ഗുണപാഠ കഥകൾ – ഒന്ന് – വസ്വിയത്ത് ചെയ്യാൻ എനിക്ക് സമ്പത്തില്ല…

ഗുണപാഠ കഥകൾ – ഒന്ന്

വസ്വിയത്ത് ചെയ്യാൻ എനിക്ക് സമ്പത്തില്ല...

സമീർ മുണ്ടേരി

 
 

ഉമർ ബ്നു അബ്ദുിൽ അസീസ് (റഹി)  പതിനൊന്ന് മക്കളെ വിട്ടേച്ചാണ് മരണപ്പെട്ടത്. ഓരോ മക്കൾക്കും അനന്തരാവകാശമായി ലഭിച്ചത് മുക്കാൽ ദീനാർ വീതമാണ്

മരണ സമയത്ത് അദ്ദേഹം അവരോട് പറഞ്ഞു: മക്കളെ, വസ്വിയത്ത് ചെയ്യാൻ എന്റെ അടുക്കൽ സമ്പത്തില്ല.

ഹിശാം ബ്നു അബ്ദുൽ മലിക്കും പതിനൊന്ന് മക്കളെ വിട്ടേച്ചാണ് മരണപ്പെട്ടു പോയത്. ഓരോരുത്തർക്കും അനന്തര
സ്വത്തായി ലഭിച്ചത് പത്ത് ലക്ഷം ദീനാർ വീതമാണ്.
എന്നാൽ ഉമർ ബ്നു അബ്ദുിൽ
അസീസിന്റെ മക്കളെല്ലാം സമ്പന്നരായിത്തീർന്നു.  അവരിലൊരാൾ തന്റെ  സമ്പത്തിൽ നിന്ന് ഒരു ലക്ഷം
കുതിരപ്പുറത്ത് ഒരു ലക്ഷം കുതിരപ്പടയാളികളെ അല്ലാഹുവിന്റെ മാർഗത്തിൽ സജ്ജമാക്കി. ഹിശാം ബ്നു അബ്ദുൽ മലിക്കിന്റെ  മക്കളെല്ലാം ദരിദ്രരായി മാറി..

ഗുണപാഠം: നൽകുന്നതും
തിരിച്ചെടുക്കുന്നതും അല്ലാഹുവാണ്.


✍✍✍✍
സ്നേഹ പൂർവ്വം
സമീർ മുണ്ടേരി
ജുബൈൽ

 
 

ഇദ്ദയും അനുബന്ധ വിഷയങ്ങളും

ഇദ്ദയും അനുബന്ധ വിഷയങ്ങളും

മുഹമ്മദ് സാദിഖ് മദീനി

        عد- يعد എന്ന അറബി വാക്കിന്‍റെ ക്രിയാദാതുവാണ്(മസ്വ്ദര്‍) عيدة. എണ്ണുക, കണക്കാക്കുക, തുടങ്ങിയ അര്‍ത്ഥങ്ങളാണ് അതിനുളളത്. ഭര്‍ത്താവിന്‍റെ മരണത്താലോ ഭര്‍ത്താവുമായി വിവാഹബന്ധം വേര്‍പിരിഞ്ഞ കാരണത്താലോ അടുത്ത ഒരു വിവാഹത്തിനായി പ്രസവം വരേയോ നിശ്ചിത മാസങ്ങളോ നിശ്ചിത അശുദ്ധി കാലമോ ചില നിബന്ധനകള്‍ പാലിച്ച് കാത്തിരിക്കുന്നതിനാണ് സാങ്കേതികമായി “ഇദ്ദഃ” എന്ന് പറയുന്നത്. ഖുര്‍ആന്‍, സുന്നത്ത,ഇജ്മാഅ് എന്നീ പ്രമാണങ്ങളാല്‍ ഇത് വാജിബാണ്(നിര്‍ബന്ധം)എന്ന് സ്ഥിരപ്പെട്ടിരിക്കുന്നു.

        പ്രകൃതി മതമായ ഇസ്ലാം അല്ലാഹു തൃപ്തിപെട്ട ഏക മതമാണ് എന്നതിനാല്‍ അതിലെ നിയമങ്ങള്‍ ഏത് സ്ഥലത്തിനും കാലത്തിനും അനുയോജ്യവും ഏവര്‍ക്കും പ്രയോഗവല്‍ക്കരിക്കുവാന്‍ കഴി യുന്നതുമാണ്. പുരുഷന്‍റെ പ്രകൃതിയല്ല സ്ത്രീക്കുളളത് എന്നതു കൊണ്ടുതന്നെ മനുഷ്യ മനസുകളെ സൃഷ്ടിച്ച റബ്ബ് അവര്‍ക്കുളള ചില നിയമങ്ങളില്‍ ചില വിത്യാസങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു.

        സ്ത്രീയുടെ മനസ് പുരുഷന്‍റെ മനസിനേക്കാള്‍ നിര്‍മലമായതി നാല്‍ പ്രയാസങ്ങളും പരീക്ഷണങ്ങളും നേരിടാന്‍ കഴിയാതെ മിക്കപ്പോഴും അവള്‍ അക്ഷമയും വിഭ്രാന്തിയും പ്രകടിപ്പിക്കുന്നു. ചിലപ്പോഴൊക്കെ അവള്‍ അരുതാത്തത് ചെയ്തെന്നും വന്നേക്കാം. ഒരു സ്ത്രീയുടെ ഏറ്റവും വലിയ ദുഃഖം അവളുടെ ഭര്‍ത്താവിന്‍റെ വേര്‍പാടാണ്. മരണത്തോടു കൂടിയുളള ഭര്‍തൃ വേര്‍പാടില്‍ നിന്നും അവള്‍ മോചി തയാവാന്‍ കാലങ്ങള്‍ തന്നെ എടുത്തേക്കാം. ഈ കാലയളവില്‍ അവള്‍ ദുഃഖിതയാകരുത് എന്ന് കല്‍പ്പിക്കുകയാണെങ്കില്‍ അത് അവളോട് ചെയ്യുന്ന വലിയ അനീതിയായിരിക്കും. സ്ത്രീ മനസിനെ അറിയുന്ന സൃഷ്ടാവായ അല്ലാഹു നിശ്ചിത കാലയളവില്‍ ദുഃഖം ആചരിക്കാന്‍ അവര്‍ക്ക് അവകാശം നല്‍കി.

        ജീവിത കാലത്തു തന്നെ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞാല്‍ (ഭര്‍ ത്താവ് വിവാഹ മോചനം ചെയ്താലും, അവളുടെ ആവശ്യ പ്രകാരം വിവാഹ മോചനം നല്‍കിയാലും) നിശ്ചിത കാലയളവ് കഴിയാതെ മറ്റൊരു പുരുഷനുമായി വിവാഹ ബന്ധം പാടില്ല എന്ന സ്ത്രീയോടുളള കല്‍പ്പനയിലും വലിയ യുക്തി പ്രകടമാണ്. രഹസ്യ പരസ്യങ്ങള്‍ അറിയുന്നവനില്‍ നിന്നല്ലാതെ ഇത്തരം നിയമങ്ങള്‍ ഉണ്ടായിട്ടില്ല. പിറക്കുന്ന കുഞ്ഞിന്‍റെ പിതൃത്വം സ്ഥിരീകരിക്കുക, വിവാഹ മോചനത്തിന്‍റെ ദുഃഖത്തില്‍ നിന്നും അവള്‍ക്ക് മോചനം നല്‍കുക, മറ്റൊരു ഭര്‍ത്താവിനെ സ്വീകരിക്കുവാനുളള മാനസിക പക്വത ഉണ്ടാക്കിയെടുക്കുക, ഭാര്യ ഭര്‍ത്താക്കന്മാര്‍ക്ക് വീണ്ടും ഒരുമിച്ച് ജീവിക്കുവാനുളള അവസരം സൃഷ്ടിക്കുക, തന്‍റെ ജീവിത പങ്കാളിയുടെ വേര്‍പാടില്‍ ദുഃഖാചരണം നടത്തുക തുടങ്ങിയ നിരവധി യുക്തികള്‍ ഇദ്ദഃയില്‍ ഉണ്ട്.

        ഭര്‍ത്താവിന്‍റെ മരണാനന്തരം സ്ത്രീകള്‍ അനുഭവിക്കേണ്ടി വന്നിരുന്ന പീഡനങ്ങള്‍ വിവിധ മതങ്ങളില്‍ വര്‍ണ്ണനാതീതമായിരുന്നു. പ്രവാചക നിയോഗമനത്തിന് മുമ്പ് ജാഹിലിയ കാലഘട്ടത്തില്‍ ഭര്‍ത്തൃ വിയോഗം അനുഭവിച്ചിരുന്ന സ്ത്രീയുടെ ദുരനുഭവങ്ങള്‍ ഹദീഥുകളി ല്‍ വന്നിരിക്കുന്നു. സൈനബ് (റ) പറഞ്ഞു:

كانت المرأة إذا توفي عنها زوجها دخلت حفشا ولبست شر ثيابها ولم تمسّ طيبا حتى تمر بها سنة ثم تؤتى بدابة حمار أو شاة أو طائر فتفت به فقلما تفت بشيء الآ مات ثم تخرج فتعطي بعرة فترمي ثم تراجع بعد ما شاءت من طيب أو غيره سئل مالك ما تفت به قال تمسح به جلدها – البخاري

     “ഒരു സ്ത്രീയുടെ ഭര്‍ത്താവ് മരണപെട്ടാല്‍ ഒരു വര്‍ഷം വരെ അവള്‍ ചെറിയ ഒരു കുടിലില്‍ പ്രവേശിക്കുകയും അവളുടെ വസ്ത്രത്തില്‍ നിന്നും ഏറ്റവും മോശമായത് ധരിക്കുകയും സുഗന്ധം ഉപയോഗി ക്കാതിരിക്കുകയും ചെയ്യുമായിരുന്നു. ശേഷം ഒരു കഴുതയേയോ ആടിനേയോ പക്ഷിയേയോ കൊണ്ടുവരപ്പെടും അതിനെ അവളുടെ ശരീരത്തില്‍ ഉരസുകയും ചെയ്യും. ഏതൊന്നുകൊണ്ടാണോ അവളെ ഉരക്കുന്നത് അത് നാശമടയാതിരിക്കില്ല. ശേഷം അവള്‍ പുറപ്പെടും അപ്പോള്‍ ചാണകം അവള്‍ക്ക് നല്‍കപ്പെടുകയും അതുകൊണ്ടു അവള്‍ എറിയുകയും ചെയ്യുന്നു. പിന്നീട് അവള്‍ (പഴയ അവസ്ഥയിലേക്ക്) മടങ്ങുകയും അവള്‍ ഉദ്ദേശിക്കുന്ന സുഗന്ധങ്ങളും മറ്റും ഉപയോഗി ക്കുകയും ചെയ്യുന്നു. ഉരസുക എന്നാല്‍ എന്താണെന്ന് ഇമാം മാലിക്കിനോട് ചോദിക്കപ്പെട്ടു അദ്ദേഹം പറഞ്ഞു: അതുകൊണ്ടു അവളുടെ തൊലി തടവുക എന്നാണ്”. (ബുഖാരി)

        ഭര്‍ത്താവിന്‍റെ ചിതയില്‍ ഭാര്യ ചാടി മരിക്കുന്ന സതി എന്ന ആ ചാരം ഹൈന്ദവര്‍ക്കിടയില്‍ നില നിന്നിരുന്നു. കൂടാതെ ഭര്‍ത്താവ് മരിച്ച സ്ത്രീകള്‍ക്കുളള കടുത്ത മറ്റു ചില നിയമങ്ങളെ സംബന്ധിച്ചും ഹൈന്ദവ ഗ്രന്ഥങ്ങളില്‍ പറയപ്പെട്ടിരിക്കുന്നു.

“കാമം തുക്ഷ പയേ ദ്ദേഹം പുഷ്പ മൂല ഫലൈഃ ശുഭൈത
ന തു നാമാഭി ഗൃഹ്ണീ യാത്പത്യൗ പ്രേത പരസ്യതു
ആസീതാ മരണാല്‍ ക്ഷാന്താ നിയാതാ ബ്രഹ്മചാരിണീ
യോ ധര്‍മ്മ ഏകപത്നീ നാം കാംക്ഷന്തീ തമനുത്തമം” (മനുസ്മൃതി: 5: 157,158)

(ഭര്‍ത്താവ് മരിച്ച ശേഷം പരിശുദ്ധമായ കിഴങ്ങ്, ഫലം, പുഷ്പം മുതലായ ആഹാരങ്ങള്‍ കൊണ്ടു ദേഹത്തിന് ക്ഷതം വരുത്തി കാലം നയിക്കേതാണ്. കാമവികാരോദ്ദേശ്യത്തിന്മേല്‍ മറ്റൊരു പുരുഷന്‍റെ പേരു പറയരുത്. ഭര്‍ത്താവ് മരിച്ച ശേഷം ജീവാവസാനം വരെ നശീലയായി പരിശുദ്ധയായി ബ്രഹ്മ ധ്യാനമുളളവളായും മധു മാംസ ഭക്ഷണം ചെയ്യാത്തവളായും ഉത്കൃഷ്ഠയായ പതിവ്രതയുടെ ധര്‍മത്തെ ആഗ്രഹിക്കുന്നവളായും ഇരിക്കേണ്ടതാകുന്നു. (മനുസ്മൃതി: 5: 157, 158)

        ഭര്‍ത്താവിന്‍റെ മരണം മൂലമാകട്ടെ അല്ലെങ്കില്‍ വിവാഹ മോചനം മൂലമാകട്ടെ ഭര്‍തൃ വേര്‍പാട് അനുഭവിക്കുന്ന സ്ത്രീകള്‍ ഇദ്ദഃയു മായി ബന്ധപ്പെട്ട് അതുകൊണ്ടു ഇരിക്കേണ്ടതാകുന്നു രണ്ടു തരക്കാരായിയിരിക്കും.

ഒന്ന്: ഒരിക്കലും ഇദ്ദഃ ആചരിക്കോത്തവള്‍
രണ്ട്: നിര്‍ബന്ധമായും ഇദ്ദഃ അച്ചേരിക്കേണ്ടവർ

ഭാര്യ ഭര്‍ത്തൃ വീടു കൂടല്‍ നടക്കാത്ത സ്ത്രീ വിവാഹ മോചിതയായാല്‍ അവള്‍ ഇദ്ദഃ ആചരിക്കേണ്ടതില്ല. അല്ലാഹു പറയുന്നു:

 
يَا أَيُّهَا الَّذِينَ آمَنُوا إِذَا نَكَحْتُمُ الْمُؤْمِنَاتِ ثُمَّ طَلَّقْتُمُوهُنَّ مِنْ قَبْلِ أَنْ تَمَسُّوهُنَّ فَمَا لَكُمْ عَلَيْهِنَّ مِنْ عِدَّةٍ تَعْتَدُّونَهَا ۖ فَمَتِّعُوهُنَّ  وَسَرِّحُوهُنَّ سَرَاحًا جَمِيلًا
(Al Ahzab 49)
സത്യവിശ്വാസികളേ, നിങ്ങള്‍ സത്യവിശ്വാസിനികളെ വിവാഹം കഴിക്കുകയും, എന്നിട്ട്‌ നിങ്ങളവരെ സ്പര്‍ശിക്കുന്നതിന്‌ മുമ്പായി അവരെ വിവാഹമോചനം നടത്തുകയും ചെയ്താല്‍ നിങ്ങള്‍ എണ്ണികണക്കാക്കുന്ന ഇദ്ദഃ ആചരിക്കേണ്ട ബാധ്യത അവര്‍ക്കു നിങ്ങളോടില്ല. എന്നാല്‍ നിങ്ങള്‍ അവര്‍ക്ക്‌ മതാഅ്‌ നല്‍കുകയും, അവരെ ഭംഗിയായി പിരിച്ചയക്കുകയും ചെയ്യുക. (അൽ അഹ്‌സാബ് 49)
 

        “സത്യവിശ്വാസികളേ, നിങ്ങള്‍ സത്യവിശ്വാസിനികളെ വിവാഹം കഴിക്കുകയും, എന്നിട്ട് നിങ്ങളവരെ സ്പര്‍ശിക്കുന്നതിന് മുമ്പായി അവരെ വിവാഹ മോചനം നടത്തുകയും ചെയ്താല്‍ നിങ്ങള്‍ എണ്ണികണക്കാക്കുന്ന ഇദ്ദഃ ആചരിക്കേബാധ്യത അവര്‍ക്കു നിങ്ങളോടില്ല. എന്നാല്‍ നിങ്ങള്‍ അവര്‍ക്ക് മതാഅ് നല്‍കുകയും, അവരെ ഭംഗിയായി പിരിച്ചയക്കുകയും ചെയ്യുക”. (അല്‍ അഹ്സാബ്: 49)

ഇവരല്ലാത്ത മുഴുവന്‍ സ്ത്രീകളും ഇദ്ദഃ അച്ചേരിക്കേണ്ടവർ പക്ഷെ അവരില്‍ ഓരോരുത്തരുടേയും ഇദ്ദഃ അവരുടെ അവസ്ഥക്കനുസരിച്ച് വ്യത്യാസപ്പെടുന്നതാണ്.

ഒന്ന്: ഭര്‍ത്താവ് മരണപെട്ട കാരണത്താല്‍ ഇദ്ദഃ ആചരിക്കുന്നവള്‍. ഇത്തരം സ്ത്രീകള്‍ താഴെ പറയുന്ന മൂന്ന് രൂപങ്ങളില്‍ ഏതെങ്കി ലുമൊന്നിലായിരിക്കാം.

(1) ഭര്‍ത്താവ് മരിക്കുമ്പോള്‍ ഭാര്യ ഗര്‍ഭിണിയായിരിക്കുക.
ഇവരുടെ ഇദ്ദഃയുടെ കാലാവധി അവള്‍ പ്രസവിക്കുന്നത് വരെ യാണ്. അല്ലാഹു പറയുന്നു:

 
وَاللَّائِي يَئِسْنَ مِنَ الْمَحِيضِ مِنْ نِسَائِكُمْ إِنِ ارْتَبْتُمْ فَعِدَّتُهُنَّ ثَلَاثَةُ أَشْهُرٍ وَاللَّائِي لَمْ يَحِضْنَ ۚ وَأُولَاتُ الْأَحْمَالِ أَجَلُهُنَّ أَنْ يَضَعْنَ حَمْلَهُنَّ ۚ وَمَنْ يَتَّقِ اللَّهَ يَجْعَلْ لَهُ مِنْ أَمْرِهِ يُسْرًا
(Al Talaq 4)
നിങ്ങളുടെ സ്ത്രീകളില്‍ നിന്നും ആര്‍ത്തവത്തെ സംബന്ധിച്ച്‌ നിരാശപ്പെട്ടിട്ടുള്ളവരെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ അവരുടെ ഇദ്ദഃ യുടെ കാര്യത്തില്‍ സംശയത്തിലാണെങ്കില്‍ അത്‌ മൂന്ന്‌ മാസമാകുന്നു. ആര്‍ത്തവമുണ്ടായിട്ടില്ലാത്തവരുടേതും അങ്ങനെ തന്നെ. ഗര്‍ഭവതികളായ സ്ത്രീകളാകട്ടെ അവരുടെ അവധി അവര്‍ തങ്ങളുടെ ഗര്‍ഭം പ്രസവിക്കലാകുന്നു. വല്ലവനും അല്ലാഹുവെ സൂക്ഷിക്കുന്ന പക്ഷം അവന്ന്‌ അവന്‍റെ കാര്യത്തില്‍ അല്ലാഹു എളുപ്പമുണ്ടാക്കി കൊടുക്കുന്നതാണ്‌. (അത്വലാഖ്: 4) 
 

        ഭര്‍ത്താവ് മരിച്ച് ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞ് അവള്‍ പ്രസവിച്ചാലും അതോടു കൂടി അവളുടെ ഇദ്ദഃ അവസാനിക്കും.അതിനു ശേഷം അവളെ മറ്റൊരാള്‍ക്ക് വിവാഹം കഴിക്കല്‍ അനുവദനീയമാണ്. പ്രസവ രക്തം അവസാനിക്കുന്നതുവരെ അവളെ ലൈംഗികമായി ഭര്‍ത്താവിന് പ്രാപിക്കാന്‍ പാടില്ല. ഇമാം ബുഖാരി ഉദ്ധരിക്കുന്ന ഒരു സംഭവം ഇപ്രകാരമാണ്. സുബൈഅഃ ബിന്‍ത് അല്‍ഹാരിഥ് سبيعة بنت ന്‍റെ ഭര്‍ത്താവായിരുന്നു സഅ്ദ് ഇബ്നു ഖൗലഃ  سعد بن خولة   ബദ്ര്‍ യുദ്ധത്തില്‍ പങ്കെടുത്ത പ്രസിദ്ധ സ്വഹാബിയായ അദ്ദേഹം ഹജ്ജത്തുല്‍ വദാഇല്‍ മരണപ്പെടുമ്പോള്‍ ഭാര്യ ഗര്‍ഭിണിയായിരുന്നു. ഭര്‍ത്താവിന്‍റെ മരണത്തിന് ശേഷം ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവര്‍ പ്രസവിച്ചു. അങ്ങിനെ അവര്‍ ശുദ്ധിയായപ്പോള്‍ വിവാഹം അന്വേഷിക്കുന്നവര്‍ക്കു വേണ്ടി അണിഞ്ഞൊരുങ്ങി. അബുസ്സനാബില്‍ ഇബ്നു ബഅ്കകും വിവാഹം അന്വേഷിച്ചവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. അദ്ദേഹം അവരോട് നാല് മാസവും പത്ത് ദിവസവും ഇദ്ദഃ ആചരിക്കണമെന്ന് പറഞ്ഞപ്പോള്‍ അവര്‍ നബി (സ) യുടെ അടുക്കല്‍ ചെന്ന് അതിനെ സംബന്ധിച്ച് ചോദിച്ചു. അപ്പോള്‍ നബി(സ) അവര്‍ക്ക് ഇപ്രകാരം മറുപടി കൊടുത്തതായി അവര്‍ പറഞ്ഞു:

بأني قد حللت حين وضعت حملي وأمرني بالتزوج أن بدالي – البخاري
നിശ്ചയം ഞാന്‍ പ്രസവിച്ചതോടു കൂടി ഇദ്ദഃയില്‍നിന്നും മോചിതയായി ഞാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ എന്നോട് വിവാഹം കഴിക്കാന്‍ തിരുമേനി (സ) കല്‍പ്പിക്കുകയും ചെയ്തു. (ബുഖാരി)

 
 

        ത്വലാഖ് ചെല്ലപ്പെട്ട സ്ത്രീ ഗര്‍ഭിണിയാണെങ്കിലും ഇതേ വിധി തന്നെയാണ് അവള്‍ക്കുമുളളത് അഥവാ പ്രസവത്തോടെ അവളുടെ ഇദ്ദഃ അവസാനിക്കുന്നതാണ്.
(2) ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതിന് മുമ്പായി ഭര്‍ത്താവ് മരണപ്പെട്ടവള്‍.
ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതിന് മുമ്പ് ഒരാള്‍ ഭാര്യയെ ത്വ ലാഖ് ചൊല്ലിയാല്‍ അവള്‍ക്ക് ഇദ്ദഃയില്ല എന്ന് മുമ്പ് സൂചിപ്പിച്ചു. എ ന്നാല്‍ ഈ അവസ്ഥയില്‍ ഭര്‍ത്താവ് മരിക്കുകയാണെങ്കില്‍ ഭര്‍ത്താവ് മരിച്ച സ്ത്രീയുടെ ഇദ്ദഃ (നാലുമാസവും പത്തു ദിവസവും) അവള്‍ ആചരിക്കണം. ഇമാം തിര്‍മിദി ഉദ്ധരിക്കുന്ന ഒരു സംഭവം ഇപ്രകാരമാണ്.

