ഈസാ നബി (അ) – 02

ഈസാ നബി (അ) - 02

അമ്പരപ്പിക്കുന്ന സന്തോഷവാര്‍ത്ത

മര്‍യം പിറന്ന് വീണപ്പോള്‍ തന്നെ ഉമ്മ പിശാചിന്റെ ഉപദ്രവത്തില്‍ നിന്ന് കാവല്‍ തേടിയിട്ടുണ്ട്. ഒരു പെണ്ണ് തനിച്ച് നില്‍ക്കുമ്പോള്‍ ഒരു പുരുഷന്റെ സാന്നിധ്യം വലിയ അപകടത്തില്‍ എത്തിക്കുന്നതാണല്ലോ. അല്ലാഹുവിനെ സദാസമയം ആരാധിക്കുകയും അവനെ ഭയപ്പെട്ട് ജീവിക്കുകയും ചെയ്യുന്ന ഒരാള്‍ക്ക് താന്‍ പരീക്ഷിക്കപ്പെടുമോ എന്ന ഭയം സ്വാഭാവികമാണല്ലോ. മര്‍യം(റ) തന്റെ മുന്നില്‍ ഉള്ളത് ആരാണെന്ന് അറിയാതെ വന്ന വ്യക്തിയോട് നീ അല്ലാഹുവിനെ പേടിക്കുന്നുവെങ്കില്‍ എന്നെ വിട്ട് പോകണം എന്നു പറയുകയും അല്ലാഹുവിനോട് കാവല്‍ ചോദിക്കുകയും ചെയ്തു.

അല്ലാഹുവിനെക്കുറിച്ചുള്ള ഉത്‌ബോധനം ഉണ്ടാകും വിധം ‘നീ ധര്‍മനിഷ്ഠയുള്ളവനാണെങ്കില്‍ (എന്നെ വിട്ട് മാറിപ്പോകൂ)’ എന്നാണല്ലോ അവര്‍ പറഞ്ഞത്. വന്ന വ്യക്തിക്ക് അല്ലാഹുവിനെക്കുറിച്ചുള്ള സൂക്ഷ്മതയും പേടിയുമുണ്ടെങ്കില്‍ തന്നെ സമീപിക്കുന്നതില്‍ അയാളെ പിന്തിരിപ്പിക്കാന്‍ ഈ വാക്ക് നിമിത്തമാകുമല്ലോ. ഇനി നല്ല ഒരു മനുഷ്യനല്ലെങ്കിലും പെട്ടെന്ന് തന്റെ രക്ഷിതാവിനെ പറ്റിയുള്ള ഉത്‌ബോധനം കേള്‍ക്കുമ്പോള്‍ ചെയ്യാന്‍ ഉദ്ദേശിച്ച തിന്മയില്‍ നിന്ന് മാറാന്‍ അയാള്‍ക്കത് കാരണമായേക്കാം. 

മര്‍യം ബീവി(റ)യുടെ ഈ സന്ദര്‍ഭത്തിലെ ഇടപെടലില്‍ നമുക്ക് മാതൃകയുണ്ട്. ഭീതിയോടെ ഒരു ആപത്തിന് മുമ്പില്‍ നില്‍ക്കുമ്പോള്‍ അല്ലാഹുവിനോട് കാവല്‍തേടാന്‍ നമുക്ക് സാധിക്കണം. ഏത് സാഹചര്യത്തിലും നമുക്ക് തുണയായി ഉള്ളത് അല്ലാഹു മാത്രമാണല്ലോ. അവന് പുറമെ ഒരു പടപ്പിനും മറഞ്ഞ വഴിക്ക് നമ്മെ രക്ഷിക്കുവാന്‍ സാധിക്കുകയില്ല.

മര്‍യം(അ) ജീവിതത്തില്‍ യാതൊരു കളങ്കവും ചെയ്യാത്തവരായിരുന്നു. അല്ലാഹു അവരെ സംബന്ധിച്ച് പ്രശംസിച്ച് പറഞ്ഞിട്ടുണ്ട്:

”തന്റെ ഗുഹ്യസ്ഥാനം കാത്തുസൂക്ഷിച്ച ഇംറാന്റെ മകളായ മര്‍യമിനെയും (ഉപമയായി എടുത്ത് കാണിച്ചിരിക്കുന്നു). അപ്പോള്‍ നമ്മുടെ ആത്മചൈതന്യത്തില്‍ നിന്നു നാം അതില്‍ ഊതുകയുണ്ടായി. തന്റെ) രക്ഷിതാവിന്റെ  വചനങ്ങളിലും ഗ്രന്ഥങ്ങളിലും അവള്‍ വിശ്വസിക്കുകയും അവള്‍ ഭയഭക്തിയുള്ളവരുടെ കൂട്ടത്തിലാവുകയും ചെയ്തു” (ക്വുര്‍ആന്‍ 66:12).

ജിബ്‌രീല്‍(അ) മര്‍യമിന് പേടി ഉണ്ടായിട്ടുണ്ടെന്ന് മനസ്സിലാക്കി. ജിബ്‌രീല്‍(അ) മര്‍യമിനെ സമാധാനിപ്പിച്ചു.

”അദ്ദേഹം (ജിബ്‌രീല്‍) പറഞ്ഞു: പരിശുദ്ധനായ ഒരു ആണ്‍കുട്ടിയെ നിനക്ക് ദാനം ചെയ്യുന്നതിന് വേണ്ടി നിന്റെ രക്ഷിതാവ് അയച്ച ദൂതന്‍ മാത്രമാകുന്നു ഞാന്‍” (ക്വുര്‍ആന്‍ 19:19).

നിനക്ക് ഒരു പരിശുദ്ധനായ സന്താനത്തെ നല്‍കാന്‍ പോകുന്ന വിവരം അറിയിക്കാന്‍ അല്ലാഹു അയച്ച ഒരു ദൂതനാകുന്നു ഞാന്‍ എന്ന് ജിബ്‌രീല്‍ പറഞ്ഞപ്പോള്‍ മര്‍യം ചോദിച്ചു:

”അവള്‍ പറഞ്ഞു: എനിക്കെങ്ങനെ ഒരു ആണ്‍കുട്ടിയുണ്ടാകും? യാതൊരു മനുഷ്യനും എന്നെ സ്പര്‍ശിച്ചിട്ടില്ല. ഞാന്‍ ഒരു ദുര്‍നടപടിക്കാരിയായിട്ടുമില്ല” (ക്വുര്‍ആന്‍ 19:20).

ഇത് കേട്ടപ്പോള്‍ മര്‍യം ഒന്നുകൂടെ ബേജാറിലായി. ഹലാലായ മാര്‍ഗത്തിലൂടെ ഒരു കുഞ്ഞ് ജനിക്കണമെങ്കില്‍ വിവാഹം നടക്കണം. വിഹിതമായ മാര്‍ഗത്തിലൂടെയോ അവിഹിതമായ മാര്‍ഗത്തിലൂടെയോ തനിക്കൊരു കുട്ടി ഉണ്ടാകണമെങ്കില്‍ ഒരു പുരുഷന്‍ തന്നെ സമീപിക്കേണ്ടതുണ്ടല്ലോ. അപ്രകാരം ഒന്ന് തന്റെ ജീവിതത്തില്‍ സംഭവിച്ചിട്ടുമില്ല. ഞാന്‍ ഒരു വേശ്യയുമല്ല. പിന്നെ, എങ്ങനെ എനിക്ക് ഒരു കുഞ്ഞ് ജനിക്കും?

”അദ്ദേഹം പറഞ്ഞു: (കാര്യം) അങ്ങനെതന്നെയാകുന്നു. അത് തന്നെ സംബന്ധിച്ചിടത്തോളം നിസ്സാരമായ ഒരു കാര്യമാണെന്ന് നിന്റെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു. അവനെ (ആ കുട്ടിയെ) മനുഷ്യര്‍ക്കൊരു ദൃഷ്ടാന്തവും നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യവും ആക്കാനും (നാം ഉദ്ദേശിക്കുന്നു). അത് തീരുമാനിക്കപ്പെട്ട ഒരു കാര്യമാകുന്നു” (ക്വുര്‍ആന്‍ 19:21).

സൃഷ്ടികള്‍ക്ക് ഏതൊരു കാര്യം ചെയ്യാനും ചില കാരണങ്ങള്‍ അത്യാവശ്യമാണ്. ആ രൂപത്തിലാണ് അല്ലാഹു ഈ ലോകം സംവിധാനിച്ചിട്ടുള്ളത്. എന്നാല്‍ ഏതൊരു കാര്യം നടപ്പിലാക്കുന്നതിനും യാതൊരു കാരണവും ആവശ്യമില്ലാത്തവന്‍ അല്ലാഹു മാത്രമാകുന്നു. കാര്യകാരണ ബന്ധങ്ങള്‍ക്ക് അതീതമായി അല്ലാഹു അല്ലാത്ത ഒരാള്‍ക്കും യാതൊന്നും ചെയ്യാന്‍ സാധിക്കില്ല.

സ്ത്രീപുരുഷ ബന്ധത്തിലൂടെയാണല്ലോ ഒരു കുഞ്ഞ് ജനിക്കുന്നത്. അത് വിവാഹത്തിലൂടെയാകുമ്പോള്‍ അനുവദനീയവും വ്യഭിചാരത്തിലൂടെയാകുമ്പോള്‍ നിഷിദ്ധവുമാകുന്നു.

മര്‍യമിനെ ഒരു പുരുഷനും വിഹിതമായ മാര്‍ഗത്തിലൂടെയോ, അവിഹിതമായ മാര്‍ഗത്തിലൂടെയോ സ്പര്‍ശിച്ചിട്ടുപോലുമില്ല. അഥവാ, ഒരു കാരണവും കൂടാതെ മര്‍യം ബീവി(റ)ക്ക് അല്ലാഹു ഒരു സന്താനത്തെ നല്‍കാന്‍ തീരുമാനിച്ചു. അല്ലാഹുവിന് മാത്രമെ അതിന് സാധിക്കൂ. അല്ലാഹു ഒരു കാര്യം തീരുമാനിച്ചാല്‍ അതിനോട് ഉണ്ടാകൂ എന്ന് കല്‍പിക്കുമ്പോള്‍ അത് ഉണ്ടായിത്തീരുന്നു. അല്ലാഹു, അവന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കുക തന്നെ ചെയ്യും.

”അവള്‍ (മര്‍യം) പറഞ്ഞു: എന്റെ രക്ഷിതാവേ, എനിക്ക് എങ്ങനെയാണ് കുട്ടിയുണ്ടാവുക? എന്നെ ഒരു മനുഷ്യനും സ്പര്‍ശിച്ചിട്ടില്ലല്ലോ. അല്ലാഹു പറഞ്ഞു: അങ്ങനെ ത്തന്നെയാകുന്നു. താന്‍ ഉദ്ദേശിക്കുന്നത് അല്ലാഹു സൃഷ്ടിക്കുന്നു. അവന്‍ ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രം ചെയ്യുന്നു. അപ്പോള്‍ അതുണ്ടാകുന്നു” (ക്വുര്‍ആന്‍ 3:47).

ഒരു പുരുഷന്റെ സ്പര്‍ശനവും കൂടാതെ മര്‍യം(റ) പ്രസവിക്കണമെന്ന് അല്ലാഹു തീരുമാനിച്ചു.  ജനിക്കാന്‍ പോകുന്ന കുഞ്ഞ് ജനങ്ങള്‍ക്ക് ഒരു ദൃഷ്ടാന്തമായിരിക്കുമെന്നും അല്ലാഹു മലക്ക് മുഖേന മര്‍യം(റ)യെ അറിയിച്ചു. 

9:21 വചനത്തിന്റെ വ്യാഖ്യാനത്തില്‍ ഇബ്‌നു കഥീര്‍(റ) പറയുന്നു:”(അവനെ (ആ കുട്ടിയെ) മനുഷ്യര്‍ക്കൊരു ദൃഷ്ടാന്തം ആക്കുന്നതിന് വേണ്ടി) മനുഷ്യര്‍ക്ക് അവരുടെ സ്രഷ്ടാവിന്റെ കഴിവ് (അറിയിക്കുന്ന) ഒരു അടയാളവും തെളിവുമായിട്ടാകുന്നു (അത്). അവരുടെ സൃഷ്ടിപ്പില്‍ വ്യത്യസ്ത രീതി സ്വീകരിച്ചവനാകുന്നു അവന്‍. അവരുടെ പിതാവ് ആദമിനെ ഒരു പുരുഷനോ സ്ത്രീയോ അല്ലാത്തതില്‍ നിന്ന് അവന്‍ സൃഷ്ടിച്ചു. ഹവ്വാഇനെ സ്ത്രീയില്ലാതെ ഒരു പുരുഷനില്‍ നിന്ന് മാത്രമായും സൃഷ്ടിച്ചു. ഈസാ(അ) ഒഴികെ ബാക്കിയുള്ള (ആദമിന്റെ) സന്തതികളെ ഓരോ പുരുഷനില്‍ നിന്നും സ്ത്രീയില്‍ നിന്നുമായും അവന്‍ സൃഷ്ടിച്ചു. അദ്ദേഹത്തെ (ഈസാ(അ)യെ) പുരുഷനില്ലാതെ ഒരു സ്ത്രീയില്‍ നിന്ന് മാത്രമായും അല്ലാഹു ഉണ്ടാക്കി. അങ്ങനെ അല്ലാഹുവിന്റെ മഹത്തായ കഴിവിന്റെയും അധികാരത്തിന്റെയും തെളിവുകളായ ഈ നാല് രൂപവും അല്ലാഹു പൂര്‍ത്തിയാക്കി. അതിനാല്‍ അവനല്ലാതെ ഒരു ആരാധ്യനും അവനെ കൂടാതെ ഒരു റബ്ബും ഇല്ല. (നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യവുമാക്കാനും) എന്ന് പറഞ്ഞത്, അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിലേക്കും അവന്റെ ഏകത്വത്തിലേക്കും ക്ഷണിക്കുന്നവനായി പ്രവാചകന്മാരില്‍ ഒരു പ്രവാചകനായി അല്ലാഹുവില്‍ നിന്നുള്ള കാരുണ്യത്താല്‍ ഈ കുട്ടിയെ അവന്‍ ആക്കുകയും ചെയ്തു. അല്ലാഹു മറ്റൊരു വചനത്തില്‍ പറഞ്ഞത് പോലെ: (മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭം ശ്രദ്ധിക്കുക: മര്‍യമേ, തീര്‍ച്ചയായും അല്ലാഹു നിനക്ക് അവന്റെ പക്കല്‍ നിന്നുള്ള ഒരു വചനത്തെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്റെ പേര്‍ മര്‍യമിന്റെ മകന്‍ മസീഹ് ഈസാ എന്നാകുന്നു. അവന്‍ ഇഹത്തിലും പരത്തിലും മഹത്ത്വമുള്ളവനും സാമീപ്യം സിദ്ധിച്ചവരില്‍ പെട്ടവനുമായിരിക്കും. തൊട്ടിലിലായിരിക്കുമ്പോഴും മധ്യവയസ്‌കനായിരിക്കുമ്പോഴും അവന്‍ ജനങ്ങളോട് സംസാരിക്കുന്നതാണ്. അവന്‍ സദ്‌വൃത്തരില്‍ പെട്ടവനുമായിരിക്കും). അതായത്, തൊട്ടിലില്‍ ആയിരിക്കുമ്പോയും മധ്യവയസ്‌കനായിരിക്കുമ്പോഴും ഈസാ(അ) തന്റെ രക്ഷിതാവായ അല്ലാഹുവിനെ ആരാധിക്കുന്നതിലേക്ക് ക്ഷണിക്കുന്നതാകുന്നു.”

മാതാവിന് ഈ കുട്ടിയിലൂടെയാണല്ലോ വലിയ പേരും പ്രശസ്തിയും വമ്പിച്ച നേട്ടങ്ങളും ലഭിച്ചത്. അത് ആ കുഞ്ഞിലൂടെ ഉമ്മാക്ക് ലഭിച്ചിട്ടുള്ള കാരുണ്യമാണ്. ജനങ്ങള്‍ക്ക് അല്ലാഹുവിന്റെ ആയത്തുകള്‍ ഓതിക്കേള്‍പ്പിക്കുകയും അതിലൂടെ അവരെ സംസ്‌കരിച്ചെടുക്കുകയും അവരെ വേദഗ്രന്ഥവും തത്ത്വജ്ഞാനവും പഠിപ്പിക്കുകയും അങ്ങനെ അവര്‍ അദ്ദേഹത്തെ വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യുന്നതിലൂടെ ഇഹത്തിലും പരത്തിലും അവര്‍ക്ക് സൗഭാഗ്യം നേടാന്‍ കാരണമായത് ജനങ്ങള്‍ക്ക് അദ്ദേഹം മുഖേന അല്ലാഹു ചെയ്ത കാരുണ്യമാണല്ലോ.

”അങ്ങനെ അവനെ ഗര്‍ഭം ധരിക്കുകയും എന്നിട്ട് അതുമായി അവള്‍ അകലെ ഒരു സ്ഥലത്ത് മാറിത്താമസിക്കുകയും ചെയ്തു” (ക്വുര്‍ആന്‍ 19:22).

പരിശുദ്ധമായ ഭവനത്തില്‍, പരിശുദ്ധരായ ആളുകളുടെ മേല്‍നോട്ടത്തില്‍, പരിശുദ്ധയായാണ് മര്‍യം(റ) വളര്‍ന്നത്. യാതൊരു ദുര്‍വൃത്തിയും അവര്‍ ചെയ്തിട്ടില്ല. താന്‍ എങ്ങനെയാണ് ഗര്‍ഭിണിയായത് എന്നതിനെ പറ്റി അവര്‍ക്ക് നന്നായി അറിയാം. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും സംഭവം അറിയില്ലല്ലോ. നടന്നത് എന്തെന്ന് പറഞ്ഞാല്‍ ആളുകള്‍ വിശ്വസിക്കുമോ? ജനങ്ങള്‍ അറിഞ്ഞാല്‍ എന്തെല്ലാം പറയും? ഇങ്ങനെ നൂറുകൂട്ടം ആകുലതകള്‍ മനസ്സില്‍ മാറിമാറി വരുന്നു. അങ്ങനെ ആരും അറിയാത്ത, അകലെയുള്ള ഒരു സ്ഥലത്തേക്ക് അവര്‍ മാറിതാമസിച്ചു.

സാധാരണ ഒരു സ്ത്രീയുടെ ഗര്‍ഭകാലം എത്രയാണോ അതുപോലെ തന്നെയാണ് മര്‍യം ബീവി(റ)യുടെയും ഗര്‍ഭകാലം എന്നാണ് ഭൂരിപക്ഷം പണ്ഡിതരും പറയുന്നത്. ഗര്‍ഭകാലത്ത് തനിച്ച് ഒരു സ്ഥലത്ത് കഴിഞ്ഞുകൂടവെ അവര്‍ക്ക് പ്രസവവേദന തുടങ്ങി. അല്ലാഹു പറയുന്നു:

”അങ്ങനെ പ്രസവവേദന അവളെ ഒരു ഈന്തപ്പന മരത്തിന്റെ അടുത്തേക്ക് കൊണ്ട് വന്നു. അവള്‍ പറഞ്ഞു: ഞാന്‍ ഇതിന് മുമ്പ് തന്നെ മരിക്കുകയും പാടെ വിസ്മരിച്ച് തള്ളപ്പെട്ടവളാകുകയും ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനേ!”(ക്വുര്‍ആന്‍ 19:22).

പ്രസവവേദന ശക്തമായി. കൂടെ ആരുമില്ലാത്ത അവര്‍ നടന്ന് ഒരു ഈത്തപ്പനയുടെ സമീപം എത്തി. ആ ഈത്തപ്പനയിലേക്ക് ചാരിയിരുന്ന മര്‍യം(റ) ഒറ്റപ്പെടലിന്റെയും അവഗണനയുടെയും വേദനക്കൊപ്പം പ്രസവവേദന കൂടി വന്നപ്പോള്‍ ‘ഞാന്‍ ഇതിന് മുമ്പ് തന്നെ മരിക്കുകയും പാടെ വിസ്മരിച്ച് തള്ളപ്പെട്ടവളാകുകയും ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനേ’ എന്ന് പറഞ്ഞു പോയി.

ദുരിതം അനുഭവിക്കുന്ന സമയത്ത് മരണത്തെ കൊതിക്കരുതെന്ന് നബിﷺ പഠിപ്പിച്ചിട്ടുണ്ട്. അനസ്(റ) വില്‍ നിന്ന് നിവേദനം നബിﷺ പറഞ്ഞു: ”നിങ്ങളില്‍ ഒരാളും തനിക്ക് ബാധിച്ചിട്ടുള്ള ദുരിതത്താല്‍ മരണത്തെ കൊതിക്കരുത്. അങ്ങന ചെയ്യാതെ കഴിയില്ലെങ്കില്‍ അവന്‍ ഇപ്രകാരം പറയട്ടെ: ‘അല്ലാഹുവേ, എനിക്ക് ജീവിതമാണ് ഉത്തമമെങ്കില്‍ നീ എന്നെ ജീവിപ്പിക്കേണമേ. (അല്ലാഹുവേ,) എനിക്ക് മരണമാണ് ഉത്തമമെങ്കില്‍ നീ എന്നെ മരിപ്പിക്കേണമേ” (ബുഖാരി).

അല്ലാഹുവിന്റെ റസൂല്‍ﷺ പറഞ്ഞു: ”നിങ്ങള്‍ ഒരാളും മരണത്തെ കൊതിക്കരുത്. അത് (മരണം) അവന് വരുന്നതിന് മുമ്പായി അതിനായി പ്രാര്‍ഥിക്കുകയും ചെയ്യരുത്. നിശ്ചയം, നിങ്ങള്‍ ഒരാള്‍ മരണപ്പെട്ടാല്‍ അവന്റെ കര്‍മങ്ങളെല്ലാം മുറിഞ്ഞു പോകുന്നതാകുന്നു. നിശ്ചയം ഒരു വിശ്വാസിക്ക് അവന്റെ ആയുസ്സ് നന്മയല്ലാതെ വര്‍ധിപ്പിക്കുകയില്ല” (മുസ്‌ലിം).

മുകളില്‍ സൂചിപ്പിച്ചിട്ടുള്ള നബിവചനങ്ങള്‍ മരണത്തെ കൊതിക്കരുതെന്നാണല്ലോ അനുശാസിക്കുന്നത്. എന്നാല്‍ മര്‍യം(റ) മരണം കൊതിച്ചു പോകുന്നു. പണ്ഡിതന്മാര്‍ ഇതു സംബന്ധമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇമാം ക്വുര്‍ത്വുബി(റ) പറയുന്നു:

”എന്നാല്‍ മര്‍യം(അ), നിശ്ചയമായും അവര്‍ മരണത്തെ കൊതിച്ചത് രണ്ട് കാരണത്താലാകുന്നു. ഒന്ന്, അവരുടെ ദീനില്‍ മോശമായത് ഉണ്ടാകുമോ എന്ന് വിചാരിച്ച് അവര്‍ പേടിച്ചു. അത് അവര്‍ക്ക് ഒരു പരീക്ഷണമാണല്ലോ. രണ്ട്, ജനങ്ങള്‍ അവര്‍ കാരണത്താല്‍ അപവാദ പ്രചരണവും വ്യാജവാര്‍ത്തയും വ്യഭിചാരക്കുറ്റവും ഉണ്ടാക്കി അതില്‍ പതിക്കും. അത് അവരുടെ തകര്‍ച്ചയാണല്ലോ.” 

”ഫിത്‌നയുടെ സന്ദര്‍ഭത്തില്‍ മരണത്തെ കൊതിക്കല്‍ അനുവദനീയമാണെന്നതിന് ഇതില്‍ തെളിവുണ്ട്. കാരണം, ഈ കുട്ടിയുടെ ജനനത്താല്‍ താന്‍ പരീക്ഷിക്കപ്പെടുമെന്ന് അവര്‍ മനസ്സിലാക്കി” (ഇബ്‌നു കഥീര്‍).

തന്റെ മതപരമായ ജീവിതത്തില്‍ വല്ല അപകടവും സംഭവിക്കുന്നത് വലിയ പരീക്ഷണമാണല്ലോ. അതുപോലെ മറ്റൊരാളെ പറ്റി കളവ് പറയലും അപവാദം പ്രചരിപ്പിക്കലും അയാളുടെ നാശത്തിന് കാരണമാകും. ഇതെല്ലാം വലിയ ഫിത്‌നയാണ്. ഇപ്രകാരം ഫിത്‌ന ഭയപ്പെടുന്ന സന്ദര്‍ഭത്തില്‍ മരണത്തെ കൊതിക്കുന്നത് അനുവദനീയവുമാണ്. ഇമാം ക്വുര്‍ത്വുബിയുടെ അത്തദ്കിറഃ എന്ന കിതാബില്‍ ദീന് നഷ്ടപ്പെടുമെന്ന പേടി കാരണം മരണത്തെ കൊതിക്കലും അതിന് വേണ്ടി പ്രാര്‍ഥിക്കലും അനുവദനീയമാണ് എന്ന് പറയുന്ന ഒരു അധ്യായം തന്നെ കാണാവുന്നതാണ്. ഇമാം മാലിക്(റ) മുവത്വയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഒരു പ്രാര്‍ഥന ഇപ്രകാരം കാണാം:

തീര്‍ച്ചയായും റസൂല്‍ﷺ പ്രാര്‍ഥിക്കാറുണ്ടായിരുന്നു. എന്നിട്ട് ഇപ്രകാരം പറയും: ‘അല്ലാഹുവേ, നന്മകള്‍ ചെയ്യാനും തിന്മകള്‍ വെടിയാനും സാധുക്കളെ സ്‌നേഹിക്കാനും ഞാന്‍ നിന്നോട് ചോദിക്കുന്നു. (ഇനി) ജനങ്ങളില്‍ ഫിത്‌ന ഉദ്ദേശിച്ചാല്‍ (ഞാന്‍) പരീക്ഷിക്കപ്പെടാതിരിക്കാന്‍ നീ എന്നെ നിന്നിലേക്ക് പിടിക്കേണമേ.’

ഉമര്‍(റ) തന്റെ ഭരണം വ്യാപിക്കുകയും പ്രായം കൂടുകയും ആരോഗ്യം ദുര്‍ബലമാകുകയും ചെയ്ത സന്ദര്‍ഭത്തില്‍ വല്ല വീഴ്ചയും സംഭവിക്കുമെന്ന പേടിയില്‍ ഇപ്രകാരം പ്രാര്‍ഥിച്ചത് ചരിത്രത്തില്‍ കാണാവുന്നതാണ്.

ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസ് കാണുക:

അബൂഹുറയ്‌റ(റ)വില്‍ നിന്ന് നിവേദനം: നബിﷺ പറഞ്ഞു: ”ഒരാള്‍ മറ്റൊരാളുടെ ക്വബ്‌റിന്റെ അരികിലൂടെ നടന്ന് പോകുമ്പോള്‍ ‘ഞാന്‍ ആ സ്ഥാനത്തായിരുന്നെങ്കില്‍ എന്ന് പറയുന്നത് വരെ അന്ത്യദിനം സംഭവിക്കുന്നതല്ല”(ബുഖാരി).

മതപരമായ നിഷ്ഠയോടു കൂടി ജീവിക്കാന്‍ കഴിയാത്ത കുഴപ്പങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇപ്രകാരം മരണത്തെ കൊതിക്കുന്നത് അനുവദനീയമാണ്. എന്നാല്‍ ഭൗതികമായ വല്ല ആപത്തും വരുന്ന സാഹചര്യത്തില്‍ ഒരാളും മരണത്തെ കൊതിക്കാന്‍ പാടില്ല. നബിﷺ മരണത്തെ കൊതിക്കുന്നതിനെ തൊട്ട് വിലക്കിയത് ഈ അര്‍ഥത്തിലാകുന്നു എന്ന് മനസ്സിലാക്കാം.

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

ഈസാ നബി (അ) – 01​

ഈസാ നബി (അ) - 01

പരിശുദ്ധ ക്വുര്‍ആനില്‍ ഈസാ നബി(അ)യുടെയും മാതാവായ മര്‍യമിന്റെയും പേര് ധാരാളം തവണ പരാമര്‍ശിച്ചിട്ടുണ്ട്. 

