സ്വഹാബിമാരുടെ ചരിത്രം
അബ്ദുല്ലാഹ് ഇബ്നു മസ്ഊദ് (റ)
നബി (സ) പറഞ്ഞു: “ഇബ്നു മസ്ഊദിന്‍റെ ഉപദേശം നിങ്ങള്‍ സ്വീകരിക്കുക. പരിശുദ്ധ ഖുര്‍ആന്‍ അതിന്‍റെ അവതരണരൂപത്തില്‍ കേള്‍ക്കണമെങ്കില്‍ ഇബ്നുമസ്ഊദ് ഓതുന്നത് കേള്‍ക്കുക. പരിശുദ്ധ ഖുര്‍ആന്‍ തനതായ രൂപത്തില്‍ പാരായണം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഇബ്നു മസ്ഊദിന്‍റെ പക്കല്‍നിന്ന് പഠിക്കുക.”
ചെറിയ കുട്ടിയായിരുന്ന കാലത്ത് ഉഖ്ബത്തിന്റെ ആടുകളെ മേയ്ക്കുകയായിരുന്നു എന്‍റെ ജോലി. ഒരു ദിവസം നബി (സ) യും അബൂബക്കര്‍ (റ) യും എന്‍റെ മേച്ചില്‍ സ്ഥലത്തിലൂടെ നടന്നു പോവുകയായിരുന്നു. അവര്‍ എന്‍റെ അടുത്തുവന്നു. കുടിക്കാന്‍ കുറച്ച് പാല്‍ ആവശ്യപ്പെട്ടു. ഞാന്‍ പറഞ്ഞു: “ഞാന്‍ ഈ ആടുകളുടെ ഉടമസ്ഥനല്ല, എനിക്ക് പാല്‍ നല്‍കാന്‍ പാടില്ല”.നബി (സ) ചോദിച്ചു: “എങ്കില്‍ പ്രസവിക്കാത്ത ഒരാടിനെ കൊണ്ടുവരാമോ?”. ഞാന്‍ ഒരു ചെറിയ ആട്ടിന്‍ കുട്ടിയെ കാണിച്ചുകൊടുത്തു. നബി (സ) അതിന്‍റെ അകിട് തടവിക്കൊണ്ട് അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ച ശേഷം, അബൂബക്കര്‍ (റ) യുടെ കയ്യിലുായിരുന്ന ഒരു കല്‍പാത്രത്തിലേക്ക് പാല്‍ കറന്നെടുത്തു. എന്തൊരല്‍ഭുതം ! ആ ആട്ടിന്‍ കുട്ടി പാല്‍ ചുരത്തി. ശുദ്ധമായ പാല്‍. അവര്‍ അത് കുടിച്ച് ദാഹം തീര്‍ത്തു. ആട്ടിന്‍ കുട്ടിയുടെ അകിട് സാധാരണ നില പ്രാപിക്കുകയും ചെയ്തു. ഇബ്നു മസ്ഊദ് (റ) യുടെ ജീവിതം തന്നെ ഒരു വലിയ അത്ഭുതമായിരുന്നു. മക്കയിലെ പര്‍വ്വത പ്രാന്തങ്ങളില്‍ ആടുമേച്ചു ബാല്യം കഴിച്ച നിര്‍ധനനും വിദ്യാവിഹീനനും പാവപ്പെട്ടവനുമായ ഒരു കൃശഗാത്രന്‍! അനന്തരം ചരിത്രത്തില്‍ മായാത്ത സ്ഥാനം കരസ്ഥമാക്കി മുസ്ലിം സമുദായത്തിന്‍റെ നേതാവായിത്തീര്‍ന്നു. നബി (സ) അര്‍ഖമിന്‍റെ വീട്ടില്‍ വെച്ച് പ്രബോധന പ്രവത്തനം ആരംഭിക്കുന്നതിനു മുമ്പ് തന്നെ ഇബ്നു മസ്ഊദ് (റ) ഇസ്ലാമവലംബിച്ചു. ഇസ്ലാമില്‍ പ്രവേശിച്ച ആറാമത്തെ വ്യക്തിയായിരുന്നു അദ്ദേഹം.
