ആദം നബി (അ) – 02

ആദം നബി (അ) - 02

ആദം നബി (അ) നെ സൃഷ്ടിച്ചതിന് ശേഷം മലക്കുകളോട് അല്ലാഹു ആദമിന് സുജൂദ് ചെയ്യാൻ കൽപിച്ചു. മനുഷ്യർക്ക് മുമ്പ് അല്ലാഹു സൃഷ്ടിച്ചവരാണല്ലോ മലക്കുകളും ജിന്നുകളും. ജിന്നുകളിൽ പെട്ട ഇബ്ലീസ് ഏറെ ഇബാദത്ത് ചെയ്തിരുന്നതിനാൽ അല്ലാഹു മലക്കുകളോട് സുജൂദ് ചെയ്യാൻ കൽപിച്ചപ്പോൾ അവനോടും ആ കൽപന ഉണ്ടായിരുന്നു. എന്നാൽ അവൻ അതിന് തയ്യാറായില്ല. അവൻ അഹങ്കരിച്ച് പിൻമാറി.

“ആദമിനെ നിങ്ങൾ പ്രണമിക്കുക എന്ന് നാം മലക്കുകളോട് പറഞ്ഞ സന്ദർഭം (ശ്രദ്ധിക്കുക). അവർ പ്രണമിച്ചു; ഇബ്ലീസ് ഒഴികെ. അവൻ വിസമ്മതം പ്രകടിപ്പിക്കുകയും അഹംഭാവം നടിക്കുകയും ചെയ്തു. അവൻ സത്യനിഷേധികളിൽ പെട്ടവനായിരുന്നു”(2:34).

ഇബാദത്ത് അല്ലാഹുവന് മാത്രമെ പാടുള്ളൂ. അല്ലാഹു അല്ലാത്ത, ഒരുസൃഷ്ടിക്കും ആരാധനയുടെ യാതൊന്നും അർപ്പിക്കാവതല്ല. എന്നാൽ മലക്കുകൾ ആദമിന് സുജൂദ് ചെയ്തതും ശിർക്കാവില്ലേ എന്നൊരു സംശയം ഉണ്ടാകാം.

സുജൂദ് രണ്ട് രൂപത്തിലുണ്ട്. ഒന്ന് ഇബാദത്തിന്റെ സുജൂദാണ്. മറ്റൊന്ന് മുൻകാല സമൂഹത്തിൽ നിലവിലുണ്ടായിരുന്ന ആദരവിന്റെയും ഉപചാരത്തിന്റെയും സുജൂദാണ്. ഏതാണെങ്കിലും ഈ സമുദായത്തിന് അല്ലാഹുവോ റസൂലോ അനുവദനീയമാക്കിയിട്ടില്ല. മുൻകാല സമുഹത്തിലുണ്ടായിരുന്ന ഈ സമ്പ്രദായമോ അതല്ലാത്തതോ ആയ ഏത് സുജൂദും നമുക്ക് അനുവദനീയമല്ല.

മലക്കുകളോട് ആദം ന് സുജൂദ് ചെയ്യാൻ അല്ലാഹു കൽപിച്ചത് ആദമിനെ ആരാധിക്കുന്നതിന്റെ ഭാഗമായല്ല. മറിച്ച് അത് ഉപചാരത്തിന്റെ ഭാഗമാണ്.

മാത്രവുമല്ല, അല്ലാഹുവിന്റെ കൽപനപ്രകാരം ചെയ്യുന്നതിനാൽ അത് അല്ലാഹുവിനുള്ള ഇബാദത്താണ്.

മുൻകാല സമുദായത്തിൽ ആദരവിന്റെയും ഉപ്ചാരത്തിന്റെയും സുജൂദ് ഉണ്ടായിരുന്നുവെന്ന് പറഞ്ഞുവല്ലോ. അതിന് ഉദാഹരണമാണ് യൂസുഫ് നബി(അ)ന്റെ പതിനൊന്ന് സഹോദരങ്ങൾ പിതാവ് യഅ്കൂബ്(അ)നും മാതാവിനും ചെയ്ത സുജൂദ്.

