ഈദ് ആഘോഷിക്കുന്നതിന് മുമ്പ്

എല്ലാ കണ്ണുകളും മക്കയിലേക്ക്… –
ഹജ്ജ്  കർമത്തിന് മണിക്കൂറുകൾ മാത്രം ബാക്കി!
ഇബ്റാഹീം (അ)യുടെ വിളിക്ക് ഉത്തരം ചെയ്ത്
ഒഴുകിയെത്തിയ ജനലക്ഷങ്ങൾ!

എന്തൊരു നയന മനോഹര ദൃശ്യങ്ങളാണവിടെ….

രാജാവും പ്രജയും വെളുത്തവനും കറുത്തവനും തുല്യർ. വേഷമൊന്ന്. കർമമൊന്ന്… മന്ത്രമൊന്ന്….
ഒരേ ഈണത്തിൽ, ഒരൊറ്റ താളത്തിൽ ഉയർന്നു പൊങ്ങുന്ന തൽബിയത്തിന്റെ വരികൾ….
അത് ചുണ്ടുകളുടെ യാന്ത്രിക  മർമരങ്ങളല്ല;
മറിച്ച്, ഹൃദയത്തിന്റെ ആത്മാർഥ ഭാഷണങ്ങളാണ്…

സുഹൃത്തേ,
അകലെ, കടലിനപ്പുറത്ത്, ഓർമകളുടെ സംഗമഭൂമിയിൽ ജനലക്ഷങ്ങൾ ഒന്നിക്കുമ്പോൾ, താങ്കളുടെ മനോഗതമെന്താണ്? ആ പുണ്യഭൂവിൽ എത്തിച്ചേരാൻ മനസ്സ് കൊതിച്ചിരുന്നോ? താങ്കളുടെ സ്വപ്നങ്ങളിൽ ഒരു ഹജ്ജ് യാത്രയുണ്ടോ? സ്വീകരിക്കപ്പെടുന്ന ഹജ്ജിന്റെ യോഗ്യതകൾ താങ്കൾ നേടിയിട്ടുണ്ടോ? -സുഹ്യത്തേ,  നമുക്കിത് ഒാർമക്കുളിരിന്റെ ‘പെരുന്നാളാ’ണ്; ഇബ്റാഹീം (അ)യുടെ ത്യാഗസ്മരണകളുടെ ദിനങ്ങൾ… പുത്തൻ പ്രതിജ്ഞകളുടെ സന്ദർഭങ്ങൾ…! നന്മയുടെ മുന്നൊരുക്കങ്ങൾക്കുള്ള ഉണർത്തലുകൾ… ആവി പറക്കുന്ന ചൂടു ബിരിയാണിയും വർണ മനോഹാരിത പകരുന്ന പുത്തനുടുപ്പുകളുമാണ് പലർക്കും പെരുന്നാൾ…..  ചിലർക്കെങ്കിലും ഗിറ്റാറും വീണയും  “ചൂളം വിളിക്കുന്ന ഇശൽ സന്ധ്യകളും…!

താങ്കളുടെ ആയുസ്സിൽ നിരവധി ഈദുകൾ കടന്നുപോയ്‌. ഇപ്പോഴെങ്കിലും സ്വയം ചോദിക്കുക
“ഞാൻ ഈ ഈദ് ആഘോഷിക്കാൻ അർഹനാണോ
സ്വയം ചോദിക്കാനുള്ള ചോദ്യങ്ങൾ ഇവിടെ തുടങ്ങുന്നു…

ഇബ്റാഹീം (അ) തന്റെ വീട്ടിൽനിന്ന് പുറത്താക്കപ്പെട്ടതെന്തിന്? ജ്വലിക്കുന്ന അഗ്നിയിൽ തള്ളപ്പെട്ടതെന്തിന്? |

ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമിച്ചതിനാണോ? സ്വഭാവദൂഷ്യത്തിനോ രാജ്യദ്രോഹ കുറ്റത്തിനോ? നിയമലംഘനത്തിന് നേത്യത്വം നൽകിയതിനാലോ ആണോ? അല്ല, ഇതൊന്നുമല്ല കാരണം… അദ്ദേഹം സ്വീകരിച്ച വ്യക്തമായ നിലപാടുകളോടും ആദർശത്തോടും തന്റെ ജനത കാണിച്ച പ്രതികാരവും പ്രതിരോധവുമാണ് പീഡനങ്ങളായി രൂപപ്പെട്ടത്. എങ്കിൽ, എന്താണാ നിലപാട്?  മഹാത്മാക്കളുടെ ബിംബങ്ങൾക്കു മുന്നിൽ സങ്കടഹരജി ബോധിപ്പിച്ച തന്റെ ജനതയോട് അദ്ദേഹം പറഞ്ഞു: ഹസ്ബിയല്ലാഹു വ നിഅ്മൽ വകീൽ” എനിക്ക് എന്റെ റബ്ബ് മതി. ഭരമേൽപിക്കാൻ ഏറ്റവും അർഹൻ അവനാണ്.

സുഹൃത്തേ,

ഈ വാചകത്തിന്റെ വിവക്ഷ എന്താണ്?
മനുഷ്യന്റെ വേദനയും വേവലാതിയും ബോധിപ്പിക്കേണ്ടത് അല്ലാഹുവിനോടു മാത്രമാണ്. അവൻ മാത്രമാണ് നമ്മുടെ രക്ഷാ അവലംബം…ഇതു കേൾക്കുമ്പോൾ മഹാത്മാക്കളെ രക്ഷകരായി
കണ്ട നംറൂദിന്റെ രാജ്യം പ്രതിഷേധിക്കുക സ്വാഭാവികം. ഇവിടെ താങ്കൾ ആരുടെ കൂടെയാണ്? ഇബ്റാഹീം (അ)ന്റെ കൂടെയോ, അതോ നംറൂദിന്റെ കൂടെയോ? ഏലസ്സും ഐക്കല്ലും ചരടും തകിടും പ്രശ്നപരിഹാരത്തിനവലംബിക്കുന്നവർക്ക് ഞാൻ ഇബ്റാഹീം (അ)യുടെ കൂടെയാണ് എന്ന് പറയാനാകുമോ?

ഈ നബിവചനം കാണുക: ഇസാ ബിൻ അബ്ദിർറഹ്മാൻ (റ) നിവേദനം, പ്രവാചകൻ (സ്വ) പറഞ്ഞു: “ഒരാൾ തന്റെ ശരീരത്തിൽ (രക്ഷ  പ്രതീക്ഷിച്ച്) വല്ലതും ബന്ധിച്ചാൽ അവനതിലേക്ക് ഏൽപ്പിക്കപ്പെട്ടു. (തിർമിദി)

സുഹൃത്തേ, എങ്കിൽ, ഈദിന്റെ അത്തർ പുരട്ടിയ കുപ്പായത്തിനുള്ളിൽ കെട്ടിയിട്ട ഏലസ്സും ഐക്കല്ലും ചരടും ഇനിയെങ്കിലും അഴിച്ചുകൂടേ? പ്രവാചകന്മാരുടെ പ്രബോധിത സമൂഹങ്ങളിൽ മഹാഭൂരിപക്ഷവും വിഗ്രഹപൂജ നടത്തിയപ്പോൾ മുന്നിലെ കല്ലിനോടല്ല തേടിയത്, മറിച്ച്, ആ കല്ല് ഏതോ ഒരു മഹാത്മാവിന്റെ പ്രതീകം മാത്രമാണ് എന്നവർ വിശ്വസിച്ചു. നൂഹ് (അ)യുടെ ജനത പ്രാർഥിച്ച ബിംബങ്ങൾ മഹാത്മാക്കളായിരുന്നുവെന്നും അവരുടെ ഓർമയ്ക്കായി അവരെ ആദരിക്കാനായി ഒരു ജനത സ്ഥാപിച്ച രൂപങ്ങൾ ആ തലമുറയ്ക്ക് ശേഷം ആരാധിക്കപ്പെടുകയായിരുന്നുവെന്നുമുള്ള ചരിത്ര സാക്ഷ്യത്തിൽനിന്ന് ഇത് വ്യക്തമാണ്. ബിംബനിർമാതാവായ പിതാവിനെ ഇബ്റാഹീം(അ) ഗുണകാംക്ഷയോടെ തിരുത്തുമ്പോഴും ഇതു തന്നെയാണ് അടിസ്ഥാനം. നാട്ടി നിർത്തിയ കല്ലുകളെ മാത്രമല്ല സഹോദരാ, പ്രവാചകന്മാർ എതിർത്തത്. ഉയർത്തിക്കെട്ടിയ മഖ്ബറകൾ ഇബ്റാഹീമീ മില്ലത്തിന്റെ ഭാഗവുമല്ല. ജാബിർ (റ) നിവേദനം: ഖബ്റിൽ കുമ്മായം പൂശുന്നതും അതിന്മേൽ ഇരിക്കുന്നതും അവ കെട്ടി ഉയർത്തുന്നതും പ്രവാചകൻ (സ്വ) നിരോധിച്ചിരിക്കുന്നു. (മുസ്ലിം) മക്കാ വിജയ ദിനത്തിൽ പ്രവാചകൻ (സ്വ) അലി(റ)യോട്
പറഞ്ഞു. “ഉയർന്നു നിൽക്കുന്ന പ്രതിമകൾ നീ തട്ടിത്തകർക്കണം, കെട്ടി ഉയർത്തിയ ഖബ്ർ നീ നിരപ്പാക്കുകയും വേണം  എങ്കിൽ, ഖബ്റുകൾ കെട്ടി ഉയർത്തുന്നവർക്കും ഖബ്റാളികൾക്കു വേണ്ടി പ്രാർഥിക്കാൻ  ഇസ്‌ലാം  നിശ്ചയിച്ച ഖബ്ർ സന്ദർശനം അവരോടു വിളിച്ചു പ്രാർഥിക്കുന്ന സിയാറത്ത് യാത്രകളാക്കിയവർക്കും ബലിപെരുന്നാൾ ആഘോഷിക്കാൻ എന്ത് യോഗ്യതയാണുള്ളത്? ചിന്തിക്കുക.

സുഹൃത്തേ, “ഹസ്ബിയല്ലാഹു വ നിഅ്മൽ വകീൽ” എന്നത്
അലങ്കരിക്കപ്പെട്ട ഫ്രയിമുകളിൽ എഴുതി തുക്കാനുള്ള
പ്രദർശന വസ്തുവല്ല; അത് ഹൃദയത്തിൽ
നിറഞ്ഞൊഴുകേണ്ട ആദർശമാണ്. അല്ലാഹുവിന്റെ സഹായം ലഭിക്കുന്നതിലും പ്രാർഥനയ്ക്ക് ഉത്തരം പ്രതീക്ഷിക്കുന്നതിലും ഇബ്റാഹീം(അ) ഒരിക്കലും നിരാശനായില്ല; അല്ലാഹുവിനെ വെടിഞ്ഞ് മറ്റാരെയും തേടി പോയതുമില്ല. മക്കളില്ലാത്ത ദുഃഖം അലയടിക്കുന്ന മനസ്സുമായി ആ വയോധികൻ ജീവിച്ചു.
ഹാജിറ : (റ) വാർധക്യത്തിലേക്ക് എത്തിച്ചേർന്നി രിക്കുന്നു. ചുരുണ്ടുകൂടിയ ഗർഭപാത്രത്തിൽ തനിക്കായിഒരു ജീവന്റെ തുടിപ്പ് അവർ കൊതിച്ചു; കാത്തിരുന്നു… എന്റെ രക്ഷിതാവേ, സദ് വൃത്തരിൽ ഒരാളെ നീ എനിക്ക് (പുത്രനായി) പ്രദാനം ചെയ്യണെ  , (വി.ഖു. 37:100) നിരാശയില്ലാത്ത പ്രാർഥനാ വാചകങ്ങൾ… നാമാണെങ്കിലോ? എന്തെല്ലാം  പറയും? ആരോടെല്ലാം കയർക്കും?
ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിക്കുന്നവർ നമ്മിലില്ലേ? അല്ലാഹു അക്ബർ..!! പ്രപഞ്ചത്തിലെ ഏറ്റവും ശക്തമായ പ്രഖ്യാപനം; നിലയ്ക്കാത്ത മന്ത്രധ്വനി. ഈ പ്രകീർത്തനങ്ങളുടെ അകപ്പൊരുളുകൾ തിരിച്ചറിയാനാണ് ഈദ് ആഘോഷിക്കപ്പെടേണ്ടത്.

നാം അനുഭവിക്കുന്ന ഏതു പ്രതിസന്ധിയുടെയും പരിഹാരം റബ്ബിന് വളരെ ലളിതമാണ്. നമ്മുടെ സ്വപ്നങ്ങളുടെ സാക്ഷാത്കാരം അവനെ സംബന്ധിച്ച് വെറും നിസാരമാണ്.
അതെ, അവന്റെ അറിവ് അതിർ വരമ്പുകളില്ലാത്തതാണ്.
എങ്കിൽ എന്തിന് നാം പ്രതീക്ഷ വെടിയണം?പ്രതീക്ഷ വെടിയണം

സുഹൃത്തേ, ഭൂമിയിൽ  എത്രയെത്ര ജീവജാലങ്ങളുണ്ട്. അതിൽ ഒരു ഇനമാണല്ലോ മരം. മരങ്ങൾ തന്നെ പലവിധമില്ലേ?
എത്ര എത്ര ഇലകളാണ് ഒാരോന്നിലും ഉളളത്. അതിൽ ഏതെങ്കിലും ഒന്നിൽ നിന്ന് ഒരു ഇല താഴെ വീണാൽ അതുപോലും റബ്ബ്  അറിയും. “അവന്റെ പക്കലാണ് അദ്യശ്യത്തിന്റെ ഖജനാവുകൾ. അവനല്ലാതെ അവ അറിയുകയില്ല. കരയിലും കടലിലുമുള്ളത് അവൻ അറിയുന്നു. അവൻ അറിയാത ഒരു ഇലപോലും വീഴുന്നില്ല. (വി.ഖു.6:59)
അവന്റെ അറിവ് എത്രമാത്രം വിശാലം എങ്കിൽ, ജീവിതത്തിന്റെ ഇരുണ്ട ഇടനാഴികകളിൽ താങ്കൾ ചെയ്യുന്ന മുഴുവൻ
കാര്യങ്ങളും അവൻ കാണുന്നു; അറിയുന്നു.
”അവർ ജനങ്ങളിൽനിന്ന് (കാര്യങ്ങൾ) ഒളിച്ചുവെക്കുന്നു. അല്ലാഹുവിൽനിന്ന് (ഒന്നും) ഒളിച്ചുവെക്കാൻ അവർക്ക് കഴിയില്ല.” (വി.ഖു. 4:108) ജാറവും ബീവിയും പുണ്യസ്ഥാനങ്ങളും
മനുഷ്യൻ അവലംബിക്കുന്നത് എന്തുകൊണ്ടാണ്?
അവർ തന്റെ വിളി കേൾക്കും, മനസ്സിന്റെ നോവുകൾ
അറിയും എന്നെല്ലാം വിശ്വസിക്കുന്നതുകൊണ്ടുതന്നെ. എന്നാൽ ഇബ്റാഹീം (അ)ന്റെ ചരിത്രം ഈ വിശ്വാസത്തെ നിരാകരിക്കുന്നു. അദ്ദേഹത്തിന്റെ വീട്ടിൽ മലക്കുകൾ അതിഥികളായി വന്നു;
അതിഥികൾക്ക് അദ്ദേഹം ഭക്ഷണം വിളമ്പി, അവർ ഭക്ഷിക്കാതിരിക്കുമ്പോൾ അത്ഭുതം കൂറിയ ഇബ്റാഹീം (അ), വന്നത് മലക്കുകളാണെന്ന് അറിയുന്നത് അവർ ആ കാര്യം
വ്യക്തമാക്കുമ്പോൾ മാത്രമാണ്. അപ്പോൾ, മഹാത്മാക്കൾ അല്ലാഹു അറിയുംപോലെ അറിയും എന്നു പറയുന്നതോ?
അല്ലാഹു പ്രവാചകനെക്കൊണ്ട് പ്രഖ്യാപിപ്പിക്കുന്നത് കാണുക: “അല്ലാഹുവിന്റെ ഖജനാവുകൾ എന്റെ പക്കലുണ്ടെന്ന്
ഞാൻ നിങ്ങളോട് പറയുന്നില്ല. മറഞ്ഞ കാര്യം ഞാൻ
അറിയികയുമില്ല. ഞാൻ ഒരു മലക്കാണ് എന്നും ഞാൻ
നിങ്ങളോട് പറയുന്നില്ല “ (വി.ഖു.6:50) സ്വന്തം ചോരയിൽ പിറന്ന പ്രിയപുത്രനെ ബലിയറുക്കാനുള്ള ദൈവകൽപന ബുദ്ധിയുടെ മൂശയിൽ പരീക്ഷിച്ചെടുക്കാതെ ശിരസ്സാവഹിക്കാൻ തയ്യാറായ ഇബ്റാഹിം നബി(അ)യെ, ഹദീഥ് സ്വീകരിക്കണമെങ്കിൽ തന്റെ തലച്ചോർ അംഗീകരിക്കണമെന്ന് പറയുന്നവർക്ക് എങ്ങനെ മാത്യകയാക്കാൻ കഴിയും? പ്രബോധനമെന്നാൽ തങ്ങളുടെ ‘കോംപ്ലക്സിലേക്ക് ഒളിച്ചോടലാണെന്ന് മനസ്സിലാക്കിയവർക്കെങ്ങനെ ബഹുതല സ്പർശിയായി.
സാമൂഹികജീവിതത്തിൽ അറിഞ്ഞിടപെട്ട ഇബ്റാഹിം
നബി (അ)യെ മാത്യകയാക്കാൻ കഴിയും? മുസ്ലിമേതര ഭരണകൂടത്തിന് കീഴിൽ ജീവിക്കുമ്പോഴും രാജ്യത്തിനെതിരെ ഒരിക്കൽ പോലും ആയുധമെടുക്കാതെത്തന്നെ ആദർശജീവിതം സാധ്യമാവുമെന്ന് മനസ്സിലാക്കിയ ആദർശപിതാവെങ്ങനെ വാളിലൂടെ ഇസ്ലാമിക രാജ്യം സ്വപ്നം കാണുന്നവർക്ക് മാത്യകയാവും?

സുഹൃത്തേ,

മതം അതിന്റെ സ്രോതസ്സുകളിൽ നിന്ന് പഠിക്കണം
പ്രമാണങ്ങളിൽ വിരലുകൾ വെച്ച്, കണ്ണുകൾ കൊണ്ട്
നോക്കിക്കണ്ട്, ഹ്യദയം കൊണ്ട് ബോധ്യപ്പെട്ട്, പിന്നെ ജീവിതത്തിന്റെ കൈപ്പുസ്തകമാക്കി മാറ്റി. അവനാണ് ഇബ്റാഹീമി മില്ലത്ത്. അത്തർ പുരട്ടിയ ഈദ് കുപ്പായവും, ധരിച്ച്
തക്ബീർ മുഴങ്ങുന്ന മനസ്സുമായി, സ്വന്തക്കാരുടെ കൂടെ പെരുന്നാൾ ആഘോഷിക്കാൻ യോഗ്യതകൾ ഉറപ്പുവരുത്തുക.
കാരണം, അടുത്ത ഈദിന് മുമ്പ് നമ്മുടെ ഭൗതികശരീരം ഒരുപക്ഷെ, ഖബ്റിലെ പുഴുക്കൾ ആഘോഷിക്കുകയാവാം.

വുള്വു, നമസ്കാരം

പരമകാരുണികനായ അല്ലാഹുവിന്റെ നാമത്തിൽ

സർവ്വ സ്തുതിയും അല്ലാഹുവിന്ന്. അവന്റെ ദൂതരിൽ അന്തിമനായ മുഹമ്മദ് നബി(സ)യിലും കുടുംബത്തിലും ബന്ധുമിത്രാദികളിലും അല്ലാഹുവിന്റെ അളവറ്റ കരുണാ കടാക്ഷങ്ങൾ വർഷിക്കുമാറാകട്ടെ.
മാന്യ സഹോദരാ, സ്വഹീഹും കുറ്റമറ്റതുമായ ഹദീസുകളാൽ സ്ഥിരപ്പെട്ട, കർമ്മങ്ങളുടെ ശ്രേഷ്ഠതകളും പ്രതിഫലവും വിവരിക്കുന്ന തിരഞ്ഞെടുത്ത നബിവചനങ്ങളുടെ വിവർത്തനമാണ് താങ്കളുടെ കയ്യിലിരിക്കുന്ന ലഘുലേഖ.

പ്രവാചകൻ(സ)യിൽനിന്നു സ്ഥിരപ്പെട്ട, ഇവിടെ വിവരിക്കപ്പെട്ടതും അല്ലാത്തതുമായ അമലുകൾ (കർമ്മങ്ങൾ) മുഖേന അല്ലാഹുവിലേക്ക് അടുത്ത് അവന്റെ പ്രീതി തേടൽ ഓരോ മുസ്ലിമിനും നിർബന്ധമാണ്. അതുപോലെ അവ തനിക്കും മറ്റുള്ളവർക്കും കൂടി പ്രയോജനമാകും വിധം പ്രചരിപ്പിക്കലും അനിവാര്യമാണ്. ഇക്കാര്യം നബിവചനത്തിലൂടെ നമുക്ക് മനസ്സിലാക്കാവുന്നതാണ്. അല്ലാഹു പ്രവാചകചര്യ പിൻപറ്റി ജീവി ക്കാനും അത് മറ്റുള്ളവർക്ക് എത്തിച്ചു കൊടുക്കാനും അതിലൂടെ പരലോക മോക്ഷം നേടാനും നമ്മെ അനുഗ്രഹിക്കട്ടെ (ആമീൻ).

1. വുദുവിന്റെ ശ്രേഷ്ഠത

عن عقبة بن عامر : أدركت رسول الله قائما يحدث الناس ما من مسلم يتوضأ فيحسن وضوءه ثم يقوم فيصلي ركعتين مقبل عليهما بقلبه ووجهه إلا وجبت له الجنة (رواه مسلم)


ഉഖ്ബത് ബ്നു ആമിർ (റ) വിൽനിന്ന്: നബി(സ) ജനങ്ങളോട് ഇപ്രകാരം പറയുന്നതായി ഞാൻ കേട്ടു “ഏതൊരു മുസ്ലിമാണോ നേരാംവണ്ണം വുദുവുണ്ടാക്കി തന്റെ മുഖവും മനസ്സും അല്ലാഹുവിലേക്ക് തിരിച്ച് രണ്ട് റക്അത്ത് നമസ്കരിക്കുന്നത് അവന് സ്വർഗ്ഗം നിർബന്ധമായിത്തീരുന്നതാണ് ” (മുസ്ലിം 553

ما _من أحد يتوضأ فيبلغ_ أو فيسبغ الوضوء ثم يقول{أشهد أن لاإله إلا الله وأن محمداً عبده ورسوله الا فتحت أبواب الجنة الثمانية يدخل من أيها شاء (مسلم)

ഉമർ (റ) വിൽ നിന്ന്: നബി(സ) പറഞ്ഞു: “നിങ്ങളിൽ ആരാണോ പൂർണ്ണമായ നിലയിൽ വുദു നിർവ്വഹിച്ച ശേഷം ‘അശ്ഹദു അൻ ലാ ഇലാഹ ഇല്ലല്ലാഹു വ അന്ന മുഹമ്മദൻ അബ്ദുഹു വ റസൂലുഹു ‘ (ല്ലാഹുവല്ലാതെ ആരാധനയ്ക്കർഹനില്ലെന്നും അവൻ ഏകനും പങ്കുകാരില്ലാത്തവനുമാണെന്നും; മുഹമ്മദ് (സ) അവന്റെ അടിമയും ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു) എന്ന് പറയുന്നത്; സ്വർഗ്ഗത്തിന്റെ എട്ട് കവാടങ്ങൾ അവന് വേണ്ടി
തുറക്കപ്പെടാതിരിക്കുകയില്ല.. അവൻ ഉദ്ദേശിക്കുന്നതിലൂടെ അവന് പ്രവേശിക്കാവുന്നതാണ് ” (മുസ്ലിം)

2. നമസ്കാര ശ്രേഷ്ഠത

عن أبي هريرة (ر) قال، قال رسول الله صلى الله عليه وسلم: صلاة الرجل في جماعة تزيد على صلاته في سوقه بضعا وعشرين درجة. وذلك أحدهم إذا توضأ فأحسن الوضوء ثم أتى إلى
المسجد لا ينهزه الا الصلاة، لا يريد الا الصلاة فلم يخط خطوة إلا رفع له بها درجة وخط عنه بها خطيئة حتى يدخل المسجد . فإذا دخل المسجد کان في الصلاة ما كانت الصلاة هي تحبسة والملائكة يصلون على أحدكم ما دام في مجلسه الذي صلى فيه ، يقولون: اللهم ارحمه، اللهم اغفر له تب عليه ما لم يؤذ فيه، ما لم يحدث فيه مسلم

(1506)

അബൂ ഹുറൈറയിൽ നിന്ന്: നബി(സ) പറഞ്ഞു: “ജമാഅത്തായുള്ള ഒരാളുടെ നമസ്കാരം അവൻ അങ്ങാടിയിലോ വീട്ടിലോ വെച്ച് നമസ്കരിക്കുന്നതിനേക്കാൾ ഇരുപതിൽ പരം മടങ്ങ് വർദ്ധനവുളളതാണ്. കാരണം, ഒരാൾ നല്ല നിലക്ക് വുദു നിർവ്വഹിച്ച് നമസ്ക്കാരം ഉദ്ദേശിച്ച് മാത്രം പള്ളിയിലേക്ക് പോകുന്നുവെങ്കിൽ പള്ളിയിൽ പ്രവേശിക്കുന്നത് വരെയുള്ള അവന്റെ ഓരോ കാൽവെപ്പുകൾക്കും ഒരോ നന്മ രേഖപ്പെടുത്തുകയും അത് മുഖേന അവന്റെ ഒരോ  തിന്മ മായ്ച്ചുകളയുകയും ചെയ്യുന്നതാണ്. ഇനി അവൻ പള്ളിയിൽ പ്രവേശിച്ചു കഴിഞ്ഞാൽ നമസ്കാരത്തിനായി അവൻ പള്ളിയിൽ കഴിഞ്ഞുകൂടുന്ന അത്രയും സമയം അവൻ നമസ്കാരത്തിലായിരിക്കും(പോലെ പ്രതിഫലത്തിലായിരിക്കും). നമസ്കാരം നിർവ്വഹിച്ച സ്ഥലത്ത് വുദുവോടുകൂടി ഇരിക്കുന്ന അത്രയും സമയം നിങ്ങൾക്ക് വേണ്ടി മലക്കുകൾ ഇപ്രകാരം പാർത്ഥിച്ചുകൊണ്ടെയിരിക്കുന്നതുമാണ്; “അല്ലാഹുവേ ഇവന് നീ കരുണ ചൊരിയേണമേ,അല്ലാഹുവേ ഇവന് നീ പൊറുത്ത് കൊടുക്കണമേ, അല്ലാഹുവേ ഇവന്റെ പശ്ചാതാപം നീ സ്വീകരിക്കേണമേ” (മുസ്ലിം നമ്പർ: 1506)

നമസ്കാരം പള്ളിയിൽ വെച്ച് സംഘടിതമായി നിർവഹിക്കേണ്ടതിന്റെ ഗൗരവവും  അതിന്റെ ശ്രേഷ്ഠതയുമാണ് മുകളിൽ കൊടുത്ത ഹദീസിൽ സൂചിപ്പിക്കപ്പെട്ടിട്ടുള്ളത് അല്ലാഹു നമുക്ക് ചെയ്തുകൊണ്ടിരിക്കുന്ന അനുഗ്രഹങ്ങൾക്ക് നന്ദികാണിക്കുക; ജമാഅത്ത് നമസ്ക്കാരം പതിവാക്കുക.

۲. عن أبي أمامة رضي الله عنه أن رسول الله : قال من خرج من بيته متطهرا إلى صلاة مكتوبة فأجره كأجر الحاج المحرم ومن خرج إلى تسبيح الضحى لا ينصبه إلا إياه فاجره كأجر المعتمر ، وصلاة على إثر صلاة لا لغو بينهما كتاب في العليين (أبو داود حسنه الألباني)

 അബൂ ഉമാമ: (റ); നബി(സ) പറഞ്ഞു: “വല്ലവനും തന്റെ വീട്ടിൽ നിന്നു ശുദ്ധിവരുത്തി നിർബന്ധ നമസ്ക്കാരത്തിനായി പുറപ്പെട്ടാൽ അവനുള്ള പ്രതിഫലം ഇഹ്റാമിൽ പ്രവേശിച്ചവനായി ഹജിന് പുറപ്പെട്ടവനുള്ള പ്രതിഫലമായിരിക്കും. ളുഹാ നമസ്കാരം മാത്രം ഉദ്ദേശിച്ച് അത് നിർവ്വഹിക്കാനായി പുറപ്പെട്ടവന് ഉംറ നിർവ്വഹിക്കുന്നവനുള്ള പ്രതിഫലവുമാണ് .ഒരു നമസ്കാരത്തിനു ശേഷം യാതൊരു വിധ അനാവശ്യവും പ്രവർത്തിക്കാതെ മറ്റൊരു നമസ്കാരം നിർവ്വഹിക്കുന്നവൻ ഗ്രന്ഥം ഇല്ലിയ്യീനിൽ രേഖപ്പെടുത്തുന്നതാണ്” (അബുദാവൂദ് 588. സ്വഹീഹ് അൽബാനി.

عن عثمان بن عفان رضي الله عنه سمعت رسول الله صلى الله عليه وسلم يقول من صلى العشاء في جماعة فكأنما قام نصف الليل ومن صلى الصبح في جماعة فكأنما صلى الليل كله

ഉഥ്മാൻ (റ) വിൽ നിന്ന് നബി(സ) പറയുന്നത് ഞാൻ കേട്ടു “ആരെങ്കിലും ഇശാ നമസ്കാരം ജമാഅത്തായി നമസ്കരിച്ചാൽ അവൻ രാത്രി പകുതി സമയം നമസ്കരിച്ചവനെപ്പോലെയാണ്. ആരെങ്കിലും സുബഹി നമസ്കാരം ജമാഅത്തായി നമസ്കരിച്ചാൽ അവൻ രാത്രി മുഴുവനും നമസ്കരിച്ചവനെപ്പോലെയുമാണ്.’ (മുസ്ലിം 1491)

عن أبي هريرة أن رسول الله من اغتسل يوم الجمعة غسل الجنابة ثم راح فكأنما قرب بدنه ومن راح في الساعة الثانية فكأنما قرب بقرة ومن راح في الساعة الثالثة فكأنما قرب كبشا أقرن ومن في الساعة الرابعة فكأنما قرب دجاجة ومن راح في الساعة الخامسة فكأنما قرب بيضة فإذا خرج الإمام حضرت الملائكة يستمعون الذكر(البخاري ۸۱ ۸)

അബുഹുറൈറ (റ)വിൽ നിന്ന്: നബി(സ) പറഞ്ഞു:വല്ലവനും വെള്ളിയാഴ്ച ദിവസം വലിയ ശുദ്ധിയിൽ നിന്നും (കുളിക്കുംപ്രകാരം) കുളിച്ച് (നേരത്തെ പള്ളിയിലേക്ക്) പോയാൽ അവൻ ഒരു ഒട്ടകത്തെ ബലി നൽകിയവനെപ്പോലെയാണ്. രണ്ടാം സമയത്ത് പോയാൽ അവൻ ഒരു പശുവിനെ ബലി നൽകിയവനെപ്പോലെയാണ്. മൂന്നാം സമയം പോയാൽ അവൻ ഒരു ആടിനെ ബലി നൽകിയവനെപ്പോലെയാണ്. നാലാംസമയം പോയാൽ അവൻ ഒരു കോഴിയെ ബലി നൽകിയവനെപ്പോലെയാണ്. അഞ്ചാംസമയത്ത് പോയാൽ അവൻ ഒരു കോഴിമുട്ട ബലി നൽകിയവനെപ്പോലെയാണ്. ഇമാം
(ഖുതുബ നിർവ്വഹിക്കാൻ) പുറപ്പെട്ടാൽ പിന്നീട് മലക്കുകൾ ഉൽബോധനം കേൾക്കുന്നതുമാണ്. (ബുഖാരി 881)


عن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم من
شهد الجنازة حتى يصلي عليها فله قيراط ومن شهدها حتى تدفن فله قيراطان. قيل فما القيراطان؟ قال مثل الجبلين العظيمين (رواه مسلم 2189

അബൂഹുറൈറ(റ)വിൽ നിന്ന് നബി (സ) പറഞ്ഞു ‘വല്ലവനും മയ്യത്തിന് സാക്ഷ്യംവഹിച്ച് (സന്ദർശിച്ച്) മയ്യിത്തിന് വേണ്ടി നമസ്കാരം നിർവ്വഹിച്ചാൽ അവന് ഒരു ഖീറാത്ത് പ്രതിഫലമുണ്ട്. മറവ് ചെയ്യുന്നത് വരെ അതിനെ അനുഗമിച്ചവന് രണ്ട് ഖീറാ
ത്തുമുണ്ട്, എന്താണ് രണ്ട് ഖീറാത്ത് എന്ന് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു അത് വലിയ രണ്ട് പർവ്വതങ്ങളെപ്പോലെയു
ള്ളതാണ്” (മുസ്ലിം 2182 )

عن عائشة رضي الله عنها عن النبي صلى الله عليه وسلم قال
ركعتا الفجر خير من الدنيا وما فيها (مسلم ۱۹۸۸ )

ആയിഷ(റ)യിൽ നിന്ന്: നബി(സ) പറഞ്ഞു: “ഫജ്റിന് മുമ്പുള്ള രണ്ട് റക്അത്ത് ഈ ലോകവും അതിലെ വസ്തുക്കളെക്കാളും ഉത്തമമാണ്’ (മുസ്ലിം 1888)

സുബ്ഹിക്ക് മുമ്പുള്ള സുന്നത്ത് നമസ്കാരമാണ് ഉദ്ദേശ്യം. പതിവായി അത് നിർവ്വഹിക്കുന്ന ഒരാൾക്ക് ജമാഅത്തിന് മുമ്പ് അത് നഷ്ടപ്പെട്ടാൽ സുബ്ഹി നമസ്കാരത്തിന്റെ ശേഷവും അത് നിർവ്വഹിക്കാവുന്നതാണ്.

عن أبي ذر رضي الله عنه عن النبي صلى الله عليه وسلم  أنه قال يصبح
على كل سلامى من أحدكم صدقة فكل تسبيحة صدقة وكل تحميدة صدقة و كل تهليلة صدقة وكل تكبيرة  صدقة وأمر بالمعروف صدقة ونهي عن المنكر صدقة ويجزئ من ذلك ركعتان يركعهما من الضحی (مسلم ۱۹۷۱)

 അബൂദർറ് (റ) വിൽ നിന്ന്: നബി(സ) പറഞ്ഞു. “എല്ലാ പുലരിയിലും നിങ്ങളുടെ ഓരോ സന്ധിയിലും നിങ്ങള്‍ക്ക് ധർമം ഉണ്ട് സുബ്ഹാനല്ലാ, അൽഹംദുലില്ല ,ലാ ഇലാഹ ഇല്ലല്ലാ, അല്ലാഹു അക്ബർ എന്നിവകളെല്ലാം ധർമ്മമാണ്. നന്മ കൽപ്പിക്കൽ ധർമ്മമാണ്. തിന്മ വിരോധിക്കൽ ധർമമാണ്. രണ്ട് റക്അത്ത് ളുഹാ നമസ്കരിക്കൽ നിർവ്വഹിക്കൽ ഇവയ്ക്കെല്ലാം പകരമാകുന്നതുമാണ് (മുസ്ലിം 1671)

. عن أم حبيبة رضي الله عنها قالت قال النبي صلى الله عليه وسلم
من صلى في يوم اثنتي عشرة سجدة تطوعا بنى له بيتا في الجنة (مسلم ۱۹۹۰)

ഉമ്മു ഹബീബ:(റ)യിൽ നിന്ന്: നബി(സ)പറഞ്ഞു; “ഒരാൾ ഒരു ദിവസം പന്ത്രണ്ട് റകഅത്ത് സുന്നത്ത് നമസ്കാരം നിർവ്വഹിച്ചാൽ സ്വർഗ്ഗത്തിൽ അവന് ഒരു വീട് നിർമ്മിക്കപ്പെട്ടതാണ്” (മുസ്ലിം 1695)
ളുഹ്റിന് മുന്‍പ് നാല് ശേഷം രണ്ട്,  മഗരിബിന് ശേഷം രണ്ട്, ഇശാഇന് ശേഷം രണ്ട് സുബ്ഹിന് മുമ്പ് രണ്ട് പന്ത്രണ്ട് റക്അത്തുകളാണ് മുകളിൽ കൊടുത്ത ഹദീസിൽ പറയപ്പെട്ടത്.

ശിര്‍ക്കിന്റെ ഇനങ്ങള്‍

അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല

സംസാരത്തില്‍ വന്നുപോകുന്ന (വാക്കാലുണ്ടാകുന്ന) ശിര്‍ക്കിന്റെ ഇനങ്ങള്‍ ഏതെല്ലാമാണ്?

