സുജൂദ് സഹ്‌വ്

സുജൂദ് സഹ്‌വ്

بسم الله الرحمن الرحیم

الحمد لله رب العالمين والصلاة والسلام على نبينا محمد الذي بلغ البلاغ المبين وعلى آله وأصحابه والتابعين لهم بإحسان إلى يوم الدين . أمابعد: 

മുസ്ലീങ്ങളിൽ അധികവും നമസ്കാരത്തിലുള്ള സുജൂദ് സഹ്‌വിന്റെ (മറവിയുടെ) വിധികളെ സംബന്ധിച്ച് അജ്ഞതയിലാകുന്നു. ചിലർ സഹ്‌വിന്റെ സുജൂദ് നിർബ്ബന്ധമായ അവസരത്തിൽ ഉപേക്ഷിക്കുകയും, ആവശ്യമില്ലാത്ത അവസരത്തിൽ നിർവ്വഹിക്കുകയും ചെയ്യുന്നു. ചിലയാളുകൾ സലാമിൻറ ശേഷം ചെയ്യേണ്ട സഹ്‌വിന്റെ സുജൂദ് സലാം വീട്ടുന്നതിന്ന് മുമ്പ് ചെയ്യുന്നു, മറ്റു ചിലയാളുകൾ നേരേ വിപരീതവും ചെയ്യുന്നു. ആയതിനാൽ ഒരു മുസ്ലിം ഇതിൻറ വിധികളെ സംബന്ധിച്ച് അറിഞ്ഞിരിക്കൽ അനിവാര്യമാകുന്നു, പ്രത്യേകിച്ച് ജനങ്ങൾക്ക് ഇമാമത്ത് നിൽക്കുന്നവർ. കാരണം തന്റെ പിന്നിൽ തന്നെ പിൻപറ്റി നമസ്ക്കരിക്കുന്നവരും തൻറ ഉത്തരവാദിത്വത്തിലാണെന്ന ബോധം ഒരു ഇമാമിന്ന് ഉണ്ടായിരിക്കേണ്ടതുണ്ട്. ആയതിനാൽ സത്യവിശ്വാസികളായ അല്ലാഹുവിൻറ അടിമകൾക്ക് ഉപകാരപ്രദാമവട്ടെ എന്ന്ഉദ്ദേശത്തോടെ ഇതിന്റെ ചില വിധികളെ സംബന്ധിച്ച് അൽപം ചില കാര്യങ്ങൾ സൂചിപ്പിക്കുകയാണ്. അല്ലാഹുവിനോട് സത്യം തോന്നിപ്പിച്ച് തരുവാൻ സഹായം ചോദിക്കുന്നു.

സൂജൂദ് സഹ്‌വ്:

മറവിയാൽ നമസ്കാരത്തിൽ കുറവോ, വർദ്ദനവോ, അല്ലെങ്കിൽ ഏറ്റകൂറിച്ചിലിനെ സംബന്ധിച്ചുള്ള സംശയമോ സംഭവിച്ച് കഴിഞ്ഞാൽ നമസ്കരിക്കുന്നവൻ നിർബ്ബന്ധമായും ചെയ്യേണ്ട രണ്ട് സുജൂദാകൂന്നു. 

മൂന്ന് കാര്യങ്ങൾ കൊണ്ട് സഹ്‌വിന്റെ സുജൂദ് ആവശ്യമായി വരും.

(1): നമസ്കാരത്തിൽ വല്ലതും വർദ്ദിക്കുക.
(2): നമസ്കാരത്തിൽ വല്ലതും കുറവ് വരുക.
(3): നമസ്കാരത്തിൽ വല്ലതും കൂടുകയോ, കുറവ് വന്നിട്ടുണ്ടോയെന്ന് സംശയിക്കുക .

ഒന്ന് : വർദ്ദനവ് 
നമസ്കരിക്കുന്നവൻ തൻറ നമസ്കാരത്തിൽ ബോധപൂർവ്വം നിർത്തം, ഇരുത്തം,റുകൂഹ്, സുജൂദ് പോലെയുള്ളത് വല്ലതും കൂട്ടിചേർത്താൽ അവൻറ നമസ്ക്കാരം ബാത്വിലാകും (നിശ്ഫലമാകും).
ഇനി തന്റെ നമസ്കാരത്തിൽ നിന്ന് വിരമിച്ചതിൻറ ശേഷമാണ് തന്റെ നമസ്കാരത്തിൽ സംഭവിച്ച വർദ്ദനവിനെ സംബന്ധിച്ച് അവന്ന് ബോധ്യപ്പെട്ടതെങ്കിൽ അവൻ സജൂദ് സഹ്‌വ്ചെയ്യേണ്ടതുണ്ട്, അവൻന്റെ നമസ്കാരം സ്വഹീഹാകുന്നു, എന്നാൽ നമസ്ക്കാരത്തിനിടക്കാണ് വർദ്ദനവ് ബോധ്യപ്പെട്ടതെങ്കിൽ അവൻ ആ വർദ്ദനവിൽ നിന്ന് വിരമിച്ചതിന് ശേഷം മറവിയുടെ സുജൂദ് ചെയ്യൽ നിർബ്ബന്ധമാകുന്നു. അവൻ നമസ്കാരവും സ്വഹീഹാകുന്നു

ഉദാഹരണം:
ഒരാൾ ളുഹർ അഞ്ച് റകഅത്ത് നമസ്കരിച്ചു, അവൻ അഞ്ച് റകഅത്ത് നമസ്കരിച്ചു വന്നത് തന്റെ അവസാനത്ത അത്തഹിയാത്തിൽ ഇരിക്കുമ്പോഴാണ് ബോധ്യപ്പെട്ടെതെങ്കിൽ അവൻ അത്തഹിയാത്ത് പൂർത്തിയാക്കിയതിന് ശേഷം സലാം വീട്ടുക, തുടർന്ന് സഹ്‌വിന്റെ സുജൂദ് ചെയ്തതിന്ന് ശേഷം വീണ്ടും സലാം വീട്ടുക. ഇനി അവൻ സലാം വീട്ടിയതിന് ശേഷമാണ് തെറ്റ് ബോധ്യപ്പെട്ടതെങ്കിൽ അവൻ സുജൂദ് ചെയ്തതിന്ന് ശേഷം സലാം വീട്ടുക.

എന്നാൽ അഞ്ചാമത്ത റകഅത്തിൻറ ഇടയിൽ വെച്ചാണ് അവന്ന്  ബോധ്യപ്പെട്ടെതെങ്കിൽ അവൻ ഏത് അവസ്ഥയിലായിരുന്നാലും അത്തഹിയാത്തിന് വേണ്ടി ഇരിക്കുകയും അത്തഹിയാത്ത് പൂർത്തിയാക്കി സലാം വീട്ടുക. തുടർന്ന് സഹ്വിന്റെ സൂജൂദ് ചെയ്യുകയും സലാം വീട്ടുകയും ചെയ്യുക.