മുആദ് , ശാമിൽ നിന്ന് വന്നപ്പോൾ നബിയുടെ മുമ്പിൽ സുജൂദ് ചെയ്തു. ഈ സംഭവം ഹദീസ്ഗ്രന്ഥങ്ങളിൽ ഇപ്രകാരം കാണാം. അബ്ദുല്ലാഹിബ്നു അബു ഔഫഃ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: “മുആദ് ശാമിൽ നിന്ന് വന്നപ്പോൾ നബിക്ക് സുജൂദ് ചെയ്തു. നബി ചോദിച്ചു: “മുആദേ എന്താണ് ഇത്?’ അദ്ദേഹം പറഞ്ഞു: “ഞാൻ ശാമിൽ ചെന്നു. അവിടെയുള്ളവർ അവരുടെ ബിഷപ്പുമാർക്കും പോപ്പുമാർക്കും സുജൂദ് ചെയ്യുന്നു. അപ്പോൾ ഞങ്ങൾ അങ്ങേക്ക് അത് ചെയ്യാൻ മനസ്സിൽ കൊതിച്ചു.’ അപ്പോൾ റസൂൽ പറഞ്ഞു: “അങ്ങനെ ചെയ്യരുത്. അല്ലാഹുവല്ലാത്തവർക്ക് സുജൂദ് ചെയ്യുവാൻ ഞാൻ കൽപിക്കുമായിരുന്നുവെങ്കിൽ ഒരു പെണ്ണ് അവളുടെ ഭർത്താവിന്റെ മുമ്പിൽ

സുജൂദ് ചെയ്യുവാൻ കൽപിക്കുമായിരുന്നു” (ഇബ്മാജഃ). ഇതിൽനിന്ന് അല്ലാഹു അല്ലാത്തവരുടെ മുന്നിൽ എല്ലാ രൂപത്തിലുള്ള സുജൂദും വിരോധിക്ക

പ്പെട്ടിട്ടുണ്ടെന്ന് മനസ്സിലാക്കാം. അത് ഒരു വലിയ്യിന്റെ മുമ്പിലായാലും ക്വബ്റിനു മുകളിലായാലും അനുവദനീയമല്ല. അത് ശിർക്കിന്റെ സുജൂദാണ്.

അല്ലാഹുവിന്റെ യാതൊരു കൽപനക്കും അനുസരണക്കേട് കാണിക്കാത്തവരാണല്ലോ മലക്കുകൾ. അല്ലാഹു അവരോട് ആദമിന് സുജൂദ് ചെയ്യാൻ കൽപിച്ച ഉടനെ അവർ അത് നിർവഹിച്ചു. എന്നാൽ ഇബീസ് ആ കൽപനയെ നിരസിക്കുകയായിരുന്നു.

അവൻ ജിന്നുവർഗത്തിൽ പെട്ടതാണല്ലോ. “നാം മലക്കുകളോട് നിങ്ങൾ ആദമിന് പ്രണാമം ചെയ്യുക എന്ന് പറഞ്ഞ സന്ദർഭം (ശ്രദ്ധേയമത്രെ.) അവർ പ്രണാമം ചെയ്തു. ഇബ്ലീസ് ഒഴികെ. അവൻ ജിന്നുകളിൽ പെട്ടവനായിരുന്നു. അങ്ങനെ തന്റെ രക്ഷിതാവിന്റെ കൽപന അവൻ ധിക്കരിച്ചു…” (18:50).

അവനോടും ആദമിനു സുജൂദ് ചെയ്യാൻ അല്ലാഹുകൽപിച്ചിരുന്നുവെന്നാണ് ഈ വചനവും നമ്മെ പഠിപ്പിക്കുന്നത്. പക്ഷേ, അവൻ അതിന് തയ്യാറായില്ല. “അല്ലാഹു പറഞ്ഞു: ഞാൻ നിന്നോട് കൽപിച്ചപ്പോൾ സുജൂദ് ചെയ്യാതിരിക്കാൻ നിനക്കെന്ത് തടസ്സമായിരുന്നു? അവൻ പറഞ്ഞു: ഞാൻ അവനെക്കാൾ (ആദമിനെക്കാൾ ഉത്തമനാകുന്നു. എന്നെ നീ അഗ്നിയിൽ നിന്നാണ് സൃഷ്ടിച്ചത്. അവനെ നീസൃഷ്ടിച്ചത് കളിമണ്ണിൽ നിന്നും” (7:12).