عن ابن مسعود أنه سئل عن رجل تزوج امرأة ولم يفرض لها صداقا ولم يدخل بها حتى مات فقال ابن مسعود لها مثل صداق نسائها لما وكس ولماشطط وعليها العدة ولها الميراث فقام معقل بن سنان الأشجعي فقال قضى رسول الله صلى الله عليه وسلم في بروع بنت واشق امرأة منا مثل الذي قضيت ففرح بها ابن مسعود – الترمذي وصححه الألباني

ഒരു സ്ത്രീയെ വിവാഹം കഴിക്കുകയും അവള്‍ക്ക് മഹര്‍ നിശ്ചയിക്കുകയോ അവളുമായി ബന്ധപ്പെടുകയോ ചെയ്യുന്നതിന് മുമ്പായി മരണമടയുകയും ചെയ്ത ഒരാളെ കുറിച്ച് അബ്ദുല്ലാഹ് ഇബ്നു മസ്ഊദ്(റ) നോട് ചോദിക്കപ്പെട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: അവള്‍ക്ക് അവളെപ്പോലുളള സ്ത്രീകള്‍ക്കുളള മഹര്‍ ഉണ്ട് കൂടുതലോ കുറവോ ഇല്ല. അവള്‍ക്ക് ഇദ്ദഃയും അനന്തരവകാശവുമു്ണ്ട. അപ്പോള്‍ മഅ്കല്‍ ഇബ്നു സിനാന്‍ അല്‍അശ്ജഇ(റ) എഴുന്നേറ്റു കൊണ്ട് പറഞ്ഞു: ഞങ്ങളുടെ കൂട്ടത്തിലുളള ബിര്‍വഅ് ബിന്‍ത് വാശിഖ് എന്ന സ്ത്രീക്ക് താങ്കള്‍ വിധിച്ചതു പോലെ നബി(സ) വിധിച്ചിരുന്നു. അപ്പോള്‍ ഇബ്നു മസ്ഊദ്(റ) സന്തോഷിച്ചു. (തിര്‍മിദി)

(3) ഈ രണ്ടു അവസ്ഥയിലുമല്ലാതെ ഭര്‍ത്താവ് മരണമടഞ്ഞ സ്ത്രീ.
അഥവാ കുടുംബ ജീവിതം നയിച്ചുകൊിരിക്കെ ഭര്‍ത്താവ് മരണമടയുകയും അപ്പോള്‍ ഭാര്യ ഗര്‍ഭിണിയല്ലാതിരിക്കുകയും ചെയ്യുക. നാല് മാസവും പത്ത് ദിവസവുമാണ് അവരുടെ ഇദ്ദഃ. അല്ലാഹു പറയുന്നു:

 
وَالَّذِينَ يُتَوَفَّوْنَ مِنْكُمْ وَيَذَرُونَ أَزْوَاجًا يَتَرَبَّصْنَ بِأَنْفُسِهِنَّ أَرْبَعَةَ أَشْهُرٍ وَعَشْرًا ۖ فَإِذَا بَلَغْنَ أَجَلَهُنَّ فَلَا جُنَاحَ عَلَيْكُمْ فِيمَا فَعَلْنَ فِي أَنْفُسِهِنَّ بِالْمَعْرُوفِ ۗ وَاللَّهُ بِمَا تَعْمَلُونَ خَبِيرٌ
(Al Baqarah 234)
നിങ്ങളില്‍ ആരെങ്കിലും തങ്ങളുടെ ഭാര്യമാരെ വിട്ടേച്ചു കൊണ്ട്‌ മരണപ്പെടുകയാണെങ്കില്‍ അവര്‍ ( ഭാര്യമാര്‍ ) തങ്ങളുടെ കാര്യത്തില്‍ നാലുമാസവും പത്തു ദിവസവും കാത്തിരിക്കേണ്ടതാണ്‌. എന്നിട്ട്‌ അവരുടെ ആ അവധിയെത്തിയാല്‍ തങ്ങളുടെ കാര്യത്തിലവര്‍ മര്യാദയനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നതില്‍ നിങ്ങള്‍ക്ക്‌ കുറ്റമൊന്നുമില്ല. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നുണ്ട്‌.
(അൽ ബഖറ 234)
 

വിവാഹമോചനത്തിലൂടെ ഭര്‍ത്താവുമായി വേര്‍പിരിയുന്നവരുടെ ഇദ്ദഃ വിവിധ രൂപങ്ങളിലാണ്.

ഒന്ന്: വിവാഹ മോചിത ഗര്‍ഭിണിയാണെങ്കില്‍.
അവള്‍ പ്രസവിക്കുന്നതുവരേയാണ് അവളുടെ ഇദ്ദഃ എന്ന് മുമ്പ് നാം വിവരിച്ചതാണ്.

രണ്ട്: വാര്‍ദ്ധക്യം കാരണത്താല്‍ ആര്‍ത്തവം നിലക്കുകയോ പ്രായം പൂര്‍ത്തിയാകാത്തതിനാല്‍ ആര്‍ത്തവം ഇല്ലാത്തവരോ ആയ സ്ത്രീകള്‍.
അവരുടെ ഇദ്ദഃ മൂന്ന് മാസമാണ്. ഇസ്ലാമികമായ വിധികള്‍ പറ യുന്നിടത്തെല്ലാം മാസം എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് അറബി മാസം (ചന്ദ്രമാസം) ആണ്. അല്ലാഹു പറയുന്നു:

 
 
 
وَاللَّائِي يَئِسْنَ مِنَ الْمَحِيضِ مِنْ نِسَائِكُمْ إِنِ ارْتَبْتُمْ فَعِدَّتُهُنَّ ثَلَاثَةُ أَشْهُرٍ وَاللَّائِي لَمْ يَحِضْنَ ۚ وَأُولَاتُ الْأَحْمَالِ أَجَلُهُنَّ أَنْ يَضَعْنَ حَمْلَهُنَّ ۚ وَمَنْ يَتَّقِ اللَّهَ يَجْعَلْ لَهُ مِنْ أَمْرِهِ يُسْرًا
(Al Talaq 4)
നിങ്ങളുടെ സ്ത്രീകളില്‍ നിന്നും ആര്‍ത്തവത്തെ സംബന്ധിച്ച്‌ നിരാശപ്പെട്ടിട്ടുള്ളവരെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ അവരുടെ ഇദ്ദഃ യുടെ കാര്യത്തില്‍ സംശയത്തിലാണെങ്കില്‍ അത്‌ മൂന്ന്‌ മാസമാകുന്നു. ആര്‍ത്തവമുണ്ടായിട്ടില്ലാത്തവരുടേതും അങ്ങനെ തന്നെ. ഗര്‍ഭവതികളായ സ്ത്രീകളാകട്ടെ അവരുടെ അവധി അവര്‍ തങ്ങളുടെ ഗര്‍ഭം പ്രസവിക്കലാകുന്നു. വല്ലവനും അല്ലാഹുവെ സൂക്ഷിക്കുന്ന പക്ഷം അവന്ന്‌ അവന്‍റെ കാര്യത്തില്‍ അല്ലാഹു എളുപ്പമുണ്ടാക്കി കൊടുക്കുന്നതാണ്‌. (അത്വലാഖ്: 4) 
 

മൂന്ന്: ആര്‍ത്തവമുളള വിവാഹ മോചിത.
അവരുടെ ഇദ്ദഃ മൂന്ന് ഖുറൂഅ് ആണ്. അല്ലാഹു പറയുന്നു


وَٱلْمُطَلَّقَٰتُ يَتَرَبَّصْنَ بِأَنفُسِهِنَّ ثَلَٰثَةَ قُرُوٓءٍ

(Al Bakhaar 228)
വിവാഹ മോചനം ചെയ്യപ്പെട്ട സ്ത്രീകള്‍ തങ്ങളുടെ സ്വന്തം കാര്യ ത്തില്‍ മൂന്നു മാസ മുറകള്‍ (കഴിയും വരെ) കാത്തിരിക്കേണ്ടതാണ്
(അല്‍ ബഖറ: 228)

        ഖുര്‍അ് എന്നത് വിപരീത അര്‍ത്ഥമുളള അറബി പദമാണ്. ശുദ്ധി കാലത്തിനും അശുദ്ധി കാലത്തിനും പ്രസ്തുത വാക്ക് ഉപയോഗിക്ക പ്പെടുന്നു. അതുകൊണ്ടു തന്നെ മുന്‍ ആയത്തില്‍ ഖുര്‍അ് കൊണ്ടുള്ള വിവക്ഷ എന്താണ് എന്നതില്‍ പണ്ഡിതന്മാര്‍ വിത്യസ്ത അഭിപ്രായക്കാരാണ്. നാല് ഖലീഫമാരടക്കം പത്തോളം സ്വഹാബിമാരുടെ അഭിപ്രായം  ഖുര്‍അ് കൊണ്ടുള്ള ഉദ്ദേശം അശുദ്ധി (ആര്‍ത്തവ) സമയം എന്നാണ്.

        അശുദ്ധി ഘട്ടത്തിലോ (ആര്‍ത്തവ കാലം), ഭാര്യ ഭര്‍ത്താക്കന്മാര്‍ ശാരീരിക ബന്ധം നടന്ന ശുദ്ധി ഘട്ടത്തിലോ വിവാഹ മോചനം അനുവദനീയമല്ല. എന്നാല്‍ ലൈംഗിക ബന്ധം നടക്കാത്ത ശുദ്ധികാലത്താണ് ത്വലാഖ് ചെല്ലേണ്ടത്. ഖുര്‍ഇന് ശുദ്ധികാലം എന്ന് അര്‍ത്ഥം കല്‍പ്പിച്ചാല്‍ ശുദ്ധി കാലത്ത് ത്വലാഖ് ചെല്ലപ്പെട്ട സ്ത്രീകളുടെ ഇദ്ദഃ അതിന് ശേഷമുാകുന്ന മൂന്നാമത്തെ ആര്‍ത്തവം തുടങ്ങുന്നതോടെ അവസാനിക്കുന്നു. അതായത് വിവാഹ മോചനം നടക്കുമ്പോഴുളള ശുദ്ധിയും ഒന്നാമത്തെ ആര്‍ത്തവത്തിന് ശേഷവും രണ്ടാമത്തെ ആര്‍ത്തവത്തിന് ശേഷവും ഉണ്ടാകുന്ന ശുദ്ധികളും കൂടി ആകെ മൂന്ന് ഖുര്‍ഉകള്‍. എന്നാല്‍ ഖുര്‍ഇന് ആര്‍ത്തവ കാലം എന്ന് അര്‍ത്ഥം കല്‍പ്പിച്ചാല്‍ മൂന്നാമത്തെ ആര്‍ത്തവം കഴിഞ്ഞ് അടുത്ത ശുദ്ധി ആരംഭിക്കുമ്പോഴേ മൂന്ന് ഖുര്‍അ് പൂര്‍ത്തിയാവുകയുളളൂ. ആര്‍ത്തവ സമയത്തിന്‍റെ പരിധി കൂടിയാലും കുറഞ്ഞാലും അതിനെയാണ് പരിഗണിക്കേത്.

        മടക്കി യെടുക്കാവുന്ന വിവാഹമോചിത (ഒരു പ്രാവശ്യമോ രണ്ട് പ്രാവശ്യമോ ത്വാലാഖ് ചൊല്ലപ്പെട്ടവളെ ഭര്‍ത്താവിന് മടക്കിയെടുക്കാവുന്നതാണ്) ഇദ്ദഃ ആചരിച്ചു കൊണ്ടിരിക്കെ അവളുടെ ഭര്‍ത്താവ് മരണപ്പെട്ടാല്‍ അന്നുമുതല്‍ ഭര്‍ത്താവ് മരണപ്പെട്ട സ്ത്രീയുടെ ഇദ്ദഃ അവള്‍ ആരംഭിക്കണം. കാരണം മടക്കിയെടുക്കാവുന്ന വിവാഹ മോചിത അപ്പോഴും അവളുടെ ഭര്‍ത്താവ് തന്നെയാണ് അവള്‍ ഇദ്ദഃ അച്ചേരിക്കേണ്ടതും അദ്ദേഹത്തിന്‍റെ വീട്ടിലാണ്. അല്ലാഹു പറയുന്നു:


وَٱلْمُطَلَّقَٰتُ يَتَرَبَّصْنَ بِأَنفُسِهِنَّ ثَلَٰثَةَ قُرُوٓءٍ وَلَا يَحِلُّ لَهُنَّ أَن يَكْتُمْنَ مَا خَلَقَ ٱللَّهُ فِىٓ أَرْحَامِهِنَّ إِن كُنَّ يُؤْمِنَّ بِٱللَّهِ وَٱلْيَوْمِ ٱلْءَاخِرِ وَبُعُولَتُهُنَّ أَحَقُّ بِرَدِّهِنَّ فِى ذَٰلِكَ إِنْ أَرَادُوٓا۟ إِصْلَٰحًا وَلَهُنَّ مِثْلُ ٱلَّذِى عَلَيْهِنَّ بِٱلْمَعْرُوفِ وَلِلرِّجَالِ عَلَيْهِنَّ دَرَجَةٌ وَٱللَّهُ عَزِيزٌ حَكِيمٌ
(Al Bakhaar 228)
വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകള്‍ തങ്ങളുടെ സ്വന്തം കാര്യത്തില്‍ മൂന്നു മാസമുറകള്‍ (കഴിയും വരെ) കാത്തിരിക്കേണ്ടതാണ്‌. അവര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കില്‍ തങ്ങളുടെ ഗര്‍ഭാശയങ്ങളില്‍ അല്ലാഹു സൃഷ്ടിച്ചിട്ടുള്ളതിനെ അവര്‍ ഒളിച്ചു വെക്കാന്‍ പാടുള്ളതല്ല. അതിനകം (പ്രസ്തുത അവധിക്കകം) അവരെ തിരിച്ചെടുക്കാന്‍ അവരുടെ ഭര്‍ത്താക്കന്‍മാര്‍ ഏറ്റവും അര്‍ഹതയുള്ളവരാകുന്നു; അവര്‍ (ഭര്‍ത്താക്കന്‍മാര്‍) നിലപാട് നന്നാക്കിത്തീര്‍ക്കാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍. സ്ത്രീകള്‍ക്ക് (ഭര്‍ത്താക്കന്‍മാരോട്‌) ബാധ്യതകള്‍ ഉള്ളതുപോലെ തന്നെ ന്യായപ്രകാരം അവര്‍ക്ക് അവകാശങ്ങള്‍ കിട്ടേണ്ടതുമുണ്ട്‌. എന്നാല്‍ പുരുഷന്‍മാര്‍ക്ക് അവരെക്കാള്‍ ഉപരി ഒരു പദവിയുണ്ട്‌. അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാകുന്നു
(അല്‍ ബഖറ: 228)

        ഇവിടെ ഇദ്ദഃയിലിരിക്കുന്ന സ്ത്രീകളെ തിരിച്ചെടുക്കാന്‍ ഏറ്റവും അര്‍ഹതയുളളവരെ സംബന്ധിച്ച് പറഞ്ഞപ്പോള്‍ അവരുടെ ഭര്‍ത്താക്കന്മാര്‍ എന്ന വാക്കാണ് ക്വുര്‍ആന്‍ ഉപയോഗിച്ചത്.

നാല്: ഖുല്‍അ് ചെയ്യപെട്ടവളുടെ ഇദ്ദഃ

 ഭര്‍ത്താവിന്‍റെ മതപരമോ ശാരീരികമോ സ്വഭാവ പരമോ മറ്റെന്തെങ്കിലുമോ കാരണങ്ങളാല്‍ ഭാര്യക്ക് അയാളുമായി ഒത്തുപോകാന്‍ സാധിക്കാതെ വന്നാല്‍ അയാള്‍ നല്‍കിയ മഹ്റോ മറ്റെന്തെങ്കിലുമോ അയാള്‍ക്ക് തിരിച്ചു നല്‍കി ഭാര്യ അയാളില്‍ നിന്ന് വിവാഹ മോചനം തേടുന്നതിനാണ് ഖുല്‍അ് എന്ന് പറയുക. ഖുല്‍അ് ത്വലാഖായിട്ടാണോ അതല്ല ഫസ്ഖ് ആയിട്ടാണോ പരിഗണിക്കുക എന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ വീക്ഷണ വ്യത്യാസം ഉളളതിനാല്‍ ഖുല്‍അ് ചെയ്യപെട്ട സ്ത്രീകളുടെ ഇദ്ദഃയുടെ കാര്യത്തിലും അഭിപ്രായ വ്യത്യാസം ഉണ്ട്. ഖുല്‍ഇനെ ത്വലാഖായി പരിഗണിക്കുന്നവരുടെ അഭിപ്രായപ്രകാരം അവര്‍ മൂന്ന് ഖുറൂഅ് ഇദ്ദഃയിലിരിക്കണം. എന്നാല്‍ ഖുല്‍അ് ഫസ്ഖായി പരിഗണിക്കുന്ന പണ്ഡിതന്മാരുടെ അഭിപ്രായ പ്രകാരം
അവര്‍ ഗര്‍ഭിണികളല്ല എന്ന് അറിയാനായി ഒരു ഖുര്‍അ് വരെയാണ് ഇദ്ദഃ അച്ചേരിക്കേണ്ടത്. ഏറ്റവും ശരിയായ അഭിപ്രായമായി തോന്നുന്നത് ഖുല്‍അ് ഫസ്ഖായി പരിഗണിച്ച് അവര്‍ ഒരു ഖുര്‍അ് ഇദ്ദഃയിലിരിക്കണമെന്നാണ്.  ഇബ്നു അബ്ബാസ് (റ) വില്‍ നിന്നും നിവേദനം:

أن امرأة ثابت بن قيس اختلعت منه فجعل النبي صلى الله عليه وسلم عدتها حيضة أبوداود وصححه الألباني
ഥാബിത് ഇബ്നു ഖൈസി (റ) ന്‍റെ ഭാര്യ അദ്ദേഹത്തില്‍ നിന്നും ഖു ല്‍ആയി അപ്പോള്‍ നബി (സ) അവരുടെ ഇദ്ദഃ ഒരു ആര്‍ത്തവ സമയമാക്കി. (അബൂ ദാവൂദ്)

ഇബ്നു അബീശൈബ ഇബ്നു ഉമര്‍ (റ) വില്‍ നിന്നു നിവേദനം ചെയ്യുന്ന ഒരു സംഭവം ഇപ്രകാരമാണ്.

أن الربيع اختلعت من زوجها فأتى عمها عثمان فقال : تعتد بحيضة ، وكان ابن عمر يقول : تعتد ثلاث حيض حتى قال هذا عشان فكان يفتي به ويقول : خيرنا وأعلمنا مصنف ابن أبي شيبة
നിശ്ചയം റുബയ്യിഅ് ബിന്‍ത് മുഅവ്വിദ് (റ) അവരുടെ ഭര്‍ത്താവില്‍ നിന്നും ഖുല്‍ഇലൂടെ വിവാഹമോചനം തേടി, അങ്ങിനെ പിതൃസഹോ ദരനായ ഉഥ്മാന്‍ ഇബ്നു അഫാന്‍ വിന്‍റെ അടുക്കല്‍ വന്നു അപ്പോള്‍ ഒരു അശുദ്ധികാലം ഇദ്ധയിലിരിക്കുവാന്‍ അദ്ദേഹം അവരോട് പറഞ്ഞു. ഉസ്മാന്‍ (റ) അത് പറയുന്നതു വരെ മൂന്ന് ആര്‍ത്തവ സമയം വരെ അവര്‍ ഇദ്ദഃയിലിരിക്കണം എന്നാണ് ഇബ്നു ഉമര്‍(റ) പറഞ്ഞിരുന്നത്. അപ്പോള്‍ അദ്ദേഹം അപ്രകാരം (ഉഥ്മാന്‍ (റ) പറഞ്ഞ പ്രകാരം) മതവിധി കൊടുക്കുകയും ഉഥ്മാന്‍ (റ) ഞങ്ങളിലെ ഉത്തമനും ഞങ്ങളിലെ ഏറ്റവും വിവരമുളളവനുമാണ് എന്നു പറയുകയും ചെയ്തു. (മുസ്വന്നഫ് ഇബ്നു അബീ ശൈബഃ)

        മുകളില്‍ വിവരിച്ചതല്ലാത്ത ചില സ്ത്രീകളുടെ ഇദ്ദഃയെ സംബ ന്ധിച്ചും കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്തിട്ടുണ്ട് ഉദാഹരണമായി ആര്‍ത്തവം നിലക്കാന്‍ പ്രായമാകാതെ തന്നെ നിലച്ചു പോയ സ്ത്രീകളുടെ ഇദ്ദഃ, ഭര്‍ത്താവ് മരണപ്പെട്ടോ ജീവിച്ചിരിക്കുന്നുവോ എന്നറിയാതെ ജീവിതം കഴിച്ചു കൂട്ടുന്നവള്‍ എന്ത് ചെയ്യണം, ഭര്‍ത്താവ് മരണപെട്ടു എന്ന് കരുതി അവള്‍ക്ക് ഇദ്ദഃ ആചരിക്കാമോ എന്നു മുതല്‍ക്കാണ് അവള്‍ ഇദ്ദഃ ആചരിക്കേണ്ടത്? ഇദ്ദഃയുടെ കാലാവധി എത്രയാണ് പ്രായപൂര്‍ത്തി ആയിട്ടും ആര്‍ത്തവം വന്നിട്ടില്ലാത്തവളുടെ ഇദ്ദഃ, ഭാര്യ അഹല് കിതാബില്‍ പെട്ടവളാണെങ്കില്‍ അവളുടെ ഇദ്ദഃ തുടങ്ങിയവ അവയില്‍ ചിലതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ അവലംബിക്കേണ്ടതാണ്.
എവിടെയാണ് ഇദ്ദഃ ആചരിക്കേത്.
       
മടക്കിയെടുക്കാവുന്ന വിവാഹ മോചിത ഗര്‍ഭിണിയാണെങ്കിലും അല്ലെങ്കിലും ശരി വിവാഹമോചനം ചെയ്ത ഭര്‍ത്താവ് അവള്‍ക്ക് ചിലവിന് കൊടുക്കുകയും താമസിക്കാന്‍ സൗകര്യം നല്‍കുകയും ചെയ്യണം. ഇദ്ദഃ കാലം പ്രസ്തുത വീട്ടിലാണ് അവള്‍ കഴിച്ചുകൂട്ടേണ്ടത്. അല്ലാഹു പറയുന്നു.


يَا أَيُّهَا النَّبِيُّ إِذَا طَلَّقْتُمُ النِّسَاءَ فَطَلِّقُوهُنَّ لِعِدَّتِهِنَّ وَأَحْصُوا الْعِدَّةَ ۖ وَاتَّقُوا اللَّهَ رَبَّكُمْ ۖ لَا تُخْرِجُوهُنَّ مِنْ بُيُوتِهِنَّ وَلَا يَخْرُجْنَ إِلَّا أَنْ يَأْتِينَ بِفَاحِشَةٍ مُبَيِّنَةٍ ۚ وَتِلْكَ حُدُودُ اللَّهِ ۚ وَمَنْ يَتَعَدَّ حُدُودَ اللَّهِ فَقَدْ ظَلَمَ نَفْسَهُ ۚ لَا تَدْرِي لَعَلَّ اللَّهَ يُحْدِثُ بَعْدَ ذَٰلِكَ أَمْرًا
(At-Talaq 1)

നബിയേ, നിങ്ങള്‍ ( വിശ്വാസികള്‍ ) സ്ത്രീകളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അവരെ നിങ്ങള്‍ അവരുടെ ഇദ്ദഃ കാലത്തിന്‌ ( കണക്കാക്കി ) വിവാഹമോചനം ചെയ്യുകയും ഇദ്ദഃ കാലം നിങ്ങള്‍ എണ്ണികണക്കാക്കുകയും ചെയ്യുക. നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക. അവരുടെ വീടുകളില്‍ നിന്ന്‌ അവരെ നിങ്ങള്‍ പുറത്താക്കരുത്‌. അവര്‍ പുറത്തു പോകുകയും ചെയ്യരുത്‌. പ്രത്യക്ഷമായ വല്ല നീചവൃത്തിയും അവര്‍ ചെയ്യുകയാണെങ്കിലല്ലാതെ. അവ അല്ലാഹുവിന്‍റെ നിയമപരിധികളാകാകുന്നു. അല്ലാഹുവിന്‍റെ നിയമപരിധികളെ വല്ലവനും അതിലംഘിക്കുന്ന പക്ഷം, അവന്‍ അവനോട്‌ തന്നെ അന്യായം ചെയ്തിരിക്കുന്നു. അതിന്‌ ശേഷം അല്ലാഹു പുതുതായി വല്ലകാര്യവും കൊണ്ടു വന്നേക്കുമോ എന്ന്‌ നിനക്ക്‌ അറിയില്ല. (ത്വലാഖ്:1)

         ഭര്‍ത്താവൊത്ത് അവള്‍ കഴിഞ്ഞുകൂടിയിരുന്ന വീടിനെ അവളിലേക്ക് ചേർത്തിക്കൊണ്ടാണ് അല്ലാഹു പറഞ്ഞിരിക്കുന്നത്. ആവീട്ടിലാണ് അവള്‍ ഇദ്ദഃയിരിക്കേണ്ടതും. അല്ലാഹു പറയുന്നു.


أَسْكِنُوهُنَّ مِنْ حَيْثُ سَكَنْتُمْ مِنْ وُجْدِكُمْ

(At-Talaq: 6)
നിങ്ങളുടെ കഴിവില്‍പെട്ട, നിങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് നിങ്ങള്‍ അവരെ താമസിപ്പിക്കണം. (ത്വലാഖ്: 6)

        മടക്കിയെടുക്കാന്‍ കഴിയാത്ത രൂപത്തില്‍ വിവാഹമോചനം ചെയ്യപെട്ടവളാണെങ്കില്‍ അവള്‍ ഗര്‍ഭിണിയാണെങ്കില്‍ അവള്‍ക്ക് ചിലവിന് കൊടുക്കല്‍ അനിവാര്യമാണ്. എന്നാല്‍ അവള്‍ ഗര്‍ഭിണിയല്ലെങ്കില്‍ താമസമോ ചിലവുകളോ അവള്‍ക്കില്ല.

