നന്മ മൊഴിയാം ഇല്ലെങ്കിൽ മൗനിയാവാം-അബ്ദുൽ മാലിക് സലഫി

വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം

പാഠം : ഇരുപത്

നന്മ മൊഴിയാം ഇല്ലെങ്കിൽ മൗനിയാവാം فَلْيَقُلْ خَيْرًا أَوْ لِيَصْمُتْ

വാക്കുകളുടെ ശക്തി അപാരമാണ്. കണ്ണീരു വരുത്താനും കണ്ണീരു വറ്റിക്കാനും വാക്കുകൾക്കാവും. അതുകൊണ്ടു തന്നെ വാക്കുകൾ വളരെ ശ്രദ്ധിച്ചു മാത്രമേ ഉപയോഗിക്കാവൂ എന്നതാണ് മതത്തിന്റെ നിർദേശം.
ഒരു വാക്കു കൊണ്ട് ഒരാൾ വിശ്വാസിയാവാം. അപ്രകാരം തന്നെ അവിശ്വാസിയുമാവാം ! മനുഷ്യന്റെ എല്ലാ വാക്കുകളും രേഖപ്പെടുത്താൻ അല്ലാഹു സംവിധാനമൊരുക്കിയിട്ടുണ്ട്.
 (مَّا یَلۡفِظُ مِن قَوۡلٍ إِلَّا لَدَیۡهِ رَقِیبٌ عَتِیدࣱ)
“അവന് ഏതൊരു വാക്ക് ഉച്ചരിക്കുമ്പോഴും അവന്റെ അടുത്ത് തയ്യാറായി നില്ക്കുന്ന നിരീക്ഷകന് ഉണ്ടാവാതിരിക്കുകയില്ല”
[സൂറ: ഖാഫ് :18]

കോടാനുകോടി മനുഷ്യർ ! കോടാനുകോടി വാക്കുകൾ ! എല്ലാം രേഖയാക്കപ്പെടുന്നു ! മനുഷ്യർക്ക് അസാധ്യം!
റബ്ബിനു നസ്സാരം!
ഇന്നു നാം സംസാരിച്ചതുപോലും നമുക്ക് ഓർമയുണ്ടാവണമെന്നില്ല!
ഇബ്നു അബ്ബാസ് (റ) പറയുന്നു:
: يَكْتُبُ كُلَّ مَا تَكَلَّمَ بِهِ مِنْ خَيْرٍ أَوْ شَرٍّ، حَتَّى إِنَّهُ لَيَكْتُبُ قَوْلَهُ: “أَكَلْتُ، شَرِبْتُ، ذَهَبْتُ، جِئْتُ، رَأَيْتُ”،
“നന്മയായാലും തിന്മയായാലും അവൻ സംസാരിക്കുന്നതു മുഴുവൻ രേഖപ്പെടുത്തപ്പെടുന്നു.
ഞാൻ തിന്നു ,കുടിച്ചു , പോയി , വന്നു, കണ്ടു എന്നീ വാക്കുകൾ
വരെ ” (ഇബ്നു കഥീർ)
ഒന്നും ഒഴിവാക്കപ്പെടുന്നില്ല എന്നു സാരം.
അതിനാൽ വാക്കുകളിൽ തികഞ്ഞ ജാഗ്രത അനിവാര്യമാണ്. ഗൗരവം ഗ്രഹിക്കാതെ പ്രയോഗിക്കപ്പെടുന്ന ചില വാക്കുകളുടെ അനന്തരഫലം അനിർവചനീയമാണ്.
ഒരു ഹദീസ് കാണുക.
” إِنَّ الْعَبْدَ لَيَتَكَلَّمُ بِالْكَلِمَةِ مِنْ رِضْوَانِ اللَّهِ لَا يُلْقِي لَهَا بَالًا يَرْفَعُهُ اللَّهُ بِهَا دَرَجَاتٍ، وَإِنَّ الْعَبْدَ لَيَتَكَلَّمُ بِالْكَلِمَةِ مِنْ سَخَطِ اللَّهِ لَا يُلْقِي لَهَا بَالًا يَهْوِي بِهَا فِي جَهَنَّمَ “
“ഒരടിമ ഗൗരവത്തിലല്ലാതെ പറഞ്ഞ അല്ലാഹുവിന് തൃപ്തിയുള്ള ഒരു വാക്കു മൂലം അവന്റെ പദവികൾ അവൻ ഉയർത്തും. അപ്രകാരം അല്ലാഹുവിന് കോപമുള്ള ഒരു വാക്കു പറഞ്ഞവനെ അതുമൂലം അവൻ നരകത്തിൽ പതിപ്പിക്കുകയും
ചെയ്യും. “
(ബുഖാരി : 6478)

നിസ്സാരമെന്ന് നാം ധരിക്കുന്ന സംസാരങ്ങൾ കൊണ്ട് സംഭവിക്കുന്ന കാര്യങ്ങളാണ് പ്രവാചകൻ (സ) ഇതിലൂടെ നമ്മെ അറിയിച്ചത്.
എന്നാൽ വിരോധിക്കപ്പെട്ട നിരവധി വാക്കുകൾ നമ്മുടെ സംസാരങ്ങളിൽ നാം അറിയാതെ കടന്നുവരാറുണ്ട്. അത്തരത്തിലുള്ള
ചിലകാര്യങ്ങളാണ് ഇന്ന് നാം പരിശോധിക്കുന്നത്.