ലോകത്ത് ഈസാ നബി(അ)യെ സംബന്ധിച്ച് മൂന്ന് രൂപത്തിലുള്ള വിശ്വാസം വെച്ചു പുലര്‍ത്തുന്നവരുള്ളതായി നമുക്ക് കാണാം. അതില്‍ ഒരു വിഭാഗം ജൂതന്മാരാണ് (യഹൂദികള്‍). യഹൂദികള്‍ ഈസാ നബി(അ) ഒരു ജാര സന്തതിയാണെന്നാണ് വിശ്വസിക്കുന്നത്. രണ്ടാമത്തെ വിഭാഗം ക്രൈസ്തവരാണ് (നസ്വാറാക്കള്‍). അവര്‍ ഈസാ നബി(അ)യെ ദൈവപുത്രനായിട്ടാണ് പരിഗണിക്കുന്നത്. മൂന്നാമത്തെ വിഭാഗം മുസ്‌ലിംകളാണ്. മുസ്‌ലിംകള്‍ ഈസാ(അ) അല്ലാഹുവിന്റെ ദൂതനും (റസൂല്‍) അടിമയുമാണ് എന്നാണ് വിശ്വസിക്കുന്നത്.

ഈസാ നബി(അ)യുടെ മാതാവ് മര്‍യം(റ) വിശിഷ്ടയാണ്. അവരെ സംബന്ധിച്ച് ക്വുര്‍ആന്‍ പ്രശംസിച്ച് പറയുന്നത് കാണുക: 

”…അദ്ദേഹത്തിന്റെ  മാതാവ് സത്യവതിയുമാകുന്നു…” (5:75).

”…അവള്‍ ഭയഭക്തിയുള്ളവരുടെ കൂട്ടത്തിലാവുകയും ചെയ്തു” (66:12).

ഈസാ നബി(അ)യുടെ ചരിത്ര വിവരണത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് മാതാവായ മര്‍യമിന്റെ ചരിത്രം വിവരിക്കല്‍ അനിവാര്യമാണ്. പല കാര്യങ്ങളും സകരിയ്യാ നബി(അ)യുടെ ചരിത്രം വിവരിക്കവെ നാം പറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും ഈസാ നബി(അ)യുടെ ചരിത്ര വിവരണത്തിന്റെ പൂര്‍ത്തീകരണം മാതാവിന്റെ ചരിത്രം കൂടി വിവരിക്കുമ്പോഴേ ലഭിക്കുകയുള്ളൂ. അതിനാല്‍ മര്‍യം ബീവി(റ)യുടെ ചരിത്രവും ചെറിയ രൂപത്തില്‍ ഇവിടെ വിവരിക്കുകയാണ്.

ക്വുര്‍ആന്‍ ഈസാ നബി(അ)യുടെ ചരിത്ര വിവരണം തുടങ്ങുന്നത് ഇംറാന്‍ കുടുംബത്തെ സംബന്ധിച്ച് പറഞ്ഞു കൊണ്ടാണ്:

”തീര്‍ച്ചയായും ആദമിനെയും നൂഹിനെയും ഇബ്‌റാഹീം കുടുംബത്തെയും ഇംറാന്‍ കുടുംബത്തെയും ലോകരില്‍ ഉല്‍കൃഷ്ടരായി അല്ലാഹു തെരഞ്ഞെടുത്തിരിക്കുന്നു. ചിലര്‍ ചിലരുടെ സന്തതികളായിക്കൊണ്ട്. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ. ഇംറാന്റെ ഭാര്യ പറഞ്ഞ സന്ദര്‍ഭം  (ശ്രദ്ധിക്കുക:) എന്റെ രക്ഷിതാവേ, എന്റെ വയറ്റിലുള്ള കുഞ്ഞിനെ നിനക്കായി ഉഴിഞ്ഞുവെക്കാന്‍ ഞാന്‍ നേര്‍ച്ച നേര്‍ന്നിരിക്കുന്നു. ആകയാല്‍ എന്നില്‍ നിന്ന് നീ അത് സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ. എന്നിട്ട് പ്രസവിച്ചപ്പോള്‍ അവള്‍ പറഞ്ഞു: എന്റെ രക്ഷിതാവേ, ഞാന്‍ പ്രസവിച്ച കുട്ടി പെണ്ണാണല്ലോ. എന്നാല്‍ അല്ലാഹു അവള്‍ പ്രസവിച്ചതിനെപ്പറ്റി കൂടുതല്‍ അറിവുള്ളവനത്രെ. ആണ് പെണ്ണിനെപ്പോലെയല്ല. ആ കുട്ടിക്ക് ഞാന്‍ മര്‍യം എന്ന് പേരിട്ടിരിക്കുന്നു. ശപിക്കപ്പെട്ട പിശാചില്‍ നിന്നും അവളെയും അവളുടെ സന്തതികളെയും രക്ഷിക്കുവാനായി ഞാന്‍ നിന്നില്‍ ശരണം പ്രാപിക്കുകയും ചെയ്യുന്നു” (3:33-36).

ഇവിടെ പേര് പറഞ്ഞിട്ടുള്ള പ്രവാചകന്മാര്‍ക്കും മറ്റുള്ളവര്‍ക്കും പല പ്രത്യേകതകളുമുള്ളതായി നമുക്ക് കാണാവുന്നതാണ്. കോടിക്കണക്കിന് മനുഷ്യരില്‍ നിന്ന് അല്ലാഹു ആദമിനെയാണ് സ്വന്തം കൈകൊണ്ട് സൃഷ്ടിക്കാന്‍ തെരഞ്ഞെടുത്തത്. ഒരു ലക്ഷത്തില്‍ പരം പ്രവാചകന്മാരില്‍ നിന്ന് നൂഹ് നബി(അ)യെയാണ് ആദ്യത്തെ റസൂലായി അല്ലാഹു തെരഞ്ഞെടുത്തത്. ഇബ്‌റാഹീം നബി(അ)ക്ക് മുമ്പ് ധാരാളം നബിമാരെ അല്ലാഹു അയച്ചിട്ടുണ്ടെങ്കിലും അവരുടെ മക്കളിലൂടെ അല്ലാഹു പ്രവാചകത്വം നിലനിര്‍ത്തിയിട്ടില്ല. ഇബ്‌റാഹീം നബി(അ)യുടെ മക്കളിലൂടെയാണ് ധാരാളക്കണക്കിന് നബിമാരെ അല്ലാഹു തെരഞ്ഞെടുത്തിട്ടുള്ളത്. ഇതില്‍ നിന്ന് വ്യത്യസ്തമായ പ്രത്യേകതയുള്ള കുടുംബമാണ് ഇംറാന്‍ കുടുംബം.

ഈസാ നബി(അ)യുടെ മാതാവിനെക്കുറിച്ച് പറയുന്നതിന് മുമ്പ് അവരുടെ ഉമ്മയെക്കുറിച്ചാണ് പരാമര്‍ശിച്ചിരിക്കുന്നത്. ഈസാ നബി(അ)യുടെ പിതാമഹനാണ് ഇംറാന്‍. ഇംറാന്റെ ഭാര്യയാണ് ഹന്നഃ.ഹന്നഃ ഗര്‍ഭിണിയായിരിക്കെ തന്നെ വയറ്റിലുള്ള കുഞ്ഞിനെ ബൈതുല്‍ മക്വ്ദസിന്റെ പരിപാലനത്തിനായി നേര്‍ച്ച നേര്‍ന്നു. അപ്രകാരം നേര്‍ച്ചനേരല്‍ അക്കാലത്ത് പതിവായിരുന്നു. ആണ്‍കുട്ടികളെയാണ് രക്ഷിതാക്കള്‍ അപ്രകാരം നേര്‍ച്ചനേരാറ്. ഹന്നഃ തനിക്ക് ജനിക്കാന്‍ പോകുന്നത് ആണ്‍കുട്ടിയാകും എന്ന ധാരണയിലാണ് പ്രസവത്തിന് മുമ്പേ വയറ്റിലുള്ള കുഞ്ഞിനെ പള്ളിപരിപാലനത്തിനായി നേര്‍ച്ചയാക്കിയത്.

ഹന്നഃ പ്രസവിച്ചു; ഒരു പെണ്‍കുട്ടിയെ. കുട്ടിയെ പള്ളിപരിപാലനത്തിന് ഏല്‍പിക്കണം. ഒരു പെണ്‍കുട്ടിയെ അപ്രകാരം മാറ്റിനിര്‍ത്തുന്നത് ഒരു മാതാവിന് ഏറെ വിഷമമുണ്ടാക്കുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ അവര്‍ക്ക് ഏറെ വ്യാകുലത ഉണ്ടായി. കുഞ്ഞിന് അവര്‍ മര്‍യം എന്ന് പേരിടുകയും ചെയ്തു. തുടര്‍ന്ന് പൈശാചികമായ ഉപദ്രവത്തില്‍ നിന്ന് മര്‍യമിനും മര്‍യമിന് ഉണ്ടാകുന്ന സന്താനങ്ങള്‍ക്കുമായി അല്ലാഹുവിനോട് അവര്‍ കാവല്‍ തേടി.

മര്‍യമിനെ പ്രസവിച്ചയുടനെ തന്നെ മാതാവ് ഹന്നഃ പേര് വിളിച്ചുവല്ലോ. ഈ അടിസ്ഥാനത്തില്‍ കുഞ്ഞ് ജനിച്ചാല്‍ അന്ന് തന്നെ കുഞ്ഞിന് പേര് വിളിക്കാമോ, അതല്ല ഏഴ് വരെ കാത്തിരിക്കേണ്ടതുണ്ടോ എന്ന് പണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഈ സംഭവത്തെ തെളിവാക്കിക്കൊണ്ട് കുഞ്ഞ് ജനിച്ചയുടനെ തന്നെ കുഞ്ഞിന് പേര് വിളിക്കല്‍ അനുവദനീയമാണ് എന്ന് പറഞ്ഞിട്ടുണ്ട്. അനസ്ബ്‌നു മാലിക്(റ) തന്റെ സഹോദരന്‍ അബ്ദുല്ലയെയും കൊണ്ട് മാതാവ് പ്രസവിച്ച ഉടനെ മധുരം നല്‍കാനായി നബി ﷺയുടെ അടുത്തേക്ക് കൊണ്ടുപോയി. അങ്ങനെ നബി ﷺ അദ്ദേഹത്തിന് അബ്ദുല്ല എന്ന് പേര് വിളിക്കുകയും ചെയ്തു. ഇത് ബുഖാരിയിലും മുസ്‌ലിമിലും കാണാവുന്ന സംഭവമാണ്. 

വിശ്വാസികളുടെ മാതാവായ മാരിയതുല്‍ ക്വിബ്ത്വിയ്യഃ(റ)യില്‍ നബി ﷺക്ക് ഒരു ആണ്‍കുഞ്ഞ് ജനിച്ചു. നബി ﷺ അന്ന് തന്നെ കുഞ്ഞിന് ഇബ്‌റാഹിം എന്ന് പേര് വിളിച്ചതും ഹദീഥുകളില്‍ കാണാം. സമാനമായ വേറെയും ഹദീഥുകള്‍ ഈ വിഷത്തില്‍ നമുക്ക് കാണാവുന്നതാണ്. കുഞ്ഞ് പിറന്ന അന്ന് തന്നെ പേര് വിളിക്കുന്നത് അനുവദനീയമാണ് എന്ന് ഇതില്‍ നിന്നെല്ലാം ഗ്രഹിക്കാവുന്നതാണ്.

കുഞ്ഞ് പിറന്നാല്‍ കുഞ്ഞിനെയും കൊണ്ട് ജാറങ്ങളിലും മക്വാമുകളിലും തങ്ങന്മാരുടെയും ബീവിമാരുടെയും ഉസ്താദുമാരുടെയും അടുത്തുമൊക്കെ പോകുകയും കുഞ്ഞിന് അപകടങ്ങള്‍ സംഭവിക്കാതിരിക്കുന്നതിന് വേണ്ടി കൈകളിലും അരയിലും ഏലസ്സ്, ചരട്, തകിട് മുതലായ വസ്തുക്കള്‍ കെട്ടിക്കൊടുക്കുന്നവരുണ്ട്. അവയിലൂടെ അവര്‍ കുഞ്ഞിന്റെ രക്ഷ പ്രതീക്ഷിക്കുന്നു. എന്നാല്‍ മക്കളുടെ രക്ഷക്കായി ഒരു വിശ്വാസി ചെയ്യേണ്ടത് കുഞ്ഞിനെ നല്‍കിയ നാഥനില്‍ ഭരമേല്‍പിക്കുകയാണ്. അതാണ് ഹന്നഃ കുഞ്ഞിന് വേണ്ടി ചെയ്തത്. ആ മാതാവിന്റെ പ്രാര്‍ഥന മുഴുവനും അല്ലാഹു ഏറ്റവും നല്ല രൂപത്തില്‍ സ്വീകരിക്കുകയും ചെയ്തു.

ഹന്നഃ മകളെ പള്ളിപരിപാലനത്തിനായി ഏല്‍പിച്ചു. മര്‍യമിന്റെ കാര്യം ആര് ശ്രദ്ധിക്കും എന്ന കാര്യത്തില്‍ പള്ളിയുടെ ബന്ധപ്പെട്ടവര്‍ക്കിടയില്‍ തര്‍ക്കമായി. പലരും അതിന് മുന്നോട്ട് വന്നു. കാരണം, നാട്ടില്‍ പ്രശസ്തിയുള്ള കുടുംബത്തിലെ കുഞ്ഞിന്റെ സംരക്ഷണമാണല്ലോ കിട്ടുന്നത്. മര്‍യമിനെ ഏറ്റെടുക്കുന്ന കാര്യത്തില്‍ അവര്‍ക്കിടയില്‍ തര്‍ക്കം ശക്തമായപ്പോള്‍ നറുക്കെടുപ്പിലൂടെ തീരുമാനിക്കാം എന്ന് അവര്‍ തീരുമാനിച്ചു. പല തവണ നറുക്കെടുപ്പ് നടത്തിയപ്പോഴും സകരിയ്യാ നബി(അ)ക്ക് തന്നെ നറുക്ക് വീണു. അവസാനം സകരിയ്യാ(അ) അവരുടെ സംരക്ഷണം ഏറ്റടുത്തു.

സകരിയ്യാ നബി(അ) മര്‍യമിന്റെ പ്രാര്‍ഥനാ മണ്ഡപത്തില്‍ പ്രവേശിക്കുമ്പോള്‍ കണ്ട അത്ഭുതങ്ങള്‍ നാം മുമ്പ് വിവരിച്ചതാണ്. ഇങ്ങനെ പല പ്രത്യേകതകളാലും മര്‍യം(റ) ശ്രേഷ്ഠവതിയായിരുന്നു. സ്ത്രീകളുടെ കൂട്ടത്തില്‍ വിശ്വാസം (ഈമാന്‍) പൂര്‍ണമാക്കപ്പെട്ടവരാണ് മര്‍യം, ആസിയ(റ) എന്നിവര്‍. രണ്ടും പേരും ഓരോ നബിമാര്‍ക്ക് സംരക്ഷണം നല്‍കിയവരാണ്. ആസിയ(റ) മൂസാ നബി(അ)ക്കും മര്‍യം(റ) ഈസാ നബി(അ)ക്കും. 

ക്വുര്‍ആനില്‍ പേര് പറയപ്പെട്ട ഏക വനിതയും മര്‍യം(റ) ആണ്. എന്നാല്‍ (ആസിയാ(റ)യെ പറ്റി) ഫിര്‍ഔനിന്റെ ഭാര്യ എന്നും, (യൂസുഫ് നബി(അ)യെ ചതിയില്‍ വീഴ്ത്താന്‍ ശ്രമിച്ച ഈജിപ്തിലെ രാജാവിന്റെ ഭാര്യയെ പറ്റി) അസീസിന്റെ ഭാര്യ എന്നും, ലൂത്വ് നബി(അ)യുടെ ഭാര്യ എന്നും, നൂഹ് നബി(അ)യുടെ ഭാര്യ എന്നും ക്വുര്‍ആനില്‍ കാണാവുന്നതാണ്. മൂസാ നബി(അ)യുടെ ഉമ്മ, ഇംറാന്റെ ഭാര്യ,  ഹവ്വാഅ്, ഇബ്‌റാഹീം നബി(അ)യുടെ  ഭാര്യ, സകരിയ്യാ നബി(അ)യുടെ ഭാര്യ, മൂസാ നബി(അ)യുടെ സഹോദരി മദ്‌യനിലെ സദ്‌വൃത്തനായ ഒരാളുടെ രണ്ട് പെണ്‍മക്കള്‍, സബഇലെ രാജ്ഞി, ആഇശ(റ), ഹഫ്‌സഃ(റ), സൈനബ്(റ), ഖൗലഃ ബിന്‍ത് സഅ്‌ലബഃ(റ) എന്നിവരെ പറ്റിയും ക്വുര്‍ആന്‍ പേരെടുത്ത് പറയാതെ സൂചിപ്പിച്ചിട്ടുണ്ട്.

മര്‍യം(റ) നബിയാണ് എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്. എന്നാല്‍ അതിനെ സംബന്ധിച്ച് ഇബ്‌നു കഥീര്‍(റ) പറയുന്നത് കാണുക:

”അഹ്‌ലുസ്സുന്നഃ വല്‍ജമാഅഃ അതിലാണ്. (അതായത്) അതാണ് ശൈഖ് അബുല്‍ ഹസന്‍ അലിയ്യുബ്‌നു ഇസ്മാഈല്‍ അല്‍അശ്അരിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തത്. (അത് ഇപ്രകാരമാകുന്നു:) ‘സ്ത്രീകളില്‍ നബിയില്ല. അവരിലുള്ളവര്‍ സത്യസന്ധര്‍ മാത്രമാകുന്നു. അവരിലെ ശ്രേഷ്ഠമതികളില്‍ (ഉന്നതയായ) മര്‍യം ബിന്‍ത് ഇംറാനെ പറ്റി അല്ലാഹു പറഞ്ഞത് പോലെ: (മര്‍യമിന്റെ മകന്‍ മസീഹ് ഒരു ദൈവദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പ് ദൂതന്മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹത്തിന്റെ മാതാവ് സത്യവതിയുമാകുന്നു. അവര്‍ ഇരുവരും ഭക്ഷണംകഴിക്കുന്നവരായിരുന്നു). അപ്പോള്‍ അല്ലാഹു അവരുടെ സ്ഥാനത്തെ വിശേഷിപ്പിച്ചത് സത്യസന്ധതകൊണ്ടായിരുന്നു. അവര്‍ ഒരു നബിയായിരുന്നെങ്കില്‍ അവരുടെ ശ്രേഷ്ഠതയുടെയും മഹത്ത്വത്തിന്റെയും സ്ഥാനത്ത് അല്ലാഹു അത് പറയുമായിരുന്നു. (എന്നാല്‍) ക്വുര്‍ആനിന്റെ ഖണ്ഡിതമായ തെളിവു കൊണ്ട് (സ്ഥിരപ്പെട്ടത്) അവര്‍ സത്യസന്ധയായിരുന്നു എന്നാണ്.”

മര്‍യമിനെ അല്ലാഹു ലോകത്തുള്ള മുഴുവന്‍ സ്ത്രീകളെക്കാളും ശ്രേഷ്ഠയാക്കി. അല്ലാഹു അവരെ തെരഞ്ഞെടുക്കുകയും ചെയ്തു. ക്വുര്‍ആന്‍ പറയുന്നത് കാണുക:

”മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധിക്കുക:) മര്‍യമേ, തീര്‍ച്ചയായും അല്ലാഹു നിന്നെ പ്രത്യേകം തെരഞ്ഞെടുക്കുകയും നിനക്ക് പരിശുദ്ധി നല്‍കുകയും ലോകത്തുള്ള സ്ത്രീകളില്‍ വെച്ച് ഉല്‍കൃഷ്ടയായി നിന്നെ തെരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു” (3:42).

ഏതൊരു കുഞ്ഞും ജനിക്കുന്ന സമയത്ത് പിശാചിന്റെ ഉപദ്രവമുണ്ടാകുമെന്ന് നബി ﷺ പറഞ്ഞതായി ഹദീഥുണ്ട്. എന്നാല്‍ പിശാചിന്റെ ഈ ഉപദ്രവത്തില്‍ നിന്ന് മര്‍യമും പുത്രന്‍ ഈസാ(അ)യും ഒഴിവാണെന്നും അവിടുന്ന് അരുളി. അത് ഹന്നഃയുടെ പ്രാര്‍ഥനയുടെ ഫലമായിരുന്നു.

മര്‍യം സകരിയ്യാ നബി(അ)യുടെ സംരക്ഷണത്തില്‍ ബൈതുല്‍ മക്വ്ദിസില്‍ വളര്‍ന്ന് വലുതായി. ക്വുര്‍ആന്‍ അവരെ സംബന്ധിച്ച് പറയുന്നത് കാണുക:

”വേദഗ്രന്ഥത്തില്‍ മര്‍യമിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. അവള്‍ തന്റെ വീട്ടുകാരില്‍ നിന്നകന്ന് കിഴക്കുഭാഗത്തുള്ള ഒരു സ്ഥലത്തേക്ക് മാറിത്താമസിച്ച സന്ദര്‍ഭം. എന്നിട്ട് അവര്‍ കാണാതിരിക്കാന്‍ അവള്‍ ഒരു മറയുണ്ടാക്കി. അപ്പോള്‍ നമ്മുടെ ആത്മാവിനെ (ജിബ്‌രീലിനെ) നാം അവളുടെ അടുത്തേക്ക് നിയോഗിച്ചു. അങ്ങനെ അദ്ദേഹം അവളുടെ മുമ്പില്‍ തികഞ്ഞ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ടു” (19:16,17).

ഈസാ നബി(അ)യുടെ ജനനവുമായി ബന്ധപ്പെട്ട ചരിത്രത്തിലേക്കാണ് ഇനി നാം പ്രവേശിക്കുന്നത്.

മര്‍യം(റ) ബൈതുല്‍ മക്വ്ദിസില്‍ നിന്നും അവരുടെ കുടുംബത്തില്‍ നിന്നും അല്‍പം അകലെ കിഴക്കു ഭാഗത്തേക്ക് മാറിത്താമസിച്ചു. മര്‍യം(റ) അല്ലാഹുവിനെ ആരാധിക്കുന്നതിന് കൂടുതല്‍ സമയം കണ്ടെത്തിയിരുന്നു. ഭൗതികമായ സൗകര്യങ്ങളെല്ലാം ഒഴിവാക്കി അല്ലാഹുവിനെ ആരാധിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധകാണിച്ചു. ധാരാളം ഇബാദത്ത് എടുക്കുന്നവരായതിനാല്‍ തന്നെ അവരെ അല്ലാഹു തെരഞ്ഞെടുക്കുകയും ചെയ്തു. മര്‍യം എന്ന പേരിന് നന്നായി ഇബാദത്ത് ചെയ്യുന്നവള്‍ എന്ന അര്‍ഥം തന്നെയുണ്ടെന്ന് ചില മുഫസ്സിറുകള്‍ പറയുന്നു. മറ്റു ചിലര്‍ പറയുന്നത്, ‘മര്‍യം എന്നത് ഹിബ്രു ഭാഷയിലെ പദമാണ്. അതിന്റെ അര്‍ഥം അല്ലാഹുവിന് ധാരാളം സേവനം ചെയ്യുന്നവള്‍ എന്നാകുന്നു’ എന്നാണ്. പേരിനെ അന്വര്‍ഥമാക്കുന്നതായിരുന്നു അവരുടെ ജീവിതം.

മര്‍യം ബീവി(റ)യോട് അല്ലാഹുവിനെ ആരാധിക്കുന്ന കാര്യത്തില്‍ പ്രത്യേക ശ്രദ്ധ കാണിക്കുവാന്‍ കല്‍പനയും ഉണ്ടായിരുന്നു. മലക്കുകള്‍ അവരോട് പറയുന്നത് നോക്കൂ:

”മര്‍യമേ, നിന്റെ രക്ഷിതാവിനോട് നീ ഭയഭക്തി കാണിക്കുകയും സാഷ്ടാംഗം ചെയ്യുകയും തലകുനിക്കുന്നവരോടൊപ്പം തലകുനിക്കുകയും ചെയ്യുക” (3:43).

ഇബ്‌നു കഥീര്‍(റഹ്) പറയുന്നു: ”ഇരുലോകത്തും അവര്‍ക്ക് ഉയര്‍ച്ച ലഭിക്കുന്നതിനും ചില പരീക്ഷണങ്ങള്‍ക്കുമായി അല്ലാഹു തീരുമാനിച്ചിട്ടുള്ളതും വിധിച്ചിട്ടുള്ളതുമായ ചില കാര്യങ്ങളിലൂടെ അല്ലാഹു ഉദ്ദേശിച്ചതിനാല്‍ മലക്കുകള്‍ അവരോട് ധാരാളം ഇബാദത്ത് ചെയ്യുവാനും ഭയഭക്തികൊണ്ടും വിനയം കൊണ്ടും സുജൂദ് കൊണ്ടും റുകൂഅ് കൊണ്ടും കര്‍മങ്ങള്‍ പതിവാക്കുന്നത് കൊണ്ടും കല്‍പിച്ചു. (അല്ലാഹു അങ്ങനെ ചെയ്യുന്നത്) പിതാവില്ലാതെ സന്താനത്തെ സൃഷ്ടിക്കുന്നതിലൂടെ അല്ലാഹുവിന്റെമഹത്തായ കഴിവ് പ്രകടമാക്കുന്നതിന് വേണ്ടിയാകുന്നു.”

മര്‍യം(റ) എല്ലാവരില്‍ നിന്നും അകന്ന് ഒരു പ്രത്യേക സ്ഥലം ആരാധനകള്‍ നിര്‍വഹിക്കുന്നതിനായി തെരഞ്ഞെടുത്തു. ജനങ്ങള്‍ തന്നെ കാണാതിരിക്കാന്‍ ഒരു മറയും സ്വീകരിച്ചു. അങ്ങനെയിരിക്കവെയാണ് ഒരു മലക്ക് മനുഷ്യരൂപത്തില്‍ അവരുടെ സമീപത്ത് പ്രത്യക്ഷപ്പെടുന്നത്. ഇബ്‌നു കഥീര്‍(റഹ്) വിശദീകരിക്കുന്നു:

”ഉലുല്‍ അസ്മില്‍ പെട്ട മഹാന്മാരായ അഞ്ചു റസൂലുകളില്‍ ഒരാളായ, അല്ലാഹുവിന്റെ അടിമയും റസൂലുമായ ഈസാ(അ)യെ അവരില്‍ (മര്‍യമില്‍) നിന്ന് ഉണ്ടാക്കുവാന്‍ അല്ലാഹു ഉദ്ദേശിച്ചപ്പോള്‍ (അവള്‍ തന്റെ വീട്ടുകാരില്‍ നിന്നകന്ന് കിഴക്ക് ഭാഗത്തുള്ള ഒരു സ്ഥലത്തേക്ക് മാറിത്താമസിച്ച സന്ദര്‍ഭം). അതായത് അവരെ അവര്‍ വിട്ടുമാറി ബൈതുല്‍ മക്വ്ദസിന്റെ കിഴക്ക് ഭാഗത്തേക്ക് പോകുകയും ചെയ്തു.”

