ആദം നബി (അ) – 01

ആദം നബി (അ) - 01

പ്രവാചകന്മാരുടെ ചരിത്രം പഠിക്കൽ ഇസ്ലാമിക വിജ്ഞാനം വർധിപ്പിക്കുന്നതിന് കാരണമാകുമെന്നതിൽ സംശയമില്ല. കാരണം അവർ ലോകത്തിന് നന്മ പഠിപ്പിക്കുവാൻ നിയുക്തരായ മഹാന്മാരാണ്. രാഷ്ട്രീയ നായകന്മാരുടെയോ, ശാസ്ത്രകാരന്മാരുടെയോ, കാലത്തിന്റെ പിന്നാമ്പുറങ്ങളിൽ അള്ളിപ്പിടിച്ച് നിൽക്കുന്ന ഏതെങ്കിലും സംഭവങ്ങളുടെയോവിവരണങ്ങൾ കേൾക്കുന്നത് പോലെ കേട്ട് രസിക്കേണ്ടുന്നതോ പുളകംകൊള്ളണ്ടുന്നതോ ആയ ചരിത്രമല്ല പ്രവാചകന്മാരുടെ ചരിത്രം. അത് ജീവിതത്തിന് ദിശാബോധം നൽകുന്നതും ധാർമിക മൂല്യങ്ങൾക്കേ ജീവിതത്തിൽ വിജയം നേടിത്തരാൻ സാധിക്കൂഎന്നും നമുക്ക് മനസ്സിലാക്കിത്തരുന്ന പാഠമാണ്.

ആദം നബി (അ)

അല്ലാഹുവിനെ നിഷേധിക്കുവാനായി മനുഷ്യച്രിത്രത്തെ മാറ്റിയെഴുതി പരിണാമവാദം എന്ന മൂഢവാദം സ്ഥാപിക്കുവാൻ പലരൂപത്തിലും പ്രയത്നിച്ച് പരാജയപ്പെട്ട ശാസ്ത്രജ്ഞനാണല്ലോ ഡാർവിൻ. ഡാർവിൻ സിദ്ധാന്തം തനിച്ച് പൊള്ളത്തരമാണെന്ന് നൂറ്റാണ്ടുകളുടെ പഴക്കം രേഖപ്പെടുത്തിയ ഫോസിലുകൾ തന്നെ തെളിയിക്കുന്നുണ്ട്. മനുഷ്യർ നീണ്ട്കാലയളവിനുള്ളിൽ പരിണാമം സംഭവിച്ച വർഗമാണെന്ന സിദ്ധാന്തം ബുദ്ധികൊണ്ടോ ചരിത്രം കൊണ്ടോ തെളിയിക്കപ്പെടാൻ കഴിയാത്ത വസ്തുതയാണ്. ഇസ്ലാം മനുഷ്യ വംശത്തിന്റെ സൃഷ്ടിപ്പ് എങ്ങനെയായിരുന്നെന്ന് വ്യക്തമാക്കിത്തരുന്നുണ്ട്. മനുഷ്യചരിത്രം തുടങ്ങുന്നത് ആദം (അ) മുതലാണ്.

അല്ലാഹു ആദമിനെ മണ്ണിൽ നിന്നാണ് സൃഷ്ടിച്ചത്. “അല്ലാഹുവെ സംബന്ധിച്ചിടത്തോളം ഈസായെ ഉപമിക്കാവുന്നത് ആദമിനോടാകുന്നു. അവനെ(അവന്റെ രൂപം) മണ്ണിൽ നിന്നും സൃഷ്ടിച്ചു. പിന്നീട് അതിനോട് ഉണ്ടാകൂ എന്ന് പറഞ്ഞപ്പോൾ അവൻ (ആദം) അതാ ഉണ്ടാകുന്നു” (3:59). ആഇശ (റ) കവിൽ നിന്ന് നിവേദനം. അവർ പറഞ്ഞു:

“അല്ലാഹുവിന്റെ ദൂതൻ പറഞ്ഞു: “മലക്കുകൾ പ്രകാശത്തിൽ നിന്ന് സൃഷ്ടിക്കപ്പെട്ടു. ജിന്നുകൾ തീജ്വാലയിൽ നിന്നും സൃഷ്ടിക്കപ്പെട്ടു. ആദം നിങ്ങളോട് വിവരിക്കപ്പെട്ടതിൽ നിന്നും സൃഷ്ടിക്കപ്പെട്ടു”(മുസ്ലിം). ആദമിനെ സൃഷ്ടിച്ചത് മണ്ണിൽ നിന്നാണെന്ന്മുകളിലുള്ള കുർആൻ സൂക്തത്തിൽനിന്ന് വ്യക്തമാണല്ലോ.മണ്ണിൽ നിന്ന് സൃഷ്ടിക്കപ്പെട്ടതിനാൽ മണ്ണിന്റെ എല്ലാ ഗുണങ്ങളും മനുഷ്യനിൽ കാണാം. ഇതിലേക്ക് വെളിച്ചം വീശുന്ന ഒരു നബി വചനം കാണുക: “അല്ലാഹു ഭൂമിയുടെ എല്ലാ ഭാഗത്ത് നിന്നുമായി പിടിക്കപ്പെട്ട ഒരു പിടി മണ്ണിൽ നിന്ന് ആദമിനെ സൃഷ്ടിച്ചു. മനുഷ്യർ ഭൂമിയുടെ തോത് അനുസരിച്ച് ചുവപ്പും വെള്ളയും കറുപ്പും അതിനിടയിലുള്ളതായും; എളുപ്പമുള്ളതും ഉറപ്പുള്ളതും ചീത്തയായതും നല്ല

തുമായും വരുന്നു” (തിർമുദി, അബൂദാവൂദ്). ഈ ഹദീഥ് ശൈഖ് നാസ്വിറുദ്ദീൻ അൽ അൽബാനി(റഹി) സിൽസിലതുൽ അഹാദീഥിസ്സ്വഹീഹായിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഹദീഥിൽ വന്നിട്ടുള്ള “സഹ്ൽ, ഹസിൻ, ഖബീഥ്, ത്വയ്യിബ്’ എന്നീ പദങ്ങളുടെ ഉദ്ദേശ്യം തിർമുദിയുടെ വിവരണമായ തുഹ്ഫതുൽ അഹ്ദിയിൽ ഇമാം മുബാറക് ഹൂരി ഇപ്രകാരം പ്റയുന്നു: ത്വീബീ(റഹി) പറയുന്നു: “(ആദ്യം പ്റഞ്ഞ) നാല് വിശേഷണങ്ങൾ മനുഷ്യരിലും ഭൂമിയിലും പ്രകടമായിരിക്കുന്നതിനാൽ അതിന്റെ ശരിയായ അർഥത്തിൽമനസ്സിലാക്കാം. ശേഷം പറഞ്ഞ നാല് വിശേഷണങ്ങൾ വ്യാഖ്യാനിക്കേണ്ടതുണ്ട്. കാരണം അത് ആന്തരിക സ്വഭാവങ്ങളിൽ പെട്ടതാണ്. “സഹ്ൽ’ എന്നതിന്റെഅർഥം സൗമ്യത, മൃദുലത എന്നും ‘ഹസിൻ’ എന്നതിന്റെ അർഥം മരുഭൂമി, കർക്കശഭാവമുള്ളത് എന്നൊക്കെയാണ്. “സഹ്ൽ’ എന്നതുകൊണ്ട് ഫലഭൂയിഷ്ടമായ മണ്ണാണ് ഉദ്ദേശിക്കുന്നത്. അഥവാ എല്ലാത്തിനും ഉപകാരപ്രദമായ സത്യവിശ്വാസിയെ “ഖബീഥ്’ കൊണ്ട് ഉദ്ദേശിക്കുന്നത് ചതുപ്പുനിലങ്ങളാണ്. ഇത് അവിശ്വാസിയെയാണ് അറിയിക്കുന്നത് അവൻഎല്ലാവർക്കും ഉപ്രദവമാണ്.’

ആദം (അ) നെ സൃഷ്ടിച്ചത് മണ്ണിൽ നിന്നാണെന്ന് നാം പറഞ്ഞുവല്ലോ. ആദം (അ) ന്റെ സൃഷ്ടിപ്പിന്റെ വിവിധ ഘട്ടങ്ങൾ വിശുദ്ധ കുർആൻ വിവിധ സ്ഥലങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. 

