ആയിശാ സ്വിദ്ധീഖാ (റ) ബിൻത് അസ്സ്വിദ്ധീഖ് (റ) ഉസാമബ്നു അബ്ദുല്ലാഹ് ഖയ്യാത്വ്
ഉസാമ ബിൻ അബ്ദുല്ലാഹ് ഹയാത്ത്
വിവർത്തനം : സയ്യിദ് സഅ്ഫർ സ്വാദിഖ് മദീനി
﷽
ഒന്നാം ഖുതുബ:
അല്ലാഹുവിനെ സ്തുതിക്കുകയും, വാഴ്ത്തുകയും ചെയ്തതിന് ശേഷം. ബഹുമാന്യരായ മുസ്ലിം സഹോദരങ്ങളെ, ശത്രുക്കളുടെ ഉപദ്രവങ്ങളിൽ നിന്ന് മനുഷ്യരെ രക്ഷപ്പെടുത്തുകയും, അവരെ സംരക്ഷിക്കുകയും ചെയ്യുന്നതും, അതിനുള്ള മനസുണ്ടാവുന്നതും ഉന്നതവും, മഹത്തരവുമായ
സൽസ്വഭാവമാകുന്നു. വിശ്വാസികളെ ഉപദ്രവിക്കുകയും, അവരിൽ ദുരാരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുകയെന്നത് ഗുരുതരവും, ഭാരമേറിയതുമായ പാപമാണ്, രക്ഷിതാവിന്റെ മൂന്നിൽ പ്രതീക്ഷയറ്റുപോകുന്ന മഹാനഷ്ടവുമാണ്. അല്ലാഹു പറയുന്നു:
(وَالَّذِينَ يُؤْذُونَ الْمُؤْمِنِينَ وَالْمُؤْمِنَاتِ بِغَيْرِ مَا اكْتَسَبُوا فَقَدِاحْتَمَلُوا بُهْتَانًا وَإِثْمًا مُبِينًا)(أحزاب:58)
സത്യവിശ്വാസികളായ പുരുഷൻമാരെയും സ്ത്രീകളെയും അവർ (തെറ്റായ) യാതൊന്നും ചെയ്യാതിരിക്കെ ശല്യപ്പെടുത്തുന്നവരാരോ അവർ അപവാദവും പ്രത്യക്ഷമായ പാപവും പേറിയിരിക്കയാണ്.’ (അഹ്സാബ് : 58)
അല്ലാഹു തന്റെ മതത്തെ സഹായിക്കുവാൻ പ്രത്യേകം തിരഞ്ഞെടുക്കുകയും , അവൻറ പ്രവാചകന്റെ കൂടെ സഹവസിക്കുവാൻ അവസരം നൽകുകയും, അവൻറ ഗ്രന്ഥം സംരക്ഷിക്കുവാൻ ഉത്തരവാദിത്വം ഏൽപിക്കപ്പെടുകയും, മതപ്രബോധനം ചെയ്യാൻ ബാധ്യതയേൽപിക്കപ്പെടുകയും ചെയ്ത നല്ലവരായ പ്രവാചകാനുചരൻമാരെയും, പ്രവാചക കൂടുംബത്തെയും, വിശ്വാസികളുടെ മാതാക്കളെയും മോശമായി ചിത്രീകരിക്കുകയും, അവരെ ഉപദ്രവിക്കുകയും ചെയ്യുകയെന്നത് വിശ്വാസി വിശ്വാസിനികളെ ഉപദ്രവിക്കുന്നതിനേക്കാൾ ഗുരുതരവും, ഭീകരവുമാകുന്നു. ഈ ഉപദ്രവം കഴിഞ്ഞ കാലങ്ങളിലും, ഇന്നും അഭംഗുരം തുടർന്ന് കൊണ്ടേയിരിക്കുന്നു. ഈയടുത്ത് വിശ്വാസികളുടെ മാതാവും പ്രവാചക പത്നിയുമായ ആയിശ (റ) വിനെയും, അവരുടെ പിതാവിനെയും സംബന്ധിച്ച് ചില വിവരദോശികൾ പടച്ച് വിട്ടിട്ടുള്ള കാര്യങ്ങൾ വളരെ മോശമായി പോയിട്ടുണ്ട്, അവർ പ്രവാചകൻ (ﷺ) നൽകിയ താക്കീതിനെ സംബന്ധിച്ച് അജ്ഞതയിലുമാണ്.
عن أمّ سلمة رضي الله عنها حين قالت له عليه الصلاة والسلام:إنَّ الناسَ يتحرَّون بهداياهم يومَ عائشة، فمُرهم فليدورُوا معك حيث دُرْت، فقال صلى الله عليه:وسلم:لا تُؤذيني في عائشةَ، فإنّه والله مانزَل عليَّ الوحيُ وأنا في لحافِ امرأةٍ منكنّ غيرها)
ഉമ്മുസലമ (റ) പ്രവാചകൻ (ﷺ) യോട് പറയുകയുണ്ടായി. ജനങ്ങൾ ആയിശാ(റ) യുടെ ദിവസത്തിൽ മാത്രമാണല്ലോ താങ്കൾക്ക് സമ്മാനം നൽകുന്നത്, അത്കൊണ്ട് ആയിശയോട് താങ്കളോടൊപ്പം എപ്പോഴും ചുറ്റിക്കറങ്ങുവാൻ പറയുക, അപ്പോൾ പ്രവാചകൻ (ﷺ) പറയുകയുണ്ടായി, ആയിശാ(റ) യുടെ കാര്യത്തിൽ നിങ്ങളെന്നെ ഉപദ്രവിക്കാതിരിക്കുക. കാരണം, അല്ലാഹു തന്നെയാണ് സത്യം! നിങ്ങളിൽപെട്ട ഒരു സ്ത്രീയുടെ വിരിപ്പിലും ഞാൻ നുണ്ടായപ്പോൾ എനിക്ക് വഹ്യ് നൽകപ്പെട്ടില്ല, അവരുടെ വിരിപ്പിലൊഴിച്ച്. ആയിശാ(റ) യെ ഉപദ്രവിക്കുന്നത് പ്രവാചകനെ ഉപദ്രവിക്കുന്നതിന് തുല്യമാണ്, കാരണം പ്രവാചകൻ (ﷺ) ക്ക് ഏറ്റവും പ്രിയപ്പെട്ടവരായിരുന്നു ആയിശാ(റ) ഇമാം ബുഖാരിയും മുസ്ലിമും റിപ്പോർട്ട് ചെയ്യുന്ന ഹദീസ് ശ്രദ്ധേയമാണ്.
