പ്രഭാത പ്രദോഷങ്ങളിലെ ദിക്റുകള്‍
പ്രഭാതപ്രദോഷങ്ങളില്‍ അല്ലാഹുവിന്‍റെ റസൂല്‍ (സ്വ) താഴെ വരുന്ന ദിക്ര്‍ ചൊല്ലുമായിരുന്നു എന്നും പ്രഭാതത്തിലും പ്രദോഷത്തിലും ഇത് പറയുവാന്‍ ഞങ്ങളെ പഠിപ്പിച്ചിരുന്നുവെന്നും ഹദീഥുകളില്‍ വന്നിട്ടുണ്ട്. ഇമാം അഹ്മദും മറ്റും റിപ്പോര്‍ട്ട് ചെയ്തു. അല്‍ബാനി സ്വഹീഹെന്നു വിശേഷിപ്പിച്ചിട്ടുണ്ട്.
പ്രഭാതത്തില്‍:
أَصْبَحْنَا عَلَى فِطْرَةِ الْإِسْلَامِ وَعَلَى كَلِمَةِ الْإِخْلَاصِ وَعَلَى دِينِ نَبِيِّنَا مُحَمَّدٍ وَعَلَى مِلَّةِ أَبِينَا إِبْرَاهِيمَ حَنِيفًا مُسْلِمًا وَمَا كَانَ مِنْ الْمُشْرِكِينَ
‘ഇസ്ലാമിന്‍റെ ഫിത്വ്റത്തിലും, ഇഖ്ലാസ്വിന്‍റെ കലിമത്തിലും, ഞങ്ങളുടെ പ്രവാചകനായ മുഹമ്മദ് നബി(സ്വ)യുടെ ദീനിലും, ഋജുമനസ്കനും മുസ്ലിമും മുശ്രിക്കുകളില്‍ പെടാത്തവനുമായ ഞങ്ങളുടെ പിതാവായ ഇബ്റാഹീ (അ) മിന്‍റെ മില്ലത്തിലും ആയിക്കൊണ്ട് ഞങ്ങള്‍ പ്രഭാതത്തില്‍ പ്രവേശിച്ചിരിക്കുന്നു.’
പ്രദോഷത്തില്‍:
أَمْسَيْنَا عَلَى فِطْرَةِ الْإِسْلَامِ وَعَلَى كَلِمَةِ الْإِخْلَاصِ وَعَلَى دِينِ نَبِيِّنَا مُحَمَّدٍ وَعَلَى مِلَّةِ أَبِينَا إِبْرَاهِيمَ حَنِيفًا مُسْلِمًا وَمَا كَانَ مِنْ الْمُشْرِكِينَ
പുലരുമ്പോള്‍ മൂന്ന് തവണയും വൈകുന്നേരം മൂന്ന് തവണയും താഴെ വരുന്ന ദിക്ര്‍ ചൊല്ലിയാല്‍, അന്ത്യനാളില്‍ അവനെ തൃപ്തിപ്പെടുക എന്നത് അല്ലാഹു ബാധ്യതയായി ഏറ്റിരിക്കുന്നു എന്ന് മുസ്നദിലുണ്ട്. ശുഐബ് അല്‍അര്‍നാഊത്വ് ഹദീഥിനെ സ്വഹീഹുന്‍ ലിഗയ്രിഹീ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.
നേരം പുരുമ്പോള്‍ ഒരാള്‍ ഇതു ചൊല്ലിയാല്‍, ‘ഞാനാണ് നായകന്‍, ഞാന്‍ അവന്‍റെ കൈ പിടിക്കുകയും ശേഷം അവനെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യും’ എന്ന് തിരുമേനി (സ്വ) പറഞ്ഞതായി ഇമാം ത്വബറാനിയുടെ റിപ്പേര്‍ട്ടിലുണ്ട്. അല്‍ ബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
رَضِيتُ بِاللهِ رَبًّا ، وَبِالإِسْلاَمِ دِينًا ، وَبِمُحَمَّدٍ رَسُولاً
‘അല്ലാഹുവിനെ റബ്ബായിട്ടും ഇസ്ലാമിനെ ദീനായിട്ടും മുഹമ്മദി (സ്വ) നെ റസൂലായിട്ടും ഞാന്‍ തൃപ്തിപ്പെട്ടിരിക്കുന്നു.’
رَضِيتُ بِاللهِ رَبًّا ، وَبِالإِسْلاَمِ دِينًا ، وَبِمُحَمَّدٍ نَبِيًّا
‘അല്ലാഹുവിനെ റബ്ബായിട്ടും ഇസ്ലാമിനെ ദീനായിട്ടും മുഹമ്മദി (സ്വ) നെ നബിയായിട്ടും ഞാന്‍ തൃപ്തിപ്പെട്ടിരിക്കുന്നു.’
അല്ലാഹുവിന്‍റെ റസൂല്‍ (സ്വ) സുബ്ഹി നമസ്കരിച്ച് സലാം വീട്ടിയാലും പ്രഭാതത്തില്‍ പ്രവേശിച്ചാലും താഴെ വരുന്ന ദുആ ചൊല്ലുമായിരുന്നു എന്ന് ഉമ്മുസലമഃ (റ) യില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളിലുണ്ട്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.
أَللَّهُمَّ إِنِّي أَسْأَلُكَ عِلْمًا نَافِعًا وَرِزْقًا طَيِّبًا وَعَمَلاً مُتَقَبَّلاً
‘അല്ലാഹുവേ, ഉപകരിക്കുന്ന വിജ്ഞാനവും വിശിഷ്ടമായ ഉപജീവനവും സ്വീകരിക്കപ്പെടുന്ന കര്‍മവും ഞാന്‍ നിന്നോട് ചോദിക്കുന്നു.’
എല്ലാ പ്രഭാത പ്രദോഷങ്ങളിലും താഴെ വരുന്ന ദിക്റുകള്‍ തിരുമേനി (സ്വ) ചൊല്ലിയതായും ചൊല്ലാന്‍ കല്‍പ്പിച്ചതായും അബൂഹുറയ്റഃ (റ) യില്‍ നിന്നുള്ള ഹദീഥില്‍ വന്നിട്ടുണ്ട്. അല്‍ ബാനി ഹദീഥുകളെ സ്വഹീഹെന്നു വിശേഷിപ്പിച്ചു.
