ വരികയൊള്ളൂ.

പടച്ചോൻ വിചാരിക്കാത്തതൊന്നും വരില്ല.

ലോകത്ത് എന്ത് സംഭവിച്ചാലും നമ്മൾ നമ്മളുടെ ദൗത്യം നിർവ്വഹിച്ചിട്ടുണ്ടെങ്കിൽ ഒന്നും പേടിക്കേണ്ടതില്ല.

എപ്പോഴെങ്കിലും അധൈര്യം മനസ്സിലേക്ക് കടന്ന് വരുന്നതിനെ ശ്രദ്ധിക്കുക.

إبْعَادُ أدْوَاءِ القُلُوب وأَثْقَي بِها .8

മനസ്സിന് വരുന്ന ചില രോഗങ്ങളുണ്ട്. അസൂയ!!

വെറുതെ അയൽവാസിയോട് പകയും വിദ്വോഷവും. എന്താ അത് കൊണ്ട് ലാഭം?

നമ്മടെ മനസ്സ് എടങ്ങേറാകുക എന്നല്ലാതെ എന്താ ഗുണം?!

അപ്പറത്തെ കച്ചവടക്കാരനോട് .

അവന്റെ കടയിലേക്ക് ഒരാൾ സാധനത്തിന് വേണ്ടി കയറിയാൽ നമ്മൾ ഇപ്പറത്ത് ബേജാറായി നിൽക്ക.

എന്താ അത് കൊണ്ട് കാര്യം?!

നമുക്ക് വിതിച്ചത് നമുക്ക് വരും എന്ന് വിചാരിച്ചാൽ പോരെ.

അയൽവാസി നല്ലൊരു കാറ് വാങ്ങിയതിന് നമ്മളെന്തിന് എടങ്ങേറായി ജീവിക്കണത്.

നമ്മുടെ ജേഷ്ടന്മാർക്കൊ അനിയന്മാർക്കൊ സാമ്പത്തിക പുരോഗതി ഉണ്ടായതിന് നമ്മളെന്തിന് ബേജാറാകണം?!

മനസ്സിന്റെ രോഗമായ അസൂയ, പക, വിദ്വോഷം, പോര്, ദേഷ്യം ഇതിങ്ങനെ കൊണ്ട് നടക്കുക.

എന്ത് സമാധാനമാണ് ജീവിതത്തിൽ കിട്ടുക?!

നമുക്ക് എന്ത് ലാഭമാണ് അത് കൊണ്ട് ലഭിക്കുക?!

അത്കൊണ്ട് ആരെയാണ് പരാജയപ്പെടുത്താൻ പറ്റിയത്!?

ശരീരത്തിന് ഒരു രോഗം എല്ലാ അവസ്ഥയും തകരാറുകുന്നത് പോലെ മനസ്സിന് ഒരു രോഗം വന്നാൽ മതി എല്ലാം തകരാറിലാകാൻ.

ترْكُفُ أُمُورِ الخُضُور .9

ആവശ്യമില്ലാത്തത് ഒഴിവാക്കുക.

നമുക്ക് ഉപകാരമില്ലാത്ത ഒന്നും കേൾക്കരുത് എന്നാണ്.

നമുക്ക് ഉപകാരമില്ലാത്തതൊന്നും കാണരുത്.

നമുക്ക് ഉപകാരമില്ലാത്തതൊന്നും ചിന്തിക്കരുത്.

നിങ്ങളൊന്ന് ഓഫാക്കി നോക്കൂ. ഒരു മൂന്നാഴ്ച നിങ്ങളുടെ വാട്സപ്പ്, ഫെയ്സ്ബുക്ക്!!

എന്താ സംഭവിക്കാ ….

പിന്നെ,

ആവശ്യമില്ലാത്തത് കേൾക്കൂല, കാണൂല , സമാധാനമാകും …..

പ്രിയപ്പെട്ടവരെ,

രാവിലെ മുതൽ വൈകുന്നേരം വരെ ആവശ്യമില്ലാത്തത് കേൾക്കുമ്പോൾ നമുക്ക് വല്ല സമാധാനവും കിട്ടുന്നുണ്ടോ ?!

ആ കേട്ടത് കൊണ്ട് ഒരു ഗുണവുമില്ല ജീവിതത്തിൽ.

