രഹസ്യ ജീവിതം…

രഹസ്യ ജീവിതം...

അല്ലാഹുവിന് ഏറ്റവും ഇഷ്ടമുളള  കാര്യമാണ് രഹസ്യജീവിതം  പരിശുദ്ധമാക്കുക എന്നത്. രഹസ്യ ജീവിതം നന്നായാൽ മാത്രമേ പരസ്യ ജീവിതം നന്നാവുകയൊ ളളൂ.

ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ (റഹി) പറഞ്ഞു: രഹസ്യ ജീവിതം നന്നായാൽ അല്ലാഹു പരസ്യ ജീവിതം നന്നാക്കും. (മജുമൂഉൽ ഫതാവ)

ഇബ്നുൽ ജൌസി (റഹി) പറഞ്ഞു: ഒരാളുടെ രഹസ്യ ജീവിതം നന്നായാൽ അവന്റെ മഹത്വത്തിന്റെ സുഗന്ധം എല്ലായിടത്തും പരക്കും.

രഹസ്യ ജീവിതം മോശമാണെങ്കിൽ പരസ്യ ജീവിതം നന്നായിട്ട് കാര്യമില്ല. പ്രകടമാകുന്ന കർമ്മങ്ങൾ ഹൃദയത്തിലുളളതിന്റെ അടയാളമാണ്.

ഇബ്നുൽ ഖയ്യിം (റഹി) പറയുന്നു: നമ്മുടെ മനസ്സിലുളളതാണ് കർമ്മങ്ങളായി പുറത്തുവരിക.

നബി (സ്വ) പറഞ്ഞു: അറിയുക ശരീരത്തിൽ ഒരു മാംസ പിണ്ഡമുണ്ട്.

അത് നന്നായാൽ ശരീരം മുഴുവൻ നന്നായി. അത് മോശമായാൽ ശരീരം മുഴുവൻ മോശമായി അറിയുക അതാണ് ഹൃദയം.

യഥാർത്ഥ ബുദ്ധിമാൻ തന്റെ രഹസ്യ ജീവിതം നന്നാക്കാൻ വേണ്ടി അദ്ധ്വാനി ക്കുന്ന വനായിരിക്കും.

ഇബ്നു ഹിബ്ബാൻ (റഹി) പറഞ്ഞു: രഹസ്യ ജീവിതം നന്നാക്കുവാൻ പരിശ്രമിക്കുക, അവന്റെ അനക്കത്തിലും അടക്കത്തിലും ഹൃദയത്തെ സൂക്ഷിക്കുക എന്നിവ ബുദ്ധിമാന്റെ ലക്ഷണമാണ്.

മുഹമ്മദ് നബി (സ്വ) എപ്പോഴും ഹൃദയ ശുദ്ധിക്ക് വേണ്ടി തേടുമായിരുന്നു.

 

اللَّهُمَّ آتِ نَفْسِي تَقْوَاهَا وَزَكِّهَا أَنْتَ خَيْرُ مَنْ زَكَّاهَا أَنْتَ وَلِيُّهَا وَمَوْلَاهَا

അല്ലാഹുവേ, എന്റെ മനസ്സിന് സൂക്ഷ്മത നൽകേണമേ, അതിനെ ശുദ്ധമാക്കണെ, നിയല്ലാതെ അതിനെ ശുദ്ധമാക്കുന്നവനില്ല. നിയാണ് അതിന്റെ ഉടമയും രക്ഷാധി കാരിയും. (മുസ്ലിം)

തങ്ങളുടെ രഹസ്യ ജീവിതം നന്നാക്കാൻ മുൻഗാമികൾ പരിശ്രമിച്ചിരുന്നു. അവർ കണ്ടുമുട്ടുമ്പോൾ ഇക്കാര്യത്തെക്കുറിച്ച് പരസ്പരം ഉപദേശിക്കുമായിരുന്നു.

ഇമാം മുഹമ്മദ് ബിൻ ഉബൈദില്ലാ ബിൻ സഈദ് (റഹി) പറയുന്നു: നല്ലവരായ മുൻഗാമികൾ കണ്ടുമുട്ടുമ്പോൾ മൂന്ന് കാര്യങ്ങൾ പരസ്പരം ഉപദേശിക്കുമായി രുന്നു. പരസ്പരം കാണാത്ത സന്ദർഭങ്ങളിൽ അവർ എഴുത്തിലൂടെ ഉപദേശിക്കുമാ യിരുന്നു.

ഒന്ന്: ആരെങ്കിലും പരലോകത്തിന് വേണ്ടി പ്രവർത്തിച്ചാൽ അവന്റെ ഇഹലോക ത്തിന്റെ കാര്യത്തിന് അല്ലാഹു മതിയാകും.

രണ്ട് : ആരെങ്കിലും അല്ലാഹുവിനും തനിക്കും ഇടയിലുളളത് നന്നാക്കിയാൽ ജനങ്ങ ളുടെ കാര്യത്തിൽ അവന് അല്ലാഹു മതിയാകും.

മൂന്ന് : ആരെങ്കിലും രഹസ്യ ജീവിതം നന്നാക്കിയാൽ അല്ലാഹു അവന്റെ പരസ്യ ജീവിതം നന്നാക്കും. തന്റെ രഹസ്യ ജീവിതം നന്നായാൽ അല്ലാഹുവിനെ സതുതി ക്കുകയും നിലനിർത്താൻ വേണ്ടി പ്രാർത്ഥിക്കുകയും വേണം.

ശൈഖ് ഇബ്നു ഉസൈമിൻ (റഹി) പറയുന്നു: രഹസ്യ ജീവിതം നന്നായാൽ നീ നന്മ കൊണ്ട് സന്തോഷിക്കുക.  സമൂഹത്തിൽ ചിലരുണ്ട്. അവരുടെ സ്വകാര്യ ജീവിതം വളരെ മോശമാണ്. ജനങ്ങൾക്കിടയിൽ അവർ നല്ലവരായി അറിയ പ്പെടുന്നു. അങ്ങനയെങ്കിൽ അവർ ആത്മ പരിശോധന നടത്തട്ടെ. അവർ അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങട്ടെ. കാരണം രഹസ്യങ്ങൾ വെളിപ്പെടുന്ന ഒരു ദിവസം വരാനുണ്ട്. (ത്വാരിഖ: 9)

ഇമാം ത്വബ്രി ഈ അയത്തിനെ വിശദീകരിച്ചു കൊണ്ട് പറഞ്ഞു: അടിമകളുടെ രഹസ്യങ്ങൾ പരിശോധിക്കപ്പെടുന്ന ദിവസമാണത്. ഈ ലോകത്ത് വെച്ച് ജനങ്ങ ളുടെ കണ്ണിൽ നിന്ന് മറഞ്ഞു കിടന്ന കാര്യങ്ങൾ അന്നേ ദിവസം പുറത്ത് വരും ഈ ലോകത്ത് വെച്ച് ധാരാളം കാര്യങ്ങൾ ആരുമറിയാതെ പോകും. പക്ഷെ പരലോകത്ത് നന്മയുളളവന്റെ നന്മയും തിന്മയു ളളവന്റെ തിന്മയും വെളിപ്പെടും. എല്ലാ കാര്യവും പരസ്യമാവും.

ശൈഖ് ഇബ്നു ഉസൈമിൻ (റഹി) പറയുന്നു: ഹൃദയങ്ങളിലുളള കാര്യങ്ങളു ടെ അവധി അന്ത്യദിനമാണ്. അന്ന് രഹസ്യങ്ങൾ വെളിപ്പെടും മനസ്സുകളിലുളളത് പുറത്ത് കൊണ്ട് വരപ്പെടും.

അതു കൊണ്ട് ഏറ്റവും ആദ്യം നാം നമ്മുടെ മനസ്സിനെ ശുദ്ധമാക്കണം. പിന്നെ പ്രവർത്തനങ്ങളെയും. അല്ലാഹു അനുഗ്രഹിക്കട്ടെ..

 സമീർ മുണ്ടേരി

 

ആതുരസേവന രംഗത്തുളളവരോട്…

ആതുരസേവന രംഗത്തുളളവരോട്..

ആതുരസേവനം എന്ന വാക്കിന് വളരെ പരിശുദ്ധമായ ഒരു അർത്ഥം ഉണ്ട്. ആ അർത്ഥത്തിന്റെ മനുഷ്യരൂപങ്ങളാണ് നഴ്സുമാർ. ആതുര സേവനരംഗത്തെ മാലാഖമാർ.. രാത്രികളെ പകലുകളാക്കി ജോലിചെയ്യുന്നവർ.. മാരകരോഗങ്ങ ള്‍ക്കും, പകർച്ചവ്യാധികൾക്കും നടുവില്‍ ധീരമായി നിന്ന് അനേകം മനസ്സുകൾ ക്കും ജീവിതങ്ങൾക്കും സാന്ത്വനം പകർന്നു നൽകുന്നവർ.. അപ്പോഴും ശരീര ക്ഷീണം മൂലം ഒരു കൈയ്യബദ്ധം പോലും സംഭവിക്കരുതേ എന്ന് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നവർ.. വ്രണിതമായ മനസ്സും ശരീരവും, സ്നേഹത്തോടെ, ചെറു പുഞ്ചിരിയോടെ പരിചരിക്കുന്നവർ തന്നെയാണ് അവരിൽ മഹാഭൂരിപക്ഷവും.

പിറന്നുവീഴുന്ന കുഞ്ഞുങ്ങൾ മുതൽ മരണശയ്യയിൽ ജീവിതത്തിന്റെ അന്ത്യനിമിഷങ്ങൾ കാതോർത്തു കിടക്കുന്നവർ വരെ അവരുടെ പരിചരണം അനുഭവിക്കുന്നവരിലുണ്ട്. ജീവിതം നൽകുന്ന അപ്രതീക്ഷിത മുറിവുകളിൽ ഹൃദയവും ശരീരവും തളർന്നു കിടന്നവർ മുതൽ, അനുഗ്രഹമായി തിരിച്ചു കിട്ടുന്ന ജീവിത നിമിഷങ്ങൾക്ക് മുന്നിൽ കൃതജ്ഞത നിർബന്ധമാകുന്ന മനസ്സുകൾ വരെ അവരുടെ സേവനത്തിന്റെ പാതയിൽ നിത്യവും വിടർന്നു നിൽക്കുന്നു…

•┈•✿❁✿•••┈•

അങ്ങനെ ആതുരസേവനരംഗത്ത് കർമ്മനിരതരായ നിങ്ങളോട് വളരെ ഗൗരവത്തിൽ, തികഞ്ഞ ആത്മാർത്ഥതയോടെ ആദരവോടെ ചില കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ആഗ്രഹിക്കുന്നു. ശ്രദ്ധയോടെ വായിക്കുമല്ലോ? അതോടൊ പ്പം ചിന്തിക്കുകയും ചെയ്യണമെന്ന് ആദ്യം തന്നെ അപേക്ഷിക്കട്ടെ.

മനുഷ്യ ശരീരത്തെക്കുറിച്ച് ഏറ്റവും നന്നായി മനസ്സിലാക്കിയവരാണ് നിങ്ങൾ. ബാഹ്യവും ആന്തരികവുമായ നമ്മുടെ ശരീരാവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ക്ക് മുന്നിൽ പലപ്പോഴും നമ്മൾ തന്നെ അത്ഭുതം കൂറി നിന്നു പോകുമെന്ന് പറയേണ്ടതില്ലല്ലോ? നമ്മുടെ ശരീരത്തിലെ ആന്തരിക – ബാഹ്യ അവയവങ്ങളും

അവയുടെ ഘടനയുമെല്ലാം ചില യാഥാർത്ഥ്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്..

•┈•✿❁✿•••┈•

ആരാണ് അത്ഭുതം നിറഞ്ഞ മനുഷ്യ ശരീരം സൃഷ്ടിച്ചത്? ആർക്കും ഒരു ന്യൂനതയും കാണുവാന്‍ സാധിക്കാത്ത വിധം നമ്മുടെ ശരീരത്തിന്റെ രൂപം സംവിധാനിച്ചത് ആരാണ്? ഈ അത്ഭുതം നിറഞ്ഞ ശരീരം ആകസ്മികമായി ഉണ്ടായതാണെന്ന് പറയാൻ സാധിക്കുമോ? മനുഷ്യൻ ജനിക്കുന്നതും മരിക്കുന്ന തും അവന്റെ അനുവാദത്തോടെ അല്ല. അപ്പോൾ ഈ കാര്യങ്ങളുടെ തീരുമാനം ആരുടെ കൈകളിലാണ്?

നാം ജനിക്കുമ്പോൾ ഇവിടെ ഭൂമിയും, ആകാശവും, വെള്ളവുമെല്ലാം ഉണ്ടായിരുന്നില്ലേ? ആരാണ് ഇതെല്ലാം സൃഷ്ടിച്ചത്? ഇതെല്ലാം തനിയെ ഉണ്ടായി എന്നാണോ നാം വിശ്വസിക്കേണ്ടത്? ഒരു മൊട്ടുസൂചിയെങ്കിലും തനിയെ ഉണ്ടാകുമോ? ഇല്ല! എത്ര അധ്വാനം അതിന്റെ പിന്നിലുണ്ട്!!!

അങ്ങനെയെങ്കിൽ ഈ ഭൂമി, ആകാശം, വെള്ളം ഇതെല്ലാം എങ്ങനെ ഉണ്ടായി? തനിയെ ഉണ്ടായി എന്ന് പറയാൻ നമ്മുടെ ബുദ്ധി അനുവദിക്കില്ല. ഇതിന്റെ പിന്നിൽ ഒരു സ്രഷ്ടാവുണ്ട്..! ഉണ്ട്…തീര്‍ച്ചയായും ഉണ്ട്.

സ്രഷ്ടാവ്

•┈•✿❁✿•••┈•

ആരാണ് ആ സ്രഷ്ടാവ്? നമ്മെയും ഈ പ്രപഞ്ചത്തിലെ സകല വസ്തുക്കളെയും സൃഷ്ടിക്കുകയും അവക്ക് ആവശ്യമുളളതെല്ലാം ഒരുക്കിത്തരികയും ചെയ്തവനാ ണ് സ്രഷ്ടാവ്. ചുറ്റുപാടിലേക്ക് കണ്ണോടിച്ചാൽ അവന്റെ അത്ഭുതങ്ങൾ നമുക്ക് കാണാം. അതിലൂടെ അവനെ അറിയാനും ഉൾക്കൊളളാനും ശ്രമിക്കുക.

