ഖബ്ബാബ്നു അറത്തു (റ )​

ഖബ്ബാബ്നു അറത്തു (റ )

നിപുണനായ കൊല്ലപ്പണിക്കാരനായിരുന്നു ഉമ്മുഅൻമാറിന്റെ അടിമയായിരുന്നു  ഖബ്ബാബുബ്നു അറത്ത് (റ). മക്കയിലെ കച്ചവടക്കാർക്കും യോദ്ധാക്കൾക്കും വാൾ നിർമ്മിച്ചുകൊടുക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന തൊഴിൽ. ഒരു ദിവസം ഒരു ഖുറൈശി സംഘം ഖബ്ബാബ് (റ) നെ അന്വേഷിച്ചു ചെന്നു . പതിവിന് വിപരീതമായി അദ്ദേഹം അവിടെയുണ്ടായിരുന്നില്ല. അവർ അൽപനേരം കാത്തിരുന്നു . അധികം താമസിയാതെ ഖബ്ബാബ് (റ) വന്നു. ആഗതരെ അഭിവാദ്യം ചെയ്തു. അദ്ദേഹം അവരുമായി ജോലിസ്ഥത്ത് കടന്നിരുന്നു. “ഖബ്ബാബ്, ഞങ്ങൾ ഏൽപ്പിച്ച വാളിന്റെ പണി തീർന്നിട്ടുണ്ടോ?”. ആഗതരിൽ ഒരാൾ ചോദിച്ചു . ഖബ്ബാബ് ( റ ) അദ്ദേഹത്തിന്റെ ചോദ്യം കേൾക്കാത്ത മട്ടിൽ പറഞ്ഞു : “ ആ മനുഷ്യന്റെ കാര്യം അത്ഭുതം തന്നെ ‘ ആഗതൻ : ഹേ മനുഷ്യാ ! എന്തു കാര്യമാണ് താങ്കൾ പറയുന്നത് . ഞാൻ ചോദിച്ചത് കേട്ടില്ലേ ? ഞങ്ങൾ ഏൽപ്പിച്ച വാൾ എവിടെ . അത് പണി തീർന്നിട്ടുണ്ടോ ? ഖബ്ബാബ് ( റ ) നിസ്സംഗഭാവത്തിൽ, തല ഉയർത്തി ആഗതരെനോക്കിക്കൊണ്ടു ചോദിച്ചു: “ അല്ലാ, നിങ്ങൾ അദ്ദേഹത്തെ കാണാറില്ലേ? അദ്ദേഹത്തിന്റെ വചനങ്ങൾ ശ്രദ്ധിക്കാറില്ലേ?  ആഗതർ അത്ഭുതത്തോടെ പരസ്പരം നോക്കി. ഒരാൾ പരിഹാസഭാവത്തിൽ ഖബ്ബാബ് (റ) യോട് ചോദിച്ചു: “ നീ അദ്ദേഹത്തെ കാണാറുണ്ടോ ?  ഖബ്ബാബ് ( റ ) : ആരെയാണ് നിങ്ങളുദ്ദേശിക്കുന്നത് ? ആഗതൻ : നീ പറയുന്ന ആളെ തന്നെ .ഖബ്ബാബ് ( റ ) : അതേ , ഞാൻ അദ്ദേഹത്തെ കാണാറുണ്ട്. അദ്ദേഹത്തിന്റെ വചനങ്ങൾ ശ്രദ്ധിക്കാറുണ്ട്. ആ വായിലൂടെ  സത്യം ഒഴുകിവരുന്നു. അത് ദൈവ വചനങ്ങൾ തന്നെയാണ്. ആഗതർക്ക് കാര്യം മനസ്സിലായി. കോപാന്ധിയായി ഒരാൾ അട്ടഹസിച്ചു: “ആരെക്കുറിച്ചാണെടാ നീ പറയുന്നത്?  ഒരു പരിശുദ്ധാത്മാവിന്റെ ഗാംഭീര്യത്തോടെ ഖബ്ബാബ് (റ) ശാന്തനായി പറഞ്ഞു : “ ആരെക്കുറിച്ചെന്നോ? ആ മഹാനായ മനുഷ്യനെക്കുറിച്ചല്ലാതെ വേറെ ആരെക്കുറിച്ച് പറയാനാണ്? അവിടെനിന്ന് സത്യം നിർഗ്ഗളിക്കുന്നു. പ്രകാശം ജ്വലിക്കുന്നു . അതെ, അദ്ദേഹം ദൈവത്തിന്റെ പ്രവാചകനാണ്. അദ്ദേഹം നമ്മെ അന്ധകാരത്തിൽ നിന്ന് പ്രകാശത്തിലേക്ക് നയിക്കുന്നു. പിന്നീട് അവിടെ എന്തെല്ലാം സംഭവിച്ചു എന്ന് ഖബ്ബാബ് (റി)ക്ക് അറിഞ്ഞു കൂടാ. ബോധം തിരിച്ചുകിട്ടിയപ്പോൾ ആഗതർ സ്ഥലം വിട്ടിരുന്നു . ശരീരവും വസ്ത്രങ്ങളും രക്തത്തിൽ കുളിച്ചിരുന്നു. ദേഹമാസലം ചതഞ്ഞരഞ്ഞ വേദന തോന്നുന്നുണ്ടായിരുന്നു. ഖബ്ബാബ് ( റ ) ഒരുവിധം വേച്ചുവേച്ച് തന്റെ വീട്ടിനുള്ളിൽ കേറി. മുറിവുകളിൽ നിന്ന് രക്തം തുടച്ചു ശീലവെച്ചുകെട്ടി. അന്നുമുതൽ അദ്ദേഹം മർദ്ദിതരും പീഡിതരുമായ സഹാബിമാരുടെ മുമ്പന്തിയിൽ നിലയുറപ്പിച്ചു. ബഹു ദൈവാരാധനയുടെയും സ്വേഛാതിപത്യത്തിന്റെയും മരണമണി മുഴക്കിക്കൊണ്ടിരുന്നു. അതിനുവേണ്ടി ഒരു മനുഷ്യൻ സഹിക്കാവുന്നതിലുപരി മർദ്ദനങ്ങൾ അദ്ദേഹം സഹിക്കുകയും ചെയ്തു. ശഅബി പറയുന്നു : ഖബ്ബാബ് (റ) വളരെയധികം സഹിച്ചു. ശത്രുക്കളിൽ നിന്ന് അദ്ദേഹത്തിന്ന് ഒട്ടും ദയ ലഭിച്ചില്ല. അവർ അദ്ദേഹത്തിന്റെ നഗ്നമായ പുറത്ത് ചുട്ടുപഴുത്ത കല്ലുകൾ കയറ്റിവെച്ചു. അദ്ദേഹത്തിന്റെ മാംസം കരിഞ്ഞു പോയിരുന്നു .

ഖബ്ബാബ് (റ) സഹിച്ച യാതനകൾ ഭയാനകമായിരുന്നു. പക്ഷെ അതിനെ കവച്ചുവെക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സഹനശക്തി. വാളുണ്ടാക്കാൻ തന്റെ വീട്ടിലൊരുക്കിവെച്ച ഇരുമ്പ് സാധനങ്ങൾ പോലും അവർ ഖബ്ബാബ് (റ) ക്കെതിരെ ആയുധമായി പ്രയോഗിച്ചു. അവ ചുട്ടുപഴുപ്പിച്ച് അദ്ദേഹത്തിന്റെ കൈകളും പാദങ്ങളും പൊള്ളിച്ചു. മുസ്ലിമായതുകൊണ്ട് ത്യാഗവും യാതനയും അനുഭവിക്കുന്ന തന്റെ നിസ്സഹായരും ദുർബ്ബലരുമായ സഹോദരൻമാരുമൊത്ത് അദ്ദേഹം ഒരിക്കൽ നബി (സ) യെ സമീപിച്ചു ഇങ്ങനെ സങ്കടപ്പെടുകയുണ്ടായി: “ നബിയെ, അവിടുന്ന് ഞങ്ങളുടെ സഹായത്തിനുവേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിച്ചാലും, എത്രമാത്രം കഷ്ടപ്പാടുകളാണ് ഞങ്ങൾ അനുഭവിക്കുന്നത്. നബി ( സ ) അന്നേരം ഒരു പുതപ്പ് പുതച്ച് കഅബയുടെ തണലിൽ ഇരിക്കുകയായിരുന്നു. ഇത് കേട്ടപ്പോൾ അവിടുത്തെ വദനം ചുവന്നുപോയി. നബി ( സ ) ഇങ്ങനെ പറഞ്ഞു: “ നിങ്ങളുടെ മുൻഗാമികൾ സത്യവിശ്വാസത്തിന്റെ സംരക്ഷണ ത്തിനുവേണ്ടി സഹിച്ച ത്യാഗങ്ങൾ എത്രമാത്രമായിരുന്നുവെന്ന് അറിയാമോ? ഭൂമിയിൽ ഒരു കുഴിയുണ്ടാക്കി