വിചാരണക്കുള്ള ഒരുക്കം

വിചാരണക്കുള്ള ഒരുക്കം

വരാനിരിക്കുന്ന ആ സംഭവം മുഹമ്മദ് നബി ﷺ ഭൂതകാല ശൈലിയില്‍ വിശദീകരിക്കുന്നു.

അങ്ങനെ ഞങ്ങളവിടെ നിന്നുകൊണ്ടിരിക്കെ ആകാശത്തില്‍ നിന്ന് ശക്തിയായ ഒരു ഇരമ്പല്‍ കേട്ടു. ഒന്നാമത്തെ ആകാശത്തെ മലക്കുകള്‍ ഇറങ്ങി വരുന്ന ശബ്ദമായിരുന്നു അത്. മനുഷ്യരും ജിന്നുകളുമടക്കമുള്ള ഭൂനിവാസികളുടെയത്ര തന്നെ ഉണ്ടായിരുന്നു അവര്‍. ഭൂമിയിലേക്ക് അടുത്തപ്പോള്‍ അവരുടെ പ്രകാശം കൊണ്ട് ഭൂമി പ്രകാശപൂരിതമായി. ഭൂനിവാസികളെ വലയം ചെയ്ത് കൊണ്ട് അവര്‍ നിലയുറപ്പിച്ചു. ഞങ്ങളുടെ റബ്ബ് നിങ്ങളുടെ കൂടെ ഉണ്ടോ എന്നവര്‍ ഞങ്ങളോടന്വേഷിച്ചു. ഇല്ല, അവന്‍ വരും എന്നവര്‍ പറഞ്ഞു. പിന്നീട് രണ്ടാമത്തെ ആകാശത്തിലെ മലക്കുകള്‍ ഇറങ്ങി. ഒന്നാമത്തെ ആകാശത്തില്‍ നിന്നിറങ്ങിയ മലക്കുകളും ഭൂമിയിലെ മലക്കുകളും ജിന്നുകളും എല്ലാം കൂടിയുള്ളത്ര എണ്ണമുണ്ട് അവര്‍. അവര്‍ വന്നതോടെ ഭൂമി പിന്നെയും പ്രകാശത്താല്‍ കൂടുതല്‍ തിളങ്ങി. ആദ്യം വന്ന മലക്കുകളെയടക്കം വലയം ചെയ്ത് കൊണ്ട് അവരും നിലയുറപ്പിച്ചു. റബ്ബുണ്ടോ എന്ന് അവരോടും ചോദിച്ചു. ഇല്ല, വരും എന്നായിരുന്നു അവരുടെയും മറുപടി. പിന്നീട് തുടര്‍ന്നുള്ള ആകാശങ്ങളിലെ മലക്കുകളും ക്രമപ്രകാരം ഇറങ്ങുകയാണ്. മുമ്പേ എത്തിയവരുടെ ഇരട്ടിയാണ് പിന്നെ എത്തിയവരുടെ കൂട്ടം. പിമ്പെ വരുന്ന മലക്കുകള്‍ മുമ്പ് ഇറങ്ങിയ എല്ലാവരെയും വലയം ചെയ്ത് കൊണ്ട് അണിനിരക്കും. അങ്ങനെ ഏഴാമത്തെ ആകാശം വരെയുള്ള മലക്കുകള്‍ അണിയുറപ്പിച്ചു. പിന്നീട് അല്ലാഹു ഭൂമിയിലേക്ക് ഇറങ്ങി വരുന്നു.’

”നിന്റെ രക്ഷിതാവും, അണിയണിയായി മലക്കുകളും വരുകയും.” (സൂറതുല്‍ഫജ്ര്‍: 22).

”ഭൂമി അതിന്റെ നാഥന്റെ പ്രഭയാല്‍ പ്രകാശിക്കുകയും ചെയ്യും…” (അസ്സുമര്‍: 69).

ഇടകലര്‍ന്ന് നിന്നിരുന്ന മനുഷ്യവര്‍ഗത്തില്‍ നിന്ന് കുറ്റവാളികള്‍ വേര്‍തിരിക്കപ്പെടുന്നു:

”കുറ്റവാളികളേ, ഇന്ന് നിങ്ങള്‍ വേര്‍ തിരിഞ്ഞ് നില്‍ക്കുക (എന്ന് അവിടെ വെച്ച് പ്രഖ്യാപിക്കും)” യാസീന്‍: 59).

കുറ്റവാളികളോട് നിരവധി ചോദ്യങ്ങള്‍ പൊതുവായി ചോദിക്കപ്പെടും. നിങ്ങള്‍ക്ക് ബോധ്യപ്പെട്ടില്ലേ? ഇത് സത്യം തന്നെയല്ലേ? എല്ലാം ബോധ്യപ്പെട്ടു; അറിഞ്ഞു!

”കുറ്റവാളികള്‍ തങ്ങളുടെ രക്ഷിതാവിന്റെയടുക്കല്‍ തലതാഴ്ത്തിക്കൊണ്ട്, ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങളിതാ (നേരില്‍) കാണുകയും കേള്‍ക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ ഞങ്ങളെ (നീ ജീവിതത്തിലേക്ക്) തിരിച്ചയച്ചു തരണേ. എങ്കില്‍ ഞങ്ങള്‍ നല്ലത് പ്രവര്‍ത്തിച്ചുകൊള്ളാം. തീര്‍ച്ചയായും ഞങ്ങളിപ്പോള്‍ ദൃഢബോധ്യമുള്ളവരാകുന്നു എന്ന് പറയുന്ന സന്ദര്‍ഭം നീ കാണുകയാണെങ്കില്‍ (അതെന്തൊരു കാഴ്ചയായിരിക്കും)”'(അസ്സജദ: 12).

അവര്‍ പറയും: ”ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളുടെ നേതാക്കന്മാരെയും പ്രമുഖന്മാരെയും അനുസരിക്കുകയും അങ്ങനെ അവര്‍ ഞങ്ങളെ വഴിതെറ്റിക്കുകയുമാണുണ്ടായത്. രക്ഷിതാവേ, അവര്‍ക്ക് രണ്ടിരട്ടി ശിക്ഷ നല്‍കുകയും അവര്‍ക്ക് നീ വന്‍ശാപം ഏല്‍പിക്കുകയും ചെയ്യണമേ. (എന്നും അവര്‍ പറയും)”’ (അല്‍അഹ്‌സാബ്: 67,68).

വീണ്ടും കാത്തിരിപ്പ് തുടരുന്നു. അതോടൊപ്പം ഓരോരുത്തരും ചെയ്ത എല്ലാ കാര്യങ്ങളും രേഖപ്പെടുത്തിയ ഗ്രന്ഥം കൈകളിലേക്ക് പറന്നിറങ്ങുന്നു. ആരുടെ വലതു കയ്യിലേക്ക് മുന്നിലൂടെ ഗ്രന്ഥം ലഭിച്ചുവോ അവര്‍ ഭാഗ്യവാന്മാരും ആരുടെ ഇടത് കയ്യിലേക്ക് പിന്നിലൂടെ ഗ്രന്ഥം ലഭിച്ചുവോ അവര്‍ നിര്‍ഭാഗ്യവന്മാരുമാണ്.

സദാസമയവും ലോകം മുഴുവന്‍ ഒപ്പിയെടുക്കുന്ന ഏജട പോലുള്ള സാറ്റലേറ്റ് ക്യാമറകള്‍ കൊണ്ട് കൃത്യമായി വീഡിയോ റെക്കോഡിംഗ് നടത്താന്‍ മനുഷ്യര്‍ക്ക് സാധിക്കുമെങ്കില്‍ ലോകരക്ഷിതാവായ അല്ലാഹുവിന് റെേക്കാഡിംഗ് സാധിക്കില്ലെന്നാണോ മനുഷ്യന്‍ കരുതുന്നത്? അവന് അസാധ്യമായി എന്താണുള്ളത്?

വിശ്വാസികളും സല്‍കര്‍മകാരികളുമായ ആളുകള്‍ക്ക് അവരുടെ ഗ്രന്ഥങ്ങളില്‍ നിന്ന് പാപങ്ങള്‍ മായ്ച്ചുകളയുന്നു. മനുഷ്യരുടെ വായക്ക് സംസാരിക്കാനുള്ള കഴിവ് ഇല്ലാതാകുന്നു. ഓരോ അവയവവും അത് പ്രവര്‍ത്തിച്ചത് എടുത്ത് പറയും.

”ഇന്ന് നാം അവരുടെ വായക്ക് സീല്‍ വെക്കുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ചതിനെ സംബന്ധിച്ച് അവരുടെ കൈകള്‍ നമ്മോട് സംസാരിക്കും. അവരുടെ കാലുകള്‍ സാക്ഷ്യം വഹിക്കുകയും ചെയ്യും.” (യാസീന്‍: 65).

ഒരു മനുഷ്യനും തനിക്ക് അല്ലാഹു നല്‍കിയ ആയുസ്സ്, ധനം, അറിവ്, ആരോഗ്യം എന്നിവ എന്തിന് വേണ്ടി ചെലവാക്കി എന്ന് ചോദ്യം ചെയ്യപ്പെടാതെ ഉയിര്‍ത്തെഴുന്നേല്‍പ് നാളില്‍ രക്ഷപ്പെടുകയില്ല.

ബോഡിംഗ്പാസ്, എമിഗ്രേഷന്‍, സെക്യൂരിറ്റി ചെക്കിംഗുകള്‍ കഴിയാതെ ഒരു യാത്രക്കാരനും വിമാനത്തില്‍ എത്തിപ്പെടാന്‍ കഴിയില്ല എന്ന് ബോധ്യമുണ്ടെങ്കില്‍ പരലോകത്തിലെ വിചാരണയും ബോധ്യമാവേണ്ടതുണ്ട്. നന്മതിന്മകളുടെ മൂല്യനിര്‍ണയം നടത്തുന്ന ഉപകരണങ്ങള്‍ അവിടെയുണ്ട്. ഒരു സെക്കന്റിന്റെ ആയിരമോ പതിനായിരമോ അംശത്തിലൊന്ന് കണക്കാക്കാന്‍ പറ്റുന്ന ഇലക്ട്രോണിക് മെഷീന്‍ നിര്‍മിക്കാന്‍ കഴിവുള്ള തലച്ചോറ് സൃഷ്ടിച്ച പ്രപഞ്ചനാഥനായ അല്ലാഹുവിന് ഇത്തരം തുലാസ് നിര്‍മിക്കുന്നത് എത്രയോ നിസ്സാരം.

കോടിക്കണക്കായ മനുഷ്യരെ വിചാരണ ചെയ്യാന്‍ കോടിക്കണക്കായ മണിക്കൂറുകള്‍ ആവശ്യമില്ല. ഓരോരുത്തരും ഒറ്റക്ക് വിചാരണ ചെയ്യപ്പെടും. കാരണം നമ്മുടെ സമയവ്യവസ്ഥ അല്ലാഹുവിന് ബാധകമേയല്ല.

വിചാരണക്ക് ശേഷം സ്വര്‍ഗത്തിലേക്ക് നരകത്തിന് മുകളിലൂടെ ഇട്ട ഒരു പാലം വഴി വിജയികള്‍ സ്വര്‍ഗത്തിലേക്ക് നയിക്കപ്പെടും; രാജകീയ സന്നിധിയിലേക്ക് അതിഥികള്‍ ആനയിക്കപ്പെടുന്നത് പോലെ. ഒരു കണ്ണും ഇതുവരെ കണ്ടിട്ടില്ലാത്ത, ഒരു കാതും ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു മനസ്സിന്റെ ഭാവനയില്‍ പോലും ഇതുവരെ ചിന്തിച്ചിട്ടില്ലാത്ത സുഖങ്ങള്‍, ഇഷ്ടപ്പെട്ട പഴങ്ങള്‍ കൈകൊണ്ട് പറിച്ചെടുക്കാന്‍ പാകത്തിന്, ഇഷ്ടപ്പെട്ട പക്ഷികളുടെ മാംസം. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പാത്രങ്ങള്‍, അമിതമായ ചൂടോ തണുപ്പോ ഇല്ലാത്ത കാലാവസ്ഥ, അമ്പരന്ന് പോകുന്ന, സൗന്ദര്യം തുളുമ്പുന്ന പരിശുദ്ധരായ ഹൂറുല്‍ഈന്‍ എന്ന സ്വര്‍ഗീയ സുന്ദരികള്‍, മൂത്ത് കൊണ്ട് നിര്‍മിച്ച വീടുകള്‍, തേനിന്റെയും രുചികരമായ ലഹരിയില്ലാത്ത മദ്യത്തിന്റെയും പാലിന്റെയും അരുവികള്‍, കണ്ണെത്താദൂരം വരെ പരന്ന് കിടക്കുന്ന അതിസുന്ദരമായ പാര്‍ക്കുകള്‍, വിനോദങ്ങള്‍, മനുഷ്യമനസ്സ് എന്ത് ആഗ്രഹിച്ചാലും നല്‍കപ്പെടുന്ന, ഒരിക്കലും പുതുമ നശിക്കാത്ത, സുഖസൗകര്യങ്ങള്‍. ഓരോ സ്വര്‍ഗവാസിയും യുവത്വത്തിന്റെ തുടുത്തപ്രായത്തിലായിരിക്കും എന്നെന്നും. ചെറുപ്പത്തില്‍ മരിച്ച മക്കളുടെ കൂടെ ജീവിക്കാനാകും. എല്ലാറ്റിനും പുറമെ സ്വര്‍ഗത്തിന്റെ ഭംഗി പോലും മറക്കുന്ന, സൗന്ദര്യവാനായ അല്ലാഹുവിനെ നേരിട്ട് കാണാനുള്ള അവസരം! അറ്റമില്ലാതെ തുടരുന്ന ജീവിതം.

നരകം

വിചാരണക്ക് ശേഷം കുറ്റവാളികള്‍ നരകത്തിലേക്ക് നയിക്കപ്പെടും. പലതരത്തിലുള്ള ശിക്ഷകള്‍ അവര്‍ അനുഭവിച്ചുകൊണ്ടിരിക്കും. ചങ്ങലകളില്‍ ബന്ധിതരാകും. തൊലി ഉരുകിയൊലിക്കുമ്പോള്‍ വീണ്ടും തൊലി നല്‍കിക്കൊണ്ടേയിരിക്കും. ഓരോ കുറ്റവാളിയും ഭയാനകമായ വലുപ്പത്തിലായിരിക്കും. വൃണത്തില്‍ നിന്നൊഴുകുന്ന ചലവും വെട്ടിത്തിളക്കുന്ന പാനീയവും തൊണ്ടയില്‍ കുടുങ്ങുന്ന മുള്‍ച്ചെടിയും ഇഞ്ചിഞ്ചായി എരിയുന്ന ശരീരവും. അവര്‍ ഇതെല്ലാം അനുഭവിച്ചുകൊണ്ടേയിരിക്കും. അവിടെ പിന്നെ മരണമില്ല; ജീവിതവുമില്ല!

നേതാവോ, ഇബ്‌ലീസോ, പുരോഹിതനോ ആരും രക്ഷപ്പെടുത്താനില്ല. കുറെ കാലം കഴിഞ്ഞ ശേഷം അര്‍ഹമായ ശിക്ഷകള്‍ അനുഭവിച്ച് തീര്‍ന്നവരെ നബി ﷺ യുടെ ശുപാര്‍ശയിലൂടെ അല്ലാഹു നരകത്തില്‍ നിന്ന് മോചിപ്പിച്ച് സ്വര്‍ഗത്തിലേക്ക് കടത്തും. ഇത് പിന്നെയും ആവര്‍ത്തിക്കും. പിന്നെ അല്ലാഹു ഒരു ശുപാര്‍ശയുമില്ലാതെ കുറെ പേരെ രക്ഷപ്പെടുത്തും. ബാക്കിയുള്ളവര്‍ ശാശ്വതരായി അതില്‍ വെന്തെരിഞ്ഞുകൊണ്ടേയിരിക്കും.

സ്വര്‍ഗത്തില്‍ ഒരിക്കലും പ്രവേശിക്കാത്തവര്‍ ആരാണ്? ”അല്ലാഹുവോട് വല്ലതിനേയും പങ്ക് ചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അവന് അല്ലാഹു സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും…” (അല്‍മാഇദ: 72).

അല്ലാഹു അല്ലാത്ത ആരോടും എന്തിനോടും കാര്യകാരണ ബന്ധത്തില്‍പെട്ടതല്ലാത്ത മാര്‍ഗത്തിലൂടെ തന്റെ മനസ്സിലുള്ളത് അവര്‍ അറിയുമെന്നോ കേള്‍ക്കുമെന്നോ ഉത്തരം ചെയ്യുമെന്നോ വിശ്വസിച്ച് കൊണ്ടുള്ള എല്ലാ വിളികളും -അത് മനസ്സ് കൊണ്ട് മാത്രമാണെങ്കിലും- ശിര്‍ക്കാണ് അഥവാ അല്ലാഹുവില്‍ പങ്ക് ചേര്‍ക്കലാണ്. അങ്ങനെ ചെയ്തവര്‍ പശ്ചാതപിക്കാതെ മരണപ്പെട്ടാല്‍ അവര്‍ എന്നെന്നും നരകവാസികളായിരിക്കും എന്നാണ് അല്ലാഹുവും അവന്റെ ദൂതന്മാരുമെല്ലാം സംശയലേശമന്യെ വ്യക്തമാക്കിയിട്ടുള്ളത്.

ഇത് യാഥാര്‍ഥ്യമാണ്. തോറ്റാല്‍ വീണ്ടും എഴുതാന്‍ സപ്ലിമെന്ററിയോ, അപ്പീല്‍ കോടതിയോ ഇല്ലാത്ത പരലോകത്തിലേക്ക് വേണ്ടി ഇപ്പോള്‍ തന്നെ ജീവിതം ചിട്ടപ്പെടുത്തുക. അല്ലെങ്കില്‍ ഖേദിക്കേണ്ടി വരുമെന്ന് ഉറപ്പാണ്.

 

ഡോ. പി.കെ അബ്ദുറസാക്ക് സുല്ലമി
നേർപഥം വാരിക

അറുതിയില്ലാത്ത അന്ധവിശ്വാസങ്ങള്‍

അറുതിയില്ലാത്ത അന്ധവിശ്വാസങ്ങള്‍

ഇസ്‌ലാമിന്റെ സുന്ദരമുഖത്തെ വികൃതമാക്കുകയും പുത്തനാചാരങ്ങള്‍ കൊണ്ട് അതിനെ വ്രണപ്പെടുത്തുകയും ചെയ്യുകയും അതോടൊപ്പം ഇസ്‌ലാമിന്റെ തനിസ്വരൂപം തങ്ങളാണെന്ന് വരുത്തിത്തിര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവരാണ് ലോകമെമ്പാടുമുള്ള സൂഫികള്‍. ദീനിന്റെ കടുത്ത വിരോധികളായ ഇവരെ ഏത് വിധേനയും പ്രീതിപ്പെടുത്തുക, അവരുടെ പണ്ഡിതന്മാരോട് വഴിവിട്ട ആദരവ് പ്രകടിപ്പിക്കുക എന്നത് അവരുടെ തലതിരിഞ്ഞ ആദര്‍ശത്തിന്റെ പ്രചാരകരായ സമസ്തയുടെ എപ്പോഴത്തെയും സ്വഭാവമാണ്.

അത്യാചാരങ്ങള്‍ സ്വീകരിച്ചു പോരുന്ന സൂഫികള്‍ മതപരമായി ഒട്ടും പിന്തുണക്കാന്‍ പറ്റാത്ത വിശ്വാസ- കര്‍മ കാര്യങ്ങളാണ് സമൂഹത്തിന് പകര്‍ന്നുകൊടുത്തിട്ടുള്ളത്. ഇസ്‌ലാമിന് അന്യമായ, സൂഫികളുടെ ഇത്തരം വഴിവിട്ട  ചിന്തകളുടെ ഉറച്ച വക്താക്കളായി  സമസ്ത പരിണമിച്ചിട്ടുണ്ട് എന്നത് വ്യക്തമാക്കിത്തരുന്നതാണ് 2019 ആഗസ്റ്റ് ആദ്യ ലക്കം”സുന്നിവോയ്‌സി’ല്‍ ഒരു മുസ്‌ലിയാര്‍ എഴുതിയ ലേഖനം.

വെള്ളിയാഴ്ച ദിവസത്തിന്റെ പ്രത്യേകതയായി മുസ്‌ലിയാര്‍ എഴുതുന്നു: ”ദോഷങ്ങള്‍ കാരണം ഹൃദയം കറുത്ത് പോവുകയും ശരീരേച്ഛ പിടിമുറുക്കി തിന്മയിലേക്ക് ആണ്ടുപോവുകയും ഇബാദത്തുകളില്‍ താല്‍പര്യമില്ലാതിരിക്കുകയും ചെയ്ത ആള്‍ വെള്ളിയാഴ്ച രാവില്‍ അത്താഴ സമയത്ത് ഖസീദതുല്‍ ബുര്‍ദയിലെ 22,23 വരികള്‍ ആവര്‍ത്തിച്ചു ചൊല്ലിയാല്‍ പ്രഭാതമാകുമ്പോഴേക്ക് അവന്റെ ഹൃദയം നേര്‍ത്തു വരികയും ശരീരം കീഴൊതുങ്ങുകയും ഇബാദത്ത് ചെയ്യാന്‍ അവയവങ്ങള്‍ക്ക് ആവേശമുണ്ടാവുകയും ചെയ്യും. കഴിഞ്ഞു പോയ തെറ്റുകളില്‍ ഖേദിക്കുന്ന അവന്റെ തൗബ അല്ലാഹു സ്വീകരിക്കാതിരിക്കില്ല” (പേജ്: 34).

കേടായവ നല്ലതില്‍ കലര്‍ത്തി വിറ്റഴിക്കുന്ന ലാഘവത്തോടെയാണ് വെള്ളിയാഴ്ച്ച ദിവസം നബിﷺ പഠിപ്പിച്ച സുന്നത്തുകളിലേക്ക് ഇദ്ദേഹം ഒരു ബിദ്അത്തിനെ തിരുകിക്കയറ്റിയിരിക്കുന്നത്! ഹിജ്‌റ 996കളില്‍ മരണപ്പെട്ട കവിയും സൂഫീ ആചാര്യനുമായ ബൂസ്വിരി എഴുതിയ ബുര്‍ദ അല്ലാഹു അവതരിപ്പിച്ചതല്ല. നബിﷺയോ അനുചരന്മാരോ വെള്ളിയാഴ്ച്ച രാവിലോ പകലിലോ ബുര്‍ദ ചൊല്ലിയിട്ടുമില്ല. നൂറ്റാണ്ടുകള്‍ക്ക് ശേഷം വിരചിതമായ ബുര്‍ദയെക്കുറിച്ച് അവര്‍ എന്തറിയാന്‍! ഇസ്‌ലാമുമായി അതിന് യാതൊരുബന്ധവുമില്ല എന്ന് വ്യക്തം.  

മഹത്ത്വവും ശ്രേഷ്ഠതകളും ഏറെയുള്ള ദിവസമാണ് വെള്ളിയാഴ്ച. അബൂഹുറയ്‌റ(റ)വില്‍ നിന്ന് നിവേദനം; നബിﷺ പറഞ്ഞു: ”സൂരേ്യാദയം സംഭവിക്കുന്ന ദിവസങ്ങളില്‍ ഏറ്റവും നല്ല ദിവസം വെള്ളിയാഴ്ചയാകുന്നു. ആദം സൃഷ്ടിക്കപ്പെട്ടതും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടതും സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതും ആ ദിവസത്തിലാകുന്നു. അന്ത്യനാള്‍ സംഭവിക്കുന്നതും വെള്ളിയാഴ്ച തന്നെയായിരിക്കും” (മുസ്‌ലിം).

അല്ലാഹു ആദരിച്ചതായ ഈ ദിവസം മത ചിഹ്നങ്ങളില്‍പെട്ടതാണെന്ന് വ്യക്തം. വിശ്വാസികള്‍ ഇതിനെ ആദരിക്കലും ബഹുമാനിക്കലും സുക്ഷ്മതയില്‍ പെട്ടതാണ്. അല്ലാഹു പറയുന്നു: ”അത് (നിങ്ങള്‍ ഗ്രഹിക്കുക.) വല്ലവനും അല്ലാഹുവിന്റെ മതചിഹ്നങ്ങളെ ആദരിക്കുന്ന പക്ഷം തീര്‍ച്ചയായും അത് ഹൃദയങ്ങളിലെ ധര്‍മനിഷ്ഠയില്‍ നിന്നുണ്ടാകുന്നതത്രെ” (ക്വുര്‍ആന്‍ 22:32).

മതത്തിന്റെ പൂര്‍ത്തീകരണത്തെ ഉള്‍ക്കൊള്ളാത്തവരാണ് തോന്നുന്നതൊക്കെ ദീനിന്റെ പറ്റില്‍ എഴുതിച്ചേര്‍ക്കുക. അല്ലാഹു പറയുന്നു: ”…ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു…”(ക്വുര്‍ആന്‍ 5:3).

ഇബ്‌നു അബ്ബാസ്(റ) പറഞ്ഞതായി ഇബ്‌നു കഥീര്‍(റഹി) ഉദ്ധരിക്കുന്നു: ”ഇത് ഇസ്‌ലാമാണ്. നിശ്ചയം നബിﷺക്കും വിശ്വാസികള്‍ക്കും ഈമാനിനെ അല്ലാഹു പൂര്‍ത്തിയാക്കി കൊടുത്തു. അതിലേക്കൊന്നും കൂട്ടിച്ചേര്‍ക്കലാവശ്യമില്ലാത്ത വിധം അല്ലാഹു അതിനെ പൂര്‍ത്തിയാക്കി. അതില്‍ നിന്ന് ഒന്നും കുറച്ച് കളയാനില്ലാത്ത വിധം അല്ലാഹു അതിനെ പരിപൂര്‍ണമാക്കി. അതിനെ ഒരിക്കലും വെറുക്കാന്‍ പാടില്ലാത്ത വിധം അല്ലാഹു തൃപ്തിപ്പെട്ടു” (വാള്യം 2, പേജ് 18).

ആയിശ(റ)യില്‍ നിന്ന് നിവേദനം; നബിﷺ പറഞ്ഞു: ”നമ്മുടെ ഈ കാര്യത്തില്‍ (മതത്തില്‍) അതിലില്ലാത്തത് ആരെങ്കിലും പുതുതായി ഉണ്ടാക്കിയാല്‍ അത് തള്ളപ്പെടേണ്ടതാണ്” (ബുഖാരി, മുസ്‌ലിം).

മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം: ”നമ്മുടെ കല്‍പനയില്ലാത്ത വല്ല കര്‍മവും ആരെങ്കിലും ചെയ്താല്‍ അത് തള്ളപ്പെടേണ്ടതാണ്” (മുസ്‌ലിം).

പ്രമാണങ്ങള്‍ പഠിപ്പിക്കുന്നത് ഇതായിരിക്കെ ബുര്‍ദക്ക് ഇസ്‌ലാമില്‍ എന്ത് സ്ഥാനമാണുള്ളത്?

ബുര്‍ദയെ സംബന്ധിച്ച് ലേഖകന്‍ പറഞ്ഞതിലേക്ക് തന്നെ വരാം. ആരാധനകള്‍ നിര്‍വഹിക്കാന്‍ മനസ്സും ശരീരവും ബുര്‍ദ പാരായണം മൂലം നേര്‍ത്ത് വരുമെന്ന് പറഞ്ഞ് പരത്തിയതിനാല്‍ ആട്ടം, ചാട്ടം, വട്ടം എന്നീ കോലങ്ങളില്‍ ബുര്‍ദ ആസ്വാദന സദസ്സുകള്‍ എല്ലായിടത്തും വ്യാപകമാണ്. ഇസ്‌ലാം നിര്‍ദേശിച്ച വഴികളെ ഗൗനിക്കാതെയാണ് ഇതിന്റെ പിറകെ ഓടുന്നതെന്നോര്‍ക്കണം.

അല്ലാഹു പറയുന്നു: ”അപ്പോള്‍ ഏതൊരാളുടെ ഹൃദയത്തിന് ഇസ്‌ലാം സ്വീകരിക്കാന്‍ അല്ലാഹു വിശാലത നല്‍കുകയും അങ്ങനെ അവന്‍ തന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള പ്രകാശത്തിലായിരിക്കുകയും ചെയ്തുവോ (അവന്‍ ഹൃദയം കടുത്തുപോയവനെപ്പേലെയാണോ?) എന്നാല്‍ അല്ലാഹുവിന്റെ സ്മരണയില്‍ നിന്ന് അകന്ന് ഹൃദയങ്ങള്‍ കടുത്തുപോയവര്‍ക്കാകുന്നു നാശം. അത്തരക്കാര്‍ വ്യക്തമായ ദുര്‍മാര്‍ഗത്തിലത്രെ” (39:22).

അല്ലാഹു പറയുന്നു: ”വിനയത്തോടും ഭയപ്പാടോടും കൂടി, വാക്ക് ഉച്ചത്തിലാകാതെ രാവിലെയും വൈകുന്നേരവും നീ നിന്റെ രക്ഷിതാവിനെ മനസ്സില്‍ സ്മരിക്കുക. നീ ശ്രദ്ധയില്ലാത്തവരുടെ കൂട്ടത്തിലാകരുത്” (7:205).

നബിﷺയുടെ അധ്യാപനവും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. മുആദി(റ)ല്‍ നിന്ന്: ”അല്ലാഹുവേ, നിന്നെ സ്മരിക്കാനും നിനക്ക് നന്ദി കാണിക്കാനും നല്ല നിലയില്‍ ആരാധന കര്‍മങ്ങള്‍ ചെയ്യാനും നീ എന്നെ സഹായിക്കേണമേ എന്ന് പ്രാര്‍ഥിക്കാന്‍ നബിﷺ എന്നോട് ഉപദേശിച്ചിരുന്നു”(അബൂദാവൂദ്). അശക്തതയില്‍ നിന്നും അലസതയില്‍ നിന്നും നബിﷺ അല്ലാഹുവിനോട് അഭയം തേടിയിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.

തൗബ അഥവാ പശ്ചാത്താപം സ്വീകരിക്കാനുള്ള വഴിയായിട്ടാണ് ലേഖകന്‍ ബുര്‍ദയെ പരിചയപ്പെടുത്തുന്നത്. എന്നാല്‍ പാപമോചനം തേടേണ്ടത് എപ്രകാരമാണെന്ന് അല്ലാഹു പറഞ്ഞുതന്നിട്ടുണ്ട്: ”പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ച് പോയ എന്റെ ദാസന്‍മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും” (39:53).

അല്ലാഹുവിനെപ്പറ്റി മുസ്‌ലിയാക്കന്മാര്‍ ധരിച്ചുവെച്ചിരിക്കുന്നത് എന്താണെന്ന് അവര്‍ക്ക് തന്നെ തിരിയുന്നില്ല എന്ന് തോന്നുന്നു. അല്ലാഹു അവനെ പരിചയപ്പെടുത്തിയത് കാണുക: ”പാപം പൊറുക്കുന്നവനും പശ്ചാത്താപം സ്വീകരിക്കുന്നവനും…” (ക്വുര്‍ആന്‍ 40:3).

”അവനാകുന്നു തന്റെ ദാസന്‍മാരില്‍ നിന്ന് പശ്ചാത്താപം സ്വീകരിക്കുന്നവന്‍. അവന്‍ ദുഷ്‌കൃത്യങ്ങള്‍ക്ക് മാപ്പുനല്‍കുകയും ചെയ്യുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്തോ അത് അവന്‍ അറിയുകയും ചെയ്യുന്നു”(42:25).

നബിﷺ പറഞ്ഞു: ”എല്ലാ ബിദ്അത്തുകാരില്‍ നിന്നും അല്ലാഹു തൗബയെ തടഞ്ഞിരിക്കുന്നു” (ബൈഹക്വി). എത്ര ഗൗരവകരമായ മുന്നറിയിപ്പാണിത്!

എന്നിട്ടും ഇക്കൂട്ടര്‍ക്ക് സുന്നത്തിനെക്കാള്‍ പഥ്യം ബിദ്അത്തു തന്നെ!

