ഇദ്ദയും അനുബന്ധ വിഷയങ്ങളും

ഇദ്ദയും അനുബന്ധ വിഷയങ്ങളും

മുഹമ്മദ് സാദിഖ് മദീനി

        عد- يعد എന്ന അറബി വാക്കിന്‍റെ ക്രിയാദാതുവാണ്(മസ്വ്ദര്‍) عيدة. എണ്ണുക, കണക്കാക്കുക, തുടങ്ങിയ അര്‍ത്ഥങ്ങളാണ് അതിനുളളത്. ഭര്‍ത്താവിന്‍റെ മരണത്താലോ ഭര്‍ത്താവുമായി വിവാഹബന്ധം വേര്‍പിരിഞ്ഞ കാരണത്താലോ അടുത്ത ഒരു വിവാഹത്തിനായി പ്രസവം വരേയോ നിശ്ചിത മാസങ്ങളോ നിശ്ചിത അശുദ്ധി കാലമോ ചില നിബന്ധനകള്‍ പാലിച്ച് കാത്തിരിക്കുന്നതിനാണ് സാങ്കേതികമായി “ഇദ്ദഃ” എന്ന് പറയുന്നത്. ഖുര്‍ആന്‍, സുന്നത്ത,ഇജ്മാഅ് എന്നീ പ്രമാണങ്ങളാല്‍ ഇത് വാജിബാണ്(നിര്‍ബന്ധം)എന്ന് സ്ഥിരപ്പെട്ടിരിക്കുന്നു.

        പ്രകൃതി മതമായ ഇസ്ലാം അല്ലാഹു തൃപ്തിപെട്ട ഏക മതമാണ് എന്നതിനാല്‍ അതിലെ നിയമങ്ങള്‍ ഏത് സ്ഥലത്തിനും കാലത്തിനും അനുയോജ്യവും ഏവര്‍ക്കും പ്രയോഗവല്‍ക്കരിക്കുവാന്‍ കഴി യുന്നതുമാണ്. പുരുഷന്‍റെ പ്രകൃതിയല്ല സ്ത്രീക്കുളളത് എന്നതു കൊണ്ടുതന്നെ മനുഷ്യ മനസുകളെ സൃഷ്ടിച്ച റബ്ബ് അവര്‍ക്കുളള ചില നിയമങ്ങളില്‍ ചില വിത്യാസങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു.

        സ്ത്രീയുടെ മനസ് പുരുഷന്‍റെ മനസിനേക്കാള്‍ നിര്‍മലമായതി നാല്‍ പ്രയാസങ്ങളും പരീക്ഷണങ്ങളും നേരിടാന്‍ കഴിയാതെ മിക്കപ്പോഴും അവള്‍ അക്ഷമയും വിഭ്രാന്തിയും പ്രകടിപ്പിക്കുന്നു. ചിലപ്പോഴൊക്കെ അവള്‍ അരുതാത്തത് ചെയ്തെന്നും വന്നേക്കാം. ഒരു സ്ത്രീയുടെ ഏറ്റവും വലിയ ദുഃഖം അവളുടെ ഭര്‍ത്താവിന്‍റെ വേര്‍പാടാണ്. മരണത്തോടു കൂടിയുളള ഭര്‍തൃ വേര്‍പാടില്‍ നിന്നും അവള്‍ മോചി തയാവാന്‍ കാലങ്ങള്‍ തന്നെ എടുത്തേക്കാം. ഈ കാലയളവില്‍ അവള്‍ ദുഃഖിതയാകരുത് എന്ന് കല്‍പ്പിക്കുകയാണെങ്കില്‍ അത് അവളോട് ചെയ്യുന്ന വലിയ അനീതിയായിരിക്കും. സ്ത്രീ മനസിനെ അറിയുന്ന സൃഷ്ടാവായ അല്ലാഹു നിശ്ചിത കാലയളവില്‍ ദുഃഖം ആചരിക്കാന്‍ അവര്‍ക്ക് അവകാശം നല്‍കി.

        ജീവിത കാലത്തു തന്നെ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞാല്‍ (ഭര്‍ ത്താവ് വിവാഹ മോചനം ചെയ്താലും, അവളുടെ ആവശ്യ പ്രകാരം വിവാഹ മോചനം നല്‍കിയാലും) നിശ്ചിത കാലയളവ് കഴിയാതെ മറ്റൊരു പുരുഷനുമായി വിവാഹ ബന്ധം പാടില്ല എന്ന സ്ത്രീയോടുളള കല്‍പ്പനയിലും വലിയ യുക്തി പ്രകടമാണ്. രഹസ്യ പരസ്യങ്ങള്‍ അറിയുന്നവനില്‍ നിന്നല്ലാതെ ഇത്തരം നിയമങ്ങള്‍ ഉണ്ടായിട്ടില്ല. പിറക്കുന്ന കുഞ്ഞിന്‍റെ പിതൃത്വം സ്ഥിരീകരിക്കുക, വിവാഹ മോചനത്തിന്‍റെ ദുഃഖത്തില്‍ നിന്നും അവള്‍ക്ക് മോചനം നല്‍കുക, മറ്റൊരു ഭര്‍ത്താവിനെ സ്വീകരിക്കുവാനുളള മാനസിക പക്വത ഉണ്ടാക്കിയെടുക്കുക, ഭാര്യ ഭര്‍ത്താക്കന്മാര്‍ക്ക് വീണ്ടും ഒരുമിച്ച് ജീവിക്കുവാനുളള അവസരം സൃഷ്ടിക്കുക, തന്‍റെ ജീവിത പങ്കാളിയുടെ വേര്‍പാടില്‍ ദുഃഖാചരണം നടത്തുക തുടങ്ങിയ നിരവധി യുക്തികള്‍ ഇദ്ദഃയില്‍ ഉണ്ട്.

        ഭര്‍ത്താവിന്‍റെ മരണാനന്തരം സ്ത്രീകള്‍ അനുഭവിക്കേണ്ടി വന്നിരുന്ന പീഡനങ്ങള്‍ വിവിധ മതങ്ങളില്‍ വര്‍ണ്ണനാതീതമായിരുന്നു. പ്രവാചക നിയോഗമനത്തിന് മുമ്പ് ജാഹിലിയ കാലഘട്ടത്തില്‍ ഭര്‍ത്തൃ വിയോഗം അനുഭവിച്ചിരുന്ന സ്ത്രീയുടെ ദുരനുഭവങ്ങള്‍ ഹദീഥുകളി ല്‍ വന്നിരിക്കുന്നു. സൈനബ് (റ) പറഞ്ഞു:

كانت المرأة إذا توفي عنها زوجها دخلت حفشا ولبست شر ثيابها ولم تمسّ طيبا حتى تمر بها سنة ثم تؤتى بدابة حمار أو شاة أو طائر فتفت به فقلما تفت بشيء الآ مات ثم تخرج فتعطي بعرة فترمي ثم تراجع بعد ما شاءت من طيب أو غيره سئل مالك ما تفت به قال تمسح به جلدها – البخاري

     “ഒരു സ്ത്രീയുടെ ഭര്‍ത്താവ് മരണപെട്ടാല്‍ ഒരു വര്‍ഷം വരെ അവള്‍ ചെറിയ ഒരു കുടിലില്‍ പ്രവേശിക്കുകയും അവളുടെ വസ്ത്രത്തില്‍ നിന്നും ഏറ്റവും മോശമായത് ധരിക്കുകയും സുഗന്ധം ഉപയോഗി ക്കാതിരിക്കുകയും ചെയ്യുമായിരുന്നു. ശേഷം ഒരു കഴുതയേയോ ആടിനേയോ പക്ഷിയേയോ കൊണ്ടുവരപ്പെടും അതിനെ അവളുടെ ശരീരത്തില്‍ ഉരസുകയും ചെയ്യും. ഏതൊന്നുകൊണ്ടാണോ അവളെ ഉരക്കുന്നത് അത് നാശമടയാതിരിക്കില്ല. ശേഷം അവള്‍ പുറപ്പെടും അപ്പോള്‍ ചാണകം അവള്‍ക്ക് നല്‍കപ്പെടുകയും അതുകൊണ്ടു അവള്‍ എറിയുകയും ചെയ്യുന്നു. പിന്നീട് അവള്‍ (പഴയ അവസ്ഥയിലേക്ക്) മടങ്ങുകയും അവള്‍ ഉദ്ദേശിക്കുന്ന സുഗന്ധങ്ങളും മറ്റും ഉപയോഗി ക്കുകയും ചെയ്യുന്നു. ഉരസുക എന്നാല്‍ എന്താണെന്ന് ഇമാം മാലിക്കിനോട് ചോദിക്കപ്പെട്ടു അദ്ദേഹം പറഞ്ഞു: അതുകൊണ്ടു അവളുടെ തൊലി തടവുക എന്നാണ്”. (ബുഖാരി)

        ഭര്‍ത്താവിന്‍റെ ചിതയില്‍ ഭാര്യ ചാടി മരിക്കുന്ന സതി എന്ന ആ ചാരം ഹൈന്ദവര്‍ക്കിടയില്‍ നില നിന്നിരുന്നു. കൂടാതെ ഭര്‍ത്താവ് മരിച്ച സ്ത്രീകള്‍ക്കുളള കടുത്ത മറ്റു ചില നിയമങ്ങളെ സംബന്ധിച്ചും ഹൈന്ദവ ഗ്രന്ഥങ്ങളില്‍ പറയപ്പെട്ടിരിക്കുന്നു.

