മത്സരം
ബിലാല്‍ സല്‍സ്വഭാവിയായ ഒരു കുട്ടിയാണ്. അവന്റെ ഇരു കണ്ണുകള്‍ക്കും കാഴ്ച ശക്തിയില്ല. ഒരു അപകടത്തില്‍ പെട്ടാണ് അവന്റെ കാഴ്ച നഷ്ടപ്പെട്ടത്. എന്നാല്‍ അവന്‍ അതില്‍ തളര്‍ന്നുപോയിട്ടില്ല. നിരാശപ്പെട്ട് ജീവിക്കുന്നുമില്ല. മറ്റുള്ളവര്‍ക്ക് ഭാരമാകാതെ കഴിയുന്നത്ര കാര്യങ്ങള്‍ സ്വന്തമായി ചെയ്യാന്‍ അവന്‍ പഠിച്ചു കഴിഞ്ഞു.
ബിലാലിന്റെ അയല്‍വാസിയായ സമപ്രായക്കാരനാണ് അംജദ്. വലിയ പണക്കാരന്റെ മകന്‍. അവന്‍ മഹാ അഹങ്കാരിയും വികൃതിയുമാണ്. ഒരു ദിവസം ബിലാലിനെ കളിയാക്കുവാനായി അംജദ് പറഞ്ഞു: ”നമുക്ക് അടുത്ത ഗ്രമമായ അസീറിലേക്ക് ഒരു ഓട്ട മത്സരം നടത്തിയാലോ? നീ തയ്യാറുണ്ടോ?”
അതിന് ബിലാല്‍ മറുപടിയൊന്നും പറഞ്ഞില്ല. കണ്ണുകാണാത്ത തന്നെ അപമാനിക്കലാണ് അംജദിന്റെ ഉദ്ദേശമെന്ന് അവന് മനസ്സിലായി. കണ്ണു കാണാത്ത താന്‍ ഒറ്റക്ക് പല തവണ അവിടെയുള്ള കുടുംബക്കാരെ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും കണ്ണ് കാണുന്ന ഒരാളുടെ കൂടെ ഓടി ജയിക്കാനാകുമോ? അവന്‍ ചിന്തിച്ചു.
”എന്താ ഒന്നും മിണ്ടാത്തത്? ധൈര്യമുണ്ടെങ്കില്‍ എന്റെ വെല്ലുവിളി ഏറ്റെടുക്ക്. നീ ജയിച്ചാല്‍ എന്റെ വിലകൂടിയ പുതിയ ഷര്‍ട്ട് നിനക്ക് ഞാന്‍ സമ്മാനമായി നല്‍കാം” അംജദ് വിടാന്‍ ഒരുക്കമില്ലായിരിന്നു.
”ഉറപ്പാണോ?”ബിലാല്‍ ചോദിച്ചു.
അംജദ് പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു: ”നീ ജയിച്ചാല്‍ ഞാനത് തന്നിരിക്കും.”
”മത്സരം നടക്കുന്ന ദിവസവും സമയവും ഞാന്‍ തീരുമാനിക്കും. ഓടുമ്പോള്‍ ഒരു ഉപകരണവും കയ്യിലോ ശരീരത്തിലോ കരുതാനും പാടില്ല” ബിലാല്‍ നിബന്ധന വെച്ചു.
കണ്ണ് കാണാത്ത ബിലാല്‍ ഒരിക്കലും ജയിക്കില്ല എന്ന ഉറപ്പില്‍ അംജദ് അത് അംഗീകരിച്ചു.
നിലാവില്ലാത്ത ഒരു രാത്രിയാണ് ബിലാല്‍ തിരഞ്ഞെടുത്തത്. അംജദിന് അത് അംഗീരിക്കുകയല്ലാതെ മാര്‍ഗമുണ്ടായിരുന്നില്ല. ഓടുമ്പോള്‍ ഒരു ഉപകരണവും കയ്യിലോ ശരീരത്തിലോ കരുതാനും പാടില്ല എന്ന് ബിലാല്‍ പറഞ്ഞതിന്റെ രഹസ്യം അപ്പോഴാണ് അംജദിന് മനസ്സിലായത്. വെളിച്ചമില്ലാതെ ഇരുട്ടില്‍ ഓടണം. എന്തു ചെയ്യും? ഓടുക തന്നെ!
ബിലാല്‍ കണ്ണു കാണാതെ യാത്ര ചെയ്ത് പരിജയിച്ച വഴിയിലൂടെ നടന്ന് അസീറിലെത്തി. ഇരുട്ടായതിനാല്‍ അംജദിന് ഓടാനെന്നല്ല നടക്കാന്‍ തന്നെ പ്രയാസമായിരുന്നു. ഒരുപാട് ദൂരമൊന്നുമില്ലെങ്കിലും കുറേ കഴിഞ്ഞതിനുശേഷം കുഴികളില്‍ വീണും മറ്റുമുള്ള പരിക്കുകളോടെയാണ് അവന്‍ അസീറിലെത്തിയത്.
തന്നെ കാത്ത് നില്‍ക്കുകയായിരുന്ന ബിലാലിനെ അവന്‍ കണ്ടെത്തി.
”അംജദ് ഇപ്പോള്‍ എങ്ങനെയുണ്ട്?” ബിലാല്‍ ചോദിച്ചു.
”സുഹൃത്തേ, എന്നോട് ക്ഷമിക്കണം” അംജദ് കരച്ചിലിന്റെ വക്കത്തെത്തിയിരുന്നു.
ഇരുവരും പരസ്പരം കെട്ടിപ്പിടിച്ചു.
”എനിക്ക് ജയിച്ചതിന് നിന്റെ ഷര്‍ട്ടൊന്നും തരേണ്ട. നിന്റെ അഹങ്കാരം ഒന്നവസാനിപ്പിക്കണം എന്ന ലക്ഷ്യമേ എനിക്കുണ്ടായിരുന്നുള്ളൂ” ബിലാല്‍ പറഞ്ഞു.
”ബിലാല്‍! നീ എന്റെ കണ്ണ് തുറപ്പിച്ചു. കണ്ണിന് കാഴ്ചയില്ലാത്തത് നിന്റെ കുഴപ്പമല്ല. കാഴ്ചയുള്ള ഞാന്‍ അതിന്റെ പേരില്‍ അഹങ്കരിച്ചത് ഒട്ടും ശരിയായില്ലെന്ന് ഇപ്പോള്‍ ഞാന്‍ തിരച്ചറിയുന്നു.”
”സ്‌നേഹിതാ, അല്ലാഹു എല്ലാവരും അല്ലാഹുവിന്റെ സൃഷ്ടികളാണ്. എന്ത് കഴിവുണ്ടെങ്കിലും ആരും ആരുടെമേലും അഹന്ത കാണിച്ചു കൂടാ. വാ, നമുക്ക് പോകാം.”
ഇരുവരും കൈകള്‍ കോര്‍ത്തു പിടിച്ച് തിരിച്ചു നടക്കാന്‍ തുടങ്ങി.
റാഷിദ ബിന്‍ത് ഉസ്മാന്‍
നേർപഥം വാരിക