പിശുക്കും ധൂര്‍ത്തും വിനാശത്തിന്

~ ഇബ്‌നു അലി എടത്തനാട്ടുകര

   ചില സമ്പന്നര്‍ അങ്ങനെയാണ്. മുന്തിയ വാഹനത്തില്‍ യാത്ര ചെയ്യാന്‍ കഴിവുണ്ടെങ്കിലും കുടുംബത്തോടൊപ്പം പ്രയാസപ്പെട്ട് ബസില്‍ യാത്രചെയ്യും. ലളിത ജീവിതം ഇഷ്ടപ്പെട്ടിട്ടോ ഇന്ധനം ‘സേവ്’ ചെയ്ത് രാജ്യത്തെ സഹായിക്കാനോ അല്ല അത്. 

ചില സമ്പന്നര്‍ നിറം മങ്ങിയതും കീറിത്തുടങ്ങിയതുമായ വസ്ത്രം ധരിച്ച് നടക്കാറുണ്ട്. കാണുന്നവര്‍ ‘അയ്യോ, പാവം’ എന്ന് പറഞ്ഞുപോകും!

തന്റെ സാമ്പത്തിക സുസ്ഥിതിക്കനുസരിച്ച് കുടുംബത്തിന് മാന്യമായ ഭക്ഷണം നല്‍കാതെ പ്രയാസപ്പെടുത്തുന്നവരുമുണ്ട്.  

പഴയ വീട് പുതുക്കിപ്പണിയാനോ അറ്റകുറ്റ പണികള്‍ നടത്താനോ തയ്യാറാകാതെ പരമാവധി ‘ഉപയോഗിച്ച്’ മുതലാക്കുന്ന സമ്പന്നരുമുണ്ട്. 

ദരിദ്രരായി ജീവിക്കേണ്ടിവരുന്ന സമ്പന്നരാണിവരുടെ കുടുംബം. ഇത്തരം പിശുക്കന്‍മാരുടെ മരണശേഷം അടുത്ത തലമുറ സ്വത്തെല്ലാം ധൂര്‍ത്തടിച്ച് നശിപ്പിക്കുന്നതാണ് അനുഭവം.

അല്ലാഹു നല്‍കിയ അനുഗ്രഹം പുറത്തുകാണിക്കാതെ, ഇല്ലായ്മ നടിക്കുന്നത് തികഞ്ഞ നന്ദികേടാണ്. ഉള്ളതെല്ലാം ദുര്‍വ്യയം ചെയ്ത് നശിപ്പിക്കുന്നതും അങ്ങനെത്തന്നെ. 

ദുര്‍വ്യയത്തെ എതിര്‍ക്കുന്ന ഇസ്‌ലാം പിശുക്കിനെതിരെയും ശക്തമായ ഭാഷയില്‍ താക്കീത് ചെയ്യുന്നു. അല്ലാഹു നല്‍കിയ സമ്പത്ത് അവന്‍ തൃപ്തിപ്പെടുന്ന മാര്‍ഗത്തില്‍ ചെലവഴിക്കാതെ പിശുക്ക് കാണിക്കുന്നവരോട് അല്ലാഹു പറയുന്നു:

  “ഹേ; കൂട്ടരേ, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിങ്ങള്‍ ചെലവഴിക്കുന്നതിനാണ് നിങ്ങള്‍ ആഹ്വാനം ചെയ്യപ്പെടുന്നത്‌. അപ്പോള്‍ നിങ്ങളില്‍ ചിലര്‍ പിശുക്ക് കാണിക്കുന്നു. വല്ലവനും പിശുക്കു കാണിക്കുന്ന പക്ഷം തന്നോട് തന്നെയാണ് അവന്‍ പിശുക്ക് കാണിക്കുന്നത്‌. അല്ലാഹുവാകട്ടെ പരാശ്രയമുക്തനാകുന്നു. നിങ്ങളോ ദരിദ്രന്‍മാരും.” (ഖുർആൻ 47:38)

ചെലവഴിക്കാതെ പിശുക്കിപ്പിശുക്കി സമ്പാദ്യം വര്‍ധിപ്പിക്കാമെന്നാഗ്രഹിക്കുന്നവരെ അല്ലാഹു താക്കീത് ചെയ്യുന്നു:

  “അല്ലാഹു അവന്‍റെ അനുഗ്രഹത്തില്‍ നിന്ന് തങ്ങള്‍ക്കു തന്നിട്ടുള്ളതില്‍ പിശുക്ക് കാണിക്കുന്നവര്‍ അതവര്‍ക്ക് ഗുണകരമാണെന്ന് ഒരിക്കലും വിചാരിക്കരുത്‌. അല്ല, അവര്‍ക്ക് ദോഷകരമാണത്‌. അവര്‍ പിശുക്ക് കാണിച്ച ധനം കൊണ്ട് ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവരുടെ കഴുത്തില്‍ മാല ചാര്‍ത്തപ്പെടുന്നതാണ്‌.” (ഖുർആൻ 3:180).

പിശുക്കിന്റെയും ദുര്‍വ്യയത്തിന്റെയും മധ്യേയുള്ള നിലപാട് സ്വീകരിക്കാന്‍ ഇസ്‌ലാം കല്‍പിക്കുന്നു. അല്ലാഹുവിന്റെ ഉത്തമ ദാസന്മാരെക്കുറിച്ച് വിശുദ്ധ ഖുർആൻ പറയുന്നു:

  “ചെലവുചെയ്യുകയാണെങ്കില്‍ അമിതവ്യയം നടത്തുകയോ, പിശുക്കിപ്പിടിക്കുകയോ ചെയ്യാതെ അതിനിടക്കുള്ള മിതമായ മാര്‍ഗം സ്വീകരിക്കുന്നവരുമാകുന്നു അവർ.” (25:67).

നേരാംവണ്ണം ഉണ്ണാതെയും ഉടുക്കാതെയും ധര്‍മം ചെയ്യാതെയും സമ്പാദിച്ചുകൂട്ടുന്ന ധനം മരണപ്പെട്ടാല്‍ കൂടെ കൊണ്ടുപോകാന്‍ കഴിയില്ല എന്നതാണ് ‘കീശയില്ലാത്ത കഫന്‍പുടവ’ നമ്മെ ഓര്‍മിപ്പിക്കുന്നത്.