ബല്‍ക്വീസിന്റെ സിംഹാസനം

ഹുസൈന്‍ സലഫി, ഷാര്‍ജ | സുലൈമാന്‍ നബി(അ): 04

സുലൈമാന്‍ നബി(അ)യുടെ കത്ത് ലഭിച്ചയുടന്‍ അവര്‍ അത് ദര്‍ബാറിലെ പ്രമുഖരെ വായിച്ചു കേള്‍പിച്ചതായി നാം മനസ്സിലാക്കി. എന്നിട്ട് ബൽക്കീസ് രാജ്ഞി പറയുകയാണ്:

”അവള്‍ പറഞ്ഞു: ഹേ; പ്രമുഖന്മാരേ, എന്റെ ഈ കാര്യത്തില്‍ നിങ്ങള്‍ എനിക്ക് നിര്‍ദേശം നല്‍കുക. നിങ്ങള്‍ എന്റെ അടുക്കല്‍ സന്നിഹിതരായിട്ടല്ലാതെ യാതൊരു കാര്യവും ഖണ്ഡിതമായി തീരുമാനിക്കുന്നവളല്ല ഞാന്‍. അവര്‍ പറഞ്ഞു: നാം ശക്തിയുള്ളവരും ഉഗ്രമായ സമരവീര്യ മുള്ളവരുമാണ്. അധികാരം അങ്ങേക്കാണല്ലോ, അതിനാല്‍ എന്താണ് കല്‍പിച്ചരുളേണ്ടതെന്ന് ആലോചിച്ചു നോക്കുക” (ക്വുര്‍ആന്‍ 27:32,33).

തീരുമാനമെടുക്കാനുള്ള അധികാരം രാജ്ഞിക്കാ ണെന്നും എന്ത് തീരുമാനവും പൂര്‍ണ മനസ്സോടെ തങ്ങള്‍ അനുസരിക്കാന്‍ തയ്യാറാണന്നും അവിടെ സന്നിഹിതരായിരുന്നവര്‍ പറഞ്ഞു. അന്നേരം രാജ്ഞി ഇങ്ങനെ പ്രഖ്യാപിച്ചു:

”അവള്‍ പറഞ്ഞു: തീർച്ചയായും രാജാക്കന്മാര്‍ ഒരു നാട്ടില്‍ കടന്നാല്‍ അവര്‍ അവിടെ നാശമുണ്ടാക്കുകയും അവിടത്തുകാരിലെ പ്രതാപികളെ നിന്ദ്യന്മാരാക്കുകയും ചെയ്യുന്നതാണ്. അപ്രകാരമാകുന്നു അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഞാന്‍ അവര്‍ക്ക് ഒരു പാരിതോഷികം കൊടുത്തയച്ചിട്ട് എന്തൊരു വിവരവും കൊണ്ടാണ് ദൂതന്മാര്‍ മടങ്ങിവരുന്നതെന്ന് നോക്കാന്‍ പോകുകയാണ്” (ക്വുര്‍ആന്‍ 27:34,35).

സാധാരണ രാജാക്കന്മാരുടെ സ്വഭാവവും ചെയ്തികളും എന്താണെന്ന് നന്നായി അറിയുന്ന ബൽക്കീസ് രാജ്ഞി അക്കാര്യം അവരെ ഓര്‍മപ്പെടുത്തി. ഒരു നാട്ടില്‍ അധിനിവേശം നടത്തിയാല്‍ ആ നാടിനെയാകെ നശിപ്പിക്കുന്ന രാജാക്കന്മാരെക്കുറിച്ചേ അവര്‍ക്ക് അറിവുള്ളൂ. 

സുലൈമാന്‍ നബി(അ) എങ്ങനെയുള്ള രാജാവാ ണെന്ന് പരീക്ഷച്ചറിയുവാന്‍ അവര്‍ തീരുമാനിച്ചു. വിലപിടിപ്പുള്ള ഒരു സമ്മാനം കൊടുത്തയക്കുക. ധനത്തോട് ആര്‍ത്തിയുള്ള രാജാവാണെങ്കില്‍ വില പിടിപ്പുള്ള ഈ പാരിതോഷികം കിട്ടിയാല്‍ അദ്ദേഹം ഒതുങ്ങും. പക്ഷേ, അദ്ദേഹം എഴുതിയിരിക്കുന്നത് മുസ്‌ലിമായി വരണം എന്നാണ്. അപ്പോള്‍ ഭൗതിക നേട്ടമല്ല ലക്ഷ്യം. എങ്കിലും ഒന്ന് ശ്രമിക്കാം എന്ന് ബൽക്കീസ് ചിന്തിച്ചേക്കാം എന്ന് ഈ വചനത്തെ പണ്ഡിതന്മാര്‍ വിശദീക്കുന്നത് കാണാം.

അങ്ങനെ സബഇലെ ബൽക്കീസ് രാജ്ഞി അമൂല്യമായ ഒരു സമ്മാനം ദൂതന്‍ മുഖേന സുലൈമാന്‍ നബി(അ)യുടെ കൊട്ടാരത്തില്‍ എത്തിച്ചു. അദ്ദേഹത്തെ മയപ്പെടുത്തുവാനും യുദ്ധത്തിനുള്ള ശ്രമമുണ്ടെങ്കില്‍ അതില്‍നിന്ന് പിന്തിരിപ്പിക്കാനുമായി ബൽക്കീസ് കൊടുത്തയച്ച സമ്മാനം കണ്ടപ്പോള്‍ സുലൈമാന്‍(അ) നടത്തിയ പ്രതികരണമാണ് തുടര്‍ന്നുള്ള സൂക്തങ്ങളില്‍ നാം കാണുന്നത്:

”അങ്ങനെ അവന്‍ (ദൂതന്‍) സുലൈമാന്റെ അടുത്ത് ചെന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങള്‍ സമ്പത്ത് തന്ന് എന്നെ സഹായിക്കുകയാണോ? എന്നാല്‍ എനിക്ക് അല്ലാഹു നല്‍കിയിട്ടുള്ളതാണ് നിങ്ങള്‍ക്ക വന്‍ നല്‍കിയിട്ടുള്ളതിനെക്കാള്‍ ഉത്തമം. പക്ഷേ, നിങ്ങള്‍ നിങ്ങളുടെ പാരിതോഷികം കൊണ്ട് സന്തോഷം കൊള്ളുകയാകുന്നു” (ക്വുര്‍ആന്‍ 27:36).

വിലകൂടിയ സമ്മാനം കണ്ടപ്പോള്‍ സുലൈമാന്‍ നബി(അ)ക്ക് താല്‍പര്യം തോന്നിയില്ല. നിങ്ങളുടെ സാമ്പത്തിക സഹായം എനിക്ക് ആവശ്യമില്ലെന്നും ഇതിനെക്കാള്‍ ഉത്തമമായത് അല്ലാഹു എനിക്ക് തന്നിട്ടുണ്ടെന്നും നിങ്ങള്‍ നിങ്ങളുടെ പാരിതോഷികം കൊണ്ട് സന്തോഷം കൊള്ളുന്നുവെങ്കിലും എനിക്കതില്‍ പ്രത്യേകിച്ച് സന്തോഷമൊ ന്നുമില്ലെന്നും അദ്ദേഹം അവരോട് വ്യക്തമാക്കി. ഭൗതിക വിഭവങ്ങള്‍ക്ക് വേണ്ടി ഏതറ്റംവരെ പോകാനും മടികാണിക്കാത്ത; അല്ലാഹുവിനെ മറന്നുപോകുന്ന ഇന്നത്തെയാളുകള്‍ക്ക്  അല്ലാഹുവിനോട് ഏറെ കീഴ്‌വണക്കം കാണിച്ച സുലൈമാന്‍ നബി(അ)യുടെ ജീവിതത്തില്‍നിന്ന് ഏറെ പഠിക്കാനുണ്ട്.  

തുടര്‍ന്ന് സുലൈമാന്‍ നബി(അ) ബൽക്കീസ് രാജ്ഞിയുടെ ദൂതനോട് പറഞ്ഞു: ”നീ അവരുടെ അടുത്തേക്ക് തന്നെ മടങ്ങിച്ചെല്ലുക. തീര്‍ച്ചയായും അവര്‍ക്ക്  നേരിടുവാന്‍ കഴിയാത്ത സൈന്യങ്ങ ളെയും കൊണ്ട് നാം അവരുടെ അടുത്ത് ചെല്ലുകയും നിന്ദ്യരും അപമാനിതരുമായ നിലയില്‍ അവരെ നാം അവിടെ നിന്ന് പുറത്താക്കുകയും ചെയ്യുന്നതാണ്” (27:37).

ദൂതന്‍ തിരിച്ച് ബില്‍ക്വീസിന്റെ ദര്‍ബാറിലെത്തി സുലൈമാന്‍ നബി(അ)യുടെ നിലപാടും അദ്ദേഹത്തിന്റെ കൊട്ടാരത്തിലെ അവസ്ഥകളും വിവരിച്ചു. സുലൈമാന്‍ നബി(അ) തന്റെ കത്ത് ഒരു പക്ഷിമുഖേന കൊടുത്തയച്ചതില്‍നിന്നു തന്നെ അദ്ദേഹത്തിന് ചില സവിശേഷതകള്‍ ഉള്ളതായി രാജ്ഞി മനസ്സിലാക്കിയിരിക്കണം. താന്‍ കൊടുത്ത വിലപിടിപ്പുള്ള പാരിതോഷികം നിരാകരിക്കുകയും അല്ലാഹു തനിക്ക് നല്‍കിയതാണ് ഉത്തമം എന്ന് പറയുകയും ചെയ്ത സുലൈമാന്‍ നബിയെക്കുറിച്ച് രാജ്ഞിയില്‍ മതിപ്പ് വര്‍ധിച്ചു. സുലൈമാന്‍(അ) ഒരു സാധാരണ രാജാവല്ലെന്നും ദൈവികമായ സഹായം ലഭിച്ച് കൊണ്ടിരിക്കുന്ന മഹാനാണെന്നും അവര്‍ തിരിച്ചറിയുകയാണ്. അങ്ങനെ സുലൈമാന്‍ നബി(അ)യുടെ അടുത്ത് മുസ്‌ലിമായി ചെല്ലാന്‍ അവര്‍ തീരുമാനിച്ചു. ഈ വിവരം സുലൈമാന്‍ നബി(അ)ക്ക് ലഭിക്കുകയും ചെയ്തു. ഈ വിവരം അദ്ദേഹത്തിന് ലഭിച്ചത് ഹുദ്ഹുദ് എന്ന പക്ഷിമുഖേനയോ അല്ലാഹുവിന്റെ വഹ്‌യ് മുഖേനയോ ആയിരിക്കാം. ഈ വിവരം ലഭിച്ചപ്പോള്‍ സുലൈമാന്‍(അ) അല്ലാഹുവിന്റെ നിര്‍ദേശ പ്രകാരം മറ്റൊരു കാര്യം ചെയ്യുകയാണ്.

”അദ്ദേഹം (സുലൈമാന്‍) പറഞ്ഞു: ഹേ; പ്രമുഖന്മാരേ, അവര്‍ കീഴൊതുങ്ങിക്കൊണ്ട് എന്റെ അടുത്ത് വരുന്നതിന് മുമ്പായി നിങ്ങളില്‍ ആരാണ് അവളുടെ സിംഹാസനം എനിക്ക് കൊണ്ടുവന്ന് തരിക? ജിന്നുകളുടെ കൂട്ടത്തിലുള്ള ഒരു മല്ലന്‍ പറഞ്ഞു: അങ്ങ് അങ്ങയുടെ ഈ സദസ്സില്‍ നിന്ന് എഴുന്നേല്‍ക്കുന്നതിനു മുമ്പായി ഞാനത് അങ്ങേക്ക് കൊണ്ടുവന്നു തരാം. തീര്‍ച്ചയായും ഞാനതിന് കഴിവുള്ളവനും വിശ്വസ്തനുമാകുന്നു. വേദത്തില്‍ നിന്നുള്ള വിജ്ഞാനം കരഗതമാക്കിയിട്ടുള്ള ആള്‍ പറഞ്ഞു; താങ്കളുടെ ദൃഷ്ടി താങ്കളിലേക്ക് തിരിച്ചു വരുന്നതിന് മുമ്പായി ഞാനത് താങ്കള്‍ക്ക് കൊണ്ടു വന്ന് തരാം. അങ്ങനെ അത് (സിംഹാസനം) തന്റെ അടുക്കല്‍ സ്ഥിതിചെയ്യുന്നതായി കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഞാന്‍ നന്ദികാണിക്കുമോ, അതല്ല നന്ദികേട് കാണിക്കുമോ എന്ന് എന്നെ പരീക്ഷിക്കുവാനായി എന്റെ രക്ഷിതാവ് എനിക്ക് നല്‍കിയ അനുഗ്രഹത്തില്‍ പെട്ടതാകുന്നു ഇത്. വല്ലവനും നന്ദികാണിക്കുന്ന പക്ഷം തന്റെ ഗുണത്തിനായിട്ട് തന്നെയാകുന്നു അവന്‍ നന്ദികാ ണിക്കുന്നത്. വല്ലവനും നന്ദികേട് കാണിക്കുന്ന പക്ഷം തീര്‍ച്ചയായും എന്റെ രക്ഷിതാവ് പരാശ്രയ മുക്തനും ഉല്‍കൃഷ്ടനുമാകുന്നു” (27:38-40).

ബുദ്ധിമതിയായ രാജ്ഞി പട്ടാളത്തോടൊപ്പം തന്റെ കൊട്ടാരത്തില്‍ എത്തുന്നതിന് മുമ്പായി അവര്‍ക്ക് മന സ്സിലാക്കാനായി ഒരു വലിയ ദൃഷ്ടാന്തം അവിടെ സംഭവിക്കുകയാണ്. അതിന് വേണ്ടി സുലൈ മാന്‍(അ) തന്റെ രാജ ദര്‍ബാര്‍ വിളിച്ചുചേര്‍ത്തു. പട്ടാളവും മറ്റു വേണ്ടപ്പെട്ടവരെല്ലാവരും അതില്‍ ഒരുമിച്ചു കൂടി. സുലൈമാന്‍ നബി(അ)യുടെ സൈന്യ ത്തിന്റെ പ്രത്യേകത നാം മുമ്പ് മനസ്സിലാക്കിയിട്ടുണ്ട്. അതില്‍ മനുഷ്യര്‍ക്ക് പുറമെ ജിന്നുകളും പക്ഷികളും ഉണ്ടായിരുന്നു. ജിന്നുകളില്‍ തന്നെ ചെകുത്താന്‍മാരുമുണ്ടായിരുന്നു. അവരെ സംബന്ധി ച്ച് ക്വുര്‍ആന്‍ മറ്റു സ്ഥലങ്ങളിലും വിവരിച്ചിട്ടുണ്ട്.

”പിശാചുക്കളുടെ കൂട്ടത്തില്‍ നിന്ന് അദ്ദേഹത്തിന് വേണ്ടി (കടലില്‍) മുങ്ങുന്ന ചിലരെയും (നാം കീഴ്‌പെടുത്തികൊടുത്തു). അതു കൂടാതെ മറ്റു ചില പ്രവൃത്തികളും അവര്‍ ചെയ്തിരുന്നു. നാമായിരുന്നു അവരെ കാത്തുസൂക്ഷിച്ച് കൊണ്ടിരുന്നത്” (ക്വുര്‍ആന്‍ 21:82).

”…അദ്ദേഹത്തിന്റെ രക്ഷിതാവിന്റെ കല്‍പന പ്രകാരം അദ്ദേഹത്തിന്റെ മുമ്പാകെ ജിന്നുകളില്‍ ചിലര്‍ ജോലി ചെയ്യുന്നുമുണ്ടായിരുന്നു. അവരില്‍ ആരെങ്കിലും നമ്മുടെ കല്‍പനക്ക് എതിരു പ്രവര്‍ത്തിക്കുന്ന പക്ഷം നാം അവന്ന് ജ്വലിക്കുന്ന നരകശിക്ഷ ആസ്വ ദിപ്പിക്കുന്നതാണ്. അദ്ദേഹത്തിന് വേണ്ടി ഉന്നത സൗധങ്ങള്‍, ശില്‍പങ്ങള്‍, വലിയ ജലസംഭരണി പോലെയുള്ള തളികകള്‍, നിലത്ത് ഉറപ്പിച്ച് നിര്‍ത്തി യിട്ടുള്ള പാചക പാത്രങ്ങള്‍ എന്നിങ്ങനെ അദ്ദേഹം ഉദ്ദേശിക്കുന്നതെന്തും അവര്‍ (ജിന്നുകള്‍) നിര്‍മിച്ചിരുന്നു” (34:12,13).

”എല്ലാ കെട്ടിടനിര്‍മാണ വിദഗ്ധരും മുങ്ങല്‍ വിദഗ്ധരുമായ പിശാചുക്കളെയും (അദ്ദേഹത്തിന്നു കീഴ്‌പെടുത്തികൊടുത്തു.ചങ്ങലകളില്‍ ബന്ധിക്ക പ്പെട്ട മറ്റു ചിലരെ (പിശാചുക്കളെ)യും (അധീന പ്പെടുത്തികൊടുത്തു) (38:37,38).

ജിന്നുകളെ അല്ലാഹു സുലൈമാന്‍ നബി(അ)ക്ക് കീഴ്‌പെടുത്തി കൊടുത്തിരുന്നു, അദ്ദേഹം അവരോട് കല്‍പിക്കുന്നതെല്ലാം അവര്‍ അനുസരിച്ച് വിവിധങ്ങളായ ജോലികള്‍ ചെയ്ത് കൊടുത്തിരുന്നു എന്നുമെല്ലാം ക്വുര്‍ആന്‍ വ്യക്തമാക്കുന്നു.

അല്ലാഹുവിന് പുറമെ നബിമാരോടും വലിയ്യു കളോടും  പ്രാര്‍ഥിക്കുന്നതിനായി സുലൈമാന്‍ നബി (അ)യുടെ ചരിത്രം വളച്ചൊടിച്ച് തെളിവുണ്ടാക്കുന്ന ചില ആളുകളുണ്ട്. അവരുടെ വാദം ഇപ്രകാരമാണ്: ‘മുജാഹിദുകളുടെ പ്രാര്‍ഥനയുടെ നിര്‍വചനം തെറ്റാകുന്നു. മറഞ്ഞ വഴിക്ക് അല്ലാഹു അല്ലാത്തവര്‍ക്ക് ഗുണമോ ദോഷമോ വരുത്താന്‍ കഴിയുകയില്ല. ഈ വാദം ഖുർആനിന് എതിരാണ്. കാരണം, ജിന്നുകളെ നമുക്ക് കാണാന്‍ കഴിയില്ല. ആ വര്‍ഗത്തോട് സുലൈമാന്‍(അ) പല കാര്യങ്ങളും ആവശ്യപ്പെടുകയും അവരെക്കൊണ്ട് പല ഉപകാര ങ്ങളും ചെയ്യിപ്പിച്ചിരുന്നു. അപ്പോള്‍ മുജാഹിദുകളുടെ നിര്‍വചന പ്രകാരം സുലൈമാന്‍(അ) ശിര്‍ക്ക്ചെയ്തു എന്നായി…’ ഇങ്ങനെ പോകുന്നു അവരുടെ വാദം. 

എന്നാല്‍ മുജാഹിദുകള്‍ പ്രാര്‍ഥനക്ക് നല്‍കിയ നിര്‍വചനം തെറ്റിയിട്ടില്ല. മറഞ്ഞ മാര്‍ഗത്തിലൂടെ അഥവാ അഭൗതിക മാര്‍ഗത്തിലൂടെ അല്ലാഹുവിനല്ലാതെ യാതൊരു ഗുണമോ ദോഷമോ ചെയ്യാന്‍ സാധ്യമല്ല എന്നത് തന്നെയാണ് ക്വുര്‍ആനും സുന്നത്തും പഠിപ്പിക്കുന്നത്. മറഞ്ഞ കാര്യം എന്നത് എന്താണെന്നത് ഇവര്‍ക്ക് മനസ്സിലായില്ല എന്നതാണ് വസ്തുത. മറഞ്ഞ കാര്യം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് കണ്ണില്‍ കാണാത്തത് എന്നാണെന്ന് ചിലര്‍ ധരിച്ചു പോയിട്ടുണ്ട്. സൃഷ്ടികളുടെ കഴിവില്‍ പെടാത്തതും അല്ലാഹുവിന് മാത്രം ചെയ്യാന്‍ കഴിയുന്നതുമായ കാര്യത്തെയാണ് മറഞ്ഞ കാര്യം അല്ലെങ്കില്‍ മറഞ്ഞ മാര്‍ഗം എന്നത് കൊണ്ടെല്ലാം ഉദ്ദേശിക്കുന്നത്. സുലൈമാന്‍(അ) ജിന്നുകളെ കൊണ്ട് ജോലി ചെയ്യിച്ചതും ഉപകാരം നേടിയതും ജിന്നുകള്‍ക്ക് അല്ലാഹു നല്‍കിയ കഴിവിന്റെ അടിസ്ഥാന ത്തിലാണ്. അവര്‍ക്ക് എന്തെല്ലാം കഴിവ് ഉണ്ടായി രുന്നു എന്നത് മുകളിലെ സൂക്തങ്ങള്‍ നമുക്ക് അറിയിച്ചു തരുന്നുണ്ട്.

കിലോമീറ്ററുകള്‍ അകലെ കിടക്കുന്ന ബില്‍ക്വീസിന്റെ സിംഹാസനം സുലൈമാന്‍ നബി(അ)യുടെ അടുത്ത് എത്തിക്കുന്നതിനായി സുലൈമാന്‍(അ) ജിന്നുകള്‍ അടക്കമുള്ളവരോട് സഹായം ചോദിച്ചത് അഭൗതിക മാര്‍ഗത്തിലൂടെയുള്ള സഹായ തേട്ടമാണെന്ന് വരുത്തി അല്ലാഹു അല്ലാത്തവരോട് സഹായം ചോദിക്കുന്നവരുണ്ട്. സുലൈമാന്‍ നബി(അ)യുടെ ഈ ചരിത്രത്തില്‍ അഭൗതികമായ യാതൊരു സഹായ തേട്ടവും ഇല്ല. ഒരോ സൃഷ്ടിക്കും അല്ലാഹു പ്രകൃത്യാ പല കഴിവുകളും നല്‍കിയിട്ടുണ്ട്. ആ കഴിവ് ഉപയോഗപ്പെടുത്തുന്നതോ, ആ കഴിവ് അനുസരിച്ച് അവര്‍ എന്തെങ്കിലും ചെയ്യുന്നതോ അംഗീകരിക്കുന്നതിനാല്‍ അവിടെ ശിര്‍ക്ക് വരുന്നില്ല. ഇവിടെ സുലൈമാന്‍(അ) അഭൗതിക മാര്‍ഗത്തി ലൂടെയുള്ള യാതൊരു സഹായ തേട്ടവും നടത്തിയിട്ടില്ല. കാരണം, അവര്‍ക്ക് ചെയ്യാന്‍ കഴിവുള്ള ഒരു കാര്യം ചെയ്യാന്‍ അവരോട് കല്‍പിക്കുക മാത്രമാണ് ചെയ്യുന്നത്.

എല്ലാവരെയും ഒരുമിച്ച് ചേര്‍ത്തതിന് ശേഷം സുലൈമാന്‍(അ) ചോദിച്ചത് അവര്‍ കീഴൊതു ങ്ങിക്കൊണ്ട് എന്റെ  അടുത്ത് വരുന്നതിന് മുമ്പായി നിങ്ങളില്‍ ആരാണ് അവളുടെ സിംഹാസനം എനിക്ക് കൊണ്ടു വന്ന് തരിക എന്നാണ്. ബല്‍ക്വീസിന്റെ സിംഹാസനം വമ്പിച്ചതായിരുന്നുവെന്ന് ഹുദ്ഹുദ് മുമ്പ് നല്‍കിയ വിവരത്തില്‍ നിന്ന് വ്യക്തമാണ്. 

ചോദ്യം കേട്ട പാടെ, ജിന്നുകളിലെ മല്ലനായ ഒരു ജിന്ന് അതിന് മുന്നോട്ടു വന്നു; അങ്ങ് അങ്ങയുടെ ഈ സദസ്സില്‍ നിന്ന് എഴുന്നേല്‍ക്കുന്നതിനു മുമ്പായി ഞാനത് അങ്ങേക്ക് കൊണ്ടുവന്നുതരാം എന്ന് പ്രഖ്യാപിച്ചു. 

സുലൈമാന്‍ നബി(അ)യുടെ രാജദര്‍ബാറിലെ ചർച്ചകൾ പലപ്പോഴും വൈകുന്നേരം രണ്ടോ മൂന്നോ മണിക്കൂറുകള്‍ നീളുന്നതായിരുന്നു. അങ്ങനെയുള്ള ആ സദസ്സ് പിരിയുന്നതിന് മുമ്പായി ബല്‍ക്വീസിന്റെ സിംഹാസനം തന്റെയടുത്ത് എത്തിക്കുവാനാണ് സുലൈമാന്‍(അ) കല്‍പന പുറപ്പെടുവിച്ചത്. അത് ഇഫ്‌രീത് ഏറ്റടുക്കുവാന്‍ തയ്യാറായി. ഞാനതിന് കഴിവുള്ളവനും വിശ്വസ്തനുമാണെന്നും ഇഫ്‌രീത് പറയുന്നുണ്ട്. ഏകദേശം ആയിരത്തി അഞ്ഞൂറ് കി.മീറ്റര്‍ അകലെയുള്ള സിംഹാസനം കൊണ്ടുവരാനുള്ള സമയം രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രം! ഈ സമയത്തിനുള്ളില്‍ മൂവായിരം കി.മീറ്റര്‍ യാത്ര ചെയ്യാനും അത് വഹിച്ച് കൊണ്ടുവരാനും ഇഫ്‌രീതിന് കഴിയുമായിരുന്നു. അതാണ് അവന്‍ സുലൈമാന്‍(അ)നോട് പറയുന്നത്. രാജ്ഞിയുടെ സിംഹാസനം എടുക്കാനാണല്ലോ പോകുന്നത്. കൊട്ടാരത്തില്‍ വലിയ വിലപിടിപ്പുള്ള, ഒട്ടനേകം വസ്തുക്കള്‍ ഉണ്ടാവുക സ്വാഭാവികം. എന്നാല്‍ അതിലൊന്നും താന്‍ കൈകടത്തുകയില്ലെന്നും സത്യസന്ധനായി ആ സിംഹാസനം ഇവിടെ എത്തിക്കുന്നതുമാണ് എന്നതാവാം ഞാന്‍ വിശ്വസ്തനാണെന്ന് ഇഫ്‌രീത് പറഞ്ഞതിന്റെ താല്‍പര്യം.

ഇഫ്‌രീത് സിംഹാസനം കൊണ്ടുവരാനുള്ള സന്നദ്ധത അറിയിച്ചപ്പോള്‍ വേദത്തില്‍ ജ്ഞാനം നല്‍കപ്പെട്ട ആള്‍ സുലൈമാന്‍ നബി(അ)യോട് പറഞ്ഞു: ‘താങ്കള്‍ കണ്ണ് ചിമ്മി തുറക്കുന്നതിന് മുമ്പായി ഞാനത് നിങ്ങളുടെ സന്നിധിയില്‍ എത്തിക്കുന്നതാണ്.’

ആരായിരുന്നു ഈ വേദത്തില്‍ ജ്ഞാനം നല്‍കപ്പെട്ട വ്യക്തി? ക്വുര്‍ആന്‍ വ്യാഖ്യാതക്കള്‍ പല അഭിപ്രായങ്ങളും ഇതു സംബന്ധമായി പ്രകടിപ്പിച്ചിട്ടുള്ളതായി നമുക്ക് കാണാം. അത് ഒരു മലക്കാണെന്ന് അഭിപ്രായം പറഞ്ഞവരുണ്ട്. കാരണം ഇത്ര വേഗത്തില്‍ അങ്ങ് അകലെയുള്ള സിംഹാസനം എത്തിക്കാന്‍ മലക്കിന് സാധിക്കുമെന്നതിനാലാകാം ചിലര്‍ ഈ അഭിപ്രായം പറഞ്ഞത്. എന്നാല്‍ ഈ പറഞ്ഞ വ്യക്തി സുലൈമാന്‍(അ) തന്നെ ആകാമെന്നാണ് ഇമാം റാസി(റ)യുടെ അഭിപ്രായം. ഇഫ്‌രീത് സുലൈമാന്‍ നബി(അ)യോട് ആ സദസ്സ് പിരിയുന്നതിന് മുമ്പായി എത്തിക്കുമെന്നാണല്ലോ പറഞ്ഞത്. അപ്പോള്‍ സുലൈമാന്‍(അ) ഇഫ്‌രീതി നോട് പറഞ്ഞു: ‘അതിനെക്കാള്‍ വേഗത്തില്‍, താങ്കളുടെ കണ്ണ് ഇമവെട്ടി തുറക്കുന്നതിന് മുമ്പായി ഞാനത് എത്തിക്കും.’ അല്ലാഹു അദ്ദേഹത്തിലൂടെ പല അത്ഭുതങ്ങളും പ്രകടമാക്കിയിട്ടുണ്ടല്ലോ. അഥവാ, സുലൈമാന്‍ നബി(അ)ക്ക്അല്ലാഹു നല്‍കി യ ഒരു മുഅ്ജിസത്തായിരുന്നു അത്. അത് എങ്ങനെ യാണ് മുഅ്ജിസത്താകുക? ഇഫ്‌രീത് സുലൈമാന്‍ (അ)നോട് പറയുമ്പോള്‍ അവസാനം പറഞ്ഞത് ഞാന്‍ അതിന് കഴിവുള്ളവനാണെന്നാണല്ലോ. അത് സുലൈമാന്‍(അ) പറഞ്ഞോ? ഇല്ല! കാരണം, അത് സംഭവിക്കാന്‍ പോകുന്നത് അഭൗതിക മാര്‍ഗത്തിലൂടെയാണ്. അഥവാ അത് ദൈവിക ദൃഷ്ടാന്തമാണ്. ആസ്വിഫ് ബ്‌നു ബര്‍ഖിയ എന്ന് പേരുള്ള സ്വാലിഹായ വ്യക്തി ആ പട്ടാള ത്തിലുണ്ടായിരുന്നു; അദ്ദേഹമാണ് അങ്ങനെ പറഞ്ഞത് എന്നും അഭിപ്രായപ്പെട്ടവരുണ്ട്. അപ്പോള്‍ വേദഗ്രന്ഥത്തില്‍ നിന്നുള്ള പ്രത്യേക അറിവ് ഉണ്ടായിരുന്നു എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം അദ്ദേഹത്തിന് ‘ഇസ്മുല്‍ അഅ്‌ളം’ അറിയാമായിരുന്നു. അത് വെച്ച് അദ്ദേഹം അല്ലാഹുവിനോട് പ്രാര്‍ഥിച്ചാല്‍ ഞൊടിയിടകൊണ്ട് ആ കാര്യം സാധിക്കുമായിരുന്നു. അങ്ങനെ അദ്ദേഹം തനിക്ക് പ്രത്യേകമായി പഠിപ്പിക്കപ്പെട്ട ആ പ്രാര്‍ഥന നിര്‍വഹിച്ചു. (ആ പ്രാര്‍ഥനയുടെ രൂപം ചില റിപ്പോര്‍ട്ടുകളില്‍ നമുക്ക് കാണാവുന്നതാണ്). അങ്ങനെ ആ സിംഹാസനം സുലൈമാന്‍ നബി(അ)യുടെ കൊട്ടാരത്തിങ്കല്‍ എത്തി. താങ്കള്‍ കണ്ണ് ചിമ്മി തുറക്കുന്നതിന് മുമ്പായി ഞാന്‍ ആ സിംഹാസനം ഇവിടെ എത്തിക്കാം എന്ന് പറഞ്ഞതില്‍ അഭൗതികമായ യാതൊന്നും സംഭവിക്കുന്നില്ല. ഇഫ്‌രീതാണ് അത് പറഞ്ഞതെങ്കില്‍ അല്ലാഹു അവന്പ്രകൃത്യാ നല്‍കിയ കഴിവ് കൊണ്ട് അത് എത്തിച്ചു. അപ്പറഞ്ഞത് സുലൈമാന്‍ നബി(അ) ആണെങ്കില്‍ അത് മുഅ്ജിസത്താണ്. അതല്ല ആസ്വിഫ് ആണെങ്കില്‍ അത് അദ്ദേഹത്തിലൂടെ അല്ലാഹു പ്രകടമാക്കുന്ന കറാമത്തും. മുഅ്ജിസത്തും കറമാത്തും അല്ലാഹുവാണല്ലോ അടിമകളിലൂടെ പ്രകടമാക്കുന്നത്.

ബില്‍ക്വീസിന്റെ സിംഹാസനം തന്റെ മുന്നില്‍ കണ്ടപ്പോള്‍ സുലൈമാന്‍(അ) നന്ദിയോടെ അല്ലാഹുവിനെ സ്മരിച്ചു.’ഞാന്‍ നന്ദികാണിക്കുമോ, അതല്ല നന്ദികേട് കാണിക്കുമോ എന്ന് എന്നെ പരീക്ഷിക്കുവാനായി എന്റെ രക്ഷിതാവ് എനിക്ക് നല്‍കിയ അനുഗ്രഹത്തില്‍ പെട്ടതാകുന്നു ഇത്. വല്ലവനും നന്ദികാണിക്കുന്ന പക്ഷം തന്റെ  ഗുണത്തിനായിട്ട് തന്നെയാകുന്നു അവന്‍ നന്ദികാണിക്കുന്നത്. വല്ലവനും നന്ദികേട് കാണിക്കുന്ന പക്ഷം തീര്‍ച്ചയായും എന്റെ രക്ഷിതാവ് പരാശ്രയമുക്തനും ഉല്‍കൃഷ്ടനുമാകുന്നു’ എന്ന് വിനയത്തോടെ അദ്ദേഹം പറഞ്ഞു.

പല വാഹനങ്ങളിലും കടകളിലും വീടുകളിലുമെല്ലാം നാം കാണുന്ന ഒന്നാണ് ‘ഹാദാ മിന്‍ ഫദ്‌ലി റബ്ബീ’ എന്നെഴുതിയ സ്റ്റിക്കര്‍. ‘എന്റെ രക്ഷിതാവ് എനിക്ക് നല്‍കിയ അനുഗ്രഹത്തില്‍ പെട്ടതാകുന്നു ഇത്’ എന്നര്‍ഥം. എപ്പോഴും സിനിമയിലും സംഗീതത്തിലും മുഴുകിയിരിക്കുന്ന ആളുകളുള്ള വീടിന്റെ പുറംചുമരില്‍ ഇത് എഴുതിവെക്കുന്നതില്‍, വാഹനങ്ങളില്‍ ഇത് ഒട്ടിച്ചുെവക്കുന്നതില്‍ എന്ത് അര്‍ഥമാണുള്ളത്? അശ്ലീല പ്രസിദ്ധീകരണങ്ങളും പുകയില ഉല്‍പന്നങ്ങളും മയക്കുമരുന്നുകളും വില്‍ക്കുന്നവര്‍ കടകളില്‍ ആളുകള്‍ കാണുംവിധം ഇത് പ്രദര്‍ശിപ്പിക്കുന്നത് ആ വചനത്തെ അപഹസിക്കലല്ലേ? എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? അതിന്റെ അര്‍ഥം അറിയാത്തതിനാല്‍ തന്നെ! ‘ഞാന്‍ നന്ദികാണിക്കുമോ, അതല്ല നന്ദികേട് കാണിക്കുമോ എന്ന് എന്നെ പരീക്ഷിക്കുവാനായി എന്റെ രക്ഷിതാവ് എനിക്ക് നല്‍കിയ അനുഗ്രഹത്തില്‍ പെട്ടതാകുന്നു ഇത്’ എന്നാണ് അതിന്റെ പൂര്‍ണരൂപം. കടയും വാഹനവും വീടുമെല്ലാം നാം നന്ദികാണിക്കുമോ അതല്ല നന്ദികേട് കാണിക്കുമോ എന്ന് പരീക്ഷിക്കുവാനായി രക്ഷിതാവ് നല്‍കിയ അനുഗ്രഹങ്ങളില്‍ പെട്ടതാണ് എന്നര്‍ഥം. അകത്തിരുന്ന് നന്ദികേട് കാണിക്കുകയും പുറത്ത് ഇത് എഴുതിവെക്കുകയും ചെയ്യല്‍ എത്ര നിരര്‍ഥകമാണ്. 