“അവൻ പറഞ്ഞു: നീ കളിമണ്ണിനാൽ സൃഷ്ടിച്ചവന്ന് ഞാൻ സുജൂദ് ചെയ്യുകയോ?’ (17:61).

സൃഷ്ടിപ്പിന്റെ ഭൗതിക സത്തയെ മുൻനിർത്തി അവൻ അഹങ്കരിച്ചു. എന്നാൽ അഹങ്കരിക്കുവാൻ അവനെക്കാൾ അവകാശപ്പെട്ട മലക്കുകളോ? അവർ അല്ലാഹുവിന്റെ കൽപനക്ക് മുൻഗണന നൽകി. ഇബ് ലീസിനെ പോലെ യുക്തിവാദം പറഞ്ഞില്ല. അല്ലാഹുവിന്റെ കൽപനയെ യുക്തിവാദം കൊണ്ട് തള്ളിക്കളഞ്ഞതിന്റെ ഫലമായി ഇഹപരത്തിൽ അവൻ അല്ലാഹുവിന്റെ ശാപത്തിന് വിധേയനായി. ഈ യുക്തിവാദത്തിന് അവനെ പ്രേരിപ്പിച്ച രണ്ട് ദുർഗുണങ്ങളുണ്ടായിരുന്നു അസൂയയും അഹങ്കാരവും.

– “അവൻ (അല്ലാഹു) പറഞ്ഞു: നീ ഇവിടെ നിന്ന്ഇറങ്ങിപ്പോവുക. ഇവിടെ നിനക്ക് അഹങ്കാരം കാണിക്കാൻ പറ്റുകയില്ല. പുറത്ത് കടക്കൂ. തീർച്ചയായും നീ നിന്ദ്യരുടെ കൂട്ടത്തിലാകുന്നു. അവൻ പറഞ്ഞു: മനുഷ്യർ ഉയർത്തെഴുന്നേൽപിക്കപ്പെടുന്ന ദിവസംവരെ എനിക്ക് നീ അവധി നൽകേണമേ. അവൻ (അല്ലാഹു) പറഞ്ഞു: തീർച്ചയായും നീ അവധി നൽകപ്പെട്ടവരുടെ കൂട്ടത്തിൽ തന്നെയാകുന്നു”

(7:13-15).

അന്ത്യനാൾ വരെയുള്ള ആയുസ്സിനാണ് അവൻ അല്ലാഹുവിനോട് ആവശ്യപ്പെട്ടതെങ്കിലും അല്ലാഹു ഒരു നിശ്ചിത അവധിവരെ അവന് ആയുസ്സ് നീട്ടിക്കൊടുത്തു.

– “അല്ലാഹു പറഞ്ഞു: എന്നാൽ ആ നിശ്ചിത സന്ദർഭം വന്നെത്തുന്ന ദിവസം വരെ അവധി നൽകപ്പെടുന്നവരുടെ കൂട്ടത്തിൽ തന്നയാകും നീ’ (15:37,38). ഒന്നാമത്തെ കാഹളമൂത്തിനെ തുടർന്ന് സൃഷ്ടികളെല്ലാം നാശമടയുന്ന ദിവസം വരെ എന്നുദ്ദേശ്യം. അവൻ ചോദിച്ചതാകട്ടെ, രണ്ടാമത്തെ കാഹളമൂത്തിനെ തുടർന്നുണ്ടാകുന്ന പുനരുത്ഥാരണ ദിവസം വരെയും. ഇബ്ലീസിന്റെ മുഴുവൻ അപേക്ഷയും സ്വീകരിക്കപ്പെട്ടില്ലെങ്കിലും മനുഷ്യനുള്ള കാലം വരെ വഞ്ചിക്കുവാനുള്ള അവസരം അവന് സാധിച്ചുകിട്ടി. അല്ലാഹു കണ്ടുവെച്ച അതിമഹത്തായ ഒരു രഹസ്യമത്രെ അത്. മനുഷ്യനെ സംബന്ധിച്ചെടത്തോളം അവന്റെ വിജയത്തിനും പുരോഗതിക്കും അനുകൂലമായ സാഹചര്യങ്ങൾ മാത്രമാണ് നിലവുള്ളതെങ്കിൽ, മനുഷ്യജീവിതം കേവലം യാന്ത്രികമായിരിക്കും. നേരെ മറിച്ച്, കനത്ത പ്രതികൂല ഘടകം ഉണ്ടായിരിക്കുകയും അതിനോട് മല്ലിട്ടുകൊണ്ട് മുന്നേറുകയും ചെയ്യുമ്പോഴായിരിക്കും മനുഷ്യന് യ

