സ്വഹാബിമാരുടെ ചരിത്രം
അബ്ബാസ് ഇബ്നു അബ്ദുൽമുത്വലിബ് (റ)
നബി (സ) അബ്ബാസ് (റ)നെ കുറിച്ച് പറയുമായിരുന്നു: “ഇത് എന്‍റെ പിതാക്കളിലെ അവശേഷിപ്പാകുന്നു” .നബി (സ)യും പിതൃവ്യനായ അബ്ബാസ് (റ) യും ഏകദേശം സമപ്രായക്കാരായിരുന്നു. അവര്‍ ബാല്യകാലത്ത് ഇണപിരിയാത്ത കൂട്ടുകാരുമായിരുന്നു.
ഉമര്‍ (റ) യുടെ ഭരണകാലത്ത് ഒരിക്കല്‍ കഠിനമായ ക്ഷാമം ബാധിച്ചു. ഒരു തുള്ളി കുടിനീരു ലഭിക്കാതെ പക്ഷിമൃഗാദികള്‍ ചത്തൊടുങ്ങാന്‍ തുടങ്ങി. നാശത്തിന്‍റെ വര്‍ഷം എന്നര്‍ത്ഥം വരുന്ന “ആമുഅ്റമാദ്” എന്ന പേരിലാണ് പ്രസ്തുത വര്‍ഷം അറിയപ്പെട്ടിരുന്നത്. ജനങ്ങള്‍ ഖലീഫയുടെ നേതൃത്വത്തിൽ “ഇസ്തിസ്ഖാഅ്” നമസ്കാ രത്തിനു (മഴക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന പ്രത്യേക നമസ്കാരം) മൈതാനത്തിലേക്ക് പുറപ്പെട്ടു. കൂട്ടത്തില്‍ അബ്ബാസ് (റ) യും ഉണ്ടായിരുന്നു. ഖലീഫാ ഉമര്‍ (റ) അബ്ബാസ് (റ) യുടെ വലതുകൈ ആകാശത്തിലേക്ക് ഉയർത്തിപിടിച്ചുക്കൊണ്ട് ഇങ്ങനെ പറഞ്ഞു: “നാഥാ, നിന്‍റെ പ്രവാചകന്‍ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നപ്പോൾ അദ്ദേഹത്തെ ഇടനിര്‍ത്തി ഞങ്ങള്‍ മഴക്കുവേണ്ടി പ്രാര്‍ത്ഥിച്ചിരുന്നു. ഇന്നിതാ ഞങ്ങള്‍ നിന്‍റെ പ്രവാചകന്‍റെ പിതൃവ്യനെ ഇടനിര്‍ത്തുന്നു. ഞങ്ങള്‍ക്കു നീ മഴ നല്‍കേണമേ” അനന്തരം അബ്ബാസ് (റ) ന്‍റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന നടന്നു. ജനങ്ങള്‍ പിരിഞ്ഞുപോകുന്നതിനു മുമ്പുതന്നെ ആകാശം മേഘാവൃതമായി.
മഴ ചൊരിഞ്ഞു.
നബി (സ) അബ്ബാസ് (റ) നെ കുറിച്ച് പറയുമായിരുന്നു: “ഇത് എന്‍റെ പിതാക്കളിലെ അവശേഷിപ്പാകുന്നു”. നബി (സ) യും പിതൃവ്യനായ അബ്ബാസ് (റ)യും ഏകദേശം സമപ്രായക്കാരായിരുന്നു. അവര്‍ ബാല്യകാലത്ത് ഇണപിരിയാത്ത കൂട്ടുകാരുമായിരുന്നു. കഅബാലയത്തിന്ന് ആദ്യമായി പട്ടാട ചാര്‍ത്തിയത് അബ്ബാസ് (റ) ന്‍റെ മാതാവായിരുന്നു. ബാലനായ അബ്ബാസ് (റ) ഒരിക്കല്‍ നാടുവിട്ടുപോയി. ദുഃഖിതയായ മാതാവ് പുത്രനെ തിരിച്ചു കിട്ടാന്‍ വേണ്ടി നേര്‍ച്ചയാക്കിതായിരുന്നുവത്രെ പ്രസ്തുത പട്ടാട. ചെറുപ്പത്തിലെ ബുദ്ധിമാനും സമര്‍ത്ഥനും നിപുണനുമായിരുന്ന അദ്ദേഹം ഖുറൈശികളില്‍ ആദരണീയനായിരുന്നു. തന്‍റെ ബന്ധുമിത്രാദികളുടെ കഷ്ടാരിഷ്ടകള്‍ കണ്ടറിഞ്ഞു സാമ്പത്തികവും ശാരീരികവുമായ സേവനം നിര്‍വ്വഹിക്കുന്നതില്‍ അബ്ബാസ് (റ) മുന്‍പന്തിയിലായിരുന്നു. ദാരിദ്ര്യം പേടിക്കാതെ ധര്‍മ്മം ചെയ്യുന്ന ധര്‍മ്മിഷ്ഠന്‍ കൂടിയായിരുന്നു അദ്ദേഹം!
