ശെയ്ഖുൽ ഇസ്ലാം ഇബ്നു തെയ്മിയ്യ

ശെയ്ഖുൽ ഇസ്ലാം ഇബ്നു തെയ്മിയ്യ

അബ്ദുൽ ഹലീം ഇബ്നു അബ്ദുസ്സലാം ഇബ്നു അബ്ദില്ല ഇബ്നു അബീ ക്വാസിം ഇബ്നു തെയ്മിയ്യ അൽഹർറാനി തക്വിയുദ്ദീൻ അബിൽ അബ്ബാസ് ഇബ്നു ശിഹാബുദ്ദീൻ എന്നാണ് അദ്ദേഹത്തിൻ്റെ യഥാർഥ പേര്.

സിറിയക്കും ഇറാഖിനുമിടയിലുള്ള അറേബ്യൻ ഉപദ്വീപിലെ ഒരു പുരാതന പട്ടണമായ ഹർറാനിൽ, ഹി:661 റബീഉൽ അവ്വൽ മാസത്തിലാണ് അദ്ദേഹം ജനിച്ചത്. താർത്താരികളുടെ അധിനിവേശം കാരണം അദ്ദേഹവും കുടുംബവും ഹർറാനിൽ നിന്ന് ദമസ്കസിലേക്ക് പാലായനം ചെയ്യാൻ നിർബന്ധിതരായി.

പണ്ഡിത കുടുംബത്തിലാണ് അദ്ദേഹത്തിൻ്റെ ജനനം. പിതാവും പിതാമഹനും, സഹോദരൻമാരും അബ്ദുർറഹ്മാൻ, അബ്ദുല്ല, മുഹമ്മദ് എന്നിവരും പണ്ഡിതൻമാരാണ്. മതപഠനത്തിൻ്റെ ആരംഭത്തിൽ തന്നെ അദ്ദേഹത്തിൻ്റെ ഓർമ്മശക്തിയും കുശാഗ്രബുദ്ധിയും ഗ്രഹണശക്തിയും ഗുരുനാഥൻമാരെ
അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പത്തൊമ്പാതം വയസ്സിൽ ഫത്വ നൽകാനുള്ള യോഗ്യതയും ഇരുപത്തിരണ്ടാം വയസ്സിൽ ദാറുൽ ഹദീഥ് അസ്ത്രക്രിയ്യയിൽ പഠിപ്പിക്കാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചു.

ഖുർആനിലും ഹദീഥിലും അതുമായി ബന്ധപ്പെട്ട വിവിധ വിജ്ഞാനീയങ്ങളിലുമാണ് അദ്ദേഹം പ്രശസ്തനായത്. ഹദീഥ് വിജ്ഞാനത്തിൽ അദ്ദേഹം ഹാഫിദ് (ഹദീഥിൽ അഗ്രേസരൻ) ആയിരുന്നു. തഫ്സീറിൻ്റെ വിഷയത്തിൽ തനിക്ക് ചുറ്റുമുള്ളവരിൽ അദ്ദേഹം മതിപ്പുളവാക്കി. ഫിഖ്ഹ്, ഉസൂലുൽ ഫിഖ്ഹ്, പണ്ഡിതൻമാർക്കിടയിൽ അഭിപ്രായഭിന്നതയുള്ള വിഷയങ്ങൾ, ഗ്രന്ഥ രചന, ഗണിതശാസ്ത്രം, ചരിത്രം, ഗോളശാസ്ത്രം, വൈദ്യശാസ്ത്രം എന്നിവയിലും അദ്ദേഹം പ്രാവീണ്യം നേടി. അദ്ദേഹം ഒരു മുജ്തഹിദിൻ്റെ പദവികൈവരിച്ചതായി അക്കാലഘട്ടത്തിലെ പണ്ഡിതൻമാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

മുസ്ലീംകളുടെ ക്ഷേമൈശ്വര്യങ്ങളിൽ അദ്ദേഹം അതീവ താൽപര്യം കാണിച്ചിരുന്നു. താർത്താരികൾക്കും, ക്രിസ്ത്യാനികൾക്കും, റാഫിളികൾക്കു മെതിരിലുള്ള ജിഹാദിന്റെ സന്ദർഭത്തിൽ അദ്ദേഹം കാണിച്ച ധീരതയും അദ്ദേഹത്തിന്റെ ഉദ്ബോധന പ്രസംഗങ്ങളും ശത്രുക്കൾക്കെതിരിലുള്ള മുസ്ലികളുടെ വിജയത്തിന് സുപ്രധാന ഘടകമായി വർത്തിച്ചു എന്നത് ഇതിന് പ്രകടമായ തെളിവാണ്. ഈ പരിശ്രമങ്ങൾ ധാരാളം പണ്ഡിതൻമാരുടേയും ശേഷം വന്ന തലമുറകളുടേയും പ്രശംസ പിടിച്ചുപറ്റാൻ ഇടയാക്കി.

ശാരീരിക ജിഹാദിന് പുറമെ, വ്യത്യസ്ത വ്യതിയാനകക്ഷികളും നാസ്തികരുമായി അദ്ദേഹം ധൈഷണിക സമരങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. ശിയാ ജഹ്മിയ്യ മുഅ്തസില തുടങ്ങി ഗ്രീക്ക് തത്വചിന്തകൾ പ്രചരിപ്പിച്ച അശ്അരിയ്യാക്കളടങ്ങുന്ന വചനശാസ്ത്രക്കാരെയും (അഹ്ലുൽ കലാം) വിവിധ സൂഫി കക്ഷികളേയും അദ്ദേഹം ഖണ്ഡിച്ചു. ഇതര മതവിഭാഗക്കാരുടെ വിശ്വാസ വൈകല്യങ്ങളെയും അദ്ദേഹം തുറന്ന് കാണിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഖണ്ഡനങ്ങൾ വെറും അന്ധമായ വിമർശനങ്ങളായിരുന്നില്ല. പ്രസ്ത്യുത ഈ വിഭാഗങ്ങളുടെ ആദർശങ്ങൾ ആഴത്തിൽ പഠിച്ചു മനസ്സിലാക്കിയ ശേഷമായിരുന്നു അദ്ദേഹം അവയെല്ലാം വിമർശിച്ചത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഖണ്ഡനങ്ങൾ വ്യവസ്ഥാപിതവും സൂക്ഷ്മവും പ്രാമാണികവുമായിരുന്നു. ഉദാഹരണത്തിന് ഗ്രീക്ക് ഫിലോസഫിക്കെതിരിലുള്ള അദ്ദേഹത്തിന്റെ ഖണ്ഡനം. ഏറ്റവും സുശക്തവും അതുല്യവുമായ ഒരു വിമർശനമായി ഇന്നും അത് നിലകൊള്ളുന്നു. ക്രിസ്ത്യാനിക്കെൾക്കെതിരിലുള്ള അദ്ദേഹത്തിന്റെ ഖണ്ഡനവും അപ്രകാരം തന്നെയാണ്. ശിയാക്കെൾക്കെതിരിലുള്ളതാകട്ടെ, അവരുടെ വ്യതിചലിച്ച് വിശ്വാസങ്ങളേയും അനാചാരങ്ങളേയും വേരോടെ പിഴുതുമാറ്റുന്നതായിരുന്നു.

സ്വാഭാവികമായും, ഈ രീതിയിലുള്ള വിമർശനങ്ങൾ അദ്ദേഹത്തിന് ധാരാളം ശത്രുക്കളെ ഉണ്ടാക്കി. തത്ഫലമായി അദ്ദേഹം ജീവിതത്തിലുടനീളം പരീക്ഷണങ്ങളും പീഡനങ്ങളും നേരിടേണ്ടി വന്നു. അദ്ദേഹത്തെ അക്രമിക്കാൻ തക്കം പാർത്തു കഴിഞ്ഞിരുന്ന ശത്രുക്കൾ അദ്ദേഹത്തിന്റെ
അധ്യാപനങ്ങളിൽ നിന്നും പലതും തെറ്റായി ഉദ്ധരിച്ചുകൊണ്ട് തെറ്റിദ്ധരിപ്പിക്കാൻ തുടങ്ങി. അഖീദത്തുൽ വാസിത്വിയ്യ, അഖീദത്തുൽ ഹമവിയ്യ എന്നീ ഗ്രന്ഥങ്ങൾ അടിസ്ഥാന വിശ്വാസ കാര്യങ്ങൾ പഠിപ്പിക്കുന്നതിനായി അദ്ദേഹം രചിച്ച മഹത്ഗ്രന്ഥങ്ങളാണ്. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കുന്ന ഈ ഗ്രന്ഥങ്ങളിൽ നിന്നും അവർ വാക്കുകളെ സന്ദർഭത്തിൽ നിന്നും അടർത്തിയെടുത്തു കൊണ്ട് അദ്ദേഹത്തിൽ തജ് സീം (അല്ലാഹുവിന് തടിയുണ്ട് എന്ന വാദം) ആരോപിച്ചു. അതിന്റെ പേരിൽ അദ്ദേഹം ഒന്നിലധികം തവണ തുറങ്കിൽ അടക്കപ്പെട്ടു.

“അൽഅഖീദത്തുൽ വാസിത്വിയ്യ’യുടെ വിഷയത്തിൽ ചില പണ്ഡിതന്മാർ അദ്ദേഹവുമായി വാദപ്രതിവാദം നടത്തുകയും, ഒടുവിൽ അദ്ദേഹം എഴുതിയതിനെ അംഗീകരിച്ചുകൊണ്ട് ആ വാദപ്രതിവാദം അവസാനിപ്പിക്കുകയും ചെയ്തതായി ഇബ്നുകഥീർ രേഖപ്പെടുത്തിയിട്ടുണ്ട്.

“അഖീദത്തുൽ ഹമവിയ്യ’ യുടെ വിഷയത്തിലും ചില പണ്ഡിതന്മാർ അദ്ദേഹവുമായി വാതപ്രതിവാദം നടത്തുകയും (ശെയ്ഖുൽ ഇസ്ലാമിന്റെ) മറുപടികളെ അവർക്ക് ഖണ്ഡിക്കാനാവാതെ ആരോപകർ പിരിഞ്ഞതായും ഇബ്നുകഥീർ തന്നെ രേഖപ്പെടുത്തിയിരിക്കുന്നു.

ത്വലാഖിന്റെ വിഷയത്തിൽ അദ്ദേഹം നൽകിയ ഒരു ഫത്വ കാരണം അദ്ദേഹം തടവിലാക്കപ്പെട്ടിട്ടുണ്ട്. ക്വബർ സന്ദർശനത്തിന് വേണ്ടി യാത്ര ചെയ്യുന്നതിനെ വിരോധിച്ചു കൊണ്ടുള്ള ഒരു ഫത്വയുടെ പേരിലാണ് അദ്ദേഹം അവസാനമയി ജയിലിലടക്കപ്പെട്ടത്. ഈ വേളയിലാണ് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞതും. അദ്ദേഹത്തിന്റെ വ്യക്തിത്വവും ആരാധനാകാര്യങ്ങളിലുള്ള നിഷ്ഠയും മാതൃകായോഗ്യമാണ്. കണ്ടുമുട്ടുന്നവരുടെയെല്ലാം ഹൃദയങ്ങളിൽ പ്രസ്തുത ഗുണം വലിയ സ്വാധീനം ഉണ്ടാക്കിയിരുന്നു. രഹസ്യവും പരസ്യവുമായ ജീവിതത്തിൽ ഇസ്ലാമിലെ വിധിവിലക്കുകൾ പാലിക്കുന്നതിൽ കണിശത കാണിച്ചിരുന്ന ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹം. കാര്യങ്ങൾ അല്ലാഹുവിൽ തവക്കുൽ ആക്കുന്ന വിഷയത്തിലുള്ള അദ്ദേഹത്തിന്റെ കണിശതയെ കുറിച്ച് ശിഷ്യനായ ഇബ്നുൽ ഖയ്യിം വിവരിക്കുന്നുണ്ട്. ശത്രുക്കൾ അദ്ദേഹത്തെ കൊല്ലാൻ പദ്ധതികൾ ആവിഷ്ക്കരിക്കുന്നുണ്ടെന്ന് അറിയിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്: “അവർ എന്നെ കൊല്ലുകയാണെങ്കിൽ അത് എനിക്ക് രക്തസാക്ഷ്യമാകും. അവർ എന്നെ നാടുകടത്തുകയാണെങ്കിൽ അത് എനിക്ക് ഹിജ്റയാകും. എന്നെ സൈപ്രസിലേക്കാണ് നാടുകടത്തുന്നതെങ്കിൽ അവിടത്തുകാരെ ഞാൻ അല്ലാഹുവിലേക്ക് ക്ഷണിക്കും അങ്ങനെ അവർ ആ ക്ഷണം സ്വീകരിച്ചേക്കും. അവർ എന്നെ രാഗൃഹത്തിലടക്കുകയാണെങ്കിൽ അത് എന്റെ ആരാധനാ കേന്ദ്രമായി മാറും”

ഇബ്നുൽ ഖയ്യിം പറയുന്നു: “അല്ലാഹുവിന്നറിയാം അദ്ദേഹത്തേക്കാൾ നല്ലൊരു ജീവിതം നയിച്ച ആരേയും ഞാൻ കണ്ടിട്ടില്ല. സുഖാഡംബരങ്ങളെ മുഴുവൻ മായിച്ചു കളയും വിധം പ്രയാസങ്ങളുടേയും പ്രതിസന്ധികളുടേയും നടുവിൽ ജയിലും ഭീഷണികളും പീഡനങ്ങളുമായി കഴിയേണ്ടി വന്നിട്ടും ഇബ്നു തെയ്മിയ്യ മറ്റാരെക്കാളും സംശുദ്ധമായ ഒരു ജീവിതം നയിച്ചു. അദ്ദേഹം ഉദാരമതിയും ധീരനും പ്രാപ്തനും തേജസ്സാർന്ന വദനത്തിനു ഉടമയുമായിരുന്നു.

ഭയത്തിന്റെ പിടിയിലകപ്പെട്ട് മനസ്സുമടക്കുകയും ഭൂമി കുടുസ്സായതായി അനുഭവപ്പെടുകയും ചെയ്താൽ ഞങ്ങൾ അദ്ദേഹത്തെ സമീപിക്കും. അദ്ദേഹത്തെ കാണുകയും അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കുകയും ചെയ്യുമ്പോൾ വിഷമങ്ങളെല്ലാം മാറി ആശ്വാസവും മനക്കരുത്തും സ്വധൈര്യവും ശമനവും ലഭിക്കും”.

ബസ്സാർ പറഞ്ഞു: “അദ്ദേഹത്തിന്റെ ശീലങ്ങളെ കുറിച്ച് നന്നായി അറിയുന്ന ഒരു വ്യക്തിയാണ് ഞാൻ. ഫജ്ർ നിസ്ക്കാരത്തിന് ശേഷം അദ്ദേഹം അനാവശ്യമായി ആരോടും സംസാരിക്കുകയില്ല. തൊട്ടടുത്ത് ഇരിക്കുന്ന ആൾക്ക് മാത്രം കേൾക്കാവുന്ന അത്രയും പതിഞ്ഞ സ്വരത്തിൽ ദിക്റ് ചൊല്ലി നമസ്ക്കാര സ്ഥലത്ത് തന്നെ കഴിച്ചുകൂട്ടും. ഇടയ്ക്ക് കണ്ണുകൾ ആകാശത്തേക്കുയർത്തും. സൂര്യൻ ഉദിച്ചുയർന്ന് നമസ്ക്കാരം നിഷിദ്ധമായ ആ സമയം അവസാനിക്കുന്നത്വരെ ഇതേ അവസ്ഥയിൽ തുടരും”.

അദ്ദേഹം തുടർന്നു: “ഐഹികലോകത്തെ സുഖൈശ്വര്യങ്ങളെ കുറിച്ച് അദ്ദേഹം വല്ലതും പ്രസ്താവിച്ചതായി ഞാൻ കണ്ടിട്ടില്ല. അദ്ദേഹം ലൗകീക സംഭാഷണങ്ങളിൽ മുഴുകുകയോ, ലൗകീക വിഭവങ്ങൾക്കായി മറ്റുള്ളവരോട് ചോദിക്കുകയും ചെയ്തിരുന്നില്ല. പകരം പരലോക കാര്യങ്ങളിലും അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന വിഷയങ്ങളിലുമായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധയും സംഭാഷണങ്ങളും മുഴുവൻ”.

ഒരിക്കൽ ഇബ്നു തെയ്മിയ്യയുടെ അനുയായികളുടെ ആധിക്യം കണ്ടിട്ട് അദ്ദേഹം തന്റെ ഭരണകൂടത്തെ മറിച്ചിടാൻ തയ്യാറെടുക്കുന്നതായി ഭരണാധികാരിയായ മുഹമ്മദ് ഇബ്നു ഖലാവൂൻ ആരോപിച്ചു. അതിന് ഇബ്നു തെയ്മിയ്യ നൽകിയ മറുപടി ഇപ്രകാരമാണ്: “ഞാനത് ചെയ്യുകയോ? (ഒരിക്കലുമില്ല!) അല്ലാഹുവാണ്, താങ്കളുടെ ഭരണാധികാരത്തിനും മംഗോളിയരുടെ ഭരണാധികാരത്തിനും തുച്ഛമായ രണ്ട് നാണയങ്ങളുടെ വില പോലും  ഞാൻ കൽപിക്കുന്നില്ല”.

ഗുരുനാഥൻമാർ

ധാരാളം പണ്ഡിതൻമാരുടെ കീഴിൽ ശെയ്ഖുൽ ഇസ്ലാം പഠിച്ചിട്ടുണ്ട്. അദ്ദേഹം തന്നെ അത് എണ്ണിപ്പറഞ്ഞിട്ടുള്ളത് ദഹബി അദ്ദേഹത്തിൽ നിന്നും ഉദ്ധരിക്കുന്നുണ്ട്. നാൽപത്തിയൊന്ന് പുരുഷൻമാരും നാല് സ്ത്രീകളും അടങ്ങുന്നതാണ് ഈ പണ്ഡിത ശൃംഖല. അദ്ദേഹം വിജ്ഞാനം സ്വീകരിച്ച പണ്ഡിതൻമാരുടെ എണ്ണം ഇരുനൂറിലധികം വരും. 

അദ്ദേഹത്തിന്റെ ഗുരുനാഥൻമാരിൽ ചിലരുടെ പേരുകളാണ് താഴെ

1. അബുൽ അബ്ബാസ് അഹ്മദ് ഇബ്നു അബ്ദുൽ ദാഇം അൽ മഖ്ദസി
2. അബൂ നസ് അബ്ദുൽ അസീസ് ഇബ്നു അബ്ദിൽ മുൻ ഇം
3. അബൂ മുഹമ്മദ് ഇസ്മാഈൽ ഇബ്നു ഇബ്രാഹീം അത്തനൂഖി
4. അൽമൻജാ ഇബ്നു ഉമാൻ അത്തനൂഖി അദ്ദിമി
5. അബുൽ അബ്ബാസ് അൽ മുഅമ്മിൽ ഇബ്നു മുഹമ്മദ് അൽബാലിസി
6. അബൂ അബ്ദില്ല മുഹമ്മദ് ഇബ്നു അബീ ബകർ ഇബ്നു സുലൈമാൻ അൽ അമീരി
7. അബുൽ ഫറജ് അബ്ദുറഹ്മാൻ ഇബ്നു സുലൈമാൻ അൽബഗ്ദാദിക
8. ശറഫുദ്ദീൻ അൽ മഖ്ദസി അഹ്മദ് ഇബ്നു അശ്ശാഫിഈ
9. മുഹമ്മദ് ഇബ്നു അബ്ദിൽ ഖവി അൽ മഖ്ദിസി
10. തക്വിയ്യുദ്ദീൻ അൽവാസ്വിതീ ഇബ്രാഹീം ഇബ്നു അലി അസ്സാലിഹീ അൽഹമ്പലീ
11. സ്വന്തം പിതൃസഹോദരി സിത്തദ്ദാർ ബിൻത് അബ്ദിസ്സലാം ഇബ്നുതെിയ്യ

ശിഷ്യന്മാർ

ശൈഖുൽ ഇസ്ലാമിന് ധാരാളം ശിഷ്യന്മാരുണ്ടായിരുന്നു. അതിനു പുറമേ അദ്ദേഹത്തിന്റെ ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ടവരുമുണ്ട്. ശിഷ്യന്മാരിൽ ചിലർ ഇവരാണ്:

01. ഇബ്നുൽ ഖയ്യിം അൽ ജൗസിയ്യ, മുഹമ്മദ് ഇബ്നു അബീബക്ർ
02. അദ്ദഹബി, മുഹമ്മദ് ഇബ്നു അഹ്മദ്
03. അൽ മിസ്സി, യൂസഫ് ഇബ്നു അബ്ദുറഹ്മാൻ
04. ഇബ്നു കഥീർ, ഇസ്മാഈൽ ഇബ്നു
05. ഇബ്നു ഉമർ അബ്ദിൽ ഹാദി, മുഹമ്മദ് ഇബ്നു അഹ്മദ്
06. അൽ ബസ്സാർ ഉമർ ഇബ്നു അലി
07. ഇബ്നു ഖാദി അൽ ജബൽ, അഹ്മദ് ഇബ്നു ഹുസൈൻ
08. ഇബ്നു ഫില്ലാഹ് അൽ അംരി അഹ്മദ് ഇബ്നു യഹ്യാ
09. മുഹമ്മദ് ഇബ്നുൽ മൻജ്, ഇബ്നു ഉമാൻ അത്തനുഖീക
10. യൂസഫ് ഇബ്നു അബ്ദിൽ മഹ്മൂദ് ഇബ്നു അബ്ദിസ്സലാം അൽബത്തിൽ
11. ഇബ്നുൽ വർദീ സൈനുദ്ദീന് ഉമർ
12. ഉമർ അൽഹർറാനി സൈനുദ്ദീൻ അബൂ ഹ്
13. ഇബ്നു മുസ്ലിഹ് ശംസുദ്ദീൻ അബൂ അബ്ദില്ല

പണ്ഡിതന്മാരുടെ പ്രശംസ

ഇബ്നു തെയ്മിയ്യയെ പ്രശംസിച്ച ധാരാളം പണ്ഡിതൻമാരുണ്ട്. അദ്ദേഹത്തിന്റെ പാണ്ഡിത്യത്തെ മാത്രം പരിഗണിച്ചുകൊണ്ടുള്ളതായിരുന്നില്ല അവരുടെ പ്രശംസ. മറിച്ച് ജിഹാദിലും പൊതുജനക്ഷേമവുമായി ബന്ധപ്പെട്ട കാര്യങ്ങളിലുമുള്ള അദ്ദേഹത്തിന്റെ സജീവ സാന്നിദ്ധ്യവും അന്യരുടെ കാര്യങ്ങളിലുള്ള ഉത്ക്കണ്ഠയും അദ്ദേഹത്തിന്റെ ആരാധനകളും അവർ പരിഗണിച്ചു. അവരിൽ ചിലരുടെ മൊഴികൾ കാണുക.

1. ഹാഫിദ് ദഹബി പറഞ്ഞു:

“അഭിപ്രായ ഭിന്നതയുള്ള ഏതെങ്കിലും ഒരു വിഷയം അദ്ദേഹത്തിന് മുമ്പിൽ അവതരിപ്പിക്കപ്പെട്ടാൽ തെളിവുകൾ ഉദ്ധരിച്ച് കൊണ്ട് അതിൽ ഏറ്റവും പ്രബലമായ അഭിപ്രായത്തിലെത്തിച്ചേരാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമാണ്. ഇജ്തിഹാദ് നടത്താനുള്ള നിബന്ധനകൾ അദ്ദേഹത്തിൽ പൂർത്തീകരിക്കപ്പെടുന്നതിനാൽ അദ്ദേഹത്തിനത് സാധിക്കുന്നു. ഒരു വിഷയത്തിൽ തീർപ്പ് കൽപ്പിക്കുന്നതിനായി ഒരു ഖുർആൻ വചനം ഓർമ്മയിൽ നിന്ന് എടുത്ത് ഉദ്ധരിക്കുന്നതിലും ഒരു വചനത്തിന്റെ സ്രോതസ്സ് പരാമർശിക്കുന്നതിനും അദ്ദേഹത്തേക്കാൾ വേഗതയുള്ള ആരേയും ഞാൻ കണ്ടിട്ടില്ല. തികഞ്ഞ വാക്ചാതുരിയോടെയും തുറന്ന കണ്ണുകളോടെയും സുന്നത്ത് അദ്ദേഹത്തിന്റെ കൺമുമ്പിലും നാവിൻ തുമ്പത്തുമുണ്ടായിരുന്നു.

തഫ്സീറിന്റെ വിഷയത്തിൽ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ട ഒരു ദൃഷ്ടാന്തമായിരുന്നു അദ്ദേഹം. മതപരമായ ഉസ്വൂലുകളുടെ വിഷയത്തിലും (ഒരു വിഷയത്തിലുള്ള) അഭിപ്രായ ഭിന്നതകളെ കുറിച്ചുള്ള വിഷയങ്ങളിലും അദ്ദേഹം അതുല്യനാണ്. അദ്ദേഹത്തിന്റെ ഉദാരതയും ധീരതയും ലൗകീക വിനോദങ്ങളോടുള്ള വിരക്തിയും അതിനോട് ചേർത്ത് വായിക്കേണ്ടതാണ്.

വിവിധ വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ ഫത്വകൾ മുന്നോറോളം വാള്യങ്ങളിലായി പരന്നു കിടക്കുകയാണ്. അല്ലാഹുവിന്റെ പ്രീതി ലക്ഷ്യം വെച്ചിരുന്നതിനാൽ അദ്ദേഹം സത്യം മാത്രമെ പറഞ്ഞിരുന്നുള്ളൂ. അദ്ദേഹത്തിന് നേരെ വരുന്ന ആക്ഷേപങ്ങളെ അദ്ദേഹം ഭയപ്പെട്ടിരുന്നില്ല. അദ്ദേഹത്തെ നന്നായി അറിയുന്നവരും പരിചയമുള്ളവരും അദ്ദേഹവുമായി തുലനപ്പെടുത്തി എന്റെ വീഴ്ചകളെ എടുത്തുപറയാറുണ്ട്. അദ്ദേഹത്തെ
എതിർക്കുന്നവർ എന്നിൽ അതിശയോക്തി ആരോപിക്കും. അദ്ദേഹത്തിന്റെ അനുയായികളും പ്രതിയോഗികളും ഒരുപോലെ എന്നെ തെറ്റിദ്ധരിച്ചിട്ടുണ്ട്. കറുത്ത തലമുടിയും അൽപം നരയോടുകൂടിയ തിങ്ങിയ താടിയും വെളുത്ത നിറമുള്ളവനുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ തലമുടി 
ചെവിയോളമെത്തിയിരുന്നു. സംസാരിക്കുന്ന നാവുകളായിരുന്നു അദ്ദേഹത്തിന്റെ കണ്ണുകൾ. വീതിയുള്ള തോളിനുടമയും ശബ്ദഗാംഭീര്യമുള്ളവനും ആയിരുന്നു അദ്ദേഹം. ക്ഷിപ്രകോപിയാണെങ്കിലും ക്ഷമയോടെയും സഹനത്തോടെയും അദ്ദേഹം അതിനെ തരണം ചെയ്തിരുന്നു.
പ്രാർഥനയിലും രക്ഷതേടലിലും അന്യരുടെ ക്ഷേമത്തെ കുറിച്ചുള്ള ഉത്കണ്ഠയിലും അദ്ദേഹത്തെ പോലെ ഒരാളെ ഞാൻ കണ്ടിട്ടില്ല. എന്നാൽ അദ്ദേഹം പാപമുക്തനാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. പ്രത്യുത അഗാധ പാണ്ഡിത്യവും ധീരതയും വിശാലമനസ്സും മതത്തോടു കൂറുമുള്ള വ്യക്തി
യാണെങ്കിലും വിശ്വാസപരവും കർമ്മപരവുമായ കാര്യങ്ങളിൽ അദ്ദേഹവുമായി പല വിഷയങ്ങളിലും എനിക്ക് വിയോജിപ്പുണ്ട്. എന്തെന്നാൽ അദ്ദേഹവും ഒരു മനുഷ്യനാണല്ലോ. അതുകൊണ്ട് തന്നെ ചർച്ചകൾ നടക്കുമ്പോൾ തീക്ഷണതയും കോപവും അദ്ദേഹത്തെ അതിജയിക്കുകയും പ്രതിയോഗികളുടെ ഹൃദയങ്ങളിൽ അദ്ദേഹത്തോട് ശത്രുതയുണ്ടാകുവാൻ കാരണമാകും വിധം അവരെ (വാക്ക് കൊണ്ട്) അക്രമിക്കുകയും ചെയ്തിട്ടുണ്ടാകാം. പ്രതിയോഗികളോട് അദ്ദേഹം ഒരൽപം സൗമ്യത കാണിച്ചിരുന്നുവെങ്കിൽ അദ്ദേഹത്തിന്റെ കാര്യത്തിൽ അഭിപ്രായൈക്യമുണ്ടാകുമായിരുന്നു. കാരണം അവരിലെ മഹാപണ്ഡിതന്മാർ പോലും അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന് മുന്നിൽ തല കുനിക്കുകയും അദ്ദേഹത്തിന്റെ കഴിവുകളെ അംഗീകരിക്കുകയും അദ്ദേഹം അറ്റമില്ലാത്ത ഒരു സമുദ്രവും അമൂല്യനിധിയുമാണെന്നും സമ്മതിച്ചതാണ്.

നമസ്കാരവും നോമ്പും മറ്റു വിധിവിലക്കുകളും രഹസ്യവും പരസ്യവുമായ ജീവിതത്തിൽ അദ്ദേഹം പാലിച്ചു പോന്നിരുന്നു. കാര്യങ്ങൾ വ്യക്തമായി ഗ്രഹിക്കാതെ അദ്ദേഹം ഒരിക്കലും ഫത്വകൾ നൽകിയിരുന്നില്ല. കാരണം അദ്ദേഹം വിവേകമതിയായിരുന്നു. വ്യക്തമായ അറിവിന്റെ അടിസ്ഥാനത്തിലല്ലാതെ അദ്ദേഹം ഫത്വ നൽകിയിരുന്നില്ല. കാരണം അദ്ദേഹം കവിഞ്ഞൊഴുകുന്ന ഒരു സമുദ്രമായിരുന്നു. അദ്ദേഹം മതത്തെ കളിതമാശയായി കണ്ടിരുന്നില്ല. പകരം ഖുർആൻ, സുന്നത്ത്, ക്വിയാസ്, എന്നിവയെ അടിസ്ഥാനമാക്കി അദ്ദേഹം തെളിവുകൾ സ്വീകരിക്കുകയും മുൻ കഴിഞ്ഞ ഇമാമുകളുടെ പാത പിൻതുടർന്ന് കൊണ്ട് (തന്റെ നിലപാടുകൾ) സാധൂകരിക്കുകയും അതിന് വേണ്ടി വാദിക്കുകയും ചെയ്തു. അതിനാൽ അദ്ദേഹത്തിന് അതിൽ തെറ്റുപറ്റിയാൽ ഒരു പ്രതിഫലവും ശരിയായാൽ രണ്ട് പ്രതിഫലവും ഉണ്ട്. (തടവിലാക്കപ്പെട്ട) കോട്ടയിൽ വെച്ച് അദ്ദേഹത്തിന് ഗുരുതരമായ രോഗം പിടിപ്പെടുകയും ദുൽക്വഅദ് 20 തിങ്കാളാഴ്ച രാത്രി അവിടെ വെച്ച് തന്നെ മരിക്കുകയും ചെയ്തു. ദമസ്കസിലെ ഒരു പള്ളിയിൽ വെച്ച് അവർ അദ്ദേഹത്തിന്റെ മേൽ മയ്യിത്ത് നമസ്ക്കരിച്ചു. മയ്യിത്ത് നമസ്കാരത്തിന് പങ്കെടുത്തവരുടെ എണ്ണത്തെ സംബന്ധിച്ച് ധാരാളം ചർച്ചകൾ നടന്നിട്ടുണ്ട്. അതിൽ ഏറ്റവും ചുരുങ്ങിയത് അമ്പതിനായിരം ആണ്

2. ഇബ്നു ഹജറുൽ അസ്ഖലാനി പറഞ്ഞു:

“ഇബ്നു തെയ്മിയുടെ ജീവിത ചരിത്രം വിവരിക്കുന്നിടത്ത് നമ്മുടെ ശെയ്ഖുമാരുടെ ശെയ്ഖായ ഹാഫിദ് അബുൽ യുഅമരി (ഇബ്നു സയ്യിദിന്നാസ്) പറഞ്ഞു: ശെയ്ഖുൽ ഇസ്ലാം തക്വിയുദ്ദീനിനെ കുറിച്ചുള്ള എന്റെ അഭിപ്രായം പ്രകടിപ്പിക്കാൻ അൽമിസ്സി എന്നെ പ്രേരിപ്പിച്ചു. തന്റെ പക്കൽ വരുന്ന വിഷയങ്ങളിലെല്ലാം വിജ്ഞാനം സമ്പാദിക്കാനുള്ള സൗഭാഗ്യം സിദ്ധിച്ചവനായിട്ടാണ് അദ്ദേഹത്തെ എനിക്ക് കണ്ടെത്താൻ സാധിച്ചത്. മുഴുവൻ സുനനുകളും ആഥാറുകളും അദ്ദേഹം മനപാഠമാക്കുകയും ജീവിതത്തിൽ പകർത്തുകയും ചെയ്യുമായിരുന്നു. അദ്ദേഹം ത്വീറിനെ കുറിച്ച് സംസാരിക്കുകയാണെങ്കിൽ അതിന്റെ പതാകയേന്തും. ഫിഖ്ഹിന്റെ പരിമിതികൾ മനസ്സിലാക്കികൊണ്ട് തന്നെയായിരുന്നു അദ്ദേഹം അതിൽ ഫത്വകൾ നൽകിയിരുന്നത്. ഒരു ഹദീസിനെ കുറിച്ച് സംസാരിക്കുകയാണെങ്കിൽ അദ്ദേഹം അതിലുള്ള വിജ്ഞാനത്തിന്റെ ഇരിപ്പിടമാകും. മാത്രമല്ല, അതിന്റെ നിവേദക പരമ്പരകളെ കുറിച്ചുള്ള മുഴുവൻ അറിവും അദ്ദേഹത്തിലുണ്ടാവുകയും ചെയ്യും. മതപരമായ കാര്യങ്ങളെ കുറിച്ചും വ്യത്യസ്ത വ്യതിയാന കക്ഷികളെ കുറിച്ചും അദ്ദേഹം സംസാരിക്കുകയാണെങ്കിൽ ആ വിഷയത്തിൽ അദ്ദേഹത്തേക്കാൾ മികച്ച ആരേയും കാണുക സാധ്യമായിരുന്നില്ല. മുഴുവൻ വിഷയങ്ങളിലും തന്റെ സമകാലികരെ അദ്ദേഹം മറികടന്നിരുന്നു.

