ആനപ്പടയുടെ നാശം

ആനപ്പടയുടെ നാശം

അഹങ്കാരിയാം രാജന്‍

അബ്‌റഹത്തെന്നവന്‍

ഒരുങ്ങിയൊരു നാളില്‍

കഅ്ബ തകര്‍ക്കുവാന്‍

പടയാളികള്‍ക്കൊപ്പം

പുറപ്പെട്ടവന്‍ ജോറില്‍

ആനകളുണ്ടേ കൂടെ

തകര്‍ക്കാന്‍ കഅ്ബയെ.

ഇരമ്പിയെത്തിയവര്‍

മക്കക്കാര്‍ ഭയന്നുപോയ്

തടുക്കാന്‍ കഴിയില്ല

പടയല്ലയോ മുന്നില്‍!

കഅ്ബാലയത്തിന്റെ

പരിപാലകരായ 

ക്വുറൈശി നേതാക്കളോ

അമ്പരന്നിരിപ്പായി

‘റബ്ബിന്റെ ഭവനത്തെ

കാക്കട്ടെ അവന്‍ തന്നെ’

പ്രാര്‍ഥനയോടെയവര്‍

കാത്തിരിപ്പായി പാരില്‍

കുതിച്ചു കഅ്ബക്ക്

നേരെയാനകള്‍ പക്ഷേ,

അടുക്കാന്‍ കഴിഞ്ഞില്ല

അത്ഭുതം നടക്കുന്നു!

മാരിക്കാര്‍ മൂടുംപോലെ

വെളിച്ചം മങ്ങിടുന്നു

മുകളില്‍ അബാബീലാം

പക്ഷികള്‍ നിറയുന്നു

ചുടുകല്ലുകള്‍ കൊണ്ടാ

പടയെ എറിയുന്നു

ആനകള്‍, പട്ടാളക്കാര്‍

ഒക്കെയും നശിക്കുന്നു

ചവയ്ക്കപ്പെട്ട വൈക്കോല്‍

പോലായി മാറിടുന്നു!

കഅ്ബയുടെ നാഥന്‍ 

അതിനെ കാത്തിടുന്നു

കുതന്ത്രക്കാരെയവന്‍

തകര്‍ത്തു കളയുന്നു.

 

അബൂറാഷിദ
നേർപഥം വാരിക

പാപം വെടിയുക

പാപം വെടിയുക

ശുദ്ധിയാക്കണം നമ്മള്‍ 

നമ്മുടെ ശരീരത്തെ

നമ്മുടെ വസ്ത്രങ്ങളെ

നമ്മുടെ മനസ്സിനെ.

മേനിയില്‍, വസ്ത്രങ്ങളില്‍

കറകള്‍ പിടിക്കും പോല്‍

പിടിക്കും മനസ്സിലും

കറകള്‍, സൂക്ഷിക്ക നാം.

പാപങ്ങള്‍ നിരന്തരം

ചെയ്യുമ്പോള്‍ അവയെല്ലാം

കറുത്ത കറയായി

മനസ്സില്‍ കട്ടിയാകും.

നന്മകള്‍ ചെയ്യാന്‍ പിന്നെ

കഴിയാതാകും പാരില്‍

തിന്മകള്‍ മാത്രം ചെയ്ത്

പതിക്കും നരകത്തില്‍.

അതിനാല്‍ കൂട്ടുകാരേ,

തെറ്റ് ചെയ്യല്ലേ തീരെ

ചെയ്‌തെങ്കിലുടന്‍ തന്നെ

റബ്ബോട് മാപ്പിരക്കാം.

പിന്നീടാ തെറ്റിലേക്ക്

മടങ്ങാതിരിക്കണം

എങ്കിലാ പാപക്കറ

നീക്കിടും പടച്ചവന്‍.

 

അബൂഫായിദ
നേർപഥം വാരിക

എത്ര മനോഹരമീ ഭൂമി…!

എത്ര മനോഹരമീ ഭൂമി...!

നമുക്ക് പാര്‍ക്കാന്‍ പറ്റും വിധമില്‍

നാഥന്‍ ഭൂമി പടച്ചില്ലേ?

വെളിച്ചമേകാന്‍, ഊര്‍ജം കിട്ടാന്‍

സൂര്യനെ റബ്ബ് പടച്ചില്ലേ?

രാത്രിയില്‍ നീല വെളിച്ചം വിതറും

ചന്ദ്രനെ മീതെ നിറുത്തീലേ?

ആകാശത്തെ നക്ഷത്രങ്ങള്‍

കൊണ്ടവന്‍ സുന്ദരമാക്കീലേ?

വെള്ളം കിട്ടാന്‍ വാനില്‍നിന്നും

മഴ വര്‍ഷിപ്പത് റബ്ബല്ലേ?

ചൂട്, തണുപ്പ്, മഞ്ഞും വെയിലും

തന്നരുളുന്നതുമവനല്ലേ?

സസ്യലതാതികള്‍ കൊണ്ടീ ഭൂമിയെ

പച്ചയണീച്ചതുമവനല്ലേ?

നീലക്കടലും പുഴയും തോടും

അരുവി പടച്ചതുമവനല്ലേ?

പലവര്‍ണത്തില്‍ പലവിധ പഴവും

പൂക്കള്‍, കായ്കള്‍ കാണ്‍മൂ നാം.

ദിനവും സൂര്യനുദിപ്പൂ, അതുപോല്‍

പതിവായ് പോയി മറയുന്നു.

സുന്ദരമാമീ കാഴ്ചകളൊക്കെ

എന്നും നമ്മള്‍ കാണുന്നു!

വായു, വെള്ളം, തീയും തണലും

എന്തൊരനുഗ്രഹമാണെന്നോ!

ഇതൊക്കെ നല്‍കിടുമല്ലാഹുവിനെ

മറന്നു ജീവിക്കല്ലെ നാം.

അവനെ മാത്രം ആരാധിക്കാം

പ്രാര്‍ഥന കേള്‍ക്കുന്നോനവനാം.

അത് മറ്റുള്ളോര്‍ക്കായിപ്പോയാല്‍

അക്രമമാണെന്നറിയേണം

 

ഉസ്മാന്‍ പാലക്കാഴി
നേർപഥം വാരിക

സര്‍വശക്തന്‍

സര്‍വശക്തന്‍

വറ്റിവരണ്ടു കിടക്കുന്ന ഭൂമിയി-

ലേക്കൊന്നു നോക്കുകെന്‍ കൂട്ടുകാരേ

ഇറ്റു ജലമില്ല, ഒറ്റ പുല്‍നാമ്പില്ല

ഏറ്റമുറപ്പുള്ള മണ്ണു മാത്രം!

മാനത്തില്‍ വാതില്‍ തുറന്നുകൊണ്ടാ മണ്ണി-

ലേക്കു മഴ പെയ്തിറങ്ങിടുമ്പോള്‍

ജീവന്‍ തുടിക്കുന്നു, നൂറായിരം സസ്യ

ജാലങ്ങള്‍ പൊട്ടിമുളച്ചിടുന്നു.

പൂക്കളും കായ്കളുമാകെ നിറയുന്നു

കണ്ണിന് കുളിര്‍മഴയായിടുന്നു.

വെള്ളവും മണ്ണുമൊന്നാകിലും പൂക്കളും

കായ്കളും വൈവിധ്യമാര്‍ന്നതല്ലോ.

എന്തൊരതിശയം, എത്ര മനോഹരം!

എല്ലാതുമല്ലാഹുവിന്‍ വൈഭവം.

ചിന്തിച്ചു നോക്കുകെന്‍ കൂട്ടുകാരേ, നമ്മ-

ളീ ലോകം വിട്ടുപിരിഞ്ഞുവെന്നാല്‍

പിന്നീട് നമ്മള്‍ക്ക് ജീവനേകീടുവാന്‍

ഏകനാമല്ലാക്ക് സാധ്യമല്ലേ? 

ഇല്ലായ്മയില്‍നിന്ന് എല്ലാം പടച്ചവന്‍

എല്ലാറ്റിനും കഴിവുള്ളവനാം.

 

റാഷിദ.ടി.കെ
നേർപഥം വാരിക

സ്വന്തത്തെ മറക്കാതിരിക്കുക

സ്വന്തത്തെ മറക്കാതിരിക്കുക

വലിയ തോതിലല്ലെങ്കിലും കുറെയൊക്കെ സല്‍കര്‍മങ്ങള്‍ ചെയ്യുന്നവരാണ് നമ്മിലധികമാളുകളും. അവയാണ് പരലോകരക്ഷക്കു വേണ്ടി നമ്മുടെ പക്കലുള്ള നീക്കിയിരിപ്പ് എന്നതിനാല്‍ അതു നഷ്ടപ്പെടാതിരിക്കാന്‍ നാം ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.

മക്കയില്‍ റീത്വ എന്നു പേരുള്ള ഒരു സ്ത്രീ ജീവിച്ചിരുന്നു. മനോരോഗിയും എന്നാല്‍ സമ്പന്നയുമായിരുന്നുവത്രെ ആ സ്ത്രീ. അഞ്ചാറു അടിമ സ്ത്രീകളും അവര്‍ക്ക് സ്വന്തമായി ഉണ്ടായിരുന്നു. ആ സ്ത്രീയുടെ കല്‍പന പ്രകാരം ഈ അടിമകള്‍ ദിവസവും ഉച്ചനേരം വരെ ഇഴകളെടുത്ത് നൂലുകള്‍ പിരിച്ചുമുറുക്കാറുണ്ടായിരുന്നു. ഉച്ചക്കു ശേഷം ഈ പിരിച്ചുമുറുക്കി ബലപ്പെടുത്തിയ നൂലുകള്‍ പിരിയുടച്ച് ഇഴകളാക്കി മാറ്റുവാന്‍ ആ സ്ത്രീ തന്റെ വേലക്കാരായ അടിമസ്ത്രീകളോടു പറയും. എന്നും ഇതായിരുന്നു ആ സ്ത്രീയുടെ പതിവ്! ഇവര്‍ മാനസിക രോഗിയാണെന്നതിന്റെ തെളിവും ഇത് തന്നെ.

ക്വുര്‍ആനിലെ സൂറഃഅന്നഹ്ല്‍ 92ാം സൂക്തം ഒരു സ്ത്രീയെപ്പറ്റി ഉപമിക്കുന്നുണ്ട്: ”ഉറപ്പോടെ നൂല്‍ നൂറ്റ ശേഷം തന്റെ നൂല്‍ പല ഇഴകളാക്കി പിരിയുടച്ചുകളഞ്ഞ ഒരു സ്ത്രീയെപ്പോലെ നിങ്ങള്‍ ആകരുത്…” ഈ പരാമര്‍ശം നേരത്തെ പറഞ്ഞ സ്ത്രീയെ സൂചിപ്പിക്കുന്നു എന്ന് ചില ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വിവരിച്ചത് കാണാം.

കരാറുകള്‍ ലംഘിക്കുന്നതിനെപ്പറ്റി അല്ലാഹു നമ്മെ താക്കീതു ചെയ്യുന്ന സന്ദര്‍ഭത്തിലാണ് ഈ വചനം ക്വുര്‍ആനില്‍ കാണുന്നതെങ്കിലും ചെയ്ത നല്ല കാര്യങ്ങളെ നഷ്ടത്തിലാക്കുന്ന ഏതു സന്ദര്‍ഭത്തേക്കും ഈ ആശയം ബാധകമാണെന്ന് ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെടുന്നു. ഇങ്ങനെ ചെയ്തുറപ്പിച്ച നല്ല കാര്യങ്ങള്‍ നഷ്ടപ്പെടാനിടവരുന്നത് നിസ്സാരകാര്യങ്ങള്‍ കാരണമായിരിക്കും. അഹങ്കാരം, പ്രതികാരം, നിരാശാബോധം, തോറ്റുകൊടുക്കാന്‍ പാടില്ലെന്ന ചിന്ത… ഇങ്ങനെ പലകാര്യങ്ങളാലും നന്മകള്‍ നഷ്ടപ്പെടുത്താന്‍ പലര്‍ക്കും മടിയില്ല.

