സൈദുബ്നുഹാരിസ(റ)
പതിഞ്ഞ മുക്കും കറുത്തനിറവുമുള്ള ആ കുറിയ മനുഷ്യൻ നബി (സ)യുടെ അനുയായികളിൽ പരിശുദ്ധ ഖുർആൻ പേരെടുത്തു പറഞ്ഞ ഏക വ്യക്തിയാകുന്നു. നബി (സ്വ)യുടെ പ്രിയങ്കരൻ എന്നർത്ഥം വരുന്ന “അൽഹിബ്ബ്’ എന്ന സ്ഥാനപ്പേരും അദ്ദേഹത്തിനുണ്ടായിരുന്നു.
“മനുഷ്യമഹാത്മ്യം ദൈവഭയത്തിൽ അധിഷ്ഠിതമാകുന്നു. കുടുംബബന്ധത്തിനും ഗോത്രമഹിമക്കും അവിടെ സ്ഥാനമില്ല” എന്ന ഇസ്ലാമികസിദ്ധാന്തത്തിന്റെ നിദർശനമാകുന്നു സൈദുബ്ഹാരിസ(റ) ന്റെ ജീവചരിത്രം.
ഖബ്ബാബ് (റ), ബിലാൽ (റ), സുഹൈബ്(റ) എന്നിവരെപോലെ സൈദുബ്നുഹാരിസ(റ) യും ഒരു അടിമയായിരുന്നു.
പതിഞ്ഞ മുക്കും കറുത്തനിറവുമുള്ള ആ കുറിയ മനുഷ്യൻ നബി (സ)യുടെ അനുയായികളിൽ പരിശുദ്ധ ഖുർആൻ പേരെടുത്തു പറഞ്ഞ ഏക വ്യക്തിയാകുന്നു. നബി (സ)യുടെ പ്രിയങ്കരൻ എന്നർത്ഥം വരുന്ന “അൽഹിബ്ബ്’ എന്ന സ്ഥാനപ്പേരും അദ്ദേഹത്തിനുണ്ടായിരുന്നു.
ആയിശ (റ) അദ്ദേഹത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു:
“സൈദുബ്ഹാരിസ ഉൾക്കൊള്ളുന്ന എല്ലാ സൈനിക സംഘത്തിന്റെയും നേതൃത്വം നബി (സ) അദ്ദേഹത്തെ തന്നെയായിരുന്നു ഏൽപ്പിച്ചിരുന്നത്. നബി (സ)ക്ക് ശേഷം അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ നമുക്ക് അദ്ദേഹത്തെ ഖലീഫയാക്കാമായിരുന്നു.”
ചരിത്ര പ്രസിദ്ധമായ മുഅ്തത്ത് യുദ്ധത്തിൽ അദ്ദേഹത്തെയാണ് നബി (സ) അമീറാക്കിയത്. ഹിർഖലിന്റെ സൈന്യത്തെ നേരിടാൻ ഒരുക്കി നിർത്തിയ മുസ്ലിം സൈന്യത്തെ യാത്രയയച്ചപ്പോൾ നബി (സ) ഇങ്ങനെ പ്രഖ്യാപിച്ചു: “സൈദുബ്നുഹാരിസ് സൈനികനേത്യത്വം ഏറ്റെടുക്കട്ടെ. അദ്ദേഹം രക്തസാക്ഷിയായാൽ ജഅഫറും, അതിനുശേഷം അബ്ദില്ലാ
ഹിബ്നു റവാഹയുമാണ് നേത്യത്വമേറ്റെടുക്കേണ്ടത്.”
തന്റെ പിതൃവ്യപുത്രനും ഖുറൈശിയുമായ ജഅഫർ (റ)നേക്കാൾ പരിഗണന നൽകിക്കൊണ്ട് നബി (സ) സൈദുബ്ഹാരിസ(റ)യെ ആദരിക്കുകയാണിവിടെ ചെയ്തത്.
സ്വതന്ത്രനായ ഹാരിസയുടെ വത്സല പുത്രനായിരുന്നു സൈദുബ്നുഹാരിസ(റ). ഹാരിസയുടെ സ്നേഹവതിയായ പത്നി സുഅ്ദ ഒരിക്കൽ തന്റെ കുഞ്ഞിനെയുമായി അവളുടെ കുടുംബത്തിലേക്ക് വിരുന്നുപോയി. ബനുമിഅൻ ഗോത്രമായിരുന്നു അവരുടേത്. പ്രസ്തുത ഗോത്രത്തിൽ തന്റെ ഉറ്റ കുടുംബവുമൊത്ത് അവർ താമസിച്ചുകൊണ്ടിരുന്നപ്പോൾ കരാള രാത്രിയിൽ ഒരു കൊള്ളസംഘം ആ ഗോത്രത്തെ കടന്നാക്രമിച്ചു. ബനുമിഅൻ പരാജയപ്പെട്ടു. അവർക്കെല്ലാം നഷ്ടപ്പെട്ടു. കൂട്ടത്തിൽ സൈദും.