عن عمرو بن العاصِ رضي الله عنه أنّه سأل النبيَّ صلى الله عليه وسلم:أيُّ الناس أحبّ إليك يا رسولَالله؟ قال(عائشة)، قال: فمن الرجال؟ قال: (أبوها)(بخاري ومسلم)
അംറുബ്നുൽ ആസ്വ്(റ) വിൽ നിന്ന്, അദ്ദേഹം നബി(ﷺ) യോട് ചോദിക്കുകയുണ്ടായി, “പ്രവാചകരെ, ജനങ്ങളിൽ താങ്കൾക്ക് ഏറ്റവും ഇഷ്ടമുള്ളത് ആരെയാണ്, പറയുകയുണ്ടായി: ‘ആയിശയാണ്’, പുരുഷൻമാരിലോ? പറഞ്ഞു അവരുടെ പിതാവിനെയാണ്’ (ബുഖാരി,മുസ്ലിം)
ആയിശാ (റ) യുടെ ശ്രേഷ്ടതക്കും , മഹത്വത്തിനും ഇത് തന്നെ മതി. അവരെയാണ് നബി(ﷺ) ക്ക് ഇണയായി അല്ലാഹു തിരഞ്ഞെടുത്തത്. ബുഖാരിയും മുസ്ലിമും റിപ്പോർട്ട് ചെയ്യുന്ന ഹദിസ് നാം വായിക്കുക:
عن عائشة رضي الله عنها أنها قالت : قالَ رسول الله صلى الله عليه وسلم (أُريتُكِ في المنامِ ثلاثَ ليالٍ، جاء بكِ الملكُ في سَرَقةٍ من حرير، فيقول: هذهامرأتُك، فأكشِفُ عن وَجهكِ فإذا أنتِ فيه، فأقول: إن يكُ هذا من الله يُمضِه)(بخاري ومسلم)
ആയിശാ (റ) പറയുന്നു: “റസൂലുല്ലാഹ് (ﷺ) പറഞ്ഞു: മൂന്ന് രാത്രികളിലായി നിന്നെ എനിക്ക് സ്വപ്നത്തിൽ കാണിക്കപ്പെടുകയുണ്ടായി, പട്ട് കൊണ്ടുള്ള ഒരു കൂടാരത്തിൽ നിന്നെയുമായി ഒരു മലക്ക് വന്നുകൊണ്ട് പറഞ്ഞു: ഇവളാണ് താങ്കളുടെ പത്നി. ഞാൻ നിൻറ മുഖം വെളിവാക്കിയപ്പോൾ നിന്നെ അതിൽ കാണുകയുണ്ടായി, അപ്പോൾ ഞാൻ പറഞ്ഞു : ഇത് അല്ലാഹുവിൽ നിന്നാണെങ്കിൽ അത് സംഭവിക്കുക തന്നെ ചെയ്യുന്നതാണ് (ബുഖാരി,മുസ്ലിം)
പ്രവാചകൻമാരുടെ സ്വപ്നം വഹ്യാണെന്ന കാര്യത്തിൽ സംശയമില്ല. അവർ (ആയിശാ (റ)) പ്രവാചകൻ (ﷺ) ദുൻയാവിലെയും, പരലോകത്തിലെയും ഇണയാകുന്നു. ഇമാം തിർമിദി ശരിയായ സനദിലൂടെ റിപ്പോൾട്ട് ചെയ്ത ഹദീസിൽ നമുക്ക് കാണാം:
عن عائشة رضيالله عنها :أنَّ جبريل جاء بصورتها في خِرقة حريرٍ خضراء إلى النبيّ ِصلى الله عليه وسلم فقال: هذه زوجتُك في الدنيا والآخرة. (الترمذي)
ആയിശാ (റ) പറയുന്നു: “ജിബ്രീൽ അവരുടെ രൂപത്തിൽ പച്ച നിറത്തിലുള്ള പട്ടിൻ കൂടാരത്തിൽ നബി (ﷺ) യുടെ അടുത്ത് വന്ന് കൊണ്ട് പറയുകയുണ്ടായി: ‘ഇവർ ഇഹത്തിലും പരത്തിലുമുള്ള താങ്കളുടെ ഇണയാകുന്നു ‘ (തിർമിദി)
ഹാഖിമിൻറ മുസ്തദ്റകിൽ സ്വഹീഹായ സനദോടുകൂടി ഉദ്ധരിക്കപ്പെട്ട ഹദിസ്:
عن عائشة رضي الله عنها أنها قالت: قلتُ: يا رسول الله،مَن مِن أزواجك في الجنّة؟ قال:(أما إنّكِ من هنّ) (مستدرك الحاكم بإسنادٍ صحيحٍ)
ആയിശാ(റ) യിൽ നിന്ന് അവർ പ്രവാചകൻ (ﷺ) യോട് ചോദിക്കുകയുണ്ടായി: “അല്ലാഹുവിൻറ തിരുദൂതരെ, സ്വർഗത്തിൽ താങ്കളുടെ ഇണകൾ ആരെല്ലാമാണ്? പറഞ്ഞു: “അറിയുക, നീ അവരിൽപെട്ടവളാണ്” (ഹാഖിം)
നബി (ﷺ) ആയിശാ(റ) യ്ക്ക് ജിബ്രീൽ(അ) യുടെ സലാം എത്തിച്ച് കൊടുക്കുകയുണ്ടായി. ആ കാര്യമാണ് ഇമാം ബുഖാരിയും, മുസ്ലിമും റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ നമുക്ക് കാണാൻ കഴിയുന്നത്.