“അദ്ദേഹത്തെ പോലെ ഒരാളെ കാണുക സാധ്യമല്ല. അദ്ദേഹത്തിന്റെ സ്വന്തം കണ്ണുകൾ തന്നെ അതുപോലൊരാളെ കണ്ടിട്ടുണ്ടാവുകയില്ല…”

ഇബ്നു ഹജർ തന്നെ പറയുന്നു: “തക്വിയുദ്ദീൻ എന്ന നാമം സൂര്യനെക്കാൾ കീർത്തി നേടിയ ഒരു പദമാണ്. അക്കാലഘട്ടത്തിൽ അദ്ദേഹത്തിന് നൽകപ്പെട്ട ശെയ്ഖുൽ ഇസ്ലാം എന്ന പദവി ഇന്നും നീതിബോധമുള്ളവരുടെ നാവുകളിലുണ്ട്. ഇന്നലെയുണ്ടായ അതേ രൂപത്തിൽ തന്നെ നാളേയും അതു തുടരും. അദ്ദേഹത്തിന്റെ കീർത്തിയെ കുറിച്ച് അറിയാത്തവനും നീതിയിൽ നിന്നും തിരിഞ്ഞ് കളയുന്നവനും മാത്രമെ അദ്ദേഹത്തെ വിമർശിക്കുകയുള്ളൂ. തിരസ്കൃതമായ അദ്ദേഹത്തിന്റെ നിലപാടുകൾ ഒരിക്കലും തന്നെ തെളിവുകൾ സ്ഥാപിക്കപ്പെട്ട ശേഷം സ്വന്തം ദേഹച്ഛകൾക്ക് അടിമപ്പെട്ടുകൊണ്ടോ പിടിവാശികൊണ്ടോ അദ്ദേഹം പറഞ്ഞതല്ല. തജ്സീം വാദിച്ചവർക്കെതിരിലുള്ള ഖണ്ഡനങ്ങൾ അദ്ദേഹത്തിന്റെ രചനകളിൽ നിറഞ്ഞൊഴുകുകയാണ്.
എന്നാൽ അദ്ദേഹം അബദ്ധങ്ങളും സുബദ്ധങ്ങളും സംഭവിക്കുന്ന ഒരു മനുഷ്യനാണ്. അതിനാൽ അദ്ദേഹം പറഞ്ഞതിൽ ശരിയായ കാര്യങ്ങൾ-അവയാണ് ഭൂരിഭാഗവും പ്രയോജനപ്പെടുത്തുകയും അദ്ദേഹത്തിന് വേണ്ടി അല്ലാഹുവിന്റെ കാരുണ്യത്തിൽ ചോദിക്കുകയും ചെയ്യേണ്ടതാണ്. അദ്ദേഹത്തിന് പറ്റിയ പിശകുകളിൽ അദ്ദേഹത്തെ അന്ധമായി പിൻപറ്റേണ്ടതില്ല. പിശകുകൾ അദ്ദേഹത്തിന് പൊറുത്തുകൊടുക്കാം. കാരണം അദ്ദേഹം അക്കാലഘട്ടത്തിലെ ഇമാമുകളിൽ ഒരാളും ഇജ്തിഹാദിന്റെ നിബന്ധനകൾ പൂർത്തീകരിക്കപ്പെട്ടവനെന്ന് സാക്ഷ്യപ്പെടുത്തപ്പെട്ടവനുമാണ്.

അദ്ദേഹത്തിലുള്ള ഏറ്റവും ആശ്ചര്യകരമായ വിശേഷമെന്താണെന്നാൽ ബിദ്അത്തുകാർ, റാഫിളികൾ, ഹുലൂലിയ, ഇത്തിഹാദിയ്യ എന്നിവരെ എതിർക്കുന്നതിൽ ഏറ്റവും കർക്കശനായ വ്യക്തിയായിരുന്നു അദ്ദേഹം. ഈ വിഷയത്തിലുള്ള അദ്ദേഹത്തിന്റെ രചനകൾ കീർത്തികേട്ടതും നിരവധിയുമാണ്. അവർക്കെതിരിലുള്ള അദ്ദേഹത്തിന്റെ ഫത്വകൾ എണ്ണിയാലൊടുങ്ങാത്തതയും ഉണ്ട്. അതിനാൽ അദ്ദേഹത്തെ കാഫിറെന്ന് മുദ്രകുത്തിയപ്പോൾ ബിദ്അത്തുകാർ എത്രമാത്രം ആനന്ദിച്ചിട്ടുണ്ടാകും! അദ്ദേഹത്തെ കാഫിറെന്ന് പ്രഖ്യാപിക്കാത്തവരെ തിരിച്ച് കാഫിറായി മുദ്ര കുത്തപ്പെടുന്നത് കണ്ടപ്പോഴും അവർ എത്ര മാത്രം സന്തോഷിച്ചിട്ടുണ്ടാകും! ഇബ്നു തെയ്മിയ്യയുടെ സുപ്രസിദ്ധ ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കി കൊണ്ട് സംസാരിക്കുന്നവന്റെ വാക്കുകളും, അദ്ദേഹത്തിന്റെ വാക്കുകൾ അതേപടി എത്തിച്ചുതരുമെന്ന് ഉറച്ച വിശ്വാസമുള്ളവന്റെ വാക്കുകളും പരിഗണിക്കേണ്ടത് ബുദ്ധിയുള്ള ഏതൊരുപണ്ഡിതവേഷധാരിയുടേയും ബാധ്യതയാണ്. ശേഷം തിരസ്ക്കരിക്കപ്പെട്ടവയിൽ നിന്നെല്ലാം മാറി നിന്ന് ഗുണകാംക്ഷയോടുകൂടി അവയ്ക്കെതിരിൽ
താക്കീത് നൽകണം. അദ്ദേഹത്തിന്റെ സദ്ഗുണങ്ങൾക്കും സുബദ്ധങ്ങൾക്കും അദ്ദേഹത്തെ പുകഴ്ത്തണം. ഇതാണ് പണ്ഡിതന്മാരുടെ രീതി.
അനുകൂലികൾക്കും, പ്രതികൂലികൾക്കും ഒരുപോലെ പ്രയോജനകരമായ അനേകം ഗ്രന്ഥങ്ങളുടെ രചയിതാവായ ശെയ്ഖ് ശംസുദ്ദീൻ ഇബ്നുൽ ഖയ്യിം അൽ ജൗസിയ എന്ന ഒരു പ്രശസ്ത ശിഷ്യനല്ലാതെ മറ്റൊരു നന്മയും അദ്ദേഹത്തിൽ ഇല്ലെങ്കിൽ പോലും അദ്ദേഹത്തിന്റെ മഹത്തായ പദവിയുടെ സൂചനയായി അതുതന്നെ പര്യാപ്തമാണ്. ആ കാലഘട്ടത്തിലെ ഹമ്പലി ഇമാമുകളെ കൂടാതെ ശാഫീഈ ഇമാമുകളും മതവിഷയങ്ങളിലുള്ള അദ്ദേ
ഹത്തിന്റെ ഔന്നത്യത്തെ സാക്ഷിപ്പെടുത്തിയിട്ടുണ്ടെന്നിരിക്കെ അതെങ്ങനെ അപ്രകാരമല്ലാതിരിക്കും…”

3. ഇബ്നു കഥീർ പറഞ്ഞു:

“എന്തെങ്കിലും ഒരു കാര്യം അദ്ദേഹം കേട്ടാൽ പ്രഥമമായി അദ്ദേഹം ചെയ്യുന്നത് അത് മനഃപ്പാഠമാക്കുക എന്നതാണ്. ശേഷം അതിനെകുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കും. അദ്ദേഹം ബുദ്ധിമാനും പലകാര്യങ്ങളിലും ഓർമ്മ ശക്തിയെ ആശ്രയിക്കുന്നവനുമാണ്. തഫ്സീറിലും അതുമായി ബന്ധപ്പെട്ട
കാര്യങ്ങളിലും അദ്ദേഹം ഒരു ഇമാമും ഫിഖ്ഹിൽ പണ്ഡിതനുമായിരുന്നു. ഒരു മദ്ഹബിലെ ഫിഖ്ഹിനെ കുറിച്ച് അക്കാലത്തുണ്ടായിരുന്ന അതിലെ അനുയായികളെക്കാൾ അറിവ് അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹം ഒരു ഉസൂലി പണ്ഡിതനും മതത്തിന്റെ വ്യത്യസ്ത ശാഖകളിലും വ്യാകരണത്തിലും
18. 3 . എന്ന ഗ്രന്ഥത്തിന് അംഗീകാരമായി ഇബ്നു ഹജർ അൽഅസ്ഖലാനി എഴുതിയതാണിത്. പ്രസ്തുത ഗ്രന്ഥത്തിന്റെ അവസാനത്തിൽ ഇതു കാണാം.

ഭാഷയിലും മറ്റു മതധൈഷണിക വിഷയങ്ങളിലും പാണ്ഡിത്യം നേടിയ ഒരു വ്യക്തിത്വവുമായിരുന്നു. ഒരു നിശ്ചിത വിഷയത്തിൽ പാണ്ഡിത്യമുള്ള ഒരാൾ അദ്ദേഹവുമായി സംസാരിച്ചാൽ ഇബ്നു തെയ്മിയ്യ ആ വിഷയത്തിലെ അഗ്രസരനാണെന്ന് അദ്ദേഹം കരുതും. ഹദീസിന്റെ വിഷയത്തിൽ അദ്ദേഹം അതി
ന്റെ പതാക വാഹകനും ഹാഫിളും, സ്വഹീഹും ദഈഫും വേർതിരിക്കാൻ കഴിവുള്ളവനും നിവേദകരെ കുറിച്ച് നന്നായി അറിയുന്നവനുമാണ്…
തുടർന്ന് അദ്ദേഹം പറയുന്നു:

“അദ്ദേഹം ഒരു മഹാപണ്ഡിതനാണെങ്കിലും, ശരിതെറ്റുകൾ വരുന്നവരുടെ കൂട്ടത്തിലാണ്. ശരിയായ വിധികളുമായി താരതമ്യപ്പെടുത്തുമ്പോൾ അദ്ദേഹത്തിൽ നിന്നുണ്ടായ തെറ്റുകൾ വലിയ സമുദ്രത്തിൽ നിന്നുള്ള ഒരു തുള്ളി പോലെയാണ്. അതാകട്ടെ അദ്ദേഹത്തിന് പൊറുത്ത് കിട്ടാവുന്നതുമാണ്. ബുഖാരിയിലുള്ള ഒരു റിപ്പോർട്ടിൽ ഇപ്രകാരം കാണാം, ഒരു വിധികർത്താവ് ഒരു മതവിധി പുറപ്പെടുവിച്ചിട്ട്, അത് ശരിയായാൽ അവന്ന് രണ്ട് പ്രതിഫലവും, തെറ്റിയാൽ ഒരു പ്രതിഫലവുമുണ്ട്.”

4. ഹാഫിഥ് അൽ മിസ്സിൽ പറഞ്ഞു.

“അദ്ദേഹത്തെ പോലെയുള്ള ഒരാളെയും ഞാൻ കണ്ടിട്ടില്ല. അദ്ദേഹവും അങ്ങനെ കണ്ടിട്ടുണ്ടാവില്ല. ഖുർആനിനെ കുറിച്ചും തിരുദൂതരുടെ ചര്യകളെകുറിച്ചും അതിനെ പിന്തുടർന്ന സച്ചരിതരെ കുറിച്ചും അദ്ദേഹത്തേക്കാൾ നന്നായി അറിയുന്ന ഒരാളെയും ഞാൻ കണ്ടിട്ടില്ല.”

5. ഹാഫിഥ് അബ്ദുറഹ്മാൻ ഇബ്നു റജബ് അൽ ഹമ്പലി പറഞ്ഞു:

“അദ്ദേഹം ഇമാമും മുഫ്തിയും മുജ്തഹിദും മുഹദ്ദിഥും ഹാഫിഥും മുഫസ്സിറും സാഹിദും പണ്ഡിതന്മാരുടെ പണ്ഡിതനുമായ തക്വിയുദ്ദീൻ അബ്ദുൽ അബ്ബാസ് ശെയ്ഖുൽ ഇസ്ലാം ആണ്. അദ്ദേഹത്തെ കുറിച്ച് പരത്തിയെഴുതാൻ അദ്ദേഹത്തിന്റെ ഖ്യാതി നമ്മോട് ആവശ്യപ്പെടുന്നുമില്ല. ഖുർആനും വിശ്വാസപരമായ മറ്റു കാര്യങ്ങളും മനസ്സിലാക്കുന്നതിൽ അക്കാലഘട്ടത്തിലെ ഒരു അനുപമ വ്യക്തിത്വമായിരുന്നു അദ്ദേഹം.

അന്ത്യം

കാരാഗൃഹത്തിലായിരിക്കെ, ഹിജ്റ വർഷം:728 ദുൽക്വഅദ് 20നാണ് ഇബ്നു തെയ്മിയ്യ ഇഹലോകവാസം വെടിഞ്ഞത്. എഴുതുന്നതിൽ നിന്നും വായിക്കുന്നതിൽ നിന്നും അന്ന് അദ്ദേഹത്തെ വിലക്കിയിരുന്നു. മരണത്തിന് മുമ്പ് ഏതാനും ദിവസങ്ങൾ അദ്ദേഹം രോഗബാധിതനായിരുന്നു. അക്കാലഘട്ടത്തിൽ ചില മുബ്തദിഉകൾ അദ്ദേഹത്തിനെതിരിൽ അസത്യങ്ങളും അപവാദങ്ങളും പ്രചരിപ്പിച്ചിട്ടും അദ്ദേഹത്തിന്റെ ജനാസയിൽ വൻ ജനാവലി പങ്കെടുത്തിരുന്നു. ബസ്സാർ പറയുന്നു:

“അദ്ദേഹത്തിന്റെ മരണവിവരം ജനങ്ങൾ അറിഞ്ഞപ്പോൾ, ജനാസ നമസ്ക്കരിക്കാനായി എത്താൻ സാധിക്കുന്ന ദമസ്കസിലെ എല്ലാ ഓരോ വ്യക്തിയും അവിടെ ഹാജരായിരുന്നു. തത്ഫലമായി ദമസ്കസിലെ കടക മ്പോളങ്ങൾ അടഞ്ഞു കിടക്കുകയും, ക്രയവിക്രയങ്ങൾ മുഴുവൻ സ്തംഭിക്കുകയും ചെയ്തു. ഗവർണർമാർ, തലവന്മാർ, പണ്ഡിതന്മാർ, നിയമജ്ഞർ തുടങ്ങിയവരെല്ലാം അവിടെയെത്തി. ജനങ്ങളിൽ ഭൂരിഭാഗവും അവിടെ ഹാജരായതായാണ് പറയപ്പെടുന്നത്. എന്റെ അറിവിൽപ്പെട്ടിടത്തോളം മൂന്നാളുകളാണ് അതിൽ നിന്നും വിട്ടുനിന്നത്. അവരാകട്ടെ ഇബ്നു തെയ്മിയ്യയോടുള്ള ശത്രുതക്ക് പേരുകേട്ടവരാണ്. ജീവനിൽ കൊതിയുള്ളത് കാരണം അവർ ജനങ്ങളിൽ നിന്നും അകന്നു നിന്നതാണ്”

ഇബ്നു കഥീർ പറഞ്ഞു: “അദ്ദേഹത്തിന്റെ ജനാസയുടെ മുന്നിലും പിന്നിലും, ഇടതും വലതുമായി ധാരാളമാളുകളുണ്ടായിരുന്നു. അല്ലാഹുവിനല്ലാതെ അവരുടെ എണ്ണത്തെ തിട്ടപ്പെടുത്തുക സാധ്യമല്ല. കുട്ടത്തിലാരോ ഒരാൾ വിളിച്ചു പറഞ്ഞു: “ഇപ്രകാരമാണ് സുന്നത്തിന്റെ ഇമാമുകളുടെ ജനാസ വേണ്ടത്!” ഇതുകേട്ട ജനങ്ങൾ വിതുമ്പിത്തുടങ്ങി. ഉഹ്ർ നമസ്കാരത്തിനായി ബാങ്ക് വിളിക്കപ്പെട്ടപ്പോൾ പതിവിന് വിപരീതമായി അവരെല്ലാം ഉടൻ തന്നെ നമസ്ക്കരിച്ചു. നമസ്കാരശേഷം, ഈജിപ്തിലേക്ക് പോയ പ്രധാന ഖത്വീബിന്റെ അഭാവത്തിൽ അവിടെ താത്ക്കാലികമായി ഉണ്ടായിരുന്ന ഖത്വീബ് വന്ന് ഇബ്നു തെിയ്യയുടെ മയ്യിത്ത് നിസ്ക്കാരത്തിന് നേത്യത്വം നൽകി… ശേഷം ജനങ്ങൾ പലഭാഗങ്ങളിലൂടെയും പള്ളിവാതിലുകളിലൂടെയുമായി അവിടേക്ക് പ്രവഹിച്ചു അങ്ങനെ അവർ അൽഖൈൽ ചന്തയിൽ ഒത്തുകൂടി”

ഇന്ത്യയിൽ അദ്ദേഹത്തിന്റെ സ്വാധീനം

സുൽത്താൻ മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ ഭരണകാലത്താണ് ശെയ്ഖുൽ ഇസ്ലാം ഇബ്നു തെയ്മിയ്യയുടെ ദഅവയുടെ അലയൊലികൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ എത്തിച്ചേർന്നത്. ശെയ്ഖിന്റെ അവസാന കാലത്താണ് സുൽത്താൻ മുഹമ്മദ് ബിൻ തുഗ്ലക്ക് ദൽഹിയിലെ ഭരണം കയ്യാളുന്നത്. ഈജിപ്തിൽ നിന്നും സിറിയയിൽ നിന്നുമായി അവർകളുടെ ചില ശിഷ്യർ ഇന്ത്യയിൽ വരികയുണ്ടായി. ശെയ്ഖിന്റെ ശിഷ്യരിൽ പെട്ട അബ്ദിൽ അസീസ് അർദവൈലി എന്ന പണ്ഡിതനെ സുൽത്താൻ ആദരിക്കുകയും അദ്ദേഹത്തിന്റെ ഉപദേശങ്ങൾ സ്വീകരിക്കുയും ചെയ്തതായി പ്രസിദ്ധ സഞ്ചാരിയായ ഇബ്നു ബത്വ അദ്ദേഹത്തിന്റെ ) എന്ന ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്.

മറ്റൊരു ശിഷ്യനായ ശെയ്ഖ് അലീമുദ്ദീൻ, അക്കാലഘട്ടത്തിലുണ്ടായിരുന്ന ബിദ്അത്തുകളും അന്ധവിശ്വാസങ്ങളും അടങ്ങിയ തിന്മകളെ നിർമാർജനം ചെയ്യാൻ സുൽത്താനെ ആഹ്വാനം ചെയ്യുകയും സഹായിക്കുകയും ചെയ്തിരുന്നു. ഈജിപ്തിലെ മുഖ്യ ക്വാളി(ജഡ്ജിയായിരുന്ന അല്ലാമാ ശംസുദ്ദീൻ ഇബ്നുൽ ഹരീരി ശെയ്ഖുൽ ഇസ്ലാമിനെ പിന്തുണച്ചതിന്റെ പേരിൽ സ്ഥാനഭ്രഷ്ടനാവുകയും പിന്നീട് ഇന്ത്യയിലേക്ക് തിരിക്കുകയും ചെയ്തു. ഹിജ്റ വർഷം 708-ൽ അലാഉദ്ദീൻ ഖിൽജി ഭരിച്ചിരുന്ന കാലത്തായിരുന്നു അത്. അദ്ദേഹം നാലായിരത്തിൽപരം ഹദീസ് ഗ്രന്ഥങ്ങളുമായാണ് ഇന്ത്യയിൽ പ്രവേശിച്ചത് എന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്.

ശെയ്ഖുൽ ഇസ്ലാം ഇബ്നു തെയ്മിയ്യയുടെ രചനകളിൽ ആകൃഷ്ടനായ മറ്റൊരു വ്യക്തിത്വമാണ് ഹിജ്റ വർഷം 1174-ൽ ഇഹലോകവാസം വെടിഞ്ഞ അല്ലാമാ ശാഹ് വലിയുല്ലാഹ് അദ്ദഹ്ലവി. ശെയ്ഖുൽ ഇസ്ലാമിന്നെതിരെ വിമർശകർ ഉന്നയിച്ച ആരോപണങ്ങൾ വസ്തുനിഷ്ഠമല്ല എന്ന് മഹാനവർകൾ അദ്ദേഹത്തിന്റെ ഒരെഴുത്തിൽ സമർഥിക്കുകയുണ്ടായി. ശെയ്ഖിന്റെ രചനകളുടെ സ്വാധീനത്തിലാണ് മഹാനവർകൾ ചില ഗ്രന്ഥങ്ങൾവരെ രചിക്കുകയുണ്ടായത് എന്ന് പിൽക്കാല പണ്ഡിതർ വിലയിരുത്തിയിട്ടുണ്ട്.

ശെയ്ഖിന്റെ ദഅവത്തിൽ തൽപരനായ മറ്റൊരു വ്യക്തിത്വം ഹിജ്റ വർഷം 1307-ൽ മരണമടഞ്ഞ പണ്ഡിതനും, ഭരണാധികാരിയുമായിരുന്ന നവാബ് സിദ്ദീഖ് ഹസ്സൻ ഖാൻ അൽഖസൂജി അവർകളാണ്. ഹിജ്റ വർഷം 1285-ൽ മുംബൈയിൽ നിന്ന് കടൽ മാർഗം അദ്ദേഹം ഹജ്ജിന് പുറപ്പെട്ടു.
ഈ യാത്രയിൽ അദ്ദേഹം ഹമ്പലി പണ്ഡിതനായ ഇബ്നു അബ്ദിൽ ഹാദിരചിച്ച ഗ്രന്ഥം തന്റെ കൈപടയിൽ പകർത്തി എഴുതുകയുണ്ടായി. ഈ ഗ്രന്ഥം ക്വബർ ആരാധനക്കും നബിയുടെ ക്വബറിനെ ആരാധനാ കേന്ദ്രമായി മാറ്റുന്ന ക്വബറാരാധകർക്കുമുള്ള മറുപടിയാണ്. ഇത് എഴുതപ്പെട്ടത് ശെയ്ഖുൽ ഇസ്ലാമിന്റെ നിലപാടിനെ ചോദ്യം ചെയ്ത സുബ്കിയുടെ വാദങ്ങളെ ഖണ്ഡിക്കുവാനും ശെയ്ഖുൽ ഇസ്ലാമിന്റെ ആശയങ്ങൾ കുറ്റമറ്റതാണ് എന്ന് സമർഥിക്കാനും കൂടിയാണ്. ഹജ്ജ് കഴിഞ്ഞ് മടങ്ങവെ അദ്ദേഹം ധാരാളം ഗ്രന്ഥങ്ങൾ വാങ്ങുകയുണ്ടായി. 

കേരളത്തിൽ

ശെയ്ഖുൽ ഇസ്ലാം ഇബ്നു തെയ്യം, ശെയ്ഖ് മുഹമ്മദ് ബിൻ അബ്ദിൽ വഹ്ഹാബ് എന്നിവരെ കുറിച്ച് കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന അസത്യങ്ങൾ ആദ്യമായി തുറന്ന് കാട്ടിയത് വക്കം അബ്ദുൽ ഖാദർ മൗലവിയാണ്. വക്കം മൗലവി യുടെ മരണാനന്തരം കെ. എം. മൗലവി റശീദ് റിളായയുടെ അൽമനാറിലേക്ക് വക്കം മൗലവിയെ അനുസ്മരിച്ച്കൊണ്ട് ഒരെഴുത്തെഴുതി. പസ്തുത കത്ത് റശീദ് രിളായ അൽമനാറിൽ പ്രസിദ്ധീകരിച്ചു. വക്കം മൗലവി ശെയ്ഖുൽ ഇസ്ലാം ഇബ്നു തെയ്യം, ശെയ്ഖ് മുഹമ്മദ് ഇബ്നു അബ്ദിൽ വഹ്ഹാബ്, തുടങ്ങിയവരെ വളരെയധികം ഇഷ്ടപ്പെടുകയും അവർക്കെതിരിലുള്ള ആരോപണങ്ങൾക്ക് എന്ന കൃതിയിലൂടെ മറുപടി നൽകുകയും ചെയ്തു എന്ന് ഈ കത്തിൽ പ്രത്യേകം എടുത്ത് പറയുന്നുണ്ട്.

കെ.എം മൗലവിയുടെ ഫത്വകളിലും കൃതികളിലും ശൈഖുൽ ഇസ്ലാമിന്റെ രചനകളുടെ സ്വാധീനം കാണാവുന്നതാണ്. ജമാഅത്തെ ഇസ്ലാമിയുടെ വാദം സമർത്ഥിക്കാനയി കെ.സി അബ്ദുല്ല മൗലവി ശെയ് ഖുൽ ഇസ്ലാം നൽകിയ ഇബാദത്തിന്റെ നിർവചനം കൊണ്ടുവന്നപ്പോൾ അതിന്റെ അനിസ്ലാമികത കെ.എം മൗലവി അൽമനാറിലൂടെ വളരെ സ്പഷ്ടമായി വിശദീകരിച്ച് കൊടുക്കുന്നുണ്ട്. ഇതിനു പുറമേ അൽവിലായ വൽ കറാമ എന്ന കൃതിയിൽ അദ്ദേഹം അഖീദത്തുൽ വാസിത്വിയ്യയിൽ നിന്നുതന്നെ ഉദ്ധരിക്കുന്നുണ്ട്. അതിപ്രകാരമാണ്:

“ശെയ്ഖുൽ ഇസ്ലാം ഇബ്നു തെയ്മിയ്യ് അദ്ദേഹത്തിന്റെ അൽഅഖീ ദത്തുൽ വാസിത്വിയ്യ എന്ന കിതാബിൽ കറാമത്തുകളെകുറിച്ച് ഇങ്ങനെ പറയുന്നു:

“ഔലിയാക്കളുടെ കറാമത്തുകളെ, അതായത് അറിവുകളിലും ദിവ്യവെളിപാടുകളിലും ശക്തിയുടെ വകകളിലും പല കാര്യങ്ങളേയും ലപ്പെടുത്തലിലും .-ത്തിന്നപ്പുറമായി(അസാധാരണമായ) അവരുടെ കയ്യാൽ – അവർ മുഖേന – അല്ലാഹു നടത്താറുള്ള അൽഭുത സംഭവങ്ങളെകുറിച്ച് വിശ്വസിക്കുന്നത് അഹ്ലുസ്സുന്നത്തിന്റെ മൂല തത്ത്വങ്ങളിൽ പെട്ടതാകുന്നു. സൂറത്തുൽ കഹ്ഫിലും മറ്റും, പൗരാണിക സംഭവങ്ങളെകുറിച്ച് പറഞ്ഞിട്ടുള്ളത്പോലെയും സ്വഹാബത്തും താബിഈങ്ങളും ഈ ഉമ്മത്തിലെ എല്ലാ സമൂഹങ്ങളും ആയിട്ടുള്ള സലഫുസ്വാലിഹീങ്ങളെ കുറിച്ച് ഉദ്ധരിക്കപ്പെട്ടിട്ടുള്ളത് പോലെയും ഈ സമുദായത്തിൽ ഖിയാമത്ത് നാൾവരേയും കറാമത്തുകൾ ഉണ്ടാകുന്നതാണ്.”

“അത്തൗഹീദ്’ന്റെ രചിതാവായ പ്രശസ്ത പണ്ഡിതൻ കണ്ണൂർ അബ്ദുൽ ഖാദർ മൗലവി അദ്ദേഹത്തിന്റെ “സിയാറത്തുൽ ഖുബൂർ’ എന്ന ഗ്രന്ഥത്തിൽ ശെയ്ഖുൽ ഇസ്ലാം ഇബ്നു തെയ്മിയ്യയുടെ ആ എന്ന ഗ്രന്ഥത്തിൽ നിന്നും അത് പോലെ അദ്ദേഹത്തിന്റെ ശിഷ്യൻ ഇബ്നുൽ ഖയ്യിം കയുടെ വിവിധ ഗ്രന്ഥങ്ങളിൽനിന്നും ഉദ്ധരിക്കുന്നത് കാണാവുന്നതാണ്.

1950-1951 കാലഘട്ടത്തിൽ അൽമനാറിൽ വക്കം അനുയായി ആയിരുന്ന വക്കം പി. മുഹമ്മദ് മൈതീൻ ലാം ഇബ്നു തെയ്മിയ്യയുടെ “അല്ലാഹുവിന്റെ വലിയ്യ് മാരെ വേർതിരിച്ചറിയുന്നത് എങ്ങനെ” എന്ന കൃതി എന്ന നാമത്തിൽ തുടർലേഖനങ്ങളായി വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിരുന്നു.

ഹിജ്റ വർഷം 1377-ൽ പ്രസിദ്ധീകരിച്ച കെ ഉമർ മൗലവിയുടെ ഈ ഗ്രന്ഥം തന്നെ കേരളത്തിൽ ശെയ്ഖുൽ ഇസ്ലാമിന്റെ ദഅവത്തിന്റെ സ്വാധീനം വിളിച്ചറിയിക്കുന്നതാണ്.

