നമസ്കാരത്തിൽ ബിസ്മി പതുക്കെ ചൊല്ലല്‍
ഉറക്കെ ഖുര്‍ആന്‍ പാരായണം ചെയ്യുന്ന നമസ്കാരങ്ങളില്‍ ‘ബിസ്മി…’ പതുക്കെ ചൊല്ലുന്നവരും ശബ്ദത്തില്‍ ചൊല്ലുന്നവരുമുണ്ട്. ഈ വിഷയത്തില്‍ ഏതാണ് സുന്നത്ത് എന്ന് നമുക്ക് പരിശോധിക്കാം. നബി (സ) യുടെയും പ്രഗത്ഭരായ സ്വഹാബിമാരുടെയും ചര്യ ഹദീസുകളില്‍ നിന്ന് തന്നെ കാണുക:-
عن أنس (ر) قال: صليت مع رسول الله (ص) ،وأبي بكر،وعمر، وعثمان، فلم أسمع أحد منهم يقرأ بسم الله الرحمن الرحيم
(صحيح مسلم:399)
“അനസ് (റ) നിവേദനം: “ഞാന്‍ അല്ലാഹുവിന്‍റെ റസൂല്‍ (സ), അബൂബക്കര്‍ (റ), ഉമര്‍ (റ), ഉസ്മാന്‍ (റ) എന്നിവരുടെ കൂടെ നമസ്കരിച്ചിട്ടുണ്ട്. അവരില്‍ ആരും തന്നെ ബിസ്മി ഓതുന്നത് ഞാന്‍ കേട്ടിട്ടില്ല.” (മുസ്‌ലിം. ഹദീസ് നമ്പര്‍: 399)
ഇനി ബുഖാരി ഉദ്ധരിച്ച മറ്റൊരു ഹദീസ് കാണുക:-
عن أنس (ر): أن النبيّ (ص) وأبا بكر وعمر رضي الله عنهما، كانوا يفتتحون الصلاة: بالحمدلله رب العالمين
(صحيح البخاري:743)
“അനസ്ബ്നു മാലിക് (റ) നിവേദനം: അബൂബക്കര്‍ (റ)വും ഉമര്‍ (റ) വും (നമസ്കാരത്തില്‍) ഖുര്‍ആന്‍ പാരായണം ‘അല്‍ ഹംദുലില്ലാഹി റബ്ബില്‍ ആലമീന്‍’ കൊണ്ടാണ് ആരംഭിച്ചിരുന്നത്.”
(ബുഖാരി. ഹദീസ് നമ്പര്‍: 743)
മുസ്‌ലിമിന്‍റെ മറ്റൊരു റിപ്പോര്‍ട്ടില്‍ ഇത്ര കൂടിയുണ്ട്:-
لا يذكرون بسم الله الرحمن الرحيم في أول قراءة، ولا في آخرها
“അവര്‍ ആരും തന്നെ ഖുര്‍ആന്‍ പാരായണത്തിന്‍റെ മുമ്പോ ശേഷമോ ബിസ്മി ഓതിയിരുന്നില്ല.” (മുസ്‌ലിം. ഹദീസ് നമ്പര്‍: 399)
നോക്കൂ, എത്ര വ്യക്തമാണ് മേല്‍ ഹദീസുകള്‍! ഇവിടെ നബി (സ) യും അബൂബക്കര്‍ (റ) വും ഉമര്‍ (റ) വും ഉസ്മാന്‍ (റ)വും നമസ്കാരത്തില്‍ ‘ബിസ്മില്ലാഹി റഹ്മാനി റഹീം’ ഓതിയിരുന്നില്ല എന്ന് വ്യക്തമായി തന്നെ പറയുന്നു. അതിനര്‍ത്ഥം അവര്‍ നമസ്കാരത്തില്‍ ‘ബിസ്മി’ തീരെ ഓതിയിരുന്നില്ല എന്നല്ല. മറിച്ച്, അത് പതുക്കെയാണ് ചൊല്ലിയിരുന്നത്. ഇക്കാര്യം ഹദീസുകളില്‍ തന്നെ വ്യക്തമായി പ്രതിപാദിച്ചിട്ടുമുണ്ട്. മാത്രമല്ല, ബിസ്മി ഖുര്‍ആനില്‍ പെട്ടതാണ്. ഖുര്‍ആന്‍ ഓതുമ്പോള്‍ അത് ഓതേണ്ടതാണ്. അതിനാല്‍ നമസ്കാരത്തിലും അത് ഓതേണ്ടതുണ്ട്. പക്ഷേ പതുക്കെയായിരിക്കണം എന്ന് മാത്രം.