നബിﷺക്കും സ്വഹാബിമാര്‍ക്കും വീടില്ലായിരുന്നോ? വാഹനമുണ്ടായിരുന്നില്ലേ? എന്നിട്ട് അവര്‍ ആരെങ്കിലും ഇപ്രകാരം എഴുതിത്തൂക്കിയിരുന്നോ? ഇങ്ങനെ എഴുതിത്തൂക്കുന്നതില്‍ തന്നെ യാതൊരു പ്രത്യേകതയുമില്ല എന്ന് മനസ്സിലാക്കുക.

നബിﷺയുടെ പരമ്പര

ഫദ്‌ലുല്‍ ഹഖ് ഉമരി

   മുഹമ്മദ്, അബ്ദുല്ല, അബ്ദുല്‍ മുത്ത്വലിബ്, ഹാഷിം, അബ്ദുമനാഫ്, ക്വുസ്വയ്യ്, കിലാബ്, മുര്‍റത്, കഅ്ബ്, ലുഅയ്യ്, ഗാലിബ്, ഫിഹ്‌റ്, മാലിക്, നള്‌റ്, കിനാന, ഖുസൈമ, മുദ്‌രിക, ഇല്യാസ്, മുളര്‍റ്, നസാര്‍, മഅ്ദ്, അദ്‌നാന്‍ എന്നിങ്ങനെ നീളുന്നു നബിﷺയുടെ പരമ്പര.  അവസാനം പറഞ്ഞ അദ്‌നാന്‍ ഇസ്മാഈലു ബ്‌നു ഇബ്‌റാഹീമിന്റെ പരമ്പരയില്‍ നിന്നുള്ളതാണ്.

   ബനൂസഹ്‌റക്കാരാണ് നബിﷺയുടെ അമ്മാവന്‍മാര്‍. നബിﷺയുടെ ഉമ്മ (ആമിനബിന്‍തു വഹബ്) ബനൂസഹ്‌റയില്‍ പെട്ടവരാണ്. ഇവരുടെ പരമ്പര കിലാബില്‍ ചെന്ന് ചേരുകയും ചെയ്യുന്നു. ഖുറൈശികളിൽ വലിയ സ്ഥാനമായിരുന്നു ഖുസ്വയ്യിന് ഉണ്ടായിരുന്നത്. ഖുസ്വയ്യ് മരിച്ചപ്പോള്‍ ആ സ്ഥാനം അദ്ദേഹത്തിന്റെ മക്കളായ അബ്ദുമനാഫ്, അബ്ദുദ്ദാര്‍, അബ്ദുഖുസ്വയ്യ്, അബ്ദുല്‍ കഅ്ബ് തുടങ്ങിയവര്‍ക്ക് ലഭിച്ചു. ഖുറൈശികളിൽ ഏറ്റവും സ്ഥാനം അബ്ദുമനാ ഫിനായിരുന്നു. ഹജ്ജിന് വരുന്നവര്‍ക്ക് വെള്ളവും ഭക്ഷണവും ഒരുക്കുന്ന സ്ഥാനം ഇവര്‍ക്കായിരുന്നു. അബ്ദുമനാഫ് മരിച്ചപ്പോള്‍ ഹാഷിം ആ സ്ഥാന ങ്ങള്‍ക്കര്‍ഹനായി. തണുപ്പുകാലത്തെയും ചൂടുകാല ത്തെയും യാത്രാസംഘങ്ങള്‍ ആദ്യമായി ഒരുക്കിയത് അദ്ദേഹമാണ്. ഹാജിമാര്‍ക്കും സന്ദര്‍ശകര്‍ക്കും പായ സവും മറ്റു ഭക്ഷണങ്ങളും തയ്യാറാക്കിക്കൊടുത്തി രുന്നത് കൊണ്ടാണ് ഹാഷിം എന്ന പേര് ലഭിച്ചത്. യഥാര്‍ഥ നാമം അംറ് എന്നാണ്. ഷാഷിമിനു ശേഷം മകന്‍ അബ്ദുല്‍ മുത്ത്വലിബ് വന്നു. മദീനയിലാണ് അദ്ദേഹം വളര്‍ന്നത്. തന്റെ പിതാമഹനായ ഖുസ്വയ്യിനെപ്പോലെത്തന്നെയായിരുന്നു അദ്ദേഹം. വെള്ളപ്പൊക്കത്തില്‍ സംസം കിണര്‍ മൂടിപ്പോയതിനു ശേഷം അത് ആദ്യമായി കുഴിച്ചത് അബ്ദുല്‍ മുത്ത്വലിബായിരുന്നു. പത്തുമക്കളെ അല്ലാഹു നല്‍കി യാല്‍ ഒരു മകനെ ബലിയറുക്കുമെന്ന് നേര്‍ച്ച നേര്‍ന്ന തും അബ്ദുല്‍മുത്ത്വലിബായിരുന്നു. 

   നല്ലപരമ്പരയും മാന്യതയും സ്വഭാവവും പ്രതാപവുമുള്ള തറവാട്ടില്‍ അഥവാ ക്വുറൈശ് ഗോത്രത്തിലെ ബനൂഹാശിം കുടുംബത്തിലാണ് സൃഷ്ടികളില്‍ ഉത്തമനായ നബിﷺ ജന്മമെടുക്കു ന്നത്. 

അബ്ദുല്‍ മുത്ത്വലിബ് ഇബ്‌നു ഹാശിം

   അബ്ദുമനാഫിന് 9 ആണ്‍കുട്ടികളായിരുന്നു ഉണ്ടായിരുന്നത്; ഹാശിം, മുത്ത്വലിബ്, നൗഫല്‍, അബ്ദുശ്ശംസ് എന്നിവര്‍. രിഫാദത്തും സിക്വായത്തും (ഹാജിമാര്‍ക്ക് വെള്ളവും ഭക്ഷണവും ഒരുക്കല്‍) ഹാശിമിനായിരുന്നു അവകാശപ്പെട്ടിരുന്നത്. ഹാശിം മരിക്കാന്‍ സമയത്ത് തന്റെ സഹോദരന്‍ മുത്ത്വലിബിന് ആ സ്ഥാനങ്ങള്‍ വസ്വിയ്യത് ചെയ്തു. തന്റെ സമൂഹത്തില്‍ മഹത്ത്വവും ശ്രേഷ്ഠതയും ഉള്ള ആളായിരുന്നു അബ്ദുല്‍ മുത്ത്വലിബ്. അദ്ദേഹത്തി ന്റെ ധര്‍മിഷ്ഠത കാരണത്താല്‍ ‘ഫയ്യാള്’ (കോരിച്ചൊ രിഞ്ഞ് കൊടുക്കുന്നവന്‍) എന്നായിരുന്നു ഖുറൈശികൾ. അദ്ദേഹത്തെ വിളിച്ചിരുന്നത്. 

   ഹാഷിമിന്റെ, മദീനയിലുള്ള ഒരു മകനായിരുന്നു ശൈബ. അബ്ദുല്‍മുത്ത്വലിബ് ശൈബയെക്കുറിച്ച് കേട്ടപ്പോള്‍ കുട്ടിയെ തേടി മദീനയിലേക്ക് പുറപ്പെട്ടു. തന്റെ പിതാവിന്റെ അതേ സാദൃശ്യം ശൈബയില്‍ കണ്ടപ്പോള്‍ തന്നിലേക്ക് അണച്ചു പിടിക്കുകയും ഉമ്മവെക്കുകയും കരയുകയും ചെയ്തു. യമനില്‍ നിന്നുള്ള ഒരു വസ്ത്രം ആ കുട്ടിയെ ധരിപ്പിച്ചു. മക്കയിലേക്ക് തന്റെ വാഹനത്തിന്റെ പിന്നിലിരുത്തി കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഉമ്മയുടെ അനുവാദമില്ലാതെ പോരാന്‍ കഴിയില്ലെന്ന് ശൈബ പറഞ്ഞു. മുത്ത്വലിബ് ശൈബയുടെ ഉമ്മയോട് അനുവാദം ചോദിച്ചെങ്കിലും കൊടുത്തില്ല. അവസാനം അനുനയ ശ്രമങ്ങള്‍ നടത്തുകയും ഉമ്മ സമ്മതിക്കുകയും ചെയ്തു. ശൈബയുടെ കുടുംബക്കാരൊക്കെ മക്കയിലാണുള്ളതെന്നും അവര്‍ അവിടെ ഏറ്റവും മാന്യന്മാരായി കഴിയുന്നവരാണ് എന്നുമൊക്കെയായിരുന്നു മുത്ത്വലിബ് ശൈബയുടെ ഉമ്മയോട് പറഞ്ഞത്. അങ്ങനെ ശൈബ മക്കയിലെത്തി. ഇത് കണ്ട നാട്ടുകാരാ യ  ഖുറൈശികൾ പറഞ്ഞു: ‘മുത്ത്വലിബ് ഇതാ ഒരു അടിമയെ (അബ്ദ്) വാങ്ങിയിരിക്കുന്നു.’ അങ്ങനെ ശൈബ ‘മുത്ത്വലിബിന്റെ അടിമ’ എന്ന അര്‍ഥത്തില്‍ ‘അബ്ദുല്‍ മുത്ത്വലിബ്’ എന്ന് വിളിക്കപ്പെട്ടു. ശൈബ അടിമയല്ല. മറിച്ച് എന്റെ സഹോദരന്‍ ഹാശിമിന്റെ പുത്രനാണ്. മദീനയില്‍ നിന്നും ഞാന്‍ കൊണ്ട് വന്നതാണ് എന്നെല്ലാം മുത്ത്വലിബ് ജനങ്ങളെ അറിയിച്ചു. അങ്ങനെ അബ്ദുല്‍ മുത്ത്വലിബ് (ശൈബ) മക്കയില്‍ വളര്‍ന്ന് വലുതായി. ഒരു ദിവസം മുത്ത്വലിബ് യമനിലേക്ക് കച്ചവടത്തിനായി പുറപ്പെട്ടു. യമനിലെ റദ്ഫാന്‍ എന്ന സ്ഥലത്തെത്തിയപ്പോള്‍ അദ്ദേഹം മരണപ്പെട്ടു. ശേഷം സിക്വായതും രിഫാദതും അബ്ദുല്‍ മുത്ത്വലിബ് ഏറ്റെടുത്തു. തന്റെ പൂർവ്വപിതാക്കളുടെ നടപടിയനുസരിച്ച് അദ്ദേഹം അത് നിലനിര്‍ത്തുകയും ചെയ്തു.

   തടിച്ച് നീണ്ട് വെളുത്ത ആളായിരുന്നു അബ്ദുല്‍ മുത്ത്വലിബ്. സ്ഫുടതയുള്ള നാവിന്റെയും ഉത്തമസ്വഭാവത്തിന്റെയും ഉടമയായിരുന്നു അദ്ദേഹം. തന്റെ പൂര്‍വ പിതാക്കള്‍ എത്തിയിട്ടില്ലാത്ത ഉന്നത സ്ഥാനത്തേക്കദ്ദേഹം എത്തി. തന്റെ സമൂഹം അദ്ദേഹത്തെ സ്‌നേഹിച്ചു. സ്ഥാനം എത്രത്തോളം ഉയര്‍ന്നു എന്നുവെച്ചാല്‍ ‘ശൈബതുല്‍ ഹംദ്,’ ‘ഫയ്യാള്’ എന്നീ പേരുകളില്‍ ഇദ്ദേഹം വിളിക്കപ്പെട്ടു. മലമുകളില്‍ കയറിച്ചെന്ന് പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും ഭക്ഷണം എറിഞ്ഞ് കൊടുത്തതിനാല്‍ ‘മുത്ഇം’ എന്ന പേരും കിട്ടി.  ഒട്ടകത്തിന്റെ മുകള്‍ ഭാഗത്തുള്ള നെയ്യ്‌നിറഞ്ഞ മാംസവും കരളുമായിരുന്നു അദ്ദേഹം ജനങ്ങള്‍ക്ക് വിതരണം ചെയ്തിരുന്നത്.

   അബ്ദുല്‍മുത്ത്വലിബ് ഖുറൈശികളിൽ മാത്രമല്ല അറേബ്യന്‍ പ്രദേശത്താകെയും മഹത് വ്യക്തിയായി മാറി. അറേബ്യന്‍ രാജാക്കന്മാര്‍ക്കിടയില്‍ ഉന്നതസ്ഥാനം ലഭിച്ചു. രാജാക്കളെയും ഭരണാധികാ രികളെയും കാണാനുള്ള ഏത് സംഘത്തിലും അറബി കള്‍ അബ്ദുല്‍ മുത്ത്വലിബിനെയായിരുന്നു തെര ഞ്ഞെടുത്ത് അയച്ചിരുന്നത്.

അബ്ദുല്‍ മുത്ത്വലിബിന്റെ കാലത്തെ പ്രധാന സംഭവങ്ങള്‍

   പ്രധാനമായും രണ്ട് കാര്യങ്ങളാണ് അബ്ദുല്‍ മുത്വലിബിന്റെ കാലത്തുണ്ടായത്. സംസം കിണര്‍ കുഴിക്കല്‍ ആനക്കലഹം എന്നിവയായിരുന്നു അത്.

1. സംസം

   അല്ലാഹു ഇസ്മാഈല്‍ നബി(അ)ക്കും മാതാവ് ഹാജറക്കും കനിഞ്ഞു നല്‍കിയ ഉറവാണ് സംസം.  വെള്ളപ്പൊക്കത്താലും മറ്റും സംസം കിണര്‍ മൂടിപ്പോയിരുന്നു. അല്ലാഹു അതിനെ പുറത്തുകൊണ്ടുവരാന്‍ ഉദ്ദേശിച്ചപ്പോള്‍ അബ്ദുല്‍ മുത്ത്വലിബ് കഅ്ബക്ക് ചാരെ (ഹിജ്‌റില്‍) ഉറങ്ങിക്കൊണ്ടിരിക്കെ ഒരാള്‍ വന്ന് സംസം കുഴിക്കാന്‍ പറയുന്നതായി സ്വപ്‌നം കാണുന്നു. (കഅ്ബയുടെ വാതിലിന്റെ ഭാഗത്തുള്ള ‘ക്വര്‍യതുന്നംലി’ (ഉറുമ്പുകളുടെ ഗ്രാമം)ലാണ് സംസം ഉള്ളതെന്നും സ്വപ്‌നത്തില്‍ അറിയിച്ചു.

   അബ്ദുല്‍ മുത്ത്വലിബിന് കാര്യം വ്യക്തമാവുകയും സംസമിന്റെ സ്ഥലം മനസ്സിലാക്കുകയും ചെയ്തപ്പോള്‍ തന്റെ മണ്‍വെട്ടിയെടുത്ത് അങ്ങോട്ട് ചെന്നു. മകന്‍ ഹാരിസിനെയും കൂടെ കൂട്ടി. അന്ന് ഹാരിസല്ലാത്ത മറ്റു മക്കള്‍ ഉണ്ടായിരുന്നില്ല. അങ്ങനെ കിളക്കാന്‍ തുടങ്ങിയപ്പോള്‍ സംസമിന്റെ ഉള്‍ഭാഗം വെളിവായി. അദ്ദേഹം ആവേശം കൊണ്ട് തക്ബീര്‍ ചൊല്ലി. അബ്ദുല്‍മുത്ത്വലിബ് തന്റെ ലക്ഷ്യം നേടിയിരിക്കുന്നു എന്ന് മനസ്സിലാക്കിയ ക്വുറൈശികള്‍ അദ്ദേഹത്തെ സമീപിച്ച് കൊണ്ട് പറഞ്ഞു: ”അല്ലയോ അബ്ദുല്‍ മുത്ത്വലിബ്! ഇത് ഞങ്ങളുടെ പിതാവ് ഇസ്മാഈലിന്റെ കിണറാണ്. ഞങ്ങള്‍ക്കും അതില്‍ അവകാശമുണ്ട്. അത്‌കൊണ്ട് ഞങ്ങളെയും കൂടെചേര്‍ക്കണം.’ അബ്ദുല്‍ മുത്ത്വലിബ് സമ്മതിച്ചില്ല. ഇത് എനിക്ക് പ്രത്യേകമാക്കപ്പെട്ടതും എനിക്ക് മാത്രം നല്‍കപ്പെട്ടതുമാണെന്നായിരുന്നു അബ്ദുല്‍ മുത്ത്വലിബിന്റെ മറുപടി. ഖുറൈശികളെ തര്‍ക്കിക്കാന്‍ വന്നപ്പോള്‍ അബ്ദുല്‍ മുത്ത്വലിബിന്ന് അവരെ നേരിടാനായില്ല. ആ സന്ദര്‍ഭത്തില്‍ അദ്ദേഹം ഇപ്രകാരം നേര്‍ച്ച നേര്‍ന്നു: എനിക്ക് 10 മക്കളെ അല്ലാഹു നല്‍കുകയും അവര്‍ ഖുറൈശികളെ തടയാന്‍ പ്രായമാവുകയും ചെയ്താല്‍ അതില്‍ ഒരു മകനെ കഅ്ബക്കു സമീപത്തുവെച്ച് അറുക്കും.’ അല്ലാഹു അബ്ദുല്‍ മുത്ത്വലിബിന്റെ പ്രാര്‍ഥന സ്വീകരിച്ചു. പെണ്‍കുട്ടികള്‍ക്കുപുറമെ 10 ആണ്‍കുട്ടി കളുണ്ടായി.

   ഹാരിസ്, സുബൈര്‍, അബൂലഹബ്, മുക്വവ്വിം, ദ്വറാര്‍, അബൂത്വാലിബ്, ഹജല്‍, അബ്ദുല്ല (നബിﷺയുടെ ഉപ്പ), ഹംസ, അബ്ബാസ് എന്നിവരായിരുന്നു ആ മക്കള്‍. ഇതില്‍ 2 പേര്‍ ഇസ്‌ലാം സ്വീകരിച്ചു; അബ്ബാസ്(റ), ഹംസ(റ) എന്നിവര്‍. 

   ആറ് പെണ്‍കുട്ടികളാണ് അബ്ദുല്‍ മുത്ത്വലിബിനു ണ്ടായിരുന്നത്. ഉമ്മു ഹകീം, ആതിക്വ, ഉമൈമ, അര്‍വാ, ബര്‍റ, സ്വഫിയ എന്നിവരായിരുന്നു അവര്‍. മൂത്തമകളായ സ്വഫിയ്യ മാത്രമാണ് ഇസ്‌ലാം സ്വീകരിച്ചത്.

   ആണ്‍കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയായപ്പോള്‍ തന്റെ നേര്‍ച്ചയെക്കുറിച്ച് അവരെ അറിയിക്കുകയും കരാര്‍ നിറവേറ്റാനായി അവരെ വിളിക്കുകയും ചെയ്തു. മക്കള്‍ക്കിടയില്‍ നറുക്കിട്ടപ്പോള്‍ തന്റെ പ്രിയപ്പെട്ട മകനായ അബ്ദുല്ലക്കാണ് നറുക്ക് വീണത്. അബ്ദുല്‍ മുത്ത്വലിബ് അബ്ദുല്ലയുടെ കൈപിടിച്ച് കത്തിയുമായി കഅ്ബയുടെ സമീപത്തേക്ക് കൊണ്ടുപോയി. ഖുറൈശികൾ അദ്ദേഹത്തെ തടഞ്ഞു. സഹോദരന്മാരും അമ്മാവന്മാരും തടഞ്ഞു. അപ്പോള്‍ അബ്ദുല്‍ മുത്ത്വലിബ് ചോദിച്ചു: ‘എന്റെ നേര്‍ച്ച ഞാനെന്ത് ചെയ്യും?’

   ഒരു ഭാഗത്ത് അബ്ദുല്ലയെയും മറുഭാഗത്ത് പത്ത് ഒട്ടകങ്ങളെയും വെച്ച്  നറുക്കിടാന്‍ നിര്‍ദേശമുണ്ടായി. വീണ്ടും അബ്ദുല്ലക്ക് നറുക്ക് വീണാല്‍, പത്ത് ഒട്ടകങ്ങളെ വീണ്ടും നല്‍കണം എന്നായിരുന്നു കരാര്‍. അങ്ങനെ അവര്‍ത്തിച്ചാവര്‍ത്തിച്ച് നറുക്കിട്ടപ്പോഴും അബ്ദുല്ലക്കായിരുന്നു നറുക്ക് വീണത്. അങ്ങനെ ഒട്ടകങ്ങള്‍ നുറോളമെത്തി. അവസാനം ഒട്ടകങ്ങള്‍ക്ക് നറുക്ക് വീഴുകയും അവയെ അറുക്കുകയും ചെയ്തു. ശരീരത്തിന് പകരം 100 ഒട്ടകം എന്ന പ്രായച്ഛിത്തം ആദ്യമായി നടപ്പില്‍ വരുത്തിയത് അബ്ദുല്‍ മുത്ത്വലിബാണെന്ന് പറയാം. ഖുറൈശികളും അറബികളും ഇതു നിലനിര്‍ത്തി. നബിﷺയും പില്‍കാലത്ത് ഇത് അംഗീകരിച്ചു.

   സംസം കിണര്‍ കുഴിച്ചതോടെ ആളുകള്‍ക്കിടയിലുള്ള അബ്ദുല്‍ മുത്ത്വലിബിന്റെ സ്ഥാനം വര്‍ധിച്ചു.

2. ആനക്കലഹ സംഭവം

   അറബികളുടെ ചരിത്രത്തില്‍ ഇത്രവലിയ സംഭവം മുമ്പുണ്ടായിട്ടില്ല. ഇതിനെക്കാള്‍ വലുത് ഇനിയും വരും എന്നതിലേക്കുള്ള സൂചനയായിരുന്നു അത്. മാത്രവുമല്ല അറബികള്‍ക്ക് അല്ലാഹു നന്മ ഉദ്ദേശിച്ചിട്ടുണ്ടെന്നും കഅ്ബയുടെ മഹത്ത്വം വര്‍ധിക്കുമെന്നുമുള്ള ഒരറിയിപ്പ് കൂടിയായിരുന്നു ഇത്. നബിﷺ ജനിച്ചവര്‍ഷത്തിലാണ് ആനക്കലഹം സംഭവിക്കുന്നത്.

   യമനിലെ രാജാവായ നജ്ജാശ്ശിയുടെ അസിസ്റ്റന്റായിരുന്നു അബ്‌റഹത്. ജനങ്ങള്‍ മക്കയിലേക്ക് പോകുന്നതും ഹജ്ജ് ചെയ്യുന്നതും അബ്‌റഹത് കണ്ടു. കഅ്ബക്ക് പകരം യമനില്‍ ഒരു ആരാധനാലയമുണ്ടാക്കി ജനങ്ങളെ അങ്ങോട്ട് തിരിക്കാന്‍ അബ്‌റഹത് ഉദ്ദേശിച്ചു. ഖുല്ലൈസ് എന്നായിരുന്നു ആ ആരാധനാലയത്തിന്റെ പേര്.

   ബനൂകിനാനയില്‍ പെട്ട ഒരാള്‍ ഇതറിഞ്ഞു. ആദ്ദേഹം രാത്രി ചെന്ന് ആരാധനാലയത്തിന്റെ ചുമരുകളില്‍ മാലിന്യം വാരിത്തേച്ചു. ഇതറിഞ്ഞ അബ്‌റഹത് കോപാകുലനായി. അതോടെ കഅ്ബ തകര്‍ക്കാനും തീരുമാനിച്ചു. വലിയ ഒരു സൈന്യവുമായി അയാള്‍ പുറപ്പെട്ടു. ഒരു കൂട്ടം ആനയും അതിലുണ്ടായിരുന്നു. ഏറ്റവും വലിയ ആനയെ തനിക്ക് വേണ്ടി അബ്‌റഹത് തെരഞ്ഞെടുത്തു. മഹ്മൂദ് എന്ന് അതിന് പേരിടുകയും ചെയ്‌യു. 

   അബ്‌റഹതും സൈന്യവും മുന്നോട്ട് നീങ്ങി. കഅ്ബയുടെ കിഴക്ക് വശത്ത് മുഗമ്മസ് വരെ എത്തി. അറഫയുടെ അടുത്താണീ പ്രദേശം. മക്കയില്‍ നിന്ന് 20 കിലോമീറ്ററാണ് അങ്ങോട്ടുള്ളത്. അവിടെ വെച്ച് ഖുറൈശികളുടെ സ്വത്ത് അവര്‍ കവര്‍ന്നു. അതില്‍ അബ്ദുല്‍ മുത്ത്വലിബിന്റെ 200 ഒട്ടകങ്ങളും ഉണ്ടായിരുന്നു. ഖുറൈശികളുടെ നേതാവെന്ന നിലക്ക് അബ്ദുല്‍ മുത്ത്വലിബ് വന്നു. അബ്‌റഹത്തിന്റെ അടുത്തേക്ക് പ്രവേശിച്ചു. അബ്‌റഹത്ത് അദ്ദേഹത്തെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തു.

അബ്‌റഹത്: ‘താങ്കള്‍ക്കെന്തു വേണം?’

അബ്ദുല്‍ മുത്ത്വലിബ്: ‘നിങ്ങള്‍ പിടിച്ചെടുത്ത എന്റെ 200 ഒട്ടകങ്ങളെ തിരിച്ചുതരണം.’

അബ്‌റഹത്: ‘താങ്കളെ ആദ്യം കണ്ടപ്പോള്‍ എനിക്ക് ബഹുമാനം തോന്നി. പക്ഷേ, നിങ്ങള്‍ സംസാരിച്ചപ്പോള്‍ എനിക്ക് വെറുപ്പാണ് തോന്നുന്നത്. 200 ഒട്ടകത്തിന്റെ വിഷയത്തിലാണോ നിങ്ങള്‍ സംസാരിക്കുന്നത്? ഞാന്‍ തകര്‍ക്കാന്‍ വന്നത് നിങ്ങളുടെയും പൂർവ്വപിതാക്കളുടേയും മതമായ കഅ്ബയെയാണ്. അതിനെക്കുറിച്ചൊന്നും സംസാരിക്കാനില്ലേ?’

അബ്ദുല്‍ മുത്ത്വലിബ്: ‘ഒട്ടകത്തിന്റെ ഉടമസ്ഥന്‍ ഞാനാണ്. കഅ്ബക്കൊരു ഉടമസ്ഥനുണ്ട് അവന്‍ അതിനെ സംരക്ഷിച്ചുകൊള്ളും.’

അബ്‌റഹത്: ‘അത് അസാധ്യമാണ്, ആര്‍ക്കും തടയാന്‍ കഴിയില്ല.’

   അബ്‌റഹത് ഒട്ടകങ്ങളെ തിരിച്ച് കൊടുത്തു. ഒട്ടകങ്ങളെ തിരിച്ച് കിട്ടിയപ്പോള്‍ അവയുടെ കഴുത്തില്‍ ബലിക്കുള്ള അടയാളം കെട്ടിത്തൂക്കി. എന്നിട്ട് ഹറമിലേക്ക് വിട്ടയച്ചു. അബ്ദുല്‍മുത്ത്വലിബ് തന്റെ ആളുകളോട് മലയിടുക്കുകളില്‍ വ്യാപിക്കുവാനും മലമുകളില്‍ രക്ഷതേടുവാനും നിര്‍ദേശം നല്‍കി.

   അബ്‌റഹത്തിന്റെ സൈന്യം അക്രമിക്കുമോ എന്ന ഭയമായിരുന്നു അതിനു കാരണം. അബ്‌റഹതുമായി ഏറ്റുമുട്ടാന്‍ കഴിയില്ലെന്നും കഅ്ബയെ അതിന്റെ ഉടമസ്ഥന്‍ സംരക്ഷിച്ചുകൊള്ളുമെന്നും അബ്ദുല്‍ മുത്ത്വലിബ് മനസ്സിലാക്കി.

   ഖുറൈശികള്‍ മലയിടുക്കുകളിലും മലകളിലും അഭയം തേടി. അബ്രഹത്ത് എന്തുചെയ്യുന്നു എന്നറിയാന്‍ കാത്തു നിന്നു. അബ്ദുല്‍ മുത്വലിബ് കഅ്ബയുടെ അടുത്ത് ചെന്ന് അല്ലാഹുവോട് പ്രാര്‍ത്ഥിക്കുകയും സഹായം തേടുകയും ചെയ്തു.

   അബ്‌റഹത്ത് തന്റെ സൈന്യത്തെ ഇളക്കിവിട്ടു. മക്കയില്‍ പ്രവേശിക്കാന്‍ ഒരുക്കം നടത്തി. ഒരു ആന മക്കയിലേക്ക് തിരിച്ചപ്പോള്‍ അതു മുട്ടുകുത്തി. ശക്തിയായി അടിച്ചിട്ടും ഫലമുണ്ടായില്ല. എന്നാല്‍ യമനിന്റെ ഭാഗത്തേക്ക് തിരിച്ചപ്പോള്‍ അത് ഓടാനും തുടങ്ങി. വീണ്ടും മക്കയിലേക്ക് തിരിച്ചപ്പോള്‍ അത് ഇരിക്കുകയും ചെയ്തു. ഈ സന്ദര്‍ഭത്തിലാണ് അബാബീല്‍ എന്ന പക്ഷികളെ അല്ലാഹു അവരിലേക്ക് നിയോഗിച്ചത്. കടല മണിയോളം വലുപ്പമുള്ള തീക്കല്ലുകള്‍ കൊണ്ട് അവരെ എറിഞ്ഞു. അത് കൊണ്ടവരെല്ലാം മരിച്ച് വീണു. അവര്‍ ചവച്ചരക്കപ്പെട്ട വൈക്കോല്‍ പോലായി! ആ ഏറ് ബാധിക്കാത്തവര്‍ തിരിഞ്ഞോടുകയും ചെയ്തു. തന്റെ സൈന്യത്തിന് ബാധിച്ച നാശവും തിരിഞ്ഞോട്ടവും കാണാന്‍ അല്ലാഹു അബ്‌റഹത്തിനെ ബാക്കിയാക്കി. ശേഷം അബ്‌റഹത്തിന് ഒരു പ്രത്യേക തരം രോഗം ബാധിച്ചു. അതിന്റെ ഭാഗമായി ഓരോരോ വിരലുകള്‍ മുറിഞ്ഞ് വീണു. സ്വന്‍ആഇല്‍ എത്തിയപ്പോഴേക്കും അബ്‌റഹത്ത് ഒരു പക്ഷിക്കുഞ്ഞിനെപ്പോലെയായിത്തീര്‍ന്നിരുന്നു. അങ്ങനെ ഹൃദയം പൊട്ടിത്തകര്‍ന്ന് അയാള്‍ നീചമായ മരണം വരിച്ചു. ഈ സംഭവവുമായി ബന്ധപ്പെട്ട് ഒരു അധ്യായംതന്നെ ക്വുര്‍ആനിലുണ്ട്: 

   “ആനക്കാരെക്കൊണ്ട് നിന്റെ രക്ഷിതാവ് പ്രവര്‍ത്തിച്ചത് എങ്ങനെ എന്ന് നീ കണ്ടില്ലേ? അവരുടെ തന്ത്രം അവന്‍ പിഴവിലാക്കിയില്ലേ? കൂട്ടംകൂട്ടമായിക്കൊണ്ടുള്ള പക്ഷികളെ അവരുടെ നേര്‍ക്ക് അവന്‍ അയക്കുകയും ചെയ്തു. ചുട്ടുപഴുപ്പിച്ച കളിമണ്‍കല്ലുകള്‍കൊണ്ട് അവരെ എറിയുന്നതായ. അങ്ങനെ അവന്‍ അവരെ തിന്നൊടുക്കപ്പെട്ട വൈക്കോല്‍ തുരുമ്പുപോലെയാക്കി.” (അല്‍ഫീല്‍(105): 1-5)

   അബിസീനിയക്കാരെ മക്കയില്‍ നിന്ന് അല്ലാഹു തുരത്തിക്കളയുകയും വിനാശകരമായ വിപത്ത് അവര്‍ക്കു ബാധിക്കുകയും ചെയ്തപ്പോള്‍ അറബികള്‍ ഖുറൈശികളെ ബഹുമാനിക്കാന്‍ തുടങ്ങി. ഇവര്‍ അല്ലാഹുവിന്റെ ആളുകളാണെന്നും അല്ലാഹു അവര്‍ക്കു വേണ്ടി യുദ്ധം ചെയ്തു എന്നും ശത്രുക്കളുടെ ഉപദ്രവത്തില്‍നിന്നും അല്ലാഹു അവരെ മോചിപ്പിച്ചു എന്നും അവര്‍ പറഞ്ഞു. ബൈതുല്‍ ഹറമിന്റെ മഹത്ത്വവും അവര്‍ക്കിടയില്‍ വര്‍ധിച്ചു.

   “നിര്‍ഭയമായ ഒരു പവിത്രസങ്കേതം നാം ഏര്‍പെടുത്തിയിരിക്കുന്നു എന്ന് അവര്‍ കണ്ടില്ലേ? അവരുടെ ചുറ്റുഭാഗത്തു നിന്നാകട്ടെ ആളുകള്‍ റാഞ്ചിയെടുക്കപ്പെടുന്നു. […]” (അല്‍അന്‍കബൂത്(29):67).

   ക്രിസ്തുവര്‍ഷം 571 മുഹര്‍റം മാസത്തിലാണ് ആനക്കലഹം ഉണ്ടായത്. നബിﷺയുടെ ജനനത്തിന്റെ ഏതാണ്ട് ഒന്നര മാസം മുമ്പായിരുന്നു അത്. അല്ലാഹുവിന്റെ വലിയൊരു ദൃഷ്ടാന്തമായിരുന്നു ഈ സംഭവം. നബിﷺയുടെ വരവിന്റെ ഒരു ആമുഖം കൂടിയായിരുന്നു അത്. കഅ്ബയെ വിഗ്രഹങ്ങളില്‍ നിന്നും ശുദ്ധീകരിക്കുമെന്നും അതിന്റെ ആദ്യ അവസ്ഥയിലേക്ക് അത് മടങ്ങുമെന്നും ഈ മതത്തിന് കഅ്ബയുമായി ശാശ്വതവും ആഴമേറിയതുമായ ബന്ധമുണ്ടാകുമെന്നുമുള്ള പല സൂചനകളും ഈ ആനക്കലഹ സംഭവത്തിലുണ്ട്. 

   “പവിത്രഭവനമായ കഅ്ബയെയും യുദ്ധം നിഷിദ്ധമായ മാസത്തെയും അല്ലാഹു ജനങ്ങളുടെ നിലനില്‍പിന് ആധാരമാക്കിയിരിക്കുന്നു. […]” (അല്‍മാഇദ:97).

   ഏതായാലും ഖുറൈശികളുടെ മഹത്ത്വം വര്‍ധിച്ചു. ഈ ഖുറൈശികളിലാണ് നബിﷺ ജനിക്കുന്നത്. വഴിയെ ഗോത്രം നബിﷺയെ പിന്‍പറ്റി. ശേഷം മറ്റുള്ള ഗോത്രങ്ങളും നബിﷺക്ക് കീഴൊതുങ്ങി. ഹൃദയം അല്ലാഹുവിന്ന് കീഴ്‌പെട്ടാല്‍ മറ്റു അവയവങ്ങളും കീഴ്‌പെടുന്നതുപോലെയായിരുന്നു അത്. മക്കക്കാര്‍ക്കാണ് അല്ലാഹു ഈ പ്രത്യേകത നല്‍കിയത്. മക്കക്കാര്‍ മറ്റുഗോത്രങ്ങള്‍ക്കുള്ള മാതൃകയാണ്. അവര്‍ വിശ്വസിച്ചാല്‍ എല്ലാവരും വിശ്വസിക്കും. അതെ സൃഷ്ടിപ്പിലും നിയന്ത്രണ ത്തിലും കാര്യങ്ങള്‍ നടപ്പില്‍വരുത്തുന്നതിലും അല്ലാ ഹു പരിശുദ്ധനാണ്.

