സുബൈറുബ്നുൽ അവ്വാം

സുബൈറുബ്നുൽ അവ്വാം (റ)

നബി(സ)യുടെ പിതൃസഹോദരിയായ സഫിയ്യയുടെ പുത്രനാണ് സുബൈർ. അദ്ദേഹത്തിന്റെ പിതാവ് ഖദീജ(റ)യുടെ സഹോദരൻ അവ്വാമുബ്നു ഖുവൈലിദാണ്.

ത്വൽഹത്തും സുബൈറും സന്തതസഹചാരികളായിരുന്നു. രണ്ടുപേരുടെയും ചരിത്രം അടർത്തിയെടുക്കാനാവാത്ത വിധം ബന്ധമുള്ളതാകുന്നു. നബി(സ) പലപ്പോഴും അവർ രണ്ടുപേരെയും പരസ്പരം ബന്ധപ്പെടുത്തി സംസാരിക്കുമായിരുന്നു. ത്വൽഹത്ത് നബി(സ)യുടെ പിതാമഹനായ മുർറത്തിന്റെയും സുബൈർ ഖുസൈയ്യിന്റെയും പരമ്പരകളിൽപെട്ടവരാകുന്നു.

സ്വഭാവം, വളർച്ച, സമ്പത്ത്, ഐശ്വര്യം, ധൈര്യം എന്നീ ഗുണങ്ങളിൽ അവർ തുല്യരായിരുന്നു. രണ്ടുപേരും സ്വർഗ്ഗം വാഗ്ദത്തം ചെയ്യപ്പെട്ട പത്തുസഹാബിമാരിൽ ഉൾപ്പെടുന്നു.

ഉമർ(റ) മരണ വക്രത്തിൽ തന്റെ പിൻഗാമിയെ നിശ്ചയിക്കാൻ നിയമിച്ച ആറു പേരടങ്ങുന്ന ആലോചന സമിതിയിലും അവരെ ഇണപിരിക്കാൻ കഴിഞ്ഞില്ല!

സുബൈർ (റ) പ്രാരംഭഘട്ടത്തിൽ തന്നെ ഇസ്ലാംമതമാശ്ലേഷിച്ചു. അന്ന് ഏഴു പേർ തികഞ്ഞിട്ടില്ലാത്ത ഒരു പ്രസ്ഥാനമായിരുന്നു ഇസ്ലാം. അദ്ദേഹത്തിന്ന് അന്ന്പതിനാറു വയസ്സു പ്രായമായിരുന്നു. അർഖമിന്റെ വീട്ടിൽ നബി(സ) രഹസ്യപ്രബോധനം നടത്തിയപ്പോൾ അദ്ദേഹം അതിലൊരംഗമായിരുന്നു.

ചെറുപ്പത്തിലേ പ്രാപ്തനായ ഒരു കുതിരപ്പടയാളിയായിരുന്നു അദ്ദേഹം.

ഇസ്ലാമിന്ന് വേണ്ടി ആദ്യമായി ഉറയിൽനിന്ന് ഊരിയവാൾ സുബൈറിന്റെതായിരുന്നു എന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.

സുബൈറും കൂട്ടുകാരും ഒരിക്കൽ അർഖമിന്റെ വീട്ടിൽ ഇരിക്കുകയായിരുന്നു. അവിടെ ഒരു കിംവദന്തി പറന്നെത്തി. മക്കയിൽ ഒരു വഴിയിൽ വെച്ചു നബി(സ) വധിക്കപ്പെട്ടിരിക്കുന്നു എന്നതായിരുന്നു വാർത്ത!

അതു കേട്ട മാത്രയിൽ യുവാവായ സുബൈർ തന്റെ വാൾ ഊരിപ്പിടിച്ചു കൊണ്ട് മക്കയിലെ തെരുവിലേക്ക് ഇറങ്ങി. താൻ കേട്ടത് ശരിയാണെങ്കിൽ ഓരോ ഖുറൈശി പ്രമുഖരുടെയും തല തൻ്റെ വാളിന്നിരയാക്കണമെന്ന ദൃഢനിശ്ചയത്തോടെ അദ്ദേഹം നടന്നു. ഊരിയ വാളുമായി ഈറ്റപ്പുലിയെപ്പോലെ പാഞ്ഞുവരുന്ന സുബൈറി(റ )നെ നബി (സ) വഴിയിൽ വെച്ചു കണ്ടുമുട്ടി.

നബി()യെ കണ്ട് സുബൈർ സന്തുഷ്ടനായി. നബി (സ) അദ്ദേഹത്തോട്
ചോദിച്ചു: “സുബൈർ എന്തു പിണഞ്ഞു?”