വൈകുന്നേരം വരെ വെള്ളം കൊണ്ടുവന്ന കലം വൈകുന്നേരം കുത്തിയുടക്കുക എന്ന അര്‍ഥത്തില്‍ ഒരു പഴഞ്ചൊല്ലുണ്ട് മലയാളത്തില്‍. വളരെ പണിപ്പെട്ട് ഒരു പാറക്കല്ല് എന്നും മലമുകളിലേക്ക് തള്ളിക്കയറ്റി ഒടുവില്‍ മലക്കുമുകളിലെത്തുമ്പോള്‍ ആ പാറക്കല്ല് താഴേക്ക് ഉരുട്ടിവിട്ട് അത് നോക്കി പൊട്ടിച്ചിരിക്കുന്ന നാറാണത്ത് ഭ്രാന്തന്റെ ഐതിഹ്യം മലയാളികള്‍ക്ക് സുപരിചിതമാണ്. പറയിപെറ്റ പന്തിരുകുലത്തിലെ അംഗമായിരുന്ന ഇതിഹാസ പുരുഷന്‍ നാറാണത്ത് ഭാന്തനും, മക്കയില്‍ ജീവിച്ചു എന്നു പറയപ്പെടുന്ന മനോരോഗിയായ റിത്വയും, ഗ്രീക്ക് പുരാണകഥയിലെ സിസിഫസ് എന്ന കഥാപാത്രവും ഒരേ സന്ദേശമാണ് നല്‍കുന്നത്. അധ്വാന ഫലങ്ങള്‍ നഷ്ടപ്പെടുത്തുന്നത് ബുദ്ധിശൂന്യതയാണ് എന്ന സന്ദേശം.

”ഹേ, മനുഷ്യാ, നീ നിന്റെ രക്ഷിതാവിങ്കലേക്ക് കടുത്ത അധ്വാനം നടത്തി ചെല്ലുന്നവനും അങ്ങനെ അവനുമായി കണ്ടുമുട്ടുന്നവനുമാകുന്നു” (ക്വുര്‍ആന്‍ 84:6).

ആരുമിവിടെ അധ്വാനിക്കാതെ ജീവിക്കുന്നില്ല, അവ പലവിധത്തിലാകാം. അല്ലാഹുവിന്റെ മാര്‍ഗത്തില്‍, അല്ലാത്ത മാര്‍ഗത്തില്‍, അനുവദനീയം, അനനുവദനീയം, നല്ലകാര്യങ്ങള്‍ക്ക്, നശീകരണങ്ങള്‍ക്ക് എന്നിങ്ങനെ പലരും പലവിധം അധ്വാനിക്കുന്നു. ഒരു മുസ്‌ലിമായ വിശ്വാസി അധ്വാനിക്കേണ്ടത് പരലോക രക്ഷക്ക് വേണ്ടിയാണ്. ആ അധ്വാനം പരലോകത്ത് ഉപകരിക്കാതെ പോകുന്നതാകരുത്.

”(നബിയേ,) ആ മൂടുന്ന സംഭവത്തെ സംബന്ധിച്ച വര്‍ത്തമാനം നിനക്ക് വന്നുകിട്ടിയോ? അന്നേ ദിവസം ചില മുഖങ്ങള്‍ താഴ്മകാണിക്കുന്നതും പണിയെടുത്ത് ക്ഷീണിച്ചതുമായിരിക്കും. ചൂടേറിയ അഗ്‌നിയില്‍ അവ പ്രവേശിക്കുന്നതാണ്” (88:1-4).

അതിനാല്‍ പണി നാം നഷ്ടപ്പെടുത്തരുത്. അപ്പോള്‍ അവ നഷ്ടത്തിലാകാതിരിക്കാന്‍ നാമെന്തുവേണം?

ഒന്ന്) ഭൗതികമായ നേട്ടങ്ങളില്‍ കണ്ണുവെച്ചു കൊണ്ട് നാം കര്‍മങ്ങള്‍ ചെയ്യരുത്. അത് ആരാധനാ കര്‍മങ്ങളാവട്ടെ, മത രംഗത്തുള്ള വിവിധ പ്രവര്‍ത്തനങ്ങളാവട്ടെ, സാമൂഹ്യസേവനങ്ങളാവട്ടെ; എല്ലാറ്റിലും അല്ലാഹുവിന്റെ പ്രീതിമാത്രം ഉദ്ദേശിക്കുക.

രണ്ട്) ചെയ്യുന്ന കാര്യങ്ങള്‍ പ്രമാണങ്ങളുടെ പിന്തുണയുള്ളതാണെന്ന് ഉറപ്പ് വരുത്തുക. കേട്ടുകേള്‍വിയും നാട്ടുനടപ്പും അന്ധമായ അനുകരണവും സംഘടനാപരമായ അമിതാവേശവും നമ്മുടെ ഒരു പ്രവര്‍ത്തനങ്ങളുടെയും  അടിസ്ഥാനമാവരുത്. പ്രമാണങ്ങളില്‍ നിന്ന് വ്യക്തമായതാണെങ്കില്‍ ആ പ്രമാണങ്ങള്‍ മുറുകെ പിടിക്കണം. ക്വുര്‍ആനും നബിചര്യയുമാണ് നമ്മുടെ അടിസ്ഥാന പ്രമാണങ്ങള്‍. അവ അടിസ്ഥാനമാക്കി സച്ചരിതരായ പൂര്‍വികര്‍ ചെയ്തതാണ് നമ്മുടെ മാതൃക. അല്ലാഹു നിശ്ചയിച്ച പ്രമാണങ്ങള്‍ക്കെതിരായി ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്ക് അല്ലാഹുവിങ്കല്‍ നിന്ന് പ്രതിഫലം ലഭിക്കുന്നതല്ല എന്ന് ഉറപ്പാണല്ലോ. മറിച്ചായാല്‍ ആ അധ്വാനങ്ങള്‍ നമുക്ക് നഷ്ടമായിരിക്കുന്നതല്ല. ഇനി കൂടിയാലോചിച്ചു ചെയ്യേണ്ടവയാണെങ്കില്‍ സത്യസന്ധമായി കൂടിയാലോചന നടത്തി ചെയ്യുക. ബാക്കി അല്ലാഹുവില്‍ ഭരമേല്‍പിക്കുക. അതല്ലാതെ ഇന്ന വ്യക്തിക്കനുകൂലമാകണം, ഇന്നയാളെ എന്തുവന്നാലും എതിര്‍ക്കണം, ഇന്ന പക്ഷത്തെ പിന്തുണക്കണം എന്ന മുന്‍ധാരണ പൊതുകാര്യങ്ങളില്‍ ഉണ്ടായിക്കൂടാ. കാരണം അവ കര്‍മഫലം പരലോകത്ത് നഷ്ടപ്പെടാന്‍ ഇടവരുത്തുന്നതാണ്. എന്നാല്‍ ആത്മാര്‍ഥമായ ശ്രദ്ധയോടു കൂടിയുള്ള കാര്യങ്ങളില്‍ അല്ലാഹുവിന്റെ തൃപ്തിയും സഹായവും ലഭിക്കുകയും ചെയ്യും.

മൂന്ന്) നാം ചെയ്യുന്ന സല്‍കര്‍മങ്ങള്‍ മറ്റുള്ളവര്‍ക്ക് കൊടുത്തു വീട്ടിയതിനു ശേഷം പരലോകത്ത് പാപ്പരായി തീരുന്ന ചില അവസരങ്ങളെ സംബന്ധിച്ച് നബി ﷺ  പഠിപ്പിച്ചു തന്നിട്ടുണ്ട്.

അന്യരെപ്പറ്റി പരദൂഷണം പ്രചരിപ്പിക്കുക, ചീത്തവിളിച്ച് അപമാനിക്കുക, അന്യരുടെ ധനം തിന്നുക, രക്തം ചിന്തുക തുടങ്ങിയ ദുഷ്പ്രവൃത്തികള്‍ ചെയ്തവര്‍ എത്ര സല്‍കര്‍മങ്ങള്‍ ചെയ്തവരാണെങ്കിലും പരലോകത്ത് ആ സല്‍കര്‍മങ്ങളെടുത്ത് നാം കടം വീട്ടേണ്ടി വരും. കടം കൊടുക്കാതിരിക്കുന്നവരും കൊടുത്തു വീട്ടേണ്ടതായ സകാത്ത് തുടങ്ങിയ സമ്പത്ത് ബാക്കിവെച്ചു ജീവിക്കുന്നവരും പരലോകത്ത് സ്വന്തം സല്‍കര്‍മങ്ങളെടുത്ത് കടം വീട്ടേണ്ടി വരും. ‘ഹദീഥുല്‍ മുഫ്‌ലിസ്’ എന്നറിയപ്പെടുന്ന അന്ത്യദിനത്തില്‍ പാപ്പരായവനെപ്പറ്റി നബി ﷺ  വിശദീകരിക്കുന്ന ഒരു ഹദീഥ് മുസ്‌ലിം ഉദ്ധരിച്ചതിന്റെ ചുരുക്കമാണ് മേല്‍പ്പറഞ്ഞത്. വിവരണ ദൈര്‍ഘ്യം ഭയന്ന് ഹദീഥ് ഇവിടെ ചേര്‍ത്തിട്ടില്ല

നാല്) പര്‍വതം കണക്കെ ഗംഭീരമായ സല്‍കര്‍മങ്ങളുമായി അന്ത്യദിനത്തില്‍ അല്ലാഹുവിന്റെ മുമ്പില്‍ ഹാജരാക്കപ്പെടുന്ന ഒരു വിഭാഗത്തെപ്പറ്റി നബി ﷺ  വിവരിച്ച മറ്റൊരു ഹദിഥ് ഇബ്‌നുമാജ ഉദ്ധരിച്ചത് സ്വഹീഹായി വന്നിട്ടുണ്ട്. ആ ഹദീഥിന്റെ ചുരുക്കം ഇതാണ്:

തിഹാമ മരുഭൂമിയിലെ വെളുത്ത വന്‍മലകള്‍ കണക്കെ സല്‍കര്‍മങ്ങളുമായി പരലോകത്ത് ഹാജറാക്കപ്പെടുന്ന ആളുകളെപ്പറ്റി നബി ﷺ  പറഞ്ഞു: എന്നിട്ട് ആ കര്‍മങ്ങളൊക്കെ അവരില്‍ നിന്ന് അല്ലാഹു സ്വീകരിക്കാതെ കാറ്റില്‍ പറത്തികളയും. നല്ല നല്ല സല്‍കര്‍മങ്ങള്‍ നിര്‍വഹിച്ചവരും നിശാ സമയങ്ങളില്‍ പോലും സല്‍കര്‍മങ്ങളില്‍ മുഴുകിയവരുമായിരുന്നു അവര്‍. പക്ഷേ, ആരുമറിയാതെ തനിച്ചാകുമ്പോള്‍,തക്കം കിട്ടുമ്പോള്‍ നിഷിദ്ധകാര്യങ്ങളില്‍ ഏര്‍പ്പെടാന്‍ അവര്‍ മടി കാണിച്ചിരുന്നില്ല!