ബുര്‍ദ ചൊല്ലുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സമസ്ത മുമ്പ് തന്നെ പ്രഖ്യാപിച്ചുണ്ട്. അവ താഴെ പറയന്നു:

1. ബുര്‍ദ പാരായണം ചെയ്യുമ്പോള്‍ വുദൂഅ് ഉണ്ടായിരിക്കണം.

2. ക്വിബ്‌ലക്ക് മുന്നിടണം.

3. വാചകങ്ങളും ഇഅ്‌റാബുകളും ക്ലിപ്തപ്പെടുത്തുന്നതില്‍ കണിശത പാലിക്കണം.

4. അര്‍ഥം അറിഞ്ഞുകൊണ്ടായിരിക്കണം പാരായണം ചെയ്യുന്നത്. കാരണം ബുര്‍ദയില്‍ അടങ്ങിയിരിക്കുന്ന പ്രാര്‍ഥനകള്‍ അര്‍ഥം അറിയാതെയാകുമ്പോള്‍ ഇഖ്‌ലാസ് നഷ്ടപ്പെടുന്നു.

5. പദ്യരൂപത്തില്‍ ആലപിക്കുക തന്നെ വേണം. ഗദ്യരൂപത്തില്‍ മതിയാവില്ല.

6. ബുര്‍ദ മനഃപാഠമാക്കാന്‍ ശ്രമിക്കണം.

7. ബുര്‍ദയുടെ പാരമ്പര്യ വക്താക്കളായ ശൈഖുമാരില്‍ നിന്നും പാരായണത്തിന് ഇജാസത്ത്(അനുമതി) ലഭിക്കണം.

8. പാരായണത്തിനിടയില്‍ നബിﷺ തങ്ങളുടെ പേരില്‍ സ്വലാത്ത് ചൊല്ലണം.

9. പ്രസ്തുത സ്വലാത്ത് ഇമാം ബൂസ്വൂരിയുടെ (മൗലായ സ്വല്ലിവസല്ലിം ദാഇമന്‍ അബദാ) എന്നതു തന്നെയായിരിക്കണം.

10. ഓരോ ബൈത്ത് തീരുമ്പോഴും പ്രസ്തുത സ്വലാത്ത് ആലപിച്ചിരിക്കണം” (ബുര്‍ദത്തുല്‍ ബൂസ്വൂരി, പുളിയക്കോട് അബ്ദുല്‍ മജീദ് സഖാഫി, പേജ്, 14).

ഇപ്പറഞ്ഞ നിബന്ധനകളിലൂടെ ശരിക്കുമൊന്ന് കണ്ണോടിച്ച് ചിന്തിക്കുക. ആരോ എന്നോ കെട്ടിയുണ്ടാക്കിയ പദ്യശകലങ്ങള്‍ ഇത്രയും ഭയഭക്തിയോടെ പാടാന്‍ ഇവരുടെ പക്കല്‍ എന്ത് പ്രമാണമാണുള്ളത്? ഈ നിബന്ധനകള്‍ ആരാണ് പഠിപ്പിച്ചത്? വ്യക്തമായ ചൂഷണത്തിന്റെ ഉപാധി മാത്രമാണിത്. പാമരന്മാര്‍ അത് മനസ്സിലാക്കുന്നില്ലെന്ന് മാത്രം.

അല്ലാഹുവിന്റെ ഈ താക്കീതിനെ ബിദ്അത്തിന്റെ ആളുകള്‍ ഭയപ്പെടുന്നത് അവര്‍ക്ക് ഏറെ ഗുണകരമാകും. അല്ലാഹു പറയുന്നു: ”അതല്ല, അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം മതമായി അവര്‍ക്ക് നിശ്ചയിച്ചു കൊടുത്ത വല്ല പങ്കാളികളും അവര്‍ക്കുണ്ടോ? നിര്‍ണായക വിധിയെ പറ്റിയുള്ള കല്‍പന നിലവിലില്ലായിരുന്നെങ്കില്‍ അവര്‍ക്കിടയില്‍ ഉടനെ വിധികല്‍പിക്കപ്പെടുമായിരുന്നു. അക്രമികളാരോ അവര്‍ക്ക് തീര്‍ച്ചയായും വേദനയേറിയ ശിക്ഷയുണ്ട്” (ക്വുര്‍ആന്‍ 42:21).

 

മൂസ സ്വലാഹി, കാര
നേർപഥം വാരിക

ഇസ്‌ലാമും മാനവസൗഹാര്‍ദവും

ഇസ്‌ലാമും മാനവസൗഹാര്‍ദവും

സ്വന്തം മത തത്ത്വങ്ങള്‍ മുറുകെ പിടിക്കുന്നതോടൊപ്പം ഇതര മതസ്ഥരോട് നല്ല നിലയില്‍ വര്‍ത്തിക്കുവാനാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്. വിരുദ്ധാശയങ്ങളെ യോജിപ്പിക്കുവാന്‍ ശ്രമിക്കുന്നതിലൂടെ ഒന്നാവുകയല്ല; മൂന്നാമതൊന്ന് സൃഷ്ടിക്കപ്പെടുകയാണ് ചെയ്യുക. പരസ്പര സ്‌നേഹത്തിനും സഹകരണത്തിനും ആദര്‍ശവ്യത്യാസം തടസ്സമായിക്കൂടാ.

നമ്മള്‍ ജീവിക്കുന്നത് ഇന്ത്യ എന്ന ജനാധിപത്യ മതനിരപേക്ഷ രാജ്യത്താണ്. ഇത് ൈവവിധ്യങ്ങളുടെ സംഗമ ഭൂമിയാണ്. വിവിധ മതക്കാരും വര്‍ണക്കാരും വര്‍ഗക്കാരും മതമില്ലാത്തവരും വ്യത്യസ്ത ചിന്താഗതിക്കാരുമൊക്കെയുള്ള നാട്. ഇത്തരത്തിലുള്ള ഒരു ബഹുസ്വര സമൂഹത്തില്‍ എങ്ങനെ ജീവിക്കണമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്.

മുസ്‌ലിംകള്‍ സ്വന്തം വിശ്വാസത്തില്‍ ഉറച്ച് നില്‍ക്കുമ്പോള്‍ തന്നെ മറ്റു മതസ്ഥരോട് നല്ലനിലയില്‍ വര്‍ത്തിക്കണമെന്നാണ് ഇസ്‌ലാം കല്‍പിക്കുന്നത്. ഇന്ത്യയെപ്പോലുള്ള ബഹുമതസമൂഹ രാജ്യത്ത് ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ മതവിശ്വാസം പരസ്പരം പങ്കുവെച്ചുകൊണ്ടല്ല ഈ സൗഹൃദം സാധ്യമാക്കേണ്ടത്. രണ്ട് വിരുദ്ധാശയങ്ങള്‍ പരസ്പരം ലയിക്കുമ്പോള്‍ രണ്ടുമല്ലാത്ത മൂന്നാമതൊരാശയമാണ് ഉണ്ടാകുന്നത്. പിന്നീട് സൗഹാര്‍ദത്തിന്റെ ആവശ്യം അവിടെ ഉയരുന്നില്ല. രണ്ട് ആശയക്കാരും സ്വന്തം ആശയത്തില്‍ ഉറച്ചുനില്‍ക്കുമ്പോഴാണ് സൗഹൃദത്തിന്റെ സാധ്യത തന്നെ ഉണ്ടാകുന്നത്.

”മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടിപ്പോകുകയേ ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു” (ക്വുര്‍ആന്‍ 2:256).

”(നബിയേ,) പറയുക: അവിശ്വാസികളേ, നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല. ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല. നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല. ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല. നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്റെ മതവും” (ക്വുര്‍ആന്‍ 109:1-6).

ബലപ്രയോഗത്തിലൂടെ മതവിശ്വാസം മറ്റുള്ളവരില്‍ അടിച്ചേല്‍പിക്കുവാന്‍ പാടില്ല എന്ന് വിശുദ്ധക്വുര്‍ആന്‍ വ്യക്തമാക്കുന്നു. വിശ്വാസം മാനസികമായ പരിവര്‍ത്തനത്തില്‍നിന്ന് ഉടലെടുക്കേണ്ട ഒന്നാണ്. ബലം പ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും മറ്റുള്ളവരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുക എന്നത് ശുദ്ധ വിഡ്ഢിത്തമാണ്. പരലോക രക്ഷക്കു വേണ്ടിയാണ് ഒരാള്‍ മുസ്‌ലിമായി ജീവിക്കുന്നത്. മുസ്‌ലിമായി ജീവിതം നയിക്കുക എന്നത് അത്ര എളുപ്പമല്ല. അവന് സ്വന്തം ഇച്ഛാനുസരണം ജീവിക്കുവാന്‍ അവകാശമില്ല. അല്ലാഹുവിന്റെയും പ്രവാചകന്റെയും കല്‍പനകള്‍ക്ക് വിധേയമായിട്ടേ അവന്‍ ജീവിക്കാവൂ. ഇസ്‌ലാം നിഷിദ്ധമാക്കിയ കാര്യങ്ങള്‍ അവന്‍ ചെയ്തുകൂടാ. നിര്‍ബന്ധമായും അനുഷ്ഠിക്കേണ്ട ആരാധനകള്‍ ആത്മാര്‍ഥമായും അല്ലാഹുവിന്റെ പ്രതിഫലം കാംക്ഷിച്ചും അവന്‍ ചെയ്യേണ്ടതുണ്ട്. അവന്റെ വ്യക്തിജീവിതം സംശുദ്ധമാകണം. ഇതൊക്കെ പാലിച്ചു ജീവിക്കുവാന്‍ ഒരാള്‍ക്ക് സാധിക്കണമെങ്കില്‍ അവന്‍ ആത്മാര്‍ഥമായും സുദൃഢമായും ഇസ്‌ലാമില്‍ വിശ്വസിക്കുന്നവനായിരിക്കണം. അല്ലാത്തവര്‍ക്ക് മുസ്‌ലിമായി അഭിനയിക്കാനേ കഴിയൂ. അങ്ങനെയുള്ള കാനേഷുമാരി മുസ്‌ലിംകളെ വാര്‍ത്തെടുക്കുവാന്‍ മതം അനുശാസിക്കുന്നില്ല.    

അവിശ്വാസിയാവുക എന്നത് മാനുഷികമായ നീതിക്ക് ഒരാളെ അര്‍ഹമല്ലാതാക്കുന്നില്ല. മനുഷ്യന്‍ എന്ന നിലയില്‍ എല്ലാ വ്യക്തികളോടും നീതിപൂര്‍വം വര്‍ത്തിക്കുവാന്‍ മുസ്‌ലിംകളെല്ലാം ബാധ്യസ്ഥരാണ്. ഇസ്‌ലാം അംഗീകരിക്കാത്തതിന്റെ പേരില്‍ മറ്റുള്ളവരോട് അനീതി കാണിക്കാമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നില്ല. ആദര്‍ശപരമോ നയപരമോ ആയ ഭിന്നിപ്പുകളുടെ അടിസ്ഥാനത്തില്‍ അനീതി കാണിക്കുന്നതിന് ഇസ്‌ലാം എതിരാണ്.  

വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു: ”മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്‍മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു” (ക്വുര്‍ആന്‍ 60:8).

”പറയുക എന്റെ രക്ഷിതാവ് നീതി പാലിക്കുവാനാണ് കല്‍പിച്ചിരിക്കുന്നത്” (ക്വുര്‍ആന്‍ 7:29).

”തീര്‍ച്ചയായും അല്ലാഹു കല്‍പിക്കുന്നത് നീതിപാലിക്കുവാനും നന്‍മ ചെയ്യുവാനും കുടുംബ ബന്ധമുള്ളവര്‍ക്ക് (സഹായം) നല്‍കുവാനുമാണ്” (ക്വുര്‍ആന്‍ 16:90).

”അതിനാല്‍ നീ പ്രബോധം ചെയ്തുകൊള്ളുക. നീ കല്‍പിക്കപ്പെട്ടതുപോലെ നേരെ നിലകൊള്ളുകയും ചെയ്യുക. അവരുടെ തന്നിഷ്ടങ്ങളെ നീ പിന്തുടര്‍ന്നു പോകരുത്. നീ പറയുക: അല്ലാഹു അവതരിപ്പിച്ച ഏതു ഗ്രന്ഥത്തിലും ഞാന്‍ വിശ്വസിച്ചിരിക്കുന്നു. നിങ്ങള്‍ക്കിടയില്‍ നീതിപുലര്‍ത്തുവാന്‍ ഞാന്‍ കല്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹുവാകുന്നു ഞങ്ങളുടെ രക്ഷിതാവും നിങ്ങളുടെ രക്ഷിതാവും” (ക്വുര്‍ആന്‍ 42:19).

മതത്തിന്റെ പേരില്‍ നിങ്ങളോട് യുദ്ധത്തിന് വരാത്തവരും നിങ്ങളെ വീട്ടില്‍ നിന്ന് പുറത്താക്കാത്തവരുമായ ഏതൊരാള്‍ക്കും നന്‍മ ചെയ്ത് കൊടുക്കണമെന്നും അവരോട് നീതിപൂര്‍വം പെരുമാറണമെന്നും പഠിപ്പിക്കുന്ന ക്വുര്‍ആനിന്റെ അനുയായികള്‍ക്ക് എങ്ങനെയാണ് ഇതര മതസ്ഥരോട് മനുഷ്യത്വരഹിതമായി പെരുമാറുവാന്‍ കഴിയുക?

നീതിയും നന്മയും പൊതുവായ ദൈവികാനുഗ്രഹമാണെന്നും ഒരു വിശ്വാസിക്കും അവിശ്വാസിക്കുമിടയിലെ ആദര്‍ശ വൈജാത്യം ആ പൊതു അനുഗ്രഹം നിഷേധിക്കാന്‍ കാരണമല്ലെന്നുമാണ് ക്വുര്‍ആന്‍ പറയുന്നത്. നീതിയുടെ മാനവ വീക്ഷണം നിഷേധിക്കപ്പെട്ടതാണ് ഇസ്‌ലാം ഒഴിച്ചുള്ള മതങ്ങളുടെ പരാജയമെന്ന് തോമസ് ആല്‍്രഫഡ്, തന്റെ ‘വേള്‍ഡ് റിലിജ്യന്‍സ് ആന്റ് സെക്കുലര്‍ ഹ്യൂമനിസം’ എന്ന കൃതിയില്‍ പറയുന്നതായി കാണാം: ”നീതിയുടെ സാര്‍വത്രിക സ്വഭാവവും നന്‍മയുടെ സാര്‍വജനീനതയുമാണ് ശുദ്ധമാനവികതയുടെ അടിസ്ഥാന സ്തംഭങ്ങള്‍. ഇവ കണ്ടെത്തുന്നതിലും തിരിച്ചറിയുന്നതിലും ഉള്‍ക്കൊള്ളുന്നതിലും വിവിധ മതങ്ങള്‍ക്കു സംഭവിച്ച പരാജയമാണ് ലോകത്ത് അശാന്തിയുടെയും വിദ്വേഷത്തിന്റെയും വിത്തുവിതച്ചത്. എന്നാല്‍ ഇസ്‌ലാം ഈ രംഗത്തു സവിശേഷ സമീപനം പ്രകടിപ്പിച്ചു. നന്മയുടെയും നീതിയുടെയും അര്‍ഹതയില്‍നിന്ന് പൊതുസമൂഹത്തെയോ ഏതാനും വ്യക്തികളെയോ തടയുവാന്‍ അനിസ്‌ലാമികതയോ ഇസ്‌ലാമുമായുള്ള വിയോജിപ്പോ അടിസ്ഥാന കാരണങ്ങളല്ലെന്ന് ഇസ്‌ലാമിന്റെ വേദഗ്രന്ഥമായ ക്വുര്‍ആന്‍ മാനവരാശിയെ പഠിപ്പിച്ചിട്ടുണ്ട്” (പേജ് 74-75, ഹ്യൂമനിസ്റ്റ് പ്രസ് ഇന്റര്‍ നാഷണല്‍, ലണ്ടന്‍, 1989).

അയല്‍വാസി പട്ടിണികിടക്കുമ്പോള്‍ മതം നോക്കിയല്ല ഒരു മുസ്‌ലിം സഹായിക്കേണ്ടത്. തൊട്ടടുത്ത വീട് അഗ്നിക്കിരയാകുമ്പോള്‍ മതത്തിന്റെ നിറം പരിഗണിച്ചല്ല തീ കെടുത്തേണ്ടത്. ആക്‌സിഡന്റില്‍ രക്തം വാര്‍ന്നൊലിക്കുന്നവന്റെ ജാതിയന്വേഷിച്ചല്ല അവനെ ആശുപത്രിയിലെത്തിക്കേണ്ടത്. പച്ചക്കരളുള്ള ഏതൊരു ജീവിക്കും കരുണ ചെയ്യണമെന്നാണ് ഇസ്‌ലാമികാധ്യാപനം.

ഒരു മുസ്‌ലിം ചന്ദനക്കുറി തൊട്ട് ക്ഷേത്രദര്‍ശനം നടത്തുകയും ഹിന്ദു തൊപ്പിവെച്ച് പള്ളിയില്‍ കയറി നമസ്‌കരിക്കുകയും ചെയ്യുമ്പോഴാണ് സൗഹാര്‍ദമുണ്ടാകുന്നതെന്നാണ് പലരും വിചാരിക്കുന്നത്. അങ്ങനെയല്ലാതെ തന്നെ സ്‌നേഹിക്കുവാനും സഹകരിക്കുവാനും സഹായിക്കുവാനുമുള്ള വിശാലമനസ്‌കതയാണ് വേണ്ടത്. അതാണ് ഉദാത്തമായ മനുഷ്യസൗഹാര്‍ദം.

യഥാര്‍ഥത്തില്‍ ഇസ്‌ലാമിന്റെ മാറ്റേറുന്നത് അത് മാനവസൗഹാര്‍ദത്തിന് സദാ ഊന്നല്‍ നല്‍കുന്നു എന്നതുകൊണ്ടാണ്. വ്യത്യസ്ത ധ്രുവങ്ങളില്‍ സ്ഥിതിചെയ്യുന്ന മതവിശ്വാസങ്ങളില്‍ നീക്കുപോക്കുണ്ടാക്കിക്കൊണ്ടുള്ള ഒരുസൗഹാര്‍ദ പാഠം ഇസ്‌ലാം പഠിപ്പിക്കുന്നില്ല.

ഇസ്‌ലാമിന്റെ മധ്യമ നിലപാട്  

മതത്തിന്റെ പേരില്‍ പ്രമാണങ്ങളിലില്ലാത്തത് ചെയ്യുന്നവര്‍ മതത്തെ സങ്കീര്‍ണമാക്കുകയാണ് ചെയ്യുന്നത്. നിര്‍ബന്ധമായി ചെയ്യേണ്ടതും കഴിവിനനുസരിച്ച് പരമാവധി ചെയ്യാന്‍ ശ്രമിക്കേണ്ട ഐഛികമായ കാര്യങ്ങളും മതത്തിലുണ്ട്. ഇവ രണ്ടിനോടും ഒരേ സമീപനമല്ല വേണ്ടത്. നിര്‍ബന്ധമായതില്‍ വീഴ്ച വരുത്തുന്നത് അതീവ ഗൗരവമാണ്. ഐഛികമായ നന്‍മകളെ നിര്‍ബന്ധത്തിന്റെ പിരിധിയിലേക്ക് കൊണ്ടുവന്നാല്‍ മതം അപ്രായോഗികവും ഭാരമേറിയതുമായി വിലയിരുത്തപ്പെടും. താന്‍ അനുഷ്ഠിക്കുന്ന മുഴുവന്‍ ഐഛിക കര്‍മങ്ങളും എല്ലാവരും നിര്‍വഹിക്കണമെന്ന് ആഗ്രഹിക്കാമെങ്കിലും, അതിന് മറ്റുള്ളവരെ നിര്‍ബന്ധിക്കുന്നതും അങ്ങനെ ചെയ്യാത്തവരെ കുറ്റക്കാരായി വീക്ഷിക്കുന്നതും ശരിയല്ല.

അടിസ്ഥാന ബാധ്യതകള്‍ അവഗണിച്ച് ആരാധനകളില്‍ മുഴുകുന്നതും ഇതുപോലെത്തന്നെയാണ്. അല്ലാഹുവിനോടുള്ള മുഖ്യമായ ബാധ്യത വിസ്മരിച്ചുകൊണ്ട് മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിതം മുഴുവന്‍ നീക്കിവെക്കുകയും മെഴുകുതിരിപോലെ കത്തിത്തീരുകയും ചെയ്യുന്നവരും അല്ലാഹുവിലേക്ക് അടുക്കാനായി ആരാധനകളില്‍ മുഴുകി സ്വന്തത്തെയും കൂടെയുള്ളവരെയും വിസ്മരിച്ച് സമൂഹത്തില്‍ നിന്ന് അകന്ന് ജീവിക്കുന്നവരും മതത്തില്‍ അതിരുകവിഞ്ഞവരാണ്. കഴിവും പ്രാപ്തിയുമുണ്ടെങ്കില്‍ മതാനുഷ്ഠാനങ്ങളില്‍ പരമാവധി മുന്‍കടക്കാന്‍ പരിശ്രമിക്കണം. എന്നാല്‍ ദുര്‍ബലര്‍കൂടി ഉള്‍കൊള്ളുന്ന അനുഷ്ഠാനങ്ങളാണ് നാം നിര്‍വഹിക്കുന്നതെങ്കില്‍ അവരെക്കൂടി പരിഗണിച്ചുകൊണ്ടായിരിക്കണം കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടത്.

ഒറ്റക്ക് നമസ്‌കരിക്കുമ്പോള്‍ (പ്രത്യേകിച്ച് രാത്രിയില്‍) ദീര്‍ഘിപ്പിക്കുന്നത് നല്ലതാണ്. എന്നാല്‍ വൃദ്ധരും കുട്ടികളുമടങ്ങുന്നവര്‍ക്ക് ഇമാമായി നമസ്‌കരിക്കുമ്പോള്‍ അവരെക്കൂടി പരിഗണിക്കണം. പ്രവാചകന്‍ ﷺ  കുട്ടികളുടെ കരച്ചില്‍ കേട്ടപ്പോള്‍ നമസ്‌കാരം ലഘൂകരിച്ചത് ഇതിനുദാഹരണമാണ്. ഭര്‍ത്താവ് വീട്ടിലുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ അനുവാദത്തോടെയാവണം ഭാര്യ ഐഛികമായ (സുന്നത്ത്) നോമ്പനുഷ്ഠിക്കേണ്ടതെന്ന നിര്‍ദേശത്തിലും ഈ ആശയം തന്നെയാണ് വ്യക്തമാവുന്നത്. ജുമുഅ ഖുത്വുബ, സാന്ദര്‍ഭികമായ ഉപദേശങ്ങള്‍ എന്നിവയുടെ ദൈര്‍ഘ്യം സദസ്യരുെട സാഹചര്യങ്ങള്‍ പരിഗണിച്ചുകൊണ്ടാവാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മതം ജീവിതത്തില്‍ നിലനില്‍ക്കണമെങ്കില്‍ അവധാനതയോടെ ഉള്‍കൊള്ളുകയും ആത്മാര്‍ഥമായി അനുഷ്ഠിക്കുകയും വേണം. ആവേശത്തിന്റെ പേരില്‍ ആരംഭിക്കുന്ന നന്‍മകള്‍ക്ക് അല്‍പായുസ്സ് മാത്രമെ ഉണ്ടാവാറുള്ളൂ. കഴിവില്‍ പെടാത്തത് വൈകാരികമായി ഏറ്റെടുത്ത് ചുരുങ്ങിയകാലം അനുഷ്ഠിച്ച ശേഷം ഉപേക്ഷിക്കുകയും നിര്‍ബന്ധകര്‍മങ്ങള്‍ പോലും വിസ്മരിക്കുകയും ചെയ്യുന്ന പ്രവണത അപകടത്തിലേക്കാണ് നയിക്കുക.

ജീവിതത്തില്‍ ആത്മാര്‍ഥമായി പാലിക്കുന്ന ശക്തമായ സുന്നത്തുകളെ മിതത്വത്തിന്റെ മറവില്‍ നിസ്സാരമായി കാണുന്ന പ്രവണത തിരുത്തേണ്ടതാണ്. നിരവധി ഹദീഥുകളില്‍ സ്ഥിരപ്പെട്ട; താടിവളര്‍ത്തുക, മീശവെട്ടുകയെന്ന സംസ്‌കാരം സ്വീകരിച്ചതിന്റെ പേരില്‍ ബാര്‍ബര്‍ ഷാപ്പിന്റെ മൂലയില്‍ മുഖം കുത്തിവീണ് എഴുന്നേറ്റവനെപ്പോലെയെന്ന് പരിഹസിക്കുന്നത് പ്രവാചകന് നേരെയുള്ള കടന്നാക്രമണമാണ്. താടിനീട്ടല്‍ മുസ്‌ലിം പുരുഷന്റെ പ്രകൃതത്തില്‍ പെട്ടതാണ്. താടി വടിക്കലാണ് പ്രകൃതിവിരുദ്ധം, പ്രയാസകരം. മിതത്വത്തിന്റെയും എളുപ്പത്തിന്റെയും ‘ന്യായ’ത്തില്‍ ഒഴിവാക്കാന്‍ ന്യായമില്ല. താടി വളര്‍ത്താത്തയാളെ ആക്ഷേപിക്കുകയും പരിഹസിക്കുകയുമല്ല ചെയ്യേണ്ടത്; പ്രവാചക വചനങ്ങള്‍ ബോധ്യപ്പെടുത്തുന്ന ഗുണകാംക്ഷ നിറഞ്ഞ നിലപാടാണ് സ്വീകരിക്കേണ്ടത്. താടിയെ തീവ്രവാദത്തിന്റെ അടയാളമായി മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയും ഇസ്‌ലാംവിരോധികള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നതിനാല്‍ താടിയൊഴിവാക്കലാണ് ഇതിന് പരിഹാരമെന്ന് ചിലര്‍ പറയാതെ പറയുന്നു. നമസ്‌കാരത്തഴമ്പും ഇസ്‌ലാമികാഭിവാദ്യങ്ങളും സ്ത്രീകളുടെ ശിരോവസ്ത്രവും നെരിയാണിക്ക് താഴെയിറങ്ങാത്ത പുരുഷവസ്ത്രവുമെല്ലാം തീവ്രതയുടെ അടയാളമാണെന്ന് പറയാന്‍ തുടങ്ങിയാല്‍ ഇതെല്ലാം ഒഴിവാക്കിക്കൊണ്ട് ‘നിരപരാധിത്വം’ തെളിയിക്കാന്‍ വിശ്വാസിക്ക് സാധിക്കുമോ?

കച്ചവടം, ഭൗതികമായ പുരോഗതികള്‍, ധനസമ്പാദനം, പ്രശസ്തി, എന്നിവയ്ക്കായി ദീര്‍ഘയാത്ര നടത്തുകയും വര്‍ഷങ്ങളോളം വീട്ടില്‍നിന്ന് വിട്ടുനില്‍ക്കുകയും രാത്രി വൈകി വീട്ടിലെത്തുകയും കുടുംബത്തെ കാണാന്‍പോലും സമയം ലഭിക്കാതെ തിരക്കുപിടിച്ച ജീവിതം നയിക്കുകയും ചെയ്യുന്നവരെ ആരും അതിന്റെ പേരില്‍ ആക്ഷേപിക്കാറില്ല. എന്നാല്‍ മതരംഗത്ത് ശ്രദ്ധിക്കുകയും കൃത്യമായി പള്ളിയില്‍ നമസ്‌കാരത്തിന് പങ്കെടുക്കുകയും സുന്നത്ത് നമസ്‌കാരങ്ങളും നോമ്പും അനുഷ്ഠിക്കുകയും സകാത്ത് നല്‍കുകയും പ്രബോധനത്തിനായി സമയം നീക്കി വെക്കുകയും അതിനായി ദീര്‍ഘയാത്രനടത്തുകയും ധനംചെലവഴിക്കുകയും മറ്റു സുന്നത്തുകളില്‍ നിഷ്ഠ പാലിക്കുകയും ചെയ്യുന്നവനെ മതത്തില്‍ തീവ്രതയുള്ളവനായി ചിത്രീകരിക്കാനും ആക്ഷേപിക്കാനും ചിലരെങ്കിലും  ശ്രമിക്കുന്നത് കാണാം. ഇത് അന്യായമാണ്. ഐഛികമായ കര്‍മങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ പലകാരണങ്ങളാല്‍ കഴിയാത്തവര്‍ അത് അനുഷ്ഠിക്കുന്നവരെ അനുഷ്ഠാന തീവ്രതയുള്ളവരായി കാണുകയും പരിഹസിക്കുകയും ചെയ്യുന്ന പ്രവണതയും നന്നല്ല.

 

ടി.കെ.അശ്‌റഫ്
നേർപഥം വാരിക

പ്രവാചക വിമര്‍ശനങ്ങള്‍ക്ക് പിന്നിലെ കാരണങ്ങള്‍

പ്രവാചക വിമര്‍ശനങ്ങള്‍ക്ക് പിന്നിലെ കാരണങ്ങള്‍

ലോകചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയനായ വ്യക്തി ആരെന്നു ചോദിച്ചാല്‍ നമ്മുടെ മനസ്സില്‍ ആദ്യം തെളിഞ്ഞുവരുന്നത് മുഹമ്മദ് നബി ﷺ യുടെ നാമമായിരുക്കും. അത്രയധികം അദ്ദേഹം വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. പ്രവാചകത്വം ലഭിച്ച നാള്‍ മുതല്‍ തുടങ്ങിയ വിമര്‍ശനം ഇന്നും തുടര്‍ന്നുവരുന്നു.

ആറാം നൂറ്റാണ്ടില്‍ അറേബ്യന്‍ മണലാരണ്യ പ്രദേശമായ മക്കയില്‍ ഭൂജാതനാവുകയും ചരിത്രത്തില്‍ തുല്യതയില്ലാത്ത ധാര്‍മികവിപ്ലവത്തിന് നായകത്വം വഹിക്കുകയും ചെയ്ത മഹാനാണ് മുഹമ്മദ് നബി ﷺ . മാനവര്‍ക്ക് മാര്‍ഗദര്‍ശിയായി അല്ലാഹു നിയോഗിച്ച തിരുദൂതര്‍ അന്ത്യനാള്‍ വരെയും ലോകര്‍ക്ക് വെളിച്ചമായി ജ്വലിച്ചുനില്‍ക്കും.  

മദ്യവും മദിരാക്ഷിയും ജീവിതത്തിന്റെ അനിവാര്യഘടകമായി കണ്ടിരുന്ന ഒരു സമൂഹം. നിസ്സാര കാര്യങ്ങള്‍ക്കു പോലും തര്‍ക്കവും യുദ്ധവും ശീലമാക്കിയിരുന്ന ജനവിഭാഗം. തറവാടിന്റെയും കുലമഹിമയുടെയും പേരില്‍ പെരുമനടിച്ചും കലഹിച്ചും കഴിഞ്ഞുകൂടിയിരുന്നവര്‍. കൊള്ളയും കൊലപാതകവും ഹരമായി കണ്ടവര്‍. പലിശയും ചൂതാട്ടവും ജീവിതത്തിന്റെ ഭാഗമാക്കിയവര്‍. അതെ, സാംസ്‌കാരികമായി അങ്ങേയറ്റം അധഃപതിച്ച ഒരു ജനത.

ഇവര്‍ക്കിടയിലാണ് സുന്ദരനും സുമുഖനും സല്‍സ്വഭാവിയുമായ മുഹമ്മദ് എന്ന ചെറുപ്പക്കാരന്‍ വളര്‍ന്നുവന്നത്. അന്ധകാരനിബിഢമായ അന്തരീക്ഷത്തില്‍ വെളിച്ചത്തിന്റെ കണികയായി ആ യുവാവ് മക്കാമണ്ണില്‍ ജീവിച്ചു. ആറാം നൂറ്റാണ്ടിലെ അറബികള്‍ക്കിടയില്‍ ജനിച്ച മുഹമ്മദ് നബി ﷺ  അന്നത്തെ സമൂഹത്തില്‍ നിലനിന്നിരുന്ന തിന്മകളില്‍ നിന്നും സാമൂഹ്യ ജീര്‍ണതകളില്‍ നിന്നും അകന്നുനിന്നു. ഉന്നത ധാര്‍മിക നിലവാരവും സ്വഭാവ സവിശേഷതകളും ഒത്തിണങ്ങിയ യുവാവ്. കള്ളവും ചതിയും വ്യാപകമായിരുന്ന കാലത്ത് സത്യസന്ധമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ആ യുവാവിനെ അല്‍അമീന്‍ (വിശ്വസ്തന്‍) എന്ന സ്ഥാനപ്പേര് നല്‍കി ജനങ്ങള്‍ ആദരിച്ചു.

