അബ്ദുൽ ലത്വീഫ് സുല്ലമി മാറഞ്ചേരി
അല്ലാഹുവിന്നു വേണ്ടി മനുഷ്യര്‍ നിര്‍വ്വഹിക്കുന്നതിന്നായി കല്‍പ്പിക്കപ്പെട്ട മഹത്തായ ആരാധനകളിലൊന്നാണ് ഉംറ: ഇത് അല്ലാഹുവിനെ ആരാധിക്കുന്നതിനായി ഭൂമിയില്‍ സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ മന്ദിരമെന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച കഅബയും പരിസരവുമായി ബന്ധപ്പെട്ട് നിര്‍വ്വഹിക്കേണ്ടതാണ്. ഇതിന് ഹജ്ജ് കര്‍മ്മ ത്തെപ്പോലെ കാലവും സമയവുമായി ബന്ധമൊന്നുമില്ല ഏത് കാലത്തും എപ്പോള്‍ വേണമെങ്കിലും നിര്‍വ്വഹിക്കാവുന്നതാണ്.
ഉംറ ഒരു മുസ്‌ലിമിന് ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് നിര്‍ബന്ധമുള്ളത്. അല്ലാഹു പറയുന്നു,”നിങ്ങള്‍ അല്ലാഹുവിന് വേണ്ടി ഹജ്ജും ഉംറയും നിര്‍വ്വഹിക്കല്‍ ” (സൂറ: ബഖറ: 196). എന്നാല്‍ കഴിയുമെങ്കില്‍ കൂടുതല്‍ നിര്‍വ്വഹിക്കല്‍ സുന്നത്താണ്. നബി(സ) പറയുന്നു: ”ഒരു ഉംറ ചെയ്തു പിന്നീട് ഒന്നു കൂടി നിര്‍വ്വഹിക്കല്‍ അത് അവക്കിടയിലുള്ള പാപങ്ങള്‍ക്കുള്ള പരിഹാരമാണ്’ (ഹദീസ് മുസ്‌ലിം)
(എന്നാല്‍ ഒരിക്കല്‍ ഉംറ നിര്‍വ്വഹിച്ച് അപ്പോള്‍തന്നെ വീണ്ടും മീഖാത്തില്‍ പോയി ഇഹ്‌റാമില്‍ പ്രവേശിച്ച് അതേ യാത്രയില്‍ തന്നെ ഒന്നിലധികം തവണ ഉംറ ചെയ്യുന്ന പ്രവണത ചിലരില്‍ കാണാറുണ്ട;് അതല്ല മേല്‍ പറഞ്ഞ ഹദീസുകൊണ്ടുള്ള ഉദ്ദേശ്യം. അത്തരത്തില്‍ ഒരേ യാത്രയില്‍ ഒന്നിലധികം ഉംറ നിർവഹിക്കുന്നതിന് പ്രമാണങ്ങളുടെ പിന്‍ബലമില്ല. മുഹമ്മദ് നബി(സ) തന്റെ ഹജ്ജ് വേളയില്‍ ആഴ്ചകളോളം മക്കയില്‍ താമസിച്ചിട്ടുകൂടി പ്രസ്തുത യാത്രയില്‍ ഒന്നിലധികം ഉംറ നിര്‍വ്വഹിച്ചിട്ടില്ല എന്നകാര്യം നാം പ്രത്യേകം മനസ്സിലാക്കി യിരിക്കേണ്ടതാണ്.
ഉംറയുടെ റുക്‌നുകള്‍: ഇഹ്‌റാം, ത്വവാഫ്, സഅ്‌യ് എന്നിവയാണ് ഉംറയുടെ റുക്‌നുകള്‍; ഇവയില്‍ ഏതെങ്കിലും ഒന്ന് നഷ്ടപ്പെട്ടുപോയാല്‍ ഉംറ നിഷ്ഫലമായിത്തീരുന്നതാണ്.
ഉംറയുടെ വാജിബാത്തുകള്‍
ഹജ്ജും ഉംറയും നിര്‍വ്വഹിക്കുന്നവര്‍ക്ക് ഇഹ്‌റാമില്‍ പ്രവേശിക്കുന്നതിന്ന് വേണ്ടി നിര്‍ണ്ണയിക്കപ്പെട്ട മീഖാത്തില്‍ വെച്ച് ഇഹ്‌റാമില്‍ പ്രവേശിക്കല്‍, മുടി കളയല്‍/വെട്ടല്‍ എന്നിവയാണ് ഉംറയുടെ വാജിബാത്തുകള്‍. ഇവയിലൊന്ന് നഷ്ടപ്പെട്ടാല്‍ പരിഹാരമായി മൃഗബലി നടത്തേണ്ടതാണ്.