ഇബാദത്തിന്റെ ഇനങ്ങളില്‍ വല്ലതും അല്ലാഹു അല്ലാത്തവരിലേക്ക് തിരിക്കലാണ് ശിര്‍ക്ക്. അല്ലാഹു   അല്ലാത്തവര്‍ക്കുവേണ്ടി അറുക്കുക,   അല്ലാഹു   അല്ലാത്തവര്‍ക്കായി നേര്‍ച്ചയാക്കുക,  അല്ലാഹു  അല്ലാത്തവരോട്  ദുആ  ചെയ്യുക,  ഇന്ന് ജാറങ്ങളില്‍ ക്വബ്ര്‍പൂജകര്‍ ചെയ്യുന്നതുപോലെ മരണപ്പെട്ടവരെ വിളിച്ചുകൊണ്ട് അവരോട് സഹായതേട്ടം നടത്തുക, മരണ െപ്പട്ടവരോട് ആവശ്യനിര്‍വ്വഹണത്തിനും പ്രയാസങ്ങള്‍ നീക്കുന്നതിനും തേടുക, ജാറങ്ങളെ ത്വവാഫ്  ചെയ്യുക,  മരണെപ്പട്ടവരുടെ  സാമീപ്യം തേടി  ജാറങ്ങളില്‍  ബലി നല്‍കുക, മരണപ്പെട്ടവര്‍ക്ക്  നേര്‍ച്ചയാക്കുക  തുടങ്ങിയതെല്ലാം  ശിര്‍ക്കിന്റെ  ഉദാഹരണങ്ങളാകുന്നു.  ഇതത്രേ ശിര്‍ക്കുല്‍ അക്ബര്‍;  കാരണം  ശിര്‍ക്കുല്‍ അക്ബര്‍  എന്നാല്‍, ഇബാദത്തിനെ അല്ലാഹു അല്ലാത്തവരിലേക്ക് തിരിക്കലാകുന്നു. അല്ലാഹുവാകട്ടെ പറയുന്നത് നോക്കൂ:

فَمَن كَانَ يَرْجُو لِقَاءَ رَبِّهِ فَلْيَعْمَلْ عَمَلًا صَالِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا

“അതിനാല്‍  വല്ലവനും  തന്റെ  രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന്  ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍   സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും,   തന്റെ രക്ഷിതാവിനുള്ള   ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ” (വി. ക്വു. അല്‍കഹ്ഫ്: 110)

وَاعْبُدُوا اللَّـهَ وَلَا تُشْرِكُوا بِهِ شَيْئًا

“നിങ്ങള്‍  അല്ലാഹുവെ  ആരാധിക്കുകയും അവനോട്  യാതൊന്നിനേയും  പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്യുക” (വി.ക്വു. അന്നിസാഅ്: 36)

وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّـهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ وَيُقِيمُوا الصَّلَاةَ وَيُؤْتُوا الزَّكَاةَ ۚ وَذَٰلِكَ دِينُ الْقَيِّمَةِ

“കീഴ്‌വണക്കം  അല്ലാഹുവിന്  മാത്രം  ആക്കികൊണ്ട് ഋജുമനസ്‌കരായ നിലയില്‍  അവനെ ആരാധിക്കുവാനും, നമസ്‌കാരം നിലനിര്‍ത്തുവാനും സകാത്ത് നല്‍കുവാനും അല്ലാതെ അവരോട് കല്‍പ്പിക്കെപ്പട്ടിട്ടില്ല. അതത്രെ വക്രതയില്ലാത്ത മതം” (വി. ക്വു. അല്‍ബയ്യിനഃ : 5)

ഈ വിഷയത്തില്‍ ആയത്തുകള്‍ ധാരാളമുണ്ട്‌.

ശിര്‍ക്ക് വിവിധ ഇനങ്ങളാകുന്നു:

ഒന്ന്: ഇസ്‌ലാമിക മില്ലത്തില്‍നിന്ന്  ആളെ  പുറത്താക്കുന്ന ശിര്‍ക്ക്. ഇബാദത്തിന്റെ ഇനങ്ങളില്‍ വല്ലതും അല്ലാഹു അല്ലാത്തവരിലേക്ക്  തിരിക്കലാണ്  ശിര്‍ക്കെന്ന് നാം  ഉണര്‍ത്തിയല്ലോ.  അല്ലാഹു അല്ലാത്തവര്‍ക്കുവേണ്ടി അറുക്കുക, അല്ലാഹു അല്ലാത്തവര്‍ക്കായി നേര്‍ച്ചയാക്കുക, അല്ലാഹു അല്ലാത്തവരോട്   ദുആ   ചെയ്യുക, അല്ലാഹു അല്ലാത്തവരോട്   സഹായം   തേടുക പോലുള്ളതെല്ലാം  അതില്‍െപ്പട്ടതാണ്.  ഇസ്‌ലാമിക മില്ലത്തില്‍ നിന്ന്  ആളെ  പുറത്താക്കുന്ന വലിയ ശിര്‍ക്കാകുന്നു  ഇത്.  വലിയശിര്‍ക്ക്  പ്രവര്‍ത്തിക്കുന്നവന്‍  അല്ലാഹുവിലേക്ക്  തൗബ ചെയ്ത് മടങ്ങാത്ത അവസ്ഥയില്‍ മരണെപ്പട്ടാല്‍ അവന്‍  നരകത്തില്‍ നിത്യനിവാസിയാകുന്നു. അല്ലാഹു പറയുന്നു:

إِنَّهُ مَن يُشْرِكْ بِاللَّـهِ فَقَدْ حَرَّمَ اللَّـهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُ ۖ وَمَا لِلظَّالِمِينَ مِنْ أَنصَارٍ

“അല്ലാഹുവോട്  വല്ലവനും  പങ്കുചേര്‍ക്കുന്ന പക്ഷം  തീര്‍ച്ചയായും  അല്ലാഹു  അവന്ന്  സ്വര്‍ഗ്ഗം നിഷിദ്ധമാക്കുന്നതാണ്. നരകം  അവന്റെ വാസസ്ഥലമായിരിക്കുകയും  ചെയ്യും. അക്രമികള്‍ക്ക് സഹായികളായി ആരും തന്നെയില്ല.” (വി. ക്വു. അല്‍ മാഇദഃ : 72) അല്ലാഹു, തൗബഃ കൊണ്ടു മാത്രമാണ് വലിയശിര്‍ക്ക് പൊറുത്തുതരിക. അല്ലാഹു പറഞ്ഞു:

إِنَّ اللَّـهَ لَا يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَاءُ ۚ وَمَن يُشْرِكْ بِاللَّـهِ فَقَدِ افْتَرَىٰ إِثْمًا عَظِيمًا

“തന്നോട്  പങ്കുചേര്‍ക്കെപ്പടുന്നത്  അല്ലാഹു  ഒരിക്കലും പൊറുക്കുകയില്ല.  അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്  അവന്‍  പൊറുത്തുകൊടുക്കുന്നതാണ്.  ആര്‍  അല്ലാഹുവോട് പങ്കുചേര്‍ത്തുവോ   അവന്‍   തീര്‍ച്ചയായും   ഗുരുതരമായ   ഒരു   കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്”. (വി. ക്വു. അന്നി സാഅ്: 48)

രണ്ട്: ശിര്‍ക്കുന്‍ അസ്ഗര്‍ (ചെറിയ ശിര്‍ക്ക്).

അത് ഇസ്‌ലാമിക മില്ലത്തില്‍നിന്ന് പുറത്താക്കുകയില്ലെങ്കിലും അതിന്റെ  അപകടവും  വളരെ  വലുതാണ്.  പണ്ഡിതന്മാരുടെ  ശരിയായ  അഭിപ്രായ  പ്രകാരം ചെറിയശിര്‍ക്കും തൗബഃ കൊണ്ടല്ലാതെ പൊറുക്കെപ്പടുകയില്ല. കാരണം, അല്ലാഹു പറഞ്ഞു:

إِنَّ اللَّـهَ لَا يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَاءُ ۚ وَمَن يُشْرِكْ بِاللَّـهِ فَقَدِ افْتَرَىٰ إِثْمًا عَظِيمًا

“തന്നോട്  പങ്കുചേര്‍ക്കെപ്പടുന്നത്  അല്ലാഹു  ഒരിക്കലും പൊറുക്കുകയില്ല.  അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്  അവന്‍  പൊറുത്തുകൊടുക്കുന്നതാണ്.  ആര്‍  അല്ലാഹുവോട് പങ്കുചേര്‍ത്തുവോ   അവന്‍   തീര്‍ച്ചയായും   ഗുരുതരമായ   ഒരു   കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്”. (വി. ക്വു. അന്നി സാഅ്: 48)

തന്നോട്  പങ്കുചേര്‍ക്കപ്പെടുന്നത്  അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല  എന്നത്  വലിയ  ശിര്‍ക്കിനേയും  ചെറിയ ശിര്‍ക്കിനേയും ഉള്‍കൊള്ളുന്നു.

അല്ലാഹു  അല്ലാത്തവരെക്കൊണ്ട്  സത്യംചെയ്യല്‍  ചെറിയ ശിര്‍ക്കിന്  ഉദാഹരണമാകുന്നു. സൃഷ്ടാവിന്റെ   ഉദ്ദേശ്യത്തെ സൃഷ്ടിയുടെ   ഉദ്ദേശവുമായി   അത്ഫ്   ചെയ്യുന്നതുകൊണ്ട് (സംയോജിപ്പിക്കുന്നതുകൊണ്ട്)  ‘അല്ലാഹുവും  താങ്കളും  ഉദ്ദേശിച്ചത്’  എന്നവാക്കും  ചെറിയ ശിര്‍ക്കാകുന്നു. കാരണം, അത്ഫ് ചെയ്യുവാനുപയോഗിച്ച സംയോജകാവ്യയമായ ‘വാവ്’ പങ്കാളിയാക്കുന്നതിനെയാണ് തേടുന്നത്. ശരിയായത്, ‘അല്ലാഹുവും ശേഷം താങ്കളും ഉദ്ദേശിച്ചത്’ എന്ന് പറയലാണ്. കാരണം, അത്ഫ് ചെയ്യുവാനുപയോഗിച്ച ‘ഥുമ്മ’ എന്ന സംയോജകാവ്യയം ശേഷം എന്ന ആശയെത്തയാണ് തേടുന്നത്. ‘അല്ലാഹുവും  താങ്കളും  ഇല്ലായിരുന്നുവെങ്കില്‍’  എന്ന  വാക്കും  അതിനു തുല്ല്യമായ  വാക്കുകളും സംസാരത്തില്‍ വന്നു പോകുന്ന ശിര്‍ക്കിന്റെ ഉദാഹരണങ്ങളാണ്. രിയാഉം (ലോകമാന്യത) ചെറിയ ശിര്‍ക്കാണ്.  പക്ഷേ,  അത്  ശിര്‍ക്കുന്‍ഖഫിയ്യാ (ഗോപ്യമായ ശിര്‍ക്കാ)ണ്.  കാരണം,  രിയാഅ്  ഉച്ചരിക്കെപ്പടാത്തവിധം  ഹൃദയത്തിന്റെ  പ്രവൃത്തികളില്‍ െപ്പട്ടതാണ്.  അവയവങ്ങളുടെ  പ്രവൃത്തികളിലോ നാവിലോ  പ്രകടമാകാത്തതും  എന്നാല്‍ ഹൃദയത്തില്‍ മാത്രം ഉണ്ടാവുകയും ചെയ്യുന്ന ഒന്നാണ്  ലോകമാന്യത. അത് അല്ലാഹുവല്ലാതെ മറ്റാരും അറിയുകയില്ല. അപ്പോൾ ശിര്‍ക്ക് എന്നുള്ളത്, വലിയ ശിര്‍ക്ക്, ചെറിയ ശിര്‍ക്ക്, ഗോപ്യമായ ശിര്‍ക്ക് എന്നിങ്ങനെ മൂന്ന്  ഇനങ്ങളാണ്.  ലോകമാന്യതയും  ഹൃദയത്തില്‍  അല്ലാഹു അല്ലാത്തവര്‍ക്കായുള്ള  ഉദ്ദേശ ലക്ഷ്യങ്ങളുമാണ് ഗോപ്യമായ ശിര്‍ക്ക്.

ലോകമാന്യത:

ഒരാള്‍,  ബാഹ്യവശം  അല്ലാഹുവിനെന്ന്  തോന്നിപ്പിക്കുംവിധം  ഒരു  പ്രവൃത്തി  ചെയ്യുകയും എന്നാല്‍,  പ്രസ്തുത  പ്രവൃത്തികൊണ്ട്  അല്ലാഹുവെ  ഉദ്ദേശിക്കാതെ  ജനങ്ങള്‍  തന്നെ പുകഴ്ത്തുക,  സ്തുതിക്കുക,  ഭൗതികമായ  വല്ല താല്‍പര്യങ്ങളും  നേടുക  തുടങ്ങിയ  കാര്യങ്ങള്‍ ഉദ്ദേശിക്കുകയും ചെയ്യുന്നതിനെയാണ്  രിയാഅ് അര്‍ത്ഥമാക്കുന്നത്. അല്ലാഹു പറഞ്ഞു:

مَن كَانَ يُرِيدُ الْحَيَاةَ الدُّنْيَا وَزِينَتَهَا نُوَفِّ إِلَيْهِمْ أَعْمَالَهُمْ فِيهَا وَهُمْ فِيهَا لَا يُبْخَسُونَ أُولَـٰئِكَ الَّذِينَ لَيْسَ لَهُمْ فِي الْآخِرَةِ إِلَّا النَّارُ ۖ وَحَبِطَ مَا صَنَعُوا فِيهَا وَبَاطِلٌ مَّا كَانُوا يَعْمَلُونَ

“ഐഹികജീവിതെത്തയും  അതിന്റെ  അലങ്കാരെത്തയുമാണ് ആരെങ്കിലും  ഉദ്ദേശിക്കുന്നതെങ്കില്‍ അവരുടെ  പ്രവര്‍ത്തനങ്ങള്‍  അവിടെ  (ഇഹലോകത്ത്)  വെച്ച്  അവര്‍ക്ക് നാം നിറവേറ്റി കൊടുക്കുന്നതാണ്.  അവര്‍ക്കവിടെ  യാതൊരു  കുറവും  വരുത്തെപ്പടുകയില്ല.    പരലോകത്ത് നരകമല്ലാതെ മറ്റൊന്നും കിട്ടാനില്ലാത്തവരാകുന്നു അക്കൂട്ടര്‍. അവര്‍ ഇവിടെ പ്രവര്‍ത്തിച്ചതെല്ലാം പൊളിഞ്ഞുപോയിരിക്കുന്നു. അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം ഫലശൂന്യമത്രെ”. (വി. ക്വു. ഹൂദ്: 15,16) ഹജ്ജ്  ചെയ്യുകയോ  വിജ്ഞാനം  തേടുകയോ  അല്ലെങ്കില്‍  ഇബാദത്തുകളില്‍  വല്ലതും അനുഷ്ഠിക്കുകയോ  ചെയ്യുന്ന  ഒരു  വ്യക്തി,  തന്റെ  കര്‍മ്മംകൊണ്ട്  ഭൗതികമായ  വല്ല താല്‍പര്യങ്ങളുമാണ് നിയ്യത്താക്കുന്നതെങ്കില്‍  അയാള്‍  ഭൗതികത  മാത്രമാണ്  ഉദ്ദേശിക്കുന്നത്. അതാകട്ടെ കര്‍മത്തെത്തന്നെ പൊളിച്ചുകളയും.

ലോകമാന്യത  കര്‍മ്മങ്ങളെ നിഷ്ഫലമാക്കും.  കര്‍മ്മങ്ങള്‍  കൊണ്ട്  ഭൗതികത  ലക്ഷ്യമാക്കുന്നത് കര്‍മ്മെത്തത്തന്നെ  പൊളിച്ചുകളയും.  മഹ്മൂദ്  ഇബ്‌നു  ലബീദില്‍നിന്നും നിവേദനം: അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു:

إن أخوف ما أخاف عليكم الشرك الأصغر قالوا وما الشرك الأصغر يا رسول الله؟ قال الرياء

നിശ്ചയം,  ഞാന്‍ നിങ്ങളില്‍  ഭയക്കുന്നതില്‍  ഏറ്റവും ഭയാനകമായത്  ശിര്‍ക്കുൽ അസ്ഗർ ആകുന്നു.  അവര്‍  ചോദി ച്ചു: അല്ലാഹുവിന്റെ തിരുദൂതരേ, എന്താണ്  ശിര്‍ക്കുല്‍ അസ്ഗർ? അദ്ദേഹം പറഞ്ഞു:ലോകമാന്യത.

അല്ലാഹുവിന്റെ റസൂല്‍ (സ്വ) അബൂബകറിനോട്  പറഞ്ഞു:

والذي نفسي بيده؛ للشرك أخفى من دبيب النمل، ألا أدلك على شيء إذا قلته ذهب عنك قليله وكثيره؟ قل: اللهم إني أعوذ بك أن أشرك بك وأنا أعلم، وأستغفرك لما لا أعلم

അബൂബക്കര്‍, എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണ് സത്യം, നിശ്ചയം, ശിര്‍ക്ക് ഉറുമ്പ് അരിക്കുന്നതിനേക്കാള്‍ ഗോപ്യമാണ്. താങ്കള്‍ക്ക് ഒരു കാര്യം ഞാന്‍ അറിയിച്ച് തരട്ടയോ? താങ്കള്‍  അത്  പ്രവര്‍ത്തിച്ചാല്‍  ശിര്‍ക്ക്  കുറച്ചായാലും  കൂടുതലായാലും,  താങ്കളില്‍നിന്ന്  അത് പൊയ്‌പോകും. (പ്രവാചകന്‍) പറഞ്ഞു: താങ്കള്‍  പറയുക:

”അല്ലാഹുവേ, ഞാന്‍ അറിഞ്ഞുകൊണ്ട് നിന്നില്‍ പങ്കുചേര്‍ക്കുന്നതില്‍നിന്ന് ഞാന്‍ നിന്നിലഭയം തേടുന്നു, ഞാനറിയാത്തതില്‍നിന്ന് നിന്നോട് ഇസ്തിഗ്ഫാറിനെ തേടുകയും ചെയ്യുന്നു.

ഒരു മുസ്‌ലിം, തന്റെ വാക്കുകളും പ്രവൃത്തികളും അല്ലാഹുവിന് നിഷ്‌ക്കളങ്കമാക്കുക എന്നതും തന്നില്‍നിന്ന്  ഉത്ഭൂതമാകുന്ന  വാക്കിലും  പ്രവൃത്തിയിലും നിയ്യത്തിലുമെല്ലാം  അല്ലാഹുവിനെ കരുതുക  എന്നതുമാണ്  അനിവാര്യമായത്.  തന്റെ  കര്‍മ്മം  അല്ലാഹുവിങ്കല്‍  ശരിയായതും സ്വീകരിക്കപ്പെടുന്നതുമാകുന്നതിന് വേണ്ടിയാണിത്. അല്ലാഹുവേ, നിന്റെ  തൗഫീക്വിനായി  കേഴുന്നു. നമ്മുടെ  പ്രവാചകന്‍  മുഹമ്മദ് നബിയിലും അദ്ദേഹത്തിന്റെ കുടുംബത്തിലും അനുചരന്മാരിലും സ്വലാത്തും സലാമും അല്ലാഹുവില്‍നിന്ന് സദാ വര്‍ഷിക്കുമാറാകട്ടെ.

മലയാളത്തിലെ ശൈഖന്‍മാരും ഇസ്ലാം സമുദായവും

ഇ. മൊയ്തു മൗലവി (رحمهالله)

അന്യന്മാരുടെ പ്രവൃത്തിമൂലം മാത്രം കഴിച്ചുകൂട്ടണമെന്നുള്ള ദുര്‍മോഹം നിമിത്തം ഒരുങ്ങിപ്പുറപ്പെട്ടിട്ടുള്ള ഒരുതരം ശൈഖന്മാരാല്‍ ക്ഷീണിച്ചുകിടക്കുന്ന ഇസ്ലാം സമുദായത്തില്‍ പിടിപെട്ടിട്ടുള്ള അനാചാരങ്ങള്‍ക്കും കുഴപ്പങ്ങള്‍ക്കും കണക്കില്ല. കൊടികയറ്റി മതവിരുദ്ധന്മാരായ സകല ആഡംബരങ്ങളോടുകൂടി നേര്‍ച്ച കഴിച്ച് പണം സമ്പാദിക്കുന്നവരായ ശൈഖന്‍മാരും നമ്മുടെ നാട്ടില്‍ ധാരാളമുണ്ട്. കൊല്ലം തോറും മുരീദന്മാരില്‍നിന്നും പാട്ടം വാങ്ങുന്നവരും കുറവല്ല. ജനങ്ങളെ അലസന്മാരാക്കുകയും തങ്ങളിലേക്ക് ആകര്‍ഷിപ്പിക്കുകയും ചെയ്യേണ്ടതിനുള്ള പല യുക്തിയും ഇവര്‍ക്കറിയാം. മതഭക്തിയോ സമുദായ സ്നേഹമോ ഉള്ള ഒരൊറ്റ ശൈഖും ഇല്ലെന്നു പറയുന്നതില്‍ തീരെ അബദ്ധമില്ല. ശൈഖിയ്യ, തറവാട്ടു തായവഴിയായോ അല്ലെങ്കില്‍ ചില മനുഷ്യ നിര്‍മിതമായ ദിക്റുകള്‍ മാത്രം പാഠമിടുന്നതുകൊണ്ടോ കിട്ടുന്നതല്ല. നമ്മുടെ ശൈഖന്മാര്‍ മിക്കവരും, എന്നുവേണ്ട സര്‍വരും ഈ വകക്കാരാണ്. ഒരുത്തന്‍ വാസ്തവമായ ശൈഖ് ആവണമെങ്കില്‍ അവന്‍ ഫിഖ്ഹ്, അഖീദ മുതലായവയില്‍ ഒരു സാമാന്യ ജ്ഞാനമെങ്കിലും ഉണ്ടായിരിക്കുകയും ആരംഭത്തില്‍ തന്‍റെ മുരീദിനുണ്ടാവുന്ന സംശയങ്ങളെ നീക്കത്തക്ക നിലയിലുള്ള ഇത്തിലാഉം (കാര്യജ്ഞാനവും) ഖല്‍ബുകളെ കമാലാത്തും നഫ്സുകളുടെ ആഫാത്തും രോഗങ്ങളും ഔഷധങ്ങളും അവയെ ന്യായമായ വിധത്തില്‍ സൂക്ഷിക്കേണ്ടതിനുള്ള വഴിയും അറിവുള്ളവനാകേണ്ടതും സര്‍വ ജനങ്ങളോടും പ്രത്യേകം മുരീദന്മാരോടും ദയവുള്ളവനായിരിക്കേണ്ടതും നാസിഹായിരിക്കേണ്ടതും ആണ്. ഇങ്ങനത്തെ ശൈഖന്മാരെ മാത്രം തുടര്‍ന്നാലേ നജാത്ത് കിട്ടുകയുള്ളൂ എന്ന് എല്ലാവരും എല്ലായ്പ്പോഴും അറിഞ്ഞിരിക്കേണ്ടതാണ്. ഈയിനത്തില്‍പ്പെട്ട ശൈഖ് ഇല്ലാത്ത പക്ഷം ഖുര്‍ആനോടും ഹദീസോടും തുടരുക മാത്രമാണ് വേണ്ടത്.

وَشَيْخٌ بِهِ اقْتَد أَوْ كِتَابٍ وَسُنَّةٍ إِذَا لَمْ تَجِدْ شَيْخًا يُرَبِّي وَيُلْقَحُ

എന്ന് ഒരു കവി പറഞ്ഞത് എത്രയോ വാസ്തവമായിട്ടുള്ളതാണ്. നമ്മുടെ ശൈഖന്മാരെല്ലാം കേവലം വിദ്യാശൂന്യന്മാരും മതവിരുദ്ധമായി എന്തും പ്രവര്‍ത്തിക്കാന്‍ മടിയില്ലാത്തവരാണെന്നും ഏവര്‍ക്കും അറിയാം. ഇവര്‍ ളാല്ലും മുളില്ലും (വഴി പിഴച്ചവരും പിഴപ്പിക്കുന്നവരും) ആണ്. പക്ഷെ, നമസ്കാരം, നോമ്പ് മുതലായ ശറഇയായ അഅ്മാലുകള്‍ തീരെ ഉപേക്ഷിക്കണമെന്ന് ഇത്തരക്കാര്‍ക്ക് വാദമില്ല. അത് അങ്ങനെയിരിക്കട്ടെ. ഇനി മാനസിക പരിഷ്കാരം മാത്രം മതി മറ്റൊന്നും വേണമെന്നില്ല. നമസ്കാരം, നോമ്പ്, സകാത്ത് എന്നീ അഅ്മാലുകള്‍ തീരെ പ്രയോജനകരമല്ല. ആദ്യമായി റബ്ബിനെ അറിയുകയാണ് വേണ്ടത്. വിശുദ്ധ ഖുര്‍ആനിന്‍റെയും ഹദീസിന്‍റെയും സാഹിര്‍ മുറാദല്ല. അതായത് ലഫ്ളുകള്‍ അറിയിക്കുന്ന അര്‍ത്ഥമല്ല അവയില്‍ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്. അവയുടെ ഉള്‍സാരം അറിഞ്ഞു നടന്നാലേ മുക്തി കിട്ടുകയുള്ളൂ എന്ന് വാദിക്കുന്നവരും സുലഭമാണ്. ഇവരാണ് വഹ്ദത്തുല്‍വുജൂദുകാര്‍. കഞ്ചാവ് മുതലായ ലഹരിപദാര്‍ത്ഥങ്ങള്‍ കൂടാതെ ജീവിച്ചിരിക്കുക എന്നുള്ളത് ഇവരില്‍ പലര്‍ക്കും അസാധ്യമാണ്. ഈ കൂട്ടരെക്കൊണ്ട് ഇസ്ലാംസമുദായത്തിന് ഉണ്ടായിട്ടുള്ള നാശങ്ങള്‍ക്ക് ഒരതിരും അളവുമില്ല. എത്രയോ സാധുക്കളാണ് ഇവരുടെ കെണിയില്‍ അകപ്പെട്ട്, ഇസ്ലാമിനും മുസ്ലിമീങ്ങള്‍ക്കും പരമവൈരികളായി തീര്‍ന്നിരിക്കുന്നത്. ഏതാനും കാലമായി ഇത്തരക്കാരുടെ ബഹളം നമ്മുടെ നാട്ടില്‍ കുറെ അധികം തന്നെയാണ്.അന്ത്രോത്ത്ദ്വീപുകാരാണ് ഈ നശീകരണ വിത്ത് ആദ്യമായി ഇവിടങ്ങളില്‍ പാകിയത്‌.അക്കാലം ചില എട്ടുംപൊട്ടും തിരിയാത്തവര്‍ മാത്രമേ ഇവരെ അനുഗമിച്ചിരുന്നുള്ളൂ. (ഇവര്‍ പണ്ടേതന്നെ യാതൊരു മതവും ഇല്ലാത്തവരാണ്. “പോവുന്ന തോണിക്ക് ഒരു ഉന്ത്” എന്നു പറഞ്ഞതുപോലെ തങ്ങള്‍ക്ക് ഇത് നല്ലൊരു ആക്കമായിത്തീര്‍ന്നു) ക്രമേണ ഈ പകര്‍ച്ചവ്യാധി ഏതാനും ധനികന്മാരിലും വ്യാപിച്ചു. പിന്നത്തെ കഥയെപ്പറ്റി എന്തു പറയാനാണ്? അപ്പോഴേക്ക് ചില മുസ്ല്യാക്കന്മാരും ഇവരുടെ സംഘത്തില്‍ ചേര്‍ന്നു പല പ്രകാരേണ ഉപദേശങ്ങള്‍ ചെയ്യാന്‍ തുടങ്ങി. അതോടുകൂടി ഇവര്‍ക്കു ചുവടുറപ്പും പ്രാബല്യവും ഏറിയേറിക്കൊണ്ടു വരുന്നു. “പണം കണ്ടാല്‍ പിണവും വായ്‌പൊളിക്കും” എന്നുണ്ടല്ലോ. ഇക്കൂട്ടത്തില്‍പ്പെട്ട ഒരാള്‍ ഈയിടെ തിരൂരിനടുത്തു ചിലേടങ്ങളില്‍ ചെന്ന്‌ ഈ വക പല ഉപദേശങ്ങളും നടത്തിയതില്‍ മുന്നൂറിനുമീതെ വീട്ടുകാര്‍ അയാളെ തുടര്‍ന്നു തങ്ങളുടെ സര്‍വസ്വത്തുക്കളും ശൈഖിനു ദാനം ചെയ്തിരിക്കുന്നു. ഇയാള്‍ക്കും സഹായി പ്രസിദ്ധനായ ഒരു മുസ്ല്യാര്‍ തന്നെ ആയിരുന്നു. മുമ്പ് തിരൂരിലും മറ്റും സ്വര്‍ണവ്യപാരത്തിനായി വന്ന ശൈഖിന്‍റെ ഒത്താശക്കാരനായിരുന്നതും ഈ മുസ്ല്യാര്‍ തന്നെയായിരുന്നു. ഇവര്‍ ത്വരീഖത്തുകാരാണുപോല്‍! തങ്ങള്‍ക്കു ശരീഅത്തിനു വിരോധമായി പലതും പ്രവര്‍ത്തിക്കാമത്രെ! ബഹുമാനപ്പെട്ട മുഹ്യുദ്ദീന്‌ബ്നുഅറബി അവര്‍കളുടെതാണെന്നു പ്രസിദ്ധപ്പെട്ടതും ബാതിനിയാക്കളില്‍പ്പെട്ട ഖാഷാനീ ഉണ്ടാക്കിയതും വിശുദ്ധഖുര്‍ആനിനെ അതിന്‍റെ ഉദ്ദിഷ്ടാര്‍ത്ഥത്തില്‍നിന്നു തീരെ വികൃതപ്പെടുത്തുന്നതുമായ തഫ്സീറാണ് ഇവര്‍ മുറുകെ പിടിച്ചിരിക്കുന്നത്. ഇത് ഖാഷാനീ തന്‍റെ അഭിപ്രായങ്ങളെ ബലപ്പെടുത്തുന്നതിനായി ശൈഖുല്‍ അക്ബര്‍ മുഹ്യിദ്ദീന്‍ അവര്‍കളുടെ മേല്‍ ചുമത്തിയിട്ടുള്ളതാണ്. അദ്ദേഹത്തിനു ശരീഅത്തിനെതിരായ യാതൊരു വാദവുമില്ലെന്നു തന്‍റെ ഫുതൂഹാത്തുല്‍ മക്കിയ്യ മുതലായ കിതാബുകള്‍ പരിശോധിച്ചാല്‍ അറിയാവുന്നതാണ്. കൂടാതെ ഇങ്ങനെയൊരു തഫ്സീര്‍ താന്‍ നിര്‍മിച്ചിട്ടില്ല എന്നതിനു പല തെളിവുകളുമുണ്ട്.

ومن ذلك تفسير الذي يسبون للشيخ الأكبر الذين عزلي وأنها هو للقاشاني الباطني الشهير وفيه من النزعات, ما يتبرّأ منه دين الله وكتابه العزيزا

(ഈ ഇബാറത്തിന്‍റെ താല്‍പര്യം തന്നെയാണ് മുകളില്‍ വിവരിച്ചിട്ടുള്ളത്.) ത്വരീഖത്തും ശരീഅത്തും വാസ്തവത്തില്‍ ഒന്നുതന്നെയാണ്. ശരീഅത്ത് (മന്‍ഹിയ്യാത്തിനെ- വിരോധിക്കപ്പെട്ടവയെ – ഉപേക്ഷിക്കുകയും, മഅമൂറാത്തിനെ – കല്‍പ്പിക്കപ്പെട്ടവയെ – എടുക്കുകയും ചെയ്യുക) ത്വരീഖത്ത് (നമ്മുടെ റസൂല്‍ കരീം സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങളുടെ അഫ്ആലിനെ ആരാഞ്ഞാഞ്ഞ് ലവലേശം പിഴക്കാതെ അതെ പ്രകാരം തന്നെ നടക്കുക). ഇതാണ് യഥാര്‍ത്ഥ ത്വരീഖത്തും ശരീഅത്തും. നേരെ മറിച്ച് റസൂലിന്‍റെയും സഹാബത്തിന്‍റെയും കാലം മുതല്‍ക്ക് ഇതേവരെ യാതൊരു ഇന്‍ഖിതാഉം കൂടാതെ മുസ്ലിമീങ്ങള്‍ ഐക്യകണ്ഠമായി ആചരിച്ചുപോരുന്ന നമസ്കാരം, നോമ്പ് മുതലായ ഇബാദത്തുകള്‍ ത്യജിച്ച്, കള്ളും കഞ്ചാവും ഉപയോഗിച്ചു മതവിരുദ്ധമായ പല വാക്കുകളും പറഞ്ഞു തെണ്ടിത്തിരിഞ്ഞു നടക്കുന്ന ഇവര്‍ ദൈവത്തിന്‍റെ വിരോധികളും പിശാചിന്‍റെ കൂട്ടുകാരുമാണ്.

فَخَلَفَ مِن بَعْدِهِمْ خَلْفٌ أَضَاعُوا الصَّلَاةَ وَاتَّبَعُوا الشَّهَوَاتِ ۖ فَسَوْفَ يَلْقَوْنَ غَيًّا(مريم: 59) بيْنَ الْكُفْرِ وَالإِيمَانِ تَرْكُ الصَّلاَةِ (حديث)

എന്നീ ദിവ്യവാക്യങ്ങള്‍ ഇത്തരം കപടഭക്തന്മാരായ ശൈഖന്മാര്‍ അറിഞ്ഞിട്ടില്ലായിരിക്കാം.