അതിനാല്‍ നാം ശ്രദ്ധിക്കുക! നാളേക്ക് വേണ്ടി കുറ്റം തീര്‍ത്ത് സല്‍കര്‍മങ്ങള്‍ വല്ലതും നാം ബാക്കിവെച്ചിട്ടുണ്ടോ? അത് പോരാ! ഈ കര്‍മങ്ങളുടെ ഫലം നഷ്ടപ്പെടുന്ന പ്രവൃത്തികള്‍ മനസാവാചാകര്‍മണാ നമ്മില്‍ നിന്ന് സംഭവിക്കാറുണ്ടോ? ഉണ്ടെങ്കില്‍ ഒന്നുമില്ലാത്തവരായി നാം പരലോകത്ത് ഹാജറാക്കപ്പെടുകയില്ലേ? അപ്പോള്‍ മതവും പടച്ചവനും ഇല്ലാതെ, ശരിയും തെറ്റും വേര്‍തിരിക്കാതെ തോന്നിവാസികളായി ജീവിച്ച് മരിച്ചവരും, ദീനിന്റെയും സല്‍കര്‍മങ്ങളുടെയും ആളുകളായി ജീവിച്ചു മരിച്ചവരും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടാവുമോ?

മത പ്രവര്‍ത്തന രംഗം ഇക്കാലത്ത് വളരെയധികം ശ്രദ്ധിച്ചു വേണം നാം കൈകാര്യം ചെയ്യാന്‍. പരസ്പരം പരിഹാസവും തെറിവിളികളും അന്യായമായ ആക്ഷേപങ്ങളും പാരയും വിദ്വേഷവും ഈ മേഖലയില്‍ ഏറിവരികയാണ്. തല്‍ക്കാലം ജയിക്കണമെന്നതിലുപരി നാളെ എല്ലാം ചോദ്യം ചെയ്യപ്പെടുമെന്ന ബോധം നഷ്ടമായിക്കൊണ്ടിരിക്കുന്നു. പരലോകത്തെ നഷ്ടം മാത്രമല്ല ഇഹലോകത്തുപോലും നഷ്ടം കണ്‍മുമ്പില്‍ കാണുന്ന അവസ്ഥ നിലനില്‍ക്കുന്നുണ്ട്. നബി ﷺ യും സ്വഹാബത്തും സച്ചരിതരായ സലഫുസ്സ്വാലിഹുകളും കൈമാറിവന്ന ആദര്‍ശ സംഹിതകളില്‍ പൗരോഹിത്യത്തിന്റെ ഇടപെടല്‍ മൂലം ഒട്ടേറെ അന്ധവിശ്വാസങ്ങളും ജീര്‍ണതകളും കടന്നുകൂടി. മതനിരാസ ചിന്തകരുടെ നിഗൂഢ പ്രവര്‍ത്തനഫലമായി ക്വുര്‍ആന്‍ – ഹദീഥ് ദുര്‍വ്യാഖ്യാന സമീപനങ്ങളും ബുദ്ധിക്ക് നിരക്കാത്തത് തള്ളണമെന്ന അല്‍പജ്ഞാനികളുടെ ധാര്‍ഷ്ട്യവും വര്‍ധിച്ചുവരുന്നു. ഈ ബഹുമുഖ വെല്ലുവിളികള്‍ക്കിടയിലാണ് കേരളക്കരയില്‍ ഇസ്വ്‌ലാഹി പ്രസ്ഥാനം ഒരു നൂറ്റാണ്ടുകാലം പിടിച്ചുനിന്ന് പ്രതിരോധിച്ചതും അതിജീവിച്ചതും.

കെ.എം. മൗലവി(റഹ്) മുതല്‍ കെ.പി. മുഹമ്മദ് മൗലവി(റഹ്)വരെയുള്ള ഒട്ടനേകം പണ്ഡിത നേതാക്കളാണ് ഈ സമുദായത്തെ നേരിന്റെ പാതയിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. അങ്ങനെയാണ് ഇസ്വ്‌ലാഹി പ്രസ്ഥാനം കേരളക്കരയില്‍ ആദര്‍ശപ്രബോധനമാര്‍ഗത്തില്‍ ഉന്നതങ്ങളിലെത്തിയത്. അങ്ങനെയാണ് അന്ധവിശ്വാസങ്ങളുടെ ഇരുളുകളില്‍ നിന്ന് കേരളീയ സമൂഹം ഒരു പരിധി വരെയെങ്കിലും മുക്തിനേടിയത്. ആ ഔന്നത്യത്തെ താഴേക്ക് തള്ളിയിട്ട് അതു കണ്ട് ആസ്വദിക്കാന്‍ ആര്‍ക്കും ഇടം കൊടുക്കരുത് നാം.

ചുരുക്കത്തില്‍, നാം പ്രവൃത്തിക്കുന്നതൊന്നും നമുക്ക് നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. നാളേക്കുവേണ്ടി നാം ഒരുക്കിവെച്ചത് എന്തെല്ലാമാണ് എന്ന് സദാ ശ്രദ്ധിച്ചു കൊണ്ടിരിക്കണം. കുറഞ്ഞ ആയുഷ്‌കാലത്ത് മസില്‍പിടിച്ച് സ്വയം നശിക്കാതെ നാളേക്കുവേണ്ടി നമ്മുടെ സ്വന്തത്തിന്നും അടുത്ത തലമുറക്കുവേണ്ടി സമൂഹത്തിന്നും നന്മകള്‍ കരുതിവെക്കാന്‍ ഒന്നിക്കുക.

”സത്യവിശ്വാസികളേ… നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക ഓരോവ്യക്തിയും താന്‍ നാളേക്കുവേണ്ടി എന്തൊരു മുന്നൊരുക്കമാണ് ചെയ്തിട്ടുള്ളതെന്ന് നോക്കട്ടെ. നിങ്ങള്‍ അല്ലാഹുവെസൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു സൂക്ഷമമായി അറിയുന്നവനാണ്. അല്ലാഹുവെ മറന്നുകളഞ്ഞ ഒരു വിഭാഗത്തെ പ്പോലെ നിങ്ങളാകരുത്. അത്മൂലം അല്ലാഹു അവര്‍ക്ക് തങ്ങളെപ്പറ്റിതന്നെ ഓര്‍മയില്ലാതാക്കി. അക്കൂട്ടര്‍ തന്നെയാണ് ദുര്‍മാര്‍ഗികള്‍.” (ക്വുര്‍ആന്‍ 59:18,19)

 

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍
നേർപഥം വാരിക

നാളേക്ക് ബാക്കിവെക്കുക

നാളേക്ക് ബാക്കിവെക്കുക

ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ വേണ്ടി പത്താംവയസ്സില്‍ തന്നെ ഒരു വ്യാപാരിയുടെ കടയില്‍ തൊഴിലാളിയായി ജീവിതം ആരംഭിച്ച ഒരു കുട്ടിയുടെ ജീവിത കഥയുണ്ട്. യഹ്‌യ ഇബ്‌നു ശറഫ് എന്നാണ് അദ്ദേഹത്തിന്റെ പേര്. പുരാതന സിറിയാ രാജ്യത്തിലെ ‘ഹൂറാന്‍’ ദേശത്ത് ‘നവ’ എന്ന ഗ്രാമത്തില്‍ ഏഴുന്നൂറു കൊല്ലങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന ആ വ്യക്തി ‘ഇമാം നവവി’ എന്ന പേരില്‍ പ്രസിദ്ധനായി.

നാല്‍പത്തിയാറു വയസ്സുവരെ (ഹിജ്‌റ 631-676, ക്രിസ്താബ്ദം 1277ല്‍ മരണം) മാത്രമെ അദ്ദേഹം ജീവിച്ചിരുന്നുള്ളൂ! ഇത്രയും കുറഞ്ഞ ആയുസ്സിനിടയ്ക്ക് അദ്ദേഹം എഴുതിയ ഒട്ടനേകം ഗ്രന്ഥങ്ങള്‍ ഇന്നും ലോകത്ത് പ്രൈമറി ക്ലാസിലെ കുട്ടികള്‍ മുതല്‍ മഹാ പണ്ഡിതന്മാര്‍വരെ പഠിച്ചുകൊണ്ടിരിക്കുന്നു. അമ്പതിലധികം ബൃഹത്തായ ഗ്രന്ഥങ്ങള്‍ അദ്ദേഹം മുസ്‌ലിം ലോകത്തിന് സമര്‍പ്പിച്ചു. ഹദീഥ്, ഭാഷ, ചരിത്രം, കര്‍മശാസ്ത്രം എന്നീ അടിസ്ഥാന വിഷയങ്ങളാണ് അവയെല്ലാം.

ചരിത്രകാരന്മാര്‍ അത്ഭുതത്തോടെ പറയുന്നത്, ഇത്രയും കാലത്തിനിടക്ക് അദ്ദേഹം സ്വന്തം കൈകൊണ്ടെഴുതിയ പുസ്തങ്ങള്‍ ഒന്നിച്ചെടുത്താല്‍ അദ്ദേഹം ജനിച്ച ദിവസം തൊട്ട് മരിച്ച ദിവസം വരെയുള്ള നാല്‍പ്പത്തിയാറു വര്‍ഷത്തില്‍ ഒരോ ദിവസവും രണ്ട് ക്വുര്‍റാസ വീതം വീതിക്കാന്‍ കഴിയുമെന്നാണ്. ഒരു ക്വുര്‍റാസ എന്നാല്‍ എട്ടു പേജുള്ള ഒരു ഫോള്‍ഡര്‍ എന്നാണ് കണക്കാക്കപ്പെടുന്നത്. അപ്പോള്‍ ഓരോ ദിവസവും 16 പേജ് എഴുതിയ പോലെയാണ് അദ്ദേഹം ജീവിതകാലത്ത് രചിച്ച പേജുകളുടെ എണ്ണം! ചെറുപ്പകാലം, ദിനചര്യകള്‍, പ്രാര്‍ഥനകള്‍, തൊഴില്‍ തുടങ്ങി എല്ലാ അത്യാവശ്യങ്ങളും കഴിഞ്ഞ ശേഷം ഇത്രയധികം എഴുതിയിട്ടുണ്ടെങ്കില്‍ അദ്ദേഹം സമ്പാദിച്ച അറിവിന്റെ ആഴം എത്രയായിരിക്കും! അദ്ദേഹത്തിന്റെ അധ്വാനം എത്ര വലുതായിരിക്കും! അദ്ദേഹം തന്റെ സമയം എത്ര ശ്രദ്ധയോടെയായിരിക്കും ചെലവഴിച്ചിട്ടുണ്ടാകുക!

ശര്‍ഹു മുസ്‌ലിം, റൗദതുത്ത്വാലിബീന്‍, മിന്‍ഹാജുത്ത്വാലിബീന്‍, രിയാദുസ്സ്വാലിഹീന്‍, അല്‍അദ്കാര്‍, അത്ത്വിബ്‌യാന്‍, അത്തഹ്‌രീര്‍, അല്‍ഈളാഫ് തുടങ്ങിയ വന്‍ഗ്രന്ഥങ്ങളാണ് വിവിധ വിഷയങ്ങളിലായി അദ്ദേഹം രചിച്ചത്. ഇതിനിടയ്ക്ക് അധ്യാപകനായും ഉന്നത സ്ഥാപനങ്ങളുടെ മേധാവിയായും ഒരാളെയും ഭയപ്പെടാത്ത പ്രബോധകനായും ഒട്ടു കുറവല്ലാത്ത വിധം പ്രവര്‍ത്തിച്ചിരുന്നു.

