
വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം
പാഠം : പത്തൊൻപത്
വിജ്ഞാനത്തിന്റെ വ്യാപാരികളാവുക ! اتخذوا العلم تجارة
ഇബ്നുൽ ക്വയ്യിം(റ) തന്റെ مفتاح دار السعادة എന്ന ഗ്രന്ഥത്തിൽ ഒരു സംഭവം ഉദ്ധരിക്കുന്നുണ്ട്.
കുറച്ച് വ്യാപാരികളുടെ കൂടെ ഒരു പണ്ഡിതൻ ഒരു യാത്ര പോയി. ചെറിയ കപ്പലിലാണ് യാത്ര. യാത്രാമധ്യേ കപ്പൽ തകർന്ന് അവരുടെ ചരക്കുകൾ മുഴുവനും നഷ്ടമായി. സമ്പന്നതയുടെ ഐശ്വര്യത്തിൽ നിന്ന് ദാരിദ്രത്തിന്റെ പടുകുഴിയിലേക്കവർ വീണു .അവർ രക്ഷപ്പെട്ടു ലക്ഷ്യ സ്ഥാനത്തെത്തി. അപ്പോൾ പണ്ഡിതന്റെ അടുക്കലേക്ക് നാട്ടുകാർ ഒരുമിച്ചു കൂടി. അവർ അദ്ദേഹത്തെ മാന്യമായി ആദരിച്ചു. അവർ തിരിച്ചു പോരാൻ നേരത്ത് അവർ ചോദിച്ചു: നിങ്ങൾക്ക് വല്ല ഗ്രന്ഥമോ മറ്റു ആവശ്യങ്ങളോ ഉണ്ടോ? അദ്ദേഹം പറഞ്ഞു: ഒരാവശ്യമുണ്ട്. നിങ്ങൾ അവരോട് പറയണം :
إذا اتخذتم مالا فاتخذوا مالا لا يغرق إذا انكسرت السفينة . നിങ്ങൾ ധനം സ്വീകരിക്കുമ്പോൾ കപ്പൽ തകർന്നാലും മുങ്ങിപ്പോവാത്ത ധനം സ്വീകരിക്കണം. ജ്ഞാനത്തെ നിങ്ങൾ കച്ചവടമായി സ്വീകരിക്കുക.
(ഉദ്ധരണി :روائع القصص الإسلامي.د/عمر سليمان الأشقر പേജ് : 11 )
സമകാലിക സാഹചര്യത്തിൽ ഏറെ പ്രസക്തി തോന്നിയതു കൊണ്ടാണ് ഇതിവിടെ ഉദ്ധരിച്ചത്. ജ്ഞാനത്തിന്റെ വ്യാപാരം ഒരു കാലത്തും നിൽക്കുന്നില്ല. ജ്ഞാനികളെ ഏതു കാലത്തും ആളുകൾക്കാവശ്യമുണ്ട്. ഭൗതിക സമ്പത്ത് നശിച്ചാലും ജ്ഞാനത്തിന്റെ സമ്പത്ത് നശിക്കുന്നില്ലല്ലോ. ആ കപ്പലിലെ കച്ചവടക്കാരെ നോക്കൂ, അവർ ചരക്കുമായി കപ്പലിൽ കയറി. പക്ഷേ ആ ചരക്കുകൾ നശിച്ചു. അവർ ലക്ഷ്യത്തിലെത്തിയപ്പോൾ ആ നാട്ടുകാർക്ക് ഇനി കച്ചവടക്കാരെ ആവശ്യമില്ല.കാരണം അവരുടെ കയ്യിൽ ചരക്കില്ലല്ലോ. അതേസമയത്ത്, പണ്ഡിതനാവട്ടെ അയാളുടെ വിജ്ഞാനമെന്ന ചരക്ക് നഷ്ടമായിട്ടില്ല. അത് നാട്ടുകാർക്കാവശ്യമുണ്ട്. അതുകൊണ്ട് എല്ലാവരും അയാളെ സമീപിക്കുന്നു. തന്റെ വിജ്ഞാനം അയാൾ വ്യാപാരം നടത്തുന്നു. മടങ്ങുന്ന നേരത്തും അദ്ദേഹത്തിന് ആദരവ് കിട്ടുന്നു!