“കാമം തുക്ഷ പയേ ദ്ദേഹം പുഷ്പ മൂല ഫലൈഃ ശുഭൈത
ന തു നാമാഭി ഗൃഹ്ണീ യാത്പത്യൗ പ്രേത പരസ്യതു
ആസീതാ മരണാല്‍ ക്ഷാന്താ നിയാതാ ബ്രഹ്മചാരിണീ
യോ ധര്‍മ്മ ഏകപത്നീ നാം കാംക്ഷന്തീ തമനുത്തമം” (മനുസ്മൃതി: 5: 157,158)

(ഭര്‍ത്താവ് മരിച്ച ശേഷം പരിശുദ്ധമായ കിഴങ്ങ്, ഫലം, പുഷ്പം മുതലായ ആഹാരങ്ങള്‍ കൊണ്ടു ദേഹത്തിന് ക്ഷതം വരുത്തി കാലം നയിക്കേതാണ്. കാമവികാരോദ്ദേശ്യത്തിന്മേല്‍ മറ്റൊരു പുരുഷന്‍റെ പേരു പറയരുത്. ഭര്‍ത്താവ് മരിച്ച ശേഷം ജീവാവസാനം വരെ നശീലയായി പരിശുദ്ധയായി ബ്രഹ്മ ധ്യാനമുളളവളായും മധു മാംസ ഭക്ഷണം ചെയ്യാത്തവളായും ഉത്കൃഷ്ഠയായ പതിവ്രതയുടെ ധര്‍മത്തെ ആഗ്രഹിക്കുന്നവളായും ഇരിക്കേണ്ടതാകുന്നു. (മനുസ്മൃതി: 5: 157, 158)

        ഭര്‍ത്താവിന്‍റെ മരണം മൂലമാകട്ടെ അല്ലെങ്കില്‍ വിവാഹ മോചനം മൂലമാകട്ടെ ഭര്‍തൃ വേര്‍പാട് അനുഭവിക്കുന്ന സ്ത്രീകള്‍ ഇദ്ദഃയു മായി ബന്ധപ്പെട്ട് അതുകൊണ്ടു ഇരിക്കേണ്ടതാകുന്നു രണ്ടു തരക്കാരായിയിരിക്കും.

ഒന്ന്: ഒരിക്കലും ഇദ്ദഃ ആചരിക്കോത്തവള്‍
രണ്ട്: നിര്‍ബന്ധമായും ഇദ്ദഃ അച്ചേരിക്കേണ്ടവർ

ഭാര്യ ഭര്‍ത്തൃ വീടു കൂടല്‍ നടക്കാത്ത സ്ത്രീ വിവാഹ മോചിതയായാല്‍ അവള്‍ ഇദ്ദഃ ആചരിക്കേണ്ടതില്ല. അല്ലാഹു പറയുന്നു:

 
يَا أَيُّهَا الَّذِينَ آمَنُوا إِذَا نَكَحْتُمُ الْمُؤْمِنَاتِ ثُمَّ طَلَّقْتُمُوهُنَّ مِنْ قَبْلِ أَنْ تَمَسُّوهُنَّ فَمَا لَكُمْ عَلَيْهِنَّ مِنْ عِدَّةٍ تَعْتَدُّونَهَا ۖ فَمَتِّعُوهُنَّ  وَسَرِّحُوهُنَّ سَرَاحًا جَمِيلًا
(Al Ahzab 49)
സത്യവിശ്വാസികളേ, നിങ്ങള്‍ സത്യവിശ്വാസിനികളെ വിവാഹം കഴിക്കുകയും, എന്നിട്ട്‌ നിങ്ങളവരെ സ്പര്‍ശിക്കുന്നതിന്‌ മുമ്പായി അവരെ വിവാഹമോചനം നടത്തുകയും ചെയ്താല്‍ നിങ്ങള്‍ എണ്ണികണക്കാക്കുന്ന ഇദ്ദഃ ആചരിക്കേണ്ട ബാധ്യത അവര്‍ക്കു നിങ്ങളോടില്ല. എന്നാല്‍ നിങ്ങള്‍ അവര്‍ക്ക്‌ മതാഅ്‌ നല്‍കുകയും, അവരെ ഭംഗിയായി പിരിച്ചയക്കുകയും ചെയ്യുക. (അൽ അഹ്‌സാബ് 49)
 

        “സത്യവിശ്വാസികളേ, നിങ്ങള്‍ സത്യവിശ്വാസിനികളെ വിവാഹം കഴിക്കുകയും, എന്നിട്ട് നിങ്ങളവരെ സ്പര്‍ശിക്കുന്നതിന് മുമ്പായി അവരെ വിവാഹ മോചനം നടത്തുകയും ചെയ്താല്‍ നിങ്ങള്‍ എണ്ണികണക്കാക്കുന്ന ഇദ്ദഃ ആചരിക്കേബാധ്യത അവര്‍ക്കു നിങ്ങളോടില്ല. എന്നാല്‍ നിങ്ങള്‍ അവര്‍ക്ക് മതാഅ് നല്‍കുകയും, അവരെ ഭംഗിയായി പിരിച്ചയക്കുകയും ചെയ്യുക”. (അല്‍ അഹ്സാബ്: 49)

ഇവരല്ലാത്ത മുഴുവന്‍ സ്ത്രീകളും ഇദ്ദഃ അച്ചേരിക്കേണ്ടവർ പക്ഷെ അവരില്‍ ഓരോരുത്തരുടേയും ഇദ്ദഃ അവരുടെ അവസ്ഥക്കനുസരിച്ച് വ്യത്യാസപ്പെടുന്നതാണ്.

ഒന്ന്: ഭര്‍ത്താവ് മരണപെട്ട കാരണത്താല്‍ ഇദ്ദഃ ആചരിക്കുന്നവള്‍. ഇത്തരം സ്ത്രീകള്‍ താഴെ പറയുന്ന മൂന്ന് രൂപങ്ങളില്‍ ഏതെങ്കി ലുമൊന്നിലായിരിക്കാം.

(1) ഭര്‍ത്താവ് മരിക്കുമ്പോള്‍ ഭാര്യ ഗര്‍ഭിണിയായിരിക്കുക.
ഇവരുടെ ഇദ്ദഃയുടെ കാലാവധി അവള്‍ പ്രസവിക്കുന്നത് വരെ യാണ്. അല്ലാഹു പറയുന്നു:

 
وَاللَّائِي يَئِسْنَ مِنَ الْمَحِيضِ مِنْ نِسَائِكُمْ إِنِ ارْتَبْتُمْ فَعِدَّتُهُنَّ ثَلَاثَةُ أَشْهُرٍ وَاللَّائِي لَمْ يَحِضْنَ ۚ وَأُولَاتُ الْأَحْمَالِ أَجَلُهُنَّ أَنْ يَضَعْنَ حَمْلَهُنَّ ۚ وَمَنْ يَتَّقِ اللَّهَ يَجْعَلْ لَهُ مِنْ أَمْرِهِ يُسْرًا
(Al Talaq 4)
നിങ്ങളുടെ സ്ത്രീകളില്‍ നിന്നും ആര്‍ത്തവത്തെ സംബന്ധിച്ച്‌ നിരാശപ്പെട്ടിട്ടുള്ളവരെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ അവരുടെ ഇദ്ദഃ യുടെ കാര്യത്തില്‍ സംശയത്തിലാണെങ്കില്‍ അത്‌ മൂന്ന്‌ മാസമാകുന്നു. ആര്‍ത്തവമുണ്ടായിട്ടില്ലാത്തവരുടേതും അങ്ങനെ തന്നെ. ഗര്‍ഭവതികളായ സ്ത്രീകളാകട്ടെ അവരുടെ അവധി അവര്‍ തങ്ങളുടെ ഗര്‍ഭം പ്രസവിക്കലാകുന്നു. വല്ലവനും അല്ലാഹുവെ സൂക്ഷിക്കുന്ന പക്ഷം അവന്ന്‌ അവന്‍റെ കാര്യത്തില്‍ അല്ലാഹു എളുപ്പമുണ്ടാക്കി കൊടുക്കുന്നതാണ്‌. (അത്വലാഖ്: 4) 
 

        ഭര്‍ത്താവ് മരിച്ച് ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞ് അവള്‍ പ്രസവിച്ചാലും അതോടു കൂടി അവളുടെ ഇദ്ദഃ അവസാനിക്കും.അതിനു ശേഷം അവളെ മറ്റൊരാള്‍ക്ക് വിവാഹം കഴിക്കല്‍ അനുവദനീയമാണ്. പ്രസവ രക്തം അവസാനിക്കുന്നതുവരെ അവളെ ലൈംഗികമായി ഭര്‍ത്താവിന് പ്രാപിക്കാന്‍ പാടില്ല. ഇമാം ബുഖാരി ഉദ്ധരിക്കുന്ന ഒരു സംഭവം ഇപ്രകാരമാണ്. സുബൈഅഃ ബിന്‍ത് അല്‍ഹാരിഥ് سبيعة بنت ന്‍റെ ഭര്‍ത്താവായിരുന്നു സഅ്ദ് ഇബ്നു ഖൗലഃ  سعد بن خولة   ബദ്ര്‍ യുദ്ധത്തില്‍ പങ്കെടുത്ത പ്രസിദ്ധ സ്വഹാബിയായ അദ്ദേഹം ഹജ്ജത്തുല്‍ വദാഇല്‍ മരണപ്പെടുമ്പോള്‍ ഭാര്യ ഗര്‍ഭിണിയായിരുന്നു. ഭര്‍ത്താവിന്‍റെ മരണത്തിന് ശേഷം ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവര്‍ പ്രസവിച്ചു. അങ്ങിനെ അവര്‍ ശുദ്ധിയായപ്പോള്‍ വിവാഹം അന്വേഷിക്കുന്നവര്‍ക്കു വേണ്ടി അണിഞ്ഞൊരുങ്ങി. അബുസ്സനാബില്‍ ഇബ്നു ബഅ്കകും വിവാഹം അന്വേഷിച്ചവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. അദ്ദേഹം അവരോട് നാല് മാസവും പത്ത് ദിവസവും ഇദ്ദഃ ആചരിക്കണമെന്ന് പറഞ്ഞപ്പോള്‍ അവര്‍ നബി (സ) യുടെ അടുക്കല്‍ ചെന്ന് അതിനെ സംബന്ധിച്ച് ചോദിച്ചു. അപ്പോള്‍ നബി(സ) അവര്‍ക്ക് ഇപ്രകാരം മറുപടി കൊടുത്തതായി അവര്‍ പറഞ്ഞു:

بأني قد حللت حين وضعت حملي وأمرني بالتزوج أن بدالي – البخاري
നിശ്ചയം ഞാന്‍ പ്രസവിച്ചതോടു കൂടി ഇദ്ദഃയില്‍നിന്നും മോചിതയായി ഞാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ എന്നോട് വിവാഹം കഴിക്കാന്‍ തിരുമേനി (സ) കല്‍പ്പിക്കുകയും ചെയ്തു. (ബുഖാരി)

 
 

        ത്വലാഖ് ചെല്ലപ്പെട്ട സ്ത്രീ ഗര്‍ഭിണിയാണെങ്കിലും ഇതേ വിധി തന്നെയാണ് അവള്‍ക്കുമുളളത് അഥവാ പ്രസവത്തോടെ അവളുടെ ഇദ്ദഃ അവസാനിക്കുന്നതാണ്.
(2) ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതിന് മുമ്പായി ഭര്‍ത്താവ് മരണപ്പെട്ടവള്‍.
ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതിന് മുമ്പ് ഒരാള്‍ ഭാര്യയെ ത്വ ലാഖ് ചൊല്ലിയാല്‍ അവള്‍ക്ക് ഇദ്ദഃയില്ല എന്ന് മുമ്പ് സൂചിപ്പിച്ചു. എ ന്നാല്‍ ഈ അവസ്ഥയില്‍ ഭര്‍ത്താവ് മരിക്കുകയാണെങ്കില്‍ ഭര്‍ത്താവ് മരിച്ച സ്ത്രീയുടെ ഇദ്ദഃ (നാലുമാസവും പത്തു ദിവസവും) അവള്‍ ആചരിക്കണം. ഇമാം തിര്‍മിദി ഉദ്ധരിക്കുന്ന ഒരു സംഭവം ഇപ്രകാരമാണ്.