പ്രഭാതത്തില്‍:
اللَّهُمَّ بِكَ أَصْبَحْنَا وَبِكَ أَمْسَيْنَا وَبِكَ نَحْيَا وَبِكَ نَمُوتُ وَإِلَيْكَ الْمَصِيرُ
‘അല്ലാഹുവേ നിന്നെക്കൊണ്ട് ഞങ്ങള്‍ പ്രഭാതത്തില്‍ പ്രവേശിച്ചിരിക്കുന്നു. നിന്നെക്കൊണ്ട് ഞങ്ങള്‍ പ്രദോഷത്തില്‍ പ്രവേശിച്ചിരിക്കുന്നു. നീ ഞങ്ങളെ ജീവിപ്പിക്കുന്നു. നീ ഞങ്ങളെ മരിപ്പിക്കുന്നു. നിന്നിലേക്ക് മാത്രമാകുന്നു മടക്കം.’
പ്രദോഷത്തില്‍:
اللَّهُمَّ بِكَ أَمْسَيْنَا وَبِكَ أَصْبَحْنَا وَبِكَ نَحْيَا وَبِكَ نَمُوتُ وَإِلَيْكَ النُّشُورُ
‘അല്ലാഹുവേ നിന്നെക്കൊണ്ട് ഞങ്ങള്‍ പ്രദോഷത്തില്‍ പ്രവേശിച്ചിരിക്കുന്നു. നിന്നെക്കൊണ്ട് ഞങ്ങള്‍ പ്രഭാതത്തില്‍ പ്രവേശിച്ചിരിക്കുന്നു. നീ ഞങ്ങളെ ജീവിപ്പിക്കുന്നു. നീ ഞങ്ങളെ മരിപ്പിക്കുന്നു. നിന്നിലേക്ക് മാത്രമാകുന്നു ഉയിര്‍ത്തെഴുന്നേല്‍പ്പ്.’
വല്ലവനും സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും മുമ്പ് ചുവടെ നല്‍കിയ വചനം നൂറ് തവണ പറഞ്ഞാല്‍ അന്ത്യനാളില്‍ ഒരാളും അയാളുടെ കര്‍മ്മത്തേക്കാള്‍ ശ്രേഷ്ഠമായ കര്‍മ്മവുമായി എത്തിയിട്ടില്ല; അയാള്‍ ചൊല്ലിയതു പോലുള്ള വചനം ചൊല്ലിയവനോ അല്ലെങ്കില്‍ അതിനേക്കാള്‍ വര്‍ദ്ധിപ്പിച്ചവനോ അല്ലാതെ എന്ന് ഇമാം തിര്‍മുദിയുടെ റിപ്പോര്‍ട്ടിലുണ്ട്. ഇമാം തിര്‍മുദി ഹസനെന്ന് വിശേഷിപ്പിച്ചു.
لاَ إِلَهَ إِلاَّ الله ُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ المُلْكُ وَلَهُ الحَمْدُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌ
‘യഥാര്‍ത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവന്‍ ഏകനാകുന്നു. അവന് യാതൊരു പങ്കുകാരുമില്ല. രജാധിപത്യം അവനു മാത്രമാണ്. എല്ലാ സ്തുതികളും അവനു മാത്രമാണ്. അവന്‍ എല്ലാത്തിനും കഴിവുള്ളവനുമാണ്.’
ആയത്തുല്‍കുര്‍സിയ്യ് ഓതുക
പ്രഭാതത്തില്‍ ആയത്തുല്‍കുര്‍സിയ്യ് പാരായണം ചെയ്താല്‍ പ്രദോഷമാകുവോളവും പ്രദോഷത്തില്‍ പാരായണം ചെയ്താല്‍ പുലരുവോളവും ജിന്നില്‍ നിന്ന് സുരക്ഷയാകുമെന്ന ജിന്നിന്‍റെ വാര്‍ത്തയെ നബി (സ്വ) സത്യപ്പെടുത്തിയതായി ഹദീഥില്‍ വന്നിട്ടുണ്ട്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
اللَّهُ لَا إِلَٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ۚ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ ۚ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلَّا بِمَا شَاءَ ۚ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ ۖ وَلَا يَئُودُهُ حِفْظُهُمَا ۚ وَهُوَ الْعَلِيُّ الْعَظِيمُ
അല്ലാഹു അവനല്ലാതെ ആരാധ്യനില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍ എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. ആകാശ ഭൂമികളിലുള്ളതെല്ലാം അവന്‍റേതാണ്. അവന്‍റെ അനുവാദമില്ലാതെ അവന്‍റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്? അവരുടെ മുന്നിലുള്ളതും പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്‍റെ അറിവില്‍നിന്നും അവന്‍ ഉദ്ദേശിക്കുന്നതല്ലാതെ അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്‍റെ കുര്‍സിയ്യ് ആകാശഭൂമികളെ മുഴുവന്‍ ഉള്‍ക്കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ. (വി. ക്വു. 2: 225)
സയ്യിദുല്‍ഇസ്തിഗ്ഫാര്‍
സയ്യിദുല്‍ഇസ്തിഗ്ഫാര്‍ ദൃഢവിശ്വാസിയായിക്കൊണ്ട് പകലില്‍ ചൊല്ലി ആ ദിനം വൈകുന്നേരമാകുന്നതിന് മുമ്പ് മരണപ്പെടുന്ന വ്യക്തിയും ഇവ ദൃഢവിശ്വാസിയായിക്കൊണ്ട് രാത്രിയില്‍ ചൊല്ലി നേരം പുലരുന്നതിന് മുമ്പ് മരണപ്പെടുന്ന വ്യക്തിയും സ്വര്‍ഗ്ഗവാസികളില്‍ പെട്ടവനാണെന്ന് ഇമാം ബുഖാരി സ്വഹീഹില്‍ റിപ്പോര്‍ട്ട് ചെയ്ത ഹദീഥിലുണ്ട്.