   ആനക്കലഹം നടന്ന കാലത്ത് അറബികള്‍ പല രാജ്യക്കാര്‍ക്കും വിധേയപ്പെട്ടവരായിരുന്നു. ചിലര്‍ പേര്‍ഷ്യക്കാര്‍ക്ക് വിധേയപ്പെട്ടവരാണെങ്കില്‍ മറ്റു ചിലര്‍ റോമക്കാര്‍ക്ക്; വേറെ ചിലര്‍ ഹബ്ശക്കാര്‍ക്ക്. എന്നാല്‍ ആനക്കലഹ സംഭവം നടക്കുകയും ഇസ്‌ലാം കടന്നുവരികയും ചെയ്തതോടെ മറ്റുള്ളവ കൊണ്ടൊന്നും കാര്യമില്ലെന്ന സത്യം അവര്‍ മനസ്സിലാക്കി.

   മനുഷ്യകരങ്ങള്‍ക്ക് പ്രവേശനമില്ലാത്ത വിധമാണ് മക്കക്കാര്‍ക്ക് അല്ലാഹു വിജയം നല്‍കിയത്. ബൈതുല്‍ ഹറമിന്റെ മഹത്ത്വം കൊണ്ടായിരുന്നു അത്.

   “[…] നിര്‍ഭയമായ ഒരു പവിത്രസങ്കേതം നാം അവര്‍ക്ക് അധീനപ്പെടുത്തികൊടുത്തിട്ടില്ലേ? എല്ലാ വസ്തുക്കളുടെയും ഫലങ്ങള്‍ അവിടേക്ക് ശേഖരിച്ച് കൊണ്ടുവരപ്പെടുന്നു. നമ്മുടെ പക്കല്‍ നിന്നുള്ള ഉപജീവനമത്രെ അത്. […]” (ക്വസ്വസ്(28): 57)

   ആനക്കലഹസംഭവം ക്വുറൈശികള്‍ വലിയ കാര്യമായി എടുത്തു. ഏതു കാര്യത്തെയും അതിലേക്ക് ചേര്‍ത്തിയായിരുന്നു അവര്‍ പറഞ്ഞിരുന്നത്. ആനക്കലഹം നടന്ന വര്‍ഷം ജനിച്ചു…ആനക്കലഹം നടന്നവര്‍ഷം മരിച്ചു എന്നൊക്കെയായിരുന്നു അവര്‍ പറഞ്ഞിരുന്നത്.

വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷയും മലയാളികളും

ഷാനവാസ്, പറവണ്ണ

ക്വുര്‍ആന്‍ വരുത്തിയ മാറ്റം

ലോകത്തിന്റെ ധാര്‍മിക, സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക, ഭരണ, മനഃശാസ്ത്ര, കര്‍മ മണ്ഡലങ്ങളിലടക്കം സര്‍വ രംഗത്തുമുള്ള  എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമേകിക്കൊണ്ട് കൂരിരുട്ടുകളില്‍ നിന്ന് സന്മാര്‍ഗപ്രകാശത്തിലേക്ക് മാനവരാശിയെ നയിക്കാന്‍ ലോകനാഥനില്‍നിന്ന് അവതീര്‍ണമായ വേദഗ്രന്ഥമാണല്ലോ വിശുദ്ധ ക്വുര്‍ആന്‍. വിശുദ്ധ ക്വുര്‍ആനിലെ ഓരോ വചനവും അവതരിക്കപ്പെടുന്നതോടെ അതിന്റെ ഉള്ളടക്ക ത്തിന്റെ നേര്‍പകര്‍പ്പായ ഒരു ജനത വളര്‍ന്നു വരികയായിരുന്നു.

ക്വുര്‍ആനിന്റെ അവതരണ പൂര്‍ത്തീകരണത്തോടെ തുല്യതയില്ലാത്ത ഒരു യുഗപ്പകര്‍ച്ചക്ക് അറേബ്യന്‍ അര്‍ധദ്വീപ് അര്‍ഹമാകുകയായിരുന്നു. ക്വുര്‍ആനിന്റെ ജീവിക്കുന്ന പതിപ്പായിരുന്ന മുഹമ്മദ് നബി(സ്വ)യും അദ്ദേഹത്തെ മാതൃകയാക്കിയ അനുചരന്മാരും നാഗരിക വികാസത്തിന്റെ ഭൗതികാവസ്ഥകളെ അപ്രസക്തമാക്കിക്കൊണ്ട് സമകാലിക നാഗരികതയുടെ ശിഖരങ്ങളെ അതിവര്‍ത്തിക്കുക യുണ്ടായി.

വിശുദ്ധ ക്വുര്‍ആന്‍ മനുഷ്യനുള്ള സദുപദേശവും ശമനവും നേര്‍മാര്‍ഗവും കാരുണ്യവുമാകുന്നു. ഈ കാരുണ്യത്തെ നെഞ്ചേറ്റിയ പ്രവാചകാനുയായി കളെപ്പറ്റി യൂറോപ്യന്‍ ചരിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടത് ”അറബികളെക്കാള്‍ ദയാലുക്കളായ ജേതാക്കളെ ചരിത്രം അറിഞ്ഞിട്ടില്ല”(1) എന്നാണ്. 

സകലമാന തിന്മകളില്‍നിന്നും മനുഷ്യരെ മോചിപ്പിച്ച പ്രവാചകന്‍(സ്വ) സമൂഹത്തില്‍ നടത്തിയ പരിവര്‍ത്തനം ചരിത്രത്തില്‍ തുല്യതയില്ലാത്തതാണ്. അദ്ദേഹം അവരില്‍ വളര്‍ത്തിയെടുത്ത അതുല്യമായ ഗുണങ്ങള്‍ മറ്റൊരു നേതാവിനും തന്റെ ജനതയില്‍ വളര്‍ത്തിയെടുക്കാന്‍ സാധിച്ചിട്ടില്ല. പതിനാല് നൂറ്റാണ്ടിനിപ്പുറവും ആ ഉദാത്തമൂല്യങ്ങള്‍ ലോകത്ത് മായാതെ നിലനില്‍ക്കുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ അബ്‌സീനിയ സന്ദര്‍ശിച്ച ക്രിസ്ത്യന്‍ പാതിരിയായ റപ്പല്‍ അതിന് സാക്ഷ്യം വഹിക്കു ന്നുണ്ട്.

”അബ്‌സീനിയയിലെ ക്രിസ്ത്യാനികളുമായി താര തമ്യം ചെയ്യുമ്പോള്‍ മുസ്‌ലിംകള്‍ക്കുണ്ടായിരുന്ന ധാര്‍മികമായ ശ്രേഷ്ഠത ഇസ്‌ലാമിന്റെ വിജയത്തില്‍ പങ്കുവഹിച്ച കാരണങ്ങളില്‍ പ്രധാനമാണ്. പൂര്‍ണമായും സത്യസന്ധതയും വിശ്വാസ്യതയും വേണ്ട ഒരു ഉദ്യോഗത്തിലേക്ക് ആളുകളെ തെരഞ്ഞെടുക്കുമ്പോള്‍ അന്വേഷണം സ്വഭാവികമായും മുസ്‌ലിംകളിലായിരുന്നു ചെന്നെത്തിയി രുന്നത്.”(2)

മുസ്‌ലിംകള്‍ ഇത്രമേല്‍ ഔന്നത്യം നേടിയതിന്റെ കാരണവും അദ്ദേഹം കണ്ടുപിടിക്കുന്നുണ്ട്: ”ക്രൈസ്തവരുമായി തട്ടിച്ചുനോക്കുമ്പോള്‍ മുസ്‌ലിം കളായിരുന്നു കൂടുതല്‍ ചൈതന്യമുള്ളവരും സജീവരും. ഓരോ മുസ്‌ലിമും തന്റെ മക്കളെ എഴുതാനും വായിക്കാനും പഠിപ്പിച്ചിരുന്നു. എന്നാല്‍ പുരോഹിത പദവി ഉദ്ദേശിക്കുന്ന സന്താനങ്ങളെ മാത്രമെ ക്രൈസ്തവര്‍ പഠിപ്പിച്ചുള്ളൂ.”(3)

ഈ സ്വഭാവസവിശേഷതയാണ് ഇസ്‌ലാം പ്രചരിച്ച, ലോകത്തിലെ മറ്റേതു പ്രദേശങ്ങളിലുമെന്നതു പോലെ ഇന്ത്യയിലും കേരളീയസമൂഹ ത്തിലും മുസ്‌ലിംകള്‍ക്ക് തുടക്കം മുതല്‍ തന്നെ അസ്തിത്വം നേടിക്കൊടുത്തത്. പരിശുദ്ധ ക്വുര്‍ആന്‍ അനുശാസിക്കുന്ന സദ്ഗുണശീലങ്ങളെ അവര്‍ അവഗണിച്ചപ്പോ ഴൊക്കെ ആരാന്റെ മുമ്പില്‍ ഓഛാനിച്ചു നില്‍ക്കേണ്ട ഗതികേടിലേക്ക്  അവര്‍ താഴുകയും ചെയ്തിട്ടുണ്ട്. 

വിശുദ്ധ ക്വുര്‍ആന്‍ മനുഷ്യഹൃദയങ്ങളെ മാറ്റിമറിക്കാൻ മാത്രം സ്വാധീനശക്തിയുള്ളതാണെന്ന കാര്യത്തില്‍ ചിന്തിക്കുന്ന മനുഷ്യര്‍ക്ക് തര്‍ക്കമില്ല. ഈജിപ്തിലെ സര്‍വകലാശാലകളില്‍ പഠിക്കുന്ന അമുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് ക്വുര്‍ആന്‍ പഠിപ്പിക്കരുതെന്ന് കുറേ കൊല്ലങ്ങള്‍ക്ക് മുമ്പ് ചില പണ്ഡിതരുടെ നിര്‍ബന്ധം മൂലം ഭരണകൂടം കല്‍പിച്ചകാര്യം ‘മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം'(4) എന്ന കൃതിയില്‍ വിവരിക്കുന്നുണ്ട്. അറബി സാഹിത്യത്തിലെ പരമോന്നതകൃതിയുടെ പഠനത്തിന്റെ നിഷേധശ്രമം അവര്‍ പൗരാവകാ ശധ്വംസനമായി എടുത്തുകാട്ടി അതിനെ പ്രതിരോധിച്ചു. ഭരണകർത്താക്കൾക്ക് ക്വുര്‍ആന്‍ പഠനം പുനഃസ്ഥാപിച്ചുകൊണ്ട് ഉത്തരവിറക്കേണ്ടിവന്നു.

ഒരു അമുസ്‌ലിം സഹോദരന്‍ സി.എന്‍ അഹ്മദ് മൗലവി 67 വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിയ ക്വുര്‍ആന്‍ പരിഭാഷ വായിച്ച് തന്നോട് പങ്കുവെച്ച ഒരു ശുഭാനുഭവം പ്രസ്തുത കൃതിയില്‍ വായനക്കരുമായി പങ്കുവെക്കുന്നുണ്ട്. അതില്‍ പറയുന്നു: 

”1951ല്‍ പെരുമ്പാവൂരില്‍ ചെന്നപ്പോള്‍ കാലടിയിലെ ഒരു സ്വാമി, മജീദ് മരയ്ക്കാര്‍ സാഹിബിന്റെ(5) അതിഥിയായിരിക്കുന്ന എന്നെക്കണ്ട് ചില സംഗതികള്‍ സംസാരിക്കാന്‍  വന്നു. അദ്ദേഹം തന്റെ ചരിത്രങ്ങള്‍ സംക്ഷിപ്തമായി വിവരിച്ചു. സത്യമതാന്വേഷണാര്‍ഥം താന്‍ പല മതഗ്രന്ഥങ്ങളും സസൂക്ഷ്മമായിവായിച്ചുവെന്നും തികച്ചും സംതൃപ്തനായില്ലെന്നും ഒടുവിലാണ് ക്വുര്‍ആന്‍ ഒന്ന് വായിച്ചുനോക്കട്ടെയെന്ന ചിന്തവന്നതെന്നും മറ്റും വിവരിച്ച ശേഷം അദ്ദേഹം പറഞ്ഞു: ‘ഞാന്‍ ക്വുര്‍ആന്റെ പരിഭാഷയെടുത്ത് ശ്രദ്ധയോടെ വായിക്കാന്‍ തുടങ്ങി. അങ്ങനെ രണ്ടാമധ്യായം 48ാം വാക്യം വായിച്ച് മുഴുമിച്ചില്ല. ഇടിവെട്ടേറ്റ പോലെ ഞാന്‍ ഞെട്ടിപ്പോയി. എന്റെ കൈകാലുകള്‍ തളര്‍ന്നു, നാവു മരവിച്ചു, കണ്ണ് കലങ്ങിപ്പോയി. ഗ്രന്ഥം കയ്യില്‍ വെച്ചുകൊണ്ട് തന്നെ ഞാനറിയാതെ കുറേനേരം സ്തംഭിച്ചിരുന്നുപോയി. അവസാനം വായന തല്‍ക്കാലം അവസാനിപ്പിച്ചു.”(6)

ഇഹപര ഔന്നത്യമാണ് ക്വുര്‍ആന്‍ സ്വീകരിക്കുക വഴി മനുഷ്യന് എക്കാലത്തും നേടാനാവുക. ”ഭൂമിയുടെ ഉപ്പും ഉപ്പുചുവയുള്ള വിസ്തൃതമായ കടലും രുചിക്കുന്നതില്‍ നിന്ന് മനുഷ്യനെ ഇസ്‌ലാം വിലക്കുന്നില്ല”(7) എന്ന് നോബല്‍ ജേതാവായ ഫ്രഞ്ച് നോവലെഴുത്തുകാരന്‍ ആന്ദ്രജിത് അഭിപ്രായപ്പെട്ടത് പ്രസക്തമാണ്. വിശുദ്ധ ക്വുര്‍ആനിന്റെ താഴെ പറയുന്ന വചനങ്ങളിള്‍ നിന്നാണ് അദ്ദേഹം അത് മനസ്സിലാക്കിയത്:

”നബിയേ, പറയുക: അല്ലാഹു തന്റെ ദാസന്‍മാ ര്‍ക്കായി ഉല്‍ഭവിപ്പിച്ച വിഭൂഷകളെ, നല്ല നല്ല ജീവ വിഭവങ്ങളെ വിരോധിക്കുന്നതാരാണ്?” (ക്വുര്‍ആന്‍ 7:32).(8)

ആലസ്യത്തിന്റെ കരിമ്പടം പുതച്ച കറുത്ത കാലങ്ങള്‍

അറിവിന്റെ ആഹ്വാനവുമായി അവതരണം ആരംഭിച്ച വിശുദ്ധ ക്വുര്‍ആനില്‍ അറിവിലൂടെയും വിശ്വാസത്തിലൂടെയുമാണ് ഔന്നത്യം കരഗതമാകുക എന്ന അര്‍ഥത്തിലുള്ള നിരവധി സൂക്തങ്ങള്‍ കാണാം. അറിവ് നേടാനുതകുന്ന പരിശ്രമങ്ങളുടെ അളവറ്റ പ്രതിഫലം വിവരിക്കുന്ന പ്രവാചക വചനങ്ങള്‍ ധാരാളമാണ്. എന്നിട്ടും അറിവ് നുകര്‍ന്ന് ഔന്നത്യം നേടാന്‍ മുസ്‌ലിം സമൂഹം മടികാണിച്ചു. അത്തരം ആലസ്യത്തില്‍ നിന്ന് മുക്തമാകാന്‍ കേരളത്തിലെ പല മുസ്‌ലിം കൂട്ടായ്മ കള്‍ക്കും  സാധിക്കാതെ പോയിട്ടുണ്ട്. ലോകത്തെ മാറ്റിമറിച്ച മുസ്‌ലിംകളായ ശാസ്ത്രജ്ഞന്മാര്‍, നാഗരിക ശില്പികള്‍, സമുദായ പരിഷ്‌കര്‍ത്താ ക്കള്‍… ഇവരെ വിലമതിക്കാന്‍ പോലുമുള്ള വിജ്ഞാന വികാസം അവര്‍ക്കുണ്ടായില്ല. എല്ലാ മാറ്റങ്ങളെയും അവര്‍ കണ്ണടച്ച് ആക്ഷേപിച്ചു. അതുകാരണം ലോകത്ത് മാത്രമല്ല, തങ്ങളുടെ ചുറ്റിലും തന്നെ നടക്കുന്ന മാറ്റങ്ങളുടെ ബദ്ധശത്രുക്കളായി അവര്‍ മാറി.

വിശുദ്ധ ക്വുര്‍ആന്റെ പഠന-മനന-ഗവേഷണാഹ്വാ നങ്ങളുള്‍ക്കൊണ്ടുകൊണ്ട് വിജ്ഞാനസാഗരങ്ങളുടെ ആഴികളില്‍ ആയുസ്സ് ചെലവഴിച്ച അഗ്രേസരന്മാരായ പൂര്‍വപിതാക്കളെ അവര്‍ ഓര്‍ത്തില്ല. അവരുടെ വൃത്തം ഇടക്കാലത്ത് ജുഗുപ്സാവഹമാം വിധം പരിമിതമായിപ്പോയിരുന്നു.

കച്ചവടപ്പാട്ടും മൈലാഞ്ചിപ്പാട്ടും അമ്മായിപ്പാട്ടും വെറ്റിലപ്പാട്ടും ആണ്ട്, നഹസ് പാട്ടുകളും മിഅ്റാജ് പാട്ടുകളും പദാവലിപ്പാട്ടുകളും നരിപ്പാട്ടും നവരത്ന മാലയും താലോലപ്പാട്ടും ഒട്ടക-മാന്‍ പാട്ടും കിളത്തിമാലയും കൊറത്തിപ്പാട്ടും തേങ്ങാപ്പാട്ടും മാങ്ങാപ്പാട്ടും എലിപ്പാട്ടും തീവണ്ടിപ്പാട്ടും കപ്പപ്പാട്ടും കുപ്പിപ്പാട്ടും പക്ഷിപ്പാട്ടും നൂല്‍മദ്ഹും മസാലപ്പാട്ടും ദീന്‍പടപ്പാട്ടുകളും നബിമാരുടെ ഖിസ്സപ്പാട്ടുകളും യുദ്ധകാവ്യങ്ങളും ഔലിയാ മാലകളും വിലാപകാവ്യങ്ങളും അവരെ നിരതരാക്കിയപ്പോഴും വിശുദ്ധ ക്വുര്‍ആന്‍ തുറന്നിടുന്ന ചിന്താബന്ധുരമായ ദര്‍നങ്ങളെ വിവരിക്കുന്ന ഒരു കൃതി അക്കാലത്ത് വെളിച്ചം കണ്ടില്ല. ഗൗരവതരമായ ക്വുര്‍ആന്‍ പഠനഗ്രന്ഥങ്ങള്‍ വിരചിതമായില്ല.

അധിനിവേശ ശക്തികളോട് സന്ധിയില്ലാസമരം ചെയ്ത ചരിത്രം ആലേഖനം ചെയ്യപ്പെട്ട പദ്യ-ഗദ്യ കൃതികള്‍ പലതും പില്‍ക്കാലത്ത് കണ്ടെടുക്കപ്പെട്ടിട്ട് കൂടി എ.ഡി. 1855ല്‍ വിരചിതമായ മായന്‍കുട്ടി എളയ ‘തഫ്സീറുല്‍ ജലാലൈനി’ക്ക് രചിച്ച അറബി-മലയാള പരിഭാഷയല്ലാതെ മറ്റൊരു സമ്പൂര്‍ണ ക്വുര്‍ആന്‍ പരിഭാഷ കണ്ടെത്താന്‍ നമുക്ക് സാധിച്ചിട്ടില്ല. ചില പണ്ഡിതന്മാര്‍ രചിച്ച ക്വുര്‍ആനിലെ ഏതാനും അധ്യായങ്ങളുടെ വിവര്‍ത്തനം മാത്രമാണ് അറബി-മലയാള പ്രചാരകാലത്ത് ക്വുര്‍ആന്‍ പഠനവുമായി ബന്ധപ്പെട്ട് ആകെ ആശ്വാസമായിട്ടുണ്ടായിരുന്നത്. ചരിത്രഗ്രന്ഥങ്ങളും കര്‍മശാസ്ത്ര, നിദാന ശാസ്ത്രഗ്രന്ഥങ്ങളും അറബിയിലും അറബി-മലയാളത്തിലും രചിക്കപ്പെട്ടിരുന്നു. കേരളീയരുടെ ചില കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ക്ക് വിശ്വോത്തര വ്യാഖ്യാനങ്ങള്‍ വരെ വന്നു. ക്വുര്‍ആന്‍ പാരായണ നിയമങ്ങള്‍ പ്രതിപാദിക്കുന്ന ചില കൃതികളും അക്കാലത്തേതായി നമുക്ക് ലഭിച്ചിട്ടുണ്ട്. തത്ത്വശാസ്ത്രത്തിലും കര്‍മശാസ്ത്രത്തിലും മറ്റുചില ഭൗതിക ശാസ്ത്രങ്ങളിലും ചില കാലഘട്ടങ്ങളില്‍ നമ്മുടെ നാട്ടില്‍ രചനകള്‍ നടന്നിട്ടുണ്ട്. ഹദീഥ് സംബന്ധമായ അല്‍പം ചില കൃതികളാണ് അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്നത്. പതിനായിരത്തിലധികം ചെറുതും വലുതുമായ കൃതികള്‍ കയ്യെഴുത്ത് പ്രതികളായോ, അച്ചടിരൂപത്തിലോ അറബി-മലയാളത്തില്‍ ഉണ്ടായിരുന്നതായി അനുമാനിക്കപ്പെടുന്നു. എന്നിട്ടും നാം എന്ത് കൊണ്ട് ക്വുര്‍ആന്‍ പരിഭാഷകളുടെ കാര്യത്തില്‍ ദാരിദ്യം അനുഭവിച്ചു?!

ക്വുര്‍ആന്‍ പരിഭാഷയുടെ മതപരമായ പ്രസക്തി

വിവിധ ലോകഭാഷകളില്‍ ക്വുര്‍ആന്‍ വിവര്‍ത്ത നങ്ങള്‍ നൂറ്റാണ്ടുകള്‍ മുതല്‍ക്ക് തന്നെ ഉണ്ടാ യിരുന്നു. മൂലഗ്രന്ഥത്തിന്റെ മുഴുവന്‍ ഗാംഭീര്യവും പരിഭാഷകള്‍ക്കുണ്ടാവുകയില്ലെന്ന് എല്ലാവര്‍ക്കും അറിയാം. ക്വുര്‍ആന്‍ പൂര്‍ണാര്‍ഥത്തില്‍ പരിഭാഷക്ക് വഴങ്ങാത്തതാണെന്ന ഉത്തമബോധ്യത്തോടു കൂടിയാണ്, അനറബികള്‍ക്ക് ക്വുര്‍ആനിക സന്ദേശം ഗ്രഹിക്കാനുതകുന്ന ഉത്തമമാര്‍ഗം എന്ന നിലയ്ക്ക് തര്‍ജമകള്‍ നിര്‍വഹിക്കപ്പെട്ടത്.

കേരളത്തിന്റെ ആദ്യകാല പരിഭാഷാ ദാരിദ്യം മതവിധികളില്‍ അതിനുണ്ടായിരുന്ന നിരോധനം കാരണമായിട്ടായിരുന്നോ എന്ന് നമുക്ക് പരിശോധിക്കാവുന്നതാണ്. പ്രവാചകവചനങ്ങളുടെ ഏറ്റവും ആധികാരിക സമാഹാരമായ സ്വഹീഹുല്‍ ബുഖാരിയുടെ വ്യാഖ്യാതാവായ ഇബ്നു ഹജറുല്‍ അസ്ഖലാനിയെപ്പോലുള്ള, നമ്മുടെ നാട്ടില്‍ സ്വീകാര്യരായിരുന്ന എത്രയോ പണ്ഡിതന്മാര്‍ ക്വുര്‍ആന്‍ പരിഭാഷ ചെയ്യുന്നത് തെറ്റല്ല എന്ന് വിശദമാക്കിയിട്ടുള്ളതാണ്. 

റോം ചക്രവര്‍ത്തി ഹിറഖലിന് നബി(സ്വ) അയച്ച കത്തില്‍ ക്വുര്‍ആനിലെ മൂന്നാം അധ്യായമായ ആലുഇംറാനിലെ 64ാം സൂക്തം ഉണ്ടായിരുന്നു. അറബിയറിയാത്ത ഹിറഖലിന് ദ്വിഭാഷിയാണ് അത് പരിഭാഷപ്പെടുത്തിക്കൊടുത്തത്.

അബ്സീനിയയിലേക്ക് വിശ്വാസസംരക്ഷണാര്‍ഥം പലായനം ചെയ്യേണ്ടിവന്ന പ്രവാചകാനുയായികള്‍ ക്വുര്‍ആനിലെ പത്തൊമ്പതാം അധ്യായം ജഅ്ഫറ്ബ്നു അബീത്വാലിബി(റ)ന്റെ നേതൃത്വത്തി ല്‍ അവടുത്തെ രാജാവിന് പരിഭാഷപ്പെടുത്തി ക്കൊടുത്ത കാര്യം സുവിദിതമാണല്ലോ.

പ്രവാചകാനുയായികളില്‍ പ്രമുഖ പ്രബോധകനായിരുന്ന സല്‍മാനുല്‍ ഫാരിസി(റ) ക്വുര്‍ആനിലെ ഒന്നാം അധ്യായം ‘അല്‍ഫാതിഹ’ പേര്‍സ്യന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തുകൊ ടുത്ത സംഭവം ചരിത്രത്തില്‍ കാണാം. 

തൗറാത്തും ഇഞ്ചീലും പോലുള്ള മുന്‍വേദങ്ങള്‍ പ്രവാചകാനുയായികള്‍ അറബിയില്‍ വിവര്‍ത്തനം ചെയ്ത് മനസ്സിലാക്കുന്നതിന് പ്രവാചകന്റെ എതിര്‍പ്പുണ്ടായിട്ടില്ല എന്നാണ് മനസ്സിലാകുന്നത്. സൈദ്ബ്നു ഥാബിത്(റ)നെ സുറിയാനി ഭാഷ പഠിക്കാന്‍ പ്രവാചകന്‍(സ്വ) ഉപദേശിച്ചത് മുന്‍ വേദസാരങ്ങള്‍ ഗ്രഹിക്കാന്‍ കൂടി ലക്ഷ്യമിട്ടുകൊണ്ടായിരുന്നില്ലേ?!

വിശുദ്ധ ക്വുര്‍ആന്‍ ആറാം അധ്യായം ‘അല്‍അന്‍ആം’ പത്തൊമ്പതാം വചനത്തിന് ഇമാം ബൈഹഖിയുടെതായി വന്ന വ്യാഖ്യാനം ശ്രദ്ധേയമാണ്. പ്രസ്തുത വചനം ഇതാണ്: ”(നബിയേ) നീ പറയുക: ‘ഏത് വസ്തുവാണ് സാക്ഷ്യത്തിന്റെ കാര്യത്തില്‍ ഏറ്റവും പ്രബലമായിട്ടുള്ളത്? നീ പറയുക: എനിക്കും നിങ്ങള്‍ക്കുമിടയില്‍ അല്ലാഹു സാക്ഷിയാണ്. ഈ ക്വുര്‍ആന്‍ എനിക്ക് ബോധനം നല്‍കപ്പെട്ടിരിക്കുകയാണ്. നിങ്ങളെയും അതു ചെന്നെത്തുന്ന എല്ലാവരെയും അതുമൂലം ഞാന്‍ താക്കീത്  ചെയ്യുന്നതിന്!”(9)

ഇമാം ബൈഹഖി(റഹി) അതിനെ വിശദീകരിച്ചതിങ്ങനെയാണ്: ”ചിലപ്പോള്‍ അവര്‍ ക്വുര്‍ആനിനെപ്പറ്റി അറിഞ്ഞില്ലെന്നുവരും. അപ്പോള്‍ അവരുടെ ഭാഷയില്‍ അത് എത്തിക്കഴിഞ്ഞാല്‍ അത് അവര്‍ക്ക് താക്കീതാക്കിത്തീരുന്നതാണ്”(10)

ഫത്ഹുല്‍ ബാരി, അമാനി മൗലവിയുടെ ക്വുര്‍ആന്‍ പരിഭാഷയുടെ മുഖവുര എന്നിവ നോക്കുക.

ക്വുര്‍ആന്‍ പരിഭാഷപ്പെടുത്തുന്നതിനെ പറ്റി ക്വുര്‍ആനിലെ ഒന്നാം അധ്യായമായ അല്‍ഫാതിഹയുടെ വിവരണത്തില്‍ ഇമാം ഇബ്നുഹജറുല്‍ അസ്ഖലാനി രേഖപ്പെടുത്തിയത് ഇങ്ങനെയാണ്: ”ഒരാള്‍ ഇസ്ലാമില്‍ വരികയോ വരാന്‍ ഉദ്ദേശിക്കുകയോ ചെയ്തിട്ട് അവന് ക്വുര്‍ആന്‍ ഓതിക്കേള്‍പിക്കുമ്പോള്‍ അത് ഗ്രഹിക്കാന്‍ കഴിയാതെ വന്നാല്‍ അവന് ഭാഷമാറ്റി പറഞ്ഞുകൊടുക്കുന്നതില്‍ വിരോധമില്ല.”(11)

പരിഭാഷക്ക് ക്വുര്‍ആനിന്റെ സ്ഥാനം കല്‍പിക്കപ്പെടാവതല്ല എന്ന കാര്യത്തിലും തര്‍ക്കമില്ല. യാഥാസ്ഥിതിക പണ്ഡിതര്‍ തന്നെ അതിന് പണ്ട് നല്‍കിയ അംഗീകാരം ഇങ്ങനെ വായിക്കാം: ”ക്വുര്‍ആന്‍ പരിഭാഷ എന്ന പേരില്‍ നിലവിലിരിക്കുന്ന തര്‍ജമകള്‍ ഒന്നും തന്നെ ക്വുര്‍ആന്റെ സാക്ഷാല്‍ തര്‍ജമകള്‍ അല്ലെന്നും അവയെല്ലാം തന്നെ അറബിയല്ലാത്ത ഭാഷയിലുള്ള തഫ്സീറുകള്‍ ആണെന്നും വിവര്‍ത്തനങ്ങള്‍ക്ക് തര്‍ജമ എന്ന വാക്ക് ഉപയോഗത്തില്‍ വന്നത് കൊണ്ട് മാത്രം അതിന് തര്‍ജമ എന്ന് പറയുന്നതാണെന്നും തര്‍ജമയുടെ അക്ഷരങ്ങള്‍ ക്വുര്‍ആനിന്റെ അക്ഷരങ്ങളെക്കാള്‍ അധികമുണ്ടെങ്കില്‍ വുസു(12) ഇല്ലാത്തവന് കൊടുക്കുകയും എടുക്കുകയും ചെയ്യാമെന്നും മൗലാനാ മര്‍ഹൂം(13) സ്പഷ്ടമായി പ്രസ്താവിച്ചിരിക്കയാണ്.”(14)

വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷപ്പെടുത്തു ന്നതിന്  മതപരമായ വിലക്കില്ലെന്നും, പ്രത്യുത ചില നിബന്ധനകള്‍ മാത്രമുള്ളതെന്നും  മുകളില്‍ കൊടുത്ത തെളിവുകളില്‍ നിന്നും സുതരാം ഗ്രഹിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് മുഹമ്മദ് അമാനി മൗലവിയുടെ വിശുദ്ധക്വുര്‍ആന്‍ വിവരണത്തിന്റെ മുഖവുര വായിച്ചു പഠിക്കുക.

ക്വുര്‍ആന്‍ പരിഭാഷകള്‍ ഒരു ലഘുചരിത്രം

ഇസ്ലാമിക വിജയത്തോടുകൂടി തന്നെ അറബിഭാഷ പ്രചരിച്ച നാടുകളില്‍ ക്വുര്‍ആന്‍ ഗ്രഹിക്കാന്‍ പരിഭാഷയുടെ ആവശ്യമുണ്ടായിരുന്നില്ല. എന്നാല്‍ അതിന് വഴങ്ങാതെ, തങ്ങളുടെ ഭാഷാവ്യക്തിത്വം നിലനിര്‍ത്തിയ പേര്‍സ്യന്‍ നാടുകളിലാണ് ക്വുര്‍ആന്‍ പരിഭാഷക്ക് ഏറെ പ്രചാരം ലഭിച്ചത്.

ലോകഭാഷകളിലെ ക്വുര്‍ആന്‍ പരിഭാഷകളുടെ പേരുകള്‍ തേടി മുഹമ്മദ് അമാനി മൗലവിയും സഹപ്രവര്‍ത്തകരും നടത്തിയ ഗവേഷണത്തിന്റെ ഫലങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം: ”ക്വുര്‍ആനിന്റെ ഒന്നാമത്തെ പരിഭാഷ ഏതായിരുന്നുവെന്ന് നമുക്കറിയില്ല. ക്രിസ്താബ്ദം ഏതാണ്ട് 1143ല്‍ ഹിജ്റ 6ാം നൂറ്റാണ്ടില്‍ ലത്തീന്‍ ഭാഷയില്‍ ക്വുര്‍ആന്‍ പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ടെന്നും അത് ക്രിസ്താബ്ദം 1543ല്‍ ക്രിസ്തീയ മിഷനറിമാരാല്‍ പ്രസിദ്ധപ്പെടുത്തപ്പെട്ടുവെന്നും അല്ലാമാ യൂസുഫലി(15) പ്രസ്താവിച്ചു കാണുന്നു. ക്രി. 17ാം നൂറ്റാണ്ടിലും അതിന് ശേഷവുമായി പല യൂറോപ്യന്‍ ഭാഷകളിലും പുറത്തിറക്കിയ ചില പരിഭാഷക ളെക്കുറിച്ചും അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ട്. അടുത്ത ഒന്നു രണ്ട് നൂറ്റാണ്ടുകളിലാണ് പ്രധാനപ്പെട്ട പല ഭാഷകളിലും ക്വുര്‍ആന്‍ പരിഭാഷ പ്രചാരത്തില്‍ വന്നിട്ടുള്ളതെന്നാണ് മനസ്സിലാകുന്നത്.”(16)

ക്വുര്‍ആന്‍ പരിഭാഷകളുടെയും വ്യാഖ്യാനങ്ങ ളുടെയും ഇന്നലകളിലേക്ക് വെളിച്ചം വീശുന്ന ഒരു ലേഖനം ഇസ്ലാമിക വിജ്ഞാനകോശം (ഐ.പി.എച്ച്) പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിലെ പ്രസക്തഭാഗം ഇങ്ങനെ വായിക്കാം: ”ഹിജ്റ രണ്ടാം നൂറ്റാണ്ടില്‍ ഇന്ത്യാ-പാക് ഉപഭൂഖണ്ഡത്തിലെത്തിയ പ്രബോധന ദൗത്യങ്ങള്‍ക്ക് പരിഭാഷകള്‍ അനിവാര്യമായി ത്തീര്‍ന്നു. തദ്ദേശീയ സമുദായങ്ങള്‍ക്കുവേണ്ടി ഒരു ഹൈന്ദവ രാജാവിന്റെ നിര്‍ദേശപ്രകാരം ഇറാഖീ വംശജനായ സിന്ധി പണ്ഡിതന്‍ അബ്ദുല്ലാഹിബ്‌നു അബ്ദില്‍ അസീസ് ഹിന്ദി ഭാഷയില്‍ ഒരു വ്യാഖ്യാനം രചിച്ചു. ഹിജ്റ അഞ്ചാം നൂറ്റാണ്ടുവരെ സിന്ധ്, പഞ്ചാബ്, രജ്പുത്താന പ്രവിശ്യകളിലെ പണ്ഡിതന്മാരുടെയും സ്വൂഫികളുടെയും പ്രധാന വൈജ്ഞാനിക സപര്യമായിരുന്നു തഫ്സീര്‍ രചന.”(17)

ചരിത്രത്തിന്റെ നാള്‍വഴി പ്രകാരം അറബി-പേര്‍ഷ്യന്‍ ക്വുര്‍ആന്‍ വ്യഖ്യാനങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ക്വുര്‍ആന്‍ പരിഭാഷകളും വ്യഖ്യാനങ്ങളും കടന്നുവന്നത്. പ്രാദേശിക സാഹചര്യങ്ങളുടെയും പ്രബോധന ലക്ഷ്യങ്ങളു ടെയും വൈജ്ഞാനികമായ ഉള്‍ക്കാഴ്ചയുടെയും പിന്‍ബലത്തില്‍ ഇന്ത്യന്‍ പണ്ഡിതന്മാരില്‍ ചിലര്‍ രചിച്ച ക്വുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ മുസ്ലിം ലോകത്തെ ക്വുര്‍ആന്‍ വ്യാഖ്യാനങ്ങളോട് കിടപിടിക്കുന്നതാണ്.