ഥാർഥ പുരോഗതിയും സാക്ഷാൽ വിജയവും കെവരിക്കാൻ സാധിക്കുക. അല്ലാഹു ഇബ്ലീസിന് ആയുഷ്കാലം നീട്ടിക്കൊടുത്തപ്പോൾ അവൻ പറഞ്ഞത് കാണുക:

“അവൻ (ഇബ്ലീസ്) പറഞ്ഞു: നീ എന്നെ വഴിപിഴപ്പിച്ചതിനാൽ നിന്റെ നേരായ പാതയിൽ അവർ (മനുഷ്യർ) പ്രവേശിക്കുന്നത് തടയാൻ ഞാൻ കാത്തിരിക്കും. പിന്നീട് അവരുടെ മുമ്പിലൂടെയും അവരുടെ പിന്നിലൂടെയും അവരുടെ വലതു ഭാഗങ്ങളിലൂടെയും ഇടതു ഭാഗങ്ങളിലൂടെയും ഞാൻ അവരുടെ അടുത്ത് ചെല്ലുക തന്നെ ചെയ്യും. അവരിൽ അധിക

പേരെയും നന്ദിയുള്ളവരായി നീ കണ്ടെത്തുന്നതല്ല. അവൻ (അല്ലാഹു) പറഞ്ഞു: നിന്ദ്യനും തള്ളപ്പെട്ടവനുമായിക്കൊണ്ട് നീ ഇവിടെ നിന്ന് പുറത്ത് കടക്കൂ. അവരിൽ നിന്ന് വല്ലവരും നിന്നെ പിൻപറ്റുന്ന പക്ഷം നിങ്ങളെല്ലാവരെയും കൊണ്ട് നരകം ഞാൻ നിറക്കുക തന്നെ ചെയ്യും'(7:16-18).

പിശാച് പല രൂപത്തിലും മനുഷ്യരെ നരകത്തിലേക്ക് നയിക്കും. കുഫ്റും ശിർക്കും ചെയ്യിപ്പിച്ചും അതിന് വശംവദരാകാത്തവരെ മറ്റു വൻപാപാങ്ങളിലുടെയും ഹറാമായ കാര്യങ്ങളിലൂടെയും അവൻ നരകത്തിലേക്കെത്തിക്കാനായി പല തരത്തിലുള്ള പ് വർത്തനങ്ങളും നടത്തും. മറ്റൊരു സ്ഥലത്ത് കുർആൻ ഇപ്രകാരം പറഞ്ഞു:

“അവൻ (അല്ലാഹു) പറഞ്ഞു: നീ പോയിക്കൊള്ളൂ. അവരിൽ നിന്ന് വല്ലവരും നിന്നെ പിന്തുടരുന്ന പക്ഷം നിങ്ങൾക്കെല്ലാമുള്ള പ്രതിഫലം നരകം തന്നെയായിരിക്കും. അതെ, തികഞ്ഞ പ്രതിഫലം തന്നെ. അവരിൽ നിന്ന് നിനക്ക് സാധ്യമായവരെ നിന്റെ ശബ്ദം മുഖേന നീ ഇളക്കിവിട്ടുകൊള്ളുക. അവർക്കെതിരിൽ നിന്റെ കുതിരപ്പടയെയും കാലാൾപ്

ടയെയും നീ വിളിച്ചു കൂട്ടുകയും ചെയ്തു കൊള്ളുക. സ്വത്തുകളിലും സന്താനങ്ങളിലും നീ അവരോടൊപ്പം പങ്ക് ചേരുകയും അവർക്കു നീ വാഗ്ദാനങ്ങൾ നൽകുകയും ചെയ്തു കൊള്ളുക. പിശാച് അവരോട് ചെയ്യുന്ന വാഗ്ദാനം വഞ്ചന മാത്രമാകുന്നു” (17:62,63).

ഇബ്ലീസും അവന്റെ കൂട്ടാളികളും എത്ര ശ്രമിച്ചാലും നല്ലവരായ ആളുകളെ വഴിപിഴപ്പിക്കാൻ അവർക്ക് സാധിക്കില്ല. അല്ലാഹു അവനോട് പറയുന്നത് കാണുക:

“തീർച്ചയായും എന്റെ ദാസന്മാരാരോ അവരുടെമേൽ നിനക്ക് യാതൊരധികാരവുമില്ല. കൈകാര്യ കർത്താവായി നിന്റെ രക്ഷിതാവ് തന്നെ മതി” (17:65).

അല്ലാഹു ആദമിനെ സൃഷ്ടിക്കുന്നതിന് മുമ്പ് മലക്കുകളോട് ആ കാര്യം അറിയിച്ചിരുന്നു. അത് കുർആൻ ഇപ്രകാരം നമ്മെ പഠിപ്പിക്കുന്നു:

“ഞാനിതാ ഭൂമിയിൽ ഒരു “ഖലീഫ’യെ നിയോഗിക്കാൻ പോകുകയാണെന്ന് നിന്റെ രക്ഷിതാവ് മലക്കുകളോട് പറഞ്ഞ സന്ദർഭം (ഓർക്കുക). അവർ പറഞ്ഞു: അവിടെ കുഴപ്പമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരേയാണോ നീ നിയോഗിക്കുന്നത്! ഞങ്ങളാകട്ടെ നിന്റെ മഹത്ത്വത്തെ പ്രകീർത്തിക്കുകയും നിന്റെ പരിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുന്നവരാണല്ലോ. അവൻ (അല്ലാഹു) പറഞ്ഞു: നിങ്ങൾക്കറിഞ്ഞു കൂടാത്തത് എനിക്കറായാം” (2:30).