عن عائشة رضي الله عنها أنها قالت: قالَ رسولُالله صلى الله عليه وسلم((ياعائشَة، هذا جبريل، وهو يقرأعليكِ السّلام))، قالت: وعليه السلام ورحمةُ الله، ترى ما لا نرى يا رسولالله) (بخاري ومسلم).
ആയിശാ(റ) യിൽ നിന്ന് അവർ പറയുകയുണ്ടായി: റസൂലുല്ലാഹ് (ﷺ) പറഞ്ഞു: “ഓ, ആയിശാ, നിങ്ങൾക്കിതാ ജിബ്രിൽ(അ) പറഞ്ഞിരിക്കുന്നു “അവർ പറഞ്ഞു: ‘അദ്ദേഹത്തിനും അല്ലാഹുവിൻറ അനുഗ്രഹവും സമാധാനവും ഉണ്ടാവട്ടെ’. പ്രവാചകരെ, താങ്കൾ ഞങ്ങൾ കാണാത്തത് കാണുന്നുണ്ടല്ലേ (ബുഖാരി,മുസ്ലിം)
റസൂലുല്ലാഹ് (ﷺ) മറ്റു സ്ത്രീകളിൽ നിന്ന് അവർക്ക് പ്രത്യേകമായുള്ള പ്രത്യേകതകളും, ശ്രേഷ്ഠതകളും കൃത്യമായി വിശദീകരിക്കുന്നത് താഴെ വരുന്ന ഹദീസിലൂടെ നാം മനസിലാക്കുക.
وبنبيَّ صلى الله عليه وسلم ((كمُل من الرّجال كثير، ولم يكمُل من النّساء إلا آسية امرأتُ فرعون، ومريم ابنةُ عمران، وفضل عائشةَعلى النساءِ كفضلالثريد على سائرِ الطعام)) (بخاري ومسلم)
“പൂരുഷൻമാരിൽ ധാരാളമാളുകൾ പൂർണത കൈവരിച്ചിട്ടുണ്ട്, എന്നാൽ സ്ത്രീകളിൽ ഫിർഔനിൻറെ ഭാര്യയായ ആസിയയും, ഇംറാനിൻറ പുത്രിയായ മറിയമുമല്ലാതെ മറ്റാരും പൂർണതയിലേക്ക് എത്തിയിട്ടില്ല. ആയിശായ്ക്ക് മറ്റു സ്ത്രീകളേക്കാൾ ഉള്ള ശ്രേഷ്ടത മറ്റു ഭക്ഷണത്തിൽ നിന്ന് ‘ഥരീദി’ (മാവും,കാരക്കയും,നെയും ചേർത്ത് കൊണ്ടുള്ള പലഹാരം) നൂള്ള ശ്രേഷ്ടത പോലെയാണ്” (ബുഖാരി,മുസ്ലിം)
നബി (ﷺ) ക്ക് ആയിശാ(റ) യോടുള്ള അതിയായ ഇഷ്ടവും, അവർക്കുള്ള ഉയർന്ന സ്ഥാനവും കാരണം അനുവദനീയമായകാര്യങ്ങൾ ആസ്വദിക്കുവാൻ പ്രവാചകൻ (ﷺ) സഹായിച്ചിരുന്നതായി നമുക്ക് ഹദിസുകളിൽ വായിക്കാവുന്നതാണ്. ആയിശാ(റ) പറയുന്നു.