സുബൈർ കഥ വിവരിച്ചു. സന്തുഷ്ടനായ നബി (സ) അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിച്ചു.

പുതിയ മതം അവലംബിച്ചതിന് പിതൃവ്യൻ അദ്ദേഹത്തെ ക്രൂരമായി ശിക്ഷിച്ചു. ഒരു പായയിൽ ചുരുട്ടി തീയിട്ടു പുകച്ചു ശ്വാസം മുട്ടിക്കുക പോലും ചെയ്തു!

കൊടും ക്രൂരതക്ക് വിധേയനായിക്കൊണ്ടിരിക്കുമ്പോൾ സുബൈറിനോട് പിതൃവ്യൻ ഇങ്ങനെ പറയുമായിരുന്നു: “

സുബൈറേ, മുഹമ്മദിനെ തള്ളിപ്പറയു,അവനെ അവിശ്വസിക്കൂ എങ്കിൽ നിന്നെ ഞാൻ വിമുക്തനാക്കാം.’

ഇല്ല, ഞാനൊരിക്കലും കുഫ്റിലേക്ക് മടങ്ങുകയില്ല എന്നു മാത്രമായിരുന്നു സുബൈറിന്റെ മറുപടി!

ഉരുക്കുപോലെ ഉറച്ച വിശ്വാസത്തിന്ന് മുമ്പിൽ പിതൃവ്യൻ പരാജിതനായി.

സുബൈർ(റ) അബ്സീനിയായിലേക്ക് രണ്ടു തവണയും ഹിജ്റ പോയിരുന്നു.

എല്ലാ യുദ്ധങ്ങളിലും സുബൈർ (റ) നബി (സ)യുടെ കൂടെ മുൻപന്തിയിൽ നിലയുറപ്പിച്ചു. ഉഹ്ദ് രണാങ്കണത്തിലെ വിപൽസന്ധിയിൽ അടിയുറച്ചു പൊരുതിയ ചുരുക്കം ചില സഹാബിമാരിൽ ഒരാളായിരുന്നു അദ്ദേഹം. ഇസ്ലാമിന്റെ സംരക്ഷണത്തിന്ന് വേണ്ടി ഏറ്റ മുറിവുകൾക്കൊണ്ട് അദ്ദേഹത്തിന്റെ ശരീരം ആവരണം ചെയ്യപ്പെട്ടിരുന്നു. വിരിമാറിൽ കുന്തമുനകളും ഖഡ്ഗങ്ങളും പതിഞ്ഞ പാടുകൾ നിരവധിയായിരുന്നു. അതുകണ്ട് അത്ഭുതം പ്രകടിപ്പിക്കുന്ന തന്റെ കൂട്ടുകാരോട് അദ്ദേഹം ഇങ്ങനെ പറയുമായിരുന്നു: “ഇതെല്ലാം നബി(സ)യുടെ കൂടെ അല്ലാഹു വിന്റെ മാർഗത്തിൽ പിണഞ്ഞ മുറിവുകളുടെ കലയാണ്.”

ഉഹ്ദ് യുദ്ധം കഴിഞ്ഞു ശത്രുസൈന്യം മക്കയിലേക്ക് മടങ്ങുകയായിരുന്നു. നബി(സ) അബൂബക്കറിനെയും (റ) സുബൈറിനെയും(റ) ഖുറൈശി സൈന്യത്തെ പിൻതുടരാൻ നിയോഗിച്ചു.

ജേതാക്കളായ ഒരു സൈന്യത്തെയാണ് തങ്ങൾ പിൻതുടരുന്നതെന്ന് വകവെയ്ക്കാതെ എഴുപത് പേരടങ്ങിയ ഒരു സൈന്യവുമായി അവർ മുന്നേറി.

കുറിക്കൊണ്ട് ഒരു യുദ്ധതന്ത്രമായിരുന്നു അത്. സുശക്തമായ ഒരു സൈന്യത്തിന്റെ മുൻനിരയെയാണ് സുബൈറും അബൂബക്കറും (റ) നയിക്കുന്നതെന്ന്ധരിച്ച ഖുറൈശികൾ അതിവേഗം മക്കയിലേക്ക് മടങ്ങി. മുസ്ലിം സൈന്യം ഇപ്പോഴും സുശക്തമാണെന്ന ഒരു ധാരണ ശത്രുക്കളിൽ വരുത്തിത്തീർക്കാൻ അതുവഴി അവർക്കു കഴിഞ്ഞു.

യർമൂക്ക് യുദ്ധക്കളത്തിൽ അദ്ദേഹം പ്രകടിപ്പിച്ച ധീരത തുല്യതയില്ലാത്തതായിരുന്നു.