ഇവിടെ “ഖലീഫ’ എന്ന പദമാണ് അല്ലാഹു ഉപ് യോഗിച്ചത്. സാധാരണ മലയാളത്തിൽ “ഖലീഫ’ എന്ന വാക്കിന് പിൻഗാമി, അനന്തരഗാമി, പ്രതിനിധി എന്നൊക്കെയാണ് അർഥം നൽകാറ്. പിൻഗാമി എന്ന് നാം ഉപയോഗിക്കാറുള്ളത് മുന്നിൽ ഗമിക്കുന്നവന്റെ കാലശേഷം അവന്റെ മാതൃകയിൽ പിന്നിൽ ഗമിക്കുന്നവനെന്ന ഉദ്ദേശത്തിലാണല്ലോ. ഒരു പിതാവ് മരണപ്പെടാൻ സമയത്ത് ഇനി എന്റെ കച്ചവടവും മറ്റു കാര്യങ്ങളുമെല്ലാം എന്റെ പിൻ ഗാമിയായ ഇന്ന മകൻ ചെയ്യും എന്ന് പറയുമ്പോൾ എന്റെ കഴിവും ആയുസ്സും അവസാനിച്ചു, ഇനി മകൻ (അല്ലെങ്കിൽ അയാൾ നിശ്ചയിക്കുന്നയാൾ) ചെയ്യണം’ എന്നാണല്ലോ ഉദ്ദേശിക്കുന്നത്. അവൻ അതിന് പ്രാപ്തനാണ് എന്ന ബോധ്യവും അയാൾക്കുണ്ടായിരിക്കും. ഈ അർഥത്തിൽ മനുഷ്യനെ അല്ലാഹുവിന്റെ പിൻഗാമി’ എന്ന് പറയാനോ വിശ്വസിക്കുവാനോ ഒരിക്കലും പാടില്ല. കാരണം എന്നെന്നും ജീവിക്കുന്ന, ഒരിക്കലും മരിക്കാത്ത, എന്നും എപ്പോഴും എല്ലാത്തിനും കഴിയുന്ന അല്ലാഹുവിന് ഇത്തരം ഒരു പിൻഗാമി ഉണ്ടാവതല്ല. അപ്പോൾ ഖലീഫ എന്ന പദം ഇവിടെ ഉപയോഗിച്ചത് പിൻഗാമി, അനന്തരഗാമി തുടങ്ങിയ അർഥങ്ങളിലല്ല. “പ്രതിനിധി’ എന്നതും മലയാളത്തിൽ നാം പലപ്പോഴും കേൾക്കാറുള്ളതാണ്. “കേരളത്തെ പ്രതിനിധീകരിച്ച് ഇന്നയാൾ സംസാരിക്കും’ എന്ന് കേൾക്കുമ്പോൾ കേരളീയർക്കെല്ലാം തൽസ്ഥാനത്ത് എത്തിച്ചേരാൻ കഴിയില്ല; അവരുടെ ഒരു പ്രതിനിധിയാണ് ഇന്നയാൾ എന്ന് നാം ഗ്രഹിച്ചെടുക്കും. അപ്പോൾ സാധാരണ പ്രതിനിധി എന്നത് മറ്റുള്ളവരുടെ ബലഹീനതയാണ് തെളിയുന്നത്. പ്രതിനിധിക്ക് കഴിവ് കൂടുതലും ആരുടെ പ്രതിനിധിയാണോ, അവർ അതിന് അശക്തരുമാണെന്ന് പ്രകടമാകുന്നു. മനുഷ്യനെ ഖലീഫ എന്ന് പറഞ്ഞത് ഒരിക്കലും അല്ലാഹുവിന്റെ ഏതെങ്കിലും പ്രവർത്തനങ്ങൾ ചെയ്യുന്നവൻ എന്നും പ്രതിനിധി എന്ന പദത്തിൽ നിന്ന് മനസ്സിലാക്കിക്കൂടാ. ഇതെല്ലാം കുഫായത്തീരുന്നതാണ്. കാരണം അല്ലാഹുവിന് ബലഹീനതയോ കഴിവു കേടോ ബാധിക്കില്ലല്ലോ. അവന്റെ അധികാരം അവൻ മറ്റാർക്കും നൽകുകയുമില്ല. “ഞാനിതാ ഭൂമിയിൽ ഒരു “ഖലീഫ’യെ നിയോഗിക്കാൻ പോകുന്നു” എന്ന് പറഞ്ഞത് അല്ലാഹു വിലാഫത്ത് സ്ഥാനം നൽകി ബഹുമാനിച്ച ആൾ എന്ന അർഥത്തിലാണെന്ന് മനസ്സിലാക്കണം. ഈ ഭാഗം വിശദീകരിക്കവെ ഇമാം ഇബ്നു കഥീർ ഇപ്കാരം പറയുന്നു: “അതായത് ഒരു തലമുറക്കു ശേഷം മറ്റൊരു തലമുറയും ഒരു കാലക്കാർക്ക് ശേഷം മറ്റൊരു കാലക്കാരുമായിക്കൊണ്ട് ചിലർക്ക് പിന്നിൽ ചിലർ വന്നു കൊണ്ടിരിക്കുന്ന ജനങ്ങൾ” (ഇബ്നു കഥീർ).

ഈ അർഥത്തിൽ കുർആനിൽ പ്രയോഗിക്കപ്പെട്ടത് നമുക്ക് കാണാം: “അവനത നിങ്ങളെ ഭൂമിയിൽ പിൻഗാമികളായിവരുന്നവർ ആക്കിയവൻ” (35:39).

“അവൻ നിങ്ങളെ ഭൂമിയിലെ മാറി മാറി വരുന്ന പിൻഗാമികൾ ആക്കുന്നു” (27:62). ഈ സൂക്തങ്ങളിൽ നിന്ന് മലക്കുകളോട് ഖലീഫയെന്ന് പറഞ്ഞതിൽ നിന്ന് ആദം മാത്രമല്ല മനുഷ്യർ മൊത്തത്തിൽ ഉൾപ്പെടുമെന്ന് മനസ്സിലാക്കാം. 

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

Leave a Comment