മക്കാവിജയം വരെ തന്‍റെ ഇസ്ലാമിക വിശ്വാസം അദ്ദേഹം രഹസ്യമാക്കി വെച്ചു. സഹോദരനായ ഹംസ (റ) യെപോലെ ഇസ്ലാമിന്‍റെ ശത്രുക്കള്‍ക്കെതിരെ അദ്ദേഹം പ്രതിരോധത്തിന്ന് ഒരുമ്പെട്ടില്ല. നബി (സ) യുടെ സേവകനായിരുന്ന അബുറഫീഅ് (റ) പറയുന്നു: “ഞാന്‍ അബ്ബാസ് (റ) ന്‍റെ അടിമയായിരുന്നു. ഞങ്ങളുടെ വീട്ടില്‍ ഇസ്ലാമിന്‍റെ സന്ദേശം നേരത്തെ തന്നെ വന്നെത്തി. അബ്ബാസ് (റ) യും ഉമ്മുല്‍ ഫദലും ഞാനും ഉടനെ ഇസ്ലാം സ്വീകരിക്കുകയും ചെയ്തു”. അബ്ബാസ് (റ) തന്‍റെ വിശ്വാസം മറച്ചുവെക്കുകയാണ് ചെയ്തിരുന്നത്. ഖുറൈശികള്‍ക്ക് അബ്ബാസ് (റ) ന്‍റെ നിലപാടിനെക്കുറിച്ച് സംശയമില്ലാതിരുന്നില്ല. എങ്കിലും അദ്ദേഹത്തിനു നേരെ അത് പ്രകടിപ്പിക്കുവാന്‍ അവര്‍ അശക്തരായിരുന്നു. ബദര്‍ യുദ്ധം ആസന്നമായപ്പോള്‍ അബ്ബാസ് (റ) യെ സംബന്ധിച്ച് അത് ഒരു പരീക്ഷണ ഘട്ടമായിരുന്നു. ഖുറൈശികളുടെ നിര്‍ബന്ധത്തിനു വഴങ്ങി അദ്ദേഹം യുദ്ധത്തിന്ന് പുറപ്പെട്ടു. യുദ്ധം നിര്‍ണായകഘട്ടത്തിലെത്തിയപ്പോള്‍ നബി (സ) തന്‍റെ അനുയായികളോടിങ്ങനെ പറഞ്ഞു: “ബനൂഹാശിമില്‍പെട്ടവരും അല്ലാത്തവരുമായ ചിലര്‍ നിര്‍ബന്ധിതരായാണ് യുദ്ധത്തിന്ന് പുറപ്പെട്ടിരിക്കുന്നത്. അവര്‍ക്ക് നമ്മെ എതിര്‍ക്കണമെന്ന് ആഗ്രഹമില്ല. അത്തരക്കാരെ കണ്ടുമുട്ടിയാൽ നിങ്ങള്‍ വധിക്കരുത്. അബുല്‍ബുഖ്തരിയ്യുബ്നു ഹിശാമിനെയും അബ്ബാസിനെയും നിങ്ങള്‍ വധിക്കരുത്, അവര്‍ നിര്‍ബന്ധിച്ച് ഇറക്കപെട്ടവരാകുന്നു”.