സുഅ്ദ ഏകാകിയായി ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങിച്ചെന്നു. തന്റെ പ്രിയപുത്രൻ നഷ്ടപ്പെട്ടതറിഞ്ഞ ആ പിതാവ് ഹൃദയം തകർന്നു കരഞ്ഞു. പുത്രവിരഹത്തിന്റെ പേറാനാവാത്ത ഭാരവും വഹിച്ച് അദ്ദേഹം മണലാരുണ്യത്തിലെ കുടിലുകളിലും കുരകളിലും ഒരു ഭ്രാന്തനെപോലെ തെണ്ടിനടന്നു. കണ്ണിൽ കാണുന്ന കാഫിലക്കാരോടും ഖബീലക്കാരോടും തന്റെ പുത്രനെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരുന്നു. തന്റെ കുഞ്ഞോമനയെക്കുറിച്ചുള്ള സ്മരണകൾ ദുഃഖത്തിന്റെ ഈണം പകർന്ന ഇരടികളായി
അദ്ദേഹം ഒട്ടകപ്പുറത്തിരുന്ന് പാടിക്കൊണ്ടിരുന്നു:
സൈദിനെ ഓർത്തു ഞാൻ കണ്ണീർ പൊഴിക്കുന്നു. അവനെന്ത് പിണത്തു?
പ്രതീക്ഷക്കിടം നൽകുമാറ് അവൻ ജീവിച്ചിരിപ്പുണ്ടോ?
അതല്ല, അവൻ വിധിക്ക് വിധേയചനായിപ്പോയോ?
സുര്യൻ, ഉദയസമയത്ത് അവനെക്കുറിച്ചുള്ള സ്മരണകളുമായി പാഞ്ഞെത്തുന്നു!
അസ്തമന സമയത്ത് വീണ്ടും അതാവർത്തിക്കുന്നു!
മന്ദമാരുതൻ തഴുകിയെത്തുമ്പോൾ ആ സ്മരണ എന്നിൽ ഇളകിവ ശാകുന്നു.
എന്റെ ദുഃഖത്തിന്റെ ദൈർഘ്യം ഭയാനകം തന്നെ!
അങ്ങനെ വളരെക്കാലത്തിന്ന് ശേഷം നിരാശനായ ആ പിതാവ് തന്റെ മകനെക്കുറിച്ചുള്ള പ്രദീക്ഷ അവസാനിപ്പിച്ചു.
കൊള്ളസംഘം പിന്നീട് സൈദുബ്നു ഹാരിസ(റ). അടിമയായി ഉക്കാദ് ചന്തയിൽ വിൽപനക്ക് കൊണ്ടുവന്നു. ഖദീജയുടെ സഹോദര പുത്രനായ ഹകീമുബ്നുഹിശാം ഖദീജക്ക് വേണ്ടി നാനൂറ് വെള്ളിക്കാശ് കൊടുത്ത് സൈദുബ്നു ഹാരിസ(റ).വാങ്ങി. അന്ന് സൈദുബ്നു ഹാരിസ്(റ)ക്ക് എട്ട് വയസ്സായിരുന്നു.
ഖദീജ(റ)യുടെ അടിമയായി മക്കയിൽ സൈദുബ്നു ഹാരിസ(റ) വളർന്നുവന്നു.
നബി (സ)യും ഖദീജ (റ)യും തമ്മിലുള്ള വിവാഹം നടന്നപ്പോൾ സൈദുബ്നു ഹാരിസ(റ)യെ അവർ നബി (സ)ക്ക് നൽകി. നബി സൈദുബ്നു ഹാരിസ(റ)യെ അടിമത്വത്തിൽ നിന്ന് മോചിപ്പിക്കുകയും സ്നേഹസമ്പന്നനായ ഒരു മകനെപോലെ വളർത്തുകയും ചെയ്തു.
