വാർധക്യം ശാപമോ ?
വൃദ്ധന്‍, വൃദ്ധ എന്നീ പദങ്ങള്‍ കേള്‍ക്കുമ്പോൾത്തന്നെ പല യുവതി യുവാക്കളുടെയും നെറ്റി ചുളിയുന്ന കാലമാണിത് എന്ന് പറയുന്നതില്‍ ഒട്ടും അതിശയോക്തിയില്ല. വൃദ്ധരായ മാതാപിതാക്കള്‍ പലര്‍ക്കും ഇന്ന് ശാപമാണ്, ഭാരമാണ്, വിഴുപ്പുഭാണ്ഡമാണ്. ചുക്കിച്ചുളിഞ്ഞ തൊലിയും കാഴ്ച മങ്ങിയ കണ്ണുകളും ഒട്ടും കേള്‍ക്കാത്ത കാതുകളും ‘അള്‍ഷിമേഴ്സ്’ എന്ന ഓര്‍മക്കുറവുമൊക്കെയായി ചുമച്ചു തുപ്പി വീട്ടിന്റെയൊരു മൂലയില്‍ കൂനിക്കൂടിയിരിക്കുന്ന മനുഷ്യന്‍ തന്റെ മാതാവോ പിതാവോ ആയാലെന്ത്…അവലക്ഷണമല്ലേ?! ആ നാശംപിടിച്ച ജന്തുവിനെ വീട്ടില്‍ നിന്നിറക്കി വീടു ‘ക്ലീന്‍’ ആക്കുവാന്‍ എന്തുണ്ട് മാര്‍ഗ്ഗം? അതു ചിന്തിച്ച് തല പുണ്ണാക്കേണ്ട! അതിനാണ് വൃദ്ധസദനങ്ങള്‍. അവിടെ അവരെ കൊണ്ടുപോയി തള്ളാം. മാസാമാസം നടത്തിപ്പുകാര്‍ക്ക്, നിശ്ചയിക്കപ്പെട്ട തുക അയച്ചു കൊടുത്താല്‍ മതി. മരിച്ചാല്‍ അവര്‍ വിവരമറിയിക്കും. വേണമെങ്കില്‍ പോയി കാണാം. എന്തൊരു സൗകര്യം, അല്ലേ!
സ്നേഹമസൃണമായ പെരുമാറ്റവും വാത്സല്യത്തിന്റെ ഊഷ്മള സ്പര്‍ശവും അനിവാര്യമായ ഘട്ടത്തില്‍ മക്കളില്‍ നിന്ന് അവഗണനയും പരിഹാസവും മാത്രം ലഭിക്കുന്ന മാതാപിതാക്കളുടെ നെഞ്ചിന്റെയുള്ളിലെ വേദന വിവരണാതീതമാണ്. തന്നെ പെറ്റു വളര്‍ത്തിയ മാതാവ്; തനിക്കു വേണ്ടി ആരോഗ്യവും ആയുസ്സും വിനിയോഗിച്ച് തന്നെ ഉന്നതനിലയിലെത്തിച്ച പിതാവ്; അവരെ ചവിട്ടിപ്പുറത്താക്കുന്ന സന്താനം ചെയ്യുന്നത് എന്തുമാത്രം വലിയ പാതകമാണ്
മാതാപിതാക്കളോടുള്ള കടമകളെ ഇസ്ലാം വളരെ ഗൗരവകരമായാണ് കാണുന്നത്. അതില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് നാശമാണ് എന്ന് പറഞ്ഞ പ്രവാചകന്‍, അവരോടുള്ള കടമകള്‍ നിറവേറ്റുന്നത് സ്വര്‍ഗ പ്രവേശം സുസാധ്യമാക്കും എന്ന് കൂടി നമ്മെ പഠിപ്പിക്കുന്നു.
മാതാപിതാക്കള്‍ അന്യ മതക്കാര്‍ ആണെങ്കിലും ആദര്‍ശ വിശുദ്ധി കാത്തുസൂക്ഷിച്ചുകൊണ്ട് അവരോ ടുള്ള കടമകള്‍ നിറവേറ്റണം എന്നും വൃദ്ധരായ മാതാ പിതാക്കള്‍ക്ക് ചെയ്യുന്ന സേവനം ദൈവമാര്‍ഗ ത്തിലുള്ള പലായനത്തേക്കാളും ധര്‍മ സമരത്തേക്കാളും ഉത്തമമാണെന്നും അവരുടെ തൃപ്തിയിലാണ് അല്ലാഹുവിന്റെ തൃപ്തിയെന്നും അവരുടെ കോപത്തിലാണ് അല്ലാഹുവിന്റെ കോപമെന്നും കാരുണ്യത്തിന്റെ മതമായ ഇസ്ലാം വ്യക്തമാക്കുന്നു.
ഒരു മനുഷ്യന്‍ പ്രവാചകസന്നിധിയില്‍ വന്ന് കൊണ്ട് ‘എന്റെ മെച്ചപ്പെട്ട’ സഹവാസത്തിന് ഏറ്റവും അര്‍ഹന്‍ ആരാണെന്ന് ചോദിച്ചപ്പോള്‍ പ്രവാചകന്റെ (സ) മറുപടി ‘നിന്റെ മാതാവ്‘ എന്നായിരുന്നു. മൂന്നു തവണ ആവര്‍ത്തിച്ചു ചോദിച്ചപ്പോഴും ഇതായിരുന്നു മറുപടി. നാലാം തവണ ചോദിച്ചപ്പോഴാണ് ‘നിന്റെ പിതാവ്‘ എന്ന് മറുപടി പറഞ്ഞത്. നൊന്തുപ്രസവിച്ചു വളര്‍ത്തിയ മാതാവിനോട് കൂടുതല്‍ കടപ്പാടുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു. പിതാക്കളോട് വെറുപ്പു കാണിക്കുന്നത് നന്ദികേടാണ് എന്നും നബി(സ) മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
വാര്‍ധക്യം തന്നെയും പിടികൂടുമെന്ന ചിന്തയെങ്കിലുമുള്ളവര്‍ വൃദ്ധരായ മാതാപിതാക്കളെ വെറുക്കില്ല, തീര്‍ച്ച.
മുസ്ലിം അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം. നബി(സ)പറഞ്ഞു:
“വാര്‍ധക്യം ബാധിച്ച മാതാപിതാ ക്കളെയോ അവരില്‍ ഒരാളെയോ ലഭിച്ചിട്ടും സ്വര്‍ഗം നേടാന്‍ സാധിക്കാത്തവന് നാശം! അവന് നാശം! അവന് നാശം!”