അവലംബം: അല്‍ഇസ്ലാം, പുസ്തകം 1, റംസാന്‍ 1336, ജൂണ്‍ 1918, ലക്കം 3

ഇസ്‌ലാം ശാന്തിയുടെ മതം

പ്രാര്‍ത്ഥന, ഇസ്തിഗാസ, തവസ്സുല്‍

നമ്മെ സൃഷ്ടിച്ച് പരിപാലിക്കുന്ന അല്ലാഹുവിന് നാം അര്‍പ്പിക്കുന്ന ഏറ്റവും വിശിഷ്ടമായ നന്ദി പ്രകടനമാണ് പ്രാര്‍ത്ഥന. നാം ചെയ്യുന്ന എല്ലാ ആരാധനകളുടെയും ജീവനും പ്രാര്‍ത്ഥന തന്നെ. അതിനാല്‍ പ്രാര്‍ത്ഥനകളെല്ലാം അവനോട് മാത്രമായിരിക്കണം. അത് ഇസ്‌ലാമിന്റെ നിര്‍ബന്ധ നിയമമാണ്. നബി(സ്വ) പറയുന്നു: 

”നുഅ്മാനുബ്‌നു ബശീര്‍(റ) ഉദ്ധരിക്കുന്നു: അല്ലാഹുവിന്റെ റസൂല്‍ അരുളി: നിശ്ചയം പ്രാര്‍ത്ഥന അത് ഇബാദത്തു തന്നെയാണ്. ശേഷം നബി(സ്വ) ഓതി, നിങ്ങളുടെ നാഥന്‍ അരുളിയിരിക്കുന്നു.  എന്നോട് നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുക. നിശ്ചയം ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കും. എനിക്ക് ഇബാദത്തെടുക്കുവാന്‍ അഹങ്കരിക്കുന്നവര്‍ നിന്ദ്യരായി നരകത്തില്‍ പ്രവേശിക്കുന്നതാണ്.” (തിര്‍മുദി: 2969, 3247, 3372, ഇബ്‌നുമാജ: 3828)

പ്രാര്‍ത്ഥന ആരാധനയാണെന്നും  അത് അല്ലാഹു വിനോട് മാത്രമെ പാടുള്ളൂ എന്നും യാതൊരു സംശയങ്ങള്‍ക്കും പഴുതില്ലാത്ത വിധം മേല്‍ നബിവചനം പഠിപ്പിക്കുന്നു. അതിനാല്‍ പ്രാര്‍ത്ഥനകളെല്ലാം അല്ലാഹുവോട് മാത്രമാക്കുക. സൃഷ്ടികള്‍ അവരെത്ര ഉന്നതരായിരുന്നാലും അതിന് അര്‍ഹരല്ല. മാത്രമല്ല, അവരോടുള്ള പ്രാര്‍ത്ഥന അവന്‍ ഒരിക്കലും പൊറുക്കാത്ത മഹാപാപമായ ശിര്‍ക്കാ (ബഹുദൈവാരാധന)ണ് എന്നുകൂടി ഇസ്‌ലാം പഠിപ്പിക്കുന്നു. ചില ഖുര്‍ആന്‍ വചനങ്ങള്‍ ശ്രദ്ധിക്കുക:

”അല്ലാഹുവിനോടുള്ളത് മാത്രമാണ് സത്യമായ പ്രാര്‍ത്ഥന. (മറ്റുള്ളവരോടുള്ള പ്രാര്‍ത്ഥന അസത്യത്തിന്റേതുമാണ്.) അവന്ന് പുറമെ ആരോടെല്ലാം അവര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നുവോ അവരാരും യാതൊരു ഉത്തരവും നല്‍കുന്നതല്ല. വെള്ളം തന്റെ വായില്‍ വന്നെത്താന്‍ വേണ്ടി തന്റെ ഇരു കൈകളും അതിന്റെ നേരെ നീട്ടി കാണിക്കുന്നവനെപ്പോലെ മാത്രമാകുന്നു അവര്‍. അത് (വെള്ളം) വായില്‍ വന്നെത്തുകയില്ലല്ലോ. സത്യനിഷേധികളുടെ പ്രാര്‍ത്ഥന നഷ്ടത്തില്‍ത്തന്നെയാകുന്നു.” (സൂറഃ റഅ്ദ് – 14)

ഒരു മുസ്‌ലിം തന്റെ നമസ്‌കാരത്തിലൂടെ ഓരോ ദിവസവും ചുരുങ്ങിയത് 17 പ്രാവശ്യമെങ്കിലും പ്രതിജ്ഞയെടുക്കുന്നത് ഇപ്രകാരമാണ്: ”നിന്നെമാത്രം ഞങ്ങള്‍ ആരാധിക്കുന്നു; നിന്നോടു മാത്രം ഞങ്ങള്‍ സഹായം തേടുകയും ചെയ്യുന്നു” (സൂറഃ ഫാതിഹ- 5)

മറ്റൊരു സ്ഥലത്ത് ഖുര്‍ആന്‍ പറയുന്നു: ”അന്ത്യനാള്‍ വരെ ഉത്തരം ചെയ്യാത്തവരോട് പ്രാര്‍ത്ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ മറ്റാരാണ്? അവരാകട്ടെ ഇവരുടെ പ്രാര്‍ത്ഥനയെക്കുറിച്ച് അശ്രദ്ധരുമാണ്. (മാത്രമല്ല, അന്ത്യനാളില്‍) മനുഷ്യരെ ഒരുമിച്ചു കൂട്ടപ്പെടുമ്പോള്‍ അവര്‍ ഇവരുടെ (പ്രാര്‍ത്ഥിച്ചവരുടെ) ശത്രുക്കളായിത്തീരുകയും, ഇവരുടെ ആരാധനയെ അവര്‍ നിഷേധിക്കുകയും ചെയ്യും.” (സൂറഃ അഹ്ഖാഫ്- 5,6)

വീണ്ടും ഖുര്‍ആന്‍ പഠിപ്പിക്കുന്നു: ”നിങ്ങളുടെ നാഥന്‍ പ്രഖ്യാപിക്കുന്നു: എന്നോട് നിങ്ങള്‍ പ്രാര്‍ത്ഥിക്കുക. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. തീര്‍ച്ചയായും എന്നെ ആരാധിക്കുന്ന (പ്രാര്‍ത്ഥിക്കുന്ന) കാര്യത്തില്‍ അഹങ്കരിക്കുന്നവര്‍ പിന്നീട് നിന്ദ്യരായി നരകത്തില്‍ പ്രവേശിക്കുന്നതാണ്.” (സൂറഃ ഗാഫിര്‍ – 60)

ചുരുക്കത്തില്‍, അല്ലാഹുവിനോടു മാത്രമേ പ്രാര്‍ത്ഥിക്കാന്‍ പാടുള്ളൂ എന്നും മറ്റുള്ളവര്‍ക്ക് അത് കേള്‍ക്കാനോ ഉത്തരം ചെയ്യാനോ സാധ്യമല്ലെന്നും, അത് അല്ലാഹു ഒരിക്കലും പൊറുക്കാത്ത ശിര്‍ക്കായിത്തീരുമെന്നും മേല്‍ വചനങ്ങളിലൂടെ വ്യക്തമായി.

മാത്രമല്ല, ഒരു വിശ്വാസി രാവിലെ ഉറക്കില്‍ നിന്നുണരുന്നതു മുതല്‍ രാത്രി ഉറങ്ങാന്‍ കിടക്കുന്നതു വരെയുള്ള വിവിധ സന്ദര്‍ഭങ്ങളില്‍ നടത്തേണ്ട നൂറുക്കണക്കിന് സുന്നത്തായ പ്രാര്‍ത്ഥനകള്‍ നബി(സ്വ) നമ്മെ പഠിപ്പിച്ചിട്ടുണ്ട്. (ഉദാ:- വാഹനത്തില്‍ കയറുമ്പോള്‍, പുതുവസ്ത്രം ധരിക്കുമ്പോള്‍, ഇടിമിന്നലുണ്ടാകുമ്പോള്‍, രോഗശാന്തിക്ക്, ഖബര്‍ സിയാറത്ത് ചെയ്യുമ്പോള്‍….) എന്നാല്‍ ഈ പ്രാര്‍ത്ഥനകളിലെവിടേയും അല്ലാഹുവല്ലാത്തവരോടുള്ള പ്രാര്‍ത്ഥനയുടെ ഒരു സൂചന പോലും കാണാന്‍ സാധ്യമല്ല! എല്ലാം അല്ലാഹുവോട് മാത്രമാണെന്നും അവയിലൊന്നും ആരുടേയും ഹഖും ജാഹും ബര്‍ക്കത്തുമില്ലെന്നതും പ്രത്യേകം ശ്രദ്ധേയമാണ്. അതിനാല്‍ ഈ മാതൃക സ്വീകരിച്ച് ഇടയാളന്‍മാരും മധ്യവര്‍ത്തികളുമില്ലാതെ നേര്‍ക്കുനേരെ അല്ലാഹുവിനോടു മാത്രം പ്രാര്‍ത്ഥിക്കണമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.

ഇസ്തിഗാസഃ

സഹായം തേടുക എന്നാണ് ‘ഇസ്തിഗാസ’ എന്നതുകൊണ്ടു ദ്ദേശിക്കുന്നത്. എന്നാല്‍ ഇസ്തിഗാസയില്‍ അനുവദിച്ചതും വിരോധിച്ചതുമുണ്ട്. സാമൂഹ്യ ജീവിയായ മനുഷ്യര്‍ പരസ്പരം അവര്‍ക്ക് ലഭ്യമായ കഴിവില്‍പെട്ട സഹായം ചോദിക്കല്‍ സര്‍വ്വസാധാരണയാണല്ലോ. ഉദാഹരണമായി: ഒരു സുഹൃത്തിനോട് 100 രൂപ വായ്പ ചോദിക്കല്‍. ഇങ്ങനെ ഇസ്‌ലാം വിരോധിക്കാത്ത കാര്യങ്ങളില്‍ സഹായം ചോദിക്കുന്നത് അനുവദനീയമാണ്. ചിലപ്പോള്‍ അത്യാവശ്യവുമാണ്.

എന്നാല്‍ തെറ്റായതും വിരോധിക്കപ്പെട്ടതുമായ ഒരു ഇസ്തിഗാസയുണ്ട്. ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയ മഹാത്മാക്കളോട് സൃഷ്ടികളുടെ കഴിവിനപ്പുറത്തുള്ള കാര്യങ്ങള്‍ക്ക് വേണ്ടി നടത്തുന്ന സഹായാര്‍ത്ഥനയാണത്. എന്നാല്‍ ഈ തരത്തിലുള്ള സഹായം തേടലിന് ഇസ്‌ലാമിക പ്രമാണങ്ങളില്‍ തെളിവ് കണ്ടെത്താന്‍ സാധിക്കുകയില്ല. മാത്രമല്ല, അത് അല്ലാഹുവിന്റെ മാത്രം കഴിവില്‍ പെട്ടതാണ് താനും. അതിനാല്‍ അത് സൃഷ്ടികളോട് ചോദിക്കല്‍ തെറ്റാണ്; ശിര്‍ക്കുമാണ്.

ഉദാഹരണമായി: ഒരാള്‍ക്ക് രോഗം ബാധിച്ചു. അദ്ദേഹം ഒരു ഡോക്ടറുടെ അടുക്കല്‍ പോയി പറയുന്നു: ‘എനിക്ക് രോഗമാണ് എന്നെ സഹായിക്കണം.’ ഇത് അനുവദനീയമായ ഇസ്തിഗാസയാണ്. കാരണം ഇവിടെ ആ രോഗിയുടെ ഉദ്ദേശ്യം, തന്റെ മുന്നില്‍ നില്‍ക്കുന്ന ഡോക്ടര്‍, അദ്ദേഹം പഠിച്ച അറിവുവെച്ച് തന്നെ ചികില്‍സിക്കുമെന്നും ആവശ്യമായ മരുന്നുകള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുമെന്നാണ്. അപ്പോള്‍ ഇവിടെയുള്ള സഹായം മനുഷ്യന് ലഭിച്ച കഴിവില്‍ പെട്ടതാണ്. കാര്യകാരണ ബന്ധങ്ങള്‍ക്കുള്ളില്‍ ഒതുങ്ങി നില്‍ക്കുന്നതുമാണ്. അതിനാല്‍ ആ ചോദ്യം തെറ്റല്ല; അനുവദനീയമാണ്.

എന്നാല്‍ ഇതേ രോഗി തന്നെ ‘ബദ്‌രീങ്ങളേ, മുഹ്‌യിദ്ദീന്‍ ശൈഖേ! എന്നെ സഹായിക്കണേ, എന്റെ രോഗം സുഖപ്പെടുത്തണേ…’ എന്ന് ഇസ്തിഗാസ നടത്തിയാല്‍ അത് തെറ്റാണ്. അല്ലാഹു പൊറുക്കാത്ത ശിര്‍ക്കാണത്. കാരണം, ഇവിടെ, ആ മഹാത്മാക്കള്‍ സഹായിക്കുമെന്നും രോഗം മാറ്റുമെന്നും വിശ്വസിക്കുന്നത് നമുക്കറിയാത്ത, ഭൗതികമല്ലാത്ത മാര്‍ഗ്ഗത്തിലൂടെയാണ്. നേരത്തെ പറഞ്ഞ ഡോക്ടറുടെ രൂപത്തില്‍, നേര്‍ക്കുനേരെ വന്ന് ചില്‍സിക്കുകയും മരുന്ന് നല്‍കുകയും ചെയ്യും എന്ന നിലയ്ക്കല്ല. മറിച്ച് അല്ലാഹു ചെയ്യുന്നതുപോലെ കാര്യ-കാരണ ബന്ധങ്ങള്‍ക്കതീതമായി (അഭൗതികമായി) സഹായിക്കുമെന്നാണ്. അതാകട്ടെ അല്ലാഹുവിന്റെ മാത്രം കഴിവില്‍പ്പെട്ടതാണുതാനും.

അതിനാല്‍, ഒരു മരണപ്പെട്ട നബിയെക്കുറിച്ചോ വലിയ്യിനെ കുറിച്ചോ ആരെങ്കിലും അപ്രകാരം വിശ്വസിച്ചാല്‍ അത് അല്ലാഹുവിന് മാത്രം അവകാശപ്പെട്ട അവന്റെ കഴിവില്‍ അവരെ പങ്കു ചേര്‍ക്കലായി മാറുന്നു. അതുകൊണ്ടുതന്നെ അത് ശിര്‍ക്കായിത്തീരുകയും ചെയ്യും! അതിനാല്‍ രോഗ ശമനം, സന്താനലബ്ധി, നരകമോചനം… തുടങ്ങിയ, സൃഷ്ടികളുടെ കഴിവിനപ്പുറമുള്ള കാര്യങ്ങള്‍ക്കു വേണ്ടിയുള്ള സഹായ തേട്ടങ്ങള്‍ അല്ലാഹുവിനോടു മാത്രമേ പാടുള്ളൂ. അതൊരിക്കലും സൃഷ്ടികളോട് പാടില്ല. ഇക്കാര്യം ഖുര്‍ആന്‍ ആവര്‍ത്തിച്ച് പറഞ്ഞതാണ് നേരത്തെ നാം ഉദ്ധരിച്ചതും. ഇനി ഒരു നബി വചനം ശ്രദ്ധിക്കുക: നബി(സ്വ)പറഞ്ഞു: ”നീ വല്ലതും ചോദിക്കുകയാണെങ്കില്‍ അല്ലാഹുവിനോട് ചോദിക്കുക. നീ സഹായം തേടുകയാണെങ്കില്‍ അല്ലാഹുവിനോട് തേടുക.” (തിര്‍മുദി ഹദീസ് നമ്പര്‍: 6516)

തവസ്സുല്‍

‘തവസ്സുല്‍’ എന്നതുകൊണ്ടുദ്ദേശിക്കുന്നത്, സൃഷ്ടികള്‍ അവരുടേയും അല്ലാഹുവിന്റേയും ഇടയില്‍ ഒന്നിനെ മദ്ധ്യവര്‍ത്തിയാക്കി നിര്‍ത്തി അതുമുഖേന അല്ലാഹുവിലേക്ക് അടുക്കുക എന്നാണ്. അങ്ങനെ ഇടയാളനായി ഇന്ന് അധികമാളുകളും സ്വീകരിക്കാറുള്ളത് മരിച്ചുപോയ മഹാത്മാ ക്കളേയും ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും ഹഖ്, ജാഹ്, ബര്‍ക്കത്ത് എന്നിവയുമാണ്.

ഇന്ന് നമ്മുടെ സമൂഹത്തിലെ പൊതുജനങ്ങളില്‍ ഭൂരിപക്ഷവും വിശ്വസിക്കുന്നത്, നമുക്കാര്‍ക്കും അല്ലാഹുവിലേക്ക് നേരിട്ടടുക്കാന്‍ സാധിക്കില്ലെന്നാണ്. കാരണം നാം അല്ലാഹുവോടടുത്തവരല്ല, നിത്യേന നിരവധി തെറ്റുകള്‍ ചെയ്യുന്ന പാപികളാണ്. അതുകൊണ്ട് അവനിലേക്ക് കൂടുതല്‍ അടുത്ത അവന്റെ ഇഷ്ട ദാസന്മാരായ അമ്പിയാ- ഔലിയാക്കള്‍ വഴി മാത്രമേ അവനോടടുക്കാന്‍കഴിയൂ. അവര്‍ നമ്മുടെ കാര്യങ്ങള്‍ അല്ലാഹുവോടു പറയും; എങ്കില്‍ അതൊരിക്കലും അല്ലാഹു തട്ടിമാറ്റുകയില്ല! ഇതാണ് ഈ വിഷയത്തിലുള്ള നമ്മുടെ സമൂഹത്തിന്റെ വിശ്വാസം.

എന്നാല്‍ ഈ വിശ്വാസത്തെ ഒരു നിലയ്ക്കും ഇസ്‌ലാം അനുവദിക്കുന്നില്ല. കാരണം അത് അല്ലാഹുവിനെ പരിചയപ്പെടുത്തുന്നത് ഇടയാളന്മാരില്ലാതെ നേരിട്ട് അടുക്കുവാന്‍ പറ്റിയ അങ്ങേയറ്റത്തെ കാരുണ്യത്തിന്റെ നാഥനായിട്ടാണ്. അവന്റെ വിശേഷണങ്ങളായി വിശുദ്ധ ഖുര്‍ആന്‍ ഏറ്റവും കൂടുതല്‍ പരിചയപ്പെടുത്തുന്നത് ‘റഹ്മാന്‍’ (പരമ കാരുണികന്‍) ‘റഹീം'(കരുണാനിധി) എന്നിവയാണ്. സൃഷ്ടികളുമായുള്ള അവന്റെ അടുപ്പത്തെ കുറിച്ച് അവന്‍ തന്നെ പ്രഖ്യാപിക്കുന്നത് നോക്കൂ: ”തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചു. അവന്റെ ഹൃദയം മന്ത്രിക്കുന്നത് നാം അറിയുന്നു. തന്റെ കണ്ഠനാടിയേക്കാള്‍ നാം അവനോട് അടുത്തവനാണ്.” (സൂറ: ഖാഫ്: 16)

”എന്റെ അടിമകള്‍ താങ്കളോട് എന്നെക്കുറിച്ച് ചോദിച്ചാല്‍ (പറയുക,) തീര്‍ച്ചയായും ഞാന്‍ അവരുടെ സമീപസ്ഥനാണ്. (അതുകൊണ്ട്) പ്രാര്‍ത്ഥിക്കുന്നവന്‍ എന്നോട് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ അവന്റെ പ്രാര്‍ത്ഥനക്ക് ഉത്തരം ചെയ്യും.” (സൂറഃ അല്‍ബഖറ – 180)

നോക്കൂ, എത്രവലിയ കാരുണ്യവാനാണവന്‍! നമ്മോട് ഏറ്റവും അടുത്തവനാണെന്നും തെറ്റുകളും കുറ്റങ്ങളും ചെയ്തുകൂട്ടിയവരോട് പോലും നിരാശപ്പെടേണ്ടതില്ല; പൊറുത്തുതരാന്‍ താന്‍ എപ്പോഴും ഒരുക്കമാണെന്നും അറിയിക്കുന്നു! എന്നിട്ട് ആ നാഥനിലേക്ക് അടുക്കാന്‍ മറ്റൊരാളുടെ ഇടയാളത്തമാവശ്യമുണ്ടെന്നോ? അവന് നമ്മെ മറ്റാരെങ്കിലും പരിചയപ്പെടുത്തിക്കൊടുക്കുകയും അടുപ്പിക്കുകയും ചെയ്യേണ്ടതുണ്ടെന്നോ?! വല്ലാത്ത വിശ്വാസം തന്നെ!

എന്നാല്‍ ശറഇല്‍ അനുവദിക്കപ്പെട്ട ചില തവസ്സുലുകളുണ്ട്. അവ ഇനി പറയുന്നവയാണ്: അവനവന്‍ ചെയ്ത സല്‍കര്‍മ്മങ്ങള്‍ മുന്‍നിര്‍ത്തി അല്ലാഹുവിനോട് ചോദിക്കല്‍, ജീവിച്ചിരിക്കുന്ന ഒരു സ്വാലിഹിന്റെ അടുക്കല്‍ പോയി എനിക്കുവേണ്ടി താങ്കള്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെടല്‍, അല്ലാഹുവിന്റെ നാമ-ഗുണ-വിശേഷണങ്ങള്‍ (മുന്‍നിര്‍ത്തി) എടുത്തു പറഞ്ഞുകൊണ്ട് പ്രാര്‍ത്ഥിക്കല്‍. ഇവയാണത്. ഇതിലപ്പുറം നമ്മുടെ നാട്ടില്‍ നടക്കുന്ന മരണപ്പെട്ടു പോയ മഹാത്മാക്കളെയും അവരുടെ ഹഖ്-ജാഹ്-ബര്‍ക്കത്തും തവസ്സുലാക്കിക്കൊണ്ടുള്ള തേട്ടം ഇസ്‌ലാം അനുവദിക്കാത്തതാണ്.

മാത്രമല്ല, നിരവധി അമ്പിയാക്കളുടെ പ്രാര്‍ത്ഥനകള്‍ ഖുര്‍ആന്‍ ഉദ്ധരിച്ചിട്ടുണ്ട്. എന്നാല്‍ അവയിലൊന്നില്‍ പോലും തങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞുപോയ പ്രവാചകന്മാരെക്കൊണ്ടോ അവരുടെ ഹഖ്-ജാഹ്-ബര്‍ക്കത്തുകൊണ്ടോ തവസ്സുല്‍ ചെയ്ത പ്രാര്‍ത്ഥനയില്ല എന്നതും ശ്രദ്ധേയമാണ്. അതിനാല്‍ അത്തരം തെറ്റായ തവസ്സുലിനെ നാം കയ്യൊഴിച്ചേ മതിയാകൂ.

വ്യവസായവല്‍ക്കരിക്കപ്പെടുന്ന ക്വബ്ർ സിയാറത്ത്

ആദം(അ)ന്റെ കാലം കഴിഞ്ഞ് പത്ത് തലമുറകള്‍ പിന്നിട്ടപ്പോഴാണ് മാനവരാശിയില്‍ ബഹുദൈവത്വം കടന്നു വന്നത്. അതായത് വദ്ദ് എന്ന മഹാന്‍ മരണമടഞ്ഞപ്പോള്‍ അദ്ദേഹത്തോട് അങ്ങേയറ്റം ആദരവുണ്ടായിരുന്നവരില്‍ വിശ്വാസപരമായ ദൗര്‍ബല്യമുണ്ടായിരുന്ന ചിലരെ മനുഷ്യകുലത്തിന്റെ ശത്രുവായ പിശാചിന് സ്വാധീനിക്കാന്‍ കഴിഞ്ഞു. ഓര്‍ക്കാന്‍ വേണ്ടി ചിത്രങ്ങളുണ്ടാക്കി വെക്കാനാണ് സ്‌നേഹനിധിയായ ഒരു ഗുണകാംക്ഷിയുടെ മട്ടില്‍ പിശാച് ആദ്യമായി അവരില്‍ ദുര്‍ബോധനം നല്‍കിയത്. ചിലര്‍ അങ്ങനെ ചെയ്തു. ചിലര്‍ ചിത്രങ്ങളുണ്ടാക്കുകയും ചിലര്‍ പ്രതിമകള്‍ നിര്‍മിക്കുകയും ചെയ്തു. അവര്‍ വദ്ദിനെ വിളിച്ചു പ്രാര്‍ത്ഥിക്കുകയോ ആരാധിക്കുകയോ ചെയ്തിരുന്നില്ല.

എന്നാല്‍ അടുത്ത തലമുറയിലെ ദുര്‍ബലരില്‍ മറ്റൊരു ദുര്‍ബോധനമാണ് പിശാച് നല്‍കിയത്. അതായത്, എത്രയോ രക്ഷിതാക്കള്‍ മരണപ്പെട്ടു പോയിട്ടുണ്ടെങ്കിലും വദ്ദിന്റെ മാത്രം ചിത്രങ്ങളും പ്രതിമകളും നാടു നീളെ സൂക്ഷിക്കപ്പെടാനുള്ള കാരണം അദ്ദേഹം റബ്ബിന്റെ അരികില്‍ ഉയര്‍ന്ന പദവി നേടിയ മഹാനായതു കൊണ്ടാണ്, പാപികളായ നിങ്ങള്‍ റബ്ബിനോട് നേരിട്ട് പ്രാര്‍ത്ഥന നടത്താതെ വദ്ദ് മുഖേന അവനിലേക്ക് അടുക്കുകയാണ് വേണ്ടതെന്നാണ് അവരെ ധരിപ്പിച്ചത്. അങ്ങനെ അവര്‍ വദ്ദിന്റെ ഖബറിങ്കൽ ഭജനമിരിക്കുകയും വദ്ദിനെ വിളിച്ചു തേടാന്‍ ആരംഭിക്കുകയും ചെയ്തു.

പിന്നീട് സുവാഅ് യഗൂഥ്, യഊക്വ്, നസ്വ്‌റ് എന്നിവരുടെ കാര്യത്തിലും ഇതേ ചരിത്രം ആവര്‍ത്തിച്ചു. ഖബറാളികളുടെ പൊരുത്തത്തിനു വേണ്ടി നേര്‍ച്ചകളും വഴിപാടുകളും സുജൂദും പ്രാര്‍ത്ഥനകളുമൊക്കെ യഥേഷ്ടം നടമാടാന്‍ തുടങ്ങി. അര്‍ഹതയില്ലാത്തവര്‍ പൂജിക്കപ്പെടുകയും പ്രാര്‍ത്ഥിക്കപ്പെടുകയും ചെയ്തു. പൂജാരിമാരും പുരോഹിതന്മാരും ഇതിനെ വരുമാനത്തിനുള്ള നല്ലൊരു മേഖലയായി വളര്‍ത്തി.

വിവാഹം നടക്കാനും കുട്ടികളുണ്ടാകാനും കടത്തില്‍ നിന്ന് കരകയറാനും മറ്റും മറ്റുമായി ആഗ്രഹ സഫലീകരണവും ദുരിതനിവാരണവും ലക്ഷ്യമിട്ട് സാക്ഷാല്‍ ആരാധ്യനായ സ്രഷ്ടാവിനെയല്ല, കേവലം സൃഷ്ടികളെയാണ് സമീപിക്കേണ്ടതെന്നും എങ്കിലേ എളുപ്പത്തില്‍ പരിഹാരം കിട്ടുകയുള്ളുവെന്ന മട്ടിൽ അത്ഭുതകഥകളും കറാമത്തു കഥകളും പാട്ടുകളുമൊക്കെ സമൂഹത്തില്‍ പ്രചരിപ്പിക്കപ്പെട്ടു.

‘നിശ്ചയം, ഭൂരിപക്ഷം പുരോഹിതന്മാരും പാതിരിമാരും ജനങ്ങളുടെ സ്വത്ത് അന്യായമായി ഭുജിക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് അവരെ തടയുകയും ചെയ്യുന്നു………’ (വിശുദ്ധക്വുര്‍ആന്‍ 9:34)

ഏകദൈവാരാധനയുടെ സന്ദേശം പഠിപ്പിക്കാന്‍ നിയുക്തരായ പ്രവാചകന്മാരെയെല്ലാം അവരുടെ കാലശേഷം അനുയായികള്‍ തന്നെ ധിക്കരിക്കാന്‍ തുടങ്ങി. പ്രവാചകരില്‍ അന്തിമനായ മുഹമ്മദ് നബി(സ) തന്റെ അനുയായികളെക്കുറിച്ചും അതേ ആശങ്ക പ്രകടിപ്പിച്ചു. നബി(സ) പറഞ്ഞു: ‘എന്റെ സമുദായം ചാണിനു ചാണായും മുഴത്തിനു മുഴമായും നിങ്ങളുടെ മുന്‍കഴിഞ്ഞവരുടെ ചര്യ പിന്തുടരുക തന്നെ ചെയ്യും.  സ്വഹാബികള്‍ പറഞ്ഞു: ഞങ്ങള്‍ ചോദിച്ചു: ജൂതക്രൈസ്തവരെയാണോ? അദ്ദേഹം പറഞ്ഞു: അല്ലാതെ മറ്റാര്?!’ (മുസ്‌ലിം).

തന്റെ അവസാന നാളുകളില്‍ നബി(സ) ആവര്‍ത്തിച്ചു പറഞ്ഞ ഒരു കാര്യമുണ്ട്, ‘ജൂതക്രൈസ്തവരെ അല്ലാഹു ശപിച്ചിരിക്കുന്നു, കാരണം അവര്‍ തങ്ങളുടെ നബിമാരുടെ (മഹാന്മാരുടേയും) ക്വബ്‌റുകളെ സുജൂദിന്റെ കേന്ദ്രങ്ങളാക്കിയിരിക്കുന്നു’.

മാത്രമല്ല, അദ്ദേഹം മനം നൊന്തു പ്രാര്‍ത്ഥിച്ചു: ‘അല്ലാഹുവേ, നീ എന്റെ ഖബർ ആരാധിക്കപ്പെടുന്ന വിഗ്രഹമാക്കരുതേ’. അതായത്, ബഹുദൈവാരാധകര്‍ വിഗ്രഹങ്ങള്‍ക്കരികില്‍ നടത്തുന്ന ആരാധനകള്‍ തന്റെ കബറിങ്കൽ നടക്കുമെന്ന് അദ്ദേഹം ഭയപ്പെടുകയും ചെയ്തിരുന്നുവെന്നു തീര്‍ച്ച.

ഇന്ന് മക്ബറകൾ പൗരോഹിത്യത്തിന്റെ വലിയ വിളവെടുപ്പു കേന്ദ്രങ്ങളാണ്. തിന്മകളുടെ കൂത്തരങ്ങുകളായ ഉറൂസുത്സവങ്ങളുടെ പേരില്‍ ഭൗതികവിഭവങ്ങള്‍ സ്വന്തമാക്കാനുള്ള മത്സരങ്ങള്‍ക്കിടയില്‍ മതത്തിന്റെ പവിത്രമായ കല്‍പനകളോരോന്നും ലംഘിക്കപ്പെടുന്ന കാഴ്ചയാണ് നാം കാണുന്നത്. പ്രമാണവിരുദ്ധമായ അത്തരം അത്യാചാരങ്ങള്‍ക്കെതിരെ പോരാടേണ്ട പണ്ഡിതരിലെ തന്നെ വലിയൊരു വിഭാഗം ഇത്തരം ഹറാമായ സമ്പാദ്യത്തിന്റെ പങ്കു പറ്റുകയും അവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വൈരുധ്യമാണിവിടെ നില നില്‍ക്കുന്നത്.

ക്വബ്‌റുകള്‍ കെട്ടിപ്പൊക്കുന്നത് പ്രവാചകന്‍ നിരോധിച്ചു. ഒരു ചാണില്‍ കൂടുതല്‍ ഒരാളുടെയും ക്വബ്ർ ഉയര്‍ത്താന്‍ പാടില്ലെന്ന് അദ്ദേഹം നിഷ്‌കര്‍ഷിച്ചു. ജാബിര്‍(റ) നിവേദനം ചെയ്യുന്ന നബിവചനം കാണുക: ‘ക്വബ്‌റുകള്‍ കുമ്മായമിടുന്നതും അതിന്മേല്‍ ഇരിക്കുന്നതും എടുപ്പുണ്ടാക്കുന്നതും നബി(സ) നിരോധിച്ചിരിക്കുന്നു’. എന്നിട്ടും മഹാന്മാരുടേതെന്ന പേരില്‍ എത്ര മക്ബറകളാണ് നാട്ടില്‍ കെട്ടി ഉയര്‍ത്തപ്പെടുന്നതും ഹറാമായ സുജൂദിന്റേയും വിളക്കു വെക്കലിന്റേയും ചന്ദനക്കുടം, ത്വവാഫ്, ഉറൂസ് തുടങ്ങിയവയുടേയും കേന്ദ്രങ്ങളായിത്തീരുന്നത്! എന്നാല്‍ നബി(സ) നിര്‍ദ്ദേശിച്ചതോ? അബുല്‍ ഹയ്യാജ്(റ)വില്‍ നിന്ന് നിവേദനം: അലി(റ) എന്നോടു പറഞ്ഞു: ‘നബി(സ) എന്നെ നിയോഗിച്ച അതേ കാര്യത്തിനു വേണ്ടി ഞാന്‍ താങ്കളെ നിയോഗിക്കുകയാണ്. ഒരു വിഗ്രഹവും തകര്‍ക്കാതെയും കെട്ടി ഉയര്‍ത്തപ്പെട്ട ഒരു ക്വബ്‌റും നിരപ്പാക്കാതെയും നീ വിടരുത്’ (സ്വഹീഹ് മുസ്‌ലിം). മുസ്‌ലിംകളുടെ ക്വബ്‌റുകളാണ് അദ്ദേഹം ഇവിടെ ഉദ്ദേശിച്ചതെന്ന് മുസ്വന്നഫ് അബ്ദിറസാക്വില്‍ വ്യക്തമാക്കിയിട്ടുണ്ട്. മഹോന്നതരില്‍ മഹോന്നതനായ നബി(സ)യുടെ ക്വബ്ർ പോലും ഒരു ചാണ്‍ മാത്രമാണ് ഉയര്‍ത്തപ്പെട്ടതെന്ന് സ്വഹീഹായ ഹദീഥുകളില്‍ വ്യക്തമാണ്. 

ശാഫീ മദ്ഹബിലെ പ്രഗത്ഭ പണ്ഡിതനായ ഇബ്‌നു ഹജറുല്‍ ഹൈഥമി എഴുതി: ‘കെട്ടിപ്പൊക്കിയ ക്വബ്‌റുകളും അതിന്മേലുള്ള ക്വുബ്ബകളും പൊളിച്ചു നീക്കല്‍ നിര്‍ബന്ധമാണ്. എന്തുകൊണ്ടെന്നാല്‍ അത് (കപടവിശ്വാസികളുടെ) മസ്ജിദുദ്ദിറാറിനേക്കാള്‍ അപകടകാരിയാണ്. ഇത്തരം ജാറങ്ങളും ക്വുബ്ബകളും നിര്‍മിക്കപ്പെട്ടത് നബി(സ)യുടെ കല്‍പന ധിക്കരിച്ചു കൊണ്ടുമാണ്. കാരണം നബി(സ) അതെല്ലാം നിരോധിച്ചി രിക്കുന്നു’ (സവാജിര്‍ 1/149).

ഉറ്റവരുടേയും ഉടയവരുടേയും ക്വബ്ർ സിയാറത്തു ചെയ്യുന്നത് പുരുഷന്മാര്‍ക്ക് പുണ്യമുള്ള കാര്യമാണ്. അത് മരണത്തേയും പരലോകത്തേയും ഓര്‍മിപ്പിക്കുമെന്ന് നബി(സ) വ്യക്തമാക്കി. ക്വബ്‌റാളികള്‍ക്കു വേണ്ടി അല്ലാഹുവോടു പ്രാര്‍ത്ഥിക്കുകയും അവര്‍ക്കു വേണ്ടി സലാം പറയുകയുമാണ് നമുക്കു ചെയ്യാനുള്ളത്.

മരണത്തെ ഓര്‍ക്കാനാണ് നബി(സ) ഖബര്‍ സിയാറത്ത് അനുവദിച്ചതെങ്കില്‍, ദുനിയാവിനെ ഓര്‍ക്കാനും പണ സമ്പാദനത്തിനുള്ള മാര്‍ഗമാക്കാനുമാണ് ഖബര്‍ സിയാറത്തിന്റെ മറവില്‍ പൗരോഹിത്യം പരിശ്രമിച്ചത്.

എന്നാല്‍ ക്വബ്ർ സിയാറത്ത് ലക്ഷ്യം വെച്ച് പ്രത്യേക മക്ബറകളിലേക്കും പള്ളികളിലേക്കും തീര്‍ത്ഥാടനം നടത്തുന്നത് അനുവദനീയമല്ല. മൂന്നു പള്ളികളിലേക്കല്ലാതെ തീര്‍ത്ഥാടനം പാടില്ല. മക്കയിലെ മസ്ജിദുല്‍ ഹറം, മദീനയി ലെ മസ്ജിദുന്നബവി, ഫലസ്തീനിലെ മസ്ജിദുല്‍ അക്‌സാ എന്നിവയാണവ. ഇതല്ലാത്ത ഏതൊരു കേന്ദ്രത്തിലേക്കുള്ള പുണ്യം പ്രതീക്ഷിച്ചു കൊണ്ടുള്ള സിയാറത്തു ടൂറുകളും പ്രവാചകചര്യക്കു വിരുദ്ധവും എതിര്‍ക്കപ്പെടേണ്ടതുമാണ്.

പരലോകത്ത് താങ്ങാനാവാത്ത ഖേദം വരുത്തുന്ന ശിക്ഷകളില്‍ നിന്ന് കരകയറാന്‍ സമൂഹത്തെ സഹായിക്കുകയെന്ന ഗുണകാംക്ഷ മാത്രമാണ് ഇത്തരം ബോധവല്‍ക്കരണങ്ങളുടെ പിന്നിലെന്ന് ഉള്‍ക്കൊള്ളുക. നാളെ നാഥനെ വിചാരണക്കായി തനിച്ചു സമീപിക്കേണ്ടി വരുന്ന യാഥാര്‍ത്ഥ്യത്തെ ക്കുറിച്ച് നന്നായി ആലോചിക്കുക. ശിര്‍ക്കും കുഫ്‌റും കലര്‍ന്ന അത്യാചാരങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും അകന്നു നില്‍ക്കാന്‍ ജാഗ്രത പുലര്‍ത്തുക. പൗരോഹിത്യത്തിന്റെ കെണികളില്‍ നിന്ന് കരകയറാനും പ്രമാണ ബദ്ധമായി ഇസ്‌ലാമികാദര്‍ശങ്ങള്‍ പഠിച്ചുള്‍ക്കൊള്ളാനും പ്രചരിപ്പിക്കാനും പ്രപഞ്ചനാഥന്‍ അനുഗ്രഹിക്കുമാറാകട്ടെ. 

മാലമൗലീദുകള്‍: പൗരോഹിത്യം മാപ്പു പറയണം

വിശ്വാസപരമായും ആചാരപരമായും സാംസ്‌കാരികമായും അങ്ങേയറ്റം ദുഷിച്ച ജാഹിലിയ്യാ ജനതയില്‍ വിശുദ്ധക്വുര്‍ആനിലൂടെയും തന്റെ ജീവിത മാതൃകയിലൂടെയും അതുല്യമായ മാറ്റം വരുത്താന്‍ മുഹമ്മദ് നബി(സ)ക്ക് സാധിച്ചു. സൃഷ്ടിപൂജയില്‍ നിന്ന് അവരെ മോചിപ്പിക്കുകയും സ്രഷ്ടാവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കാവൂ, ആരാധിക്കാവൂ എന്ന തത്വത്തിലേക്ക് അവരെ നയിക്കുകയും ചെയ്തു അദ്ദേഹം. അതോടൊപ്പം പില്‍ക്കാലത്ത് മതത്തില്‍ വീണ്ടും അപചയങ്ങള്‍ കടന്നുകൂടുന്നതിനെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പു നല്‍കുകയും ചെയ്തു.