പ്രവാചകന്മാർ

•┈•✿❁✿•••┈•

സൃഷ്ടിപ്പിന്റെ തുടക്കം മുതൽ തന്നെ മനുഷ്യകുലത്തിന് മാർഗദർശനം നൽകാനായി ദൂതന്മാർ നിയോഗിക്കപ്പെട്ടിട്ടുണ്ട്. ആദം (അ), ഇബ്രാഹിം (അ), മൂസാ (അ), ഈസാ (അ), മുഹമ്മദ് (സ്വ) എന്നിവരെല്ലാം ആ പ്രവാചക ശൃംഖല യിലെ ചില കണ്ണികൾ മാത്രമാണ്. ഇവരുടെയെല്ലാം പ്രബോധന വിഷയങ്ങ ളിൽ പ്രഥമ സ്ഥാനം ഏകദൈവാരാധനക്കായിരുന്നു. എങ്ങിനെയാണ് ഏകദൈവ ത്തെ മാത്രം ആരാധിച്ച് ജീവിക്കേണ്ടത് എന്ന് ആ പ്രവാചകന്മാർ ജീവിച്ച് കാണിച്ച് തന്നിട്ടുമുണ്ട്.

ക്വുർആൻ…

•┈•✿❁✿•••┈•

സ്രഷ്ടാവും സംരക്ഷകനുമായ തമ്പുരാനിൽ നിന്ന് മാനവരാശിക്ക് അവതരിപ്പി ക്കപ്പെട്ട അവസാനത്തെ വേദഗ്രന്ഥമാണ് ഖുർആൻ. അന്ത്യപ്രവാചകനായ മുഹമ്മദ് നബി (സ) യിലൂടെയാണ് ലോകം ഖുർആൻ ശ്രവിച്ചത്. ഈ ലോകത്തെ അവസാനത്തെ മനുഷ്യൻ വരെ സകലരും സ്വീകരിക്കേണ്ട ദൈവിക ഗ്രന്ഥമാണത്. മാനവരാശിക്ക് മുഴുവനുമായി ഇഹപരവിജയം നേടുന്നതിനായി പ്രപഞ്ചനാഥൻഅന്തിമ പ്രവാചകനിലൂടെ അവതരിപ്പിച്ച അവസാന വേദഗ്രന്ഥ മാണ് ഖുർആൻ. ഇത് താങ്കളുടേത് കൂടിയാണ്. ഒരാവർത്തി വായിക്കാൻ ശ്രമിക്കുകയില്ലേ.?

മരണത്തിന് ശേഷം

•┈•✿❁✿•••┈•

മരണം ജീവിതത്തിന്റെ അന്ത്യമല്ല, മറിച്ച് യഥാർത്ഥ ജീവിതത്തിലേക്കുള്ള കവാടമാണ്. മനുഷ്യന്റെ മരണ ശേഷം വീണ്ടും ജീവിപ്പിക്കുകയും മരണത്തിനു മുമ്പ് അവൻ കഴിച്ചുകൂട്ടിയ ജീവിതം വിലയിരുത്തുകയും വിചാരണ നടത്തു കയും ചെയ്യപ്പെടുന്നു. അങ്ങനെ ശരിയും തെറ്റും ബോധ്യപ്പെടുത്തിയ ശേഷം അവരെ ശാശ്വതമായ സ്വർഗീയ സുഖത്തിലേക്ക് അതല്ലെങ്കിൽ ശാശ്വതമായ നരകത്തിലേക്ക് നീക്കുന്നതും ആയിരിക്കും. അവരതിൽ അനന്തമായി കഴി ഞ്ഞു കൂടുകയും ചെയ്യും.

എന്നാൽ മരണാനന്തരം ഒരു ജീവിതമുണ്ട് എന്ന് കേൾക്കുമ്പോൾ ചിലർക്ക് തമാശയായി തോന്നുന്നു. വിവരമില്ലാത്തവരുടെ പഴംപുരാണങ്ങൾ എന്ന് പറഞ്ഞ് അവരത് തള്ളിക്കളയുന്നു. മറ്റുചിലർക്ക് സംശയത്തോടെയുള്ള ദുർബലമായ ഒരു വിശ്വാസമാണുള്ളത്. ഇങ്ങനെയുള്ളവരെല്ലാം ഇഹലോക ജീവിതമാണ് എല്ലാം എന്ന വിശ്വാസത്തിൽ അല്ലാഹുവിനെ മറന്ന് ജീവിക്കുന്നു.

കോടിക്കണക്കിന് മനുഷ്യർ ഈ ഭൂമുഖത്ത് ജീവിച്ചു മരിച്ചു. നമ്മളെല്ലാം ഇപ്പോൾ ജീവിക്കുന്നു. ഒരുപക്ഷെ ഇനിയും എത്രയോ കോടി മനുഷ്യർ വരാനിരിക്കുന്നു. ഈ മനുഷ്യരിൽ നല്ലരുണ്ട്, ചീത്ത മനുഷ്യരുമുണ്ട്. ഈ മനുഷ്യർക്കു മുഴുവനും തുല്യ നീതി നടപ്പാക്കാൻ പറ്റിയ ഏതു കോടതിയുണ്ട് ഈ ലോകത്ത്? പണവും പ്രതാപവുമുള്ളവന് എത്ര വലിയ തെറ്റു ചെയ്താലും അവന്റെ പണം കൊണ്ട് ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കും. അഥവാ അവനെ ശിക്ഷിച്ചാലോ, എല്ലാ സൗകര്യങ്ങളോടും കൂടിയ നക്ഷത്ര സൗകര്യങ്ങളുള്ള ജയിലായിരിക്കും അവന് കിട്ടുക. നൂറുപേരെ കൊന്ന ഒരു മനുഷ്യന് ഒരൊറ്റ മരണ ശിക്ഷ നൽകിയാൽ ആ നൂറുപേരുടെ വേദനയ്ക്ക് തുല്യമാകുമോ?

കൂടാതെ, മദ്യപാനം, വ്യഭിചാരം, മാതാപിതാക്കളെ ഉപദ്രവിക്കൽ, മാരണം, കളവ് പറയൽ, അസൂയ, പരദൂഷണം, കോപം കൊണ്ടും മോശമായ വാക്കുകൾ കൊണ്ടും മറ്റും മറ്റുള്ളവരുടെ സമാധാനം തകർക്കൽ, മുതലായ തെറ്റുകൾക്കെ ല്ലാം ഇഹലോകത്ത് എന്തെങ്കിലും ശിക്ഷകളുണ്ടോ? ഇനി നിങ്ങളുടെ അവസര മാണ്. ചിന്തിക്കുവാനുള്ള അവസരം. മുകളിൽ താങ്കൾ വായിച്ച് തീർത്ത വരികൾ അബദ്ധമാണെങ്കിൽ തളളിക്കളയാം. എന്തു തന്നെ കേട്ടാലും ചിന്തിക്കാത്തവരും, മരണാനന്തരം ഒരു ജീവിതമില്ല എന്നു കരുതുന്നവരുമായ

ധാരാളം പേർ നമ്മുടെയിടയിലുണ്ട്. വിരലിലെണ്ണാവുന്ന ഏതാനും വർഷങ്ങൾ കൂടി ഇങ്ങനെയൊക്കെത്തന്നെ ജീവിച്ചിട്ട് അവര്‍ മരണപ്പെടും. അതിനു ശേഷം മരണാനന്തരവും ജീവിതമുണ്ട് എന്ന് അനുഭവിച്ച് ബോധ്യപ്പെടുമ്പോൾ മാത്രം വിശ്വസിച്ചാൽ മതി എന്നല്ലാതെ അവരോട് എന്തുപറയാൻ…….?

 

സമീർ മുണ്ടേരി

 

സലഫു സ്വാലിഹീങ്ങളും റമദാനും

സലഫു സ്വാലിഹീങ്ങളും റമദാനും

● റമദാൻ മാസത്തിൽ വ്യത്യസ്ത വീക്ഷണ കാരെ കാണാൻ സാധിക്കും.  ചിലർ നിഷ്കളങ്കമായി അല്ലാഹുവിനുവേണ്ടി ആരാധനയും  ഖുർആൻ  പാരായണവും, ചില ചെറിയ രൂപത്തിൽ ആരാധനയിൽ ആയിരിക്കും,  ചിലർ മറ്റു മാസങ്ങളെ  പോലെ അശ്രദ്ധരായി കൊണ്ട് റമദാൻ ഇനിയും കാണും, മറ്റു ചിലർ ഭക്ഷണപദാർത്ഥങ്ങളുടെ വൈഭവത്തെ പരീക്ഷിക്കുന്ന അവരായിരിക്കും.

● പരിശുദ്ധമാക്കപ്പെട്ട  റമദാൻ വന്നു എത്തിയിട്ടും ജനങ്ങളെ عبادة കാര്യത്തിൽ ദരിദ്രരാണ്    

●എന്നാൽ പ്രവാചകനും സ്വഹാബാക്കളും  سلف صالح കളും പരിശുദ്ധ മാക്കപ്പെട്ട റമളാനിനെ കണ്ടിരുന്നത് നമ്മുടെ വീക്ഷണത്തിൽ ആയിരുന്നില്ല

● അവർ ഖുർആൻ പാരായണത്തിൽ ആയിരുന്നു, നോമ്പുകാരെ യും മറ്റു പാവങ്ങളെ  ഭക്ഷപ്പികുമായിരുന്നു, അവരുടെ കാലുകൾ നീര് വരുമാർ രാത്രി നമസ്കാരത്തിൽ മുഴുകിയിരുന്നു.

●മറ്റു മാസങ്ങളിലെ  പ്രവർത്തനങ്ങളെകാളും വ്യത്യസ്തരായിരുന്നു അവർ റമദാൻ മാസത്തിൽ.

● മാലിക് ബ്നു അനസ് റഹ്മത്തുള്ളാ  അദ്ദേഹത്തിൻറെ വിജ്ഞാന സദസ്സുകൾ റമദാൻ മാസത്തിലെ ആരാധനയ്ക്കായി നിർത്തിവെച്ചിരുന്നു റമദാൻ മാസം ആസന്നമായാൽ ഹദീസ് പഠനത്തിൽ നിന്നും പണ്ഡിതന്മാരുടെ സദസ്സുകളിൽ നിന്നും ഒഴിഞ്ഞിരുന്നു ഖുർആൻ പാരായണത്തിൽ മുഴുകിയിരുന്നു.

● സുഫിയാൻ അസ്സൗരി  റമദാൻ മാസം ആഗതമായാൽ മറ്റുള്ള എല്ലാ ആരാധനയിൽ നിന്നും മാറിനിന്ന് ഖുർആൻ   പാരായണത്തിൽ മുഴുകിയിരുന്നു.

● ഇമാം ബുഹാരി റഹ്മത്തുള്ളാ ഓരോ പകലിലും ഖുർആൻ ഖതം ഓതി തീർത്തിരുന്നു, അതുപോലെ  തറാവീഹ് നമസ്കാരത്തിന് ശേഷം മൂന്ന് ദിവസം കൂടുമ്പോൾ ഖത്തം ഓതി തീർത്തിരുന്നു.

● റബീഅ ബിൻ സുലൈമാൻ പറയുകയാണ് (അദ്ദേഹം ഇമാം ഷാഫിയുടെ ശിഷ്യനാണ് )ഓരോ റമദാൻ കടന്നുവരുമ്പോഴും അദ്ദേഹം 60 തവണ ഖത്തം ഓതിയിരുന്നു.

● സൈദ് ബ്നു ജുബൈർ രണ്ടുദിവസങ്ങളിലായി ഖുർആൻ ഖത്തം ഓതിയിരുന്നു.

●  സലഫുകൾ ഖുർആനിനു വേണ്ടിയും ആരാധനയ്ക്ക് വേണ്ടിയും വിജ്ഞാന സദസ്സുകളും പോലും ഒഴിവാക്കിയിട്ടുണ്ട് .

● എന്നാൽ എന്താണ് നമ്മുടെ അവസ്ഥ എന്ന് ഒന്ന് ചിന്തിച്ചു നോക്കൂ

 
ഫഹീം 
ജാമിഅ അല്‍ ഹിന്ദ്

പ്രബോധകന്മാരോട് സ്നേഹപൂര്‍വ്വം :

പ്രബോധകന്മാരോട് സ്നേഹപൂര്‍വ്വം :

ഷെയ്ഖ് സ്വാലിഹ് അല്‍ ഫൌസാനും, ഉബൈദ് അല്‍ ജാബിരിയുമൊക്കെ അവതാരിക എഴുതിയ -മന്ഹജുസ്സലഫ് ഫി ദ്ദഅവത്തി ഇലല്ലാഹ്- എന്ന ഫവാസ് ബിന്‍ ഹുലൈല്‍ അസ്സുഹൈമിയുടെ പുസ്തകതില്‍ നിന്നും ഗ്രഹിച്ചെടുത്ത വലിയൊരു ആശയത്തിന്‍റെ സംഗ്രഹം : 

” പ്രബോധനം ചെയ്യുന്നവര്‍ വളരെയധികം സൂക്ഷിക്കണം .. തങ്ങളില്‍ വരുന്ന അപാകതകള്‍ കാരണം മറ്റുള്ളവര്‍ സത്യത്തില്‍ നിന്നും അകന്നു പോകാന്‍ ഇടയാക്കരുത്… മാന്യമായും ഇസ്ലാമിക മര്യാദയോട് കൂടിയും മാത്രമേ അവര്‍ തങ്ങളുടെ വീക്ഷണങ്ങള്‍ അവതരിപ്പിക്കാവൂ.. എതിരാളി എത്ര മോശമായ രീതി സ്വീകരിച്ചാലും അതേ നാണയത്തില്‍ മറുപടി പറയുക എന്നത് ഒരിക്കലും അഹ്ലുസ്സുന്നയുടെ രീതിയല്ല… എത്ര അവഹേളനങ്ങള്‍ സഹിച്ചാലും ക്ഷമിച്ചു കൊണ്ടും തന്‍റെ എതിരാളിയുടെ നന്മ മാത്രം ആഗ്രഹിച്ചു കൊണ്ടും സൗമ്യതയോടെ ആദര്‍ശം തുറന്നു പറയുക എന്നതാണ് സലഫുകളുടെ രീതി. പ്രബോധകന്‍ എതിരാളികള്‍ തീര്‍ക്കുന്ന പ്രകോപനങ്ങള്‍ക്കിരയാവരുത്.