أَللَّهُمَّ أَنتَ رَبِّي لاَ إِلـَهَ إِلاَّ أَنْتَ خَلَقْتَنِي ،وَأَناَ عَبْدُكَ ، وَ أَنَا عَلَى عَهْدِكَ وَوَعْدِكََ مَا اسْتَطَعْتُ ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ ، أَبُوءُ لَكَ بِنِعْـمَتِكَ عَلَيَّ، وَ أَ بُوءُ لَكَ بِذَنبِي، فَاغْفِرليِ فَإِنَّهُ لاَ يَغْفِرُ الذُنُوبَ إِلاَّ أَنْتَ
‘അല്ലാഹുവേ, നീയാണ് എന്‍റെ നാഥന്‍. നീയല്ലാതെ യഥാര്‍ത്ഥ ആരാധ്യനായി മറ്റാരുമില്ല. നീ എന്നെ സൃഷ്ടിച്ചു, ഞാന്‍ നിന്‍റെ ദാസനാണ്. എന്‍റെ കഴിവിനനുസരിച്ച് നിന്നോടുള്ള കരാറിലും വാഗ്ദത്തത്തിലുമാണ് ഞാന്‍. ഞാന്‍ ചെയ്ത മുഴുവന്‍ തിന്മകളില്‍ നിന്നും നിന്നില്‍ രക്ഷക്കുവേണ്ടി തേടുന്നു. നീ എനിക്കേകിയ അനുഗ്രഹങ്ങള്‍ ഞാന്‍ നിനക്കു മുമ്പില്‍ സമ്മതിക്കുന്നു. ഞാന്‍ ചെയ്ത തെറ്റുകളും നിന്നോട് സമ്മതിക്കുന്നു. നീ എന്നോട് പൊറുക്കേണമേ. കാരണം, നീയല്ലാതെ മറ്റാരും പാപം പൊറുക്കുകയില്ല.’
പ്രഭാതത്തിലും പ്രദോഷത്തിലും ചൊല്ലുവാന്‍ നബി (സ്വ) മകള്‍ ഫാത്വിമ (റ) യോട് വസ്വിയ്യത് ചെയ്ത ദുആയാണ് ചുവടെ. അല്‍ബാനി ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.
يَا حَيُّ يَا قَيُّومُ بِرَحْمَتِكَ أَسْتَغِيثُ أَصْـلِحْ لِي شَأْنِي كُلَّهُ وَلاَ تَكِلْـنِي إِلَى نَفْسِي طَرْفَةَ عَينٍ
‘എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമായ അല്ലാഹുവേ, നിന്‍റെ കാരുണ്യം കൊണ്ട് നിന്നോട് ഞാന്‍ സഹായം അര്‍ത്ഥിക്കുന്നു. എന്‍റെ എല്ലാ കാര്യങ്ങളും എനിക്ക് നീ നന്നാക്കി തരേണമേ. കണ്ണിമ വെട്ടുന്ന നേരമെങ്കിലും എന്‍റെ കാര്യം നീ എന്നിലേക്ക് ഏല്‍പ്പിക്കരുതേ.’
വല്ലവനും താഴെ വരുന്ന തസ്ബീഹ് പ്രഭാതമാകുമ്പോഴും പ്രദോഷമാകുമ്പോഴും നൂറു തവണ പറഞ്ഞാല്‍ അവന്‍ കൊണ്ടുവന്നതിനേക്കാള്‍ ശ്രേഷ്ഠമായ ഒരു പ്രവൃത്തിയും ആരും അന്ത്യനാളില്‍ കൊണ്ടുവന്നിട്ടില്ല; അയാള്‍ ചൊല്ലിയതു പോലുള്ളത് ചൊല്ലിയ അല്ലെങ്കില്‍ അതിനേക്കാള്‍ വര്‍ദ്ധിച്ച് ചൊല്ലിയ വ്യക്തിയൊഴികെ എന്ന് ഇമാം മുസ്ലിം റിപ്പോര്‍ട്ട് ചെയ്തു.
سُبـْحَانَ اللهِ وَبِحَمْدِهِ
‘അല്ലാഹുവിനെ സ്തുതിക്കുന്നതോടൊപ്പം അവന്‍റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു.’
ഒരാള്‍ പ്രഭാതമാകുമ്പോഴും പ്രദോഷമാകുമ്പോഴും താഴെ വരുന്ന തസ്ബീഹ് നൂറു തവണ പറഞ്ഞാല്‍ അവന്‍ പൂര്‍ത്തീകരിച്ച് കര്‍മ്മങ്ങള്‍ എത്തിച്ചതുപോലെ സൃഷ്ടികളില്‍ ഒരാളും എത്തിച്ചിട്ടില്ലെന്ന് സുനനുഅബീദാവൂദിലുണ്ട്. അല്‍ബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.
سُبْحَانَ اللَّهِ الْعَظِيمِ وَبِحَمْدِهِ
‘മഹത്വമേറിയവനായ അല്ലാഹുവിനെ സ്തുതിക്കുന്നതോടൊപ്പം അവന്‍റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു.’
താഴെ വരുന്ന ദുആ പ്രഭാതത്തിലും പ്രദോഷത്തിലും ഉറക്കശയ്യ പ്രാപിക്കുമ്പോഴും ചൊല്ലുവാന്‍ നബി (സ്വ) അബൂബകറി (റ) നോട് കല്‍പ്പിച്ചത് സുനനുകളിലുണ്ട്. അല്‍ബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
اللَّهُمَّ فَاطِرَ السَّمَوَاتِ وَالأَرْضِ عَالِمَ الْغَيْبِ وَالشَّهَادَةِ رَبَّ كُلِّ شَىْءٍ وَمَلِيكَهُ أَشْهَدُ أَنْ لاَ إِلَهَ إِلاَّ أَنْتَ أَعُوذُ بِكَ مِنْ شَرِّ نَفْسِى وَشَرِّ الشَّيْطَانِ وَشِرْكِهِ، وَأَنْ أَقْتَرِفَ عَلَى نَفْسِى سُوءًا أَوْ أَجُرَّهُ إِلَى مُسْلِمٍ
‘ആകാശങ്ങളും ഭൂമിയും ഇല്ലായ്മയില്‍നിന്ന് സൃഷ്ടിച്ചവനായ, ദൃശ്യവും അദൃശ്യവും അറിയുന്നവനായ, എല്ലാ വസ്തുക്കളുടേ യും രക്ഷിതാവും അധിപനുമായ അല്ലാഹുവേ, യഥാര്‍ത്ഥ ആരാധ്യനായി നീയല്ലാതെ മറ്റാരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. എന്‍റെ ശരീരത്തിന്‍റെ തിന്മകളില്‍ നിന്നും പിശാചിന്‍റെ കെടുതികളില്‍നിന്നും അല്ലാഹുവില്‍ പങ്കുചേര്‍ക്കുവാന്‍ അവന്‍ ക്ഷണിക്കുന്ന കാര്യങ്ങളില്‍നിന്നും ഞാന്‍ നിന്നോട് രക്ഷതേടുന്നു. ഞാന്‍ എന്നോട് തന്നെ തിന്മ ചെയ്യുന്നതില്‍ നിന്നും അത് ഒരു മുസ്ലിമിലേക്ക് കൊണ്ടുവരുന്നതില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷ തേടുന്നു.’