ഒരിക്കൽ ഹാരിസയുടെ ഗോത്രത്തിൽപെട്ട ചിലർ ഹജ്ജിന് വേണ്ടി മക്കയിൽ എത്തി. അവർ സൈദുബ്നു ഹാരിസ(റ) അവിടെ വെച്ച് കണ്ടു മുട്ടി.
തന്റെ പിതാവിന്റെ സുഖവിവരങ്ങൾ സൈദുബ്നു ഹാരിസറ) അവരോട് സന്തോഷപൂർവ്വം അന്വേഷിച്ചറിഞ്ഞശേഷം, പിതാവിനോട് തന്റെ ക്ഷേ മൈശ്വര്യങ്ങളും അഭിവാദനങ്ങളും അറിയിക്കാനും, ഞാനിവിടെ ആദരണീയനായ ഒരു പിതാവിന്റെ കുടെ സന്തുഷ്ടനായി ജീവിതം നയിക്കുന്നു എന്ന വിവരം നൽകാനും ആവശ്യപ്പെട്ടു.
നഷ്ടപ്പെട്ട പുത്രനെ കുറിച്ചറിഞ്ഞപ്പോൾ ഹാരിസ് മക്കയിലേക്ക് പുറപ്പെട്ടു. സഹോദരൻ കഅബും കൂടെയുണ്ടായിരുന്നു. രണ്ടു പേരും മുഹമ്മദുൽ അമീനെയുമന്വേഷിച്ചുകൊണ്ടാണ് അവിടെയെത്തിയത്. അവർ നബി (സ)യെ കണ്ടുമുട്ടി. ഔപചാരികമായ ആദരവുകൾ പ്രകടിപ്പിച്ച ശേഷം ഇങ്ങനെ പറഞ്ഞു:
“അബ്ദുൽ മുത്വലിബിന്റെ മകനെ, നിങ്ങൾ ഹറമിന്റെ സംരക്ഷകരും അഗതികളുടെ അവലംബവും ബന്ദികളെ ഭക്ഷണമൂട്ടുന്നവരുമാണല്ലോ! ഞങ്ങൾ ഞങ്ങളുടെ നഷ്ടപ്പെട്ട മകനെത്തേടി വന്നവരാണ്. ഞങ്ങളോട് ഔദാര്യം കാണിച്ചാലും! എന്ത് നഷ്ടപരിഹാരവും നൽകാൻ ഞങ്ങൾ സന്നദ്ധരാണ്.”
നബി (സ)ക്ക് ഒറ്റനോട്ടത്തിൽ തന്നെ അവരുടെ സത്യസന്ധത മനസ്സിലായി. നബി (സ) ഹാരിസയോട് പറഞ്ഞു: സൈദിനെ വിളിച്ചു ചോദിക്കു. അവന്റെ ഇഷ്ടം പോലെയാവട്ടെ. നിങ്ങളുടെ കൂടെ വരുന്നതാണ് അവനിഷ്ടമെങ്കിൽ നിരുപാദികം ഞാൻ അവനെ വിട്ടുതരാം. എനിക്കൊരു നഷ്ടപരിഹാരവും ആവശ്യമില്ല. മറിച്ച് എന്നോടൊന്നിച്ച് കഴിയുന്നതാണ് അവനിഷ്ടമെങ്കിൽ, എന്നെ ഇഷ്ടപ്പെടുന്ന ഒരാൾക്കു പകരം ഞാനൊരു നഷ്ടപരിഹാരവും സ്വീകരിക്കുകയുമില്ല. അവൻ എന്റെ കൂടെ തന്നെ നിൽക്കേണ്ടതുമാകുന്നു.”
ഇതുകേട്ട ഹാരിസ സന്തുഷ്ടനായി നബി (സ)യുടെ മഹാമനസ്കതക്ക് നന്ദി പറഞ്ഞു.
നബി (സ) സൈദിനോട് ചോദിച്ചു:
“ഇവർ രണ്ടു പേരെയും നീ അറിയുമോ?”
സൈദ് (റ) പറഞ്ഞു: അതേ, ഇതെന്റെ പിതാവും അത് പിത്യവ്യനുമാകുന്നു.”
നബി (സ) പറഞ്ഞു:
“ദേ, നിന്റെ ആഗ്രഹം പോലെ നിനക്ക് പ്രവർത്തിക്കാം. നിന്നെ അന്വേഷിച്ചു വന്ന നിന്റെ പിതാവിന്റെ കൂടെ താമസിക്കാം. നിന്റെ അഭീഷ്ടം വ്യക്തമാക്കുക.”