അത് പോലെ 1979-1981 കാലയളവിൽ ജനാബ് എൻ. വി. ഇബ്രാഹിം മാസ്റ്റർ. ശെയ്ഖുൽ ഇസ്ലാമിന്റെ ജീവിതവും ഇസ്ലാമിക സമൂഹത്തിന് അദ്ദേഹം സമർപ്പിച്ച സംഭാവനകളും ഒരു ലേഖന പരമ്പരയായി തന്നെ അൽമനാറിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

രചനകൾ

ഇബ്നു തെയ്മിയ്യക്ക് വിവിധ വിഷയങ്ങളിലായി ധാരാളം രചനകളുണ്ട്. അദ്ദേഹത്തിന്റെ രചനകൾ ക്രോഡീകരിക്കുകയാണെങ്കിൽ നൂറിലധികം വാല്യങ്ങൾ അത് പൂർത്തീകരിക്കാൻ ആവശ്യമായി വരും. അദ്ദേഹത്തിന്റെ രചനകളിൽ ചിലത് നഷ്ടപ്പെട്ട് പോയിട്ടുണ്ടെങ്കിലും പലതും ഇന്നും ലഭ്യമാണ്.
അറബി ഭാഷയിൽ ലഭ്യമായിട്ടുള്ള അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിൽ ചിലത് ഇവയാണ്:


ദൈവവും നാസ്തികരും

ദൈവവും നാസ്തികരും

ദൈവമുണ്ടോ, അഥവാ ഇക്കാണുന്ന പ്രപഞ്ചത്തിന്റെ രൂപീകരണത്തിനു പിന്നില്‍ ഒരു ആദികാരണം അല്ലെങ്കില്‍ ഒരു ശക്തിയുണ്ടോ എന്ന ചോദ്യം പലരുടെയും മനസ്സിലുള്ളതാണ്. പ്രഞ്ചത്തെക്കുറിച്ച് ചിന്തിക്കുന്നവരെല്ലാം ദൈവമുണ്ട് എന്ന ഉത്തരം കണ്ടെത്തും. ഈ ചോദ്യം നാസ്തികരോട് ചോദിച്ചാല്‍ അവര്‍ പറയും ഈ പ്രപഞ്ചം അനാദിയാണ് എന്ന്.

ശാസ്ത്രലോകത്ത് കൂടുതല്‍ അംഗീകരിക്കപ്പെട്ട സിദ്ധാന്തമാണ് big bang theory. അതായത് ഈ പ്രപഞ്ചത്തിന് ഒരു തുടക്കമുണ്ട് എന്ന മഹാവിസ്‌ഫോടന സിദ്ധാന്തം. എന്നാല്‍ ഇപ്പോള്‍ നാസ്തികരിലെ  ലോറന്‍സ് ക്രോസ്സിനെപ്പോലെയുള്ള ആളുകള്‍ പറയുന്നത് പ്രപഞ്ചം ഒന്നുമില്ലായ്മയില്‍നിന്നും വന്നതാണ് എന്നാണ്. ഒന്നുമില്ലായ്മയില്‍നിന്നും ഒരു കസേര ഉണ്ടായി എന്ന് ഒരാള്‍ വാദിച്ചാല്‍ ഏതെങ്കിലും നാസ്തികന്‍ വിശ്വസിക്കുമോ? ഇല്ല! പിന്നെ എങ്ങനെയാണ് ഒന്നുമില്ലായ്മയില്‍നിന്നും പ്രപഞ്ചം ഉണ്ടാവുക? അവര്‍ ആ ഒന്നുമില്ലായ്മയെ എന്തൊക്കെയോ ആക്കാനുള്ള കഠിനമായ പരിശ്രമത്തിലാണ്! ദൈവം എന്നത് കേവലം വിശ്വാസം മാത്രമാണെന്നാണ് അവര്‍ പറയുന്നത്.

ഫിലോസഫിയില്‍ contengency argument അല്ലെങ്കില്‍ argument from dependency (ആശ്രിതത്വ വാദം) എന്ന ഒരു വാദമുണ്ട്. ഇത് പറയുന്നത് ഈ പ്രപഞ്ചത്തില്‍ എല്ലാ വസ്തുക്കളും നിലനില്‍ക്കുന്നത് ഒന്ന് മറ്റൊന്നിനെ ആശ്രയിച്ചാണ് എന്നാണ്. ഭൗതികശാസ്ത്ര നിയമങ്ങളും അതുതന്നെയാണ് പറയുന്നത്. സ്വയം ചലിക്കാന്‍ കഴിവില്ലാത്ത ഈ പ്രപഞ്ചം എങ്ങനെ ചലനസജ്ജമായി? തീര്‍ച്ചയായും ആരാലും സൃഷ്ടിക്കപ്പെടാത്ത മറ്റൊരു അസ്തിത്വം ഉണ്ടായിരിക്കണം. അത് അനിവാര്യവുമാണ്. അപ്പോള്‍ പ്രപഞ്ചത്തെ സൃഷ്ടിച്ചത് ഈ പരാശ്രയം ആവശ്യമില്ലാത്ത അസ്തിത്വമായിരിക്കണം.

ഈ പ്രപഞ്ചത്തില്‍ എല്ലാ കാര്യങ്ങള്‍ക്ക് പിന്നിലും ഒരു കാരണമുണ്ട്. അത് കാരണമില്ലാത്ത ഒരു അസ്തിത്വത്തില്‍ ചെന്നവസാനിക്കും. നാസ്തികര്‍ പറയുന്നത് പോലെ പ്രപഞ്ചം അനാദിയാണെങ്കില്‍ ഓരോന്നിന്റെയും പിന്നിലെ കാരണങ്ങള്‍ അന്വേഷിച്ചു പോകുമ്പോള്‍ അത് അനന്തമായി  തുടരും. ഈ അനന്തമായ തുടര്‍ച്ച ഒരിക്കലും ഒരു കാര്യം സംഭവിക്കുന്നതിന് വഴിവെക്കില്ല. അപ്പോള്‍ ഈ പ്രപഞ്ചം താനെ ഉണ്ടാകാന്‍ തരമില്ല. ദൈവമുണ്ടെന്നു പറഞ്ഞാല്‍ നാസ്തികര്‍ ചോദിക്കും; അപ്പോള്‍ ദൈവത്തെ ആരെങ്കിലും സൃഷ്ടിച്ചതാകണ്ടേ എന്ന്. ഒരു വാദത്തിനു വേണ്ടി ഇത് സമ്മതിക്കാം. അപ്പോള്‍ വീണ്ടും ചോദ്യം വരും; അതിനെ ആര് സൃഷ്ടിച്ചു എന്ന്. ഇത് അനന്തമായി തുടരും.

ഈ ബാലിശമായ വാദം ഒരു ചെറിയ ഉദാഹരണത്തിലൂടെ  അസംഭവ്യമാണെന് തെളിയിക്കാം. അതായത് ഒരു വ്യക്തി; മറ്റൊരു സ്ഥലത്ത് ചെന്നുപെട്ട അയാള്‍ക്ക് വീട്ടിലേക്ക് തിരിച്ചുപോകാന്‍ കൈയില്‍ കാശില്ല. അയാള്‍ ഒരാളോട് കാശ് കടം ചോദിക്കുന്നു. അയാള്‍ എന്റെയടുത്ത് കാശില്ല, വേറൊരാളോട് വാങ്ങിത്തരാമെന്ന് പറയുന്നു. ഇത് ഇങ്ങനെ അനന്തമായി തുടരുന്നു. അപ്പോള്‍ ഒരിക്കലും ആ വ്യക്തിക്ക് കാശ് കിട്ടുകയില്ല, ആ വ്യക്തി വീടെത്തുകയുമില്ല. മറിച്ച് ഏതോ ഒരാള്‍ ആരെയും ആശ്രയിക്കാതെ സ്വന്തം പൈസ എടുത്തു കൊടുക്കുന്നു. അപ്പോള്‍ ആ വ്യക്തിക്ക് വീട്ടില്‍ പോകാന്‍ സാധിക്കുന്നു. ഇതു തന്നെയാണ് ദൈവത്തിന്റെ കാര്യത്തിലും പറയാനുള്ളത്.

ദൈവത്തെ ആരെങ്കിലും സൃഷ്ടിച്ചതാണെങ്കില്‍ അതിനെ ആര് സൃഷ്ടിച്ചു എന്ന ചോദ്യം വരും. ഇത് അനന്തമായി തുടരും. ഇത് ഒരിക്കലും പ്രപഞ്ച സൃഷ്ടിപ്പ് ആരു നടത്തി എന്ന് കണ്ടെത്തുന്നതിലേക്ക് നയിക്കുന്നില്ല. ആരുമില്ലെങ്കില്‍ പ്രപഞ്ചമുണ്ടാകാനും വഴിയില്ല. എന്നാല്‍ ഒരോ വസ്തുവിന്റെയും കാരണമന്വേഷിച്ചു പോകുമ്പോള്‍ അത് ഒന്നിനെയും ആശ്രയിക്കാത്ത, അനാദിയായ, അനിവാര്യമായ  ഒരു അസ്തിത്വത്തിലേക്ക്  ചെന്നവസാനിച്ചിരിക്കണം. ദൈവം എന്നത് ഒരു ഈ പ്രപഞ്ചത്തിന് അനിവാര്യ അസ്തിത്വമാണ് (necessary existence). പ്രപഞ്ചം ഉണ്ടാകണമെങ്കില്‍ അനാദിയായ, എല്ലാവരും ആശ്രയിക്കുന്ന എന്നാല്‍ ആരെയും ആശ്രയിക്കേണ്ടാത്ത ഒരു അസ്തിത്വം അനിവാര്യമാണ്. ദൈവത്തിനുള്ള തെളിവ് ഈ പ്രപഞ്ചം തന്നെയാണ്.

അര്‍ശദ് കുറിശ്ശാംകുളം
നേർപഥം വാരിക

കുടുംബബന്ധം ചേര്‍ക്കുന്നതിന്റെ നേട്ടങ്ങള്‍

കുടുംബബന്ധം ചേര്‍ക്കുന്നതിന്റെ നേട്ടങ്ങള്‍

നസ് ഇബ്‌നു മാലികി(റ)ല്‍നിന്ന് നിവേദനം; നബി ﷺ പറഞ്ഞു: ”ആര്‍ക്കെങ്കിലും തന്റെ ഉപജീവനത്തില്‍ വിശാലത ഉണ്ടാകണമെന്നും തന്റെ ആയുസ്സ് ദീര്‍ഘിപ്പിക്കപ്പെടമെന്നും താല്‍പര്യമുണ്ടെങ്കില്‍ അവന്‍ കുടുംബബന്ധം ചേര്‍ത്തുകൊള്ളട്ടെ” (ബുഖാരി)

 

ഈ ഹദീഥില്‍ പറഞ്ഞ ആയുസ്സിന്റെ വര്‍ധനവ്, ഉപജീവനത്തിന്റെ വിശാലത എന്നിവയുടെ ആശയത്തെക്കുറിച്ച് പണ്ഡിതന്മാര്‍ പറഞ്ഞത് താഴെ പറയും പ്രകാരമാകുന്നു: 1) വര്‍ധനവ്‌കൊണ്ടുള്ള ഉദ്ദേശെമന്താണെന്നാല്‍; കുടുംബബന്ധം ചേര്‍ക്കുന്നവന്റെ ആയുസ്സില്‍ അല്ലാഹു അനുഗ്രഹം ചൊരിയുകയും അവന് ശാരീരികവും മാനസികവുമായ ശക്തിയും തീരുമാനങ്ങള്‍ നടപ്പില്‍ വരുത്താനുള്ള ഇച്ഛാശക്തിയും നല്‍കി അവന്റെ ജീവിതം സുഖസുന്ദരമാക്കിത്തീര്‍ക്കുകയും ചെയ്യും. 2) വര്‍ധനവ് അതിന്റെ യഥാര്‍ഥ അര്‍ഥത്തില്‍ തന്നെ: അപ്പോള്‍ കുടുംബബന്ധം ചേര്‍ക്കുന്നവന് അവന്റെ ആയുസ്സ് അല്ലാഹു വര്‍ധിപ്പിക്കുകയും അവന്റെ ഉപജീവനത്തില്‍ സുഭിക്ഷത നല്‍കുകയും ചെയ്യുമെന്ന് സാരം.

 

”ആരോഗ്യവും ശുദ്ധവായുവും നല്ലഭക്ഷണവും മാനസിക സന്തോഷവും ആയുര്‍ദൈര്‍ഘ്യന്റെ കാരണമാണ്. അതുപോലെത്തന്നെ കുടുംബബന്ധം ചേര്‍ക്കലിനെ ആയുര്‍ദൈര്‍ഘ്യത്തിന്റെ ദൈവികമായ ഒരു കാരണമായി നിശ്ചയിച്ചിരിക്കുകയാണ്. അഥവാ ഇഹലോകത്ത് ഇഷ്ടപ്പെട്ടത് കൈവരിക്കാനുള്ള കാരണങ്ങള്‍ രണ്ടാകുന്നു: ഒന്ന്) പഞ്ചേന്ദ്രിയങ്ങളുടെ പരിധിയില്‍ പെട്ടതും ബുദ്ധിക്ക് മനസ്സിലാകുന്നതുമായവ. രണ്ട്) ദൈവികമായവ. ലോകത്ത് നടക്കുന്ന സര്‍വകാര്യങ്ങളുടെയും കാണങ്ങളുടെയും ഉടമസ്ഥനും തന്റെ ഇച്ഛപോലെ എല്ലാം നടത്തുന്നവനുമായ എല്ലാറ്റിനും കഴിവുള്ള ദൈവം കണക്കാക്കിയ കാര്യങ്ങള്‍” (ബഹ്ജതു ക്വുലൂബില്‍ അബ്‌റാര്‍-ഇബ്‌നു സഅദി, പേജ് 74,75).

 

എന്നാല്‍ ഇക്കാര്യത്തില്‍ ചിലര്‍ക്ക് സംശയങ്ങളുണ്ട്. അവര്‍ പറയുന്നു: ”ഭക്ഷണം തീരുമാനിക്കപ്പെട്ടതും ആയുസ്സ് നിര്‍ണയിക്കപ്പെട്ടതുമാണെങ്കില്‍  ‘ഓരോ സമുദായത്തിനും ഓരോ അവധിയുണ്ട്. അങ്ങനെ അവരുടെ അവധി വന്നെത്തിയാല്‍ അവര്‍ ഒരു നാഴികനേരം വൈകിക്കുകയോ നേരത്തെയാക്കുകയോ ഇല്ല’ (അഅ്‌റാഫ് 34) എന്ന ക്വുര്‍ആന്‍ വചനത്തിന്റെ ആശയമെന്ത്? ഈ ആയത്തിനെയും മുന്‍ചൊന്ന ഹദീഥിനെയും എങ്ങനെ സംയോജിപ്പിക്കും?”

 

അതിനുള്ള മറുപടി ഇതാണ്: വിധി എന്നത് രണ്ടുതരമാണ്. ഒന്നാമത്തേത് സഥിരീകരിക്കപ്പെട്ടത് അഥവാ നിരുപാധികമായത്. അത് ഉമ്മുല്‍ കിതാബില്‍ (ലൗഹുല്‍ മഹ്ഫൂദില്‍) ഉള്ളതാകുന്നു. അതിന് മാറ്റമില്ല. രണ്ടാമത്തേത് സോപാധികമായത്. അത് മലക്കുകളുടെ ഏടുകളിലുള്ളതാണ്. മാറ്റത്തിരുത്തലുകള്‍ അതിലാണുള്ളത്; അഥവാ സംഭവിക്കുന്നത്.

 

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ(റഹി) പറഞ്ഞിരിക്കുന്നു: ”അവധി രണ്ടുതരമാകുന്നു. 1) അല്ലാഹുവിന്റെ അറിവില്‍ മാത്രം പെട്ടതും നിരുപാധികമായതും. 2) സോപാധികമായത്. അതാണ് താഴെ വരുന്ന പ്രവാചക വചനം വ്യക്തമാക്കുന്നത്: ”തന്റെ ഭക്ഷണത്തില്‍ വിശാലത നല്‍കപ്പെടുന്നതും അവധി നീട്ടികിട്ടുന്നതും ആരെയെങ്കിലും സന്തോഷിപ്പുക്കുന്നുവെങ്കില്‍ അവന്‍ തന്റെ കുടുംബബന്ധം ചേര്‍ത്തിക്കൊള്ളട്ടെ.”

 

അവന് അവധി എഴുതിവെക്കാന്‍ അല്ലാഹു മലക്കിനോട് കല്‍പിച്ചിരിക്കുന്നു. അല്ലാഹു ഇപ്രകാരം പറയുകയും ചെയ്യുന്നു: ”അവന്‍ കുടുംബബന്ധം ചേര്‍ക്കുന്നവനാണെങ്കില്‍ അവന് ഞാന്‍ ഇന്നിന്ന പ്രകാരം വര്‍ധിപ്പിച്ചുകൊടുത്തിട്ടുണ്ട്.’ വര്‍ധിപ്പിച്ചുവോ ഇല്ലയോ എന്ന് മലക്ക് അറിയുകയില്ല. എന്നാല്‍ അവന്റെ അവധി എന്നാണെന്ന് അല്ലാഹുവിന് അറിയാം. അത് എത്തിക്കഴിഞ്ഞാല്‍ പിന്നീട് മുന്തിക്കപ്പെടുകയോ പിന്തിക്കപ്പെടുകയോ ഇല്ല” (മജ്മൂഉല്‍ ഫതാവാ: 8/517). ഭക്ഷണത്തെക്കുറിച്ച് അത് വര്‍ധിക്കുമോ കുറയുമോ എന്ന് ചോദിക്കപ്പെട്ടപ്പോള്‍ ഇബ്‌നുതൈമിയ പറഞ്ഞു: ”ഭക്ഷണം രണ്ട് തരമാണ്. 1) അവന് ഭക്ഷണമായി നല്‍കുമെന്ന് അല്ലാഹു മാത്രം അറിഞ്ഞത്. അതിന് മാറ്റമില്ല. 2) അവന്‍ എഴുതിവെച്ച് മലക്കുകളെ അറിയിച്ചത്. ഇത് കാര്യകാരണങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുകയും കുറയുകയും ചെയ്യും” (മജ്മൂഉല്‍ ഫതാവാ: 8/540).

ഉസ്മാന്‍ പാലക്കാഴി
നേർപഥം വാരിക

ജീവനും ജീവിതവും

ജീവനും ജീവിതവും

ഭൂമിയിലെ ഉല്‍കൃഷ്ട സൃഷ്ടിയാണ് മനുഷ്യന്‍. നന്മകള്‍ ചെയ്ത് ഉന്നതനാവാനും തിന്മകള്‍ ചെയ്ത് അധമനാവാനും അവന് സാധിക്കും. മനുഷ്യന് ദൈവം നല്‍കിയ അമൂല്യനിധിയാണ് ഇഹലോകത്തെ ജീവിതം. ഒരു മനുഷ്യനും തന്റെ ഇഷ്ടപ്രകാരമല്ല ഈ ലോകത്ത് മാതാവിന്റെ ഗര്‍ഭാശയത്തില്‍നിന്ന് പിറന്നുവീണത്, മറിച്ച് ഭൂമിയില്‍ മനുഷ്യന് എല്ലാവിധ സുഖസൗകര്യങ്ങളും സംവിധാനിച്ച ദൈവത്തിന്റെ തീരുമാനപ്രകാരമാണത് സംഭവിച്ചത്. അതുകൊണ്ട്തന്നെ ദൈവാനുഗ്രഹമായ ഈ ജീവനും ജീവിതവും മനുഷ്യന്‍ വിചാരിക്കുമ്പോള്‍ അവസാനിപ്പിക്കാവതല്ല. മാനവര്‍ക്കായി സ്രഷ്ടാവ് അവതരിപ്പിച്ച സത്യമതത്തിന്റെ പ്രമാണങ്ങള്‍ ഇതാണ് പഠിപ്പിക്കുന്നത്. വിശുദ്ധ ക്വുര്‍ആന്‍ പറയുന്നത് കാണുക:

 

”നിങ്ങള്‍ നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്. തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് കരുണയുള്ളവനാകുന്നു” (അന്നിസാഅ്: 29).

 

”അല്ലാഹു പവിത്രത നല്‍കിയിട്ടുള്ള ജീവനെ ന്യായപ്രകാരമല്ലാതെ നിങ്ങള്‍ ഹനിക്കരുത്. അക്രമത്തിനു വിധേയനായി വല്ലവനും കൊല്ലപ്പെടുന്നപക്ഷം അവന്റെ അവകാശിക്ക് നാം (പ്രതികാരം ചെയ്യാന്‍) അധികാരം വെച്ചുകൊടുത്തിട്ടുണ്ട്. എന്നാല്‍ അവന്‍ കൊലയില്‍ അതിരുകവിയരുത്. തീര്‍ച്ചയായും അവന്‍ സഹായിക്കപ്പെടുന്നവനാകുന്നു” (അല്‍ഇസ്‌റാഅ്: 33).

 

”(നബിയേ,) പറയുക: നിങ്ങള്‍ വരൂ! നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെമേല്‍ നിഷിദ്ധമാക്കിയത് നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞുകേള്‍പിക്കാം. അവനോട് യാതൊന്നിനെയും നിങ്ങള്‍ പങ്കുചേര്‍ക്കരുത്. മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണം. ദാരിദ്ര്യം കാരണമായി സ്വന്തം മക്കളെ നിങ്ങള്‍ കൊന്നുകളയരുത്…” (അല്‍അന്‍ആം: 151).

 

”ദാരിദ്ര്യഭയത്താല്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നുകളയരുത്. നാമാണ് അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്. അവരെ കൊല്ലുന്നത് തീര്‍ച്ചയായും ഭീമമായ അപരാധമാകുന്നു”(അല്‍ഇസ്‌റാഅ്: 31).

 

നമ്മുടെ നാട്ടില്‍ നിസ്സാര കാര്യങ്ങള്‍ക്ക് പോലും ആത്മഹത്യ ചെയ്തു ജീവിതം അവസാനിപ്പിക്കുന്ന പ്രവണത നാള്‍ക്കുനാള്‍ കൂടിവരികയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് പരിചയപ്പെട്ട കാമുകന് സ്വയം സമര്‍പ്പിച്ച് അവസാനം വഞ്ചിക്കപ്പെടുമ്പോള്‍ ഒരുമുഴം കയറിലോ, ഒരു തുള്ളി വിഷം കഴിച്ചോ, ട്രെയ്‌നിന് മുന്നില്‍ ചാടിയോ, കായലില്‍ ചാടിയോ ജീവിതം അവസാനിപ്പിക്കുന്നവര്‍… ഇഷ്ടപ്പെട്ടവര്‍ മരണപ്പെടുകയോ, വധിക്കപ്പെടുകയോ ചെയ്യുമ്പോള്‍ അതില്‍ മനംനൊന്ത് ജീവിതം അവസാനിപ്പിക്കുന്നവര്‍, പരീക്ഷയില്‍ പ്രതീക്ഷിച്ച വിജയം ലഭിച്ചില്ലെങ്കില്‍, മാതാപിതാക്കള്‍ ഗുണദോഷിച്ചാല്‍, അധ്യാപകര്‍ ഉപദേശിക്കുമ്പോള്‍, പണം കടംവാങ്ങിയ ശേഷം തിരിച്ചുനല്‍കാന്‍ കഴിയാതിരിക്കുമ്പോള്‍, ജോലി നഷ്ടപ്പെടുകയോ ലഭിക്കാതിരിക്കുകയോ ചെയ്യുമ്പോള്‍, ഇഷ്ടപ്പെട്ടവരില്‍നിന്ന് പ്രതീക്ഷിക്കാത്തവിധത്തിലുള്ള സമീപനം കാണുമ്പോള്‍, രോഗം പിടിപെട്ടാല്‍, ഗെയ്മില്‍ പരാജയപ്പെടുമ്പോള്‍, മൊബൈല്‍ ഫോണ്‍ ലഭിക്കാത്തതിനാല്‍… തുടങ്ങി പലവിധ കാരണങ്ങളാല്‍ സ്ത്രീകളും പുരുഷന്മാരും കുട്ടികളുമെല്ലാം ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നതായി കണ്ടുവരുന്നു.  

 

ഇവരെല്ലാം ജീവന്റെ വിലയറിഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോവുകയാണ്. ഈയടുത്താണല്ലോ ഒരുവയസ്സ് പ്രായമായ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കുവാനായിയുള്ള ഒരു ഡോസ് മരുന്നിനു വേണ്ടി കേരളജനത ഒന്നിച്ചു പരിശ്രമിച്ച് പതിനെട്ട് കോടി രൂപ സമാഹരിച്ചത്. ഇങ്ങനെ എത്ര കോടികള്‍ പലരുടെയും ജീവനുവേണ്ടി മനുഷ്യര്‍ ചെലവഴിക്കുന്നു…!

 

സഹജീവികളോട് കരുണ കാണിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കുന്ന എത്രയോ സാമൂഹ്യസേവന സംഘങ്ങളുണ്ട് നമ്മുടെ നാട്ടില്‍. അവയുടെ പ്രവര്‍ത്തകര്‍ എത്രസമയം ചെലവഴിക്കുന്നു, എത്ര കോടികള്‍ സംഘടിപ്പിക്കുന്നു ജീവന്‍ രക്ഷിക്കുവാനും മറ്റു പ്രയാസങ്ങള്‍ അകറ്റാനുമായി!

 

കിഡ്‌നി തകരാറിലായ രോഗികളുടെ ജീവന്‍ അല്‍പകാലത്തേക്കെങ്കിലും പിടിച്ചുനിര്‍ത്താനായി  ഡയാലിസിസ് ചെയ്യുവാന്‍ അവരുടെ ബന്ധുക്കള്‍ എത്ര ലക്ഷങ്ങളാണ് ചെലവഴിക്കുന്നത്!

 

നമ്മള്‍ അബോധാവസ്ഥയിലാണെങ്കിലും മിടിച്ചുകൊണ്ടിരിക്കുന്ന ഹൃദയം ഒന്ന് നിലയ്ക്കുകയോ, അതിലേക്കുളള രക്തക്കുഴലുകള്‍ ഒന്ന് അടഞ്ഞ് പോവുകയോ ചെയ്താലുളള ചികില്‍സ വളരെ ചെലവേറിയതാണെന്ന് നമുക്കറിയാമല്ലോ.

 

ഏതെങ്കിലും അവയവത്തിന് ക്യാന്‍സര്‍ ബാധിച്ചാല്‍ രോഗി അനുഭവിക്കുന്ന മനാസികവും ശാരീരികവുമായ വേദന എത്രയാണ്! അതിന്റെ ചികിത്സ എത്ര ചെലവേറിയതാണ്!

 

ഓരോ രാജ്യവും തങ്ങളുടെ പൗരന്മാരുടെ ആരോഗ്യ സംരക്ഷണത്തിനായി ദിവസവും ചെലവഴിക്കുന്നത് എത്ര കോടികളായിരിക്കും! ആരോഗ്യ പരിപാലനത്തിനായി ഉണ്ടാക്കുന്ന മെഡിക്കല്‍ കോളേജുകള്‍, ആശുപത്രികള്‍, അനുബന്ധ സ്ഥാപനങ്ങള്‍, ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ സ്റ്റാഫുകള്‍, നഴ്‌സുമാര്‍… എത്രയെത്ര!

 

രാഷ്ട്ര നായകരുടെയും ഉന്നതരുടെയും ജീവന്‍ സംരക്ഷിക്കാന്‍ ഓരോ രാജ്യവും ചെലവഴിക്കുന്ന കോടികള്‍ എത്രയായിരിക്കുമെന്ന് നാം ആലോചിച്ചിട്ടുണ്ടോ?

 

കളിക്കുന്നതിനിടയില്‍ അബദ്ധത്താല്‍ കുഴല്‍ക്കിണറില്‍ കുട്ടികള്‍ വീണതിന്റെ ദയനീയ വാര്‍ത്തകള്‍ ധാരാളം നാം കേട്ടിട്ടുണ്ട്. ആ കുരുന്നുജീവനുകളെ രക്ഷിക്കാന്‍ ഭീമമായ തുകകള്‍ ചെലവഴിക്കാറുണ്ട്. എന്നാലും മിക്ക ശ്രമങ്ങളും പരാജയപ്പൊറാണ് പതിവ്.

 

പുഴയില്‍ കുളിക്കാനിറങ്ങി ശക്തമായ ചുഴിയിലോ അടിയൊഴുക്കിലോ പെട്ടവരെ രക്ഷിക്കുവാനോ, മുങ്ങിമരിച്ചവരുടെ ജഡം കണ്ടെത്തുവാനോ ആയി എത്രയാളുകള്‍ എത്ര സമയമാണ് പാടുപെടാറുള്ളത്!

 

പ്രകൃതിദുരന്തങ്ങളും വാഹനാപകടങ്ങളും ഉണ്ടാകുമ്പോള്‍ ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എത്ര സമ്പത്തും സമയവുമാണ് ചെലവഴിക്കപ്പെടുന്നത്!

 

കൊലപാതകങ്ങള്‍ നടത്തിയവരെ കണ്ടുപിടിക്കാനായി ഓരോ രാജ്യത്തും പ്രവര്‍ത്തിക്കുന്ന കുറ്റാന്വേഷണ വിഭാഗം ചെലവഴിക്കുന്ന സയമയവും സമ്പത്തും എത്രയാണെന്ന് നാം ആലോചിച്ചിട്ടുണ്ടോ?

 

ലോകത്തെയാകമാനം പിടിച്ചുകുലുക്കിയ ‘കോവിഡ്-19’ എന്ന മഹാമാരിയില്‍നിന്ന് മനുഷ്യരെ രക്ഷിക്കാന്‍ ഓരോ രാജ്യവും എത്ര ദിവസമാണ് ലോക്ക്ഡൗണ്‍ എന്ന പേരില്‍ അടച്ചിട്ടത്. അക്കാരണത്താല്‍ എത്ര കോടികളായിരിക്കും ഓരോ രാജ്യത്തിനുമുണ്ടായ നഷ്ടം! എത്ര സമ്പത്തായിരിക്കും രോഗനിര്‍ണയത്തിനും പ്രതിരോധ കുത്തിവയ്പിനും മറ്റുമായി ചെലവഴിച്ചിരിക്കുക!

 

അപ്പോള്‍ ചിന്തിക്കുക; ഓരോ മനുഷ്യജീവന്റെയും വിലയെത്രയാണെന്ന്. ഇത്രയും മൂല്യവും വിലയുമുള്ള ഈ ജീവനും ജീവിതവും ചെറുതോ വലുതോ ആയ പ്രശ്‌നങ്ങള്‍ കാരണത്താല്‍ ഹനിക്കല്‍ എത്രമാത്രം വലിയ പാതകമാണ്!

 

മനസ്സിനെ നിയന്ത്രിക്കാനുള്ള കഴിവ് ആര്‍ജിച്ചെടുത്താലേ ഈ വിപത്തില്‍നിന്ന് രക്ഷപ്പെടാനാവൂ. വിശ്വാസികള്‍ക്ക് മനസ്സിനെ നിയന്ത്രിക്കാനാവുക ദൈവസ്മരണയിലൂടെയാണ്. വിശുദ്ധ ക്വുര്‍ആന്‍ പറയുന്നത് കാണുക:

 

”അതായത് വിശ്വസിക്കുകയും അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മകൊണ്ട് മനസ്സുകള്‍ ശാന്തമായിത്തീരുകയും ചെയ്യുന്നവരെ. ശ്രദ്ധിക്കുക; അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മകൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്” (അര്‍റഅ്ദ്: 28).

 

വിശ്വാസികള്‍ക്ക് മനസ്സിനെ നിന്ത്രിക്കാനുള്ള മാര്‍ഗങ്ങളില്‍ പെട്ടതാണ് പരലോക ചിന്തയെന്നത്; നമുക്ക് ജീവനും ജീവിതവും നല്‍കിയതാരോ അവന്‍ ഇവിടെയുള്ള പ്രയാസങ്ങളില്‍ ക്ഷമ കൈക്കൊണ്ടു ജീവിച്ചവര്‍ക്ക്  തക്കതായ പ്രതിഫലം നാളെ പരലോകത്തുെവച്ച് നല്‍കുമെന്ന വിശ്വാസം. അതാണ് സ്രഷ്ടാവ് പ്രവാചകരിലൂടെ അവതരിപ്പിച്ച വേദഗ്രന്ഥങ്ങള്‍ മനുഷ്യരെ പഠിപ്പിക്കുന്നത്.

 

ആരാണോ സ്വന്തത്തെ ആഹുതി ചെയ്യുന്നത് അവന്ന് പരലോകത്ത് സ്രഷ്ടാവ് നിശ്ചയിച്ച ഭീകരമായ ശിക്ഷയെക്കുറിച്ചു പരാമര്‍ശിക്കുന്ന പ്രവാചകവചനവും വിശ്വാസികള്‍ക്ക് ആത്മഹത്യയെ തടയുന്ന ഒരു പരിചയാണ്.