പരിശുദ്ധ ഖുര്‍ആന്‍ ആദ്യമായി ശത്രുക്കളുടെ സദസ്സില്‍ ചെന്ന് ഉച്ചത്തില്‍ ഓതിക്കേള്‍പ്പിച്ചത് ഇബ്നു മസ്ഊദ് (റ) ആയിരുന്നു. ഒരിക്കല്‍ നബി (സ) യുടെ ചില അനുചരന്‍മാര്‍ മക്കയില്‍ ഇരിക്കുന്നുണ്ടായിരുന്നു, അവര്‍ പലതും സംസാരിച്ചുകൊണ്ടിരുന്നു , കൂട്ടത്തില്‍ അവര്‍ പറഞ്ഞു: ഖുറൈശികള്‍ നമ്മുടെ പരിശുദ്ധ ഖുര്‍ആന്‍ ഉച്ചത്തില്‍ ഓതിക്കേട്ടിട്ടില്ലല്ലോ. ആരാണ് അതൊന്ന് അവരുടെ സദസ്സില്‍ പോയി കേള്‍പ്പിക്കുക? ഇബ്നു മസ്ഊദ് (റ) പറഞ്ഞു: ഞാന്‍ കേള്‍പ്പിക്കാം. അവര്‍ പറഞ്ഞു: നീ പോകരുത്. അവര്‍ അക്രമത്തിന് മുതിര്‍ന്നാല്‍ അത് തടയാന്‍ പറ്റിയ ബന്ധുമാത്രാദികളുള്ള ആരെങ്കിലും പോകണം. അദ്ദേഹം പറഞ്ഞു: ഞാന്‍ തന്നെ പോകും. അല്ലാഹു എന്നെ രക്ഷിക്കും. ഇബ്റാഹീം മഖാമിനടുത്ത് ഖുറൈശി പ്രമുഖര്‍ ഇരിക്കുന്നുണ്ടായിരുന്നു. ഇബ്നു മസ്ഊദ് (റ) കയറിച്ചെന്നു. ഉച്ചത്തില്‍ സുന്ദരമായ ശബ്ദത്തില്‍ ബിസ്മി ചൊല്ലി. സൂറത്തു അൽറഹ്മാൻ ഓതാന്‍ തുടങ്ങി. “എന്താണാ ചെക്കന്‍ പറയുന്നത്”, അവര്‍ തമ്മില്‍ തമ്മില്‍ ചോദിച്ചു: “അവന്‍ മുഹമ്മദിന്‍റെ ഖുര്‍ആന്‍ ഓതുകയാണ്” ഒരാള്‍ പറഞ്ഞു. അമ്പടാ അത്രക്കായോ. അവര്‍ എഴുന്നേറ്റ് ചെന്ന് ഇബ്നു മസ്ഊദ് (റ) യെ പിടിച്ച് അടിച്ചു. മുഖം പൊട്ടിച്ചു. അദ്ദേഹം രക്തമൊലിപ്പിച്ചുകൊണ്ടു സ്നേഹിതന്‍മാരുടെ അടുത്ത് മടങ്ങി ചെന്നു. അവര്‍ പറഞ്ഞു: “ഞങ്ങള്‍ ഭയപ്പെട്ടത് തന്നെ സംഭവിച്ചു”. ഇബ്നു മസ്ഊദ് (റ) പറഞ്ഞു: അത് പ്രശ്നമല്ല, “ഞാന്‍ വേണമെങ്കില്‍ നാളെയും അവരുടെ അടുത്ത് ചെന്ന് ഇങ്ങനെ ഓതിക്കേള്‍പ്പിക്കും”.
ജീവിത ബഹളങ്ങളില്‍ നിന്നെല്ലാം വിമുക്തനായ ഒരു പാവപ്പെട്ടവനായിരുന്നു ഇബ്നു മസ്ഊദ് (റ); പരമദരിദ്രനും. ശാരീരികമായി മെലിഞ്ഞ് ഒട്ടി , നീളം കുറഞ്ഞ ആളും സ്ഥാനമാനങ്ങളില്‍ അപ്രസക്തനുമായിരുന്നു. പക്ഷെ ഇസ്ലാം അദ്ദേഹത്തിന്ന് ദാരിദ്ര്യത്തിന്‍റെ സ്ഥാനത്ത് , കിസ്റായുടെയും ഖൈസറിന്‍റെയും ഖജനാവിനേക്കാള് വലിയ ഭാഗ്യവും ശാരീരികമായ കഴിവ്കുറവിനു പകരം ഏത് സ്വേഛാധിപതിയെയും കീഴ്പ്പെടുത്താനുള്ള മനക്കരുത്തും നല്‍കി. മാന്യതയും വിജ്ഞാനവും നല്‍കി ഇസ്ലാം അദ്ദേഹത്തെ ചരിത്രത്തിന്‍റെ താളുകളില്‍ മുമ്പന്തിയില്‍ പ്രതിഷ്ഠിച്ചു. യാതനയുടെയും വേദനയുടെയും നീറുന്ന കാലഘട്ടത്തില്‍ പരിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങള്‍ ഭീകരന്‍മാരായ ശത്രുക്കളുടെ മുമ്പില്‍ ഉച്ചത്തില്‍ ഓതി ക്കേള്‍പ്പിച്ച് അക്രമം