ഇതിന്നുള്ള തെളിവ്:
അബ്ദുല്ലാഇബ്നു മസ്ഊദിൽ നിന്നും നിവേദനം: നബി (സ) ളുഹർ അഞ്ച് റകഅത്ത് നമസ്കരിച്ചു, അപ്പോൾ പ്രവാചകനോട് ചോദിച്ചു, നമസ്കാരത്തിൽ വർദ്ദനവുണ്ടായോ? അപ്പോൾ തിരുമേനി ചോദിച്ചു എന്താണ്? അവർ മറുപടി പറയുകയുണ്ടായി, താങ്കൾ അഞ്ച് റകഅത്ത് നമസ്കരിച്ചു. അപ്പോൾ നബി(സ) രണ്ട് സുജൂദ് ചെയ്തു. (നബി സലാം വീട്ടി നമസ്കാരത്തിൽ നിന്ന് വിരമിച്ചതിന്ന് ശേഷമാണ് മറവിയുടെ സുജൂദ് ചെയ്തത്) വേറെ ഒരു റിപ്പോർട്ടിൽ ഉള്ളത് തൻറ കാലുകൾ നേരെയാക്കി ക്വിബിലക്കഭിമുഖമായി രണ്ട് സുജൂദ് ചെയ്തു, പിന്നീട് സലാം വീട്ടുകയും ചെയ്തു. അബൂദാവൂദ്, തിർമിദി, നസാഈ, ഇബ്നു മാജ.

നമസ്കാരം പൂർത്തിയാകുന്നതിന്ന് മുമ്പുള്ള സലാം വീട്ടൽ

നമസ്കാരം പൂർത്തിയാകുന്നതിന്ന് മുമ്പുള്ള സലാം വീട്ടൽ നമസ്കാരത്തിലുള്ള വർദ്ദനവാകുന്നു. ഒരാൾ നമസ്കാരം പൂർത്തിയാകുന്നതിന്ന് മുമ്പ് മന:പൂർവ്വം സലാം വീട്ടിയാൽ അവൻ നമസ്കാരം നിശ്ഫലമാകുന്നു.ഒരാൾ തൻറ നമസ്കാരം പൂർത്തിയാകുന്നതിന്ന് മുമ്പ് സലാം വീട്ടി, കുറെ സമയത്തിന് ശേഷമാണ് അവന്ന് മനസ്സിലായതെങ്കിൽ അവൻ ആ നമസ്ക്കാരം വീണ്ടും മടക്കി പൂർത്തിയാക്കി നമസ്കരിക്കേണ്ടതാകുന്നു. ഇനി കുറഞ്ഞ സമയത്തിനുള്ളിൽ തന്ന അവന്ന് ബോധം വന്നാൽ (രണ്ടോ, മൂന്നോ മിനുട്ടിനുള്ളിൽ) അവൻ ബാക്കി നമസ്കരിച്ച് സലാം വീട്ടുക, തുടർന്ന് സഹ്‌വിന്റെ സുജൂദ് ചെയ്ത് വീണ്ടും സലാം വീട്ടുക.

ഇതിന്നുള്ള തെളിവ്.
അബൂഹുറൈറ(റ) വിൽ നിന്ന് നിവേദനം: നബി(സ) അവരെയും സ്വഹാബികളെയുംകൊണ്ട് ളുഹറോ, അസറോ നമസ്ക്കരിക്കുകയും രണ്ട് റകഅത്തിന് ശേഷം സലാം വീട്ടുകയും വേഗം നടന്ന് പള്ളിയുടെ വാതിലിനടുത്തേക്ക് പോകുകയും ചെയ്തപ്പോൾ സ്വഹാബികൾ നബി(സ)യോട് ചോദിച്ചു നമസ്കാരം ചുരുക്കിയോ? അപ്പോൾ നബി(സ) പളളിയിലെ ഒരു മരത്തടിയിൽ പിടിച്ച് കൊണ്ട് ദേഷ്യമുള്ള രൂപത്തിൽ ഊന്നി നിൽക്കുകയുണ്ടായി, അപ്പോൾ ഒരാൾ എഴുന്നേറ്റ് കൊണ്ട് ചോദിച്ചു അല്ലയോ പ്രവാചകരെ താങ്കൾ മറന്നതാണോ, അതോ നമസ്കാരം ചുരുക്കിയതാണോ? അപ്പോൾ നബി(സ) പറഞ്ഞു, “ഞാൻ മറന്നിട്ടുമില്ല, നമസ്കാരം ചുരുക്കിയിട്ടുമില്ല. വീണ്ടും അയാൾ പറഞ്ഞു. താങ്കൾ മറന്നിട്ടുണ്ട്. പ്രവാചകൻ സ്വഹാബികളോട് ചോദിച്ചു, അദ്ദേഹം പറയുന്നത് ശരി തന്നെയാണോ? സ്വഹാബികൾ പറഞ്ഞു. അതേ, അപ്പോൾ നബി(സ) മുന്നിട്ട് കൊണ്ട് ബാക്കി നമസ്കരിക്കുകയും സലാം വീട്ടുകയും ചെയ്തു. തുടർന്ന് സഹ്‌വിന്റെ സുജൂദ് ചെയ്ത് സലാം വീട്ടുകയും ചെയ്തു. (ബുഖാരി. മുസ്ലിം.)

ഇനി ഇമാം നമസ്കാരം പൂർത്തിയാകുന്നതിന്ന് മുമ്പ് സലാം വീട്ടുകയും, പിന്നിൽ നിൽക്കുന്ന മഅ്മൂമിങ്ങൾ എഴുന്നേറ്റ് ബാക്കി നമസ്കരിക്കുകയും ചെയ്താൽ, ഇമാം തനിക്ക് പറ്റിയ തെറ്റ് മനസ്സിലാക്കി കൊണ്ട് ബാക്കി നമസ്കരിക്കുവാൻ നിന്നാൽ നേരത്തെ  “മഅ്മൂമിങ്ങൾ പൂർത്തിയാക്കുവാൻ തുടങ്ങിയതിൽ തന്നെ തുടർന്ന് പോകുകയും, അവസാനം മറവിയുടെ സുജൂദ് ചെയ്യുകയും ചെയ്യാം, അത്പോലെ ഇമാമിന്റെ കൂടെ തുടർന്ന് നമസ്കരിക്കുകയും ചെയ്തിട്ട് തങ്ങൾക്ക് ഇമാമിൻറകൂടെ കിട്ടാത്ത നമസ്ക്കാരം പൂർത്തിയാക്കിയിട്ട് സലാം വീട്ടിയതിന്ന് ശേഷം മറവിയുടെ സുജൂദ് ചെയ്ത് വീണ്ടും സലാം വീട്ടുക. എന്നാൽ ഇമാമിന്റെ കൂടെ തുടരലാകുന്നു ഏറ്റവും നല്ലത്.