ചരിത്രത്തില്‍ നിന്ന് ഇങ്ങനെ വായിക്കാം: മക്കയിലെ പ്രമുഖയായ കച്ചവടക്കാരിയായിരുന്ന ഖുവൈലിദിന്റെ മകള്‍ ഖദീജ മുഹമ്മദിന്റെ സത്യസന്ധതയും വിശ്വസ്തതയും കേട്ടറിഞ്ഞ് തന്റെ വ്യാപാര രംഗത്തേക്ക്  ക്ഷണിക്കുകയും സാമാന്യം ഉയര്‍ന്ന വേതനം വാഗ്ദാനം ചെയ്യുകയും ചെയ്തു. കച്ചവട സംഘത്തോടൊപ്പം അദ്ദേഹം സിറിയയിലേക്ക് പോകുകയും ആ കച്ചവടത്തില്‍ വലിയ ലാഭം കൊയ്യുകയും ചെയ്തു. അദ്ദേഹത്തിന്റെ സാമര്‍ഥ്യവും സത്യസന്ധതയും സല്‍ഗുണങ്ങളും ഖദീജ(റ) കേട്ടറിഞ്ഞപ്പോള്‍ അദ്ദേഹത്തില്‍ ആകൃഷ്ടയായി. അദ്ദേഹവുമായുള്ള വിവാഹത്തിന് അവര്‍ താല്‍പര്യം പ്രകടിപ്പിക്കുകയും ആ വിവാഹം നടക്കുകയും ചെയ്തു.

മറ്റൊരു സംഭവം ഇങ്ങനെ വായിക്കാം: മുഹമ്മദിന്റെ ﷺ  മുപ്പത്തിയഞ്ചാം വയസ്സില്‍ ശക്തമായ വെള്ളപ്പൊക്കത്തില്‍ കഅ്ബക്ക് കേടുപാടുകള്‍ സംഭവിച്ചു. വലീദ് ബിന്‍ മുഗീറയുടെ നേതൃത്വത്തില്‍ അത് പുതുക്കിപ്പണിയാന്‍ തീരുമാനിച്ചു. അവരില്‍ നന്മയുടെ അംശം ബാക്കിയുള്ളതിന് തെളിവായിരുന്നു  തിന്മകളില്‍ നിന്നുള്ള സമ്പാദ്യം നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കുകയില്ല എന്നത്. കഅ്ബ പുനര്‍ നിര്‍മാണത്തില്‍ നാട്ടുപ്രമാണിമാരും ഗോത്രത്തലവന്മാരും സഹായിച്ചു. പലിശ, വേശ്യാവൃത്തി തുടങ്ങിയ തിന്മകളില്‍ നിന്നുള്ള സമ്പാദ്യം പ്രസ്തുത പുണ്യകര്‍മത്തിന് ഉപയോഗിക്കുകയില്ലെന്നവര്‍ തീരുമാനിച്ചു. നല്ല സമ്പാദ്യം മാത്രമെ ഉപയോഗിക്കൂ എന്ന് അവര്‍ ഉറപ്പിക്കുകയും അത് കൃത്യമായി പാലിക്കുകയും ചെയ്തു. നിര്‍മാണത്തിനിടക്ക് അവര്‍ക്കിടയില്‍ ഒരു ചെറിയ തര്‍ക്കം ഉടലെടുത്തു. ഹജറുല്‍ അസ്‌വദ് സ്ഥാപിക്കാന്‍ സമയമായപ്പോള്‍ ആര് അത് ചെയ്യും എന്നതായിരുന്നു തര്‍ക്കം. ഞാന്‍ അത് ചെയ്യാം എന്നായി ഓരോരുത്തരും. അവസാനം പരിഹാരം എന്ന നിലയില്‍ കഅ്ബയുടെ അടുത്തേക്ക് ആദ്യം ആരാണോ ഇനി കടന്നുവരുന്നത് അദ്ദേഹത്തിന്റെ തീരുമാനത്തിന് വിടാം എന്ന് ധാരണയായി. മുഹമ്മദ് ﷺ  കടന്നുവരുന്നത് കണ്ട് അവരെല്ലാം സന്തോഷഭരിതരായി. അതാ വരുന്നു അല്‍അമീന്‍, ഞങ്ങള്‍ അദ്ദേഹത്തിന്റെ തീരുമാനം അംഗീകരിക്കും എന്ന് എല്ലാവരും ഒരേ പോലെ പറഞ്ഞു. കാര്യങ്ങള്‍ അവര്‍ അദ്ദേഹത്തെ ധരിപ്പിച്ചു. അദ്ദേഹം ഒരു തുണി കൊണ്ടുവരാന്‍ ആവശ്യപ്പെടുകയും തന്റെ കൈകൊണ്ട് ഹജറുല്‍ അസ്‌വദ് ആ തുണിയില്‍ എടുത്ത് വെക്കുകയും ചെയ്തു. ഗോത്രത്തലവന്മാരോട് ആ തുണിയുടെ ഓരോ ഭാഗം പിടിക്കാനും പറഞ്ഞു. എല്ലാവരും ഒരുമിച്ച് പൊക്കുകയും അത് വെക്കേണ്ട സ്ഥാനത്ത് എത്തിയപ്പോള്‍ പ്രവാചകന്‍ തന്റെ കരങ്ങള്‍കൊണ്ട് അദ്ദേഹം അത് യഥാസ്ഥാനത്ത് വെക്കുകയും ചെയ്തു. അങ്ങനെ ഒരു വലിയ പ്രശ്‌നമായേക്കാവുന്ന വിഷയം അദ്ദേഹം രമ്യമായി പരിഹരിച്ചു. ആ സമൂഹത്തില്‍ അത്രക്ക് സ്വീകാര്യനായിരുന്നു മുഹമ്മദ് എന്ന യുവാവ്.

ഈ രണ്ട് സംഭവങ്ങളും ചരിത്ര യാഥാര്‍ഥ്യങ്ങളാണ്. അക്രമവും അനീതിയും വിശ്വാസവഞ്ചനയും സാമൂഹ്യ-സാമ്പത്തിക തിന്മകളും ജീവിതത്തില്‍ തൊട്ടുതീണ്ടിയിട്ടില്ലാത്ത ആ യുവാവ് എല്ലാവര്‍ക്കും പ്രിയങ്കരനാവുക സ്വാഭാവികം. ജനിക്കും മുമ്പ് പിതാവ് മരണപ്പെട്ട, പിച്ചവെക്കുന്ന പ്രായത്തില്‍ മാതാവിനെ നഷ്ടപ്പെട്ട, പൂര്‍ണാര്‍ഥത്തില്‍ അനാഥനായി വളര്‍ന്ന ആ മഹാന്‍ ലോകചരിത്രത്തില്‍ തന്നെ അത്ഭുതങ്ങള്‍ സൃഷ്ടിച്ച വ്യക്തിത്വമാണെന്ന് ചരിത്രകാരന്മാര്‍ സമ്മതിക്കുന്നു.

തന്റെ 40 വയസ്സ് വരെ ആ സമൂഹത്തിന്റെ ഭാഗമായി, ഉന്നതമായ  ധാര്‍മികമൂല്യങ്ങള്‍ കാത്തുസൂക്ഷിച്ച് ജീവിച്ച പ്രവാചകന്‍ പ്രബോധന-സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടിരുന്നില്ല. പ്രവാചകത്വം ലഭിച്ചശേഷം സ്വകാര്യമായും പിന്നീട് പരസ്യമായും സമൂഹത്തെ അല്ലാഹുവിലേക്ക് ക്ഷണിക്കാന്‍ തുടങ്ങി. അതോടെ എല്ലാവരും ആദരിച്ചിരുന്ന ആ മഹാനെ ജനങ്ങള്‍ കഠിനശത്രുവായി കണ്ടു. ഭീഷണിയും പരിഹാസവും ഉപദ്രവവും തുടങ്ങി. ഭയന്ന് പിന്‍മാറരുതെന്നും ദൗത്യവുമായി മുന്നോട്ടു പോകണമെന്നും അല്ലാഹു കല്‍പിച്ചു:

”ഹേ; റസൂലേ, നിന്റെ രക്ഷിതാവിങ്കല്‍ നിന്ന് നിനക്ക് അവതരിപ്പിക്കപ്പെട്ടത് നീ (ജനങ്ങള്‍ക്ക്) എത്തിച്ചുകൊടുക്കുക. അങ്ങനെ ചെയ്യാത്ത പക്ഷം നീ അവന്റെ ദൗത്യം നിറവേറ്റിയിട്ടില്ല. ജനങ്ങളില്‍ നിന്ന് അല്ലാഹു നിന്നെ രക്ഷിക്കുന്നതാണ്. സത്യനിഷേധികളായ ആളുകളെ തീര്‍ച്ചയായും അല്ലാഹു നേര്‍വഴിയിലാക്കുകയില്ല” (ക്വുര്‍ആന്‍ 5:67).

 ആകാശഭൂമികളെയും അവയ്ക്കിടയിലുള്ള സര്‍വ ചരാചരങ്ങളെയും സൃഷ്ടിച്ച് പരിപാലിക്കുന്ന അല്ലാഹുവിനെ മാത്രമെ ആരാധിക്കാവൂ എന്ന സത്യം തന്റെ ജനതയോട് വിളിച്ചു പറഞ്ഞപ്പോഴാണ് അദ്ദേഹം അവര്‍ക്ക് അനഭിമതനായത്.

ചരിത്രത്തിന്റെ ഇന്നലെകളില്‍ ലോകത്ത് വന്ന മുഴുവന്‍ പ്രവാചകന്മാരും മാനവരെ ഒന്നിപ്പിക്കുന്ന തൗഹീദിലേക്കാണ് (ഏകദൈവവിശ്വാസം) തങ്ങളുടെ ജനതയെ ആദ്യമായി ക്ഷണിച്ചിരുന്നത്. അതിന്റെ പേരില്‍ അവര്‍ക്കെല്ലാം ജനങ്ങളൂടെ കഠിനമായ എതിര്‍പ്പും ഉപദ്രവവും നേരിടേണ്ടിവന്നിട്ടുമുണ്ട്.

”(നബിയേ,) പറയുക: വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്യത്തിലേക്ക് നിങ്ങള്‍ വരുവിന്‍. അതായത് അല്ലാഹുവെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും അവനോട് യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും നമ്മളില്‍ ചിലര്‍ ചിലരെ അല്ലാഹുവിനു പുറമെ രക്ഷിതാക്കളാക്കാതിരിക്കുകയും ചെയ്യുക (എന്ന തത്ത്വത്തിലേക്ക്). എന്നിട്ട് അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം നിങ്ങള്‍ പറയുക: ഞങ്ങള്‍ (അല്ലാഹുവിന്ന്) കീഴ്‌പെട്ടവരാണ് എന്നതിന്ന് നിങ്ങള്‍ സാക്ഷ്യം വഹിച്ചു കൊള്ളുക”(ക്വുര്‍ആന്‍ 3:64).

മുഹമ്മദ് നബി ﷺ  ഇന്നലെകളില്‍ വിമര്‍ശന ശരങ്ങള്‍ക്ക് വിധേയനായതും വര്‍ത്തമാനകാലത്ത് വിമര്‍ശിക്കപ്പെടുന്നതും  ബഹുദൈവാരാധനയടക്കമുള്ള സകല തിന്മകള്‍ക്കുമെതിരെ അദ്ദേഹം നിലകൊണ്ടു എന്നതിനാലാണ്. വ്യക്തി, കുടുബം, സമൂഹം എന്നീ ഘടകങ്ങളെ ബാധിക്കുന്ന എല്ലാ തിന്മകള്‍ക്കും ചൂഷണങ്ങള്‍ക്കും എതിരെ പ്രവാചകന്‍ നിലകൊണ്ടു. അതിനാല്‍ തന്നെ എതിര്‍പ്പും വര്‍ധിച്ചു. ഇരുട്ടിന്റെ സന്തതികള്‍ വെളിച്ചത്തെ ഭയപ്പെടുക സ്വാഭാവികമാണല്ലോ.

താന്‍ പ്രബോധനം ചെയ്യുന്ന ആദര്‍ശം സ്വജീവിതത്തില്‍ അക്ഷരംപ്രതി പകര്‍ത്തി ജീവിച്ചു കാണിച്ച മഹാനാണ് നബി ﷺ . ആ സന്ദേശം നെഞ്ചേറ്റിയ ആയിരക്കണക്കിന് അനുയായികളെ സൃഷ്ടിക്കാനും അദ്ദേഹത്തിന് സാധിച്ചു. ലോകാവസാനം വരെയും ആ സത്യപാതയില്‍ നിലകൊള്ളുന്നവര്‍ ലോകത്തുണ്ടാകും.

സാമൂഹ്യ തിന്മകളും സാമ്പത്തിക ചൂഷണങ്ങളും ഇന്നും നിര്‍ബാധം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അതിന്റെ വക്താക്കള്‍ക്ക് നന്മയുടെ, ധാര്‍മികതയുടെ തേരോട്ടത്തെ തടുത്ത് നിര്‍ത്തേണ്ടത് ആവശ്യമാണ്.

ആദര്‍ശപരമായി ഇസ്‌ലാമിനെ നേരിടാന്‍ കഴിയാത്തവരുടെ അവസാനത്തെ അടവാണ് പ്രവാചകനെതിരെ ദുരാരോപണങ്ങളുന്നയിക്കുകയും നിന്ദിക്കുകയും ചെയ്യുക എന്നത്. ഈ നിലപാടാണ് ഇസ്‌ലാം വിമര്‍ശകര്‍ പയറ്റിക്കൊണ്ടിരിക്കുന്നത്. പ്രവാചകനെ വിമര്‍ശിക്കാനും ആക്ഷേപിക്കാനും അഹോരാത്രം പരിശ്രമിച്ച പലരും അദ്ദേഹത്തിന്റെ യഥാര്‍ഥ ജീവിതവും സന്ദേശവും മനസ്സിലാക്കിയപ്പോള്‍ മനസ്സ് മാറി ആ ജീവിതത്തെ നെഞ്ചോടു ചേര്‍ത്തിതിന് എത്രയോ ഉദാഹരണങ്ങളുണ്ട്. അസത്യത്തെ വകഞ്ഞുമാറ്റി കുതിച്ചുയരാന്‍ സത്യത്തിന് സാധ്യമാണ്. അത് തുടര്‍ന്നുകൊണ്ടേയിരിക്കും. പ്രവാചക സന്ദേശങ്ങള്‍ നിത്യപ്രസക്തമാണ്. അത് പ്രകാശം ചൊരിഞ്ഞുകൊണ്ടേയിരിക്കും. അസത്യത്തിന്റെ വക്താക്കള്‍ സൃഷ്ടിക്കുന്ന പുകമറകള്‍ക്ക് അപ്പുറമുള്ള പ്രകാശത്തെ കാണാതെ പോകരുത്. പ്രവാചക ജീവിതത്തിന്റെ പ്രകാശം പരത്തുന്ന വിളക്കുമാടമാകാന്‍ നമുക്ക് സാധിക്കണം. അത് നമ്മുടെ ബാധ്യതയാണ്.

”അവരുടെ വായ്‌കൊണ്ട് അല്ലാഹുവിന്റെ പ്രകാശം കെടുത്തിക്കളയാമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ തന്റെ പ്രകാശം പൂര്‍ണമാക്കാതെ സമ്മതിക്കുകയില്ല. സത്യനിഷേധികള്‍ക്ക് അത് അനിഷ്ടകരമായാലും” (ക്വുര്‍ആന്‍ 9:32).

 

നബീല്‍ പയ്യോളി
നേർപഥം വാരിക

ധാര്‍മികതയുടെ പ്രവാചകന്‍; നീതിയുടെയും

ധാര്‍മികതയുടെ പ്രവാചകന്‍; നീതിയുടെയും

ലോകത്തിന് മുഴുവന്‍ വഴികാട്ടിയായാണ് പ്രവാചകന്‍ നിയോഗിതനായത്. നിലനില്‍ ക്കുന്ന സാമൂഹികക്രമത്തില്‍ ഗുണപരമായ മാറ്റം വരുത്താന്‍ പ്രവാചകന്റെ സാന്നിധ്യം കൊണ്ട് സാധ്യമായി. നേരും നെറിയും തൊട്ടുതീണ്ടിയിട്ടില്ലാത്ത പ്രാകൃത അറേബ്യന്‍ ജനസമൂഹത്തെ സംസ്‌കാരത്തിന്റെ ഉത്തുംഗതയിലെത്തിക്കാന്‍ പ്രവാചകന്റെ അധ്യാപനങ്ങള്‍ക്ക് കഴിഞ്ഞു. നിത്യപ്രസക്തമായ ആ ഉപദേശങ്ങളും അതിന്റെ പ്രായോഗിക മാതൃകയായ സ്വന്തം ജീവിതവും ഇന്നും ലോകര്‍ക്ക് വഴികാട്ടുന്നു. അത് അന്ത്യനാള്‍ വരെ തുടരുക തന്നെ ചെയ്യും; കാരണം അത് സ്രഷ്ടാവിന്റെ പക്കല്‍ നിന്നുള്ളതാണ്.

ആറാം നൂറ്റാണ്ടിലെ അപരിഷ്‌കൃതരും അക്രമികളും താേന്താന്നികളും ധാര്‍മികമായി അങ്ങേയറ്റം അധഃപതിച്ചവരുമായ അറേബ്യന്‍ ജനതയെ രണ്ടു പതിറ്റാണ്ടിനുള്ളില്‍ സംസ്‌കാരസമ്പന്നരും ഉന്നതമായ ധാര്‍മികബോധമുള്ളവരും നീതിമാന്മാരും ലോകത്തിന് എന്നെന്നേക്കും മാതൃകായോഗ്യമായ സമൂഹവുമാക്കി പരിവര്‍ത്തിപ്പിച്ചത് നിരക്ഷരനായ മുഹമ്മദ് നബി ﷺ യാണ് എന്നത് ചരിത്രാന്വേഷികളെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള യാഥാര്‍ഥ്യമാണ്. മാനവരാശിയുടെ ഇന്നോളമുള്ള ചരിത്രത്തിനിടയില്‍ ഇങ്ങനെയൊരു വിപ്ലവം സൃഷ്ടിക്കുവാന്‍ മറ്റാര്‍ക്കും കഴിഞ്ഞതായി കാണാനാവില്ല. അധികാരത്തിന്റെ തിണ്ണബലത്തില്‍ ആയുധങ്ങള്‍കൊണ്ട് വിപ്ലവം സൃഷ്ടിക്കാന്‍ ശ്രമിച്ചവര്‍ എമ്പാടും കഴിഞ്ഞുപോയിട്ടുണ്ട് എന്നത് ശരിയാണ്. എന്നാല്‍ജനലക്ഷങ്ങളെ കൊന്നൊടുക്കുവാനും ചോരപ്പുഴകളൊഴുക്കുവാനുമല്ലാതെ മനുഷ്യരെ നന്നാക്കിയെടുക്കുവാനും ഒരു ക്ഷേമരാഷ്ട്രം പടുത്തുയര്‍ത്തുവാനും അവര്‍ക്കാര്‍ക്കും സാധിച്ചിട്ടുമില്ല. ഇവിെടയാണ് മുഹമ്മദ്‌നബി ﷺ  വ്യതിരിക്തനാകുന്നത്. പൗര്‍ണമിരാവില്‍ താരനിബിഢമായ തെളിഞ്ഞ ആകാശത്തിലേക്ക് നോക്കുമ്പോള്‍ പൂര്‍ണചന്ദ്രന്‍ എങ്ങനെ വ്യതിരിക്തമായി കാണപ്പെടുന്നുവോ അതുപോലെ, ലോകം കണ്ട മഹാന്മാര്‍ക്കിടയില്‍ മുഹമ്മദ് നബി ﷺ  തെളിഞ്ഞുനില്‍ക്കുന്നു. ആ പൂര്‍ണചന്ദ്രന്റെ ജീവിതം മാനവസമൂഹത്തിന് സമ്മാനിച്ച പാല്‍നിലാവ് ലോകത്തിന് കുളിര്‍മ നല്‍കി പരന്നൊഴുകിക്കൊേണ്ടയിരിക്കുന്നു. കാലം മുന്നോട്ട് കുതിക്കുന്തോറും ആ നിലാവൊളി കൂടുകയല്ലാതെ അല്‍പം പോലും മങ്ങല്‍ അതിനെ ബാധിച്ചിട്ടില്ല. കറുത്ത കണ്ണടവെച്ചും വിരലുകള്‍ കണ്ണിനുമേല്‍ വെച്ചുമൊക്കെ അതിന്റെ ശോഭ കെടുത്താന്‍ പലരും ശ്രമിച്ചിട്ടുണ്ട്. ഇന്നും ശ്രമിച്ചുകൊണ്ടേയിരിക്കുന്നവരുണ്ട്. എല്ലാം വിഫലശ്രമങ്ങള്‍ മാത്രം.

നട്ടുച്ചക്ക് മുറ്റത്തിറങ്ങി സൂര്യനെ മുറംകൊണ്ട് മറച്ചുവച്ച് ഇരുട്ടുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ നാം വിശേഷിപ്പിക്കുക ‘വിഡ്ഢി’ എന്നോ ‘വട്ടന്‍’ എന്നോ ആണ്. മലയാളനാട്ടിലെ ഇട്ടാവട്ടത്തില്‍ ബുദ്ധിജീവി ചമഞ്ഞ് പ്രവാചകനെ വിമര്‍ശിക്കുന്ന യുക്തിവാദികളെ ഈ ഗണത്തില്‍ പെടുത്താവുന്നതാണ്. ഇസ്‌ലാമിനെയും പ്രവാചകനെയും ഇകഴ്ത്തുവാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ‘യുക്തന്മാര്‍’ ഇസ്‌ലാം വിമര്‍ശകരുടെ രചനകളില്‍ നിന്ന് മാത്രം ഇസ്‌ലാമിനെക്കുറിച്ച് മനസ്സിലാക്കി വിമര്‍ശനം നടത്തുന്നവരാണ് എന്നത് ശ്രദ്ധേയമാണ്. വസ്തുനിഷ്ഠമായി, പ്രാമാണികമായി ഇസ്‌ലാമിനെയും പ്രവാചകനെയും പഠിച്ചറിഞ്ഞ് വിമര്‍ശിക്കുന്ന ഒറ്റ യുക്തിവാദിയെയും കാണാന്‍ കഴിയില്ല.

നീതിയുടെ പ്രവാചകന്‍

നീതിയും വിശ്വാസ്യതയും വിനഷ്ടമായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. മാതാപിതാക്കള്‍ മക്കളോടും മക്കള്‍ മാതാപിതാക്കളോടും നീതി പാലിക്കുന്നതില്‍ പരാജയപ്പെടുന്നു. പലപ്പോഴും സമൂഹത്തിന്റെ അടിത്തട്ടില്‍ ജീവിക്കുന്നവര്‍ക്ക് നീതിയും അവകാശങ്ങളും നിഷേധിക്കപ്പെടുന്നു. ജനസേവനം, രാജ്യസേവനം എന്നൊക്കെ പറഞ്ഞ് രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവരില്‍ പലരും നേരും നെറിയുമില്ലാത്ത പ്രവര്‍ത്തനങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അനീതിയുടെ ക്രൂരവിളയാട്ടങ്ങള്‍ അധികാരത്തിന്റെ ഓരോ തുടിപ്പിലും പ്രകടമാണ്.

എന്നാല്‍ സര്‍വാധികാരങ്ങളും തന്നില്‍ വന്നുചേര്‍ന്ന സമയത്തും അനന്യമായ നീതിബോധവും വിശ്വാസ്യതയും കാത്തുസൂക്ഷിച്ച മഹാനാണ്മുഹമ്മദ് നബി ﷺ . പ്രവാചക ജീവിതത്തിലെ ഏറ്റവും ആഹ്ലാദകമായ മുഹൂര്‍ത്തമാണ് മക്കാവിജയം. തന്നെയും അനുചരന്മാരെയും സത്യമതത്തിന്റെ വക്താക്കളായി എന്നതിന്റെ പേരില്‍ മാത്രം അങ്ങേയറ്റം ഉപദ്രവിച്ച, മക്കയില്‍ ജീവിക്കാന്‍ പറ്റാത്ത സാഹചര്യം സൃഷ്ടിച്ച, പലായനത്തിലേക്ക് തള്ളിവിട്ട ജനങ്ങളുടെ മുന്നിലേക്ക് വര്‍ഷങ്ങള്‍ക്കുശേഷം വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച് നബിയും അനുചരന്മാരും എത്തിയപ്പോള്‍ യാതൊരുവിധ പ്രതികാര നടപടിക്കും തുനിഞ്ഞില്ല. മാറിമാറി വരുന്ന ഭരണകൂടങ്ങള്‍ തങ്ങള്‍ക്ക് മുമ്പ് ഭരിച്ചിരുന്നവരില്‍പെട്ട ഉന്നതനേതാക്കളെ ജയിലിലടച്ച് പ്രതികാരം ചെയ്യുന്ന സ്ഥിതിവിശേഷം ലോക രാജ്യങ്ങളില്‍ പലതിലും നാം കണ്ടുകൊണ്ടിരിക്കുന്നു. ആറാം നുറ്റാണ്ടിലെ പ്രവാചകന്റെ സംസ്‌കാരമാണോ വര്‍ത്തമാനകാല ഭരണകര്‍ത്താക്കളുടെ സംസ്‌കാരമാണോ മാനവിക-ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് എന്ന് ചിന്തിച്ചുനോക്കുക.

ഏത് പരിതസ്ഥിതിയലും നീതിയുടെ പക്ഷത്ത്ഉറച്ചുനില്‍ക്കുകയെന്ന അല്ലാഹുവിന്റെ കല്‍പന സ്വജീവിതത്തില്‍ പകര്‍ത്തുവാന്‍ നബി ﷺ  ഏറെ ശ്രദ്ധപുലര്‍ത്തിയിരുന്നു.

പ്രവാചക പത്‌നിയായ ആഇശ(റ) പറയുന്നു: ഒരു മഖ്‌സൂം ഗോത്രക്കാരിയുടെ മോഷണക്കേസ് ക്വുറൈശികള്‍ക്ക് വിഷമപ്രശ്‌നമായി. ”അല്ലാഹുവിന്റെ ദൂതനോട് അവളുടെ പ്രശ്‌നം സംബന്ധിച്ച് ആരാണ് സംസാരിക്കുക?” അവര്‍ തമ്മില്‍ തമ്മില്‍ അന്വേഷിച്ചു. ”തിരുമേനിയുടെ ഇഷ്ടനായ ഉസാമതുബ്‌നു സൈദിനല്ലാതെ മറ്റാര്‍ക്കാണ് അതിന് ധൈര്യം വരിക?”- ഇതായിരുന്നു അവരുടെയെല്ലാം അഭിപ്രായം. അങ്ങനെ ഉസാമ(റ) നബി ﷺ യോട് സംസാരിച്ചു. അപ്പോള്‍ തിരുമേനി ﷺ  ചോദിച്ചു: ”അല്ലാഹുവിന്റെ ശിക്ഷാവിധിയില്‍ നീ ശുപാര്‍ശയുമായി വരികയോ?” തുടര്‍ന്ന് അവിടുന്ന് ചെയ്ത ഒരു പ്രസംഗത്തില്‍ ഇപ്രകാരം പറഞ്ഞു: ”ഉന്നതര്‍ മോഷ്ടിച്ചാല്‍ വെറുതെ വിടുകയും ദുര്‍ബലര്‍ മോഷ്ടിച്ചാല്‍ ശിക്ഷ നടപ്പാക്കുകയും ചെയ്യുന്ന പതിവ് നിങ്ങളുടെ മുന്‍ഗാമികള്‍ക്കിടയില്‍ നിലനിന്നത് അവരുടെ നാശത്തിന് ഹേതുവായിട്ടുണ്ട്. അല്ലാഹുവിനെക്കൊണ്ട് സത്യം. മുഹമ്മദിന്റെ മകള്‍ ഫാത്വിമയാണ് മോഷ്ടിക്കുന്നതെങ്കില്‍ ഞാന്‍ അവളുടെ കൈ മുറിക്കുകതന്നെ ചെയ്യും!” (ബുഖാരി, മുസ്‌ലിം).

അത്യുജ്വലമായ ഈ പ്രഖ്യാപനം ലോകചരിത്രത്തില്‍ തുല്യതയില്ലാത്താണ്. ആധുനിക ലോകത്തെ ഭരണാധികാരികള്‍ക്ക് ചിന്തിക്കുകപോലും അസാധ്യമായ പ്രഖ്യാപനം. നീതിയില്‍ നിലകൊള്ളുകയും നീതിക്കുവേണ്ടി വാദിക്കുകയും സ്വന്തം ചെയ്തികള്‍ നീതിയില്‍ അധിഷ്ഠിതമാക്കിയ ഒരു സമൂഹത്തെ വാര്‍ത്തെടുക്കുകയും ചെയ്ത പ്രവാചകന്‍ മാനവരില്‍ മഹോന്നതനാണെന്ന് ബോധ്യപ്പെടാന്‍ ഈയൊരു പ്രഖ്യാപനം മാത്രം പോരേ?

സ്വജനപക്ഷപാതത്തിന്റെ പിടിയിലമര്‍ന്നവരാണ് ഇന്നത്തെ മിക്ക ഭരണാധികാരികളും. ഇസ്‌ലാം അത് അംഗീകരിക്കുന്നില്ല. വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു:

”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനുവേണ്ടി സാക്ഷ്യം വഹിക്കുന്നവരെന്ന നിലയില്‍ കണിശമായി നീതി നിലനിര്‍ത്തുന്നവരായിരിക്കണം. അത് നിങ്ങള്‍ക്കുതന്നെയോ നിങ്ങളുടെ മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കോ പ്രതികൂലമായിരുന്നാലും ശരി…” (4:135).

കോടികള്‍ കട്ടവന്‍ മന്ത്രിയായി പോലീസ് അകമ്പടിയില്‍ സഞ്ചരിക്കുമ്പോള്‍, വിശപ്പടക്കാന്‍ റൊട്ടി മോഷ്ടിച്ചവന്‍ ജയിലഴികള്‍ക്കുള്ളില്‍ കഴിയുന്നു നമ്മുടെ നാട്ടില്‍. നീതിസമത്വം പ്രഖ്യാപനത്തിലേയുള്ളൂ; പ്രായോഗിക തലത്തിലില്ല. ക്വുര്‍ആന്‍ പറയുന്നു:

 ”…(കക്ഷി) ധനികനോ ദരിദ്രനോ ആകട്ടെ. ആ രണ്ട് വിഭാഗത്തോടും കൂടുതല്‍ ബന്ധപ്പെട്ടവന്‍ അല്ലാഹുവാകുന്നു. അതിനാല്‍ നിങ്ങള്‍ നീതിപാലിക്കാതെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്. നിങ്ങള്‍ വളച്ചൊടിക്കുകയോ ഒഴിഞ്ഞുമാറുകയോ ചെയ്യുന്നപക്ഷം തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു” (4:135).

മാതാപിതാക്കളോടും ഇണകളോടും മക്കളോടും മറ്റു കുടുംബാംഗങ്ങളോടും അയല്‍ക്കാരോടും എന്നുവേണ്ട എല്ലാവരോടും നീതിപാലിക്കാന്‍ ഇസ്‌ലാം അനുശാസിക്കുന്നു. വ്യക്തികളെ നോക്കി നിലപാടെടുക്കുന്നത് ഇസ്‌ലാം അംഗീകരിക്കുന്നില്ല. നബി ﷺ യെ കഠിനമായി വിമര്‍ശിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നവരായിരുന്നു ജൂതന്മാര്‍. അവരോട് കൈക്കൊള്ളേണ്ട നിലപാടി നെക്കുറിച്ച് അല്ലാഹു നബി ﷺ ക്ക് നല്‍കുന്ന ഉത്തരവില്‍ ഇപ്രകാരം കാണാം:

”…എന്നാല്‍ നീ തീര്‍പ്പുകല്‍പിക്കുകയാണെങ്കില്‍ അവര്‍ക്കിടയില്‍ നീതിപൂര്‍വം തീര്‍പ്പുകല്‍പിക്കുക. നീതി പാലിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നു”(ക്വുര്‍ആന്‍ 5:42).