നവവി ഇമാമിന്റെ ജീവിതത്തിലേക്ക് ഇങ്ങനെ ഒരു എത്തിനോട്ടം നടത്തിയത് നമ്മുടെ സമയത്തെയും ആയുഷ്‌കാലത്തെയും എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന് സൂചിപ്പിക്കാനാണ്. 60/70 വയസ്സാണ് ശരാശരി നമ്മുടെ ആയുഷ്‌കാലം. അലിയ്യുബ്‌നു അബീത്വാലിബില്‍(റ) നിന്ന് ഉദ്ധരിക്കപ്പെട്ടതെന്ന് പറയപ്പെടുന്ന ഒരു കവിതയുണ്ട്. അതിന്റെ സാരം ഇങ്ങനെയാണ്:

അറുപതാണ്ട് ജീവിതത്തില്‍

പകുതിയും രാത്രിയുറക്കമായി കഴിഞ്ഞു

ബാക്കിയാം പകുതിയശ്രദ്ധനായി

ഇടത്തും വലത്തും നടന്നു പൊലിഞ്ഞു

മൂന്നിലൊന്ന് കാലം തൊഴിലും ത്വരയും

മനക്കോട്ടകള്‍ കെട്ടിയും തുലഞ്ഞു

ബാക്കിയുള്ള കാലം നരയും രോഗവുമായി

വിടപറയാനുള്ള ദുഃഖത്തിലലിഞ്ഞു

കൊതിക്കുന്നതബദ്ധമാണധികം ജീവിക്കുവാന്‍

ഇതാണ് റബ്ബിന്റെ വിഹിതമെന്നറിഞ്ഞോ…

ആറ്റികുറിക്കി നോക്കിയാല്‍ കാര്യഗൗരവമായി ജീവിക്കാന്‍ കുറച്ചേ അവസരമുള്ളൂ. ഈ അവസരവും കൂടി വെറുതെ കളഞ്ഞാല്‍ നാമെത്ര നഷ്ടക്കാരാണെന്ന് ഓര്‍ക്കുക!

ഈ കുറഞ്ഞ സമയംകൊണ്ടു വേണം ശാശ്വതമായ പരലോകത്ത് രക്ഷപ്പെടാന്‍. ക്ഷണികമായ ഈ ജീവിതത്തില്‍ നമുക്ക് ലഭിക്കുന്ന ഓരോ നിമിഷ നേരവും ശാശ്വതമായ പരലോകത്തില്‍ അനേകവര്‍ഷങ്ങള്‍ക്ക് തുല്യമായേക്കാം. ഇവിടുത്തെ കുറഞ്ഞ നേരത്തെ നന്മ ചെയ്താല്‍ പരലോകത്ത് ദീര്‍ഘ കാലത്തെ പ്രതിഫലത്തിന് കാരണമാകും. അഥവാ ഇവിടുത്തെ കുറഞ്ഞ സമയ നഷ്ടം പരലോകത്തെ ദീര്‍ഘകാലത്തെ സ്വര്‍ഗ ജീവിതത്തിന്റെ നഷ്ടമാകാം. അതിനാല്‍ ആയുസ്സില്‍ ലഭിക്കുന്ന സമയത്തെ നാം പ്രയോജനപ്പെടുത്തണം.

ആയുഷ്‌കാലത്തെ പ്രയോജനപ്രദമാക്കണം എന്നാണ് ഇത്രയും പറഞ്ഞത് കൊണ്ട് ഉദ്ദേശിക്കുന്നത്. നബി ﷺ  പ്രാര്‍ഥിക്കാറുണ്ടായിരുന്നതായി അബുഹുറയ്‌റ(റ) ഉദ്ധരിച്ച പ്രസിദ്ധമായ ഒരു പ്രാര്‍ഥനയുണ്ട്. അതിന്റെ അര്‍ഥം ഇപ്രകാരമാണ്:

”അല്ലാഹുവേ, എന്റെ മതം എനിക്ക് നല്ലതാക്കിത്തരേണമേ, അതാണ് എന്റെ മുഴുവന്‍ കാര്യങ്ങളുടെയും അവലംബം. എന്റെ ഇഹലോകം എനിക്ക് നന്നാക്കിത്തരേണമേ, അവിടെയാണ് എനിക്ക് ജീവിക്കാനുള്ളത്. എന്റെ പരലോകവും എനിക്ക് നല്ലതാക്കിത്തീര്‍ക്കേണമേ, അവിടേക്കാണെന്റെ മടക്കം. എന്റെ ആയുഷ്‌കാലമത്രയും നന്മ വര്‍ധിപ്പിക്കാനുതകുന്ന അവസരമാക്കേണമേ. എന്റെ മരണം എല്ലാ തിന്മയില്‍ നിന്നും രക്ഷയാക്കേണമേ” (മുസ്‌ലിം).

കേവലം മതത്തിലെ ഒരു അംഗമായിട്ടു പ്രയോജനമില്ല. യഥാര്‍ഥ മതം തിരിച്ചറിഞ്ഞ് അതു പ്രകാരം ജീവിക്കുന്ന മത വിശ്വാസികളായിരിക്കണം നാം. എങ്ങനെയെങ്കിലും തിന്ന്, കുടിച്ച്, പ്രജനനം നടത്തി ജീവിച്ചു തീര്‍ക്കുന്ന ഒരു ആയുഷ്‌കാലമല്ല മനുഷ്യന് വേണ്ടത്. കുടുംബത്തിനും നാടിനും സമൂഹത്തിനും പ്രയോജനപ്പെടുന്ന, നന്മകള്‍ അടുത്ത തലമുറക്ക് ബാക്കിവെക്കുന്ന ജീവിതം നയിക്കാന്‍ നാം ശ്രമിക്കണം. ഈ ജീവിതം അവസാനിക്കുന്നിടത്ത് പരലോക ജീവിതം തുടങ്ങുന്നു. അവിടെയും നന്മ നിറഞ്ഞ കാലമായിരിക്കണം. നമ്മുടെ ആയുസ്സ് എത്ര നീളുന്നുവോ അത്രയും നമുക്ക് വേണ്ടിയും നമ്മുടെ കുടുംബത്തിനും സമൂഹത്തിനും വേണ്ടിയും നന്മ ചെയ്യാനുളള അവസരം നാം ഉണ്ടാക്കണം. തിന്മയില്‍ നിന്നുള്ള മോചനമായിരിക്കുകയും വേണം. ഇതാണ് ഈ പ്രാര്‍ഥനയുടെ പൊരുള്‍.

അര്‍ഥവത്തായ ജീവിതം എന്നു പറയുന്നത് ഇതാണ്: ”സ്വത്തും സന്താനങ്ങളും ഐഹികജീവിതത്തിന്റെ അലങ്കാരമാകുന്നു. എന്നാല്‍ നിലനില്‍ക്കുന്ന സല്‍കര്‍മങ്ങളാണ് നിന്റെ രക്ഷിതാവിങ്കല്‍ ഉത്തമമായ പ്രതിഫലമുള്ളതും ഉത്തമമായ പ്രതീക്ഷ നല്‍കുന്നതും”(ക്വുര്‍ആന്‍ 18:46).

ഇതിലെ നിലനില്‍ക്കുന്ന കര്‍മങ്ങള്‍ എന്നതിന് വിശാലമായ അര്‍ഥമുണ്ട്. നാളെ പരലോകത്ത് നഷ്ടപ്പെടാതെ നമുക്ക് പ്രയോജനപ്പെടുന്ന സല്‍കര്‍മങ്ങള്‍, നാം മരിച്ചാല്‍ നാടിനും സമൂഹത്തിനും സര്‍വോപരി ദീനിനും പ്രയോജനപ്പെടുന്ന മക്കള്‍, കുടുംബം, നമ്മുടെ സേവന പ്രവര്‍ത്തനങ്ങള്‍, രചനകള്‍, നാം ജീവിച്ച കാലത്ത് നടപ്പിലാക്കിയ നല്ല കാര്യങ്ങള്‍, എന്നും നിലനില്‍ക്കുന്ന ദാനധര്‍മങ്ങള്‍ എന്നിങ്ങനെ അര്‍ഥ വ്യാപ്തിയുളള പദമാണിത്. നാം മരിച്ചാലും നമുക്ക് നന്മകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നതെല്ലാം ഈ പരിധിയില്‍ വരുന്നു.

അപ്പോള്‍ നമ്മുടെ സ്വന്തം ജീവിതകാലം നന്നായാല്‍ പോരാ, ഭാര്യാമക്കള്‍ക്കും മതാപിതാക്കള്‍ക്കും നല്‍കേണ്ട സ്‌നേഹവും നമ്മുടെ സാന്നിധ്യവും ശിക്ഷണവും കൊണ്ട് ജീവിതം ധന്യമാക്കണം. വായിച്ചും പഠിച്ചും അറിവുകള്‍ പകര്‍ന്നു കൊടുത്തും നാം നാളേക്കുവേണ്ടി നല്ലത് സമ്പാദിച്ചു വെക്കണം. ഇമാം നവവിയെ പോലുളള പണ്ഡിതശ്രേഷ്ഠര്‍ ബാക്കിവെച്ച അറിവിന്റെ അക്ഷരങ്ങള്‍ തലമുറകള്‍ക്ക് വെളിച്ചം നല്‍കുന്നു. കഴിഞ്ഞ നല്ല തലമുറ ചെയ്തുവെച്ച പ്രബോധന പ്രവര്‍ത്തനങ്ങളുടെ വെളിച്ചത്തിലാണ് നാം ഇന്ന് നടക്കുന്നത്. അവര്‍ തറയിട്ടു പടുത്തുയര്‍ത്തിയ അടിത്തറയിന്മേലാണ് നാം മുന്നോട്ട് പോകുന്നത്. നമുക്കും ഇതുപോലെ നമ്മുടെ കുടുംബത്തിനും രാജ്യത്തിനും നന്മകള്‍ ബാക്കിവെച്ച് യാത്രയാവാന്‍ കഴിയണം- അല്ലാഹു അനുഗ്രഹിക്കട്ടെ.

 

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍
നേർപഥം വാരിക

കുടുംബത്തോടൊപ്പം സന്തോഷത്തോടെ

കുടുംബത്തോടൊപ്പം സന്തോഷത്തോടെ

മാതാപിതാക്കളും ഭാര്യാമക്കളുമൊക്കെയായി കൂട്ടുകുടുംബ ജീവിതം നയിക്കുന്നവരാണ് നാം. ചിലപ്പോള്‍ ഐശ്വര്യവും സമൃദ്ധിയും ജീവിതത്തിലുണ്ടായിരിക്കും. ചിലപ്പോള്‍ ദുഃഖവും ദാരിദ്ര്യവുമാവാം. സുഖവും ദുഃഖവും ഈ ലോക ജീവിതത്തില്‍ മാറിമാറി വരുന്ന യാഥാര്‍ഥ്യങ്ങളാണ്. അല്ലാഹു തന്നതെന്തോ അതില്‍ തൃപ്തിയടയുകയേ നിര്‍വാഹമുള്ളൂ. അതാണ് ബുദ്ധിയും. അതാണ് നബി  ﷺ നമ്മെ പഠിപ്പിച്ചത്.

വലിയ വീടും ജീവിതസൗകര്യങ്ങളും ധാരാളം സമ്പത്തും ഉണ്ടായാല്‍ മതിയോ കുടുംബ ജീവിതം ആനന്ദകരമാവാന്‍? അഥവാ പ്രയാസങ്ങളും ദാരിദ്ര്യവും കൊണ്ട് വിഷമമനുഭവിക്കുന്നവര്‍ക്ക് കുടുംബ ജീവിതം ആസ്വദിക്കാന്‍ കഴിയുകയില്ലേ? യഥാര്‍ഥത്തില്‍ സ്‌നേഹവും ഒരുമയും കുടുംബ ജീവിതത്തില്‍ ഉറപ്പുവരുത്താനുള്ള മാനദണ്ഡം പണവും പ്രതാപവുമല്ല. മറ്റുചിലകാര്യങ്ങള്‍ അതിനായി ശ്രദ്ധിക്കേണ്ടതുണ്ട്.

