പരോപകാരം

പരോപകാരം

ബാസിം ഒരു നല്ല കുട്ടിയാണ്. അവന്റെ പിതാവ് നാട്ടിലെ വലിയ സമ്പന്നനാണ്. അതിനാല്‍ അവന്‍ എന്ത് ആവശ്യപ്പെട്ടാലും അവന്റെ പിതാവ് അത് നിര്‍വഹിച്ചുകൊടുക്കും. എന്നാല്‍ അതിന്റെ പേരില്‍ അവന്‍ അഹങ്കാരം നടിച്ചിരുന്നില്ല. പാവങ്ങളുടെ പ്രയാസങ്ങള്‍ മനസ്സിലാക്കിയിരുന്ന, അവര്‍ എങ്ങനെ ജീവിക്കുന്നു എന്ന് അറിയാമായിരുന്ന കുട്ടിയാണ് ബാസിം. മദ്‌റസയില്‍ അവന്റെ കൂടെ പഠിക്കുന്ന കുട്ടികളില്‍ അധികവും പാവങ്ങളായിരുന്നു.

ഫുട്‌ബോള്‍ കളിയില്‍ തല്‍പരനായിരുന്ന ബാസിം ഒരു ദിവസം കളിക്കാന്‍ പോകുമ്പോള്‍ ഒരു നായ അവനെ പിന്തുടര്‍ന്നു. കടിക്കാനായി കുരച്ച് വരുന്ന നായയില്‍നിന്ന് രക്ഷപ്പെടുവാനായി പേടിച്ചുവിറച്ചുകൊണ്ട് അതിവേഗത്തില്‍ അവന്‍ ഓടി. എന്നാല്‍ നായയുണ്ടോ വിടുന്നു. ഒരു ഇടുങ്ങിയ ഇടവഴിയില്‍ വെച്ച് നായ അവന്റെ വസ്ത്രത്തില്‍ കടിക്കുകയും ഒരു കല്ലില്‍ തട്ടി അവന്‍ വീഴുകയും ചെയ്തത് ഒരുമിച്ചായിരുന്നു. 

പിന്നെ ഒന്നും അവന് ഓര്‍മയില്ല. കുറെ സമയം കഴിഞ്ഞാണ് ബോധം വന്നത്. കണ്ണു തുറന്നപ്പോള്‍ മുന്നില്‍ കണ്ടത് സമപ്രായക്കാരനായ ഒരു ബാലനെയും അവന്റെ മാതാവിനെയുമാണ്. അവന്‍ ബാസിമിന്റെ കൂടെ മദ്‌റസയില്‍ പഠിക്കുന്നവനായിരുന്നു. മാതാവ് അവന്റെ മുറിവില്‍ മരുന്ന് തേച്ചു കൊടുക്കുകയാണ്. ബാസിമിനെ നായയില്‍നിന്നും കടികൊള്ളാതെ രക്ഷിച്ചത് അവരായിരുന്നു. അവരുടെ വീട്ടിലാണ് അവനിപ്പോള്‍ കിടക്കുന്നത്. 

ബാസിം പതുക്കെ എഴുന്നേറ്റിരുന്നു. അവന്‍ വീടിനുളളിലേക്ക് ആകമാനം കണ്ണോടിച്ചു. ചെറിയൊരു വീട്. വിലകൂടിയതും മുന്തിയതുമായ ഒന്നും വീട്ടില്‍ കാണാനില്ല. വളരെ പാവപ്പെട്ടവരുടെ വീടാണതെന്ന് അവന് മനസ്സിലായി. 

”നീ ഓടി വീഴുന്നത് ഉമ്മയാ ആദ്യം കണ്ടത്?” അജ്മല്‍ പറഞ്ഞു. 

”നായ എന്നെ കടിച്ചുപറിക്കുമെന്ന് ഞാന്‍ ഉറപ്പിച്ചതാ” ബാസിം ചിരിച്ചുകൊണ്ട് പറഞ്ഞു.

കുറച്ചു കഴിഞ്ഞപ്പോള്‍ ബാസിം പോകാനൊരുങ്ങി. ഭക്ഷണം കഴിച്ചിട്ടാകാമെന്ന് അവര്‍ നിര്‍ബന്ധിച്ചു. അവന്‍ അവരുടെ കൂടെ ഭക്ഷണം കഴിച്ചു. മുന്തിയ തരം ഭക്ഷണം മാത്രം കഴിച്ച് പരിചയിച്ച ബാസിം അവര്‍ നല്‍കിയ ഭക്ഷണം കഴിക്കാന്‍ നന്നേ പ്രയാസപ്പെട്ടു. എങ്കിലും അവന്‍ അത് പുറത്തു കാണിക്കാതെ എല്ലാം തിന്നുതീര്‍ത്തു.

തനിച്ചു പോകേണ്ട എന്നു പറഞ്ഞ് അജ്മലിന്റെ ഉമ്മയും അജ്മലും കുറച്ചു ദൂരം അവന്റെ കൂടെ പോയി. അവര്‍ സലാം പറഞ്ഞു പിരിഞ്ഞു.

ബാസിം വീട്ടില്‍ ചെന്ന ശേഷം സംഭവിച്ചതെല്ലാം അവന്റെ വീട്ടില്‍ അറിയിച്ചു. കാലിലെ മുറിവ് മാറിയശേഷം ഒരു ദിവസം അവന്റെ ഉമ്മ കൊതിയൂറുന്ന ഭക്ഷണമുണ്ടാക്കി ബാസിമിനോട് അത് അജ്മലിന്റെ വീട്ടില്‍ എത്തിക്കാന്‍ പറഞ്ഞു. അവന് വളരെ സന്തോഷമായി. 

അജ്മലിന്റെ വീടിനു മുന്നിലുള്ള വഴിയിലൂടെ കാറിന് പോകാന്‍ കഴിയില്ല. അത് വളരെ വീതി കുറഞ്ഞതാണ്. അതിനാല്‍ കുറച്ചകലെ കാര്‍ നിര്‍ത്തി. ഞാന്‍ ഇപ്പോള്‍ വരാം എന്ന് ഡ്രൈവറോടു പറഞ്ഞ് ഭക്ഷണവുമായി ബാസിം അജ്മലിന്റെ വീട്ടിലേക്ക് നടന്നു.

അവിടെ അജ്മലിന്റെ ഉപ്പയും ഉമ്മയും അജ്മലുമുണ്ടായിരുന്നു. അവര്‍ക്ക് ബാസിമിന്റെ പ്രവൃത്തിയില്‍ അത്ഭുതവും സന്തോഷവും തോന്നി. അവരുടെ കൂടെ അവരിലാരാളായി ഇരുന്ന് അവനും ഭക്ഷണം കഴിച്ചു. അങ്ങനെ വളരെ സന്തോഷത്തോടെ ബാസിം തിരിച്ചുപോയി. 

 

റാഷിദ ബിന്‍ത് ഉസ്മാന്‍
നേർപഥം വാരിക

അഹങ്കാരം വരുത്തിയ നഷ്ടം

അഹങ്കാരം വരുത്തിയ നഷ്ടം

പൊങ്ങച്ചക്കാരിയും അഹങ്കാരിയുമായ കുട്ടിയായിരുന്നു ഹസീന. അവളുടെ പിതാവ് വളരെ സമ്പന്നനായിരുന്നു. അവള്‍ ആവശ്യപ്പെടുന്നതെന്തും വാങ്ങിക്കൊടുക്കും. എപ്പോഴും വില പിടിപ്പുള്ള വസ്ത്രവും മുന്തിയ ചെരുപ്പും ധരിച്ചാണ് അവള്‍ നടക്കുക. 

അവളുടെ വീടിനു സമീപം പാവപ്പെട്ട ഒരാളുടെ വീടുണ്ട്. അവിടെ സൈനബ് എന്ന് പേരുള്ളഒരു പെണ്‍കുട്ടിയുണ്ട്. ഹസീനയുടെ അതേ പ്രായക്കാരി. അയല്‍ക്കാരാണെങ്കിലും താന്‍ പണക്കാരന്റെ മകളാണെന്ന അഹങ്കാരത്താല്‍ അവള്‍ സൈനബിനോട് കൂട്ടുകൂടാനും അവളോടൊപ്പം കളിക്കാനും തയ്യാറാകില്ല. എന്തിനേറെ സംസാരിക്കാന്‍ പോലും മടികാണിക്കും. അവരുടെ ഉപ്പമാര്‍ ചങ്ങാതിമാരായിരുന്നു.   

അങ്ങനെയിരിക്കെ ഒരു ദിവസം ഹസീനയുടെ പിതാവ് ഒരു അപകടത്തില്‍ മരണപ്പെട്ടു. ഹസീന വല്ലാതെ സങ്കടപ്പെട്ടു. കൊട്ടാരം പോലുള്ള വീടിന്റെ മുറ്റത്തുള്ള പൂന്തോട്ടത്തില്‍ ഒരു ദിവസം ഹസീന ദുഃഖിതയായി ഇരിക്കുമ്പോള്‍ സൈനബ് അങ്ങോട്ട് ഓടിച്ചെന്നു. 