അങ്ങനെ കഴിച്ചുകൂട്ടവെ അല്ലാഹു ജിബ്‌രീലിനെ അവരുടെ അടുത്തേക്ക് അയച്ചു. ജിബ്‌രീലിനെയാണ് റൂഹ് എന്ന് വിശേഷിപ്പിച്ചിട്ടുള്ളത്. ജിബ്‌രീല്‍ അവരുടെ അടുത്തേക്ക് ചെല്ലുന്നത് പൂര്‍ണമായും മനുഷ്യന്റെ രൂപത്തിലാണ്. മര്‍യമിന് തന്റെ അടുക്കല്‍ വന്നത് ആരാണെന്ന് ശരിക്ക് അറിയില്ലല്ലോ. തങ്ങന്മാര്‍ക്കും ബീവിമാര്‍ക്കും മറഞ്ഞ കാര്യങ്ങള്‍ അറിയുമെന്ന് വാദിക്കുന്നവരെ നമുക്ക് കാണാന്‍ കഴിയും. ക്വുര്‍ആന്‍ പേരെടുത്ത് പറഞ്ഞ, അല്ലാഹു തെരഞ്ഞെടുക്കുകയും എല്ലാ തിന്മകളില്‍ നിന്നും ശുദ്ധിയാക്കുകയും ചെയ്ത മര്‍യം ബീവിക്ക് തന്റെ മുന്നില്‍ നില്‍ക്കുന്നത് ആരാണെന്ന് മനസ്സിലായില്ല. അതുകൊണ്ട് തന്നെ അവര്‍ ഉടനെ പറഞ്ഞു:

”അവള്‍ പറഞ്ഞു: തീര്‍ച്ചയായും നിന്നില്‍ നിന്ന് ഞാന്‍ പരമകാരുണികനില്‍ ശരണം പ്രാപിക്കുന്നു. നീ ധര്‍മനിഷ്ഠയുള്ളവനാണെങ്കില്‍ (എന്നെ വിട്ട് മാറിപ്പോകൂ)” (9:18).

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

അല്‍യസഅ് (അ), ദുല്‍കിഫ്‌ലി (അ)

അല്‍യസഅ് (അ), ദുല്‍കിഫ്‌ലി (അ)

അല്‍യസഅ് നബി(അ)യെ പറ്റിയും ദുല്‍കിഫ്‌ലി നബി(അ)യെ പറ്റിയും വളരെ കുറച്ച് മാത്രമെ  ക്വുര്‍ആന്‍ പരാമര്‍ശിച്ചിട്ടുള്ളൂ. അവരെ സംബന്ധിച്ച് ക്വുര്‍ആന്‍ പ്രതിപാദിക്കുന്നത് കാണുക:

”ഇസ്മാഈല്‍, അല്‍യസഅ്, യൂനുസ്, ലൂത്വ് എന്നിവരെയും (നേര്‍വഴിയിലാക്കി). അവരെല്ലാവരെയും നാം ലോകരില്‍ വെച്ച് ശ്രേഷ്ഠരാക്കിയിരിക്കുന്നു” (6:86).

”ഇസ്മാഈല്‍, അല്‍യസഅ്, ദുല്‍കിഫില്‍ എന്നിവരെയും ഓര്‍ക്കുക. അവരെല്ലാവരും ഉത്തമന്മാരില്‍ പെട്ടവരാകുന്നു” (38:48).

”ഇസ്മാഈലിനെയും ഇദ്‌രീസിനെയും ദുല്‍കിഫ്‌ലിനെയും (ഓര്‍ക്കുക). അവരെല്ലാം ക്ഷമാശീലരുടെ കൂട്ടത്തിലാകുന്നു.അവരെ നാം നമ്മുടെ കാരുണ്യത്തില്‍ ഉള്‍പെടുത്തുകയും ചെയ്തിരിക്കുന്നു. തീള്‍ച്ചയായും അവര്‍ സദ്‌വൃത്തരുടെ കൂട്ടത്തിലാകുന്നു” (21:85,86).

ഇരുവരുടെയും ചരിത്രം വിശദമായി വന്നിട്ടില്ല. അവര്‍ മറ്റുള്ളവരെക്കാള്‍ ശ്രേഷ്ഠരും ഉത്തമന്മാരും പ്രയാസങ്ങളില്‍ ക്ഷമ അവലംബിക്കുന്നവരുമായിരുന്നു. അവര്‍ക്കെല്ലാവര്‍ക്കും സ്വര്‍ഗമുണ്ട് എന്നും അവരെ പറ്റി അല്ലാഹു അറിയിച്ചുതന്നിരിക്കുന്നു.

ഇബ്‌നു കഥീര്‍(റഹ്) പറയുന്നു: ”ഹസന്‍(റ) പറഞ്ഞു: ‘ഇല്‍യാസ്(അ)ന് ശേഷം അല്‍യസഅ്(അ) അല്ലാഹു ഉദ്ദേശിച്ച അത്ര കാലം ജീവിച്ചു. ഇല്‍യാസി(അ)ന്റെ ശരീഅത്തിലായിക്കൊണ്ട് അല്ലാഹുവിലേക്ക് അല്‍യസഅ്(അ) ക്ഷണിച്ചു. അല്ലാഹു അദ്ദേഹത്തെ അവനിലേക്ക് കൊണ്ടുപോകുന്നത് വരെ (അത് തുടര്‍ന്നു). പിന്നീട് അവര്‍ക്ക് ശേഷം കുറെ ആളുകള്‍ വന്നു. പിന്നീട് പാപങ്ങളും സ്വേച്ഛാധിപത്യവും നബിമാരെ വധിക്കലുമെല്ലാം ഉണ്ടായി.

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

ഇദ്‌രീസ് നബി (അ)

ഇദ്‌രീസ് നബി (അ)

ഇദ്‌രീസ് നബി(അ)യെ കുറിച്ച് ക്വുര്‍ആനില്‍ രണ്ട് സ്ഥലങ്ങളിലാണ് പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്:

”വേദഗ്രന്ഥത്തില്‍ ഇദ്‌രീസിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം സത്യവാനും പ്രവാചകനുമായിരുന്നു. അദ്ദേഹത്തെ നാം ഉന്നതമായ സ്ഥാനത്തേക്ക് ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു” (ക്വുര്‍ആന്‍ 19:56,57).

ഇതിനെ സംബന്ധിച്ച് അല്ലാമ സഅദി(റ) ഇപ്രകാരം പറയുന്നു: ”ലോകരില്‍ അദ്ദേഹത്തിന്റെ സ്മരണയെ അല്ലാഹു ഉയര്‍ത്തിയിരിക്കുന്നു. (അല്ലാഹുവിലേക്ക്) സാമീപ്യം ലഭിച്ചവര്‍ക്കിടയിലേക്ക് അദ്ദേഹത്തിന്റെ സ്ഥാനത്തെയും (അല്ലാഹു ഉയര്‍ത്തിയിരിക്കുന്നു). അങ്ങനെ (അദ്ദേഹത്തിന്റെ) സ്മരണയും സ്ഥാനവും ഉയര്‍ന്നതായിരിക്കുന്നു.”

ആദം നബി(അ)ക്ക് ശേഷം നുബുവ്വത്ത് (പ്രവാചകത്വം) ലഭിച്ച പ്രവാചകനാണ് ഇദ്‌രീസ്(അ) എന്ന് അഭിപ്രായപ്പെട്ട പണ്ഡിതന്മാര്‍ ഉണ്ട്. നൂഹ് നബി(അ)യുടെ കാലശേഷം ബനൂഇസ്‌റാഈല്യരിലേക്ക് അയക്കപ്പെട്ട നബിയാണ് അദ്ദേഹം എന്നാതണ് വേറൊരു അഭിപ്രായം. അല്ലാഹുവാണ് ഏറ്റവും അറിയുന്നവന്‍. 

ആദ്യമായി പേനകൊണ്ട് എഴുതിയ വ്യക്തി, ആദ്യമായി വസ്ത്രം തുന്നിയ വ്യക്തി എന്നൊക്കെ ഇദ്‌രീസ് നബി(അ)യെക്കുറിച്ച് അഭിപ്രായപ്പെട്ടവരുണ്ട്. 

ഇദ്‌രീസ് നബി(അ)യെ പറ്റിയുള്ള ക്വുര്‍ആനിലെ രണ്ടാമത്തെ പരാമര്‍ശം കാണുക: 

”ഇസ്മാഈലിനെയും ഇദ്‌രീസിനെയും ദുല്‍കിഫ്‌ലിനെയും (ഓര്‍ക്കുക). അവരെല്ലാം ക്ഷമാശീലരുടെ കൂട്ടത്തിലാകുന്നു. അവരെ നാം നമ്മുടെ കാരുണ്യത്തില്‍ ഉള്‍പെടുത്തുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അവര്‍ സദ്‌വൃത്തരുടെ കൂട്ടത്തിലാകുന്നു” (ക്വുര്‍ആന്‍ 21:85,86).

ഇദ്‌രീസ്(അ) മരിച്ചിട്ടില്ലെന്നും ഈസാ(അ) ഉയര്‍ത്തപ്പെട്ടത് പോലെ അദ്ദേഹവും ഉയര്‍ത്തപ്പെട്ടിരിക്കുകയാണ് എന്ന് പറയുന്നവരുണ്ട്. എന്നാല്‍ അതിനൊന്നും വ്യക്തമായ യാതൊരു രേഖയുമില്ല. .

ഇദ്‌രീസ്(അ) ഉയര്‍ത്തപ്പെട്ടിരിക്കുന്നു എന്ന അഭിപ്രായങ്ങളെ പറ്റി വിവരിച്ചതിന് ശേഷം പണ്ഡിതന്മാര്‍ പറയുന്നു: ”ഈ വിഷയത്തില്‍ സ്വീകാര്യയോഗ്യമായ ഒരു റിപ്പോര്‍ട്ടും സ്ഥിരപ്പെട്ടിട്ടില്ല. അവയെല്ലാം ഇസ്‌റാഈലീ കഥകളാകുന്നു. ഫത്ഹുല്‍ ബാരിയില്‍ പറയുന്നു: മര്‍ഫൂആയ ഒരു വഴിയിലൂടെയും ഇദ്‌രീസ്(അ) ജീവനോടെ ഉയര്‍ത്തപ്പെട്ടിരിക്കുന്നു എന്നത് സ്ഥിരപ്പെട്ടിട്ടില്ല.”

ഇദ്‌രീസ്(അ) നാലാം ആകാശത്ത് വെച്ചാണ് മരണപ്പെട്ടത് എന്നും ചിലരെല്ലാം അഭിപ്രായപ്പെട്ടിട്ടുണ്ട്. അതിനെ പറ്റിയും പണ്ഡിതന്മാര്‍ പറഞ്ഞിട്ടുള്ളത് ഇതെല്ലാം ഇസ്‌റാഈലിയ്യാത്തുകളാകുന്നു എന്നാണ്. 

മിഅ്‌റാജിന്‍െര്‍ സമയത്ത് നാലാം ആകാശത്ത് വെച്ച് ഇദ്‌രീസ് നബി(അ)നെ മുഹമ്മദ് നബി ﷺ കാണുകയുണ്ടായി. ഇത് ഇദ്‌രീസ്(അ) ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്നതിന് രേഖയല്ല. കാരണം, മിഅ്‌റാജിന്റെ സമയത്ത് നബി ﷺ ഇദ്‌രീസ്(അ) അടക്കമുള്ള മറ്റു പല നബിമാരെയും കണ്ടിട്ടുണ്ട്. എങ്കില്‍ അവരൊക്കെയും ഇന്ന് ജീവിച്ചിരിക്കുന്നവരാണ് എന്ന് പറയേണ്ടിവരും.  

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

ഇല്‍യാസ് നബി (അ)

ഇല്‍യാസ് നബി (അ)

പ്രവാചകന്മാരുടെ ചരിത്രത്തില്‍ വളരെ ചെറിയ രൂപത്തില്‍ വിവരിക്കപ്പെട്ടിട്ടുള്ള ചരിത്രമാണ് ഇല്‍യാസ് നബി(അ)യുടെത്. ഇല്‍യാസ്(അ) റസൂലുകളുടെ കൂട്ടത്തില്‍ എണ്ണപ്പെടുന്ന നബിയാണ്. ബനൂ ഇസ്‌റാഈല്യരിലേക്കാണ് ഇല്‍യാസ്(അ) അയക്കപ്പെട്ടത്. ദിമശ്ഖിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ബഅ്‌ലബക് എന്ന ദേശത്തേക്കാണ് അദ്ദേഹം അയക്കപ്പെട്ടത്. ബൈബിളില്‍ ഏലിയാ എന്ന പേരിലാണ് ഇല്‍യാസ്(അ)നെ പരചയപ്പെടുത്തുന്നത്.  ക്വുര്‍ആനില്‍ സൂറത്തുസ്സ്വാഫ്ഫാത്തിലാണ് അദ്ദേഹത്തെ പറ്റി പരാമര്‍ശിച്ചിട്ടുള്ളത്. ആ ഭാഗം കാണുക:

”ഇല്‍യാസും ദൂതന്‍മാരിലൊരാള്‍ തന്നെ. അദ്ദേഹം തന്റെ ജനതയോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? നിങ്ങള്‍ ബഅ്‌ലിനെ വിളിച്ച് പ്രാര്‍ഥിക്കുകയും ഏറ്റവും നല്ല സൃഷ്ടികര്‍ത്താവിനെ വിട്ടുകളയുകയുമാണോ? അഥവാ നിങ്ങളുടെയും നിങ്ങളുടെ പൂര്‍വപിതാക്കളുടെയും രക്ഷിതാവായ അല്ലാഹുവെ. അപ്പോള്‍ അവര്‍ അദ്ദേഹത്തെ നിഷേധിച്ചുകളഞ്ഞു. അതിനാല്‍ അവര്‍ (ശിക്ഷയ്ക്ക്) ഹാജരാക്കപ്പെടുക തന്നെ ചെയ്യും. അല്ലാഹുവിന്റെ നിഷ്‌കളങ്കരായ ദാസന്‍മാര്‍ ഒഴികെ. പില്‍ക്കാലക്കാരില്‍ അദ്ദേഹത്തിന്റെ സല്‍കീര്‍ത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു. ഇല്‍യാസിന് സമാധാനം! തീര്‍ച്ചയായും അപ്രകാരമാകുന്നു സദ്‌വൃത്തര്‍ക്ക് നാം പ്രതിഫലം നല്‍കുന്നത്. തീര്‍ച്ചയായും അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസന്‍മാരുടെ കൂട്ടത്തിലാകുന്നു” (ക്വുര്‍ആന്‍ 37:123-132).

ഇല്‍യാസ് നബി(അ)യുടെ നാട്ടുകാര്‍ ‘ബഅ്ല്‍’ എന്ന് പേരുള്ള വിഗ്രഹത്തെയായിരുന്നു ആരാധിച്ചിരുന്നത്. സ്രഷ്ടാവിന് മാത്രം അര്‍പ്പിക്കേണ്ടുന്ന പ്രാര്‍ഥനയും നേര്‍ച്ചയുമടക്കമുള്ള എല്ലാവിധ ആരാധനകളും ഈ ബഅ്ല്‍ എന്ന വിഗ്രഹത്തിനായിരുന്നു അവര്‍ അര്‍പ്പിച്ചിരുന്നത്. അതിനാലാണ് ആ നാട് ‘ബഅ്‌ലബക്’ എന്ന പേരില്‍ അറിയപ്പെട്ടത്.

ബഹുദൈവ വിശ്വാസികളായ തന്റെ ജനതയെ അദ്ദേഹം തൗഹീദിലേക്ക് ക്ഷണിച്ചു. അല്ലാഹുവിന് മാത്രം അവകാശപ്പെട്ട ഇബാദത്തുകള്‍ അവന് മാത്രം അര്‍പ്പിക്കുവാന്‍ കല്‍പിച്ചു. നിങ്ങള്‍ സൂക്ഷ്മതയുള്ളവരാകണം എന്ന് അവരെ ഉപദേശിച്ചു. 

തൗഹീദ് ശരിയാകാത്തവര്‍ എത്ര സൂക്ഷ്മത കാണിച്ച് ജീവിച്ചാലും അവര്‍ക്ക് യഥാര്‍ഥ ‘തക്വ്‌വ’ ഉണ്ടെന്ന് പറയാന്‍ കഴിയില്ല. തക്വ്‌വയുള്ളവര്‍ക്ക് ശിര്‍ക്കില്‍ നിലകൊള്ളാന്‍ കഴിയില്ല. അഥവാ അല്ലാഹുവിന് പുറമെ ഏതെങ്കിലും പടപ്പുകളെ ആരാധിക്കാന്‍ കഴിയില്ല. അതിനാലാണ് ഇല്‍യാസ്(അ) തന്റെ ജനതയോട് നിങ്ങള്‍ സൂക്ഷ്മത കാണിക്കുന്നില്ലേ എന്ന് ചോദിച്ചതിന് ശേഷം അവരുടെ ശിര്‍ക്കിനെ എടുത്ത് പറഞ്ഞിരിക്കുന്നത്. 

അല്ലാഹുവിന് പുറമെ പ്രാര്‍ഥിക്കപ്പെടുന്നവര്‍ക്കൊന്നും അവകാശപ്പെടാന്‍ കഴിയാത്ത ഒന്നാണ് മുഴുവന്‍ സൃഷ്ടികളുടെയും റബ്ബ് അഥവാ രക്ഷിതാവ് എന്നത്. ഉറക്കം, മയക്കം, തളര്‍ച്ച, വേദന, ദുഃഖം, വിശപ്പ്, ദാഹം, രോഗം, മരണം… ഇങ്ങനെ ഒട്ടനേകം ന്യൂനതകള്‍ ഉള്ളവരാണ് അല്ലാഹുവിന് പുറമെ പ്രാര്‍ഥിക്കപ്പെടുന്നവര്‍.

റബ്ബിനെ പറ്റിയുള്ള ചിന്ത ജനങ്ങളുടെ മനസ്സിലേക്ക് ഇട്ടുകൊടുത്തു കൊണ്ട്, അവനെയാണ് നിങ്ങള്‍ ആരാധിക്കേണ്ടത്, ‘ബഅ്ല്‍’ എന്ന നിങ്ങളുടെ ഈ ആരാധ്യ വസ്തു അതിന് അര്‍ഹനല്ല എന്ന് ഇല്‍യാസ്(അ) വ്യക്തമാക്കുകയാണ്.

നാട്ടിലെ രാജാക്കന്മാര്‍ ബഅ്‌ലിനെ പൂജിക്കുന്നതിനായി വലിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊടുത്തിരുന്നു എന്നാണ് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.

ഇല്‍യാസ്‌നബി(അ)യുടെ ഉപദേശം അവര്‍ സ്വീകരിച്ചില്ല. അവര്‍ അദ്ദേഹത്തെ കളവാക്കി. അദ്ദേഹത്തോട് അവര്‍ എതിര് കാണിക്കുകയും ചെയ്തു. അദ്ദേഹത്തെ കൊന്നുകളയുന്നതിന് പല പദ്ധതികളും അവര്‍ ആലോചിച്ചു. എന്നാല്‍ അദ്ദേഹം അവരില്‍ നിന്ന് ഓടി രക്ഷപ്പെടുകയാണ് ഉണ്ടായത്.

പ്രവാചകന്മാരെ കളവാക്കിയ എല്ലാ സമൂഹങ്ങളെയും പോലെ ഇല്‍യാസ് നബി(അ)യുടെ ജനതയും നരകത്തിന്റെ ആളുകളാണെന്ന് അല്ലാഹു വ്യക്തമാക്കുന്നു. 

ഇല്‍യാസ് നബി(അ)യെ ലോകാവസാനം വരെയുള്ള മുസ്‌ലിംകള്‍ വളരെ ബഹുമാനത്തോടെ ഓര്‍ക്കുന്ന വിധത്തില്‍ അദ്ദേഹത്തിന്റെ സല്‍കീര്‍ത്തി അല്ലാഹു ഇവടെ നിലനിര്‍ത്തി. അത് അദ്ദേഹത്തിന് അല്ലാഹു കൊടുത്ത വലിയ ഒരു അനുഗ്രഹമാണ്.

ഇല്‍യാസ് നബി(അ)യെ പറ്റി പലരും പല അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കുന്നുണ്ട്. ഇമാം ഇബ്‌നു കഥീര്‍(റ) തന്റെ ‘ക്വസ്വസ്വുല്‍ അമ്പിയാഅ്’ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ”ഇല്‍യാസ് നബി(അ)യും ക്വദ്വിര്‍(അ)യും എല്ലാ വര്‍ഷവും റമദാനില്‍ ബൈതുല്‍ മക്വ്ദിസില്‍ വെച്ച് സന്ധിക്കാറുണ്ടെന്നും എല്ലാ വര്‍ഷവും ഇരുവരും ഹജ്ജ് ചെയ്യാറുണ്ടെന്നും ഇരുവരും വരുംവര്‍ഷത്തേക്ക് കൂടി പര്യാപ്തമാകും വിധം സംസം കുടിക്കാറുണ്ടെന്നുമുള്ള ചിലരുടെ സംസാരം നമുക്ക് വന്ന് കിട്ടിയിട്ടുണ്ട്. ഓരോ വര്‍ഷവും അവര്‍ ഇരുവരും അറഫാത്തില്‍ സംഗമിക്കാറുണ്ട് എന്ന് പറയുന്ന ഒരു ഹദീഥും അവര്‍ നമുക്ക് ഉദ്ധരിച്ചു തന്നിട്ടുണ്ട്. അവയില്‍ യാതൊന്നും സ്വഹീഹായത് ഇല്ലെന്നും ക്വദ്വിറും(അ) ഇല്‍യാസും(അ) മരണപ്പെട്ടിരിക്കുന്നു എന്നതിലാണ് തെളിവ് നില്‍ക്കുന്നത് എന്ന് നാം അവര്‍ക്ക് വ്യക്തമാക്കി കൊടുത്തിട്ടുമുണ്ട്… (കുറെ കാര്യങ്ങള്‍ പറഞ്ഞതിന് ശേഷം അദ്ദേഹം വീണ്ടും പറയുന്നു) ഈ കാര്യങ്ങളെല്ലാം പരസ്പര വൈരുധ്യങ്ങളാണ്. അവയെല്ലാം നിരര്‍ഥകങ്ങളാകുന്നു. അവയില്‍ യാതൊന്നും സ്വഹീഹായിട്ടില്ല.”

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

യഹ്‌യാ നബി (അ)

യഹ്‌യാ നബി (അ)

സകരിയ്യാ നബി(അ)യുടെ നിരാശയില്ലാതെയുള്ള നിരന്തര പ്രാര്‍ഥനയുടെ ഫലമായി അല്ലാഹു ഒരു സന്താനത്തെ നല്‍കി. യഹ്‌യാ എന്ന പേരും അല്ലാഹു തന്നെ നല്‍കി. അദ്ദേഹത്തിന് ചെറുപ്രായത്തില്‍ തന്നെ പക്വത വന്നിരുന്നു എന്നും നുബുവ്വത്ത് (പ്രവാചകത്വം) ലഭിച്ചിരുന്നു എന്നുമാണ് അഭിപ്രായം.

സകരിയ്യാ നബി(അ)യുടെയും യഹ്‌യാ നബി(അ)യുടെയും മര്‍യം ബീവി(റ)യുടെയും ഈസാ നബി(അ)യുടെയും ചരിത്രം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണ്. യഹ്‌യാ(അ)യോട് അല്ലാഹു കല്‍പിക്കുന്നു:

”ഹേ, യഹ്‌യാ! വേദഗ്രന്ഥം ബലമായി സ്വീകരിച്ച് കൊള്ളുക(എന്ന് നാം പറഞ്ഞു). കുട്ടിയായിരിക്കെത്തന്നെ അദ്ദേഹത്തിന് നാം ജ്ഞാനം നല്‍കുകയും ചെയ്തു. നമ്മുടെ പക്കല്‍ നിന്നുള്ള അനുകമ്പയും പരിശുദ്ധിയും (നല്‍കി). അദ്ദേഹം ധര്‍മനിഷ്ഠയുള്ളവനുമായിരുന്നു. തന്റെ  മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുന്നവനുമായിരുന്നു. നിഷ്ഠൂരനും അനുസരണം കെട്ടവനുമായിരുന്നില്ല. അദ്ദേഹം ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീവനോടെ എഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും അദ്ദേഹത്തിന് സമാധാനം” (ക്വുര്‍ആന്‍ 19:12-15).

യഹ്‌യാ നബി(അ)യോട് അല്ലാഹു കിതാബ് (വേദഗ്രന്ഥം) മുറുകെ പിടിക്കുവാന്‍ കല്‍പിച്ചു. ഏതാണ് ആ ഗ്രന്ഥം? ആ കാലത്ത് നിലവിലുണ്ടായിരുന്ന വേദഗ്രന്ഥം മൂസാ(അ)ക്ക് നല്‍കപ്പെട്ട തൗറാത്ത് ആയിരുന്നു. തൗറാത്ത് മുറുകെ പിടിക്കുന്നതിനാണ് അല്ലാഹു അദ്ദേഹത്തോട് കല്‍പിച്ചത്.

കുട്ടിയായിരിക്കെ തന്നെ അദ്ദേഹത്തിന് അല്ലാഹു ജ്ഞാനം നല്‍കി എന്ന് പറഞ്ഞതിന് പണ്ഡിതന്മാര്‍ പല അഭിപ്രായങ്ങളും പറഞ്ഞിട്ടുണ്ട്. അത് നുബുവ്വത്താണെന്നും ചെറുപ്പത്തിലേ കാര്യങ്ങള്‍ തിരിച്ചറിയാനുള്ള പക്വതയാണെന്നും വേദഗ്രന്ഥത്തിലെ അറിവ് ഗ്രഹിക്കാനുള്ള കഴിവാണെന്നുമെല്ലാം അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ അഭിപ്രായങ്ങളൊന്നും തന്നെ വിരുദ്ധമല്ല. എല്ലാം അദ്ദേഹത്തിന് അല്ലാഹു നല്‍കിയ പ്രത്യേകതകളെ ദേ്യാതിപ്പിക്കുന്ന വ്യാഖ്യാനങ്ങളാകുന്നു.

ദയയും അനുകമ്പയും പരിശുദ്ധിയുമെല്ലാം അല്ലാഹു അദ്ദേഹത്തിന് കനിഞ്ഞ് നല്‍കിയിരുന്നു. അദ്ദേഹം അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുകയും മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുകയും ചെയ്യുന്ന മഹാനായിരുന്നു. ക്വുര്‍ആനിലൂടെ അല്ലാഹു പല നബിമാരുടെയും ചരിത്രം വിവരിക്കുമ്പോള്‍ അവര്‍ക്ക് അവരുടെ മാതാപിതാക്കളോടുണ്ടായിരുന്ന ബന്ധത്തെ സംബന്ധിച്ച് പറയുന്നത് കാണാന്‍ കഴിയും.

അനുസരണക്കേടോ കഠിന മനസ്സോ ഉള്ള ആളുമായിരുന്നില്ല യഹ്‌യാ നബി(അ). അദ്ദേഹം ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ഉയര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും അദ്ദേഹത്തിന് സമാധാനം ഉണ്ടായിരിക്കുന്നതാണ് എന്നും അല്ലാഹു നമ്മെ അറിയിക്കുന്നു, ഇതേ കാര്യം ഈസാ നബി(അ)യെ കുറിച്ചും അല്ലാഹു പറയുന്നുണ്ട്.

ഇമാം ഇബ്‌നു കഥീര്‍(റഹ്) തന്റെ ചരിത്ര ഗ്രന്ഥമായ ‘അല്‍ബിദായഃ വന്നിഹായ’യില്‍ ഈ മൂന്ന് സമയത്തെ സംബന്ധിച്ചു വിവരിക്കുന്നത് കാണാന്‍ കഴിയും. അഥവാ, ജനന സമയം, മരണ സമയം, ഉയര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന സമയം. ഈ മൂന്ന് സമയവും ഒരു മനുഷ്യനെ സംബന്ധിച്ച് കഠിനമായതാണ്. ഈ മൂന്ന് സമയത്തും ഒരു വ്യക്തി തന്റെ നിലവിലെ അവസ്ഥയില്‍ നിന്ന് മറ്റൊരു ലോകത്തേക്ക് നീങ്ങുകയാണ്. ജനിക്കുന്ന ദിവസം മാതാവിന്റെ ഗര്‍ഭാശയമാകുന്ന ലോകത്ത് നിന്ന് ഈ ലോകത്തേക്ക് വരുന്ന സമയാണല്ലോ. ഇതുവരെ കഴിച്ചു കൂട്ടിയ ഇഹലോകത്തു നിന്ന് ബര്‍സഖ് ആകുന്ന ലോകത്തേക്ക് നീങ്ങുന്ന സമയമാണ് മരണ ദിവസം. പിന്നീട് ബര്‍സഖിയായ ജീവിതത്തിന് ശേഷം ശാശ്വതമായ ജീവിതത്തിലേക്ക് നീങ്ങുന്ന സമയമാണ് പുനരുത്ഥാന ദിവസം. ഈ മൂന്ന് സമയവും ഓരോരുത്തര്‍ക്കും നിര്‍ണായകമാണ്. ഒരു കുഞ്ഞ് ഭൂമിയിലേക്ക് പിറന്ന് വീഴുന്ന സമയത്ത് ഉറക്കെ കരയുന്നു. പിന്നീട് അല്ലാഹു നിശ്ചയിച്ച അവധി വരെ ഇഹലോകത്ത് ജീവിക്കും. പിന്നീട് എല്ലാം വിട്ട് ക്വബ്‌റിലേക്ക് പോകുമ്പോള്‍ നല്ലവരല്ലാത്തവരെല്ലാം നിലവിളിക്കുന്നതാണ്. അങ്ങനെ ബര്‍സഖില്‍ കുറെ കാലം കഴിച്ചു കൂട്ടുന്നു. പുനരുത്ഥാന നാളില്‍ സ്വര്‍ഗക്കാരനാണെങ്കില്‍ സന്തോഷത്താലും നരകക്കാരനാണെങ്കില്‍ വ്യസനത്താലും പുറത്ത് വരുന്നതാണ്. 