“മനുഷ്യരേ, ഉയർത്തെഴുന്നേൽപിനെപറ്റി നിങ്ങൾ സംശയത്തിലാണെങ്കിൽ (ആലോചിച്ചു നോക്കുക:) തീർച്ചയായും നാമാണ് നിങ്ങളെ മണ്ണിൽ നിന്ന് സൃഷ്ടിച്ചത്…”(അൽഹജ്ജ്: 5).

“മണ്ണിൽ നിന്ന് നിങ്ങളെ സൃഷ്ടിച്ചവൻ അവനാകുന്നു.” (ആലുഇംറാൻ: 2).

ആദ്യം മണ്ണിൽ നിന്നാണ് സൃഷ്ടിപ്പ്ആരംഭിച്ചത്. പിന്നീട് ആ മണ്ണ് വെള്ളവുമായി ചേർത്തു. അങ്ങനെ ആ മണ്ണ്കളിമണ്ണായി. ഇതാണ് താഴെ കൊടുക്കുന്ന സൂക്തങ്ങൾ അറിയിക്കുന്നത്.

– “തീർച്ചയായും നാം അവരെ സൃഷ്ടിച്ചിരിക്കുന്നത് പശിമയുള്ള കളിമണ്ണിൽനിന്നാകുന്നു” (സ്വഫ്ഫാത്: 11).

– “തീർച്ചയായും മനുഷ്യനെ കളിമണ്ണിന്റെ സത്തിൽ നിന്ന് നാം സൃഷ്ടിച്ചിരിക്കുന്നു” (അൽമുഅ്മിനൂൻ: 12)

“. മനുഷ്യന്റെ സൃഷ്ടി കളിമണ്ണിൽ നിന്ന് അവൻ ആരംഭിച്ചു” (അസ്സജദ: 7).

ഇതാണ് രണ്ടാമത്തെ ഘട്ടം. ഇവിടെ പറഞ്ഞ കളിമണ്ണ് പിന്നീട് കറുത്ത ചേറ് സ്വഭാവത്തിൽ അൽപം ദുർഗന്ധം ഉണ്ടാക്കുന്നതാണ്.

“കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ (മുട്ടിയാൽ) മുഴക്കമുണ്ടാക്കുന്ന കളിമൺ രൂപത്തിൽ നിന്ന് നാം മനുഷ്യനെ സൃഷ്ടിച്ചു” (അൽഹിജ്ർ: 26).

ഈ കറുത്ത ദുർഗന്ധം ഉണ്ടാക്കുന്ന മണ്ണ് പിന്നീട് ഉണങ്ങിയ പരുവത്തിലായി.

“കലം പോലെ മുട്ടിയാൽ മുഴക്കമുണ്ടാകുന്ന (ഉണങ്ങിയ) കളിമണ്ണിൽ നിന്ന് മനുഷ്യനെ അവൻ സൃഷ്ടിച്ചു” (55:14). 

പിന്നീട് ആത്മാവ് (റൂഹ്) ഊതപ്പെടുകയും മനുഷ്യനായി രൂപപ്പെടുത്തുകയും ചെയ്തു.

ആദം Eീമിനെ അല്ലാഹു തന്റെ കൈകൊണ്ടാണ് സൃഷ്ടിച്ചത് എന്നത് ആദമിന്റെ സൃഷ്ടിപ്പിൽ നടന്ന ഒരു വലിയ ശ്രേഷ്ഠതയാണ്. അത് വിശുദ്ധ കുർആനിൽ നിന്ന് മനസ്സിലാക്കാം:

– “അവൻ (അല്ലാഹു) പറഞ്ഞു: ഇബ്ലീസേ, എന്റെകൈകൊണ്ട് ഞാൻ സൃഷ്ടിച്ചുണ്ടാക്കിയതിനെ നീ പ്ണമിക്കുന്നതിന് നിനക്കെന്ത് തടസ്സമാണുണ്ടായത് നീ

അഹങ്കരിച്ചിരിക്കുകയാണോ, അതല്ല നീ പൊങ്ങച്ചക്കാരുടെ കൂട്ടത്തിൽ പെട്ടിരിക്കുകയാണോ” (സ്വാദ്: 75).