നാം പിന്നിലായി എന്തുകൊണ്ട്?

ഉത്തരേന്ത്യന്‍ പണ്ഡിതരുടെ പ്രൗഢരചനകളോട് ചേര്‍ത്തുവെക്കാവുന്ന ക്വുര്‍ആന്‍ വ്യാഖ്യാനങ്ങളോ, പരിഭാഷകളോ, പഠനങ്ങളോ അക്കാലത്ത് കേരളീയ രചയിതാക്കളില്‍ നിന്ന് പുറത്ത് വന്നില്ല. 1855ല്‍ അറബി-മലയാളത്തില്‍ മായന്‍കുട്ടി എളയ പുറത്തിറക്കിയ സമ്പൂര്‍ണ പരിഭാഷക്ക് ശേഷം മലയാളത്തിലുള്ള ഒരു സമ്പൂര്‍ണ പരിഭാഷക്ക് ഒരു നൂറ്റാണ്ട് കൂടി കാത്തിരിക്കേണ്ടിവന്നു!

കേരള ചരിത്രത്തിലെ പ്രഥമ ആധികാരിക അംവലംബകൃതിയായ തുഹ്ഫത്തുല്‍ മുജാഹിദീന്‍ ജന്മംകൊണ്ട നാട്ടില്‍, കേരളവനങ്ങളിലെ മുഴുവന്‍ വൃക്ഷലതാദികളെയും നാലു ഭാഷകളില്‍ പരിചയപ്പെടുത്തുന്ന 500 വീതം താളുകളുള്ള 12 വാള്യങ്ങളില്‍ 350 കൊല്ലം മുമ്പ് മുസ്ലിം മഹാപണ്ഡിതരുടെ പ്രധാനസഹായത്താല്‍ ഹോര്‍ത്തൂസ് മലബാരിക്കസ് വിരചിതമായ മണ്ണില്‍, ആയിരത്തൊന്ന് രാവുകളും ചഹാര്‍ ദര്‍വേശ് നോവലും മറ്റും വിവര്‍ത്തനം ചെയ്യപ്പെട്ട ഭൂമികയില്‍ ക്വുര്‍ആന്‍ പരിഭാഷകളും വ്യാഖ്യാനങ്ങളും സുലഭമാകാതിരുന്ന സാഹചര്യം ഗവേഷകരുടെ വിശദാന്വേഷണത്തിന് വിഷയീഭവിക്കേണ്ടതു തന്നെയാണ്.

കേരളത്തിലെ പൊതുമണ്ഡലത്തെ ആഴത്തില്‍ സ്വാധീനിക്കുകയും മലയാളിയുടെ ജീവിതാവബോധം കരുപ്പിടിപ്പിക്കുന്നതില്‍ സാര്‍ഥകമായ സംഭാവനക ളര്‍പ്പിക്കുകയും ചെയ്ത സമഗ്രദര്‍ശനമാണ് ഇസ്ലാം മതം. പക്ഷേ, അതിന്റെ വേദഗ്രന്ഥത്തെ മലയാള സാഹിത്യത്തിന് പോലും ഏറെക്കുറെ അന്യമാകുന്ന സ്ഥിതിവിശേഷം എങ്ങനെ കടന്നുവന്നുവെന്നത് ഗൗരവതരമായ അക്കാദമിക പഠനങ്ങള്‍ക്ക് വിധേയമാക്കേണ്ടതുണ്ട് എന്നതില്‍ സന്ദേഹമില്ല. (അവസാനിച്ചില്ല) 

റഫറന്‍സ്:

1. സര്‍ തോമസ് ആര്‍നള്‍ഡ്-ഇസ്‌ലാം പ്രബോധനവും പ്രചാരവും- വിവര്‍ത്തനം

(2) (3), ഈ ഉദ്ധരണികള്‍ ഐ.പി.എച്ച് (കോഴിക്കോട്) പ്രസിദ്ധീകരിച്ച സര്‍ തോമസ് ആര്‍ണള്‍ഡിന്റെ ഇസ്‌ലാം പ്രബോധനും പ്രചാരവുംഎന്ന ഗ്രന്ഥത്തിന്റെ വിവര്‍ത്തനത്തില്‍ നിന്ന്.

(4) സി.എന്‍. അഹ്മദ് മൗലവി, കെ.കെ. മുഹമ്മദ് അബ്ദുല്‍ കരീം മഹത്തായ മാപ്പിളസാഹിത്യ പരമ്പര്യം (സാഹിത്യ ചരിത്രം) അല്‍ഹുദാ, കോഴിക്കോട്, 1978.

(5) പെരുമ്പാവൂര്‍ എച്.ഒ.എല്‍. മരിക്കാരുടെ പുത്രന്‍. (10/07/1914-30/10/1984). തിരുവിതാംകൂര്‍ സ്റ്റേറ്റ് മുസ്‌ലിംലീഗ് പ്രസിഡന്റ്. ഇസ്‌ലാഹീ പ്രസാധനരംഗത്തെ അതികായന്‍.

(6) സി.എന്‍. അഹ്മദ് മൗലവി, കെ.കെ. മുഹമ്മദ് അബ്ദുല്‍ കരീം മഹത്തായ മാപ്പിളസാഹിത്യ പരമ്പര്യം 

(7) അലിജാ അലി ഇസ്സത്ത് ബെഗോവിച്ച്- ഇസ്‌ലാം രാജമാര്‍ഗം. ഐ. പി.എച്ച് പരിഭാഷ.

(8) പി.മുഹമ്മദ് മൈതീന്‍, വിശുദ്ധ ഖുര്‍ആന്‍ വിവര്‍ത്തനം.

(9) പി. അഹമ്മദ് മൈതീന്‍ വക്കം, വിശുദ്ധക്വുര്‍ആന്‍ പരിഭാഷ, കേരള സര്‍വകലാശാല.

(10) ഇസ്ലാമിക് എന്‍സൈക്ലോപീഡിയ-സംശോധനം: അബ്ദുല്‍ മജീദ് വാരണാക്കര, വീണാബുക് ഹൗസ്, തിരുവനന്തപുരം, മാര്‍ച്ച് 2002.

(11) വിശുദ്ധ ക്വുര്‍ആന്‍ വിവരണം, മുഹമ്മദ് അമാനി മൗലവി – മുഖവുര.

(12) വുദൂഅ് അഥവാ അംഗശുദ്ധി വരുത്തല്‍.

(13) ചാലിയം അഹ്മദ് കോയ

(14) ‘ക്വുര്‍ആന്‍ വ്യാഖ്യാനങ്ങള്‍, ക്വുര്‍ആന്‍ തര്‍ജമ; ലക്ഷ്യത്തിന്റെ വെളിച്ചത്തില്‍‘, കെ.വി. മുഹമ്മദ് മുസ്ല്യാര്‍ (കൂറ്റനാട്), സുന്നി പബ്ലിക്കേഷന്‍ സെന്റര്‍ ചേളാരി, പേജ് 36.

(15) 1936ല്‍ പുറത്തിറങ്ങിയ വിഖ്യാതമായ ക്വുര്‍ആന്‍ ഇംഗ്ലീഷ് വിവര്‍ത്തനത്തിന്റെ രചയിതാവ്. 1872-1953 .

(16) മുഹമ്മദ് അമാനി മൗലവി-വിശുദ്ധ ക്വുര്‍ആന്‍ വിവരണം-മുഖവുര.

(17) ഇസ്ലാമിക വിജ്ഞാന കോശം (ഐ.പി.എച്ച്), വാള്യം 12, പേജ് 493.

ഉംറയുടെ രൂപം

അബ്ദുൽ ലത്വീഫ് സുല്ലമി മാറഞ്ചേരി

അല്ലാഹുവിന്നു വേണ്ടി മനുഷ്യര്‍ നിര്‍വ്വഹിക്കുന്നതിന്നായി കല്‍പ്പിക്കപ്പെട്ട മഹത്തായ ആരാധനകളിലൊന്നാണ് ഉംറ:  ഇത് അല്ലാഹുവിനെ ആരാധിക്കുന്നതിനായി ഭൂമിയില്‍ സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ മന്ദിരമെന്ന്  ഖുര്‍ആന്‍ വിശേഷിപ്പിച്ച കഅബയും പരിസരവുമായി ബന്ധപ്പെട്ട് നിര്‍വ്വഹിക്കേണ്ടതാണ്. ഇതിന് ഹജ്ജ് കര്‍മ്മ ത്തെപ്പോലെ കാലവും സമയവുമായി ബന്ധമൊന്നുമില്ല ഏത് കാലത്തും എപ്പോള്‍ വേണമെങ്കിലും നിര്‍വ്വഹിക്കാവുന്നതാണ്.

ഉംറ ഒരു മുസ്‌ലിമിന് ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് നിര്‍ബന്ധമുള്ളത്. അല്ലാഹു പറയുന്നു,”നിങ്ങള്‍ അല്ലാഹുവിന് വേണ്ടി ഹജ്ജും ഉംറയും നിര്‍വ്വഹിക്കല്‍ ” (സൂറ: ബഖറ: 196). എന്നാല്‍  കഴിയുമെങ്കില്‍ കൂടുതല്‍ നിര്‍വ്വഹിക്കല്‍ സുന്നത്താണ്. നബി(സ) പറയുന്നു: ”ഒരു ഉംറ ചെയ്തു പിന്നീട് ഒന്നു കൂടി നിര്‍വ്വഹിക്കല്‍ അത് അവക്കിടയിലുള്ള പാപങ്ങള്‍ക്കുള്ള പരിഹാരമാണ്’ (ഹദീസ് മുസ്‌ലിം)

(എന്നാല്‍ ഒരിക്കല്‍ ഉംറ നിര്‍വ്വഹിച്ച് അപ്പോള്‍തന്നെ വീണ്ടും മീഖാത്തില്‍ പോയി ഇഹ്‌റാമില്‍ പ്രവേശിച്ച് അതേ യാത്രയില്‍ തന്നെ ഒന്നിലധികം തവണ ഉംറ ചെയ്യുന്ന പ്രവണത ചിലരില്‍ കാണാറുണ്ട;് അതല്ല മേല്‍ പറഞ്ഞ ഹദീസുകൊണ്ടുള്ള ഉദ്ദേശ്യം. അത്തരത്തില്‍ ഒരേ യാത്രയില്‍ ഒന്നിലധികം ഉംറ നിർവഹിക്കുന്നതിന് പ്രമാണങ്ങളുടെ പിന്‍ബലമില്ല. മുഹമ്മദ്  നബി(സ) തന്റെ ഹജ്ജ് വേളയില്‍ ആഴ്ചകളോളം മക്കയില്‍ താമസിച്ചിട്ടുകൂടി പ്രസ്തുത യാത്രയില്‍ ഒന്നിലധികം ഉംറ നിര്‍വ്വഹിച്ചിട്ടില്ല എന്നകാര്യം നാം പ്രത്യേകം മനസ്സിലാക്കി യിരിക്കേണ്ടതാണ്.

ഉംറയുടെ റുക്‌നുകള്‍: ഇഹ്‌റാം, ത്വവാഫ്, സഅ്‌യ് എന്നിവയാണ് ഉംറയുടെ റുക്‌നുകള്‍; ഇവയില്‍ ഏതെങ്കിലും ഒന്ന് നഷ്ടപ്പെട്ടുപോയാല്‍ ഉംറ നിഷ്ഫലമായിത്തീരുന്നതാണ്.

ഉംറയുടെ വാജിബാത്തുകള്‍

ഹജ്ജും ഉംറയും നിര്‍വ്വഹിക്കുന്നവര്‍ക്ക് ഇഹ്‌റാമില്‍ പ്രവേശിക്കുന്നതിന്ന് വേണ്ടി നിര്‍ണ്ണയിക്കപ്പെട്ട  മീഖാത്തില്‍ വെച്ച് ഇഹ്‌റാമില്‍ പ്രവേശിക്കല്‍, മുടി കളയല്‍/വെട്ടല്‍ എന്നിവയാണ് ഉംറയുടെ വാജിബാത്തുകള്‍. ഇവയിലൊന്ന് നഷ്ടപ്പെട്ടാല്‍ പരിഹാരമായി മൃഗബലി നടത്തേണ്ടതാണ്.

ഇഹ്‌റാം: ഹജ്ജിന്റെയും ഉംറയുടേയും കര്‍മങ്ങളില്‍ പ്രവേശിക്കുന്നതിനാണ് ഇഹ്‌റാം എന്ന് പറയുന്നത്. ഇഹ്‌റാമിന് മുമ്പായി നഖം മുറിക്കുക, കക്ഷം ഗുഹ്യ ഭാഗം എന്നിടങ്ങളിലെ രോമം നീക്കുക, മീശവെട്ടുക എന്നിവ ചെയ്തിരിക്കല്‍ ഉത്തമമാണ്. ഇവയെല്ലാം മീഖാത്തിലെ ത്തുന്നതിന്ന് മുമ്പ് തന്നെ ചെയ്തിരിക്കലാണ് അഭികാമ്യം.

മീഖാത്തിലെത്തിയാല്‍ ഉംറക്കായി കുളിക്കലും ശരീരത്തില്‍ സുഗന്ധം ഉപയോഗിക്കലും സുന്നത്താണ്.  പിന്നീട് പുരുഷന്‍മാര്‍ ഒരു തുണിയും മേല്‍മുണ്ടും മാത്രവും (അടിവസ്ത്രങ്ങള്‍, സോക്‌സ് എന്നിവ ധരിക്കുവാനോ, തലമറക്കുവാനോ പാടുള്ളതല്ല) സ്ത്രീകള്‍ മുഖവും മുന്‍കയ്യുമൊഴിച്ച് ശരീരം മുഴുവനും മറയുന്ന വസ്ത്രവുമാണ് ധരിക്കേണ്ടത്. ഇത് ഉംറയ്ക്കോ നമസ്‌കാരത്തിനോ മാത്രമായുള്ള വസ്ത്രരീതിയല്ല. അന്യരുടെ മുന്നില്‍ സ്ത്രീകളുടെ  മുന്‍കയ്യും മുഖവുമൊഴിച്ചുള്ള ഭാഗങ്ങള്‍ എല്ലായ്‌പ്പോഴും മറച്ചിരിക്കേണ്ടതാണ.്

പുരുഷന്മാര്‍ തങ്ങളുടെ ഇഹ്‌റാമിന്റെ വസ്ത്രത്തില്‍പെട്ട മേല്‍മുണ്ട്  ത്വവാഫിന്റെ   സമയമല്ലാത്തപ്പോഴെല്ലാം   രണ്ടറ്റം മാറിലേക്ക് വരത്തക്കവണ്ണം പുതയ്ക്കുകയാണ് വേണ്ടത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.  തുടര്‍ന്ന്, ഏതെങ്കിലും നമസ്‌കാരസമയമാണെങ്കില്‍ നമസ്‌കരിച്ച ശേഷം ലബ്ബൈകല്ലാ ഹുമ്മ ഉംറതന്‍’ എന്ന് പറയുക. ഇതോടെ ഉംറയില്‍ പ്രവേശിച്ച് കഴിഞ്ഞു.

(ഹജ്ജിന്നും ഉംറക്കും മാത്രമേ നിയ്യത്ത് പറയേണ്ടതുള്ളൂ മറ്റു കര്‍മ്മങ്ങള്‍ക്ക് നിയ്യത്ത് പറയല്‍ സുന്നത്തു പോലുമില്ല, പറയല്‍ നബിചര്യക്ക്  വിരുദ്ധമാണ്. നിയ്യത്ത് എന്നാല്‍ കരുതുക എന്നതാണ്; അതിനുള്ള സ്ഥാനം മനസ്സുമാണ്). ഇനി ത്വവാഫ് തുടങ്ങുന്നത്‌വരെ തല്‍ബിയത്ത് ചൊല്ലിക്കൊണ്ടിരിക്കണം.

തല്‍ബിയത്തിന്റെ രൂപം

لَبَّيْكَ الّلهُمَّ لَبَّيْكَ لَبَّيْكَ لاَ شَرِيكَ لَكَ لَبَّيْكَ إِنَّ اْلَحمْدَ وَالنِّعْمَةَ لَكَ وَالْمُلْكَ لاَ شَرِيكَ لَكَ

(ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക് ലബ്ബൈക്ക ലാ ശരീക്ക ലക ലബ്ബൈക്ക് ഇന്നല്‍ ഹംദ വന്നിഅ്മത്ത ലകവല്‍ മുല്‍ക്ക് ലാ ശരീക ലക്.)

(അല്ലാഹുവേ നിന്റെ വിളിക്കിതാ ഞാന്‍ ഉത്തരം ചെയ്തിരിക്കുന്നു, യാതൊരു പങ്കു കാരനുമില്ലാത്ത നിന്റെ വിളിക്കിതാ ഞാനുത്തരംചെയ്തു വന്നെത്തിയിരിക്കുന്നു സ്തുതിയും അനുഗ്രഹവും നിനക്ക്, രാജാധികാരവും നിനക്കുതന്നെ, നിനക്കാരും പങ്കുകാരില്ല).

ഇഹ്‌റാമില്‍ പ്രവേശിച്ചത് മുതല്‍ ഹറമിലെത്തുന്നത് വരെ ഇത് ചൊല്ലിക്കൊണ്ടിരിക്കണം.

ത്വവാഫ് : മസ്ജിദുല്‍ ഹറമില്‍, മറ്റു പള്ളികളില്‍ പ്രവേശിക്കുന്നത് പോലെ വലതു കാല്‍ വെച്ച് താഴെ പറയുന്ന പ്രാര്‍ത്ഥന ചൊല്ലിക്കൊണ്ടായിരിക്കണം പ്രവേശിക്കേണ്ടത്.

بسم الله والصلاة والسلام على رسول الله     اللهم افتح لى أبواب رحمتك  

(ബിസ്മില്ലാഹി വസ്സലാത്തു വസ്സലാമു അലാ റസൂലില്ലാഹ് അല്ലാഹുമ്മ ഫ്തഹ് ലീ അബ്‌വാബ റഹ്മത്തിക്ക)

(അല്ലാഹുവിന്റെ നാമത്തില്‍.  അല്ലാഹുവിന്റെ ദൂതരില്‍ രക്ഷയും സമാധാനവും ഉണ്ടാകട്ടെ, അല്ലാഹുവേ നിന്റെ കാരുണ്യത്തിന്റെ കവാടങ്ങള്‍ എനിക്ക് നീ തുറന്ന് തരേണമേ)

പിന്നീട് നേരെ ഹജറുല്‍അസ്‌വദിന്റെ അടുത്തേക്ക് എത്തുക, അവിടം മുതല്‍ക്കാണ് ത്വവാഫ് ആരംഭിക്കേണ്ടത്.  കഴിയുമെങ്കില്‍ അതിനെ ചുംബിക്കുക. ഇല്ലെങ്കില്‍ തൊട്ടുമുത്തുകയോ ആംഗ്യം കാണിക്കുകയോ ചെയ്യുക. ആംഗ്യം കാണി ച്ചാല്‍ കൈ ചുംബിക്കേണ്ടതില്ല. അന്നേരം ഇങ്ങനെ പ്രാര്‍ത്ഥിക്കണം;

بسم  الله والله أكبر

(ബിസ്മില്ലാഹി വല്ലാഹു അക്ബര്‍)

അല്ലാഹുവിന്റെ നാമത്തില്‍. അല്ലാഹു ഏറ്റവും വലിയവനാണ്. പിന്നീട് കഅബയെ തന്റെ ഇടതു വശത്താക്കി ത്വവാഫ് ആരംഭിക്കുക, ത്വവാഫില്‍ പുരുഷന്മാര്‍ മുണ്ടിന്റെ മധ്യഭാഗം വലതു കക്ഷത്തിലൂടെയെടുത്ത് രണ്ടറ്റം  ഇടതു ചുമലില്‍ കെട്ടിവെക്കുകയും, നടക്കുമ്പോൾ ആദ്യത്തെ മൂന്ന് ചുറ്റല്‍ ധൃതിയില്‍ നടക്കുകയും വേണം. (മുണ്ട് മേല്‍പറഞ്ഞ ക്രമത്തില്‍ ധരിക്കുന്നതിന് ഇള്‍ത്വിബാഅ് എന്നും, ധൃതിയിലുള്ള നടത്തത്തിന്ന്  റമല്‍ എന്നുമാണ്  പറയുക; ഇത് രണ്ടും സ്ത്രീകള്‍ക്ക് വേണ്ടതില്ല). ഹജറുല്‍ അസ്‌വദ് മുതല്‍ തുടങ്ങി വീണ്ടും  ഹജറുല്‍ അസ്‌വദിനടുത്ത് എത്തിയാല്‍ ഒരു ത്വവാഫായി.  ഇങ്ങനെ ഏഴ്തവണ ത്വവാഫ് ചെയ്യണം. ഹജറുല്‍അസ്‌വദിന് തൊട്ടുമുമ്പുള്ള മൂലക്ക് റുക്‌നുല്‍യമാനി എന്ന് പറയും ഇവിടെ എത്തിയാല്‍ കഴിയുമെങ്കില്‍ കൈകൊണ്ട്‌തൊടുക മാത്രം ചെയ്യുക. ഇവിടെ ഒന്നും പറയേണ്ടതില്ല. ഈ മൂലയില്‍ ചുംബിക്കുകയോ തൊട്ടുമുത്തുകയോ ആംഗ്യം കാണിക്കുകയോ  ഒന്നും ചെയ്യേണ്ടതില്ല. റുക്‌നുല്‍യമാനി മുതല്‍ ഹജറുല്‍അസ്‌വദ്  വരെ

رَبَّنـا آتِنَـا فِى الدُّنْيَا حَسَنَــةَََ وَفِي الآخِرَةِ حَسَنَةََ وَ قِنَا عَذَابَ النَاْر

(റബ്ബനാ ആതിനാ ഫിദ്ദുന്‍യാ ഹസനത്തന്‍ വഫില്‍ ആഖിറത്തി   ഹസനത്തന്‍ വ ഖിനാ അദാബന്നാര്‍)

ഞങ്ങളുടെ നാഥാ, ഇഹത്തിലും പരത്തിലും നീ ഞങ്ങള്‍ക്ക് നന്മ നല്‍കുകയും  നരകശിക്ഷയില്‍ നിന്നു ഞങ്ങളെ കാത്തു രക്ഷിക്കുകയും ചെയ്യേണമേ എന്ന് പ്രാര്‍ത്ഥിക്കുക.

മറ്റു സമയങ്ങളില്‍ ഏത് പ്രാര്‍ത്ഥനകളും ദിക്‌റുകളും ആകാവുന്നതാണ്. ഓരോ ചുറ്റലിലും പ്രത്യേകം പ്രത്യേകം പ്രാര്‍ത്ഥനകള്‍ പറയപ്പെടുന്നതിന് യാതൊരു അടിസ്ഥാനവുമില്ല. നമുക്ക് ഇഷ്ടമുള്ളത് നമ്മുടെ ഭാഷയില്‍ പ്രാര്‍ത്ഥിക്കുക.

   ത്വവാഫ് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍  തന്റെ മുണ്ട് കക്ഷത്തില്‍ നിന്ന് മാറ്റി  തല മറയാത്തവിധം പുതക്കുക.

(ത്വവാഫുചെയ്യുമ്പോള്‍ കഅബയുടെ വടക്കുഭാഗത്തായുള്ള അര്‍ദ്ധവൃത്താകൃതിയിലുള്ള ഭാഗമായ ഹിജ്‌റ് ഇസ്മാഈലിന്റെ പുറത്തു കൂടിയായിരിക്കണം ത്വവാഫ് ചെയ്യേണ്ടത്. കാരണം അതും കഅബയില്‍ ഉള്‍പ്പെട്ട ഭാഗമാണ.് ത്വവാഫിന്നിടയില്‍ എത്ര തവണ നിര്‍വ്വഹിച്ചു എന്ന എണ്ണത്തില്‍ സംശയമുണ്ടായാല്‍ ഉറപ്പുള്ള എണ്ണത്തെ അവലംബിച്ച് ബാക്കി എണ്ണം പൂര്‍ത്തിയാക്കേണ്ടതാണ്. ത്വവാഫ് ചെയ്യുമ്പോള്‍  വുദുവുണ്ടായിരിക്കണമെന്നതും അിറഞ്ഞിരിക്കേണ്ടതാണ.് ത്വവാഫിന്നിടയില്‍ വുദു നഷ്ടപ്പെട്ടാല്‍ വീണ്ടും വുദുവുണ്ടാക്കി ആദ്യ എണ്ണത്തെ പരിഗണിച്ചു ബാക്കി പൂര്‍ത്തിയാക്കാവുന്നതാണ്).

ശേഷം  മഖാമ് ഇബ്‌റാഹീമിന്റെ പിന്നില്‍നിന്ന് കഅബക്ക്‌നേരെ തിരിഞ്ഞ് രണ്ട് റക്അത്ത് നമസ്‌കരിക്കണം ആദ്യ റക്അത്തില്‍ ഫാതിഹക്ക്‌ശേഷം സൂറത്തുല്‍ കാഫിറൂനും (ഖുല്‍യാ അയ്യുഹല്‍ കാഫിറൂന്‍) രണ്ടാം റക്അത്തില്‍ സൂറത്തുല്‍ ഇഖ്‌ലാസു (ഖുല്‍ഹുവല്ലാഹു അഹദ്) മായിരിക്കണം ഓതേണ്ടത്. പിന്നെ സംസം കുടിച്ചശേഷം സഅ്‌യ് നിർവഹിക്കാം.

സഅ്‌യ്: സ്വഫയില്‍ നിന്നായിരിക്കണം തുടങ്ങേണ്ടത്. സ്വഫയോടടുത്ത് എത്തുമ്പോള്‍                            

   إنّ الصفا والمروة من شعائر الله

(ഇന്നസ്വഫാ വല്‍ മര്‍വത്ത മിന്‍ ശആഇരില്ലാ) തീര്‍ച്ചയായും സ്വഫയും മര്‍വയും അല്ലാഹുവിന്റെ ചിഹ്‌നങ്ങളില്‍ പെട്ടതാണ് (ബഖറ:158) എന്ന ആയത്ത് ഓതി സ്വഫയില്‍ കയറി കഅബക്ക്‌നേരെ തിരിഞ്ഞ് കൈകളുയര്‍ത്തി ഇനി പറയുന്നത് പ്രാര്‍തികുക

لاإله إلاالله والله أكبرلاإله إلا الله وحده لاشريك له له الملك  وله الحمد يحيى ويميت وهو على كل شيء قدير لا إله إلا الله وحده أنجز وعده و نصرعبده وهزم الأحزاب وحده

(ലാഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബര്‍ ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു, ലഹുല്‍ മുല്‍കു വലഹുല്‍ ഹംദു യുഹ്‌യീ വയുമീതു വഹുവ അലാ കുല്ലിശൈഇന്‍ ഖദീര്‍ ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു അന്‍ജസ വഅ്ദ ഹു വനസ്വറ അബ്ദഹു വഹസമല്‍ അഹ്‌സാബ വഹ്ദഹു)

അല്ലാഹുവല്ലാതെ ഒരാരാധ്യനുമില്ല, അല്ലാഹു ഏറ്റവും ഉന്നതനാണ്, അല്ലാഹുവല്ലാതെ ആരാധ്യനില്ല, അവന് പങ്കുകാരാരുമില്ല, രാജാധിപത്യം അവനുള്ളതാണ്, സ്തുതിയും അവനുതന്നെ, അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു; അവന്‍ സര്‍വശക്തനാണ്, അല്ലാഹുവല്ലാതെ ആരാധ്യനില്ല അവന്‍ ഏകനാണ് അവന്‍ വാഗ്ദത്തം പൂര്‍ത്തിയാക്കി, തന്റെ ദാസനെ സഹായിച്ചു, ശത്രുസേനകളെ അവനൊറ്റക്ക് പരാജയപ്പെടുത്തി.

ഇത് മൂന്നു പ്രാവശ്യം ആവര്‍ത്തിക്കുക, പിന്നീട് തനിക്കാവശ്യമുള്ള ഇഹപരമായ ഏത് ആവശ്യങ്ങളും തനിക്ക് അറിയുന്ന ഭാഷയില്‍ പ്രാര്‍ത്ഥിക്കാവുന്നതാണ.് പിന്നീട് മര്‍വയിലേക്ക് നടക്കുക; പച്ച നിറംകൊണ്ട് അടയാളമിട്ട സ്ഥലത്ത് പുരുഷന്‍മാര്‍ വളരെ വേഗത്തില്‍ നടക്കണം (സ്ത്രീകള്‍ക്കിത് ബാധകമല്ല) മര്‍വയില്‍ എത്തിയാല്‍ സ്വഫയിലേത് പോലെ പ്രാര്‍ത്ഥിക്കുക, മര്‍വയിലെത്തിയാല്‍ ഒന്ന്, തിരിച്ചുള്ള നടത്തം രണ്ട് എന്നിങ്ങനെ ഏഴ് നടത്തം പൂര്‍ത്തിയാക്കുക. നടത്തത്തിലും പ്രാര്‍ത്ഥനകളും ദിക്‌റുകളും അധികരിപ്പിക്കേണ്ടതാണ്. ത്വവാഫില്‍ പറഞ്ഞപോലെത്തന്നെ പ്രത്യേക പ്രാര്‍ത്ഥനകള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടില്ല.   നമുക്ക് ഇഷ്ടമുള്ളത് പ്രാര്‍ത്ഥിക്കാനായി നീക്കിവെക്കപ്പെട്ട ഇത്തരം അവസരങ്ങളില്‍, വല്ലവരും അവരുടെ ഇഷ്ടത്തിന് അറബിയില്‍ എഴുതിയുണ്ടാക്കിയത് മനപ്പാഠമാക്കിയോ അല്ലാതെയോ ഉരുവിടുന്നതിനേക്കാള്‍ നമുക്ക് നമ്മുടെ ആവശ്യങ്ങളും സങ്കടങ്ങളും അല്ലാഹുവിന്റെ മുന്നില്‍ ബോധിപ്പിക്കാന്‍ കൈവന്ന അവസരം നഷ്ടപ്പെടുത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

സഅ്‌യ് പൂര്‍ത്തിയായാല്‍ പിന്നെ മുടി കളയുകയോ വെട്ടുകയോ ചെയ്ത് ഇഹ്‌റാമില്‍നിന്ന് ഒഴിവാകാവുന്നതാണ്.   (പുരുഷന്മാര്‍ മുടികളയലാണ് ഉത്തമം; വെട്ടുകയാണങ്കില്‍  തലയുടെ എല്ലാ ഭാഗത്ത് നിന്നും മുടി വെട്ടേണ്ടതാണ്. അല്ലാതെ രണ്ടോ മൂന്നോ മുടിയുടെ അറ്റം മാത്രം വെട്ടുന്ന രീതി പ്രമാണങ്ങള്‍ക്ക് വിരുദ്ധമാണ്. സ്ത്രീകള്‍ ഏതാനും വിരല്‍തുമ്പ് നീളത്തില്‍ മുടിയുടെ അറ്റം വെട്ടിയാല്‍ മതി).  ഇതോടെ ഉംറ പൂര്‍ത്തിയായി.

മദീനാസന്ദര്‍ശനം:

മദീനാ സന്ദര്‍ശനം ഹജ്ജിന്റെയോ ഉംറയുടേയോ ഭാഗമല്ല എന്നാണ് ഒന്നാമതായി അറിഞ്ഞിരിക്കേണ്ടത്. മദീനാ പള്ളിയില്‍ (മസ്ജിദുന്നബവിയില്‍) വെച്ചുള്ള നമസ്‌കാരം മസ്ജിദുല്‍ ഹറമല്ലാത്ത മറ്റു പള്ളികളില്‍ വെച്ചുള്ള നമസ്‌കാരത്തേക്കാള്‍   ആയിരമിരട്ടി പ്രതിഫലാര്‍ഹമാണ് (നബിവചനം). പ്രസ്തുത പുണ്യമാഗ്രഹിച്ചു മദീനയില്‍ പോകാവുന്നതാണ്. മദീനയിലെത്തുന്ന പുരുഷന്മാര്‍ക്ക് നബി(സ)യുടേയും അബൂബക്കര്‍, ഉമര്‍(റ) എന്നിവരുടേയും ഖബ്റുകള്‍ സന്ദര്‍ശിക്കലും അവര്‍ക്ക് അല്ലാഹുവിന്റെ രക്ഷയുണ്ടാകട്ടെ എന്ന് സലാം പറയലും സുന്നത്താണ.്

നബിയുടെ വീടിന്റെയും (ഇപ്പോള്‍ ഖബര്‍ സ്ഥിതിചെയ്യുന്ന സ്ഥലം) മിമ്പറിന്റെയുമിടയ്ക്കുള്ള സ്ഥലത്തെ റൗള എന്നാണ് നബി(സ) വിശേഷിപ്പിച്ചിട്ടുള്ളത്. (ഖബറിന്നല്ല റൗള എന്നു പറയുക). ”എന്റെ വീടിന്റെയും മിമ്പറിന്റെയുമിടയ്ക്കുള്ള സ്ഥലം സ്വര്‍ഗ്ഗത്തോപ്പുകളിലെ ഒരു തോപ്പാണ്’ ‘(ബുഖാരി). കഴിയുമെങ്കില്‍ തഹിയ്യത്ത് നമസ്‌കാരങ്ങള്‍ പോലുള്ളവ അവിടെ വെച്ച് നമസ്‌കരിക്കുന്നത് പുണ്യകരമാണ്. എന്നാല്‍ ഫറദ് നമസ്‌കാരങ്ങള്‍ക്ക് ഒന്നാമത്തെ സ്വഫ്ഫ് തന്നെയാണുത്തമം.

അതുപോലെ മദീനക്കടുത്തുള്ള, നബി(സ) മദീനയിലെത്തി ആദ്യമായി നിര്‍മ്മിച്ച പള്ളിയായ മസ്ജിദുല്‍ ഖുബാഇല്‍ വെച്ചുള്ള നമസ്‌കാരത്തിന്ന് ഉംറയുടെ പ്രതിഫലമാണുള്ളത് (ഇബ്‌നുമാജ: അല്‍ബാനിയുടെ സ്വഹീഹുല്‍ ജാമിഅ്: 6154).

എന്നാല്‍ തങ്ങള്‍ നിര്‍വ്വഹിക്കുന്ന മുഴുവന്‍ സല്‍ക്കര്‍മ്മങ്ങളേയും നിഷ്ഫലമാക്കിക്കളയുന്ന വിശ്വാസങ്ങളും കര്‍മ്മങ്ങളുമാണ് അധികമാളുകള്‍ കൊണ്ടു നടക്കുന്നത്. അതില്‍പെട്ടതാണ് പ്രവാചക(സ)യോടും മറ്റു മഹാത്മാക്കളോടും സഹായം തേടുന്നതും പ്രാര്‍ത്ഥിക്കുന്നതും. യഥാര്‍ത്ഥത്തില്‍ പ്രാര്‍ത്ഥനക്കര്‍ഹന്‍ അല്ലാഹു മാത്രമാണ്. എന്നതാണ് വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും നമുക്ക് പഠിപ്പിച്ചുതരുന്നത.്  അത്‌കൊണ്ട് പ്രവാചകന്റെയും മറ്റും ഖബര്‍ സന്ദര്‍ശിക്കുമ്പോള്‍ മേല്‍പറഞ്ഞ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. എത്ര ഉന്ന തരായാലും അവര്‍ക്ക്‌വേണ്ടി നാം അങ്ങോട്ട് അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയാണ് വേണ്ടത്. ഇങ്ങോട്ട,് നമുക്കാവശ്യമുള്ള കാര്യങ്ങള്‍ അല്ലാഹുവിനോട് നാം നേരിട്ട് ചോദിക്കുകയും ചെയ്യുക; ഇക്കാര്യം ജീവിതത്തിലെപ്പോഴും ഓര്‍ക്കേണ്ടതാണ്. മറ്റു സ്ഥലങ്ങളിലെ സന്ദര്‍ശനം സുന്നത്ത് എന്നനിലയില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടില്ലെങ്കിലും, വിദേശത്തുനിന്ന് എത്തുന്ന ഒരാള്‍ക്ക് ചരിത്രപരമായി പ്രാധാന്യമര്‍ഹിക്കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതും ചരിത്രങ്ങളയവിറക്കുന്നതും നിഷിദ്ധമല്ല. എന്നാല്‍ കൂടുതല്‍ പുണ്യം ലഭിക്കാന്‍ കൈവന്ന സമയങ്ങളും സ്ഥലങ്ങളും നഷ്ടപ്പെടുത്തിയുള്ള സന്ദര്‍ശനങ്ങള്‍ കുറക്കുന്നതു തന്നെയാണുത്തമം.