وَإِنْ كُنَّ أُولَاتِ حَمْلٍ فَأَنْفِقُوا عَلَيْهِنَّ حَتَّىٰ يَضَعْنَ حَمْلَهُنَّ ۚ فَإِنْ أَرْضَعْنَ لَكُمْ فَآتُوهُنَّ أُجُورَهُنَّ ۖ وَأْتَمِرُوا بَيْنَكُمْ بِمَعْرُوفٍ ۖ وَإِنْ تَعَاسَرْتُمْ فَسَتُرْضِعُ لَهُ أُخْرَىٰ
(At-Talaq: 6)
അവര്‍ ഗര്‍ഭിണികളാണെങ്കില്‍ അവര്‍ പ്രസവിക്കുന്നത്‌ വരെ നിങ്ങള്‍ അവര്‍ക്കു ചെലവുകൊടുക്കുകയും ചെയ്യുക. ഇനി അവര്‍ നിങ്ങള്‍ക്കു വേണ്ടി ( കുഞ്ഞിന്‌ ) മുലകൊടുക്കുന്ന പക്ഷം അവര്‍ക്കു നിങ്ങള്‍ അവരുടെ പ്രതിഫലം കൊടുക്കുക. നിങ്ങള്‍ തമ്മില്‍ മര്യാദപ്രകാരം കൂടിയാലോചിക്കുകയും ചെയ്യുക. ഇനി നിങ്ങള്‍ ഇരു വിഭാഗത്തിനും ഞെരുക്കമാവുകയാണെങ്കില്‍ അയാള്‍ക്കു വേണ്ടി മറ്റൊരു സ്ത്രീ മുലകൊടുത്തു കൊള്ളട്ടെ.
(ത്വലാഖ്: 6)

        ഇബ്നു അബ്ബാസി (റ) ന്‍റെയും, മുന്‍ഗാമികളില്‍ നിന്നും പിന്‍ഗാ മികളില്‍ നിന്നും ഒരു വിഭാഗം പണ്ഡിതന്മാരുടേയും അഭിപ്രായ പ്രകാരം ഇവിടെ പരാമര്‍ശിക്കപ്പെടുന്നത് മടക്കിയെടുക്കാന്‍ കഴിയാത്ത രൂപത്തില്‍ വിവാഹമോചനം ചെയ്യപെട്ടവളെ കുറിച്ചാകുന്നുവെന്നാണ്. കാരണം മടക്കിയെടുക്കാവുന്ന രൂപത്തില്‍ വിവാഹമോചനം ചെയ്യപെട്ടവള്‍ ഗര്‍ഭിണിയാണെങ്കിലും അല്ലെങ്കിലും അവള്‍ക്ക് ഭര്‍ത്താവ് ചിലവിന് കൊടുക്കല്‍ അനിവാര്യമാണ്. ഫാത്വിമത് ബിന്‍ത് ക്വൈസി (റ) നെ ഭര്‍ത്താവ് അബൂഹഫ്സ് (റ) പൂര്‍ണ്ണമായി വിവാഹമോചനം (ബായിനായ ത്വലാഖ്) ചെയ്തപ്പോള്‍ നബി (സ) അവരോട് പറഞ്ഞു:

لا نفقة لك إلا أن تكوني حامل  (أبوداود وصححها لألباني)
“നീ ഗര്‍ഭിണിയാണെങ്കിലല്ലാതെ നിനക്ക് (അയാളില്‍ നിന്നും) ചിലവ് ഉായിരിക്കുന്നതല്ല”. (അബൂ ദാവൂദ്)

ഇമാം മുസ്ലിമിന്‍റെ റിപ്പോര്‍ട്ടില്‍ ഇപ്രകാരമാണ്


لا نفقة لك ولا سكني  (مسلم)
“നിനക്ക് (അയാളില്‍ നിന്നും) ചിലവും പാര്‍പ്പിടവും ഉായിരിക്കുന്നതല്ല”. (മുസ്ലിം)

        ഭര്‍ത്താവ് മരണപെട്ടതിനാല്‍ ഇദ്ദഃ ആചരിക്കുന്നവളാണെങ്കില്‍ ഭര്‍ത്താവുമൊത്ത് കഴിഞ്ഞിരുന്ന വീട്ടിലാണ് (മരണവാര്‍ത്ത അറിയുമ്പോള്‍ അവള്‍ താമസിക്കുന്ന വീട്) ഇദ്ദഃ ആചരിക്കേണ്ടത്. അബൂസഈദുല്‍ ഖുദ്രിയ്യ് (റ) വിന്‍റെ സഹോദരി ഫുറൈഅ ബിന്‍ത് മാലിക് (റ) യുടെ ഭര്‍ത്താവ് മരണമടഞ്ഞപ്പോള്‍ അവര്‍ തിരുമേനി () യോട് ഇപ്രകാരം ചോദിച്ചു; എന്‍റെ ഭര്‍ത്താവ് താമസ സ്ഥലമോ ചിലവിനുളളതോ വിട്ടേച്ചു കൊണ്ടല്ല മരണപെട്ടു പോയത് അതിനാല്‍ ഞാന്‍ എന്‍റെ കുടുംബത്തിലേക്ക് മടങ്ങി പോകട്ടെയോ?. പ്രവാചകന്‍ (സ) ആദ്യം അവര്‍ക്ക് അനുമതി കൊടുത്തുവെങ്കിലും ശേഷം അവരെ തിരികെ വിളിച്ചുകൊണ്ട് പറഞ്ഞു;

امكثي بيتك حتى يبلغ الكتاب أجله  (الترمذي وصححه الألباني)

“നിയമ പ്രകാരമുള്ള അവധി (ഇദ്ദഃ) പൂര്‍ത്തിയാകുന്നത് വരെ നീ നിന്‍റെ വീട്ടില്‍ താമസിക്കുക”. (തിര്‍മിദി)

        വീട് തകരുകയോ തീ പിടിക്കുകയോ ചെയ്യുക, ശത്രു ഭയം ഉണ്ടാവുക, കളളന്മാരും സാമൂഹ്യ ദ്രോഹികളും കൈയ്യേറും എന്ന് ഭ യമുണ്ടാവുക, അനന്തരാവകാശികള്‍ വീട്ടില്‍ നിന്നും പുറത്താക്കുക, വാടക വീടാണെങ്കില്‍ ഉടമസ്ഥന്‍ ഒഴിയാന്‍ ആവശ്യപ്പെടുക തുടങ്ങിയ കാരണത്താലല്ലാതെ അവള്‍ ഭര്‍ത്താവുമൊത്ത് താമസിച്ചിരുന്ന വീട്ടില്‍ നിന്നും പുറത്ത് ഇദ്ദഃയിരിക്കുവാന്‍ പാടില്ല.
ഖുല്‍അ് ചെയ്യപെട്ടവള്‍ക്ക് താമസമോ ചിലവോ ഭര്‍ത്താവ് നല്‍ കേണ്ടതില്ല. എന്നാല്‍ അവള്‍ ഗര്‍ഭിണിയാണെങ്കില്‍ ചിലവിന് കൊടുക്കാം. അല്ലെങ്കില്‍ ഭര്‍ത്താവിന്‍റെ ഇഷ്ടാനുസരണം ചെയ്യാം.

ഇദ്ദഃയില്‍ ഇരിക്കുന്നവളുടെ വിധികള്‍

1. അവളോട് വിവാഹാന്വേഷണം നടത്താന്‍ പാടില്ല.
അല്ലാഹു പറയുന്നു.

وَلَا جُنَاحَ عَلَيۡكُمۡ فِيمَا عَرَّضۡتُم بِهِۦ مِنۡ خِطۡبَةِ ٱلنِّسَآءِ أَوۡ أَكۡنَنتُمۡ فِيٓ أَنفُسِكُمۡۚ عَلِمَ ٱللَّهُ أَنَّكُمۡ سَتَذۡكُرُونَهُنَّ وَلَٰكِن لَّا تُوَاعِدُوهُنَّ سِرًّا إِلَّآ أَن تَقُولُواْ قَوۡلٗا مَّعۡرُوفٗاۚ وَلَا تَعۡزِمُواْ عُقۡدَةَ ٱلنِّكَاحِ حَتَّىٰ يَبۡلُغَ ٱلۡكِتَٰبُ أَجَلَهُۥۚ وَٱعۡلَمُوٓاْ أَنَّ ٱللَّهَ يَعۡلَمُ مَا فِيٓ أَنفُسِكُمۡ  فَٱحۡذَرُوهُۚ وَٱعۡلَمُوٓاْ أَنَّ ٱللَّهَ غَفُورٌ حَلِيمٞ
(al baqarah 235)

“(ഇദ്ദഃയുടെ ഘട്ടത്തില്‍) ആ സ്ത്രീകളുമായുള്ള വിവാഹാലോചന നിങ്ങള്‍ വ്യംഗ്യമായി സൂചിപ്പിക്കുകയോ, മനസ്സില്‍ സൂക്ഷിക്കുകയോ ചെയ്യുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല. അവരെ നിങ്ങള്‍ ഓര്‍ത്തേക്കുമെന്ന് അല്ലാഹുവിന്നറിയാം. പക്ഷെ നിങ്ങള്‍ അവരോട് മര്യാദയുള്ള വല്ല വാക്കും പറയുക എന്നല്ലാതെ രഹസ്യമായി അവരോട് യാതൊരു നിശ്ചയവും ചെയ്തു പോകരുത്”. (അല്‍ബഖറ: 235)

2. വിവാഹം കഴിക്കാന്‍ പാടില്ല
അല്ലാഹു പറയുന്നു.

وَلَا تَعۡزِمُواْ عُقۡدَةَ ٱلنِّكَاحِ حَتَّىٰ يَبۡلُغَ ٱلۡكِتَٰبُ أَجَلَهُ
(al baqarah 235)
“നിയമ പ്രകാരമുള്ള അവധി (ഇദ്ദഃ) പൂര്‍ത്തിയാകുന്നത് വരെ (വിവാ ഹ മുക്തകളുമായി) വിവാഹബന്ധം സ്ഥാപിക്കാന്‍ നിങ്ങള്‍ തീരുമാ നമെടുക്കരുത്”  (അല്‍ബഖറ :235)

3. അത്യാവശ്യ കാര്യങ്ങള്‍ക്കു വേണ്ടിയല്ലാതെ വീട്ടില്‍ നിന്നും പുറത്ത് പോകാന്‍ പാടില്ല.
അല്ലാഹു പറയുന്നു.

 لَا تُخْرِجُوهُنَّ مِنْ بُيُوتِهِنَّ وَلَا يَخْرُجْنَ إِلَّا أَنْ يَأْتِينَ بِفَاحِشَةٍ مُبَيِّنَةٍ ۚ وَتِلْكَ حُدُودُ اللَّهِ ۚ وَمَنْ يَتَعَدَّ حُدُودَ اللَّهِ فَقَدْ ظَلَمَ نَفْسَهُ
(surah talaq 1)
“അവരുടെ വീടുകളില്‍ നിന്ന് അവരെ നിങ്ങള്‍ പുറത്താക്കരുത്. അവര്‍ പുറത്തു പോകുകയും ചെയ്യരുത്. പ്രത്യക്ഷമായ വല്ല നീചവൃത്തിയും അവര്‍ ചെയ്യുകയാണെങ്കിലല്ലാതെ. അവ അല്ലാഹുവിന്‍റെ നിയമ പരിധികളാകുന്നു. അല്ലാഹുവിന്‍റെ നിയമപരിധികളെ വല്ലവനും അതിലംഘിക്കുന്ന പക്ഷം, അവന്‍ അവനോട് തന്നെ അന്യായം ചെയ്തിരി ക്കുന്നു…” (ത്വലാഖ്: 1)

ജാബിര്‍ (റ) പറയുമായിരുന്നു;

طلّقت خالتي فأرادت أن تجد نخلها فزجرها رجل أن تخرج فأتت النبي صلى الله عليه وسلم – فقال ( بلي فجدي نخلك فإنّك أن تصدق أو تفعلى معروفا – مسلم

“എന്‍റെ മാതൃസഹോദരി (മൂന്ന് തവണ) ത്വലാഖ് ചൊല്ലപ്പെട്ടു. അവര്‍ അവരുടെ ഈത്തപ്പന (ഈത്തപ്പഴം) പറിക്കാന്‍ ഉദ്ദേശിച്ചു. അപ്പോള്‍ അവര്‍ പുറപ്പെടുന്നത് ഒരാള്‍ തടഞ്ഞു. അങ്ങിനെ അവര്‍ നബി(സ) യുടെ അടുക്കല്‍ വന്നു. അപ്പോള്‍ നബി (സ) അവരോട് പറഞ്ഞു: അതെ നിന്‍റെ ഈത്തപ്പന (ഈത്തപ്പഴം) നീ പറിച്ചുകൊളളുക, നീ അത് ദാനം ചെയ്യുകയോ അല്ലെങ്കില്‍ അതുകൊണ്ട് വല്ല നന്മ പ്രവര്‍ത്തിക്കുക യോ ചെയ്തേക്കാം”.(മുസ്ലിം)

ഭര്‍ത്താവ് മരണപെട്ടവള്‍
        മുകളില്‍ പറഞ്ഞ നിയമങ്ങള്‍ക്ക് പുറമെ ഭര്‍ത്താവ് മരണപെട്ട സ്ത്രീക്ക് വിവാഹമോചിതക്കില്ലാത്ത ചില നിയമങ്ങള്‍ കൂടി ഇസ്ലാം അനുശാസിക്കുന്നു. ഭര്‍ത്താവിനോടൊപ്പം ചിതയില്‍ ചാടി മരിക്കുന്ന നിയമങ്ങള്‍ പോലെയോ അല്ലെങ്കില്‍ അവള്‍ ഒരിക്കലും ഇനി വിവാഹിതയാകുവാന്‍ പാടില്ല എന്ന നിയമമോ ഇസ്ലാം അവളോട് കല്‍ പ്പിക്കുന്നില്ല. മറിച്ച് മരണപെട്ട ഭര്‍ത്താവിന്‍റെ വിയോഗത്താല്‍ അവള്‍ക്ക് ദുഃഖാചരണം നടത്തുവാനും വിരക്തയായി അല്‍പ്പകാലം കഴി ഞ്ഞു കൂടുവാനും പറയുക വഴി അവളുടെ മനസിന് സാന്ത്വനം നല്‍ കുകയാണ് ഇസ്ലാം ചെയ്യുന്നത്.
إحدا  (ഇഹ്ദാദ്) എന്നാണ് ഈ ദുഃഖാചരണത്തിന് അറബിയില്‍ പറയപ്പെടുന്നത്. തടയുക എന്ന് അര്‍ത്ഥമുളള حد എന്ന വാക്കില്‍ നിന്നാണ് ആ വാക്കിന്‍റെ ഉല്‍ഭവം. മറയിലിരിക്കുക എന്ന് നാം അതിന് പൊതുവെ പറയാറുളളത്. ദുഃഖം പ്രകടിപ്പിക്കാനായി ഭര്‍ത്താവ് മരണമടഞ്ഞ സ്ത്രീ അണിഞ്ഞൊരുങ്ങുകയോ സൗന്ദര്യ വസ്തുക്കള്‍ ഉപയോഗിക്കുകയോ ചെയ്യാതെ ഇദ്ദഃയിലിരിക്കുക എന്നതാണ് ഇതിന്‍റെ
വിവക്ഷ. ഭര്‍ത്താവ് മരണപെട്ട സ്ത്രീക്ക് ഇത് നിര്‍ബന്ധമാണ് എന്നതിലും മടക്കിയെടുക്കാവുന്ന വിവാഹമോചിതക്ക് ഇത് നിര്‍ബന്ധമില്ല എന്നതിലും പണ്ഡിതന്മാര്‍ യോജിക്കുന്നു. ഇഹ്ദാദുമായി ബന്ധപെട്ട് പല തെറ്റിദ്ധാരണകളും സമൂഹത്തില്‍ നിലനില്‍ക്കുന്നു. വീട്ടിന്‍റെ ഉള്ളില്‍ നിന്നും ഒരിക്കലും അവള്‍ക്ക് പുറത്തിറങ്ങാന്‍ പാടില്ല, പ്രത്യേക വസ്ത്രം ധരിക്കണം, പുരുഷന്മാരോട് സംസാരിക്കാന്‍ പാടില്ല,.. തുടങ്ങിയവ അത്തരം ചില അബദ്ധ ധാരണകളില്‍ പെട്ടതാണ്. ഇഹ്ദാദില്‍ ഇരിക്കുന്ന സ്ത്രീ ദുഃഖ സൂചകമായി തീവ്രത കാണിക്കുകയോ ലാഘവത്തോടെ നിയമങ്ങള്‍ തിരസ്കരിക്കുകയോ ചെയ്യാതെ മതം നിര്‍ദേശിച്ച പിരിധിയിലായിരിക്കണം ജീവിക്കേണ്ടത്. മരണപെട്ടവര്‍ക്കു വേണ്ടിയുള്ള ദുഃഖത്തിന്‍റെ പേരില്‍ ആര്‍ത്തട്ടഹസിക്കുന്നതും
വസ്ത്രം വലിച്ചു കീറുന്നതും നാശത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നതും മുഖത്തടിക്കുന്നതുമെല്ലാം ഇസ്ലാം വിലക്കിയിരിക്കുന്നു. നബി (സ) പറഞ്ഞു:

اثنتان في الناس هما بهم كفر الطعن في النّسب والنياحة على الميت – مسلم
(ജനങ്ങളില്‍ രണ്ടു കാര്യങ്ങളുണ്ട്. അത് അവരിലുള്ള അവിശ്വാസമാണ്. തറവാട് കുത്തിപ്പറയലും മരണപെട്ടവരുടെ മേലിലുള്ള അലമുറയുമാണത്.) (മുസ്ലിം)

നബി(സ) പറഞ്ഞു:

ليس منّا من لطم الخدود وشق الجيوب ودعا بدعوى الجاهلية – البخاري

(മയ്യിത്തിന്‍റെ പേരില്‍ (വിലപിച്ചുകൊണ്ട്) കവിളത്തടിക്കുകയും മാറിടം പിളര്‍ക്കുകയും ജാഹിലിയ്യാ കാലത്തെ അലമുറയിടുന്നവര്‍ നമ്മില്‍പ്പെട്ടവരല്ല). (ബുഖാരി)

അബൂ ഉമാമ (റ) പറഞ്ഞു:

أن رسول الله صلى الله عليه وسلم لعن الخامشة وجهها والشاقة جيبها والداعية بالويل والثبور – ابن ماجه

(മുഖം മാന്തിക്കീറുന്നവളേയും മാറിടം കീറുന്നവളേയും നാശവും ശാപവും വിളിച്ചു പറയുന്നവളേയും പ്രവാചകന്‍ (സ) ശപിച്ചിരിക്കുന്നു.)  (ഇബ്നുമാജ.)

അനസ് (റ) വിനെ തൊട്ട് നിവേദനം. അദ്ദേഹം പറഞ്ഞു:

أن رسول الله صلى الله عليه وسلّم أخذ على النّساء حين بايعهن أن لا ينحن فقلت يا رسول الله إن نساء أسعدننا في الجاهلية أفنسعدهن فقال رسول الله صلى الله عليه وسلّم لا إسعاد في الإسلام – الترمذي

(നബി(സ), സ്ത്രീകള്‍ ബൈഅത്ത് ചെയ്തപ്പോള്‍ മരണവീട്ടില്‍ മുറ വിളി നടത്തുകയില്ലെന്ന് അവരോട് കരാര്‍ വാങ്ങുകണ്ടയുായി. അപ്പോള്‍ അവര്‍ ചോദിച്ചു? അല്ലാഹുവിന്‍റെ റസൂലേ, അനിസ്ലാമിക കാലത്ത് കൂട്ട കരച്ചിലില്‍ ഞങ്ങളെ ചില സ്ത്രീകള്‍ സഹായിച്ചിട്ടുണ്ട്. അവര്‍ കരയുമ്പോള്‍ അവരെ സഹായിച്ച് കൂടെ ഞങ്ങള്‍ക്കും കരയാമോ? പ്രവാചകന്‍ (സ) പറഞ്ഞു, ഇസ്ലാമില്‍ കൂട്ടകരച്ചിലില്ല.(തിര്‍മുദി)

നബി (സ) പറഞ്ഞു:

التائحة إذا لم تتب قبل موتها تقام يوم القيامة وعليها سربال من قطران ودرع من جرب – مسلم

(അലമുറ കൂട്ടുന്നവള്‍ മരിക്കുന്നതിന് മുമ്പ് തൗബ ചെയ്തിട്ടില്ലെങ്കില്‍ അന്ത്യ നാളില്‍ അവളുടെ മേല്‍ കീല്‍കൊണ്ടളള വസ്ത്രവും ചൊ റിയുന്ന കുപ്പായവുമുണ്ടായിരിക്കും. (മുസ്ലിം)

സ്ത്രീകള്‍ക്ക് മാത്രം ബാധകമാണ് ഇഹ്ദാദ്. പുരുഷന് പ്രസ്തുത നിയമം ബാധകമല്ല. മരണപെട്ട ഭര്‍ത്താവിനു വേണ്ടി നാല് മാസവും പത്ത് ദിവസവും പിതാവ് മക്കള്‍ തുടങ്ങിയ ബന്ധുക്കള്‍ക്കും ഉടയവര്‍ക്കും വേണ്ടി മൂന്ന് ദിവസവുമാണ് സ്ത്രീ ദുഃഖമാചരിക്കേണ്ടത്.
നബി(സ) പറഞ്ഞു:

لا يحل لامرأة تؤمن بالله واليوم الآخر أن تحد على ميت فوق ثلاث إلا على زوج فإنّها تحد عليه أربعة أشهر وعشرا . – البخاري

അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു സ്ത്രീക്ക് ഒരു മയ്യിത്തിനു വേണ്ടി മൂന്ന് ദിവസത്തിന് മുകളില്‍ ദുഃഖമാചരിക്കാന്‍ പാടില്ല. ഭര്‍ത്താവിനു വേണ്ടിയല്ലാതെ, അദ്ദേഹത്തിനു വേണ്ടി നാല് മാസവും പത്ത് ദിവസവും ദുഃഖം ആചരിക്കണം. (ബുഖാരി)

 
 
 

 

 

        ദുഃഖാചരണത്തിന്‍റെ പേരില്‍ ഇന്ന് സമൂഹത്തില്‍ പലതും നടന്നു വരുന്നു എന്നത് ഒരു വസ്തുതയാണ്. നേതാക്കന്മാര്‍ മരണപെട്ടാല്‍ നിശ്ചിത ദിവസങ്ങള്‍ പൊതു അവധി പ്രഖ്യാപിക്കുക, കറുത്ത വസ്ത്രമോ വസ്ത്രത്തില്‍ കറുത്ത അടയാളമോ ധരിക്കുക, രാഷ്ട്രത്തിന്‍റെ പതാക പകുതി താഴ്ത്തി കെട്ടുക, വാര്‍ത്താ സംപ്രേഷണ കേന്ദ്ര ങ്ങളില്‍ ശോകമൂകമായ മ്യൂസിക് ആലപിക്കുക, അനുശോചന യോഗങ്ങള്‍ സംഘടിപ്പിക്കുക തുടങ്ങിയ ഉദാഹരണങ്ങളാണ്.എന്നാല്‍ ഖുര്‍ആനും നബിചര്യയും അനുസരിച്ച് ജീവിക്കണം എന്ന് ആഗ്രഹിക്കു ന്നവര്‍ക്ക് ഇവക്കുളള തെളിവുകള്‍ പ്രമാണങ്ങളില്‍ കണ്ടെത്താൻ കഴിയില്ല. മുന്‍ഗാമികള്‍ അത്തരം ഒരു മാതൃക നമുക്ക് വിട്ടേച്ച് തന്നിട്ടുമില്ല. മറ്റു മതാനുയായികളുടെ ആചാരങ്ങള്‍ അനുധാവനം ചെയ്യാന്‍ നാം കല്‍പ്പിക്കപെട്ടിട്ടുമില്ല.

ഇഹ്ദാദില്‍ കഴിയുന്നവള്‍ പാലിക്കേണ്ട നിയമങ്ങള്‍

1. സുഗന്ധം ഉപയോഗിക്കരുത്.
അന്യ പുരുഷന്മാര്‍ക്ക് അനുഭവിക്കാവുന്ന രൂപത്തില്‍ സ്ത്രീകള്‍ സുഗന്ധം ഉപയോഗിക്കാന്‍ പാടില്ലാത്തതിനാല്‍ വീടിന് പുറത്തേക്കിറങ്ങുമ്പോള്‍ അവര്‍ക്ക് സുഗന്ധം ഉപയോഗിക്കല്‍ നിഷിദ്ധമാണ്.
നബി (സ) പറഞ്ഞു:

أيما امرأة استعطرت ثم مرت على القوم ليجدوا ريحها فهي زانية – أحمد وحسنه الألباني
(തന്‍റെ വാസന സമൂഹമറിയണമെന്ന ഭാവത്തോടെ സുഗന്ധം പൂശി സമൂഹത്തിലൂടെ നടക്കുന്ന സ്ത്രീ വ്യഭിചാരിണിയാണ്.) (അഹ്മദ്)

പ്രവാചകന്‍ (സ) പറഞ്ഞു.