സുപ്രസിദ്ധമായ രണ്ടാം അഖബാ ഉടമ്പടിക്ക് വേണ്ടി മദീനക്കാരായ എഴുപത്തഞ്ചുപേര്‍ അടങ്ങുന്ന ഒരു പ്രതിനിധി സംഘം ഹജ്ജ്കാലത്ത് മക്കയിലെത്തി. നബി (സ) യെ അവര്‍ മദീനയിലേക്ക് സ്വാഗതം ചെയ്തു. പ്രസ്തുത സംഭവത്തിന്ന് അവര്‍ കളമൊരുക്കിയത് വളരെ രഹസ്യമായിട്ടായിരുന്നു. നിശ്ചിത സ്ഥലത്തേക്ക് നബി (സ) യുടെ കൂടെ അബ്ബാസ് (റ) യും പുറപ്പെട്ടു. നബി (സ) ക്കു വേണ്ടി അദ്ദേഹം അവിടെവെച്ചു സംസാരിക്കുകയും ചെയ്തു. ഈ സംഭവത്തിന്ന് ദൃസാക്ഷിയായിരുന്ന കഅബുബ്നുമാലിക് (റ) പറയുന്നു: “ഞങ്ങള്‍ നിശ്ചിത സ്ഥലത്ത് നബി (സ) യെ പ്രതീക്ഷിച്ച് നേരത്തെ ചെന്നിരുന്നു. നബി (സ) സദസ്സിലേക്ക് ആഗതനായി. കൂടെ പിതൃവ്യന്‍ അബ്ബാസ് (റ) യുമുായിരുന്നു. അബ്ബാസ് (റ) ഞങ്ങളോട് സംസാരിക്കാന്‍ തുടങ്ങി”: “ഖസ്റജ് ഗോത്രക്കാരെ, മുഹമ്മദിനെ നിങ്ങള്‍ക്കറിയാമല്ലോ. അവനിന്ന് ധാരാളം ശത്രുക്കളുണ്ട്. അവരില്‍ നിന്ന് ഞങ്ങള്‍ അവനെ സംരക്ഷിക്കുന്നു. അവന്‍ സ്വന്തം നാട്ടിലും ജനതയിലും മാന്യനും അഭിമാനിയും മാകുന്നു. ഇന്നവന്‍ നിങ്ങളുടെ നാട്ടിലേക്ക് പ്രയാണം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. നിങ്ങള്‍ അവനെ ക്ഷണിച്ച് കൊണ്ടുപോയതിനു ശേഷം സംരക്ഷണം നല്‍കുകയും ശത്രുക്കളില്‍ നിന്ന് അഭയം നല്‍കുകയും ചെയ്താല്‍ വളരെ നല്ലത്. നേരെ മറിച്ച് ശത്രുക്കള്‍ക്ക് വിട്ട് കൊടുക്കുകയും നിന്ദിക്കുകയും ചെയ്യുന്നുവെങ്കില്‍ ഇപ്പോള്‍ തന്നെ അവനെ പാട്ടിന് വിടുന്നതായിരിക്കും നല്ലത്”. അനന്തരം അബ്ബാസ് (റ) അന്‍സാരികളോട് അവരുടെ യുദ്ധപാരമ്പര്യം വിശദീകരിക്കാന്‍ ആവ്ശ്യപ്പെട്ടു. ദീര്‍ഘവീക്ഷണമുള്ള അബ്ബാസ് (റ)ക്ക് ഇസ്ലാമിന്‍റെ ദുര്‍ഘട ഭാവിയെക്കുറിച്ച് ബോധമുണ്ടായിരുന്നു . ഖുറൈശികള്‍ അവരുടെ പാരമ്പര്യമതം കൈവെടിയുകയോ പുതിയ മതത്തിന്ന് നേരെ സഹിഷ്ണുത കാണിക്കുകയോ ചെയ്യുകയില്ലെന്നും ഇസ്ലാം ഉത്തരോത്തരം വളര്‍ച്ചയിലേക്ക് കുതിക്കുമെന്നും ഇത്തരുണത്തില്‍ പരസ്പരം യുദ്ധം അനിവാര്യമായി ത്തീരുന്നതാണെന്നും