സൈദുബ്നു ഖത്വാബ് (റ)
ഉഹ്ദ് രണാങ്കണം തീപ്പൊരി പാറിക്കൊണ്ടിരുന്ന ഘട്ടത്തിൽ സൈദ് (റ) നാലുപാടും നോക്കാതെ പൊരുതിക്കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ കവ ചം താഴെ വീണു കിടക്കുന്നത് ഉമർ (റ) കണ്ടു. അദ്ദേഹം സഹോദരനോട് ഉച്ചത്തി ൽ വിളിച്ചു
പറഞ്ഞു: “ദേ, ഇതാ നിന്റെ കവചം. ഇതെടുത്ത് ധരിക്കു.’
സൈദ് (റ) ഇങ്ങനെ മറുപടി പറഞ്ഞു: “ഉമറേ, എനിക്ക് വേണ്ടത് കവചമല്ല, രക്തസാക്ഷിത്വമാകുന്നു.”
ഉമർ (റ)ന്റെ ജ്യേഷ്ഠസഹോദരനായിരുന്നു സൈദ് (റ). ഒരു വയസ്സ് വ്യത്യാസമേ അവർ തമ്മിൽ ഉണ്ടായിരുന്നുള്ളു. ഉമർ (റ) ഇസ്ലാമാശ്ലേഷിക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹം മുസ്ലിമായിരുന്നു.
നബി (സ)യുടെ നിര്യാണത്തെ തുടർന്ന് മതപരിത്യാഗികളായിത്തീർന്ന ചില അറബി ഗോത്രങ്ങളുമായി അബുബക്കർ (റ)ന്റെ ഭരണകാലത്ത് നടന്ന സമരങ്ങളിൽ സുപ്രസിദ്ധമായിരുന്നു യമാമയുദ്ധം. പ്രസ്തതയുദ്ധത്തിൽ സൈദ് (റ)ന്റെ സേവനം സ്മരണീയമായിരുന്നു. ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം നിർണ്ണായകമായ ഒരു വിപൽഘട്ടമായിരുന്നു അത്. പ്രവാചകരുടെ നിര്യാണം സൃഷ്ടിച്ച മാനസികവ്യഥക്ക് പുറമെ, അതിന്റെ ശത്രുക്കളും അൽപ വിശ്വാസികളായിരുന്ന മതപരിത്യാഗികളും ഇസ്ലാമിന്റെ അസ്തിത്വം അപകടപ്പെടുത്തുമാറ് സംഘടിച്ചു. അവർ ഇസ്ലാമി നെതിരെ സാമ്പത്തിക ഉപരോതം ഏർപ്പെടുത്തി. പക്ഷെ, ധൈര്യശാലിയും ദൃഢചിത്തനുമായിരുന്ന ഒന്നാം ഖലീഫ പ്രസ്തുത വെല്ലുവിളി നേരിടാൻ തന്നെ തീരുമാനിച്ചു. മദീനയിൽ ഒരു വലിയ സൈന്യത്തെ സസജ്ജമാക്കി. അതിന്റെ നേത്യത്വം സ്വയം ഏറ്റെടുത്ത് യമാമയിലേക്ക് പുറപ്പെടാൻ തീരുമാനിച്ചു. ഖലീഫ മദീന വിട്ട് സമരമുഖ ത്തേക്ക് പുറപ്പെടുന്നത് ഉമറ് (റ)യെ പോലുള്ള പ്രമുഖ സഹാബിമാർ ഇഷ്ടപ്പെട്ടില്ല. അദ്ദേഹം മദീനയിൽ തന്നെ നിൽക്കാനും പകരം പ്രാപ്തനായ ഒരാളെ സൈനിക നേത്യത്വം ഏൽപ്പിക്കാനും അവർ തീരുമാനിച്ചു.