അത് ചിന്തിച്ചത് കൊണ്ട് ഒരു കാര്യവും ഇല്ല.

2024 ൽ ആരാ വരിക എന്നിങ്ങനെ ആലോചിച്ചിരുന്നിട്ട് എന്താ കാര്യം?!

നമ്മുടെ ദൗത്യമെന്താണോ അത് നിർവ്വഹിച്ച് മുന്നോട്ട് പോകുക എന്നാണ്.

ترْكُفُ أُمُورِ الخُضُور

ആവശ്യമില്ലാത്തത് ഉപേക്ഷിക്കുക.

ആവശ്യമുള്ളത് ചിന്തിച്ചാൽ മതി

ആവശ്യമുള്ളത് കേട്ടാൽ മതി.

ആവശ്യമുള്ളത് നോക്കിയാൽ മതി.

ആവശ്യമുള്ളത് കണ്ടാൽ മതി.

ഏറ്റവും അധികം ജീവിത സന്തോഷവും സമാധാനവും അനുഭവിച്ചത് ആരാണെന്ന് ചോദിച്ചാൽ…..

അത് നബി (സ) യാണ്. അതുകൊണ്ട് പ്രവാചക ജീവിതത്തെ എത്രകണ്ട് ഒരാൾ അനുദാവനം ചെയ്യുന്നുവോ അത്രകണ്ട് ഒരാൾ സന്തോഷവാനാകും.

നബി (സ)യുടെ സുന്നത്തായിട്ട് എന്തെങ്കിലും എവിടുന്നെങ്കിലും കിട്ടിയാൽ അത് ചെയ്ത് നോക്കുക.

അങ്ങനെ ചെയ്യുമ്പോൾ ഓരോ സുന്നത്തുകളും ആ പ്രവാചകന്റെ ജീവിതത്തിലേക്ക് നമ്മെ അടുപ്പിക്കും.

ആ പ്രവാചകൻ അനുഭവിച്ച ജീവിതത്തിന്റെ ചാരിതാർത്ഥ്യവും സന്തോഷവും നമ്മുടേതായിട്ട് മാറും.

ലളിതമാണ്.

നമുക്കെല്ലാവർക്കും പ്രായോഗികമാണ്.

നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ അവസരങ്ങൾ ലഭിക്കുന്നതുമാണ്.

അത് കൊണ്ട് പ്രിയപ്പെട്ടവരെ,

അല്ലാഹുവിന് മാത്രം ജീവിതം സമർപ്പിച്ച്, അവനോട് മാത്രം പ്രാർത്ഥിച്ച്, നല്ല അറിവുകൾ നേടാനുള്ള അവസരങ്ങൾ ഉപയോഗപ്പെടുത്തി, 

ദിക്റുകൾ നമുക്കറിയാവുന്നവ ചൊല്ലിപ്പറഞ്ഞ് ഹൃദയത്തിന്റെ രോഗങ്ങളിൽ നിന്ന് മുക്തി നേടി മനസ്സിന് വെളിച്ചവും പ്രകാശവും നിറച്ച് അനാവശ്യമായ കാര്യങ്ങളെ നിരാകരിച്ച് ഒരു നല്ല മനസ്സിനെ സൃഷ്ടിക്കുക.

അങ്ങനെ നല്ല മനസ്സിനെ സൃഷ്ടിക്കുമ്പോൾ വീട്ടിലാകുമ്പോൾ, കുടുംബത്തിലാകുമ്പോൾ, ഒറ്റക്കിരിക്കുമ്പോഴും പ്രതികൂലത നമ്മളിലേക്ക് വരുമ്പോഴും മരണത്തിന്റെ കിടക്കയിലാകുമ്പോൾ പോലും മനസ്സ് നമുക്ക് പിന്തുണ തന്ന്, വെളിച്ചം തന്ന്, ധൈര്യം തന്ന് കൂടെയുണ്ടാകും.

അങ്ങനെത്തെ വിശാലതയുള്ള ഹൃദയത്തെ സന്തോഷമുളള മനസ്സിനെ അല്ലാഹു നമുക്കെല്ലാവർക്കും പ്രധാനം ചെയ്യുമാറാകട്ടെ.