സഹിച്ചതിന്‍റെ പ്രതിഫലമായി അല്ലാഹു കനിഞ്ഞു നല്‍കിയ സ്ഥാനത്തിന്‍റെ ദൃഷ്ടാന്തമല്ലേ നബി (സ)യുടെ ഈ അംഗീകാരം:നബി (സ) പറഞ്ഞു: “ഇബ്നു മസ്ഊദിന്‍റെ ഉപദേശം നിങ്ങള്‍ സ്വീകരിക്കുക. പരിശുദ്ധ ഖുര്‍ആന്‍ അതിന്‍റെ അവതരണരൂപത്തില്‍ കേള്‍ക്കണമെങ്കില്‍ ഇബ്നുമസ്ഊദ് ഓതുന്നത് കേള്‍ക്കുക. പരിശുദ്ധ ഖുര്‍ആന്‍ തനതായ രൂപത്തില്‍ പാരായണം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഇബ്നു മസ്ഊദിന്‍റെ പക്കല്‍ നിന്ന് പഠിക്കുക”. ഇബ്നു മസ്ഊദ് (റ) ന്‍റെ പരിശുദ്ധ ഖുര്‍ആന്‍ പാരായണം കേള്‍ക്കുന്നത് നബി (സ) ക്ക് വലിയ കൗതുകമായിരുന്നു. നബി (സ) ഒരിക്കല്‍ അദ്ദേഹത്തെ വിളിച്ചു തനിക്ക് പരിശുദ്ധ ഖുര്‍ആന്‍ കേള്‍പ്പിച്ച് തരണമെന്ന് ആവശ്യപ്പെട്ടു. അദ്ദേഹം ചോദിച്ചു: “നിബിയേ ഞാന്‍ അങ്ങയ്ക്ക് ഓതിക്കേള്‍പ്പിക്കുകയോ?! പരിശുദ്ദ ഖുര്‍ആന്‍ അവതരിച്ചത് അങ്ങയ്ക്കല്ലേ?” നബി (സ) പറഞ്ഞു: “മറ്റൊരാളുടെ ഓത്ത് കേള്‍ക്കുന്നത് എനിക്ക് വളരെ ഇഷ്ടമാണ്”. ഇബ്നു മസ്ഊദ് (റ) ഓതാന്‍ തുടങ്ങി. സൂറത്തുന്നിസാഅ് ആയിരുന്നു ഓതിയിരുന്നത്. പരലോകത്തെയും അന്ത്യദിനത്തെയും സ്പര്‍ശിക്കുന്ന ഭാഗമെത്തിയപ്പോള്‍ നബി (സ) പൊട്ടിക്കരഞ്ഞു.
പരിശുദ്ധ ഖുര്‍ആനെക്കുറിച്ച് അവഗാഢമായ പാണ്ഡിത്യമുായിരുന്നു അദ്ദേഹത്തിന്ന്. അദ്ദേഹം പറയുന്നത് നോക്കൂ:”നബി (സ) യുടെ വായില്‍ നിന്ന് നേരിട്ട് ഞാന്‍ എഴുപതോളം സൂക്തങ്ങള്‍ പഠിച്ചു. ഒരാളും അതില്‍ എന്നോട് കിടമത്സരം നടത്തേണ്ടതില്ല. പരിശുദ്ധ ഖുര്‍ആനിലെ ഓരോ വചനങ്ങളും ഏത് വിഷയത്തെ ക്കുറിച്ചാണ് അവതരിച്ചതെന്ന് എനിക്കറിയാം. അല്ലാഹുവിന്‍റെ ഗ്രന്ഥത്തെക്കുറിച്ച് എന്നെക്കാള്‍ അറിയുന്ന മറ്റാരുമില്ല, കൂടുതല്‍ അറിയുന്ന മറ്റാരെ കുറിച്ച് കേട്ടാലും ഞാന്‍ അയാളുടെ അടുത്ത് എത്തുമായിരുന്നു”. അദ്ദേഹത്തിന്‍റെ പാണ്ഡിത്യം സഹാബിമാര്‍ ശരിക്കും മനസ്സിലാക്കിയിരുന്നു. അബൂമൂസല്‍ അശ്അരി (റ) പറയുന്നു: “ഈ മഹാപണ്ഡിതന്‍ ജീവിച്ചിരിപ്പുള്ളപ്പോള്‍ ദീനിന്‍റെ കാര്യം ഞങ്ങളോട് ചോദിക്കേണ്ടതില്ല.” ഉമര്‍ (റ) പറയുന്നു: “ഇബ്നുമസ്ഊദ് പാണ്ഡിത്യത്തിന്‍റെ നിറകുടമാണ്”. ഹുദൈഫ (റ) പറയുന്നു: “ഔന്നത്യത്തിലും മാര്‍ഗ്ഗദര്‍ശനത്തിലും നടപടി ക്രമത്തിലും ഇത്രത്തോളം നബി (സ)യോട് തുല്യതയുള്ള മറ്റൊരാളേയും ഞാന്‍ കണ്ടിട്ടില്ല. നബി (സ) യുടെ ഭാഗ്യശാലികളായ അനുയായികള്‍ അദ്ദേഹം അല്ലാഹുവിനോട് ഏറ്റവും അടുത്ത ആളാണെന്ന് മനസ്സിലാക്കിയിരുന്നു.