രണ്ട്: കൂറവ് സംഭവിക്കൽ.
(1) നമസ്ക്കാരത്തിൻറ റുക്‌സുകളിൽ കൂറവ് സംഭവിക്കൽ. ഒരാൾ തന്റെ നമസ്കാരത്തിലെ റുക്‌സു ഉപേക്ഷിച്ചെതെങ്കിൽ അത് ആദ്യത്തെ തക്ബീറത്തുൽ ഇഹ്റാമാണെങ്കിൽ അവന്ന് നമസ്കാരമില്ല. അവൻ മനഃപൂർവ്വമാണങ്കിലും, മറന്ന് കൊണ്ടായിരുന്നാലും ശരി. കാരണം അവൻ നമസ്ക്കാരം നിലവിൽ വന്നിട്ടില്ല. (അതായത് നമസ്കാരം തുടങ്ങുന്നത് തക്ബീറത്തുൽ ഇഹ്റാം കൊണ്ടാകുന്നു)

ഇനി തക്ബീറത്തുൽ ഇഹ്റാമല്ലാത്ത മറ്റു റുക്സകളാണെങ്കിൽ അവൻ മനഃപൂർവ്വം ഉപേക്ഷിച്ചതാണെങ്കിൽ അവൻ നമസ്കാരം ബാത്വിലാകുന്നു. ഇനി അവൻ മറന്ന് കൊണ്ടാണ് ഉപേക്ഷിച്ചെതെങ്കിൽ അവൻ അടുത്ത റകഅത്ത് തുടങ്ങിയിട്ടുണ്ടെങ്കിൽ റുക്സ് ഉപേക്ഷിച്ച റകഅത്ത് പരിഗണിക്കാതെ (ഉപേക്ഷിച്ച് കൊണ്ട്) തുടർന്നുള്ള റകഅത്ത് ഉപേക്ഷിച്ച് റകഅത്തിന്ന് പകരമാക്കുക. ഇനി അവൻ അടുത്ത റകഅത്തിലേക്ക് പ്രവേശിച്ചില്ലായെങ്കിൽ അവൻ ഉപേക്ഷിച്ച റുക്സിലേക്ക് മടങ്ങൽ നിർബ്ബന്ധമാകുന്നു. തുടർന്ന് അതിന്ന് ശേഷമുള്ളത് പൂർത്തിയാക്കുക, മേൽ പറയപ്പെട്ട രണ്ട് രൂപത്തിലാണെങ്കിലും അവന്ന് സുജൂദ് സഹ്് നിർബ്ബന്ധമാകുന്നു, അവൻ സലാം വീട്ടിയതിന്ന് ശേഷം സുജൂദ് ചെയ്യണം.

ഇതിന്നുള്ള ഉദാഹരണം:
ഒരാൾ നമസ്കാരത്തിൽ ഒന്നാമത്തെ റകഅത്തിൽ ഒരു സുജൂദ് മറന്ന് പോയി, അവൻ രണ്ട് റകഅത്തിന്റെ ഇടയിലുള്ള ഇരുത്തത്തിലാണ് അത് ഓർമ്മ വന്നതെങ്കിൽ ഒന്നാമത്തെ റകഅത്ത് പരിഗണിക്കാതെ രണ്ടാമത്തെ റകഅത്ത് ഒന്നാമത്തെ റകഅത്തായി പരിഗണിച്ച് ബാക്കി നമസ്കാരം പൂർത്തിയാക്കി സലാം വീട്ടിയതിന് ശേഷം മറവിയുടെ സുജൂദ് ചെയ്ത് വീണ്ടും സലാം വീട്ടുക.

മറ്റൊരു ഉദാഹരണം:
ഒരാൾ തൻറ നമസ്കാരത്തിൽ ഒന്നാമത്തെ റകഅത്തിൽ രണ്ടാമത്തെ സുജൂദും അതിനു മുമ്പുള്ള ഇരുത്തവും
മറന്ന് പോയി രണ്ടാമത്തെ റകഅത്തിലെ റൂകഇൽ നിന്ന് എഴുന്നേറ്റതിന് ശേഷമാകുന്നു അവന്ന് ഓർമ്മ വന്നതെങ്കിൽ അവൻ അവിടെ നിന്നും മടങ്ങി ഉപേക്ഷിച്ച് ഇരുത്തവും, സൂജൂദും നിർവ്വഹിച്ചതിന് ശേഷം ബാക്കിയുള്ളത് പൂർത്തിയാക്കുകയും സലാം വീട്ടുകയും തുടർന്ന് മറവിയുടെ സുജൂദ് ചെയ്യുകയും വീണ്ടും സലാം വീട്ടുകയും ചെയ്യുക.

(2) നമസ്കാരത്തിലെ വാജിബുകൾ ഉപേക്ഷിക്കൽ
ഒരാൾ തൻറ നമസ്ക്കാരത്തിലെ വാജിബാതുകളിൽ പെട്ട എന്തെങ്കിലും ഒന്ന് മനഃപൂർവ്വം ഉപേക്ഷിച്ചാൽ അവൻ നമസ്കാരം സാധുവാകുകയില്ല. ഇനി മറന്നതാണെങ്കിൽ അവൻ ആ വാജിബിന്റെ സ്ഥാനം വിടുന്നതിന്ന് മുമ്പ് ഓർമ്മ വരുകയാണെങ്കിൽ അവൻ അത് ചെയ്യുക. അവന്റെ മേൽ ഒന്നുമില്ല.

എന്നാൽ ഒരാൾ ആ വാജിബിൻറ സ്ഥാനത്തിൽ നിന്ന് വിടുകയും അതിനോട് തുടർന്ന് വരുന്ന റൂകിനിലേക്ക് എത്തുന്നതിന്ന് മുമ്പ് അവന്ന് ഓർമ്മ വരുകയും ചെയ്താൽ അവൻ ആ മറന്ന വാജിബിലേക്ക് മടങ്ങുക, തുടർന്ന് ബാക്കി നമസ്കാരം പൂർത്തിയാക്കി സലാം വീട്ടുക, എന്നിട്ട് മറവിയുടെ സുജൂദ് ചെയ്ത് സലാം വീട്ടുക.

ഇനി ഒരാൾക്ക് അടുത്ത് റൂക്സിലേക്ക് പ്രവേശിച്ചതിന് ശേഷമാണ് ഓർമ്മ വന്നതെങ്കിൽ അവൻ അതിലേക്ക് മടങ്ങേണ്ടതില്ല. അവൻ തൻറ നമസ്കാരം തുടരുക. സലാം വീട്ടുന്നതിന്ന് മുമ്പ് മറവിയുടെ സുജൂദ് ചെയ്യുക.

ഇതിന്നുള്ള ഉദാഹരണം:
ഒരാൾ തൻറ നമസ്കാരത്തിൽ രണ്ടാമത്തെ റകഅത്തിലെ രണ്ടാമത്തെ സുജൂദിൽ നിന്ന് ആദ്യത്ത അത്തഹിയ്യാത്ത് മറന്ന് കൊണ്ട് എഴുന്നേൽക്കാൻ മുതിർന്നു, എന്നാൽ എഴുന്നേൽക്കുന്നതിന്ന് മുമ്പ് അവന്ന് ഓർമ്മ വന്നാൽ അവൻ അവിടെ ഇരുന്ന് തശഹുദ് ചൊല്ലണം. തുടർന്ന് അവൻ അവന്റെ നമസ്കാരം പൂർത്തിയാക്കണം. അവന്റെ മേൽ ഒന്നുമില്ല തന്നെ.

