വസ്ത്രധാരണം ഏതാനും ദിക്റുകള്‍

വസ്ത്രധാരണം ഏതാനും ദിക്റുകള്‍

വസ്ത്രം ധരിക്കുമ്പോള്‍

വസ്ത്രം ധരിക്കുന്നവന്‍ താഴെ വരുന്ന ദിക്ര്‍ ചൊല്ലി യാല്‍ അവന്‍റെ കഴിഞ്ഞു പോയ പാപങ്ങള്‍ പൊറുക്കപ്പെടുമെന്ന് ഇമാം അബൂദാവൂദ് റിപ്പോര്‍ട്ട് ചെയ്ത ഹദീഥിലുണ്ട്. അല്‍ ബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

الْحَمْدُ لِلَّهِ الَّذِى كَسَانِى هَذَا الثَّوْبَ وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِنِّى وَلاَ قُوَّةٍ

‘എന്നില്‍ നിന്നുള്ള യാതൊരു കഴിവും ശേഷിയും കൂടാതെ ഈ വസ്ത്രം എന്നെ ധരിപ്പിക്കുകയും ഇത് എനിക്ക് പ്രദാനം ചെയ്യുകയും ചെയ്ത അല്ലാഹുവിന് മാത്രമാകുന്നു സര്‍വ്വസ്തുതികളും.’

പുതുവസ്ത്രം ധരിക്കുമ്പോള്‍

പുതുവസ്ത്രം ധരിച്ചാല്‍ തിരുനബി (സ്വ) പറയാറുണ്ടായിരുന്നതായി ഇമാം അബൂദാവൂദ് റിപ്പോര്‍ട്ട് ചെയ്ത ഹദീഥില്‍ ഇപ്രകാരമുണ്ട്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

اللَّهُمَّ لَكَ الْحَمْدُ أَنْتَ كَسَوْتَنِيهِ أَسْأَلُكَ مِنْ خَيْرِهِ وَخَيْرِ مَا صُنِعَ لَهُ وَأَعُوذُ بِكَ مِنْ شَرِّهِ وَشَرِّ مَا صُنِعَ لَهُ

‘അല്ലാഹുവേ, നിനക്ക് മാത്രമാണ് സ്തുതികള്‍ മുഴുവനും. നീയാണ് ഇത് എന്നെ ധരിപ്പിച്ചത്. ഇതിന്‍റെ നന്മയും ഇത് ഏതൊന്നിനുവേണ്ടി നിര്‍മ്മിക്കപ്പെട്ടുവോ അതിന്‍റെ നന്മയും നിന്നോട് ഞാന്‍ തേടുന്നു. ഇതിന്‍റെ തിന്മയില്‍നിന്നും ഇത് ഏതൊന്നിന് വേണ്ടി നിര്‍മ്മിക്കപ്പെട്ടുവോ അതിന്‍റെ തിന്മയില്‍നിന്നും ഞാന്‍ നിന്നോട് രക്ഷതേടുന്നു.’

പുതുവസ്ത്രം ധരിച്ചയാളെ കാണുമ്പോള്‍

പുതുവസ്ത്രം ധരിച്ച ഉമറി (റ) നു വേണ്ടി തിരുനബി (സ്വ) ദുആ ചെയ്തതായി ഇബ്നുമാജ റിപ്പോര്‍ട്ട് ചെയ്ത ഹദീഥിലുണ്ട്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

اِلْبِسْ جَدِيداً وَعِشْ حميداً ومُتْ شهيداً

‘(അല്ലാഹു) താങ്കളെ പുതിയത് ധരിപ്പിക്കട്ടേ, സ്തുത്യര്‍ഹനായി താങ്കളെ ജീവിപ്പിക്കട്ടെ, ശഹീദായി മരിപ്പിക്കട്ടെ.’

പുതുവസ്ത്രം ധരിച്ച വ്യക്തിക്കുവേണ്ടി താഴെ വരും പ്രകാരം സ്വഹാബികള്‍ ദുആ ചെയ്യാറുണ്ടായിരുന്നുവെന്ന് ഇമാം അബൂദാവൂദ് റിപ്പോര്‍ട്ട് ചെയ്ത ഹദീഥിലുണ്ട്. അല്‍ബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

تُبْلِى وَيُخْلِفُ اللَّهُ تَعَالَى

‘(താങ്കളുടെ വസ്ത്രം) ജീര്‍ണ്ണിക്കുകയും അല്ലാഹു പകരം നല്‍കുകയും ചെയ്യും. (എല്ലാം ധരിച്ച് ജീവിക്കുവാന്‍ താങ്കള്‍ക്ക് അല്ലാഹു ദീര്‍ഘായുസ്സ് നല്‍കട്ടേ എന്ന് സാരം)

 

അബുൽ ജബ്ബാർ അബ്ദുള്ള മദീനി

Leave a Comment