ഹജ്ജ് ഉംറ പോലുള്ള കര്‍മ്മങ്ങള്‍ ജീവിതത്തില്‍ കൂടുതല്‍ പ്രാവശ്യം നിര്‍വ്വഹി ക്കാന്‍ അവസരം ലഭിക്കുന്നവര്‍ വിരളമായിരിക്കും അതിനാല്‍ അബദ്ധങ്ങള്‍ സംഭവിക്കാതിരിക്കാന്‍ കഴിവതും ശ്രമിക്കണമെന്ന് പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു.

പിശുക്കും ധൂര്‍ത്തും വിനാശത്തിന്

~ ഇബ്‌നു അലി എടത്തനാട്ടുകര

   ചില സമ്പന്നര്‍ അങ്ങനെയാണ്. മുന്തിയ വാഹനത്തില്‍ യാത്ര ചെയ്യാന്‍ കഴിവുണ്ടെങ്കിലും കുടുംബത്തോടൊപ്പം പ്രയാസപ്പെട്ട് ബസില്‍ യാത്രചെയ്യും. ലളിത ജീവിതം ഇഷ്ടപ്പെട്ടിട്ടോ ഇന്ധനം ‘സേവ്’ ചെയ്ത് രാജ്യത്തെ സഹായിക്കാനോ അല്ല അത്. 

ചില സമ്പന്നര്‍ നിറം മങ്ങിയതും കീറിത്തുടങ്ങിയതുമായ വസ്ത്രം ധരിച്ച് നടക്കാറുണ്ട്. കാണുന്നവര്‍ ‘അയ്യോ, പാവം’ എന്ന് പറഞ്ഞുപോകും!

തന്റെ സാമ്പത്തിക സുസ്ഥിതിക്കനുസരിച്ച് കുടുംബത്തിന് മാന്യമായ ഭക്ഷണം നല്‍കാതെ പ്രയാസപ്പെടുത്തുന്നവരുമുണ്ട്.  

പഴയ വീട് പുതുക്കിപ്പണിയാനോ അറ്റകുറ്റ പണികള്‍ നടത്താനോ തയ്യാറാകാതെ പരമാവധി ‘ഉപയോഗിച്ച്’ മുതലാക്കുന്ന സമ്പന്നരുമുണ്ട്. 

ദരിദ്രരായി ജീവിക്കേണ്ടിവരുന്ന സമ്പന്നരാണിവരുടെ കുടുംബം. ഇത്തരം പിശുക്കന്‍മാരുടെ മരണശേഷം അടുത്ത തലമുറ സ്വത്തെല്ലാം ധൂര്‍ത്തടിച്ച് നശിപ്പിക്കുന്നതാണ് അനുഭവം.

അല്ലാഹു നല്‍കിയ അനുഗ്രഹം പുറത്തുകാണിക്കാതെ, ഇല്ലായ്മ നടിക്കുന്നത് തികഞ്ഞ നന്ദികേടാണ്. ഉള്ളതെല്ലാം ദുര്‍വ്യയം ചെയ്ത് നശിപ്പിക്കുന്നതും അങ്ങനെത്തന്നെ. 

ദുര്‍വ്യയത്തെ എതിര്‍ക്കുന്ന ഇസ്‌ലാം പിശുക്കിനെതിരെയും ശക്തമായ ഭാഷയില്‍ താക്കീത് ചെയ്യുന്നു. അല്ലാഹു നല്‍കിയ സമ്പത്ത് അവന്‍ തൃപ്തിപ്പെടുന്ന മാര്‍ഗത്തില്‍ ചെലവഴിക്കാതെ പിശുക്ക് കാണിക്കുന്നവരോട് അല്ലാഹു പറയുന്നു:

  “ഹേ; കൂട്ടരേ, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിങ്ങള്‍ ചെലവഴിക്കുന്നതിനാണ് നിങ്ങള്‍ ആഹ്വാനം ചെയ്യപ്പെടുന്നത്‌. അപ്പോള്‍ നിങ്ങളില്‍ ചിലര്‍ പിശുക്ക് കാണിക്കുന്നു. വല്ലവനും പിശുക്കു കാണിക്കുന്ന പക്ഷം തന്നോട് തന്നെയാണ് അവന്‍ പിശുക്ക് കാണിക്കുന്നത്‌. അല്ലാഹുവാകട്ടെ പരാശ്രയമുക്തനാകുന്നു. നിങ്ങളോ ദരിദ്രന്‍മാരും.” (ഖുർആൻ 47:38)

ചെലവഴിക്കാതെ പിശുക്കിപ്പിശുക്കി സമ്പാദ്യം വര്‍ധിപ്പിക്കാമെന്നാഗ്രഹിക്കുന്നവരെ അല്ലാഹു താക്കീത് ചെയ്യുന്നു:

  “അല്ലാഹു അവന്‍റെ അനുഗ്രഹത്തില്‍ നിന്ന് തങ്ങള്‍ക്കു തന്നിട്ടുള്ളതില്‍ പിശുക്ക് കാണിക്കുന്നവര്‍ അതവര്‍ക്ക് ഗുണകരമാണെന്ന് ഒരിക്കലും വിചാരിക്കരുത്‌. അല്ല, അവര്‍ക്ക് ദോഷകരമാണത്‌. അവര്‍ പിശുക്ക് കാണിച്ച ധനം കൊണ്ട് ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവരുടെ കഴുത്തില്‍ മാല ചാര്‍ത്തപ്പെടുന്നതാണ്‌.” (ഖുർആൻ 3:180).

പിശുക്കിന്റെയും ദുര്‍വ്യയത്തിന്റെയും മധ്യേയുള്ള നിലപാട് സ്വീകരിക്കാന്‍ ഇസ്‌ലാം കല്‍പിക്കുന്നു. അല്ലാഹുവിന്റെ ഉത്തമ ദാസന്മാരെക്കുറിച്ച് വിശുദ്ധ ഖുർആൻ പറയുന്നു:

  “ചെലവുചെയ്യുകയാണെങ്കില്‍ അമിതവ്യയം നടത്തുകയോ, പിശുക്കിപ്പിടിക്കുകയോ ചെയ്യാതെ അതിനിടക്കുള്ള മിതമായ മാര്‍ഗം സ്വീകരിക്കുന്നവരുമാകുന്നു അവർ.” (25:67).

നേരാംവണ്ണം ഉണ്ണാതെയും ഉടുക്കാതെയും ധര്‍മം ചെയ്യാതെയും സമ്പാദിച്ചുകൂട്ടുന്ന ധനം മരണപ്പെട്ടാല്‍ കൂടെ കൊണ്ടുപോകാന്‍ കഴിയില്ല എന്നതാണ് ‘കീശയില്ലാത്ത കഫന്‍പുടവ’ നമ്മെ ഓര്‍മിപ്പിക്കുന്നത്. 

പ്രളയം ബാക്കിവെച്ച തിരിച്ചറിവുകള്‍

നബീല്‍ പയ്യോളി

കേരളം മറ്റൊരു പ്രളയത്തിന് കൂടി സാക്ഷിയായി. മഹാപ്രളയം എന്ന് നാമെല്ലാം വിശേഷിപ്പിച്ച ഒരു ദുരന്തം 2018 ആഗസ്റ്റില്‍ കഴിഞ്ഞുപോയി. 2019 ആഗസ്റ്റിലും മറ്റൊരു പ്രളയത്തിന്റെ മുഖത്ത് വിറങ്ങലിച്ചു നില്‍ക്കേണ്ടി വന്നിരിക്കുന്നു നമുക്ക്! കഴിഞ്ഞ പ്രളയത്തില്‍ വലിയ പ്രയാസങ്ങള്‍ ഉണ്ടായത് തെക്കന്‍ കേരളത്തിലായിരുന്നു എങ്കില്‍ ഇപ്പോള്‍ മലബാറിലാണ് പ്രളയത്തിന്റെ ആഘാതം കൂടുതല്‍ എന്ന് മാത്രം. തെക്ക് വടക്ക് വ്യതാസമില്ലാതെ മലയാളികള്‍ ഒന്നടങ്കം കൈമെയ് മറന്ന് ദുരിതബാധിതര്‍ക്ക് സാന്ത്വനമേകാന്‍ രംഗത്തിറങ്ങി. പ്രത്യേകിച്ചും യുവാക്കള്‍ തങ്ങളുടെ കര്‍മശേഷി ഫലപ്രദമായി ഉപയോഗിച്ചു. സാമൂഹ്യമാധ്യമങ്ങളും മറ്റ് സംവിധാനങ്ങളും ഉപയോഗിച്ച് ദുരന്ത മുഖത്ത് സഹായഹസ്തങ്ങള്‍ നീട്ടാന്‍ യുവാക്കള്‍ മുന്നിട്ടിറങ്ങി. കേരളത്തിന്റെ നാനാഭാഗങ്ങളില്‍ നടന്ന വിഭവ സമാഹരണത്തിലും യുവത്വം നന്നായി ഇടപെട്ടു.

പെയ്തിറങ്ങിയ മഴയും ആര്‍ത്തിരമ്പിവന്ന മലവെള്ളവും നൂറില്‍പരം ആളുകളുടെ ജീവന്‍ കവര്‍ന്നു. ആയിരങ്ങളുടെ കിടപ്പാടങ്ങള്‍ ഭാഗികമായോ പൂര്‍ണമായോ നശിച്ചു. രണ്ട് ലക്ഷത്തിലധികം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം പ്രാപിച്ചു. ദുരന്തമുഖത്ത് നിസ്സഹായരായി നോക്കി നില്‍ക്കേണ്ടിവന്നവരുടെ അനുഭവ വിവരണങ്ങള്‍ ഹൃദയഭേദകമായിരുന്നു. മനുഷ്യന്‍ എത്ര നിസ്സാരനാണെന്നും  പ്രതിസന്ധിയുടെ മലവെള്ളം ആര്‍ത്തലച്ച് വരുമ്പോള്‍ ഏത് ശക്തനും ദുര്‍ബലനായി പോകുമെന്നുമുള്ള തിരിച്ചറിവ് പ്രളയത്തിന്റെ ബാക്കിപത്രമാണ്.

ഒരു പ്രളയശേഷം കടുത്ത വേനലിനെ അഭിമുഖീകരിക്കേണ്ടി വന്ന നാം പ്രതീക്ഷയോടെയാണ് മഴയെ കാത്തിരുന്നത്. സാധാരണ ലഭിക്കേണ്ട മഴ ജൂണില്‍ 44 ശതമാനം കുറവാണ് ഈ വര്‍ഷം ലഭിച്ചത്. ജൂലൈ മാസത്തില്‍ 22 ശതമാനം കുറവായിരുന്നു മഴ. ആഗസ്റ്റ് മാസത്തിലെ ആദ്യത്തെ രണ്ട് ആഴ്ച ലഭിച്ച മഴയാക്കട്ടെ 182 ശതമാനം കൂടുതലും! ലോകാടിസ്ഥാനത്തില്‍ തന്നെ കാലാവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായി യൂറോപ്യന്‍ രാജ്യങ്ങള്‍ അതിശക്തമായ ഉഷ്ണമാണ് ഈവര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. ഗള്‍ഫ് മേഖലയില്‍ 50 ഡിഗ്രിക്ക് മുകളിലായിരുന്നു ചൂട് എന്നതും ശ്രദ്ധേയമാണ്. നമ്മുടെ നാട്ടില്‍ കഴിഞ്ഞ മാസങ്ങളില്‍ ഉണ്ടായ ചൂട് മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത വിധം കഠിനമായിരുന്നു. മഴയുടെ കാര്യത്തിലും അത് തന്നെയാണ് അവസ്ഥ. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി പ്രതീക്ഷിച്ച കാലയളവില്‍ കുറഞ്ഞ മഴയും അപ്രതീക്ഷിതമായി അതിശക്തമായ മഴയും നമ്മുടെ നാടിനെ പ്രളയത്തിലേക്ക് തള്ളിവിട്ടു. കഴിഞ്ഞ പ്രളയത്തിന്റെ പരിചയം കൊണ്ടാവാം ആ സമയത്ത് നമുക്കുണ്ടായ ഞെട്ടലും പരിഭ്രമവും ഈ പ്രളയാകാലത്ത് അതേ നിലയില്‍ കണ്ടില്ല. നമ്മുടെ മനസ്സ് അത് ഉള്‍കൊള്ളാന്‍ പ്രാപ്തമായിരിക്കുന്നു എന്നതിന്റെ സൂചനയാണ് അതെന്ന് കരുതാം.

കഠിനമായ ചൂടും ശക്തമായ മഴയും പുതിയ കാലാവസ്ഥാ ഘടനയാണ് എന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. പുതിയ കാലാവസ്ഥാ ഘടനയെ ഉള്‍കൊള്ളാനും അതിനെക്കുറിച്ച് ശാസ്ത്രീയമായ പഠനങ്ങള്‍ നടത്താനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ വൈകാതെ നടപടികള്‍ കൈക്കൊള്ളണം. ചരിത്രത്തിന്റെ ഗതിവിഗതികള്‍ കാലാവസ്ഥാ മാറ്റങ്ങളുടെ കൂടെയാണ്. മഴയും വെയിലും അതിന്റെ വിതാനത്തില്‍ വരുന്ന വ്യത്യാസങ്ങള്‍ വലിയ പ്രത്യാഖാതങ്ങള്‍ക്ക് കാരണമായിത്തീരും. അതിശക്തമായ ചൂട് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വരള്‍ച്ച, കൃഷിനാശം തുടങ്ങിയ പ്രതിസന്ധികള്‍ക്കും കാരണമാകുമെങ്കില്‍ അതി ശക്തമായ മഴ വെള്ളപ്പൊക്കത്തിനും പലവിധ നഷ്ടങ്ങള്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. കുറഞ്ഞ കാലയളവില്‍ ധാരാളമായി മഴ ലഭിക്കുമ്പോള്‍ അത് ഉള്‍ക്കൊള്ളാനുള്ള ശേഷി നമ്മുടെ നദികള്‍ക്കും ജല സംഭരണികള്‍ക്കും ഇല്ലാതായി മാറിയിരിക്കുന്നു. അത് പ്രളയത്തിന് കാരണമായി മാറുന്നു. പ്രളയം എന്നത് ഒരു വാര്‍ഷിക പരിപാടിയായി മാറുന്നുവോ എന്ന് സംശയിക്കേണ്ട സാഹചര്യത്തില്‍ അതിനെ പ്രതിരോധിക്കാന്‍ ആവശ്യമായ പഠനങ്ങളും നടപടികളുമാണ് ഇനിയുണ്ടാകേണ്ടത്.

ദുരന്തമുഖത്ത് കണ്ണീര്‍ വാര്‍ക്കുന്നവര്‍ നമുക്ക് ചുറ്റിലും ധാരാളമുണ്ട്. സാധാരണക്കാര്‍ മുതല്‍ ഭരണാധികാരികള്‍ വരെ അവരിലുണ്ട്. ജീവിതത്തില്‍ നേടിയ മുഴുവന്‍ സമ്പാദ്യവും ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നത് നമുക്ക് ഓര്‍ക്കാന്‍ പോലും പറ്റില്ല. ദുരന്തഭൂമിയില്‍ രക്ഷപ്പെട്ടവരുടെ ദീനരോദനം നമ്മെ ചിന്തിപ്പിക്കേണ്ടതുണ്ട്.

ഈ പ്രളയത്തില്‍ വലിയ ദുരന്തങ്ങള്‍ ഉണ്ടായത് മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് കവളപ്പാറയിലാണ്. മറ്റൊന്ന് വയനാട്ടിലെ മേപ്പാടിക്കടുത്ത് പുത്തുമലയിലും. ഇവിടങ്ങളില്‍ ഒരു ഗ്രാമം തന്നെ ഇല്ലാതായി എന്നാണ്  മനസ്സിലാകുന്നത്. ഘോരശബ്ദം കേട്ട് ജീവനും കൊണ്ടോടിയ ചിലര്‍ കവളപ്പാറയില്‍ രക്ഷപ്പെട്ടിട്ടുണ്ട്. അവര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞ കാര്യങ്ങള്‍ ഹൃദയഭേദകമാണ്. ‘എല്ലാം നഷ്ടമായി, ഇനി ഈ ശരീരം മാത്രം ബാക്കിയുണ്ട്’ എന്ന ഒരു വൃദ്ധന്റെ വിലാപം നാം കേട്ടു. സമ്പാദിച്ചത് മുഴുവന്‍ ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നത് നേര്‍ക്കുനേരെ കാണുമ്പോള്‍ ഏതൊരാളും തകര്‍ന്ന് പോകും. മക്കള്‍, ഭാര്യ, ഭര്‍ത്താവ്, സഹോദരങ്ങള്‍, മാതാപിതാക്കള്‍, ബന്ധുമിത്രാദികള്‍… നഷ്ടപ്പെട്ടത് ഇവരെയൊക്കെയാണ്.

അല്ലാഹു പറയുന്നു: ”കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക” (ക്വുര്‍ആന്‍ 2:155).

പരീക്ഷണങ്ങളില്‍ പതറാതെ, നമ്മെ സൃഷ്ടിച്ച് പരിപാലിക്കുന്ന നാഥനെ മറക്കാതെ, അവന്  കീഴൊതുങ്ങി ജീവിക്കാന്‍ കഴിയണം. അതിന് നല്ല ക്ഷമ അനിവാര്യമാണ്. യഥാര്‍ഥ വിശ്വാസിക്ക് അതിനു കഴിയും.

”തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ (ആ ക്ഷമാശീലര്‍) പറയുന്നത്; ഞങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാണ്. അവനിലേക് തന്നെ മടങ്ങേണ്ടവരുമാണ് എന്നായിരിക്കും. അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്. അവരത്രെ സന്‍മാര്‍ഗം പ്രാപിച്ചവര്‍” (ക്വുര്‍ആന്‍ 156-157).

ഖുർആന്റെ അധ്യാപനങ്ങള്‍ നമ്മുടെ ജീവിതത്തിന് വെളിച്ചമാവുകയും കരുത്ത് നല്‍കുകയും ചെയ്യേണ്ടതുണ്ട്.

കവളപ്പാറയിലും പുത്തുമലയിലും ദുരന്തമുണ്ടായത് മലയിടിഞ്ഞാണ്. വലിയ മലയില്‍ നിന്ന് മണ്ണും വെള്ളവും പാറക്കല്ലുകളും ഒഴുകിവന്ന് താഴ്‌വരയെയാകെ ഇല്ലാതാക്കി. ഇത്തരം ദുരന്തങ്ങള്‍ക്ക് മുന്നില്‍ നിസ്സഹായരായി നോക്കിനില്‍ക്കുന്ന നാം അതിന്റെ മറ്റൊരുവശത്തെ കുറിച്ച് ചിന്തിക്കുന്നില്ല. അനിയന്ത്രിതവും ആസൂത്രണരഹിതവുമായ പ്രകൃതി ചൂഷണങ്ങള്‍ ആണ് ഇത്തരം ദുരന്തങ്ങള്‍ വിളിച്ചു വരുത്തുന്നത് എന്നതാണ് യാഥാര്‍ഥ്യം. മനുഷ്യന്‍ സ്വാര്‍ഥ താല്‍പര്യങ്ങളുടെ തടവറയിലാണ്. അത് അവനില്‍നിന്ന് മനുഷ്യത്വവും കരുണയും ഇല്ലാതാക്കി മനസ്സിനിനെ ഘനീഭവിപ്പിച്ചിരിക്കുന്നു. സാമ്പത്തിക നേട്ടത്തിനായി എന്തും ചെയ്യാന്‍ അവന്‍ തയ്യാറാകുന്നു.

അല്ലാഹു പറയുന്നു: ”മനുഷ്യരുടെ കൈകള്‍ പ്രവര്‍ത്തിച്ചത് നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിന്റെ ഫലം അവര്‍ക്ക് ആസ്വദിപ്പിക്കുവാന്‍ വേണ്ടിയത്രെ അത്. അവര്‍ ഒരു വേള മടങ്ങിയേക്കാം” (ക്വുര്‍ആന്‍ 30:41).

പ്രകൃതിയില്‍ എന്ത് ദുരന്തമുണ്ടായാലും ദൈവത്തെയോ പ്രകൃതിയെയോ ആക്ഷേപിക്കുന്ന രീതിയാണ് ആളുകള്‍ക്കിടയില്‍ പൊതുവില്‍ നാം കണ്ടുവരുന്നത്. അതിനപ്പുറത്ത് തന്റെയും തനിക്ക് ചുറ്റും ജീവിക്കുന്നവരുടെയും അതിക്രമങ്ങള്‍ കാണാനോ അതിനെ പ്രതിരോധിക്കാനോ അതിനെതിരായി ബോധവല്‍ക്കരണം നടത്താനോ ആരും ഒരുക്കമല്ല. എല്ലാവരും കുറ്റകരമായ മൗനത്തിലാണ്.  

കവളപ്പാറയിലും പുത്തുമലയിലും നടന്ന ദുരന്തത്തിന്റെ കാരണം പ്രകൃതി വിഭവങ്ങളുടെ അപായകരമായ രീതിയിലുള്ള ചൂഷണമാണെന്ന് കാണാനാകും. അനധികൃത ക്വാറികളും തോട്ടങ്ങളും നിര്‍മാണ പ്രവര്‍ത്തനങ്ങളും ആ മലകളുടെ ജീവനാടിയെ അറുത്ത് കളയുകയും അവ തകര്‍ന്ന് വീഴുകയും ചെയ്തിരിക്കുന്നു.

അതിക്രമത്തിനെതിരെ കണ്ണടച്ച അധികാരികളും മാഫിയകളും ചേര്‍ന്ന ഈ കളിയില്‍ നഷ്ടമായത് പാവങ്ങളുടെ ജീവനും സ്വത്തുമാണ്. പണവും രാഷ്ട്രീയ സ്വാധീനവും ഉണ്ടെങ്കില്‍ എന്തും ചെയ്യാമെന്ന സ്ഥിതിയിലേക്ക് നമ്മുടെ നാട് മാറിയിട്ടുണ്ട്. പ്രകൃതിവിഭവങ്ങളെ ലക്കുംലഗാനുമില്ലാതെ ചൂഷണം ചെയ്തും പ്രകൃതിയെ നശിപ്പിച്ചും പണക്കൊതിയന്മാര്‍ അവരുടെ ഖജനാവ് നിറച്ചുകൊണ്ടിരിക്കുന്നു. അതിന് ഒത്താശ ചെയ്യാന്‍ ചിലര്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നു. ഇതിന് അറുതിയുണ്ടാവണം. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന രൂപത്തില്‍ പ്രകൃതിയിലുള്ള കടന്നുകയറ്റത്തെ ചെറുക്കണം.

പശ്ചിമഘട്ട സംരക്ഷണത്തിന് വേണ്ടിയുള്ള (2011ല്‍ രൂപീകരിച്ചത്) ഗാഡ്ഗില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഏറെ ശ്രദ്ധേയമാണ്. മാധവ ഗാഡ്ഗില്‍ അധ്യക്ഷനായ 13 ശാസ്ത്രജ്ഞന്മാര്‍ അടങ്ങിയ സമിതി  പശ്ചിമഘട്ടം സംരക്ഷിക്കാന്‍ ആവശ്യമായ പഠനം നടത്തുകയും വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറുകയും ചെയ്തു. പക്ഷേ, ആ റിപ്പോര്‍ട്ട് ഫയലിനുള്ളില്‍ ഉറക്കത്തിലാണ്. അത് നടപ്പിലാക്കാനുള്ള ആര്‍ജവം മാറിമാറി വരുന്ന ഭരണാധികാരികള്‍ക്ക് ഉണ്ടായിട്ടില്ല എന്നതാണ് സത്യം. പശ്ചിമ ഘട്ടത്തിലെ പ്രകൃതി വിലോല (ദുര്‍ബല) മേഖലകളില്‍ അനധികൃത നിര്‍മാണവും കൃഷിയും ഖനനവും ഇന്നും നിര്‍ബാധം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഗാഡ്ഗില്‍ കമ്മീഷന്‍ ശിപാര്‍ശകള്‍ നടപ്പിലാക്കാന്‍ വലിയ പ്രക്ഷോഭങ്ങള്‍ നടന്നെങ്കിലും അതിനെ മറികടക്കും വിധമുള്ള പ്രതിരോധങ്ങള്‍ കാര്യങ്ങളെ അട്ടിമറിച്ചു. തുടര്‍ന്ന് വന്ന കസ്തൂരി രംഗന്‍, ഉമ്മന്‍ വി ഉമ്മന്‍ റിപ്പോര്‍ട്ടുകള്‍ക്കും അതേ അവസ്ഥ തന്നെയാണ് ഉണ്ടായത്. വനഭൂമി വനേതര ആവശ്യങ്ങള്‍ക്കോ കൃഷിഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കരുത് എന്ന് റിപ്പോട്ടുകള്‍ നിര്‍ദേശിക്കുന്നു. പൊതുസ്ഥലം സ്വകാര്യസ്ഥലമാക്കി മാറ്റുന്നതിനെയും റിപ്പോര്‍ട്ട് ശക്തമായി എതിര്‍ക്കുന്നു. ഇത്തരം പ്രദേശങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് മുമ്പ് പാരിസ്ഥിതിക പഠനങ്ങള്‍ നടത്തണമെന്ന നിര്‍ദേശവും അവഗണിക്കപ്പെട്ടു. പ്രകൃതി സൗഹൃദ നിര്‍മാണങ്ങളാണ് പ്രസ്തുത മേഖലകളില്‍ നടത്തേണ്ടതെന്നും കമ്മീഷനുകള്‍ എടുത്ത് പറയുന്നു. 2014ലെ ലോക് സഭാ ഇലക്ഷനിലും തുടര്‍ന്ന് വന്ന നിയമസഭാ ഇലക്ഷനിലും ഈ റിപ്പോര്‍ട്ടുകളായിരുന്നു മലയോര മേഖലയിലെ മണ്ഡലങ്ങളില്‍ പ്രധാന തെരഞ്ഞെടുപ്പ് വിഷയം. പക്ഷേ, അതെല്ലാം സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനും അപ്പുറം ഒന്നും ആയിരുന്നില്ല എന്ന് നാം തിരിച്ചറിയുന്നു.

മലയോര മേഖലയിലും കാര്‍ഷിക ഇടങ്ങളിലും നടക്കുന്ന അനധികൃത നിര്‍മാണങ്ങളും ഖനനവും വ്യവസായങ്ങളും പ്രകൃതി ചൂഷണങ്ങളും ആയിരങ്ങളുടെ ജീവനും സ്വത്തുക്കളുമാണ് അപഹരിക്കുന്നത്. ഇത് നിര്‍ബാധം തുടര്‍ന്ന് കൊണ്ടിരിക്കുന്നു. സംസ്ഥാന സര്‍ക്കാരിനും പൗരന്മാര്‍ക്കും കോടികളുടെ നാശനഷ്ടങ്ങള്‍ വരുത്തിവെക്കുന്ന ഗൗരവകരമായ വിഷയത്തെ ലാഘവബുദ്ധിയോടെയാണ് ഭരണകൂടവും മത, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക സംഘടനകളും കേരളീയ സമൂഹം പൊതുവിലും നോക്കിക്കാണുന്നത്. ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ദുരന്തങ്ങളില്‍ രക്ഷകരായി പറന്നെത്തുന്നവര്‍ തങ്ങള്‍ തീര്‍ത്ത ദുരന്ത ഭൂമിയെക്കുറിച്ച് മൗനികളാവുന്നു. കോടികള്‍ പൊതുസമൂഹത്തില്‍ നിന്ന് പിരിച്ചു പാവങ്ങളുടെ കണ്ണീരൊപ്പാന്‍ രംഗത്ത് വരുന്നവര്‍ അതിന്റെ കാരണങ്ങളിലേക്ക് തിരിഞ്ഞു നോക്കുന്നുപോലുമില്ല. നൂറുകണക്കിന് ആളുകളുടെ ജീവന്‍ ഹോമിച്ച് കോടികള്‍ സമ്പാദിക്കുന്നവര്‍  അതില്‍ നിന്നും ഏതാനും ലക്ഷം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന ചെയ്ത് പുണ്യാളന്‍മാരായി മാറുന്നു എന്നത് വിരോധാഭാസമാണ്. സമ്പത്തും സ്വാധീനവുമല്ല; നന്മയും കരുണയുമുള്ള മനസ്സാണ് പ്രധാനം. അതേ സമാധാനം നല്‍കുകയുള്ളൂ.

യൂഫ്രട്ടീസ് നദീ തീരത്ത് ഒരു ആട്ടിന്‍ കുട്ടി പട്ടിണികിടന്ന് ചത്താല്‍ അതിന് ഞാന്‍ ലോകത്തിന്റെ നാഥനോട് മറുപടി പറയേണ്ടിവരുമല്ലോ എന്ന് ഭയപ്പെട്ട, ലോകചരിത്രത്തില്‍ തുല്യതയില്ലാത്ത ഭരണാധികാരിയായി മാറിയ ഉമറുബ്‌നുല്‍ ഖത്ത്വാബില്‍(റ) ഇന്നത്തെ ഭരണാധികാരികള്‍ക്ക് വലിയ മാതൃകയുണ്ട്. ഭരണീയരുടെ ക്ഷേമമായിരിക്കണം ഭരണാധികാരികള്‍ക്ക് വലുത്. ഭീഷണികള്‍ക്കും പ്രലോഭനങ്ങള്‍ക്കും വഴങ്ങാതെ ജനപക്ഷത്ത് ആര്‍ജവത്തോടെ ഉറച്ചുനില്‍ക്കാന്‍ അവര്‍ക്ക് കഴിയേണ്ടതുണ്ട്.

ദുരിതാശ്വാസ രംഗത്ത് വ്യക്തികളും സംഘടനകളും സര്‍ക്കാരും വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. സഹായങ്ങള്‍ ചെയ്യുന്നുണ്ട്. അതെല്ലാം അര്‍ഹരായവര്‍ക്ക് തന്നെയാണ് ലഭിക്കുന്നത് എന്ന് ഉറപ്പുവരുത്തലും അതിലെ സുതാര്യതയും അനിവാര്യമാണ്. അതില്‍ അതീവ ജാഗ്രത പുലര്‍ത്തണം. അഴിമതിക്കും സ്വജനപക്ഷപാതിത്തം കാണിക്കാനും ഇടനല്‍കരുത്.  പാവങ്ങളെ കണ്ണീര്‍ കുടിപ്പിക്കുന്ന ഇടപെടലുകളും ഉണ്ടാവരുത്. ദുരന്ത ബാധിതര്‍ക്ക് എത്രയും വേഗം ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ പറ്റാവുന്ന രീതിയിലാവണം സര്‍ക്കാര്‍- സര്‍ക്കാരേതര സംവിധാനങ്ങള്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കേണ്ടത്ത്. വട്ടം കറക്കുന്ന നടപടിക്രമങ്ങളും നിയമ നൂലാമാലകളും കൊണ്ട് പാവങ്ങളെ ബുദ്ധിമുട്ടിക്കരുത്. സര്‍ക്കാരും സര്‍ക്കാര്‍ സംവിധാനങ്ങളും നിയമങ്ങളും ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. മനുഷ്യത്വപരമായ സമീപനങ്ങളാണ് ഉദേ്യാഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടാവേണ്ടത്. അര്‍ഹരായവര്‍ക്ക് ലഭിക്കേണ്ട സഹായങ്ങള്‍ സാങ്കേതികതയുടെ പേരില്‍ ഇല്ലാതാക്കാനുള്ള ശ്രമമല്ല; പരമാവധി പേര്‍ക്ക് സഹായങ്ങള്‍ ലഭ്യമാക്കാന്‍ ആവശ്യമായ ജാഗ്രതയാണ്  ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടാവേണ്ടത്.

വര്‍ഗീയ കോമരങ്ങള്‍ തങ്ങളുടെ വിത്ത് മുളപ്പിക്കാന്‍ ഇടം തിരയുമ്പോള്‍ ഇത്തരം ദുരന്തങ്ങള്‍ മാനവികതയുടെ മാതൃകകള്‍ സമ്മാനിക്കുകയാണ്. മലയാളികള്‍ കാലങ്ങളായി സൂക്ഷിച്ച്് പോരുന്ന സ്‌നേഹവും സഹകരണവും സഹവര്‍ത്തിത്വവും ഊട്ടിയുറപ്പിക്കുന്ന നാളുകളാണ് ദുരന്തങ്ങള്‍ സമ്മാനിച്ചത് എന്നത് പ്രയാസങ്ങള്‍ക്കിടയിലും മനസ്സിന് കുളിര്‍മ നല്‍കുന്നു.

നാം ചെയ്യേണ്ടത്.

ദുരന്തത്തിന് ഇരയായത് അനേകായിരങ്ങളാണ്.  അവരിലേക്ക് സഹായ ഹസ്തങ്ങള്‍ നീളണം. ആരോഗ്യവും സമ്പത്തും സ്വാധീനവും അതിന് വേണ്ടി നാം വിനിയോഗിക്കണം. ഒരാളെയെങ്കിലും ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ സാധിച്ചാല്‍ അത് നമ്മുടെ ജീവിതത്തിലെ വലിയ നേട്ടമായിരിക്കും.

‘ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍, അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു’ എന്ന ഖുർആനി കാധ്യാപനം  വിശ്വാസികള്‍ ഉള്‍ക്കൊള്ളണം.

ഇന്ന് അവര്‍ക്കാണെങ്കില്‍ നാളെ നമുക്കും ഇത്തരം പ്രയാസങ്ങള്‍ വരുമെന്ന തിരിച്ചറിവ് നമുക്കേവര്‍ക്കും ഉണ്ടാവണം. ഇന്ന് പ്രളയമാണെങ്കില്‍ നാളെ ഭൂകമ്പമോ കോടുങ്കാറ്റോ മറ്റോ ആയേക്കാം. സഹജീവി സ്‌നേഹത്തിന്റെയും ഔദാര്യത്തിന്റെയും മഹിതമാതൃക ലോകത്തിന് സമ്മാനിച്ച ഇസ്‌ലാമിക ആദര്‍ശം നെഞ്ചേറ്റുന്നവര്‍ക്ക് ഇതില്‍ നേതൃപരമായ പങ്കുതന്നെ വഹിക്കാനാകും.

അല്ലാഹു പറയുന്നു:

”ഭാര്യമാര്‍, പുത്രന്‍മാര്‍, കൂമ്പാരമായിക്കൂട്ടിയ സ്വര്‍ണം, വെള്ളി, മേത്തരം കുതിരകള്‍, നാല്‍കാലി വര്‍ഗങ്ങള്‍, കൃഷിയിടം എന്നിങ്ങനെ ഇഷ്ടപ്പെട്ട വസ്തുക്കളോടുള്ള പ്രേമം മനുഷ്യര്‍ക്ക് അലങ്കാരമായി തോന്നിക്കപ്പെട്ടിരിക്കുന്നു. അതൊക്കെ ഇഹലോകജീവിതത്തിലെ വിഭവങ്ങളാകുന്നു. അല്ലാഹുവിന്റെ അടുക്കലാകുന്നു (മനുഷ്യര്‍ക്ക്) ചെന്നുചേരാനുള്ള ഉത്തമ സങ്കേതം” (ക്വുര്‍ആന്‍ 3:14).

മരണം നമ്മെ തേടിയെത്തുമ്പോള്‍ നമുക്ക് കൂട്ടായി നാം ചെയ്ത നന്മകള്‍ മാത്രമെ ഉണ്ടാകൂ. ഇതൊക്കെ അല്ലാഹുവിന്റെ വിധിയാണ്,് അത് അവര്‍ക്ക് പരീക്ഷണമാണ് എന്നു പറഞ്ഞ് വീട്ടിലിരിക്കേണ്ടവരല്ല നാം. ഇത് നമുക്കും ഒരു പരീക്ഷണമാണെന്ന് തിരിച്ചറിഞ്ഞ് കൈമെയ് മറന്ന് സഹായികളായി മാറുക. നാം നല്‍കുന്ന നാണയത്തുട്ടുകളും നമ്മുടെ അധ്വാനവും പാഴായിപ്പോകില്ല. നാം ചെലവഴിച്ചത് അല്ലാഹുവിന്റെ അടുത്ത് പതിന്മടങ്ങുകളായി വളര്‍ത്തപ്പെടുന്നു എന്ന് തിരിച്ചറിയുക.