ഖലീഫ, സൈദ് (റ)യെ വിളിച്ച് മുസ്ലിം സൈന്യത്തിന്റെ നേതൃത്വം ഏറ്റെടുക്കാൻ നിർദ്ദേശിച്ചു. സൈദ് (റ) ഇങ്ങനെ മറുപടി പറഞ്ഞു:
“വന്ദ്യരായ ഖലീഫ, ഞാൻ നബി (സ)യുടെ കാലത്ത് തന്നെ രക്തസാക്ഷിയാകണമെന്ന് കൊതിച്ചിരുന്നതാണ്. അന്ന് എനിക്കതിന്ന് സാധിച്ചില്ല. ഇപ്രാവശ്യമെങ്കിലും എനിക്ക് ആ സൗഭാഗ്യം ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഒരു സൈന്യനായകന്ന് രണാങ്കണത്തിൽ നേരിട്ടിറങ്ങി യുദ്ധം ചെയ്യാൻ സാധ്യമല്ലല്ലോ. അതുകൊണ്ട് എന്നെ ആ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാക്കിയാലും.”
അദ്ദേഹത്തിന്റെ അഭ്യർഥന മാനിച്ച് ഖലീഫ, സൈദ് (റ)യെ ആ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാക്കിക്കൊടുത്തു.
യമാമയിലെ കള്ളപ്രവാചകനായിരുന്ന മുസൈലിമയുടെ ഒന്നാമത്ത അനുയായിയായിരുന്ന റജ്ജാല്ബ്നുഉൻഫുവ.
ആദ്യകാലത്ത് ഒരു മുസ്ലിമായിരുന്ന ഇദ്ദേഹം നബി (സ)യുടെ നിര്യാണത്തെ തുടർന്ന് , മുസൈലിമയുടെ ജനപിന്തുണയും വിജയസാധ്യതയും കണ്ടു അയാളെ പിന്തുടരുകയാണ് ചെയ്തത്. അബൂഹുറൈറ (റ)യെ പോലുള്ള ഉന്നത സ്വഹാബിമാരോട് സഹവാസമുണ്ടായിരുന്ന റജ്ജാൽ പരിശുദ്ധ ഖുർആൻ പഠിക്കുകയും ഇസ്ലാമിനെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്തിരുന്നു. ഇസ്ലാമിനെയും പ്രവാചകനെയും സംബന്ധിച്ചു കല്ലുവെച്ച നുണകൾ അയാൾ പ്രചരിപ്പിക്കാൻ തുടങ്ങി.
മുസൈലിമയുടെ പ്രവാചകത്വം മുഹമ്മദ് (സ) അംഗീകരിച്ചിരുന്നു എന്നും എല്ലാ അവകാശങ്ങളിലും മുസൈലിമ മുഹമ്മദ് നബി (സ)യുടെ പങ്കാളിയാണെന്നും ഇപ്പോഴെത്തെ ഖലീഫയായ അബൂബക്കർ (റ) അതെല്ലാം നിഷേധിക്കുകയാണ്ന്നും റജ്ജാൽ തട്ടിവിട്ടു. അതിന്നു ഉപോൽബലകമായി പരിശുദ്ധ ഖുർആൻ വാക്യ ങ്ങളാണെന്ന വ്യാജേന അദ്ദേഹം ചില സൂക്തങ്ങൾ ഓതാനും വിശദീകരിക്കാനും തുടങ്ങി. യമാമയിലെ സാധാരണക്കാരായ ജനങ്ങളെ അത് വശീകരിച്ചു. അത് കാരണം മുസ്ലിംകൾക്ക് റജ്ജാലിനോട് അടക്കവയ്യാത്ത പകയും വിദ്വേഷവുമുണ്ടായിരുന്നു. റജ്ജാലിനെ സ്വന്തം വാളുകൊണ്ട് കഥ കഴിക്കണമെന്ന് ഓരോ മുസ്ലിം സേനാനിയും ആഗ്രഹിച്ചിരുന്നു.
പ്രസ്തുത ആഗ്രഹം സഫലീകൃതമാക്കിയത് സൈദ് (റ) ആയിരുന്നു. ആ ശപിക്കപ്പെട്ട ശത്രു അദ്ദേഹത്തിന്റെ കൈകൊണ്ടാണ് വധിക്കപ്പെട്ടത്.
