കുറ്റബോധം

കുറ്റബോധം

അതൊരു റമദാന്‍ മാസമായിരുന്നു. നല്ല രുചികരമായ റൊട്ടി ലഭിക്കുന്ന ഒരു കടയുണ്ട് ഗ്രാമത്തില്‍. നോമ്പ് തുറക്കാന്‍ സമയമാകുമ്പോഴേക്കും ഉമ്മ ആ കടയിലേക്ക് റൊട്ടി വാങ്ങാന്‍ പറഞ്ഞയച്ചതാണ് നൗഫലിനെ. അവിടെ ചെന്നപ്പോള്‍ പതിവുപോലെ വലിയ തിരക്ക്. ആളുകള്‍ വരിയായി നില്‍ക്കുകയാണ്. നൗഫലും വരിയില്‍ നില്‍പായി. 

നോമ്പ് തുറക്കാനുള്ള സമയമായിത്തുടങ്ങി. ആളുകള്‍ അക്ഷമരായി പിറുപിറുക്കാനും തുടങ്ങി.

 ”ഇയാള്‍ക്കെന്താ കൂടുതല്‍ ജോലിക്കാരെ കടയില്‍ നിര്‍ത്തിക്കൂടേ? രണ്ടുമൂന്ന് ആളുകളെക്കൊണ്ട് എങ്ങനെ എത്തിക്കൂടും…?” വരിയില്‍ നില്‍ക്കുന്ന ഒരു വൃദ്ധന്‍ ആരോടെന്നില്ലാതെ പറഞ്ഞു.

റൊട്ടിയുണ്ടാക്കുവാന്‍ രണ്ടു ജോലിക്കാരാണ് കടയിലുള്ളത്. വിതരണം ചെയ്യുവാനും കാശ് വാങ്ങുവാനും കടയുടമ മാത്രം. ആവശ്യക്കാര്‍ക്ക് റൊട്ടി എടുത്തുകൊടുക്കുവാനും കാശ് എണ്ണി വാങ്ങുവാനും ബാക്കി നല്‍കുവാനുമൊക്കെ തിരക്കിനിടയില്‍ അയാള്‍ നന്നായി ബുദ്ധിമുട്ടുന്നുണ്ട്. 

ഒടുവില്‍ നൗഫലിന്റെ ഊഴമെത്തി. അവന്‍ കൊടുത്ത നോട്ട് വാങ്ങി കടയുടമ ബാക്കി നല്‍കി. നൗഫല്‍ അത് എണ്ണി നോക്കി. അല്‍പം അധികമുണ്ട്. അവന്‍ ഒന്നു സംശയിച്ചുകൊണ്ട് അയാളുടെ മുഖത്തേക്ക് നോക്കി.

”ഉം… എന്താ? വല്ല പ്രശ്‌നവും…?” കടയുടമ ചോദിച്ചു.

”ഹേയ്…ഒന്നുമില്ല” എന്ന് പറഞ്ഞുകൊണ്ട് നൗഫല്‍ വീട്ടിലേക്ക് തിരിച്ചു.

രാത്രി കിടന്നപ്പോള്‍ അവന് ഉറക്കം വന്നില്ല. ആകെയൊരു അസ്വസ്ഥത. കുറ്റബോധം മനസ്സില്‍ വല്ലാത്തൊരു നീറലായി പടരുന്നു.

”നീ എന്തുകൊണ്ട് ആ കാശ് തിരിച്ചുകൊടുത്തില്ല? നിനക്ക് അര്‍ഹതപ്പെടാത്തതല്ലേ അത്?” എന്ന് ആരോ നിരന്തരമായി ചോദിച്ചുകൊണ്ടിരിക്കുന്നതു പോലെ അവന് അനുഭവപ്പെട്ടു. 

ഉമ്മയോട് ഇപ്പോള്‍ തന്നെ എല്ലാം തുറന്നു പറഞ്ഞാലോ? വേണ്ട! ഉമ്മ ഇതറിഞ്ഞാല്‍ ദേഷ്യപ്പെടും. കുറ്റപ്പെടുത്തും. അങ്ങനെ ആ രാത്രി നൗഫല്‍ ഉറക്കമില്ലാതെ കഴിച്ചുകൂട്ടി.

രാവിലെ തീയതി അറിയാന്‍ കലണ്ടറിലേക്ക് നോക്കിയപ്പോഴാണ് കലണ്ടറില്‍ ഒരു പെട്ടിക്കോളത്തില്‍ കൊടുത്തിരിക്കുന്ന പ്രവാചക വചനം അവന്റെ ശ്രദ്ധയില്‍ പെട്ടത്. അത് ഇപ്രകാരമായിരുന്നു:

‘പാപം എന്നാല്‍ നിന്റെ മനസ്സില്‍ അസ്വസ്ഥതയുണ്ടാക്കുന്നതും മറ്റുള്ളവര്‍ അറിയുന്നത് നീ ഇഷ്ടപ്പെടാത്തതുമാകുന്നു.’

നൗഫലിന്റെ മുഖം ചുവന്നു. മനസ്സില്‍ സങ്കടം ഇരട്ടിച്ചു. നബി(സ്വ) ഇപ്പറഞ്ഞത് തന്നെപ്പറ്റിയാണോ? ഇപ്പോള്‍ താന്‍ അനുഭവിക്കുന്നത് ഇതുതന്നെയല്ലേ? ഇനിയും താനിത് സഹിക്കേണ്ടതുണ്ടോ? 

അവന്‍ ഉമ്മയെ സമീപിച്ച് കാര്യങ്ങളെല്ലാം വിശദീകരിച്ചു.

”സാരമില്ല മോനേ. തെറ്റ് ആര്‍ക്കും പറ്റും. അത് തിരുത്താനുള്ള മനസ്സാണ് പ്രധാനം. നീ നിന്റെ തെറ്റ് മനസ്സിലാക്കി. അല്ലാഹുവിനോട് പാപമോചനം തേടുക. നിന്റെതല്ലാത്ത കാശ് നീ അതിന്റെ ഉടമസ്ഥന് തിരിച്ചുകൊടുക്കുക” ഉമ്മ നൗഫലിനെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു.

ഉമ്മ തന്നെ ശകാരിക്കുമെന്നും തന്നോട് ദേഷ്യപ്പെടുമെന്നും വിചാരിച്ചിരുന്ന നൗഫലിന് ഇത് കേട്ടപ്പോള്‍ സമാധാനമായി. ഉടനെ അവന്‍ കാശുമായി കടയിലേക്ക് ഓടി. കാശ് കടയുടമയെ ഏല്‍പിച്ച് ക്ഷമ ചോദിച്ചുകൊണ്ട് മടങ്ങുമ്പോള്‍ തന്റെ തലയില്‍നിന് വലിയൊരു ഭാരം ഇറക്കിവെച്ചതായി അവന് തോന്നി. ഇനിയൊരിക്കലും ഇങ്ങനെയൊരു തെറ്റ് ആവര്‍ത്തിക്കില്ലെന്ന് അവന്‍ പ്രതിജ്ഞയെടുത്തു.

 

റാഷിദ ബിന്‍ത് ഉസ്മാന്‍
നേർപഥം വാരിക

Leave a Comment