عن عائشة رضي الله عنها أنها قالت: لقد رأيتُ رسولَ الله صلى الله عليه وسلم يقوم على بابِ حجرتي والحبشةُ يلعَبونبالحِراب في المسجد، وإنه ليسترني بردائِه لكي أنظرَ إلى لعبِهم، ثم يقفُ من أجلي حتى أكون أنا التي أنصرف. وفي رواية: حتى أكون أنا التي أسأَم)(بخاري ومسلم) (وفي روايةٍ للنسائي قالت: وما بي حبُّ النظر إليهم، ولكنّي أحببتُ أن يبلغَ النساءَ مقامُه لي ومكاني منه)
ആയിശാ (റ) യിൽ നിന്ന്: അവർ പറഞ്ഞു: പള്ളിയിൽ അബ്സീനിയക്കാർ അമ്പുകൾ കൊണ്ടുള്ള ഒരുതരം കളി നടത്തിക്കൊണ്ടിരിക്കുമ്പോൾ റസൂലുല്ലാഹ് (ﷺ) അത് ശ്രദ്ധിച്ച്കൊണ്ടിരിക്കുന്നതായി ഞാൻ കണ്ടു, ആ സന്ദർഭം പ്രവാചകൻറ തട്ടംകൊണ്ട് ഒരു മറയുണ്ടാക്കി ആ കളി കാണുവാൻ എനിക്ക് സാഹചര്യമുണ്ടാക്കി തന്നു, അങ്ങിനെ ഞാൻ കാരണം പ്രവാചകൻ എന്റെ കൊതി തീരുവോളം അവിടെ നിൽക്കുകയുണ്ടായി മറ്റൊരു റിപ്പോർട്ടിലുള്ളത് “എനിക്ക് മടുപ്പനുഭവപ്പെടുന്നത് വരെ തിരുനബി അവിടെ നിൽക്കുകയുണ്ടായി എന്നാണുള്ളത്. (ബുഖാരി,മുസ്ലിം)
തയമ്മുമിൻ ആയത്തിറങ്ങുവാൻ കാരണം ആയിശ (റ) യാകുന്നു, അതും അവരുടെ ഒരു പ്രത്യേകതയാണ്. ബുഖാരിയും മുസ്ലിമും റിപ്പോർട്ട് ചെയ്യുന്ന ഹദീസ് കാണുക
عن عائشة رضي الله عنها قالت: خرجنَامع رسولِ الله صلى الله عليه وسلم في بعضِ أسفارِه، حتى إذا كنّا بالبيداءِ أو بذاتِ الجيشِ انقطع عِقدي، فأقام رسول ُالله صلى الله عليه وسلم على التِماسِه، وأقام الناسُ معه،وليسُوا على ماءٍ، فأتى الناسُ أبا بكرٍ رضي الله عنه فقالوا: ما ترى ما صنَعَت عائشة؟! أقامت برسولِ الله وبالناس وليسوا على ماء وليس معهم ماء، قالت: فعاتبني أبو بكر فقال ما شاء الله أن يقول، وجعل يطعن بيده فيخاصِرتي، فلا يمنعني من التحرُّك إلا مكانُ النبيّ ِصلى الله عليه وسلم، حتى أصبح على غير ماء، فأنزل الله آيةَالتيمّم فتيمَّموا، فقال أُسيد بن حُضَيْر: ما هذا بأوَّل بركتِكم يا آل أبي بكر،قالت: فبَعثنا البعيرَ التي كنتُ عليه فوجدنا العِقد تحته) (بخاري ومسلم)
ആയിശാ(റ) യിൽ നിന്ന് ഞങ്ങൾ പ്രവാചകൻ (ﷺ) യോടൊപ്പം യാത്ര പുറപ്പെടുകയുണ്ടായി, ഞങ്ങൾ യാത്ര ചെയ്ത് മരൂഭൂമിയിൽ സൈന്യത്തോടൊപ്പം ചേർന്നപ്പോൾ എന്റെ മാല നഷ്ടപ്പെട്ടു, പ്രവാചകൻ (ﷺ) അത് അന്വോഷിക്കുവാനായി നിന്നപ്പോൾ ജനങ്ങളും അദ്ദേഹത്തോടൊപ്പം നിന്നു. എന്നാൽ അവർക്കാവശ്യമായ വെള്ളമുള്ള സ്ഥലമായിരുന്നില്ല അത്. ജനങ്ങൾ അബൂബക്കർ(റ) വിൻറെയടുത്ത് വന്ന് കൊണ്ട് പറയുകയുണ്ടായി. ആയിശാ എന്താണ് ചെയ്തതെന്ന് താങ്കൾക്കറിയുമോ? ! പ്രവാചകനെയും, ജനങ്ങളെയും ഇവിടെ പിടിച്ച് നിറുത്തിയിരിക്കുന്നു, അവർ വെള്ളമുള്ള സ്ഥലത്തല്ല, അവരുടെ പക്കൽ വെള്ളവുമില്ല . ആയിശാ (റ) പറയുന്നു: അബൂബക്കർ എന്നെ ആക്ഷേപിക്കുകയും, അല്ലാഹു ഉദ്ദേശിച്ചതെല്ലാം എന്നോട് പറയുകയും ചെയ്തു. തന്റെ കൈകൊണ്ട് എൻറെ ഊരയിൽ ഇടിക്കുകയും ചെയ്തു. പ്രവാചകൻ (ﷺ) എന്റെ മടിത്തട്ടിൽ ഉള്ളത് കൊണ്ട് ഞാൻ ചലിച്ചില്ല. (എനിക്ക് നല്ലപോലെ വേദനിച്ചിരുന്നു) അവർ ഉണർന്നെഴുന്നേറ്റപ്പോൾ വെള്ളമില്ലാത്തത് കാരണം അല്ലാഹു തയമ്മുമിൻറ ആയത്തിറക്കുകയുണ്ടായി, അങ്ങിനെ അവർ തയമ്മും ചെയ്യുകയും ചെയ്തു. ഉസൈദ്ബ്നു ഖുളൈർ പറയുന്നു: ഇത് സംഭവിച്ചത് അനുഗ്രഹീതമായ അബൂബക്കർ (റ) വിൻറ കുടുംബം മുഖേനയാകുന്നു. ആയിശാ(റ) പറയുന്നു: അങ്ങിനെ ഞങ്ങൾ സഞ്ചരിച്ചിരുന്ന മൃഗത്തെ എഴുന്നേൽപിച്ചപ്പോൾ അതിന് ചുവട്ടിൽ നിന്ന് മാല കണ്ടെടുക്കുകയും ചെയ്തു”. (ബുഖാരി,മുസ്ലിം)