ഇനി അവൻ സൂജൂദിൽ നിന്ന് എഴുന്നേറ്റ് ശരിക്കും നിവർന്ന് നിൽക്കുന്നതിന്ന് മുമ്പ് അവന്ന് ഓർമ്മ വന്നാൽ അവൻ ആ നിർത്തത്തിൽ നിന്നും മടങ്ങി ഇരുന്ന് തശഹുദ് ചൊല്ലുകയും തന്റെ നമസ്കാരം പൂർത്തിയാക്കി സലാം വീട്ടി മറവിയുടെ സുജൂദ് ചെയ്ത് വീണ്ടും സലാം വീട്ടേണ്ടതാകുന്നു.

എന്നാൽ പരിപൂർണമായി നിന്നതിന്ന് ശേഷമാണ് അവന്ന് ഇടയിലെ ഇരുത്തവും, തശഹുദൂം മറന്നത് ഓർമ്മ വന്നതെങ്കിൽ അവൻ അതിലേക്ക് മടങ്ങേണ്ടതില്ല. ഇങ്ങനെയാണെങ്കിൽ അവന് തശഹുദിൻറ ആവശ്യമില്ല. തുടർന്ന് അവൻറ നമസ്കാരം പൂർത്തിയാക്കി സലാം വീട്ടുന്നതിന്ന് മുമ്പ് മറവിയുടെ സൂജുദ് ചെയ്യേണ്ടതാകുന്നു.

ഇതിന്നുള്ള തെളിവ്.
ഇമാം ബുഖാരിയും മറ്റുള്ളവരും അബ്ദുല്ലാഇബ് ബുഹൈന(റ)ൽ നിന്ന് ഉദ്ദരിക്കുന്ന ഹദീസിൽ നമുക്ക് കാണാം “നബി(സ) അവരെയും കൊണ്ട് ളുഹ്ർ നമസ്കരിച്ചു. രണ്ടാമത്ത റകഅത്തിന് ശേഷം ആദ്യത്തെ തശഹൂദിന് ഇരിക്കാതെ എഴുന്നേൽ
ക്കുകയുണ്ടായി, ജനങ്ങളും അദ്ദേഹത്തോടൊപ്പം എഴുന്നേറ്റു, അങ്ങിനെ നമസ്കാരം അവസാനിക്കുന്നത് വരെ സ്വഹാബികൾ കാത്തിരുന്നു സലാം വീട്ടുന്നതിന്ന് മുമ്പായി കൊണ്ട് അവർ തക്ബീർ ചൊല്ലി. പ്രവാചകൻ സലാം വീട്ടുന്നതിന്ന് മുമ്പായി രണ്ട്
സുജൂദ് ചെയ്തു എന്നിട്ട് സലാം വീട്ടി.

മൂന്ന്: സംശയം
സംശയമെന്ന് പറഞ്ഞാൽ, എന്താണ് സംഭവിച്ചതെന്ന് ഉറപ്പിക്കുവാൻ സാധിക്കാതെ മനസ്സിൽ ആശയ കുഴപ്പമുണ്ടാകുക എന്നാകുന്നു. ആരാധനയിൽ സംശയം മൂന്ന് അവസ്ഥയിൽ നിന്ന് വിട്ട് കടക്കുകയില്ല.
(1) വെറും സംശയം, അതിന്ന് യാദാർത്ഥ്യമില്ല, അത് വസ്വാസാകുന്നു.
(2) ഒരാൾ ഏത് ആരാധന ചെയ്താലും അയാളെ അതിൽ സംശയം പിടികൂടുന്നു.
(3) ഒരാൾ ഒരു ആരാധന ചെയ്തതിന്ന് ശേഷം അവന്ന് സംശയം ഉണ്ടാകുന്നു, എന്നാൽ
അവൻ അതിനെ പരിഗണിക്കേണ്ടതില്ല, ഇനി സംശയം ബലപ്പെട്ടതാണെങ്കിൽ അവൻ ബലപ്പെട്ടത് ചെയ്യേണ്ടതാകുന്നു.

ഇതിന്നുള്ള ഉദാഹരണം:
ഒരാൾ ളുഹ്റ് നമസ്കാരം നിർവ്വഹിച്ചു, തൻറ നമസ്കാരത്തിൽ നിന്ന് വിരമിച്ചതിന്ന് ശേഷം അവന്ന് സംശയമായി താൻ മൂന്നാണോ, നാലാണോ നമസ്കരിച്ചതെന്ന് എന്നാൽ അവൻ ഈ സംശയം പരിഗണിക്കേണ്ടതില്ല. ഇനി താൻ മൂന്ന് നമസ്കരി ച്ചിട്ടൊള്ളൂ എന്ന സംശയം ബലപ്പെട്ടതാണെങ്കിൽ അധികം സമയം വൈകിയിട്ടില്ലെങ്കിൽ അവൻ വിട്ട് പോയത് പൂർത്തിയാക്കി സലാം വീട്ടി മറവിയുടെ സുജൂദ് ചെയ്ത് സലാം വീട്ടുക. ഇനി ഈ സംശയം ബലപ്പെട്ടത് കൂടുതൽ സമയത്തിന് ശേഷമാണെങ്കിൽ അവൻ ഈ നമസ്കാരത്തെ മടക്കി നമസ്കരിക്കേണ്ടതാകുന്നു.

എന്നാൽ മേൽ വിവരിക്കപ്പെട്ട രീതിയിലല്ലാതെയാണ് സംശയം ഉണ്ടായതെങ്കിൽ അവ പരിഗണിക്കേണ്ടതാകുന്നു. നമസ്കാരത്തിൽ സംശയം ഉണ്ടാകുന്നത് പ്രധാനമായും രണ്ട് രൂപത്തിലാകുന്നു.

ഒന്നാമത്തെ അവസ്ഥ:
തനിക്ക് സംശയമുണ്ടായ കാര്യത്തിൽ ഒരു അഭിപ്രായം ബലമുള്ളതാകുക, ഇങ്ങനെയുള്ള അവസരത്തിൽ തനിക്ക് ബലമുള്ളത് അനുസരിച്ച് പ്രവർത്തിക്കുക, അതിന് ശേഷം ചെയ്യേണ്ട് ചെയ്ത് നമസ്ക്കാരം പൂർത്തിയാക്കി സലാം വീട്ടുക, എന്നിട്ട് മറവിയുടെ സുജൂദ് ചെയ്ത് വീണ്ടും സലാം വീട്ടുക.

ഇതിന്നുള്ള ഉദാഹരണം:
ഒരാൾക്ക് തൻറ ളുഹ്ർ നമസ്കാരത്തിൽ ഞാനിപ്പോഴുള്ളത് രണ്ടാമത്തെ റകഅത്തി ലാണോ, മൂന്നാമത്തെ റകഅത്തിലാണോ എന്ന് സംശയം ഉണ്ടായി, അവന്ന് കൂടുതൽ ബലമുള്ള സംശയം മൂന്നാമത്ത റകഅത്തിലാണെന്നാണ്, എന്നാൽ അവൻ ആ റകഅത്ത് മൂന്നാമത്തേതായി പരിഗണിച്ച് ഒരു റകഅത്തും കൂടി നമസ്കരിച്ച് സലാം വിട്ടുകയും സഹ്‌വിന്റെ സുജൂദ് ചെയ്യുകയും വീണ്ടും സലാം വീട്ടുകയും ചെയ്യേണ്ടതാകുന്നു.