വിഷയാധിഷ്ഠിതമായ തുറന്ന മനസ്സായിരിക്കണം ഓരോ പ്രശ്‌നത്തോടും മുസ്‌ലിംകള്‍ക്കുണ്ടായിരിക്കേണ്ടത്. ശത്രുക്കളോടുപോലും അനീതി കാണിച്ചുകൂടാ:

”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനുവേണ്ടി നിലകൊള്ളുന്നവരും നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമര്‍ഷം നീതിപാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്. നിങ്ങള്‍ നീതി പാലിക്കുക. അതാണ് ധര്‍മനിഷ്ഠയോട് ഏറ്റവും അടുത്തത്. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു” (ക്വുര്‍ആന്‍ 5:8).

ബനൂ ദ്വഫര്‍ എന്ന അന്‍സ്വാരി ഗോത്രത്തിലെ ത്വഅ്മത്ബ്‌നു ഉബൈരിക്വ് എന്ന് പേരുള്ള ഒരു മുസ്‌ലിം തന്റെ അയല്‍ക്കാരനായ ഖതാദബിന്‍ നുഅ്മാന്‍ എന്ന മറ്റൊരു മുസ്‌ലിമിന്റെ വീട്ടില്‍ നിന്നും ഒരു അങ്കി മോഷ്ടിച്ചു. ഈ അങ്കി സൂക്ഷിച്ചിരുന്നത് ഗോതമ്പ് പൊടിയുള്ള ഒരു വലിയ തോല്‍സഞ്ചിയില്‍ ആയിരുന്നു. അങ്കി കൊണ്ടുപോയപ്പോള്‍ അതിന്റെ കൂടെ തോല്‍സഞ്ചി പൊട്ടിയ ഭാഗത്തുകൂടി പൊടിയും ചിതറി. ഇത് അയാളുടെ വീടുവരെ എത്തി. തുടര്‍ന്ന് ഇയാള്‍ ഈ അങ്കി ഒരു ജൂതന്റെ അടുക്കല്‍ ഒളിപ്പിച്ചുവെച്ചു. ഇദ്ദേഹത്തിന്റെ പേര് സൈദ്ബ്‌നു സമീന്‍ എന്നായിരുന്നു. അങ്ങനെ, അങ്കിയെ കുറിച്ച അന്വേഷണം ത്വഅ്മയുടെ അടുക്കല്‍ എത്തി. അദ്ദേഹം അല്ലാഹുവില്‍ സത്യം ചെയ്തുകൊണ്ട് അത് നിഷേധിച്ചു. എന്നാല്‍ അങ്കിയുടെ ആളുകള്‍ പറഞ്ഞു: ‘ഗോതമ്പ് പൊടിയുടെ അടയാളങ്ങള്‍ അയാളുടെ വീട്ടില്‍ ഞങ്ങള്‍ കണ്ടിട്ടുണ്ട്.’

അയാള്‍ വീണ്ടും സത്യം ചെയ്തു പറഞ്ഞതോടെ അയാളെ വിട്ടയച്ചു. പിന്നീടവര്‍ പൊടിയുടെ അടയാളം നോക്കി ജൂതന്റെ വീട്ടിലെത്തി. അങ്കി അവിടെ കണ്ടെത്തുകയും ചെയ്തു. ജൂതന്‍ പറഞ്ഞു: ‘അത് ഇവിടെ ത്വഅ്മ കൊണ്ടുവച്ചതാണ്.’ ത്വഅ്മയുടെ ഗോത്രക്കാരായ ബനൂ ദ്വഫര്‍കാര്‍ നബി ﷺ യുടെ അടുക്കല്‍ ചെന്ന് അദ്ദേഹത്തിനുവേണ്ടി വാദിക്കാന്‍ അനുമതി ചോദിച്ചു. നബിയാകട്ടെ ജൂതനെ ശിക്ഷിക്കാന്‍ തീരുമാനിച്ചു. കളവുമുതല്‍ അവന്റെ പക്കല്‍ നിന്ന് കണ്ടുകിട്ടിയതിനെയും അവനെതിരില്‍ സമര്‍പ്പിക്കപ്പെട്ട തെളിവുകളെയും അടിസ്ഥാനമാക്കി യഹൂദന്റെ വാദം നബി ﷺ  തള്ളിക്കളയുകയും ഉബൈരിക്വിന്റെ മകന്റെ നിരപരാധിത്വം പ്രഖ്യാപിക്കുകയും ഉണ്ടായി.

യഥാര്‍ഥ മോഷ്ടാവായ ഉബൈരിക്വിന്റെ മകനെ നിരപരാധിയായി നബി ﷺ  പ്രഖ്യാപിച്ചതും അവന്റെ കക്ഷിയുടെ വാദത്തെ ന്യായീകരിച്ചതും ബാഹ്യമായ തെളിവുകള്‍ക്കനുസരിച്ചാണ്. അദൃശ്യ കാര്യങ്ങള്‍ അല്ലാഹുവിനല്ലാതെ ആര്‍ക്കും അറിയുകയില്ലല്ലോ. നബി ﷺ യും ഇതില്‍ നിന്ന് ഒഴിവില്ല.

അതുകൊണ്ടാണ് ഒരു സംഭവത്തില്‍ നബി ﷺ  ഇങ്ങിനെ പറഞ്ഞത്: ”അറിഞ്ഞേക്കുക: ഞാന്‍ ഒരു മനുഷ്യന്‍ തന്നെയാണ്. ഞാന്‍ കേള്‍ക്കുന്നതനുസരിച്ചേ ഞാന്‍ വിധികല്‍പിക്കുകയുള്ളൂ. നിങ്ങളില്‍ ചിലര്‍, ചിലരെക്കാള്‍ തന്റെ ന്യായം വ്യക്തമാക്കിയിട്ടുണ്ടായിരിക്കും. അങ്ങനെ, അവന് ഞാന്‍ ഗുണമായി വിധിച്ചു കൊടുത്തേക്കുകയും ചെയ്യും. ഒരു മുസ്‌ലിമിന്റെ (യഥാര്‍ഥ) അവകാശം ഞാന്‍ (വേറെ) ആര്‍ക്കെങ്കിലും വിധിച്ചു കൊടുത്താല്‍ (യഥാര്‍ഥത്തില്‍) അത്, നരകത്തില്‍ നിന്നുള്ള ഒരു കഷ്ണമായിരിക്കും. അതവന്‍ ഏറ്റെടുക്കുകയോ, ഉപേക്ഷിക്കുകയോ (ഇഷ്ടംപോലെ) ചെയ്തുകൊള്ളട്ടെ” (ബുഖാരി, മുസ്‌ലിം).

മുകളില്‍ സൂചിപ്പിച്ച സംഭവത്തിന്റെ സന്ദര്‍ഭത്തില്‍ അവതരിച്ച ക്വുര്‍ആന്‍ സൂക്തങ്ങളാണ് നാലാം അധ്യായം 105 മുതല്‍ 112 വരെയുള്ളത്. ജൂതന്‍ നിരപരാധിയാണ് എന്ന് അല്ലാഹു അതിലൂടെ നബി ﷺ യെ അറിയിക്കുകയായിരുന്നു. അക്കാര്യം നബി ﷺ  ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു. ജൂതന്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടു. തന്റെ വിധി ശരിയായിരുന്നില്ല എന്ന്സൂചിപ്പിക്കുന്ന ക്വുര്‍ആന്‍ വചനങ്ങള്‍ മറച്ചുവെക്കുകയല്ല നബി ﷺ  ചെയ്തത്; അത് ജനങ്ങളെ പഠിപ്പിക്കുകയായിരുന്നു.

അഭിമാനത്തിന് വിലകല്‍പിച്ച പ്രവാചകന്‍

ഇസ്‌ലാമിക നിയമത്തിന്റെ ദൃഷ്ടിയില്‍ ഒരു വ്യക്തിയുടെ അഭിമാനത്തിന്റെ മാനദണ്ഡം അയാളുടെ സാമൂഹ്യപദവിയോ സാമ്പത്തിക സ്ഥിതിയോ അല്ല. ഏതൊരു വ്യക്തിയുടെയും അഭിമാനം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ചെറിയവനും വലിയവനും ഉള്ളവനും ഇല്ലാത്തവനുമൊക്കെ തന്റെ മാനം നഷ്ടപ്പെടുന്നത് ചിന്തിക്കുവാന്‍ പോലും കഴിയാത്തവരാണ്. എന്നാല്‍ ഇതരരെ അവഹേളിക്കുവാനും അപമാനിക്കുവാനും പരിഹസിക്കുവാനും ആധുനിക ജനതക്ക് വല്ലാത്തൊരു ഭ്രമമാണ്. രാഷ്ട്രീയരംഗത്തും മാധ്യമ പ്രവര്‍ത്ത രംഗത്തും ഇതൊക്കെ അനുവദനീയമാണെന്ന നിലയാണ് ഇന്നുള്ളത്! ഇന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ നിര്‍ബാധം നടന്നുകൊണ്ടിരിക്കുന്ന ഒരു ദുഷ്പ്രവൃത്തിയാണിത്.

അഭിമാനത്തിന്റെയും രക്തത്തിന്റെയും സമ്പത്തിന്റെയും നിലയും വിലയും വ്യക്തമാക്കിക്കൊണ്ട് ഹജ്ജിന്റെ വേളയില്‍ നബി ﷺ  പറഞ്ഞത് കാണുക: ഇബ്‌നു ഉമര്‍(റ) പറയുന്നു: നബി ﷺ  മിനായില്‍വെച്ച് ചോദിച്ചു: ”ഇത് ഏതു ദിവസമാണെന്ന് നിങ്ങള്‍ക്കറിയാമോ?”’അവര്‍ പറഞ്ഞു: ”അല്ലാഹുവിനും അവന്റെ ദൂതനും അറിയാം.” അവിടുന്ന് പറഞ്ഞു: ”ഇത് ഒരു പരിശുദ്ധ ദിനമാണ്. ഇത് ഏതു സ്ഥലമാണെന്നറിയാമോ?” അവര്‍ പറഞ്ഞു: ”അല്ലാഹുവിനും അവന്റെ ദൂതനും അറിയാം.” അവിടുന്ന് പറഞ്ഞു: ”പരിശുദ്ധമായ സ്ഥലം. ഇത് ഏതു മാസമാണെന്നറിയാമോ?” അവര്‍ പറഞ്ഞു: ”അല്ലാഹുവിനും അവന്റെ ദൂതനും അറിയാം.” അവിടുന്ന് പറഞ്ഞു: ”പരിശുദ്ധമായ മാസം.” പിന്നീട് അവിടുന്ന് പറഞ്ഞു: ”നിങ്ങളുടെ ഈ സ്ഥലം, നിങ്ങളുടെ ഈ മാസം, നിങ്ങളുടെ ഈ ദിവസം പരിശുദ്ധമായിരിക്കുന്നതുപോലെ നിശ്ചയമായും അല്ലാഹു നിങ്ങളുടെ രക്തവും നിങ്ങളുടെ സ്വത്തും നിങ്ങളുടെ അഭിമാനവും നിങ്ങള്‍ക്ക് പരിശുദ്ധമാക്കിയിരിക്കുന്നു”(ബുഖാരി).

ഒരു വാക്ക് മതിയാകും മറ്റൊരാളുടെ അഭിമാനത്തിന് ക്ഷതം വരുത്താന്‍. നഷ്ടപ്പെട്ട അഭിമാനം വീണ്ടെടുക്കല്‍ ദുഷ്‌ക്കരമാണ്. എന്തെങ്കിലും ഭൗതിക താല്‍പര്യത്തിന്റെ പേരില്‍ അല്ലെങ്കില്‍ വ്യക്തി വിരോധത്തിന്റെ പേരില്‍ അന്യന്റെ അഭിമാനം നശിപ്പിക്കാന്‍ യാതൊരു മടിയും കാണിക്കാത്തവരാണ് സംസ്‌കാരസമ്പന്നരെന്ന് സ്വയം നടിക്കുന്നവരില്‍ പലരും. ഈ വിഷയത്തില്‍ നബി ﷺ  നല്‍കിയ പാഠത്തെക്കാള്‍ മാനവികവും മാന്യവുമായ പാഠം പകര്‍ന്നുനല്‍കാന്‍ ആര്‍ക്കാണ് കഴിഞ്ഞിട്ടുള്ളത്?  

സഹിഷ്ണുവായ പ്രവാചകന്‍

സല്‍സ്വഭാവത്തിന്റെ പ്രതീകമായിരുന്നു മുഹമ്മദ്‌നബി ﷺ . സഹിഷ്ണുതയും വിട്ടുവീഴ്ചയും അദ്ദേഹത്തിന്റെ കൂടെപ്പിറപ്പായിരുന്നു. ”നല്ലതും ചീത്തയും സമമാവുകയില്ല. അതിനാല്‍ നന്മയാല്‍ നീ തിന്മയെ തടയുക. അങ്ങെന ചെയ്താല്‍ നീയുമായി ശത്രുതയുള്ളവന്‍ നിന്റെ ആത്മമിത്രം പോലെ ആയിത്തീരും” എന്ന വിശുദ്ധ ക്വുര്‍ആനിന്റെ അധ്യാപനം പ്രായോഗികമാണെന്ന് സ്വജീവിതത്തിലൂടെ ലോകര്‍ക്ക് കാണിച്ചുതന്ന മഹാനാണ് അദ്ദേഹം.  

വലിയ വലിയ ആശയങ്ങളും തത്ത്വങ്ങളും ആദര്‍ശങ്ങളുമൊക്കെ പ്രസംഗിക്കുവാന്‍ എളുപ്പമാണ്; അതിന് എമ്പാടും ആളുകള്‍ എന്നുമുണ്ടായിട്ടുണ്ട്, ഇന്നുമുണ്ട്. എന്നാല്‍ പറയുന്നത് പ്രാവര്‍ത്തികമാക്കി കാണിച്ചുകൊടുക്കാന്‍ പലര്‍ക്കും കഴിയാറില്ല; അതിന് ശ്രമിക്കാറില്ല എന്നതാണ് നേര്.

മത-രാഷ്ട്രീയ സംഘടനകളുടെ  നേതൃസ്ഥാനം വഹിക്കുന്ന അനവധിയാളുകള്‍ നമ്മുടെ നാട്ടിലുണ്ട്. സഹിഷ്ണുത, വിട്ടുവീഴ്ച, സാഹോദര്യം, സഹകരണം എന്നിത്യാതി എല്ലാ മാനുഷികഗുണങ്ങളെക്കുറിച്ചും വാചാലരാകുന്ന മിക്ക പണ്ഡിതന്മാരിലും നേതാക്കന്മാരിലും ഈ ഗുണങ്ങള്‍ കാണാറേയില്ല എന്നതാണ് വാസ്തവം.

ധര്‍മം ചോദിച്ചുവന്ന, സംസ്‌കാരമെന്തെന്നറിയാത്ത ഒരു ഗ്രാമീണ അറബി തന്റെ ചുമലില്‍ കിടക്കുന്ന മുണ്ടില്‍ ശക്തമായി പിടിച്ചുവലിച്ച് വേദനിപ്പിച്ചിട്ടും നബി ﷺ  ‘കടക്കൂ പുറത്ത്’ എന്നോ ‘മാറിനില്‍ക്ക്’ എന്നോ പറയുകയല്ല ചെയ്തത്. മറിച്ച് പുഞ്ചിരിയോടെ അയാളെ നോക്കുകയും അയാളുടെ ആവശ്യം നിറവേറ്റിക്കൊടുക്കാന്‍ കല്‍പിക്കുകയുമാണ് ചെയ്തത്. ആ സംഭവം ഹദീഥ് ഗ്രന്ഥത്തില്‍ ഇങ്ങനെ വായിക്കാം:

അനസ്(റ)വില്‍ നിന്ന് നിവേദനം: ”ഒരിക്കല്‍ നബി ﷺ യോടൊത്ത് ഞാന്‍ നടന്നുപോകുകയായിരുന്നു. കട്ടിയുള്ള കരയോടുകൂടിയ നജ്‌റാന്‍ വസ്ത്രമാണ് തിരുമേനി ധരിച്ചിരുന്നത്. അങ്ങനെ ഒരു ഗ്രാമീണ അറബി നബി ﷺ യുമായി സന്ധിക്കുകയും അദ്ദേഹത്തിന്റെ മുണ്ട് പിടിച്ച് ശക്തിയായി വലിക്കുകയും ചെയ്തു. അപ്പോള്‍ ഞാന്‍ നബി ﷺ യുടെ പിരടിയിലേക്കു നോക്കി. പിടിച്ചുവലിച്ചതിന്റെ ശക്തി കാരണം മുണ്ടിന്റെ കരയുടെ പാടുകള്‍ അവിടെ പതിഞ്ഞിരിന്നു. ‘മുഹമ്മദേ! താങ്കളുടെ പക്കലുള്ള അല്ലാഹുവിന്റെ ധനത്തില്‍നിന്ന് എനിക്ക് എന്തെങ്കിലും അനുവദിച്ചുതരാന്‍ ഉത്തരവിടുക’- ആ ഗ്രാമീണന്‍ പറഞ്ഞു. നബി ﷺ  അയാളെ തിരിഞ്ഞുനോക്കുകയും പുഞ്ചിരിക്കുകയും അയാള്‍ക്ക് ദാനം നല്‍കാന്‍ കല്‍പിക്കുകയും ചെയ്തു” (ബുഖാരി).

ഇതാണ് മാനവരാശിക്കാകമാനമുള്ള മാതൃകാപുരുഷന്റെ  സ്വഭാവ വൈശിഷ്ഠ്യം! ഒരു ഗ്രാമീണന് ഇത്രയും ധിക്കാരമോ, അല്ലാഹുവിന്റെ ദൂതനും വിശ്വാസികളുടെ നേതാവും ഭരണാധികാരിയുമായ എന്നെ അപമാനിച്ച ഈ മനുഷ്യനെ വെറുതെ വിട്ടുകൂടാ എന്നൊന്നും ആ മഹാനുഭാവന്‍ പറഞ്ഞില്ല, ചിന്തിച്ചില്ല.

‘ഒരിക്കല്‍ ഒരു ഗ്രാമീണന്‍ പള്ളിയില്‍ മൂത്രമൊഴിച്ചു. അപ്പോള്‍ ആളുകള്‍ അദ്ദേഹത്തെ തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. ഉടനെ നബി ﷺ  പറഞ്ഞു: ‘നിങ്ങള്‍ അയാളെ വിട്ടേക്കുക. അയാളുടെ മൂത്രത്തില്‍ ഒരു തൊട്ടി വെള്ളമൊഴിക്കുക. നിശ്ചയം എല്ലാം അനായാസകരമാക്കാനാണ് നിങ്ങള്‍ നിയോഗിതരായത്. പ്രയാസപൂര്‍ണമാക്കുന്നതിനല്ല”(ബുഖാരി).

അല്ലാഹു പറയുന്നു: ”വിട്ടുവീഴ്ചയുടെ മാര്‍ഗം സ്വീകരിക്കുക. നല്ലത് കല്‍പിക്കുക. അവിവേകികളെ അവഗണിക്കുകയും ചെയ്യുക” (ക്വുര്‍ആന്‍ 7:199).

”…അവര്‍ മാപ്പുനല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ! അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരണമെന്ന് നിങ്ങളാഗ്രഹിക്കുന്നില്ലേ?…”(ക്വുര്‍ആന്‍ 24:22).

വിശുദ്ധ ക്വുര്‍ആനിന്റെ ഇത്തരം കല്‍പനകള്‍ കൃത്യമായും ജീവിതത്തില്‍ പകര്‍ത്തുകയായിരുന്നു നബി ﷺ  ചെയ്തത്.

വൃദ്ധമാതാപിതാക്കളെ ചേര്‍ത്തുപിടിക്കാന്‍ കല്‍പിച്ച പ്രവാചകന്‍

വൃദ്ധരായ മാതാപിതാക്കള്‍ പല മക്കള്‍ക്കുമിന്ന് ഭാരമാണ്, വിഴുപ്പുഭാണ്ഡമാണ്! ചുക്കിച്ചുളിഞ്ഞ തൊലിയും കാഴ്ച മങ്ങിയ കണ്ണുകളും ഒട്ടും കേള്‍ക്കാത്ത കാതുകളൂം അള്‍ഷിമേഴ്‌സ് എന്ന ഓര്‍മക്കുറവുമൊക്കെയായി ചുമച്ചുതുപ്പി വീട്ടിന്റെയൊരു മൂലയില്‍ കൂനിക്കൂടിയിരിക്കുന്നത് തന്റെ ജനനത്തിന് കാരണക്കാരായ മാതാവോ പിതാവോ ആണെങ്കിലും അറപ്പോടെയും വെറുപ്പോടെയും അവരെ നോക്കിക്കാണുന്നവരുണ്ട്. സ്‌നേഹമസൃണമായ പെരുമാറ്റവും വാത്സല്യത്തിന്റെ  ഊഷ്മള സ്പര്‍ശവും അനിവാര്യമായ ഘട്ടത്തില്‍ മക്കളില്‍ നിന്ന് അവഗണനയും പരിഹാസവും മാത്രം ലഭിക്കുന്ന മാതാപിതാക്കളുടെ നെഞ്ചിന്റെയുള്ളിലെ വേദന വിവരണാതീതമായിരിക്കും. തന്നെ പെറ്റു വളര്‍ത്തിയ മാതാവ്; തനിക്കു വേണ്ടി ആരോഗ്യവും ആയുസ്സും വിനിയോഗിച്ച് തന്നെ ഉന്നതനിലയിലെത്തിച്ച പിതാവ്; വാര്‍ധക്യത്തിലെത്തിയ അവരെ പരിചരിക്കാനും സ്‌നേഹിക്കാനും തയ്യാറാകാതെ വൃദ്ധസദനത്തിലാക്കി ‘ശല്യം’ ഒഴിവാക്കുന്ന മക്കള്‍ ചെയ്യുന്നത് എന്തുമാത്രം വലിയ പാതകമാണ്!

നബി ﷺ  വളരെ ഗൗരവത്തില്‍ മാതാപിതാക്കളെ സംബന്ധിച്ച് ഉപദേശങ്ങളും കല്‍പനകളും നല്‍കിയത് കാണാനാകും. നബി ﷺ പറഞ്ഞു: ”വാര്‍ധക്യം ബാധിച്ച മാതാപിതാക്കളെയോ അവരില്‍ ഒരാളെയോ ലഭിച്ചിട്ടും സ്വര്‍ഗം നേടാന്‍ സാധിക്കാത്തവന് നാശം! അവന് നാശം! അവന് നാശം!” (മുസ്‌ലിം)

മാതാപിതാക്കളോടുള്ള കടമകളെ ഇസ്‌ലാം വളരെ ഗൗരവകരമായാണു കാണുന്നത്. അതില്‍ വീഴ്ച വരുത്തുന്നവര്‍ക്കു നാശമാണെന്നു പറഞ്ഞ പ്രവാചകന്‍, അവരോടുള്ള കടമകള്‍ നിറവേറ്റുന്നത് സ്വര്‍ഗപ്രവേശം സുസാധ്യമാക്കുമെന്നുകൂടി നമ്മെ പഠിപ്പിക്കുന്നു. മാതാപിതാക്കള്‍ക്കു നന്മ ചെയ്യണമെന്നു മാത്രമല്ല, അവരോടുള്ള സംസാരവും പെരുമാറ്റവുമെല്ലാം മാന്യമായ നിലയ്ക്കായിരിക്കണമെന്നും ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു:

 ”തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ ഒരാളോ അവരില്‍ രണ്ടുപേരും തന്നെയോ നിന്റെയടുക്കല്‍ വെച്ച് വാര്‍ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോടു നീ ‘ഛെ’  എന്നു പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോടു നീ മാന്യമായ വാക്കു പറയുകയും ചെയ്യുക. കാരുണ്യത്തോടുകൂടി എളിമയുടെ ചിറക് നീ അവരിരുവര്‍ക്കും താഴ്ത്തിക്കൊടുക്കുക. എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയതുപോലെ ഇവരോടു നീ കരുണ കാണിക്കണമേ എന്ന് നീ പറയുകയും ചെയ്യുക” (ക്വുര്‍ആന്‍ 17:23,24).

ഇണയോട് മാന്യമായി പെരുമാറാന്‍ പഠിപ്പിച്ച പ്രവാചകന്‍

തങ്ങളുടെ ദാമ്പത്യജീവിതം സന്തോഷകരമായിത്തീരണമെന്ന് ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. എന്നിട്ടും പലരുടെയും ദാമ്പത്യജീവിതം ദുസ്സഹവും കലഹങ്ങള്‍ നിറഞ്ഞതുമായിത്തീരുന്നു. ഭാര്യ ഭര്‍ത്താവിനെയും ഭര്‍ത്താവ് ഭാര്യയെയും കൊലചെയ്ത വാര്‍ത്തകള്‍ പത്രങ്ങളില്‍ പതിവ് വാര്‍ത്തയായി പ്രത്യക്ഷപ്പെടുന്നു. മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെടുന്ന ഭാര്യമാരുടെ എണ്ണം അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്നു.

ദമ്പതികളുടെ പരസ്പര സഹകരണവും വിശ്വാസവുമാണ് ഒരു നല്ല കുടുംബത്തിന്റെ അടിത്തറ. അതിന്റെ അഭാവത്തില്‍ പ്രശ്‌നങ്ങള്‍ ഉത്ഭവിക്കുക സ്വാഭാവികം. എങ്ങനെ ഒരു നല്ല ഭര്‍ത്താവാകാം? എങ്ങനെ ഒരു നല്ല ഭാര്യയാകാം? ഇസ്‌ലാം വളരെ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഈ രംഗത്ത് നല്‍കുന്നുണ്ട്. ഒരു നല്ല മനുഷ്യനായിത്തീരണമെങ്കില്‍ നല്ല ഭര്‍ത്താവായിത്തീരണമെന്നാണ് നബി ﷺ  പഠിപ്പിച്ചിട്ടുള്ളത്.

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം. നബി ﷺ  പറഞ്ഞു: ”വിശ്വാസികളില്‍ വിശ്വാസം പൂര്‍ത്തിയായവനും ഏറ്റവും നല്ല സല്‍സ്വഭാവിയും ഏറ്റവും ഉത്തമനും തങ്ങളുടെ ഭാര്യമാരോട് നല്ലനിലയില്‍ വര്‍ത്തിക്കുന്നവനാണ്” (തുര്‍മുദി).

സമൂഹമധ്യെ മാന്യരും നല്ലവരുമായി അറിയപ്പെടുന്ന പലരും സ്വന്തം ഭാര്യമാരുടെയടുക്കല്‍ ചെന്നാല്‍ ക്രൂരരും മനുഷ്യത്വമില്ലാത്തവരുമായിരിക്കും. മാന്യതയുടെ മുഖംമൂടിയണിഞ്ഞവര്‍. സ്വന്തം ഭാര്യയോട് മാന്യമായി പെരുമാറാന്‍ കഴിയാത്തവന്റെസമൂഹമധ്യത്തിലുള്ള മാന്യതയ്ക്കും സല്‍പേരിനും എന്തുവില?

”നിങ്ങള്‍ അവരോട് നല്ല നിലയില്‍ പെരുമാറുക” എന്ന ഭര്‍ത്താക്കന്മാരോടുള്ള ക്വുര്‍ആനിന്റെ കല്‍പനയും (4:129) ”സ്ത്രീ വാരിയെല്ലുപോലെയാണ്, ബലം പ്രയോഗിച്ച് നീ അവളെ നേരെയാക്കാനുദ്ദേശിക്കുന്നപക്ഷം പൊട്ടിക്കേണ്ടിവരും” എന്ന് തുടങ്ങുന്ന നബിവചനവും വിശ്വാസികളായ എല്ലാ ഭര്‍ത്താക്കന്മാരും ശ്രദ്ധിക്കേണ്ടതാണ്.

സ്ത്രീ ഏറെ ക്ഷമിക്കുന്നവളാണെങ്കിലും പല വിഷയങ്ങളിലും അക്ഷമയും മുന്‍കോപവും അശ്രദ്ധയും മറ്റ് കൊച്ചുകൊച്ചു അപാകതകളും സ്ത്രീസഹജമായി അവളില്‍ കണ്ടേക്കാം. അതെല്ലാം പൂര്‍ണമായി മാറ്റിയെടുത്ത് താന്‍ ഇഷ്ടപ്പെടാത്ത ഒരു സ്വഭാവവും ഇല്ലാത്തവളായി തന്റെ ഭാര്യയെ മാറ്റാമെന്നുള്ളത് വെറും വ്യാമോഹമാണ്. അതിനുശ്രമിച്ചാല്‍ ബന്ധം തകര്‍ന്നുപോവുകയായിരിക്കും ഫലം. നബി ﷺ  പറഞ്ഞു: ”ഒരു സത്യവിശ്വാസി തന്റെ ഇണയെ വെറുക്കരുത്. അവളില്‍ ഒരു സ്വഭാവത്തെ അവന്‍ വെറുക്കുന്നുവെങ്കില്‍ മറ്റൊരു സ്വഭാവത്തെ തൃപ്തിപ്പെട്ടേക്കാം”.

തന്റെ ചരിത്ര പ്രധാനമായ വിടവാങ്ങല്‍ പ്രസംഗത്തില്‍ നബി ﷺ  സ്ത്രീകളെ സംബന്ധിച്ച് ഇപ്രകാരം പറഞ്ഞു: ”അറിയുക, സ്ത്രീകളെ സംബന്ധിച്ച് നന്മ നിങ്ങള്‍ വസ്വിയ്യത്ത് ചെയ്യണം. അവര്‍ നിങ്ങളുടെ അടുക്കല്‍ ഏല്‍പിക്കപ്പെട്ട അമാനത്താണ് (സൂക്ഷിപ്പ് സ്വത്ത്). മറ്റൊരധികാരവും നിങ്ങള്‍ക്കില്ല. വ്യക്തമായ അസാന്മാര്‍ഗിക നടപടി അവര്‍ ചെയ്താലല്ലാതെ, അത് അവര്‍ ചെയ്താല്‍ (പോലും വിവാഹ മോചനം ചെയ്യാതെ) കിടപ്പറയില്‍നിന്ന് നിങ്ങളവരെ വെടിയുകയും പരുക്കേല്‍പിക്കാതെ അടിക്കുകയും ചെയ്യുക. അപ്പോള്‍ അവര്‍ നിങ്ങള്‍ക്ക് വഴിപ്പെട്ടാല്‍ പിന്നീട് അവര്‍ക്കെതിരില്‍ മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കരുത്. അറിയുക. നിശ്ചയം നിങ്ങള്‍ക്ക് നിങ്ങളുടെ ഭാര്യമാരില്‍നിന്നും ഭാര്യമാര്‍ക്ക് നിങ്ങളില്‍നിന്നും ചില അവകാശങ്ങള്‍ ഉണ്ട്. അവരില്‍നിന്ന് നിങ്ങള്‍ക്ക് ലഭിക്കുവാനുള്ള അവകാശം നിങ്ങളുടെ വിരിപ്പ് നിങ്ങള്‍ ഇഷ്ടപ്പെടാത്തവരെ (അന്യരെ) കൊണ്ട് ചവിട്ടിക്കാതിരിക്കുകയും നിങ്ങളുടെ ഭവനങ്ങളിലേക്ക് നിങ്ങള്‍ ഇഷ്ടപ്പെടാത്തവരെ പ്രവേശിപ്പിക്കാതിരിക്കുകയും ചെയ്യലാണ്. അറിയുക; നിങ്ങളില്‍നിന്ന് അവര്‍ക്ക് ലഭിക്കുവാനുള്ള അവകാശങ്ങള്‍ വസ്ത്രത്തിലും ഭക്ഷണത്തിലും മറ്റും അവര്‍ക്ക് നന്മ ചെയ്യലാണ്” (തുര്‍മുദി).