കഴിഞ്ഞ പ്രളയ കാലത്ത് ആയിരങ്ങള്‍ക്ക് സാന്ത്വനമേകാന്‍ വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ച് സുതാര്യമായി നടപ്പിലാക്കിയിട്ടുണ്ട്. ഈ പ്രാവശ്യം 10 കോടിയുടെ വിവിധ പദ്ധതികളാണ് നാം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. ഉദാരമതികളുടെ മനസ്സറിഞ്ഞ സഹായവും സഹകരണവും അതിന് ആവശ്യമാണ്.

നബി(സ്വ)യുടെ വിടവാങ്ങൽ പ്രസംഗം

അബ്ദുൽ ലത്വീഫ് സുല്ലമി മാറഞ്ചേരി

ഹിജ്‌റ പത്താം വര്‍ഷം ദുല്‍ഖഅദ്‌ മാസം ഇരുപത്തഞ്ചിന്‌ ശനിയാഴ്ച നബി(സ)യും അനുയായികളും ഹജ്ജ്‌ കര്‍മ്മത്തിനായി പുറപ്പെട്ടു. നബി(സ) അറഫയുടെ സമീപത്ത്‌ ‘നമിറ’ എന്ന സ്ഥലത്ത്‌ നിര്‍മ്മിച്ച തമ്പില്‍ ഉച്ചവരെ കഴിച്ചുകൂട്ടി. ളുഹറിന്റെ സമയമായപ്പോള്‍ നബി(സ) തന്റെ ഒട്ടകപ്പുറത്ത്‌ കയറി ‘ബത്വ്‌നുല്‍ വാദി’ എന്ന ഇന്ന്‌ അറഫയിലെ പള്ളി നില്‍ക്കുന്നിടത്ത്‌ നിന്ന്‌ ചരിത്രപ്രസിദ്ധമായ തന്റെ ഖുതുബത്തുല്‍ വിദാഅ്‌ (വിടവാങ്ങല്‍ പ്രസംഗം) നിര്‍വഹിച്ചു. ഒരു ലക്ഷത്തില്‍ പരം ആളുകള്‍ നബിയുടെ പ്രസംഗം ശ്രവിച്ചുകൊണ്ട്‌ നബി(സ)യോടൊപ്പം ഹജ്ജ്‌ നിര്‍വഹിക്കുകയുണ്ടായി.

വിവിധ പരമ്പരകളിലൂടെ വ്യത്യസ്ത ഹദീസ്‌ ഗ്രന്ഥങ്ങളില്‍ വന്നിട്ടുള്ളതിന്റെ രത്നച്ചുരുക്കമാണ്‌ താഴെ കൊടുക്കുന്നത്‌.

“മനുഷ്യരേ, ഇത്‌ സശ്രദ്ധം ശ്രവിക്കുക. ഈ കൊല്ലത്തിനു ശേഷം ഈ സ്ഥാനത്ത്‌ വെച്ച്‌ ഇതുപോലെ ഇനി നാം കണ്ടുമുട്ടുമോ എന്ന്‌ അറിഞ്ഞുകൂട. മനുഷ്യരേ, ഈ പ്രദേശത്തിന്റെ, ഈ മാസത്തിന്റെ, ഈ സുദിനത്തിന്റെ പവിത്രത പോലെ നിങ്ങള്‍ നിങ്ങളുടെ രക്തത്തിനും അഭിമാനത്തിനും സമ്പത്തിനും പരസ്പരം ആദരവ്‌ കല്‍പ്പിക്കേണ്ടതാണ്‌.”

“നിങ്ങളുടെ കൈവശം ആരുടെയെങ്കിലും അമാനത്തുകള്‍ (സൂക്ഷിപ്പ്‌ സ്വത്തുകള്‍) ഉണ്ടെങ്കില്‍ അത്‌ കൊടുത്തുവീട്ടുക.” “ജാഹിലിയ്യാ കാലത്തെ എല്ലാ ദുരാചാരങ്ങളേയും ഞാനിതാ കുഴിച്ചുമൂടുന്നു. എല്ലാവിധ പലിശയേയും ഞാനിതാ ചവിട്ടിത്താഴ്ത്തുന്നു. മൂലധനമല്ലാതെ ഒന്നും നിങ്ങള്‍ക്ക്‌ അവകാശപ്പെടുന്നില്ല. ഒരാളും അക്രമിക്കപ്പെടരുതല്ലോ, എന്റെ പിതൃവ്യന്‍ അബ്ബാസ്‌(റ)വിന്‌ കിട്ടേണ്ടതായ പലിശ ഞാനിതാ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു.”

“എല്ലാ നിലയ്ക്കുള്ള പ്രതികാരങ്ങളും ഇതാ അവസാനി പ്പിച്ചിരിക്കുന്നു. ഒന്നാമതായി അബ്ദുല്‍ മുത്തലിബിന്റെ മകന്‍ ഹാരിഥിന്റെ മകന്‍ റബീഅയുടെ പ്രതികാരം ഇതാ ദുര്‍ബലപ്പെടുത്തുന്നു.”

“ജനങ്ങളേ, നിങ്ങളുടെ ഈ ഭൂമിയില്‍ ഇനി പിശാച്‌ ആരാധിക്കപ്പെടുന്നതില്‍ നിന്നും അവന്‍ നിരാശനായി രിക്കുന്നു; എന്നാല്‍ ആരാധനയല്ലാതെ നീചപ്രവര്‍ത്ത നങ്ങളാല്‍ അവന്‍ അനുസരിക്കപ്പെടുന്നതില്‍ അവന്‍ തൃപ്തിയടയും. പിശാചിന്‌ ആരാധനയുണ്ടാവുകയില്ല, എന്നാല്‍ അനുസരണം ഉണ്ടാവും.”

“ജനങ്ങളേ, സ്ത്രീകളുടെ വിഷയത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കണം. അവര്‍ നിങ്ങളുടെ അടുക്കല്‍ ഒരു അമാനത്താണ്‌. എന്നാല്‍ നിങ്ങളുടെ വിരിപ്പില്‍ നിങ്ങള്‍ക്ക്്‌ ഇഷ്ടമില്ലാത്തവരെ പ്രവേശിപ്പി ക്കാതിരിക്കുക എന്നത്‌ അവര്‍ക്ക്‌ നിങ്ങളോടുള്ള കടമയാണ്‌. നിങ്ങള്‍ അവരോട്‌ മാന്യമായി പെരുമാറുക. അവര്‍ക്ക്‌ ആവശ്യമായ ഭക്ഷണം, വസ്ത്രം എന്നിവ മാന്യമായി നിങ്ങള്‍ നിര്‍വഹിച്ചു കൊടുക്കുക.”

“ഞാനിതാ കാര്യങ്ങളെല്ലാം നിങ്ങളിലേക്ക്‌ എത്തിച്ചു തന്നിരിക്കുന്നു. രണ്ട്‌ കാര്യങ്ങള്‍ ഞാനിതാ നിങ്ങളെ ഏല്‍പ്പിക്കുന്നു. അത്‌ രണ്ടും മുറുകെ പിടിക്കുന്ന കാലത്തോളം നിങ്ങള്‍ പിഴച്ചുപോകുകയില്ല; അത്‌ അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ പ്രവാചകന്റെ ചര്യയുമാണ്‌.”

“ജനങ്ങളേ, എനിക്ക്‌ ശേഷം ഇനി ഒരു പ്രവാചകനില്ല. നിങ്ങള്‍ക്ക്‌ ശേഷം ഒരു സമുദായവുമില്ല. നിങ്ങള്‍ നിങ്ങളുടെ നാഥനെ മാത്രം ആരാധിക്കുക, അഞ്ച്‌ സമയം നമസ്കരിക്കുക, റമദാനില്‍ നോമ്പ്‌ അനുഷ്ഠി ക്കുക, സകാത്ത്‌ നല്‍കുക, ഹജ്ജ്‌ നിര്‍വഹിക്കുക, നിങ്ങളുടെ നേതൃത്വത്തെ അനുസരിക്കുക. എങ്കില്‍ നിങ്ങള്‍ക്ക്്‌ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാം.”

“ജനങ്ങളേ, എന്നെ സംബന്ധിച്ച്‌ നിങ്ങളോട്‌ ചോദിക്കും അന്ന്‌ നിങ്ങളെന്തായിരിക്കും മറുപടി പറയുക?” ‘താങ്കള്‍ ഞങ്ങള്‍ക്ക്‌ എത്തിച്ചു തന്നു, താങ്കളുടെ ദൗത്യം നിര്‍വഹിച്ചു, എന്ന്‌ ഞങ്ങള്‍ പറയും’ എന്ന്‌ അവര്‍ ഏക സ്വരത്തില്‍ പറഞ്ഞു. അന്നേരം പ്രവാചകന്‍ തന്റെ ചൂണ്ടുവിരല്‍ മേല്‍പ്പോട്ട്‌ ഉയര്‍ത്തി “അല്ലാഹുവേ, നീ ഇതിന്‌ സാക്ഷി . . . നീ ഇതിന്‌ സാക്ഷി . . .” എന്ന്‌ ആവര്‍ത്തിച്ചു പറഞ്ഞു.

        “ജനങ്ങളേ,നിങ്ങളെല്ലാം ഒരേ പിതാവില്‍ നിന്ന്‌. എല്ലാവരും ആദമില്‍ നിന്ന്‌, ആദം മണ്ണില്‍ നിന്നും സൃഷ്ടിക്കപ്പെട്ടു. നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ ഏറ്റവും ഭക്തിയുള്ളവനാണ്‌. അറബിക്ക്‌ അനറബിയേക്കാള്‍ തഖ്‌വ കൊണ്ടല്ലാതെ യാതൊരു ശ്രേഷ്ഠതയുമില്ല.”

“ജനങ്ങളേ, ഇവിടെ ഹാജറുള്ളവര്‍ ഹാജരില്ലാത്തവര്‍ക്ക്‌ ഇത്‌ എത്തിച്ചുകൊടുക്കുക. എത്തിക്കപ്പെടുന്നവര്‍ എത്തിച്ചവരേക്കാള്‍ കാര്യം ഗ്രഹിച്ചേക്കാം.” നബി(സ)യുടെ പ്രസംഗശേഷം വിശുദ്ധ ഖുര്‍ആനിലെ താഴെ പറയുന്ന സൂക്തം അവതരിച്ചു:

ഇന്ന്‌ ഞാന്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം ഞാന്‍ നിങ്ങള്‍ക്ക്‌ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക്‌ തൃപ്തിപ്പെട്ടു തരികയും ചെയ്തിരിക്കുന്നു“(സൂറ: മാഇദ:3)

വാർധക്യം ശാപമോ

വാർധക്യം ശാപമോ ?

വൃദ്ധന്‍, വൃദ്ധ എന്നീ പദങ്ങള്‍ കേള്‍ക്കുമ്പോൾത്തന്നെ പല യുവതി യുവാക്കളുടെയും നെറ്റി ചുളിയുന്ന കാലമാണിത്‌ എന്ന്‌ പറയുന്നതില്‍ ഒട്ടും അതിശയോക്തിയില്ല. വൃദ്ധരായ മാതാപിതാക്കള്‍ പലര്‍ക്കും ഇന്ന്‌ ശാപമാണ്‌, ഭാരമാണ്‌, വിഴുപ്പുഭാണ്ഡമാണ്‌. ചുക്കിച്ചുളിഞ്ഞ തൊലിയും കാഴ്ച മങ്ങിയ കണ്ണുകളും ഒട്ടും കേള്‍ക്കാത്ത കാതുകളും ‘അള്‍ഷിമേഴ്സ്‌’ എന്ന ഓര്‍മക്കുറവുമൊക്കെയായി ചുമച്ചു തുപ്പി വീട്ടിന്റെയൊരു മൂലയില്‍ കൂനിക്കൂടിയിരിക്കുന്ന മനുഷ്യന്‍ തന്റെ മാതാവോ പിതാവോ ആയാലെന്ത്‌…അവലക്ഷണമല്ലേ?! ആ നാശംപിടിച്ച ജന്തുവിനെ വീട്ടില്‍ നിന്നിറക്കി വീടു ‘ക്ലീന്‍’ ആക്കുവാന്‍ എന്തുണ്ട്‌ മാര്‍ഗ്ഗം? അതു ചിന്തിച്ച്‌ തല പുണ്ണാക്കേണ്ട! അതിനാണ് വൃദ്ധസദനങ്ങള്‍. അവിടെ അവരെ കൊണ്ടുപോയി തള്ളാം. മാസാമാസം നടത്തിപ്പുകാര്‍ക്ക്‌, നിശ്ചയിക്കപ്പെട്ട തുക അയച്ചു കൊടുത്താല്‍ മതി. മരിച്ചാല്‍ അവര്‍ വിവരമറിയിക്കും. വേണമെങ്കില്‍ പോയി കാണാം. എന്തൊരു സൗകര്യം, അല്ലേ!

സ്നേഹമസൃണമായ പെരുമാറ്റവും വാത്സല്യത്തിന്റെ ഊഷ്മള സ്പര്‍ശവും അനിവാര്യമായ ഘട്ടത്തില്‍ മക്കളില്‍ നിന്ന്‌ അവഗണനയും പരിഹാസവും മാത്രം ലഭിക്കുന്ന മാതാപിതാക്കളുടെ നെഞ്ചിന്റെയുള്ളിലെ വേദന വിവരണാതീതമാണ്‌. തന്നെ പെറ്റു വളര്‍ത്തിയ മാതാവ്‌; തനിക്കു വേണ്ടി ആരോഗ്യവും ആയുസ്സും വിനിയോഗിച്ച്‌ തന്നെ ഉന്നതനിലയിലെത്തിച്ച പിതാവ്‌; അവരെ ചവിട്ടിപ്പുറത്താക്കുന്ന സന്താനം ചെയ്യുന്നത്‌ എന്തുമാത്രം വലിയ പാതകമാണ്

മാതാപിതാക്കളോടുള്ള കടമകളെ ഇസ്ലാം വളരെ ഗൗരവകരമായാണ്‌ കാണുന്നത്‌. അതില്‍ വീഴ്ച വരുത്തുന്നവര്‍ക്ക്‌ നാശമാണ്‌ എന്ന്‌ പറഞ്ഞ പ്രവാചകന്‍, അവരോടുള്ള കടമകള്‍ നിറവേറ്റുന്നത്‌ സ്വര്‍ഗ പ്രവേശം സുസാധ്യമാക്കും എന്ന്‌ കൂടി നമ്മെ പഠിപ്പിക്കുന്നു.

മാതാപിതാക്കള്‍ക്ക്‌ നന്മ ചെയ്യണം എന്ന്‌ മാത്രമല്ല, അവരോടുള്ള സംസാരവും പെരുമാറ്റവും എല്ലാം മാന്യമായ നിലയിലായിരിക്കണമെന്നും ഇസ്ലാം നിഷ്കര്‍ഷിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:
“തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും മാതാപിതാക്കള്‍ക്ക്‌ നന്മ ചെയ്യണമെന്നും നിന്റെ രക്ഷിതാവ്‌ വിധിച്ചിരിക്കുന്നു. അവരില്‍ ഒരാളോ അവരില്‍ രണ്ടുപേരും തന്നെയോ നിന്റെയടുക്കല്‍ വെച്ച്‌ വാര്‍ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോടു നീ ‘ഛെ’ എന്ന്‌ പറയുകയോ, അവരോട്‌ കയര്‍ക്കുകയോ ചെയ്യരുത്‌. അവരോടു നീ മാന്യമായ വാക്കു പറയുകയും ചെയ്യുക. കാരുണ്യത്തോടുകൂടി എളിമയുടെ ചിറക്‌ നീ അവരിരുവർക്കും താഴ്ത്തിക്കൊടുക്കുക. എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയതുപോലെ ഇവരോടു നീ കരുണ കാണിക്കേണമേ എന്ന്‌ നീ പ്രാര്‍ഥിക്കുകയും ചെയ്യുക” (17: 23,24).

മാതാപിതാക്കള്‍ അന്യ മതക്കാര്‍ ആണെങ്കിലും ആദര്‍ശ വിശുദ്ധി കാത്തുസൂക്ഷിച്ചുകൊണ്ട്‌ അവരോ ടുള്ള കടമകള്‍ നിറവേറ്റണം എന്നും വൃദ്ധരായ മാതാ പിതാക്കള്‍ക്ക്‌ ചെയ്യുന്ന സേവനം ദൈവമാര്‍ഗ ത്തിലുള്ള പലായനത്തേക്കാളും ധര്‍മ സമരത്തേക്കാളും ഉത്തമമാണെന്നും അവരുടെ തൃപ്തിയിലാണ്‌ അല്ലാഹുവിന്റെ തൃപ്തിയെന്നും അവരുടെ കോപത്തിലാണ്‌ അല്ലാഹുവിന്റെ കോപമെന്നും കാരുണ്യത്തിന്റെ മതമായ ഇസ്ലാം വ്യക്തമാക്കുന്നു.

ഒരു മനുഷ്യന്‍ പ്രവാചകസന്നിധിയില്‍ വന്ന്‌ കൊണ്ട്‌ ‘എന്റെ മെച്ചപ്പെട്ട’ സഹവാസത്തിന്‌ ഏറ്റവും അര്‍ഹന്‍ ആരാണെന്ന്‌ ചോദിച്ചപ്പോള്‍ പ്രവാചകന്റെ (സ) മറുപടി ‘നിന്റെ മാതാവ്‌‘ എന്നായിരുന്നു. മൂന്നു തവണ ആവര്‍ത്തിച്ചു ചോദിച്ചപ്പോഴും ഇതായിരുന്നു മറുപടി. നാലാം തവണ ചോദിച്ചപ്പോഴാണ്‌ ‘നിന്റെ പിതാവ്‌‘ എന്ന്‌ മറുപടി പറഞ്ഞത്‌. നൊന്തുപ്രസവിച്ചു വളര്‍ത്തിയ മാതാവിനോട്‌ കൂടുതല്‍ കടപ്പാടുണ്ടെന്ന്‌ ഇത്‌ വ്യക്തമാക്കുന്നു. പിതാക്കളോട്‌ വെറുപ്പു കാണിക്കുന്നത്‌ നന്ദികേടാണ് എന്നും നബി(സ) മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്‌.

വാര്‍ധക്യം തന്നെയും പിടികൂടുമെന്ന ചിന്തയെങ്കിലുമുള്ളവര്‍ വൃദ്ധരായ മാതാപിതാക്കളെ വെറുക്കില്ല, തീര്‍ച്ച.

മുസ്ലിം അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ നിവേദനം. നബി(സ)പറഞ്ഞു:
“വാര്‍ധക്യം ബാധിച്ച മാതാപിതാ ക്കളെയോ അവരില്‍ ഒരാളെയോ ലഭിച്ചിട്ടും സ്വര്‍ഗം നേടാന്‍ സാധിക്കാത്തവന്‌ നാശം! അവന്‌ നാശം! അവന്‌ നാശം!”

വിശ്വാസ സംഗ്രഹം

അബ്ദുല്ലാഹ് ബ്‌നു അബ്ദുല്‍ ഹമീദ് അല്‍ അഥരി വിവര്‍ത്തനംഃ കബീര്‍ എം. പറളി

സലഫുസ്സ്വാലിഹിന്റെ അഖീദയെ സംബന്ധിച്ച സംക്ഷിപ്ത വിശകലനമാണ് ഈ കൃതി. ആധുനിക സംഘങ്ങളിലും സംഘടനകളിലും കാണുന്ന ഗുരുതരമായ അഭിപ്രായാന്തരങ്ങളിലും, വിഭാഗീയതകളിലും കഴിയേണ്ടിവരുന്ന ഇന്നത്തെ മുസ്‌ലിം ഉമ്മത്തിന്റെ അവസ്ഥയാണ് ഇത്തരമൊരു രചനയ്ക്ക് എന്നെ പ്രേരിപ്പിച്ചത്. എല്ലാവരും അവരവരുടെ മന്‍ഹജിലേക്കാണ് ക്ഷണിക്കുന്നത്. തങ്ങളുടെ സംഘങ്ങളേയാണ് നല്ലവരായി പ്രഖ്യാപിക്കുന്നത്. ഇവര്‍ക്കിടയില്‍ എന്തു ചെയ്യണമെന്നറിയാതെ ജനങ്ങള്‍ അങ്കലാപ്പിലാണ്; ആരോടൊപ്പമാണ് പോകേണ്ടത്? ആരെയാണ് പിന്തുടരേണ്ടത്? തുടങ്ങിയ ചോദ്യങ്ങള്‍ അവരെ കുഴക്കുന്നുണ്ട്. പക്ഷെ, സത്യത്തിന്റെ തിരിനാളം ഈ ഉമ്മത്തില്‍ നിന്നും പൂര്‍ണ്ണമായും നിഷ്‌കാസിതമായിട്ടില്ല. ഒരുനാളും അങ്ങനെയൊന്ന് സംഭവിക്കുകയുമില്ല. പ്രവാചകന്‍ പറഞ്ഞു: എന്റെ സമുദായത്തില്‍ ഒരു വിഭാഗം സത്യത്തില്‍ വിജയിച്ചുകൊണ്ടേയിരിക്കും. അവരെ നിന്ദിക്കുന്നവർക്കോ എതിര്‍ക്കുന്നവർക്കോ അവര്‍ക്കൊരുപദ്രവവും വരുത്താനാകില്ല. അല്ലാഹുവിന്റെ (അന്ത്യനാളിനുള്ള) കല്‍പന വരുവോളവും അവര്‍ അതില്‍ നിന്നെ നിലകൊള്ളുന്നവരായിരിക്കും. (ബുഖാരി)

ഇവിടെ നമ്മളിലൊരു ബാധ്യത കടന്നുവരുന്നുണ്ട്. ആരാണാ വിഭാഗം? അല്ലാഹുവിന്റെ ദൂതന്‍ പഠിപ്പിക്കുകയും, സ്വഹാബത്തും, താബിഉകളും, തബഉത്താബിഉകളുമടങ്ങുന്ന ഉത്തമ തലമുറ ശീലിക്കുകയും ചെയ്ത ശരിയായ ഇസ്‌ലാമിനെ പ്രതിനീധികരിക്കുന്ന ആ അനുഗൃഹീത വിഭാഗത്തെപ്പറ്റി നാം പഠിച്ചേ മതിയാകൂ. അവരാണ് വിജയ കക്ഷികള്‍! അവരാണ് അല്ലാഹുവിന്റെ സഹായത്തിന് വിധേയരായ സംഘങ്ങള്‍! ഈ വിഭാഗമാണ് അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅ എന്ന പേരില്‍ അറിയപ്പെടുന്നത്; സച്ചരിതരായ സലഫുകളുടെ സംശുദ്ധമായ പ്രതിബിംബം.

സലഫിന്റെ അഖീദ: നിര്‍വചനം

ഭാഷാപരമായി, അഖീദ എന്നാല്‍ ബന്ധം (العقد), ഉറപ്പ് (التوثيق), കൃത്യത (الإحكام), ശക്തമായ കെട്ട് (الربط بقوة) എന്നൊക്കെയാണ് അര്‍ഥം.

അതേസമയം, ‘സംശയം കടന്നു വരാന്‍ സാധ്യതയില്ലാത്ത വിധം ഒരു വിശ്വാസിയില്‍ രൂഢമൂലമായ ഈമാന്‍’  (الإيمان الجازم الذي لا يتطرق إليه شك لدى معتقده) എന്നാണ് അഖീദക്ക് സാങ്കേതികമായി പറഞ്ഞു വരുന്നത്.

സലഫ് എന്ന പദം കൊണ്ട് അര്‍ഥമാക്കുന്നത് എന്താണ്? ‘മുമ്പ് കഴിഞ്ഞു പോയത്’ എന്നത്രെ ഈ പദത്തിന്റെ ഭാഷാര്‍ഥം. മുന്‍കാല സമൂഹം എന്നും ഇതിന് അര്‍ഥമുണ്ട്. പ്രായത്തിലും, പദവിയിലും നി ന്നേക്കാള്‍ മുകളില്‍ നില്‍ക്കുന്ന, നിന്റെ മുന്‍ഗാമികളായ പിതാക്കള്‍, ബന്ധുക്കള്‍ തുടങ്ങിയവരേയും സലഫ് എന്ന വാക്ക് കൊണ്ട്  അര്‍ഥ മാക്കാവുന്നതാണ്. ഇസ്‌ലാമിന്റെ ആദ്യകാല സമൂഹത്തെ സലഫു സ്സ്വാലിഹ് (സച്ചരിതരായ ആദ്യകാല സമൂഹം) എന്ന് വിളിക്കുന്നത് ഈ അര്‍ഥത്തിലാണ്. അല്ലാഹുവിന്റെ ദൂതനും അവിടുത്തെ സ്വഹാ ബികളും അവരെ നന്‍മയില്‍ പിന്തുടര്‍ന്ന താബിഉകളുമാണ് മുസ്‌ലിം ഉമ്മത്തിന്റെ സച്ചരിതരായ സലഫ്. പ്രവാചകനും സ്വഹാബത്തും ഏ തൊന്നിലേക്ക് പ്രബോധനം ചെയ്തുവോ, അതിലേക്ക് പ്രബോധനം ചെയ്യുന്നവരാണ് മന്‍ഹജുസ്സലഫില്‍ (സലഫീ സരണിയില്‍) നില കൊള്ളുന്നവര്‍. സലഫുകളാണ് അനുധാവനം ചെയ്യപ്പെടാന്‍ അര്‍ഹര്‍. എന്തു കൊണ്ടെന്നാല്‍, വിശ്വാസത്തില്‍ സത്യസന്ധരും അഖീദയി ല്‍ ശക്തരുമായിരുന്നു അവര്‍. തങ്ങളുടെ ഇബാദാത്തുകളില്‍ ആത്മാര്‍ഥ രുമായിരുന്നു. അതുകൊണ്ടുതന്നെയാണ്, തന്റെ ദീനിന്റെ പ്ര ചരണത്തിന്, തന്റെ ദൂതന്റെ സുന്നത്തുകളുടെ പ്രബോധനത്തിന് അ ല്ലാഹു തആലാ ആ സമൂഹത്തെ തെരഞ്ഞെടുത്തത്.

സലഫുസ്സ്വാലിഹിന്റെ നേതാവ് അല്ലാഹുവിന്റെ റസൂലാണ്(g). അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുമ്പോള്‍ അവര്‍ തിരിച്ചുപോയിരുന്നത് ഖുര്‍ആനിലേക്കും സുന്നത്തിലേക്കുമാണ്. ഖുര്‍ആന്‍ അവരെ പഠി പ്പിച്ചത് അങ്ങനെയാണ് എന്നതു കൊണ്ടാണത്.

فَإِنْ تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّهِ وَالرَّسُولِ إِنْ كُنْتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآَخِرِ ذَلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا (سورة  النساء: 59)

”വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്.) അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും.” (നിസാഅ്: 59)

പ്രവാചകനെ കഴിഞ്ഞാല്‍, ഏറ്റവും ബഹുമാന്യരായ സലഫ്, ന ബി തിരുമേനി()യില്‍ നിന്നും ആത്മാര്‍ഥമായും സത്യസന്ധതയോ ടേയും ദീനുള്‍ക്കൊണ്ട സ്വഹാബത്താണ്. അവരെ പരിചയപ്പെടുത്തി ക്കൊണ്ട് അല്ലാഹു പറഞ്ഞു:

مِنَ الْمُؤْمِنِينَ رِجَالٌ صَدَقُوا مَا عَاهَدُوا اللَّهَ عَلَيْهِ فَمِنْهُمْ مَنْ قَضَى نَحْبَهُ وَمِنْهُمْ مَنْ يَنْتَظِرُ وَمَا بَدَّلُوا تَبْدِيلًا (الأحزاب: 23)

”സത്യവിശ്വാസികളുടെ കൂട്ടത്തില്‍ ചില പുരുഷന്‍മാരുണ്ട്. ഏതൊരു കാര്യത്തില്‍ അല്ലാഹുവോട് അവര്‍ ഉടമ്പടി ചെയ്തുവോ, അതില്‍ അവര്‍ സത്യസന്ധത പുലര്‍ത്തി. അങ്ങനെ അവരില്‍ ചിലര്‍ (രക്ത സാക്ഷിത്വത്തിലൂടെ) തങ്ങളുടെ പ്രതിജ്ഞ നിറവേറ്റി. അവരില്‍ ചിലര്‍ (അത്) കാത്തിരിക്കുന്നു. അവര്‍ (ഉടമ്പടിക്ക്) യാതൊരു വിധ മാറ്റവും വരുത്തിയിട്ടില്ല.” (അഹ്‌സാബ്: 23)

അതിനാല്‍, സലഫുസ്സ്വാലിഹിനെ പിന്തുടരുകയും അവരുടെ സരണിയിലൂടെ സഞ്ചരിക്കുകയും ചെയ്യുന്ന ഏതു കാലഘട്ടത്തിലെ, ആര്‍ക്കും പറയാവുന്ന പേരാണ് സലഫി എന്നത്; സലഫുകളെ പി ന്തുടരുന്നവന്‍ സലഫി എന്നര്‍ഥം.

സലഫുസ്സ്വാലിഹിന്റെ അഖീദ

സലഫുസ്സ്വാലിഹിന്റെ അഖീദയാണ് പിന്തുടരാന്‍ അര്‍ഹതയുള്ള ത്; എന്തുകൊണ്ട്? മറ്റൊന്നു കൊണ്ടുമല്ല; മുസ്‌ലിം സമൂഹത്തെ മൊ ത്തത്തിലും പണ്ഡിതന്‍മാരേയും പ്രബോധകന്‍മാരേയും പ്രത്യേകിച്ചും ഐക്യപ്പെടുത്തി നിര്‍ത്താന്‍ കെല്‍പുള്ള ഒരേയൊരുമാര്‍ഗം സലഫു സ്സ്വാലിഹിന്റെ അഖീദയാണ് എന്നത് കൊണ്ടാണത്. അത് അല്ലാഹുവി ന്റെ വഹ്‌യിനും പ്രവാചക തിരുമേനി(g)യുടെ സുന്നത്തിനും അനു സൃതമായുള്ളതാണ്. ആദരണീയരായ ആദ്യകാല സ്വഹാബീ തലമുറയുടെ ആദര്‍ശമാണത്. തര്‍ക്കങ്ങളിലും ഭിന്നതകളിലുമായി കഴിയുന്ന മുസ്‌ലിം സമൂഹത്തിന്റെ ഇന്നത്തെ അവസ്ഥ നോക്കുക! സച്ചരിതരായ സലഫിന്റെ അഖീദക്കല്ലാതെ മറ്റൊന്നിനും അവരെ ഐക്യപ്പെടു ത്താന്‍ സാധിക്കുകയില്ല! അവരുടെ മാര്‍ഗത്തെപ്പറ്റി അല്ലാഹു പറ ഞ്ഞു:

وَمَنْ يُشَاقِقِ الرَّسُولَ مِنْ بَعْدِ مَا تَبَيَّنَ لَهُ الْهُدَى وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّى وَنُصْلِهِ جَهَنَّمَ وَسَاءَتْ مَصِيرًا (النساء: 115)

”തനിക്ക് സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്ത് നില്‍ക്കുകയും, സത്യവിശ്വാസികളുടെ തല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍  തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും, നരകത്തിലിട്ട് നാമവ നെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം!” (നിസാഅ്: 115)

അല്ലാഹുവുമായും അവന്റെ ദൂതനുമായും വിശ്വാസികളെ നേരിട്ട് ബന്ധപ്പെടുത്തുന്ന ആദര്‍ശമാണ് സലഫിന്റേത്. അവര്‍ രണ്ടു പേരോടുമാണ് അവരുടെ ആത്യന്തിക സ്‌നേഹം എന്നതുകൊണ്ടാണത്. അല്ലാഹു പറഞ്ഞതും അല്ലാഹുവിന്റെ റസൂല്‍(g)പറഞ്ഞതുമായ സം ഗതികളാണ് സലഫിന്റെ അഖീദ. മനുഷ്യന്റെ ശുഷ്‌കബുദ്ധി സ്വാധീനം ചെലുത്തിയിട്ടില്ലാത്ത, ഒരാളുടേയും ദേഹേച്ഛക്ക് ഇടം ലഭിച്ചിട്ടില്ലാ ത്ത ഋജുവായ ആദര്‍ശം.

ലളിതവും സുവ്യക്തവുമാണത്. ദുര്‍ഗ്രാഹ്യതയില്ലാത്ത, പ്രമാണ ങ്ങള്‍ കൈകടത്തലിന് വിധേയമായിട്ടില്ലാത്ത സുന്ദരമായ സരണി! അതിനെ ഉള്‍ക്കൊള്ളുന്ന ഒരാള്‍ക്ക് പിന്നെ സന്ദേഹങ്ങളുടെ പ്രശ്‌ന ങ്ങളില്ല. പിശാചിന്റെ ദുര്‍ബോധനങ്ങളില്‍ നിന്നും അവന്‍ ഏറെ ദൂരെയായിരിക്കും, തീര്‍ത്തും ഹൃദയാനന്ദം! കണ്‍കുളിര്‍മ്മ! എന്തുകൊ ണ്ടെന്നാല്‍, ഈ സമുദായത്തിന്റെ പ്രവചാകന്‍ മുഹമ്മദ് നബി(g) കാണിച്ചു തന്ന മാര്‍ഗത്തിലൂടേയാണ് അവന്റെ സഞ്ചാരം.

സലഫുസ്സ്വാലിഹിന്റെ അഖീദയുടെ അടിത്തറ

വിശ്വാസത്തിലും കര്‍മ്മത്തിലും സ്വഭാവനിഷ്ഠകളിലുമൊക്കെ കൃത്യവും വ്യവസ്ഥാപിതവുമായ അടിത്തറകളിലൂടെയാണ് അഹ്‌ലു സ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആളുകള്‍ ചരിച്ചുകൊണ്ടിരിക്കുന്നത്. പ്രസ്തുത അടിത്തറകളാകട്ടെ, അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ നിന്നും, പ്രവാചക തിരുമേനി(g)യുടെ സ്വഹീഹായ – അവ മുതവാതിറായവ യാകട്ടെ, ആഹാദായവയാകട്ടെ – ഹദീസുകളില്‍ നിന്നും, പൂര്‍വ സൂരികളായ സ്വഹാബികളും താബിഉകളും അവരെ നന്‍മയില്‍ പിന്തുടര്‍ന്ന തബഉത്താബിഉകളും സ്വീകരിച്ച നിലപാടുകളില്‍ നിന്നും ഉരുത്തിരി ഞ്ഞു വന്നവയാണ്. അഥവാ, അഹ്‌ലുസ്സുന്ന അവലംബിച്ചു പോരുന്ന ദീനിന്റെ അടിസ്ഥാന നിയമങ്ങള്‍ നബി തിരുമേനി (g) വ്യക്തമാക്കി ത്തന്നവ തന്നെയാകുന്നു എന്നര്‍ഥം. ദീനില്‍ ഏതെങ്കിലുമൊരു കാര്യം പുതുതായി നിര്‍മ്മിക്കാനോ, എന്തെങ്കിലും നിര്‍മ്മിച്ച് അത് ദീനിന്റെ ഭാഗമാണ് എന്ന് വാദിക്കാനോ ഒരാള്‍ക്കും പാടില്ല എന്ന് വിശ്വസിക്കുന്നവരാണ് അവര്‍. അഖീദയുടെ വിഷയത്തില്‍ ശറഅ് അനുശാസിക്കുന്നവ മുഴുവന്‍ മുറുകെപ്പിടിക്കുകയും, ബിദഈ വാദങ്ങളെ അപ്പാടെ തള്ളിക്കളയുകയും ചെയ്യുന്ന രീതിയാണ് അഹ്‌ലുസ്സുന്നത്തിന്റേത്.