عن ابن مسعود أنه سئل عن رجل تزوج امرأة ولم يفرض لها صداقا ولم يدخل بها حتى مات فقال ابن مسعود لها مثل صداق نسائها لما وكس ولماشطط وعليها العدة ولها الميراث فقام معقل بن سنان الأشجعي فقال قضى رسول الله صلى الله عليه وسلم في بروع بنت واشق امرأة منا مثل الذي قضيت ففرح بها ابن مسعود – الترمذي وصححه الألباني

ഒരു സ്ത്രീയെ വിവാഹം കഴിക്കുകയും അവള്‍ക്ക് മഹര്‍ നിശ്ചയിക്കുകയോ അവളുമായി ബന്ധപ്പെടുകയോ ചെയ്യുന്നതിന് മുമ്പായി മരണമടയുകയും ചെയ്ത ഒരാളെ കുറിച്ച് അബ്ദുല്ലാഹ് ഇബ്നു മസ്ഊദ്(റ) നോട് ചോദിക്കപ്പെട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: അവള്‍ക്ക് അവളെപ്പോലുളള സ്ത്രീകള്‍ക്കുളള മഹര്‍ ഉണ്ട് കൂടുതലോ കുറവോ ഇല്ല. അവള്‍ക്ക് ഇദ്ദഃയും അനന്തരവകാശവുമു്ണ്ട. അപ്പോള്‍ മഅ്കല്‍ ഇബ്നു സിനാന്‍ അല്‍അശ്ജഇ(റ) എഴുന്നേറ്റു കൊണ്ട് പറഞ്ഞു: ഞങ്ങളുടെ കൂട്ടത്തിലുളള ബിര്‍വഅ് ബിന്‍ത് വാശിഖ് എന്ന സ്ത്രീക്ക് താങ്കള്‍ വിധിച്ചതു പോലെ നബി(സ) വിധിച്ചിരുന്നു. അപ്പോള്‍ ഇബ്നു മസ്ഊദ്(റ) സന്തോഷിച്ചു. (തിര്‍മിദി)

(3) ഈ രണ്ടു അവസ്ഥയിലുമല്ലാതെ ഭര്‍ത്താവ് മരണമടഞ്ഞ സ്ത്രീ.
അഥവാ കുടുംബ ജീവിതം നയിച്ചുകൊിരിക്കെ ഭര്‍ത്താവ് മരണമടയുകയും അപ്പോള്‍ ഭാര്യ ഗര്‍ഭിണിയല്ലാതിരിക്കുകയും ചെയ്യുക. നാല് മാസവും പത്ത് ദിവസവുമാണ് അവരുടെ ഇദ്ദഃ. അല്ലാഹു പറയുന്നു:

 
وَالَّذِينَ يُتَوَفَّوْنَ مِنْكُمْ وَيَذَرُونَ أَزْوَاجًا يَتَرَبَّصْنَ بِأَنْفُسِهِنَّ أَرْبَعَةَ أَشْهُرٍ وَعَشْرًا ۖ فَإِذَا بَلَغْنَ أَجَلَهُنَّ فَلَا جُنَاحَ عَلَيْكُمْ فِيمَا فَعَلْنَ فِي أَنْفُسِهِنَّ بِالْمَعْرُوفِ ۗ وَاللَّهُ بِمَا تَعْمَلُونَ خَبِيرٌ
(Al Baqarah 234)
നിങ്ങളില്‍ ആരെങ്കിലും തങ്ങളുടെ ഭാര്യമാരെ വിട്ടേച്ചു കൊണ്ട്‌ മരണപ്പെടുകയാണെങ്കില്‍ അവര്‍ ( ഭാര്യമാര്‍ ) തങ്ങളുടെ കാര്യത്തില്‍ നാലുമാസവും പത്തു ദിവസവും കാത്തിരിക്കേണ്ടതാണ്‌. എന്നിട്ട്‌ അവരുടെ ആ അവധിയെത്തിയാല്‍ തങ്ങളുടെ കാര്യത്തിലവര്‍ മര്യാദയനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നതില്‍ നിങ്ങള്‍ക്ക്‌ കുറ്റമൊന്നുമില്ല. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നുണ്ട്‌.
(അൽ ബഖറ 234)
 

വിവാഹമോചനത്തിലൂടെ ഭര്‍ത്താവുമായി വേര്‍പിരിയുന്നവരുടെ ഇദ്ദഃ വിവിധ രൂപങ്ങളിലാണ്.

ഒന്ന്: വിവാഹ മോചിത ഗര്‍ഭിണിയാണെങ്കില്‍.
അവള്‍ പ്രസവിക്കുന്നതുവരേയാണ് അവളുടെ ഇദ്ദഃ എന്ന് മുമ്പ് നാം വിവരിച്ചതാണ്.

രണ്ട്: വാര്‍ദ്ധക്യം കാരണത്താല്‍ ആര്‍ത്തവം നിലക്കുകയോ പ്രായം പൂര്‍ത്തിയാകാത്തതിനാല്‍ ആര്‍ത്തവം ഇല്ലാത്തവരോ ആയ സ്ത്രീകള്‍.
അവരുടെ ഇദ്ദഃ മൂന്ന് മാസമാണ്. ഇസ്ലാമികമായ വിധികള്‍ പറ യുന്നിടത്തെല്ലാം മാസം എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് അറബി മാസം (ചന്ദ്രമാസം) ആണ്. അല്ലാഹു പറയുന്നു:

 
 
 
وَاللَّائِي يَئِسْنَ مِنَ الْمَحِيضِ مِنْ نِسَائِكُمْ إِنِ ارْتَبْتُمْ فَعِدَّتُهُنَّ ثَلَاثَةُ أَشْهُرٍ وَاللَّائِي لَمْ يَحِضْنَ ۚ وَأُولَاتُ الْأَحْمَالِ أَجَلُهُنَّ أَنْ يَضَعْنَ حَمْلَهُنَّ ۚ وَمَنْ يَتَّقِ اللَّهَ يَجْعَلْ لَهُ مِنْ أَمْرِهِ يُسْرًا
(Al Talaq 4)
നിങ്ങളുടെ സ്ത്രീകളില്‍ നിന്നും ആര്‍ത്തവത്തെ സംബന്ധിച്ച്‌ നിരാശപ്പെട്ടിട്ടുള്ളവരെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ അവരുടെ ഇദ്ദഃ യുടെ കാര്യത്തില്‍ സംശയത്തിലാണെങ്കില്‍ അത്‌ മൂന്ന്‌ മാസമാകുന്നു. ആര്‍ത്തവമുണ്ടായിട്ടില്ലാത്തവരുടേതും അങ്ങനെ തന്നെ. ഗര്‍ഭവതികളായ സ്ത്രീകളാകട്ടെ അവരുടെ അവധി അവര്‍ തങ്ങളുടെ ഗര്‍ഭം പ്രസവിക്കലാകുന്നു. വല്ലവനും അല്ലാഹുവെ സൂക്ഷിക്കുന്ന പക്ഷം അവന്ന്‌ അവന്‍റെ കാര്യത്തില്‍ അല്ലാഹു എളുപ്പമുണ്ടാക്കി കൊടുക്കുന്നതാണ്‌. (അത്വലാഖ്: 4) 
 

മൂന്ന്: ആര്‍ത്തവമുളള വിവാഹ മോചിത.
അവരുടെ ഇദ്ദഃ മൂന്ന് ഖുറൂഅ് ആണ്. അല്ലാഹു പറയുന്നു


وَٱلْمُطَلَّقَٰتُ يَتَرَبَّصْنَ بِأَنفُسِهِنَّ ثَلَٰثَةَ قُرُوٓءٍ

(Al Bakhaar 228)
വിവാഹ മോചനം ചെയ്യപ്പെട്ട സ്ത്രീകള്‍ തങ്ങളുടെ സ്വന്തം കാര്യ ത്തില്‍ മൂന്നു മാസ മുറകള്‍ (കഴിയും വരെ) കാത്തിരിക്കേണ്ടതാണ്
(അല്‍ ബഖറ: 228)

        ഖുര്‍അ് എന്നത് വിപരീത അര്‍ത്ഥമുളള അറബി പദമാണ്. ശുദ്ധി കാലത്തിനും അശുദ്ധി കാലത്തിനും പ്രസ്തുത വാക്ക് ഉപയോഗിക്ക പ്പെടുന്നു. അതുകൊണ്ടു തന്നെ മുന്‍ ആയത്തില്‍ ഖുര്‍അ് കൊണ്ടുള്ള വിവക്ഷ എന്താണ് എന്നതില്‍ പണ്ഡിതന്മാര്‍ വിത്യസ്ത അഭിപ്രായക്കാരാണ്. നാല് ഖലീഫമാരടക്കം പത്തോളം സ്വഹാബിമാരുടെ അഭിപ്രായം  ഖുര്‍അ് കൊണ്ടുള്ള ഉദ്ദേശം അശുദ്ധി (ആര്‍ത്തവ) സമയം എന്നാണ്.