ഇമാം അഹ്മദ് തന്റെ മുസ്നദിൽ ഉദ്ധരിക്കുന്നു:
عن عائشة رضي الله عنها قالت: يقول أبي حين جاء من الله الرخصةُ للمسلمين: والله، ما علمتِ يابُنيَّة إنكِ لمباركة، ماذا جعل للمسلمين في حبسِكِ إياهم من البركةواليُسْر) (مسند الإمام أحمد)
ആയിശാ(റ) യിൽ നിന്ന് മുസ്ലീംകൾക്ക് അല്ലാഹുവിൽ നിന്ന് ഇളവ് വന്ന സന്ദർഭത്തിൽ എന്റെ പിതാവ് എൻറെയടുത്ത് വന്ന് പറയുകയുണ്ടായി. അല്ലാഹു തന്നെയാണ് സത്യം! എന്റെ കുഞ്ഞുമകളെ, നീ അനുഗ്രഹീതയാണെന്ന് ഞാൻ അറിഞ്ഞില്ലായിരുന്നു. നീ കാരണമായി മുസ്ലിംകൾക്ക് നേരിട്ട പ്രയാസം അനുഗ്രഹവും, എളുപ്പവുമായാണ് പരിണമിച്ചത് ” ( അഹ്മദ് )
ആയിശാ (റ) സഹജീവികളോട് അങ്ങേയറ്റം ദയയും കാരുണ്യവും കാണിച്ചിരുന്നതിനോടൊപ്പം തന്നെ ഒരുപാട് നന്മകളും പുണ്യങ്ങളും അവർക്ക് നൽകിയിരുന്നുവെന്നതിന് ഒരുപാട് ഉദാത്തമായ മാതൃകയും, ഉദാഹരണങ്ങളുമുണ്ട്. ഉർവ്വത്തുബ്നു സുബൈർ(റ) വ്യക്തമാക്കുന്നു: മുആവിയ്യ(റ) ഒരിക്കൽ ആയിശാ (റ) ക്ക് ഒരു ലക്ഷം ദിർഹം കൊടുത്തയക്കുകയുണ്ടായി, അപ്പോൾ അവർ പറയുകയുണ്ടായി: അല്ലാഹു തന്നെയാണ് സത്യം! എല്ലാവർക്കും വീതം വെക്കുന്നത് വരെ ഞാനത് തൊടുകയില്ല”. അപ്പോൾ തന്റെ ഭൃത്യ ചോദിച്ചു, ഒരു ദിർഹമിന് നമുക്ക് മാംസം വാങ്ങാമായിരുന്നല്ലോ? അവർ പറയുകയുണ്ടായി: “എന്നോട് ആദ്യം പറഞ്ഞു കൂടാമായിരുന്നില്ലേ?” അത്വാഅ്ബ്നു റബാഹ്(റ) പറഞ്ഞു: “ മൂആവിയ്യാ(റ) ആയിശാ(റ) ക്ക് ഒരു ലക്ഷത്തിന്റെ മാല കൊടുത്തയച്ചപ്പോൾ അത് വിശ്വാസികളുടെ മാതാക്കൾക്കിടയിൽ (പ്രവാചകൻ(ﷺ) യുടെ ഭാര്യമാർക്കിടയിൽ) വീതിക്കുകയുണ്ടായി.
ആയിശാ(റ) ക്ക് ഒരുപാട് പ്രത്യേകതയും ശ്രേഷ്ഠതകളും പദവികളും ഉണ്ടായിരിക്കെ തന്നെ അവരെ പുകഴ്ത്തുന്നത് അവർ വളരെയധികം ഭയപ്പെടുകയും, അതിനെ സൂക്ഷിക്കുകയും ചെയിരുന്നു.
عن ابن عبّاس رضي الله عنهما استأذن على عائشةَ وهي مغلوبة -أي: بمرض الموت- فقالت: أخشى أن يُثنِيَعليَّ، فقيل: ابن عمّ رسول الله صلى الله عليه وسلم ومِنوجوه المسلمين، قالت: فأذنوا له، فقال: كيف تجدينَكِ؟ فقالت: بخيرٍ إن اتَّقيت، قال رضي الله عنه: فأنتِ بخيرٍ إن شاءَ الله، زوجة رسول الله صلى الله عليه وسلم، ولم يتزوَّج بكرًا غيرَكِ، ونزل عُذرُكِ من السماء، فلمّا جاء ابن الزبير قالت له: جاء ابن عباس وأثنى عليَّ، وودِدتُ أني كنتُ نسيًا منسيًّا) (بخاري)