ഇതിന്നുള്ള തെളിവ്:
ബുഖാരിയിലും, മൂസ്ലിമിലും സ്വഹീഹായ ഹദീസിൽ അബ്ദുല്ലാഇബ്നു മസ്ഊദ് (റ) വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: (ആർക്കെങ്കിലും തൻറ് നമസ്കാരത്തിൽ സംശയം ഉണ്ടായാൽ തനിക്ക് കൂടുതൽ ശരി തോന്നുന്ന കാര്യമെടുക്കുകയും, അതിനനുസരിച്ച് തൻറ നമസ്ക്കാരം പൂർത്തിയാക്കുകയും സലാം വീട്ടുകയും തുടർന്ന് മറവിയുടെ സുജൂദ് ചെയ്യുകയും ചെയ്യട്ടേ.) ഇത് ബുഖാരിയുടെ റിപ്പോർട്ടാകുന്നു.

രണ്ടാമത്തെ അവസ്ഥ:
ഒരാൾക്ക് തന്റെ സംശയത്തിൽ ഒരു അഭിപ്രായത്തിലേക്കും കൂടുതൽ ബലം നൽകുവാൻ സാധിക്കാത്ത അവസ്ഥയിലാണെങ്കിൽ അവൻ കൂടുതൽ ഉറപ്പ് നൽകുവാൻ സാധിക്കുന്ന കുറവുള്ള അഭിപ്രായം സ്വീകരിക്കുകയും അതിനനുസരിച്ച് നമസ്കാരം പൂർത്തിയാക്കി സലാം വീട്ടുന്നതിന്ന് മുമ്പ് മറവിയുടെ സുജൂദ് ചെയ്ത് സലാം വീട്ടേണ്ടതാകുന്നു.

ഇതിന്നുള്ള ഉദാഹരണം:
ഒരാൾ അസർ നമസ്കരിക്കുന്നതിന്നിടയിൽ തനിക്ക് സംശയം വന്നു താനിപ്പോൾ നിർവ്വഹിച്ച് കൊണ്ടിരിക്കുന്നത് രണ്ടാമത്തെ റകഅത്താണോ, മൂന്നാമത്തേതാണോ എന്ന്. അവന്ന് രണ്ടാണോ, മൂന്നാണോയെന്ന് തീരുമാനിക്കുവാൻ സാധിക്കുന്നില്ല, എങ്കിൽ അവൻ അത് രണ്ടാമത്തെ റകഅത്തായി പരിഗണിച്ച് കൊണ്ട് ഇടയിലെ തശഹൂദിന് ഇരുന്നതിന്ന് ശേഷം രണ്ട് റകഅത്തുകൂടി നമസ്കരിച്ച് പൂർത്തിയാക്കി സലാം വീട്ടുന്നതിന്ന് മുമ്പ് മറവിയുടെ സുജൂദ് ചെയ്ത് സലാം വീട്ടുക.

ഇതിന്നുള്ള തെളിവ്:
മുസ്ലിം അബി സഈദുൽ ഖുദ്രിയിൽ നിന്ന് നിവേദനം: “നബി(സ) പറഞ്ഞു: ( ആർക്കെങ്കിലും തൻറ നമസ്കാരത്തിൽ രണ്ട് റകഅത്താ, മൂന്ന് റകഅത്താ ഞാൻ നമസ്ക്കരിച്ചതെന്ന് സംശയം വന്നാൽ, അവൻ സംശയം ഉപേക്ഷിക്കട്ടെ, കൂടുതൽ ഉറപ്പായ കൂറഞ്ഞ റകഅത്ത് അവൻ എടുക്കട്ടെ, സലാം വിട്ടുന്നതിന്ന് മുമ്പ് അവൻ മറവിയുടെ സുജൂദ് ചെയ്യട്ടെ, ഇനി അവൻ അഞ്ച് റകഅത്ത് നമസ്കരിച്ചുവെങ്കിൽ സഹ്‌വിന്റെ സുജൂദും പരിഗണിച്ച് അവന്നത് രണ്ട് റകഅത്ത് സുന്നത്തായിരിക്കും, മറിച്ച് നാല് റകഅത്ത് തന്നെയാണ് നമസ്കരിച്ചതെങ്കിൽ പിശാചിന്നത് ഒരു പ്രഹരവുമായിരിക്കും.)

സംശയത്തിൻറ ഉദാഹരണങ്ങൾ:
ഇമാം റുകൂഇലായിരിക്കെ ഒരാൾ വന്ന് തക്ബീറത്തുൽ ഇഹ്റാം ചൊല്ലി നേരെ നിന്നു, പിന്നീട് അവൻ റുകൂഇലേക്ക് കടന്നു, ഇങ്ങനെയുള്ള അവസ്ഥ മൂന്ന് രൂപത്തിലായിരിക്കും.

(1) ഇമാം റുകൂഇൽ നിന്ന് ഉയരുന്നതിന്ന് മുമ്പ് തന്നെ താൻ റുകൂഇൽ പ്രവേശിച്ചിട്ടുണ്ട് ആയതിനാൽ തനിക്ക് ആ റകഅത്ത് കിട്ടിയെന്ന് അദ്ദേഹത്തിന് ഉറപ്പ് വരുക, അങ്ങനെയാണെങ്കിൽ അവന്ന് ഫാത്വിഅ സൂറത്ത് ഓതേണ്ടതില്ല.
(2) അവൻ റുകൂഇലേക്ക് പ്രവേശിക്കുന്നതിന്ന് മുമ്പ് ഇമാം റുകൂഇൽ നിന്ന് ഉയർന്നിട്ടു ണ്ടെന്ന് അവന്ന് ഉറപ്പ് വരുക, അങ്ങനെയാണെങ്കിൽ അവന്ന് ആ റകഅത്ത് കിട്ടിയിട്ടില്ല.
(3) തനിക്ക് ഇമാമിൻറ കൂടെ റുകൂഅ് കിട്ടിയെന്ന് അവൻ സംശയിക്കുക, എങ്കിൽ അവന്ന് ആ റുകൂഇൽ കിട്ടി, അതല്ല താൻ റുകൂഇലേക്ക്  പ്രവേശിക്കുന്നതിന്ന് മുമ്പ് ഇമാം റുകൂഇൽ നിന്ന് ഉയർന്നിട്ടുണ്ടെന്ന് അവന്ന് സംശയം വന്നാൽ അവന്ന് ആ റകഅത്ത് കിട്ടിയിട്ടില്ല. മേൽ പറയപ്പെട്ട രണ്ട് കാര്യത്തിൽ ഒന്നിനെ സംബന്ധിച്ച് തനിക്ക് കൂടുതൽ ഉറപ്പുണ്ടെങ്കിൽ അവൻ അത് സ്വീകരിക്കുകയും ബാക്കി നമസ്കാരം പൂർത്തിയാക്കി സലാം വീട്ടി മറവിയുടെ സുജൂദ് ചെയ്ത് വീണ്ടും സലാം വീട്ടുക, ഇനി അവന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ലായെങ്കിൽ അവന്ന് മറവിയുടെ സുജൂദ് ആവശ്യവുമില്ല. ഇനി രണ്ടിലൊരു അഭിപ്രായത്തേയും മുന്തിപ്പിക്കാൻ സാധിച്ചില്ലായെങ്കിൽ അവൻ കൂടുതൽ ഉറപ്പുള്ള റകഅത്ത് കിട്ടിയിട്ടില്ല എന്ന അഭിപ്രായത്തെ മൂന്തിപ്പിക്കുക. പിന്നീട് അവൻ തൻറ നമസ്കാരം പൂർത്തിയാക്കുകയും വീട്ടുന്നതിന്ന് മുമ്പ് മറവിയുടെ സുജൂദ് ചെയ്ത് സലാം വീട്ടുകയും ചെയ്യുക.