 

ഓരോ മനുഷ്യനും തന്നെ സൃഷ്ടിച്ച്, സംരക്ഷിച്ചുകൊണ്ടിരിക്കുന്നതാരാണെന്ന് മനസ്സിലാക്കി, അവനെ മാത്രം ആരാധിച്ച്, അവനില്‍ മാത്രം ഭരമേല്‍പിച്ച്, അവന്റെ നിയമങ്ങളും നിര്‍ദേശങ്ങളും മനസ്സിലാക്കി, അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയാല്‍ ഇങ്ങനെയുള്ള ദുരന്തങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ സാധിക്കും.

സയ്യിദ് സഅ്ഫര്‍ സ്വാദിക്വ് മദീനി

നേർപഥം വാരിക 

 

ആധുനിക ആലേഖന കല; ക്വുര്‍ആനില്‍നിന്ന് ചില ഉദാഹരണങ്ങള്‍

ആധുനിക ആലേഖന കല; ക്വുര്‍ആനില്‍നിന്ന് ചില ഉദാഹരണങ്ങള്‍

എല്ലാ വിജ്ഞാനങ്ങളുടെയും ഉടമസ്ഥനും സര്‍വശക്തനുമായ അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ അതിന്റെ ഉന്നതമായ ശൈലിയുണ്ടായിരിക്കുക എന്നത് സ്വാഭാവികമാണ്. ജേര്‍ണലിസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആയുധമാണ് പേന. ആദ്യമായി ഹിറാഗുഹയില്‍വെച്ച് ഇറങ്ങിയ 5 വചനങ്ങളില്‍ത്തന്നെ പേനകൊണ്ട് മനുഷ്യനെ പഠിപ്പിച്ചു എന്ന് എടുത്തുപറയുന്നു:

”നീ വായിക്കുക. നിന്റെ രക്ഷിതാവ് പേനകൊണ്ട് പഠിപ്പിച്ചവനായ ഏറ്റവും വലിയ ഔദാര്യവാനാകുന്നു. മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു” (ക്വുര്‍ആന്‍ 96:3-5). ‘

ആശയാവിഷ്‌കരണത്തിന് തൂലികകൊണ്ടുള്ള  ആലേഖനം ഉപാധിയായി സ്വീകരിച്ച ഏക ജന്തുവാണ് മനുഷ്യന്‍. അക്ഷരവിദ്യയാണ് വിജ്ഞാന ക്രോഡീകരണത്തിലൂടെ മനുഷ്യതലമുറകളെ സംസ്‌കാരികവും നാഗരികവുമായ ഈടുവെപ്പുകളുടെ അവകാശികളാക്കിത്തീര്‍ത്തത്.

Investigative Journalism

ഏതെങ്കിലും ഒരു തട്ടിപ്പുമായി ആരെങ്കിലും രംഗത്തുവരികയും പരസ്യങ്ങളിലൂടെ അതില്‍ അനേകം പേരെ വീഴ്ത്തുകയും ചെയ്യുന്നത് കാണുമ്പോള്‍ അതിനക്കുറിച്ച് ഒരു പത്രപ്രവര്‍ത്തകന്‍ രഹസ്യമായി ചൂഴ്ന്നന്വേഷിക്കുകയും അത് പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന രീതിയാണ് ഇത്. ആട്, തേക്ക്, മാഞ്ചിയം തട്ടിപ്പുകളെപ്പറ്റി അന്വേഷിച്ച് ഗൂഢാലോചന തകര്‍ത്ത മാധ്യമം ലേഖനം, മാതാഅമൃതാനന്ദമയിയുടെ ദീര്‍ഘകാല ശിഷ്യ ഗെയ്ല്‍ ട്രെഡ്‌വെല്‍ എഴുതിയ The Holy Hell (വിശുദ്ധനരകം) എന്ന പുസ്തകം തുടങ്ങിയവ ഇതിന് ഉദാഹരണമാണ്. ആരെയെങ്കിലും അപമാനിക്കുക എന്നല്ല സമൂഹത്തെ തട്ടിപ്പില്‍നിന്ന് രക്ഷപ്പെടുത്തുക എന്ന സദുദ്ദേശ്യമാണ് ഈ കുറ്റാന്വേഷണ ലേഖന രീതികൊണ്ട് ഉദ്ദേശിക്കുന്നത്. അതിനാല്‍ പരദൂഷണം എന്ന കുറ്റത്തില്‍ ഇത് ഉള്‍പ്പെടുന്നില്ല. ഇതിന്റെ മാതൃക ക്വുര്‍ആനില്‍ 4ാം അധ്യായം സൂറതുന്നിസാഅ് 105 മുതല്‍ 109 വരെയുള്ള വചനങ്ങളില്‍ കാണാം. ഇതിലൂടെ ഒരു ഗൂഢാലോചനയെ തകര്‍ക്കുകയായിരുന്നു അല്ലാഹു.

ഒരിക്കല്‍ പ്രവാചകന്റെ കൂടെ യുദ്ധത്തിനുള്ള തയ്യാറെടുപ്പിന്നിടയില്‍ ഒരാളുടെ പടയങ്കി കപടവിശ്വാസിയായ ബശീര്‍ മോഷ്ടിച്ചു. ഒരു ജൂതന്റെ വീട്ടില്‍ അദ്ദേഹമറിയാതെ അത് ഒളിപ്പിച്ചുവെച്ചു. പ്രവാചകന്‍ ആ ജൂതന്‍ കുറ്റക്കാരനാണെന്നും ബശീര്‍ നിരപരാധിയാണെന്നും പറഞ്ഞു. ഈ ഗൂഢാലോചനയെ തകര്‍ത്തുകൊണ്ടാണ് അല്ലാഹു ഈ വചനങ്ങള്‍ ഇറക്കിയത്.

”നിനക്ക് അല്ലാഹുകാണിച്ചതനുസരിച്ച് ജനങ്ങള്‍ക്കിടയില്‍ നീ വിധികല്‍പിക്കാന്‍ വേണ്ടിയാണ് സത്യപ്രകാരം നാം നിനക്ക് വേദഗ്രന്ഥം അവതരിപ്പിച്ചുതന്നിട്ടുള്ളത്. നീ വഞ്ചകന്‍മാര്‍ക്കുവേണ്ടി വാദിക്കുന്നവനാകരുത്” (ക്വുര്‍ആന്‍ 4:105).

lnterpretative Journalism

ഒരു വിഷയത്തെക്കുറിച്ച് വിശദീകരിക്കാന്‍, ആദ്യംപറഞ്ഞ കാര്യങ്ങള്‍ പിന്നീട് വിശദമായി വ്യാഖ്യാനിക്കുന്ന രീതിയാണ് ഇത്. ഉദാ: ആകാശഭൂമികള്‍, അഥവാ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടത് 6 ദിവസങ്ങളിലാണ് എന്ന് ക്വുര്‍ആനില്‍ നിരവധി സ്ഥലങ്ങളില്‍ പറയുന്നു.

ഉദാ:”’അവനാകുന്നു ആകാശഭൂമികളെ ആറ് ദിവസങ്ങളിലായി സൃഷ്ടിച്ചവന്‍” (ഹൂദ് 7).

എന്താണ് ആറ് ദിവസങ്ങള്‍ എന്ന് സൂറഃ ഫുസ്സ്വിലത്ത് (ഹാമീംസജദ) 9 മുതല്‍ 12 വരെയുള്ള വചനങ്ങളില്‍ വിശദീകരിച്ച് പറയുന്നു.

Adversary Journalism

വ്യക്തിയോ സംഘടനയോ ചെയ്യുന്ന സാമൂഹ്യതിന്മയെക്കുറിച്ച് മറ്റുള്ളവരെ ബോധവല്‍കരിക്കുകയും അദ്ദേഹവുമായി ബന്ധപ്പെടുന്നത് അപകടത്തിന് കാരണമാക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന ശൈലിയാണിത്. പൊതുനന്മയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

അബൂലഹബിന്റെ തിന്മയും അവന് വരാനിരിക്കുന്ന ദുരന്തവും വ്യക്തമായിക്കൊണ്ട് 111ാം അധ്യായം സൂറഃ അല്‍മസദില്‍ പറയുന്നു: ”അബൂലഹബിന്റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവന്‍ നാശമടയുകയും ചെയ്തിരിക്കുന്നു. അവന്റെ ധനമോ അവന്‍ സമ്പാദിച്ചുവെച്ചതോ അവനു ഉപകാരപ്പെട്ടില്ല. തീജ്വാലകളുള്ള നരകാഗ്‌നിയില്‍ അവന്‍ പ്രവേശിക്കുന്നതാണ്. വിറകുചുമട്ടുകാരിയായ അവന്റെ ഭാര്യയും. അവളുടെ കഴുത്തില്‍ ഈന്തപ്പനനാരുകൊണ്ടുള്ള ഒരു കയറുണ്ടായിരിക്കും.”

In-depth or Flash Back Journalism

ഏതെങ്കിലും വലിയ ഒരു സംഭവം (വിമാന റാഞ്ചല്‍, ഭൂകമ്പം പോലുള്ളവ) ഉണ്ടാകുമ്പോള്‍ അതിന്റെ റിപ്പോര്‍ട്ടിന്റെകൂടെ മുന്‍കാലങ്ങളില്‍ സംഭവിച്ചിട്ടുള്ള സമാന സംഭവങ്ങളെക്കുറിച്ചുള്ള വിവരണം കൂടി പ്രസിദ്ധീകരിക്കുന്ന രീതിയെയാണ് Flash Back Journalism എന്ന് പറയുന്നത്.

ക്വുര്‍ആനില്‍ സൂറഃ ത്വാഹാ 37 മുതല്‍ 40 വരെയുള്ള ആയത്തുകള്‍ ഇതിന് ഉദാഹരണമാണ്. മൂസാ നബി(അ) ത്വുവാതാഴ്‌വരയില്‍ ഭാര്യയുടെയും മക്കളുടെയുംകൂടെ എത്തിയപ്പോള്‍ അല്ലാഹു അദ്ദേഹത്തെ വിളിച്ചു. വടി നിലത്തിട്ട് തിരിച്ചെടുക്കാനൊരുങ്ങുമ്പോള്‍ പാമ്പായി മാറുന്നതും കൈസൈഡില്‍ ചേര്‍ത്തുവെച്ച് എടുക്കുമ്പോള്‍ വെള്ളനിറമാകുന്നതുമായ രണ്ട് അമാനുഷിക സിദ്ധികള്‍ നല്‍കി. ഫിര്‍ഔനിന്റെ അടുക്കലേക്ക് പോയി സത്യവിശ്വാസം ഉപദേശിക്കാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ മൂസാ നബി(അ) കുറേകാര്യങ്ങള്‍ ആവശ്യപ്പെട്ടു. പ്രശ്‌നങ്ങള്‍ നേരിടാന്‍ മനസ്സിന് വിശാലത നല്‍കാനും എളുപ്പം നല്‍കാനും, സ്ഫുടതയോടെ കാര്യങ്ങള്‍ അവതരിപ്പിച്ച് മനസ്സിലാക്കാനും ഹാറൂന്‍ നബി(അ)യെ ഒപ്പം കൂട്ടാനുമൊക്കെ.

അതെല്ലാം അല്ലാഹു അനുവദിച്ചുകൊടുത്തു. അതോടെ കഴിഞ്ഞകാലത്ത്, മൂസാ നബി(അ) ശിശുവായിരിക്കുമ്പോള്‍ നൈല്‍ നദിയില്‍ ഇടാന്‍ മാതാവിന് വഹ്‌യ് നല്‍കിയത് മുതല്‍ക്കുള്ള സംഭവങ്ങള്‍ തുടങ്ങി മദ്‌യനില്‍ എത്തിപ്പെട്ടതും വിവാഹിതനായതും അതുകഴിഞ്ഞ് തുവാതാഴ്‌വരയില്‍ എത്തിയതുവരെയുള്ളതുമായ സംഭവങ്ങള്‍ വിവരിച്ചു. ആ ആയത്തുകള്‍ ഇവയാണ്:

”മറ്റൊരിക്കലും നിനക്ക് നാം അനുഗ്രഹം ചെയ്തുതന്നിട്ടുണ്ട്. അതായത് നിന്റെ മാതാവിന് ബോധനം നല്‍കപ്പെടേ കാര്യം നാം ബോധനം നല്‍കിയസന്ദര്‍ഭത്തില്‍. നീ അവനെ (കുട്ടിയെ) പെട്ടിയിലാക്കിയിട്ട് നദിയിലിട്ടേക്കുക. നദി ആ പെട്ടി കരയില്‍ തള്ളിക്കൊള്ളും. എനിക്കും അവന്നും ശത്രുവായിട്ടുള്ള ഒരാള്‍ അവനെ എടുത്ത് കൊള്ളും. (ഹേ; മൂസാ,) എന്റെ പക്കല്‍നിന്നുള്ള സ്‌നേഹം നിന്റെമേല്‍ ഞാന്‍ ഇട്ടുതരികയും ചെയ്തു. എന്റെ നോട്ടത്തിലായിക്കൊണ്ട് നീ വളര്‍ത്തിയെടുക്കപ്പെടാന്‍ വേണ്ടിയും കൂടിയാണത്. നിന്റെ സഹോദരി നടന്ന് ചെല്ലുകയും ഇവന്റെ (കുട്ടിയുടെ) സംരക്ഷണമേല്‍ക്കാന്‍ കഴിയുന്ന ഒരാളെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ച് തരട്ടെയോ എന്ന് പറയുകയും ചെയ്യുന്ന സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു). അങ്ങനെ നിന്റെ മാതാവിങ്കലേക്ക് തന്നെ നിന്നെ നാം തിരിച്ചേല്‍പിച്ചു. അവളുടെ കണ്‍കുളിര്‍ക്കുവാനും അവള്‍ ദുഃഖിക്കാതിരിക്കുവാനും വേണ്ടി…” (ത്വാഹാ 37-40.)

ഈ സാഹിത്യശൈലി ഈജിപ്ത്യന്‍ സാഹിത്യകാരനായ തൗഫീക്വുല്‍ഹകീം തന്റെ അഹ്‌ലുല്‍കഹ്ഫ് എന്ന അറബി നാടകത്തില്‍ ഉപയോഗിച്ചതായി കാണാം. ഡ്രാമ തുടങ്ങുന്നതുതന്നെ ഗുഹയില്‍ 300 വര്‍ഷം ഉറിങ്ങിക്കിടന്ന യംലീഖ, മിശ്‌ലേനിയ, മര്‍നൂശ് എന്നീ വിശുദ്ധര്‍ ഉണര്‍ന്ന് എഴുന്നേറ്റശേഷം ഗുഹയില്‍ കിടന്ന കാലത്തെപ്പറ്റി ചര്‍ച്ച ചെയ്യുന്ന ഡയലോഗോടുകൂടിയാണ്. പിന്നീട് 300 വര്‍ഷം മുമ്പുള്ള അനുഭവങ്ങളെല്ലാം വിവരിക്കുന്നുണ്ട്. ഈ രീതി 14 നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ ദൈവിക ഗ്രന്ഥം പ്രയോഗവല്‍ക്കരിച്ചതായി മനസ്സിലാക്കാം.

Summarization Method 

വിവരിക്കാതെത്തന്നെ മനസ്സിലാക്കാവുന്ന കാര്യങ്ങള്‍ വിട്ടുകളയുകയാണെങ്കില്‍ നീളമുള്ള പാസ്സേജുകളോ കഥകളോ ചുരുക്കിപ്പറയാം. ഈ മാര്‍ഗം ക്വുര്‍ആന്‍ ഉപയോഗിച്ചതായി കാണാം. ഒരു ഉദാഹരണം പറയാം.

മൂസാ നബി(അ)യോട് തുവാതാഴ്‌വരയില്‍വെച്ച് അല്ലാഹു ദീര്‍ഘമായി നേരിട്ട് സംസാരിച്ചു. ശേഷം മൂസാ നബി(അ)യോടും ഹാറൂന്‍ നബി(അ)യോടും ഫിര്‍ഔനിന്റെ അടുക്കല്‍ പോയി ഇങ്ങനെ പറയാന്‍ പറയുന്നു: ”നിഷേധിച്ച് തള്ളുകയും പിന്തിരിയുകയും ചെയ്തവര്‍ക്കാണ് ശിക്ഷയുള്ളതെന്ന് തീര്‍ച്ചയായും ഞങ്ങള്‍ക്ക് ബോധനം നല്‍കപ്പെട്ടിരിക്കുന്നു”(20:48).

ഇതിനുശേഷം താഴെ എഴുതിയ കാര്യങ്ങള്‍ വിട്ടുകളഞ്ഞു:

‘അങ്ങനെ മൂസാ(അ) ഭാര്യയുടെയും മക്കളുടെയും കൂടെ തുവാതാഴ്‌വരയില്‍നിന്ന് മടങ്ങി. കുടുംബത്തെ സുരക്ഷിതസ്ഥാനത്ത് എത്തിച്ചു. പിന്നീട് ഈജിപ്തിലേക്ക് പോയി. സഹോദരനായ ഹാറൂനി(അ)നോട് ദൗത്യ നിര്‍വഹണത്തെക്കുറിച്ച് അറിയിക്കുന്നു. തുടര്‍ന്ന് രണ്ടുപേരും ഫിര്‍ഔനിന്റെ കൊട്ടാരത്തിലേക്ക് പുറപ്പെട്ടു. കൊട്ടാരത്തിലെത്തി. സമ്മതം കിട്ടി. അകത്തുകടന്ന് ഫിര്‍ഔനിനോട് പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്റെ ദൂതന്മാരാണ്. അതിനാല്‍ ഇസ്രാഈല്യരെ ഞങ്ങളുടെ കൂടെ വിട്ടുതരിക. എന്നിട്ട് ഇപ്രകാരം പറഞ്ഞു:

‘നിഷേധിച്ച് തള്ളുകയും പിന്മാറിക്കളയുകയും ചെയ്തവര്‍ക്കാണ് ശിക്ഷയുള്ളതെന്ന് ഞങ്ങള്‍ക്ക് ബോധനം നല്‍കപ്പെട്ടിരിക്കുന്നു’ (ത്വാഹാ 48).

ഇതിനിടയിലുള്ള കാര്യങ്ങള്‍ വിട്ടുകളഞ്ഞാലും നമുക്ക് ഗ്രഹിക്കാന്‍ കഴിയുമെന്നതിനാലാണ് ഒഴിവാക്കിയിരിക്കുന്നതെന്നു മനസ്സിലാക്കാം.  ‘

News Editing (വാര്‍ത്തകള്‍ തയ്യാറാക്കല്‍)

പത്രവാര്‍ത്തകള്‍ എഡിറ്റിംഗ് ചെയ്യാന്‍ ജേര്‍ണലിസ്റ്റുകള്‍ക്ക് പരിശീലനം നല്‍കാറുണ്ട്. ആദ്യത്തില്‍ ഏറ്റവും ആകര്‍ഷകമായ ഒരു ഹെഡ്ഡിംഗ്, പിന്നീട് വാര്‍ത്തകളില്‍നിന്ന് ഏറ്റവും പ്രധാനപ്പെട്ട കുറച്ച് ഭാഗം എടുത്ത് ചുരുക്കി, കട്ടികൂടിയ അക്ഷരങ്ങളില്‍ എഴുതുക. പിന്നീട് വാര്‍ത്തകള്‍ വിശദമായി റിപ്പോര്‍ട്ട് എഴുതുക.

ഉദാഹരണം നോക്കുക: അധ്യായം 12 സൂറഃ യൂസുഫ് 3ാം വചനത്തില്‍ ഹെഡ്ഡിംഗിന് തുല്യമായ ഭാഗം അഹ്‌സനല്‍ ക്വസ്വസ്വ് (ദി ബെസ്റ്റ് സ്റ്റോറി-ഏറ്റവും നല്ല കഥ) എന്ന ഭാഗം എടുക്കാം. പിന്നീട് 4 മുതല്‍ 7 വരെയുള്ള വചനങ്ങള്‍ യൂസുഫ് നബി(അ)യുടെ കഥ ചുരുക്കിപ്പറഞ്ഞുകൊണ്ട് കഥയിലേക്ക് ശ്രദ്ധതിരിക്കുന്നു. പിന്നീട് 7ാം വചനം മുതല്‍ വിശദമായി പറയുന്നു: ”തീര്‍ച്ചയായും യൂസുഫിലും അവന്റെ സഹോദരന്മാരിലും ചോദിച്ച് മനസ്സിലാക്കുന്നവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്.” 7 മുതല്‍ 101 വരെയുള്ള വചനങ്ങള്‍ യൂസുഫ് നബി(അ)യുടെ കഥ വിശദമായി വിശദീകരിക്കുന്നു.

Climax (മൂര്‍ധന്യം)

ഏത് കഥകളിലും ഡ്രാമകളിലും വൈകാരികതയുടെ ഏറ്റവും മൂര്‍ധന്യാവസ്ഥ ധ്വനിപ്പിക്കുന്ന ഒരു രംഗം ഉണ്ടാകും. അതാണ് ഏറ്റവും മേന്മയേറിയ കഥ, നാടകം, നോവല്‍ മുതലായവയുടെ പ്രധാനപ്പെട്ട ഒരു പ്രത്യേകത. സൂറഃ യൂസുഫിലെ രണ്ട് മൂര്‍ധന്യരംഗങ്ങള്‍ ഇവയാണ്:  

യൂസുഫ് സഹോദരന്മാരോട് ചോദിക്കുന്നു: ”…നിങ്ങള്‍ അറിവില്ലാത്തവരായിരുന്നപ്പോള്‍ യൂസുഫിന്റെയും അവന്റെ സഹോദരന്റെയും കാര്യത്തില്‍ നിങ്ങള്‍ ചെയ്തതെന്താണെന്ന് നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടോ? അവര്‍ ചോദിച്ചു: നീ തന്നെയാണോ യൂസുഫ്? അദ്ദേഹം പറഞ്ഞു: ഞാന്‍ തന്നെയാണ് യൂസുഫ്. ഇതെന്റെ സഹോദരനും…” (യൂസുഫ്:89,90).  

മറ്റൊരു മൂര്‍ധന്യത ഇതാണ്: ”അനന്തരം അവര്‍ യൂസുഫിന്റെ മുമ്പാകെ പ്രവേശിച്ചപ്പോള്‍ അദ്ദേഹം തന്റെ മാതാപിതാക്കളെ തന്നിലേക്ക് അണച്ച്കൂട്ടി…” (യൂസുഫ് 99).

ചെറുപ്പത്തില്‍ നഷ്ടപ്പെട്ടുപോയ മകനെ എത്രയോ വര്‍ഷങ്ങള്‍ക്ക്‌ശേഷം വീണ്ടും കണ്ടുമുട്ടുന്ന അവസരത്തിലെ വൈകാരികത എത്രത്തോളമുണ്ടാകുമെന്ന് ചിന്തിക്കുക. നായകന് ശുഭകരമായ പര്യവസാനത്തോട്കൂടി അവസാനിക്കുന്നതിനാല്‍ സൂറഃ യൂസുഫ്, ശുഭപര്യവസായത്തിന്അഥവാ കോമഡിക്ക് ഏറ്റവും നല്ല ഉദാഹരണമാണ്.

ക്വുര്‍ആനിന്റെ സാഹിത്യപരമായ അമാനുഷികതയാണ് നമുക്ക് ഇതില്‍ നിന്ന് ഗ്രഹിക്കാന്‍ കഴിയുന്നത്.

 

ഡോ. പി.കെ അബ്ദുറസാക്ക് സുല്ലമി
നേർപഥം വാരിക

വാര്‍ധക്യം; ചില ഓര്‍മപ്പെടുത്തലുകള്‍

വാര്‍ധക്യം; ചില ഓര്‍മപ്പെടുത്തലുകള്‍

hands, old, old age-2906458.jpg

(ഭാഗം: 02)

മാതാപിതാക്കള്‍ക്ക് നന്മചെയ്യലും അവരോടുള്ള കടപ്പാടുകളും സംബന്ധിച്ചുള്ള ഏതാനും ക്വുര്‍ആന്‍ വചനങ്ങള്‍ നാം കണ്ടു. ഈ വിഷയത്തില്‍ ധാരാളം നബിവചനങ്ങളും കാണാവുന്നതാണ്. അവയില്‍ ചിലത് കാണുക:

നബി ﷺ പറഞ്ഞതായി അബൂഹുറയ്‌റ(റ) ഉദ്ധരിക്കുന്നു: ”മാതാപിതാക്കളെ (അന്യരുടെ) അടിമകളായി കണ്ടിട്ട് അവരെ വിലകൊടുത്തുവാങ്ങി മോചിപ്പിച്ചാലല്ലാതെ ഒരു സന്താനത്തിന് അവരോട് പ്രത്യുപകാരം ചെയ്യാന്‍ സാധിക്കുന്നതല്ല” (മുസ്‌ലിം).

അത്രമാത്രം കടപ്പാട് മക്കള്‍ക്ക് മാതാപിതാക്കളോടുണ്ട് എന്നാണ് ഈ വചനം നമ്മെ ബോധ്യപ്പെടുത്തുന്നത്.

നബി ﷺ പറഞ്ഞതായി അബൂഹുറയ്‌റ(റ) വീണ്ടും ഉദ്ധരിക്കുന്നു: ”തന്റെ മാതാപിതാക്കളെ ഒരാളെയോ രണ്ടാളെയും തന്നെയോ (അവരുടെ) വാര്‍ധക്യകാലത്ത് തനിക്ക് കിട്ടിയിട്ട് സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ സാധിക്കാത്തവന്‍ നിന്ദ്യനാണ്! നിന്ദ്യനാണ്! നിന്ദ്യനാണ്!” (മുസ്‌ലിം).

വൃദ്ധമാതാപിതാക്കളെ പരിചരിക്കാന്‍ അവസരം ലഭിച്ചിട്ടും അത് നിര്‍വഹിക്കുന്നതില്‍ അലംഭാവം കാണിച്ചവര്‍ വലിയ ഭാഗ്യഹീനരാണെന്ന് ഈ നബിവചനം വ്യക്തമാക്കുന്നു.

മാതാപിതാക്കളെ വെറുപ്പിക്കല്‍ മഹാപാപങ്ങളില്‍ പെട്ടതാണ്. നബി ﷺ പറഞ്ഞതായി അബ്ദുല്ലാഹിബ്‌നുഅംറുബ്‌നുല്‍ ആസ്വ്(റ) ഉദ്ധരിക്കുന്നു: ”മഹാപാപങ്ങള്‍ എന്നാല്‍, അല്ലാഹുവിനോട് പങ്കുചേര്‍ക്കലും മാതാപിതാക്കളെ വെറുപ്പിക്കലും ആളെ കൊലപ്പെടുത്തലും കള്ളസത്യം ചെയ്യലുമാകുന്നു” (ബുഖാരി, മുസ്‌ലിം).

പിതാക്കളെക്കാള്‍ മാതാക്കളോടാണ് മക്കള്‍ക്ക് കൂടുതല്‍ കടപ്പാടുള്ളതെന്നും ക്വുര്‍ആന്‍ വചനങ്ങളില്‍ നിന്നും നബിവചനങ്ങളില്‍നിന്നും മനസ്സിലാക്കാം. ഗര്‍ഭകാലത്തും പ്രസവിച്ചശേഷം മുലകുടിപ്രായം കഴിയുന്നതുവരെയും മക്കള്‍ക്കുവേണ്ടി ഏറ്റവുമധികം ബുദ്ധിമുട്ടും കഷ്ടപ്പാടും അനുഭവിക്കുന്നത് മാതാക്കളാണല്ലോ.

സത്യവിശ്വാസികളായ ആളുകള്‍ തങ്ങളുടെ മാതാപിതാക്കളോട് എത്രമാത്രം സൗമ്യമായും സ്‌നേഹത്തിലും പെരുമാറേണ്ടതുണ്ടെന്ന് ഇസ്‌ലാമിക പ്രമാണങ്ങള്‍ പഠിപ്പിക്കുന്നു. ധാര്‍മികമൂല്യങ്ങളും മാനുഷികഗുണങ്ങളും ഓരോന്നോരോന്നായി ചവിട്ടിമെതിക്കപ്പെട്ടുകൊണ്ടിരിക്കുന്ന, മീതെയുള്ളവരോടു ബഹുമാനവും സമന്‍മാരോട് സ്‌നേഹവും താഴെയുള്ളവരോട് കൃപയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന, മാതാപിതാക്കളോട് മക്കള്‍ക്ക് പ്രത്യേക കടമകളൊന്നുമില്ലെന്നുവരെ പറയാന്‍ മടികാണിക്കാത്തവരുള്ള ഇക്കാലത്ത് ഇസ്‌ലാമികപ്രമാണങ്ങളെ അംഗീകരിക്കുന്ന ഓരോ മുസ്ലിമും ഈ വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്തേണ്ടിയിരിക്കുന്നു.

വിവരവും വിദ്യാഭ്യാസവുമുള്ളവരില്‍ പോലും വൃദ്ധരായ മാതാപിതാക്കളുടെ നേരെ അനാദരവും അവഗണനയും കാണിക്കുന്നവര്‍ ധാരാളമുണ്ടെന്നുള്ളത് വളരെ ഖേദകരവും ലജ്ജാവഹവുമത്രെ! വാര്‍ധക്യത്തിലെത്തിയവര്‍ റോഡരികിലും മറ്റുമൊക്കെയായി ഉപേക്ഷിക്കപ്പെട്ടതിനെ സംബന്ധിച്ച് വന്ന ചില വാര്‍ത്തകള്‍ കാണുക:

”24 വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. അസുഖം ബാധിച്ച് ആശുപത്രിയില്‍ കൊണ്ടുവന്നവരെ പലസമയങ്ങളിലായി ബന്ധുക്കള്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് അധികൃതര്‍ പറയുന്നു. തെരുവില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയ ചിലരെ സന്നദ്ധപ്രവര്‍ത്തകരാണ് ആശുപത്രിയില്‍ എത്തിച്ചത്. പലരും മാസങ്ങളായി ആശുപത്രിയിലെ അന്തേവാസികളായി കഴിയുകയാണ്. പ്രായാധിക്യംമൂലമുള്ള അസുഖങ്ങള്‍ ബാധിച്ചവരാണ് ആശുപത്രിയില്‍ കഴിയുന്നവരില്‍ പലരും. വീടുകളില്‍ വിവരമറിയിച്ചിട്ടും ആരും വരാത്ത സാഹചര്യത്തില്‍ പ്രശ്നം ജില്ലാ ലീഗല്‍ അതോറിറ്റിയുടെ ശ്രദ്ധയിലുള്‍പ്പെടുത്തിയിരിക്കുകയാണ്.”

”വൃദ്ധയായ അമ്മയെ മക്കള്‍ വഴിയില്‍ ഉപേക്ഷിച്ചു: തിരുവനന്തപുരം തിരുമലയില്‍ വൃദ്ധയായ അമ്മയെ മക്കള്‍ വഴിയില്‍ ഉപേക്ഷിച്ചു. കണ്ണേറ്റുമുക്ക് സരസ്വതി അമ്മയെ(95)യാണ് തിരുമല മഹാദേവ ക്ഷേത്രത്തിനു സമീപം ഉപേക്ഷിച്ചത്. ഇവരെ ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ടുവന്ന് റോഡരികില്‍ കസേരയിട്ട് ഇരുത്തിയശേഷം മക്കള്‍ കടന്നുകളയുകയായിരുന്നു.”

”കോതമംഗലം: കോട്ടപ്പടിയില്‍ വൃദ്ധമാതാവിനെ ഉപേക്ഷിച്ച് മകന്‍ വീട് വിട്ടുപോയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. കോട്ടപ്പടിയിലെ എഴുപതുകാരി സാറാ മത്തായിയെയാണ് മകന്‍ വീട്ടില്‍ ഉപേക്ഷിച്ചത്. സംഭവത്തില്‍ പോലീസിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനിതാകമ്മീഷന്‍ ആവശ്യപ്പെട്ടു. വനിതാകമ്മീഷന്‍ അംഗം ഷിജി ശിവജി, സാറാ മത്തായിയെ സന്ദര്‍ശിക്കും. മകന്‍ അടുക്കള ഉള്‍പ്പെടെ പൂട്ടി വീടുവിട്ട് പോയതിനാല്‍ ശുചിമുറിയില്‍നിന്ന് വെള്ളമെടുത്താണ് സാറ ഇപ്പോള്‍ ഭക്ഷണം ഉണ്ടാക്കുന്നത്.”