”എന്റെ ഉപ്പാക്ക് തീരെ സുഖമില്ല. ഇനി രക്ഷയില്ല എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഉപ്പ നിന്നെ കാണണമെന്ന് ഓര്‍മ വരുമ്പോഴൊക്കെ പറയുന്നുണ്ട്. നിന്നോട് എന്തോ പ്രധാനപ്പെട്ട കാര്യം പറയാനുണ്ടെന്നാണ് ഉപ്പ പറയുന്നത്” സൈനബ് സങ്കടം ഒതുക്കിവെച്ചുകൊണ്ട് പറഞ്ഞു.

ഹസീനക്ക് അവള്‍ പറഞ്ഞത് തീരെ ഇഷ്ടമായില്ല. വളരെ പാവപ്പെട്ട ആ മനുഷ്യന് എന്നോട് എന്തു പറയാന്‍ എന്നായിരുന്നു അവളുടെ ചിന്ത. 

”അയ്യേ! ഞാനില്ല നിന്റെ വീട്ടിലേക്ക്. നിന്റെ വീടിന് ഒരു വൃത്തികെട്ട മണമായിരിക്കും. എനിക്ക് അത് ഇഷ്ടമല്ല” ഹസീന വെറുപ്പോടെ പറഞ്ഞു. 

ഇത് കേട്ടപ്പോള്‍ ദുഃഖത്തോടെ സൈനബ് മടങ്ങിപ്പോയി. 

കുറച്ചു സമയം കഴിഞ്ഞപ്പോള്‍ സൈനബ് ഓടിക്കിതച്ചുകൊണ്ട് വീണ്ടും ഹസീനയുടെ മുമ്പിലെത്തി. കരഞ്ഞുകൊണ്ട് അവള്‍ പറഞ്ഞു: 

”എന്റെ ഉപ്പാക്ക് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് നിന്നോട് പറയാനുള്ളത്. നിന്റെ ഉപ്പ ഒരു സ്ഥലത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് നിനക്ക് വേണ്ടി കുറെ സ്വര്‍ണം കുഴിച്ചിട്ടിട്ടുണ്ട്. അത് എവിടെയാണെന്ന് എന്റെ ഉപ്പാക്ക് മാത്രമെ അറിയൂ. നീ വലുതാകുന്നതുവരെ നിന്നോട് ഇക്കാര്യം പറയരുതെന്ന് നിന്റെ ഉപ്പ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ എന്റെ ഉപ്പ മരണാസന്നനാണ്. മരിക്കുന്നതിന് മുമ്പ് അക്കാര്യം നിന്നോട് പറയണമെന്ന് ഉപ്പ ആഗ്രഹിക്കുന്നു. ദയവായി വേഗം വരൂ.”

സൈനബിന്റെ ഈ വാക്കുകള്‍ കേട്ട് ഹസീന ഞെട്ടിപ്പോയി. അവള്‍ പിന്നെ ഒന്നും ആലോചിക്കാതെ സൈനബിന്റെ വീട്ടിലേക്ക് ഓടി. പക്ഷേ, വൈകിപ്പോയി. അവള്‍ അവിടെ എത്തിയപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു. 

ഹസീന വളരെയധികം ദുഃഖിച്ചു. അവള്‍ക്ക് അവളോടുതന്നെ ദേഷ്യം തോന്നി. തന്റെ അഹങ്കാരമാണല്ലോ വമ്പിച്ച നഷ്ടത്തിന് ഇടവരുത്തിയത്.

കൂട്ടുകാരേ, നാം ഒരിക്കലും അഹങ്കാരം കാണിക്കാന്‍ പാടില്ല. അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദികാണിച്ചുകൊണ്ട് ജീവിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്. 

”അണുമണിത്തൂക്കം അഹങ്കാരം ഹൃദയത്തിലുള്ളവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല” എന്ന് നബി ﷺ പറഞ്ഞത് നാം അറിയണം.

അഹങ്കാരം കാണിക്കുന്ന ആളുകളെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ല എന്ന് അല്ലാഹു ക്വുര്‍ആനിലൂടെ നമ്മെ അറിയിച്ചിട്ടുമുണ്ട്.

 

റാഷിദ ബിന്‍ത് ഉസ്മാന്‍
നേർപഥം വാരിക

കുറ്റബോധം

കുറ്റബോധം

അതൊരു റമദാന്‍ മാസമായിരുന്നു. നല്ല രുചികരമായ റൊട്ടി ലഭിക്കുന്ന ഒരു കടയുണ്ട് ഗ്രാമത്തില്‍. നോമ്പ് തുറക്കാന്‍ സമയമാകുമ്പോഴേക്കും ഉമ്മ ആ കടയിലേക്ക് റൊട്ടി വാങ്ങാന്‍ പറഞ്ഞയച്ചതാണ് നൗഫലിനെ. അവിടെ ചെന്നപ്പോള്‍ പതിവുപോലെ വലിയ തിരക്ക്. ആളുകള്‍ വരിയായി നില്‍ക്കുകയാണ്. നൗഫലും വരിയില്‍ നില്‍പായി. 

നോമ്പ് തുറക്കാനുള്ള സമയമായിത്തുടങ്ങി. ആളുകള്‍ അക്ഷമരായി പിറുപിറുക്കാനും തുടങ്ങി.

 ”ഇയാള്‍ക്കെന്താ കൂടുതല്‍ ജോലിക്കാരെ കടയില്‍ നിര്‍ത്തിക്കൂടേ? രണ്ടുമൂന്ന് ആളുകളെക്കൊണ്ട് എങ്ങനെ എത്തിക്കൂടും…?” വരിയില്‍ നില്‍ക്കുന്ന ഒരു വൃദ്ധന്‍ ആരോടെന്നില്ലാതെ പറഞ്ഞു.

റൊട്ടിയുണ്ടാക്കുവാന്‍ രണ്ടു ജോലിക്കാരാണ് കടയിലുള്ളത്. വിതരണം ചെയ്യുവാനും കാശ് വാങ്ങുവാനും കടയുടമ മാത്രം. ആവശ്യക്കാര്‍ക്ക് റൊട്ടി എടുത്തുകൊടുക്കുവാനും കാശ് എണ്ണി വാങ്ങുവാനും ബാക്കി നല്‍കുവാനുമൊക്കെ തിരക്കിനിടയില്‍ അയാള്‍ നന്നായി ബുദ്ധിമുട്ടുന്നുണ്ട്. 

ഒടുവില്‍ നൗഫലിന്റെ ഊഴമെത്തി. അവന്‍ കൊടുത്ത നോട്ട് വാങ്ങി കടയുടമ ബാക്കി നല്‍കി. നൗഫല്‍ അത് എണ്ണി നോക്കി. അല്‍പം അധികമുണ്ട്. അവന്‍ ഒന്നു സംശയിച്ചുകൊണ്ട് അയാളുടെ മുഖത്തേക്ക് നോക്കി.

”ഉം… എന്താ? വല്ല പ്രശ്‌നവും…?” കടയുടമ ചോദിച്ചു.

”ഹേയ്…ഒന്നുമില്ല” എന്ന് പറഞ്ഞുകൊണ്ട് നൗഫല്‍ വീട്ടിലേക്ക് തിരിച്ചു.

രാത്രി കിടന്നപ്പോള്‍ അവന് ഉറക്കം വന്നില്ല. ആകെയൊരു അസ്വസ്ഥത. കുറ്റബോധം മനസ്സില്‍ വല്ലാത്തൊരു നീറലായി പടരുന്നു.

”നീ എന്തുകൊണ്ട് ആ കാശ് തിരിച്ചുകൊടുത്തില്ല? നിനക്ക് അര്‍ഹതപ്പെടാത്തതല്ലേ അത്?” എന്ന് ആരോ നിരന്തരമായി ചോദിച്ചുകൊണ്ടിരിക്കുന്നതു പോലെ അവന് അനുഭവപ്പെട്ടു. 

ഉമ്മയോട് ഇപ്പോള്‍ തന്നെ എല്ലാം തുറന്നു പറഞ്ഞാലോ? വേണ്ട! ഉമ്മ ഇതറിഞ്ഞാല്‍ ദേഷ്യപ്പെടും. കുറ്റപ്പെടുത്തും. അങ്ങനെ ആ രാത്രി നൗഫല്‍ ഉറക്കമില്ലാതെ കഴിച്ചുകൂട്ടി.

രാവിലെ തീയതി അറിയാന്‍ കലണ്ടറിലേക്ക് നോക്കിയപ്പോഴാണ് കലണ്ടറില്‍ ഒരു പെട്ടിക്കോളത്തില്‍ കൊടുത്തിരിക്കുന്ന പ്രവാചക വചനം അവന്റെ ശ്രദ്ധയില്‍ പെട്ടത്. അത് ഇപ്രകാരമായിരുന്നു:

‘പാപം എന്നാല്‍ നിന്റെ മനസ്സില്‍ അസ്വസ്ഥതയുണ്ടാക്കുന്നതും മറ്റുള്ളവര്‍ അറിയുന്നത് നീ ഇഷ്ടപ്പെടാത്തതുമാകുന്നു.’