ആ സമയത്ത് വഴി തെറ്റിപ്പോകാതിരിക്കാന്‍ വിശുദ്ധക്വുര്‍ആനും തിരുസുന്നത്തും മുറുകെപ്പിടിക്കുക മാത്രമാണ് പോംവഴിയെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രവാചകന്റെ പ്രവചനപ്രകാരം ചാണിനു ചാണായും മുഴത്തിനു മുഴമായും ജൂതക്രൈസ്തവരുടെ മാര്‍ഗത്തില്‍ പില്‍ക്കാലത്ത് മുസ്‌ലീം സമുദായം പ്രവേശിക്കുക തന്നെ ചെയ്തു. ക്വുര്‍ആന്‍ കേവല പാരായണത്തി നുള്ള ഗ്രന്ഥമായി മാറുകയും ഒരു വേള എഴുതിക്കെട്ടാനും കലക്കിക്കുടിക്കാനുമുള്ള ഒറ്റമൂലികളായി കാണുകയും ആരെങ്കിലും അത് പാരായണം ചെയ്യുന്നുവെങ്കില്‍ റമദാന്‍ മാസത്തില്‍ മാത്രമോ മരണവീടുകളിലോ ആയി മാറുകയും ചെയ്തു. സുന്നത്താകട്ടെ പഠിക്കുന്നതും പകര്‍ത്തുന്നതും പാടെ അവഗണിക്കപ്പെട്ടു. ക്വുര്‍ആന്‍ ഓതുന്നതും പഠിക്കുന്നതും പ്രത്യേകം പുണ്യം പോലുമില്ലെന്നു പോലും ഗ്രന്ഥമെഴുതി പഠിപ്പിക്കുന്ന സാഹചര്യമുണ്ടായി.

പകരം ഇരുട്ടിന്റെ ശക്തികളായ മതമേലാളന്മാര്‍ മാലപ്പാട്ടുകളും മൗലിദുകളും ക്വുത്വുബിയ്യത്ത് റാത്തീബ് ഹദ്ദാദ് മുതല്‍ പക്ഷിപ്പാട്ട്, കുപ്പിപ്പാട്ട് കപ്പപ്പാട്ട് വരെയുള്ള സംഗതികളും മുസ്‌ലിംകള്‍ക്കിടയില്‍ പ്രചരിപ്പിച്ചു. മാറിവന്ന തലമുറകള്‍ വാസ്തവമറിയാതെ പിതാക്കളെയും പൗരോഹിത്യത്തേയും അന്ധമായി അനുകരിച്ചു. അങ്ങനെ അവയൊക്കെ പുണ്യം നിറഞ്ഞ നേര്‍ച്ചപ്പാട്ടുകളായി നാട്ടില്‍ സ്ഥാനം പിടിച്ചു. ചില തലമുറകള്‍ പിന്നിട്ടപ്പോഴേക്കും പ്രസവനേരത്തും മരണവീടുകളിലും കല്യാണസദസ്സിലും രോഗശയ്യയിലും സന്തോഷത്തിലും സന്താപത്തിലുമൊക്കെ ഈ മാലപ്പാട്ടുകള്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതും ദീനീ പരിവേഷമുള്ളതുമായിത്തീര്‍ന്നു.

അല്ലാഹുവെക്കൂടാതെ അവന്റെ സൃഷ്ടികളെ വിളിച്ചു പ്രാര്‍ത്ഥിക്കുന്ന വരികളും അല്ലാഹുവിന്റെ സ്ഥാനവും പദവിയും സൃഷ്ടികള്‍ക്ക് വക വെച്ചു കൊടുക്കുന്ന വരികളും ഇവയിലുണ്ടെന്ന ഗൗരവം മനസ്സിലാക്കാതെ സാധാരണക്കാര്‍ ഇവ പ്രാധാന്യപൂര്‍വം ചൊല്ലിപ്പോരുന്നു. ഇതു ബോധ്യപ്പെടു ത്തിക്കൊടുക്കേണ്ട പണ്ഡിതരില്‍ വലിയൊരു വിഭാഗം ഇവക്കു പ്രോത്സാഹനം നല്‍കുകയും പാമരന്മാരായ സാധാരണക്കാരെ ചൂഷണം ചെയ്യുകയുമാണ് ചെയ്യുന്നത്.

അഹ്‌ലുസ്സുന്നത്തിനെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ജൂതനായ ഇബ്‌നു സബഅ് രൂപം കൊടുത്ത ശിയാഇസമാണ് ക്വുര്‍ആനിന്റേയും സുന്നത്തിന്റേയും സ്ഥാനത്ത് ഗാനങ്ങളും കെട്ടുകഥകളും കൊണ്ടുവരാന്‍ യത്‌നിച്ചത്. ശിയാസ്വാധീനത്തില്‍ ക്വബ്ര്‍ പൂജയോടൊപ്പം അത്തരം പിഴച്ച രീതികള്‍ നമ്മുടെ നാട്ടിലും അനുകരിക്കപ്പെട്ടു. ദീനെന്നാല്‍ കേവലം ചില പാട്ടുത്സവങ്ങളാണെന്ന തരംതാണ ധാരണ പ്രചരിപ്പിക്കപ്പെട്ടു.

അങ്ങനെ നമ്മുടെ നാട്ടില്‍ ഏറെ പ്രചാരത്തിലുള്ള മാലമൗലിദുകളില്‍ സ്ഥാനം പിടിച്ച ശിര്‍ക്കിന്റേയും കുഫ്‌റിന്റേയും ചില ഉദാഹരണങ്ങള്‍ കാണുക. നബി(സ)യെ വിളിച്ചു പ്രാര്‍ത്ഥിക്കുകയും അല്ലാഹുവിന്റെ മാത്രം വിശേഷണങ്ങള്‍ നബി(സ)ക്ക് വകവെച്ചു കൊടുക്കുന്നതുമായ നിരവധി ശിര്‍ക്കന്‍ വരികള്‍ പോലും മൗലിദ് കിത്താബുകളില്‍ കാണാന്‍ കഴിയും

ശര്‍റഫല്‍ അനാം മൗലിദില്‍:

(ആകാശഭൂമികളുടെ കേന്ദ്രബിന്ദുവും ഗൗഥുമായ മഹാനവര്‍കളേ, ആകാശലോകത്തും ഭൂമിലോകത്തുമുള്ളവര്‍ക്ക് ഉപകാരപ്രദമായ അരുവിയും മഴയും വെള്ളവും ഒഴുക്കുന്ന മഹാനേ)

എത്ര ഗുരുതരമാണ് ഇത്തരം വരികളെന്ന് ചിന്തിച്ചു നോക്കൂ. അല്ലാഹു പറയുന്നു: ‘നിശ്ചയം, പള്ളികള്‍ അല്ലാഹുവിന്നുള്ളതാണ്. അതിനാല്‍ അല്ലാഹുവിന്റെ കൂടെ ഒരാളെയും നിങ്ങള്‍ വിളിച്ചുപ്രാര്‍ത്ഥിക്കരുത് (വിശുദ്ധ ക്വുര്‍ആന്‍ 72:18). ഇങ്ങനെ അല്ലാഹുവില്‍ പങ്കു ചേര്‍ക്കുന്നത് സ്വര്‍ഗം നിഷിദ്ധമാക്കുമെന്നും നരകം നിര്‍ബന്ധമാക്കുമെന്നും പ്രമാണങ്ങളിലൂടെ പഠിച്ചു മനസ്സിലാക്കുന്ന ഒരു വ്യക്തിക്ക് ഇത്തരം മാലപ്പാട്ടുകളും മൗലിദ് ബൈത്തുകളും എങ്ങനെ ചൊല്ലാന്‍ കഴിയും!

മാലപ്പാട്ടുകള്‍ക്കൊപ്പം ചൊല്ലപ്പെടുന്ന ചില വ്യാജസ്വലാത്തുകളുടേയും അവസ്ഥ ഇതു തന്നെയാണ്. നാരിയ സ്വലാത്തില്‍ അല്ലാഹുവിന്റെ വിശേഷണങ്ങള്‍ നബി(സ)ക്ക് വകവെച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. നബിയെക്കൊണ്ട് എല്ലാ കെട്ടുകളും അഴിയും. ദുരിതങ്ങള്‍ നീങ്ങും. ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടും. ആഗ്രഹങ്ങള്‍ സഫലീകരിക്കപ്പെടും…….’എന്നിങ്ങനെയുള്ള വരികളുള്ളതിനാല്‍ നാരിയസ്വലാത്ത് ശിര്‍ക്കിലേക്കും അതു വഴി നരകത്തിലേക്കുമാണ് നയിക്കുക. താജുസ്സ്വലാത്തും കമാലിയ്യാ സ്വലാത്തുമടക്കം പുരോഹിതന്മാര്‍ പഠിപ്പിക്കുന്ന മിക്ക സ്വലാത്തുകളും കടുത്ത അപകടവും ശിര്‍ക്കും നിറഞ്ഞവയാണ്.

കേവലം മുന്നൂറു വര്‍ഷം മുമ്പു മാത്രം രചിക്കപ്പെട്ട ക്വുത്തുബിയത്തും നാനൂറു വര്‍ഷം മുമ്പു മാത്രം എഴുതപ്പെട്ട മുഹ്‌യിദ്ദീന്‍ മാലയും അറുനൂറു കൊല്ലം മുമ്പ് മൊറോക്കോയില്‍ ഉണ്ടാക്കപ്പെട്ട നാരിയ സ്വലാത്തും എഴുനൂറു കൊല്ലം മുമ്പു മാത്രം രചിക്കപ്പെട്ട ബുര്‍ദബൈത്തുകളുമൊക്കെ പ്രവാചകന്റെ കാലത്ത് പൂര്‍ത്തീകരിക്കപ്പെട്ട ഇസ്‌ലാമിന്റെ ചിഹ്‌നങ്ങളായി ഗണിക്കപ്പെടുന്നതും ഒരു പിഴവും കൂടാതെ ചൊല്ലിത്തീര്‍ക്കുന്നവര്‍ക്ക് സ്വര്‍ഗത്തില്‍ മണിമേടം കിട്ടാന്‍ അവ പര്യാപ്തമാണെന്നു വിശ്വസിക്കുന്നതും എത്ര പരിതാപകരമാണ്!

ഇങ്ങനെയൊക്കെയെങ്കിലും കേരളത്തിലെ നവോത്ഥാന പ്രസ്ഥാനത്തിന്റെ വിശ്രമമില്ലാത്ത പ്രബോധനവും ക്വുര്‍ആന്‍ ആശയങ്ങളുടെ തനതായ പ്രചാരണവും ഈ സമൂഹത്തില്‍ ഒട്ടൊന്നുമല്ല വെളിച്ചം വിതറിയതും തിന്മകളില്‍ നിന്നും അന്ധവിശ്വാസങ്ങളില്‍ നിന്നും കരകയറ്റിയിട്ടുള്ളതും. എത്രത്തോളമെന്നാല്‍, പിഴച്ച മാലപ്പാട്ടുകളുടേയും ശിര്‍ക്കിന്റേയും കുഫ്‌റിന്റേയും വരികള്‍ നിറഞ്ഞ ബൈത്തുകളുടേയുമൊക്കെ നിജസ്ഥിതി അര്‍ത്ഥ സഹിതം തിരിച്ചറിയാന്‍ നാട്ടുകാര്‍ക്ക് അവസരമുണ്ടായിത്തുടങ്ങുകയും ക്വുര്‍ആനിന്റേയും തിരുസുന്നത്തിന്റേയും ആശയങ്ങള്‍ അവര്‍ തിരിച്ചറിയുകയും ചെയ്തതോടെ പൗരോഹിത്യം തന്നെ അങ്കലാപ്പിലായിരിക്കുകയാണ്.

മാത്രവുമല്ല ‘സംവാദ വീരന്മാരായി’ സ്വയം പരിചയപ്പെടുത്താറുള്ള ചില പണ്ഡിതന്മാര്‍ നാട്ടില്‍ ഏറ്റവും പ്രചാരത്തിലുള്ള മൗലിദുകളെത്തന്നെ തള്ളിപ്പറയാന്‍ ഇപ്പോള്‍ തയ്യാറായിരിക്കുകയാണ്. പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത വല്ലപ്പുഴയില്‍ അടുത്ത കാലത്തു നടന്ന മാലമൗലിദുകള്‍ സംബന്ധിച്ച ഒരു സംവാദവ്യവസ്ഥയില്‍, അബദ്ധങ്ങളില്ലെന്ന് സധൈര്യം പറയാവുന്ന(!) മൗലിദുകള്‍ കേവലം അഞ്ചെണ്ണം മാത്രമാണെന്നും നാട്ടില്‍ പ്രചരിപ്പിക്കപ്പെട്ടിട്ടുള്ള ഏഴായിരത്തിലധികം വരുന്ന മൗലിദുകള്‍ ഇനിയും പരിശോധനാ വിധേയമാക്കേണ്ടതുണ്ടെന്നുമാണ് സക്വാഫി മുസ്‌ല്യാന്മാരുടെ ഒരു കൂട്ടം പറഞ്ഞത് (വീഡിയോ ലഭ്യം). അംഗീകരിക്കുന്നുവെന്നു പറഞ്ഞതില്‍ തന്നെ ശിര്‍ക്കന്‍ വരികള്‍ക്ക് ഒരു പഞ്ഞവുമില്ലതാനും.

നാട്ടിലെ ഏറിയ കൂറും ചൊല്ലിപ്പോരുന്ന ദശക്കണക്കിന് മാലമൗലിദുകള്‍ അങ്ങനെത്തന്നെ അംഗീകരിക്കാന്‍ കഴിയില്ലെന്നു പറയുകയും മാല ചൊല്ലുന്നത് പുണ്യമാണെന്നു തെളിയിക്കാന്‍ സന്നദ്ധമാവാതിരിക്കുകയും ചെയ്യുന്ന പൗരോഹിത്യം പാമരന്മാരെ ഇവ മുഖേന ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കുകയും സമൂഹത്തോടു മാപ്പു പറഞ്ഞ് അല്ലാഹുവിലേക്കു ഖേദിച്ചു മടങ്ങുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. സമൂഹം തിരിച്ചു നടക്കട്ടെ ഇസ്‌ലാമിന്റെ മൗലിക പ്രമാണങ്ങളിലേക്ക്.

പറയുക: ഞാന്‍ എന്റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കൂ. ഒരിക്കലും ഞാന്‍ അവനില്‍ പങ്കു ചേര്‍ക്കുകയില്ല’ (വിശുദ്ധ ക്വുര്‍ആന്‍ 72:20).

മാനവതയ്ക്ക് ഗുണം മാത്രം കാംക്ഷിക്കുന്ന ദൈവിക മതത്തെ, ഇസ്‌ലാമിനെ തെളിവുകളിലൂടെ പഠിച്ചറിയുകയും പവിത്രമായ പാതയിലൂടെ ജീവിതം നയിക്കുകയും ചെയ്യാന്‍ പ്രപഞ്ചനാഥന്‍ അനുഗ്രഹിക്കുമാറാകട്ടെ,.   

ത്വരീക്വത്ത്, തബ്‌ലീഗ്, ശിആയിസം

ഇസ്‌ലാമിന്റെ പൊയ്മുഖമണിഞ്ഞ് സമൂഹത്തില്‍ പ്രത്യക്ഷപ്പെടാറുള്ള ചിന്താധാരകളില്‍പ്പെട്ടതാണ് ത്വരീക്വത്ത് പ്രസ്ഥാനങ്ങളും തബ്‌ലീഗും ശിയാഇസവുമെല്ലാം. അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ആശയാദര്‍ശങ്ങളുടെ അടിത്തറയായ ക്വുര്‍ആനിന്റെ മുന്നില്‍ നിഷ്പ്രഭരായ ജൂതസമൂഹം ക്വുര്‍ആന്‍ തിരുത്തുന്നതില്‍ സമ്പൂര്‍ണ്ണമായി പരാജയപ്പെട്ടപ്പോള്‍ ക്വുര്‍ആനിന്ന് പുത്തന്‍ വ്യാഖ്യാനങ്ങള്‍ നല്‍കി മുസ്‌ലിം സമൂഹത്തെ വഴിതെറ്റിക്കാന്‍ ആസൂത്രിതമായി രൂപം നല്‍കിയ ചിന്താധാരകളിലൊന്നാണ് ശിയാഇസം.

അബ്ദുല്ലാഹിബ്‌നു സബആണ് ശിആയിസം എന്ന കുഴപ്പത്തിന്ന് തുടക്കം കുറിച്ചത്. സുറാറത്ത്, അബൂബസ്വീര്‍, അബ്ദുല്ലാഹിബ്‌നു യഅ്ഫൂര്‍, അബൂമിഖ്‌നഫ് തുടങ്ങിയ മതഭ്രഷ്ടരും അയാളോടൊപ്പം ചേര്‍ന്നു. അലിയുടെ പേരിലേക്കാണ് ഈ കക്ഷി ചേര്‍ക്കപ്പെടുന്നതെങ്കിലും അലി(റ)ന് ഈ കക്ഷിയുമായി ബന്ധമൊന്നുമില്ല. ഉഥ്മാനു ബ്‌നു അഫ്ഫാന്‍(റ)വിനെ ഉപരോധിച്ച് വധിച്ചത് ഇസ്‌ലാമിന്റെ വേഷം ധരിച്ച ജൂതനായ അബ്ദുല്ലാഹിബ്‌നു സബഇന്റെ ഈ സംഘമാണ്.

ലോകഭരണത്തിനുള്ള അവകാശം നിശ്ചിത ഇമാമുമാര്‍ക്കു മാത്രം എന്ന ഇമാമത്ത് (ഹാകിമിയ്യത്ത്) സിദ്ധാന്തത്തെ ഇസ്‌ലാമിന്റെ അടിസ്ഥാന സിദ്ധാന്തമാക്കുകയും സ്വഹാബികളില്‍ മൂന്നോ നാലോ പേരൊഴികെ ബാക്കിയെല്ലാവരും പിഴച്ചവരും സ്വജനപക്ഷപാതികളും കാഫിറുകളുമെന്നൊക്കെ വിധിയെഴുതുകയും നിലവിലുള്ള ക്വുര്‍ആന്‍ അവിശ്വസിക്കുകയും ഹദീഥ്ഗ്രന്ഥങ്ങള്‍ മുഴുവന്‍ തള്ളിക്കളഞ്ഞ് വ്യാജഹദീഥുകള്‍ സൃഷ്ടിച്ച് അവ പ്രമാണമാക്കുകയും അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ വിശ്വാസത്തില്‍ നിന്ന് പുറത്തു പോവുകയും ചെയ്തവരാണ് ശിയാ പ്രസ്ഥാനം.

ഈ ശിയാക്കളിലൂടെയാണ് പിഴച്ച ത്വരീക്വത്തിന്റെ ചിന്തകള്‍ ആദ്യമായി പുറത്തുവന്നത്. ത്വരീക്വത്ത് എന്നാല്‍ മാര്‍ഗം എന്നര്‍ത്ഥം. തെരഞ്ഞെടുക്കപ്പെട്ട ചില ശൈഖുമാരിലൂടെ അവര്‍ക്ക് ബൈഅത്ത് ചെയ്ത് ഒരു മയ്യിത്തു കണക്കെ ചിന്തകളോ പ്രമാണപരിശോധനയോ ഇല്ലാതെ അവര്‍ ജല്‍പിക്കുന്ന ദിക്‌റുകളും ആരാധനകളും നിര്‍വഹിച്ചു കൊണ്ട് സ്വീകരിക്കുന്ന സൂഫീ മാര്‍ഗമാണ് ജീവിത മോക്ഷത്തിന് ഇസ്‌ലാം നിശ്ചയിച്ചത് എന്ന തെറ്റായ വിശ്വാസമാണ് തരീക്വത്ത് പ്രസ്ഥാനങ്ങളായി നമ്മുടെ നാട്ടില്‍ അറിയപ്പെടുന്നത്.

യഥാര്‍ത്ഥത്തില്‍ മുഹമ്മദ് നബി(സ) വിശുദ്ധ ക്വുര്‍ആനിന്റെ ആയത്തുകള്‍ ഓതിക്കേള്‍പ്പിച്ചു കൊണ്ട് സ്വഹാബത്തിനെ പഠിപ്പിച്ചതും പരിശീലിപ്പിച്ചതുമാണ് ഇസ്‌ലാം. മുഹമ്മദ് നബി(സ) വരച്ചു കാണിച്ചതല്ലാത്ത ഒരു തരീക്വത്ത് (മാര്‍ഗം) അതിന്ന് ഉണ്ടായിക്കൂടാ. ഇതത്രെ എന്റെ നേരായ മാര്‍ഗം. നിങ്ങള്‍ അതു പിന്തുടരുക. മറ്റു മാര്‍ഗങ്ങള്‍ നിങ്ങള്‍ പിന്‍പറ്റരുത്. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാര്‍ഗത്തില്‍ നിന്ന് നിങ്ങളെ ശിഥിലമാക്കിക്കളയും. നിങ്ങള്‍ സൂക്ഷ്മത പാലിക്കാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണത്’ (വി:ക്വു: 6:153)

ഇസ്‌ലാമിക പ്രമാണങ്ങളെ നേരിടാന്‍ കെൽപ്പില്ലാത്ത ജൂതന്മാരും അവര്‍ വളര്‍ത്തിയെടുത്ത ഓറിയന്റലിസ്റ്റുകളും ഇസ്‌ലാമിക നിലപാടുകളെ വളച്ചൊടിക്കാന്‍ പല തരം കൃത്രിമങ്ങള്‍ നടത്തിയിട്ടുണ്ട്. പിഴച്ച കക്ഷികളുടെ ജനനം ആ രൂപത്തിലാണെന്നു ചരിത്രം വ്യക്തമാക്കുന്നു. ഈ പ്രപഞ്ചവും അതിലുള്ള സകലതും അല്ലാഹുവിന്റെ കേവലം സൃഷ്ടികളാണെന്നും സാക്ഷാല്‍ ആരാധ്യന്‍ ഏകനും അതുല്യനും സ്രഷ്ടാവുമായ അല്ലാഹു മാത്രമാണെന്നുമുള്ള ഇസ്‌ലാമിക അധ്യാപനങ്ങളെ തള്ളുകയും സൃഷ്ടികളെല്ലാം സൃഷ്ടാവിന്റെ തന്നെ ഭാഗമാണെന്നും സൃഷ്ടാവിൽ വലയം പ്രാപിക്കലാണ് സൃഷ്ടികളുടെ ലക്ഷ്യമെന്നും സ്വര്‍ഗം മോഹിക്കുന്നതും നരകം പേടിക്കുന്നതും പൂര്‍ണമനുഷ്യന്റെ ലക്ഷണമല്ലെന്നുമാണ് എല്ലാ ത്വരീക്വത്തിന്റേയും അടിസ്ഥാനവിശ്വാസം. ഇസ്‌ലാമിക വിശ്വാസത്തിനു വിരുദ്ധമായി പിഴച്ച അദ്വൈതത്തെ വഹ്ദത്തുല്‍ വുജൂദ് എന്നു പേരിടുകയും അല്ലാഹുവിനു വിശുദ്ധ ക്വുര്‍ആനോ സ്വഹീഹായ ഹദീഥുകളോ നല്‍കാത്ത നാമങ്ങളും വിശേഷണങ്ങളും നല്‍കി അവയില്‍ കൃത്രിമം കാണിക്കുകയും ചെയ്യുകയാണ് ത്വരീക്വത്തുകാരുടെ രീതി.

ആദിയില്‍ അല്ലാഹുവിന്റെ പ്രകാശത്തില്‍ നിന്ന് മുഹമ്മദ് നബി(സ) ഉണ്ടായിയെന്നും മുഹമ്മദില്‍ നിന്ന് ആദമും പിന്നെ അമ്പിയാക്കളും ഔലിയാക്കളുമായി മാറിയത് അല്ലാഹുവിന്റെ ഒളി തന്നെയാണെന്നുമുള്ള വ്യാജജല്‍പനത്തിന്റേയും നബി പ്രകാശകഥയുടേയും അടിത്തറയിലാണ് സകല സൂഫീ ത്വരീക്വത്തുകളും പടുത്തുയര്‍ത്തപ്പെട്ടിരിക്കുന്നത്. അവരുടെ ജല്‍പനങ്ങളില്‍ നിന്ന് പരമപരിശുദ്ധനും ഉന്നതനുമാണ് സാക്ഷാല്‍ ആരാധ്യനായ അല്ലാഹു.

‘ഞാന്‍ അല്ലാഹുവിന്റെ പ്രതിനിധിയാണ്’ എന്ന് വാദിച്ചുകൊണ്ട് ഇബ്‌നു അറബി എന്ന ഒരു സൂഫീത്വരീക്വത്തിന്റെ ആചാര്യനാണ്  ത്വരീക്വത്തിന്റെ പിഴച്ച സിദ്ധാന്തങ്ങള്‍ ആദ്യമായി ജനകീയമാക്കാന്‍ ശ്രമിച്ചത്. വിവിധ ശൈഖുമാരുടെ പേരില്‍ ഇതേ തത്വങ്ങള്‍ പരസ്പരം മത്സരിച്ചു കൊണ്ടാണെങ്കിലും ശിയാക്കളിലൂടെയും മറ്റു പിഴച്ച കക്ഷികളിലൂടെയും വേരു പിടിക്കുകയുണ്ടായി.

ത്വരീക്വത്തിലേക്ക് അഥവാ സൂഫിസത്തിലേക്ക് ചേര്‍ത്തു പറയുകയും അതിലേക്കു ക്ഷണിക്കുകയും ചെയ്യുന്ന നിരവധി കക്ഷികളുണ്ട്. ശാദുലിയ്യ, തീജാനിയ്യ, നഖ്ശബന്ദിയ, ക്വാദിരിയ്യ,  രിഫാഇയ്യ, മൗലവിയ്യ, ബറയല്‍വിയ്യ എന്നിങ്ങനെ വിവിധ ശൈഖുമാരിലേക്കു ചേര്‍ക്കപ്പെടുന്ന ത്വരീക്വത്ത് പ്രസ്ഥാനങ്ങള്‍ ഇന്ത്യയടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സജീവമാണ്.

സുന്നത്തിനെ പാടേ അവഗണിക്കുകയും സൂഫികള്‍ പടച്ചുണ്ടാക്കുന്ന ഇസ്‌ലാമിക വിരുദ്ധമായ സംഗീതവും നൃത്തവും അടക്കം പുണ്യാരാധനകളായി അംഗീകരിക്കപ്പെടുകയും പള്ളികളേക്കാള്‍ ഖാന്‍ഖാഹുകള്‍ക്ക് പ്രാധാന്യം കൊടുത്ത് ഒരു തരം ലഹരി വിശ്വാസം ഇസ്‌ലാമിന്റെ പേരില്‍ അവതരിപ്പിക്കുകയും ചെയ്തു കൊണ്ട് പാമരന്മാരെ സംഘടിപ്പിക്കുകയാണ് ശിയാ വിശ്വാസത്തിന്റേയും ത്വരീക്വത്തിന്റേയും ശൈലി. ഇന്ന് നമ്മുടെ നാട്ടില്‍ കാണുന്ന കുത്ത് റാത്തീബുകളുടേയും തുള്ളല്‍ ദിക്‌റുകളുടേയും ഉറവിടവും ഇതേ ത്വരീക്വത്തുകളാണ്.

പിഴച്ച ഈ ത്വരീക്വത്തുകളെ പുനര്‍ജീവിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തബ്‌ലീഗ് ജമാഅത്ത് എന്ന പ്രസ്ഥാനം വടക്കേ ഇന്ത്യയില്‍ സ്ഥാപിക്കപ്പെട്ടത്. അതിന്റെ സ്ഥാപകനായ മുഹമ്മദ് ഇല്‍യാസ് ഖാദിരിയ്യാ, ചിശ്ത്തിയ്യ, നക്വ്ശബന്ദിയ തുടങ്ങി വിവിധ ത്വരീക്വത്തുകളുടെ ശൈഖായി പരിചയപ്പെടുത്തപ്പെടാറുള്ളയാളാണ്. ഇസ്‌ലാമിന്റെ ഏതൊരു കാര്യത്തിനും വിശുദ്ധ ക്വുര്‍ആനും തിരുസുന്നത്തുമാണ് പ്രമാണങ്ങളെങ്കില്‍ സൂഫികളെപ്പോലെ കശ്ഫിന്റെ ഇല്‍മിനെ (ശൈഖിന്റെ സ്വപ്ന വെളിപാടിനെ) തെളിവാക്കുന്നവരാണ് തബ്‌ലീഗുകാര്‍. തബ്‌ലീഗ് ജമാഅത്ത് എന്ന സംഘടന രൂപീകരിക്കപ്പെട്ടതും ഗസ്ത് പോകേണ്ട രൂപങ്ങള്‍ ഗ്രഹിച്ചതും പ്രമാണങ്ങളില്‍ നിന്നല്ല, മറിച്ച് മുഹമ്മദ് ഇല്‍യാസ് സ്വപ്നം(!) കണ്ടതാണെന്ന് അമലുകളുടെ മഹത്വങ്ങള്‍ വിശദീകരിക്കുന്ന ഗ്രന്ഥങ്ങളില്‍ അവര്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രവാചകന്മാരുടേതല്ലാത്ത സ്വപ്നമൊന്നും മതപരമായി പ്രമാണമായി അംഗീകരിച്ചുകൂടാ എന്നതാണ് അഹ്‌ലുസ്സുന്നത്തിന്റെ വിശ്വാസം.

‘ഏയ്, വേദക്കാരേ നിങ്ങള്‍ മതത്തില്‍ അതിരുകവിയരുത്’ എന്ന് വിശുദ്ധ ക്വുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ വിശ്വാസത്തിലും ആരാധനകളിലുമെല്ലാം അതിരുവിട്ട സമീപനമാണ് ബിദ്അത്തിന്റെ കക്ഷികളില്‍പ്പെട്ട തബ്‌ലീഗ് ജമാഅത്തുകാരും സൂഫീമാര്‍ഗത്തില്‍ പ്രവേശിച്ച സകല കക്ഷികളും അനുവര്‍ത്തിക്കുന്നതെന്നു കാണാം.

ഒരു ഉദാഹരണം കാണുക: ‘ഇബ്‌നു ദകീകുല്‍ ഈദിയ്യ്’ എന്ന മഹാന്‍ അത്താഴം കഴിക്കുന്നതിനെപ്പറ്റി ചില സൂഫിയാക്കളുടെ അഭിപ്രായമായി ഇങ്ങനെ പറയുന്നു: അത്താഴം കഴിക്കല്‍ നോമ്പിന്റെ ലക്ഷ്യത്തിന് മാറ്റമാണ്. കാരണം വയറിന്റേയും ഗുഹ്യസ്ഥാനത്തിന്റേയും അതിരു കടന്ന ആഗ്രഹം മുറിക്കുക എന്നതാണ് നോമ്പിന്റെ ലക്ഷ്യം. അത്താഴം കഴിക്കുന്നതു കൊണ്ട് ഈ ലക്ഷ്യം കരഗതമാകാതായിപ്പോകും’ (റമദാനിന്റെ മഹത്വങ്ങള്‍). നോക്കൂ, അത്താഴം കഴിക്കലാണ് പുണ്യമെന്നും അതില്‍ ബര്‍കത്തുണ്ടെന്നും അത്താഴം ഉപേക്ഷിക്കല്‍ ജൂതന്റെ ആചാരമാണെന്നും നബി(സ) പഠിപ്പിച്ചതെന്നു വ്യക്തമായിരിക്കെ തബ്‌ലീഗുകാരന്‍ അതിരു കവിഞ്ഞ് ജൂതമാതൃകയില്‍ പ്രവേശിക്കുകയാണ്.

ആയിശാ(റ) പറയുന്നു: പ്രവാചകന്‍ ചെയ്ത കാര്യം സ്വയം നിഷിദ്ധമാക്കി കൂടുതല്‍ പരിശുദ്ധി നേടാമെന്നു കരുതിയ ചിലരെപ്പറ്റി വിവരം ലഭിച്ചപ്പോള്‍ നബി(സ) പറഞ്ഞു: ഞാന്‍ ചെയ്യുന്ന കാര്യം ചെയ്യാന്‍ കൂട്ടാക്കാതെ പരിശുദ്ധന്മാരാകുവാന്‍ കൊതിക്കുന്നവരുടെ സ്ഥിതിയെന്താണ്? അല്ലാഹുവാണെ സത്യം എനിക്കാണവരെക്കാള്‍ നന്നായി അല്ലാഹുവെക്കുറിച്ചറിയുക. അവരെക്കാള്‍ അവനെ ഭയപ്പെടുന്നതും ഞാന്‍ തന്നെ (ബുഖാരി, മുസ്‌ലിം).

പ്രവാചകവിരുദ്ധമായ ആരാധനയുടെ വേറെയും ചില തബ്‌ലീഗ് സൂഫീ കഥകള്‍ കാണുക!

‘ഒരു സയ്യിദ് സാഹിബിനെക്കുറിച്ച് ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. ‘ഒരു വുദു കൊണ്ട് പന്ത്രണ്ടു ദിവസം വരെ തുടരെ അദ്ദേഹം നമസ്‌കരിച്ചു. പതിനഞ്ചു വര്‍ഷം വരെ അദ്ദേഹം കിടന്നിട്ടേയില്ല. അനേകം ദിവസം യാതൊരു വസ്തുവും ഭക്ഷിക്കാതെ കഴിഞ്ഞിരുന്നു’ (നമസ്‌കാരത്തിന്റെ മഹത്വങ്ങള്‍). ഇങ്ങനെ ആരാധനകളില്‍ അതിരു കവിയുന്നത് നബിചര്യയാണോ? പ്രവാചകനെക്കുറിച്ചോ സ്വഹാബത്തിനെക്കുറിച്ചോ ഇത്തരം കഥകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നതു പ്രത്യേകം ഓര്‍ക്കുകയും വേണം.

അബൂഹുറൈറ(റ)വില്‍ നിന്നു നിവേദനം. നബി(സ) പറഞ്ഞു: മതം ലളിതമാണ്. മതത്തില്‍ തീവ്രത പുലര്‍ത്താന്‍ ആരു ശ്രമിച്ചാലും അതവനെ പരാജയപ്പെടുത്തുക തന്നെ ചെയ്യും. അതുകൊണ്ട് നിങ്ങള്‍ ശരിയായ മാര്‍ഗം സ്വീകരിക്കുകയും മിതത്വം പുലര്‍ത്തുകയും സന്തോഷിക്കുകയും രാവിലേയും വൈകുന്നേരവും രാത്രിയും സഹായമര്‍ത്ഥിക്കുകയും ചെയ്യുക’ (ബുഖാരി).

അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ)വില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: തീവ്രത പുലര്‍ത്തുന്നവന്‍ നശിച്ചു പോയിരിക്കുന്നു. മൂന്നു  തവണ അദ്ദേഹം ഇതാവര്‍ത്തിച്ചു. (മുസ്‌ലിം).

നാല്‍പത് വര്‍ഷം ഒരേ വുദു കൊണ്ട് ഇശാഉം സ്വുബ്ഹും നമസ്‌കരിച്ച ശൈഖു മാരുണ്ടെന്ന കഥയും നാല്‍പതു വര്‍ഷം തുടര്‍ച്ചയായി നോമ്പു നോറ്റവരെക്കുറിച്ചുള്ള കഥയുമൊക്കെ ‘ഒരു മഹാന്‍ പറഞ്ഞു, പറയപ്പെട്ടിരിക്കുന്നു’ എന്നിങ്ങനെ ഇസ്‌ലാം വെറുക്കുന്ന ക്വാലക്വീലകള്‍ രേഖയാക്കി നിരവധി വ്യാജകഥകള്‍ അമലുകളുടെ മഹത്വങ്ങള്‍ വിവരിക്കുന്ന ഓരോ ഗ്രന്ഥത്തിലും തബ്‌ലീഗുകാര്‍ പടച്ചു വിട്ടിട്ടുണ്ട്.

വ്യാജഹദീഥുകളുടെ ഗോഡൗണാണ് തബ്‌ലീഗ് കിത്താബുകള്‍ എന്നു പറഞ്ഞാല്‍ അത് അതിശയോക്തിയാവുകയില്ല. ആദം നബി റബ്ബിനോട് പ്രാര്‍ത്ഥിക്കാന്‍ അന്നു ജനിക്കുക പോലും ചെയ്തിട്ടില്ലാത്ത മുഹമ്മദ് നബിയെ തവസ്സുലാക്കി പ്രാര്‍ത്ഥിച്ചുവെന്ന സ്വഹീഹായ രേഖയില്ലാത്ത ഒരു സൂഫീ കഥ തബ്‌ലീഗുകാര്‍ പ്രചരിപ്പിക്കുന്നു (ദിക്‌റിന്റെ മഹത്വങ്ങള്‍). ഹജ്ജിന്റെ മഹത്വങ്ങള്‍ എന്ന പുസ്തകത്തില്‍ കാഴ്ചയില്ലാത്ത ഒരാള്‍ നബി(സ)യോട് ഇസ്തിഗാഥ നടത്തിയെന്ന കഥ എഴുതിയിരിക്കുന്നു. അതേ പുസ്തകത്തില്‍ ഹജ്ജിനേക്കാള്‍ പ്രാധാന്യം മദീനാസിയാറത്തിനു നല്‍കിയെന്നു മാത്രമല്ല, നബി(സ)യുടെ ക്വബ്‌റിന്നരികില്‍ കണ്ണടച്ച് അങ്ങേയറ്റത്തെ കീഴ്‌വണക്കത്തോടെ (ആരാധനാ’ഭാവത്തോടെ) നില്‍ക്കാനും അദ്ദേഹത്തോട് ഇസ്തിഗാഥ ചെയ്യാനും പ്രോത്സാഹിപ്പിക്കുന്ന ശിര്‍ക്കന്‍ പ്രചാരണം നിറഞ്ഞു നില്‍ക്കുകയും ചെയ്യുന്നു.

