
പ്രവാചകന്റെ എല്ലാ പ്രവർത്തനങ്ങളെയും സുന്നത്തിലെ മുഴുവൻ നിർദേശങ്ങളെയും നാം ഒരേപോലെയല്ല സമീപിക്കേണ്ടതും പ്രയോഗവത്കരിക്കേണ്ടതും. നിർബന്ധം (വാജിബ്), ഐഛികം (നഫ്ല്), പ്രബലമായ സുന്നത്ത് (സുന്നത്ത് മുഅക്കദ), ഹറാം (നിഷിദ്ധം), അനഭികാമ്യം (മക്റൂഹ്), തുടങ്ങി പലതലങ്ങളിലുള്ള വിഷയങ്ങളുണ്ട് സുന്നത്തില്. അപ്രകാരം സാമൂഹിക പശ്ചാത്തലവും നാടിന്റെ സമ്പ്രദായങ്ങളും അനുസരിച്ചുള്ള പ്രവർത്തനങ്ങൾ ഉണ്ടാകും. നബി(സ)ക്ക് മാത്രം പ്രത്യേകമായി അനുവദിക്കപ്പെട്ടതുണ്ടാകാം. നബി(സ) ചെയ്തതാണെന്ന് വെച്ച് സുന്നത്തിലെല്ലാം ഒരേപോലെ നിർബന്ധമായും പിന്തുടരേണ്ടതാണെന്ന് വാദിക്കുന്നതിന് അർത്ഥമില്ല.
ഉദാഹരണമായി നമസ്കാരം. അഞ്ചു സമയത്തെ നമസ്കാരം പ്രവാചക ചര്യയില് പെട്ടതാണ്. തറാവീഹ് എന്നു വിളിക്കുന്ന ഖിയാമുല്ലൈലും നബിയുടെ സുന്നത്താണ്. ഈ രണ്ട് ‘സുന്നത്തു’കളും ഒരു പോലെയല്ല. അഞ്ച് സമയത്തെ നമസ്കാരം നിർബന്ധമാണ്. ഉപേക്ഷിച്ചവന് കുറ്റവാളിയാകും. എന്നാല്, തറാവീഹ് ഐഛിക കർമമാണ്. അതുപേക്ഷിച്ചവർ കുറ്റവാളിയാകുന്നില്ല. നാട്ടിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും നബിയുടെ ജീവിതത്തില് കാണാം. ഉദാഹരണത്തിന് തലപ്പാവ് ധരിക്കല്. അത് എല്ലാ കാലത്തും എല്ലാ ദേശത്തും എല്ലാ വിശ്വാസികളും പിന്തുടരേണ്ട പ്രവാചക ചര്യയല്ല. അത് അറേബ്യയിലെ സാമൂഹികാചാരമാണ്. ഹജ്ജിനിടയില് അബ്ത്വഹ് താഴ്‌വരയിൽ പ്രവാചകൻ വിശ്രമിക്കുകയുണ്ടായി. അത് ഹജ്ജുമായി ബന്ധപ്പെട്ട ഒരു കർമമല്ലെന്നും യാദൃഛികമായി പ്രവാചകൻ വിശ്രമിക്കാനിരുന്നതാണെന്നും പല സ്വഹാബിമാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ചിലർ അതിനെ സുന്നത്തായി ഗണിക്കുന്നു. അപ്പോഴും അത് ചെയ്യാതിരുന്നാല് ഹജ്ജ് നിഷ്ഫലമാകുന്ന തെറ്റായി മാറുന്നില്ല. ഇങ്ങനെ ഒട്ടനവധി ഉദാഹരണങ്ങള് കാണാനാകും.