മുകളില്‍ വിവരിച്ച മൂന്ന് സന്ദര്‍ഭത്തിലും യഹ്‌യാ നബി(അ)ക്കും ഈസാ നബി(അ)ക്കും അല്ലാഹു രക്ഷ നല്‍കിയിട്ടുണ്ട്. ഈ മൂന്ന് സമയത്തെ പറ്റി ഒരു കവി പറഞ്ഞത് കാണുക: 

”മനുഷ്യാ, നിന്നെ നിന്റെ മാതാവ് പ്രവസവിച്ച സമയം നീ കരയുന്നവനായിരുന്നു. (അപ്പോള്‍) നിന്റെചുറ്റുമുള്ള ജനങ്ങള്‍ സന്തോഷത്താല്‍ ചിരിക്കുന്നവരുമായിരുന്നു. അതിനാല്‍ നീ മരിക്കുന്ന ദിവസത്തില്‍ അവര്‍ കരയുമ്പോള്‍ (നീ) സന്തോഷത്താല്‍ ചിരിക്കുന്നവനാകുന്നതിന് നിനക്ക് വേണ്ടി നീ പ്രവര്‍ത്തിക്കണം.”

അല്ലാഹുവിന്റെ ഇഷ്ട ദാസന്മാരാണല്ലോ പ്രവാചകന്മാര്‍. അവരുടെ പ്രാര്‍ഥനകള്‍ക്ക് അല്ലാഹു ഉത്തരം നല്‍കിയതായി വിശുദ്ധ ക്വുര്‍ആനും ഹദീഥുകളും മനസ്സിലാക്കിത്തരുന്നു. എന്തു കൊണ്ടാണ് അല്ലാഹു അവരുടെ പ്രാര്‍ഥനക്ക് ഉത്തരം നല്‍കിയത്? എന്തായിരുന്നു അവരുടെ പ്രത്യേകത? അല്ലാഹു പറയുന്നു:

”തീര്‍ച്ചയായും അവര്‍(പ്രവാചകന്മാര്‍) ഉത്തമ കാര്യങ്ങള്‍ക്ക് ധൃതി കാണിക്കുകയും ആശിച്ചുകൊണ്ടും പേടിച്ചുകൊണ്ടും നമ്മോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നവരായിരുന്നു. അവര്‍ നമ്മോട് താഴ്മ കാണിക്കുന്നവരുമായിരുന്നു” (ക്വുര്‍ആന്‍ 21:90).

നന്മകള്‍ ചെയ്യുവാന്‍ അവസരം ലഭിക്കുമ്പോള്‍ പ്രവാചകന്മാര്‍ അതിന് മത്സരിക്കുന്നവരായിരുന്നു. ഒന്നും അവര്‍ പാഴാക്കിയില്ല. ഈ ഗുണം അവരുടെ പ്രാര്‍ഥനകള്‍ക്ക് ഉത്തരം ലഭിക്കുവാന്‍ കാരണമായിത്തീര്‍ന്നു. എന്നാല്‍ നമ്മുടെ കാര്യം നാമൊന്ന് ചിന്തിച്ചു നോക്കുക. പരലോകത്ത് പ്രതിഫലം ലഭിക്കുന്ന ഒരു കാര്യം ചെയ്യാന്‍ അവസരം ലഭിച്ചാല്‍ നാമത് ഉപയോഗപ്പെടുത്താറുണ്ടോ? ജോലി, വിവാഹം, സല്‍ക്കാരം, അങ്ങനെയങ്ങനെ ഇഹലോകത്തിന്റെ കാര്യങ്ങളില്‍ മുഴുകുവാനും പരലോകത്ത് ഗുണം കിട്ടുന്ന കാര്യങ്ങളെ പിന്നീടാവാം എന്ന് കരുതി മാറ്റിവെക്കുകയുമല്ലേ പലരും ചെയ്യുന്നത്? പിന്നെ എങ്ങനെ അല്ലാഹു നമ്മുടെ പ്രാര്‍ഥനക്ക് ഉത്തരം നല്‍കും?

യഹ്‌യാ നബി(അ)യുടെ പ്രബോധനം

അല്ലാഹു തന്നെ ഏല്‍പിച്ച ദൗത്യം നിര്‍വഹിക്കുന്നതില്‍ വീഴ്ച വരുന്നത് യഹ്‌യാ(അ) അതീവ ഗൗരവത്തോടെയാണ് കണ്ടിരുന്നത്. ഒരു ഹദീഥ് കാണുക:

നബിﷺ  പറഞ്ഞു: ”തീര്‍ച്ചയായും അല്ലാഹു യഹ്‌യബ്‌നു സകരിയ്യയോട് അഞ്ച് വചനങ്ങളെ കൊണ്ട് (അതു പ്രകാരം ചെയ്യാന്‍) കല്‍പിച്ചു;  ബനൂഇസ്‌റാഈല്യരോട് അതിനായി കല്‍പിക്കാനും നിര്‍ദേശിച്ചു.  അദ്ദേഹം അതില്‍ അല്‍പം താമസം കാണിച്ചു. അപ്പോള്‍ ഈസാ(അ) പറഞ്ഞു: ‘തീര്‍ച്ചയായും അല്ലാഹു താങ്കളോട് അഞ്ച് വചനങ്ങള്‍ പ്രാവര്‍ത്തികമാക്കുവാനും ബനൂഇസ്‌റാഈല്യരോട് അത് പ്രാവര്‍ത്തികമാക്കുവാന്‍ നിര്‍ദേശിക്കുവാനും കല്‍പിക്കുകയുണ്ടായി. എന്നാല്‍ താങ്കള്‍ അവരോട് കല്‍പിക്കണോ അതോ ഞാന്‍ അവരോട് കല്‍പിക്കണോ?’ അപ്പോള്‍ യഹ്‌യാ(അ) പറഞ്ഞു: ‘താങ്കള്‍ അവകൊണ്ട് എന്നെ മുന്‍കടന്നാല്‍ ഞാന്‍ ഭൂമിയില്‍ ആഴ്ത്തപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നതിനെ പറ്റി ഞാന്‍ പേടിക്കുന്നു.’ അങ്ങനെ ജനങ്ങളെ അദ്ദേഹം ബൈതുല്‍ മക്വ്ദിസില്‍ ഒരുമിച്ചുകൂട്ടി. പള്ളി നിറഞ്ഞു. അവര്‍ ഒരു ഉയര്‍ന്ന സ്ഥലത്ത് ഇരുന്നു. എന്നിട്ട് അദ്ദേഹം പറഞ്ഞു: ‘തീര്‍ച്ചയായും അല്ലാഹു എന്നോട് അഞ്ച് വചനങ്ങളെ കൊണ്ട് പ്രവര്‍ത്തിക്കുവാനും അവകൊണ്ട് പ്രവര്‍ത്തിക്കുവാന്‍ നിങ്ങളോട് കല്‍പിക്കുവാനും എന്നോട് കല്‍പിക്കുകയുണ്ടായി. അവയില്‍ ആദ്യത്തേത്, നിങ്ങള്‍ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും അവനില്‍ യാതൊന്നും പങ്കുചേര്‍ക്കാതിരിക്കലുമാകുന്നു. തീര്‍ച്ചയായും അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നവന്‍ ഒരുവനെപോലെയാകുന്നു; അയാള്‍ തന്റെ ധനത്തിലെ മുന്തിയതായ സ്വര്‍ണമോ വെള്ളിയോ കൊണ്ട് ഒരു അടിമയെ വാങ്ങി. എന്നിട്ട് അയാള്‍ പറഞ്ഞു: ഇതാണ് എന്റെ വീട്. ഇതാണ് എന്റെ ജോലി. അതിനാല്‍ നീ (ജോലി) ചെയ്യുകയും എനിക്കുള്ളത് നല്‍കുകയും ചെയ്യുക. അങ്ങനെ (അടിമ) ജോലി ചെയ്യും. യജമാനനല്ലാത്തവര്‍ക്ക് അടിമ നല്‍കുകയും ചെയ്യും. അങ്ങനെയുള്ള അയാളുടെ അടിമയെ നിങ്ങളില്‍ ആരെങ്കിലും തൃപ്തിപ്പെടുമോ? അല്ലാഹു നിങ്ങളോട് നമസ്‌കാരത്തെ കൊണ്ടും കല്‍പിക്കുന്നു. നിങ്ങള്‍ നമസ്‌കാരത്തിലായാല്‍ (നിങ്ങളുടെ മുഖത്തെ) തിരിക്കരുത്. തീര്‍ച്ചയായും അല്ലാഹു തന്റെ അടിമ നമസ്‌കാരത്തില്‍ തിരിഞ്ഞു നോക്കാത്തവനായിരിക്കുമ്പോള്‍ തന്റെ അടിമയുടെ മുഖത്തിന് നേരെ അവന്റെ മുഖത്തെയാക്കുന്നതാണ്. (അടുത്തതായി) ഞാന്‍ നിങ്ങളോട് നോമ്പ് കൊണ്ട് കല്‍പിക്കുന്നു. തീര്‍ച്ചയായും അതിന്റെ ഉപമ ഒരു ചെറിയ സംഘത്തില്‍ സഞ്ചിയില്‍ കസ്തൂരിയുമായി നടക്കുന്ന ഒരാളെ പൊലെയാകുന്നു. അങ്ങനെ അവര്‍ എല്ലാവരും (അതിനെ പറ്റി) ആശ്ചര്യപ്പെടുന്നു. അല്ലെങ്കില്‍ അതിന്റെ സുഗന്ധം അദ്ദേഹത്തെ (ആശ്ചര്യപ്പെടുത്തുന്നു). തീര്‍ച്ചയായും നോമ്പുകാരന്റെ (വായയുടെ) മണം അല്ലാഹുവിന്റെ അടുക്കല്‍ കസ്തൂരിയുടെ മണത്തെക്കാള്‍ സുഗന്ധമുള്ളതാകുന്നു. (അടുത്തതായി) നിങ്ങളോട് ഞാന്‍ സ്വദക്വഃയെ കൊണ്ടും കല്‍പിക്കുന്നു. തീര്‍ച്ചയായും അതിന്റെ ഉപമ ശത്രു ബന്ധനസ്ഥനാക്കിയ ഒരാളെ പോലെയാകുന്നു. എന്നിട്ട് അവര്‍ അയാളുടെ കൈകള്‍ അയാളുടെ പിരടിയിലേക്ക് ശക്തിയായി (കെട്ടി). (എന്നിട്ട്) അയാളുടെ പിരടി വെട്ടുന്നതിനായി അവര്‍ ചാടി വീണു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ഞാന്‍ നിങ്ങളില്‍ നിന്ന് (ഒരാള്‍ക്ക്) കുറച്ചായും ധാരാളമായും മോചനദ്രവ്യം നല്‍കാം. എന്നാല്‍ അവരില്‍ നിന്ന് എന്നെ നിങ്ങള്‍ മോചിപ്പിക്കുമോ? (പിന്നീട് പറഞ്ഞു:) നിങ്ങള്‍ അല്ലാഹുവിനെ സ്മരിക്കണമെന്നും ഞാന്‍ നിങ്ങളോട് കല്‍പിക്കുന്നു. തീര്‍ച്ചയായും അതിന്റെ ഉപമ ഒരാളെ പോലെയാകുന്നു. ശത്രു അയാളുടെ കാല്‍പാദങ്ങളെ പിന്തുടര്‍ന്ന് വേഗത്തില്‍ പുറപ്പെട്ടു. (അങ്ങനെ) അയാള്‍ ഒരു കോട്ടക്ക് അകത്ത് ഒളിച്ചു. അവരില്‍ (ശത്രുക്കളില്‍) നിന്ന് അയാളുടെ ശരീരത്തെ രക്ഷിച്ചു. അപ്രകാരം ഒരു അടിമ അല്ലാഹുവിനെ കൊണ്ടുള്ള സ്മരണകൊണ്ടല്ലാതെ പിശാചില്‍ നിന്നും അയാളുടെ ശരീരത്തെ രക്ഷിക്കുന്നില്ല…”(തിര്‍മിദി)

യഹ്‌യാ നബി(അ)യോട് അല്ലാഹു കല്‍പിച്ചതും അദ്ദേഹം ജനങ്ങളോട് കല്‍പിച്ചതുമായ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചുവല്ലോ. ആദ്യമായി അദ്ദേഹം കല്‍പിച്ചത് അല്ലാഹുവിനെ മാത്രം ആരാധിക്കുവാനാണ്. യജമാനന് വേണ്ടി അധ്വാനിക്കേണ്ടുന്നതിന് പകരം മറ്റൊരാള്‍ക്ക് വേണ്ടി അധ്വാനിക്കുന്നത് യജമാനനില്‍ വലിയ ക്രോധം ഉളവാക്കുമല്ലോ. നമ്മെ ഓരോരുത്തരെയും പടക്കുകയും നമുക്ക് ആവശ്യമായതെല്ലാം നല്‍കുകയും ചെയ്തത് ഏകദൈവമായ അല്ലാഹുവാണ്. അവന് മാത്രം ആരാധനകള്‍ അര്‍പ്പിക്കുന്നതിന് പകരം മറ്റുള്ളവരിലേക്ക് അത് തിരിച്ചുവിടുന്നത് അല്ലാഹുവിന്  കോപമുണ്ടാക്കുന്ന കാര്യമാണെന്നതില്‍ സംശയമില്ല. ചിന്തിപ്പിക്കുന്ന തരത്തില്‍ സോദാഹരണമാണ് ആദ്യമായി യഹ്‌യ(അ) ജനങ്ങളെ ഉപദേശിച്ചതും കല്‍പന നല്‍കിയതും.

രണ്ടാമത്തെ കല്‍പന നമസ്‌കാരത്തെക്കുറിച്ചായിരുന്നു. നമസ്‌കാരം എന്നത് അല്ലാഹുവുമായി അവന്റെ അടിമ നടത്തുന്ന രഹസ്യസംഭാഷണമാണ്. നമസ്‌കാരവേളയില്‍ അങ്ങോട്ടും ഇങ്ങോട്ടും തിരിയാവതല്ല. എങ്ങോട്ട് തിരിയാന്‍ കല്‍പിച്ചിട്ടുണ്ടോ അങ്ങോട്ടു തന്നെ തിരിഞ്ഞാകണം നമസ്‌കാരം നിര്‍വഹിക്കുന്നത്. ആത്മാര്‍ഥതയോടെ, അല്ലാഹുവിനോട് മുഖാമുഖം സംസാരിക്കുന്നു എന്ന ബോധത്തോടെയാണ് നമസ്‌കരിക്കേണ്ടത്. 

നമസ്‌കാരം എന്നത് മുന്‍കാലം മുതലേയുള്ള ഒരു ആരാധനയാണ്. പല നബിമാരുടെ ചരിത്രത്തിലും നമസ്‌കാരത്തെ പറ്റി വിവരിച്ചത് വായനക്കാര്‍ ശ്രദ്ധിച്ചിരിക്കുമല്ലോ. യഹ്‌യാ നബി(അ)യുടെ കാലത്തും നമസ്‌കാരം ഉണ്ടായിരുന്നു എന്നത് ഈ വിവരണം നമുക്ക് വ്യക്തമാക്കി തരുന്നുണ്ട്. എന്നാല്‍ അന്നത്തെ നമസ്‌കാരത്തിന്റെ രൂപം എങ്ങനെയായിരുന്നു എന്ന് പ്രമാണങ്ങളില്‍ വ്യക്തമാക്കുന്നില്ല. 

പിന്നീട് കല്‍പിച്ചത് നോമ്പിനെക്കുറിച്ചാണ്. നോമ്പുകാരന്റെ വായക്ക് വാസനയുണ്ടായിരിക്കുമല്ലോ. അത് അടുത്തു പെരുമാറുന്നവര്‍ക്ക് വിഷമം ഉണ്ടാക്കാനും സാധ്യത കൂടുതലാണ്. എന്നാല്‍ ആ മണം അല്ലാഹുവിങ്കല്‍ കസ്തൂരിയെക്കാള്‍ സുഗന്ധമുള്ളതാണെന്ന സന്തോഷവാര്‍ത്ത അദ്ദേഹം അല്ലാഹു അറിയിച്ചതനുസരിച്ച് ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുന്നു. 

അടുത്ത കല്‍പന ദാനധര്‍മത്തെക്കുറിച്ചായിരുന്നു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അല്‍പമോ കൂടുതലോ ചെലവഴിക്കുന്നവര്‍ അവരുടെ ശരീരത്തെ നരകത്തില്‍ നിന്ന് അല്‍പാല്‍പമായി മോചിപ്പിക്കുകയാണ് ചെയ്യുന്നത്. അതിന് ഒരു ഉദാഹരണം പറഞ്ഞു: ഒരാളെ ഒരു സംഘമാളുകള്‍ കൊല്ലാന്‍ തീരുമാനിച്ചു. മോചനദ്രവ്യം നല്‍കിയാല്‍ ആ കൊലയില്‍ നിന്ന് അയാള്‍ക്ക് രക്ഷപ്പെടാം എന്ന് അവര്‍ അറിയിക്കുകയും ചെയ്തു. അങ്ങനെ അയാള്‍ ആ മരണത്തില്‍ നിന്ന് രക്ഷപ്പെടാനായി മോചനദ്രവ്യം നല്‍കുന്നു. കൊലയില്‍ നിന്ന് രക്ഷ കിട്ടുന്നു. തന്റെ മരണത്തില്‍ നിന്ന്, അല്‍പമായും ധാരാളമായും ചെലവഴിക്കുന്നതിലൂടെ അയാള്‍ രക്ഷപ്പെടുന്നത് പോലെയാണ് നരകത്തില്‍ നിന്നും ദാനധര്‍മം വഴി ഒരാള്‍ക്ക് മോചനം ലഭിക്കുന്നത്.

അല്ലാഹുവിനെ ധാരാളം ഓര്‍ക്കണം എന്നതാണ് അവസാനത്തെ കല്‍പന. ശത്രുവില്‍ നിന്ന് രക്ഷപ്പെടുന്നതിനായി ഒരിക്കലും തകര്‍ക്കാന്‍ കഴിയാത്ത ഒരു കോട്ടയില്‍ ഒരാള്‍ അഭയം പ്രാപിച്ചാല്‍ അയാളുടെ ശരീരം എത്ര സുരക്ഷിതമാകുമോ, അതിലേറെ വലിയ കാര്യമാണ് അല്ലാഹുവിനെ ധാരാളം സ്മരിക്കുക എന്നത്. മനുഷ്യന്റെ ഏറ്റവും വലിയ ശത്രുവായ പിശാചില്‍ നിന്ന് രക്ഷനേടാന്‍ ദൈവസ്മരണയിലൂടെ സാധ്യമാകുന്നു. 

സകരിയ്യാ നബി(അ)യും മകനായ യഹ്‌യാ നബി(അ)യും കൊല്ലപ്പെടുകയാണുണ്ടായത് എന്നാണ് ചില റിപ്പോര്‍ട്ടുകളില്‍ വന്നിട്ടുള്ളത്. പ്രവാചകന്മാരെ കൊന്നുകളയല്‍ ബനൂഇസ്‌റാഈല്യരുടെ പരമ്പരാഗത സ്വഭാവത്തില്‍ പെട്ടതായിരുന്നു. ക്വുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ പലരും അതിന് ഉദാഹരണമായി ഈ രണ്ട് നബിമാരുടെ കാര്യമാണ് ചൂണ്ടിക്കാണിച്ചിട്ടുള്ളത്. എന്നാല്‍ അവരെ കൊലപ്പെടുത്തിയതിന് ഖണ്ഡിതമായ ഒരു തെളിവ് ഇല്ല എന്നാണ് ഇബ്‌നു കഥീര്‍(റഹ്) ‘അല്‍ബിദായഃ വന്നിഹായഃ’യില്‍ പറയുന്നത്. (അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍).

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

സകരിയ്യാ നബി (അ) – 02

സകരിയ്യാ നബി (അ) - 02

സൂറഃ മര്‍യമില്‍ സകരിയ്യാ നബി(അ)യുടെ പ്രാര്‍ഥനയുടെ രൂപം ഒന്നു കൂടി വിശദമായി അല്ലാഹു നമുക്ക് പഠിപ്പിച്ചു തരുന്നുണ്ട്:

”…നിന്റെ രക്ഷിതാവ് തന്റെ ദാസനായ സകരിയ്യാക്ക് ചെയ്ത അനുഗ്രഹത്തെ സംബന്ധിച്ചുള്ള വിവരണമത്രെ ഇത്. (അതായത്) അദ്ദേഹം തന്റെ രക്ഷിതാവിനെ പതുക്കെ വിളിച്ച് പ്രാര്‍ഥിച്ച സന്ദര്‍ഭം. അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, എന്റെ എല്ലുകള്‍ ബലഹീനമായിക്കഴിഞ്ഞിരിക്കുന്നു. തലയാണെങ്കില്‍ നരച്ചു തിളങ്ങുന്നതായിരിക്കുന്നു. എന്റെ രക്ഷിതാവേ, നിന്നോട് പ്രാര്‍ഥിച്ചിട്ട് ഞാന്‍ ഭാഗ്യം കെട്ടവനായിട്ടില്ല. എനിക്ക് പുറകെ വരാനുള്ള ബന്ധുമിത്രാദികളെപ്പറ്റി എനിക്ക് ഭയമാകുന്നു. എന്റെ ഭാര്യയാണെങ്കില്‍ വന്ധ്യയുമാകുന്നു. അതിനാല്‍ നിന്റെ പക്കല്‍ നിന്ന് നീ എനിക്ക് ഒരു ബന്ധുവെ (അവകാശിയെ) നല്‍കേണമേ. എനിക്ക് അവന്‍ അനന്തരാവകാശിയായിരിക്കും. യഅ്ക്വൂബ് കുടുംബത്തിനും അവന്‍ അനന്തരാവകാശിയായിരിക്കും. എന്റെ രക്ഷിതാവേ, അവനെ നീ (ഏവര്‍ക്കും) തൃപ്തിപ്പെട്ടവനാക്കുകയും ചെയ്യേണമേ” (19:16). 

സൂറഃ അല്‍അമ്പിയാഇല്‍ സകരിയ്യാ നബി(അ)യുടെ പ്രാര്‍ഥന ഇപ്രകാരം കാണാവുന്നതാണ്: ”സകരിയ്യായെയും (ഓര്‍ക്കുക). അദ്ദേഹം തന്റെ രക്ഷിതാവിനെ വിളിച്ച് ഇപ്രകാരം പ്രാര്‍ഥിച്ച സന്ദര്‍ഭം: എന്റെ രക്ഷിതാവേ, നീ എന്നെ ഏകനായി (പിന്തുടര്‍ച്ചക്കാരില്ലാതെ) വിടരുതേ. നീയാണല്ലോ അനന്തരാവകാശമെടുക്കുന്നതില്‍ ഏറ്റവും ഉത്തമന്‍” (21:89).

വളരെ രഹസ്യമായിട്ടാണ് സകരിയ്യാ(അ) പ്രാര്‍ഥിക്കുന്നത്. ആ ശൈലിയെ അല്ലാഹു പ്രശംസിക്കുകയാണ് ചെയ്തത്. അപ്രകാരം പ്രാര്‍ഥിക്കുന്നിന് പ്രത്യേകതയുമുണ്ട്. അല്ലാഹു പറയുന്നു:

”താഴ്മയോടു കൂടിയും രഹസ്യമായിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ഥിക്കുക. പരിധി വിട്ട് പോകുന്നവരെ അല്ലാഹു ഇഷ്ടപ്പെടുക തന്നെയില്ല” (8:55).

പതുക്കെ പ്രാര്‍ഥിക്കുന്നതിന് പ്രത്യേകതയുണ്ട് എന്ന് വ്യക്തം. എന്നാല്‍ ഉച്ചത്തില്‍ പ്രാര്‍ഥിക്കേണ്ട അവസരങ്ങളില്‍ ഉച്ചത്തില്‍ തന്നെ പ്രാര്‍ഥിക്കണം. വിത്‌റിലെ ക്വുനൂത്ത് പോലെയുള്ള അവസരങ്ങളില്‍ മഅ്മൂമുകള്‍ക്ക് ആമീന്‍ പറയണമെങ്കില്‍ ഇമാം ഉച്ചത്തില്‍ പ്രാര്‍ഥിക്കണമല്ലോ. എന്നാല്‍ തനിച്ചായിരിക്കുന്ന വേളയില്‍ രഹസ്യമായിട്ടായിരിക്കണം നാം പ്രാര്‍ഥിക്കേണ്ടത്. ഇമാം ഹസനുല്‍ ബസ്വരി(റഹി) പറയുന്നു:

”രഹസ്യമായ പ്രാര്‍ഥനയുടെയും പരസ്യമായ പ്രാര്‍ഥനയുടെയും ഇടയില്‍ എഴുപത് ഇരട്ടി (വ്യത്യാസമുണ്ട്). (മുന്‍ഗാമികളായ) മുസ്‌ലിംകള്‍ പ്രാര്‍ഥനയില്‍ കഠിനാധ്വാനം ചെയ്യുന്നവരായിരുന്നു. (അവരുടെ പ്രാര്‍ഥനയുടെ) ശബ്ദം കേള്‍ക്കുമായിരുന്നില്ല. (ശബ്ദം) ഉണ്ടായിരുന്നതായാല്‍ അവരുടെയും അവരുടെ രക്ഷിതാവിന്റെയും ഇടയിലുള്ള നേരിയ ശബ്ദമല്ലാതെ (കേള്‍ക്കാറില്ലായിരുന്നു). അതാണ് അല്ലാഹു പറയുന്നത്: ‘താഴ്മയോടു കൂടിയും രഹസ്യമായിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ഥിക്കുക.’ അല്ലാഹു സ്വാലിഹായ അടിമയെ സ്മരിക്കുകയും അദ്ദേഹത്തിന്റെ പ്രവൃത്തിയെ തൃപ്തിപ്പെടുകയും ചെയ്തു. എന്നിട്ട് അല്ലാഹു പറഞ്ഞു: അദ്ദേഹം തന്റെ രക്ഷിതാവിനെ പതുക്കെ വിളിച്ച് പ്രാര്‍ഥിച്ച സന്ദര്‍ഭം…” (തഫ്‌സീറുല്‍ ബഗവി).