വിജ്ഞാന വ്യാപാരം എപ്പോഴും നടന്നുകൊണ്ടിരിക്കുന്നുണ്ട്. ലോക് ഡൗൺ കാലത്ത് ഒട്ടുമിക്ക വ്യാപാരങ്ങളും നിലച്ചു. പക്ഷേ, വിജ്ഞാനികൾ തങ്ങളുടെ വിജ്ഞാനങ്ങൾ രാപ്പകൽ വ്യത്യാസമന്യേ ആളുകൾക്ക് നൽകി കൊണ്ടിരിക്കുന്നു !പ്രത്യേകിച്ചും മതവിജ്ഞാനം നേടിയവർ.കാരണം മതം മനുഷ്യന് ജീവവായുവാണല്ലോ. ഏതു പരീക്ഷണ വേളയിലും മതത്തെ കൈവെടിയാനാവില്ല. അതുകൊണ്ടു തന്നെ
മതവിജ്ഞാനം നേടുന്നതിന് മതം വമ്പിച്ച പ്രാധാന്യമാണ് നൽകിയത്. അതിന്റെ വിശദമായ തെളിവുകൾ ഇവിടെ ഉദ്ധരിക്കാൻ ആഗ്രഹിക്കുന്നില്ല.
قُلۡ هَلۡ یَسۡتَوِی ٱلَّذِینَ یَعۡلَمُونَ وَٱلَّذِینَ لَا یَعۡلَمُونَۗ إِنَّمَا یَتَذَكَّرُ أُو۟لُوا۟ ٱلۡأَلۡبَـٰبِ
[ സുറത്തു സമർ :9] എന്ന ഒരായത്തു മാത്രം മതി ഈ വിഷയത്തിന്റെ പ്രാധാന്യം ഗ്രഹിക്കാൻ. വിജ്ഞാനികളും അല്ലാത്തവരും തുല്യരാണോ എന്നതാണ് ചോദ്യം. അല്ല എന്നതു തന്നെയാണുത്തരം. ഏതൊക്കെ കാര്യത്തിൽ ? ഒരു കാര്യത്തിലും. പരിശീലനം കിട്ടിയ നായ പിടിച്ചു കൊണ്ടുവന്ന ഇരയെ നമുക്കു ഭക്ഷിക്കാം. അല്ലാത്ത നായയാണെങ്കിൽ പാടില്ല. രണ്ടും നായയാണ്. പക്ഷേ എന്താണു വ്യത്യാസം ? ഒന്ന് പഠിച്ച നായയാണ്. മറ്റേത് അതല്ല!
ആരാധനകൾ ചെയ്താൽ പോരേ, വിജ്ഞാനം കൂടുതൽ നേടേണ്ടതുണ്ടോ എന്ന് സന്ദേഹിക്കുന്നവരുണ്ടാവും. അബൂഹുറൈറ (റ) പറഞ്ഞ ഒരു കാര്യം ഇവിടെ ശ്രദ്ധേയമാണ്.
الفقيه أشد على الشيطان من ألف عابد
(مفتاح دار السعادة ١/٢٦٧)
“ആരാധനയിൽ മാത്രം മുഴുകിയ ആയിരം പേരേക്കാൾ (ആബിദ് )മതം പഠിച്ച ഒരാളാണ് പിശാചിന് പ്രയാസമുണ്ടാക്കുക. “
മതത്തിന്റെ പേരിൽ തട്ടിപ്പുകൾ നടത്തുന്ന വ്യാജന്മാരല്ല ഇവിടെ ഉദ്ദേശ്യം എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ശേഷം, ഇബ്നുൽ ക്വയ്യിം(റ) ഒരു സംഭവം ഉദ്ധരിക്കുന്നുണ്ട്. ഒരു ആബിദിന്റെ അടുക്കൽ ചെന്ന് ചിലർ ചോദിച്ചു: നിന്റെ റബ്ബിന് അവനെപ്പോലെ മറ്റൊരു റബ്ബിനെ സൃഷ്ടിക്കാൻ സാധിക്കുമോ? അയാൾ പറഞ്ഞു. : എനിക്കറിയില്ല. ഇതേ ചോദ്യം ഒരു ആലിമിനോട് ചോദിക്കപ്പെട്ടു: അദ്ദേഹം പറഞ്ഞു: ഇത് അസംഭവ്യമാണ്. തന്നെപ്പോലെ ഒന്നിനെ അവനുണ്ടാക്കിയാൽ തന്നെ അത് അവനെപ്പോലെ ആവില്ല.കാരണം ഉണ്ടാക്കപ്പെട്ടത് സൃഷ്ടിയാണ്. സൃഷ്ടികൾ അവന്റെ അടിമയാണ് ! “
നോക്കൂ! വിജ്ഞാനമില്ലാത്തവന്റെ വിശ്വാസം വിനഷ്ടമാവാൻ ഒരു നിമിഷം മതി. അവൻ എത്ര വലിയ ആബിദാണെങ്കിലും ശരി !