അദ്ദേഹം മനസ്സിലാക്കി. അന്‍സാരികള്‍ അവരുടെ രണപാടവം വിശദീകരിക്കാന്‍ തുടങ്ങി. അബ്ദുല്ലാഹിബ്നു അംറ് (റ) പറഞ്ഞു; “ഞങ്ങള്‍ യുദ്ധ പാരമ്പര്യമുള്ളവരാണ്. ഞങ്ങളുടെ പ്രാതലും വ്യായാമവും യുദ്ധമാകുന്നു. പൂര്‍വ്വപിതാക്കളില്‍ നിന്ന് അനന്തരമായി ഞങ്ങള്‍ക്ക് ലഭിച്ചതാണത്. ആവനായി തീരുന്നതുവരെ ഞങ്ങള്‍ അസ്ത്രം പ്രയോഗിക്കും. അത് കഴിഞ്ഞാല്‍ വാളെടുക്കും, രണ്ടിലൊരാളുടെ കഥ കഴിയുന്നത് വരെ അത് പ്രയോഗിക്കും”. അബ്ബാസ് (റ) പറഞ്ഞു: “ശരി, നിങ്ങള്‍ യോദ്ധാക്കള്‍ തന്നെ. നിങ്ങള്‍ കവചം ഉപയോഗിക്കാറുണ്ടോ?” അബ്ദുല്ലാഹിബ്നു അംറ് (റ) പറഞ്ഞു “അതെ, ഞങ്ങള്‍ക്ക് ശരീരം മൂടിനില്‍ക്കുന്ന കവചമുണ്ട്”.
ഹിജിറ എട്ടാം വര്‍ഷം മക്ക മുസ്ലിംകള്‍ക്ക് അധീനപ്പെട്ടു. ഇസ്ലാമിന്‍റെ അടിക്കടിയുള്ള വളര്‍ച്ച അംഗീകരിക്കാന്‍ തയ്യാറില്ലാത്ത അര്‍ദ്ധദ്വീപിലെ ഹമാസിന്‍, സഖീഫ്, നസര്‍, ജൂശം എന്നീ ഗോത്രക്കാര്‍ ഇസ്ലാമിന്നെതിരെ പടക്ക് പുറപ്പെട്ടു. പ്രസ്തുത സമരം ഹുനൈന്‍ എന്ന പേരില്‍ അറിയപ്പെടുന്നു. മുസ്ലിംകള്‍ക്ക് അതിതീക്ഷണമായ പരീക്ഷണത്തിന്ന് വിധേയമായ ഈ സമരത്തില്‍ നബി (സ) യോടൊപ്പം കാലിടറാതെ രണാങ്കണത്തില്‍ നിലയുറപ്പിച്ച ചുരുക്കം ചിലരില്‍ അബ്ബാസ് (റ) യും പുത്രന്‍ ഫദ്ല്‍ (റ)യും ഉണ്ടായിരുന്നു. ഈ യുദ്ധത്തെക്കുറിച്ച് പരിശുദ്ധ ഖുര്‍ആന്‍ ഇങ്ങനെപറയുന്നു:
“വളരെ യുദ്ധങ്ങളില്‍ അല്ലാഹു നിങ്ങളെ സഹായിച്ചിട്ടു്. നിങ്ങളുടെ ആധിക്യം നിങ്ങളെ സന്തുഷ്ടരാക്കിയ (ഹുനൈന്‍ യുദ്ധദിവസം ഒന്ന്ഓര്‍ത്തുനോക്കൂ) നിങ്ങളുടെ ആധിക്യമാവട്ടെ, ഒരു പ്രകാരത്തിലും നിങ്ങള്‍ക്ക് ഒട്ടും ഉപകരിച്ചതുമില്ല. വിശാലമായ ഭൂമി നിങ്ങള്‍ക്ക് ഇടുങ്ങിയാതായി തോന്നി. നിങ്ങള്‍ പിന്തിരിഞ്ഞോടി. പിന്നീട് പ്രവാചകനും അവന്‍റെഅനുയായികള്‍ക്കും അല്ലാഹു സഹായമിറക്കിക്കൊടുത്തു. നിങ്ങള്‍ക്ക്കാണാന്‍ കഴിയാത്ത ഒരു സൈന്യത്തെ അവന്‍ ഇറക്കുകയും അവിശ്വാസികളെ ശിക്ഷിക്കുകയും ചെയ്തു, അതാണ് അവിശ്വാസികള്‍ക്കുള്ള ശിക്ഷ”.