വിശ്വാസിയെ പിടിച്ച് അതിൽ കിടത്തി ഈർച്ചവാള് തലയിൽവെച്ചു ദേഹം രണ്ടാക്കിപ്പിളർത്തും. എന്നിട്ടും അവർ വിശ്വാ സത്തിൽ നിന്നും വ്യതിചലിച്ചില്ല . ഇരുമ്പിന്റെ ചീർപ്പ് കൊണ്ട് മാംസം എല്ലിൽ നിന്ന് ചീകിവേർപ്പെടുത്തിയിട്ടും അവർ പതറിയില്ല. “സൻആയിൽ നിന്ന് , ഹളറമൗത്തിലേക്ക് പോകുന്ന ഒരു യാത്രക്കാരന് അല്ലാഹുവിനെയും അവന്റെ ആടുകൾക്ക് ചെന്നായയെയുമല്ലാതെ ഒന്നും ഭയ പ്പെടാതാകുമാറ് അല്ലാഹു ഈ മതത്തെ പരിപൂർണ്ണ വിജയത്തിലെത്തിക്കും. പക്ഷെ നിങ്ങൾ ധ്യതിപ്പെടാനായിട്ടില്ല. ‘ഖബ്ബാബ് (റ) ക്കും കൂട്ടുകാർക്കും ഇത് കേട്ടപ്പോൾ മനക്കരുത്തും ദാർഢ വും വർദ്ധിക്കുകയാണുണ്ടായത്

.
അല്ലാഹുവിന്നും റസൂലിന്നും ഞങ്ങളോട് കൂടുതൽ സന്തുഷ്ടിയുണ്ടാകുമാറ് , പരീക്ഷണഘട്ടങ്ങളിൽ തീക്ഷണമായ ത്യാഗത്തിന്റെയും ക്ഷമയുടെയും മാത്യക രചിക്കണമെന്ന് അവർ പ്രതിജ്ഞയെടുത്തു . ഖബ്ബാബ് (റ) ദൈവപ്രീതിക്കുവേണ്ടി ക്ഷമയോടും ദൃഢതയോടും കൂടി കുടുതൽ ഭീകരമായ അക്രമങ്ങൾക്ക് വിധേയനായി . ഖുറൈശികൾ ഉമ്മുഅൻമാറിനെ സമീപിച്ച് തന്റെ അടിമയായ ഖബ്ബാബ് (റ ) ഇസ്ലാമിൽ നിന്ന് പിന്തിരിപ്പിക്കാൻ ആവശ്യപ്പെട്ടു . അന്നുമുതൽ ആ സ്ത്രീ ഖബ്ബാബ് (റ) യെ നിർദ്ദയം മർദ്ദിക്കാൻ തുടങ്ങി . ക്രൂരയായ അവൾ കമ്പി പഴുപ്പിച്ച് ഖബ്ബാബ് (റ) ന്റെ നെറുകയിൽ വെച്ചു . അദ്ദേഹം വേദന കടിച്ചിറക്കി . ശത്രുവിന്റെ മുമ്പിൽ അസ്വസ്ഥതപോലും പ്രകടിപ്പി ച്ചില്ല . ഖബ്ബാബ് (റ) യെ സത്യവിശ്വാസത്തിൽ നിന്ന് പിന്തിരിപ്പിക്കുക മാത്രമായിരു ന്നു അവരുടെ ഉദ്ദേശ്യം . വേദനാജനകമായ ആ കാഴ്ച ഒരിക്കൽ നബി (സ) നേരിൽ കാണുകയു ണ്ടായി . തനിക്ക് എന്ത് ചെയ്യാൻ കഴിയും ? ദുഃഖം കൊണ്ട് ആ ഹൃദയം അണപൊട്ടി . കപോലങ്ങളിലുടെ കണ്ണുനീർ ഉതിർന്നുവീണു . നബി ( സ ) ഇരു കൈകളുമുയർത്തി തേങ്ങിക്കൊണ്ട് അല്ലാഹുവിനോട് പ്രാർത്ഥിച്ചു : “ നാഥാ , നീ ഖബ്ബാബിനെ സഹായിക്കേണമേ . ‘ ‘ നബി (സ) യുടെ പ്രാർത്ഥന അല്ലാഹു സ്വീകരിച്ചു . ദിവസങ്ങൾ കഴിഞ്ഞില്ല . ഉമ്മുഅൻമാറിന്ന് മാരകമായ ഒരു അപൂർവ്വരോഗം പിടിപ്പെട്ടു . പേ ഇളകിയ പട്ടിയെപ്പോലെ അവൾ പൊറുതിമുട്ടി ഓടിക്കൊണ്ടിരുന്നു . വൈദ്യൻമാർ ആ രോഗത്തിന്ന് നിർദ്ദേശിച്ച ചികിൽസ അത് ഭുതകരവും ഭയാനകവുമായിരുന്നു . രാവിലെയും വൈകുന്നേരവും ഇടവിടാതെ കമ്പി പഴുപ്പിച്ച് തലക്ക് ചുടുവെക്കാനായിരുന്നു അവർ നിർദ്ദേശിച്ചത് . ഖബ്ബാബ് (റ) യോട് ആ സ്ത്രീ ചെയ്ത ക്രൂരതക്ക് അങ്ങനെ അല്ലാഹു ശിക്ഷ നൽകി . ഖുറൈശികൾ സത്യവിശ്വാസത്തെ ആക്രമംകൊണ്ട് എതിരിടാൻ തുടങ്ങിയപ്പോൾ , മുസ്ലിംകൾ സഹനം കൊണ്ട് അക്രമത്തെ ചെറുത്തുനിന്നു . കുടുതൽ അക്രമത്തിന് വിധേയരായത് ഖബ്ബാബ് (റ) യെ പോലുള്ള ദുർബ്ബല വിഭാഗക്കാരായിരുന്നു .
യാതനയുടെ നെരിപ്പോടിൽ നീറിനീറി എരിയുമ്പോഴും ഖബ്ബാബ് (റ) ന്റെ സേവനപരിധി വിശാലമായിരുന്നു . ഖുറൈശികളെ ഭയന്ന് വിശ്വാസം രഹസ്യമായി സൂക്ഷിച്ച മുസ്ലിംകളുടെ വീടുകളിൽ അദ്ദേഹം കുടെകൂടെ കയറിയിറങ്ങി . അവർക്ക് പരിശുദ്ധ ഖുർആൻ സൂക്തങ്ങൾ ഓതി പഠിപ്പിച്ചും അവരെ ഉപദേശിച്ചും കൊണ്ടിരുന്നു . സഹോദരി ഫാത്തിമയും അവരുടെ ഭർത്താവ് സഈദും പുതിയ മതം ആശ്ലേഷിച്ച വിവരമറിഞ്ഞു ഉമർ (റ) കോപാന്ധനായി അവരുടെ വീട്ടിൽ പ്രവേശിച്ചപ്പോൾ , ഫാത്തിമക്കും സഈദിന്നും (റ) പരിശുദ്ധ ഖുർആൻ പഠിപ്പിച്ചുകൊണ്ട് ഖബ്ബാബ് (റ) ആ വീട്ടിലുണ്ടായിരുന്നു . പരിശുദ്ധ ഖുർആന്റെ വശ്യശക്തിയിൽ ആകൃഷ്ടനായ ഉമർ (റ) ക്ക് അർഖ മിന്റെ വീട്ടിലേക്ക് വഴികാണിച്ചത് ഖബ്ബാബ് (റ) യായിരുന്നു . ഖബ്ബാബ് (റ) എല്ലാ വിപൽഘട്ടത്തിലും യുദ്ധങ്ങളിലും നബി (സ) യുടെ കുടെ പങ്കെടുത്തിരുന്നു . ഉമർ (റ) യുടെയും ഉസ്മാൻ (റ) യുടെയും ഭരണകാലത്ത് ഇസ്ലാമിക ലോകം സാമ്പത്തികമായി വലിയ പുരോഗതി കൈവരിച്ചു . ഇസ്ലാമിന്റെ ആദ്യകാലസേവകനായ മുഹാജിർ എന്ന നിലക്ക് അദ്ദേഹത്തിന്ന് ഒരു വലിയ സംഖ്യ ബൈത്തുൽമാലിൽ നിന്ന് ലഭിച്ചുകൊണ്ടിരുന്നു . അക്കാലത്ത് അദ്ദേഹം കുഫയിൽ ഒരു ചെറിയ വീട് പണിതു . അവിടെ താമസമാക്കി . തനിക്ക് കിട്ടുന്ന തുക അദ്ദേഹം വീട്ടിൽ ഒരു നിശ്ചിതസ്ഥലത്ത് തുറന്നു വക്കുമായിരുന്നു . തന്റെ സ്നേഹിതൻമാരും സുഹൃത്തുക്കളും ആവശ്യാനുസരണം അതിൽ നിന്ന് എടുത്ത് ഉപയോഗിച്ചിരുന്നു . നബി (സ) യെയും ഇസ്ലാമിന്ന് വേണ്ടി ജീവത്യാഗം ചെയ്തു തന്റെ സ്നേഹിതൻമാരെയും ഓർത്ത് അദ്ദേഹം എപ്പോഴും കണ്ണുനീർ വാർക്കുമായിരുന്നു .