ഇഹ്‌റാം: ഹജ്ജിന്റെയും ഉംറയുടേയും കര്‍മങ്ങളില്‍ പ്രവേശിക്കുന്നതിനാണ് ഇഹ്‌റാം എന്ന് പറയുന്നത്. ഇഹ്‌റാമിന് മുമ്പായി നഖം മുറിക്കുക, കക്ഷം ഗുഹ്യ ഭാഗം എന്നിടങ്ങളിലെ രോമം നീക്കുക, മീശവെട്ടുക എന്നിവ ചെയ്തിരിക്കല്‍ ഉത്തമമാണ്. ഇവയെല്ലാം മീഖാത്തിലെ ത്തുന്നതിന്ന് മുമ്പ് തന്നെ ചെയ്തിരിക്കലാണ് അഭികാമ്യം.
മീഖാത്തിലെത്തിയാല്‍ ഉംറക്കായി കുളിക്കലും ശരീരത്തില്‍ സുഗന്ധം ഉപയോഗിക്കലും സുന്നത്താണ്. പിന്നീട് പുരുഷന്‍മാര്‍ ഒരു തുണിയും മേല്‍മുണ്ടും മാത്രവും (അടിവസ്ത്രങ്ങള്‍, സോക്‌സ് എന്നിവ ധരിക്കുവാനോ, തലമറക്കുവാനോ പാടുള്ളതല്ല) സ്ത്രീകള്‍ മുഖവും മുന്‍കയ്യുമൊഴിച്ച് ശരീരം മുഴുവനും മറയുന്ന വസ്ത്രവുമാണ് ധരിക്കേണ്ടത്. ഇത് ഉംറയ്ക്കോ നമസ്‌കാരത്തിനോ മാത്രമായുള്ള വസ്ത്രരീതിയല്ല. അന്യരുടെ മുന്നില്‍ സ്ത്രീകളുടെ മുന്‍കയ്യും മുഖവുമൊഴിച്ചുള്ള ഭാഗങ്ങള്‍ എല്ലായ്‌പ്പോഴും മറച്ചിരിക്കേണ്ടതാണ.്
പുരുഷന്മാര്‍ തങ്ങളുടെ ഇഹ്‌റാമിന്റെ വസ്ത്രത്തില്‍പെട്ട മേല്‍മുണ്ട് ത്വവാഫിന്റെ സമയമല്ലാത്തപ്പോഴെല്ലാം രണ്ടറ്റം മാറിലേക്ക് വരത്തക്കവണ്ണം പുതയ്ക്കുകയാണ് വേണ്ടത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. തുടര്‍ന്ന്, ഏതെങ്കിലും നമസ്‌കാരസമയമാണെങ്കില്‍ നമസ്‌കരിച്ച ശേഷം ലബ്ബൈകല്ലാ ഹുമ്മ ഉംറതന്‍’ എന്ന് പറയുക. ഇതോടെ ഉംറയില്‍ പ്രവേശിച്ച് കഴിഞ്ഞു.
(ഹജ്ജിന്നും ഉംറക്കും മാത്രമേ നിയ്യത്ത് പറയേണ്ടതുള്ളൂ മറ്റു കര്‍മ്മങ്ങള്‍ക്ക് നിയ്യത്ത് പറയല്‍ സുന്നത്തു പോലുമില്ല, പറയല്‍ നബിചര്യക്ക് വിരുദ്ധമാണ്. നിയ്യത്ത് എന്നാല്‍ കരുതുക എന്നതാണ്; അതിനുള്ള സ്ഥാനം മനസ്സുമാണ്). ഇനി ത്വവാഫ് തുടങ്ങുന്നത്‌വരെ തല്‍ബിയത്ത് ചൊല്ലിക്കൊണ്ടിരിക്കണം.