أيما امرأة تطيبت ثم خرجت إلى المسجد لم تقبل لها صلاة حتى تغتسل – ابن ماجه وحسنه الألباني
(ഏതൊരു സ്ത്രീയാണോ സുഗന്ധം പൂശി പള്ളിയിലേക്ക് പുറപ്പെടുന്നത് അവള്‍ കുളിക്കുന്നതു വരെ അവളുടെ നമസ്കാരം സ്വീകരിക്കപ്പെടുകയില്ല). (ഇബ്നുമാജ)

സ്ത്രീകള്‍ക്ക് വീട്ടില്‍ പരിമള വസ്തുകള്‍ ഉപയോഗിക്കാമെങ്കിലും ഇഹ്ദാദ് അനുഷ്ഠിക്കുന്ന സ്ത്രീ സുഗന്ധം ഉപയോഗിക്കാന്‍ പാടില്ല. ആര്‍ത്തവ വിരാമത്തോടനുബന്ധിച്ച് ദുര്‍ഗന്ധം ഒഴിവാക്കുവാന്‍ അല്‍പം ഉപയോഗിക്കുന്നതിന് കുഴപ്പമില്ല.
നബി (സ) പറഞ്ഞു:

الا تحد امرأة على ميت فوق ثلاث إلا على زوج أربعة أشهر وعشرا ولا تلبس ثوبا مصبو إلا ثوب عصب ولا تكتحل ولا تمس طيبا إلا إذا طهرت يذه من قسط أو أظفار – مسلم
മൂന്ന്(ദിവസത്തില്‍) ഉപരിയായി ഒരു സ്ത്രീ മയ്യിത്തിനു വേണ്ടി ദുഃഖ മാചരിക്കരുത്, ഭര്‍ത്താവിനൊഴിച്ച് (അതിന്) നാല് മാസവും പത്ത് ദിവസവുമാണ്. അവള്‍ മഞ്ഞ ചായം മുക്കിയ വസ്ത്രം ധരിക്കരുത്. അസ്ബ(ഒരു യമനി വസ്ത്രം) ഒഴിച്ച്. അവള്‍ സുറുമയിടരുത്, സുഗന്ധം ഉപയോഗിക്കരുത്. എന്നാല്‍ (അശുദ്ധിയില്‍ നിന്നും) ശുദ്ധിയായാല്‍ അല്‍പം ഖുസ്ത്തോ അള്ഫാറോ (ഇവ രണ്ടും ഒരു തരം സുഗന്ധങ്ങ ളാണ്) ഉപയോഗിക്കാം. (മുസ്ലിം)

2. ഭംഗിയുടെ വസ്ത്രം ധരിക്കല്‍

ഇഹ്ദാദില്‍ ഇരിക്കുന്ന സ്ത്രീക്ക് ഭംഗിയുടെ ഉടയാടകള്‍ അണിയാന്‍ പാടില്ലെന്ന് മുന്‍ സൂചിപ്പിച്ച ഹദീഥില്‍ നിന്നും വ്യക്തമാണ്. ഉമ്മു സലമ (റ) യില്‍ നിന്നും ഇമാം അബൂദാവൂദ് നിവേദനം ചെയ്യുന്ന മറ്റൊരു ഹദീഥ് ഇപ്രകാരമാണ്.

المتوفَى عنها زوجها لاتلبس المعصفر من الثياب ولا الممشقة ولا الحلى ولا تختضب ولا تكتحل – أبوداود وصححه الألباني
ഭര്‍ത്താവ് മരിച്ചവള്‍ മഞ്ഞചായം മുക്കിയ വസ്ത്രവും ചുവന്ന മണ്ണ്മുക്കിയ വസ്ത്രവും ആഭരണവും ധരിക്കരുത്. ചായം ഇടുകയോ സുറുമയിടുകയോ ചെയ്യരുത്. (അബൂദാവൂദ്)

ചായം മുക്കിയ വസ്ത്രം എന്നതുകൊണ്ടുളള ഉദ്ദേശ്യം ഭംഗിക്കു വേണ്ടി ധരിക്കുന്ന അലങ്കാര വസ്ത്രം എന്നാണ്.
ولا تلبس ثوبًا مُصبوغا إلا ثوب عض എന്ന ഹദീഥിനെ വിശദീകരിച്ചപ്പോള്‍ ശൈഖ് ഉഥൈമീന്‍ (റ) ഇപ്രകാരം പറഞ്ഞു: “ഇതു കൊണ്ടുള്ള ഉദ്ദേശം അലങ്കാര വസ്ത്രം ധരിക്കരുത് എന്നാണ്. അതല്ലാതെ വെളള വസ്ത്രം മാത്രം ധരിക്കണം എന്നല്ല. വസ്ത്രങ്ങള്‍ രണ്ട് ഇനങ്ങളാണ്. ഒന്ന് ഭംഗിക്കും മോടിക്കും വേണ്ടി ധരിക്കുന്നവ. ഇത് ദുഃഖാചരണത്തില്‍ ഇരിക്കുന്നവള്‍ക്ക് അണിയാവതല്ല. രണ്ടാമത്തെ ഇനം ഭംഗിക്ക് വേണ്ടിയല്ലാതെ ധരിക്കുന്ന വസ്ത്രം; ഇത്തരത്തിലുളള വസ്ത്രം ഏത് നിറത്തിലുളളതാ ണെങ്കിലും അവള്‍ക്ക് അണിയാവുന്നതാണ്”. (ശൈഖ് ഖാലിദ് അല്‍മുസ്ലിഹിന്‍റെ അഹ്കാമുല്‍ ഇഹ്ദാദ്: പേജ്: 106

3. ഭംഗിക്കായി ശരീരത്തില്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

ഭംഗിക്കു വേണ്ടി ശരീരത്തില്‍ അണിയുന്ന ആഭരണങ്ങള്‍, മൈലാഞ്ചി പോലുളള ചായങ്ങള്‍, സുറുമ എന്നിവ ഇഹ്ദാദില്‍ ഇരിക്കുന്ന സ്ത്രീ ഉപയോഗിക്കുവാന്‍ പാടില്ല. ഇപ്രകാരം തന്നെയാണ് ശരീര ത്തിന് സൗന്ദര്യമേകുന്ന മറ്റ് വസ്തുകളും. ഇവിടെ സൂചിപ്പിക്കപെട്ടവക്കുളള തെളിവ് മുമ്പ് പറയപെട്ട ഉമ്മുസലമ (റ)യുടെ ഹദീഥ് തന്നെ യാണ്. ഇമാം ബുഖാരി ഉദ്ധരിക്കുന്ന മറ്റൊരു ഹദീഥ് ഇപ്രകാരമാണ്.

جاءت امرأة إلى رسول الله صلّى الله عليه وسلّم فَقالت يا رسول الله إن ابنتي تُوفي عنها زوجها وقد اشتكت عينها أفتكحلها فَقال رسول الله صلّى الله عليه وسلّم لا مرتين أو ثلامًا كلّ ذلك يقول لا … – البخاري
“ഒരു സ്ത്രീ നബി (സ) യുടെ അടുത്തേക്ക് വന്നു. എന്നിട്ട് അവര്‍ പറഞ്ഞു; അല്ലാഹുവിന്‍റെ ദൂതരേ നിശ്ചയമായും എന്‍റെ മകളുടെ ഭര്‍ത്താവ് മരണപെട്ടിരിക്കുന്നു. അവളുടെ കണ്ണിന് രോഗം ബാധിച്ചിരിക്കുന്നു. അതിനാല്‍ അവള്‍ക്ക് സുറുമയിടാമോ? അപ്പോള്‍ നബി(സ) പറഞ്ഞു: ഇല്ല. രണ്ടോ മൂന്നോ പ്രാവശ്യം ചോദിച്ചപ്പോഴെല്ലാം തിരുമേനി (സ) ഇല്ല എന്ന് പറഞ്ഞു”. (ബുഖാരി)

 

وَصَلَّى اللهُ وَسَلَّمَ عَلَى نَبِيْنَا مُحَمَّدٍ وَعَلَى آلِهِ وَصَحبه أجمعين .

സ്വഹാബിമാരുടെ ചരിത്രം 4 (അലിയു ഇബ്നു അബീത്വാലിബ് (റ)​)

സ്വഹാബിമാരുടെ ചരിത്രം

അലിയു ഇബ്നു അബീത്വാലിബ് (റ)

ആറുവയസ്സു മുതല്‍ വളര്‍ന്നത് നബി (സ) യോടൊപ്പമായിരുന്നു. നുബുവ്വത്തിന്‍റെ മടിത്തട്ടിലില്‍ ജീവിതം ചിട്ടപ്പെടുത്തിയെടുക്കാന്‍ ഭാഗ്യം സിദ്ധിച്ച മഹാനുഭവാന്‍! നബി(സ)യുടെ ഓരോ ചലനങ്ങളും ജീവിത മാര്‍ഗങ്ങളും നേരില്‍ മനസ്സിലാക്കാന്‍ അവസരം കിട്ടിയ ഒരു അപൂര്‍വ്വ ഭാഗ്യ ശാലി!..

 
 

      ഖുറൈശികളില്‍ സമാദരണീയനായിരുന്നല്ലോ അബൂത്വാലിബ്. പ്രവാചകന്‍ (സ) ന്‍റെ സംരക്ഷകനും തണലുമായിരുന്നു അദ്ദേഹം. തന്‍റെ സഹോദരപുത്രന്‍റെ വളര്‍ച്ചയിലും ഔന്നത്യത്തിലും അദ്ദേഹത്തിനുാണ്ടായിരുന്ന താല്‍പര്യം അളവറ്റതായിരുന്നു. ഞാന്‍ മണ്ണില്‍ നിന്ന് മറയുന്നത് വരെ മുഹമ്മദിന്ന് ഖുറൈശികളില്‍ നിന്ന് ഒരപകടവും സംഭവിക്കാന്‍ ഞാന്‍ അനുവദിക്കുകയില്ല എന്ന് അദ്ദേഹം ശപഥം ചെയ്തിരുന്നു. അദ്ദേഹത്തിന്‍റെ വിയോഗം നബി (സ) യെ ദുഃഖത്തിലും വിശമത്തിലുമാക്കി. നബി (സ) പറഞ്ഞു: “അബൂത്വാലിബിന്‍റെ മരണംവരെ എനിക്ക് ഖുറൈശികളില്‍ നിന്നും ഒരു അനര്‍ഥവും ഏല്‍ക്കേണ്ടിവന്നില്ല”. പിന്നീട് നബി (സ) ഇങ്ങനെ വിലപിച്ചു: “എന്‍റെ പിതൃവ്യരേ, നിങ്ങള്‍ എനിക്ക് ഇത്രവേഗം നഷ്ടപ്പെട്ടുപോയല്ലോ!.ആ അബൂത്വാലിബിന്‍റെ പുത്രനാണ് അലി (റ), ആറുവയസ്സു മുതല്‍ വളര്‍ന്നത് നബി (സ) യോടൊപ്പമായിരുന്നു. നുബുവ്വത്തിന്‍റെ മടിത്തട്ടിലില്‍ ജീവിതം ചിട്ടപ്പെടുത്തിയെടുക്കാന്‍ ഭാഗ്യം സിദ്ധിച്ച മഹാനുഭവാന്‍! നബി(സ)യുടെ ഓരോ ചലനങ്ങളും ജീവിത മാര്‍ഗങ്ങളും നേരില്‍ മനസ്സിലാക്കാന്‍ അവസരം കിട്ടിയ ഒരു അപൂര്‍വ്വ ഭാഗ്യശാലി!.

        നബി (സ) പ്രബോധനം തുടങ്ങുമ്പോള്‍ അദ്ദേഹത്തിന് പത്ത് വയസ്സായിരുന്നു പ്രായം. അന്നു പ്രവാചക ഭവനത്തില്‍ ഉണ്ടായിരുന്ന മുസ്ലിംകള്‍ നബി (സ) യുടെ പത്നി ഖദീജ (റ), പിതൃവ്യപുത്രന്‍ അലി (റ),ഭൃത്യന്‍ സൈദ് (റ) എന്നിവരായിരുന്നു. മൂന്നുപേരും ഇസ്ലാമിലെ ഒന്നാമന്‍മാര്‍ തന്നെ! സ്ത്രീകളില്‍ ഖദീജ (റ) യും കുട്ടികളില്‍ അലി(റ) യും അടിമകളില്‍ സൈദ് (റ) യും. കുട്ടിയായിരുന്ന അലി (റ) നബി (സ) യുടെ ആരാധനയും നടപടിക്രമങ്ങളും ശ്രദ്ധിച്ചു, കൗതുകം നിറഞ്ഞ നമസ്കാരം, അലി (റ) ചോദിച്ചു: “നിങ്ങള്‍ എന്താണ് ചെയ്യുന്നത്” നബി (സ) : “ലോകപരിപാലകനായ അല്ലാഹുവിനെ ആരാധിക്കുകയാണ്”, അലി (റ):” ലോകപരിപാലകനോ, ആരാണത്?” നബി (സ) വിശദീകരിച്ചു: “ഏകനായ ആരാധ്യന്‍, അവന്നു പങ്കുകാരില്ല, അവനാണ് സൃഷ്ടിച്ചത്, എല്ലാ കാര്യങ്ങളും അവന്‍റെ കരങ്ങളാണ് നിയന്ത്രിക്കുന്നത്. അവന്‍ ജീവിപ്പിക്കുന്നു, മരിപ്പിക്കുന്നു, അവന്‍ സർവശക്തനാകുന്നു” അലി (റ) അംഗീകരിച്ചു, കുട്ടികളില്‍ ഒന്നാമത്തെ മുസ്ലിമായി. അന്നുമുതല്‍ അലി (റ) നബി (സ)യുടെ സന്തതസഹചാരിയായി കൂടെ നമസ്കരിക്കും, പരിശുദ്ധ ഖുര്‍ആന്‍ കേള്‍ക്കും, മനപ്പാഠമാക്കും, അര്‍ഖമിന്‍റെ വീട്ടിലെ ചര്‍ച്ചകളില്‍ മറ്റു മുസ്ലിംകളോടൊപ്പം പങ്കെടുക്കുകയും ചെയ്യും. നബി (സ) യുടെ ശിക്ഷണത്തിലും സംരക്ഷണത്തിലും ബാല്യം കഴിച്ച അലി (റ) സല്‍സ്വഭാവത്തോടും ജീവിതവിശുദ്ധിയോടും കൂടെയാണ് വളര്‍ന്നത്. ആദര്‍ശനിഷ്ഠ കൈവെടിയാതെ നബി (സ) യുടെ മഹല്‍ വ്യക്തിത്വം സ്വയം പകര്‍ത്തി. പരിശുദ്ധ ഖുര്‍ആന്‍ അവതരണത്തിന്ന് സാക്ഷിയായ അദ്ദേഹം അത് പഠിച്ചും മനപ്പാഠമാക്കിയും നാള്‍ കഴിച്ചു. അദ്ദേഹത്തിന്‍റെ പരിശുദ്ധ ഖുര്‍ആന്‍ ജ്ഞാനത്തെ കുറിച്ച് അദ്ദേഹം തന്നെ ഇങ്ങനെ പറയുകയുായി: “അല്ലാഹുവിന്‍റെ ഗ്രന്ഥത്തെക്കുറിച്ച് നിങ്ങള്‍ക്ക് അറിയേണ്ടത് എന്നോട് ചോദിക്കുക, ഓരോ ആയത്തും അത് രാത്രിയിലാണോ പകലിലാണോ അവതരിച്ചത് എന്ന് എനിക്കറിയാം”.

        നബി (സ) ദൗത്യലബ്ധിക്കുശേഷം പതിമൂന്ന് വര്‍ഷം മക്കയില്‍ താമസിച്ചു. ശത്രുക്കളുടെ പീഡനവും അവഹേളനവും കണക്കില്ലാതെ സഹിച്ചു. വത്സലനായ അദ്ദേഹത്തിന്ന് തന്‍റെ അനുയായികള്‍ അനുഭവിക്കുന്ന യാതനകു വേദനിക്കാനല്ലാതെ പ്രതിരോധിക്കാന്‍ കഴിയുമായിരുന്നില്ല. ക്രൂരരും ശക്തരുമായ ശത്രുക്കളില്‍ നിന്ന് തന്‍റെ അനുയായികള്‍ക്ക് സംരക്ഷണം ലഭിക്കണമെങ്കില്‍ മക്ക വിട്ടുപോവുകയല്ലാതെ മാര്‍ഗമില്ലെന്ന് മനസ്സിലാക്കിയ നബി (സ) മദീനയിലേക്ക് ആത്മരക്ഷാര്‍ഥം ഒളിച്ചോടാന്‍ തന്‍റെ അനുയായികള്‍ക്ക് അനുവാദം നല്‍കി. അവിടത്തെ നല്ലവരായ തദ്ദേശീയര്‍ അവരെ സ്വീകരിക്കാനും സംരക്ഷണം നല്‍കാനും സന്നദ്ധരായി. നബി (സ) യുടെ സമ്മതപ്രകാരം മുസ്ലിംകള്‍ ഓരോരുത്തരായി മദീനയിലേക്ക് നീങ്ങി. ഖുറൈശികള്‍ക്ക് അതും സഹിക്കാന്‍ കഴിഞ്ഞിരുന്നില്ല. മുസ്ലിംകള്‍ മദീനയില്‍ ചെന്ന് ശക്തി സംഭരിച്ചാലോ എന്നായിരുന്നു അവരുടെ ഭയം. അവര്‍ മുസ്ലിംകളെ തടയാന്‍ തുടങ്ങി. അത് നിമിത്തം ഒളിച്ചോടുകയേ നിവര്‍ത്തിയുായിരുന്നുള്ളു. അങ്ങനെ അവര്‍ മിക്കവരും മദീനയിലെത്തി. മക്കയില്‍ മുസ്ലിംകള്‍ ഇല്ലാതായി; ചുരുക്കം ചിലര്‍ മാത്രം! നബി (സ) മക്കവിട്ട് പോകുന്നതിന്നു മുമ്പ് അദ്ദേഹത്തിന്‍റെ കഥകഴിചില്ലെങ്കില്‍ അപകടം വരുത്തിവക്കുമെന്ന് ഖുറൈശികള്‍ ചിന്തിച്ചു. അവര്‍ ഗൂഢാലോചന നടത്തി. ഒരു രാത്രിയില്‍ അവര്‍ നബി (സ)യുടെ വീടു വളഞ്ഞു.  നബി (സ) യാവട്ടെ ആരുമറിയാതെ അവരുടെ കണ്ണുവെട്ടിച്ചു അല്ലാഹുവിന്‍റെ അനുമതിയോടുകൂടി ആ രാത്രിയില്‍ തന്നെ അവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്തു. വീട്ടിനുള്ളിലേക്കു ജാലകത്തിലൂടെ നോക്കുന്ന ശത്രുക്കള്‍ക്ക് നബി (സ) യാണെന്ന് തോന്നുമാറ് തന്‍റെ ശയ്യയില്‍ അലിയെ കിടത്തിക്കൊണ്ടാണ് നബി (സ) അവിടെനിന്ന് രക്ഷപ്പെട്ടത്. ശത്രുക്കള്‍ രാത്രി മുഴുവന്‍ വീടിന്ന് കാവല്‍ നിന്നു. പുലരുംമുമ്പ് അവര്‍ വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറി. ശയ്യയില്‍ കിടക്കുന്ന അലി (റ) യെ കണ്ടപ്പോഴാണ്  അവര്‍ക്ക് പറ്റിയ അമളി മനസ്സിലായത്. തന്‍റെ ജീവന്‍ ബലിയര്‍പ്പിക്കാനൊരുങ്ങി നബി (സ) യുടെ സൂത്രം നടപ്പിലാക്കിയ അലി (റ) ക്ക് അന്ന് ഇരുപത് വയസ്സ് കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ! നബി (സ) യുടെ ആജ്ഞയനുസരിച്ച് അലി (റ) മക്കയില്‍ രണ്ടു മൂന്ന് ദിവസം തങ്ങി. നബി (സ) ക്ക് പല ഇടപാടുകാരുമായും മറ്റുമുള്ള ചില കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുള്ളത് അദ്ദേഹം അലി (റ) യെ ഏല്‍പ്പിച്ചുപോയത് നിമിത്തമായിരുന്നു അത്. അവയെല്ലാം നിര്‍വ്വഹിച്ചശേഷം അലി (റ) ദിവസങ്ങള്‍ക്കുള്ളില്‍ മദീനയില്‍ എത്തി. മദീനയില്‍ നബി (സ) താമസിച്ചിരുന്നത് കില്‍സുമുബ്നുഹദമിന്‍റെ വീട്ടിലായിരുന്നു. അലി (റ) യെ നബി (സ) പതിവനുസരിച്ച് മദീനാനിവാസികളില്‍ ഒരാള്‍ക്ക് അതിഥിയായി വിടാതെ തന്‍റെ കൂടെ താമസിപ്പിക്കുകയാണ് ചെയ്തത്.

        ബദ്ര്‍ രണാങ്കണത്തില്‍ അലി(റ) കേമമായ പ്രകടനമാണ് ആദ്യമേ കാഴ്ച്ചവെച്ചത്.  യുദ്ധാരംഭത്തില്‍ ശത്രുക്കളില്‍ നിന്ന് രണശൂരരായ മൂന്നു യോദ്ധാക്കള്‍ ഇറങ്ങിവന്നു. മുസ്ലിംകളെ വെല്ലുവിളിച്ചു. അവരെ നേരിടുന്നത് മുഹാജിറുകള്‍ തന്നെയാവണമെന്ന് അവര്‍ ശഠിക്കുകയും ചെയ്തു. വലീദും ഉത്ത്ബത്തും ശൈബത്തുമായിരുന്നു അവര്‍! അലി (റ) ഹംസ (റ) ഉബൈദ് (റ) എന്നിവര്‍ യഥാക്രമം അവരെ നേരിട്ടു. വലീദിനെ നിഷ്പ്രയാസം വെട്ടിവീഴ്ത്തി അലി ഉബൈദത്തിന്‍റെ സഹായത്തിനെത്തി, ശൈബത്തിന്‍റെയും കഥ കഴിച്ചു. ബദ്റില്‍ വധിക്കപ്പെട്ട ആസിബ്നുമുനബ്ബഹിന്‍റെ പക്കല്‍ നിന്ന് യുദ്ധാര്‍ജ്ജിത സമ്പത്തായി ലഭിച്ച കൂട്ടത്തില്‍ ഒരു വാളുണ്ടായിരുന്നു അത് നബി (സ) അലിക്കാണ് നല്‍കിയത്. പ്രസ്തുത വാളാണ് ചരിത്രത്തില്‍ പ്രസിദ്ധമായ “ദുൽഫുഖാര്”. ബദറിലെ യുദ്ധാര്‍ജ്ജിത സമ്പത്തില്‍ നിന്ന് ഒരു ഒട്ടകവും ഒരു പടയങ്കിയും ഒരു വാളും അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി.