വിജ്ഞാനികൾക്കാണ് ഏറ്റവും കൂടുതൽ ആയുസ്സുള്ളത്! കാരണം അവർ മരിച്ചാലും അവരുടെ വിജ്ഞാനം മരിക്കുന്നില്ല. നൂറ്റാണ്ടുകളോളം അതിവിടെ ജീവിക്കും.
ونحن نموت ونفنى والعلماء باقون الدهر
“നമ്മൾ മരിക്കും, നശിക്കും, പക്ഷേ പണ്ഡിതന്മാർ യുഗങ്ങളോളം അവശേഷിക്കും “
എന്ന് ഹാറൂൺ റഷീദ് പറഞ്ഞത് ആ അർഥത്തിലാണ്.
ഇബ്നു ഉമർ (റ) ന്റെ വിജ്ഞാന സദസ്സ് കണ്ടപ്പോൾ മുആവിയ(റ) തന്റെ മകൻ കറളയോട് പറഞ്ഞത് : ഇതാണ് നമ്മുടെ അഭിമാനം എന്നാണ്.
മക്കൾ മതം പഠിച്ചവരാണെങ്കിൽ മാതാപിതാക്കൾക്കുണ്ടാവുന്ന കുളിർമ അനിർവചനീയമാണ്. ലോക് ഡൗൺ കാലത്ത് പല രക്ഷിതാക്കളും അതനുഭവിച്ചിട്ടുണ്ടാവും. വീട്ടിൽ എല്ലാവർക്കും ഇമാമായി തന്റെ മകൻ നിൽക്കുന്നു !
അതാണ് അല്ലാഹു പറഞ്ഞقرة أعين . വിശ്വസികളുടെ പ്രാർത്ഥന ഇങ്ങനെയാണല്ലോ.
وَٱلَّذِینَ یَقُولُونَ رَبَّنَا هَبۡ لَنَا مِنۡ أَزۡوَ ٰجِنَا وَذُرِّیَّـٰتِنَا قُرَّةَ أَعۡیُنࣲ وَٱجۡعَلۡنَا لِلۡمُتَّقِینَ إِمَامًا (٧٤ ഫുർഖാൻ )
ഇത് വിശദീകരിച്ച് ഉസൈമീൻ (റ) പറയുന്നു:
بأن نراهم مطيعين لك
നിന്നെ അനുസരിക്കുന്നവരായി ഞങ്ങൾ അവരെ കാണുമ്പോഴുണ്ടാവുന്ന കൺകുളിർമ .
സ്വർഗത്തെ കുറിച്ച് സൂചിപ്പിച്ചേടത്താണ് ഈ പദം ക്വുർആനിൽ മറ്റൊരു ആയത്തിൽ വന്നത് ( സജദ: 17) എന്നത് ഏറെ ശ്രദ്ധേയമാണ്.
ഇപ്പോൾ ഇതു പറയാൻ കാരണം മറ്റൊന്നു കൂടിയുണ്ട്.നമ്മുടെ മക്കളുടെ പുതിയ അധ്യായന വർഷം ആരംഭിക്കാനിരിക്കുന്നു. ഏതു തിരഞ്ഞെടുക്കണമെന്ന് നാം തീരുമാനിക്കേണ്ട വേളയാണിത്.
മക്കളെ മതം പഠിപ്പിച്ചാൽ നഷ്ടപ്പെടാൻ ഒന്നുമില്ല. ലാഭം ഏതു കാലത്തും ലഭിച്ചു കൊണ്ടിരിക്കും. വീട്ടിലിരിക്കുമ്പോഴും വിജ്ഞാന വ്യാപാരം നടന്നുകൊണ്ടിരിക്കും.
അതിനാൽ നാം വിജ്ഞാനത്തിന്റെ വ്യാപാരികളാവുക. മക്കളും അതിൽ ഷയർ ചേരട്ടെ.