മുസ്ലിംകള്‍ ശത്രുസൈന്യത്തെ പ്രതീക്ഷിച്ചു പര്‍വ്വതപ്രാന്തത്തില്‍ നിലയുറപ്പിച്ചു. ശത്രുക്കളാവട്ടെ, അവരെ മറികടന്നു പതിയിരിക്കുന്നുണ്ടായിരുന്നു. തക്കംനോക്കി അവര്‍ മുസ്ലിം സൈന്യത്തിന്‍റെ മേല്‍ ചാടിവീണു. ഓര്‍ക്കാപ്പുറത്തേറ്റ പ്രഹരം അവരുടെ അണിതകര്‍ത്തു കളഞ്ഞു. വളരെ പേര്‍ പിന്തിരിഞ്ഞോടി. നബി (സ) യുടെ സാന്നിധ്യത്തില്‍ അബൂബക്കര്‍(റ) ഉമര്‍(റ), അലി(റ), അബ്ബാസ്(റ), ഫദല്‍(റ), ജഅഫറുബ്നു ഹാരിസ്(റ), റബീഅത്ത് (റ), ഉസാമ (റ) പോലെയുള്ളവര്‍ മാത്രമേ അവശേഷിച്ചിരുന്നുള്ളു. ധീരയായ ഒരു മഹിളാരത്നമായിരുന്ന ഉമ്മുസുലൈമി (റ) ന്‍റെ ചരിത്രം ഇവിടെ പ്രസക്തമാകുന്നു. ഊരിപ്പിടിച്ച കഠാരിയുമായി പൂര്‍ണ്ണഗര്‍ഭിണിയായ അവര്‍ തന്‍റെ ഭര്‍ത്താവായ അബൂത്വല്‍ഹ (റ) യുടെ ഒട്ടകപ്പുറത്ത് കയറി നബി (സ) യുടെഅടുത്തേക്ക് കുതിച്ചു. ഇളകിക്കൊണ്ടിരിക്കുന്ന അവരുടെ വയര്‍ ഒരു പുതപ്പിന്‍റെ കഷ്ണം കൊണ്ട് അവര്‍ കെട്ടി മുറുക്കിയിരുന്നു, അവരെ കണ്ടപ്പോൾ നബി (സ) സുസ്മേരവദനനായിക്കൊ് ചോദിച്ചു. “ആരിത്! ഉമ്മുസുലൈമയോ?” അവര്‍ പറഞ്ഞു; “അതെ, പിന്തിരിഞ്ഞ് ഓടുന്ന നമ്മുടെ ആള്‍ക്കാരോട് ശത്രുക്കളോടെന്നപോലെ ഞാന്‍ യുദ്ധം ചെയ്യും! അവര്‍ അതര്‍ഹിക്കുന്നു”. ധൈര്യവതിയായ ആ മഹിളാരത്നത്തെ നബി (സ) സമാധാനിപ്പിച്ചു: “നമുക്ക് അല്ലാഹു തുണയുണ്ട്. അവന്‍ ഉത്തമനും മതിയായവനുമാകുന്നു”. മുസ്ലിം സൈന്യം ഭയചകിതരായി പിന്തിരിഞ്ഞ് ഓടിയപ്പോള്‍ അബ്ബാസ് (റ) നബി (സ) യുടെ അടുത്ത് തന്നെഉണ്ടായിരുന്നു, മരണത്തിന്‍റെ കറുത്ത മുഖം അവരെ തുറിച്ചു നോക്കികൊണ്ടിരുന്നു. നബി (സ) അവരോട് ഉച്ചത്തില്‍ വിളിച്ചുപറയാന്‍ ആഞ്ജാപിച്ചു. അതികായനും വലിയ ശബ്ദമുള്ള ആളുമായിരുന്നു അദ്ദേഹം. പിന്തിരിഞ്ഞോടുന്ന സൈന്യത്തെ അദ്ദേഹം ഉച്ചത്തില്‍ വിളിച്ചു: “അന്‍സാരികളേ! അഖബാ ഉടമ്പടിയുടെ ആള്‍ക്കാരെ!” അബ്ബാസ് (റ) ന്‍റെ ശബ്ദം കര്‍ണ്ണങ്ങളില്‍ ചെന്നലച്ച മുസ്ലിം സൈന്യം ഒന്നടങ്കം “ലബൈക്ക്…ലബൈക്ക” എന്ന് ആര്‍ത്തു വിളിച്ചുകൊണ്ട് തിരിച്ചുവന്നു. അതോടെ സമരരംഗം ചൂടായി. മുസ്ലിംകള്‍ ആധിപത്യം പുലര്‍ത്താന്‍ തുടങ്ങി. ശത്രുക്കള്‍ അരിഞ്ഞു വീഴ്ത്തപ്പെട്ടു. ലാത്തയുടെ പടയാളികള്‍ പരാജിതരായി!