മൂസാ മൗലാനാ വിവര്‍ത്തനം ചെയ്ത സ്വലാത്തിന്റെ മഹത്വങ്ങള്‍ എന്ന പുസ്തകത്തില്‍ ‘കരുണക്കടലാം നബിയുല്ലാ കരുണ ചെയ്യുക ഞങ്ങള്‍ക്ക് യാ റഹ്മത്തന്‍ ലില്‍ ആലമീന്‍’… എന്നിങ്ങനെ നബി(സ)യോട് ഇസ്തിഗാഥ തേടുന്ന ഗാനശകലങ്ങള്‍ തന്നെ കൊടുത്തിരിക്കുന്നു.

ഖുറാസാനിലെ ചില മഹാന്മാരെ ക്വഅ്ബ അങ്ങോട്ട് ചെന്ന് സിയാറത്ത് ചെയ്തിട്ടുണ്ടെന്നും രിഫാഈ ശൈഖ് സിയാറത്തിനു ചെന്നപ്പോള്‍ നബി(സ) ക്വബ്‌റില്‍ കൈനീട്ടിക്കൊടുത്ത് ശൈഖ് ആ കൈയില്‍ ചുംബിച്ചുവെന്നുമൊക്കെ ഹജ്ജിന്റെ മഹത്വങ്ങള്‍ എന്ന ഗ്രന്ഥത്തില്‍ കാണാം.

ഇങ്ങനെ പ്രമാണങ്ങള്‍ക്കു പകരം കെട്ടുകഥകള്‍ അവലംബിക്കുകയും തൗഹീദുല്‍ ഉലൂഹിയ്യത്തിനെ അവഗണിക്കുകയും ചെയ്യുന്നു തബ്‌ലീഗിസം. പ്രവാചകന്റെ ദഅ്‌വത്ത് രീതിയെ അവഗണിക്കുകയും ഇസ്‌ലാമിനു പുറത്തുള്ളവരില്‍ ദഅ്‌വത്ത് നടത്തുന്നതിനെ നിരാകരിക്കുകയും ചെയ്യുന്നു.

കള്ളദിക്‌റുകള്‍ പ്രചരിപ്പിക്കുകയും മീലാദാഘോഷം, നമസ്‌കാരശേഷമുള്ള കൂട്ടു പ്രാര്‍ത്ഥന തുടങ്ങിയ ബിദ്അത്തുകള്‍ പ്രചരിപ്പിക്കുകയും പഠിപ്പിക്കപ്പെടാത്ത ബിദ്അത്തിന്റെ നമസ്‌കാരങ്ങള്‍ അണികളില്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന തബ്‌ലീഗിസത്തിന്റെ അപകടം തിരിച്ചറിയുകയും പ്രവാചകന്റെ സുന്നത്തിലേക്കു തിരിച്ചു വരാന്‍ അവര്‍ തയ്യാറാവുകയും വേണം.

അഹ്‌ലുസ്സുന്നത്തിന്റെ വിശ്വാസങ്ങളേയും ആചാരങ്ങളേയും ഒന്നൊന്നായി ചോദ്യം ചെയ്തു കൊണ്ടാണ് ജൂതനായ ഇബ്‌നു സബഅ് ശിയാഇസത്തിനു രൂപം കൊടുത്തത്. ക്വുര്‍ആനിനെക്കുറിച്ച് തെറ്റായ പ്രചാരവേലകള്‍ നടത്തുകയും സ്വഹാബികള്‍ കാഫിറാണെന്ന് വിശ്വസിക്കുകയും അതിനാല്‍ത്തന്നെ അവര്‍ റിപ്പോര്‍ട്ട് ചെയ്ത ഹദീഥുകള്‍ ക്രോഡീകരിച്ച ബുഖാരിയും മുസ്‌ലിമും ക്രോഡീകരിച്ച ഹദീഥുകളടക്കം തള്ളുകയും ചെയ്ത ശിയാ വിശ്വാസങ്ങളാണ് പിഴച്ച സൂഫിസത്തിന്റേയും ആധാരം. ആ സൂഫിസത്തെ ന്യായീകരിക്കുന്ന തബ്‌ലീഗിസമടക്കുള്ള പിഴച്ച ത്വരീക്വത്ത് മാര്‍ഗങ്ങള്‍ ഇസ്‌ലാമില്‍ നിന്ന് ബഹുദൂരം അകന്നു പോയിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിഞ്ഞേ മതിയാകൂ.   

”എന്റെ അടിമകള്‍ താങ്കളോട് എന്നെക്കുറിച്ച് ചോദിച്ചാല്‍ (പറയുക) തീര്‍ച്ചയായും ഞാന്‍ അവരുടെ സമീപസ്ഥനാണ്. (അതു കൊണ്ട്) പ്രാര്‍ത്ഥിക്കുന്നവന്‍ എന്നോട് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ അവന്റെ പ്രാര്‍ത്ഥനക്ക് ഉത്തരം ചെയ്യും.” (സൂറഃ അല്‍ബഖറ – 180)

അല്ലാഹു എത്രവലിയ കാരുണ്യവാന്‍! നമ്മോട് ഏറ്റവും അടുത്തവനാണെന്നും തെറ്റുകളും കുറ്റങ്ങളും ചെയ്തുകൂട്ടിയവരോട് പോലും നിരാശപ്പെടേണ്ടതില്ല; പൊറുത്തുതരാന്‍ താന്‍ എപ്പോഴും ഒരുക്കമാണെന്നുമറിയിക്കുന്നു! എന്നിട്ട് ആ നാഥനിലേക്ക് അടുക്കാന്‍ മറ്റൊരാളുടെ ഇടയാളത്തമാവശ്യമുണ്ടെന്നോ? അവന് നമ്മെ മറ്റാരെങ്കിലും പരിചയപ്പെടുത്തിക്കൊടുക്കുകയും അടുപ്പിക്കുകയും ചെയ്യേണ്ടതുണ്ടെന്നോ?! വല്ലാത്ത വിശ്വാസം തന്നെ!

സഹോദരീ, വസ്ത്രത്തെ ശ്രദ്ധിക്കുക

പ്രിയ സഹോദരിക്ക്,

ജോലിത്തിരക്കിലാണെന്നറിയാം, എങ്കിലും അനിവാര്യമായ ചില കാര്യങ്ങൾ നിങ്ങളോട് പറയാനുണ്ട്. തിരക്കുകൾക്കിടയിൽ ഇത് അവഗണിച്ചാൽ തിരക്കുകളില്ലാത്ത ലോകത്ത് കൈവിരൽ കടിക്കുമെന്നുറപ്പാണ്! അതിനാൽ, ഈ സന്ദേശംനിങ്ങളെ ഏൽപിക്കുകയാണ്. പ്രവാസ ജീവിതത്തിന്റെ വേദനകൾക്കിടയിലും കണ്ണീർ തുള്ളികൾക്കൊണ്ടെഴുതിയ പ്രിയ പിതാവിന്റെ, പ്രിയതമന്റെ, പൊന്നോമന പുത്രന്റെ, സ്നേഹനിധിയായ സഹോദരന്റെയൊക്കെ എത്രയെത്ര കത്തുകൾ ആർത്തിയോടെ ഈ കണ്ണുകൾ വായിച്ചു തീർത്തു…..!

ഈ കടലാസു കഷണം സഹോദരീ നിങ്ങൾക്ക് അത്രയൊന്നും പ്രിയപ്പെട്ടതാവില്ല. എങ്കിലും ഇതുമൊന്ന് വായിച്ചുകൂടെ? അത് നിങ്ങൾക്ക് നന്മയേ വരുത്തൂ. അതിനാൽ, അവഗണിക്കില്ല എന്ന പ്രതീക്ഷയോടെ അല്പം ചില കാര്യങ്ങൾ.

നിങ്ങൾ ഒരു മുസ്ലീം സ്ത്രീയല്ലേ? മരണത്തിനു ശേഷംരക്ഷാ ശിക്ഷകളുടെ വിധി നിർണയ നാൾ വരാനുണ്ടെന്ന് വിശ്വസിക്കുന്നവരല്ലേ…? അല്ലാഹു വാഗ്ദാനം ചെയ്ത സ്വർഗത്തിലെത്തണമെന്ന മോഹം നിങ്ങൾക്കില്ലേ? അതോ കത്തിയെരിയുന്ന നരകത്തിന്റെ വിറകുകൊള്ളിയാവാനാണോ നിങ്ങളാഗ്രഹിക്കുന്നത്?

മുസ്ലീം സമൂഹത്തിന്റെ ഭാഗമായി ജീവിക്കുന്ന നിങ്ങൾ വസ്ത്രം ധരിക്കുമ്പോൾ പടച്ചവന്റെ നിയമങ്ങൾ അനുസരിക്കാറുണ്ടോ ? ഇല്ലെങ്കിൽ നിങ്ങൾ പിശാചിന്റെ അനുയായിയായിത്തീരുകയല്ലേ ചെയ്യുന്നത്.? എങ്കിൽ നിങ്ങൾ നിങ്ങളുടെ ശരീരത്തിലേക്ക് ഒന്നു നോക്കൂ… ഇസ്ലാമിക വസ്ത്രമാണോ നിങ്ങൾ ധരിച്ചിരിക്കുന്നത്?

അല്ലാഹു പറയുന്നു: “സ്ത്രീകൾ അവരുടെ മുഖമക്കനകൾ മാറിലൂടെ താഴ്ത്തിയിടട്ടെ”. (വി.ഖു. 24:31)

മുഖവും മുൻകയ്യും ഒഴിച്ച് മറ്റവയവങ്ങളെല്ലാം മുസ്ലീം സ്ത്രീകൾ മറക്കട്ടെ എന്നാണ് നബി (സ)യും പഠിപ്പിക്കുന്നത്. ഇസ്ലാമിലെ സ്ത്രീയുടെ വേഷവിധാനത്തിൽ അനിവാര്യമായും ഉണ്ടാകേണ്ടതാണ് മുഖമക്കനയെന്ന് ഈ വചനങ്ങൾ നമ്മെ പഠിപ്പിക്കുന്നില്ലേ? മുഖമക്കനകൾ പിരടിയിൽ ചുറ്റികെട്ടാനുള്ളതല്ല, മാറിലൂടെ താഴ്ത്തിയിടേണ്ടതാണ് എന്നല്ലേ റബ്ബ് പറയുന്നത്. സഹോദരീ, ഇത് നിങ്ങൾ കേട്ടിട്ടില്ലേ? അറിഞ്ഞിട്ടില്ലേ? എന്നിട്ടെന്താണ് നിങ്ങളുടെ ഭാവം?

ഇസ്ലാമിക വസ്ത്രധാരണം സൗന്ദര്യത്തിന് കോട്ടമാണ്‌, ഇക്കാലത്ത്  നടപ്പില്ല എന്ന ചിന്തയല്ലേ നിങ്ങളുടെ മനസ്സിൽ?

സഹോദരീ, പടച്ചവനെ വെല്ലുവിളിച്ച് നിങ്ങൾക്ക് രക്ഷപ്പെടാനാവുമോ? ഈ സന്ദേശം വായിച്ച് കഴിയുന്നതിനുമുമ്പ് നിങ്ങളുടെ മയ്യിത്ത് പൊതിയാൻ തുണി വാങ്ങണ്ടി വരികയില്ലെന്നാരറിഞ്ഞു? നിങ്ങളുടെ സൗന്ദര്യം അല്ലാഹുവിന്റെ ദാനവും അനുഗ്രഹവുമാണ്. അത് അന്യരുടെ മുന്നിൽ പ്രദർശിപ്പിക്കാനുള്ളതല്ല. അത് നിങ്ങളുടെ ഭർത്താവിനുള്ളതാണ്, എന്തിന് വായ്‌ നോക്കികൾക്കും പൂവാലന്മാർക്കും നിങ്ങളുടെ മേനിയഴക് കാട്ടിക്കൊടുക്കണം?

സഹോദരീ, അടുക്കളയിലെ സ്റ്റൗവൊന്ന് പൊട്ടിത്തെറിച്ചാൽ, തീയൊന്നാളിയാൽ തീർന്നില്ലേ. സൗന്ദര്യം? ഇത് പുറത്ത് കാണിച്ച് പരലോകം നഷ്ടപ്പെടുത്തണോ?

ഇന്ന് നിങ്ങൾ പുറത്ത് കാണിക്കുന്ന കയ്യും, വയറിന്റെ ഭാഗവും, കഴുത്തുമൊക്കെ നാളെ ഖബറിലേക്ക് കെട്ടി പൊതിഞ്ഞിറക്കി വെക്കാനുള്ളതാണ്. മറ്റന്നാൾ നീര് വന്ന് വീർത്ത് പൊട്ടിയൊഴുകി, നാലാം നാൾ മണ്ണോടു  ചേരാനുളളതാണ്. ഒാർക്കുക…! അപ്പോഴേക്കും നിങ്ങളെ നോക്കി നടന്നവർ നിങ്ങളെ മറന്നുകാണും. നിങ്ങളോ അവർക്ക് വേണ്ടി ഒരുങ്ങിയിറങ്ങിയതിന്റെ തിക്തഫലങ്ങൾ അനുഭവിക്കാനും തുടങ്ങിയിരിക്കും,

നിങ്ങൾ തുറന്നിടുന്ന സുന്ദരമായ കറുത്ത തലമുടി നാളെ നരയ്ക്കാനുള്ളതാണ്. മുടി കൊഴിഞ്ഞ് തലയോട്ടി പുറത്ത് കാണുന്നതാണ്. നിങ്ങൾ മിനുക്കുന്ന കവിളും, ചുവന്ന ചുണ്ടും, ചുവപ്പിച്ച വിരലുമൊക്കെ നാളെ ചുക്കിച്ചുളിയാനുള്ളതാണ്, പുഴുക്കളുടെ ആഹാരവും. സഹോദരീ, നഗ്നത മറയ്ക്കാതെ നടന്നാലുള്ള കഠിനശിക്ഷ എന്തെന്ന് നിങ്ങളറിഞ്ഞിട്ടുണ്ടോ? “അവർ സ്വർഗ്ഗം കാണില്ല. സ്വർഗത്തിന്റെ സുഗന്ധംപോലും അനുഭവിക്കില്ല” എന്നാണ് നബി തിരുമേനി (സ) പറഞ്ഞത്. (മുസ്ലിം).

“വസ്ത്രം ധരിച്ചിട്ടും നഗ്നത മറയ്ക്കാത്ത സ്ത്രീകളെ അല്ലാഹു ശപിച്ചിരിക്കുന്നു” എന്നും പ്രവാചകൻ (സ) അരുളി (ത്വബ്റാനി).

സഹോദരീ, നിങ്ങൾക്ക് അല്ലാഹുവിന്റെ ശാപം ഏൽക്കണോ? വൃദ്ധയാകുമ്പോൾ മാത്രം, ചുക്കിച്ചുളിഞ്ഞ, ആർക്കും വേണ്ടാത്ത ശരീരം പർദ്ദയിൽ പൊതിഞ്ഞ് നടന്നാൽ മതിയെന്നാണോ തീരുമാനം….? പുഴകളിലും തോടുകളിലും മറ്റു പൊതു കുളിസ്ഥലങ്ങളിലും അർദ്ധനഗ്നയായി കുളിക്കുവാനും, അലക്കുവാനും നിങ്ങൾക്ക് യാതൊരു ലജ്ജയുമില്ലെന്നോ…? ചിന്തിക്കുക… ഇന്നുതന്നെ മാറിക്കൂടേ? പശ്ചാത്താപവും പർദ്ദയും നാളെയാകാമെന്ന് കരുതി മാറ്റിവെച്ചാൽ ആ നാളെ നിങ്ങൾ ഉണ്ടായിക്കൊള്ളണമെന്നില്ല. അതുകൊണ്ട് ഇപ്പോൾത്തന്നെ തീരുമാനമെടുക്കുക.

താടിയുള്ളവരേയും പ്രായമായവരേയും മൗലവിമാരേയും കാണുമ്പോൾ ധ്യതിപ്പെട്ട് തലമറയ്ക്കാൻ വെമ്പൽ കൊള്ളുന്ന സഹോദരീ, എന്തേ, നിങ്ങൾ അവരെയാണോ പേടിക്കുന്നത്? നിങ്ങൾ എന്തുകൊണ്ട് പടച്ചവനെ പേടിക്കുന്നില്ല?

ആയിരങ്ങൾ മുടക്കി വിലകൂടിയ വസ്ത്രങ്ങൾ വാങ്ങുമ്പോൾ ബ്ലൗസിന് കുറച്ചുകൂടി തുണി വാങ്ങിക്കൂടെ…? ആരുടെ തൃപ്തിക്കു വേണ്ടിയാണ് നിങ്ങൾ പടച്ചവനെ ധിക്കരിച്ച വേഷം ധരിക്കുന്നത്? ഭർത്താവ് പറഞ്ഞിട്ടാണോ? എങ്കിൽ അദ്ദേഹത്തോട് പറയുന്നു, ഈ ശരീരം നിങ്ങൾക്കുള്ളതാണ്, മറ്റുള്ളവർക്കു മുൻപിൽ മറയ്ക്കേണ്ടതാണ്. അതാണ് മാന്യത എന്ന്. ഭർത്താവിന്റെ തൃപ്തിക്ക് വേണ്ടി അല്ലാഹുവിന്റെ വെറുപ്പ് സമ്പാദിക്കണോ? അല്ലാഹു വെറുത്താൽ പരലോകത്ത് രക്ഷിക്കാൻ ഭർത്താവിനാവില്ല എന്നു കൂടി സ്മരിക്കുക. കൂട്ടുകാരിയോ നാട്ടുകാരിയോ പറഞ്ഞിട്ടാണോ…? എങ്കിൽ ഓർക്കുക! പരലോകത്ത് നിങ്ങൾ ഒറ്റയ്ക്കാണ് പടച്ചവന്റെ മുന്നിൽ ചെല്ലേണ്ടി വരിക. നിങ്ങളെ രക്ഷിക്കാനാരുമില്ലാത്ത സന്ദർഭം…..
ഒരു പെണ്ണിനെ പത്ത് പേർ പ്രാപിക്കുന്നതിനെ സദാചാര ബോധമുള്ള നിന്റെ മനസ്സിന് അംഗീകരിക്കുവാൻ കഴിയുമോ? പിന്നെ എന്തേ പത്ത് പേർക്ക് തിന്മകൾക്ക് പ്രേരകമാവും വിധം നീ നിന്റെ ശരീരവും മാംസള ഭാഗങ്ങളും പ്രദർശിപ്പിച്ച് നടക്കുന്നത്?

ഇടുങ്ങിയതും, നേരിയതും, ആകർഷകമായതും ധരിക്കരുതെന്ന് പറഞ്ഞിട്ടും നീ ഷോപ്പിംഗിന് കേറുമ്പോൾ ഷെൽഫുകളിൽ നിന്ന് അങ്ങനെയുള്ളവ മാത്രം തിരഞ്ഞെടുക്കുന്നു? ഓരോ
ഡിസൈനുകളും മാറ്റി മറിച്ചിടുമ്പോൾ ഒാർത്തോ അടുത്ത ഷെൽഫിൽ നിന്നെ നോക്കി പരിഹാസത്തോടെ ചിരിക്കുന്ന, ഇന്നല്ലെങ്കിൽ നാളെ നീ എന്നെ തേടി വരുമെന്ന് പറയുന്ന വെളുത്ത കഫൻ തുണിയെക്കുറിച്ച്…?

ഒന്നോർത്തു നോക്കൂ, വെള്ളത്തിന് വെള്ളം, ഭക്ഷണത്തിന് ഭക്ഷണം, വീടിന് വീട്, വാഹനത്തിന് വാഹനം… എല്ലാം നിനക്ക് നാഥൻ തന്നു. .എന്നിട്ടും എന്തിനീ ധിക്കാരം?

എല്ലാം കഴിഞ്ഞ് എങ്ങാട്ടാണ് പോകേണ്ടത്…? പരലോകത്തേക്ക്. എന്നിട്ടോ…?

അല്ലാഹു പറയുന്നു:

“നിഷേധികൾക്ക് നരകം കാണിച്ചു കൊടുക്കപ്പെടുന്ന ദിവസം. അന്ന് പറയപ്പെടും ഇഹലോകത്ത് എത്രയെത്ര (പരലോക
രക്ഷയ്ക്കുള്ള) നല്ല അവസരങ്ങളെയാണ് നിങ്ങൾ പാഴാക്കിക്കളഞ്ഞതും മതിമറന്ന് ആനന്ദിച്ച് ജീവിച്ചതും. ഇന്നേ ദിവസമിതാ അന്യായമായി അഹങ്കരിച്ചതിനും, ആഭാസം ചെയ്തതിനും അതിനിന്ദ്യമായ ശിക്ഷ അനുവദിച്ചു കൊള്ളുക.” (അഹ്ഖാഫ്)

ഇതു പറയുന്നത് അല്ലാഹുവാണ്. നമ്മോട് ക്ഷമിച്ച് നമുക്ക് സ്വർഗ്ഗം തരേണ്ട നാഥൻ. അവൻ നാളെ നമ്മോടിങ്ങനെ പറഞ്ഞാൽ പിന്നെ ആരുണ്ട് സഹോദരീ നമ്മെ രക്ഷിക്കാൻ?

പ്രിയ മാതാവേ, നിങ്ങളുടെ പുന്നാര മോൾക്ക് ഒരു മുറിവ്‌ പറ്റിയാൽ ഉറങ്ങാതെ കാത്തിരിക്കില്ലേ നിങ്ങൾ? നാളെയല്ലെങ്കിൽ അടുത്ത നിമിഷം നിങ്ങളുടെ പുന്നാരമോളുടെ മയ്യിത്ത് കഫൻ
തുണിയിൽ പൊതിഞ്ഞ് മുറ്റത്തിറക്കുമ്പോൾ പൊട്ടിക്കരയാൻ മാത്രം കഴിയുന്ന ഉമ്മാ, നിങ്ങളുടെ മകൾ നരകത്തിൽ കിടന്ന് കത്തിയെരിയുമ്പോൾ ഒാർത്തുനോക്കു.. ഇനിയെങ്കിലും റബ്ബിന്റെ
കൽപനകൾ അനുസരിച്ചുള്ള വസ്ത്രം ധരിക്കാൻ പുന്നാരമോളോട് പറഞ്ഞുകൂടെ ? ആയിരങ്ങൾ മുടക്കി നഗ്നത മറയാത്ത വസ്ത്രങ്ങൾ ഇനിയെങ്കിലും വാങ്ങാതിരുന്നുകൂടേ? ഇന്നുതന്നെതീരുമാനമെടുക്കൂ.

തൽക്കാലം ഇവിടെ നിർത്തുകയാണ്. ജീവിതത്തിന്റെ ഇന്നലെകളിലേക്ക് മടങ്ങുക, കഴിഞ്ഞകാല ജീവിതത്തെ പുനർവിചിന്തനം നടത്തുക. നാളെ ഈ കടലാസ് കഷണവും നാഥന്റെ കോടതിയിൽ സാക്ഷിയാക്കപ്പെട്ടാൽ….. ഇത് വായിച്ചിട്ടെന്തു ചെയ്തുവെന്ന് അവൻ ചോദിച്ചാൽ അല്ലാഹുവിന്റെ മുൻപിൽ മറുപടി പറയാൻ ഇന്നുതന്നെ വസ്ത്രം ഇസ്ലാമികമാക്കുക, അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ…

മാറുന്ന കലണ്ടറുകളും മാറാത്ത മനസ്സുകളും

ശരീഫ് കാര

പുതുവത്സരത്തിലേക്ക് പ്രവേശിക്കുന്ന നിമിഷങ്ങള്‍ ആഘോഷിക്കുവാനും ആനന്ദിക്കുവാനുമായി പ്രത്യേകം പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടുതിന്റെ വാര്‍ത്തകള്‍ വായിച്ചുകഴിഞ്ഞിട്ടുണ്ടാകും. 

ഈ വര്‍ഷവും ലഹരിയില്‍ ആറാടിക്കൊണ്ട് പുതുവര്‍ഷത്തെ വരവേല്‍ക്കുവാനായിരുന്നു യുവസമൂഹത്തിന് താല്‍പര്യം. കൊച്ചിയില്‍ ഇക്കഴിഞ്ഞ രണ്ടുമൂന്ന് ആഴ്ചകള്‍ക്കിടയില്‍ നടന്ന മയക്കുമരുന്ന് വേട്ടയുടെ വിവരങ്ങള്‍ ആരെയും ഞെട്ടിക്കുന്നതായിരുന്നു. കഴിഞ്ഞ മെയ് മാസത്തില്‍ 200 കോടിയുടെ മയക്കുമരുന്ന് പിടികൂടിയതും കൊച്ചിയില്‍ നിന്നായിരുന്നു. 

ലഹരിയില്‍ ആറാടി സ്വയം മറക്കുവാനല്ല, കാലം ദിവസങ്ങളായും മാസങ്ങളായും വര്‍ഷങ്ങളായും കടന്നുപോകുമ്പോള്‍ നല്‍കുന്ന സന്ദേശമെന്തെന്നറി യുവാനാണ് നാം ശ്രമിക്കേണ്ടത്.ചുമരില്‍ തൂക്കിയ പുതിയ കലണ്ടര്‍ ചില കാര്യങ്ങള്‍ നമ്മെ ഓര്‍മപ്പെടുത്തുന്നുണ്ട്. സമയത്തിന്റെ വിലയാണ് അതില്‍ പ്രധാനമായത്. ഓരോ ദിവസത്തിന്റെ പ്രഭാതത്തിലും ആ ദിവസം ‘ഞാന്‍ ഇന്ന് ഒരു പുതിയ ദിവസവും നിന്റെ പ്രവര്‍ത്തനത്തിന്റെ സാക്ഷിയുമാണ് മനുഷ്യാ! അതിനാല്‍ നീ എന്നെ ഉപയോഗപ്പെടുത്തുക. ഞാന്‍ കടന്നുപോയാല്‍ പിന്നീടൊരിക്കലും അന്ത്യനാള്‍ വരെ തിരിച്ചുവരില്ല’ എന്ന മുന്നറിയിപ്പ് തരുന്നുവെന്ന ഹസനുല്‍ ബസ്വരിയുടെ വാക്കുകള്‍ ശ്രദ്ധേയമാണ്. ഒന്നിനും സമയം തികയുന്നില്ല എന്നു പറയുന്നവര്‍ കിട്ടിയ സമയം ഉപയോഗപ്പെടുത്തുന്നുണ്ടോ എന്ന് ആലോചിക്കേണ്ടതുണ്ട്. 

മരണത്തെ, മരണാനന്തര ജീവിതത്തെ ഓര്‍ക്കുക എന്നതാണ് മറ്റൊരു സന്ദേശം. ആയുസ്സില്‍നിന്ന് ഒരേടുകൂടി മറിച്ചുകൊണ്ടാണ് ഓരോ പുതുവര്‍ഷവും നമ്മെ തേടിയെത്തുന്നത്. നാം നമ്മുടെ മരണത്തിലേക്ക്, ക്വബ്‌റിലേക്ക്, വിചാരണയിലേക്ക് ഒരു വര്‍ഷംകൂടി അടുത്തിരിക്കുന്നു. വിശുദ്ധ ക്വുര്‍ആന്‍ നമ്മെ ഓര്‍മപ്പെടുത്തുന്നു:

”ജനങ്ങള്‍ക്ക് അവരുടെ വിചാരണ ആസന്നമായിരിക്കുന്നു. അവരാകട്ടെ അശ്രദ്ധയിലായിക്കൊണ്ട് തിരിഞ്ഞുകള യുന്നവരാകുന്നു” (21:1).

അന്ത്യനാളിനെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലാണ് മറ്റൊന്ന്. അന്ത്യനാളിന്റെ ലക്ഷണങ്ങളിലൊന്നായി നബിﷺ പറഞ്ഞു: ”കാലം പരസ്പരം അടുത്തുവ രുന്നതുവരെ അന്ത്യനാള്‍ സംഭവിക്കുകയില്ല. അപ്പോ ള്‍ വര്‍ഷം മാസത്തെപ്പോലെ, മാസം ആഴ്ചയെ പ്പോലെ, ആഴ്ച ദിവസത്തെപ്പോലെ, ദിവസം മണി ക്കൂര്‍ പോലെ, മണിക്കൂര്‍ ഒരു പനമ്പട്ട കത്തിക്കരി യുന്ന സമയംപോലെ (ദൈര്‍ഘ്യമുള്ളത്) ആയിരി ക്കും” (അഹ്മദ്).

പുതിയ കലണ്ടര്‍ ചുമരില്‍ തൂക്കുമ്പോള്‍ പഴയ കലണ്ടര്‍ വാങ്ങിയ നിമിഷംപോലും നാം മറന്നിട്ടില്ല. ഒരു റമദാന്‍ കടന്നുവരുമ്പോള്‍, പെരുന്നാള്‍ വരുമ്പോ ള്‍ നാം പറയും: ഇന്നലെ കഴിഞ്ഞതുപോലെ… എത്ര പെട്ടെന്ന്….!

സ്വജീവിതത്തെ വിലയിരുത്തണമെന്നതാണ് മറ്റൊരു ഓര്‍മപ്പെടുത്തല്‍. 365 ദിവസങ്ങള്‍ കൊഴിഞ്ഞുവീ ണപ്പോള്‍ അതില്‍നിന്ന് എത്രസമയം പരലോക രക്ഷക്കും നാഥന്റെ തൃപ്തിക്കുമായി വിനിയോഗിച്ചു എന്ന വിലയിരുത്തല്‍. അങ്ങനെയൊരാത്മപരി ശോധന ചെയ്യാന്‍ അല്ലാഹു നമ്മോട് ആവശ്യപ്പെടുന്നുണ്ട്: ”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. ഓരോ വ്യക്തിയും താന്‍ നാളേക്കുവേണ്ടി എന്തൊരു മുന്നൊരുക്കമാണ് ചെയ്തുവെച്ചിട്ടുള്ളത് എന്ന് നോക്കിക്കൊള്ളട്ടെ. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു” (ക്വുര്‍ആന്‍ 59:18).

നിര്‍ബന്ധ കര്‍മങ്ങളും ഐഛിക കര്‍മങ്ങളുമടക്കം എത്രയെത്ര ഇബാദത്തുകള്‍ ചെയ്യാനുള്ള അവസങ്ങളാണ് കടന്നുപോയത്! മതം പഠിക്കാനും പഠിപ്പിക്കാനും പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അനുകൂല സാഹചര്യങ്ങള്‍ കിട്ടിയിട്ട് അത് ഉപയോഗപ്പെടുത്തിയോ? ആത്മാര്‍ഥമായി പരിശോ ധിക്കുക.

വരും കാലത്തേക്കുള്ള ആസൂത്രണമാണ് മറ്റൊന്ന്. കഴിഞ്ഞ കാലത്തില്‍നിന്നും സന്ദേശങ്ങളും ഗുണപാഠങ്ങളുമുള്‍ക്കൊണ്ട് ഇനി ലഭിക്കാനിരിക്കുന്ന കാലം പാഴാക്കാതെ ജീവിക്കാനുള്ള ഉള്ളറിഞ്ഞു കൊണ്ടുള്ള ആസൂത്രണം.  കൃത്യവും വ്യക്തവുമായ പ്ലാനിംഗോടുകൂടി ജീവിതത്തെ മുന്നാട്ടു നയിക്കുക. ഇരുലോകജീവിതത്തെ ധന്യമാക്കുക.

ബല്‍ക്വീസിന്റെ സിംഹാസനം

ഹുസൈന്‍ സലഫി, ഷാര്‍ജ | സുലൈമാന്‍ നബി(അ): 04

സുലൈമാന്‍ നബി(അ)യുടെ കത്ത് ലഭിച്ചയുടന്‍ അവര്‍ അത് ദര്‍ബാറിലെ പ്രമുഖരെ വായിച്ചു കേള്‍പിച്ചതായി നാം മനസ്സിലാക്കി. എന്നിട്ട് ബൽക്കീസ് രാജ്ഞി പറയുകയാണ്:

”അവള്‍ പറഞ്ഞു: ഹേ; പ്രമുഖന്മാരേ, എന്റെ ഈ കാര്യത്തില്‍ നിങ്ങള്‍ എനിക്ക് നിര്‍ദേശം നല്‍കുക. നിങ്ങള്‍ എന്റെ അടുക്കല്‍ സന്നിഹിതരായിട്ടല്ലാതെ യാതൊരു കാര്യവും ഖണ്ഡിതമായി തീരുമാനിക്കുന്നവളല്ല ഞാന്‍. അവര്‍ പറഞ്ഞു: നാം ശക്തിയുള്ളവരും ഉഗ്രമായ സമരവീര്യ മുള്ളവരുമാണ്. അധികാരം അങ്ങേക്കാണല്ലോ, അതിനാല്‍ എന്താണ് കല്‍പിച്ചരുളേണ്ടതെന്ന് ആലോചിച്ചു നോക്കുക” (ക്വുര്‍ആന്‍ 27:32,33).

തീരുമാനമെടുക്കാനുള്ള അധികാരം രാജ്ഞിക്കാ ണെന്നും എന്ത് തീരുമാനവും പൂര്‍ണ മനസ്സോടെ തങ്ങള്‍ അനുസരിക്കാന്‍ തയ്യാറാണന്നും അവിടെ സന്നിഹിതരായിരുന്നവര്‍ പറഞ്ഞു. അന്നേരം രാജ്ഞി ഇങ്ങനെ പ്രഖ്യാപിച്ചു:

”അവള്‍ പറഞ്ഞു: തീർച്ചയായും രാജാക്കന്മാര്‍ ഒരു നാട്ടില്‍ കടന്നാല്‍ അവര്‍ അവിടെ നാശമുണ്ടാക്കുകയും അവിടത്തുകാരിലെ പ്രതാപികളെ നിന്ദ്യന്മാരാക്കുകയും ചെയ്യുന്നതാണ്. അപ്രകാരമാകുന്നു അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഞാന്‍ അവര്‍ക്ക് ഒരു പാരിതോഷികം കൊടുത്തയച്ചിട്ട് എന്തൊരു വിവരവും കൊണ്ടാണ് ദൂതന്മാര്‍ മടങ്ങിവരുന്നതെന്ന് നോക്കാന്‍ പോകുകയാണ്” (ക്വുര്‍ആന്‍ 27:34,35).

സാധാരണ രാജാക്കന്മാരുടെ സ്വഭാവവും ചെയ്തികളും എന്താണെന്ന് നന്നായി അറിയുന്ന ബൽക്കീസ് രാജ്ഞി അക്കാര്യം അവരെ ഓര്‍മപ്പെടുത്തി. ഒരു നാട്ടില്‍ അധിനിവേശം നടത്തിയാല്‍ ആ നാടിനെയാകെ നശിപ്പിക്കുന്ന രാജാക്കന്മാരെക്കുറിച്ചേ അവര്‍ക്ക് അറിവുള്ളൂ. 

സുലൈമാന്‍ നബി(അ) എങ്ങനെയുള്ള രാജാവാ ണെന്ന് പരീക്ഷച്ചറിയുവാന്‍ അവര്‍ തീരുമാനിച്ചു. വിലപിടിപ്പുള്ള ഒരു സമ്മാനം കൊടുത്തയക്കുക. ധനത്തോട് ആര്‍ത്തിയുള്ള രാജാവാണെങ്കില്‍ വില പിടിപ്പുള്ള ഈ പാരിതോഷികം കിട്ടിയാല്‍ അദ്ദേഹം ഒതുങ്ങും. പക്ഷേ, അദ്ദേഹം എഴുതിയിരിക്കുന്നത് മുസ്‌ലിമായി വരണം എന്നാണ്. അപ്പോള്‍ ഭൗതിക നേട്ടമല്ല ലക്ഷ്യം. എങ്കിലും ഒന്ന് ശ്രമിക്കാം എന്ന് ബൽക്കീസ് ചിന്തിച്ചേക്കാം എന്ന് ഈ വചനത്തെ പണ്ഡിതന്മാര്‍ വിശദീക്കുന്നത് കാണാം.

