സ്വഹാബിമാരുടെ ചരിത്രം 4 (അലിയു ഇബ്നു അബീത്വാലിബ് (റ)​)

സ്വഹാബിമാരുടെ ചരിത്രം

അലിയു ഇബ്നു അബീത്വാലിബ് (റ)

ആറുവയസ്സു മുതല്‍ വളര്‍ന്നത് നബി (സ) യോടൊപ്പമായിരുന്നു. നുബുവ്വത്തിന്‍റെ മടിത്തട്ടിലില്‍ ജീവിതം ചിട്ടപ്പെടുത്തിയെടുക്കാന്‍ ഭാഗ്യം സിദ്ധിച്ച മഹാനുഭവാന്‍! നബി(സ)യുടെ ഓരോ ചലനങ്ങളും ജീവിത മാര്‍ഗങ്ങളും നേരില്‍ മനസ്സിലാക്കാന്‍ അവസരം കിട്ടിയ ഒരു അപൂര്‍വ്വ ഭാഗ്യ ശാലി!..

 
 

      ഖുറൈശികളില്‍ സമാദരണീയനായിരുന്നല്ലോ അബൂത്വാലിബ്. പ്രവാചകന്‍ (സ) ന്‍റെ സംരക്ഷകനും തണലുമായിരുന്നു അദ്ദേഹം. തന്‍റെ സഹോദരപുത്രന്‍റെ വളര്‍ച്ചയിലും ഔന്നത്യത്തിലും അദ്ദേഹത്തിനുാണ്ടായിരുന്ന താല്‍പര്യം അളവറ്റതായിരുന്നു. ഞാന്‍ മണ്ണില്‍ നിന്ന് മറയുന്നത് വരെ മുഹമ്മദിന്ന് ഖുറൈശികളില്‍ നിന്ന് ഒരപകടവും സംഭവിക്കാന്‍ ഞാന്‍ അനുവദിക്കുകയില്ല എന്ന് അദ്ദേഹം ശപഥം ചെയ്തിരുന്നു. അദ്ദേഹത്തിന്‍റെ വിയോഗം നബി (സ) യെ ദുഃഖത്തിലും വിശമത്തിലുമാക്കി. നബി (സ) പറഞ്ഞു: “അബൂത്വാലിബിന്‍റെ മരണംവരെ എനിക്ക് ഖുറൈശികളില്‍ നിന്നും ഒരു അനര്‍ഥവും ഏല്‍ക്കേണ്ടിവന്നില്ല”. പിന്നീട് നബി (സ) ഇങ്ങനെ വിലപിച്ചു: “എന്‍റെ പിതൃവ്യരേ, നിങ്ങള്‍ എനിക്ക് ഇത്രവേഗം നഷ്ടപ്പെട്ടുപോയല്ലോ!.ആ അബൂത്വാലിബിന്‍റെ പുത്രനാണ് അലി (റ), ആറുവയസ്സു മുതല്‍ വളര്‍ന്നത് നബി (സ) യോടൊപ്പമായിരുന്നു. നുബുവ്വത്തിന്‍റെ മടിത്തട്ടിലില്‍ ജീവിതം ചിട്ടപ്പെടുത്തിയെടുക്കാന്‍ ഭാഗ്യം സിദ്ധിച്ച മഹാനുഭവാന്‍! നബി(സ)യുടെ ഓരോ ചലനങ്ങളും ജീവിത മാര്‍ഗങ്ങളും നേരില്‍ മനസ്സിലാക്കാന്‍ അവസരം കിട്ടിയ ഒരു അപൂര്‍വ്വ ഭാഗ്യശാലി!.

        നബി (സ) പ്രബോധനം തുടങ്ങുമ്പോള്‍ അദ്ദേഹത്തിന് പത്ത് വയസ്സായിരുന്നു പ്രായം. അന്നു പ്രവാചക ഭവനത്തില്‍ ഉണ്ടായിരുന്ന മുസ്ലിംകള്‍ നബി (സ) യുടെ പത്നി ഖദീജ (റ), പിതൃവ്യപുത്രന്‍ അലി (റ),ഭൃത്യന്‍ സൈദ് (റ) എന്നിവരായിരുന്നു. മൂന്നുപേരും ഇസ്ലാമിലെ ഒന്നാമന്‍മാര്‍ തന്നെ! സ്ത്രീകളില്‍ ഖദീജ (റ) യും കുട്ടികളില്‍ അലി(റ) യും അടിമകളില്‍ സൈദ് (റ) യും. കുട്ടിയായിരുന്ന അലി (റ) നബി (സ) യുടെ ആരാധനയും നടപടിക്രമങ്ങളും ശ്രദ്ധിച്ചു, കൗതുകം നിറഞ്ഞ നമസ്കാരം, അലി (റ) ചോദിച്ചു: “നിങ്ങള്‍ എന്താണ് ചെയ്യുന്നത്” നബി (സ) : “ലോകപരിപാലകനായ അല്ലാഹുവിനെ ആരാധിക്കുകയാണ്”, അലി (റ):” ലോകപരിപാലകനോ, ആരാണത്?” നബി (സ) വിശദീകരിച്ചു: “ഏകനായ ആരാധ്യന്‍, അവന്നു പങ്കുകാരില്ല, അവനാണ് സൃഷ്ടിച്ചത്, എല്ലാ കാര്യങ്ങളും അവന്‍റെ കരങ്ങളാണ് നിയന്ത്രിക്കുന്നത്. അവന്‍ ജീവിപ്പിക്കുന്നു, മരിപ്പിക്കുന്നു, അവന്‍ സർവശക്തനാകുന്നു” അലി (റ) അംഗീകരിച്ചു, കുട്ടികളില്‍ ഒന്നാമത്തെ മുസ്ലിമായി. അന്നുമുതല്‍ അലി (റ) നബി (സ)യുടെ സന്തതസഹചാരിയായി കൂടെ നമസ്കരിക്കും, പരിശുദ്ധ ഖുര്‍ആന്‍ കേള്‍ക്കും, മനപ്പാഠമാക്കും, അര്‍ഖമിന്‍റെ വീട്ടിലെ ചര്‍ച്ചകളില്‍ മറ്റു മുസ്ലിംകളോടൊപ്പം പങ്കെടുക്കുകയും ചെയ്യും. നബി (സ) യുടെ ശിക്ഷണത്തിലും സംരക്ഷണത്തിലും ബാല്യം കഴിച്ച അലി (റ) സല്‍സ്വഭാവത്തോടും ജീവിതവിശുദ്ധിയോടും കൂടെയാണ് വളര്‍ന്നത്. ആദര്‍ശനിഷ്ഠ കൈവെടിയാതെ നബി (സ) യുടെ മഹല്‍ വ്യക്തിത്വം സ്വയം പകര്‍ത്തി. പരിശുദ്ധ ഖുര്‍ആന്‍ അവതരണത്തിന്ന് സാക്ഷിയായ അദ്ദേഹം അത് പഠിച്ചും മനപ്പാഠമാക്കിയും നാള്‍ കഴിച്ചു. അദ്ദേഹത്തിന്‍റെ പരിശുദ്ധ ഖുര്‍ആന്‍ ജ്ഞാനത്തെ കുറിച്ച് അദ്ദേഹം തന്നെ ഇങ്ങനെ പറയുകയുായി: “അല്ലാഹുവിന്‍റെ ഗ്രന്ഥത്തെക്കുറിച്ച് നിങ്ങള്‍ക്ക് അറിയേണ്ടത് എന്നോട് ചോദിക്കുക, ഓരോ ആയത്തും അത് രാത്രിയിലാണോ പകലിലാണോ അവതരിച്ചത് എന്ന് എനിക്കറിയാം”.