ഇനി തന്‍റെ വികാരം നിയന്ത്രിക്കാന്‍ പറ്റാത്തവരും നമ്മളിലുണ്ടാവാം .. പൊതു പ്രബോധന രംഗങ്ങളില്‍ നിന്നും മാറി നിന്ന് ആദര്‍ശത്തിന് വേണ്ടി ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുകയും തന്നെക്കൊണ്ട് കഴിയുന്ന സഹായങ്ങള്‍ ചെയ്തു കൊടുക്കുകയുമാണ് അവര്‍ ചെയ്യേണ്ടത്. പൊതു പ്രബോധനത്തില്‍ അവരില്‍ നിന്ന് വരുന്ന വികാരപരമായ സമീപനങ്ങള്‍ ഒരു പക്ഷെ ഇസ്ലാമികാധ്യാപനങ്ങളെ മറികടക്കാന്‍ ഇടയുണ്ട്. ഇത് പ്രബോധനത്തിന്റെ മുന്നേറ്റത്തെ തന്നെ ബാധിച്ചേക്കാം. ഇനി തന്‍റെ വികാരത്തെ ക്ഷമ കൊണ്ടും, ഗുണകാംഷ കൊണ്ടും തടുത്തു നിര്‍ത്താന്‍ സാധിക്കുമെങ്കില്‍ ഇസ്ലാമിക മര്യാദകള്‍ കാത്തു സൂക്ഷിച്ചു കൊണ്ട് അവര്‍ പ്രബോധനം ചെയ്തു കൊള്ളട്ടെ….. “.

ഇബ്നു ഉസൈമീന്‍(റ) പ്രബോധകര്‍ക്ക് നല്‍കിയ ഒരു ഉപദേശവും ശ്രദ്ധേയമാണ് : “നിനക്കൊരാളെ സത്യത്തിലേക്ക് വഴി നടത്താന്‍ സാധിച്ചില്ലെങ്കിലും ഒരിക്കലും തന്നെ അവനെ സത്യത്തോട് ശത്രുതയുള്ളവനാക്കി മാറ്റരുത് “.

ആദര്‍ശം തുറന്നു പറയാതെ എല്ലാവരെയും സന്തോഷിപ്പിക്കുന്ന രീതി സ്വീകരിക്കണം എന്നല്ല. ആദര്‍ശത്തിന്റെ കാര്യത്തില്‍ ഒരു വിട്ടു വീഴ്ചയുമില്ല .. പക്ഷെ ആദര്‍ശം തുറന്നു പറയുമ്പോഴും സ്വഭാവമര്യാദയും, മതബോധവും, ഗുണകാംശയും കാത്തു സൂക്ഷിക്കണം…

പ്രവാചകന്റെ അധ്യാപനങ്ങള്‍ പാലിച്ചു കൊണ്ട് പ്രബോധനം നടത്തുന്നവരില്‍ അല്ലാഹു നമ്മെ ഉള്‍പ്പെടുത്തട്ടെ…. നമ്മളില്‍ നിന്നും വന്നു പോകുന്ന അപാകതകള്‍ അല്ലാഹു നമുക്ക് പൊറുത്തു തരട്ടെ

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com

 

ആദര്‍ശപരമായി നമ്മള്‍ യോജിക്കാത്തവരുടെ നല്ല കാര്യങ്ങള്‍ എടുത്തു പറയുമ്പോള്‍ അവരോടുള്ള വിയോജിപ്പും പറയണം…..

ആദര്‍ശപരമായി നമ്മള്‍ യോജിക്കാത്തവരുടെ നല്ല കാര്യങ്ങള്‍ എടുത്തു പറയുമ്പോള്‍ അവരോടുള്ള വിയോജിപ്പും പറയണം.

നന്മ ആര് ചെയ്താലും പ്രോത്സാഹിപ്പിക്കുക എന്ന വിഷയം : വളരെ ശരിയാണ് .. പക്ഷെ അതിനു ഇസ്ലാം ചില നിബന്ധനകള്‍ വച്ചിട്ടുണ്ട് . നിരുപാധികം പ്രോത്സാഹിപ്പിക്കാന്‍ പാടില്ല എന്നര്‍ത്ഥം .

അവിശ്വാസികളോ, ബിദ്അത്തുകാരോ, തന്നിഷ്ടത്തിന്റെ ആളുകളോ, അഖലാനിസം അഥവാ യുക്തിക്ക് പ്രമാണങ്ങളെക്കാള്‍ മുന്ഗണന നല്‍കുന്ന ആളുകളോ, കക്ഷിത്വത്തിന്റെ ആളുകളോ ആണ് ഒരു നന്മ ചെയ്തതെങ്കില്‍ അവരുടെ നന്മയെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം അവരോടുള്ള വിയോജിപ്പ് കൂടി വ്യക്തമായി നമ്മള്‍ പറയണം എന്ന നിബന്ധനയുണ്ട് …

ഉദാ : വിശുദ്ധ ഖുര്‍ആനില്‍ ജൂത ക്രിസ്ത്യാനികളെ വിവാഹം ചെയ്യുകയും അവരുടെ ഭക്ഷണം കഴിക്കുകയും ചെയ്യാം എന്ന് പറഞ്ഞിടത്ത് തന്നെ അവരുടെ വിശ്വാസം ശരിയല്ല എന്നും ആ വിശ്വാസക്കാര്‍ നരകാവകാശികളാണെന്നും ഓര്‍മ്മപ്പെടുത്തുന്നത് കാണാം. അഥവാ മറ്റു മതക്കാര്‍ക്ക് ലഭിക്കാത്ത ചില പ്രത്യേക പരിഗണന ജൂത ക്രിസ്ത്യാനികള്‍ക്കുണ്ട് എന്നത് പറയുന്നിടത്ത് മാത്രം വിശുദ്ധ ഖുര്‍ആന്‍ നിര്‍ത്തിയില്ല. അതോടൊപ്പം ആദര്‍ശപരമായി അവരോടുള്ള വിയോജിപ്പ്‌ അവിടെ കൃത്യമായി രേഖപ്പെടുത്തി… ഇതില്‍ നിന്നും മുഫസ്സിരീങ്ങള്‍ രേഖപ്പെടുത്തുന്ന ഒരു നിയമമാണ് ആദര്‍ശപരമായി നമ്മള്‍ യോജിക്കാത്തവരുടെ നല്ല കാര്യങ്ങള്‍ എടുത്തു പറയുമ്പോള്‍ അവരോടുള്ള വിയോജിപ്പും പറയണം എന്ന നിയമം …നന്മയും തിന്മയും കൂടിക്കലരാതിരിക്കാന്‍ ആണത്.. നന്മയും തിന്മയും കൂടിക്കലരാന്‍ ഇടവരുത്തുന്ന ഒരുകാര്യവും ചെയ്യാന്‍ പാടില്ല എന്നും ഇതില്‍ നിന്നും മനസ്സിലാക്കാം….

ഇതുപോലെ മറ്റു ചില നിബന്ധനകള്‍ കൂടിയുണ്ട്… ഇന്‍ ഷാ അല്ലാഹ് .. പിന്നീട് ഒരവസരത്തിലാകാം … 

അതുപോലെ വിയോജിപ്പ്‌ രേഖപ്പെടുത്തുമ്പോള്‍ അതിന് ഇസ്‌ലാം നിര്‍ദേശിച്ച നിയമങ്ങളും നിബന്ധനകളും വേറെ ഉണ്ട് താനും…

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com

 

ശൈഖ് സ്വാലിഹ് അസ്സുഹൈമിക്ക് ശൈഖ് അല്‍ബാനിയോടൊപ്പം ഉണ്ടായ ഒരനുഭവം. – ത്വലബതുല്‍ ഇല്‍മ് അറിയേണ്ടത്.

ശൈഖ് സ്വാലിഹ് അസ്സുഹൈമിക്ക് ശൈഖ് അല്‍ബാനിയോടൊപ്പം ഉണ്ടായ ഒരനുഭവം. - ത്വലബതുല്‍ ഇല്‍മ് അറിയേണ്ടത്.

الحمد لله والصلاة والسلام وعلى رسول الله ، وعلى آله وصحبه ومن والاه .. أما بعد؛

ഇന്ന് ഹിജ്റ 5/1/1437 അഥവാ  [19/10/2015] ന് തിങ്കളാഴ്ച കുവൈറ്റിലെ സ്വാലിഹ് അല്‍ കന്‍ദരി പള്ളിയില്‍ നടക്കുന്ന ദൗറയില്‍, ശൈഖ് അബ്ദുല്ലത്തീഫ് ആലു ശൈഖ് റഹിമഹുല്ലയുടെ ‘ഉസ്വൂല്‍ വ ളവാബിത്വുത്തക്ഫീര്‍’ എന്ന കൃതി വിവരിക്കവെ, ശൈഖ് സ്വാലിഹ് അസ്സുഹൈമി ഹഫിദഹുല്ലാഹ് ശൈഖ് അല്‍ബാനി റഹിമഹുല്ലയുമായി അദ്ദേഹത്തിന് ഉണ്ടായ ഒരനുഭവം പങ്കുവെക്കുകയുണ്ടായി: 

ശൈഖ് അല്‍ബാനി റഹിമഹുല്ല അമ്മാനിലെ ഇസ്‌ലാമിക് ഹോസ്പിറ്റലില്‍ ചികിത്സയിലായിരിക്കെ ശൈഖ് സ്വാലിഹ് അസ്സുഹൈമി ഹഫിദഹുല്ല അദ്ദേഹത്തെ സന്ദര്‍ശിച്ചു. ശൈഖ് അല്‍ബാനി അദ്ദേഹത്തെ ആരും അമിതമായി പുകഴ്ത്തരുത് എന്ന് അങ്ങേയറ്റം കണിശതയുള്ള ആളായിരുന്നതിനാല്‍ അദ്ദേഹത്തിന്‍റെ നെറ്റിയില്‍ ചുംബിക്കാന്‍ ആരെയും അനുവദിക്കാറുണ്ടായിരുന്നില്ല. (പൊതുവേ അറബികള്‍ മുതിര്‍ന്നവരോടുള്ള ബഹുമാന സൂചകം ചെയ്യുന്ന ഒരു കാര്യമാണത്). എന്നാല്‍ ഹോസ്പിറ്റലില്‍ കിടക്കുകയായതുകൊണ്ട്‌ ശൈഖ് സ്വാലിഹ് അസ്സുഹൈമി (ഹ) അദ്ദേഹത്തോട് തമാശയായിപ്പറഞ്ഞു: സാധാരണ തലയില്‍ ചുംബിക്കാന്‍ നിങ്ങള്‍ അനുവദിക്കാറില്ല. എന്നാല്‍ ഈ അവസ്ഥയില്‍ നിങ്ങള്‍ അനുവദിച്ചാലും ഇല്ലെങ്കിലും ഞാന്‍ ചുംബിക്കും. അപ്പോള്‍ ഇരുവരും ചിരിച്ചു.. ശേഷം കൂടെ വന്ന ആള്‍ ശൈഖ് സ്വാലിഹ് അസ്സുഹൈമിയെ അല്‍ബാനി (റ) ക്ക് പരിചയപ്പെടുത്തിക്കൊടുക്കാന്‍ തുടങ്ങി.

അപ്പോള്‍ ശൈഖ് അല്‍ബാനി (റ) ചിരിച്ചുകൊണ്ട് പറഞ്ഞു: ഇദ്ദേഹത്തെയാണോ നിങ്ങള്‍ എനിക്ക് പരിചയപ്പെടുത്തുന്നത്. ശനിയാഴ്ച ദിവസം നോമ്പെടുക്കുന്നതുമായി ബന്ധപ്പെട്ടും, രണ്ടാം ജമാഅത്തിനെപ്പറ്റിയും  എന്നെ ഒരുപാട് ഖണ്ഡിച്ചിട്ടുള്ള ആളല്ലേ. 

(അഥവാ മുന്‍പോ ശേഷമോ നോമ്പ് നോല്‍ക്കുകയാണ് എങ്കില്‍ ശനിയാഴ്ച ദിവസം നോമ്പ് എടുക്കുന്നതില്‍ തെറ്റില്ല, അതുപോലെ പള്ളിയില്‍ വൈകി വരുന്നവര്‍ രണ്ടാം ജമാഅത്ത് നിര്‍വഹിക്കുന്നതില്‍ തെറ്റില്ല എന്നായിരുന്നു ശൈഖ് സ്വാലിഹ് അസ്സുഹൈമിയുടെ അഭിപ്രായം. എന്നാല്‍ ശൈഖ് അല്‍ബാനി അത് പാടില്ല എന്ന അഭിപ്രായക്കാരനായിരുന്നു).

അപ്പോള്‍ ശൈഖ് സ്വാലിഹ് അസ്സുഹൈമി അദ്ദേഹത്തോട് പറഞ്ഞു: യാ ശൈഖനാ,,, ഞാന്‍ ഇപ്പോഴും നേരത്തെ ഞാന്‍ പറഞ്ഞ നിലപാടില്‍ത്തന്നെയാണ്. അതിന് വിപരീതമായി യാതൊന്നും എനിക്ക് ഇതുവരെ ബോധ്യപ്പെട്ടിട്ടില്ല. ഇത്തരം വിഷയങ്ങളില്‍ താങ്കളെയോ താങ്കളല്ലാത്ത മറ്റുള്ളവരെയോ അന്തമായി അനുകരിക്കാതിരിക്കാന്‍ താങ്കള്‍ തന്നെയാണല്ലോ ഞങ്ങളെ പഠിപ്പിച്ചത്.

ഉടന്‍ ശൈഖ് അല്‍ബാനി (റ) ശൈഖ് സ്വാലിഹ് അസ്സുഹൈമിയുടെ കൈകളില്‍ മുറുക്കിപ്പിടിച്ചുകൊണ്ട് പറഞ്ഞു: “ഇങ്ങനെയാണ് ത്വലബതുല്‍ ഇല്‍മ് ആകേണ്ടത്”.