രഹസ്യമായി അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നത് കൊണ്ട് പല ഗുണങ്ങളും നമുക്ക് ലഭിക്കുവാനുണ്ട്. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തയ്മിയഃ(റഹി) അതു സംബന്ധമായി പറയുന്നതിന്റെ ചുരുക്കം കാണുക: ”പ്രാര്‍ഥന സ്വകാര്യമാക്കുന്നതില്‍ എണ്ണമറ്റ ഉപകാരങ്ങളുണ്ട്. അതില്‍ ഒന്ന്, അത് വിശ്വാസത്തിന്റെ മഹത്തായ അടയാളമാണ് എന്നതാണ്. കാരണം, രഹസ്യമായി പ്രാര്‍ഥിക്കുന്നയാള്‍ അല്ലാഹു രഹസ്യമായി പ്രാര്‍ഥിക്കുന്നത് കേള്‍ക്കുന്നവനാണ് എന്ന് അറിയുന്നവനാണ്. അതില്‍ രണ്ടാമത്തേത്,അതാണ് ഏറ്റവും നല്ല മര്യാദയും ബഹുമാനിക്കലും. കാരണം, രാജാക്കന്മാരുടെ സദസ്സില്‍ അവരുടെ ശബ്ദത്തെക്കാള്‍ മറ്റുള്ളവരുടെ ശബ്ദം ഉയരുന്നത് അവര്‍ ഇഷ്ടപ്പെടില്ലല്ലോ. അല്ലാഹു ഈ രാജാക്കന്മാരുടെ രാജാവാണല്ലോ. മൂന്ന്, അതാണ് വിനയത്തിന്റെയും ഭയഭക്തിയുടെയും അങ്ങേയറ്റം (ഉള്ള അവസ്ഥ). ഭയഭക്തിയിലാണല്ലോ പ്രാര്‍ഥനയുടെ ആത്മാവ് നിലകൊള്ളുന്നത്. നാല്, അപ്രകാരമുള്ള പ്രാര്‍ഥനയാണ് നിഷ്‌കളങ്കമായതില്‍ അങ്ങേയറ്റമുള്ളത്. അഞ്ച്, അപ്രകാരം പ്രാര്‍ഥിക്കുന്നവന്‍ അല്ലാഹുവിനോട് അടുത്തവനാണ് എന്നാണ് അറിയിക്കുന്നത്.”

പതുക്കെ പ്രാര്‍ഥിക്കുന്നവര്‍ക്ക് മുകളില്‍ പറഞ്ഞ ധാരാളം ഗുണങ്ങള്‍ കരസ്ഥമാക്കാന്‍ സാധിക്കുന്നതാണ് എന്ന് ചുരുക്കം.

സകരിയ്യാ നബി(അ)യുടെ പ്രാര്‍ഥനയിലേക്ക് തന്നെ നമുക്ക് മടങ്ങാം. ഒരു കുഞ്ഞ് ജനിക്കുവാനുള്ള സാധാരണ സാധ്യതകളെല്ലാം മങ്ങിയ അവസ്ഥയിലും അല്ലാഹുവിലുള്ള പ്രതീക്ഷ സകരിയ്യാ നബി(അ)ക്കും ഭാര്യക്കും നഷ്ടമായില്ല എന്ന് പ്രാര്‍ഥന ബോധ്യപ്പെടുത്തുന്നു. 

സന്താനമില്ലാത്തതിനുള്ള വിഷമം സ്വാഭാവികമാണ്; പ്രവാചകനായതുകൊണ്ട് അത് ഇല്ലാതിരിക്കില്ല. എന്നാല്‍ അതിനെക്കാള്‍ അദ്ദേഹത്തെ അലട്ടുന്നത് ഒരു അനന്തരാവകാശി തനിക്ക് ഇല്ലാതെ പോയാല്‍ ശരിയായ മാര്‍ഗദര്‍ശനത്തിലൂടെ പിന്‍ഗാമികളെ വഴി നടത്തുവാന്‍ ആളില്ലാതെ പോകുമോ എന്ന ചിന്തയാണ്. അതിനാല്‍ അതിന് ഉതകുന്ന ഒരു സന്താനത്തെ ലഭിക്കുവാനാണ് അദ്ദേഹത്തിന്റെ പ്രാര്‍ഥന. 

മക്കളില്ലാതെ മരണപ്പെട്ടു പോയാല്‍ തന്റെ സമ്പത്ത് എന്താകും, അതിന്റെ അനന്തരാവകാശി ആരാകും എന്നൊക്കെയാണല്ലോ സാധാരണ ആളുകള്‍ക്കിടയില്‍ നാം കണ്ടുവരുന്ന ആശങ്ക. ഇത്തരം ആശങ്കയും നിരാശയുമൊന്നും സകരിയ്യാ നബി(അ)യില്‍ ഉണ്ടായിരുന്നില്ല. പ്രവാചകന്മാരുടെ സമ്പത്ത് അനന്തരമെടുക്കപ്പെടില്ല എന്നാണ് പ്രമാണങ്ങള്‍ മനസ്സിലാക്കിത്തരുന്നത്. സകരിയ്യാ നബി(അ)ക്ക് വിട്ടേച്ചു പോകാന്‍ മാത്രം വലിയ സമ്പത്ത് ഉണ്ടാകാനും തരമില്ല. കാരണം, സകരിയ്യാ(അ) ഒരു മരപ്പണിക്കാരനായിരുന്നു എന്നാണ് ഹദീഥില്‍ കാണുന്നത്. 

അനന്തരാവകാശിയായി സന്താനത്തെ ചോദിച്ചത്, അല്ലാഹുവിന്റെ മതം അനുസരിച്ച് ജീവിക്കുന്ന ഒരു തലമുറ ഇവിടെ നിലനില്‍ക്കണം എന്ന ആശയാല്‍ മാത്രമാണ്. സകരിയ്യാ നബി(അ)യുടെ പ്രാര്‍ഥന അല്ലാഹു സ്വീകരിച്ചു; അതിന് ഉത്തരം നല്‍കി. 

”അപ്പോള്‍ നാം അദ്ദേഹത്തിന് ഉത്തരം നല്‍കുകയും അദ്ദേഹത്തിന് (മകന്‍) യഹ്‌യായെ നാം പ്രദാനം ചെയ്യുകയും, അദ്ദേഹത്തിന്റെ ഭാര്യയെ നാം (ഗര്‍ഭധാരണത്തിന്) പ്രാപ്തയാക്കുകയും ചെയ്തു” (ക്വുര്‍ആന്‍ 21:90).

അതുവരെ ഗര്‍ഭിണിയാകാത്ത, ആര്‍ത്തവം ഉണ്ടായിട്ടില്ലാത്ത, അണ്ഡോല്പാദനം നടക്കാത്ത, ചില  ശാരീരിക ന്യൂനതകളുള്ള അവസ്ഥയിലായിരുന്നു സകരിയ്യാ നബി(അ)യുടെ ഭാര്യ. എന്നാല്‍ അല്ലാഹു സകരിയ്യാ നബി(അ)ക്ക് സന്താനത്തെ നല്‍കാന്‍ തീരുമാനിച്ചത് മുതല്‍ സ്ഥിതിഗതികള്‍ മാറി. ഗര്‍ഭധാരണത്തിന് സജ്ജമാകുന്ന അവസ്ഥയില്‍ എല്ലാ ന്യൂനതകളും ഒഴിവായി സ്‌ത്രൈണതയുടെ പൂര്‍ത്തീകരണം നടക്കുകയായി. അല്ലാഹു അവര്‍ക്ക് യഹ്‌യായെ പ്രദാനം ചെയ്തു. അല്ലാഹു പറയുന്നു:

”അങ്ങനെ അദ്ദേഹം മിഹ്‌റാബില്‍ പ്രാര്‍ഥിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍ മലക്കുകള്‍ അദ്ദേഹത്തെ വിളിച്ചുകൊണ്ടു പറഞ്ഞു: യഹ്‌യാ(എന്ന കുട്ടി)യെപ്പറ്റി അല്ലാഹു നിനക്ക് സന്തോഷവാര്‍ത്ത അറിയിക്കുന്നു. അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു വചനത്തെ ശരിവെക്കുന്നവനും നേതാവും ആത്മനിയന്ത്രണമുള്ളവനും സദ്‌വൃത്തരില്‍ പെട്ട ഒരു പ്രവാചകനും ആയിരിക്കും അവന്‍” (ക്വുര്‍ആന്‍ 3:39).

”ഹേ, സകരിയ്യാ, തീര്‍ച്ചയായും നിനക്ക് നാം ഒരു ആണ്‍കുട്ടിയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്റെ പേര്‍ യഹ്‌യാ എന്നാകുന്നു. മുമ്പ് നാം ആരെയും അവന്റെ പേര് ഉള്ളവരാക്കിയിട്ടില്ല” (ക്വുര്‍ആന്‍19:7).

സകരിയ്യാ(അ) ബൈത്തുല്‍ മക്വ്ദിസിലെ അദ്ദേഹത്തിന്റെ പ്രാര്‍ഥനാമണ്ഡപത്തില്‍ വെച്ച് നമസ്‌കരിച്ചു കൊണ്ടിരിക്കെ അല്ലാഹു അദ്ദേഹത്തിന് സന്തോഷവാര്‍ത്ത അറിയിച്ചു; ഒരു ആണ്‍കുഞ്ഞ് ജനിക്കാന്‍ പോകുന്ന വിവരം. പേരും അല്ലാഹു തന്നെ അറിയിച്ചു. ‘യഹ്‌യാ’ എന്നാണ് കുഞ്ഞിന്റെ പേര്. ആ പേര്ഇതുവരെ ആര്‍ക്കും ഉണ്ടായിട്ടുമില്ല എന്നും അല്ലാഹു സകരിയ്യാ നബി(അ)യെ അറിയിച്ചു. ആശിച്ചത് പോലള്ള ഒരു സന്താനം! പെട്ടെന്ന് ഈ വിവരം കേട്ടപ്പോള്‍ സകരിയ്യാ നബി(അ)ക്ക് അത്ഭുതമായി. അദ്ദേഹം ചോദിച്ചു:

”…എന്റെ രക്ഷിതാവേ, എനിക്കെങ്ങനെയാണ് ഒരു ആണ്‍കുട്ടിയുണ്ടാവുക? എനിക്ക് വാര്‍ധക്യമെത്തിക്കഴിഞ്ഞു. എന്റെ ഭാര്യയാണെങ്കില്‍ വന്ധ്യയാണ് താനും. അല്ലാഹു പറഞ്ഞു: അങ്ങനെ തന്നെയാകുന്നു; അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത് ചെയ്യുന്നു” (ക്വുര്‍ആണ്‍ 3:40).

”അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, എനിക്കെങ്ങനെ ഒരു ആണ്‍കുട്ടിയുണ്ടാകും? എന്റെ ഭാര്യ വന്ധ്യയാകുന്നു. ഞാനാണെങ്കില്‍ വാര്‍ധക്യത്താല്‍ ചുക്കിച്ചുളിഞ്ഞ അവസ്ഥയിലെത്തിയിരിക്കുന്നു” (ക്വുര്‍ആന്‍ 19:8). 

സകരിയ്യാ(അ) അത്ഭുതത്തോടെ ചോദിച്ചപ്പോള്‍ അല്ലാഹു അദ്ദേഹത്തിന് ഇപ്രകാരം ഉത്തരം നല്‍കി:

”അവന്‍ (അല്ലാഹു) പറഞ്ഞു: അങ്ങനെ തന്നെ. മുമ്പ് നീ യാതൊന്നുമല്ലാതിരുന്നപ്പോള്‍ നിന്നെ ഞാന്‍ സൃഷ്ടിച്ചിരിക്കെ, ഇത് എന്നെ സംബന്ധിച്ചിടത്തോളം ഒരു നിസ്സാര കാര്യം മാത്രമാണ് എന്ന് നിന്റെ രക്ഷിതാവ് പ്രഖ്യാപിച്ചിരിക്കുന്നു” (ക്വുര്‍ആന്‍ 19:9).

അത്ഭുതകരമായ സംഭവമാണല്ലോ ഇവിടെ സംഭവിച്ചിരിക്കുന്നത്. അല്ലാഹുവിനെ സംബന്ധിച്ച് ഇതൊന്നും വലിയ കാര്യമല്ല. വളരെ നിസ്സാരമാണ്. ഒരു കാര്യം നടക്കാന്‍ സൃഷ്ടികള്‍ക്കാണല്ലോ പ്രകൃതി സഹജമായ കാരണങ്ങളുടെ ആവശ്യം. എന്നാല്‍ അല്ലാഹുവിന് ഒരു കാര്യം നടത്താന്‍ ഒരു കാരണത്തിന്റെയും ആവശ്യമില്ല.

ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം അല്ലാഹു സകരിയ്യാ(അ)ന് അറിയിച്ചല്ലോ. അവര്‍ ഗര്‍ഭിണിയാണ് എന്ന് എനിക്ക് മനസ്സിലാകാന്‍ ഒരു ദൃഷ്ടാന്തം എനിക്ക് നല്‍കണമെന്ന് സകരിയ്യാ(അ) അല്ലാഹുവിനോട് ചോദിച്ചു. അതിന് അല്ലാഹു മറുപടിയും നല്‍കി. അത് ഇപ്രകാരമായിരുന്നു:

”അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, എനിക്ക് ഒരു അടയാളം ഏര്‍പെടുത്തിത്തരേണമേ. അല്ലാഹു പറഞ്ഞു: നിനക്കുള്ള അടയാളം ആംഗ്യരൂപത്തിലല്ലാതെ മൂന്നു ദിവസം നീ മനുഷ്യരോട് സംസാരിക്കാതിരിക്കലാകുന്നു. നിന്റെ രക്ഷിതാവിനെ നീ ധാരാളം ഓര്‍മിക്കുകയും വൈകുന്നേരവും രാവിലെയും അവന്റെ പരിശുദ്ധിയെ നീ പ്രകീര്ത്തിക്കുകയും ചെയ്യുക” (ക്വുര്‍ആന്‍ 3:40).

”അദ്ദേഹം (സകരിയ്യാ) പറഞ്ഞു: നീ എനിക്ക് ഒരു ദൃഷ്ടാന്തം ഏര്‍പെടുത്തിത്തരേണമേ. അവന്‍ (അല്ലാഹു) പറഞ്ഞു: നിനക്കുള്ള ദൃഷ്ടാന്തം വൈകല്യമൊന്നും ഇല്ലാത്തവനായിരിക്കെത്തന്നെ ജനങ്ങളോട് മൂന്ന് രാത്രി (ദിവസം) നീ സംസാരിക്കാതിരിക്കലാകുന്നു” (ക്വുര്‍ആന്‍ 19:10).

തുടര്‍ച്ചയായ മൂന്ന് ദിവസങ്ങള്‍ നിനക്ക് സംസാരിക്കാന്‍ സാധിക്കില്ല എന്നതാണ് നിന്റെ ഭാര്യ ഗര്‍ഭിണിയാണ് എന്നതിനുള്ള തെളിവ് എന്ന് സകരിയ്യാ നബി(അ)യോട് അല്ലാഹു പറഞ്ഞു.

സകരിയ്യാ നബി(അ) എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ബൈത്തുല്‍ മക്വ്ദസിലെ പ്രാര്‍ഥനാമണ്ഡപത്തില്‍ പ്രവേശിക്കാറുണ്ടായിരുന്നു. ഇനിയുള്ള മൂന്ന് നാളുകളില്‍ ബൈത്തുല്‍ മക്വ്ദസില്‍ പ്രവേശിക്കുമ്പോള്‍ ജനങ്ങളോട് സംസാരിക്കാന്‍ കഴിയില്ല. ആ സമയത്ത് ജനങ്ങളോട് ആംഗ്യഭാഷയിലൂടെ സംസാരിക്കണം.  

അങ്ങനെ സകരിയ്യാ(അ) മിഹ്‌റാബില്‍ പ്രവേശിക്കുന്ന രംഗം ക്വുര്‍ആന്‍ പറയുന്നത് കാണുക:

”അങ്ങനെ അദ്ദേഹം പ്രാര്‍ഥനാമണ്ഡപത്തില്‍ നിന്ന് തന്റെ ജനങ്ങളുടെ അടുക്കലേക്ക് പുറപ്പെട്ടു. എന്നിട്ട്, നിങ്ങള്‍ രാവിലെയും വൈകുന്നേരവും അല്ലാഹുവിന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുക എന്ന് അവരോട് ആംഗ്യം കാണിച്ചു” (ക്വുര്‍ആന്‍ 19:11).

സകരിയ്യാ നബി(അ)ക്ക് അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ യഹ്‌യാ എന്ന് അല്ലാഹു തന്നെ പേരിട്ട ഒരു ആണ്‍കുട്ടി ജനിച്ചു.

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

സകരിയ്യാ നബി (അ) – 01

സകരിയ്യാ നബി (അ) - 01

ബനൂഇസ്‌റാഈല്യരിലേക്ക് അയക്കപ്പെട്ട പ്രവാചകനായിരുന്നു സകരിയ്യാ(അ). ഏഴ് തവണയാണ് ക്വുര്‍ആനില്‍ അദ്ദേഹത്തിന്റെ പേര് പരാമര്‍ശിച്ചിട്ടുള്ളത്. സുലൈമാന്‍ നബി(അ)യുടെ സന്താന പരമ്പരയിലാണ് സകരിയ്യാ(അ) ജനിക്കുന്നത്. 

ആ കാലത്ത് സ്ഥാനവും പ്രശസ്തിയുമുണ്ടായിരുന്ന ഒരു കുടുംബമായിരുന്നു ഇംറാന്‍ കുടുംബം. ഈ കുടുംബത്തിന്റെ പേരില്‍ ക്വുര്‍ആനില്‍ ഒരു അധ്യായം തന്നെയുണ്ട്. പ്രശസ്തമായ ഇംറാന്‍ കുടുംബത്തില്‍ നിന്നാണ് സകരിയ്യാ നബി(അ) വിവാഹം ചെയ്തത്.

ഇംറാന്‍ കുടുംബം ഇംറാന്‍ എന്ന ആളിലേക്കാണ് ചേര്‍ക്കപ്പെടുന്നത്. ഇംറാന്റെ ഭാര്യയുടെ പേര് ഹന്നഃ എന്നായിരുന്നു. ഇംറാന്‍-ഹന്നഃ ദമ്പതികള്‍ക്ക് സന്താനങ്ങളില്ലാതെ കുറെ കാലം കഴിച്ചുകൂട്ടേണ്ടി വന്നു. മക്കളില്ലാതെ കഴിഞ്ഞ ഇരുവരും അല്ലാഹുവിനോട് നിരന്തരം സന്താനത്തെ ചോദിച്ചിരുന്നു. അവസാനം ഹന്നഃ ഗര്‍ഭിണിയായി. ഗര്‍ഭിണിയായ സന്ദര്‍ഭത്തില്‍ അവര്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ചു. ക്വുര്‍ആന്‍ അവരുടെ പ്രാര്‍ഥനയെ പറ്റി ഇപ്രകാരം പ്രസ്താവിക്കുന്നു:

”ഇംറാന്റെ ഭാര്യ പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക:) എന്റെ രക്ഷിതാവേ, എന്റെ വയറ്റിലുള്ള കുഞ്ഞിനെ നിനക്കായി ഉഴിഞ്ഞുവെക്കാന്‍ ഞാന്‍ നേര്‍ച്ചനേര്‍ന്നിരിക്കുന്നു. ആകയാല്‍ എന്നില്‍ നിന്ന് നീ അത് സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ” (3:35).

സകരിയ്യാ നബി(അ)യുടെ പ്രാര്‍ഥനയുടെ സന്ദര്‍ഭം മനസ്സിലാകുന്നതിന് ഇംറാന്‍ കുടംബത്തിന്റെ ഒരു ചെറിയ വിവരണം അനിവാര്യമായതിനാലാണ് അതിനെക്കുറിച്ച് ഇവിടെ പറയുന്നത്.

ബൈതുല്‍ മക്വ്ദിസിന്റെ പരിചരണത്തിനും ശുശ്രൂഷക്കുമായി ആണ്‍കുട്ടികളെ നേര്‍ച്ചയാക്കല്‍ ഇംറാന്റെ കാലത്ത് പതിവുണ്ടായിരുന്നു. 

ഹന്നഃ ഗര്‍ഭിണിയായപ്പോള്‍ തന്നെ പിറക്കാന്‍ പോകുന്ന കുഞ്ഞിനെ ബൈതുല്‍ മക്വ്ദസിന്റെ പരിചരണത്തിനായി നേര്‍ച്ചനേര്‍ന്നു. ജനിക്കാന്‍ പോകുന്ന കുഞ്ഞ് ആണായിരിക്കുമെന്നാണ് അവര്‍ വിചാരിച്ചത്. അത് അവരുടെ ആഗ്രഹവുമായിരിക്കുമല്ലോ. അതിനാലാണ് അവര്‍ പിറക്കാന്‍ പോകുന്ന കുഞ്ഞിനെ പള്ളി പരിപാലനത്തിനായി നേര്‍ച്ചയാക്കിയത്. 

ആരാധനകള്‍ക്ക് അര്‍ഹന്‍ അല്ലാഹു മാത്രമാണല്ലോ. നേര്‍ച്ച ഒരു ആരാധനയാണ്. അത് അല്ലാഹുവിന് മാത്രമെ അര്‍പ്പിക്കാവൂ. അല്ലാഹു അല്ലാത്തവരുടെ പ്രീതിയും പൊരുത്തവും പ്രതീക്ഷിച്ച് നേര്‍ച്ചയാക്കുന്നത് അവനില്‍ പങ്കുചേര്‍ക്കലാണ്. ക്വുര്‍ആനും സുന്നത്തും പരിചയപ്പെടുത്തിത്തരുന്ന മഹാന്മാരും മഹതികളും അവരുടെ നേര്‍ച്ച അല്ലാഹുവിന് മാത്രമെ സമര്‍പ്പിച്ചിട്ടുള്ളൂ. സത്യവിശ്വാസികള്‍ അല്ലാഹുവല്ലാത്തവരുടെ പേരില്‍ നേര്‍ച്ചയാക്കിയ ഒരു സംഭവം പോലും ക്വുര്‍ആനിലോ ഹദീഥുകളിലോ നമുക്ക് കാണാന്‍ കഴിയില്ല. 

പ്രാര്‍ഥനകള്‍ക്കൊടുവില്‍ ഒരു കുഞ്ഞ് ജനിക്കാന്‍ പോകുന്നതിന്റെ സന്തോഷം ഇംറാന്‍-ഹന്നഃ ദമ്പതികള്‍ അനുഭവിച്ചു. എന്നാല്‍ കുഞ്ഞിനെ കാണാന്‍ ഇംറാന് ഭാഗ്യമുണ്ടായില്ല. കുഞ്ഞ് ജനിക്കുന്നതിന് മുമ്പ് തന്നെ പിതാവ് ഇംറാന്‍ മരണപ്പെട്ടു!

ഹന്നഃ പ്രസവിച്ചു. കുഞ്ഞ് പെണ്‍കുട്ടി. കുട്ടിക്ക് മര്‍യം എന്ന് പേരിടുകയും ചെയ്തു. (അവരുടെ പേരിലും ക്വുര്‍ആനില്‍ ഒരു അധ്യായം ഉണ്ട്). ബൈത്തുല്‍ മക്വ്ദിസിന്റെ പരിപാലനത്തിന് ആണ്‍കുട്ടികളെയാണ് അവിടത്തുകാര്‍ നേര്‍ച്ചയാക്കിയിരുന്നത്. അവര്‍ പ്രതീക്ഷിച്ചതല്ല സംഭവിച്ചിരിക്കുന്നത്. ഇനി എന്ത് ചെയ്യും? നേര്‍ച്ചയില്‍ നിന്ന് പിന്മാറാന്‍ പാടില്ലല്ലോ. അങ്ങനെ ഹന്നഃ അല്ലാഹുവിനോട് പ്രാര്‍ഥിച്ചു:

”എന്നിട്ട് പ്രസവിച്ചപ്പോള്‍ അവള്‍ പറഞ്ഞു: എന്റെ രക്ഷിതാവേ, ഞാന്‍ പ്രസവിച്ച കുട്ടി പെണ്ണാണല്ലോ.-എന്നാല്‍ അല്ലാഹു അവള്‍ പ്രസവിച്ചതിനെപ്പറ്റി കൂടുതല്‍ അറിവുള്ളവനത്രെ- ആണ് പെണ്ണിനെപ്പോലെയല്ല. ആ കുട്ടിക്ക് ഞാന്‍ മര്‍യം എന്ന് പേരിട്ടിരിക്കുന്നു. ശപിക്കപ്പെട്ട പിശാചില്‍ നിന്നും അവളെയും അവളുടെ സന്തതികളെയും രക്ഷിക്കുവാനായി ഞാന്‍ നിന്നില്‍ ശരണം പ്രാപിക്കുകയും ചെയ്യുന്നു” (3:36).

ഹന്നഃക്ക് നേര്‍ച്ച നിറവേറ്റല്‍ നിര്‍ബന്ധമായി. പള്ളി പരിപാലനത്തിനായി പതിവിന് വരുദ്ധമായതാണ് സംഭവിക്കാന്‍ പോകുന്നത്. 

ഹന്നഃ എന്ന ആ മഹതിയില്‍ നിന്ന് അല്ലാഹു ഏറ്റവും നല്ല രൂപത്തില്‍ അത് സ്വീകരിച്ചു. മര്‍യം വളര്‍ന്നുവരാന്‍ തുടങ്ങി. നേര്‍ച്ച പ്രകാരം പള്ളിയുടെ പരിപാലനത്തിന് ഏല്‍പിക്കാനായി ഉമ്മ മര്‍യമിനെയും കൂട്ടി ബൈതുല്‍ മക്വ്ദസിലേക്ക് പോയി. സകരിയ്യാ നബി(അ)യുടെ ചരിത്രം ഇവിടെ മുതലാണ് ആരംഭിക്കുന്നത്. 

മര്‍യമിനെയും കൂട്ടി പള്ളിയില്‍ ചെന്ന സന്ദര്‍ഭത്തില്‍ അവിടെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്ന സകരിയ്യാ നബി(അ) മര്‍യമിനെ ഏറ്റടുത്തു. ആ കാലത്ത് സകരിയ്യാ നബി(അ) ആയിരുന്നു ബൈതുല്‍ മക്വ്ദസിലെ പുരോഹിതന്മാരുടെ തലവന്‍. മര്‍യമിന്റെ മാതൃസഹോദരിയുടെ ഭര്‍ത്താവുമായിരുന്നു അദ്ദേഹം.

കുട്ടിയെ കൊണ്ടുവന്നപ്പോള്‍ ആരാണ് കുട്ടിയെ ഏറ്റടുക്കുക എന്ന കാര്യത്തില്‍ പള്ളിയിലെ പുരോഹിതന്മാര്‍ക്കിടയില്‍ തര്‍ക്കം വരെ ഉണ്ടായി. ഓരോരുത്തരും അതിനായി മുന്നോട്ടു വന്നു. അവസാനം അവര്‍ നറുക്കെടുക്കാന്‍ തീരുമാനിച്ചു. 

”(നബിയേ,) നാം നിനക്ക് ബോധനം നല്‍കുന്ന അദൃശ്യവാര്‍ത്തകളില്‍ പെട്ടതാകുന്നു അവയൊക്കെ. അവരില്‍ ആരാണ് മര്‍യമിന്റെ സംരക്ഷണം ഏറ്റെടുക്കേണ്ടതെന്ന് തീരുമാനിക്കുവാനായി അവര്‍ തങ്ങളുടെ പെന്‍കോലുകളിട്ട് കൊണ്ട് നറുക്കെടുപ്പ് നടത്തിയിരുന്ന സമയത്ത് നീ അവരുടെ അടുത്തുണ്ടായിരുന്നില്ലല്ലോ. അവര്‍ തര്‍ക്കത്തിലേര്‍പെട്ടിരുന്നപ്പോഴും നീ അവരുടെ അടുത്തുണ്ടായിരുന്നില്ല” (3:44).

മുഹമ്മദ് നബിﷺക്ക് മുമ്പ് കഴിഞ്ഞുപോയ ചരിത്രങ്ങള്‍ നേര്‍ക്കാഴ്ച പോലെ ലോകര്‍ക്ക് വിവരിച്ചു തരാന്‍ സാധിച്ചത് അല്ലാഹു വഹ്‌യ് (ദിവ്യബോധനം) നല്‍കിയത് കൊണ്ട് മാത്രമാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ പലരും നബിﷺയെ സംബന്ധിച്ച് വിശ്വസിക്കുന്നത് വികലമായ രൂപത്തിലാണ്. നബിﷺ എല്ലാ കാലത്തും ഈ ലോകത്ത് ഹാജറായിരുന്നു, അദ്ദേഹം എല്ലാം നോക്കിക്കാണുന്നവനായിരുന്നു എന്നെല്ലാമാണ്! യാതൊരു അടിസ്ഥാനവുമില്ലാത്ത പിഴച്ച വിശ്വാസങ്ങളാണ് ഇതെന്ന്‌നാം തിരിച്ചറിയേണ്ടതുണ്ട്. മുഹമ്മദ് നബിﷺ അങ്ങനെ ഏത് കാലത്തും ജീവിച്ച വ്യക്തിയായിരുന്നില്ലെന്ന് ഈ വചനത്തെ സംബന്ധിച്ച് ചിന്തിക്കുന്ന ആര്‍ക്കും ബോധ്യമാകും.