ശ്രതുക്കളാൽ നിബിഡമായ റോമാപർവ്വതത്തിന്റെ പ്രാന്തത്തിൽ നിന്ന് പിന്തിരിയാൻ ശ്രമിക്കുകയായിരുന്ന തന്റെ സൈന്യത്തിന് ധൈര്യം നൽകിക്കൊണ്ട്  ശത്രുനിരയിലേക്ക് എടുത്തുചാടി അദ്ദേഹം പ്രകടിപ്പിച്ച രണപാടവം ചരിത്രത്തിന്റെ താളുകളിൽ മായാതെ കിടക്കുന്നു.

ദൈവിക മാർഗത്തിലുള്ള രക്തസാക്ഷിത്വം! അദ്ദേഹത്തിന്റെ അടക്കവയ്യാത്ത ഒരഭിനിവേശമായിരുന്നു അത്. രക്തസാക്ഷികളോടുള്ള ബഹുമാനവും അദ്ദേഹത്തിന് അതുല്യമായിരുന്നു.

അദ്ദേഹം ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “മുഹമ്മദ് നബി(സ)യുടെ ശേഷം പ്രവാചകന്മാർ ഉണ്ടാവുകയില്ല എന്നറിഞ്ഞിട്ടും ത്വൽഹത്ത് തന്റെ സന്തതികൾക്ക് പ്രവാച കന്മാരുടെ നാമം കൊടുത്തിരുന്നു. ഞാൻ എന്റെ സന്താനങ്ങൾക്ക് ശുഹദാക്കളുടെ നാമമാണ് ഇഷ്ടപ്പെടുന്നത്. അവർ അല്ലാഹുവിന്റെ മാർഗത്തിൽ രക്തസാക്ഷികളായി തീർന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുകയും ചെയ്യുന്നു.”

അബ്ദുല്ല, മുൻദിർ, ഉർവത്ത്, ഹംസ, ജഅ്ഫർ, മിസ്ഹബ്, ഖാലിദ് എന്നീ പ്രസിദ്ധരായ രക്തസാക്ഷികളുടെ പേരാണ് അദ്ദേഹം തന്റെ സന്തതികൾക്ക് നൽകിയത്.

ഉഹ്ദ് യുദ്ധക്കളത്തിൽ അംഗപരിഛേദിതനായി വികൃത രൂപത്തിൽ കിടക്കുന്നതന്റെ അമ്മാവൻ ഹംസ( റ)യുടെ ദയനീയ രൂപം കണ്ടു പല്ലിറുമ്മി, വാളിന്റെ പിടിയിൽ കൈ ഞെരിച്ചുകൊണ്ട് അടക്കവയ്യാത്ത പ്രതികാര വാഞ്ഛയോടെ ആമൃതശരീരത്തിന്റെ മുമ്പിൽ നിമിഷങ്ങൾ മൂകനായി അദ്ദേഹം നിന്നു. ഇതിന്നുതക്കതായ പ്രതികാരം ചെയ്യും എന്ന് അദ്ദേഹം ആത്മഗതം ചെയ്തു.

കീഴടങ്ങാൻ വിസമ്മതിച്ചു കോട്ടയ്ക്കകത്ത് കഴിയുകയായിരുന്ന ബനൂഖുറൈള ഗോത്രക്കാരുടെ കോട്ടമതിലിന്ന്  താഴെനിന്നുകൊണ്ട്, തന്റെ കൂട്ടുകാരനായ അലി (റ)യോടൊപ്പം അദ്ദേഹം ഇങ്ങനെ വിളിച്ചു പറഞ്ഞു: “ഞങ്ങളുടെ ഹംസ അനുഭ
വിച്ചത് പോലെ നിങ്ങളെയും ഞങ്ങളനുഭവിപ്പിക്കും.”

അനന്തരം അവർ രണ്ടുപേരും കോട്ടക്കകത്ത് പ്രവേശിച്ചു. മുസ്ലിംകൾക്ക് വാതിൽ തുറന്നുകൊടുത്തു.

നബി (സ) അദ്ദേഹത്തെ കുറിച്ച് ഇങ്ങനെ പറഞ്ഞു: എല്ലാ പ്രവാചകന്മാർക്കും ഓരോ അടുത്ത സഹായികളുണ്ട്. എന്റെ സഹായി സുബൈർ (റ) ആകുന്നു.