നൗഫലിന്റെ മുഖം ചുവന്നു. മനസ്സില്‍ സങ്കടം ഇരട്ടിച്ചു. നബി(സ്വ) ഇപ്പറഞ്ഞത് തന്നെപ്പറ്റിയാണോ? ഇപ്പോള്‍ താന്‍ അനുഭവിക്കുന്നത് ഇതുതന്നെയല്ലേ? ഇനിയും താനിത് സഹിക്കേണ്ടതുണ്ടോ? 

അവന്‍ ഉമ്മയെ സമീപിച്ച് കാര്യങ്ങളെല്ലാം വിശദീകരിച്ചു.

”സാരമില്ല മോനേ. തെറ്റ് ആര്‍ക്കും പറ്റും. അത് തിരുത്താനുള്ള മനസ്സാണ് പ്രധാനം. നീ നിന്റെ തെറ്റ് മനസ്സിലാക്കി. അല്ലാഹുവിനോട് പാപമോചനം തേടുക. നിന്റെതല്ലാത്ത കാശ് നീ അതിന്റെ ഉടമസ്ഥന് തിരിച്ചുകൊടുക്കുക” ഉമ്മ നൗഫലിനെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു.

ഉമ്മ തന്നെ ശകാരിക്കുമെന്നും തന്നോട് ദേഷ്യപ്പെടുമെന്നും വിചാരിച്ചിരുന്ന നൗഫലിന് ഇത് കേട്ടപ്പോള്‍ സമാധാനമായി. ഉടനെ അവന്‍ കാശുമായി കടയിലേക്ക് ഓടി. കാശ് കടയുടമയെ ഏല്‍പിച്ച് ക്ഷമ ചോദിച്ചുകൊണ്ട് മടങ്ങുമ്പോള്‍ തന്റെ തലയില്‍നിന് വലിയൊരു ഭാരം ഇറക്കിവെച്ചതായി അവന് തോന്നി. ഇനിയൊരിക്കലും ഇങ്ങനെയൊരു തെറ്റ് ആവര്‍ത്തിക്കില്ലെന്ന് അവന്‍ പ്രതിജ്ഞയെടുത്തു.

 

റാഷിദ ബിന്‍ത് ഉസ്മാന്‍
നേർപഥം വാരിക

മത്സരം

മത്സരം

ബിലാല്‍ സല്‍സ്വഭാവിയായ ഒരു കുട്ടിയാണ്. അവന്റെ ഇരു കണ്ണുകള്‍ക്കും കാഴ്ച ശക്തിയില്ല. ഒരു അപകടത്തില്‍ പെട്ടാണ് അവന്റെ കാഴ്ച നഷ്ടപ്പെട്ടത്. എന്നാല്‍ അവന്‍ അതില്‍ തളര്‍ന്നുപോയിട്ടില്ല. നിരാശപ്പെട്ട് ജീവിക്കുന്നുമില്ല. മറ്റുള്ളവര്‍ക്ക് ഭാരമാകാതെ കഴിയുന്നത്ര കാര്യങ്ങള്‍ സ്വന്തമായി ചെയ്യാന്‍ അവന്‍ പഠിച്ചു കഴിഞ്ഞു. 

ബിലാലിന്റെ അയല്‍വാസിയായ സമപ്രായക്കാരനാണ് അംജദ്. വലിയ പണക്കാരന്റെ മകന്‍. അവന്‍ മഹാ അഹങ്കാരിയും വികൃതിയുമാണ്. ഒരു ദിവസം ബിലാലിനെ കളിയാക്കുവാനായി അംജദ് പറഞ്ഞു: ”നമുക്ക് അടുത്ത ഗ്രമമായ അസീറിലേക്ക് ഒരു ഓട്ട മത്സരം നടത്തിയാലോ? നീ തയ്യാറുണ്ടോ?”

അതിന് ബിലാല്‍ മറുപടിയൊന്നും പറഞ്ഞില്ല. കണ്ണുകാണാത്ത തന്നെ അപമാനിക്കലാണ് അംജദിന്റെ ഉദ്ദേശമെന്ന് അവന് മനസ്സിലായി. കണ്ണു കാണാത്ത താന്‍ ഒറ്റക്ക് പല തവണ അവിടെയുള്ള കുടുംബക്കാരെ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും കണ്ണ് കാണുന്ന ഒരാളുടെ കൂടെ ഓടി ജയിക്കാനാകുമോ? അവന്‍ ചിന്തിച്ചു. 

”എന്താ ഒന്നും മിണ്ടാത്തത്? ധൈര്യമുണ്ടെങ്കില്‍  എന്റെ വെല്ലുവിളി ഏറ്റെടുക്ക്. നീ ജയിച്ചാല്‍ എന്റെ വിലകൂടിയ പുതിയ ഷര്‍ട്ട് നിനക്ക് ഞാന്‍ സമ്മാനമായി നല്‍കാം” അംജദ് വിടാന്‍ ഒരുക്കമില്ലായിരിന്നു.

”ഉറപ്പാണോ?”ബിലാല്‍ ചോദിച്ചു.

അംജദ് പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു: ”നീ ജയിച്ചാല്‍ ഞാനത് തന്നിരിക്കും.”

”മത്സരം നടക്കുന്ന ദിവസവും സമയവും ഞാന്‍ തീരുമാനിക്കും. ഓടുമ്പോള്‍ ഒരു ഉപകരണവും കയ്യിലോ ശരീരത്തിലോ കരുതാനും പാടില്ല” ബിലാല്‍ നിബന്ധന വെച്ചു. 

കണ്ണ് കാണാത്ത ബിലാല്‍ ഒരിക്കലും ജയിക്കില്ല എന്ന ഉറപ്പില്‍ അംജദ് അത് അംഗീകരിച്ചു.

നിലാവില്ലാത്ത ഒരു രാത്രിയാണ് ബിലാല്‍ തിരഞ്ഞെടുത്തത്. അംജദിന് അത് അംഗീരിക്കുകയല്ലാതെ മാര്‍ഗമുണ്ടായിരുന്നില്ല. ഓടുമ്പോള്‍ ഒരു ഉപകരണവും കയ്യിലോ ശരീരത്തിലോ കരുതാനും പാടില്ല എന്ന് ബിലാല്‍ പറഞ്ഞതിന്റെ രഹസ്യം അപ്പോഴാണ് അംജദിന് മനസ്സിലായത്. വെളിച്ചമില്ലാതെ ഇരുട്ടില്‍ ഓടണം. എന്തു ചെയ്യും? ഓടുക തന്നെ! 

ബിലാല്‍ കണ്ണു കാണാതെ യാത്ര ചെയ്ത് പരിജയിച്ച വഴിയിലൂടെ നടന്ന് അസീറിലെത്തി. ഇരുട്ടായതിനാല്‍ അംജദിന് ഓടാനെന്നല്ല നടക്കാന്‍ തന്നെ പ്രയാസമായിരുന്നു. ഒരുപാട് ദൂരമൊന്നുമില്ലെങ്കിലും കുറേ കഴിഞ്ഞതിനുശേഷം കുഴികളില്‍ വീണും മറ്റുമുള്ള പരിക്കുകളോടെയാണ് അവന്‍ അസീറിലെത്തിയത്. 

തന്നെ കാത്ത് നില്‍ക്കുകയായിരുന്ന ബിലാലിനെ അവന്‍ കണ്ടെത്തി. 

”അംജദ് ഇപ്പോള്‍ എങ്ങനെയുണ്ട്?” ബിലാല്‍ ചോദിച്ചു.

”സുഹൃത്തേ, എന്നോട് ക്ഷമിക്കണം” അംജദ് കരച്ചിലിന്റെ വക്കത്തെത്തിയിരുന്നു.

ഇരുവരും പരസ്പരം കെട്ടിപ്പിടിച്ചു.

”എനിക്ക് ജയിച്ചതിന് നിന്റെ ഷര്‍ട്ടൊന്നും തരേണ്ട. നിന്റെ അഹങ്കാരം ഒന്നവസാനിപ്പിക്കണം എന്ന ലക്ഷ്യമേ എനിക്കുണ്ടായിരുന്നുള്ളൂ” ബിലാല്‍ പറഞ്ഞു.

”ബിലാല്‍! നീ എന്റെ കണ്ണ് തുറപ്പിച്ചു. കണ്ണിന് കാഴ്ചയില്ലാത്തത് നിന്റെ കുഴപ്പമല്ല. കാഴ്ചയുള്ള ഞാന്‍ അതിന്റെ പേരില്‍ അഹങ്കരിച്ചത് ഒട്ടും ശരിയായില്ലെന്ന് ഇപ്പോള്‍ ഞാന്‍ തിരച്ചറിയുന്നു.”