—————————————————-

ഈ അനുഭവം പറഞ്ഞ ശേഷം ശൈഖ് സ്വാലിഹ് അസ്സുഹൈമി പറഞ്ഞു: ശനിയാഴ്ച ദിവസം നോമ്പ് നോല്‍ക്കുന്നത് സംബന്ധമായി ഞാനും ശൈഖ് അബ്ദുല്‍മുഹ്സിന്‍ അബ്ബാദ് ഹഫിദഹുല്ലയും ശൈഖ് അല്‍ബാനി (റ) യുമായി ഒരുപാട് ഖണ്ഡിചിട്ടുണ്ട്. ഇപ്പോഴും ശനിയാഴ്ച ദിവസത്തെ ഒറ്റപ്പെടുത്താതെ അതിന്‍റെ മുന്‍പോ, ശേഷമോ ഒരു ദിവസം നോമ്പ് എടുക്കുകയാണ് എങ്കില്‍ അതില്‍ തെറ്റില്ല എന്ന അഭിപ്രായത്തില്‍ത്തന്നെയാണ് ഞാനുള്ളത്. ശൈഖ് അല്‍ബാനി അത് അനുവദനീയമായിക്കണ്ടിരുന്നില്ല. അദ്ദേഹത്തിന്‍റെ ഇജ്തിഹാദിന് അദ്ദേഹത്തിന് പ്രതിഫലമുണ്ട്. അല്ലാഹു അദ്ദേഹത്തിന് തക്കതായ പ്രതിഫലം നല്‍കട്ടെ.

——————————————————————-

ഇല്‍മിയായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നിടത്ത് ഉലമാക്കള്‍ക്കിടയില്‍ ഉണ്ടായിരുന്ന അദബും, വളരെ ആഴത്തില്‍ ഇല്‍മിയായ ചര്‍ച്ചകളും ഖണ്ഡനങ്ങളും നടത്തുമ്പോള്‍ പോലും അവര്‍ കാത്തുസൂക്ഷിച്ചിരുന്ന സഹിഷ്ണുതയും മനസ്സിലാക്കാനാണ് ഈ സംഭവം ഇവിടെ കുറിച്ചത്. എന്നാല്‍ ഉലമാക്കളില്‍ നിന്ന് ഇല്‍മ് സ്വീകരിച്ചിട്ടില്ലാത്ത, അവരുടെ രീതി മനസ്സിലാക്കിയിട്ടില്ലാത്ത ചില ആളുകളെ നമുക്ക് കാണാം. ഇല്‍മിയായ എതെങ്കിലും ഒരു വിഷയത്തില്‍ താന്‍ പറഞ്ഞ, അതല്ലെങ്കില്‍ താന്‍ മനസ്സിലാക്കിയ കാര്യത്തിന് വിഭിന്നമായി ആരെങ്കിലും സംസാരിച്ചാല്‍, തത് വിഷയത്തില്‍ ഉലമാക്കള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടോ, എന്തൊക്കെ അഭിപ്രായങ്ങളാണ് അതുമായി ബന്ധപ്പെട്ട് പണ്ഡിതലോകത്ത് ഉള്ളത്, ഓരോരുത്തരുടെയും തെളിവുകള്‍ എന്ത്, തുടങ്ങിയ കാര്യങ്ങളൊന്നും തന്നെ പരിഗണിക്കാതെ .. തന്‍റെ വാദങ്ങള്‍ അനുകൂലിക്കാത്തവരെയെല്ലാം, സ്വാഹിബുല്‍ ഹവയായും, മുബ്തദിആയും മുദ്രകുത്തുന്ന ചില ആളുകളെ നമുക്ക് കാണാം. ഉലമാക്കളുമായി ഇടപഴകുകയോ, അവരുടെ അദബ് നേരിട്ട് മനസ്സിലാക്കുകയോ ചെയ്യാതെ, തനിക്ക് ആവശ്യമുള്ളതും താല്‍പര്യമുള്ളതും മാത്രം തേടിപ്പിടിച്ച് പഠിക്കുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. പണ്ഡിതന്മാര്‍ വളരെ ശക്തമായ രൂപത്തില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ക്കുള്ള തെളിവുകള്‍ നിരത്തിക്കൊണ്ട്‌ പരസ്പരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്തപ്പോള്‍പോലും പരസ്പരമുള്ള സഹിഷ്ണുതയും ആദരവും കാത്ത് സൂക്ഷിച്ചിരുന്നു.

ശൈഖ് സുലൈമാന്‍ റുഹൈലി ഹഫിദഹുല്ല പറഞ്ഞത് പോലെ : “ചെറിയ ത്വലബതുല്‍ ഇല്‍മ് വലിയ പാണ്ഡിത്യമുള്ള പണ്ഡിതന്മാരെക്കുറിച്ച് വരെ മോശമായി സംസാരിക്കുന്നത് ഈ കാലഘട്ടത്തിലെ ഫസാദില്‍പ്പെട്ടതാണ്.”

ഒരുവേള യാതൊരു ഇല്‍മുമില്ലാത്ത ചില ആളുകളും, അഹലുസ്സുന്നയില്‍പ്പെട്ട  ഉലമാക്കളെക്കുറിച്ചും, ത്വലബതുല്‍ ഇല്‍മിനെക്കുറിച്ചും വളരെ നിസാരമായി, മുബ്തദിഅ് എന്നും, സ്വാഹിബുല്‍ ഹവ എന്നുമൊക്കെ പറയുന്നത് വളരെ പ്രകടമായി ഇന്ന് കാണാന്‍ സാധിക്കും. അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. ഇത്തരക്കാര്‍ മറ്റുള്ളവരെ വിചാരണ ചെയ്യുന്നത് പോലെ അല്ലാഹു പരലോകത്ത് അവരെയും വിചാരണ ചെയ്യാതിരിക്കട്ടെ …

തങ്ങള്‍ മുബ്തദിഅ് എന്ന് പറയുന്ന ഒരാളെ മറ്റൊരാള്‍ മുബ്തദിഅ് ആക്കിയിട്ടില്ലെങ്കില്‍, ആ ആളും മുബ്തദിഅ് ആകും എന്നതാണ് ഇവരുടെ തത്വം. അത് സംബന്ധമായി ശൈഖ് സ്വാലിഹ് അസ്സുഹൈമി ഹഫിദഹുല്ലാഹ് അദ്ദേഹത്തിന്‍റെ ദര്‍സില്‍ പറഞ്ഞത്: “മുബ്തദിഇനെ മുബ്തദിആയിക്കാണാത്തവനും മുബ്തദിആണ്. കാഫിറിനെ കാഫിറായിക്കാണാത്തവനും കാഫിറാണ്. ഈ രണ്ട് തത്വങ്ങളും ശരി തന്നെ. പക്ഷെ അത് പ്രയോഗവല്‍ക്കരിക്കുന്നിടത്താണ് പിഴവ്. ഖവാരിജുകള്‍  മുസ്‌ലിമീങ്ങളില്‍പ്പെട്ടവരെ കാഫിറാക്കുന്നു. എന്നിട്ട് അവര്‍ കാഫിറാക്കിയവരെ കാഫിറാക്കാത്ത ആളുകളെയും കാഫിറായിക്കാണുന്നു. അതുപോലെ മറ്റുചിലര്‍ അഹലുസ്സുന്നയിത്തന്നെ പെടുന്ന അവരുടെ സഹോദരങ്ങളെ മുബ്തദിആക്കുന്നു. അവര്‍ മുബ്തദിആക്കിയവരെ മറ്റുള്ളവര്‍ മുബ്തദിഅ് ആക്കിയില്ലെങ്കില്‍ അവരെയും മുബ്തദിഅ് ആക്കുന്നു.”

ഇവിടെയാണ്‌ ശൈഖുല്‍ ഇസ്‌ലാം മുഹമ്മദ്‌ ബ്ന്‍ അബ്ദുല്‍ വഹാബ്   റഹിമഹുല്ലയുടെ അധ്യാപനം പ്രസക്തമാകുന്നത്. തക്ഫീറുമായി ബന്ധപ്പെട്ട്  ‘കാഫിറാണ് എന്ന് അഹ്ലുസ്സുന്നക്കിടയില്‍ ഇജ്മാഅ് ഉള്ളവരെയല്ലാതെ അദ്ദേഹം തക്ഫീര്‍ ചെയ്യാറുണ്ടായിരുന്നില്ല’. എന്ന് അദ്ദേഹത്തിന്‍റെ മന്‍ഹജിനെ സംബന്ധിച്ച് അദ്ദേഹത്തിന്‍റെ പേരമകന്‍ അബ്ദുല്ലത്തീഫ് ആലു ശൈഖ് റഹിമഹുല്ല ‘ഉസ്വൂല്‍ വ ളവാബിത്വുത്തക്ഫീര്‍’ എന്ന ലഘു കൃതിയില്‍ പറയുന്നതായിക്കാണാം. ശൈഖുല്‍ ഇസ്‌ലാം മുഹമ്മദ്‌ ബിന്‍ അബ്ദുല്‍ വഹാബിന്‍റെ ആളുകളായി ചമയുകയും തക്ഫീര്‍ ചെയ്യുന്നതില്‍ അതിര് കവിയുകയും ചെയ്ത ആളുകള്‍ക്ക് മറുപടിയായാണ്‌ അദ്ദേഹം അത് രേഖപ്പെടുത്തിയത്.

ഒരാളെ വ്യക്തിപരമായി മുബ്തദിഅ്, സ്വാഹിബുല്‍ഹവ എന്നെല്ലാം വിശേഷിപ്പിക്കല്‍ അതിഗൗരവമുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ ഒരാളെക്കുറിച്ച്  വ്യക്തിപരയമായി അയാള്‍ മുബ്തദിആണ് എന്ന് പറയാന്‍ ആരെയും നിര്‍ബന്ധിക്കാന്‍ പാടില്ല. അഹ്ലുസ്സുന്നയുടെ ഉലമാക്കള്‍ക്കിടയില്‍ വ്യത്യസ്ഥ അഭിപ്രായമുള്ളവരുടെ കാര്യത്തില്‍ പ്രത്യേകിച്ചും. ഇന്നയാള്‍ മുബ്തദിആണ് എന്ന് പറയാന്‍ ഒരാളെ നിര്‍ബന്ധിക്കുകയും, ശേഷം  അപ്രകാരം പറയാത്തവരോ, അതല്ലെങ്കില്‍ തത് വിഷയത്തില്‍ മൗനം പാലിക്കുന്നവരോ ആയ ആളുകള്‍, അവര്‍ ഖുര്‍ആനും സുന്നത്തും അനുസരിച്ച് ജീവിക്കുന്നവര്‍ ആണെങ്കില്‍പ്പോലും അവരെ മുബ്തദിഉകളും, സ്വാഹിബുല്‍ഹവയുമായി മുദ്രകുത്തുകയും ചെയ്യുന്ന വാദം ഏറെ അപകടകരമാണ്.

ഒരാളെ സംബന്ധിച്ച് കൃത്യമായി ബോധ്യമുള്ളവരും അപ്രകാരം പറയാന്‍ യോഗ്യതയുള്ളവരും അയാളെക്കുറിച്ച് പറഞ്ഞുകൊള്ളട്ടെ. അല്ലാത്തവര്‍ അപ്രകാരം പറയണമെന്ന് വാശി പിടിക്കുന്നത് ശരിയല്ല. അത് ആളുകളെ അവരുടെ മേല്‍ നിര്‍ബന്ധമല്ലാത്ത കാര്യം നിര്‍ബന്ധിക്കലാണ്. അതിലും വലിയ അത്ഭുതം തങ്ങള്‍ അനുകൂലിക്കുകയും ഉദ്ദരിക്കുകയും ചെയ്യുന്ന ആളുകളെക്കുറിച്ച് പണ്ഡിതന്മാരുടെ പക്കല്‍ നിന്ന് വിമര്‍ശനങ്ങള്‍ വരുമ്പോള്‍ അത് മൂടിവെക്കുകയോ, ദുര്‍വ്യാഖ്യാനിക്കുകയോ ചെയ്യുന്നവര്‍, തങ്ങള്‍ വിയോജിക്കുന്നവരുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങള്‍ വരുമ്പോള്‍ അതേറ്റുപിടിച്ച് പ്രചാരണം നടത്തുകയും ചെയ്യുന്നു. ഇത് ഹിസ്‌ബിയത്ത് അഥവാ കക്ഷിത്വം കൊണ്ട് ഉണ്ടാകുന്നതാണ്. 

ഉലമാക്കള്‍ക്കിടയില്‍ ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ തങ്ങള്‍ക്ക് അനുകൂലമായ വാദങ്ങളെ മാത്രം നിരത്തുകയും, മറ്റു അഭിപ്രായങ്ങളെ മറച്ചുവെക്കുകയും തങ്ങളുടെ വാദമല്ലാത്ത വാദമുള്ളവരെല്ലാം പിഴച്ചവരാണെന്ന് വിലയിരുത്തുകയും ചെയ്യുന്നതും അതിന്‍റെ ഭാഗം തന്നെ. ഇല്‍മിയായ ചര്‍ച്ച നടത്തുമ്പോള്‍ തത് വിഷയത്തില്‍ പണ്ഡിതന്മാര്‍ സ്വീകരിച്ചിട്ടുള്ള വ്യത്യസ്ഥ നിലപാടുകള്‍ വ്യക്തമാക്കുകയും, അതില്‍ തന്‍റെ അഭിപ്രായം തെളിവ് സഹിതം വ്യക്തമാക്കുകയും ചെയ്യുകയാണ് യഥാര്‍ത്ഥത്തില്‍ ഉലമാക്കള്‍ സ്വീകരിച്ച് പോരുന്ന രീതി.

