വിവാഹത്തിന്റെ ലക്ഷ്യങ്ങൾ​

വിവാഹത്തിന്റെ ലക്ഷ്യങ്ങൾ

വിവാഹം പ്രകൃതിയുടെ തേട്ടം

പ്രപഞ്ചത്തിലെ സകല വസ്തുക്കളെയും പ്രപഞ്ച നാഥനായ സ്രഷ്ടാവ് ഇണകളായി സൃഷ്ടിക്കുകയും പരസ്പരം ഇണചേരുന്ന പ്രകൃതിയോടെ വളർത്തിക്കൊണ്ടിരിക്കുകയുമാണ് ചെയ്യുന്നത് . മനുഷ്യനിൽ മാത്രമല്ല മനുഷ്യതര ജന്തുക്കളിലും സസ്യങ്ങളിൽ പോലും ഇത് ദൃശ്യമാകുന്നുണ്ട് . ഇണ ചേരാനുള്ള പ്രായമാകുമ്പോൾ അതിനായി ശരീര പ്രകൃതിയിൽ തന്നെ മാറ്റമുണ്ടാകുന്നു . സ്വന്തമായി ഇണ ചേരുവാൻ കഴിയാത്തവർക്ക് അല്ലാഹു തന്നെ അതിനുള്ള മറ്റു മാർഗ്ഗങ്ങളും പ്രകൃതിയുടെ സൃഷ്ടിപ്പിൽ തന്നെ ക്രമീകരിച്ചു . കാറ്റിലൂടേയും വെള്ളത്തിലൂടേയും പറവകളിലൂടേയും പരാഗണം നടത്തുന്നതും അതിനായി പറവകളെ ആകർഷിക്കാൻ പൂക്കളുടെ നിറവും മണവുമെല്ലാം സംവിധാനിച്ചിരിക്കുന്നതും എന്തു മാത്രം ആസൂത്രണമായിട്ടാണ്

“ഭൂമി മുളപ്പിക്കുന്ന സസ്യങ്ങളിലും അവരുടെ സ്വന്തം വർഗ്ഗങ്ങളിലും, അവർക്ക് അറിയാത്ത വസ്തക്കളിലും പെട്ട എല്ലാ ഇണകളേയും സൃഷ്ടിച്ചവൻ എത്ര പരിശുദ്ധൻ”.

വവാഹം നിർബന്ധം

പ്രകൃതിമതമായ ഇസ്ലാമിലെ കൽപനകൾ തീർത്തും പ്രകൃതിക്ക് അനുയോജ്യമായിട്ടുള്ളതാണ് . ഇണ ചേർന്നുകൊണ്ടുള്ള ജീവിതം അതാണ് പ്രകൃതിക്ക് അനുയോജ്യമായിട്ടുള്ളത് . അത് അവഗണിച്ചു കൊണ്ടുള്ള ജീവിതം തീർത്തും ഒരു ജീവിക്കും, സസ്യങ്ങൾക്ക് പോലും ചിന്തനീയമല്ല. അതിനാലാണ് സ്വന്തമായി അത് നിർവഹിക്കാൻ കഴിയാത്ത സൃഷ്ടികൾക്ക് സഷ്ടാവ് തന്നെ അതിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയത്. എന്നാൽ വിശേഷ ബുദ്ധിയുള്ള മനുഷ്യന് പ്രസ്തുത പ്രക്രിയ നിർവഹിക്കാൻ സഷ്ടാവ് നിശ്ചയിച്ച മാർഗ്ഗമാണ് വിവാഹം. കഴിവുള്ളവർ അതിൽ നിന്ന് അകന്ന് ജീവിക്കാൻ പാടില്ലാത്ത വിധം അത് നിർബന്ധമാക്കുകയും ചെയ്തു .

അല്ലാഹു പറയുന്നു : “നിങ്ങളെ നാം ഇണകളായി സൃഷ്ടിക്കുകയും ചെയ്തില്ലയോ .”

താഴെ പറയുന്ന ഹദീസുകളിൽ നിന്ന് ഇക്കാര്യം മനസ്സിലാക്കാവുന്നതാണ് .

