ജിന്നുകളും അവയുടെ കഴിവുകളും കെ എന്‍ എം നിലപാടും

ജിന്നുകളും അവയുടെ കഴിവുകളും കെ എന്‍ എം നിലപാടും

ഈ അടുത്ത കാലത് മുജാഹിദ് പ്രസ്ഥാനത്തിനു അന്യമായ വാദങ്ങളും നിലപ്പാടുകളും ചില൪ പറഞ്ഞു പരത്തുകയും സാധാരണക്കാരായ ആളുകളില്‍ ആശയകുഴപ്പമുണ്ടാക്കുകയും പ്രസ്ഥാനത്തെ ശിഥിലമാക്കിക്കൊണ്ടിരിക്കുന്ന പ്രവ൪ത്തനങ്ങളുമായി നടക്കുകയും ചെയ്യുന്നു. അത്തരമാളുകള്‍ ഉയ൪ത്തി വിട്ട കെ എന്‍ എം വിരുദ്ധ വീക്ഷണമാകുന്നു ജിന്നുകളും അവയുടെ കഴിവുകളും അഭൗതികമാണന്ന വാദം.

ഈ വിഷയത്തില്‍‌ ബഹുമാന്യരായ മുജാഹിദ് പണ്ഡിത൪ കാലങ്ങളോളം നലകിയ മറുപടി സുവ്യക്തമാണ്,

ബഹുമാന്യനായ എ.പി അബ്ദുൽ ഖാദര്‍ മൗലവി തന്‍റെ ‘ചോദ്യങ്ങള്‍ മറുപടികള്‍’ എന്ന പുസ്തകത്തില്‍ പറയുന്നത് കാണുക:

“ജിന്നിനനുസൃതമായ ശക്തിയാണ് പ്രവ൪ത്തിക്കാധാരമായി പറഞ്ഞിട്ടുള്ളത്. അഭൗതികതയുടെ പ്രശ്നമില്ല.”

(കൂടുതലറിയാന്‍ പുസ്തകം വായിക്കുക.)

ബഹുമാന്യനായ നമ്മുടെ കുഞ്ഞീത് മദനിയുടെ ഇബാദത്തിനെ കുറിച്ചുള്ള വിവരണമൊന്നു നോക്കൂ:

“ഇബാദത്ത് എന്നത് വിപുലാ൪ത്ഥമുള്ള ഒരു സാങ്കേതിക പദമണ്. അഭൗതികമായ മാ൪ഗത്തില്‍, അഥവാ, കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി ഗുണവും ദോഷവും വരുത്താന്‍ ഒരു വ്യക്തിക്ക് കഴിവുണ്ട് എന്ന വിശ്വാസമണ് ഇബാദത്തിന്‍റെ ഉറവിടം. ആ വിധത്തിലുള്ള ഒരു കഴിവ് ഒരു വ്യക്തിക്കോ ശക്തിക്കോ ഉണ്ടെന്നു വിശ്വസിച്ചു കൊണ്ട് അവന്‍റെ, അല്ലെങ്കില്‍ അതിന്‍റെ മുമ്പില൪പ്പിക്കപ്പെടുന്ന താഴ്മ, വിനയം, വിധേയത്വം, സ്നേഹം, ഭയം, ഭരമേല്പ്പനം, ധനവ്യയം, അന്നപാനാദികളുപേക്ഷിക്കല്‍, അവയവങ്ങളുടെ ചലനം, നേ൪ച്ച, വഴിപട്, തുടങ്ങിയ സ൪വ കാര്യങ്ങളും ആരാധനയുടെ വകുപ്പിലുൾപ്പെടുന്നു. ഗുരുവായൂരപ്പന്‍റെ മുമ്പില്‍ കൈ കൂപ്പി നില്ക്കുന്നവനെ നോക്കുക. അവന്‍റെ അവയവങ്ങളും ശരീരവും ഇബാദത്തില്‍ മുഴുകിയിരിക്കുകയണ്. അവിടെ നമസ്കാരവും നോമ്പുമൊന്നുമില്ലല്ലോ. എന്നാല്‍, അഭൗതികമായ മാ൪ഗത്തില്‍ ഗുണവും ദോഷവും വരുത്താനുള്ള കഴിവ് ലോകരക്ഷിതാവായ അല്ലാഹുവിന് മാത്രമേയുള്ളൂ. അവന്‍റെ പടപ്പുകളിലൊരാൾക്കും ആ കഴിവില്ല. അതുകൊണ്ട് ഇബാദത്തിന൪ഹന്‍ അവന്‍ മാത്രമണ്. അതാണ് തൗഹീദ്. അതാണ് ലാഇലാഹ ഇല്ലല്ലാഹ്. (ഇസ്‌ലാമിന്‍റെ ജീവന്‍)”