തല്‍ബിയത്തിന്റെ രൂപം
لَبَّيْكَ الّلهُمَّ لَبَّيْكَ لَبَّيْكَ لاَ شَرِيكَ لَكَ لَبَّيْكَ إِنَّ اْلَحمْدَ وَالنِّعْمَةَ لَكَ وَالْمُلْكَ لاَ شَرِيكَ لَكَ
(ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക് ലബ്ബൈക്ക ലാ ശരീക്ക ലക ലബ്ബൈക്ക് ഇന്നല്‍ ഹംദ വന്നിഅ്മത്ത ലകവല്‍ മുല്‍ക്ക് ലാ ശരീക ലക്.)
(അല്ലാഹുവേ നിന്റെ വിളിക്കിതാ ഞാന്‍ ഉത്തരം ചെയ്തിരിക്കുന്നു, യാതൊരു പങ്കു കാരനുമില്ലാത്ത നിന്റെ വിളിക്കിതാ ഞാനുത്തരംചെയ്തു വന്നെത്തിയിരിക്കുന്നു സ്തുതിയും അനുഗ്രഹവും നിനക്ക്, രാജാധികാരവും നിനക്കുതന്നെ, നിനക്കാരും പങ്കുകാരില്ല).
ഇഹ്‌റാമില്‍ പ്രവേശിച്ചത് മുതല്‍ ഹറമിലെത്തുന്നത് വരെ ഇത് ചൊല്ലിക്കൊണ്ടിരിക്കണം.
ത്വവാഫ് : മസ്ജിദുല്‍ ഹറമില്‍, മറ്റു പള്ളികളില്‍ പ്രവേശിക്കുന്നത് പോലെ വലതു കാല്‍ വെച്ച് താഴെ പറയുന്ന പ്രാര്‍ത്ഥന ചൊല്ലിക്കൊണ്ടായിരിക്കണം പ്രവേശിക്കേണ്ടത്.
بسم الله والصلاة والسلام على رسول الله اللهم افتح لى أبواب رحمتك
(ബിസ്മില്ലാഹി വസ്സലാത്തു വസ്സലാമു അലാ റസൂലില്ലാഹ് അല്ലാഹുമ്മ ഫ്തഹ് ലീ അബ്‌വാബ റഹ്മത്തിക്ക)
(അല്ലാഹുവിന്റെ നാമത്തില്‍. അല്ലാഹുവിന്റെ ദൂതരില്‍ രക്ഷയും സമാധാനവും ഉണ്ടാകട്ടെ, അല്ലാഹുവേ നിന്റെ കാരുണ്യത്തിന്റെ കവാടങ്ങള്‍ എനിക്ക് നീ തുറന്ന് തരേണമേ)
പിന്നീട് നേരെ ഹജറുല്‍അസ്‌വദിന്റെ അടുത്തേക്ക് എത്തുക, അവിടം മുതല്‍ക്കാണ് ത്വവാഫ് ആരംഭിക്കേണ്ടത്. കഴിയുമെങ്കില്‍ അതിനെ ചുംബിക്കുക. ഇല്ലെങ്കില്‍ തൊട്ടുമുത്തുകയോ ആംഗ്യം കാണിക്കുകയോ ചെയ്യുക. ആംഗ്യം കാണി ച്ചാല്‍ കൈ ചുംബിക്കേണ്ടതില്ല. അന്നേരം ഇങ്ങനെ പ്രാര്‍ത്ഥിക്കണം;
بسم الله والله أكبر
(ബിസ്മില്ലാഹി വല്ലാഹു അക്ബര്‍)
അല്ലാഹുവിന്റെ നാമത്തില്‍. അല്ലാഹു ഏറ്റവും വലിയവനാണ്. പിന്നീട് കഅബയെ തന്റെ ഇടതു വശത്താക്കി ത്വവാഫ് ആരംഭിക്കുക, ത്വവാഫില്‍ പുരുഷന്മാര്‍ മുണ്ടിന്റെ മധ്യഭാഗം വലതു കക്ഷത്തിലൂടെയെടുത്ത് രണ്ടറ്റം ഇടതു ചുമലില്‍ കെട്ടിവെക്കുകയും, നടക്കുമ്പോൾ ആദ്യത്തെ മൂന്ന് ചുറ്റല്‍ ധൃതിയില്‍ നടക്കുകയും വേണം. (മുണ്ട് മേല്‍പറഞ്ഞ ക്രമത്തില്‍ ധരിക്കുന്നതിന് ഇള്‍ത്വിബാഅ് എന്നും, ധൃതിയിലുള്ള നടത്തത്തിന്ന് റമല്‍ എന്നുമാണ് പറയുക; ഇത് രണ്ടും സ്ത്രീകള്‍ക്ക് വേണ്ടതില്ല). ഹജറുല്‍ അസ്‌വദ് മുതല്‍ തുടങ്ങി വീണ്ടും ഹജറുല്‍ അസ്‌വദിനടുത്ത് എത്തിയാല്‍ ഒരു ത്വവാഫായി. ഇങ്ങനെ ഏഴ്തവണ ത്വവാഫ് ചെയ്യണം. ഹജറുല്‍അസ്‌വദിന് തൊട്ടുമുമ്പുള്ള മൂലക്ക് റുക്‌നുല്‍യമാനി എന്ന് പറയും ഇവിടെ എത്തിയാല്‍ കഴിയുമെങ്കില്‍ കൈകൊണ്ട്‌തൊടുക മാത്രം ചെയ്യുക. ഇവിടെ ഒന്നും പറയേണ്ടതില്ല. ഈ മൂലയില്‍ ചുംബിക്കുകയോ തൊട്ടുമുത്തുകയോ ആംഗ്യം കാണിക്കുകയോ ഒന്നും ചെയ്യേണ്ടതില്ല. റുക്‌നുല്‍യമാനി മുതല്‍ ഹജറുല്‍അസ്‌വദ് വരെ
رَبَّنـا آتِنَـا فِى الدُّنْيَا حَسَنَــةَََ وَفِي الآخِرَةِ حَسَنَةََ وَ قِنَا عَذَابَ النَاْر
(റബ്ബനാ ആതിനാ ഫിദ്ദുന്‍യാ ഹസനത്തന്‍ വഫില്‍ ആഖിറത്തി ഹസനത്തന്‍ വ ഖിനാ അദാബന്നാര്‍)
ഞങ്ങളുടെ നാഥാ, ഇഹത്തിലും പരത്തിലും നീ ഞങ്ങള്‍ക്ക് നന്മ നല്‍കുകയും നരകശിക്ഷയില്‍ നിന്നു ഞങ്ങളെ കാത്തു രക്ഷിക്കുകയും ചെയ്യേണമേ എന്ന് പ്രാര്‍ത്ഥിക്കുക.
മറ്റു സമയങ്ങളില്‍ ഏത് പ്രാര്‍ത്ഥനകളും ദിക്‌റുകളും ആകാവുന്നതാണ്. ഓരോ ചുറ്റലിലും പ്രത്യേകം പ്രത്യേകം പ്രാര്‍ത്ഥനകള്‍ പറയപ്പെടുന്നതിന് യാതൊരു അടിസ്ഥാനവുമില്ല. നമുക്ക് ഇഷ്ടമുള്ളത് നമ്മുടെ ഭാഷയില്‍ പ്രാര്‍ത്ഥിക്കുക.
ത്വവാഫ് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ തന്റെ മുണ്ട് കക്ഷത്തില്‍ നിന്ന് മാറ്റി തല മറയാത്തവിധം പുതക്കുക.
(ത്വവാഫുചെയ്യുമ്പോള്‍ കഅബയുടെ വടക്കുഭാഗത്തായുള്ള അര്‍ദ്ധവൃത്താകൃതിയിലുള്ള ഭാഗമായ ഹിജ്‌റ് ഇസ്മാഈലിന്റെ പുറത്തു കൂടിയായിരിക്കണം ത്വവാഫ് ചെയ്യേണ്ടത്. കാരണം അതും കഅബയില്‍ ഉള്‍പ്പെട്ട ഭാഗമാണ.് ത്വവാഫിന്നിടയില്‍ എത്ര തവണ നിര്‍വ്വഹിച്ചു എന്ന എണ്ണത്തില്‍ സംശയമുണ്ടായാല്‍ ഉറപ്പുള്ള എണ്ണത്തെ അവലംബിച്ച് ബാക്കി എണ്ണം പൂര്‍ത്തിയാക്കേണ്ടതാണ്. ത്വവാഫ് ചെയ്യുമ്പോള്‍ വുദുവുണ്ടായിരിക്കണമെന്നതും അിറഞ്ഞിരിക്കേണ്ടതാണ.് ത്വവാഫിന്നിടയില്‍ വുദു നഷ്ടപ്പെട്ടാല്‍ വീണ്ടും വുദുവുണ്ടാക്കി ആദ്യ എണ്ണത്തെ പരിഗണിച്ചു ബാക്കി പൂര്‍ത്തിയാക്കാവുന്നതാണ്).