അധര്‍മങ്ങള്‍ക്കെതിരെ നിലകൊണ്ട പ്രവാചകന്‍

ശാന്തിയുടെ ദൂതുമായി, സമാധാനത്തിന്റെ സന്ദേശവുമായി ഈ ലോകത്തിലേക്ക് ഒട്ടേറെ പ്രവാചകന്‍മാര്‍ ആഗതരായിട്ടുണ്ട്. നൂഹ്(അ), ഇബ്‌റാഹിം(അ), മൂസാ(അ), ഈസാ(അ) എന്നിവര്‍ അവരില്‍ ചിലരാണ്. പ്രവാചകന്‍മാരുടെ നിയോഗമില്ലാതെ ഒരൊറ്റ സമുദായവുമുണ്ടായിട്ടില്ലെന്നാണ് ക്വുര്‍ആന്‍ അറിയിക്കുന്നത്:

”തീര്‍ച്ചയായും നിന്നെ നാം അയച്ചിരിക്കുന്നത് സത്യവും കൊണ്ടാണ്; ഒരു സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീതുകാരനുമായിട്ട്. ഒരു താക്കീതുകാരന്‍ കഴിഞ്ഞുപോകാത്ത ഒരുസമുദായവുമില്ല” (ക്വുര്‍ആന്‍ 35:24).

അവസാനത്തെ പ്രവാചകനാണ് മുഹമ്മദ് നബി ﷺ . അദ്ദേഹത്തിനു ശേഷം മറ്റൊരു പ്രവാചകനുമില്ലെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു.

”മുഹമ്മദ് നിങ്ങളുടെ പുരുഷന്‍മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷേ, അദ്ദേഹം അല്ലാഹുവിന്റെ ദൂതനും പ്രവാചകന്‍മാരില്‍ അവസാനത്തെ ആളുമാകുന്നു” (ക്വുര്‍ആന്‍ 33:40).

മുഹമ്മദ് നബി ﷺ  കാരുണ്യത്തിന്റെ പ്രവാചകനായിരുന്നു. തികച്ചും മാതൃകാപരമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റെത്. അല്ലാഹു പറയുന്നത് കാണുക:

”തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍ നിന്നുതന്നെയുള്ള ഒരു ദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് സഹിക്കാന്‍ കഴിയാത്തവനും നിങ്ങളുടെ കാര്യത്തില്‍ അതീവതാല്‍പര്യമു ള്ളവനും സത്യവിശ്വാസികളോട് അത്യന്തം ദയാലുവും കാരുണ്യവാനുമാണ് അദ്ദേഹം”(9:128).

അദ്ദേഹം ജനങ്ങളെ നന്മയിലേക്ക് ക്ഷണിച്ചു. തിന്മകള്‍ വിലക്കി.  ബഹുദൈവാരാധന, മദ്യം, ചൂതാട്ടം, വ്യഭിചാരം, പലിശ, കൊലപാതകം, കൊള്ള, മോഷണം, പിടിച്ചുപറി, കള്ളം പറയല്‍, വഞ്ചന, ഏഷണി, പരദൂഷണം, കൈക്കൂലി, അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കല്‍, കരാര്‍ലംഘനം തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലകൡ ഇടപെടുമ്പോള്‍ വന്നുഭവിക്കാവുന്ന എല്ലാവിധ അധര്‍മങ്ങള്‍ക്കുമെതിരെ നബി ﷺ  നിലകൊള്ളുകയും ശക്തമായ താക്കീത് നല്‍കുകയും ചെയ്തിയിട്ടുണ്ട്. സ്വജീവിതത്തിലൂടെ, അധര്‍മം വെടിഞ്ഞ് എങ്ങനെ ജീവിക്കാമെന്ന് മാതൃക കാണിച്ചിട്ടുണ്ട്. ഒരു സമൂഹത്തെ ധാര്‍മികാടിത്തറയില്‍ അവിടുന്ന് വാര്‍ത്തെടുത്തിട്ടുമുണ്ട്.

ഇതെല്ലാം ചരിത്ര സത്യമാണ്. എന്നിട്ടും, ജീവിതത്തില്‍ അങ്ങേയറ്റം സൂക്ഷ്മത കാണിച്ച്, പാപത്തിന്റെ കറ അല്‍പം പോലും പുരളാതെ ജീവിച്ച പ്രവാചകനെ ധാര്‍മിക വിശുദ്ധി പാലിക്കാത്ത വ്യക്തിത്വമായി പരിചയപ്പെടുത്തുവാന്‍ യുക്തിവാദികള്‍ പെടാപാട് പെടുന്നത് കാണുമ്പോള്‍ അവരോട് സഹതാപമാണ് തോന്നുന്നത്.

 

ഉസ്മാന്‍ പാലക്കാഴി
നേർപഥം വാരിക

വിലാപങ്ങള്‍ക്കൊടുവില്‍

വിലാപങ്ങള്‍ക്കൊടുവില്‍

സുഹൃത്തിന്റെ ആവശ്യപ്രകാരമാണ് ആ വെള്ളിയാഴ്ച ഖുത്വുബക്കായി മലപ്പുറം ജില്ലയിലെ ചെറിയൊരു ടൗണിലെ പള്ളിയിലെത്തിയത്. നിര്‍മാണത്തില്‍ ലാളിത്യം പുലര്‍ത്തിയ പള്ളി. തുടക്കത്തില്‍ തന്നെ നിറഞ്ഞ സദസ്സ്. ജുമുഅക്ക് ശേഷം ഭക്ഷണം കഴിച്ച് ബസ് സ്റ്റോപ്പിലേക്ക് നടക്കുന്ന വഴിയാണ് ഞാന്‍ ആ വ്യക്തിയെ കണ്ടത്. നാല്‍പതിലേക്കെത്തിയ അരോഗദൃഢഗാത്രനായ ഒരു മാന്യദേഹം.  മന്ദഹാസത്തോടെ അയാള്‍ സലാം പറഞ്ഞു. ഞാന്‍ സലാം മടക്കിയ ഉടന്‍ അയാള്‍ ചോദിച്ചു: ”ജാമിഅയിലാണോ? എന്താണ് നിങ്ങളുടെ പേര്?”

ഞാന്‍ എന്നെ പരിചയപ്പെടുത്തി. തുടര്‍ന്ന് അയാള്‍ പറഞ്ഞു: ”തിരക്കില്ലെങ്കില്‍ എനിക്ക് താങ്കളോട് കുറച്ച് സംസാരിക്കണമായിരുന്നു.”

അദ്ദേഹത്തിന്റെ മുഖഭാവം കണ്ടപ്പോള്‍ ആവശ്യം നിരസിക്കാന്‍ എനിക്ക് തോന്നിയില്ല.

”നമുക്ക് പള്ളിയിലേക്ക് പോകാം” -ഞാന്‍ പറഞ്ഞു.

ഞങ്ങള്‍ പള്ളിയിലേക്ക് നടന്നു. മുസ്വല്ലയില്‍ എനിക്കഭിമുഖമായി അദ്ദേഹം ഇരുന്നു. അദ്ദേഹം പതിഞ്ഞ സ്വരത്തില്‍ പറയാന്‍ തുടങ്ങി. ”എന്റെ പേര്… ആയുര്‍വേദ ഡോക്ടറാണ്. ഇന്ന് എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ദിനമാണ്.”

”എന്താണ് ഇന്നത്തെ പ്രത്യേകത?” ഞാന്‍ ചോദിച്ചു.

”ഒരു വര്‍ഷത്തിനു ശേഷം ഞാന്‍ ആദ്യമായി നമസ്‌കരിക്കുന്നത് ഇന്നാണ്!”

”ഒരു വര്‍ഷത്തിന് ശേഷമോ?” ഞാന്‍ ചോദിച്ചു.

ഒരു നിശ്വാസമുതിര്‍ത്തുകൊണ്ട് അദ്ദേഹം തുടര്‍ന്നു: ”അതെ! ഒരു വര്‍ഷം മുമ്പു വരെ എന്റെ ജീവിതം സന്തോഷം നിറഞ്ഞതായിരുന്നു. മതവിധികള്‍ യഥാവിധി പാലിക്കുന്നതായിരുന്നു. ഭാര്യയും രണ്ട് മക്കളുമടങ്ങിയ കുടുംബം. നല്ല ശമ്പളം. നല്ല ജീവിത സാഹചര്യങ്ങള്‍. ശമ്പളത്തിലെ വര്‍ധനവിനനുസരിച്ച് മെച്ചപ്പെട്ട സാഹചര്യങ്ങളിലേക്ക് മാറാന്‍ കാത്തിരിക്കുകയായിരുന്നു ഞാന്‍. ആ ദിവസം ഡ്യൂട്ടി കഴിഞ്ഞ് പതിവു പോലെ ഞാന്‍ വീട്ടിലേക്കെത്തി. ഉച്ചയ്ക്കു ശേഷം ഭാര്യയും മക്കളും ഉറങ്ങുന്ന സമയമായതിനാല്‍ ഞാന്‍ അവരെ ശല്യം ചെയ്യാന്‍ ഉദ്ദേശിച്ചില്ല. എന്റെ റൂമിലേക്ക് ചെന്ന് കുളിച്ച് വൃത്തിയായ ശേഷം കുറച്ച് ഇ-മെയിലുകള്‍ക്ക് ഞാന്‍ മറുപടി അയച്ചു. അത്യാവശ്യമായി ചില ഫോണ്‍കോളുകള്‍ നടത്തി. കുറച്ച് കഴിഞ്ഞപ്പോള്‍ മുറിയില്‍ നിന്നും മക്കളുടെ ശബ്ദം കേള്‍ക്കാന്‍ തുടങ്ങി. ഞാന്‍ അവരുടെ മുറിയിലേക്ക് കടന്നു. ഭാര്യയുടെ ഇരു പാര്‍ശ്വങ്ങളിലുമായി അവര്‍ എന്തൊക്കെയോ ചെയ്തുകൂട്ടുന്നുണ്ട്. എങ്കിലും അവള്‍ നിശ്ചലയായി കിടക്കുകയാണ്. എനിക്ക് എന്തോ പന്തികേട് തോന്നി. ഞാന്‍ അവളുടെ അടുക്കലേക്ക് ചെന്നിരുന്നു. ഞാന്‍ അവളെ വിളിച്ച് നോക്കി. പക്ഷേ മറുപടിയൊന്നും ലഭിച്ചില്ല. അവളുടെ കൈയിലെ പള്‍സ് പരിശോധിച്ചപ്പോള്‍ എന്റെ സിരകള്‍ മരവിച്ചു പോയി. തളര്‍ന്നുപോയ ഞാന്‍ ഈസി ചെയറിലേക്ക് ചാഞ്ഞു വീണു. എന്റെ ലോകം പൊടുന്നനെ ഇടുങ്ങിയതായി അനുഭവപ്പെട്ടു. എന്റെ മുന്നിലെ ദൃശ്യങ്ങള്‍ ശ്ലഥചിത്രങ്ങളായി രൂപാന്തരപ്പെട്ടു. മക്കള്‍ എന്റെ സമീപത്തുനിന്ന് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു…”

കണ്ഠമിടറിയ അദ്ദേഹം ഒരല്‍പ സമയം സംസാരം നിര്‍ത്തി. കണ്ണുകള്‍ തുടച്ചുകൊണ്ട് അദ്ദേഹം തുടര്‍ന്നു: ”പിന്നീട് എന്റെ ജീവിതം ആകെ താറുമാറായി. ജോലിയില്‍ നിന്നും ഞാന്‍ നീണ്ട അവധിയില്‍ പ്രവേശിച്ചു. എന്റെ മക്കളുടെ കാര്യങ്ങള്‍ ശ്രദ്ധിച്ചത് ഉമ്മയും സഹോദരനുമായിരുന്നു. അതിനിടയില്‍ എന്നില്‍നിന്നും എന്റെ ഊമാന്‍ ചോര്‍ന്നുപോയി. മതപരമായ വിഷയങ്ങള്‍ ശ്രദ്ധിച്ചിരുന്ന ഞാന്‍ അവയെ പാടെ അവഗണിക്കാന്‍ തുടങ്ങി. വെള്ളിയാഴ്ച ജുമുഅക്ക് പോലും ഞാന്‍ പള്ളിയില്‍ പോകാതെയായി. എന്റെ സഹോദരന്‍ എന്നെ പള്ളിയിലേക്ക് ക്ഷണിക്കും. പക്ഷേ ഞാന്‍ ഒരിക്കലും പോകാന്‍ കൂട്ടാക്കിയില്ല. എന്നില്‍നിന്ന് എന്റെ പ്രിയതമയെ വേര്‍പെടുത്തിയതിലുള്ള ദുഃഖവും അമര്‍ഷവും എന്നെ ഒരു നിഷേധിയാക്കി മാറ്റി, ഞാന്‍പോലുമറിയാതെ. ഈ നില തുടര്‍ന്നുകൊണ്ടേയിരുന്നു. ഇന്നേ ദിവസം വരെ…”

”ഇന്ന് പിന്നെ എന്താണ് സംഭവിച്ചത്?” കഥ ഒരു വഴിത്തിരിവിലെത്തിയ പോലെ അനുഭവപ്പെട്ടപ്പോള്‍ ഞാന്‍ ചോദിച്ചു.

അദ്ദേഹം വീണ്ടും തുടര്‍ന്നു: ”ഇന്ന് എന്റെ സഹോദരന്‍ തികഞ്ഞ ശാഠ്യത്തിലായിരുന്നു. ‘ഒരു വര്‍ഷമായി ഞാന്‍ നിന്നെ നിന്റെ പഴയ അവസ്ഥയിലേക്ക് മടങ്ങാന്‍ ക്ഷണിക്കുന്നു. ഇനിയും ഈ നില തുടരുകയാണെങ്കില്‍ എന്റെ യാതൊരു സഹായവും ഇനി മുതല്‍ പ്രതീക്ഷിക്കരുത് എന്നൊക്കെ  പറഞ്ഞപ്പോള്‍ മനമില്ലാ മനസ്സോടെ ഇന്ന് ഞാന്‍ പള്ളിയില്‍ വന്നു. ഞാന്‍ അറിഞ്ഞിരുന്നില്ല ഇതൊരു മാറ്റത്തിന്റെ ദിനമാകുമെന്ന്. സഹോദരനെ പിണക്കാതിരിക്കാന്‍ വേണ്ടി മാത്രം ഉദ്ദേശിച്ചാണ് ഇന്ന് പള്ളിയില്‍ വന്നത്.എന്നാല്‍ ഇന്ന് നിങ്ങള്‍ മിമ്പറില്‍നിന്നു പറഞ്ഞ ചില കാര്യങ്ങള്‍ എന്നെ വീണ്ടുവിചാരത്തിലേക്ക് നയിച്ചിരിക്കുന്നു.”

ഞാന്‍ അമ്പരന്നു പോയി: ”എന്റെ വാക്കുകളോ?”

”അതെ, താങ്കള്‍ ഇന്ന് പ്രവാചക പത്‌നിയായ ഖദീജ(റ)യുടെ ചരിത്രം വിവരിച്ചുവല്ലോ. അതില്‍നിന്നും എനിക്ക് ചിന്തിക്കുവാന്‍ ഏറെ കാര്യങ്ങള്‍ ലഭിച്ചു.”

പ്രവാചക പത്‌നിയുടെ വിയോഗം അതില്‍ അദ്ദേഹം അനുഭവിച്ച സങ്കടം, വിശ്വാസം മറുകെ പിടിച്ചും പ്രബോധനമാര്‍ഗത്തില്‍ മുന്നേറിയുമുള്ള ജീവിതം എന്നിവയെല്ലാം ഞാന്‍ വിശദീകരിച്ചിരുന്നു.

അദ്ദേഹം തുടര്‍ന്നു: ”നബി ﷺ യുടെ എല്ലാമെല്ലാമായിരുന്നു ഭാര്യ ഖദീജ(റ) എന്ന് നിങ്ങള്‍ പറഞ്ഞല്ലോ. ഇരുപത്തിയഞ്ച് കൊല്ലക്കാലം പ്രവാചകന്റെ ദാമ്പത്യജീവിതത്തെ തരളിതമാക്കിയത് ആ മഹതിയായിരുന്നു. പ്രവാചകന്റെ ജീവിതത്തില്‍ ഖദീജ(റ) കേവലമൊരു ഭാര്യയായിരുന്നില്ല. ഹിറാ ഗുഹയില്‍ നിന്നും ഭയവിഹ്വലനായെത്തിയ പ്രവാചകനെ ധൈര്യം പകര്‍ന്ന് ആശ്വസിപ്പിച്ചവര്‍. പ്രവാചകനില്‍ ആദ്യമായി വിശ്വസിച്ചവര്‍, പ്രവാചകനെ സംരക്ഷണമൊരുക്കിയവര്‍, സമൂഹം കളവാക്കിയപ്പോള്‍ കൂടെ നിന്നവര്‍, എല്ലാവരും കല്ലെറിഞ്ഞപ്പോള്‍ ചേര്‍ത്തുപിടിച്ചവര്‍… അതായിരുന്നു ഖദീജ(റ). ഇക്കാര്യം നബി ﷺ  തന്നെ എടുത്തു പറഞ്ഞിട്ടുണ്ട്. ഇതെല്ലാം താങ്കള്‍ ഇന്ന് വിശദീകരിച്ചു.

ആ പ്രിയ പത്‌നിയെ നഷ്ടപ്പെട്ടപ്പോള്‍ പ്രവാചകന് എന്തായിരിക്കും അനുഭവപ്പെട്ടിരിക്കുക? അദ്ദേഹം  തന്റെ ദൗത്യത്തില്‍ നിന്നും പിന്തിരിഞ്ഞോടിയില്ല. വിശ്വാസം വലിച്ചെറിഞ്ഞില്ല. പ്രബോധന മാര്‍ഗത്തില്‍ അദ്ദേഹം ശക്തമായി മുന്നേറി. അതിന് അദ്ദേഹത്തെ പ്രാപ്തനാക്കിയ ഒരു ദൈവിക സമ്മാനത്തെപ്പറ്റി താങ്കള്‍ പറഞ്ഞു. മിഅ്‌റാജിന്റെ രാത്രിയില്‍ ഏഴാനാകാശത്തിനപ്പുറത്തു വെച്ച് അല്ലാഹു നല്‍കിയ സമ്മാനം. അതെ, അഞ്ചുനേരത്തെ നമസ്‌കാരം! ഏത് പ്രതിസന്ധിയുടെ സന്ദര്‍ഭത്തിലും ക്വിബ്‌ലയിലേക്ക് തിരിഞ്ഞുനിന്ന് ‘അല്ലാഹു അക്ബര്‍’ എന്ന് പറഞ്ഞ് നെഞ്ചില്‍ കൈവച്ച് നമസ്‌കരിക്കുകയും അതില്‍ ആത്മസംതൃപ്തി കണ്ടെത്തുകയും ചെയ്യുന്ന നബി ﷺ യെ താങ്കള്‍ പരിചയപ്പെടുത്തി. ആ രംഗം എന്റെ മനസ്സില്‍ വല്ലാതെ പതിഞ്ഞുപോയി. ഞാനെന്തിന് നിഷേധിയായി ജീവിക്കുന്നു എന്ന ചോദ്യം എന്റെ മനസ്സില്‍ ഉദിച്ചിരിക്കുന്നു. അതെ, ഞാന്‍ എന്റെ ജീവിതത്തെ മാറ്റിയെഴുതാന്‍ തീരുമാനിച്ചിരിക്കുന്നു. എനിക്കിനി ഒരു സത്യവിശ്വാസിയായി ജീവിക്കണം. അതില്‍ ഞാന്‍ താങ്കളോട് കടപ്പെട്ടിരിക്കുന്നു…” ഇത്രയും പറഞ്ഞ് അവസാനിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പിയിരുന്നു.

”സഹോദരാ, നന്ദി പറയേണ്ടത് അല്ലാഹുവിനോട്. അവനാണ് ഹിദായത്ത് നല്‍കുന്നവന്‍. അവനിലേക്ക് പശ്ചാത്തപിച്ച് മടങ്ങുക” അദ്ദേഹത്തെ ചേര്‍ത്ത് പിടിക്കുമ്പോള്‍ അറിയാതെ എന്റ കണ്ണുകളും നിറഞ്ഞുപോയിരുന്നു.

ഫൈസല്‍ അനന്തപുരി, ജാമിഅ അല്‍ഹിന്ദ്

ശൈശവ വിവാഹം: ഇസ്‌ലാമിന്റെ സംഭാവനയോ?

ശൈശവ വിവാഹം: ഇസ്‌ലാമിന്റെ സംഭാവനയോ?

ഇസ്‌ലാമിനെതിരെയുള്ള വിമര്‍ശനങ്ങളില്‍ എക്കാലത്തും മുന്‍പന്തിയില്‍ നില്‍ക്കുന്ന വിഷയമാണ് ശൈശവ വിവാഹം. ആയിശ(റ)യുമായുള്ള പ്രവാചകന്‍ ﷺ യുടെ വിവാഹം ഇതിന് തെളിവായി വിമര്‍ശകര്‍ ഉന്നയിക്കാറുമുണ്ട്. യഥാര്‍ഥത്തില്‍ എന്താണ് ശൈശവ വിവാഹം? ഇസ്‌ലാമാണോ ഇത് ലോകത്തിന് സംഭാവന ചെയ്തത്? ഏറ്റവും കൂടുതല്‍ ശൈശവവിവാഹം നടക്കുന്നത് എവിടെയാണ്? കണക്കുകള്‍ നിരത്തിയുള്ള സമര്‍ഥനം.

ഇസ്ലാമിന്റെ അജയ്യതയും ജനമനസ്സുകളില്‍ അതിന് ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യതയും വിമര്‍ശകരെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്. അത്കൊണ്ടുതന്നെ പലതരത്തിലുള്ള ദുരാരോപണങ്ങള്‍ ഉന്നയിച്ച് ഇസ്ലാമിനെ ഇകഴ്ത്തിക്കാണിക്കുവാന്‍ ഇവര്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. ഇങ്ങനെയുള്ള ദുരാരോപണങ്ങളില്‍ ഒന്നാണ് ‘ഇസ്ലാം ശൈശവ വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നു’ എന്നത്. വിവാഹത്തെ കുറിച്ചുള്ള ഇസ്ലാമിക അധ്യാപനങ്ങള്‍ എന്തെന്ന് കൃത്യമായി മനസ്സിലാക്കാത്തതും ചില മുസ്ലിം നാമധാരികളുടെ അപക്വമായ പ്രവര്‍ത്തനങ്ങളും വ്യക്തമായ മതവിരോധവും മാത്രമാണ് ഈ ആരോപണത്തിന്റെ പിന്നില്‍ ഉള്ളത്. ആരോപണങ്ങള്‍ പടച്ചുണ്ടാക്കുകയും തുടര്‍ന്ന് അത് മതത്തിന്റെ പേരില്‍ കെട്ടിവെക്കുകയും എന്നിട്ട് അതിനെ വിമര്‍ശിക്കുകയുമാണ് ഇവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. വിവാഹത്തെ കുറിച്ചുള്ള ഇസ്ലാമിക അടിസ്ഥാന പാഠങ്ങള്‍ അറിയാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇസ്ലാമിക നിയമങ്ങളുടെ അജയ്യതയും ദൈവികതയും ബോധ്യമാകുമെന്നതില്‍ സംശയമില്ല. ശൈശവ വിവാഹത്തെ സംബന്ധിച്ച ഇസ്ലാമിന്റെ കാഴ്ചപ്പാട് എന്താണെന്ന് വ്യക്തമാക്കുവാനും ആരോപകരുടെ പൊള്ളത്തരങ്ങള്‍ തുറന്ന് കാണിക്കുവാനുമാണ് ഈ ലേഖനത്തിലൂടെ ശ്രമിക്കുന്നത്.

ശൈശവ വിവാഹം

മനുഷ്യ ജീവിതചക്രം; ശൈശവം, ബാല്യം, കൗമാരം, യൗവനം, വാര്‍ധക്യം എന്നിങ്ങനെ വിവിധഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. അഞ്ച് വയസ്സ് വരെയുള്ള കാലഘട്ടമാണ് ശൈശവം. സ്വാഭാവികമായും ശൈശവ വിവാഹം എന്ന് പറയുമ്പോള്‍ വിവാഹിതരാകുന്ന വധൂവരന്മാര്‍ക്ക് അഞ്ചോ അതില്‍ താഴെയോ പ്രായമാണ് ഉണ്ടായിരിക്കേണ്ടത്. അപ്പോള്‍ മാത്രമെ ‘ശൈശവ വിവാഹം’ എന്ന പ്രയോഗം ഭാഷാപരമായി അന്വര്‍ഥമാവുകയുള്ളൂ.

എന്നാല്‍ വിമര്‍ശകര്‍ ഇസ്ലാം ശൈശവ വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന് പെരുമ്പറമുഴക്കുമ്പോള്‍ അവര്‍പോലും ഈ പ്രായപരിധിയല്ല അതുകൊണ്ട് ഉദ്ദേശിക്കാറുള്ളത്. മറിച്ച് ആ പ്രായപരിധി ഓരോ നാട്ടിലും വ്യത്യസ്തമാണ്. പുരുഷന്നും സ്ത്രീക്കും പ്രായപരിധി നിശ്ചയിക്കുമ്പോഴും  അളവുകോലുകള്‍ വ്യത്യസ്തമാണ്. നമ്മടെ നാട്ടിലെ നിലവിലുള്ള നിയമമനുസരിച്ച് പ്രായപൂര്‍ത്തി എത്തുന്നതിന് മുമ്പുള്ള വിവാഹത്തെയാണ് ശൈശവ വിവാഹം എന്ന് പറയപ്പെടുന്നത്. എങ്കില്‍ എന്ത് കൊണ്ട് ഇത്തരം വിവാഹങ്ങളെ ബാലവിവാഹമെന്നോ കൗമാരവിവാഹമെന്നോ യൗവന വിവാഹമെന്നോ പറയുന്നില്ല? ശൈശവ വിവാഹം എന്ന ഓമനപ്പേരില്‍ വിമര്‍ശകര്‍ ഉന്നയിക്കുന്ന മിക്ക വിവാഹങ്ങളും നടക്കുന്നത് യൗവന വിവാഹങ്ങളാണ്. (യൗവനം 16നും 40നും മധ്യെ). എന്നിട്ടും  അതിനെ ‘യൗവന വിവാഹം’ എന്ന് പറയാതെ ‘ശൈശവ വിവാഹം’ എന്ന് വിശേഷിപ്പിക്കുന്നത് ഭാഷയോട് കാണിക്കുന്ന അനീതിയാണ്. ഇത് ഇസ്ലാമിന്റെ സംഭാവനയാണ് എന്ന് പ്രചരിപ്പിക്കുന്നതാകട്ടെ ഇസ്ലാമിനെ പൊതുസമൂഹത്തില്‍ തെറ്റിദ്ധരിപ്പിക്കുവാനുള്ള കുത്സിത ശ്രമത്തിന്റെ ഭാഗവുമാണ്.


എന്താണ് പ്രായപൂര്‍ത്തി?

പ്രായപൂര്‍ത്തി എത്തുന്നതിന് മുമ്പ് നടത്തപ്പെടുന്ന വിവാഹത്തെയാണ് ശൈശവ വിവാഹമെന്ന് നിര്‍വചിക്കുന്നതെങ്കില്‍ തീര്‍ച്ചയായും എന്താണ് പ്രായപൂര്‍ത്തി എന്ന് വ്യക്തമാക്കേണ്ടതുണ്ട്. രാജ്യാതിര്‍ത്തികള്‍ മാറുമ്പോള്‍ മാറിമറിയേണ്ട ഒന്നാകരുത് ഹോമാസാപ്പിയന്‍സിന്റെ പ്രായപൂര്‍ത്തി.

ആരാധനകള്‍, ശിക്ഷാ സമ്പ്രദായങ്ങള്‍ എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ നിശ്ചയിക്കുന്നതിന് പ്രായപൂര്‍ത്തിക്ക് വലിയ സ്ഥാനമുണ്ട് എന്നതിനാല്‍ ദൈവിക മതമായ ഇസ്ലാം കൃത്യമായും പ്രായപൂര്‍ത്തി എന്ത് എന്ന് വ്യക്തമാക്കുന്നു. സ്ഖലനം, ആര്‍ത്തവം എന്നിവ തുടങ്ങുക, ഗുഹ്യാവയവത്തിന് ചുറ്റും കട്ടിയുള്ള രോമം പ്രത്യക്ഷപ്പെടുക, അല്ലെങ്കില്‍ പതിനഞ്ച് വയസ്സ് പൂര്‍ത്തിയാകുക എന്നീ അടയാളങ്ങളില്‍ ഏതാണോ ആദ്യം സംഭവിക്കുന്നത് അത് പ്രായപൂര്‍ത്തിയായി പരിഗണിക്കപ്പെടും. സ്ഥലവും കാലവും മാറുന്നതിനനുസരിച്ച് പ്രായ പൂര്‍ത്തി നിര്‍ണയിക്കുന്നതില്‍ ദൈവിക മതത്തിന് മാറ്റത്തിരുത്തലുകള്‍ നടത്തേണ്ടി വന്നിട്ടില്ല. പ്രായപൂര്‍ത്തിയെ നിശ്ചിത വയസ്സിനുള്ളില്‍ ക്ലിപ്തപ്പെടുത്തുവാന്‍ കഴിയില്ല എന്നതിന് വ്യക്തമായ രേഖയാണ് ജനാധിപത്യ രാജ്യങ്ങളില്‍ വോട്ടവകാശം വിനിയോഗിക്കുവാന്‍ ഏകോപിതമായ ഒരു പ്രായം നിര്‍ണയിക്കുവാന്‍ ആര്‍ക്കും സാധിക്കുന്നില്ല എന്ന കാര്യം. വോട്ടവകാശത്തിന് പ്രായപൂര്‍ത്തി ആകണമെങ്കിലും അതിന് കൃത്യമായ ഒരു അളവുകോല്‍ നിലനിര്‍ത്താന്‍ രാജ്യങ്ങള്‍ക്ക് സാധിക്കുന്നില്ല. ഇന്ത്യയില്‍ മുമ്പ് 21 വയസ്സ് ഉള്ളവര്‍ക്കേ വോട്ടവകാശം ഉണ്ടായിരുന്നുള്ളൂ. ഈ പ്രായപൂര്‍ത്തി വോട്ടവകാശം പിന്നീട് 18 വയസ്സിലേക്ക് ചുരുക്കി. ഇക്വഡോറില്‍ 16, അമേരിക്ക 17,18, ജപ്പാന്‍ 20, കുവൈത്ത്, ഫിജി, സിങ്കപ്പൂര്‍ 21 എന്നീ പ്രായപരിധിയാണ് വോട്ടവകാശം ലഭിക്കുവാനായി നിശ്ചയിച്ചിട്ടുള്ളത്.

പ്രായപൂര്‍ത്തി ആയ ശേഷമെ വിവാഹം കഴിക്കാവൂ എന്ന് പ്രസ്താവിക്കുന്നവര്‍ തന്നെയും പ്രായപരിധിയില്‍ ഭിന്നിക്കുന്നു! ഭൂരിഭാഗം രാജ്യങ്ങളിലും പെണ്‍കുട്ടികളുടെ പ്രായ പരിധി 16 വയസ്സാണ്. 110 രാജ്യങ്ങളില്‍ പ്രായപരിധി പതിനാറോ അതില്‍ താഴയോ ആണ്. ഇന്ത്യ ഉള്‍പ്പെടെ 19 രാജ്യങ്ങളില്‍ മാത്രമാണ് പെണ്‍കുട്ടികളുടെ വിവാഹത്തിനുള്ള പരിധി 18 വയസ്സായി നിശ്ചയിച്ചിട്ടുള്ളത്. പെണ്‍കുട്ടികള്‍ക്ക് 14 വയസ്സ് പ്രായപരിധി നിശ്ചയിച്ച രാജ്യങ്ങളാണ് അഫ്ഗാനിസ്ഥാന്‍, പരാഗ്വെ തുടങ്ങിയവ. വെനിസേല, മഡഗാസ്‌കര്‍, മെക്സികോ, ന്യൂയോര്‍ക്ക്, ഇറാന്‍, ഇറാഖ്, മാലിദീപ്, ജോര്‍ദാന്‍, എസ്തോണിയ, ജോര്‍ജിയ, യൂ.എസ് ലെ ഹവാലി, മിസിസിപ്പി മിസനരി എന്നിവിടങ്ങളിലും അവരുടെ പ്രായപരിധി 15 ആണ്. അമേരിക്കയിലെ പല സ്റ്റേറ്റുകളിലും പല വ്യവസ്ഥകളാണ് ഉള്ളത്.