        ഹിജ്റ രണ്ടാം വര്‍ഷം അലി(റ) നബി (സ)യുടെ പുത്രി ഫാത്തിമ (റ) യെ വിവാഹം ചെയ്തു. തന്‍റെ പടയങ്കി വിറ്റുകിട്ടിയ പണം കൊണ്ടാണ് മഹറും മറ്റു ചിലവുകളും നിര്‍വഹിച്ചത്. വിവാഹം കഴിഞ്ഞു ആറു മാസത്തിനുശേഷം വേറെ താമസിക്കാന്‍ നബി (സ) നിര്‍ദ്ദേശിച്ചു. അതുവരെ നബി (സ) യുടെ കൂടെയായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. ഹാരിസ് ഇബ്നു നുഅ്മാന്‍റെ ഒരു വീട് വാടകക്ക് വാങ്ങി അതിലാണ് പിന്നീടവര്‍ താമസിച്ചത്. ദരിദ്രമായ ആ കുടുംബത്തിന്ന് പ്രവാചകന്‍ നല്‍കിയ വീട്ടുപകരണ ങ്ങളായ ഒരു കട്ടിലും വിരിപ്പും പുതപ്പും ആസുകല്ലും വെള്ളപാത്രവും മാത്രമാണുായിരുന്നത്. അനന്തരം വിശാലമായ മുസ്ലിം ലോകത്തിന്‍റെ അധിപനായി തീര്‍ന്നിട്ടുപോലും അതിലുപരി ഒന്നുമുാണ്ടാക്കാന്‍ അലി (റ) ക്ക് സാധിച്ചില്ല! ഉഹ്ദു യുദ്ധത്തില്‍ മിസ്അബ് (റ) രക്തസാക്ഷിയായപ്പോള്‍ വഹിച്ചിരുന്ന പതാക നിലംപതിച്ചപ്പോള്‍ ഓടിച്ചെന്ന് പൊക്കിപ്പിടിച്ചത് അലി (റ) യായിരുന്നു. അലി (റ) കൊടിപിടിച്ച് സുധീരം പോരാടി. അബുസഅദ് ഇബ്നു അബീ ത്വല്‍ഹ അലി(റ)യെ തടയാന്‍ മുന്നോട്ടുവന്നു. അലി(റ) അദ്ദേഹത്തെ വെട്ടിവീഴ്ത്തി. നിലത്തുകിടന്നു പിടഞ്ഞപ്പോള്‍ അയാളുടെ ഉടുതുണി നീങ്ങി നഗ്നത വെളിവായി അതുകണ്ട അലി (റ) പിന്തിരിഞ്ഞു പോന്നു. ഖന്തഖ് യുദ്ധത്തില്‍ ശത്രു സൈന്യത്തിലെ രണശൂരനായ അംറുബ്നു അബ്ദുവുദ്ദ് മുസ്ലിംകളെ വെല്ലുവിളിച്ചുകൊണ്ടിരുന്നു . “തന്നോടു ദ്വന്ദ്വയുദ്ധം ചെയ്യാന്‍ ധൈര്യമുള്ളവര്‍ വരട്ടെ” അലി (റ) ഇറങ്ങിച്ചെന്നു അംറ് പരിഹാസത്തോടുകൂടി പറഞ്ഞു: “പാവം നിന്നെ വധിക്കണമെന്ന് എനിക്ക് ഉദ്ദേശ്യമില്ല” അലി (റ) പറഞ്ഞു: ” എന്നാല്‍ നിന്നെ വധിക്കണമെന്ന് എനിക്ക് ഉദ്ദേശമുണ്ട്”. മറുപടികേട്ട് കോപാന്ധനായ അംറ് കുതിരപ്പുറത്തു നിന്ന് ഇറങ്ങി, രണ്ടു പേരും ദ്വന്ദ്വയുദ്ധം നടത്തി. അലി (റ) അംറിന്‍റെ കഥ കഴിച്ചു. ഹിജ്റ ഏഴാം വര്‍ഷത്തില്‍ ഖൈബര്‍ യുദ്ധം നടന്നു. ഖൈബര്‍ ജൂതന്‍മാര്‍ക്ക് സുശക്തമായ കോട്ടയുണ്ടായിരുന്നു. ആദ്യദിവസം അബൂബക്കര്‍ (റ) യും ഉമര്‍ (റ) സൈന്യനായകരായി നിയുക്തരായി. രണ്ടുപേര്‍ക്കും ഖൈബറിലെ കോട്ട പിടിക്കാന്‍ കഴിഞ്ഞില്ല. അന്നു രാത്രിയില്‍ നബി (സ) ഇങ്ങനെ പ്രഖ്യപിച്ചു: “നാളെ പുലര്‍ച്ചക്ക് അല്ലാഹുവിന്നും അവന്‍റെ പ്രവാചകന്നും ഇഷ്ടപ്പെട്ട ഒരു രണശൂരന്‍റെ പക്കല്‍ ഞാന്‍ പതാക ഏല്‍പ്പിക്കും, അദ്ദേഹത്തിന്‍റെ കയ്യാല്‍ അല്ലാഹു നമുക്ക് വിജയം നല്‍കുകയും ചെയ്യും” താനായിരുന്നെങ്കില്‍ ആ വ്യക്തി എന്ന് എല്ലാവരും കൊതിച്ചു. നബി (സ) വിളിച്ചു ചോദിച്ചു: “അലിയെവിടെ?” കണ്ണുരോഗം പിടിച്ചു ശല്യമനുഭവിക്കുകയായിരുന്ന അലി (റ) നബി(സ)യുടെ മുമ്പില്‍ ചെന്നു. നബി (സ) അലി (റ) യുടെ കണ്ണില്‍ തടവി. പതാകയെടുത്തു കയ്യില്‍ കൊടുത്തു. സമരത്തിനിറങ്ങാന്‍ ആജ്ഞാപിച്ചു. അലി (റ) യും സൈന്യവും കോട്ടയുടെ സമീപത്തെത്തി. കോട്ടവാതിലിന്ന് പാറവു നില്‍ക്കുന്നവരെ എതിരിട്ടു അലി (റ) വിളിച്ചു പറഞ്ഞു: “ഞാന്‍ അബൂത്വാലിബിന്‍റെ പുത്രന്‍ അലിയാണ്. എന്‍റെ ജീവന്‍ ആരുടെ കരങ്ങളിലാണോ അവനാണ് സത്യം, ഒന്നുകില്‍ ഞാന്‍ വിജയിക്കും. അല്ലെങ്കില്‍ ഹംസ അനുഭവിച്ചത് ഞാനും അനുഭവിക്കും”. കോട്ടവാതില്‍ക്കല്‍ ഘോരയുദ്ധം നടന്നു. ശത്രുക്കളെ അരിഞ്ഞു വീഴ്ത്തി. അതിനിടയില്‍ അലിയുടെ ഘോരശബ്ദം. “അല്ലാഹു അക്ബർ” പിന്നീട് എന്തു സംഭവിച്ചുവെന്ന് ആര്‍ക്കും അറിഞ്ഞുകൂടാ. കോട്ടയുടെ വാതില്‍ അലി (റ) യുടെ മുമ്പില്‍ വീണു കിടക്കുന്നു. അലി (റ) യുടെ സംഘത്തില്‍പെട്ട അബൂറാഫിഅ് (റ) പിന്നീട് പറയുകയുായി. “ഞാനും ഏഴുപേരും ശ്രമിച്ചിട്ട് ആ വാതില്‍ ഒന്ന് അനക്കാന്‍ പോലും സാധിച്ചിരുന്നില്ല” അത്രമേല്‍ ഭീമാകരമായിരുന്നു അത് അലി (റ) യും കൂട്ടുകാരും കോട്ടമുകളില്‍ കയറി തക്ബീർ മുഴക്കി വിജയാരവം നടത്തി.

       നബി (സ) യുടെ വിയോഗാനന്തരം അലി (റ) ആരാധനയിലും വിജ്ഞാനതൃഷ്ണയിലും മുഴുകി ജീവിച്ചു. അദ്ദേഹത്തിന്‍റെ അഗാധപാണ്ഡിത്യം നിമിത്തം ഖലീഫമാര്‍ പോലും മതവിധി തേടാനും മറ്റും അലി (റ) യെ സമീപിക്കാറുണ്ടായിരുന്നു. അബൂബക്കറിനും ഉമറിന്നും ഉസ്മാനും അദ്ദേഹം താങ്ങായി വര്‍ത്തിച്ചു ഉസ്മാന്‍ (റ)ന്‍റെ കാലത്ത് കത്തിപ്പടര്‍ന്ന അപകടകരമായ അഭിപ്രായ വ്യത്യാസത്തിലും ഛിദ്രതയിലും അദ്ദേഹം ഭാഗഭാക്കാവുകയോ പക്ഷംപിടിക്കുകയോ ചെയ്തില്ല. കാര്യങ്ങള്‍ നേരെ ചൊവ്വേ നടക്കാന്‍ ആവശ്യമായ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും അദ്ദേഹം ഉസ്മാന്‍ (റ) ക്ക് നല്‍കിയിരുന്നു. അതോടൊപ്പം അലി (റ) അദ്ദേഹത്തിന് ക്രിയാത്മകമായ പിന്തുണയും നല്‍കിപ്പോന്നു.ഉസ്മാന്‍ (റ) വധിക്കപ്പെടുകയും രാഷ്ട്രീയാന്തരീക്ഷം കലുഷിതമായിത്തീരുകയും ചെയ്ത ഘട്ടത്തില്‍ ഗത്യന്തരമില്ലാതെയാണ് അലി (റ) ഖലീഫാസ്ഥാനം ഏറ്റെടുത്തത്. അന്ന് അദ്ദേഹത്തേക്കാള്‍ അനുയോജ്യനായ ഒരു വ്യക്തി അതിന്നര്‍ഹനായി വേറെ ഉണ്ടയിരുന്നില്ലതാനും. ആദ്യം നിര്‍ബന്ധത്തിന് വഴങ്ങാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. കലാപകാരികള്‍ അലി (റ) യെ സമീപിച്ചു ഭരണഭാരം ഏറ്റെടുക്കണമെന്ന് ആദ്യം സൗമ്യമായും പിന്നീട് നിര്‍ബന്ധമായും ആവശ്യപ്പെട്ടു. അദ്ദേഹം നിരസിക്കുകയാണ് ചെയ്തത്. അനന്തരം അവര്‍ ത്വല്‍ഹത്ത് (റ), സുബൈര്‍ (റ), അബ്ദുല്ലാഹിബ്നു ഉമര്‍ (റ) സഅ്ദ് ഇബ്നു അബീവഖാസ് (റ) എന്നിവരെ സമീപിച്ചു. അവരും പിന്‍മാറിക്കളഞ്ഞു! മദീനയുടെയും മുസ്ലിംകളുടെയും ഭാവി വിനാശത്തിലേക്ക് തന്നെ കുതിച്ചുകൊണ്ടിരുന്നു. രക്തപ്പുഴ ഒഴുകാന്‍ സര്‍വ്വ സാധ്യതകളും തെളിഞ്ഞു. അരക്ഷിതാവസ്ഥ അത്രമേല്‍ വര്‍ദ്ധിച്ചു. മദീനാ നിവാസികളില്‍ നിന്ന് സമുദായ സ്നേഹികളായ ഒരു വിഭാഗംഅലി (റ) യെ സമീപിച്ചു. അവരുടെ നിര്‍ബന്ധത്തിന്ന് വഴങ്ങി അലി (റ) ആ മുള്‍ക്കിരീടം അണിഞ്ഞു! എല്ലാവരും നിയമാനുസൃതം അലി (റ) ക്ക് ബൈഅത്ത് ചെയ്തു: കലാപകാരികളടക്കം.! ഉസ്മാന്‍ (റ) ന്‍റെ കൊലപാതകം നടക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ ഭാര്യ നാഇല മാത്രമേ സമീപത്തുണ്ടായിരുന്നുള്ളൂ. അജ്ഞാതരായ രണ്ടു പേരും മുഹമ്മദുബ്നു അബീബക്കറുമാണ് ഉസ്മാന്‍ (റ) ന്‍റെ മുറിയിലേക്ക് കടന്നുചെന്നത്. മുഹമ്മദുബ്നു അബീബക്കര്‍ കൊലയില്‍ പങ്കെടുത്തിരുന്നില്ല. അത് നാഇല തന്നെ സമ്മതിച്ചതാണ്. മറ്റുരണ്ടുപേര്‍ ആരാണെന്ന് മുഹമ്മദിന്നും അറിഞ്ഞുകൂടായിരുന്നു. ഘാതകരെ പിടിക്കാനും ശിക്ഷിക്കാനും പ്രതികാരം ചെയ്യാനും അലി (റ) ക്ക് കഴിഞ്ഞില്ല. ഉസ്മാന്‍ (റ) ന്‍റെ ഭരണവൈകല്യങ്ങളായി അലി (റ) പ്രധാനമായും കണ്ടത് ഉദ്യോഗസ്ഥന്‍മാരുടെ അഴിമതിയായിരുന്നല്ലോ. അദ്ദേഹം പലതവണ ഉസ്മാന്‍ (റ) നെ അക്കാര്യം ഉണര്‍ത്തിയിരുന്നതുമാണ്. അത് പരിഹരിക്കാനാണ് അദ്ദേഹം ആദ്യമായി ഉദ്യമിച്ചത്. എല്ലാ ഉദ്യോഗസ്ഥരേയും അദ്ദേഹം തല്‍ സ്ഥാനങ്ങളില്‍ നിന്ന് മാറ്റി. പകരം ആളുകളെ നിശ്ചയിച്ചു. ബസറയിലും കൂഫയിലും യമനിലും സിറിയയിലുമൊക്കെ തന്നെ!

        സിറിയയിലേക്ക് മുആവിയക്ക് പകരം നിശ്ചയിച്ച സഹ്ലിനെ മുആവിയയുടെ അനുയായികള്‍ തബൂക്കില്‍ വെച്ചു തടയുകയും മദീനയിലേക്ക് തിരിച്ചയക്കുകയും ചെയതു. കുഴപ്പത്തിന്‍റെ മുന്നോടിയായി അലി (റ) അതിനെ മനസ്സിലാക്കി. ഉസ്മാന്‍ (റ) ന്‍റെ വധത്തിന് പ്രതികാരം ചെയ്യാനെന്നവണ്ണം മുആവിയ (റ) സിറിയയില്‍ സൈന്യ ശേഖരം നടത്തുകയായിരുന്നു അപ്പോള്‍ ! മുഹാജിറുകളും അന്‍സാറുകളും ഖലീഫയായി പ്രഖ്യാപിച്ചതിനാല്‍ മുആവിയ (റ) തനിക്ക് കീഴ്പ്പെട്ടു അനുസരണം കാണിക്കണമെന്ന് അലി (റ) മുആവിയ (റ)നെ അറിയിച്ചെങ്കിലും അദ്ദേഹം അത് അനുസരിച്ചില്ല. ഉസ്മാന്‍ (റ)നോടുള്ള ബന്ധം നിമിത്തം ഘാതകരോട് പ്രതികാരം ചെയ്യാനുള്ള അവകാശം തന്നില്‍ നിക്ഷിപ്തമാണെന്നും അതാണ് ആദ്യം നടത്തേണ്ടത് എന്നുമായിരുന്നു മുആവിയ (റ) യുടെ ശാഠ്യം! മുആവി(റ) കലാപക്കൊടി നാട്ടിയതോടെപ്പം തന്നെ മറ്റു ചില സംഭവങ്ങളും നാമ്പെടുത്തു. ഖലീഫയുടെ വധം നടന്നപ്പോള്‍ മക്കയിലായിരുന്ന പ്രവാചക പത്നി ആയിശ (റ) എടുത്ത നിലപാടായിരുന്നു അതിലൊന്ന്. ഉസ്മാന്‍ (റ)ന്‍റെ രക്തത്തിന് വിലയില്ലാതായിക്കൂടാ. അതിന്നു പ്രതികാരം ചെയ്തു ഇസ്ലാമിന്‍റെ യശസ്സ് ഉയര്‍ത്തുക തന്നെ വേണം. ആയിശ (റ) പ്രഖ്യാപിച്ചു. ത്വല്‍ഹത്ത് (റ) യും സുബൈര്‍ (റ) യും ആയിശ (റ) യെ അനുഗമിച്ചു. കലുഷമായ രാഷ്ട്രീയാന്തരീക്ഷത്തില്‍ പ്രസ്തുത കുറ്റവാളികള്‍ക്കെതിരെ വിട്ടുവീഴ്ച്ച കൈകൊള്ളുകയും ഉസ്മാന്‍ (റ) നിയോഗിച്ച ഉദ്യോഗസ്ഥരെ ഒന്നടങ്കം പിരിച്ചുവിടുകയും ചെയ്തത് നിമിത്തം അലി (റ) നെ സംബന്ധിച്ചു പല തെറ്റിദ്ധാരണകളും നാട്ടില്‍ തലപൊക്കാന്‍ തുടങ്ങി. യഥാര്‍ഥ ഘാതകരെ തെളിയാതെ പോയതില്‍ അലി (റ) യുടെ ഉദാസീനത കൊണ്ടാണ് എന്നായിരുന്നു വാദം. ഇത്തരം തെറ്റിദ്ധാരണയായിരിക്കാം ആയിശ (റ) യെ പ്രകോപിപ്പിച്ചത്. ആയിശ (റ) സൈന്യസന്നാഹത്തോടു കൂടി ഇറാഖിലേക്ക് പുറപ്പെട്ടു. ഇറാഖിലെ ജനങ്ങളെ തന്‍റെ കീഴില്‍ കൊണ്ടുവരികയും അവിടത്തെ സമൃദ്ധമായ ബൈത്തുല്‍മാല്‍ അധീനപ്പെടുത്തുകയുമായിരുന്നു അപ്പോൾ അവരുടെ ഉദ്ദേശ്യം. ആയിശ(റ) യുടെ നേതൃത്വത്തിലുള്ള ആപല്‍ക്കരമായ പുറപ്പാട് അറിഞ്ഞ അലി (റ) സൈന്യസമേതം ഇറാഖിലേക്ക് പുറപ്പെട്ടു. ഇറാഖില്‍വെച്ച് ഇരു സൈന്യവും ഏറ്റു മുട്ടി. സുബൈര്‍ (റ) ത്വല്‍ത്ത് (റ) ഖബ്ബാബ് (റ) തുടങ്ങിയ പ്രസിദ്ധരായ സഹാബിമാര്‍ അടക്കം ആയിരക്കണക്കില്‍ മുസ്ലിംകള്‍ രണ്ടു ചേരിയില്‍ നിന്നുമായി വധിക്കപ്പെട്ടു. ഇസ്ലാമിക ചരിത്രത്തില്‍ കദനത്തിന്‍റെ കാളിമ പരന്ന ദുഃഖദായകമായ ഒരു സംബവമായിരുന്നു അത്. യുദ്ധത്തിന്‍റെ അന്ത്യപരിണാമം അലി (റ) ക്ക് അനുകൂലമായിരുന്നു. സ്വന്തം പക്ഷക്കാരനും സഹോദരനുമായിരുന്ന മുഹമ്മദ് ഇബ്നു അബീബക്കറിനെ ആയിശ (റ)യുടെ സംരക്ഷണത്തിന്ന് പ്രത്യേകമായി ഏല്‍പ്പിച്ചു. യുദ്ധക്കളത്തില്‍ നിന്ന് ഓടിപ്പോകുന്നവരെ ഉപദ്രവിക്കരുതെന്നും ശത്രുക്ഷക്കാരുടെ സമ്പത്ത് പിടിച്ചെടുക്കരുതെന്നും ആയുധം വെച്ച് കീഴടങ്ങുന്നവര്‍ക്ക് അഭയം നല്‍കണമെന്നും അലി (റ) കല്‍പ്പന പുറപ്പെടുവിച്ചു. അനന്തരം അലി (റ) ആയിശ (റ) യുടെ അടുത്ത്ചെന്നു സുഖസൗകര്യങ്ങള്‍ അന്യേഷിച്ചു. അവരെ ബഹുമാന പുരസ്സരം മുഹമ്മദ് ഇബ്നു അബീബക്കറിന്‍റെ സംരക്ഷണത്തില്‍ സുരക്ഷിതമായി മദീനയിലെത്തിച്ചു. പ്രസ്തുത യുദ്ധത്തില്‍ ആയിശ (റ) ഒരു ഒട്ടകപ്പുറത്തു ഇരുന്നുകൊണ്ടായിരുന്നു യുദ്ധം നയിച്ചിരുന്നത്. അത് നിമിത്തം ഈ യുദ്ധത്തിന് ജമല്‍ യുദ്ധം (ഒട്ടക യുദ്ധം) എന്ന് പേര്‍ സിദ്ധിച്ചു.

        പിന്നീട് ഖലീഫ കൂഫയില്‍ പ്രവേശിച്ചു ഗവര്‍ണ്ണറുടെ കൊട്ടാരം ഖലീഫയുടെ സൗകര്യത്തിന്നു വേണ്ടി അവിടത്തുകാര്‍ സജ്ജമാക്കിയിരുന്നു. ആഡംബരം ഇഷ്ടപ്പെടാത്ത അദ്ദേഹം അത് തിരസ്കരിച്ചു. അലി (റ) സൈനികരോടൊപ്പം താവളത്തില്‍തന്നെ താമസിച്ചു. അന്നുമുതല്‍ ഖലീഫയുടെ ആസ്ഥാനം ഇറാഖായി തീര്‍ന്നു. അലി (റ) മുആവിയാ (റ) യെ സമാധാനത്തിന്‍റെയും അനുസരണത്തിന്‍റെയും മാര്‍ഗ്ഗത്തിലേക്ക് ക്ഷണിച്ചുകൊണ്ട് ഒരു കത്തയച്ചു. കത്തില്‍ പറഞ്ഞു: “എന്നോട് ബൈഅത്ത് ചെയ്യേണ്ടത് നിങ്ങളുടേയും നിങ്ങളുടെ കൂടെയുള്ള മുസ്ലിംകളുടേയും കടമയാകുന്നു. എന്തുകൊണ്ടെന്നാൽ എന്നെ ഖലീഫയായി തിരഞ്ഞെടുത്തത് മുഹാജിറുകളും അന്‍സാരികളും ഐക്യകണ്ഠേനയാണ്. അവര്‍ തന്നെയാണ് അബൂബക്കര്‍ (റ) യേയും ഉമര്‍ (റ) യേയും തിരഞ്ഞെടുത്തത്. ഖലീഫയെന്ന നിലക്ക് എന്നെ അംഗീകരിക്കാതെ അക്രമത്തിനും മത്സരത്തിനും പുറപ്പെട്ടവരെ നിര്‍ബന്ധപൂര്‍വ്വം കീഴ്പെടുത്തേണ്ടത് എന്‍റെ കടമയാകുന്നു. അതുകൊണ്ട്  എനിക്കു ബൈഅത്തു ചെയ്യുക. അല്ലാത്ത പക്ഷം യുദ്ധത്തിന് ഒരുങ്ങിക്കൊള്ളുക. ഉസ്മാന്‍ (റ) യുടെ കൊലപാതകം സ്വാർത്ഥ താല്പര്യത്തിനു വേണ്ടി ഉപയോഗിക്കുകയാണ് താങ്കള്‍. പ്രതികാരത്തില്‍ താങ്കള്‍ക്ക് ആത്മാര്‍ഥമായ താല്‍പര്യമുണ്ടെങ്കെില്‍ ഒന്നാമത് എനിക്ക് കീഴൊതുങ്ങുകയായിരുന്നു ചെയ്യേണ്ടത്. അനന്തരം ന്യായാനുസരണ വിചാരണക്ക് അക്കാര്യം സമര്‍പ്പിക്കുകയും വേണം. എങ്കില്‍ അല്ലാഹുവിന്‍റെ കിത്താബും നബി (സ) യുടെ ചര്യയുമനുസരിച്ചു ഞാന്‍ വിധി നടത്തുന്നതായിരിക്കും. അങ്ങനെ ചെയ്യാതെ നിങ്ങള്‍ അവലംബിച്ച മാര്‍ഗം വഞ്ചനാപരമാകുന്നു”. ഖലീഫാ ഉസ്മാന്‍ (റ) ന്‍റെ ഘാതകരെ ഞങ്ങൾക് ഏല്‍പ്പിച്ചുതന്നാല്‍ ഞങ്ങള്‍ അലി (റ) യെ ഖലീഫയായി അംഗീകരിക്കാമെന്നായിരുന്നു മുആവിയാ (റ) യുടെ മറുപടിയുടെ ഉള്ളടക്കം. കത്തുമായി വന്ന അബു മുസ്ലിമിനോട് നാളെ പുലര്‍ച്ചക്ക് മറുപടിതരാം എന്ന് പറഞ്ഞു. പിറ്റേന്നു കാലത്ത് അബൂ മുസ്ലിം കകാഴ്ച്ച പരിഭ്രമജനകമായിരുന്നു. ആയുധധാരികളായ പതിനായിരത്തോളം ഭടന്‍മാര്‍ അബൂ മുസ്ലിമിനെ കണ്ടപ്പോള്‍ ഇങ്ങനെ വിളിച്ചു പറഞ്ഞു: “ഞങ്ങള്‍ എല്ലാവരും ഉസ്മാന്‍ (റ) ന്‍റെ കൊലയാളികളാകുന്നു.” ഉസ്മാന്‍ (റ) നെ വധിച്ചവരുടെ കാര്യത്തില്‍ എനിക്ക് എത്രത്തോളം കഴിയുമെന്ന് താങ്കള്‍ക്ക് മനസ്സിലായില്ലേ? എന്ന് ഖലീഫ അദ്ദേഹത്തോട് ചോദിക്കുകയും ചെയ്തു. യഥാര്‍ഥ കൊലയാളികളെ കണ്ടുപിടിക്കാനും മതിയായ തെളിവുകള്‍ ഇല്ലാതെ പോയ സ്ഥിതിക്ക് ആരെ പിടിച്ചേല്‍പ്പിക്കാനാണ്. അലി (റ) വീണ്ടും മുആവിയ (റ) ക്കും സഹായിയായിരുന്ന അംറു ബ്നു ആസി (റ) ക്കും കത്തെഴുതി. “ഭൗതികതാല്‍പര്യങ്ങള്‍ വെടിഞ്ഞു ഖിലാഫത്തിനെ അംഗീകരിക്കണമെന്നും അക്രമത്തില്‍ നിന്നും മത്സരത്തില്‍ നിന്നും പിന്തിരിയണമെന്നും. പക്ഷെ ഫലമുണ്ടായില്ല. യുദ്ധമല്ലാതെ ഗത്യന്തരമില്ലെന്നായി. ഇരുസൈന്യവും ഫുറാത്ത് നദിയുടെ സമീപത്തുള്ള ‘സിഫ്ഫീന്‍‘ എന്ന മൈതാനിയില്‍ തമ്പടിച്ചു. സംഭാഷണങ്ങളും സംഘട്ടനങ്ങളുമായി മാസങ്ങളോളം കഴിച്ചുകൂട്ടി. അനന്തരം യുദ്ധം കഠിനമായി. കണക്കില്ലാത്ത സൈനികര്‍ ഇരുചേരിയിലും മരിച്ചു വീണു. മുആവിയാ (റ) യുടെ സൈന്യം അടിപതറാന്‍ തുടങ്ങി. പരാജയത്തിന്‍റെ വക്കോളമെത്തി. അലി (റ) ജീവ ഭയമില്ലാതെ ശത്രുനിരയിലൂടെ മുന്നേറി മുആവിയാ (റ) യുടെ കൂട്ടത്തിന് സമീപമെത്തി അദ്ദേഹത്തോട് വിളിച്ചു പറഞ്ഞു: “മുആവിയാ, നിരപരാധികളുടെ രക്തം ഒഴുക്കുന്നത് എന്തിന്ന്? നമുക്ക് രുപേര്‍ക്കും നേരിട്ടു ഒരു കൈ നോക്കാമല്ലോ. എന്നിട്ടു പോരെ മുസ്ലിംകളെ കുരുതി കൊടുക്കുന്നത് !” ദ്വന്ദ്വയുദ്ധത്തിനുള്ള വെല്ലുവിളി ! തന്‍റെ പാളയത്തില്‍ അംറുബ്നു ആസി (റ) നിര്‍ബന്ധിച്ചിട്ടുപോലും മുആവിയാ (റ) തെയ്യാറായില്ല എന്ന് പറയപ്പെടുന്നു. യുദ്ധം അതിന്‍റെ കാലാശക്കൊട്ടിലേക്കടുത്തു. മുആവിയാ (റ) യുടെ പക്ഷക്കാര്‍ പരാജയത്തിന്‍റെ വക്കോളമെത്തി. തന്ത്രശാലിയായ മുആവിയ (റ) ഒരു സന്ധി സംഭാഷണത്തിനുള്ള സന്ദേശമയച്ചു. അന്ത്യ പരിണാമത്തോടടുത്ത ഘട്ടത്തില്‍ പരാജയം കണ്ട എതിര്‍കക്ഷി പ്രയോഗിക്കുന്ന തന്ത്രമാണ് അതെന്ന് അലി(റ) ക്ക് അറിയാമായിരുന്നു. അലി(റ) സന്ധിക്ക് സമ്മതിച്ചില്ല. യുദ്ധം തുടരാന്‍ തന്നെ തീരുമാനിച്ചു. അറ്റകൈക്ക് ഒരു തന്ത്രം പ്രയോഗിക്കാന്‍ അംറുബ്നുല്‍ ആസി (റ) തീരുമാനിച്ചു.