രണ്ട് ദിവസം മുന്‍പ് ബുലൂഗുല്‍ മറാം ശറഹ് ചെയ്യുന്ന ക്ലാസില്‍  ശൈഖ് സ്വാലിഹ് അസ്സുഹൈമി ഹഫിദഹുല്ലാഹ് മറ്റൊരു അനുഭവം പറയുകയുണ്ടായി. മൂന്ന്‍ മണിക്കൂര്‍ സമയം എന്‍റെ വീട്ടില്‍ ഞാന്‍ ചിലവഴിച്ച ഒരു സംഭവം വളരെ ചുരുക്കിയാണ് ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് ശൈഖിത് പങ്കുവച്ചത്:

എന്‍റെ വീട്ടില്‍ അമേരിക്കയില്‍ നിന്നുള്ള ഒരു കുടുംബം വന്നു. ഒരാളും അയാളുടെ ഭാര്യയും, മൂത്തമകളും, ഇളയ മകളുമാണ് വന്നത്. ഭാര്യക്കും കുട്ടികള്‍ക്കും അറബി അറിയുമായിരുന്നില്ല. അതുകൊണ്ട്  ജാമിഅ ഇസ്‌ലാമിയ്യയില്‍ നിന്നുള്ള ഒരു വിവര്‍ത്തകനുമുണ്ടായിരുന്നു. ഭാര്യയും അയാളും തമ്മില്‍ മൂന്ന്‍ വര്‍ഷമായി ഭാര്യാ-ഭര്‍തൃ ബന്ധമില്ല. ഒരേ വീട്ടില്‍ത്തന്നെയാണ് താമസം. മൂത്തമകളും ഭാര്യയും അയാളെ മുബ്തദിആയി കാണുന്നു എന്നതിനാല്‍, മൂത്ത മകളുടെ നിര്‍ദേശപ്രകാരം ഉമ്മ ഉപ്പയുമായുള്ള ബന്ധം വിഛേദിച്ചതാണ്. മൂത്ത മകളുടെ ഭര്‍ത്താവ് ഒരു ശൈഖിനെപ്പറ്റി (ശൈഖ് സ്വാലിഹ് അസ്സുഹൈമി ഞങ്ങളോട്  അത് ഏത് ശൈഖാണ് എന്ന് പേര് പറഞ്ഞിട്ടില്ല. നമ്മുടെ ഇടയിലെ എല്ലാവര്‍ക്കും അറിയുന്ന നമ്മുടെ ഒരു സഹോദരന്‍ എന്ന് മാത്രമാണ് പറഞ്ഞത്). മൂത്ത മകളുടെ ഭര്‍ത്താവ് ഒരു ശൈഖിനെപ്പറ്റി അയാള്‍ മുബ്തദിഅ് ആണ് എന്ന് പറഞ്ഞു. അയാള്‍ മുബ്തദിആണ് എന്ന് ആ പിതാവ് പറയാത്തതുകൊണ്ട് അയാളും മുബ്തദിആണ് എന്ന് അയാള്‍ ആ മകളെ പറഞ്ഞ് ധരിപ്പിച്ചു. മകള്‍ ആ കാര്യം പറഞ്ഞ് സ്വന്തം പിതാവ് മുബ്തദിആണ് എന്ന് ഉമ്മയെ അതായത് അയാളുടെ ഭാര്യയെ ധരിപ്പിച്ചു. അവര്‍ തമ്മില്‍ ബന്ധം മുറിയാനിരിക്കുമ്പോള്‍ ചെറിയ മകളുടെ ഇടപെടല്‍ കൊണ്ട് മാത്രമാണ് ത്വലാഖ് ചെയ്യാതിരുന്നത്. ത്വലാഖ് ചെയ്യാതെ ക്ഷമിക്കുക. നമുക്ക് ഉലമാക്കളുടെ അടുത്ത് പോകാം എന്ന് ആ ഇളയ മകളാണ് അയാളോട്  പറഞ്ഞത് . അവള്‍ കുറച്ച് അവധാനത ഉള്ളവളാണ്. ഉമ്മയും മൂത്തമകളും ഭര്‍ത്താവും അതിവേഗം തബ്ദീഅ് ചെയ്യുന്ന കൂട്ടരാണ്. ഏതായാലും… മദീനയിലേക്ക് വന്നപ്പോള്‍ പോലും മൂത്തമകളും ഉമ്മയും ഒരു മുറിയിലും പിതാവ് വേറെ മുറിയിലും ആയാണ്  ഹോട്ടലില്‍ താമസിച്ചത്. അത്രമാത്രം അവര്‍ അകന്നിരുന്നു.  ഈ ഫിത്‌ന കാരണം അനറബികളായ ആ കുടുംബത്തില്‍ പോലും ഉണ്ടായ ചിദ്രത നിങ്ങള്‍ നോക്കണം. ഞാന്‍ അവരോട് ഒരുപാട് സംസാരിച്ചു. ഒരാളെ മുബ്തദിഅ് എന്ന് പറയുന്നതിന്‍റെ ഗൗരവത്തെപ്പറ്റിയും അതിന്‍റെ നിബന്ധനകളെപ്പറ്റിയും എല്ലാം ഞാന്‍ അവരോട് സംസാരിച്ചു. ഒടുവില്‍ അല്‍ഹംദുലില്ലാഹ് അവര്‍ക്ക് കാര്യങ്ങള്‍ വ്യക്തമായി… അല്ലാഹു എനിക്ക് പൊറുത്ത് തരട്ടെ .. അവരോടുള്ള സംസാരം കാരണം മഗ്’രിബ് നമസ്കാരം പോലും ഞങ്ങള്‍ അന്ന് വീട്ടില്‍ വെച്ചാണ് നിര്‍വഹിച്ചത്.. ശേഷം ഇനി കൂടുതല്‍ അത് സംബന്ധമായി അവര്‍ മനസ്സിലാക്കാന്‍ ശൈഖ് അബ്ദുല്‍ മുഹ്സിന്‍ അബ്ബാദിന്‍റെ അടുക്കലേക്കും, ശൈഖ് റബീഇന്‍റെ അടുക്കലേക്കും (ഹഫിദഹുമുല്ലാഹ്) പോകാന്‍ ഞാന്‍ അവരോടു ആവശ്യപ്പെട്ടു… പക്ഷെ അവര്‍ പറഞ്ഞു മതി. നിങ്ങള്‍ സംസാരിച്ചത് തന്നെ ധാരാളമാണ്.  അല്‍ഹംദുലില്ലാഹ് പരസ്പരം കാര്യങ്ങള്‍ മനസ്സിലാക്കി ഒരുമയോടെയാണ് അവര്‍ പോയത്. അല്ലാഹു ആ ഇളയ കുട്ടിക്ക് പ്രതിഫലം നല്‍കട്ടെ.. മൂത്തമകളുടെ ഭര്‍ത്താവുമായി വിഷയങ്ങള്‍ സംസാരിക്കാന്‍ അവരോട് പറഞ്ഞു. ഏതായാലും ഇത്തരം ഫിത്‌നകള്‍ കാരണം എങ്ങനെയാണ് കുടുംബ ബന്ധങ്ങള്‍ പോലും തകരുന്നത് എന്ന് നോക്കുക … ( അദ്ദേഹം പറഞ്ഞതിന്‍റെ ആശയവിവര്‍ത്തനം ആണിത്. ശേഷം ശൈഖ് അഹ്ലുസ്സുന്ന പരസ്പരം ഒത്തൊരുമയോടെ കഴിയേണ്ടതിന്‍റെ പ്രാധാന്യത്തെ ക്കുറിച്ച് അദ്ദേഹം എഴുതിയ ഒരു ലഘുകൃതിയെക്കുറിച്ച് സൂചിപ്പിച്ചു, ഇന്‍ ഷാ അല്ലാഹ് അല്ലാഹു തൗഫീഖ് ചെയ്‌താല്‍ അത് വിവര്‍ത്തനം ചെയ്യുന്നതാണ്. ആ കൃതി എഴുതിയതിനാല്‍ എന്‍റെ ചില സഹോദരങ്ങള്‍ എനിക്കെതിരെ സംസാരിച്ചിട്ടുണ്ടെന്നും, അത് ഞാന്‍ അവര്‍ക്ക് മാപ്പാക്കിക്കൊടുക്കുന്നു എന്നും.. അതിനാല്‍ത്തന്നെ എന്‍റെ മേല്‍ അവര്‍ സംസാരിച്ചു എന്ന കാരണത്താല്‍ ആരും അവര്‍ക്കെതിരില്‍ സംസാരിക്കരുത് എന്നും ശൈഖ് പ്രത്യേകം ഉണര്‍ത്തുകയുണ്ടായി. അദ്ദേഹത്തിന്‍റെ ദൗറയില്‍ ഉടനീളം തക്ഫീറിന്‍റെയും തബ്ദീഇന്‍റെയും ഭവിഷത്തുകളെ സംബന്ധിച്ച് അദ്ദേഹം സംസാരിച്ചിട്ടുണ്ട്. അല്ലാഹു അദ്ദേഹത്തിന് തക്കതായ പ്രതിഫലം നല്‍കട്ടെ).

മനുഷ്യാ നീ ചിന്തിച്ചിട്ടുണ്ടോ ?!, നാളെ നിന്‍റെ രക്ഷിതാവിന്‍റെ മുന്നില്‍ നീ ഉരുവിടുന്ന ഓരോ വാക്കിനും മറുപടി നല്‍കേണ്ടവനാണ് നീയെന്ന് ?!. 

 മുആദ് (റ) വില്‍ നിന്നും നിവേദനം ചെയ്ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം. അദ്ദേഹത്തിന് സ്വര്‍ഗത്തിലേക്ക് എത്താനുള്ള ഒരുപാട് നന്മകളെക്കുറിച്ച് പറഞ്ഞുകൊടുത്തത്തിനു ശേഷം പ്രവാചകന്‍(ﷺ) പറയുകയുണ്ടായി:

 قَالَ: أَلا أُخبِرُكَ بِملاكِ ذَلِكَ كُلِّهِ ؟ قُلْتُ:بَلَى يَارَسُولَ اللهِ. فَأَخَذَ بِلِسَانِهِ وَقَالَ: كُفَّ عَلَيْكَ هَذَا. قُلْتُ يَانَبِيَّ اللهِ وَإِنَّا 

لَمُؤَاخَذُونَ بِمَا نَتَكَلَّمُ بِهِ ؟ فَقَالَ: ثَكِلَتْكَ أُمُّكَ يَامُعَاذُ. وَهَلْ يَكُبُّ النَّاسَ فِي النَّارِ عَلَى وُجُوهِهِمْ أَو قَالَ: عَلَى مَنَاخِرِهِمْ إِلاَّ حَصَائِدُ أَلسِنَتِهِمْ

  “എന്നാല്‍ അവയെയെല്ലാം അധീനപ്പെടുത്തുന്ന ഒരു കാര്യത്തെക്കുറിച്ച് ഞാന്‍ നിനക്ക് പറഞ്ഞു തരട്ടെയോ, മുആദ്(റ) പറഞ്ഞു: അതേ പ്രവാചകരേ.. അപ്പോള്‍ പ്രവാചകന്‍(ﷺ) തന്‍റെ നാവ് എടുത്ത് പിടിച്ചുകൊണ്ട് പറഞ്ഞു: ഇതിനെ നീ നിയന്ത്രിക്കണം. അപ്പോള്‍ മുആദ് ചോദിച്ചു: അല്ലയോ പ്രവാചകരേ, ഞങ്ങള്‍ സംസാരിക്കുന്ന കാര്യങ്ങള്‍ക്ക് ഞങ്ങള്‍ ശിക്ഷിക്കപ്പെടുമോ?. അപ്പോള്‍ പ്രവാചകന്‍(ﷺ) പറഞ്ഞു: മുആദേ.. നിനക്കെന്തു പറ്റി, തങ്ങളുടെ നാവു കൊണ്ട് സമ്പാദിച്ചതല്ലാതെ മറ്റെന്താണ് ജനങ്ങളെ നരകത്തിലേക്ക് മുഖംകുത്തി വീഴ്ത്തുന്നത് ?!.” – [തിര്‍മിദി]. 

അതിനാലാണ് ഒരു അറബി കവി പാടിയത് :

احذر لسانك أيها الإنسان …… لا يلدغنك إنه ثعبان 

فكم في المقابر من قتيل لسانه ….. كانت تخاف لقاءه الشجعان

മനുഷ്യാ നീ നിന്‍റെ നാവിനെ സൂക്ഷിക്കുക… 

അതൊരു പാമ്പാണ്, അത് നിന്നെ കൊത്താതെ നോക്കണം…

ആ നാവിനിരയായ എത്രയെത്ര ആളുകളാണ് ഇന്ന് ഖബറിലുള്ളത്… 

 ജീവിതകാലത്ത് , വലിയ വലിയ ശുജായിമാര്‍ പോലും ആ നാവിനെ ഭയപ്പെട്ടിരുന്നു…

അല്ലാഹു നമുക്ക് അറിവും അദബും വര്‍ദ്ധിപ്പിച് തരുമാറാകട്ടെ. ഖുര്‍ആനും സുന്നത്തും മന്‍ഹജുസ്സലഫും  അനുസരിച്ച് ജീവിക്കുന്ന ആളുകളെക്കുറിച്ച് എന്തെങ്കിലും ഒരു ചെറിയ അഭിപ്രായവിത്യാസമുണ്ടാകുമ്പോഴേക്ക്  പിഴച്ചവരായും, സ്വാഹിബുല്‍ ഹവയായുമൊക്കെ മുദ്രകുത്തുന്ന സഹോദരങ്ങള്‍ക്ക് അല്ലാഹു സല്‍ബുദ്ധി നല്‍കട്ടെ … ഞാന്‍ നേരത്തെ പറഞ്ഞപോലെ അവര്‍ മറ്റുള്ളവരെ വിചാരണ ചെയ്യുന്ന അതേ രൂപത്തില്‍ അല്ലാഹു അവരെയും വിചാരണ ചെയ്യാതിരിക്കട്ടെ… ഖുര്‍ആനിന്‍റെയും സുന്നത്തിന്‍റെയും ആളുകളെ അല്ലാഹു പരസ്പരം യോജിപ്പിക്കുകയും അവര്‍ക്കിടയിലുള്ള വിഭാഗീയതകള്‍ അകറ്റുകയും ചെയ്യട്ടെ…. നമ്മുടെ തെറ്റുകുറ്റങ്ങള്‍ അല്ലാഹു വിട്ടുപൊറുത്ത് മാപ്പാക്കിത്തരുമാറാകട്ടെ…

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com

 

“ബാപ്പക്ക് സ്വര്‍ഗത്തില്‍ ഒരു കിരീടം വാങ്ങിക്കൊടുക്കണം” – എന്റെ അന്തനായ കൂട്ടുകാരന്‍ റാഷിദ്

"ബാപ്പക്ക് സ്വര്‍ഗത്തില്‍ ഒരു കിരീടം വാങ്ങിക്കൊടുക്കണം" - എന്റെ അന്തനായ കൂട്ടുകാരന്‍ റാഷിദ്

കുറച്ച് ദിവസങ്ങള്‍ക്ക് മുന്പ് എന്നെ ഏറെ ചിന്തിപ്പിച്ച ഒരു സംഭവം നിങ്ങള്‍ കൂടി അറിയട്ടെ എന്ന് കരുതി… രണ്ടു മൂന്ന്‍ ദിവസമായി എഴുതണം എന്നുണ്ടായിരുന്നു.. പക്ഷെ കഴിഞ്ഞില്ല .. ഇപ്പൊ കുറച്ച് ദിവസത്തേക്ക് കോളേജ് ഒക്കെ അടച്ചതുകൊണ്ട് സ്വസ്ഥമായി എഴുതാം …

കൃത്യമായ തിയ്യതി ഒന്നും ഓര്‍മയില്ല. ഇനിയിപ്പോ നിങ്ങള്‍ക്കിതത്ര പ്രാധാന്യമുള്ളതായി തോന്നുമോ എന്തോ !!. എങ്കിലും ഞാന്‍ പറയാം..