പച്ചവെള്ളവും ഉണങ്ങിയ കാരക്കയും മാത്രം കഴിച്ചു രണ്ടുമാസം വരെ നബി ﷺ യുടെ കുടുംബം കഴിഞ്ഞുകൂടിയ അവസരങ്ങളുണ്ടായിട്ടുണ്ട്. എന്നിട്ടും ആ തിരുകുടുംബത്തില്‍ പൊട്ടലും ചീറ്റലും ഉണ്ടായില്ല. ഈ കൊടുംദാരിദ്ര്യത്തിനിടയിലും വല്ലവരും നബികുടുംബത്തിലേക്ക് ദാനമായി മാംസം എത്തിച്ചുകൊടുത്താല്‍ അത്‌കൊണ്ട് കറിവെച്ചതില്‍ നിന്ന് മരിച്ചുപോയ ആദ്യഭാര്യ ഖദീജ(റ)യുടെ കൂട്ടുകാരികള്‍ക്ക് കുറച്ച് കൊടുത്തയക്കണേയെന്ന് നബി ﷺ  പത്‌നിമാരോട്  പറയാറുണ്ടായിരുന്നു! വൃദ്ധയായി മരിച്ചു പോയ ഖദീജ(റ)യെ താങ്കള്‍ ഇപ്പോഴും ഓര്‍ത്തിരിക്കുകയാണോ എന്ന് ആഇശ(റ) നബി ﷺ യോട് ഒരിക്കല്‍ ചോദിച്ചപ്പോള്‍ ‘അവള്‍ എത്ര വൃദ്ധയായാലും എനിക്കവളെ മറക്കാന്‍ കഴിയില്ല’ എന്നാണ് നബി ﷺ മറുപടി പറഞ്ഞത്! എന്തായിരുന്നു ആ മറക്കാനാവാത്ത ബന്ധത്തിന്റെ രഹസ്യം? അതെ, അതാണ് കുടുംബസ്‌നേഹം!

അല്ലാഹു പറയുന്നു: ”അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ് നിങ്ങള്‍ക്കു സമാധാനമടയാന്‍ നിങ്ങളില്‍ നിന്നു തന്നെ ഇണകളെ അവന്‍ സൃഷ്ടിച്ചു എന്നത്. എന്നിട്ട് അവന്‍ നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തു. നിശ്ചയം ചിന്തിക്കുന്നവര്‍ക്ക് ഏറെ ദൃഷ്ടാന്തങ്ങളുണ്ട്” (ക്വുര്‍ആന്‍ 30:21).

ആകാശ ഭൂമികളുടെ സൃഷ്ടി സംവിധാനം, മണ്ണില്‍നിന്ന് മനുഷ്യനെ സൃഷ്ടിച്ചുവളര്‍ത്തിയത്, ജീവജാലങ്ങള്‍, മനുഷ്യന്റെ വര്‍ണ- ഭാഷാ വൈവിധ്യങ്ങള്‍, ഉറക്കം, ഇടി, മിന്നല്‍, മഴ തുടങ്ങി പ്രപഞ്ചത്തിലെ അനേക സൃഷ്ടി വൈഭവങ്ങളെ എണ്ണിപ്പറഞ്ഞ കൂട്ടത്തിലാണ് ഭാര്യാഭര്‍തൃ ജീവിതത്തില്‍ അല്ലാഹു നിക്ഷേപിച്ചതും നിലനിര്‍ത്താന്‍ നമ്മോട് കല്‍പിച്ചതുമായ ‘സ്‌നേഹം’ എന്ന സമസ്യയെ ഒരു മഹാദൃഷ്ടാന്തമായി അല്ലാഹു എണ്ണിയത്. കുടുംബത്തിന്റെയും സമൂഹത്തിന്റെയും നിലനില്‍പില്‍ പരസ്പരമുള്ള സ്‌നേഹം മഹത്തായ പങ്ക് നിര്‍വഹിക്കുന്നുണ്ട് എന്നര്‍ഥം.

അയ്യൂബ് നബി(അ)യുടെ കുടുംബ ജീവിതത്തില്‍ നിന്ന് ഇബ്‌നുകഥീര്‍(റഹി) തന്റെ ‘അല്‍ ബിദായഃ വന്നിഹായഃ’ എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിച്ച ഒരുസംഭവം നാമിവിടെ ഓര്‍ക്കുക:

മൂസാനബി(അ)യുടെ കാലശേഷം ജീവിച്ച പ്രവാചകന്മാരിലൊരാളാണ് അയ്യൂബ് നബി(അ). ധാരാളം കൃഷിയിടങ്ങളും ആടുമാടുകളും മക്കളും കൊണ്ട് സമൃദ്ധമായിട്ടാണ് ആദ്യകാലത്ത് അയ്യൂബ് നബി(അ) ജീവിച്ചത്. യഅ്ക്വൂബ് നബി(അ)യുടെ കുടുംബ മഹിമയും ഐശ്വര്യവും സൗന്ദര്യവുമുള്ള പ്രൗഢ

ജീവിതം നയിച്ചുകൊണ്ട് തന്റെ ഭാര്യയും കൂടെയുണ്ടായിരുന്നു. അല്ലാഹുവോട് നന്ദികാണിച്ചും ശ്രേഷ്ഠ സ്വഭാവങ്ങള്‍ പുലര്‍ത്തിയും കൊണ്ടായിരുന്നു ഈ കുടുംബം കഴിഞ്ഞുകൂടിയത്. എന്നാല്‍ അല്ലാഹു ഈ കുടുംബത്തെ കടുത്ത പരീക്ഷണത്തിന് വിധേയമാക്കി.

മക്കളൊക്കെ നഷ്ടമായി. സമ്പത്തുക്കള്‍ മുഴുവന്‍ നശിച്ചു. അയ്യൂബ് നബി(അ)യെ മാരകമായ രോഗം ബാധിച്ചു. അദ്ദേഹത്തിന്റെ ശരീരത്തിലെ മാംസം ദ്രവിച്ചു. എല്ലുകളില്‍ നിന്ന് മാംസം വേര്‍പെട്ട് ദുര്‍ഗന്ധം വമിച്ചു തുടങ്ങി. കുടുംബങ്ങളും നാട്ടുകാരും അകന്നു. നാട്ടുകാര്‍ ആ കുടുംബത്തെ ആള്‍താമസമില്ലാത്ത സ്ഥലത്തേക്ക് മാറ്റിപ്പാര്‍പിച്ചു. ഈ ഘട്ടങ്ങളിലെല്ലാം അയ്യൂബ് നബി(അ)യുടെ കൂടെ പരിചരണവും പ്രാര്‍ഥനയുമായി കൂടുതല്‍ സ്‌നേഹ വാത്സല്യത്തോടെ യുവതിയും സുന്ദരിയുമായ ഭാര ഉറച്ചു നിന്നു. സമ്പന്നരുടെ വീടുകളില്‍ കൂലിവേല ചെയ്തുകൊണ്ടാണ് ആ വിശുദ്ധ സ്ത്രീ തന്റെ ഭര്‍ത്താവിന്റെ ഭക്ഷണത്തിനും ശുശ്രൂഷക്കും വഴി കണ്ടെത്തിയത്.

ഇതിന്നിടക്ക് ആ മഹതിയെ പലരും പ്രലോഭിപ്പിച്ചു. അയ്യൂബി(അ)യെ ഉപേക്ഷിച്ചാല്‍ പഴയ ആര്‍ഭാട ജീവിതം നല്‍കാമെന്ന് വാഗ്ദാനം ചെയ്തു. അല്ലാഹുവിനെ ഭയപ്പെട്ട്, ഭര്‍ത്താവിനെ സ്‌നേഹിച്ച് ജീവിക്കുന്ന ആ സ്ത്രീ ആരുടെ പ്രലോഭനത്തിന്നും വഴങ്ങിയില്ല. അവസാനം മഹാരോഗിയായ അയ്യൂബിനെ പരിചരിക്കുന്ന അവളെ വീട്ടുജോലിക്കടുപ്പിക്കരുതെന്ന് പറഞ്ഞ് പ്രമാണിമാര്‍ ആ ദരിദ്ര കുടുംബത്തിന്റെ അന്നംമുടക്കി.

കൂലിത്തൊഴില്‍ കൂടി നഷ്ടപ്പെട്ടപ്പോള്‍ ഇനിയെന്ത് വഴി എന്ന് അന്വേഷിച്ച് ആ സ്ത്രീ പരിഭ്രമിച്ചു. ഇതൊന്നും രോഗിയായ തന്റെ ഭര്‍ത്താവിനെ അറിയിക്കരുതെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അവസാനം അവര്‍ തീരുമാനിച്ചു. സമൃദ്ധമായി വളര്‍ന്നു നീണ്ട തന്റെ സുന്ദരമായ തലമുടി പകുതി ഭാഗം വെട്ടിയെടുത്ത് അങ്ങാടിയില്‍ വിറ്റു. (അക്കാലത്ത് സൗന്ദര്യവര്‍ധനവിനു വേണ്ടി സമ്പന്ന സ്ത്രീകള്‍ മുടിവിലയ്ക്കുവാങ്ങി ഉപയോഗിക്കാറുണ്ടായിരുന്നു).

ഈ പണംകൊണ്ട് കുറച്ചുകാലം അവര്‍ ഭര്‍ത്താവിനെ ശുശ്രൂഷിച്ചു. അത് തീര്‍ന്നപ്പോള്‍ ബാക്കി പകുതികുടി വിറ്റു. വേദനയില്‍ പുളഞ്ഞുകഴിയുന്ന ഭര്‍ത്താവിനെ പരിചരിക്കുന്നതിന്നിടയില്‍ ഒരിക്കല്‍, തന്റെ ഭാര്യയുടെ തലമുടി നഷ്ടപ്പെട്ട കാര്യം അയ്യൂബ് നബി(അ) തിരിച്ചറിഞ്ഞു. അദ്ദേഹം അതിനെറ്റി അന്വേഷിച്ചപ്പോള്‍ അവര്‍ക്ക് കാര്യം തുറന്നു പറയേണ്ടിവന്നു. കടുത്ത ദാരിദ്ര്യവും കൊടുംവേദനയും ജനങ്ങളുടെ ബഹിഷ്‌കരണവും തന്റെ പ്രിയപ്പെട്ടവളുടെ ദയനീയാവസ്ഥയും എല്ലാം ആയപ്പോള്‍ ക്ഷമാലുവായ ആ പ്രവാചകന്റെ മനസ്സു വിങ്ങിപ്പൊട്ടി. അദ്ദേഹം റബ്ബിനോട് പ്രാര്‍ഥിച്ചു.

”അയ്യൂബിനെയും ഓര്‍ക്കുക, തന്റെ റബ്ബിനെ വിളിച്ചുകൊണ്ട് അദ്ദേഹം ഇപ്രകാരം പ്രാര്‍ഥിച്ച സന്ദര്‍ഭം. എനിക്കിതാ കഷ്ടപ്പാട് ഇരട്ടിച്ചിരിക്കുന്നു. നീ കാരുണികരില്‍ വെച്ച് ഏറ്റവും കരുണയുള്ളവനാണല്ലോ. അപ്പോള്‍ അദ്ദേഹത്തിന്ന് നാം ഉത്തരം നല്‍കി. അദ്ദേഹത്തെ ബാധിച്ച കഷ്ടപ്പാട് നാം അകറ്റി. അദ്ദേഹത്തിന്റെ കുടുംബാഗങ്ങളെയും അവരോടൊപ്പം അത്രയും പേരെ വേറെയും നാം അദ്ദേഹത്തിന്ന് നല്‍കുകയുംചെയ്തു. നമ്മുടെ പക്കല്‍ നിന്നുള്ള ഒരു കാരുണ്യവും ആരാധനാ നിരതരായിട്ടുള്ളവര്‍ക്ക് ഒരു സ്മരണയുമാണിത്” (ക്വുര്‍ആന്‍ 21:83,84).