 

ഇസ്ഹാഖ് വാരണാക്കര

മാതാപിതാക്കള്‍ക്കു വേണ്ടി

മാതാപിതാക്കള്‍ക്കു വേണ്ടി

മാതാപിതാക്കള്‍ മരണം വരിച്ചവരാണെങ്കിലും ജീവിച്ചിരിപ്പുള്ളവരാണെങ്കിലും അവര്‍ക്കുവേണ്ടി ദുആ ചെയ്യുവാന്‍ വി ശുദ്ധ ക്വുര്‍ആന്‍ അനുശാസിക്കുകയും ഒരു ദുആ വചനം അറിയിക്കുകയും ചെയ്തു.
 
رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا
 
എന്‍റെ റബ്ബേ, മാതാപിതാക്കള്‍ ഇരുവരും എന്നെ ചെറുപ്പത്തില്‍ പോറ്റിവളര്‍ത്തി. അതിനാല്‍ ഇവരോട് നീ കരുണകാണിക്കണമേ. (വി. ക്വു. 17: 24)
 
വഴിപിഴച്ചും വഴിപിഴപ്പിച്ചും മാത്രം കാലം കഴിച്ച, തങ്ങളു ടെ ധാര്‍ഷ്ഠ്യവും നിഷേധവും കാരണത്താല്‍ സന്മാര്‍ഗം നിഷേ ധിക്കപെട്ട, തന്‍റെ ജനതക്കെതിരില്‍ ദുആ ചെയ്ത ശേഷം നൂഹ് നബി (അ)  സ്വന്തത്തിനും മാതാപിതാക്കള്‍ക്കും വിശ്വാസികള്‍ ക്കും വേണ്ടി നടത്തിയ ദുആ: 
 
رَّبِّ اغْفِرْ لِي وَلِوَالِدَيَّ وَلِمَن دَخَلَ بَيْتِيَ مُؤْمِنًا وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ وَلَا تَزِدِ الظَّالِمِينَ إِلَّا تَبَارًا
 
എന്‍റെ രക്ഷിതാവേ, എന്‍റെ മാതാപിതാക്കള്‍ക്കും എന്‍റെ വീട്ടില്‍ വിശ്വാസിയായിക്കൊണ്ട് പ്രവേശിച്ചവന്നും സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും നീ പൊറുത്തുതരേണമേ. (വി. ക്വു. 71: 28)
 
സ്വന്തത്തിനും മാതാപിതാക്കള്‍ക്കും വിശ്വാസികള്‍ക്കും വേണ്ടി ഇബ്റാഹീം നബി (അ)  നടത്തിയ ദുആയാണ് ചുവടെ. പിതാവിനോട് വാഗ്ദാനം ചെയ്തതിനാലാണ് അവിശ്വാസിയായ പിതാവിനു വേണ്ടി ഇബ്റാഹീം നബി (അ)  പാപമോചന തേട്ടം നടത്തിയത്. എന്നാല്‍ പിതാവ് അല്ലാഹുവിന്‍റെ ശത്രുവാണെന്ന് വ്യക്തമായതില്‍ പിന്നെ അദ്ദേഹം പിതാവിനെ തൊട്ട് വിട്ടൊഴിഞ്ഞു.
 
رَبَّنَا اغْفِرْ لِي وَلِوَالِدَيَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ الْحِسَابُ
 
ഞങ്ങളുടെ രക്ഷിതാവേ, വിചാരണ നിലവില്‍വരുന്ന ദിവസം എനിക്കും എന്‍റെ മാതാപിതാക്കള്‍ക്കും സത്യവിശ്വാസികള്‍ക്കും നീ പൊറുത്തുതരേണമേ. (വി. ക്വു. 14: 41)
 
അബ്ദുല്ലാഹ് ഇബ്നു ഉമര്‍ (റ) യാത്രയില്‍നിന്നു തിരിച്ചു വന്നാല്‍ പള്ളിയില്‍ ക്വബ്റിടങ്ങളില്‍ ചെന്ന് ഇപ്രകാരം പറയുമായിരുന്നു എന്ന് ഇബ്നു അബീശെയ്ബഃ നിവേദനം. അല്‍ ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
 
السَّلاَمُ عَلَيْكَ يَا رَسُولَ اللهِ، السَّلاَمُ عَلَيْكَ يَا أَبَا بَكْرٍ، السَّلاَمُ عَلَيْكَ يَا أَبَتَاهُ
 
‘അസ്സലാമുഅലയ്ക യാ റസൂലല്ലാഹ്, അസ്സലാമുഅലയ്ക യാ അബാ ബക്ര്‍, ഉപ്പാ അസ്സലാമുഅലയ്ക്.’
 