പാഠം:
ഒരാൾക്ക് തൻറ നമസ്കാരത്തിൽ സംശയം ഉണ്ടായാൽ അവന്ന് ഉറപ്പുള്ളത് അവൻ സ്വികരിച്ചു, അല്ലെങ്കിൽ കൂടുതൽ ബലമുള്ളത് അവൻ സ്വീകരിച്ചു, മേൽ വിശദമായി വിശദീകരിച്ചത് പ്രകാരം. പിന്നീട് അവൻ ചെയ്തത് തന്നെയാണ് ശരിയെന്ന് അവന്ന് ശരിക്കും ബോധ്യപ്പെട്ടാൽ (നമസ്കാരത്തിൽ തന്നെ) തൻ നമസ്കാരത്തിൽ ഒന്നും സംഭവിക്കാത്തതിനാൽ അവന്ന് മറവിയുടെ സുജൂദ് ആവശ്യമില്ലായെന്നാണ് മദ്ഹബിൽ മശ്ഹൂറായ അഭിപ്രായ പ്രകാരം, കാരണം സുജൂദ് ആവശ്യമായ കാരണം നീങ്ങിയത് കൊണ്ട് തന്നെ. എന്നാൽ മറ്റൊരു അഭിപ്രായം സുജൂദ് വേണമെന്നാകുന്നു. നബി(സ) ഹദിസിൽ പറഞ്ഞത് പ്രകാരം (അവൻ പരിപൂർണമായി തന്നെയാണ് നമസ്കരിച്ചെ തെങ്കിൽ  മറവിയുടെ സുജൂദ് പിശാചിന്ന് ഒരു – പ്രഹരമാകുന്നു) – പിശാചിന്ന് പ്രഹരമാകുവാൻ വേണ്ടി.. കാരണം അവൻ തൻറ നമസ്കാരത്തിൽ സംശയിച്ച് കൊണ്ട് ചില ഭാഗങ്ങൾ നിർവ്വഹിച്ചത് കൊണ്ട് അവന്ന് മറവിയുടെ സുജൂദ് വേണം, ഈ അഭിപ്രായമാകുന്നു കൂടുതൽ പ്രബലമായത്.

തുടർന്ന് നമസ്ക്കരിക്കുന്നവരുടെ മറവിയുടെ സുജൂദ്,
ഇമാം മറന്നാൽ മഅ്മിന്ന് മഅ്മൂമിന്ന് മറവിയുടെ സുജൂദിൽ പിൻപറ്റൽ നിർബ്ബന്ധമാകുന്നു കാരണം നബി(സ) പറയുന്നു (തീർച്ചയായും ഇമാം നിശ്ചയിക്കപ്പെട്ടിട്ടുള്ളത് പിൻപറ്റുവാൻ വേണ്ടിയാകുന്നു നിങ്ങൾ അദ്ധേഹത്തിന് എതിർ പ്രവർത്തിക്കരുത്.) തുടർന്ന് ഇത് വരെ നബി(സ) പറയുകയുണ്ടായി (ഇമാം സുജൂദ് ചെയ്താൽ നിങ്ങളും സുജൂദ് ചെയ്യുക) അബൂഹുറൈറയിൽ നിന്ന് ബുഖാരിയും, മുസ്ലിമും ഉദ്ദരിച്ച ഹദീസ്.

ഇമാം സലാം വീട്ടുന്നതിന്ന് മുമ്പോ, ശേഷമാ മറവിയുടെ സുജൂദ് ചെയ്താൽ മഅ്മൂമിന്ന് പിൻപറ്റുന്നവർ) ഇമാമിനെ പിൻപറ്റൽ നിർബ്ബന്ധമാകുന്നു, അവൻ നമസ്കാരം ആരംഭിച്ചതിന് ശേഷം ഇടയിൽ തുടർന്നവരല്ലെങ്കിൽ. കാരണം ഇമാം സലാം വീട്ടിയതിന് ശേഷം അവന്ന് ഇമാമിനോടൊപ്പം നമസ്കാരത്തിൽ നഷ്ടപ്പെട്ടത് നിർവ്വഹിക്കുവാൻ വേണ്ടി അവൻ എഴുന്നേൽക്കുന്നത് കൊണ്ട് സലാം വീട്ടിയതിന് ശേഷമുള്ള മറവിയുടെ സൂജൂദ് ഇമാമിനോടൊപ്പം നിർവ്വഹിക്കേണ്ടതില്ല, മറിച്ച് അവൻ തനിക്ക് നഷ്ടപ്പെട്ടത് നിർവ്വഹിച്ചതിന് ശേഷം സലാം വീട്ടി മറവിയുടെ സുജൂദ് ചെയ് വീണ്ടും സലാം വീട്ടുക.

ഇതിന്നുള്ള ഉദാഹരണം:
ഒരാൾ ഇമാമിനോട് കൂടി അവസാനത്തെ റകഅത്തിൽ തുടർന്നു, ഇമാം വീട്ടിയതിന് ശേഷം അവൻ തനിക്ക് നഷ്ടപ്പെട്ടത് വീണ്ടെടുക്കുവാൻ വേണ്ടി എഴുന്നേറ്റപ്പോൾ ഇമാം മറവിയുടെ സുജൂദ് ചെയ്ത്തൂ, എങ്കിൽ അവൻ ചെയ്യേണ്ടത്തൻ നമസ്ക്കാരം പൂർത്തിയായതിന് ശേഷം സലാം വീട്ടി മറവിയുടെ സുജൂദ് ചെയ് സലാം വീട്ടുകയാണ് ചെയ്യേണ്ടത്.

