വെള്ളം അമൂല്യമാണ് അത് പാഴാക്കരുത്
ടി.കെ. ത്വൽഹത്ത് സ്വലാഹി
അല്ലാഹു മനുഷ്യന് നൽകിയ, പകരം വെക്കാനില്ലാത്ത, സുപ്രധാനമായ അനുഗ്രഹങ്ങളിൽ ഒന്നാണ് വെള്ളം.
നമുക്ക് കുടിക്കാനും കുളിക്കാനും ഭക്ഷണം പാകം ചെയ്യാനും വസ്ത്രമലക്കാനുമെല്ലാം വെള്ളം കൂടിയേ തീരൂ…
എന്നാൽ,ഇന്ന് ശുദ്ധജലത്തിന്റെ വിഷയത്തിൽ വലിയ പരീക്ഷണത്തിലേക്കാണ് സമൂഹം നീങ്ങികൊണ്ടിരിക്കുന്നത്.ശുദ്ധജലത്തിന് വേണ്ടി മനുഷ്യർ പരസ്പരം കലഹിക്കുന്ന കാലം വിദൂരമല്ലെന്നാണ് ആ രംഗത്ത് പഠനം നടത്തിയ ദീർഘ വീക്ഷണമുള്ളവർ താക്കീത് നൽകുന്നത്.കിണറുകളും കുഴൽ കിണറുകളും കുളങ്ങളും പുഴകളും അരുവികളും കനാലുകളുമെല്ലാം വറ്റിവരണ്ടുകൊണ്ടിരിക്കുന്നു.
ഇവിടെ ചില കാര്യങ്ങൾ
1. ഒരു തുള്ളി വെള്ളം പോലും പാഴായി പോവുന്നില്ലെന്ന് നാം ഉറപ്പ് വരുത്തുക
ഒഴുകുന്ന പുഴയിൽ നിന്ന് വുദു ചെയ്യുമ്പോഴും വെള്ളം മിതമായേ ഉപയോഗിക്കാവൂ എന്നാണല്ലോ പ്രവാചകാദ്ധ്യാപനം!
2. അല്ലാഹുവിന്റെ താക്കീതിനെ ഓർക്കുക.
(أَفَرَءَیۡتُمُ ٱلۡمَاۤءَ ٱلَّذِی تَشۡرَبُونَ ءَأَنتُمۡ أَنزَلۡتُمُوهُ مِنَ ٱلۡمُزۡنِ أَمۡ نَحۡنُ ٱلۡمُنزِلُونَ لَوۡ نَشَاۤءُ جَعَلۡنَـٰهُ أُجَاجࣰا فَلَوۡلَا تَشۡكُرُونَ)
[Surat Al-Waqi’ah 68 – 70]
ഇനി, നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങളാണോ അത് മേഘത്തിന്‍ നിന്ന് ഇറക്കിയത്? അതല്ല, നാമാണോ ഇറക്കിയവന്‍? നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അത് നാം ദുസ്സ്വാദുള്ള ഉപ്പുവെള്ളമാക്കുമായിരുന്നു. എന്നിരിക്കെ നിങ്ങള്‍ നന്ദികാണിക്കാത്തതെന്താണ്?
(قُلۡ أَرَءَیۡتُمۡ إِنۡ أَصۡبَحَ مَاۤؤُكُمۡ غَوۡرࣰا فَمَن یَأۡتِیكُم بِمَاۤءࣲ مَّعِینِۭ)
[Surat Al-Mulk 30]
പറയുക: നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? നിങ്ങളുടെ വെള്ളം വറ്റിപ്പോയാല്‍ ആരാണ് നിങ്ങള്‍ക്ക് ഒഴുകുന്ന ഉറവു വെള്ളം കൊണ്ട് വന്നു തരിക?
(وَأَنزَلۡنَا مِنَ ٱلسَّمَاۤءِ مَاۤءَۢ بِقَدَرࣲ فَأَسۡكَنَّـٰهُ فِی ٱلۡأَرۡضِۖ وَإِنَّا عَلَىٰ ذَهَابِۭ بِهِۦ لَقَـٰدِرُونَ)
[Surat Al-Mu’minun 18]
ആകാശത്തു നിന്ന് നാം ഒരു നിശ്ചിത അളവില്‍ വെള്ളം ചൊരിയുകയും, എന്നിട്ട് നാം അതിനെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നതാക്കുകയും ചെയ്തിരിക്കുന്നു. അത് വറ്റിച്ചു കളയാന്‍ തീര്‍ച്ചയായും നാം ശക്തനാകുന്നു.
3. വെള്ളം സമൃദ്ധമായി ലഭിക്കാൻ ഏകനായ റബ്ബിനെ മാത്രം ആരാധിക്കുകയും ഇസ്തിഗ്ഫാറിലൂടെ അവനിലേക്ക് അടുക്കുകയും ചെയ്യുക.
ഖുർആനിക ഭാഷ്യം നോക്കൂ…
(فَقُلۡتُ ٱسۡتَغۡفِرُوا۟ رَبَّكُمۡ إِنَّهُۥ كَانَ غَفَّارࣰا یُرۡسِلِ ٱلسَّمَاۤءَ عَلَیۡكُم مِّدۡرَارࣰا وَیُمۡدِدۡكُم بِأَمۡوَ ٰلࣲ وَبَنِینَ وَیَجۡعَل لَّكُمۡ جَنَّـٰتࣲ وَیَجۡعَل لَّكُمۡ أَنۡهَـٰرࣰا)
[Surat Nuh 10 – 12]
അങ്ങനെ ഞാന്‍ പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനാകുന്നു. അവന്‍ നിങ്ങള്‍ക്ക് മഴ സമൃദ്ധമായി അയച്ചുതരും.
അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