”സ്‌നേഹിതാ, അല്ലാഹു എല്ലാവരും അല്ലാഹുവിന്റെ സൃഷ്ടികളാണ്. എന്ത് കഴിവുണ്ടെങ്കിലും ആരും ആരുടെമേലും അഹന്ത കാണിച്ചു കൂടാ. വാ, നമുക്ക് പോകാം.”

ഇരുവരും കൈകള്‍ കോര്‍ത്തു പിടിച്ച് തിരിച്ചു നടക്കാന്‍ തുടങ്ങി.

 

റാഷിദ ബിന്‍ത് ഉസ്മാന്‍
നേർപഥം വാരിക

ബെല്‍റ്റ്

ബെല്‍റ്റ്

നിഹാല്‍ ഒരു വികൃതിക്കുട്ടിയാണ്. വഴക്കാളിയും പരുക്കന്‍ സ്വഭാവക്കാരനുമായ അവന്‍ സഹോദരങ്ങളെ ഉപദ്രവിക്കുന്നതില്‍ ഒരു മടിയുമില്ലാത്തവനാണ്. അവന്റെ ഈ സ്വഭാവം അവന്റെ ഉമ്മയെ ഏറെ വേദനിപ്പിച്ചിരുന്നു. അവര്‍ എപ്പോഴും അവനെ ഉപദേശിക്കും: 

”പൊന്നു മോനേ, മറ്റുള്ളവരെ ഇങ്ങനെ വേദനിപ്പിക്കരുത്. ആരോടും പരുഷമായി പെരുമാറരുത്.”

പക്ഷേ, നിഹാല്‍ തന്റെ ഭാഗത്ത് തെറ്റുണ്ടെന്ന് സമ്മതിക്കില്ല. 

അവന്‍ പറയും: ”അത് എന്റെ തെറ്റല്ല. ഞാന്‍ തെറ്റായി ഒന്നും ചെയ്യുന്നില്ല. അവര്‍ എന്നെ ദേഷ്യപ്പെടുത്തുന്നത് കൊണ്ടാണ് ഞാന്‍ അങ്ങനെയൊക്കെ പെരുമാറുന്നത്.”

ഒരു ദിവസം രാവില ഉമ്മ അവനോട് പറഞ്ഞു: 

”മോനേ, ഇന്ന് വൈകുന്നേരം വരെ നീ ആരോടും വഴക്കിടാതിരുന്നാല്‍ ഞാന്‍ ഒരു സമ്മാനം തരും.”

നിഹാല്‍ ചോദിച്ചു: ”അന്ന് ഞാന്‍ ആവശ്യപ്പെട്ടിട്ടും വാങ്ങിത്തരാതിരുന്ന ആ ബെല്‍റ്റ് വാങ്ങിത്തരുമോ?”

”തീര്‍ച്ചയായും വാങ്ങിത്തരും” ഉമ്മ ഉറപ്പ് കൊടുത്തു.

ഇൗ സംഭാഷണമെല്ലാം നിഹാലിന്റെ സഹോദരങ്ങളും കേള്‍ക്കുന്നുണ്ടായിരുന്നു. അവര്‍ അവനെ പല രൂപത്തിലും പ്രകോപിപ്പിക്കുവാന്‍ ശ്രമിച്ചു. നിഹാലിന് കടുത്ത ദേഷ്യം വരാതിരുന്നില്ല. എല്ലാവരെയും ചീത്ത പറയാനും അടിക്കാനുമൊക്കെയുള്ള അരിശം വരുന്നുണ്ട്. പക്ഷേ, അവന്‍ അതെല്ലാം അടക്കിപ്പിടിച്ചു. ഇന്നത്തേക്ക് മനസ്സിനെ നിയന്ത്രിച്ചേ തീരൂ. ഇല്ലെങ്കില്‍ മനോഹരമായ ആ ബെല്‍റ്റ് ഉമ്മ വാങ്ങിത്തരില്ല.  

വൈകുന്നേരം വരെ അവന്‍ അങ്ങനെ കഴിഞ്ഞു കൂടി. വൈകുന്നേരമായപ്പോള്‍ ഉമ്മ അവനോട് പറഞ്ഞു: 

”ഒരു ബെല്‍റ്റിനു വേണ്ടി നിന്നെ നിയന്ത്രിക്കാനും ഉമ്മയെ അനുസരിക്കാനും നിനക്ക് കഴിയുമെന്ന് നീ തെളിയിച്ചിരിക്കുന്നു. എങ്കില്‍ സ്രഷ്ടാവായ അല്ലാഹുവിനെ ഓര്‍ത്ത് നിനക്ക് എപ്പൊഴും ഇങ്ങനെ നല്ല കുട്ടിയായി ജീവിച്ചു കൂടേ? അല്ലാഹു പ്രതിഫലമായി നല്‍കുക ബെല്‍റ്റു പോലുള്ള നിസ്സാര വസ്തുവല്ല.സ്വര്‍ഗമാണ്, സ്വര്‍ഗം.”

ഉമ്മ നിഹാലിന്റെ മുഖത്തേക്ക് നോക്കി. അവന്റെ  കണ്ണുകള്‍ നിറഞ്ഞിരുന്നു. 

”ഉമ്മാ, ഇനി മുതല്‍ ഞാന്‍ ആരെയും ഉപദ്രവിക്കില്ല. ചീത്ത പറയില്ല. ആരോടും ദേഷ്യപ്പെടില്ല. എനിക്ക് സ്വര്‍ഗത്തില്‍ പോകണം.”

അത് കേട്ടപ്പോള്‍ ഉമ്മ അവനെ കെട്ടിപ്പിടിച്ച് കവിളില്‍ ചുംബിച്ചു. നിറകണ്ണുകളോടെ ഉമ്മ പറഞ്ഞു”എന്റെ മോന്‍ നല്ല കുട്ടിയാണ്. നല്ലവരെ അല്ലാഹു സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കാതിരിക്കില്ല.”

 

റാഷിദ ബിന്‍ത് ഉസ്മാന്‍
നേർപഥം വാരിക

പ്ലാസ്റ്റിക് പാത്രം

പ്ലാസ്റ്റിക് പാത്രം

ഒരിക്കല്‍ ഒരിടത്ത് സാധുവായ ഒരു മരപ്പണിക്കാരനുണ്ടായിരുന്നു. വയസ്സേറെയായപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിച്ചു. കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ടു തുടങ്ങി. കൈകള്‍ വിറയ്ക്കുന്ന കാരണത്താല്‍ ഒരു സ്പൂണ്‍ പോലും നെരെ പിടിക്കാന്‍ വയ്യാതായി. വായിലേക്ക് കൊണ്ടുപോകുന്ന ഭക്ഷണത്തിന്റെ നല്ലൊരു പങ്കും ഡൈനിംഗ് ടേബിളില്‍ വീഴും.

അദ്ദേഹത്തിന്റെ മകനും മകന്റെ ഭാര്യയും അതിന്റെ പേരില്‍ അദ്ദേഹത്തെ ശകാരിക്കുകയും ദേഷ്യപ്പെടുകയും ചെയ്യും. ഒടുവില്‍ അവര്‍ അദ്ദേഹത്തിനു മാത്രമായി ഒരു മുറിയുടെ മൂലയില്‍ മറ്റൊരു മേശ ഒരുക്കിക്കൊടുത്തു.

അദ്ദേഹത്തിന്റെ കൊച്ചു പേരമകന്‍ ഹസന്‍ ഇതെല്ലാം കണ്ട് സങ്കടപ്പെട്ടു. വല്ല്യുപ്പ ഭക്ഷണം കഴിക്കുമ്പോള്‍ അവന്‍ വല്ല്യുപ്പയുടെ വായിലേക്ക് സ്പൂണ്‍ വെച്ചുകൊടുത്ത് സഹായിക്കാന്‍ തുടങ്ങി. ഒരു ദിവസം അദ്ദേഹം ഭക്ഷണം കഴിക്കുന്നേരം യാദൃച്ഛികമായി പാത്രം താഴെവീണ് പൊട്ടിച്ചിതറി. അദ്ദേഹം നിറകണ്ണുകളോടെ ഇതെല്ലാം കണ്ടുകൊണ്ടിരിക്കുകയായിരുന്ന മകന്റെയും മരുകളുടെയും മുഖത്തേക്ക് പേടിയോടെ നോക്കി. അവര്‍ അതിന്റെ പേരില്‍ അദ്ദേഹത്തോട് ദേഷ്യപ്പെട്ടു. അന്നു മുതല്‍ അവര്‍ അദ്ദേഹത്തിന് പ്ലാസ്റ്റിക് പാത്രത്തില്‍ ഭക്ഷണം നല്‍കാന്‍ തുടങ്ങി.