പാകിസ്ഥാന്‍, ആസ്ത്രേലിയ, ബെല്‍ജിയം, ജര്‍മനി, ഇറ്റലി, പോളണ്ട്, സ്പെയിന്‍, ന്യൂസിലന്റ്, സ്‌കോട്ലാന്റ്, അര്‍ജന്റീന, സൊമാലിയ, തുര്‍ക്കി, യൂ.കെ, തയ് വാന്‍ തുടങ്ങിയ എഴുപത്തി അഞ്ചോളം രാജ്യങ്ങളിലും യൂ.എസ് ലെ വാഷിംഗ്ടണ്‍, ഒഹിയോ തുടങ്ങിയ സംസ്ഥാനങ്ങളിലും പെണ്‍കുട്ടികളുടെ വിവാഹ പ്രായപരിധി 16 വയസ്സാണ്. മിക്കരാജ്യങ്ങളിലും ആണ്‍കുട്ടികളുടെ പ്രായപരിധി 18 ആണ്. ജോര്‍ദാന്‍, പരാഗ്വെ, സൈപ്രസ്സ്, സ്‌കോട്ട്ലന്റ് തുടങ്ങിയ രാജ്യങ്ങളില്‍ ആണ്‍കുട്ടികളുടെ വിവാഹ പ്രായപരിധി 16 വയസ്സാണ്.

18 തികയുന്നതിന്റെ രണ്ട് ദിവസം മുമ്പ് വിവാഹം കഴിഞ്ഞാല്‍ അത് ശൈശവവിവാഹവും നിയമ വിരുദ്ധവുമായി മാറുമ്പോള്‍ 15ലും 16ലും വിവാഹം കഴിക്കുന്നതിനെ നിയമപരമായി അംഗീകരിക്കുന്ന രാജ്യങ്ങളും ലോകത്ത്  നിലനില്‍ക്കുന്നു എന്നത് പ്രായപൂര്‍ത്തി നിശ്ചയിക്കുന്നതിലും വിവാഹപ്രായം നിശ്ചയിക്കുന്നതിലും മനുഷ്യന്റെ അളവുകോല്‍ തീര്‍ത്തും അപര്യാപ്തമാണ് എന്നാണ് അറിയിക്കുന്നത്.

 

ഇന്ത്യയില്‍ ഒരു കുറ്റവാളിയെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെങ്കില്‍ അയാള്‍ക്ക് 18 വയസ്സ് ആയിരിക്കണമെന്നാണ് നിയമം. അതിന് താഴെയുള്ളവര്‍ എത്ര കഠിനമായ കുറ്റം ചെയ്താലും  അര്‍ഹമായ ശിക്ഷ ലഭിക്കില്ല. ഈ നിയമം പുനഃപരിശോധിക്കേണ്ടതാണ് എന്ന് പ്രമാദമായ ഡല്‍ഹി കൂട്ടമാനഭംഗത്തിന് ശേഷം മുറവിളിയുയര്‍ന്നത് നാം കേട്ടതാണ്. ആ കേസിലെ ഒരു പ്രതി പതിനെട്ടു വയസ്സ് തികയാത്തവനായിരുന്നു. ഈ കാര്യത്തില്‍ എട്ട് ഹരജികള്‍ സുപ്രീം കോടതി നിരാകരിച്ചു. പ്രായപൂര്‍ത്തി നിര്‍ണയിക്കുന്നതിന് പ്രായം മാത്രം പരിഗണിച്ചാല്‍ പോരാ എന്നും മാനസികവും ബൗദ്ധികവുമായ ശേഷികൂടി പരിഗണിച്ച് നിയമ ഭേദഗതി വരുത്തണമെന്നും ആവശ്യപ്പെട്ട് സുബ്രഹ്മണ്യ സ്വാമി സുപ്രീം കോടതിയില്‍ ഒരു ഹരജി ഫയല്‍ ചെയ്യുകയുണ്ടായി.

ദേശീയ ക്രൈം റികോര്‍ഡ്സ് ബ്യൂറോ(എന്‍.സി.ആര്‍.ബി)യുടെ ഇന്ത്യയിലെ കുറ്റകൃത്യങ്ങള്‍ 2001-2012 പരിശോധിച്ചാല്‍ ഈ കാലയളവില്‍ പ്രായപൂര്‍ത്തി ആകാത്തവര്‍ ചെയ്ത കുറ്റകൃത്യങ്ങളുടെ അളവ് മനസ്സിലാക്കാം. 2001ല്‍ ജുവനൈലുകള്‍ പ്രതികളായി 399 ബലാത്സംഗ കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2010ല്‍ അത് 858 കേസുകളായി വര്‍ധിച്ചു. 2012ല്‍ പുറത്തിറങ്ങിയ രേഖകള്‍ പ്രകാരം 2011ല്‍ അത് 1149 ആയി വര്‍ധിച്ചു.

നിയമ പ്രകാരമുള്ള വിവാഹങ്ങള്‍ക്ക് മാത്രമാണ് ഇന്ത്യന്‍ നിയമ വ്യവസ്ഥ പ്രകാരം പുരുഷന് 21 വയസ്സും സ്ത്രീക്ക് 18 വയസ്സും ആവശ്യമായിവരുന്നത്. എന്നാല്‍ വിവാഹേതര ലൈംഗിക ബന്ധങ്ങള്‍ക്ക് ഇത്തരം നിയമക്കുരുക്കുകള്‍ ഇല്ലെന്നത് ശ്രദ്ധേയമാണ്! പരസ്പര സമ്മത പ്രകാരമാണെങ്കില്‍ പുരുഷന് 21 വയസ്സ് ആകേണ്ടതില്ലെന്നാണ് സുപ്രീം കോടതിവിധി. വിവാഹത്തിന് നിശ്ചിത പ്രായപരിധി നിയമവും എന്നാല്‍ വ്യഭിചാരത്തിന് ആ പ്രായപരിധിനിശ്ചയിക്കല്‍ നിയമ വിരുദ്ധവുമാകുന്നതിലെ യുക്തി നമുക്ക് പിടികിട്ടുന്നില്ല.

പ്രായപൂര്‍ത്തിയാകാത്ത സമയത്തെ വിവാഹത്തിലൂടെ സ്ത്രീ വഞ്ചിക്കപ്പെടാനും അവളുടെ ചാപല്യം ചൂഷണം ചെയ്യപ്പെടാനും ഇടയാകുമെന്നാണ് വാദമെങ്കില്‍ പ്രായപൂര്‍ത്തിയായി എന്നത് വഞ്ചിക്കപ്പെടാന്‍ ഒരു തടസ്സമല്ല എന്നാണ് ദൈനംദിന സംഭവവികാസങ്ങള്‍ വിളിച്ചോതുന്നത്. മൂന്നും നാലും മക്കളുള്ള വീട്ടമ്മമാര്‍ പോലും ഓണ്‍ലൈന്‍ പ്രണയത്തില്‍ അകപ്പെട്ട് ഒളിച്ചോടിപ്പോകുന്നതും വഞ്ചിക്കപ്പെട്ട് പെരുവഴിലാകുന്നതും ഇന്ന് നിത്യസംഭവങ്ങളാണ്. സ്ത്രീക്ക് പക്വതയും പാകതയും എത്തുക എന്നതാണ് പതിനെട്ട് വയസ്സ് നിശ്ചയിച്ചതിലൂടെ ലക്ഷ്യമാക്കുന്നതെങ്കില്‍ 18 വയസ്സിന് മുമ്പ് തന്നെ പക്വത കാണിക്കുന്ന, തന്റേടവും മനോധൈര്യവുമുള്ള സ്ത്രീകള്‍ക്ക് നിയമ പ്രകാരം വിവാഹം കഴിക്കാന്‍ അനുവാദം നല്‍കേണ്ടതല്ലേ?

ഇസ്ലാം ശിശുക്കളെ വിവാഹം കഴിക്കുവാന്‍ കല്‍പിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നു എന്ന രൂപത്തിലാണ് ഇസ്ലാം വിമര്‍ശകര്‍ പ്രചരിപ്പിക്കാറുള്ളത്. ഇസ്ലാം മനുഷ്യ മസ്തിഷ്‌കത്തില്‍ ഉരുത്തിരിഞ്ഞ ആശയമല്ല എന്നതിനും അത് ദൈവികമാണ് എന്നതിനും വ്യക്തമായ തെളിവാണ് വിവാഹ വിഷയത്തിലെ ഇസ്ലാമിന്റെ നിലപാട്. നിശ്ചിത പ്രായഗണനയല്ല, പക്വതയും പാകതയുമാണ് അതിന്റെ പരിധി എന്നാണ് ഇസ്ലാം അറിയിക്കുന്നത്. ലോകത്തെ വിവിധ രാജ്യങ്ങളില്‍ വ്യത്യസ്ത പ്രായമാണ് പ്രായപൂര്‍ത്തിയുടെ അഥവാ വിവാഹത്തിന്റെ അളവുകോലായി നിശ്ചയിച്ചിരിക്കുന്നത് എന്നത് സലക്ഷ്യം മുമ്പ് വിശദമാക്കിയത് ഓര്‍ക്കുക.

ശൈശവവിവാഹം ലോകത്ത് പണ്ടുമുതലേ നിലനിന്നിരുന്നുവെന്നും അത് മുസ്ലിംകളുടെ സംഭാവനയല്ല എന്നും ചരിത്രം പഠിക്കുന്നവര്‍ക്ക് ബോധ്യമാകും. ഗാന്ധിജി ക്സതൂര്‍ഭായെ കല്ല്യാണം കഴിക്കുമ്പോള്‍ അവര്‍ക്ക് കളിപ്പാട്ടങ്ങളുമായി നടക്കുന്ന പ്രായമായിരുന്നുവത്രെ. ഗുജറാത്ത് അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന വിവാഹങ്ങളില്‍ 40%വും ബാല്യകാല വിവാഹങ്ങളാണ്. മലപ്പുറം ജില്ലയില്‍ പതിനെട്ട് വയസ്സ് ആകുന്നതിന് മുമ്പ് നടക്കുന്ന വിവാഹങ്ങളില്‍ ഗണ്യമായ കുറവ് വന്നിരിക്കുന്നു എന്നാണ് ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡവലപ്പ്മെന്റ് സര്‍വീസ് 2012 ലെ വാര്‍ഷിക സര്‍വേയില്‍ പറയുന്നത്.

ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ഇന്ത്യയില്‍ നടക്കുന്ന വിവാഹങ്ങളില്‍ 47-56% വും ശൈശവവിവാഹമാണത്രെ. ഇതില്‍ മുമ്പില്‍ നില്‍കുന്നത് രാജസ്ഥാനിലെ ‘മുന്തിയ വര്‍ഗ’ങ്ങളും ബീഹാറിലെയും ചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും ഗോത്രവിഭാഗങ്ങളുമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ശൈശവ വിവാഹം നടക്കുന്നത് നൈജീരിയയിലാണ്, 75%-68%. സെന്‍ട്രല്‍ ആഫ്രിക്ക റിപ്ലക്കില്‍ 66% വും 18 വയസ്സിന് മുമ്പ് വിവാഹിതരാകുന്നു. സോമാലിയ 45%, നേപ്പാള്‍ 41%. ഈ പറയപ്പെട്ട രാജ്യങ്ങള്‍ അധികവും ഇസ്ലാമിക രാജ്യങ്ങളല്ല.

സ്ത്രീയുടെ വിവാഹപ്രായം 18 ആക്കണമെന്ന് ശഠിക്കുന്ന ഒരാളും ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗികബന്ധ(വ്യഭിചാരം)ത്തിന്റെ പ്രായം 16 ആക്കിയതില്‍ പ്രതിഷേധിച്ചതായി കണ്ടിട്ടില്ല. വിവാഹപ്രായം 18 ആയിരിക്കണമെന്ന നിര്‍ബന്ധമേയുള്ളൂ എന്ന് സാരം.

ജപ്പാന്‍, കൊറിയ പോലുള്ള രാജ്യങ്ങളില്‍ 13 വയസ്സ് മുതല്‍ വ്യഭിചാരം നിയമവിധേയമാണ്. അപ്രകാരം  വ്യഭിചാരം നിയമ വിധേയമാക്കുന്ന പ്രായപരിധി ചില നാട്ടുകളില്‍ ഇപ്രകാരമാണ് മെക്സിക്കോ 12, ചൈന, ജര്‍മനി, ബള്‍ഗേറിയ, ബ്രസീല്‍, ചിലി, ബര്‍മ 14 വയസ്സ്. ഡെന്മാര്‍ക്ക്, ഗ്രീസ്, ഫ്രാന്‍സ് 15 വയസ്സ്. അമേരിക്ക, ബെല്‍ജിയം, ഫിന്‍ലാന്റ് 16 വയസ്സ്.

എന്നിട്ടും വിമര്‍ശകര്‍ പറയുന്നു ഇസ്‌ലാം ശൈശവ വിവാഹത്തെ പ്രോല്‍സാഹിപ്പിക്കുന്നു, എന്ന്!

ഇസ്ലാമിലെ വിവാഹം

കേവലം സുഖാസ്വാദനത്തിലേക്കുള്ള വഴി എന്നതിലപ്പുറം നിരവധി ലക്ഷ്യങ്ങള്‍ സാക്ഷാല്‍കരിക്കുന്നതിന് വേണ്ടിയാണ് ഇസ്ലാം വിവാഹം നിയമമാക്കിയിട്ടുള്ളത്. പവിത്രമായ ബന്ധമായി ഇസ്ലാം വിവാഹത്തെ കാണുന്നു.

അടുത്ത തലമുറക്ക് ജന്മം നല്‍കുക. മാതൃകാ സമൂഹത്തെ വാര്‍ത്തെടുക്കുക, മനസ്സിനും ശരീരത്തിനും സുഖവും ശാന്തിയും സമാധാനവും പ്രദാനം ചെയ്യുക, കാരുണ്യവും സ്നേഹവും പങ്കുവെക്കുക, മരണാനന്തരം സ്വര്‍ഗത്തിലും ഒന്നിക്കാന്‍ സാധിക്കുന്ന രൂപത്തില്‍ മാതൃകകളായി ജീവിക്കുക എന്നിങ്ങനെ നിരവധി ലക്ഷ്യങ്ങള്‍ വിവാഹത്തിലൂടെ ഇസ്ലാം കാണുന്നു. അത് നിലനിര്‍ത്തിപ്പോരുന്നതില്‍ ചില ചിട്ടവട്ടങ്ങളും നിയമങ്ങളും നിര്‍ദേശങ്ങളുമൊക്കെയുണ്ട്. നൈമിഷിക സുഖത്തിനായി രഹസ്യമായി അടുക്കുകയും മടുക്കുമ്പോള്‍ ഒഴിവാക്കുകയും ചെയ്യാനുള്ള ബന്ധമല്ല ഇസ്ലാമിലെ വിവാഹം.

വിവാഹത്തിന്റെ ഒന്നാം തീയതി മുതല്‍ സ്ത്രീക്ക് മാന്യമായ സ്ഥാനവും അവകാശവും ഇസ്ലാം നല്‍കുന്നു. നീതിമാനായ രക്ഷിതാവിന്റെ കൃത്യമായ നിര്‍ദേശങ്ങള്‍ ഈ വിഷയത്തില്‍ കാണുവാന്‍ സാധിക്കും.

വലിയ്യ് അനിവാര്യം

ശാരീരികമായും ബുദ്ധിപരമായും സ്ത്രീ പുരുഷനെപ്പോലെയല്ല എന്ന കാര്യം സര്‍വസമ്മതമാണ്. അങ്ങനെയൊരു സമത്വം പ്രകൃത്യാ ഇല്ല എന്നത് അനിഷേധ്യമായ കാര്യമാണ്.

വിവാഹം എന്നത് താല്‍ക്കാലിക ബന്ധമല്ലെന്നും അല്ലാഹുവിനെ മുന്‍നിറുത്തി സ്ത്രീ പുരുഷനില്‍ നിന്ന് വാങ്ങുന്ന ശക്തമായ കരാറാണെന്നും അത് മരണംവരെയും ശേഷവും നീണ്ടുനില്‍ക്കേണ്ടതാണെന്നും ഇസ്ലാം അനുശാസിക്കുന്നു. ഒരു സ്ത്രീക്ക് അനുയോജ്യനായ ഇണയെ കണ്ടെത്താന്‍ അവളെക്കാള്‍ കൂടുതല്‍ യോഗ്യന്‍ അവളുടെ എല്ലാ നന്മയിലും ബദ്ധശ്രദ്ധനായ, അവള്‍ക്ക് ദോഷം വരുന്നത് സഹിക്കാന്‍ കഴിയാത്ത അവളുടെ പിതാവാണ് അഥവാ രക്ഷിതാവാണ്. ‘സല്‍സ്വഭാവവും മതബോധവും യോജിച്ചവര്‍ വിവാഹാലോചനയുമായി വന്നാല്‍ നിങ്ങള്‍ പെണ്‍മക്കളെ വിവാഹം ചെയ്തുകൊടുക്കണം; എല്ലാവരും തങ്ങളുടെ കീഴിലുള്ള ഭരണീയരെക്കുറിച്ച് ചോദ്യംചെയ്യപ്പെടുന്നവരായിരിക്കും’ എന്ന് നബി ﷺ  രക്ഷിതാക്കളെ ഉപദേശിക്കുകയും ഓര്‍മപ്പെടുത്തുകയും ചെയ്തായി കാണാം.  

ഈ ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിക്കുന്ന ഒരു രക്ഷിതാവ് തന്റെ മകളെ വില്‍പനച്ചരക്കായി കാണുകയില്ല. അതിനാല്‍ സ്ത്രീയുടെ വിവാഹം കൈകാര്യം ചെയ്യുന്ന പുരുഷന്‍ വലിയ്യായി ഉണ്ടാകണമെന്ന് ഇസ്ലാം നിര്‍ദേശിച്ചു. അത് അവളെ അടിച്ചമര്‍ത്താനോ സ്വാതന്ത്രത്തെ നിഷേധിക്കുവാനോ അല്ല, മറിച്ച് അവളുടെ സുരക്ഷിതത്വത്തിനും നന്മക്ക് മാത്രമാണ്. അത്തരം ചിന്തയുള്ള ഒരു രക്ഷിതാവ് ഒരിക്കലും തന്റെ സംരക്ഷണയിലുള്ള പെണ്‍കുട്ടിയെ അവളുടെ ഭാവി അസ്ഥിരമാകുന്ന ഒരു അവസ്ഥയിലേക്ക് തള്ളിവിടുകയില്ല.

വിവാഹാന്വേഷണം

ഇസ്ലാമിലെ വിവാഹത്തില്‍ ഒരിക്കലും ഒഴിച്ചുകൂടാന്‍ പറ്റാത്ത മറ്റൊരു കാര്യമാണ് വധുവിന്റെയും വരന്റെയും സമ്മതം. വിധവയാകട്ടെ, കന്യകയാകട്ടെ വിവാഹത്തിന് അവരുടെ സമ്മതം അനിവാര്യമാണെന്നും കന്യകയുടെ സമ്മതം മൗനമാണെങ്കില്‍ വിധവ വ്യക്തമായി അത് പറയുക തന്നെ വേണമെന്നും നബി ﷺ  അരുളിയിട്ടുണ്ട്. ഇണകള്‍ക്ക് ഇഷ്ടമല്ലാത്ത വിവാഹത്തില്‍ നിന്ന് അവര്‍ക്ക് പിന്‍വാങ്ങാവുന്നതാണ്.

പരസ്പരം തൃപ്തിയുണ്ടെങ്കില്‍ പ്രായം കണക്കാക്കാതെ അവിഹിത ബന്ധത്തിന് അനുമതി കൊടുക്കുന്നവര്‍, ധാരാളം നിബന്ധനകള്‍ പാലിച്ച,് വിവാഹത്തിന് അനിവാര്യമായ പക്വതയും പാകതയും എത്തുകയും പരസ്പരം കണ്ട് ഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയും ചെയ്തിട്ടും പെണ്ണിന് 18 ആയില്ല എന്ന ഒരൊറ്റ കാരണം പറഞ്ഞ് ആ വിവാഹത്തെ എതിര്‍ക്കുന്നു. ഇത് നീതിയാണോ?

ഒരു സ്ത്രീ വിവാഹത്തിന് പ്രാപ്തയാണോ അല്ലയോ എന്ന് കൂടുതല്‍ അറിയുന്നത് അവള്‍ക്കു തന്നെയാണ്, പിന്നെ അവളുടെ രക്ഷിതാക്കളും.

പെണ്‍കുട്ടിയുടെ രക്ഷിതാവില്‍നിന്ന് അവളുടെ നന്മ ഉദ്ദേശിച്ചുള്ള പ്രവര്‍ത്തനങ്ങളേ ഉണ്ടാവുകയുള്ളൂ. അതിനാല്‍ വിവാഹത്തിന് പ്രാപ്തനല്ലാത്ത ഒരാളെക്കൊണ്ട് പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കാന്‍ അയാള്‍ മുതിരുകയില്ല.

വിവാഹം സ്വീകാര്യമാകണമെങ്കില്‍ കേവലം സ്ത്രീയും പുരുഷനും തമ്മിലുള്ള തൃപ്തി മാത്രം പോരാ, മറിച്ച് സ്ത്രീയുടെ രക്ഷിതാവും രണ്ട് സാക്ഷികളും അംഗീകരിക്കുകയും അതിന് അവര്‍ സാക്ഷിയാകുകയും ചെയ്യേണ്ടതുണ്ട്.

വിവാഹത്തിലൂടെ കുടുംബ ജീവിതം നയിക്കാന്‍ കഴിയാത്ത ശിശുക്കളെ വിവാഹം ചെയ്തയക്കാന്‍ സുബോധമുള്ള, അവരുടെ നല്ല ഭാവി സ്വപ്നം കാണുന്ന വല്ല രക്ഷിതാവും തയ്യാറാകുമോ?

വിവാഹത്തോടനുബന്ധിച്ച് വധൂവരന്‍മാരെ ആശിര്‍വദിക്കുവാനും അവരുടെ സന്തോഷത്തില്‍ പങ്കെടുക്കുവാനും വേണ്ടി ഇസ്ലാം മതപരമാക്കിയ ഒന്നാണ് വലീമ അഥവാ വിവാഹ സല്‍ക്കാരം. സമൂഹ മനഃസാക്ഷി അംഗീകരിക്കാത്ത ശൈശവ വിവാഹത്തിന്റെ വലീമയില്‍ പ്രബുദ്ധരായ ആളുകള്‍ പങ്കെടുക്കുമോ?

വധു വിവേകവും കാര്യപ്രാപ്തിയും വകതിരിവും ഉള്ളവളായിരിക്കണം. വിവാഹത്തിന് വധുവിന്റെ സമ്മതം ആവശ്യമാണ് എന്ന് പറഞ്ഞല്ലോ. ‘എട്ടുംപൊട്ടും തിരിയാത്ത’ ഒരു ശിശുവിനോട് വിവാഹത്തിന് സമ്മതം ചോദിക്കാന്‍ ദൈവിക മതം കല്‍പിക്കും എന്ന് പറഞ്ഞുകൂടാ. എന്താണ് വിവാഹം, എന്താണ് കുടുംബ ജീവിതം, ഭര്‍ത്താവിനോടുള്ള കടമകള്‍ എന്ത് എന്നെല്ലാം അവള്‍ അറിഞ്ഞിരിക്കണം.

എന്നാല്‍ ഇത്തരം അറിവുകള്‍ 18 വയസ്സ് തികയുമ്പോള്‍ മാത്രമെ ലഭിക്കുകയുള്ളൂ എന്ന് പറയുന്നത് ശരിയല്ല. പതിനെട്ട് കഴിഞ്ഞവര്‍ക്കും ചിലപ്പോള്‍ ശാരീക വളര്‍ച്ചയും പക്വതയും ഉണ്ടായിക്കൊള്ളണം എന്നുമില്ലല്ലോ. അത്തരക്കാരെ പതിനെട്ട് വയസ്സായി എന്ന കാരണത്താല്‍ മാത്രം വിവാഹം കഴിപ്പിക്കാനൊക്കുമോ?

വിവാഹത്തോട് കൂടി ധാരാളം ചുതമലകള്‍ ഏറ്റെടുക്കുന്നവനാണ് പുരുഷന്‍. ഭാര്യക്ക് ആവശ്യമായ ഭക്ഷണം, വസ്ത്രം, ചികിത്സ, ശാരീക ബന്ധം… തുടങ്ങിയവയെല്ലാം അവനില്‍ അര്‍പ്പിതമാണ് എന്ന് ഇസ്ലാം പഠിപ്പിക്കുന്നു. വരന്‍ ശിശുവാണെങ്കില്‍ ഇതെല്ലാം നിര്‍വഹിക്കുവാന്‍ അവന് കഴിയുമോ? അതിന് മതം ഒരിക്കലും അനുശാസിക്കുകയില്ല. എന്നാല്‍ കുടുംബ ജീവിതം ആരംഭിക്കുവാന്‍ പുരുഷന് 21 വയസ്സ് പൂര്‍ത്തിയായാലേ സാധിക്കൂ എന്ന് പറയുന്നതും യുക്തിക്ക് നിരക്കുന്നല്ല.

മുഹമ്മദ് സ്വാദിഖ് മദീനി
നേർപഥം വാരിക

അന്ത്യനാള്‍: ക്വുര്‍ആനിലും ശാസ്ത്രത്തിലും

അന്ത്യനാള്‍: ക്വുര്‍ആനിലും ശാസ്ത്രത്തിലും

ആവര്‍ത്തിക്കപ്പെടുന്ന ഉരുള്‍പൊട്ടലുകളും ഭൂകമ്പങ്ങളും... നിരന്തരമായ പ്രളയങ്ങളും പേമാരികളും... അന്ത്യനാളിനോടനുബന്ധിച്ച് പ്രവാചകന്‍ സൂചന നല്‍കിയ ഒട്ടുമിക്ക അടയാളങ്ങളും പുലര്‍ന്നു കഴിഞ്ഞു. പ്രപഞ്ചത്തിന് അവസാനമുണ്ടെന്ന ദൈവിക പ്രഖ്യാപനത്തെ പരിഹസിച്ചവര്‍ പോലും അക്കാര്യത്തെ അംഗീകരിച്ചു കഴിഞ്ഞു. ലോകാവസാനത്തെ കുറിച്ചുള്ള പ്രവാചകാധ്യാപനങ്ങള്‍ എന്തെല്ലാമാണ്? അതില്‍ ശാസ്ത്രവും ചരിത്രവും രേഖപ്പെടുത്തിയത് ഏതെല്ലാമാണ്? വസ്തുനിഷ്ഠമായ പഠനം.

ഈ പ്രപഞ്ചത്തിന് ഒരു അന്ത്യമുണ്ടോ?

ഏറെക്കുറെ എല്ലാ മതങ്ങളും ലോകത്തിന് ഒരു അന്ത്യമുണ്ട് എന്ന് അംഗീകരിക്കുന്നുണ്ട്. ശാസ്ത്രവും ഈ കാര്യം അംഗീകരിക്കുന്നുണ്ട്. അത് എങ്ങനെയായിരിക്കും എന്ന കാര്യത്തില്‍ വ്യത്യസ്തമായ കാഴ്ചപ്പാടുകളാണുള്ളത്. ലോകത്തിന് ഒരു അന്ത്യമുണ്ട് എന്ന് ഇസ്‌ലാം വ്യക്തമായി തന്നെ പറയുന്നു. അത് പിന്നീട് ചര്‍ച്ച ചെയ്യാം.

ശാസ്ത്രം പ്രപഞ്ചത്തിന്റെ അന്ത്യത്തെക്കുറിച്ച് എന്ത് പറയുന്നു? രണ്ട് നിഗമനങ്ങളാണ് ഇക്കാര്യത്തില്‍ ശാസ്ത്രത്തിനുള്ളത്.

1. Physical cosmology അഥവാ ഭൗതിക പ്രപഞ്ചശാസ്ത്ര പ്രകാരം ഇന്ത്യന്‍ ശാസ്ത്രജ്ഞരായ ഡോ.ജയന്ത്.വി.നര്‍ളിക്കര്‍ (1938ല്‍ ജനിച്ചു) അവതരിപ്പിച്ച ഒരു സിദ്ധാന്തമാണ്സ്ഥിരാവസ്ഥാ സിദ്ധാന്തം (Quasi steady state theory). മില്യന്‍ കണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് പ്രപഞ്ചത്തിന്റെ വികാസം (Expanding) തിരിച്ച് വരും. അങ്ങനെ വീണ്ടും ഒരു ആദിമ പിണ്ഡമായി വീണ്ടും മഹാ വിസ്‌ഫോടനം ഉണ്ടാകും എന്നാണ് ഈ സിദ്ധാന്തത്തിലൂെട അദ്ദേഹം അവതരിപ്പിച്ചത്.

2. പ്രപഞ്ച വികാസം ഇനിയും 500 കോടി വര്‍ഷം തുടരും. അപ്പോഴേക്കും താപനില കുറഞ്ഞ് കുറഞ്ഞ് പ്രപഞ്ചം മരവിച്ചു പോകും. ചലനം നില്‍ക്കും. സൂര്യന് ചുറ്റുമുള്ള പ്രപഞ്ചത്തില്‍ സമയം പോലും നിശ്ചലമാകും. ഈ നിഗമനത്തിന് Big freeze (വമ്പിച്ച മരവിപ്പ്) അല്ലെങ്കില്‍ Big crunch(വന്‍തകര്‍ച്ച) എന്നാണ് പറയുന്നത്.

പ്രപഞ്ചത്തിന് ഒരു അന്ത്യമുണ്ട് എന്ന് ശാസ്ത്രവും സമ്മതിക്കുന്നു എന്നര്‍ഥം. എന്നാല്‍ അതില്‍ നിന്ന് വളരെ വിഭിന്നമായ ഒരു ലോകാവസാനമാണ് ക്വുര്‍ആനും പ്രവാചകവചനങ്ങളും (ഹദീഥുകള്‍) മനസ്സിലാക്കിത്തരുന്നത്. ഈ വിഷയം നമുക്ക് ചര്‍ച്ച ചെയ്യാം.

അന്ത്യനാളിന്റെ തീയതിയും സമയവും അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും അറിയില്ല. അല്ലാഹു ആര്‍ക്കും അത് അറിയിച്ച് കൊടുത്തിട്ടുമില്ല. അല്ലാഹു പറയുന്നു:

”അന്ത്യസമയത്തെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു; അതെപ്പോഴാണ് വന്നെത്തുന്നതെന്ന്. പറയുക: അതിനെപ്പറ്റിയുള്ള അറിവ് എന്റെ രക്ഷിതാവിങ്കല്‍ മാത്രമാണ്. അതിന്റെ സമയത്ത് അത് വെളിപ്പെടുത്തുന്നത് അവന്‍ മാത്രമാകുന്നു. ആകാശങ്ങളിലും ഭൂമിയിലും അത് ഭാരിച്ചതായിരിക്കുന്നു. പെട്ടെന്നല്ലാതെ അത് നിങ്ങള്‍ക്കു വരുകയില്ല. നീ അതിനെപ്പറ്റി ചുഴിഞ്ഞന്വേഷിച്ചു മനസ്സിലാക്കിയവനാണെന്ന മട്ടില്‍ നിന്നോടവര്‍ ചോദിക്കുന്നു. പറയുക: അതിനെപ്പറ്റിയുള്ള അറിവ് അല്ലാഹുവിങ്കല്‍ മാത്രമാണ്. പക്ഷേ, അധികമാളുകളും (കാര്യം) മനസ്സിലാക്കുന്നില്ല” (ക്വുര്‍ആന്‍ 7:187).