അല്ലാഹു തന്റെ കൈകൊണ്ട് ആദമിനെ സൃഷ്ടിച്ചുവെന്ന് തന്നെയാണ് നാം വിശ്വസിക്കേണ്ടത്. ചിലർ ഇതിനെ അല്ലാഹുവിന്റെ കുദ്റത്തെന്ന് പറഞ്ഞ് വ്യാഖ്യാനിക്കുന്നത് കാണാം. ഇത് അഹ്ലുസ്സുന്നയുടെ അക്വീദക്ക് എതിരാണ്. അല്ലാഹുവിന്റെ നാമഗുണ വിശേഷണങ്ങളായി കുർആനിലോ സുന്നത്തിലോ സ്ഥിരപ്പെട്ടാൽ അതിന്റെ ബാഹ്യാർഥത്തിൽ തന്നെ നാം മനസ്സിലാക്കണം. അതിനെ നമ്മുടെ വകയായി വ്യാഖ്യാനിക്കുവാനോ ഉപമിക്കുവാനോ നിഷേധിക്കുവാനോ സാദൃശ്യപ്പെടുത്തുവാനോ എങ്ങനെയെന്ന് ചോദിക്കുവാനോ പാടില്ല.

ആദമാണല്ലോ ആദ്യ മനുഷ്യൻ. മഹ്ശറിൽ പ്രവാചകന്മാരോട് മറ്റുള്ളവർ അല്ലാഹുവിലേക്കുള്ള ശുപാർശ ചോദിക്കുന്നത് ഹദീഥുകളിൽ വന്നിട്ടുണ്ട്. ഓരോരുത്തരും ആദ്യം ചെല്ലുന്നത് ആദംപിന്റെ അടുത്തേക്കാണ്. എന്നിട്ട് അവിടുത്തോട് പറയും:

“ആദമേ, താങ്കൾ മനുഷ്യപിതാവല്ലയോ. അല്ലാഹുതന്റെ കൈകൊണ്ട് താങ്കളെ സൃഷ്ടിക്കുകയും ചെയ്തു” (ബുഖാരി, മുസ്ലിം).

ഈ ഹദീസിലും ആദമിനെ അല്ലാഹു അവന്റെ കൈകൊണ്ടാണ് സൃഷ്ടിച്ചതെന്ന് കാണാം. കുർആനിലും സ്വഹീഹായ ഹദീഥുകളിലും സ്ഥിരപ്പെട്ടിട്ടുള്ള അല്ലാ

ഹുവിന്റെ നാമ ഗുണ വിശേഷണങ്ങളെ ഉപമയോ സാദൃശ്യമോ രൂപമോ നിഷേധമോ ഇല്ലാതെ അല്ലാഹുവിന് യോജിക്കുന്ന രൂപത്തിൽ നാം മനസ്സിലാക്കണം. അല്ലാഹുവും റസൂലും അല്ലാഹുവിന്റെ നാമ ഗുണ വിശേഷണങ്ങൾ എപ്രകാരമാണോ നമുക്ക് വിവരിച്ച് തന്നത് അതിൽ യാതൊരു മാറ്റവും കൂടാതെ വിശ്വസിക്കുന്നവരായിരുന്നു സലഫുസ്സ്വാലിഹുകൾ. ആ മാർഗംഅനുധാവനം ചെയ്യലാണ് ശരിയായ മാർഗം. അല്ലാഹുവിന് സ്ഥിരപ്പെട്ട വിശേഷണങ്ങളെ മൊത്തത്തിൽ നിഷേധിക്കുന്നവരും ഭാഗികമായി നിഷേധിക്കുന്നവരുമുണ്ട്. ഇതെല്ലാം പിഴച്ച മാർഗമാണ്.

അല്ലാഹു ആദം (അ) മിനെ തന്റെ കൈകൊണ്ട് സൃഷ്ടിച്ചുവെന്ന് പറഞ്ഞല്ലോ. ഇവിടെ അല്ലാഹുവിന്റെ കൈ എന്നതിനെ അല്ലാഹുവിന്റെ കുദ്റത്ത് ആയും കുറുത്ത് ആയും വ്യാഖ്യാനിക്കുന്നവരുണ്ട്. ഇതും നാം മുകളിൽ പറഞ്ഞത് പോലെ പിഴച്ച മാർഗമാണ്.