        അശുദ്ധി ഘട്ടത്തിലോ (ആര്‍ത്തവ കാലം), ഭാര്യ ഭര്‍ത്താക്കന്മാര്‍ ശാരീരിക ബന്ധം നടന്ന ശുദ്ധി ഘട്ടത്തിലോ വിവാഹ മോചനം അനുവദനീയമല്ല. എന്നാല്‍ ലൈംഗിക ബന്ധം നടക്കാത്ത ശുദ്ധികാലത്താണ് ത്വലാഖ് ചെല്ലേണ്ടത്. ഖുര്‍ഇന് ശുദ്ധികാലം എന്ന് അര്‍ത്ഥം കല്‍പ്പിച്ചാല്‍ ശുദ്ധി കാലത്ത് ത്വലാഖ് ചെല്ലപ്പെട്ട സ്ത്രീകളുടെ ഇദ്ദഃ അതിന് ശേഷമുാകുന്ന മൂന്നാമത്തെ ആര്‍ത്തവം തുടങ്ങുന്നതോടെ അവസാനിക്കുന്നു. അതായത് വിവാഹ മോചനം നടക്കുമ്പോഴുളള ശുദ്ധിയും ഒന്നാമത്തെ ആര്‍ത്തവത്തിന് ശേഷവും രണ്ടാമത്തെ ആര്‍ത്തവത്തിന് ശേഷവും ഉണ്ടാകുന്ന ശുദ്ധികളും കൂടി ആകെ മൂന്ന് ഖുര്‍ഉകള്‍. എന്നാല്‍ ഖുര്‍ഇന് ആര്‍ത്തവ കാലം എന്ന് അര്‍ത്ഥം കല്‍പ്പിച്ചാല്‍ മൂന്നാമത്തെ ആര്‍ത്തവം കഴിഞ്ഞ് അടുത്ത ശുദ്ധി ആരംഭിക്കുമ്പോഴേ മൂന്ന് ഖുര്‍അ് പൂര്‍ത്തിയാവുകയുളളൂ. ആര്‍ത്തവ സമയത്തിന്‍റെ പരിധി കൂടിയാലും കുറഞ്ഞാലും അതിനെയാണ് പരിഗണിക്കേത്.

        മടക്കി യെടുക്കാവുന്ന വിവാഹമോചിത (ഒരു പ്രാവശ്യമോ രണ്ട് പ്രാവശ്യമോ ത്വാലാഖ് ചൊല്ലപ്പെട്ടവളെ ഭര്‍ത്താവിന് മടക്കിയെടുക്കാവുന്നതാണ്) ഇദ്ദഃ ആചരിച്ചു കൊണ്ടിരിക്കെ അവളുടെ ഭര്‍ത്താവ് മരണപ്പെട്ടാല്‍ അന്നുമുതല്‍ ഭര്‍ത്താവ് മരണപ്പെട്ട സ്ത്രീയുടെ ഇദ്ദഃ അവള്‍ ആരംഭിക്കണം. കാരണം മടക്കിയെടുക്കാവുന്ന വിവാഹ മോചിത അപ്പോഴും അവളുടെ ഭര്‍ത്താവ് തന്നെയാണ് അവള്‍ ഇദ്ദഃ അച്ചേരിക്കേണ്ടതും അദ്ദേഹത്തിന്‍റെ വീട്ടിലാണ്. അല്ലാഹു പറയുന്നു:


وَٱلْمُطَلَّقَٰتُ يَتَرَبَّصْنَ بِأَنفُسِهِنَّ ثَلَٰثَةَ قُرُوٓءٍ وَلَا يَحِلُّ لَهُنَّ أَن يَكْتُمْنَ مَا خَلَقَ ٱللَّهُ فِىٓ أَرْحَامِهِنَّ إِن كُنَّ يُؤْمِنَّ بِٱللَّهِ وَٱلْيَوْمِ ٱلْءَاخِرِ وَبُعُولَتُهُنَّ أَحَقُّ بِرَدِّهِنَّ فِى ذَٰلِكَ إِنْ أَرَادُوٓا۟ إِصْلَٰحًا وَلَهُنَّ مِثْلُ ٱلَّذِى عَلَيْهِنَّ بِٱلْمَعْرُوفِ وَلِلرِّجَالِ عَلَيْهِنَّ دَرَجَةٌ وَٱللَّهُ عَزِيزٌ حَكِيمٌ
(Al Bakhaar 228)
വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകള്‍ തങ്ങളുടെ സ്വന്തം കാര്യത്തില്‍ മൂന്നു മാസമുറകള്‍ (കഴിയും വരെ) കാത്തിരിക്കേണ്ടതാണ്‌. അവര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കില്‍ തങ്ങളുടെ ഗര്‍ഭാശയങ്ങളില്‍ അല്ലാഹു സൃഷ്ടിച്ചിട്ടുള്ളതിനെ അവര്‍ ഒളിച്ചു വെക്കാന്‍ പാടുള്ളതല്ല. അതിനകം (പ്രസ്തുത അവധിക്കകം) അവരെ തിരിച്ചെടുക്കാന്‍ അവരുടെ ഭര്‍ത്താക്കന്‍മാര്‍ ഏറ്റവും അര്‍ഹതയുള്ളവരാകുന്നു; അവര്‍ (ഭര്‍ത്താക്കന്‍മാര്‍) നിലപാട് നന്നാക്കിത്തീര്‍ക്കാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍. സ്ത്രീകള്‍ക്ക് (ഭര്‍ത്താക്കന്‍മാരോട്‌) ബാധ്യതകള്‍ ഉള്ളതുപോലെ തന്നെ ന്യായപ്രകാരം അവര്‍ക്ക് അവകാശങ്ങള്‍ കിട്ടേണ്ടതുമുണ്ട്‌. എന്നാല്‍ പുരുഷന്‍മാര്‍ക്ക് അവരെക്കാള്‍ ഉപരി ഒരു പദവിയുണ്ട്‌. അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാകുന്നു
(അല്‍ ബഖറ: 228)

        ഇവിടെ ഇദ്ദഃയിലിരിക്കുന്ന സ്ത്രീകളെ തിരിച്ചെടുക്കാന്‍ ഏറ്റവും അര്‍ഹതയുളളവരെ സംബന്ധിച്ച് പറഞ്ഞപ്പോള്‍ അവരുടെ ഭര്‍ത്താക്കന്മാര്‍ എന്ന വാക്കാണ് ക്വുര്‍ആന്‍ ഉപയോഗിച്ചത്.

നാല്: ഖുല്‍അ് ചെയ്യപെട്ടവളുടെ ഇദ്ദഃ

 ഭര്‍ത്താവിന്‍റെ മതപരമോ ശാരീരികമോ സ്വഭാവ പരമോ മറ്റെന്തെങ്കിലുമോ കാരണങ്ങളാല്‍ ഭാര്യക്ക് അയാളുമായി ഒത്തുപോകാന്‍ സാധിക്കാതെ വന്നാല്‍ അയാള്‍ നല്‍കിയ മഹ്റോ മറ്റെന്തെങ്കിലുമോ അയാള്‍ക്ക് തിരിച്ചു നല്‍കി ഭാര്യ അയാളില്‍ നിന്ന് വിവാഹ മോചനം തേടുന്നതിനാണ് ഖുല്‍അ് എന്ന് പറയുക. ഖുല്‍അ് ത്വലാഖായിട്ടാണോ അതല്ല ഫസ്ഖ് ആയിട്ടാണോ പരിഗണിക്കുക എന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ വീക്ഷണ വ്യത്യാസം ഉളളതിനാല്‍ ഖുല്‍അ് ചെയ്യപെട്ട സ്ത്രീകളുടെ ഇദ്ദഃയുടെ കാര്യത്തിലും അഭിപ്രായ വ്യത്യാസം ഉണ്ട്. ഖുല്‍ഇനെ ത്വലാഖായി പരിഗണിക്കുന്നവരുടെ അഭിപ്രായപ്രകാരം അവര്‍ മൂന്ന് ഖുറൂഅ് ഇദ്ദഃയിലിരിക്കണം. എന്നാല്‍ ഖുല്‍അ് ഫസ്ഖായി പരിഗണിക്കുന്ന പണ്ഡിതന്മാരുടെ അഭിപ്രായ പ്രകാരം
അവര്‍ ഗര്‍ഭിണികളല്ല എന്ന് അറിയാനായി ഒരു ഖുര്‍അ് വരെയാണ് ഇദ്ദഃ അച്ചേരിക്കേണ്ടത്. ഏറ്റവും ശരിയായ അഭിപ്രായമായി തോന്നുന്നത് ഖുല്‍അ് ഫസ്ഖായി പരിഗണിച്ച് അവര്‍ ഒരു ഖുര്‍അ് ഇദ്ദഃയിലിരിക്കണമെന്നാണ്.  ഇബ്നു അബ്ബാസ് (റ) വില്‍ നിന്നും നിവേദനം:

أن امرأة ثابت بن قيس اختلعت منه فجعل النبي صلى الله عليه وسلم عدتها حيضة أبوداود وصححه الألباني
ഥാബിത് ഇബ്നു ഖൈസി (റ) ന്‍റെ ഭാര്യ അദ്ദേഹത്തില്‍ നിന്നും ഖു ല്‍ആയി അപ്പോള്‍ നബി (സ) അവരുടെ ഇദ്ദഃ ഒരു ആര്‍ത്തവ സമയമാക്കി. (അബൂ ദാവൂദ്)

ഇബ്നു അബീശൈബ ഇബ്നു ഉമര്‍ (റ) വില്‍ നിന്നു നിവേദനം ചെയ്യുന്ന ഒരു സംഭവം ഇപ്രകാരമാണ്.