സൈദ് (റ) പറഞ്ഞു: “ഇല്ല, ഞാനൊരിക്കലും അങ്ങയെ ഉപേക്ഷിച്ച് നാട്ടിലേക്ക് പോകുന്നില്ല. എന്റെ പിതാവും പിതൃവ്യനുമെല്ലാം അങ്ങുതന്നെയാകുന്നു.”
സഹാനുഭൂതിയുടെയും അനുകമ്പയുടെയും രണ്ടിറ്റു കണ്ണീർ നബിതിരുമേനിയുടെ നനയങ്ങളിൽ ഈറിനിന്നു. നബി (സ) സൈദിന്റെ കൈ പിടിച്ച് കഅബയുടെ മുറ്റത്തേക്ക് നടന്നു. ഖുറൈശി പ്രമുഖരെ സാക്ഷി നിർത്തി പ്രഖ്യാപിച്ചു: “സൈദ് എന്റെ പുത്രനാകുന്നു. ഞാൻ അവന്റെയും അവൻ എന്റെയും അനന്തരാവകാശിയാകുന്നു.”
ഈ പ്രഖ്യാപനം കേട്ട് ഹാരിസയുടെ ഹൃദയത്തിൽ സന്തോഷം പീലിവിടർത്തി. തന്റെ പുത്രൻ സ്വതന്ത്രൻ മാത്രമല്ല, ഖുറൈശി പ്രമുഖനായ വിശ്വസ്തന്റെ വളർത്തുപുത്രനും അനന്തരാവകാശിയുമായിത്തീർന്നിരിക്കുന്നു. അതിലുപരി എന്തുവേണം! ആ പിതാവും പിത്യവ്യനും സന്തുഷ്ടരായി നാട്ടിലേക്ക് മടങ്ങി. സൈദുബ്നു ഹാരിസ(റ) മക്കയിൽ നബി (സ)യുടെ ദത്തുപുത്രനായി വളർന്നു വരികയും ചെയ്തു. സൈദുബ്നു മുഹമ്മദ് എന്നായിരുന്നു അദ്ദേഹത്തെ മക്കാനിവാസികൾ വിളിച്ചിരുന്നത്.
നബി (സ)ക്ക് പ്രവാചക പദവി ലഭിക്കുകയും പ്രബോധനമാരംഭിക്കുകയും ചെയ്തപ്പോൾ സൈദുബ്നു ഹാരിസ(റ) നബി (സ്വ)യിൽ വിശ്വസിക്കുകയും പിന്തുടരുകയും ചെയ്തു. നബി (സ)യുടെ അനുചരൻമാരിൽ അബൂബക്കർ (റ)ക്ക് ശേഷം രണ്ടാമത് വിശ്വസിച്ചത് സൈദുബ്നു ഹാരിസ്(റ) ആയിരുന്നു. തിരുമേനിയുടെ പ്രിയങ്കരൻ എന്നർത്ഥം വരുന്ന “സൈദുൽ ഹിബ്ബ്’ എന്ന് സഹാബികൾ അദ്ദേഹത്തെ അഭിസംബോധന ചെയ്യാറുണ്ടായിരുന്നു.
നബി (സ) തന്റെ പിതൃസഹോദരിയുടെ പുത്രിയായ സൈനബയെ അദ്ദേഹത്തിന് വിവാഹം ചെയ്തുകൊടുത്തു.
സൈനബയെ പിന്നീട് അദ്ദേഹം വിവാഹമോചനം നടത്തുകയും അതിന്ന് ശേഷം നബി (സ)തന്നെ അവരെ വിവാഹം ചെയ്യുകയും ചെയ്തു. പ്രതിയോഗികളിൽ ഇത് ഒച്ചപ്പാട് സൃഷ്ടിച്ചു. തന്റെ പുത്രൻ വിവാഹമോചനം ചെയ്ത സ്ത്രീയെ മുഹമ്മദ് വിവാഹം ചെയ്തിരിക്കുന്നു എന്ന് അവർ കൊട്ടിഘോഷിക്കാൻ തുടങ്ങി. ഈ വിഷയത്തെ കുറിച്ച് പരിശുദ്ധ ഖുർആൻ ഇങ്ങനെ അവതരിച്ചു:
“മുഹമ്മദ് നിങ്ങളിൽ ഒരാളുടെയും പിതാവല്ല. ദൈവദൂതനും അന്ത്യ പ്രവാചകനും മാത്രമാകുന്നു.”