        നബി (സ) ദൗത്യലബ്ധിക്കുശേഷം പതിമൂന്ന് വര്‍ഷം മക്കയില്‍ താമസിച്ചു. ശത്രുക്കളുടെ പീഡനവും അവഹേളനവും കണക്കില്ലാതെ സഹിച്ചു. വത്സലനായ അദ്ദേഹത്തിന്ന് തന്‍റെ അനുയായികള്‍ അനുഭവിക്കുന്ന യാതനകു വേദനിക്കാനല്ലാതെ പ്രതിരോധിക്കാന്‍ കഴിയുമായിരുന്നില്ല. ക്രൂരരും ശക്തരുമായ ശത്രുക്കളില്‍ നിന്ന് തന്‍റെ അനുയായികള്‍ക്ക് സംരക്ഷണം ലഭിക്കണമെങ്കില്‍ മക്ക വിട്ടുപോവുകയല്ലാതെ മാര്‍ഗമില്ലെന്ന് മനസ്സിലാക്കിയ നബി (സ) മദീനയിലേക്ക് ആത്മരക്ഷാര്‍ഥം ഒളിച്ചോടാന്‍ തന്‍റെ അനുയായികള്‍ക്ക് അനുവാദം നല്‍കി. അവിടത്തെ നല്ലവരായ തദ്ദേശീയര്‍ അവരെ സ്വീകരിക്കാനും സംരക്ഷണം നല്‍കാനും സന്നദ്ധരായി. നബി (സ) യുടെ സമ്മതപ്രകാരം മുസ്ലിംകള്‍ ഓരോരുത്തരായി മദീനയിലേക്ക് നീങ്ങി. ഖുറൈശികള്‍ക്ക് അതും സഹിക്കാന്‍ കഴിഞ്ഞിരുന്നില്ല. മുസ്ലിംകള്‍ മദീനയില്‍ ചെന്ന് ശക്തി സംഭരിച്ചാലോ എന്നായിരുന്നു അവരുടെ ഭയം. അവര്‍ മുസ്ലിംകളെ തടയാന്‍ തുടങ്ങി. അത് നിമിത്തം ഒളിച്ചോടുകയേ നിവര്‍ത്തിയുായിരുന്നുള്ളു. അങ്ങനെ അവര്‍ മിക്കവരും മദീനയിലെത്തി. മക്കയില്‍ മുസ്ലിംകള്‍ ഇല്ലാതായി; ചുരുക്കം ചിലര്‍ മാത്രം! നബി (സ) മക്കവിട്ട് പോകുന്നതിന്നു മുമ്പ് അദ്ദേഹത്തിന്‍റെ കഥകഴിചില്ലെങ്കില്‍ അപകടം വരുത്തിവക്കുമെന്ന് ഖുറൈശികള്‍ ചിന്തിച്ചു. അവര്‍ ഗൂഢാലോചന നടത്തി. ഒരു രാത്രിയില്‍ അവര്‍ നബി (സ)യുടെ വീടു വളഞ്ഞു.  നബി (സ) യാവട്ടെ ആരുമറിയാതെ അവരുടെ കണ്ണുവെട്ടിച്ചു അല്ലാഹുവിന്‍റെ അനുമതിയോടുകൂടി ആ രാത്രിയില്‍ തന്നെ അവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്തു. വീട്ടിനുള്ളിലേക്കു ജാലകത്തിലൂടെ നോക്കുന്ന ശത്രുക്കള്‍ക്ക് നബി (സ) യാണെന്ന് തോന്നുമാറ് തന്‍റെ ശയ്യയില്‍ അലിയെ കിടത്തിക്കൊണ്ടാണ് നബി (സ) അവിടെനിന്ന് രക്ഷപ്പെട്ടത്. ശത്രുക്കള്‍ രാത്രി മുഴുവന്‍ വീടിന്ന് കാവല്‍ നിന്നു. പുലരുംമുമ്പ് അവര്‍ വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറി. ശയ്യയില്‍ കിടക്കുന്ന അലി (റ) യെ കണ്ടപ്പോഴാണ്  അവര്‍ക്ക് പറ്റിയ അമളി മനസ്സിലായത്. തന്‍റെ ജീവന്‍ ബലിയര്‍പ്പിക്കാനൊരുങ്ങി നബി (സ) യുടെ സൂത്രം നടപ്പിലാക്കിയ അലി (റ) ക്ക് അന്ന് ഇരുപത് വയസ്സ് കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ! നബി (സ) യുടെ ആജ്ഞയനുസരിച്ച് അലി (റ) മക്കയില്‍ രണ്ടു മൂന്ന് ദിവസം തങ്ങി. നബി (സ) ക്ക് പല ഇടപാടുകാരുമായും മറ്റുമുള്ള ചില കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുള്ളത് അദ്ദേഹം അലി (റ) യെ ഏല്‍പ്പിച്ചുപോയത് നിമിത്തമായിരുന്നു അത്. അവയെല്ലാം നിര്‍വ്വഹിച്ചശേഷം അലി (റ) ദിവസങ്ങള്‍ക്കുള്ളില്‍ മദീനയില്‍ എത്തി. മദീനയില്‍ നബി (സ) താമസിച്ചിരുന്നത് കില്‍സുമുബ്നുഹദമിന്‍റെ വീട്ടിലായിരുന്നു. അലി (റ) യെ നബി (സ) പതിവനുസരിച്ച് മദീനാനിവാസികളില്‍ ഒരാള്‍ക്ക് അതിഥിയായി വിടാതെ തന്‍റെ കൂടെ താമസിപ്പിക്കുകയാണ് ചെയ്തത്.

        ബദ്ര്‍ രണാങ്കണത്തില്‍ അലി(റ) കേമമായ പ്രകടനമാണ് ആദ്യമേ കാഴ്ച്ചവെച്ചത്.  യുദ്ധാരംഭത്തില്‍ ശത്രുക്കളില്‍ നിന്ന് രണശൂരരായ മൂന്നു യോദ്ധാക്കള്‍ ഇറങ്ങിവന്നു. മുസ്ലിംകളെ വെല്ലുവിളിച്ചു. അവരെ നേരിടുന്നത് മുഹാജിറുകള്‍ തന്നെയാവണമെന്ന് അവര്‍ ശഠിക്കുകയും ചെയ്തു. വലീദും ഉത്ത്ബത്തും ശൈബത്തുമായിരുന്നു അവര്‍! അലി (റ) ഹംസ (റ) ഉബൈദ് (റ) എന്നിവര്‍ യഥാക്രമം അവരെ നേരിട്ടു. വലീദിനെ നിഷ്പ്രയാസം വെട്ടിവീഴ്ത്തി അലി ഉബൈദത്തിന്‍റെ സഹായത്തിനെത്തി, ശൈബത്തിന്‍റെയും കഥ കഴിച്ചു. ബദ്റില്‍ വധിക്കപ്പെട്ട ആസിബ്നുമുനബ്ബഹിന്‍റെ പക്കല്‍ നിന്ന് യുദ്ധാര്‍ജ്ജിത സമ്പത്തായി ലഭിച്ച കൂട്ടത്തില്‍ ഒരു വാളുണ്ടായിരുന്നു അത് നബി (സ) അലിക്കാണ് നല്‍കിയത്. പ്രസ്തുത വാളാണ് ചരിത്രത്തില്‍ പ്രസിദ്ധമായ “ദുൽഫുഖാര്”. ബദറിലെ യുദ്ധാര്‍ജ്ജിത സമ്പത്തില്‍ നിന്ന് ഒരു ഒട്ടകവും ഒരു പടയങ്കിയും ഒരു വാളും അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി.