പ്ലാസ്റ്റിക് പാത്രങ്ങള്‍ പാടെ ഉപയോഗ ശൂന്യമായിട്ടും അതില്‍ ഭക്ഷണം വിളമ്പാന്‍ ഭാര്യ ഒരുങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ ഭാര്യയോട് ആ പാത്രങ്ങള്‍ വലിച്ചെറിയാന്‍ പറഞ്ഞു.

ഉടനെ ഹസന്‍ രണ്ട് പാത്രങ്ങള്‍ കൈക്കലാക്കി, എന്നിട്ട് പറഞ്ഞു: ”വലിച്ചെറിയരുത്. ഇത് ഭാവിയില്‍ നിങ്ങള്‍ക്ക് ഉപകാരപ്പെടും.”

”എന്താണ് നീ പറയുന്നത്? ഒന്നും മനസ്സിലാകുന്നില്ലല്ലോ” ഉമ്മ ചോദിച്ചു.

”നിങ്ങള്‍ രണ്ടു പേര്‍ക്കും വയസ്സാകുമ്പോള്‍ നിങ്ങള്‍ക്ക് ഭക്ഷണം വിളമ്പാന്‍ എനിക്ക് ഇവ ഉപയോഗിക്കാമല്ലോ എന്നാണ് ഉദ്ദേശിച്ചത.്”

മകന്റെ ഈ വാക്കുകള്‍ കേട്ട് ഇരുവരും ലജ്ജിച്ച് തലതാഴ്ത്തി. അവര്‍ക്ക് തങ്ങളുടെ തെറ്റിന്റെ ആഴം ബോധ്യമായി. അന്നുമുതല്‍ അവര്‍ പിതാവിനെ കൂടെയിരുത്തി അദ്ദേഹത്തോടൊപ്പം ഭക്ഷണം കഴിക്കാനും അദ്ദേഹത്തെ ഭക്ഷണം കഴിക്കാന്‍ സഹായിക്കാനും തുടങ്ങി.

സ്വര്‍ഗം നേടാനുള്ള ഉത്തമമായ വഴിയാണ് മാതാപിതാക്കളെ ശുശ്രൂഷിക്കലും സഹായിക്കലും സ്‌നേഹിക്കലും എന്ന് അറിയുമായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ മകനും മരുമകളും അദ്ദേഹത്തോട് മോശമായി പെരുമാറുമായിരുന്നില്ല.

നമ്മുടെ നബി(സ്വ) മാതാപിതാക്കളുടെ വിഷയത്തില്‍ പറഞ്ഞതെന്താണെന്ന് അറിയാമോ? ”റബ്ബിന്റെ തൃപ്തി മാതാപിതാക്കളുടെ തൃപ്തിയിലാണ്. റബ്ബിന്റെ കോപം മാതാപിതാക്കളുടെ കോപത്തിലാണ്” (തുര്‍മുദി). ”

കൂട്ടുകാരേ, നാം നമ്മുടെ മാതാപിതാക്കളെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും അനുസരിക്കുകയും വേണം. എന്നാലേ നമുക്ക് സ്വര്‍ഗം ലഭിക്കുകയുള്ളൂ.

 

റാഷിദ ബിന്‍ത് ഉസ്മാന്‍
നേർപഥം വാരിക

സ്വര്‍ഗത്തില്‍ ഒരു അയല്‍വാസി

സ്വര്‍ഗത്തില്‍ ഒരു അയല്‍വാസി

ഒരിക്കല്‍ ഒരു സുല്‍ത്താന്‍ പട്ടണത്തിലൂടെ നടക്കുകയായിരിന്നു. തന്നെ ആരും തിരിച്ചറിയാതിരിക്കാനായി വേഷം മാറിയായിരുന്നു യാത്ര. കൂടെ ഭൃത്യനുമുണ്ട്. തന്റെ ഭരണത്തെക്കുറിച്ച് ജനങ്ങള്‍ എന്തെല്ലാം പറയുന്നു എന്നറിയലായിരുന്നു സുല്‍ത്താന്റെ ലക്ഷ്യം. 

മഞ്ഞ് വീഴുന്ന കാലമാണ്. കഠിനമായ തണുപ്പുണ്ട്. വഴിയരികില്‍ കണ്ട ചെറിയ ഒരു പള്ളിയില്‍ സുല്‍ത്താന്‍ പ്രവേശിച്ചു. പള്ളിയുടെ ഒരു മൂലയില്‍ വിറച്ചുകൊണ്ട് രണ്ട് സാധു മനുഷ്യന്മാര്‍ ഇരിക്കുന്നുണ്ടായിരുന്നു. സ്വന്തക്കാരും സ്വന്തമായി വീടും ഇല്ലാത്തതിനാല്‍ പള്ളിയില്‍ തന്നെയാണ് അവരുടെ താമസം. സുല്‍ത്താന്‍ അവരെ സമീപിച്ചു. അന്നേരം ഒരാള്‍ കൂട്ടുകാരനോട് തമാശ രൂപത്തില്‍ ഇങ്ങനെ പറയുന്നത് സുല്‍ത്താന്‍ കേട്ടു: ”ഞാന്‍ മരിച്ചു കഴിഞ്ഞ് സ്വര്‍ഗത്തിലെത്തിയാല്‍ അതില്‍ പ്രവേശിക്കാന്‍ സുല്‍ത്താനെ ഞാന്‍ സമ്മതിക്കില്ല. കവാടത്തില്‍വെച്ച് ഞാന്‍ അദ്ദേഹത്തെ തടയും.”

”അതെന്തിനാ സുഹൃത്തേ?” കൂട്ടുകാരന്‍ ചോദിച്ചു.

”നമ്മള്‍ ഇവിടെ തണുത്തു വിറച്ച് ഇരിക്കുന്നു. നമുക്ക് സ്വന്തമായി വീടില്ല. അദ്ദേഹമാകട്ടെ ഇപ്പോള്‍ തന്റെ കൊട്ടാരത്തില്‍ ചൂടേറ്റ് സുരക്ഷിതനായി കഴിയുകയാണ്. നമ്മെ പോലുള്ളവരുടെ അവസ്ഥ കണ്ടറിയുവാനും പ്രയാസങ്ങള്‍ തീര്‍ത്തുതരുവാനും അദ്ദേഹത്തിന് സമയമില്ല. പിന്നെ എങ്ങനെ ഞാന്‍ സ്വര്‍ഗത്തില്‍ എന്റെ അയല്‍ക്കാരനാക്കും?”

തമാശ ആസ്വദിച്ചുകൊണ്ട് രണ്ടുപേരും ഉറക്കെ ചിരിച്ചു. സുല്‍ത്താന്‍ അവരോട് ഒന്നും ചോദിക്കാതെ നമസ്‌കാരം നിര്‍വഹിച്ച് സ്ഥലംവിട്ടു.

പിറ്റേ ദിവസം സുല്‍ത്താന്റെ ഭടന്മാര്‍ ചെന്ന് ആ രണ്ട് മനുഷ്യരെയും കൊട്ടാരത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി. രണ്ടു പേരും പേടിച്ചരണ്ടുപോയി. എന്തിനാണാവോ സുല്‍ത്താല്‍ വിളിപ്പിച്ചത്? തങ്ങള്‍ ഇന്നലെ പറഞ്ഞ തമാശ സുല്‍ത്താന്റെ ചെവിയിലെത്തിയോ? എന്ത് ശിക്ഷയാണാവോ ലഭിക്കാന്‍ പോകുന്നത്! 

എന്നാല്‍ സുല്‍ത്താന്‍ രണ്ടുപേരെയും സന്തോഷത്തോടെയാണ് സ്വീകരിച്ചത്. കൊട്ടാരത്തിലെ ആഡംബരപൂര്‍ണമായ ഒരു മുറിയിലേക്ക് സുല്‍ത്താന്‍ അവരെ കൂട്ടിക്കൊണ്ടു പോയി.

”ഇനി മുതല്‍ നിങ്ങള്‍ക്കിവിടെ സുഖമായി കഴിയാം. ഇഷ്ടമുള്ളത് തിന്നാനും കുടിക്കാനും ലഭിക്കും. തണുപ്പ് സഹിക്കേണ്ടിവരില്ല. സ്വര്‍ഗത്തില്‍ നിങ്ങളുടെ അയല്‍വാസിയാകാന്‍ എനിക്ക് യോഗ്യത വേണം. നിങ്ങള്‍ എനിക്കു വേണ്ടി പ്രാര്‍ഥിക്കണം.”

സുല്‍ത്താന്റെ ഈ വാക്കുകള്‍ കേട്ട് രണ്ടു പേരും ഞെട്ടിത്തരിച്ചു. തങ്ങള്‍ തമാശയായി പറഞ്ഞ കാര്യങ്ങള്‍ സുല്‍ത്താന്‍ അറിഞ്ഞിരിക്കുന്നു! അത് പറഞ്ഞയാള്‍ നിറകണ്ണുകളോടെ സുല്‍ത്താനോട് പറഞ്ഞു:

”പ്രഭോ, മാപ്പാക്കണം. ഞാന്‍ തമാശയായി പറഞ്ഞതാണ്. സ്വര്‍ഗത്തില്‍ ആര്‍ക്കും ആരെയും തടയാന്‍ കഴിയില്ലല്ലോ. അങ്ങനെയൊരു മനസ്സും അവിടെ ചെന്നാല്‍ ആര്‍ക്കുമുണ്ടാകില്ല.”