ഒരു ദിവസം അലി (റ) യും ചില സഹാബി പ്രമുഖരും സംസാരിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു . സഹാബിമാര്‍ അലി (റ) യോട് പറഞ്ഞു: “അമീറുല്‍ മുഅ്മിനീന്‍, സല്‍സ്വഭാവം, അഗാധപാണ്ഡിത്യം, നല്ല സഹവര്‍ത്തിത്വം, അപാരഭക്തി എന്നിവയില്‍ ഇബ്നു മസ്ഊദിനെ കവച്ചുവെക്കുന്ന മറ്റാരെയും ഞങ്ങള്‍ കാണുന്നില്ല”. അലി (റ) ചോദിച്ചു: ഇത് ഹൃദയം അറിഞ്ഞുകൊണ്ടുതന്നെയാണോ നിങ്ങള്‍ പറയുന്നത്? അവര്‍ പറഞ്ഞു: അതെ. അലി (റ) : അല്ലാഹുവാണ് സത്യം, അദ്ദേഹത്തെക്കുറിച്ച് എന്‍റെ അഭിപ്രായം ഇതിനെക്കാള്‍ വലുതാണ്. അദ്ദേഹം പരിശുദ്ധ ഖുര്‍ആന്‍ ഓതുന്നു. ഹലാലും ഹറാമും വേര്‍തിരിച്ച് വിശദീകരിക്കുകയും ചെയ്യുന്നു. സുന്നത്തും ദീനും ശരിക്കുമറിയുന്ന പണ്ഡിതനുമാണദ്ദേഹം! തന്‍റെ മറ്റു സ്നേഹിതന്‍മാര്‍ക്ക് ലഭിക്കാത്ത പല ഭാഗ്യങ്ങളും അദ്ദേഹത്തിന് നബി (സ) യില്‍ നിന്ന് ലഭിച്ചു. നബി (സ) യുടെ മനസ്സാക്ഷിസൂക്ഷിപ്പുകാരന്‍ എന്നര്‍ത്ഥം വരുന്ന സാഹിബുസ്സവാദ് എന്ന് അവര്‍ അദ്ദേഹത്തെ വിളിച്ചിരുന്നു. നബി (സ) യുടെ വ്യക്തി ജീവിതവുമായി ഇബ്നു മസ്ഊദ് (റ) അത്രമാത്രം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. എപ്പോഴും നബി (സ) യുടെ വീട്ടില്‍ അദ്ദേഹം ഉണ്ടാകും . എപ്പോഴും അവിടെ കടന്നുചെല്ലാന്‍ അനുവാദവും ഉണ്ടായിരുന്നു. യാത്രയിലായാലും നാട്ടിലായാലും നബി (സ) യുമായി അദ്ദേഹം അടുത്തു സഹവസിച്ചു. എല്ലാ യുദ്ധങ്ങളിലും സംബന്ധിക്കുകയും ചെയ്തു. ഇസ്ലാമിന്‍റെ കഠിനശത്രുവായ അബൂജഹലിന്‍റെ വധത്തില്‍ അദ്ദേഹത്തിന്ന് പങ്ക് ഉണ്ടായിരുന്നു.