ധൈര്യശാലിയായ പോരാളിയും നിശ്ശബ്ദ സേവകനുമായിരുന്നു സൈദ്(റ). അല്ലാഹുവിലും റസൂലിലുമുള്ള അദ്ദേഹത്തിന്റെ വിശ്വാസം രൂഢമൂലമായിരുന്നു. ഇസ്ലാം തരണം ചെയ്ത എല്ലാ പ്രതിസന്ധിയിലും അദ്ദേഹം നബി (സ)യുടെ കൂടെ
ഉണ്ടായിരുന്നു. റണാങ്കണത്തിൽ വിജയത്തേക്കാൾ അദ്ദേഹം ആഗ്രഹിച്ചത് രക്തസാക്ഷിത്വമായിരുന്നു. ഉഹ്ദ് രണാങ്കണം തീപ്പൊരി പാറിക്കൊണ്ടിരുന്ന ഘട്ടത്തിൽ സൈദ് (റ) നാലുപാടും നോക്കാതെ പൊരുതിക്കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ കവചം താഴെ വീണു കിടക്കുന്നത് ഉമർ (റ) കണ്ടു. അദ്ദേഹം സഹോദരനോട് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു: “ദേ, ഇതാ നിന്റെ കവചം. ഇതെടുത്ത് ധരിക്കൂ.”
സൈദ് (റ) ഇങ്ങനെ മറുപടി പറഞ്ഞു: “ഉമറേ, എനിക്ക് വേണ്ടത് കവചമല്ല, രക്തസാക്ഷിത്വമാകുന്നു.”
യമാമയുദ്ധക്കളത്തിൽ പലപ്രാവശ്യം മുസ്ലിം സൈന്യം പരാജയത്തിന്റെ വക്കോളമെത്തുകയുണ്ടായി. നിരവധി സ്വഹാബിമാർ രക്തസാക്ഷികളായിത്തീർന്നു. ഖാലിദ് (റ) പതാകവാഹകരിൽ ഒരാളായി സൈദ് (റ)നെ തിരഞ്ഞെടുത്തു. ചില മുസ്ലിം സൈനികരുടെ മുഖത്ത് പരാജയത്തെക്കുറിച്ചുള്ള പരിഭ്രാന്തി സൈദ് (റ)ന്ന് ദൃശ്യമായി . അദ്ദേഹം ഒരു ഉയർന്ന സ്ഥലത്ത് കേറി നിന്ന് മുസ്ലിം സൈനികരോട് ഇങ്ങനെ വിളിച്ചുപറഞ്ഞു:
“മുസ്ലിം സഹോദരൻമാരേ, നിങ്ങൾ അണപ്പല്ലുകൾ മുറുകെ കടിക്കുക. ശത്രുസൈന്യത്തെ അരിഞ്ഞുവീഴ്ത്തിക്കൊണ്ട് മുന്നേറുക. ശത്രുസൈന്യം പരാജപ്പെട്ട ശേഷമല്ലാതെ ഒരു വാക്കുപോലും ഞാൻ സംസാരിക്കുന്നതല്ല.”
അനന്തരം അദ്ദേഹം ശത്രുനിരയിലേക്ക് എടുത്തുചാടി. ആ കണ്ണുകൾ അഭിശപ്തനായ റജ്ജാലിനെ മാത്രമായിരുന്നു പരതിയിരുന്നത്. നാലുവശത്തുനിന്നും അപ്രതിരോധ്യമായി വരുന്ന മനുഷ്യമതിലുകൾ തരണം ചെയ്ത സൈദ് (റ) റജ്ജാലിനെ
കണ്ടുമുട്ടി. ഒരു ഘോരസമരത്തിന് ശേഷം റജ്ജാലിന്റെ ശിരസ്സ് താഴെ വീണു. അതോടെ മുസൈലിമയുടെ താങ്ങും തണലും നഷ്ടപ്പെട്ടു.
സൈദ്(റ) ഇരു കരങ്ങളും ആകാശത്തിലേക്ക് ഉയർത്തി, മൗനമായി അല്ലാഹു വിനോട് നന്ദി പറഞ്ഞു, തന്റെ വാൾ കയ്യിലെടുത്തു. രണാങ്കണത്തിൽ കാറ്റ് ഇസ്ലാമിന്ന് അനുകൂലമായി വീശുന്നത് അദ്ദേഹം മനസ്സിലാക്കി.
ഐഹികജീവിതത്തിന്റെ ബന്ധത്തിൽ നിന്ന് വിശാലമായ ജന്നാത്തുൽ ഫിർദൗസിലേക്ക് നീങ്ങാനുള്ള തന്റെ സുവർണ്ണാവസരം ഇത് തന്നെയാണെന്ന് അദ്ദേഹം തീരുമാനിച്ചു. ഫിർദൗസിന്റെ പരിമളം നാസികാദ്വാരങ്ങളെ തലോടി ഹൃദയം അഭിവാഞ്ഛകൊണ്ടു നിറഞ്ഞു, കൺതടങ്ങൾ ആർദ്രമായി. അദ്ദേഹം ശത്രുനിരയിലേക്ക് എടുത്തുചാടി.