        സൈനികരുടെ കൈയില്‍ മുസ്ഹാഫ് കൊടുത്തു. ‘ഖുര്‍ആന്‍റെ തീരുമാനത്തിലേക്ക് വരുവിന്‍’ എന്ന് പ്രഖ്യാപിച്ചുകൊണ്ട് അവര്‍ മുസ്ഹഫ് കുന്തത്തിന്‍മേല്‍ ഉയര്‍ത്തിപ്പിടിച്ചു. ഖുര്‍ആന്‍റെ തീരുമാനത്തിലേക്കുള്ള ക്ഷണം നിരസിക്കാന്‍ അലി (റ) യുടെ പക്ഷക്കാര്‍ തയ്യാറായില്ല. അവര്‍ സന്ധിസംഭാഷണം നടത്താന്‍ അലി (റ) യെ നിര്‍ബന്ധിച്ചു. എതിരാളികളുടെ ദുഷ്ടലാക്കിനെക്കുറിച്ച് അലി (റ) ക്ക് ബോധ്യമുണ്ടായിരുന്നെങ്കിലും അനുയായികളുടെ നിര്‍ബന്ധം അവഗണിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. അദ്ദേഹം സന്ധിക്ക് സമ്മതിച്ചു. സന്ധിസംഭാഷണമനുസരിച്ച് ഖിലാഫത്തധികാരം രണ്ടു മദ്ധ്യസ്ഥരുടെ തീരുമാനത്തിന്ന് വിടാനും അത് രണ്ടു പക്ഷക്കാരും അനുസരിക്കാനു മായിരുന്നു തീരുമാനം. മുആവിയ (റ) യുടെ പക്ഷത്ത് നിന്ന് അംറുബ്നുല്‍ ആസി (റ) യും അലി (റ) യുടെ പക്ഷത്ത് നിന്ന് അബൂമൂസല്‍ അശ്അരി (റ) യുമാണ് മദ്ധ്യസ്ഥരായി നിയമിക്കപ്പെട്ടത്. അവര്‍ ഇങ്ങനെ ഉടമ്പടി തയ്യാറാക്കി: ” അലിയും മുആവിയയും അവരുടെ പക്ഷക്കാരും പൂര്‍ണ സമ്മതപ്രകാരം പരസ്പരം ചെയ്ത കരാറാകുന്നു ഇത്. മദ്ധ്യസ്ഥരായ അബൂമൂസല്‍ അശ്അരിയും അംറുബ്നുല്‍ ആസിയും ഖുര്‍ആനിന്നും നബിചര്യക്കും വിധേയമായി എടുക്കുന്ന നിബന്ധനകള്‍ക്ക് അവര്‍ രണ്ടു കക്ഷിയും വിധേയരായിരിക്കുന്നതാണ്. മദ്ധ്യസ്ഥരുടെ ജീവനും സ്വത്തും സുരക്ഷിതമായിരിക്കേണ്ടതും അവരുടെ തീരുമാനത്തിന്ന് ഐക്യകണ്ഠ്യേന കീഴൊതുങ്ങേണ്ടതുമാകുന്നു. എന്നാല്‍ പരിശുദ്ധ ഖുര്‍ആനിന്നും സുന്നത്തിന്നുമെതിരായി വന്നാല്‍ സ്വീകാര്യമായിരിക്കുന്നതല്ല.” അങ്ങനെ വന്നാല്‍ വീുണ്ടും യുദ്ധം തന്നെയായിരിക്കും.  അല്ലാഹുവിന്‍റെ ദീനിന്‍റെ കാര്യം വിധികല്‍പിക്കാന്‍ അല്ലാഹുവിനല്ലാതെ അവന്‍റെ സൃഷ്ടികള്‍ക്ക് അധികാരമുണ്ടോ? “അല്ലാഹുവിനല്ലാതെ വിധികല്‍പ്പിക്കാന്‍ അധികാരമില്ല” എന്ന് ധ്വനിപ്പിക്കുന്ന ആയത്തുകള്‍ ഓതികൊണ്ടൊരു സംഘം ആളുകള്‍ അലി (റ)യുടെ സൈനികരില്‍ നിന്ന് രംഗത്തുവന്നു. അവരാണ് പിന്നീട് ഖവാരിജുകള്‍ എന്ന പേരില്‍ അറിയപ്പെട്ടത്. അബൂമൂസല്‍ അശ്അരി (റ) യും അംറുബ്നുല്‍ ആസി (റ) യും ദൂമത്തുല്‍ ജന്തല്‍ എന്ന സ്ഥലത്ത് സമ്മേളിച്ചു ചര്‍ച്ച ചെയ്തു തീരുമാനത്തിലെത്തി. “രണ്ടുപേരെയും തല്‍സ്ഥാനത്തു നിന്ന് നീക്കുക. അനന്തരം മുസ്ലിംകള്‍ക്ക് സുസമ്മതനായ ഒരാളെ ഖലീഫയായി തിരഞ്ഞെടുക്കുക” എന്നതായിരുന്നു തീരുമാനം. ജനങ്ങള്‍ സമ്മേളിച്ചു. പ്രഖ്യാപനത്തിനൊരുങ്ങി. അംര്‍ (റ)ന്‍റെ നിര്‍ബന്ധമനുസരിച്ച് അബുമൂസ (റ) മിമ്പറില്‍ കയറി തങ്ങളുടെ തീരുമാനം പ്രഖ്യാപിച്ചു. “സ്നേഹിതന്‍മാരേ, ഞങ്ങള്‍ അലി (റ) യെയും മുആവിയ (റ) യെയും അധികാരത്തില്‍ നിന്ന് നീക്കംചെയ്തിരിക്കുന്നു. പകരം ഒരു പുതിയ തിരഞ്ഞെടുപ്പ് നടത്തുന്നതിന്ന് ഞങ്ങള്‍ ജനനേതാക്കള്‍ക്ക് അധികാരം നല്‍കുന്നു”. അബുമൂസല്‍ അശ്അരി (റ) പ്രഖ്യാപനം പൂര്‍ത്തിയാക്കി മിമ്പറില്‍നിന്നിറങ്ങി. അംറുബ്നുല്‍ആസി (റ) എഴുന്നേറ്റുനിന്ന് ഇങ്ങനെ പറഞ്ഞു: “സ്നേഹിതന്‍മാരേ, നിങ്ങള്‍ കേട്ടുകഴിഞ്ഞല്ലൊ, അബൂമൂസ (റ) അലി (റ) യെ ഖലീഫ പദവിയില്‍ നിന്ന് നീക്കം ചെയ്തിരിക്കുന്നു. ഞാനും അലി (റ) യെ ഒഴിവാക്കുന്നു. പകരം മുആവിയ (റ)യെ ഞാന്‍ സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. അദ്ദേഹം അമീറുല്‍ മുഅ്മിനീന്‍ ഉസ്മാന്‍ (റ) ന്‍റെ അവകാശിയും ഖിലാഫത്തിന്ന് അര്‍ഹനുമാകുന്നു! അംറുബുനുല്‍ ആസ് (റ) ന്‍റെ പ്രഖ്യാപനം കേട്ട അബുമൂസ (റ) അന്ധാളിച്ചുപോയി! എന്തു വഞ്ചനയാണിത്! അദ്ദേഹം കോപാന്ധനായി. അംറുബുനുല്‍ ആസ് (റ) യെ ശകാരിച്ചു. പലരും നിരാശരും വിഷണ്ണരുമായിത്തീര്‍ന്നു. അലി (റ) യും പാര്‍ട്ടിയും സിറിയന്‍ സൈന്യത്തെ നേരിടാന്‍ തീരുമാനിച്ചു. പക്ഷേ തന്‍റെ പക്ഷത്ത് നിന്ന് തെറ്റിപ്പിരിഞ്ഞ ഖവാരിജുകള്‍ നഹര്‍വാനില്‍ കേന്ദ്രീകരിക്കുകയും അബ്ദുല്ലഹിബ്നു വഹബ് എന്ന ഒരാളെ അവരുടെ ഖലീഫയായി തിരഞ്ഞെടുക്കുകയും ചെയ്തു. അവര്‍ അക്രമവും കലാപവും അഴിച്ചുവിട്ടു മുസ്ലിംകളെ നിര്‍ബന്ധിച്ചു തങ്ങളുടെ പക്ഷത്ത് കൊണ്ടുവരികയും അതിന്നു വിസമ്മതിച്ചവരെ അറുകൊല നടത്തുകയും ചെയ്തു. അപകടകരമായ ഈ വാര്‍ത്ത അറിഞ്ഞ അലി (റ) കലാപമൊതുക്കാന്‍ നവര്‍ഹാനിലേക്കാണ് പിന്നീട് പോയത്. ഖവാരിജുകളെ കഴിയുന്നവണ്ണം ഉപദേശിച്ചുനോക്കിയെങ്കിലും വേണ്ടത്ര പ്രയോജനമുായില്ല. ആയുധമെടുക്കുക തന്നെ വേണ്ടിവന്നു. നഹര്‍വാനില്‍ ധീരമായി ചെറുത്തുനിന്ന ആയിരക്കണക്കില്‍ ഖവാരിജുകളെ യുദ്ധം ചെയ്തു തോല്‍പ്പിക്കുകയും അവരുടെ അമീറിനെ വധിക്കുകയും ചെയ്തു. അനന്തരം അലി (റ) യും സൈന്യവും കൂഫയിലേക്ക് മടങ്ങി. അവിടെ താമസമുറപ്പിച്ചു.

        മുസ്ലിം ലോകം ഭിന്നിക്കുകയും അന്തഃഛിദ്രത നടമാടുകയും ചെയ്തു. ഖവാരിജുകള്‍ നഹര്‍വാനില്‍ പരാജയപ്പെട്ടങ്കിലും നാടിന്‍റെ പലഭാഗങ്ങളിലും ചിന്നിച്ചിതറി കുഴപ്പമുണ്ടാക്കാന്‍ ഒരുമ്പെട്ടു! മുസ്ലിം ലോകത്തിലെ മൂന്നു രാഷ്ട്രീയ നേതാക്കളായിരുന്നല്ലൊ അലി (റ), മുആവിയ (റ), അംറുബ്നുല്‍ ആസ് (റ). ഇവരെ മൂന്ന്പേരെയും വധിച്ചു കളയാന്‍ ഖവാരിജുകള്‍ ഗൂഢാലോചന നടത്തി. പ്രസ്തുത ദൗത്യം ഏറ്റെടുത്ത് അബ്ദുറഹ്മാനുബ്നുമുല്‍ജിം, ബാരാക് ഇബ്നു അബ്ദുല്ല, അംറു ബ്നു ബക്കര്‍ എന്നിവര്‍ അലി (റ) , മുആവിയ (റ), അംറുബ്നുല്‍ ആസ് (റ)യെയും കൊല്ലാൻ പുറപ്പെട്ടു. ഇബ്നുമുല്‍ജിം മാത്രം വിജയകരമായി തന്‍റെ ദൗത്യം നിര്‍വ്വഹിച്ചു. സുബ്ഹ് നമസ്കാരത്തിന്ന് പള്ളിയിലേക്ക് പുറപ്പെട്ട അലി (റ) യെ ഇബ്നുമുല്‍ജിം കുത്തി മുറിവേല്‍പ്പിച്ചു. ഹിജ്റ 40 ാം വര്‍ഷം റമദാന്‍ പതിനേഴിന്ന് അദ്ദേഹം വഫാത്തായി. നാലുവര്‍ഷവും ഒമ്പതുമാസവുമായിരുന്നു ഭരണകാലം.

 
 
 
 
 

സ്വഹാബിമാരുടെ ചരിത്രം 2 (അബ്ബാസ് ഇബ്നു അബ്ദുൽമുത്വലിബ് (റ)​)

സ്വഹാബിമാരുടെ ചരിത്രം

അബ്ബാസ് ഇബ്നു അബ്ദുൽമുത്വലിബ് (റ)

         നബി (സ) അബ്ബാസ് (റ)നെ കുറിച്ച് പറയുമായിരുന്നു: “ഇത് എന്‍റെ പിതാക്കളിലെ അവശേഷിപ്പാകുന്നു” .നബി (സ)യും പിതൃവ്യനായ അബ്ബാസ് (റ) യും ഏകദേശം സമപ്രായക്കാരായിരുന്നു. അവര്‍ ബാല്യകാലത്ത്  ഇണപിരിയാത്ത കൂട്ടുകാരുമായിരുന്നു.

        ഉമര്‍ (റ) യുടെ ഭരണകാലത്ത് ഒരിക്കല്‍ കഠിനമായ ക്ഷാമം ബാധിച്ചു. ഒരു തുള്ളി കുടിനീരു ലഭിക്കാതെ പക്ഷിമൃഗാദികള്‍ ചത്തൊടുങ്ങാന്‍ തുടങ്ങി. നാശത്തിന്‍റെ വര്‍ഷം എന്നര്‍ത്ഥം വരുന്ന “ആമുഅ്റമാദ്” എന്ന പേരിലാണ് പ്രസ്തുത വര്‍ഷം അറിയപ്പെട്ടിരുന്നത്. ജനങ്ങള്‍ ഖലീഫയുടെ നേതൃത്വത്തിൽ “ഇസ്തിസ്ഖാഅ്” നമസ്കാ രത്തിനു (മഴക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന പ്രത്യേക നമസ്കാരം) മൈതാനത്തിലേക്ക് പുറപ്പെട്ടു. കൂട്ടത്തില്‍ അബ്ബാസ് (റ) യും ഉണ്ടായിരുന്നു. ഖലീഫാ ഉമര്‍ (റ) അബ്ബാസ് (റ) യുടെ വലതുകൈ ആകാശത്തിലേക്ക് ഉയർത്തിപിടിച്ചുക്കൊണ്ട്  ഇങ്ങനെ പറഞ്ഞു: “നാഥാ, നിന്‍റെ പ്രവാചകന്‍ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നപ്പോൾ അദ്ദേഹത്തെ ഇടനിര്‍ത്തി ഞങ്ങള്‍ മഴക്കുവേണ്ടി പ്രാര്‍ത്ഥിച്ചിരുന്നു. ഇന്നിതാ ഞങ്ങള്‍ നിന്‍റെ പ്രവാചകന്‍റെ പിതൃവ്യനെ ഇടനിര്‍ത്തുന്നു. ഞങ്ങള്‍ക്കു നീ മഴ നല്‍കേണമേ” അനന്തരം അബ്ബാസ് (റ) ന്‍റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന നടന്നു. ജനങ്ങള്‍ പിരിഞ്ഞുപോകുന്നതിനു മുമ്പുതന്നെ ആകാശം മേഘാവൃതമായി.
മഴ ചൊരിഞ്ഞു.

        നബി (സ) അബ്ബാസ് (റ) നെ കുറിച്ച് പറയുമായിരുന്നു: “ഇത് എന്‍റെ പിതാക്കളിലെ അവശേഷിപ്പാകുന്നു”. നബി (സ) യും പിതൃവ്യനായ അബ്ബാസ് (റ)യും ഏകദേശം സമപ്രായക്കാരായിരുന്നു. അവര്‍ ബാല്യകാലത്ത് ഇണപിരിയാത്ത കൂട്ടുകാരുമായിരുന്നു. കഅബാലയത്തിന്ന് ആദ്യമായി പട്ടാട ചാര്‍ത്തിയത് അബ്ബാസ് (റ) ന്‍റെ മാതാവായിരുന്നു. ബാലനായ അബ്ബാസ് (റ) ഒരിക്കല്‍ നാടുവിട്ടുപോയി. ദുഃഖിതയായ മാതാവ് പുത്രനെ തിരിച്ചു കിട്ടാന്‍ വേണ്ടി നേര്‍ച്ചയാക്കിതായിരുന്നുവത്രെ പ്രസ്തുത പട്ടാട. ചെറുപ്പത്തിലെ ബുദ്ധിമാനും സമര്‍ത്ഥനും നിപുണനുമായിരുന്ന അദ്ദേഹം ഖുറൈശികളില്‍ ആദരണീയനായിരുന്നു. തന്‍റെ ബന്ധുമിത്രാദികളുടെ കഷ്ടാരിഷ്ടകള്‍ കണ്ടറിഞ്ഞു സാമ്പത്തികവും ശാരീരികവുമായ സേവനം നിര്‍വ്വഹിക്കുന്നതില്‍ അബ്ബാസ് (റ) മുന്‍പന്തിയിലായിരുന്നു. ദാരിദ്ര്യം പേടിക്കാതെ ധര്‍മ്മം ചെയ്യുന്ന ധര്‍മ്മിഷ്ഠന്‍ കൂടിയായിരുന്നു അദ്ദേഹം!

        മക്കാവിജയം വരെ തന്‍റെ ഇസ്ലാമിക വിശ്വാസം അദ്ദേഹം രഹസ്യമാക്കി വെച്ചു. സഹോദരനായ ഹംസ (റ) യെപോലെ ഇസ്ലാമിന്‍റെ ശത്രുക്കള്‍ക്കെതിരെ അദ്ദേഹം പ്രതിരോധത്തിന്ന് ഒരുമ്പെട്ടില്ല. നബി (സ) യുടെ സേവകനായിരുന്ന അബുറഫീഅ് (റ) പറയുന്നു: “ഞാന്‍ അബ്ബാസ് (റ) ന്‍റെ അടിമയായിരുന്നു. ഞങ്ങളുടെ വീട്ടില്‍ ഇസ്ലാമിന്‍റെ സന്ദേശം നേരത്തെ തന്നെ വന്നെത്തി. അബ്ബാസ് (റ) യും ഉമ്മുല്‍ ഫദലും ഞാനും ഉടനെ ഇസ്ലാം സ്വീകരിക്കുകയും ചെയ്തു”. അബ്ബാസ് (റ) തന്‍റെ വിശ്വാസം മറച്ചുവെക്കുകയാണ് ചെയ്തിരുന്നത്. ഖുറൈശികള്‍ക്ക് അബ്ബാസ് (റ) ന്‍റെ നിലപാടിനെക്കുറിച്ച് സംശയമില്ലാതിരുന്നില്ല. എങ്കിലും അദ്ദേഹത്തിനു നേരെ അത് പ്രകടിപ്പിക്കുവാന്‍ അവര്‍ അശക്തരായിരുന്നു. ബദര്‍ യുദ്ധം ആസന്നമായപ്പോള്‍ അബ്ബാസ് (റ) യെ സംബന്ധിച്ച് അത് ഒരു പരീക്ഷണ ഘട്ടമായിരുന്നു. ഖുറൈശികളുടെ നിര്‍ബന്ധത്തിനു വഴങ്ങി അദ്ദേഹം യുദ്ധത്തിന്ന് പുറപ്പെട്ടു. യുദ്ധം നിര്‍ണായകഘട്ടത്തിലെത്തിയപ്പോള്‍ നബി (സ) തന്‍റെ അനുയായികളോടിങ്ങനെ പറഞ്ഞു: “ബനൂഹാശിമില്‍പെട്ടവരും അല്ലാത്തവരുമായ ചിലര്‍ നിര്‍ബന്ധിതരായാണ് യുദ്ധത്തിന്ന് പുറപ്പെട്ടിരിക്കുന്നത്. അവര്‍ക്ക് നമ്മെ എതിര്‍ക്കണമെന്ന് ആഗ്രഹമില്ല. അത്തരക്കാരെ കണ്ടുമുട്ടിയാൽ നിങ്ങള്‍ വധിക്കരുത്. അബുല്‍ബുഖ്തരിയ്യുബ്നു ഹിശാമിനെയും അബ്ബാസിനെയും നിങ്ങള്‍ വധിക്കരുത്, അവര്‍ നിര്‍ബന്ധിച്ച് ഇറക്കപെട്ടവരാകുന്നു”.

        സുപ്രസിദ്ധമായ രണ്ടാം അഖബാ ഉടമ്പടിക്ക് വേണ്ടി മദീനക്കാരായ എഴുപത്തഞ്ചുപേര്‍ അടങ്ങുന്ന ഒരു പ്രതിനിധി സംഘം ഹജ്ജ്കാലത്ത് മക്കയിലെത്തി. നബി (സ) യെ അവര്‍ മദീനയിലേക്ക് സ്വാഗതം ചെയ്തു. പ്രസ്തുത സംഭവത്തിന്ന് അവര്‍ കളമൊരുക്കിയത് വളരെ രഹസ്യമായിട്ടായിരുന്നു. നിശ്ചിത സ്ഥലത്തേക്ക് നബി (സ) യുടെ കൂടെ അബ്ബാസ് (റ) യും പുറപ്പെട്ടു. നബി (സ) ക്കു വേണ്ടി അദ്ദേഹം അവിടെവെച്ചു സംസാരിക്കുകയും ചെയ്തു. ഈ സംഭവത്തിന്ന് ദൃസാക്ഷിയായിരുന്ന കഅബുബ്നുമാലിക് (റ) പറയുന്നു: “ഞങ്ങള്‍ നിശ്ചിത സ്ഥലത്ത് നബി (സ) യെ പ്രതീക്ഷിച്ച് നേരത്തെ ചെന്നിരുന്നു. നബി (സ) സദസ്സിലേക്ക് ആഗതനായി. കൂടെ പിതൃവ്യന്‍ അബ്ബാസ് (റ) യുമുായിരുന്നു. അബ്ബാസ് (റ) ഞങ്ങളോട് സംസാരിക്കാന്‍ തുടങ്ങി”: “ഖസ്റജ് ഗോത്രക്കാരെ, മുഹമ്മദിനെ നിങ്ങള്‍ക്കറിയാമല്ലോ. അവനിന്ന് ധാരാളം ശത്രുക്കളുണ്ട്. അവരില്‍ നിന്ന് ഞങ്ങള്‍ അവനെ സംരക്ഷിക്കുന്നു. അവന്‍ സ്വന്തം നാട്ടിലും ജനതയിലും മാന്യനും അഭിമാനിയും മാകുന്നു. ഇന്നവന്‍ നിങ്ങളുടെ നാട്ടിലേക്ക് പ്രയാണം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. നിങ്ങള്‍ അവനെ ക്ഷണിച്ച് കൊണ്ടുപോയതിനു ശേഷം സംരക്ഷണം നല്‍കുകയും ശത്രുക്കളില്‍ നിന്ന് അഭയം നല്‍കുകയും ചെയ്താല്‍ വളരെ നല്ലത്. നേരെ മറിച്ച് ശത്രുക്കള്‍ക്ക് വിട്ട് കൊടുക്കുകയും നിന്ദിക്കുകയും ചെയ്യുന്നുവെങ്കില്‍ ഇപ്പോള്‍ തന്നെ അവനെ പാട്ടിന് വിടുന്നതായിരിക്കും നല്ലത്”. അനന്തരം അബ്ബാസ് (റ) അന്‍സാരികളോട് അവരുടെ യുദ്ധപാരമ്പര്യം വിശദീകരിക്കാന്‍ ആവ്ശ്യപ്പെട്ടു. ദീര്‍ഘവീക്ഷണമുള്ള അബ്ബാസ് (റ)ക്ക് ഇസ്ലാമിന്‍റെ ദുര്‍ഘട ഭാവിയെക്കുറിച്ച് ബോധമുണ്ടായിരുന്നു . ഖുറൈശികള്‍ അവരുടെ പാരമ്പര്യമതം കൈവെടിയുകയോ പുതിയ മതത്തിന്ന് നേരെ സഹിഷ്ണുത കാണിക്കുകയോ ചെയ്യുകയില്ലെന്നും ഇസ്ലാം ഉത്തരോത്തരം വളര്‍ച്ചയിലേക്ക് കുതിക്കുമെന്നും ഇത്തരുണത്തില്‍ പരസ്പരം യുദ്ധം അനിവാര്യമായി ത്തീരുന്നതാണെന്നും അദ്ദേഹം മനസ്സിലാക്കി. അന്‍സാരികള്‍ അവരുടെ രണപാടവം വിശദീകരിക്കാന്‍ തുടങ്ങി. അബ്ദുല്ലാഹിബ്നു അംറ് (റ) പറഞ്ഞു; “ഞങ്ങള്‍ യുദ്ധ പാരമ്പര്യമുള്ളവരാണ്. ഞങ്ങളുടെ പ്രാതലും വ്യായാമവും യുദ്ധമാകുന്നു. പൂര്‍വ്വപിതാക്കളില്‍ നിന്ന് അനന്തരമായി ഞങ്ങള്‍ക്ക് ലഭിച്ചതാണത്. ആവനായി തീരുന്നതുവരെ ഞങ്ങള്‍ അസ്ത്രം പ്രയോഗിക്കും. അത് കഴിഞ്ഞാല്‍ വാളെടുക്കും, രണ്ടിലൊരാളുടെ കഥ കഴിയുന്നത് വരെ അത് പ്രയോഗിക്കും”. അബ്ബാസ് (റ) പറഞ്ഞു: “ശരി, നിങ്ങള്‍ യോദ്ധാക്കള്‍ തന്നെ. നിങ്ങള്‍ കവചം ഉപയോഗിക്കാറുണ്ടോ?” അബ്ദുല്ലാഹിബ്നു അംറ് (റ) പറഞ്ഞു “അതെ, ഞങ്ങള്‍ക്ക് ശരീരം മൂടിനില്‍ക്കുന്ന കവചമുണ്ട്”.