ഇസ്‌ലാം ദീനിന്റെ അടിസ്ഥാന ആദര്‍ശങ്ങളായി അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്ത് വെച്ച് പുലര്‍ത്തുന്ന വിശ്വാസങ്ങളെ താഴെ കാണും പ്രകാരം സംഗ്രഹിച്ച് പറയാവുന്നതാണ്.

1. അല്ലാഹുവിലും, മലക്കുകളിലും, ഗ്രന്ഥങ്ങളിലും, ദൂതന്‍മാരിലും, അ ന്ത്യദിനത്തിലും, ഖദറിലുമുള്ള വിശ്വാസം. ഇവ ഓരോന്നും സംക്ഷിപ്തമായി വിശദീകരിക്കാവുന്നതാണ്:

അല്ലാഹുവിലുള്ള വിശ്വാസം:

അഥവാ, തൗഹീദിന്റെ മൂന്നിനങ്ങളും അംഗീകരിക്കുകയും, വിശ്വസിക്കുകയും, അവയനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുക.

തൗഹീദുര്‍റുബൂബിയ്യ (അല്ലാഹുവിന്റെ രക്ഷാകര്‍തൃത്വത്തിലു ള്ള ഏകത്വം): അല്ലാഹു തന്റെ പ്രവര്‍ത്തനങ്ങളിലും, സൃഷ്ടിപ്പിലും, വിഭവദാനത്തിലും, ജനിപ്പിക്കുന്നതിലും മരിപ്പിക്കുന്നതിലുമൊക്കെ ഏ കനാകുന്നു എന്നും, സര്‍വ വസ്തുക്കളുടേയും രക്ഷിതാവും, രാജാവും അവനാകുന്നു എന്നും വിശ്വസിക്കലാണ് തൗഹീദുര്‍റുബൂബിയ്യ.

തൗഹീദുല്‍ ഉലൂഹിയ്യ (അല്ലാഹുവിന്റെ ആരാധ്യതയിലുള്ള ഏകത്വം): അല്ലാഹുവാണ് സാക്ഷാല്‍ ഇലാഹ്.അവനല്ലാതെ ആരാധിക്ക പ്പെടുന്നവ മുഴുവന്‍ അയഥാര്‍ഥമാണ്. ആരാധന അല്ലാഹുവിന് മാത്രമാണ് നല്‍കേണ്ടത്. അവനുമായി ഒരാളേയും പങ്ക് ചേര്‍ത്തു കൂടാ. ഇബാദത്തിന്റെ യാതൊരംശവും അവനല്ലാത്തവരിലേക്ക് തിരിച്ചു വിടാവുന്നതല്ല.സ്‌നേഹം, ഭയം, പ്രതീക്ഷ തുടങ്ങിയ സര്‍വ്വം കൊണ്ടും, സമ്പൂര്‍ണ്ണമായി അല്ലാഹുവിന്നാണ് ഇബാദത്ത് ചെയ്യേണ്ടത്. എന്നീ കാര്യങ്ങളാണ് തൗഹീദുല്‍ ഉലൂഹിയ്യ കൊണ്ട് ഉദ്ദ്യേശിക്കപ്പെട്ടിട്ടുള്ളത്.

തൗഹീദുല്‍ അസ്മാഇ വസ്സ്വിഫാത്ത് (അല്ലാഹുവിന്റെ നാമങ്ങളിലും ഗുണവിശേഷങ്ങളിലുമുള്ള ഏകത്വം): വഹ്‌യിലൂടെ, വിശുദ്ധ വചനങ്ങളിലൂടെ അല്ലാഹു തന്റെ ഗുണവിശേഷണങ്ങള്‍ പറഞ്ഞു തന്നിട്ടുണ്ട്. സലഫുകള്‍ തങ്ങളുടെ രക്ഷിതാവിനെ മനസ്സിലാക്കിയതും ഉള്‍ക്കൊണ്ടതും പ്രസ്തുത നാമഗുണവിശേഷണങ്ങളിലൂടെയാണ്. ഖുര്‍ ആനിലൂടെയും പ്രവാചകന്റെ തിരുനാവിലൂടെയും സ്ഥാപിക്കപ്പെട്ടി ട്ടുള്ള അല്ലാഹുവിന്റെ മുഴുവന്‍ നാമഗുണവിശേഷണങ്ങളേയും, എങ്ങിനെയെന്ന് ചോദിക്കാതെ, നിഷേധിച്ചു തള്ളാതെ, വ്യാഖ്യാനി ക്കാതെ, രൂപം നല്‍കാതെയാണ് സലഫുകള്‍ സ്വീകരിച്ചു പോന്നത്. ഇക്കാര്യത്തില്‍ അവരെടുത്ത നിലപാടിന്റെ മാനദണ്ഡം ഖുര്‍ആനാണ്:

لَيْسَ كَمِثْلِهِ شَيْءٌ وَهُوَ السَّمِيعُ الْبَصِيرُ (الشورى: 11)

”അവന് തുല്യമായി യാതൊന്നുമില്ല. അവന്‍ എല്ലാം കാണുന്നവനും എല്ലാം കേള്‍ക്കുന്നവനുമാകുന്നു.” (ശൂറ: 11)

ഏഴ് ആകാശങ്ങള്‍ക്കും മീതെ, സര്‍വ സൃഷ്ടികളില്‍ നിന്നുമകന്ന്, അല്ലാഹു തന്റെ അര്‍ശില്‍ ഉപവിഷ്ഠനാണെന്നും, അവന്‍ എല്ലാ കാര്യങ്ങളെക്കുറിച്ചും സമ്പൂര്‍ണ്ണ ജ്ഞാനമുള്ളവനാണെന്നും, താന്‍ ഉദ്ദേശിക്കുന്ന വിധം വിഭവങ്ങള്‍ നല്‍കിക്കൊണ്ട് അവന്റെ രണ്ട് കൈക ളും നീട്ടിപ്പിടിച്ചവയാണെന്നും യാതൊരു വ്യാഖ്യാനവും കൂടാതെ അ ഹ്‌ലുസ്സുന്ന വിശ്വസിക്കുന്നു. കേള്‍വി, കാഴ്ച, അറിവ്, കഴിവ്, പ്രതാപം, സംസാരം തുടങ്ങിയ സ്വിഫത്തുകള്‍ അല്ലാഹുവിന്നുണ്ടെന്നും ഖുര്‍ആനും സുന്നത്തും പഠിപ്പിച്ച വിധം അവരംഗീകരിക്കുന്നു. ഈ വക കാര്യങ്ങളിലൊന്നിലും അവര്‍ ‘എങ്ങിനെ’ എന്ന് ചോദിക്കുക യോ ആ നിലക്ക് വ്യാഖ്യാനിക്കുകയോ ചെയ്യാറില്ല. ഇവയുടെയൊ ന്നും രൂപഭാവങ്ങള്‍ അല്ലാഹു തആലാ നമുക്ക് വിശദീകരിച്ചു തന്നിട്ടില്ല എന്നതു കൊണ്ടാണത്.

അതേ പ്രകാരം, പരലോകത്ത് വെച്ച് അടിമകള്‍ക്കിടയില്‍ വിചാ രണ നടത്തി വിധി പറയാനെത്തുന്ന വേളയില്‍, മുഅ്മിനുകള്‍ക്ക് അല്ലാഹുവിനെ നഗ്നനേത്രങ്ങള്‍കൊണ്ട് നോക്കിക്കാണാന്‍ സാധിക്കുമെ ന്നും വിശ്വസിക്കുന്നവരാണ് അഹ്‌ലുസ്സുന്ന.

മലക്കുകളിലുള്ള വിശ്വാസം:

അല്ലാഹുവിന്റെ മുഴുവന്‍ മലക്കുകളിലും ഭേദമേതുമില്ലാതെ അ വര്‍ വിശ്വസിക്കുന്നു. അവരുടെ അസ്ഥിത്വത്തെ അംഗീകരിക്കുന്നു. അവര്‍ അല്ലാഹുവിന്റെ സൃഷ്ടികളാണ്,പ്രകാശത്താലാണ് അവര്‍ സൃ ഷ്ടിക്കപ്പെട്ടിട്ടുള്ളത്, അല്ലാഹുവിനെ ആരാധിക്കുകയും, അവന്റെ ക ല്‍പനകള്‍ നടപ്പില്‍ വരുത്തുകയുമാണ് അവരുടെ സൃഷ്ടിപ്പിന്റെ  ല ക്ഷ്യം തുടങ്ങിയ കാര്യങ്ങളിലും സന്ദേഹമില്ലാതെ അവര്‍ വിശ്വസി ക്കുന്നവരാണ്. അല്ലാഹു മലക്കുകളെപ്പറ്റി പറഞ്ഞു:

بَلْ عِبَادٌ مُكْرَمُونَ * لَا يَسْبِقُونَهُ بِالْقَوْلِ وَهُمْ بِأَمْرِهِ يَعْمَلُونَ (الأنبياء: 26، 27)

”എന്നാല്‍ (അവര്‍ – മലക്കുകള്‍) അവന്റെ ആദരണീയരായ ദാസന്‍ മാര്‍ മാത്രമാകുന്നു. അവര്‍ അവനെ മറികടന്നു സംസാരിക്കുകയില്ല. അവന്റെ കല്‍പനയനുസരിച്ച് മാത്രം അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരി ക്കുകയാണ്.” (അമ്പിയാഅ്: 26, 27)

അതേസമയം, വിശുദ്ധരായ മലക്കുകളെ നമുക്ക് കാണാനാകാ ത്തവിധം അല്ലാഹു മറച്ചു വെച്ചിരിക്കുകയാണ്.

ഗ്രന്ഥങ്ങളിലുള്ള വിശ്വാസം:

മുഴുവന്‍ ദൈവിക ഗ്രന്ഥങ്ങളിലും, അതിലുള്‍ക്കൊള്ളുന്ന മത നിയമങ്ങളിലും, അവയില്‍ നിന്നുല്‍ഭവിക്കുന്ന പ്രകാശധാരകളിലും വിശ്വസിക്കുന്നവരാണ് അഹ്‌ലുസ്സുന്ന. മനുഷ്യ സമൂഹത്തിന്റെ സന്‍മാ ര്‍ഗത്തിനു വേണ്ടി അല്ലാഹു തന്റെ ദൂതന്‍മാരിലൂടെ അവതരിപ്പി ച്ചവയാണ് വേദഗ്രന്ഥങ്ങള്‍. തൗറാത്ത്, ഇഞ്ചീല്‍, സബൂര്‍, ഇബ്‌റാഹീം നബി (g)ക്കും, മൂസാ നബി(g)ക്കും ലഭിച്ച ഏടുകള്‍ എന്നിവ അവയില്‍ ചിലതാണ്. എന്നാല്‍ പ്രസ്തുത ഗ്രന്ഥങ്ങളേക്കാള്‍ മഹിതവും അവ യുടെ നിയമ സാധുതയെ ദുര്‍ബലമാക്കിയതുമായ വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. അല്ലാഹുവില്‍ നിന്നും അവതീര്‍ണ്ണമായ അവന്റെ കലാമാണ് ഖുര്‍ആന്‍ എന്നും, അത് സൃഷ്ടിയല്ല, (അക്ഷരത്തിലും ആശയത്തിലും) അല്ലാഹുവിന്റെ യഥാര്‍ഥത്തിലുള്ള സംസാരം ത ന്നെയാണ് എന്നും അഹ്‌ലുസ്സുന്ന കണിശമായും വിശ്വസിക്കുന്നു. അ ല്ലാഹു അതിനെ ജീബ്‌രീലി(റ)ന് നല്‍കുകയും, ജീബ്‌രീല്‍ മുഹമ്മദ് നബി(g)ക്ക് കൈമാറുകയും ചെയ്യുകയായിരുന്നു. ഹൃദയങ്ങള്‍ കാ ത്തു സൂക്ഷിക്കുന്ന, നാവുകള്‍ പാരായണം ചെയ്യുന്ന, ഏടുകളില്‍ രേ ഖപ്പെടുത്തപ്പെടുന്ന ഖുര്‍ആന്‍, ഖിയാമത്തു നാള്‍വരെ സകലമാന കൈകടത്തലുകളില്‍ നിന്നും സുരക്ഷിതമായിരിക്കുമെന്ന് അല്ലാഹു സുബ്ഹാനഹു വതആല വാഗ്ദാനം ചെയ്തിട്ടുള്ളതാണ്.

ഖുര്‍ആന്‍ പഠിക്കാനും, മനഃപാഠമാക്കാനും, പാരായണം ചെയ്യാനും, വിശദീകരിക്കാനും, പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാനും, അ ങ്ങനെ അല്ലാഹുവിലേക്ക് ആരാധനാപൂര്‍വം അടുക്കാനും ശ്രദ്ധിക്കു ന്നവരാണ് അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്ത്. സ്വാഭീഷ്ട പ്രകാരം ഖുര്‍ആനിനെ വ്യാഖ്യാനിക്കാവുന്നതല്ലെന്നും, അങ്ങനെ ചെയ്യുന്നത് അല്ലാഹുവിന്റെ മേല്‍ അറിവില്ലാതെ ആരോപണം നടത്തലാണെന്നും അവര്‍ വിശ്വസിക്കുന്നു. അല്ലാഹുവിന്റെ റസൂലില്‍ നിന്നും സ്വഹാബ ത്തില്‍ നിന്നും രേഖാമൂലം തങ്ങള്‍ക്കു വന്നുകിട്ടിയ പ്രമാണ ങ്ങള്‍ക്ക നുസരിച്ചു മാത്രമേ ഖുര്‍ആനിന്ന് വ്യാഖ്യാനങ്ങളും വിശദീകരണങ്ങ ളും നല്‍കാവൂ എന്നതാണ് അവരുടെ മതം.

പ്രവാചകന്‍മാരിലുള്ള വിശ്വാസം

ആദം നബി (അ) മുതല്‍ അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(g) വരെയുള്ള, അല്ലാഹു പേരെടുത്ത് പറഞ്ഞുതന്നതും അല്ലാത്തതുമായ മുഴുവന്‍ ദൂതന്‍മാരിലും അഹ്‌ലുസ്സുന്ന വിശ്വസിക്കുന്നു. ഗതകാല പ്ര വാചകന്‍മാരെ മൊത്തത്തിലും മുഹമ്മദു നബി (g) അന്ത്യ പ്രവാചകനാണ് എന്ന പരിഗണനയില്‍ അദ്ദേഹത്തെ മുഴുവനായും ഉള്‍ക്കൊ ള്ളുന്നവരാണ് അവര്‍. തിരുമേനി (g) ഉണര്‍ച്ചയില്‍ തന്നെ സ്വശരീരം ആകാശത്തിലേക്ക് യാത്ര ചെയ്‌തെന്നും,  അവിടെ അല്ലാഹു ഉദ്ദേശിക്കുന്ന ഉന്നതങ്ങളിലേക്കൊക്കെ ആരോഹണം നടത്തിയെന്നും അഹ്‌ലുസ്സുന്ന ഉറച്ചു വിശ്വസിക്കുന്നുണ്ട്.

അവസാന നാളിലുള്ള വിശ്വാസം:

നബി തിരുമേനി (g) അറിയിച്ചു തന്ന, വരാനിരിക്കുന്ന എല്ലാ വ ലുതും ചെറുതുമായ അന്ത്യനാളിന്റെ അടയാളങ്ങളിലും അഹ്‌ലുസ്സു ന്നക്ക് വിശ്വാസമുണ്ട്. ദജ്ജാലിന്റെ പുറപ്പാട്, മഹ്ദിയുടെ വരവ്, പ്ര വാചക(g)ന്റെ സന്താനപരമ്പരയില്‍ നിന്നാണ് മഹ്ദി എന്നത്, ഈസാ നബി(g)യുടെ ആഗമനം, അദ്ദേഹം ദജ്ജാലിനെ കൊല്ലുന്നത്, ഭൂമിയില്‍ ഇസ്‌ലാമികമായി ഭരിക്കുന്നത്, സൂര്യന്‍ പടിഞ്ഞാറു നിന്ന് ഉദിക്കുന്നത്, ദാബ്ബത്തുല്‍ അര്‍ള് അതിന്റെ വാസസ്ഥാനത്തു നിന്നും പുറത്തുവരുന്നത്, യഅ്ജൂജ് മഅ്ജൂജ് എന്നീ വര്‍ഗങ്ങള്‍ വന്നെത്തു ന്നത് തുടങ്ങിയ അനേകം കാര്യങ്ങള്‍ അന്ത്യനാളിന്റെ അടയാളങ്ങളായി നബി(g)പ്രസ്താവിച്ചിട്ടുണ്ട്.

മരണാന്തരം സംഭവിക്കുമെന്ന് നബി(g) സാക്ഷ്യപ്പെടുത്തിയ, ഖബറിലെ ശിക്ഷാരക്ഷകള്‍, മുന്‍കര്‍, നകീര്‍ മലക്കുകളുടെ ചോദ്യങ്ങള്‍, ഖബറില്‍ നിന്നുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പ്, ലോകരക്ഷിതാവായ അല്ലാഹുവിന്റെ മുമ്പിലേക്ക് നഗ്നരും നഗ്നപാദരുമായുള്ള മനുഷ്യരു ടെ പോക്ക് തുടങ്ങിയ കാര്യങ്ങളില്‍ ഉറച്ച വിശ്വാസമാണ് അഹ്‌ലുസ്സുന്ന ത്തിനുള്ളത്. ഖിയാമത്തു നാളില്‍ അല്ലാഹു തന്റെ ദാസന്‍മാരോട് സംസാരിക്കുമെന്നും, അവര്‍ക്കിടയില്‍ ഒരു പരിഭാഷകന്റെയും ആവ ശ്യമുണ്ടാകില്ലെന്നും അഹ്‌ലുസ്സുന്ന വിശ്വസിക്കുന്നുണ്ട്. വിചാരണാ മൈതാനിയില്‍ മനുഷ്യകുലം ഒരുമിച്ചു ചേരുമെന്നതും, അവിടെ വെച്ച് അവരുടെ കൃത്യമായ വിചാരണ നടക്കുമെന്നതും സത്യമാണ്. അടിമകളുടെ പ്രവര്‍ത്തനങ്ങള്‍ തൂക്കിക്കണക്കാക്കാന്‍ തുലാസുണ്ടെന്ന തും അതിന് രണ്ട് തട്ടുകളുണ്ടെന്നതും സത്യമാണ്. ഇടതു കയ്യില്‍ അല്ലെങ്കില്‍ വലതു കയ്യില്‍ കര്‍മ്മരേഖയുടെ ഗ്രന്ഥം നല്‍കപ്പെടും. നരകത്തിന്റെ മധ്യത്തിലൂടെ സ്വിറാത്തെന്ന പാലം സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. സ്വര്‍ഗവും നരകവും സൃഷ്ടികളാണ്, അവ ഒരിക്കലും നശിക്കുകയില്ല. വിചാരണാ മൈതാനിയില്‍ നബി()ക്ക് പ്രത്യേകമായൊരു ഹൗളുണ്ട്. അതിലെ ജലം പാലിനേക്കാള്‍ വെളുത്തതും, തേനിനേക്കാള്‍ മധുരമുള്ളതുമാണ്. അതിന്റെ മണമാകട്ടെ മിസ്‌കിനേക്കാള്‍ സുഗന്ധ മുള്ളതാണ്. അത് കോരിക്കൊടുക്കാനുള്ള പാത്രങ്ങള്‍ ആകാശത്തി ലെ താരകങ്ങളോളം സമൃദ്ധമാണ്. അതില്‍ നിന്ന് ഒരിക്കല്‍ കുടിക്കുന്നവന്ന് പിന്നെ ദാഹമനുഭവപ്പെടുന്ന പ്രശ്‌നമില്ല. ദീനില്‍ പുത്തനാചാരങ്ങള്‍ അഥവാ ബിദ്അത്തുകള്‍ നിര്‍മ്മിച്ചുണ്ടാക്കി ആചരിക്കുന്നവ ന്ന് ഹൗളുല്‍ കൗസറിലെ വെള്ളം ലഭിക്കുന്നതല്ല. ശഫാഅത്ത് യാഥാ ര്‍ഥ്യമാണ്. ഇതര തെറ്റുകള്‍ക്കായി നരകത്തില്‍ പ്രവേശിപ്പിക്കപ്പെട്ട തൗഹീദിന്റെ ആളുകള്‍, കത്തിയമര്‍ന്ന് കരിക്കട്ടയായതിനു ശേഷം, ശഫാഅത്തിലൂടെ നരകമുക്തരാകും തുടങ്ങിയ ഇസ്‌ലാമിക പാഠങ്ങളില്‍ മുഴുവന്‍ അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅ സന്ദേഹമില്ലാതെ വി ശ്വക്കുന്നവരാണ്.

വിധിയിലുള്ള വിശ്വാസം

അഹ്‌ലുസ്സുന്ന, നന്‍മകളാകട്ടെ തിന്‍മകളാകട്ടെ, അല്ലാഹുവിന്റെ വിധിയില്‍ നിസ്സംശയം വിശ്വസിക്കുന്നു. സംഭവിച്ചതും വരാനിരിക്കു ന്നതുമായ എല്ലാ സംഗതികളും അല്ലാഹുവിനറിയാം. എല്ലാം അവന്‍ തീര്‍ച്ചപ്പെടുത്തുകയും ലൗഹുല്‍ മഹ്ഫൂളില്‍ രേഖപ്പെടുത്തി വെക്കു കയും ചെയ്തിട്ടുണ്ട്. ദുനിയാവില്‍ സംഭവിക്കുന്ന നന്‍മയും തിന്‍മയും കുഫ്‌റും, ഈമാനും, അനുസരണവും, നിഷേധവും എല്ലാമെല്ലാം അല്ലാഹു മുമ്പേ ഉദ്ദേശിച്ചവയും തീരുമാനിച്ചു സൃഷ്ടിച്ചവയുമാണ്. അല്ലാഹുവിന്ന് അനുസരണത്തോട് ഇഷ്ടവും അനുസരണക്കേടിനോട് വെറുപ്പുമാണ്. അവനുദ്ദേശിക്കുന്നവരെ അവന്‍ സന്‍മാര്‍ഗ്ഗത്തിലാ ക്കുന്നു. വഴികേടിലാക്കുന്നതും അങ്ങനെ തന്നെ. എന്തുകൊണ്ട് വഴികേടിലാക്കി എന്നതിന് അവന്‍ ഒരാളോടും കാരണം ബോധിപ്പിക്കുന്നതല്ല. ഏതൊരാള്‍ക്കും തന്റെ കര്‍മ്മങ്ങളും വിശ്വാസങ്ങളും തെര ഞ്ഞെടുക്കാം. എങ്കിലും അവന്‍ അല്ലാഹുവിന്റെ തീരുമാനങ്ങള്‍ക്കനു സരിച്ചാണ് ജീവിക്കുന്നത്. അല്ലാഹു  ഉദ്ദേശിക്കുന്നതെന്തൊ അതു നടന്നിരിക്കും അവനുദ്ദേശിക്കാത്തത് നടക്കാന്‍ സാധ്യതയേയില്ല. ഈ പറയപ്പെട്ട സംഗതികളെല്ലാം അഹ്‌ലുസ്സുന്നത്തിന്റെ വിശ്വാസ കാര്യങ്ങളാണ്.

2. ഈമാനിനെ സംബന്ധിച്ചുള്ള സലഫുസ്സ്വാലിഹിന്റെ വിശ്വാസം

ഈമാന്‍ ഹൃദയം കൊണ്ട് സാക്ഷ്യപ്പെടുത്തലും, നാവുകൊണ്ട് പ്രഖ്യാപിക്കലും, അവയവങ്ങള്‍ കൊണ്ട് പ്രവര്‍ത്തിക്കലുമാണ്. ഈമാന്‍ പുണ്യകര്‍മ്മങ്ങള്‍ക്കനുസൃതം വര്‍ദ്ധിക്കുകയും പാപകര്‍മ്മങ്ങ ള്‍ക്കനുസൃതം കുറയുകയും ചെയ്യും. പ്രവര്‍ത്തനം കൊണ്ടല്ലാതെ ഈമാനിന് നിലനില്‍പില്ല. വാക്കാവട്ടെ പ്രവര്‍ത്തനമാകട്ടെ നിയ്യത്തിലൂടെയേ സഫലമാകൂ. വാക്കും പ്രവൃത്തിയും നിയ്യത്തുമൊക്കെ പ്രവാചക സുന്നത്തുമായി യോജിക്കുമ്പോഴാണ് സാര്‍ഥക മായിത്തീരുക. ഈമാനുമായി ബന്ധപ്പെട്ട, സലഫുസ്സ്വാലിഹിന്റെ അടിസ്ഥാന വിശ്വാസങ്ങളാണ് മേലെ വായിച്ചത്.

3. പാപം ചെയ്ത ഒരു മുസ്‌ലിമിനേയും കാഫിറായി കാണുന്ന രീതിയല്ല സലഫിന്റേത്.

ഇസ്‌ലാമിന്റെ അംഗീകൃതമായൊരു നിയമത്തെ ബോധപൂര്‍വം നിഷേധിക്കുന്നുവെങ്കിലല്ലാതെ, കബാഇറുകളിലകപ്പെട്ടവരെപ്പോലും കാഫിറെന്ന് വിധിക്കാന്‍ അവര്‍ തയ്യാറല്ല. ഈമാന്‍ കുറഞ്ഞവരും, ഫിസ്ഖ് സംഭവിച്ചവരുമെന്നേ അവരെപ്പറ്റി സലഫുകള്‍ അഭിപ്രായം പറയുകയുള്ളൂ. അങ്ങനെയുള്ള ഒരാള്‍ മരിച്ചാല്‍, അവന്റെ വിധി അല്ലാഹുവി ങ്കലാണെന്നും, അവനുദ്ദേശിക്കുന്നുവെങ്കില്‍ ആ വ്യക്തിക്ക് പൊറുത്തു കൊടുക്കുകയോ, അവനെ ശിക്ഷക്ക് വിധേയമാക്കുകയൊ ചെയ്യും എന്നുമാണ് സലഫിന്റെ വിശ്വാസം.

കുഫ്‌റിനെ അവര്‍ രണ്ടായി വിഭജിച്ചിട്ടുണ്ട്:

A. കുഫ്ർ അക്ബര്‍ അഥവാ വലിയ നിഷേധം. ഇത് സംഭവിക്കുന്ന ഒരാള്‍ ഇസ്‌ലാമില്‍ നിന്നും ബഹിഷ്‌കൃതനാകും.

B. കുഫ്ർ അസ്ഗര്‍ അഥവാ ചെറിയ നിഷേധം. ഇത് സംഭവിക്കുന്ന ഒരാളെ ഇസ്‌ലാമില്‍ നിന്നും ബഹിഷ്‌കൃതനാക്കുകയില്ല.

കൃത്യമായ ശറഈ രേഖയില്ലാതെ വാക്കു കൊണ്ടൊ, പ്രവൃത്തി കൊണ്ടൊ ഒരു മുസ്‌ലിമിനേയും കാഫിറെന്ന് മുദ്രകുത്താവതല്ല. കാഫിറെന്ന് പറയാന്‍ തക്ക നിബന്ധനകള്‍ അയാളില്‍ വ്യക്തമായി കാ ണുന്നുവെങ്കിലേ അത്തരമൊരു നിലപാടെടുക്കാന്‍ അനുവാദമുള്ളൂ.

4. മുസ്‌ലീംകളുടെ കൈകാര്യകര്‍ത്തക്കളായ ഭരണാധികാരികളെ നന്‍മകളില്‍ അനുസരിക്കല്‍ നിര്‍ബന്ധമാണെന്നും, അവരെങ്ങാനും പാപകര്‍മ്മത്തിലേക്ക് കല്‍പിക്കുകയാണെങ്കില്‍ അക്കാര്യത്തില്‍ അവരെ അനുസരിക്കേണ്ടതില്ലെന്നും, എന്നാല്‍ അതല്ലാത്ത അവരുടെ നന്‍മകള്‍ കൊണ്ടുള്ള കല്‍പനകളെ മാനിച്ച് അവരെ അനുസരിക്കണമെന്നും സലഫുകള്‍ അഭിപ്രായപ്പെടുന്നു.

അവരുടെ ഇമാമത്തിനു കീഴില്‍ നമസ്‌കരിക്കുക, അവരോടൊപ്പം ജിഹാദിനിറങ്ങുക, അവരുടെ നന്‍മക്കും, സ്ഥിരതക്കും വേണ്ടി പ്രാര്‍ഥിക്കുക, അവരോട് ഗുണകാംക്ഷയോടെ പെരുമാറുക തുടങ്ങിയ കാര്യങ്ങള്‍ മുസ്‌ലിം പ്രജകളുടെ ബാധ്യതയാണ്. പ്രത്യക്ഷ നിലപാടു കളിലെ നല്ലവശത്തെ മാനിച്ചുകൊണ്ടാകണം ഇതൊക്കെ.

വ്യക്തമായ കുഫ്‌റല്ലാത്ത മറ്റു തിന്‍മകള്‍ പ്രവര്‍ത്തിച്ചൂ എന്നതി ന്റെ പേരില്‍ മുസ്‌ലിം ഭരണാധികാരികള്‍ക്കെതിരില്‍ കലഹത്തിന് പുറപ്പെടുന്നത് നിഷിദ്ധമാണ്. പാപകര്‍മ്മങ്ങളിലൊഴിച്ച്, അവരില്‍ പ്ര ത്യക്ഷനിഷേധം ഉണ്ടാകാത്തിടത്തോളം കാലം, മറ്റു നന്‍മകളില്‍ അവ രെ അനുസരിക്കണമെന്ന നിര്‍ദ്ദേശം പ്രവാചക തിരുമേനി(g)പ്രത്യേ കം നല്‍കിയിട്ടുള്ളതാണ്. ചില വഴിപിഴച്ച സംഘങ്ങളെപ്പോലെ അവ ര്‍ക്കെതിരില്‍ വിപ്ലവത്തിനൊരുങ്ങുന്നത് അനുവദനീയമായ കാര്യമല്ല.

5. പ്രവാചക(g)ന്റെ സ്വഹാബത്തിനെ സംബന്ധിച്ച് വിശുദ്ധമായ കാ ഴ്ചപ്പാടാണ് സലഫിനുള്ളത്. അവരെ അകമഴിഞ്ഞ് സ്‌നേഹിക്കുക,അ വര്‍ നിഷ്‌കളങ്ക ഹൃദയരായിരുന്നു എന്ന് വിശ്വസിക്കുക, അവരെപ്പറ്റി നല്ലതുമാത്രം പറയുക. ഇതാണവരുടെ നിലപാട്.

സ്വഹാബത്ത് മുഴുവനും നീതിമാന്‍മാരും, മുസ്‌ലിം ഉമ്മത്തിലെ ഉല്‍കൃഷ്ടന്‍മാരുമാണ്. വിശ്വാസം കൊണ്ടും മഹത്വംകൊണ്ടും സ്വ ഹാബികള്‍ അഗ്രേസരന്‍മാരാണെന്ന സംഗതി, ദീനിന്റെ കണിശവും ഖണ്ഡിതവുമായ അടിസ്ഥാന വിശ്വാസമാണ്. അവരോടുള്ള സ്‌നേഹം ദീനും ഈമാനുമാണ്. അവരോടുള്ള വെറുപ്പ് കുഫ്‌റും നിഫാഖുമാണ്.

അല്ലാഹുവിന്റെ റസൂലിനോടൊപ്പം സഹവസിക്കുകയോ, തിരുമേനിയെ ദര്‍ശിക്കുകയൊ ചെയ്ത, മുസ്‌ലിമായ നിലയില്‍ മരണപ്പെട്ട  ഏതൊരാളും സ്വഹാബികളില്‍ ഉള്‍പ്പെട്ടവനാണ്. നബി() യോടൊ ത്തുള്ള അദ്ദേഹത്തിന്റെ സഹവാസം, ഒരു വര്‍ഷമോ, ഒരു മാസമോ, ഒരു ദിവസമോ, ഒരു മണിക്കൂറോ മാത്രം ഉള്ളതായിരുന്നാലും ശരി അദ്ദേഹം സ്വഹാബിയായിത്തന്നെയാണ് പരിഗണിക്കപ്പെടുക. സ്വഹാബികള്‍ക്കിടയിലുണ്ടായിരുന്ന അഭിപ്രായാന്തരങ്ങളുടെ പേരില്‍ അവ ര്‍ ആക്ഷേപിക്കപ്പെടേണ്ടവരല്ല. അവരുടെ കാര്യങ്ങള്‍ തങ്ങളുടെ റബ്ബ് തീരുമാനിക്കുന്നതാണ്. ഏതൊരു കാര്യത്തില്‍ അവര്‍ ഗവേഷണാത്മ കമായി ഒരു തീരുമാനം കൈകൊണ്ടിട്ടുണ്ടൊ, ആ തീരുമാനം ശരി യാണെങ്കില്‍ രണ്ട് പ്രതിഫലമാണ് അല്ലാഹുവില്‍ നിന്നവര്‍ക്ക് ലഭിക്കുക. പ്രസ്തുത തീരുമാനം തെറ്റായിരുന്നുവെങ്കില്‍ത്ത ന്നെയും ഒരു പ്രതിഫലത്തിന് അര്‍ഹരാണവര്‍. അവരെടുത്ത നിലപാടുകളില്‍ പിഴ വു സംഭവിച്ചതിന്റെ പേരില്‍ അവരിലൊരാളേയും ആക്ഷേപിക്കുന്നത് അനുവദനീയമല്ല. നബി(g)ഗൗരവത്തോടെ പറഞ്ഞ സംഗതിയാണത്. അവിടുന്ന് അരുളി:

«لا تسبوا أصحابي، فوالذي نفسي بيده لو أنفق أحدكم مثل أحد ذهبًا ما بلغ مد أحدهم ولا نصيفه» [البخاري]

”നിങ്ങള്‍ എന്റെ സ്വഹാബികളെ ആക്ഷേപിച്ചു പറയരുത്. അല്ലാഹു സത്യം, നിങ്ങളിലൊരാള്‍ ഉഹദ് പര്‍വതത്തോളം സ്വര്‍ണ്ണം ചെലവഴി ച്ചാലും,അവരിലൊരാള്‍ ചെലവഴിച്ച ഒരു മുദ്ദിന്റെ അല്ലെങ്കില്‍ അര മു ദ്ദിന്റെ സ്ഥാനത്തേക്കെത്താന്‍ അവന്ന് സാധിക്കുകയില്ല.”(ബുഖാരി)

അതെ, സ്വഹാബികളെ ഏറ്റവും മാന്യവും ആദരണീയവുമായ നിലയിലാണ് വിശ്വാസികള്‍ അനുസ്മരിക്കേണ്ടത്. മുബ്തദിഉകള്‍, റാഫിദകള്‍, ഖവാരിജുകള്‍ തുടങ്ങിയ കക്ഷികള്‍  സ്വഹാബത്തിനെ അ വമതിക്കുന്നവരും അവരുടെ പദവികളെ നിഷേധിക്കുന്നവരുമാണ്.അ തു കൊണ്ടുതന്നെ അത്തരക്കാരുടെ നിലപാടുകള്‍ക്ക് വിരുദ്ധമായിരി ക്കണം സ്വഹാബികളുടെ കാര്യത്തില്‍ മുഅ്മിനുകളുടേത്.

സ്വഹാബികള്‍ പാപസുരക്ഷിതര്‍ (മഅ്‌സൂമുകള്‍) ആണെന്ന വിശ്വാസം സലഫികള്‍ക്കില്ല. അല്ലാഹു തന്റെ ദിവ്യസന്ദേശം പ്രബോധ നം ചെയ്യാന്‍ തെരഞ്ഞെടുക്കുന്ന പ്രവാചകന്‍മാര്‍ മാത്രമാണ് സകല മാന തെറ്റില്‍ നിന്നും സുരക്ഷിതരായ മഅ്‌സൂമുകള്‍ എന്നാണ് അവ രുടെ വിശ്വാസം. അതേ സമയം ഓരോ വ്യക്തിയെ എന്നതിനപ്പുറം മുസ്‌ലിം ഉമ്മത്തിനെ മൊത്തത്തില്‍ അല്ലാഹു പിഴവുകളില്‍ നിന്നും സംരക്ഷിക്കുന്നതാണ്.