നബി (സ) ക്ക് തന്‍റെ പിതൃവ്യനോട് അളവറ്റ സ്നേഹമായിരുന്നു. ബദര്‍ യുദ്ധത്തില്‍ മുസ്ലിംകള്‍ ബന്ധനസ്ഥരാക്കിയ ശത്രുക്കളുടെ കൂട്ടത്തില്‍ അബ്ബാസ് (റ)യും ഉണ്ടായിരുന്നു. അര്‍ദ്ധരാത്രിയില്‍ ബന്ധനസ്ഥരുടെ പാളയത്തില്‍ നിന്ന് പിതൃവ്യന്‍റെ ദീനരോദനം കേട്ട നബി (സ) അസ്വസ്ഥനായി. സന്തോഷകരമായ ഒരു വിജയത്തിന്ന് ശേഷവും അസ്വസ്ഥനായി കാണപ്പെട്ട നബി (സ) യോട് അനുയായികള്‍ കാരണമന്യേഷിച്ചു. നബി (സ) പറഞ്ഞു: “ഞാന്‍ അബ്ബാസിന്‍റെ ദീനരോദനം കേള്‍ക്കുന്നു”. അനുയായികളിലൊരാള്‍ അബ്ബാസ് (റ) ന്‍റെ ബന്ധനം അഴിച്ചുകൊടുത്തു. അയാള്‍ മടങ്ങിവന്നു നബി (സ) യോട് പറഞ്ഞു: ഞാന്‍ അബ്ബാസിന്‍റെ കയര്‍ അഴിച്ചു കൊടുത്തിരിക്കുന്നു. നബി (സ) പറഞ്ഞു: “അത് പോരാ, എല്ലാവരുടെയും കെട്ടുകള്‍ അഴിച്ചുകൊടുക്കുക”. അങ്ങനെ ബന്ധനങ്ങള്‍ അഴിക്കപ്പെട്ടു. തന്‍റെ മുമ്പില്‍ ഹാജറാക്കപ്പെട്ട പിതൃവ്യനോട് നബി (സ) പറഞ്ഞു: “അബ്ബാസ്, നിനക്കും നിന്‍റെ സഹോദരപുത്രന്‍ ഉഖൈലിനും ഉത്ത്തുബ്നു അംറിന്നും നീ മോചനദ്രവ്യം നല്‍കി നിങ്ങള്‍ വിമുക്തരാവുക, നീ സമ്പന്നനാണെല്ലോ”. നിരുപാധികം വിമുക്തനാവണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആഗ്രഹം. അദ്ദേഹം നബി (സ) യോട് പറഞ്ഞു; “നബിയേ, ഞാന്‍ മുസ്ലിമായിരുന്നു, ജനങ്ങള്‍ എന്നെ നിര്‍ബന്ധിച്ചിറക്കിയതാണ്!” നബി (സ) അത് വകവെച്ചുകൊടുത്തില്ല. അദ്ദേഹം മോചനദ്രവ്യം നല്‍കി വിമുക്തനാവുകയാണ് ചെയ്തത്.
ഹിജ്റ 32 ല്‍ റജബ് 14ന് വെള്ളിയാഴ്ച്ച അബ്ബാസ് (റ) മദീനയില്‍ നിര്യാതനായി. ഖലീഫ ഉസ്മാന്‍ (റ)യുടെ നേതൃത്വത്തില്‍ മയ്യിത്ത് നമസ്കാരം നിര്‍വ്വഹിച്ചു. ബഖീഇല്‍ മറവുചെയ്യുകയും ചെയ്തു.