   സാധാരണ സുബഹി നമസ്കാരം കഴിഞ്ഞാല്‍ ഒന്നുകൂടി കിടക്കും.. പതിവുപോലെ വൈകി എഴുന്നേറ്റ് കോളേജിലേക്ക് ഓടും.. അന്നും പതിവ് തെറ്റിച്ചില്ല. ഒന്‍പത് മണിക്ക് തുടങ്ങുന്ന ക്ലാസിനു 8:40നാണ് ഹോസ്റ്റലില്‍ നിന്നും പുറപ്പെടുന്നത്.. യുനിവേര്‍സിറ്റി ബസില്‍ കയറി രാവിലത്തെ ട്രാഫിക്കില്‍ 15 –20 മിനുട്ട് ഇരുന്നു വേണം കോളേജില്‍ എത്താന്‍.. എത്തുമ്പോള്‍ കൃത്യ സമയമായിരിക്കും. ഈ സെമസ്റ്ററില്‍ ആദ്യത്തെ വിഷയം ആര്‍ട്സ് കോളേജില്‍ കുവൈറ്റ്‌ ഹിസ്റ്ററി ആണ്.. 50 മിനുട്ട് ആണ് ഒരു ക്ലാസിന്റെ സമയം. അന്ന് ഡോ: അബ്ദുല്‍ മാലിക് അല്‍ തമീമി ഞങ്ങളെ അല്പം നേരത്തെ വിട്ടു. രണ്ടാമത്തെ വിഷയം ശരീഅ കോളേജിലാണ്. തജ്’വീദ്-ഭാഗം4  ആണ് വിഷയം.  ശരീഅ കോളേജിലേക്ക് ആര്‍ട്സ് കോളേജില്‍ നിന്നും 5 മിനുട്ട് നടക്കണം. സാധാരണ ആടിപ്പാടി നടന്നു രണ്ടാമത്തെ വിഷയത്തിനു ക്ലാസില്‍ എത്തുമ്പോഴേക്കും കറക്റ്റ് സമയമായിരിക്കും. അന്ന് കുറച്ച് വേഗത്തില്‍ നടന്നതുകൊണ്ടാവാം അല്പം നേരത്തെ ക്ലാസില്‍ എത്തി. ഒന്ന് രണ്ട് സഹപാഠികളും നേരത്തെ എത്തിയിരുന്നു. ഇത്രയും നേരം നിങ്ങളെ അതും ഇതും പറഞ്ഞു ബോറടിപ്പിചില്ലേ .. ഇനിയാണ് സംഭവം ..

    തജ്‘വീദ് വിഷയത്തില്‍ എന്റെ കൂടെ റാഷിദ് എന്ന ഒരു കൂട്ടുകാരനുണ്ട്. കണ്ണ് കാണാത്തതിനാല്‍ ഇന്ത്യക്കാരനായ ഡ്രൈവര്‍ ആണ് അവനെ ക്ലാസില്‍ കൊണ്ട് വിടാറ്. അന്നും നേരത്തെ തന്നെ ഡ്രൈവര്‍ അവനെ ക്ലാസിലെ ഫസ്റ്റ് ലൈനില്‍ കൊണ്ടുപോയി ഇരുത്തിയിരുന്നു. സാധാരണ ക്ലാസില്‍ നേരത്തെ എത്തുന്നവര്‍ വല്ലതും വായിക്കാനുണ്ടെങ്കില്‍ അതും വായിച്ചിരിക്കും. ബാക്കിയുള്ളവര്‍ നാട്ടുവര്‍ത്തമാനം പറയും. കൂടുതലായും വല്ല മതവിഷയത്തെക്കുറിച്ചോ,  കുവൈറ്റിലെ രാഷ്ട്രീയത്തെക്കുറിച്ചോ ഒക്കെ ആയിരിക്കും ചര്‍ച്ച. ഒരു പണിയും ഇല്ലാത്തവര്‍ വെറുതെ മൊബൈലില്‍ എന്തെങ്കിലുമൊക്കെ ചെയ്യുന്നുണ്ടാവും… ആ വിഷയത്തിന്റെ പിരീഡില്‍ ഞാന്‍ ഒരാള്‍ മാത്രമേ അന്യ രാജ്യക്കാരനുള്ളൂ .. മറ്റെല്ലാവരും കുവൈറ്റികളാണ്. പക്ഷെ അത്തരത്തിലുള്ള ഒരു വിവേജനമോന്നും എനിക്ക് അനുഭവപ്പെടാറില്ല.. പതിവുപോലെ ഞങ്ങള്‍ സംസാരിച്ചിരിക്കുകയായിരുന്നു. തജ്‘വീദ്4 എടുക്കുന്ന  ഡോ: അബ്ദുല്ലാഹ് അല്‍ അബ്ബാസ് എത്താന്‍ അല്പം വൈകുക കൂടി ചെയ്തപ്പോള്‍ സംസാരം കുറച്ച് നീണ്ടു പോയി.

സംസാരത്തിനിടക്ക് കാര്യമായും സംസാരിച്ചിരുന്നത് റാഷിദ് ആണ്. ഞങ്ങളൊക്കെ ഇരിക്കുന്നത് എവിടെയാണ് എന്ന് കൃത്യമായി കാണാന്‍ കഴിയാത്തത് കൊണ്ടാവണം അല്പം ഉറക്കെ സംസാരിക്കുന്ന പ്രകൃതമാണ് അവന്റേത്‌. മാത്രമല്ല കൊച്ചുകുട്ടികളെപ്പോലെ വളരെ നിഷ്കളങ്കമായുള്ള അവന്റെ സംസാരം എല്ലാവര്ക്കും വലിയ ഇഷ്ടവുമാണ്. കൂട്ട സംസാരത്തിനിടക്ക് അല്പം ഉറക്കെ റാഷിദ് ചോദിച്ചു. (എല്ലാവരുടെ ശ്രദ്ധയും അവനിലേക്കായി) : ‘ബാപ്പക്കും മോനും ഇടയില്‍ 53 വയസ് പ്രായ വിത്യാസമുള്ള ആരെങ്കിലും ഇവിടെയുണ്ടോ ?!.. ആരുമില്ലായിരുന്നു .. അവന്‍ തുടര്‍ന്നു: എന്റെയും എന്റെ ബാപ്പന്റെയും ഇടയില്‍ 53 വയസ് പ്രായ വിത്യാസമുണ്ട്…. എന്നോട് ബാപ്പാക്ക് ഭയങ്കര ഇഷ്ടായിരുന്നു…. എനിക്ക് കാഴ്ചയില്ലാത്തത് കാരണം ബാപ്പ അങ്ങേയറ്റം ബുദ്ധിമുട്ടിയിട്ടുണ്ട്….. രണ്ടായിരത്തി ആറിലാണ് ബാപ്പ മരിച്ചത്….. –ഇടക്കിടക്ക് അവന്‍ ബാപ്പക്ക് വേണ്ടി പ്രാര്‍ഥിക്കുന്നുണ്ടായിരുന്നു-  …എപ്പോഴും എന്നോട് ഖുര്‍ആന്‍ ഓതി പഠിക്കാന്‍ പറയാറുണ്ടായിരുന്നു ബാപ്പ….. ഇനി എനിക്ക് മരിക്കുന്നതിനു മുന്പ് ഒരൊറ്റ ആഗ്രഹമേ ഉള്ളൂ… ബാപ്പക്ക് സ്വര്‍ഗത്തില്‍ ഒരു കിരീടം വാങ്ങിച്ചു കൊടുക്കണം…. ഞാന്‍ ഖുര്‍ആന്‍ മുഴുവന്‍ മനപ്പാഠമാക്കിയാല്‍ ബാപ്പക്ക് സ്വര്‍ഗത്തില്‍ ഒരു കിരീടം കിട്ടുമെന്ന് പ്രവാചകന്‍ പറഞ്ഞിട്ടില്ലേ…!!! ഇപ്പൊ ഏതാണ്ട് 17 ജുസ്അ് പഠിച്ചു…. ഇനി കുറച്ച് കൂടി പഠിച്ചാല്‍ മതി ബാപ്പക്ക് കിരീടം കിട്ടാന്‍…. നിങ്ങളെല്ലാവരും പ്രാര്‍ഥിക്കണം…..

 വായ്‌ തോരാതെയുള്ള അവടെ സംസാരം കേട്ട് ക്ലാസില്‍ എല്ലാവരും അത്ഭുതത്തോടെ ഇരിക്കുന്നുണ്ടായിരുന്നു. ഒന്ന് രണ്ടു പേര്‍ ഉച്ചത്തില്‍ അവനു വേണ്ടി പ്രാര്‍ഥിച്ചു. ‘എത്ര നന്മ നിറഞ്ഞ ഒരു മകനാണ് ആ ബാപ്പ ജന്മം നല്‍കിയത്’ ഇതായിരുന്നു ഒരു കൂട്ടുകാരന്റെ പ്രതികരണം…  

എന്താണെന്നറിയില്ല ആ സംഭവം വല്ലാതെ മനസ്സില്‍ തട്ടി… കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും നമ്മളെപ്പോലെ ഹൃദയത്തിന്റെ കാഴ്ച നഷ്ടപ്പെട്ടവനല്ല റാഷിദ് എന്ന് അന്നു മനസിലായി.. ഒപ്പം ബാപ്പക്ക് സ്വര്‍ഗത്തില്‍ കിരീടം വാങ്ങിക്കൊടുക്കാനുള്ള അതിയായ ആഗ്രഹത്തോടെ വിശുദ്ധ ഖുര്‍ആന്‍ മനപ്പാഠമാക്കുന്ന ഒരു മകനെ കണ്ട അനുഭൂതിയും…. ഇരു കണ്ണുകളുമുണ്ടായിട്ടും നമ്മളൊക്കെ …………. അല്ലാഹുവേ നീ പൊറുക്കണേ …  

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com

 

മതപഠനത്തോടുള്ള നമ്മുടെ തെറ്റായ സമീപനം …

മതപഠനത്തോടുള്ള നമ്മുടെ തെറ്റായ സമീപനം ...

കേരളത്തിലെ ജനങ്ങള്‍ ഇനിയെങ്കിലും മനസ്സിലാക്കേണ്ടത് പൊതു പ്രസംഗങ്ങളിലൂടെയും ഘണ്ടനമണ്ടനങ്ങളിലൂടെയും മാത്രമല്ല മതം പഠിക്കേണ്ടത്.. മറിച്ച് പൂര്‍വികരായ അഹലുസ്സുന്നയുടെ ഇമാമീങ്ങള്‍ രചിച്ച ഗ്രന്ഥങ്ങളില്‍ നിന്നും, അഹലുസ്സുന്നയുടെ പണ്ഡിതന്മാരില്‍ നിന്നുമാണ്… മതബോധമുള്ളവര്‍ എന്ന് നാം കരുതുന്ന അറബിക് കോളേജ് വിദ്യാര്‍ത്തികളില്‍ പോലും പലരും കിതാബുകള്‍ മറിച്ചു നോക്കാറുള്ളത് തര്‍ക്കിക്കാനും തങ്ങളുടെ വാദങ്ങള്‍ക്ക് തെളിവ് കണ്ടെത്താനും വേണ്ടിയാണ് എന്നത് സങ്കടകരമാണ്. കാര്യങ്ങള്‍ മനസ്സിലാക്കാനും പഠിക്കാനും വേണ്ടി വിഷയങ്ങള്‍ പഠിക്കുന്നവര്‍ ഇല്ലെന്നല്ല . പക്ഷെ താരതമ്യേന കുറവാണ് … പലപ്പോഴും അടിസ്ഥാനപരമായി ഉണ്ടായിരിക്കേണ്ട അറിവ് പോലുമില്ലാതെയാണ് നമ്മള്‍ പലരും തര്‍ക്കിക്കാനും, തര്‍ക്കങ്ങള്‍ വിലയിരുത്താനും മുതിരാറുള്ളത്…..

ഉസൂലുസ്സുന്ന – ഇമാം അഹ്മദ്… (മരണം: ഹിജ്റ 241)

കിത്താബുസ്സുന്ന – ഇമാം മിര്‍വസി (മരണം: ഹിജ്റ 294)

കിതാബ് അത്തൗഹീദ് – ഇമാം ഇബ്നു ഖുസൈമ (മരണം: ഹിജ്റ 311)

ശറഹുസ്സുന്ന – ഇമാം ബര്‍ബഹാരി (മരണം: ഹിജ്റ 329 )

കിതാബ് അശരീഅ – ഇമാം ആജുരരി (മരണം: ഹിജ്റ 360 )

ശറഹു ഉസൂല് ഇഅത്തിഖാദു അഹ്ലുസ്സുന്ന – ഇമാം ലാലിക്കാഇ (മരണം: ഹിജ്റ 418 )

ഇങ്ങനെ അഹലുസ്സുന്നയുടെ വിശ്വാസം കൃത്യമായി വിവരിക്കുന്ന ഉത്തമ നൂറ്റാണ്ടുകളില്‍ രചിക്കപ്പെട്ട എത്രയെത്ര ഗ്രന്ഥങ്ങള്‍…… ഇവയൊക്കെ നമ്മളില്‍ എത്ര പേര്‍ വായിച്ചു ?! …. ഇനിയെങ്കിലും പഠിക്കുക… മനസ്സിലാക്കുക … ഫിത്നകളില്‍ പെട്ട് പോകാതിരിക്കാന്‍….

