ഇദ്‌രീസ് നബി (അ)

ഇദ്‌രീസ് നബി(അ)യെ കുറിച്ച് ക്വുര്‍ആനില്‍ രണ്ട് സ്ഥലങ്ങളിലാണ് പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്:
”വേദഗ്രന്ഥത്തില്‍ ഇദ്‌രീസിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം സത്യവാനും പ്രവാചകനുമായിരുന്നു. അദ്ദേഹത്തെ നാം ഉന്നതമായ സ്ഥാനത്തേക്ക് ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു” (ക്വുര്‍ആന്‍ 19:56,57).
ഇതിനെ സംബന്ധിച്ച് അല്ലാമ സഅദി(റ) ഇപ്രകാരം പറയുന്നു: ”ലോകരില്‍ അദ്ദേഹത്തിന്റെ സ്മരണയെ അല്ലാഹു ഉയര്‍ത്തിയിരിക്കുന്നു. (അല്ലാഹുവിലേക്ക്) സാമീപ്യം ലഭിച്ചവര്‍ക്കിടയിലേക്ക് അദ്ദേഹത്തിന്റെ സ്ഥാനത്തെയും (അല്ലാഹു ഉയര്‍ത്തിയിരിക്കുന്നു). അങ്ങനെ (അദ്ദേഹത്തിന്റെ) സ്മരണയും സ്ഥാനവും ഉയര്‍ന്നതായിരിക്കുന്നു.”
ആദം നബി(അ)ക്ക് ശേഷം നുബുവ്വത്ത് (പ്രവാചകത്വം) ലഭിച്ച പ്രവാചകനാണ് ഇദ്‌രീസ്(അ) എന്ന് അഭിപ്രായപ്പെട്ട പണ്ഡിതന്മാര്‍ ഉണ്ട്. നൂഹ് നബി(അ)യുടെ കാലശേഷം ബനൂഇസ്‌റാഈല്യരിലേക്ക് അയക്കപ്പെട്ട നബിയാണ് അദ്ദേഹം എന്നാതണ് വേറൊരു അഭിപ്രായം. അല്ലാഹുവാണ് ഏറ്റവും അറിയുന്നവന്‍.
ആദ്യമായി പേനകൊണ്ട് എഴുതിയ വ്യക്തി, ആദ്യമായി വസ്ത്രം തുന്നിയ വ്യക്തി എന്നൊക്കെ ഇദ്‌രീസ് നബി(അ)യെക്കുറിച്ച് അഭിപ്രായപ്പെട്ടവരുണ്ട്.
ഇദ്‌രീസ് നബി(അ)യെ പറ്റിയുള്ള ക്വുര്‍ആനിലെ രണ്ടാമത്തെ പരാമര്‍ശം കാണുക:
”ഇസ്മാഈലിനെയും ഇദ്‌രീസിനെയും ദുല്‍കിഫ്‌ലിനെയും (ഓര്‍ക്കുക). അവരെല്ലാം ക്ഷമാശീലരുടെ കൂട്ടത്തിലാകുന്നു. അവരെ നാം നമ്മുടെ കാരുണ്യത്തില്‍ ഉള്‍പെടുത്തുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അവര്‍ സദ്‌വൃത്തരുടെ കൂട്ടത്തിലാകുന്നു” (ക്വുര്‍ആന്‍ 21:85,86).
ഇദ്‌രീസ്(അ) മരിച്ചിട്ടില്ലെന്നും ഈസാ(അ) ഉയര്‍ത്തപ്പെട്ടത് പോലെ അദ്ദേഹവും ഉയര്‍ത്തപ്പെട്ടിരിക്കുകയാണ് എന്ന് പറയുന്നവരുണ്ട്. എന്നാല്‍ അതിനൊന്നും വ്യക്തമായ യാതൊരു രേഖയുമില്ല. .
ഇദ്‌രീസ്(അ) ഉയര്‍ത്തപ്പെട്ടിരിക്കുന്നു എന്ന അഭിപ്രായങ്ങളെ പറ്റി വിവരിച്ചതിന് ശേഷം പണ്ഡിതന്മാര്‍ പറയുന്നു: ”ഈ വിഷയത്തില്‍ സ്വീകാര്യയോഗ്യമായ ഒരു റിപ്പോര്‍ട്ടും സ്ഥിരപ്പെട്ടിട്ടില്ല. അവയെല്ലാം ഇസ്‌റാഈലീ കഥകളാകുന്നു. ഫത്ഹുല്‍ ബാരിയില്‍ പറയുന്നു: മര്‍ഫൂആയ ഒരു വഴിയിലൂടെയും ഇദ്‌രീസ്(അ) ജീവനോടെ ഉയര്‍ത്തപ്പെട്ടിരിക്കുന്നു എന്നത് സ്ഥിരപ്പെട്ടിട്ടില്ല.”
ഇദ്‌രീസ്(അ) നാലാം ആകാശത്ത് വെച്ചാണ് മരണപ്പെട്ടത് എന്നും ചിലരെല്ലാം അഭിപ്രായപ്പെട്ടിട്ടുണ്ട്. അതിനെ പറ്റിയും പണ്ഡിതന്മാര്‍ പറഞ്ഞിട്ടുള്ളത് ഇതെല്ലാം ഇസ്‌റാഈലിയ്യാത്തുകളാകുന്നു എന്നാണ്.
മിഅ്‌റാജിന്‍െര്‍ സമയത്ത് നാലാം ആകാശത്ത് വെച്ച് ഇദ്‌രീസ് നബി(അ)നെ മുഹമ്മദ് നബി ﷺ കാണുകയുണ്ടായി. ഇത് ഇദ്‌രീസ്(അ) ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്നതിന് രേഖയല്ല. കാരണം, മിഅ്‌റാജിന്റെ സമയത്ത് നബി ﷺ ഇദ്‌രീസ്(അ) അടക്കമുള്ള മറ്റു പല നബിമാരെയും കണ്ടിട്ടുണ്ട്. എങ്കില്‍ അവരൊക്കെയും ഇന്ന് ജീവിച്ചിരിക്കുന്നവരാണ് എന്ന് പറയേണ്ടിവരും.
ഹുസൈന്‍ സലഫി
നേർപഥം വാരിക