ആദമിന്റെ സൃഷ്ടിപ്പിനെക്കുറിച്ചുള്ള പരാമർശത്തിൽ മാത്രമെ അല്ലാഹു അവന്റെ കൈകൊണ്ട് സൃഷ്ടിച്ചുവെന്ന് പറയുന്നുള്ളൂ. ഇവിടെ അല്ലാഹുവിന്റെ കഴിവും ശക്തിയുമാണ് ഉദ്ദേശമെങ്കിൽ എല്ലാവരെയും അല്ലാഹുവിന്റെ ശക്തികൊണ്ടും കഴിവുകൊണ്ടും തന്നെയാണല്ലോ സൃഷ്ടിച്ചത്. അപ്പോൾ കുർആനിലും ഹദീഥിലും വന്ന, ആദമിനെ അല്ലാഹുവിന്റെ കൈകൊണ്ടു സൃഷ്ടിച്ചുവെന്നത് അങ്ങനെത്തന്നെ നാം വിശ്വസിക്കണം. ഇത് ആദിമ മനുഷ്യന്റെ സൃഷ്ടിപ്പിൽ മാത്രം നടന്ന ഒരു സവിശേഷതയാണ്. ആദിമ മനുഷ്യൻ ആദംനെ അല്ലാഹു അവന്റെ കൈകൊണ്ട് സൃഷ്ടിച്ചു. പിന്നീട് ആദം സന്തതികളുടെ സൃഷ്ടിപ്പ് നടന്നത് എങ്ങനെയെന്ന് കുർആൻ ഇപകാരം നമ്മെ പഠിപ്പിക്കുന്നു.

“പിന്നെ അവന്റെ സന്തതിയെ നിസ്സാരമായ ഒരു വെള്ളത്തിന്റെ സത്തയിൽ നിന്ന് അവൻ (അല്ലാഹു) ഉണ്ടാക്കി” (സജദ: 8)

ആദംപിനെ സൃഷ്ടിച്ചത് വെള്ളിയാഴ്ചയായിരുന്നെന്നും ഹദീഥുകളിൽ കാണാം. അബൂഹുറയ്റവിൽ നിന്ന് നിവേദനം: തീർച്ചയായും നബി പറഞ്ഞു: “സൂര്യൻ ഉദിച്ചിട്ടുള്ള ദിവസങ്ങളിൽ ഏറ്റവും ഉത്തമമായത് വെള്ളിയാഴ്ചയാകുന്നു. ആ ദിവസത്തിലാണ് ആദം സൃഷ്ടിക്കപ്പെട്ടത്. ആ ദിവസത്തിലാണ് അദ്ദേഹം സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടത്. ആ ദിവസത്തിലാണ് അദ്ദേഹം സ്വർഗത്തിൽ നിന്ന് പുറത്താക്കപ്പെട്ടത്.

വെള്ളിയാഴ്ചയിലല്ലാതെ അന്ത്യദിനം സംഭവിക്കുന്നതുമല്ല” (മുസ്ലിം).

ഈ സൃഷ്ടിപ്പ് നടന്നത് വെള്ളിയാഴ്ച അസ്വ്റിന് ശേഷമായിരുന്നുവെന്നും കാണാം.

അബൂഹുറയ്റ്വിൽ നിന്ന് നിവേദനം: നബി എന്റെ കൈ പിടിച്ചു. എന്നിട്ടു പറഞ്ഞു: “പ്രതാപവാനും മഹാനുമായ അല്ലാഹു ശനിയാഴ്ച ദിവസം മണ്ണ് സൃഷ്ടിച്ചു. ഞായറാഴ്ച ദിവസം അതിൽ മലകൾ സൃഷ്ടിച്ചു. തിങ്കളാഴ്ച ദിവസം മരങ്ങൾ സൃഷ്ടിച്ചു. ചൊവ്വാഴ്ച ദിവസം അനിഷ്ടകരമായത് സൃഷ്ടിച്ചു. ബുധനാഴ്ച്ദിവസം പ്രകാശം സൃഷ്ടിച്ചു. വ്യാഴാഴ്ച ദിവസം മൃഗങ്ങളെ വിന്യസിച്ചു. വെള്ളിയാഴ്ച ദിവസം അസ്വറിന് ശേഷം ആദമിനെ സൃഷ്ടിച്ചു. സൃഷ്ടിപ്പിന്റെ അവസാനത്തിൽ. വെള്ളിയാഴ്ച ദിവസത്തിലെ അസ്വ്റിനും രാത്രിക്കുമിടയിലുള്ള അവസാനത്തെയത്തിൽ” (മുസ്ലിം 2789).

ആദംന് അറുപത് മുഴം നീളമുണ്ടായിരുന്നുവെന്നാണ് നബി നമ്മെ പഠിപ്പിക്കുന്നത്.