അല്ലാഹുവിന് ആരാധനകൾ നിർവഹിക്കാൻ വൈവാഹിക ജീവിതം തടസ്സമാകും എന്ന് ചിന്തിച്ച് അതിൽ നിന്ന് വിട്ടു നിൽക്കാൻ തീരുമാനിച്ച വ്യക്തിയോടായി പ്രവാചകൻ ( സ ) പറഞ്ഞത് കാണുക : 

“നിശ്ചയം ഞാൻ സ്ത്രീകളെ വിവാഹം കഴിച്ച് ജീവിക്കുന്നവനാണ്. വല്ലവനും എന്റെ ജീവിതചര്യ വെറുത്താൽ അവൻ എന്നിൽപെട്ടവനല്ല.”

“വിവാഹം എന്റെ ചര്യയാണ്. ആരാണോ ചര്യഅനുസരിച്ച് പ്രവർത്തിക്കാത്തത് അവൻ എന്നിൽപെട്ടവനല്ല.”

“അല്ലയോ യുവസമൂഹമേ, നിങ്ങൾക്ക് ആർക്കെങ്കിലും വിവാഹത്തിനുള്ള കഴിവ് എത്തിക്കഴിഞ്ഞാൽ അവൻ വിവാഹം കഴിക്കണം. നിശ്ചയം അത് കണ്ണിന് നിയന്ത്രണവും ലൈംഗികവയവത്തിന് സംരക്ഷണവുമാണ്.”

ഇവിടെ കൽപനാ രൂപത്തിലുള്ള പ്രവാചകൻ ( സ ) യുടെ വാക്കിൽ നിന്നു തന്നെ അതിന്റെ ഗൗരവ മനസ്സിലാക്കാവുന്നതാണ്. അപ്രകാരം തന്നെ വിവാഹത്തിൽ നിന്ന് അകന്ന് ജീവിക്കുന്നതിനെ പ്രവാചകൻ ( സ ) വിരോധിച്ചതായും ഹദീസുകളിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്. നബി ( സ ) ബഹ്മചര്യം വിരോധിച്ചിരിക്കുന്നു.

 

വിവാഹത്തിന്റെ ലക്ഷ്യങ്ങൾ

വൈവാഹിക ജീവിതം ഇസ്ലാം നിർബന്ധമാക്കിയതിൽ ഒരുപാട് ലക്ഷ്യങ്ങൾ ഉൾകൊണ്ടിട്ടുളളതായി മനസ്സിലാക്കാൻ കഴിയും ; അവയിൽ പ്രധാനപ്പെട്ടവ താഴെ ചേർക്കുന്നു .

1. മനുഷ്യ വംശത്തിന്റെ നിലനിൽപ്പ്:

ഭൂമിയിലുള്ളവയെല്ലാം മനുഷ്യന് വേണ്ടിയാണ് അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത് എന്ന് അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട് . “ അവനാണ് നിങ്ങൾക്കു വേണ്ടി ഭൂമിയിലുള്ളതെല്ലാം സൃഷ്യടിച്ചു തന്നത്  “‘ അതിനാൽ തന്നെ ഈ പ്രപഞ്ചം നിലനിൽക്കുന്ന കാലമത്രയും മനുഷ്യവംശം ഇവിടെ നിലനിൽക്കേണ്ടതുണ്ട് . അതാകട്ടെ വിവാഹത്തിലൂടെയും ഇസ്ലാം ആവശ്യപ്പെടുന്ന വൈവാഹിക ജീവിതത്തിലൂടെയും മാത്രമെ സാധ്യമാവുകയുള്ളു .

2. സമാധാന ജീവിതം കൈവരിക്കാൻ:

മനുഷ്യ ജീവിതത്തിൽ  സ്വയ്‌ര്യതയ്ക്കും സമാധാനത്തിനും ഇസ്ലാം മുന്നോട്ട് വെക്കുന്ന പ്രധാനപ്പെട്ട ഉപാധികളിൽ പ്രമുഖ സ്ഥാനമാണ് വിവാഹത്തിന് നൽകിയിട്ടുള്ളത്. താഴെ പറയുന്ന ഖുർആൻ ആയത്തുകളിലൂടെ അത് ഗ്രഹിക്കാവുന്നതാണ് .