അന്ത്യനാളിനോടടുത്ത് ഇനി സംഭവിക്കാനുള്ളവ

ഇനി സംഭവിക്കാനുള്ളവയില്‍ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍:

ജൂതവിമോചകനായി മസീഹുദ്ദജ്ജാല്‍ എന്ന നാശകാരി മക്കയും മദീനയും ഒഴിച്ചുള്ള നാടുകളിലെല്ലാം സഞ്ചരിക്കും. താന്‍ മസീഹ് ഈസാ(അ) ആണെന്ന് വ്യാജമായി വാദിക്കുന്നവന്‍ എന്നതിന് അറബിയില്‍ പറയുന്ന പദമാണ് മസീഹുദ്ദജ്ജാല്‍ എന്നത്. അവന്‍ മുടി ജഡകുത്തിയ യുവാവാണ്. വലങ്കണ്ണിന് കാഴ്ചയുണ്ടാവില്ല. പല വിക്രിയകളും അവന്‍ കാണിക്കും. അത് കാണാന്‍ പോകരുത്. കാരണം അവന്‍ കറാമത്തുള്ള ദിവ്യനാണെന്ന് തെറ്റിദ്ധരിച്ച് പോകും. അവനെ കണ്ടുമുട്ടിയാല്‍ സൂറതുല്‍ കഹ്ഫിലെ ആദ്യത്തെ പത്ത് വചനങ്ങള്‍ വിശ്വാസപൂര്‍വം ഓതുക എന്നതാണ് അവനില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗം.

എഴുപതിനായിരം ജൂതന്മാര്‍ ഉള്‍പ്പെടുന്ന ഒരു സൈന്യവുമായിട്ടാണ് അവന്‍ മുന്നേറുക. അങ്ങനെ തുടര്‍ന്ന് കൊണ്ടിരിക്കെ, സിറിയന്‍ തലസ്ഥാനമായ ഡമസ്‌കസിലെ പള്ളിയില്‍ മഹ്ദി എന്ന് സ്ഥാനപ്പേരുള്ള നീതിമാനും മഹാനുമായ ഭരണാധികാരി സ്വുബ്ഹി നമസ്‌കാരത്തിന് നേതൃത്വം കൊടുക്കും. അപ്പോള്‍ രണ്ട് മലക്കുകളുടെ ചിറകില്‍ കൈ വെച്ച്‌കൊണ്ട്, രണ്ട് നിറത്തിലുള്ള വസ്ത്രം ധരിച്ച നിലയില്‍ ആ പള്ളിയുടെ വെള്ള മിനാരത്തിനരികിലൂടെ ഈസാ(അ) ഭൂമിയില്‍ ഇറങ്ങി വരുമെന്ന് നബി ﷺ  മദീന പള്ളിയില്‍ വെച്ച് പ്രവചിച്ചു. (ഈ പള്ളി 2011 ന് മുമ്പ് 3 പ്രാവശ്യം ഞാന്‍ ടൂര്‍ ഗൈഡ് എന്ന നിലക്ക് സന്ദര്‍ശിച്ചിട്ടുണ്ട്).

അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും അദ്ദേഹം (ഈസബ്‌നുമര്‍യം) അന്ത്യസമയത്തിനുള്ള ഒരു അറിയിപ്പാകുന്നു. അതിനാല്‍ അതിനെ (അന്ത്യസമയത്തെ) നിങ്ങള്‍ സംശയിച്ച് പോകരുത്. എന്നെ നിങ്ങള്‍ പിന്തുടരുക, ഇതാകുന്നു നേരിന്റെ പാത.” (ക്വുര്‍ആന്‍ 43:61).

സിറിയന്‍ തലസ്ഥാനമായ ഡമസ്‌കസിലെ മസ്ജിദുല്‍ ഉമവി എന്ന പള്ളിയിലെ ‘മനാറതുഈസാ’ എന്ന ‘ഈസാ നബിയുടെ മിനാരം”ആണ് ഇവിടെ സൂചിപ്പിക്കുന്നത് എന്നാണ് പണ്ഡിതന്മാരുടെ അഭിപ്രായം. മാത്രമല്ല, പള്ളികള്‍ക്ക് മിനാരങ്ങള്‍ പോലും ഉണ്ടാക്കിത്തുടങ്ങിയത് ഉമവിയാ ഭരണകാലത്താണ്. മഹ്ദിയുടെ നേതൃത്വത്തില്‍ നമസ്‌കാരം നിര്‍വഹിക്കപ്പെട്ടാല്‍ ഈസാ(അ) മസീഹുദ്ദജ്ജാലിനെ പിടികൂടാന്‍ അവനെ പിന്തുടരും. അവന്‍ തനിക്ക് സുരക്ഷിതമാണ് എന്ന് തോന്നുന്ന ലുദ്ദ് നഗരത്തിന്റെ കവാടത്തില്‍ എത്തുമ്പോള്‍ അവനെ ഈസാ(അ) പിടികൂടി കൊന്നു കളയും. ജൂത രാഷ്ട്രമായ ഇസ്‌റാഈല്‍ 1948ല്‍ സ്ഥാപിതമായപ്പോള്‍ അവര്‍ ഉണ്ടാക്കിയ ബെന്‍ഗുറിയന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, പുറത്ത് നിന്ന് എത്താനുള്ള കവാടമാണ്. അഥവാ ബാബിലുദ്ദ് (ലുദ്ദിന്റെ കവാടം) അതായിരിക്കാനാണ് സാധ്യത. ജറൂസലമില്‍ നിന്നും ഇസ്‌റാഈല്‍ തലസ്ഥാനമായ ടെല്‍ അവീവ് നഗരത്തിലേക്ക് പോകുന്ന നാഷണല്‍ ഹൈവേയില്‍ ടെല്‍ അവീവിന്റെ 15 കിലോമീറ്റര്‍ മുമ്പ് കാണുന്ന സ്ഥലമാണത്.

പിന്നീട് ഈസാ(അ) ഭരണം തുടങ്ങും. അപ്പോള്‍ മംഗോളിയ താര്‍ത്താരി വര്‍ഗക്കാരായ ജനങ്ങളില്‍പെട്ട യഅ്ജൂജ് മഅ്ജൂജുകാരായ ലക്ഷക്കണക്കിന് പേര്‍ ആര്‍ത്തലച്ച് വന്ന്, സോവിയറ്റ് ജോര്‍ജിയായുടെ വടക്ക് ഭാഗത്തുള്ള കാക്കസ് പര്‍വത നിരയിലെ ദാരിയാല്‍ മലയിടുക്കില്‍ ദുല്‍ഖര്‍നൈനി കെട്ടിയ ഇരുമ്പ് മതില്‍ തകര്‍ത്ത് മുന്നേറി ഈസാ(അ)യെ തടവിലാക്കി ഉപരോധം തുടരും. ഈസാ(അ) വളരെ കഷ്ടപ്പെടുമ്പോള്‍ അല്ലാഹു യഅ്ജൂജ് വര്‍ഗക്കാരുടെ കഴുത്തുകളില്‍ ഒരു തരം രോഗം ബാധിപ്പിച്ച് അവരെ കൂട്ടത്തോടെ മരിപ്പിക്കും. ഈസാ(അ) തടവില്‍ നിന്ന് പുറത്ത് വരും. ഒട്ടകത്തിന്റെത് പോലെ കഴുത്തുള്ളവ (കഴുകന്മാര്‍ ആയിരിക്കാം) ആ ശവങ്ങള്‍ കൊത്തിത്തിന്നും. പിന്നീട് ഭൂമിയെ ശുദ്ധീകരിക്കുന്ന ഒരു മഴ പെയ്യും. ഈസാ(അ)യുടെ ഭരണം ഏഴ് വര്‍ഷം തുടരും. നികുതികള്‍ ഇല്ലാതാകും. യേശു കുരിശില്‍ തറക്കപ്പെട്ടു എന്ന വിശ്വാസത്തിന്റ പേരില്‍ നാട്ടിയതാണല്ലോ ക്രിസ്ത്യന്‍ ചര്‍ച്ചുകളിലെ കുരിശുകള്‍. അത് തെറ്റാണ് എന്ന് കാണിച്ചു കൊടുക്കാന്‍ കുരിശുകള്‍ തകര്‍ക്കും. ഈസാ(അ)യുടെ അനുയായികളും വിശ്വാസികളുമാണ് എന്ന് പറയുന്നവരാണല്ലോ ലോകത്ത് പന്നിമാംസം കഴിക്കുന്നവര്‍. താന്‍ പന്നിമാംസം കഴിക്കുന്നതിന് എതിരാണ് എന്ന് കാണിക്കാന്‍ ഏതാനും പന്നികളെയെങ്കിലും കൊല്ലും.

ഏഴ് വര്‍ഷം ഈസാ(അ) ഭരണം തുടരുമ്പോള്‍ ശാമിന്റെ ഭാഗത്ത് നിന്ന് സുഗന്ധം നിറഞ്ഞ ഒരു കാറ്റടിക്കും. അതില്‍ സത്യവിശ്വാസം അല്‍പമെങ്കിലും ഉള്ളവരെല്ലാം ശാന്തമായി മരണപ്പെടും. പിന്നീട് ദുഷ്ടര്‍ മാത്രമെ ലോകത്ത് ബാക്കിയുണ്ടാവുകയുള്ളൂ.

സംസാരിക്കുന്ന ജന്തു പുറപ്പെടല്‍

അല്ലാഹു പറയുന്നു: ”ആ വാക്ക് അവരുടെ മേല്‍ വന്ന് ഭവിച്ചാല്‍ ഭൂമിയില്‍ നിന്ന് ഒരു ജന്തുവെ നാം അവരുടെ നേരെ പുറപ്പെടിവിക്കും. മനുഷ്യന്‍ നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ദൃഢവിശ്വാസം കൊള്ളാതിരിക്കുകയാകുന്നു എന്ന വിഷയം അത് അവരോട് സംസാരിക്കുന്നതാണ്.” (ക്വുര്‍ആന്‍ 27:82).

സൂര്യന്‍ പടിഞ്ഞാറുദിക്കല്‍

ഇപ്പോള്‍ ഭൂമി പടിഞ്ഞാറ് നിന്ന് കിഴക്കോട്ടാണ് തിരിയുന്നത്. ഇനി അന്ത്യനാളിന്റെ മുമ്പായി (ഭൂമിയെ പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് തിരിച്ചാല്‍) സൂര്യന്‍ പടിഞ്ഞാറുദിക്കും. അത് കാണുമ്പോള്‍ ദൈവിക സത്യം ബോധ്യപ്പെടുന്ന അനേകം ആളുകള്‍ ഉണ്ടാകും. പക്ഷേ, സൂര്യന്‍ പടിഞ്ഞാറുദിക്കുന്നത് കണ്ട് വിശ്വസിച്ചിട്ട് കാര്യമില്ലെന്ന് പറഞ്ഞു കൊണ്ട് നബി ﷺ  ക്വുര്‍ആനിലെ ആറാം അധ്യായമായ അല്‍അന്‍ആമിലെ 158ാം വചനം ഓതി:

”തങ്ങളുടെയടുക്കല്‍ മലക്കുകള്‍ വരുന്നതോ, നിന്റെ രക്ഷിതാവ് തന്നെ വരുന്നതോ അല്ലാതെ മറ്റെന്താണ് അവര്‍ കാത്തിരിക്കുന്നത്? നിങ്ങളുടെ രക്ഷിതാവിന്റെ ഏതെങ്കിലുമൊരു ദൃഷ്ടാന്തം വരുന്ന ദിവസം, മുമ്പ് തന്നെ വിശ്വസിക്കുകയോ വിശ്വാസത്തോട് കൂടി വല്ല നന്മയും ചെയ്ത് വെക്കുകയോ ചെയ്തിട്ടില്ലാത്തയൊരാള്‍ക്കും തന്റെ വിശ്വാസം പ്രയോജനപ്പെടുകയില്ല. പറയുക. നിങ്ങള്‍ കാത്തിരിക്കുക. ഞങ്ങളും കാത്തിരിക്കുകയാണ്.”’

സൂര്യന്‍ പടിഞ്ഞാറ് ഉദിക്കുന്നതോടെ മനുഷ്യവര്‍ഗത്തിന്ന് പശ്ചാതപിച്ച് മടങ്ങാനുള്ള അവസാന സമയം കഴിയും. അതിനാല്‍ അത് കണ്ട് വിശ്വസിച്ചിട്ട് യാതൊരു കാര്യവുമില്ല. ആ വിശ്വാസം സ്വീകരിക്കപ്പെടുകയില്ല. (സ്വഹീഹ് മുസ്‌ലിം-വിവിധ വിഷയങ്ങള്‍ എന്ന അധ്യായം).

മുസ്‌ലിം-ജൂത യുദ്ധം

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം; നബി ﷺ  പറഞ്ഞു: ”മുസ്‌ലിംകള്‍ ജൂതന്മാരുമായി യുദ്ധം ചെയ്യുന്നത് വരെ അന്ത്യനാള്‍ വന്നെത്തുകയില്ല. അങ്ങനെ ജൂതന്‍ കല്ലിന്റെയും മരത്തിന്റെയും പിന്നില്‍ ഒളിച്ചിരിക്കുകയും ആ കല്ലും മരവും (ഇപ്രകാരം) പറയുകയും ചെയ്യും: ‘ഓ… മുസ്‌ലിം! ഇതാ ജൂതന്‍ എന്റെ പിന്നില്‍. വരൂ, അവനെ കൊല്ലൂ.’ ഗര്‍ഖദ് മരം ഒഴികെ. കാരണം അത് ജൂതന്മാരുടെ വൃക്ഷമാവുന്നു” (ബുഖാരി, മുസ്‌ലിം).

(Gharqad എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ ആ മരം കാണാം).

ഇസ്‌റായീലില്‍ ടെല്‍അവീവിനോട് ചേര്‍ന്ന് യാഫാ ബീച്ചിനടുത്ത് ഇസ്‌റായീലീ സര്‍ക്കാര്‍ വെച്ചുപിടിപ്പിച്ചതും ഇസ്രായീലിലെ നേഗേവ് മരുഭൂമിയില്‍ വെറുതെ വളര്‍ന്നുണ്ടാവുന്നതുമായ ഗര്‍ഖദ് മരം കാണാം.

”മദീനാ നഗരം കാടുപിടിക്കും” (ബുഖാരി, മുസ്‌ലിം).

സ്വര്‍ണത്തിന്റെ സക്കാതുമായി ചുറ്റിനടന്നാല്‍ പോലും അത് സ്വീകരിക്കാന്‍ ആളുണ്ടാകില്ല. സ്ത്രീകളുടെ എണ്ണം വര്‍ധിക്കും. പുരുഷന്മാരെക്കാളും 40 ഇരട്ടിയായി സ്ത്രീകളുടെ എണ്ണം കൂടും.

യൂഫ്രട്ടീസ് നദിയില്‍ ഒരു സ്വര്‍ണ പര്‍വതം പ്രത്യക്ഷപ്പെടും. അത് ഉടമപ്പെടുത്താന്‍ വേണ്ടി യുദ്ധം ചെയ്യുന്ന സൈന്യത്തിലെ 99 ശതമാനം പേരും മരിക്കും.

എത്യോപ്യയില്‍ നിന്ന് ദുസ്സുവയ്ഖതൈന്‍ എന്ന് വിളിക്കപ്പെടുന്ന ഒരു വ്യക്തിയുടെ നേതൃത്വത്തില്‍ വന്ന് കഅ്ബ പൊളിക്കും.

കഅ്ബയിലെ നിധി അവര്‍ എടുത്ത് കൊണ്ട് പോകുമെന്ന് നബി ﷺ പറഞ്ഞു. (ഒരു പക്ഷേ, കഅ്ബയുടെ സ്വര്‍ണവാതില്‍ എടുത്ത് കൊണ്ട് പോകുമായിരിക്കാം. അല്ലാഹുവിന്നറിയാം).

യമനിലെ ഹളറമൗത്ത് പ്രദേശത്ത് ഒരു അഗ്നിപര്‍വതം പ്രത്യക്ഷപ്പെടും. ജനങ്ങള്‍ പടിഞ്ഞാറന്‍ യമനിലേക്ക് പലായനം ചെയ്യും. ഭൂമിയില്‍ ഗര്‍ത്തങ്ങള്‍ പ്രത്യക്ഷപ്പെടും. കിഴക്ക് ഭാഗത്തും പടിഞ്ഞാറ് ഭാഗത്തും അറേബ്യന്‍ അര്‍ധദ്വീപിലും (മുസ്‌ലിം).

അന്ത്യനാള്‍ സംഭവിക്കുന്നു

മുന്നറിയിപ്പ് നല്‍കിയിട്ടും മനുഷ്യര്‍ പിന്നീട് അശ്രദ്ധരായി ലോകത്ത് ജീവിക്കും. അതിനിടയിലാണ് ഇസ്‌റാഫീല്‍(അ) എന്ന മലക്കിനോട് അന്ത്യനാളിന്റെ കാഹളം മുഴക്കാന്‍ കല്‍പിക്കുക.

നബി ﷺ  പറഞ്ഞു: ”രണ്ട് പേര്‍ വസ്ത്രം (വാങ്ങാന്‍ വേണ്ടി) ചുരുളഴിച്ച് പിടിച്ചിരിക്കെ അന്ത്യനാള്‍ സംഭവിക്കുന്നു. അപ്പോള്‍ അത് മടക്കി വെക്കാനോ കച്ചവടം ചെയ്യാനോ അവര്‍ക്ക് കഴിയില്ല. ഒരാള്‍ ഒട്ടകത്തെ കറന്ന് പാലുമായി വരവെ അന്ത്യനാള്‍ വരുന്നു. അത് കുടിക്കാന്‍ അവന് സാധിക്കില്ല (അതിന് മുമ്പ് അന്ത്യദിനം വന്നെത്തും). ഒട്ടകത്തിനായി കുഴിയില്‍ വെള്ളം നിറച്ചുകൊണ്ടിരിക്കെ അന്ത്യനാള്‍ സംഭവിക്കുന്നു. അത് (തന്റെ മൃഗത്തിന്) കുടിപ്പിക്കാന്‍ അവന് അവസരം കിട്ടുകയില്ല. ഉരുള വായിലേക്കെത്തിക്കൊണ്ടിരിക്കെ (അന്ത്യനാളിന്റെ സൂചനയൊന്നുമില്ല) അത് വായില്‍ എത്തി ഭക്ഷിക്കുന്നതിന് മുമ്പ് അന്ത്യനാള്‍ സംഭവിക്കും. അഥവാ തൊട്ട് മുമ്പത്തെ സെക്കന്റില്‍ പോലും അന്ത്യനാളിനെപ്പറ്റി ഒരു സൂചനയും ഉണ്ടാവില്ല.” (21-ാം അധ്യായം സൂറത്തുല്‍ അമ്പിയാഅ് 40)

”വളരെപ്പെട്ടെന്നാണത് സംഭവിക്കുന്നത്. തട്ടിനീക്കാന്‍ സാധിക്കാത്ത വിധം അതവരെ പിടികൂടുന്നു. ഒരു നിമിഷ നേരത്തേക്കെങ്കിലും (അവര്‍ക്ക്) അവധി ലഭിക്കുകയില്ല” (ക്വുര്‍ആന്‍ 21:40).

”അപ്പോള്‍ യാതൊരു വസ്വിയ്യത്തും നല്‍കാന്‍ അവര്‍ക്ക് സാധിക്കുകയില്ല. അവര്‍ക്ക് അവരുടെ കുടുംബത്തിലേക്ക് മടങ്ങാനും ആകുകയില്ല” (ക്വുര്‍ആന്‍ 36:50).

കണ്ണടച്ച് തുറക്കുന്നതിനെക്കാള്‍ വേഗത്തിലാണ് അന്ത്യസമയം സംഭവിക്കുക. പക്ഷേ, അത് തുടങ്ങിയാല്‍ വളരെപ്പെട്ടെന്ന് അവസാനിക്കുകയുമില്ല. ഭയാനകമായ ഒരു ഘോരശബ്ദദമാണ് ആദ്യം സംഭവിക്കുക. അതോടെ ഭൂമിക്ക് എന്ത് സംഭവിക്കുമെന്ന് 22-ാം അധ്യായം സൂറതുല്‍ ഹജ്ജ് 1,2 വചനങ്ങളില്‍ പറയുന്നു:

”മനുഷ്യരേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. തീര്‍ച്ചയായും അന്ത്യസമയത്തെ പ്രകമ്പനം ഭയാനകമായ ഒരു കാര്യം തന്നെയാകുന്നു. നിങ്ങള്‍ അത് കാണുന്ന ദിവസം ഏതൊരു മുലകൊടുക്കുന്ന മാതാവും താന്‍ മുലയൂട്ടുന്ന കുഞ്ഞിനെപ്പറ്റി അശ്രദ്ധയിലായിപ്പോവും. ഗര്‍ഭവതിയായ എല്ലാ സ്ത്രീകളും തന്റെ ഗര്‍ഭത്തിലുള്ളത് പ്രസവിച്ചുപോകും. ജനങ്ങളെ ലഹരി പിടിച്ചവരായി നിനക്ക് കാണാം.  യഥാര്‍ഥത്തില്‍ അവര്‍ ലഹരി ബാധിച്ചവരല്ല. പക്ഷേ, അല്ലാഹുവിന്റെ ശിക്ഷ കഠിനമാകുന്നു.”’

ലോക ചരിത്രത്തിലെ ഏറ്റവും വലിയ ഭൂകമ്പം ചൈനയിലെ ഷെന്‍സി പ്രവിശ്യയില്‍ 1556ല്‍ ഉണ്ടായ എട്ട് ലക്ഷത്തി മുപ്പതിനായിരം ആളുകള്‍ മരണപ്പെട്ട ഭൂകമ്പമാണ്. എന്നാല്‍ അന്ത്യനാളിലെ ഭൂകമ്പം സങ്കല്‍പിക്കാന്‍ കഴിയാത്തവിധം അതിഭയാനകമായിരിക്കും. പര്‍വതങ്ങള്‍ പോലും ഭൂകമ്പത്തെ തുടര്‍ന്ന് വിറച്ച് പൊടിയാക്കപ്പെടും.

”പര്‍വതങ്ങള്‍ ഇടിച്ച് പൊടിയാക്കപ്പെടുകയും; അങ്ങനെ അത് പാറിപ്പറക്കുന്ന ധൂളിയായിത്തീരുകയും” (ക്വുര്‍ആന്‍ 56:5,6).

9 കിലോമീറ്റര്‍ വരെ ഉയരമുള്ള ഹിമാലയത്തിലെ പര്‍വതങ്ങളും എവറസ്റ്റ് കൊടുമുടിയുമൊക്കെ ഏറ്റവും ഉയരം കൂടിയവയാണ്. എന്നാല്‍ അന്ത്യനാളില്‍ ഇവയെന്നല്ല എല്ലാ പര്‍വതങ്ങളും പാറിപ്പറന്ന് ധൂളികളായിമാറും.

”പര്‍വതങ്ങള്‍ സഞ്ചരിപ്പിക്കപ്പെടുകയും അങ്ങനെ അവ മരീചിക പോലെ ആയിത്തീരുകയും ചെയ്യും” (ക്വുര്‍ആന്‍ 78:20).

2004 ഡിസംബര്‍ 26ന് ഇന്തോനേഷ്യയിലെ സുമാത്രാ ദീപിന് സമീപം കടലിനടിയില്‍ ഉണ്ടായ ചെറിയ ഒരു ഭൂകമ്പം കാരണം ആഞ്ഞടിച്ച വമ്പന്‍ തിരമാലകള്‍ സുനാമിയായി അയ്യായിരം കിലോമീറ്റര്‍ ദൂരം വരെ എത്തി. രണ്ട് ലക്ഷത്തി മുപ്പതിനായിരത്തില്‍ പരം ആളുകള്‍ മരണപ്പെട്ടു.

അന്ത്യസമയത്തുള്ള ഭൂകമ്പത്തിലും ഭയാനകമായ തിരമാലകള്‍ കരയിലേക്ക് ആഞ്ഞടിച്ച് കയറും:

”സമുദ്രങ്ങള്‍ പൊട്ടി ഒഴുകുമ്പോള്‍”(ക്വുര്‍ആന്‍ 82:3).

2004ലെ സുനാമിയിലും ജപ്പാന്‍ സുനാമിയിലും കടലില്‍ തീ ആളിപ്പടരല്‍ സംഭവിച്ചിരുന്നു. അന്ത്യനാളിലും കടലുകള്‍ക്ക് തീ പിടിക്കുമെന്ന് ക്വുര്‍ആന്‍ 81:6ല്‍ പറയുന്നു:

”സമുദ്രങ്ങള്‍ ആളിക്കത്തിക്കപ്പെടുമ്പോള്‍.”

”വന്യമൃഗങ്ങള്‍ (ശത്രുത മറന്ന്) ഒരുമിച്ച് കൂട്ടപ്പെടുമ്പോള്‍”'(ക്വുര്‍ആന്‍ 81:5).

കരയും പര്‍വതങ്ങളും ഇടിഞ്ഞുനികന്ന് മഹാസമുദ്രങ്ങള്‍ നിലനിന്നിരുന്ന വന്‍കുഴികളില്‍ നിറയുന്നതോടെ ഭൂമി നിരപ്പായി മാറുമെന്ന് 20ാം അധ്യായം 106ാം വചനത്തില്‍ പറയുന്നു:

”എന്നിട്ട് അവന്‍ അതിനെ സമനിരപ്പായ മൈതാനമാക്കി വിടുന്നതാണ്. ഇറക്കമോ കയറ്റമോ നീ അവിടെ കാണുകയില്ല.”’

ചന്ദ്രനില്‍ പോയാല്‍ രക്ഷയുണ്ടാകുമോ?

ഒരിക്കലുമില്ല!

സൂര്യനും ചന്ദ്രനും തമ്മില്‍ ഒരുമിച്ച് കൂടും'(ക്വുര്‍ആന്‍ 75:9).

സൂര്യന്‍ ഒരു സാധാരണ നക്ഷത്രമാണ്. അത് പോലും ഭൂമിയുടെ പതിമൂന്നര ലക്ഷം ഇരട്ടി വലുപ്പമുള്ളതും തുടര്‍ച്ചയായി ആറ്റം ഹൈഡ്രജന്‍ ബോംബ് വിസ്‌ഫോടനങ്ങള്‍ നടന്നു കൊണ്ടേയിരിക്കുന്നതുമായ വന്‍ നിലയവുമാണ്. അത്തരം ശതകോടിക്കണക്കിന് നക്ഷത്രങ്ങളുണ്ട്. സൂര്യന്റെ കോടിക്കണക്കിന് ഇരട്ടി വലുപ്പമുള്ള നക്ഷത്രങ്ങളും ഉണ്ട്. ഗുരുത്വാകര്‍ഷണം നഷ്ടപ്പെടുന്നതോടെ ഗ്രഹങ്ങളും നക്ഷത്രങ്ങളും സ്ഥാനം തെറ്റിത്തെറിക്കും.

”നക്ഷത്രങ്ങള്‍ ഉതിര്‍ന്നു വീഴുമ്പോള്‍” (81:2).

ആകാശം തീപിടിച്ച അവസ്ഥയില്‍ കാണപ്പെടും. ചുകന്ന തോല്‍ പോലെ തുടുത്ത ആകാശം!

”ആകാശം ഉരുകിയ ലോഹം പോലെ ആകുന്ന ദിവസം!” (ക്വുര്‍ആന്‍ 70:8).

ഭയാനകമായ അഗ്നി പര്‍വത വിസ്‌ഫോടനമോ, ഉല്‍ക്കകള്‍ എയ്ത് വിടുന്ന ഷൂട്ടിംഗ് സ്റ്റാറുകളോ ഏത് വിധത്തിലായാലും ആകാശത്ത് നിന്ന് ഭൂമിയിലേക്ക് തീയുണ്ടകള്‍ പതിക്കും.

”നിങ്ങള്‍ ഇരുവിഭാഗത്തിന്റെയും നേര്‍ക്ക് തീജ്വാലയും പുകയും അയക്കപ്പെടും. അപ്പോള്‍ നിങ്ങള്‍ക്ക് രക്ഷാമാര്‍ഗം സ്വീകരിക്കാനാവില്ല” (ക്വുര്‍ആന്‍ 55:35).

പ്രപഞ്ച പരിധികള്‍ക്കപ്പുറത്തേക്ക് പറന്ന് രക്ഷപ്പെടാന്‍ കഴിയുമോ? അല്ലാഹുവിന്റെ പ്രത്യേക സഹായം കൊണ്ടല്ലാതെ മനുഷ്യര്‍ക്കും ജിന്നുകള്‍ക്കും ഭൂമിയില്‍ നിന്ന് പുറത്ത് കടക്കാന്‍ സാധിക്കുകയില്ലെന്ന് ക്വുര്‍ആന്‍ പറയുന്നു:

”ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, ആകാശങ്ങളുടെയും ഭൂമിയുടെയും മേഖലകളില്‍ നിന്ന് പുറത്ത് കടന്നു പോകാന്‍ നിങ്ങള്‍ക്ക് സാധിക്കുന്ന പക്ഷം നിങ്ങള്‍ കടന്നു പോയിക്കൊള്ളുക. ഒരു അധികാരം ലഭിച്ചിട്ടല്ലാതെ നിങ്ങള്‍ കടന്നു പോകുകയില്ല” (55:33).

ഭൂമിയിലുള്ള സര്‍വ്വ ജീവജാലങ്ങളും നശിച്ച ശ്മശാനമൂകത.    

ഉന്നതനും മഹത്വമുള്ളവനുമായ അല്ലാഹു മാത്രം ബാക്കിയാവുന്നു.

”അവിടെ(ഭൂമുഖത്ത്)യുള്ള എല്ലാവരും നശിച്ച് പോകുന്നവരാകുന്നു. മഹത്ത്വവും ഉദാരതയും ഉള്ളവനായ നിന്റെ രക്ഷിതാവിന്റെ മുഖം അവശേഷിക്കുന്നതാണ്” (ക്വുര്‍ആന്‍ 55: 26,27).

ഭൂമിയുടെ ഗോളാകൃതി മാറ്റി പരന്ന ഭൂമിയാക്കുമെന്ന് നബി ﷺ  പറഞ്ഞതായി കാണാം.

”ഭൂമി നീട്ടപ്പെടുമ്പോള്‍” (ക്വുര്‍ആന്‍ 84:3).

”ഭൂമി ഈ ഭൂമിയല്ലാത്ത മറ്റൊന്നായും അത് പോലെ ആകാശങ്ങളും മാറ്റപ്പെടുകയും ഏകനും സര്‍വാധികാരിയുമായ അല്ലാഹുവിങ്കലേക്ക് അവരെല്ലാം പുറപ്പെട്ട് വരുകയും ചെയ്യുന്ന ദിവസം” (ക്വുര്‍ആന്‍ 14:48).

ഭൂമിയും ആകാശങ്ങളും ആകൃതി മാറ്റപ്പെടും. പതിനായിരം കോടി നക്ഷത്രങ്ങള്‍ ചേര്‍ന്ന് നമ്മുടെ മില്‍ക്കിവെ ഗ്യാലക്‌സിയും അങ്ങനെ ശതകോടി ഗ്യാലക്‌സികളുമെല്ലാം അടിമുടി ഉടച്ച് വാര്‍ക്കുന്ന ഭയാനക സംഭവമാണ് അന്ത്യനാള്‍. അതോടു കൂടെ അന്ത്യനാള്‍ അവസാനിക്കുന്നു. ആ നിശ്ശബ്ദതയില്‍ അല്ലാഹുവിന്റെ ചോദ്യം പ്രപഞ്ചം മുഴുവന്‍ മാറ്റൊലി കൊള്ളും.

”ആര്‍ക്കാണ് ഇന്നത്തെ ഉടമാധികാരം?” (40:16).

ഉത്തരം പറയാന്‍ ആരുമില്ല. അല്ലാഹു തന്നെ മറുപടി പറയും: ‘എല്ലാത്തിനെയും അടക്കി ഭരിക്കുന്ന ഏകനായ അല്ലാഹുവിന്ന് മാത്രം'(40:16).