അനേകം വാര്‍ത്തകളില്‍ രണ്ടുമൂന്നെണ്ണം ഉദാഹരണമായി നല്‍കിയതാണ് മുകളില്‍ വായിച്ചത്. ഇവിടെയാണ് വൃദ്ധരായ മാതാപിതാക്കളോടും വാര്‍ധക്യത്തിലെത്തി നില്‍ക്കുന്നവരോടും എങ്ങനെ പെരുമാറണമെന്ന ഇസ്‌ലാമിക പാഠങ്ങളുടെ പ്രസക്തി വര്‍ധിക്കുന്നത്.

അല്ലാഹു പറയുന്നു: ”നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ മനസ്സുകളിലുള്ളത് നല്ലവണ്ണം അറിയുന്നവനാണ്. നിങ്ങള്‍ നല്ലവരായിരിക്കുന്നപക്ഷം തീര്‍ച്ചയായും അവന്‍ ഖേദിച്ചുമടങ്ങുന്നവര്‍ക്ക് ഏറെ പൊറുത്തുകൊടുക്കുന്നവനാകുന്നു” (ക്വുര്‍ആന്‍ 17:25).

മനുഷ്യമനസ്സുകളിലെ വിചാരവികാരങ്ങളും ഉദ്ദേശ്യലക്ഷ്യങ്ങളുമൊക്കെ വ്യക്തമായി അറിയുന്നവനാണ് അല്ലാഹു. മനുഷ്യന്‍ സല്‍കര്‍മങ്ങള്‍ മുഖേന നല്ലവനായിത്തീരുന്നപക്ഷം സ്വന്തം പാകപ്പിഴവുകളെയും തെറ്റുകുറ്റങ്ങളെയും സംബന്ധിച്ച് ഖേദവും പശ്ചാത്താപവുമുണ്ടായിരിക്കുക എന്നത് അതിന്റെ അനിവാര്യ ഫലമാണ്. ഈ സൂക്തം ചില സൂചനകള്‍ നല്‍കുന്നുണ്ട്:

1. മാതാപിതാക്കളോടുള്ള പെരുമാറ്റത്തിലും നയത്തിലും നിങ്ങളുടെ യഥാര്‍ഥ മനഃസ്ഥിതി എന്താണെന്ന്അല്ലാഹുവിനു നല്ലപോലെ അറിയാം. അതുകൊണ്ട് ഹൃദയം തീണ്ടാത്ത ബാഹ്യപ്രകടനങ്ങളൊന്നും അവന്റെയടുക്കല്‍ സ്വീകാര്യമായിരിക്കുകയില്ല.

2. സദുദ്ദേശ്യത്തോടു കൂടിയും ആത്മാര്‍ഥതയോടുകൂടിയും നിങ്ങളാല്‍ കഴിയുന്നവിധം നല്ല നിലയ്ക്ക് നിങ്ങള്‍ അവരോടു പെരുമാറുന്നതായാല്‍, നിങ്ങള്‍ അറിയാതെയോ നിങ്ങള്‍ക്കു കഴിയാതെയോ വരുന്ന പോരായ്മകളെ അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരും.

കേരളത്തിലെ പ്രഗത്ഭരായ ചില കവികളുടെ കവിതാശലകങ്ങള്‍ സന്ദര്‍ഭോചിതമെന്ന നിലയില്‍ താഴെ കൊടുക്കുന്നു:

മാതാവിനെക്കുറിച്ച് ‘സാഹിത്യമഞ്ജരി’യില്‍ വള്ളത്തോള്‍ എഴുതി:

”മിണ്ടിത്തുടങ്ങാന്‍ ശ്രമിക്കുന്ന പിഞ്ചിളം

ചുണ്ടിന്മേലമ്മിഞ്ഞപ്പാലോടൊപ്പം

അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ

സമ്മേളിച്ചിടുന്നതൊന്നാമതായ്

മാതാവിന്‍ വാത്സല്യദുഗ്ധം നുകര്‍ന്നാലേ

പൈതങ്ങള്‍ പൂര്‍ണവളര്‍ച്ച നേടൂ

അമ്മതാന്‍ തന്നെ പകര്‍ന്നു തരുമ്പോഴേ

നമ്മള്‍ക്കമൃതുമമൃതായ് തോന്നൂ…”

രമണനില്‍ ചങ്ങമ്പുഴയുടെ വരികള്‍ നമുക്കിങ്ങനെ കാണാം:

”ഒക്കെശ്ശരിതന്നെയെങ്കിലും

നിന്നച്ഛനുമമ്മയും ഓര്‍ത്തുനോക്കൂ

പാകതയില്ലാത്ത നമ്മളെക്കാള്‍

ലോകപരിചയം നേടി നേടി,

നന്മയും തിന്മയും വേര്‍ത്തിരിക്കാന്‍

നമ്മളെക്കാളും മനസ്സിലാക്കി,

എന്തു ചെയ്യാനുമഗാധമായി-

ച്ചിന്തിച്ചു ചിന്തിച്ചു മൂര്‍ച്ചകൂട്ടി

ഉല്ലസിക്കുന്ന ഗുരുക്കളാണേ

വെള്ളിത്തലമുടിയുള്ള കൂട്ടര്‍

അമ്മഹാത്മാക്കള്‍ക്കഹിതമായി

നമ്മളൊരിക്കലും ചെയ്തുകൂടാ”

‘അല്‍മവാഹിബുല്‍ജലിയ്യ’യില്‍ തഴവ കുഞ്ഞുമുഹമ്മദ് മൗലവി എഴുതുന്നു:

”നിനക്കായവര്‍ ക്ലേശങ്ങളെന്തു സഹിച്ചതാ

അതുപോലെതന്നവരെന്ത് ദുഃഖം തിന്നതാ

കരയാത്ത കണ്ണും കവിഞ്ഞൊഴുകുന്നതാ

നീ രോഗിയായാല്‍ നൊമ്പരം അവര്‍ക്കുള്ളതാ

കൈത്തണ്ടിലിട്ടവരെന്തു താരാട്ടുന്നതാ

നിനക്കുള്ള പുഞ്ചിരി കണ്ടവര്‍ രസിക്കുന്നതാ

ഒലിക്കുന്ന ചുണ്ടില്‍തന്നവര്‍ മുത്തുന്നതാ

അവര്‍ക്കുള്ള നെഞ്ചും മെത്തപോല്‍ വിരിച്ചിട്ടതാ

നീ എത്രകാലമതില്‍ കിടന്നു സുഖിച്ചതാ

കാണേണ്ട സമയം തെറ്റിയാല്‍ ക്ഷമയറ്റതാ

ഹബ്‌സില്‍ (തടവറ) അവര്‍ അകപ്പെട്ടപോല്‍ തോന്നുന്നതാ

അവരെത്ര രാത്രി നിനക്കുറക്കമൊഴിഞ്ഞതാ

വിശപ്പെത്രയോ സഹിച്ചിട്ട് നിന്നെ നിറച്ചതാ

തന്‍കുഞ്ഞ് പൊന്‍കുഞ്ഞെന്ന തത്വം സത്യമാ

അത് കാക്കയില്‍ നീ നോക്കിയാലും വ്യക്തമാ.”

യുദ്ധത്തിന് പോകാന്‍ അനുവാദം തേടിച്ചെന്ന സ്വഹാബിയോട് താങ്കള്‍ക്ക് വയസ്സായ മാതാപിതാക്കളുണ്ടോ എന്ന് ചോദിക്കുകയും ഉണ്ടെന്ന് മറുപടി പറഞ്ഞപ്പോള്‍ അവരെ പരിചരിക്കാന്‍ തിരിച്ചുപോകുവാന്‍ പറയുകയുമാണ് നബി ﷺ ചെയ്തത്. പ്രായമായ മാതാപിതാക്കളെ പരിചരിക്കല്‍ ജിഹാദിനെക്കാള്‍ നന്മയുള്ളതാണെന്ന് ഇതിലൂടെ നബി ﷺ സമൂഹത്തെ പഠിപ്പിച്ചു.

നബി ﷺ അരുളി: ”ചെറിയവരോട് കരുണ കാണിക്കാത്തവനും വലിയവരുടെ മഹത്ത്വം മനസ്സിലാക്കാത്തവനും വലിയവരെ ബഹുമാനിക്കാത്തവനും നമ്മില്‍ പെട്ടവരല്ല” (തിര്‍മിദി).

ഇസ്‌ലാമിക കര്‍മങ്ങളില്‍ ഏറ്റവും പ്രാധാന്യമുള്ള നമസ്‌കാരം സംഘമായി (ജമാഅത്തായി) നിര്‍വഹിക്കുമ്പോള്‍ പോലും ദുര്‍ബലരെ പ്രയാസപ്പെടുത്തുംവിധം ദീര്‍ഘമായി ക്വുര്‍ആന്‍ പാരായണം ചെയ്ത് നീട്ടരുതെന്നാണ് നബി ﷺ പഠിപ്പിച്ചിട്ടുള്ളത്. പ്രായമായവര്‍ ആരാണെങ്കിലും ദുര്‍ബലരായിരിക്കുമല്ലോ.

പ്രായമായ പിതാവിനെയുംകൊണ്ട് നബി ﷺ യുടെ അടുക്കല്‍ വന്ന അബൂബക്കര്‍ സിദ്ദീക്വി(റ)നോട് നബി ﷺ പറഞ്ഞു: ”…പിതാവിനെ വീട്ടില്‍ നിര്‍ത്തിക്കൂടായിരുന്നോ; ഞാന്‍ അങ്ങോട്ട് വരുമായിരുന്നല്ലോ…” (അഹ്മദ്).

പ്രായമായ പിതാവിനെ തന്റെ അടുത്തേക്ക് കൊണ്ടുവന്നതിനെ നബി ﷺ തിരുത്തുകയാണ്. ഞാന്‍ അങ്ങോട്ട് വന്നുകാണുമായിരുന്നല്ലോ എന്നു നബി ﷺ പറഞ്ഞതില്‍നിന്നും അദ്ദേഹത്തിന്റെ വിനയവും പ്രായമായവരെ ബഹുമാനിക്കേണ്ടതിന്റെയും പ്രയാസപ്പെടുത്താതിരിക്കേണ്ടതിന്റെയും അനിവാര്യതയും വ്യക്തമാകുന്നു.

പ്രായമായവരെ ബഹുമാനിക്കല്‍ അല്ലാഹുവിനെ മഹത്ത്വപ്പെടുത്തുന്നതില്‍ പെട്ടതാണ്.

അബൂമൂസല്‍ അശ്അരി(റ) നിവേദനം; നബി ﷺ പറഞ്ഞു: ”മുസ്‌ലിമായ പ്രായംചെന്നവരെ ആദരിക്കല്‍ അല്ലാഹുവിനെ മഹത്ത്വപ്പെടുത്തുന്നതില്‍ പെട്ടതാണ്…” (അബൂദാവൂദ്).

അനസ്(റ) നിവേദനം ചെയ്ത ഒരു ഹദീഥില്‍ നബി ﷺ യുടെ തശഹ്ഹുദിലെ പ്രാര്‍ഥനകളില്‍ ഒന്ന് ഇപ്രകാരമാണ്:

”അല്ലാഹുവേ പിശുക്കില്‍നിന്നും, ഉദാസീനതയില്‍ നിന്നും, അവശപ്രായത്തില്‍ നിന്നും, ക്വബ്‌റിലെ ശിക്ഷയില്‍നിന്നും, ദജ്ജാലിന്റെ കുഴപ്പത്തില്‍ നിന്നും, ജീവിതത്തിലെയും മരണത്തിലെയും കുഴപ്പത്തില്‍ നിന്നും ഞാന്‍ നിന്നോടു രക്ഷ തേടുന്നു” (ബുഖാരി).

അതെ, അവശപ്രായത്തിലേക്ക് എത്തിയാല്‍ വളരെ പ്രയാസങ്ങള്‍ അനുഭവിക്കേണ്ടിവരും. ദൈനംദിന പ്രാഥമിക കര്‍മങ്ങള്‍ പോലും സ്വന്തമായി ചെയ്യാന്‍ കഴിയാത്ത, കാഴ്ചയും കേള്‍വിശക്തിയും നഷ്ടപ്പെട്ട അവസ്ഥ വല്ലാത്തൊരു പരീക്ഷണം തന്നെയാണ്. സ്വന്തക്കാര്‍ക്കുപോലും അത്തരക്കാര്‍ ഭാരമായി മാറും. അല്ലാഹു അത്തരം അവസ്ഥയില്‍നിന്ന് നമുക്കെല്ലാം രക്ഷ നല്‍കുമാറാകട്ടെ. വൃദ്ധമാതാപിതാക്കളോട് കാരുണ്യം കാണിച്ചും അവരെ ശുശ്രൂഷിച്ചും അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കുവാന്‍ ശ്രമിക്കുക.

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍
നേർപഥം വാരിക

മുസ്‌ലിം പ്രീണനം; ദുരാരോപണവും അവകാശധ്വംസനവും

മുസ്‌ലിം പ്രീണനം; ദുരാരോപണവും അവകാശധ്വംസനവും

”ഒരേസമയം രണ്ട് തരം പീഡനമാണ് മുസ്‌ലിംകള്‍ ഏല്‍ക്കേണ്ടി വരുന്നത്. ദേശ വിരുദ്ധര്‍ എന്ന ആക്ഷേപവും മുസ്‌ലിംകളെ പ്രീണിപ്പിക്കുന്നു എന്ന ആരോപണവും. തങ്ങള്‍ ദേശവിരുദ്ധരല്ലെന്നും ഭീകരവാദികളല്ലെന്നും ദിവസേന തെളിയിക്കേണ്ട അവസ്ഥയാണ് മുസ്‌ലിംകള്‍ക്കുള്ളത്.”

ബാബരി മസ്ജിദിന്റ ധ്വംസനത്തിന് ശേഷം ഇന്ത്യന്‍ മുസ്‌ലിംകളില്‍ അരക്ഷിതബോധം നിലനില്‍ക്കുന്നുവെന്ന തിരിച്ചറിവില്‍നിന്ന് മുസ്‌ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാന്‍ അന്നത്തെ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ് നിയോഗിച്ച ജസ്റ്റിസ് രജിന്ദര്‍ സച്ചാര്‍ ചെയര്‍മാനായ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ഒരു പരാമര്‍ശമാണ് മുകളില്‍ വായിച്ചത്.

ഇസ്‌ലാംവെറുപ്പിന്റെ ആഗോളീകരണം ജനാധിപത്യ ഇന്ത്യയില്‍പോലും ഉണ്ടാക്കിയ സാമുദായിക ദുരവസ്ഥയാണിത് വരച്ചുകാട്ടുന്നത്. ഇന്ത്യയിലെ ജനാധിപത്യവും മതേതരത്വവും മതനിരപേക്ഷതയുമെല്ലാം കേവലം മുസ്‌ലിം പ്രീണനങ്ങള്‍ക്കുവേണ്ടി നെയ്തുണ്ടാക്കിയവയാണെന്ന് ‘മനോഹരമായി’ ദുര്‍വ്യാഖ്യാനിക്കുന്ന കാവി ബുദ്ധിജീവികള്‍ നിവസിക്കുന്ന രാജ്യമാണ് നമ്മുടേത്. 2017ല്‍ മതത്തിന്റെയും ജാതിയുടെയും പേരില്‍ വിവേചനം കാണിക്കുന്നുവെന്ന് പറഞ്ഞ് അന്നത്തെ ഉത്തര്‍പ്രദേശിലെ അഖിലേഷ് യാദവ് സര്‍ക്കാറിനെ കുറ്റപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ പ്രസംഗത്തില്‍ ‘മുസ്‌ലിം പ്രീണന’മാണ് രാജ്യത്തെ ഏറ്റവും വലിയ പ്രതിസന്ധിയെന്ന സന്ദേശമാണ് നല്‍കിയത്. രാജ്യവ്യാപകമായി സംഘപരിവാര മിഷണറികള്‍ അതിന് പ്രചാരണം നല്‍കി.

‘ഒരു ഗ്രാമത്തില്‍ ഖബറിസ്ഥാനുണ്ടെങ്കില്‍ അവിടെ ശ്മശാനവും അനുവദിക്കണം. റമദാനും ഈദിനും വൈദ്യുതിയുണ്ടെങ്കില്‍ ദീപാവലിക്കും ഹോളിക്കും വൈദ്യുതി നല്‍കണം’ എന്നും അദ്ദേഹം തന്റ പ്രസംഗത്തില്‍ വാചാലമായതോടുകൂടി മുസ്‌ലിം സമുദായത്തിന് അധികാരികള്‍ യഥേഷ്ടം വാരിക്കോരി നല്‍കുന്നുണ്ടെന്ന വ്യാജവര്‍ത്തമാനം രാജ്യമാകെ പടര്‍ന്നു. മതനിരപേക്ഷ രാജ്യമായ ഇന്ത്യയുടെ അധികാരസോപാനങ്ങളിലേക്ക് ഇടിച്ചുകയറാന്‍ കാലങ്ങളായി ബിജെപിയും സംഘപരിവാരങ്ങളും നെയ്‌തെടുത്ത കള്ളപ്രചാരണങ്ങളുടെ പട്ടികയില്‍ ഇത് ഒന്നാം സ്ഥാനത്ത് തന്നെ ഉണ്ടായിരുന്നുവെന്നതാണ് വാസ്തവം. അധികാരികളോടൊപ്പം മറ്റെല്ലാ രാഷ്ട്രീയകക്ഷികളും മുസ്‌ലിംകളെ പ്രീണിപ്പിക്കുകയാണെന്നും അവര്‍ പ്രചാരണം നടത്തുന്നു.

2016ല്‍ ഉത്തരാഖണ്ഡ് സര്‍ക്കാറിനെതിരെ ശിവസേനയും ഇതേ ആരോപണമുന്നയിച്ചിരുന്നു. അവിടുത്തെ മുസ്‌ലിം ഉദേ്യാഗസ്ഥന്‍മാര്‍ക്ക് വെള്ളിയാഴ്ച പന്ത്രണ്ടരമുതല്‍ രണ്ടുമണിവരെ പ്രാര്‍ഥനയ്ക്കായി സമയമസവദിച്ചുവെന്നാണ് അതിനായി അവര്‍ കണ്ടെത്തിയ തെളിവ്. മറ്റു സംസ്ഥാനങ്ങള്‍കൂടി ഇതനുകരിക്കാന്‍ സാധ്യതയുള്ളതിനാല്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് ശിവസേന നേതാവ് മനീഷാ കായന്തെ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് അടുത്ത് നടക്കാനിരിക്കെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രേരിതമായ നടപടിയാണിതെന്ന് പറഞ്ഞ് വ്യാപകമായ പ്രചാരണവും നടത്തി.

‘പ്രീണനം:’ കേരളീയ പശ്ചാത്തലം

സഹകരണ വകുപ്പ് കാലങ്ങളായി ഓണക്കാലത്ത് നടത്തുന്ന സഹകരണ വിപണിയില്‍ ‘മുഹര്‍റം ചന്ത’ എന്ന നാമം ഏറെ വിവാദങ്ങള്‍ക്ക് തുടക്കംകുറിച്ചിരുന്നു. ഇതിനെ ചിലര്‍ മുസ്‌ലിം പ്രീണനത്തിനായുള്ള അധികാരികളുടെ തന്ത്രങ്ങളിലൊന്നായി വ്യാഖ്യാനിച്ചു. ചിലരാകട്ടെ വര്‍ഗീയ ധ്രുവീകരണത്തിനായി മേമ്പൊടി ചേര്‍ത്ത് മറ്റു ന്യൂനപക്ഷങ്ങളെയും ഭൂരിപക്ഷങ്ങളെയും പ്രകോപിപ്പിക്കാനായി ഉപയോഗപ്പെടുത്തുവാന്‍ ശ്രമിച്ചു. ബിജെപി നേതാവ് പി.കെ കൃഷ്ണദാസ് അതിരൂക്ഷമായി മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനങ്ങളുന്നയിച്ചത് ഇതിന്റ പേരില്‍ പ്രീണന രാഷ്ട്രീയം ആരോപിച്ചുകൊണ്ടാണ്. കണ്‍സ്യൂമര്‍ ഫെഡിന്റ വാചകങ്ങളില്‍നിന്ന് ആ പദം നീക്കം ചെയ്‌തെങ്കിലും അത്തരം പരാമര്‍ശങ്ങളുണ്ടാക്കിയ സാമുദായിക വെറുപ്പ് മായ്ച്ചുകളയാന്‍ ആര്‍ക്ക് സാധിക്കും?

തെരഞ്ഞെടുപ്പ് രാഷ്ട്രിയത്തിലെ വോട്ട് ബാങ്ക് ലക്ഷ്യമാക്കിയുള്ള വാചകക്കസര്‍ത്തുകളില്‍ താല്‍കാലികമായി ലാഭം കൊയ്‌തെടുക്കാമെങ്കിലും അത് സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ ദീര്‍ഘദൃഷ്ടിയോടെ കാണാനാവാത്തത് കഴിവുകേടാണെന്ന് പറയാനാവില്ല. കൊളോണിയല്‍ വ്യവഹാരങ്ങളില്‍ മതങ്ങള്‍ക്കും ജാതീയതകള്‍ക്കും വ്യത്യസ്ത സാമൂഹ്യ പദവികളാണ് നല്‍കിക്കൊണ്ടിരുന്നത്. അധികാരത്തിന്റെ അനശ്വരതയ്ക്ക് നാടിന്റെ അവകാശികളായ ജനത പരസപരം കലഹിച്ചുകൊണ്ടിരിക്കണമെന്നതാണ് ഇത്തരം സാമൂഹ്യ പദവി കല്‍പിച്ചുനല്‍കാന്‍ പ്രേരിപ്പിച്ചത്. സാമാജ്യത്വവിരുദ്ധത ആയിരം തവണ നാവുകളിലൂടെ നിര്‍ഗളിച്ചൊഴുകുമ്പോഴും അവരുടെ നയംതന്നെ ഉല്‍ബുദ്ധരായ കേരള ജനതയിലും പ്രയോഗിക്കുന്നത് അധികാരദാഹത്താല്‍ ബുദ്ധിഭ്രമം സംഭവിച്ചതുകൊണ്ട് തന്നെയാണെന്ന് പറഞ്ഞാല്‍ അധികമാവില്ല. മദ്‌റസ അധ്യാപകര്‍ക്ക് ശമ്പളവും അലവന്‍സും കേരള സര്‍ക്കാര്‍ നല്‍കുന്നുവെന്ന വ്യാപകമായ പ്രചാരണം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞാടിയിട്ടും അധികാരികളുടെ കുറ്റകരമായ മൗനം പ്രീണന രാഷ്ട്രീയത്തിന് പുതിയമാനം നല്‍കുന്നതായിരുന്നു. മുന്‍ ഡിജിപി അടക്കമുള്ള സംഘപരിവാര ബുദ്ധികേന്ദ്രങ്ങള്‍ ഏറ്റെടുത്ത് അതിന് പരമാവധി കവറേജ് നല്‍കിയിട്ടുണ്ടെങ്കില്‍ അവരുടെ മാധ്യമങ്ങള്‍ ഭീകരമായ കഥകളാക്കി വികൃതരൂപം നല്‍കിയിട്ടുമുണ്ടാകാം.

അധികാരമോഹം പൂവണിഞ്ഞതിനുശേഷം മദ്‌റസാധ്യാപകര്‍ക്ക് യാതൊരു സഹായവും സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്ന സത്യം വിളിച്ചുപറഞ്ഞപ്പോഴേക്ക് സാമുദായിക ധ്രുവീകരണങ്ങള്‍ക്ക് വേഗത കൂടിയിരുന്നുവെന്നതാണ് സമകാലിക സാഹചര്യങ്ങള്‍ വിളിച്ചോതുന്നത്. ‘ന്യൂനപക്ഷ ക്ഷേമഫണ്ടില്‍ യാതൊരു തിരിമറിയും നടന്നിട്ടില്ല, മുസ്‌ലിം സമുദായം അനര്‍ഹമായി ഒന്നും നേടിയിട്ടില്ല’ എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനകള്‍ ചൂണ്ടിക്കാട്ടി തൃശൂര്‍ അതിരൂപത കത്തോലിക്കാ സഭയുടെ മുഖപത്രം മുസ്‌ലിം പ്രീണനമാണെന്ന് ആരോപിച്ച് അതിരൂക്ഷമായി മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നതാണ് കേരളജനത കണ്ടത്.

ക്രിസ്ത്യന്‍ സമൂഹത്തിന്റെ അവകാശങ്ങള്‍ കവര്‍ന്നെടുത്തുകൊണ്ടാണ് മുസ്‌ലിം സമുദായത്തിന് നല്‍കുന്നതെന്ന അതിക്രൂരമായ ആരോപണമുന്നയിക്കുമ്പോള്‍ അനര്‍ഹമായി നേടിയെടുത്ത് തടിച്ചുകൊഴുത്തവരായി കേരള മുസ്‌ലിം സമൂഹത്തെ ചിത്രീകരിക്കുന്നത് അതിശയകരം തന്നെ! സംസ്ഥാനത്തെ പ്രമുഖ ന്യൂനപക്ഷങ്ങള്‍ പരസ്പരം കൊമ്പുകോര്‍ക്കുന്നത് കാണാന്‍ കൊതിയോടെ കാത്തിരിക്കുന്നവര്‍ക്കൊരു വിഭവമൊരുക്കുന്നതായിപ്പോയി സഭകളുടെ ഇത്തരം വിമര്‍ശനങ്ങള്‍. മലപ്പുറം ജില്ലയുടെ രൂപീകരവും മുസ്‌ലിം ലീഗിന്റെ മന്ത്രിസഭയിലെ പ്രാധിനിത്യവുമെല്ലാം സമൂഹത്തിലുണ്ടാക്കിയ ചര്‍ച്ചയുടെ പൊരുള്‍ ഇസ്‌ലാംവെറുപ്പില്‍നിന്ന് രൂപപ്പെട്ട മനോവൈകൃതമല്ലാതെ പിന്നെയെന്താണ്? വിവിധ രാഷ്ടീയകക്ഷികളില്‍ ത്യാഗസന്നദ്ധതയോടെ നേതൃത്വം നല്‍കുന്നവരുടെ പാര്‍ലിമെന്ററി പ്രവേശനങ്ങളില്‍ മുസ്‌ലിം സമുദായാംഗമായതിനാല്‍ മാത്രം സംവരണതത്ത്വങ്ങള്‍ പാലിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നതിലേക്ക് പൊതുബോധം രൂപപ്പെട്ടിരിക്കുന്നു. ‘ഹസന്‍-അമീര്‍-കുഞ്ഞാലിക്കുട്ടി കൂട്ടുകെട്ട്’ സംസ്ഥാനം ഭരിക്കുന്നു എന്നു പറഞ്ഞ് ‘ഭീതിപരത്തുന്ന’ മുത്തശ്ശിപ്പത്രങ്ങളുടെ ധാര്‍മികരോഷം ഒരു സമുദായത്തോട് മാത്രം നിറഞ്ഞൊഴുകുന്നതിന്റ പൊരുള്‍ ‘ഫോബിയ’ അല്ലാതെ മറ്റെന്താണ്? മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനായി സച്ചാര്‍ സമിതി നിര്‍ദേശിച്ച മാര്‍ഗങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചതിലെ ആനുകൂല്യങ്ങള്‍ നൂറ് ശതമാനം നല്‍കുന്നതിന് പകരം അതില്‍നിന്ന് ഇരുപതും പറിച്ചെടുത്ത് ഇതര സമുദായങ്ങള്‍ക്ക് നല്‍കിയിട്ടും അവശേഷിക്കുന്നതുകൂടി എടുത്തുകളയണമെന്ന സംഘപരിവാര ദാര്‍ഷ്ഠ്യം പൊതുബോധമായി രൂപപ്പെടുത്തുന്നതില്‍ വിജയിച്ചുവെന്നതാണ് ഈ കോലാഹലങ്ങളൊക്കെയും സൂചിപ്പിക്കുന്നത്. അതിനായി ചില ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ അത്തരം ദുഃശക്തികളുടെ ചട്ടുകങ്ങളായെന്ന് മാത്രം.

മുസ്‌ലിം സമുദായത്തിന്റെ ദയനീയത!

ഇസ്‌ലാംഭീതിയാല്‍ മസ്തിഷ്‌കഭ്രമം സംഭവിച്ച സംഘപരിവാരങ്ങളുടെ നുണപ്രചാരണങ്ങള്‍ സമൂഹമാധ്യമ തമ്പുരാക്കളടക്കമുള്ള കോര്‍പറേറ്റുകള്‍ ഏറ്റെടുത്തതോടെ മുസ്‌ലിം സമുദായത്തിന്റെ പതിതാവസ്ഥ വിസ്മരിക്കപ്പെടുകയും സാമുദായിക ഔന്നത്യം ആരോപിച്ച് അവകാശങ്ങള്‍ ധ്വംസിക്കുകയും ചെയ്തു. ഫാഷിസ്റ്റ് വര്‍ഗീയ രാഷ്ട്രീയത്തിന് ഒരിക്കലും ഇടംനല്‍കാത്ത മലയാളി പ്രബുദ്ധതിയില്‍ പോലും ഇസ്‌ലാംവെറുപ്പ് പടര്‍ന്നുകയറിയതായാണ് സമീപകാല സംവരണ ചര്‍ച്ചകള്‍ ബോധ്യപ്പെടുത്തുന്നത്. എന്നാല്‍ ഇന്ത്യയില്‍ മുസ്‌ലിം സമുദായം അതിദയനീയമായ പിന്നാക്കാവസ്ഥയിലാണെന്ന്  നിഷ്പക്ഷ പഠനം നടത്തി പരിഹാരം നിര്‍ദേശിച്ചുകൊണ്ട് ജസ്റ്റിസ് രജിന്ദര്‍ സച്ചാര്‍ കമ്മറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്.

സച്ചാര്‍ സമിതിയുടെ കണ്ടെത്തലിലെ ഞെട്ടിക്കുന്ന ചില വിവരങ്ങള്‍ നമുക്ക് വായിക്കാം:

1) സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന മുസ്‌ലിംകള്‍ നാല് ശതമാനത്തില്‍ താഴെയാണ്.

2) മുസ്‌ലിംകള്‍ കുടുതല്‍ താമസിക്കുന്ന സ്ഥലങ്ങളില്‍നിന്ന് പ്രാഥമിക വിദ്യാലയങ്ങള്‍ പോലും കിലോമീറ്ററുകള്‍ ദൂരെയാണ്. അതിനാല്‍ വലതുപക്ഷപ്രചാരണങ്ങള്‍ക്ക് വിരുദ്ധമായി മദ്‌റസയില്‍ പോകുന്നവര്‍ പോലും നാല് ശതമാനത്തോളം മാത്രമാണ്. മുസ്‌ലിം കുട്ടികളുടെ കൊഴിഞ്ഞുപോക്ക് നിരക്ക് മറ്റു സമുദായങ്ങളിലെ കുട്ടികളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. പട്ടിണിയും ദാരിദ്ര്യവും കാരണമായി മിക്ക കുട്ടികളും തൊഴിലെടുക്കുവാന്‍ നിര്‍ബന്ധിതരാവുകയാണ്.

3) സര്‍ക്കാര്‍ ജോലികളിലെ മുസ്‌ലിം പ്രാതിനിധ്യം വെറും 4.9 ശതമാനം മാത്രമാണ്! പതിറ്റാണ്ടുകളായി ഇടതുപക്ഷം ഭരിച്ചിരുന്ന പശ്ചിമ ബംഗാളിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ മുസ്‌ലിം പ്രാധിനിത്യം പൂജ്യം ശതമാനവും!

4) ഇന്ത്യയിലെ സുരക്ഷാസേനകളിലെ പ്രാതിനിധ്യം വെറും 3.2 ശതമാനം.

5) ജില്ലാന്യായാധിപന്‍മാരിലെ പ്രാധിനിത്യം വെറും 2.7 ശതമാനം.

6) അരലക്ഷത്തിനും രണ്ടു ലക്ഷത്തിനും ഇടയില്‍ ജനസംഖ്യയുള്ള പട്ടണങ്ങളില്‍ മുസ്‌ലിംകളുടെ പ്രതിശീര്‍ഷ ചെലവ് ഇന്ത്യയിലെ പട്ടികജാതി, പട്ടികവര്‍ഗക്കാരുടേതിനെക്കാള്‍ കുറവാണ്. പശ്ചിമ ബംഗാള്‍, ആന്ധ്രപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്ലെലാം ഇതാണ് അവസ്ഥ.