മര്‍യമിനെ ആര് ഏറ്റെടുക്കുമെന്ന തര്‍ക്കം അവരില്‍ ഉണ്ടായത് സംബന്ധിച്ച് നാം സൂചിപ്പിച്ചു. അവസാനം സകരിയ്യാ നബി(അ)യാണ് മര്‍യമിന്റെ സംരക്ഷണം ഏറ്റടുത്തത്. അങ്ങനെ മര്‍യം അദ്ദേഹത്തിന്റെ സംരക്ഷണത്തിലായി വളര്‍ന്നു.

മര്‍യമിനു വേണ്ടുന്ന ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുക, അവരുടെ സ്ഥിതിഗതികള്‍ അന്വേഷിക്കുക, അവര്‍ക്കാവശ്യമായവ എത്തിച്ചു കൊടുക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കായി സകരിയ്യാ നബി(അ) അവരുടെ അടുക്കല്‍ ചെല്ലുക പതിവായിരിക്കുമല്ലോ. 

സകരിയ്യാ(അ) മര്‍യം ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിക്കുന്ന പ്രാര്‍ഥനാവേദിയില്‍ (മിഹ്‌റാബില്‍) എത്തുമ്പോള്‍ അത്ഭുതകരമായ കാഴ്ചയാണ് കാണുന്നത്: 

”അങ്ങനെ അവളുടെ (മര്‍യമിന്റെ) രക്ഷിതാവ് അവളെ നല്ല നിലയില്‍ സ്വീകരിക്കുകയും നല്ല നിലയില്‍ വളര്‍ത്തിക്കൊണ്ടു വരികയും അവളുടെ സംരക്ഷണച്ചുമതല അവന്‍ സകരിയ്യായെ ഏല്‍പിക്കുകയും ചെയ്തു. മിഹ്‌റാബില്‍ (പ്രാര്‍ഥനാവേദിയില്‍) അവളുടെ അടുക്കല്‍ സകരിയ്യാ കടന്നുചെല്ലുമ്പോഴെല്ലാം അവളുടെ അടുത്ത് എന്തെങ്കിലും ആഹാരം കണ്ടെത്തുമായിരുന്നു. അദ്ദേഹം ചോദിച്ചു: മര്‍യമേ, നിനക്ക് എവിടെ നിന്നാണിത് കിട്ടിയത്? അവള്‍ മറുപടി പറഞ്ഞു: അത് അല്ലാഹുവിങ്കല്‍ നിന്ന് ലഭിക്കുന്നതാകുന്നു. തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കണക്ക് നോക്കാതെ നല്‍കുന്നു” (3:37).

ഉഷ്ണകാലത്ത് മാത്രം ലഭ്യമാകുന്ന പഴങ്ങളും മറ്റു ഭക്ഷ്യവസ്തുക്കളും ശൈത്യകാലത്തും ശൈത്യകാലത്ത് മാത്രം ലഭ്യമാകുന്ന പഴങ്ങളും മറ്റു ഭക്ഷ്യവസ്തുക്കളും ഉഷ്ണകാലത്തും മര്‍യം  ബീവി(അ)ക്ക് ലഭിച്ചിരുന്നു എന്നാണ് ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറയുന്നത്. അല്ലാഹുവില്‍ നിന്ന് അവര്‍ക്ക് പ്രത്യേകമായി ലഭിച്ച അനുഗ്രഹമായിരുന്നു ഇത്. 

ഒരു സൃഷ്ടിക്കും ചെയ്യാന്‍ കഴിയാത്ത ഇത്തരം അസാധാരണവും അത്ഭുതകരവുമായ കാര്യങ്ങളാണ് മുഅ്ജിസത്തും കറാമത്തും. മുഅ്ജിസത്ത് പ്രവാചകന്മാരിലൂടെ മാത്രം അല്ലാഹു പ്രകടമാക്കുന്നതാണെങ്കില്‍ കറാമത്ത് അല്ലാഹുവില്‍ വിശ്വസിക്കുകയും ഭക്തിയോടെ ജീവിക്കുകയും ചെയ്യുന്നവരിലൂടെ പ്രകടമാക്കുന്നതാണ്. അല്ലാഹുവിന്റെ ദൂതന്മാരെ ഒരു ജനതയിലേക്ക് അയക്കുമ്പോള്‍ അവര്‍ അല്ലാഹുവിന്റെ ദൂതന്മാര്‍ തന്നെയാണ് എന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തുന്നതിനാണ് മുഅ്ജിസത്ത് അല്ലാഹു പ്രകടമാക്കുന്നതെങ്കില്‍ കറാമത്ത് എന്തെങ്കിലും തെളിയിക്കാന്‍ പ്രകടമാക്കുന്നതല്ല. കറാമത്ത് വിശ്വാസവും സൂക്ഷ്മതയും ഉള്ളവരിലൂടെയാണ് അല്ലാഹു പ്രകടമാക്കുന്നത് എന്ന് നാം പറഞ്ഞു. എന്നാല്‍ വിശ്വാസവും സൂക്ഷ്മതയും ഉള്ള എല്ലാവരിലും അല്ലാഹു അത് പ്രകടമാക്കുന്നതല്ല. ഇനി ഒരാളില്‍ എന്തെങ്കിലും അത്ഭുതം കണ്ടാല്‍ തന്നെ അല്ലാഹു ആദരിച്ചിട്ടുള്ള വ്യക്തിയാണ് അയാള്‍ എന്ന് നമുക്ക് അയാളെപ്പറ്റി ഒരു ഉറച്ച വിധി പറയാനും സാധ്യമല്ല. 

മര്‍യം ബീവി(അ)യുടെ അടുത്ത് സകരിയ്യാ നബി(അ) പ്രവേശിക്കുമ്പോള്‍ ഭക്ഷണം കാണുന്നു. ‘മര്‍യമേ, നിനക്ക് എവിടെ നിന്നാണ് ഇത് ലഭിച്ചത്’ എന്ന് അദ്ദേഹം ചോദിക്കുന്നു. ‘അത് അല്ലാഹുവിങ്കല്‍ നിന്ന് ലഭിക്കുന്നതാകുന്നു’ എന്ന് അവര്‍ മറുപടി പറയുകയും ചെയ്യുന്നു. സകരിയ്യാ നബി(അ)യുടെചോദ്യവും മര്‍യം ബീവി(അ)യുടെ മറുപടിയും നാം മുകളില്‍ വിവരിച്ചതിലേക്ക് വെളിച്ചം വീശുന്നതാണ്. 

മര്‍യമിന് അല്ലാഹു അത്ഭുതകരമായ രീതിയില്‍ ധാരാളം പഴങ്ങളും മറ്റും നല്‍കിയത് സകരിയ്യാ(അ) നേരില്‍ ദര്‍ശിക്കുകയാണ്. ആ പഴങ്ങള്‍ അവിടെ ലഭിക്കാന്‍ ഭൗതികമായ യാതൊരു കാരണവും  ഉണ്ടായിരുന്നില്ല. അഭൗതിക മാര്‍ഗത്തിലൂടെയാണ് അത് ലഭ്യമായിരിക്കുന്നത്. അതാണ് മുഅ്ജിസത്തിന്റെയും കറാമത്തിന്റെയും സവിശേഷത.

വയസ്സേറെയായിട്ടും സന്താനങ്ങളില്ലാതെ വിഷമിച്ച് അല്ലാഹുവിനോട് പ്രാര്‍ഥിച്ചുകൊണ്ടേയിരിക്കുന്ന, അല്ലാഹുവിന്റെ നല്ലവനായ അടിമയായിരുന്നു സകരിയ്യാ(അ). വയസ്സ് എണ്‍പത് പിന്നിട്ടു. മക്കളുണ്ടാകുന്ന സാധാരണ അവസ്ഥയെല്ലാം അവസാനിച്ചു. എന്നിട്ടും എല്ലാ കാര്യത്തിനും കഴിവുള്ള അല്ലാഹുവില്‍ അടിയുറച്ച വിശ്വാസമുള്ള സകരിയ്യാ നബി(അ) അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നത് നോക്കൂ:

”അവിടെ വെച്ച് സകരിയ്യാ തന്റെ രക്ഷിതാവിനോട് പ്രാര്‍ഥിച്ചു: എന്റെ രക്ഷിതാവേ, എനിക്ക് നീ നിന്റെ പക്കല്‍ നിന്ന് ഒരു ഉത്തമ സന്താനത്തെ നല്‍കേണമേ. തീര്‍ച്ചയായും നീ പ്രാര്‍ഥന കേള്‍ക്കു ന്നവനാണല്ലോ എന്ന് അദ്ദേഹം പറഞ്ഞു” (3:38).

അല്ലാഹുവിനോടാണ് സകരിയ്യാ(അ) ചോദിക്കുന്നത്. പ്രവാചകന്മാര്‍ മുഴുവനും അല്ലാഹുവിനോട് മാത്രമെ എപ്പോഴും എവിടെ വെച്ചും പ്രാര്‍ഥിക്കാവൂ എന്നാണ് പഠിപ്പിച്ചത്. എന്നാല്‍ ഇന്ന് പലരും പ്രചരിപ്പിക്കുന്നത് പ്രവാചകന്മാരുടെ മാര്‍ഗത്തിന് വിരുദ്ധമാണ്. അല്ലാഹുവിന് പുറമെ ആരോടും വിളിച്ചുതേടാം, അവര്‍ക്ക് സ്വന്തമായി കഴിവുണ്ടെന്ന്  വിശ്വസിച്ചാലേ ശിര്‍ക്കാവുകയുള്ളൂ എന്നും ‘അമ്പിയാക്കളും ഔലിയാക്കളും’ സൃഷ്ടികളാണെന്നും അല്ലാഹു കൊടുത്ത കഴിവേ അവര്‍ക്ക് ഉള്ളൂ എന്ന വിശ്വാസത്തില്‍ അവരോട് എന്തും ചോദിക്കാം എന്നുമാണ് ഈ തല്‍പര കക്ഷികള്‍ വാദിക്കുന്നത്.

ഔലിയാഅ് എന്ന പേരില്‍ അറിയപ്പെടുന്ന പലരുടെ പേരിലും അനവധി കള്ളക്കറാമത്തുകള്‍ പ്രചരിപ്പിക്കുകയും എന്നിട്ട് അവരോട് ആഗ്രഹ സഫലീകരണത്തിനായി തേടുകയും ചെയ്യുന്നവര്‍ സകരിയ്യാ നബി(അ)യുടെ ചരിത്രത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളേണ്ടതുണ്ട്. മര്‍യം ബീവി(അ)യുടെ സമീപത്ത് വലിയ കറാമത്ത് സകരിയ്യാ(അ) കാണുമ്പോള്‍, സന്താനങ്ങളില്ലാതെ വിഷമിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹം അല്ലാഹുവിനോടാണ് തേടുന്നത്. കറാമത്തിന്റെ  ഉടമ അല്ലാഹുവാണെന്നും അത് അല്ലാഹുവാണ് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉദ്ദേശിക്കുന്ന രൂപത്തില്‍ നല്‍കുന്നതെന്നും സകരിയ്യാ നബി(അ)ക്ക് അറിയാം. അതിനാല്‍ കറാമത്തിന്റെ ഉടമയായ അല്ലാഹുവിനോടാണ് സകരിയ്യാ(അ) പ്രാര്‍ഥിക്കുന്നത്. ഇതാണ് നാം ഏവരും പിന്തുടരേണ്ട ചര്യ.

സകരിയ്യാ(അ) തേടുന്നത് കേവലം ഒരു സന്താനത്തെയല്ല. മറിച്ച്, നല്ല ഒരു സന്താനത്തെയാണ്. സന്താനസൗഭാഗ്യത്തിന് വേണ്ടി തേടുമ്പോള്‍ നല്ല മക്കളെ തരാനാണ് നമ്മളും അല്ലാഹുവിനോട് ചോദിക്കേണ്ടത്. ഇബ്‌റാഹീം നബി(അ)യുടെ പ്രാര്‍ഥനയും നാം കണ്ടതാണല്ലോ. 

സമ്പത്തും സന്താനവും പരീക്ഷണമാണ്. സമ്പത്ത് അല്ലാഹു എല്ലാവര്‍ക്കും ഒരു പോലെയല്ലല്ലോ നല്‍കുന്നത്. ചിലര്‍ക്ക് അല്ലാഹു ധാരാളം നല്‍കുന്നു. മറ്റു ചിലര്‍ക്ക് കുറച്ച് നല്‍കും. ചിലര്‍ക്ക് തീരെ നല്‍കാതെയിരിക്കും. അതിനാല്‍ സമ്പത്ത് ലഭിച്ചവരും ലഭിക്കാത്തവരും അഹങ്കരിക്കുകയോ നിരാശപ്പെടുകയോ ചെയ്യേണ്ടതില്ല. അല്ലാഹു ചിലര്‍ക്ക് മക്കളെ നല്‍കും. ചിലര്‍ക്ക് നല്‍കില്ല. എല്ലാം പരീക്ഷണമാണ്. 

ഏത് സന്ദര്‍ഭത്തിലും പ്രാര്‍ഥിക്കാന്‍ അവകാശപ്പെട്ടവന്‍ അല്ലാഹു മാത്രമാണ്. കാരണം അവന്‍ മാത്രമാണ് പ്രാര്‍ഥന കേള്‍ക്കുന്നവന്‍.

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

സുലൈമാന്‍ നബി(അ) – 08

സുലൈമാന്‍ നബി(അ) - 08

മരണം ബോധ്യപ്പെടുത്തിയ ചില യാഥാര്‍ഥ്യങ്ങള്‍

അതീവ ബുദ്ധിസാമര്‍ഥ്യമുള്ള വ്യക്തിത്വമായിരുന്നു സുലൈമാന്‍ നബി(അ). ബുദ്ധിശക്തി എന്ന വലിയ അനുഗ്രഹം അല്ലാഹു അവന്റെ ദാസന്മാരില്‍ അവനുദ്ദേശിക്കുന്നവര്‍ക്ക്, അവന്‍ ഉദ്ദേശിക്കുന്ന വിധം നല്‍കുന്നു. പ്രായം കുറഞ്ഞ ചിലയാളുകള്‍ തഴക്കവും പഴക്കവുമുള്ള മുതിര്‍ന്നവരെ വെല്ലുന്ന ചിന്താശക്തിയും ബുദ്ധിശക്തിയും പ്രകടിപ്പിക്കാറുണ്ട്. ബുദ്ധിയുടെ പേരില്‍ അഹങ്കരിക്കുവാന്‍ ഒരാള്‍ക്കും അവകാശമില്ല. 

അല്ലാഹു പറയുന്നു: ”ദാവൂദിനെയും (പുത്രന്‍) സുലൈമാനെയും (ഓര്‍ക്കുക). ഒരു ജനവിഭാഗത്തിന്റെ ആടുകള്‍ വിളയില്‍ കടന്ന് മേഞ്ഞ പ്രശ്‌നത്തില്‍ അവര്‍ രണ്ട് പേരും വിധികല്‍പിക്കുന്ന സന്ദര്‍ഭം. അവരുടെ വിധിക്ക് നാം സാക്ഷ്യം വഹിക്കുന്നുണ്ടായിരിന്നു. അപ്പോള്‍ സുലൈമാന്ന് നാം അത് (പ്രശ്‌നം) ഗ്രഹിപ്പിച്ചു. അവര്‍ ഇരുവര്‍ക്കും നാം വിധികര്‍തൃത്വവും വിജ്ഞാനവും നല്‍കിയിരുന്നു”…(ക്വുര്‍ആന്‍ 21:78,79).

ഒരാളുടെ കൃഷിയിടത്തില്‍ രാത്രി കുറച്ച് ആടുകള്‍ കയറി മേഞ്ഞു. അവ അതിലെ കൃഷിയെല്ലാം നശിപ്പിച്ചുകളഞ്ഞു. ആടുകളുടെ ഉടമസ്ഥരും കൃഷിയിടത്തിന്റെ ഉടമസ്ഥരും തമ്മില്‍ തര്‍ക്കമായി. പ്രശ്‌നം ദാവൂദ് നബി(അ)യുടെയും സുലൈമാന്‍ നബി(അ)യുടെയും മുന്നില്‍ എത്തി. അങ്ങനെ ഇരുവരും ആ പ്രശ്‌നത്തില്‍ വിധി പുറപ്പെടുവിച്ചു. രണ്ടു പേരുടെയും വിധി രണ്ട് രൂപത്തിലായിരുന്നു.  സുലൈമാന്‍ നബി(അ)യുടെ വിധിയായിരുന്നു ഏറ്റവും യുക്തമായത് എന്നാണ് ക്വുര്‍ആന്‍ വ്യക്തമാക്കുന്നത്. രണ്ട് പേരും നബിമാരാണ്. രണ്ട് പേര്‍ക്കും അല്ലാഹു നല്ല അറിവും വിധി പറയാനുള്ള കഴിവും നല്‍കിയിട്ടുണ്ട്. പക്ഷേ, ഈ വിഷയത്തില്‍ പിതാവിനെക്കാള്‍ ഉചിതമായതും യുക്തിപൂര്‍വകമായതും മകന്റെ വിധിയായിരുന്നു.

എന്തായിരുന്നു അവര്‍ ഇരുവരും ആ പ്രശ്‌നത്തില്‍ വിധി പറഞ്ഞത്? ഒരു വിഭാഗത്തിന്റെ ആടുകള്‍ മറ്റവരുടെ കൃഷി നശിപ്പിച്ചിരിക്കുകയാണല്ലോ. അതിനാല്‍ കൃഷിയുടെ ഉടമസ്ഥര്‍ക്ക് ആ ആടുകളെ നല്‍കാനായിരുന്നു ദാവൂദ്(അ) വിധി പറഞ്ഞത്. ഇരു കൂട്ടരും വിധി കേട്ട് മടങ്ങുമ്പോള്‍ അവരെ കണ്ട സുലൈമാന്‍(അ) അവരോട് ചോദിച്ചു: എന്താണ് നിങ്ങളുടെ കാര്യത്തില്‍ പിതാവ് വിധിച്ചത്? അവര്‍ ദാവൂദ്(അ) വിധിച്ച കാര്യം പറഞ്ഞു കൊടുത്തു. അപ്പോള്‍ സുലൈമാന്‍(അ) ഇരുവരെയും കൂട്ടി പിതാവിനെ സമീപിച്ചു. എന്നിട്ട് ചോദിച്ചു: ഉപ്പാ, ഇവരുടെ കാര്യത്തില്‍ എനിക്ക് മറ്റൊരു വിധിയാണ് തോന്നുന്നത്. ഉപ്പാക്ക് സമ്മതമാണെങ്കില്‍ പറയാം. അങ്ങനെ പിതാവിന്റെ സമ്മതപ്രകാരം മറ്റൊരു വിധി അവര്‍ക്കിടയില്‍ പുറപ്പെടുവിച്ചു. ക്വുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ ആ സംഭവം ഇപ്രകാരം നമുക്ക് കാണാം.

ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന്: അദ്ദേഹം പറഞ്ഞു: ”അങ്ങനെ ദാവൂദ്(അ) കൃഷിയിടത്തിന്റെ ആളുകള്‍ക്ക് ആടുകളെ നല്‍കിക്കൊണ്ട് വിധിച്ചു… അവരോട് സുലൈമാന്‍(അ) ചോദിച്ചു: ‘എങ്ങനെയാണ് നിങ്ങള്‍ക്കിടയില്‍ അദ്ദേഹം വിധിച്ചത്?’ അപ്പോള്‍ അവര്‍ അദ്ദേഹത്തെ (അത്) അറിയിച്ചു. അപ്പോള്‍ സുലൈമാന്‍(അ) പറഞ്ഞു: ‘ഞാന്‍ നിങ്ങളുടെ കൈകാര്യകര്‍ത്താവ് ആയിരുന്നെങ്കില്‍ ഇതല്ലാത്തത് കൊണ്ട് വിധിക്കുമായിരുന്നു!’ അങ്ങനെ അത് ദാവൂദ്(അ) അറിയിക്കപ്പെട്ടു. അപ്പോള്‍ ദാവൂദ്(അ) സുലൈമാന്‍(അ)യെ വിളിച്ചു. എന്നിട്ട് ചോദിച്ചു: ‘ഇവര്‍ക്കിടയില്‍ നീ എങ്ങനെയാണ് തീര്‍പ്പ് കല്‍പിക്കുക?’ അദ്ദേഹം പറഞ്ഞു: ‘ഈ ആടുകളെ കൃഷി ഉടമക്ക് ഞാന്‍ (കുറച്ച് കാലത്തേക്ക്) നല്‍കും. അങ്ങനെ അവയുടെ കുട്ടികളും അവയുടെ പാലും അവയുടെ രോമങ്ങള്‍, അവയുടെ മറ്റു ഉപകാര വസ്തുക്കള്‍ തുടങ്ങിയവയെല്ലാം (നശിപ്പിച്ചു കളഞ്ഞ) അവരുടെ കൃഷിയിടം മുമ്പുണ്ടായിരുന്ന പോലെ ആക്കിക്കൊടുക്കുന്നത് വരെ ആടിന്റെ ഉടമസ്ഥര്‍ കൈവശപ്പെടുത്തട്ടെ. അങ്ങനെ കൃഷിയിടം ആദ്യത്തേത് പോലെ ആയാല്‍ കൃഷിയുടമ കൃഷിയിടം (അവരില്‍ നിന്ന്) സ്വീകരിക്കുകയും (അവര്‍) ആടുകളെ അതിന്റെ ഉടമസ്ഥര്‍ക്ക് തിരിച്ചു കൊടുക്കുകയും ചെയ്യണം” (ഇബ്‌നു കസീര്‍).

സുലൈമാന്‍ നബി(അ)യുടെ വിധിയെ പിതാവ് പ്രശംസിക്കുകയും അംഗീകരിക്കുകയും ചെയ്തു. അപ്രകാരം അവരില്‍ തീരുമാനമെടുക്കുകയും ചെയ്തു. മറ്റൊരു സംഭവം ഹദീഥുകളില്‍ നമുക്ക് കാണാവുന്നതാണ്:

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: നബിﷺ പറഞ്ഞു: ”രണ്ട് സ്ത്രീകള്‍; അവര്‍ രണ്ടുപേരുടെയും അടുത്ത് ഓരോ കുട്ടിയുണ്ടായിരുന്നു. ഒരു ചെന്നായ വന്നു. അങ്ങനെ അത് അവരില്‍ ഒരാളുടെ കുട്ടിയെ(കടിച്ചു) കൊണ്ടു പോയി. അപ്പോള്‍ ഈ സ്ത്രീ അവളുടെ കൂടെയുള്ളവളോട് പറഞ്ഞു: ‘നിന്റെ കുഞ്ഞിനെയാണ് (ചെന്നായ) കൊണ്ടു പോയത്.’ മറ്റവള്‍ പഞ്ഞു: ‘നിന്റെ കുഞ്ഞിനെയാണ് അത് കൊണ്ടു പോയത്.’ അങ്ങനെ ഇരുവരും ദാവൂദ് നബി(അ)യുടെ അടുക്കല്‍ (ആ കാര്യത്തില്‍) വിധി തേടി. ദാവൂദ്(അ) ആ (കയ്യിലുള്ള കുട്ടിയെ) വലിയവള്‍ക്ക് വിധിച്ചു. അങ്ങനെ ഇരുവരും സുലൈമാന്‍ നബി(അ)യുടെ അടുത്തേക്ക് പുറപ്പെട്ടു. അങ്ങനെ ഇരുവരും കാര്യം അദ്ദേഹത്തോട് കാര്യം പറഞ്ഞു. അപ്പോള്‍ സുലൈമാന്‍(അ) പറഞ്ഞു: ‘നിങ്ങള്‍ എനിക്ക് ഒരു കത്തി കൊണ്ടു വന്നു തരുവീന്‍. കുഞ്ഞിനെ നിങ്ങള്‍ക്ക് രണ്ടു പേര്‍ക്കുമിടയില്‍ ഞാന്‍ ഭാഗിക്കാം.’ അപ്പോള്‍ ചെറിയവള്‍ പറഞ്ഞു: ‘വേണ്ട, അല്ലാഹു നിങ്ങളോട് കരുണ കാണിക്കട്ടെ. അത് അവളുടെ കുഞ്ഞാണ്.’ അപ്പോള്‍ കുഞ്ഞിനെ അദ്ദേഹം ചെറിയവള്‍ക്ക് വിധിച്ചു”(മുസ്‌ലിം).

അല്‍പം വിശദീകരിക്കാം: പ്രായത്തില്‍ മുതിര്‍ന്ന ഒരു സ്ത്രീയും പ്രായം കുറഞ്ഞ ഒരു സ്ത്രീയും അവരുടെ കുഞ്ഞുങ്ങളെയും കൊണ്ട് യാത്ര പോകുകയായിരുന്നു. അപ്പോള്‍ ഒരു ചെന്നായ വന്ന് വലിയവളുടെ കുഞ്ഞിനെ കൊണ്ടുപോയി. അപ്പോള്‍ ഇരുവരും കയ്യിലുള്ള കുഞ്ഞിന് വേണ്ടി തര്‍ക്കത്തിലായി. അങ്ങനെ ഇരുവരും അവര്‍ക്കിടയില്‍ തീര്‍പ്പ് കല്‍പിക്കുന്നതിനായി ദാവൂദ് നബി(അ)യെ സമീപിച്ചു. അദ്ദേഹത്തിന് മനസ്സിലായതിന്റെയും അദ്ദേഹം ചിന്തിച്ചതിന്റെയും അടിസ്ഥാനത്തില്‍ വലിയവള്‍ക്ക് അനുകൂലമായി വിധിച്ചു. യഥാര്‍ഥത്തില്‍ കുഞ്ഞ് അവളുടെതല്ലല്ലോ. അതിനാല്‍ ചെറിയവള്‍ അത് അംഗീകരിച്ചില്ല. ഇരുവരും സുലൈമാന്‍ നബി(അ)യെ സമീപിച്ച് സംഭവം വിവരിച്ചു. കുട്ടിയെ രണ്ട് കഷ്ണങ്ങളാക്കി പിളര്‍ത്തി ഇരുവര്‍ക്കുമായി വീതിക്കാം എന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം കുട്ടിയല്ലാത്തതിനാല്‍ മുതിര്‍ന്നവള്‍ അതിന് സമ്മതിച്ചു.  കുട്ടിയുടെ മാതാവായ ഇളയ സ്ത്രീ കുട്ടിയെ ഒന്നും ചെയ്യേണ്ട എന്നും കുട്ടി അവളുടെതാണ് എന്നും പറഞ്ഞു. സുലൈമാന്‍ നബി(അ)ക്ക് കാര്യം മനസ്സിലായി. അദ്ദേഹം കുട്ടിയെ മാതാവായ ഇളയവള്‍ക്ക് തന്നെ നല്‍കാന്‍ വിധിക്കുകയും ചെയ്തു.

ഈ സംഭവങ്ങള്‍ സുലൈമാന്‍ നബി(അ)യുടെ ബുദ്ധി സാമര്‍ഥ്യം മനസ്സിലാക്കിത്തരുന്നു. രണ്ട് സംഭവങ്ങളിലും രണ്ട് നബിമാരും വിധിച്ച വിധി വ്യത്യസ്തമായിരുന്നു. 

