പ്രിയ സഹോദരിക്ക്,
ജോലിത്തിരക്കിലാണെന്നറിയാം, എങ്കിലും അനിവാര്യമായ ചില കാര്യങ്ങൾ നിങ്ങളോട് പറയാനുണ്ട്. തിരക്കുകൾക്കിടയിൽ ഇത് അവഗണിച്ചാൽ തിരക്കുകളില്ലാത്ത ലോകത്ത് കൈവിരൽ കടിക്കുമെന്നുറപ്പാണ്! അതിനാൽ, ഈ സന്ദേശംനിങ്ങളെ ഏൽപിക്കുകയാണ്. പ്രവാസ ജീവിതത്തിന്റെ വേദനകൾക്കിടയിലും കണ്ണീർ തുള്ളികൾക്കൊണ്ടെഴുതിയ പ്രിയ പിതാവിന്റെ, പ്രിയതമന്റെ, പൊന്നോമന പുത്രന്റെ, സ്നേഹനിധിയായ സഹോദരന്റെയൊക്കെ എത്രയെത്ര കത്തുകൾ ആർത്തിയോടെ ഈ കണ്ണുകൾ വായിച്ചു തീർത്തു…..!
ഈ കടലാസു കഷണം സഹോദരീ നിങ്ങൾക്ക് അത്രയൊന്നും പ്രിയപ്പെട്ടതാവില്ല. എങ്കിലും ഇതുമൊന്ന് വായിച്ചുകൂടെ? അത് നിങ്ങൾക്ക് നന്മയേ വരുത്തൂ. അതിനാൽ, അവഗണിക്കില്ല എന്ന പ്രതീക്ഷയോടെ അല്പം ചില കാര്യങ്ങൾ.
നിങ്ങൾ ഒരു മുസ്ലീം സ്ത്രീയല്ലേ? മരണത്തിനു ശേഷംരക്ഷാ ശിക്ഷകളുടെ വിധി നിർണയ നാൾ വരാനുണ്ടെന്ന് വിശ്വസിക്കുന്നവരല്ലേ…? അല്ലാഹു വാഗ്ദാനം ചെയ്ത സ്വർഗത്തിലെത്തണമെന്ന മോഹം നിങ്ങൾക്കില്ലേ? അതോ കത്തിയെരിയുന്ന നരകത്തിന്റെ വിറകുകൊള്ളിയാവാനാണോ നിങ്ങളാഗ്രഹിക്കുന്നത്?
മുസ്ലീം സമൂഹത്തിന്റെ ഭാഗമായി ജീവിക്കുന്ന നിങ്ങൾ വസ്ത്രം ധരിക്കുമ്പോൾ പടച്ചവന്റെ നിയമങ്ങൾ അനുസരിക്കാറുണ്ടോ ? ഇല്ലെങ്കിൽ നിങ്ങൾ പിശാചിന്റെ അനുയായിയായിത്തീരുകയല്ലേ ചെയ്യുന്നത്.? എങ്കിൽ നിങ്ങൾ നിങ്ങളുടെ ശരീരത്തിലേക്ക് ഒന്നു നോക്കൂ… ഇസ്ലാമിക വസ്ത്രമാണോ നിങ്ങൾ ധരിച്ചിരിക്കുന്നത്?
അല്ലാഹു പറയുന്നു: “സ്ത്രീകൾ അവരുടെ മുഖമക്കനകൾ മാറിലൂടെ താഴ്ത്തിയിടട്ടെ”. (വി.ഖു. 24:31)
മുഖവും മുൻകയ്യും ഒഴിച്ച് മറ്റവയവങ്ങളെല്ലാം മുസ്ലീം സ്ത്രീകൾ മറക്കട്ടെ എന്നാണ് നബി (സ)യും പഠിപ്പിക്കുന്നത്. ഇസ്ലാമിലെ സ്ത്രീയുടെ വേഷവിധാനത്തിൽ അനിവാര്യമായും ഉണ്ടാകേണ്ടതാണ് മുഖമക്കനയെന്ന് ഈ വചനങ്ങൾ നമ്മെ പഠിപ്പിക്കുന്നില്ലേ? മുഖമക്കനകൾ പിരടിയിൽ ചുറ്റികെട്ടാനുള്ളതല്ല, മാറിലൂടെ താഴ്ത്തിയിടേണ്ടതാണ് എന്നല്ലേ റബ്ബ് പറയുന്നത്. സഹോദരീ, ഇത് നിങ്ങൾ കേട്ടിട്ടില്ലേ? അറിഞ്ഞിട്ടില്ലേ? എന്നിട്ടെന്താണ് നിങ്ങളുടെ ഭാവം?