അദ്ദേഹത്തെക്കുറിച്ച് ഹസ്സാനുബ്നു സാബിത് (റ) പാടി:

“നബി (സ)യുടെ ആ സഹായി അവിടുത്തെ പ്രതിജ്ഞ തെറ്റാതെ നിലകൊണ്ടു. അദ്ദേഹത്തിന്റെ വാക്കും പ്രവൃത്തിയും സമാനമായിരുന്നു. പ്രസിദ്ധനും ധൈര്യശാലിയുമായിരുന്നു അദ്ദേഹം. യുദ്ധദിവസങ്ങളിൽ അദ്ദേഹം കുതിച്ചു ചാടുമായിരുന്നു. ഇസ്ലാമിന്ന് ചെയ്ത സേവനം അദ്ദേഹത്തെ പ്രസിദ്ധനാക്കി തീർത്തു. അല്ലാഹുവിന്റെ പ്രവാചകനുമായി അടുത്ത കുടുംബബന്ധമായിരുന്നു അദ്ദേഹത്തിന്ന്. സുബൈറിന്റെ വാൾ നബിയിൽ നിന്ന് അകറ്റിയ കഷ്ടതകൾ നിരവധിയാണ്! അല്ലാഹു അദ്ദേഹത്തിന് നിറഞ്ഞ പ്രതിഫലം നൽകട്ടെ.”

ഒരു വലിയ കച്ചവടക്കാരനായിരുന്നു അദ്ദേഹം. ഇസ്ലാമിന്നു വേണ്ടി അവശ്യാനുസൃതം ചിലവഴിക്കു വഴി എല്ലാം അവസാനിച്ച് കടക്കാരനായിക്കൊണ്ടാണ് അദ്ദേഹം രക്തസാക്ഷിയായത്.

തന്റെ വസ്വിയ്യത്തിൽ പുത്രൻ അബ്ദുല്ലയോട് ഇങ്ങനെ പറയുന്നു: “എന്റെ കടം വീട്ടാൻ നിനക്ക് കഴിയാതെ വന്നാൽ എന്റെ യജമാനനോട് സഹായം തേടണം.”

അബ്ദുല്ല (റ) ചോദിച്ചു: “അങ്ങയുടെ യജമാനനോ, ആരാണത്?

സുബൈർ പറഞ്ഞു: “അതേ, യജമാനരിൽ വെച്ച് ഉത്തമനും സഹായിയുമായ അല്ലാഹു തന്നെ. അല്ലാതെ മറ്റാരുമല്ല.”

പിന്നീട് അബ്ദുല്ല (റ) ഇങ്ങനെ പറയുകയുണ്ടായി: “എന്റെ പിതാവിന്റെ കടബാദ്ധ്യതകൾ കൊണ്ടു ഞാൻ വിഷമിക്കുമ്പോൾ അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിക്കും. ഉടനെ അത് പരിഹരിക്കപ്പെടുകയും ചെയ്യും.’

ജമൽ യുദ്ധദിവസം. രണാങ്കണത്തിൽനിന്ന് പിന്തിരിഞ്ഞ സുബൈർ(റ) തന്റെ നാഥന്റെ മുമ്പിൽ നമസ്കരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അംറുബ്നു ജർമൂസ് എന്ന ഭാഗ്യദോഷി അദ്ദേഹത്തെ പിന്നിൽ നിന്നു കുത്തി.

ഘാതകൻ പ്രസ്തുത ‘സന്തോഷവാർത്ത അറിയിക്കാൻ അലി (റ)യുടെ സന്നിധിയിലെത്തി. (അലി (റ )യുടെ എതിരാളിയായിരുന്നല്ലോ സുബൈർ), സുബൈറിന്റെ ഘാതകൻ തന്റെ മുന്നിൽ നിൽക്കുന്നത് കണ്ട അലി (റ) അയാളെ ആട്ടി
യോടിച്ചു. ഇങ്ങനെ വിളിച്ചുപറഞ്ഞു: സഫിയ്യയുടെ പുത്രനെ കൊന്ന കൊലയാളിക്ക് അല്ലാഹു നൽകുന്ന ശിക്ഷ നരകമായിരിക്കും.”

അനന്തരം സുബൈറിന്റെ വാൾ ചുംബിച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു:

“ഹാ, ഈ വാൾ…

അല്ലാഹുവിന്റെ പ്രവാചകന് താങ്ങും തണലും നൽകിയ വാളാണിത്.

പ്രവാചകരുടെ ഉത്തമ സ്നേഹിതാ, അല്ലാഹു അങ്ങക്ക് രക്ഷ നൽകട്ടെ.

ഹിജ്റ 36-ാം വർഷം 64-ാം വയസ്സിലാണ് സുബൈർ (റ) രക്തസാക്ഷിയായത്.

Leave a Comment