أن الربيع اختلعت من زوجها فأتى عمها عثمان فقال : تعتد بحيضة ، وكان ابن عمر يقول : تعتد ثلاث حيض حتى قال هذا عشان فكان يفتي به ويقول : خيرنا وأعلمنا مصنف ابن أبي شيبة
നിശ്ചയം റുബയ്യിഅ് ബിന്‍ത് മുഅവ്വിദ് (റ) അവരുടെ ഭര്‍ത്താവില്‍ നിന്നും ഖുല്‍ഇലൂടെ വിവാഹമോചനം തേടി, അങ്ങിനെ പിതൃസഹോ ദരനായ ഉഥ്മാന്‍ ഇബ്നു അഫാന്‍ വിന്‍റെ അടുക്കല്‍ വന്നു അപ്പോള്‍ ഒരു അശുദ്ധികാലം ഇദ്ധയിലിരിക്കുവാന്‍ അദ്ദേഹം അവരോട് പറഞ്ഞു. ഉസ്മാന്‍ (റ) അത് പറയുന്നതു വരെ മൂന്ന് ആര്‍ത്തവ സമയം വരെ അവര്‍ ഇദ്ദഃയിലിരിക്കണം എന്നാണ് ഇബ്നു ഉമര്‍(റ) പറഞ്ഞിരുന്നത്. അപ്പോള്‍ അദ്ദേഹം അപ്രകാരം (ഉഥ്മാന്‍ (റ) പറഞ്ഞ പ്രകാരം) മതവിധി കൊടുക്കുകയും ഉഥ്മാന്‍ (റ) ഞങ്ങളിലെ ഉത്തമനും ഞങ്ങളിലെ ഏറ്റവും വിവരമുളളവനുമാണ് എന്നു പറയുകയും ചെയ്തു. (മുസ്വന്നഫ് ഇബ്നു അബീ ശൈബഃ)

        മുകളില്‍ വിവരിച്ചതല്ലാത്ത ചില സ്ത്രീകളുടെ ഇദ്ദഃയെ സംബ ന്ധിച്ചും കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്തിട്ടുണ്ട് ഉദാഹരണമായി ആര്‍ത്തവം നിലക്കാന്‍ പ്രായമാകാതെ തന്നെ നിലച്ചു പോയ സ്ത്രീകളുടെ ഇദ്ദഃ, ഭര്‍ത്താവ് മരണപ്പെട്ടോ ജീവിച്ചിരിക്കുന്നുവോ എന്നറിയാതെ ജീവിതം കഴിച്ചു കൂട്ടുന്നവള്‍ എന്ത് ചെയ്യണം, ഭര്‍ത്താവ് മരണപെട്ടു എന്ന് കരുതി അവള്‍ക്ക് ഇദ്ദഃ ആചരിക്കാമോ എന്നു മുതല്‍ക്കാണ് അവള്‍ ഇദ്ദഃ ആചരിക്കേണ്ടത്? ഇദ്ദഃയുടെ കാലാവധി എത്രയാണ് പ്രായപൂര്‍ത്തി ആയിട്ടും ആര്‍ത്തവം വന്നിട്ടില്ലാത്തവളുടെ ഇദ്ദഃ, ഭാര്യ അഹല് കിതാബില്‍ പെട്ടവളാണെങ്കില്‍ അവളുടെ ഇദ്ദഃ തുടങ്ങിയവ അവയില്‍ ചിലതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ അവലംബിക്കേണ്ടതാണ്.
എവിടെയാണ് ഇദ്ദഃ ആചരിക്കേത്.
       
മടക്കിയെടുക്കാവുന്ന വിവാഹ മോചിത ഗര്‍ഭിണിയാണെങ്കിലും അല്ലെങ്കിലും ശരി വിവാഹമോചനം ചെയ്ത ഭര്‍ത്താവ് അവള്‍ക്ക് ചിലവിന് കൊടുക്കുകയും താമസിക്കാന്‍ സൗകര്യം നല്‍കുകയും ചെയ്യണം. ഇദ്ദഃ കാലം പ്രസ്തുത വീട്ടിലാണ് അവള്‍ കഴിച്ചുകൂട്ടേണ്ടത്. അല്ലാഹു പറയുന്നു.


يَا أَيُّهَا النَّبِيُّ إِذَا طَلَّقْتُمُ النِّسَاءَ فَطَلِّقُوهُنَّ لِعِدَّتِهِنَّ وَأَحْصُوا الْعِدَّةَ ۖ وَاتَّقُوا اللَّهَ رَبَّكُمْ ۖ لَا تُخْرِجُوهُنَّ مِنْ بُيُوتِهِنَّ وَلَا يَخْرُجْنَ إِلَّا أَنْ يَأْتِينَ بِفَاحِشَةٍ مُبَيِّنَةٍ ۚ وَتِلْكَ حُدُودُ اللَّهِ ۚ وَمَنْ يَتَعَدَّ حُدُودَ اللَّهِ فَقَدْ ظَلَمَ نَفْسَهُ ۚ لَا تَدْرِي لَعَلَّ اللَّهَ يُحْدِثُ بَعْدَ ذَٰلِكَ أَمْرًا
(At-Talaq 1)

നബിയേ, നിങ്ങള്‍ ( വിശ്വാസികള്‍ ) സ്ത്രീകളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അവരെ നിങ്ങള്‍ അവരുടെ ഇദ്ദഃ കാലത്തിന്‌ ( കണക്കാക്കി ) വിവാഹമോചനം ചെയ്യുകയും ഇദ്ദഃ കാലം നിങ്ങള്‍ എണ്ണികണക്കാക്കുകയും ചെയ്യുക. നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക. അവരുടെ വീടുകളില്‍ നിന്ന്‌ അവരെ നിങ്ങള്‍ പുറത്താക്കരുത്‌. അവര്‍ പുറത്തു പോകുകയും ചെയ്യരുത്‌. പ്രത്യക്ഷമായ വല്ല നീചവൃത്തിയും അവര്‍ ചെയ്യുകയാണെങ്കിലല്ലാതെ. അവ അല്ലാഹുവിന്‍റെ നിയമപരിധികളാകാകുന്നു. അല്ലാഹുവിന്‍റെ നിയമപരിധികളെ വല്ലവനും അതിലംഘിക്കുന്ന പക്ഷം, അവന്‍ അവനോട്‌ തന്നെ അന്യായം ചെയ്തിരിക്കുന്നു. അതിന്‌ ശേഷം അല്ലാഹു പുതുതായി വല്ലകാര്യവും കൊണ്ടു വന്നേക്കുമോ എന്ന്‌ നിനക്ക്‌ അറിയില്ല. (ത്വലാഖ്:1)

         ഭര്‍ത്താവൊത്ത് അവള്‍ കഴിഞ്ഞുകൂടിയിരുന്ന വീടിനെ അവളിലേക്ക് ചേർത്തിക്കൊണ്ടാണ് അല്ലാഹു പറഞ്ഞിരിക്കുന്നത്. ആവീട്ടിലാണ് അവള്‍ ഇദ്ദഃയിരിക്കേണ്ടതും. അല്ലാഹു പറയുന്നു.


أَسْكِنُوهُنَّ مِنْ حَيْثُ سَكَنْتُمْ مِنْ وُجْدِكُمْ

(At-Talaq: 6)
നിങ്ങളുടെ കഴിവില്‍പെട്ട, നിങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് നിങ്ങള്‍ അവരെ താമസിപ്പിക്കണം. (ത്വലാഖ്: 6)

        മടക്കിയെടുക്കാന്‍ കഴിയാത്ത രൂപത്തില്‍ വിവാഹമോചനം ചെയ്യപെട്ടവളാണെങ്കില്‍ അവള്‍ ഗര്‍ഭിണിയാണെങ്കില്‍ അവള്‍ക്ക് ചിലവിന് കൊടുക്കല്‍ അനിവാര്യമാണ്. എന്നാല്‍ അവള്‍ ഗര്‍ഭിണിയല്ലെങ്കില്‍ താമസമോ ചിലവുകളോ അവള്‍ക്കില്ല.

وَإِنْ كُنَّ أُولَاتِ حَمْلٍ فَأَنْفِقُوا عَلَيْهِنَّ حَتَّىٰ يَضَعْنَ حَمْلَهُنَّ ۚ فَإِنْ أَرْضَعْنَ لَكُمْ فَآتُوهُنَّ أُجُورَهُنَّ ۖ وَأْتَمِرُوا بَيْنَكُمْ بِمَعْرُوفٍ ۖ وَإِنْ تَعَاسَرْتُمْ فَسَتُرْضِعُ لَهُ أُخْرَىٰ
(At-Talaq: 6)
അവര്‍ ഗര്‍ഭിണികളാണെങ്കില്‍ അവര്‍ പ്രസവിക്കുന്നത്‌ വരെ നിങ്ങള്‍ അവര്‍ക്കു ചെലവുകൊടുക്കുകയും ചെയ്യുക. ഇനി അവര്‍ നിങ്ങള്‍ക്കു വേണ്ടി ( കുഞ്ഞിന്‌ ) മുലകൊടുക്കുന്ന പക്ഷം അവര്‍ക്കു നിങ്ങള്‍ അവരുടെ പ്രതിഫലം കൊടുക്കുക. നിങ്ങള്‍ തമ്മില്‍ മര്യാദപ്രകാരം കൂടിയാലോചിക്കുകയും ചെയ്യുക. ഇനി നിങ്ങള്‍ ഇരു വിഭാഗത്തിനും ഞെരുക്കമാവുകയാണെങ്കില്‍ അയാള്‍ക്കു വേണ്ടി മറ്റൊരു സ്ത്രീ മുലകൊടുത്തു കൊള്ളട്ടെ.
(ത്വലാഖ്: 6)

        ഇബ്നു അബ്ബാസി (റ) ന്‍റെയും, മുന്‍ഗാമികളില്‍ നിന്നും പിന്‍ഗാ മികളില്‍ നിന്നും ഒരു വിഭാഗം പണ്ഡിതന്മാരുടേയും അഭിപ്രായ പ്രകാരം ഇവിടെ പരാമര്‍ശിക്കപ്പെടുന്നത് മടക്കിയെടുക്കാന്‍ കഴിയാത്ത രൂപത്തില്‍ വിവാഹമോചനം ചെയ്യപെട്ടവളെ കുറിച്ചാകുന്നുവെന്നാണ്. കാരണം മടക്കിയെടുക്കാവുന്ന രൂപത്തില്‍ വിവാഹമോചനം ചെയ്യപെട്ടവള്‍ ഗര്‍ഭിണിയാണെങ്കിലും അല്ലെങ്കിലും അവള്‍ക്ക് ഭര്‍ത്താവ് ചിലവിന് കൊടുക്കല്‍ അനിവാര്യമാണ്. ഫാത്വിമത് ബിന്‍ത് ക്വൈസി (റ) നെ ഭര്‍ത്താവ് അബൂഹഫ്സ് (റ) പൂര്‍ണ്ണമായി വിവാഹമോചനം (ബായിനായ ത്വലാഖ്) ചെയ്തപ്പോള്‍ നബി (സ) അവരോട് പറഞ്ഞു:

لا نفقة لك إلا أن تكوني حامل  (أبوداود وصححها لألباني)
“നീ ഗര്‍ഭിണിയാണെങ്കിലല്ലാതെ നിനക്ക് (അയാളില്‍ നിന്നും) ചിലവ് ഉായിരിക്കുന്നതല്ല”. (അബൂ ദാവൂദ്)

ഇമാം മുസ്ലിമിന്‍റെ റിപ്പോര്‍ട്ടില്‍ ഇപ്രകാരമാണ്


لا نفقة لك ولا سكني  (مسلم)
“നിനക്ക് (അയാളില്‍ നിന്നും) ചിലവും പാര്‍പ്പിടവും ഉായിരിക്കുന്നതല്ല”. (മുസ്ലിം)

        ഭര്‍ത്താവ് മരണപെട്ടതിനാല്‍ ഇദ്ദഃ ആചരിക്കുന്നവളാണെങ്കില്‍ ഭര്‍ത്താവുമൊത്ത് കഴിഞ്ഞിരുന്ന വീട്ടിലാണ് (മരണവാര്‍ത്ത അറിയുമ്പോള്‍ അവള്‍ താമസിക്കുന്ന വീട്) ഇദ്ദഃ ആചരിക്കേണ്ടത്. അബൂസഈദുല്‍ ഖുദ്രിയ്യ് (റ) വിന്‍റെ സഹോദരി ഫുറൈഅ ബിന്‍ത് മാലിക് (റ) യുടെ ഭര്‍ത്താവ് മരണമടഞ്ഞപ്പോള്‍ അവര്‍ തിരുമേനി () യോട് ഇപ്രകാരം ചോദിച്ചു; എന്‍റെ ഭര്‍ത്താവ് താമസ സ്ഥലമോ ചിലവിനുളളതോ വിട്ടേച്ചു കൊണ്ടല്ല മരണപെട്ടു പോയത് അതിനാല്‍ ഞാന്‍ എന്‍റെ കുടുംബത്തിലേക്ക് മടങ്ങി പോകട്ടെയോ?. പ്രവാചകന്‍ (സ) ആദ്യം അവര്‍ക്ക് അനുമതി കൊടുത്തുവെങ്കിലും ശേഷം അവരെ തിരികെ വിളിച്ചുകൊണ്ട് പറഞ്ഞു;

امكثي بيتك حتى يبلغ الكتاب أجله  (الترمذي وصححه الألباني)

“നിയമ പ്രകാരമുള്ള അവധി (ഇദ്ദഃ) പൂര്‍ത്തിയാകുന്നത് വരെ നീ നിന്‍റെ വീട്ടില്‍ താമസിക്കുക”. (തിര്‍മിദി)

        വീട് തകരുകയോ തീ പിടിക്കുകയോ ചെയ്യുക, ശത്രു ഭയം ഉണ്ടാവുക, കളളന്മാരും സാമൂഹ്യ ദ്രോഹികളും കൈയ്യേറും എന്ന് ഭ യമുണ്ടാവുക, അനന്തരാവകാശികള്‍ വീട്ടില്‍ നിന്നും പുറത്താക്കുക, വാടക വീടാണെങ്കില്‍ ഉടമസ്ഥന്‍ ഒഴിയാന്‍ ആവശ്യപ്പെടുക തുടങ്ങിയ കാരണത്താലല്ലാതെ അവള്‍ ഭര്‍ത്താവുമൊത്ത് താമസിച്ചിരുന്ന വീട്ടില്‍ നിന്നും പുറത്ത് ഇദ്ദഃയിരിക്കുവാന്‍ പാടില്ല.
ഖുല്‍അ് ചെയ്യപെട്ടവള്‍ക്ക് താമസമോ ചിലവോ ഭര്‍ത്താവ് നല്‍ കേണ്ടതില്ല. എന്നാല്‍ അവള്‍ ഗര്‍ഭിണിയാണെങ്കില്‍ ചിലവിന് കൊടുക്കാം. അല്ലെങ്കില്‍ ഭര്‍ത്താവിന്‍റെ ഇഷ്ടാനുസരണം ചെയ്യാം.

ഇദ്ദഃയില്‍ ഇരിക്കുന്നവളുടെ വിധികള്‍

1. അവളോട് വിവാഹാന്വേഷണം നടത്താന്‍ പാടില്ല.
അല്ലാഹു പറയുന്നു.

وَلَا جُنَاحَ عَلَيۡكُمۡ فِيمَا عَرَّضۡتُم بِهِۦ مِنۡ خِطۡبَةِ ٱلنِّسَآءِ أَوۡ أَكۡنَنتُمۡ فِيٓ أَنفُسِكُمۡۚ عَلِمَ ٱللَّهُ أَنَّكُمۡ سَتَذۡكُرُونَهُنَّ وَلَٰكِن لَّا تُوَاعِدُوهُنَّ سِرًّا إِلَّآ أَن تَقُولُواْ قَوۡلٗا مَّعۡرُوفٗاۚ وَلَا تَعۡزِمُواْ عُقۡدَةَ ٱلنِّكَاحِ حَتَّىٰ يَبۡلُغَ ٱلۡكِتَٰبُ أَجَلَهُۥۚ وَٱعۡلَمُوٓاْ أَنَّ ٱللَّهَ يَعۡلَمُ مَا فِيٓ أَنفُسِكُمۡ  فَٱحۡذَرُوهُۚ وَٱعۡلَمُوٓاْ أَنَّ ٱللَّهَ غَفُورٌ حَلِيمٞ
(al baqarah 235)

“(ഇദ്ദഃയുടെ ഘട്ടത്തില്‍) ആ സ്ത്രീകളുമായുള്ള വിവാഹാലോചന നിങ്ങള്‍ വ്യംഗ്യമായി സൂചിപ്പിക്കുകയോ, മനസ്സില്‍ സൂക്ഷിക്കുകയോ ചെയ്യുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല. അവരെ നിങ്ങള്‍ ഓര്‍ത്തേക്കുമെന്ന് അല്ലാഹുവിന്നറിയാം. പക്ഷെ നിങ്ങള്‍ അവരോട് മര്യാദയുള്ള വല്ല വാക്കും പറയുക എന്നല്ലാതെ രഹസ്യമായി അവരോട് യാതൊരു നിശ്ചയവും ചെയ്തു പോകരുത്”. (അല്‍ബഖറ: 235)

2. വിവാഹം കഴിക്കാന്‍ പാടില്ല
അല്ലാഹു പറയുന്നു.

وَلَا تَعۡزِمُواْ عُقۡدَةَ ٱلنِّكَاحِ حَتَّىٰ يَبۡلُغَ ٱلۡكِتَٰبُ أَجَلَهُ
(al baqarah 235)
“നിയമ പ്രകാരമുള്ള അവധി (ഇദ്ദഃ) പൂര്‍ത്തിയാകുന്നത് വരെ (വിവാ ഹ മുക്തകളുമായി) വിവാഹബന്ധം സ്ഥാപിക്കാന്‍ നിങ്ങള്‍ തീരുമാ നമെടുക്കരുത്”  (അല്‍ബഖറ :235)

3. അത്യാവശ്യ കാര്യങ്ങള്‍ക്കു വേണ്ടിയല്ലാതെ വീട്ടില്‍ നിന്നും പുറത്ത് പോകാന്‍ പാടില്ല.
അല്ലാഹു പറയുന്നു.

 لَا تُخْرِجُوهُنَّ مِنْ بُيُوتِهِنَّ وَلَا يَخْرُجْنَ إِلَّا أَنْ يَأْتِينَ بِفَاحِشَةٍ مُبَيِّنَةٍ ۚ وَتِلْكَ حُدُودُ اللَّهِ ۚ وَمَنْ يَتَعَدَّ حُدُودَ اللَّهِ فَقَدْ ظَلَمَ نَفْسَهُ
(surah talaq 1)
“അവരുടെ വീടുകളില്‍ നിന്ന് അവരെ നിങ്ങള്‍ പുറത്താക്കരുത്. അവര്‍ പുറത്തു പോകുകയും ചെയ്യരുത്. പ്രത്യക്ഷമായ വല്ല നീചവൃത്തിയും അവര്‍ ചെയ്യുകയാണെങ്കിലല്ലാതെ. അവ അല്ലാഹുവിന്‍റെ നിയമ പരിധികളാകുന്നു. അല്ലാഹുവിന്‍റെ നിയമപരിധികളെ വല്ലവനും അതിലംഘിക്കുന്ന പക്ഷം, അവന്‍ അവനോട് തന്നെ അന്യായം ചെയ്തിരി ക്കുന്നു…” (ത്വലാഖ്: 1)

ജാബിര്‍ (റ) പറയുമായിരുന്നു;

طلّقت خالتي فأرادت أن تجد نخلها فزجرها رجل أن تخرج فأتت النبي صلى الله عليه وسلم – فقال ( بلي فجدي نخلك فإنّك أن تصدق أو تفعلى معروفا – مسلم

“എന്‍റെ മാതൃസഹോദരി (മൂന്ന് തവണ) ത്വലാഖ് ചൊല്ലപ്പെട്ടു. അവര്‍ അവരുടെ ഈത്തപ്പന (ഈത്തപ്പഴം) പറിക്കാന്‍ ഉദ്ദേശിച്ചു. അപ്പോള്‍ അവര്‍ പുറപ്പെടുന്നത് ഒരാള്‍ തടഞ്ഞു. അങ്ങിനെ അവര്‍ നബി(സ) യുടെ അടുക്കല്‍ വന്നു. അപ്പോള്‍ നബി (സ) അവരോട് പറഞ്ഞു: അതെ നിന്‍റെ ഈത്തപ്പന (ഈത്തപ്പഴം) നീ പറിച്ചുകൊളളുക, നീ അത് ദാനം ചെയ്യുകയോ അല്ലെങ്കില്‍ അതുകൊണ്ട് വല്ല നന്മ പ്രവര്‍ത്തിക്കുക യോ ചെയ്തേക്കാം”.(മുസ്ലിം)