അല്ലാഹു അറിയിച്ചു കൊടുത്തിട്ടില്ലാത്ത ഒരു കാര്യത്തില്‍ തനിക്ക് മനസ്സിലായതിന് അനുസരിച്ച് ഒരു പക്ഷത്തേക്ക് ചായാതെ വിധി പറയുകയും അത് തെറ്റായി പോകുകയും ചെയ്താല്‍ പോലും വിധി കര്‍ത്താവിന് ഒരു കൂലിയുണ്ടെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. നബിﷺ പറഞ്ഞു:

അംറ്ബ്‌നുല്‍ ആസ്വ്(റ)വില്‍ നിന്ന് നിവേദനം: റസൂല്‍ﷺ പറയുന്നതായി അദ്ദേഹം കേള്‍ക്കുകയുണ്ടായി: ”ഒരു വിധി കര്‍ത്താവ് (നന്നായി) പരിശ്രമിച്ച് വിധിക്കുകയും പിന്നീട് അത് ശരിയാകുകയും ചെയ്താല്‍ അദ്ദേഹത്തിന് രണ്ട് പ്രതിഫലമുണ്ട്. (എന്നാല്‍) ഒരു വിധികര്‍ത്താവ് (നന്നായി) പരിശ്രമിച്ച് വിധിക്കുകയും പിന്നീട് അത് തെറ്റ് ആകുകയും ചെയ്താല്‍ അദ്ദേഹത്തിന് (അതിന്) ഒരു പ്രതിഫലമുണ്ട്” (ബുഖാരി).

ദാവൂദ് നബി(അ)ക്കും സുലൈമാന്‍ നബി(അ)ക്കും വിധി പുറപ്പെടുവിക്കാനുള്ള കഴിവും അറിവും അല്ലാഹു നല്‍കിയിട്ടുണ്ട്. അവര്‍ അതിന് പ്രാപ്തരുമായിരുന്നു. ഇരുവരും സ്വാര്‍ഥത തീരെ ഇല്ലാത്തവരുമായിരുന്നു. അതിനാല്‍ ഇരുവര്‍ക്കും അല്ലാഹു അവരുടെ വിധിക്ക് പ്രതിഫലം നല്‍കുന്നതാണ്, ഇന്‍ശാ അല്ലാഹ്.

സത്യം പ്രാപിക്കുവാന്‍ ഉല്‍സാഹിക്കുന്നതില്‍ വീഴ്ച വരുത്തുകയോ, പരിശ്രമിക്കുവാന്‍ കഴിയാത്തവന്‍ വിധി പറയുവാന്‍ മുതിരുകയോ ചെയ്താല്‍ അവന്‍ കുറ്റക്കാരനാകുമെന്നാണ് (വിധി ശരിയായിരുന്നാല്‍ പോലും) ഈ ഹദീഥുകൊണ്ട് മനസ്സിലാകുന്നത്. വിധി പറയുന്ന വിധികര്‍ത്താക്കളെ(ക്വാദ്വിമാരെ) സംബന്ധിച്ച് നബിﷺ പറഞ്ഞു:

ഇബ്‌നു ബുറയ്ദഃ(റ) പിതാവില്‍ നിന്ന് ഉദ്ധരിക്കുന്നു. നബിﷺ പറഞ്ഞു: ”വിധികര്‍ത്താക്കള്‍ മൂന്ന് വിധമാകുന്നു. അതില്‍ ഒരാള്‍ സ്വര്‍ഗത്തിലാണ്. രണ്ടു പേര്‍ നരകത്തിലുമാണ്. അപ്പോള്‍ സ്വര്‍ഗ്ഗത്തിലാകുന്നവന്‍; ഒരാള്‍ സത്യം മനസ്സിലാക്കി. അങ്ങനെ അത് മുഖേന വിധിക്കുന്നവനാകുന്നു. (എന്നാല്‍) ഒരാള്‍ സത്യം മനസ്സിലാക്കി, എന്നിട്ട് വിധിയില്‍ അന്യായം കാണിച്ചു; അപ്പോള്‍ അവന്‍ നരകത്തിലാണ്. ഒരാള്‍ അവിവേകത്താല്‍ ജനങ്ങള്‍ക്ക് വിധിച്ചു. അപ്പോള്‍ അവനും നരകത്തിലാകുന്നു”(അബൂദാവൂദ്).

ബൈത്തുല്‍ മക്വ്ദിസിന്റെ നിര്‍മാണം

ബൈത്തുല്‍ മക്വ്ദിസ് ആരാണ് നിര്‍മിച്ചത് എന്നതിന് സാധാരണ സുലൈമാന്‍ നബി(അ)യാണ് എന്നാണ് നാം ഉത്തരം പറയാറുള്ളത്. ഒരര്‍ഥത്തില്‍ അത് ശരിയാണ്. മറ്റൊരര്‍ഥത്തില്‍ അത് ശരിയുമല്ല.

ബൈത്തുല്‍ മക്വ്ദിസിന് അടിത്തറയിട്ടത് യഅ്ക്വൂബ് നബി(അ)യായിരുന്നു എന്നാണ് ഈ വിഷയത്തില്‍ പഠനം നടത്തിയ ധാരാളം പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. പില്‍ക്കാലത്ത് അത് കൂടുതല്‍ ബലവത്തായ രൂപത്തിലും മറ്റു സൗകര്യങ്ങളോട് കൂടിയും പുതുക്കിപ്പണിതത് സുലൈമാന്‍ നബി(അ)യും ആണ്. അതിന് ശക്തി പകരുന്ന ഹദീഥാണ് താഴെ കൊടുക്കുന്നത്:

അബൂദര്‍റ്(റ)വില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ”ഞാന്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, ഭൂമിയില്‍ ആദ്യമായി വെക്കപ്പെട്ട (നിര്‍മിക്കപ്പെട്ട) പള്ളി ഏതാണ്?’ നബിﷺ പറഞ്ഞു: ‘മസ്ജിദുല്‍ഹറാം.’ അദ്ദേഹം പറഞ്ഞു; ഞാന്‍ ചോദിച്ചു: ‘പിന്നീട് ഏതാണ്?’ നബിﷺ പറഞ്ഞു: ‘മസ്ജിദുല്‍അക്വ്‌സ്വാ.’ ഞാന്‍ ചോദിച്ചു: ‘അതിന് രണ്ടിനും ഇടയില്‍ എത്ര (കാല ദൈര്‍ഘ്യം) ഉണ്ടായിരുന്നു?’ നബിﷺ പറഞ്ഞു: ‘നാല്‍പത് കൊല്ലം…” (ബുഖാരി). 

ഇബ്‌റാഹീം നബി(അ)യുടെയും പൗത്രന്‍ യഅ്ക്വൂബ് നബി(അ)യുടെയും ഇടയിലുള്ള കാല ദൈര്‍ഘ്യമാണ് നാല്‍പത് കൊല്ലം. ഇബ്‌റാഹീം നബി(അ)ക്കും സുലൈമാന്‍ നബി(അ)ക്കും ഇടയില്‍ ആയിരത്തിലധികം ദൈര്‍ഘ്യമുണ്ടെന്നാണ് പറയപ്പെടുന്നത്. അപ്പോള്‍ അതില്‍നിന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത് നേരത്തെ പറഞ്ഞത് പോലെ യഅ്ക്വൂബ്(അ) ആദ്യം അത് പണിയുകയും സുലൈമാന്‍(അ) അത് പുതുക്കി പണിയുകയും ചെയ്തു എന്നാണ്.

സുലൈമാന്‍ നബി(അ)യുടെ മരണം

സുലൈമാന്‍(അ) കഴിവുറ്റ രാജാവും അനുപമ വ്യക്തിത്വവും വിവേകമതിയുമായിരുന്നു. അദ്ദേഹവും അല്ലാഹുവിന്റെ ഒരു സൃഷ്ടിയാണല്ലോ. ഏതൊരു വ്യക്തിക്കും അല്ലാഹു ജനനവും മരണവും നിശ്ചയിച്ചിട്ടുണ്ട്. എത്ര വലിയ മഹാനും കഴിവുള്ളവനും സമ്പന്നനും ശക്തിമാനും മരണത്തിന് കീഴ്‌പെടുമെന്നത് തീര്‍ച്ചയാണ്.

സുലൈമാന്‍ നബി(അ)യുടെ മരണം ലോകത്തിന് ചില കാര്യങ്ങള്‍ പഠിപ്പിക്കുന്ന രൂപത്തിലാണ് നടന്നത്. ക്വുര്‍ആന്‍ അത് സംബന്ധമായി ഇപ്രകാരം നമ്മെ പഠിപ്പിക്കുന്നു:

”നാം അദ്ദേഹത്തിന്റെ മേല്‍ മരണം വിധിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഊന്നുവടി തിന്നുകൊണ്ടിരുന്ന ചിതല്‍ മാത്രമാണ് അദ്ദേഹത്തിന്റെ മരണത്തെപ്പറ്റി അവര്‍ക്ക് (ജിന്നുകള്‍ക്ക്) അറിവ് നല്‍കിയത്. അങ്ങനെ അദ്ദേഹം വീണപ്പോള്‍, തങ്ങള്‍ക്ക് അദൃശ്യകാര്യം അറിയാമായിരുന്നെങ്കില്‍ അപമാനകരമായ ശിക്ഷയില്‍ തങ്ങള്‍ കഴിച്ചുകൂട്ടേണ്ടിവരില്ലായിരുന്നു എന്ന് ജിന്നുകള്‍ക്ക്  ബോധ്യമായി” (ക്വുര്‍ആന്‍ 34:14).

സുലൈമാന്‍ നബി(അ)ക്ക് അല്ലാഹു നല്‍കിയ പ്രത്യേകമായ ഒരു അനുഗ്രഹമായിരുന്നല്ലോ ജിന്നുകളെ അദ്ദേഹത്തിന് കീഴ്‌പെടുത്തി കൊടുത്തു എന്നത്. അവരെക്കൊണ്ട് അദ്ദേഹം പല ജോലികളും ചെയ്യിച്ചിരുന്നല്ലോ. സുലൈമാന്‍(അ) അവരോട് എന്ത് കല്‍പിച്ചാലും അവര്‍ അത് ചെയ്തുകൊള്ളണം. എതിര്‍ക്കുന്ന പക്ഷം നരകമാണെന്ന് അല്ലാഹു അവര്‍ക്ക് താക്കീതും നല്‍കിയിട്ടുണ്ട്. അതിനാല്‍ തന്നെ എല്ലാ മുരട്ട് സ്വഭാവക്കാരായ ജിന്നുകളും ശക്തന്മാരായ ജിന്നുകളും നല്ലവരും അദ്ദേഹത്തിന് കീഴ്‌പെട്ടു പോന്നു. സുലൈമാന്‍ നബി(അ)യെ പേടിച്ച് അവര്‍ കല്‍പിക്കപ്പെടുന്നത് ചെയ്തു പോന്നു. ഒന്നില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല.

ഈ ജിന്നുകള്‍ അദ്ദേഹത്തിന് വേണ്ടി ജോലി ചെയ്യുന്നത് അദ്ദേഹം കൊട്ടാരത്തില്‍ ഇരുന്നും അല്ലാതെയും നിരീക്ഷിക്കുമായിരുന്നു. ജിന്നുകള്‍ അദ്ദേഹത്തെ ശ്രദ്ധിക്കുമ്പോള്‍ ഊന്നുവടിയില്‍ ഊന്നി നില്‍ക്കുകയോ ഇരിക്കുകയോ ചെയ്യുന്നതാണ് അവര്‍ കാണുന്നത്. ഇരിക്കുകയായിരുന്നോ നില്‍ക്കുകയായിരുന്നോ എന്ന് ഖണ്ഡിതമായി ക്വുര്‍ആന്‍ പ്രസ്താവിച്ചിട്ടില്ല.

സുലൈമാന്‍(അ) ഊന്നുവടിയില്‍ ഊന്നിയിരിക്കെയാണ് മരണം സംഭവിക്കുന്നത്. സുലൈമാന്‍ നബി(അ)യെ നോക്കി പണിയെടുക്കുന്ന ജിന്നുകള്‍ അദ്ദേഹം അവരെ നിരീക്ഷിക്കുകയാണെന്ന ധാരണയിലാണ്. എന്നാല്‍ അദ്ദേഹത്തിന്റെ മരണം എപ്പഴോ സംഭവിച്ചിട്ടുണ്ടായിരുന്നു. അങ്ങനെ, ചിതലുകള്‍ വന്ന് അദ്ദേഹത്തിന്റെ വടി കാര്‍ന്ന് തിന്നാന്‍ തുടങ്ങി. വടി മുറിഞ്ഞു. സുലൈമാന്‍(അ) നിലത്ത് വീഴുകയും ചെയ്തു.

ജിന്നുകള്‍ വിചാരിച്ചിരുന്നത് തങ്ങള്‍ മറഞ്ഞ കാര്യങ്ങള്‍ അറിയാന്‍ കഴിയുന്നവരാണ് എന്നാണ്. എന്നാല്‍ സുലൈമാന്‍ നബി(അ)യുടെ മരണം അവര്‍ക്ക് മറഞ്ഞ കാര്യങ്ങള്‍ അറിയാന്‍ കഴിയില്ല എന്ന് അവരെ പഠിപ്പിക്കുന്ന സംഭവം കൂടിയായിരുന്നു. ലോകാവസാനം വരെ, ജിന്നുകളെ പൂജിക്കുകയും അവര്‍ക്ക് ആരാധനകള്‍ അര്‍പ്പിക്കുകയും ചെയ്ത് കൊണ്ടിരിക്കുന്നവര്‍ക്ക് ജിന്നുകളുടെ ബോധ്യപ്പെടല്‍ ഒരു തിരിച്ചടിയാണ്. 

‘ഗൈബ്’ അഥവാ അദൃശ്യം അറിയുന്നവന്‍ അല്ലാഹു മാത്രമാണ്. അല്ലാഹുവിന്റെ പടപ്പുകളില്‍ ഒരാള്‍ക്കും അത് അറിയില്ല. മനുഷ്യര്‍ക്കോ ജിന്നുകള്‍ക്കോ മലക്കുകള്‍ക്കോ ആര്‍ക്കും ആ കഴിവ് അല്ലാഹു വിട്ട് കൊടുത്തിട്ടില്ല. അതിനുള്ള തെളിവുകള്‍ പല ഘട്ടങ്ങളില്‍ നാം വിവരിച്ചതാണല്ലോ. അല്ലാഹു പറയുന്നത് കാണുക.

”(നബിയേ,) പറയുക; ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരാരും അദൃശ്യകാര്യം അറിയുകയില്ല; അല്ലാഹുവല്ലാതെ. തങ്ങള്‍ എന്നാണ് ഉയിര്‍ത്തെ ഴുന്നേല്പിക്കപ്പെടുക എന്നും അവര്‍ക്കറിയില്ല” (ക്വുര്‍ആന്‍ 27:65).

അഭൗതികമായി അറിയാനും കാണാനും കേള്‍ക്കാനുമെല്ലാം അല്ലാഹുവിന് മാത്രമെ കഴിയൂ. ഏകകോശ ജീവിയായ അമീബ മുതല്‍ ഏറ്റവും വലിയ ജീവിയായ നീലത്തിമിംഗലം വരെയും ജിന്നും മലക്കും അടക്കമുള്ളഎല്ലാ സൃഷ്ടികളും എന്ത് ചെയ്യുന്നതും അല്ലാഹു അവയ്ക്ക് നല്‍കിയ പ്രകൃതിപരമായ കഴിവില്‍ നിന്നുകൊണ്ടാണ്. ഏതെങ്കിലും സൃഷ്ടിക്ക് ഏതെങ്കിലും രൂപത്തിലുള്ള അദൃശ്യമായ (അഭൗതികമായ) കഴിവുണ്ട് എന്ന വിശ്വാസം നമ്മുടെ ഉള്ളില്‍ കടന്നാല്‍ അവിടെ ശിര്‍ക്ക് കടന്നുകൂടി എന്നര്‍ഥം. (ഇത് മനസ്സിലായാലുടന്‍ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങണം). 

ഇതാണ് ഇസ്‌ലാം പഠിപ്പിക്കുന്ന ശുദ്ധമായ വിശ്വാസം. ഈ വിശ്വാസത്തില്‍ സംഭവിക്കുന്ന അബദ്ധമാണ് ജനങ്ങള്‍ ശിര്‍ക്കിലേക്ക് പോകാന്‍ കാരണമാകുന്നത്. അല്ലാഹു അല്ലാത്തവര്‍ക്ക് അഭൗതികമായ കഴിവുണ്ട് എന്ന വിശ്വാസമാണ് അല്ലാഹുവിന് പുറമെയുള്ളവരോട് സഹായം ചോദിക്കാന്‍ പ്രേരകം. അല്ലാഹുവിനെ വിളിച്ച് തേടുന്ന ഒരാളുടെ വിശ്വാസം താന്‍ എവിടെയായിരുന്നാലും ഏത് ഭാഷക്കാരനായിരുന്നാലും ഏത് സമയത്തായിരുന്നാലും അല്ലാഹു കേള്‍ക്കും അറിയും എന്നാണ്. കാരണം അല്ലാഹുവിന് അഭൗതികമായ കഴിവുണ്ട്. മഹാന്മാരെക്കുറിച്ചും നമ്മുടെ നാട്ടിലെ ഭൂരിപക്ഷമാളുകളും വിശ്വസിക്കുന്നത് നാം എവിടെ നിന്ന് വിളിച്ചാലും ഏത് ഭാഷയില്‍ വിളിച്ചാലും ഏത് സമയത്ത് വിളിച്ചാലും അവര്‍ക്ക് നമ്മുടെ വിളി കേള്‍ക്കാനും വിളിക്കുന്നവനെ കാണാനും വിളിക്കുന്നവന്റെ ആവശ്യം നിറവേറ്റി ക്കൊടുക്കാനും കഴിവുണ്ട് എന്നാണ്. അഥവാ, അല്ലാഹുവില്‍ വിശ്വസിക്കുന്നത് പോലെ അല്ലാഹുവിന്റെപടപ്പുകളിലും അവര്‍ വിശ്വസിക്കുന്നു.

മുഹ്‌യിദ്ദീന്‍ ശൈഖിനെ ആയിരം തവണ വിളിച്ചുതേടാന്‍ വേണ്ടി പഠിപ്പിക്കുന്ന ഒരു കൃതിയാണ് ക്വുത്വ്ബിയത്ത്. ഈ കൃതി വിവരമില്ലാത്ത ജനങ്ങള്‍ ഏറെ ബഹുമാനത്തോടും ഭയപ്പാടോടും പാരായണം ചെയ്ത് പോരുന്നുണ്ട്. അതില്‍ പതിനഞ്ച് ‘ജിന്ന് ഔലിയാക്കളെ’ പരിചയപ്പെടുത്തുന്നത് കാണാം. ത്വംരിയാന്‍, കശ്കശ്‌ലീഉൗശ്, നജല്‍സിത്വൂഷ്… എന്നിങ്ങനെ വിചിത്രമായ പേരുകളുള്ള ‘ജിന്ന് ഔലിയാക്കള്‍.’ അതുപോലെ അല്ലാഹുവും റസൂലും പരിചയപ്പെടുത്താത്ത, സ്വഹാബിമാര്‍ക്കോ താബിഉകള്‍ക്കോ ഇമാമീങ്ങള്‍ക്കോ പരിചയമില്ലാത്ത കുറെ മലക്കുകളെയും പരിചയപ്പെടുത്തുന്നുണ്ട്. എവിടെ നിന്നാണ് ഇവര്‍ക്ക് ഇത് ലഭിച്ചത് എന്ന് അറിയില്ല. പിശാചുക്കള്‍ കൊടുക്കുന്ന ബോധനം എന്നല്ലാതെ എന്ത് പറയാന്‍! ഇവരൊക്കെയാണ് പോലും ലോകം നിയന്ത്രിക്കുന്നത്. അവര്‍ക്ക് മറഞ്ഞ കാര്യങ്ങള്‍ അറിയാന്‍ കഴിയും എന്നാണ് ഇവര്‍ വാദിക്കുന്നത്.

അല്ലാഹുവിന്റെ പ്രവാചകന്മാര്‍ക്ക് പോലും മറഞ്ഞ കാര്യങ്ങള്‍ അറിയാനുള്ള കഴിവില്ല. അല്ലാഹു വല്ലതും അറിയിച്ച് കൊടുക്കുന്നത് മാത്രമെ അവര്‍ അറിയുകയുള്ളൂ. അല്ലാഹു അവന്റെ ദൂതന്മാര്‍ക്കല്ലാതെ ഗൈബ് അറിയിക്കുകയുമില്ല. അല്ലാഹു പറയുന്നു:

”അവന്‍ അദൃശ്യം അറിയുന്നവനാണ്. എന്നാല്‍ അവന്‍ തന്റെ അദൃശ്യജ്ഞാനം യാതൊരാള്‍ക്കും  വെളിപ്പെടുത്തി കൊടുക്കുകയില്ല; അവന്‍ തൃപ്തിപ്പെട്ട വല്ല ദൂതന്നുമല്ലാതെ” (ക്വുര്‍ആന്‍ 72:26,27).(അവസാനിച്ചു).

 

സുലൈമാന്‍ നബി (അ) – 07​

സുലൈമാന്‍ നബി (അ) - 07

പ്രാര്‍ഥനയുടെ ഫലങ്ങള്‍

അല്ലാഹു സുലൈമാന്‍ നബി(അ)യുടെ പല പ്രാര്‍ഥനനകള്‍ക്കും ഇഹലോകത്ത് വെച്ച് തന്നെ ഉത്തരം നല്‍കി. മറ്റു പ്രവാചകന്മാര്‍ക്ക് ആര്‍ക്കും നല്‍കിട്ടില്ലാത്ത കാര്യങ്ങളാണ് സുലൈമാന്‍ നബി(അ)യിലൂടെ അല്ലാഹു പ്രകടമാക്കിയത്.

”അപ്പോള്‍ അദ്ദേഹത്തിന് കാറ്റിനെ നാം കീഴ്‌പെടുത്തിക്കൊടുത്തു. അദ്ദേഹത്തിന്റെ കല്‍പന പ്രകാരം അദ്ദേഹം ലക്ഷ്യമാക്കിയേടത്തേക്ക് സൗമ്യമായ നിലയില്‍ അത് സഞ്ചരിക്കുന്നു. എല്ലാ കെട്ടിടനിര്‍മാണ വിദഗ്ധരും മുങ്ങല്‍ വിദഗ്ധരുമായ പിശാചുക്കളെയും (അദ്ദേഹത്തിന്നു കീഴ്‌പെടുത്തികൊടുത്തു).ചങ്ങലകളില്‍ ബന്ധിക്കപ്പെട്ട മറ്റു ചിലരെ(പിശാചുക്കളെ)യും (അധീനപ്പെടുത്തിക്കൊടുത്തു)” (ക്വുര്‍ആന്‍ 38:36-38).

”സുലൈമാന്ന് ശക്തിയായി വീശുന്ന കാറ്റിനെയും (നാം കീഴ്‌പെടുത്തിക്കൊടുത്തു). നാം അനുഗ്രഹം നല്‍കിയിട്ടുള്ള ഭൂപ്രദേശത്തേക്ക് അദ്ദേഹത്തിന്റെ കല്‍പന പ്രകാരം അത് (കാറ്റ്) സഞ്ചരിച്ച് കൊണ്ടിരുന്നു. എല്ലാ കാര്യത്തെ പറ്റിയും നാം അറിവുള്ളവനാകുന്നു. പിശാചുക്കളുടെ കൂട്ടത്തില്‍ നിന്ന് അദ്ദേഹത്തിന് വേണ്ടി (കടലില്‍) മുങ്ങുന്ന ചിലരെയും (നാം കീഴ്‌പെടുത്തിക്കൊടുത്തു). അതു കൂടാതെ മറ്റു ചില പ്രവൃത്തികളും അവര്‍ ചെയ്തിരുന്നു. നാമായിരുന്നു അവരെ കാത്തുസൂക്ഷിച്ചു കൊണ്ടിരുന്നത്” (21:81,82).

”സുലൈമാന്ന്  കാറ്റിനെയും (നാം കീഴ്‌പെടുത്തിക്കൊടുത്തു). അതിന്റെ പ്രഭാത സഞ്ചാരം ഒരു മാസത്തെ ദൂരവും അതിന്റെ സായാഹ്ന സഞ്ചാരം ഒരു മാസത്തെ ദൂരവുമാകുന്നു” (34:12).

അല്ലാഹു അദ്ദേഹത്തിന് പലതും കീഴ്‌പെടുത്തിക്കൊടുത്തു. കാറ്റ് അതില്‍ പെട്ടതായിരുന്നു. സുലൈമാന്‍(അ) കല്‍പിക്കുന്നിടത്തേക്ക് ആ കാറ്റ് സഞ്ചരിക്കും. ആര്‍ക്കും അപകടങ്ങളൊന്നും സംഭവിക്കാത്ത വിധത്തില്‍ അത് അദ്ദേഹത്തിന്റെ കല്‍പന പ്രകാരം വീശിക്കൊണ്ടിരിക്കും. സുലൈമാന്‍(അ) ആ കാറ്റിലൂടെ രാവിലെ യാത്രയായാല്‍ ഒരു മാസത്തെ വഴിദൂരം അദ്ദേഹത്തിന് പിന്നിടാന്‍ സാധിക്കുമായിരുന്നു; അതു പോലെ തന്നെ വൈകുന്നേര സമയത്തെ കാറ്റിലും. പല രൂപത്തിലുള്ള ജോലികള്‍ ചെയ്യുന്ന പിശാചുക്കളെയും അല്ലാഹു അദ്ദേഹത്തിന് കീഴ്‌പെടുത്തിക്കൊടുത്തു.

സുലൈമാന്‍(അ) കാറ്റിലൂടെ സഞ്ചരിച്ചിരുന്നത് എപ്രകാരമായിരുന്നു എന്ന് നമുക്ക് വ്യക്തമാക്കപ്പെട്ടിട്ടില്ല. തേര് പോലെയുള്ള എന്തോ ഒരു സംവിധാനം ഉണ്ടായിരുന്നുവെന്നും അതിലായിരുന്നു സുലൈമാന്‍(അ)യും പരിവാരങ്ങളും കയറിയിരുന്നതെന്നും അത് വളരെ വേഗത്തില്‍ മൈലുകളോളം അവരെയും താണ്ടി പോയിരുന്നുവെന്നും ചിലര്‍ വിശദീകരിച്ചു കാണുന്നു. കടല്‍ മാര്‍ഗത്തിലൂടെ പല രാജ്യങ്ങളിലേക്കും കച്ചവടത്തിനും മറ്റും ആളുകള്‍ യാത്ര പോയിരുന്ന ഒരു കാലഘട്ടമായിരുന്നു അതെന്നും കാറ്റുകളുടെ ഗതിക്ക് അനുസരിച്ച് സഞ്ചരിക്കുന്ന കപ്പലില്‍ യാത്രചെയ്യുവാന്‍ സുലൈമാന്‍(അ) തനിക്ക് കീഴ്‌പെടുത്തപ്പെട്ട കാറ്റിനെ പ്രയോജനപ്പെടുത്തി എന്നും പണ്ഡിതവ്യഖ്യാനങ്ങള്‍ കാണാം.

ഒരു ഹദീഥ് ഇതിനോട് ചേര്‍ത്ത് വായിക്കുക: അബൂഹുറയ്‌റഃ(റ)വില്‍ നിന്ന് നിവേദനം. നബിﷺ പറഞ്ഞു: ”ജിന്നുകളില്‍ പെട്ട ഒരു മല്ലന്‍ എന്റെ നമസ്‌കാരം മുറിച്ചു കളയുന്നതിന് വേണ്ടി എന്റെ മേല്‍ ചാടി. അപ്പോള്‍ അവനില്‍ നിന്ന് അല്ലാഹു എനിക്ക് സൗകര്യം നല്‍കി. അങ്ങനെ അവനെ പള്ളിയുടെ ഒരു തൂണില്‍ ബന്ധിക്കുവാനും അങ്ങനെ നിങ്ങള്‍ പ്രഭാതത്തില്‍ ആയാല്‍ അവനെ നിങ്ങള്‍ എല്ലാവരും നോക്കിക്കാണുവാനും ഞാന്‍ ഉദ്ദേശിച്ചു. അപ്പോള്‍ ഞാന്‍ എന്റെ സഹോദരന്‍ സുലൈമാന്റെ വാക്ക് ഓര്‍ത്തുപോയി. (അത് ഇപ്രകാരമായിരുന്നു): ‘എന്റെ രക്ഷിതാവേ, എനിക്ക് ശേഷം ഒരാള്‍ക്കും  തരപ്പെടാത്ത ഒരു രാജവാഴ്ച നീ എനിക്ക് പ്രദാനം ചെയ്യുകയും ചെയ്യേണമേ” (ബുഖാരി). ഇതുപോലെ മറ്റൊരു സംഭവവും നമുക്ക് കാണാവുന്നതാണ്.