        ഹിജിറ എട്ടാം വര്‍ഷം മക്ക മുസ്ലിംകള്‍ക്ക് അധീനപ്പെട്ടു. ഇസ്ലാമിന്‍റെ അടിക്കടിയുള്ള വളര്‍ച്ച അംഗീകരിക്കാന്‍ തയ്യാറില്ലാത്ത അര്‍ദ്ധദ്വീപിലെ ഹമാസിന്‍, സഖീഫ്, നസര്‍, ജൂശം എന്നീ ഗോത്രക്കാര്‍ ഇസ്ലാമിന്നെതിരെ പടക്ക് പുറപ്പെട്ടു. പ്രസ്തുത സമരം ഹുനൈന്‍ എന്ന പേരില്‍ അറിയപ്പെടുന്നു. മുസ്ലിംകള്‍ക്ക് അതിതീക്ഷണമായ പരീക്ഷണത്തിന്ന് വിധേയമായ ഈ സമരത്തില്‍ നബി (സ) യോടൊപ്പം കാലിടറാതെ രണാങ്കണത്തില്‍ നിലയുറപ്പിച്ച ചുരുക്കം ചിലരില്‍ അബ്ബാസ് (റ) യും പുത്രന്‍ ഫദ്ല്‍ (റ)യും ഉണ്ടായിരുന്നു. ഈ യുദ്ധത്തെക്കുറിച്ച് പരിശുദ്ധ ഖുര്‍ആന്‍ ഇങ്ങനെപറയുന്നു:
“വളരെ യുദ്ധങ്ങളില്‍ അല്ലാഹു നിങ്ങളെ സഹായിച്ചിട്ടു്. നിങ്ങളുടെ ആധിക്യം നിങ്ങളെ സന്തുഷ്ടരാക്കിയ (ഹുനൈന്‍ യുദ്ധദിവസം ഒന്ന്ഓര്‍ത്തുനോക്കൂ) നിങ്ങളുടെ ആധിക്യമാവട്ടെ, ഒരു പ്രകാരത്തിലും നിങ്ങള്‍ക്ക് ഒട്ടും ഉപകരിച്ചതുമില്ല. വിശാലമായ ഭൂമി നിങ്ങള്‍ക്ക് ഇടുങ്ങിയാതായി തോന്നി. നിങ്ങള്‍ പിന്തിരിഞ്ഞോടി. പിന്നീട് പ്രവാചകനും അവന്‍റെഅനുയായികള്‍ക്കും അല്ലാഹു സഹായമിറക്കിക്കൊടുത്തു. നിങ്ങള്‍ക്ക്കാണാന്‍ കഴിയാത്ത ഒരു സൈന്യത്തെ അവന്‍ ഇറക്കുകയും അവിശ്വാസികളെ ശിക്ഷിക്കുകയും ചെയ്തു, അതാണ് അവിശ്വാസികള്‍ക്കുള്ള ശിക്ഷ”.
മുസ്ലിംകള്‍ ശത്രുസൈന്യത്തെ പ്രതീക്ഷിച്ചു പര്‍വ്വതപ്രാന്തത്തില്‍ നിലയുറപ്പിച്ചു. ശത്രുക്കളാവട്ടെ, അവരെ മറികടന്നു പതിയിരിക്കുന്നുണ്ടായിരുന്നു. തക്കംനോക്കി അവര്‍ മുസ്ലിം സൈന്യത്തിന്‍റെ മേല്‍ ചാടിവീണു. ഓര്‍ക്കാപ്പുറത്തേറ്റ പ്രഹരം അവരുടെ അണിതകര്‍ത്തു കളഞ്ഞു. വളരെ പേര്‍ പിന്തിരിഞ്ഞോടി. നബി (സ) യുടെ സാന്നിധ്യത്തില്‍ അബൂബക്കര്‍(റ) ഉമര്‍(റ), അലി(റ), അബ്ബാസ്(റ), ഫദല്‍(റ), ജഅഫറുബ്നു ഹാരിസ്(റ), റബീഅത്ത് (റ), ഉസാമ (റ) പോലെയുള്ളവര്‍ മാത്രമേ അവശേഷിച്ചിരുന്നുള്ളു. ധീരയായ ഒരു മഹിളാരത്നമായിരുന്ന ഉമ്മുസുലൈമി (റ) ന്‍റെ ചരിത്രം ഇവിടെ പ്രസക്തമാകുന്നു. ഊരിപ്പിടിച്ച കഠാരിയുമായി പൂര്‍ണ്ണഗര്‍ഭിണിയായ അവര്‍ തന്‍റെ ഭര്‍ത്താവായ അബൂത്വല്‍ഹ (റ) യുടെ ഒട്ടകപ്പുറത്ത് കയറി നബി (സ) യുടെഅടുത്തേക്ക് കുതിച്ചു. ഇളകിക്കൊണ്ടിരിക്കുന്ന അവരുടെ വയര്‍ ഒരു പുതപ്പിന്‍റെ കഷ്ണം കൊണ്ട് അവര്‍ കെട്ടി മുറുക്കിയിരുന്നു, അവരെ കണ്ടപ്പോൾ
നബി (സ) സുസ്മേരവദനനായിക്കൊ് ചോദിച്ചു. “ആരിത്! ഉമ്മുസുലൈമയോ?” അവര്‍ പറഞ്ഞു; “അതെ, പിന്തിരിഞ്ഞ് ഓടുന്ന നമ്മുടെ ആള്‍ക്കാരോട് ശത്രുക്കളോടെന്നപോലെ ഞാന്‍ യുദ്ധം ചെയ്യും! അവര്‍ അതര്‍ഹിക്കുന്നു”. ധൈര്യവതിയായ ആ മഹിളാരത്നത്തെ നബി (സ) സമാധാനിപ്പിച്ചു: “നമുക്ക് അല്ലാഹു തുണയുണ്ട്. അവന്‍ ഉത്തമനും മതിയായവനുമാകുന്നു”.  മുസ്ലിം സൈന്യം ഭയചകിതരായി പിന്തിരിഞ്ഞ് ഓടിയപ്പോള്‍ അബ്ബാസ് (റ) നബി (സ) യുടെ അടുത്ത് തന്നെഉണ്ടായിരുന്നു, മരണത്തിന്‍റെ കറുത്ത മുഖം അവരെ തുറിച്ചു നോക്കികൊണ്ടിരുന്നു. നബി (സ) അവരോട് ഉച്ചത്തില്‍ വിളിച്ചുപറയാന്‍ ആഞ്ജാപിച്ചു. അതികായനും വലിയ ശബ്ദമുള്ള ആളുമായിരുന്നു അദ്ദേഹം. പിന്തിരിഞ്ഞോടുന്ന സൈന്യത്തെ അദ്ദേഹം ഉച്ചത്തില്‍ വിളിച്ചു: “അന്‍സാരികളേ! അഖബാ ഉടമ്പടിയുടെ ആള്‍ക്കാരെ!” അബ്ബാസ് (റ) ന്‍റെ ശബ്ദം കര്‍ണ്ണങ്ങളില്‍ ചെന്നലച്ച മുസ്ലിം സൈന്യം ഒന്നടങ്കം “ലബൈക്ക്…ലബൈക്ക” എന്ന് ആര്‍ത്തു വിളിച്ചുകൊണ്ട് തിരിച്ചുവന്നു. അതോടെ സമരരംഗം ചൂടായി. മുസ്ലിംകള്‍ ആധിപത്യം പുലര്‍ത്താന്‍ തുടങ്ങി. ശത്രുക്കള്‍ അരിഞ്ഞു വീഴ്ത്തപ്പെട്ടു. ലാത്തയുടെ പടയാളികള്‍ പരാജിതരായി!

        നബി (സ) ക്ക് തന്‍റെ പിതൃവ്യനോട് അളവറ്റ സ്നേഹമായിരുന്നു. ബദര്‍ യുദ്ധത്തില്‍ മുസ്ലിംകള്‍ ബന്ധനസ്ഥരാക്കിയ ശത്രുക്കളുടെ കൂട്ടത്തില്‍ അബ്ബാസ് (റ)യും ഉണ്ടായിരുന്നു. അര്‍ദ്ധരാത്രിയില്‍ ബന്ധനസ്ഥരുടെ പാളയത്തില്‍ നിന്ന് പിതൃവ്യന്‍റെ ദീനരോദനം കേട്ട നബി (സ) അസ്വസ്ഥനായി. സന്തോഷകരമായ ഒരു വിജയത്തിന്ന് ശേഷവും അസ്വസ്ഥനായി കാണപ്പെട്ട നബി (സ) യോട് അനുയായികള്‍ കാരണമന്യേഷിച്ചു. നബി (സ) പറഞ്ഞു: “ഞാന്‍ അബ്ബാസിന്‍റെ ദീനരോദനം കേള്‍ക്കുന്നു”. അനുയായികളിലൊരാള്‍ അബ്ബാസ് (റ) ന്‍റെ ബന്ധനം അഴിച്ചുകൊടുത്തു. അയാള്‍ മടങ്ങിവന്നു നബി (സ) യോട് പറഞ്ഞു: ഞാന്‍ അബ്ബാസിന്‍റെ കയര്‍ അഴിച്ചു കൊടുത്തിരിക്കുന്നു. നബി (സ) പറഞ്ഞു: “അത് പോരാ, എല്ലാവരുടെയും കെട്ടുകള്‍ അഴിച്ചുകൊടുക്കുക”. അങ്ങനെ ബന്ധനങ്ങള്‍ അഴിക്കപ്പെട്ടു. തന്‍റെ മുമ്പില്‍ ഹാജറാക്കപ്പെട്ട പിതൃവ്യനോട് നബി (സ) പറഞ്ഞു: “അബ്ബാസ്, നിനക്കും നിന്‍റെ സഹോദരപുത്രന്‍ ഉഖൈലിനും ഉത്ത്തുബ്നു അംറിന്നും നീ മോചനദ്രവ്യം നല്‍കി നിങ്ങള്‍ വിമുക്തരാവുക, നീ സമ്പന്നനാണെല്ലോ”. നിരുപാധികം വിമുക്തനാവണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആഗ്രഹം. അദ്ദേഹം നബി (സ) യോട് പറഞ്ഞു; “നബിയേ, ഞാന്‍ മുസ്ലിമായിരുന്നു, ജനങ്ങള്‍ എന്നെ നിര്‍ബന്ധിച്ചിറക്കിയതാണ്!” നബി (സ) അത് വകവെച്ചുകൊടുത്തില്ല. അദ്ദേഹം മോചനദ്രവ്യം നല്‍കി വിമുക്തനാവുകയാണ് ചെയ്തത്.
ഹിജ്റ 32 ല്‍ റജബ് 14ന് വെള്ളിയാഴ്ച്ച അബ്ബാസ് (റ) മദീനയില്‍ നിര്യാതനായി. ഖലീഫ ഉസ്മാന്‍ (റ)യുടെ നേതൃത്വത്തില്‍ മയ്യിത്ത് നമസ്കാരം നിര്‍വ്വഹിച്ചു. ബഖീഇല്‍ മറവുചെയ്യുകയും ചെയ്തു.

 
 
 

സ്വഹാബിമാരുടെ ചരിത്രം ​1 (അബ്ദുല്ലാഹ് ഇബ്നു മസ്ഊദ് (റ)​)

സ്വഹാബിമാരുടെ ചരിത്രം

അബ്ദുല്ലാഹ് ഇബ്നു മസ്ഊദ് (റ)

        നബി (സ) പറഞ്ഞു: “ഇബ്നു മസ്ഊദിന്‍റെ ഉപദേശം നിങ്ങള്‍ സ്വീകരിക്കുക. പരിശുദ്ധ ഖുര്‍ആന്‍ അതിന്‍റെ അവതരണരൂപത്തില്‍ കേള്‍ക്കണമെങ്കില്‍ ഇബ്നുമസ്ഊദ് ഓതുന്നത് കേള്‍ക്കുക. പരിശുദ്ധ ഖുര്‍ആന്‍ തനതായ രൂപത്തില്‍ പാരായണം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഇബ്നു മസ്ഊദിന്‍റെ പക്കല്‍നിന്ന് പഠിക്കുക.”

        ചെറിയ കുട്ടിയായിരുന്ന കാലത്ത് ഉഖ്ബത്തിന്റെ   ആടുകളെ മേയ്ക്കുകയായിരുന്നു  എന്‍റെ ജോലി. ഒരു ദിവസം നബി (സ) യും അബൂബക്കര്‍ (റ) യും എന്‍റെ മേച്ചില്‍ സ്ഥലത്തിലൂടെ നടന്നു പോവുകയായിരുന്നു.  അവര്‍ എന്‍റെ അടുത്തുവന്നു. കുടിക്കാന്‍ കുറച്ച് പാല്‍ ആവശ്യപ്പെട്ടു. ഞാന്‍ പറഞ്ഞു: “ഞാന്‍ ഈ ആടുകളുടെ ഉടമസ്ഥനല്ല, എനിക്ക് പാല്‍ നല്‍കാന്‍ പാടില്ല”.നബി (സ)  ചോദിച്ചു:  “എങ്കില്‍ പ്രസവിക്കാത്ത ഒരാടിനെ കൊണ്ടുവരാമോ?”. ഞാന്‍ ഒരു ചെറിയ ആട്ടിന്‍ കുട്ടിയെ കാണിച്ചുകൊടുത്തു. നബി (സ) അതിന്‍റെ അകിട് തടവിക്കൊണ്ട് അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ച ശേഷം, അബൂബക്കര്‍ (റ) യുടെ കയ്യിലുായിരുന്ന ഒരു കല്‍പാത്രത്തിലേക്ക് പാല്‍ കറന്നെടുത്തു. എന്തൊരല്‍ഭുതം ! ആ ആട്ടിന്‍ കുട്ടി പാല്‍ ചുരത്തി. ശുദ്ധമായ പാല്‍. അവര്‍ അത് കുടിച്ച് ദാഹം തീര്‍ത്തു. ആട്ടിന്‍ കുട്ടിയുടെ അകിട് സാധാരണ നില പ്രാപിക്കുകയും ചെയ്തു. ഇബ്നു മസ്ഊദ് (റ) യുടെ ജീവിതം തന്നെ ഒരു വലിയ അത്ഭുതമായിരുന്നു. മക്കയിലെ പര്‍വ്വത പ്രാന്തങ്ങളില്‍ ആടുമേച്ചു ബാല്യം കഴിച്ച നിര്‍ധനനും വിദ്യാവിഹീനനും പാവപ്പെട്ടവനുമായ ഒരു കൃശഗാത്രന്‍! അനന്തരം ചരിത്രത്തില്‍ മായാത്ത സ്ഥാനം കരസ്ഥമാക്കി മുസ്ലിം സമുദായത്തിന്‍റെ നേതാവായിത്തീര്‍ന്നു. നബി (സ) അര്‍ഖമിന്‍റെ വീട്ടില്‍ വെച്ച് പ്രബോധന പ്രവത്തനം ആരംഭിക്കുന്നതിനു മുമ്പ് തന്നെ ഇബ്നു മസ്ഊദ് (റ) ഇസ്ലാമവലംബിച്ചു. ഇസ്ലാമില്‍ പ്രവേശിച്ച ആറാമത്തെ വ്യക്തിയായിരുന്നു അദ്ദേഹം.

       പരിശുദ്ധ ഖുര്‍ആന്‍ ആദ്യമായി ശത്രുക്കളുടെ സദസ്സില്‍ ചെന്ന് ഉച്ചത്തില്‍ ഓതിക്കേള്‍പ്പിച്ചത് ഇബ്നു മസ്ഊദ് (റ) ആയിരുന്നു. ഒരിക്കല്‍ നബി (സ) യുടെ ചില അനുചരന്‍മാര്‍ മക്കയില്‍ ഇരിക്കുന്നുണ്ടായിരുന്നു, അവര്‍ പലതും സംസാരിച്ചുകൊണ്ടിരുന്നു ,  കൂട്ടത്തില്‍ അവര്‍ പറഞ്ഞു: ഖുറൈശികള്‍ നമ്മുടെ പരിശുദ്ധ ഖുര്‍ആന്‍ ഉച്ചത്തില്‍ ഓതിക്കേട്ടിട്ടില്ലല്ലോ. ആരാണ് അതൊന്ന് അവരുടെ സദസ്സില്‍ പോയി കേള്‍പ്പിക്കുക? ഇബ്നു മസ്ഊദ് (റ) പറഞ്ഞു: ഞാന്‍ കേള്‍പ്പിക്കാം. അവര്‍ പറഞ്ഞു: നീ പോകരുത്. അവര്‍ അക്രമത്തിന് മുതിര്‍ന്നാല്‍ അത് തടയാന്‍ പറ്റിയ ബന്ധുമാത്രാദികളുള്ള ആരെങ്കിലും പോകണം. അദ്ദേഹം പറഞ്ഞു: ഞാന്‍ തന്നെ പോകും. അല്ലാഹു എന്നെ രക്ഷിക്കും. ഇബ്റാഹീം മഖാമിനടുത്ത് ഖുറൈശി പ്രമുഖര്‍ ഇരിക്കുന്നുണ്ടായിരുന്നു. ഇബ്നു മസ്ഊദ് (റ) കയറിച്ചെന്നു. ഉച്ചത്തില്‍ സുന്ദരമായ ശബ്ദത്തില്‍ ബിസ്മി ചൊല്ലി. സൂറത്തു അൽറഹ്മാൻ ഓതാന്‍ തുടങ്ങി. “എന്താണാ ചെക്കന്‍ പറയുന്നത്”, അവര്‍ തമ്മില്‍ തമ്മില്‍ ചോദിച്ചു: “അവന്‍ മുഹമ്മദിന്‍റെ ഖുര്‍ആന്‍ ഓതുകയാണ്” ഒരാള്‍ പറഞ്ഞു. അമ്പടാ അത്രക്കായോ. അവര്‍ എഴുന്നേറ്റ് ചെന്ന് ഇബ്നു മസ്ഊദ് (റ) യെ പിടിച്ച് അടിച്ചു. മുഖം പൊട്ടിച്ചു. അദ്ദേഹം രക്തമൊലിപ്പിച്ചുകൊണ്ടു സ്നേഹിതന്‍മാരുടെ അടുത്ത് മടങ്ങി ചെന്നു. അവര്‍ പറഞ്ഞു: “ഞങ്ങള്‍ ഭയപ്പെട്ടത് തന്നെ സംഭവിച്ചു”. ഇബ്നു മസ്ഊദ് (റ) പറഞ്ഞു: അത് പ്രശ്നമല്ല, “ഞാന്‍ വേണമെങ്കില്‍ നാളെയും അവരുടെ അടുത്ത് ചെന്ന് ഇങ്ങനെ ഓതിക്കേള്‍പ്പിക്കും”.

        ജീവിത ബഹളങ്ങളില്‍ നിന്നെല്ലാം വിമുക്തനായ ഒരു പാവപ്പെട്ടവനായിരുന്നു ഇബ്നു മസ്ഊദ് (റ); പരമദരിദ്രനും. ശാരീരികമായി മെലിഞ്ഞ് ഒട്ടി , നീളം കുറഞ്ഞ ആളും സ്ഥാനമാനങ്ങളില്‍ അപ്രസക്തനുമായിരുന്നു. പക്ഷെ ഇസ്ലാം അദ്ദേഹത്തിന്ന് ദാരിദ്ര്യത്തിന്‍റെ സ്ഥാനത്ത് , കിസ്റായുടെയും ഖൈസറിന്‍റെയും ഖജനാവിനേക്കാള്  വലിയ ഭാഗ്യവും ശാരീരികമായ കഴിവ്കുറവിനു പകരം ഏത് സ്വേഛാധിപതിയെയും കീഴ്പ്പെടുത്താനുള്ള മനക്കരുത്തും നല്‍കി. മാന്യതയും വിജ്ഞാനവും നല്‍കി ഇസ്ലാം അദ്ദേഹത്തെ ചരിത്രത്തിന്‍റെ താളുകളില്‍ മുമ്പന്തിയില്‍ പ്രതിഷ്ഠിച്ചു. യാതനയുടെയും വേദനയുടെയും നീറുന്ന കാലഘട്ടത്തില്‍ പരിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങള്‍ ഭീകരന്‍മാരായ ശത്രുക്കളുടെ മുമ്പില്‍ ഉച്ചത്തില്‍ ഓതി ക്കേള്‍പ്പിച്ച് അക്രമം സഹിച്ചതിന്‍റെ പ്രതിഫലമായി അല്ലാഹു കനിഞ്ഞു നല്‍കിയ സ്ഥാനത്തിന്‍റെ ദൃഷ്ടാന്തമല്ലേ നബി (സ)യുടെ ഈ അംഗീകാരം:നബി (സ) പറഞ്ഞു: “ഇബ്നു മസ്ഊദിന്‍റെ ഉപദേശം നിങ്ങള്‍ സ്വീകരിക്കുക. പരിശുദ്ധ ഖുര്‍ആന്‍ അതിന്‍റെ അവതരണരൂപത്തില്‍ കേള്‍ക്കണമെങ്കില്‍ ഇബ്നുമസ്ഊദ് ഓതുന്നത് കേള്‍ക്കുക. പരിശുദ്ധ ഖുര്‍ആന്‍ തനതായ രൂപത്തില്‍ പാരായണം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഇബ്നു മസ്ഊദിന്‍റെ പക്കല്‍ നിന്ന് പഠിക്കുക”. ഇബ്നു മസ്ഊദ് (റ) ന്‍റെ പരിശുദ്ധ ഖുര്‍ആന്‍ പാരായണം കേള്‍ക്കുന്നത് നബി (സ) ക്ക് വലിയ കൗതുകമായിരുന്നു. നബി (സ) ഒരിക്കല്‍ അദ്ദേഹത്തെ വിളിച്ചു തനിക്ക് പരിശുദ്ധ ഖുര്‍ആന്‍ കേള്‍പ്പിച്ച് തരണമെന്ന് ആവശ്യപ്പെട്ടു. അദ്ദേഹം ചോദിച്ചു: “നിബിയേ ഞാന്‍ അങ്ങയ്ക്ക് ഓതിക്കേള്‍പ്പിക്കുകയോ?! പരിശുദ്ദ ഖുര്‍ആന്‍ അവതരിച്ചത് അങ്ങയ്ക്കല്ലേ?” നബി (സ) പറഞ്ഞു: “മറ്റൊരാളുടെ ഓത്ത് കേള്‍ക്കുന്നത് എനിക്ക് വളരെ ഇഷ്ടമാണ്”. ഇബ്നു മസ്ഊദ് (റ) ഓതാന്‍ തുടങ്ങി. സൂറത്തുന്നിസാഅ് ആയിരുന്നു ഓതിയിരുന്നത്. പരലോകത്തെയും അന്ത്യദിനത്തെയും സ്പര്‍ശിക്കുന്ന ഭാഗമെത്തിയപ്പോള്‍ നബി (സ) പൊട്ടിക്കരഞ്ഞു.