ഇതോടുകുടി വളർത്തുപുത്രനുമായുള്ള ബന്ധം സാക്ഷാൽ പിത്യപുത്ര ബന്ധമല്ലെന്ന് വ്യക്തമാക്കപ്പെടുകയും സൈദുബ്നു ഹാരിസ് എന്ന് തന്നെ വിളിക്കുകയും ചെയ്തു.
ജുമുഹ്, ത്വറഫ്, ഇയസ്, ഹിസ്മാ എന്നീ രണാങ്കണങ്ങളിലെല്ലാം മുസ്ലിം സൈന്യത്തിന്റെ നായകൻ സൈദുബ്നു ഹാരിസ(റ)ആയിരുന്നു.
ആണിക്കല്ലുകൾ ഇളകിയാടാൻ തുടങ്ങിയിരുന്ന റോമാസാമ്രാജ്യം ഇസ്ലാമിക ശക്തിയുടെ ഉയിർത്തെഴുന്നേൽപ് കണ്ട് വിറളി പൂണ്ടു. അവരുടെ കൊളോണിയലിസം നിലനിന്നിരുന്ന സിറിയയെ കേന്ദ്രീകരിച്ചുകൊണ്ട് സർവ്വശക്തിയും പ്രയോഗിച്ചു ഇസ്ലാമിനെതിരെ ആഞ്ഞടിക്കാൻ അവർ തീരുമാനിച്ചു.
ഹിർഖലിന്റെ റോമാവംശജരും അതിർത്തിനിവാസികളായ ചില അറബി ഗോത്രങ്ങളും ഉൾക്കൊള്ളുന്ന രണ്ടു ലക്ഷത്തോളം വരുന്ന ഒരു സൈനികവ്യൂഹം സംഘടിപ്പിക്കപ്പെട്ടു. പ്രസ്തുത സംഭവം മണത്തറിഞ്ഞ നബി(സ) ഹിജ്റ എട്ടാം വർഷം ജമാദുൽ ഊലാ മാസത്തിൽ അവരെ നേരിടാൻഒരു സൈന്യത്തെ അയച്ചു. മശാരിഫ് എന്ന സ്ഥലത്ത് റോമാസൈന്യം തയ്യാറായി നിൽപുണ്ടായിരുന്നു. മുഅ്തയിൽ മുസ്ലിം സൈന്യവും ചെന്നിറങ്ങി.
അതുകാരണം മുഅ്ത എന്ന പേരിലാണ് ഈ യുദ്ധം അറിയപ്പെടുന്നത്.
ചരിത്രപ്രസിദ്ധമായ ആ സമരത്തിന്റെ നേത്യത്വം സൈദ്, ജഅഫർ,അബ്ദുല്ലാഹിബ്നു റവാഹ എന്നിവർ ക്രമാനുസൃതം ഏറ്റെടുക്കണമെന്ന്
നബി (സ) പ്രഖ്യാപിച്ചു. മുഅ്ത രണാങ്കണത്തിൽ സൈദുബ്നു ഹാരിസ്(റ) ഇസ്ലാമിന്റെ പതാക വഹിച്ച് മുന്നേറി. വെട്ടുകിളിപോലെ നാലു ദിക്കിൽ നിന്നും പറന്നടുത്ത ശത്രുസൈന്യം അദ്ദേഹത്തെ ഒട്ടും ഭയചകിതനാക്കിയില്ല.
വിജയവും പരാജയവും ജീവിതവും മരണവും ഇവയിലൊന്നിന്നും അദ്ദേഹത്തിന്റെ ചിന്തയിൽ ഒരിടവുമുണ്ടായിരുന്നില്ല!
തന്റെ മുൻപിൽ തുറന്നുകിടക്കുന്ന വിശാലമായ ജന്നാത്തുൽ ഫിർതൗസിന്റെ കവാടത്തിലേക്ക് ഇടവും വലവും നോക്കാതെ അദ്ദേഹം കുതിച്ചുപാഞ്ഞു. ഇസ്ലാമിന്റെ പതാക തന്റെ പിൻഗാമിയായ ജഅഫർ (റ)ന്റെ കയ്യിൽ ഏൽപ്പിച്ചുകൊണ്ട് ആ മണിസൗധത്തിലേക്ക് അദ്ദേഹം എടുത്ത് ചാടുകയും ചെയ്തു.
നബി (സ)യുടെ പ്രഖ്യാപനത്തിലെ ക്രമമനുസരിച്ച് ആ മൂന്നുപേരും രക്തസാക്ഷികളായി.
അതിനുശേഷം ഖാലിദ് ഇബ്നു വലീദ് യുദ്ധം ജയിച്ചു.
Good story