ഇസ്ലാമിക വസ്ത്രധാരണം സൗന്ദര്യത്തിന് കോട്ടമാണ്, ഇക്കാലത്ത് നടപ്പില്ല എന്ന ചിന്തയല്ലേ നിങ്ങളുടെ മനസ്സിൽ?
സഹോദരീ, പടച്ചവനെ വെല്ലുവിളിച്ച് നിങ്ങൾക്ക് രക്ഷപ്പെടാനാവുമോ? ഈ സന്ദേശം വായിച്ച് കഴിയുന്നതിനുമുമ്പ് നിങ്ങളുടെ മയ്യിത്ത് പൊതിയാൻ തുണി വാങ്ങണ്ടി വരികയില്ലെന്നാരറിഞ്ഞു? നിങ്ങളുടെ സൗന്ദര്യം അല്ലാഹുവിന്റെ ദാനവും അനുഗ്രഹവുമാണ്. അത് അന്യരുടെ മുന്നിൽ പ്രദർശിപ്പിക്കാനുള്ളതല്ല. അത് നിങ്ങളുടെ ഭർത്താവിനുള്ളതാണ്, എന്തിന് വായ് നോക്കികൾക്കും പൂവാലന്മാർക്കും നിങ്ങളുടെ മേനിയഴക് കാട്ടിക്കൊടുക്കണം?
സഹോദരീ, അടുക്കളയിലെ സ്റ്റൗവൊന്ന് പൊട്ടിത്തെറിച്ചാൽ, തീയൊന്നാളിയാൽ തീർന്നില്ലേ. സൗന്ദര്യം? ഇത് പുറത്ത് കാണിച്ച് പരലോകം നഷ്ടപ്പെടുത്തണോ?
ഇന്ന് നിങ്ങൾ പുറത്ത് കാണിക്കുന്ന കയ്യും, വയറിന്റെ ഭാഗവും, കഴുത്തുമൊക്കെ നാളെ ഖബറിലേക്ക് കെട്ടി പൊതിഞ്ഞിറക്കി വെക്കാനുള്ളതാണ്. മറ്റന്നാൾ നീര് വന്ന് വീർത്ത് പൊട്ടിയൊഴുകി, നാലാം നാൾ മണ്ണോടു ചേരാനുളളതാണ്. ഒാർക്കുക…! അപ്പോഴേക്കും നിങ്ങളെ നോക്കി നടന്നവർ നിങ്ങളെ മറന്നുകാണും. നിങ്ങളോ അവർക്ക് വേണ്ടി ഒരുങ്ങിയിറങ്ങിയതിന്റെ തിക്തഫലങ്ങൾ അനുഭവിക്കാനും തുടങ്ങിയിരിക്കും,
നിങ്ങൾ തുറന്നിടുന്ന സുന്ദരമായ കറുത്ത തലമുടി നാളെ നരയ്ക്കാനുള്ളതാണ്. മുടി കൊഴിഞ്ഞ് തലയോട്ടി പുറത്ത് കാണുന്നതാണ്. നിങ്ങൾ മിനുക്കുന്ന കവിളും, ചുവന്ന ചുണ്ടും, ചുവപ്പിച്ച വിരലുമൊക്കെ നാളെ ചുക്കിച്ചുളിയാനുള്ളതാണ്, പുഴുക്കളുടെ ആഹാരവും. സഹോദരീ, നഗ്നത മറയ്ക്കാതെ നടന്നാലുള്ള കഠിനശിക്ഷ എന്തെന്ന് നിങ്ങളറിഞ്ഞിട്ടുണ്ടോ? “അവർ സ്വർഗ്ഗം കാണില്ല. സ്വർഗത്തിന്റെ സുഗന്ധംപോലും അനുഭവിക്കില്ല” എന്നാണ് നബി തിരുമേനി (സ) പറഞ്ഞത്. (മുസ്ലിം).
“വസ്ത്രം ധരിച്ചിട്ടും നഗ്നത മറയ്ക്കാത്ത സ്ത്രീകളെ അല്ലാഹു ശപിച്ചിരിക്കുന്നു” എന്നും പ്രവാചകൻ (സ) അരുളി (ത്വബ്റാനി).