വിജയികളായി മുസ്ലിം സൈന്യം മദീനയിലേക്ക് മടങ്ങി. അബൂബക്കർ (റ)യും ഉമർ (റ)യും അവരെ സ്വീകരിക്കാൻ തയ്യാറെടുത്ത് വഴിയിൽ വന്നു നിന്നു. തന്റെ സഹോദരനെ കാണാനുള്ള ആകാംക്ഷയോടെ ഉമർ (റ)ന്റെ കണ്ണുകൾ ആ സൈന്യ
വ്യൂഹത്തിനിടയിലൂടെ പരതിക്കൊണ്ടിരുന്നു. പക്ഷെ, സൈദ് (റ)ന്റെ മരണവാർത്തയാണ് അദ്ദേഹത്തിന്ന് കേൾക്കാൻ കഴിഞ്ഞത്. കണ്ണുനീർ തുടച്ചുകൊണ്ട് ഉമർ (റ)പറഞ്ഞു: “അല്ലാഹു സൈദിനെ അനുഗ്രഹിക്കട്ടെ. രണ്ടു ഗുണങ്ങളും എന്നേക്കാൾ
മുമ്പ് അവൻ കരസ്ഥമാക്കി. എനിക്ക് മുമ്പ് ഇസ്ലാമാശ്ലേഷിച്ചു. എനിക്ക് മുമ്പ് രക്തസാക്ഷിയാവുകയും ചെയ്തു.’
ബനൂഹനീഫ ഗോത്രത്തിൽ നിന്ന് ഒരു നിവേദകസംഘം യമാമയുദ്ധാനന്തരം ഉമർ (റ)യുടെ അടുത്ത് വന്നു. അവരിൽ സൈദ്(റ)യുടെ ഘാതകനായ അബുമർയമും ഉണ്ടായിരുന്നു. ഉമർ (റ)യോട് അദ്ദേഹം പ്രസ്തുത സംഭവം വിശദീ
കരിച്ചതിങ്ങനെയാണ്.
“ഞങ്ങൾ രണ്ടു പേരും വാള് കൊണ്ട് യുദ്ധം തുടങ്ങി. രണ്ടു പേരുടെയും വാളുകൾ മുറിഞ്ഞുപോയി. പിന്നീട് കുന്തം കൊണ്ട് പയറ്റി. അതും പൊട്ടിപ്പോയി. അനന്തരം ഞങ്ങൾ ദ്വന്ദ്വയുദ്ധം നടത്തി ഭൂമിയിൽ വീണു. തക്കം നോക്കി ഞാൻ എന്റെ കത്തിയെടുത്തു അദ്ദേഹത്തെ അറുത്തുകളഞ്ഞു.”
ഇതുകേട്ടു അടുത്തുനിന്നിരുന്ന സൈദ് (റ)ന്റെ കൊച്ചുപുത്രി തലയിൽ കൈവെച്ചുകൊണ്ടു കരഞ്ഞു. കൂടെ ഉമർ (റ)യും.
നിരന്തരമായ വിജയങ്ങൾക്ക് ശേഷം ഇസ്ലാം അതിന്റെ വെന്നിക്കൊടി വാനിലുയർത്തിയപ്പോൾ ഉമർ (റ) ഇങ്ങനെ പറയുമായിരുന്നു: “പ്രഭാതമാരുതൻ തഴുകിയെത്തുമ്പോഴെല്ലാം സൈദിന്റെ പരിമളം ഞാൻ അനുഭവിക്കുന്നു.”
അതെ, ഇസ്ലാമിന്ന് അന്ത്യനാൾ വരെ എവിടെ വിജയത്തിന്റെ മാരുതൻ വീശിയാലും “ഖത്താബിന്റെ സന്തതികളുടെ പരിമളം അത് ഉൾക്കൊണ്ടിരിക്കും, തീർച്ച.”
ഖത്താബിന്റെ ധീരസന്തതികൾക്ക് അല്ലാഹു അപാരമായ അനുഗ്രഹംവർഷിക്കട്ടെ.