ആയിശാ(റ) ക്ക് രോഗമുണ്ടായ (മരണത്തോടടുത്ത് ബാധിച്ച രോഗം) സന്ദർഭത്തിൽ ഇബ്നു അബ്ബാസ്(റ) അവരെ സന്ദർശിക്കുവാൻ അനുവാദം ചോദിക്കുകയുണ്ടായി, അപ്പോൾ അവർ പറഞ്ഞു: എന്നെ പുകഴ്തുന്നതിനെ ഞാൻ ഭയപ്പെടുന്നു, പറയപ്പെട്ടു, റസൂലുല്ലാഹ് (ﷺ) യുടെ പിതൃവ്യ പുത്രനല്ലെ, തുടർന്ന് അവർ പറഞ്ഞു: അനുവാദം നൽകുക. ഇബ്നു അബ്ബാസ്(റ) ചോദിച്ചു, എന്താണ് അവസ്ഥ? പറഞ്ഞു: ഞാൻ അല്ലാഹുവിനെ സൂക്ഷിക്കുന്നുവെങ്കിൽ നല്ലത് തന്നെ, ആ സമയം ഇബ്നു അബ്ബാസ് (റ) പറയുകയുണ്ടായി: അല്ലാഹു ഉദ്ദേശിക്കുകയാണെങ്കിൽ നിങ്ങൾ നൻമയിൽ തന്നെയാണ്, അല്ലാഹുവിന്റെ ദൂതരുടെ ഇണയാണ്, അവിടുന്ന് കന്യകയായി അങ്ങയെല്ലാതെ മറ്റാരെയും വിവാഹം കഴിച്ചിട്ടില്ല. താങ്കളുടെ നിരപരാധിത്വം വാനലോകത്ത് നിന്നും ഇറങ്ങുകയുണ്ടായി. അങ്ങിനെ ഇബ്നു സുബൈർ വന്നപ്പോൾ അവർ പറഞ്ഞു. ഇബ്നു അബ്ബാസ് വന്ന് എന്നെ പുകഴ്തുകയുണ്ടായി, ആ സമയം ഞാൻ വിസ്മരിക്കപ്പെട്ട് പോയിരുന്നെങ്കിൽ എത്ര നന്നായിരുന്നനെയെന്ന് ആഗ്രഹിച്ചുപോയി” (ബുഖാരി)
പ്രവാചകൻ (ﷺ) യിൽ നിന്നും ധാരാളം അറിവുകൾ ജനങ്ങൾക്ക് പകർന്ന് കൊടുക്കുവാനുള്ള സൗഭാഗ്യം അല്ലാഹു അവർക്ക് നൽകിയ മഹത്തായ ഒരു അനുഗ്രഹം തന്നെയാണ്. നിരവധി ശ്രേഷ്ഠതകളും, പ്രത്യേകതകളും കൊണ്ട് അനുഗ്രഹീതയായി ആയിശാ(റ) വിന്റെ മറ്റൊരു പ്രത്യേകത നാം അവരിൽ നിന്ന് തന്നെ മനസിലാക്കുക:
(عن عائشة رضي الله عنها قالت: تُوفِّي رسولالله صلى الله عليه وسلم في بيتي وفي يومِي وليلتي وبين سَحْري ونَحْري، ودخل عبد الرحمن بن أبي بكر ومعه سواكٌ رطْب، فنظر إليه النبي صلى الله عليه وسلم حتى ظننتُ أنه يريده، فأخذتُه فمضغتُهونفضْتُه وطيَّبتُه، ثم دفعتُه إليه، فاستنَّ به كأحسنِ ما رأيته استنَّ قطّ، ثم ذهب يرفعه إليَّ فسقطَت يدُه، فأخذتُ أدعو له بدعاءٍ كان يدعو به له جبريل، وكان هويدعو به إذا مرِض، فلم يدعُ به في مرضِه ذاك، فرفَعَ بصه إلى السماء وقال: ((فيالرفيق الأعلى))، وفاضَت نفسه صلى الله عليه وسلم،فالحمد لله الذي جمع بين ريقي وريقِه في آخر يومٍ من الدنيا). (أخرجه الإمام أحمد في مسنده بإسنادٍ صحيح)
ആയിശാ(റ) യിൽ നിന്ന് അവർ പറയുന്നു: “ എന്റെ വീട്ടിൽ വെച്ച്, എന്റെ ദിവസത്തിൽ , എന്റെ രാത്രിയിൽ, എന്റെ മാറിനും മടിത്തട്ടിനുമിടയിൽ കിടന്ന് കൊണ്ടാണ് റസൂലുള്ളാഹി(ﷺ) മരണപ്പെട്ടത്. അതിന്റെ തൊട്ട് മുമ്പ് അബ്ദുർറഹ്മാനുബ്നു അബുബക്കർ(റ) അവിടേക്ക് പ്രവേശിച്ചു . അദ്ദേഹത്തിന്റെ കയ്യിൽ ഉണങ്ങിയ ഒരു മിസ് വാക്കുണ്ടായിരുന്നു, നബി (ﷺ) അതിലേക്ക് നോക്കുന്നത് കണ്ടപ്പോൾ അത് ആവശ്യമുണ്ടെന്ന് എനിക്ക് തോന്നി, ഞാനത് വാങ്ങി കടിച്ച് ലോലമാക്കി പ്രവാചകന് നൽകുകയുണ്ടായി. അത് വാങ്ങി മൂമ്പൊരിക്കലും ഞാൻ കണ്ടിട്ടില്ലാത്ത രൂപത്തിൽ വളരെ ഭംഗിയായി ദന്തശുദ്ധികരണം വരുത്തുകയും ചെയ്തു. ശേഷം അതെനിക്ക് തിരിച്ച് നൽകാൻ വേണ്ടി കൈ നിട്ടിയപ്പോൾ പ്രവാചകൻറ കൈ താഴേക്ക് വീഴുകയുണ്ടായി. അപ്പോൾ ജിബ്രീൽ(അ) അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കാറുള്ള പ്രാർത്ഥന ഞാൻ പ്രാർത്ഥിച്ചു, ആ പ്രാർത്ഥന തന്നെയാണ് പ്രവാചകന് രോഗം വരുമ്പോൾ തിരുമേനി പ്രാർത്ഥിക്കാറുള്ളത്. എന്നാൽ ഈ സന്ദർഭത്തിൽ പ്രവാകൻ ഇത് പ്രാർത്ഥിച്ചിരുന്നില്ല . തൻറ കണ്ണുകൾ ആകാശത്തേക്ക് ഉയർത്തിക്കൊണ്ട് പറയുകയുണ്ടായി. (ഉന്നതമായ കൂട്ടുകാരിലേക്ക്) അങ്ങിനെ പ്രവാചകൻറ ആത്മാവ് ഉയർന്ന് പോയി. ഈ ലോകത്തിലെ അവസാന ദിവസം എൻറ ഉമിനീരും പ്രവാചകന്റെ ഉമിനീരും ഒരുമിച്ച് കൂട്ടിയ അല്ലാഹുവിനാണ് സർവ്വസ്തുതി ” (അഹ്മദ്)