        ഹിജ്റ രണ്ടാം വര്‍ഷം അലി(റ) നബി (സ)യുടെ പുത്രി ഫാത്തിമ (റ) യെ വിവാഹം ചെയ്തു. തന്‍റെ പടയങ്കി വിറ്റുകിട്ടിയ പണം കൊണ്ടാണ് മഹറും മറ്റു ചിലവുകളും നിര്‍വഹിച്ചത്. വിവാഹം കഴിഞ്ഞു ആറു മാസത്തിനുശേഷം വേറെ താമസിക്കാന്‍ നബി (സ) നിര്‍ദ്ദേശിച്ചു. അതുവരെ നബി (സ) യുടെ കൂടെയായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. ഹാരിസ് ഇബ്നു നുഅ്മാന്‍റെ ഒരു വീട് വാടകക്ക് വാങ്ങി അതിലാണ് പിന്നീടവര്‍ താമസിച്ചത്. ദരിദ്രമായ ആ കുടുംബത്തിന്ന് പ്രവാചകന്‍ നല്‍കിയ വീട്ടുപകരണ ങ്ങളായ ഒരു കട്ടിലും വിരിപ്പും പുതപ്പും ആസുകല്ലും വെള്ളപാത്രവും മാത്രമാണുായിരുന്നത്. അനന്തരം വിശാലമായ മുസ്ലിം ലോകത്തിന്‍റെ അധിപനായി തീര്‍ന്നിട്ടുപോലും അതിലുപരി ഒന്നുമുാണ്ടാക്കാന്‍ അലി (റ) ക്ക് സാധിച്ചില്ല! ഉഹ്ദു യുദ്ധത്തില്‍ മിസ്അബ് (റ) രക്തസാക്ഷിയായപ്പോള്‍ വഹിച്ചിരുന്ന പതാക നിലംപതിച്ചപ്പോള്‍ ഓടിച്ചെന്ന് പൊക്കിപ്പിടിച്ചത് അലി (റ) യായിരുന്നു. അലി (റ) കൊടിപിടിച്ച് സുധീരം പോരാടി. അബുസഅദ് ഇബ്നു അബീ ത്വല്‍ഹ അലി(റ)യെ തടയാന്‍ മുന്നോട്ടുവന്നു. അലി(റ) അദ്ദേഹത്തെ വെട്ടിവീഴ്ത്തി. നിലത്തുകിടന്നു പിടഞ്ഞപ്പോള്‍ അയാളുടെ ഉടുതുണി നീങ്ങി നഗ്നത വെളിവായി അതുകണ്ട അലി (റ) പിന്തിരിഞ്ഞു പോന്നു. ഖന്തഖ് യുദ്ധത്തില്‍ ശത്രു സൈന്യത്തിലെ രണശൂരനായ അംറുബ്നു അബ്ദുവുദ്ദ് മുസ്ലിംകളെ വെല്ലുവിളിച്ചുകൊണ്ടിരുന്നു . “തന്നോടു ദ്വന്ദ്വയുദ്ധം ചെയ്യാന്‍ ധൈര്യമുള്ളവര്‍ വരട്ടെ” അലി (റ) ഇറങ്ങിച്ചെന്നു അംറ് പരിഹാസത്തോടുകൂടി പറഞ്ഞു: “പാവം നിന്നെ വധിക്കണമെന്ന് എനിക്ക് ഉദ്ദേശ്യമില്ല” അലി (റ) പറഞ്ഞു: ” എന്നാല്‍ നിന്നെ വധിക്കണമെന്ന് എനിക്ക് ഉദ്ദേശമുണ്ട്”. മറുപടികേട്ട് കോപാന്ധനായ അംറ് കുതിരപ്പുറത്തു നിന്ന് ഇറങ്ങി, രണ്ടു പേരും ദ്വന്ദ്വയുദ്ധം നടത്തി. അലി (റ) അംറിന്‍റെ കഥ കഴിച്ചു. ഹിജ്റ ഏഴാം വര്‍ഷത്തില്‍ ഖൈബര്‍ യുദ്ധം നടന്നു. ഖൈബര്‍ ജൂതന്‍മാര്‍ക്ക് സുശക്തമായ കോട്ടയുണ്ടായിരുന്നു. ആദ്യദിവസം അബൂബക്കര്‍ (റ) യും ഉമര്‍ (റ) സൈന്യനായകരായി നിയുക്തരായി. രണ്ടുപേര്‍ക്കും ഖൈബറിലെ കോട്ട പിടിക്കാന്‍ കഴിഞ്ഞില്ല. അന്നു രാത്രിയില്‍ നബി (സ) ഇങ്ങനെ പ്രഖ്യപിച്ചു: “നാളെ പുലര്‍ച്ചക്ക് അല്ലാഹുവിന്നും അവന്‍റെ പ്രവാചകന്നും ഇഷ്ടപ്പെട്ട ഒരു രണശൂരന്‍റെ പക്കല്‍ ഞാന്‍ പതാക ഏല്‍പ്പിക്കും, അദ്ദേഹത്തിന്‍റെ കയ്യാല്‍ അല്ലാഹു നമുക്ക് വിജയം നല്‍കുകയും ചെയ്യും” താനായിരുന്നെങ്കില്‍ ആ വ്യക്തി എന്ന് എല്ലാവരും കൊതിച്ചു. നബി (സ) വിളിച്ചു ചോദിച്ചു: “അലിയെവിടെ?” കണ്ണുരോഗം പിടിച്ചു ശല്യമനുഭവിക്കുകയായിരുന്ന അലി (റ) നബി(സ)യുടെ മുമ്പില്‍ ചെന്നു. നബി (സ) അലി (റ) യുടെ കണ്ണില്‍ തടവി. പതാകയെടുത്തു കയ്യില്‍ കൊടുത്തു. സമരത്തിനിറങ്ങാന്‍ ആജ്ഞാപിച്ചു. അലി (റ) യും സൈന്യവും കോട്ടയുടെ സമീപത്തെത്തി. കോട്ടവാതിലിന്ന് പാറവു നില്‍ക്കുന്നവരെ എതിരിട്ടു അലി (റ) വിളിച്ചു പറഞ്ഞു: “ഞാന്‍ അബൂത്വാലിബിന്‍റെ പുത്രന്‍ അലിയാണ്. എന്‍റെ ജീവന്‍ ആരുടെ കരങ്ങളിലാണോ അവനാണ് സത്യം, ഒന്നുകില്‍ ഞാന്‍ വിജയിക്കും. അല്ലെങ്കില്‍ ഹംസ അനുഭവിച്ചത് ഞാനും അനുഭവിക്കും”. കോട്ടവാതില്‍ക്കല്‍ ഘോരയുദ്ധം നടന്നു. ശത്രുക്കളെ അരിഞ്ഞു വീഴ്ത്തി. അതിനിടയില്‍ അലിയുടെ ഘോരശബ്ദം. “അല്ലാഹു അക്ബർ” പിന്നീട് എന്തു സംഭവിച്ചുവെന്ന് ആര്‍ക്കും അറിഞ്ഞുകൂടാ. കോട്ടയുടെ വാതില്‍ അലി (റ) യുടെ മുമ്പില്‍ വീണു കിടക്കുന്നു. അലി (റ) യുടെ സംഘത്തില്‍പെട്ട അബൂറാഫിഅ് (റ) പിന്നീട് പറയുകയുായി. “ഞാനും ഏഴുപേരും ശ്രമിച്ചിട്ട് ആ വാതില്‍ ഒന്ന് അനക്കാന്‍ പോലും സാധിച്ചിരുന്നില്ല” അത്രമേല്‍ ഭീമാകരമായിരുന്നു അത് അലി (റ) യും കൂട്ടുകാരും കോട്ടമുകളില്‍ കയറി തക്ബീർ മുഴക്കി വിജയാരവം നടത്തി.

       നബി (സ) യുടെ വിയോഗാനന്തരം അലി (റ) ആരാധനയിലും വിജ്ഞാനതൃഷ്ണയിലും മുഴുകി ജീവിച്ചു. അദ്ദേഹത്തിന്‍റെ അഗാധപാണ്ഡിത്യം നിമിത്തം ഖലീഫമാര്‍ പോലും മതവിധി തേടാനും മറ്റും അലി (റ) യെ സമീപിക്കാറുണ്ടായിരുന്നു. അബൂബക്കറിനും ഉമറിന്നും ഉസ്മാനും അദ്ദേഹം താങ്ങായി വര്‍ത്തിച്ചു ഉസ്മാന്‍ (റ)ന്‍റെ കാലത്ത് കത്തിപ്പടര്‍ന്ന അപകടകരമായ അഭിപ്രായ വ്യത്യാസത്തിലും ഛിദ്രതയിലും അദ്ദേഹം ഭാഗഭാക്കാവുകയോ പക്ഷംപിടിക്കുകയോ ചെയ്തില്ല. കാര്യങ്ങള്‍ നേരെ ചൊവ്വേ നടക്കാന്‍ ആവശ്യമായ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും അദ്ദേഹം ഉസ്മാന്‍ (റ) ക്ക് നല്‍കിയിരുന്നു. അതോടൊപ്പം അലി (റ) അദ്ദേഹത്തിന് ക്രിയാത്മകമായ പിന്തുണയും നല്‍കിപ്പോന്നു.ഉസ്മാന്‍ (റ) വധിക്കപ്പെടുകയും രാഷ്ട്രീയാന്തരീക്ഷം കലുഷിതമായിത്തീരുകയും ചെയ്ത ഘട്ടത്തില്‍ ഗത്യന്തരമില്ലാതെയാണ് അലി (റ) ഖലീഫാസ്ഥാനം ഏറ്റെടുത്തത്. അന്ന് അദ്ദേഹത്തേക്കാള്‍ അനുയോജ്യനായ ഒരു വ്യക്തി അതിന്നര്‍ഹനായി വേറെ ഉണ്ടയിരുന്നില്ലതാനും. ആദ്യം നിര്‍ബന്ധത്തിന് വഴങ്ങാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. കലാപകാരികള്‍ അലി (റ) യെ സമീപിച്ചു ഭരണഭാരം ഏറ്റെടുക്കണമെന്ന് ആദ്യം സൗമ്യമായും പിന്നീട് നിര്‍ബന്ധമായും ആവശ്യപ്പെട്ടു. അദ്ദേഹം നിരസിക്കുകയാണ് ചെയ്തത്. അനന്തരം അവര്‍ ത്വല്‍ഹത്ത് (റ), സുബൈര്‍ (റ), അബ്ദുല്ലാഹിബ്നു ഉമര്‍ (റ) സഅ്ദ് ഇബ്നു അബീവഖാസ് (റ) എന്നിവരെ സമീപിച്ചു. അവരും പിന്‍മാറിക്കളഞ്ഞു! മദീനയുടെയും മുസ്ലിംകളുടെയും ഭാവി വിനാശത്തിലേക്ക് തന്നെ കുതിച്ചുകൊണ്ടിരുന്നു. രക്തപ്പുഴ ഒഴുകാന്‍ സര്‍വ്വ സാധ്യതകളും തെളിഞ്ഞു. അരക്ഷിതാവസ്ഥ അത്രമേല്‍ വര്‍ദ്ധിച്ചു. മദീനാ നിവാസികളില്‍ നിന്ന് സമുദായ സ്നേഹികളായ ഒരു വിഭാഗംഅലി (റ) യെ സമീപിച്ചു. അവരുടെ നിര്‍ബന്ധത്തിന്ന് വഴങ്ങി അലി (റ) ആ മുള്‍ക്കിരീടം അണിഞ്ഞു! എല്ലാവരും നിയമാനുസൃതം അലി (റ) ക്ക് ബൈഅത്ത് ചെയ്തു: കലാപകാരികളടക്കം.! ഉസ്മാന്‍ (റ) ന്‍റെ കൊലപാതകം നടക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ ഭാര്യ നാഇല മാത്രമേ സമീപത്തുണ്ടായിരുന്നുള്ളൂ. അജ്ഞാതരായ രണ്ടു പേരും മുഹമ്മദുബ്നു അബീബക്കറുമാണ് ഉസ്മാന്‍ (റ) ന്‍റെ മുറിയിലേക്ക് കടന്നുചെന്നത്. മുഹമ്മദുബ്നു അബീബക്കര്‍ കൊലയില്‍ പങ്കെടുത്തിരുന്നില്ല. അത് നാഇല തന്നെ സമ്മതിച്ചതാണ്. മറ്റുരണ്ടുപേര്‍ ആരാണെന്ന് മുഹമ്മദിന്നും അറിഞ്ഞുകൂടായിരുന്നു. ഘാതകരെ പിടിക്കാനും ശിക്ഷിക്കാനും പ്രതികാരം ചെയ്യാനും അലി (റ) ക്ക് കഴിഞ്ഞില്ല. ഉസ്മാന്‍ (റ) ന്‍റെ ഭരണവൈകല്യങ്ങളായി അലി (റ) പ്രധാനമായും കണ്ടത് ഉദ്യോഗസ്ഥന്‍മാരുടെ അഴിമതിയായിരുന്നല്ലോ. അദ്ദേഹം പലതവണ ഉസ്മാന്‍ (റ) നെ അക്കാര്യം ഉണര്‍ത്തിയിരുന്നതുമാണ്. അത് പരിഹരിക്കാനാണ് അദ്ദേഹം ആദ്യമായി ഉദ്യമിച്ചത്. എല്ലാ ഉദ്യോഗസ്ഥരേയും അദ്ദേഹം തല്‍ സ്ഥാനങ്ങളില്‍ നിന്ന് മാറ്റി. പകരം ആളുകളെ നിശ്ചയിച്ചു. ബസറയിലും കൂഫയിലും യമനിലും സിറിയയിലുമൊക്കെ തന്നെ!

        സിറിയയിലേക്ക് മുആവിയക്ക് പകരം നിശ്ചയിച്ച സഹ്ലിനെ മുആവിയയുടെ അനുയായികള്‍ തബൂക്കില്‍ വെച്ചു തടയുകയും മദീനയിലേക്ക് തിരിച്ചയക്കുകയും ചെയതു. കുഴപ്പത്തിന്‍റെ മുന്നോടിയായി അലി (റ) അതിനെ മനസ്സിലാക്കി. ഉസ്മാന്‍ (റ) ന്‍റെ വധത്തിന് പ്രതികാരം ചെയ്യാനെന്നവണ്ണം മുആവിയ (റ) സിറിയയില്‍ സൈന്യ ശേഖരം നടത്തുകയായിരുന്നു അപ്പോള്‍ ! മുഹാജിറുകളും അന്‍സാറുകളും ഖലീഫയായി പ്രഖ്യാപിച്ചതിനാല്‍ മുആവിയ (റ) തനിക്ക് കീഴ്പ്പെട്ടു അനുസരണം കാണിക്കണമെന്ന് അലി (റ) മുആവിയ (റ)നെ അറിയിച്ചെങ്കിലും അദ്ദേഹം അത് അനുസരിച്ചില്ല. ഉസ്മാന്‍ (റ)നോടുള്ള ബന്ധം നിമിത്തം ഘാതകരോട് പ്രതികാരം ചെയ്യാനുള്ള അവകാശം തന്നില്‍ നിക്ഷിപ്തമാണെന്നും അതാണ് ആദ്യം നടത്തേണ്ടത് എന്നുമായിരുന്നു മുആവിയ (റ) യുടെ ശാഠ്യം! മുആവി(റ) കലാപക്കൊടി നാട്ടിയതോടെപ്പം തന്നെ മറ്റു ചില സംഭവങ്ങളും നാമ്പെടുത്തു. ഖലീഫയുടെ വധം നടന്നപ്പോള്‍ മക്കയിലായിരുന്ന പ്രവാചക പത്നി ആയിശ (റ) എടുത്ത നിലപാടായിരുന്നു അതിലൊന്ന്. ഉസ്മാന്‍ (റ)ന്‍റെ രക്തത്തിന് വിലയില്ലാതായിക്കൂടാ. അതിന്നു പ്രതികാരം ചെയ്തു ഇസ്ലാമിന്‍റെ യശസ്സ് ഉയര്‍ത്തുക തന്നെ വേണം. ആയിശ (റ) പ്രഖ്യാപിച്ചു. ത്വല്‍ഹത്ത് (റ) യും സുബൈര്‍ (റ) യും ആയിശ (റ) യെ അനുഗമിച്ചു. കലുഷമായ രാഷ്ട്രീയാന്തരീക്ഷത്തില്‍ പ്രസ്തുത കുറ്റവാളികള്‍ക്കെതിരെ വിട്ടുവീഴ്ച്ച കൈകൊള്ളുകയും ഉസ്മാന്‍ (റ) നിയോഗിച്ച ഉദ്യോഗസ്ഥരെ ഒന്നടങ്കം പിരിച്ചുവിടുകയും ചെയ്തത് നിമിത്തം അലി (റ) നെ സംബന്ധിച്ചു പല തെറ്റിദ്ധാരണകളും നാട്ടില്‍ തലപൊക്കാന്‍ തുടങ്ങി. യഥാര്‍ഥ ഘാതകരെ തെളിയാതെ പോയതില്‍ അലി (റ) യുടെ ഉദാസീനത കൊണ്ടാണ് എന്നായിരുന്നു വാദം. ഇത്തരം തെറ്റിദ്ധാരണയായിരിക്കാം ആയിശ (റ) യെ പ്രകോപിപ്പിച്ചത്. ആയിശ (റ) സൈന്യസന്നാഹത്തോടു കൂടി ഇറാഖിലേക്ക് പുറപ്പെട്ടു. ഇറാഖിലെ ജനങ്ങളെ തന്‍റെ കീഴില്‍ കൊണ്ടുവരികയും അവിടത്തെ സമൃദ്ധമായ ബൈത്തുല്‍മാല്‍ അധീനപ്പെടുത്തുകയുമായിരുന്നു അപ്പോൾ അവരുടെ ഉദ്ദേശ്യം. ആയിശ(റ) യുടെ നേതൃത്വത്തിലുള്ള ആപല്‍ക്കരമായ പുറപ്പാട് അറിഞ്ഞ അലി (റ) സൈന്യസമേതം ഇറാഖിലേക്ക് പുറപ്പെട്ടു. ഇറാഖില്‍വെച്ച് ഇരു സൈന്യവും ഏറ്റു മുട്ടി. സുബൈര്‍ (റ) ത്വല്‍ത്ത് (റ) ഖബ്ബാബ് (റ) തുടങ്ങിയ പ്രസിദ്ധരായ സഹാബിമാര്‍ അടക്കം ആയിരക്കണക്കില്‍ മുസ്ലിംകള്‍ രണ്ടു ചേരിയില്‍ നിന്നുമായി വധിക്കപ്പെട്ടു. ഇസ്ലാമിക ചരിത്രത്തില്‍ കദനത്തിന്‍റെ കാളിമ പരന്ന ദുഃഖദായകമായ ഒരു സംബവമായിരുന്നു അത്. യുദ്ധത്തിന്‍റെ അന്ത്യപരിണാമം അലി (റ) ക്ക് അനുകൂലമായിരുന്നു. സ്വന്തം പക്ഷക്കാരനും സഹോദരനുമായിരുന്ന മുഹമ്മദ് ഇബ്നു അബീബക്കറിനെ ആയിശ (റ)യുടെ സംരക്ഷണത്തിന്ന് പ്രത്യേകമായി ഏല്‍പ്പിച്ചു. യുദ്ധക്കളത്തില്‍ നിന്ന് ഓടിപ്പോകുന്നവരെ ഉപദ്രവിക്കരുതെന്നും ശത്രുക്ഷക്കാരുടെ സമ്പത്ത് പിടിച്ചെടുക്കരുതെന്നും ആയുധം വെച്ച് കീഴടങ്ങുന്നവര്‍ക്ക് അഭയം നല്‍കണമെന്നും അലി (റ) കല്‍പ്പന പുറപ്പെടുവിച്ചു. അനന്തരം അലി (റ) ആയിശ (റ) യുടെ അടുത്ത്ചെന്നു സുഖസൗകര്യങ്ങള്‍ അന്യേഷിച്ചു. അവരെ ബഹുമാന പുരസ്സരം മുഹമ്മദ് ഇബ്നു അബീബക്കറിന്‍റെ സംരക്ഷണത്തില്‍ സുരക്ഷിതമായി മദീനയിലെത്തിച്ചു. പ്രസ്തുത യുദ്ധത്തില്‍ ആയിശ (റ) ഒരു ഒട്ടകപ്പുറത്തു ഇരുന്നുകൊണ്ടായിരുന്നു യുദ്ധം നയിച്ചിരുന്നത്. അത് നിമിത്തം ഈ യുദ്ധത്തിന് ജമല്‍ യുദ്ധം (ഒട്ടക യുദ്ധം) എന്ന് പേര്‍ സിദ്ധിച്ചു.

        പിന്നീട് ഖലീഫ കൂഫയില്‍ പ്രവേശിച്ചു ഗവര്‍ണ്ണറുടെ കൊട്ടാരം ഖലീഫയുടെ സൗകര്യത്തിന്നു വേണ്ടി അവിടത്തുകാര്‍ സജ്ജമാക്കിയിരുന്നു. ആഡംബരം ഇഷ്ടപ്പെടാത്ത അദ്ദേഹം അത് തിരസ്കരിച്ചു. അലി (റ) സൈനികരോടൊപ്പം താവളത്തില്‍തന്നെ താമസിച്ചു. അന്നുമുതല്‍ ഖലീഫയുടെ ആസ്ഥാനം ഇറാഖായി തീര്‍ന്നു. അലി (റ) മുആവിയാ (റ) യെ സമാധാനത്തിന്‍റെയും അനുസരണത്തിന്‍റെയും മാര്‍ഗ്ഗത്തിലേക്ക് ക്ഷണിച്ചുകൊണ്ട് ഒരു കത്തയച്ചു. കത്തില്‍ പറഞ്ഞു: “എന്നോട് ബൈഅത്ത് ചെയ്യേണ്ടത് നിങ്ങളുടേയും നിങ്ങളുടെ കൂടെയുള്ള മുസ്ലിംകളുടേയും കടമയാകുന്നു. എന്തുകൊണ്ടെന്നാൽ എന്നെ ഖലീഫയായി തിരഞ്ഞെടുത്തത് മുഹാജിറുകളും അന്‍സാരികളും ഐക്യകണ്ഠേനയാണ്. അവര്‍ തന്നെയാണ് അബൂബക്കര്‍ (റ) യേയും ഉമര്‍ (റ) യേയും തിരഞ്ഞെടുത്തത്. ഖലീഫയെന്ന നിലക്ക് എന്നെ അംഗീകരിക്കാതെ അക്രമത്തിനും മത്സരത്തിനും പുറപ്പെട്ടവരെ നിര്‍ബന്ധപൂര്‍വ്വം കീഴ്പെടുത്തേണ്ടത് എന്‍റെ കടമയാകുന്നു. അതുകൊണ്ട്  എനിക്കു ബൈഅത്തു ചെയ്യുക. അല്ലാത്ത പക്ഷം യുദ്ധത്തിന് ഒരുങ്ങിക്കൊള്ളുക. ഉസ്മാന്‍ (റ) യുടെ കൊലപാതകം സ്വാർത്ഥ താല്പര്യത്തിനു വേണ്ടി ഉപയോഗിക്കുകയാണ് താങ്കള്‍. പ്രതികാരത്തില്‍ താങ്കള്‍ക്ക് ആത്മാര്‍ഥമായ താല്‍പര്യമുണ്ടെങ്കെില്‍ ഒന്നാമത് എനിക്ക് കീഴൊതുങ്ങുകയായിരുന്നു ചെയ്യേണ്ടത്. അനന്തരം ന്യായാനുസരണ വിചാരണക്ക് അക്കാര്യം സമര്‍പ്പിക്കുകയും വേണം. എങ്കില്‍ അല്ലാഹുവിന്‍റെ കിത്താബും നബി (സ) യുടെ ചര്യയുമനുസരിച്ചു ഞാന്‍ വിധി നടത്തുന്നതായിരിക്കും. അങ്ങനെ ചെയ്യാതെ നിങ്ങള്‍ അവലംബിച്ച മാര്‍ഗം വഞ്ചനാപരമാകുന്നു”. ഖലീഫാ ഉസ്മാന്‍ (റ) ന്‍റെ ഘാതകരെ ഞങ്ങൾക് ഏല്‍പ്പിച്ചുതന്നാല്‍ ഞങ്ങള്‍ അലി (റ) യെ ഖലീഫയായി അംഗീകരിക്കാമെന്നായിരുന്നു മുആവിയാ (റ) യുടെ മറുപടിയുടെ ഉള്ളടക്കം. കത്തുമായി വന്ന അബു മുസ്ലിമിനോട് നാളെ പുലര്‍ച്ചക്ക് മറുപടിതരാം എന്ന് പറഞ്ഞു. പിറ്റേന്നു കാലത്ത് അബൂ മുസ്ലിം കകാഴ്ച്ച പരിഭ്രമജനകമായിരുന്നു. ആയുധധാരികളായ പതിനായിരത്തോളം ഭടന്‍മാര്‍ അബൂ മുസ്ലിമിനെ കണ്ടപ്പോള്‍ ഇങ്ങനെ വിളിച്ചു പറഞ്ഞു: “ഞങ്ങള്‍ എല്ലാവരും ഉസ്മാന്‍ (റ) ന്‍റെ കൊലയാളികളാകുന്നു.” ഉസ്മാന്‍ (റ) നെ വധിച്ചവരുടെ കാര്യത്തില്‍ എനിക്ക് എത്രത്തോളം കഴിയുമെന്ന് താങ്കള്‍ക്ക് മനസ്സിലായില്ലേ? എന്ന് ഖലീഫ അദ്ദേഹത്തോട് ചോദിക്കുകയും ചെയ്തു. യഥാര്‍ഥ കൊലയാളികളെ കണ്ടുപിടിക്കാനും മതിയായ തെളിവുകള്‍ ഇല്ലാതെ പോയ സ്ഥിതിക്ക് ആരെ പിടിച്ചേല്‍പ്പിക്കാനാണ്. അലി (റ) വീണ്ടും മുആവിയ (റ) ക്കും സഹായിയായിരുന്ന അംറു ബ്നു ആസി (റ) ക്കും കത്തെഴുതി. “ഭൗതികതാല്‍പര്യങ്ങള്‍ വെടിഞ്ഞു ഖിലാഫത്തിനെ അംഗീകരിക്കണമെന്നും അക്രമത്തില്‍ നിന്നും മത്സരത്തില്‍ നിന്നും പിന്തിരിയണമെന്നും. പക്ഷെ ഫലമുണ്ടായില്ല. യുദ്ധമല്ലാതെ ഗത്യന്തരമില്ലെന്നായി. ഇരുസൈന്യവും ഫുറാത്ത് നദിയുടെ സമീപത്തുള്ള ‘സിഫ്ഫീന്‍‘ എന്ന മൈതാനിയില്‍ തമ്പടിച്ചു. സംഭാഷണങ്ങളും സംഘട്ടനങ്ങളുമായി മാസങ്ങളോളം കഴിച്ചുകൂട്ടി. അനന്തരം യുദ്ധം കഠിനമായി. കണക്കില്ലാത്ത സൈനികര്‍ ഇരുചേരിയിലും മരിച്ചു വീണു. മുആവിയാ (റ) യുടെ സൈന്യം അടിപതറാന്‍ തുടങ്ങി. പരാജയത്തിന്‍റെ വക്കോളമെത്തി. അലി (റ) ജീവ ഭയമില്ലാതെ ശത്രുനിരയിലൂടെ മുന്നേറി മുആവിയാ (റ) യുടെ കൂട്ടത്തിന് സമീപമെത്തി അദ്ദേഹത്തോട് വിളിച്ചു പറഞ്ഞു: “മുആവിയാ, നിരപരാധികളുടെ രക്തം ഒഴുക്കുന്നത് എന്തിന്ന്? നമുക്ക് രുപേര്‍ക്കും നേരിട്ടു ഒരു കൈ നോക്കാമല്ലോ. എന്നിട്ടു പോരെ മുസ്ലിംകളെ കുരുതി കൊടുക്കുന്നത് !” ദ്വന്ദ്വയുദ്ധത്തിനുള്ള വെല്ലുവിളി ! തന്‍റെ പാളയത്തില്‍ അംറുബ്നു ആസി (റ) നിര്‍ബന്ധിച്ചിട്ടുപോലും മുആവിയാ (റ) തെയ്യാറായില്ല എന്ന് പറയപ്പെടുന്നു. യുദ്ധം അതിന്‍റെ കാലാശക്കൊട്ടിലേക്കടുത്തു. മുആവിയാ (റ) യുടെ പക്ഷക്കാര്‍ പരാജയത്തിന്‍റെ വക്കോളമെത്തി. തന്ത്രശാലിയായ മുആവിയ (റ) ഒരു സന്ധി സംഭാഷണത്തിനുള്ള സന്ദേശമയച്ചു. അന്ത്യ പരിണാമത്തോടടുത്ത ഘട്ടത്തില്‍ പരാജയം കണ്ട എതിര്‍കക്ഷി പ്രയോഗിക്കുന്ന തന്ത്രമാണ് അതെന്ന് അലി(റ) ക്ക് അറിയാമായിരുന്നു. അലി(റ) സന്ധിക്ക് സമ്മതിച്ചില്ല. യുദ്ധം തുടരാന്‍ തന്നെ തീരുമാനിച്ചു. അറ്റകൈക്ക് ഒരു തന്ത്രം പ്രയോഗിക്കാന്‍ അംറുബ്നുല്‍ ആസി (റ) തീരുമാനിച്ചു.

        സൈനികരുടെ കൈയില്‍ മുസ്ഹാഫ് കൊടുത്തു. ‘ഖുര്‍ആന്‍റെ തീരുമാനത്തിലേക്ക് വരുവിന്‍’ എന്ന് പ്രഖ്യാപിച്ചുകൊണ്ട് അവര്‍ മുസ്ഹഫ് കുന്തത്തിന്‍മേല്‍ ഉയര്‍ത്തിപ്പിടിച്ചു. ഖുര്‍ആന്‍റെ തീരുമാനത്തിലേക്കുള്ള ക്ഷണം നിരസിക്കാന്‍ അലി (റ) യുടെ പക്ഷക്കാര്‍ തയ്യാറായില്ല. അവര്‍ സന്ധിസംഭാഷണം നടത്താന്‍ അലി (റ) യെ നിര്‍ബന്ധിച്ചു. എതിരാളികളുടെ ദുഷ്ടലാക്കിനെക്കുറിച്ച് അലി (റ) ക്ക് ബോധ്യമുണ്ടായിരുന്നെങ്കിലും അനുയായികളുടെ നിര്‍ബന്ധം അവഗണിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. അദ്ദേഹം സന്ധിക്ക് സമ്മതിച്ചു. സന്ധിസംഭാഷണമനുസരിച്ച് ഖിലാഫത്തധികാരം രണ്ടു മദ്ധ്യസ്ഥരുടെ തീരുമാനത്തിന്ന് വിടാനും അത് രണ്ടു പക്ഷക്കാരും അനുസരിക്കാനു മായിരുന്നു തീരുമാനം. മുആവിയ (റ) യുടെ പക്ഷത്ത് നിന്ന് അംറുബ്നുല്‍ ആസി (റ) യും അലി (റ) യുടെ പക്ഷത്ത് നിന്ന് അബൂമൂസല്‍ അശ്അരി (റ) യുമാണ് മദ്ധ്യസ്ഥരായി നിയമിക്കപ്പെട്ടത്. അവര്‍ ഇങ്ങനെ ഉടമ്പടി തയ്യാറാക്കി: ” അലിയും മുആവിയയും അവരുടെ പക്ഷക്കാരും പൂര്‍ണ സമ്മതപ്രകാരം പരസ്പരം ചെയ്ത കരാറാകുന്നു ഇത്. മദ്ധ്യസ്ഥരായ അബൂമൂസല്‍ അശ്അരിയും അംറുബ്നുല്‍ ആസിയും ഖുര്‍ആനിന്നും നബിചര്യക്കും വിധേയമായി എടുക്കുന്ന നിബന്ധനകള്‍ക്ക് അവര്‍ രണ്ടു കക്ഷിയും വിധേയരായിരിക്കുന്നതാണ്. മദ്ധ്യസ്ഥരുടെ ജീവനും സ്വത്തും സുരക്ഷിതമായിരിക്കേണ്ടതും അവരുടെ തീരുമാനത്തിന്ന് ഐക്യകണ്ഠ്യേന കീഴൊതുങ്ങേണ്ടതുമാകുന്നു. എന്നാല്‍ പരിശുദ്ധ ഖുര്‍ആനിന്നും സുന്നത്തിന്നുമെതിരായി വന്നാല്‍ സ്വീകാര്യമായിരിക്കുന്നതല്ല.” അങ്ങനെ വന്നാല്‍ വീുണ്ടും യുദ്ധം തന്നെയായിരിക്കും.  അല്ലാഹുവിന്‍റെ ദീനിന്‍റെ കാര്യം വിധികല്‍പിക്കാന്‍ അല്ലാഹുവിനല്ലാതെ അവന്‍റെ സൃഷ്ടികള്‍ക്ക് അധികാരമുണ്ടോ? “അല്ലാഹുവിനല്ലാതെ വിധികല്‍പ്പിക്കാന്‍ അധികാരമില്ല” എന്ന് ധ്വനിപ്പിക്കുന്ന ആയത്തുകള്‍ ഓതികൊണ്ടൊരു സംഘം ആളുകള്‍ അലി (റ)യുടെ സൈനികരില്‍ നിന്ന് രംഗത്തുവന്നു. അവരാണ് പിന്നീട് ഖവാരിജുകള്‍ എന്ന പേരില്‍ അറിയപ്പെട്ടത്. അബൂമൂസല്‍ അശ്അരി (റ) യും അംറുബ്നുല്‍ ആസി (റ) യും ദൂമത്തുല്‍ ജന്തല്‍ എന്ന സ്ഥലത്ത് സമ്മേളിച്ചു ചര്‍ച്ച ചെയ്തു തീരുമാനത്തിലെത്തി. “രണ്ടുപേരെയും തല്‍സ്ഥാനത്തു നിന്ന് നീക്കുക. അനന്തരം മുസ്ലിംകള്‍ക്ക് സുസമ്മതനായ ഒരാളെ ഖലീഫയായി തിരഞ്ഞെടുക്കുക” എന്നതായിരുന്നു തീരുമാനം. ജനങ്ങള്‍ സമ്മേളിച്ചു. പ്രഖ്യാപനത്തിനൊരുങ്ങി. അംര്‍ (റ)ന്‍റെ നിര്‍ബന്ധമനുസരിച്ച് അബുമൂസ (റ) മിമ്പറില്‍ കയറി തങ്ങളുടെ തീരുമാനം പ്രഖ്യാപിച്ചു. “സ്നേഹിതന്‍മാരേ, ഞങ്ങള്‍ അലി (റ) യെയും മുആവിയ (റ) യെയും അധികാരത്തില്‍ നിന്ന് നീക്കംചെയ്തിരിക്കുന്നു. പകരം ഒരു പുതിയ തിരഞ്ഞെടുപ്പ് നടത്തുന്നതിന്ന് ഞങ്ങള്‍ ജനനേതാക്കള്‍ക്ക് അധികാരം നല്‍കുന്നു”. അബുമൂസല്‍ അശ്അരി (റ) പ്രഖ്യാപനം പൂര്‍ത്തിയാക്കി മിമ്പറില്‍നിന്നിറങ്ങി. അംറുബ്നുല്‍ആസി (റ) എഴുന്നേറ്റുനിന്ന് ഇങ്ങനെ പറഞ്ഞു: “സ്നേഹിതന്‍മാരേ, നിങ്ങള്‍ കേട്ടുകഴിഞ്ഞല്ലൊ, അബൂമൂസ (റ) അലി (റ) യെ ഖലീഫ പദവിയില്‍ നിന്ന് നീക്കം ചെയ്തിരിക്കുന്നു. ഞാനും അലി (റ) യെ ഒഴിവാക്കുന്നു. പകരം മുആവിയ (റ)യെ ഞാന്‍ സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. അദ്ദേഹം അമീറുല്‍ മുഅ്മിനീന്‍ ഉസ്മാന്‍ (റ) ന്‍റെ അവകാശിയും ഖിലാഫത്തിന്ന് അര്‍ഹനുമാകുന്നു! അംറുബുനുല്‍ ആസ് (റ) ന്‍റെ പ്രഖ്യാപനം കേട്ട അബുമൂസ (റ) അന്ധാളിച്ചുപോയി! എന്തു വഞ്ചനയാണിത്! അദ്ദേഹം കോപാന്ധനായി. അംറുബുനുല്‍ ആസ് (റ) യെ ശകാരിച്ചു. പലരും നിരാശരും വിഷണ്ണരുമായിത്തീര്‍ന്നു. അലി (റ) യും പാര്‍ട്ടിയും സിറിയന്‍ സൈന്യത്തെ നേരിടാന്‍ തീരുമാനിച്ചു. പക്ഷേ തന്‍റെ പക്ഷത്ത് നിന്ന് തെറ്റിപ്പിരിഞ്ഞ ഖവാരിജുകള്‍ നഹര്‍വാനില്‍ കേന്ദ്രീകരിക്കുകയും അബ്ദുല്ലഹിബ്നു വഹബ് എന്ന ഒരാളെ അവരുടെ ഖലീഫയായി തിരഞ്ഞെടുക്കുകയും ചെയ്തു. അവര്‍ അക്രമവും കലാപവും അഴിച്ചുവിട്ടു മുസ്ലിംകളെ നിര്‍ബന്ധിച്ചു തങ്ങളുടെ പക്ഷത്ത് കൊണ്ടുവരികയും അതിന്നു വിസമ്മതിച്ചവരെ അറുകൊല നടത്തുകയും ചെയ്തു. അപകടകരമായ ഈ വാര്‍ത്ത അറിഞ്ഞ അലി (റ) കലാപമൊതുക്കാന്‍ നവര്‍ഹാനിലേക്കാണ് പിന്നീട് പോയത്. ഖവാരിജുകളെ കഴിയുന്നവണ്ണം ഉപദേശിച്ചുനോക്കിയെങ്കിലും വേണ്ടത്ര പ്രയോജനമുായില്ല. ആയുധമെടുക്കുക തന്നെ വേണ്ടിവന്നു. നഹര്‍വാനില്‍ ധീരമായി ചെറുത്തുനിന്ന ആയിരക്കണക്കില്‍ ഖവാരിജുകളെ യുദ്ധം ചെയ്തു തോല്‍പ്പിക്കുകയും അവരുടെ അമീറിനെ വധിക്കുകയും ചെയ്തു. അനന്തരം അലി (റ) യും സൈന്യവും കൂഫയിലേക്ക് മടങ്ങി. അവിടെ താമസമുറപ്പിച്ചു.

        മുസ്ലിം ലോകം ഭിന്നിക്കുകയും അന്തഃഛിദ്രത നടമാടുകയും ചെയ്തു. ഖവാരിജുകള്‍ നഹര്‍വാനില്‍ പരാജയപ്പെട്ടങ്കിലും നാടിന്‍റെ പലഭാഗങ്ങളിലും ചിന്നിച്ചിതറി കുഴപ്പമുണ്ടാക്കാന്‍ ഒരുമ്പെട്ടു! മുസ്ലിം ലോകത്തിലെ മൂന്നു രാഷ്ട്രീയ നേതാക്കളായിരുന്നല്ലൊ അലി (റ), മുആവിയ (റ), അംറുബ്നുല്‍ ആസ് (റ). ഇവരെ മൂന്ന്പേരെയും വധിച്ചു കളയാന്‍ ഖവാരിജുകള്‍ ഗൂഢാലോചന നടത്തി. പ്രസ്തുത ദൗത്യം ഏറ്റെടുത്ത് അബ്ദുറഹ്മാനുബ്നുമുല്‍ജിം, ബാരാക് ഇബ്നു അബ്ദുല്ല, അംറു ബ്നു ബക്കര്‍ എന്നിവര്‍ അലി (റ) , മുആവിയ (റ), അംറുബ്നുല്‍ ആസ് (റ)യെയും കൊല്ലാൻ പുറപ്പെട്ടു. ഇബ്നുമുല്‍ജിം മാത്രം വിജയകരമായി തന്‍റെ ദൗത്യം നിര്‍വ്വഹിച്ചു. സുബ്ഹ് നമസ്കാരത്തിന്ന് പള്ളിയിലേക്ക് പുറപ്പെട്ട അലി (റ) യെ ഇബ്നുമുല്‍ജിം കുത്തി മുറിവേല്‍പ്പിച്ചു. ഹിജ്റ 40 ാം വര്‍ഷം റമദാന്‍ പതിനേഴിന്ന് അദ്ദേഹം വഫാത്തായി. നാലുവര്‍ഷവും ഒമ്പതുമാസവുമായിരുന്നു ഭരണകാലം.

 
 
 
 
 

Leave a Comment