ഇസ്ലാം ഒരു വസ്ത്രധാരണ രീതി കൊണ്ടുവന്നിട്ടില്ല. റസൂലിന്റെ കാലത്ത് സ്വഹാബികള് പല വസ്ത്രങ്ങളും ധരിച്ചിരുന്നു. നബി(സ) ധരിച്ചപോലുള്ള വസ്ത്രങ്ങൾ എല്ലാവരും ധരിച്ചിരുന്നില്ല. ഒറ്റ വസ്ത്രവും രണ്ടു വസ്ത്രവും ധരിച്ചവരുണ്ടായിരുന്നു. ശരീരം മുഴുവൻ മറയുന്നതും അല്ലാത്തതുമായ വസ്ത്രം ധരിക്കുന്നവരുമുണ്ടായിരുന്നു. “നിങ്ങൾ ഉദ്ദേശിക്കുന്ന വസ്ത്രം ധരിക്കുക”, എന്ന് ഇബ്നു അബ്ബാസ് പറഞ്ഞതുകാണാം. രണ്ട് കാര്യങ്ങൾ ഇല്ലാത്ത കാലത്തോളം; ഒന്ന്, ധൂർത്ത്. രണ്ട്, അഹങ്കാരം. ഇസ്ലാം പഠിപ്പിച്ച പ്രകാരം നഗ്നത മറക്കണമെന്നു മാത്രമേയുള്ളൂ, ഒരു യൂനിഫോം ഇസ്ലാം പഠിപ്പിച്ചിട്ടില്ല.
ഇസ്ലാം പ്രകൃതി മതമാണ്. മനുഷ്യ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്നതാണ്. വസ്ത്ര ധാരണത്തിലും മറ്റും പ്രാദേശികമായ വ്യത്യാസങ്ങൾ, വൈവിധ്യങ്ങൾ ഇസ്ലാം അംഗീകരിക്കുന്നുണ്ട്. അമേരിക്കക്കാരന് അവിടുത്തെ വസ്ത്രം ധരിക്കാം. അറബി വസ്ത്രം തന്നെ ധരിക്കണമെന്നില്ല. സമൂഹത്തിന് ഇണങ്ങാത്ത വസ്ത്ര രീതി സ്വീകരിക്കുന്നത് ശരിയല്ല. നാടിന്റെ സമ്പ്രദായങ്ങൾ (ആദത്ത്-ഉര്ഫ്) ഇസ്ലാമിന് എതിരാകാത്ത കാലത്തോളം നാം പരിഗണിക്കണം. ഒരു സമൂഹത്തിൽ അവരുടെ പൊതുരീതികൾക്ക് എതിരായി ജീവിക്കുമ്പോള് അത് പലതരം പ്രയാസങ്ങള് സൃഷ്ടിക്കും. ഇസ്ലാമിനെ തെറ്റിദ്ധരിക്കാൻ കാരണമാകും. ഉദാഹരണമായി തൊപ്പി ധരിക്കൽ. മുസ്ലിം ആയാൽ തൊപ്പി ധരിക്കണം എന്ന് ആരാണ് പഠിപ്പിച്ചത്? അങ്ങനെയൊരു സുന്നത്തില്ല. സമൂഹത്തിൽ നോട്ടപ്പുള്ളിയാകുന്നവിധം ‘അന്യനായി’ മാറി നില്ക്കുന്നതും ശരിയല്ല. ഇസ്ലാം അങ്ങനെ കല്പ്പിച്ചിട്ടില്ല.
ഇബ്നു അസാകിറിൽ നിന്നുള്ള നിവേദനം: “പ്രവാചകൻ(സ) ചില സമയങ്ങളിൽ നമസ്കരിക്കുമ്പോൾ തലപ്പാവ് ഊരി സുത്ര* ( سترة ) ആയി വെക്കുമായിരുന്നു.”
* നിസ്കരിക്കുമ്പോൾ മുന്നിൽ മറയായി വെക്കുന്നതിനാണ് ‘സുത്ര’ എന്ന് പറയുന്നത്.
ഖുർആനോ ഹദീസോ വസ്ത്ര ധാരണ രീതി വിശദീകരിക്കുമ്പോൾ പുരുഷൻ തല മറക്കുന്നതിന്റെ പ്രാധാന്യം എവിടെയും പറയുന്നില്ല!!! ഇതിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്, ഇത് സംസ്കാരത്തിന്റെ ഭാഗം എന്നതിൽ കവിയുന്ന പ്രാധാന്യം ഇല്ല.
“എല്ലാം അറിയുന്നവൻ അള്ളാഹു”