തിരുനബി (സ്വ) വൈകുന്നേരമാകുമ്പോഴും നേരം പുലരുമ്പോഴും ഇപ്രകാരം പറയുമായിരുന്നു എന്ന് ഇമാം മുസ്ലിം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പ്രഭാതത്തില്‍:
أَصْبَحْنَا وَ أَصْبَحَ المُـلكُ لِلهِ وَاْلحَمدُ لِله لاَ إِلَـهَ إِلاَّ اللهُ وَحدَهُ لاَ شَريِك َلـَهُ ، لَـهُ المُلكُ وَلَهُ الحَمدُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٍ ، رَبِّ أَسْأَلُكَ خَيرَ مَا فِي هَذَا الْيَوْمِ وَ خَيْرَ مَا بَعْدَهُ وَأَعُوذُ بِكَ مِنْ شَرِّ هَذَا الْيَوْمِ وَ شَرِّ مَا بَعدَهُ، رَبِّ أَعُوذُ بِكَ مِنَ الكَسَلِ وَ سُوءِ الكِبَرِ ، رَبِّ أَعُوذُ بِكَ مِنْ عَذَابٍ فِي النَارِ وَ عَذَابٍ فِي القَبرِ
‘ഈ പ്രഭാതത്തില്‍ മുഴുവന്‍ ആധിപത്യവും അല്ലാഹുവിന് മാത്രമായിരിക്കെ ഞങ്ങള്‍ പ്രഭാതത്തില്‍ പ്രവേശിച്ചിരിക്കുന്നു. സര്‍വ്വസ്തുതിയും അവനുമാത്രമാകുന്നു. യഥാര്‍ത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവന്‍ ഏകനാകുന്നു. അവന് യാതൊരു പങ്കുകാരുമില്ല. രാജാധിപത്യം അവനുമാത്രമാണ്. എല്ലാ സ്തുതികളും അവനു മാത്രമാണ്. അവന്‍ എല്ലാത്തിനും കഴിവുള്ളവനുമാണ്. എന്‍റെ രക്ഷിതാവേ, ഈ ദിനത്തിലെ നന്മയും ശേഷമുള്ള ദിനങ്ങളിലെ നന്മയും ഞാന്‍ തേടുന്നു. ഈ ദിനത്തിലെ തിന്മയില്‍നിന്നും ശേഷമുള്ള ദിനങ്ങളിലെ തിന്മയില്‍നിന്നും ഞാന്‍ നിന്നോട് അഭയം തേടുന്നു. എന്‍റെ രക്ഷിതാവേ, അലസതയില്‍ നിന്നും വാര്‍ദ്ധക്യത്തിന്‍റെ കെടുതികളില്‍ നിന്നും ഞാന്‍ നിന്നോട് അഭയം തേടുന്നു. എന്‍റെ രക്ഷിതാവേ, നരക ശിക്ഷയില്‍ നിന്നും ക്വബ്ര്‍ ശിക്ഷയില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷതേടുന്നു.
പ്രദോഷത്തില്‍:
أَمـْسَينَا وَ أَمسَى المُـلكُ لِلهِ وَاْلحَمدُ لِله لاَ إِلَـهَ إِلاَّ للهُ وَحدَهُ لاَ شَريِك َلـَهُ لَـهُ المُلكُ وَلَهُ الحَمدُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٍ ، رَبِّ أَسْأَلُكَ خَيرَ مَا فِي هَذِهِ اللَيلَةِ وَ خَيْرَ مَا بَعْدَهَا، وَأَعُوذُ بِكَ مِنْ شَرِّ هَذِهِ اللَّيلةِ وَ شَرِّ مَا بَعدَهَا، رَبِّ أَعُوذُ بِكَ مِنَ الكَسَلِ وَ سُوءِ الكِبَرِ ، رَبِّ أَعُوذُ بِكَ مِنْ عَذَابٍ فِي النَارِ وَ عَذَابٍ فِي القَبرِ
താഴെ വരുന്ന ദുആ വചനങ്ങളെ തിരുദൂതര്‍ (സ്വ) പ്രഭാതത്തിലും പ്രദോഷത്തിലും ഉപേക്ഷിക്കാറുണ്ടായിരുന്നില്ലെന്ന് ഇബ്നുഉമറി (റ) ല്‍ നിന്നുള്ള ഹദീഥിലുണ്ട്. അല്‍ബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
اَللَّهُمَّ إِنِّي أَسأَلُكَ العَفْـوَ وَالعَافِيةَ فِي الدُنيَا وَالآخِرَةِ، اَللّهُمَّ إِنِّي أَساَلُكَ العَفْـوَ وَالعَافِيَةَ فِي دِينِي وَدُنيَاي وَأَهلِي وَمَالِي، اَللَّهُمَّ اسْتُرْ عَوْرَاتِي وَ آمِنْ رَوْعَاتِي، اَللَّهُمَّ احْفَظْنيِ مِن بَينِ يَدَيَ وَمِن خَلْفِي وَعَنْ يَمِينِي وَعَنْ شِمَالِي وَمِن فَـوْقِـي، وَأَعُوذُ بِعَظَمَتِكَ أَن أُغتَالَ مِنْ تَحْتِي
‘അല്ലാഹുവേ, ഇഹത്തിലും പരത്തിലും ഞാന്‍ നിന്നോട് മാപ്പും സൗഖ്യവും തേടുന്നു. അല്ലാഹുവേ, എന്‍റെ ആദര്‍ശത്തിലും ഇഹലോക ജീവിതത്തിലും കുടുംബത്തിലും സമ്പത്തിലും ഞാന്‍ നിന്നോട് പാപമോചനവും സൗഖ്യവും തേടുന്നു. അല്ലാഹുവേ, നീ എന്‍റെ നഗ്നത മറക്കേണമേ, എന്‍റെ ഭയപ്പാടുകള്‍ക്ക് നിര്‍ഭയത്വമേകേണമേ. അല്ലാഹുവേ എന്‍റെ മുന്നിലൂടെയും പിന്നിലൂടെയും വലതു ഭാഗത്തിലൂടെയും ഇടതുഭാഗത്തിലൂടെയും മുകളിലൂടെയും (പിണ ഞ്ഞേക്കാവുന്ന അപകടങ്ങളില്‍ നിന്ന്) നീ എനിക്ക് സംരക്ഷണമേകേണമേ. എന്‍റെ താഴ്ഭാഗത്തിലൂടെ (ഭൂഗര്‍ഭത്തിലേക്ക്) ആഴ്ത്തപ്പെടുന്നതില്‍നിന്ന് നിന്‍റെ മഹത്വത്തില്‍ ഞാന്‍ അഭയംതേടുന്നു.’