ഈ അവസാന വരികള്‍ നന്നായി വായിച്ചു മനസിലാക്കുക. അഥവാ ജിന്നിനോ മറ്റു പടപ്പുകൾക്കോ അഭൌതിക കഴിവില്ലെന്നും അല്ലാഹുവിനു മാത്രമുള്ളതാണന്നും.

ആദരണീയനായ മുഹമ്മദ്‌ അമാനി മൗലവിയുടെ വിശുദ്ധ ഖു൪ആന്‍ വ്യാഖ്യാനത്തിലെഴുതിയത് നോക്കൂ.
“സാധാരണ കാര്യകാരണബന്ധങ്ങൾക്കതീതമായി ഏതെങ്കിലും അദൃശ്യശക്തി ഒരു വസ്തുവിലുണ്ടെന്ന് വിശ്വസിക്കപ്പെടുമ്പോഴായിരിക്കും അതിനെക്കുറിച്ചുള്ള സ്നേഹവും ഭയവും ആത്യന്തികമായിത്തീരുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഈ വിശ്വാസത്തില്‍ നിന്ന് ഉടലെടുക്കുന്ന താഴ്മയുടെയും ഭക്തി ബഹുമാനത്തിന്റെ‍യും പ്രകടനമാണ് ഇബാദത്താകുന്ന ആരാധന’’ .

അഭൗതിക കഴിവ് അല്ലാഹുവിനു മാത്രമാണുള്ളതെന്നും മറ്റാ൪ക്കുമില്ലന്നും വ്യക്തമാക്കിക്കൊണ്ട് ചെറിയമുണ്ടം അബ്ദുൽ ഹമീദ് മൗലവി വിവരിക്കുന്നു: “ ജിന്നുകൾക്ക് അല്ലാഹു നല്കുന്ന കഴിവ് മനുഷ്യ കഴിവിന് അതീതമാണങ്കിലും അതിനെ അഭൗതികമെന്ന് വിശേഷിപ്പിക്കുന്നത് ഇസ്ലാമിക കാഴ്ചപ്പാടില്‍ ശരിയല്ല. അഭൗതികമായ കഴിവുകള്‍ എന്ന് നാം പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് അല്ലാഹു സൃഷ്ടികൾക്കാ൪ക്കും നല്കിയിട്ടില്ലാത്ത കഴിവാണ്.” (പ്രാർഥന, തൗഹീദ്, ചോദ്യങ്ങൾക്കു മറുപടി).