പ്രവാചക തിരുമേനി(g)കഴിഞ്ഞാല്‍, മുസ്‌ലിം ഉമ്മത്തിലെ ഉല്‍കൃഷ്ടര്‍ അബൂബക്കര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ), അലി(റ) എന്നീ നാലു സ്വഹാബികളാണെന്നും അവരാണ് സച്ചരിതരും സന്‍മാര്‍ഗ ചാരികളുമായ ഖലീഫമാരെന്നും അഹ്‌ലുസ്സുന്ന മനസ്സിലാക്കുന്നു. ‘അല്ലാഹുവിന്റെ പേരില്‍ ഞാന്‍ നിങ്ങളെ ഓര്‍മ്മപ്പെടുത്തുന്നു; നിങ്ങ ളെന്റെ അഹ്‌ലുബൈത്തിനെ പരിഗണിക്കുക’ എന്ന  പ്രവാചകോപ ദേശത്തെ മാനിച്ചു കൊണ്ട്, നബി കുടുംബത്തെ (അഹ്‌ലുല്‍ ബൈത്ത്) സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നവരാണവര്‍. വിശ്വാസികളുടെ മാതാക്കളായ നബി പത്‌നിമാര്‍ അഹ്‌ലുല്‍ ബൈത്തില്‍ ഉള്‍പ്പെടുന്നവരാണെന്നും, അവര്‍ വിശുദ്ധകളും നിഷ്‌കള ങ്കരുമാണെന്നും, പരലോകത്തും അവര്‍ തന്നെയാകും പ്രവാചക(g)ന്റെ പത്‌നിമാരെന്നും അഹ്‌ലുസ്സുന്ന വിശ്വസിക്കുന്നു.

6. ഏതൊരു മനുഷ്യന്റേയും പര്യവസാനം ഏതുവിധത്തിലായിരിക്കു മെന്നത് നിഗൂഢമാണെന്നും, ഒരാള്‍ക്കും അതുസംബന്ധമായി അറിയാനാകില്ലെന്നും വിശ്വസിക്കുന്നവരാണ് സലഫുകള്‍. ഇസ്‌ലാമിലാ യിരിക്കെ മരണപ്പെടുന്ന മുഅ്മിനുകളില്‍ നിന്നും മുത്തഖികളില്‍ നിന്നുമുള്ള ഏതൊരാളും, അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കില്‍, സ്വര്‍ഗത്തി ലാണ് എന്ന വിശ്വാസമാണ് അവര്‍ക്കുള്ളത്. എന്നാല്‍ കാഫിറുകളും മുനാഫിഖുകളും നരകത്തിന്റെ ആളുകളായിരിക്കും.

ഏത് നിലവാരത്തില്‍ നിലകൊള്ളുന്നവനായിരുന്നാലും ശരി, അല്ലാഹുവിന്റെ റസൂല്‍(g)കൃത്യമായി വ്യക്തമാക്കിത്തന്ന വ്യക്തിക ളൊഴിച്ച് മറ്റൊരാളേയും സ്വര്‍ഗ്ഗാവകാശിയാണെന്നൊ നരകാവകാശി യാണെന്നൊ ഖണ്ഡിതമായി പറുയുന്ന സ്വഭാവം അഹ്‌ലുസ്സുന്നക്കില്ല. എന്നാല്‍ നന്‍മ പ്രവര്‍ത്തിച്ചവന്ന് നന്‍മ പ്രതിഫലം ലഭിക്കണേ എന്ന ആഗ്രഹവും, തിന്‍മ പ്രവര്‍ത്തിച്ചവന്ന് ശിക്ഷ ലഭിക്കുമല്ലോ എന്ന ഭയ വും അവരിലുണ്ട്. സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിച്ചവന്നു പോലും അല്ലാ ഹുവിന്റെ ദയയും അനുഗ്രഹവുമുണ്ടെങ്കിലല്ലാതെ സ്വര്‍ഗ പ്രവേശം സാധ്യമല്ല എന്നതാണ് അവരുടെ വിശ്വാസം. എല്ലാ സൃഷ്ടികള്‍ക്കും ഒരു കാലാവധിയുണ്ടെന്നും, അല്ലാഹുവിന്റെ അനുമതികൂടാതെ ഒരു ആത്മാവിനും മരണം സംഭവിക്കില്ലെന്നും, എല്ലാം ഖണ്ഡിതമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെന്നും അഹ്‌ലുസ്സുന്ന വിശ്വസിക്കുന്നു. സ്വര്‍ഗം ലഭിക്കുമെന്ന് അല്ലാഹുവിന്റെ റസൂലിനാല്‍ സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട പത്തുപേരിലും, അവിടുന്ന്() സ്വര്‍ഗം കൊണ്ട് സാക്ഷ്യം നിന്ന മററു സ്വഹാബികളിലും അഹ്‌ലുസ്സുന്ന വിശ്വാസമര്‍പ്പിക്കുന്നു.

7. ഔലിയാക്കളുടെ കറാമത്തുകള്‍ അംഗീകരിക്കുന്നവരാണ് അഹ്‌ലുസ്സുന്ന. പടച്ചതമ്പുരാന്‍ തന്റെ ഔലിയാക്കളില്‍ ചിലരെ ആദരിക്കുന്ന തിന്റെ ഭാഗമായി അവരിലൂടെ പ്രകടപ്പിക്കപ്പെടുന്ന അസാധാരണ സംഭവങ്ങളാണ് കറാമത്തുകള്‍. ഖുര്‍ആനും സുന്നത്തും അതിന്റെ സാധുതയെ വ്യക്തമാക്കിയിട്ടുണ്ട്. വലിയ്യുകളുടെ കറാമത്തുകളെ നി ഷേധിക്കുന്നവരുടെ കൂട്ടത്തിലല്ല അഹ്‌ലുസ്സുന്ന. കറാമത്തുകളുടെ ആ ധികാരികത സ്ഥീരീകരിക്കാനുള്ള മതപരമായ മാനദണ്ഡങ്ങളെ അഹ് ലുസ്സുന്ന കണിശമായി പാലിക്കാറുണ്ട്. ഒരു വ്യക്തിയിലുണ്ടാകുന്ന എല്ലാ അസാധാരണ സംഭവങ്ങളും കറാമാത്തായിക്കൊള്ളണമെന്നില്ല. പിശാചില്‍ നിന്നുണ്ടാകുന്ന പ്രവര്‍ത്തനങ്ങളുമാകാം. മാരണങ്ങളിലുടേയും, പൈശാചിക വൃത്തികളിലൂടേയും, മറ്റു ജാലവിദ്യകളിലൂടേയുമുള്ള അസാധാരണ കൃത്യങ്ങള്‍ കറാമത്തിന്റെ പരിധിയില്‍ വ രുകയില്ല. കറാമത്തിനേയും മാരണകൃത്യങ്ങളേയും തമ്മില്‍ വേര്‍തിരി ക്കുന്ന വ്യക്തമായ അതിര്‍വരമ്പു തന്നെയുണ്ട്. അഥവാ, കറാമത്ത് സംഭവിക്കുന്നത് അല്ലാഹുവിന്റേയും റസൂലിന്റേയും വിധിവിലക്കുക ളെ അനുസരിച്ച് ജീവിക്കുന്നത് മൂലമാണ്. എന്നാല്‍ മാരണ കൃത്യങ്ങ ളിലൂടെയുള്ള അസാധാരണ സംഭവങ്ങളാകട്ടെ, അഹങ്കാരത്തിന്റേയും ദൈവധിക്കാര ത്തിന്റേയും ഫലമായിട്ടാണ് ഉണ്ടായിത്തീരുന്നത്.

8. പ്രമാണങ്ങളുള്‍ക്കൊള്ളുന്നതിലും തെളിവുകള്‍ സ്വീകരിക്കുന്നതിലും അഹ്‌ലുസ്സുന്നയുടെ മന്‍ഹജ് കൃത്യവും വ്യക്തവുമാണ്. അല്ലാഹു വിന്റെ ഗ്രന്ഥത്തിലും അവന്റെ റസൂലിന്റെ സുന്നത്തിലും വന്നതെ ന്തൊ അത് പൂര്‍ണ്ണമായി അംഗീകരിച്ച് അനുധാവനം ചെയ്യുക എന്ന താണ് അക്കാര്യങ്ങളില്‍ അവരുടെ രീതി. സ്വഹാബികളുടെ, വിശിഷ്യാ ഖുലഫാഉ റാഷിദുകളുടെ  നിലപാടുകളെയും അവര്‍ പിന്തുടരുന്നവ രാണ്. ഖുര്‍ആനിന്നും സുന്നത്തിന്നും വിരുദ്ധമായ ഒന്നിനോടും, അത് ഖിയാസാകട്ടെ, അഭിരുചിയാകട്ടെ, വീക്ഷണമാകട്ടെ, ഏതെങ്കി ലും പണ്ഡിതന്റേയൊ, ഇമാമിന്റേയൊ വാക്കുകളാകട്ടെ, അവര്‍ക്ക് യാതൊരു തരത്തിലുള്ള പ്രതിബദ്ധതയുമില്ല.

അല്ലാഹുവിന്റേയും റസൂലിന്റേയും വാക്കുകള്‍ക്കപ്പുറം ഒരാളു ടെ വാക്കുകള്‍ക്കും പ്രാമുഖ്യം നല്‍കുന്നവരല്ല അഹ്‌ലുസ്സുന്ന. തെളി ഞ്ഞ ബുദ്ധി (العقل الصريح) എന്നാല്‍ സ്വഹീഹായ പ്രമാണങ്ങളെ അം ഗീകരിക്കുന്നത് (ما يوافق النقل الصحيح) എന്നാണ് അഹ്‌ലുസ്സുന്നയുടെ വീ ക്ഷണം. അതേ പ്രകാരം തന്നെ, ഖുര്‍ആനും സുന്നത്തും കഴിഞ്ഞാല്‍, മുസ്‌ലിം ഉമ്മത്തിലെ പണ്ഡിതന്‍മാരുടെ ഏകോപിതാഭിപ്രായങ്ങളെ (الإجماع) അഹ്‌ലുസ്സുന്ന പ്രമാണമായി സ്വീകരിക്കുന്നു. അതേസമയം, പ്രവാചകന്നപ്പുറം(g)ഏതെങ്കിലും വ്യക്തിക്ക് പാപസുരക്ഷിതത്തമുണ്ട് എന്ന് അവര്‍ വിശ്വസിക്കുന്നില്ല.ഏതൊരാളുടെ വീക്ഷണത്തേയും ഖുര്‍ആനിനോടും സുന്നത്തിനോടും യോജിക്കുന്നുവെങ്കില്‍ സ്വീകരിക്കു മെന്നല്ലാതെ, ഒരു വീക്ഷണത്തോടും പക്ഷപാതിത്തം കാണിക്കുന്നവരല്ല അവര്‍. പ്രമാണങ്ങളെ ആധാരമാക്കി ഇജ്തിഹാദിലേര്‍പ്പെടുന്ന ഒരാള്‍ക്ക് ശരി സംഭവിക്കാവുന്നതു പോലെത്തന്നെ പിഴവും സംഭ വിക്കാം. പണ്ഡിത ലോകം അംഗീകരിച്ചിട്ടുള്ള അറിവിന്റെ നിബന്ധന കള്‍ പൂര്‍ണ്ണമായും ഉള്‍ച്ചേര്‍ന്നിട്ടുള്ള ഒരാള്‍ക്കു മാത്രമേ ഇജ്തിഹാദിലേര്‍പ്പെടാന്‍ അര്‍ഹതയുള്ളൂ തുടങ്ങിയ കണിശമായ വീക്ഷണങ്ങളാ ണ് ഇജ്തിഹാദിന്റെ കാര്യത്തില്‍ അഹ്‌ലുസ്സുന്ന വെച്ചു പുലര്‍ത്തുന്നത്.

ഇജ്തിഹാദീ വിഷയങ്ങളിലെ അഭിപ്രായാന്തരങ്ങള്‍ പര്‌സപര ശത്രുതക്കും, അകല്‍ച്ചക്കും വഴിവെക്കരുതെന്നും, അന്യോന്യം സ്‌നേഹിച്ചും ആദരിച്ചുമാണ് കഴിയേണ്ടതെന്നുമുള്ള നിലപാടാണ് അഹ്‌ലുസ്സുന്നയുടേത്. കര്‍മ്മശാസ്ത്ര മേഖലയിലെ ശാഖാപരമായ വിഷയങ്ങളില്‍ വീക്ഷണ വ്യത്യാസങ്ങള്‍ വെച്ചു പുലര്‍ത്തുമ്പോഴും, പരസ്പര ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കാനും, ഒരാള്‍ മറ്റൊരാളുടെ പിന്നില്‍ നിന്ന് നമസ്‌കരിക്കാനും തയ്യാറാകണമെന്നതാണ് അഹ്‌ലുസ്സു ന്നത്തിന്റെ മതം. എന്നാല്‍ ബിദ്അത്തിന്റെ ആളുകളോടുള്ള നിലപാട് അത്തരത്തിലുള്ളതായിക്കൂടാ.

ഏതെങ്കിലുമൊരു കര്‍മ്മശാസ്ത്ര പണ്ഡിതന്റെ മദ്ഹബില്‍ മാത്രം കെട്ടുപിണഞ്ഞു കിടക്കാന്‍ മുസ്‌ലിംകളോട് ആഹ്വാനം ചെയ്യുന്നവരല്ല അഹ്‌ലുസ്സുന്ന. എന്നാല്‍ ഒരു വിഷയത്തില്‍ ഏതെങ്കി ലുമൊരു മദ്ഹബിന്റെ വീക്ഷണങ്ങളെ, പ്രമാണബദ്ധമായി സ്വീകരി ക്കുന്നതിനോ അനുധാവനം ചെയ്യുന്നതിനോ വിരോധമില്ല.അന്ധമായ അനുകരണ മാകരുത് എന്ന് മാത്രം. നിലവില്‍ സ്വീകരിച്ചിട്ടുള്ള ഒരു മദ്ഹബിന്റെ വീക്ഷണത്തേക്കാള്‍ പ്രമാണത്തിന്റെ പിന്‍ബലമുള്ളത് മറ്റേ മദ്ഹബിന്റെ വീക്ഷണത്തിനാണെങ്കില്‍ നിലവിലുള്ളത് ഒഴിവാക്കി മറ്റേ മദ്ഹബിന്റെ വീക്ഷണത്തെയാണ് വിശ്വാസികള്‍ സ്വീകരിക്കേണ്ടത്. കാരണം, ഏതൊരു വിഷയത്തിലും പ്രമാണങ്ങളുടെ ആധികാരിക തയെയും പ്രബലതയേയുമാണ് മുസ്‌ലിംകള്‍ പരിഗണിക്കേണ്ടത്. മത നിയമങ്ങളില്‍ കൂടുതല്‍ അറിവില്ലാത്ത സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അവന്ന് ചെയ്യാവുന്നത്, പണ്ഡിതന്‍മാരുടെ ഫത്‌വകളെ പിന്തുടരുക എന്നതാണ്. എന്നാല്‍ കര്‍മ്മശാസ്ത്ര സംബന്ധിയായ വി ഷയങ്ങളില്‍ ഇമാമുകള്‍ സ്വീകരിച്ച രേഖകളെ മനസ്സിലാക്കാനുള്ള കഴിവും നൈപുണ്യവുമുള്ള ഒരു ത്വാലിബുല്‍ ഇല്‍മിന് (മതവിജ്ഞാന പഠിതാവ്), രേഖകളുടെ ബലാബലത്തെ പരിഗണിച്ച് ഓരോ ഇമാമി ന്റെയും വീക്ഷണങ്ങളെ പിന്‍തുടരാ വുന്നതാണ്. അതാകട്ടെ, ഒരു മുജ്തഹിദിന്റെ റോളില്‍ നിന്നുകൊണ്ടല്ല, മുത്തബിഇന്റെ നിലപാടില്‍ നിന്നു കൊണ്ടാകണം. എന്തു കൊണ്ടെന്നാല്‍, ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും ഒരു പ്രത്യേക വിഷയത്തിലുള്ള മതവിധി ഗവേഷണം ചെയ്‌തെടുക്കലാണ് ഇജ്തിഹാദ്. അതിന്നാകട്ടെ, പ്രത്യേകം നിയമങ്ങളും നിബന്ധനകളും പാലിക്കപ്പെടേണ്ടതുമുണ്ട്. ഖുര്‍ആനും സുന്നത്തും ആധാരമാക്കി കര്‍മ്മ ശാസ്ത്ര മേഖലയില്‍, ആ നിലക്ക് വിധിനിര്‍ദ്ധാരണം നടത്തിയവരാണ് വിശ്രുതരായ നാലു ഇമാമുക ളും, അവരല്ലാത്ത മറ്റു ഫിഖ്ഹീ-ഹദീസ് വിശാരദന്‍മാരും.

9. അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്ത് നന്‍മ കല്‍പിക്കുന്നതിലും തിന്‍മ വിരോധിക്കുന്നതിലും ശ്രദ്ധചെലുത്തുന്നവരാണ്. മുസ്‌ലിം ഉമ്മത്തിന്റെ നന്‍മ നിലനില്‍ക്കുന്നതു തന്നെ ഈ രണ്ട് അടിത്തറകളിലാണ്. നന്‍മയുടെ പ്രചാരണവും തിന്‍മയുടെ വിപാടനവും ഇസ്‌ലാമിന്റെ മഹത്തായ ചിഹ്നങ്ങളാണ്. മുസ്‌ലിം ജമാഅത്ത് പോറലേല്‍ക്കാതെ നില കൊള്ളുന്നതും അതുകൊണ്ടുതന്നെയാണ്. നന്‍മ കല്‍പിക്കുക, തിന്‍മ വിരോധിക്കുക എന്നീ രണ്ടു സംഗതികളും സാധ്യമാകുന്നത്ര നിര്‍വ ഹിക്കപ്പെടേണ്ട ബാധ്യതകളാണ്. ആ രംഗത്ത് പരിഗണിക്കപ്പെടേണ്ട പ്രധാന വശം ഗുണകാംക്ഷയായിരിക്കണം.

ഇസ്‌ലാമിന്റെ ചിഹ്നങ്ങളെ മുഴുവന്‍ നടപ്പില്‍ വരുത്താന്‍ അഹ്‌ലുസ്സുന്ന പ്രത്യേകം താത്പര്യമെടുക്കാറുണ്ട്. ജുമുഅ നമസ്‌കാരം, ജമാഅത്തു നമസ്‌കാരം എന്നിവ കൃത്യമായി നിലനിര്‍ത്തിപ്പോരുക, നിര്‍ബന്ധ നമസ്‌കാരങ്ങള്‍ അവയുടെ ആദ്യ സമയത്തു തന്നെ നിര്‍വ ഹിക്കാന്‍ മാത്സര്യം കാണിക്കുക, നമസ്‌കാരങ്ങളില്‍ ഭയവും, ഭക്തി യും, ഒതുക്കവും ശീലിക്കാന്‍ ജനങ്ങളെ ഉദ്‌ബോധിപ്പിക്കുക, ഖിയാമു ല്ലൈല്‍ (രാത്രിനമസ്‌കാരം) സ്ഥിരമായി നമസ്‌കാരിക്കുക, തുടങ്ങിയ കാര്യങ്ങളില്‍ അതീവ ശ്രദ്ധയാണ് അഹ്‌ലുസ്സുന്നത്തിനുള്ളത്.

എല്ലാ മുസ്‌ലിംകളോടും ഗുണകാംക്ഷ കാണിച്ചും, പുണ്യത്തിലും ഭക്തിയിലും സഹകരിച്ചും നിലകൊള്ളുന്ന രീതിയാണ് അഹ്‌ലുസ്സു ന്നയുടേത്. പരീക്ഷണ-പ്രതിസന്ധി ഘട്ടങ്ങളില്‍ സ്ഥിരതയോടെ, ക്ഷമയോടെ വര്‍ത്തിക്കാനും, അനുഗ്രഹങ്ങളുടെ വേളകളില്‍ അല്ലാ ഹുവിനോട് നന്ദിയുള്ളവരാകാനും, പടച്ചവന്റെ ഏതുതരം വിധിയേ യും സംതൃപ്തിയോടെ സ്വീകരിക്കാനും ഉള്ള അവരുടെ ശേഷി ഒന്നു വേറെത്തന്നെയാണ്.

ആദരണീയമായ സ്വഭാവങ്ങളും, ഉത്കൃഷ്ടമായ നിലപാടുകളും ജീവിതത്തില്‍ കാത്തു സൂക്ഷിക്കുന്നവരാണ് അഹ്‌ലുസ്സുന്ന. മുഅ്മി നുകളില്‍ ഈമാന്‍ സമ്പൂര്‍ണ്ണമായവന്‍, അവരിലെ ഏറ്റവും നല്ല സ്വഭാവ നിഷ്ഠയുള്ളവനാണ് എന്ന പ്രവാചകമൊഴിയാണ് അവര്‍ക്കതിന് പ്രചോദകം. കുടുംബ ബന്ധം തുടരാനും, സലാം വ്യാപകമാക്കാനും, വിശക്കുന്നവന്ന് ഭക്ഷണം നല്‍കാനും, ദരിദ്രരോടും അശരണരോടും, അനാഥകളോടും കാരുണ്യം കാണിക്കാനും അഹ്‌ലുസ്സുന്നത്ത് കാ ണിക്കുന്ന താത്പര്യം അനന്യമാണ്.

10. ഇങ്ങനെയൊക്കെയാണെങ്കിലും, വിശുദ്ധ ഇസ്‌ലാമില്‍, അതിലില്ലാത്ത നൂതനാചാരങ്ങള്‍ പടച്ചുണ്ടാക്കുന്ന മുബ്തദിഉകളോട് അഹ്‌ലു സ്സുന്നക്ക് അടങ്ങാത്ത നീരസമാണുള്ളത്. അവരെ സ്‌നേഹിക്കുക യൊ, അവരുമായി സഹവസിക്കുകയൊ, അവരുടെ വാക്കുകള്‍ക്ക് ചെവി കൊടുക്കുകയൊ, അവരുമായി ഒന്നിച്ചിരി ക്കുകയൊ, അവരോട് അനാവശ്യ തര്‍ക്ക വിതര്‍ക്കങ്ങളിലേര്‍പ്പെ ടുകയൊ ചെയ്യുന്നവരല്ല അഹ്‌ലുസ്സുന്ന. മുബ്തദിഉകളുടെ നിരര്‍ഥക വാദങ്ങളില്‍ നിന്ന് സ്വന്തം കാതുകളെ സംരക്ഷിക്കുന്നതിലാണ് അവരുടെ കണിശമായ ശ്രദ്ധ.ബിദ്അത്ത് തൗഹീദിന്റെ പൂര്‍ണ്ണതക്ക് ഭംഗം വരുത്തും എന്നതാണ് അവരുടെ വീക്ഷണം. ശിര്‍ക്കിലേക്കെ ത്തിക്കുന്ന വിവിധ മാധ്യമങ്ങളി ല്‍ ഒന്നാണ് ബിദ്അത്ത്. അല്ലാഹു മത നിയമമാക്കി നിശ്ചയിച്ചു തന്നി ട്ടില്ലാത്ത ഒരു കര്‍മ്മം കൊണ്ട് അവനെ ആരാധിക്കുക എന്ന ലക്ഷ്യമാണ് അതിലുള്ളത്. ലക്ഷ്യങ്ങള്‍ക്കുള്ള വിധി തന്നെയാണ് അതിലേക്കെ ത്തിക്കുന്ന മാര്‍ഗങ്ങള്‍ക്കും ഇസ്‌ലാം സ്വീകരിക്കുന്നത്. അതു കൊണ്ടു തന്നെ അല്ലാഹുവിനെ ആരാധിക്കു ന്നതില്‍ ശിര്‍ക്ക് വരുത്താവു ന്നതും, ദീനില്‍ പുത്തനാചാരങ്ങള്‍ക്ക് അവസരം നല്‍കുന്നതുമായ മുഴുവന്‍ പഴുതുകളേയും കൊട്ടിയടക്കണമെന്ന നിര്‍ബന്ധ ബുദ്ധിയാണ് അഹ്‌ലുസ്സുന്ന ത്തിനുള്ളത്.

മുബ്തദിഉകളെ വേറിട്ടു നിര്‍ത്തുന്ന ചില ലക്ഷണങ്ങളുണ്ട്. പ്ര വാചക സുന്നത്തിന്റെ പ്രചാരകരോട് അവര്‍ക്ക് ശത്രുതാ മനസ്ഥിതി യും, പുച്ഛമനോഭാവവുമായിരിക്കും. മാത്രമല്ല, അവരെയവര്‍ ഹശ്‌വി കള്‍, ളാഹിരികള്‍, മുശബ്ബിഹുകള്‍ എന്നിങ്ങനെ പ്രത്യേകം പേരുകള്‍ വിളിച്ച് ആക്ഷേപിക്കുകയും ചെയ്യും. എന്നാല്‍ മുബ്തദിഉകളുടെ ഏ തു തരം പ്രവര്‍ത്തനത്തേയും കരുതലോടെ നിരീക്ഷിക്കുന്നവരും, അ വരുടെ വിതണ്ഡ വാദങ്ങള്‍ക്ക് പ്രമാണ ബദ്ധമായ മറുപടികള്‍ നല്‍ കുന്നവരുമാണ് സലഫുകള്‍. മുബ്തദിഉകളെ സംബന്ധിച്ച സലഫി ന്റെ നിലപാടു വ്യക്തമാക്കുന്ന അനേകം പ്രസ്താവനകള്‍ വിവിധ ഗ്രന്ഥങ്ങളില്‍ നിര്‍ലോഭം കാണാനാകും.

മുസ്‌ലിം ഉമ്മത്തിന്റെ ആദ്യ തലമുറയുടെ അഖീദയാണ് മേല്‍ പ റയപ്പെട്ടതൊക്കെ. ഖുര്‍ആനിന്റേയും സുന്നത്തിന്റേയും മാര്‍ഗത്തിലൂ ന്നി നിന്നുകൊണ്ടുള്ള തെളിമയാര്‍ന്ന, കറകള്‍ തീര്‍ന്ന അഖീദയാണ ത്. ആദ്യകാല വിശ്വാസീ സമൂഹത്തിന്റെ ഹൃദയങ്ങളെ സജീവമാക്കി നിര്‍ത്തിയ ഋജുവായ മാര്‍ഗം. സലഫുസ്സ്വാലിഹിന്റെ, ഫിറഖത്തുന്നാ ജിയയുടെ, അഹ്‌ലുല്‍ ഹദീസിന്റെ, അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅ ത്തിന്റെ വിശ്വാസ സംഹിത. പരിഗണനീയമായ മദ്ഹബിന്റെ നാല് ഇ മാമുമാരുടേയും അഖീദ. ബഹു ഭൂരിഭാഗം ഫുഖഹാക്കളുടേയും മു ഹദ്ദിസുകളുടേയും, നിഷ്‌കാമകര്‍മ്മികളായ പണ്ഡിതന്‍മാരുടേയും അ വരുടെയൊക്കെ സരണി പിന്തുടരുന്ന ഇന്നോളമുള്ള ആരുടേയും വി ശ്വാസധാര. സച്ചരിത സലഫിന്റെ വീക്ഷണങ്ങളെ വിമര്‍ശിക്കുന്ന പി ല്‍കാലക്കാരുടെ വാക്കുകളുണ്ടാകാം; അതില്‍ നാം വഞ്ചിതരാകേണ്ട തില്ല. ആകയാല്‍, നമ്മുടെ പൂര്‍വഗാമികളായ ഉല്‍കൃഷ്ട സലഫുകള്‍ ഏതൊരു സ്രോതസ്സില്‍ നിന്നു ദാഹശമനം വരുത്തിയോ ആ സ്രോത സ്സിലേക്ക് തെളിമയാര്‍ന്ന അഖീദയുമായി തിരിച്ചു ചെല്ലുകയാണ് ന മ്മുടെ ധര്‍മ്മം. അവര്‍ നിശ്ശബ്ദത പാലിച്ച കാര്യങ്ങളില്‍ നമ്മളും നിശ്ശ ബ്ദരാകുക. അവര്‍ പ്രവര്‍ത്തിച്ചവിധം നമ്മളും ആരാധനകളനുഷ്ഠി ക്കുക. വിശുദ്ധ ഖുര്‍ആനും, പ്രവാചക സുന്നത്തും, സലഫിന്റെ ഇജ് മാഉം, പുതിയ പ്രശ്‌നങ്ങളില്‍ ശരിയായ ഖിയാസും അവലംബിച്ചു കൊണ്ടാകട്ടെ നമ്മുടെ ജീവിതം.

പുരുഷന്മാർക്ക് തൊപ്പി സുന്നത്താണോ…?

Collection of caps

  പ്രവാചകന്റെ എല്ലാ പ്രവർത്തനങ്ങളെയും സുന്നത്തിലെ മുഴുവൻ നിർദേശങ്ങളെയും നാം ഒരേപോലെയല്ല സമീപിക്കേണ്ടതും പ്രയോഗവത്കരിക്കേണ്ടതും. നിർബന്ധം (വാജിബ്), ഐഛികം (നഫ്ല്), പ്രബലമായ സുന്നത്ത് (സുന്നത്ത് മുഅക്കദ), ഹറാം (നിഷിദ്ധം), അനഭികാമ്യം (മക്റൂഹ്), തുടങ്ങി പലതലങ്ങളിലുള്ള വിഷയങ്ങളുണ്ട് സുന്നത്തില്. അപ്രകാരം സാമൂഹിക പശ്ചാത്തലവും നാടിന്റെ സമ്പ്രദായങ്ങളും അനുസരിച്ചുള്ള പ്രവർത്തനങ്ങൾ ഉണ്ടാകും. നബി(സ)ക്ക് മാത്രം പ്രത്യേകമായി അനുവദിക്കപ്പെട്ടതുണ്ടാകാം. നബി(സ) ചെയ്തതാണെന്ന് വെച്ച് സുന്നത്തിലെല്ലാം ഒരേപോലെ നിർബന്ധമായും പിന്തുടരേണ്ടതാണെന്ന് വാദിക്കുന്നതിന് അർത്ഥമില്ല.

  ഉദാഹരണമായി നമസ്കാരം. അഞ്ചു സമയത്തെ നമസ്കാരം പ്രവാചക ചര്യയില് പെട്ടതാണ്. തറാവീഹ് എന്നു വിളിക്കുന്ന ഖിയാമുല്ലൈലും നബിയുടെ സുന്നത്താണ്. ഈ രണ്ട് ‘സുന്നത്തു’കളും ഒരു പോലെയല്ല. അഞ്ച് സമയത്തെ നമസ്കാരം നിർബന്ധമാണ്. ഉപേക്ഷിച്ചവന് കുറ്റവാളിയാകും. എന്നാല്, തറാവീഹ് ഐഛിക കർമമാണ്. അതുപേക്ഷിച്ചവർ കുറ്റവാളിയാകുന്നില്ല. നാട്ടിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും നബിയുടെ ജീവിതത്തില് കാണാം. ഉദാഹരണത്തിന് തലപ്പാവ് ധരിക്കല്. അത് എല്ലാ കാലത്തും എല്ലാ ദേശത്തും എല്ലാ വിശ്വാസികളും പിന്തുടരേണ്ട പ്രവാചക ചര്യയല്ല. അത് അറേബ്യയിലെ സാമൂഹികാചാരമാണ്. ഹജ്ജിനിടയില് അബ്ത്വഹ് താഴ്‌വരയിൽ പ്രവാചകൻ വിശ്രമിക്കുകയുണ്ടായി. അത് ഹജ്ജുമായി ബന്ധപ്പെട്ട ഒരു കർമമല്ലെന്നും യാദൃഛികമായി പ്രവാചകൻ വിശ്രമിക്കാനിരുന്നതാണെന്നും പല സ്വഹാബിമാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ചിലർ അതിനെ സുന്നത്തായി ഗണിക്കുന്നു. അപ്പോഴും അത് ചെയ്യാതിരുന്നാല് ഹജ്ജ് നിഷ്ഫലമാകുന്ന തെറ്റായി മാറുന്നില്ല. ഇങ്ങനെ ഒട്ടനവധി ഉദാഹരണങ്ങള് കാണാനാകും.

  ഇസ്ലാം ഒരു വസ്ത്രധാരണ രീതി കൊണ്ടുവന്നിട്ടില്ല. റസൂലിന്റെ കാലത്ത് സ്വഹാബികള് പല വസ്ത്രങ്ങളും ധരിച്ചിരുന്നു. നബി(സ) ധരിച്ചപോലുള്ള വസ്ത്രങ്ങൾ എല്ലാവരും ധരിച്ചിരുന്നില്ല. ഒറ്റ വസ്ത്രവും രണ്ടു വസ്ത്രവും ധരിച്ചവരുണ്ടായിരുന്നു. ശരീരം മുഴുവൻ മറയുന്നതും അല്ലാത്തതുമായ വസ്ത്രം ധരിക്കുന്നവരുമുണ്ടായിരുന്നു. “നിങ്ങൾ ഉദ്ദേശിക്കുന്ന വസ്ത്രം ധരിക്കുക”, എന്ന് ഇബ്നു അബ്ബാസ് പറഞ്ഞതുകാണാം. രണ്ട് കാര്യങ്ങൾ ഇല്ലാത്ത കാലത്തോളം; ഒന്ന്, ധൂർത്ത്. രണ്ട്, അഹങ്കാരം. ഇസ്ലാം പഠിപ്പിച്ച പ്രകാരം നഗ്നത മറക്കണമെന്നു മാത്രമേയുള്ളൂ, ഒരു യൂനിഫോം ഇസ്ലാം പഠിപ്പിച്ചിട്ടില്ല.

ഇസ്ലാം പ്രകൃതി മതമാണ്. മനുഷ്യ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്നതാണ്. വസ്ത്ര ധാരണത്തിലും മറ്റും പ്രാദേശികമായ വ്യത്യാസങ്ങൾ, വൈവിധ്യങ്ങൾ ഇസ്ലാം അംഗീകരിക്കുന്നുണ്ട്. അമേരിക്കക്കാരന് അവിടുത്തെ വസ്ത്രം ധരിക്കാം. അറബി വസ്ത്രം തന്നെ ധരിക്കണമെന്നില്ല. സമൂഹത്തിന് ഇണങ്ങാത്ത വസ്ത്ര രീതി സ്വീകരിക്കുന്നത് ശരിയല്ല. നാടിന്റെ സമ്പ്രദായങ്ങൾ (ആദത്ത്-ഉര്ഫ്) ഇസ്ലാമിന് എതിരാകാത്ത കാലത്തോളം നാം പരിഗണിക്കണം. ഒരു സമൂഹത്തിൽ അവരുടെ പൊതുരീതികൾക്ക് എതിരായി ജീവിക്കുമ്പോള് അത് പലതരം പ്രയാസങ്ങള് സൃഷ്ടിക്കും. ഇസ്ലാമിനെ തെറ്റിദ്ധരിക്കാൻ കാരണമാകും. ഉദാഹരണമായി തൊപ്പി ധരിക്കൽ. മുസ്ലിം ആയാൽ തൊപ്പി ധരിക്കണം എന്ന് ആരാണ് പഠിപ്പിച്ചത്? അങ്ങനെയൊരു സുന്നത്തില്ല. സമൂഹത്തിൽ നോട്ടപ്പുള്ളിയാകുന്നവിധം ‘അന്യനായി’ മാറി നില്ക്കുന്നതും ശരിയല്ല. ഇസ്ലാം അങ്ങനെ കല്പ്പിച്ചിട്ടില്ല.

ഇബ്നു അസാകിറിൽ നിന്നുള്ള നിവേദനം: “പ്രവാചകൻ(സ) ചില സമയങ്ങളിൽ നമസ്കരിക്കുമ്പോൾ തലപ്പാവ് ഊരി സുത്ര* ( سترة‎ ) ആയി വെക്കുമായിരുന്നു.”
* നിസ്കരിക്കുമ്പോൾ മുന്നിൽ മറയായി വെക്കുന്നതിനാണ് ‘സുത്ര’ എന്ന് പറയുന്നത്.

  ഖുർആനോ ഹദീസോ വസ്ത്ര ധാരണ രീതി വിശദീകരിക്കുമ്പോൾ പുരുഷൻ തല മറക്കുന്നതിന്റെ പ്രാധാന്യം എവിടെയും പറയുന്നില്ല!!! ഇതിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്, ഇത് സംസ്കാരത്തിന്റെ ഭാഗം എന്നതിൽ കവിയുന്ന പ്രാധാന്യം ഇല്ല.

“എല്ലാം അറിയുന്നവൻ അള്ളാഹു”