താഴെ വരുന്ന ദിക്ര്‍ ഒരാള്‍ പ്രദോഷത്തില്‍ മൂന്നു തവണ പറഞ്ഞാല്‍ പുലരുന്നതുവരേയും പ്രഭാതത്തിലാണ് മൂന്നു തവണ പറയുന്നതെങ്കില്‍ വൈകുന്നതുവരേയും പെട്ടെന്നുള്ള ഒരു പരീക്ഷണവും അയാളെ ബാധിക്കുകയില്ലെന്നു ഉഥ്മാന്‍ ഇബ്നുഅഫ്ഫാനി(റ)ല്‍ നിന്നുള്ള ഹദീഥിലുണ്ട്.
എല്ലാ പ്രഭാതത്തിലും പ്രദോഷത്തിലും ഇതു മൂന്ന് തവണ ചൊല്ലുന്ന വ്യക്തിയെ യാതൊന്നും ഉപദ്രവിക്കുകയില്ല എന്നും റിപ്പോര്‍ട്ടുണ്ട്. അല്‍ബാനി ഹദീഥുകളെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
بِسْمِ اللهِ الَّذِي لاَ يَضُرُّ مَعَ اسْمِهِ شَيْئٌ فِي اْلأَرضِ وَلاَ فِي السَمَاءِ وَهُوَ السَمِيعُ العَـلِيمُ
‘അല്ലാഹുവിന്‍റെ നാമത്തില്‍. അവന്‍റെ നാമം (സ്മരിക്കുന്നതോടെ) ഭൂമിയിലും ആകാശത്തിലും യാതൊന്നും ഉപദ്രവിക്കുകയില്ല. അവന്‍ എല്ലാം സസൂക്ഷ്മം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.’
താഴെ വരുന്ന തസ്ബീഹ് പ്രഭാത പ്രദോഷങ്ങളില്‍ മൂന്നു തവണ ചൊല്ലുന്നതിന്‍റെ മഹത്വമറിയിക്കുന്ന ഒരു സംഭവം ഇപ്രകാരമുണ്ട്.
ഉമ്മുല്‍മുഅ്മിനീന്‍ ജുവയ്രിയ്യഃ (റ) യില്‍നിന്ന് നി വേദനം: തിരുദൂതര്‍ (സ്വ) സുബ്ഹി നമസ്കരിച്ച് പ്രഭാതത്തില്‍ അവരുടെ അടുക്കല്‍ നിന്ന് പുറപ്പെട്ടു. നമസ്കരിച്ച സ്ഥലത്തു തന്നെ അവര്‍ ഇരുന്നു. പൂര്‍വ്വാഹ്നം പിന്നിട്ടപ്പോള്‍ തിരുദൂതര്‍ (സ്വ) മടങ്ങിവന്നു. അവര്‍ അപ്പോഴും അവിടെ ഇരിക്കുകയായിരുന്നു. തിരുദൂതര്‍ (സ്വ) പറഞ്ഞു: ‘ഞാന്‍ നിങ്ങളെ പിരിഞ്ഞിറങ്ങിയ അതേ അവസ്ഥയില്‍ തന്നെയാണോ നിങ്ങളിപ്പോഴും. അവര്‍ പറഞ്ഞു: അതെ. തിരുമേനി (സ്വ) പറഞ്ഞു: ഞാന്‍ നിങ്ങളെ പിരിഞ്ഞ ശേഷം നാല് വചനങ്ങള്‍ മൂന്ന് തവണ ചൊല്ലുകയുണ്ടായി. ഇന്ന് നിങ്ങള്‍ ചൊല്ലിയ ദിക്റുകളെല്ലാം അവയോടൊത്ത് തൂക്കുകയാണെങ്കില്‍ അവയായിരിക്കും കനം തൂങ്ങുക.”(മുസ്ലിം)
سُبْحَانَ اللَّهِ عَدَدَ خَلْقِهِ ، سُبْحَانَ اللَّهِ رِضَا نَفْسِهِ ، سُبْحَانَ اللَّهِ زِنَةَ عَرْشِهِ ، سُبْحَانَ اللَّهِ مِدَادَ كَلِمَاتِهِ
‘അല്ലാഹുവിന്‍റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു; അവന്‍റെ പടപ്പുകളുടെ എണ്ണത്തോളം. അല്ലാഹുവിന്‍റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു; അവന്‍റെ നഫ്സിന്‍റെ തൃപ്തിയോളം. അല്ലാഹുവിന്‍റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു; അവന്‍റെ അര്‍ശിന്‍റെ തൂക്കത്തോളം. അല്ലാഹുവിന്‍റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു; അവന്‍റെ വചനങ്ങളുടെ വ്യാപ്തിയോളം.’
سُبـْحَانَ اللهِ وَبِحَمْدِهِ، عَدَدَ خَلْقِهِ وَرِضَا نَفْسِهِ وَزِنَةَ عَرْشِهِ وَمِدَادَ كَلِمَاتِه
‘അല്ലാഹുവിന്‍റെ സൃഷ്ടികളുടെ എണ്ണത്തോളവും അവന്‍റെ നഫ്സിന്‍റെ തൃപ്തിയോളവും അവന്‍റെ അര്‍ശിന്‍റെ തൂക്കത്തോളവും അവന്‍റെ വചനങ്ങളുടെ വ്യാപ്തിയോളവും അവനെ സ്തുതിക്കുന്നതോടൊപ്പം അവന്‍റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു.’