മാതാവ് താമസിച്ചിരുന്ന വീടിന്‍റെ പടിയില്‍ ചെന്ന് അ ബൂഹുറയ്റഃ (റ) അവര്‍ക്കു വേണ്ടി നിര്‍വ്വഹിച്ചിരുന്ന ദുആ. ഇമാം ബുഖാരി അദബുല്‍മുഫ്റദില്‍ നിവേദനം. അല്‍ബാനി സനദിനെ ഹസനെന്ന് വിശേഷിപ്പിച്ചു.
 
السَّلامُ عَلَيْكِ يَا أُمَّتَاهُ وَرَحْمَةُ اللَّهِ وَبَرَكَاتُهُ رَحِمَكِ اللَّهُ كَمَا رَبَّيْتِنِي صَغِيرًا
 
‘ഉമ്മാ, അസ്സലാമുഅലയ്കും വറഹ്മതുല്ലാഹി വബറകാതുഹു. കുരുന്നായിരിക്കെ നിങ്ങള്‍ എന്നെ പോറ്റി വളര്‍ത്തി. അല്ലാഹു അതിനാല്‍ നിങ്ങളോടു കരുണകാണിക്കട്ടെ.’
 
സലാം മടക്കിയ മതാവ് മകന്‍ അബൂഹുറയ്റഃ (റ) ക്കു വേണ്ടി നിര്‍വ്വഹിച്ചിരുന്ന ദുആ.
 
رَحِمَكَ اللَّهُ كَمَا بَرَرْتَنِي كَبِيرًا
 
‘ഞാന്‍ വാര്‍ദ്ധക്യത്തിലായിരിക്കെ നീ എനിക്കു പുണ്യം ചെയ്തു. അല്ലാഹു നിന്നോടും കരുണ കാണിക്കട്ടെ.’
 
 
അബുൽ ജബ്ബാർ അബ്ദുള്ള മദീനി

ഹജ്ജ് ഉംറഃ കര്‍മ്മങ്ങളിലെ ദിക്റുകള്‍, ദുആഉകള്‍

ഹജ്ജ് ഉംറഃ കര്‍മ്മങ്ങളിലെ ദിക്റുകള്‍, ദുആഉകള്‍

ഇഹ്റാമില്‍ പ്രവേശിക്കുമ്പോള്‍

തിരുദൂതര്‍ (സ്വ) ഹജ്ജു കര്‍മ്മം പ്രഖ്യാപിക്കുമ്പോള്‍ ഇപ്രകാരം ദുആ ചെയ്തതായി അനസി (റ) ല്‍നിന്ന് നിവേദനം. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

اللهُمَّ هَذِهِ حَجَّةٌ لَا رِيَاءَ فِيهَا وَلَا سُمْعَةَ

‘അല്ലാഹുവേ, ഒരുവിധ ലോകമാന്യതയും പ്രശസ്തിയുമില്ലാത്ത ഹജ്ജാകുന്നു ഇത്.’

തല്‍ബിയത്തിന്‍റെ രൂപം

തിരുദൂതര്‍ (സ്വ) നിയ്യത്തു ചെയ്ത് ഹജ്ജു കര്‍മ്മം പ്രഖ്യാപിച്ചതില്‍ പിന്നെ ചൊല്ലിയിരുന്ന തൗഹീദിന്‍റെ തല്‍ബിയത്ത് ഇപ്രകാരം സ്വഹീഹുകളില്‍ സ്ഥിരപ്പെട്ടിട്ടുണ്ട്:

لَبَّيْكَ اللَّهُمَّ لَبَّيْكَ لَبَّيْكَ لَا شَرِيكَ لَكَ لَبَّيْكَ إِنَّ الْحَمْدَ وَالنِّعْمَةَ لَكَ وَالْمُلْكَ لَا شَرِيكَ لَكَ

‘അല്ലാഹുവേ നിന്‍റെ വിളികേട്ടു ഞാനിതാ വന്നിരിക്കുന്നു. നിനക്കു യാതൊരു പങ്കുകാരുമില്ല. നിന്‍റെ വിളി കേട്ടു ഞാനിതാവന്നിരിക്കുന്നു. മുഴുവന്‍ സ്തുതികളും അനുഗ്രഹങ്ങളും നിനക്കാകുന്നു. അധികാരവും നിനക്കാകുന്നു. നിനക്കു യാതൊരു പങ്കുകാരുമില്ല.’