കുടുംബ ജീവിതത്തിന്റെ ഉദാത്തമായ മാതൃകയാണിവിടെ നാം കണ്ടത്. സ്‌നേഹത്തിന്റെ ചരടില്‍ കോര്‍ത്ത ഒരു കുടുംബം. സമൃദ്ധിയിലും ദുരിതത്തിലും അവരാ ബന്ധം കാത്തുസൂക്ഷിച്ചു. റബ്ബിന്റെ എല്ലാവിധ പരീക്ഷണങ്ങളെയും നന്ദിചെയ്തും ക്ഷമിച്ചും ആ കുടുംബം നേരിട്ടു. ദാരിദ്ര്യവും ദുരിതങ്ങളും അവരെ നിരാശരാക്കിയില്ല. ക്ഷമിച്ചും പ്രാര്‍ഥിച്ചും പരീക്ഷണങ്ങളെ അവര്‍ അഭിമുഖീകരിച്ചു. അപ്പോള്‍ അല്ലാഹു അവര്‍ക്ക് ഇഹലോകത്ത് നിന്നുതന്നെ നന്മകള്‍ പകരം നല്‍കി.

ഇനി നാം നമുക്കിടയിലെ കുടുംബ ജീവിതത്തിലേക്ക് നോക്കുക. ആഢംബര വീടുണ്ടാക്കി അതില്‍ താമസം തുടങ്ങുന്ന ദിവസം നാട്ടുകാരെയും കുടുംബങ്ങളെയും വിളിച്ചുകൂട്ടി വന്‍സദ്യയൊരുക്കിയപ്പോള്‍ ആ സന്തോഷം പങ്കിടാന്‍ സ്വന്തം മാതാപിതാക്കള്‍ക്ക് അവസരം കൊടുക്കാതെ പിണങ്ങി നടക്കുന്ന പ്രതാപികളായ മക്കളെ നമുക്കിടയില്‍ കാണാം. റബ്ബ് കഴിഞ്ഞാല്‍ പിന്നീട് നാം പരിപാലിക്കേണ്ട ബന്ധങ്ങളിലൊന്ന് മാതാപിതാക്കളോടാണെന്ന സത്യം ഇവിടെ നാം മറക്കുന്നു.

”തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും മാതാപിതാക്കള്‍ക്ക് നന്മചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ ഒരാളോ രണ്ടുപേരും തന്നെയോ, നിന്റെയടുക്കല്‍ വെച്ച് വാര്‍ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ ഛെ എന്ന് പോലും പറയുകയോ കയര്‍ത്തു സംസാരിക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായവാക്കു പറയുക”(17:23).

ഈയിടെ, ഒരു പരിചിതന്റെ കൂടെ വന്ന രണ്ടു വയസ്സ് തോന്നിക്കുന്ന കൊച്ചുകുട്ടിയെ കണ്ടപ്പോള്‍ സ്‌നേഹത്തോടെ അവളുടെ നെറുകില്‍ കൈവെച്ച് ഉപ്പച്ചി മിഠായി കൊണ്ടുവരാറുണ്ടോ എന്ന് കുശലം ചോദിച്ചപ്പോള്‍ കുഞ്ഞിന്റെ കണ്ണു നിറയുന്നത് കണ്ടു. കാര്യ പിടികിട്ടാതെ അന്വേഷിച്ചപ്പോള്‍ പരിചയക്കാരനായ കുട്ടിയുടെ പിതാമഹന്‍ ഗദ്ഗദത്തോടെപറഞ്ഞത് മകളുടെ കുട്ടിയാണെന്നും അവളുടെ ഉപ്പയും ഉമ്മയും പരസ്പരം പിണങ്ങിപ്പിരിഞ്ഞിട്ട് ആറ് മാസമായെന്നുമാണ്. സമ്പത്തും വിദ്യാഭ്യാസവുമെല്ലാം തികഞ്ഞ കുടുംബങ്ങളിലെ ഇത്തരം നൊമ്പരങ്ങള്‍ എത്രയാണ് നാട്ടില്‍!

കൊള്ളാവുന്ന മക്കളുണ്ടായിട്ടും അവരുടെ സ്‌നേഹത്തിന്നു വേണ്ടി വേദനയോടെ കാത്തിരിക്കുന്ന മാതാപിതാക്കള്‍! മാതാപിതാക്കളും കുടുംബ സൗകര്യങ്ങളുമുണ്ടായിട്ടും മാതാവും പിതാവും പരസ്പര സ്‌നേഹത്തില്‍ ജീവിക്കാത്തതിന്റെ പേരില്‍ നിസ്സാഹയരായി അനാഥകളെപ്പോലെ കഴിഞ്ഞുകൂടുന്ന മക്കള്‍. ഭാര്യയുണ്ടായിട്ടും ഒറ്റപ്പെട്ട് ജീവിക്കുന്ന ഭര്‍ത്താവും, ഭര്‍ത്താവുണ്ടായിട്ടും വിധവയെപ്പോലെ ജീവിതം തള്ളിനീക്കുന്ന ഭാര്യമാരും… ഇങ്ങനെയുള്ള ദയനീയാവസ്ഥ നമ്മുടെ കുടുംബങ്ങളിലുണ്ടായിക്കൂടാ.

”ഞങ്ങളുടെ നാഥാ, ഞങ്ങളുടെ ഇണകളില്‍ നിന്നും ഞങ്ങളുടെ സന്താനങ്ങളില്‍ നിന്നും ഞങ്ങള്‍ക്കു നീ കണ്‍കുളിര്‍മ നല്‍കുകയും ധര്‍മനിഷ്ഠ പാലിക്കുന്നവര്‍ക്ക് ഞങ്ങളെ നീ മാതൃകകളാക്കുകയും ചെയ്യേണമേ” എന്ന പ്രാര്‍ഥന എത്ര അര്‍ഥവത്താണ്! അതിനാല്‍ നന്മ നിറഞ്ഞ, സ്‌നേഹം നിലനില്‍ക്കുന്ന ഒരു കുടുംബത്തിന്നായിരിക്കട്ടെ നമ്മുടെ ശ്രമങ്ങള്‍. അതിന്നു വേണ്ടിയായിരിക്കട്ടെ നമ്മുടെ  കൂട്ടുകടുംബത്തിന്റെ ഒത്തുചേരല്‍. അല്ലാഹു അനുഗ്രഹിക്കട്ടെ-ആമീന്‍.

 

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍
നേർപഥം വാരിക

തിരിച്ചറിയുക, തിരുത്തുക

തിരിച്ചറിയുക, തിരുത്തുക

‘വീണത് വിദ്യയാക്കുക’ എന്നൊരു ചൊല്ലുണ്ട്. വല്ല അബദ്ധവും പറ്റിപ്പോയാല്‍ അത് അബദ്ധമല്ല എന്ന് വരുത്തിത്തീര്‍ക്കാനുള്ള കൗശലങ്ങളെപ്പറ്റിയാണ് ഇത് പറയാറുള്ളത്. മനുഷ്യനായാല്‍ അബദ്ധങ്ങളുണ്ടാവും എന്ന് ഉറപ്പാണ്. ചിലപ്പോള്‍ പിഴവു പറ്റിപ്പോയതാവാം. ഒരുദുര്‍ബല നിമിഷത്തില്‍ കരുതിക്കൂട്ടിതെറ്റുചെയ്യുവാനും സാധ്യതയുണ്ട്. എന്നാല്‍ ഒരു നല്ല വ്യക്തി തന്റെ അബദ്ധം അല്ലെങ്കില്‍ തെറ്റ് ബോധ്യമായാല്‍ തിരുത്തണം. തെറ്റില്‍ ഉറച്ചുനില്‍ക്കരുത്, ന്യായീകരിക്കരുത്. വീണിടത്ത് കിടന്ന് ഉരുണ്ടുമറിയരുത്. ഏതൊരാളുടെയും സാമാന്യബുദ്ധിയുടെ തേട്ടമാണത്. അങ്ങനെത്തന്നെയാണ് മതം മനുഷ്യരോട് ആവശ്യപ്പെടുന്നതും.

മനുഷ്യചരിത്രത്തിന്റെ തുടക്കത്തില്‍തന്നെ ആദം നബി(അ)യില്‍ നിന്നും ഹവ്വയില്‍ നിന്നും തെറ്റുസംഭവിച്ചതും പിന്നീട് അവര്‍ പശ്ചാതപിച്ചതും നാം മനസ്സിലാക്കിയിട്ടുണ്ട്. അല്ലാഹു പറയുന്നു:

”അവര്‍ ഇരുവരും (ആദമും ഹവ്വയും) പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങള്‍ക്ക് പൊറുത്തുതരികയും കരുണകാണിക്കുകയും ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടം പറ്റിയാവരുടെ കൂട്ടത്തിലായിരിക്കും (ക്വുര്‍ആന്‍ 7:23).

ഒരു വാക്കിലോ പ്രവൃത്തിയിലോ നിലപാടിലോ മറ്റോ അബദ്ധം പിണയുക എന്നത് അപമാനമായി കാണരുത്. നബി ﷺ  പ്രമുഖരായ ക്വുറൈശി നേതാക്കളെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് സംസാരിച്ചപ്പോള്‍ അന്ധനായ അബ്ദുല്ല എന്ന സ്വഹാബി നബിയോട് സംസാരിക്കാന്‍ അങ്ങോട്ട് ചെന്നു. സാഹചര്യം അറിയാതെ വന്ന അബ്ദുല്ല(റ)യുടെ സമീപനം നബി ﷺ  ഇഷ്ടപ്പെടില്ല. അത്‌കൊണ്ട് നബി അദ്ദേഹത്തിന് മുഖംകൊടുത്തില്ല. ഈ വിഷയത്തില്‍ പിന്നീട് നബി ﷺ യെ ആക്ഷേപിച്ചുകൊണ്ട് ക്വുര്‍ആന്‍ വചനങ്ങള്‍ ഇറങ്ങുകയുണ്ടായി. ഈ സംഭവത്തിന്റെ ശേഷം നബി ﷺ  അദ്ദേഹത്തെ കാണുമ്പോള്‍ കൂടുതല്‍ ബഹുമാനവും സ്‌നേഹവും പ്രകടിപ്പിച്ചിരുന്നു. നബി ﷺ  മദീനയില്‍ നിന്ന് പുറത്ത് പോകുമ്പോള്‍ പതിമൂന്ന് പ്രാവശ്യം രാജ്യകാര്യങ്ങള്‍ ഏല്‍പിച്ചത് അദ്ദേഹത്തെയായിരുന്നു. ബിലാല്‍(റ)വിന്നു പുറമെ ബാങ്കുവിളിക്കാനുള്ള ചുമതലയും നബി ﷺ  അദ്ദേഹത്തെ ഏല്‍പിക്കുകയുണ്ടായി.  

അഹംബോധം

ഞാനെന്ന ഭാവം നാം ഭയപ്പെടേണ്ട ദുഃസ്വഭാവമാണ്. അത് സ്വയം തിരുത്താനും തിരിച്ചറിയാനും നമുക്ക് തടസ്സമാവും. വിനയവും കുറ്റബോധവും ഇല്ലാതെയാക്കും. മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തില്‍, ഭാര്യഭര്‍തൃ സമീപനങ്ങളില്‍, കുടുംബാംഗങ്ങള്‍ തമ്മില്‍, സംഘടനാ പ്രവര്‍ത്തകര്‍ തമ്മിലുള്ള സഹവാസത്തില്‍, ഒരു സമൂഹത്തിലെ സഹജീവികള്‍ തമ്മിലുള്ള സമീപനങ്ങളില്‍… ഇവയിലെല്ലാം ഈ ഞാനെന്ന ഭാവം വരുത്തിവയ്ക്കുന്ന വിന ചെറുതൊന്നുമല്ല. സാമൂഹ്യകലഹങ്ങള്‍ക്കും ഭിന്നിപ്പുകള്‍ക്കും വഴിവയ്ക്കുന്ന കാരണങ്ങളന്വേഷിച്ചാല്‍ ഏതെങ്കിലും ഒരാളുടെ പിടിവാശിയും വീണത് വിദ്യയാക്കാനുള്ള ശ്രമവുമൊക്കെയാണ് അതിന്റെ അടിസ്ഥാന കാരണം എന്ന് കാണാനാകും. സ്വന്തം തെറ്റുകള്‍ തിരിച്ചറിയാന്‍ ശ്രമിക്കാതിരിക്കുക വഴി മരണം വരെ തിന്മയില്‍ കടിച്ചുതൂങ്ങി ജീവിതം നഷ്ടപ്പെടുത്തുന്നവരുണ്ടെന്നത് ഖേദകരമാണ്.  