“പടച്ചവനും നീയും വിചാരിച്ചാൽ ഇത്
നടക്കും “
ഇത് ആളുകൾ പറയാറുണ്ട്. ഇത് തെറ്റാണ്. പടച്ചവനും പിന്നെ നീയും വിചാരിച്ചാൽ എന്നാണു പറയേണ്ടത്
عَنِ ابْنِ عَبَّاسٍ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ” إِذَا حَلَفَ أَحَدُكُمْ، فَلَا يَقُلْ مَا شَاءَ اللَّهُ وَشِئْتَ، وَلَكِنْ لِيَقُلْ مَا شَاءَ اللَّهُ ثُمَّ شِئْتَ “.
حكم الحديث: حسن صحيح

(ഇബ്നുമാജ : 2117)

“നീ ഉള്ളതു കൊണ്ട് ഇത് ശരിയായി , നീ ഇല്ലെങ്കിൽ ഇത് ശരിയാവില്ല ” തുടങ്ങിയ പ്രയോഗങ്ങളും മുകളിൽ പറഞ്ഞതിനു സമാനമാണ്.

“ഈ കാലം ശരിയല്ല, നശിച്ച കാലം, ദുഷിച്ച സമയം “
തുടങ്ങിയ പ്രയോഗങ്ങളും വെടിയേണ്ടവയാണ്. ഇതൊക്കെ കാലത്തെ ഭത്സിക്കലാണ്. കാലത്തെ നിയന്ത്രിക്കുന്നവൻ അല്ലാഹുവാണ്. നമുക്ക് തിന്മയായി തോന്നുന്നതിൽ നന്മയുണ്ടാവാം. തിരിച്ചും.
عَنْ أَبِي هُرَيْرَةَ ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : ” لَا تَسُبُّوا الدَّهْرَ ؛ فَإِنَّ اللَّهَ هُوَ الدَّهْرُ
(ബുഖാരി : 2246)

“ഉമ്മയാണ് സത്യം, കഅബയാണ് സത്യം , ബദ്രീങ്ങളാണ് സത്യം …..”
ഇതൊക്കെ തെറ്റാണ്. സത്യം ചെയ്യേണ്ടത് അല്ലാഹുവിനെ കൊണ്ട് മാത്രമാണ്.
عَنِ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا قَالَ : قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ” لَا تَحْلِفُوا بِآبَائِكُمْ، وَمَنْ كَانَ حَالِفًا فَلْيَحْلِفْ بِاللَّهِ
(ബുഖാരി : 7401)

“നീ ഒന്നും നന്നാവില്ല , നീ നശിച്ചവനാണ്, നീയൊന്നും ഗുണം പിടിക്കില്ല “
തുടങ്ങിയ പ്രയോഗങ്ങളും വിരോധിക്കപ്പെട്ടവയാണ്. ഇതൊക്കെ ശാപ വാക്കുകളാണ്. വിശ്വാസികൾ ഇത് പ്രയോഗിക്കരുത്.
عَنِ ابْنِ عُمَرَ ، قَالَ : قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ” لَا يَكُونُ الْمُؤْمِنُ لَعَّانًا “.
(തിർമിദി: 2019 )

“നിന്നോട് പടച്ചവൻ പൊറുക്കില്ല, നീ കാഫിറായി മരിക്കും ….” തുടങ്ങിയ വാക്കുകൾ അതി ഗുരുതരമാണ്. പൊറുക്കുന്നവൻ അല്ലാഹുവാണ്. അത് തീരുമാനിക്കാൻ നമ്മളാരാണ്? ചിലപ്പോൾ അവന് പൊറുത്തു കൊടുക്കുകയും പറയുന്നവനെ ശിക്ഷിക്കുകയും ചെയ്തേക്കാം.
عَنْ جُنْدَبٍ ، أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ حَدَّثَ : ” أَنَّ رَجُلًا قَالَ : وَاللَّهِ لَا يَغْفِرُ اللَّهُ لِفُلَانٍ. وَإِنَّ اللَّهَ تَعَالَى قَالَ : مَنْ ذَا الَّذِي يَتَأَلَّى عَلَيَّ أَنْ لَا أَغْفِرَ لِفُلَانٍ ؛ فَإِنِّي قَدْ غَفَرْتُ لِفُلَانٍ، وَأَحْبَطْتُ عَمَلَكَ “
(മുസ്ലിം : 2621 )