”അത് സാരമില്ല. നിങ്ങള്‍ എന്റെ കണ്ണു തുറപ്പിച്ചു. എനിക്കതില്‍ സന്തോഷമേയുള്ളൂ.”

കൂട്ടുകാരേ, നാം നമ്മുടെ കഴിവിനനുസരിച്ച് മറ്റുള്ളവരെ സഹായിക്കാന്‍ തയ്യാറാവണം. ”ആരെങ്കിലും ഒരു വിശ്വാസിയുടെ ഇഹലോകെത്ത പ്രയാസങ്ങളില്‍ പെട്ട ഒരു പ്രയാസത്തിന് ആശ്വാസം നല്‍കിയാല്‍ അന്ത്യനാളില്‍ അവന്റെ പ്രയാസങ്ങളില്‍ പെട്ട ഒരു പ്രയാസത്തില്‍നിന്ന് അല്ലാഹു അവനും ആശ്വാസം നല്‍കുന്നതാണ്” എന്ന നബിവചനം നാം ഓര്‍ത്തുവെക്കണം.

 

റാഷിദ ബിന്‍ത് ഉസ്മാന്‍
നേർപഥം വാരിക

ആദ്യം സ്വയം മാറുക

ആദ്യം സ്വയം മാറുക

പണ്ട് ദില്‍മുന്‍ എന്ന ഒരു സ്ഥലമുണ്ടായിരുന്നു. അവിടുത്തെ ഭരണാധികാരിയായിരുന്നു അബൂമുഇസ്സ്. സുഖാഡംബരങ്ങളില്‍ മുഴുകി ജീവിച്ചിരുന്ന രാജാവ് നാടിന്റെ വളര്‍ച്ചയിലോ ജനങ്ങളുടെ ക്ഷേമത്തിലോ ശ്രദ്ധാലുവായിരുന്നില്ല.  

സന്ധ്യയായാല്‍ വിഭവ സമൃദ്ധമായ വിരുന്നൊരുക്കി കൂട്ടുകാരെ ക്ഷണിച്ചുവരുത്തിയുള്ള ആഘോഷത്തിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ മുഴുവന്‍. പുലരുംവരെ നീളുന്ന സല്‍ക്കാരം കഴിഞ്ഞാല്‍ പകല്‍ മുഴുവന്‍ ഉറക്കവും! ഇതിനിടയില്‍ നാട്ടിലെ പ്രശ്‌നങ്ങള്‍ അറിയാനോ അതിനുള്ള പരിഹാരം നിര്‍ദേശിക്കാനോ അദ്ദേഹത്തിന് സമയം ലഭിക്കാതെയായി. 

അബൂമുഇസ്സ് രാജാവിന്റെ മന്ത്രിയായിരുന്നു അബൂയഹ്‌യ. നാടിന്റെ ഈ അവസ്ഥയില്‍ വളരെയധികം ആകുലനായിരുന്നു അദ്ദേഹം. ഒരു വൈകുന്നേരം മന്ത്രി അബൂയഹ്‌യ രാജാവിനെ ചെന്നു കണ്ട് നാടിന്റെ നിലവിലുള്ള അവസ്ഥയും നാട്ടുകാരുടെ ദുരിതവുമെല്ലാം അറിയിച്ചു. കാര്യങ്ങള്‍ നേരില്‍ കണ്ട് ബോധ്യപ്പെടാന്‍ ചക്രവര്‍ത്തി തന്റെ രാജ്യത്തെ എല്ലാ സ്ഥലങ്ങളും സന്ദര്‍ശിക്കാനും ജനങ്ങളുടെ ക്ഷേമമന്വേഷിക്കാനും തീരുമാനിച്ചു. മന്ത്രി അബൂയഹ്‌യ പറഞ്ഞ കാര്യങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ മന്ത്രിയെയും കൂട്ടി വേഷപ്രച്ഛന്നനായി നാട്ടിലിറങ്ങാനായിരുന്നു തീരുമാനം.  

രണ്ട് മൂന്ന് ദിവസം തുടര്‍ച്ചയായി തന്റെ നാടിന്റെ വ്യത്യസ്ത പ്രദേശങ്ങളിലൂടെ യാത്ര ചെയ്ത രാജാവിന് തന്റെ നാട്ടിന്റെ യഥാര്‍ഥ സ്ഥിതി മനസ്സിലായി. അതിലുപരി തുടര്‍ച്ചയായി ദുഷ്‌ക്കരമായ വഴികളിലൂടെയുള്ള യാത്ര രാജാവിനെ വല്ലാതെ തളര്‍ത്തി. പാദം വിണ്ടുകീറി, മുറിവുണ്ടായി.

യാത്ര കഴിഞ്ഞ് വിശ്രമത്തിനു ശേഷം അടുത്ത ദിവസം രാജാവ് ജനങ്ങളുടെ ക്ഷേമത്തിനും നാടിന്റെ പൊതുവായ വികസനത്തിനും ആവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ തീരുമാനിച്ചു. പദ്ധതികളില്‍ വളരെ പ്രധാനപ്പെട്ട ഒന്ന് നാട്ടിലെ പ്രധാന വഴികളിലെല്ലാം ലെതര്‍ വിരിക്കുക എന്നതായിരുന്നു. 

നാടിന്റെ വികസനത്തിന്റെ ഭാഗമായി രാജാവ് പ്രഖ്യാപിക്കാനിരിക്കുന്ന തീരുമാനം ഖജനാവ് കാലിയാക്കുന്നതാണെന്ന് മന്ത്രി വിശദീകരിച്ചു. 

മന്ത്രീ, താങ്കള്‍ പറയുന്നതു പോലെ വളരെയധികം ചെലവേറിയതാണ് വഴികളില്‍ ലെതര്‍ വിരിക്കുകയെന്നത്. പക്ഷേ, താങ്കള്‍ ഇത് നോക്കൂ. വെറും മൂന്ന് നാല് ദിവസം മാത്രമെ നാം ഈ വഴികളിലൂടെ നടന്നിട്ടുള്ളൂ. അപ്പോഴേക്കും നമ്മുടെ കാല്‍പാദങ്ങള്‍… ദാ കണ്ടില്ലേ…? വിണ്ടുകീറിയിരിക്കുന്നു. അത് കൊണ്ട് തന്നെ നാം ഈ തീരുമാനത്തില്‍ നിന്നും പിറകോട്ടില്ലരാജാവ് പ്രഖ്യാപിച്ചു. 

മന്ത്രി അദ്ദേഹത്തോട് പറഞ്ഞു: പ്രഭോ, വഴികള്‍ മുഴുവനും വീതികൂട്ടുകയും നന്നാക്കുകയും ചെയ്യേണ്ടതുണ്ട്. കാലിന് പരിക്കേല്‍ക്കാതിരിക്കാന്‍ മുന്തിയ ചെരുപ്പ് ഉണ്ടാക്കിയാല്‍ പോരേ?” അപ്പോഴാണ് രാജാവിന് തന്റെ ബുദ്ധിയില്ലായ്മ മനസ്സിലായത്.  

ലോകം മുഴുവന്‍ മാറിയെങ്കിലേ സ്വന്തത്തിന് ഏല്‍ക്കുന്ന മുറിവുകളില്‍ നിന്ന് രക്ഷകിട്ടുകയുള്ളൂഎന്ന ധാരണ അബദ്ധമാണെന്ന തിരിച്ചറിവ് അപ്പോഴാണ് രാജാവിനുണ്ടായത്. അതോടൊപ്പം നാം സ്വയം മാറിയാല്‍ ലോകം മുഴുവന്‍ മാറ്റിയെടുത്ത അനുഭൂതി ലഭിക്കുമെന്നും മന്ത്രിക്ക് രാജാവിനെ ബോധ്യപ്പെടുത്താനായി. 

 

തന്‍വീല്‍
നേർപഥം വാരിക

മരിച്ചവര്‍ക്ക്‌ ഖുര്‍ആന്‍ ഓതി ഹദ്‌യ ചെയ്‌താല്‍ അവര്‍ക്ക്‌ അതിന്റെ പ്രതിഫലം ലഭിക്കുമോ ?

മരിച്ചവര്‍ക്ക്‌ ഖുര്‍ആന്‍ ഓതി ഹദ്‌യ ചെയ്‌താല്‍ അവര്‍ക്ക്‌ അതിന്റെ പ്രതിഫലം ലഭിക്കുമോ ?