സഹോദരീ, നിങ്ങൾക്ക് അല്ലാഹുവിന്റെ ശാപം ഏൽക്കണോ? വൃദ്ധയാകുമ്പോൾ മാത്രം, ചുക്കിച്ചുളിഞ്ഞ, ആർക്കും വേണ്ടാത്ത ശരീരം പർദ്ദയിൽ പൊതിഞ്ഞ് നടന്നാൽ മതിയെന്നാണോ തീരുമാനം….? പുഴകളിലും തോടുകളിലും മറ്റു പൊതു കുളിസ്ഥലങ്ങളിലും അർദ്ധനഗ്നയായി കുളിക്കുവാനും, അലക്കുവാനും നിങ്ങൾക്ക് യാതൊരു ലജ്ജയുമില്ലെന്നോ…? ചിന്തിക്കുക… ഇന്നുതന്നെ മാറിക്കൂടേ? പശ്ചാത്താപവും പർദ്ദയും നാളെയാകാമെന്ന് കരുതി മാറ്റിവെച്ചാൽ ആ നാളെ നിങ്ങൾ ഉണ്ടായിക്കൊള്ളണമെന്നില്ല. അതുകൊണ്ട് ഇപ്പോൾത്തന്നെ തീരുമാനമെടുക്കുക.
താടിയുള്ളവരേയും പ്രായമായവരേയും മൗലവിമാരേയും കാണുമ്പോൾ ധ്യതിപ്പെട്ട് തലമറയ്ക്കാൻ വെമ്പൽ കൊള്ളുന്ന സഹോദരീ, എന്തേ, നിങ്ങൾ അവരെയാണോ പേടിക്കുന്നത്? നിങ്ങൾ എന്തുകൊണ്ട് പടച്ചവനെ പേടിക്കുന്നില്ല?
ആയിരങ്ങൾ മുടക്കി വിലകൂടിയ
വസ്ത്രങ്ങൾ വാങ്ങുമ്പോൾ ബ്ലൗസിന് കുറച്ചുകൂടി തുണി വാങ്ങിക്കൂടെ…? ആരുടെ തൃപ്തിക്കു വേണ്ടിയാണ്
നിങ്ങൾ പടച്ചവനെ ധിക്കരിച്ച വേഷം ധരിക്കുന്നത്? ഭർത്താവ് പറഞ്ഞിട്ടാണോ? എങ്കിൽ അദ്ദേഹത്തോട് പറയുന്നു, ഈ ശരീരം നിങ്ങൾക്കുള്ളതാണ്, മറ്റുള്ളവർക്കു മുൻപിൽ മറയ്ക്കേണ്ടതാണ്. അതാണ് മാന്യത
എന്ന്. ഭർത്താവിന്റെ തൃപ്തിക്ക് വേണ്ടി അല്ലാഹുവിന്റെ വെറുപ്പ് സമ്പാദിക്കണോ? അല്ലാഹു വെറുത്താൽ പരലോകത്ത്
രക്ഷിക്കാൻ ഭർത്താവിനാവില്ല എന്നു കൂടി സ്മരിക്കുക. കൂട്ടുകാരിയോ നാട്ടുകാരിയോ പറഞ്ഞിട്ടാണോ…? എങ്കിൽ ഓർക്കുക! പരലോകത്ത് നിങ്ങൾ ഒറ്റയ്ക്കാണ് പടച്ചവന്റെ മുന്നിൽ ചെല്ലേണ്ടി വരിക.
നിങ്ങളെ രക്ഷിക്കാനാരുമില്ലാത്ത സന്ദർഭം…..
ഒരു പെണ്ണിനെ പത്ത് പേർ പ്രാപിക്കുന്നതിനെ സദാചാര ബോധമുള്ള
നിന്റെ മനസ്സിന് അംഗീകരിക്കുവാൻ കഴിയുമോ? പിന്നെ എന്തേ പത്ത് പേർക്ക് തിന്മകൾക്ക്
പ്രേരകമാവും വിധം നീ നിന്റെ ശരീരവും മാംസള ഭാഗങ്ങളും പ്രദർശിപ്പിച്ച് നടക്കുന്നത്?
ഇടുങ്ങിയതും, നേരിയതും, ആകർഷകമായതും ധരിക്കരുതെന്ന് പറഞ്ഞിട്ടും നീ ഷോപ്പിംഗിന് കേറുമ്പോൾ ഷെൽഫുകളിൽ
നിന്ന് അങ്ങനെയുള്ളവ മാത്രം തിരഞ്ഞെടുക്കുന്നു? ഓരോ
ഡിസൈനുകളും മാറ്റി മറിച്ചിടുമ്പോൾ ഒാർത്തോ അടുത്ത ഷെൽഫിൽ
നിന്നെ നോക്കി പരിഹാസത്തോടെ ചിരിക്കുന്ന, ഇന്നല്ലെങ്കിൽ നാളെ നീ എന്നെ തേടി വരുമെന്ന് പറയുന്ന വെളുത്ത കഫൻ
തുണിയെക്കുറിച്ച്…?