യൂനുസ് നബി(അ) നീനവാ പ്രദേശത്ത് എത്ര പ്രബോധനം ചെയ്തിട്ടും അന്നാട്ടുകാര്‍ അദ്ദേഹത്തെ അംഗീകരിച്ചില്ല. ഒടുവില്‍ അദ്ദേഹം കോപിഷ്ഠനായി നാടുവിട്ടു. അല്ലാഹുവിന്റെ അനുമതിക്ക് കാത്തു നിന്നില്ല. മറ്റൊരു ദേശത്തേക്ക് കപ്പലില്‍കയറി യാത്ര ചെയ്യുമ്പോള്‍ കപ്പല്‍ മുങ്ങുന്ന സ്ഥിതിവന്നു. ഭാരം കുറക്കാന്‍ കപ്പലിലുള്ളവര്‍ അദ്ദേഹത്തെ കടലിലെറിഞ്ഞു. ഒരുവലിയ മത്സ്യത്തിന്റെ വായില്‍ അദ്ദേഹംഅകപ്പെട്ടു. അല്ലാഹുവിന്റെ വിധിയായിരുന്നു അത്. അദ്ദേഹം സ്വയം ചെയ്ത കുറ്റം തിരിച്ചറിഞ്ഞു. കുറ്റബോധമുണ്ടായി. തെറ്റില്‍ നിന്ന് പശ്ചാതപിച്ചുമടങ്ങി. അല്ലാഹു പറയുന്നു:

”ദുന്നൂനിനെ(യൂനുസിനെ)യും ഓര്‍ക്കുക. അദ്ദേഹം കുപിതനായി പോയിക്കളഞ്ഞ സന്ദര്‍ഭം. നാം ഒരിക്കലും അദ്ദേഹത്തിന് ഞെരുക്കമുണ്ടാക്കുകയില്ലെന്ന് അദ്ദേഹം വിചാരിച്ചു. അനന്തരം ഇരുട്ടുകള്‍ക്കുള്ളില്‍ നിന്ന് അദ്ദേഹം വിളിച്ചു: നീയല്ലാതെ യാതൊരു ആരാധ്യനുമില്ല. നീ എത്ര പരിശുദ്ധന്‍! തീര്‍ച്ചയായും ഞാന്‍ അക്രമികളുടെ കൂട്ടത്തില്‍ പെട്ടുപോയിരിക്കുന്നു.  അപ്പോള്‍ നാം അദ്ദേഹത്തിന് ഉത്തരം നല്‍കുകയും ദുഃഖത്തില്‍ നിന്ന് നാം അദ്ദേഹത്തെ രക്ഷപ്പെടുത്തുകയും ചെയ്തു. സത്യവിശ്വാസികളെ അങ്ങനെയാണ് നാം രക്ഷിക്കുക” (ക്വുര്‍ആന്‍ 21:87,88).

തന്റെ തെറ്റുകള്‍ തിരിച്ചറിയാനും തിരുത്താനും ശരിയിലേക്ക് മടങ്ങാനുമുള്ള പാഠമാണ് ഇത്തരം ചരിത്രം നമുക്ക് നല്‍കുന്നത്.

ഒരു തിരിച്ചറിവിന്റെ കഥ

നബി ﷺ യുടെ വിശ്വസ്ത സഹചാരികളിലൊരാളാണ് അബൂലുബാബ(റ). നബി ﷺ  ബദ്‌റിലേക്ക് പുറപ്പെട്ടപ്പോള്‍ മദീനയുടെ കാര്യദര്‍ശിയായി അദ്ദേഹത്തെയാണ് ചുമതലപ്പെടുത്തിയത്.

മദീനയില്‍ നബി ﷺ യുമായി സമാധാന കരാറില്‍ ജീവിച്ചിരുന്ന യഹൂദിവംശജരായ ബനൂക്വുറൈദക്കാര്‍ ആ കരാര്‍ ലംഘിക്കാന്‍ തീരുമാനിക്കുകയും നബിയെയും അനുയായികളെയും ചതിയില്‍ പെടുത്താന്‍ തീരുമാനിക്കുകയും ചെയ്തു. ഇത്തരം കുറ്റം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്നതാണ് യഹൂദമതത്തിലെ നിയമം. ആ ചതി ചെയ്തവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് നബി ﷺ  തീരുമാനിച്ചതനുസരിച്ച് മുസ്‌ലിം സൈന്യം ബനൂക്വുറൈദയെ വളഞ്ഞു. ഈ ഗോത്രക്കാരുമായി പലനിലയ്ക്കും അടുത്ത ബന്ധമുണ്ടായിരുന്ന പ്രമുഖ സ്വഹാബി അബൂലുബാബ(റ) നബി ﷺ യുടെ ഈ തീരുമനത്തെപ്പറ്റി ചില സൂചനകള്‍ നല്‍കി. അത് അദ്ദേഹത്തിന്റെ പക്കല്‍ നിന്ന് വന്ന ഒരു അബദ്ധമായിരുന്നു. പിന്നീട് സൂറഃ അല്‍അന്‍ഫാലിലെ ഈ വചനം അവതരിച്ചു:

”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും വഞ്ചിക്കരുത്. നിങ്ങള്‍ വിശ്വസിച്ചേല്‍പിക്കപ്പെട്ട കാര്യങ്ങളിലും വഞ്ചിക്കരുത്” (8:27).

ഈ വചനം കേട്ടപ്പോള്‍ അബൂലുബാബ(റ) ഖേദിച്ചു. ഏറെ ദുഃഖിച്ചു. ബനൂക്വുറൈദക്കാര്‍ക്ക് വധശിക്ഷ നടപ്പാക്കണമെന്ന നബി ﷺ യുടെ തീരുമാനം നബി ﷺ യുടെ അനുമതിയില്ലാതെ അവര്‍ക്കു സൂചന നല്‍കിയ കുറ്റബോധമാണ് അദ്ദേഹത്തെ വേദനിപ്പിച്ചത്. ഈ കുറ്റബോധത്താല്‍ അദ്ദേഹം ചെയ്തന്താണെന്നോ?

മദീനാപള്ളിയില്‍ ഒരുതൂണിന്‍മേല്‍ അദ്ദേഹം തന്റെ ശരീരം സ്വയം വരിഞ്ഞുമുറുക്കി ബന്ധിച്ചു. ചെയ്തകുറ്റത്തിന് അല്ലാഹുവിന്റെ തീരുമാനം വരുന്നവരെ അങ്ങനെത്തന്നെ ഭക്ഷണവും പാനീയവുമില്ലാതെ നില്‍ക്കുമെന്ന് പ്രഖ്യാപിച്ചു. പിന്നീട് നബി ﷺ യാണ് അദ്ദേഹത്തിന്റെ കെട്ടഴിച്ചുവിട്ടത്. തബൂക്ക് യുദ്ധത്തില്‍ പങ്കെടുക്കാന്‍ സൗകര്യങ്ങളുണ്ടായിട്ടും അബദ്ധവശാല്‍ പോകാതെ നിന്ന മൂന്ന് സ്വഹാബികളും തെറ്റ് ബോധ്യമായപ്പോള്‍ സ്വന്തം ശരീരത്തെ പള്ളിയുടെതൂണിന്‍മേല്‍ ബന്ധിച്ചു ഖേദം പ്രകടപ്പിച്ച സംഭവവും ചരിത്രത്തിലുണ്ട്.

ഇതാണ് പൂര്‍വികരുടെ രീതി. അവര്‍ മഹാന്മാരായിട്ടു പോലും തങ്ങളില്‍ നിന്നു സംഭവിച്ച അബദ്ധങ്ങളെ നിസ്സാരമായി കണ്ടില്ല. ഗൗരവമല്ലാതിരുന്ന വീഴ്ചകള്‍ പോലും തിരിച്ചറിഞ്ഞപ്പോള്‍ അവര്‍ തിരുത്തി.

നബി ﷺ  പറഞ്ഞതായി അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) ഉദ്ധരിക്കുന്നു: ”തീര്‍ച്ചയായും ഒരു സത്യവിശ്വാസി തന്റെ പാപങ്ങളെ കാണുന്നത് തന്റെ മേല്‍ വീഴുമെന്ന് ഭയപ്പെടുന്ന ഒരു മലക്കു താഴെ ഇരിക്കുന്ന ആളുടെ മനോഭാവത്തോടെയായിരിക്കും. എന്നാല്‍, ദുര്‍മാര്‍ഗി തന്റെ പാപങ്ങളെ മൂക്കിന്നടുത്തുകൂടിപാറിനടക്കുന്ന ഒരു ഈച്ചയെപ്പോലെ നിസ്സാരമായിട്ടേ കാണൂ.”

ചുരുക്കത്തില്‍, നാം ശ്രദ്ധിക്കുക. തെറ്റുകളെ നിസ്സാരമായി കാണരുത്. അവ സ്വയം തിരിച്ചറിഞ്ഞു തിരുത്തുവാന്‍ നാം വിനയം കാണിക്കണം. താന്‍ പിടിച്ച മുയലിന് മൂന്നുചെവി എന്ന വാശിയുടെ നിലപാട് നമ്മുടെ കുടുംബ സാമൂഹ്യ-സംഘടനാ ജീവിതത്തെ തകര്‍ക്കുമെന്ന് മാത്രമല്ല, തിന്മയില്‍ നിന്ന് കരപറ്റാതെ ആയുഷ്‌കാലം നഷ്ടമാകുന്ന സ്ഥിതിവരുമെന്ന് കൂടി ഓര്‍ക്കുക.

 

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍
നേർപഥം വാരിക

വിജയിക്കുന്നവര്‍ വിരളം

വിജയിക്കുന്നവര്‍ വിരളം

ഒരിക്കല്‍ ഉമര്‍(റ) ചന്തയിലൂടെ നടക്കുകയായിരുന്നു. അന്നേരം ഒരാള്‍ ഇങ്ങനെ പ്രാര്‍ഥിക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടു: ”അല്ലാഹുവേ, നിന്റെ ‘കുറച്ചുള്ള ദാസന്മാരില്‍’ എന്നെയും ഉള്‍പ്പെടുത്തേണമേ.” ഈ പ്രാര്‍ഥന കേട്ട ഉമര്‍(റ) അദ്ദേഹത്തോട് ചോദിച്ചു: ‘ഇത് താങ്കള്‍ക്ക് എവിടെ നിന്നും കിട്ടിയതാണ്?’ അദ്ദേഹം പറഞ്ഞു: ”വിശുദ്ധ ഗ്രന്ഥത്തില്‍ നിന്നും. ‘…തികഞ്ഞ നന്ദിയുള്ളവര്‍ എന്റെ അടിമകളില്‍ വളരെ അപൂര്‍വമത്രെ” (34:13). അത് കേട്ട ഉമര്‍(റ) കരഞ്ഞു കൊണ്ട് പറഞ്ഞു: ”ഉമറേ, ജനങ്ങള്‍ നിന്നെക്കാളും അറിവുള്ളവരത്രെ!”