ശേഷം മഖാമ് ഇബ്‌റാഹീമിന്റെ പിന്നില്‍നിന്ന് കഅബക്ക്‌നേരെ തിരിഞ്ഞ് രണ്ട് റക്അത്ത് നമസ്‌കരിക്കണം ആദ്യ റക്അത്തില്‍ ഫാതിഹക്ക്‌ശേഷം സൂറത്തുല്‍ കാഫിറൂനും (ഖുല്‍യാ അയ്യുഹല്‍ കാഫിറൂന്‍) രണ്ടാം റക്അത്തില്‍ സൂറത്തുല്‍ ഇഖ്‌ലാസു (ഖുല്‍ഹുവല്ലാഹു അഹദ്) മായിരിക്കണം ഓതേണ്ടത്. പിന്നെ സംസം കുടിച്ചശേഷം സഅ്‌യ് നിർവഹിക്കാം.
സഅ്‌യ്: സ്വഫയില്‍ നിന്നായിരിക്കണം തുടങ്ങേണ്ടത്. സ്വഫയോടടുത്ത് എത്തുമ്പോള്‍
إنّ الصفا والمروة من شعائر الله
(ഇന്നസ്വഫാ വല്‍ മര്‍വത്ത മിന്‍ ശആഇരില്ലാ) തീര്‍ച്ചയായും സ്വഫയും മര്‍വയും അല്ലാഹുവിന്റെ ചിഹ്‌നങ്ങളില്‍ പെട്ടതാണ് (ബഖറ:158) എന്ന ആയത്ത് ഓതി സ്വഫയില്‍ കയറി കഅബക്ക്‌നേരെ തിരിഞ്ഞ് കൈകളുയര്‍ത്തി ഇനി പറയുന്നത് പ്രാര്‍തികുക
لاإله إلاالله والله أكبرلاإله إلا الله وحده لاشريك له له الملك وله الحمد يحيى ويميت وهو على كل شيء قدير لا إله إلا الله وحده أنجز وعده و نصرعبده وهزم الأحزاب وحده
(ലാഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബര്‍ ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു, ലഹുല്‍ മുല്‍കു വലഹുല്‍ ഹംദു യുഹ്‌യീ വയുമീതു വഹുവ അലാ കുല്ലിശൈഇന്‍ ഖദീര്‍ ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു അന്‍ജസ വഅ്ദ ഹു വനസ്വറ അബ്ദഹു വഹസമല്‍ അഹ്‌സാബ വഹ്ദഹു)
അല്ലാഹുവല്ലാതെ ഒരാരാധ്യനുമില്ല, അല്ലാഹു ഏറ്റവും ഉന്നതനാണ്, അല്ലാഹുവല്ലാതെ ആരാധ്യനില്ല, അവന് പങ്കുകാരാരുമില്ല, രാജാധിപത്യം അവനുള്ളതാണ്, സ്തുതിയും അവനുതന്നെ, അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു; അവന്‍ സര്‍വശക്തനാണ്, അല്ലാഹുവല്ലാതെ ആരാധ്യനില്ല അവന്‍ ഏകനാണ് അവന്‍ വാഗ്ദത്തം പൂര്‍ത്തിയാക്കി, തന്റെ ദാസനെ സഹായിച്ചു, ശത്രുസേനകളെ അവനൊറ്റക്ക് പരാജയപ്പെടുത്തി.