തിരുദൂതരു(സ്വ)ടെ കൂടെ ഹജ്ജു ചെയ്തിരുന്ന സ്വഹാബികള്‍ ഇപ്രകാരം വര്‍ദ്ധിപ്പിക്കുമായിരുന്നു എന്ന് ഹദീഥുകളില്‍ വന്നിട്ടുണ്ട്. നബി (സ്വ) യുടെ അംഗീകാരമുള്ളതിനാല്‍ ഇതും അനുവാദനീയമാണ്.

لَبَّيْكَ ذَا الْمَعَارِجِ وَلَبَّيْكَ ذَا الْفَوَاضِلِ

‘ഉന്നത സ്ഥാനങ്ങളുള്ള അല്ലാഹുവേ, നിന്‍റെ വിളികേട്ടു ഞാനിതാ വന്നിരിക്കുന്നു. മഹത്വങ്ങളുള്ള അല്ലാഹുവേ, നിന്‍റെ വിളികേട്ടു ഞാനിതാ വന്നിരിക്കുന്നു.’

അബ്ദുല്ലാഹ് ഇബ്നുഉമര്‍ (റ) താഴെവരും പ്രകാരം വര്‍ദ്ധിപ്പിക്കുമായിരുന്നു എന്ന് ഇമാം മുസ്ലിം നിവേദനം.

لَبَّيْكَ لَبَّيْكَ، وَسَعْدَيْكَ، وَالْخَيْرُ بِيَدَيْكَ، لَبَّيْكَ وَالرَّغْبَاءُ إِلَيْكَ وَالْعَمَل

‘അല്ലാഹുവേ നിന്‍റെ വിളികേട്ടു ഞാന്‍ വന്നിരിക്കുന്നു. അല്ലാഹു വേ നിന്‍റെ വിളികേട്ടു ഞാനിതാ വന്നിരിക്കുന്നു. അല്ലാഹുവേ നിനക്ക് ഉത്തരമേകുന്നതില്‍ ഞാന്‍ വീണ്ടും വീണ്ടും ഐശ്വര്യം കാണുന്നു. നിന്‍റെ ഇരു കരങ്ങളിലുമാണ് നന്മകളെല്ലാം. അല്ലാഹുവേ നിന്‍റെ വിളികേട്ടു ഞാനിതാ വന്നിരിക്കുന്നു. നിന്നിലേക്കു മാത്രമാകുന്നു ആഗ്രഹങ്ങള്‍; കര്‍മ്മങ്ങളും.’

ഹജറുല്‍അസ്വദിന്നടുത്ത്

തിരുനബി (സ്വ) ഹജറുല്‍അസ്വദിന്ന് അരികിലെത്തുമ്പോഴെല്ലാം തക്ബീര്‍ ചൊല്ലിയിരുന്നതായി സ്വഹീഹായ ഹദീഥുകളില്‍ വന്നിട്ടുണ്ട്. അബ്ദുല്ലാഹ് ഇബ്നുഉമര്‍? താഴെ വരും പ്രകാരം ചൊല്ലിയിരുന്നതായി സ്വഹീഹായി വന്നിട്ടുണ്ട്.

بِسْمِ اللَّهِ، وَاللَّهُ أَكْبَرُ

‘അല്ലാഹുവിന്‍റെ നാമത്തില്‍ (ത്വവാഫ് ആരംഭിക്കുന്നു) അല്ലാഹുവാകുന്നു ഏറ്റവും വലിയവന്‍.’