അന്ത്യനാളിന്റെയും ഉയിര്‍ത്തെഴുന്നേല്‍പ്് നാളിന്റെയും ഇടയില്‍ ’40 ഉണ്ട്’ എന്ന് നബി ﷺ  പറഞ്ഞു. നാല്‍പത്ത് ദിവസമോ നാല്‍പത് വര്‍ഷമോ എന്നൊന്നും പറഞ്ഞിട്ടില്ല. പിന്നീട് ഭൂഗോളം മുഴുവന്‍ പരക്കുന്ന ഒരു മഴപെയ്യിക്കും. ആ മഴയില്‍ ജീവനുകള്‍ കിളിര്‍ക്കും. (തുടരും)

 
 
ഡോ. പി.കെ അബ്ദുറസാക്ക് സുല്ലമി
നേർപഥം വാരിക

അഗാധജ്ഞാനികളുടെ സവിശേഷതകള്‍

അഗാധജ്ഞാനികളുടെ സവിശേഷതകള്‍

അറിവ് എന്നത് അജ്ഞതയെ പിഴുതെറിഞ്ഞ്, അന്ധകാരത്തെ തുടച്ചുനീക്കി, അന്തസ്സും അഭിവൃദ്ധിയും കൈക്കൊണ്ട് സമൂഹ സംസ്‌കരണം സാധ്യമാക്കുന്നതിനുള്ള ഒരു അവിഭാജ്യഘടകമാണ്. കേവല ഭൗതിക സുഖങ്ങള്‍ക്ക് വേണ്ടി മാത്രമല്ല നാം അറിവുള്ളവരാകേണ്ടത്. ആരിലും സംഭവിക്കാവുന്ന സ്ഖലിതങ്ങളെ തിരുത്താന്‍  പൊടുന്നനെയുള്ള  വാക്കിനും പ്രവര്‍ത്തിക്കും മുമ്പ് വേണ്ടത് അറിവെന്ന വജ്രായുധമാണ്.
ഇസ്‌ലാം മത, ഭൗതിക വിജ്ഞാനങ്ങള്‍ക്ക് വേണ്ടവിധം പ്രാധാന്യം നല്‍കുന്നതോടൊപ്പം മതപഠനത്തില്‍ കഴിവും മികവുമുള്ളവരാകുന്നതിന് ഏറെ ഊന്നല്‍ നല്‍കുകയും ചെയ്യുന്നു. കാരണം അത് പരലോക വിജയത്തിന് അനിവാര്യമാണ്.
അല്ലാഹു പറയുന്നു: ”നിങ്ങളില്‍ നിന്ന് വിശ്വസിച്ചവരെയും വിജ്ഞാനം നല്‍കപ്പെട്ടവരെയും അല്ലാഹു പലപടികള്‍ ഉയര്‍ത്തുന്നതാണ്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു” (ക്വുര്‍ആന്‍ 58:11).
നൂറ്റാണ്ടുകള്‍ക്കപ്പുറം ജീവിച്ച സ്വഹാബിമാര്‍ മുതലിങ്ങോട്ട് നാളിതുവരെയുള്ള മത പണ്ഡിതന്മാര്‍ക്ക് വ്യത്യസ്ത വിഷയങ്ങളിലുണ്ടായ ആഴവും പരപ്പും കാരണം അവരും അവരുടെ വിജ്ഞാനവും ഇന്നും ലോകത്ത് വിഷയീഭവിക്കുന്നത്  ഇതിന് മതിയായ തെളിവാണ്.
അല്ലാഹുവിന്റെ സ്മരണക്ക് നിദാനമാകുന്ന മതവിജ്ഞാനത്തെ തൊട്ട് പുറംതിരിയുന്നവര്‍ക്ക് ക്വുര്‍ആന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അല്ലാഹു പറയുന്നു: ”ആകയാല്‍ നമ്മുടെ സ്മരണ വിട്ടു തിരിഞ്ഞുകളയുകയും ഐഹികജീവിതം മാത്രം ലക്ഷ്യമാക്കുകയും ചെയ്തവരില്‍ നിന്ന് നീ തിരിഞ്ഞുകളയുക. അറിവില്‍നിന്ന് അവര്‍ ആകെ എത്തിയിട്ടുള്ളത് അത്രത്തോളമാകുന്നു. തീര്‍ച്ചയായും നിന്റെ രക്ഷിതാവാകുന്നു അവന്റെ മാര്‍ഗത്തില്‍ നിന്ന് തെറ്റിപ്പോയവരെപ്പറ്റി കൂടുതല്‍ അറിവുള്ളവന്‍. സന്മാര്‍ഗം പ്രാപിച്ചവരെ പറ്റി കൂടുതല്‍ അറിവുള്ളവനും അവന്‍ തന്നെയാകുന്നു” (ക്വുര്‍ആന്‍ 53:29,30).
മത വിഷയങ്ങളില്‍ അവഗാഹം നേടുക എന്നത് എല്ലാവരാലും സാധ്യമല്ല. ബുദ്ധി, വിവേകം, വിനയം, അവധാനത എന്നിവ ഒത്തവര്‍  മാത്രം എക്കാലത്തും അലങ്കരിച്ച പദവിയാണത്. ഉത്തമരായ  സ്വഹാബികളില്‍ ഇബ്‌നു അബ്ബാസ്(റ), അബൂഹുറയ്‌റ(റ), ഇബ്‌നു മസ്ഊദ്(റ), താബിഉകളില്‍ സഈദ് ബ്‌നുല്‍ മുസ്വയ്യബ്(റ), ക്വാസിമുബ്‌നു മുഹമ്മദ്(റ), ഉര്‍വത്ത് ഇബ്‌നു സുബൈര്‍(റ) തുടങ്ങിയവര്‍ ഇതില്‍ പ്രമുഖകരും പ്രസിദ്ധരുമാണ്.
ഇസ്‌ലാം മതവിജ്ഞാനത്തെ പ്രോത്‌സാഹിപ്പിക്കുന്നതോടൊപ്പം ഒഴിഞ്ഞിരുന്നുള്ള വിശാല പഠനത്തിനും പ്രേരണ നല്‍കുന്നു. അല്ലാഹു പറയുന്നു: ”സത്യവിശ്വാസികള്‍ ആകമാനം (യുദ്ധത്തിന്ന്) പുറപ്പെടാവതല്ല. എന്നാല്‍ അവരിലെ ഓരോ വിഭാഗത്തില്‍ നിന്നും ഓരോ സംഘം പുറപ്പെട്ട് പോയിക്കൂടേ? എങ്കില്‍ (ബാക്കിയുള്ളവര്‍ക്ക് നബിയോടൊപ്പം നിന്ന്) മതകാര്യങ്ങളില്‍ ജ്ഞാനം നേടുവാനും തങ്ങളുടെ ആളുകള്‍ (യുദ്ധരംഗത്ത് നിന്ന്) അവരുടെ അടുത്തേക്ക് തിരിച്ചുവന്നാല്‍ അവര്‍ക്ക് താക്കീത് നല്‍കുവാനും കഴിയുമല്ലോ? അവര്‍ സൂക്ഷ്മത പാലിച്ചേക്കാം” (ക്വുര്‍ആന്‍ 9:122).
മുആവിയ(റ)യില്‍ നിന്ന് നിവേദനം; നബി ﷺ  പറഞ്ഞു: ”അല്ലാഹു ആര്‍ക്കെങ്കിലും നന്മ ഉദ്ദേശിച്ചാല്‍ അവനെ മതത്തില്‍ ജ്ഞാനമുള്ളവനാക്കും” (ബുഖാരി).
ഉമര്‍(റ) പറഞ്ഞു: ”ഉത്തരവാദിത്തങ്ങള്‍ ഏല്‍പിക്കപ്പെടും മുമ്പ് നിങ്ങള്‍ ജ്ഞാനികളാവുക” (ബുഖാരി).
മതത്തില്‍ പരിജ്ഞാനമുള്ളവരെ ചില സവിശേഷതകള്‍ കൊണ്ട് അല്ലാഹു പുകഴ്ത്തുകയും പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്.
അറിവുള്ളവര്‍
അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന ഘടകങ്ങളില്‍ പ്രധാനവും നിരന്തര പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രചോദനവുമാണ് അറിവ്. മത നിയമങ്ങളുടെയും വിധികളുടെയും  രഹസ്യവും യുക്തിയും വ്യക്തമാവുക അറിവുള്ളവര്‍ക്കാണ്. ഇതുള്ളവരും ഇല്ലാത്തവരും സമമാവുകയില്ല. അല്ലാഹു പറയുന്നു:
”പറയുക: അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ? ബുദ്ധിമാന്മാര്‍ മാത്രമെ ആലോചിച്ചു മനസ്സിലാക്കുകയുള്ളൂ” (39:9).
ഇരുളും വെളിച്ചവും, രാവും പകലും, തീയും വെള്ളവും സമമാകാത്തതുപ്പോലെ അറിവും അജ്ഞതയും ഒന്നാവുകയില്ലെന്ന് സാരം.
അറിവില്‍ അടിയുറച്ചവര്‍
ആഴത്തില്‍ അറിവുനേടി, അല്ലാഹു പഠിപ്പിച്ച പ്രകാരം ഹൃദയത്തില്‍ ഉറപ്പിച്ച് സൂക്ഷ്മതയും നിപുണതയുമുള്ള പണ്ഡിതരാവുക എന്നതാണിതിന്റെ താല്‍പര്യം. അല്ലാഹു പറയുന്നു: ”എന്നാല്‍ അവരില്‍ നിന്ന് അടിയുറച്ച അറിവുള്ളവരും സത്യവിശ്വാസികളുമായിട്ടുള്ളവര്‍ നിനക്ക് അവതരിപ്പിക്കപ്പെട്ടതിലും നിനക്ക് മുമ്പ് അവതരിപ്പിക്കപ്പെട്ടതിലും വിശ്വസിക്കുന്നു…”(4:162).
അല്ലാഹുവിന്റെ നാമഗുണവിശേഷണങ്ങള്‍, വിധിവിശ്വാസം, അനന്തരാവകാശം എന്നീ വിജ്ഞാന മേഖലകള്‍ ഇതിനുദാഹരണങ്ങളാണ്.
എല്ലാം റബ്ബില്‍ നിന്നെന്ന് വിശ്വസിക്കുന്നവര്‍
ക്വുര്‍ആനിലൂടെ അല്ലാഹു അറിയിച്ചത് കളവോ, കെട്ടുകഥയോ അല്ല; ശരിയും യാഥാര്‍ഥ്യവുമാണെന്ന് വിശ്വസിച്ച് പ്രഖ്യാപിക്കുന്നവരാണിവര്‍. അല്ലാഹു പറയുന്നു: ”(നബിയേ,) നിനക്ക് വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിരിക്കുന്നത് അവനത്രെ. അതില്‍ സുവ്യക്തവും ഖണ്ഡിതവുമായ വചനങ്ങളുണ്ട്. അവയത്രെ വേദഗ്രന്ഥത്തിന്റെ മൗലികഭാഗം. ആശയത്തില്‍ സാദൃശ്യമുള്ള ചില വചനങ്ങളുമുണ്ട്. എന്നാല്‍ മനസ്സുകളില്‍ വക്രതയുള്ളവര്‍ കുഴപ്പമുണ്ടാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടും ദുര്‍വ്യാഖ്യാനം നടത്താന്‍ ആഗ്രഹിച്ചുകൊണ്ടും ആശയത്തില്‍ സാദൃശ്യമുള്ള വചനങ്ങളെ പിന്തുടരുന്നു. അതിന്റെ സാക്ഷാല്‍ വ്യാഖ്യാനം അല്ലാഹുവിന് മാത്രമെ അറിയുകയുള്ളൂ. അറിവില്‍ അടിയുറച്ചവരാകട്ടെ, അവര്‍ പറയും: ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു. എല്ലാം ഞങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. ബുദ്ധിശാലികള്‍ മാത്രമെ ആലോചിച്ച് മനസ്സിലാക്കുകയുള്ളൂ” (3:7).
വിട്ടുവീഴ്ചയും സൗഖ്യവും ചോദിക്കുന്നവര്‍
പ്രമാണങ്ങളെ ദുര്‍വ്യാഖ്യാനിക്കല്‍, മതത്തെ അപഹസിക്കല്‍, കുതന്ത്രം മെനയല്‍ എന്നിങ്ങനെയുള്ള ഫിത്‌നകളില്‍ നിന്ന് അല്ലാഹുവിനോട് കാവല്‍ തേടുക എന്നതില്‍ പണ്ഡിതന്മാര്‍ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണ്. ഇത് നബി ﷺ  പൊതുവായി തന്നെ പഠിപ്പിച്ചതുമാണ്. ഇബ്‌നു ഉമര്‍(റ)വില്‍ നിന്ന് നിവേദനം; നബി ﷺ  പറഞ്ഞു: ”അല്ലാഹുവേ, എന്റെ മതത്തിലും ജീവിതത്തിലും കുടുംബത്തിലും സമ്പത്തിലും ഞാന്‍ നിന്നോട് വിട്ടുവീഴ്ചയും സൗഖ്യവും ചോദിക്കുന്നു” (അബൂദാവൂദ്).
അനുഗ്രഹത്തെ അംഗീകരിക്കുന്നവര്‍
ഹിദായത്ത് അഥവാ സന്മാര്‍ഗമാണല്ലോ എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്ത വിധം അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളിലെ പ്രഥമവും പ്രധാനവുമായത്. അല്ലാഹു നിശ്ചയിക്കും പ്രകാരം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ലഭിക്കുന്നതാണിത്. ഇതറിഞ്ഞ് അംഗീകരിക്കാനും തനിമയില്‍ തന്നെ ഇതിനെ നിലനിര്‍ത്താനും വേണ്ടിയുള്ള പ്രാര്‍ഥന ഓരോരുത്തരിലുമുണ്ടാകണം. അറിവുള്ളവരെ സംബന്ധിച്ച്  അല്ലാഹു പറയുന്നു:
”(അവര്‍ പ്രാര്‍ഥിക്കും:) ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ സന്‍മാര്‍ഗത്തിലാക്കിയതിനു ശേഷം ഞങ്ങളുടെ മനസ്സുകളെ നീ തെറ്റിക്കരുതേ. നിന്റെ അടുക്കല്‍ നിന്നുള്ള കാരുണ്യം ഞങ്ങള്‍ക്ക് നീ പ്രദാനം ചെയ്യേണമേ. തീര്‍ച്ചയായും നീ അത്യധികം ഔദാര്യവാനാകുന്നു” (3:8).
പരലോകത്തില്‍ സംശയമില്ലാത്തവര്‍
വിശ്വാസം സംശയമുക്തമാകണം. വിശ്വാസകാര്യങ്ങളില്‍ മുഖ്യസ്ഥാനത്തുള്ളതാണ് പരലോക വിശ്വാസം. മരിച്ച് മണ്ണോട് ചേര്‍ന്നാല്‍ തീരുന്നതാണെല്ലാം ഉയിര്‍ത്തെഴുന്നേല്‍പോ, വിചാരണയോ, സ്വര്‍ഗ നരകമോ ഒന്നും വരാനില്ലെന്ന് ജല്‍പിക്കുന്ന ചിലരുണ്ട്. എന്നാല്‍ ഈ ദിവസത്തെപ്പറ്റി അറിയുന്നവര്‍ സദാ ഓര്‍മയും  പ്രാര്‍ഥനയുമായി കഴിഞ്ഞ് കൂടും.
അല്ലാഹു പറയുന്നു: ”ഞങ്ങളുടെ നാഥാ, തീര്‍ച്ചയായും നീ ജനങ്ങളെയെല്ലാം ഒരു ദിവസം ഒരുമിച്ചുകൂട്ടുന്നതാകുന്നു. അതില്‍ യാതൊരു സംശയവുമില്ല…”(3:9).
വാഗ്ദാനത്തില്‍ വിശ്വസിക്കുന്നവര്‍
സ്വര്‍ഗമാണ് അല്ലാഹുവിന്റെ വാഗ്ദാനം. അത് വിശ്വാസികള്‍ക്ക് സന്തോഷവും ആശ്വാസവുമാണ്. അറിവുള്ളവര്‍ അതിനെപ്പറ്റി ഏറെ ബോധവാന്മാരാകും.
അല്ലാഹു പറയുന്നു: ”…തീര്‍ച്ചയായും അല്ലാഹു വാഗ്ദാനം ലംഘിക്കുന്നതല്ല” (3:9).
മനുഷ്യരായ നാം കൊടുക്കുന്ന വാഗ്ദാനങ്ങളില്‍ മിക്കതും വൃഥാവിലാകാറാണ് പതിവ്. ശാശ്വത വിജയത്തിന്റെ വഴി തുറന്നുതന്ന സ്രഷ്ടാവ് അടിമകള്‍ക്ക് മതിയാകും വിധമുള്ള വാഗ്ദാനങ്ങള്‍ തന്നെയാണ് നല്‍കിയിട്ടുള്ളത്. അത് വെറും മോഹന വാഗ്ദാനങ്ങളല്ല. അത് ഒരിക്കലും ലഭിക്കാതെ പോകില്ല..
അഗാധജ്ഞാനികള്‍ക്ക് ഈ സവിശേഷഗുണങ്ങള്‍ പ്രത്യേകമായുണ്ടെന്ന് പറഞ്ഞത് അല്ലാഹുവാണ്. ഇതൊന്നും മാനിക്കാതെ പണ്ഡിതന്മാരെ ചോദ്യം ചെയ്യുന്നവരും, പരിഹസിക്കുന്നവരും കയ്യേറ്റം നടത്തുന്നവരും അവര്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്നവരും ഏറെയുണ്ട്. മതാധ്യാപനങ്ങളിലൂടെ സമൂഹത്തെ ധാര്‍മികതയിലേക്ക് നയിക്കുന്ന വഴിവിളക്കുകളാണവര്‍. അവരുടെ വിയോഗം നികത്തപ്പെടാന്‍ കഴിയാത്തതാണ്. വിരല്‍തുമ്പു കൊണ്ട് തോണ്ടിയും അമര്‍ത്തിയും ലോകമാകെയുള്ള വാര്‍ത്തകളെ ശ്രവിച്ചും ശ്രദ്ധിച്ചും സമയം കൊല്ലുന്ന ഇത്തരം അല്‍പ ജ്ഞാനികള്‍ക്ക് എന്തുമാകാമല്ലോ!
 

മൂസ സ്വലാഹി, കാര
നേർപഥം വാരിക

ഗുണകാംക്ഷികളാവുക

ഗുണകാംക്ഷികളാവുക

‘അന്നസ്വീഹത്’ അഥവാ ‘ഗുണകാംക്ഷ’ എന്നത് മതത്തിന്റെ തൂണും അതിന്റെ കാതലുമാണ്. ഉദ്ദേശ ശുദ്ധിയും പ്രവൃത്തിയും നന്നാക്കി ഇഹപര വിജയം ലക്ഷ്യമിട്ട് നേരാംവിധം ഓരോ വ്യക്തിയോടും ഇടപഴകുക എന്നതാണ് ഇതിന്റെ വിവക്ഷ. ഗുണകാംക്ഷയില്ലാത്ത ജീവിതം ആക്ഷേപാര്‍ഹവും ഖേദകരവുമാകുമെന്നതിനാല്‍ തന്നെ യഥാര്‍ഥ മുസ്‌ലിമിന്റെ ജീവിത പങ്കാളിയാണിതെന്നതില്‍ സംശയമില്ല.  

അല്ലാഹു പറയുന്നു: ”പുണ്യത്തിലും ധര്‍മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു”(ക്വുര്‍ആന്‍ 5:2).

‘അബൂഹുറയ്‌റ(റ)വില്‍നിന്ന് നിവേദനം; നബി ﷺ  പറഞ്ഞു: ”ഒരാള്‍ ഒരു നല്ല മാര്‍ഗത്തിലേക്ക് ക്ഷണിച്ചാല്‍ അയാളെ പിന്തുടരുന്നവര്‍ക്ക് ലഭിക്കുന്നതിന് തുല്യമായ പ്രതിഫലം ആ ക്ഷണിച്ചയാള്‍ക്കും ലഭിക്കുന്നതാണ്. അവരുടെ പ്രതിഫലത്തിന് ഒരു കോട്ടവും തട്ടാതെ തന്നെ. ഒരാള്‍ ഒരു തെറ്റിലേക്ക് ക്ഷണിച്ചാല്‍ അയാളെ പിന്തുടരുന്നവരുടെതിനു തുല്യമായ ഒരു കുറ്റം അയാള്‍ക്കുമുണ്ട്. അവരുടെ കുറ്റത്തില്‍ നിന്നൊന്നും കുറയാതെ തന്നെ” (മുസ്‌ലിം).

ഇസ്‌ലാം ഈ സ്വഭാവഗുണത്തിന് നല്‍കിയ സ്ഥാനം എത്രമേല്‍ വലുതാണെന്ന് ബോധ്യമാകാന്‍ പ്രവാചകന്മാരുടെ ജീവിതം തന്നെ മതിയായ തെളിവാണ്.

നൂഹ് നബി(അ) പറഞ്ഞതായി ക്വുര്‍ആന്‍ പറയുന്നു: ”എന്റെ രക്ഷിതാവിന്റെ സന്ദേശങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചുതരികയും നിങ്ങളോട് ആത്മാര്‍ഥമായി ഉപദേശിക്കുകയുമാകുന്നു…” (7:62)

ഹൂദ് നബി(അ) പറഞ്ഞതായി ക്വുര്‍ആന്‍ പറയുന്നു: ”എന്റെ രക്ഷിതാവിന്റെ സന്ദേശങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചുതരുന്നു. ഞാന്‍ നിങ്ങളുടെ വിശ്വസ്തനായ ഗുണകക്ഷിയുമാകുന്നു”(7:68).

സ്വാലിഹ് നബി(അ) പറഞ്ഞതായി ക്വുര്‍ആന്‍ പറയുന്നു: ‘…എന്റെ ജനങ്ങളേ, തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് എന്റെ രക്ഷിതാവിന്റെ സന്ദേശം എത്തിച്ചു തരികയും ആത്മാര്‍ഥമായി ഞാന്‍ നിങ്ങളോട് ഉപദേശിക്കുകയുമുണ്ടായി. പക്ഷേ, സദുപദേശികളെ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ല” (7:79).

ശുഹൈബ് നബി(അ) പറഞ്ഞതായി ക്വുര്‍ആന്‍ പറയുന്നു: ”…എന്റെ ജനങ്ങളെ, തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് എന്റെ രക്ഷിതാവിന്റെ സന്ദേശം എത്തിച്ചു തരികയും ആത്മാര്‍ഥമായി ഞാന്‍ നിങ്ങളോട് ഉപദേശിക്കുകയുമുണ്ടായി…”(7:93).

നബി ﷺ  ഗുണകാംക്ഷ എന്ന നന്മക്ക് പ്രാമുഖ്യം നല്‍കിയതിന് സ്വഹാബത്ത് കൊടുത്ത അംഗീകാരം ശ്രദ്ധേയമാണ്.

ജാബിര്‍ ഇബ്‌നു അബ്ദുല്ല(റ)യില്‍ നിന്ന്; നബി ﷺ  പറഞ്ഞു: ”എന്നെക്കുറിച്ച് (നാളെ) ചോദിക്കപ്പെടുമ്പോള്‍ നിങ്ങള്‍ എന്ത് (മറുപടി) പറയും?” അവര്‍ പറഞ്ഞു: ”അങ്ങ്(അല്ലാഹുവിന്റെ) സന്ദേശം എത്തിച്ചുതന്നു. (ഉത്തരവാദിത്തം) നിറവേറ്റി. (സമുദായത്തിന്) ആവശ്യമായ ഗുണകാംക്ഷ നല്‍കി.” അപ്പോള്‍ അവിടുന്ന് ചൂണ്ടുവിരല്‍ ആകാശത്തേക്ക് ഉയര്‍ത്തുകയും ജനങ്ങളിലേക്ക് താഴ്ത്തി ചൂണ്ടുകയും ചെയ്തു കൊണ്ട് മൂന്ന് തവണ ‘അല്ലാഹുവേ, നീ ഇതിന് സാക്ഷിയാണ്’ എന്ന് പറഞ്ഞു” (മുസ്‌ലിം).

പ്രവാചകന്മാരുടെ ജീവിതത്തിലെ സവിശേഷതയായി അല്ലാഹു എടുത്തു പറഞ്ഞ ഈ കാര്യത്തില്‍ സ്വഹാബത്തിന്റെ നിലപാടും ഏറെ മാതൃകാപരമാണ്.

ജരീര്‍(റ)വില്‍ നിന്ന് നിവേദനം: ”ഞാന്‍ നമസ്‌കാരം നിലനിര്‍ത്താമെന്നും സകാത്ത് നല്‍കാമെന്നും എല്ലാ മുസ്‌ലിംകളോടും ഗുണകാംക്ഷ കാണിക്കാമെന്നും നബി ﷺ യോട് ഞാന്‍ കരാര്‍ ചെയ്തിട്ടുണ്ട്”(മുസ്‌ലിം).

ഗുണകാംക്ഷയെ സംബന്ധിച്ചുള്ള ഇസ്‌ലാമിന്റെ പൊതു നിര്‍ദേശം ഇതാണ്: തമീമുദ്ദാരി(റ)യില്‍ നിന്ന് നിവേദനം; നബി ﷺ  പറഞ്ഞു: ”മതം ഗുണകാംക്ഷയാണ്.” ഞങ്ങള്‍ ചോദിച്ചു: ”ആരോട്?” നബി ﷺ  പറഞ്ഞു: ”അല്ലാഹുവിനോടും അവന്റെ ഗ്രന്ഥത്തോടും അവന്റെ ദൂതനോടും മുസ്‌ലിം നേതാക്കളോടും അവരിലെ പൊതുജനങ്ങളോടും”(മുസ്‌ലിം).  

ഇമാം മുസ്‌ലിം ഈ ഹദീഥിന് നല്‍കിയ വിശദീകരണം ശ്രദ്ധേയമാണ്. അദേഹം പറയുന്നു:

 ”അല്ലാഹുവിനോടുള്ള ഗുണകാംക്ഷ എന്നാല്‍ അല്ലാഹുവില്‍ വിശ്വസിച്ച്, ശിര്‍ക്കിനെ വെടിഞ്ഞ്, അവന്റെ വിശേഷണങ്ങളെ ദുര്‍വ്യാഖ്യാനിക്കാതെ, സകല ന്യൂനതകളില്‍ നിന്നും അല്ലാഹുവിനെ പരിശുദ്ധപ്പെടുത്തലും അവനെ അനുസരിച്ചും ധിക്കരിക്കുന്നതിനെ തടഞ്ഞും അവന്റെ മാര്‍ഗത്തെ പിന്‍പറ്റുന്നവരെ ഇഷ്ടപ്പെട്ടും എതിര്‍ക്കുന്നവരെ വെറുത്തും അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിച്ചും കഴിയുക എന്നതാണ്.

ക്വുര്‍ആനിനോടുള്ള ഗുണകാംക്ഷ എന്നാല്‍ അത് അല്ലാഹുവിന്റെ സംസാരവും അവനില്‍ നിന്ന് ഇറങ്ങിയതും സൃഷ്ടികളില്‍ ആര്‍ക്കും അത് പോലുള്ള ഒന്ന് കൊണ്ടുവരിക സാധ്യമല്ലെന്ന് വിശ്വസിക്കലുമാണ്. ക്വുര്‍ആനിനെ മഹത്ത്വപ്പെടുത്തി, അതിന്റെ പാരായണത്തെ നന്നാക്കി, ഭയഭക്തിയോടെ പഠിച്ചും പഠിപ്പിച്ചും അതില്‍ പറഞ്ഞ മതവിധികള്‍ക്ക് കീഴ്‌പ്പെട്ടും അതിനെ ദുര്‍വ്യാഖ്യാനിക്കുന്നതും എതിര്‍ക്കുന്നതും തടഞ്ഞ് അതിലുള്ളതിനെ പരിപൂര്‍ണമായും സത്യപ്പെടുത്തി നിലകൊള്ളുക എന്നതാണ്.

പ്രവാചകനോടുള്ള ഗുണകാംക്ഷ എന്നാല്‍ പ്രവാചക സന്ദേശത്തെ സത്യപ്പെടുത്തലും അതിന് ആദരവും ബഹുമാനവും സഹായവും നല്‍കി അവിടുന്ന് കല്‍പിച്ചതിലും വിരോധിച്ചതിലും വിശ്വാസവും അനുസരണവും കാണിച്ച്, നബിചര്യയെ ജീവിപ്പിച്ചും വ്യാപിപ്പിച്ചും അതിന് നേരെയുള്ള ആക്ഷേപങ്ങളെ ഖണ്ഡിച്ചും അതിനെ പഠിക്കുന്നതിലും പഠിപ്പിക്കുന്നതിലും മര്യാദ കാണിച്ചും അതിന്റെ അനുയായികളെ സ്‌നേഹിച്ചും പുത്തനാചാരക്കാരില്‍ നിന്ന് അകന്നും ജീവിക്കുക എന്നതാണ്.

മുസ്‌ലിം നേതാക്കളോടുള്ള ഗുണകാംക്ഷ എന്നാല്‍ ‘സത്യ’ത്തിനായി അവരെ സഹായിക്കലും അനുസരിക്കലും അത് കൊണ്ട് കല്‍പിക്കലുമാണ്. ബാധ്യതാ നിര്‍വഹണത്തില്‍ അവര്‍ അശ്രദ്ധരായാല്‍ അവരെ ഉണര്‍ത്തുന്നേടത്ത് അനുകമ്പയും മൃദുലതയും കൈക്കൊണ്ട്, അവര്‍ക്കെതിരെ തിരിയാതെ അവരെ അനുസരിക്കുന്നതിലേക്ക് ജനമനസ്സുകളെ ഇണക്കലുമാണ്.

പൊതുജനത്തോടുള്ള ഗുണകാംക്ഷ എന്നാല്‍ ഇരുലോകത്തും നന്മയാകുന്ന കാര്യങ്ങളിലേക്ക് അവരെ വഴിനടത്തുക, പ്രയാസങ്ങള്‍ നീക്കുക, മത വിഷയങ്ങളില്‍ അറിയാത്തത് പഠിപ്പിക്കുക, ന്യൂനതകള്‍ മറച്ചുവെക്കുക, ആത്മാര്‍ഥതയോടും സൗഹൃദത്തോടെയും നന്മ കല്‍പിക്കുക, തിന്മ വിരോധിക്കുക, അസൂയയും ചതിയും വെടിഞ്ഞ് അവരിലെ വലിയവരെ ബഹുമാനിക്കുക, ചെറിയവരോട് കരുണ കാണിക്കുക, അവരുടെ അഭിമാനത്തിന് ക്ഷതമേല്‍പിക്കാതെ സ്വന്തത്തിന് ഇഷ്ടപ്പെടുന്ന നന്മ അവര്‍ക്കും ആഗ്രഹിച്ച് പെരുമാറുക എന്നതാണ്” (ശര്‍ഹു മുസ്‌ലിം, ഇമാം നവവി, വാള്യം1, പേജ് 249,250).

ഇസ്‌ലാം മുന്‍ഗണന നല്‍കി പഠിപ്പിച്ച ഈ സദ്ഗുണത്തെ ഇപ്രകാരം കാത്ത് സൂക്ഷിക്കാന്‍ കഴിയുക എന്നതിലാണ് യഥാര്‍ഥ വിജയം സാധ്യമാവുക.

ഏത് രംഗത്തും ആരോടുള്ള പെരുമാറ്റത്തിലും ഗുണകാംക്ഷ വെച്ചുപുലര്‍ത്താന്‍ വിശ്വാസികള്‍ക്ക് കഴിയേണ്ടതുണ്ട്. അസൂയയും അഹന്തയും സ്വാര്‍ഥതയുമില്ലാത്ത, മാനസിക വിശുദ്ധിയുള്ളവര്‍ക്കേ മറ്റുള്ളവര്‍ നന്നാകണമെന്ന ആത്മാര്‍ഥമായ ആഗ്രഹമുണ്ടാകൂ. ജീവിതവിശുദ്ധി കാത്തുസൂക്ഷിക്കുന്നവരുടെ ഉപദേശങ്ങള്‍ക്കേ സമൂഹത്തില്‍ മാറ്റമുണ്ടാക്കാന്‍ സാധിക്കുകയുള്ളൂ.

 

മൂസ സ്വലാഹി, കാര
നേർപഥം വാരിക