ഭര്‍ത്താവ് മരണപെട്ടവള്‍
        മുകളില്‍ പറഞ്ഞ നിയമങ്ങള്‍ക്ക് പുറമെ ഭര്‍ത്താവ് മരണപെട്ട സ്ത്രീക്ക് വിവാഹമോചിതക്കില്ലാത്ത ചില നിയമങ്ങള്‍ കൂടി ഇസ്ലാം അനുശാസിക്കുന്നു. ഭര്‍ത്താവിനോടൊപ്പം ചിതയില്‍ ചാടി മരിക്കുന്ന നിയമങ്ങള്‍ പോലെയോ അല്ലെങ്കില്‍ അവള്‍ ഒരിക്കലും ഇനി വിവാഹിതയാകുവാന്‍ പാടില്ല എന്ന നിയമമോ ഇസ്ലാം അവളോട് കല്‍ പ്പിക്കുന്നില്ല. മറിച്ച് മരണപെട്ട ഭര്‍ത്താവിന്‍റെ വിയോഗത്താല്‍ അവള്‍ക്ക് ദുഃഖാചരണം നടത്തുവാനും വിരക്തയായി അല്‍പ്പകാലം കഴി ഞ്ഞു കൂടുവാനും പറയുക വഴി അവളുടെ മനസിന് സാന്ത്വനം നല്‍ കുകയാണ് ഇസ്ലാം ചെയ്യുന്നത്.
إحدا  (ഇഹ്ദാദ്) എന്നാണ് ഈ ദുഃഖാചരണത്തിന് അറബിയില്‍ പറയപ്പെടുന്നത്. തടയുക എന്ന് അര്‍ത്ഥമുളള حد എന്ന വാക്കില്‍ നിന്നാണ് ആ വാക്കിന്‍റെ ഉല്‍ഭവം. മറയിലിരിക്കുക എന്ന് നാം അതിന് പൊതുവെ പറയാറുളളത്. ദുഃഖം പ്രകടിപ്പിക്കാനായി ഭര്‍ത്താവ് മരണമടഞ്ഞ സ്ത്രീ അണിഞ്ഞൊരുങ്ങുകയോ സൗന്ദര്യ വസ്തുക്കള്‍ ഉപയോഗിക്കുകയോ ചെയ്യാതെ ഇദ്ദഃയിലിരിക്കുക എന്നതാണ് ഇതിന്‍റെ
വിവക്ഷ. ഭര്‍ത്താവ് മരണപെട്ട സ്ത്രീക്ക് ഇത് നിര്‍ബന്ധമാണ് എന്നതിലും മടക്കിയെടുക്കാവുന്ന വിവാഹമോചിതക്ക് ഇത് നിര്‍ബന്ധമില്ല എന്നതിലും പണ്ഡിതന്മാര്‍ യോജിക്കുന്നു. ഇഹ്ദാദുമായി ബന്ധപെട്ട് പല തെറ്റിദ്ധാരണകളും സമൂഹത്തില്‍ നിലനില്‍ക്കുന്നു. വീട്ടിന്‍റെ ഉള്ളില്‍ നിന്നും ഒരിക്കലും അവള്‍ക്ക് പുറത്തിറങ്ങാന്‍ പാടില്ല, പ്രത്യേക വസ്ത്രം ധരിക്കണം, പുരുഷന്മാരോട് സംസാരിക്കാന്‍ പാടില്ല,.. തുടങ്ങിയവ അത്തരം ചില അബദ്ധ ധാരണകളില്‍ പെട്ടതാണ്. ഇഹ്ദാദില്‍ ഇരിക്കുന്ന സ്ത്രീ ദുഃഖ സൂചകമായി തീവ്രത കാണിക്കുകയോ ലാഘവത്തോടെ നിയമങ്ങള്‍ തിരസ്കരിക്കുകയോ ചെയ്യാതെ മതം നിര്‍ദേശിച്ച പിരിധിയിലായിരിക്കണം ജീവിക്കേണ്ടത്. മരണപെട്ടവര്‍ക്കു വേണ്ടിയുള്ള ദുഃഖത്തിന്‍റെ പേരില്‍ ആര്‍ത്തട്ടഹസിക്കുന്നതും
വസ്ത്രം വലിച്ചു കീറുന്നതും നാശത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നതും മുഖത്തടിക്കുന്നതുമെല്ലാം ഇസ്ലാം വിലക്കിയിരിക്കുന്നു. നബി (സ) പറഞ്ഞു:

اثنتان في الناس هما بهم كفر الطعن في النّسب والنياحة على الميت – مسلم
(ജനങ്ങളില്‍ രണ്ടു കാര്യങ്ങളുണ്ട്. അത് അവരിലുള്ള അവിശ്വാസമാണ്. തറവാട് കുത്തിപ്പറയലും മരണപെട്ടവരുടെ മേലിലുള്ള അലമുറയുമാണത്.) (മുസ്ലിം)

നബി(സ) പറഞ്ഞു:

ليس منّا من لطم الخدود وشق الجيوب ودعا بدعوى الجاهلية – البخاري

(മയ്യിത്തിന്‍റെ പേരില്‍ (വിലപിച്ചുകൊണ്ട്) കവിളത്തടിക്കുകയും മാറിടം പിളര്‍ക്കുകയും ജാഹിലിയ്യാ കാലത്തെ അലമുറയിടുന്നവര്‍ നമ്മില്‍പ്പെട്ടവരല്ല). (ബുഖാരി)

അബൂ ഉമാമ (റ) പറഞ്ഞു:

أن رسول الله صلى الله عليه وسلم لعن الخامشة وجهها والشاقة جيبها والداعية بالويل والثبور – ابن ماجه

(മുഖം മാന്തിക്കീറുന്നവളേയും മാറിടം കീറുന്നവളേയും നാശവും ശാപവും വിളിച്ചു പറയുന്നവളേയും പ്രവാചകന്‍ (സ) ശപിച്ചിരിക്കുന്നു.)  (ഇബ്നുമാജ.)

അനസ് (റ) വിനെ തൊട്ട് നിവേദനം. അദ്ദേഹം പറഞ്ഞു:

أن رسول الله صلى الله عليه وسلّم أخذ على النّساء حين بايعهن أن لا ينحن فقلت يا رسول الله إن نساء أسعدننا في الجاهلية أفنسعدهن فقال رسول الله صلى الله عليه وسلّم لا إسعاد في الإسلام – الترمذي

(നബി(സ), സ്ത്രീകള്‍ ബൈഅത്ത് ചെയ്തപ്പോള്‍ മരണവീട്ടില്‍ മുറ വിളി നടത്തുകയില്ലെന്ന് അവരോട് കരാര്‍ വാങ്ങുകണ്ടയുായി. അപ്പോള്‍ അവര്‍ ചോദിച്ചു? അല്ലാഹുവിന്‍റെ റസൂലേ, അനിസ്ലാമിക കാലത്ത് കൂട്ട കരച്ചിലില്‍ ഞങ്ങളെ ചില സ്ത്രീകള്‍ സഹായിച്ചിട്ടുണ്ട്. അവര്‍ കരയുമ്പോള്‍ അവരെ സഹായിച്ച് കൂടെ ഞങ്ങള്‍ക്കും കരയാമോ? പ്രവാചകന്‍ (സ) പറഞ്ഞു, ഇസ്ലാമില്‍ കൂട്ടകരച്ചിലില്ല.(തിര്‍മുദി)

നബി (സ) പറഞ്ഞു:

التائحة إذا لم تتب قبل موتها تقام يوم القيامة وعليها سربال من قطران ودرع من جرب – مسلم

(അലമുറ കൂട്ടുന്നവള്‍ മരിക്കുന്നതിന് മുമ്പ് തൗബ ചെയ്തിട്ടില്ലെങ്കില്‍ അന്ത്യ നാളില്‍ അവളുടെ മേല്‍ കീല്‍കൊണ്ടളള വസ്ത്രവും ചൊ റിയുന്ന കുപ്പായവുമുണ്ടായിരിക്കും. (മുസ്ലിം)

സ്ത്രീകള്‍ക്ക് മാത്രം ബാധകമാണ് ഇഹ്ദാദ്. പുരുഷന് പ്രസ്തുത നിയമം ബാധകമല്ല. മരണപെട്ട ഭര്‍ത്താവിനു വേണ്ടി നാല് മാസവും പത്ത് ദിവസവും പിതാവ് മക്കള്‍ തുടങ്ങിയ ബന്ധുക്കള്‍ക്കും ഉടയവര്‍ക്കും വേണ്ടി മൂന്ന് ദിവസവുമാണ് സ്ത്രീ ദുഃഖമാചരിക്കേണ്ടത്.
നബി(സ) പറഞ്ഞു:

لا يحل لامرأة تؤمن بالله واليوم الآخر أن تحد على ميت فوق ثلاث إلا على زوج فإنّها تحد عليه أربعة أشهر وعشرا . – البخاري

അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു സ്ത്രീക്ക് ഒരു മയ്യിത്തിനു വേണ്ടി മൂന്ന് ദിവസത്തിന് മുകളില്‍ ദുഃഖമാചരിക്കാന്‍ പാടില്ല. ഭര്‍ത്താവിനു വേണ്ടിയല്ലാതെ, അദ്ദേഹത്തിനു വേണ്ടി നാല് മാസവും പത്ത് ദിവസവും ദുഃഖം ആചരിക്കണം. (ബുഖാരി)

 
 
 

 

 

        ദുഃഖാചരണത്തിന്‍റെ പേരില്‍ ഇന്ന് സമൂഹത്തില്‍ പലതും നടന്നു വരുന്നു എന്നത് ഒരു വസ്തുതയാണ്. നേതാക്കന്മാര്‍ മരണപെട്ടാല്‍ നിശ്ചിത ദിവസങ്ങള്‍ പൊതു അവധി പ്രഖ്യാപിക്കുക, കറുത്ത വസ്ത്രമോ വസ്ത്രത്തില്‍ കറുത്ത അടയാളമോ ധരിക്കുക, രാഷ്ട്രത്തിന്‍റെ പതാക പകുതി താഴ്ത്തി കെട്ടുക, വാര്‍ത്താ സംപ്രേഷണ കേന്ദ്ര ങ്ങളില്‍ ശോകമൂകമായ മ്യൂസിക് ആലപിക്കുക, അനുശോചന യോഗങ്ങള്‍ സംഘടിപ്പിക്കുക തുടങ്ങിയ ഉദാഹരണങ്ങളാണ്.എന്നാല്‍ ഖുര്‍ആനും നബിചര്യയും അനുസരിച്ച് ജീവിക്കണം എന്ന് ആഗ്രഹിക്കു ന്നവര്‍ക്ക് ഇവക്കുളള തെളിവുകള്‍ പ്രമാണങ്ങളില്‍ കണ്ടെത്താൻ കഴിയില്ല. മുന്‍ഗാമികള്‍ അത്തരം ഒരു മാതൃക നമുക്ക് വിട്ടേച്ച് തന്നിട്ടുമില്ല. മറ്റു മതാനുയായികളുടെ ആചാരങ്ങള്‍ അനുധാവനം ചെയ്യാന്‍ നാം കല്‍പ്പിക്കപെട്ടിട്ടുമില്ല.