ത്വവാഫില്‍

തിരുദൂതര്‍ (സ്വ) കഅ്ബയുടെ ഹജറുല്‍അസ്വദ്, റുക്നുല്‍ യമാനീ എന്നീ മൂലകള്‍ക്കിടയില്‍ താഴെ വരും പ്രകാരം ദുആ ചെയ്യുന്നത് അബ്ദുല്ലാഹ് ഇബ്നുസ്സാഇബ് (റ) കേട്ടതായി നിവേദനം. അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു.

رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً، وَقِنَا عَذَابَ النَّارِ

‘ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്ക് ഇഹലോകത്ത് നീ നല്ലത് തരേണമേ; പരലോകത്തും നീ നല്ലത് തരേണമേ. നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്യേണമേ.’

മക്വാമു ഇബ്റാഹീമിനടുത്ത്

മക്വാമുഇബ്റാഹീമിന് അടുത്തെത്തിയപ്പോള്‍ തിരുനബി (സ്വ) താഴെ വരുന്ന ആയത്ത് ഓതിയിരുന്നതായി ജാബിറി (റ) ല്‍ നിന്നു സ്വഹീഹായി വന്നിട്ടുണ്ട്.

وَأَمْنًا وَاتَّخِذُوا مِن مَّقَامِ إِبْرَاهِيمَ مُصَلًّى ۖ

ഇബ്രാഹീം നിന്നു പ്രാര്‍ത്ഥിച്ച സ്ഥാനത്തെ നിങ്ങളും നമസ്കാര വേദിയായി സ്വീകരിക്കുക.? (വി. ക്വു. 2: 125)

സ്വഫായിലേക്കു കയറുമ്പോള്‍

ത്വവാഫും അനുബന്ധകര്‍മ്മങ്ങളും നിര്‍വ്വഹിച്ച ശേഷം നബി (സ്വ) സ്വഫാകുന്നിലേക്കു കയറി. അതിനോട് അടുത്തപ്പോള്‍ ഇപ്രകാരം ചൊല്ലിയത് ജാബിറും (റ) മറ്റും നിവേദനം ചെയ്തു.

إِنَّ الصَّفَا والْمَرْوَةَ مِنْ شَعَائِرِ اللهِ [البقرة: 158]

أَبْدَأُ بِمَا بَدَأَ اللهُ بِهِ

‘അല്ലാഹു തുടങ്ങിയതു കൊണ്ട് ഞാന്‍ തുടങ്ങുന്നു.’

സ്വഫാ മര്‍വ്വകളില്‍

കഅ്ബഃ കാണുവോളം തിരുദൂതര്‍ (സ്വ) സ്വഫാ കുന്നിലേക്കു കയറിനിന്ന് ക്വിബ്ലഃക്കു മുന്നിടുകയും അല്ലാഹു അക്ബര്‍ എന്നു മൂന്നുപ്രാവശ്യം പറഞ്ഞു താഴെവരുന്ന ദിക്ര്‍ മൂന്നു പ്രാവശ്യം ആവര്‍ത്തിക്കുകയും അവക്കിടയില്‍ ദുആ ചെയ്യുകയും ചെയ്തതു സ്വഹീഹായി നിവേദനം. മര്‍വ്വയിലും അപ്രകാരം ചെയ്തത് പ്രസ്തുത നിവേദനങ്ങളിലുണ്ട്.

لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ لَا إِلَهَ إِلَّا اللَّهُ وَحْدَهُ أَنْجَزَ وَعْدَهُ وَنَصَرَ عَبْدَهُ وَهَزَمَ الْأَحْزَابَ وَحْدَهُ

‘യഥാര്‍ത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവന്‍ ഏകനാകുന്നു. അവനു യാതൊരു പങ്കുകാരുമില്ല. ആധിപത്യം മുഴു വനും അവനു മാത്രമാകുന്നു. സ്തുതികള്‍ മുഴുവനും അവനു മാ ത്രമാകുന്നു. അവന്‍ എല്ലാറ്റിനും കഴിവുള്ളവനാണ്. യഥാര്‍ത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവന്‍ ഏകനാകുന്നു. അവന്‍ അവന്‍റെ വാഗ്ദാനം നിറവേറ്റി. അവന്‍ തന്‍റെ ദാസനെ സ ഹായിച്ചു. സംഘടിച്ചു വന്ന ശത്രുക്കളെ അവന്‍ തനിച്ചു തുരത്തി.’