“നിന്റെ താടിയില്ലെങ്കിൽ എന്തു ഭംഗിയുണ്ടാവും നിന്നെ കാണാൻ, നിന്റെയൊരു താടി, നിന്റെ മുറിയൻ പാന്റ്, എന്ത് ഹദീസാണിതൊക്കെ?, … “
തുടങ്ങിയ മത പ്രമാണങ്ങളേയും ചിഹ്നങ്ങളേയും പരിഹസിക്കുന്ന വാക്കുകൾ പ്രയോഗിക്കുന്നവരെ കാണാം. ഗുരുതര തിന്മയാണിത്. ഒരു വേള മതത്തിൽ നിന്ന് പുറത്തു പോവാൻ വരെ ഇത്തരം വാക്കുകൾ കാരണമാവും!
അല്ലാഹുവിന്റെ ഈ വാക്കുകൾ ശ്രദ്ധിക്കുക..
(وَلَىِٕن سَأَلۡتَهُمۡ لَیَقُولُنَّ إِنَّمَا كُنَّا نَخُوضُ وَنَلۡعَبُۚ قُلۡ أَبِٱللَّهِ وَءَایَـٰتِهِۦ وَرَسُولِهِۦ كُنتُمۡ تَسۡتَهۡزِءُونَ.
لَا تَعۡتَذِرُوا۟ قَدۡ كَفَرۡتُم بَعۡدَ إِیمَـٰنِكُمۡۚ إِن نَّعۡفُ عَن طَاۤىِٕفَةࣲ مِّنكُمۡ نُعَذِّبۡ طَاۤىِٕفَةَۢ بِأَنَّهُمۡ كَانُوا۟ مُجۡرِمِینَ)

“നീ അവരോട് (അതിനെപ്പറ്റി) ചോദിച്ചാല് അവര് പറയും: ഞങ്ങള് തമാശ പറഞ്ഞു കളിക്കുക മാത്രമായിരുന്നു. പറയുക: അല്ലാഹുവെയും അവന്റെ ദൃഷ്ടാന്തങ്ങളെയും അവന്റെ ദൂതനെയുമാണോ നിങ്ങള് പരിഹസിച്ചു കൊണ്ടിരിക്കുന്നത്‌?
നിങ്ങള് ഒഴികഴിവുകളൊന്നും പറയേണ്ട. വിശ്വസിച്ചതിന് ശേഷം നിങ്ങള് അവിശ്വസിച്ചു കഴിഞ്ഞിരിക്കുന്നു. നിങ്ങളില് ഒരു വിഭാഗത്തിന് നാം മാപ്പുനല്കുകയാണെങ്കില് തന്നെ മറ്റൊരു വിഭാഗത്തിന് അവര് കുറ്റവാളികളായിരുന്നതിനാല് നാം ശിക്ഷ നല്കുന്നതാണ്‌. “
[ തൗബ: 65,66]

ഇവിടെ സൂചിപ്പിച്ചത് ചില കാര്യങ്ങൾ മാത്രം. ഈ വിഷയത്തിൽ മാത്രം നിരവധി ഗ്രന്ഥങ്ങൾ തന്നെ പണ്ഡിതന്മാർ രചിച്ചിട്ടുണ്ട്. അധിക വായനക്ക് അവ ഉപയോഗപ്പെടുത്തുക.
ശൈഖ് ബക്ർ അബൂ സൈദ് രചിച്ച :
معجم المناهى اللفظية
എന്ന ഗ്രന്ഥം നല്ല റഫറൻസാണ്.

ചുരുക്കത്തിൽ, നല്ലത് മൊഴിയുക. ഇല്ലെങ്കിൽ മൗനിയാവുക. നാവു കൊണ്ട് നരകം വാങ്ങാതിരിക്കുക. ഊഹങ്ങൾ, കേട്ടുകേൾവികൾ എന്നിവ പ്രചരിപ്പിക്കാതിരിക്കുക. സോഷ്യൽ മീഡിയയിൽ നാം പറയുന്നതും എഴുതുന്നതും നാം ഫോർവേഡ് ചെയ്യുന്നതും നമ്മുടെ രേഖയിൽ രേഖപ്പെടുത്തപ്പെടുന്നുണ്ട് എന്ന ഉറച്ച ബോധം നമുക്കുണ്ടാവണം. നന്മയാണെങ്കിൽ മാത്രം മിണ്ടുക. അല്ലെങ്കിൽ മിണ്ടാതിരിക്കുക.
الندم على السكوت خير من الندم على القول
“മൗനത്തിൽ ഖേദിക്കുന്നതാണ്
പറഞ്ഞതിൽ ഖേദിക്കുന്നതിനേക്കാൾ നല്ലത് “
എന്ന് വിജ്ഞാനികൾ പറഞ്ഞു വെച്ചിട്ടുണ്ട്.

നബി (സ) യുടെ ഈ വിഷയത്തിലെ വാക്ക് എത്ര സുന്ദരം!
وَمَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ فَلْيَقُلْ خَيْرًا أَوْ لِيَصْمُتْ
“പടച്ചവനിലും പരലോകത്തിലും വിശ്വാസമുള്ളവർ നന്മ മൊഴിയട്ടെ, ഇല്ലെങ്കിൽ മൗനിയാവട്ടെ. “
(ബുഖാരി : 6018 )

1 thought on “നന്മ മൊഴിയാം ഇല്ലെങ്കിൽ മൗനിയാവാം-അബ്ദുൽ മാലിക് സലഫി”

Leave a Comment