അബുദ്ദര്‍ദാഅ്(റ)വില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ”അല്ലാഹുവിന്റെ റസൂല്‍ﷺ (നമസ്‌കാരത്തിനായി) നിന്നു. അപ്പോള്‍ അവിടുന്ന് ”നിന്നില്‍ നിന്ന് ഞാന്‍ അല്ലാഹുവിനോട് അഭയം ചോദിക്കുന്നു” എന്ന് പറയുന്നതായി ഞങ്ങള്‍ കേള്‍ക്കുകയുണ്ടായി. പിന്നീട്, ‘അല്ലാഹുവിന്റ ശാപം കൊണ്ട് ഞാന്‍ നിന്നെ ശപിക്കുന്നു’ എന്ന് മൂന്ന് തവണ പറഞ്ഞു. (എന്നിട്ട്) നബിﷺ എന്തോ പിടിക്കുന്നത് പോലെ കൈ നീട്ടി. നമസ്‌കാരത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ ഞങ്ങള്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, മുമ്പൊന്നും നമസ്‌കാരത്തില്‍ താങ്കള്‍ പറയാത്തത് എന്തോ നസ്‌കാരത്തില്‍ അവിടുന്ന് പറയുന്നത് ഞങ്ങള്‍ കേള്‍ക്കുകയുണ്ടായല്ലോ. അങ്ങയുടെ കൈ നീട്ടുന്നത് ഞങ്ങള്‍ കാണുകയും ചെയ്തു.’ നബിﷺ പറഞ്ഞു: ‘തീച്ചയായും അല്ലാഹുവിന്റെ ശത്രുവായ ഇബ്‌ലീസ് നരകത്തില്‍ നിന്നുള്ള ഒരു ജ്വാല എന്റെമുഖത്ത് ആക്കുന്നതിനായി കൊണ്ടു വന്നു. അപ്പോള്‍ ഞാന്‍ ‘നിന്നില്‍ നിന്ന് അല്ലാഹുവിനോട് ഞാന്‍ അഭയം ചോദിക്കുന്നു എന്ന് മൂന്ന് തവണ  പറഞ്ഞു. പിന്നീട് ‘അല്ലാഹുവിന്റെ മുഴുവന്‍ ശാപം കൊണ്ട് ഞാന്‍ നിന്നെ ശപിക്കുന്നു’ എന്ന് മൂന്ന് തവണ പറഞ്ഞു. അപ്പോള്‍ അവന്‍ പുറകോട്ട് പോയില്ല. പിന്നീട് ഞാന്‍ അവനെ പിടിക്കാന്‍ ഉദ്ദേശിച്ചു. അല്ലാഹുവാണെ സത്യം! നമ്മുടെ സഹോദരന്‍ സുലൈമാന്‍ നബിയുടെ പ്രാര്‍ഥനയില്ലായിരുന്നുവെങ്കില്‍ മദീനക്കാരുടെ കുട്ടികള്‍ അവനെക്കൊണ്ട് കളിക്കുംവിധം  അവന്‍ ബന്ധിതനാകുമായിരുന്നു” (മുസ്‌ലിം).

സുലൈമാന്‍ നബി(അ)യുടെ അധികാരത്തിന്റെ ശക്തിയെയും അവിടുത്തെ പ്രാര്‍ഥനയെയും മുഹമ്മദ് നബിﷺ പോലും ആദരിച്ചതിന്റെ ഉദാഹരണമാണിത്. അല്ലാഹു പറയുന്നു:

”ഇത് നമ്മുടെ ദാനമാകുന്നു. ആകയാല്‍ നീ ഔദാര്യം ചെയ്യുകയോ കൈവശം വെച്ച് കൊള്ളുകയോ ചെയ്യുക. കണക്കു ചോദിക്കല്‍ ഉണ്ടാവില്ല. (എന്ന് നാം സുലൈമാനോട് പറയുകയും ചെയ്തു). തീര്‍ച്ചയായും അദ്ദേഹത്തിന് നമ്മുടെ അടുക്കല്‍ സാമീപ്യമുണ്ട്. മടങ്ങിയെത്താന്‍ ഉത്തമമായ സ്ഥാനവും” (ക്വുര്‍ആന്‍ 38:39,40).

അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ എത്രയും വിനിയോഗിക്കാന്‍ സന്നദ്ധനാണ് സുലൈമാന്‍(അ) എന്ന് അല്ലാഹുവിന്ന് നന്നായി അറിയുമല്ലോ. അദ്ദേഹത്തിന് അല്ലാഹു അധീനമാക്കിക്കൊടുത്തിട്ടുള്ള അനുഗ്രഹങ്ങളെയെല്ലാം യഥേഷ്ടം വിനിയോഗിക്കുവാന്‍ അല്ലാഹു സ്വാതന്ത്ര്യം നല്‍കുകയും ചെയ്തു. 

അല്ലാഹുവിനോട് അങ്ങേയറ്റം നന്ദി കാണിച്ചിരുന്ന അടിമയായ, ഏത് അനുഗ്രഹത്തിനും അല്ലാഹുവിനെ ഓര്‍ത്തു വിനീതനായി മാറിയ, അല്ലാഹു ഏറെ മഹത്ത്വപ്പെടുത്തിയ, അല്ലാഹുവിങ്കല്‍ വലിയ സ്ഥാനമുണ്ടെന്നും സ്വര്‍ഗത്തില്‍ ഏറ്റവും നല്ല സ്ഥാനമാണുണ്ടായിരിക്കുക എന്നും സുവിശേഷം അറിയിക്കപ്പെട്ടു കഴിഞ്ഞിട്ടുള്ള സുലൈമാന്‍ നബി(അ) വശ്വാസികള്‍ക്ക് മാതൃകയാണ്.

മഹാന്മാരായ പ്രവാചകന്മാരെയും സദ്‌വൃത്തരെയും അപമാനിക്കലും നിന്ദിക്കലും യഹൂദികളില്‍പണ്ടേയുള്ള ദുര്‍ഗുണമാണല്ലോ. എത്രയോ പ്രവാചകന്മാരെയും സജ്ജനങ്ങളെയും അന്യായമായി കൊന്നു തള്ളിയതിന്റെ പാരമ്പര്യമുള്ള വിഭാഗമാണവര്‍. ഈ വര്‍ഗസ്വഭാവം എക്കാലത്തും അവരില്‍ നില നില്‍ക്കുന്നതുമാണ്. നല്ലവരായ ആളുകളെ നന്മയുടെ മാര്‍ഗത്തില്‍ നിന്ന് തടയലും അവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തലും അവര്‍ക്കെതിരില്‍ കള്ള ആരോപണങ്ങള്‍ ഉന്നയിക്കലും ജൂതന്മാരുടെ എക്കാലത്തെയും ചര്യയാണ്.

യഹൂദികള്‍ സുലൈമാന്‍ നബി(അ)യെ ഒരു പ്രവാചകനായി പോലും അംഗീകരിക്കാത്തവരാണ്. മാത്രവുമല്ല, അക്രമിയും ധൂര്‍ത്തനും സ്വേഛാധിപതിയുമായ ഒരു രാജാവായി അവര്‍ അദ്ദേഹത്തെ ചിത്രീകരിച്ചിട്ടുണ്ട്. വിഗ്രഹാരാധന എന്ന ബഹുദൈവാരാധന പോലും അദ്ദേഹത്തിന്റെ പേരില്‍ അവര്‍ ആരോപിച്ചു. സുലൈമാന്‍ നബി(അ)യെക്കുറിച്ച് അവര്‍ പറഞ്ഞത് കാണുക: ”അനേകം ഭാര്യമാരുടെ പ്രേരണക്ക് വശംവദനായി അന്യദേവന്മാരെ ആരാധിക്കയാലും വ്യര്‍ഥാഡംബരങ്ങള്‍ക്കായി അനവധി ദ്രവ്യം ദുര്‍വ്യയം ചെയ്കയാലും തന്റെ രാജ്യത്തില്‍ താനുണ്ടാക്കിയ അഭിവൃദ്ധിയെല്ലാം നഷ്ടമാക്കി. തനിക്കുണ്ടായിരുന്ന ജ്ഞാനത്താല്‍ തന്നെത്താന്‍ നിയന്ത്രിച്ചു നടത്തുന്നതിന് പ്രാപ്തിയില്ലാതെ സ്വാര്‍ഥ തല്‍പരതയും അഹംഭാവവും നിമിത്തം തനിക്കു മുമ്പുണ്ടായിരുന്ന മഹിമയെല്ലാം അവന്‍ ക്ഷയിപ്പിച്ചു”(വേദപുസ്തക നിഘണ്ടു, പേജ് 509). 

സുലൈമാന്‍ നബി(അ)യുടെ പേരില്‍ ആഭിചാരവൃത്തിയും (സിഹ്ര്‍) അവര്‍ ആരോപിച്ചിട്ടുണ്ട്. ഇസ്‌ലാം വന്‍പാപങ്ങളിലൊന്നായി കാണുന്ന  ‘മാരണം’ ചെയ്തിരുന്ന ആളായിരുന്നു സുലൈമാന്‍(അ) എന്നാണ് അവര്‍ പ്രചരിപ്പിക്കുന്നത്. ജിന്നുകള്‍, പറവകള്‍, കാറ്റ് മുതലായവയെ കീഴ്‌പെടുത്തുക തുടങ്ങി മറ്റാര്‍ക്കും സിദ്ധിക്കാത്ത പല കഴിവുകളും അദ്ദേഹത്തിന് സിദ്ധിച്ചത് അദ്ദേഹം വിദഗ്ധനായ ഒരു മാരണക്കാരനായതിനാലായിരുന്നു എന്നാണ് അവര്‍ പറയുന്നത്. അല്ലാഹു ഇവരുടെ ഈ ആരോപണങ്ങളെയെല്ലാം നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്.

”സുലൈമാന്‍ നബിയുടെ രാജവാഴ്ചയുടെ (രഹസ്യമെന്ന) പേരില്‍ പിശാചുക്കള്‍ പറഞ്ഞുപരത്തിക്കൊണ്ടിരുന്നത് അവര്‍ (ഇസ്‌റാഈല്യര്‍) പിന്‍പറ്റുകയും ചെയ്തു. സുലൈമാന്‍ നബി ദൈവനിഷേധം കാണിച്ചിട്ടില്ല. എന്നാല്‍ ജനങ്ങള്‍ക്ക് മാന്ത്രികവിദ്യ പഠിപ്പിച്ചുകൊടുത്ത് കൊണ്ട് പിശാചുക്കളാണ് ദൈവ നിഷേധത്തില്‍ ഏര്‍പെട്ടത്. ബാബിലോണില്‍ ഹാറൂത്തെന്നും മാറൂത്തെന്നും പേരുള്ള രണ്ടു മലക്കുകള്‍ക്ക് ലഭിച്ചതിനെയും (പറ്റി പിശാചുക്കള്‍ പറഞ്ഞുണ്ടാക്കിക്കൊണ്ടിരുന്നത് അവര്‍ പിന്തുടര്‍ന്നു). എന്നാല്‍ ഹാറൂത്തും മാറൂത്തും ഏതൊരാള്‍ക്ക് പഠിപ്പിക്കുമ്പോഴും, ഞങ്ങളുടേത് ഒരു പരീക്ഷണം മാത്രമാകുന്നു; അതിനാല്‍ (ഇത് ഉപയോഗിച്ച്) ദൈവനിഷേധത്തില്‍ ഏര്‍പെടരുത് എന്ന് അവര്‍ പറഞ്ഞുകൊടുക്കാതിരുന്നില്ല. അങ്ങനെ അവരില്‍ നിന്ന് ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുവാനുള്ള തന്ത്രങ്ങള്‍ ജനങ്ങള്‍ പഠിച്ച് കൊണ്ടിരുന്നു. എന്നാല്‍ അല്ലാഹുവിന്റെ അനുമതി കൂടാതെ അതുകൊണ്ട് യാതൊരാള്‍ക്കും  ഒരു ദ്രോഹവും ചെയ്യാന്‍ അവര്‍ക്ക് കഴിയില്ല. അവര്‍ക്ക്  തന്നെ ഉപദ്രവമുണ്ടാക്കുന്നതും ഒരു പ്രയോജനവും ചെയ്യാത്തതുമായ കാര്യമാണ് അവര്‍ പഠിച്ചു കൊണ്ടിരുന്നത്. അത് (ആ വിദ്യ) ആര്‍ വാങ്ങി(കൈവശപ്പെടുത്തി)യോ അവര്‍ക്ക് പരലോകത്ത് യാതൊരു വിഹിതവുമുണ്ടാവില്ലെന്ന് അവര്‍ ഗ്രഹിച്ചുകഴിഞ്ഞിട്ടുണ്ട്. അവരുടെ ആത്മാവുകളെ വിറ്റ് അവര്‍ വാങ്ങിയ വില വളരെ ചീത്ത തന്നെ. അവര്‍ക്ക് വിവരമുണ്ടായിരുന്നെങ്കില്‍!”(ക്വുര്‍ആന്‍ 2:102).

സുലൈമാന്‍ നബി(അ)യുടെ അധികാരത്തിന്റെ ശക്തിയും രഹസ്യവും പിശാചുക്കളും സിഹ്‌റും എല്ലാമാണെന്ന് പിശാചുക്കള്‍ ഓതിക്കൊടുത്തതിനെ ജൂതന്മാര്‍ പിന്തുടര്‍ന്നു. എന്നാല്‍ സുലൈമാന്‍(അ) ആഭിചാര പ്രവൃത്തികളൊന്നും തന്നെ ചെയ്യുകയോ നിഷേധിയാകുകയോ ചെയ്തിട്ടില്ല. എന്നാല്‍ നിഷേധികളായി മാറിയത് പിശാചുക്കളാണ്. കാരണം, അവരാണല്ലോ മനുഷ്യരെ ഈ ക്ഷുദ്രപ്രവൃത്തി പഠിപ്പിക്കുന്നത്.

ബാബിലോണിലുള്ള ഹാറൂത്ത്, മാറൂത്ത് എന്ന രണ്ടു മലക്കുകള്‍ക്ക് അല്ലാഹു ചില കാര്യങ്ങള്‍ ഇറക്കിക്കൊടുത്തിരുന്നു. അവര്‍ക്ക് ചില വിജ്ഞാനം അല്ലാഹു പഠിപ്പിച്ചിരുന്നു. അവര്‍ ജനങ്ങള്‍ക്ക് പഠിപ്പിച്ചു കൊടുക്കുമ്പോള്‍ തുടക്കത്തിലേ പറയും: ‘ഞങ്ങള്‍ ഒരു പരീക്ഷണമാണ്. ഈ സിഹ്‌റിന്റെ പ്രവര്‍ത്തനം എന്താണ് എന്ന് പഠിക്കലല്ലാതെ പ്രവര്‍ത്തിച്ചു പോകരുത്. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ നിഷേധികളാകുന്നതാണ്’ എന്നെല്ലാം.

ഹാറൂത്ത്, മാറൂത്ത് മലക്കുകളില്‍ നിന്ന് ഇണകള്‍ തമ്മിലുള്ള ബന്ധത്തെ മുറിച്ചു കളയുന്ന കാര്യം സിഹ്‌റിലൂടെ അവര്‍ പഠിച്ചിരുന്നു. അങ്ങനെ വല്ല ഉപദ്രവവും വരുത്താന്‍ അവര്‍ അത് ചെയ്താല്‍ തന്നെയും അല്ലാഹുവിന്റെ ഉത്തരവ് കൂടാതെ നടക്കുന്നതുമല്ല. സിഹ്ര്‍ മുഖേന എന്തെങ്കിലും വരുത്താന്‍ കഴിയുന്നത് മാരണക്കാരന് അഭൗതികമായ എന്തെങ്കിലും കഴിവ് ഉള്ളത് കൊണ്ടല്ല. ഈ ലോകത്ത് എന്ത് സംഭവിക്കണമെങ്കിലും അല്ലാഹുവിന്റെ തീരുമാനം വേണമല്ലോ. ഗുണമായോ ദോഷമായോ വല്ലതും സംഭവിക്കുവാന്‍ സിഹ്ര്‍ എന്ന ക്ഷുദ്രപ്രവര്‍ത്തനത്തെ അല്ലാഹു കാരണമാക്കിയിട്ടുണ്ടെങ്കില്‍ അത് സംഭവിക്കുന്നതില്‍ യാതൊരു അത്ഭുതവുമില്ല. എന്നാല്‍ ഇത് സംഭവിക്കുന്നത് അഭൗതിക മാര്‍ഗത്തിലൂടെയാണെന്നോ, മാരണക്കാരന് അപ്രകാരം വല്ല കഴിവും ഉണ്ടെന്നോ വല്ലവനും വിശ്വസിക്കുന്നുവെങ്കില്‍ അത് ബഹുദൈവ വിശ്വാസമായി. കാരണം മറഞ്ഞ മാര്‍ഗത്തിലൂടെ പ്രപഞ്ചത്തില്‍ ഗുണവും ദോഷവും വരുത്താന്‍ കഴിയുന്നവന്‍ അല്ലാഹു മാത്രമാണ്.

കാര്യകാരണ ബന്ധം മനസ്സിലാക്കാന്‍ കഴിയാത്ത എല്ലാ ക്ഷുദ പ്രവര്‍ത്തനത്തെയും സിഹ്ര്‍ എന്ന് മനസ്സിലാക്കാം. സിഹ്‌റിന്റെ ഏതെല്ലാം ഇനമുണ്ടോ അവയിലെ കാര്യകാരണ ബന്ധം എല്ലാവര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കുകയില്ല. ഈ കാര്യകാരണ ബന്ധം മനസ്സിലാക്കാന്‍ കഴിയാത്തതിനാല്‍ പലരും മാരണത്തില്‍ വിശ്വസിച്ച് വലിയ അപകടത്തില്‍ പെട്ടു പോയിട്ടുണ്ട്.

നമ്മുടെ നാടുകളില്‍ ഇസ്മിന്റെയും ത്വല്‍സമാത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരുണ്ട്. മലക്ക്, ഭൂതം, പിശാചുക്കള്‍, ദേവന്‍, ദേവി, മരണപ്പെട്ട മഹാന്മാര്‍, നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍ മുതലായവയോടെല്ലാം സഹായം ചോദിക്കുന്ന ചില പ്രത്യേക രൂപത്തിലുള്ള കര്‍മ മുറകളും സിഹ്‌റില്‍ വരുന്നുണ്ട്. മറ്റു ചിലപ്പോള്‍ വല്ല മരുന്നുകളും മന്ത്ര തന്ത്രങ്ങളും ഉള്‍പെടുത്തിയും, ഹോമവും ജപവും ഉറുക്കും നറുക്കും അക്കങ്ങളും തകിടുകളും എല്ലാം ഉപയോഗിച്ചും ചെയ്യുന്നവരുമുണ്ട്. ഹിപ്‌നോട്ടിസം, കൈനോക്കല്‍ തുടങ്ങിയ ധാരാളം തരം പ്രവര്‍ത്തനങ്ങള്‍ മാരണ ക്രിയയില്‍ ഉള്‍പെടുന്നവയവാണ്. ഇസ്‌ലാം ഇതെല്ലാം നിഷിദ്ധമാക്കിയിട്ടുണ്ട്. ചിലത് ഏറ്റവും വലിയ കുഫ്ര്‍ വരെ ആയിത്തീരുന്നവയാണ്. പിശാചുക്കളോട് സഹായം ചോദിക്കലും അവരില്‍ നിന്ന് ഗുണദോഷങ്ങള്‍ പ്രതീക്ഷിക്കലും ശിര്‍ക്കാണല്ലോ.

മറ്റുള്ളവര്‍ക്ക് ഗുണവും ദോഷവും വരുത്താനും ഇണക്കമോ പിണക്കമോ ഉണ്ടാക്കുവാനുമെല്ലാമാണ് സിഹ്‌റിലൂടെ പ്രതീക്ഷിക്കുന്നത്. ഇതെല്ലാമാണ് ഇവയുടെ ലക്ഷ്യമായി വരാറ്. 

സിഹ്ര്‍ ചെയ്യല്‍ ഹറാമാണ്; വന്‍പാപമാണ്. സത്യവിശ്വാസത്തിനും സത്യവിശ്വാസികള്‍ക്കും യോജിക്കാത്ത പ്രവൃത്തിയാണ് മാരണം. അവിശ്വാസത്തിനും അവിശ്വാസികള്‍ക്കും മാത്രം യോജിക്കാവുന്ന പ്രവര്‍ത്തിയാണ് അത്. 

സിഹ്ര്‍ മുഖേന ആരെങ്കിലും മറ്റൊരാളെ ലക്ഷ്യം വെച്ച് ചെയ്താല്‍ അതിലൂടെ ഫലം ഉണ്ടാകുമോ എന്ന് പലപ്പോഴും സംശയിക്കാറുണ്ട്. ചില സിഹ്‌റിലൂടെ മാനസികമായോ ശാരീരികമായോ വല്ല മാറ്റവും വരുത്താന്‍ സാധിക്കുന്നതിനാല്‍ തന്നെയാണ് അതിനെ ഇസ്‌ലാം നിഷിദ്ധമാക്കിയത്. സിഹ്‌റിന് യാഥാര്‍ഥ്യം ഉണ്ട് എന്നതാണ് പ്രമാണങ്ങള്‍ പഠിപ്പിക്കുന്നത്. അതിനാലാണല്ലോ അത്തരം പ്രവൃത്തികളുടെ കെടുതികളില്‍ നിന്ന് രക്ഷ തേടാനായി അല്ലാഹു ക്വുര്‍ആനിലൂടെ നമ്മെ പഠിപ്പിക്കുന്നത്.  സുറഃ അല്‍ഫലക്വിലൂടെ നാം അല്ലാഹുവിനോട് അഭയം ചോദിക്കുന്ന കാര്യങ്ങള്‍ കാണുക:

”പറയുക: പുലരിയുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു. അവന്‍ സൃഷ്ടിച്ചിട്ടുള്ളവയുടെ കെടുതിയില്‍ നിന്ന്. ഇരുളടയുമ്പോഴുള്ള രാത്രിയുടെ കെടുതിയില്‍നിന്നും. കെട്ടുകളില്‍ ഊതുന്ന സ്ത്രീകളുടെ കെടുതിയില്‍ നിന്നും. അസൂയാലു അസൂയപ്പെടുമ്പോള്‍ അവന്റെ കെടുതിയില്‍നിന്നും” (ക്വുര്‍ആന്‍ 114:15).

കെട്ടുകളില്‍ ഊതുന്നവരുടെ കെടുതി എന്നത് കൊണ്ട് സിഹ്ര്‍ പോലുള്ള ക്ഷുദ്ര പ്രവൃത്തികളാണ് ഉദ്ദേശിക്കപ്പെടുന്നത്. സിഹ്ര്‍ മുഖേന വല്ലതും സംഭവിച്ചാല്‍ എന്താണ് അതിനുള്ള പരഹാരം? തിരിച്ച് സിഹ്ര്‍ ചെയ്യലാണോ? ഒരിക്കലുമല്ല! ക്വുര്‍ആനിലെ ആയത്തുകള്‍ ഓതിയും നബിﷺ പഠിപ്പിച്ചു തന്നിട്ടുള്ള ദിക്‌റുകളും പ്രാര്‍ഥനകളും ചെയ്യലാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.

സിഹ്‌റിന് യാതൊരു വിധത്തിലുള്ള യാഥാര്‍ഥ്യവുമില്ലെന്നും, അത് മിഥ്യയായ വിശ്വാസമാണെന്നും ചിലര്‍ പറയാറുണ്ട്. എന്നാല്‍ ക്വുര്‍ആനിന്റെ പരാമര്‍ശം ഒന്ന് ശ്രദ്ധിച്ചു നോക്കൂ: ‘അങ്ങനെ അവരില്‍ നിന്ന് ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുവാനുള്ള തന്ത്രങ്ങള്‍ ജനങ്ങള്‍ പഠിച്ച് കൊണ്ടിരുന്നു.’ ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടല്‍ ഈ പ്രവൃത്തിയിലൂടെ ഭിന്നത ഉണ്ടാക്കുവാന്‍ കഴിയും എന്നാണല്ലോ വ്യക്തമാകുന്നത്.

വാളെടുത്ത് ഒരാളുടെ കഴുത്തിന് വെട്ടിയാല്‍ അയാളുടെ ജീവന്‍ പോകുമെന്നത് തീര്‍ച്ചയാണല്ലോ. മരണം എന്ന കാര്യം സംഭവിക്കാന്‍ അല്ലാഹു നിശ്ചയിച്ച ഒരു കാരണമാണ് വാളുകൊണ്ട് വെട്ടുക എന്നത്. അതുകൊണ്ട് തന്നെ ആയുധം എടുക്കുന്നത് ഇസ്‌ലാം വിലക്കുകയും ചെയ്തല്ലോ. വാളുകൊണ്ട് വെട്ടുന്നതിലൂടെ ഒരാള്‍ മരിക്കുന്നുവെങ്കില്‍ അത് അല്ലാഹുവിന്റെ ഉദ്ദേശവും തീരുമാനവും ഉണ്ടായിട്ട് തന്നെയാണല്ലോ. സിഹ്ര്‍ എന്നല്ല, ഏത് പ്രവൃത്തിയുടെയും ഫലം ഉണ്ടാകുന്നത് അല്ലാഹുവിന്റെ തീരുമാന പ്രകാരമാണ്.

സിഹ്‌റിന് യാഥാര്‍ഥ്യമുണ്ടെന്ന് വിശ്വസിക്കുന്നത് ശിര്‍ക്കാണ് എന്ന് ചില ആളുകള്‍ വാദിക്കുന്നുണ്ട്. അവര്‍ക്ക് അപ്രകാരം ഒരു ധാരണ വരാന്‍ കാരണം ഇത് അഭൗതിക മാര്‍ഗത്തിലൂടെയുള്ള പ്രവൃത്തി ആണ് എന്നതാണ്. സിഹ്ര്‍ ചെയ്യുന്നവര്‍ പലരും അഭൗതിക മാര്‍ഗത്തിലൂടെ പലരുടെയും സഹായം ചോദിക്കാറുണ്ട്. പലതില്‍ നിന്നും സഹായം പ്രതീക്ഷിക്കാറുമുണ്ട്. എന്നാല്‍ അതിന്റെ ഫലം അഭൗതിക മാര്‍ഗത്തിലൂടെയല്ല എന്നതാണ് കാര്യം. നാം പറഞ്ഞത് പോലെ ഏതൊരു കാര്യം നടക്കാനും അല്ലാഹു പലതും കാരണമാക്കിയിട്ടുണ്ടല്ലോ. ആ കാരണങ്ങളില്‍ പെട്ടതാണ് സിഹ്‌റും. അതിനാല്‍ തന്നെ അതിന് യാഥാര്‍ഥ്യമുണ്ടെന്ന് ഒരാള്‍ വിശ്വസിക്കുന്നുവെങ്കില്‍ അതില്‍ യാതൊരു ശിര്‍ക്കും സംഭവിക്കുന്നില്ല.

നബിﷺയുടെ ജീവിതത്തില്‍ വരെ ഇതിന്റെ സ്വാധീനം സംഭവിച്ചിട്ടുണ്ട്. അത് പ്രാര്‍ത്ഥനയിലൂടെ ശരിയാകുകയും ചെയ്തത് ഹദീഥുകളില്‍ സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്.

യാതൊരു ഉപകാരവും ലഭിക്കാത്ത, ഉപദ്രവം ഉണ്ടാക്കുന്ന സിഹ്ര്‍ ചെയ്യുന്നവര്‍ തങ്ങളുടെ പരലോകമാണ് നഷ്ടമാക്കുന്നത്. സിഹ്‌റിലൂടെ ആര്‍ക്കെങ്കിലും വല്ല നേട്ടവും കിട്ടുന്നുവെങ്കില്‍ അത് ഇഹലോകത്തെ സുഖം മാത്രമാണെന്നാണ് അല്ലാഹു അറിയിക്കുന്നത്.

 

ഹുസൈന്‍ സലഫി
നേർപഥം വാരിക