ഫാത്തിഹ ഓതി മരണപ്പെട്ടുപോയ കുറേ ശൈഖുമാരുടെ ഹള്റത്തിലേക്ക് പാർസൽ അയക്കുന്ന രീതി പൊതുവെ കാണുന്നു. ഇവ്വിധം ഖുർആൻ ഓതിക്കൊണ്ട് അതിന്റെ പ്രതിഫലം ദാനം ചെയ്യുന്ന രീതി പ്രവാചകചര്യയിൽ കാണാൻ കഴിയില്ല. അങ്ങനെ ചെയ്‌താൽ അത് മരിച്ചവരിലേക്ക് എത്തുമെന്ന്, അഥവാ മരണപ്പെട്ടയാളിന് പ്രയോജനം ലഭിക്കുമെന്ന് ഖു൪ആനിലോ സുന്നത്തിലോ തെളിവില്ല.   സ്വഹാബികളുടെ കാലത്ത്‌ ഈ ആചാരമുണ്ടായിരുന്നില്ല. പില്‍ക്കാലത്ത്‌ മതത്തിലുണ്ടായ ഒരു നിര്‍മ്മിത കാര്യമാണിത്‌.

وَأَن لَّيْسَ لِلْإِنسَانِ إِلَّا مَا سَعَى

“മനുഷ്യന് താന്‍ പ്രയത്നിച്ചതല്ലാതെ മറ്റൊന്നുമില്ല”. (ഖു൪ആന്‍: 53/39)

ഒരാൾക്ക് പരലോകത്ത് ശിക്ഷയോ പ്രതിഫലമോ ലഭിക്കാനുള്ള കാരണം അവൻ ചെയ്തുകൂട്ടിയ ക൪മ്മങ്ങളാണെന്നാണ് ഈ ആയത്തിലൂടെ അല്ലാഹു പറയുന്നത്. ഈ ആയത്തിന്റെ വിശദീകരണത്തില്‍ ഇമാം ഇബ്‌നു കസീര്‍(റഹി) പറഞ്ഞു:

وَمِنْ هَذِهِ الْآيَةِ الْكَرِيمَةِ اسْتَنْبَطَ الشَّافِعِيُّ رَحِمَهُ اللَّهُ ، وَمَنِ اتَّبَعَهُ أَنَّ الْقِرَاءَةَ لَا يَصِلُ إِهْدَاءُ ثَوَابِهَا إِلَى الْمَوْتَى ; لِأَنَّهُ لَيْسَ مِنْ عَمَلِهِمْ وَلَا كَسْبِهِمْ ; وَلِهَذَا لَمْ يَنْدُبْ إِلَيْهِ رَسُولُ اللَّهِ – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – أُمَّتَهُ وَلَا حَثَّهُمْ عَلَيْهِ ، وَلَا أَرْشَدَهُمْ إِلَيْهِ بِنَصٍّ وَلَا إِيمَاءٍ ، وَلَمْ يُنْقَلْ ذَلِكَ عَنْ أَحَدٍ مِنَ الصَّحَابَةِ رَضِيَ اللَّهُ عَنْهُمْ ، وَلَوْ كَانَ خَيْرًا لَسَبَقُونَا إِلَيْهِ ، وَبَابُ الْقُرُبَاتِ يُقْتَصَرُ فِيهِ عَلَى النُّصُوصِ ، وَلَا يُتَصَرَّفُ فِيهِ بِأَنْوَاعِ الْأَقْيِسَةِ وَالْآرَاءِ ، فَأَمَّا الدُّعَاءُ وَالصَّدَقَةُ فَذَاكَ مُجْمَعٌ عَلَى وُصُولِهِمَا ، وَمَنْصُوصٌ مِنَ الشَّارِعِ عَلَيْهِمَا

“ഈ ശ്രേഷ്‌ഠമായ ആയത്തില്‍ നിന്നാണ്‌ ഇമാം ശാഫിഈയും(റ) അദ്ദേഹത്തിന്റെ അനുയായികളും മരിച്ചവര്‍ക്ക്‌ ഖുര്‍ആന്‍ ഓതി ഹദ്‌യ ചെയ്‌താല്‍ മരിച്ചവര്‍ക്ക്‌ അതിന്റെ പ്രതിഫലം ലഭിക്കുകയില്ലെന്നതിന്‌ തെളിവാക്കുന്നത്‌. കാരണം അത്‌ പരേതന്റെ പ്രവൃത്തിയോ സമ്പാദ്യമോ അല്ല. അതുകൊണ്ട്‌ തന്നെയാണ്‌ ഈ കാര്യം നബി(സ്വ) പ്രേരിപ്പിക്കാതിരുന്നത്‌. വ്യക്തമായോ സൂചനയായിട്ട്‌ പോലുമോ അദ്ദേഹം ഇക്കാര്യം അനുശാസിച്ചിട്ടില്ല. സ്വഹാബികളില്‍ ഒരാളില്‍ നിന്നും ഇപ്രകാരം ഉദ്ധരിക്കപ്പെട്ടിട്ടുമില്ല. ഇതൊരു നന്മയായിരുന്നെങ്കില്‍ നമ്മെക്കാള്‍ മുമ്പ്‌ അവരതില്‍ മുന്നിടുമായിരുന്നു. (സ്വര്‍ഗത്തിലേക്ക്‌) അടുപ്പിക്കുന്ന കാര്യങ്ങള്‍ (ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍) ക്ലിപ്‌തമാണ്‌. ഈ കാര്യത്തില്‍ ഖ്വിയാസുകള്‍ കൊണ്ടും അഭിപ്രായങ്ങള്‍കൊണ്ടും മാറ്റം വരുത്താവതല്ല”. (തഫ്സീ൪ ഇബ്‌നു കസീര്‍: 7/465)

മരിച്ചവര്‍ക്ക്‌ പ്രതിഫലം ലഭിക്കാനായി ഖുർആൻ പാരായണം ചെയ്ത് ഹദ്‌യ ചെയ്താല്‍ അതിന്റെ പ്രതിഫലം അവ൪ക്ക് ലഭിക്കുകയില്ലെന്നാണ് ഇമാം ശാഫിഈ അഭിപ്രായപ്പെട്ടത്. മരിച്ചവര്‍ക്ക്‌ പ്രതിഫലം ലഭിക്കുന്നതിനു വേണ്ടി നമുക്ക് പ്രാ൪ത്ഥിക്കുകയും സ്വദഖ നല്‍കുകയും ചെയ്യാമെങ്കില്‍ ഖു൪ആന്‍ ഓതി ഹദ്‌യ ചെയ്യാമെന്ന ഖ്വിയാസുകള്‍ക്ക് പ്രസക്തിയില്ലെന്നും ഇബ്‌നു കസീര്‍(റഹി) ഇവിടെ രേഖപ്പെടുത്തി. ഇതേ കാര്യം ഇമാം നവവി (റ) വ്യക്തമാക്കുന്നത് കാണുക:

“…എന്നാല്‍, മരണപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള ഖുര്‍ആന്‍ പാരായണം, തീര്‍ച്ചയായും അതിന്റെ പുണ്യം മരണപ്പെട്ട വ്യക്തികള്‍ക്ക് ലഭിക്കുകയില്ല എന്നതാണ് ഇമാം ശാഫിഈയുടെ(റ) പ്രസിദ്ധമായ അഭിപ്രായം. എന്നാല്‍ അദ്ദേഹത്തിന്റെ ചില അനുയായികള്‍ ആ പ്രതിഫലം മയ്യിത്തിന് ലഭിക്കുമെന്ന് പറയുന്നു. പണ്ഡിതന്മാരില്‍ ഒരു വിഭാഗം എല്ലാ ഇബാദത്തുകളുടേയും പ്രതിഫലം എത്തുമെന്ന് പറയുന്നു. തുടര്‍ന്ന് ആ അഭിപ്രായങ്ങള്‍ ഉദ്ധരിച്ചതിന്റെ ശേഷം അദ്ദേഹം പറയുന്നു: “ഈ അഭിപ്രായങ്ങള്‍ മുഴുവനും ദുര്‍ബ്ബലമാണ്. അവരതിന് തെളിവ് പിടിച്ചിരിക്കുന്നത് പ്രാര്‍ത്ഥനയുടെയും സ്വദഖയുടെയും ഹജ്ജിന്റെയും പ്രതിഫലം മയ്യിത്തിന് ലഭിക്കുമെന്ന് പണ്ഡിത അഭിപ്രായത്തോട് ഖിയാസാക്കിക്കൊണ്ടാണ്. എന്നാല്‍ ഇമാം ശാഫിഈയും (റ) അദ്ധേഹത്തെ അനുകൂലിക്കുന്നവരും തെളിവ് പിടിച്ചിരിക്കുന്നത്, وَأَن لَّيْسَ لِلْإِنسَانِ إِلَّا مَا سَعَى – തീര്‍ച്ചയായും മനുഷ്യന്ന് അവന്‍ പ്രവര്‍ത്തിച്ചതു മാത്രമേ ലഭിക്കുകയുള്ളൂ – എന്ന അല്ലാഹുവിന്റെ വചനവും,