“നിങ്ങൾക്ക് ഒത്ത് ചേർന്ന് സാമാധാന ജീവിതം പ്രാപിക്കുന്നതിനായി നിങ്ങളിൽ നിന്നു തന്നെ നിങ്ങൾക്ക് ഇണകളെ സൃഷ്ടിക്കുകയും നിങ്ങൾക്കിടയിൽ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തും, അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ.”

“ഒരൊറ്റ ദേഹത്തിൽ നിന്ന് തന്നെ നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കിയവനാണവൻ; അതിൽ നിന്നു തന്നെ അതിന്റെ ഇണയേയും അവൻ ഉണ്ടാക്കി. അവളോടൊത്ത് അവൻ സമാധാനമടയുവാൻ വേണ്ടി.”

ഭൗതിക ജീവിത വിഷയങ്ങളായി മുന്നോട്ട് പോകുന്ന മനുഷ്യന് അനുഭവപ്പെട്ടേക്കാവുന്ന മാനസിക ടെൻഷനുകളും പ്രയാസങ്ങളും ഇല്ലാതാക്കി മനസ്സിനെ സമാധാനിപ്പിക്കുന്ന ഒരു ഇണയുടെ സാന്നിദ്ധ്യം നിർവ്വചിക്കാൻ കഴിയാത്ത ഒരു സമാധാനം തന്നെയാണ് . പ്രയാസങ്ങളിൽ ആശ്വസിപ്പിച്ച് ലഘൂകരിക്കാനായി കാരുണ്യവും സന്തോഷാവസരങ്ങളിൽ അത് വർദ്ധിപ്പിക്കാനായി സ്നേഹവും അല്ലാഹു ദാമ്പദ്യങ്ങളിൽ നിക്ഷേപിക്കുകയും ചെയ്യുന്നു .

3. സദാചാര ജീവിതം നയിക്കാൻ:

പ്രകൃതിയിലെ സർവ്വചരാചരങ്ങളും ഇണ ചേർന്നുകൊണ്ട് അവയുടെ നൈസർഗ്ഗികാവശ്യങ്ങൾ പൂർത്തീകരിക്കുന്നു. അതാകട്ടെ പ്രകൃതിയിലെ എല്ലാ സസ്യ, ജന്തുക്കളിലും ജന്മനായുള്ളതും അടക്കിവെക്കാനും ഒഴിവാക്കാനും കഴിയാത്തതുമായ ഒരു സവിശേഷത കൂടിയാണ്. മനുഷ്യനല്ലാത്ത ജിവികളിൽ അതിർ വരമ്പുകളോ വിലക്കുകളോ ഇല്ലാത്ത അവ അത് നിർവ്വഹിക്കുകയും ചെയ്യുന്നു. എന്നാൽ മനുഷ്യന് മാത്രം അല്ലാഹു നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അത് ലംഘിച്ച് തോന്നിയ പോലെ ലൈംഗിക പൂർത്തികരണത്തിനായി മറ്റു മാർഗ്ഗങ്ങൾ ആശ്രയിച്ചാൽ അത് പ്രശ്നങ്ങളും അരാജകത്വവും ഉണ്ടാക്കുന്നു. അതുകൊണ്ട് മനുഷ്യന് പ്രകൃത്യായുള്ള ആവിശ്യങ്ങളിൽ പെട്ട ലൈംഗീകത ഇസ്ലാം വിവാഹത്തിലൂടെ മാത്രം പൂർത്തികരിക്കാൻ ആവശ്യപ്പെട്ടു. അതിലൂടെ കുത്തൊഴിഞ്ഞ ജീവിതത്തിന് അടുക്കും ചിട്ടയും ഉണ്ടാക്കുവാനും സദാചാര ജീവിതം നയിക്കാനും കഴിയുന്നു. പ്രസ്തുത നിയമങ്ങൾ ലംഘിക്കുന്നതിലൂടെ ഉണ്ടാകുന്ന മാനസിക സംഘർഷങ്ങളും ലൈംഗിക രോഗങ്ങളും വിവരിക്കേണ്ടതില്ലാത്ത വിഷയങ്ങളാണല്ലൊ, അതു കൊണ്ട് തന്നെ യുവ സമൂഹത്തോടായി വളരെ കർക്കശമായുള്ള ഈ വിഷയത്തിലെ പ്രവാചക കൽപ്പന ഏറെ ശ്രദ്ധേയമാണ് .