താഴെവരുന്ന രണ്ടു ദുആഉകള്‍ പ്രഭാത പ്രദോഷങ്ങളില്‍ മൂന്നു തവണ ആവര്‍ത്തിച്ചു ചൊല്ലുന്നതിന്‍റെ മഹത്വമറിയിക്കുന്ന ഒരു സംഭവം ഇപ്രകാരമുണ്ട്.
‘അബ്ദുര്‍റഹ്മാന്‍ ബ്നു അബീ ബകറഃ (റ) തന്‍റെ പിതാവ് അബൂബകറഃ (റ) യോട് ചോദിച്ചു: പിതാവേ, താങ്കള്‍ എല്ലാ പ്രഭാത പ്രദോഷങ്ങളിലും മൂന്ന് തവണ ഈ വചനങ്ങള്‍ ആവര്‍ത്തിച്ച് ചൊല്ലുന്നതായി ഞാന്‍ കേള്‍ക്കുന്നുവല്ലോ. അദ്ദേഹം പ്രതികരിച്ചു: നബി (സ്വ) ഇവ കൊണ്ട് പ്രഭാത പ്രദോഷങ്ങളില്‍ മൂന്നു തവണ ദുആ ചെയ്തതായി ഞാന്‍ കേട്ടിട്ടുണ്ട്. അതില്‍ പിന്നെ തിരുമേനി (സ്വ) യുടെ സുന്നത്ത് പ്രാവര്‍ത്തികമാക്കുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു.'(മുസ്നദു അഹ്മദ്) ഇമാം ഇബ്നു ഹജര്‍ ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചു.
اللَّهُمَّ عَافِنِى فِى بَدَنِى اللَّهُمَّ عَافِنِى فِى سَمْعِى اللَّهُمَّ عَافِنِى فِى بَصَرِى لاَ إِلَهَ إِلاَّ أَنْتَ
‘അല്ലാഹുവേ, നീ എനിക്ക് എന്‍റെ ശരീരത്തില്‍ സൗഖ്യമേകേണമേ. അല്ലാഹുവേ, നീ എനിക്ക് എന്‍റെ കേള്‍വിയില്‍ സൗഖ്യമേകേണമേ. അല്ലാഹുവേ, നീ എനിക്ക് എന്‍റെ കാഴ്ചയില്‍ സൗഖ്യമേകേണമേ. യഥാര്‍ത്ഥ ആരാധ്യനായി നീയല്ലാതെ മറ്റാരുമില്ല.’
اللَّهُمَّ إِنِّى أَعُوذُ بِكَ مِنَ الْكُفْرِ وَالْفَقْرِ اللَّهُمَّ إِنِّى أَعُوذُ بِكَ مِنْ عَذَاب الْقَبْرِ لاَ إِلَهَ إِلاَّ أَنْتَ
‘അല്ലാഹുവേ കുഫ്റില്‍ നിന്നും ദാരിദ്ര്യത്തില്‍ നിന്നും ഞാന്‍ നിന്നോട് അഭയം തേടുന്നു. അല്ലാഹുവേ ക്വബ്റിലെ ശിക്ഷയില്‍ നി ന്നും ഞാന്‍ നിന്നോട് അഭയം തേടുന്നു. യഥാര്‍ത്ഥ ആരാധ്യനായി നീയല്ലാതെ മറ്റാരുമില്ല.’
മൂന്നു തവണ വീതം പാരായണം ചെയ്യുക
അല്‍ഇഖ്ലാസ്വ്, അല്‍ ഫലക്വ്, അന്നാസ്
എന്നീ സൂറത്തുകള്‍ പാരായണം ചെയ്യുക. അതിന്‍റെ മഹത്വമറിയിക്കുന്ന ഒരു സംഭവം ഇപ്രകാരമുണ്ട്.
ഖുബയ്ബി (റ) ല്‍ നിന്ന് നിവേദനം: ‘ഞങ്ങള്‍ കോരിച്ചൊരിയുന്ന മഴയും കൂരിരിട്ടുമുള്ള ഒരു രാത്രി അല്ലാഹുവിന്‍റെ തിരുദൂതരെ (സ്വ) തേടി പുറപ്പെട്ടു. തിരുമേനി (സ്വ) ഞങ്ങള്‍ക്ക് നമസ്കരിക്കുന്നതിന് വേണ്ടിയായിരുന്നു അത്. (അബ്ദുല്ലാഹ് ബ്നുഖുബയ്ബ് (റ)) പറയുന്നു: അങ്ങനെ ഞാന്‍ തിരുമേനി (സ്വ) യെ കണ്ടെത്തി. തിരുദൂതര്‍ (സ്വ) പറഞ്ഞു: താങ്കള്‍ പാരായണം ചെയ്യുക. ഞാന്‍ ഒന്നും പാരായണം ചെയ്തില്ല. വീണ്ടും തിരുമേനി (സ്വ) പറഞ്ഞു: താങ്കള്‍ പാരായണം ചെയ്യുക. അപ്പോഴും ഞാന്‍ ഒന്നും പാരായണം ചെയ്തില്ല. ഞാന്‍ ചോദിച്ചു: എന്താണ് ഞാന്‍ പാരായണം ചെയ്യേണ്ടത്? തിരുമേനി (സ്വ) പറഞ്ഞു: രാവിലേയും വൈകുന്നേരവും താങ്കള്‍ അല്‍ഇഖ്ലാസ്വ്, അല്‍ ഫലക്വ്, അന്നാസ് എന്നിവ മൂന്നു തവണ പാരായണം ചെയ്യുക; അവ താങ്കള്‍ക്ക് എല്ലാ കാര്യത്തിനും മതിയാകുന്നതാണ്.'(തിര്‍മുദി, അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.)