ഇത് എത്ര ഉന്നതവും, മഹത്തരവുമായ ശ്രേഷ്ടതയാണ് അവർക്ക് നൽകിയത്. ഇത് ജനങ്ങൾക്ക് വിശദീകരിച്ച് കൊടുക്കുവാൻ പറ്റിയ ഉത്തമ ഗുണം തന്നെ. ഉമ്മുൽ മുഅ്മിനീനായ ആയിശാ(റ) ക്കുള്ള അവകാശവും, അവരോടുള്ള സ്നേഹവും, സഹായവും, അവർക്കെതിരെയുള്ള ദുരാരോപണങ്ങൾക്കെതിരെയുള്ള പ്രതിരോധവും, അവരിലൂടെ പ്രവാചകൻ (ﷺ) യെ ഉപദ്രവിക്കുന്നവർക്കെതിരെയുള്ള താക്കീതുമാണ് നാം ഇവിടെ നിർവ്വഹിക്കുന്നത്. അവരെ ആക്ഷേപിക്കുകയും, അവർക്കെതിരെ ദുരാരോപണങ്ങൾ അഴിച്ച് വിടുകയും ചെയ്യുന്ന വ്യക്തമായ കുറ്റം ചെയ്യുന്നവർക്കുള്ള അല്ലാഹുവിന്റെ താക്കീത് നാം കൃത്യമായി മനസിലാക്കുക. അല്ലാഹു പറയുന്നു:
(وَمِنْهُمُ الَّذِينَ يُؤْذُونَ النَّبِيَّ وَيَقُولُونَ هُوَ أُذُنٌ قُلْ أُذُنُ خَيْرٍ لَكُمْ يُؤْمِنُ بِاللَّهِ وَيُؤْمِنُ لِلْمُؤْمِنِينَ وَرَحْمَةٌ لِلَّذِينَ آمَنُوا مِنْكُمْ وَالَّذِينَ يُؤْذُونَ رَسُولَ اللهِ لَهُمْ عَذَابٌ أَلِيمٌ) (التوبة: 61)
“നബിയെ ദ്രോഹിക്കുകയും അദ്ദേഹം എല്ലാം ചെവിക്കൊള്ളുന്ന ആളാണ് എന്ന് പറയുകയും ചെയ്യുന്ന ചിലർ അവരുടെ കൂട്ടത്തിലുണ്ട്. പറയുക: അദ്ദേഹം നിങ്ങൾക്ക് ഗുണമുള്ളത് ചെവിക്കൊള്ളുന്ന ആളാകുന്നു. അദ്ദേഹം അല്ലാഹുവിൽ വിശ്വസിക്കുന്നു. യഥാർത്ഥ വിശ്വാസികളെയും അദ്ദേഹം വിശ്വസിക്കുന്നു. നിങ്ങളിൽ നിന്ന് വിശ്വസിച്ചവർക്ക് ഒരു അനുഗ്രഹവുമാണദ്ദേഹം. അല്ലാഹുവിന്റെ ദൂതനെ ദ്രോഹിക്കുന്നവരാരോ അവർക്കാണ് വേദനയേറിയ ശിക്ഷയുള്ളത്”. (തൗബഃ 61)
എന്റെ ഈ വാക്കുകൾ ഇവിടെ അവസാനിപ്പിക്കുകയാണ്, നമ്മുടെ പാപങ്ങൾ പൊറുക്കുവാനായി അല്ലാഹുവിനോട് ഇസ്തിഗ്ഫാർ നടത്തുന്നു, അവൻ പാപങ്ങൾ പൊറുക്കുന്നവനും കരുണാനിധിയുമാണ്.
രണ്ടാം ഖുതുബ:
ശേഷം, അല്ലാഹുവിൻറ അടിയാറുകളെ , പ്രവാചകൻ (ﷺ) യോടുള്ള മുസ്ലിം സമുദായത്തിന്റ ബാധ്യതയിൽപെട്ടതാണ് റസൂലുല്ലാഹ് (ﷺ) മഹത്വപ്പെടുത്തുകയും, ആദരിക്കുകയും ചെയ് തവരെ ആദരിക്കുകയും, മഹത്വപ്പെടുത്തുകയും ചെയ്യുകയെന്നത്. അതുപോലെ പ്രവാചകൻ (ﷺ) ഇഷ്ടപ്പെട്ടവരെ ഇഷ്ടപ്പെടുകയും ചെയ്യുക. കാരണം നബി (ﷺ) നല്ലതല്ലാതെ ഇഷ്ടപ്പെടുകയില്ല. അതാണ് ഇബ്നു അബ്ബാസ് (റ) ആയിശാ(റ) നോട് മരണവേളയിൽ പ്രവേശിച്ച് കൊണ്ട് പറഞ്ഞത്:
عن ابن عبّاس رضي اللهعنهما قال: كنتِ أحبَّ نساء رسول الله صلى الله عليه وسلم، ولم يكن يُحب إلا طيِّبًا، سقَطَت قِلادتُكِ ليلة الأبواء، وأصبح رسول الله صلى الله عليه وسلم ليلقُطها، فأصبح الناس وليس معهم ماء،فأنزل الله “فَتَيَمَّمُوا صَعِيدًا طَيِّبًا”، فكان ذلك من سبَبكِ، وماأنزل الله بهذه الأمّة من الرخصة، ثم أنزل الله تعالى براءَتكِ من فوقِ سبعِ سماوات، فأصبح ليس مَسجدٌ من مساجِد اللهِ يُذكَر فيها الله إلا كانت براءتُكِ تُتلى فيه آناء الليل وأطرافَ النهار، قالت: دعني عنك يا ابن عباس، فوالله لودِدتُأني كنتُ نسيًا منسيًّا. أخرجه البخاري في صحيحه.