അങ്ങനെ സബഇലെ ബൽക്കീസ് രാജ്ഞി അമൂല്യമായ ഒരു സമ്മാനം ദൂതന്‍ മുഖേന സുലൈമാന്‍ നബി(അ)യുടെ കൊട്ടാരത്തില്‍ എത്തിച്ചു. അദ്ദേഹത്തെ മയപ്പെടുത്തുവാനും യുദ്ധത്തിനുള്ള ശ്രമമുണ്ടെങ്കില്‍ അതില്‍നിന്ന് പിന്തിരിപ്പിക്കാനുമായി ബൽക്കീസ് കൊടുത്തയച്ച സമ്മാനം കണ്ടപ്പോള്‍ സുലൈമാന്‍(അ) നടത്തിയ പ്രതികരണമാണ് തുടര്‍ന്നുള്ള സൂക്തങ്ങളില്‍ നാം കാണുന്നത്:

”അങ്ങനെ അവന്‍ (ദൂതന്‍) സുലൈമാന്റെ അടുത്ത് ചെന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങള്‍ സമ്പത്ത് തന്ന് എന്നെ സഹായിക്കുകയാണോ? എന്നാല്‍ എനിക്ക് അല്ലാഹു നല്‍കിയിട്ടുള്ളതാണ് നിങ്ങള്‍ക്ക വന്‍ നല്‍കിയിട്ടുള്ളതിനെക്കാള്‍ ഉത്തമം. പക്ഷേ, നിങ്ങള്‍ നിങ്ങളുടെ പാരിതോഷികം കൊണ്ട് സന്തോഷം കൊള്ളുകയാകുന്നു” (ക്വുര്‍ആന്‍ 27:36).

വിലകൂടിയ സമ്മാനം കണ്ടപ്പോള്‍ സുലൈമാന്‍ നബി(അ)ക്ക് താല്‍പര്യം തോന്നിയില്ല. നിങ്ങളുടെ സാമ്പത്തിക സഹായം എനിക്ക് ആവശ്യമില്ലെന്നും ഇതിനെക്കാള്‍ ഉത്തമമായത് അല്ലാഹു എനിക്ക് തന്നിട്ടുണ്ടെന്നും നിങ്ങള്‍ നിങ്ങളുടെ പാരിതോഷികം കൊണ്ട് സന്തോഷം കൊള്ളുന്നുവെങ്കിലും എനിക്കതില്‍ പ്രത്യേകിച്ച് സന്തോഷമൊ ന്നുമില്ലെന്നും അദ്ദേഹം അവരോട് വ്യക്തമാക്കി. ഭൗതിക വിഭവങ്ങള്‍ക്ക് വേണ്ടി ഏതറ്റംവരെ പോകാനും മടികാണിക്കാത്ത; അല്ലാഹുവിനെ മറന്നുപോകുന്ന ഇന്നത്തെയാളുകള്‍ക്ക്  അല്ലാഹുവിനോട് ഏറെ കീഴ്‌വണക്കം കാണിച്ച സുലൈമാന്‍ നബി(അ)യുടെ ജീവിതത്തില്‍നിന്ന് ഏറെ പഠിക്കാനുണ്ട്.  

തുടര്‍ന്ന് സുലൈമാന്‍ നബി(അ) ബൽക്കീസ് രാജ്ഞിയുടെ ദൂതനോട് പറഞ്ഞു: ”നീ അവരുടെ അടുത്തേക്ക് തന്നെ മടങ്ങിച്ചെല്ലുക. തീര്‍ച്ചയായും അവര്‍ക്ക്  നേരിടുവാന്‍ കഴിയാത്ത സൈന്യങ്ങ ളെയും കൊണ്ട് നാം അവരുടെ അടുത്ത് ചെല്ലുകയും നിന്ദ്യരും അപമാനിതരുമായ നിലയില്‍ അവരെ നാം അവിടെ നിന്ന് പുറത്താക്കുകയും ചെയ്യുന്നതാണ്” (27:37).

ദൂതന്‍ തിരിച്ച് ബില്‍ക്വീസിന്റെ ദര്‍ബാറിലെത്തി സുലൈമാന്‍ നബി(അ)യുടെ നിലപാടും അദ്ദേഹത്തിന്റെ കൊട്ടാരത്തിലെ അവസ്ഥകളും വിവരിച്ചു. സുലൈമാന്‍ നബി(അ) തന്റെ കത്ത് ഒരു പക്ഷിമുഖേന കൊടുത്തയച്ചതില്‍നിന്നു തന്നെ അദ്ദേഹത്തിന് ചില സവിശേഷതകള്‍ ഉള്ളതായി രാജ്ഞി മനസ്സിലാക്കിയിരിക്കണം. താന്‍ കൊടുത്ത വിലപിടിപ്പുള്ള പാരിതോഷികം നിരാകരിക്കുകയും അല്ലാഹു തനിക്ക് നല്‍കിയതാണ് ഉത്തമം എന്ന് പറയുകയും ചെയ്ത സുലൈമാന്‍ നബിയെക്കുറിച്ച് രാജ്ഞിയില്‍ മതിപ്പ് വര്‍ധിച്ചു. സുലൈമാന്‍(അ) ഒരു സാധാരണ രാജാവല്ലെന്നും ദൈവികമായ സഹായം ലഭിച്ച് കൊണ്ടിരിക്കുന്ന മഹാനാണെന്നും അവര്‍ തിരിച്ചറിയുകയാണ്. അങ്ങനെ സുലൈമാന്‍ നബി(അ)യുടെ അടുത്ത് മുസ്‌ലിമായി ചെല്ലാന്‍ അവര്‍ തീരുമാനിച്ചു. ഈ വിവരം സുലൈമാന്‍ നബി(അ)ക്ക് ലഭിക്കുകയും ചെയ്തു. ഈ വിവരം അദ്ദേഹത്തിന് ലഭിച്ചത് ഹുദ്ഹുദ് എന്ന പക്ഷിമുഖേനയോ അല്ലാഹുവിന്റെ വഹ്‌യ് മുഖേനയോ ആയിരിക്കാം. ഈ വിവരം ലഭിച്ചപ്പോള്‍ സുലൈമാന്‍(അ) അല്ലാഹുവിന്റെ നിര്‍ദേശ പ്രകാരം മറ്റൊരു കാര്യം ചെയ്യുകയാണ്.

”അദ്ദേഹം (സുലൈമാന്‍) പറഞ്ഞു: ഹേ; പ്രമുഖന്മാരേ, അവര്‍ കീഴൊതുങ്ങിക്കൊണ്ട് എന്റെ അടുത്ത് വരുന്നതിന് മുമ്പായി നിങ്ങളില്‍ ആരാണ് അവളുടെ സിംഹാസനം എനിക്ക് കൊണ്ടുവന്ന് തരിക? ജിന്നുകളുടെ കൂട്ടത്തിലുള്ള ഒരു മല്ലന്‍ പറഞ്ഞു: അങ്ങ് അങ്ങയുടെ ഈ സദസ്സില്‍ നിന്ന് എഴുന്നേല്‍ക്കുന്നതിനു മുമ്പായി ഞാനത് അങ്ങേക്ക് കൊണ്ടുവന്നു തരാം. തീര്‍ച്ചയായും ഞാനതിന് കഴിവുള്ളവനും വിശ്വസ്തനുമാകുന്നു. വേദത്തില്‍ നിന്നുള്ള വിജ്ഞാനം കരഗതമാക്കിയിട്ടുള്ള ആള്‍ പറഞ്ഞു; താങ്കളുടെ ദൃഷ്ടി താങ്കളിലേക്ക് തിരിച്ചു വരുന്നതിന് മുമ്പായി ഞാനത് താങ്കള്‍ക്ക് കൊണ്ടു വന്ന് തരാം. അങ്ങനെ അത് (സിംഹാസനം) തന്റെ അടുക്കല്‍ സ്ഥിതിചെയ്യുന്നതായി കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഞാന്‍ നന്ദികാണിക്കുമോ, അതല്ല നന്ദികേട് കാണിക്കുമോ എന്ന് എന്നെ പരീക്ഷിക്കുവാനായി എന്റെ രക്ഷിതാവ് എനിക്ക് നല്‍കിയ അനുഗ്രഹത്തില്‍ പെട്ടതാകുന്നു ഇത്. വല്ലവനും നന്ദികാണിക്കുന്ന പക്ഷം തന്റെ ഗുണത്തിനായിട്ട് തന്നെയാകുന്നു അവന്‍ നന്ദികാ ണിക്കുന്നത്. വല്ലവനും നന്ദികേട് കാണിക്കുന്ന പക്ഷം തീര്‍ച്ചയായും എന്റെ രക്ഷിതാവ് പരാശ്രയ മുക്തനും ഉല്‍കൃഷ്ടനുമാകുന്നു” (27:38-40).

ബുദ്ധിമതിയായ രാജ്ഞി പട്ടാളത്തോടൊപ്പം തന്റെ കൊട്ടാരത്തില്‍ എത്തുന്നതിന് മുമ്പായി അവര്‍ക്ക് മന സ്സിലാക്കാനായി ഒരു വലിയ ദൃഷ്ടാന്തം അവിടെ സംഭവിക്കുകയാണ്. അതിന് വേണ്ടി സുലൈ മാന്‍(അ) തന്റെ രാജ ദര്‍ബാര്‍ വിളിച്ചുചേര്‍ത്തു. പട്ടാളവും മറ്റു വേണ്ടപ്പെട്ടവരെല്ലാവരും അതില്‍ ഒരുമിച്ചു കൂടി. സുലൈമാന്‍ നബി(അ)യുടെ സൈന്യ ത്തിന്റെ പ്രത്യേകത നാം മുമ്പ് മനസ്സിലാക്കിയിട്ടുണ്ട്. അതില്‍ മനുഷ്യര്‍ക്ക് പുറമെ ജിന്നുകളും പക്ഷികളും ഉണ്ടായിരുന്നു. ജിന്നുകളില്‍ തന്നെ ചെകുത്താന്‍മാരുമുണ്ടായിരുന്നു. അവരെ സംബന്ധി ച്ച് ക്വുര്‍ആന്‍ മറ്റു സ്ഥലങ്ങളിലും വിവരിച്ചിട്ടുണ്ട്.

”പിശാചുക്കളുടെ കൂട്ടത്തില്‍ നിന്ന് അദ്ദേഹത്തിന് വേണ്ടി (കടലില്‍) മുങ്ങുന്ന ചിലരെയും (നാം കീഴ്‌പെടുത്തികൊടുത്തു). അതു കൂടാതെ മറ്റു ചില പ്രവൃത്തികളും അവര്‍ ചെയ്തിരുന്നു. നാമായിരുന്നു അവരെ കാത്തുസൂക്ഷിച്ച് കൊണ്ടിരുന്നത്” (ക്വുര്‍ആന്‍ 21:82).

”…അദ്ദേഹത്തിന്റെ രക്ഷിതാവിന്റെ കല്‍പന പ്രകാരം അദ്ദേഹത്തിന്റെ മുമ്പാകെ ജിന്നുകളില്‍ ചിലര്‍ ജോലി ചെയ്യുന്നുമുണ്ടായിരുന്നു. അവരില്‍ ആരെങ്കിലും നമ്മുടെ കല്‍പനക്ക് എതിരു പ്രവര്‍ത്തിക്കുന്ന പക്ഷം നാം അവന്ന് ജ്വലിക്കുന്ന നരകശിക്ഷ ആസ്വ ദിപ്പിക്കുന്നതാണ്. അദ്ദേഹത്തിന് വേണ്ടി ഉന്നത സൗധങ്ങള്‍, ശില്‍പങ്ങള്‍, വലിയ ജലസംഭരണി പോലെയുള്ള തളികകള്‍, നിലത്ത് ഉറപ്പിച്ച് നിര്‍ത്തി യിട്ടുള്ള പാചക പാത്രങ്ങള്‍ എന്നിങ്ങനെ അദ്ദേഹം ഉദ്ദേശിക്കുന്നതെന്തും അവര്‍ (ജിന്നുകള്‍) നിര്‍മിച്ചിരുന്നു” (34:12,13).

”എല്ലാ കെട്ടിടനിര്‍മാണ വിദഗ്ധരും മുങ്ങല്‍ വിദഗ്ധരുമായ പിശാചുക്കളെയും (അദ്ദേഹത്തിന്നു കീഴ്‌പെടുത്തികൊടുത്തു.ചങ്ങലകളില്‍ ബന്ധിക്ക പ്പെട്ട മറ്റു ചിലരെ (പിശാചുക്കളെ)യും (അധീന പ്പെടുത്തികൊടുത്തു) (38:37,38).

ജിന്നുകളെ അല്ലാഹു സുലൈമാന്‍ നബി(അ)ക്ക് കീഴ്‌പെടുത്തി കൊടുത്തിരുന്നു, അദ്ദേഹം അവരോട് കല്‍പിക്കുന്നതെല്ലാം അവര്‍ അനുസരിച്ച് വിവിധങ്ങളായ ജോലികള്‍ ചെയ്ത് കൊടുത്തിരുന്നു എന്നുമെല്ലാം ക്വുര്‍ആന്‍ വ്യക്തമാക്കുന്നു.

അല്ലാഹുവിന് പുറമെ നബിമാരോടും വലിയ്യു കളോടും  പ്രാര്‍ഥിക്കുന്നതിനായി സുലൈമാന്‍ നബി (അ)യുടെ ചരിത്രം വളച്ചൊടിച്ച് തെളിവുണ്ടാക്കുന്ന ചില ആളുകളുണ്ട്. അവരുടെ വാദം ഇപ്രകാരമാണ്: ‘മുജാഹിദുകളുടെ പ്രാര്‍ഥനയുടെ നിര്‍വചനം തെറ്റാകുന്നു. മറഞ്ഞ വഴിക്ക് അല്ലാഹു അല്ലാത്തവര്‍ക്ക് ഗുണമോ ദോഷമോ വരുത്താന്‍ കഴിയുകയില്ല. ഈ വാദം ഖുർആനിന് എതിരാണ്. കാരണം, ജിന്നുകളെ നമുക്ക് കാണാന്‍ കഴിയില്ല. ആ വര്‍ഗത്തോട് സുലൈമാന്‍(അ) പല കാര്യങ്ങളും ആവശ്യപ്പെടുകയും അവരെക്കൊണ്ട് പല ഉപകാര ങ്ങളും ചെയ്യിപ്പിച്ചിരുന്നു. അപ്പോള്‍ മുജാഹിദുകളുടെ നിര്‍വചന പ്രകാരം സുലൈമാന്‍(അ) ശിര്‍ക്ക്ചെയ്തു എന്നായി…’ ഇങ്ങനെ പോകുന്നു അവരുടെ വാദം. 

എന്നാല്‍ മുജാഹിദുകള്‍ പ്രാര്‍ഥനക്ക് നല്‍കിയ നിര്‍വചനം തെറ്റിയിട്ടില്ല. മറഞ്ഞ മാര്‍ഗത്തിലൂടെ അഥവാ അഭൗതിക മാര്‍ഗത്തിലൂടെ അല്ലാഹുവിനല്ലാതെ യാതൊരു ഗുണമോ ദോഷമോ ചെയ്യാന്‍ സാധ്യമല്ല എന്നത് തന്നെയാണ് ക്വുര്‍ആനും സുന്നത്തും പഠിപ്പിക്കുന്നത്. മറഞ്ഞ കാര്യം എന്നത് എന്താണെന്നത് ഇവര്‍ക്ക് മനസ്സിലായില്ല എന്നതാണ് വസ്തുത. മറഞ്ഞ കാര്യം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് കണ്ണില്‍ കാണാത്തത് എന്നാണെന്ന് ചിലര്‍ ധരിച്ചു പോയിട്ടുണ്ട്. സൃഷ്ടികളുടെ കഴിവില്‍ പെടാത്തതും അല്ലാഹുവിന് മാത്രം ചെയ്യാന്‍ കഴിയുന്നതുമായ കാര്യത്തെയാണ് മറഞ്ഞ കാര്യം അല്ലെങ്കില്‍ മറഞ്ഞ മാര്‍ഗം എന്നത് കൊണ്ടെല്ലാം ഉദ്ദേശിക്കുന്നത്. സുലൈമാന്‍(അ) ജിന്നുകളെ കൊണ്ട് ജോലി ചെയ്യിച്ചതും ഉപകാരം നേടിയതും ജിന്നുകള്‍ക്ക് അല്ലാഹു നല്‍കിയ കഴിവിന്റെ അടിസ്ഥാന ത്തിലാണ്. അവര്‍ക്ക് എന്തെല്ലാം കഴിവ് ഉണ്ടായി രുന്നു എന്നത് മുകളിലെ സൂക്തങ്ങള്‍ നമുക്ക് അറിയിച്ചു തരുന്നുണ്ട്.

കിലോമീറ്ററുകള്‍ അകലെ കിടക്കുന്ന ബില്‍ക്വീസിന്റെ സിംഹാസനം സുലൈമാന്‍ നബി(അ)യുടെ അടുത്ത് എത്തിക്കുന്നതിനായി സുലൈമാന്‍(അ) ജിന്നുകള്‍ അടക്കമുള്ളവരോട് സഹായം ചോദിച്ചത് അഭൗതിക മാര്‍ഗത്തിലൂടെയുള്ള സഹായ തേട്ടമാണെന്ന് വരുത്തി അല്ലാഹു അല്ലാത്തവരോട് സഹായം ചോദിക്കുന്നവരുണ്ട്. സുലൈമാന്‍ നബി(അ)യുടെ ഈ ചരിത്രത്തില്‍ അഭൗതികമായ യാതൊരു സഹായ തേട്ടവും ഇല്ല. ഒരോ സൃഷ്ടിക്കും അല്ലാഹു പ്രകൃത്യാ പല കഴിവുകളും നല്‍കിയിട്ടുണ്ട്. ആ കഴിവ് ഉപയോഗപ്പെടുത്തുന്നതോ, ആ കഴിവ് അനുസരിച്ച് അവര്‍ എന്തെങ്കിലും ചെയ്യുന്നതോ അംഗീകരിക്കുന്നതിനാല്‍ അവിടെ ശിര്‍ക്ക് വരുന്നില്ല. ഇവിടെ സുലൈമാന്‍(അ) അഭൗതിക മാര്‍ഗത്തി ലൂടെയുള്ള യാതൊരു സഹായ തേട്ടവും നടത്തിയിട്ടില്ല. കാരണം, അവര്‍ക്ക് ചെയ്യാന്‍ കഴിവുള്ള ഒരു കാര്യം ചെയ്യാന്‍ അവരോട് കല്‍പിക്കുക മാത്രമാണ് ചെയ്യുന്നത്.

എല്ലാവരെയും ഒരുമിച്ച് ചേര്‍ത്തതിന് ശേഷം സുലൈമാന്‍(അ) ചോദിച്ചത് അവര്‍ കീഴൊതു ങ്ങിക്കൊണ്ട് എന്റെ  അടുത്ത് വരുന്നതിന് മുമ്പായി നിങ്ങളില്‍ ആരാണ് അവളുടെ സിംഹാസനം എനിക്ക് കൊണ്ടു വന്ന് തരിക എന്നാണ്. ബല്‍ക്വീസിന്റെ സിംഹാസനം വമ്പിച്ചതായിരുന്നുവെന്ന് ഹുദ്ഹുദ് മുമ്പ് നല്‍കിയ വിവരത്തില്‍ നിന്ന് വ്യക്തമാണ്. 

ചോദ്യം കേട്ട പാടെ, ജിന്നുകളിലെ മല്ലനായ ഒരു ജിന്ന് അതിന് മുന്നോട്ടു വന്നു; അങ്ങ് അങ്ങയുടെ ഈ സദസ്സില്‍ നിന്ന് എഴുന്നേല്‍ക്കുന്നതിനു മുമ്പായി ഞാനത് അങ്ങേക്ക് കൊണ്ടുവന്നുതരാം എന്ന് പ്രഖ്യാപിച്ചു. 

സുലൈമാന്‍ നബി(അ)യുടെ രാജദര്‍ബാറിലെ ചർച്ചകൾ പലപ്പോഴും വൈകുന്നേരം രണ്ടോ മൂന്നോ മണിക്കൂറുകള്‍ നീളുന്നതായിരുന്നു. അങ്ങനെയുള്ള ആ സദസ്സ് പിരിയുന്നതിന് മുമ്പായി ബല്‍ക്വീസിന്റെ സിംഹാസനം തന്റെയടുത്ത് എത്തിക്കുവാനാണ് സുലൈമാന്‍(അ) കല്‍പന പുറപ്പെടുവിച്ചത്. അത് ഇഫ്‌രീത് ഏറ്റടുക്കുവാന്‍ തയ്യാറായി. ഞാനതിന് കഴിവുള്ളവനും വിശ്വസ്തനുമാണെന്നും ഇഫ്‌രീത് പറയുന്നുണ്ട്. ഏകദേശം ആയിരത്തി അഞ്ഞൂറ് കി.മീറ്റര്‍ അകലെയുള്ള സിംഹാസനം കൊണ്ടുവരാനുള്ള സമയം രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രം! ഈ സമയത്തിനുള്ളില്‍ മൂവായിരം കി.മീറ്റര്‍ യാത്ര ചെയ്യാനും അത് വഹിച്ച് കൊണ്ടുവരാനും ഇഫ്‌രീതിന് കഴിയുമായിരുന്നു. അതാണ് അവന്‍ സുലൈമാന്‍(അ)നോട് പറയുന്നത്. രാജ്ഞിയുടെ സിംഹാസനം എടുക്കാനാണല്ലോ പോകുന്നത്. കൊട്ടാരത്തില്‍ വലിയ വിലപിടിപ്പുള്ള, ഒട്ടനേകം വസ്തുക്കള്‍ ഉണ്ടാവുക സ്വാഭാവികം. എന്നാല്‍ അതിലൊന്നും താന്‍ കൈകടത്തുകയില്ലെന്നും സത്യസന്ധനായി ആ സിംഹാസനം ഇവിടെ എത്തിക്കുന്നതുമാണ് എന്നതാവാം ഞാന്‍ വിശ്വസ്തനാണെന്ന് ഇഫ്‌രീത് പറഞ്ഞതിന്റെ താല്‍പര്യം.

ഇഫ്‌രീത് സിംഹാസനം കൊണ്ടുവരാനുള്ള സന്നദ്ധത അറിയിച്ചപ്പോള്‍ വേദത്തില്‍ ജ്ഞാനം നല്‍കപ്പെട്ട ആള്‍ സുലൈമാന്‍ നബി(അ)യോട് പറഞ്ഞു: ‘താങ്കള്‍ കണ്ണ് ചിമ്മി തുറക്കുന്നതിന് മുമ്പായി ഞാനത് നിങ്ങളുടെ സന്നിധിയില്‍ എത്തിക്കുന്നതാണ്.’

ആരായിരുന്നു ഈ വേദത്തില്‍ ജ്ഞാനം നല്‍കപ്പെട്ട വ്യക്തി? ക്വുര്‍ആന്‍ വ്യാഖ്യാതക്കള്‍ പല അഭിപ്രായങ്ങളും ഇതു സംബന്ധമായി പ്രകടിപ്പിച്ചിട്ടുള്ളതായി നമുക്ക് കാണാം. അത് ഒരു മലക്കാണെന്ന് അഭിപ്രായം പറഞ്ഞവരുണ്ട്. കാരണം ഇത്ര വേഗത്തില്‍ അങ്ങ് അകലെയുള്ള സിംഹാസനം എത്തിക്കാന്‍ മലക്കിന് സാധിക്കുമെന്നതിനാലാകാം ചിലര്‍ ഈ അഭിപ്രായം പറഞ്ഞത്. എന്നാല്‍ ഈ പറഞ്ഞ വ്യക്തി സുലൈമാന്‍(അ) തന്നെ ആകാമെന്നാണ് ഇമാം റാസി(റ)യുടെ അഭിപ്രായം. ഇഫ്‌രീത് സുലൈമാന്‍ നബി(അ)യോട് ആ സദസ്സ് പിരിയുന്നതിന് മുമ്പായി എത്തിക്കുമെന്നാണല്ലോ പറഞ്ഞത്. അപ്പോള്‍ സുലൈമാന്‍(അ) ഇഫ്‌രീതി നോട് പറഞ്ഞു: ‘അതിനെക്കാള്‍ വേഗത്തില്‍, താങ്കളുടെ കണ്ണ് ഇമവെട്ടി തുറക്കുന്നതിന് മുമ്പായി ഞാനത് എത്തിക്കും.’ അല്ലാഹു അദ്ദേഹത്തിലൂടെ പല അത്ഭുതങ്ങളും പ്രകടമാക്കിയിട്ടുണ്ടല്ലോ. അഥവാ, സുലൈമാന്‍ നബി(അ)ക്ക്അല്ലാഹു നല്‍കി യ ഒരു മുഅ്ജിസത്തായിരുന്നു അത്. അത് എങ്ങനെ യാണ് മുഅ്ജിസത്താകുക? ഇഫ്‌രീത് സുലൈമാന്‍ (അ)നോട് പറയുമ്പോള്‍ അവസാനം പറഞ്ഞത് ഞാന്‍ അതിന് കഴിവുള്ളവനാണെന്നാണല്ലോ. അത് സുലൈമാന്‍(അ) പറഞ്ഞോ? ഇല്ല! കാരണം, അത് സംഭവിക്കാന്‍ പോകുന്നത് അഭൗതിക മാര്‍ഗത്തിലൂടെയാണ്. അഥവാ അത് ദൈവിക ദൃഷ്ടാന്തമാണ്. ആസ്വിഫ് ബ്‌നു ബര്‍ഖിയ എന്ന് പേരുള്ള സ്വാലിഹായ വ്യക്തി ആ പട്ടാള ത്തിലുണ്ടായിരുന്നു; അദ്ദേഹമാണ് അങ്ങനെ പറഞ്ഞത് എന്നും അഭിപ്രായപ്പെട്ടവരുണ്ട്. അപ്പോള്‍ വേദഗ്രന്ഥത്തില്‍ നിന്നുള്ള പ്രത്യേക അറിവ് ഉണ്ടായിരുന്നു എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം അദ്ദേഹത്തിന് ‘ഇസ്മുല്‍ അഅ്‌ളം’ അറിയാമായിരുന്നു. അത് വെച്ച് അദ്ദേഹം അല്ലാഹുവിനോട് പ്രാര്‍ഥിച്ചാല്‍ ഞൊടിയിടകൊണ്ട് ആ കാര്യം സാധിക്കുമായിരുന്നു. അങ്ങനെ അദ്ദേഹം തനിക്ക് പ്രത്യേകമായി പഠിപ്പിക്കപ്പെട്ട ആ പ്രാര്‍ഥന നിര്‍വഹിച്ചു. (ആ പ്രാര്‍ഥനയുടെ രൂപം ചില റിപ്പോര്‍ട്ടുകളില്‍ നമുക്ക് കാണാവുന്നതാണ്). അങ്ങനെ ആ സിംഹാസനം സുലൈമാന്‍ നബി(അ)യുടെ കൊട്ടാരത്തിങ്കല്‍ എത്തി. താങ്കള്‍ കണ്ണ് ചിമ്മി തുറക്കുന്നതിന് മുമ്പായി ഞാന്‍ ആ സിംഹാസനം ഇവിടെ എത്തിക്കാം എന്ന് പറഞ്ഞതില്‍ അഭൗതികമായ യാതൊന്നും സംഭവിക്കുന്നില്ല. ഇഫ്‌രീതാണ് അത് പറഞ്ഞതെങ്കില്‍ അല്ലാഹു അവന്പ്രകൃത്യാ നല്‍കിയ കഴിവ് കൊണ്ട് അത് എത്തിച്ചു. അപ്പറഞ്ഞത് സുലൈമാന്‍ നബി(അ) ആണെങ്കില്‍ അത് മുഅ്ജിസത്താണ്. അതല്ല ആസ്വിഫ് ആണെങ്കില്‍ അത് അദ്ദേഹത്തിലൂടെ അല്ലാഹു പ്രകടമാക്കുന്ന കറാമത്തും. മുഅ്ജിസത്തും കറമാത്തും അല്ലാഹുവാണല്ലോ അടിമകളിലൂടെ പ്രകടമാക്കുന്നത്.

ബില്‍ക്വീസിന്റെ സിംഹാസനം തന്റെ മുന്നില്‍ കണ്ടപ്പോള്‍ സുലൈമാന്‍(അ) നന്ദിയോടെ അല്ലാഹുവിനെ സ്മരിച്ചു.’ഞാന്‍ നന്ദികാണിക്കുമോ, അതല്ല നന്ദികേട് കാണിക്കുമോ എന്ന് എന്നെ പരീക്ഷിക്കുവാനായി എന്റെ രക്ഷിതാവ് എനിക്ക് നല്‍കിയ അനുഗ്രഹത്തില്‍ പെട്ടതാകുന്നു ഇത്. വല്ലവനും നന്ദികാണിക്കുന്ന പക്ഷം തന്റെ  ഗുണത്തിനായിട്ട് തന്നെയാകുന്നു അവന്‍ നന്ദികാണിക്കുന്നത്. വല്ലവനും നന്ദികേട് കാണിക്കുന്ന പക്ഷം തീര്‍ച്ചയായും എന്റെ രക്ഷിതാവ് പരാശ്രയമുക്തനും ഉല്‍കൃഷ്ടനുമാകുന്നു’ എന്ന് വിനയത്തോടെ അദ്ദേഹം പറഞ്ഞു.

പല വാഹനങ്ങളിലും കടകളിലും വീടുകളിലുമെല്ലാം നാം കാണുന്ന ഒന്നാണ് ‘ഹാദാ മിന്‍ ഫദ്‌ലി റബ്ബീ’ എന്നെഴുതിയ സ്റ്റിക്കര്‍. ‘എന്റെ രക്ഷിതാവ് എനിക്ക് നല്‍കിയ അനുഗ്രഹത്തില്‍ പെട്ടതാകുന്നു ഇത്’ എന്നര്‍ഥം. എപ്പോഴും സിനിമയിലും സംഗീതത്തിലും മുഴുകിയിരിക്കുന്ന ആളുകളുള്ള വീടിന്റെ പുറംചുമരില്‍ ഇത് എഴുതിവെക്കുന്നതില്‍, വാഹനങ്ങളില്‍ ഇത് ഒട്ടിച്ചുെവക്കുന്നതില്‍ എന്ത് അര്‍ഥമാണുള്ളത്? അശ്ലീല പ്രസിദ്ധീകരണങ്ങളും പുകയില ഉല്‍പന്നങ്ങളും മയക്കുമരുന്നുകളും വില്‍ക്കുന്നവര്‍ കടകളില്‍ ആളുകള്‍ കാണുംവിധം ഇത് പ്രദര്‍ശിപ്പിക്കുന്നത് ആ വചനത്തെ അപഹസിക്കലല്ലേ? എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? അതിന്റെ അര്‍ഥം അറിയാത്തതിനാല്‍ തന്നെ! ‘ഞാന്‍ നന്ദികാണിക്കുമോ, അതല്ല നന്ദികേട് കാണിക്കുമോ എന്ന് എന്നെ പരീക്ഷിക്കുവാനായി എന്റെ രക്ഷിതാവ് എനിക്ക് നല്‍കിയ അനുഗ്രഹത്തില്‍ പെട്ടതാകുന്നു ഇത്’ എന്നാണ് അതിന്റെ പൂര്‍ണരൂപം. കടയും വാഹനവും വീടുമെല്ലാം നാം നന്ദികാണിക്കുമോ അതല്ല നന്ദികേട് കാണിക്കുമോ എന്ന് പരീക്ഷിക്കുവാനായി രക്ഷിതാവ് നല്‍കിയ അനുഗ്രഹങ്ങളില്‍ പെട്ടതാണ് എന്നര്‍ഥം. അകത്തിരുന്ന് നന്ദികേട് കാണിക്കുകയും പുറത്ത് ഇത് എഴുതിവെക്കുകയും ചെയ്യല്‍ എത്ര നിരര്‍ഥകമാണ്. 

നബിﷺക്കും സ്വഹാബിമാര്‍ക്കും വീടില്ലായിരുന്നോ? വാഹനമുണ്ടായിരുന്നില്ലേ? എന്നിട്ട് അവര്‍ ആരെങ്കിലും ഇപ്രകാരം എഴുതിത്തൂക്കിയിരുന്നോ? ഇങ്ങനെ എഴുതിത്തൂക്കുന്നതില്‍ തന്നെ യാതൊരു പ്രത്യേകതയുമില്ല എന്ന് മനസ്സിലാക്കുക.

നബിﷺയുടെ പരമ്പര

ഫദ്‌ലുല്‍ ഹഖ് ഉമരി

   മുഹമ്മദ്, അബ്ദുല്ല, അബ്ദുല്‍ മുത്ത്വലിബ്, ഹാഷിം, അബ്ദുമനാഫ്, ക്വുസ്വയ്യ്, കിലാബ്, മുര്‍റത്, കഅ്ബ്, ലുഅയ്യ്, ഗാലിബ്, ഫിഹ്‌റ്, മാലിക്, നള്‌റ്, കിനാന, ഖുസൈമ, മുദ്‌രിക, ഇല്യാസ്, മുളര്‍റ്, നസാര്‍, മഅ്ദ്, അദ്‌നാന്‍ എന്നിങ്ങനെ നീളുന്നു നബിﷺയുടെ പരമ്പര.  അവസാനം പറഞ്ഞ അദ്‌നാന്‍ ഇസ്മാഈലു ബ്‌നു ഇബ്‌റാഹീമിന്റെ പരമ്പരയില്‍ നിന്നുള്ളതാണ്.

   ബനൂസഹ്‌റക്കാരാണ് നബിﷺയുടെ അമ്മാവന്‍മാര്‍. നബിﷺയുടെ ഉമ്മ (ആമിനബിന്‍തു വഹബ്) ബനൂസഹ്‌റയില്‍ പെട്ടവരാണ്. ഇവരുടെ പരമ്പര കിലാബില്‍ ചെന്ന് ചേരുകയും ചെയ്യുന്നു. ഖുറൈശികളിൽ വലിയ സ്ഥാനമായിരുന്നു ഖുസ്വയ്യിന് ഉണ്ടായിരുന്നത്. ഖുസ്വയ്യ് മരിച്ചപ്പോള്‍ ആ സ്ഥാനം അദ്ദേഹത്തിന്റെ മക്കളായ അബ്ദുമനാഫ്, അബ്ദുദ്ദാര്‍, അബ്ദുഖുസ്വയ്യ്, അബ്ദുല്‍ കഅ്ബ് തുടങ്ങിയവര്‍ക്ക് ലഭിച്ചു. ഖുറൈശികളിൽ ഏറ്റവും സ്ഥാനം അബ്ദുമനാ ഫിനായിരുന്നു. ഹജ്ജിന് വരുന്നവര്‍ക്ക് വെള്ളവും ഭക്ഷണവും ഒരുക്കുന്ന സ്ഥാനം ഇവര്‍ക്കായിരുന്നു. അബ്ദുമനാഫ് മരിച്ചപ്പോള്‍ ഹാഷിം ആ സ്ഥാന ങ്ങള്‍ക്കര്‍ഹനായി. തണുപ്പുകാലത്തെയും ചൂടുകാല ത്തെയും യാത്രാസംഘങ്ങള്‍ ആദ്യമായി ഒരുക്കിയത് അദ്ദേഹമാണ്. ഹാജിമാര്‍ക്കും സന്ദര്‍ശകര്‍ക്കും പായ സവും മറ്റു ഭക്ഷണങ്ങളും തയ്യാറാക്കിക്കൊടുത്തി രുന്നത് കൊണ്ടാണ് ഹാഷിം എന്ന പേര് ലഭിച്ചത്. യഥാര്‍ഥ നാമം അംറ് എന്നാണ്. ഷാഷിമിനു ശേഷം മകന്‍ അബ്ദുല്‍ മുത്ത്വലിബ് വന്നു. മദീനയിലാണ് അദ്ദേഹം വളര്‍ന്നത്. തന്റെ പിതാമഹനായ ഖുസ്വയ്യിനെപ്പോലെത്തന്നെയായിരുന്നു അദ്ദേഹം. വെള്ളപ്പൊക്കത്തില്‍ സംസം കിണര്‍ മൂടിപ്പോയതിനു ശേഷം അത് ആദ്യമായി കുഴിച്ചത് അബ്ദുല്‍ മുത്ത്വലിബായിരുന്നു. പത്തുമക്കളെ അല്ലാഹു നല്‍കി യാല്‍ ഒരു മകനെ ബലിയറുക്കുമെന്ന് നേര്‍ച്ച നേര്‍ന്ന തും അബ്ദുല്‍മുത്ത്വലിബായിരുന്നു. 

   നല്ലപരമ്പരയും മാന്യതയും സ്വഭാവവും പ്രതാപവുമുള്ള തറവാട്ടില്‍ അഥവാ ക്വുറൈശ് ഗോത്രത്തിലെ ബനൂഹാശിം കുടുംബത്തിലാണ് സൃഷ്ടികളില്‍ ഉത്തമനായ നബിﷺ ജന്മമെടുക്കു ന്നത്. 