അറഫഃയിലെ ദുആ

ദുആയില്‍ ഏറ്റവും ശ്രേഷ്ഠമായത് അറഫാ ദിനത്തിലെ ദുആയാണെന്നും തിരുനബി (സ്വ) യും ഇതര നബിമാരും ചൊല്ലിയതില്‍ ഏറ്റവും ശ്രേഷ്ഠമായ വചനം ചുവടെ വരുന്നതാണെന്നും തിരുമെഴിയുണ്ട്. ഹദീഥിനെ അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു.

لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ

‘യഥാര്‍ത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവന്‍ ഏകനാകുന്നു. അവനു യാതൊരു പങ്കുകാരുമില്ല. ആധിപത്യം മുഴു വനും അവനു മാത്രമാകുന്നു. സ്തുതികള്‍ മുഴുവനും അവനു മാത്രമാകുന്നു. അവന്‍ എന്തിനും കഴിവുള്ളവനാണ്.’

ബലിമൃഗത്തെ അറുക്കുമ്പോള്‍

തിരുനബി (സ്വ) പെരുന്നാള്‍ ദിനം അറുത്തപ്പോള്‍ താഴെ വരും പ്രകാരം ചൊല്ലിയതായി ഇബ്നു ഉമറി(റ)ല്‍ നിന്നും നിവേദനം. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

بِسْمِ اللَّهِ، وَاللَّهُ أَكْبَرُ، اللَّهُمَّ مِنْكَ وَلَكَ

‘അല്ലാഹു അക്ബര്‍, അല്ലാഹുവിന്‍റെ നാമത്തില്‍. അല്ലാഹുവേ, ഇതു നിന്നില്‍ നിന്നാകുന്നു. നിനക്കുമാകുന്നു.’

 

അബുൽ ജബ്ബാർ അബ്ദുള്ള മദീനി

നോമ്പിലെ ദുആഉകള്‍

നോമ്പിലെ ദുആഉകള്‍

നോമ്പുകാരന്‍റെ ദുആഉകള്‍ ഉത്തരമേകപ്പെടുന്നവയാണെന്നും നേമ്പുതുറക്കുന്നതുവരെയുള്ള നോമ്പുകാരന്‍റെ ദുആ വെറുതെ മടക്കപ്പെടുകയില്ലെന്നും തിരുമൊഴികളില്‍ സ്വഹീഹായി വന്നിട്ടുണ്ട്.

നോമ്പു തുറക്കുമ്പോള്‍

നോമ്പ് തുറക്കുമ്പോള്‍ തിരുദൂതര്‍ (സ്വ) താഴെ വരുന്ന ദുആ ചെയ്തിരുന്നതായി അബ്ദുല്ലാഹ് ഇബ്നുഉമറി (റ) ല്‍നിന്ന് നിവേദനം. അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു.

ذَهَبَ الظَّمَأُ وَابْتَلَّتِ الْعُرُوقُ وَثَبَتَ الْأَجْرُ إِنْ شَاءَ الله

‘ദാഹം ശമിച്ചു. അന്ന നാളികള്‍ നനഞ്ഞു. അല്ലാഹു ഉദ്ദേശിച്ചാല്‍ പ്രതിഫലം സ്ഥിരപ്പെട്ടു.’

ലൈലത്തുല്‍ക്വദ്റില്‍ കൂടുതലാക്കുവാന്‍

ലൈലത്തുല്‍ക്വദ്റാണെന്ന് അറിഞ്ഞാല്‍ എന്താണ് ദുആഅ് ചെയ്യേണ്ടതെന്ന ആഇശാ (റ) യുടെ ചോദ്യത്തിന് തിരുദൂതര്‍ (സ്വ) പ്രതികരിച്ചത് ഇമാം അഹ്മദ് നിവേദനം ഇപ്രകാരം ചെയ്തു. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي

‘അല്ലാഹുവേ നീ അഫുവ്വാകുന്നു. നീ മാപ്പേകുന്നതിനെ ഇഷ്ടപ്പെടുന്നു. അതിനാല്‍ നീ എനിക്ക് മാപ്പേകേണമേ.’

 

അബുൽ ജബ്ബാർ അബ്ദുള്ള മദീനി