ഇനി മഅ്മൂമീങ്ങൾക്ക് നമസ്കാരത്തിൽ ഒന്നും നഷ്ടപ്പെടാതിരിക്കുകയും, എന്തെങ്കിലും മറക്കുകയും ഇമാമിന്ന് അങ്ങനെ സംഭവിക്കുകയും ചെയ്തിട്ടില്ലെങ്കിൽ അവർ സുജൂദ് ചെയ്യേണ്ടതില്ല. കാരണം ഇമാമിനെ കൂടാതെ സുജൂദ് ചെയ്താൽ അത് ഇമാമിനെ ധിക്കരിക്കുകയും, അദ്ദേഹത്തിനെ പിൻപറ്റുന്നതിൽ വീഴ്ച വരുത്തുകയും ചെയ്യലാകുന്നു. ഇതിന്നുള്ള തെളിവായിട്ട് സ്വഹാബാക്കൾ ‘ഒന്നാമത്തെ തശഹുദ് നബി(സ) അതിന് വേണ്ടി ഇരിക്കാതെ എഴുന്നേറ്റപ്പോൾ അവരും ഇമാമിനെ പിൻപറ്റുന്നതും, അദ്ദേഹത്തെ ധിക്കരിക്കാതിരിക്കലും പരിഗണിച്ച് കൊണ്ട് തശഹുദ് ഉപേക്ഷിച്ച് കൊണ്ട് റസൂലിനോടൊപ്പം എഴുന്നേൽക്കുകയുണ്ടായി. എന്നാൽ ഇമാമിനോടൊപ്പം നമസ്കാരത്തിൽ നിന്ന് എന്തെങ്കിലും നഷ്ടപ്പെടുകയും, ഇമാമിനോടൊപ്പമോ, അല്ലെങ്കിൽ തനിക്ക് നഷ്ടപ്പെടുന്നത് വീണ്ടെടുക്കുന്നതിനിടയിലോ വല്ലതും മറന്നാൽ അവൻ മറവിയുടെ സുജൂദ് മേൽ വിവരിച്ചത് പ്രകാരം വീട്ടുന്നതിന് മുമ്പോ ശേഷമോ ചെയ്യേണ്ടതുണ്ട്.

ഇതിന്നുള്ള ഉദാഹരണം:
ഇമാം തൻറ റുകൂഇൽ سُبْحَانَ رَبِّيَ الْعَظِيمِ എന്ന് പറയുവാൻ മറന്നു, എന്നാൽ അവന്ന് നമസ്കാരത്തിൽ ഒന്നും തന്നെ നഷ്ടപ്പെടുകയും ചെയ്തിട്ടില്ലെങ്കിൽ അവന്ന് മറവിയുടെ സുജൂദ് ചെയ്യേണ്ടതില്ല. എന്നാൽ മഅ്മൂമിന്ന് ഒരു റകഅത്തോ, അതിലധികമോ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അത് നിർവ്വഹിച്ചതിന്ന് ശേഷം സലാം വീട്ടുന്നതിന്ന് മുമ്പായി മറവിയുടെ സുജൂദ് ചെയ്യേണ്ടതാണ്.

മറ്റൊരു ഉദാഹരണം:
ഇമാമോട് കൂടി ളുഹ്ർ നമസ്കരിച്ചു, ഇമാം നാലാമത്തെ റകഅത്തിലേക്ക് പ്രവേശിച്ചപ്പോൾ മഅ്മൂം നാല് റകഅത്ത് കഴിഞ്ഞുവെന്ന് വിചാരിച്ച് അത്തഹിയ്യാത്തിന് ഇരുന്നു, ഇരൂന്ന് കഴിഞ്ഞപ്പോഴാണ് ഇമാം റകഅത്തിന് എഴുന്നേറ്റത് മനസ്സിലായത്, എങ്കിൽ അവൻ എഴുന്നേറ്റ് ഇമാമിനെ തുടരുക. അവന്ന് ഇമാമിനോടൊപ്പം ഒന്നും തന്നെ നഷ്ടപ്പെട്ടില്ലെങ്കിൽ അവന്ന് മറവിയുടെ സുജൂദ് ചെയ്യേണ്ടതില്ല, എന്നാൽ അവന്ന് നമസ്കാരത്തിൽ ഇമാമിനോടൊപ്പം വല്ലതും നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അവൻ അത് പൂർത്തിയാക്കിയതിന് ശേഷം സലാം വീട്ടി മറവയൂടെ സുജൂദ് ചെയ്ത് വീണ്ടും സലാം വീട്ടേണ്ടതാകുന്നു.

മേൽ വിവരിക്കപ്പെട്ടതിൻറ രത്ന ചുരുക്കം: മറവിയുടെ സുജൂദ് ചിലപ്പോൾ വീട്ടുന്നതിന്ന് മുമ്പും, ചിലപ്പോൾ വീട്ടിയതിന്ന് ശേഷവുമായിരിക്കും.

സലാം വീട്ടുന്നതിന്ന് മുമ്പുള്ളത് രണ്ട് സന്ദർഭത്തിലായിരിക്കും:

ഒന്ന്: നമസ്കാരത്തിൽ കുറവ് സംഭവിച്ചാൽ മറവിയുടെ സുജൂദ് സലാം വീട്ടുന്നതിന്ന് മുമ്പായിരിക്കും. മേൽ വിവരിച്ച് അബ്ദുല്ലാഇബ്നു ബുഹൈനയുടെ ഹദീസിൽ വിവരിച്ചത് പ്രകാരം, നബി(സ) ഒന്നാമത്തെ തശഹുദ് മറന്നപ്പോൾ സലാം വീട്ടുന്നതിന്ന് മുമ്പ് മറവിയുടെ സുജൂദ് ചെയ്യുകയുണ്ടായി..

രണ്ട്, നമസ്കാരത്തിൽ മൂന്നാണോ, നാലാണാ നമസ്കരിച്ചതെന്ന് സംശയം ഉണ്ടാകുകയും ഒരു അഭിപ്രായത്തെയും മുന്തിപ്പിക്കുവാൻ സാധിക്കാതിരിക്കുകയും ചെയ്താൽ മുകളിൽ വിവരിച്ച അബീ സഈദുൽ ഖുദ്രി(റ)വിൻറ ഹദീസിൽ കാണുന്നത് പോലെ “ഒരാൾ മൂന്നാണോ, നാലാണോ നമസ്കരിച്ചതെന്ന് സംശയം ഉണ്ടായാൽ നബി(സ) കൽപിച്ചത് സലാം വീട്ടുന്നതിന്ന് മുമ്പാണ് മറവിയുടെ സൂജൂദ് ചെയ്യേണ്ടതെന്നാകുന്നു.

