സ്വാര്‍ഥനായ കുറുക്കനും കൊക്കും

സ്വാര്‍ഥനായ കുറുക്കനും കൊക്കും

മരപ്പൊത്തില്‍ താമസിക്കുകയായിരുന്ന ഒരു കൊക്കിനെ സ്വാര്‍ഥനായ ഒരു കുറുക്കന്‍ ഒരു ദിവസം ഉച്ചഭക്ഷണത്തിനായി തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. അന്ന് കൊക്ക് കുറുക്കന്റെ വീട്ടിലേക്ക് പോകുകയും തന്റെ നീണ്ട കൊക്കുകൊണ്ട് വാതിലില്‍ മുട്ടുകയും ചെയ്തു. കുറുക്കന്‍ വാതില്‍ തുറന്നുകൊണ്ട് പറഞ്ഞു: ”അകത്തേക്ക് വരൂ. നമുക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കാം.”

കൊക്ക് ഭക്ഷണം കഴിക്കുവാനായി ഇരുന്നു. അതിന് നല്ലവണ്ണം വിശക്കുന്നുണ്ടായിരുന്നു. നല്ല സ്വാദിഷ്ഠമായ ഭക്ഷണത്തിന്റെ മണവും വരുന്നു. കുറുക്കന്‍ ഒരു പരന്ന പാത്രത്തില്‍ സൂപ്പ് വിളമ്പി. അവന്‍ വളരെ വേഗത്തില്‍ ഒറ്റവലിക്ക് തന്നെ അത് കുടിച്ചുതീര്‍ത്തു. പാവം കൊക്ക്! പരന്ന പാത്രമായതിനാലും തന്റെ നീളന്‍ കൊക്ക് കാരണത്താലും അതിന് സൂപ്പ് വലിച്ചുകുടിക്കുവാനായില്ല. കൊക്ക് അമളി പറ്റിയത് പുറത്തുകാണിക്കാതെ ചെറുതായി ചിരിച്ചുകൊണ്ട് വിശപ്പു സഹിച്ച് ഇരുന്നു. സ്വാര്‍ഥനായ കുറുക്കന്‍ ചോദിച്ചു: ”നീയെന്താ സൂപ്പ് കഴിക്കാത്തത്? ഇഷ്ടമായില്ലേ?”

കൊക്ക് പറഞ്ഞു: ”എന്നെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ചതിന് വളരെ നന്ദി. നാളെ വൈകുന്നേരം ഭക്ഷണത്തിനായി എന്റെ വീട്ടിലേക്ക് വരൂ.”

അടുത്ത ദിവസം കൊക്കിന്റെ വീട്ടില്‍ കുറുക്കന്‍ പോയി. കൊക്ക് സൂപ്പ് നേരത്തെ തന്നെ തയ്യാറാക്കി വെച്ചിരുന്നു. നീണ്ട ഉയരമുള്ള പാത്രത്തിലായിരുന്നു അത് വിളമ്പിയത്.  കൊക്ക് തന്റെ സൂപ്പ് വളരെ വേഗം കുടിച്ചു. എന്നാല്‍ കുറുക്കന് അത് കുടിക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ വിശന്നു വലന്നുകൊണ്ട് കുറുക്കന് തിരിച്ചുപോകേണ്ടിവന്നു.

കൂട്ടുകാരേ! നാമാരും സ്വാര്‍ഥന്മാരും ചതിയന്മാരുമാകരുത്. അത് ഒടുവില്‍  നമുക്കു തന്നെ വിനയായിത്തീരും.

 

റാശിദ ബിന്‍ത് ഉസ്മാന്‍
നേർപഥം വാരിക

Leave a Comment