കുരങ്ങനും ഡോള്‍ഫിനും

കുരങ്ങനും ഡോള്‍ഫിനും

പണ്ടുപണ്ട് കച്ചവടച്ചരക്കുമായി ഒരു കപ്പല്‍ ദൂരദേശത്തേക്ക് പുറപ്പെട്ടു. കപ്പലിലുണ്ടായിരുന്ന ഒരാള്‍ താന്‍ വളര്‍ത്തുകയായിരുന്ന ഒരു പെണ്‍കുരങ്ങിനെയും തന്റെ യാത്രയില്‍ കൂടെ കൂട്ടിയിരുന്നു. അവര്‍ കടലിന്റെ നടുവിലെത്തിയപ്പോള്‍ ശക്തമായ കൊടുങ്കാറ്റ് ആഞ്ഞടിച്ചു. തിരമാലകള്‍ ഉയര്‍ന്നുപൊങ്ങി. അവരുടെ കപ്പല്‍ തകര്‍ന്നുപോയി. എല്ലാവരും വെള്ളത്തിലേക്ക് വീണു. താന്‍ മുങ്ങിമരിക്കുമെന്ന് കുരങ്ങിന് ഉറപ്പായി. പെട്ടെന്ന് ഒരു ഡോള്‍ഫിന്‍ പ്രത്യക്ഷപ്പെടുകയും കുരങ്ങിനെ ഒരു ദ്വീപിന്റെ തീരത്തെത്തിച്ച് രക്ഷപ്പെടുത്തുകയും ചെയ്തു. തീരത്തെത്തിയപ്പോള്‍ കുരങ്ങിനോട് ഡോള്‍ഫിന്‍ ചോദിച്ചു: 

”നിനക്ക് ഈ സ്ഥലം ഏതെന്ന് അറിയാമോ?”

”അതെ, എനിക്കറിയാം. ഈ കരയിലെ രാജാവ് എന്റെ അടുത്ത സുഹൃത്താണ്. സത്യത്തില്‍ ഞാന്‍ ഞങ്ങളുടെ കൂട്ടത്തിലെ ഒരു രാജ്ഞിയാണെന്ന കാര്യം നിനക്കറിയാമോ?” ഇതായിരുന്നു പൊങ്ങച്ചക്കാരിയായ കുരങ്ങിന്റെ മറുപടി.

ആ കരയില്‍ ഒരാളും ജീവിക്കുന്നില്ലെന്ന് അറിയാവുന്ന ഡോള്‍ഫിന്‍ പറഞ്ഞു: 

”ശരിയാണ്. നിങ്ങള്‍ ഒരു രാജ്ഞിയായിരിക്കാം. വേണമെങ്കില്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ ഈ രാജ്യത്തെ ഒരു രാജാവുമാകാം.”

കുരങ്ങന്‍ ചോദിച്ചു: ”ഞാന്‍ എങ്ങനെയാണ് ഈ രാജ്യത്തെ രാജാവാകുന്നത്?” 

ദൂരത്തേക്ക് നീന്തിക്കൊണ്ട് ഡോള്‍ഫിന്‍ പറഞ്ഞു: ”അത് വളരെ എളുപ്പമാണ്. ഈ കരയിലെ ഒരേയൊരു ജീവിയെന്ന നിലയ്ക്ക് നിങ്ങള്‍ ഇനി മുതല്‍ സ്വാഭാവികമായും ഒരു രാജാവാണ്.”

കൂട്ടുകാരേ! ഒരിക്കലും നുണ പറയരുത്. പൊങ്ങച്ചം കാണിക്കുകയുമരുത്. ഇസ്‌ലാം ഇത് രണ്ടും വിലക്കിയിട്ടുണ്ട്. നുണപറയുന്നവരും പൊങ്ങച്ചം നടിക്കുകയും ചെയ്യുന്നവര്‍ ഒടുവില്‍ വലിയ ആപത്തിലായിരിക്കും ചെന്ന് ചാടുക.

 

റാശിദ ബിന്‍ത് ഉസ്മാന്‍
നേർപഥം വാരിക

Leave a Comment