അബ്ദുല്‍ മുത്ത്വലിബ് ഇബ്‌നു ഹാശിം

   അബ്ദുമനാഫിന് 9 ആണ്‍കുട്ടികളായിരുന്നു ഉണ്ടായിരുന്നത്; ഹാശിം, മുത്ത്വലിബ്, നൗഫല്‍, അബ്ദുശ്ശംസ് എന്നിവര്‍. രിഫാദത്തും സിക്വായത്തും (ഹാജിമാര്‍ക്ക് വെള്ളവും ഭക്ഷണവും ഒരുക്കല്‍) ഹാശിമിനായിരുന്നു അവകാശപ്പെട്ടിരുന്നത്. ഹാശിം മരിക്കാന്‍ സമയത്ത് തന്റെ സഹോദരന്‍ മുത്ത്വലിബിന് ആ സ്ഥാനങ്ങള്‍ വസ്വിയ്യത് ചെയ്തു. തന്റെ സമൂഹത്തില്‍ മഹത്ത്വവും ശ്രേഷ്ഠതയും ഉള്ള ആളായിരുന്നു അബ്ദുല്‍ മുത്ത്വലിബ്. അദ്ദേഹത്തി ന്റെ ധര്‍മിഷ്ഠത കാരണത്താല്‍ ‘ഫയ്യാള്’ (കോരിച്ചൊ രിഞ്ഞ് കൊടുക്കുന്നവന്‍) എന്നായിരുന്നു ഖുറൈശികൾ. അദ്ദേഹത്തെ വിളിച്ചിരുന്നത്. 

   ഹാഷിമിന്റെ, മദീനയിലുള്ള ഒരു മകനായിരുന്നു ശൈബ. അബ്ദുല്‍മുത്ത്വലിബ് ശൈബയെക്കുറിച്ച് കേട്ടപ്പോള്‍ കുട്ടിയെ തേടി മദീനയിലേക്ക് പുറപ്പെട്ടു. തന്റെ പിതാവിന്റെ അതേ സാദൃശ്യം ശൈബയില്‍ കണ്ടപ്പോള്‍ തന്നിലേക്ക് അണച്ചു പിടിക്കുകയും ഉമ്മവെക്കുകയും കരയുകയും ചെയ്തു. യമനില്‍ നിന്നുള്ള ഒരു വസ്ത്രം ആ കുട്ടിയെ ധരിപ്പിച്ചു. മക്കയിലേക്ക് തന്റെ വാഹനത്തിന്റെ പിന്നിലിരുത്തി കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഉമ്മയുടെ അനുവാദമില്ലാതെ പോരാന്‍ കഴിയില്ലെന്ന് ശൈബ പറഞ്ഞു. മുത്ത്വലിബ് ശൈബയുടെ ഉമ്മയോട് അനുവാദം ചോദിച്ചെങ്കിലും കൊടുത്തില്ല. അവസാനം അനുനയ ശ്രമങ്ങള്‍ നടത്തുകയും ഉമ്മ സമ്മതിക്കുകയും ചെയ്തു. ശൈബയുടെ കുടുംബക്കാരൊക്കെ മക്കയിലാണുള്ളതെന്നും അവര്‍ അവിടെ ഏറ്റവും മാന്യന്മാരായി കഴിയുന്നവരാണ് എന്നുമൊക്കെയായിരുന്നു മുത്ത്വലിബ് ശൈബയുടെ ഉമ്മയോട് പറഞ്ഞത്. അങ്ങനെ ശൈബ മക്കയിലെത്തി. ഇത് കണ്ട നാട്ടുകാരാ യ  ഖുറൈശികൾ പറഞ്ഞു: ‘മുത്ത്വലിബ് ഇതാ ഒരു അടിമയെ (അബ്ദ്) വാങ്ങിയിരിക്കുന്നു.’ അങ്ങനെ ശൈബ ‘മുത്ത്വലിബിന്റെ അടിമ’ എന്ന അര്‍ഥത്തില്‍ ‘അബ്ദുല്‍ മുത്ത്വലിബ്’ എന്ന് വിളിക്കപ്പെട്ടു. ശൈബ അടിമയല്ല. മറിച്ച് എന്റെ സഹോദരന്‍ ഹാശിമിന്റെ പുത്രനാണ്. മദീനയില്‍ നിന്നും ഞാന്‍ കൊണ്ട് വന്നതാണ് എന്നെല്ലാം മുത്ത്വലിബ് ജനങ്ങളെ അറിയിച്ചു. അങ്ങനെ അബ്ദുല്‍ മുത്ത്വലിബ് (ശൈബ) മക്കയില്‍ വളര്‍ന്ന് വലുതായി. ഒരു ദിവസം മുത്ത്വലിബ് യമനിലേക്ക് കച്ചവടത്തിനായി പുറപ്പെട്ടു. യമനിലെ റദ്ഫാന്‍ എന്ന സ്ഥലത്തെത്തിയപ്പോള്‍ അദ്ദേഹം മരണപ്പെട്ടു. ശേഷം സിക്വായതും രിഫാദതും അബ്ദുല്‍ മുത്ത്വലിബ് ഏറ്റെടുത്തു. തന്റെ പൂർവ്വപിതാക്കളുടെ നടപടിയനുസരിച്ച് അദ്ദേഹം അത് നിലനിര്‍ത്തുകയും ചെയ്തു.

   തടിച്ച് നീണ്ട് വെളുത്ത ആളായിരുന്നു അബ്ദുല്‍ മുത്ത്വലിബ്. സ്ഫുടതയുള്ള നാവിന്റെയും ഉത്തമസ്വഭാവത്തിന്റെയും ഉടമയായിരുന്നു അദ്ദേഹം. തന്റെ പൂര്‍വ പിതാക്കള്‍ എത്തിയിട്ടില്ലാത്ത ഉന്നത സ്ഥാനത്തേക്കദ്ദേഹം എത്തി. തന്റെ സമൂഹം അദ്ദേഹത്തെ സ്‌നേഹിച്ചു. സ്ഥാനം എത്രത്തോളം ഉയര്‍ന്നു എന്നുവെച്ചാല്‍ ‘ശൈബതുല്‍ ഹംദ്,’ ‘ഫയ്യാള്’ എന്നീ പേരുകളില്‍ ഇദ്ദേഹം വിളിക്കപ്പെട്ടു. മലമുകളില്‍ കയറിച്ചെന്ന് പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും ഭക്ഷണം എറിഞ്ഞ് കൊടുത്തതിനാല്‍ ‘മുത്ഇം’ എന്ന പേരും കിട്ടി.  ഒട്ടകത്തിന്റെ മുകള്‍ ഭാഗത്തുള്ള നെയ്യ്‌നിറഞ്ഞ മാംസവും കരളുമായിരുന്നു അദ്ദേഹം ജനങ്ങള്‍ക്ക് വിതരണം ചെയ്തിരുന്നത്.

   അബ്ദുല്‍മുത്ത്വലിബ് ഖുറൈശികളിൽ മാത്രമല്ല അറേബ്യന്‍ പ്രദേശത്താകെയും മഹത് വ്യക്തിയായി മാറി. അറേബ്യന്‍ രാജാക്കന്മാര്‍ക്കിടയില്‍ ഉന്നതസ്ഥാനം ലഭിച്ചു. രാജാക്കളെയും ഭരണാധികാ രികളെയും കാണാനുള്ള ഏത് സംഘത്തിലും അറബി കള്‍ അബ്ദുല്‍ മുത്ത്വലിബിനെയായിരുന്നു തെര ഞ്ഞെടുത്ത് അയച്ചിരുന്നത്.

അബ്ദുല്‍ മുത്ത്വലിബിന്റെ കാലത്തെ പ്രധാന സംഭവങ്ങള്‍

   പ്രധാനമായും രണ്ട് കാര്യങ്ങളാണ് അബ്ദുല്‍ മുത്വലിബിന്റെ കാലത്തുണ്ടായത്. സംസം കിണര്‍ കുഴിക്കല്‍ ആനക്കലഹം എന്നിവയായിരുന്നു അത്.

1. സംസം

   അല്ലാഹു ഇസ്മാഈല്‍ നബി(അ)ക്കും മാതാവ് ഹാജറക്കും കനിഞ്ഞു നല്‍കിയ ഉറവാണ് സംസം.  വെള്ളപ്പൊക്കത്താലും മറ്റും സംസം കിണര്‍ മൂടിപ്പോയിരുന്നു. അല്ലാഹു അതിനെ പുറത്തുകൊണ്ടുവരാന്‍ ഉദ്ദേശിച്ചപ്പോള്‍ അബ്ദുല്‍ മുത്ത്വലിബ് കഅ്ബക്ക് ചാരെ (ഹിജ്‌റില്‍) ഉറങ്ങിക്കൊണ്ടിരിക്കെ ഒരാള്‍ വന്ന് സംസം കുഴിക്കാന്‍ പറയുന്നതായി സ്വപ്‌നം കാണുന്നു. (കഅ്ബയുടെ വാതിലിന്റെ ഭാഗത്തുള്ള ‘ക്വര്‍യതുന്നംലി’ (ഉറുമ്പുകളുടെ ഗ്രാമം)ലാണ് സംസം ഉള്ളതെന്നും സ്വപ്‌നത്തില്‍ അറിയിച്ചു.

   അബ്ദുല്‍ മുത്ത്വലിബിന് കാര്യം വ്യക്തമാവുകയും സംസമിന്റെ സ്ഥലം മനസ്സിലാക്കുകയും ചെയ്തപ്പോള്‍ തന്റെ മണ്‍വെട്ടിയെടുത്ത് അങ്ങോട്ട് ചെന്നു. മകന്‍ ഹാരിസിനെയും കൂടെ കൂട്ടി. അന്ന് ഹാരിസല്ലാത്ത മറ്റു മക്കള്‍ ഉണ്ടായിരുന്നില്ല. അങ്ങനെ കിളക്കാന്‍ തുടങ്ങിയപ്പോള്‍ സംസമിന്റെ ഉള്‍ഭാഗം വെളിവായി. അദ്ദേഹം ആവേശം കൊണ്ട് തക്ബീര്‍ ചൊല്ലി. അബ്ദുല്‍മുത്ത്വലിബ് തന്റെ ലക്ഷ്യം നേടിയിരിക്കുന്നു എന്ന് മനസ്സിലാക്കിയ ക്വുറൈശികള്‍ അദ്ദേഹത്തെ സമീപിച്ച് കൊണ്ട് പറഞ്ഞു: ”അല്ലയോ അബ്ദുല്‍ മുത്ത്വലിബ്! ഇത് ഞങ്ങളുടെ പിതാവ് ഇസ്മാഈലിന്റെ കിണറാണ്. ഞങ്ങള്‍ക്കും അതില്‍ അവകാശമുണ്ട്. അത്‌കൊണ്ട് ഞങ്ങളെയും കൂടെചേര്‍ക്കണം.’ അബ്ദുല്‍ മുത്ത്വലിബ് സമ്മതിച്ചില്ല. ഇത് എനിക്ക് പ്രത്യേകമാക്കപ്പെട്ടതും എനിക്ക് മാത്രം നല്‍കപ്പെട്ടതുമാണെന്നായിരുന്നു അബ്ദുല്‍ മുത്ത്വലിബിന്റെ മറുപടി. ഖുറൈശികളെ തര്‍ക്കിക്കാന്‍ വന്നപ്പോള്‍ അബ്ദുല്‍ മുത്ത്വലിബിന്ന് അവരെ നേരിടാനായില്ല. ആ സന്ദര്‍ഭത്തില്‍ അദ്ദേഹം ഇപ്രകാരം നേര്‍ച്ച നേര്‍ന്നു: എനിക്ക് 10 മക്കളെ അല്ലാഹു നല്‍കുകയും അവര്‍ ഖുറൈശികളെ തടയാന്‍ പ്രായമാവുകയും ചെയ്താല്‍ അതില്‍ ഒരു മകനെ കഅ്ബക്കു സമീപത്തുവെച്ച് അറുക്കും.’ അല്ലാഹു അബ്ദുല്‍ മുത്ത്വലിബിന്റെ പ്രാര്‍ഥന സ്വീകരിച്ചു. പെണ്‍കുട്ടികള്‍ക്കുപുറമെ 10 ആണ്‍കുട്ടി കളുണ്ടായി.

   ഹാരിസ്, സുബൈര്‍, അബൂലഹബ്, മുക്വവ്വിം, ദ്വറാര്‍, അബൂത്വാലിബ്, ഹജല്‍, അബ്ദുല്ല (നബിﷺയുടെ ഉപ്പ), ഹംസ, അബ്ബാസ് എന്നിവരായിരുന്നു ആ മക്കള്‍. ഇതില്‍ 2 പേര്‍ ഇസ്‌ലാം സ്വീകരിച്ചു; അബ്ബാസ്(റ), ഹംസ(റ) എന്നിവര്‍. 

   ആറ് പെണ്‍കുട്ടികളാണ് അബ്ദുല്‍ മുത്ത്വലിബിനു ണ്ടായിരുന്നത്. ഉമ്മു ഹകീം, ആതിക്വ, ഉമൈമ, അര്‍വാ, ബര്‍റ, സ്വഫിയ എന്നിവരായിരുന്നു അവര്‍. മൂത്തമകളായ സ്വഫിയ്യ മാത്രമാണ് ഇസ്‌ലാം സ്വീകരിച്ചത്.

   ആണ്‍കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയായപ്പോള്‍ തന്റെ നേര്‍ച്ചയെക്കുറിച്ച് അവരെ അറിയിക്കുകയും കരാര്‍ നിറവേറ്റാനായി അവരെ വിളിക്കുകയും ചെയ്തു. മക്കള്‍ക്കിടയില്‍ നറുക്കിട്ടപ്പോള്‍ തന്റെ പ്രിയപ്പെട്ട മകനായ അബ്ദുല്ലക്കാണ് നറുക്ക് വീണത്. അബ്ദുല്‍ മുത്ത്വലിബ് അബ്ദുല്ലയുടെ കൈപിടിച്ച് കത്തിയുമായി കഅ്ബയുടെ സമീപത്തേക്ക് കൊണ്ടുപോയി. ഖുറൈശികൾ അദ്ദേഹത്തെ തടഞ്ഞു. സഹോദരന്മാരും അമ്മാവന്മാരും തടഞ്ഞു. അപ്പോള്‍ അബ്ദുല്‍ മുത്ത്വലിബ് ചോദിച്ചു: ‘എന്റെ നേര്‍ച്ച ഞാനെന്ത് ചെയ്യും?’

   ഒരു ഭാഗത്ത് അബ്ദുല്ലയെയും മറുഭാഗത്ത് പത്ത് ഒട്ടകങ്ങളെയും വെച്ച്  നറുക്കിടാന്‍ നിര്‍ദേശമുണ്ടായി. വീണ്ടും അബ്ദുല്ലക്ക് നറുക്ക് വീണാല്‍, പത്ത് ഒട്ടകങ്ങളെ വീണ്ടും നല്‍കണം എന്നായിരുന്നു കരാര്‍. അങ്ങനെ അവര്‍ത്തിച്ചാവര്‍ത്തിച്ച് നറുക്കിട്ടപ്പോഴും അബ്ദുല്ലക്കായിരുന്നു നറുക്ക് വീണത്. അങ്ങനെ ഒട്ടകങ്ങള്‍ നുറോളമെത്തി. അവസാനം ഒട്ടകങ്ങള്‍ക്ക് നറുക്ക് വീഴുകയും അവയെ അറുക്കുകയും ചെയ്തു. ശരീരത്തിന് പകരം 100 ഒട്ടകം എന്ന പ്രായച്ഛിത്തം ആദ്യമായി നടപ്പില്‍ വരുത്തിയത് അബ്ദുല്‍ മുത്ത്വലിബാണെന്ന് പറയാം. ഖുറൈശികളും അറബികളും ഇതു നിലനിര്‍ത്തി. നബിﷺയും പില്‍കാലത്ത് ഇത് അംഗീകരിച്ചു.

   സംസം കിണര്‍ കുഴിച്ചതോടെ ആളുകള്‍ക്കിടയിലുള്ള അബ്ദുല്‍ മുത്ത്വലിബിന്റെ സ്ഥാനം വര്‍ധിച്ചു.

2. ആനക്കലഹ സംഭവം

   അറബികളുടെ ചരിത്രത്തില്‍ ഇത്രവലിയ സംഭവം മുമ്പുണ്ടായിട്ടില്ല. ഇതിനെക്കാള്‍ വലുത് ഇനിയും വരും എന്നതിലേക്കുള്ള സൂചനയായിരുന്നു അത്. മാത്രവുമല്ല അറബികള്‍ക്ക് അല്ലാഹു നന്മ ഉദ്ദേശിച്ചിട്ടുണ്ടെന്നും കഅ്ബയുടെ മഹത്ത്വം വര്‍ധിക്കുമെന്നുമുള്ള ഒരറിയിപ്പ് കൂടിയായിരുന്നു ഇത്. നബിﷺ ജനിച്ചവര്‍ഷത്തിലാണ് ആനക്കലഹം സംഭവിക്കുന്നത്.

   യമനിലെ രാജാവായ നജ്ജാശ്ശിയുടെ അസിസ്റ്റന്റായിരുന്നു അബ്‌റഹത്. ജനങ്ങള്‍ മക്കയിലേക്ക് പോകുന്നതും ഹജ്ജ് ചെയ്യുന്നതും അബ്‌റഹത് കണ്ടു. കഅ്ബക്ക് പകരം യമനില്‍ ഒരു ആരാധനാലയമുണ്ടാക്കി ജനങ്ങളെ അങ്ങോട്ട് തിരിക്കാന്‍ അബ്‌റഹത് ഉദ്ദേശിച്ചു. ഖുല്ലൈസ് എന്നായിരുന്നു ആ ആരാധനാലയത്തിന്റെ പേര്.

   ബനൂകിനാനയില്‍ പെട്ട ഒരാള്‍ ഇതറിഞ്ഞു. ആദ്ദേഹം രാത്രി ചെന്ന് ആരാധനാലയത്തിന്റെ ചുമരുകളില്‍ മാലിന്യം വാരിത്തേച്ചു. ഇതറിഞ്ഞ അബ്‌റഹത് കോപാകുലനായി. അതോടെ കഅ്ബ തകര്‍ക്കാനും തീരുമാനിച്ചു. വലിയ ഒരു സൈന്യവുമായി അയാള്‍ പുറപ്പെട്ടു. ഒരു കൂട്ടം ആനയും അതിലുണ്ടായിരുന്നു. ഏറ്റവും വലിയ ആനയെ തനിക്ക് വേണ്ടി അബ്‌റഹത് തെരഞ്ഞെടുത്തു. മഹ്മൂദ് എന്ന് അതിന് പേരിടുകയും ചെയ്‌യു. 

   അബ്‌റഹതും സൈന്യവും മുന്നോട്ട് നീങ്ങി. കഅ്ബയുടെ കിഴക്ക് വശത്ത് മുഗമ്മസ് വരെ എത്തി. അറഫയുടെ അടുത്താണീ പ്രദേശം. മക്കയില്‍ നിന്ന് 20 കിലോമീറ്ററാണ് അങ്ങോട്ടുള്ളത്. അവിടെ വെച്ച് ഖുറൈശികളുടെ സ്വത്ത് അവര്‍ കവര്‍ന്നു. അതില്‍ അബ്ദുല്‍ മുത്ത്വലിബിന്റെ 200 ഒട്ടകങ്ങളും ഉണ്ടായിരുന്നു. ഖുറൈശികളുടെ നേതാവെന്ന നിലക്ക് അബ്ദുല്‍ മുത്ത്വലിബ് വന്നു. അബ്‌റഹത്തിന്റെ അടുത്തേക്ക് പ്രവേശിച്ചു. അബ്‌റഹത്ത് അദ്ദേഹത്തെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തു.

അബ്‌റഹത്: ‘താങ്കള്‍ക്കെന്തു വേണം?’

അബ്ദുല്‍ മുത്ത്വലിബ്: ‘നിങ്ങള്‍ പിടിച്ചെടുത്ത എന്റെ 200 ഒട്ടകങ്ങളെ തിരിച്ചുതരണം.’

അബ്‌റഹത്: ‘താങ്കളെ ആദ്യം കണ്ടപ്പോള്‍ എനിക്ക് ബഹുമാനം തോന്നി. പക്ഷേ, നിങ്ങള്‍ സംസാരിച്ചപ്പോള്‍ എനിക്ക് വെറുപ്പാണ് തോന്നുന്നത്. 200 ഒട്ടകത്തിന്റെ വിഷയത്തിലാണോ നിങ്ങള്‍ സംസാരിക്കുന്നത്? ഞാന്‍ തകര്‍ക്കാന്‍ വന്നത് നിങ്ങളുടെയും പൂർവ്വപിതാക്കളുടേയും മതമായ കഅ്ബയെയാണ്. അതിനെക്കുറിച്ചൊന്നും സംസാരിക്കാനില്ലേ?’

അബ്ദുല്‍ മുത്ത്വലിബ്: ‘ഒട്ടകത്തിന്റെ ഉടമസ്ഥന്‍ ഞാനാണ്. കഅ്ബക്കൊരു ഉടമസ്ഥനുണ്ട് അവന്‍ അതിനെ സംരക്ഷിച്ചുകൊള്ളും.’

അബ്‌റഹത്: ‘അത് അസാധ്യമാണ്, ആര്‍ക്കും തടയാന്‍ കഴിയില്ല.’

   അബ്‌റഹത് ഒട്ടകങ്ങളെ തിരിച്ച് കൊടുത്തു. ഒട്ടകങ്ങളെ തിരിച്ച് കിട്ടിയപ്പോള്‍ അവയുടെ കഴുത്തില്‍ ബലിക്കുള്ള അടയാളം കെട്ടിത്തൂക്കി. എന്നിട്ട് ഹറമിലേക്ക് വിട്ടയച്ചു. അബ്ദുല്‍മുത്ത്വലിബ് തന്റെ ആളുകളോട് മലയിടുക്കുകളില്‍ വ്യാപിക്കുവാനും മലമുകളില്‍ രക്ഷതേടുവാനും നിര്‍ദേശം നല്‍കി.

   അബ്‌റഹത്തിന്റെ സൈന്യം അക്രമിക്കുമോ എന്ന ഭയമായിരുന്നു അതിനു കാരണം. അബ്‌റഹതുമായി ഏറ്റുമുട്ടാന്‍ കഴിയില്ലെന്നും കഅ്ബയെ അതിന്റെ ഉടമസ്ഥന്‍ സംരക്ഷിച്ചുകൊള്ളുമെന്നും അബ്ദുല്‍ മുത്ത്വലിബ് മനസ്സിലാക്കി.

   ഖുറൈശികള്‍ മലയിടുക്കുകളിലും മലകളിലും അഭയം തേടി. അബ്രഹത്ത് എന്തുചെയ്യുന്നു എന്നറിയാന്‍ കാത്തു നിന്നു. അബ്ദുല്‍ മുത്വലിബ് കഅ്ബയുടെ അടുത്ത് ചെന്ന് അല്ലാഹുവോട് പ്രാര്‍ത്ഥിക്കുകയും സഹായം തേടുകയും ചെയ്തു.

   അബ്‌റഹത്ത് തന്റെ സൈന്യത്തെ ഇളക്കിവിട്ടു. മക്കയില്‍ പ്രവേശിക്കാന്‍ ഒരുക്കം നടത്തി. ഒരു ആന മക്കയിലേക്ക് തിരിച്ചപ്പോള്‍ അതു മുട്ടുകുത്തി. ശക്തിയായി അടിച്ചിട്ടും ഫലമുണ്ടായില്ല. എന്നാല്‍ യമനിന്റെ ഭാഗത്തേക്ക് തിരിച്ചപ്പോള്‍ അത് ഓടാനും തുടങ്ങി. വീണ്ടും മക്കയിലേക്ക് തിരിച്ചപ്പോള്‍ അത് ഇരിക്കുകയും ചെയ്തു. ഈ സന്ദര്‍ഭത്തിലാണ് അബാബീല്‍ എന്ന പക്ഷികളെ അല്ലാഹു അവരിലേക്ക് നിയോഗിച്ചത്. കടല മണിയോളം വലുപ്പമുള്ള തീക്കല്ലുകള്‍ കൊണ്ട് അവരെ എറിഞ്ഞു. അത് കൊണ്ടവരെല്ലാം മരിച്ച് വീണു. അവര്‍ ചവച്ചരക്കപ്പെട്ട വൈക്കോല്‍ പോലായി! ആ ഏറ് ബാധിക്കാത്തവര്‍ തിരിഞ്ഞോടുകയും ചെയ്തു. തന്റെ സൈന്യത്തിന് ബാധിച്ച നാശവും തിരിഞ്ഞോട്ടവും കാണാന്‍ അല്ലാഹു അബ്‌റഹത്തിനെ ബാക്കിയാക്കി. ശേഷം അബ്‌റഹത്തിന് ഒരു പ്രത്യേക തരം രോഗം ബാധിച്ചു. അതിന്റെ ഭാഗമായി ഓരോരോ വിരലുകള്‍ മുറിഞ്ഞ് വീണു. സ്വന്‍ആഇല്‍ എത്തിയപ്പോഴേക്കും അബ്‌റഹത്ത് ഒരു പക്ഷിക്കുഞ്ഞിനെപ്പോലെയായിത്തീര്‍ന്നിരുന്നു. അങ്ങനെ ഹൃദയം പൊട്ടിത്തകര്‍ന്ന് അയാള്‍ നീചമായ മരണം വരിച്ചു. ഈ സംഭവവുമായി ബന്ധപ്പെട്ട് ഒരു അധ്യായംതന്നെ ക്വുര്‍ആനിലുണ്ട്: 

   “ആനക്കാരെക്കൊണ്ട് നിന്റെ രക്ഷിതാവ് പ്രവര്‍ത്തിച്ചത് എങ്ങനെ എന്ന് നീ കണ്ടില്ലേ? അവരുടെ തന്ത്രം അവന്‍ പിഴവിലാക്കിയില്ലേ? കൂട്ടംകൂട്ടമായിക്കൊണ്ടുള്ള പക്ഷികളെ അവരുടെ നേര്‍ക്ക് അവന്‍ അയക്കുകയും ചെയ്തു. ചുട്ടുപഴുപ്പിച്ച കളിമണ്‍കല്ലുകള്‍കൊണ്ട് അവരെ എറിയുന്നതായ. അങ്ങനെ അവന്‍ അവരെ തിന്നൊടുക്കപ്പെട്ട വൈക്കോല്‍ തുരുമ്പുപോലെയാക്കി.” (അല്‍ഫീല്‍(105): 1-5)

   അബിസീനിയക്കാരെ മക്കയില്‍ നിന്ന് അല്ലാഹു തുരത്തിക്കളയുകയും വിനാശകരമായ വിപത്ത് അവര്‍ക്കു ബാധിക്കുകയും ചെയ്തപ്പോള്‍ അറബികള്‍ ഖുറൈശികളെ ബഹുമാനിക്കാന്‍ തുടങ്ങി. ഇവര്‍ അല്ലാഹുവിന്റെ ആളുകളാണെന്നും അല്ലാഹു അവര്‍ക്കു വേണ്ടി യുദ്ധം ചെയ്തു എന്നും ശത്രുക്കളുടെ ഉപദ്രവത്തില്‍നിന്നും അല്ലാഹു അവരെ മോചിപ്പിച്ചു എന്നും അവര്‍ പറഞ്ഞു. ബൈതുല്‍ ഹറമിന്റെ മഹത്ത്വവും അവര്‍ക്കിടയില്‍ വര്‍ധിച്ചു.

   “നിര്‍ഭയമായ ഒരു പവിത്രസങ്കേതം നാം ഏര്‍പെടുത്തിയിരിക്കുന്നു എന്ന് അവര്‍ കണ്ടില്ലേ? അവരുടെ ചുറ്റുഭാഗത്തു നിന്നാകട്ടെ ആളുകള്‍ റാഞ്ചിയെടുക്കപ്പെടുന്നു. […]” (അല്‍അന്‍കബൂത്(29):67).

   ക്രിസ്തുവര്‍ഷം 571 മുഹര്‍റം മാസത്തിലാണ് ആനക്കലഹം ഉണ്ടായത്. നബിﷺയുടെ ജനനത്തിന്റെ ഏതാണ്ട് ഒന്നര മാസം മുമ്പായിരുന്നു അത്. അല്ലാഹുവിന്റെ വലിയൊരു ദൃഷ്ടാന്തമായിരുന്നു ഈ സംഭവം. നബിﷺയുടെ വരവിന്റെ ഒരു ആമുഖം കൂടിയായിരുന്നു അത്. കഅ്ബയെ വിഗ്രഹങ്ങളില്‍ നിന്നും ശുദ്ധീകരിക്കുമെന്നും അതിന്റെ ആദ്യ അവസ്ഥയിലേക്ക് അത് മടങ്ങുമെന്നും ഈ മതത്തിന് കഅ്ബയുമായി ശാശ്വതവും ആഴമേറിയതുമായ ബന്ധമുണ്ടാകുമെന്നുമുള്ള പല സൂചനകളും ഈ ആനക്കലഹ സംഭവത്തിലുണ്ട്. 

   “പവിത്രഭവനമായ കഅ്ബയെയും യുദ്ധം നിഷിദ്ധമായ മാസത്തെയും അല്ലാഹു ജനങ്ങളുടെ നിലനില്‍പിന് ആധാരമാക്കിയിരിക്കുന്നു. […]” (അല്‍മാഇദ:97).

   ഏതായാലും ഖുറൈശികളുടെ മഹത്ത്വം വര്‍ധിച്ചു. ഈ ഖുറൈശികളിലാണ് നബിﷺ ജനിക്കുന്നത്. വഴിയെ ഗോത്രം നബിﷺയെ പിന്‍പറ്റി. ശേഷം മറ്റുള്ള ഗോത്രങ്ങളും നബിﷺക്ക് കീഴൊതുങ്ങി. ഹൃദയം അല്ലാഹുവിന്ന് കീഴ്‌പെട്ടാല്‍ മറ്റു അവയവങ്ങളും കീഴ്‌പെടുന്നതുപോലെയായിരുന്നു അത്. മക്കക്കാര്‍ക്കാണ് അല്ലാഹു ഈ പ്രത്യേകത നല്‍കിയത്. മക്കക്കാര്‍ മറ്റുഗോത്രങ്ങള്‍ക്കുള്ള മാതൃകയാണ്. അവര്‍ വിശ്വസിച്ചാല്‍ എല്ലാവരും വിശ്വസിക്കും. അതെ സൃഷ്ടിപ്പിലും നിയന്ത്രണ ത്തിലും കാര്യങ്ങള്‍ നടപ്പില്‍വരുത്തുന്നതിലും അല്ലാ ഹു പരിശുദ്ധനാണ്.

   ആനക്കലഹം നടന്ന കാലത്ത് അറബികള്‍ പല രാജ്യക്കാര്‍ക്കും വിധേയപ്പെട്ടവരായിരുന്നു. ചിലര്‍ പേര്‍ഷ്യക്കാര്‍ക്ക് വിധേയപ്പെട്ടവരാണെങ്കില്‍ മറ്റു ചിലര്‍ റോമക്കാര്‍ക്ക്; വേറെ ചിലര്‍ ഹബ്ശക്കാര്‍ക്ക്. എന്നാല്‍ ആനക്കലഹ സംഭവം നടക്കുകയും ഇസ്‌ലാം കടന്നുവരികയും ചെയ്തതോടെ മറ്റുള്ളവ കൊണ്ടൊന്നും കാര്യമില്ലെന്ന സത്യം അവര്‍ മനസ്സിലാക്കി.

   മനുഷ്യകരങ്ങള്‍ക്ക് പ്രവേശനമില്ലാത്ത വിധമാണ് മക്കക്കാര്‍ക്ക് അല്ലാഹു വിജയം നല്‍കിയത്. ബൈതുല്‍ ഹറമിന്റെ മഹത്ത്വം കൊണ്ടായിരുന്നു അത്.

   “[…] നിര്‍ഭയമായ ഒരു പവിത്രസങ്കേതം നാം അവര്‍ക്ക് അധീനപ്പെടുത്തികൊടുത്തിട്ടില്ലേ? എല്ലാ വസ്തുക്കളുടെയും ഫലങ്ങള്‍ അവിടേക്ക് ശേഖരിച്ച് കൊണ്ടുവരപ്പെടുന്നു. നമ്മുടെ പക്കല്‍ നിന്നുള്ള ഉപജീവനമത്രെ അത്. […]” (ക്വസ്വസ്(28): 57)

   ആനക്കലഹസംഭവം ക്വുറൈശികള്‍ വലിയ കാര്യമായി എടുത്തു. ഏതു കാര്യത്തെയും അതിലേക്ക് ചേര്‍ത്തിയായിരുന്നു അവര്‍ പറഞ്ഞിരുന്നത്. ആനക്കലഹം നടന്ന വര്‍ഷം ജനിച്ചു…ആനക്കലഹം നടന്നവര്‍ഷം മരിച്ചു എന്നൊക്കെയായിരുന്നു അവര്‍ പറഞ്ഞിരുന്നത്.

വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷയും മലയാളികളും

ഷാനവാസ്, പറവണ്ണ

ക്വുര്‍ആന്‍ വരുത്തിയ മാറ്റം

ലോകത്തിന്റെ ധാര്‍മിക, സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക, ഭരണ, മനഃശാസ്ത്ര, കര്‍മ മണ്ഡലങ്ങളിലടക്കം സര്‍വ രംഗത്തുമുള്ള  എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമേകിക്കൊണ്ട് കൂരിരുട്ടുകളില്‍ നിന്ന് സന്മാര്‍ഗപ്രകാശത്തിലേക്ക് മാനവരാശിയെ നയിക്കാന്‍ ലോകനാഥനില്‍നിന്ന് അവതീര്‍ണമായ വേദഗ്രന്ഥമാണല്ലോ വിശുദ്ധ ക്വുര്‍ആന്‍. വിശുദ്ധ ക്വുര്‍ആനിലെ ഓരോ വചനവും അവതരിക്കപ്പെടുന്നതോടെ അതിന്റെ ഉള്ളടക്ക ത്തിന്റെ നേര്‍പകര്‍പ്പായ ഒരു ജനത വളര്‍ന്നു വരികയായിരുന്നു.

ക്വുര്‍ആനിന്റെ അവതരണ പൂര്‍ത്തീകരണത്തോടെ തുല്യതയില്ലാത്ത ഒരു യുഗപ്പകര്‍ച്ചക്ക് അറേബ്യന്‍ അര്‍ധദ്വീപ് അര്‍ഹമാകുകയായിരുന്നു. ക്വുര്‍ആനിന്റെ ജീവിക്കുന്ന പതിപ്പായിരുന്ന മുഹമ്മദ് നബി(സ്വ)യും അദ്ദേഹത്തെ മാതൃകയാക്കിയ അനുചരന്മാരും നാഗരിക വികാസത്തിന്റെ ഭൗതികാവസ്ഥകളെ അപ്രസക്തമാക്കിക്കൊണ്ട് സമകാലിക നാഗരികതയുടെ ശിഖരങ്ങളെ അതിവര്‍ത്തിക്കുക യുണ്ടായി.

വിശുദ്ധ ക്വുര്‍ആന്‍ മനുഷ്യനുള്ള സദുപദേശവും ശമനവും നേര്‍മാര്‍ഗവും കാരുണ്യവുമാകുന്നു. ഈ കാരുണ്യത്തെ നെഞ്ചേറ്റിയ പ്രവാചകാനുയായി കളെപ്പറ്റി യൂറോപ്യന്‍ ചരിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടത് ”അറബികളെക്കാള്‍ ദയാലുക്കളായ ജേതാക്കളെ ചരിത്രം അറിഞ്ഞിട്ടില്ല”(1) എന്നാണ്. 

സകലമാന തിന്മകളില്‍നിന്നും മനുഷ്യരെ മോചിപ്പിച്ച പ്രവാചകന്‍(സ്വ) സമൂഹത്തില്‍ നടത്തിയ പരിവര്‍ത്തനം ചരിത്രത്തില്‍ തുല്യതയില്ലാത്തതാണ്. അദ്ദേഹം അവരില്‍ വളര്‍ത്തിയെടുത്ത അതുല്യമായ ഗുണങ്ങള്‍ മറ്റൊരു നേതാവിനും തന്റെ ജനതയില്‍ വളര്‍ത്തിയെടുക്കാന്‍ സാധിച്ചിട്ടില്ല. പതിനാല് നൂറ്റാണ്ടിനിപ്പുറവും ആ ഉദാത്തമൂല്യങ്ങള്‍ ലോകത്ത് മായാതെ നിലനില്‍ക്കുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ അബ്‌സീനിയ സന്ദര്‍ശിച്ച ക്രിസ്ത്യന്‍ പാതിരിയായ റപ്പല്‍ അതിന് സാക്ഷ്യം വഹിക്കു ന്നുണ്ട്.