“പ്രവാചകൻ (ﷺ) ഏറ്റവും ഇഷ്ടമുള്ള ഇണയാണ് നിങ്ങൾ, റസുലുല്ലാഹ് (ﷺ) നല്ലതല്ലാതെ ഒന്നും ഇഷ്ടപ്പെടുകയില്ല, ‘അബവാഅ്’ അങ്ങയുടെ മാല നഷ്ടപ്പെട്ടപ്പോൾ പ്രവാചകൻ (ﷺ) അത് അന്വേഷിച്ച് നടക്കുകയുണ്ടായി, ജനങ്ങളും അദ്ദേഹത്തോടൊപ്പം നടന്നു, അവർക്ക് വെള്ളം കിട്ടാതെയായപ്പോൾ അല്ലാഹു തയമ്മുമിൻറ ആയത്തിറക്കി, (നിങ്ങൾ ശുദ്ധമായ മണ്ണ് കൊണ്ട് ശുദ്ധീകരണം വരുത്തുക). അത് നിങ്ങൾ കാരണമാണ് ഉണ്ടായത്, അതുപോലെ ഏഴാനാകാശത്തനപ്പുറത്ത് നിന്ന് അങ്ങയുടെ നിരപരാധിത്വം ഉന്നതനായ അല്ലാഹു ഇറക്കി. രാവും പകലുകളിലുമായി അങ്ങയുടെ നിരപരാധിത്വം വ്യക്തമാക്കുന്ന ആയത്തുകൾ അല്ലാഹുവിന്റെ പള്ളികളായ പള്ളികളിലെല്ലാം പാരായണം ചെയ്ത് കൊണ്ടിരിക്കുന്നു. അപ്പോൾ ആയിശാ (റ) പറയുകയുണ്ടായി . “ ഇബ്നു അബ്ബാസ് എന്നെ ഉപേക്ഷിക്കുക , അല്ലാഹുവാണ് സത്യം! തീർച്ചയായും ഞാൻ വിസ്മരിക്കപ്പെട്ട് പോയിരുന്നെങ്കിൽ എത് നന്നായിരുന്നേനേ” (ബുഖാരി)
ഉസൈദ്ബ്നു ഖുളൈർ (റ) അവരോട് പറഞ്ഞത് പോലെ നാമും പറയുന്നു. “അല്ലാഹു താങ്കൾക്ക് നന്മയും, പ്രതിഫലവും നൽകുമാറാവട്ടെ, അല്ലാഹുവാണ് സത്യം! നിങ്ങൾ വെറുക്കുന്ന ഏതൊരു കാര്യത്തെയും അല്ലാഹു നിങ്ങൾക്ക് നന്മയല്ലാതെ മാറ്റി തീർക്കാതിരിക്കില്ല. ആയിശാ (റ) ക്ക് നേരെയുണ്ടാകുന്ന ഏതൊരു ആരോപണവും, ആക്ഷേപവും എല്ലാം തന്നെ അവസാനിക്കുന്നത് അവരെ സഹായിക്കുന്നതിലും, അവരുടെ ശ്രേഷ്ടതകളും, പ്രത്യേകതകളും, അവരുടെ ബുദ്ധിവൈഭവവും, അവരുടെ പാണ്ഡിത്യവും, ഒന്നുകൂടി ജനങ്ങളെ പഠിപ്പിക്കുന്നതിലും, ബോധ്യപ്പെടുത്തുന്നതിലുമാണ്. ഇത് ഒരു നന്മയാണ്. അല്ലാഹുവിന്റെ അടിമകളെ നിങ്ങൾ അവനെ സൂക്ഷിക്കുക. റസൂൽ (ﷺ) യുടെ സ്നേഹനിധിയായ സ്വിദ്ധീഖാബിൻത് സിദ്ധീഖ് (റ) യുടെ സ്ഥാനം മനസിലാക്കുക, അവരുടെയും, മറ്റു വിശ്വാസികളുടെ മാതാക്കളുടെയും, അവരുടെ കുടുംബത്തിന്റെയും, മുഴുവൻ സ്വഹാബാക്കളുടെയും അവകാശങ്ങളെ നാം പരിഗണിക്കുക. എങ്കിൽ നിങ്ങൾക്ക് അല്ലാഹുവിൻറെയടുത്ത് സ്വർഗം കൊണ്ട് വിജയിക്കുന്നവരിൽ ഉൾപ്പെടുവാൻ സാധിക്കുന്നതാണ്.
Ma sha Allah 💞
Barakallahu feek