സലാം വീട്ടിയതിന് ശേഷം രണ്ട് സന്ദർഭത്തിലായിരിക്കും:

ഒന്ന്: നമസ്കാരത്തിൽ എന്തെങ്കിലും വർദ്ദനവുണ്ടായാൽ സലാം വീട്ടിയതിന് ശേഷമാകുന്നു മറവിയുടെ സുജൂദ് ചെയ്യേണ്ടത്. അബ്ദുല്ലാഇബ്നു മസ് ഊദിൻറ ഹദീസിൽ നബി(സ) ളുഅർ അഞ്ച് റകഅത്ത് നമസ്കരിച്ച് സലാം വീട്ടിയതിന്ന് ശേഷമാണ് അഞ്ച് റകഅത്ത് നമസ്കരിച്ചത് സ്വഹാബികൾ ഉണർത്തിയത്, അപ്പോൾ പ്രവാചകൻ മറവിയുടെ സുജൂദ് ചെയ്തു. ഇവിടെ നബി(സ) സ്വഹാബികൾക്ക് വിവരിച്ച് കൊടുത്തില്ല ഞാൻ സലാം വീട്ടിയതിന് ശേഷം സുജൂദ് ചെയ്തത് അറിയാത്തത് കൊണ്ടാണന്ന്, മറിച്ച് നബി(സ) സുജൂദ് ചെയ്യുകയാണ് ചെയ്തത്. അപ്പോൾ മൊത്തത്തിലുള്ള വിധി നമസ്കാരത്തിൽ എന്തെങ്കിലും വർദ്ദനവ് വരുകയാണെങ്കിൽ മറവിയുടെ സുജൂദ് ചെയ്യേണ്ടത് സലാം വീട്ടിയതിന് ശേഷമാകുന്നു, വർദ്ദനവ് സലാം വീട്ടുന്നതിന്ന് മുമ്പ് അറിഞ്ഞാലും, അറിഞ്ഞില്ലെങ്കിലും ശരി. ഇതിൽ പെട്ടതാകുന്നു. 

നമസ്കാരം പൂർത്തിയാകുന്നതിന്ന് മുമ്പ് മറന്ന് കൊണ്ട് സലാം വീട്ടുകയും, അതിന്ന് ശേഷം നമസ്ക്കാരം പൂർത്തിയാക്കുകയും ചെയ്താൽ നമസ്കാരത്തിനിടയിൽ ഒരു സലാം വർദ്ദിപ്പിച്ചത് കൊണ്ട് സലാം വീട്ടിയതിന് ശേഷം മറവിയുടെ സുജൂദ് ചെയ്യേണ്ടതാകുന്നു, ഇതാണ് മുകളിൽ വിവരിച്ച അബൂഹുറൈറ(റ) ഉദ്ദരിച്ച ഹദീസിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്. ളുഹ്റ് , അസറോ രണ്ട് റകഅത്ത് നമസ്കരിച്ചതിന് ശേഷം നബി(സ) സലാം വീട്ടുകയും, സ്വഹാബികൾ കൂറവ് അറിയിച്ച് കൊടുക്കുകയും ചെയ്തപ്പോൾ നബി(സ) ബാക്കി നമസ്ക്കരിക്കുകയും സലാം വീട്ടിയതിന് ശേഷം മറവിയുടെ സുജൂദ് ചെയ്ത് വീണ്ടും സലാം വീട്ടുകയുണ്ടായി.

രണ്ട്, നമസ്കാരത്തിൽ സംശയം ഉണ്ടാകുകയും ഏതെങ്കിലും ഒരു അഭിപ്രായത്തെ ഉറപ്പാക്കാൻ സാധിക്കുകയും ചെയ്താൽ മേൽ വിവരിച്ച് ഇബ്നു മസ്ഊദിൻറ ഹദീസിൽ ഉള്ളത് പ്രകാരം കൂടുതൽ ഉറപ്പുള്ളത് സ്വീകരിക്കുകയും, അതനുസരിച്ച് നമസ്ക്കാരം പൂർത്തിയാക്കി സലാം വീട്ടുകയും തുടർന്ന് മറവിയുടെ സുജൂദ് ചെയ്യുകയും ചെയ്യുക.

ഇനി ഒരാൾക്ക് ഒരു നമസ്കാരത്തിൽ തന്നെ സലാം വീട്ടിയതിന് ശേഷം സുജൂദ് ചെയ്യേണ്ട മറവിയും, സലാം വീട്ടുന്നതിന് മുമ്പ് സുജൂദ് ചെയ്യേണ്ട മറവിയും സംഭവിച്ചാൽ പണ്ഡിതന്മാർ പറയുന്നത് വീട്ടുന്നതിന്ന് മുമ്പ് ചെയ്യേണ്ട സുജൂദാകുന്നു ചെയ്യാൻ കൂടുതൽ അർഹതയുള്ളതെന്നാകുന്നു.

ഇതിന്നുള്ള ഉദാഹരണം.
ഒരാൾ ളുഹ്ർ നമസ്കരിക്കുകയാണ് അദ്ദേഹം രണ്ടാമത്തെ റകഅത്താണെന്ന് ധരിച്ച് മൂന്നാമത്ത റകഅത്തിന് ശേഷം ഇരിന്നു, തുടർന്ന് അദ്ദേഹത്തിന് ബോധ്യമായി ഇത് മൂന്നാമത്തെ റകഅത്താണെന്ന് അപ്പോൾ ബോധ്യമായാൽ അവൻ അവിടെ നിന്നും എഴുന്നേറ്റ് ബാക്കി നിർവ്വഹിച്ച് മറവിയുടെ സുജൂദ് ചെയ്ത് സലാം വീട്ടുക.

ഈ വ്യക്തി ഒന്നാമത്തെ തശഹൂദ് ഉപേക്ഷിച്ചതിനാൽ അതിന്റെ സുജൂദ് സലാം വീട്ടുന്നതിന് മുമ്പും, മൂന്നാമത്തെ റകഅത്തിൽ ഒരു ഇരുത്തം അധികരിപ്പിച്ചത് കൊണ്ട് അതിൻറെ സുജൂദ് സലാം വീട്ടിയതിന് ശേഷവുമാകുന്നു, രണ്ടു രൂപത്തിലും വന്നത് കൊണ്ട് സലാം വീട്ടുന്നതിന്ന് മുമ്പുള്ളതാകുന്നു നിർവ്വഹിക്കുവാൻ കൂടുതൽ ഉത്തമമായത്. അല്ലാഹുവാകുന്നു ഏറ്റവും അറിയുന്നവൻ.

ഖുർആനും, പ്രവാചക ചര്യയും യദാർത്ഥ രൂപത്തിൽ മനസ്സിലാക്കുവാനും, അതനുസരിച്ച് ബാഹ്യമായും, ആന്തരികമായും യദാർത്ഥ വിശ്വാസം ഉൾകൊള്ളുവാനും, ജീവിക്കുവാനും അതിൽ തന്നെ മരിക്കുവാനും അല്ലാഹു നമുക്കും മറ്റെല്ലാ മുസ്ലീങ്ങൾക്കും തൗഫീഖ്നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ലോക രക്ഷിതാവായ സർവ്വ സ്തുതിയും, മുഹമ്മ് നബി(സ) യുടെയും, അദ്ദേഹത്തിൻറെ അനുചരന്മാരുടെയും മേൽ അല്ലാഹുവിൻറെ അനുഗ്രഹവും, സമാധാനവും സദാ വർഷിക്കുമാറാവട്ടെ…

മുഹമ്മദ് സ്വാലിഹ് അൽ ഉഥൈമീൻ
പരിഭാഷ : സയ്യിദ് സഹ്ഫർ സ്വാദിഖ്

Leave a Comment