“ ഞങ്ങളിന്നനുഭവിക്കുന്ന സുഖസൗകര്യങ്ങൾ ഒന്നും കാണാൻ കഴിയാതെ യാതന മാത്രം സഹിച്ച് മൺമറഞ്ഞവരാണല്ലോ അവർ . ‘ ‘ എന്നദ്ദേഹം സങ്കടപ്പെടു മായിരുന്നു. മരണശയ്യയിലായിരുന്ന ഖബ്ബാബ് (റ) നെ സന്ദർശിച്ച സ്നേഹിതൻമാർ അദ്ദേഹത്തോട് പറഞ്ഞു: “ ഖബ്ബാബ്, സന്തുഷ്ടനാവുക, അങ്ങയുടെ സ്നേഹിതൻമാരെ കണ്ടുമുട്ടു ന്ന സുദിനം സമാഗതമായിരിക്കുന്നു . ഖബ്ബാബ് (റ) പറഞ്ഞു: “ എനിക്കൊട്ടും വിഷാദമില്ല, പക്ഷെ നിങ്ങൾ ഓർമ്മിപ്പിക്കുന്ന ആ സ്നേഹി തൻമാർ .  അവരുടെ പ്രതിഫലം മുഴുവനും പരലോകത്തിനു വേണ്ടി മാറ്റി വെച്ചവരാണവർ . ഈ ലോകത്ത് അവർക്ക് ഒന്നും നേടാൻ കഴിഞ്ഞിട്ടില്ല . നാം എത്ര അനുഗ്രഹീതരായാണ് ഇന്ന് ജീവിക്കുന്നത്. ‘പിന്നീട് അദ്ദേഹം തന്റെ മുറിയിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു: “എന്റെ പക്കലുള്ളത് മുഴുവനുമതാ കിടക്കുന്നു . ഞാൻ ആർക്കുമത് തടഞ്ഞിട്ടില്ല . ഒരുനുലുകൊണ്ടുപോലും ഞാനത് കെട്ടിമുറുക്കിയിട്ടുമില്ല . ‘ ‘ തനിക്കുവേണ്ടി തയ്യാറാക്കിവെച്ചിരിക്കുന്ന കഫൻ തുണി നോക്കി അദ്ദേഹം പറഞ്ഞു; “നോക്കു, ഇത് എന്റെ കഫൻ തുണിയാണ് ‘ നബി (സ) യുടെ പിതൃവ്യൻ ഹംസ (റ ) മരണമടഞ്ഞ നേരത്ത് അദ്ദേഹത്തെ പൊതിയാൻ മതിയായ വസ്ത്രം ഞങ്ങളുടെ പക്കലുണ്ടായിരുന്നില്ല.” ഒരു ചെറിയ പുതപ്പ് മാത്രമാണ് കിട്ടിയത്. തലമറച്ചാൽ കാലും കാല് മറച്ചാൽ തലയും പുറത്താകുമായിരുന്നു’
ഹിജ്റ 37  ാം വർഷത്തിലാണ് ഖബ്ബാബ് (റ) നിര്യാതനായത്. സ്വിഫ്ഫീൻ യുദ്ധം കഴിഞ്ഞു മടങ്ങിവരികയായിരുന്ന അലി (റ) ഖബ്ബാബ് (റ) ന്റെ ഖബർ കണ്ടു. അദ്ദേഹം പറഞ്ഞു: “ഖബ്ബാബിന്ന് അല്ലാഹു കരുണചെയ്യട്ടെ, അത്യാർത്തിയോടെ അദ്ദേഹം മുസ്ലിമായി. അനുസരണത്തോടു കൂടി ഹിജ്റ പോയി . മുജാഹിദായി ജീവിക്കുകയും ചെയ്തു.

Leave a Comment