എല്ലാ ദിനവും പ്രഭാതത്തിലും പ്രദോഷത്തിലും താഴെ വരുന്ന ദിക്ര്‍ ഒരാള്‍ ഏഴ് തവണ ചൊല്ലിയാല്‍ അവനെ അലട്ടുന്ന ഇഹപരപ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ അവന് അല്ലാഹു മതി എന്ന് തിരുമൊഴിയുണ്ട്. ഇബ്നുസുന്നി റിപ്പോര്‍ട്ട് ചെയ്തു. ശുഅയ്ബ് അല്‍അര്‍നാഊത്വും അബ്ദുല്‍ക്വാദിര്‍ അല്‍അര്‍നാ ഊത്വും ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
حَسْبِيَ اللهُ لاَ إِلَـهَ إِلاَّ هُوَ عَلَيْهِ تَوَكَّلْتُ وَهُوَ رَبُّ الْعَرْشِ الْعَظِيمِ
‘എനിക്ക് അല്ലാഹു മതി. അവനല്ലാതെ യഥാര്‍ത്ഥ ആരാധ്യനായി മറ്റാരുമില്ല. അവനില്‍ ഞാന്‍ ഭരമേല്‍പ്പിച്ചു. അവന്‍ മഹിത സിംഹാസനത്തിന്‍റെ രക്ഷിതാവാകുന്നു.’
താഴെ വരുന്ന ദിക്ര്‍ ഒരാള്‍ പ്രഭാതത്തിലും പ്രദോഷത്തിലും ഒരു തവണ ചൊല്ലിയാല്‍ അതോടെ അല്ലാഹു ആ ദിനം അവന്‍റെ നാലില്‍ ഒരു ഭാഗം നരകത്തില്‍ നിന്ന് മോചിപ്പിക്കുമെന്നും രണ്ടു തവണ പറഞ്ഞാല്‍ അവന്‍റെ പകുതി നരകത്തില്‍ നിന്ന് മോചിപ്പിക്കുമെന്നും മൂന്നു തവണ പറഞ്ഞാല്‍ അ വന്‍റെ നാലില്‍ മൂന്നു ഭാഗം നരകത്തില്‍ നിന്ന് മോചിപ്പിക്കുമെന്നും നാലു തവണ പറഞ്ഞാല്‍ അവനെ പൂര്‍ണമായും നരകത്തില്‍ നിന്ന് മോചിപ്പിക്കുമെന്നും അല്ലാഹുവിന്‍റെ റസൂല്‍ (സ്വ) പറഞ്ഞതായി അനസി (റ) ല്‍ നിന്ന് ഇമാം അബൂദാവൂദ് നിവേദനം ചെയ്തിട്ടുണ്ട്. ഇബ്നു ബാസ് ഹസനെന്ന് വിശേഷിപ്പിച്ചു.
പ്രഭാതത്തില്‍:
اللَّهُمَّ إِنِّي أَصْبَحْتُ أُشْهِدُكَ وَأُشْهِدُ حَمَلَةَ عَرْشِكَ وَمَلاَئِكَتَكَ وَجَمِيعَ خَلْقِكَ ، أَنَّكَ أَنْتَ اللهُ لاَ إِلهَ إِلاَّ أَنْتَ وَحْدَكَ لاَ شَرِيكَ لَكَ ، وَأَنَّ مُحَمَّداً عَبْدُكَ وَرَسُولُكَ
പ്രദോഷത്തില്‍:
اللَّهُمَّ إِنِّي أَمْسَيْتُ أُشْهِدُكَ وَأُشْهِدُ حَمَلَةَ عَرْشِكَ وَمَلاَئِكَتَكَ وَجَمِيعَ خَلْقِكَ ، أَنَّكَ أَنْتَ اللهُ لاَ إِلهَ إِلاَّ أَنْتَ وَحْدَكَ لاَ شَرِيكَ لَكَ ، وَأَنَّ مُحَمَّداً عَبْدُكَ وَرَسُولُكَ
‘അല്ലാഹുവേ, ഞാന്‍ പ്രഭാതത്തില്‍ പ്രവേശിച്ചു (പ്രദോഷത്തില്‍ പ്രവേശിച്ചു), ഞാന്‍ നിന്നെ സാക്ഷിയാക്കുന്നു, നിന്‍റെ അര്‍ശിന്‍റെ വാഹകരേയും നിന്‍റെ മലക്കുകളേയും നിന്‍റെ സകല സൃഷ്ടികളേയും ഞാന്‍ സാക്ഷിയാക്കുന്നു, നിശ്ചയം, നീയാകുന്നു അല്ലാഹു. യഥാര്‍ത്ഥ ആരാധനക്കര്‍ഹനായി നീ മാത്രം. നീ ഏകനും യാതൊരു പ ങ്കുകാരനില്ലാത്തവനുമാകുന്നു. നിശ്ചയം, മുഹമ്മദ് നബി നിന്‍റെ ദാസനും നിന്‍റെ ദൂതനുമാകുന്നു.’
താഴെ വരുന്ന ദിക്ര്‍ ഒരാള്‍ പ്രഭാത പ്രദോഷങ്ങളില്‍ പത്തു തവണ വീതം ചൊല്ലിയാല്‍ അവ ഓരോന്നു കൊണ്ടും അവന് അല്ലാഹു പത്ത് നന്മകള്‍ രേഖപ്പെടുത്തുമെന്നും അവനില്‍ നിന്ന് പത്ത് തിന്മകള്‍ മായിക്കുമെന്നും അവന് പത്ത് പദവികള്‍ ഉയര്‍ത്തുമെന്നും ദിക്റുകള്‍ പത്തും അവന് മോചിപ്പിക്കപ്പെട്ട പ ത്ത് അടിമകളെപ്പോലെ ആയിരിക്കുമെന്നും പ്രഭാതത്തില്‍ ചൊല്ലിയാല്‍ പ്രദോഷംവരേയും പ്രദോഷത്തില്‍ ചൊല്ലിയാല്‍ പ്രഭാതം വരേയും അവ അവന്(പിശാചില്‍നിന്ന്) സുരക്ഷയായിരിക്കുമെന്നും ഇവയെ മറികടക്കുന്ന ഒരു കര്‍മ്മവും അവന്‍ അന്ന് ചെയ്തിട്ടില്ലയെന്നും അറിയിക്കുന്ന തിരുമൊഴിയുണ്ട്. അല്‍ ബാനി ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചു.
لاَ إِلـَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيي وَيُمِيتُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌ
‘അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. രാജാധിപത്യം അവനാണ് എല്ലാ സ്തുതിയും അവന്നാണ്. ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും അവ നാണ്. അവന്‍ എല്ലാത്തിനും കഴിവുള്ളവനാണ്.’
അല്ലാഹുവോട് നൂറു തവണ മഗ്ഫിറത്തിനു വേണ്ടി തേടാതെ ഞാന്‍ ഒരിക്കലും പ്രഭാതത്തില്‍ പ്രവേശിച്ചിട്ടില്ലെന്ന് തിരുനബി (സ്വ) പറഞ്ഞതായി ഹദീഥുണ്ട്. ഹദീഥിനെ അല്‍ ബാനി സ്വഹീഹെന്നു വിശേഷിപ്പിച്ചിട്ടുണ്ട്.
اسْتَغْفِرُ اللهَ
‘അല്ലാഹുവോട് ഞാന്‍ പാപം പൊറുക്കുവാന്‍ തേടുന്നു.’
താഴെ വരുന്ന വിധം തസ്ബീഹും തഹ്മീദും തക് ബീറും തഹ്ലീലും ചൊല്ലുന്നതിന്‍റെ മഹത്വം അറിയിക്കുന്ന ഒരു ഹദീഥ് ഇപ്രകാരമുണ്ട്. തിരുദൂതര്‍ (സ്വ) പറഞ്ഞു: “വല്ലവനും സൂര്യോദയത്തിനും അസ്തമയത്തിനും മുമ്പ് നൂറു തവണ സുബ്ഹാനല്ലാഹ് ചൊല്ലിയാല്‍ അത് നൂറു ഒട്ടകങ്ങളേക്കാള്‍ ശ്രേഷ്ഠമായി. വല്ലവനും ഉദയത്തിനും അസ്തമയത്തിനും മുമ്പ് നൂറു തവണ അല്‍ഹംദുലില്ലാഹ് ചോല്ലിയാല്‍ അത് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ (ജിഹാദ് നടത്തുന്ന യോദ്ധാക്കളെ) വഹിക്കപ്പെടുന്ന നൂറ് കുതിരകളേക്കാള്‍ ശ്രേഷ്ഠമായി. വല്ലവനും ഉദ യത്തിനും അസ്തമയത്തിനും മുമ്പ് നൂറു തവണ അല്ലാഹു അ ക്ബര്‍ ചൊല്ലിയാല്‍ അത് നൂറ് അടിമകളെ മോചിപ്പിച്ചതിനേക്കാള്‍ ശ്രേഷ്ഠമായി.
لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ، لَهُ اْلمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ
എന്നു പറഞ്ഞാല്‍ അന്ത്യനാളില്‍ ഒരാളും അയാളുടെ കര്‍മ്മത്തേക്കാള്‍ ശ്രേഷ്ഠമായ കര്‍മ്മവുമായി എത്തിയിട്ടില്ല; അയാള്‍ ചൊല്ലിയതു പോലുള്ള വചനം ചൊല്ലിയവനോ അല്ലെങ്കില്‍ അ തിനേക്കാള്‍ വര്‍ദ്ധിപ്പിച്ചവനോ അല്ലാതെ.” ഇമാം തിര്‍മുദിയും അല്‍ബാനിയും ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.
سُبْحَانَ اللهِ ، الْحَمْدُ للهِ ، الله أَكْبَرُ
لاَ إِلَهَ إِلاَّ الله ُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ المُلْكُ وَلَهُ الحَمْدُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌ
‘അല്ലാഹു പരമപരിശുദ്ധനാകുന്നു. അല്ലാഹുവിന് മാത്രമാകുന്നു സ്തുതികള്‍ മുഴുവനും. അല്ലാഹു ഏറ്റവും വലിയവനാകുന്നു. യഥാര്‍ത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവന്‍ ഏകനാകുന്നു. അവന് യാതൊരു പങ്കുകാരുമില്ല. രാജാധിപത്യം അവനു മാത്രമാണ്. എല്ലാ സ്തുതികളും അവനു മാത്രമാണ്. അവന്‍ എല്ലാ കാര്യത്തിനും കഴിവുള്ളവനുമാണ്.’
സ്വലാത്ത് ചൊല്ലുക
പ്രഭാതത്തിലും പ്രദോഷത്തിലും നബി (സ്വ) യുടെ മേല്‍ പത്ത് സ്വലാത്തുകള്‍ വീതം ചൊല്ലുന്നവന് അന്ത്യനാളില്‍ ശഫാഅത്ത് ലഭിക്കുന്നതാണെന്ന് ഹദീഥില്‍ വന്നിട്ടുണ്ട്. അല്‍ബാനിയും ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചു.
اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيد اَللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيم إِنَّكَ حَمِيدٌ مَجِيدٌ.
‘അല്ലാഹുവേ, ഇബ്റാഹീമിനും ഇബ്റാഹീമിന്‍റെ കുടുംബത്തിനും നീ കരുണ ചെയ്തതുപോലെ മുഹമ്മദിനും കുടുംബത്തിനും നീ കരുണ ചൊരിയേണമേ! നിശ്ചയം നീ സ്തുത്യര്‍ ഹനും ഉന്നതനുമാണ്. അല്ലാഹുവേ, ഇബ്റാഹീമിനേയും ഇ ബ്റാഹീമിന്‍റെ കുടുംബത്തേയും നീ അനുഗ്രഹിച്ചതുപോലെ മുഹമ്മദിനേയും കുടുംബത്തേയും നീ അനുഗ്രഹിക്കേണമേ! നിശ്ചയം, നീ സ്തുതിക്കപ്പെട്ടവനും ഉന്നതനുമാണ്.’
താഴെ വരുന്ന ദുആ പ്രദോഷത്തിലായിരിക്കെ പറഞ്ഞിരുന്നുവെങ്കില്‍ താങ്കള്‍ക്ക് ഉപദ്രവമേല്‍പ്പിക്കില്ലായിരുന്നു എന്ന് തേള്‍ കടിച്ച ഒരു വ്യക്തിയോട് തിരുമേനി (സ്വ) പറഞ്ഞതായി ഹദീഥില്‍ വന്നിട്ടുണ്ട്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
أَعـُوذُ بـِكَلِمَاتِ اللهِ التـَامّاتِ مِنْ شَـرِّ ماَ خَلَـقَ
‘അല്ലാഹുവിന്‍റെ സമ്പൂര്‍ണ്ണ വചനങ്ങള്‍ കൊണ്ട് അവന്‍ സൃഷ്ടിച്ചതിലെ തിന്മകളില്‍ നിന്ന് ഞാന്‍ അഭയം തേടുന്നു.’
അബുൽ ജബ്ബാർ അബ്ദുള്ള മദീനി