7) പലിശയിളവ് നിരക്കില്‍ വായ്പ കിട്ടിയത് 3 ശതമാനത്തില്‍ താഴെ മുസ്‌ലിംകള്‍ക്കാണ്. കടുത്ത ദാരിദ്ര്യത്തിലുള്ളവരെ പട്ടിണിയില്‍നിന്നും രക്ഷിക്കാനുള്ള അന്തേ്യാദയ പദ്ധതിയില്‍ ആനുകൂല്യം കിട്ടിയതു വെറും 1.9 ശതമാനത്തിനും!

8) മുസ്‌ലിം കര്‍ഷകരില്‍ 2.1 ശതമാനത്തിനേ ട്രാക്ടറുള്ളൂ. കൃഷിക്ക് ജലസേചനത്തിന് സ്വന്തമായി കുഴല്‍ക്കിണര്‍ ഉള്ളവര്‍ 1 ശതമാനം മാത്രമാണ്.

9) കണ്ണുതുറപ്പിക്കുന്ന മറ്റൊരാവശ്യം കൂടിയുണ്ട്: ‘ഗര്‍ഭനിയന്ത്രണത്തിനും ആധുനിക ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ക്കുമുള്ള ഗണ്യമായ ആവശ്യം സമുദായത്തില്‍നിന്നുമുണ്ട്.’ 20 ദശലക്ഷത്തിലേറെ ദമ്പതികള്‍ ഇപ്പോള്‍ത്തന്നെ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നവരാണ്. ‘ഗര്‍ഭധാരണം കുറഞ്ഞതോടെ മുസ്‌ലിം ജനസംഖ്യാവര്‍ധനവിലും കുറവുണ്ടായിട്ടുണ്ട്.’ മുസ്‌ലിംകള്‍ വലിയതോതില്‍ കുട്ടികളുണ്ടാക്കി ഹിന്ദുജനസംഖ്യയെ മറികടക്കാനുള്ള ഗൂഢാലോചനയാണെന്നും ഹിന്ദുക്കള്‍ ന്യൂനപക്ഷമാകുമെന്നുമുള്ള ഹീനമായ ഫാസിസ്റ്റ് പ്രചാരണത്തിന്റെ പൊള്ളത്തരം വിളിച്ചുപറയുന്നതാണ് ഈ കണക്കുകള്‍!

10) മുസ്‌ലിംകള്‍ എവിടെയെങ്കിലും ഹിന്ദുക്കളുടെ എണ്ണത്തെ കവച്ചുവെക്കും എന്ന കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ടെങ്കില്‍ അത് തടവുകാരുടെ എണ്ണത്തില്‍ മാത്രമാണ് (യുഎസിലെ കറുത്ത വര്‍ഗക്കാരെ പോലെ).

11) മുസ്‌ലിംകളുടെ പൊതുവായ പരാതി അവര്‍ രണ്ട് അപകടങ്ങള്‍ നേരിടുന്നു എന്നാണ്. ‘ദേശവിരുദ്ധര്‍’ എന്നു മുദ്രകുത്തപ്പെടുന്നു, പിന്നെ ‘പ്രീണനം’ എന്ന ആരോപണവും. അവരെ ഒരിക്കലും തുല്യാവകാശങ്ങളുള്ള ഇന്ത്യന്‍ പൗരന്മാരായി തോന്നിപ്പിക്കാതിരിക്കാനുള്ള, വളരെ ആഴത്തില്‍ കണക്കുകൂട്ടിയുള്ള നീക്കമാണത്.

വൈദേശിക കൊളോണിയല്‍ ആധിപത്യത്തില്‍നിന്ന് ഇന്ത്യാമഹാരാജ്യത്തിന്റെ വിമോചനത്തിനായി ജീവാര്‍പ്പണം ചെയ്യാന്‍ തയ്യാറുള്ള ഒട്ടേറെ പേരെ സംഭാവന ചെയ്ത ഒരു സമുദായത്തെ സ്വാതന്ത്ര്യാനന്തരവും ദയനീയമായ പിന്നോക്കാവസ്ഥയില്‍ തളച്ചിടുന്നതില്‍ അധികാരിവര്‍ഗങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തുകയാണ്. എന്നിട്ടും ഇല്ലാത്ത മേല്‍ക്കോയ്മ കല്‍പിച്ചുനല്‍കി മുസ്‌ലിം സമുദായത്തിന്റെ ആനുകൂല്യങ്ങളെല്ലാം ബാലിശമായ വാദങ്ങളുയര്‍ത്തി അല്‍പാല്‍പമായി പിടിച്ചെടുക്കുന്നതില്‍ ഇടതു-വലത് രാഷ്ട്രീയ പക്ഷങ്ങള്‍ മല്‍സരിക്കുകയാണ്.

കേരളത്തിന്റെ മുസ്‌ലിം പിന്നാക്ക പരിസരം

മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനായി സച്ചാര്‍ സമിതി നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിന്റ ഭാഗമായ വി.എസ് അച്ചുതാനന്ദന്‍ സര്‍ക്കാര്‍ അന്നത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി പാലോളി മുഹമ്മദ് കുട്ടി ചെയര്‍മാനായ ഒരു സമിതി രൂപീകരിക്കുകയുണ്ടായി. സച്ചാര്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച മുസ്‌ലിം പിന്നാക്കാവസ്ഥ പ്രത്യേകം എടുത്തുപറഞ്ഞ് കൊണ്ടാണ് പാലോളി കമ്മിറ്റിയും റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ക്രൈസ്തവ സമൂഹത്തോട് താരതമ്യം ചെയ്ത് മുസ്‌ലിം വിദ്യാഭ്യാസ നിലവാരം വളരെ പിറകിലാണെന്ന് അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നാക്കാവസ്ഥയും ജനസംഖ്യയും പരിഗണിച്ചുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആനുപാതികമായി മുസ്‌ലിംകള്‍ക്ക് ലഭിച്ചിട്ടില്ലന്ന വസ്തുതയും അതില്‍ പരാമര്‍ശിച്ചിട്ടുണ്ട്. കേരള ജനസംഖ്യയുടെ 26% ഉള്ള മുസ്‌ലിംകള്‍ സര്‍ക്കാര്‍ സര്‍വീസില്‍ 11% മാത്രമാണെന്നും പ്രത്യേക പരാമര്‍ശമുണ്ട്. മദ്‌റസാധ്യാപകരുടെ ദയനീയ ജീവിതനിലവാരവും അവര്‍ക്ക് ക്ഷേമബോര്‍ഡ് രൂപീകരിക്കേണ്ടതിന്റ ആവശ്യകതയും ചൂണ്ടിക്കാണിക്കുന്നു. മുസ്‌ലിം സമുദായം ഏറെ മുന്നിലെന്ന് വരുത്താന്‍ മാധ്യമങ്ങളും സാംസ്‌കാരിക നായകന്‍മാരുമെല്ലാം മഷി വിതറുമ്പോഴും നിഷ്പക്ഷമായ പഠനങ്ങള്‍ കൃത്യമായ സത്യം ബോധ്യപ്പെടുത്തുന്നുണ്ട്.

മുസ്‌ലിംകള്‍ കൂടുതലായി താമസിക്കുന്ന മലബാര്‍ ഏരിയകളിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥിതിവിവരക്കണക്കുകള്‍ പരിശോധിച്ചാല്‍ തന്നെ മുസ്‌ലിം സമുദായത്തെ പിന്നാക്കാവസ്ഥയില്‍ തളച്ചിടാനുള്ള ശ്രമം അന്തര്‍ധാരയില്‍ സജീവമാണെന്ന് ബോധ്യപ്പെടും. ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസത്തിന് പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ഥികള്‍ തെക്കന്‍ ജില്ലകളെ അപേക്ഷിച്ച് മലബാര്‍ ജില്ലകളില്‍ കൂടുതലാണ്. മാത്രമല്ല തെക്കന്‍ ജില്ലകളില്‍ പ്ലസ്‌വണ്‍ സീറ്റുകള്‍ അധികമാവുകയും ഒഴിഞ്ഞ് കിടക്കുകയും ചെയ്യുമ്പോള്‍ മലബാറില്‍ സീറ്റുകള്‍ ലഭിക്കാതെ തുടര്‍പഠനം മുടങ്ങിയവര്‍ ധാരാളമാണ്. മലപ്പുറം ജില്ലയില്‍ മാത്രം 25000ല്‍ അധികം വിദ്യാര്‍ഥികള്‍ പുറത്താണ്.

തിരുവനന്തപുരം 916, കൊല്ലം 1783, പത്തനംതിട്ട 6130, ആലപ്പുഴ 3126, കോട്ടയം 4747, ഇടുക്കി 1942, എറണാകുളം 849 എന്നിങ്ങനെ പ്ലസ്‌വണ്‍ അധിക സീറ്റുകളുണ്ട്. അത്രയും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നുവെന്നര്‍ഥം!

എന്നാല്‍ മലപ്പുറം 28804, തൃശൂര്‍ 830, പാലക്കാട് 9695, കോഴിക്കോട് 9513, വയനാട് 1804, കണ്ണൂര്‍ 4670, കാസര്‍കോഡ് 3352; ഇത്രയും വിദ്യാര്‍ഥികള്‍ക്ക് പ്ലസ്‌വണ്‍ പ്രവേശനത്തിന് സീറ്റില്ല. തീര്‍ത്തും പക്ഷപാതപരമായ സമീപനം അധികാരികളില്‍നിന്നുണ്ടാവുന്നത് വളരെ ഖേദകരമാണ്.

കോളേജ് വിദ്യാഭ്യാസത്തിന്റെ സ്ഥിതി ഇതിനെക്കാളും ഭയാനകമാണ്. കാര്യങ്ങള്‍ ഇത്ര പരിതാപകരമായിരുന്നിട്ടും വര്‍ഗീയ കോമരങ്ങള്‍ ചില ഇതര ന്യൂനപക്ഷങ്ങളെ പ്രകോപിപ്പിച്ച് തങ്ങളുടെ അജണ്ടകള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിന്റ ഭാഗമായി സമുദായത്തിന്റെ വിദ്യാഭ്യാസ ആനുകൂല്യങ്ങളിലെ 80:20 കോടതിയില്‍ ചോദ്യംചെയ്ത് തടഞ്ഞുവെച്ചിരിക്കുകയാണ്.

വിദ്യാഭ്യാസ സംവരണത്തിലെ തിരിമറിയില്‍ പ്രതിഷേധിച്ച് മുസ്‌ലിം സംഘടനകള്‍ ഒന്നിച്ച് പ്രതിഷേധിച്ചിട്ടും വിദ്യാഭ്യാസ വകുപ്പ് ന്യൂനപക്ഷ ക്ഷേമങ്ങളില്‍നിന്ന് പുറംതിരിഞ്ഞ് വീണ്ടും ഉത്തരവുകളിറക്കിക്കൊണ്ടിരിക്കുകയാണ്. 2020-21 അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശം കമ്യൂണിറ്റിക്കോട്ട സംബന്ധിച്ച ഉത്തരവ് സംശയമുണ്ടാക്കുന്നതും ന്യൂനപക്ഷങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്നതുമാണ്.

സാമൂഹിക പുരോഗതി സാധ്യമാകണം

വൈവിധ്യവും വ്യത്യസ്തയും ഇന്ത്യയുടെ സൗന്ദര്യമാണ്. ഓരോ വിഭാഗം ജനതയിലും അവരുടെ ജീവിതസാഹചര്യങ്ങളനുസരിച്ച് പുരോഗതിയും അധോഗതിയുമുണ്ടാകും. എല്ലാവരുടെയും ജീവിതനിലവാരം ഒരുപോലെ ഉയരുമ്പോഴാണ് ആ രാജ്യം വികസിക്കുന്നത്. ഏതെങ്കിലും ഒരു വിഭാഗം അധഃസ്ഥിതരായി നിലകൊള്ളുന്നുവെങ്കില്‍ രാജ്യത്തിന്റെ വികസനം പൂര്‍ണമാകില്ലെന്നര്‍ഥം. അതുകൊണ്ടാണ് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാസന്ദര്‍ശനവേളയില്‍ ഗുജറാത്തില്‍ വന്‍ മതില്‍ കെട്ടി ദരിദ്രരായ നിവാസികളെ മറച്ചുവെക്കാന്‍ ശ്രമിക്കേണ്ടിവന്നത്.

ന്യൂനപക്ഷ, ഭൂരിപക്ഷഭേദമന്യെ ഒരുപോലെ എല്ലാവരുടെയും സാമൂഹ്യനിലവാരം ഉയര്‍ത്തുന്ന വിധം ഭരണം സക്രിയമാകണമെന്ന നിര്‍ബന്ധം രാഷ്ട്രനിയമനിര്‍മാണത്തിന് നേതൃത്വം നല്‍കിയ നേതാക്കള്‍ക്കുണ്ടായിരുന്നു. അതിനായാണ് അവര്‍ മഹത്തായ ഒരു ഭരണഘടന വിഭാവനം ചെയ്തത്. 1946 ഡിസംബറില്‍ ഭരണഘടനാ ഡ്രാഫ്റ്റിന്റെ ആശയാടിത്തറ വിശദീകരിച്ചുകൊണ്ട് നെഹ്‌റു പറഞ്ഞു: ”പൗരന്‍മാര്‍ക്ക് രാഷ്ട്രീയമായും സാമൂഹികമായും സാമ്പത്തികമായും തുല്യ പദവി ഉറപ്പാക്കുന്ന പരമാധികാര റിപ്പബ്ലിക്കായിരിക്കും ഇന്ത്യ. ചിന്തക്കും ആവിഷ്‌കാരത്തിനും കൂട്ടായ്മക്കും ആരാധനക്കും ജോലിക്കുമുള്ള സ്വാതന്ത്ര്യം തുല്യമായിരിക്കും; എന്ന് മാത്രമല്ല ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്ക, ഗോത്ര വിഭാഗങ്ങള്‍ക്കും മതിയായ പരിരക്ഷ ഉറപ്പുനല്‍കും.”

അതുകൊണ്ടാണ് ഭരണഘടന ഇന്ത്യയില്‍ നിലനിന്നിരുന്ന സാമൂഹികാസമത്വങ്ങളെ ഇല്ലായ്മ ചെയ്യുന്ന പരിവര്‍ത്തന സംവിധാനം കൂടിയാണെന്ന് ചിന്തകര്‍ അഭിപ്രായപ്പെട്ടത്.

ഈ തത്ത്വം പ്രായോഗികമാക്കാനായി ഭരണഘടന നിര്‍ദേശിച്ച കാര്യങ്ങളാണ് സംവരണവും ഭരണരംഗത്തെ മറ്റു ആനുകൂല്യങ്ങളും. പിന്നാക്ക വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരം നിര്‍ദേശിക്കാന്‍ ഒരു കമ്മീഷനെ നിയോഗിക്കാമെന്ന ഭരണഘടനയിലെ 340ാം വകുപ്പിന്റെ നിര്‍ദേശമനുസരിച്ചാണ് സച്ചാര്‍ സമിതിയും പാലോളി കമ്മിറ്റിയുമെല്ലാം നിലവില്‍വന്നത്. നിഷ്പക്ഷമായി അവര്‍ അവതരിപ്പിച്ച പ്രശ്‌നപരിഹാര മാര്‍ഗങ്ങള്‍ നടപ്പിലാക്കേണ്ടത് ഭരണാധികാരികളുടെ ചുമതലയാണ്. അത് നടപ്പില്‍ വരുത്തുന്നതിന് പകരം മറ്റുള്ളവരുടെ ദുര്‍ന്യായങ്ങളും അനാവശ്യമായ വാശിയുമെല്ലാം ഏറ്റുപിടിച്ച് അര്‍ഹരായവരുടെ അവകാശങ്ങള്‍ നിഷേധിക്കുകയല്ല വേണ്ടത്. ന്യൂനപക്ഷങ്ങളുടെ പരിരക്ഷ ഉറപ്പാക്കുവാനുള്ള ശ്രമവും പദ്ധതികളുമാണ് അനിവാര്യമായിട്ടുള്ളത്. അതിനു സാധ്യമല്ലെങ്കില്‍ ഭരണരംഗത്തും സാമൂഹിക, സാമ്പത്തിക രംഗത്തും സംസ്ഥാനത്തെ എല്ലാ സമുദായങ്ങളുടെയും നിലവിലെ അവസ്ഥ സത്യസന്ധമായി വിശദീകരിക്കുന്ന ധവളപത്രമെങ്കിലും ഇറക്കാന്‍ തയ്യാറാകണം.

മുജീബ് ഒട്ടുമ്മല്‍
നേർപഥം വാരിക

ആരാധനകള്‍ക്കൊരു ആമുഖം(ഭാഗം: 15)

ആരാധനകള്‍ക്കൊരു ആമുഖം(ഭാഗം: 15)

31) അത് (ദിക്ര്‍) ഏറ്റവും ലളിതവും എന്നാല്‍ വളരെ ശ്രേഷ്ഠവും മഹത്തരവുമായ ആരാധനയാണ്. നാവിന്റെ ചലനം അവയവങ്ങളുടെ ചലനങ്ങളില്‍ ഏറ്റവും എളുപ്പമുള്ളതും ആയാസം കുറഞ്ഞതുമാണ്.

നാവ് ചലിക്കുന്നതുപോലെ ശരീരത്തിലെ മറ്റേതെങ്കിലും അവയവങ്ങള്‍ രാവിലും പകലിലുമായി ചലിച്ചുകൊണ്ടിരുന്നാല്‍ അത് വല്ലാത്ത ക്ഷീണവും പ്രയാസവുമുണ്ടാക്കും; എന്നല്ല അത് ഏതൊരാള്‍ക്കും അസാധ്യവുമായിരിക്കും.

(32) അത് സ്വര്‍ഗത്തിലെ ചെടിയാണ്. അബ്ദുല്ലാഹിബ്‌നു മസ്ഊദ്്യ നിവേദനം: നബി ﷺ പറഞ്ഞു: ”ഇസ്‌റാഇന്റെ രാത്രിയില്‍ ഞാന്‍ ഇബ്‌റാഹീം നബി(അ)യെ കണ്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘മുഹമ്മദേ, നിന്റെ സമുദായത്തോട് എന്റെ സലാം പറയുക. കൂടാതെ അവരോട് പറയണം; സ്വര്‍ഗത്തിന്റെ മണ്ണ് അതിവിശിഷ്ടമാണ്; വെള്ളം സംശുദ്ധവും. അവിടെ ഒഴിഞ്ഞുകിടക്കുന്ന വിജനപ്രദേശമുണ്ട്. അവിടെ നട്ടുപിടിപ്പിക്കാനുള്ള സസ്യങ്ങളാണ് സുബ്ഹാനല്ലാഹ് (അല്ലാഹു എത്രയോ പരിശുദ്ധന്‍), അല്‍ഹംദുലില്ലാഹ് (അല്ലാഹുവിന്നാകുന്നു സര്‍വസ്തുതിയും), ലാ ഇലാഹ ഇല്ലല്ലാഹു (അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനായി മാറ്റാരുമില്ല), അല്ലാഹു അക്ബര്‍ (അല്ലാഹുവാണ് ഏറ്റവും വലിയവന്‍) എന്നീ ദിക്‌റുകള്‍”(തിര്‍മിദി, ത്വബ്‌റാനി, സില്‍സിലതുസ്സ്വഹീഹ കാണുക).

തിര്‍മിദി ഉദ്ധരിക്കുന്ന മറ്റൊരു ഹദീഥില്‍ ഇങ്ങനെ വന്നിട്ടുണ്ട്: ജാബിര്‍്യ നിവേദനം: നബി ﷺ പറഞ്ഞു: ”ആരെങ്കിലും സുബ്ഹാനല്ലാഹി വബിഹംദിഹി (അല്ലാഹു എത്രയോ പരിശുദ്ധന്‍! അവനാകുന്നുസര്‍വസ്തുതിയും) എന്ന് പറഞ്ഞാല്‍ അയാള്‍ക്കുവേണ്ടി സ്വര്‍ഗത്തില്‍ ഒരു ഈത്തപ്പന നടുന്നതാണ്” (തിര്‍മിദി, നസാഈ, ഇബ്‌നു ഹിബ്ബാന്‍, ഹാകിം എന്നിവര്‍ ഉദ്ധരിച്ചത്).

(33) അതിലൂടെ നിശ്ചയിക്കപ്പെട്ടിട്ടുള്ള പ്രതിഫലവും മഹത്ത്വവും മറ്റൊരു കര്‍മത്തിനും ഇല്ലാത്തത്രയും ഉണ്ട്. ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും അബൂഹുറയ്‌റ്യയില്‍നിന്ന് നിവേദനം ചെയ്യുന്നു: നിശ്ചയം നബി ﷺ പറഞ്ഞു: ”ആരെങ്കിലും ‘ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു  ലഹുല്‍ മുല്‍കു വലഹുല്‍ ഹംദു വഹുവ അലാ കുല്ലിശൈഇന്‍ ക്വദീര്‍’ (അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനായി മാറ്റാരുമില്ല, അവന്‍ ഏകനാണ്, അവന് യാതൊരു പങ്കുകാരുമില്ല, അവനാണ് ആധിപത്യം, അവനാണ് സര്‍വസ്തുതിയും, അവന്‍ എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്) എന്ന് ഒരു ദിവസം നൂറുതവണ പറഞ്ഞാല്‍ നൂറ് അടിമയെ മോചിപ്പിച്ചതിനു സമാനമായ പ്രതിഫലം അയാള്‍ക്കുണ്ട്. നൂറ് നന്മകള്‍ അയാള്‍ക്കായി രേഖപ്പെടുത്തപ്പെടും. നൂറ് ദോഷങ്ങള്‍ മായ്ക്കപ്പെടുകയും ചെയ്യും. ആ ദിവസം പ്രദോഷംവരെ അത് അയാള്‍ക്ക് ഒരു രക്ഷാകവചമായിരിക്കുകയും ചെയ്യും. ഇതിനെക്കാള്‍ ചെയ്തയാളല്ലാതെ അദ്ദേഹത്തെക്കാള്‍ ശ്രേഷ്ഠമായ കര്‍മഫലവുമായി ഒരാളും തന്നെ വരികയില്ല. ആരെങ്കിലും ‘സുബ്ഹാനല്ലാഹി വബിഹംദിഹി’ (അല്ലാഹു എത്രയോ പരിശുദ്ധന്‍! അവന്നാകുന്നു സര്‍വസ്തുതിയും) എന്ന് ഒരു ദിവസം നൂറ് തവണ പറഞ്ഞാല്‍ അയാളുടെ ദോഷങ്ങള്‍ പൊറുക്കപ്പെടുന്നതാണ്; അത് കടലിലെ നുരയോളമുണ്ടെങ്കിലും.”

സ്വഹീഹു മുസ്‌ലിമില്‍ അബൂഹുറയ്‌റ്യയില്‍നിന്ന് നിവേദനം ചെയ്യുന്നു: നബി ﷺ പറഞ്ഞു: ”സുബ്ഹാനല്ലാഹ് (അല്ലാഹു എത്രയോ പരിശുദ്ധന്‍), അല്‍ഹംദുലില്ലാഹ് (അല്ലാഹുവിന്നാകുന്നു സര്‍വസ്തുതിയും), ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനായി മാറ്റാരുമില്ല), അല്ലാഹു അക്ബര്‍ (അല്ലാഹുവാണ് ഏറ്റവും വലിയവന്‍) എന്ന് ഞാന്‍ പറയുന്നതാണ് ഈലോകത്തുള്ള സര്‍വതിനെക്കാളും എനിക്ക് പ്രിയങ്കരം.”

അനസ്ബ്‌നു മാലികി്യല്‍നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘ആരെങ്കിലും രാവിലെ, അല്ലെങ്കില്‍ വൈകുന്നേരം ‘അല്ലാഹുമ്മ ഈന്നീ അസ്വ്ബഹ്തു ഉശ്ഹിദുക, വ ഉശ്ഹിദു ഹമലത അര്‍ശിക, വമലാഇകതക, വ ജമീഅ  ഖല്‍ക്വിക അന്നക അന്‍തല്ലാഹു, ലാ ഇലാഹ ഇല്ലാ അന്‍ത, വ അന്ന മുഹമ്മദന്‍ അബ്ദുക വ റസൂലുക’ (അല്ലാഹുവേ, നിന്നെയും നിന്റെ സിംഹാസനം വഹിക്കുന്ന മലക്കുകളെയും നിന്റെ മറ്റു മലക്കുകളെയും നിന്റെ സര്‍വ സൃഷ്ടിജാലങ്ങളെയും സാക്ഷിനിര്‍ത്തിക്കൊണ്ട് ഞാനിതാ പറയുന്നു; നിശ്ചയം, നീയാണ് അല്ലാഹു! നീയല്ലാതെ ആരാധനക്കര്‍ഹാനായി മാറ്റാരുമില്ല. മുഹമ്മദ് നബി ﷺ നിന്റെ അടിമയും ദൂതനുമാണ്) എന്ന് ഒരു പ്രാവശ്യം പറഞ്ഞാല്‍ അല്ലാഹു അയാളുടെ നാലിലൊരു ഭാഗത്തെ നരകത്തില്‍നിന്ന് മോചിപ്പിക്കുന്നതാണ്. ആരെങ്കിലും അത് രണ്ട് പ്രാവശ്യം പറഞ്ഞാല്‍ അല്ലാഹു അയാളുടെ പകുതിഭാഗത്തെ നരകത്തില്‍നിന്ന് മോചിപ്പിക്കുന്നതാണ്. ആരെങ്കിലും മൂന്നു പ്രാവശ്യം പറഞ്ഞാല്‍ അയാളുടെ നാലില്‍ മൂന്നുഭാഗവും നരകത്തില്‍നിന്ന് മോചിപ്പിക്കും. ആരെങ്കിലും നാലു പ്രാവശ്യം ഇങ്ങനെ പറഞ്ഞാല്‍ അയാളെ പൂര്‍ണമായും അല്ലാഹു നരകത്തില്‍നിന്നും മോചിപ്പിക്കുന്നതാണ്” (അബൂദാവൂദ്, തിര്‍മിദി, നസാഈ ‘അമലുല്‍ യൗമി വല്ലൈലി’ല്‍, ബുഖാരി അദബുല്‍ മുഫ്‌റദില്‍ ഉദ്ധരിച്ചത്. ശൈഖ് അല്‍ബാനി(റഹി) ഈ ഹദീഥ് സ്ഥിരപ്പെട്ടിട്ടില്ല എന്ന് വിശദീകരിക്കുന്നു. സില്‍സിലഃ ദഈഫഃ ഹദീഥ് നമ്പര്‍ 1041 കാണുക).

(34) അല്ലാഹുവിനെ നിരന്തരമായി ‘ദിക്ര്‍’ ചെയ്യുക എന്നത് അല്ലാഹുവിനെ മറന്നുപോയവരുടെ കൂട്ടത്തില്‍നിന്നും നിര്‍ഭയത്വം ഉറപ്പാക്കുന്ന കാര്യമാണ്. അല്ലാഹുവിനെ വിസ്മരിക്കുക എന്നത് ഒരാളുടെ ഇരുലോകത്തെയും പരാജയത്തിന്റെ കാരണവുമാണ്. അല്ലഹുവിനെ മറന്നുകൊണ്ടുള്ള ജീവിതം സ്വന്തത്തെയും തന്റെ തന്നെ നന്മകളെയും മറപ്പിച്ചുകളയുന്നതാണ്.

അല്ലാഹു പറയുന്നു: ”അല്ലാഹുവെ മറന്നുകളഞ്ഞ ഒരു വിഭാഗത്തെ പോലെ നിങ്ങളാകരുത്. തന്‍മൂലം അല്ലാഹു അവര്‍ക്ക് അവരെപ്പറ്റി തന്നെ ഓര്‍മയില്ലാതാക്കി. അക്കൂട്ടര്‍തന്നെയാകുന്നു ദുര്‍മാര്‍ഗികള്‍” (ക്വുര്‍ആന്‍ 59:19).

ഒരാള്‍ സ്വന്തം മനസ്സിനെ മറന്നുകൊണ്ട് അതിന്റെ നന്മകളില്‍നിന്നും അകന്ന് ആത്മാവിനെ വിസ്മരിച്ചു വേറെ പലതിലും വ്യാപൃതനായാല്‍ അത് ഉറപ്പായും  ദുഷിക്കുകയും നശിക്കുകയും ചെയ്യും. അയാളെപ്പറ്റി പറയാവുന്നത് അയാള്‍ ഒരു കൃഷിക്കാരനെ പോലെയാണ് എന്നാണ്. അയാള്‍ക്ക് കൃഷിയും തോട്ടവും മൃഗങ്ങളുമുണ്ട്. അതല്ലെങ്കില്‍ ഇതല്ലാത്ത നേട്ടവും വിജയവും നിരന്തരമായ ബന്ധംകൊണ്ടും പരിചരണം കൊണ്ടും നേടേണ്ടതായ വേറെ പലതും അയാള്‍ക്കുണ്ട് എന്ന് കരുതുക. പക്ഷേ, അയാള്‍ അവയെ ഒന്നും ശ്രദ്ധിക്കാതെ വേറെ പലതിലും വ്യാപൃതനായി. അതിന്റെ കാര്യം പാടെ മറന്നുപോയി. അതിനു നല്‍കേണ്ട ശ്രദ്ധയും പരിചരണവും ഒന്നും നല്‍കാതെയിരുന്നാല്‍ ഉറപ്പായും അത് നശിക്കുമെന്നതില്‍  തര്‍ക്കമില്ല.

വേറൊരാള്‍ക്ക് അയാളുടെ പകരമായി ഈ ഉത്തരവാദിത്തങ്ങളൊക്കെ നിര്‍വഹിക്കാന്‍ പറ്റുമായിരുന്നിട്ടുകൂടി ഇതാണ് സ്ഥിതിയെങ്കില്‍ സ്വന്തം മനസ്സിന്റെയും ആത്മാവിന്റെയും കാര്യത്തില്‍ അവയെ മറന്നുകൊണ്ട് മറ്റു പലതിലും മുഴുകി അവയെ ദുഷിപ്പിക്കുകയും നശിപ്പിക്കുകയും ചെയ്ത, അതിനെ വേണ്ട പോലെ ശ്രദ്ധിക്കുകയും പരിചരിക്കുകയും ചെയ്യാതെ കയ്യൊഴിച്ച ഒരാളെക്കുറിച്ച് എന്തു കരുതുവാനാണ്? അയാളുടെ കാര്യത്തില്‍ എന്തൊരു കുഴപ്പവും നാശവും നഷ്ടവും പരാജയവുമാണ് നീ കരുതുന്നത്?

സ്വന്തം കാര്യത്തില്‍ വീഴ്ചവരുത്തിയ, അല്ലെങ്കില്‍ അതിരുവിട്ടയാളുടെ സ്ഥിതി അയാളുടെ കാര്യങ്ങളെല്ലാം ഛിന്നഭിന്നമായി പോവുകയും അതിന്റെ നേട്ടങ്ങളും ഗുണങ്ങളും നഷ്ടമാവുകയും ചെയ്യും എന്നതാണ്. നാശത്തിന്റെയും നഷ്ടത്തിന്റെയും പരാജയത്തിന്റെയും പല വഴികളും അയാളെ വളഞ്ഞുവെക്കുകയും ചെയ്തിട്ടുണ്ടാവും.

അതില്‍നിന്നൊക്കെയും രക്ഷപ്പെടാനും നിര്‍ഭയത്വവും സമാധാനവും കൈവരിക്കാനും അല്ലാഹുവിനെക്കുറിച്ച നിരന്തരമായ സ്മരണയും ദിക്‌റുമല്ലാതെ മറ്റൊരു മാര്‍ഗമില്ല. അല്ലാഹുവിന് ധാരാളം ‘ദിക്‌റുകള്‍’ അര്‍പ്പിക്കുന്ന നാവും ചുണ്ടുമായിരിക്കണം അയാള്‍ക്കുണ്ടാവേണ്ടത്.