കൂടാതെ, വിചിന്തനത്തിലൂടെ മുജാഹിദ് പ്രസ്ഥാനം ജിന്നുകളുടെ കഴിവ് ഭൌതികമാണന്ന് ഒന്നുകൂടി ബലപ്പെടുത്തുന്നു:
“ഈ ലോകത്ത് എല്ലാ കാര്യങ്ങളും അല്ലാഹു വ്യവസ്ഥപ്പെടുത്തിയിട്ടുള്ളത്‌ കാര്യകാരണ ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ്. ആ വ്യവസ്ഥയ്ക്ക് അതീതമായ കഴിവുകള്‍ അല്ലാഹുവിന്‍റെ മാത്രം പ്രത്യേകതയാണ്. മലക്കുകളുടെയും ജിന്നുകളുടെയും കഴിവുകളുടെയും പ്രവ൪ത്തനങ്ങളുടെയും കാര്യ-കാരണ ബന്ധങ്ങള്‍ നമുക്ക് പിടികിട്ടുന്നില്ലെങ്കിലും അതെല്ലാം അവ൪ക്ക് അല്ലാഹു നിശ്ചയിച്ച വ്യവസ്ഥ അനുസരിച്ചാണ്. അതുകൊണ്ടുതന്നെ അതിനെക്കുറിച്ച് അഭൗതികമെന്നോ കാര്യകാരണ ബന്ധങ്ങൾക്കതീതമെന്നോ ബുദ്ധിയും വകതിരിവുമുള്ളവര്‍ പറയുകയില്ല (വിചിന്തനം 2007)

മാത്രമല്ല, എം പി എ ഖാദിര്‍ കരുവമ്പൊയില്‍ അബ്ദുല്‍ ഹമീദ് ഫൈസിയെന്ന സമസ്ത പണ്ഡിതന് നല്കിയ മറുപടി കാണുക:

“ഇബാദത്തിന്‍റെ വിശദീകരണമായി അദൃശ്യ മാ൪ഗ്ഗം
പറയുമ്പോള്‍ എക്കാലത്തും മുജാഹിദുകള്‍ അര്‍ത്ഥമാക്കിയത് സൃഷ്ടികളുടെ കഴിവിന്നതീതം എന്നാണ്. ജിന്നുകൾക്കും മലക്കുകൾക്കും മനുഷ്യരുടെ കഴിവിന്നതീതമായ കഴിവുകളുണ്ടന്നും ആദ്യകാലങ്ങളിലേ മുജാഹിദുകള്‍ അംഗീകരിച്ചതാണ്. അതിന് സാക്ഷാല്‍ ഗൈബ് എന്ന് പറയുകയില്ലെന്നും ആദ്യമേ വിശദീകരിച്ചതാണ്. ഈ വിശദീകരണം നല്കിയതിനോടൊപ്പമാണ് ഇബാദത്തിന്‍റെ വിശദീകരണമായി അദൃശ്യ മാ൪ഗത്തിലൂടെയുള്ള ഗുണദോഷ പ്രതീക്ഷകളെയും മറ്റു കാര്യങ്ങളെയും മുജാഹിദുകള്‍ എഴുതിയത്. ഇത് രണ്ടും ചേ൪ത്ത് വായിക്കുന്ന മന്ദബുദ്ധികളല്ലാത്ത ഏതൊരാൾക്കും മനസ്സിലാകും, ഇബാദത്തിലെ വിശദീകരണമായ അദൃശ്യമാ൪ഗ്ഗം കൊണ്ട് മുജാഹിദുകള്‍ ഉദ്ദേശിച്ചത് സൃഷ്ടികളുടെ കഴിവിനതീതമായ കാര്യങ്ങളെയാണെന്ന്. (സമസ്തക്കാരുടെ തിരെഞ്ഞെടുത്ത നൂറു നുണകള്‍)

മുജാഹിദ് പ്രസ്ഥാനത്തിന്‍റെ നാളിത് വരെയുള്ള ഈ വിവരണങ്ങള്‍ ജിന്നുകളും അവരുടെ കഴിവുകളും അഭൗതികമല്ലന്നത് മന്ദബുദ്ധികളല്ലാത്ത ബുദ്ധിയും വകതിരിവും നഷ്ടപ്പെടാത്ത ഏതൊരാൾക്കും മനസ്സിലാകും,

അല്ലാഹു സഹായിക്കട്ടെ.

Leave a Comment