“അല്ലയോ യുവ സമൂഹമേ, നിങ്ങളിൽ ആർക്കെങ്കിലും വിവാഹത്തിനുള്ള കഴിവ് എത്തിക്കഴിഞ്ഞാൽ അവൻ വിവാഹം കഴിക്കണം. നിശ്ചയം അത് കണ്ണിന് നിയന്ത്രണവും ലൈംഗീകാവയവത്തിന് സംരക്ഷണവുമാണ്.”

4. സഹകരണ സംരക്ഷണ ബോധം വളർത്തൽ:

സാമൂഹ്യ ജിവിയായ മനുഷ്യൻ അന്യോന്യം സഹകരിച്ചും സഹായിച്ചും ജീവിക്കേണ്ടവരാണ്. മനുഷ്യന്റെ കഴിവുകളും അതിനനുസൃതമായി ഏറ്റക്കുറച്ചിലുള്ള നിലയിൽ തന്നെയാണ് അല്ലാഹു സൃഷ്ടിച്ചിട്ടുള്ളതും. എന്നാൽ മേൽ പറയപ്പെട്ട സഹകരണവും സംരക്ഷണവും വൈവാഹിക ജീവിതത്തിൽ ഊട്ടിയുറപ്പിക്കപ്പെടുന്നു .

അല്ലാഹു പറയുന്നു : “പുരുഷന്മാർ സ്ത്രീകളുടെ മേൽ നിയന്ത്രണാധികാരമുളളവരാകുന്നു. മനുഷ്യരിൽ ഒരു വിഭാഗത്തിന് അല്ലാഹു കൂടുതൽ കഴിവ് നൽകിയതു കൊണ്ടും ( പുരുഷന്മാർ ) അവരുടെ ധനം ചിലവഴിച്ചതുകൊണ്ടുമാണത്.”

5. സമൂഹത്തിൽ ഭദ്രമായി കെട്ടുറപ്പ്:

കുത്തഴിഞ്ഞ ജീവിതം സമൂഹത്തിന്റെ ഭ്രദമായ കെട്ടുറപ്പിന് ഭംഗം വരുത്തുകയും, സംരക്ഷിക്കാൻ ആളില്ലാത്ത വിധം അനാഥരും അഗതികളും പെരുകുകയും അത് മനുഷ്യ ജീവിതത്തിന് തന്നെ പ്രായാസം സൃഷ്ടിക്കുകയും ചെയ്യും. എന്നാൽ വിവാഹത്തിലൂടെ ജനിക്കുന്ന സന്താനങ്ങളുടെ പിതൃത്വവും പൂർണ്ണമായ സംരക്ഷണവും ഏറ്റെടുക്കാൻ മനുഷ്യനെ പ്രാപ്തനാക്കുന്നതാണ്. അതു മൂലം സമൂഹത്തിൽ ഉണ്ടാക്കാനിടയുള്ള അരക്ഷിതാവസ്ഥ ഇല്ലാതാക്കുകയും ചെയ്യുന്നു .

വിവാഹം കഴിപ്പിക്കൽ സമൂഹത്തിന്റെ ബാധ്യത:

സമൂഹത്തിലെ വിവാഹ പ്രായമെത്തിയ യുവാക്കൾക്കും യുവതികൾക്കും അനുയോജ്യരായ ഇണകളെ കണ്ടെത്തി അവരെ വിവാഹിതരാക്കുക എന്നത് സമൂഹത്തിന്റെ ബാധ്യതയായിട്ടാണ് ഇസ്ലാം കാണുന്നത്. കാരണം ഒരാൾ അവിവാഹിതനായി തനിക്ക് തോന്നിയ പോലെ ജീവിക്കാൻ തീരുമാനിച്ചാൽ അതിന്റെ ഭവിഷ്യത്തുകൾ അയാൾ മാത്രമായിരിക്കുകയില്ല അനുഭവിക്കേണ്ടതായി വരിക .