ദിക്‌റുകള്‍ക്ക് തന്റെ ജീവിതത്തില്‍ അര്‍ഹിക്കുന്ന സ്ഥാനം നല്‍കുകയും ഒരിക്കലും അതില്‍നിന്ന് വേറിട്ടുപോകാതെ സൂക്ഷിക്കുകയും വേണം. തന്റെ ശരീരത്തിന് അനിവാര്യമായും നല്‍കുന്ന ഭക്ഷണത്തിന്റെയും ദാഹജലത്തിന്റെയും വസ്ത്രത്തിന്റെയും താമസസ്ഥലത്തിന്റെയും ഒക്കെ പോലെത്തന്നെ അനിഷേധ്യമായ ശ്രദ്ധയും സ്ഥാനവും ദിക്‌റിനും നല്‍കേണ്ടതുണ്ട്. ഭക്ഷണമില്ലെങ്കില്‍ ശക്തി ക്ഷയിക്കുകയും ശരീരം ക്ഷീണിക്കുകയും ചെയ്യും. കൊടുംദാഹത്തിന്റെ സന്ദര്‍ഭത്തില്‍ വെള്ളത്തിന്റെ ആവശ്യകതയും സ്ഥാനവും പ്രത്യേകം പറയേണ്ടതില്ല. ചൂടിലും തണുപ്പിലും സുരക്ഷയേകുന്ന വസ്ത്രവും പാര്‍പ്പിടവും ഏതൊരാളുടെയും അടിസ്ഥാന ആവശ്യങ്ങളില്‍ പെട്ടതാണ്.

അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയും കീര്‍ത്തനങ്ങളും (ദിക്‌റുകളും) ഒരു യഥാര്‍ഥ അടിമയെ സംബന്ധിച്ചിടത്തോളം ഇതിനെക്കാള്‍ മനോഹരമായ സ്ഥാനത്ത് അവരോധിക്കാന്‍ കടപ്പെട്ടതാണ്. ആത്മാവിന്റെയും ഹൃദയത്തിന്റെയും ദോഷവും നാശവും ശരീരത്തിന്റെ നാശത്തെക്കാളും ദോഷത്തെക്കാളും എത്രമാത്രം ഗുരുതരമല്ല!

ശരീരത്തിന്റെ ശക്തി ക്ഷയിക്കുന്നതും അതിനുണ്ടാകുന്ന നഷ്ടങ്ങളും നഷ്ടങ്ങള്‍ തന്നെയാണ്. എന്നാലും ഒരുപക്ഷേ ആ നഷ്ടങ്ങള്‍ നികത്തി അതിന്റെ നേട്ടങ്ങളും ഐശ്വര്യങ്ങളും വീണ്ടെടുക്കാന്‍ സാധിച്ചേക്കും. എന്നാല്‍ ഹൃദയത്തിന്റെയും ആത്മാവിന്റെയും നാശം പിന്നീട് ഒരിക്കലും നേട്ടവും വിജയവും പ്രതീക്ഷിക്കാന്‍ കഴിയാത്തത്ര ഗുരുതരമാണ്. ലാ ഹൗല വലാ ക്വുവ്വത ഇല്ലാ ബില്ലാഹ് (അല്ലാഹുവിനെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും കഴിവുമില്ല).

അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്നതിലൂടെ ഇതല്ലാതെ മറ്റൊരു നേട്ടവുമില്ല എന്ന് സങ്കല്‍പിച്ചാല്‍ പോലും ദിക്‌റിനെ കാര്യമായി ശ്രദ്ധിക്കാനും പരിഗണിക്കാനും പര്യാപ്തമാണിത്.

ആരെങ്കിലും അല്ലാഹുവിനെ മറന്നുകളഞ്ഞാല്‍ അയാളുടെ നഫ്‌സിനെത്തന്നെ ദുനിയാവില്‍ അവന്‍ മറപ്പിച്ചുകളയുകയും ചെയ്യും. അന്ത്യനാളില്‍ ശിക്ഷയില്‍ അയാളെ ഉപേക്ഷിക്കും. അല്ലാഹു പറയുന്നു:

”എന്റെ ഉല്‍ബോധനത്തെ വിട്ട് വല്ലവനും തിരിഞ്ഞുകളയുന്ന പക്ഷം തീര്‍ച്ചയായും അവന്ന് ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്കുക. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അവനെ നാം അന്ധനായ നിലയില്‍ എഴുന്നേല്‍പിച്ച് കൊണ്ടുവരുന്നതുമാണ്” (ക്വുര്‍ആന്‍ 20:124).

അതായത്, നീ നമ്മുടെ ദൃഷ്ടാന്തങ്ങളെ  വിസ്മരിച്ച് അവയില്‍നിന്ന് ഉദ്‌ബോധനം ഉള്‍കൊള്ളാനോ അവയനുസരിച്ച് പ്രവര്‍ത്തിക്കാനോ തയ്യാറാവാതെ കയ്യൊഴിച്ചതുപോലെ നീയും ശിക്ഷയില്‍ തള്ളപ്പെട്ടിരിക്കുകയാണ്.

അല്ലാഹുവിന്റെ ‘ദിക്‌റില്‍’നിന്നുള്ള പിന്തിരിയല്‍ എന്ന് പറഞ്ഞതിന്റെ വിവക്ഷയില്‍ ഒന്ന് അല്ലാഹു ഇറക്കിയ ‘ദിക്ര്‍ ‘(ഉല്‍ബോധനം) അഥവാ അവന്റെ വിശുദ്ധ ഗ്രന്ഥമായ ക്വുര്‍ആനാണ്. അതാണ് ഇവിടെ പ്രധാനമായും ഉദ്ദേശിക്കപ്പെടുന്നത്. മറ്റൊന്ന് അല്ലാഹുവിനെ സ്മരിക്കുന്നതില്‍നിന്നുള്ള പിന്തിരിയലാണ്. അതായത്, അവന്റെ വിശുദ്ധഗ്രന്ഥത്തിലൂടെയും അവന്റെ ഉല്‍കൃഷ്ടമായ നാമങ്ങളും വിശേഷണങ്ങളും മുഖേനയും അവന്റെ വിധിവിലക്കുകളും അനുഗ്രഹങ്ങളും ഔദാര്യങ്ങളും മുഖേനയുള്ള സ്മരണ. ഇവയെല്ലാം അല്ലാഹുവിന്റെ വിശുദ്ധ ഗ്രന്ഥത്തില്‍നിന്നുള്ള പിന്തിരിയലിന്റെ അനുബന്ധങ്ങളാണ്. മേല്‍പറഞ്ഞ ആയത്തില്‍ പരാമര്‍ശിക്കപ്പെട്ട ‘ദിക്ര്‍’ എന്ന പ്രയോഗം ‘ഉല്‍ബോധനം’ എന്ന അര്‍ഥത്തില്‍ ക്വുര്‍ആനിനെ ഉദ്ദേശിച്ചാകാം. അല്ലെങ്കില്‍ ‘സ്മരണ’ എന്ന അര്‍ഥത്തില്‍ അല്ലാഹുവിനെക്കുറിച്ചുള്ള ഓര്‍മയും അവനുള്ള സ്‌തോത്രകീര്‍ത്തനകളും ആകാം.

അതായത് ആരെങ്കിലും എന്റെ ഗ്രന്ഥത്തില്‍നിന്ന് പിന്തിരിയുകയും അത് പാരായണം ചെയ്യാതെയും അതിനെപ്പറ്റി ഉറ്റാലോചിക്കാതെയും അതിനനുസരിച്ച് പ്രവര്‍ത്തിക്കാതെയും അത് പഠിച്ചുമനസ്സിലാക്കാതെയും അതിനെ കയ്യൊഴിച്ചാല്‍ തീര്‍ച്ചയായും അത്തരക്കാരുടെ ജീവിതം ഞെരുക്കമേറിയതും പ്രയാസങ്ങള്‍ നിറഞ്ഞതുമായിരിക്കും. അത് അവര്‍ക്ക് പീഡനവും ശിക്ഷയുമായിരിക്കും.

‘കുടുസ്സായ ജീവിതം’ എന്ന പ്രയോഗം തന്നെ ഏറെ ചിന്തനീയമാണ്. ഞെരുക്കവും കാഠിന്യവും പ്രയാസങ്ങളും നിറഞ്ഞ ജീവിതവും അപ്രകാരംതന്നെ ബര്‍സഖീ ജീവിതത്തിന്റെ ശിക്ഷകളും കഷ്ടതകളുമാണ് അതിന്റെ വിവക്ഷ എന്നും ചില വിശദീകരണങ്ങള്‍ നല്‍കപ്പെട്ടിട്ടുണ്ട്. യഥാര്‍ഥത്തില്‍ അത് ഇഹലോകത്തെ ജീവിതവും ക്വബ്‌റിലെ ശിക്ഷയും രണ്ടും ഉള്‍കൊള്ളുന്നതാണ്. ഈ രണ്ട് അവസ്ഥയിലും അത്തരക്കാര്‍ ഞെരുക്കത്തിലും പ്രയാസങ്ങളിലും തന്നെയായിരിക്കും. പരലോകത്ത് വെച്ചാകട്ടെ ഉപേക്ഷിക്കപ്പെട്ട നിലയിലുമായിരിക്കും.

ഇതിന് നേര്‍ വിപരീതമാണ് ജീവിത വിജയത്തിന്റെയും സൗഭാഗ്യത്തിന്റെയും ആളുകള്‍. ഇവരുടെ ഇഹലോക ജീവിതവും ബര്‍സഖീജീവിതവും ഏറെ വിശിഷ്ടമായിരിക്കും. പരലോകത്താകട്ടെ അവര്‍ക്ക് ഏറ്റവും ശ്രേഷ്ഠമായ പ്രതിഫലവുമുണ്ടായിരിക്കും. അല്ലാഹു പറയുന്നു:

”ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്…” (ക്വുര്‍ആന്‍ 16:97). ഇത് ഐഹിക ജീവിതത്തില്‍ വെച്ചാണ്. എന്നിട്ട് അല്ലാഹു പറഞ്ഞു:

”അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക് നല്‍കുകയും ചെയ്യും” (ക്വുര്‍ആന്‍ 16:97).

അല്ലാഹു തആലാ പറയുന്നു: ”അക്രമത്തിന് വിധേയരായതിന് ശേഷം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞ് പോയവരാരോ അവര്‍ക്ക് ഇഹലോകത്ത് നാം നല്ല താമസസൗകര്യം ഏര്‍പെടുത്തികൊടുക്കുകതന്നെ ചെയ്യും. എന്നാല്‍, പരലോകത്തെ പ്രതിഫലം തന്നെയാകുന്നു ഏറ്റവും മഹത്തായത്. അവര്‍ (അത്) അറിഞ്ഞിരുന്നുവെങ്കില്‍!” (ക്വുര്‍ആന്‍ 16:41).

അല്ലാഹു പറയുന്നു: ”നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുകയും എന്നിട്ട് അവനിലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. എങ്കില്‍ നിര്‍ണിതമായ ഒരു അവധിവരെ അവന്‍ നിങ്ങള്‍ക്ക് നല്ല സൗഖ്യമനുഭവിപ്പിക്കുകയും, ഉദാരമനസ്ഥിതിയുള്ള എല്ലാവര്‍ക്കും തങ്ങളുടെ ഉദാരതയ്ക്കുള്ള പ്രതിഫലം നല്‍കുകയും ചെയ്യുന്നതാണ്. നിങ്ങള്‍ തിരിഞ്ഞുകളയുന്ന പക്ഷം ഭയങ്കരമായ ഒരു ദിവസത്തിലെ ശിക്ഷ നിങ്ങളുടെമേല്‍ ഞാന്‍ നിശ്ചയമായും ഭയപ്പെടുന്നു” (ക്വുര്‍ആന്‍ 11:3).

ആദ്യത്തില്‍ പറഞ്ഞത് ദുനിയാവിലുള്ളതും അവസാനത്തില്‍ പറഞ്ഞത് പരലോകത്തുള്ളതും.

അല്ലാഹു പറയുന്നു: ”പറയുക: വിശ്വസിച്ചവരായ എന്റെ ദാസന്‍മാരേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. ഈ ഐഹികജീവിതത്തില്‍ നന്മ പ്രവര്‍ത്തിച്ചവര്‍ക്കാണ് സല്‍ഫലമുള്ളത്. അല്ലാഹുവിന്റെ ഭൂമിയാകട്ടെ വിശാലമാകുന്നു. ക്ഷമാശീലര്‍ക്കുതന്നെയാകുന്നു തങ്ങളുടെ പ്രതിഫലം കണക്കുനോക്കാതെ നിറവേറ്റി കൊടുക്കപ്പെടുന്നത്” (ക്വുര്‍ആന്‍ 39:10).

നന്മ ചെയ്തവര്‍ക്ക് തങ്ങളുടെ സുകൃതങ്ങളുടെ ഫലമായി ഇരുലോകത്തും അല്ലാഹു പ്രതിഫലം നല്‍കുമെന്ന് അല്ലാഹു പറഞ്ഞ നാല് സന്ദര്‍ഭങ്ങളാണ് ഈ സൂക്തങ്ങള്‍. സുകൃതങ്ങള്‍ക്ക് അനിവാര്യമായ ചില പ്രതിഫലങ്ങള്‍ ഇഹലോകത്തുവെച്ചുതന്നെയുണ്ടാകും. അപ്രകാരംതന്നെ ദുഷ്‌കര്‍മങ്ങള്‍ക്കും അനിവാര്യമായ ചില പ്രതിഫങ്ങള്‍ ഈ ലോകത്തുവെച്ച് ഉണ്ടാകുന്നതാണ്.

സുകൃതം ചെയ്യുന്നവര്‍ക്ക് നല്‍കപ്പെടുന്ന ഹൃദയവിശാലതയും സന്തോഷവും വിശാല മനസ്‌കതയും പടച്ച റബ്ബുമായുള്ള ഇടപാട് മുഖേനയുള്ള ആസ്വാദനവും അല്ലാഹുവിനെ വഴിപ്പെടലും സ്മരിക്കലും അതിലൂടെ ലഭ്യമാകുന്ന ആത്മീയ സുഖവും തന്റെ റബ്ബിനെക്കൊണ്ടുള്ള അയാളുടെ ആഹ്ലാദവും സന്തോഷവും ബഹുമാന്യനായ ഒരു രാജാവിന്റെ അടുത്ത ബന്ധു ആ രാജാവിന്റെ അധികാരാധിപത്യത്താല്‍ സന്തോഷിക്കുന്നതിനെക്കാളും എത്രയോ വലുതായിരിക്കും!

എന്നാല്‍ ദുഷ്‌കര്‍മം ചെയ്യുന്നവര്‍ക്ക് നല്‍കപ്പെടുന്ന മനസ്സിന്റെ കുടുസ്സതയും ഹൃദയകാഠിന്യവും ആസ്വസ്ഥതയും ഇരുട്ടും ദേഷ്യവും വെറുപ്പും ശത്രുതയും ഹൃദയവേദനയും ദുഖവും സങ്കടവും എല്ലാം ജീവനും ബോധവുമുള്ള ഒരാളും നിഷേധിക്കുമെന്ന് പോലും തോന്നുന്നില്ല. മാത്രമല്ല അത്തരം ദുഃഖങ്ങളും സങ്കടങ്ങളും മനോവ്യഥകളും മനസ്സിന്റെ കുടുസ്സതയുമെല്ലാം ഇഹലോകത്തുവെച്ചുള്ള ശിക്ഷയും ദുനിയാവിലെ കണ്‍മുന്നിലുള്ള നരകയാതനകളുമാണ്.

അല്ലാഹുവിലേക്ക് മുന്നിടലും അവനിലേക്ക് ഖേദിച്ച് മടങ്ങലും അവനിലേക്ക് തൃപ്തിപ്പെടലും അവനോടുള്ള സ്‌നേഹത്താല്‍ ഹൃദയം നിറയലും സദാ അവനെ സ്മരിച്ചുകൊണ്ടിരിക്കുകയും അവനെ കൂടുതല്‍ അറിയുന്നതിലൂടെയുണ്ടാകുന്നു. സന്തോഷവും ആഹ്ലാദവും മനസ്സമാധാനവുമെല്ലാം ദുനിയാവില്‍ കിട്ടുന്ന പ്രതിഫലവും കണ്‍മുന്നിലുള്ള സ്വര്‍ഗവുമാണ്. ആ ജീവിതത്തോട് ദുനിയാവിലെ ഒരു രാജാവിന്റെ ജീവിതവും എത്തുകയില്ല.

എന്റെ ഗുരുനാഥന്‍ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ(റഹി) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്: ‘നിശ്ചയം! ദുനിയാവില്‍ ഒരു സ്വര്‍ഗമുണ്ട്. അതില്‍ പ്രവേശിക്കാത്തവര്‍ക്ക് പരലോകത്തെ സ്വര്‍ഗത്തിലും കടക്കാനാവില്ല.’

അദ്ദേഹം ഒരിക്കല്‍ എന്നോട് പറഞ്ഞു: ‘എന്റെ ശത്രുക്കള്‍ക്ക് എന്നെ എന്തു ചെയ്യാനാണ് പറ്റുക? എന്റെ സ്വര്‍ഗവും തോട്ടവുമൊക്കെ എന്റെ ഹൃദയത്തിലാണ്. ഞാന്‍ എവിടെ പോയാലും അവയെല്ലാം വേര്‍പിരിയാതെ എന്റെ കൂടെത്തന്നെയുണ്ട്. എന്റെ തടവറ എനിക്കുള്ള സ്വസ്ഥതയും എകാന്തതയുമാണ്. എന്റെ മരണമാകട്ടെ എന്റെ ശഹാദത്തും (രക്തസാക്ഷിത്വം) എന്നെ എന്റെ നാട്ടില്‍നിന്ന് പുറത്താക്കല്‍ എനിക്കുള്ള വിനോദയാത്രയുമാണ്’ (ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ(റഹി)യുടെ മജ്മുഅ ഫതാവ, 3/259 കാണുക).

ഒരിക്കല്‍ അദ്ദേഹം തന്റെ തടവറയില്‍ വെച്ച് ഇപ്രകാരം പറയുകയുണ്ടായി: ‘ഈ കോട്ട നിറച്ചു ഇവര്‍ക്ക് ഞാന്‍ സ്വര്‍ണം നല്‍കിയാല്‍ പോലും ഈ അനുഗ്രഹത്തിനു തുല്യമായ നന്ദിയാകുമെന്ന് ഞാന്‍ കരുതുന്നില്ല.’ അതായത് അവരെനിക്ക് നന്മക്ക് നിമിത്തമായതിന് പകരമായി ഞാനവര്‍ക്ക് പ്രത്യുപകാരം ചെയ്തതാകില്ല.

അദ്ദേഹം ബന്ധനസ്ഥനായി കഴിയവെ സുജൂദില്‍ കിടന്ന് ഇപ്രകാരം പറയുമായിരുന്നു: ‘അല്ലാഹുമ്മ അഇന്നീ അലാ ദിക് രിക വ ശുക്‌രിക വ ഹുസ്‌നി ഇബാദത്തിക’ (അല്ലാഹുവേ നിന്നെ സ്മരിക്കുവാനും നിനക്ക് നന്ദി ചെയ്യുവാനും നല്ല രൂപത്തില്‍ നിനക്ക് ഇബാദത്ത് നിര്‍വഹിക്കുവാനും എന്നെ നീ സഹായിക്കണേ ). മാശാ അല്ലാഹ്!

ഒരിക്കല്‍ എന്നോട് അദ്ദേഹം പറഞ്ഞു: ‘തന്റെ റബ്ബില്‍നിന്ന് ഹൃദയത്തെ തടഞ്ഞുവെക്കപ്പെട്ടവനാണ് യഥാര്‍ഥ തടവറയിലകപ്പെട്ടവന്‍. ദേഹേച്ഛയുടെ പിടിയിലകപ്പെട്ടവനാണ് യഥാര്‍ഥ ബന്ധനസ്ഥന്‍.’

അദ്ദേഹത്തെ തടവറയിലേക്ക് കൊണ്ടുപോകുമ്പോള്‍ അതിന്റെ മതില്‍ക്കെട്ടുകളിലേക്ക് നോക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു: ”…അപ്പോള്‍ അവര്‍ക്കിടയില്‍ ഒരു മതില്‍ കൊണ്ട് മറയുണ്ടാക്കപ്പെടുന്നതാണ്. അതിന് ഒരു വാതിലുണ്ടായിരിക്കും. അതിന്റെ ഉള്‍ഭാഗത്താണ് കാരുണ്യമുള്ളത്. അതിന്റെ പുറം ഭാഗത്താകട്ടെ ശിക്ഷയും” (ക്വുര്‍ആന്‍ 57:13).

(അവസാനിച്ചില്ല)

ശമീര്‍ മദീനി

നേർപഥം 

ആരാധനകള്‍ക്കൊരു ആമുഖം(ഭാഗം: 14)

ആരാധനകള്‍ക്കൊരു ആമുഖം(ഭാഗം: 14)

(13) അത് (ദിക്ര്‍) അറിവിന്റെ വലിയൊരു വാതില്‍ അയാള്‍ക്ക് തുറന്നുകൊടുക്കും ദിക്ര്‍ അധികരിപ്പിക്കുന്നതിനനുസരിച്ച് പ്രസ്തുത ജ്ഞാനവും അയാള്‍ക്ക് അധികരിച്ചുകൊണ്ടിരിക്കും.

(14) സ്രഷ്ടാവിനെക്കുറിച്ചുള്ള ഭക്തിയും ബഹുമാനവും ആദരവും അതിലൂടെ കൈവരും. ‘ദിക്ര്‍’ ഒരാളുടെ മനസ്സില്‍ ആധിപത്യമുറപ്പിക്കുന്നതിനനുസരിച്ചും അല്ലാഹുവുമായുള്ള അയാളുടെ സാന്നിധ്യവും ബന്ധവുമനുസരിച്ചും അത് ശക്തിപ്പെടും. എന്നാല്‍ ദിക്‌റില്‍നിന്ന് അകന്ന അശ്രദ്ധയുടെ ആളുകളാവട്ടെ, അവരുടെ മനസ്സുകളില്‍ അല്ലാഹുവിനോടുള്ള ഭക്തിയും ആദരവുമൊക്കെ വളരെ ശോഷിച്ചതുമായിരിക്കും.

(15) അല്ലാഹു അയാളെയും ഓര്‍ക്കുന്നതിന് ‘ദിക്ര്‍’ കാരണമാകുന്നു. അല്ലാഹു പറഞ്ഞതുപോലെ; ‘ആകയാല്‍ നിങ്ങള്‍ എന്നെ ഓര്‍ക്കുവിന്‍, എങ്കില്‍ ഞാന്‍ നിങ്ങളെയും ഓര്‍ക്കുന്നതാണ്’ (ക്വുര്‍ആന്‍ 2:152).

‘ദിക്‌റിലൂടെ’ ഈയൊരു നേട്ടമല്ലാതെ മറ്റൊന്നുമില്ലായെന്നുവന്നാല്‍പോലും ഇതുതന്നെ അതിന്റെ മഹത്ത്വവും ശ്രേഷ്ഠതയുമായി ധാരാളം മതിയാകുന്നതാണ്.

 അല്ലാഹു പറഞ്ഞതായി നബി ﷺ ഒരു (ക്വുദ്‌സിയായ) ഹദീഥിലൂടെ ഇങ്ങനെ പറഞ്ഞിരിക്കുന്നു: ”ആരെങ്കിലും എന്നെ തന്റെ മനസ്സില്‍ സ്മരിച്ചാല്‍ ഞാന്‍ അയാളെയും എന്റെ മനസ്സില്‍ സ്മരിക്കും. ആരെങ്കിലും എന്നെ ഒരു സദസ്സില്‍ സ്മരിച്ചാല്‍ അതിനെക്കാള്‍ ഉത്തമമായ ഒരു സദസ്സില്‍ ഞാന്‍ അയാളെയും സ്മരിക്കുന്നതാണ്” (ബുഖാരി, മുസ്‌ലിം).

(16) അത് ഹൃദയത്തിന് നവജീവന്‍ നല്‍കും. ഗുരുനാഥന്‍ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ(റഹി) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്: ‘ദിക്ര്‍ ഹൃദയത്തെ സംബന്ധിച്ചിടത്തോളം മത്സ്യത്തിനു വെള്ളം എന്നപോലെയാണ്. വെള്ളത്തില്‍നിന്ന് പുറത്തെടുത്താല്‍ മത്സ്യത്തിന്റെ അവസ്ഥ എന്തായിരിക്കും?’

(17) അത് ഹൃദയത്തിന്റെ ഭക്ഷണവും ചൈതന്യവുമാണ്. അത് ഒരാള്‍ക്ക് നഷ്ടപ്പെട്ടാല്‍ അന്നപാനീയങ്ങള്‍ തടയപ്പെട്ട ശരീരംപോലെയായിരിക്കും.

ഞാനൊരിക്കല്‍ ഗുരുനാഥന്‍ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ(റഹി)യുടെ അടുക്കല്‍ ചെന്നു. സ്വുബ്ഹി നമസ്‌കരിച്ച ശേഷം അദ്ദേഹം അല്ലാഹുവിന് ‘ദിക്ര്‍’ ചെയ്തുകൊണ്ട് ഏകദേശം മധ്യാഹ്നം വരെ അവിടെത്തന്നെ ഇരുന്നു. എന്നിട്ട് എന്റെ നേരെ നോക്കിക്കൊണ്ട് (ഈ ആശയത്തില്‍) പറഞ്ഞു: ‘ഇത് എന്റെ ഭക്ഷണമാണ്. ഭക്ഷണം ഞാന്‍ കഴിച്ചില്ലെങ്കില്‍ എന്റെ ശക്തി ക്ഷയിച്ചുപോകും.’

 മറ്റൊരിക്കല്‍ അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്: ”ഞാന്‍ ‘ദിക്ര്‍’ (റബ്ബിനുള്ള സ്‌തോത്ര കീര്‍ത്തനങ്ങള്‍) ഒഴിവാക്കാറില്ല. അഥവാ ഒഴിവാക്കുകയാണെങ്കില്‍ മറ്റൊരു ‘ദിക്‌റി’നു വേണ്ടി തയ്യാറെടുക്കാനായിരിക്കും ആ വേള ഞാന്‍ശ്രദ്ധിക്കുക.”

(18) അത് ഹൃദയത്തിന്റെ അഴുക്കും കറകളും നീക്കുന്നതാണ്; മുമ്പ് ഹദീഥില്‍ വിവരിച്ചത് പോലെ. ഓരോന്നിനും അഴുക്കും തുരുമ്പുമുണ്ട്. ഹൃദയത്തിന്റെ തുരുമ്പ് ദേഹേച്ഛയും അശ്രദ്ധയുമാണ്. അത് നീക്കി ശുദ്ധിയാക്കാന്‍ സാധിക്കുന്നത് ദിക്‌റും തൗബയും (പശ്ചാത്താപം) ഇസ്തിഗ്ഫാറും (പാപം പൊറുക്കാന്‍ തേടല്‍) കൊണ്ടാണ്. മുമ്പ് ഈ ആശയം വിശദമാക്കിയതോര്‍ക്കുക.

(19) അത് തെറ്റുകളെ മായ്ച്ചുകളയും. നിശ്ചയം, ദിക്ര്‍ ഏറ്റവും മഹത്തായ നന്മയാണ്. നന്മകള്‍ തിന്മകളെ നീക്കിക്കളയുന്നതാണ്.

(20) അത് ഒരു അടിമയുടെയും റബ്ബിന്റെയും ഇടയിലുള്ള ഇണക്കക്കുറവ് ഇല്ലാതാക്കും. തീര്‍ച്ചയായും ദിക്‌റില്‍നിന്ന് അകന്ന് അശ്രദ്ധയില്‍ കഴിയുന്ന വ്യക്തിക്കും അല്ലാഹുവിനുമിടയില്‍ ഒരുതരം ഇണക്കക്കുറവുണ്ടാകും. ‘ദിക്‌റി’ലൂടെ മാത്രമെ അത് ഇല്ലാതാവുകയുള്ളൂ.

(21) ഒരു അടിമ അല്ലാഹുവിന്റെ പരിശുദ്ധിയെ വാഴ്ത്തിയും അവന് സ്‌തോത്ര കീര്‍ത്തങ്ങള്‍ അര്‍പ്പിച്ചും ഉരുവിടുന്ന ദിക്‌റുകള്‍ മുഖേന അല്ലാഹുവിങ്കല്‍ പ്രശംസിക്കപ്പെടും.

ഇമാം അഹ്മദ്(റഹി) തന്റെ മുസ്‌നദില്‍ ഇപ്രകാരം ഉദ്ധരിക്കുന്നു: ”നബി ﷺ പറഞ്ഞു: ‘നിശ്ചയമായും അല്ലാഹുവിന്റെ മഹത്ത്വം വാഴ്ത്തിക്കൊണ്ട് നിങ്ങള്‍ ഉരുവിടുന്ന ‘തഹ്‌ലീലും’ (ലാ ഇലാഹ ഇല്ലല്ലാഹു എന്ന വചനം) ‘തക്ബീറും’ (അല്ലാഹു അക്ബര്‍ എന്ന വചനം) ‘തഹ്മീദും’ (അല്‍ഹംദുലില്ലാഹ് എന്ന വചനം) അല്ലാഹുവിന്റെ അര്‍ശിന് ചുറ്റും വലയംചെയ്യും. അവയ്ക്ക് തേനീച്ചയുടെ ശബ്ദത്തിനു സമാനമായ ഒരു ശബ്ദം ഉണ്ടായിരിക്കും. ആ വചനങ്ങള്‍ അവ ഉരുവിട്ട ആളുകളെക്കുറിച്ച് വിളിച്ചു പറഞ്ഞുകൊണ്ടിരിക്കും. അല്ലാഹുവിന്റെയടുക്കല്‍ അപ്രകാരം നിങ്ങളെക്കുറിച്ചും പറയപ്പെടാന്‍ നിങ്ങള്‍ക്ക് ആഗ്രഹമില്ലേ?” (അഹ്മദ്, ഇബ്‌നുമാജ, ബസ്സാര്‍, ഹാകിം മുതലായവര്‍ ഉദ്ധരിച്ചത്. സില്‍സിലതുസ്സ്വഹീഹയില്‍ (3358) ശൈഖ് അല്‍ബാനി സ്വഹീഹ് എന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്).

(22) ഒരു ദാസന്‍ തന്റെ ക്ഷേമകാലത്ത് അല്ലാഹുവിനെ സ്മരിക്കുകവഴി അവനെ തിരിച്ചറിഞ്ഞാല്‍ ക്ഷാമകാലത്ത് അല്ലാഹു അയാളെയും കണ്ടറിയുന്നതാണ്. ഒരു ഹദീഥില്‍ ഇപ്രകാരം  കൂടി ആശയം വന്നിട്ടുണ്ട്: ‘നിശ്ചയം, അല്ലാഹുവിന് വഴിപ്പെട്ട് ജീവിക്കുകയും അവനെ ധാരാളമായി സ്മരിക്കുകയും ചെയ്യുന്ന ഒരു അടിമക്ക് വല്ല പ്രയാസവും ബാധിച്ചാല്‍, അതല്ലെങ്കില്‍ അല്ലാഹുവിനോട് അയാള്‍ വല്ല ആവശ്യവും ചോദിച്ചാല്‍ മലക്കുകള്‍ പറയുമത്രെ: ‘രക്ഷിതാവേ, സുപരിചിതനായ ദാസന്റെ പരിചയമുള്ള ശബ്ദമാണല്ലോ.’

 എന്നാല്‍ അല്ലാഹുവിനെ സ്മരിക്കുന്നതില്‍നിന്നകന്ന് അശ്രദ്ധയില്‍ കഴിയുന്ന ഒരാള്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയോ വല്ലതും ചോദിക്കുകയോ ചെയ്താല്‍ മലക്കുകള്‍ പറയുമത്രെ: ‘രക്ഷിതാവേ, അപരിചിതനായ മനുഷ്യനില്‍നിന്നുള്ള അപരിചിതമായ ശബ്ദമാണല്ലോ’ (ഇബ്‌നു അബീശൈബ തന്റെ മുസ്വന്നഫിലും ബൈഹക്വി ‘ശുഅബുല്‍ ഈമാനി’ലും സല്‍മാനുല്‍ ഫാരിസിയുടെ വാക്കായിട്ട് (മൗക്വൂഫ്) ഉദ്ധരിച്ചത്).

(23) അത് അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് രക്ഷപ്പെടുത്തുന്ന സംഗതിയാണ്. മുആദ്(റ) പറഞ്ഞത് പോലെ; ‘അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് രക്ഷ നല്‍കുന്ന ഒരു കര്‍മവും അല്ലാഹുവിനെ സ്മരിക്കുന്നതിനെക്കാള്‍ മികച്ചതായി ഒരാളും ചെയ്യുന്നില്ല.’ നബി ﷺ യുടെ വാക്കായും ഇപ്രകാരം ഉദ്ധരിക്കപ്പെടുന്നുണ്ടെങ്കിലും അത് സ്ഥിരപ്പെട്ടുവന്നിട്ടില്ല.