”അബ്‌സീനിയയിലെ ക്രിസ്ത്യാനികളുമായി താര തമ്യം ചെയ്യുമ്പോള്‍ മുസ്‌ലിംകള്‍ക്കുണ്ടായിരുന്ന ധാര്‍മികമായ ശ്രേഷ്ഠത ഇസ്‌ലാമിന്റെ വിജയത്തില്‍ പങ്കുവഹിച്ച കാരണങ്ങളില്‍ പ്രധാനമാണ്. പൂര്‍ണമായും സത്യസന്ധതയും വിശ്വാസ്യതയും വേണ്ട ഒരു ഉദ്യോഗത്തിലേക്ക് ആളുകളെ തെരഞ്ഞെടുക്കുമ്പോള്‍ അന്വേഷണം സ്വഭാവികമായും മുസ്‌ലിംകളിലായിരുന്നു ചെന്നെത്തിയി രുന്നത്.”(2)

മുസ്‌ലിംകള്‍ ഇത്രമേല്‍ ഔന്നത്യം നേടിയതിന്റെ കാരണവും അദ്ദേഹം കണ്ടുപിടിക്കുന്നുണ്ട്: ”ക്രൈസ്തവരുമായി തട്ടിച്ചുനോക്കുമ്പോള്‍ മുസ്‌ലിം കളായിരുന്നു കൂടുതല്‍ ചൈതന്യമുള്ളവരും സജീവരും. ഓരോ മുസ്‌ലിമും തന്റെ മക്കളെ എഴുതാനും വായിക്കാനും പഠിപ്പിച്ചിരുന്നു. എന്നാല്‍ പുരോഹിത പദവി ഉദ്ദേശിക്കുന്ന സന്താനങ്ങളെ മാത്രമെ ക്രൈസ്തവര്‍ പഠിപ്പിച്ചുള്ളൂ.”(3)

ഈ സ്വഭാവസവിശേഷതയാണ് ഇസ്‌ലാം പ്രചരിച്ച, ലോകത്തിലെ മറ്റേതു പ്രദേശങ്ങളിലുമെന്നതു പോലെ ഇന്ത്യയിലും കേരളീയസമൂഹ ത്തിലും മുസ്‌ലിംകള്‍ക്ക് തുടക്കം മുതല്‍ തന്നെ അസ്തിത്വം നേടിക്കൊടുത്തത്. പരിശുദ്ധ ക്വുര്‍ആന്‍ അനുശാസിക്കുന്ന സദ്ഗുണശീലങ്ങളെ അവര്‍ അവഗണിച്ചപ്പോ ഴൊക്കെ ആരാന്റെ മുമ്പില്‍ ഓഛാനിച്ചു നില്‍ക്കേണ്ട ഗതികേടിലേക്ക്  അവര്‍ താഴുകയും ചെയ്തിട്ടുണ്ട്. 

വിശുദ്ധ ക്വുര്‍ആന്‍ മനുഷ്യഹൃദയങ്ങളെ മാറ്റിമറിക്കാൻ മാത്രം സ്വാധീനശക്തിയുള്ളതാണെന്ന കാര്യത്തില്‍ ചിന്തിക്കുന്ന മനുഷ്യര്‍ക്ക് തര്‍ക്കമില്ല. ഈജിപ്തിലെ സര്‍വകലാശാലകളില്‍ പഠിക്കുന്ന അമുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് ക്വുര്‍ആന്‍ പഠിപ്പിക്കരുതെന്ന് കുറേ കൊല്ലങ്ങള്‍ക്ക് മുമ്പ് ചില പണ്ഡിതരുടെ നിര്‍ബന്ധം മൂലം ഭരണകൂടം കല്‍പിച്ചകാര്യം ‘മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം'(4) എന്ന കൃതിയില്‍ വിവരിക്കുന്നുണ്ട്. അറബി സാഹിത്യത്തിലെ പരമോന്നതകൃതിയുടെ പഠനത്തിന്റെ നിഷേധശ്രമം അവര്‍ പൗരാവകാ ശധ്വംസനമായി എടുത്തുകാട്ടി അതിനെ പ്രതിരോധിച്ചു. ഭരണകർത്താക്കൾക്ക് ക്വുര്‍ആന്‍ പഠനം പുനഃസ്ഥാപിച്ചുകൊണ്ട് ഉത്തരവിറക്കേണ്ടിവന്നു.

ഒരു അമുസ്‌ലിം സഹോദരന്‍ സി.എന്‍ അഹ്മദ് മൗലവി 67 വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിയ ക്വുര്‍ആന്‍ പരിഭാഷ വായിച്ച് തന്നോട് പങ്കുവെച്ച ഒരു ശുഭാനുഭവം പ്രസ്തുത കൃതിയില്‍ വായനക്കരുമായി പങ്കുവെക്കുന്നുണ്ട്. അതില്‍ പറയുന്നു: 

”1951ല്‍ പെരുമ്പാവൂരില്‍ ചെന്നപ്പോള്‍ കാലടിയിലെ ഒരു സ്വാമി, മജീദ് മരയ്ക്കാര്‍ സാഹിബിന്റെ(5) അതിഥിയായിരിക്കുന്ന എന്നെക്കണ്ട് ചില സംഗതികള്‍ സംസാരിക്കാന്‍  വന്നു. അദ്ദേഹം തന്റെ ചരിത്രങ്ങള്‍ സംക്ഷിപ്തമായി വിവരിച്ചു. സത്യമതാന്വേഷണാര്‍ഥം താന്‍ പല മതഗ്രന്ഥങ്ങളും സസൂക്ഷ്മമായിവായിച്ചുവെന്നും തികച്ചും സംതൃപ്തനായില്ലെന്നും ഒടുവിലാണ് ക്വുര്‍ആന്‍ ഒന്ന് വായിച്ചുനോക്കട്ടെയെന്ന ചിന്തവന്നതെന്നും മറ്റും വിവരിച്ച ശേഷം അദ്ദേഹം പറഞ്ഞു: ‘ഞാന്‍ ക്വുര്‍ആന്റെ പരിഭാഷയെടുത്ത് ശ്രദ്ധയോടെ വായിക്കാന്‍ തുടങ്ങി. അങ്ങനെ രണ്ടാമധ്യായം 48ാം വാക്യം വായിച്ച് മുഴുമിച്ചില്ല. ഇടിവെട്ടേറ്റ പോലെ ഞാന്‍ ഞെട്ടിപ്പോയി. എന്റെ കൈകാലുകള്‍ തളര്‍ന്നു, നാവു മരവിച്ചു, കണ്ണ് കലങ്ങിപ്പോയി. ഗ്രന്ഥം കയ്യില്‍ വെച്ചുകൊണ്ട് തന്നെ ഞാനറിയാതെ കുറേനേരം സ്തംഭിച്ചിരുന്നുപോയി. അവസാനം വായന തല്‍ക്കാലം അവസാനിപ്പിച്ചു.”(6)

ഇഹപര ഔന്നത്യമാണ് ക്വുര്‍ആന്‍ സ്വീകരിക്കുക വഴി മനുഷ്യന് എക്കാലത്തും നേടാനാവുക. ”ഭൂമിയുടെ ഉപ്പും ഉപ്പുചുവയുള്ള വിസ്തൃതമായ കടലും രുചിക്കുന്നതില്‍ നിന്ന് മനുഷ്യനെ ഇസ്‌ലാം വിലക്കുന്നില്ല”(7) എന്ന് നോബല്‍ ജേതാവായ ഫ്രഞ്ച് നോവലെഴുത്തുകാരന്‍ ആന്ദ്രജിത് അഭിപ്രായപ്പെട്ടത് പ്രസക്തമാണ്. വിശുദ്ധ ക്വുര്‍ആനിന്റെ താഴെ പറയുന്ന വചനങ്ങളിള്‍ നിന്നാണ് അദ്ദേഹം അത് മനസ്സിലാക്കിയത്:

”നബിയേ, പറയുക: അല്ലാഹു തന്റെ ദാസന്‍മാ ര്‍ക്കായി ഉല്‍ഭവിപ്പിച്ച വിഭൂഷകളെ, നല്ല നല്ല ജീവ വിഭവങ്ങളെ വിരോധിക്കുന്നതാരാണ്?” (ക്വുര്‍ആന്‍ 7:32).(8)

ആലസ്യത്തിന്റെ കരിമ്പടം പുതച്ച കറുത്ത കാലങ്ങള്‍

അറിവിന്റെ ആഹ്വാനവുമായി അവതരണം ആരംഭിച്ച വിശുദ്ധ ക്വുര്‍ആനില്‍ അറിവിലൂടെയും വിശ്വാസത്തിലൂടെയുമാണ് ഔന്നത്യം കരഗതമാകുക എന്ന അര്‍ഥത്തിലുള്ള നിരവധി സൂക്തങ്ങള്‍ കാണാം. അറിവ് നേടാനുതകുന്ന പരിശ്രമങ്ങളുടെ അളവറ്റ പ്രതിഫലം വിവരിക്കുന്ന പ്രവാചക വചനങ്ങള്‍ ധാരാളമാണ്. എന്നിട്ടും അറിവ് നുകര്‍ന്ന് ഔന്നത്യം നേടാന്‍ മുസ്‌ലിം സമൂഹം മടികാണിച്ചു. അത്തരം ആലസ്യത്തില്‍ നിന്ന് മുക്തമാകാന്‍ കേരളത്തിലെ പല മുസ്‌ലിം കൂട്ടായ്മ കള്‍ക്കും  സാധിക്കാതെ പോയിട്ടുണ്ട്. ലോകത്തെ മാറ്റിമറിച്ച മുസ്‌ലിംകളായ ശാസ്ത്രജ്ഞന്മാര്‍, നാഗരിക ശില്പികള്‍, സമുദായ പരിഷ്‌കര്‍ത്താ ക്കള്‍… ഇവരെ വിലമതിക്കാന്‍ പോലുമുള്ള വിജ്ഞാന വികാസം അവര്‍ക്കുണ്ടായില്ല. എല്ലാ മാറ്റങ്ങളെയും അവര്‍ കണ്ണടച്ച് ആക്ഷേപിച്ചു. അതുകാരണം ലോകത്ത് മാത്രമല്ല, തങ്ങളുടെ ചുറ്റിലും തന്നെ നടക്കുന്ന മാറ്റങ്ങളുടെ ബദ്ധശത്രുക്കളായി അവര്‍ മാറി.

വിശുദ്ധ ക്വുര്‍ആന്റെ പഠന-മനന-ഗവേഷണാഹ്വാ നങ്ങളുള്‍ക്കൊണ്ടുകൊണ്ട് വിജ്ഞാനസാഗരങ്ങളുടെ ആഴികളില്‍ ആയുസ്സ് ചെലവഴിച്ച അഗ്രേസരന്മാരായ പൂര്‍വപിതാക്കളെ അവര്‍ ഓര്‍ത്തില്ല. അവരുടെ വൃത്തം ഇടക്കാലത്ത് ജുഗുപ്സാവഹമാം വിധം പരിമിതമായിപ്പോയിരുന്നു.

കച്ചവടപ്പാട്ടും മൈലാഞ്ചിപ്പാട്ടും അമ്മായിപ്പാട്ടും വെറ്റിലപ്പാട്ടും ആണ്ട്, നഹസ് പാട്ടുകളും മിഅ്റാജ് പാട്ടുകളും പദാവലിപ്പാട്ടുകളും നരിപ്പാട്ടും നവരത്ന മാലയും താലോലപ്പാട്ടും ഒട്ടക-മാന്‍ പാട്ടും കിളത്തിമാലയും കൊറത്തിപ്പാട്ടും തേങ്ങാപ്പാട്ടും മാങ്ങാപ്പാട്ടും എലിപ്പാട്ടും തീവണ്ടിപ്പാട്ടും കപ്പപ്പാട്ടും കുപ്പിപ്പാട്ടും പക്ഷിപ്പാട്ടും നൂല്‍മദ്ഹും മസാലപ്പാട്ടും ദീന്‍പടപ്പാട്ടുകളും നബിമാരുടെ ഖിസ്സപ്പാട്ടുകളും യുദ്ധകാവ്യങ്ങളും ഔലിയാ മാലകളും വിലാപകാവ്യങ്ങളും അവരെ നിരതരാക്കിയപ്പോഴും വിശുദ്ധ ക്വുര്‍ആന്‍ തുറന്നിടുന്ന ചിന്താബന്ധുരമായ ദര്‍നങ്ങളെ വിവരിക്കുന്ന ഒരു കൃതി അക്കാലത്ത് വെളിച്ചം കണ്ടില്ല. ഗൗരവതരമായ ക്വുര്‍ആന്‍ പഠനഗ്രന്ഥങ്ങള്‍ വിരചിതമായില്ല.

അധിനിവേശ ശക്തികളോട് സന്ധിയില്ലാസമരം ചെയ്ത ചരിത്രം ആലേഖനം ചെയ്യപ്പെട്ട പദ്യ-ഗദ്യ കൃതികള്‍ പലതും പില്‍ക്കാലത്ത് കണ്ടെടുക്കപ്പെട്ടിട്ട് കൂടി എ.ഡി. 1855ല്‍ വിരചിതമായ മായന്‍കുട്ടി എളയ ‘തഫ്സീറുല്‍ ജലാലൈനി’ക്ക് രചിച്ച അറബി-മലയാള പരിഭാഷയല്ലാതെ മറ്റൊരു സമ്പൂര്‍ണ ക്വുര്‍ആന്‍ പരിഭാഷ കണ്ടെത്താന്‍ നമുക്ക് സാധിച്ചിട്ടില്ല. ചില പണ്ഡിതന്മാര്‍ രചിച്ച ക്വുര്‍ആനിലെ ഏതാനും അധ്യായങ്ങളുടെ വിവര്‍ത്തനം മാത്രമാണ് അറബി-മലയാള പ്രചാരകാലത്ത് ക്വുര്‍ആന്‍ പഠനവുമായി ബന്ധപ്പെട്ട് ആകെ ആശ്വാസമായിട്ടുണ്ടായിരുന്നത്. ചരിത്രഗ്രന്ഥങ്ങളും കര്‍മശാസ്ത്ര, നിദാന ശാസ്ത്രഗ്രന്ഥങ്ങളും അറബിയിലും അറബി-മലയാളത്തിലും രചിക്കപ്പെട്ടിരുന്നു. കേരളീയരുടെ ചില കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ക്ക് വിശ്വോത്തര വ്യാഖ്യാനങ്ങള്‍ വരെ വന്നു. ക്വുര്‍ആന്‍ പാരായണ നിയമങ്ങള്‍ പ്രതിപാദിക്കുന്ന ചില കൃതികളും അക്കാലത്തേതായി നമുക്ക് ലഭിച്ചിട്ടുണ്ട്. തത്ത്വശാസ്ത്രത്തിലും കര്‍മശാസ്ത്രത്തിലും മറ്റുചില ഭൗതിക ശാസ്ത്രങ്ങളിലും ചില കാലഘട്ടങ്ങളില്‍ നമ്മുടെ നാട്ടില്‍ രചനകള്‍ നടന്നിട്ടുണ്ട്. ഹദീഥ് സംബന്ധമായ അല്‍പം ചില കൃതികളാണ് അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്നത്. പതിനായിരത്തിലധികം ചെറുതും വലുതുമായ കൃതികള്‍ കയ്യെഴുത്ത് പ്രതികളായോ, അച്ചടിരൂപത്തിലോ അറബി-മലയാളത്തില്‍ ഉണ്ടായിരുന്നതായി അനുമാനിക്കപ്പെടുന്നു. എന്നിട്ടും നാം എന്ത് കൊണ്ട് ക്വുര്‍ആന്‍ പരിഭാഷകളുടെ കാര്യത്തില്‍ ദാരിദ്യം അനുഭവിച്ചു?!

ക്വുര്‍ആന്‍ പരിഭാഷയുടെ മതപരമായ പ്രസക്തി

വിവിധ ലോകഭാഷകളില്‍ ക്വുര്‍ആന്‍ വിവര്‍ത്ത നങ്ങള്‍ നൂറ്റാണ്ടുകള്‍ മുതല്‍ക്ക് തന്നെ ഉണ്ടാ യിരുന്നു. മൂലഗ്രന്ഥത്തിന്റെ മുഴുവന്‍ ഗാംഭീര്യവും പരിഭാഷകള്‍ക്കുണ്ടാവുകയില്ലെന്ന് എല്ലാവര്‍ക്കും അറിയാം. ക്വുര്‍ആന്‍ പൂര്‍ണാര്‍ഥത്തില്‍ പരിഭാഷക്ക് വഴങ്ങാത്തതാണെന്ന ഉത്തമബോധ്യത്തോടു കൂടിയാണ്, അനറബികള്‍ക്ക് ക്വുര്‍ആനിക സന്ദേശം ഗ്രഹിക്കാനുതകുന്ന ഉത്തമമാര്‍ഗം എന്ന നിലയ്ക്ക് തര്‍ജമകള്‍ നിര്‍വഹിക്കപ്പെട്ടത്.

കേരളത്തിന്റെ ആദ്യകാല പരിഭാഷാ ദാരിദ്യം മതവിധികളില്‍ അതിനുണ്ടായിരുന്ന നിരോധനം കാരണമായിട്ടായിരുന്നോ എന്ന് നമുക്ക് പരിശോധിക്കാവുന്നതാണ്. പ്രവാചകവചനങ്ങളുടെ ഏറ്റവും ആധികാരിക സമാഹാരമായ സ്വഹീഹുല്‍ ബുഖാരിയുടെ വ്യാഖ്യാതാവായ ഇബ്നു ഹജറുല്‍ അസ്ഖലാനിയെപ്പോലുള്ള, നമ്മുടെ നാട്ടില്‍ സ്വീകാര്യരായിരുന്ന എത്രയോ പണ്ഡിതന്മാര്‍ ക്വുര്‍ആന്‍ പരിഭാഷ ചെയ്യുന്നത് തെറ്റല്ല എന്ന് വിശദമാക്കിയിട്ടുള്ളതാണ്. 

റോം ചക്രവര്‍ത്തി ഹിറഖലിന് നബി(സ്വ) അയച്ച കത്തില്‍ ക്വുര്‍ആനിലെ മൂന്നാം അധ്യായമായ ആലുഇംറാനിലെ 64ാം സൂക്തം ഉണ്ടായിരുന്നു. അറബിയറിയാത്ത ഹിറഖലിന് ദ്വിഭാഷിയാണ് അത് പരിഭാഷപ്പെടുത്തിക്കൊടുത്തത്.

അബ്സീനിയയിലേക്ക് വിശ്വാസസംരക്ഷണാര്‍ഥം പലായനം ചെയ്യേണ്ടിവന്ന പ്രവാചകാനുയായികള്‍ ക്വുര്‍ആനിലെ പത്തൊമ്പതാം അധ്യായം ജഅ്ഫറ്ബ്നു അബീത്വാലിബി(റ)ന്റെ നേതൃത്വത്തി ല്‍ അവടുത്തെ രാജാവിന് പരിഭാഷപ്പെടുത്തി ക്കൊടുത്ത കാര്യം സുവിദിതമാണല്ലോ.

പ്രവാചകാനുയായികളില്‍ പ്രമുഖ പ്രബോധകനായിരുന്ന സല്‍മാനുല്‍ ഫാരിസി(റ) ക്വുര്‍ആനിലെ ഒന്നാം അധ്യായം ‘അല്‍ഫാതിഹ’ പേര്‍സ്യന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തുകൊ ടുത്ത സംഭവം ചരിത്രത്തില്‍ കാണാം. 

തൗറാത്തും ഇഞ്ചീലും പോലുള്ള മുന്‍വേദങ്ങള്‍ പ്രവാചകാനുയായികള്‍ അറബിയില്‍ വിവര്‍ത്തനം ചെയ്ത് മനസ്സിലാക്കുന്നതിന് പ്രവാചകന്റെ എതിര്‍പ്പുണ്ടായിട്ടില്ല എന്നാണ് മനസ്സിലാകുന്നത്. സൈദ്ബ്നു ഥാബിത്(റ)നെ സുറിയാനി ഭാഷ പഠിക്കാന്‍ പ്രവാചകന്‍(സ്വ) ഉപദേശിച്ചത് മുന്‍ വേദസാരങ്ങള്‍ ഗ്രഹിക്കാന്‍ കൂടി ലക്ഷ്യമിട്ടുകൊണ്ടായിരുന്നില്ലേ?!

വിശുദ്ധ ക്വുര്‍ആന്‍ ആറാം അധ്യായം ‘അല്‍അന്‍ആം’ പത്തൊമ്പതാം വചനത്തിന് ഇമാം ബൈഹഖിയുടെതായി വന്ന വ്യാഖ്യാനം ശ്രദ്ധേയമാണ്. പ്രസ്തുത വചനം ഇതാണ്: ”(നബിയേ) നീ പറയുക: ‘ഏത് വസ്തുവാണ് സാക്ഷ്യത്തിന്റെ കാര്യത്തില്‍ ഏറ്റവും പ്രബലമായിട്ടുള്ളത്? നീ പറയുക: എനിക്കും നിങ്ങള്‍ക്കുമിടയില്‍ അല്ലാഹു സാക്ഷിയാണ്. ഈ ക്വുര്‍ആന്‍ എനിക്ക് ബോധനം നല്‍കപ്പെട്ടിരിക്കുകയാണ്. നിങ്ങളെയും അതു ചെന്നെത്തുന്ന എല്ലാവരെയും അതുമൂലം ഞാന്‍ താക്കീത്  ചെയ്യുന്നതിന്!”(9)

ഇമാം ബൈഹഖി(റഹി) അതിനെ വിശദീകരിച്ചതിങ്ങനെയാണ്: ”ചിലപ്പോള്‍ അവര്‍ ക്വുര്‍ആനിനെപ്പറ്റി അറിഞ്ഞില്ലെന്നുവരും. അപ്പോള്‍ അവരുടെ ഭാഷയില്‍ അത് എത്തിക്കഴിഞ്ഞാല്‍ അത് അവര്‍ക്ക് താക്കീതാക്കിത്തീരുന്നതാണ്”(10)

ഫത്ഹുല്‍ ബാരി, അമാനി മൗലവിയുടെ ക്വുര്‍ആന്‍ പരിഭാഷയുടെ മുഖവുര എന്നിവ നോക്കുക.

ക്വുര്‍ആന്‍ പരിഭാഷപ്പെടുത്തുന്നതിനെ പറ്റി ക്വുര്‍ആനിലെ ഒന്നാം അധ്യായമായ അല്‍ഫാതിഹയുടെ വിവരണത്തില്‍ ഇമാം ഇബ്നുഹജറുല്‍ അസ്ഖലാനി രേഖപ്പെടുത്തിയത് ഇങ്ങനെയാണ്: ”ഒരാള്‍ ഇസ്ലാമില്‍ വരികയോ വരാന്‍ ഉദ്ദേശിക്കുകയോ ചെയ്തിട്ട് അവന് ക്വുര്‍ആന്‍ ഓതിക്കേള്‍പിക്കുമ്പോള്‍ അത് ഗ്രഹിക്കാന്‍ കഴിയാതെ വന്നാല്‍ അവന് ഭാഷമാറ്റി പറഞ്ഞുകൊടുക്കുന്നതില്‍ വിരോധമില്ല.”(11)

പരിഭാഷക്ക് ക്വുര്‍ആനിന്റെ സ്ഥാനം കല്‍പിക്കപ്പെടാവതല്ല എന്ന കാര്യത്തിലും തര്‍ക്കമില്ല. യാഥാസ്ഥിതിക പണ്ഡിതര്‍ തന്നെ അതിന് പണ്ട് നല്‍കിയ അംഗീകാരം ഇങ്ങനെ വായിക്കാം: ”ക്വുര്‍ആന്‍ പരിഭാഷ എന്ന പേരില്‍ നിലവിലിരിക്കുന്ന തര്‍ജമകള്‍ ഒന്നും തന്നെ ക്വുര്‍ആന്റെ സാക്ഷാല്‍ തര്‍ജമകള്‍ അല്ലെന്നും അവയെല്ലാം തന്നെ അറബിയല്ലാത്ത ഭാഷയിലുള്ള തഫ്സീറുകള്‍ ആണെന്നും വിവര്‍ത്തനങ്ങള്‍ക്ക് തര്‍ജമ എന്ന വാക്ക് ഉപയോഗത്തില്‍ വന്നത് കൊണ്ട് മാത്രം അതിന് തര്‍ജമ എന്ന് പറയുന്നതാണെന്നും തര്‍ജമയുടെ അക്ഷരങ്ങള്‍ ക്വുര്‍ആനിന്റെ അക്ഷരങ്ങളെക്കാള്‍ അധികമുണ്ടെങ്കില്‍ വുസു(12) ഇല്ലാത്തവന് കൊടുക്കുകയും എടുക്കുകയും ചെയ്യാമെന്നും മൗലാനാ മര്‍ഹൂം(13) സ്പഷ്ടമായി പ്രസ്താവിച്ചിരിക്കയാണ്.”(14)

വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷപ്പെടുത്തു ന്നതിന്  മതപരമായ വിലക്കില്ലെന്നും, പ്രത്യുത ചില നിബന്ധനകള്‍ മാത്രമുള്ളതെന്നും  മുകളില്‍ കൊടുത്ത തെളിവുകളില്‍ നിന്നും സുതരാം ഗ്രഹിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് മുഹമ്മദ് അമാനി മൗലവിയുടെ വിശുദ്ധക്വുര്‍ആന്‍ വിവരണത്തിന്റെ മുഖവുര വായിച്ചു പഠിക്കുക.

ക്വുര്‍ആന്‍ പരിഭാഷകള്‍ ഒരു ലഘുചരിത്രം

ഇസ്ലാമിക വിജയത്തോടുകൂടി തന്നെ അറബിഭാഷ പ്രചരിച്ച നാടുകളില്‍ ക്വുര്‍ആന്‍ ഗ്രഹിക്കാന്‍ പരിഭാഷയുടെ ആവശ്യമുണ്ടായിരുന്നില്ല. എന്നാല്‍ അതിന് വഴങ്ങാതെ, തങ്ങളുടെ ഭാഷാവ്യക്തിത്വം നിലനിര്‍ത്തിയ പേര്‍സ്യന്‍ നാടുകളിലാണ് ക്വുര്‍ആന്‍ പരിഭാഷക്ക് ഏറെ പ്രചാരം ലഭിച്ചത്.

ലോകഭാഷകളിലെ ക്വുര്‍ആന്‍ പരിഭാഷകളുടെ പേരുകള്‍ തേടി മുഹമ്മദ് അമാനി മൗലവിയും സഹപ്രവര്‍ത്തകരും നടത്തിയ ഗവേഷണത്തിന്റെ ഫലങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം: ”ക്വുര്‍ആനിന്റെ ഒന്നാമത്തെ പരിഭാഷ ഏതായിരുന്നുവെന്ന് നമുക്കറിയില്ല. ക്രിസ്താബ്ദം ഏതാണ്ട് 1143ല്‍ ഹിജ്റ 6ാം നൂറ്റാണ്ടില്‍ ലത്തീന്‍ ഭാഷയില്‍ ക്വുര്‍ആന്‍ പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ടെന്നും അത് ക്രിസ്താബ്ദം 1543ല്‍ ക്രിസ്തീയ മിഷനറിമാരാല്‍ പ്രസിദ്ധപ്പെടുത്തപ്പെട്ടുവെന്നും അല്ലാമാ യൂസുഫലി(15) പ്രസ്താവിച്ചു കാണുന്നു. ക്രി. 17ാം നൂറ്റാണ്ടിലും അതിന് ശേഷവുമായി പല യൂറോപ്യന്‍ ഭാഷകളിലും പുറത്തിറക്കിയ ചില പരിഭാഷക ളെക്കുറിച്ചും അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ട്. അടുത്ത ഒന്നു രണ്ട് നൂറ്റാണ്ടുകളിലാണ് പ്രധാനപ്പെട്ട പല ഭാഷകളിലും ക്വുര്‍ആന്‍ പരിഭാഷ പ്രചാരത്തില്‍ വന്നിട്ടുള്ളതെന്നാണ് മനസ്സിലാകുന്നത്.”(16)

ക്വുര്‍ആന്‍ പരിഭാഷകളുടെയും വ്യാഖ്യാനങ്ങ ളുടെയും ഇന്നലകളിലേക്ക് വെളിച്ചം വീശുന്ന ഒരു ലേഖനം ഇസ്ലാമിക വിജ്ഞാനകോശം (ഐ.പി.എച്ച്) പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിലെ പ്രസക്തഭാഗം ഇങ്ങനെ വായിക്കാം: ”ഹിജ്റ രണ്ടാം നൂറ്റാണ്ടില്‍ ഇന്ത്യാ-പാക് ഉപഭൂഖണ്ഡത്തിലെത്തിയ പ്രബോധന ദൗത്യങ്ങള്‍ക്ക് പരിഭാഷകള്‍ അനിവാര്യമായി ത്തീര്‍ന്നു. തദ്ദേശീയ സമുദായങ്ങള്‍ക്കുവേണ്ടി ഒരു ഹൈന്ദവ രാജാവിന്റെ നിര്‍ദേശപ്രകാരം ഇറാഖീ വംശജനായ സിന്ധി പണ്ഡിതന്‍ അബ്ദുല്ലാഹിബ്‌നു അബ്ദില്‍ അസീസ് ഹിന്ദി ഭാഷയില്‍ ഒരു വ്യാഖ്യാനം രചിച്ചു. ഹിജ്റ അഞ്ചാം നൂറ്റാണ്ടുവരെ സിന്ധ്, പഞ്ചാബ്, രജ്പുത്താന പ്രവിശ്യകളിലെ പണ്ഡിതന്മാരുടെയും സ്വൂഫികളുടെയും പ്രധാന വൈജ്ഞാനിക സപര്യമായിരുന്നു തഫ്സീര്‍ രചന.”(17)

ചരിത്രത്തിന്റെ നാള്‍വഴി പ്രകാരം അറബി-പേര്‍ഷ്യന്‍ ക്വുര്‍ആന്‍ വ്യഖ്യാനങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ക്വുര്‍ആന്‍ പരിഭാഷകളും വ്യഖ്യാനങ്ങളും കടന്നുവന്നത്. പ്രാദേശിക സാഹചര്യങ്ങളുടെയും പ്രബോധന ലക്ഷ്യങ്ങളു ടെയും വൈജ്ഞാനികമായ ഉള്‍ക്കാഴ്ചയുടെയും പിന്‍ബലത്തില്‍ ഇന്ത്യന്‍ പണ്ഡിതന്മാരില്‍ ചിലര്‍ രചിച്ച ക്വുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ മുസ്ലിം ലോകത്തെ ക്വുര്‍ആന്‍ വ്യാഖ്യാനങ്ങളോട് കിടപിടിക്കുന്നതാണ്.

നാം പിന്നിലായി എന്തുകൊണ്ട്?

ഉത്തരേന്ത്യന്‍ പണ്ഡിതരുടെ പ്രൗഢരചനകളോട് ചേര്‍ത്തുവെക്കാവുന്ന ക്വുര്‍ആന്‍ വ്യാഖ്യാനങ്ങളോ, പരിഭാഷകളോ, പഠനങ്ങളോ അക്കാലത്ത് കേരളീയ രചയിതാക്കളില്‍ നിന്ന് പുറത്ത് വന്നില്ല. 1855ല്‍ അറബി-മലയാളത്തില്‍ മായന്‍കുട്ടി എളയ പുറത്തിറക്കിയ സമ്പൂര്‍ണ പരിഭാഷക്ക് ശേഷം മലയാളത്തിലുള്ള ഒരു സമ്പൂര്‍ണ പരിഭാഷക്ക് ഒരു നൂറ്റാണ്ട് കൂടി കാത്തിരിക്കേണ്ടിവന്നു!

കേരള ചരിത്രത്തിലെ പ്രഥമ ആധികാരിക അംവലംബകൃതിയായ തുഹ്ഫത്തുല്‍ മുജാഹിദീന്‍ ജന്മംകൊണ്ട നാട്ടില്‍, കേരളവനങ്ങളിലെ മുഴുവന്‍ വൃക്ഷലതാദികളെയും നാലു ഭാഷകളില്‍ പരിചയപ്പെടുത്തുന്ന 500 വീതം താളുകളുള്ള 12 വാള്യങ്ങളില്‍ 350 കൊല്ലം മുമ്പ് മുസ്ലിം മഹാപണ്ഡിതരുടെ പ്രധാനസഹായത്താല്‍ ഹോര്‍ത്തൂസ് മലബാരിക്കസ് വിരചിതമായ മണ്ണില്‍, ആയിരത്തൊന്ന് രാവുകളും ചഹാര്‍ ദര്‍വേശ് നോവലും മറ്റും വിവര്‍ത്തനം ചെയ്യപ്പെട്ട ഭൂമികയില്‍ ക്വുര്‍ആന്‍ പരിഭാഷകളും വ്യാഖ്യാനങ്ങളും സുലഭമാകാതിരുന്ന സാഹചര്യം ഗവേഷകരുടെ വിശദാന്വേഷണത്തിന് വിഷയീഭവിക്കേണ്ടതു തന്നെയാണ്.

കേരളത്തിലെ പൊതുമണ്ഡലത്തെ ആഴത്തില്‍ സ്വാധീനിക്കുകയും മലയാളിയുടെ ജീവിതാവബോധം കരുപ്പിടിപ്പിക്കുന്നതില്‍ സാര്‍ഥകമായ സംഭാവനക ളര്‍പ്പിക്കുകയും ചെയ്ത സമഗ്രദര്‍ശനമാണ് ഇസ്ലാം മതം. പക്ഷേ, അതിന്റെ വേദഗ്രന്ഥത്തെ മലയാള സാഹിത്യത്തിന് പോലും ഏറെക്കുറെ അന്യമാകുന്ന സ്ഥിതിവിശേഷം എങ്ങനെ കടന്നുവന്നുവെന്നത് ഗൗരവതരമായ അക്കാദമിക പഠനങ്ങള്‍ക്ക് വിധേയമാക്കേണ്ടതുണ്ട് എന്നതില്‍ സന്ദേഹമില്ല. (അവസാനിച്ചില്ല) 

റഫറന്‍സ്:

1. സര്‍ തോമസ് ആര്‍നള്‍ഡ്-ഇസ്‌ലാം പ്രബോധനവും പ്രചാരവും- വിവര്‍ത്തനം

(2) (3), ഈ ഉദ്ധരണികള്‍ ഐ.പി.എച്ച് (കോഴിക്കോട്) പ്രസിദ്ധീകരിച്ച സര്‍ തോമസ് ആര്‍ണള്‍ഡിന്റെ ഇസ്‌ലാം പ്രബോധനും പ്രചാരവുംഎന്ന ഗ്രന്ഥത്തിന്റെ വിവര്‍ത്തനത്തില്‍ നിന്ന്.

(4) സി.എന്‍. അഹ്മദ് മൗലവി, കെ.കെ. മുഹമ്മദ് അബ്ദുല്‍ കരീം മഹത്തായ മാപ്പിളസാഹിത്യ പരമ്പര്യം (സാഹിത്യ ചരിത്രം) അല്‍ഹുദാ, കോഴിക്കോട്, 1978.

(5) പെരുമ്പാവൂര്‍ എച്.ഒ.എല്‍. മരിക്കാരുടെ പുത്രന്‍. (10/07/1914-30/10/1984). തിരുവിതാംകൂര്‍ സ്റ്റേറ്റ് മുസ്‌ലിംലീഗ് പ്രസിഡന്റ്. ഇസ്‌ലാഹീ പ്രസാധനരംഗത്തെ അതികായന്‍.

(6) സി.എന്‍. അഹ്മദ് മൗലവി, കെ.കെ. മുഹമ്മദ് അബ്ദുല്‍ കരീം മഹത്തായ മാപ്പിളസാഹിത്യ പരമ്പര്യം 

(7) അലിജാ അലി ഇസ്സത്ത് ബെഗോവിച്ച്- ഇസ്‌ലാം രാജമാര്‍ഗം. ഐ. പി.എച്ച് പരിഭാഷ.

(8) പി.മുഹമ്മദ് മൈതീന്‍, വിശുദ്ധ ഖുര്‍ആന്‍ വിവര്‍ത്തനം.

(9) പി. അഹമ്മദ് മൈതീന്‍ വക്കം, വിശുദ്ധക്വുര്‍ആന്‍ പരിഭാഷ, കേരള സര്‍വകലാശാല.

(10) ഇസ്ലാമിക് എന്‍സൈക്ലോപീഡിയ-സംശോധനം: അബ്ദുല്‍ മജീദ് വാരണാക്കര, വീണാബുക് ഹൗസ്, തിരുവനന്തപുരം, മാര്‍ച്ച് 2002.

(11) വിശുദ്ധ ക്വുര്‍ആന്‍ വിവരണം, മുഹമ്മദ് അമാനി മൗലവി – മുഖവുര.

(12) വുദൂഅ് അഥവാ അംഗശുദ്ധി വരുത്തല്‍.

(13) ചാലിയം അഹ്മദ് കോയ

(14) ‘ക്വുര്‍ആന്‍ വ്യാഖ്യാനങ്ങള്‍, ക്വുര്‍ആന്‍ തര്‍ജമ; ലക്ഷ്യത്തിന്റെ വെളിച്ചത്തില്‍‘, കെ.വി. മുഹമ്മദ് മുസ്ല്യാര്‍ (കൂറ്റനാട്), സുന്നി പബ്ലിക്കേഷന്‍ സെന്റര്‍ ചേളാരി, പേജ് 36.

(15) 1936ല്‍ പുറത്തിറങ്ങിയ വിഖ്യാതമായ ക്വുര്‍ആന്‍ ഇംഗ്ലീഷ് വിവര്‍ത്തനത്തിന്റെ രചയിതാവ്. 1872-1953 .

(16) മുഹമ്മദ് അമാനി മൗലവി-വിശുദ്ധ ക്വുര്‍ആന്‍ വിവരണം-മുഖവുര.

(17) ഇസ്ലാമിക വിജ്ഞാന കോശം (ഐ.പി.എച്ച്), വാള്യം 12, പേജ് 493.