ഇത് മൂന്നു പ്രാവശ്യം ആവര്‍ത്തിക്കുക, പിന്നീട് തനിക്കാവശ്യമുള്ള ഇഹപരമായ ഏത് ആവശ്യങ്ങളും തനിക്ക് അറിയുന്ന ഭാഷയില്‍ പ്രാര്‍ത്ഥിക്കാവുന്നതാണ.് പിന്നീട് മര്‍വയിലേക്ക് നടക്കുക; പച്ച നിറംകൊണ്ട് അടയാളമിട്ട സ്ഥലത്ത് പുരുഷന്‍മാര്‍ വളരെ വേഗത്തില്‍ നടക്കണം (സ്ത്രീകള്‍ക്കിത് ബാധകമല്ല) മര്‍വയില്‍ എത്തിയാല്‍ സ്വഫയിലേത് പോലെ പ്രാര്‍ത്ഥിക്കുക, മര്‍വയിലെത്തിയാല്‍ ഒന്ന്, തിരിച്ചുള്ള നടത്തം രണ്ട് എന്നിങ്ങനെ ഏഴ് നടത്തം പൂര്‍ത്തിയാക്കുക. നടത്തത്തിലും പ്രാര്‍ത്ഥനകളും ദിക്‌റുകളും അധികരിപ്പിക്കേണ്ടതാണ്. ത്വവാഫില്‍ പറഞ്ഞപോലെത്തന്നെ പ്രത്യേക പ്രാര്‍ത്ഥനകള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടില്ല. നമുക്ക് ഇഷ്ടമുള്ളത് പ്രാര്‍ത്ഥിക്കാനായി നീക്കിവെക്കപ്പെട്ട ഇത്തരം അവസരങ്ങളില്‍, വല്ലവരും അവരുടെ ഇഷ്ടത്തിന് അറബിയില്‍ എഴുതിയുണ്ടാക്കിയത് മനപ്പാഠമാക്കിയോ അല്ലാതെയോ ഉരുവിടുന്നതിനേക്കാള്‍ നമുക്ക് നമ്മുടെ ആവശ്യങ്ങളും സങ്കടങ്ങളും അല്ലാഹുവിന്റെ മുന്നില്‍ ബോധിപ്പിക്കാന്‍ കൈവന്ന അവസരം നഷ്ടപ്പെടുത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
സഅ്‌യ് പൂര്‍ത്തിയായാല്‍ പിന്നെ മുടി കളയുകയോ വെട്ടുകയോ ചെയ്ത് ഇഹ്‌റാമില്‍നിന്ന് ഒഴിവാകാവുന്നതാണ്. (പുരുഷന്മാര്‍ മുടികളയലാണ് ഉത്തമം; വെട്ടുകയാണങ്കില്‍ തലയുടെ എല്ലാ ഭാഗത്ത് നിന്നും മുടി വെട്ടേണ്ടതാണ്. അല്ലാതെ രണ്ടോ മൂന്നോ മുടിയുടെ അറ്റം മാത്രം വെട്ടുന്ന രീതി പ്രമാണങ്ങള്‍ക്ക് വിരുദ്ധമാണ്. സ്ത്രീകള്‍ ഏതാനും വിരല്‍തുമ്പ് നീളത്തില്‍ മുടിയുടെ അറ്റം വെട്ടിയാല്‍ മതി). ഇതോടെ ഉംറ പൂര്‍ത്തിയായി.
മദീനാസന്ദര്‍ശനം:
മദീനാ സന്ദര്‍ശനം ഹജ്ജിന്റെയോ ഉംറയുടേയോ ഭാഗമല്ല എന്നാണ് ഒന്നാമതായി അറിഞ്ഞിരിക്കേണ്ടത്. മദീനാ പള്ളിയില്‍ (മസ്ജിദുന്നബവിയില്‍) വെച്ചുള്ള നമസ്‌കാരം മസ്ജിദുല്‍ ഹറമല്ലാത്ത മറ്റു പള്ളികളില്‍ വെച്ചുള്ള നമസ്‌കാരത്തേക്കാള്‍ ആയിരമിരട്ടി പ്രതിഫലാര്‍ഹമാണ് (നബിവചനം). പ്രസ്തുത പുണ്യമാഗ്രഹിച്ചു മദീനയില്‍ പോകാവുന്നതാണ്. മദീനയിലെത്തുന്ന പുരുഷന്മാര്‍ക്ക് നബി(സ)യുടേയും അബൂബക്കര്‍, ഉമര്‍(റ) എന്നിവരുടേയും ഖബ്റുകള്‍ സന്ദര്‍ശിക്കലും അവര്‍ക്ക് അല്ലാഹുവിന്റെ രക്ഷയുണ്ടാകട്ടെ എന്ന് സലാം പറയലും സുന്നത്താണ.്
നബിയുടെ വീടിന്റെയും (ഇപ്പോള്‍ ഖബര്‍ സ്ഥിതിചെയ്യുന്ന സ്ഥലം) മിമ്പറിന്റെയുമിടയ്ക്കുള്ള സ്ഥലത്തെ റൗള എന്നാണ് നബി(സ) വിശേഷിപ്പിച്ചിട്ടുള്ളത്. (ഖബറിന്നല്ല റൗള എന്നു പറയുക). ”എന്റെ വീടിന്റെയും മിമ്പറിന്റെയുമിടയ്ക്കുള്ള സ്ഥലം സ്വര്‍ഗ്ഗത്തോപ്പുകളിലെ ഒരു തോപ്പാണ്’ ‘(ബുഖാരി). കഴിയുമെങ്കില്‍ തഹിയ്യത്ത് നമസ്‌കാരങ്ങള്‍ പോലുള്ളവ അവിടെ വെച്ച് നമസ്‌കരിക്കുന്നത് പുണ്യകരമാണ്. എന്നാല്‍ ഫറദ് നമസ്‌കാരങ്ങള്‍ക്ക് ഒന്നാമത്തെ സ്വഫ്ഫ് തന്നെയാണുത്തമം.