(24) അല്ലാഹുവില്‍നിന്നുള്ള ശാന്തിയിറങ്ങാനും കാരുണ്യം ചൊരിയാനും മലക്കുകള്‍ ദിക്ര്‍ ചൊല്ലുന്നയാളുടെ ചുറ്റിലും കൂടുവാനുമൊക്കെ അത് നിമിത്തമാണ്. നബി ﷺ അറിയിച്ച ഹദീഥില്‍ അത് വന്നിട്ടുള്ളതാണ്.

(25) അല്ലാഹു നിഷിദ്ധമാക്കിയ പരദൂഷണം (ഗീബത്ത്), ഏഷണി (നമീമത്ത്), കളവ്, അശ്ലീലം, നിരര്‍ഥകമായത്, മുതലായവ സംസാരിക്കുന്നതില്‍നിന്ന് നാവിനെ അത് തിരിച്ചുവിടുന്നു. അല്ലാഹുവിനെ സ്മരിച്ചുകൊണ്ട് അവന് സ്‌തോത്രകീര്‍ത്തനങ്ങള്‍ അര്‍പ്പിക്കാതെയും അവന്റെ വിധിവിലക്കുകളെ പ്രതിപാദിക്കാതെയും ഒരാള്‍ കഴിയുകയാണെങ്കില്‍ ഉറപ്പായും ഈ നിഷിദ്ധങ്ങളൊക്കെയും അതല്ലെങ്കില്‍ അവയില്‍ ചിലതെങ്കിലും അയാള്‍ക്ക് പറയേണ്ടി വരും. അതിനാല്‍ അല്ലാഹുവിനെ സ്മരിക്കുന്നതിലൂടെയല്ലാതെ അയാള്‍ക്ക് അതില്‍നിന്ന് രക്ഷപ്പെടാന്‍ വഴിയില്ലതന്നെ.

അനുഭവ സാക്ഷ്യങ്ങളും പരിചയങ്ങളും അത് സത്യപ്പെടുത്തുന്നുണ്ട്. ആരെങ്കിലും തന്റെ നാവിനെ അല്ലാഹുവിനെ പ്രകീര്‍ത്തിക്കാന്‍ പരിചയിപ്പിച്ചാല്‍ അല്ലാഹു അയാളുടെ നാവിനെ നിരര്‍ഥകവും അനാവശ്യവുമായ കാര്യങ്ങളില്‍നിന്നു സംരക്ഷിക്കുന്നതാണ്. നേരെമറിച്ച് അല്ലാഹുവിനെ പ്രകീര്‍ത്തിക്കുന്നതില്‍നിന്നകന്ന ഉണങ്ങിവരണ്ട നാവാണ് ഒരാള്‍ക്കുള്ളതെങ്കില്‍ സര്‍വ അനാവശ്യങ്ങളും വൃത്തികേടുകളും നിരര്‍ഥക സംസാരങ്ങളുംകൊണ്ട് അയാളുടെ നാവു പച്ചപിടിക്കുകയും ചെയ്യും. ലാ ഹൗല വലാക്വുവ്വത്ത ഇല്ലാ ബില്ലാഹ്!(അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു ശക്തിയോ കഴിവോ ഇല്ല).

(26) അല്ലാഹുവിനെ പ്രകീര്‍ത്തിക്കുന്ന സദസ്സുകള്‍ മലക്കുകളുടെ സദസ്സുകള്‍ കൂടിയാണ്. എന്നാല്‍ ദിക്‌റില്‍നിന്നകന്ന, അശ്രദ്ധയുടെയും അനാവശ്യകാര്യങ്ങള്‍ സംസാരിക്കുന്നതുമായ സദസ്സുകളാകട്ടെ പിശാചിന്റെ സദസ്സുകളാണ്. അതില്‍ ഏതാണ് തനിക്ക് പ്രിയങ്കരവും അനുയോജ്യവും ആയിട്ടുള്ളത് എന്ന് ഓരോരുത്തരും തെരഞ്ഞെടുത്തുകൊള്ളട്ടെ. അപ്പോള്‍ അയാള്‍ തന്റെ വക്താക്കളുടെ കൂടെ ഈ ലോകത്തും പരലോകത്തും ഒരുമിച്ചാവുകയും ചെയ്യും.

(27) ‘ദിക്ര്‍’ ചെയ്യുന്നവന്‍ അതിലൂടെ സന്തോഷിക്കും. അവന്റെ കൂടെ ഇരിക്കുന്നവനും അവനെക്കൊണ്ട് സന്തോഷിക്കും. അഥവാ എവിടെയായിരുന്നാലും അനുഗ്രഹിക്കപ്പെട്ടവനാണവന്‍. എന്നാല്‍ ദിക്‌റില്‍നിന്നകന്ന് അശ്രദ്ധയിലും അനാവശ്യകാര്യങ്ങളിലും മുഴുകിയവരാകട്ടെ, തങ്ങളുടെ അശ്രദ്ധകൊണ്ടും അനാവശ്യങ്ങള്‍കൊണ്ടും സങ്കടപ്പെടേണ്ടി വരും; അവര്‍ മാത്രമല്ല, അവരുടെ കൂടെ ഇരുന്നുകൊടുത്തവരും.

(28) അത് അന്ത്യനാളിലെ ഖേദത്തില്‍നിന്ന് നിര്‍ഭയത്വവും ആശ്വാസവും നല്‍കും. റബ്ബിനെ സ്മരിക്കാതെയുള്ള ഏതൊരു സദസ്സും അന്ത്യനാളില്‍ നഷ്ടവും ഖേദവുമായിത്തീരുന്നതാണ്.

(29) റബ്ബിനെക്കുറിച്ചുള്ള സ്മരണ ഒഴിഞ്ഞിരുന്ന് കണ്ണുകള്‍ ഈറനണിഞ്ഞുകൊണ്ടുകൂടിയാണെങ്കില്‍ കൊടിയ ചൂടിന്റെ ദിവസം ‘മഹ്ശറി’ല്‍ അല്ലാഹു ‘അര്‍ശി’ന്റെ തണല്‍ നല്‍കാന്‍ കാരണമാകുന്നതാണ്. തലക്കുമീതെ കത്തിജ്വലിച്ചുകൊണ്ട് നില്‍ക്കുന്ന സൂര്യന്റെ ചൂടില്‍ ആളുകള്‍ ഉരുകിയൊലിച്ചു (വിയര്‍പ്പില്‍ കുളിച്ച്) നില്‍ക്കുമ്പോള്‍ ദിക്‌റിന്റെയാള്‍ക്ക് കാരുണ്യവാനായ അല്ലാഹുവിന്റെ തണല്‍ ലഭിക്കും.

(30) അല്ലാഹുവിന് സ്‌തോത്രകീര്‍ത്തനങ്ങളര്‍പ്പിക്കുന്നതില്‍ മുഴുകുന്നവര്‍ക്ക്, അവനോട് ചോദിക്കുന്നവര്‍ക്ക് നല്‍കുന്നതില്‍വെച്ച് ഏറ്റവും ശ്രേഷ്ഠമായത് നല്‍കുന്നതാണ്. ഉമര്‍(റ) നിവേദനം ചെയ്യുന്ന ഒരു ഹദീഥില്‍ ഇങ്ങനെ കാണാം: നബി ﷺ പറഞ്ഞു: ”അല്ലാഹു പറഞ്ഞിരിക്കുന്നു: ‘ആരെയെങ്കിലും എന്നോട് ചോദിക്കുന്നതില്‍നിന്ന് എന്നെക്കുറിച്ചുള്ള സ്മരണ (ദിക്ര്‍) അശ്രദ്ധമാക്കിയാല്‍ ചോദിക്കുന്നവര്‍ക്ക് നല്‍കുന്നതില്‍വെച്ച് ഏറ്റവും ശ്രേഷ്ഠമായത് ഞാന്‍ അവന് നല്‍കും” (ബുഖാരി താരീഖുല്‍ കബീറിലും ഖല്‍ക്വു അഫ്ആലില്‍ ഇബാദയിലും ഉദ്ധരിച്ചത്).

(അവസാനിച്ചില്ല)

ശമീര്‍ മദീനി

നേർപഥം 

ആരാധനകള്‍ക്കൊരു ആമുഖം(ഭാഗം: 13)

ആരാധനകള്‍ക്കൊരു ആമുഖം(ഭാഗം: 13)

അല്ലാഹു പറയുന്നു: ”അങ്ങനെ നിങ്ങള്‍ ഹജ്ജ് കര്‍മം നിര്‍വഹിച്ചുകഴിഞ്ഞാല്‍ നിങ്ങളുടെ പിതാക്കളെ നിങ്ങള്‍ പ്രകീര്‍ത്തിച്ചിരുന്നത് പോലെയോ അതിനെക്കാള്‍ ശക്തമായനിലയിലോ അല്ലാഹുവെ നിങ്ങള്‍ പ്രകീര്‍ത്തിക്കുക. മനുഷ്യരില്‍ ചിലര്‍ പറയും; ഞങ്ങളുടെ രക്ഷിതാവേ, ഇഹലോകത്ത് ഞങ്ങള്‍ക്ക് നീ (അനുഗ്രഹം) നല്‍കേണമേ എന്ന്. എന്നാല്‍ പരലോകത്ത് അത്തരക്കാര്‍ക്ക് ഒരു ഓഹരിയും ഉണ്ടായിരിക്കുന്നതല്ല” (2:200)

ഇവിടെ അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയെ (ദിക്‌റിനെ) ശക്തവും ധാരാളവും എന്നിങ്ങനെ പ്രത്യേകം പറഞ്ഞിരിക്കുന്നത് ശ്രദ്ധേയമാണ്. ഒരു അടിമക്ക് അത് അത്രമാത്രം അത്യാവശ്യമാണ് എന്നതുകൊണ്ടും അതില്ലാതെ കണ്ണ് ഇമവെട്ടുന്ന സമയം പോലും ധന്യമാവാന്‍ അവന് സാധ്യമല്ല എന്നതുകൊണ്ടുമാണത്. ഏതൊരു നിമിഷമാണോ ഒരു അടിമക്ക് അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയില്‍ (ദിക്‌റില്‍നിന്ന്) മുക്തമായ സമയം ഉള്ളത് അത് അവനുതന്നെയാണ് ദോഷവും ഭാരവുമായിട്ടു വരുന്നത്. അല്ലാഹുവിനെക്കുറിച്ചുള്ള അശ്രദ്ധയിലൂടെ അവന്‍ നേടുന്ന ഏത് ലാഭങ്ങളെക്കാളും കൊടിയനഷ്ടവും പരാജയവുമായിരിക്കും അതിലൂടെ അവന് വന്നുചേരുന്നത്.

സാത്വികരായ ചില പണ്ഡിതന്മാര്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട്: ”ഒരു അടിമ (അല്ലാഹുവിലേക്ക്) ഇന്നാലിന്ന പോലെയൊക്കെ നല്ല രൂപത്തില്‍ ഒരു വര്‍ഷത്തോളം മുന്നിടുകയും എന്നിട്ട് ഒരുനിമിഷം അവനില്‍നിന്ന് തിരിഞ്ഞുകളയുകയും ചെയ്തു എന്ന് കരുതുക. എങ്കില്‍ അവന് നഷ്ടമായതാണ് അവന്‍ നേടിയെടുത്തതിനെക്കാള്‍ ഗുരുതരം.”

ആഇശ(റ)യും അവരുടെ പിതാവ് അബൂബക്കര്‍  സിദ്ദീക്വും(റ) ഇപ്രകാരം നിവേദനം ചെയ്യുന്നു:”ആദമിന്റെ സന്തതിക്ക് അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയില്ലാതെ കഴിഞ്ഞുപോകുന്ന ഏതൊരു സമയത്തെക്കുറിച്ചും അന്ത്യനാളില്‍ കൊടും ഖേദം തോന്നുന്നതാണ്” (ബൈഹക്വി ‘ശുഅബുല്‍  ഈമാനി’ലും ത്വബ്‌റാനി ‘ഔസത്വി’ലും അബൂനുഐം ‘ഹില്‍യ’യിലും ദുര്‍ബലമായ സനദിലൂടെ റിപ്പോര്‍ട്ട് ചെയ്തത്  ഈ ഹദീഥ് ഉദ്ധരിച്ച ശേഷം  ഇമാം ബൈഹക്വി(റഹി) ഇപ്രകാരം രേപ്പെടുത്തി: ‘ഈ ഹദീഥിന്റെ പരമ്പരയില്‍ ദുര്‍ബലതയുണ്ട്. എന്നാല്‍ ഇതിനെ ബലപ്പെടുത്തുന്ന സാക്ഷ്യറിപ്പോര്‍ട്ടുകള്‍  മുആദി(റ)ന്റെ ഹദീഥിലൂടെ വന്നിട്ടുണ്ട്).

നബി ﷺ യില്‍നിന്ന് മുആദുബ്‌നു ജബല്‍(റ) നിവേദനം ചെയ്യുന്നു: ‘അല്ലാഹുവിനെ സ്മരിക്കാതെ കഴിഞ്ഞുപോയ സമയത്തെക്കുറിച്ച് സ്വര്‍ഗവാസികള്‍ പോലും ഖേദിക്കുന്നതാണ്’ (ബൈഹക്വി ‘ശുഅബുല്‍ ഈമാനി’ല്‍ ഉദ്ധരിച്ചത്).

പ്രവാചക പത്‌നി ഉമ്മു ഹബീബ(റ) പറയുന്നു: ”നബി ﷺ ഇപ്രകാരം പറഞ്ഞു: മനുഷ്യന്റെ ഏതൊരു സംസാരവും അവന് നഷ്ടമാണ് വരുത്തുക, പ്രത്യുത ലാഭമല്ല (നന്മ കല്‍പിച്ചതും തിന്മ വിരോധിച്ചതും അല്ലാഹുവിനെ പ്രകീര്‍ത്തിച്ചതും ദിക്ര്‍ ഒഴികെ)” (തിര്‍മിദി, ഇബ്‌നുമാജ, ഹാകിം മുതലായവര്‍ ഉദ്ധരിച്ചത്).

മുആദുബ്‌നു ജബല്‍(റ) നിവേദനം: ”നബി ﷺ യോട് ഞാനൊരിക്കല്‍ ചോദിച്ചു: ‘കര്‍മങ്ങളില്‍ അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായത് ഏതാണ് നബിയേ?’ നബി ﷺ പറഞ്ഞു: ‘നിന്റെ നാവ് അല്ലാഹുവിനെ പ്രകീര്‍ത്തിച്ചുകൊണ്ട് പച്ചപിടിച്ചതായിരിക്കെ നീ മരിക്കുക എന്നതാണ്’ (ത്വബ്‌റാനി, ഇബ്‌നു ഹിബ്ബാന്‍).

 അബുദ്ദര്‍ദാഅ്(റ) പറയുന്നു: ”ഏതൊരു വസ്തുവിനും ഒരു തെളിച്ചമുണ്ട്. നിശ്ചയം, ഹൃദയങ്ങളുടെ തെളിച്ചം അല്ലാഹുവിനെ പ്രകീര്‍ത്തിക്കല്‍ (ദിക്ര്‍) ആണ്” (ബൈഹക്വി ‘ശുഅബുല്‍ ഈമാനി’ല്‍ ഉദ്ധരിച്ചത്).

നിസ്സംശയം, വെള്ളിയും ചെമ്പുമൊക്കെ ശുദ്ധീകരിക്കപ്പെടുന്നത് പോലെ ഹൃദയവും ശുദ്ധീകരിക്കപ്പെടേണ്ടതുണ്ട്. അതിന്റെ ശുദ്ധീകരണം ‘ദിക്ര്‍’കൊണ്ടാണ്. നിസ്സംശയം, ‘ദിക്ര്‍’ ഹൃദയത്തെ വെളുത്ത കണ്ണാടിപോലെ ശുദ്ധീകരിക്കുന്നതാണ്. എന്നാല്‍ റബ്ബിനെ പ്രകീര്‍ത്തിക്കല്‍ (ദിക്ര്‍) ഉപേക്ഷിക്കപ്പെട്ടാല്‍ അതിന് അഴുക്ക് പുരളും. എപ്പോള്‍ സ്‌തോത്ര കീര്‍ത്തനങ്ങള്‍ അര്‍പ്പിക്കപ്പെടുന്നുവോ അപ്പോള്‍ അത് ആ അഴുക്കിനെ നീക്കികളയുകയും ചെയ്യും.

ഹൃദയത്തിന്റെ അഴുക്കും തുരുമ്പും രണ്ട് കാരണങ്ങള്‍കൊണ്ടാണ് ഉണ്ടാകുന്നത്; അശ്രദ്ധകൊണ്ടും പാപംകൊണ്ടും. അതിനെ ശുദ്ധീകരിക്കലും രണ്ട് സംഗതികള്‍ കൊണ്ടാണ്; ഇസ്തിഗ്ഫാര്‍ (പൊറുക്കലിനെ തേടല്‍) കൊണ്ടും സ്‌തോത്ര കീര്‍ത്തനങ്ങള്‍ (ദിക്ര്‍) കൊണ്ടും. ഒരാളുടെ അശ്രദ്ധയാണ് കൂടുതല്‍ സമയമെങ്കില്‍ അഴുക്ക് അയാളുടെ ഹൃദയത്തില്‍ അഴുക്കായി കുമിഞ്ഞുകൂടും. അഥവാ ‘ദിക്‌റി’ല്‍ നിന്ന് അകന്നുകൊണ്ടുള്ള അശ്രദ്ധക്കനുസരിച്ചായിരിക്കും ഹൃദയത്തിലെ മാലിന്യങ്ങളുടെ വര്‍ധനവ്. മനസ്സ് അപ്രകാരം അഴുക്ക് കൂടിയതായാല്‍ വിജ്ഞാനങ്ങളുടെ സദ്ഫലങ്ങള്‍ അതില്‍ ശരിയായ രൂപത്തില്‍ പ്രതിഫലിക്കുകയില്ല. അപ്പോള്‍ നന്മയെ തിന്മയായും തിന്മയെ നന്മയായും ഒക്കെ തലതിരിഞ്ഞായിരിക്കും അയാള്‍ കാണുക. കാരണം അഴുക്കും കറകളും കുമിഞ്ഞുകൂടുമ്പോള്‍ അവിടെ പ്രകാശം നഷ്ടപ്പെട്ട് ഇരുട്ട് പരക്കും. അപ്പോള്‍ വസ്തുതകളെ ശരിയായരൂപത്തില്‍ ദര്‍ശിക്കാനാവില്ല.

അഴുക്കുകള്‍ കുമിഞ്ഞുകൂടുകയും ഹൃദയം കറുത്തുപോവുകയും കറപുരണ്ട് മലീമസമാവുകയും ചെയ്യും. അതിന്റെ ഗ്രാഹ്യശക്തിയും കാര്യങ്ങളെ ശരിയായരൂപത്തില്‍ വിലയിരുത്താനും കോലപ്പെടുത്താനുമൊക്കെയുള്ള കഴിവും നഷ്ടമാകും. അപ്പോള്‍ സത്യം സ്വീകരിക്കാനോ അസത്യത്തെ തിരസ്‌കരിക്കാനോ സാധിക്കാതെ വരും.  അതാണ് ഹൃദയത്തിന് സംഭവിക്കുന്ന മഹാദുരന്തം! അതിന്റെ അടിസ്ഥാനകാരണം ‘ദിക്‌റി’ല്‍നിന്നും അകന്നുകൊണ്ടുള്ള അശ്രദ്ധ(ഗഫ്‌ലത്ത്)യും ദേഹച്ഛകളുടെ പിന്നാലെ പോകുന്നതുമാണ്. നിശ്ചയം! അവരണ്ടും ഹൃദയത്തിന്റെ പ്രകാശം കെടുത്തികളയുകയും അകക്കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തുകയും ചെയ്യും. അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ-ആമീന്‍.

അല്ലാഹു പറയുന്നു: ”തങ്ങളുടെ രക്ഷിതാവിന്റെ മുഖം ലക്ഷ്യമാക്കിക്കൊണ്ട് കാലത്തും വൈകുന്നേരവും അവനോട് പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരുടെകൂടെ നീ നിന്റെ മനസ്സിനെ അടക്കിനിര്‍ത്തുക. ഇഹലോകജീവിതത്തിന്റെ അലങ്കാരം ലക്ഷ്യമാക്കിക്കൊണ്ട് നിന്റെ കണ്ണുകള്‍ അവരെ വിട്ടുമാറിപ്പോകാതിരിക്കട്ടെ. ഏതൊരുവന്റെ ഹൃദയത്തെ നമ്മുടെ സ്മരണയെവിട്ടു നാം അശ്രദ്ധമാക്കിയിരിക്കുന്നുവോ, ഏതൊരുവന്‍ തന്നിഷ്ടത്തെ പിന്തുടരുകയും അവന്റെ കാര്യം അതിരുകവിഞ്ഞതായിരിക്കുകയും ചെയ്തുവോ, അവനെ നീ അനുസരിച്ചു പോകരുത്” (ക്വുര്‍ആന്‍ 18:28).

ഒരാള്‍ ഏതെങ്കിലും ഒരാളെ മാതൃകയായി പിന്‍പറ്റാന്‍  ഉദ്ദേശിക്കുന്നുവെങ്കില്‍ ആദ്യമായി പരിശോധിക്കേണ്ടത് ആ വ്യക്തി അല്ലാഹുവിനെ സ്മരിക്കുന്ന വിജ്ഞാനത്തിന്റെയും ‘ദിക്‌റി’ന്റെയും ആളാണോ അതല്ല അവയ്ക്ക് എതിര്‍ദിശയിലുള്ള അശ്രദ്ധയുടെ (ഗഫ്‌ലത്തിന്റെ) ആളാണോ എന്നതാണ്. അയാളെ നയിക്കുന്നത് അല്ലാഹുവിന്റെ വഹ്‌യാണോ  ദേഹേച്ഛയാണോ എന്നും നോക്കണം. ദേഹേച്ഛക്കനുസരിച്ച് നീങ്ങുന്നവനാണ് അയാളെങ്കില്‍ അശ്രദ്ധയുടെ ആളുകളില്‍ പെട്ടവനായിരിക്കും അയാള്‍. അയാളുടെ കാര്യം അതിരുവിട്ടതായിരിക്കും. ക്വുര്‍ആന്‍ 18:28ല്‍ പറഞ്ഞതുപോലെ അയാളെ അനുഗമിക്കുകയോ പിന്‍പറ്റുകയോ ചെയ്യാന്‍ പാടുള്ളതല്ല. കാരണം, നിസ്സംശയം അയാള്‍ നാശത്തിലേക്കായിരിക്കും കൂട്ടിക്കൊണ്ടുപോകുന്നത്.

‘ഫുറുത്വ’ എന്നത് പല രീതിയില്‍ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. ഒന്ന്, വീഴ്ചവരുത്തല്‍ എന്ന അര്‍ഥത്തിലാണ്. അതായത് അനിവാര്യമായും നിര്‍വഹിക്കേണ്ട തന്റെ കാര്യങ്ങളില്‍ വീഴ്ചവരുത്തുകയും അതിലൂടെ തന്റെ വിവേകവും വിജയവും അയാള്‍ നഷ്ടപ്പെടുത്തുകയും ചെയ്തു എന്ന് സാരം.

മറ്റൊന്ന് അതിരുകവിയല്‍ എന്ന അര്‍ഥത്തിലാണ്. അതായത് ധാരാളിത്തം കാണിക്കുകയും അതിരുകവിയുകയും ചെയ്തു എന്നര്‍ഥം. നാശത്തില്‍പെട്ടു, സത്യത്തിന് എതിരായി എന്നീ അര്‍ഥങ്ങളിലുംവിശദീകരിക്കപ്പെട്ടിട്ടുണ്ട്. പ്രസ്തുത വിവരങ്ങളെല്ലാം തന്നെ പരസ്പരം അടുത്തുനില്‍ക്കുന്ന വാക്കുകളാണ്; അവ തമ്മില്‍ വൈരുധ്യങ്ങളില്ല.

 ചുരുക്കത്തില്‍ ഈ സ്വഭാവങ്ങളുള്ള ആളുകളെ അനുസരിക്കുന്നതും മാതൃകയാക്കുന്നതും അല്ലാഹു വിലക്കിയിരിക്കുന്നു. അതിനാല്‍ ഏതൊരാളും തന്റെ നേതാവും മാതൃകയും ഗുരുവുമായി തെരഞ്ഞെടുക്കുന്നവരെക്കുറിച്ച് നല്ലവണ്ണം ആലോചിക്കണം. മേല്‍ പറയപ്പെട്ട ദുഃസ്വഭാവങ്ങളുടെ ഉടമയാണ് അയാളെങ്കില്‍  എത്രയും പെട്ടെന്ന് അവിടെനിന്ന് അകന്നുപോവണം. ഇനി അതല്ല, അല്ലാഹുവിനെ ധാരാളമായി സ്മരിക്കുകയും പ്രവാചകചര്യ പിന്‍പറ്റുകയും ചെയ്യുന്ന, അതിരുകവിച്ചിലുകളില്ലാത്ത, വിഷയങ്ങളെ അര്‍ഹിക്കുന്ന ഗൗരവത്തിലെടുക്കുന്ന ആളാണെങ്കില്‍ അദ്ദേഹത്തിന്റെ ഉപദേശനിര്‍ദേശങ്ങള്‍ സ്വീകരിച്ചു മുന്നോട്ട് പോയ്‌കൊള്ളട്ടെ!

റബ്ബിനെ സ്മരിക്കുക (ദിക്ര്‍) എന്നുള്ളതാണ് ജീവനുള്ളവനും ജീവനില്ലാത്തവനും തമ്മിലുള്ള പ്രധാന വ്യത്യാസം. റബ്ബിനെ സ്മരിക്കുന്നവരുടെയും സ്മരിക്കാത്തവരുടെയും ഉപമ ജീവനുള്ളവരും ജീവനില്ലാത്തവരും പോലെയാണ്.

ഇമാം അഹ്മദിന്റെ മുസ്‌നദില്‍ ഇങ്ങനെ ഒരു ഹദീഥ് വന്നിട്ടുണ്ട:് ‘ഭ്രാന്തനാണെന്ന് പറയപ്പെടുവോളം നിങ്ങള്‍ അല്ലാഹുവിനെ സ്മരിച്ചുകൊള്ളുക.’

ദിക്‌റിന്റെ മഹത്ത്വങ്ങള്‍

അല്ലാഹുവിനെ സ്മരിക്കുന്നതിലൂടെ ധാരാളം നേട്ടങ്ങള്‍ കൈവരിക്കാവുന്നതാണ്:

1. പിശാചിനെ ആട്ടിയകറ്റാനും പരാജയപ്പെടുത്താനും സാധിക്കും.

2. പരമാകാരുണികനായ അല്ലാഹുവിനെ പ്രീതിപ്പെടുത്താന്‍ കഴിയും.

3. മനസ്സില്‍നിന്ന് സങ്കടങ്ങളും ദുഃഖങ്ങളും ദൂരീകരിക്കാന്‍ സാധിക്കും.

4. മനസ്സിന് സന്തോഷവും ആഹ്ലാദവും ആശ്വാസവും അതിലൂടെ കൈവരുന്നു.

5. മനസ്സിനും ശരീരത്തിനും അത് കരുത്തുപകരും.

6. മുഖത്തെയും ഹൃദയത്തെയും അത് പ്രകാശിപ്പിക്കും.

7. ഉപജീവനം എളുപ്പമാക്കും.

8. റബ്ബിനെ ധാരാളമായി സ്മരിക്കുന്നവര്‍ക്ക് പ്രത്യേക പ്രസന്നതയും മാധുര്യവും ഗാഭീര്യവും ഉണ്ടാവും.

9. തീര്‍ച്ചയായും അത് ഇസ്‌ലാമിന്റെ ആത്മാവായ ‘റബ്ബിനോടുള്ള സ്‌നേഹം’ നമ്മില്‍ ജനിപ്പിക്കും. അതാണല്ലോ മതത്തിന്റെ അച്ചുതണ്ടും ജീവിതവിജയത്തിന്റെയും രക്ഷയുടെയും കേന്ദ്രബിന്ദുവും. നിശ്ചയമായും അല്ലാഹു ഓരോ കാര്യത്തിലും ഓരോ കാരണങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. സ്‌നേഹത്തിന്റെ കാരണമായി നിശ്ചയിച്ചത് നിരന്തരമായ സ്മരണയാണ്. അതിനാല്‍ ആരെങ്കിലും അല്ലാഹുവിന്റെ സ്‌നേഹം കരസ്ഥമാക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവനെക്കുറിച്ചുള്ള സ്മരണ പതിവാക്കിക്കൊള്ളുക. പഠനവും ‘റിവിഷനും’ വിജ്ഞാനത്തിന്റെ വാതിലുകളാണ് എന്നപോലെ ‘ദിക്ര്‍’ സ്‌നേഹത്തിനുള്ള കവാടമാണ്. അതിലേക്കുള്ള ഏറ്റവും മഹത്തായ മാര്‍ഗവും ചൊവ്വായ പാതയുമാണ്.

10. റബ്ബിന്റെ നിരീക്ഷണത്തെക്കുറിച്ചുള്ള ബോധമുണ്ടാകും. അങ്ങനെ ‘ഇഹ്‌സാനി’ന്റെ വാതിലിലൂടെ അത് അയാളെ പ്രവേശിപ്പിക്കും. അപ്പോള്‍ അല്ലാഹുവിനെ നേരില്‍ കാണുന്നതുപോലെ ആരാധനകള്‍ അര്‍പ്പിക്കാന്‍ സാധിക്കും. എന്നാല്‍ അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണകളില്‍നിന്ന് അകന്ന് അശ്രദ്ധനായി ജീവിക്കുന്ന ഒരാള്‍ക്ക് ഈ പറയുന്ന ‘ഇഹ്‌സാനി’ന്റെ തലത്തിലേക്ക് എത്താന്‍ യാതൊരു വഴിയുമില്ല; മടിയനായി ചടഞ്ഞിരിക്കുന്ന ഒരാള്‍ക്ക് വീട്ടിലേക്ക് എത്താന്‍ സാധ്യമല്ലാത്തതുപോലെ.

11. അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങാന്‍ ‘ദിക്ര്‍’ അയാളെ സഹായിക്കും. ‘ദിക്ര്‍’ അധികരിപ്പിച്ചുകൊണ്ട് എത്രകണ്ട് അല്ലാഹുവിലേക്ക് ഒരാള്‍ മടങ്ങുന്നുവോ അത് തന്റെ ഹൃദയംകൊണ്ട് അല്ലാഹുവിലേക്ക് മടങ്ങാന്‍ സദാസമയവും അയാളെ പ്രാപ്തനാക്കും. അങ്ങനെവരുമ്പോള്‍ തന്റെ ഏത് കാര്യത്തിലുമുള്ള അഭയസ്ഥാനവും രക്ഷകേന്ദ്രവും ആശയും ആശ്രയവുമായി അല്ലാഹുവിനെ അയാള്‍ക്ക് കണ്ടെത്താനാവുന്നതാണ്. തന്റെ മനസ്സിന്റെ ലക്ഷ്യവും ആപത്തുകളിലും അപകടങ്ങളിലും തനിക്ക് ഓടിയെത്താനുള്ള ആശ്വാസസ്ഥലവുമായി അല്ലാഹുവിനെ അയാള്‍ക്ക് കാണാന്‍ സാധിക്കും.

12. ദിക്‌റിലൂടെ അല്ലാഹുവിലേക്കുള്ള സാമീപ്യം നേടിയെടുക്കാന്‍ സാധിക്കുന്നു. ഒരാള്‍ എത്രകണ്ട് അല്ലാഹുവിനെ ‘ദിക്ര്‍’ ചെയ്യുന്നവനാണോ അത്രകണ്ട് അയാള്‍ അല്ലാഹുവിലേക്ക് അടുത്തവനായിരിക്കും. എത്ര കണ്ട് അശ്രദ്ധയുടെ (ഗഫ്‌ലത്ത്) ആളാണോ അത്രകണ്ട് അല്ലാഹുവില്‍നിന്ന് അകന്നവനുമായിരിക്കും. (അവസാനിച്ചില്ല)

ശമീര്‍ മദീനി

നേർപഥം