പ്രവാസികളെ, പഴിക്കുമ്പോൾ TK AShraf

പ്രവാസികളെ, പഴിക്കുമ്പോൾ കോവിഡ്

TK Ashraf
(Gen.Convener Wisdom Global Islamic Mission)

കേരളത്തിൽ കോവിഡ് വ്യാപനത്തിൻ്റെ തുടക്കം ഇറ്റലിയിൽ നിന്ന് എത്തിയവരായതിനാൽ വിദേശത്ത് നിന്ന് വരുന്നവരെ ഭീതിയോടെയാണ് സമൂഹം കാണുന്നത്. അതിനു ശേഷം വന്ന ചിലരുടെ അക്ഷന്തവ്യമായ അപരാധം ഈ ഭീതിയെ ശരിവെക്കുകയും ചെയ്തു. മകൻ വരുന്നതറിഞ്ഞ് വീട് പൂട്ടിപ്പോയ രക്ഷിതാക്കളുടെ വാർത്തയും നാം വായിച്ചു.ദീർഘയാത്ര കഴിഞ്ഞെത്തുന്ന ആർക്കും കോവിഡ് ബാധക്കുള്ള സാധ്യത കൂടുതലാണ്. അതു കൊണ്ട് അവർ ജാഗ്രത പാലിക്കേണ്ടതുണ്ട്.

 

ഇതിൻ്റെ മറുവശവും നാം കാണാതിരുന്നു കൂടാ. ബോധപൂർവ്വമാരും രോഗവ്യാപനത്തിനായി ശ്രമിക്കില്ലെന്ന കാര്യം ഉറപ്പാണ്. കോവിഡിൻ്റെ ഗൗരവവും അത് വ്യാപിക്കുന്ന വഴികളും തുടക്കത്തിൽ തിരിച്ചറിയാൻ പലർക്കും സാധിച്ചിട്ടില്ല. ഇപ്പോഴുള്ള ശക്തമായ ബോധവൽക്കരണം അന്നുണ്ടായിരുന്നില്ല.എന്നാൽ ഒറ്റപ്പെട്ട ചിലർ കാണിച്ച അലംഭാവത്തിന് ഇതൊന്നും ഒരു കാരണമല്ലതാനും.
ഏതായാലും ഇപ്പോൾ സ്വദേശികളും വിദേശികളും അതീവ ജാഗ്രതയിലാണ്.ഈ സമയത്ത് വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ധാരാളം പ്രവാസികളുണ്ട്. നാട്ടിലേക്ക് യാത്ര ചെയ്താലുണ്ടാകുന്ന അപകടം തിരിച്ചറിഞ്ഞ് സ്വന്തത്തിൻ്റെയും നാടിൻ്റെയും സുരക്ഷയോർത്ത് അവിടെ തന്നെ തുടരുകയാണവർ.മഹാഭൂരിപക്ഷം പ്രവാസികളും ഇങ്ങനെയുള്ളവരാണ്. ഏതാനും ചിലർ കാണിച്ച അവിവേകത്തിൻ്റെ പേരിൽ പ്രവാസികളെ മൊത്തത്തിൽ ആക്ഷേപിക്കരുത്. കേരളം എന്തെല്ലാം നേടിയിട്ടുണ്ടോ അതിൻ്റെയെല്ലാം പിന്നിൽ പ്രവാസികളുടെ വിയർപ്പിൻ്റെ ഗന്ധവും കണ്ണീരിൻ്റെ ഉപ്പും അലിഞ്ഞു ചേർന്നിട്ടുണ്ട്. നാട്ടിലെത്തിയ പലരും ജോലി നഷ്ടപ്പെട്ടവരാണ്. ഇനി ജീവിതമാർഗമെന്താണന്ന് അവരുടെ മുമ്പിൽ ഉത്തരമില്ലാത്ത ചോദ്യമാണ്.
വിദേശത്തുള്ളവരും വീട്ടുതടങ്കലിലാണ്.ശമ്പളം മുടങ്ങിയിരിക്കുന്നു. കോവിഡ് ഭീതി മാറി നിന്നാൽ തന്നെ പഴയ ജോലിയിൽ എത്ര പേർക്ക് തിരിച്ചെത്താനാകുമെന്നറിയില്ല. കോവിഡ് വ്യാപനത്തിൻ്റെ കണക്ക് നോക്കി നെടുവീർപ്പിടുകയാണവർ. അതിനിടയിൽ സോഷ്യൽ മീഡിയയിൽ അവരെക്കുറിച്ചുള്ള ആക്ഷേപങ്ങൾ സഹിക്കാൻ അവർക്കാവില്ല.
സ്വദേശമെന്നോ വിദേശമെന്നോ വ്യത്യാസമില്ലാതെ ലോകം മുഴുവൻ ഒരേ പ്രതിസന്ധിയാണ് നേരിടുന്നത്. ഒരേ വികാരമാണ് എല്ലാവരെയും കീഴ്പ്പെടുത്തിയിരിക്കുന്നത്. നമ്മളെല്ലാം തുല്യ ദു:ഖിതരാണ്. പരസ്പരം പ്രാർത്ഥിക്കുക. കോവിഡിൻ്റെ ഭൗതിക കാരണത്തിനപ്പുറം ആത്മീയ തലത്തിൽ കൂടി വിശകലനം ചെയ്യാൻ സാധിക്കണം. സ്രഷ്ടാവിലേക്ക് മടങ്ങണം. ആഡംബര ജീവിതം അവസാനിപ്പിക്കണം. വിശ്വാസ- കർമ്മ മേഖലകളിൽ പുനപരിശോധന നടത്തണം. പശ്ചാതാപം വർധിപ്പിക്കണം.
അല്ലാഹു നമ്മുടെ എല്ലാ പ്രയാസങ്ങളും നീക്കിത്തരുമാറാകട്ടെ

1 thought on “പ്രവാസികളെ, പഴിക്കുമ്പോൾ TK AShraf”

Leave a Comment