ഒന്നോർത്തു നോക്കൂ, വെള്ളത്തിന് വെള്ളം, ഭക്ഷണത്തിന് ഭക്ഷണം, വീടിന് വീട്, വാഹനത്തിന് വാഹനം… എല്ലാം നിനക്ക് നാഥൻ തന്നു. .എന്നിട്ടും എന്തിനീ ധിക്കാരം?
എല്ലാം കഴിഞ്ഞ് എങ്ങാട്ടാണ് പോകേണ്ടത്…? പരലോകത്തേക്ക്. എന്നിട്ടോ…?
അല്ലാഹു പറയുന്നു:
“നിഷേധികൾക്ക്
നരകം കാണിച്ചു കൊടുക്കപ്പെടുന്ന ദിവസം. അന്ന് പറയപ്പെടും ഇഹലോകത്ത് എത്രയെത്ര
(പരലോക
രക്ഷയ്ക്കുള്ള) നല്ല അവസരങ്ങളെയാണ് നിങ്ങൾ പാഴാക്കിക്കളഞ്ഞതും
മതിമറന്ന് ആനന്ദിച്ച് ജീവിച്ചതും. ഇന്നേ ദിവസമിതാ അന്യായമായി അഹങ്കരിച്ചതിനും, ആഭാസം ചെയ്തതിനും അതിനിന്ദ്യമായ ശിക്ഷ അനുവദിച്ചു കൊള്ളുക.” (അഹ്ഖാഫ്)
ഇതു പറയുന്നത് അല്ലാഹുവാണ്. നമ്മോട് ക്ഷമിച്ച് നമുക്ക് സ്വർഗ്ഗം തരേണ്ട നാഥൻ. അവൻ നാളെ നമ്മോടിങ്ങനെ പറഞ്ഞാൽ പിന്നെ ആരുണ്ട് സഹോദരീ നമ്മെ രക്ഷിക്കാൻ?
പ്രിയ മാതാവേ, നിങ്ങളുടെ പുന്നാര മോൾക്ക് ഒരു മുറിവ് പറ്റിയാൽ ഉറങ്ങാതെ
കാത്തിരിക്കില്ലേ നിങ്ങൾ? നാളെയല്ലെങ്കിൽ അടുത്ത നിമിഷം നിങ്ങളുടെ പുന്നാരമോളുടെ
മയ്യിത്ത് കഫൻ
തുണിയിൽ പൊതിഞ്ഞ് മുറ്റത്തിറക്കുമ്പോൾ പൊട്ടിക്കരയാൻ മാത്രം
കഴിയുന്ന ഉമ്മാ, നിങ്ങളുടെ മകൾ
നരകത്തിൽ കിടന്ന് കത്തിയെരിയുമ്പോൾ ഒാർത്തുനോക്കു.. ഇനിയെങ്കിലും റബ്ബിന്റെ
കൽപനകൾ അനുസരിച്ചുള്ള വസ്ത്രം ധരിക്കാൻ പുന്നാരമോളോട്
പറഞ്ഞുകൂടെ ? ആയിരങ്ങൾ മുടക്കി
നഗ്നത മറയാത്ത വസ്ത്രങ്ങൾ ഇനിയെങ്കിലും വാങ്ങാതിരുന്നുകൂടേ? ഇന്നുതന്നെതീരുമാനമെടുക്കൂ.
തൽക്കാലം ഇവിടെ നിർത്തുകയാണ്. ജീവിതത്തിന്റെ ഇന്നലെകളിലേക്ക് മടങ്ങുക, കഴിഞ്ഞകാല ജീവിതത്തെ പുനർവിചിന്തനം നടത്തുക. നാളെ ഈ കടലാസ് കഷണവും നാഥന്റെ കോടതിയിൽ സാക്ഷിയാക്കപ്പെട്ടാൽ….. ഇത് വായിച്ചിട്ടെന്തു ചെയ്തുവെന്ന് അവൻ ചോദിച്ചാൽ അല്ലാഹുവിന്റെ മുൻപിൽ മറുപടി പറയാൻ ഇന്നുതന്നെ വസ്ത്രം ഇസ്ലാമികമാക്കുക, അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ…