ഉസാമതുബ്നു സൈദ് (റ)

ഉസാമതുബ്നു സൈദ് (റ)

പ്രിയങ്കരന്റെ പുത്രനായ പ്രിയങ്കരൻ എന്നർത്ഥം വരുന്ന  അൽഹിബ്ബുബ്നുൽഹിബ്ബ് എന്നായിരുന്നു നബി (ﷺ) ഉസാമ (റ) യെ വിളിച്ചിരുന്നത് .

  ഉസാമ(റ)യുടെ നാമം കേൾക്കുമ്പോൾ അഭിനവലോകത്തിലെ ‘സംസ്കാരത്തി’ന്റെ വൈതാളികർ നാണം കൊണ്ട് ശിരസ്സ് കുനിച്ചേക്കും!

  കറുകറുത്ത, ചപ്പിയ മൂക്കുള്ള ഒരു ചെറുപ്പക്കാരൻ!

  സുപ്രസിദ്ധമായ മക്കാവിജയ ദിവസം! 

  ജന്മനാട്ടിലേക്ക് സർവതന്ത്രസ്വതന്ത്രനായി ഒരു ജേതാവിനെപോലെ നബി(ﷺ) തിരിച്ചുവരുന്നു. ആ അനർഘനിമിഷത്തിൽ തന്റെ വാഹനപ്പുറത്തൊരു കൂട്ടുകാരനുണ്ടായിരുന്നു. അതാരാണെന്നല്ലേ? മൂക്കുചപ്പിയ വിരൂപിയായ ആ യുവാവ് തന്നെ!

  അനന്തരം നബി(ﷺ) കഅബാലയത്തിന്റെ ഉള്ളിലേക്ക് പ്രവേശിക്കുന്നു. അവിടെയും ആ യുവാവ് കൂട്ടിനുണ്ടായിരുന്നു. മൂന്നാമനായി മറ്റൊരടിമയായ ബിലാൽ(റ)യും!

  മറ്റൊരിക്കൽ നബി(ﷺ) വലിയ ഒരു സൈന്യവ്യൂഹത്തിന്റെ നേതാവായി ഉസാമ(റ)യെ നിയോഗിക്കുന്നു. ഖുറൈശി പ്രമുഖരായ അബൂബക്കർ(റ), ഉമർ(റ) പ്രസ്തുത സൈന്യത്തിലെ സാധാരണ അംഗങ്ങളായിരുന്നു!

  “കറുത്തവൻ വെളുത്തവനേക്കാളോ, വെളുത്തവൻ കറുത്തവനേക്കാളോ അറബി അനറബിയേക്കാളോ, അനറബി അറബിയേക്കാളോ ശ്രഷ്ഠനാകുന്നില്ല. തഖ്‌വകൊണ്ടല്ലാതെ” എന്ന ഇസ്ലാമിലെ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ പ്രായോഗിക നിദർശനമായിരുന്നു ഉസാമ(റ)യുടെ ചരിത്രം.

   പ്രവിശാലമായ മുസ്ലിം സാമ്രാജ്യത്തിന്റെ അധിപനായിരുന്ന ഖലീഫ ഉമർ(റ) ഒരിക്കൽ പൊതുഖജനാവിൽ നിന്ന് മുസ്ലിം സൈനികർക്കുള്ള വിഹിതം വീതിച്ചുകൊടുക്കുകയായിരുന്നു. ഖലീഫ തന്റെ പുത്രൻ അബ്ദുല്ലക്ക് നൽകിയതിന്റെ ഇരട്ടിയാണ് ഉസാമ(റ)ക്ക് നൽകിയത്. അത് കണ്ട അബ്ദുല്ല(റ) പിതാവിനോട് ചോദിച്ചു: ”വന്ദ്യരായ പിതാവേ, അങ്ങ് ഇങ്ങനെ ചെയ്യാൻ കാരണമെന്താണ്? ഞാൻ ഉസാമയെക്കാൾ കൂടുതൽ യുദ്ധങ്ങളിൽ പങ്കെടുത്തവനും യാതന സഹിച്ചവനുമാണല്ലോ?”

  ഉമർ(റ) പറഞ്ഞു: “ശരിയാണ്, എങ്കിലും നബി(ﷺ) യോട് നിന്നേക്കാൾ അവനും നിന്റെ പിതാവിനേക്കാൾ അവന്റെ പിതാവും അടുത്തവനായിരുന്നു.”

  ഉസാമ(റ) പിതാവായ സൈദുബ്നു ഹാരിസ(റ) യെ കുറിച്ച് മുമ്പ് പ്രതി പാദിച്ചുവല്ലോ. സ്വന്തം പിതാവിനെയും പിത്യവ്യനെയും ഉപേക്ഷിച്ച് നബി(ﷺ) യെ രക്ഷാധികാരിയായിവരിച്ച മഹാനായിരുന്നു അദ്ദേഹം. ഇസ്ലാം ദത്തെടുക്കൽ നിരോധിക്കുന്നതുവരെ ‘സൈദുബ്നുമുഹമ്മദ്’  എന്നായിരുന്നു അദ്ദേഹത്തെ വിളിച്ചിരുന്നത്.

  സൈദ്(റ)ന്റെയും നബി(ﷺ)യുടെ ധാത്രിയായ ഉമ്മുഐമൻ എന്ന മഹതിയുടെയും പുത്രനായി ജനിച്ച ഉസാമ(റ), ഇസ്ലാമിന്റെ മടിത്തട്ടിൽ വളർന്ന ചെറുപ്പക്കാരായ സഹാബിമാരിൽ അഗ്രഗണ്യനായിരുന്നു.

  പ്രിയങ്കരെന്റെ പുത്രനായ പ്രിയങ്കരൻ എന്നർത്ഥം വരുന്ന അൽഹിബ്ബുബ്നുൽഹിബ്ബ് എന്നായിരുന്നു നബി(ﷺ) ഉസാമ(റ) യെ വിളിച്ചിരുന്നത് തന്റെ പതിനെട്ടാമത്തെ വയസ്സിൽ നബി(ﷺ) അദ്ദേഹത്തെ ഒരു വലിയ സൈന്യത്തിന്റെ നായകനായി നിയമിച്ചു. പ്രസ്തുത സൈന്യത്തിൽ അബൂബക്കർ (റ) ഉമർ (റ) എന്നിവരടങ്ങുന്ന പ്രമുഖരായ സഹാബിമാർ അംഗങ്ങളായിരുന്നു. സ്വാഭാവികമായും ഈ നിയമനത്തെക്കുറിച്ച് ചെറിയതോതിലുള്ള ചില അപശബ്ദങ്ങൾ അങ്ങിങ്ങായി മുഴങ്ങാൻ തുടങ്ങി. അത് നബി(ﷺ) യുടെ കാതുകളിലും ചെന്നെത്തി. നബി(ﷺ) ഇങ്ങനെ പറഞ്ഞു:

 “ഉസാമയുടെ നിയമനത്തെ കുറിച്ച് ചിലർക്ക് എതിരഭിപ്രായമുണ്ടെന്ന് ഞാനറിഞ്ഞു. മുമ്പ് അദ്ദേഹത്തിന്റെ പിതാവായ സൈദിന്റെ കാര്യത്തിലും ഭിന്നാഭിപ്രായമുള്ളവരായിരുന്നു അവർ. സൈദ് നേത്യത്വത്തിന് അർഹനായിരുന്നത്തുപോലെ ഉസാമയും അതിന്നർഹനാകുന്നു. സൈദിനെ പോലെ ഉസാമയും എനിക്കിഷ്ടപ്പെട്ടവനാണ്. അദ്ദേഹം നിങ്ങളുടെ കൂട്ടത്തിൽ വെച്ചു സൽവൃത്തനാണ് എന്ന് ഞാൻ കുതുന്നു. അതുകൊണ്ട് നിങ്ങൾ ഉസാമയ്ക്ക് അഭ്യൂദയം കാംക്ഷിക്കുക.”

  പ്രസ്തുത സൈന്യം ലക്ഷ്യം പ്രാപിക്കുന്നതിന്ന് മുമ്പ് നബി(ﷺ) നിര്യാതനാവുകയാണുണ്ടായത്! എങ്കിലും ഖലീഫ അബൂബക്കർ(റ) നബി(സ)യുടെ ഇംഗിതമനുസരിച്ച് ഉസാമയുടെ സൈന്യത്തെ യാത്രയാക്കി.

  ഉസാമ(റ)യുടെ സമ്മതപ്രകാരം ഉമർ(റ)യെ ഖലീഫയുടെ സഹായത്തിനു വേണ്ടി മദീനയിൽ നിർത്തുകയും ചെയ്തു. സൈന്യം സിറിയയുടെ അതിർത്തി പ്രദേശങ്ങളിലേക്ക് നീങ്ങി.

  നബി(ﷺ)യുടെ നിര്യാണവാർത്തയറിഞ്ഞത് മുതൽ റോമാചക്രവർത്തിയായ ഹിർഖലിന്ന് മുസ്ലിംകളുടെ മുന്നേറ്റത്തെയും മനോധൈര്യത്തേയും കുറിചുണ്ടായിരുന്ന പുതിയ ധാരണ തിരുത്താൻ അതുപകരിച്ചു.

  മുസ്ലിംകളുടെ സാഹസികമായ നടപടിനിമിത്തം പ്രവാചകന്റെ മരണം അവരെ മാനസികമായി തളർത്തിയിട്ടില്ല എന്ന് റോമക്കാർക്ക് ബോധ്യമായി!

  ഉസാമയുടെ സൈന്യം യാതൊരു എതിർപ്പും കൂടാതെ മടങ്ങുകയാണുണ്ടായത്!

  ഒരിക്കൽ നബി(ﷺ) അദ്ദേഹത്തെ ഒരു സൈന്യസംഘത്തിന്റെ നേതാവായി നിയോഗിച്ചു. ഉസാമ(റ)യുടെ ആദ്യത്തെ യജ്ഞമായിരുന്നു അത്. തന്റെ ദൗത്യം വിജയിച്ചു തിരിച്ചുവന്നശേഷം നബി(ﷺ)യോട് തന്റെ അനുഭവങ്ങൾ അദ്ദേഹം വിശദീകരിക്കുകയായിരുന്നു. നബി(ﷺ) എല്ലാം പ്രസന്നവദനായി കേട്ടുകൊണ്ടിരുന്നു.

  “ശത്രുക്കൾ തോറ്റോടാൻ തുടങ്ങിയിരിക്കുന്നു. അവരിലൊരാൾ എന്റെ മുന്നിൽ അകപ്പെട്ടു. ഞാൻ ആയുധം പ്രയോഗിക്കാൻ ഒരുങ്ങി. ഉടനെ അയാൾ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് വിളിച്ചു പറഞ്ഞു. ഞാൻ അത് വകവെച്ചില്ല. അയാളെ വധിച്ചുകളഞ്ഞു.

  ഇത് കേട്ടപ്പോൾ നബി (ﷺ) യുടെ മുഖം വിവർണ്ണമായി. നബി(ﷺ) പറഞ്ഞു: “നാശം, ലാഇലാഹ് ഇല്ലല്ലാഹ് എന്ന് വിളിച്ച് പറഞ്ഞിട്ടും നീ അയാളെ വധിച്ചുകളഞ്ഞോ?”

  “ഞാൻ അതുവരെ ചെയ്ത എല്ലാ പ്രയത്നങ്ങളെക്കുറിച്ചും എനിക്ക് വിരക്തി തോന്നുമാറ് നബി(ﷺ) അത് ആവർത്തിച്ചുകൊണ്ടിരുന്നു.” എന്ന് ഉസാമ(റ) പറഞ്ഞു.

 ഉസാമ(റ) യുടെ ജീവിതത്തിൽ ഒരു വലിയ പാഠമായിരുന്നു പ്രസ്തുത സംഭവം . നബി(ﷺ)യുടെ നിര്യാണത്തിനു ശേഷം മുസ്ലിംകൾക്കിടയിൽ നടമാടിയ അനാശാസ്യമായ ആഭ്യന്തര കലാപങ്ങളിൽ നിന്ന് അദ്ദേഹം പരിപൂർണ്ണമായും ഒഴിഞ്ഞു നിന്നു.

  അലി(റ)യും മുആവിയ(റ)യും തമ്മിൽ നടന്ന സംഘട്ടനങ്ങളിൽ ധാർമ്മികമായി അദ്ദേഹം അലി(റ)യുടെ പക്ഷത്തായിരുന്നെങ്കിലും സമരരംഗത്തു നിന്ന് ഒഴിഞ്ഞുമാറുകയാണ് അദ്ദേഹം ചെയ്തത്.

  അദ്ദേഹം ഇത് സംബന്ധിച്ച് അലി(റ)ക്ക് അയച്ച ഒരു കത്തിൽ ഇങ്ങനെ പറയുന്നു: “അങ്ങ് ഒരു സിംഹത്തിന്റെ വായയിലായിരുന്നെങ്കിൽ  അങ്ങയോടൊപ്പം അവിടെ പ്രവേശിക്കാൻ എനിക്ക് മടിയുണ്ടായിരുന്നില്ല. എങ്കിലും ഇപ്പോഴത്തെ നിലപാടിൽ എനിക്ക് അഭിപ്രായൈക്യം ഇല്ല.”

  നിഷ്പക്ഷനായി തന്റെ വീട്ടിൽ കഴിഞ്ഞുകൂടുകയായിരുന്ന അദ്ദേഹത്തോട് തന്റെ നിലപാടിനെ വിമർശിച്ചുകൊണ്ട് ചില സ്നേഹിതൻമാർ സംസാരിക്കുകയുണ്ടായി. അവരോടദ്ദേഹം പറഞ്ഞു:

 “ലാഇലാഹ ഇല്ലല്ലാഹ് എന്നുച്ചരിക്കുന്ന ഒരാൾക്കെതിരിലും ഞാൻ ആയുധമെടുക്കുകയില്ല. അക്കാര്യം തീർച്ചയാകുന്നു.”

  അവരിൽ ഒരാൾ ചോദിച്ചു :

“നാശം ഇല്ലായ്മ ചെയ്യുന്നവരേയും ദീൻ പരിപൂർണ്ണമായും അല്ലാഹുവിന് ആകുന്നതുവരെയും അവരോട് യുദ്ധം ചെയ്യണമെന്ന് അല്ലാഹു കൽപിച്ചിട്ടില്ലേ?”

  ഉസാമ(റ) പറഞ്ഞു : അത് ബഹുദൈവാരാധകരായ ശത്രുക്കളെ കുറിച്ചണ് പറഞ്ഞത്. അതനുസരിച്ച് അവരോട് നിരന്തരസമരം നടത്തിയവരാണ് ഞങ്ങൾ, വീണ്ടും സത്യവിശ്വാസികളോട് സമരം ചെയ്യണമെന്നോ! അതുപാടില്ല.

  അങ്ങനെ തന്റെ അന്ത്യം വരെ ഉസാമ(റ) നിഷ്പക്ഷനായി നിലകൊണ്ടു.

 ഹിജ്റ 54 ൽ അദ്ദേഹം നിര്യാതനായി.

Leave a Comment