അല്ലാഹു പറയുന്നത് കാണുക : – “നിങ്ങളിലുള്ള അവിവാഹിതരേയും നിങ്ങളുടെ അടിമകളിൽ നിന്നും അടിമ സ്ത്രികളിൽ നിന്നും നല്ലവരായിട്ടുള്ളവരേയും നിങ്ങൾ വിവാഹ ബന്ധത്തിലേർപ്പെടുത്തുക. അവർ ദരിദ്രരാണെങ്കിൽ അല്ലാഹു തന്റെ അനുഗ്രഹത്തിൽ നിന്ന് അവർക്ക് ഐശ്വര്യം നൽകുന്നതാണ് . അല്ലാഹു അതിവിശാലനും സർവ്വജ്ഞാനുമാണത്.”

നോക്കു , എത്ര ഗൗരവത്തോടെയാണ് ഇസ്ലാം ഇക്കാര്യം സമൂഹത്തെ ചുമതലപ്പെടുത്തിയിട്ടുള്ളത് ! വൈവാഹിക ജീവിതം നയിക്കാനുള്ള ആരോഗ്യവും മാനസിക പക്വതയുമുള്ള ഏതൊരാളേയും കല്യാണം കഴിപ്പിക്കാനാണ് ഇസ്ലാം ആവശ്യപ്പെടുന്നത്. അവർ ദരിദ്രരാണെങ്കിൽ പോലും ഇക്കാര്യത്തിൽ അനാസ്ഥ കാണിക്കരുതെന്നാണ് നിയമം . ദരിദ്രരാണെങ്കിൽ അത് അല്ലാഹു തീർത്തുകൊള്ളും എന്ന് അല്ലാഹു പ്രത്യേകം ഉണർത്തുകയും ചെയ്തിരിക്കുന്നു. ദാരിദ്യം ഭയന്ന് വിവാഹം കഴിക്കുന്നതിൽ നിന്നും ഒരാളും വിട്ടു നിൽക്കോണ്ടതായിവരില്ല . കാരണം അവരെ അല്ലാഹു സഹായിക്കുക തന്നെ ചെയ്യും . ഇക്കാര്യം നബി ( സ ) യും സന്തോഷമറിയിച്ചിട്ടുണ്ട് .

“മൂന്ന് വിഭാഗം ആളുകളെ സഹായിക്കുമെന്നത് അല്ലാഹു ബാധ്യതയായി ഏറ്റെടുത്തിരിക്കുന്നു. അല്ലാഹുവിന്റെ മാർഗ്ഗത്തിലെ യോദ്ധാവ് , മോചന പത്രം എഴുതിയ അടിമ , സദാചാരം ഉദ്ദേശിച്ച് വിവാഹത്തിനൊരുങ്ങുന്ന വ്യക്തി എന്നിവരാണവർ”

മാനസീകവും ശാരീരികവുമായ ആരോഗ്യവും പക്വതയും ഉണ്ടായിട്ടും ജോലിയൊന്നും ശരിയായിട്ടില്ല ; അതിനാൽ വിവാഹം കഴിക്കാനായിട്ടില്ല, എന്ന് കരുതുന്ന യുവാക്കളും മതബോധവും സദാചാര നിഷ്ടയുമുണ്ടായിട്ടും സാമ്പത്തിക നില പോരാ, എന്ന് ചിന്തിച്ച് പെൺകുട്ടികളെ വിവാഹം കഴിച്ചു കൊടുക്കാൻ മടിക്കുന്ന രക്ഷിതാക്കളും ഈ വചനം ശ്രദ്ധിച്ചിരുന്നെങ്കിൽ !

അബ്ദുൽല്ലത്തീഫ് സുല്ലമി മാറഞ്ചേരി

Leave a Comment