        പരിശുദ്ധ ഖുര്‍ആനെക്കുറിച്ച് അവഗാഢമായ പാണ്ഡിത്യമുായിരുന്നു അദ്ദേഹത്തിന്ന്. അദ്ദേഹം പറയുന്നത് നോക്കൂ:”നബി (സ) യുടെ വായില്‍ നിന്ന് നേരിട്ട് ഞാന്‍ എഴുപതോളം സൂക്തങ്ങള്‍ പഠിച്ചു. ഒരാളും അതില്‍ എന്നോട് കിടമത്സരം നടത്തേണ്ടതില്ല. പരിശുദ്ധ ഖുര്‍ആനിലെ ഓരോ വചനങ്ങളും ഏത് വിഷയത്തെ ക്കുറിച്ചാണ് അവതരിച്ചതെന്ന് എനിക്കറിയാം. അല്ലാഹുവിന്‍റെ ഗ്രന്ഥത്തെക്കുറിച്ച് എന്നെക്കാള്‍ അറിയുന്ന മറ്റാരുമില്ല, കൂടുതല്‍ അറിയുന്ന മറ്റാരെ കുറിച്ച് കേട്ടാലും ഞാന്‍ അയാളുടെ അടുത്ത് എത്തുമായിരുന്നു”. അദ്ദേഹത്തിന്‍റെ പാണ്ഡിത്യം സഹാബിമാര്‍ ശരിക്കും മനസ്സിലാക്കിയിരുന്നു. അബൂമൂസല്‍ അശ്അരി (റ) പറയുന്നു: “ഈ മഹാപണ്ഡിതന്‍ ജീവിച്ചിരിപ്പുള്ളപ്പോള്‍ ദീനിന്‍റെ കാര്യം ഞങ്ങളോട് ചോദിക്കേണ്ടതില്ല.” ഉമര്‍ (റ) പറയുന്നു: “ഇബ്നുമസ്ഊദ് പാണ്ഡിത്യത്തിന്‍റെ നിറകുടമാണ്”. ഹുദൈഫ (റ) പറയുന്നു: “ഔന്നത്യത്തിലും മാര്‍ഗ്ഗദര്‍ശനത്തിലും നടപടി ക്രമത്തിലും ഇത്രത്തോളം നബി (സ)യോട് തുല്യതയുള്ള മറ്റൊരാളേയും ഞാന്‍ കണ്ടിട്ടില്ല. നബി (സ) യുടെ ഭാഗ്യശാലികളായ അനുയായികള്‍ അദ്ദേഹം അല്ലാഹുവിനോട് ഏറ്റവും അടുത്ത ആളാണെന്ന് മനസ്സിലാക്കിയിരുന്നു.

        ഒരു ദിവസം അലി (റ) യും ചില സഹാബി പ്രമുഖരും സംസാരിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു . സഹാബിമാര്‍ അലി (റ) യോട് പറഞ്ഞു: “അമീറുല്‍ മുഅ്മിനീന്‍, സല്‍സ്വഭാവം, അഗാധപാണ്ഡിത്യം, നല്ല സഹവര്‍ത്തിത്വം, അപാരഭക്തി എന്നിവയില്‍ ഇബ്നു മസ്ഊദിനെ കവച്ചുവെക്കുന്ന മറ്റാരെയും ഞങ്ങള്‍ കാണുന്നില്ല”. അലി (റ) ചോദിച്ചു: ഇത് ഹൃദയം അറിഞ്ഞുകൊണ്ടുതന്നെയാണോ  നിങ്ങള്‍ പറയുന്നത്? അവര്‍ പറഞ്ഞു: അതെ. അലി (റ) : അല്ലാഹുവാണ് സത്യം, അദ്ദേഹത്തെക്കുറിച്ച് എന്‍റെ അഭിപ്രായം ഇതിനെക്കാള്‍ വലുതാണ്. അദ്ദേഹം പരിശുദ്ധ ഖുര്‍ആന്‍ ഓതുന്നു. ഹലാലും ഹറാമും വേര്‍തിരിച്ച് വിശദീകരിക്കുകയും ചെയ്യുന്നു. സുന്നത്തും ദീനും ശരിക്കുമറിയുന്ന പണ്ഡിതനുമാണദ്ദേഹം! തന്‍റെ മറ്റു സ്നേഹിതന്‍മാര്‍ക്ക് ലഭിക്കാത്ത പല ഭാഗ്യങ്ങളും അദ്ദേഹത്തിന് നബി (സ) യില്‍ നിന്ന് ലഭിച്ചു. നബി (സ) യുടെ മനസ്സാക്ഷിസൂക്ഷിപ്പുകാരന്‍ എന്നര്‍ത്ഥം വരുന്ന സാഹിബുസ്സവാദ് എന്ന് അവര്‍ അദ്ദേഹത്തെ വിളിച്ചിരുന്നു. നബി (സ) യുടെ വ്യക്തി ജീവിതവുമായി ഇബ്നു മസ്ഊദ് (റ) അത്രമാത്രം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. എപ്പോഴും നബി (സ) യുടെ വീട്ടില്‍ അദ്ദേഹം ഉണ്ടാകും . എപ്പോഴും അവിടെ കടന്നുചെല്ലാന്‍ അനുവാദവും ഉണ്ടായിരുന്നു. യാത്രയിലായാലും നാട്ടിലായാലും നബി (സ) യുമായി അദ്ദേഹം അടുത്തു സഹവസിച്ചു. എല്ലാ യുദ്ധങ്ങളിലും സംബന്ധിക്കുകയും ചെയ്തു. ഇസ്ലാമിന്‍റെ കഠിനശത്രുവായ അബൂജഹലിന്‍റെ വധത്തില്‍ അദ്ദേഹത്തിന്ന് പങ്ക് ഉണ്ടായിരുന്നു.

       ഉമര്‍ (റ) തന്‍റെ ഖിലാഫത്ത് കാലത്ത് അദ്ദേഹത്തെ കൂഫയിലെ ബൈത്തുല്‍മാലിന്‍റെ അധിപനായി നിശ്ചയിച്ചു. കൂഫാനിവാസികളെ ഇങ്ങനെ ഉപദേശിക്കുകയും ചെയ്തു: “എന്‍റെ ഏറ്റവും പ്രിയപ്പെട്ട ഒരു സ്നേഹിതനെയാണ് ഞാന്‍ അങ്ങോട്ട് നിയോഗിച്ചിരിക്കുന്നത്. അദ്ദേഹത്തില്‍ നിന്ന് നിങ്ങള്‍ വിജ്ഞാനം നേടുകയും ദീന്‍ പഠിക്കുകയും ചെയ്യുക”. മറ്റാര്‍ക്കും നേടാന്‍ കഴിയാത്തവിധം അവിടുത്തെ ജനങ്ങളുടെ പ്രീതി അദ്ദേഹം കരസ്ഥമാക്കി. കൂഫക്കാരുടെ ഏകകണ്ഠമായ പ്രീതിക്കു ഭാജനമാവുക എന്നത് അസംഭവ്യമായിരുന്നു! ഉസ്മാന്‍ (റ) തന്‍റെ ഭരണകാലത്ത് അദ്ദേഹത്തെ കൂഫയില്‍ നിന്ന് സ്ഥാനഭ്രഷ്ടനാക്കി. കൂഫക്കാര്‍ അദ്ദേഹത്തോട് അവിടെ തന്നെ നില്‍ക്കാന്‍ ആവശ്യപ്പെടുകയും അദ്ദേഹത്തിന് ആവശ്യമായ സംരക്ഷണം നല്‍കാമെന്ന് വാഗ്ദത്തം ചെയ്യുകയുമുായി. അതിന്ന് അദ്ദേഹം നല്‍കിയ മറുപടി അദ്ദേഹത്തിന്‍റെ നേതൃബഹുമാനത്തെയും അച്ചടക്കത്തെയും വിളിച്ചോതുന്നു. അദ്ദേഹം പറഞ്ഞു: ഉസ്മാന്‍ (റ) യെ അനുസരിക്കേണ്ടത് എന്‍റെ കര്‍ത്തവ്യമാകുന്നു. നാട്ടില്‍ ചില അസ്വസ്ഥതകളും വിനാശങ്ങളും തലപൊക്കാന്‍ അവസരം ആയിട്ടുണ്ടെങ്കിലും , എന്നെകൊണ്ട് അതിന്‍റെ തുടക്കം കുറിക്കുന്നത് ഞാനിഷ്ടപ്പെടുന്നില്ല. ഉസ്മാന്‍ (റ) യും അദ്ദേഹവും തമ്മിലുായിരുന്ന അഭിപ്രായ വ്യത്യാസം അതിന്‍റെ മൂര്‍ദ്ധന്യ ദശയിലെത്തി. അദ്ദേഹത്തിന് ബൈത്തുല്‍മാലില്‍ നിന്നായിരുന്നു ആനുകൂല്യങ്ങള്‍ ഉസ്മാന്‍ (റ) തടഞ്ഞു. എന്നിട്ടും അദ്ദേഹം ഖലീഫയെകുറിച്ച് ഇഷ്ടമില്ലാത്ത ഒരു വാക്കുപോലും ഉപയോഗിച്ചില്ല! മാത്രമല്ല, തന്‍റെ അഭിപ്രായ വ്യത്യാസം നിലനില്‍ക്കെതന്നെ ഖലീഫയെ ക്കുറിച്ച് കേള്‍ക്കുന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ക്ക് അദ്ദേഹം മറുപടി പറയുകയും ചെയ്തു.  ഉസ്മാന്‍ (റ) ന്‍റെ വധത്തെക്കുറിച്ചു കേട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: “ഉസ്മാനെപോലെ ഒരു നല്ല ഖലീഫയെ ഇനി അവര്‍ക്കു ലഭിക്കുകയില്ല”. നബി (സ) സ്വർഗംകൊണ്ടു സുവിശേഷമറിയിച്ച മഹാന്‍മാരായ സഹാബിമാരിൽ ഓരാളായിരുന്നു ഇബ്നു മസ്ഊദ് (റ). നബി (സ) യുടെയും ഖലീഫമാരുടെയും കാലത്ത് നടന്ന എല്ലാ സുപ്രധാന യുദ്ധങ്ങളിലും അദ്ദേഹം പങ്കെടുത്തു. പേര്‍ഷ്യന്‍, റോമാ യുദ്ധങ്ങളിലും അദ്ദേഹം പങ്കുകൊണ്ടു. ഇസ്ലാമിന്‍റെ സുവര്‍ണ്ണദശയില്‍ അനുഗ്രഹീതമായ വിജയങ്ങള്‍ കണ്‍കുളിര്‍ക്കെ കണ്ടുകൊണ്ട് ആ പുണ്യവ്യക്തി മണ്‍മറഞ്ഞു.

നല്ല മരണം (علامات حسن الخاتمة)

നല്ല മരണം
(علامات حسن الخاتمة)

മുഹമ്മദ് സ്വാദിഖ് മദീനി
എഡിറ്റർ : മുഹമ്മദ് കബീർ സലഫി

بسم الله الرحمن الرحيم

മരണമെന്ന മഹാസത്യത്തിന് മുമ്പിൽ മനുഷ്യൻ പകച്ചു നിൽക്കുന്നു. അവന്റെ അറിവും ആൾബലവും സമ്പത്തും അതിനുമുമ്പിൽ നിഷ്പ്രദമാകുന്നു . മരണത്തോടുകൂടി അവന്റെ ജീവിതം അവസാനിക്കുകയല്ല, യഥാർത്ഥ ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ് എന്ന കാര്യത്തകുറിച്ചവൻ ബോധവാനാകേണ്ടതുണ്ട്. അല്ലാഹുവിനെ അംഗീകരിക്കുകയും ആരാധനകൾ സർവ്വവും അവനുമാത്രം സമർപ്പിക്കുകയും ചെയ്യാൻ മനുഷ്യൻ ബാധ്യസ്ഥനാണ്. സത്യവിശ്വാസിക്ക് മരണം ആശ്വാസമാണ്. വിശ്വാസിയായ ഒരാളുടെ സൽപര്യവസാനത്തിന്റെ ചില അടയാളങ്ങളാണ് ഈ ലഘുലേഖയിൽ

 

ഒന്ന് : മരണസമയത്ത് “ശഹാദത്ത്” ഉച്ചരിക്കുക
        നബി (ﷺ) പറഞ്ഞു : “ആരുടെയെങ്കിലും അവസാന വാക്ക് ‘ ലാഇലാഹ് ഇല്ലല്ലാഹ് എന്ന് ആയിരുന്നാൽ അവൻ സ്വർഗത്തിൽ പ്രവേശിച്ചു” (അബു ദാവൂദ്)

രണ്ട് : നെറ്റിത്തടം വിയർത്തുകൊണ്ട് മരണപ്പെടുക
        ബുറൈദ ഇബ്ന് ഖുസബ് رضي الله عنه  വിൽനിന്നും ; അദ്ദേഹം ഖുറാസാനി ലായിരുന്നു. അപ്പോൾ അദ്ദേഹത്തിന്റെ രോഗിയായ ഒരു സഹോദരനെ അദ്ദേഹം സന്ദർശിച്ചു. അദ്ദേഹം മരിക്കുകയും നെറ്റി തടം വിയർക്കുന്നതായും കണ്ടു അപ്പോൾ ബുറൈദ പറഞ്ഞു : അല്ലാഹു അക്ബർ,നബി (ﷺ) പറയുന്നതായി ഞാൻ കേട്ടിരിക്കുന്നു. വിശ്വാസിയുടെ മരണം നെറ്റിത്തടം വിയർത്തുകൊണ്ടായിരിക്കും (അഹ്മദ്)

മൂന്ന് : വെളളിയാഴ്ച്ച രാവിലോ, വെളളിയാഴ്ച പകലിലോ മരണപ്പെടുക
        നബി (ﷺ) പറഞ്ഞു : “വെള്ളിയാഴ്ചയിലോ അല്ലെങ്കിൽ വെള്ളിയാഴ്ച രാവിലെയോ ഏതൊരു മുസ്ലിമും മരിക്കുന്നുണ്ടോ അല്ലാഹു അവനെ ക്വബർ ശിക്ഷയിൽനിന്ന് രക്ഷിക്കാതിരിക്കുകയില്ല” (തിർമുദി)

നാല് : യുദ്ധഭൂമിയിൽവെച്ച് രക്തസാക്ഷിയാകുക
        അല്ലാഹു പറയുന്നു 
“അല്ലാഹുവിന്റെ മാർഗ്ഗത്തിൽ കൊല്ലപ്പെട്ടവരെ മരിച്ച് പോയവരായി നീ ഗണിക്കരുത്. എന്നാൽ അവർ അവരുടെ രക്ഷിതാവിന്റെ അടുക്കൽ ജീവിച്ചിരിക്കുന്നവരാണ്. അവർക്ക് ഉപജീവനം നൽകപ്പെട്ടിരിക്കുന്നു. അല്ലാഹു തന്റെ അനുഗ്രഹത്തിൽ നിന്ന് അവർക്കു നൽകിയതുകൊണ്ട് അവർ സന്തുഷ്ടരായിരിക്കും. തങ്ങളോടൊപ്പം വന്നു ചേർന്നിട്ടില്ലാത്ത, തങ്ങളുടെ പിന്നിൽ (ഇഹലോകത്ത്) കഴിയുന്ന വിശ്വാസികളെപ്പറ്റി, അവർക്ക് യാതൊന്നും ഭയപ്പെടുവാനോ ദുഃഖിക്കാനോ ഇല്ലെന്നോർത്ത്‌ അവർ ആ രക്തസാക്ഷികൾ സന്തോഷമടയുന്നു അല്ലാഹുവിന്റെ അനുഗ്രഹവും ഒൗദാര്യവും കൊണ്ട് അവർ സന്തോഷമടയുന്നു. സത്യവിശ്വാസികളുടെ പ്രതിഫലം അല്ലാഹു പാഴാക്കുകയില്ല എന്നതും അവരെ സന്തുഷ്ടരാക്കുന്നു (ആലു ഇംറാൻ(3): 109,171 ) “
നബി പറഞ്ഞു : “അല്ലാഹുവിന്റെയടുക്കൽ ശഹീദിന് ആറ് ഗുണങ്ങൾ ഉണ്ട്. തന്റെ രക്തം ആദ്യമായി ഇറ്റുന്നതോടുകൂടി പാപങ്ങളെല്ലാം പൊറുക്കപ്പെടുന്നു, സ്വർഗത്തിലുളള തന്റെ ഇരിപ്പിടം കാണുന്നു. ഖബർ ശിക്ഷയിൽനിന്ന് സംരക്ഷിക്കപ്പെടുന്നു. അവൻ ഭീതിയിൽനിന്ന് നിർഭയ നാകുന്നു, ഈമാനിന്റെ പുടവ അണിയിക്കപ്പെടുന്നു, സ്വർഗീയ തരുണി കളിൽനിന്നും വിവാഹം ചെയ്തുകൊടുക്കുന്നു, തന്റെ കുടുംബത്തിൽ നിന്നും എഴുപത് പേർക്ക് ശഫാഅത്ത് ചെയ്യുന്നു (അഹ്മദ്)

അഞ്ച് : അല്ലാഹുവിന്റെ മാർഗത്തിൽ മരണപ്പെടുക, പ്ലേഗ് മുഖേന മരണപെടുക, ഉദര (രോഗം) മുഖന മരണപെടു
        അബൂ ഹുറൈറ رضي الله عنه വിൽ നിന്ന് നിവേദനം : നബി (ﷺ) ചോദിച്ചു : നി ങ്ങളിൽ ഉളള ശഹീദിനെ എങ്ങിനെയാണ് നിങ്ങൾ കണക്കാക്കുന്നത്? അവർ പറഞ്ഞു : അല്ലാഹുവിന്റെ ദൂതരേ, അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ആർ കൊല്ലപ്പെട്ടുവോ അവൻ ശഹീദാകുന്നു. അദ്ദേഹം പറഞ്ഞു ; എങ്കിൽ തീർച്ചയായും എന്റെ സമുദായത്തിൽ ശുഹദാക്കൾ കുറവാകുന്നു. അവർ ചോദിച്ചു : എങ്കിൽ ആരാണ് റസൂലേ അവർ? അദ്ദേഹം പറഞ്ഞു ; അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ആർ കൊല്ലപ്പെട്ടുവോ അവൻ ശഹീദാകുന്നു. പ്ലേഗ് മുഖേനെ ആര് മരണപ്പെട്ടുവോ അവൻ ശഹീദാകുന്നു. ഉദര രോഗം മുഖേന മരണപ്പെട്ടവൻ ശഹീദാണ്. മുങ്ങി മരിച്ചവൻ ശഹീദാണ് (മുസ്ലിം)

ആറ് : മുങ്ങി മരിക്കുക, തകർന്നുവീണ് മരിക്കുക
        നബി(ﷺ) പറഞ്ഞു ; രക്തസാക്ഷികൾ അഞ്ചാകുന്നു ; പ്ലേഗ് ബാധിച്ച് മരണപ്പെട്ടവൻ, ഉദര രോഗം മുഖേന മരണപ്പെട്ടവൻ, മുങ്ങിമരിച്ചവൻ, വല്ല വസ്തുകളും ശരീരത്തിൽ തകർന്ന് വീണ് മരിച്ചവൻ, അല്ലാഹു വിന്റെ മാർഗ്ഗത്തിൽ രക്തസാക്ഷി ആയവൻ (ബുഖാരി)

ഏഴ് : ഗർഭംമൂലം മരണപ്പെടുക
        നബി(ﷺ) പറഞ്ഞു . ഗർഭിണി ഗർഭസ്ഥ ശിശു കാരണമായി മരണപ്പെട്ടാൽ അത് രക്തസാക്ഷിത്വമാണ്. ( മുസ്ലിം )

എട്ട് : തീപൊളളൽ മൂലം മരണപ്പെടുക
        നബി(ﷺ) പറഞ്ഞു : അല്ലാഹുവിന്റെ മാർഗ്ഗത്തിൽ രക്തസാക്ഷികളായവരെ കൂടാതെ ശുഹദാക്കൾ ഏഴെണ്ണമാകുന്നു പ്ലേഗ് ബാധിച്ച് മരണപെട്ടവൻ , മൂങ്ങി മരിച്ചവൻ, പ്ലൂറസി (pleurisy) രോഗം മൂലം മരണപ്പെട്ടവൻ, ഉദര (രോഗം) മുഘേനെ മരണപ്പെട്ടവൻ, തീപൊളളൽ മൂലം മരണപ്പെട്ടവൻ, തകർന്ന് വീണ് അതിന് അടിയിൽ പെട്ട് മരണപ്പെട്ടവൻ, ഗർഭസ്ഥ ശിശു മൂലം മരണമടഞ്ഞവൻ എന്നിവരെല്ലാം ശുഹദാക്കളാകുന്നു. (അബൂ ദാവൂദ്)

ഒൻപത് : സമ്പത്ത് കവർന്നെടുക്കുമ്പോൾ അതിനായുള്ള പ്രതിരോധത്തിൽ മണമടയുക
        നബി(ﷺ) പറഞ്ഞു, തന്റെ സമ്പത്തിനായി ആരെങ്കിലും കെല്ലപ്പെട്ടാൽ അവൻ ശഹീദാണ് ( ബുഖാരി )

പത്ത് : ശരീരം, മതം എന്നിവക്കുവേണ്ടിയുള്ള പ്രതിരോധത്തിൽ  മരണമടയുക
        നബി(ﷺ) പറഞ്ഞു : ആരെങ്കിലും തന്റെ ധനത്തിനാ, കുടുംബ ത്തിനോ, രക്തത്തിനോ മതത്തിനോ ( പ്രതിരോധിക്കുവാൻ ) കൊല്ലപ്പെട്ടാൽ അവൻ രക്തസാക്ഷിയാകുന്നു’ (അബൂദാവൂദ്).

പതിനൊന്ന് : സൽകർമ്മം ചെയ്തുകൊണ്ട് മരണമടയുക
        നബി(ﷺ) പറഞ്ഞു. ആരെങ്കിലും അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ചു കൊണ്ട് ” ലാഇലാഹ ഇല്ലല്ലാഹ്” എന്ന് പറയുകയും അതുകൊണ്ട് അദ്ദേഹതത്തിന്റെ അന്ത്യം ആകുകയും ചെയ്താൽ അദ്ദേഹം സ്വർഗ്ഗത്തിൽ പ്രവേശിച്ചു. ആരെങ്കിലും അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ചുകൊണ്ട് ഒരു ദിവസം നോമ്പനുഷ്ടിക്കുകയും അതുകൊണ്ട് അദ്ദേഹത്തിന്റെ അന്ത്യം ആകുകയും ചെയ്താൽ അദ്ദേഹം സ്വർഗ്ഗത്തിൽ പ്രവേശിച്ചു. ആരെങ്കിലും അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ചു കൊണ്ട് ദാനം നൽകുകയും അതു കൊണ്ട് അദ്ദേഹത്തിന്റെ അന്ത്യം ആകുകയും ചെയ്താൽ അദ്ദേഹം സ്വർഗ്ഗത്തിൽ പ്രവേശിച്ചു. (അഹ്മദ്).

പന്ത്രണ്ട് : അനീതി ചെയ്യുന്ന ഒരു ഭരണാധികാരിയാട് നന്മ കൽപിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുകയും അപ്പോൾ വധിക്കപ്പെടുകയും ചെയ്തയാൾ ശുഹദാക്കളുടെ നേതാവ്
         നബി(ﷺ) പറഞ്ഞു. ശുഹദാക്കളിൽ നേതാവ് ഹംസത് ഇബ്നു അബ്ദുൽ മുത്വലിബും അനീതി ചെയ്യുന്ന ഒരു ഭരണാധികാരിയോട് അടുക്കുകയും നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുകയും അപ്പോൾ വധിക്കപ്പെടുകയും ചെയ്തയാളുമാകുന്നു. (ഹാകിം).

പതിമൂന്നു : ആരെ പുകഴ്തി പറഞ്ഞുവോ അവനു സ്വർഗം അനിവാര്യമായി നിങ്ങൾ ആരെ മോശമാക്കി പറഞ്ഞുവോ അവനു നരകം അനിവാര്യമായി
        പ്രവാചകന്റെ അടുത്തുകൂടെ ഒരു മയ്യിത്ത് കൊണ്ടുപോകപ്പെട്ടു , അപ്പോൾ അതിനെ പുകഴ്ത്തി പറയപ്പെട്ടു അപ്പോൾ നബി(ﷺ) മൂന്ന് തവണ അനിവാര്യമായി എന്ന് പറഞ്ഞു . അപ്രകാരം പ്രവാചകന്റെ അടുത്തുകൂടെ ഒരു മയ്യിത്ത് കൊണ്ടുപോകപ്പെട്ടു, അപ്പോൾ അതിനെ മോശമായി പറയപ്പെട്ടു അപ്പോൾ നബി(ﷺ) മൂന്ന് തവണ അനിവാര്യമായി എന്ന് പറഞ്ഞു . അപ്പോൾ ഉമർ رضي الله عنه  ചോദിച്ചു പ്രവാചകൻ അങ്ങയുടെ അരികിലൂ ടെ ഒരു മയ്യിത്ത് കൊണ്ടു പോകപ്പെടുകയും അതിനെ പുകഴ്ത്തപ്പെടുകും ചെയ്തപ്പോൾ താങ്കൾ മൂന്ന് തവണ അനിവാര്യമായി എന്നു പറയുകയും അപ്രകാരം താങ്കളുടെ അരികിലൂടെ ഒരു മയ്യിത്ത് കൊണ്ടു പോകപ്പെടുകയും അതിനെ മോശമായി പറയപ്പെടുകും ചെയ്തപ്പോൾ താങ്കൾ മൂന്ന് തവണ അനിവാര്യമായി എന്നു പറയുകയും ചെയ്തുവല്ലോ ? നബി(ﷺ) പറഞ്ഞു നിങ്ങൾ ആരെ പുകഴ്ത്തി പറഞ്ഞുവാ അവന് സ്വർഗ്ഗം അനിവാര്യമായി നിങ്ങൾ ആരെ മോശമായി പറഞ്ഞുവാ അവന് നരകം അനിവാര്യമായി തുടർന്ന് നിങ്ങൾ ഭൂമിയിൽ അല്ലാഹുവിന്റെ സാക്ഷികളാകുന്നു എന്ന് മൂന്ന് തവണ ആവർത്തിച്ചു . ( മുസ്ലിം ).

وصلى الله وسلم على خير خلقه نبينا محمد وآله وصحبه أجمعين