ഇവിടെ സൂചിപ്പിച്ച ‘വളരെക്കുറച്ച് ആളുകള്‍’ എന്നതിന്റെ മറുവശമാണല്ലോ ‘അധികമാളുകള്‍’ എന്നത്. വിശുദ്ധ ക്വുര്‍ആനില്‍ കാണുന്ന ‘ജനങ്ങളില്‍ അധികമാളുകളും,’ ‘അവരില്‍ അധികവും’ എന്ന പ്രയോഗങ്ങള്‍ നാം പരിശോധിക്കുകയാണെങ്കില്‍ അതെല്ലാം സത്യമാര്‍ഗത്തില്‍നിന്ന് അകന്നുജീവിക്കുന്നവരെക്കുറിച്ചാണെന്ന് കാണുവാന്‍ സാധിക്കും:

”…അല്ലാഹു തന്റെ കാര്യം ജയിച്ചടക്കുന്നവനത്രെ. പക്ഷേ, മനുഷ്യരില്‍ അധികപേരും അത് മനസ്സിലാക്കുന്നില്ല”(12:21). ”ആ അന്ത്യസമയം വരാനുള്ളത് തന്നെയാണ്. അതില്‍ സംശയമേ ഇല്ല. പക്ഷേ, മനുഷ്യരില്‍ അധികപേരും വിശ്വസിക്കുന്നില്ല” (40:59). ”…തീര്‍ച്ചയായും അല്ലാഹു ജനങ്ങളോട് ഔദാര്യമുള്ളവനാകുന്നു. പക്ഷേ, മനുഷ്യരില്‍ അധികപേരും നന്ദികാണിക്കുന്നില്ല” (40:61).

”…പക്ഷേ, അവരില്‍ അധികപേരും മനസ്സിലാക്കുന്നില്ല” (8:34). ”…തന്നെയുമല്ല, അവരില്‍ അധികപേര്‍ക്കും വിശ്വാസം തന്നെയില്ല” (2:100). ”തീര്‍ച്ചയായും നിന്റെ രക്ഷിതാവ് മനുഷ്യരോട് ഔദാര്യമുള്ളവന്‍ തന്നെയാകുന്നു. പക്ഷേ, അവരില്‍ അധികപേരും നന്ദികാണിക്കുന്നില്ല” (27:73).

”(നബിയേ,) പറയുക: നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിച്ചിട്ട് മുമ്പുണ്ടായിരുന്നവരുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് നോക്കുക. അവരില്‍ അധികപേരും ബഹുദൈവാരാധകരായിരുന്നു” (30:42). ”…എന്നാല്‍ അവരില്‍ അധികപേരും വിവരക്കേട് പറയുകയായിരുന്നു”(6:111). ”…എന്നാല്‍ അവരില്‍ അധികപേരും ധിക്കാരികളാകുന്നു” (3:110). ”അല്ലാഹുവിന്റെ അനുഗ്രഹം അവര്‍ മനസ്സിലാക്കുകയും, എന്നിട്ട് അതിനെ നിഷേധിക്കുകയുമാണ് ചെയ്യുന്നത്. അവരില്‍ അധികപേരും നന്ദികെട്ടവരാകുന്നു”(16:83).

അധികമാളുകളും വഴിപിഴച്ചവരും ധിക്കാരികളുമാണെന്ന് മേലുദ്ധരിച്ച സൂക്തങ്ങളിലൂടെ നമുക്ക് മനസ്സിലാക്കാം. ‘അല്ലാഹുവേ, നിന്റെ കുറച്ചുള്ള ദാസന്മാരില്‍ എന്നെയും ഉള്‍പ്പെടുത്തേണമേ’ എന്ന് ആ മനുഷ്യന്‍ പ്രാര്‍ഥിച്ചതിന്റെ പൊരുള്‍ ഇതില്‍നിന്നും വ്യക്തമാണല്ലോ.  

ക്വുര്‍ആനില്‍ അല്ലാഹു ‘കുറച്ച് ആളുകളെ’ സംബന്ധിച്ച് പറഞ്ഞുവെച്ചതും നാം പരോശോധനക്ക് വിധേയമാക്കുകയാണെങ്കില്‍ ആ വിശേഷണം സദ്‌വൃത്തരും നന്മ ഉപദേശിക്കുന്നവരും നന്ദിയുള്ളവരും വിജയികളുമായ സത്യവിശ്വാസികളെ കുറിച്ചാണെന്ന് കാണാം. തൊള്ളായിരത്തി അമ്പത് വര്‍ഷം അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് ജനങ്ങളെ അവിശ്രമം ക്ഷണിച്ച നൂഹ് നബി(അ)യുടെ കൂടെ വിശ്വാസത്തിലടിയുറച്ച് നിന്നത് വളരെ കുറച്ച് പേര്‍ മാത്രമായിരുന്നല്ലോ. ”…അദ്ദേഹത്തോടൊപ്പം ‘വളരെ കുറച്ച് പേരല്ലാതെ’ വിശ്വസിച്ചിരുന്നില്ല”(11:40).

സൂറതുസ്സ്വാദില്‍ ദാവൂദ് നബി(അ)യുടെ അനുചരന്മാരെ കുറിച്ച് അല്ലാഹു പറഞ്ഞത് വളരെ ‘കുറച്ച് പേര്‍ മാത്രം’ എന്നായിരുന്നു: ”…വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. വളരെകുറച്ച് പേരേയുള്ളു അത്തരക്കാര്‍” (38:24). പില്‍ക്കാലത്ത് സത്യവിശ്വാസത്തിലും സല്‍പ്രവര്‍ത്തനങ്ങളില്‍ മുന്നേറി ആത്യന്തികം വിജയം കൈവരിക്കുന്നവരെ കുറിച്ച് സൂറഃ വാക്വിഅയിലൂടെ അല്ലാഹു പരിചയപ്പെടുത്തിയതും ഒരു ചെറിയ സംഘത്തെ മാത്രമാണ്. ”പില്‍ക്കാലക്കാരില്‍ നിന്ന് കുറച്ച് പേരുമത്രെ അവര്‍” (56:14).

അന്ത്യനാളില്‍ വിജയം ആത്യന്തിക വിജയം കൈവരിക്കാന്‍ സാധിക്കുന്നവര്‍ ന്യൂനപക്ഷമായിരിക്കുമെന്ന് ഇതെല്ലാം നമുക്ക് വയക്തമാക്കിത്തരുന്നു. ആ കൂട്ടത്തില്‍ ഉള്‍പ്പെടുവാനായിരിക്കട്ടെ നമ്മുടെ പ്രവര്‍ത്തനവും പ്രാര്‍ഥനയും.

 

അബൂതന്‍വീല്‍
നേർപഥം വാരിക

ഇഹലോകത്തിന്റെ നിസ്സാരത

ഇഹലോകത്തിന്റെ നിസ്സാരത

അമവി ഖലീഫയായ സുലൈമാന്‍ ഇബ്‌നു അബ്ദുല്‍ മലിക് ഒരിക്കല്‍ ഹജ്ജ് കര്‍മത്തിനെത്തി. അദ്ദേഹം കഅ്ബയെ ത്വവാഫ് ചെയ്തുകൊണ്ടിരിക്കെ സാലിം ഇബ്‌നു അബ്ദുല്ലാഹ് ഇബ്‌നു ഉമറുബ്‌നുല്‍ ഖത്ത്വാബിനെ കണ്ട്മുട്ടി. സാലിം തന്റെ പൊട്ടിയ ചെരിപ്പ് കയ്യിലെടുത്തു പിടിച്ച് നടക്കുകയാണ്. ധരിച്ച വസ്ത്രത്തിനാണെങ്കില്‍ മൂന്ന് ദിര്‍ഹം പോലും വില മതിക്കില്ല! ഖലീഫ സുലൈമാന്‍ സാലിമിന്റെ അടുത്തു ചെന്നു ചോദിച്ചു: ”താങ്കള്‍ക്ക് ഞാന്‍ എന്തെങ്കിലും സഹായം ചെയ്ത് തരേണ്ടതായുണ്ടോ?”

 ഇതു കേട്ട സാലിം അത്ഭുതത്തോടെയും അല്‍പം നീരസത്തോടെയും ഇങ്ങനെ പ്രതികരിച്ചു: ”താങ്കള്‍ക്കു നാണമില്ലേ? നാം ഇപ്പോഴുള്ളത് അല്ലാഹുവിന്റെ ഭവനത്തിലല്ലേ? ഇവിടെ വെച്ച് എന്റെ ആവശ്യം ആല്ലാഹു അല്ലാത്തവരോട് പറയണമെന്നാണോ താങ്കള്‍ ഉദ്ദേശിക്കുന്നത്?”

ഈ മറുപടി കേട്ട് ഖലീഫ സുലൈമാന്‍ വിഷണ്ണനായി. കഠിനമായ അപകര്‍ഷത അദ്ദേഹത്തിന്റെ മുഖത്തു പ്രകടമായി. സാലിമിനെ അയാളുടെ വഴിക്കു വിട്ട് സുലൈമാന്‍ ത്വവാഫ് പൂര്‍ത്തിയാക്കി. അതേ സമയം അദ്ദേഹം സാലിമിന്റെ നീക്കങ്ങളെ നിരീക്ഷിച്ചു കൊണ്ടിരുന്നു. ത്വവാഫ് കഴിഞ്ഞ് ഹറമില്‍ നിന്നു പുറത്തിറങ്ങുന്ന സാലിമിന്റെ പിന്നാലെ ചെന്നുകൊണ്ട് അദ്ദേഹം ചോദിച്ചു:

”പ്രിയ സാലിമേ, ഹറമില്‍ വെച്ച് താങ്കളുടെ ആവശ്യങ്ങള്‍ എന്നോട് പറയാന്‍ താങ്കള്‍ വിസമ്മതിച്ചു. ഇപ്പോള്‍ താങ്കള്‍ ഹറമിന്നു പുറത്താണല്ലോ. താങ്കളുടെ ആവശ്യങ്ങള്‍ പറയൂ.”

സാലിം ഇപ്രകാരം മറുപടി നല്‍കി: ”ഇഹലോകത്തെ ആവശ്യങ്ങളാണോ അതോ പരലോകത്തെ ആവശ്യങ്ങളാണോ ഞാന്‍ താങ്കള്‍ക്കു മുമ്പില്‍ നിരത്തേണ്ടത്?”

”സാലിമേ, ഇഹലോകത്തിലെ കാര്യം പറയൂ. പരലോകത്തെ കാര്യങ്ങള്‍ അല്ലാഹുവിനല്ലേ ചെയ്തു തരാന്‍ പറ്റൂ.”

സാലിം പ്രതികരിച്ചതിങ്ങനെ: ”ഇഹലോകം മുഴുവന്‍ കൈവശമുള്ളവനോട് ഇതുവരെ ഞാന്‍ ഒരു കാര്യവും ആവശ്യപ്പെട്ടിട്ടില്ല! പിന്നെയെങ്ങനെയാണ് ഇഹലോകം കൈവശമില്ലാത്തവന്റെ മുമ്പില്‍ ഞാന്‍ ആവശ്യങ്ങള്‍ നിരത്തിവെക്കുക?”

ഇപ്രകാരമായിരുന്നു ഇഹലോകത്തിന്റെ നിസ്സാരത വേണ്ട രീതിയില്‍ മനസ്സിലാക്കിയവരുടെ ദുന്‍യാവിനോടുള്ള സമീപനം!

നമ്മുടെ സ്ഥിതിയോ? ദുന്‍യാവിനായി നാം കലഹിക്കുന്നു. നമ്മുടെ ഇഷ്ടവും അനിഷ്ടവുമെല്ലാം പെട്ടെന്ന് അവസാനിക്കുന്ന ഈ ലോകത്തെ കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ്. ഏത് അനുഗ്രഹവും നല്‍കുവാനും നല്‍കിയ ഏത് അനുഗ്രഹവും എടുത്ത് മാറ്റുവാനും കഴിവുള്ള അല്ലാഹുവിനെ ഭയന്നും അവനില്‍ പ്രതീക്ഷയര്‍പ്പിച്ചും അവന്‍ നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിച്ച് ജീവിക്കുവാനുമാണ് നാം ശ്രമിക്കേണ്ടത്.

 

പി.എന്‍. അബ്ദുല്ലത്വീഫ് മദനി
നേർപഥം വാരിക