إِذَا مَاتَ الإِنْسَانُ انْقَطَعَ عَنْهُ عَمَلُهُ إِلاَّ مِنْ ثَلاَثَةٍ : صَدَقَةٍ جَارِيَةٍ أَوْ عِلْمٍ يُنْتَفَعُ بِهِ أَوْ وَلَدٍ صَالِحٍ يَدْعُو لَهُ

‘ഒരു മനുഷ്യന്‍ മരണപ്പെട്ടാല്‍ മൂന്ന് സംഗതികളല്ലാത്തതെല്ലാം (അവയുടെ പ്രതിഫലം) അവനില്‍ നിന്ന് മുറിഞ്ഞുപോകും. നിലനല്‍ക്കുന്ന ദാനധര്‍മ്മവും ഉപകാരപ്രദമായ അറിവും അവന് വേണ്ടി പ്രാര്‍ത്ഥിക്കുന്ന സ്വാലിഹായ സന്താനവുമാണവ’ – എന്ന നബിയുടെ (സ്വ) തിരുവചനങ്ങളുമാണ്.” (ശർഹ് മുസ്‌ലിം: 1/90)

നന്നാകാന്‍ ഒരു വഴി

നന്നാകാന്‍ ഒരു വഴി

പണ്ടു പണ്ട് ഒരു പട്ടണത്തില്‍ ഒരു മഹാ പണ്ഡിതനുണ്ടായിരുന്നു. നാട്ടിലെ ഒരുപാട് ആളുകളുടെ ഗുരുവും മാതൃകയും ആയിരുന്ന അദ്ദേഹം പ്രയാസങ്ങള്‍ അനുഭവിക്കുന്ന ആളുകള്‍ക്ക് വലിയ ആശ്വാസമായിരുന്നു.   

ഒരിക്കല്‍ അദ്ദേഹത്തിന്റെ അടുത്ത് ഒരു യുവാവ് എത്തി. എന്നിട്ട് പറഞ്ഞു: ”പണ്ഡിതരേ, ഒരു പാട് ചീത്ത ശീലങ്ങളുള്ള ഒരാളാണ് ഞാന്‍. ഇതില്‍ നിന്നും എനിക്ക് മുക്തി നേടണം. ഞാനെന്താണ് ചെയ്യേണ്ടത്?”

അദ്ദേഹം പറഞ്ഞു: ”താങ്കള്‍ ഇനി മേലില്‍ കളവ് പറയില്ല എന്ന് തീരുമാനിക്കുക. എന്ത് വന്നാലും കളവ് പറയാതിരിക്കുക. എന്നാല്‍ താങ്കള്‍ക്ക് ഇപ്പോള്‍ ശീലമായിമാറിയ എല്ലാറ്റില്‍ നിന്നും മോചനം ലഭിക്കും.” 

ആ യുവാവ് അദ്ദേഹത്തിന്റെ കരം പിടിച്ച് ഇനി ഒരിക്കലും കളവ് പറയിെല്ലന്ന് ശപഥം ചെയ്തു. അവിടെ കൂടിയ ആളുകള്‍ കാണ്‍കെ ആ പണ്ഡിതന്‍ അദ്ദേഹത്തെ ആശ്ലേഷിക്കുകയും എല്ലാവരും കേള്‍ക്കെ യാത്ര പറയുകയും ചെയ്തു. 

ആ രാത്രി അദ്ദേഹം പതിവുപോലെ പുറത്തിറങ്ങി. വര്‍ഷങ്ങളായി രാത്രിയില്‍ മോഷണം നടത്തിയിരുന്ന അദ്ദേഹം ഇന്ന് എന്തു ചെയ്യണമെന്ന് ആലോചിച്ചു. രാവിലെ ആളുകള്‍ കാണ്‍കെ അദ്ദേഹം പണ്ഡിതന് നല്‍കിയ ഉറപ്പിനെക്കുറിച്ചാലോചിച്ചു. 

ഇന്നലെ നീ എന്തു ചെയ്‌തെന്ന് അദ്ദേഹം എന്നോട് ചോദിച്ചാല്‍ ഞാനെന്തു മറുപടി പറയും? സത്യം പറഞ്ഞാല്‍ അദ്ദേഹവും അവിടെയുള്ളവരും ഞാന്‍ കള്ളനാണെന്നു പറയും. ഇനിയും എന്നെ സംബന്ധിച്ച് അങ്ങനെ പറയുന്നത് ഞാനിഷ്ടപ്പെടുന്നില്ല. പോരാത്തതിന് ന്യായാധിപനില്‍ നിന്ന് മോഷണക്കുറ്റത്തിന് ശിക്ഷ അനുഭവിക്കേണ്ടിയും വരും. കളവു പറഞ്ഞാല്‍ ഇന്ന് നല്‍കിയ ശപഥം വെറുതെയാവുകയും എന്റെ പാപത്തില്‍ നിന്നും മോചനം ലഭിക്കാതിരിക്കുകയും ചെയ്യും. 

എന്തായാലും വേണ്ടതില്ല, ഇന്ന് തല്‍ക്കാലം മോഷണം നടത്തേണ്ട എന്ന് തീരുമാനിച്ച് അയാള്‍  വീട്ടിലേക്ക് തിരിച്ചു പോയി. 

അടുത്ത ദിവസം അയാള്‍ മദ്യം വില്‍ക്കുന്ന ഒരു കടയുടെ മുമ്പിലൂടെ നടക്കുകയായിരുന്നു. അദ്ദേഹത്തിന് ശീലമായി മാറിയതാണ് മദ്യം കഴിക്കല്‍. അതിനു മുമ്പിലൂടെ നടന്ന് പോകുമ്പോള്‍ മദ്യപിക്കാതിരിക്കല്‍ അയാള്‍ക്ക് അസാധ്യമായിരുന്നു. പക്ഷേ, ഇന്നത്തെ ദിവസം ഞാനെങ്ങനെ കഴിച്ചു കൂട്ടിയെന്ന് അദ്ദേഹം അന്വേഷിച്ചാല്‍ ഞാനെന്ത് മറുപടി പറയും? കളവ് പറയാന്‍ എനിക്കേതായാലും ഇനി സാധ്യമല്ല. എന്നാല്‍ സത്യം പറഞ്ഞാലോ ആളുകള്‍ ഇനിയും എന്നെപ്പറ്റി എന്തു പറയും. അദ്ദേഹം എന്നെ വെറുക്കാനും സാധ്യതയുണ്ട്. കാരണം ഒരു വിശ്വാസിക്ക് മദ്യം ഹറാമാണല്ലോ! അയാള്‍ ചിന്തിച്ചു.

അങ്ങനെ ഓരോ പ്രാവശ്യവും ഓരോ തെറ്റ് ചെയ്യാനുദ്ദേശിക്കുമ്പോഴൊക്കെ ഇത്തരത്തില്‍ അദ്ദേഹം ചിന്തിച്ചു. ചെയ്ത സത്യം മാറ്റിപ്പറയുന്നത് ശരിയല്ലെന്നുറച്ചു. ഇനിയും ചീത്ത പ്രവൃത്തികളില്‍ തന്നെ മുഴുകിയാലുണ്ടാകുന്ന ആപത്തിനെക്കുറിച്ച് ചിന്തിച്ചു. അങ്ങനെ അയാള്‍ എല്ലാ ദുശ്ശീലങ്ങളില്‍ നിന്നും മാറി മാറി നടക്കാന്‍ തുടങ്ങി. നന്മകള്‍ ധാരാളമായി ചെയ്യാനും തുടങ്ങി.

ഇതറിഞ്ഞ നാട്ടുകാര്‍ അദ്ദേഹത്തെ സ്‌നേഹിക്കാനും വളരെ നന്നായി അദ്ദേഹത്തോട് ഇടപഴകാനും തുടങ്ങി. അതോടെ അദ്ദേഹം തീര്‍ത്തും ഉത്തമനായ ഒരു മനുഷ്യനായിത്തീര്‍ന്നു. സത്യസന്ധത നന്മയിലേക്കും നന്മ സ്വര്‍ഗത്തിലേക്കും നയിക്കുമെന്ന് നബി(സ്വ) അരുളിയിട്ടുണ്ട്.

കുട്ടികളേ, സത്യവും സല്‍കര്‍മങ്ങളും നമ്മെ സമൂഹത്തിലും അതിലുപരി സര്‍വലോക രക്ഷിതാവിന്റെയടുത്തും ഏറ്റവും ഉത്തമരായി മാറാനും ആത്യന്തിക വിജയം വരിച്ച് സ്വര്‍ഗം കൈവരിക്കാനും എങ്ങനെയല്ലാം സഹായിക്കുമെന്ന് മനസ്സിലായല്ലോ. അതിനാല്‍ നാം സത്യം പറയുന്നവരും സല്‍കര്‍മങ്ങള്‍ ചെയ്യുന്നവരുമായി ജീവിക്കണം. 

 

അബൂ തന്‍സീല്‍
നേർപഥം വാരിക