ഇഹ്ദാദില്‍ കഴിയുന്നവള്‍ പാലിക്കേണ്ട നിയമങ്ങള്‍

1. സുഗന്ധം ഉപയോഗിക്കരുത്.
അന്യ പുരുഷന്മാര്‍ക്ക് അനുഭവിക്കാവുന്ന രൂപത്തില്‍ സ്ത്രീകള്‍ സുഗന്ധം ഉപയോഗിക്കാന്‍ പാടില്ലാത്തതിനാല്‍ വീടിന് പുറത്തേക്കിറങ്ങുമ്പോള്‍ അവര്‍ക്ക് സുഗന്ധം ഉപയോഗിക്കല്‍ നിഷിദ്ധമാണ്.
നബി (സ) പറഞ്ഞു:

أيما امرأة استعطرت ثم مرت على القوم ليجدوا ريحها فهي زانية – أحمد وحسنه الألباني
(തന്‍റെ വാസന സമൂഹമറിയണമെന്ന ഭാവത്തോടെ സുഗന്ധം പൂശി സമൂഹത്തിലൂടെ നടക്കുന്ന സ്ത്രീ വ്യഭിചാരിണിയാണ്.) (അഹ്മദ്)

പ്രവാചകന്‍ (സ) പറഞ്ഞു.

أيما امرأة تطيبت ثم خرجت إلى المسجد لم تقبل لها صلاة حتى تغتسل – ابن ماجه وحسنه الألباني
(ഏതൊരു സ്ത്രീയാണോ സുഗന്ധം പൂശി പള്ളിയിലേക്ക് പുറപ്പെടുന്നത് അവള്‍ കുളിക്കുന്നതു വരെ അവളുടെ നമസ്കാരം സ്വീകരിക്കപ്പെടുകയില്ല). (ഇബ്നുമാജ)

സ്ത്രീകള്‍ക്ക് വീട്ടില്‍ പരിമള വസ്തുകള്‍ ഉപയോഗിക്കാമെങ്കിലും ഇഹ്ദാദ് അനുഷ്ഠിക്കുന്ന സ്ത്രീ സുഗന്ധം ഉപയോഗിക്കാന്‍ പാടില്ല. ആര്‍ത്തവ വിരാമത്തോടനുബന്ധിച്ച് ദുര്‍ഗന്ധം ഒഴിവാക്കുവാന്‍ അല്‍പം ഉപയോഗിക്കുന്നതിന് കുഴപ്പമില്ല.
നബി (സ) പറഞ്ഞു:

الا تحد امرأة على ميت فوق ثلاث إلا على زوج أربعة أشهر وعشرا ولا تلبس ثوبا مصبو إلا ثوب عصب ولا تكتحل ولا تمس طيبا إلا إذا طهرت يذه من قسط أو أظفار – مسلم
മൂന്ന്(ദിവസത്തില്‍) ഉപരിയായി ഒരു സ്ത്രീ മയ്യിത്തിനു വേണ്ടി ദുഃഖ മാചരിക്കരുത്, ഭര്‍ത്താവിനൊഴിച്ച് (അതിന്) നാല് മാസവും പത്ത് ദിവസവുമാണ്. അവള്‍ മഞ്ഞ ചായം മുക്കിയ വസ്ത്രം ധരിക്കരുത്. അസ്ബ(ഒരു യമനി വസ്ത്രം) ഒഴിച്ച്. അവള്‍ സുറുമയിടരുത്, സുഗന്ധം ഉപയോഗിക്കരുത്. എന്നാല്‍ (അശുദ്ധിയില്‍ നിന്നും) ശുദ്ധിയായാല്‍ അല്‍പം ഖുസ്ത്തോ അള്ഫാറോ (ഇവ രണ്ടും ഒരു തരം സുഗന്ധങ്ങ ളാണ്) ഉപയോഗിക്കാം. (മുസ്ലിം)

2. ഭംഗിയുടെ വസ്ത്രം ധരിക്കല്‍

ഇഹ്ദാദില്‍ ഇരിക്കുന്ന സ്ത്രീക്ക് ഭംഗിയുടെ ഉടയാടകള്‍ അണിയാന്‍ പാടില്ലെന്ന് മുന്‍ സൂചിപ്പിച്ച ഹദീഥില്‍ നിന്നും വ്യക്തമാണ്. ഉമ്മു സലമ (റ) യില്‍ നിന്നും ഇമാം അബൂദാവൂദ് നിവേദനം ചെയ്യുന്ന മറ്റൊരു ഹദീഥ് ഇപ്രകാരമാണ്.

المتوفَى عنها زوجها لاتلبس المعصفر من الثياب ولا الممشقة ولا الحلى ولا تختضب ولا تكتحل – أبوداود وصححه الألباني
ഭര്‍ത്താവ് മരിച്ചവള്‍ മഞ്ഞചായം മുക്കിയ വസ്ത്രവും ചുവന്ന മണ്ണ്മുക്കിയ വസ്ത്രവും ആഭരണവും ധരിക്കരുത്. ചായം ഇടുകയോ സുറുമയിടുകയോ ചെയ്യരുത്. (അബൂദാവൂദ്)

ചായം മുക്കിയ വസ്ത്രം എന്നതുകൊണ്ടുളള ഉദ്ദേശ്യം ഭംഗിക്കു വേണ്ടി ധരിക്കുന്ന അലങ്കാര വസ്ത്രം എന്നാണ്.
ولا تلبس ثوبًا مُصبوغا إلا ثوب عض എന്ന ഹദീഥിനെ വിശദീകരിച്ചപ്പോള്‍ ശൈഖ് ഉഥൈമീന്‍ (റ) ഇപ്രകാരം പറഞ്ഞു: “ഇതു കൊണ്ടുള്ള ഉദ്ദേശം അലങ്കാര വസ്ത്രം ധരിക്കരുത് എന്നാണ്. അതല്ലാതെ വെളള വസ്ത്രം മാത്രം ധരിക്കണം എന്നല്ല. വസ്ത്രങ്ങള്‍ രണ്ട് ഇനങ്ങളാണ്. ഒന്ന് ഭംഗിക്കും മോടിക്കും വേണ്ടി ധരിക്കുന്നവ. ഇത് ദുഃഖാചരണത്തില്‍ ഇരിക്കുന്നവള്‍ക്ക് അണിയാവതല്ല. രണ്ടാമത്തെ ഇനം ഭംഗിക്ക് വേണ്ടിയല്ലാതെ ധരിക്കുന്ന വസ്ത്രം; ഇത്തരത്തിലുളള വസ്ത്രം ഏത് നിറത്തിലുളളതാ ണെങ്കിലും അവള്‍ക്ക് അണിയാവുന്നതാണ്”. (ശൈഖ് ഖാലിദ് അല്‍മുസ്ലിഹിന്‍റെ അഹ്കാമുല്‍ ഇഹ്ദാദ്: പേജ്: 106

3. ഭംഗിക്കായി ശരീരത്തില്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

ഭംഗിക്കു വേണ്ടി ശരീരത്തില്‍ അണിയുന്ന ആഭരണങ്ങള്‍, മൈലാഞ്ചി പോലുളള ചായങ്ങള്‍, സുറുമ എന്നിവ ഇഹ്ദാദില്‍ ഇരിക്കുന്ന സ്ത്രീ ഉപയോഗിക്കുവാന്‍ പാടില്ല. ഇപ്രകാരം തന്നെയാണ് ശരീര ത്തിന് സൗന്ദര്യമേകുന്ന മറ്റ് വസ്തുകളും. ഇവിടെ സൂചിപ്പിക്കപെട്ടവക്കുളള തെളിവ് മുമ്പ് പറയപെട്ട ഉമ്മുസലമ (റ)യുടെ ഹദീഥ് തന്നെ യാണ്. ഇമാം ബുഖാരി ഉദ്ധരിക്കുന്ന മറ്റൊരു ഹദീഥ് ഇപ്രകാരമാണ്.

جاءت امرأة إلى رسول الله صلّى الله عليه وسلّم فَقالت يا رسول الله إن ابنتي تُوفي عنها زوجها وقد اشتكت عينها أفتكحلها فَقال رسول الله صلّى الله عليه وسلّم لا مرتين أو ثلامًا كلّ ذلك يقول لا … – البخاري
“ഒരു സ്ത്രീ നബി (സ) യുടെ അടുത്തേക്ക് വന്നു. എന്നിട്ട് അവര്‍ പറഞ്ഞു; അല്ലാഹുവിന്‍റെ ദൂതരേ നിശ്ചയമായും എന്‍റെ മകളുടെ ഭര്‍ത്താവ് മരണപെട്ടിരിക്കുന്നു. അവളുടെ കണ്ണിന് രോഗം ബാധിച്ചിരിക്കുന്നു. അതിനാല്‍ അവള്‍ക്ക് സുറുമയിടാമോ? അപ്പോള്‍ നബി(സ) പറഞ്ഞു: ഇല്ല. രണ്ടോ മൂന്നോ പ്രാവശ്യം ചോദിച്ചപ്പോഴെല്ലാം തിരുമേനി (സ) ഇല്ല എന്ന് പറഞ്ഞു”. (ബുഖാരി)

 

وَصَلَّى اللهُ وَسَلَّمَ عَلَى نَبِيْنَا مُحَمَّدٍ وَعَلَى آلِهِ وَصَحبه أجمعين .

Leave a Comment