ഹദീസ് 29

“മയ്യിത്തിനെ മൂന്ന് കാര്യങ്ങൾ പിന്തുടരും, അതിൽ രണ്ടെണ്ണം മടങ്ങുകയും ഒന്ന് മയ്യിത്തിന്റെ കൂടെ അവശേഷിക്കുകയും ചെയ്യും. അവന്റെ കുടുംബവും, സമ്പത്തും അവന്റെ കർമങ്ങ ളും അവനെ പിന്തുടരും, അനന്തരം കുടുംബവും, സമ്പത്തും മടങ്ങുകയും അവന്റെ കർമം (മാത്രം) അവശേഷിക്കുകയും ചെയ്യും.” (ബുഖാരി, മുസ്ലിം)
ഹദീസ് റിപ്പോർട്ട് ചെയ്തത്: അനസു ബ്നു മാലിക് അൽ അൻസ്വാരി അജ്ജാരി. മരണം ഹിജ്റ: 92
– ഒരാൾ മരിച്ചാൽ അവന്റെ ക്വബ്റിനടുത്തേക്ക് മൂന്ന് കാര്യങ്ങൾ അനുഗമിക്കും, അവന്റെ മക്കളും, ബന്ധുക്കളുമടങ്ങിയ കുടുംബം, അവൻ നേടിയെടുത്ത സമ്പാദ്യങ്ങൾ, നൻമയും തിൻമയുമായിട്ട് അവൻ ചെയ്ത് കൂട്ടിയ പ്രവർത്തനങ്ങൾ. കുടുംബവും, സമ്പത്തും മടങ്ങിപ്പോകും, അവന്റെ കൂടെ അവന്റെ കർമങ്ങൾ മാത്രം അവശേഷിക്കും. – അവന്റെ സമ്പത്ത് പിന്തുടരും എന്നതിനർത്ഥം അവന്റെ അടിമകൾ, വാഹനം പോലെയുള്ള അവന്റെ സമ്പാദ്യങ്ങളിൽ പെട്ടവ അവനെ അനുഗമിക്കും എന്നാണ്. അല്ലെങ്കിൽ അവന്റെ ബാധ്യതകൾ തീർക്കാനുള്ള സമ്പത്തും ഇതിൽഉൾപ്പെടാം.
– ഇതൊരു ഓർമപ്പെടുത്തലാണ്, ഈ ലോകത്ത് നാം കഠിനാദ്ധ്വാനം ചെയ്ത് നേടിയെടുക്കുന്ന ഭൗതിക കാര്യങ്ങൾ മരണത്തോടെ നമുക്ക് നഷ്ടപ്പെടും, എന്നാൽ നാം ജീവിതത്തി ൽ ചെയ്യുന്ന നല്ല കാര്യങ്ങൾ മരണ ശേഷവും നമ്മോടൊപ്പ മായിരിക്കും.
– നമ്മോടൊപ്പം കർമങ്ങൾ മാത്രമാണുണ്ടാവുക എന്ന അറിയിപ്പിലൂടെ നാം മനസ്സിലാക്കേണ്ടത് നമ്മൾക്ക് ബർസഖീ ലോകത്തും പരലോകത്തും ഉപകാരപ്പെടുന്ന കർമങ്ങൾ നമ്മുടെ അടുത്ത് വേണമെന്നതാണ്. സകല കർമങ്ങളും നമുക്ക് ഉപകരിക്കില്ല, സൽകർമങ്ങൾ മാത്രമേ അവിടെ ഉപ കാരപ്രദമാവുകയുള്ളൂ.
– അപ്പോൾ ശാശ്വതമായൊരു ലോകത്തിന് വേണ്ടി നമ്മൾ അധ്വാനിച്ചുണ്ടാക്കിയ പല ഭൗതിക കാര്യങ്ങളും ഉപകരിക്കില്ല എന്നത് വലിയൊരു ചിന്ത നമ്മളിലുണ്ടാക്കേണ്ടതാണ്, നമ്മുടെ ജീവിതത്തിന്റെ ഭൂരിഭാഗം സമയവും നാം ചില വഴിക്കുന്നത് കുടുംബത്തിനും, സമ്പത്തിനും വേണ്ടിയാണ്. പാരത്രിക ജീവിതത്തിൽ ഉപകരിക്കാനുള്ള നൻമകൾ നേടിയെടുക്കാനുള്ള സമയം കണ്ടെത്തൽ നമ്മുടെ ജീവിതത്തിൽ വളരെ കുറവാണ് എന്ന് മനസ്സിലാക്കാൻ നമുക്കാവണം.
– ആയതിനാൽ നൻമകൾക്കുള്ള പരിശ്രമങ്ങൾ നാം നന്നായി നടത്തണം. കുടംബത്തിനും സമ്പത്തിനും വേണ്ടി നാം നടത്തുന്ന പ്രയത്നങ്ങൾ പോലും നൻമകളാക്കി മാറ്റാൻ നമുക്ക് സാധിച്ചാൽ പാരത്രിക ജീവിതം ധന്യമാക്കാൻ നമുക്കാവും.
– “നീ ദുൻയാവിൽ താമസിക്കുതിനനുസരിച്ച് അതിന് വേണ്ടി പ്രവർത്തിക്കുക, അത് പോലെ പരലോകത്തിൽ നീ താമസിക്കുതിനനുസരിച്ച് അതിന് വേണ്ടിയും പ്രവർത്തിക്കുക’ എന്ന് നമ്മുടെ പൂർവികർ പറയാറുണ്ടായിരുന്നു. ഇഹലോകം നശ്വരവും പരലോകം ശാശ്വതവുമാണ് എന്ന ഓർമപ്പെടുത്തലാണ് അതിലുള്ളത്.