ജനങ്ങള്‍ക്ക് ശരിയും തെറ്റും വേര്‍തിരിച്ചു മനസ്സിലാക്കിക്കൊടുക്കാന്‍ സഹായകമാകുന്ന പോതുപ്രഭാഷണങ്ങളെ അധിക്ഷേപിക്കുകയല്ല ,, പ്രവാചകന്‍ അങ്ങാടികളില്‍ പൊതു സദസ്സില്‍ ജനങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിച്ചതായി പ്രമാണങ്ങളില്‍ കാണാം.  അവ അനിവാര്യമാണ് .. പക്ഷെ അത് മാത്രമാണ് ഇസ്ലാമിക പ്രബോധനമെന്നും ,, അതാണ്‌ അറിവ് തേടാനുള്ള ഏക മാര്‍ഗമെന്നുമുള്ള മനോഭാവമാണ് പ്രശ്നം ..പൊതു പ്രസംഗങ്ങളില്‍ നിന്നും പൊതുവേദികളില്‍ നിന്നും സത്യം മനസ്സിലാക്കി വരുന്ന ആളുകള്‍ക്ക് ദീന്‍ കൂടുതല്‍ മനസ്സിലാക്കാനും ആധികാരികമായി പഠിക്കാനും ഉള്ള ഇല്‍മിയായ വേദികള്‍ കൂടി അനിവാര്യമാണ്.

ഇമാം മാലിക് റഹിമഹുല്ലാഹ്  പറഞ്ഞത് പോലെ : ” ഈ സമുദായത്തിലെ മുന്‍ഗാമികള്‍ ഏതൊരു കാര്യം കൊണ്ടാണോ നന്നായത് അതുമുഖേനയല്ലാതെ ഈ സമുദായത്തിലെ പിന്’തലമുറക്കാരും നന്നാവുകയില്ല “

ഞാന്‍ പറഞ്ഞത് ഒരുപക്ഷെ നിങ്ങള്‍ അംഗീകരിക്കുന്നുണ്ടാവാം , ഒരു പക്ഷെ എതിര്‍ക്കുന്നുണ്ടാവാം .. ഒരു തവണ വായിച്ചിട്ടും ഞാന്‍ പറയാന്‍ ഉദേശിച്ചത് എന്ത് എന്ന് മനസ്സിലായില്ലെങ്കില്‍ ഒരാവര്‍ത്തി കൂടി വായിക്കുക

 അല്ലാഹു അനുഗ്രഹിക്കട്ടെ !…

————————————————————

 മതത്തെ അറിയാനും പഠിക്കാനുംപ്രാവര്‍ത്തികമാക്കാനും ശ്രമിക്കുന്നതിന് പകരം, അറിവില്ലാത്ത കാര്യങ്ങള്‍ സംസാരിക്കുകയും, ഉപകരിക്കാത്ത ചര്‍ച്ചകള്‍ നടത്തുകയും ചെയ്ത് സമയം കളയുന്നവരോട് ഒരു നസ്വീഹത്ത് എന്ന നിലക്ക് മാത്രമാണ് ഇതെഴുതിയത്. എന്നാല്‍ അറിവ് നേടുന്നതിന്റെ മുന്‍ഗണനാ ക്രമം വിശദീകരിക്കുക എന്ന് ഉദ്ദേശിച്ചിരുന്നില്ല. പഴാക്കിക്കളയുന്ന ആ സമയം അനിവാര്യമായ വിശ്വാസകാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഉപയോഗിച്ചുകൂടേ എന്നതാണ് ഈ ലേഖനത്തിന്‍റെ ഉദ്ദേശ്യം.

ഈ ലേഖനത്തെ ആസ്പദമാക്കി ഒരു ബഹുമാന്യ സഹോദരന്‍ എഴുതിയ കമന്‍റ് ഇവിടെ നല്‍കുന്നു. ലേഖനത്തിലെ പോരായ്മകള്‍ക്ക് മനസ്സിലാക്കാന്‍ വായനക്കാര്‍ക്ക് അതുപകരിക്കും:

” മുകളില്‍ പറഞ്ഞ കിതാബുകള്‍ പഠിക്കേണ്ടത് തന്നെ.. എന്നാല്‍ അതിനെക്കാള്‍ മുന്‍ഗണന കൊടുക്കേണ്ടത് ഖുര്‍ആന്‍ പഠനത്തിനായിരിക്കണം.. 

ഇമാം ഇബ്നു മസൂദ് പറഞ്ഞു: 

( إذا أردتم العلم فانثروا القرآن فإن فيه علم الأولين والآخرين ) 

ഇമാം ഹസന്‍ പറഞ്ഞു : 

” إن من كان قبلكم رأوا القرآن رسائل من ربهم فكانوا يتدبرونها بالليل ويتفقدونها في النهار ” 

ഇമാം ഇബ്നു ഉമര്‍ പറഞ്ഞു :

 ( لقد عشنا دهرا طويلا وأحدنا يؤتى الإيمان قبل القرآن فتنزل السورة على محمد صلى الله عليه وسلم فيتعلم حلالها وحرامها وآمرها وزاجرها ، وما ينبغي أن يقف عنده منها ، ثم لقد رأيت رجالا يؤتى أحدهم القرآن قبل الإيمان ، فيقرأ ما بين الفاتحة إلى خاتمته لا يدري ما آمره ولا زاجره وما ينبغي أن يقف عنده منه ، ينثره نثر الدقل !! ) 

ഇമാം ഇബ്നു അബ്ബാസ് പറഞ്ഞു: 

” لو ضاع مني عقال بعير لوجدته في كتاب الله “

അദ്ദേഹം പറഞ്ഞതിനോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു … جزاه الله خيرا

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com

 

അറിവും അദബും

അറിവും അദബും

عن أبي زكريا العنبري -رحمه الله – أنه كان يقول : “علم بلا أدب كنار بلا حطب، وأدب بلا علم كروح بلا جسم”. رواه الخطيب البغدادي في[الجامع لأخلاق الراوي وآداب السامع]

അബൂ സക്കരിയ അല്‍ അന്‍ബരി റഹിമഹുല്ലാഹ് ഇപ്രകാരം പറയാറുണ്ടായിരുന്നു : ” അദബില്ലാത്തവന്റെ അറിവ് വിറകില്ലാത്ത തീ പോലെയാണ്. അറിവില്ലാത്തവന്റെ അദബാകട്ടെ ആത്മാവില്ലാത്ത ശരീരം പോലെയുമാണ്‌” – ഖതീബ് അല്‍ ബഗ്ദാദി(റ) ഉദ്ധരിച്ചത്

ആവശ്യത്തിനു വിറകില്ലാത്ത തീയിനു ശോഭയുണ്ടാകില്ല .. അതിന്‍റെ ഉപകാരവും ആകര്‍ഷണവും നന്നേ കുറവുമായിരിക്കും എന്നതുപോലെ സ്വഭാവ മര്യാദയില്ലാത്തവന്‍ എത്ര അറിവുള്ളവനാണെങ്കിലും അവന്‍റെ അറിവിനു ശോഭയുണ്ടാകില്ല. ഉപകാരവും ആകര്‍ഷണവും കുറയുകയും ചെയ്യും …

ഇനി അറിവ് തേടാതെ വലിയ മര്യാദക്കാരനാണ് എന്നു നടിച്ചിട്ടും കാര്യമില്ല. അറിവില്ലാത്തവന്റെ മര്യാദ ആത്മാവില്ലാത്ത ശരീരം പോലെയാണ് … ആത്മാവ് നഷ്ടപ്പെട്ടാല്‍ പിന്നെ ശരീരത്തിന് യാതൊരു പ്രതികരണവുമുണ്ടാവില്ല …. പ്രധിരോധ ശക്തിയില്ലാത്ത വെറും ഒരു ചലനമറ്റ ശരീരമായതു മാറും … സ്വന്തത്തിനോ മറ്റുള്ളവര്‍ക്കോ ഉപകാരപ്പെടില്ല …. തന്‍റെ കണ്മുന്നില്‍ എന്തൊക്കെ സംഭവിച്ചാലും അത്തരക്കാര്‍ക്ക് തന്റേതായ ഒരു വീക്ഷണമോ പ്രതികരണമോ ഒന്നുമുണ്ടാവില്ല…. ഒരു ലക്ഷ്യബോധവുമില്ലാതെ ജീവിക്കുന്ന വെറുമൊരു മനുഷ്യ ശരീരം …

അറിവും അദബും ഒരു വിശ്വാസിക്ക് അനിവാര്യമാണ്… അല്ലാഹു നമുക്ക് ഉപകാരപ്രദമായ അറിവും അദബും വര്‍ധിപ്പിച്ചു തരട്ടെ

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com

 

അബ്ദുല്‍ അസീസ്‌ ഇബ്നു ബാസ്(റ), ബഹു; വിദ്യാഭ്യാസ മന്ത്രിക്ക് എഴുതുന്നത്:

അബ്ദുല്‍ അസീസ്‌ ഇബ്നു ബാസ്(റ), ബഹു; വിദ്യാഭ്യാസ മന്ത്രിക്ക് എഴുതുന്നത്:

തനിക്ക് വേണ്ടി ആദരപൂര്‍വ്വം മറ്റുള്ളവര്‍ എഴുന്നേറ്റ് നില്‍ക്കട്ടെ എന്ന് ഒരു വിശ്വാസി കരുതാന്‍ പാടില്ല അത് കഠിനമായ ശിക്ഷ താക്കീത് ചെയ്യപ്പെട്ട ഒരു പാപമാണ് . ഇതുമായി ബന്ധപ്പെട്ട് വന്ന ഇബ്നു ബാസ് (رحمه الله) യുടെ വിദ്യാഭ്യാസ മന്ത്രിക്ക് എഴുതിയ ഒരു കത്ത് താഴെ കൊടുക്കുന്നു.

——————————————————————————————-

അബ്ദുല്‍ അസീസ്‌ ഇബ്നു ബാസ്(رحمه الله), ബഹു; വിദ്യാഭ്യാസ മന്ത്രിക്ക് എഴുതുന്നത്: 

السلام عليكم و رحمة الله وبركاته ، أما بعد ؛

തങ്ങള്‍ ക്ലാസില്‍ പ്രവേശിക്കുന്ന സമയത്ത് എഴുന്നേറ്റ് നില്‍ക്കണം എന്ന് പല  അധ്യാപകരും കുട്ടികളോട് ആവശ്യപ്പെടുന്നതായി എനിക്ക് അറിയാന്‍ സാധിച്ചു. ഇത് സ്ഥിരപ്പെട്ടു  വന്ന നബിചര്യക്ക് എതിരാണ് എന്നതില്‍ യാതൊരു സംശയവുമില്ല. 

മുആവിയ (റ) പ്രവാചകന്‍(ﷺ) യില്‍ നിന്ന് ഇപ്രകാരം ഉദ്ദരിക്കുന്നു:

من أحب أن يمثل له الرجال قياماً فليتبوأ مقعده من النار

” ആളുകള്‍ തനിക്ക് വേണ്ടി എഴുന്നേറ്റ് നില്‍ക്കണം എന്ന് ആര് ആഗ്രഹിക്കുന്നുവോ, അവന്‍ നരകത്തില്‍ തന്‍റെ ഇരിപ്പിടം ഉറപ്പാക്കിക്കൊള്ളട്ടെ ” [أخرجه الإمام أحمد وأبو داود والترمذي عن معاوية  رضي الله عنه  – بإسناد صحيح]

അനസ് (റ) പ്രവാചകന്‍(ﷺ) യില്‍ നിന്ന് ഇപ്രകാരം ഉദ്ദരിക്കുന്നു:

لم يكن شخص أحب إليهم – يعني الصحابة – رضي الله عنهم – من رسول الله – صلى الله عليه وسلم – وكانوا لا يقومون له إذا دخل عليهم ؛ لما يعلمون من كراهيته لذلك 

“അല്ലാഹുവിന്‍റെ പ്രവാച്ചകനോളം സ്വഹാബത്തിന് ഇഷ്ടമുണ്ടായിരുന്ന മറ്റൊരു വ്യക്തിയും ഉണ്ടായിരുന്നില്ല. എന്നിട്ടും ആ പ്രവാചകന്‍(ﷺ) തങ്ങളുടെ അരികിലേക്ക് പ്രവേശിച്ചാല്‍ അദ്ദേഹത്തിന് വേണ്ടി അവര്‍ നില്‍ക്കാറുണ്ടായിരുന്നില്ല. അദ്ദേഹം അത് ഇഷ്ടപ്പെടുന്നില്ല എന്ന് അവര്‍ക്ക് അറിയാമായിരുന്നതിനാലാണത്.” [رواه الإمام أحمد والترمذي بإسناد صحيح].

അതുകൊണ്ടുതന്നെ ഈ രണ്ടു ഹദീസിലും വന്ന പ്രവാചകാധ്യാപനത്തെ അടിസ്ഥാനമാക്കി, അധ്യാപകര്‍ ക്ലാസിലേക്ക് പ്രവേശിക്കുമ്പോള്‍ കുട്ടികള്‍   എഴുന്നേറ്റ് നില്‍ക്കേണ്ടതില്ല എന്നതാണ് പ്രവാചക ചര്യയെന്ന് എല്ലാ വിദ്യാലയങ്ങള്‍ക്കും അറിയിപ്പ് നല്‍കണം എന്ന് ആദരപൂര്‍വ്വം അപേക്ഷിക്കുന്നു.

അതോടൊപ്പം മുആവിയ (റ) ഉദ്ദരിച്ച ഹദീസില്‍ കഠിനമായ ശിക്ഷ താക്കീത് നല്കപ്പെട്ടതിനാല്‍ അധ്യാപകര്‍ വിദ്യാര്‍ഥികളോട് എഴുന്നേറ്റ് നില്‍ക്കാന്‍ കല്പിക്കരുത്. വിദ്യാര്‍ഥികള്‍ എഴുന്നേറ്റ് നില്‍ക്കുന്നതാകട്ടെ അനസ് (റ) വിന്‍റെ ഹദീസ് പ്രകാരം വെറുക്കപ്പെട്ടതുമാണ്. 

പ്രവാചകനെയും പ്രവാചകാനുചരന്മാരെയും പിന്തുടരുന്നതിലും, പ്രവാചക ചര്യ പിന്തുടരുന്നതിലുമാണ് നന്മയുള്ളത് എന്ന് പറയേണ്ടതില്ലല്ലോ. അവരെ നല്ല രൂപത്തില്‍ പിന്തുടരാനും, മതപരമായ അറിവുകള്‍ കൂടുതല്‍ കരസ്ഥമാക്കാനും, അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനും അല്ലാഹു തൗഫീഖ് ചെയ്യുമാറാകട്ടെ.

والسلام عليكم ورحمة الله وبركاته

عبد العزيز بن باز

مفتي عام مملكة العربية السعودية

(കത്ത് ഇവിടെ അവസാനിച്ചു.)