അബൂഹുറയ്റക്ക് നിവേദനം. നബി പറഞ്ഞു: “പ്രതാപവാനും മഹാനുമായ അല്ലാഹു ആദമിനെ അവന്റെ രൂപത്തിൽ സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ നീളം അറുപത് മുഴമായിരുന്നു.” (മുസ്ലിം 2841).

സൃഷ്ടികളുടെ ആകാരം ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ മുമ്പുള്ളവർ നമ്മേക്കാൾ ശക്തരായിരുന്നു. മക്കാ മുശ്രിക്കുകളോട് അല്ലാഹു പറയുന്നത്

നോക്കൂ: “ഇവർ ഭൂമിയിലൂടെ സഞ്ചരിച്ചിട്ടില്ലേ? അപ്പോൾ ഇവർക്ക് മുമ്പുണ്ടായിരുന്നവരുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് ഇവർക്കു നോക്കാമല്ലോ. അവർ ശക്തികൊണ്ടും ഭൂമിയിൽ (അവശേഷിപ്പിച്ച) സ്മാരകങ്ങൾ കൊണ്ടും ഇവരെക്കാൾ കരുത്തരായിരുന്നു. എന്നിട്ട് അവരുടെ പാപങ്ങൾ നിമിത്തം അല്ലാഹു അവരെ പിടികൂടി. അല്ലാഹുവിന്റെ ശിക്ഷയിൽ നിന്ന് അവർക്ക് കാവൽ നൽകാൻ ആരുമുണ്ടായില്ല” (40:21).

സ്വർഗത്തിലേക്ക് സ്വർഗാവകാശികളെ പ്രവേശിപ്പിക്കുന്ന സന്ദർഭത്തിൽ അവരുടെ വലിപ്പം ആദമിന് സമാനം അറുപത് മുഴം ഉണ്ടാകുമെന്നാണ് നബിക്ക് നമ്മ പഠിപ്പിക്കുന്നത്. “സ്വർഗത്തിൽ പ്രവേശിക്കുന്ന എല്ലാവരും ആദമിന്റെ രൂപത്തിലായിരിക്കും. അവന്റെ നീളം അറുപത് മുഴമായിരിക്കും” (മുസ്ലിം). അറുപത് മുഴം എന്ന് പറയുമ്പോൾ ഏകദേശം 30 മീറ്റർ ഉയരം കാണും. ഇതെല്ലാം ചിലർക്ക് അംഗീകരിക്കാൻ വൈമനസ്യം കണ്ടേക്കാം. അവരോട് നമുക്ക് ഇമാം ശാഫിഈ പറഞ്ഞ വാക്കാണ് പറയാനുള്ളത്: “ഞാൻ അല്ലാഹുവിലും അവൻ കൊണ്ടുവന്നതിലും അല്ലാഹുവിന്റെ (പറഞ്ഞതിന്റെ) ഉദ്ദേശത്തിനനുസരിച്ച് ഞാൻ വിശ്വസിക്കുന്നു. ഞാൻ അല്ലാഹുവിന്റെ റസൂലിലും അവിടുന്ന് കൊണ്ടുവന്നതിലും അല്ലാഹുവിന്റെ റസൂലിന്റെ (പറഞ്ഞതിന്റെ) ഉദ്ദേശത്തിനനുസരിച്ച് ഞാൻ വിശ്വസിക്കുന്നു.”

അല്ലാഹുവും റസൂലും ഒരു കാര്യം അറിയിച്ചാൽ യാതൊരു സന്ദേഹവുമില്ലാതെ അതിന് കീഴൊതുങ്ങിക്കൊടുക്കലാണ് വിശ്വാസിയുടെ സ്വഭാവം. അല്ലാഹു പറയുന്നു: “അല്ലാഹുവിലും അവന്റെ ദൂതനിലുംവിശ്വസിക്കുകയും പിന്നീട് സംശയിക്കാതിരിക്കുകയും തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളും കൊണ്ട് അല്ലാഹുവിന്റെ മാർഗത്തിൽ സമരം നടത്തുകയും ചെയ്തവരാരോ അവർ മാത്രമാകുന്നു സ് ത്യവിശ്വാസികൾ. അവർ തന്നെയാകുന്നുസത്യവാന്മാർ” (49:15).

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

 

Leave a Comment