ഉമര്‍ (റ) തന്‍റെ ഖിലാഫത്ത് കാലത്ത് അദ്ദേഹത്തെ കൂഫയിലെ ബൈത്തുല്‍മാലിന്‍റെ അധിപനായി നിശ്ചയിച്ചു. കൂഫാനിവാസികളെ ഇങ്ങനെ ഉപദേശിക്കുകയും ചെയ്തു: “എന്‍റെ ഏറ്റവും പ്രിയപ്പെട്ട ഒരു സ്നേഹിതനെയാണ് ഞാന്‍ അങ്ങോട്ട് നിയോഗിച്ചിരിക്കുന്നത്. അദ്ദേഹത്തില്‍ നിന്ന് നിങ്ങള്‍ വിജ്ഞാനം നേടുകയും ദീന്‍ പഠിക്കുകയും ചെയ്യുക”. മറ്റാര്‍ക്കും നേടാന്‍ കഴിയാത്തവിധം അവിടുത്തെ ജനങ്ങളുടെ പ്രീതി അദ്ദേഹം കരസ്ഥമാക്കി. കൂഫക്കാരുടെ ഏകകണ്ഠമായ പ്രീതിക്കു ഭാജനമാവുക എന്നത് അസംഭവ്യമായിരുന്നു! ഉസ്മാന്‍ (റ) തന്‍റെ ഭരണകാലത്ത് അദ്ദേഹത്തെ കൂഫയില്‍ നിന്ന് സ്ഥാനഭ്രഷ്ടനാക്കി. കൂഫക്കാര്‍ അദ്ദേഹത്തോട് അവിടെ തന്നെ നില്‍ക്കാന്‍ ആവശ്യപ്പെടുകയും അദ്ദേഹത്തിന് ആവശ്യമായ സംരക്ഷണം നല്‍കാമെന്ന് വാഗ്ദത്തം ചെയ്യുകയുമുായി. അതിന്ന് അദ്ദേഹം നല്‍കിയ മറുപടി അദ്ദേഹത്തിന്‍റെ നേതൃബഹുമാനത്തെയും അച്ചടക്കത്തെയും വിളിച്ചോതുന്നു. അദ്ദേഹം പറഞ്ഞു: ഉസ്മാന്‍ (റ) യെ അനുസരിക്കേണ്ടത് എന്‍റെ കര്‍ത്തവ്യമാകുന്നു. നാട്ടില്‍ ചില അസ്വസ്ഥതകളും വിനാശങ്ങളും തലപൊക്കാന്‍ അവസരം ആയിട്ടുണ്ടെങ്കിലും , എന്നെകൊണ്ട് അതിന്‍റെ തുടക്കം കുറിക്കുന്നത് ഞാനിഷ്ടപ്പെടുന്നില്ല. ഉസ്മാന്‍ (റ) യും അദ്ദേഹവും തമ്മിലുായിരുന്ന അഭിപ്രായ വ്യത്യാസം അതിന്‍റെ മൂര്‍ദ്ധന്യ ദശയിലെത്തി. അദ്ദേഹത്തിന് ബൈത്തുല്‍മാലില്‍ നിന്നായിരുന്നു ആനുകൂല്യങ്ങള്‍ ഉസ്മാന്‍ (റ) തടഞ്ഞു. എന്നിട്ടും അദ്ദേഹം ഖലീഫയെകുറിച്ച് ഇഷ്ടമില്ലാത്ത ഒരു വാക്കുപോലും ഉപയോഗിച്ചില്ല! മാത്രമല്ല, തന്‍റെ അഭിപ്രായ വ്യത്യാസം നിലനില്‍ക്കെതന്നെ ഖലീഫയെ ക്കുറിച്ച് കേള്‍ക്കുന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ക്ക് അദ്ദേഹം മറുപടി പറയുകയും ചെയ്തു. ഉസ്മാന്‍ (റ) ന്‍റെ വധത്തെക്കുറിച്ചു കേട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: “ഉസ്മാനെപോലെ ഒരു നല്ല ഖലീഫയെ ഇനി അവര്‍ക്കു ലഭിക്കുകയില്ല”. നബി (സ) സ്വർഗംകൊണ്ടു സുവിശേഷമറിയിച്ച മഹാന്‍മാരായ സഹാബിമാരിൽ ഓരാളായിരുന്നു ഇബ്നു മസ്ഊദ് (റ). നബി (സ) യുടെയും ഖലീഫമാരുടെയും കാലത്ത് നടന്ന എല്ലാ സുപ്രധാന യുദ്ധങ്ങളിലും അദ്ദേഹം പങ്കെടുത്തു. പേര്‍ഷ്യന്‍, റോമാ യുദ്ധങ്ങളിലും അദ്ദേഹം പങ്കുകൊണ്ടു. ഇസ്ലാമിന്‍റെ സുവര്‍ണ്ണദശയില്‍ അനുഗ്രഹീതമായ വിജയങ്ങള്‍ കണ്‍കുളിര്‍ക്കെ കണ്ടുകൊണ്ട് ആ പുണ്യവ്യക്തി മണ്‍മറഞ്ഞു.
Ma sha allah