———————————————————————————-

ഒരു വിശ്വാസി തനിക്കുവേണ്ടി മറ്റുള്ളവര്‍ ആദരപൂര്‍വ്വം എഴുന്നേറ്റ് നില്‍ക്കട്ടെ എന്നത് ആഗ്രഹിക്കാന്‍ പാടില്ല എന്നത് മനസ്സിലാക്കാനും, ഒരുപക്ഷേ അറിവില്ലായ്മ കാരണത്താലാകാം  മദ്രസകളിലും അറബിക്കോളേജുകളിലുമെല്ലാം ഇത്തരം സമ്പ്രദായം അധ്യാപകര്‍ നടപ്പാക്കി വരുന്നത് ശ്രദ്ധയില്‍ പെട്ടതിനാലും ആണ് ഇത് വിവര്‍ത്തനം ചെയ്തത്.

ഇന്ന് പലപ്പോഴും കുട്ടികളുടെ അവസ്ഥ പരിശോധിച്ചാല്‍ അവര്‍ അധ്യാപകരുടെ മുന്‍പില്‍ എഴുന്നേറ്റ് നില്‍ക്കുമെങ്കിലും അവര്‍ അത് ആദരപൂര്‍വ്വം എഴുന്നേറ്റ് നിന്നതാണ് എന്ന് പറയുക ഒരിക്കലും സാധ്യമല്ല. പലരും അധ്യാപകരോട് വെറുപ്പും വിദ്വേശവും കാണിക്കുന്നവരാണ്. പക്ഷെ നില്‍ക്കക്കള്ളിയില്ലാതെ എഴുന്നേറ്റ് നില്‍ക്കുന്നു എന്ന് മാത്രം. ഇവിടെ കാപട്യം കൂടിയാണ് അവര്‍ പരിശീലിക്കുന്നത്. എഴുന്നേറ്റ് നില്‍ക്കുന്നതിലല്ല മറിച്ച് മനസിലാണ് അദ്ധ്യാപകനോട് ആത്മാര്‍ത്ഥമായ ആദരവും സ്നേഹവും ഉണ്ടാവേണ്ടത് എന്ന മഹത്തായ സന്ദേശം ഇവിടെയാണ്‌ പ്രസക്താവുന്നത്. തന്‍റെ അദ്ധ്യാപകരെ ബഹുമാനിക്കാനും സ്നേഹിക്കാനും ആദരിക്കാനും നമ്മള്‍ വിദ്യാര്‍ഥികളെ ഉല്‍ബുദ്ധരാക്കണം. അധ്യാപകര്‍ നന്മയും, അറിവും പകര്‍ന്നു നല്‍കിയാല്‍ വിദ്യാര്‍ഥികളുടെ ആദരവ് സ്വാഭാവികമായും പിടിച്ചുപറ്റുകയും ചെയ്യും.

അദ്ധ്യാപകന്‍ ക്ലാസില്‍ കയറിയ സമയത്ത് എഴുന്നേറ്റ് നിന്ന വിദ്യാര്‍ഥികളോട് ഒരു അദ്ധ്യാപകന്‍ പറഞ്ഞ വാക്കുകള്‍ വളരെ അര്‍ത്ഥവത്താണ് : ” നിങ്ങള്‍ എഴുന്നേറ്റ് നിന്ന്‍ ബഹുമാനം ഉണ്ട് എന്ന് കാണിച്ചു തരേണ്ട ആവശ്യം ഒന്നുമില്ല. ആ ബഹുമാനം നിങ്ങളുടെ മനസ്സില്‍ ഉണ്ടായാല്‍ മതി ” . ലളിതമെങ്കിലും ഏറെ അര്‍ത്ഥവത്താണ് ആ വാക്കുകള്‍..  

വിദ്യാര്‍ഥികള്‍ തങ്ങള്‍ പഠിക്കുന്ന വിദ്യാലയങ്ങളില്‍ ഇനി എന്ത് ചെയ്യും എന്ന് ആശങ്കപ്പെടേണ്ടതില്ല. ആരെങ്കിലും തനിക്ക് വേണ്ടി മറ്റുള്ളവര്‍ ആദരപൂര്‍വ്വം എഴുന്നേറ്റ് നില്‍ക്കട്ടെ എന്ന് ആഗ്രഹിക്കുന്നത് ഹറാമും പാപവുമാണ്. എന്നാല്‍ ഒരാള്‍ക്ക് വേണ്ടി ആദരപൂര്‍വ്വം എഴുന്നേറ്റ് നില്‍ക്കല്‍ മക്റൂഹ് ആയ വെറുക്കപ്പെട്ട കാര്യമാണ്. അപ്രകാരം ആഗ്രഹിക്കുന്നവന്‍റെ വിധിയും, എഴുന്നേറ്റ് നില്‍ക്കുന്നവന്‍റെ വിധിയും രണ്ടും വ്യത്യസ്ഥമാണ് എന്നര്‍ത്ഥം. ഒന്ന് ഹറാം ആണ് എങ്കില്‍, മറ്റൊന്ന് മക്റൂഹ് (വെറുക്കപ്പെട്ടത്) ആണ്. ഇത് ഓരോരുത്തരും മനസ്സിലാക്കിയിരിക്കണം. അതുകൊണ്ട് തനിക്ക് നല്ല നിലക്ക് അധ്യാപകനോട് വിഷയം ധരിപ്പിക്കാന്‍ കഴിയുമെങ്കില്‍ അത് ചെയ്യുക എന്നത് മാത്രമാണ് വിദ്യാര്‍ഥികള്‍ ഇത് സംബന്ധിച്ച് ചെയ്യേണ്ടത്. അവിടെ മറ്റു പ്രശ്നങ്ങളും ആശയക്കുഴപ്പങ്ങളും ഉണ്ടാക്കരുത്.  മറ്റു രീതികള്‍ സ്വീകരിക്കുമ്പോള്‍ അധ്യാപകര്‍ നമ്മെ തെറ്റിദ്ധരിക്കാനും, ഇതര മത സൂഹത്തിലുള്ള ആളുകള്‍ മതനിയമങ്ങളെക്കുറിച്ച് തെറ്റിദ്ധരിക്കാനും ഇടയായേക്കാം. അഥവാ മക്റൂഹ് ആയ ഒരു കാര്യം ഒഴിവാക്കാന്‍ ശ്രമിക്കുന്നത്, അതിനേക്കാള്‍ ഗുരുതരമായ നിഷിദ്ധങ്ങളിലേക്ക്  എത്തിച്ചേരുന്ന രൂപത്തിലുള്ള അവസ്ഥാവിശേഷം ഉണ്ടാകാന്‍ ഇടയാക്കരുത് എന്ന് ചുരുക്കം. കാര്യങ്ങള്‍ മതം നിഷ്കര്‍ഷിക്കുന്ന പരിധിയില്‍ നിന്നുകൊണ്ട് യുക്തിസഹജമായി പെരുമാരുന്നവരായിരിക്കണം. ഇത്തരം കാര്യങ്ങളില്‍ മസ്ലഹത്തും മഫ്സദത്തും അഥവാ അതിന്‍റെ ഗുണവും ദോശവും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണം. അല്ലാഹു തൗഫീഖ് ചെയ്യട്ടെ…

സഅദ് ബിന്‍ മുആദ് (رضي الله عنه) വിന്‍റെ സംഭവം  ആദരപൂര്‍വ്വം എഴുന്നേറ്റ് നില്‍ക്കണം എന്നതിന് തെളിവോ ?.

ഇനി സഅദ് ബിന്‍ മുആദ് (رضي الله عنه) വിന്‍റെ സംഭവം പലരും ആദരപൂര്‍വ്വം എഴുന്നേറ്റ് നില്‍ക്കണം എന്നതിന്‍റെ തെളിവായി ഉദ്ദരിക്കാറുണ്ട്. പക്ഷെ ആ ഹദീസിന്‍റെ പശ്ചാത്തലവും ശരിയായ രിവായത്തും പരിശോധിച്ചാല്‍ കാര്യം വളരെ വ്യക്തമാണ് .. സഅദ് ബിന്‍ മുആദ് (رضي الله عنه) വിന്‍റെ ഹദീസ് എടുത്തുകൊടുത്തുകൊണ്ട് ശൈഖ് അല്‍ബാനി (رحمه الله) അത് കൃത്യമായി വിവരിക്കുന്നുണ്ട്.

സഅദ് ബിന്‍ മുആദ് (رضي الله عنه) വിന്‍റെ സംഭവം :

قوموا إلى سيدكم فأنزلوه , فقال عمر : سيدنا الله عز وجل , قال : أنزلوه , فأنزلوه

പ്രവാചകന്‍(ﷺ) പറഞ്ഞു: “നിങ്ങള്‍ നിങ്ങളുടെ സയ്യിദിന്‍റെ അടുത്തേക്ക്  എഴുന്നേറ്റ് ചെല്ലുക. അപ്പോള്‍ ഉമര്‍ (رضي الله عنه) പറഞ്ഞു: ഞങ്ങളുടെ സയ്യിദ് പരമോന്നതനും പരിശുദ്ധനുമായ അല്ലാഹുവാണ്. അപ്പോള്‍ പ്രവാചകന്‍(ﷺ) പറഞ്ഞു: അദ്ദേഹത്തെ താഴെയിറക്കൂ. അപ്പോള്‍ അവര്‍ അദ്ദേഹത്തെ താഴെയിറക്കി” . [حسن . السلسلة الصحيحة . برقم : 67].

ശൈഖ് അല്‍ബാനി ഇതിനു നല്‍കിയ വിശദീകരണത്തിന്‍റെ സംഗ്രഹം :

” قوموا لسيدكم “,  ‘നിങ്ങളുടെ സയ്യിദിന് വേണ്ടി എഴുന്നേറ്റ് നില്‍ക്കുക’ എന്ന പദപ്രയോഗമാണ് സാധാരണ പ്രചാരത്തിലുള്ളത്. 

എന്നാല്‍ (ഇതുമായി ബന്ധപ്പെട്ട് വന്ന) രണ്ട് ഹദീസുകളിലും ”  قوموا إلى سيدكم “, ‘നിങ്ങള്‍ നിങ്ങളുടെ നേതാവിന്‍റെ അടുത്തേക്ക് എഴുന്നേറ്റ് ചെല്ലുക എന്ന പദപ്രയോഗമാണ് എനിക്ക് കാണാന്‍ സാധിച്ചിട്ടുള്ളത്. നേരത്തെ പറഞ്ഞതുപോലെയുള്ള ഒരു പദപ്രയോഗത്തിന് യാതൊരു അടിസ്ഥാനവുമുള്ളതായി എനിക്കറിയില്ല.

എന്നാല്‍ ആ തെറ്റായ പദപ്രയോഗത്തില്‍ നിന്നും കര്‍മശാസ്ത്രപരമായ ഒരു തെറ്റ് ഉടലെടുത്തിട്ടുണ്ട്. അഥവാ ഇബ്നു ബത്ത്വാലിനെ പോലെയുള്ള പണ്ഡിതന്മാര്‍ (ആ തെറ്റായ പദപ്രയോഗം) സദസ്സിലേക്ക് കടന്നുവരുന്ന ആളുകള്‍ക്ക് ആദരപൂര്‍വ്വം എഴുന്നേറ്റ് നില്‍ക്കാനുള്ള തെളിവാക്കി. 

ശേഷം ശൈഖ് അല്‍ബാനി തന്‍റെ വിശദീകരണത്തില്‍ പ്രവാചകന്‍(ﷺ) ഇത് പറയാന്‍ ഇടയാക്കിയ സാഹചര്യം പറയുന്നുണ്ട്: പരിക്കേറ്റ സഅദ് ബിന്‍ മുആദ്(رضي الله عنه) വിനെ ഒരു കഴുതപ്പുറത്ത് ചുമന്നുകൊണ്ട് വരുന്ന സാഹചര്യത്തില്‍ ആണ് അവിടെ സന്നിഹിതരായ ഒരുപറ്റം അന്‍സാറുകളോട് നിങ്ങള്‍ അദ്ദേഹത്തിന്‍റെ അടുത്തേക്ക് എഴുന്നേറ്റ് ചെന്ന് അദ്ദേഹത്തെ കഴുതപ്പുറത്ത് നിന്നും താഴെയിറക്കുക എന്നതാണ് അവിടെയുള്ള ഉദ്ദേശ്യം. അതല്ലാതെ ആദരപൂര്‍വ്വം അദ്ദേഹത്തിനായി എഴുന്നേറ്റ് നില്‍ക്കുക എന്നായിരുന്നില്ല.

ഒരു സദസ്സിലേക്ക് കടന്നുവരുന്ന ആള്‍ക്കുവേണ്ടി എഴുന്നേറ്റ് നില്‍ക്കാന്‍ ഈ സംഭവം വളരെയധികം തെളിവാക്കാറുണ്ട്. എന്നാല്‍ അപ്രകാരം ആ ഹദീസില്‍ നിന്നും തെളിവ് പിടിക്കുന്നത് ശരിയല്ല എന്നത് ഒന്നിലധികം കാരണങ്ങളാല്‍ വ്യക്തമാണ്. ” നിങ്ങള്‍ അദ്ദേഹത്തെ താഴെയിറക്കുക” എന്ന പ്രവാചകന്‍റെ പദപ്രയോഗം തന്നെ അതു മനസ്സിലാക്കാന്‍ മതിയായ കാരണമാണ്. പരുക്കേറ്റിരുന്നതിനാല്‍ അദ്ദേഹത്തിന്‍റെ അടുത്തേക്ക് ചെന്ന് കഴുതപ്പുറത്ത് നിന്നും അദ്ദേഹത്തെ താഴെയിറക്കുക എന്നതാണ് അവിടെ ഉദ്ദേശ്യം എന്നത് വ്യക്തമാണ്.

അതുകൊണ്ടാണ് ഹാഫിദ് ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി (رحمه الله) ഇപ്രകാരം പറഞ്ഞത്: ” (അദേഹത്തെ താഴെയിറക്കുക) എന്ന ഈ ഭാഗം,  സദസ്സിലേക്ക് കടന്നുവരുന്നവര്‍ക്ക് ആദരപൂര്‍വ്വം എഴുന്നേറ്റ് നില്‍ക്കാന്‍ ഈ സംഭവത്തെ തെളിവാക്കുന്നതിനെ ദുര്‍ബലപ്പെടുത്തുന്നു “.  [السلسلة الصحيحة . برقم : 67].

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com