അതുപോലെ മദീനക്കടുത്തുള്ള, നബി(സ) മദീനയിലെത്തി ആദ്യമായി നിര്‍മ്മിച്ച പള്ളിയായ മസ്ജിദുല്‍ ഖുബാഇല്‍ വെച്ചുള്ള നമസ്‌കാരത്തിന്ന് ഉംറയുടെ പ്രതിഫലമാണുള്ളത് (ഇബ്‌നുമാജ: അല്‍ബാനിയുടെ സ്വഹീഹുല്‍ ജാമിഅ്: 6154).
എന്നാല്‍ തങ്ങള്‍ നിര്‍വ്വഹിക്കുന്ന മുഴുവന്‍ സല്‍ക്കര്‍മ്മങ്ങളേയും നിഷ്ഫലമാക്കിക്കളയുന്ന വിശ്വാസങ്ങളും കര്‍മ്മങ്ങളുമാണ് അധികമാളുകള്‍ കൊണ്ടു നടക്കുന്നത്. അതില്‍പെട്ടതാണ് പ്രവാചക(സ)യോടും മറ്റു മഹാത്മാക്കളോടും സഹായം തേടുന്നതും പ്രാര്‍ത്ഥിക്കുന്നതും. യഥാര്‍ത്ഥത്തില്‍ പ്രാര്‍ത്ഥനക്കര്‍ഹന്‍ അല്ലാഹു മാത്രമാണ്. എന്നതാണ് വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും നമുക്ക് പഠിപ്പിച്ചുതരുന്നത.് അത്‌കൊണ്ട് പ്രവാചകന്റെയും മറ്റും ഖബര്‍ സന്ദര്‍ശിക്കുമ്പോള്‍ മേല്‍പറഞ്ഞ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. എത്ര ഉന്ന തരായാലും അവര്‍ക്ക്‌വേണ്ടി നാം അങ്ങോട്ട് അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയാണ് വേണ്ടത്. ഇങ്ങോട്ട,് നമുക്കാവശ്യമുള്ള കാര്യങ്ങള്‍ അല്ലാഹുവിനോട് നാം നേരിട്ട് ചോദിക്കുകയും ചെയ്യുക; ഇക്കാര്യം ജീവിതത്തിലെപ്പോഴും ഓര്‍ക്കേണ്ടതാണ്. മറ്റു സ്ഥലങ്ങളിലെ സന്ദര്‍ശനം സുന്നത്ത് എന്നനിലയില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടില്ലെങ്കിലും, വിദേശത്തുനിന്ന് എത്തുന്ന ഒരാള്‍ക്ക് ചരിത്രപരമായി പ്രാധാന്യമര്‍ഹിക്കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതും ചരിത്രങ്ങളയവിറക്കുന്നതും നിഷിദ്ധമല്ല. എന്നാല്‍ കൂടുതല്‍ പുണ്യം ലഭിക്കാന്‍ കൈവന്ന സമയങ്ങളും സ്ഥലങ്ങളും നഷ്ടപ്പെടുത്തിയുള്ള സന്ദര്‍ശനങ്ങള്‍ കുറക്കുന്നതു തന്നെയാണുത്തമം.
ഹജ്ജ് ഉംറ പോലുള്ള കര്‍മ്മങ്ങള്‍ ജീവിതത്തില്‍ കൂടുതല്‍ പ്രാവശ്യം നിര്‍വ്വഹി ക്കാന്‍ അവസരം ലഭിക്കുന്നവര്‍ വിരളമായിരിക്കും അതിനാല്‍ അബദ്ധങ്ങള്‍ സംഭവിക്കാതിരിക്കാന്‍ കഴിവതും ശ്രമിക്കണമെന്ന് പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു.